വിശുദ്ധിയും ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹവും – WFTW 19 മാർച്ച് 2017

സാക് പുന്നന്‍

   Read PDF version

യിസ്രായേലിലെ വടക്കന്‍ രാജ്യങ്ങളോട് ഹോശേയ പ്രവചിച്ചു. ആത്മീയ വ്യഭിചാരവും ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹവുമായിരുന്നു അദ്ദേഹത്തിന്റെ പ്രവചനവിഷയം. അവിശ്വസ്തയായ ഒരു ഭാര്യയെ സ്‌നേഹിച്ചു കൊണ്ടേയിരിക്കുന്ന ഒരു ഭര്‍ത്താവിന്റെ മനോഭാവമാണ് തന്റെ ജനത്തോടുളള ദൈവത്തിന്റെ മനോഭാവം എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം വെളിപ്പെടുത്തുന്നത്.

പഴയ നിയമത്തില്‍ യിസ്രായേലിനെ’ യഹോവയുടെ വധു’ എന്നാണ് വിളിച്ചിരിക്കുന്നത്. ദൈവവും യിസ്രായേലും തമ്മിലുളള ബന്ധം ഒരു വിവാഹ ബന്ധം പോലെയാണ് ഇത് ക്രിസ്തുവിനോടുളള നമ്മുടെ ബന്ധം പോലെ തന്നെ. ഒരു ഭാര്യ തന്റെ ഭര്‍ത്താവിനെ കൂടാതെ മറ്റൊരു പുരുഷനെ സ്‌നേഹിക്കുകയോ, മറ്റു പുരുഷന്മാരെ പ്രസാദിപ്പിക്കുന്ന കാര്യം അന്വേഷിക്കുകയോ ചെയ്താല്‍ അവള്‍ അവിശ്വസ്തയാണ് കൂടാതെ അവള്‍ ‘ ഒരു വ്യഭിചാരിണി’ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യയുമാണ്. നമുക്ക് ക്രിസ്തുവിനോടുളള ബന്ധത്തിലും ഇത് കൃത്യമായി അങ്ങനെ തന്നെയാണ്. നാം ക്രിസ്തുവിനോട് വിവാഹതിരായിരിക്കുകയും നാം പണത്തെ സ്‌നേഹിക്കുകയും ചെയ്താല്‍, നാം ആത്മീയ വ്യഭിചാരിണികളാണ്, കാരണംപണം ‘മറ്റൊരു പുരുഷന്‍’ ആണ്. നാം ഈ ലോകത്തിന്റെ മാനം അന്വേഷിക്കുകയാണെങ്കില്‍ അതും ‘ മറ്റൊരു പുരുഷനോട് ‘ (ലോകം) നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ ശ്രമിച്ചു കൊണ്ട് പ്രതികരിക്കുകയാണ്. നാം പാപകരമായ സന്തോഷത്തെ സ്‌നേഹിക്കുകയാണെങ്കില്‍, അതും ലോകത്തിന്റെ ഒരു ഭാഗമാണ്. അതു കൊണ്ടാണ് വിശ്വാസികളോട് സംസാരിക്കുമ്പോള്‍ യാക്കോബ് പറയുന്നത്,’ അല്ലയോ വ്യഭിചാരിണികളായുളേളാരെ ലോകസ്‌നേഹം ദൈവത്തോട് ശത്രുത്വമാണെന്ന് നിങ്ങള്‍ അറിയുന്നില്ലയോ?’ (യാക്കോബ് 4:4).

വളരെ പ്രാധാന്യമുളള ഈ വിഷയത്തെപ്പറ്റിയാണ് ഹോശേയ പ്രതിപാദിക്കുന്നത്. ദൈവം അദ്ദേഹത്തെ ഈ പാഠം പഠിപ്പിക്കുന്നത് വളരെ വേദനാജനകയായ ഒരു മാര്‍ഗ്ഗത്തിലൂടെയാണ്. ഒരു പക്ഷേ പഴയ നിയമത്തിലെ മറ്റേതു പ്രവാചകന്മാരിലുളളതിനെക്കാള്‍ കൂടുതലായി ഹോശേയായില്‍ നാം കാണുന്നത്, ദൈവം തന്റെ ദാസനെ അവിടുത്തെ ഹൃദയം തൊട്ടറിയുവാന്‍ ഇടയാക്കുന്നു എന്നതാണ്. പുതിയ നിയമത്തിലായാലും യഥാര്‍ത്ഥ പ്രവാചക ശുശ്രൂഷയുടെ പ്രമാണം ഇതുതന്നെയാണ്. ദൈവത്തിന് തന്റെ ജനത്തോട് ഉളള അതേ അനുകമ്പ തന്നെ നമുക്കും അവരോട് ഉണ്ടാകേണ്ടതാണ്. ദൈവം തന്റെ ജനത്തെ നോക്കുന്ന അതേ വിധത്തില്‍ തന്നെ നാമും അവരെ നോക്കേണ്ടതാണ്. അല്ലാത്ത പക്ഷം നാം, ചില കാര്യങ്ങള്‍ പ്രസംഗിക്കുന്ന വെറും പ്രാസംഗികരായിരിക്കും, അവ സത്യമായിരിക്കാം പക്ഷെ ദൈവത്തിന് തന്റെ ജനങ്ങളോടുളള അനുകമ്പ ഇല്ലാതെയായിരിക്കും. അതുകൊണ്ട് ഫലപ്രദമായി അവരെ ശുശ്രൂഷിക്കാന്‍ കഴിയുന്നതിനു മുമ്പ് ദൈവത്തിന് തന്റെ ജനത്തോട് തോന്നുന്ന അതേ വിധത്തില്‍ നമുക്കും അവരോട് തോന്നേണ്ടതിന് ദൈവത്തിനു നമ്മെ വേദനാജനകമായ അനേകം ശോധനകളിലൂടെ കടത്തിക്കൊണ്ടു പോകേണ്ടിവരുന്നു.

ഉദാഹരണത്തിന് ഹോശേയയുടെ കാലത്ത്, യിസ്രായേല്‍ അവിശ്വസ്തയായ ഒരു ഭാര്യയെ പോലെ ആയിരുന്നു. അവള്‍ വിഗ്രഹങ്ങളെ ആരാധിച്ചപ്പോള്‍ അവള്‍ യഹോവയോട് അവിശ്വസ്തയായിരുന്നു. അത് വ്യഭിചാരമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. പഴയ നിയമത്തില്‍ വ്യഭിചാരവും വിഗ്രഹാരാധനയും വളരെ ചേര്‍ത്തു ബന്ധിപ്പിച്ചിരിക്കുന്നു. പുതിയ നിയമത്തില്‍ പോലും, ആത്മീയ വ്യഭിചാരം ഒരു തരത്തിലുളള വിഗ്രഹാരാധനയാണ്. സത്യദൈവത്തെ അല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്നതാണ് വിഗ്രഹാരാധന. അതു നിങ്ങളുടെ കച്ചവടമാകാം, നിങ്ങളുടെ വസ്തുവക, നിങ്ങളുടെ പണം,നിങ്ങളുടെ സൗന്ദര്യം ഇവയിലേതുമാകാം. അത് നിങ്ങളുടെ ശുശ്രൂഷ പോലുമാകാം. നിങ്ങളുടെ ജീവിതത്തില്‍ ഒന്നാമതായി ക്രിസ്തുവിന്റെ സ്ഥാനം എടുക്കുന്ന ഏതു കാര്യവും ഒരു വിഗ്രഹമാണ്. നിങ്ങളുടെ ജീവിതത്തില്‍ മറ്റെന്തെങ്കിലും കാര്യം ദൈവത്തിന്റെ സ്ഥാനം എടുത്താല്‍, ഉടന്‍ തന്നെ നിങ്ങള്‍ ഒരു വിഗ്രഹാരാധി ആയി തീര്‍ന്നിരിക്കുന്നു, ഒരു ആത്മീയ വ്യഭിചാരിണി ആയി തീര്‍ന്നിരിക്കുന്നു. വ്യഭിചാരിണികളോടും വിഗ്രഹാരാധികളോടും സംസാരിച്ചിരിക്കുന്ന സകല വാക്കുകളും ആ സമയത്ത് നിങ്ങള്‍ക്ക് ബാധകമായിതീരും.

ഹോശേയ ദൈവത്തിന്റെ ഹൃദയത്തെ തൊട്ടറിയുവാന്‍ അവിടുന്ന് ഇടയാക്കിയത്, അദ്ദേഹത്തെ കൊണ്ട് അവിശ്വസ്തയായ ഒരു ഭാര്യയെ വിവാഹം ചെയ്യിപ്പിച്ചതിലൂടെയാണ്. സത്യം പഠിക്കുന്നതിന് ഹോശേയക്ക് അതൊരു വ്യസനകരമായ മാര്‍ഗ്ഗമായിരുന്നു. തന്നോട് അവിശ്വസ്തയാകുമെന്നും മറ്റു പുരുഷനുമായി വ്യഭിചാരം ചെയ്യുമെന്നും തുടക്കം മുതല്‍ തന്നെ അറിയാവുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുവാന്‍ ഏതൊരു പുരുഷനാണ് മനസ്സുളളവനാകുന്നത് ? ഈ പ്രവാചകന്മാര്‍ക്ക് പ്രവാചകന്മാരായിരിക്കുവാന്‍ വളരെ വലിയ ഒരു വിലയാണ് കൊടുക്കേണ്ടി വന്നത്. ഹോശേയയുടെ ഭാര്യ അവിശ്വസ്തയായിരുന്നപ്പോഴും അവളെ സ്‌നേഹിക്കുന്നതു തുടരുവാന്‍ അവനോട് ആവശ്യപ്പെട്ടു. ഒരു ഘട്ടത്തില്‍ അവള്‍ പോയി അവളെ തന്നെ മറ്റൊരു പുരുഷന്റെ അടിമയായി വിറ്റുകളഞ്ഞു. അപ്പോള്‍ ഹോശേയ അവളെ തിരികെ വാങ്ങുവാന്‍ പണംകൊടുത്തു അവന്‍ അപ്പോഴും അവളെ സ്‌നേഹിക്കുന്നതു തുടര്‍ന്നു. എന്നാല്‍ അവളെ മടക്കി കൊണ്ടുവന്നതിനുശേഷവും അവള്‍ വ്യഭിചാരം ചെയ്തു കൊണ്ടേയിരുന്നു. അവളെ വഹിക്കുന്നത് വളരെ പ്രയാസമായി ഹോശേയ കണ്ടിട്ടുണ്ടാകും. ഈ കഷ്ടതയിലൂടെ അവന്‍ കടന്നുപോയപ്പോള്‍, ദൈവം അവനോടു പറഞ്ഞു. ‘ ഞാന്‍ എങ്ങനെയാണ് എന്റെ ജനത്തെ സ്‌നേഹിക്കുന്നതെന്ന് ഇപ്പോള്‍ നിനക്കു മനസ്സിലാക്കാന്‍ കഴിയും. ഇപ്പോള്‍ നീ പോയി അവരോട് പ്രസംഗിക്കുക’ അതിന്റെ ഫലമായി ഹോശേയ ദൈവജനത്തോട് കര്‍ക്കശമായി സംസാരിക്കുമ്പോള്‍ പോലും, തന്റെ വിശുദ്ധിയുടെ സന്ദേശത്തില്‍ മനസ്സിലിവിന്റെ ഒരു ധ്വനി ഉണ്ടായിരുന്നു. എന്തായിരുന്നു അദ്ദേഹം ഊന്നിപ്പറഞ്ഞത്?

വിശുദ്ധിയും ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹവും. ഈ രണ്ടു വിഷയങ്ങളായിരുന്നു എല്ലാ പ്രവാചകന്മാരുടെയും ഭാരം: ദൈവജനത്തിലുളള വിശുദ്ധിയും തന്റെ ജനം ആത്മീയ വ്യഭിചാരത്തില്‍പ്പെട്ട് വഴി തെറ്റി പോകുമ്പോള്‍പോലും അവരോടുളള ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹവും. എപ്പോഴും ദൈവത്തിന്റെ ആഗ്രഹം തന്റെ ജനത്തെ മടക്കികൊണ്ടുവരണമെന്നായിരുന്നു. അവിടുന്ന് അവരെ ശിക്ഷണത്തിലൂടെ കടത്തി വിടുന്നു. എന്നാല്‍ ശിക്ഷണം പൂര്‍ത്തിയായശേഷം അവരെ തന്നിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ അവിടുന്നാഗ്രഹിക്കുന്നു. യിരെമ്യാവ് പറഞ്ഞു, ‘ശിക്ഷണം പൂര്‍ത്തിയായശേഷം, ദൈവം നിങ്ങളെ മടക്കിക്കൊണ്ടുവരും’ ഹോശേയയും അതേ കാര്യം തന്നെ പറഞ്ഞു. ദൈവം ആവശ്യപ്പെടുന്നത് വിശുദ്ധിയാണ്. അത് നിന്നില്‍ കാണാതെ വരുമ്പോള്‍, അവിടുന്നു നിന്നെ ശിക്ഷണത്തില്‍ കൂടി കടത്തി വിടുന്നു. എന്നാല്‍ അവിടുത്തെ സ്‌നേഹം അത്ര വലുതായതു കൊണ്ട് അവിടുന്ന് നിന്നോട് ആര്‍ദ്രതയോടെ സംസാരിക്കുകയും അവിടുത്തോടുളള കൂട്ടായ്മയിലേയ്ക്ക് തിരികെ കൊണ്ടുവന്നിട്ട് ഇപ്രകാരം പറയുകയും ചെയ്യുന്നു, ‘ നിന്നെ വിട്ടുകൊടുക്കുവാന്‍ എനിക്കെങ്ങനെ കഴിയും? നിന്നെ ഏല്‍പ്പിച്ചു കൊടുക്കുവാന്‍ എനിക്കെങ്ങനെ കഴിയും? നിന്നെ കൈവെടിയുവാന്‍ എനിക്കെങ്ങനെ കഴിയും? എന്റെ ഹൃദയം എന്റെ ഉളളില്‍ നിലവിളിക്കുന്നു. നിന്നെ സഹായിക്കുവാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നു!’ (ഹോശേ 11:8 ലിവിംഗ്).

സഭയിലും യഥാര്‍ത്ഥ പ്രവചന ശുശ്രൂഷ നടക്കേണ്ടത് ഇപ്രകാരമാണ്. ദൈവജനത്തിന്റെ ഇടയിലുളള വിശുദ്ധിക്കുവേണ്ടി പഴയനിയമ പ്രവാചകന്മാര്‍ക്കുണ്ടായിരുന്ന അതേ ഭാരം തന്നെ ഇന്ന് സഭയിലുളള ഒരു യഥാര്‍ത്ഥ പ്രവാചകനും ഉണ്ടായിരിക്കും. അതുപോലെ പിന്മാറിപ്പോയ തന്റെ ജനത്തെ തന്നിലേക്കും യഥാര്‍ത്ഥ വിശുദ്ധിയിലേക്കും തിരിച്ചു കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്ന ദൈവത്തിന്റെ മാറ്റമില്ലാത്ത, ദീര്‍ഘക്ഷമയുളള, മനസ്സലിവുളള സ്‌നേഹത്താല്‍ അന്നത്തെ പ്രവാചകന്മാര്‍ക്ക് അനുകമ്പയുണ്ടായതു പോലെ ഈ പ്രവാചകനും മനസ്സലിയും. ഒരു സഭ ദൈവത്തിനുവേണ്ടി അത് ആയിരിക്കേണ്ട വിധം പ്രവര്‍ത്തിക്കണമെങ്കില്‍, ഓരോ സഭയിലും ഒരു പ്രവചന ശുശ്രൂഷ ഉണ്ടായിരിക്കണം. അതായിരുന്നു ഹോശേയയുടെ അടിസ്ഥാന പ്രതിപാദ്യം. അതുകൊണ്ടു തന്നെ ദൈവം ഹോശേയയെ കഷ്ടം അനുഭവിക്കുവാന്‍ അനുവദിച്ചു. ദൈവം ഹോശേയയോടു പറഞ്ഞു, ‘നീ പോയി ഒരു വ്യഭിചാരിണിയെ വിവാഹം ചെയ്യുക. അവള്‍ നിനക്കു പ്രസവിക്കുന്ന മക്കളില്‍ ചിലര്‍ അന്യപുരുഷന്മാരില്‍ നിന്നായിരിക്കും’. (ഹോശേയ 1:2) ഒരു പ്രവാചകനായിരിക്കുവാന്‍ കൊടുക്കേണ്ടി വന്ന വില എത്ര വലിയതാണ്! ഒരു പ്രവാചകനാകാന്‍ എത്രപേര്‍ ആഗ്രഹിക്കും? അന്ന് ഹോശേയ ചെയ്തത് ചെയ്യുവാന്‍ ഇന്ന് ദൈവം നിങ്ങളോട് ആവശ്യപ്പെടുകയില്ലായിരിക്കാം. എന്നാല്‍ അവിടുത്തെ ഹൃദയത്തെ തൊട്ടറിയുവാന്‍ തീവ്രമായ കഷ്ടതയിലൂടെ അവിടുത്തേക്ക് നമ്മെ കടത്തിക്കൊണ്ടുപോകണമെന്ന പ്രമാണം അതു പോലെ തന്നെ നിലനില്‍ക്കുന്നു. അപ്പൊസ്തലനായ പൗലൊസ് കടന്നു പോയ കഷ്ടതകള്‍ വായിക്കുക അനേകം ആപത്തുകള്‍, അനേകം അടികള്‍, തടവ്, കോലിനാലുളള അടി, കൊളളയടിക്കപ്പെട്ടത്, അദ്ദേഹത്തെ തന്നെ തണുപ്പില്‍ നിന്ന് സംരക്ഷിക്കുവാന്‍ വേണ്ട വസ്ത്രമില്ലാതെയും കഴിക്കാന്‍ ആവശ്യത്തിനു ഭക്ഷണമില്ലാതെയും കഴിയേണ്ടിവന്നത് (2 കൊരി 11:2328) ഇതിന്റെ എല്ലാം ഉദ്ദേശ്യം ദൈവത്തിന്റെ ഹൃദയ സ്പന്ദനം കേള്‍ക്കുവാനും, ദൈവത്തിനു തോന്നുന്നതു പോലെ അദ്ദേഹത്തിനും തോന്നുവാന്‍ കഴിയത്തക്കവിധം പൗലൊസ് ദൈവത്തോട് അടുത്തു ജീവിക്കുക എന്നതായിരുന്നു. ശോധനയിലൂടെ കടന്നുപോകുമ്പോള്‍ നാം ദൈവത്തിന്റെ ഹൃദയത്തോട് വളരെ അടുത്തു വരുന്നു. നാം അവിടുത്തെ ഹൃദയമിടിപ്പ് കേള്‍ക്കുകയും, നാം ദൈവജനത്തോട് സംസാരിക്കുമ്പോള്‍ നാം അത് തൊട്ടറിയുകയും ചെയ്യുന്നു.