വെല്ലുവിളിക്കുന്ന ഒരു സന്ദേശം – WFTW 29 നവംബർ 2015

സാക് പുന്നന്‍

   Read PDF version

അപ്പൊസ്തല പ്രവൃത്തികള്‍ 10ാം അധ്യായത്തില്‍, സുവിശേഷം ആദ്യമായി യഹൂദരല്ലാത്തവരിലേക്കു ചെല്ലുന്നതു നാം വായിക്കുന്നു. കര്‍ത്താവ് തന്റെ ശിഷ്യന്മാരോടു പറഞ്ഞിരുന്നത്, ”നിങ്ങള്‍ യെരുശലേമിലും യഹൂദ്യയിലും, ശമര്യയിലും പിന്നെ ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും’ എന്നാണ്. രണ്ടാമത്തെ അധ്യാത്തില്‍ അവര്‍ യെരുശലേമിലും യഹൂദ്യയിലുമുള്ള യഹൂദന്മാരോടു പറഞ്ഞു തുടങ്ങി. പിന്നീട് 8ാം അധ്യായത്തില്‍ അവര്‍ ശമര്യരുടെ അടുത്തേക്കു പോയി. അതിനുശേഷം ഇപ്പോള്‍ അത് അദ്യമായി യഹൂദേതരരുടെ അടുത്തേക്കു നീങ്ങുന്നു. യഹൂദതന്മാര്‍ക്കും യഹുദേതരര്‍ക്കും വാതില്‍ തുറന്നു കൊടുക്കുവാനുള്ള വിശേഷാധികാരം പത്രൊസിനാണ് നല്‍കപ്പെട്ടത്.

ബൈബിളിനെക്കുറിച്ചോ, ദൈവത്തെക്കുറിച്ചോ ഒന്നും അറിയാത്ത ഒരു മനുഷ്യനായിരുന്നു കൊര്‍ന്നേലിയോസ്. എന്നാല്‍ നിരന്തരം ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും, ഉദാരമായി ദരിദ്രരെ സഹായിക്കുകയും ചെയ്തിരുന്ന ദൈവഭക്തനായ ഒരു പുരുഷന്‍ ആയിരുന്നു അദ്ദേഹം (അപ്പൊ. 10:2). ഒരു ദൂതന്‍ അദ്ദേഹത്തിനു പ്രത്യക്ഷനായിട്ട്, അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകളും ദാനധര്‍മ്മങ്ങളും ദൈവത്താല്‍ കൈക്കൊള്ളപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹത്തോടു പറഞ്ഞു (അപ്പൊ. 10:4). ദൈവത്തെ ഭയപ്പെടുന്നവരും, പരമാര്‍ത്ഥികളും ആണെങ്കില്‍, ദൈവം അെ്രെകസ്തവരുടെയും പ്രാത്ഥനകള്‍ കേള്‍ക്കുകയും അവരെ പിതാവിലേക്കുള്ള ഏക മാര്‍ഗ്ഗമായ ക്രിസ്തുവിലേക്കു നയിക്കുകയും ചെയ്യുന്നു (യോഹ. 14:6) എന്നു ഇതില്‍ നിന്നു വ്യക്തം. അനേകം ക്രിസ്ത്യാനികള്‍, പത്രൊസിനെപ്പോലെ, തങ്ങള്‍ അെ്രെകസ്തവരെക്കാള്‍ ഉന്നതരാണെന്നു സങ്കല്പിക്കുന്നു. എന്നാല്‍ കോര്‍ന്നേലിയസിനെപ്പോലുള്ള ചില അെ്രെകസ്തവര്‍, അനേകം ക്രിസ്ത്യാനികളെക്കാള്‍ അധികം ദൈവഭയമുള്ളവരാണ്. താന്‍ യഹൂദേതരരേക്കാള്‍ നിര്‍മ്മലനാണെന്നാണ് പത്രൊസും കരുതിയത്. എന്നാല്‍ ദൈവത്തിനു പത്രൊസിന്റെ അഭിപ്രായം മാറ്റേണ്ടതായും, അദ്ദേഹത്തിന്റെ ഹൃദയത്തെ വിശാലമാക്കേണ്ടതായും ഉണ്ടായിരുന്നു. അെ്രെകസ്തവരെക്കുറിച്ചു നമുക്കുള്ള അഭിപ്രായവും മാറ്റേണ്ട ആവശ്യം ദൈവത്തിനുണ്ട്. പത്രൊസ് തന്റെ അഭിപ്രായത്തില്‍ അത്രമാത്രം നിര്‍ബന്ധ ബുദ്ധിയുള്ള ആളായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാറ്റുവാന്‍ ദൈവത്തിന് അദ്ദേഹത്തിന് ഒരു ദര്‍ശനം നല്‍കേണ്ടി വന്നു (അപ്പൊ.പ്ര. 10:11). ഈ ദര്‍ശനത്തില്‍ പത്രൊസ് കണ്ടത് ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായ ജന്തുക്കള്‍ അടങ്ങിയിരിക്കുന്ന, നാലുകൊണും കെട്ടിയ വലിയ വിരിപോലുള്ള ഒരു പാത്രമാണ്. കൂടാതെ അവയെ കൊന്നു തിന്നുവാന്‍ ആവശ്യപ്പെടുന്ന ഒരു ശബ്ദവും അയാള്‍ കേട്ടു. അശുദ്ധമായതൊന്നും താന്‍ ഒരിക്കലും തിന്നിട്ടില്ല എന്നു പറഞ്ഞ് അദ്ദേഹം അങ്ങനെ ചെയ്യുന്നതു നിരസിച്ചു. കാരണം മോശെയുടെ ന്യായപ്രമാണം അനുസരിച്ചു ചില മൃഗങ്ങള്‍ അശുദ്ധമായിരുന്നു, അവയെ ഭക്ഷിക്കുന്നതില്‍ നിന്നു യഹൂദന്മാര്‍ വിലക്കപ്പെട്ടിരുന്നു (ലേവ്യ. 11). എന്നാല്‍ ദൈവം അദ്ദേഹത്തോട് ദൈവം ശുദ്ധീകരിച്ച യാതൊന്നിനെയും അശുദ്ധമെന്നു പറയരുത് എന്നു പറഞ്ഞു. ഈ ദര്‍ശനം മൂന്നു തവണ ആവര്‍ത്തിക്കപ്പെട്ടു. ഈ ദര്‍ശനത്തിന്റെ അര്‍ത്ഥം എന്തായിരിക്കും എന്നു പത്രൊസ് ചിന്തിച്ചു കുഴങ്ങുമ്പോള്‍, കൊര്‍ന്നേലിയോസ് അയച്ച സന്ദേശവാഹകര്‍ പത്രൊസിന്റെ വീട്ടിലെത്തി അദ്ദേഹത്തോട്, ഒരു ദൈവദൂതന്‍ കൊര്‍ന്നേലിയോസിനോട് പത്രൊസിനെ ആളയച്ചു വിളിപ്പിക്കുക എന്നു പറഞ്ഞിരിക്കുന്നു എന്ന സന്ദേശം അറിയിച്ചു. താന്‍ അശുദ്ധനെന്നു കരുതിയ യഹൂദേതരനായ ഈ മനുഷ്യന്റെ വീട്ടിലേക്കു പോകുവാനാണ് ദൈവം തന്നോടു പറഞ്ഞതെന്നു അപ്പോള്‍ പത്രൊസിനു മനസ്സിലായി. കൊര്‍ന്നേലിയോസിന്റെ അടുത്തു വന്ന ദൂതന് യേശു ലോകത്തിന്റെ പാപങ്ങള്‍ക്കു വേണ്ടി മരിച്ചു എന്നും മരണത്തില്‍ നിന്നു വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു എന്നുമുള്ള സുവിശേഷ സത്യം നിശ്ചയമായി അറിയാം. പിന്നെ എന്തുകൊണ്ടാണ് ആ ദൂതന്‍ തന്നെ ആ സുവിശേഷം പ്രസംഗിക്കുന്നതിനു പകരം പത്രൊസ് വന്ന് അതേ സന്ദേശം അയാളോട് പ്രസംഗിക്കുന്നതിന് അദ്ദേഹത്തെ ആളയച്ചു വിളിപ്പിക്കുവാന്‍ കോര്‍ന്നേലിയോസിനോട് ആവശ്യപ്പെട്ടത്? ആ ദൂതനില്ലാത്ത എന്തായിരുന്നു പത്രൊസിനുണ്ടായിരുന്നത്? പത്രൊസിനെക്കാള്‍ പതിന്മടങ്ങു നന്നായി ആ സുവിശേഷം വിവരിച്ചു കൊടുക്കുവാന്‍ ആ ദൂതനു കഴിയുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ ആ ദൂതനില്ലാതിരുന്ന രക്ഷയുടെ അനുഭവം പത്രൊസിനുണ്ടായിരുന്നു. കൃപയാല്‍ രക്ഷിക്കപ്പെട്ട ഒരു പാപിക്കു മാത്രമേ മറ്റൊരു പാപിയോടു പാപത്തെക്കുറിച്ചു പറയാന്‍ കഴിയൂ. ആതാണ് അപ്പൊ. പ്രവൃത്തിയുടെ ആദ്യ വാക്യത്തില്‍ നാം കാണുന്നത്. യേശു ആദ്യം ചെയ്യുകയും പിന്നെ അതു പഠിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഒരു അനുഭവം ഇല്ലാത്ത കാര്യത്തെപ്പറ്റി നിങ്ങള്‍ സംസാരിക്കരുത്. ആ ദൂതന്‍ പോലും ആ ദൈവീക തത്വത്തെ ബഹുമാനിച്ചു. അതുകൊണ്ടു നിങ്ങള്‍ക്ക് അറിയാവുന്ന കാര്യം ഒരിക്കലും പ്രസംഗിക്കരുത്. എന്നാല്‍ നിങ്ങള്‍ ചെയ്തു പരിചയിക്കുകയോ അല്ലെങ്കില്‍ അതിനായിട്ട് ശ്രമിക്കുകയെങ്കിലും ചെയ്തിട്ടുള്ള കാര്യം മാത്രം പ്രസംഗിക്കുക.

പത്രൊസ് കൊര്‍ന്നേലിയോസിന്റെ വീട്ടില്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഏതൊരു ജനതയിലും ദൈവത്തെ ഭയപ്പെട്ടു നീതി പ്രവര്‍ത്തിക്കുന്നവരെ അവിടുന്ന് അംഗീകരിക്കുന്നു എന്നുള്ളത് എത്ര സത്യമെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കുന്നു’ (അപ്പൊ.പ്ര. 10:35). (എല്ലാ ജനതകളിലും മാത്രമല്ല എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ക്കു കൂടെ). ഓരോ മതത്തിലും തന്നെ ഭയപ്പെടുന്ന എല്ലാവരെയും ദൈവം സ്വാഗതം ചെയ്യുകയും അവര്‍ രക്ഷിക്കപ്പെടേണ്ടിതന് അവരെ ക്രിസ്തുവിലേക്കു നയിക്കുകയും ചെയ്യുന്നു. പത്രൊസ് കൊര്‍ന്നേലിയോസിന്റെ വീട്ടിലേക്കു പോകുന്നത് നിരസിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? പത്രൊസ് അനുസരിച്ചില്ലായിരുന്നെങ്കില്‍ കൊര്‍ന്നേലിയോസ് നഷ്ടപ്പെട്ടു പോകുമായിരുന്നോ? പത്രൊസിന്റെ അനുസരണക്കേടിന്റെ ഫലം കൊര്‍ന്നേലിയോസ് അനുഭവിക്കേണ്ടി വന്നാല്‍ ദൈവം വളരെ അനീതിയുള്ളവന്‍ എന്നു വരും. പത്രൊസ് പോയില്ലായിരുന്നെങ്കില്‍ ദൈവം യാക്കോബിനെയോ യോഹന്നാനെയോ അയയ്ക്കുമായിരുന്നു. അനന്യായസ് തര്‍സീസിലെ ശൗലിന്റെ അടുക്കല്‍ പോയില്ലായിരുന്നു എങ്കില്‍, ദൈവം മറ്റാരെയെങ്കിലും അവന്റെ അടുത്തേക്ക് അയയ്ക്കുമായിരുന്നു. ദൈവം നിങ്ങളോട് പോകുവാന്‍ ആവശ്യപ്പെടുന്നിടത്തു നിങ്ങള്‍ പോയില്ലെങ്കില്‍, ദൈവം നിങ്ങളുടെ ശുശ്രൂഷ മറ്റൊരാള്‍ക്കു കൊടുക്കും.

അപ്പൊസ്തല പ്രവൃത്തികള്‍ 10:38ല്‍ പത്രൊസ് യേശുവിന്റെ ശുശ്രൂഷയെ വിവരിക്കുന്നത്, ‘നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്കയും, ദൈവം തന്നോടു കൂടെയിരുന്നതിനാല്‍ അവിടുന്നു നന്മ ചെയ്തും പൈശാചിക ശക്തിക്ക് അധീനരായിരുന്നവരെ സൗഖ്യമാക്കിയും കൊണ്ട് സഞ്ചരിക്കുകയും ചെയ്തു’ എന്നാണ്. യേശുവിന്റെ ജീവിതത്തില്‍ പോലും ശക്തി ആയിരുന്നു പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്റെ തെളിവ്. ആ ശക്തിയാല്‍ യേശു നന്മ ചെയ്യുകയും സാത്താന്റെ പീഡനങ്ങളില്‍ നിന്നു ജനങ്ങളെ വിടുവിക്കുകയും ചെയ്തു. മറ്റുള്ളവര്‍ക്കു നന്മ ചെയ്യേണ്ടതിനും അവരെ പിശാചിന്റെ പീഡനങ്ങളില്‍ നിന്നു വിടുവിക്കേണ്ടതിനുമായി ദൈവം നമ്മെയും ആത്മാവിനാല്‍ നിറയ്ക്കുന്നു. സാത്താനാല്‍ ഉപദ്രവിക്കപ്പെടുന്ന ആളുകളാല്‍ നാം ചുറ്റപ്പെട്ടിരിക്കുന്നു നിരുത്സാഹപ്പെട്ടവര്‍, സന്തോഷമില്ലാതെ വിവാഹിതരായവര്‍, വിവാഹ പങ്കാളികളാല്‍ ക്ലേശിപ്പിക്കപ്പെടുന്നവര്‍, തങ്ങളുടെ മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, ആത്മഹത്യ ചെയ്യാന്‍ പോലും ചിന്തിച്ചിട്ടുള്ളവരും. ദൈവം നമ്മെ ഇങ്ങനെയുള്ള ആളുകളുടെ ഇടയില്‍ ആക്കിയിരിക്കുന്നത്, അവര്‍ പാപത്തില്‍ നിന്നും സാത്താനില്‍ നിന്നും സ്വതന്ത്ര്യവും, സന്തോഷമുള്ളവരും ആകേണ്ടതിന് അവരെ സഹായിക്കുവാനാണ്. യേശുവിനു പോലും ഈ ശുശ്രൂഷ നിവര്‍ത്തിക്കുവാന്‍ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടേണ്ട ആവശ്യം ഉണ്ടായിരുന്നെങ്കില്‍, നമുക്ക് എത്രയധികം! യേശു അഭിഷിക്തനായപ്പോള്‍ ‘ദൈവം അവിടുത്തോടു കൂടെ ഉണ്ടായിരുന്നു’ എന്നു നാം വായിക്കുന്നു. അങ്ങനെ തന്നെ നാമും പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടുമ്പോള്‍ ദൈവം നമ്മോടുകൂടെ ഉണ്ടായിരിക്കും. നാം ദൈവവചനം പ്രഘോഷിക്കുവാന്‍ പ്രസംഗ പീഠത്തില്‍ നില്‍ക്കുമ്പോള്‍ അല്ലെങ്കില്‍ ആരിലെങ്കിലും നിന്ന് ഒരു ഭുതത്തെ പുറത്താക്കുവാന്‍ പോകുമ്പോള്‍, ആ ആളുകളെ അനുഗ്രഹിക്കുവാനായി ദൈവം നമ്മോടു കൂടെ ഉണ്ടായിരിക്കും.