നമ്മെക്കുറിച്ചു നമ്മുടെ 99% സഹവിശ്വാസികള്‍ക്കുമുള്ള അഭിപ്രായം 100% തെറ്റായിരിക്കാം – WFTW 03 ഫെബ്രുവരി 2013

സാക് പുന്നന്‍ 

   Read PDF version

വെളിപ്പാട് പുസ്തകം 3:1 ല്‍ സര്‍ദ്ദീസിലെ സഭയിലെ ദൂതന് എഴുതിയതായി നാം വായിക്കുന്നു, “ദൈവത്തിന്‍റെ എഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവന്‍ അരുളിചെയ്യുന്നത് ; ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവന്‍ എന്ന് നിനക്ക് പേരുണ്ട്, എങ്കിലും നീ മരിച്ചവനാകുന്നു”.

മറ്റുള്ളവരുടെ മുമ്പില്‍ താനൊരു ആത്മീകനാണെന്നുള്ള പ്രതിച്ഛായ സ്വയം പണിതെടുത്ത ഒരുവനായിരുന്നു സര്‍ദ്ദീസിലെ ദൂതന്‍. എന്നാല്‍ സര്‍ദ്ദീസിലുള്ള അവന്‍റെ സഹവിശ്വാസികള്‍ക്ക് അവനെ കുറിച്ചുണ്ടായിരുന്ന അഭിപ്രായത്തിനു നേരെ വിപരീതമായിരുന്നു ദൈവത്തിനു അവനെക്കുറിച്ചുണ്ടായിരുന്നത്. സര്‍ദ്ദീസിലുള്ള വിശ്വാസികളില്‍ പലരും എത്രമാത്രം ജഡീകരും എത്ര വേഗം കബളിപ്പിക്കപ്പെടുന്നവരും ആയിരുന്നെന്നാണ്‌ ഇത് കാണിക്കുന്നത്.

ജഡീകനായ ഒരു പ്രസംഗകനേയും ആത്മീയനായ ഒരു പ്രസംഗകനേയും  തമ്മില്‍ വേര്‍തിരിച്ചറിയാന്‍ 90% വിശ്വാസികള്‍ക്കും കഴിയുന്നില്ല. അതുപോലെതന്നെ 99% വിശ്വാസികളും ജഡീകശക്തിയും പരിശുദ്ധാത്മശക്തിയും തമ്മില്‍ വേര്‍തിരിച്ചറിയുന്നില്ല.

പല വിശ്വാസികളും ആത്മ വരങ്ങളുടെ പ്രകടനത്താല്‍ ആകര്‍ഷിക്കപ്പെടുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഒരു പ്രസംഗകനേയും മൂപ്പനെയും വിലയിരുത്തുകയും ചെയ്യുന്നു. അങ്ങനെയാണ് അവര്‍ ചതിക്കപ്പെടുന്നത്. ദൈവം ഹൃദയങ്ങളെ നോക്കുന്നു. സര്‍ദ്ദീസിലെ ദൂതന്‍ പല ആത്മവരങ്ങള്‍ ഉള്ളവനായിരിക്കാം, എന്നാല്‍ അവന്‍ ആത്മീകമായി മരിച്ചവനായിരുന്നു.

ഇത് നമുക്കെല്ലാമുള്ള മുന്നറിയിപ്പാണ്. 99% സഹവിശ്വാസികളുടെയും നമ്മെ കുറിച്ചുള്ള അഭിപ്രായം 100% തെറ്റായിരിക്കാം. നമ്മെക്കുറിച്ചുള്ള ദൈവത്തിന്‍റെ അഭിപ്രായം ഇതിനു നേരേ എതിരുമായിരിക്കും.

ഒരു സഭയെ സംബന്ധിച്ചും ഇങ്ങനെ തന്നെ ആയിരിക്കും. ഒരു സഭ ആത്മീയ ഉണര്‍വുള്ളതാണെന്നു മറ്റുള്ളവര്‍ കരുതുമ്പോള്‍ ദൈവം അതിനെ ആത്മീയമായി മരിച്ചതായാണ് അറിയുന്നത്. അതുപോലെ തിരിച്ചും, ദൈവം ആത്മീയമായി ഉണര്‍വ്വുള്ളതെന്നു അറിയുന്ന സഭയെ വിവേചനമില്ലാത്തയാളുകള്‍ നിര്‍ജ്ജീവമെന്ന് കരുതും.

പല വിശ്വാസികളും ഒരു സഭയെ വിലയിരുത്തുന്നത് അവര്‍ യോഗത്തിനു വരുമ്പോള്‍ ലഭിക്കുന്ന സ്വീകരണത്തിന്‍റെയും, സഭയുടെ വലിപ്പത്തിന്‍റെയും, അവിടെ നടക്കുന്ന പാട്ടിന്‍റെയും, വികാരപരവും ബുദ്ധിപരവുമായ പ്രസംഗങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ദൈവം ഈ കാര്യങ്ങള്‍ ഒന്നിനാലും ആകര്‍ഷിക്കപ്പെടുന്നില്ല.

ദൈവം ഒരു സഭയെ വിലയിരുത്തുന്നത് അതിലെ അംഗങ്ങളുടെ ഹൃദയത്തില്‍ ക്രിസ്തുവിനു സമാനമായ താഴ്മ, വിശുദ്ധി, സ്നേഹം, സ്വയത്തില്‍ നിന്നുള്ള വിടുതല്‍ എന്നിവയുണ്ടോ എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. ഒരു സഭയെ ദൈവം വിലയിരുത്തുന്നതും മനുഷ്യന്‍ വിലയിരുത്തുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പലപ്പോഴും അങ്ങനെയാണുതാനും.

 

(മൊഴിമാറ്റം: സാജു ജോസഫ്, ആലപ്പുഴ)