ആദ്യസ്നേഹം – ദൈവത്തോടുള്ള സ്നേഹവും, തമ്മില്‍ തമ്മിലുള്ള സ്നേഹവും WFTW 21 ഒക്ടോബര്‍ 2012

സാക് പുന്നന്‍

Read the PDF Version

വെളിപ്പാട് പുസ്തകം 2:2-3 ല്‍,  എഫെസോസിലെ ദൂതനെ – അവന്‍റെ അധ്വാനം, സഹിഷ്ണുത, ദുഷ്ടമനുഷ്യരില്‍നിന്നു സഭയെ സംരക്ഷിക്കുന്നതിനു അവന്‍ നടത്തിയ പ്രയത്നം അങ്ങനെ എല്ലാറ്റിനെയും ദൈവം പ്രശംസിക്കുന്നു. സഭയ്ക്കുള്ളിലേക്ക് ലോകമയത്വം കടന്നുവരാതിരിക്കുവാന്‍ അവന്‍ ശക്തമായി പോരാടി എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്ന് മാത്രമല്ല വേദോപദേശങ്ങളുടെ കാര്യത്തിലും സഭയെ ശുദ്ധിയോടെ നിര്‍ത്തുന്നതിനു അവന്‍ കഠിനമായി യത്നിച്ചു. അപ്പോസ്തോലന്മാരെന്നു അവകാശപ്പെട്ട ചിലരെ പരിശോധിച്ച് അവരുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു.

എഫെസോസിലെ സഭയിലെ ദൂതന്‍ ദൈവ നാമത്തിനുവേണ്ടി എല്ലാം സഹിച്ചവനാണ് (വെളിപ്പാട് 2:3). പല വിശ്വാസികളുടെയും നിലവാരം വച്ച് നോക്കിയാല്‍ ഈ ദൂതന്‍ എത്ര വലിയ മനുഷ്യനാണ്. അതുപോലെ തന്നെ വളരെ അധ്വാനിക്കുകയും, ദുഷ്ടന്മാരെയും വ്യാജ ഉപദേശങ്ങളെയും അകറ്റിനിര്‍ത്തുകയും, ചതിയന്മാരെ തുറന്നു കാണിക്കുകയും ചെയ്ത എഫെസോസിലെ സഭയും എത്ര മഹത്വമുള്ള സഭയാണ്. അവര്‍ ജീവിതത്തിന്‍റെ വിശുദ്ധിക്കും ഉപദേശശുദ്ധിക്കും ഒരുപോലെ ഊന്നല്‍ കൊടുക്കുന്നവരാണ്‌. ഒരു സഭയില്‍ കാണേണ്ട എല്ലാ കാര്യവും ദൈവം കണ്ടെത്തുന്ന ഒരു സഭയായിരിക്കും ഇതെന്നാണ് നാം കരുതുക. എന്നാല്‍ അങ്ങനെ ആയിരുന്നില്ല. ദൈവം നോക്കുന്ന ഒരു പ്രധാന സംഗതിയുടെ കുറവ് അവര്‍ക്കുണ്ടായിരുന്നു. അവര്‍ തങ്ങളുടെ ആദ്യസ്നേഹം വിട്ടുകളഞ്ഞിരിക്കുന്നു. ദൈവത്തോടുള്ള സ്നേഹവും, തമ്മില്‍ തമ്മിലുള്ള സ്നേഹവും (വേളി.2:4).

ദൈവം അവരോടു പറഞ്ഞത് നിശ്ചയമായും ഇതാണ്, നിങ്ങളുടെ എല്ലാ എരിവോടും കൂടിയുള്ള പ്രവര്‍ത്തനങ്ങളുടെ മദ്ധ്യത്തില്‍ എന്നെ കാണുന്നതിനുള്ള കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ നിനക്കെന്നോടുണ്ടായിരുന്ന തീഷ്ണമായ സമര്‍പ്പണം ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. നീ എല്ലാ ദുഷ്പ്രവൃത്തിയില്‍ നിന്നും നിന്നെ സൂക്ഷിക്കുകയും, ശരിയായ ഉപദേശത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നിന്‍റെ മാനസാന്തരത്തിന്‍റെ ആദ്യനാളുകളില്‍ എന്നോടുണ്ടായിരുന്ന നിന്‍റെ സ്നേഹം എത്ര തീഷ്ണമായിരുന്നു എന്നോര്‍ക്കുക. അന്ന് നീ ചെയ്തതെല്ലാം എന്നോടുള്ള തീഷ്ണമായ സ്നേഹത്തില്‍ നിന്നായിരുന്നു. ഇപ്പോള്‍ എല്ലാം വരണ്ട വേദോപദേശം മാത്രമായി അധപതിച്ചിരിക്കുന്നു. ഇപ്പോഴും നീ യോഗത്തിന് പോവുകയും, വേദ പുസ്തകം വായിക്കുകയും, പ്രാര്‍ത്ഥിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാം ഒരു ചടങ്ങായി തീര്‍ന്നിരിക്കുന്നു. ഒരിക്കല്‍ ഭര്‍ത്താവിനെ തന്‍റെ സ്നേഹത്തില്‍നിന്നു ശുശ്രൂഷിക്കുകയും നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ സ്നേഹാഗ്നി കെട്ടുപോയിട്ട് എല്ലാം ഒരു മുഷിപ്പന്‍ ജോലിയായി തോന്നുകയും ചെയ്യുന്ന ഒരു ഭാര്യയെപോലെയായിരിക്കുന്നു സഭ. വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ വൈകുന്നേരം ഭര്‍ത്താവ് വരുന്നതും കാത്തു അവള്‍ ആകാംഷയോടെ നോക്കിയിരുന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ അവനോടു വിശ്വസ്ത തന്നെയാണെങ്കിലും, അവളുടെ ആദ്യസ്നേഹം നഷ്ടപ്പെട്ടിരിക്കുന്നു.

ഒരു യഥാര്‍ത്ഥ ഭര്‍ത്താവ് ഭാര്യയില്‍നിന്നും പ്രാഥമീകമായി ആഗ്രഹിക്കുന്നതെന്താണ്‌? അവളുടെ സ്നേഹമോ, അതോ അധ്വാനമോ? തീര്‍ച്ചയായും അത് സ്നേഹമാണ്. ദൈവത്തിന്‍റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. എല്ലാറ്റിനും മീതെ ഒന്നാമതായി നമ്മുടെ ഹൃദയത്തില്‍ നിന്നുള്ള സ്നേഹമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അതു പോയികഴിഞ്ഞാല്‍ നാം ചെയ്യുന്നതെല്ലാം നിര്‍ജ്ജീവപ്രവൃത്തിയായി തീരും. ദൈവത്തോടുള്ള സ്നേഹം അതിന്‍റെ പ്രേരക ശക്തിയായി തീരുന്നില്ലെങ്കില്‍, നല്ല പ്രവൃത്തികള്‍ പോലും നിര്‍ജ്ജീവ പ്രവൃത്തികളായി തീരും. ഇവിടെ വിശ്വാസികള്‍ തമ്മില്‍ തമ്മിലുള്ള സ്നേഹത്തിന്‍റെ ഊഷ്മളത നഷ്ടപ്പെട്ടിരിക്കുന്നു. തമ്മില്‍ തമ്മില്‍ ബലഹീനതകളെ വഹിക്കുവാനോ, പരസ്പരം പാപങ്ങള്‍ ക്ഷമിക്കുവാനോ സാധിക്കാതെ വരുന്നു. തമ്മില്‍ തമ്മിലുള്ള ആദ്യസ്നേഹവും നഷ്ടപ്പെട്ടിരിക്കുന്നു. ദൂതന് തന്‍റെ ആദ്യസ്നേഹം നഷ്ടപ്പെട്ടു. ക്രമേണ സഭ മുഴുവന്‍ ദൂതനെപോലെ ആയിത്തീര്‍ന്നു.

ഇതൊരു ചെറിയ പിശക് മാത്രമായിരുന്നില്ല. അതൊരു വലിയ വീഴ്ച തന്നെയായിരുന്നു. ദൈവം പറയുന്നു, “നീ ഏതില്‍നിന്നു വീണു എന്ന് ഗ്രഹിക്കുക”. ഒരു വിശ്വാസി വ്യഭിചാരത്തിലോ, മോഷണത്തിലോ, പുകവലിക്കുന്നതിലോ അങ്ങനെയുള്ള ഏതിലെങ്കിലും വീഴുമ്പോള്‍ മാത്രമാണ് വീഴ്ചയായി കണക്കാക്കുന്നത്. നാം ആത്മാവിന്‍റെ ശബ്ദത്തിനു ചെവി കൊടുക്കുന്നവരാണെങ്കില്‍ ദൈവത്തോടുള്ള ഏകാഗ്രമായ സമര്‍പ്പണത്തില്‍ ചെറിയ വീഴ്ച സംഭവിച്ചാലോ, മറ്റുള്ളവരോടുള്ള സ്നേഹത്തിനു ചെറിയ തണുപ്പുണ്ടായാലോ അത് പിന്മാറ്റമാണെന്ന് നാം തിരിച്ചറിയും.

ഈ പ്രശ്നത്തിനു ഒരു പരിഹാരമാര്‍ഗ്ഗമേയുള്ളൂ. മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവര്‍ത്തി ചെയ്യുക (വെളി.2:5).

(മൊഴിമാറ്റം : സാജു ജോസഫ്, ആലപ്പുഴ)