സഹിഷ്ണുതയുടെ പ്രാധാന്യം – WFTW 18 ജനുവരി 2015

സാക് പുന്നന്‍

   Read PDF version

വെളിപ്പാട് 1:9,10 “നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മോസ് എന്ന ദ്വീപില്‍ ആയിരുന്നു. കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി, കാഹളത്തിനൊത്ത ഒരു മഹാനാദം എന്റെ പുറകില്‍ ഞാന്‍ കേട്ടു.”
യോഹന്നാന്‍ തന്നെ കുറിച്ചു തന്നെ പരാമര്‍ശിക്കുന്നത്, “യേശുവിന്റെ കഷ്ടതയിലെ കൂട്ടാളി” എന്നാണ്. യേശുവിന്റെ ഓരോ ശിഷ്യനും `യേശുവിന്റെ കഷ്ടതയ്ക്ക്’ പങ്കാളിയാകുവാന്‍ ഒരുങ്ങേണ്ടതാണ്. യോഹന്നാന് ഈ വെളിപ്പാട് ലഭിച്ചത് സുഖസൌകര്യത്തില്‍ ജീവിക്കുന്ന സമയത്തല്ല. പത്മോസില്‍ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുമ്പോളാണ് അദ്ദേഹം ഇത് പ്രാപിച്ചത്. കാരണം താന്‍ “ദൈവവചനത്തോടും ക്രിസ്തുവിന്റെ സാക്ഷ്യത്തോടും വിശ്വസ്തനായിരുന്നു” (വാ.9). അന്ത്യ നാളുകളില്‍ വിശുദ്ധന്മാര്‍ക്ക് എതിര്‍ക്രിസ്തുവില്‍ നിന്ന് അനുഭവിക്കാനിരിക്കുന്ന മഹാകഷ്ടത്തെക്കുറിച്ച് എഴുതാന്‍ കഴിയേണ്ടതിന് അദ്ദേഹം തന്നെ കഷ്ടത അനുഭവിക്കേണ്ടിയിരുന്നു. കഷ്ടത നേരിടുന്ന മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള ഒരു ശുശ്രൂഷ നമുക്കു നല്‍കുന്നതിനു മുമ്പ് ആദ്യം നമ്മെ ദൈവം ശോധനയിലൂടെയും കഷ്ടതയിലൂടെയും കൊണ്ടുപോകുന്നു.
പൌലൊസ് പറഞ്ഞു: “ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസം കൊണ്ട് ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കാന്‍ ശക്തരാകേണ്ടതിനു ഞങ്ങള്‍ക്കുള്ള കഷ്ടത്തിലൊക്കെയും അവന്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.’
യേശു രഹസ്യത്തില്‍ വന്ന് തന്റെ സഭയെ മഹാകഷ്ടത്തിനു മുമ്പ് ലോകത്തില്‍ നിന്ന് എടുക്കും (ഉല്‍പ്രാപണം) എന്ന ഉപദേശം ആദ്യമായി ഉയര്‍ന്നു വന്നത് ക്രിസ്ത്യാനികള്‍ വളരെ സുഖസൌകര്യത്തില്‍ ജീവിച്ചിരുന്ന ഒരു രാജ്യത്തില്‍ നിന്നാണ് (ഇംഗ്ലണ്ട്) എന്നതും വിശ്വാസത്തിനുവേണ്ടി ഒരുപദ്രവും നേരിടാത്ത സമയത്താണ് (19–ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍) എന്നതും ഒട്ടും അത്ഭുതമല്ല. ഇന്ന് ഈ ഉപദേശം പ്രഖ്യാപിക്കപ്പെടുന്നതും വിശ്വസിക്കപ്പെടുന്നതും ക്രിസ്ത്യാനികള്‍ക്കെതിരെ ഒരു പീഢനവുമില്ലാത്ത രാജ്യങ്ങളില്‍ സ്വസ്ഥതയിലും സുഖ സൌകര്യത്തിലും ജീവിക്കുന്ന ക്രിസ്ത്യാനികളാലാണ്. “കര്‍ത്താവേ എന്റെ ജീവിതം ഭൂമിയില്‍ കൂടുതല്‍ സുഖപ്രഥമാക്കണമേ,” അടിസ്ഥാനപരമായി അനേകം ക്രിസ്ത്യാനികളുടെയും പ്രാര്‍ത്ഥന ഈ ക്രമത്തിലായതിനാല്‍, അവര്‍ സഭയുടെ കഷ്ടതയ്ക്കു മുമ്പുള്ള ഉല്‍പ്രാപണത്തെക്കുറിച്ചുള്ള ഈ പഠിപ്പിക്കലിനെ വളരെ സന്തോഷത്തോടെ കൈക്കൊള്ളുന്നു എന്നതില്‍ അത്ഭുതപ്പെടാനില്ല. അങ്ങനെ സാത്താന്‍ വലിയൊരു കൂട്ടം ക്രിസ്ത്യാനികളെ, അവരുടെമേല്‍ മഹാ കഷ്ടത വരുമ്പോള്‍ അതിനുവേണ്ടി ഒരുങ്ങിയിട്ടില്ലാത്തവരായിരിപ്പാന്‍ തക്കവണ്ണം ഒരു വ്യാജ സാന്ത്വനത്താല്‍ താരാട്ടി ഉറക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.
യേശുവിന്റെ ഈ വാക്കുകള്‍ വളരെ വ്യക്തമാണ്. “ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടമുണ്ട്. എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയച്ചിരിക്കുന്നു” (യോഹ. 16:33). നാം കഷ്ടത ഒഴിവായി രക്ഷിക്കപ്പെടും എന്ന് അവിടുന്ന് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല – അതു ചെറിയ കഷ്ടതയായാലും വലിയ കഷ്ടതയായാലും. എന്നാല്‍ അവിടുന്ന് ജയിച്ചതുപോലെ തന്നെ നമുക്കും ജയിക്കാം എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ട്. നമ്മെ കഷ്ടതയില്‍ നിന്ന് രക്ഷിക്കുന്നതിനെക്കാള്‍ അവിടുന്ന് കൂടുതല്‍ താല്‍പര്യപ്പെടുന്നത് നമ്മെ ജയാളികളാക്കി തീര്‍ക്കാനാണ്. കാരണം, അവിടുന്ന് നമ്മുടെ സുഖസൌകര്യങ്ങളെക്കാള്‍ കൂടുതല്‍ താല്പര്യപ്പെടുന്നത് നമ്മുടെ സ്വഭാവത്തില്‍ ആണ്.
ചിലര്‍ പഠിപ്പിന്നതുപോലെ, വിശ്വസ്തതയ്ക്കുള്ള പ്രതിഫലം മഹാകഷ്ടതില്‍ നിന്നുള്ള രക്ഷപ്പെടലാണെന്നുള്ള കാര്യവും യേശു ഒരിക്കലും പറഞ്ഞിട്ടില്ല. മറിച്ച്, അവിടുത്തെ അനുഗമിക്കേണ്ടതിനായി എല്ലാം ഉപേക്ഷിക്കുന്നവര്‍ക്ക്, അവനെ അനുഗമിക്കാത്ത മറ്റുള്ളവരെക്കാള്‍ അധികം ഉപദ്രവം ഉണ്ടാകും എന്നാണ് അവിടുന്നു പറഞ്ഞത് (മര്‍ക്കൊ. 10:30).
തന്റെ പിതാവിനോട് തന്റെ ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: “ഇവരെ ലോകത്തില്‍ നിന്നെടുക്കണമെന്നല്ല, ദുഷ്ടന്റെ കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നത്” (യോഹ. 17:15). ആ സമയത്തു തന്റെ ശിഷ്യന്മാര്‍ ലോകത്തില്‍ നിന്ന് എടുക്കപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിച്ചില്ല, കാരണം അവര്‍ ഉപദ്രവം നേരിടാന്‍ പോകുകയായിരുന്നു.
മൂന്നാം നൂറ്റാണ്ടില്‍ ക്രിസ്ത്യാനികള്‍ റോമിലെ ആംഫി തിയേറ്ററുകളില്‍ സിംഹങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കപ്പെട്ടപ്പോഴും റോമന്‍ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചിതകളില്‍ ദഹിപ്പിക്കപ്പെട്ടപ്പോഴും, അത്തരത്തിലുള്ള ഉപദ്രവങ്ങളില്‍ നിന്ന് കര്‍ത്താവ് അവരെ രക്ഷിച്ചില്ല. ദാനിയേലിന്റെ കാലത്തു സിംഹങ്ങളുടെ വായടയ്ക്കുകയും അഗ്‌നികുണ്ഠത്തിന്റെ ശക്തി കെടുത്തിക്കളയുകയും ചെയ്ത ദൈവം യേശുവിന്റെ ഈ ശിഷ്യന്മാര്‍ക്കുവേണ്ടി അങ്ങനെയുള്ള അത്ഭുതങ്ങളൊന്നും ചെയ്തില്ല – കാരണം ഇവ മരണത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്താനിരിക്കുന്ന പുതിയ ഉടമ്പടിയിലുള്ള ക്രിസ്താനികള്‍ക്കുവേണ്ടിയുള്ളതായിരുന്നു. അവരുടെ ഗുരുവും നാഥനുമായ യേശുവിനെപ്പോലെ അവരും 12 ലെഗ്യോന്‍ ദൂതന്മാര്‍ വന്ന് അവരെ അവരുടെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കണമെന്ന്, അപേക്ഷിക്കുകയോ അതു പ്രതീക്ഷിക്കുകയോ ചെയ്തില്ല.
സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവം തന്റെ പുത്രന്റെ കാന്ത സിംഹങ്ങളാല്‍ കഷണങ്ങളായി പറിച്ചു കീറപ്പെടുന്നതും, ദഹിപ്പിക്കപ്പെട്ടു ചാരമാകുന്നതും നിശ്ശബ്ദം നോക്കി കൊണ്ടിരുന്നു. അവരുടെ സാക്ഷ്യത്താല്‍ അവിടുന്ന് മഹത്വീകരിക്കപ്പെട്ടു – കാരണം ക്രൂരമായ ശാരീരിക മരണത്തോളം പോലും അവര്‍ “കുഞ്ഞാടു പോകുന്നിടത്തെല്ലാം അവിടുത്തെ അനുഗമിച്ചു” (വെളി. 14:4). കര്‍ത്താവ് അവരോട് സംസാരിച്ച ഒരേ ഒരു വചനം ഇതായിരുന്നു – “മരണപര്യന്തം വിശ്വസ്തനായിരിക്കുക എന്നാല്‍ ഞാന്‍ ജീവികരീടം നിനക്കു നല്‍കും” (വെളി. 2:10).
ഇന്നുപോലും, യേശുവിന്റെ ശിഷ്യന്മാര്‍ അവിടുത്തെ നാമത്തെ പ്രതി പീഡിപ്പിക്കപ്പെടുകയും, ഉപദ്രവിക്കപ്പെടുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് അവരെ ഭൂമിയില്‍ നിന്നെടുക്കുന്നില്ല. അതുപോലെ അവിടുന്ന് മഹോപദ്രവത്തിന് മുമ്പ് നമ്മെ സ്വര്‍ഗ്ഗത്തിലേക്ക് എടുത്തുകൊള്ളുകയുമില്ല. അവിടുന്ന് അതിനേക്കാള്‍ വളരെ അധികം മെച്ചമായത് ചെയ്യും അവിടുന്ന് മഹോപദ്രപത്തിന്റെ മദ്ധ്യത്തില്‍ നമ്മെ ജയാളികളാക്കിത്തീര്‍ക്കും.
യേശു നമ്മെ കഷ്ടതയില്‍ നിന്നു വിടുവിക്കുന്നതിനേക്കാള്‍ തിന്മയില്‍ നിന്ന് വിടുവിക്കാന്‍ അധികം താല്പര്യപ്പെടുന്നു. നമ്മെ കഷ്ടങ്ങളില്‍ കൂടെ കടന്നു പോകുവാന്‍ അവിടുന്ന് അനുവദിക്കുന്നു. കാരണം അതു മാത്രമാണ് നാം ആത്മീയമായി ശക്തരായി തീരാനുള്ള ഏക വഴി എന്ന് അവിടുന്ന് അറിയുന്നു.
വര്‍ഷങ്ങളായി എല്ലാ ഞായറാഴ്ചകളിലും തങ്ങളുടെ പ്രസംഗ പീഠങ്ങളില്‍ നിന്ന് കര്‍ണ്ണാനന്ദകരമായ പ്രഭാഷണങ്ങള്‍ നടത്തുന്ന പ്രസംഗകരാല്‍ താലോലിക്കപ്പെട്ടു കഴിയുന്നു, സുഖലോലുപതയെ സ്‌നേഹിക്കുന്ന, ക്രിസ്തീയ ഗോളത്തിന്, ഇങ്ങനെയുള്ള ഒരു സന്ദേശം വാസ്തവമായും വിചിത്രമായ പഠിപ്പിക്കലായിരിക്കും. എന്നാല്‍ ഈ സന്ദേശമായിരുന്നു അപ്പൊസ്തലന്മാര്‍ ആദിമ സഭയോട് പ്രസംഗിച്ചത്. “വിശ്വാസത്തില്‍ നിലനില്‍ക്കേണം എന്നും നാം അനേക കഷ്ടങ്ങളില്‍ കൂടി ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു” എന്നും പ്രബോധിപ്പിച്ച് അവര്‍ (പൌലൊസും ബര്‍ണബാസും) ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിച്ചു പോന്നു.
നമ്മുടെ ഭവനങ്ങളിലും ജോലി സ്ഥലങ്ങളിലും ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന ചെറിയ ശോധനകള്‍, വരുന്ന ദിവസങ്ങളില്‍ വരാനിരിക്കുന്ന വലിയ ശോധനകള്‍ക്കു വേണ്ടിയുള്ള ഒരു തയ്യാറെടുപ്പാണ്. അതുകൊണ്ടാണ് ഇപ്പോള്‍ നാം വിശ്വസ്തരായിരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നത്. അതുകൊണ്ട് ദൈവം പറയുന്നു “കാലാളുകളോട് ഓടിയിട്ട് നീ ക്ഷീണിച്ചുപോയാല്‍, കുതിരകളോട്, എങ്ങനെ മത്സരിച്ചോടും? (യിരെ. 12:5).
യോഹന്നാന്‍ ഇവിടെ പറയുന്നത് “യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളി” ആകുന്നതിനെക്കുറിച്ചാണ് (വാ.9). തന്റെ രാജ്യത്തില്‍ അവിടുത്തോടുകൂടെ സിംഹാസനത്തില്‍ പങ്കാളിയാകുന്നതിനു മുമ്പേ നാം യേശുവിന്റെ കഷ്ടതയിലുള്ള കൂട്ടായ്മയില്‍ പ്രവേശിക്കേണ്ടതുണ്ട്.
പുതിയ നിയമത്തിലുടനീളം ഊന്നല്‍ കൊടുത്തിരിക്കുന്ന ഒരു വലിയ ഗുണമാണ് സഹിഷ്ണുത. യേശു തന്നെ പറഞ്ഞു: “അവര്‍ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കും… എന്നാല്‍ അവസാനത്തോളം സഹിച്ചു നില്‍ക്കുന്നവര്‍ രക്ഷിക്കപ്പെടും” (മത്താ. 24:13).