ജയജീവിത രഹസ്യങ്ങള്‍

സാക് പുന്നന്‍

ദൈവത്തിനു സകലവും സാധ്യം
(”It is no secret what God can do’’ എന്ന റ്റിയൂണ്‍)

1 ഭാരത്താല്‍ നീ വലയുമ്പോള്‍
നിന്നുള്ളം കേഴുമ്പോള്‍
ഭയമേ വേണ്ടാ, നിന്‍ ചാരേ ദൈവം
സഹായിക്കും സ്നേഹിക്കും താന്‍ സ്വപുത്രന്‍പോല്‍ നിന്നെ
ചാരാം തന്‍ വചനത്തില്‍ താന്‍ കാക്കും നിന്നെ

ദൈവത്തിനെല്ലാം സാധ്യമല്ലോ
യേശുവെപ്പോലെ താന്‍ കാക്കും നിന്നെ
ശക്തനാക്കീടും തന്‍ ബലത്താല്‍
ദൈവത്തിനെല്ലാം സാധ്യമല്ലോ.

2 പാപത്തില്‍ ലോകം മുങ്ങിലും
നീ തോല്‍ക്കുന്നെങ്കിലും
തന്‍ വാക്കു സത്യം ”വാഴ്കില്ല പാപം”
പരീക്ഷ ശക്തമായാലും നിന്‍ ദുര്‍ഗ്ഗം തന്‍ കൃപ
യേശുവെപ്പോലെ ജയാളി ആകാം നിനക്കു …. പല്ലവി

3 രോഗം ദുഃഖം വരുന്നേരം
നീ ക്ഷീണിച്ചീടുമ്പോള്‍
അറിയുന്നവന്‍, സൗഖ്യശക്തന്‍ താന്‍
നിന്‍ താതന്‍ വിശ്വസ്തനെന്നും നല്‍കും വേണ്ടതെല്ലാം
കരുതും നിനക്കായും യേശുവിനെപ്പോല്‍ …. പല്ലവി

4 ഇതെന്തു മഹാശ്വാസം ഹാ
നിന്‍ കര്‍ത്താവും ജ്യേഷ്ഠ-
സോദരനുമായ് യേശു തീരുമ്പോള്‍
ദൈവത്തിന്‍ സര്‍വം നിന്‍ സ്വന്തം കൈവിടില്ല നിന്നെ
ദൈവം നിന്‍കൂടെയെങ്കില്‍, ആര്‍ നിന്റെ ശത്രു? …. പല്ലവി


അധ്യായം 1 : നിരന്തരമായ ജയജീവിതം

നിരന്തരമായ ജയജീവിതം എന്നതാണ് നമ്മെക്കുറിച്ചുള്ള ദൈവോദ്ദേശ്യം. 2 കൊരിന്ത്യര്‍ 2:14 പോലെയുള്ള വാക്യങ്ങളിലൂടെ തിരുവചനം ഇതു വ്യക്തമാക്കുന്നു. ”ക്രിസ്തുവില്‍ ഞങ്ങളെ എല്ലായ്‌പ്പോഴും ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്‌തോത്രം.”

റോമര്‍ 8:37-ല്‍ നാം ഇങ്ങനെ വായിക്കുന്നു: ”നാമോ നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു.”

1 യോഹന്നാന്‍ 2:1 നോക്കുക: ”നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്ക് എഴുതുന്നു.”

ഇവയും ഇവപോലെയുള്ള മറ്റു തിരുവെഴുത്തുകളും ഉണ്ടായിട്ടും ഈ മഹാസത്യം ക്രിസ്ത്യാനികളെ ഗ്രഹിപ്പിക്കുക എന്നതു വളരെ ദുഷ്‌കരമായ ഒന്നായി ഇപ്പോഴും ശേഷിക്കുന്നു. ഒരു ശിശുവിനെപ്പോലെ ലളിതമായി നാം തിരുവെഴുത്തുകളെ വിശ്വസിച്ചിരുന്നുവെങ്കില്‍ ഈ സത്യം ഗ്രഹിക്കുവാന്‍ ഒരു വിഷമവും ഉണ്ടാകുമായിരുന്നില്ല. അങ്ങനെയെങ്കില്‍ ആരും നമുക്കു ബോധ്യം വരുത്തേണ്ട ആവശ്യവുമുണ്ടാകുമായിരുന്നില്ല. കാരണം, വളരെ സ്പഷ്ടമായി എല്ലാം എഴുതപ്പെട്ടിരിക്കുന്നു. എന്നാല്‍ നമ്മുടെ സ്വന്തം ബുദ്ധിയും യുക്തിയും ഇടയ്ക്കു കയറുകയും ലളിതവിശ്വാസത്തോടെ ദൈവവചനത്തെ കൈക്കൊള്ളുന്നതില്‍ നിന്നു നമ്മെ തടയുകയും ചെയ്യുന്നു.

നാം തുടര്‍ച്ചയായിട്ടുള്ള ഒരു ജയജീവിതം നയിക്കണമെന്നു ദൈവത്തിന് ആഗ്രഹമുണ്ടെന്ന് ആദ്യം തന്നെ ബോധ്യം വരാത്തപക്ഷം ഒരിക്കലും അത്തരം ഒരു ജീവിതത്തിനുള്ള വിശ്വാസം നമുക്കു ലഭിക്കുക സാധ്യമല്ല. വിശ്വാസം കൂടാതെ വിജയകരമായ ജീവിതത്തിലേക്കുള്ള പ്രവേശനവും അസാധ്യമത്രേ. വിശ്വാസമാകട്ടെ, ദൈവം തന്റെ വചനത്തിലൂടെ നല്‍കുന്ന വെളിപ്പാടിലൂടെ പ്രാപിക്കേണ്ടതുമാണ്.

വര്‍ഷങ്ങളായി നിങ്ങള്‍ പരാജയം നിറഞ്ഞ ജീവിതം നയിക്കുന്നവനാണെങ്കില്‍പ്പോലും, ദൈവവചനത്തിലെ ഈ സത്യം വ്യക്തമായി കാണുവാനും വിജയത്തിനായി ദൈവത്തില്‍ വിശ്വസിപ്പാനും കഴിയുന്നുവെങ്കില്‍, അതു ജയജീവിതത്തിലേക്കുള്ള ആദ്യത്തെ പടിയായിരിക്കും.


അധ്യായം 2 : വിശ്വാസത്തിന്റെ അനുപേക്ഷണീയത

1 യോഹന്നാന്‍ 2:6-ല്‍ നാം ഇപ്രകാരം വായിക്കുന്നു: ”ക്രിസ്തുവില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു.” എങ്ങനെയാണ് യേശു നടന്നത്? യേശു പാപത്തിന്മേല്‍ ജയമുള്ളവനായി നടന്നതു ചില സമയങ്ങളില്‍ മാത്രമോ, മിക്ക സമയങ്ങളിലുമോ, അതോ എല്ലായ്‌പ്പോഴുമോ? ഉത്തരം നമുക്കറിയാം. സകലത്തിലും അവിടുന്നു നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടുവെങ്കിലും ഒരിക്കല്‍പോലും അവിടുന്നു പാപം ചെയ്തില്ല (എബ്രാ. 4:15).

യേശു നടന്നതുപോലെ നടക്കുവാനാണ് ഇന്നു നമ്മോടും ദൈവം ആവശ്യപ്പെടുന്നത്. അത് ഈ ഭൂമിയില്‍ വച്ചു സാധ്യമാണോ? നമുക്ക് അസാധ്യമാണെന്നു ദൈവം അറിയുന്ന ഒരു കാര്യം ചെയ്യുവാന്‍ അവിടുന്നു നമ്മോട് ആജ്ഞാപിക്കുമോ? ഇല്ല. അങ്ങനെ ചിന്തിക്കുക വയ്യ. മനുഷ്യരായ പിതാക്കന്മാര്‍ പോലും അന്യായമായ, യുക്തിരഹിതമായ കാര്യങ്ങള്‍ ചെയ്യുവാന്‍ തങ്ങളുടെ മക്കളോട് ആവശ്യപ്പെടാറില്ല. അങ്ങനെയെങ്കില്‍ ദൈവം ഒരിക്കലും അപ്രകാരം ചെയ്യുകയില്ലല്ലോ.

പുതിയനിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ വച്ചു വളരെ ദുഃഖകരമായ ചില വാക്കുകള്‍ മത്താ. 13:58-ല്‍ കാണുന്നു: ”അവരുടെ അവിശ്വാസം നിമിത്തം (യേശു) അവിടെ വളരെ വീര്യപ്രവൃത്തികളെ ചെയ്തില്ല.” ഇതിനു സമാന്തരമായി മര്‍ക്കോസിന്റെ സുവിശേഷത്തിലുള്ള വാക്യത്തില്‍ ”അവനു വീര്യപ്രവൃത്തികള്‍ ഒന്നും ചെയ്‌വാന്‍ കഴിഞ്ഞില്ല” എന്നാണ് എഴുതിയിട്ടുള്ളത്. തന്റെ സ്വന്ത പട്ടണത്തിലുള്ള ആളുകള്‍ക്കു ചില വന്‍കാര്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ യേശു ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവരുടെ അവിശ്വാസം യേശുവിനെ പരിമിതപ്പെടുത്തി. അവിശ്വാസം സര്‍വശക്തനായ ദൈവത്തിന്റെ കരങ്ങളെ ബന്ധിക്കുകയും, അങ്ങനെ നമുക്കു ചെയ്തു തരുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ അവിടത്തേക്കു കഴിയാതെ പോകുകയും ചെയ്യുന്നു.

ദൈവം നിങ്ങള്‍ക്കു ചെയ്തതരുവാനാഗ്രഹിച്ച ചില അദ്ഭുതകാര്യങ്ങള്‍, നിങ്ങളുടെ അവിശ്വാസം നിമത്തം അവിടത്തേക്കു ചെയ്യാന്‍ കഴിയാതെ വന്നിട്ടുണ്ടോയെന്നു ഞാന്‍ ഭയപ്പെടുന്നു. ‘നിന്റെ അവിശ്വാസം കാരണം ഞാന്‍ നിനക്കു വേണ്ടിയും നിന്നില്‍ക്കൂടെയും ചെയ്‌വാനാഗ്രഹിച്ചവ എല്ലാം ചെയ്യുവാന്‍ എനിക്കു കഴിഞ്ഞില്ല’ എന്നു ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ നമ്മില്‍ ആര്‍ക്കെങ്കിലും കേള്‍ക്കേണ്ടിവന്നേക്കുമോ? ഈ ലോകജീവിതത്തിന്റെ അവസാനത്തില്‍ ഇപ്രകാരമുള്ള വാക്കുകള്‍ നമുക്കു കേള്‍ക്കേണ്ടിവരുന്നുവെങ്കില്‍ അതെത്ര ദുഃഖകരമായിരിക്കും! അതേക്കുറിച്ചു നാം ഇപ്പോള്‍ത്തന്നെ ചിന്തിക്കുന്നതു നന്നായിരിക്കും.

തിരുവെഴുത്തുകളെ നന്നായി പഠിക്കുന്നതില്‍ അഗ്രഗണ്യരായവരുടെ ചില കൂട്ടായ്മകളിലായിരുന്നു എന്റെ ക്രിസ്തീയജീവിതത്തിന്റെ പ്രാരംഭവര്‍ഷങ്ങള്‍ ഞാന്‍ ചെലവഴിച്ചത്. ദൈവവചനത്തെ സംബന്ധിച്ച് ഒരു നല്ല അടിസ്ഥാനം പാകുവാന്‍ ഇതു സഹായകമായി എന്നുള്ളതുകൊണ്ട് ഒരുവിധത്തില്‍ അതിനുവേണ്ടി ഞാന്‍ ദൈവത്തോടു നന്ദിയുള്ളവനാണ്. എന്നാല്‍ ഇതില്‍ അധികപങ്കും പരിശുദ്ധാത്മാവിന്റെ വെളിപ്പാട് ഇല്ലാത്ത വെറും ബൗദ്ധികമായ അറിവു മാത്രമായിരുന്നു. കാരണം, അവര്‍ ആത്മാവിന്റെ പ്രവര്‍ത്തനത്തില്‍ വേണ്ടവിധം വിശ്വസിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ രസതന്ത്രം പഠിക്കുന്നതുപോലെയാണ് ഞങ്ങള്‍ വേദപുസ്തകം പഠിച്ചിരുന്നത്. പഴയനിയമസാദൃശ്യങ്ങളുടെയും മറ്റും അര്‍ത്ഥങ്ങള്‍ ഞങ്ങള്‍ ഗ്രഹിച്ചിരുന്നുവെങ്കിലും പാപത്താല്‍ തോല്‍പിക്കപ്പെട്ട ജീവിതമായിരുന്നു ഞങ്ങള്‍ നയിച്ചുപോന്നത്. ദൈവം എന്റെ പാപങ്ങളെല്ലാം ക്ഷമിച്ചുതന്നു എന്നു ഞാന്‍ അറിഞ്ഞിരുന്നു; എന്നാല്‍ അതിനപ്പുറം പോകുന്നതിനുള്ള വിശ്വാസം എനിക്കില്ലായിരുന്നു.

പരിശുദ്ധാത്മസ്‌നാനത്തെക്കുറിച്ചുള്ള സത്യം വചനത്തില്‍നിന്നും ഗ്രഹിക്കുകയും അതിനുവേണ്ടി ദൈവത്തെ സമീപിക്കുകയും ചെയ്യുവാനാരംഭിച്ചപ്പോള്‍ എന്റെ മുമ്പില്‍ വലിയൊരു പ്രശ്‌നം ഉണ്ടായിരുന്നു. എനിക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞതേയില്ല. ഞാന്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു; എന്തു വിലയും കൊടുക്കുവാന്‍ ഞാന്‍ തയ്യാറായി.; എങ്കിലും ദൈവവാഗ്ദത്തം വിശ്വാസത്താല്‍ പ്രാപിക്കുകയെന്നത് എനിക്ക് അത്യന്തം വിഷമകരമായിത്തോന്നി. ഒരു ദിവസം, എന്നോടൊപ്പം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു സഹോദരന്‍ ഞാന്‍ അവിശ്വാസത്തിന്റെ ബന്ധനത്തില്‍പ്പെട്ടിരിക്കുന്നുവെന്ന് എന്നോടു പറഞ്ഞു. അദ്ദേഹം വിശ്വാസത്തിന്റെ വചനങ്ങള്‍ സംസാരിക്കുകയും, വര്‍ഷങ്ങളായി നിലനിന്നിരുന്ന അവിശ്വാസത്തിന്റെ ബന്ധനത്തില്‍നിന്ന് എന്നെ മോചിപ്പിക്കുവാന്‍ അധികാരത്തോടെ പ്രാര്‍ത്ഥിക്കുകയും ചെയ്തു. പെട്ടെന്നു ഞാന്‍ വിശ്വസിപ്പാനും പ്രാപിപ്പാനും കഴിവുള്ളവനായിത്തീര്‍ന്നു. അങ്ങനെ വിശ്വാസത്താല്‍ ഞാന്‍ ആത്മനിറവു പ്രാപിച്ചു. പിന്നീടു ലഭിച്ച അന്യഭാഷാവരം അതിന് ഉറപ്പു നല്‍കുകയും ചെയ്തു.

സ്വന്തശക്തിയില്‍ ആശ്രയിച്ചു പോരാട്ടം കഴിച്ച കഴിഞ്ഞവര്‍ഷങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍, എന്റെ അവിശ്വാസമായിരുന്നു എന്നെ തടസ്സപ്പെടുത്തിയത് എന്നു ഞാന്‍ വ്യക്തമായി കാണുന്നു.

പാപത്തിന്മേല്‍ വിജയമുള്ള ഒരു ജീവിതത്തിലേക്കു പ്രവേശിക്കുന്നതിനും ഇതേ തത്വം തന്നെയാണ് ആധാരം. അങ്ങനെയുള്ള ഒരു ജീവിതത്തിലേക്കു നയിക്കുവാന്‍ ദൈവത്തിനു കഴിവുണ്ടെന്നും, അവിടുന്ന് അങ്ങനെ ചെയ്യുമെന്നും നാം വിശ്വസിക്കുന്നതുവരെയും നമ്മുടെ ഉപവാസവും പ്രാര്‍ത്ഥനയും ദാഹവും എല്ലാം പ്രയോജനരഹിതങ്ങളായി അവശേഷിക്കുകയേ ഉള്ളൂ.

വിശ്വാസം മൂലമല്ലാതെ നിങ്ങള്‍ക്കു ദൈവത്തില്‍നിന്ന് എന്തെങ്കിലും ലഭിക്കുക സാധ്യമല്ലെന്നു സാത്താനു നന്നായി അറിയാം. അതുകൊണ്ടു നിങ്ങളുടെ ഹൃദയത്തെ അവിശ്വാസംകൊണ്ടു നിറയ്ക്കുവാന്‍ അവന്‍ എത്രമാത്രം ശ്രമം നടത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അവിശ്വാസം എന്നതു വ്യാജം, വ്യഭിചാരം എന്നിത്യാദികളെക്കാളും ഏറെ മാരകമായ ഒന്നത്രേ. കാരണം, ഈ വകയെ നാം അതിവേഗം പാപം എന്നു മനസ്സിലാക്കുന്നു. എന്നാല്‍ അവിശ്വാസത്തെ പാപമായി നാം പലപ്പോഴും ഗ്രഹിക്കാറില്ല. അവിശ്വാസമുള്ള ഒരു ദുഷ്ടഹൃദയം ദൈവത്തെ ത്യജിച്ചുകളയാന്‍ വരെ ഇടയാക്കുന്നുവെന്ന് എബ്രായര്‍ 3:12-ല്‍ നാം വായിക്കുന്നു. മറ്റുള്ള എല്ലാ വിധ പാപങ്ങളുടെയും മൂലകാരണം അവിശ്വാസം തന്നെയാണ് – അടുത്തു വരുന്ന ഒരധ്യായത്തില്‍ നമുക്കിതു കാണാം.

നാം കൃപയിന്‍കീഴില്‍ ആയിരിക്കുന്നുവെങ്കില്‍ പാപത്തിനു നമ്മുടെമേല്‍ അധികാരം അഥവാ ഭരണം നടത്തുവാന്‍ കഴിയുകയില്ല എന്നു റോമര്‍ 6:14 വ്യക്തമായി നമ്മെ അറിയിക്കുന്നു. വെറുമൊരു ശിശുവിനുപോലും മനസ്സിലാകത്തക്കവിധം വളരെ ലളിതമായും വ്യക്തമായുമാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. എങ്കില്‍ തന്നെയും, പാപത്തിന്മേലുള്ള ഒരു ജയജീവിതത്തിനു സാധ്യതയുണ്ടെന്നു മിക്ക വിശ്വാസികളും വിശ്വസിക്കുന്നില്ല.

നാം വിജയത്തില്‍ ജീവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. നിന്റെ ചിന്താമണ്ഡലം എത്ര വൃത്തിഹീനമാണെന്നോ, എത്ര കാലമായി നീ കോപസ്വഭാവത്തിന് അടിമയാണെന്നോ ഉള്ള കാര്യങ്ങളൊന്നും ഒരു പ്രശ്‌നമേയല്ല. നിന്നെ പരിപൂര്‍ണ്ണമായി സ്വതന്ത്രനാക്കുവാനും, നിനക്കൊരു ശുദ്ധഹൃദയം നല്‍കുവാനും കര്‍ത്താവിനു കഴിയും. എന്നാല്‍ നീ അതു വിശ്വസിക്കുന്നതുവരെ നിനക്കു വേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ അവിടുത്തേക്കു കഴിയുകയില്ല.

നാം ഹൃദയംകൊണ്ടു വിശ്വസിക്കുന്നത് വായ്‌കൊണ്ട് ഏറ്റു പറയണമെന്നു വേദപുസ്തകം പറയുന്നു (റോമര്‍ 10:10). ഇതു സുപ്രധാനമായ ഒരു നിയമമത്രേ. എന്തെന്നാല്‍ വായ്‌കൊണ്ടുള്ള ഏറ്റു പറച്ചിലൂടെയാണു നമ്മുടെ വിശ്വാസം പ്രകടമാകുന്നത്. എല്ലാവിധ പാപങ്ങളില്‍നിന്നുമുള്ള രക്ഷയിലേക്കും ഇതു നമ്മെ നയിക്കുന്നു. അതുകൊണ്ടു നമ്മുടെ സാക്ഷ്യവചനങ്ങള്‍ ഇപ്രകാരം നാം സാത്താനോട് ഉച്ചരിക്കണം: ”പാപത്തിന്മേല്‍ ജയമുള്ള ജീവിതത്തിലേക്കു ദൈവം എന്നെ നയിക്കുവാന്‍ പോകുകയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.” അങ്ങനെ നമുക്കു സാത്താനെ ജയിക്കുവാന്‍ കഴിയും (വെളി. 12:11). ജയജീവിതം നിങ്ങള്‍ക്കൊരു യാഥാര്‍ത്ഥ്യമായിത്തീരുന്നതുവരെയും, ഓരോ വീഴ്ചയുടെയും അവസരത്തില്‍ ഈ ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുക. ഒറ്റദിവസം കൊണ്ടു വിജയം ലഭിച്ചില്ല എന്നതു നിമിത്തം നിരുത്സാഹപ്പെട്ടുപോകരുത്. നിങ്ങളുടെ അധരം കൊണ്ടുള്ള ഏറ്റുപറച്ചിലിനെ നിശ്ചയമായും ദൈവം മാനിക്കുക തന്നെ ചെയ്യും.


അധ്യായം 3 : ദൈവവചനത്തെ ഗൗരവപൂര്‍വം കൈക്കൊള്ളുക

ഒട്ടേറെ വിശ്വാസികളിലും കണ്ടുവരുന്ന ഒരു ദുസ്സ്വഭാവമാണ് ദൈവവചനത്തെ വളരെ ലഘുവായി പരിഗണിക്കുക എന്നത്. ദൃഷ്ടാന്തമായി മത്താ. 12:36, 37-ല്‍ യേശു പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: ”എന്നാല്‍ മനുഷ്യര്‍ പറയുന്ന ഏതു നിസ്സാര (വ്യര്‍ത്ഥ) വാക്കിനും ന്യായവിധി ദിവസത്തില്‍ കണക്കു ബോധിപ്പിക്കേണ്ടി വരും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാല്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.”

ഇത് ആക്ഷരികമായി സത്യമെന്നു വിശ്വസിക്കുന്നവരല്ല ബഹുഭൂരിപക്ഷം വിശ്വാസികളും എന്നാണ് എന്റെ നിഗമനം. അവര്‍ ഇതു വിശ്വസിച്ചിരുന്നെങ്കില്‍, ഇന്നു കാണുന്നതുപോലെ ഇത്രയേറെ ഏഷണി, ദൂഷണം, ദുര്‍ഭാഷണം, കോപം മുതലായവ ക്രിസ്ത്യാനികളുടെ ഇടയില്‍ ഉണ്ടാകുമായിരുന്നില്ല. നാം ദൈവവചനത്തെ ഗൗരവപൂര്‍വം എടുത്തിരുന്നെങ്കില്‍ നമ്മുടെ സംഭാഷണങ്ങളില്‍നിന്നു വ്യര്‍ത്ഥവാക്കുകള്‍ ഒഴിവാക്കുന്നതില്‍ നാം അതീവജാഗ്രതയുള്ളവരാകുമായിരുന്നു.

നമ്മുടെ വാക്കുകളാല്‍ നാം നീതീകരിക്കപ്പെടും എന്നുകൂടി യേശു പറഞ്ഞു. വിശ്വാസത്താലുള്ള നീതീകരണത്തെക്കുറിച്ചു നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമത്രേ. അതുകൊണ്ടു തന്നെ നമ്മുടെ വാക്കുകളെ ശുദ്ധമാക്കുവാന്‍ ഉപകരിക്കാത്ത വിശ്വാസവും ഒരു നിര്‍ജ്ജീവ വിശ്വാസം മാത്രമാണ്. കഴിഞ്ഞ മൂന്നു മാസങ്ങളായി വീട്ടിലും, ജോലി സ്ഥലത്തും, ഭര്‍ത്താവിനോടും ഭാര്യയോടും കുട്ടികളോടും ജോലിക്കാരോടും മറ്റുമായി നാം പറഞ്ഞിട്ടുള്ള (എഴുതിയിട്ടുള്ള) വാക്കുകളെക്കുറിച്ചു ചിന്തിക്കുക. നിങ്ങളുടെ സാധാരണ സംഭാഷണങ്ങളെയെല്ലാം ഒരു റ്റേപ്‌റെക്കാര്‍ഡര്‍ കൊണ്ടു ശബ്ദലേഖനം ചെയ്യുന്നപക്ഷം, നീതീകരിക്കപ്പെട്ട ഒരു ദൈവപൈതലാണു നിങ്ങള്‍ എന്ന് അതു തെളിയിക്കുമോ? ഈ കാര്യങ്ങളില്‍ നിങ്ങള്‍ ചുറ്റുമുള്ള സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തനായിരിക്കുമോ? അതോ നിങ്ങളുടെ വാക്കുകള്‍ അവിശ്വാസികളുടേതിനു തുല്യമായിരിക്കുമോ?

യേശുവിന്റെ വാക്കുകളെ ഗൗരവപൂര്‍വം സ്വീകരിക്കാത്തതു കാരണം അനേകം വിശ്വാസികളുടെയും വാക്കുകള്‍ ശുദ്ധീകരിക്കപ്പെട്ടിട്ടില്ല. ഇതിനുള്ള മറ്റൊരു കാരണം അവര്‍ ദൈവത്തെ ഭയപ്പെടുന്നില്ല എന്നതാണ്. അവര്‍ ദൈവത്തെക്കാള്‍ അധികമായി മനുഷ്യരെ ഭയപ്പെടുന്നു. ദൈവവചനത്തെ ഗൗരവ ബോധത്തോടെ എടുക്കുന്ന ശീലം വളര്‍ത്തിയെടുക്കാത്തപക്ഷം നമ്മുടെ ജീവിതത്തില്‍ കാര്യമായ ആത്മിക പുരോഗതി പ്രതീക്ഷിക്കാനാവില്ല.

ഒരു മനുഷ്യനു തന്റെ നാവിനെ നിയന്ത്രിക്കുവാന്‍ കഴിയുന്നില്ല എങ്കില്‍ അവന്റെ ക്രിസ്തീയ ജീവിതം വ്യര്‍ത്ഥമാണെന്നു യാക്കോ. 1:26-ല്‍ നാം വായിക്കുന്നു. ഹൃദയം നിറഞ്ഞുകവിയുന്നതാണു നാം സംസാരിക്കുന്ന വാക്കുകള്‍ (മത്താ. 12:34) എന്നു യേശു പറഞ്ഞതാണ് ഇതിനു നിദാനം. നമ്മുടെ നാവിനെ നാം എപ്രകാരം ഉപയോഗിക്കുന്നുവെന്നതു നമ്മുടെ ആത്മീയാവസ്ഥയുടെ വ്യക്തമായ ഒരു സൂചനയാണ്.

ഇതാണു ജയജീവിതത്തിന്റെ മറ്റൊരു രഹസ്യം: ദൈവത്തിന്റെ ഓരോ വചനവും ഗൗരവപൂര്‍വം കൈക്കൊള്ളുക.


അധ്യായം 4 : ദൈവത്തിന്റെ കല്പനകള്‍ അവിടുത്തെ സ്‌നേഹത്തിന്റെ പ്രകടനം

തന്റെ കല്പനകളെ അനുസരിക്കുക എന്നതു ദൈവം എല്ലായ്‌പ്പോഴും മനുഷ്യനോട് ആവശ്യപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. പഴയ ഉടമ്പടിയില്‍ (നിയമത്തില്‍) യിസ്രായേലിനോടു ദൈവകല്പന അനുസരിക്കുവാന്‍ ദൈവം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ക്കതു സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കി. പുതിയ ഉടമ്പടിയിലാകട്ടെ തന്റെ നിയമങ്ങളെ നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും എഴുതുമെന്നു ദൈവം വാഗ്ദാനം ചെയ്യുന്നു. അതുനിമിത്തം നാം അവിടുത്തെ അനുസരിക്കുക മാത്രമല്ല, അനുസരിക്കുവാന്‍ ഇഷ്ടപ്പെടുകയും ചെയ്യും (യെഹെ. 36:27). ദൈവകല്പനകള്‍ അനുസരിക്കുന്നതിലൂടെ മാത്രമേ തന്നോടുള്ള കൂട്ടായ്മ നമുക്കു ലഭിക്കുവാന്‍ കഴിയൂ.

എന്നാല്‍ അനുസരണമെന്നതു മിക്ക വിശ്വാസികളും ഗ്രഹിച്ചിട്ടില്ലാത്ത ഒരു വിഷയമാണ്. അനുസരണം പഴയ ഉടമ്പടിയില്‍ മാത്രം ആവശ്യമായ ഒന്നായിരുന്നുവെന്നു കരുതത്തക്കവണ്ണം ‘കൃപ’യെ അത്രയേറെ തെറ്റിദ്ധരിച്ചിട്ടുള്ളവരാണ് വിശ്വാസികളില്‍ ഏറിയകൂറും. തല്‍ഫലമായി അവര്‍ ദൈവ കല്പനകളെ വളരെ ഭാരമുള്ളവയായിക്കാണുന്നു. ഇതു സാത്താന്റെ ഒരു വഞ്ചനയും ദൈവ സ്‌നേഹത്തെ സംബന്ധിച്ച അജ്ഞതയുടെ ഫലവുമത്രേ.

ദൈവത്തിന്റെ എല്ലാ കല്പനകളും നമ്മുടെ നന്മയെ കരുതിയും നമ്മെ സ്വതന്ത്രരാക്കുന്നതിന് ഉദ്ദേശിച്ചും ഉള്ളവയാണ്. നമ്മെ പൂര്‍ണ്ണമായും സ്‌നേഹിക്കുന്ന ഒരു ദൈവത്തിന്റെ ഹൃദയത്തിലാണ് അവയെല്ലാം രൂപം കൊണ്ടിട്ടുള്ളത്. സീനായി മലയില്‍ വച്ചു ദൈവം യിസ്രായേലിനു തന്റെ നിയമങ്ങള്‍ കൊടുത്തതിനെക്കുറിച്ച് ആവര്‍ത്തനം 33:2,3 വാക്യങ്ങളില്‍ നാം വായിക്കുന്നു: ”തന്റെ ജനത്തിനുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലങ്കൈയില്‍ ഉണ്ടായിരുന്നു. അതേ, അവന്‍ തന്റെ ജനത്തെ സ്‌നേഹിക്കുന്നു (എന്ന് ഇതു തെളിയിക്കുന്നു).” ദൈവം തന്റെ നിയമങ്ങള്‍ നമുക്കു നല്‍കുന്നു വെന്നത്, നമ്മോടുള്ള അവിടുത്തെ അത്യധികമായ സ്‌നേഹത്തിന്റെ ഒരു തെളിവാണ്.

ചില ദൈവകല്പനകള്‍ പാലിക്കുന്നതിനു നമ്മുടെ ഭാഗത്തുനിന്നു വളരെ ത്യാഗം ആവശ്യമായി വന്നേക്കാം. എന്നാല്‍ അവയെല്ലാം നമ്മുടെ പരമമായ നന്മയ്ക്കായിട്ടാണെന്നു കാലക്രമേണ നാം മനസ്സിലാക്കും. ഒരു പിതാവു തന്റെ മക്കളെ ഭാരപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യാന്‍വേണ്ടി ഒരിക്കലും ആജ്ഞകള്‍ കൊടുക്കാറില്ല. പ്രത്യുത, അവര്‍ക്ക് ഉപകാരമുണ്ടാക്കുവാന്‍ വേണ്ടി മാത്രമേ അങ്ങനെ ചെയ്യുകയുള്ളു. ദൈവം നമുക്കു നല്‍കുന്ന ആജ്ഞകളെയും നാം ഇങ്ങനെ തന്നെ വീക്ഷിക്കണം. വിശ്വാസ മുണ്ടായിരിക്കുക എന്നു പറഞ്ഞാല്‍ സ്‌നേഹസമ്പൂര്‍ണ്ണനായ ഒരു ദൈവത്തില്‍ വിശ്വാസമുണ്ടായിരിക്കുക എന്നാണ് അര്‍ത്ഥമാക്കേണ്ടത്. അപ്രകാരമുള്ള ഒരു വിശ്വാസം നമുക്കുണ്ടെങ്കില്‍, എന്തു വില കൊടുക്കേണ്ടി വന്നാലും നാം ദൈവകല്പനകള്‍ പ്രമാണിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരായിത്തീരും.

നമ്മുടെ മിക്ക പരാജയങ്ങളുടെയും കാരണം ഇവിടെയാണ്. ദൈവകല്പനകള്‍ ഒന്നുകില്‍ ആവശ്യമില്ലാത്തവയാണെന്നോ അല്ലെങ്കില്‍ ഭാരമേറിയവയാണെന്നോ നമ്മില്‍ പലരെയും സാത്താന്‍ ധരിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടാണു ചില കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നത് എന്നു നാം മനസ്സിലാക്കാതെയിരിക്കുന്നുവെങ്കില്‍ അതു നമ്മുടെ സ്വന്തം പക്വതയില്ലായ്മയെ ആണ് വെളിവാക്കുന്നത്. കുറെക്കൂടി വളര്‍ച്ചയെത്തുമ്പോള്‍ ഒരിക്കല്‍ നാം അതും മനസ്സിലാക്കുവാനിടയാകും.

പിഞ്ചുകുഞ്ഞുങ്ങളെ സ്‌കൂളില്‍ പോകുവാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുമ്പോള്‍ എന്തുകൊണ്ടാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുവാന്‍ തങ്ങളെ അനുവദിക്കാത്തത് എന്നു കുട്ടികള്‍ മനസ്സിലാക്കുന്നില്ല. തങ്ങളോടു വളരെ കഠിനമായി പെരുമാറുന്നു എന്ന് അവര്‍ക്കു തോന്നിയേക്കാം. എന്നാല്‍ കുട്ടികളോടുള്ള സ്‌നേഹം നിമിത്തമാണ് മാതാപിതാക്കള്‍ അവരെ നിര്‍ബന്ധിച്ചു വിദ്യാഭ്യാസം ചെയ്യിക്കുന്നത്.

ഈ കുഞ്ഞുങ്ങളെപ്പോലെതന്നെ, പലപ്പോഴും നാമും ദൈവത്തിന്റെ വഴികളെ ഗ്രഹിക്കുന്നില്ല. എന്നാല്‍ നാം അവിടുത്തെ സ്‌നേഹത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്നെങ്കില്‍ അവിടുത്തെ വചനം മുഴുവന്‍ പ്രമാണിക്കുകയും, ദൈവത്തിന്റെ എല്ലാ പ്രവര്‍ത്തനമാര്‍ഗ്ഗങ്ങള്‍ക്കും നമ്മെത്തന്നെ വിധേയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുമായിരുന്നു.

ഉദാഹരണമായി, കഷ്ടതയനുഭവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക. ”സ്‌നേഹവാനായ ഒരു ദൈവത്തിനു നിങ്ങളെ ഇത്രമാത്രം കഷ്ടതയിലൂടെ കടത്തി വിടുവാന്‍ എങ്ങനെ കഴിയും?” എന്നു യുക്തിവാദികള്‍ ചോദിച്ചേക്കും. എന്നാല്‍ നമ്മുടെ ആത്മീയ വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിയിലെ ഒരു ഭാഗമാണ് കഷ്ടതകള്‍ എന്നവര്‍ ഗ്രഹിക്കുന്നില്ല. കഷ്ടാനുഭവങ്ങളിലൂടെയാണ് ദൈവം തന്റെ മക്കളെ പൂര്‍ണ്ണവളര്‍ച്ചയിലേക്കു നയിക്കുന്നത്. കഷ്ടമനുഭവിക്കുന്നതിനു വേണ്ടത്ര അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടായിട്ടില്ല എങ്കില്‍ നിങ്ങള്‍ ആത്മീയ വളര്‍ച്ച പ്രാപിച്ചിട്ടില്ലെന്ന വസ്തുത ഏതാണ്ടു തീര്‍ച്ചയാണ്.

ഒരുപക്ഷേ, കഴിഞ്ഞ പ്രാവശ്യം ഉണ്ടായ ചെറിയ ഒരു കഷ്ടതയില്‍ നിങ്ങള്‍ വളരെ പിറുപിറുക്കുകയും പരാതിപ്പെടുകയും തന്നിമിത്തം സ്വന്തവഴിക്കു പോകുവാന്‍ ദൈവം നിങ്ങളെ അനുവദിക്കുകയും ചെയ്തിരിക്കാം. ദൈവം നിങ്ങളെ ഉപയോഗമില്ലാതെ അലമാരത്തട്ടില്‍ എടുത്തുവയ്ക്കാനിടയായാല്‍ അതു ഖേദകരമാണ്. ദൈവം എന്നെ അലമാരത്തട്ടില്‍ മാറ്റിവയ്ക്കുന്നതിനെക്കാള്‍ ഏറെ ഞാനാഗ്രഹിക്കുന്നതു ജീവിതത്തില്‍ ഓരോ ദിവസവും കഷ്ടാനുഭവങ്ങളിലൂടെ കടന്നുപോകുവാന്‍ തന്നെയാണ്.

നമ്മെ ദൈവം കഷ്ടതയുടെ പാതയിലൂടെ നയിക്കുമ്പോള്‍ മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്തുനോക്കുന്നതു ഭോഷത്തമാണ്. ചേരിപ്രദേശങ്ങളിലെ കുട്ടികള്‍ ദിവസം മുഴുവന്‍ ചെളിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തങ്ങള്‍ എന്തിനു സ്‌കൂളില്‍ പോകണമെന്ന് നിങ്ങളുടെ കുട്ടികള്‍ അദ്ഭുതപ്പെടുന്നതുപോലെയാണത്. നമ്മോടുള്ള ദൈവത്തിന്റെ എല്ലാ ഇടപെടലുകളും തികഞ്ഞ സ്‌നേഹത്തില്‍ നിന്നാകുന്നു. നാം സന്തോഷമുള്ളവരായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. അതു ലോകപ്രകാരമുള്ള, ഉപരിപ്ലവമായ, ക്ഷണികമായ ഒരു സന്തോഷമല്ല. പ്രത്യുത, ജീവിതവിശുദ്ധിയിലൂടെ കൈവരുന്നതും നിലനില്‍ക്കുന്നതുമായ യഥാര്‍ത്ഥ സന്തോഷമത്രേ. കഷ്ടതകളിലൂടെയല്ലാതെ ഒരിക്കലും നമുക്കു വിശുദ്ധി പ്രാപിക്കുക സാധ്യമല്ല (എബ്രാ. 12:10).

ഈ ഭൂമിയില്‍ ജീവിച്ചിട്ടുള്ളവരില്‍ വച്ച് ഏറ്റവുമധികം സന്തുഷ്ടനായ മനുഷ്യന്‍ യേശുവായിരുന്നുവെങ്കിലും ഏറ്റവുമധികം കഷ്ടത സഹിച്ചതും അവിടുന്നു തന്നെ. വളരെ സുഖത്തോടും സൗകര്യത്തോടും കൂടി ജീവിക്കുന്നതിലല്ല, മറിച്ച്, തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിലായിരുന്നു അവിടുത്തെ സന്തോഷം. തന്റെ പിതാവിനെ സമ്പൂര്‍ണ്ണ സ്‌നേഹമായി അവിടുന്ന് അറിഞ്ഞിരുന്നു. അതു കൊണ്ടു പിതാവു തനിക്കു വരുത്തിയ എല്ലാ ജീവിതാനുഭവങ്ങളെയും അവിടുന്നു സന്തോഷപൂര്‍വം സ്വീകരിച്ചു. ഇതായിരുന്നു യേശുവിന്റെ ജീവിതത്തിന്റെ മുഴുവന്‍ രഹസ്യവും.


അധ്യായം 5 : യേശുവിനെ സ്‌നേഹിച്ചതുപോലെ ദൈവം നമ്മെയും സ്‌നേഹിക്കുന്നു

ദൈവത്തെ സ്‌നേഹമുള്ള ഒരു പിതാവായും എല്ലാറ്റിന്മേലും അധികാരമുള്ള ഒരു ദൈവമായും അറിയാതെയിരിക്കുന്നതാണ് നമ്മുടെ എല്ലാ ആത്മിക പ്രശ്‌നങ്ങളുടെയും മൂലകാരണം.

എന്റെ ക്രിസ്തീയ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ച ഒരു സത്യമുണ്ട്. ‘യേശുവിനെ സ്‌നേഹിച്ചതുപോലെ പിതാവ് നമ്മെയും സ്‌നേഹിക്കുന്നു’ (യോഹ. 17:23) എന്ന മഹത്തായ വെളിപ്പാടായിരുന്നു അത്. നമുക്കു ചുറ്റുമുള്ള ലോകം ഈ സത്യം അറിയണമെന്ന് യേശു ഈ ഭാഗത്തു പ്രാര്‍ത്ഥിച്ചു. എന്നാല്‍ ലോകത്തിന് ഇതു ബോധ്യമായിത്തീരുന്നതിനു മുമ്പുതന്നെ, ഒന്നാമത് നാം ഈ സത്യത്താല്‍ പിടിക്കപ്പെടേണ്ടിയിരിക്കുന്നു.

സ്വര്‍ഗ്ഗസ്ഥനും സ്‌നേഹനിധിയുമായ ഒരു പിതാവില്‍ എല്ലാ ക്രിസ്ത്യാനികളും താത്വികമായി വിശ്വസിക്കുന്നുണ്ട്. എന്നാല്‍ അവര്‍ മിക്കപ്പോഴും ക്ലേശപൂര്‍ണ്ണരും വ്യാകുല ചിന്തയുള്ളവരുമായി കാണപ്പെടുന്നു; അരക്ഷിത ബോധവും ഭയവും അവരെ പീഡിപ്പിക്കുന്നു. എന്താണിതില്‍നിന്നു വ്യക്തമാകുന്നത്? ഹൃദയത്തിന്റെ ആഴത്തില്‍ അവര്‍ ദൈവത്തിന്റെ പിതൃത്വം വിശ്വസിക്കുന്നില്ല എന്നതുതന്നെ. എന്നാല്‍ യേശുവിനെ ദൈവം എത്രമാത്രം സ്‌നേഹിച്ചുവോ അത്രത്തോളം തന്നെ ദൈവം തങ്ങളെയും സ്‌നേഹിക്കുന്നു വെന്നു വിശ്വസിക്കുവാന്‍ ധൈര്യപ്പെടുന്ന ചുരുക്കം ചിലരെങ്കിലുമുണ്ട്. വളരെ സ്പഷ്ടമായി യേശു അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ നാമാരും തന്നെ അങ്ങനെയൊരു സത്യം വിശ്വസിക്കുവാന്‍ ധൈര്യപ്പെടുമായിരുന്നില്ല.

ഈ മഹാസത്യം ദര്‍ശിക്കുവാന്‍ തക്കവണ്ണം നിങ്ങളുടെ കണ്ണുകള്‍ തുറക്കപ്പെട്ടു കഴിഞ്ഞാല്‍, ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് ഒന്നാകെ മാറും. എല്ലാ പിറുപിറുപ്പും വിഷാദവും മ്ലാനതയും നിങ്ങളുടെ ജീവിതത്തില്‍ നിന്നു പൂര്‍ണ്ണമായും അപ്രത്യക്ഷമാകും. എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടുള്ളതുകൊണ്ട് ഇതു തികച്ചും സംഭവ്യമായ ഒന്നാണെന്ന് എനിക്കറിയാം.

വിഷാദത്തിനടിമയായി, പരാജിതനായി, പല വര്‍ഷങ്ങള്‍ ഞാന്‍ ജീവിച്ചു. എന്നെക്കുറിച്ചുള്ള ദൈവോദ്ദേശ്യം അതായിരുന്നില്ലെങ്കിലും അതില്‍നിന്നു സ്വതന്ത്രനാകുവാന്‍ എനിക്കു കഴിഞ്ഞില്ല. എന്നാല്‍ യേശുവിനെ സ്‌നേഹിച്ചതുപോലെ തന്നെ ദൈവം എന്നെയും സ്‌നേഹിക്കുന്നു എന്ന സത്യത്തിലേക്ക് എന്റെ കണ്ണുകള്‍ തുറന്നതുമുതല്‍ എന്റെ നില തികച്ചും വ്യത്യസ്തമായിത്തീര്‍ന്നു. ഇന്ന് എന്റെ പാതയില്‍ വന്നെത്തുന്ന എല്ലാം തന്നെ, സ്‌നേഹനിധിയായ ഒരു പിതാവിന്റെ കൈകളില്‍ നിന്നു വരുന്നതായി ഞാന്‍ കാണുന്നു. തന്റെ കണ്ണിന്റെ കൃഷ്ണമണി പോലെ അവിടുന്ന് എനിക്കായി കരുതുന്നുവെന്നു ഞാന്‍ കണ്ടുകഴിഞ്ഞു. അതുകൊണ്ടു ജീവിതത്തിലെ യാതൊരു സാഹചര്യത്തിനും എന്നെ പിറുപിറുക്കുന്നവനോ വിഷാദചിത്തനോ ആക്കുവാന്‍ ഇന്നു സാധ്യമല്ല. പൗലോസ് പറയുന്നതുപോലെ, സംതൃപ്തനായിരിക്കുന്നതിന്റെയും എല്ലാറ്റിനും ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുന്നതിന്റെയും രഹസ്യം ഞാന്‍ പഠിച്ചുകഴിഞ്ഞു (ഫിലി. 4:4; 1 തെസ്സ. 5:18). യേശുവിനെ സ്‌നേഹിച്ചതുപോലെതന്നെ ദൈവം എന്നെയും സ്‌നേഹിക്കുന്നു എന്ന ഈ സത്യമാണ് ഇന്നെന്റെ ജീവിത ത്തിന്റെ ഇളകാത്ത അടിസ്ഥാനം.

വിജയജീവിതത്തിലേക്കു നിങ്ങള്‍ പ്രവേശിക്കാതിരിക്കുന്നതിന്റെ കാരണം നിങ്ങള്‍ വേണ്ടത്ര ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നില്ല എന്നുള്ളതല്ല. സ്വന്ത പരിശ്രമത്തിലൂടെയല്ല, മറിച്ചു വിശ്വാസത്തിലൂടെയാണു വിജയം സാധ്യമാകുന്നത്. ”ഏതിലുള്ള വിശ്വാസം?” എന്നു നാം ചോദിച്ചേക്കാം. അതിനുള്ള മറുപടി ഇതാണ്: ദൈവത്തിനു നിങ്ങളോടുള്ള തികഞ്ഞ സ്‌നേഹത്തിലുള്ള വിശ്വാസം.

പലയാളുകളും സാത്താന്റെ കുറ്റാരോപണങ്ങളെ ഭയപ്പെട്ട് അവയ്ക്ക് അടിമകളായിട്ടാണു ജീവിക്കുന്നത്. ”നിങ്ങള്‍ വേണ്ടത്ര ഉപവസിക്കുന്നില്ല; നിങ്ങള്‍ വേണ്ടത്ര സാക്ഷിക്കുന്നില്ല; നിങ്ങള്‍ വേണ്ടത്ര തിരുവചന പഠനം നടത്തുന്നില്ല….” എന്നിങ്ങനെ സാത്താന്‍ അവരോടു മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയുള്ള ചിന്തകളുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദം നിമിത്തം അവര്‍ ഒട്ടേറെ കര്‍മ്മപരിപാടികളിലേക്കും വളരെയധികം നിര്‍ജ്ജീവ പ്രവൃത്തികളിലേക്കും നയിക്കപ്പെടുന്നു. നിങ്ങളുടെ സ്വയംനിയന്ത്രണം, ഉപവാസം, പ്രാര്‍ത്ഥന, ദശാംശം കൊടുക്കല്‍, സാക്ഷിക്കല്‍ ഇവയെല്ലാം സ്‌നേഹത്തില്‍ നിന്നുദ്ഭവിക്കുന്നില്ലെങ്കില്‍ വെറും നിര്‍ജ്ജീവപ്രവൃത്തികള്‍ മാത്രമായിത്തീരാം എന്നു നിങ്ങള്‍ അറിയുന്നുണ്ടോ? ഒന്നാമതായി നിങ്ങള്‍ ദൈവസ്‌നേഹത്തില്‍ സുരക്ഷിതരല്ലെങ്കില്‍ ഇവയൊന്നും സ്‌നേഹത്തില്‍ നിന്ന് ഉദ്ഭവിക്കുവാനും സാധ്യമല്ല.

നാം സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായിത്തീരണമെന്നു വേദ പുസ്തകം പറയുന്നു (എഫേ. 3:16,17). എഫെസോസിലെ വിശ്വാസികള്‍ മുമ്പുതന്നെ മാനസാന്തരപ്പെട്ടവരും ആത്മസ്‌നാനം ലഭിച്ചവരുമായിരുന്നു. അവര്‍ക്കുവേണ്ടി പൗലോസ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത് അവര്‍ ദൈവത്തിനു തങ്ങളോടുള്ള തികഞ്ഞ സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായിത്തീരുകയും ആ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും എന്തെന്ന് അറിയുകയും ചെയ്യേണ്ടതിന്, അകത്തെ മനുഷ്യനെ സംബന്ധിച്ച് ഇനിയും ആത്മാവിനാല്‍ ശക്തിയോടെ ബലപ്പെടണം എന്നത്രേ. അതിനുശേഷം മാത്രമേ ക്രിസ്തുവിന്റെ ശരീരം പണിയപ്പെടുവാന്‍ ഉപകരിക്കുന്ന കൃപാദാനങ്ങളെക്കുറിച്ചു പൗലോസ് പ്രസ്താവിക്കുന്നുള്ളു (എഫേ. 4:7-16). നമ്മുടെ ശുശ്രൂഷ ഫലപ്രദമായിത്തീരണമെങ്കില്‍ ദൈവസ്‌നേഹത്തിലുള്ള തികഞ്ഞ സുരക്ഷിതത്വം – ഒരു കെട്ടിടത്തിന് അടിസ്ഥാനമെന്നപോലെയും, ഒരു വൃക്ഷത്തിനു വേരുകള്‍ എന്നപോലെയും – നമുക്കു കീഴില്‍ ഉണ്ടായിരിക്കണം.

‘സ്വസ്ഥതയിലേക്കുള്ള പ്രവേശനം’ എന്ന് പുതിയനിയമത്തില്‍ ഒരിടത്ത് ഈ അനുഭവത്തെപ്പറ്റി പറയുന്നുണ്ട്. ”(നമ്മോടുള്ള ദൈവത്തിന്റെ തികഞ്ഞ സ്‌നേഹത്തില്‍) വിശ്വസിക്കുന്നവരായ നാമല്ലോ അവന്റെ സ്വസ്ഥതയില്‍ പ്രവേശിക്കുന്നു” (എബ്രാ. 4:3) എന്ന് അപ്പോസ്തലന്‍ പറയുന്നു. ഈ സ്വസ്ഥതയില്‍ പ്രവേശിക്കുന്നതിനു പൂര്‍ണ്ണഹൃദയത്തോടെ ഉത്സാഹിക്കണമെന്ന് അദ്ദേഹം പിന്നീടു നമ്മെ നിര്‍ബന്ധിക്കുന്നു (എബ്രാ. 4:11). അല്ലാത്തപക്ഷം നാം വഴുതിവീണു പോകുന്നതിനിടയാകും.

തങ്ങളെ സ്‌നേഹിക്കുന്നവരായി ആരുണ്ട് എന്നന്വേഷിക്കുന്ന ആളുകളെ ക്കൊണ്ടു ലോകം നിറഞ്ഞിരിക്കുകയാണ്. പല ക്രിസ്ത്യാനികളും സ്‌നേഹിക്കപ്പെടുവാനുള്ള താല്‍പര്യം നിമിത്തം ഒരു സഭയില്‍നിന്നു മറ്റൊരു സഭയിലേക്കു പൊയ്‌ക്കൊണ്ടിരിക്കുന്നു. ചിലര്‍ മൈത്രീബന്ധങ്ങളിലും മറ്റു ചിലര്‍ വിവാഹബന്ധത്തിലും സ്‌നേഹം തേടുന്നു. എന്നാല്‍, ഇങ്ങനെയുള്ള എല്ലാ അന്വേഷണങ്ങളും നിരാശയില്‍ കലാശിച്ചേക്കാനിടയുണ്ട്. ആദാമിന്റെ മക്കളെല്ലാം അനാഥരെപ്പോലെ സുരക്ഷിതത്വബോധമില്ലാത്തവരാണ്. തന്നിമിത്തം അവര്‍ വീണ്ടും വീണ്ടും സ്വയംസഹതാപമെന്ന (self pity) സ്വഭാവത്തിന് അടിമകളായിത്തീരുന്നു. മാനസാന്തരപ്പെട്ടതിനുശേഷവും അനേകം പേരും സുരക്ഷിതത്വബോധമില്ലാതെ ജീവിക്കുന്നുവെന്നതാണ് ഏറ്റവും ദുഃഖകരമായ സത്യം, അതിന് ഒരാവശ്യവും ഇല്ലാതിരിക്കുമ്പോള്‍ തന്നെ.

ഈ പ്രശ്‌നത്തിനു സുവിശേഷം നല്‍കുന്ന ഉത്തരം എന്താണ്? ദൈവത്തിന്റെ സ്‌നേഹത്തില്‍ നമ്മുടെ സുരക്ഷിതത്വം കണ്ടെത്തുക എന്നതാണ് ഉത്തരം. തങ്ങളുടെ തലയിലെ രോമം പോലും എല്ലാം എണ്ണപ്പെട്ടിരിക്കുന്നുവെന്നും, ലക്ഷക്കണക്കിനു പക്ഷികള്‍ക്കെല്ലാം ആഹാരം കൊടുക്കുകയും കോടിക്കണക്കിനു പുഷ്പങ്ങളെയെല്ലാം അണിയിച്ചൊരുക്കുകയും ചെയ്യുന്ന ദൈവം തീര്‍ച്ചയായും തങ്ങള്‍ക്കായി കരുതുമെന്നും ശിഷ്യന്മാരോട് യേശു ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. അതിനെക്കാളെല്ലാം പ്രബലമായ ഒരു തെളിവ് അഥവാ ന്യായം ഇതാ: ”സ്വന്തപുത്രനെ ആദരിക്കാതെ നമുക്കെല്ലാവര്‍ക്കുംവേണ്ടി ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സകലവും നമുക്കു നല്‍കാതിരിക്കുമോ?” (റോമര്‍ 8:32). യേശുവിനുവേണ്ടി കരുതിയതുപോലെതന്നെ, നിങ്ങള്‍ക്കായും ദൈവം കരുതും.

നമ്മുടെ സഹജീവികളോടുള്ള ബന്ധത്തില്‍ ചിലപ്പോള്‍ നിരാശയുളവാകുന്നതിനു ദൈവം നമ്മെ അനുവദിക്കാറുണ്ട്. മനുഷ്യനില്‍ ചാരുന്ന സ്വഭാവം വെടിയുവാന്‍ നമ്മെ പഠിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. മനുഷ്യനില്‍ ആശ്രയം വയ്ക്കുക എന്നതു വിഗ്രഹാരാധനയുടെ ഒരു വകഭേദമത്രേ. ഇങ്ങനെയുള്ള വിഗ്രഹാരാധനയില്‍നിന്നു നാം സ്വതന്ത്രരാകണമെന്നും അതുവഴി നാം സമ്പൂര്‍ണ്ണമായും തന്നില്‍ മാത്രം ആശ്രയിക്കുവാന്‍ ശീലിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ടു നാനാമാര്‍ഗ്ഗങ്ങളിലൂടെ നിരാശയുളവാക്കുന്ന സാഹചര്യങ്ങളെ ദൈവം നിങ്ങള്‍ക്കായി ക്രമീകരിച്ചാല്‍ അതു നിങ്ങളെ നിരുത്സാഹപ്പെടുത്തരുത്. ദൈവത്തിലുള്ള വിശ്വാസത്താല്‍ ജീവിക്കുവാന്‍ നിങ്ങള്‍ അഭ്യസിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി ഒരു ശിശുവിനെ മുലകുടിമാറ്റുന്നതുപോലെ ജഡശക്തിയില്‍നിന്നു നിങ്ങളെ ക്രമേണ വിടുവിക്കുകയാണ് ദൈവം ചെയ്യുന്നത്. യേശുവിനെ സ്‌നേഹിച്ചതുപോലെ ദൈവം നിങ്ങളെയും സ്‌നേഹിക്കുന്നു എന്ന വസ്തുതയില്‍ നിങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുവാന്‍ പഠിക്കുക.

ഇങ്ങനെയുള്ള സുരക്ഷിതത്വമില്ലായ്മയില്‍ നിന്നാണ് സകലവിധ മത്സരങ്ങളും അസൂയയും ക്രിസ്ത്യാനികളുടെ ഇടയില്‍ ഉടലെടുക്കുന്നത്. ദൈവ സ്‌നേഹത്തില്‍ സുരക്ഷിതനായ ഒരാള്‍, ദൈവം തന്നെ ഈ വിധം സൃഷ്ടിച്ചതിലോ ഇന്നയിന്ന കഴിവുകള്‍ തനിക്കു നല്‍കിയതിലോ നല്‍കാഞ്ഞതിലോ ദൈവത്തിനു യാതൊരു തെറ്റും പറ്റിയിട്ടില്ലെന്നു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ മറ്റൊരാളുമായി മത്സരിക്കുവാനോ അസൂയപ്പെടുവാനോ അയാള്‍ക്കു കഴിയുകയുമില്ല. വിശ്വാസികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ കാണുന്ന എല്ലാ പ്രശ്‌നങ്ങളും മൗലികമായി ഈ സുരക്ഷിതത്വ ബോധത്തിന്റെ കുറവില്‍ നിന്നാണ് ഉണ്ടാകുന്നത്.

ദൈവത്തിന്റെ തികഞ്ഞ സ്‌നേഹമെന്ന ഈ മഹാ സത്യത്തിന്റെ നേരേ നിങ്ങളുടെ കണ്ണുകള്‍ തുറക്കപ്പെടുമ്പോള്‍ നിങ്ങളുടെ എത്രയെത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഒന്നു ചിന്തിച്ചുനോക്കുക.


അധ്യായം 6 : എല്ലാ കഷ്ടതകളിലും ദൈവത്തിനൊരു ഉദ്ദേശ്യമുണ്ട്

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുവാന്‍ ദൈവം അനുവദിക്കുന്ന എല്ലാ കാര്യങ്ങളിലും അവിടുത്തേക്കു വളരെ മഹത്വകരമായ ഒരു ഉദ്ദേശ്യമുണ്ട് എന്നു നാം കാണുമ്പോള്‍ ജീവിതം അദ്ഭുതകരമായിത്തീരുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ‘ഇല്ല’ എന്ന് അവിടുന്നു മറുപടി തരുമ്പോള്‍പോലും പരിപൂര്‍ണ്ണസ്‌നേഹം നിറഞ്ഞ ഒരു ഹൃദയത്തില്‍നിന്നുള്ള മറുപടിയത്രേ അത്.
മരുഭൂമിയില്‍ യിസ്രായേല്യരെ കടിക്കുന്നതിന് അഗ്നിസര്‍പ്പങ്ങളെ ദൈവം അയച്ചത് സ്‌നേഹത്തില്‍ നിന്നായിരുന്നുവോ? (സംഖ്യാ. 21:6). തീര്‍ച്ചയായും ആയിരുന്നു. അവരെ അനുഗ്രഹിക്കത്തക്കവണ്ണം അവര്‍ മാനസാന്തരപ്പെട്ടു തങ്കലേക്കു മടങ്ങിവരുവാനായി ദൈവം ഉപയോഗിച്ച ഒരു മാര്‍ഗ്ഗമായിരുന്നു അത്. അവരെ അനുഗ്രഹിക്കുവാന്‍ അവിടുന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും, അവര്‍ മാനസാന്തരപ്പെടുന്നതുവരെയും അങ്ങനെ ചെയ്യുവാന്‍ അവിടുത്തേക്കു സാധ്യമായിരുന്നില്ല.

”നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു; അവ തിന്മയ്ക്കല്ല, നന്മയ്ക്കത്രേയുള്ള നിരൂപണങ്ങള്‍ എന്നു യഹോവയുടെ അരുളപ്പാട്” (യിരെ. 29:11).

രോഗങ്ങള്‍, വ്യാധികള്‍ എന്നിവയാലും വിഷപ്പാമ്പുകളാലും മറ്റും ഈ ലോകജീവിതം അസുഖകരമായിരിക്കുവാന്‍ ദൈവം അനുവദിച്ചിരിക്കുന്നതിന്റെ ഒരു കാരണം, തന്റെ അനുഗ്രഹം പ്രാപിക്കുമാറ് മനുഷ്യര്‍ തങ്ങളുടെ കഷ്ടതകളില്‍ ദൈവത്തിങ്കലേക്കു തിരിയണം എന്നതാണ്. അതുകൊണ്ടു സാത്താന്‍ മൂലമുണ്ടാകുന്ന തിന്മകള്‍ പോലും ദൈവം തന്റെ ഉദ്ദേശ്യ നിവൃത്തിക്കായി ഉപയോഗിക്കുന്നുവെന്നു നമുക്കു കാണാന്‍ സാധിക്കും. നിത്യതയില്‍ നാം വീണ്ടെടുക്കപ്പെട്ടവരെ കണ്ടുമുട്ടുകയും അവരുടെ കഥകള്‍ കേള്‍ക്കുകയും ചെയ്യുമ്പോള്‍, ദൈവം ജനത്തെ പാപങ്ങളില്‍നിന്നു തിരിച്ചു തന്റെ മക്കളാക്കുവാന്‍ വേണ്ടി എപ്രകാരം സര്‍പ്പദംശനം, സാമ്പത്തിക നഷ്ടം, ക്യാന്‍സര്‍ മുതലായ കാരണങ്ങളെ ഉപയോഗിച്ചുവെന്നു കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ നമുക്കു സാധിക്കും. ദൈവിക സ്വഭാവത്തിന്റെ പങ്കുകാരായി തന്റെ മക്കള്‍ തീരേണ്ടതിന് അവരുടെ ശുദ്ധീകരണത്തിനു വേണ്ടി കഷ്ടതകളെ ദൈവം എങ്ങനെ ഉപയോഗപ്പെടുത്തി എന്നതും നാം കേള്‍ക്കും.

ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ നമുക്കു മനസ്സിലാക്കുവാന്‍ കഴിയാതിരുന്ന പല കാര്യങ്ങള്‍ക്കായും അന്നു നാം ദൈവത്തിനോടു വളരെ നന്ദിയുള്ളവരായിരിക്കും. എന്നാല്‍ വിശ്വാസമുള്ള മനുഷ്യന് ആ ദിവസം വരെയും കാത്തിരിക്കേണ്ട കാര്യമില്ല. അവന്‍ ദൈവത്തിന്റെ പരിജ്ഞാനത്തിലും സ്‌നേഹത്തിലും ഇപ്പോള്‍ തന്നെ വിശ്വസിക്കുന്നതുകൊണ്ട് എല്ലാറ്റിനു വേണ്ടിയും ദൈവത്തെ സ്തുതിപ്പാന്‍ ആരംഭിച്ചിരിക്കുന്നു.

നമ്മുടെ ജീവിതത്തില്‍ ദൈവം വരുത്തുന്ന എല്ലാ അനുഭവങ്ങളുടെയും ആത്യന്തിക ലക്ഷ്യം നാം ദൈവസ്വഭാവത്തില്‍ പങ്കുകാരായിത്തീരണം എന്നതാണ്. സകലവും നമ്മുടെ നന്മയ്ക്കായി ദൈവം കൂടി വ്യാപരിപ്പിക്കുന്നു. ഈ നന്മയാകട്ടെ, നാം തന്റെ പുത്രന്റെ സ്വരൂപത്തോട് അനുരൂപരായിത്തീരുക എന്നതാണ് (റോമര്‍ 8:28,29).

എന്തുകൊണ്ടാണ് ചിലപ്പോള്‍ യാദൃച്ഛികമായി നമ്മുടെ പണം നഷ്ടപ്പെടുന്നതിനോ, അഥവാ നിര്‍ദ്ദയരായ ആളുകളാല്‍ നാം വഞ്ചിതരാകുന്നതിനോ ദൈവം അനുവദിക്കുന്നത്? തിരക്കുള്ള ബസ്സുകളിലോ ട്രെയിനിലോ വച്ചു പോക്കറ്റടി മൂലം പണം നഷ്ടപ്പെട്ട അനുഭവം നമ്മില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ ആ കള്ളനോ വഞ്ചകനോ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അതിലുപരിയായി പണത്തോടും വസ്തുവകകളോടുമുള്ള അമിതമായ ആഗ്രഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്തണമെന്നു ദൈവം ആഗ്രഹിക്കുന്നു. പണസംബന്ധമായി വളരെയേറെ കണക്കുകൂട്ടുന്ന സ്വഭാവക്കാരായി നാം തീരണമെന്നു ദൈവം ഇച്ഛിക്കുന്നില്ല. അങ്ങനെയെങ്കില്‍ നാം നമുക്കു നഷ്ടമാകുന്ന ഓരോ രൂപയെയും ചൊല്ലി അത്യധികം ദുഃഖിക്കുന്നവരും നമുക്കു ലാഭം വരുന്ന ഓരോ രൂപയെയും ചൊല്ലി അത്യധികം ആനന്ദിക്കു ന്നവരുമായിത്തീര്‍ന്നുപോകും. നമ്മുടെ സന്തോഷം ദൈവത്തില്‍ മാത്രം അധിഷ്ഠിതമായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. ഈ സന്തോഷമാകട്ടെ, ഭൗതികമായ എന്തെങ്കിലും ലാഭം കൊണ്ടു വര്‍ദ്ധിക്കുകയോ, ഭൗതികമായ എന്തെങ്കിലും നഷ്ടംകൊണ്ടു കുറയുകയോ ചെയ്യുന്നില്ല.

ആ വിധമുള്ള ഒരു ജീവിതമാണ് യേശു ഭൂമിയില്‍ നയിച്ചത്. അവിടുന്നു നടന്നതുപോലെ നടക്കുവാന്‍ നാമും വിളിക്കപ്പെട്ടിരിക്കുന്നു. ”ക്രിസ്തു യേശുവിലുള്ള ഭാവം (മനസ്സ്) തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ” (ഫിലി. 2:5) എന്നു വേദപുസ്തകം പറയുന്നു. തന്റെ ശുശ്രൂഷയോടുള്ള നന്ദികൊണ്ട് ആരെങ്കിലും പതിനായിരം രൂപ യേശുവിനു പാരിതോഷികം നല്‍കിയിരുന്നുവെങ്കില്‍, അത് യേശുവിന്റെ സന്തോഷത്തെ അശേഷംപോലും വര്‍ദ്ധിപ്പിക്കുമായിരുന്നില്ല. കാരണം, അവിടുത്തെ സന്തോഷം മുമ്പേതന്നെ നിറഞ്ഞതും നിറഞ്ഞുകവിയുന്നതും ആയിരുന്നു. തന്റെ പിതാവില്‍ യേശു അതു കണ്ടെത്തി. എന്നാല്‍ അതേ സമയം തന്നെ, ഭൗതികമായ ഒരു നഷ്ടം നിമിത്തം യേശുവിന്റെ സന്തോഷം കുറയാനും സാധ്യതയില്ലായിരുന്നു. യേശുവിനു ദാനമായി ലഭിച്ച പണത്തിന്റെ നല്ലൊരു പങ്ക് യൂദാ ഈസ്‌കര്യോത്താവ് മോഷ്ടിച്ചെടുക്കുക പതിവായിരുന്നു. യേശുവിന് ഈ കാര്യം അറിവുണ്ടായിരുന്നു. ഇതു സംബന്ധിച്ച് കര്‍ത്താവിന് യൂദായോടു സഹതാപം തോന്നിയിരിക്കുമെങ്കിലും ഒരിക്കലും പണനഷ്ടത്തെ സംബന്ധിച്ച് അവിടുന്ന് അസ്വസ്ഥനായിരുന്നില്ല.

എന്നാല്‍ ഇന്നത്തെ അനേകം പ്രസംഗകരുടെയും രോഗശാന്തി വരക്കാരുടെയും സ്ഥിതി എത്ര വ്യത്യസ്തമാണ്! ദൈവജനം നല്‍കുന്ന ഔദാര്യദാനങ്ങളോടുള്ള അവരുടെ മനോഭാവം എത്ര വിഭിന്നം! അതിരിക്കട്ടെ. പ്രസംഗകരുടെയും രോഗശാന്തിക്കാരുടെയും കാര്യം നമുക്കു തല്‍ക്കാലം വിടാം. നിങ്ങളുടെ അവസ്ഥ എന്താണ്? ഭൗതിക വസ്തുക്കള്‍ക്കു നിങ്ങളുടെ സന്തോഷം കൂട്ടുന്നതിനോ കുറയ്ക്കുന്നതിനോ കഴിയുമോ? അങ്ങനെയെങ്കില്‍ നിശ്ചയമായും നിങ്ങള്‍ ഭയത്തോടും വിറയലോടും കൂടെ ഈ മനോഭാവത്തില്‍ നിന്നുള്ള രക്ഷയ്ക്കായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു; നിങ്ങളെത്തന്നെ വിധിക്കേണ്ടിയിരിക്കുന്നു.

യേശുവിന്റെ ജീവനില്‍ പങ്കുകാരനാകുവാന്‍ വാസ്തവമായും നിങ്ങള്‍ അതീവ തല്‍പരനാണെങ്കില്‍ നിങ്ങളുടെ വിടുതലിനുവേണ്ടി അനേകം കാര്യങ്ങള്‍ നിങ്ങള്‍ക്കു സംഭവിപ്പാന്‍ ദൈവം അനുവദിക്കും. ഭൗതിക വസ്തുക്കളോടുള്ള സ്‌നേഹത്തില്‍നിന്നും, മനുഷ്യരുടെ ബഹുമാനം അന്വേഷിക്കുന്നതില്‍നിന്നും, സ്വയം സഹതപിക്കുന്നതില്‍നിന്നും, അക്രൈസ്തവമായ മറ്റു പല മനോഭാവങ്ങളില്‍ നിന്നും അങ്ങനെ ദൈവം നിങ്ങളെ വിടുവിക്കും. കര്‍ത്താവ് ആവശ്യപ്പെടുന്ന പാതയിലൂടെ പോകുവാന്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ല എങ്കില്‍ അവിടുന്നു നിങ്ങളെ നിര്‍ബന്ധിക്കയില്ല. നിങ്ങളുടെ ചുറ്റുമുള്ള മിക്ക വിശ്വാസികളുടെയും പോലെ പരാജയമടഞ്ഞതും തരംതാണതുമായ ഒരു ജീവിതം നയിക്കുന്നതില്‍ നിങ്ങള്‍ സംതൃപ്തനാണെങ്കില്‍ അങ്ങനെ ആയിരിപ്പാന്‍ ദൈവം നിങ്ങളെ അനുവദിക്കും. എന്നാല്‍ നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ അത്യുത്തമ ഹിതത്തിനുവേണ്ടി നിങ്ങള്‍ വാഞ്ഛിക്കുന്നുവെങ്കില്‍ വളരെ കര്‍ശനമായിത്തന്നെ അവിടുന്നു നിങ്ങളോട് ഇടപെടും. നിങ്ങളെ കാര്‍ന്നുതിന്നുന്ന അര്‍ബുദകോശങ്ങളെ ചെത്തി നീക്കേണ്ടതിനും, നിങ്ങളെ ദുഷിപ്പിക്കുന്ന വിഗ്രഹങ്ങളെ നശിപ്പിക്കേണ്ടതിനുമത്രേ ഇപ്രകാരം അവിടുന്ന് ഇടപെടുന്നത്. വേദന, നിരാശ, നഷ്ടം, മോഹഭംഗം, പരിഹാസം, അന്യായമായ വിമര്‍ശനം ഇവയെല്ലാം നിങ്ങള്‍ സഹിക്കുന്നതിനു ചിലപ്പോള്‍ ദൈവം അനുവദിക്കും. ഒരിക്കലും ഇളകിപ്പോകാതെ നിങ്ങള്‍ ഉറച്ചുനില്‍ക്കേണ്ടതിനാണ് അവിടുന്ന് ഇങ്ങനെ ചെയ്യുന്നത്. അങ്ങനെ നിങ്ങള്‍ ഉറച്ചു കഴിഞ്ഞാല്‍, സമ്പത്തോ ദാരിദ്ര്യമോ, വിമര്‍ശനമോ പ്രശംസയോ, മാനമോ അപമാനമോ എല്ലാം ഒരുപോലെ കാണുവാന്‍ നിങ്ങള്‍ക്കു കഴിവുണ്ടാകും. ലോകത്തിലുള്ള എല്ലാ കാര്യങ്ങളെയും സംബന്ധിച്ചു ക്രിസ്തുവിന്റെ മരണം നിങ്ങള്‍ വരിക്കുമ്പോള്‍ യേശുവിന്റെ ജീവനില്‍ നിങ്ങള്‍ പങ്കാളിയായിത്തീരും. മാത്രമല്ല, യേശുവിന്റെ ജീവന്‍ നിങ്ങളില്‍ വ്യാപരിക്കുക മൂലം ജയാളിയായ ഒരു രാജാവിനെപ്പോലെ നിങ്ങള്‍ ജീവിക്കുകയും ചെയ്യും (2 കൊരി. 4:10).

ക്രിസ്തുവിലുള്ള സമൃദ്ധിയായ ജീവങ്കലേക്കുള്ള ഈ വഴി ചുരുക്കം പേര്‍ മാത്രമേ കണ്ടെത്തുന്നുള്ളു. കാരണം, അതിനുള്ള വിലകൊടുക്കുവാന്‍ തയ്യാറുള്ളവര്‍ ഏറെയില്ല. നാം നമുക്കുതന്നെ മരിച്ചവരായിത്തീരുക എന്നതാണ് അതിനു കൊടുക്കേണ്ട വില. അപ്രകാരം നാം മരിക്കുന്നില്ല എങ്കില്‍ ഒരിക്കലും വിശ്വാസത്താല്‍ ജീവിക്കുവാന്‍ സാധ്യമല്ല. ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെടുവാന്‍ നാം തയ്യാറാകുന്നില്ലെങ്കില്‍, ദൈവത്തിന്റെ സമ്പൂര്‍ണ്ണ സ്‌നേഹത്തെ സംബന്ധിച്ചുള്ള നമ്മുടെ എല്ലാ അറിവും കേവലം സിദ്ധാന്തപരം മാത്രമായിരിക്കും. ഈ ലോകത്തിലെ വസ്തുവകകളെല്ലാം നാം ഉപേക്ഷിക്കുന്നില്ലെങ്കില്‍ നമുക്കു യേശുവിന്റെ ശിഷ്യന്മാരായിരിപ്പാന്‍ കഴിയുന്നതല്ല (ലൂക്കോ. 14:33).

യോഹ. 17:23-ല്‍ യേശു പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥന ലോകത്തിനു വേണ്ടിയോ അല്ലെങ്കില്‍ ജഡിക ക്രിസ്ത്യാനികള്‍ക്കു വേണ്ടിയോ ഉള്ളതല്ല. സകലവും വിട്ടു തന്നെ അനുഗമിച്ച തന്റെ പതിനൊന്നു ശിഷ്യന്മാര്‍ക്കുവേണ്ടിയായിരുന്നു യേശു അപ്രകാരം പ്രാര്‍ത്ഥിച്ചത്. ജഡിക ക്രിസ്ത്യാനികള്‍ക്കോ മറ്റു ലോകമനുഷ്യര്‍ക്കോ ഒരിക്കലും കണ്ടെത്തുവാന്‍ കഴിയാത്ത വിധത്തിലുള്ള ഒരു സുരക്ഷിതത്വം പിതാവിന്റെ സ്‌നേഹത്തില്‍ കണ്ടെത്തുവാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.

ഒരു ക്രിസ്ത്യാനി എന്തുകൊണ്ടാണ് ജഡികനായിരിക്കുവാന്‍ ഇടയാകുന്നത്? സാത്താന്റെ വഞ്ചനയല്ലേ അതിനു കാരണം? ദൈവത്തിനു പൂര്‍ണ്ണമായും കീഴടങ്ങുന്നില്ലെങ്കില്‍ത്തന്നെയും സന്തോഷമുള്ളവനാ യിരിപ്പാന്‍ കഴിയുമെന്ന് സാത്താന്‍ അവനെ വിശ്വസിപ്പിക്കുന്നു. അങ്ങനെയാകുമ്പോള്‍ രണ്ടു ലോകങ്ങളിലെയും സുഖം അനുഭവിക്കാമല്ലോ എന്നും അവന്‍ ചിന്തിക്കുന്നു. എന്നാല്‍ ഇതു തികഞ്ഞ ഒരു വഞ്ചനയാണ്. നാം ദൈവത്തിന്റെ സമ്പൂര്‍ണ്ണ സ്‌നേഹത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ സന്തോഷത്തോടെ സകലവും നിരുപാധികം ദൈവത്തിനു കീഴ്‌പ്പെടുത്തിക്കൊടുക്കും. അപ്പോള്‍ നാം എല്ലാ ചിന്താകുലങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിടുതല്‍ നേടും (ഫിലി. 4:6,7). കൊടുങ്കാറ്റില്‍പ്പെട്ടു തങ്ങളുടെ കപ്പല്‍ ഇടയ്ക്കു വച്ചു മുങ്ങിപ്പോകുമോ എന്നു ജഡിക ക്രിസ്ത്യാനികള്‍ എല്ലായ്‌പ്പോഴും ഉത്കണ്ഠയോടിരിക്കുന്നു. എന്നാല്‍ യേശുവിനു കൊടുങ്കാറ്റിന്റെ മധ്യത്തിലും സുഖമായി ഉറങ്ങുവാന്‍ കഴിഞ്ഞു. കാരണം, അവിടുന്നു തന്റെ പിതാവിന്റെ സ്‌നേഹത്തില്‍ സുരക്ഷിതനായിരുന്നു. ഇഷ്ടംപോലെ സാത്താനു തന്നെ മുക്കിക്കളയുവാന്‍ കഴിയുകയില്ലെന്നും, തന്റെ പിതാവു സദാ ജാഗ്രതയോടെ തന്നെ പരിപാലിക്കുന്നുണ്ടെന്നും യേശു അറിഞ്ഞിരുന്നു. യേശുവിനെ ദൈവം എത്രത്തോളം സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്നുണ്ടെന്നു നാം ഗ്രഹിച്ചു കഴിയുമ്പോള്‍ നമ്മുടെ ജീവിതം എത്രയോ അദ്ഭുതകരമായിത്തീരും!

ഒടുവില്‍ നാം ദൈവത്തെ അഭിമുഖമായി ദര്‍ശിക്കുമ്പോള്‍ ഇതുവരെയും ഗ്രഹിച്ചിട്ടില്ലാത്തവിധം അത്രയേറെ അഗാധമായി നമ്മെ താന്‍ സ്‌നേഹിച്ചിരുന്നുവെന്ന അറിവുകൊണ്ടു നാം അദ്ഭുതപരതന്ത്രരായി നിന്നുപോകും. നാളെയെക്കുറിച്ചു നാം ചിന്താഭാരമുള്ളവരായിരുന്നത് എത്ര ഭോഷത്തമായിരുന്നുവെന്ന് അന്നു നാം മനസ്സിലാക്കും. എന്നാല്‍ അന്നു നാം മനസ്സിലാക്കി യതുകൊണ്ട് എന്താണൊരു പ്രയോജനം? ദൈവത്തിന്റെ സ്‌നേഹത്തിലേക്കു നമ്മുടെ ദൃഷ്ടികള്‍ തുറക്കപ്പെടുകയും അങ്ങനെ വിശ്വാസത്താല്‍ ജീവിതം പടുത്തുയര്‍ത്തപ്പെടുകയും ചെയ്യേണ്ട സമയം ഇപ്പോഴാണല്ലോ.


അധ്യായം 7 : കഴിവിനപ്പുറം നിങ്ങള്‍ പരീക്ഷിക്കപ്പെടുകയില്ല

1 കൊരി. 10:13 ഏറ്റവും മഹത്വപൂര്‍ണ്ണമായ ഒരു വാക്യമാണ്. അതു നമുക്കെ ല്ലാവര്‍ക്കും ധാരാളം ആശ്വാസത്തിനും പ്രത്യാശയ്ക്കും വക നല്‍കുന്നു. ആ വാക്യം ഇങ്ങനെയാണ്: ”ദൈവം വിശ്വസ്തന്‍, നിങ്ങള്‍ക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ, നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും.”

അസഹനീയമായ പരിശോധനകളിലൂടെയും വ്യഥകളിലൂടെയും തങ്ങള്‍ കടന്നുപോകുന്നതായി ആളുകള്‍ മിക്കപ്പോഴും പറയാറുണ്ട്. ആദാമിന്റെ മക്കളെ സംബന്ധിച്ച് ഇത് ഒരുപക്ഷേ ശരിയായിരിക്കാം; എന്നാല്‍ ദൈവമക്കള്‍ക്ക് ഒരിക്കലും ഇങ്ങനെയല്ല. കാരണം, തന്റെ മക്കള്‍ക്കു നേരിടുന്ന ഓരോ പരിശോധനയും പരീക്ഷയും അതീവ ജാഗ്രതയോടെ ദൈവം ശ്രദ്ധിച്ചു കൊണ്ടാണിരിക്കുന്നത്.

സാത്താനും നമ്മെ വെറുക്കുന്ന മറ്റു മനുഷ്യരും പല വിധത്തിലും നമ്മെ വിഷമിപ്പിക്കുവാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ ദൈവത്തിന്റെ അനുവാദം കൂടാതെ അവര്‍ക്കു നമ്മെ സ്പര്‍ശിക്കുവാന്‍ സാധ്യമല്ല. പഴയനിയമത്തില്‍ പ്പോലും ഈ വസ്തുത നാം കാണുന്നു. ഇയ്യോബിന് ഒരു ദോഷവും തട്ടാതവണ്ണം അദ്ദേഹത്തിനു ചുറ്റും ദൈവം ഒരു വേലി കെട്ടിയിരിക്കുന്നതായി സാത്താന്‍ അറിഞ്ഞിരുന്നു (ഇയ്യോ. 1:10). എന്നാല്‍ ഇയ്യോബിന്റെ ശുദ്ധീകരണത്തിനു വേണ്ടി ആ വേലിയുടെ ഒരു ഭാഗം അല്പമൊന്നു പൊളിക്കുവാനും അതുവഴി അദ്ദേഹത്തെ ആക്രമിക്കുവാനും ദൈവം സാത്താനെ അനുവദിച്ചു. എങ്കിലും വേലി എത്രമാത്രം പൊളിക്കപ്പെടണമെന്നത് ദൈവത്തിന്റെ തീരുമാനത്തിനു വിധേയമായിരുന്നു. ആദ്യം അല്പം മാത്രവും (ഇയ്യോ. 1) പിന്നീട് അല്പം കൂടിയും (ഇയ്യോ. 2) വേലി പൊളിക്കുന്നതായി നാം കാണുന്നു. ദൈവം വേലി തുറന്നുകൊടുത്തതു നിമിത്തമാണ് ശെബായരും കല്‍ദായരും ഇയ്യോബിന്റെ വസ്തുവകകള്‍ അപഹരിക്കുന്നതിനായി കയറി വന്നത് (ഇയ്യോ. 1:15,17). ഇയ്യോബിന്റെ മക്കളുടെമേല്‍ കെട്ടിടം വീഴുന്നതിനിടയാക്കിയ കൊടുങ്കാറ്റും വേലിയുടെ അതേ ഛിദ്രത്തിലൂടെയാണു കടന്നുവന്നത്. എന്നാല്‍ ഇയ്യോബിന്റെ ശരീരത്തെ ബാധിച്ച രോഗത്തിനു പ്രവേശിപ്പാന്‍ തക്ക വലുപ്പം ഈ ഛിദ്രത്തിന് ഉണ്ടായിരുന്നില്ല. അതിനുശേഷം ദൈവം വേലിയുടെ ഛിദ്രം കുറേക്കൂടി തുറന്നപ്പോള്‍ മാത്രമാണ് ഇയ്യോബിനെ ദണ്ഡിപ്പിക്കുന്നതിനായി രോഗവും കയറിവന്നത്.

തനിക്കു സംഭവിക്കുന്ന എല്ലാറ്റിന്റെയും നിയന്ത്രണം ദൈവത്തിന്റെ കൈകളിലാണെന്ന് ഇയ്യോബ് ആദ്യം ഗ്രഹിച്ചിരുന്നില്ല. വളരെ താമസിച്ച്, കഥയുടെ ഒടുവില്‍ മാത്രമാണ് അദ്ദേഹം അതു മനസ്സിലാക്കിയത്. എന്നാല്‍ ഇതില്‍ നാം ഇയ്യോബിനെ കുറ്റപ്പെടുത്തേണ്ടതില്ല. കാരണം, നമുക്ക് ഇന്നുള്ളതുപോലെ എഴുതപ്പെട്ട തിരുവെഴുത്തുകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ദൈവമക്കള്‍ക്കു ചുറ്റുമുള്ള വേലിയുടെ ഛിദ്രം ആരുടെ നിയന്ത്രണത്തിലാണെന്നു കാണിച്ചുതരുവാന്‍ നമുക്കിന്നു ദൈവവചനം നമ്മുടെ പക്കലുണ്ട്. ഈ വേലി ദൈവം തന്നെയാണെന്നും അവിടുന്നു തീമതിലായി നമുക്കു ചുറ്റും ഉണ്ടെന്നും സെഖ. 2:5-ല്‍ നാം വായിക്കുന്നു. എന്നാല്‍ പലപ്പോഴും എലീശായുടെ ദാസനെപ്പോലെ ഇങ്ങനെയുള്ള സ്വര്‍ഗ്ഗീയമായ യാഥാര്‍ത്ഥ്യങ്ങളെ കാണാതവണ്ണം നമ്മുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. നമ്മെ ചുറ്റിയിരിക്കുന്ന തീമതില്‍ നാം കാണുന്നില്ല. അഗ്നിരഥങ്ങളെയും കുതിരകളെയും സ്വയം കാണുവാന്‍ കഴിഞ്ഞതുകൊണ്ട് എലിശായ്ക്ക് അശേഷവും ഭയമുണ്ടായിരുന്നില്ല (2 രാജാ. 6:15-17). നമ്മുടെയും കണ്ണുകള്‍ തുറക്കപ്പെടേണ്ടിയിരിക്കുന്നു.

വേലിയുടെ തുറന്ന ഭാഗം എപ്പോള്‍ അടയ്ക്കണമെന്നും ദൈവത്തിനറിയാം. നമ്മുടെ സാഹചര്യങ്ങളെ വളരെ ശ്രദ്ധയോടും കൃത്യമായും അവിടുന്നു നിയന്ത്രിക്കുന്നു. നമ്മുടെ ആത്മീയമായ കഴിവിനും പരമോന്നത മാര്‍ഗ്ഗത്തിലെത്തുവാനുള്ള നമ്മുടെ താല്‍പര്യത്തിനും അനുസൃതമായിട്ടാണ് അവിടുന്ന് അപ്രകാരം ചെയ്യുന്നത്. നാം ആത്മീയമായി പക്വതയില്ലാത്തവരും ബലഹീനരുമായിരിക്കുമ്പോള്‍ അതികഠിനമായ ഏതെങ്കിലും പരീക്ഷകള്‍ക്കു ദൈവം നമ്മെ വിധേയരാക്കുകയില്ല. മറ്റു മനുഷ്യരോ സാത്താനോ നമ്മെ അത്യുഗ്രമായി ആക്രമിക്കുന്നതിനും അവിടുന്ന് അനുവദിക്കയില്ല. അതുപോലെതന്നെ, നമ്മെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യങ്ങളില്‍ നമുക്കു താല്‍പര്യമില്ലെന്നു ദൈവം കാണുകയാണെങ്കില്‍, നമുക്കു സൗകര്യപ്രദമായ ജീവിതപന്ഥാവിലൂടെ നീങ്ങുവാന്‍ അവിടുന്നു നമ്മെ അനുവദിക്കും. അതുകൊണ്ടു നിത്യതയില്‍ നമുക്കുണ്ടാകുന്ന നഷ്ടത്തിനു നാം തന്നെയാ യിരിക്കും ഉത്തരവാദികള്‍.

ദൈവത്തിന്റെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരിലൊരാളായിരുന്നു ഇയ്യോബ്. അതുകൊണ്ടാണ് അത്ര കഠിനമായ കഷ്ടതകളിലൂടെ ദൈവം അദ്ദേഹത്തെ കടത്തിവിട്ടത്. എല്ലാവരുടെയും ജീവിതത്തില്‍ ദൈവം അപ്രകാരം ചെയ്യാറില്ല. അത്തരം കഷ്ടതകള്‍ സഹിക്കുവാനുള്ള ആത്മീയ വളര്‍ച്ചയെത്തിയവര്‍ വളരെ ചുരുക്കമാണെന്നാണ് ഇതിനു കാരണം. മാത്രമല്ല, ഈ ആത്മീയ വളര്‍ച്ചയില്‍ താല്‍പര്യമുള്ളവരും വിരളമത്രേ.

നമുക്കു നേരിടേണ്ടി വരുന്ന എല്ലാ വിധ പരീക്ഷകളിലൂടെയും ദൈവം തന്റെ പുത്രനായ യേശുവിനെ കടത്തി. അങ്ങനെയാണ് യേശു തികഞ്ഞ വനായിത്തീര്‍ന്നത് (എബ്രാ. 4:15;5:7-9). നമുക്കും തികഞ്ഞവരായിത്തീരുവാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല തന്നെ.

നമുക്കു കഴിയുന്നതിനുമീതെ പരീക്ഷിക്കപ്പെടുവാന്‍ ദൈവം നമ്മെ ഒരിക്കലും അനുവദിക്കില്ല. എല്ലായ്‌പ്പോഴും ജയജീവിതം നയിക്കുന്നവരായിരിപ്പാന്‍ നമുക്കു സാധിക്കുമെന്നതിന്റെ ഉറപ്പ് ഈ വസ്തുതയിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. 1 കൊരി. 10:13-ല്‍ ദൈവം ഉറപ്പു നല്‍കിയിരുന്നില്ലെങ്കില്‍ ഒരിക്കലും ഇപ്രകാരമുള്ള ഒരു ധൈര്യം നമുക്കുണ്ടാകുവാന്‍ കഴിയുമായിരുന്നില്ല.

നമ്മുടെ ജീവിതത്തില്‍ വരുന്ന ഓരോ പരീക്ഷയും പരിശോധനയും നമുക്കു കീഴടക്കുവാന്‍ കഴിയുമെന്നു ദൈവം ഉറപ്പു തരുന്നു. പിന്നെ എന്തു കൊണ്ടു നാം പരാജയപ്പെടുന്നു? ഓരോ പരീക്ഷയിലും പരിശോധനയിലും ദൈവം ക്രമീകരിച്ചിട്ടുള്ള രക്ഷാമാര്‍ഗ്ഗം നാം സ്വീകരിക്കുന്നില്ല എന്നതാണിതിനു കാരണം.

രക്ഷപെടുന്നതിനുള്ള ഈ മാര്‍ഗ്ഗം എന്താണ്? യേശു ചെയ്തതുപോലെ, ക്രൂശിലെ മരണത്തോളം തന്നെ, നമ്മെ വിനയപ്പെടുത്തുകയാണ് (താഴ്ത്തുകയാണ്) ഈ മാര്‍ഗ്ഗം (ഫിലി. 2:8). ചുരുക്കം പേര്‍ മാത്രം കണ്ടെത്തുന്നതും സമൃദ്ധിയായ ജീവങ്കലേക്കുള്ളതുമായ ഇടുങ്ങിയ മാര്‍ഗ്ഗ മത്രേ ഇത്. നിഗളം അഥവാ അഹംഭാവം നമ്മുടെ ജഡത്തില്‍ വളരെ ആഴത്തില്‍ വേരൂന്നിയിരിക്കകൊണ്ട് താഴ്മയുടെ മഹത്വമേറിയ പാത ചുരുക്കം പേര്‍ മാത്രമേ കണ്ടെത്തുന്നുള്ളു. തന്നെത്താന്‍ താഴ്ത്തുകയെന്നതിന്റെ അര്‍ത്ഥം പോലും ചിലര്‍ മാത്രമേ മനസ്സിലാക്കിയിട്ടുള്ളു. ഇതൊരു മര്‍മ്മമായി (രഹസ്യം) ഇരിക്കുന്നുവെങ്കിലും നിങ്ങള്‍ ആത്മാര്‍ത്ഥതയുള്ളവനാണെങ്കില്‍ ദൈവം നിങ്ങള്‍ക്കിതു വെളിപ്പെടുത്തിത്തരും.

ബഹുമുഖങ്ങളായ ജീവിതസമ്മര്‍ദ്ദങ്ങളാണ് ജീവിതം നമുക്ക് അസഹനീയമാക്കിത്തീര്‍ക്കുന്നത് എന്നു നാം ചിന്തിക്കാറുണ്ട്. എന്നാല്‍ വാസ്തവത്തില്‍ നമ്മുടെ നിഗളം – നമ്മെക്കുറിച്ചുതന്നെ നമുക്കുള്ള ഉന്നതമായ ചിന്തകള്‍ – മാത്രമാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണം. വളരെ തിരക്കുപിടിച്ച ട്രെയിനില്‍ റിസര്‍വേഷനില്ലാത്ത കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുള്ള അവസരങ്ങളില്‍ ഇക്കാര്യം ഞാന്‍ ആഴമായി ചിന്തിച്ചിട്ടുണ്ട്. ഇരിക്കുവാന്‍ സീറ്റു കിട്ടാതെ തറയിലൊരു മൂലയ്ക്കു മാറി ഇരിക്കുന്നതിനോ അല്ലെങ്കില്‍ നില്‍ക്കുന്നതിനോ എനിക്ക് ഇടയായിട്ടുണ്ട്. ട്രെയിന്‍ പുറപ്പെടുന്ന സ്‌റ്റേഷനില്‍ വച്ചുതന്നെ കമ്പാര്‍ട്ടുമെന്റ് മുഴുവന്‍ ആളുകളെയും സാമാനങ്ങളെയും കൊണ്ടു തിങ്ങിനിറഞ്ഞു കഴിഞ്ഞിരിക്കും. വഴിനീളെയുള്ള സ്‌റ്റേഷനുകളില്‍ നിന്ന് അധികമധികം ആളുകളും സാമാനങ്ങളും വന്നുചേരുന്നതനുസരിച്ചു സ്ഥിതിഗതികള്‍ ക്രമേണ വഷളായി വരുന്നു. ട്രെയിനിനുള്ളിലെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അപ്പോള്‍ ഞാനിങ്ങനെ ചിന്തിച്ചിട്ടുണ്ട്: ”ഇപ്പോള്‍ എനിക്ക് ഒരു എറുമ്പിന്റെ അത്രയും ചെറുതാകുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പിന്നെ അശേഷവും സമ്മര്‍ദ്ദം എനിക്കു സഹിക്കേണ്ടിവരില്ലല്ലോ.” ഒരു മനുഷ്യനെന്ന നിലയ്ക്കുള്ള എന്റെ വലുപ്പം നിമിത്തമാണ് ആള്‍ത്തിരക്കിന്റെ സമ്മര്‍ദ്ദം അത്യധികമായി എനിക്കനുഭവപ്പെടുന്നത്. എന്നെക്കാള്‍ തടിച്ച ഒരാള്‍ക്കാകട്ടെ, ഈ സമ്മര്‍ദ്ദം എനിക്കനുഭവപ്പെട്ടതിനെക്കാള്‍ കുറേക്കൂടി കഠിനമായിത്തോന്നും. നമ്മുടെ വലുപ്പത്തെയാണ് ഇത് ആശ്രയിച്ചിരിക്കുന്നത്. ഒരു എറുമ്പിനാകട്ടെ, ഏറ്റവും തിരക്കേറിയ കമ്പാര്‍ട്ടുമെന്റു പോലും ധാരാളം സ്ഥലസൗകര്യമുള്ളതായി കാണാന്‍ കഴിയും. അതുകൊണ്ട് സമ്മര്‍ദ്ദത്തെ സംബന്ധിച്ച് അതിനുയാതൊരു പരാതിയും ഉണ്ടാവില്ല.

ആത്മീയപ്രശ്‌നത്തിനുള്ള മറുപടിയും നമുക്കിവിടെത്തന്നെയുണ്ട്. പുറമേ നിന്നുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ എന്റെ സ്വന്തദൃഷ്ടിയില്‍ അധികമധികം ചെറുതായിത്തീരുവാന്‍ എനിക്കു സാധിക്കുമെങ്കില്‍, സമ്മര്‍ദ്ദം കുറഞ്ഞു വരുന്നതും, ക്രമേണ അത് അപ്രത്യക്ഷമാകുന്നതും എനിക്കു കാണാന്‍ കഴിയും. നമ്മുടെ വലുപ്പം കുറച്ചുകൊണ്ടുവരുവാന്‍ ദൈവം ഇച്ഛിക്കുന്നു. ദൈവത്തിനു തന്റെ ഉദ്ദേശ്യങ്ങള്‍ നമ്മിലൂടെ നിറവേറ്റാന്‍ കഴിയണമെങ്കില്‍, അതിനു മുമ്പായി നാം നമ്മുടെ തന്നെ മതിപ്പില്‍ ഒരു പൂജ്യമായിത്തീര്‍ന്നേ മതിയാവൂ. നാം സ്വയം കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകണം എന്നര്‍ത്ഥം.

ഉദാഹരണമായി, എന്തുകൊണ്ടാണ് മറ്റുള്ളവരുടെ വാക്കോ പ്രവൃത്തിയോ നമ്മെ മുറിപ്പെടുത്തുന്നത്? നമ്മെക്കുറിച്ചും നമ്മുടെ അവകാശങ്ങളെക്കുറിച്ചും നമുക്കുള്ള ഉന്നതമായ ചിന്തകളല്ലേ ഇതിനു കാരണം? നാം അര്‍ഹിക്കുന്ന വിധത്തില്‍ ആളുകള്‍ നമ്മെ ബഹുമാനിക്കുന്നില്ല എന്നു നമുക്കു തോന്നുന്നു; അല്ലെങ്കില്‍ അവര്‍ നമ്മുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നു നാം ഭയപ്പെടുന്നു. മറ്റുള്ളവര്‍ നമ്മെക്കുറിച്ചു ദോഷം സംസാരിക്കുമ്പോള്‍ നമ്മുടെ വികാരങ്ങള്‍ വ്രണപ്പെടുന്നു. ഇപ്രകാരമുള്ള നമ്മുടെ എല്ലാ വ്യഥകള്‍ക്കും കാരണം നമ്മുടെ ഊതിവീര്‍ത്ത അഹംഭാവം മാത്രമാണ്. അഹംഭാവമാകുന്ന ബലൂണിന് ഒരു സൂചിക്കുത്ത് ഏല്‍പ്പിക്കുക; വായു മുഴുവന്‍ വെളിയില്‍പ്പോയിക്കഴിയുമ്പോള്‍, നമ്മുടെ ഉള്ളില്‍ അശേഷവും സമ്മര്‍ദ്ദം ശേഷിക്കുന്നില്ലെന്നു നമുക്കു ബോധ്യപ്പെടും. ഇതാണു രഹസ്യം. ഈ രഹസ്യം കാണുവാന്‍ തക്കവണ്ണം ദൈവം നമ്മുടെ കണ്ണുകള്‍ തുറന്നു തരട്ടെ. നമ്മുടെ ചുറ്റുമുള്ള ആളുകള്‍ ഒരായിരം കൂട്ടം കാര്യങ്ങളെച്ചൊല്ലി പരാതിപ്പെടുമ്പോള്‍, യാതൊരു പരാതിയും പിറുപിറുപ്പും നമുക്കില്ല. കാരണം, നമ്മെത്തന്നെ താഴ്ത്തുകയെന്ന രക്ഷാമാര്‍ഗ്ഗം നാം കണ്ടെത്തിയിരിക്കുന്നു.


അധ്യായം 8 : ദൈവം താഴ്മയുള്ളവര്‍ക്കു മാത്രം കൃപ നല്‍കുന്നു

നാം നമ്മെത്തന്നെ താഴ്ത്തണമെന്നു ദൈവം താല്‍പര്യപ്പെടുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. തന്റെ കൃപ നമുക്കു നല്‍കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നതാണ് ഈ കാരണം. തന്റെ നിയമങ്ങളെ ലംഘിക്കുവാന്‍ ദൈവത്തിനു സാധ്യമല്ല. അവിടുന്നു നിഗളികളോട് എതിര്‍ത്തു നില്‍ക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നല്‍കുന്നു (1 പത്രോ. 5:5). ഇത് അപ്രകാരമുള്ള ദൈവികനിയമങ്ങളിലൊന്നാണ്. നമ്മെ ദൈവം എത്രയധികം സ്‌നേഹിക്കുന്നുണ്ടെങ്കില്‍ത്തന്നെയും നാം നിഗളമുള്ളവരാണെങ്കില്‍ തന്റെ കൃപ നമുക്കു നല്‍കുവാന്‍ അവിടുത്തേക്കു കഴിയുകയില്ല. ദൈവത്തിന്റെ കൃപ കിട്ടുന്നില്ലെങ്കില്‍ ഒരിക്കലും ജയജീവിതം നയിപ്പാന്‍ നമുക്കു സാധ്യവുമല്ല. ദൈവകൃപയുടെ ശക്തിയാല്‍ മാത്രമേ പ്രലോഭനങ്ങ ളുടെ ശക്തിയെ നമുക്കു കീഴടക്കുവാന്‍ കഴിയൂ.

ന്യായപ്രമാണം മോശെ മുഖാന്തരം വന്നു; കൃപയാകട്ടെ യേശുക്രിസ്തു മുഖാന്തരം വന്നു (യോഹ. 1:17). ന്യായപ്രമാണം അഥവാ പഴയ ഉടമ്പടിയിന്‍ കീഴില്‍, ഹൃദയത്തില്‍ ഉയരുന്ന പരീക്ഷകള്‍ക്കെതിരായി മനുഷ്യര്‍ വളരെ പോരാട്ടം കഴിച്ചിരുന്നുവെങ്കിലും എപ്പോഴും പരാജയമായിരുന്നു ഫലം. ദൈവികനിയമങ്ങളുടെ ബാഹ്യമായ മാനദണ്ഡമനുസരിച്ചു തികച്ചും കുറ്റമറ്റ ഒരു ജീവിതം നയിച്ചുവന്ന ആളായിരുന്നു തര്‍സോസുകാരനായ ശൗല്‍ (ഫിലി. 3:6). എന്നാല്‍ ഹൃദയത്തില്‍ കുടികൊണ്ടിരുന്ന ദുര്‍മ്മോഹത്തിനും അത്യാഗ്രഹത്തിനും മുമ്പില്‍ താന്‍ ശക്തിഹീനനാണെന്ന് അദ്ദേഹം മനസ്സിലാക്കി (റോമര്‍ 7:7-11). ഹൃദയാന്തര്‍ഭാഗത്തുള്ള ദുര്‍മ്മോഹങ്ങളില്‍ നിന്നു മനുഷ്യരെ വിടുവിക്കുവാന്‍ ന്യായപ്രമാണത്തിനു കഴിഞ്ഞില്ല. ന്യായപ്രമാണം കൊണ്ട് അപ്രകാരം ഉദ്ദേശിക്കപ്പെട്ടിരുന്നതുമില്ല. മനുഷ്യന്റെ പാപസ്വഭാവത്തെയും, ജഡത്തിലുള്ള മോഹങ്ങളെ സംബന്ധിച്ച് അവന്റെ നിസ്സഹായാവസ്ഥയെയും തെളിച്ചു കാണിക്കുക മാത്രമായിരുന്നു ന്യായ പ്രമാണത്തിന്റെ ഉദ്ദേശ്യം.

എന്നാല്‍ ന്യായപ്രമാണത്തിനു ചെയ്യാന്‍ കഴിയാഞ്ഞത് കൃപയ്ക്കു ചെയ്യാന്‍ കഴിയും. ഇതാണ് യേശുക്രിസ്തുവിലൂടെ സ്ഥാപിക്കപ്പെട്ട പുതിയ ഉടമ്പടി നമുക്കു നല്‍കുന്ന സുവാര്‍ത്ത. പാപം ക്ഷമിക്കുന്നതില്‍ ദൈവം അര്‍ഹത ഗണിക്കാതെ കാട്ടുന്ന കാരുണ്യം എന്നതു മാത്രമല്ല ദൈവകൃപയെന്ന വാക്കിന്റെ അര്‍ത്ഥം. കൃപയെന്നത് ഇതിലും വിപുലമായ ഒരു ആശയമത്രേ. അത് ദൈവശക്തിയാകുന്നു. 2 കൊരി. 12:9-ല്‍ ‘കൃപ’യെ ‘ശക്തി’യുടെ പര്യായമായി കാണിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. പരീക്ഷയുടെ സന്ദര്‍ഭങ്ങളില്‍ നമ്മുടെ സഹായത്തിനെത്തുന്നത് ഈ ശക്തിയാണ് (എബ്രാ. 4:16). ദുര്‍മ്മോഹത്താലോ ദുരാഗ്രഹത്താലോ നമ്മുടെ ഹൃദയം മലിനമായി ത്തീരാതിരിക്കുമാറ് കൃപയ്ക്കു നമ്മുടെ ഹൃദയത്തെ ബലപ്പെടുത്തുവാന്‍ കഴിയും (എബ്രാ. 13:9). ഇതാണു പുതിയ ഉടമ്പടി നല്‍കുന്ന സുവാര്‍ത്ത. കൃപയാല്‍ ദൈവം തന്റെ നിയമങ്ങളെ നമ്മുടെ ഹൃദയത്തിലും നമ്മുടെ മനസ്സിലും എഴുതുന്നു (എബ്രാ. 8:10). അങ്ങനെ ദൈവത്തിന്റെ തിരുവുള്ളമനുസരിച്ചുള്ള കാര്യങ്ങള്‍ ഇച്ഛിക്കുവാനും പ്രവര്‍ത്തിക്കുവാനും നാം ശക്തരായിത്തീരുന്നു (ഫിലി. 2:13). അപ്രകാരം ന്യായപ്രമാണത്തിന്റെ നീതി സംബന്ധിച്ച എല്ലാ കാര്യങ്ങളും നമ്മില്‍ ആന്തരികമായി നിറവേറുവാന്‍ ഇടയാകുന്നു (റോമര്‍ 8:4).

പെന്തെക്കോസ്തു നാളില്‍ ദൈവം തന്റെ ആത്മാവിനെ പകര്‍ന്നതിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരുന്നു. അന്നു യെരൂശലേം നിവാസികളുടെമേല്‍ പകരപ്പെട്ടത് ‘കൃപയുടെ ആത്മാവാ’യിരുന്നു (സെഖ. 12:10). ദൈവസിംഹാ സനത്തിങ്കല്‍ നിന്ന് ഒരു വെള്ളച്ചാട്ടംപോലെ ഈ കൃപയുടെ ആത്മാവിന്റെ നദി ഇന്നും ഭൂമിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ക്രിസ്തുവിന്റെ സഭയാകുന്ന സ്വര്‍ഗ്ഗീയ യെരൂശലേമിലെ നിവാസികള്‍ ഇന്നും ഈ വെള്ളച്ചാട്ടത്തിന്‍ കീഴില്‍ വരികയും ദൈവകൃപയാല്‍ ആര്‍ദ്രശരീരരായിത്തീരുകയും ചെയ്യുന്നു. അതുനിമിത്തം റോമര്‍ 6:14-ലുള്ള ദൈവവാഗ്ദാനം അവരില്‍ നിറവേറും. ”നിങ്ങള്‍ (ഇപ്പോള്‍) ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാല്‍ പാപം നിങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ.”

കൃപയുടെ ഈ വെള്ളച്ചാട്ടത്തിനു കീഴില്‍ വന്നെത്തുന്നതിന് ഒരൊറ്റ വ്യവസ്ഥ മാത്രമേയുള്ളു. നമ്മെത്തന്നെ വിനയപ്പെടുത്തുക എന്നതാണത്. പാപത്തിന്റെ മേല്‍ മാത്രമല്ല, നമ്മുടെ സാഹചര്യങ്ങളുടെമേലും, നിരാശയും വ്യസനവും നിറഞ്ഞ മനസ്സിന്മേലും, സാത്താന്റെമേലും, മറ്റുള്ളവരോടു കൈപ്പും വിരോധവും അസൂയയും തോന്നുന്ന സ്വഭാവത്തിന്മേലും, ദുര്‍മ്മോഹത്തിന്മേലും, മറ്റെല്ലാ തിന്മകളുടെമേലും നമുക്ക് അധികാരവും ജയവും നല്‍കുന്നതിന് കൃപയ്ക്കു കഴിയും. ”അതുകൊണ്ട് അവന്‍ തക്കസമയത്തു നിങ്ങളെ ഉയര്‍ത്തുവാന്‍ ദൈവത്തിന്റെ ബലമുള്ള കൈക്കീഴില്‍ താണിരിപ്പിന്‍” (1 പത്രോ. 5:6).

ദൈവത്തിന്റെ ബലമുള്ള കൈക്കീഴില്‍ നാം താണിരിക്കണമെന്നാണല്ലോ ഇവിടെ പറഞ്ഞത്. ഈ ബലമുള്ള കൈ ഏതാണ്? അത് നമ്മുടെ പ്രതിദിന ജീവിതത്തില്‍ നാം കടന്നുപോകേണ്ടി വരുന്ന എല്ലാ സാഹചര്യങ്ങളെയും, അഭിമുഖീകരിക്കേണ്ട എല്ലാവിധ ആളുകളെയും പൂര്‍ണ്ണമായി നിയന്ത്രിക്കുന്ന ദൈവകരമാണ്. നമ്മെത്തന്നെ താഴ്ത്തുകയെന്നാല്‍ നമ്മോടുള്ള ദൈവത്തിന്റെ എല്ലാ ഇടപെടലുകള്‍ക്കും സന്തോഷത്തോടെ കീഴ്‌പ്പെടുത്തു കയെന്നാണ് അര്‍ത്ഥമാക്കേണ്ടത്. സാഹചര്യങ്ങളെയും ആളുകളെയും നമ്മുടെ മീതേ കയറി ഓടുവാന്‍ ദൈവം ഇടയാക്കുമ്പോള്‍പോലും നാം അവയില്‍ ദൈവിക ഇടപെടലുകള്‍ കണ്ടെത്തി നമ്മെത്തന്നെ വിനയ പ്പെടുത്തുവാന്‍ ഇടയായിത്തീരും. നമുക്കു നേരിടുന്ന ഒരു പ്രത്യേക സാഹചര്യം നമ്മുടെ സഹനശക്തിക്കപ്പുറമായേക്കുമോ എന്നു നാം ഒരിക്കലും ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം, നമുക്കു ചുറ്റുമുള്ള വേലിയിലെ വിടവില്‍ കാവല്‍ക്കാരനായി ദൈവം നിലകൊള്ളുന്നു. എപ്പോള്‍ വേലി അടയ്ക്കണമെന്ന് അവിടത്തേക്കു നന്നായിട്ടറിയാം.

അതുകൊണ്ടു നാം പിന്നെയും പാപത്താല്‍ തോല്‍പിക്കപ്പെടുന്നുവെങ്കില്‍ അതിന് ഒരേയൊരു കാരണം മാത്രമേയുള്ളു – നിഗളം. നമ്മിലുള്ള നിഗളം നിമിത്തം നമുക്കു തന്റെ കൃപ നല്‍കുവാന്‍ ദൈവത്തിനു കഴിയാതെപോയി എന്നതാണ് തോല്‍വിയുടെ കാരണം. നാം പാപത്തോടു തോല്‍ക്കുന്ന ഓരോ പ്രാവശ്യവും ദൈവത്തോടടുത്തുചെന്ന് ഇപ്രകാരം ചോദിക്കേണ്ടിയിരിക്കുന്നു: ”കര്‍ത്താവേ, ജയാളിയാകേണ്ടതിനു കൃപ എനിക്കു നല്‍കുന്നതില്‍നിന്ന് അങ്ങയെ തടയുവാന്‍ പ്രേരകമായി എന്നിലുള്ള നിഗളഭാവം എന്തെന്ന് എനിക്കു കാണിച്ചുതരണമേ.” ഓരോ വീഴ്ചയുടെയും സന്ദര്‍ഭത്തില്‍ അതിവേഗം നമ്മെത്തന്നെ വിധിക്കുന്ന സ്വഭാവം നമുക്കുണ്ടെങ്കില്‍, എത്രയും പെട്ടെന്നു വിജയം നമുക്കു സ്വന്തമായിത്തീരുകതന്നെ ചെയ്യും.

പാപത്തിന്മേലുള്ള വിജയമെന്നത്, പുതിയ ഉടമ്പടിയിന്‍പ്രകാരം നമ്മുടെ ജന്മാവകാശമത്രേ. അജ്ഞത നിമിത്തമോ നിഗളം നിമിത്തമോ സാത്താന്‍ അതു നമ്മില്‍നിന്ന് അപഹരിക്കുവാന്‍ ഇടയാക്കരുത്. നിങ്ങള്‍ക്കു വിജയം ലഭിക്കുന്നതിനു കാലവിളംബം ഉണ്ടാകുന്നെങ്കില്‍, നിങ്ങളെ വിനയപ്പെടുത്തുവാന്‍ ദൈവത്തിനു കൂടുതല്‍ സമയം വേണ്ടിവരുന്നുവെന്നതിന്റെ സൂചനയാണത്. ആദാമിന്റെ സന്തതികളില്‍ നിറഞ്ഞിരിക്കുന്ന കഠിനമായ ആത്മവിശ്വാസത്തെ (സ്വന്ത ശക്തിയിലുള്ള വിശ്വാസം) തകര്‍ക്കുവാന്‍ ദൈവം ചിലപ്പോള്‍ വളരെ സമയം എടുക്കാറുണ്ട്. പാപത്തെ ജയിക്കുന്നതിനുള്ള ശക്തി നമ്മില്‍ത്തന്നെയുണ്ടെന്നു ചിന്തിക്കുന്നതു നിഗളത്തിന്റെ ഒരു വകഭേദമത്രേ. കുറേക്കൂടി നിശ്ചയദാര്‍ഢ്യം, കുറേക്കൂടി സ്വയനിയന്ത്രണം, അല്പം കൂടി പ്രാര്‍ത്ഥനയും ഉപവാസവും വേദപുസ്തക പഠനവും ഇങ്ങനെയുള്ള ചില കാര്യങ്ങളാണ് നമുക്കാവശ്യമെന്നു നാം പലപ്പോഴും ചിന്തിക്കാറുണ്ട്. ഇതുപോലെയുള്ള ഒരു പുസ്തകത്തില്‍നിന്ന് ആത്മീയ വിജയത്തെക്കുറിച്ചു വായിക്കുമ്പോള്‍ ”വിജയരഹസ്യം ഇപ്പോള്‍ നന്നായി ഗ്രഹിച്ചിരിക്കുന്നു; ഇനി നിഷ്പ്രയാസം വേഗം വിജയം നേടാം” എന്നു നാം ചിന്തിച്ചേക്കാം.

വളരെ ആത്മധൈര്യത്തോടെ നാം മുമ്പോട്ടുള്ള യാത്രയാരംഭിക്കുന്നു. എന്നാല്‍ നമ്മുടെ വിശ്വാസവും ധൈര്യവും ദൈവകൃപയിലല്ല, നമ്മില്‍ത്തന്നെയാണ് സ്ഥിതിചെയ്യുന്നതെന്നു നാം ഗ്രഹിക്കുന്നില്ല. അതുനിമിത്തം അതാ, വളരെ വേഗം ദയനീയമാംവിധം നാം വീണുപോകുന്നു. എന്നാല്‍ ഒരു വീഴ്ചയില്‍നിന്നു നാം മതിയായ പാഠം പഠിക്കുമോ? ഒരിക്കലുമില്ല. അങ്ങനെ വീണ്ടും വീണ്ടും നാം വീണുപോകുവാന്‍ ദൈവം അനുവദിക്കുന്നു. നാം എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളെയും തകര്‍ത്തുകൊണ്ട് ഒട്ടനവധി പ്രാവശ്യം വീഴ്ചകള്‍ സംഭവിക്കുകയും, അങ്ങനെ സ്വന്തശക്തിയിലാശ്രയിച്ചു വിജയം നേടുന്നതിനുള്ള എല്ലാ പ്രതീക്ഷകളും നാം കൈവെടിയുകയും ചെയ്യുന്നതുവരെയും ദൈവം ഇതനുവദിച്ചുകൊണ്ടിരിക്കും. ഇപ്രകാരം നമ്മുടെ സ്വന്തം തീരുമാനങ്ങളും സ്വന്തം കഴിവുകളും വെറും പൂജ്യമാണെന്നു മനസ്സിലാക്കുമ്പോള്‍ മാത്രമേ ആത്മീയവിജയത്തിന്റെ വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കുവാന്‍ നമുക്കു സാധിക്കുകയുള്ളു.

സ്വന്തശക്തിയില്‍ ആശ്രയിക്കുകയും അഹങ്കരിക്കുകയും ചെയ്ത യിസ്രായേല്യരെ നാല്‍പതു സംവത്സരം മരുഭൂമിയിലൂടെ അലഞ്ഞുഴലുവാന്‍ ദൈവം അനുവദിച്ചു. അവരുടെ ഇടയിലുണ്ടായിരുന്ന സ്വയശക്തിയുടെ പ്രതീകങ്ങളായ ‘യോദ്ധാക്കള്‍’ ഒക്കെയും നശിക്കുന്നതുവരെ അവര്‍ മരുഭൂമിയില്‍ അലഞ്ഞുനടന്നു (ആവര്‍. 2:14,16). മിസ്രയീമില്‍നിന്നു പുറപ്പെട്ടു രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ, ദൈവം ജനത്തെ വാഗ്ദത്തദേശത്തിന്റെ അതിര്‍ത്തിവരെ കൊണ്ടുവന്നിരുന്നു. എങ്കിലും അവിശ്വാസം നിമിത്തം അവര്‍ക്കു പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല (സംഖ്യാ. 13,14). അതുകൊണ്ട് അവര്‍ ഒരു ‘ശൂന്യബിന്ദു’വില്‍ – തങ്ങളുടെ കഴിവുകള്‍ ശൂന്യമാണെന്ന ബോധത്തില്‍ – എത്തുന്നതുവരെയും, മറ്റൊരു മുപ്പത്തെട്ടു വര്‍ഷങ്ങള്‍ കൂടി മരുഭൂമിയില്‍ അലയുവാന്‍ ദൈവം അവര്‍ക്ക് ഇടവരുത്തി. അതിനുശേഷം അവര്‍ കനാനില്‍ പ്രവേശിച്ചു; ജഡത്തിന്റെ പരിശ്രമം അശേഷം പോലും കൂടാതെ യെരിഹോ മതില്‍ അവര്‍ക്കു മുമ്പില്‍ ഇടിഞ്ഞു വീണു.

ദൈവത്തിനു തന്റെ പ്രവൃത്തി നമ്മിലും നമ്മിലൂടെയും ചെയ്യാന്‍ കഴിയണമെങ്കില്‍, അതിനു മുമ്പായി അവിടുത്തേക്കു നമ്മെ ശൂന്യതയിലേക്ക് അഥവാ തികഞ്ഞ നിസ്സഹായതിലേക്കു കൊണ്ടുവരേണ്ടിയിരിക്കുന്നു. അതിനു നാം നാല്‍പതുവര്‍ഷം എടുക്കേണ്ടയാവശ്യമില്ല. എന്തു വില കൊടുത്തും നിങ്ങളെത്തന്നെ വിനയപ്പെടുത്തുവാനുള്ള ഒരുക്കവും പാപത്തോടുള്ള സമീപനത്തില്‍ തികഞ്ഞ വിപ്ലവചിന്തയും ഉള്ള ഒരാളാണു നിങ്ങളെങ്കില്‍, ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കകം നിങ്ങള്‍ക്കു ജയജീവിതത്തിലേക്കു കടക്കുവാന്‍ കഴിയും.

നാം സാഹചര്യങ്ങളെയും മറ്റു മനുഷ്യരെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്തോളം ഒരിക്കലും നമുക്കു വിജയം ലഭ്യമാവുകയില്ല. എന്നാല്‍ നമ്മുടെ എല്ലാ സാഹചര്യങ്ങളെയും സര്‍വാധികാരിയായ ദൈവമാണ് നിയന്ത്രിക്കുന്നതെന്നും, നമുക്കു സഹിക്കാന്‍ കഴിയാത്ത ഒരു പരീക്ഷയും അവിടുന്ന് അനുവദിക്കുകയില്ലെന്നും വിശ്വസിച്ചുകൊണ്ടു നമ്മെത്തന്നെ നാം പരമാവധി വിനയപ്പെടുത്തുന്നുവെങ്കില്‍ നിശ്ചയമായും നാം വിജയത്തില്‍ എത്തിച്ചേരും.


അധ്യായം 9 : സകലത്തിനും മീതേയുള്ള ദൈവത്തിന്റെ പരമാധികാരം

നമ്മുടെ വിശ്വാസം ഇളകിപ്പോകാതിരിക്കണമെങ്കില്‍ അത് ദൈവത്തെ സംബന്ധിച്ചുള്ള മൂന്നു വസ്തുതകളില്‍ അധിഷ്ഠിതമായിരിക്കണം – ദൈവത്തിന്റെ സമ്പൂര്‍ണ്ണസ്‌നേഹം, സര്‍വശക്തി, പരിപൂര്‍ണ്ണജ്ഞാനം.

ദൈവസ്‌നേഹത്തെ നാം വാസ്തവമായും ഗ്രഹിച്ചിട്ടുണ്ടെങ്കില്‍, അത്രയും തന്നെ പ്രാധാന്യം നല്‍കി അവിടുത്തെ സമ്പൂര്‍ണ്ണ സര്‍വാധികാര ശക്തിയെയും നാം ഗ്രഹിക്കേണ്ടിയിരിക്കുന്നു. ഇതു നിമിത്തമാണ് ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന സംബോധനയോടെ പ്രാര്‍ത്ഥിക്കുവാന്‍ യേശു നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ‘ഞങ്ങളുടെ പിതാവേ’ എന്നതു ദൈവത്തിന്റെ തികഞ്ഞ സ്‌നേഹത്തെ ഓര്‍മ്മപ്പെടുത്തുന്നു. ‘സ്വര്‍ഗ്ഗസ്ഥനായ’ എന്ന പദമാകട്ടെ, ഈ മുഴുപ്രപഞ്ചത്തിലുള്ള അവിടുത്തെ സമ്പൂര്‍ണ്ണാധികാരത്തെയും ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതുകൊണ്ട്, ഭൂമിയിലായിരിക്കുന്ന നമ്മെ അപേക്ഷിച്ച് അവിടുന്ന് എത്രയോ ജ്ഞാനമേറിയവനാണ്! അതുകൊണ്ട് തന്റെ സമ്പൂര്‍ണ്ണ ജ്ഞാനപ്രകാരം നമ്മുടെ വഴികളെ ഏറ്റവും നന്നായി അവിടുന്നു ക്രമീകരിക്കുന്നു. ”ദൈവത്തിന്റെ വഴി തികവുള്ളത് (അവിടുന്ന് ജ്ഞാനസമ്പൂര്‍ണ്ണനാകുന്നു). …. അവന്‍ എന്റെ വഴി കുറവു തീര്‍ക്കുന്നു (അവിടുന്ന് എന്റെ സാഹചര്യങ്ങളെ തികച്ചും നന്നായി ക്രമപ്പെടുത്തുന്നു)” (സങ്കീ. 18:30,32).

സ്‌നേഹത്തിലും ശക്തിയിലും ജ്ഞാനത്തിലും ദൈവം സമ്പൂര്‍ണ്ണനല്ലായിരുന്നെങ്കില്‍, നമ്മുടെ വിശ്വാസത്തിന് ഉറച്ചുനില്‍ക്കുവാന്‍ മതിയായ അടിസ്ഥാനമുണ്ടാകുമായിരുന്നില്ല. എന്നാല്‍ ഇവ മൂന്നിലും അവിടുന്നു സമ്പൂര്‍ണ്ണനാകയാല്‍ നമുക്ക് ഇളകിപ്പോകേണ്ട കാര്യമില്ല. ഒരു മനുഷ്യന്‍ ദൈവത്തിന്റെ അളവറ്റ സ്‌നേഹത്തിലും സമ്പൂര്‍ണ്ണ ശക്തിയിലും തികഞ്ഞ ജ്ഞാനത്തിലുമുള്ള പൂര്‍ണ്ണമായ ഉറപ്പോടെ ദൈവത്തില്‍ പരിപൂര്‍ണ്ണമായി ആശ്രയം വയ്ക്കുന്നതു തന്നെയാണു വിശ്വാസം.

ആകാശം ഭൂമിക്കുമീതേ ഉയര്‍ന്നിരിക്കുന്നതുപോലെ, ദൈവത്തിന്റെ മഹാജ്ഞാനം നമ്മുടേതിനെക്കാള്‍ വളരെ ഉന്നതമായിരിക്കുന്നുവെന്ന് അംഗീകരിക്കുവാന്‍ നമുക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല. ദൈവത്തിന്റെ വഴികള്‍ പലപ്പോഴും നമ്മുടെ അറിവിനെ കവിയുന്നതായിരിക്കുന്നതിന്റെ മുഖ്യകാരണം ഇതാണ്. മനുഷ്യരുടെ വഴികളെ ഒരു നായ്ക്കു മിക്കപ്പോഴും മനസ്സിലാക്കാന്‍ കഴിയാത്തതു പോലെയാണിത്. എന്നാല്‍ നാം ആത്മീയമായി വളരുകയും ദൈവിക സ്വഭാവത്തില്‍ അധികമധികം പങ്കുകാരായിത്തീരുകയും ചെയ്യുമ്പോള്‍, ദൈവത്തിന്റെ വഴികളെ കൂടുതല്‍ കൂടുതല്‍ നാം ഗ്രഹിക്കുവാന്‍ തുടങ്ങും.

എല്ലാ ആളുകളുടെമേലും സാഹചര്യങ്ങളുടെമേലും ദൈവത്തിനുള്ള സര്‍വാധികാരമെന്ന ഈ വിഷയം സംബന്ധിച്ചു വിശ്വാസികളില്‍ ഭൂരിപക്ഷം പേരും ഒരുവിധത്തില്‍ സംശയാലുക്കളാണ്. ഒരു തത്വമെന്ന നിലയ്ക്ക് അവര്‍ ഇതിനെ വാക്കുകള്‍കൊണ്ട് അംഗീകരിക്കുന്നു; എങ്കിലും ദൈനംദിന ജീവിതമേഖലകളില്‍ ഇതു ‘ശരിയായി പ്രവര്‍ത്തിക്കു’മെന്ന് അവര്‍ വിശ്വസിക്കുന്നില്ല.

എന്നാല്‍ തന്റെ ജനത്തിനുവേണ്ടി ദൈവം തന്റെ സര്‍വാധികാരശക്തിയാല്‍ പ്രവര്‍ത്തിച്ചിട്ടുള്ള ദൃഷ്ടാന്തങ്ങള്‍ തിരുവെഴുത്തുകളില്‍ വേണ്ടു വോളമുണ്ട്. മിക്കപ്പോഴും തികച്ചും അസാധാരണങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെയാണ് അവിടുന്നു പ്രവര്‍ത്തിച്ചിട്ടുള്ളത്. യിസ്രായേല്‍ ജനത്തെ മിസ്രയീമില്‍നിന്നു വിടുവിച്ചതുപോലെ തന്റെ ജനത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ അദ്ഭുതമാര്‍ന്ന വഴികള്‍ നമ്മിലധികം പേര്‍ക്കും സുപരിചിതങ്ങളാണ്. എങ്കിലും സാത്താന്‍ ദൈവജനത്തെ ആക്രമിച്ചിട്ടുള്ള സന്ദര്‍ഭങ്ങളില്‍ അവന്റെ ആക്രമണം അവന്റെമേല്‍ തന്നെ തിരിഞ്ഞടിക്കുവാന്‍ ദൈവം ഇടവരുത്തിയിട്ടുള്ള കൂടുതല്‍ മഹത്തായ അദ്ഭുതങ്ങള്‍ കാണുവാന്‍ കണ്ണില്ലാത്തവരായിട്ടാണു നാം പലപ്പോഴും തീര്‍ന്നുപോകുന്നത്.

യോസേഫിന്റെ ചരിത്രം ഇതിനു പ്രശസ്തമായ ഒരു ദൃഷ്ടാന്തമാണ്. യാക്കോബിന്റെ ആ പതിനൊന്നാമത്തെ പുത്രനെ സംബന്ധിച്ചു ദൈവത്തിനൊരു ഉദ്ദേശ്യമുണ്ടായിരുന്നു. മുപ്പതാം വയസ്സില്‍ അവനെ മിസ്രയീമിന്റെ രണ്ടാമത്തെ അധികാരിയാക്കുകയെന്നതായിരുന്നു അത്. യോസേഫ് ദൈവഭയമുള്ള ഒരു യുവാവായിരുന്നതു നിമിത്തം സാത്താന്‍ അവനെ അത്യന്തം വെറുത്തിരുന്നു.

യോസേഫിനെ വകവരുത്തുവാന്‍ സാത്താന്‍ അവന്റെ മൂത്തസഹോദരന്മാരെ പ്രേരിപ്പിച്ചു. എന്നാല്‍ അവര്‍ യോസേഫിന്റെ ജീവന്‍ അപഹരിക്കുവാന്‍ ദൈവം അനുവദിച്ചില്ല. പകരം അവനെ യിശ്മായേല്യരായ കച്ചവടക്കാര്‍ക്കു വിറ്റുകളയുവാന്‍ അവര്‍ക്കു സാധിച്ചു. എന്നാല്‍ ആ കച്ചവടക്കാര്‍ യോസേഫിനെ എവിടേക്കാണു കൊണ്ടുപോയത്? മിസ്രയീമിലേക്ക്! ദൈവികപദ്ധ തിയുടെ ഒന്നാം ഘട്ടം അങ്ങനെ നിറവേറി.

മിസ്രയേമില്‍ എത്തിയപ്പോള്‍ ഒരു സൈന്യാധിപനായിരുന്ന പോത്തീഫര്‍ യോസേഫിനെ വിലയ്ക്കുവാങ്ങി. (ഇതും ദൈവത്താല്‍ ക്രമീകരിക്കപ്പെട്ടതായിരുന്നു). പോത്തീഫറിന്റെ ഭാര്യ ഒരു ദുഷ്ടസ്ത്രീയായിരുന്നു; അവള്‍ക്കു യോസേഫിനോട് അടുപ്പം തോന്നുകയും വീണ്ടും വീണ്ടും അവനെ വശീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍, തന്റെ ശ്രമം ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍, അവള്‍ യോസേഫിന്റെമേല്‍ തെറ്റായി കുറ്റാരോപണം നടത്തി അവനെ കാരാഗൃഹത്തിലടച്ചു. എന്നാല്‍ കാരാഗൃഹത്തില്‍ ആരെയാണ് അവന്‍ കണ്ടുമുട്ടിയത്? ഫറവോന്റെ പാനപാത്രവാഹകനെത്തന്നെ. തക്കസമയത്തു യോസേഫിനെ കണ്ടുമുട്ടത്തക്കവിധം ഫറവോന്റെ പാനപാത്രവാഹകനെയും കാരാഗൃഹത്തിലടയ്ക്കത്തക്ക നിലയില്‍ ദൈവം കാര്യങ്ങള്‍ ക്രമീകരിച്ചു. ദൈവികപദ്ധതിയുടെ രണ്ടാം ഘട്ടമായിരുന്നു ഇത്.

ഫറവോന്റെ പാനപാത്രവാഹകന്‍ യോസേഫിനെ രണ്ടു വര്‍ത്തേക്കു മറന്നുപോകുവാനിടയാക്കിയതായിരുന്നു ദൈവികപ്രവര്‍ത്തനത്തിന്റെ മൂന്നാം ഘട്ടം (ഉല്‍പ. 40:23;41:1). ഒടുവില്‍, യോസേഫിന്റെ ജീവിതത്തെ സംബന്ധിച്ചുള്ള ദൈവത്തിന്റെ പരിപാടിയനുസരിച്ച്, അവനു 30 വയസ്സായപ്പോള്‍, ഏറ്റവും ശരിയായ സമയം സമാഗതമായി (സങ്കീ. 105:18-20). ഫറവോന്‍ ഒരു സ്വപ്നം കാണുകയും പാനപാത്രവാഹകന്‍ പെട്ടെന്നു സ്വപ്നവ്യാഖ്യാനിയായ യോസേഫിനെ ഓര്‍ക്കുകയും ചെയ്തു. അങ്ങനെ യോസേഫ് ഫറവോന്റെ മുമ്പിലെത്തുകയും മിസ്രയീമിലെ രണ്ടാമത്തെ അധികാരിയായിത്തീരുകയും ചെയ്തു. ഓരോ സംഭവത്തിന്റെയും സമയം ദൈവം എത്ര പൂര്‍ണ്ണതയോടെ നിയന്ത്രിച്ചുവെന്നു നോക്കുക.

ദൈവം കാര്യങ്ങളെ ക്രമീകരിച്ച അതേ വിധത്തില്‍ കാര്യങ്ങള്‍ സംവിധാനം ചെയ്യുവാന്‍ തക്കവണ്ണം നാമൊരിക്കലും ചിന്തിക്കുമായിരുന്നില്ല. ദൈവത്തിനുള്ള അത്രയും അധികാരം നമുക്കുണ്ടായിരുന്നെങ്കില്‍, മറ്റാരും യോസേഫിനു നേരേ യാതൊരു തിന്മയും ചെയ്യാതെ നാം നിഷ്‌കര്‍ഷിക്കുമായിരുന്നു. എന്നാല്‍ ആളുകള്‍ തിന്മ പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ തന്റെ ഉദ്ദേശ്യങ്ങളുടെ നിര്‍വഹണത്തിനായി ദൈവം തിരിച്ചുവിടുന്നത് ഒരു മഹാദ്ഭുതം തന്നെയാണ്. സാത്താന്റെ പ്രവര്‍ത്തനങ്ങള്‍ അവന്റെമേല്‍ തന്നെ തിരിഞ്ഞടിക്കുവാന്‍ ഇടവരുത്തുന്നതില്‍ ദൈവം ആനന്ദം കണ്ടെത്തുന്നു. അങ്ങനെ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന് എല്ലാം നന്മയ്ക്കായി കൂടിച്ചേര്‍ന്നു വ്യാപരിക്കുകയും ചെയ്യുന്നു.

ഇനി നമുക്ക് ഈ കാര്യങ്ങളെ നമ്മുടെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കാം. അസൂയ നിമിത്തം നമ്മെ പുറത്താക്കാനോ ഒഴിവാക്കാനോ ശ്രമിക്കുന്ന ദുഷ്ടസഹോദരന്മാരോടോ, നമ്മെ വെറുതെ കുറ്റപ്പെടുത്തുന്ന ദുഷ്ട സ്ത്രീകളോടോ നമ്മുടെ മനോഭാവം എന്തായിരിക്കണം? അതുപോലെ, അന്യായമായി നമ്മെ ജയിലില്‍ അടയ്ക്കുകയോ, സഹായം വാഗ്ദാനം ചെയ്തശേഷം ഒരു സ്‌നേഹിതന്‍ തക്കസമയം വരുമ്പോള്‍ നമ്മെ മറന്നുപോകുകയോ മറ്റോ ചെയ്താല്‍ അതിനെ നാം എങ്ങനെ നേരിടണം? ഇങ്ങനെയുള്ള എല്ലാ ആളുകളും അവര്‍ ചെയ്യുന്ന കാര്യങ്ങളും – അറിഞ്ഞോ അറിയാതെയോ – നമ്മെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തിന്റെ നിര്‍വഹണ ത്തിനായി കൂടിച്ചേര്‍ന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ തക്കവണ്ണം സര്‍വാധികാരമുള്ള വനാണ് നമ്മുടെ ദൈവമെന്നു നാം വിശ്വസിക്കുന്നുണ്ടോ? എന്തുകൊണ്ട് അപ്രകാരം വിശ്വസിച്ചുകൂടാ? യോസേഫിന്റെ ജീവിതത്തില്‍ അവിടുന്ന് അപ്രകാരം ചെയ്‌തെങ്കില്‍ എന്തുകൊണ്ടു നമ്മുടെ കാര്യത്തില്‍ ചെയ്യുകയില്ല? നിശ്ചയമായും അവിടുത്തേക്ക് അതിനു കഴിവുണ്ട്; അവിടുന്ന് അതു ചെയ്യും.

എന്നാല്‍ യോസേഫിന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവികപരിപാടിയെ തകരാറിലാക്കുവാന്‍ ആര്‍ക്കു കഴിയുമായിരുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയാം. ഒരൊറ്റ വ്യക്തിക്കുമാത്രമേ അതു കഴിയുമായിരുന്നുള്ളു – യോസേഫിനു തന്നെ. അവന്‍ പൊത്തീഫേറിന്റെ ഭാര്യയുടെ വശീകരണങ്ങള്‍ക്കു വഴങ്ങിപ്പോയിരുന്നെങ്കില്‍ ദൈവം അപ്പോള്‍ തന്നെ അവനെ കൈവെടിയു മായിരുന്നു.

നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവികപദ്ധതിയെ നശിപ്പിക്കുവാനും നിഷ്ഫലമാക്കുവാനും കഴിയുന്ന ഒരൊറ്റയാള്‍ മാത്രമേ ഈ പ്രപഞ്ചത്തിലുള്ളു – അതു നിങ്ങള്‍ തന്നെയാണ്. മറ്റാര്‍ക്കും അതു ചെയ്യുവാന്‍ സാധിക്കുകയില്ല. നിങ്ങളുടെ മിത്രങ്ങള്‍ക്കോ ശത്രുക്കള്‍ക്കോ അതു സാധ്യമല്ല. ദൈവദൂതന്മാര്‍ക്കോ പിശാചുകള്‍ക്കോ അതിനു കഴിവില്ല. നിങ്ങള്‍ക്കു മാത്രമേ അതു ചെയ്യാന്‍ കഴിയൂ. ഈ വസ്തുത നാം കണ്ടുകഴിഞ്ഞാല്‍, നമ്മെ അലട്ടുന്ന മിക്ക ഭയങ്ങളില്‍ നിന്നും നമ്മെ ദ്രോഹിക്കുവാന്‍ തുനിയുന്നവരോടുള്ള തെറ്റായ മനോഭാവത്തില്‍ നിന്നും നമുക്കു മോചനം ലഭിക്കും.

ഈ സത്യം നമ്മുടെ മനസ്സില്‍ നന്നായി ഉറയ്ക്കുന്നതിന്, പഴയനിയമത്തില്‍ നിന്നു മറ്റൊരു ദൃഷ്ടാന്തം കൂടി ചിന്തിക്കുന്നതു സഹായകരമായിരിക്കും. യെഹൂദന്മാരെ ഒരു വംശനാശത്തില്‍നിന്ന് എപ്രകാരം ദൈവം രക്ഷിച്ചുവെന്ന് എസ്ഥേറിന്റെ പുസ്തകത്തില്‍ നാം വായിക്കുന്നു. എന്നാല്‍ ദൈവം അതിനു സ്വീകരിച്ച മാര്‍ഗ്ഗം തികച്ചും അദ്ഭുതകരമത്രേ. രാജാവിന് ഒരു രാത്രി ഉറക്കം വരാതിരുന്ന ഒരു ചെറിയൊരു സംഭവമാണ് അതിനാധാരമായി ഭവിച്ചത്.

മൊര്‍ദ്ദെഖായിയെ അടുത്ത പ്രഭാതത്തില്‍ കഴുമരത്തിന്മേല്‍ തൂക്കിക്കളയേണ്ടുന്നതിനുള്ള രാജകല്പന എങ്ങനെ നേടാം എന്നതിനെപ്പറ്റി ഹാമാനും ഭാര്യയും ചേര്‍ന്ന് ഒരു രാത്രി മുഴുവന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. യെഹൂദന്മാരെ മുഴുവന്‍ നശിപ്പിക്കുവാനുള്ള ഒരു പ്രാരംഭനടപടിയായി ഇതു തീരുമെന്നാണ് ഹാമാന്‍ ചിന്തിച്ചത്. എന്നാല്‍ ഹാമാനും ഭാര്യയും അവരുടെ നീചമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന സമയം തന്നെ, ദൈവം മൊര്‍ദ്ദെഖായിക്കു വേണ്ടിയും പ്രവര്‍ത്തിക്കുകയായിരുന്നു. യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയുമില്ല, ഉറങ്ങുകയുമില്ല (സങ്കീ. 121:4).

അന്നു രാത്രി രാജാവിനു ദൈവം ഉറക്കം നല്‍കിയില്ല (എസ്ഥേര്‍ 6:1). അതുനിമിത്തം ദിനവൃത്താന്തങ്ങള്‍ രേഖപ്പെടുത്തിവച്ചിരുന്ന ചരിത്രഗ്രന്ഥം വായിച്ചുകൊണ്ടു രാജാവു സമയം കഴിച്ചു. (ഇതും ദൈവത്താല്‍ ക്രമീകരിക്കപ്പെട്ടുവെന്നു നാം കാണാന്‍ പോവുകയാണ്.) നേരം പ്രഭാതമാകുന്നതുവരെയും, മണിക്കൂറുകളോളം, രാജാവു വായന തുടര്‍ന്നു. ഒടുവില്‍ രാജാവിനെ വധിക്കുന്നതിനുള്ള ഒരു ഗൂഢാലോചനയില്‍നിന്നു മൊര്‍ദ്ദെഖായി അദ്ദേഹത്തെ രക്ഷിച്ച വിവരം രേഖപ്പെടുത്തിയിരുന്ന ഭാഗത്തു വായന എത്തി. ഉടനെ, ഈ ഉപകാരത്തിനു മൊര്‍ദ്ദെഖായിക്ക് എന്തു ബഹുമാനവും പദവിയും നല്‍കിയെന്ന് രാജാവ് അന്വേഷിച്ചു. ഒന്നും നല്‍കിയിട്ടില്ലെന്നു ഭൃത്യന്മാര്‍ മറുപടി പറഞ്ഞു.

ദൈവത്തിന്റെ പ്രവൃത്തികളുടെ സമയവ്യവസ്ഥ ഏറ്റവും തികവുള്ളവയാണെന്നു നാം വീണ്ടും ഇവിടെ കാണുന്നു. ഇതേ സമയം തന്നെ, മൊര്‍ദ്ദെഖായിയെ കഴുമരത്തിന്മേല്‍ തൂക്കുവാനുള്ള രാജകല്പന വാങ്ങുവാന്‍വേണ്ടി ഇതാ ഹാമാന്‍ രാജസന്നിധിയില്‍ കയറിവരുന്നു. സംസാരിക്കുവാനായി ഹാമാന്‍ വായ് തുറക്കുന്നതിനു മുമ്പു തന്നെ, ”രാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന വ്യക്തിക്ക് എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടത്?” എന്നു രാജാവു ഹാമാനോടു ചോദിച്ചു. ഗര്‍വിഷ്ഠന്മാരില്‍ അഗ്രഗണ്യനായ ഹാമാന്‍, താന്‍ തന്നെയാണ് രാജാവിനാല്‍ ബഹുമാനിക്കപ്പെടുവാന്‍ പോകുന്നതെന്നു വിചാരിച്ചു. അങ്ങനെയുള്ള ഒരാള്‍ക്കു കൊടുക്കേണ്ട ബഹുമാനങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഹാമാന്‍ അവതരിപ്പിച്ചു. ”നീ വേഗം ചെന്ന് ഇതെല്ലാം മൊര്‍ദ്ദെഖായിക്കു ചെയ്തുകൊടുക്കുക,” രാജാവു കല്പിച്ചു.

ഇതു കേട്ട സമയത്തു ഹാമാന്റെ മുഖഭാവം ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നു ഞാന്‍ ചിന്തിക്കുകയാണ്. വളരെ അദ്ഭുതകരമായ വിധത്തില്‍ സാത്താനു തിരിച്ചടി നല്‍കുവാന്‍ നമ്മുടെ ദൈവത്തിനു കഴിയും. മൊര്‍ദ്ദെഖായിക്കുവേണ്ടി താന്‍ പണിതീര്‍ത്ത കഴുമരത്തിന്മേല്‍ തന്നെ ഒടുവില്‍ ഹാമാന്‍ തൂക്കപ്പെട്ടു. ”കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; കല്ല് ഉരുട്ടുന്നവന്റെമേല്‍ അതു തിരിഞ്ഞുരുളും” (സദൃ. 26:27) എന്നു തിരുവചനം പറയുന്നതുപോലെ ഇവിടെ സംഭവിച്ചു.

ഈ കഥയിലെ ഹാമാന്‍, നമുക്കെതിരായി എല്ലായ്‌പ്പോഴും ദോഷം മാത്രം കരുതിവയ്ക്കുന്ന സാത്താന്റെ ഒരു പ്രതീകമാണ്. സാത്താനു തക്ക തിരിച്ചടി നല്‍കുവാനുള്ള ഉത്തമ പദ്ധതികള്‍ ദൈവത്തിന്റെ പക്കലുള്ളതുകൊണ്ട് അവിടുന്ന് അവനെ തടയുകയില്ല. നമുക്കെതിരായി പിശാചു കുഴിക്കുന്ന കുഴികളില്‍ ഒടുവില്‍ വീഴുന്നത് അവന്‍ തന്നെ ആയിരിക്കും.

”ദൈവം നമുക്കുവേണ്ടി സ്‌നേഹത്തോടെ എപ്പോഴും നിശ്ശബ്ദമായി കാര്യങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു”വെന്നു സെഫ. 3:17-ല്‍ നാം വായിക്കുന്നു (ഒരു തര്‍ജ്ജമ പ്രകാരം). ഹാമാനും ഭാര്യയും കൂടി തനിക്കെതിരായി നടത്തുന്ന ഗൂഢാലോചനകളെപ്പറ്റി ഒന്നുമറിയാതെ ആ രാത്രി മൊര്‍ദ്ദെഖായി സുഖമായി ഉറങ്ങുമ്പോള്‍ തന്നെ, മൊര്‍ദ്ദെഖായിയുടെ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ദൈവവും ചിന്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു ഹാമാന്റെ നീചമായ പദ്ധതികളെപ്പറ്റി മുമ്പേ അറിഞ്ഞിരുന്നെങ്കില്‍ പോലും മൊര്‍ദ്ദെഖായിക്കു സമാധാനമായി ഉറങ്ങാന്‍ കഴിയുമാ യിരുന്നു. എന്തുകൊണ്ട് ഉറക്കം വരാതിരിക്കണം? ദൈവം അദ്ദേഹത്തിന്റെ പക്ഷത്തുണ്ടെങ്കില്‍ മറ്റാര്‍ക്ക് അദ്ദേഹത്തിനെതിരായി നില്‍ക്കുവാന്‍ കഴിയും?

ഹെരോദാരാജാവു പത്രോസിനെ കൊല്ലുവാന്‍ നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ തലേരാത്രി, കാരാഗൃഹത്തില്‍ക്കിടന്നു സമാധാനമായുറങ്ങുവാന്‍ പത്രോസിനു കഴിഞ്ഞു. ദൈവം സ്‌നേഹത്തില്‍ തനിക്കുവേണ്ടി നിശ്ശബ്ദമായി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട് എന്നുള്ള അറിവായിരുന്നു അതിനു കാരണം. തക്ക സമയത്തു ദൈവത്തിന്റെ ദൂതന്‍ വന്നു പത്രോസിനെ തട്ടിയുണര്‍ത്തുകയും അദ്ദേഹത്തെ ജയിലില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു (അപ്പോ. 12).

എല്ലാറ്റിന്മേലും എല്ലാവരുടെ മേലുമുള്ള ദൈവത്തിന്റെ സര്‍വാധികാരത്തില്‍ നാം വിശ്വസിക്കുന്നുവെങ്കില്‍ നമുക്കും ഓരോ രാത്രിയും വളരെ സമാധാനത്തോടെ ഉറങ്ങുവാന്‍ കഴിയും. നമുക്കെതിരായി മറ്റു മനുഷ്യരോ, പിശാചുക്കളോ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്തുതന്നെയായാലും നാം ലേശവും ഭയപ്പെടുകയില്ല.

സകലത്തിന്മേലും ദൈവത്തിനുള്ള സര്‍വാധികാരത്തെ ഒരു യാഥാര്‍ത്ഥ്യമായി നാം കണ്ടുകഴിഞ്ഞാല്‍, എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സ്വഭാവം നാം നിറുത്തും. സാത്താന്‍ നമുക്ക് എന്തെങ്കിലും ദോഷം ചെയ്‌തേക്കുമോ എന്നൊന്നും പിന്നെ ഒരിക്കലും ഭയപ്പെടുകയില്ല. അസുഖങ്ങളെയോ, വ്യാധികളെയോ, ലോകത്തിലുള്ള മറ്റു യാതൊന്നിനെയോ നാം ഭയപ്പെടേണ്ടതില്ല.

എല്ലാ സാഹചര്യങ്ങളിലും, എല്ലാറ്റിനുവേണ്ടിയും, എല്ലാ മനുഷ്യര്‍ക്കുവേണ്ടിയും സ്‌തോത്രം ചെയ്യുവാന്‍ അഥവാ നന്ദിയുള്ളവരായിരിക്കുവാന്‍ വേദപുസ്തകം നമ്മോടാവശ്യപ്പെടുന്നു (എഫേ. 5:20; 1 തെസ്സ. 5:18; 1 തിമോ. 2:2). ശരിയായ അര്‍ത്ഥത്തില്‍ നമുക്കിതു ചെയ്യാന്‍ സാധിക്കുന്നതു ദൈവത്തി ന്റെ സര്‍വാധികാരത്തെ വ്യക്തമായി ദര്‍ശിക്കുമ്പോള്‍ മാത്രമാണ്.

യേശുവിനുവേണ്ടി ദൈവം എപ്രകാരം കരുതിയോ, അപ്രകാരം തന്നെ അവിടുന്നു നമുക്കായും കരുതുന്നു. യേശുവിനെ സഹായിച്ച അതേ കൃപയും, അവിടുത്തെ ജയാളിയാക്കിത്തീര്‍ത്ത അതേ പരിശുദ്ധാത്മശക്തിയും ഇന്നു നമുക്കും ലഭ്യമാണ്. യൂദാ യേശുവിനെ ഒറ്റിക്കൊടുത്തു; പത്രോസ് അവിടുത്തെ തള്ളിപ്പറഞ്ഞു; ശിഷ്യന്മാര്‍ തന്നെ ഉപേക്ഷിച്ചു; ജനക്കൂട്ടം കര്‍ത്താവിനെതിരായി തിരിഞ്ഞു; അധികാരികള്‍ അവിടുത്തെ അന്യായമായി വിസ്തരിക്കുകയും കുറ്റാരോപണം ചെയ്കയും ക്രൂശിപ്പാന്‍ കൊണ്ടുപോകുകയും ചെയ്തു. ഇതെല്ലാമായിട്ടും കാല്‍വറിയിലേക്കുള്ള വഴിമധ്യേ തിരിഞ്ഞുനിന്നു ജനാവലിയോട് ഇപ്രകാരം പറയുവാന്‍ യേശുവിനു കഴിഞ്ഞു: ”നിങ്ങള്‍ എന്നെച്ചൊല്ലി കരയേണ്ടാ; (എനിക്കൊരു കുഴപ്പവുമില്ല)” (ലൂക്കോ. 23:28). സ്വയസഹതാപത്തിന്റെ (self pity) ഒരു കണികപോലും യേശുവിനുണ്ടാ യിരുന്നില്ല.

താന്‍ കുടിക്കുന്ന പാനപാത്രം പിതാവിങ്കല്‍നിന്ന് അയയ്ക്കപ്പെട്ടതാണെന്ന് യേശു അറിഞ്ഞിരുന്നു. യൂദാ ഈസ്‌ക്കര്യോത്താവ് പാനപാത്രം കൊണ്ടുവരുന്ന ഒരു ദൂതന്‍ മാത്രമേ ആയിരുന്നുള്ളു. അതുകൊണ്ടു സ്‌നേഹപുരസ്സരം യൂദായെ നോക്കി ‘സ്‌നേഹിതാ’ എന്നു വിളിക്കുവാന്‍ അവിടുത്തേക്കു കഴിഞ്ഞു. ദൈവത്തിന്റെ സര്‍വാധികാരത്തില്‍ വിശ്വാസമില്ലാത്തപക്ഷം നിങ്ങള്‍ക്ക് അപ്രകാരം ചെയ്യുവാന്‍ സാധ്യമല്ല. പീലാത്തോ സിനോട് യേശു ഇപ്രകാരം പറഞ്ഞു: ”മേലില്‍നിന്ന് – പിതാവിങ്കല്‍നിന്ന് – നിനക്കു കിട്ടിയിട്ടില്ലെങ്കില്‍ എന്റെമേല്‍ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു” (യോഹ. 19:11). ഈ ലോകത്തില്‍ ഒരു രാജാവിനെ പ്പോലെ അന്തസ്സോടെ നടപ്പാന്‍ യേശുവിനു കഴിവു നല്‍കിയത് ഈ ഉറപ്പായിരുന്നു. അവിടുന്ന് ഈ ആത്മീയമായ അന്തസ്സോടെ ജീവിക്കുകയും മരിക്കുകയും ചെയ്തു.

ഇന്ന് ‘യേശു നടന്നതുപോലെ നടപ്പാന്‍’ നാമും വിളിക്കപ്പെട്ടിരിക്കുകയാണ്. അവിടുന്ന് പീലാത്തോസിന്റെ മുമ്പില്‍ ‘നല്ല ഏറ്റുപറച്ചില്‍ (സ്വീകാരം) നടത്തി’ യതുപോലെ, നാമും അവിശ്വാസമുള്ള ഒരു തലമുറയുടെ മുമ്പില്‍ നമ്മുടെ സാക്ഷ്യം നിര്‍വഹിക്കേണ്ടിയിരിക്കുന്നു (1 തിമോ. 6:13,14).

നാം നേരത്തേ മനസ്സിലാക്കിയതുപോലെ, ദൈവം നമുക്കുവേണ്ടി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന പരമമായ നന്മ, അവിടുത്തെ സ്വഭാവത്തിലും വിശുദ്ധിയിലും നമ്മെ പങ്കാളികളാക്കിത്തീര്‍ക്കുക എന്നതാണ്. അവിടുത്തെ അത്യദ്ഭുതകരമായ സര്‍വാധികാരത്തിന്‍കീഴില്‍, നമ്മുടെ പാതയിലൂടെ കടന്നു പോകുന്ന എല്ലാവരെയും തന്റെ ഉദ്ദേശ്യ നിവൃത്തിക്കായി ദൈവം ഉപയോഗിക്കുന്നു. ഈ കാരണത്താലാണ് എല്ലാ മനുഷ്യര്‍ക്കും വേണ്ടി സ്‌തോത്രം ചെയ്യുവാന്‍ നമുക്കു കഴിയുന്നത്.

നിങ്ങളെ ശല്യപ്പെടുത്തുന്ന ആ അയല്‍ക്കാരനെയോ, നിങ്ങളുടെമേല്‍ ശകാരവര്‍ഷം ചൊരിയുന്ന ആ ബന്ധുവിനെയോ, നിങ്ങളെ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്ന മര്‍ദ്ദകനായ ആ യജമാനനെയോ അങ്ങനെ ചെയ്യുവാന്‍ ദൈവം എന്തുകൊണ്ടാണ് അനുവദിക്കുന്നത്? വേണമെങ്കില്‍ ഒരു നിമിഷംകൊണ്ട് അവരെയെല്ലാം സംഹരിച്ചിട്ട് നിങ്ങളുടെ ജീവിതം കൂടുതല്‍ സുഖപ്രദമാക്കുവാന്‍ ദൈവത്തിനു കഴിയും. എന്നാല്‍ അവിടുന്ന് അപ്രകാരം ചെയ്യുന്നില്ല. എന്തെന്നാല്‍ നിങ്ങളുടെ ശുദ്ധീകരണത്തിനുവേണ്ടി അവരെ ഉപയോഗിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. തന്നെയുമല്ല, മിക്കപ്പോഴും നിങ്ങള്‍ മുഖാന്തരം അവരെക്കൂടി രക്ഷിക്കുവാനും ദൈവം ഇച്ഛിക്കുന്നു.

നമ്മുടെ ഭവനത്തിലോ തൊഴില്‍സ്ഥലത്തോ മറ്റോ നമുക്കു ചുറ്റുമുള്ള ആളുകള്‍ എപ്രകാരമുള്ളവര്‍ എന്നതിനെ ആശ്രയിച്ചല്ല നമ്മുടെ വിജയം നിലകൊള്ളുന്നത്. അതിനാല്‍ നമുക്കു ദൈവത്തെ സ്തുതിക്കാം. നമ്മുടെ വിജയം പരിപൂര്‍ണ്ണമായും ദൈവത്തിന്റെ കൃപയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഈ കൃപയാകട്ടെ, ഓരോ സാഹചര്യത്തിലും നാം നമ്മെത്തന്നെ വിനയപ്പെടുത്തുന്നുവെങ്കില്‍ നമുക്കു ലഭിക്കുകയും ചെയ്യും.

അധ്യായം 10 : വിശ്വാസം എവിടെ? ദൈവത്തിലോ പണത്തിലോ?


പണമെന്നതു ലോകത്തിലെ ഏറ്റവും വലിയ ഒരു ശക്തിയാണ്. അതുകൊണ്ടാണ്, നമ്മുടെ സേവനം ആഗ്രഹിക്കുന്ന രണ്ടു യജമാനന്മാര്‍ മാത്രമേയുള്ളുവെന്നും അവര്‍ ദൈവവും മാമോനും (പണവും) ആണെന്നും യേശു പറഞ്ഞത് (ലൂക്കോ. 16:13). ലോകം പണത്തില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ട് പണം സര്‍വശക്തമാണെന്നു പറയുന്നു. വിശ്വാസികളായ നാമോ, ദൈവം സര്‍വശക്തനെന്നു പ്രഖ്യാപിക്കുന്നു. എന്നാല്‍ മിക്കപ്പോഴും, ജീവനുള്ള സത്യദൈവത്തില്‍ വിശ്വാസികള്‍ക്കുള്ളതിനെക്കാള്‍ കൂടുതല്‍ വിശ്വാസം അവിശ്വാസികള്‍ക്ക് അവരുടെ ദൈവമായ പണത്തില്‍ ഉണ്ട്.

ഈ ലോകത്തില്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം പണം കൈകാര്യം ചെയ്യുന്നവരാകയാല്‍, ഈ മേഖലയിലും നാം വിജയം നേടേണ്ടതാവശ്യമാണ്. ഒരു പെര്‍മിറ്റിനോ ലൈസന്‍സിനോ മറ്റോ വേണ്ടിയുള്ള നിങ്ങളുടെ അപേക്ഷകള്‍ ഉയര്‍ന്ന ഓഫീസിലേക്കയക്കുന്നതിനു മുമ്പായി ഒരു ഉദ്യോഗസ്ഥന്‍ നിങ്ങളോടു കൈക്കൂലി ആവശ്യപ്പെടുന്ന ഒരു സാഹചര്യമുണ്ടായാല്‍ നിങ്ങള്‍ എന്തു ചെയ്യും?

കൈക്കൂലിക്ക് അദ്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നു ലോകം വിശ്വസിക്കുന്നു. നമ്മെ സംബന്ധിച്ചോ? പണത്തിനു ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍ അധികം അദ്ഭുതങ്ങള്‍ ചെയ്യുവാന്‍ നമ്മുടെ ദൈവത്തിനു കഴിവില്ലേ? എന്നാല്‍ നമുക്കു വിശ്വാസമില്ലെങ്കില്‍ നമുക്കുവേണ്ടി പ്രവര്‍ത്തിപ്പാന്‍ ദൈവത്തിനു കഴികയില്ല. ഈ പ്രപഞ്ചത്തിലുള്ള രണ്ടു വ്യക്തികളെ സംബന്ധിച്ച്, യാതൊന്നും അവര്‍ക്ക് അസാധ്യമാകുകയില്ല എന്ന് യേശു പറഞ്ഞിട്ടുണ്ട്. ഒന്നു ദൈവം; മറ്റേതു വിശ്വസിക്കുന്ന മനുഷ്യന്‍ (മര്‍ക്കോ. 10:27;9:23 എന്നിവ നോക്കുക).

ദൈവത്തിനും വിശ്വാസമുള്ള മനുഷ്യനും ഒന്നും തന്നെ അസാധ്യമല്ല. ഇതു വളരെ വിചിത്രവും ഏതാണ്ട് അവിശ്വസനീയവുമായിത്തോന്നാം. എന്നാല്‍ വിശ്വാസത്തിന്റെ ശക്തി അത്ര വലുതാണ്. അതു സര്‍വശക്തനായ ദൈവത്തിന്റെ അളവറ്റ ശക്തിയോടു നമ്മെ ഘടിപ്പിക്കുന്നു. അങ്ങനെയുള്ള വിശ്വാസത്തോടു കൂടെ, നമ്മുടെ ദൈവം പണത്തെക്കാള്‍ വളരെ വലിയവനാണെന്നു നാം നമുക്കു ചുറ്റുമുള്ള ലോകത്തിനു കാട്ടിക്കൊടുക്കേണ്ടിയിരിക്കുന്നു. നാം കൈക്കൂലി കൊടുക്കുന്നില്ല; മറിച്ച്, നാം വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നു.

ബാംഗ്‌ളൂരിലുള്ള ഞങ്ങളുടെ മീറ്റിംഗ് ഹാളിന്റെ പണിക്കുവേണ്ടി ഗവണ്മെന്റില്‍നിന്നും സിമന്റിനുള്ള പെര്‍മിറ്റു കിട്ടേണ്ടിയിരുന്ന സാഹചര്യം ഞാന്‍ ഓര്‍ക്കുന്നു. ഓഫീസില്‍ ചെന്നു ഞാന്‍ ബന്ധപ്പെട്ട ക്ലാര്‍ക്കിനെ കണ്ടപ്പോള്‍ അടുത്തയാഴ്ച വരുവാന്‍ അയാള്‍ പറഞ്ഞു. ഞാന്‍ പിറ്റേയാഴ്ച ചെന്നപ്പോള്‍ പിന്നെയൊരിക്കല്‍ വരുവാന്‍ അയാള്‍ പറഞ്ഞു. ഇങ്ങനെ ഏതാനും പ്രാവശ്യം തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ പിന്നീട്, ഗവണ്മെന്റ് ഓഫീസുകളിലെ കാര്യങ്ങളെക്കുറിച്ചു നന്നായി അറിവുള്ള ഒരാള്‍ എന്നോടു പറഞ്ഞു, പരോക്ഷമായിട്ടാണെങ്കിലും ആ ക്ലാര്‍ക്ക് ആവശ്യപ്പെട്ടതു കൈക്കൂലി ആയിരുന്നുവെന്ന്!

ഞങ്ങളെ സംബന്ധിച്ചു കൈക്കൂലി കൊടുക്കുന്ന പ്രശ്‌നമേ ഉണ്ടായിരുന്നില്ല. അതിനുപകരം ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. ഞാന്‍ വീണ്ടും വീണ്ടും ഓഫീസില്‍ പോയി അന്വേഷിക്കുകയും തദ്വാരാ വളരെ ക്ഷമ പഠിക്കുകയും ചെയ്തു! ഒടുവില്‍ ഏതാനും മാസങ്ങള്‍ക്കുശേഷം ഞങ്ങള്‍ക്കു സിമന്റിനുള്ള പെര്‍മിറ്റു കിട്ടി. ഞാന്‍ സിമന്റിനു മാത്രമേ അപേക്ഷ സമര്‍പ്പിച്ചിരുന്നുള്ളു. എന്നാല്‍ അതോടൊപ്പം ദീര്‍ഘക്ഷമകൂടി എനിക്കു ലഭിച്ചു. ദൈവം എപ്പോഴും നാം ചോദിക്കുന്നതിലധികം നല്‍കുന്നു! ഹല്ലേലുയ്യാ!

ദൈവിക സ്വഭാവമായ ദീര്‍ഘക്ഷമയുടെ ഓഹരിക്കാരനായി എന്നെ തീര്‍ക്കുന്നതിനുവേണ്ടി, ദുഷിച്ച ഒരു ഉദ്യോഗസ്ഥനെപ്പോലും ഉപയോഗിക്കുന്ന ദൈവത്തിന്റെ വഴികള്‍ എത്ര ആശ്ചര്യകരമായിരിക്കുന്നു! ഞാന്‍ അയാള്‍ക്കു കൈക്കൂലി കൊടുത്തിരുന്നെങ്കില്‍ വളരെ മുമ്പുതന്നെ എനിക്കു സിമന്റു കിട്ടുമായിരുന്നു; പക്ഷേ ദീര്‍ഘക്ഷമ കിട്ടുമായിരുന്നില്ല. ദൈവത്തിന്റെ മാര്‍ഗ്ഗങ്ങള്‍ അങ്ങനെയാണ്. നാം ദൈവത്തെ മാനിച്ചാല്‍ അവിടുന്നു നമ്മെയും മാനിക്കും (1 ശമൂ. 2:30).

ദൈവഹിതത്തിന് അപ്പുറമായി നമ്മുടെ ജീവിതത്തില്‍ യാതൊരു അഭിലാഷങ്ങളുമില്ലെങ്കില്‍ നമുക്കൊരു പ്രശ്‌നവുമുണ്ടാകയില്ല. അന്നു ബാംഗ്‌ളൂരിലെ സഭയിലുണ്ടായിരുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം, സിമന്റ് ഞങ്ങള്‍ക്കാവശ്യമായിരുന്നുവെങ്കിലും ദൈവഹിതപ്രകാരം മാത്രമേ ഞങ്ങള്‍ അത് ആഗ്രഹിച്ചിരുന്നുള്ളു. ഞങ്ങള്‍ക്കു മീറ്റിംഗിനുള്ള ഒരു ഹാള്‍ ആവശ്യമില്ലെ ന്നായിരുന്നു ദൈവഹിതമെങ്കില്‍ ഞങ്ങള്‍ക്ക് അതു വേണ്ടായിരുന്നു. ദൈവം നിശ്ചയിച്ച സമയത്തിനു മുമ്പു ഹാള്‍ വേണമെന്നും ഞങ്ങള്‍ ആഗ്രഹിച്ചില്ല. അതുകൊണ്ട്, സിമന്റിനുള്ള പെര്‍മിറ്റു കിട്ടുവാന്‍ നാലുവര്‍ഷം വേണ്ടി വരുന്നെങ്കില്‍ അത്രയും കാലം കാത്തിരിക്കുവാന്‍ ഞങ്ങള്‍ തികച്ചും ഒരുക്കമായിരുന്നു. ദൈവത്തിന്റെ സമ്പൂര്‍ണ്ണ നിര്‍ണ്ണയം (റ്റൈംറ്റേബിള്‍) എല്ലായ്‌പ്പോഴും തികവുള്ളതത്രേ. അവിടുന്ന് എപ്പോഴും കൃത്യസമയത്തു തന്നെ കാര്യങ്ങള്‍ നിറവേറ്റുന്നു; ഒരിക്കലും താമസം വരുത്തുന്നില്ല.

ഞങ്ങള്‍ക്കു സിമന്റു കിട്ടണമെന്നു ദൈവം നിശ്ചയിച്ചിട്ടുള്ള തീയതി തന്നെ യായിരിക്കും സിമന്റു ഞങ്ങള്‍ക്കു ലഭിക്കുന്ന തീയതിയും. ദൈവത്തിന്റെ സമയപ്രകാരം ഞങ്ങള്‍ക്കതു ലഭിക്കുന്നതില്‍നിന്നു ഞങ്ങളെ തടയാന്‍ ലോകത്തില്‍ ഒരു ശക്തിക്കും സാധ്യമല്ല. അതുകൊണ്ടു ഞങ്ങള്‍ ദൈവത്തി ന്റെ സമയത്തിനു വേണ്ടി കാത്തിരിക്കുവാന്‍ ഒരുക്കമുള്ളവരായിരി ക്കുന്നുവെങ്കില്‍ അവിടുന്നു ഞങ്ങളുടെ കാര്യവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥന്മാരുമായും ഇടപെട്ടു കൊള്ളും. ദൈവത്തിന്റെ സ്വന്തമായ വിധത്തിലും ഏറ്റവും മെച്ചമായ സമയത്തും അവിടുന്ന് അവരുമായി ഇടപെടും.

അക്ഷമ നിമിത്തമാണ് ശൗല്‍ രാജാവിനു തന്റെ രാജത്വം നഷ്ടപ്പെട്ടു പോയത് (1 ശമൂ. 13:8-14). അതുപോലെ ക്ഷമയില്ലായ്മ നിമിത്തം പലരും ദൈവത്തിന്റെ അത്യുത്തമമായവയെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവികപദ്ധതിയെ തടസ്സപ്പെടുത്തുവാന്‍ യാതൊരു ദുഷ്ടനായ ഉദ്യോഗസ്ഥനും കഴിയുകയില്ല. എന്നാല്‍ നിങ്ങള്‍ സത്യത്തിനും നീതിക്കും വേണ്ടി ഉറച്ച ഒരു നിലപാടു സ്വീകരിക്കുകയും ദൈവത്തിന്റെ സമയത്തിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നെങ്കില്‍ മാത്രമേ ഇതു നിങ്ങള്‍ക്ക് ഒരു യാഥാര്‍ത്ഥ്യമായിത്തീരുകയുള്ളു. വിശ്വാസത്താലും, ദീര്‍ഘക്ഷമയാലും നാം വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരായിത്തീരും (എബ്രാ. 6:12).

നമ്മുടെ കുടുംബത്തിലെ സാമ്പത്തികാവശ്യങ്ങളെ സംബന്ധിച്ചും ഈ തത്വം വളരെ പ്രായോഗികമാണ്. നമ്മുടെ വിശ്വാസം പണത്തിലല്ല, ദൈവത്തിലാണ്. ദൈവരാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി നിങ്ങളുടെ ഗൃഹകാര്യങ്ങള്‍ നിങ്ങള്‍ ക്രമീകരിക്കുന്നുവെങ്കില്‍, നിങ്ങളുടെ ദൈനം ദിനാവശ്യങ്ങള്‍ക്കുള്ള പണം എപ്പോഴും നിങ്ങള്‍ക്കുണ്ടായിരിക്കും. നിങ്ങള്‍ ഒരിക്കലും വലിയൊരു ധനികനാവുകയില്ലെങ്കില്‍ത്തന്നെയും തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരിക്കലും ഇരക്കേണ്ടി വരികയില്ല (സങ്കീ. 37:25; മത്താ. 6:33).

‘പൂര്‍ണ്ണസമയ സുവിശേഷവേലയ്ക്ക്’ ഇറങ്ങിത്തിരിക്കയും വിശ്വാസത്താല്‍ അത് ആരംഭിക്കുകയും ചെയ്തിട്ടുള്ള ആത്മാര്‍ത്ഥതയുള്ള അനേകം ക്രിസ്ത്യാനികളും, ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കകം വളരെ മാന്യന്മാരായ യാചകന്മാരായി അവസാനിക്കുന്നതു കണ്ടിട്ടുണ്ട്. തങ്ങളുടെ സാമ്പത്തികാവശ്യങ്ങളെക്കുറിച്ചു വളരെ ചാതുര്യത്തോടെ സൂചിപ്പിക്കുന്ന ‘പ്രാര്‍ത്ഥനാ പത്രികകള്‍’ (ഇതു ‘യാചനാപത്രികകള്‍’ എന്നതിന്റെ മറ്റൊരു മാന്യരൂപമത്രേ) അവര്‍ മാസം തോറും അയയ്ക്കുവാനാരംഭിക്കുന്നു. ഇത്തരം പത്രികാപ്രസ്ഥാനങ്ങള്‍ അവസാനിപ്പിച്ചിട്ട് എന്തുകൊണ്ട് സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവില്‍ ആശ്രയം വച്ചുകൂടാ? മാസം തോറുമുള്ള നമ്മുടെ ആവശ്യങ്ങള്‍ പോലെയുള്ള ഇത്ര ചെറിയൊരു കാര്യത്തിനു പോലും നമ്മുടെ ദൈവത്തെ ആശ്രയിക്കുവാന്‍ നിവൃത്തിയില്ലെങ്കില്‍, നാമിങ്ങനെ അവിടുത്തെ സേവിക്കുന്നതു മതിയാക്കുകയായിരിക്കും ഭേദം! ഇപ്രകാരമുള്ള സാഹചര്യങ്ങളിലാണ് ദൈവവും മാമോനും ഒരുപോലെ നമ്മുടെ സേവനം ആഗ്ര ഹിക്കുന്നത്. അപ്പോള്‍ നാം ആരെ സേവിക്കും?

നിങ്ങളുടെ താല്‍പര്യങ്ങളെല്ലാം ദൈവത്തിന്റെയുംകൂടി താല്‍പര്യങ്ങളാണെങ്കില്‍ നിങ്ങള്‍ക്കു യാതൊരു പ്രശ്‌നവുമില്ല. നിങ്ങള്‍ക്കുണ്ടായിരിക്കണമെന്നു ദൈവം ആഗ്രഹിക്കാത്ത യാതൊന്നും വാങ്ങുവാനോ സ്വന്തമാക്കുവാനോ നിങ്ങള്‍ക്കാഗ്രഹമില്ലെങ്കില്‍ നിങ്ങള്‍ക്കെപ്പോഴും സ്വസ്ഥതയോടെ ജീവിക്കുവാന്‍ കഴിയും. എന്തെന്നാല്‍ വേണ്ടിവരുന്നപക്ഷം അദ്ഭുതകരമായ മാര്‍ഗ്ഗങ്ങളിലൂടെത്തന്നെ നിങ്ങളുടെ ആവശ്യങ്ങള്‍ ദൈവം നിറവേറ്റിത്തരും. എന്നാല്‍ ഭൗതിക വസ്തുക്കളോടുള്ള നമ്മുടെ മോഹം നിമിത്തം കാണുന്നതെല്ലാം വാങ്ങുന്നതിനുള്ള ആഗ്രഹം നമുക്കുണ്ടെങ്കില്‍ നാമെപ്പോഴും വേണ്ടാത്ത പ്രശ്‌നങ്ങളില്‍ ചെന്നു ചാടാനിടയാകും.

ഒരു ജീവിതസഖിയെ കണ്ടെത്തുന്ന കാര്യത്തിലും ഇതേ തത്വം തന്നെ തികച്ചും പ്രായോഗികമാണ്. ”ഭവനവും സമ്പത്തും പിതാക്കന്മാര്‍ വച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം” (സദൃ. 19:14). ദൈവം ഒരു പ്രത്യേക ആളിനെ നിങ്ങളുടെ ജീവിതപങ്കാളിയായി മുന്നമേ കരുതിയിട്ടുണ്ടെങ്കില്‍, മറ്റാരെങ്കിലും ആ ആളിനെ തട്ടിക്കൊണ്ടുപോയേക്കും എന്നു ഭയപ്പെടേണ്ട ആവശ്യമുണ്ടോ? ഒരിക്കലുമില്ല. ദൈവത്തിന്റെ സര്‍വാധികാരത്തില്‍ നിങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ അങ്ങനെ വ്യാകുലപ്പെടേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ നിങ്ങള്‍ അക്ഷമ കാട്ടേണ്ടതില്ല. മറ്റാരെങ്കിലും തട്ടിക്കൊണ്ടുപോകുന്നതിനുമുമ്പ് ആ ആളിനെ സ്വന്തമാക്കുവാന്‍വേണ്ടി ധൃതികൂട്ടേണ്ടയാവശ്യവുമില്ല. കാരണം, ആ വ്യക്തിയെ നിങ്ങള്‍ക്കായി സൂക്ഷിപ്പാന്‍ ദൈവം ശക്തനാണ്. നിങ്ങള്‍ക്കു വളരെ സ്വസ്ഥതയോടെ വിശ്രമിക്കാം. ദൈവം ആദാമിന് ഒരു ഗാഢനിദ്ര വരുത്തി; അവന്‍ അങ്ങനെ സ്വസ്ഥതയിലായശേഷം മാത്രമാണ് ദൈവം അവനുവേണ്ടി ഒരു ഭാര്യയെ ഒരുക്കിയത്. ഒരു പങ്കാളിയെ അന്വേഷിച്ച് ആദാം തോട്ടത്തിലുടനീളം ഉന്മത്തനായി ഓടിനടക്കുന്നതു നാം കാണുന്നില്ല. ഉറക്കത്തില്‍നിന്ന് ആദാമിനെ ഉണര്‍ത്തിയശേഷം ദൈവം അവനു ഹവ്വായെ നല്‍കി. ആദാമിനെ സ്‌നേഹിച്ച അത്രയും തന്നെ ദൈവം നിങ്ങളെയും സ്‌നേഹിക്കുന്നു; അതുകൊണ്ട് അവനു ചെയ്തുകൊടുത്തതുപോലെ അവിടുന്നു നിങ്ങള്‍ക്കും ചെയ്തുതരും.

ദൈവഹിതത്തിനപ്പുറമായി നിങ്ങള്‍ക്കു സ്വന്തമായ അഭിലാഷങ്ങളും സ്വപ്നങ്ങളുമില്ലെങ്കില്‍, അതായത്, ഒരു പക്ഷേ നിങ്ങള്‍ അവിവാഹിതനായി ഏകനായിരിക്കുകയാണ് ദൈവഹിതമെന്നുണ്ടെങ്കില്‍ അതിനും നിങ്ങള്‍ ഒരുക്കമുള്ളവനായിരുന്നാല്‍, പിന്നെ നിങ്ങള്‍ക്ക് യാതൊന്നും ഭയപ്പെടേണ്ട കാര്യമില്ല. തങ്ങള്‍ക്കുള്ളതു മുഴുവന്‍ ദൈവത്തിനു കീഴ്‌പ്പെടുത്തിക്കൊടുത്തവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട് അവിടുത്തെ ദൃഷ്ടികള്‍ ഭൂമിയി ലെങ്ങും ഊടാടി സഞ്ചരിക്കുന്നു (2 ദിന. 16:19). എത്ര അദ്ഭുതവാനായ ഒരു ദൈവമാണ് നമുക്കുള്ളത്!

”ലോകത്തെ ജയിച്ച ജയമോ, നമ്മുടെ വിശ്വാസം തന്നെ” (1 യോഹ. 5:4). ദൈവത്തിന്റെ തികഞ്ഞ ജ്ഞാനത്തിലും സ്‌നേഹത്തിലും ശക്തിയിലും നിങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ലോകത്തെ ജയിക്കുന്നവനായിരിക്കും. ലോകത്തിന്റെ പ്രഭുവിനെയും അതിന്റെ ശക്തികളായ ധനം, സുഖം, സ്ഥാനമാനങ്ങള്‍ എന്നിത്യാദികളെയും ജയിച്ചടക്കുവാന്‍ നിങ്ങള്‍ക്കു കഴിയും.

എന്നാല്‍ ദൈവത്തിന്റെ സര്‍വാധികാരത്തിലും അവിടുത്തെ സ്‌നേഹത്തിലും നിങ്ങള്‍ക്കു വിശ്വാസമില്ലെങ്കില്‍, ലോകത്തോടൊപ്പം നിങ്ങളും വലിച്ചിഴയ്ക്കപ്പെടുന്നതായി നിങ്ങള്‍ കണ്ടെത്തും. അങ്ങനെ ആദാമിന്റെ സന്തതികളോടൊന്നിച്ച് അരിഷ്ടത, അഭക്തി, പാപവുമായുള്ള ഒത്തുതീര്‍പ്പ് എന്നിവയെല്ലാം നിറഞ്ഞ ഒരു ജീവിതത്തിലേക്കു നീങ്ങുവാന്‍ നിങ്ങള്‍ക്കിടവരികയും ചെയ്യും.


അധ്യായം 11 : ദൈവം ബലഹീനരെ സഹായിക്കുന്നു

തന്നെത്താന്‍ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നുവെന്നു ലോകം പറയുന്നു. എന്നാല്‍, തങ്ങളെത്തന്നെ സഹായിക്കുവാന്‍ ‘കഴിവില്ലാത്തവരെ’യാണ് ദൈവം സഹായിക്കുന്നതെന്നു ബൈബിള്‍ പറയുന്നു. അവിടുന്നു ബലഹീനരുടെയും നിസ്സഹായരുടെയും ദൈവമത്രേ. അനാഥരുടെയും വിധവമാരുടെയും പരദേശികളുടെയും ദൈവമെന്ന് അവിടുന്നു സ്വയം വിളിക്കുന്നു (ആവര്‍. 10:17,18). അവിടുന്നു തന്നെത്തന്നെ ധനവാന്മാരുടെയും ശക്തന്മാരുടെയും ദൈവമെന്നു വിളിക്കുന്നില്ല. കാരണം, അവര്‍ക്കു മാനുഷികമോ സാമ്പത്തികമോ ആയ സഹായങ്ങള്‍ ലഭിക്കുവാന്‍ മാര്‍ഗ്ഗമുണ്ട്. എന്നാല്‍ അവിടുന്ന്, മാനുഷികമോ സാമ്പത്തികമോ ആയ സഹായം ലഭിപ്പാന്‍ സാധ്യതയില്ലാത്ത ബലഹീനരുടെയും അശരണരുടെയും ദൈവമാകുന്നു.

ദൈവം ബലഹീനരുടെ പക്ഷത്താണ്. അതുകൊണ്ടാണ് നമ്മെ സഹായിപ്പാന്‍ കഴിയുന്നതിനു മുമ്പായി അവിടുത്തേക്കു നമ്മെ ബലഹീനരാക്കിത്തീര്‍ക്കേണ്ടിയിരിക്കുന്നത്. പൗലോസിന്റെ ബലം ക്ഷയിപ്പിക്കുമാറ് അവിടുന്ന് അദ്ദേഹത്തിന്റെ ജഡത്തില്‍ ഒരു മുള്ളു കൊടുത്തു. തന്റെമേല്‍ സദാ ആവസിക്കുന്ന ദൈവ ശക്തിയുടെ മഹത്വം പൗലോസ് അറിഞ്ഞത് ഈ ബലഹീനത നിമിത്തമായിരുന്നു (2 കൊരി. 12:7-12).

ജീവിതം സുഖകരമായി മുമ്പോട്ടു നീങ്ങേണ്ടതിനുവേണ്ടി നിങ്ങളുടെ ധനത്തിലും സ്വാധീനശേഷിയുള്ള സുഹൃത്തുക്കളിലും നിങ്ങള്‍ ആശ്രയം വയ്ക്കുന്ന കാലത്തോളം നിങ്ങളെ ദൈവം നിങ്ങളുടെ സ്വന്ത വഴികളിലേക്കു വിട്ടുകളയും. നിങ്ങളുടെ ആശ്രയം ജഡത്തിന്റെ ഭുജങ്ങളിലായിരിക്കയാല്‍ സഹായത്തിനായുള്ള നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ പോലും അവിടുന്നു ചെവികൊള്ളുകയില്ല. എന്തെന്നാല്‍ നിങ്ങളുടെ ആശ്രയം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലും നിങ്ങള്‍ക്കു പരിചയമുള്ള സ്വാധീനശക്തിയുള്ളവരായ ഉന്നതവ്യക്തികളിലുമാണെന്ന് അവിടുത്തേക്കറിയാം.

എന്നാല്‍ മനുഷ്യരിലും മാനുഷിക സാധ്യതകളിലുമുള്ള ആശ്രയം മതിയാക്കിയ ശേഷം ബലഹീനതയുടെയും നിസ്സഹായതയുടെയും അവസ്ഥയിലേക്കു നിങ്ങള്‍ വരേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഈ ഭൂമുഖത്ത് ദൈവാനുഗ്രഹം പ്രാപിച്ച വ്യക്തിയായിരിപ്പാന്‍ കഴിയൂ. അപ്പോള്‍ നിങ്ങളുടെ താങ്ങും സഹായവും ദൈവം തന്നെ ആയിത്തീരും. ബലഹീനനും നിസ്സഹായനുമായിരിപ്പാന്‍ കഴിയുന്നത് വളരെ അനുഗ്രഹിക്കപ്പെട്ട ഒരു അവസ്ഥയത്രേ. കാരണം, സകലത്തിലും ദൈവത്തെ മാത്രം ആശ്രയിപ്പാന്‍ നമുക്കപ്പോള്‍ ഇടയാകും.

ഒന്നിലധികം പ്രാവശ്യം ദൈവികസഹായം പ്രത്യേകമായി ലഭിച്ച ഒരു വ്യക്തിയായിരുന്നു യഹൂദാരാജാവായിരുന്ന ആസാ. എങ്കിലും അദ്ദേഹത്തിന്റെ കാലിനു കഠിനമായ രോഗബാധയുണ്ടായപ്പോള്‍, യഹോവയില്‍ ആശ്രയിക്കുന്നതിനു പകരം സഹായത്തിനായി അദ്ദേഹം വൈദ്യന്മാരിലേക്കു തിരിഞ്ഞതായി പറഞ്ഞിരിക്കുന്നു. ”അതുകൊണ്ട് ആസാ മരിച്ചു” (2 ദിന. 16:12,13). അദ്ദേഹം രാജാവായിരുന്നതുകൊണ്ടു തന്റെ രാജ്യത്തുള്ള ഏറ്റവും സമര്‍ത്ഥന്മാരായ വൈദ്യന്മാരെക്കൊണ്ടു ചികിത്സിപ്പിക്കുന്നതിനു വേണ്ട പണമുണ്ടായിരുന്നു. എന്നാല്‍ രാജാവെന്ന നിലയിലുള്ള തന്റെ സ്വാധീന ശക്തിയും ധനമഹത്വവും രോഗം സൗഖ്യമാകുന്നതിനു സഹായകമായിത്തീര്‍ന്നില്ല. ലളിതമായ വിശ്വാസത്തോടെ അദ്ദേഹം ദൈവത്തെ ആശ്രയിച്ചിരുന്നെങ്കില്‍ അതെത്ര ഫലപ്രദമാകുമായിരുന്നു!

ദൈവം മാത്രം നിങ്ങളുടെ സഹായകനായിരിക്കുന്ന സ്ഥിതിയിലെത്തുന്നതാണ് അത്യുത്തമമായ അനുഭവം. ജീവിതത്തില്‍ ദൈവം ആഗ്രഹിക്കുന്ന സര്‍വോത്തമ സ്ഥിതിയിലെത്താന്‍ കാംക്ഷിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍, ഒരു ശിശുവിനെ മുലകുടിമാറ്റിയെടുക്കുന്നതുപോലെ ജഡത്തിന്റെ കൈകളില്‍ ആശ്രയിക്കുന്നതില്‍നിന്നു ദൈവം നിങ്ങളെ ക്രമേണ പിന്തിരിപ്പിക്കും. അവിടുത്തെ ശക്തിയില്‍ മാത്രം ചാരുവാന്‍ ഇടയാകുമാറ് നിങ്ങളെ അവിടുന്ന് ബലഹീനനാക്കിത്തീര്‍ക്കും.

ദൈവം ഏലിയാവിനോട് ഇടപെട്ട വിധം ശ്രദ്ധിക്കുക. യിസ്രായേലില്‍ ക്ഷാമമുണ്ടായപ്പോള്‍ കാക്ക കൊണ്ടുവന്ന അപ്പം കൊണ്ടും തോട്ടിലെ വെള്ളം കൊണ്ടും ദൈവം അദ്ദേഹത്തെ പോഷിപ്പിച്ചു (1 രാജാ. 17:1-7). ദിവസം രണ്ടു പ്രാവശ്യം വീതം കാക്ക അദ്ദേഹത്തിന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുത്തുപോന്നു. കുടിക്കുവാന്‍ ഇഷ്ടംപോലെ വെള്ളം തോട്ടിലുണ്ടായിരുന്നു. പതിവായി ഇപ്രകാരം സംഭവിച്ചുതുടങ്ങിയപ്പോള്‍ ഏലിയാവ് ദൈവത്തില്‍ ആശ്രയിക്കുന്നതിനുപകരം കാക്കകളില്‍ ആശ്രയിച്ചുപോയേക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ടു പരിപോഷണത്തിനുള്ള ഉപാധി ഒന്നു വ്യത്യാസപ്പെടുത്തുവാന്‍ ദൈവം തീരുമാനിച്ചു.

പെട്ടെന്നൊരു പ്രഭാതത്തില്‍ കാക്കകളുടെ വരവു നിലച്ചു. ഏലിയാവു തോട്ടില്‍ ചെന്നു നോക്കിയപ്പോള്‍ അതു വറ്റിവരണ്ടു കിടക്കുന്നതായും കണ്ടു. കാക്കകളിലും തോടുകളിലുമുള്ള ആശ്രയം മതിയാക്കുവാന്‍ ദൈവം തന്റെ ദാസനെ അഭ്യസിപ്പിക്കുകയായിരുന്നു. ഒരു മാംസഭുക്കായിരുന്ന കാക്ക, അതിന്റെ സ്വഭാവത്തിനു വിരുദ്ധമായിത്തന്നെ ദൈവത്തിന്റെ ദാസന് ഇറച്ചി കൊണ്ടുവന്നു കൊടുക്കുവാന്‍ ദൈവം ഇടയാക്കി. ഇപ്പോള്‍ മറ്റൊരു മാര്‍ഗ്ഗത്തിലൂടെ പരിപോഷിപ്പിക്കപ്പെടുമാറ് തീര്‍ച്ചയായും ഈ ദൈവത്തില്‍ ആശ്രയിക്കുവാന്‍ അദ്ദേഹത്തിനു കഴിയും.

അങ്ങനെ സാരെഫാത്തിലേക്കു പോകുവാന്‍ ദൈവം ഏലിയാവിനോട് ആവശ്യപ്പെടുന്നു. അവിടെ ദൈവം തന്റെ ദാസന്റെ കാര്യങ്ങള്‍ നോക്കുവാനായി ആക്കിയിരുന്നതു ധനികനായ ഒരു വ്യാപാരിയോ മറ്റോ ആയിരുന്നില്ല; പ്രത്യുത, വൃദ്ധയും നിരാലംബയും ദരിദ്രയുമായ ഒരു വിധവയെ ആയിരുന്നു. അത്തരത്തിലുള്ള ഒരു ദൗത്യത്തിനു സാരെഫാത്തില്‍ മറ്റാരെയും കിട്ടാതെവന്നെങ്കില്‍ മാത്രമേ നാം ആ വിധവയെ തെരഞ്ഞെടുക്കുമായിരുന്നുള്ളു. എന്നാല്‍ ദൈവത്തിന്റെ വഴികള്‍ നമ്മുടേതില്‍നിന്നു വിഭിന്നങ്ങളത്രേ. നമ്മുടെ വിശ്വാസം മുഖാന്തരങ്ങളിലല്ല, മറിച്ചു ദൈവത്തില്‍ ത്തന്നെ ആയിരിക്കത്തക്കവിധം തീരെ അസംഭവ്യങ്ങളായ മുഖാന്തരങ്ങളെ ഉപയോഗിക്കുന്നതിലാണു ദൈവത്തിനു താല്‍പര്യം. ബലമുള്ളതിനെ ലജ്ജിപ്പിക്കുവാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തെരഞ്ഞെടുത്തു; ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതു തെരഞ്ഞെടുത്തു; ഒരു മനുഷ്യനും ദൈവസന്നിധിയില്‍ പ്രശംസിക്കാതിരിക്കേ ണ്ടതിനു തന്നെ (1 കൊരി. 1:27-29).

കാലമത്രയും നമ്മെ പോഷിപ്പിച്ചിരുന്ന കാക്കകള്‍ വരവു നിറുത്തുന്ന ദിവസം നമ്മുടെ ജീവിതത്തില്‍ അദ്ഭുതകരമായ ഒരു ദിവസമായിരിക്കും. അതിനുശേഷം ദൈവത്തില്‍ മാത്രം ആശ്രയിച്ചു തുടങ്ങുവാന്‍ നമുക്കു കഴിയും. നിങ്ങളെ സഹായിക്കാമെന്ന വാഗ്ദാനം ചെയ്തിരുന്ന ആള്‍ വാക്കുമാറുമ്പോള്‍ അയാള്‍ക്കെതിരായി പരാതിപ്പെടുകയോ പിറുപിറുക്കു കയോ അരുത്. കാക്കകളെ ഏലിയാവിന്റെ സമീപം പോകുന്നതില്‍നിന്നു ദൈവം വിലക്കിയതുപോലെ, അയാളെ നിങ്ങള്‍ക്കു സഹായം നല്‍കുന്നതില്‍ നിന്നും ദൈവം വിലക്കിയിരിക്കാം. തല്‍ഫലമായി ജീവനുള്ള ദൈവത്തില്‍ മാത്രം ചാരുന്നതിനു നിങ്ങള്‍ അഭ്യസിക്കുന്നതിനിടയാകും.

ദൈവം ഒരിക്കലും തന്റെ മഹത്വം മറ്റാരുമായും പങ്കുവയ്ക്കുകയില്ല. അവിടുന്നു വളരെ തീക്ഷ്ണതയുള്ള ദൈവമാകുന്നു (യെശ. 42:8). ”ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്” എന്ന വാക്യം നാം വീണ്ടും വീണ്ടും കേള്‍ക്കേണ്ടിയിരിക്കുന്നു. കാരണം, സാമ്പത്തികമോ മാനുഷികമോ ആയ സഹായസ്ഥാനങ്ങളാകുന്ന വിഗ്രഹങ്ങളിലേക്കു ചാഞ്ഞുപോകുന്നതിനുള്ള പ്രവണത എല്ലായ്‌പ്പോഴും നമ്മുടെ ജഡത്തിനുണ്ട്. എന്നാല്‍ നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കും നാം ദൈവത്തില്‍ മാത്രം ആശ്രയം വയ്ക്കുന്നവരായിത്തീരണമെന്നാണ് അവിടുത്തെ ആഗ്രഹം. അങ്ങനെയാകുമ്പോള്‍ നമുക്കു സദാ വിജയത്തില്‍ ജീവിക്കുവാന്‍ കഴിയും.


അധ്യായം 12 : സകലത്തിനും മതിയായ കൃപ

നാമിതുവരെ പറഞ്ഞുകൊണ്ടിരുന്ന എല്ലാറ്റിന്റെയും രത്‌നച്ചുരുക്കം ഇതാ കുന്നു: നമ്മുടെ രക്ഷ ഒന്നാകെത്തന്നെ കൃപയാലും വിശ്വാസം മൂലവും ലഭിക്കുന്നതത്രേ (എഫേ. 2:8). പാപക്ഷമയും ആത്മസ്‌നാനവും നമുക്കു ലഭിച്ചു – കൃപയാല്‍, വിശ്വാസം മൂലം. നാം ക്രിസ്തീയ ജീവിതം ആരംഭിച്ചത് അപ്രകാരമാണ്. ഒരു ദിവസം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്റെ മഹത്വത്തില്‍ പ്രത്യക്ഷനാകുമ്പോള്‍, നാം അവിടുത്തോടൊപ്പം ആകാശ മേഘങ്ങളില്‍ എടുക്കപ്പെടും. ഇതു സംഭവിക്കുന്നതും കൃപയാലും വിശ്വാസം മൂലവും ആയിരിക്കും.

അങ്ങനെ ഈ ഭൂമിയിലെ നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ ആരംഭവും അവസാനവും അധിഷ്ഠിതമായിരിക്കുന്നത് ‘കൃപയാല്‍ വിശ്വാസം മൂലം’ എന്ന പ്രമാണത്തിലാണ്. ഇനിയും നാം ഗ്രഹിച്ചിരിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. ജീവിതത്തിന്റെ ആദിയും അന്ത്യവും മാത്രമല്ല, അവയ്ക്കിടയിലുള്ള സകല കാര്യങ്ങളും ഇതേ തത്വം ആധാരമാക്കിയാണ് നമുക്കു ലഭിക്കേണ്ടിയിരിക്കുന്നത്. കൃപയാല്‍, വിശ്വാസം മൂലം, ലോകത്തിലുള്ള സകല തിന്മകളെയും കീഴടക്കുന്നതിനും ദൈവം ഭൂമിയില്‍ നമുക്കായി നിയമിച്ചിട്ടുള്ള ദൗത്യം നിര്‍വഹിക്കുന്നതിനും നമുക്കു സാധിക്കും.

ദൈവം ഭാവികാര്യങ്ങള്‍ നന്നായി അറിയുന്നുവെന്നു നമുക്കറിയാം. ദൈവത്തെ ആശ്ചര്യപ്പെടുത്തുമാറ് അടുത്ത ദിവസമോ, അടുത്ത ആഴ്ചയോ, അടുത്ത വര്‍ഷമോ നമുക്കു സംഭവിച്ചേക്കാവുന്നതായി യാതൊന്നുമില്ലതന്നെ. ആരംഭത്തിങ്കല്‍ത്തന്നെ അവസാനവും അവിടുന്ന് അറിയുന്നു. ഈ യാഥാര്‍ത്ഥ്യം നമുക്കു വളരെ ആശ്വാസം തരുന്നു. അടുത്ത ദിവസമോ അടുത്ത ആഴ്ചയോ നിങ്ങള്‍ കഠിനതരങ്ങളായ പരീക്ഷകളെയും പരിശോധനകളെയും അഭിമുഖീകരിപ്പാന്‍ പോകുകയാണെന്നു ദൈവം അറിയുന്നെങ്കില്‍, നിശ്ചയമായും നിങ്ങള്‍ക്ക് അതിനാവശ്യമായ കൃപയും അവിടുന്നു നല്‍കാതിരിക്കുകയില്ല.

2 കൊരി. 12:9-ല്‍ പറയുന്നതുപോലെ, ദൈവത്തിന്റെ കൃപ എല്ലാ ആവശ്യങ്ങള്‍ക്കും മതിയായതാണ്. നാം സകലത്തിലും എപ്പോഴും പൂര്‍ണ്ണതൃപ്തി യുള്ളവരായി ദൈവഹിതം സമ്പൂര്‍ണ്ണമായി നിറവേറുന്നതില്‍ വര്‍ദ്ധിച്ചു വരുമാറ് നമ്മില്‍ സകല കൃപയും പെരുക്കുവാന്‍ ദൈവം ശക്തന്‍ ആകുന്നു (2 കൊരി. 9:8).

നമ്മുടെ ആവശ്യത്തിന്റെ സന്ദര്‍ഭങ്ങളില്‍ (തത്സമയത്ത്) നമ്മെ സഹായിപ്പാന്‍ തക്കവണ്ണം ദൈവത്തിന്റെ കൃപ ഇന്നു ധാരാളമായി ലഭ്യമാണ് (എബ്രാ. 4:16). നിങ്ങളുടെ പ്രത്യേക ആവശ്യം എന്തുതന്നെ ആയിരുന്നാലും, അതു നിറവേറ്റുവാനുള്ള ദൈവകൃപ നിങ്ങള്‍ക്കു ലഭിക്കും. അതുകൊണ്ട് ഈ കൃപയെ സ്വീകരിപ്പാന്‍ തക്കവണ്ണം ‘ധൈര്യത്തോടെ കൃപയുടെ സിംഹാസനത്തോളം അടുത്തു വരുവാന്‍’ ദൈവം നമ്മെ ക്ഷണിക്കുകയാണ്.

കഴിഞ്ഞ കാലങ്ങളില്‍ നാം പരാജയപ്പെട്ടതിനു കാരണം ഈ കൃപയെ നാം സ്വീകരിച്ചിട്ടില്ല എന്നുള്ളതാണ്. എന്നാല്‍ വരുംകാലങ്ങളില്‍ ചിത്രം വ്യത്യസ്തമാകുവാന്‍ കഴിയും. നാം നമ്മെത്തന്നെ വിനയപ്പെടുത്തുകയും നമ്മുടെ ആവശ്യത്തിന്റെ വേളകളില്‍ ദൈവകൃപയ്ക്കായി നിലവിളിക്കുകയും ചെയ്യുന്നുവെങ്കില്‍, ദൈവം നമ്മെ നിരാശപ്പെടുത്തുകയില്ല.

കൃപയുടെ സമൃദ്ധി ലഭിക്കുന്നവര്‍ യേശുക്രിസ്തുമൂലം ജീവനില്‍ വാഴുന്നവരായിത്തീരുമെന്നു ബൈബിള്‍ പറയുന്നു (റോമര്‍ 5:17). ആദാമിനെ സംബന്ധിച്ചുള്ള ദൈവഹിതവും അതായിരുന്നു. അവന്‍ സകലത്തിന്മേലും അധികാരമുള്ളവനായി വാഴണമെന്നായിരുന്നു ദൈവത്തിന്റെ താല്‍പര്യം (ഉല്‍പ. 1:26). എങ്കിലും അത് ആദാമിന്റെ ജീവിതത്തില്‍ നിറവേറാതെ വരുമാറ് അവന്റെ അനുസരണക്കേട് അവനെ തടഞ്ഞു.

എന്നാല്‍ ഇന്നു യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ ജീവിക്കുന്ന ദൈവപുത്രന്മാരുടെ ഒരു പുതിയ വര്‍ഗ്ഗത്തെ ദൈവം എഴുന്നേല്‍പിച്ചിരിക്കുകയാണ്. അവര്‍ രാജാക്കന്മാരുടെ മാന്യതയോടും ശ്രേഷ്ഠതയോടുംകൂടെ ഭൂമിയില്‍ വാഴേണ്ടവരത്രേ. നിങ്ങള്‍ സ്വയം വിനയപ്പെടുത്തുകയും ദൈവത്തിന്റെ കൃപ പ്രാപിക്കുകയും ചെയ്യുന്നുവെങ്കില്‍ യാതൊരു പാപവും ഇനിമേല്‍ നിങ്ങളുടെ മേല്‍ അധികാരിയായിരിക്കേണ്ട ആവശ്യമില്ല. യാതൊരുവിധ ഭയവും ആകുലചിന്തയും നിങ്ങളുടെ ഹൃദയത്തില്‍ പ്രവേശിക്കേണ്ട കാര്യമില്ല. ഇനിയൊരിക്കലും നിങ്ങളുടെ ജീവിതം ക്ലേശപൂര്‍ണ്ണമാക്കിത്തീര്‍ക്കുവാന്‍ ഈ ഭൂമിയില്‍ ആര്‍ക്കും തന്നെ സാധ്യമല്ല. ജയജീവിതരഹസ്യങ്ങള്‍ നിങ്ങള്‍ പഠിച്ചുകഴിഞ്ഞിരിക്കുന്നതു കൊണ്ടു നിങ്ങളുടെ യജമാനനോ അയല്‍ക്കാരനോ ബന്ധുക്കള്‍ക്കോ ശത്രുക്കള്‍ക്കോ ആര്‍ക്കും തന്നെ അപ്രകാരം ചെയ്യുവാന്‍ കഴിയുകയില്ല. ക്രിസ്തുവില്‍ നമ്മെ എല്ലായ്‌പ്പോഴും ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്‌തോത്രം.

ദൈവത്തിന്റെ കൃപയിലധിഷ്ഠിതമായ പുതിയ ഉടമ്പടിയിന്‍ കീഴില്‍ ജീവിക്കുവാന്‍ സാധിക്കുന്നത് എത്ര അദ്ഭുതകരമായ ഒരനുഭവമാണ്!

ഇതാ, വാഗ്ദത്തദേശം നിങ്ങളുടെ മുമ്പില്‍ തുറന്നുകിടക്കുന്നു. കയറിച്ചെന്ന് അതിനെ അവകാശമാക്കുക.


അധ്യായം 13 : സംക്ഷേപം

 1. എല്ലായ്‌പ്പോഴും വിജയത്തില്‍ ജീവിക്കുന്നതിനു നിങ്ങളെ സഹായിപ്പാന്‍ ദൈവം ആഗ്രഹിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ ഇതു നിങ്ങള്‍ വിശ്വസിക്കുക.
 2. ദൈവം തന്റെ കല്പനകള്‍ നിങ്ങള്‍ക്കു നല്‍കുന്നത് നിങ്ങളോടുള്ള അവിടുത്തെ സ്‌നേഹം നിമിത്തമാണ്. അതുകൊണ്ട് അവയെ സഗൗരവം പരിഗണിക്കുക.
 3. യേശുവിനെ സ്‌നേഹിച്ച അത്രയും തന്നെ യേശുവിന്റെ ശിഷ്യന്മാ രെയും പിതാവു സ്‌നേഹിക്കുന്നു. ഈ സ്‌നേഹത്തില്‍ നിങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുക.
 4. ഓരോ പരിശോധനയ്ക്കും പിമ്പില്‍ ഒരു ദൈവോദ്ദേശ്യമുണ്ട്. നിങ്ങള്‍ക്കു സഹിപ്പാനോ അഥവാ ജയിച്ചടക്കാനോ കഴിയാത്ത യാതൊരു പരീക്ഷയോ പരിശോധനയോ ദൈവം നിങ്ങളുടെ ജീവിതത്തില്‍ അനുവദിക്കയില്ല.
 5. നിങ്ങള്‍ നിങ്ങളെത്തന്നെ വിനയപ്പെടുത്തുന്നുവെങ്കില്‍ മാത്രമേ ജയിപ്പാനുള്ള കൃപ നിങ്ങള്‍ക്കു തരുവാന്‍ ദൈവത്തിനു കഴിയൂ.
 6. തന്നെ സ്‌നേഹിക്കുന്നവരുടെ നന്മയ്ക്കായി സകലവും കൂടിവ്യാ പരിക്കുമാറു ദൈവം സകലത്തെയും നിയന്ത്രിക്കുന്നു.
 7. നിങ്ങളുടെ മുഴുവന്‍ ആശ്രയവും ദൈവത്തില്‍ മാത്രം ആകുമ്പോഴേ നിങ്ങള്‍ക്കു ജയജീവിതം സാധ്യമാകയുള്ളു.
 8. ദൈവത്തിനു തന്റെ ശക്തി നിങ്ങള്‍ക്കു നല്‍കുവാന്‍ കഴിയണ മെങ്കില്‍ അതിനു മുമ്പായി നിങ്ങളുടെ സ്വന്തശക്തിയെ തകര്‍ക്കേ ണ്ടത് ആവശ്യമാണ്.

അധ്യായം 14 : ജ്ഞാനവാക്യങ്ങള്‍

 1. നാം ന്യായപ്രമാണത്തെ അക്ഷരപ്രകാരം അനുവര്‍ത്തിക്കുകയും അതി ന്റെ ആത്മാവിനെ നിരസിക്കുകയും ചെയ്താല്‍, ദൈവഭക്തിയുടെ വേഷം മാത്രമേ നമുക്കുണ്ടാകൂ; അതിന്റെ ശക്തി ഉണ്ടാവുകയില്ല.
 2. വിനീതനായ ഒരുവന്‍ ഏറ്റവും ചെറിയ കാര്യത്തിനുപോലും ദൈവ ത്തോടും മനുഷ്യരോടും കൃതജ്ഞനായിരിക്കും.
 3. ഏതെങ്കിലും പാപം നിങ്ങളെ കീഴ്‌പ്പെടുത്തുന്നുവെങ്കില്‍ അതിന്റെ മൂല കാരണം നിങ്ങളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന നിഗളമാണ്.
 4. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ താഴ്മയുള്ളവനെങ്കില്‍ ദൈവകൃപ ലഭിക്കാ തിരിക്കുക അസാധ്യം തന്നെ.
 5. താഴ്മയുള്ള ഒരുവനെ മനുഷ്യര്‍ക്കോ സാത്താനോ ജഡത്തിനോ കീഴട ക്കുവാന്‍ കഴിയുകയില്ല.
 6. നിങ്ങള്‍ സ്വയം താഴ്ത്തുന്നപക്ഷം ദൈവത്തിന്റെ സര്‍വശക്തമായ കരം നിങ്ങളെ സംരക്ഷിച്ചുകൊള്ളും.
 7. രണ്ടുപേര്‍ക്ക്, അവര്‍ ഇരുവരും ആത്മദാരിദ്ര്യമുള്ളവരല്ലെങ്കില്‍, ഒരിക്ക ലും ഒന്നായിത്തീരുവാന്‍ സാധ്യമല്ല.
 8. തങ്ങളുടെ സ്വന്തം ആവശ്യത്തെക്കുറിച്ചു ബോധമുള്ളവരായി, അതുമൂ ലം തങ്ങളെത്തന്നെ നിരന്തരം വിധിക്കുന്നവരാരോ അവരാണ് ആത്മാവില്‍ ദരിദ്രരായവര്‍.
 9. ദൈവിക വെളിപ്പാട് ഉണ്ടായിരിക്കുക എന്നാല്‍ ദൈവത്തിന്റെ വീക്ഷണ കോണിലൂടെ കാര്യങ്ങളെയും ആളുകളെയും സാഹചര്യങ്ങളെ യുമെല്ലാം കാണുക എന്നതാണ്.
 10. ഒരുവന്റെ കണ്ണിലുള്ള കോല്‍ എന്നതു കണ്ണില്‍ ചെറിയൊരു കരടു മാത്രമുള്ള സഹോദരനെ സ്‌നേഹശൂന്യമായി കുറ്റം വിധിക്കുന്ന മനോഭാവമാണ്.
 11. നമുക്കു കാലുകള്‍ നല്‍കാതെ നമ്മോട് ഓടുവാന്‍ ന്യായപ്രമാണം ആജ്ഞാപിക്കുന്നു. കൃപയാകട്ടെ, നമ്മോടു പറക്കുവാന്‍ കല്പിക്കു കയും അതിനാവശ്യമായ ചിറകുകള്‍ നല്‍കുകയും ചെയ്യുന്നു.
 12. ഓരോ ദിവസവും ദൈവഹിതം ചെയ്യുന്നതിനോ, അല്ലെങ്കില്‍ ആ ദിവ സം നഷ്ടമാകുന്നതിനോ ഉള്ള അവസരമാണ് നിങ്ങള്‍ക്കു കൈവരുന്നത്.
 13. നമ്മുടെ പാതയില്‍ വരുന്ന പ്രതിബന്ധങ്ങള്‍ സാധാരണയായി പിന്മാറു വാനുള്ള നിര്‍ദ്ദേശങ്ങളല്ല, നേരേമറിച്ചു നമ്മുടെ വിശ്വാസത്തിനു നേരേയുള്ള വെല്ലുവിളികളത്രേ.
 14. ജഡത്തെ അനുസരിച്ചു നടക്കുന്നവന്‍ മറ്റുള്ളവരില്‍നിന്നു പലതും അവകാശപ്പെടുന്നു. എന്നാല്‍ ആത്മാവിനെ അനുസരിച്ചു നടക്കുന്ന വനാകട്ടെ, അവരുടെ ബലഹീനതകള്‍ പൊറുക്കുകയും അവരെ സേവിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
 15. ദൈവസ്‌നേഹത്തില്‍ സുരക്ഷിതനായ ഒരുവന്‍ മറ്റുള്ളവരെ വിധിക്കു കയോ അവരോട് അസൂയപ്പെടുകയോ മത്സരിക്കുകയോ ചെയ്യുകയില്ല.
 16. ദൈവമഹത്വത്തിനിടയാക്കാത്ത മഹത്വമെല്ലാം വ്യര്‍ത്ഥമഹത്വം തന്നെ.
 17. ഇപ്പോള്‍ നിങ്ങള്‍ സ്വാര്‍ത്ഥതയില്‍ ജീവിച്ചാല്‍ അതിന്റെ സ്മരണ തന്നെ ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ നിങ്ങളെ അലട്ടും.
 18. ക്രിസ്തുവിന്റെ ശരീരമായ സഭയില്‍ നമുക്കുള്ള പരസ്പരാശ്രയം നമ്മെ ബോധ്യപ്പെടുത്തുവാന്‍ ദൈവം നമുക്കു മുട്ടുവരുത്തുകയും മറ്റുള്ളവരുടെ സഹായം സ്വീകരിക്കുവാന്‍ നമ്മെ അനുവദിക്കുകയും ചെയ്യും.
 19. നിങ്ങള്‍ മറ്റൊരാള്‍ക്ക് ഒരു ദാനം കൊടുക്കുമ്പോള്‍ ഒരു മനുഷ്യനെന്ന നിലയില്‍ അയാള്‍ക്കുള്ള മാന്യതയെ കവര്‍ന്നുകളയാതെ അതു ചെയ്യുക.
 20. നിങ്ങള്‍ക്കു ലഭിച്ചതിലല്ല, നിങ്ങള്‍ കൊടുത്തിട്ടുള്ളതിലാണു ജീവിത ത്തിന്റെ യഥാര്‍ത്ഥ മൂല്യം കുടികൊള്ളുന്നത്.
 21. ദൈവികവെളിപ്പാടിനാല്‍ നിങ്ങള്‍ പ്രാപിക്കുന്നതെന്തോ അതാണ് നിങ്ങളുടെ യഥാര്‍ത്ഥ സമ്പത്ത്. മറ്റുള്ളതെല്ലാം കള്ളനോട്ടുപോലെ വിലയറ്റ വെറും വിജ്ഞാനം മാത്രം.
 22. ദൈവത്തില്‍നിന്നു നാം കേട്ട വചനത്തിന്മേല്‍ മാത്രമേ നമ്മുടെ വിശ്വാ സത്തെ കെട്ടിപ്പടുക്കുവാന്‍ കഴിയൂ. അതുകൊണ്ട് മനുഷ്യന്‍ ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെടുന്ന ഓരോ വചനംകൊണ്ടുമത്രേ ജീവിക്കേണ്ടത്.
 23. ദൈവത്തിനു നമ്മെ ഉയര്‍ത്തുവാനും ഉപയോഗിക്കുവാനും കഴിയണമെ ങ്കില്‍ അതിനു മുമ്പായി നമുക്കു നമ്മില്‍ത്തന്നെയുള്ള കഴിവു വെറും പൂജ്യമാണെന്നു നമ്മെ ബോധ്യപ്പെടുത്തേണ്ടതാവശ്യമാണ്.
 24. ക്രിസ്തുവിനെ അനുകരിക്കുവാനല്ല, പിന്നെയോ അവിടുത്തെ സ്വഭാവ ത്തില്‍ പങ്കാളികളാകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.
 25. ദൈവത്തെ ഭയപ്പെടുകയെന്നാല്‍, രഹസ്യജീവിതത്തില്‍ വിശ്വസ്തരാ യിരിക്കുക എന്നതാണതിന്റെ അര്‍ത്ഥം.
 26. നിങ്ങളുടെ ജീവിതത്തെക്കുറിച്ചു ദൈവത്തിനുള്ള സമ്പൂര്‍ണ്ണമായ പദ്ധ തിയെ പരാജയപ്പെടുത്തുവാന്‍ നിങ്ങള്‍ക്കുമാത്രമല്ലാതെ മറ്റാര്‍ക്കും കഴിയുകയില്ല.
 27. പണസംബന്ധമായ കാര്യങ്ങളില്‍ നീതിമാനായിരിക്കുന്നതിനെക്കാള്‍ അത്യന്തം ഉന്നതമായ ഒന്നാണ് പണത്തിന്റെ വിനിയോഗത്തില്‍ വിശ്വസ്തത പുലര്‍ത്തുകയെന്നത്.
 28. സ്വന്തഹിതം ത്യജിച്ചു ദൈവഹിതം ചെയ്യുകയാണ് യഥാര്‍ത്ഥ ആത്മീയത.
 29. മണലിന്മേല്‍ വീടുപണിയുകയെന്നത്, ഉപദേശം ഗ്രഹിച്ച് അതേപ്പറ്റി വികാരാവേശം കൊള്ളുകയാണ്; പാറമേല്‍ പണിയുക എന്നത് വചനം അനുസരിക്കുക തന്നെ.
 30. ആത്മീയനാകുന്നതിന് തെറ്റായതിനെ മാത്രമല്ല, പ്രയോജനരഹിതമായ തിനെയും കൂടെ വിട്ടുകളയേണ്ടതാവശ്യമാണ്.
 31. ദൈവസ്‌നേഹമില്ലാതെ ദൈവാത്മവരങ്ങള്‍ പ്രാപിക്കുന്നത് ആവരണമില്ലാത്ത വൈദ്യുതകമ്പിപോലെയാണ്. വെളിച്ചവും ജീവനും നല്‍കേണ്ടതിനു പകരം അതു മരണം വരുത്തും.
 32. ഒരു വിശുദ്ധജീവിതം നയിച്ചതിനാലല്ല, ആധ്യാത്മികമായ വേശ്യാവൃ ത്തിയെ വെളിച്ചത്തു കൊണ്ടുവന്നതിനാലാണ് യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത്. ആ ദൃഷ്ടാന്തം പിന്തുടരുക.
 33. ഒരു സത്യപ്രവാചകനും ബൈബിള്‍സ്‌കൂളില്‍നിന്നു പുറത്തുവന്നിട്ടില്ല. കള്ളപ്രവാചകന്മാര്‍ മാത്രമേ അവിടെനിന്നു വന്നിട്ടുള്ളു.
 34. ഭൗമികമായി നിങ്ങള്‍ക്കുള്ള എല്ലാ യോഗ്യതകളും ദൈവത്തിന്റെ ദൃഷ്ടി യില്‍ മ്ലേച്ഛതയാണ്.
 35. ഏറ്റവും ഉന്നതനായിരുന്ന ദൈവദൂതനാണ് സ്വന്തസൗന്ദര്യത്തിലും ജ്ഞാനത്തിലും സ്ഥാനത്തിലുമുള്ള നിഗളം നിമിത്തം പിശാചായി ത്തീര്‍ന്നത്. നിഗളിച്ചുപോകാതെ പ്രത്യേക കരുതലോടെയിരിക്കുക.
 36. നമ്മുടെ ശരീരത്തിലുള്ള പരുക്കളെ നിയന്ത്രിച്ചു നിറുത്തുവാന്‍ സഹാ യിക്കുന്ന ഒരു ലേപം പോലെയാണ് ന്യായപ്രമാണം. എന്നാല്‍ കൃപയാകട്ടെ, പരുക്കള്‍ ഉണ്ടാകുന്നതിനു ഹേതുവായ അണുക്കളെ ത്തന്നെ നശിപ്പിക്കുന്ന ഒരു അണുനാശിനിക്കു (antibiotic) തുല്യം.
 37. വിശ്വാസത്തിന്റെ തെറ്റിക്കൂടാത്ത തെളിവ് ദൈവത്തോടുള്ള നന്ദിയും സ്‌തോത്രവുമാണ്.
 38. ഭൗതികവസ്തുക്കളെ നമ്മുടെ ഉപയോഗത്തിനായിട്ടാണ് ദൈവം നല്‍കിയിട്ടുള്ളത്; അവയെ സ്‌നേഹിക്കുവാനോ സ്വന്തമാക്കുവാനോ വേണ്ടിയല്ല.
 39. ഭൗതികത്വത്തിനും സന്യാസജീവിതത്തിനും ഇടയ്‌ക്കെവിടെയോ ആണ് യഥാര്‍ത്ഥ ക്രിസ്തീയത്വത്തിന്റെ സ്ഥാനം.
 40. നമുക്കു യേശുവിനെപ്പോലെ ആകുവാന്‍ സാധിക്കുന്നത് അവിടുന്നു മഹത്വത്തോടെ മടങ്ങിവരുമ്പോള്‍ മാത്രമാണ്; എന്നാല്‍ അവിടുന്നു നടന്നതുപോലെ നടക്കുവാന്‍ നമുക്ക് ഇപ്പോള്‍ത്തന്നെ സാധിക്കും.
 41. തന്റെ ഭവനത്തിലും തൊഴില്‍സ്ഥലമായ മരപ്പണിശാലയിലും യേശു ജ്ഞാനത്തില്‍ മുതിര്‍ന്നുവന്നു. അവിടുത്തെ മാതൃക നമുക്കും പിന്തുടരാം.
 42. സഹോദരന്മാരെ കുറ്റപ്പെടുത്തുമ്പോള്‍ നാം സാത്താന്റെ സഹപ്രവര്‍ ത്തകരായിത്തീരുന്നു; എന്നാല്‍ അവര്‍ക്കായി മധ്യസ്ഥപ്രാര്‍ത്ഥന നടത്തുമ്പോള്‍ നാം യേശുവിന്റെ സഹപ്രവര്‍ത്തകരാകുന്നു.
 43. ഒരൊറ്റ ആത്മാവിനെങ്കിലും നാം നമ്മെത്തന്നെ അനുപേക്ഷണീയരാ ക്കുന്നുവെങ്കില്‍, നമ്മുടെ ശുശ്രൂഷയില്‍ നാം പരാജയപ്പെട്ടിരിക്കുന്നു.
 44. സ്‌നേഹത്തില്‍നിന്ന് ഉദ്ഭവിക്കാത്തതെല്ലാം ഒരിക്കല്‍ നാശമടയും.
 45. ഉപദേശകാര്യങ്ങളില്‍ നാമുമായി പൂര്‍ണ്ണമായി പൊരുത്തപ്പെടാത്തവ രോടുള്ള നമ്മുടെ മനോഭാവം നമ്മുടെ ആത്മീയ പക്വതയുടെ ഒരു ഉരകല്ലാണ്.
 46. നിര്‍മ്മലമായ ഒരു ഹൃദയമുണ്ടായിരിക്കുക എന്നുവച്ചാല്‍ ദൈവത്തെയ ല്ലാതെ മറ്റൊന്നിനെയും മറ്റാരെയും ആഗ്രഹിക്കാതിരിക്കുകയാണ്.
 47. പരിശുദ്ധാത്മാവിന്റെ അഭിഷേകം കൂടാതെ യേശുവിനു തന്റെ പിതാ വിനെ സേവിപ്പാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്കും കഴിയുകയില്ല.
 48. ആത്മവരങ്ങളില്ലാത്ത ഒരു സഭ, കുരുടനും ചെകിടനും ഊമനും മുടന്ത നും പക്ഷവാതം പിടിപെട്ടവനുമായ മനുഷ്യനെപ്പോലെയാണ്.
 49. രണ്ടുപേര്‍ക്കു യാതൊന്നും അസാധ്യമല്ല; ദൈവത്തിനും വിശ്വാസമുള്ള മനുഷ്യനും.
 50. നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ മരിച്ചവനായിത്തീര്‍ന്നാല്‍, എപ്പോഴും എല്ലാ സാഹചര്യങ്ങളിലും സമാധാനത്തോടെ വിശ്രമിപ്പാന്‍ നിങ്ങള്‍ക്കു കഴിയും.