പ്രതികാരം ചെയ്യുവാനുള്ള പ്രലോഭനത്തെ എതിര്‍ക്കുക WFTW 02 സെപ്റ്റംബര്‍ 2012

സാക് പുന്നന്‍

Read the PDF Version

2 ശമുവേല്‍  4:8 ല്‍ ഈശ്ബോശേത്തിനെ ( ശൌലിന്റെ മകന്‍) കൊന്നു അവന്റെ തലയുമായി ദാവീദിന്റെ മുന്‍പില്‍ വന്നു ഈ പ്രവൃത്തിക്ക് തക്ക പ്രതിഫലം പ്രതീക്ഷിച്ച രണ്ടു പേരെ കുറിച്ച് നാം വായിക്കുന്നു. എന്നാല്‍ ദാവീദ് ഈ പ്രവൃത്തിയില്‍ കോപിഷ്ടനായി രണ്ടുപേരെയും ഉടനെ വധിക്കുവാന്‍ കല്പന കൊടുക്കുകയാണ് ചെയ്തത്. പ്രതികാരം ദൈവത്തിനുള്ളതാണെന്നു ദാവീദ് വിശ്വസിച്ചു. അതിനാല്‍ അവന്‍ പ്രതികാരം ചെയ്യുകയോ, പ്രതികാരം ചെയ്യുവാന്‍ മറ്റുള്ളവരെ അനുവദിക്കുകയോ ചെയ്തില്ല.നാം എല്ലായ്പോഴും ഓര്‍ക്കേണ്ട ഒരു പ്രമാണമാണിത്. റോമര്‍ 12:19 ല്‍ അത് വളരെ വ്യക്തമാണ്. ദൈവത്തിനു തന്റെ നീതി നടപ്പിലാക്കുവാനും, പ്രതികാരം ചെയ്യുവാനും നമ്മുടെ സഹായം ആവശ്യമില്ല. ആരെങ്കിലും നിങ്ങളുടെ കാല്‍ക്കല്‍ വീണു നിങ്ങളെ ആരാധിച്ചു നമസ്ക്കരിച്ചാല്‍ എന്ത് ചെയ്യും?. പത്രോസ്‌ ചെയ്തത് തന്നെയായിരിക്കും നിങ്ങളും ചെയ്യുക. അയാളെ എഴുന്നേല്പിച്ചുകൊണ്ട് പറയും, “എന്നെ ആരാധിക്കരുത്‌, എല്ലാ ആരാധനയും ദൈവത്തിനുള്ളതാണ്”. ആരാധന എങ്ങനെ ദൈവത്തിനുള്ളതായിരിക്കുന്നുവോ, അതുപോലെ പ്രതികാരവും ദൈവത്തിനുള്ളതാണ്. ആരോടെങ്കിലും പ്രതികാരം ചെയ്യുവാന്‍ നാം ശ്രമിക്കുമ്പോള്‍ അത് നാം ആരാധന സ്വീകരിക്കുന്നതുപോലെ തന്നെയാണ്. ആരാധന സ്വീകരിക്കുവാന്‍ നാമുക്ക് അവകാശം ഇല്ലാത്തതുപോലെ തന്നെ, പ്രതികാരം ചെയ്യുവാനും അവകാശമില്ല. നമ്മെ ആരെങ്കിലും ദ്രോഹിച്ചാല്‍ ആ കാര്യം ദൈവത്തിനു വിട്ടുകൊടുക്കുക. അവിടുന്ന് തക്ക സമയത്ത് അവിടുത്തെ മാര്‍ഗ്ഗത്തില്‍ വേണ്ടത് ചെയ്യും. നമ്മെ ദ്രോഹിച്ച വ്യക്തിക്ക് എന്തെങ്കിലും ദോഷം സംഭവിക്കണമെന്നു ഹൃദയത്തില്‍ ആഗ്രഹിക്കുക പോലും അരുത്.

നാം ദൈവ വേലയില്‍ ആയിരിക്കുമ്പോള്‍ നമുക്കെതിരെ ദോഷം പറയുന്ന വിശ്വാസികളും നമ്മുടെ ശുശ്രൂഷയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമൊക്കെ  നമ്മുടെ മുമ്പില്‍ വരാം. നമ്മെ കുറിച്ച് പലരും ദോഷം പറയുകയും, തെറ്റായ കഥകള്‍ പ്രചരിപ്പിക്കുകയും, ദുരുപദേശക്കൂട്ടമെന്നു ആരോപിക്കുകയും ഒക്കെ ചെയ്യാതെ, നമുക്ക് ദൈവത്തെ ഫലപ്രദമായി സേവിക്കുവാന്‍ കഴിയുകയില്ലെന്ന് ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അവരുടെ മേല്‍ പ്രതികാരം ചെയ്യുവാന്‍ നാം പ്രലോഭിപ്പിക്കപ്പെടാം. ആ പ്രലോഭനത്തെ ശക്തിയായി എതിര്‍ക്കുക. അവയെ ദൈവകരങ്ങളിലേക്ക് ഏല്‍പ്പിക്കുക. നശിപ്പിക്കുവാന്‍ അവകാശമുള്ള ഒരു ന്യായാധിപതിയെയുള്ളൂവെന്നു വേദപുസ്തകം പറയുന്നു.

ദൈവം നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെങ്കില്‍, ആര്‍ക്കും നിങ്ങളുടെ ശുശ്രൂഷയെ തകര്‍ക്കാന്‍ കഴിയുകയില്ല, കാരണം അത് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളതാണ്. യേശുവിനെയും പൌലോസിനെയും ദുരുപദേഷ്ടാക്കന്മാര്‍ എന്ന് പലരും ആരോപിച്ചിരുന്നു. യേശു ഭൂതങ്ങളെ പുറത്താക്കുന്നത് ഭൂതങ്ങളുടെ തലവന്റെ ശക്തികൊണ്ടാണെന്നു വരെ ആരോപിച്ചു. എന്നാല്‍ യേശു അവരോടു ഉത്തരം പറഞ്ഞു തന്റെ സമയം നഷ്ടപ്പെടുത്തിയില്ല. സത്യസന്ധരായവര്‍ ആരും ഇത്തരം ദുരാരോപണങ്ങള്‍ കേട്ടു ഇടറി പോയില്ല. സത്യസന്ധരല്ലാത്തവര്‍ മാത്രമാണ് ഇടറി പോയത്.

യാക്കോബ് 2:6 ല്‍ ധനികരായ വിശ്വാസികള്‍, ദരിദ്രരായ വിശ്വാസികളെ പീഡിപ്പിക്കുകയും കോടതിയിലേക്ക് വലിച്ചിഴക്കുകയും ചെയ്തിരുന്നുവെന്ന് നാം വായിക്കുന്നു. ഇത് തികച്ചും അവിശ്വസനീയമാണ്. എന്നാല്‍ ഇന്നും ഇത്തരം പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ധനവും വക്രബുദ്ധിയും ഒരുപോലുള്ള ഒരുവന് മാത്രമേ, മറ്റൊരു വിശ്വാസിയെ കോടതിയിലേക്ക് വലിച്ചിഴക്കുവാന്‍ കഴിയൂ. വിശ്വാസികള്‍ എത്രമാത്രം അന്ധരായി തീരാം എന്നത് ആശ്ചര്യകരമായിരിക്കുന്നു!! 1 കോരി. 6 ല്‍ ഇതേ കാര്യം കൊരിന്തില്‍ നടക്കുന്നതായി പൗലോസ്‌ പറയുന്നുണ്ട്. ന്യായം വിധിക്കുവാനും പ്രതികാരം ചെയ്യുവാനും ഒരു ന്യായാധിപനെയുള്ളുവെന്നു ഈ ധനികരായ വിശ്വാസികള്‍ തിരിച്ചറിയുന്നില്ല. അവര്‍ ദൈവസിംഹാസനത്തിലാണ് ഇരിക്കുന്നത് (1 കോരി.6:9 – ആദ്യ എട്ടു വാക്യങ്ങളോട് ചേര്‍ത്ത് വായിക്കുക).  നിങ്ങളോട് ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദൈവം അത് കാണുന്നില്ലേ?!. ആ വ്യക്തിയെ കൈകാര്യം ചെയ്യുവാന്‍ അവിടുത്തേക്ക്‌ കഴിയുകയില്ലേ? നിങ്ങള്‍ സര്‍വ്വ ശക്തനായ ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ അയാളെ കൈകാര്യം ചെയ്യുന്ന കാര്യം ദൈവത്തിനു വിട്ടുകൊടുക്കുക.

(മൊഴിമാറ്റം: സാജു ജോസഫ്, ആലപ്പുഴ)