അനുസരണം നിങ്ങളുടെ ജീവിതത്തെ മഹത്വമുള്ളതാക്കും -WFTW 27 മെയ്‌ 2012

WFTW മലയാളം 27 മെയ്‌ 2012

ഈ ഭൂമിയില്‍ നാം കണ്ടിട്ടുള്ളതില്‍ വച്ചു  ഏറ്റവും മനോഹരവും, സാധാരണവും, സമാധാനമുള്ളതും, സന്തോഷപൂര്‍ണ്ണവുമായ ജീവിതം യേശുവിന്റെതായിരുന്നു . ദൈവ വചനത്തോടുള്ള അവിടുത്തെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്‌ അതിനു കാരണം.

ഈ ഭൌതീക പ്രപഞ്ചത്തിന്റെ ക്രമം ഒന്ന് നോക്കുക. വളരെ കൃത്യതയോടെ നമുക്ക് സമയം ക്രമീകരിക്കുവാന്‍ സാധിക്കും വിധം എത്ര തികഞ്ഞ ക്രമത്തിലാണ് നക്ഷത്രങ്ങളും ഗ്രഹങ്ങളും സഞ്ചരിക്കുന്നത് !. ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഭാവിയില്‍ ഏത് നക്ഷത്രവും ഗ്രഹവും എവിടെയായിരിക്കും നില്‍ക്കുക എന്ന് കൃത്യമായി വിശ്വാസയോഗ്യമായി  കണക്കു കൂട്ടുവാന്‍ സാധിക്കും. ഇത്ര തികവുള്ള ഒരു ക്രമത്തിന്റെ പിന്നിലെ രഹസ്യമെന്താണ്? ഒറ്റ കാര്യം മാത്രം; അവ ദൈവഹിതം കൃത്യമായി അനുസരിക്കുന്നു. സൃഷ്ട്ടാവ് വച്ചിരിക്കുന്ന പാതയിലൂടെ അനുവദിച്ചിരിക്കുന്ന വേഗത്തില്‍ അവ സഞ്ചരിക്കുന്നു. എവിടെ ദൈവത്തോട് അനുസരണമുണ്ടോ , അവിടെ തികവും സൗന്ദര്യവും ഉണ്ടാകും. എവിടെ അനുസരണക്കേടുണ്ടോ, അവിടെ അരാജകത്വവും (കലക്കവും) വൈകൃതവും ആയിരിക്കും. ദൈവത്തിന്റെ കല്പനകള്‍ നമുക്ക് ഏറ്റവും നല്ലതും ഒട്ടും ഭാരമില്ലാത്തതും ആണെന്നുള്ളതിന്‌ നക്ഷത്രങ്ങള്‍ പോലും മൂകസാക്ഷികളാണ് .

ദൈവഭക്തി മാത്രമാണ് ഈ ജീവിതത്തിലും വരുവാനുള്ള ജീവിതത്തിലും ഏറ്റവും പ്രയോജനമുള്ളതെന്ന വസ്തുതയ്ക്ക് സാക്ഷ്യം നല്‍കുന്നതായിരുന്നു യേശുവിന്റെ ജീവിതം (1 തിമോ. 4 :8 ). ഒരു ദൈവീക മനുഷ്യനെക്കാള്‍ സമാധാനമുള്ളവനും, സന്തോഷമുള്ളവനും തൃപ്തനുമായി മറ്റൊരുവനെനമുക്ക് കാണാന്‍  കഴിയുകയില്ല . “യഹോവ ഭക്തി ജീവന്റെ ഉറവ” (സദ്രു. വാ. 14 :27 ). “നീ എപ്പോഴും യഹോവ ഭക്തിയോടെ ജീവിക്കുക” (സദ്രു.വാ.23 :17 ). യേശു ഈ കല്പന അനുസരിച്ചാണ് ജീവിച്ചത്. ദൈവം യേശുവിന്റെ പ്രാര്‍ത്ഥന ദൈവഭയം നിമിത്തം കേട്ടു (എബ്രാ.5 :7 ). ദൈവഭയത്തില്‍ ജീവിച്ചിരുന്നതിനാല്‍ സ്വര്‍ഗ്ഗം എപ്പോഴും യേശുവിനു മുമ്പില്‍ തുറന്നിരുന്നു. “ഞാന്‍ എന്റെ പിതാവിനെ ഭയഭക്തിയോടെ കാണുന്നു” (യോഹ. 8 :49 ). എന്ന് അവിടുന്ന് ഒരിക്കല്‍ പറഞ്ഞു. “യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു” (സദ്രു. വാ.9 :10 ) എന്ന  ദൈവവചന  സത്യം തന്റെ ജീവിതത്തിലൂടെ അവിടുന്ന് പ്രദര്‍ശിപ്പിച്ചു.