സാക് പുന്നന്‍
ആവര്‍ത്തനപുസ്തകം 11:18 -21 (കെജെവി) വരെയുളള വാക്യങ്ങളില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “നിങ്ങളുടെ ദിവസങ്ങള്‍ ഭൂമിയിലെ സ്വര്‍ഗ്ഗീയ ദിനങ്ങള്‍ എന്ന പോലെ ആയിരിക്കേണ്ടതിന് എന്‍റെ വചനങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ സംഗ്രഹിക്കുക”. എന്തൊരു പദപ്രയോഗമാണത്, “നിങ്ങളുടെ ദിനങ്ങള്‍ ഭൂമിയിലെ സ്വര്‍ഗ്ഗീയ ദിനങ്ങള്‍ പോലെ ആയിരിക്കേണ്ടതിന്”. സ്വര്‍ഗ്ഗത്തിലെ ദിവസങ്ങള്‍ എങ്ങനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കുക. സ്വര്‍ഗ്ഗത്തില്‍ കിടമത്സരമോ, കലഹമോ ഒന്നുമില്ല, എന്നാല്‍ അവിടെയുളളത് സമാധാനവും സന്തോഷവും മാത്രം. എല്ലാറ്റിനുമുപരി എല്ലായിടത്തും സ്നേഹം മാത്രം. നമുക്ക് അങ്ങനെയുള്ളൊരു ഭവനം ഉണ്ടായിരിക്കുവാന്‍ കഴിയും – ഭൂമിയിലെ ഓരോ ദിവസവും ഒരു സ്വര്‍ഗ്ഗീയ ദിനം ആയിരിക്കുന്ന ഒരു ഭവനം. എല്ലാ ഭവനങ്ങളും ആ വിധത്തിലുളളതായിരിക്കണമെന്നാണ് ദൈവം ഉദ്ദേശിച്ചത്.
വേദപുസ്തകം ആരംഭിക്കുന്നത് ആദാമിന്‍റെയും ഹവ്വായുടെയും വിവാഹത്തോടു കൂടിയാണ്. തന്‍റെ ജനവുമായുളള, തന്‍റെ സഭയുമായുളള ക്രിസ്തുവിന്‍റെ വിവാഹത്തോടുകൂടിയാണ് അതവസാനിക്കുന്നത്. ദൈവം ആ ആദ്യവിവാഹം നടത്തിയപ്പോള്‍ – ആദാമിന്‍റെയും ഹവ്വായുടെയും വിവാഹം – അവരുടെ നാളുകള്‍ ഭൂമിയിലെ സ്വര്‍ഗ്ഗീയ നാളുകള്‍ എന്ന പോലെ ആയിരിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിച്ചത്. അവരുടെ ആദ്യ ഭവനം ഒരു പറുദീസ ആയിരുന്നു – ഏദെന്‍. എന്നാല്‍ സാത്താന്‍ അവിടെ കടന്നുവരികയും അവരുടെ ഭവനം ഒരു നരകമാക്കി തീര്‍ക്കയും ചെയ്തു. ഇപ്പോള്‍ ലോകത്തില്‍ നരകതുല്യമായ അനേകം ഭവനങ്ങള്‍ ഇന്നു നമുക്കുകാണാം. എന്നാല്‍ കഥയുടെ അവസാനം അതല്ലാത്തതിനാല്‍ ദൈവത്തിനു സ്തോത്രം. ആദാം പാപം ചെയ്ത ഉടനെ, ഏദനില്‍ വച്ചുതന്നെ, സാത്താന്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ദൈവം തന്‍റെ പുത്രനെ അയക്കുമെന്ന് അവിടുന്ന് വാഗ്ദത്തം ചെയ്തു. അവിടെയാണ് ഈ വലിയ സത്യം നാം കാണുന്നത്: ദൈവം എപ്പോഴും പിശാചിനെതിരായി നമ്മുടെ പക്ഷത്താണ് എന്ന സത്യം. ആദാമിന്‍റെ പാപം നിമിത്തം ദൈവം ഭൂമിയെ ശപിക്കുന്നതിനു മുമ്പ് അവിടുന്ന് ആദാമിനോടും ഹവ്വായോടും പറഞ്ഞത്, സ്ത്രീയില്‍ നിന്നു ജനിക്കുന്ന ഒരു സന്തതി പിശാചിന്‍റെ തല തകര്‍ക്കും എന്നാണ്. അതിനുശേഷം മാത്രമാണ് ദൈവം അവര്‍ക്കുളള ശിക്ഷ പ്രഖ്യാപിച്ചത്. പിശാച് വന്ന് കാര്യങ്ങളെ കുഴച്ചുമറിച്ചെങ്കിലും, ദൈവം പിശാചിനെതിരായി അവരുടെ പക്ഷത്താണെന്ന് ആദാമും ഹവ്വായും അറിയണമെന്ന് അവിടുന്നാഗ്രഹിച്ചു. ഏതു ഭവനത്തിലും പിശാച് എന്തൊക്കെ ചെയ്താലും അതു കാര്യമല്ല, ദൈവം ഭവനങ്ങളെ വീണ്ടെടുക്കുന്ന പ്രവൃത്തിയില്‍ വ്യാപൃതനാണ്. നമ്മുടെ ഭവനങ്ങളെക്കുറിച്ചുളള അവിടുത്തെ പ്രാരംഭ പദ്ധതിയിലേക്ക്, നമ്മുടെ നാളുകള്‍ ഭൂമിയിലെ സ്വര്‍ഗ്ഗത്തിന്‍റെ നാളുകള്‍ എന്ന പോലെ ആകുക എന്നതിലേക്ക്, നമ്മുടെ ഭവനങ്ങളെ തിരിച്ചു കൊണ്ടുവരുവാന്‍ അവിടുന്നാഗ്രഹിക്കുന്നു. ഇപ്പോള്‍ ക്രിസ്തുവന്ന് വീണ്ടെടുപ്പിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിച്ചതിനാല്‍, നമുക്കോരോരുത്തര്‍ക്കും ഇതൊരു യഥാര്‍ത്ഥ സാധ്യത ആയിരിക്കുന്നു. അന്യോന്യം സ്നേഹിക്കുന്നതിനെക്കുറിച്ചു മൂന്നു കാര്യങ്ങള്‍ പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
1. സ്നേഹം അഭിനന്ദനം പ്രകടിപ്പിക്കുന്നു. വിവാഹിതരുടെ സ്നേഹത്തെക്കുറിച്ചുളള ഒരു സമ്പൂര്‍ണ്ണ പുസ്തകം ദൈവം വേദപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് – ശലോമോന്‍റെ ഉത്തമഗീതം, വിവാഹിതരായ എല്ലാ ദമ്പതികളും ആ പുസ്തകം അന്യോന്യം വായിച്ചു കേള്‍പ്പിക്കണം! ഒരു ഭര്‍ത്താവും ഭാര്യയും തമ്മില്‍ തമ്മില്‍ എങ്ങനെ സംസാരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നത് കാണുന്നത് വളരെ ആശ്ചര്യകരമാണ്. വേദപുസ്തകത്തിലെ മറ്റു പുസ്തകങ്ങളെ പോലെ തന്നെ ആ പുസ്തകവും ആത്മപ്രേരിതമായി എഴുതപ്പെട്ട വചനങ്ങളാണ്! .ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ അന്യോന്യം അഭിനന്ദിക്കാന്‍ നാം എല്ലാവരും പഠിക്കേണ്ടതിന് ഈ പുസ്തകത്തില്‍ നിന്ന് ഏതാനും ഭാഗങ്ങള്‍ ഞാന്‍ നിങ്ങളെ വായിച്ചു കേള്‍പ്പിക്കട്ടെ. അഭിനന്ദനം പ്രകടിപ്പിക്കുന്ന കാര്യത്തിലേക്കു വരുമ്പോള്‍ നാം എല്ലാവരും പിശുക്കന്മാരാണ്. വിമര്‍ശിക്കുവാന്‍ നാം വേഗതയുളളവരാണ്. എന്നാല്‍ അഭിനന്ദിക്കുന്നകാര്യത്തില്‍ വളരെ മന്ദഗതിയിലാണ്. നാം ആളുകളെ നോക്കിയിട്ട് അവരില്‍ വളരെയധികം തെറ്റുകള്‍ കണ്ടുപിടിക്കുന്നു. അത് മനുഷ്യ പ്രകൃതിയാണ്. അങ്ങനെയാണ് അപവാദിയായ പിശാചിന് നമ്മില്‍ ഇടം ലഭിക്കുന്നത്. മറിച്ച് മറ്റുളളവരെ നോക്കുമ്പോള്‍, അവരെ അഭിനന്ദിക്കുവാനുളള ചില കാര്യങ്ങള്‍ കണ്ടെത്തുമെങ്കില്‍, ദൈവത്തിനു നമ്മില്‍ ഒരിടം ലഭിക്കുന്നു. ഇവിടെ നമുക്ക് ഓരോരുത്തനും നമ്മുടെ സ്വഭാവം ശോധന ചെയ്യാം.
ഇവിടെ ഉത്തമഗീതത്തില്‍ ഭര്‍ത്താവ് ഭാര്യയോട് എന്താണ് പറയുന്നതെന്നു കാണുക ( മെസ്സേജ് ബൈബിളില്‍ നിന്ന്) എന്‍റെ പ്രിയേ ആ പാദചൂഡം നീ സുന്ദരി തന്നെ. ഉപമിക്കാന്‍ പറ്റാത്തവിധം നീ സര്‍വ്വാംഗസുന്ദരി, നിന്നില്‍ യാതൊരു ഊനവുമില്ല എന്‍റെ പരമാനന്ദത്തിന്‍റെ ചേതോഹരമായ ദൃശ്യങ്ങള്‍ പോലെ നീ മനോഹരിയാണ്. നിന്‍റെ സ്വരം ആശ്വാസ പ്രദവും നിന്‍റെ മുഖം ആകര്‍ഷണീയവുമാണ്. എന്‍റെ പ്രിയസഖീ നിന്‍റെ ആന്തരികവും ബാഹ്യവുമായ സൗന്ദര്യം പൂര്‍ണ്ണമാണ്. നീ ഒരു പറുദീസയാണ്. നീ എന്‍റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു. നിന്‍റെ നോട്ടം കൊണ്ട് എന്നെ പ്രേമത്തില്‍ വീഴ്ത്തിയിരിക്കുന്നു. എന്‍റെ മേലുളള ഒരു നോട്ടം കൊണ്ട് ഞാന്‍ പ്രേമപരവശനായിരിക്കുന്നു. എന്‍റെ ഹൃദയം ഹര്‍ഷപുളകിതമായിരിക്കുന്നു. ഓ, നിന്നെ കാണുമ്പോള്‍ എനിക്കു ലഭിക്കുന്ന അനുഭൂതികളും എന്‍റെ ആഗ്രഹങ്ങളുടെ ഉത്തേജനങ്ങളും വളരെയാണ് . ഞാന്‍ മറ്റാര്‍ക്കുമുളളവനല്ല. ഭൂമിയില്‍ നിന്നെ പോലെ വേറെ ആരുമില്ല. ഇതുവരെ ഒരിക്കലും ആരും ഉണ്ടായിട്ടില്ല, ഇനി ഒരിക്കലും ഉണ്ടാകുകയുമില്ല. നീ അനുപമയായ ഒരു സ്ത്രീതന്നെ. ഇനി ഭാര്യ പറയുന്നതെന്താണെന്നു കേള്‍ക്കുക. ഇനി പറയുന്നവതാണ് അവളുടെ പ്രതികരണം; ” എന്‍റെ പ്രിയനെ നീ അതിസുന്ദരന്‍! നീ ലക്ഷങ്ങളില്‍ ഉത്തമന്‍. നിന്നെപോലെ വേറെ ആരുമില്ല! നീ പൊന്‍നിറമുളളവന്‍ – ദുര്‍ഘട പര്‍വ്വതത്തെ പോലെയുളള ഒരു പുരുഷനാണ് നീ. നിന്‍റെ വാക്കുകള്‍ ഊഷ്മളമായതും ധൈര്യം പകരുന്നതുമാണ്. നിന്‍റെ വാക്കുകള്‍ ചുംബനങ്ങള്‍ പോലെയും നിന്‍റെ ചുംബനങ്ങളെല്ലാം വാക്കുകളുമാണ്.നിന്നെക്കുറിച്ചുളളതെല്ലാം എന്നെ സന്തോഷിപ്പിക്കുന്നു. നീ എന്നില്‍ ആസകലം ഉള്‍പുളകം ഉളവാക്കുന്നു! ഞാന്‍ നിനക്കായി വാഞ്ചിക്കുന്നു. എനിക്കു നിന്നെ വേണമെന്ന് തീവ്രമായി ഞാന്‍ ആഗ്രഹിക്കുന്നു. നിന്‍റെ അസാന്നിദ്ധ്യം എനിക്ക് വേദനാജനകമാണ്. ഞാന്‍ നിന്നെ കാണുമ്പോള്‍ ഞാന്‍ എന്‍റെ കരങ്ങള്‍ കൊണ്ടു ചുറ്റി നിന്നെ മുറുകെപിടിക്കും. ഞാന്‍ നിന്നെ പോകാന്‍ അനുവദിക്കുകയില്ല. ഞാന്‍ നിനക്കു മാത്രമുളളവളാണ്, നീ എന്‍റെ ഏക കാമുകനും എന്‍റെ ഏക പുരുഷനുമാണ്.
2. സ്നേഹം ക്ഷമിക്കുന്നതില്‍ വേഗതയുളളതാണ്: കുറ്റം പറയുന്നതിന് താമസവും ക്ഷമിക്കുന്നതിന് വേഗതയുളളതുമാണ് സ്നേഹം. ഓരോ വിവാഹ ജീവിതത്തിലും ഭര്‍ത്താവിനും ഭാര്യയ്ക്കും ഇടയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ആ പ്രശ്നങ്ങളെ നിങ്ങള്‍ പുറകിലത്തെ അടുപ്പിലേക്കു വച്ചാല്‍ അതു തിളച്ചു മറിഞ്ഞുകൊണ്ടിരിക്കും എന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് ക്ഷമിക്കുവാനും ക്ഷമചോദിക്കുവാനും വേഗതയുളളവരായിരിക്കുക. അതു ചെയ്യുവാന്‍ വൈകുന്നേരം വരെ കാത്തിരിക്കരുത്. നിങ്ങളുടെ പാദത്തില്‍ രാവിലെ ഒരു മുളളു കൊണ്ടുകയറിയാല്‍, നിങ്ങള്‍ അത് ഉടനെ തന്നെ പുറത്ത് എടുക്കും. നിങ്ങളുടെ ജീവിതപങ്കാളിയെ ദുഃഖിപ്പിക്കുമ്പോള്‍, നിങ്ങള്‍ അവനെ/ അവളെ ഒരു മുളളുകൊണ്ടു കുത്തുകയാണ് ചെയ്യുന്നത്. അതു പെട്ടന്നുതന്നെ പുറത്തെടുക്കുക. പെട്ടന്നുതന്നെ ക്ഷമചോദിക്കുകയും വേഗത്തില്‍ ക്ഷമിക്കുകയും ചെയ്യുക.
3. ഒരാള്‍ തന്‍റെ ജീവിതപങ്കാളിയുമായി ചേര്‍ന്ന് – തനിച്ചല്ല -കാര്യങ്ങള്‍ ചെയ്യുന്നതില്‍ സ്നേഹത്തിന് വളരെ ഉത്സാഹമുണ്ട്. പിശാച് ഹവ്വായെ പരീക്ഷിക്കുവാന്‍ ഏദെനില്‍ വന്നപ്പോള്‍ “ഞാന്‍ തീരുമാനമെടുക്കുതിനു മുമ്പ് എന്‍റെ ഭര്‍ത്താവിനോട് ആലോചിക്കട്ടെ” എന്ന് ഹവ്വാ ഒന്നു പറഞ്ഞിരുന്നെങ്കില്‍ മനുഷ്യന്‍റെ ചരിത്രം എത്ര വ്യത്യസ്തമാകുമായിരുന്നു. ഓ, അപ്പോള്‍ അത് എന്തു വിഭിന്നമായ ഒരു കഥയാകുമായിരുന്നു. ഈ ലോകത്തില്‍ എല്ലാ പ്രശ്നങ്ങളും ഉയരുന്നതിന്‍റെ കാരണം, ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് ഒരു സ്ത്രീക്ക് അതിനെക്കുറിച്ച് കൂടി ആലോചിക്കുവാന്‍ കഴിയുമായിരുന്ന ഒരു കൂട്ടാളിയെ ദൈവം നല്‍കിയിരിക്കെ, അതു ചെയ്യാതെ അവളുടെ സ്വന്തമായ തീരുമാനം എടുത്താണ് എന്ന് ഓര്‍ക്കുക. യഥാര്‍ത്ഥസ്നേഹം ഒരുമിച്ചു ചേര്‍ന്ന് കാര്യങ്ങള്‍ ചെയ്യുന്നു. ഒരുവനെക്കാള്‍ ഇരുവര്‍ എപ്പോഴും നല്ലതാണ്.