അകമേയുള്ള ശുദ്ധീകരണത്തിൻറെ പ്രാധാന്യം – WFTW 05 മെയ്‌ 2013

സാക് പുന്നന്‍

   Read PDF version

പഴയ നിയമത്തിൽ പുറമെയുള്ള കാര്യങ്ങൾക്കാണ് എപ്പോഴും ഊന്നൽ നല്കിയിരുന്നത്. “അവരുടെ ഹൃദയ കാഠിന്യം നിമിത്തം” (മത്തായി 19 :8) ന്യായപ്രമാണം പുറമെയുള്ള ശുദ്ധിക്കാണ് ഊന്നൽ നല്കിയിരുന്നത്. നേരെമറിച്ച് പുതിയ നിയമത്തിൽ ഊന്നൽ ആദ്യം “പാത്രത്തിൻറെ അകം ശുദ്ധിയാക്കുകയെന്നതിനാണ് “(മത്തായി 23:25-26). യേശു ഈ വാക്യത്തിൽ (വാക്യം 26) പറഞ്ഞത് ഒരിക്കൽ അകം ശുദ്ധിയായികഴിഞ്ഞാൽ പുറം താനേ ശുദ്ധിയായികൊള്ളുമെന്നും അതിനാൽ പുറം പ്രത്യേകം ശുദ്ധിയാക്കേണ്ട ആവശ്യം വരുന്നില്ലെന്നുമാണ്.
മത്തായി 5:21-30 വാക്യങ്ങളിൽ ഇത് വ്യക്തമായി കാണാം. ഒരുവൻ തൻറെ ഹൃദയത്തെ കോപത്തിൽനിന്നും ശുദ്ധീകരിച്ചാൽ പുറമെയുള്ള കൊലചെയ്യുക എന്ന അപകടം ഉണ്ടാവുകയില്ല. അതുപോലെ തന്നെ ദുഷിച്ച ലൈംഗീക ചിന്തകളിൽ നിന്നും ഹൃദയത്തെ ശുദ്ധീകരിച്ചാൽ വ്യഭിചാരം ചെയ്യുകയെന്ന പുറമെയുള്ള അപകടം ഒഴിവാക്കാം. പാത്രത്തിൻറെ അകം ശുദ്ധിയാക്കുക പുറം തനിയെ ശുദ്ധിയായിക്കൊള്ളും.
സഭയിലും ഊന്നൽ സിനിമ കാണുക, പുകവലിക്കുക, മദ്യപിക്കുക, ചൂതാട്ടത്തിൽ ഏർപ്പെടുക, ആഭരണങ്ങൾ അണിയുക എന്നിങ്ങനെ പുറമെയുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചാണെങ്കിൽ അതൊരു പഴയനിയമസഭ മാത്രമായിരിക്കും. പുറമെയുള്ള ദൂഷ്യങ്ങളെ ഒഴിവാക്കുവാൻ അവയിൽ കേന്ദ്രീകരിക്കുന്നതിനു പകരം അത്തരം ദൂഷ്യങ്ങൾ ഉളവാക്കുന്ന മനസ്സിലെ ലൗകീക ചിന്തയെ ഒഴിവാക്കുകയാണ് വേണ്ടത്.
സ്വയം വിധിക്കാതെ അകമേയുള്ള ശുദ്ധീകരണം ഒരിക്കലും നടക്കുകയില്ല. അകമേയുള്ള ശുദ്ധീകരണത്തെക്കുറിച്ച് നിരന്തരം പ്രസംഗിക്കാതെ ഒരു സഭ പണിയുവാൻ ഒരിക്കലും കഴിയുകയില്ല. “പാപത്താൽ ഹൃദയം കഠിനപ്പെടാതിരിക്കേണ്ടതിനു നാൾതോറും അന്യോന്യം പ്രബോധിപ്പിക്കുവിൻ” എന്നാണ്  വേദപുസ്തകം പറയുന്നത്.
മിക്ക ക്രിസ്തീയ സഭകളിലും അത്തരം പ്രസംഗത്തിനു താല്പര്യമില്ല. ഒരുപക്ഷെ വല്ലപ്പോഴും പ്രസംഗിച്ചന്നിരിക്കാം. എപ്പോഴുമില്ല എന്ന കാര്യം ഉറപ്പാണ്. അതിനാല അവർ പാത്രം പുറമേ ശുദ്ധീകരിക്കുന്ന പരീശന്മാരെയാണ് സൃഷ്ടിക്കുന്നത്. ഇവിടെ ക്രിസ്തുവിൻറെ കാന്ത വ്യത്യസ്തയായിരിക്കണം.