ദൈവത്തിന്‍റെ മനസ്സലിവുളള ഹൃദയവുമായി കൂട്ടായ്മ ആചരിക്കുക – WFTW 27 ഒക്ടോബർ 2019

സാക് പുന്നന്‍

യോനായുടെ പുസ്തകം 3:1 ല്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. “അപ്പോള്‍ യഹോവയുടെ അരുളപ്പാട് യോനായ്ക്ക് രണ്ടാം പ്രാവശ്യം ഉണ്ടായി”. നാം ഒരു തവണ പരാജയപ്പെടുമ്പോള്‍, കര്‍ത്താവു നമുക്ക് രണ്ടാമത് ഒരവസരം തരുന്നതുകൊണ്ട് കര്‍ത്താവിനെ സ്തുതിക്കുന്നു. യോനായുടെ പുസ്തകത്തില്‍ നിന്നു നമുക്കു ലഭിക്കുന്ന മഹത്തായ സന്ദേശങ്ങളില്‍ ഒന്ന് അതാണ്. നിങ്ങള്‍ കര്‍ത്താവിനെ പരാജയപ്പെടുത്തിയിട്ടുണ്ടോ? നിങ്ങള്‍ക്കു മറ്റൊരവസരം തരുവാനായി ദൈവം കാത്തിരിക്കുകയാണ്. നിങ്ങള്‍ രണ്ടാമത് ഒരവസരം കൂടി അവിടുത്തെ പരാജയപ്പെടുത്തിയോ? അവിടുന്ന് നിങ്ങള്‍ക്കു മൂന്നാമത് ഒരവസരം തരും. അവിടുന്ന് രണ്ടാമത്തെ അവസരത്തിന്‍റെ ദൈവം മാത്രമല്ല- കാരണം നമ്മില്‍ മിക്കപേരും വളരെ നാളുകള്‍ക്കു മുമ്പെ തന്നെ നമ്മുടെ രണ്ടാമത്തെ അവസരം കെടുത്തികളഞ്ഞിരിക്കുന്നു. അവിടുന്നു ഇനിയുമൊരു അവസരത്തിന്‍റെ ദൈവമാണ്, നിങ്ങള്‍ എത്ര തവണ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അതു കാര്യമല്ല!! നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടെ മാനസാന്തരപ്പെടുമെങ്കില്‍, കര്‍ത്താവിനു ഇപ്പോഴായാല്‍ പോലും നിങ്ങളെ യഥാസ്ഥാനപ്പെടുത്തുവാനും അവിടുത്തേക്കു വേണ്ടി ഒരു ശുശ്രൂഷ നിര്‍വഹിക്കുവാന്‍ പ്രാപ്തിയുളളവനാക്കുവാനും കഴിയും.

40 ദിവസങ്ങള്‍ക്കുളളില്‍ നിനെവേ പട്ടണം ഉന്മൂലനം ചെയ്യപ്പെടും എന്ന് ഓരോ തെരുവീഥിയിലും ഘോഷിച്ചു പറയുവാന്‍ ആ അതിമഹത്തായ പട്ടണത്തിലൂടെ നടക്കുന്നതിന് യോനായ്ക്ക് 3 ദിവസം വേണ്ടി വന്നു. നിനെവേക്കാര്‍ അത്ഭുതകരമാംവിധം പെട്ടന്നു തന്നെ മാനസാന്തരപ്പെട്ടു. ലോകചരിത്രത്തില്‍ നടന്നിട്ടുളളതില്‍ വച്ച് അതിമഹത്തായതും ഏറ്റവും ദ്രുതഗതിയില്‍ നടന്നിട്ടുളളതുമായ ഒരു ഉണര്‍വ്വ് ഇതായിരുന്നു. ഇവിടെ എന്നെ പ്രോല്‍സാഹിപ്പിച്ച കാര്യങ്ങളില്‍ ഒന്ന് നിനെവേ പോലെ ദുഷ്ടത നിറഞ്ഞ പട്ടണം പോലും അനുതപിച്ചപ്പോള്‍, ദൈവം കരുണയുളളവനായിരുന്നു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ആ പട്ടണം താന്‍ നശിപ്പിച്ചുകളയുവാന്‍ തക്കവണ്ണം അത്ര തിന്മനിറഞ്ഞതായി തീരും എന്ന് ദൈവത്തിന് അറിയാമായിരുന്നു. എന്നാല്‍ ദൈവം ഓരോരുത്തനോടും ഇടപെടുന്നത്, അവര്‍ ഇപ്പോള്‍ എങ്ങനെയാണോ അതു പോലെയാണ് – അല്ലാതെ കഴിഞ്ഞനാളുകളില്‍ എങ്ങനെ ആയിരുന്നു എന്നതു പോലെയോ ഭാവിയില്‍ അവര്‍ എങ്ങനെ ആയിതീരും എന്നതു പോലെയോ അല്ല. അവിടുത്തെ നാമം ” ഞാന്‍ ആകുന്നു” എന്നാണ് അല്ലാതെ “ഞാന്‍ ആയിരുന്നു” എന്നോ “ഞാന്‍ ആയിരിക്കും” എന്നോ അല്ല. നാം ആയിരിക്കുന്നതിനേക്കാള്‍ ഒക്കെ അധികം മനസ്സലിവുളളവനാണു ദൈവം.

ദൈവത്തിനു നിനെവേയോട് കരുണ ഉണ്ടായപ്പോള്‍, യോന സന്തോഷത്താല്‍ ആവേശഭരിതനായി കാണും എന്ന് ചിലര്‍ ചിന്തിച്ചേക്കാം. എന്നാല്‍ അവന്‍ അങ്ങനെ ആയിരുന്നില്ല. യോനായെ ഒരു പാഠം പഠിപ്പിക്കേണ്ടതിനു ഒരു ചെടി അവന്‍റെ തലയ്ക്കു മീതെ വളര്‍ന്നു പൊങ്ങുവാന്‍ ദൈവം അനുവദിച്ചു. ആ ചെടി നിമിത്തം യോന അത്യന്തം സന്തോഷിച്ചു. എന്നാല്‍ പിറ്റെന്നാള്‍ ആ ചെടി തിന്നുകളയേണ്ടതിന് ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കുകയും അതുവാടിപ്പോവുകയും ചെയ്തു. യോനാ വീണ്ടും വളരെ കോപിച്ചു. കാരണം സൂര്യന്‍ ഉദിച്ചപ്പോള്‍ വെയില്‍ യോനായുടെ തലയില്‍ ഏറ്റു. അപ്പോള്‍ അവന്‍ പറഞ്ഞു, “ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നതു എനിക്കു നല്ലത്” . അപ്പോള്‍ ദൈവം യോനായോട് ഇപ്രകാരം പറഞ്ഞു, ” ഒരു രാത്രിയില്‍ ഉണ്ടായി വരികയും ഒരു രാത്രിയില്‍ നശിച്ചുപോകുകയും ചെയ്തിരിക്കുന്ന ഒരു ചെടിയോട് നിനക്ക് അയ്യോഭാവം തോന്നുന്നുവല്ലോ. എന്നാല്‍ വലംകയ്യും ഇടം കയ്യും തമ്മില്‍ തിരിച്ചറിഞ്ഞു കൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിലധികം മനുഷ്യരും അനേകം മൃഗങ്ങളുമുളള മഹാനഗരമായ നിനെവേയോട് എനിക്ക് അയ്യോഭാവം തോന്നരുതോ?” (യോനാ. 4:11).

ഈ യോനാ 4:11 -ാം വാക്യത്തില്‍ – പഴയ നിയമത്തിലെ മറ്റേതൊരു വാക്യത്തിലുളളതിനേക്കാള്‍ – നഷ്ടപ്പെട്ട ആത്മാക്കളോട് ദൈവത്തിനുളള ബൃഹത്തായ മനസ്സലിവു നാം കാണുന്നു. ആരും നശിച്ചുപോകാതിരിക്കേണ്ടതിന് അവിടുത്തെ ഏകജാതനായ പുത്രനെ തരുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ഈ കാര്യത്തില്‍ യോനാ ഒരു വിധത്തിലും ദൈവവുമായുളള കൂട്ടായ്മയിലേക്കു കടന്നില്ല. ഇന്നും ഇതുപോലെ അനേകം പ്രസംഗകരുണ്ട്. അവര്‍ പ്രസംഗിക്കുകയും ഉണര്‍വ്വുണ്ടാകുന്നതു കാണുകയും ചെയ്യുന്നു. (യോനാ ചെയ്തതു പോലെ), എന്നാല്‍ യോനായെ പോലെ അവരും ദൈവത്തിന്‍റെ മനസ്സലിവുളള ഹൃദയവുമായി കൂട്ടായ്മയിലാകുന്നില്ല. അങ്ങനെയുളള പ്രസംഗകര്‍ ദൈവം അവരെക്കുറിച്ചാഗ്രഹിക്കുന്നതു പോലെ തങ്ങളുടെ ശുശ്രുഷ നിവര്‍ത്തിക്കുന്നില്ല. നിങ്ങള്‍ പ്രസംഗിക്കുകയും ആളുകള്‍ രക്ഷിക്കപ്പെടുകയും ചെയ്തേക്കാം; അപ്പോഴും അതിന്‍റെ എല്ലാം ഒടുക്കം, യോനായെ പോലെ, ദൈവവുമായി ഒരു കൂട്ടായ്മയും ഇല്ലാതെയിരിക്കാം. ഒരു സുവിശേഷീകരണ ശുശ്രൂഷയുടെ ശരിയായ അടിസ്ഥാനം ദൈവത്തിന്‍റെ ഹൃദയവുമായുളള കൂട്ടായ്മയാണ്. വെളിച്ചം കിട്ടിയിട്ടില്ലാത്തവരോട് ദൈവത്തിന് അത്രവലിയ മനസ്സലിവുണ്ട്. ബൈബിള്‍ പറയുന്നത് സകല മനുഷ്യരും മാനസാന്തരപ്പെട്ട് രക്ഷിക്കപ്പെടുകയും സത്യത്തിന്‍റെ പരിജ്ഞാനത്തിലേക്കു വരികയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്നാണ്. അവിടുന്ന് അതിനുവേണ്ടി വളരെ ആഗ്രഹിക്കുന്നു. നാം എത്ര കണ്ട് ദൈവത്തിന്‍റെ ഹൃദയവുമായി കൂട്ടായ്മയിലേക്കു വരുന്നോ, അത്രകണ്ട് നമുക്ക് അവിടുത്തെ ഭാരം പങ്കിടുവാന്‍ കഴിയും. ദൈവം നിങ്ങളെ ഒരു സുവിശേഷകനായി വിളിച്ചിരിക്കുന്നെങ്കില്‍, അവിടുന്നു നഷ്ടപ്പെട്ട ആത്മാക്കള്‍ക്കുവേണ്ടി നിങ്ങള്‍ക്ക് ഒരു മനസ്സലിവുതരും. ദൈവം നിങ്ങളെ ഒരുപദേഷ്ടാവായി വിളിച്ചിരിക്കുന്നെങ്കില്‍, അന്ധരും വഞ്ചിക്കപ്പെട്ടവരുമായി ഒരു ജയജീവിതത്തിലേക്കു കടക്കാതിരിക്കുന്ന വിശ്വാസികള്‍ക്കു വേണ്ടി അവിടുന്ന് ഒരു മനസ്സലിവു നിങ്ങള്‍ക്കു തരും. നമുക്ക് നമ്മുടെ ശുശ്രൂഷ ഫലപ്രദമായി നിറവേറ്റണമെങ്കില്‍ അവിടുത്തെ മനസ്സലിവ് പങ്കുവെയ്ക്കുന്നതിന് ദൈവത്തിന്‍റെ ഹൃദയവുമായുളള കൂട്ടായ്മ അത്യന്താപേക്ഷിതമാണ്.

What’s New?