സമാധാനവും താഴ്മയും വിശുദ്ധിയും ഉള്ള ഒരു ഭവനത്തില്‍ ദൈവം വസിക്കുന്നു! – WFTW 15 ജൂണ്‍ 2014

സാക് പുന്നന്‍

   Read PDF version

പുറപ്പാട് 25:8ല്‍ മനുഷ്യനോടുകൂടെ വസിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന തന്റെ ഇഷ്ടം ആദ്യമായി ദൈവം വെളിപ്പെടുത്തിയിരിക്കുന്നതായി നാം കാണുന്നു.. “ഞാന്‍ അവരുടെ നടുവില്‍ വസിപ്പാന്‍ അവര്‍ എനിക്ക് ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കണം.” ദൈവത്തിന്റെ അഗ്‌നി ആവസിച്ച സമാഗമന കൂടാരത്തെ പറ്റിയാണ് അവിടെ പരാമര്‍ശിച്ചിരിക്കുന്നത് – ഇസ്രയേല്യരെ ലോകത്തിലുള്ള മറ്റെല്ലാ ജനങ്ങളില്‍ നിന്നും വ്യത്യസ്ഥരാക്കി കാണിച്ച ദൈവത്തിന്റെ തേജസ്സ്. പുറപ്പാടില്‍ നാം വായിക്കുന്ന സമാഗമനകൂടാരം പോലെ കൃത്യമായ ഒന്ന് ഉണ്ടാക്കാന്‍ നമുക്കു കഴിയും. കാരണം അതിന്റെ എല്ലാ അളവുകളും അവിടെ തന്നിട്ടുണ്ട്. നമുക്കു സമാഗമന കൂടാരത്തിന്റെ കൃത്യമായ ഒരു ശരി പകര്‍പ്പു ഉണ്ടാക്കുവാനും കഴിയും. എന്നാല്‍ പകര്‍പ്പെടുക്കുവാന്‍ കഴിയാത്ത ഒന്ന് അവിടെയുണ്ട് – അതിന്മേല്‍ ആവസിച്ചിരുന്ന ദൈവത്തിന്റ തേജസ്. വിശുദ്ധ മന്ദിരത്തെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിന്മേല്‍ ആവസിച്ചിരുന്ന ദൈവത്തിന്റ തേജസായിരുന്നു – ഇതു തന്റ ജനത്തിന്റെ ഇടയിലുള്ള അവന്റെ സാന്നിദ്ധ്യത്തെയാണു സൂചിപ്പിച്ചത്. ഒരു ക്രിസ്തീയ ഭവനം യേശുവിനു പൂര്‍ണ്ണമായ സ്വസ്ഥത അനുഭവപ്പെടുന്ന ഒരിടമായിരിക്കണം. അതിന്റെ അര്‍ത്ഥം അവിടെ കാണുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അവന്‍ സന്തുഷ്ടമായിരിക്കണം എന്നാണ്. നാം വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച്, നമുക്കു ലഭിക്കുന്ന മാസികകള്‍, ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള സംഭാഷണം, എന്തിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത് എന്നത്, റ്റിവിയില്‍ നാം കാണുന്ന കാര്യങ്ങള്‍ കൂടാതെ മറ്റുള്ള എല്ലാ കാര്യങ്ങളിലും കര്‍ത്താവു സന്തോഷമുള്ളവനായിരിക്കണം.
1. ദൈവം എവിടെയാണു വസിക്കുന്നത്? ഒന്നാമതായി സമാധാനമുള്ള ഒരു ഭവനത്തില്‍ വസിക്കുന്നു. യേശു തന്റെ ശിഷ്യന്മാരെ വിവിധ സ്ഥലങ്ങളിലേക്കു പ്രസംഗിക്കാനായി അയച്ചപ്പോള്‍ ലൂക്കൊ. 10:5-7ല്‍ അവന്‍ അവരോടു, സമാധാനമുള്ള ഒരു ഭവനത്തിനായി അന്വേഷിക്കാന്‍ പറഞ്ഞു. അങ്ങനെയൊരു ഭവനം അവര്‍ കണ്ടെത്തിയാല്‍, അവര്‍ മറ്റു ഭവനങ്ങള്‍ അന്വേഷിക്കാതെ അവിടെ തന്നെ താമസിക്കണമെന്നും പറഞ്ഞു. വഴക്കില്ലാത്ത ഒരു ഭവനത്തില്‍ ദൈവം വസിക്കുന്നു. എന്തിനെ ചൊല്ലിയാണ് ഈ ലോകത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ വഴക്കിടുന്നത്? എന്തെങ്കിലും തെറ്റു പറ്റുമ്പോള്‍ ഓര്‍ക്കുക ഗൌരവപരമായ ഒരേ ഒരു കാര്യം പാപം മാത്രമാണ്. മറ്റുള്ള എല്ലാ കാര്യങ്ങളും രണ്ടാമതും അപ്രധാനവുമാണ് ഗൌരവമുള്ള ഒരേ ഒരു കാര്യം പാപം മാത്രമാണ് എന്ന കാര്യം നാം വ്യക്തമായി കാണും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
2. ഞാന്‍ പറയാനാഗ്രഹിക്കുന്ന രണ്ടാമത്തെ കാര്യം യെശയ്യാവ് 57:15ല്‍ കാണുന്നു. “ഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാന്‍ മനസ്താപവും മനോവിനയവുമുള്ളവരുടെ കൂടെ ദൈവം വസിക്കുന്നു. നുറുക്കമുള്ള ഒരു വ്യക്തി അവന്റെ തന്നെ കുറവിനെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും മറ്റാരെക്കാളും കൂടുതല്‍ ബോധവാനായിരിക്കും. മറ്റുള്ളവരുടെ പരാജയങ്ങളെക്കുറിച്ചു ബോധമുള്ള ആളുകളെ കൊണ്ട് ഈ ലോകം നിറഞ്ഞിരിക്കുന്നു. ഇന്നത്തെ ഒരു ശരാശരി ഭവനത്തില്‍ നടക്കുന്ന സംഭാഷണം കൂടുതലായി മറ്റാളുകളിലും അവരുടെ കുടുംബങ്ങളിലുമുള്ള പരാജയങ്ങളെക്കുറിച്ചാണ്. മറ്റുള്ളവരുടെ പരാജയങ്ങള്‍ ശ്രദ്ധിക്കുവാന്‍ നാം വളരെ വേഗതയുള്ളവരാണ്. എന്നാല്‍ മിക്കപ്പോഴും മറ്റുള്ളവരിലുള്ള നല്ല കാര്യങ്ങള്‍ നാം കാണുന്നില്ല.
3. ഭര്‍ത്താവും ഭാര്യയും എല്ലാ ദിവസവും വിശുദ്ധിയില്‍ നടക്കുന്ന ഒരു ഭവനത്തില്‍ ദൈവം വസിക്കുന്നു: ഇതു പറഞ്ഞിരിക്കുന്നത് യെഹസ്‌കേല്‍ 43:12ല്‍ ആണ്. “ഇതാകുന്നു ദൈവത്തിന്റെ ആലയത്തെക്കുറിച്ചുള്ള പ്രമാണം; പര്‍വ്വതത്തിന്റെ മുകളില്‍ അതിന്റെ അതിര്‍ത്തിക്കകമെല്ലാം അതിവിശുദ്ധിമായിരിക്കേണം.” സമാഗമന കൂടാരത്തിനു 3 ഭാഗങ്ങള്‍ ഉണ്ട് – പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം. ഈ മൂന്നിലും അതിവിശുദ്ധസ്ഥലമാണ് ഏറ്റവും ചെറിയത്. എന്നാല്‍ ഇവിടെ നാം വായിക്കുന്നത് പുതിയ ഉടമ്പടിയില്‍ പ്രാകാരമോ വിശുദ്ധ സ്ഥലമോ ഇല്ല. മുഴുവന്‍ ഭാഗവും അതിവിശുദ്ധ സ്ഥലമായിരിക്കും. അത് അര്‍ത്ഥമാക്കുന്നത്, പുതിയ ഉടമ്പടിയുടെ കീഴില്‍ ദൈവത്തിന്റെ തേജസ്സ് സമാഗമന കൂടാരത്തിലെ പോലെ ഒരു ഭാഗത്തല്ല. എന്നാല്‍ അതിര്‍ത്തിക്കകത്തെല്ലാമാണ്, ഇതിന്റെ അര്‍ത്ഥം നമ്മുടെ ജീവിതത്തില്‍ എല്ലാ സമയത്തും നാം വിശുദ്ധരായിരിക്കും എന്നാണ് -ഞായറാഴ്ചകളില്‍ മാത്രമല്ല. എന്നാല്‍ എല്ലാ ദിവസവും. നാം വിശുദ്ധരായിരിക്കാന്‍ പോകുന്നത് വേദപുസ്തകം വായിക്കുമ്പോള്‍ മാത്രമല്ല, എന്നാല്‍ എന്തുചെയ്യുമ്പോഴും. വിശുദ്ധി എന്നതു മതപരമായ ചില ആചാരങ്ങള്‍ പിന്‍തുടരുന്നതല്ല. എന്നാല്‍ ദൈവത്തിനു പ്രസാദമല്ലാത്ത എല്ലാ കാര്യങ്ങളും ഒഴിവാക്കുന്നതാണ് – നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വെളിച്ചത്തിനനുസരിച്ച്. ഇതു നമ്മുടെ ജീവിതത്തില്‍ സത്യമായിതീരട്ടെ.