പരിശുദ്ധാത്മാവിലുളള സ്‌നാനം – WFTW 17 സെപ്റ്റംബർ 2017

സാക് പുന്നന്‍

 

അപ്പൊ:പ്ര 1:5 ല്‍ നമുക്ക് ഒരു വാഗ്ദത്തം ഉണ്ട്, ‘ നിങ്ങള്‍ക്ക് ഇനിയും ഏറെ നാള്‍ കഴിയും മുമ്പേ പരിശുദ്ധാത്മാവ് കൊണ്ട് സ്‌നാനം ലഭിക്കും’ ‘നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം കഴിപ്പിക്കപ്പെടും’ എന്ന് സ്‌നാപകയോഹന്നാന്‍ പറഞ്ഞപ്പോള്‍ ഉടനെതന്നെ അവര്‍ ചിന്തിച്ചത് ഒരു ഐഹീകരാജ്യത്തെക്കുറിച്ചാണ്. പഴയ ഉടമ്പടിയിലുളള ഒരു വ്യക്തിയുടെ മനസ്സ് എപ്പോഴും ഈ ഭൂമിയിലെ കാര്യങ്ങളുടെ മേല്‍ ആണ് മിക്ക ക്രിസ്ത്യാനികളും ‘ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു’ എന്നു പറയുമ്പോള്‍ പോലും സാധാരണയായി അവര്‍ അര്‍ത്ഥമാക്കുന്നത് അവിടുന്ന് ഭൗതികമായി അവരെ അനുഗ്രഹിച്ചു എന്നാണ് പണമോ, ഒരു നല്ല ജോലിയോ, ഒരു വീടോ കൊണ്ട് . അത് പഴയ ഉടമ്പടിയിലുളളവരുടെ സ്വഭാവ വിശേഷമാണ്. നിങ്ങളുടെ ചിന്തകള്‍ അപ്രകാരമാണെന്ന് നിങ്ങള്‍ കാണുന്നെങ്കില്‍, അതു സൂചിപ്പിക്കുന്നത് നിങ്ങള്‍ പഴയ ഉടമ്പടി പ്രകാരമുളള ഒരു ക്രിസ്ത്യാനി ആണെന്നാണ്. ദൈവത്തിന്റെ അനുഗ്രഹത്തിന്റെ ഒന്നാമത്തെ അടയാളം ഭൗതികാനുഗ്രഹങ്ങളാണെന്നു നിങ്ങള്‍ കരുതുന്നെങ്കില്‍, നിങ്ങളെക്കാള്‍ വളരെയധികം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുളള നിരീശ്വര വാദികളായ ലക്ഷക്കണക്കിനാളുകളെക്കുറിച്ചു ചിന്തിക്കുക അപ്പോള്‍ ആ വിധത്തില്‍ ചിന്തിക്കുന്നതിലുളള ഭോഷ്‌ക് നിങ്ങള്‍ക്കു മനസ്സിലാകും. പുതിയ ഉടമ്പടി പ്രകാരമുളള അനുഗ്രഹത്തിന്റെ ലക്ഷണം, നാം അധികമധികം ക്രിസ്തുവിനെപ്പോലെ ആയിതീരുന്നു എന്നാണ്.

പെന്തക്കൊസ്തു നാളിനു മുമ്പ് അപ്പൊസ്തലന്മാരെല്ലാവരും ഭൗതിക മനസ്സുളളവരായിരുന്നു. അതുകൊണ്ട് അവര്‍ ഉടനെ തന്നെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം കഴിപ്പിക്കപ്പെടും എന്ന് കര്‍ത്താവ് അവരോട് പറഞ്ഞപ്പോള്‍, അവര്‍ പെട്ടന്ന് ചിന്തിച്ചത് അവര്‍ക്ക് ഭൗതികമായി ഒരു രാജ്യം ലഭിക്കുമെന്നാണ്. അതുകൊണ്ട് അവര്‍ ചോദിച്ചു. ‘ കര്‍ത്താവെ, അവിടുന്ന് യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നത്?’ (1:6). കര്‍ത്താവ് ഇപ്രകാരം മറുപടി പറഞ്ഞു, ‘അല്ല, ഞാന്‍ അങ്ങനെയല്ല അര്‍ത്ഥമാക്കിയത്. അങ്ങനെയുളള സമയങ്ങളെയോ കാലങ്ങളെയോ അറിയുന്നത് നിങ്ങള്‍ക്കുളളതല്ല. അതെല്ലാം പിതാവ് തന്റെ സ്വന്ത അധികാരത്തില്‍ വെച്ചിട്ടുളളവയാണ് ‘ (വാക്യം 7) ബഹുവിധമായ അന്ത്യകാല സംഭവങ്ങളുടെ സമയങ്ങള്‍ കണ്ടുപിടിക്കുവാന്‍ വേണ്ടി വെളിപ്പാട് പുസ്തകം പഠിക്കുന്നവര്‍ അനേകരാണ്. യേശു മടങ്ങി വന്ന് അവിടുത്തെ രാജ്യം സ്ഥാപിക്കുന്നത് എപ്പോഴാണെന്ന് കൃത്യമായി അറിയുന്നത് നമുക്കുളളതല്ല. എന്നാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാണ് നാം അറിയേണ്ടത്.

പരിശുദ്ധാത്മാവിനാല്‍ സ്‌നാനം കഴിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നതിനുളള അടയാളം എന്താണ്? അതു ശക്തിയാണ് എന്ന് അപ്പൊ : പ്ര 1:8ല്‍ സ്ഫടിക സങ്കാശമായി വ്യക്തമാക്കിയിട്ടുണ്ട്. പരിശുദ്ധാത്മ നിറവിന്റെ തെളിവായി അന്യഭാഷയെക്കുറിച്ച് ഒരു വാക്കുപോലും ഒരിക്കലും അവിടുന്ന് പറഞ്ഞിട്ടില്ല. അപ്പൊസ്തലന്മാരു ഇതിനെക്കുറിച്ച് ഒരു വാക്കും പറഞ്ഞിട്ടില്ല. എന്നിട്ടും അനേകം ക്രിസ്ത്യാനികള്‍ ഇന്ന് ‘ അന്യഭാഷയില്‍ (അഭ്യസിച്ചിട്ടില്ലാത്ത ഭാഷ) സംസാരിക്കുന്നതാണ് അതിന്റെ പ്രാരംഭതെളിവ്’ എന്നു പ്രഘോഷിക്കുന്നു, അങ്ങനെ പഠിപ്പിക്കുന്ന ഒറ്റവാക്യം പോലും വേദ പുസ്തകത്തില്‍ ഇല്ലെങ്കില്‍ പോലും.

അപ്പൊ : പ്ര 19:2ല്‍, പൗലൊസ് എഫെസൊസിലുളള ചില ശിഷ്യന്മാരോട് ഒരു ചോദ്യം ചോദിക്കുന്നു:’ നിങ്ങള്‍ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചോ? ഇവിടെ പൗലൊസിന്റെ ചോദ്യം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നത്:

1. ഒരാള്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്ന സമയത്തു തന്നെ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ കഴിയും.

2. യേശുവില്‍ വിശ്വസിച്ചാലും പരിശുദ്ധാത്മാവിനെ പ്രാപിക്കാതിരിക്കുവാനുളള സാധ്യതയുണ്ട്. അതിന്റെ അര്‍ത്ഥം അയാള്‍ യാഥാര്‍ത്ഥത്തില്‍ വീണ്ടും ജനിച്ചിട്ടില്ല എന്നാണ്.

3. നാം പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് നിശ്ചയത്തോടെ അറിയാന്‍ കഴിയും.

പരിശുദ്ധാത്മാവിനെക്കുറിച്ചു കേട്ടിട്ടുപോലുമില്ല എന്ന് അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ അദ്ദേഹം അവരോട് ഇപ്രകാരം ചോദിച്ചു, ‘ ഏതായിരുന്നു നിങ്ങളുടെ സ്‌നാനം ?’ ആ നാളുകളില്‍ ആളുകളെ സ്‌നാനപ്പെടുത്തിയിരുന്നത് യേശുവിന്റെ നാമത്തില്‍ മാത്രമായിരുന്നില്ല. എന്നാല്‍ ‘ പിതാവിന്റെയും, പുത്രനായ യേശുക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലായിരുന്നു’. അതുകൊണ്ടാണ് അവര്‍ സ്‌നാനപ്പെട്ടപ്പോള്‍ പരിശുദ്ധാത്മാവിനെക്കുറിച്ച് കേട്ടിട്ടുണ്ടാകണം എന്ന് പൗലൊസ് പ്രതീക്ഷിച്ചത്. യോഹന്നാന്റെ സ്‌നാനമാണ് അവര്‍ സ്വീകരിച്ചതെന്ന് അപ്പോള്‍ അവര്‍ അദ്ദേഹത്തോടു പറഞ്ഞു. അപ്പോള്‍ പൗലൊസ് പിതാവിന്റെയും പുത്രനായ യേശുക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ സ്‌നാനം കഴിപ്പിച്ചു. അതിനുശേഷം പൗലൊസ് അവരുടെ മേല്‍ കൈവച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെ മേല്‍ വന്ന് അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു.

അപ്പൊ: പ്രവൃത്തികളില്‍ കാണുന്ന പരിശുദ്ധാത്മാവിന്റെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുക. അപ്പൊ:പ്ര :2 ല്‍,120 പേര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ പരിശുദ്ധാത്മാവ് അവരുടെ മേല്‍ വന്നു. 8ാം അദ്ധ്യായത്തില്‍ പത്രൊസുംയോഹന്നാനും ശമര്യരുടെ മേല്‍ കൈവച്ചപ്പോള്‍ അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചു. 9ാം അദ്ധ്യായത്തില്‍, അനന്യാസ് പൗലൊസിന്റെ മേല്‍ കൈ വച്ചപ്പോള്‍ അവന്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചു. 10ാം അദ്ധ്യായത്തില്‍ കൊര്‍ന്നേലിയോസ്, ജലസ്‌നാനം ഏല്‍ക്കുന്നതിനു മുമ്പേ തന്നെ, ഒരു സന്ദേശം കേട്ടുകൊണ്ടിരിക്കുമ്പോള്‍, ആരും അവന്റെ മേല്‍ കൈ വയ്ക്കാതെ തന്നെ, പരിശുദ്ധാത്മാവിനെ പ്രാപിച്ചു. ഇവിടെ 19ാം അദ്ധ്യായത്തില്‍, കൈവയ്പിനാല്‍ അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചു. ഇതു നമ്മെ പഠിപ്പിക്കുന്നത് കൈവയ്‌പോടു കൂടിയോ അല്ലാതെയോ പരിശുദ്ധാത്മാവിനെ പ്രാപിക്കാം, കൂടാതെ ജല സ്‌നാനത്തിനു മുമ്പോ അതിനു ശേഷമോ പരിശുദ്ധാത്മാവിനെ പ്രാപിക്കാം. മാര്‍ഗ്ഗമല്ല പ്രധാനകാര്യം എന്നാല്‍ യാഥാര്‍ത്ഥ്യമാണ് കാര്യം.