നമ്മുടെ ജീവിതത്തില്‍ അഭിഷേകം വര്‍ദ്ധിച്ചുവരണം – WFTW 20 ഒക്ടോബർ 2019

സാക് പുന്നന്‍

യെഹെസ്കേല്‍ 7:9 ല്‍ യഹോവയെക്കുറിച്ച് അധികമാളുകളും കേള്‍ക്കാനിഷ്ടപ്പെടാത്ത ഒരു പേര് നാം കാണുന്നു: ‘ദണ്ഡിപ്പിക്കുന്നവനായ യഹോവ’, ന്യായം വിധി കൊണ്ട് ശിക്ഷിക്കുന്നവന്‍. യെഹെസ്കേല്‍ 8 ല്‍ യഹൂദാഗൃഹത്തെ അവിടുന്ന് ഉപേക്ഷിച്ചു കളയുവാന്‍ കാരണമായി ആലയത്തിനകത്തു തുടര്‍ന്നു കൊണ്ടിരിക്കുന്ന വിഗ്രഹാരാധനയെ യഹോവ യെഹെസ്കേലിനു കാണിച്ചു കൊടുത്തു. ദൈവ ജനത്തിന്‍റെ നടുവില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന രഹസ്യപാപങ്ങളിലേക്ക് ഒരുള്‍കാഴ്ച ദൈവം യെഹേസ്കേലിനു കൊടുത്തു. മറ്റുളളവര്‍ അറിയാത്തതായി തന്‍റെ ജനത്തിന്‍റെ ഇടയില്‍ ഉളള രഹസ്യ പാപങ്ങള്‍ തുറന്നു കാണിക്കുന്നതിനുളള വാക്കുകള്‍ ഒരു സത്യപ്രവാചകന് ദൈവം കൊടുക്കും.

1 കൊരി 14:24,25 ല്‍ സഭയിലുളള ആളുകള്‍ പ്രവചനാത്മകമായി സംസാരിക്കുമ്പോള്‍, തീര്‍ത്തും അപരിചിതനായ ഒരുവന്‍ കടന്നു വരികയും അവന്‍റെ ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതായി അവന്‍ കാണുകയും ചെയ്യുന്ന ഒരു സഭായോഗത്തെക്കുറിച്ചു നാം വായിക്കുന്നു. അവന്‍ കവിണ്ണവീണ് ആ യോഗത്തില്‍ കര്‍ത്താവുണ്ടെന്നു ഏറ്റുപറയുന്നു. ഇങ്ങനെയാണ് നമ്മുടെ ഓരോ സഭായോഗവും ആയിരിക്കേണ്ടത്. നാം എല്ലാവരും അങ്ങനെ പ്രവചിക്കുവാന്‍ വാഞ്ചിക്കണം.

ജനങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും സ്ത്രീകള്‍ തമ്മൂസ് എന്ന വിഗ്രഹത്തെക്കുറിച്ചു കരയുകയും ചെയ്യുന്നു. ഇത് ജാതികളോടു ചേര്‍ന്ന് അനുഷ്ഠിക്കുന്ന മ്ലേഛകരമായ ദുര്‍ന്നടപ്പില്‍ വ്യാപൃതരാകുന്ന കാര്യം ഉള്‍പ്പെടുന്ന ഒരാചാരമാണ്. ഇവയെല്ലാം ദൈവാലയത്തിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വിഗ്രഹാരാധനയെക്കുറിച്ചുളള അധികകാര്യങ്ങളും പുറത്തുളള ആളുകള്‍ക്കു വ്യക്തമായിരുന്നില്ല. പുറമെ വിശുദ്ധരെന്നു കാണപ്പെടുന്ന അനേകര്‍ ആന്തരികമായി വളരെ മ്ലേച്ഛതയുളളവരാണ്. യഹോവ പറയുന്നു, ” ഇത് എന്‍റെ ആലയമായി സങ്കല്പിതമായതാണ്, എന്നാല്‍ ഇതിന്‍റെ ഉളളില്‍ എന്താണു നടന്നുകൊണ്ടിരിക്കുന്നത് എന്നു കാണുക”. അവര്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് സൂര്യനെ ആരാധിക്കുകയായിരുന്നു, ഇന്ന് അനേകം ക്രിസ്ത്യാനികളും പ്രാര്‍ത്ഥിക്കുവാന്‍ കിഴക്കോട്ടുതിരിഞ്ഞു നില്‍ക്കുന്നതു പോലെതന്നെ (യെഹെസ്കേല്‍ 8:16). യെഹെസ്കേല്‍ 9:3: ദൈവത്തിന്‍റെ ആലയത്തില്‍ നടക്കുന്ന ഈ എല്ലാ പാപവും നിമിത്തം, ദൈവത്തിന്‍റെ മഹത്വം സാവധാനത്തില്‍ അവിടം വിട്ടുപോകാന്‍ തുടങ്ങി.

ദൈവത്തിന്‍റെ മഹത്വം ഒരു വ്യക്തിയില്‍ നിന്നോ അല്ലെങ്കില്‍ ഒരു സഭയില്‍ നിന്നോ അകന്നു പോകാന്‍ തുടങ്ങിയിട്ട് അവിടെ ഉണ്ടായിരുന്ന അഭിഷേകവും, പുതുക്കവും, അഗ്നിയും ഇല്ലാതെയാകുമ്പോള്‍, എപ്പോഴും അതിനൊരു കാരണമുണ്ടാകും. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അഭിഷേകം ഉണ്ടായിരുന്ന അനേകം പ്രസംഗകര്‍ക്ക് ഇന്ന് അതു നഷ്ടപ്പെട്ടിരിക്കുന്നു. നാം പ്രായമാകുന്തോറും നമ്മുടെ ജീവിതത്തിലുളള അഭിഷേകം വര്‍ദ്ധിച്ചുവരണം. എന്നാല്‍ ഞാന്‍ കണ്ടുമുട്ടിയിട്ടുളള മിക്ക പ്രസംഗകരിലും അതു കുറഞ്ഞുവരുന്നതായാണ് കണ്ടിരിക്കുന്നത്. സാധാരണയായി ഇതിന്‍റെ കാരണം അവര്‍ പണത്തിന്‍റെ പിന്നാലെ പായുന്നതിലൂടെയോ, അല്ലെങ്കില്‍, മറ്റേതെങ്കിലും വിധത്തില്‍ ഒത്തു തീര്‍പ്പിനു വഴങ്ങുന്നതിലൂടെയോ, അല്ലെങ്കില്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനു വേണ്ടി സംസാരിക്കാന്‍ തുടങ്ങുന്നതിലൂടെയോ തങ്ങളെ തന്നെ ദൂഷിതമാക്കി എന്നുളളതാണ്. നിങ്ങളില്‍ അനേകരെ ദൈവം അവിടുത്തെ സേവിക്കാനായി വിളിച്ചിട്ടുണ്ടാകാം. അങ്ങനെയെങ്കില്‍, നിങ്ങളുടെ ശുശ്രൂഷയില്‍ ഉളള ദൈവ മഹത്വം വേര്‍പെട്ടു പോകാതിരിക്കേണ്ടതിന് നിങ്ങള്‍ വിശ്വസ്തരായിരിക്കുക.

യെഹെസ്കേല്‍ 9:4: ഇന്ന് നമുക്ക് സഭയില്‍ പ്രായോഗികമാക്കുവാന്‍ കഴിയുന്ന ഒരു വചനം ഇവിടെയുണ്ട്: “സഭകളിലൂടെ നടന്ന് സഭയില്‍ നടക്കുന്ന പാപങ്ങള്‍ നിമിത്തം നെടുവീര്‍പ്പിട്ടുകരയുന്നവരുടെ നെറ്റിയില്‍ ഒരു അടയാളമിടുക”. സഭയില്‍ യേശുവിന്‍റെ നാമം അപമാനിക്കപ്പെടുന്നതു നിമിത്തം കരയുന്നവരുടെ നെറ്റിയില്‍ ഒരു അടയാളം ഇടേണ്ടതിന് ദൈവം അങ്ങനെയൊരു ദൂതനെ അയച്ചാല്‍ (അവിടുന്ന് അന്നു ചെയ്തതു പോലെ) എത്രപേര്‍ അടയാളമിടപ്പെടും. ക്രിസ്ത്യാനികളാല്‍ യേശുവിന്‍റെ നാമം അപമാനിക്കപ്പെടുന്നതില്‍ നിങ്ങള്‍ എത്രമാത്രം വിചാരപ്പെടുന്നുണ്ട്? ആപരിശുദ്ധനാമം മിക്കസഭകളിലും അപമാനിക്കപ്പെട്ടിരിക്കുന്നു – ഓരോ സഭാ വിഭാഗത്തിലുമുളള സഭകളില്‍. നാം അതിനെക്കുറിച്ചു ദുഃഖിക്കുന്നുണ്ടോ? ദുഃഖിക്കുന്നവരെ ദൈവം അടയാളപ്പെടുത്തുന്നുണ്ട്. ഇവിടെ കര്‍ത്താവ് ഇപ്രകാരം പറയുന്നു, ” എന്‍റെ അടയാളമില്ലാത്ത എല്ലാവരെയും കൊല്ലുക”. ഇന്നും കര്‍ത്താവിന്‍റെ നാമത്തിനുവേണ്ടി വിചാരം ഇല്ലാത്ത എല്ലാവരും ആത്മീയമായി മരിച്ച അവസ്ഥയില്‍ അവസാനിക്കും. കര്‍ത്താവു നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ച ഒന്നാമത്തെ പ്രാര്‍ത്ഥന ” അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടേണമെ” എന്നാണ്. ആ നാമത്തിനുവേണ്ടി നിങ്ങള്‍ക്കൊരു കരുതല്‍ ഉണ്ടെങ്കില്‍, അപ്പോള്‍ ദൈവത്തിനു അവിടുത്തെ ഉദ്ദേശ്യങ്ങള്‍ നിറവേറ്റാനായി നിങ്ങളെ ഉപയോഗിക്കുവാന്‍ കഴിയും.

ദൈവത്തിന്‍റെ ദൂതന്‍ ആളുകളെ സംഹരിക്കുവാന്‍ തുടങ്ങിയപ്പോള്‍ ആദ്യം കൊല്ലപ്പെട്ടത് എഴുപതു മൂപ്പന്മാരാണ്! ദൈവ ജനത്തിന്‍റെ നായകന്മാരായിരിക്കേണ്ട മൂപ്പന്മാരാണ് മറ്റെല്ലാവരെയുംകാള്‍ ഈ കാര്യത്തില്‍ ഏറ്റവും കുറച്ച് ഉല്‍ഘണ്ഠ ഉണ്ടായിരുന്നവര്‍. ഏറെ നല്‍കപ്പെട്ടവനോട് ഏറെ ചോദിക്കും. അതു കൊണ്ട് ന്യായവിധി ആരംഭിക്കുമ്പോള്‍, അത് എപ്പോഴും തുടങ്ങുന്നത് സഭയിലെ നേതാക്കന്മാരില്‍ നിന്നാണ്. നേതാക്കന്മാര്‍ പരാജയപ്പെട്ടതു കൊണ്ടാണ് ദൈവ മഹത്വം ദൈവാലയം വിട്ടുപോയത്. ഇന്നും അത് അങ്ങനെ തന്നെയാണ്.