വിവാഹത്തില്‍ നമ്മുടെ പങ്കാളികളെ അവര്‍ ആയിരിക്കുന്നതുപോലെ അംഗീകരിക്കുക – WFTW 09 ഫെബ്രുവരി 2014

സാക് പുന്നന്‍

   Read PDF version

പാപം കടന്നു വരുന്നതിന് മുന്‍പ് ‘ആദവും ഹവ്വയും’ നഗ്‌നരായിരുന്നു അവര്‍ക്ക് നാണം തോന്നിയില്ലതാനും’ അവര്‍ അന്യോന്യം തുറക്കപ്പെട്ടവരും, വിശ്വസ്തരും ആയിരുന്നു. അവര്‍ക്ക് മറയ്ക്കുവാന്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പാപം ചെയ്തു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ക്ക് മാറ്റം ഉണ്ടായി. പെട്ടെന്ന് തന്നെ അവര്‍ അത്തിയില കൊണ്ട് തങ്ങളെതന്നെ മറച്ചു. എന്തിനാണവര്‍ അങ്ങനെ ചെയ്തത്? അവിടെ ഒളിഞ്ഞു നോട്ടക്കാര്‍ ആരും ആ തോട്ടത്തില്‍ ഉണ്ടായിരുന്നില്ല. അവര്‍ തീര്‍ച്ചയായും തങ്ങളെ തന്നെ മറച്ചത് മൃഗങ്ങളില്‍ നിന്നും ആയിരുന്നില്ല. പിന്നെ എന്തുകൊണ്ട് അവര്‍ തങ്ങളെ തന്നെ അത്തിയിലകൊണ്ട് മറയ്‌ക്കേണ്ടി വന്നു.? അവര്‍ അന്യോന്യം തങ്ങളെ തന്നെ മറയ്ക്കുകയായിരുന്നു.
പാപത്തിന്റെ പരിണതഫലങ്ങളില്‍ ഒന്ന് നാം പരസ്പരം മറ്റൊരാളില്‍ നിന്ന് മറയ്ക്കുന്നു. എല്ലാ ആളുകളും തങ്ങളുടെ വ്യക്തിത്വത്തില്‍ വിരൂപമാണെന്ന് തങ്ങള്‍ക്കു തോന്നുന്ന ഭാഗങ്ങള്‍ മറയ്ക്കുന്നു. അവരെക്കുറിച്ചുളള ആ വിശദാംശങ്ങള്‍ മറ്റുളളവര്‍ അറിഞ്ഞാല്‍ അവര്‍ ലജ്ജിതരാകും. അതുകൊണ്ട് അവര്‍ മുഖംമൂടികള്‍ ധരിക്കുന്നു. അന്തര്‍ഭാഗത്ത് എല്ലായ്‌പോഴും ദുഃഖാര്‍ത്തരും, പരാജിതരും ആയിരിക്കുമ്പോള്‍ തന്നെ തങ്ങള്‍ സ്വസ്ഥരും, പ്രശാന്തരും, സന്തോഷമുളളവരുമാണെന്ന ഒരു മുഖഭാവം പ്രദര്‍ശിപ്പിക്കുന്നു.തങ്ങളെ പൂര്‍ണ്ണമായി അറിഞ്ഞിട്ട് തങ്ങളെ സ്‌നേഹിക്കുന്ന ആരെയെങ്കിലും കണ്ടെത്താനുളള ഒരാഗ്രഹം എല്ലാവരുടേയും ഉളളിലുണ്ട്. നമ്മള്‍ മുഖംമൂടി ധരിക്കാ നുളള കാരണം നമുക്ക് മറ്റുളളവരില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ്. നമ്മെക്കുറിച്ചുളള എല്ലാ കാര്യങ്ങളും ആളുകള്‍ അറിഞ്ഞാല്‍ അവര്‍ നമ്മെ അംഗീകരിക്കുകയില്ലെന്ന് നമുക്കറിയാം. അതുകൊണ്ട് മനുഷ്യരുടെ മുമ്പില്‍, അവര്‍ നമ്മെ അംഗീകരിക്കത്തക്കവിധം ഒരു മുഖഭാവം പ്രദര്‍ശിപ്പിക്കുന്നു. ഇത് ക്രിസ്ത്യാനികളുടെ ഇടയിലും സത്യമാണ്. യേശു ഭൂമിയിലായിരുന്നപ്പോള്‍ ധാരാളം മതഭക്തരായ ആളുകള്‍ മുഖംമൂടി ധരിച്ചിരിക്കുന്നതായി കണ്ടെത്തി– അതുകൊണ്ടാണ് അവിടുത്തേക്ക് അവരെ സഹായിക്കാന്‍ കഴിയാതിരുന്നത്.
ദൈവത്തെ സംബന്ധിച്ച ഏറ്റവും അത്ഭുതകരമായ കാര്യം അവിടുന്നു നമ്മളെ എല്ലാവരെയും നാം ആയിരിക്കുന്നതുപോലെ അംഗീകരിക്കുന്നു എന്നതാണ്. ദൈവം നിങ്ങളെ അംഗീകരിക്കുന്നതിനുമുമ്പ് നിങ്ങള്‍ മെച്ചപ്പെടണമെന്ന് പഠിപ്പിക്കുന്ന മതം, ഒരു വ്യാജമതമാണ്. അങ്ങനെയുളള ഒരു മതവുമായിട്ടല്ല യേശു വന്നത്. അവിടുന്നു വന്നത് നാം ആയിരിക്കുന്ന അവസ്ഥയില്‍ തന്നെ ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്ന സന്ദേശവുമായാണ്. നമ്മെ, നമുക്കു തന്നെ മാറ്റാന്‍ കഴിയില്ലെന്നു ദൈവത്തിനറിയാം. അതുകൊണ്ട് ദൈവം നമ്മെ നാം ആയിരിക്കുന്നതുപോലെ സ്വീകരിക്കുകയും അവിടുന്നു തന്നെ നമ്മെ വ്യത്യാസപ്പെടുത്തുകയും ചെയ്യുന്നു.
കുറച്ചു നാളുകള്‍ക്ക് മുമ്പ് ഈ വിഷയം പ്രതിപാദിപ്പിക്കപ്പെട്ട ഒരു ലേഖനം ഞാന്‍ വായിച്ചു. ലേഖകന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. ആ ലേഖനം പറഞ്ഞത്.
‘ നാം എല്ലാവരും ഒരു ‘ ഒളിച്ചുകളി’ കളിച്ചു കൊണ്ടാണ് ജീവിതത്തിലൂടെ കടന്നുപോകുന്നത്. നാം എന്തായിരിക്കുന്നു എന്നതില്‍ നാം ലജ്ജിതരായതിനാല്‍ നാം അന്യോന്യം മറയ്ക്കുന്നു. മറ്റുളളവര്‍ നമ്മുടെ അകത്തു ജീവിക്കുന്ന യഥാര്‍ത്ഥ വ്യക്തിയെ കാണാതിരിക്കേണ്ടതിനാണ് നാം മുഖം മൂടി ധരിക്കുന്നത്. നാം അന്യോന്യം നമ്മുടെ മുഖം മൂടിയിലൂടെ നോക്കുകയും അതിനെ ‘ കൂട്ടായ്മ’ എന്നു വിളിക്കുകയും ചെയ്യുന്നു. നാം ആളുകള്‍ക്കു നല്‍കുന്ന മതിപ്പ്, നമ്മള്‍ സുരക്ഷിതരും, അസ്വസ്ഥമാകാത്തവരും ആണെന്നാണ്, എന്നാല്‍ അതൊരു മുഖംമൂടി മാത്രമാണ്. ആ മുഖം മൂടിക്കകത്ത് നാം കുഴഞ്ഞവരും, ഭയപ്പെട്ടവരും, ഏകാകിയും ആണ്. മറ്റുളളവര്‍ നമ്മിലൂടെ അത് അറിയുമോ എന്നു നാം ഭയപ്പെടുന്നു. നമ്മുടെ ഉളളിലുളള യഥാര്‍ത്ഥ വ്യക്തിയെ കണ്ടാല്‍ അവര്‍ നമ്മെ തളളിക്കളയുകയും ചിലപ്പോള്‍ കളിയാക്കുകയും അവരുടെ കളിയാക്കല്‍ നമ്മെ കൊല്ലുകയും ചെയ്യും എന്നു നാം ഭയപ്പെടുന്നു. അതുകൊണ്ട് നാം ‘അഭിനയിക്കുന്ന കളി’ കളിക്കുന്നു– ധൈര്യമുളളവരും, ഉറപ്പുളളവരും എന്ന് പുറമേ കാണപ്പെടുന്നു എന്നാല്‍ അകമെ ഈ സമയങ്ങളിലെല്ലാം ഒരു ശിശുവിനെപോലെ പേടിച്ചു വിറയ്ക്കുന്നവരാണ്. നമ്മുടെ മുഴുവന്‍ ജീവിതവും ഒരു സമരമുഖമായി മാറുന്നു. നമ്മെക്കുറിച്ചുളള അപ്രധാനമായ കാര്യങ്ങള്‍ എല്ലാം മറ്റുളളവരോട് സംസാരിക്കുകയും തമാശപറയുകയും ചെയ്യുന്നു, നമ്മുടെ ഉളളില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാതിരിക്കുകയും ചെയ്യുന്നു.’
നാം മറ്റുളളവരാല്‍ അംഗീകരിക്കപ്പെടുവാനും, മനസ്സിലാക്കപ്പെടുവാനും ആഗ്രഹിക്കുന്നു എന്നാല്‍ പരിചയത്തില്‍ നാം കണ്ടിട്ടുളളത് നാം നമ്മുടെ യഥാര്‍ത്ഥ സ്വയം മറ്റുളളവര്‍ക്കു തുറന്നു കാണിച്ചിട്ടുളളപ്പോഴെല്ലാം അവര്‍ നമ്മെ തളളിക്കളഞ്ഞു. നമ്മെ കുറിച്ചുളള എല്ലാകാര്യങ്ങളും അറിയുമ്പോളും നമ്മെ അംഗീകരിക്കുന്ന ചിലരെ നാം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ അങ്ങനെ ഒരു വ്യക്തിയെ നാം ഒരിക്കലും കണ്ടെത്തുന്നില്ല. വീണ്ടും ജനിച്ച ക്രിസ്ത്യാനികള്‍ സ്‌നേഹത്തെക്കുറിച്ചു സംസാരിക്കുന്നതായി നാം കേള്‍ക്കുന്നു, അവര്‍ നമ്മെ അംഗീകരിച്ചേക്കാമെന്ന പ്രത്യാശ നമ്മുടെ ഹൃദയങ്ങളില്‍ ഉയരുന്നു. എന്നാല്‍ നാം അവരോട് ചേരുമ്പോല്‍, നാം പെട്ടെന്നു തന്നെ കണ്ടുപിടിക്കും, അവരും മുഖംമൂടി ധരിച്ചിരിക്കുന്നു എന്നും അവര്‍ നമ്മളില്‍ കുറ്റം കണ്ടുപിടിക്കുക മാത്രമേ ചെയ്യുകയുളളൂഎന്നും.’ ‘ഇതിനുളള പ്രതിവിധി എന്താണ്? നാം നമ്മെതന്നെ നാം ആയിരിക്കുന്നതുപോലെ തന്നെ ദൈവത്താല്‍ അംഗീകരിക്കപ്പെട്ടവരും, സ്‌നേഹിക്കപ്പെട്ടവരുമാണെന്ന് കാണേണ്ട ആവശ്യമുണ്ട്. ദൈവത്തിന്റെ സ്‌നേഹം അനുഭവിക്കുന്നത് നമ്മെ ധൈര്യമുളളവരാക്കും. പിന്നാടൊരിക്കലും അഭിനയിക്കേണ്ട ആവശ്യം ഇല്ല. നാം അപ്പോള്‍ ദൈവത്തോടും മനുഷ്യരോടും ‘നമ്മള്‍തന്നെ’ ആയിരിക്കും. ദൈവസ്‌നേഹം ഒരിക്കലും ഒരു കാര്യവും ചെയ്യാന്‍ നമ്മില്‍ ബലം പ്രയോഗിക്കുന്നില്ല. ദൈവം നമ്മുടെ എല്ലാ അപൂര്‍ണ്ണതകളും തിരിച്ചറിയുകയും അപ്പോഴും കുറ്റം വിധിക്കാതെ നമ്മെ അംഗീകരിക്കുകയും ചെയ്യുന്നു. മറിച്ച് അവിടുന്ന് നമ്മെ പൂര്‍ണ്ണരാക്കാനാണ ആഗ്രഹിക്കുന്നത്. അവന്‍ നമ്മില്‍ കാണുന്നതും നമ്മെക്കുറിച്ചറിയുന്നതുമായ എല്ലാകാര്യങ്ങളും കൂട്ടാക്കാതെ ദൈവത്താല്‍ നാം അംഗീകരിക്കപ്പെടുന്നു എന്നറിയുന്നത് ആണ് ഒരു സന്തോഷകരമായ ക്രിസ്തീയ ജീവിതത്തിന്റെ വേര്. യേശു നല്‍കുവാന്‍ വന്ന സമൃദ്ധിയായ ജീവന്‍ ഇതാണ്.
‘ ദൈവത്തിന്റെ സ്‌നേഹം അറിയുന്നത്, മനുഷ്യന്റെ അംഗീകാരം അന്വേഷിക്കുന്ന കാര്യത്തിന് സ്ഥിരമായ ഒരു അന്തം കൊണ്ടു വരികയും ചെയ്യും. നമ്മുടെ കുറ്റബോധം മാറിപ്പോകും, നമ്മുടെ ഭയവും ദൂരെ മാറ്റപ്പെടും. നാം ചില സമയങ്ങളില്‍ തനിയെ ആയിരിക്കും. എന്നാല്‍ ഒരിക്കലും നമ്മെ വിട്ടപോകുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ലെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്.’
‘നിന്റെ ദയയും, ശാന്തതയും, നിന്റെ ജീവിത പങ്കാളിയുടെ വികാരങ്ങളെ മനസ്സിലാക്കാനുളള ശ്രമമവും അതിനുളള കരുതല്‍ നിനക്കുണ്ട് എന്ന വസ്തുതയും എല്ലാം നിങ്ങളുടെ പങ്കാളിക്ക് ചിറക് മുളയ്ക്കാന്‍ ഇടയാക്കും– ആരംഭത്തില്‍ ചെറിയതും ബലമില്ലാത്തതുമായ ചിറകുകള്‍ ആയിരിക്കും, എങ്കിലും ചിറകുകള്‍ ഉണ്ടാകും. നീ വിട്ടുകളായിരുന്നാല്‍, ഒരുനാള്‍ നിങ്ങള്‍ രണ്ടുപേരും കൂടി ആകാശത്തിലേയ്ക്ക് കഴുകനെപ്പോലെ പറന്നുയരത്തക്കവിധം ആ ചിറകുകള്‍ വളരും – ദൈവം നിങ്ങളെക്കുറിച്ച് ഉദ്ദേശിച്ചവിധത്തില്‍’. നമ്മുടെ ജീവിത പങ്കാളിയുടെ ഉളളില്‍ നിന്ന് നിലവിളിക്കുന്ന ഒരു കാര്യം ഉണ്ട് – അംഗീകരിക്കപ്പെടാനുളള ആഗ്രഹം. നാം ഒരു ശ്രദ്ധിക്കുന്ന ചെവി കൊടുക്കുന്നു എന്നത് വളരെ പ്രധാന്യമുളള കാര്യമാണ്. – നമ്മുടെ പങ്കാളി പറയുന്ന വാക്കുകള്‍ക്കു മാത്രമല്ല, പറയാതെ അവശേഷിക്കുന്ന വാക്കുകള്‍കൂടി – ഒരിക്കലും സംസാരിക്കപ്പെടാത്ത, ഹൃദയത്തിലെ നിശബ്ദതകള്‍ക്ക് – ദൈവം പോലും നമ്മെ നാം ആയിരിക്കുന്നതുപോലെ അഗീകരിക്കുന്നു എന്നത് നാം വിശ്വസിക്കുന്നില്ല എന്നതാണ് വലിയ ദുരന്തം. അതുകൊണ്ട് ദൈവത്തില്‍നിന്നു കൂടെ നാം ഒളിക്കുന്നു. അതാണ് ആദവും ഹവ്വയും ചെയ്തത്, ദൈവത്തില്‍ നിന്ന് ഒളിക്കാന്‍ ശ്രമിക്കുന്നതിന് ഒരു മരത്തിന്റെ പിന്നിലേയ്ക്ക് ഓടി.
അധികം ഭര്‍ത്താക്ക•ാര്‍ക്കും ഭാര്യമാര്‍ക്കും അന്യോന്യം സ്‌നേഹിക്കാന്‍ കഴിയാത്തതിന്റെ കാരണം അവര്‍ തന്നെ ദൈവത്താല്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നതിലുളള സന്തോഷം കണ്ടെത്തിയിട്ടില്ല എന്നതാണ്. അവര്‍ക്ക് മതം ലഭിച്ചിട്ടുണ്ട് എന്നാല്‍ ക്രിസ്തുവിനെ ലഭിച്ചിട്ടില്ല. പിശാചിന്റെ ഏറ്റവും സമര്‍ത്ഥമായ പ്രവര്‍ത്തനശൈലികളില്‍ ഒന്ന്, ആളുകള്‍ക്ക് ക്രിസ്തുവിനെ കൂടാതെയുളള ശൂന്യമായ ഒരു പുറം തോട് നല്‍കികൊണ്ടിരിക്കുന്നതാണ് – അത് ആളുകളെ ദുഃഖാര്‍ത്തരാക്കുന്നു. വലിയ കൂട്ടം ആളുകള്‍ അങ്ങനെയുളള മതത്തില്‍ നിന്ന് മാറിപ്പോകുന്നു. അത് സത്യ ക്രിസ്ത്യാനിത്വമല്ല. സത്യക്രിസ്ത്യാനിത്വം എന്നാല്‍ ക്രിസ്തു തന്നെയാണ്.
യേശു ക്രിസ്തു കേന്ദ്രമായിട്ടുളള എല്ലാ ഭവനങ്ങളും സമാധാനമുളള ഭവനങ്ങള്‍ ആയിരിക്കും. അത് ഭാര്യഭര്‍ത്താക്ക•ാര്‍ പരസ്പരം അംഗീകരിക്കുകയും ചെയ്യുന്ന ഒരു ഭവനമായിരിക്കും കാരണം ദൈവം അവരെ രണ്ടുപേരെയും അംഗീകരിച്ചിരിക്കുന്നു എന്ന സത്യത്തില്‍ അവര്‍ സുരക്ഷിതരും നിശ്ചയമുളളവരുമാണ്. ഇങ്ങനെയുളള ഭവനമാണ് നാം പണിയേണ്ടത്.