രണ്ടു വ്യത്യസ്ത വിഭാഗങ്ങള്‍ WFTW 19 ഓഗസ്റ്റ്‌ 2012

സാക് പുന്നന്‍

Read the PDF Version

വേദപുസ്തകത്തിന്റെ അവസാന താളുകളില്‍ പരിശുദ്ധാത്മാവിന്റെ വേലയുടെ ഫലം നാം കാണുന്നു – ക്രിസ്തുവിന്റെ മണവാട്ടി. അവിടെ മറുവശത്തു സാത്താന്റെ വേലയുടെ ഫലവും നാം കാണുന്നു – വേശ്യയായ സഭ. വെളിപ്പാട് 21:2,10,11 വാക്യങ്ങളില്‍ യോഹന്നാന്‍ പറയുന്നു, “വിശുദ്ധ നഗരം സ്വര്‍ഗത്തില്‍ നിന്നു, ദൈവസന്നിധിയില്‍നിന്നു തന്നെ ഇറങ്ങുന്നത് ഞാന്‍ കണ്ടു, അത് പുതിയ യെരുശലേമായിരുന്നു.അത് മണവാട്ടിയെ പോലെ ഒരുങ്ങിയിരുന്നു. അത് ദൈവമഹത്വത്താല്‍ നിറഞ്ഞു അത്യപൂര്‍വമായ ഇന്ദ്രനീലം പോലെ തിളങ്ങിയിരുന്നു. സ്ഫടികം പോലെ അത് വളരെ വ്യക്തമായിരുന്നു.” ക്രിസ്തുവിന്റെ മണവാട്ടിയെ സംബന്ധിച്ച് ഒരു ദര്‍ശനം ലഭിക്കുന്നതിനു മുമ്പ്  യോഹന്നാനു ആത്മീയ വ്യഭിചാരിണിയായ, ദൈവത്തെ സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുകയും വാസ്തവത്തില്‍ ഈ ലോകത്തെ സ്നേഹിക്കുകയും ചെയ്യുന്ന (യാക്കോബ് 4:4) വേശ്യാ സഭയുടെ ഒരു ദര്‍ശനം ലഭിച്ചിരുന്നു. ദൈവഭക്തിയുടെ ഭാവമുണ്ടായിരിക്കുകയും (ശരിയായ വേദോപദേശം) ശക്തിയില്ലതിരിക്കുകയും (വിശുദ്ധ ജീവിതമില്ലാതിരിക്കുകയും) ചെയ്യുന്ന കാപട്യം നിറഞ്ഞ ക്രിസ്തീയതയാണിത് ( 2തി. 3:5). യോഹന്നാന്‍ പറയുന്നു, “ഒരു സ്ത്രീയെ ഞാന്‍ കണ്ടു, മഹതിയാം ബാബിലോണ്‍ – വേശ്യകളുടെ മാതാവ്. മഹതിയാം ബാബിലോണ്‍ വീണിരിക്കുന്നു. അവള്‍ എരിയുന്നതിന്റെ പുക കാണുക. അവള്‍ എരിയുന്നതിന്റെ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും” (വെളി.17:3,5; 18:2,9; 19:3).
ഇതിന്റെ മറുവശം വളരെ ശ്രദ്ധേയമാണ്. മണവാട്ടി ന്യായവിധിയുടെ തീച്ചൂള കടന്നു വരുമ്പോള്‍ അത്യപൂര്‍വ്വ ഇന്ദ്രനീലംപോലെ തിളങ്ങുന്നു. വേശ്യ മുഴുവന്‍ ചാരമായി തീരുന്നു. അവള്‍ നശിച്ചു പോകുന്ന വസ്തുക്കളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവളുടെ പുക ആകാശത്തിലേക്ക് ഉയരുന്നു. യെരുശലേം എന്ന മണവാട്ടിയും ബാബിലോണെന്ന വേശ്യയും രണ്ടു വിഭാഗങ്ങളാണ്. ഒന്ന് ദൈവീകവും മറ്റേതു ഭൌമീകവും, ജഡീകവും, പൈശാചീകവും ആണ് (യാക്കോബ്. 3:15). നമുക്കാദ്യം ബാബിലോണിനെ നോക്കാം – മനുഷ്യരുടെ പദ്ധതി അനുസരിച്ച് മനുഷ്യരുടെ ശക്തിയാല്‍ മനുഷ്യരുടെ മഹത്വത്തിന് വേണ്ടി പണിത ബാബേല്‍ ഗോപുരത്തില്‍ നിന്നും ഉത്ഭവിച്ചതാണ് ബാബിലോണ്‍…” അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു, (മനുഷ്യനില്‍നിന്നും) നമുക്കൊരു പട്ടണവും…. (മനുഷ്യരാല്‍ )…. ഗോപുരവും…. (മനുഷ്യനുവേണ്ടി) ഒരു പേരുമുണ്ടാക്കാം (ഉല്‍പ്പത്തി.11:3,4).
വര്‍ഷങ്ങള്‍ക്കു ശേഷം നെബുക്കദ്നേസര്‍ രാജാവ് തന്റെ മഹത്തായ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ബാബിലോണ്‍ എന്ന മഹാനഗരം പണിതതിന് ശേഷം ഒരുനാള്‍ തന്റെ തലസ്ഥാന നഗരത്തെ നോക്കി ഇതേ മനോഭാവത്തോടെ പറഞ്ഞു,”ബാബിലോണിനെ നോക്കുക, ഞാന്‍ എന്റെ മഹാ നഗരം പണിതു (മനുഷ്യനില്‍ നിന്നും)…എന്റെ ശക്തികൊണ്ട്  (മനുഷ്യരാല്‍ )….. എന്റെ മഹത്വം കാണിക്കുന്നതിനുവേണ്ടി” (മനുഷ്യനുവേണ്ടി) (ദാനി. 4:30). ബാബേല്‍ ഗോപുരം ന്യായവിധിയില്‍ അവസാനിച്ചു. നെബുക്കദ്നേസരുടെ ആത്മപ്രശംസയും ദൈവത്തിന്റെ ഉടനെയുള്ള ന്യായവിധി അവന്റെ മേല്‍  വരുത്തി, അവനെ താഴ്ത്തുവാന്‍ ഇടയാക്കി (ദാനി.4:31-33). മനുഷ്യന്റെ ജ്ഞാനത്താലും ശക്തിയാലും മനുഷ്യന്റെ മഹത്വത്തിന് വേണ്ടി സൃഷ്ടിക്കപ്പെടുന്നതെല്ലാം അവസാനം ദൈവത്തിന്റെ ന്യായവിധിക്കു വിധേയപ്പെട്ടു നശിക്കും.
“ക്രിസ്തീയ വേല” എന്ന് പേരിട്ടു വിളിച്ചാലും മനുഷ്യന്റെ ജഡീക ശക്തിയാല്‍ ഉള്ള എല്ലാ പ്രവര്‍ത്തിയും നശിച്ചുപോകും. “ബാബേലിന്റെ വിശാലമായ മതിലുകള്‍ നിശ്ശേഷം ഇടിഞ്ഞുപോകും, അവളുടെ ഉയര്‍ന്ന പടിവാതിലുകള്‍ തീയില്‍ വെന്തു പോകും. അങ്ങനെ ആളുകളുടെ അദ്ധ്വാനം വ്യര്‍ത്ഥമാകും (ക്രിസ്തീയ വേലക്കാരുടെ). ജനങ്ങളുടെ പ്രയത്നം അഗ്നിജ്വാലകള്‍ക്ക് ഇരയാകും (യിരമ്യാവ്.51:58). മറുവശത്തു, യെരുശലേമോ ദൈവത്തിന്റെ നഗരം (എബ്രാ‍. 12:22). പഴയ നിയമത്തില്‍ ഇവിടെയാണ്‌ യഹോവയുടെ ആലയം നിന്നിരുന്നത്. “യെരുശലേമെന്ന” ദൈവം വസിക്കുന്നയിടത്തിന്റെ ഉത്ഭവം മോശെ പണിത സമാഗമന കൂടാരത്തില്‍ ആയിരുന്നു (പുറ.25:8). സമാഗമന കൂടാരം ദൈവത്തിന്റെ കൃത്യമായ പദ്ധതിപ്രകാരമാണ് പണിതത്.”…. ദൈവം കല്പിച്ചതു പോലെയെല്ലാം “(ദൈവത്തില്‍ നിന്നു) (പുറ.40:16). ദൈവം തന്റെ ശക്തിയാല്‍ നിറച്ച മനുഷ്യരാലാണ് അത് പണിയപെട്ടത്‌.  ബെസയേലിനെ….. ദൈവാത്മാവിനാല്‍ നിറച്ച് ….. അവനെ ഞാന്‍ വിളിച്ചിരിക്കുന്നു” (ദൈവത്തിലൂടെ) (പുറ. 31:1-5). ദൈവമഹത്വത്തിനായിട്ടാണ്  അത് പണിതത്.” ദൈവമഹത്വം കൂടാരത്തെ നിറച്ചു” (ദൈവത്തിനായി) (പുറ.40:34). ദൈവത്തില്‍നിന്നു തുടങ്ങി ദിവ്യ ശക്തിയാല്‍ ദൈവമഹത്വത്തിനായി ചെയ്യുന്നവ മാത്രമേ എന്നും നിലനില്‍ക്കുകയുള്ളൂ. അത് തീയിലൂടെ കടന്നു ഇന്ദ്രനീലം പോലെ തിളങ്ങും, കാരണം അത് സ്വര്‍ണവും വെള്ളിയും മുത്തുകളും കൊണ്ട് പണിതതാണ്.
വേദപുസ്തകത്തിലെ ആദ്യ താളുകള്‍ അവസാന താളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടു വൃക്ഷങ്ങള്‍ കാണുന്നു. (ജീവന്റെ വൃക്ഷവും  നന്മ തിന്മകളുടെ വൃക്ഷവും) ഒടുവില്‍ അത് യെരുശലേമും ബാബിലോണും ആയിത്തീര്‍ന്നു. ആത്മാവിലൂടെ യഥാര്‍ഥമായി ജനിച്ചത്‌ – ദൈവത്തില്‍നിന്നും ദൈവത്തിലൂടെ ദൈവത്തിനായി ജനിച്ചത്‌ – എന്നും നിലനില്‍ക്കും. എന്നാല്‍ ജഡത്താല്‍ ജനിച്ചത്‌ – മനുഷ്യനില്‍നിന്നും മനുഷ്യനിലൂടെ മനുഷ്യനുവേണ്ടി ജനിച്ചത്‌ – നശിച്ചുപോകും. ഉല്പത്തി – വെളിപ്പാട് പുസ്തകങ്ങളുടെ താളുകള്‍ക്കിടയിലാണ് ഈ നാളുകളില്‍ നാം ജീവിക്കുന്നത്. നാം അറിഞ്ഞാലും ഇല്ലെങ്കിലും ഇതില്‍ ഏതെങ്കിലും ഒരു രീതിയോട് നാം ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന് ദൈവത്തെ ഉയര്‍ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. മറ്റൊന്ന് മനുഷ്യനെ ഉയര്‍ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ഒന്ന് ക്രിസ്തുവിനെ അനുഗമിക്കുന്നു, മറ്റൊന്ന് ആദാമിനെ അനുഗമിക്കുന്നു. ഒന്ന് ആത്മാവില്‍ ജീവിക്കുന്നു, മറ്റൊന്ന് ജഡത്തില്‍ ജീവിക്കുന്നു!
യേശുവും ആദാമും ഒരുപോലെ ദൈവശബ്ദം കേട്ടു. വ്യത്യാസം ഒന്നേയുള്ളൂ, ഒരാള്‍ അനുസരിച്ചു മറ്റൊരാള്‍ അനുസരിച്ചില്ല. അങ്ങനെ തന്നെയാണ് യേശുവും പറഞ്ഞത്, തന്റെ ശബ്ദം കേട്ടു അനുസരിക്കുന്നവന്‍ പാറമേല്‍ പണിതതുപോലെ നിത്യതക്കായി ഉറച്ചു നില്‍ക്കും. എന്നാല്‍ കേട്ടിട്ട് അനുസരിക്കാത്തവനോ മണലിന്മേല്‍ പണിതതുപോലെ ഒടുവില്‍ നശിച്ചുപോകും (മത്തായി 7:24-27). യേശു  പറഞ്ഞ രണ്ടു ഭവനങ്ങള്‍  യെരുശലേമും ബാബിലോണുമാണ്.
(മൊഴിമാറ്റം: സാജു ജോസഫ്, ആലപ്പുഴ)