ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ അന്വേഷിക്കുന്നതിനെക്കാള്‍ ദൈവത്തിന്‍റെ അംഗീകാരം അന്വേഷിക്കുക – WFTW 24 സെപ്റ്റംബർ 2017

സാക് പുന്നന്‍

 

ലോകത്തില്‍ രണ്ടുതരം വിശ്വാസികള്‍ ഉണ്ട് – ദൈവത്തിന്‍റെ അനുഗ്രഹം മാത്രം അന്വേഷിക്കുന്നവരും ദൈവത്തിന്‍റെ അംഗീകാരം അന്വേഷിക്കുന്നവരും, ഈ രണ്ടുകൂട്ടരും തമ്മില്‍ ഒരുലോകത്തിന്‍റെ തന്നെ വ്യത്യാസം ഉണ്ട്. വെളിപ്പാട് 7:9-14 ല്‍ വിശ്വാസികളുടെ ഒരു വലിയ പുരുഷാരത്തെക്കുറിച്ചു വായിക്കുന്നു – എണ്ണാന്‍ പോലും കഴിയാത്ത വിധത്തില്‍ അത് അത്ര വലിയതാണ്. അവരുടെ രക്ഷയ്ക്ക് അവര്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്നും അവരുടെ വസ്ത്രങ്ങള്‍ ക്രിസ്തുവിന്‍റെ രക്തത്തില്‍ കഴുകി വെളുപ്പിച്ചിരിക്കുന്നു എന്നുമാണ് അവരുടെ സാക്ഷ്യം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ദൈവം അവരെ അനുഗ്രഹിച്ചിരിക്കുന്നു. ഇതു നല്ല കാര്യമാണ്, ഒരു സംശയവുമില്ല. എന്നാല്‍ ഇത് വെളിപ്പാട് 14:1-5 ല്‍ പറഞ്ഞിരിക്കുന്ന ഒരു കൂട്ടം വിശ്വാസികളുടെ സാക്ഷ്യത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒന്നാണ്. അവിടെ എണ്ണാന്‍ കഴിയുന്ന ഒരു ചെറിയ കൂട്ടത്തെക്കുറിച്ചു നാം വായിക്കുന്നു. വാസ്തവത്തില്‍ അവര്‍ 144000 പേര്‍ മാത്രമെയുളളൂ – ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ലക്ഷക്കണക്കിനാളുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണ് അവര്‍ എന്ന കാര്യം പരിഗണിക്കുമ്പോള്‍, അത് ഒരു ചെറിയ സംഖ്യയാണ്. അവരുടെ സാക്ഷ്യം, അവര്‍ ഭൂമിയില്‍ വെച്ച് പൂര്‍ണ്ണമായി ക്രിസ്തുവിനെ അനുഗമിച്ചു, അവരുടെ വായില്‍ ഭോഷ്ക് ഉണ്ടായിരുന്നില്ല, അവര്‍ സ്ത്രീകളാല്‍ (വെളിപ്പാട് 17 ല്‍ പറഞ്ഞിട്ടുളള സ്ത്രീകള്‍- മഹതിയാം ബാബിലോണും അവളുടെ പുത്രിമാരും) മലിനപ്പെടാതെ തങ്ങളെ തന്നെ സൂക്ഷിച്ചു. അല്ലെങ്കില്‍ മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവര്‍ ദൈവത്തെ പ്രസാദിപ്പിച്ചു. ഇവിടെയുളള വ്യത്യാസം ശ്രദ്ധിക്കുക. ആദ്യത്തെ കൂട്ടര്‍ ദൈവത്തിന്‍റെ അനുഗ്രഹം പ്രാപിച്ചു. രണ്ടാമത്തെ കൂട്ടര്‍ ദൈവത്തിന്‍റെ അംഗീകാരം പ്രാപിച്ചു. നാം അന്വേഷിക്കുന്നതു നമുക്കു കിട്ടും. ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ കൊണ്ടു നാം തൃപ്തരാണെങ്കില്‍, അതായിരിക്കും നമുക്കു കിട്ടുന്നത്. ദൈവത്തിന്‍റെ ഭൗതിക അനുഗ്രഹങ്ങള്‍ കൊണ്ടുമാത്രം നാം തൃപ്തരാണെങ്കില്‍, അവിടുത്തെ ആത്മീക അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ നാം മുന്നേറുക പോലുമില്ല.

അനേകം വിശ്വാസികളും ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുന്നതു കൊണ്ട് തൃപ്തരാണ് – അതും മിക്കവാറും ഭൗതീക വിഷയത്തില്‍ മാത്രം അതു കൊണ്ടാണ് ക്രിസ്തീയ പുസ്തക വില്‍പ്പനശാലകളില്‍, ഒരാള്‍ക്ക് തന്‍റെ രോഗത്തില്‍ നിന്ന് എങ്ങനെ സൗഖ്യം പ്രാപിക്കാം, ദശാംശം നല്‍കുന്നതുവഴി എങ്ങനെ സമ്പന്നനാകാം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുളള പുസ്തകങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നത് – ആരോഗ്യവും അഭിവൃദ്ധിയും. ഇത് സ്വയ- കേന്ദ്രീകൃത ജീവിതത്തിന്‍റെ ഏറ്റവും വ്യക്തമായ ലക്ഷണമാണ്. എന്നാല്‍ ദൈവ വചനത്തില്‍ നാം വായിക്കുന്നത്, നാം ഇനി നമുക്കുവേണ്ടി തന്നെ ജീവിക്കാതെ അവിടുത്തേക്കു വേണ്ടി മാത്രം ജീവിക്കുവാനാണ് യേശു മരിച്ചത് എന്നാണ് ( 2 കൊരി 5:15); മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ നാം നമ്മെ തന്നെ പ്രസാദിപ്പിക്കുവാനല്ല എന്നാല്‍ അവിടുത്തെ മാത്രം പ്രസാദിപ്പിക്കുവാനാണ്. ഇനിയും മറ്റൊരു വിധത്തില്‍ നോക്കിയാല്‍, യേശു മരിച്ചത് നമ്മെ സ്വയ- കേന്ദ്രീകൃത ജീവിതത്തില്‍ നിന്നു വിടുവിച്ച് ദൈവത്തില്‍ കേന്ദ്രീകരിച്ച ജീവിതത്തിലേക്കു കൊണ്ടു വരുവാനാണ്.

സ്വഭാവത്തില്‍ തന്നെ തീര്‍ത്തും ഒത്തുതീര്‍പ്പു രീതിയിലുളള അനേക ക്രിസ്തീയ പ്രവര്‍ത്തനങ്ങളെ ദൈവം അനുഗ്രഹിക്കുന്ന വിധം ആണ് ഈ നാളുകളില്‍ നമ്മെ കുഴയ്ക്കുന്ന കാര്യങ്ങളില്‍ ഒന്ന് അവിടുത്തെ വചനത്തില്‍ നിന്ന് വ്യതിചലിച്ച് നടത്തുന്ന ഒത്തു തീര്‍പ്പു രീതികളാല്‍ ദൈവം അസ്വസ്ഥനാകുന്നില്ല എന്നാണോ ഇതിന്‍റെ അര്‍ത്ഥം. അല്ല, തീര്‍ച്ചയായും അതിന്‍റെ അര്‍ത്ഥം അതല്ല. ദൈവത്തിന് ഒട്ടും അംഗീകരിക്കാന്‍ പറ്റാത്ത അനേകം ശുശ്രൂഷകളെ അവിടുന്ന് അനുഗ്രഹിക്കുന്നുണ്ട്. മോശെ ദൈവവചനത്തോട് അനുസരണക്കേട് കാണിച്ച് പാറയെ അടിച്ചപ്പോള്‍ പോലും (പാറയോട് കല്‍പ്പിക്കുവാന്‍ ദൈവം അദ്ദേഹത്തോട് അരുളി ചെയ്തിരിക്കെ), ദൈവം ആ അനുസരണം കെട്ട ശുശ്രൂഷയെ അനുഗ്രഹിച്ചു. വാസ്തവത്തില്‍ 20 ലക്ഷം പേര്‍ അതിലൂടെ അനുഗ്രഹിക്കപ്പെട്ടു. എന്നിട്ടും ദൈവം തന്‍റെ അനുസരണം കെട്ട ദാസനോട് പിന്നീട് വളരെ കര്‍ശനമായി ഇടപെട്ടു (സംഖ്യ 20:8-13). ദൈവം ആശുശ്രൂഷയെ അനുഗ്രഹിച്ചത് ആവശ്യത്തിലിരുന്ന ഇരുപതു ലക്ഷം ആളുകളെ അവിടുന്നു സ്നേഹിച്ചതു കൊണ്ടാണ്, അല്ലാതെ അവിടുന്നു തന്‍റെ ദാസന്‍ ചെയ്തതിനെ അംഗീകരിച്ചതു കൊണ്ടല്ല. ഇന്നും അത് അങ്ങനെ തന്നെയാണ്. അനേകം ശുശ്രൂഷകളും അനുഗ്രഹിക്കപ്പെടുന്നത്, രക്ഷ, സൗഖ്യം മുതലായ കാര്യങ്ങള്‍ ആവശ്യമുളള ജനങ്ങളെ ദൈവം സ്നേഹിക്കുന്നതു കൊണ്ടാണ്. എന്നാല്‍ യേശുവിന്‍റെ നാമത്തില്‍ ഇന്നു നടക്കുന്ന അധികം കാര്യങ്ങളും അവിടുന്ന് അംഗീകരിക്കുന്നില്ല. ഒത്തു തീര്‍പ്പുകാരായ പ്രാസംഗികരെ തീര്‍ച്ചയായി അവിടുന്ന് യഥാസമയം ശിക്ഷിക്കും.

ദൈവത്തിന്‍റെ ഭൗതിക അനുഗ്രഹങ്ങള്‍ ലഭിക്കുവാന്‍ നാം നിറവേറ്റേണ്ട ഒരേ ഒരു വ്യവസ്ഥ, ഒരാള്‍ ഒന്നുകില്‍ നല്ലവനായിരിക്കണം അല്ലെങ്കില്‍ ദുഷ്ടനായിരിക്കണം! കാരണം യേശു പറഞ്ഞത് ദൈവം നീതിമാന്‍റെ മേലും ദുഷ്ടന്‍റെ മേലും വെയിലും മഴയും അയക്കുന്നു എന്നാണ് ( മത്താ: 5:45) അതു കൊണ്ട് ഭൗതിക നന്മ, ഒരുവന്‍റെ ജീവിതത്തിന്മേല്‍ ഉളള ദൈവത്തിന്‍റെ അംഗീകാരത്തിന്‍റെ അടയാളമല്ല. 20 ലക്ഷം യിസ്രായേല്യര്‍ മരുഭൂമിയില്‍ 40 വര്‍ഷങ്ങളോളം ദൈവത്തോട് അനുസരണക്കേട് കാണിച്ചു – അതുകൊണ്ട് ദൈവം അവരോട് കോപിച്ചു (എബ്രാ. 3:17).എങ്കിലും ദൈവം ആ വര്‍ഷങ്ങളിലുടനീളം അവര്‍ക്ക് ആഹാരവും ശാരീരിക സൗഖ്യവും കൊടുത്തു- അതും അത്ഭുതകരമായി (ആവര്‍ത്തനം 8:2). അതു കൊണ്ട് ഭൗതിക വിഷയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് അത്ഭുതകരമായി മറുപടി ലഭിക്കുന്നു എന്നതു പോലും ഒരുവന്‍റെ ജീവിതത്തോട് ദൈവം സന്തുഷ്ടനാണ് എന്നതിന്‍റെ സൂചനയല്ല.

30 വയസ്സുണ്ടായിരുന്നപ്പോള്‍ യേശുവിന്‍റെ മേല്‍ ദൈവത്തിന്‍റെ അംഗീകാരം നിലകൊണ്ടത് ഒരേ ഒരു കാരണത്താലാണ്. ആ വര്‍ഷങ്ങളിലെല്ലാം യേശു വിശ്വസ്തതയോടെ പ്രലോഭനങ്ങളെ ജയിച്ചു. അവിടുന്ന് തന്നില്‍ തന്നെ കേന്ദ്രീകരിക്കാതെ തന്‍റെ പിതാവില്‍ കേന്ദ്രീകൃതമായ ഒരു ജീവിതമാണ് നയിച്ചിട്ടുളളത്. അവിടുന്ന് തന്നെ തന്നെ പ്രസാദിപ്പിക്കുന്നതൊന്നും ഒരിക്കലും ചെയ്തില്ല (റോമ 15:3). അവിടുത്തെ സ്നാനത്തിന്‍റെ സമയത്ത് പിതാവ് സാക്ഷ്യം പറഞ്ഞത്, ” ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നാണ്. ” ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനെ ഞാന്‍ അനുഗ്രഹിച്ചിരിക്കുന്നു” എന്നല്ല. രണ്ടാമത്തെ സാക്ഷ്യം ഒന്നും ആകുമായിരുന്നില്ല. ദൈവത്തിന്‍റെ അംഗീകാരം സൂചിപ്പിക്കുന്ന ആദ്യത്തെ സാക്ഷ്യമാണ് യേശുവിന് എല്ലാമായിരുന്നത്. യേശുവിനെ അനുഗമിക്കുക എന്നാല്‍ ഇതേ സാക്ഷ്യം തന്നെ നാം നമുക്കുവേണ്ടി അന്വേഷിക്കുക എന്നാണ്.

അനേകം ക്രിസ്ത്യാനികള്‍ സൗകര്യങ്ങളും, സുഖങ്ങളും, സമ്പത്തും അന്വേഷിച്ചു കൊണ്ട് വ്യത്യസ്ത രാജ്യങ്ങളിലെക്കു യാത്ര ചെയ്യുകയോ, അവിടെ കുടിയേറി പാര്‍ക്കുകയോ ചെയ്യുന്നു. അപ്പോഴും അവര്‍ക്ക് തങ്ങളുടെ മേല്‍ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കുവാന്‍ കഴിയും, എന്നാല്‍ ദൈവത്തിന്‍റെ അംഗീകാരം ഉണ്ടായിരിക്കുകയില്ല – കാരണം ദൈവത്തേയും മാമോനെയും (അതായത് സമ്പത്ത്, ആനന്ദം,സുഖം തുടങ്ങിയവ) കൂടെ സേവിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല നമ്മുടെ ജീവിതങ്ങളിലും നമ്മുടെ മക്കളുടെ മേലും ഉളള ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ അവിടുന്ന് നമ്മുടെ കാര്യത്തില്‍ സന്തുഷ്ടനും കൂടെയാണ് എന്നതിന്‍റെ സൂചനയായി നാം കരുതുന്നു എങ്കില്‍, അപ്പോള്‍ പിശാച് നമ്മെ വഞ്ചിച്ചിരിക്കുകയാണ്.

ദൈവത്തിന്‍റെ അനുഗ്രഹവും ദൈവത്തിന്‍റെ അംഗീകാരവും തികച്ചും വ്യത്യസ്തമായ 2 കാര്യങ്ങളാണ്. ഈ ഭൂമിയിലെ നമ്മുടെ ജീവിതാന്ത്യത്തില്‍, നമുക്കുണ്ടായിരിക്കേണ്ട സാക്ഷ്യം,ഈ ഭൂമി വിടുന്നതിനു മുമ്പ് ഹാനോക്കിനുണ്ടായിരുന്ന സാക്ഷ്യമായിരിക്കണം, “അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചു” (എബ്ര,11:5). 3 വാക്കുകള്‍ മാത്രം ഈ ലോക ജീവിതത്തെക്കുറിച്ച് ഇതിനേക്കാള്‍ ശക്തിയുളള ഒരു സാക്ഷ്യം ഉളളവരായിരിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. ഈ സാക്ഷ്യമായിരുന്നു യേശുവിനും പൗലൊസിനും ഉണ്ടായിരുന്നത്. ” അവന്‍ ദൈവത്താല്‍ അനുഗ്രഹീതന്‍ ആയിരുന്നു” എന്നു മാത്രമുളള ഒരു സാക്ഷ്യം ഒരു വിലയുമില്ലാത്തതാണ് കാരണം ലക്ഷകണക്കിന് അവിശ്വാസികള്‍ക്കും ആ സാക്ഷ്യമുളളവരായിരിക്കുവാന്‍ കഴിയും. തന്‍റെ അനുഗ്രഹം മാത്രം അന്വേഷിക്കുന്നവരെ അല്ല, തന്‍റെ അംഗീകാരം അന്വേഷിക്കുന്നവര്‍ക്കു വേണ്ടിയാണ് ദൈവം നോക്കുന്നത്.