ദാനിയേല്‍ രണ്ടു വലിയ പരിശോധനകള്‍ ജയിച്ചു – WFTW 16 മാര്‍ച്ച് 2014

സാക് പുന്നന്‍

   Read PDF version

വിദ്വാന്മാര്‍ക്ക് രാജാവിന്റെ സ്വപ്‌നം വ്യാഖ്യാനിക്കാന്‍ കഴിയാതിരിക്കുകയും, ബാബിലോണിലുളള എല്ലാ വിദ്വാന്മാരേയും നശിപ്പിക്കാനുളള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തപ്പോള്‍ ദാനിയേല്‍ പരിശോധിക്കപ്പെടുകയായിരുന്നു. (ദാനി2:1–13). ദാനിയേല്‍ ഈ കാര്യം കേട്ടപ്പോള്‍ അവന്‍ ശാന്തനായി ആ സാഹചര്യത്തെ വലിയ വിവേകത്തോടെ കൈകാര്യം ചെയ്തു. ഇവിടെ ഇതാ വലിയ വിവേകമുളള യുവാവ്.
ദാനിയേലിനെങ്ങനെയാണ് നെബുഖദ്‌നേസറിനുണ്ടായ സ്വപ്‌നത്തിനുളള ഉത്തരം കിട്ടിയത്. എല്ലാറ്റിനും മുമ്പേ, ദൈവം അത് അവന് വെളിപ്പെടുത്തി കൊടുക്കുമെന്ന വിശ്വാസം അവനുണ്ടായിരുന്നു. അവന്‍ ദൈവത്തിന്റെ അടുത്തേയ്ക്ക് പോയി. അവന്‍ തന്റെ സ്‌നേഹിതന്‍മാരെ വിളിച്ചു(ദാനി2:17). നമുക്ക് വളരെ ബുദ്ധിമുട്ടുളള ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ പ്രാര്‍ത്ഥനയിലുളള കൂട്ടായ്മക്ക് വലിയ വിലയുണ്ട്. പ്രാര്‍ത്ഥനയിലുളള കൂട്ടായ്മയുടെ പ്രമാണം ദാനിയേല്‍ മനസ്സിലാക്കി. അവന്‍ പഴയ ഉടമ്പടിയുടെ കാലത്ത് ജീവിച്ചിരിക്കുന്ന പുതിയ ഉടമ്പടി പ്രകാരമുളള ഒരു മനുഷ്യനായിരുന്നു.അവന്റെ മനോഭാവം ഇങ്ങനെയായിരുന്നു. ‘ ഈ കാര്യത്തെ സംബന്ധിച്ച് ഞാന്‍ തന്നെ പ്രാര്‍ത്ഥിക്കാതെ എന്റെ മൂന്ന് സഹോദരന്മാരേയും കൂടെ എന്നോട് ചേര്‍ത്ത്, ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. അങ്ങനെ അവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു. അവന്‍ പറഞ്ഞു ‘ ദൈവം നമ്മോടു വെളിപ്പെടുത്തി തരികയും ചെയ്യേണ്ടതിന് ചോദിക്കാം’. (ദാനി 2:18).
അവര്‍ പ്രാര്‍ത്ഥന തുടങ്ങിയത് സ്തുതിയുടെ ഒരു സമയത്തോട് കൂടിയാണ് ഇത് എപ്പോഴും ഒരു നല്ല ശീലമാണ്. അവര്‍ പറഞ്ഞു ‘ ദൈവത്തെ അവന്റെ പരമാധികാരത്തിനായി സ്തുതിക്കുന്നു. അവനാണ് ലോകത്തില്‍ ഉളള എല്ലാ സംഭവങ്ങളുടേയും കാലഗതികളെ നിശ്ചയിക്കുന്നത്. അവന്‍ രാജാക്കന്മാരെ നീക്കുകയും വാഴിക്കുകയും ചെയ്യുന്നു. അവന്‍ ജ്ഞാനികള്‍ക്ക് ജ്ഞാനവും വിവേകികള്‍ക്ക് വിവേകവും നല്‍കുന്നു. അവന്‍ അഗാധവും ഗൂഢവുമായുളളതു വെളിപ്പെടുത്തുന്നു. ………… നീ ഞങ്ങള്‍ക്ക് ജ്ഞാനവും ബലവും തന്നിരിക്കുന്നതുകൊണ്ട് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുകയും സ്തുതിക്കുകയും ചെയ്യുന്നു.’ (ദാനി2:20–23). ഏതെങ്കിലും സമയത്ത് പ്രാര്‍ത്ഥനയില്‍ മുന്നേറാന്‍ കഴിയുന്നില്ല എന്നുകാണുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിനെ സ്തുതിക്കാന്‍ തുടങ്ങണം. ദൈവത്തിന്റെ വലിപ്പത്തെക്കുറിച്ച് ചിന്തിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുക.അപ്പോള്‍ പെട്ടെന്ന് തന്നെ അന്തരീക്ഷം തെളിഞ്ഞുവരുന്നതു കാണാം.
അപ്പോള്‍ ദൈവം ദാനിയേലിന് സ്വപ്‌നവും അതിന്റെ അര്‍ത്ഥവും വെളിപ്പെടുത്തി കൊടുത്തു. ‘ ഇത് എന്റെ ബുദ്ധികൊണ്ടല്ല. ദൈവം എനിക്കിത് വെളിപ്പെടുത്തിയതുകൊണ്ടാണ്’ എന്ന് സമ്മതിച്ചുകൊണ്ട് അവന്‍ രാജാവിന്റെ അടുക്കല്‍ ചെല്ലുകയും രാജാവിന് ഉത്തരം കൊടുക്കുകയും ചെയ്തു. ദാനിയേല്‍ ദൈവത്തിന് എല്ലാ മഹത്വവും കൊടുക്കാന്‍ മനസ്സുളള വിനീതനായ ഒരു യുവാവായിരുന്നു. ദൈവം അങ്ങനെയുളള ആളുകള്‍ക്ക് തന്റെ സത്യങ്ങള്‍ വെളിപ്പെടുത്തികൊടുക്കുന്നു.
ദാനിയേല്‍ വീണ്ടും പരീക്ഷിക്കപ്പെടുന്നത് ആ രാജ്യത്തിലെ ദാനിയേലിനെക്കുറിച്ച് അസുയാലുക്കളായ ദുഷ്ടരായ ആളുകള്‍ അവനെ നശിപ്പിക്കാന്‍ ആഗ്രഹിച്ചപ്പോഴാണ് അവര്‍ രാജാവിന്റെ അടുക്കല്‍ ചെന്ന് പ്രാഥമികമായി നേരിട്ട് ദാനിയേലിന് വിരോധമായി ഒരു നിയമം അയാളെക്കൊണ്ട് പുറപ്പെടുവിച്ചു. ഭീഷണി ഇതായിരുന്നു. ‘ ഏതെങ്കിലും മറ്റ് ദൈവത്തോട് പ്രാര്‍ത്ഥിച്ചാല്‍ നീ സിംഹങ്ങള്‍ക്ക് എറിയപ്പെടും. (ദാനി 6:6–13).
രാജാവ് ഈ നിയമം പുറപ്പെടുവിച്ചു എന്ന് ദാനിയേല്‍ കേട്ടപ്പോള്‍ അദ്ദേഹം എന്താണ് ചെയ്തത്? അദ്ദേഹം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അദ്ദേഹം ഏതൊരു രാജാവിനേക്കാളും, ഭരണകുടത്തേക്കാളും അധികം ദൈവത്തെ ഭയപ്പെട്ടു. പിന്നീട് വന്ന നാളുകളില്‍ അപ്പോസ്തലന്മാര്‍ പറയാനിരിക്കുന്നതുപോലെ ദാനിയേലിന്റെ മനോഭാവവും ‘ മനുഷ്യരേക്കാള്‍ ഞങ്ങള്‍ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.’ (അപ്പോപ്ര 5:29) എന്നായിരുന്നു. അതുകൊണ്ട് രാജശാസനം എന്തു ചെയ്യരുതെന്ന് പറഞ്ഞോ അത് അവന്‍ ചെയ്തു. തന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് അവനെ തടയുവാന്‍ ഒരു നിയമത്തിനും കഴിഞ്ഞില്ല. അദ്ദേഹം എല്ലായ്‌പ്പോഴും പ്രാര്‍ഥിച്ചിരിക്കുന്നത് യരുശലേമിന് നേരേ ജനാലകള്‍ തുറന്നിട്ടുകൊണ്ടായിരുന്നു. ഇപ്പോള്‍ അവന് ജനാലകള്‍ അടച്ചിട്ടുകൊണ്ട് പ്രാര്‍ത്ഥിക്കുന്ന കാര്യം പരിഗണിക്കാമായിരുന്നു. എന്നാല്‍ ഏക സത്യദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായി കാണപ്പെടുന്നതില്‍ അവന്‍ ലജ്ജിതനായിരുന്നില്ല. അതുകൊണ്ട് അവന്‍ ജനാലകള്‍ തുറന്നുതന്നെ വച്ചു. നാമും കര്‍ത്താവായ യേശുവിന്റെ ശിഷ്യന്മാര്‍ എന്നു പരസ്യമായി അറിയപ്പെടുന്നതില്‍ ലജ്ജിതരാകരുത്.
അവന്‍ പ്രാര്‍ത്ഥിക്കുന്നത് ഒരു ദിവസം ഒരു നേരം മാത്രമല്ല– അവന്‍ എപ്പോഴും ചെയ്തിരുന്നതുപോലെ ദിവസം മൂന്ന് നേരം. അസൂയാലുക്കളായ ആ ഉദ്യോഗസ്ഥര്‍ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു.– ദാനിയേല്‍ പ്രാര്‍ത്ഥിക്കുന്നതു കണ്ടയുടന്‍ അവര്‍ രാജാവിനോട് അവന്റെ കാര്യം അറിയിച്ചു. രാജാവ് ദാനിയേലിനെ ഇഷ്ടപ്പെടുകയും അവനെ രക്ഷിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ ആ ഉദ്രോഗസ്ഥന്മാര്‍ അവനെ ഓര്‍മ്മിപ്പിച്ചത് ‘ മേദ്യരുടേയും പാര്‍സികളുടേയും നിയമം മാറ്റിക്കൂടാത്തതാണ്.’ അതുകൊണ്ട് അവന് ദാനിയേലിന് സിംഹങ്ങളുടെ ഗുഹയില്‍ എറിഞ്ഞു കളയേണ്ടി വന്നു. എന്നാല്‍ നമ്മുക്കറിയാവുന്നതുപോലെ, ദൈവം ദാനിയേലിനെ സിംഹങ്ങളില്‍ നിന്ന് രക്ഷിച്ചു.
മേദ്യ–പാര്‍സിയിലെ ജനങ്ങള്‍ക്ക് ഏകസത്യദൈവത്തെ സംബന്ധിച്ച ഒരു സാക്ഷ്യമായിരുന്നു ദാനിയേലിന്റെ ജീവിതം . മറ്റുളളവര്‍ക്ക് നമ്മുടെ സാക്ഷ്യം വെളിപ്പെടുത്തികൊടുക്കാനായി ദൈവം നമുക്കും ശോധനകള്‍ വരുവാന്‍ അനുവദിക്കുന്നു. നാം കഷ്ടതയില്‍ സഹിഷ്ണത കാണിക്കുമ്പോഴും നമ്മെ പീഡിപ്പിക്കുന്നവരെ നാം സ്‌നേഹിക്കുമ്പോഴും മറ്റുളളവര്‍ നമ്മില്‍ ക്രിസ്തുവിനെ കാണുന്നു. ഒരുനാള്‍ സുവിശേഷത്തിന് വേണ്ടി നമ്മുടെ ജീവന്‍ വച്ചുകൊടുക്കേണ്ടി വന്നാല്‍ തല ഉയര്‍ത്തി പിടിച്ചുകൊണ്ട് ഹൃദയത്തില്‍ സ്തുതിയുടെ ആത്മാവോടു കൂടി നമ്മുക്കതിനെ വച്ചുകൊടുക്കാം. കാരണം നമ്മുക്കറിയാം നമ്മുടെ ദൈവം സിംഹാസനത്തിലാണെന്ന്.