നിങ്ങളുടെ മനസ്സിലുള്ള സാത്താന്‍റെ കോട്ടകളെ തകര്‍ക്കുക – WFTW 10 ഫെബ്രുവരി 2013

old medieval ruins of dunluce castle on ocean coast in northern ireland famous place in uk

സാക് പുന്നന്‍ 

ഗോലിയാത്ത് യിസ്രായേലിനെ ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോള്‍ ദൈവ മഹത്വത്തെയും ദൈവ ജനത്തിന്‍റെ അഭിമാനത്തെയും സംബന്ധിച്ച് ദാവീദിനുണ്ടായ തീവ്ര വികാരം ശ്രദ്ധിക്കുക,”ജീവനുള്ള ദൈവത്തിന്‍റെ സേനകളെ നിന്ദിക്കുവാന്‍ ഈ അഗ്രചര്‍മ്മിയായ ഫെലിസ്ത്യന്‍ ആര്‍?” എന്ന് പറഞ്ഞു (1ശമുവേല്‍17:26). യിസ്രായേല്‍ ജനം മരുഭൂമിയില്‍ ഉഴന്നു നടന്ന തങ്ങളുടെ പൂര്‍വ്വ-പിതാക്കന്മാരെപ്പോലെ അവിശ്വാസികളായിരുന്നപ്പോള്‍ യോശുവായുടെയും കാലേബിന്‍റെയും കൂടെയിരുന്ന് ദൈവം അനാക്യമല്ലന്മാരോട് ചെയ്തത് ദാവീദ് അറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഗോലിയാത്തിനെ നേരിടുവാന്‍ അവന്‍ സ്വയം മുന്നോട്ടു വന്നത്.

ശൌല്‍ ദാവീദിനെ പരിഹസിച്ചു ചിരിച്ചുകൊണ്ട്; അവന്‍ കേവലം ഒരു ബാലനാണെന്നു പറഞ്ഞപ്പോള്‍ (ദാവീദിന് അപ്പോള്‍ ഒരു പക്ഷെ 17 വയസ്സായിരുന്നിരിക്കാം പ്രായം) ദാവീദ്   ശൌലിനോട് തന്‍റെ സ്വകാര്യ ജീവിതത്തിലെ ചില സംഭവങ്ങള്‍ ഇതുവരെ  – തന്‍റെ മാതാപിതാക്കളോടടക്കം – ആരോടും പറയാത്തത് പറഞ്ഞു. അവന്‍ ശൌലിനോട്, “അടിയന്‍ അപ്പന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ ഒരു സിംഹവും, ഒരിക്കല്‍ ഒരു കരടിയും വന്നു കൂട്ടത്തില്‍ നിന്ന് ആട്ടിന്‍കുട്ടിയെ പിടിച്ചു. ഞാന്‍ പിന്തുടര്‍ന്ന് അതിനെ അടിച്ചു അതിന്‍റെ വായില്‍നിന്നു ആട്ടിന്‍കുട്ടിയെ വിടുവിച്ചു. അത് എന്‍റെ നേരെ വന്നപ്പോള്‍ ഞാന്‍ അതിന്‍റെ താടിക്ക് പിടിച്ച് അടിച്ചു കൊന്നു. ഇങ്ങനെ അടിയന്‍ സിംഹത്തെയും കരടിയേയും കൊന്നു (1ശമുവേല്‍ 17:34-36). ശിംശോന്‍റെ മേല്‍ ആത്മാവ്‌ വന്നപ്പോള്‍ അവനെന്താണ് ചെയ്തതെന്ന് ദാവീദ് അറിഞ്ഞിരുന്നു. അതിനാല്‍ ശമുവേല്‍ തന്നെ അഭിഷേകം ചെയ്തതിനു ശേഷം, ദൈവം ശിംശോനെ സഹായിച്ചതുപോലെ തന്നെയും സഹായിക്കും എന്ന് ദാവീദിന് അറിയാമായിരുന്നു. ദൈവം അങ്ങനെ തന്നെ ചെയ്തു.

ഒരു കുഞ്ഞാടിന്‍റെ ജീവന്‍ രക്ഷിക്കുവാന്‍ ഒരു സിംഹത്തിന്‍റെ പുറകെ യിസ്രായേലിലെ എത്ര ഇടയന്മാര്‍ പോകും? തന്‍റെ ആട്ടിന്‍കൂട്ടത്തിലെ ഒരു കുഞ്ഞാടിനോട് പോലുമുള്ള ദാവീദിന്‍റെ കരുതല്‍ ദൈവം കണ്ടു. അതിനാലാണ് അവിടുന്ന് ദാവീദിനെ യിസ്രായേലിന്‍റെ ഇടയന്‍ ആക്കിയത്. സാത്താന്‍ ബലഹീനനായ ഒരു സഹോദരനെ പിടിക്കുമ്പോള്‍, ഇടയന്‍റെ ചുമതലയാണ് സാത്താന്‍റെ പുറകെ പോയി ആത്മീയ പോരാട്ടത്തിലൂടെ ആ സഹോദരനെ സാത്താന്‍റെ പിടിയില്‍നിന്നും രക്ഷിക്കുക എന്നത്. അങ്ങനെയുള്ള ഇടയന്മാരെയാണ് ദൈവം ഇന്നും അന്വേഷിക്കുന്നത്.

ഗോലിയാത്തിനെ പരസ്യമായി നേരിടുന്നതിനു മുമ്പ് ആദ്യം നമ്മുടെ സ്വകാര്യ ജീവിതത്തിലെ ശത്രുക്കളെ കൊല്ലണം. എന്നുകൂടി ഈ കഥ നമ്മെ പഠിപ്പിക്കുന്നു. നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ വരുന്ന സിംഹത്തെയും കരടിയേയും തോല്‍പ്പിച്ചില്ലെങ്കില്‍ പരസ്യമായി ഒരു ഗോലിയാത്തിനെ നേരിടുവാന്‍ ദൈവം നിങ്ങളെ വിളിക്കുമെന്ന് ചിന്തിക്കരുത്. സാത്താന്‍റെ കോട്ടകളെ തകര്‍ക്കുന്ന പരസ്യ ശുശ്രൂഷ പലരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവര്‍ ആദ്യം സ്വന്തം മനസ്സിലുള്ള സാത്താന്‍റെ കോട്ടകളെ തകര്‍ത്തു തുടങ്ങണം. സ്വകാര്യ ജീവിതത്തില്‍ ദൈവ നാമത്തെകുറിച്ചും തനിക്കു ചുറ്റുമുള്ള എളിയവരെ കുറിച്ചും ഒരു വിചാരം അവരില്‍ ഉണ്ടാകണം.

ഗോലിയാത്തില്‍ നിന്ന് അല്‍പമെങ്കിലും സംരക്ഷണം ലഭിക്കേണ്ടതിനു തന്‍റെ പടച്ചട്ടയെങ്കിലും അണിയാന്‍ ശൌല്‍ ദാവീദിനോട്  പറഞ്ഞു. ശൌലിന്‍റെ പടച്ചട്ടയിലോ അതോ സര്‍വ്വശക്തനായ ദൈവത്തിലോ ദാവീദ് ആശ്രയിച്ചത്? ഒടുവില്‍ ദാവീദ് അതെല്ലാം ഊരിമാറ്റിയതിനുശേഷം ദൈവത്തില്‍ ആശ്രയിച്ചു മുന്നോട്ടു പോയി. അവന്‍ ഗോലിയാത്തിനോട് പറഞ്ഞു, “നീ വാളും കുന്തവും വേലുമായി എന്‍റെ നേരെ വരുന്നു. ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേല്‍ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തില്‍ നിന്‍റെ നേരെ വരുന്നു” (വാക്യം 45). അങ്ങനെ അവന്‍ ഒറ്റ കല്ലുകൊണ്ട് ഗോലിയാത്തിനെ കൊന്നു, ഗോലിയാത്തിന്‍റെ തന്നെ വാളുകൊണ്ട് അവന്‍റെ തല അറക്കുകയും ചെയ്തു.

ഇങ്ങനെയാണ് നാം സാത്താനെതിരെ ഇന്നും പോരാടേണ്ടത്. ദൈവം സാത്താനെ അവന്‍റെ തന്നെ ആയുധങ്ങള്‍ (ഗോലിയാത്തിന്‍റെ സ്വന്തം വാളുപോലെ)  ഉപയോഗിച്ച് നശിപ്പിക്കും. “മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി”…(എബ്രായര്‍ 2:14). ഒരിക്കല്‍ ഗോലിയാത്ത് കൊല്ലപ്പെട്ടു കഴിഞ്ഞപ്പോള്‍ മറ്റു ഫെലിസ്ത്യര്‍ ഓടിപ്പോയി (1ശമുവേല്‍ 17:51). നമ്മുടെ ജീവിതത്തിലെ ഏറ്റവും കരുത്തനായ പാപത്തെ നശിപ്പിച്ചു കഴിഞ്ഞാല്‍ (നമ്മെ മുറുകെ പറ്റുന്ന പാപം – എബ്രായര്‍ 12:1) മറ്റു പാപങ്ങളെയും നമ്മുടെ ജീവിതത്തില്‍ ജയിക്കാന്‍ കഴിയും എന്നാണു ഇത് പഠിപ്പിക്കുന്നത്‌.

What’s New?


Top Posts