പുതിയ ഉടമ്പടി പ്രകാരമുളള ദൈവ ദാസന്മാരുടെ മൂന്ന് ലക്ഷണങ്ങൾ – WFTW 11 മാർച്ച് 2018

സാക് പുന്നന്‍

പുതിയ ഉടമ്പടിയുടെ കീഴിലുളള ഒരു യഥാര്‍ത്ഥ ദൈവദാസന്‍ ആരാണെന്നു നമ്മോടുപറയുന്ന മൂന്നു വേദഭാഗങ്ങള്‍ തിരുവചനത്തിലുണ്ട്. ഒരു മുന്‍ അഭിപ്രായങ്ങളും കൂടാതെ നാം ആ മൂന്നു ഭാഗങ്ങള്‍ വായിക്കുമ്പാള്‍ നമുക്കാഗ്രഹമുണ്ടെങ്കില്‍ നമുക്കെല്ലാവര്‍ക്കും ഈ നാളിലും യുഗത്തിലും ദൈവഭൃത്യന്മാരായിരിക്കാന്‍ കഴിയും എന്നു നാം കണ്ടെത്തും. പഴയ ഉടമ്പടിയില്‍ കീഴില്‍, ലേവ്യര്‍ക്കുമാത്രമെ ദൈവദാസന്മാരായിരിക്കുവാന്‍ കഴിയുമായിരുന്നുളളു. മറ്റൊരു ഭൗതിക വേലകളും ചെയ്യുവാന്‍ അവരെക്കുറിച്ച് ഉദ്ദേശിച്ചിരുന്നില്ല തന്നെയുമല്ല യിസ്രായേലിലെ മറ്റു ഗോത്രങ്ങള്‍ നല്‍കുന്ന ദശാംശം കൊണ്ട് അവര്‍ ഉപജീവനം നടത്തണമായിരുന്നു. ഇന്ന് ബാബിലോന്യ ക്രിസ്ത്യാനിത്വം പഠിപ്പിക്കുന്നത് പുതിയ ഉടമ്പടിയുടെ കീഴിലും, തങ്ങളുടെ മതേതര ജോലികള്‍ ഉപേക്ഷിക്കുന്നവര്‍ക്കുമാത്രമെ ദൈവത്തിന്‍റെ വേലക്കാരായിരിക്കുവാന്‍ കഴിയുകകയുളളൂ എന്നും – മറ്റു ക്രിസ്ത്യാനികള്‍ നല്‍കുന്ന ദശാംശം കൊണ്ട് അവര്‍ ഉപജീവിക്കണം എന്നും ആണ്. എന്നാല്‍ ഇത് മനുഷ്യന്‍റെ പാരമ്പര്യത്തിന്‍റെ പഠിപ്പിക്കല്‍ ആണ് ദൈവവചനത്തിന്‍റെ പഠിപ്പിക്കല്‍ അല്ല!

1. പാപത്തില്‍ നിന്ന് സ്വതന്ത്രനായിരിക്കുക.

“പാപത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ദൈവത്തിന്‍റെ ദാസന്മാരായി തീര്‍ന്നിരിക്കുന്നു” (റോമര്‍ 6:22). ഇതാണ് ഒന്നാമതു വേണ്ടത് – പാപത്തില്‍ നിന്നു സ്വാതന്ത്ര്യം പ്രാപിക്കുക. ഒരാളുടെ ഭൗതിക ജോലിയില്‍ നിന്ന് സ്വതന്ത്രനാകുന്നത്, പാപത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുന്നതിനേക്കാള്‍ സ്പഷ്ടമാംവിധം കൂടുതല്‍ എളുപ്പമാണ്. യേശു ലോക പ്രകാരമുളള ഒരു ജോലി ചെയ്തിരുന്നു എന്നാലും അവിടുന്ന് അപ്പോഴും ദൈവത്തിന്‍റെ ഒരു ദാസനായിരുന്നു.

ദേഷ്യപ്പെടുകയും കോപാകുലനാകുകയും ചെയ്യുന്ന ഒരുവന് ദൈവത്തിന്‍റെ ദാസനായിരിക്കുവാന്‍ കഴിയുകയില്ല. അയാള്‍ ഒരു പക്ഷേ ഒരു പ്രസംഗകനോ അല്ലെങ്കില്‍ ഒരു മുഖ്യപാസ്റ്റര്‍ പോലും ആയിരിക്കാം, എന്നാല്‍ അയാള്‍ക്ക് ഒരു ദൈവദാസനായിരിക്കാന്‍ കഴിയുകയില്ല. അനേകം പാസ്റ്റര്‍മാര്‍ ഞായറാഴ്ച രാവിലെ ദൈവത്തെ ” അന്യഭാഷകളില്‍ ” സ്തുതിക്കുകയും അന്നേദിവസം തന്നെ ഉച്ചകഴിഞ്ഞ് തങ്ങളുടെ ഭാര്യമാരോട് അവരുടെ “മാതൃഭാഷയില്‍” രോഷത്തോടെ ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്നു. നാം അന്യഭാഷകളില്‍ സംസാരിക്കുമ്പോള്‍ മാത്രം പരിശുദ്ധാത്മാവിനു നമ്മെ നിയന്ത്രിക്കാന്‍ കഴിയുകയും, എന്നാല്‍ നാം നമ്മുടെ മാതൃഭാഷയില്‍ സംസാരിക്കുമ്പോള്‍ അങ്ങനെ ചെയ്യാന്‍ കഴിയാതെയിരിക്കുകയും ചെയ്യുമോ? അത് ഒരു വഞ്ചനയാണ്. ഞാന്‍ 22 വര്‍ഷങ്ങളായി അന്യഭാഷയില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു എന്നതിനാല്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. ഈ വര്‍ഷങ്ങളിലെല്ലാം അതെനിക്ക് ആത്മീയവര്‍ദ്ധന വരുത്തുന്നു, നിരാശയില്‍ നിന്നും, വിഷാദത്തില്‍ നിന്നും, നിരുത്സാഹത്തില്‍ നിന്നും അതെന്നെ പൂര്‍ണ്ണമായിവിടുവിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ എന്‍റെ ഭാര്യയോടും, എന്‍റെ സഹോദരന്മാരോടും, അപരിചിതരായവരോടും , ഭിക്ഷക്കാരോടും ഞാന്‍ എന്‍റെ മാതൃഭാഷയില്‍ സംസാരിക്കുമ്പോഴും പരിശുദ്ധാത്മാവ് എന്‍റെ ഭാഷയെ നിയന്ത്രിക്കുന്നു എന്നതിനാല്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.

തന്‍റെ കണ്ണുകള്‍ കൊണ്ട് സ്ത്രീയെ മോഹിക്കുന്ന ഒരുവന് ഒരു സുവിശേഷ പ്രസംഗകനോ ഒരു ദൈവദാസനോ ആയിരിക്കുവാന്‍ കഴിയുകയില്ല. പാപത്തെ ഒഴിവാക്കുവാന്‍ തന്‍റെ കണ്ണ് പിഴുതുകളയുവാന്‍ പോലും പൂര്‍ണ്ണ മനസ്സുളള ഒരുവനു മാത്രമെ ദൈവത്തിന്‍റെ ഒരു ദാസനായിരിക്കുവാന്‍ കഴിയുകയുളളു. നിങ്ങളുടെ കണ്ണുകള്‍ തെറ്റിപ്പോയതോര്‍ത്ത് രാത്രിയില്‍ നിങ്ങളുടെ തലയിണയില്‍ മുഖം അമര്‍ത്തി തേങ്ങിക്കരഞ്ഞ ഏറ്റവും ഒടുവിലത്തെ സമയം എപ്പോഴാണ്? ഇത് വല്ലപ്പോഴും ചെയ്യുന്ന കാര്യങ്ങളായാല്‍, ഒരു ദിവസം പരസ്യമായി വീഴുന്നതുവരെ നിങ്ങള്‍ കുറേശ്ശെ കുറേശ്ശെ ആന്തരികമായി പിന്മാറിക്കൊണ്ടിരിക്കും.

അല്പം കൂടി പണം ഉണ്ടാക്കുവാനോ അല്ലെങ്കില്‍ തനിക്കുവേണ്ടി തന്നെ മാനം സമ്പാദിക്കുവാനോ വേണ്ടി ഒരു കളളം പറയുന്നവന്‍ വാസ്തവത്തില്‍ പിശാചിന്‍റെ ദാസനാണ് – കാരണം പിശാച് എല്ലാ കളളങ്ങളുടെയും പിതാവാണ്. അയാള്‍ക്ക് ദൈവത്തിന്‍റെ ഒരു ദാസനായിരിക്കുവാന്‍ കഴിയുകയില്ല.

തന്‍റെ എല്ലാ ശത്രുക്കളെയും സ്നേഹിക്കാന്‍ കഴിയാത്ത ഒരുവന്‍, അല്ലെങ്കില്‍ തന്നെ ഉപദ്രവിച്ച എല്ലാവര്‍ക്കും നന്മ ചെയ്യുവാന്‍ കഴിയാത്ത ഒരുവന്‍, സുവിശേഷം പ്രസംഗിക്കുവാന്‍ തീര്‍ത്തും അയോഗ്യനാണ്. നിങ്ങളുടെ ഹൃദയത്തില്‍ ആര്‍ക്കെങ്കിലും വിരോധമായി നേരിയ കയ്പോ, ക്ഷമിക്കാന്‍ കഴിയാത്ത മനോഭാവമോ ഉണ്ടെങ്കില്‍,നിങ്ങള്‍ക്ക് ചെയ്യുവാനുളള ഏറ്റവും നല്ല കാര്യം നിങ്ങളുടെ വായടച്ചിട്ട്, വീട്ടില്‍ പോയി മാനസാന്തരപ്പെടുകയും ആ തിന്മകളില്‍ നിന്നെല്ലാം കഴുകല്‍ പ്രാപിക്കുകയും ചെയ്യുക എന്നതാണ്. നിങ്ങള്‍ക്ക് ദൈവത്തിന്‍റെ ഒരു ദാസനായിരിക്കുവാന്‍ കഴിയുകയില്ല.

2. മാമ്മോനില്‍ നിന്നു സ്വാതന്ത്ര്യം പ്രാപിക്കുക

“നിങ്ങള്‍ക്ക് ദൈവത്തിന്‍റെയും മാമ്മോന്‍റെയും ദാസനായിരിക്കുവാന്‍ കഴിയുകയില്ല. നിങ്ങള്‍ ഒരുവനെ പകച്ചു മറ്റവനെ സ്നേഹിക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഒരുവനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും” ( ലൂക്കോസ് 16:13). ഇതാണ് രണ്ടാമത്തെ ആവശ്യം – മാമ്മോനില്‍ നിന്ന് സ്വതന്ത്രനാകുക (പണവും മറ്റെല്ലാ ഭൗതിക വസ്തുക്കളും). വീണ്ടും, മാമ്മോനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനേക്കാള്‍ എളുപ്പമാണ്. ഒരാള്‍ക്ക് തന്‍റെ മതേതര ജോലിയില്‍ നിന്ന് സ്വതന്ത്രനാകുക എന്നത്. നിങ്ങള്‍ ഏതിനെയാണ് സേവിക്കാന്‍ പോകുന്നത് എന്ന് ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട് – ഒന്നുകില്‍ ദൈവത്തെ അല്ലെങ്കില്‍ മാമ്മോനെ. മിക്ക”പൂര്‍ണ്ണസമയ പ്രവര്‍ത്തകരും” ദൈവത്തെയും മാമ്മോനെയും കൂടെ സേവിക്കുന്ന കാര്യം അന്വേഷിക്കുന്നു. അവര്‍ ഭൗതികമായ ഒരു ഉദ്യോഗത്തിലായിരുന്നെങ്കില്‍ സമ്പാദിക്കുമായിരുന്നതിനെക്കാള്‍ കൂടുതല്‍ ഇന്ന് അവര്‍ ” ദൈത്തിന്‍റെ ദാസന്മാര്‍” എന്ന പേരില്‍ സമ്പാദിക്കുന്നു. ദൈവത്തെ സേവിക്കുന്നതിനുവേണ്ടി ഭൗമികമായ സുഖസൗകര്യങ്ങള്‍, പണം, ഭൗതിക വസ്തുക്കള്‍ ഇവ ത്യജിക്കേണ്ടി വന്നിട്ടില്ലാത്തവര്‍ വാസ്തവത്തില്‍ ദൈവത്തെയേ അല്ല സേവിക്കുന്നത്. ഏതു വിശ്വാസിക്കും ദൈവത്തിന്‍റെ ഒരു ദാസനായിരിക്കുവാന്‍ കഴിയും – എന്നാല്‍ അയാള്‍ മാമ്മോനെ സ്നേഹിക്കുന്നതില്‍ നിന്ന് സ്വതന്ത്രനായിരിക്കണം. വാസ്തവത്തില്‍, മുകളില്‍ പറഞ്ഞ വാക്യം നിങ്ങള്‍ ശ്രദ്ധിച്ചു വായിക്കുമെങ്കില്‍, ദൈവത്തിന്‍റെ ദാസന്മാരായിരിക്കണമെങ്കില്‍ നാം മാമ്മോനെ വെറുക്കുകയും അതിനെ അവജ്ഞയോടെ കാണുകയും വേണം എന്നാണ് യേശു പറഞ്ഞത് എന്നു നാം കണ്ടെത്തും. അതാണ് മാമ്മോനോടുളള നിങ്ങളുടെ നിലപാടെന്നോ അല്ലെങ്കില്‍ കുറഞ്ഞ പക്ഷം മാമ്മോനോട് ആ നിലപാടെടുക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നോ ദൈവത്തിന്‍റെമുമ്പാകെ നിങ്ങള്‍ക്കു പറയാന്‍ കഴിഞ്ഞാല്‍, അപ്പോള്‍ നിങ്ങള്‍ ദൈവത്തിന്‍റെ ഒരു ദാസനാകുവാന്‍ യോഗ്യനായി തീരുന്നു – അല്ലാത്തപക്ഷം നിങ്ങള്‍ ആകുന്നില്ല. യേശു ഇവിടെ വച്ചിരിക്കുന്ന നിലവാര പ്രകാരം യോഗ്യതയുളള എത്ര പൂര്‍ണ്ണസമയ പ്രവര്‍ത്തകരുണ്ട്? വളരെ വളരെ കുറച്ചുമാത്രം!.

നാം ആരെയാണ് സേവിക്കുന്നതെന്നു കണ്ടുപിടിക്കുന്നത്, നാം ആരുടെ ആജ്ഞകളാണ് അനുസരിക്കുന്നത് – ദൈവത്തിന്‍റെതാണോ അതോ മാമ്മോന്‍റെതാണോ എന്നു പരിശോധിക്കുന്നതിലൂടെയാണ്. നമ്മുടെ ജീവിതത്തില്‍ മുന്‍ഗണന ആരുടെ അവകാശങ്ങള്‍ക്കാണ്- ദൈവത്തിന്‍റെയോ അതോ മാമ്മോന്‍റെയോ? രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. പണം നിങ്ങളെ വിളിക്കുമ്പോള്‍, ഉടനെ തന്നെ നിങ്ങള്‍ അതിനോടു പ്രതികരിക്കുകയാണെങ്കില്‍, നിങ്ങള്‍ മാമ്മോന്‍റെ ഒരു സേവകനാണ്.

എന്തുകൊണ്ടാണ് ധനവാന്മാരായ വിശ്വാസികള്‍ ഉളളതും സുഖസൗകര്യങ്ങള്‍ ഉളളതുമായ ഇടങ്ങളിലേക്കുമാത്രം അധികം പ്രസംഗകരും യാത്ര ചെയ്യുന്നത്. സാധുക്കളായ വിശ്വാസികളെ ക്രമമായി സന്ദര്‍ശിച്ച് അവരെ വിശ്വാസത്തിലുറപ്പിക്കുവാന്‍ എത്രപേര്‍ക്ക് താത്പര്യമുണ്ട്. അവരാണ് ദൈവത്തിന്‍റെ യഥാര്‍ത്ഥ ദാസന്മാര്‍.

മാമ്മോനെ സേവിക്കുന്ന ഒരുവന്‍ ദൈവത്തിനു പ്രയോജനമില്ലാത്തവനാണെന്ന് പിശാചിനറിയാം. അതുകൊണ്ട് അങ്ങനെയുളള പ്രസംഗകരെ അവന്‍ ഒറ്റയ്ക്കു വിടുന്നു. പിശാചിന് നിങ്ങളോട് ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ അപമാനം നിങ്ങളെ ഒറ്റയ്ക്കു വിട്ടിട്ട് ലൗകികരായ ആളുകളില്‍ നിന്നും, മൂല്യങ്ങള്‍ നഷ്ടപ്പെട്ട ക്രൈസ്തവഗോളത്തിലെ നേതാക്കന്മാരില്‍ നിന്നും മാനം നേടുവാന്‍ നിങ്ങളെ അനുവദിക്കുന്നു എന്നതാണ്.

ദൈവത്തിന്‍റെ ഒരു ദാസന്‍ നിരന്തരം ചിന്തിക്കുന്നത് എങ്ങനെ ആത്മാക്കളെ നേടുകയും സഭ പണിയുകയും ചെയ്യാംഎന്നതിനെക്കുറിച്ചാണ്. രാത്രിയില്‍ അയാള്‍ സ്വപ്നം കാണുന്നതും അതുതന്നെയാണ്. മാമ്മോന്‍റെ ഒരു ദാസന്‍ എങ്ങനെയായാലും ചിന്തിക്കുന്നതും പകലും രാവും സ്വപ്നം കാണുന്നതും എങ്ങനെ കൂടുതല്‍ പണം ഉണ്ടാക്കാം എന്നതിനെക്കുറിച്ചാണ്. നമുക്ക് നമ്മുടെ ഉപബോധത്തെ കബളിപ്പിക്കുവാന്‍ കഴിയുകയില്ല -കാരണം കൃത്യമായി നാം എന്താണ് ആഗ്രഹിക്കുന്നത് എന്ന് മറ്റാരെയുംകാള്‍ അതിനറിയാം. നാം മാമ്മോനെ സ്നേഹിക്കുന്നെങ്കില്‍, നാം സത്യസന്ധരായി ദൈവത്തോട് ആ കാര്യം പറയുക- എന്നിട്ട് അതില്‍ നിന്ന് നമ്മെ വിടുവിക്കുവാന്‍ അവിടുത്തോട് ആവശ്യപ്പെടുക. സത്യസന്ധരായ വിശ്വാസികള്‍ക്ക് വലിയ പ്രത്യാശയുണ്ട് – എന്നാല്‍ സത്യസന്ധരല്ലാത്ത കാപട്യക്കാര്‍ക്ക് ഒരു പ്രതീക്ഷയുമില്ല.

നാം ഈ നാളുകളില്‍ ” അത്ഭുത വിടുതല്‍ ശുശ്രൂഷായോഗങ്ങളെ” കുറിച്ച് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ആളുകളോട് ” പണം ആവശ്യപ്പെടുന്നില്ല” എന്ന അതിശയം നടക്കുന്ന ഒരു ക്രൂസേഡ് നടക്കുന്നതെവിടെയാണെന്നു കാണുവാന്‍ ഞാന്‍ കാത്തിരിക്കുകയാണ്!! യേശുവും അവിടുത്തെ അപ്പൊസ്തലന്മാരും അവരുടെ ഒരു യോഗങ്ങളിലും ജനങ്ങളില്‍ നിന്ന് ഒരിക്കലും ഒരു സ്തോത്രക്കാഴ്ചയും എടുത്തില്ല. എന്നിട്ടും അന്ധരും ഭോഷന്മാരുമായ വിശ്വാസികള്‍, ഇന്നു ലജ്ജകൂടാതെ പണം ആവശ്യപ്പെടുന്ന പ്രസംഗകരെ പ്രശംസിക്കുകയും അവര്‍ ദൈവത്തിന്‍റെ മഹാന്മാരായ ദാസന്മാരാണെന്നു കരുതുക പോലും ചെയ്യുന്നു. അത്തരം പ്രസംഗകര്‍ ദൈവത്തെ അല്ല, തങ്ങളെ തന്നെ മാത്രമാണ് സേവിക്കുന്നതെന്ന് ക്രിസ്തുവിന്‍റെ ന്യായാസനത്തില്‍ നിന്നുളള വ്യക്തമായ പ്രകാശം നമുക്ക് വെളിപ്പെടുത്തി തരും.

ഉപദേശത്തില്‍ സുവിശേഷാനുസാരമായവരെ നവീകരണേച്ഛുക്കളായവരില്‍ നിന്ന് വേര്‍തിരിക്കുവാന്‍ വിശ്വാസികള്‍ ഒരു വിഭജനരേഖ വരയ്ക്കുന്നു. എന്നാല്‍ അത്തരം കാര്യങ്ങളില്‍ പിശാചും അവന്‍റെ എല്ലാ ഭൂതങ്ങളും സുവിശേഷാനുസാരമായവരുടെ പക്ഷത്തായിരിക്കും കാരണം അവരെല്ലാവരും ഉപദേശത്തില്‍ സുവിശേഷാനുസാരമാണ് (യാക്കോബ് 2:19). എന്നാല്‍ ദൈവം ഒരു രേഖ വരയ്ക്കുന്നത് മാമ്മോനെ സ്നേഹിക്കുന്നവരെ ദൈവത്തെ സ്നേഹിക്കുന്നവരില്‍ നിന്നു വേര്‍തിരിക്കുവാനാണ്. അപ്പോള്‍ പിശാചും അവന്‍റെ ഭൂതങ്ങളും മാമ്മോനെ സ്നേഹിക്കുന്നവരുടെ ഇടയിലാണെന്നു നാം കണ്ടെത്തും.

നാം മുന്നമെ ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുകയാണെങ്കില്‍,ഭൂമിയിലെ നമ്മുടെ ജീവിതത്തിനാവശ്യമുളളതെല്ലാം,അതിന്‍റെ പിന്നാലെ പോകാതെ തന്നെ ദൈവം നമുക്കു തരും.. എന്‍റെ കഴിഞ്ഞവര്‍ഷങ്ങളിലെ ക്രിസ്തീയ അനുഭവങ്ങളിലെല്ലാം ഈ കാര്യം സത്യമാണെന്നു ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും, എന്നാല്‍ ദൈവത്തിന്‍റെ വചനം ഒരു നാളും ഒഴിഞ്ഞുപോകുന്നില്ല. മുന്നമെ അവിടുത്തെ രാജ്യം അന്വേഷിക്കുന്ന എല്ലാവരുടെയും എല്ലാ ആവശ്യങ്ങളും ദൈവം നല്‍കുന്നു എന്നതിന്‍റെ ജീവിക്കുന്ന പ്രദര്‍ശനമായിരിക്കണം നാം എല്ലാവരും. നമ്മുടെ ക്രിസ്തീയ ജീവിതത്തിലുടനീളം എല്ലായ്പോഴും സ്ഥിരമായി ദൈവത്തിന്‍റെ രാജ്യം അന്വേഷിച്ചിട്ടുണ്ട് എന്ന് നമുക്കാര്‍ക്കും പറയാന്‍ കഴിഞ്ഞില്ലെങ്കിലും, നാം പണത്തിന്‍റെ പിന്നാലെ ഓടിയിട്ടില്ലെന്നുളള സാക്ഷ്യം പറയാന്‍ തീര്‍ച്ചയായും നമുക്കു കഴിയണം. നാം പ്രസംഗകരാണെങ്കില്‍, എവിടെയെങ്കിലും നമുക്ക് കൂടുതല്‍ പണം ലഭിക്കുമെന്നറിഞ്ഞതുകൊണ്ട് ഒരിടത്തും പോകുന്നില്ല, ധനവാന്മാരെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നില്ല, ദരിദ്രരെ അവഗണിക്കുന്നില്ല,സ്തോത്രകാഴ്ച എടുക്കുന്നതില്‍ താത്പര്യമില്ല, ജനങ്ങളെ നമ്മുടെ സാമ്പത്തികാവ ശ്യങ്ങള്‍ അറിയിക്കുന്നില്ല, ജനങ്ങള്‍ നമുക്ക് പണം തരുമെന്ന് നാം പ്രതീക്ഷിക്കുന്നില്ല എന്നീ സാക്ഷ്യങ്ങള്‍ നമുക്കുണ്ടായിരിക്കണം. അത്തരം ഒരു ജീവിതം ജീവിച്ചു എന്നു സാക്ഷിക്കുവാന്‍ പൗലൊസിനു കഴിഞ്ഞു. താന്‍ ചെയ്യുന്നതു പോലെ അവരും ദൈവത്തെസേവിക്കുന്നു എന്ന് അവകാശപ്പെട്ട, തന്‍റെ സമയത്തുണ്ടായിരുന്ന പ്രസംഗകരെ തുറന്നു കാണിക്കുവാനാണ് താന്‍ അങ്ങനെ ജീവിച്ചതെന്നാണ് പൗലൊസ് പറഞ്ഞത് ( 2 കൊരിന്ത്യര്‍ 11:10 -13- റ്റി എല്‍ ബി)

നമ്മുടെ ഈ സമയത്തും, ക്രിസ്തീയ ഗോളത്തില്‍ കാണപ്പെടുന്ന പണസ്നേഹികളായ പ്രസംഗകരെ വെളിച്ചത്തു കൊണ്ടുവരുന്ന, പൗലൊസിനെ പൊലെയുളള സാക്ഷികളുടെ വലിയ ഒരാവശ്യമുണ്ട്. വിശ്വാസികളെ കൊണ്ട് ( ഒരിക്കലും നമ്മുടെ യോഗങ്ങള്‍ക്കു വരികയോ, സംസാരിക്കുന്നതു കേള്‍ക്കുകയോ ചെയ്യാത്തവര്‍) നമ്മെ ദുരുപദേഷ്ടാക്കന്മാര്‍, എതിര്‍ ക്രിസ്തുക്കള്‍, ഭീകരര്‍, വ്യാജപ്രവാചകന്മാര്‍ എന്നൊക്കെ വിളിപ്പിക്കത്തക്കവണ്ണം നമ്മെയും നമ്മുടെ ശുശ്രൂഷയും പിശാച് വെറുക്കുന്നതെന്തുകൊണ്ടാണെന്നു നമുക്കു നല്ലതു പോലെ അറിയാം. സുവിശേഷം പ്രസംഗിക്കുന്ന പണ സ്നേഹികളായ പൂര്‍ണ്ണസമയ ശുശ്രൂഷകര്‍ വാസ്തവത്തില്‍ സാത്താന്‍റെ സേവകരാണ് എന്ന കാര്യം സാത്താന്‍റെ രാജ്യത്തിന് ബുദ്ധിമുട്ട് ഉണ്ടാകത്തക്കവിധം നാം തുറന്നു കാട്ടുന്നതു കൊണ്ടാണ് ( 2 കൊരിന്ത്യര്‍ 11:15, 10 മുതല്‍ 13 വരെയുളള വാക്യങ്ങളുടെ പശ്ചാത്തലത്തില്‍ കാണുക).

മാമ്മോനെ ഉപയോഗിക്കുന്നതില്‍ നാം വിശ്വസ്തരല്ലെങ്കില്‍ , ദൈവം അവിടുത്തെ രാജ്യത്തിന്‍റെ യഥാര്‍ത്ഥ ധനം നമ്മെ ഏല്‍പ്പിക്കുകയില്ലെന്ന് യേശു പറഞ്ഞു (ലൂക്കോ 16:11) ഇന്നത്തെ പ്രസംഗകരുടെ മുഷിപ്പന്‍ പ്രസംഗവും, ദൈവവചനത്തിന്മേലുളള വെളിപ്പാടിന്‍റെ അതിദാരുണമായ കുറവും കാണുമ്പോള്‍, ഇതിന്‍റെ എല്ലാം കാരണം ഈ പ്രസംഗകര്‍ പണത്തിന്‍റെ കാര്യത്തില്‍ വിശ്വസ്തരായിരുന്നില്ല എന്ന് വ്യക്തമായി നമുക്കു മനസ്സിലാക്കാന്‍ കഴിയും.

3. മനുഷ്യരെ പ്രസാദിപ്പിക്കുന്നത് അന്വേഷിക്കുന്നതില്‍ നിന്നുളള സ്വാതന്ത്ര്യം പ്രാപിക്കുക.

“ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍, എനിക്ക് ക്രിസ്തുവിന്‍റെ ദാസനായിരിക്കുവാന്‍ കഴിയുന്നതല്ല” (ഗലാത്യര്‍ 1:10), ഇതാണ് മൂന്നാമത്തെ ആവശ്യം – മനുഷ്യരെ പ്രസാദിപ്പിക്കുന്നത് അന്വേഷിക്കുന്നതില്‍ നിന്നുളള സ്വാതന്ത്ര്യം . വീണ്ടും ഒരിക്കല്‍ കൂടി, മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ നോക്കുന്നതില്‍ നിന്നു സ്വതന്ത്രനാകുന്നതിനെക്കാള്‍ എളുപ്പമാണ്, മതേതര ജോലിയില്‍ നിന്ന് സ്വതന്ത്രനാകുന്നത്. നാം മനുഷ്യരെ പ്രസാദിപ്പിക്കുവാനാണ് ദൈവവചനം പ്രസംഗിക്കുന്നതെങ്കില്‍, നാം മനുഷ്യരുടെ ദാസന്മാര്‍ ആണ്, ദൈവത്തിന്‍റെതല്ല. അടുത്തവര്‍ഷവും തനിക്ക് കൂടുതല്‍ പണവും മാനവും ലഭിക്കുവന്‍ സാധ്യതയുളള ഒരു പ്രശസ്തമായ കണ്‍വന്‍ഷനിലേക്ക് ഒരു തവണ കൂടി ക്ഷണിക്കപ്പെടണമെന്ന് ഒരു പ്രസംഗകന്‍ ആഗ്രഹിക്കുന്നെങ്കില്‍, താന്‍പറയുന്ന പ്രസംഗം കൊണ്ട് ആര്‍ക്കും ഇടര്‍ച്ച ഉണ്ടാകാത്ത വിധത്തില്‍ അതിനെ പരിഷ്കരിക്കുവാന്‍ ഉളള പ്രലോഭനം അയാള്‍ക്കുണ്ടാകാം. അങ്ങനെ അയാള്‍ മനുഷ്യന്‍റെ ഒരു ദാസനായി തീരുന്നു. നിങ്ങള്‍ പരസ്യമായി പ്രാര്‍ത്ഥിക്കുമ്പോള്‍ മനുഷ്യരില്‍ മതിപ്പുളവാകത്തക്കവണ്ണം പ്രാര്‍ത്ഥിക്കുകയാണെങ്കില്‍, നിങ്ങള്‍ ജീവനുളള ദൈവത്തെ അല്ല ആരാധിക്കുന്നത് മറിച്ച് മനുഷ്യരുടെ അഭിപ്രായങ്ങളെയാണ്. അത്തരം പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുന്നില്ല. കാരണം അവ മനു ഷ്യര്‍ക്കാണ് നിങ്ങള്‍ അര്‍പ്പിക്കുന്നത് അവിടുത്തേക്കല്ല. അതേ രീതിയില്‍ തന്നെ, നാം വസ്ത്രം ധരിക്കുന്നവിധം, നാം മനുഷ്യരോടു സംസാരിക്കുന്ന വിധം, നാം നടക്കുന്ന വിധം ഇവയിലെല്ലാം നമ്മെതന്നെ പരിശോധിക്കാന്‍ നമുക്കു കഴിയും. ഈ കാര്യങ്ങളില്‍ ഏതെങ്കിലും ചെയ്യുന്നത് നമ്മുടെ “വിശുദ്ധി” കൊണ്ടോ ചിലപ്പോള്‍ നമ്മുടെ ” താഴ്മ” കൊണ്ടോ മനുഷ്യരില്‍ മതിപ്പുളവാക്കാനാണെങ്കില്‍, നാം മനുഷ്യരുടെ ദാസന്മാരാണ് ദൈവത്തിന്‍റെ ദാസന്മാരല്ല. നിങ്ങള്‍ നിങ്ങളുടെ ഭാര്യ/ഭര്‍ത്താവിനെ ആണെങ്കില്‍ പോലും പ്രസാദിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയില്ല.

നിങ്ങള്‍ എത്രകണ്ട് കൂടുതല്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ അത്രകണ്ട് അധികം ചീത്തപേരുകള്‍ ദൈവത്തെ അറിയാത്ത മനുഷ്യരാല്‍ നിങ്ങള്‍ വിളിക്കപ്പെടും- ക്രിസ്തീയഗോളത്തിലെ മതനേതാക്കന്മാരാല്‍ പോലും യേശു “പിശാചുക്കളുടെ രാജകുമാരന്‍ ” എന്നു വിളിക്കപ്പെട്ടു. അവിടുത്തെ ശിഷ്യന്മാര്‍ അത്തരം നാമങ്ങളാല്‍ എത്രയധികം വിളിക്കപ്പെടും – കാരണം ഏതെങ്കിലും പോപ്പിനെയോ, ആര്‍ച്ച് ബിഷപ്പിനെയോ, മുഖ്യപാസ്റ്ററെയോ, ഭൂമിയിലുളള ഏതെങ്കിലും മനുഷ്യരെയോ പ്രസാദിപ്പിക്കുന്ന കാര്യം അവര്‍ അന്വേഷിക്കുന്നില്ല.