ദിനം തോറുമുള്ള രൂപാന്തരം – WFTW 27 ഒക്ടോബര്‍ 2013

സാക് പുന്നന്‍

   Read PDF version

 ദുഷിച്ചതും,രൂപരഹിതവും,ശൂന്യവും,ഇരുണ്ടതും ആയ ഭൂമിയുടെ പുനര്‍ നിര്‍മ്മാണത്തെക്കുറിച്ച് നാം ഉല്പത്തി ഒന്നാം അദ്ധ്യായത്തില്‍ വായിക്കുന്നു. ആ അദ്ധ്യായത്തിന്റെ അവസാനമെത്തുന്‌പോള്‍ ഭൂമി ഒരിക്കല്‍ക്കൂടി മനോഹരമായിത്തീര്‍ന്നു.ദൈവം തന്നെ അതിനെ നോക്കി പറഞ്ഞു ‘വളരെ നല്ലത്’.

ഉല്പത്തി ഒന്നാം അദ്ധ്യായത്തില്‍ നമുക്കെല്ലാം ഉള്ള ഒരു സന്ദേശമുണ്ട്. മനുഷ്യവര്‍ഗ്ഗത്തിലേക്ക് വന്ന സാത്താന്‍ ഉല്പത്തി 1:2 ല്‍ പറയുന്നതുപോലെ മനുഷ്യനെ ശൂന്യവും,ഇരുണ്ടതും,രൂപരഹിതവും ആക്കി തീര്‍ത്തു. ദൈവത്തിന്റെ പ്രതിരൂപം നമുക്ക് നഷ്ടപ്പെട്ടു. ദൈവം ആദാമിനെ അങ്ങനെയല്ല സൃഷ്ടിച്ചത്. ആദാം എല്ലാം തികഞ്ഞവനായിരുന്നു. എന്നാല്‍ പിശാച് വന്നു മനുഷ്യനെ നശിപ്പിച്ചു. അതിനാല്‍ ദൈവത്തിന് മനുഷ്യനെ പുനര്‍നിര്‍മ്മിക്കേണ്ടതായി വന്നു.

നശിച്ചു പോയ മനുഷ്യനെ പുനര്‍ സൃഷ്ടിക്കുകയെന്നതാണ് ദൈവത്തിന്റെ ഇന്നത്തെ വേല. നിങ്ങള്‍ എത്രമാത്രം രൂപമില്ലാത്തതും ശൂന്യവുമാണെന്നത് ഒരു പ്രശ്‌നമല്ല. ഉല്പത്തി 1 പഠിപ്പിക്കുന്നത് ദൈവത്തിന് നിങ്ങളെ പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയും എന്നാണ്. ഒടുവില്‍ അവിടുത്തെ സ്വഭാവം പ്രതിബിംബിക്കുന്ന തരത്തില്‍ നിങ്ങളെ തികവുള്ളവനാക്കുവാന്‍ അവിടുത്തേക്ക് കഴിയും. അപ്പോള്‍ ദൈവം നിങ്ങളേക്കുറിച്ച് ‘വളരെ നല്ലത്’ എന്ന് സാക്ഷ്യപ്പെടുത്തുവാന്‍ ഇടയാകും. അതാണ് വേദപുസ്തകത്തിലെ ആദ്യ അദ്ധ്യായത്തിലെ സന്ദേശം.

എന്നാല്‍ എങ്ങനെയാണ് ഈ മാറ്റം വന്നത് ? ഈ മാറ്റം എങ്ങനെ നടന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍ അതേ കാര്യം നിങ്ങളുടെ ജീവിതത്തിലും സംഭവിക്കും.

എല്ലാ ദിവസവും ദൈവം തന്റെ വചനം അരുളിചെയ്തു. ആദ്യ ദിവസം ദൈവം ചിലത് അരുളിചെയ്തു.രണ്ടാം ദിവസവും അവിടുന്ന് ചിലത് അരുളിചെയ്തു. അങ്ങനെ എല്ലാ ദിവസവും അവിടുന്ന് സംസാരിച്ചു. വേദപുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തില്‍ നാം കാണേണ്ട കാര്യവും അതുതന്നെയാണ്.  നമ്മുടെ ദൈവം നമ്മോടു സംസാരിക്കുന്ന ജീവനുള്ള ദൈവമാണ് എന്ന കാര്യം നാം കാണണം. നിങ്ങള്‍  രൂപാന്തരപ്പെടണമെന്നുണ്ടെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം നിങ്ങളോട് സംസാരിക്കുന്നത് കേള്‍ക്കണമെന്നതാണ്. ‘മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ; ദൈവത്തിന്റെ വായില്‍ നിന്നും വരുന്ന എല്ലാ വചനങ്ങളാലും ജീവിക്കുന്നു’ (മത്താ 4:4). മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്നുള്ള ദൈവീക പദ്ധതി അതാണ്. അതിനാല്‍ നാം ദിനംതോറും അവിടുത്തെ സ്വരം കേള്‍ക്കുന്നില്ലെങ്കില്‍ രൂപാന്തരപ്പെടുകയില്ല.

ദൈവത്തെ ശ്രദ്ധവെച്ച് കേള്‍ക്കുന്ന സ്വഭാവം നാം വളര്‍ത്തിയെടുക്കണം. ദൈവം എല്ലാ ദിവസവും സംസാരിക്കുന്നു. എന്നാല്‍ മിക്ക വിശ്വാസികളും അത് ശ്രദ്ധിക്കുന്നില്ല. എല്ലാ ദിവസവും കൃത്യമായി വേദപുസ്തകം വായിക്കുന്നവര്‍ പോലും ദൈവത്തെ ‘ശ്രദ്ധിച്ച് കേള്‍ക്കുന്നില്ല’. വേദപുസ്തകം വായിക്കുന്നതും ദൈവത്തെ ശ്രദ്ധവെച്ച് കേള്‍ക്കുകയെന്നതും ഒരു കാര്യമല്ല. ഒരു കഥാപുസ്തകം വായിക്കുന്നതുപോലെ വേദപുസ്തകം വായിക്കാം. അല്ലെങ്കില്‍ രസതന്ത്ര പുസ്തകം പഠിക്കുന്നതുപോലെ പഠിക്കാം. എന്നാല്‍ ദൈവം നിങ്ങളുടെ ഹൃദയത്തോട് പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ അറിയാതിരിക്കുകയും ചെയ്യാം.

നാം ഇവിടെ (ഉല്‍പത്തി 1:2) കാണുന്ന മറ്റൊരു കാര്യം ഇതാണ്. ‘ദൈവത്തിന്റെ ആത്മാവ്’ വെള്ളത്തിന്റെ മേല്‍ വ്യാപരിച്ചുകൊണ്ടിരുന്നു. ദൈവം സംസാരിക്കുന്നത്

കേട്ടതിനുശേഷം നിങ്ങളുടെ മേല്‍ ദൈവത്തിന്റെ ആത്മാവ് വ്യാപരിക്കുന്നതിന് നിങ്ങള്‍ അനുവദിക്കണം.

അപ്പ്‌പോള്‍ മാത്രമേ നിങ്ങള്‍ രൂപാന്തരപ്പെടുകയുള്ളു. ദൈവാത്മാവ് ദൈവവചനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ആദിമുതല്‍ നാം കാണുന്നു. പരിശുദ്ധാത്മാവിനു മാത്രമേ ഒരു മനുഷ്യനെ  വ്യത്യാസപ്പെടുത്തുവാന്‍ കഴിയുകയുള്ളു. ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും ഒരുമിച്ചുള്ള പ്രവര്‍ത്തനം വഴിയാണ് പാഴും ശൂന്യവുമായിരുന്ന ഭൂമിയെ ഭംഗിയുള്ളതാക്കി മാറ്റിയത്.

െ്രെകസ്തവലോകത്തിന് ഇന്ന് വളരെ ആവശ്യമുള്ള കാര്യം സന്തുലിതാവസ്ഥയാണ്. പല വിശ്വാസികളും ദൈവവചനപഠനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ അതേ പ്രാധാന്യം പരിശുദ്ധാത്മാവിലുള്ള ആശ്രയത്തിനു കൊടുക്കുന്നില്ല. പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെയുള്ള ദൈവവചനപഠനം ഉണങ്ങിയ അസ്ഥി പോലെയാണ്, നിര്‍ജ്ജീവമായിരിക്കും. മറ്റു ചിലര്‍ ദൈവവചനത്തെ അവഗണിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്റെ ശുശ്രുഷയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നു. അതിന്റെ ഫലമായി വികാര പ്രകടനങ്ങളിലേക്ക് പോവുകയും അത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയായി തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. പാളം (ദൈവവചനം) തെറ്റിയ ഒരു തിവണ്ടി എഞ്ചിന്‍ പോലെയാണത്. വലിയ ഒച്ചയും ബഹളവുമൊക്കെ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ചക്രങ്ങല്‍ ചെളിയില്‍ പൂണ്ടിരിക്കുന്നതിനാല്‍ മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. അങ്ങനെ ഈ കൂട്ടരും മുന്നോട്ട് നയിക്കപ്പെടുവാന്‍ ദൈവവചനത്തെ അനുവദിക്കാത്തതിനാല്‍ ഒരു പുരോഗതി അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നില്ല