ബൈബിളിലൂടെ : സങ്കീര്‍ത്തനങ്ങള്‍

ദൈവത്തെ ആശ്രയിക്കുകയും ആരാധിക്കുകയും

Chapters: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150



പുതിയ നിയമത്തില്‍ ഏറ്റവും അധികം പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന പഴയനിയമ പുസ്തകം സങ്കീര്‍ത്തനങ്ങള്‍ ആണ്. 150 സങ്കീര്‍ത്തനങ്ങളില്‍ നിന്നായി കുറഞ്ഞത് 50 ഉദ്ധരണികളെങ്കിലും പുതിയ നിയമത്തില്‍ കാണാം. യേശു പലപ്പോഴും സങ്കീര്‍ത്തനങ്ങളില്‍ നിന്നും എടുത്ത് ഉദ്ധരിച്ചിട്ടുണ്ട്.

സങ്കീര്‍ത്തനം എന്ന പുസ്തകം അഞ്ച് ഭാഗമായി തിരിച്ചിരിക്കുന്നു. ഓരോന്നും ഓരോ ആശീര്‍വാദത്തോടെ അവസാനിച്ചിരിക്കുന്നു.

1-ാം ഭാഗം – സങ്കീര്‍ത്തനങ്ങള്‍ 1-41
2-ാം ഭാഗം – സങ്കീര്‍ത്തനങ്ങള്‍ 42-72
3-ാം ഭാഗം – സങ്കീര്‍ത്തനങ്ങള്‍ 73-89
4-ാം ഭാഗം – സങ്കീര്‍ത്തനങ്ങള്‍ 90-106
5-ാം ഭാഗം – സങ്കീര്‍ത്തനങ്ങള്‍ 107-150

70-ല്‍ അധികം സങ്കീര്‍ത്തനങ്ങള്‍ എഴുതിയിരിക്കുന്നത് ദാവീദാണ്. ഏതാനും സങ്കീര്‍ത്തനങ്ങള്‍ ആസാഫും കോരഹ് പുത്രന്മാരും എഴുതിയിരിക്കുന്നു. ശലോമോന്‍ രണ്ടെണ്ണവും മോശെ, ഹേമാന്‍, ഏഥാന്‍ എന്നിവര്‍ ഓരോന്നു വീതവും സങ്കീര്‍ത്തനങ്ങള്‍ എഴുതിയിട്ടുണ്ട്. മറ്റുള്ളവയുടെ രചയിതാക്കള്‍ അജ്ഞാതരാണ്.

സങ്കീര്‍ത്തനങ്ങള്‍ എന്ന പുസ്തകം 5 പുസ്തകങ്ങളായി വിഭാഗിച്ചിരിക്കുന്നു. ഈ അഞ്ച് പുസ്തകങ്ങളിലായി പല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചിലര്‍ ഈ അഞ്ചു പുസ്തകങ്ങളെ മോശെയുടെ ആദ്യ അഞ്ച് പുസ്തകങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്. അവ തമ്മില്‍ കുറച്ച് സാദൃശ്യം നമുക്കു കാണാന്‍ സാധിക്കും.

പല സങ്കീര്‍ത്തനങ്ങളിലും നീതിമാന്മാരുടേയും ദുഷ്ടന്മാരുടേയും വിധി താരതമ്യം ചെയ്യുന്നുണ്ട്. ശത്രുവില്‍ നിന്നുള്ള വിടുതലിനായി ദൈവത്തോടുള്ള അപേക്ഷ പല സങ്കീര്‍ത്തനങ്ങളിലും ആവര്‍ത്തിച്ചു കാണുന്ന ഒരു വിഷയമാണ്. 150 സങ്കീര്‍ത്തനങ്ങളില്‍ 72 എണ്ണത്തിലും സങ്കീര്‍ത്തനക്കാരന്റെ ശത്രുവിനെ സംബന്ധിച്ച എന്തെങ്കിലും പരാമര്‍ശമുണ്ട്.

ചില സങ്കീര്‍ത്തനങ്ങള്‍ വളരെ വിശദമായി നാം നോക്കുന്നു. മറ്റുള്ളതില്‍ നിന്ന് അതിന്റെ വിഷയമോ ചില വാക്യങ്ങളോ മാത്രം നോക്കുന്നു.

ആദ്യ പുസ്തകം – നീതിന്മാരും ദുഷ്ടന്മാരും

സങ്കീര്‍ത്തന പുസ്തകത്തിനുള്ള ഒരു ആമുഖമാണ് ഒന്നാം സങ്കീര്‍ത്തനം. ദൈവവചനം ധ്യാനിച്ച് പാപവഴികളെ വിട്ട് നടക്കുന്ന അനുഗൃഹീതനായ ഒരുവനെ സംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നതാണ് ഈ സങ്കീര്‍ത്തനം. ദോഷം വിട്ടൊഴിയുന്നതോടൊപ്പം അങ്ങനെ ശുദ്ധമാക്കപ്പെട്ട ഹൃദയത്തില്‍ ദൈവവചനം നിറയുകയും വേണം. രാവും പകലും ദൈവവചനം ധ്യാനിക്കുക എന്നതിന്റെ അര്‍ത്ഥം നാം വായിച്ച വചനങ്ങള്‍ ഇടയ്ക്കിടെ ഓര്‍ത്ത് അത് നമ്മുടെ ഹൃദയത്തിനുള്ളിലേയ്ക്ക് ആഴത്തില്‍ എഴുതുകയെന്നാണ്. നാം കഴിക്കുന്ന ഭക്ഷണം ദഹിച്ച് ചില മണിക്കൂറുകള്‍ കഴിയുമ്പോള്‍ അത് നമ്മുടെ ശരീരത്തില്‍ രക്തവും മാംസവും ആയിത്തീരുന്നതു പോലെ. ഭക്ഷണം കഴിക്കുന്നതിനു വാസ്തവത്തില്‍ വളരെ കുറച്ചു സമയം മതി. ദഹന പ്രക്രിയയ്ക്കാണ് മണിക്കൂറുകള്‍ വേണ്ടി വരുന്നത്. അതുപോലെ ദൈവവചനം വായിക്കുന്നതിനു നാം അല്പം സമയം മാത്രമായിരിക്കും ചെലവഴിക്കുന്നത്. എന്നാല്‍ ആ വചനങ്ങള്‍ ധ്യാനിക്കുന്നതാണ് പ്രാധാന്യമുള്ളത്. അങ്ങനെ ചെയ്താല്‍ നാം ആറ്റരികത്ത് നട്ടതും എപ്പോഴും ഫലം നല്‍കുന്നതുമായ വൃക്ഷം പോലെ ആയിരിക്കും. നാം എപ്പോഴും അഭിവൃദ്ധിപ്പെടും. ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ കൈകളുടെ എല്ലാ വേലയിലും നമ്മുടെ വാക്കുകളിലും ഉണ്ടാകും. നാം എല്ലാവരും ഇങ്ങനെ ജീവിക്കണമെന്നാണ് ദൈവഹിതം.

2-ാം സങ്കീര്‍ത്തനം ക്രിസ്തുവിന്റെ ആധിപത്യം വിശദീകരിക്കുന്ന മശിഹായുടെ സങ്കീര്‍ത്തനമാണ്. 13 സങ്കീര്‍ത്തനങ്ങളിലായി മശിഹായെ (ക്രിസ്തു) സംബന്ധിച്ച് കുറഞ്ഞത് 18 പ്രവചനങ്ങളെങ്കിലും ഉണ്ട്. ഇതു മശിഹ രാജാവായി വാഴുന്നതിനെ സംബന്ധിച്ചുള്ളതാണ്. പത്രൊസ് ഈ സങ്കീര്‍ത്തനത്തില്‍ നിന്നും പ്രവൃത്തികളുടെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു: ”സ്വര്‍ഗ്ഗത്തിലിരിക്കുന്നവന്‍ ചിരിക്കുന്നു” (4-ാം വാക്യം). ലോകം രാജാവിനെ തള്ളിക്കളയുന്നു. എന്നാല്‍ ദൈവം പറയുന്നു: ”നീ എന്റെ പുത്രന്‍… എന്നോട് ചോദിച്ചുകൊള്ളുക. ഞാന്‍ ജാതികളെ നിനക്ക് അവകാശമായും ഭൂമിയുടെ അതിരുകളെ നിനക്ക് അധീനമായും തരും. ഇരുമ്പുകോല്‍ കൊണ്ട് നീ അവരെ തകര്‍ക്കും” (7-9 വാക്യങ്ങള്‍). ഒരു നാള്‍ യേശു ഈ ഭൂമിയാകെ ഭരിക്കും. ആ നാളിനു മുന്‍പ് ‘പുത്രനെ ചുംബിക്കുക’ എന്നാണ് നമ്മോട് ആവശ്യപ്പെടുന്നത്.

3-ാം സങ്കീര്‍ത്തനം ദാവീദ് എഴുതിയതാണ്. തന്റെ പുത്രനായ അബ്ശാലോമിനാല്‍ പുറത്താക്കപ്പെട്ട് യെരുശലേമില്‍ നിന്നും ഓടി പോകുമ്പോള്‍ ദാവീദ് എഴുതിയ താണിത്. തനിക്കു ദൈവത്തിലുള്ള വിശ്വാസത്തെ ഇവിടെ സ്പഷ്ടമാക്കുന്നു. അവന്‍ പറയുന്നു: ”ദൈവമേ, അങ്ങ് എനിക്കു ചുറ്റും പരിചയും എന്റെ മഹത്ത്വവും ആകുന്നു”(3-ാം വാക്യം). ഞായറാഴ്ചകളില്‍ വളരെ സുഖകരമായ മന്ദിരങ്ങളിലിരുന്ന് നാം ഈ വരികള്‍ പാടാറുണ്ട്. എന്നാല്‍ അബ്ശാലോമില്‍ നിന്നും തന്റെ ജീവനെ രക്ഷിച്ച് ഓടുന്ന അവസരത്തിലാണ് ദാവീദ് ഇത് പാടുന്നത്. ദാവീദ് പല സങ്കീര്‍ത്തനങ്ങളും എഴുതിയത് രാജകൊട്ടാരത്തില്‍ ഇരുന്നല്ല. എന്നാലത് അവന്‍ വലിയ സമ്മര്‍ദ്ദത്തില്‍ ഗുഹകളില്‍ നിന്നും ഗുഹകളിലേയ്ക്ക് ഓടിക്കൊണ്ടിരുന്നപ്പോഴാണ്. ദാവീദ് വലിയ സമ്മര്‍ദ്ദം നേരിട്ടിരുന്നില്ലെങ്കില്‍ പ്രോത്സാഹനജനകമായ പല സങ്കീര്‍ത്തനങ്ങളും എഴുതപ്പെടുകയില്ലായിരുന്നു. പല വലിയ പാഠങ്ങളും ദൈവം നമ്മെ പഠിപ്പിക്കുന്നത് സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന വേളയിലാണ്. സമ്മര്‍ദ്ദങ്ങളിലൂടെ ദൈവം നമ്മെ മറ്റുള്ളവര്‍ക്ക് ഒരു അനുഗ്രഹമാക്കി തീര്‍ക്കുന്നു. ടൂത്ത് പേസ്റ്റിന്റെ ട്യൂബില്‍ ഞെക്കുമ്പോഴാണ് പേസ്റ്റ് പുറത്തേയ്ക്കു വരുന്നത്. നമ്മുടെ ശത്രുക്കളെ ഉപയോഗിച്ച് ദൈവം നമ്മെ ഞെരുക്കുന്നു. അതിലൂടെ ദൈവവചനം നമ്മില്‍ നിന്നു വരുന്നു. നമ്മള്‍ സമ്മര്‍ദ്ദത്തില്‍ ആയിരിക്കുന്നതിനനുസരിച്ച് നമ്മുടെ ശുശ്രൂഷ അനുഗ്രഹിക്കപ്പെടും.

4-ാം സങ്കീര്‍ത്തനം ഒരു സന്ധ്യാ പ്രാര്‍ത്ഥനയാണ് (4:8). മുന്‍പുള്ള സങ്കീര്‍ത്തനം ഒരു പ്രഭാത പ്രാര്‍ത്ഥന ആയിരുന്നു (3:5). സംരക്ഷിക്കുന്ന ദൈവശക്തിയെ വ്യക്തമാക്കുന്നതാണ് രണ്ടും. ”യഹോവ നീതിമാനെ തനിക്കായി വേര്‍തിരിച്ചിരിക്കുന്നു” (3-ാം വാക്യം). നാം ദൈവത്തിനു വേണ്ടി മാത്രമായി ഈ ലോകത്തില്‍ നിന്നും വേര്‍തിരിക്കപ്പെട്ടവരാണ്. പിന്നീട് കോപമെന്ന പാപത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നു: ”നടുങ്ങുവിന്‍ (കോപത്താല്‍) എന്നാല്‍ പാപം ചെയ്യരുത്” (4-ാം വാക്യം). തുടര്‍ന്നു പറയുന്നു: ”നിങ്ങളുടെ കിടക്കയില്‍ ഹൃദയങ്ങളില്‍ ധ്യാനിച്ച് മൗനമായിരിപ്പിന്‍.” പഴയ ഉടമ്പടിയില്‍ അവര്‍ക്കു കോപത്തെ ജയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ സ്വസ്ഥമാകുന്നതു വരെ കിടക്കയില്‍ കിടക്കുവാനാണ് അവനോട് ആവശ്യപ്പെടുന്നത്. കിടക്കയില്‍ അവന്‍ ‘യഹോവയ്ക്കു നീതിയാഗങ്ങള്‍ അര്‍പ്പിക്കുവാന്‍’ ആവശ്യപ്പെടുന്നു (5-ാം വാക്യം). കോപത്തിനു പകരം സന്തോഷം ഹൃദയത്തിലുണ്ടായി അവര്‍ ഇങ്ങനെ പറയണം: ”ദൈവമേ അവിടുന്നു സന്തോഷം എന്റെ ഹൃദയത്തില്‍ നിറച്ചിരിക്കുന്നു”(7-ാം വാക്യം). കോപത്തെ ജയിച്ചിട്ടില്ലാത്ത എല്ലാ ക്രിസ്ത്യാനികള്‍ക്കും ഇതൊരു നല്ല പ്രായോഗിക ഉപദേശമാണ്. പുതിയ നിയമത്തില്‍ ഈ വാക്യം എഫെസ്യ ലേഖനം 4:26-ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ”കോപിച്ചാല്‍ പാപം ചെയ്യരുത്.” എന്നാല്‍ പിന്നീട് നമ്മോടുള്ള പ്രബോധനം ”എല്ലാ കോപവും വിട്ടൊഴിഞ്ഞ് പോകട്ടെ” എന്നാണ്. ഇതാണ് പുതിയ നിയമത്തില്‍ നമുക്കുള്ള അനുഗ്രഹം.

5-ാം സങ്കീര്‍ത്തനം ശത്രുക്കളില്‍ നിന്നു സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനയാണ്: ”ദൈവമേ പ്രഭാതത്തില്‍ എന്റെ ശബ്ദം കേള്‍ക്കണമേ. പ്രഭാതത്തില്‍ ഞാന്‍ അങ്ങേയ്ക്കായി ഒരുങ്ങി കാത്തിരിക്കുന്നു” (3-ാം വാക്യം). ഒരു പ്രഭാതം തുടങ്ങുന്ന തിനായുള്ള നല്ലൊരു രീതിയാണ്: ”അങ്ങയെ ശരണമാക്കുന്നവര്‍ ആനന്ദിക്കട്ടെ അവര്‍ സന്തോഷിച്ചാര്‍ക്കട്ടെ. അവിടുത്തെ സംരക്ഷണം അവരുടെ മേല്‍ ഉണ്ടാകട്ടെ” (11-ാം വാക്യം).

6-ാം സങ്കീര്‍ത്തനം ദൈവത്തിന്റെ കരുണയ്ക്കായുള്ള ഒരു പ്രാര്‍ത്ഥനയാണ്: ”എന്റെ ശത്രുക്കളെല്ലാം ലജ്ജിച്ച് ഭ്രമിച്ചു പോകും. അവര്‍ ക്ഷണത്തില്‍ ലജ്ജിച്ച് പിന്തിരിയും”(10-ാം വാക്യം). വിശ്വാസത്തിന്റെ ഒരു ഏറ്റു പറച്ചിലാണിത്.

7-ാം സങ്കീര്‍ത്തനം നീതീകരണത്തിനായി ദൈവത്തോടുള്ള ഒരു പ്രാര്‍ഥനയാണ്. ദാവീദിന് ഒരു ശുദ്ധ മനഃസാക്ഷിയുണ്ടായിരുന്നു: ”ദൈവമേ, എന്റെ കൈയില്‍ അതിക്രമമുണ്ടെങ്കില്‍, എന്നോട് സമാധാനത്തിലിരുന്നവന് ഞാന്‍ ദോഷം ചെയ്തിട്ടുണ്ടെങ്കില്‍, ശത്രു എന്നെ പിടിച്ച് ദ്രോഹിക്കട്ടെ”(3-5 വാക്യങ്ങള്‍). മറ്റുള്ളവര്‍ക്കു ദ്രോഹം ചെയ്യുകയെന്നത് വളരെ ഗുരുതരമായ കാര്യമാണ്. രണ്ടുതരം പാപങ്ങളാണുള്ളത് – നാം നമുക്കു തന്നെ ദോഷം വരുത്തുന്ന പാപവും നാം മറ്റുള്ളവര്‍ക്കു ദോഷം വരുത്തുന്ന പാപവും. മയക്കുമരുന്ന് ഉപയോഗിക്കുക, പുകവലിക്കുക തുടങ്ങിയ പാപങ്ങള്‍ ഒരുവന്‍ തന്നെത്തന്നെ നശിപ്പിക്കുന്ന ഒന്നാണ്. പരദൂഷണം തീര്‍ച്ചയായും മറ്റൊരാളുടെ സല്‍പ്പേരു കളയുന്നതാണ്. അതിനാല്‍ പരുദൂഷണം കൂടുതല്‍ ഗുരുതരമായ പാപമാണ്. അങ്ങനെയുള്ളവരോട് ”ദൈവം ദിനംതോറും കോപിക്കുന്നു” (11-ാം വാക്യം). എന്നാല്‍ എത്ര ക്രിസ്ത്യാനികള്‍ ഇത് വിശ്വസിക്കുന്നുണ്ട്?

8-ാം സങ്കീര്‍ത്തനത്തില്‍ മനുഷ്യന്റെ ഒന്നുമില്ലായ്മയെ ദൈവത്തിന്റെ മഹത്വവുമായി താരതമ്യം ചെയ്തിരിക്കുന്നു. ഇതു മറ്റൊരു മശിഹാ സങ്കീര്‍ത്തനമാണ്. ദൈവാലയത്തില്‍ പ്രവേശിച്ച യേശുവിനെ ശിശുക്കള്‍ സ്തുതിച്ചതു കണ്ട് പരീശന്മാര്‍ അസ്വസ്ഥരായപ്പോള്‍ അവിടുന്ന് ഈ സങ്കീര്‍ത്തനമാണ് ഉദ്ധരിച്ചത്: ”ശിശുക്കളുടേയും മുലകുടിക്കുന്നവരുടേയും അധരങ്ങളില്‍ നിന്നും അവിടുന്നു സ്തുതി ഒരുക്കിയിരിക്കുന്നു”(മത്തായി 21:16). പരീശന്മാര്‍ ഇന്നുള്ള ചില ക്രിസ്ത്യാനികളെ പോലെ വിശ്വസിച്ചിരുന്നത്, ദൈവത്തെ ആരാധിക്കുന്നത് ശവസംസ്‌കാര ശുശ്രൂഷപോലെ ഭക്ത്യാദര പൂര്‍വ്വമായിരിക്കണമെന്നാണ്. ഉച്ചത്തിലുള്ള സ്തുതിയും ഘോഷവും അല്ല അവര്‍ ആരാധനയായി കണ്ടത്. എന്നാല്‍ യേശു ശിശുക്കളുടെ സ്തുതികള്‍ ആസ്വദിച്ചു. കാരണം. അവരുടെ ഉച്ചത്തിലുള്ള സ്തുതിയും ആരാധനയും സ്വര്‍ഗ്ഗത്തിലെ അന്തരീക്ഷത്തിന്റെ ഓര്‍മ്മ യേശുവിനു നല്‍കി. 2-ാം വാക്യത്തില്‍ ”ബലം” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. യേശു ഇതിനുപകരം ഉപയോഗിച്ചത് ”സ്തുതി” എന്ന വാക്കാണ്. ഇതിന്റെ ഉദ്ദേശ്യം പറഞ്ഞിരിക്കുന്നത് ”ശത്രുവിനെ നിശ്ശബ്ദരാക്കുവാന്‍” എന്നാണ് (2-ാം വാക്യം). ദൈവത്തെ സ്തുതിക്കുന്നതിലൂടെ നാം സാത്താന്റെ വായടയ്ക്കുവാന്‍ തക്കവണ്ണം ശക്തരാകുന്നു. ഹൃദയത്തില്‍ നിന്നു വരുന്ന സത്യസന്ധമായ സ്തുതിയെ സാത്താന്‍ വെറുക്കുന്നു. 4-ാം വാക്യം: ”മനുഷ്യനെപ്പെറ്റി അങ്ങ് ചിന്തിക്കുവാന്‍ അവന്‍ എന്ത്? അങ്ങ് അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി.” ഇതാണ് എബ്രായര്‍ 2:6-8-ല്‍ ഉദ്ധരിച്ചിരിക്കുന്നത്. അല്പ നേരത്തേയ്ക്കു യേശു ദൂതന്മാരേക്കാള്‍ താഴ്ന്ന നിലയിലായി. കാരണം അവിടുന്നു മരണം സ്വീകരിച്ചു. ദൂതന്മാര്‍ മരിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ യേശുവിനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. സകലവും അവിടുത്തെ കാല്‍ക്കീഴാക്കിയിരിക്കുന്നു. നാം അവിടുത്തെ ശരീരമാകയാല്‍ സകലവും നമ്മുടെ കാല്‍ക്കീഴിലായിരിക്കുന്നു.

9-ാം സങ്കീര്‍ത്തനം തന്റെ ശത്രുക്കളെ പരാജയപ്പെടുത്തിയ ദൈവത്തിനു നന്ദി അര്‍പ്പിച്ചുകൊണ്ടുള്ള ഒരു പ്രാര്‍ത്ഥനയാണ്: ”അങ്ങയുടെ നാമത്തെ അറിയുന്നവര്‍ അങ്ങയില്‍ ആശ്രയം വയ്ക്കും. അവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ”(10-ാം വാക്യം). ദൈവം പുനരുത്ഥാനത്തിന്റെ ദൈവമാണ്- ”മരണ വാതിലുകളില്‍ നിന്ന് എന്നെ ഉദ്ധരിക്കുന്നവനെ…”(13-ാം വാക്യം).

10-ാം സങ്കീര്‍ത്തനം ദുഷ്ടന്മാരെ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദൈവത്തോടുള്ള ഒരു പ്രാര്‍ത്ഥനയാണ്: ”ദുഷ്ടന്‍ തന്റെ അഹങ്കാരത്തില്‍ ദൈവത്തെ അന്വേഷിക്കുന്നില്ല. ഭൂമിയിലെ ദുഷ്ടമനുഷ്യന്‍ അനാഥനേയും പീഡിതരേയും ഭയപ്പെടുത്താതിരിക്കാന്‍ തക്കവണ്ണം അവിടുന്ന് അവരെ സംരക്ഷിക്കുന്നു” (4, 18 വാക്യങ്ങള്‍).

11-ാം സങ്കീര്‍ത്തനം നീതിമാനു ദൈവം നല്‍കുന്ന സംരക്ഷണത്തെ സംബന്ധിച്ചുള്ളതാണ്. ദൈവം നീതിമാനേയും ദുഷ്ടനേയും ശോധന ചെയ്യുന്നു എന്ന് ഇവിടെ പറയുന്നു (5-ാം വാക്യം). മറ്റുള്ളവരെ ആക്രമിക്കുവാന്‍ താല്പര്യപ്പെടുന്നവരെ അവിടുന്നു വെറുക്കുന്നു. ദൈവം നമ്മെ ശോധന ചെയ്യുമ്പോള്‍ അവിടുന്നു നമ്മെ ഉയര്‍ന്ന തലത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു. ഒരു വിദ്യാര്‍ത്ഥി പരീക്ഷ എഴുതി ജയിച്ച് ഉയര്‍ന്ന ക്ലാസിലേയ്ക്കു കടക്കുന്നതുപോലെ തന്നെ.

12-ാം സങ്കീര്‍ത്തനം നമ്മുടെ നാവിന്റെ ഉപയോഗം സംബന്ധിച്ചുള്ളതാണ്. ദൈവഭക്തരും വിശ്വസ്തരുമായ ആളുകള്‍ കുറഞ്ഞു വരുന്നുവെന്നു പറഞ്ഞാണ് ഇത് തുടങ്ങുന്നത്. തുടര്‍ന്നു മൂന്നു വാക്യങ്ങളില്‍ നാവിനെ സംബന്ധിച്ച് പറയുന്നു. നാവിലൂടെ വെളിപ്പെടുന്ന ഭോഷ്‌ക്, വ്യാജം, വമ്പ്, കാപട്യം എന്നിവയെ സംബന്ധിച്ച് പറയുന്നു. ദൈവഭക്തനായ ഒരു മനുഷ്യന്റെ ഒന്നാമത്തെ അടയാളം അവന്റെ സംസാരം കൃപയോടു കൂടിയതായിരിക്കും എന്നതാണ്. എന്നാല്‍ അഭക്തന്‍ ഇങ്ങനെ പറയുന്നു: ”ഞങ്ങളുടെ അധരങ്ങള്‍ ഞങ്ങളുടെ സ്വന്തം. ഞങ്ങള്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം സംസാരിക്കും”(4-ാം വാക്യം). നാവിനെ നിയന്ത്രിക്കുന്നവനാണ് സല്‍ഗുണപൂര്‍ണ്ണനായ മനുഷ്യന്‍ (യാക്കോ. 3:2). ”ദൈവത്തിന്റെ വചനങ്ങള്‍ നിലത്തെ ഉലയില്‍ ഏഴുപ്രാവശ്യം ശുദ്ധി ചെയ്ത വെള്ളിപോലെ” ശുദ്ധിയുള്ളതാണന്ന് (6-ാം വാക്യം) ദൈവഭക്തനായ ഒരുവന്‍ തിരിച്ചറിയുന്നു. അതുകൊണ്ട് അവന്‍ സംസാരിക്കുന്നതിനു മുന്‍പ് താന്‍ എന്താണ് പറയുന്നതെന്നു ചിന്തിക്കുന്നു. അവനു സംശയമുണ്ടായാല്‍, താന്‍ പറയാന്‍ ഉദ്ദേശിച്ച വാക്കുകള്‍ തന്റെ ഹൃദയത്തിലെ ഉലയിലേയ്ക്കു ഇട്ട് സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കുന്നു: ”ഇതു ഞാന്‍ ഇപ്പോള്‍ പറയേണ്ടതുണ്ടോ?” ”കുറച്ചുകൂടെ സൗമ്യമായ രീതിയില്‍ എനിക്കിതു പറയാന്‍ കഴിയുമോ” ”ഞാന്‍ പറയുന്നത് സത്യമാണോ” ”ഞാന്‍ സംസാരിക്കുന്നത് സ്‌നേഹത്തിലാണോ” തുടങ്ങിയ ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നു. പിന്നീട് അവന്‍ എന്താണ് പറയേണ്ടത്, എങ്ങനെയാണ് പറയേണ്ടത് എന്നുള്ളത് തീരുമാനിക്കുന്നു. അവന്‍ ആരെയെങ്കിലും തിരുത്തുന്നതിനായി ഒരു കത്ത് അയയ്ക്കുമ്പോള്‍, അത് അയയ്ക്കുന്നതിനു മുന്‍പ് ആവശ്യമെങ്കില്‍ ഏഴുവട്ടം തിരുത്തി എഴുതും.

13-ാം സങ്കീര്‍ത്തനം പ്രശ്‌നങ്ങളുടെ നടുവില്‍ ദൈവത്തില്‍ നിന്നുള്ള സഹായത്തിനായുള്ള ഒരു പ്രാര്‍ത്ഥനയാണ്. അത് അവസാനിക്കുന്നത് ഇങ്ങനെയാണ്: ”ഞാന്‍ യഹോവയ്ക്കു പാടും, അവിടുന്നു എനിക്കു നന്മ നല്‍കിയിരിക്കുന്നു.”

14-ാം സങ്കീര്‍ത്തനം ദുഷ്ടമനുഷ്യനെ വിവരിക്കുന്നു. ഓരോ നിരീശ്വരവാദിയും ഒരു മൂഢനാണ് (1-ാം വാക്യം). 2,3, വാക്യങ്ങളില്‍ വീഴ്ച പറ്റിയ മനുഷ്യന്റെ അവസ്ഥയെ വിശദീകരിക്കുന്നു. അത് റോമര്‍ 3:10-12 വാക്യങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്.

15-ാം സങ്കീര്‍ത്തനം ദൈവത്തിന്റെ സന്നിധിയില്‍ വസിക്കുന്നതിന് ഒരു മനുഷ്യനു വേണ്ട യോഗ്യതകളെ സംബന്ധിച്ച് വിശദീകരിക്കുന്നു. അവന്‍ സത്യം സംസാരിക്കണം. അവന്‍ യഹോവ ഭക്തന്മാരെ ബഹുമാനിക്കണം. ദൈവസഭയില്‍ നാം ആളുകള്‍ക്കു ബഹുമാനം കൊടുക്കുന്നത് ലോകപ്രകാരമുള്ള അവരുടെ പണമോ പ്രശസ്തിയോ നോക്കിയല്ല. എന്നാല്‍ അവരുടെ ദൈവഭക്തിയാണ് നാം നോക്കുന്നത്. ഈ സങ്കീര്‍ത്തനത്തിലൂടെ സാവധാനം കടന്ന് അതിന്റെ വെളിച്ചത്തില്‍ നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കണം. കാരണം ഇവിടെ പറയുന്നു (5-ാം വാക്യം): ‘ലോകത്തില്‍ പല കാര്യങ്ങള്‍ക്കും ഇളക്കം തട്ടാന്‍ പോവുകയാണ്. എന്നാല്‍ ഈ മനുഷ്യന്‍ ഒന്നിലും കുലുങ്ങി പോവുകയില്ല.’

16-ാം സങ്കീര്‍ത്തനം മശിഹായുടെ മറ്റൊരു സങ്കീര്‍ത്തനമാണ്. ഇവിടെ ദാവീദ് പറയുന്നത്, അവന് ഏറ്റവും ആവശ്യം ദൈവത്തേയും ഈ ഭൂമിയിലുള്ള വിശുദ്ധന്മാരേയും ആണെന്നാണ്. 3-ാം വാക്യത്തില്‍ പറയുന്നത് ‘ഭൂമിയിലുള്ള വിശുദ്ധന്മാരില്‍ അവന്‍ പ്രമോദിക്കുന്നു.’ എന്നാണ്. തമ്മില്‍ തമ്മിലുള്ള സ്‌നേഹത്തിലൂടെ നാം യേശുവിന്റെ ശിഷ്യന്മാരാണെന്ന് എല്ലാ മനുഷ്യരും അറിയുന്നു. 8-ാം വാക്യം ഇങ്ങനെയാണ്: ”ഞാന്‍ യഹോവയെ എപ്പോഴും എന്റെ മുമ്പില്‍ വച്ചിരിക്കുന്നു. അവിടുന്ന് എന്റെ വലത്ത് ഭാഗത്തുള്ളതുകൊണ്ട് ഞാന്‍ കുലുങ്ങുകയില്ല.” ഈ വാക്യമാണ് കര്‍ത്താവായ യേശുവിനെ പരാമര്‍ശിക്കുന്ന അവസരത്തില്‍ പത്രൊസ് ഉദ്ധരിച്ചിരിക്കുന്നത് (പ്രവൃത്തി 2:25). യേശുവിന്റെ മാതൃക പിന്തുടരുന്ന നമ്മള്‍ എന്തു ചെയ്യുമ്പോഴും ദൈവത്തെ നമ്മുടെ മുമ്പില്‍ വയ്ക്കണം. അപ്പോള്‍ അവിടുന്നു നമ്മുടെ വലത്തു ഭാഗത്ത് നമ്മെ സഹായിക്കാനായി ഉണ്ടാകും. ”ദൈവത്തിന്റെ സന്നിധിയില്‍ സന്തോഷ പരിപൂര്‍ണ്ണതയും അവിടുത്തെ വലത്തു ഭാഗത്ത് എന്നും പ്രമോദങ്ങളുമുണ്ട്” (11-ാം വാക്യം). സന്തോഷവും സുഖവും ഏറ്റവും ശുദ്ധമായി നാം കാണുന്നത് നിത്യതയില്‍ ദൈവസാന്നിദ്ധ്യത്തിലാണ്. ലോകത്തിലെ സന്തോഷവും സമാധാനവുമാകട്ടെ ആഴം കുറഞ്ഞതും താല്‍ക്കാലികവുമാണ്.

17-ാം സങ്കീര്‍ത്തനത്തിലും ദാവീദ് തന്റെ ശുത്രുക്കളില്‍ നിന്നുള്ള സംരക്ഷണം ആവശ്യപ്പെടുന്നു. 15-ാം വാക്യം ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പ്രഭാതത്തെ കുറിച്ചു പറയുന്നു. അപ്പോള്‍ നാം ”നീതിയില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കും. അവിടുത്തെ രൂപം കണ്ട് സംതൃപ്തരാകും.” അതിന്റെ അര്‍ത്ഥം രണ്ടു കാര്യങ്ങളാണ്- നാം അവിടുത്തെ കാണുമ്പോള്‍ സംതൃപ്തരാകും; അതുപോലെ അവിടുത്തെ പോലെയാകുമ്പോള്‍ തൃപ്തരാകും. അനുഗ്രഹിക്കപ്പെട്ട നമ്മുടെ പ്രത്യാശ രണ്ടു കാര്യങ്ങളിലാണ്. നാം അവിടുത്തെ കാണും. നാം അവിടുത്തെ പോലെ ആകും (1 യോഹ. 3:2).

18-ാം സങ്കീര്‍ത്തനം വിടുതലിന്റെ മറ്റൊരു സങ്കീര്‍ത്തനമാണ്. 16 മുതല്‍ 19 വരെയുള്ള വാക്യങ്ങളില്‍ നമ്മുടെ രക്ഷയുടെ മനോഹരമായ ഒരു ചിത്രമാണുള്ളത്. ”അവിടുന്നു നമ്മുടെ അന്ധകാരത്തെ പ്രകാശമാക്കും. നമ്മുടെ വഴി പൂര്‍ണ്ണമാക്കുകയും ചെയ്യും” (28, 32).(2 ശമുവേല്‍ 22-ല്‍ ഈ സങ്കീര്‍ത്തനം പൂര്‍ണ്ണമായി ഉദ്ധരിച്ചി രിക്കുന്നു).

19-ാം സങ്കീര്‍ത്തനം ദൈവവേലയും ദൈവത്തിന്റെ വചനവും സംബന്ധിച്ച് പറയുന്നു. ദൈവത്തിനായി രണ്ട് സാക്ഷ്യം ഈ ഭൂമിയിലുണ്ട്. ഒന്ന് ആകാശം (1-5 വരെയുള്ള വാക്യങ്ങള്‍). മറ്റൊന്ന് എഴുതപ്പെട്ട അവിടുത്തെ വചനം (7-11 വരെയുള്ള വാക്യങ്ങള്‍). 12,13 വാക്യങ്ങളില്‍ ദാവീദ് നാലുതരം പാപങ്ങളില്‍ നിന്നും തന്നെ രക്ഷിക്കുന്നതിനു ദൈവത്തോട് അപേക്ഷിക്കുന്നു. തെറ്റുകള്‍, മറഞ്ഞിരിക്കുന്ന പാപങ്ങള്‍, ബോധപൂര്‍വ്വം ചെയ്യുന്ന പാപങ്ങള്‍, മഹാപാപങ്ങള്‍. ഓരോന്നും അതിനു മുന്‍പുള്ള പാപത്തെക്കാള്‍ ഉത്തരോത്തരം ഗുരുതരമാകുന്നു. ഒടുവില്‍ ഇതാ നമുക്കു സ്വയം സൂക്ഷിക്കാന്‍ സാധിക്കുന്ന ഒരു പാപം- സംസാരത്തിലെ പാപം. ”ദൈവമേ എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും തിരുമുമ്പില്‍ പ്രസാദകരമായിത്തീരണമേ”(14-ാം വാക്യം).

20-ാം സങ്കീര്‍ത്തനം അവന്റെ ശത്രുവിനു മേലുള്ള ജയത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. ദാവീദിന്റെ ധൈര്യം ദൈവത്തില്‍ മാത്രമാണ്. ”ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയം വയ്ക്കുന്നു. (ഇന്നു ചിലര്‍ പണത്തിലും മനുഷ്യരുടെ സഹായത്തിലും ആശ്രയിക്കുന്നു). ഞങ്ങളോ ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ആശ്രയിക്കുന്നു”(7-ാം വാക്യം).

21-ാം സങ്കീര്‍ത്തനം വിടുതല്‍ നല്‍കുന്നതിനായി ദൈവത്തെ സ്തുതിക്കുന്ന ഒന്നാണ്. ”അങ്ങ് അവന്റെ ഹൃദയാഭിലാഷം സാധിച്ചിരിക്കുന്നു. അവന്റെ അധരങ്ങളുടെ അപേക്ഷയെ നിരസിച്ചില്ല. അവന്‍ അങ്ങയോട് ജീവനെ ചോദിച്ചു. അങ്ങ് അവനു നിത്യജീവന്‍ നല്‍കി”(2,4 വാക്യങ്ങള്‍).

22-ാം സങ്കീര്‍ത്തനം പ്രാര്‍ത്ഥനയും സ്തുതിയും ഉള്ള മശിഹാ സങ്കീര്‍ത്തനമാണ്. ഇതും അടുത്ത രണ്ട് സങ്കീര്‍ത്തനങ്ങളും ”ഇടയന്റെ” സങ്കീര്‍ത്തനങ്ങളാണ്. 22-ാം സങ്കീര്‍ത്തനം ഭൂത കാലത്തെക്കുറിച്ച് പറയുന്നു (ക്രൂശ്). 23-ാം സങ്കീര്‍ത്തനം ഇപ്പോഴുള്ളതിനെ (ദൈവം നമുക്കു ഇടയനായിരിക്കുന്ന ഇപ്പോഴുള്ള അവസ്ഥ) സംബന്ധിച്ചും 24-ാം സങ്കീര്‍ത്തനം ഭാവിയെ (മഹത്വത്തിന്റെ രാജാവായി യേശു വാഴുന്നത്) സംബന്ധിച്ചും പറയുന്നു. 22:1 വാക്യമാണ് യേശു ക്രൂശില്‍ കിടന്നു പറഞ്ഞത്: ”എന്റെ ദൈവമേ, എന്റെ ദൈവമേ അങ്ങ് എന്നെ കൈവിട്ടതെന്ത്?” ക്രൂശില്‍ കര്‍ത്താവ് പുഴുവിനെ പോലെയായി. വെള്ളംപോലെ തൂകിപ്പോയി (6,14 വാക്യങ്ങള്‍). നായ്ക്കള്‍ അദ്ദേഹത്തിന്റെ ചുറ്റും കൂടി. അവിടുത്തെ വസ്ത്രം അവര്‍ പങ്കിട്ടെടുത്തു (16,18 വാക്യങ്ങള്‍). എന്നാല്‍ 22-ാം വാക്യത്തില്‍ നാം ഉയിര്‍പ്പിലേയ്ക്കു വരുന്നു: ”അങ്ങയുടെ നാമത്തെ ഞാന്‍ സഹോദരന്മാരോട് അറിയിക്കും.” താന്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസമാണ് യേശു തന്റെ ശിഷ്യന്മാരെ ‘സഹോദരന്മാരെ’ എന്നു നേരിട്ടു വിളിച്ചത് (യോഹ. 20:17). ഈ വാക്യം എബ്രായര്‍ 2:12ലും പരാമര്‍ശിച്ചിരിക്കുന്നു. തുടര്‍ന്നു ഇങ്ങനെ പറയുന്നു: ”സഭാമദ്ധ്യേ ഞാന്‍ അങ്ങയെ പുകഴ്ത്തും. യഹോവയെ ഭയപ്പെടുന്നവരെ അവിടുത്തെ സ്തുതിപ്പിന്‍” (22,23 വാക്യങ്ങള്‍). സഭാമദ്ധ്യേ സ്വര്‍ഗ്ഗീയ പിതാവിനെ സ്തുതിക്കുന്നതിലേയ്ക്കു നമ്മെ നയിക്കുന്നത് യേശുവാണ്. ”ദൈവത്തെ ഭയപ്പെടുന്നവര്‍ മാത്രം ദൈവത്തെ സ്തുതിക്കട്ടെ’ എന്നാണ് ഇവിടെ പ്രബോധിപ്പിക്കുന്നത്. അങ്ങനെയുള്ളവരുടെ സ്തുതികള്‍ മാത്രമാണ് ആത്മാര്‍ത്ഥതയുള്ളത്. ക്രൂശിന്റെ പ്രവൃത്തിയുടേയും പുനരുത്ഥാനത്തി ന്റേയും ഫലം നാം 22 മുതല്‍ 30 വരെയുള്ള വാക്യങ്ങളില്‍ കാണുന്നു. ഇവിടെ നാം കാണുന്നത് ദൈവത്തെ സ്തുതിക്കുന്നത് സംബന്ധിച്ച് മൂന്നു വാക്യങ്ങളാണ് (22,23,26 വാക്യങ്ങള്‍). അതിനുശേഷം ദൈവത്തെ ആരാധിക്കുന്നത് സംബന്ധിച്ച് രണ്ട് വാക്യങ്ങള്‍ (27,29 വാക്യങ്ങള്‍). തുടര്‍ന്നു ദൈവത്തെ സേവിക്കുന്നത് സംബന്ധിച്ച് ഒരു വാക്യം (30-ാം വാക്യം). അതിനാല്‍ ഇങ്ങനെയാണ്: ഒന്നാമത് സ്തുതി, സ്തുതി, സ്തുതി. അതിനു ശേഷം ആരാധന, ആരാധന. തുടര്‍ന്നു സേവനം. ഫലപ്രദമായ സേവനത്തിനുള്ള മുന്നൊരുക്കമാണ് സ്തുതിയും ആരാധനയും എന്ന് എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ട്?

23-ാം സങ്കീര്‍ത്തനം ഇടയന്റെ സങ്കീര്‍ത്തനമാണ്. യഹോവ നമ്മുടെ ഇടയനാകുമ്പോള്‍ നമുക്ക് ഒന്നിനും കുറവുണ്ടാവുകയില്ല (ഒന്നാം വാക്യം). അവിടുന്നു നമ്മെ കിടത്തുന്നു. അവിടുന്നു നമ്മെ നടത്തുന്നു. അവിടുന്നു നമ്മെ യഥാസ്ഥാനപ്പെടുത്തുന്നു. ദൈവത്തിനുവേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് നാം പലപ്പോഴും ചിന്തിക്കും. എന്നാല്‍ ദൈവം നമുക്കു വേണ്ടി എന്താണ് ചെയ്തിരിക്കു ന്നതെന്നതിനാണ് ഇവിടെ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ആദ്യം ദൈവം ഒരു വേല നമ്മളില്‍ ചെയ്യാന്‍ അനുവദിച്ചാല്‍ മാത്രമേ നമുക്കു ദൈവവേല ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ കഴിയുകയുള്ളു. അവിടുന്നു നമ്മുടെ കൂടെയുള്ളതുകൊണ്ട് നാം ഒരു ദോഷവും ഭയപ്പെടേണ്ടതില്ല. അവിടുന്നു നമുക്കു മേശ ഒരുക്കുന്നു. അവിടുന്നു നമ്മുടെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു. അപ്പോള്‍ നമ്മുടെ പാനപാത്രം കവിഞ്ഞൊഴുകുകയും നാം നിത്യ ഭവനത്തില്‍ എത്തുവോളം നന്മയും കരുണയും നമ്മെ പിന്തുടരുകയും ചെയ്യും.

24-ാം സങ്കീര്‍ത്തനം യേശു ഈ ഭൂമിയില്‍ രാജാവായി വാഴുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്ന ഒരു പ്രവചന സങ്കീര്‍ത്തനമാണ്- ”ഭൂമി യഹോവയ്ക്കുള്ളത്.”തുടര്‍ന്നു ദൈവത്തോടൊത്ത് അവിടുത്തെ വിശുദ്ധ പര്‍വ്വതത്തില്‍ വസിക്കുന്നത് ആരാണെന്നു വിശദീകരിക്കുന്നു (1,3 വാക്യങ്ങള്‍). ദുഷ്ട ശക്തികള്‍ക്കെതിരെയുള്ള യുദ്ധം ജയിച്ചു വരുന്ന മഹത്വത്തിന്റെ രാജാവായ കര്‍ത്താവിനെ സ്വീകരിക്കുന്നതിനു ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നതാണു തുടര്‍ന്നു കാണുന്നത്.

25-ാം സങ്കീര്‍ത്തനം മാര്‍ഗ്ഗനിര്‍ദ്ദേശവും സംരക്ഷണവും സംബന്ധിച്ചുള്ള ഒരു സങ്കീര്‍ത്തനമാണ്. ദാവീദിന്റെ പ്രാര്‍ത്ഥന ഇതാണ്: ”ദൈവമേ, അങ്ങയുടെ വഴി എന്നെ അറിയിക്കണമേ, അവിടുത്തെ പാത എന്നെ പഠിപ്പിക്കണമേ” (4-ാം വാക്യം). തുടര്‍ന്നു മാര്‍ഗ്ഗോപദേശം ലഭിക്കുവാനുള്ള വാഗ്ദാനം നല്‍കിയിരിക്കുന്നത്, തങ്ങള്‍ പാപികളാണെന്ന് സ്വയം സമ്മതിക്കുന്നവര്‍ക്കും (8-ാംവാക്യം) സൗമ്യതയുള്ള വര്‍ക്കും (9-ാം വാക്യം) അവിടുത്തെ സാക്ഷ്യങ്ങളെ പാലിക്കുന്നവര്‍ക്കും (10-ാം വാക്യം) ദൈവത്തെ ഭയപ്പെടുന്നവര്‍ക്കും (12-ാം വാക്യം) ദൈവത്തില്‍ ദൃഷ്ടി വച്ചിരിക്കുന്നവര്‍ക്കും (15-ാം വാക്യം) ആണ്. തന്റെ ഭക്തന്മാര്‍ക്കു ദൈവം തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി കൊടുക്കും (14-ാം വാക്യം).

26-ാം സങ്കീര്‍ത്തനം: ഇവിടെ ദാവീദ് ദൈവത്തോടുള്ള തന്റെ ആത്മാര്‍ത്ഥത പ്രസ്താവിച്ചുകൊണ്ട് തന്റെ ശത്രുക്കളില്‍ നിന്നും ദൈവത്തിന്റെ സംരക്ഷണം ആവശ്യപ്പെടുന്നു. നമ്മുടെ മനസ്സാക്ഷി ശുദ്ധമായിരിക്കുമ്പോള്‍ നമ്മെ പ്രതിരോധിക്കുന്നതിനു ദൈവത്തോട് ധൈര്യത്തോടെ ആവശ്യപ്പെടാം.

27-ാം സങ്കീര്‍ത്തനം: ഭയം കൂടാതെ ദൈവത്തില്‍ ആശ്രയിക്കുന്നതു സംബന്ധിച്ച് ഇവിടെ ദാവീദ് പ്രസ്താവിക്കുന്നു. ”ഒരു സൈന്യം എനിക്കെതിരെ അണിനിരന്നാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല.” കാരണം ദൈവം എന്റെ ബലമാണ് (1-3 വാക്യങ്ങള്‍). ദാവീദിന് ഒരു ആഗ്രഹം മാത്രമേയുള്ളു. അത് ദൈവത്തിന്റെ മനോഹരത്വം കണ്ട് അവിടുത്തെ ആലയത്തില്‍ എല്ലാ കാലവും പാര്‍ക്കണം എന്നതാണ് (4-ാം വാക്യം). നമ്മളും ആഗ്രഹിക്കേണ്ട ഒരു കാര്യം ഇതു മാത്രമായിരിക്കണം.

28-ാം സങ്കീര്‍ത്തനം സഹായത്തിനായി ദൈവത്തോടുള്ള പ്രാര്‍ത്ഥനയും അതിനു വേഗത്തില്‍ മറുപടി ലഭിച്ചതിനുള്ള സ്തുതിയുമാണ്. ദൈവം ദാവീദിന്റെ ബലവും പരിചയും ആയിരിക്കുന്നു (7-ാം വാക്യം).

29-ാം സങ്കീര്‍ത്തനം ദൈവ ശബ്ദത്തെ സംബന്ധിച്ചുള്ളതാണ്. ഇവിടെ ഏഴ് തവണ അത് പരാമര്‍ശിച്ചിരിക്കുന്നു. ഉല്പത്തി ഒന്നാം അധ്യായം മുതല്‍ നാം ദൈവശബ്ദം കേള്‍ക്കുന്നതിന്റെ പ്രാധാന്യം കാണുന്നുണ്ട്: ”അവിടുത്തെ ആലയത്തില്‍ (സഭയില്‍) എല്ലാം ‘മഹത്വം’ എന്നു പ്രഘോഷിക്കുന്നു” (9-ാം വാക്യം).

30-ാം സങ്കീര്‍ത്തനം മരണത്തില്‍ നിന്നു രക്ഷിച്ചതിനു നന്ദി അര്‍പ്പിച്ചുകൊണ്ടുള്ള ഒന്നാണ്. ”എന്റെ വിലാപത്തെ അവിടുന്ന് എനിക്കു ആനന്ദനൃത്തമാക്കിത്തന്നു. അതുകൊണ്ട് എന്റെ ഹൃദയം മൗനമായിരിക്കാതെ അങ്ങേയ്ക്കു സ്തുതി പാടും”(11,12 വാക്യങ്ങള്‍). അവിടുന്നു നമുക്കു തരുന്ന വിടുതലിനായി ദൈവത്തെ നിറുത്താതെ സ്തുതിച്ചുകൊണ്ടിരിക്കുന്നു.

31-ാം സങ്കീര്‍ത്തനം വീണ്ടും സഹായത്തിനായുള്ള കരച്ചിലും തുടര്‍ന്നുള്ള സ്തുതിയും ആണ്. ”അങ്ങയെ ഭയപ്പെടുകയും മനുഷ്യരുടെ മുമ്പാകെ പരസ്യമായി അങ്ങയില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന ദൈവത്തിന്റെ നന്മ എത്ര വലുത്! അങ്ങ് അവരെ മനുഷ്യരുടെ ഗൂഢ തന്ത്രങ്ങളില്‍ നിന്നും വിടുവിച്ച് അവിടുത്തെ സാന്നിദ്ധ്യത്തിന്റെ മറവില്‍ മറച്ചു കൊള്ളുന്നു. അങ്ങ് അവരെ കുറ്റമാരോപിക്കുന്ന നാവുകളില്‍ നിന്നും വിടുവിച്ച് അവിടുത്തെ കൂടാരത്തില്‍ ഒളിപ്പിക്കുന്നു” (19-20 വാക്യങ്ങള്‍). കുറ്റമാരോപിക്കുന്ന നമ്മുടെ ശത്രുക്കളുടെ നാവില്‍ നിന്നും നമുക്കു ഒളിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഇടം ”അവിടുത്തെ സാന്നിദ്ധ്യം” ആണ്.

32-ാം സങ്കീര്‍ത്തനം പറയുന്നത് അതിക്രമങ്ങള്‍ ക്ഷമിച്ചും പാപങ്ങള്‍ മറച്ചും കിട്ടിയ മനുഷ്യന്റെ ഭാഗ്യാവസ്ഥയെ സംബന്ധിച്ചാണ്. തീര്‍ച്ചയായും അത് അനുഗ്രഹമാണ്. എന്നാല്‍ അത് നമ്മുടെ പാപങ്ങള്‍ കഴുകപ്പെട്ടിരിക്കുന്നുവെന്ന പുതിയ നിയമ അനുഗ്രഹത്തോളം വലിയതല്ല. പഴയ ഉടമ്പടിയില്‍ പാപം കഴുകപ്പെട്ടിരുന്നില്ല. കാളകളുടേയും ആടുകളുടേയും രക്തത്തിനു നമ്മുടെ പാപങ്ങള്‍ മറയ്ക്കുവാനേ സാധിക്കൂ. എന്നാല്‍ യേശുവിന്റെ രക്തം നമ്മുടെ പാപങ്ങള്‍ കഴുകി ശുദ്ധമാക്കും. പാപങ്ങള്‍ മറച്ചു കിട്ടുക എന്നതിനെ ഇങ്ങനെ ചിത്രീകരിക്കാം. നമ്മുടെ പാപങ്ങളെല്ലാം ഒരു ബോര്‍ഡില്‍ എഴുതിയതിനു ശേഷം അതിന്റെ മുകളില്‍ ഒരു വിരിപ്പ് ഇട്ട് മൂടി വയ്ക്കുന്നു. എന്നാല്‍ ആ വിരിപ്പ് ഉയര്‍ത്തി നോക്കിയാല്‍ പാപങ്ങള്‍ എഴുതിയിട്ടത് അവിടെ തന്നെ ഉള്ളതായി കാണാം. കഴുകുകയെന്നാല്‍ ആ എഴുതിയതെല്ലാം ഒരു നനഞ്ഞ സ്‌പോഞ്ച് ഉപയോഗിച്ച് തുടച്ചു മായ്ക്കുന്നതു പോലെയാണ്. തന്റെ രോഗങ്ങള്‍ക്കു കാരണം താന്‍ പാപങ്ങള്‍ ഏറ്റുപറയാത്തതാ ണെന്നു ദാവീദ് തിരിച്ചറിഞ്ഞു (4-ാം വാക്യം). അവന്‍ അത് ഏറ്റു പറഞ്ഞപ്പോള്‍ അവനു സൗഖ്യം ലഭിച്ചു. ഓരോരുത്തരും ദൈവത്തെ കണ്ടെത്തുന്നതിനു ഒരു സമയമുണ്ട്. ആ സമയത്ത് വേണം നാം ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ – കൃപയുടെ ഈ സമയത്ത് (6-ാം വാക്യം) നമ്മെ ഉപദേശിച്ചു നടക്കേണ്ടുന്ന വഴി പഠിപ്പിക്കുമെന്നു ദൈവം വാഗ്ദാനം ചെയ്യുന്നു (8-ാം വാക്യം).

33-ാം സങ്കീര്‍ത്തനം ദൈവജനത്തിനു സഹായം ലഭിക്കുന്നത് ദൈവത്തില്‍ നിന്നു മാത്രമാണെന്നു പ്രഖ്യാപിക്കുന്നു. ”ദൈവത്തിന്റെ കണ്ണുകള്‍ തന്നെ ഭയപ്പെടുന്നവരുടെ മേല്‍ ഇരിക്കുന്നു. അവിടുന്ന് അവരെ വിടുവിക്കുകയും ക്ഷാമകാലത്ത് അവരുടെ ജീവനെ രക്ഷിക്കുകയും ചെയ്യുന്നു”(18,19 വാക്യങ്ങള്‍).

34-ാം സങ്കീര്‍ത്തനത്തില്‍ ദൈവത്തെ നീതിമാന്റെ സഹായകനായി വിശദീകരിക്കുന്നു. അബീമേലെക്ക് രാജാവിന്റെ മുമ്പില്‍ ഒരു ഭ്രാന്തനായി അഭിനയിച്ചപ്പോള്‍ ദൈവം അവനെ മരണത്തില്‍ നിന്നു വിടുവിച്ചു. ആ അവസരത്തില്‍ ദാവീദ് എഴുതിയതാണ് ഈ സങ്കീര്‍ത്തനം. അതുകൊണ്ട് അവന്‍ പറയുന്നു: ”ഞാന്‍ ദൈവത്തെ എല്ലാ കാലത്തും വാഴ്ത്തും. ഈ എളിയവന്‍ നിലവിളിച്ചു, യഹോവ കേട്ടു. യഹോവ നല്ലവനെന്നു രുചിച്ചറിയുവിന്‍” (1,6,8 വാക്യങ്ങള്‍). ദാവീദ് ഈ കാര്യം തിരിച്ചറിഞ്ഞിരുന്നു… ”ദൈവത്തിന്റെ ദൂതന്‍ അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു ചുറ്റും പാളയമടിച്ച് അവരെ വിടുവിക്കുന്നു”(7-ാം വാക്യം). അവന്‍ ഇതും കണ്ടു: ”ദൈവത്തിന്റെ കണ്ണ് നീതിമാന്മാരുടെ മേല്‍ ഇരിക്കുന്നു. അവിടുത്തെ ചെവി അവരുടെ നിലവിളിയെ ശ്രദ്ധിക്കുന്നു.” അതുപോലെ ”ഹൃദയം തകര്‍ന്നവര്‍ക്കു ദൈവം സമീപസ്ഥന്‍” (15,18 വാക്യങ്ങള്‍). തുടര്‍ന്നു ദാവീദ് തന്റെ അനുഭവങ്ങളില്‍ നിന്നു പറഞ്ഞു തുടങ്ങുന്നു: ”നീതിമാനു പല യാതനകളും സഹിക്കേണ്ടി വരാം”(19-ാം വാക്യം). നിങ്ങളൊരു നീതിമാനായതു കൊണ്ട് ഒരു പ്രശ്‌നവും ജീവിത ത്തില്‍ ഉണ്ടാവുകയില്ല എന്നു കരുതരുത്. നിങ്ങള്‍ക്കു കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ അവയെല്ലാറ്റില്‍ നിന്നും ദൈവം നിങ്ങളെ രക്ഷിക്കും (19-ാം വാക്യം). പിന്നീട് ഇവിടെ മശിഹായെ സംബന്ധിച്ച് മറ്റൊരു പ്രവചനം കാണുന്നു: ”അവിടുന്നു അവന്റെ എല്ലാ അസ്ഥികളേയും സംരക്ഷിക്കുന്നു. അവയൊന്നുപോലും ഒടിഞ്ഞു പോകയില്ല”(20-ാം വാക്യം). ക്രൂശിന്മേല്‍ ഇത് നിവൃത്തിയായി.

35-ാം സങ്കീര്‍ത്തനം ശത്രുവിനെതിരെ പോരാടുന്നതിനായി ദൈവത്തോടുള്ള മറ്റൊരു പ്രാര്‍ത്ഥനയാണ്. ദാവീദ് നന്മ ചെയ്തിട്ടുണ്ടെങ്കിലും വിദ്വേഷമുള്ള കള്ളസാക്ഷികള്‍ അവനെതിരെ ഉയര്‍ന്നു വരുന്നു (11-21 വാക്യങ്ങള്‍). യൂദായോട് നന്മ മാത്രം ചെയ്ത യേശുവിന്റെ അനുഭവവും ഇതു തന്നെയായിരുന്നു. പല വിശുദ്ധന്മാരുടെയും അനുഭവം ഇതു തന്നെയാണ്.

36-ാം സങ്കീര്‍ത്തനം മനുഷ്യന്റെ ദുഷ്ടതയും ദൈവത്തിന്റെ നന്മയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു: ”ദൈവത്തെ ശരണം പ്രാപിക്കുന്നവര്‍ അവിടുത്തെ ഭവനത്തിലെ സമൃദ്ധിയില്‍ നിന്നും വിരുന്നുണ്ട് തൃപ്തിയടയുന്നു” (8-ാം വാക്യം). 9-ാം വാക്യം വളരെ പ്രധാനപ്പെട്ട ഒരു വാക്യമാണ്: ”അവിടുത്തെ പ്രകാശത്തില്‍ ഞങ്ങള്‍ക്കു പ്രകാശം ലഭിക്കുന്നു.” ഇതു പഠിപ്പിക്കുന്നത് നാം ഒരിക്കലും നമ്മുടെ ഉള്ളിലേയ്ക്കു നോക്കരുതെന്നാണ്. അത് നമ്മെ കുറ്റം വിധിയിലേക്കു കൊണ്ടുപോകും. നാം ദൈവിക വെളിച്ചത്തിലേയ്ക്കു വരുമ്പോള്‍ മാത്രമേ നാം നമ്മുടെ യഥാര്‍ത്ഥ അവസ്ഥ അറിയുകയുള്ളു. അപ്പോള്‍ നമുക്ക് ഒരിക്കലും കുറ്റം വിധിയുണ്ടാകുകയില്ല.

37-ാം സങ്കീര്‍ത്തനം നീതിമാന്റെ അനുഗ്രഹങ്ങളും ദുഷ്ടന്റെ നാശവും സംബന്ധിച്ചുള്ളതാണ്. നീതിമാനെ ഇവിടെ വിവരിക്കുന്നത് ‘ശരിയായത് ചെയ്യുന്ന ഒരുവന്‍’ എന്നു മാത്രമല്ല എന്നാല്‍ അവന്‍ ‘ദൈവത്തില്‍ തന്നെ ആനന്ദിക്കുന്നു’ എന്നാണ്. അങ്ങനെയുള്ളയൊരു വ്യക്തിക്കു ”ഹൃദയത്തിലെ ആഗ്രഹങ്ങള്‍” സാധിച്ചു കിട്ടും (4-ാം വാക്യം). അങ്ങനെയുള്ള ഒരുവന്റെ കാലടികള്‍ ദൈവ കല്പനയ്ക്കനുസരിച്ചാണ്. ഇങ്ങനെയാണതു പറയുന്നത്: ”ഉത്തമനായ ഒരുവന്റെ നില്പുകളെയും ദൈവം നിയന്ത്രിക്കുന്നു.” ദൈവം തന്റെ ജനത്തെ ഓരോ ചുവടുകള്‍ വച്ച് മുന്നോട്ട് നയിക്കുന്നു. ചില അവസരത്തില്‍ അവിടുന്നു നില്ക്കാന്‍ ആവശ്യപ്പെടും. അങ്ങനെയുള്ള ഒരു മനുഷ്യന്‍ വീണാലും അത് ഗൗരവമുള്ള കാര്യമല്ല. കാരണം ദൈവം അവനെ തന്റെ കൈകളില്‍ താങ്ങിയിരിക്കുന്നു (23,24 വാക്യങ്ങള്‍). ക്ഷമയോടെ ദൈവത്തിനായി കാത്തിരിക്കുന്നവരായ നാം ”ദേശത്തെ അവകാശമാക്കും”(34-ാം വാക്യം). യേശു പറഞ്ഞതുപോലെ സൗമ്യതയുള്ളവര്‍ ഭൂമിയെ അവകാശമാക്കും.

38-ാം സങ്കീര്‍ത്തനത്തില്‍ ദാവീദ് വേഗത്തില്‍ തന്നെ സഹായിക്കണമെന്നു ദൈവത്തോട് ആവശ്യപ്പെടുന്നു. കാരണം താന്‍ രോഗിയാണ്. അതോടൊപ്പം ശത്രുവിന്റെ ആക്രമണവും നേരിടുന്നു.

39-ാം സങ്കീര്‍ത്തനം ജീവിതം എത്ര ഹ്രസ്വമാണെന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്റെ കരുണയ്ക്കായുള്ള പ്രാര്‍ത്ഥനയോടെ അവസാനിക്കുന്നു. ”ദൈവമേ, എന്റെ ജീവിതത്തിന്റെ അന്ത്യം കാണിച്ചു തരണമേ, എന്റെ ജീവിതം എത്ര ക്ഷണഭംഗുരമെന്നു ഞാന്‍ കാണട്ടെ”(4-ാം വാക്യം). ദൈവം മനുഷ്യനെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് അവരെ പാപത്തില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ടിയാണെന്നു ദാവീദ് തിരിച്ചറിയുന്നു (11-ാം വാക്യം).

40-ാം സങ്കീര്‍ത്തനത്തില്‍ ദൈവം തന്റെ ദാസന്മാര്‍ക്കായി ചെയ്യുന്ന അത്ഭുതങ്ങളെ സംബന്ധിച്ച് പറഞ്ഞുകൊണ്ട് ശത്രുവില്‍ നിന്നുള്ള വിടുതല്‍ ആവശ്യപ്പെടുന്നു. ഇതും മശിഹായുടെ മറ്റൊരു സങ്കീര്‍ത്തനമാണ്. 6 മുതല്‍ 8 വരെയുള്ള വാക്യങ്ങള്‍ എബ്രായര്‍ 10:5-7 വാക്യങ്ങളില്‍ ഉദ്ധരിച്ചിരിക്കുന്നു. എന്നാല്‍ ഒരു വലിയ വ്യത്യാസം ശ്രദ്ധിക്കുക. ദാവീദിന് ഇങ്ങനെ പറയാനേ സാധിക്കുന്നുള്ളു: ”എന്റെ ദൈവമേ അവിടുത്തെ ഇഷ്ടം ചെയ്യുവാന്‍ ഞാന്‍ പ്രിയപ്പെടുന്നു.” എന്നാല്‍ യേശു ഇവിടെനിന്നും മുന്നോട്ടുപോയി ഇങ്ങനെയാണ് പറഞ്ഞത്: ”ദൈവമേ അവിടുത്തെ ഇഷ്ടം ചെയ്യുവാന്‍ ഞാന്‍ വരുന്നു.” പഴയ ഉടമ്പടിക്കു കീഴിലുള്ളവര്‍ നേടിയതും പുതിയ ഉടമ്പടിക്കു കീഴില്‍ നമ്മള്‍ നേടിയതും തമ്മിലുള്ള വ്യത്യാസം ഇതാണ്. ആ വിശുദ്ധന്മാര്‍ക്കു ദൈവയിഷ്ടം പ്രിയപ്പെടുവാന്‍ മാത്രമേ സാധിച്ചുള്ളു. എന്നാല്‍ നമുക്ക് അതു വാസ്തവത്തില്‍ ചെയ്യുവാന്‍ കഴിയുന്നു.

41-ാം സങ്കീര്‍ത്തനത്തില്‍ സൗഖ്യത്തിനു വേണ്ടിയും ശത്രുവിന്റെ മേലുള്ള വിജയത്തിനു വേണ്ടിയും ചോദിക്കുന്നു. ദരിദ്രരോടു കരുതലുള്ളവരെ ദൈവം അനുഗ്രഹിക്കുന്നു. അത് സാമ്പത്തികമായി ദരിദ്രരായവരേയും (പണം ആവശ്യ മുള്ളര്‍) ആത്മീയമായി ദരിദ്രരായവരേയും (സുവിശേഷം ആവശ്യമുള്ളവര്‍) ഉള്‍ക്കൊ ള്ളുന്നു. അങ്ങനെയുള്ള ഒരു മനുഷ്യനെ അവന്റെ അനര്‍ത്ഥകാലത്ത് വിടുവിക്കുമെന്നും, അവന്റെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുമെന്നും, അവന്‍ രോഗിയായിരിക്കുമ്പോള്‍ സൗഖ്യം നല്‍കുമെന്നും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. ഇതിന്റെ രണ്ടാം ഭാഗത്ത് സങ്കീര്‍ത്തനക്കാരന്‍ തന്നോടൊപ്പം ഭക്ഷണം കഴിച്ചിട്ടു ചതിക്കുന്ന തന്റെ അടുത്ത സുഹൃത്തടക്കമുള്ള ശത്രുക്കളില്‍ നിന്നും രക്ഷിക്കുന്നതിനു ദൈവത്തോടു സഹായം ചോദിക്കുന്നു. യൂദാസ് ഇസ്‌കരിയോത്താവിനെ പരാമര്‍ശിച്ചുകൊണ്ട് ഈ വാക്യം യോഹന്നാന്‍ 13:8-ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ദൈവം തന്നെ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവ് തന്റെ ശത്രുക്കളുടെ പരാജയമാണെന്ന് 11-ാം വാക്യത്തില്‍ ദാവീദ് പറയുന്നു. ഇത് നമ്മുടെ കാര്യത്തില്‍ നമ്മുടെ ജഡത്തിന്റെ മോഹങ്ങളിന്‍ മേലുള്ള ജയമാണെന്നു പറയാം.

രണ്ടാമത്തെ പുസ്തകം – അടിച്ചമര്‍ത്തപ്പെട്ട ജനത്തിന്റെ വിടുതല്‍

ഈ പുസ്തകത്തിലെ ആദ്യ എട്ട് സങ്കീര്‍ത്തനങ്ങള്‍ (സങ്കീര്‍ത്തനങ്ങള്‍ 42 മുതല്‍ 49 വരെ) കോരഹ് പുത്രന്മാര്‍ എഴുതിയതാണ്. മരുഭൂമിയില്‍ മോശെയ്‌ക്കെതിരെ മത്സരിച്ച കോരഹിന്റെ പക്ഷത്തു നിന്നും മാറി മരണത്തില്‍ നിന്നും രക്ഷപ്പെട്ടു വന്നവരാണവര്‍ (സംഖ്യ 26:9-11). കോരഹിന്റെ പുത്രന്മാരുടെ ആദ്യ തലമുറയില്‍പെട്ടവരാണോ അതോ പിന്നീടുള്ളവരാണോ ഇവയെഴുതിയത് എന്നതല്ല പ്രസക്ത മായ കാര്യം. കോരഹ് പുത്രന്മാര്‍ അന്നു മത്സരിയായ തങ്ങളുടെ പിതാവിനെതിരെ നിന്നില്ലായിരുന്നുവെങ്കില്‍ ഈ സങ്കീര്‍ത്തനങ്ങളൊന്നും എഴുതപ്പെടുമായിരുന്നില്ല എന്നതാണു പ്രധാനപ്പെട്ട കാര്യം. കോരഹ് പുത്രന്മാര്‍ ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ട മോശെയന്ന നേതാവിനോടു കൂടെ നിന്നു. ദൈവികമായി നിയോഗിക്ക പ്പെട്ട അധികാരങ്ങളോടു ചേര്‍ന്നു നില്‍ക്കാത്തതിനാല്‍ പലരും തങ്ങള്‍ക്കായി ദൈവം ഒരുക്കിയ മഹത്തായ പല പദ്ധതികളും നഷ്ടപ്പെടുത്തുന്നു.

42-ാം സങ്കീര്‍ത്തനം ദൈവത്തിനായി ദാഹിക്കുന്ന ഒരു ആത്മാവിനെ സംബന്ധിച്ചാണ്: ”മാന്‍ നീര്‍ത്തോടിനായി കാംക്ഷിക്കുന്നതുപോലെ” (1-ാം വാക്യം). അത്തരത്തിലുള്ള ഒരു ആഗ്രഹം ദൈവത്തിനായി നിങ്ങള്‍ക്കുണ്ടെങ്കില്‍ ദൈവം നിങ്ങള്‍ക്കു വളരെ വേഗം ഉത്തരം നല്‍കുമെന്ന് ഉറപ്പാണ്. ”ആഴി ആഴിയെ വിളിക്കുന്നു”(7-ാം വാക്യം). അത് സൂചിപ്പിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങ ളില്‍ നിന്നും ദൈവത്തിന്റെ ഹൃദയത്തിലെ ആഴത്തിലുള്ള എന്തോ ഒന്നിലേയ്ക്കു ചെല്ലുന്നു എന്നാണ്. നാം അങ്ങനെയാണെങ്കില്‍ നമുക്കു ചുറ്റുമുള്ള ആളുകള്‍ ”നിന്റെ ദൈവം എവിടെ?” (10-ാം വാക്യം) എന്നു ചോദിച്ചാല്‍ പോലും നമുക്കു ദൈവത്തില്‍ ആശ്രയിച്ച് അവിടുത്തെ സ്തുതിച്ചുകൊണ്ട് എല്ലാ നിരാശയേയും ജയിക്കാന്‍ സാധിക്കും (11-ാം വാക്യം).

43-ാം സങ്കീര്‍ത്തനം മാര്‍ഗ്ഗനിര്‍ദ്ദേശവും വിടുതലും ലഭിക്കുന്നതിനുള്ള ഒരു പ്രാര്‍ത്ഥനയാണ്: ”അവിടുത്തെ പ്രകാശവും സത്യവും അയച്ചു തരണമേ, അവ എന്നെ അവിടുത്തെ വിശുദ്ധ പര്‍വ്വതത്തിലേയ്ക്കു നയിക്കട്ടെ” (3-ാം വാക്യം). സങ്കീര്‍ത്തനക്കാരന്‍ ചോദിക്കുന്നത് വെളിച്ചമാണ് (വെളിപ്പാട്). അല്ലാതെ സത്യത്തെക്കുറിച്ചുള്ള വെറും അറിവല്ല. ദൈവിക സത്യത്തിന്മേല്‍ അവിടുത്തെ വെളിച്ചം വീഴുമ്പോള്‍ മാത്രമേ അവിടുത്തെ അടുക്കലേയ്ക്കുള്ള വഴി വ്യക്തമാവുകയുള്ളു.

44-ാം സങ്കീര്‍ത്തനം മുമ്പെന്നപോലെ ദൈവം പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. 22-ാം വാക്യം ”അങ്ങേയ്ക്കു വേണ്ടി ഞങ്ങള്‍ നിരന്തരം കൊല്ലപ്പെടുന്നു. അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങള്‍ എണ്ണപ്പെടുന്നു.” നാം ഇന്നു നടക്കേണ്ട ക്രൂശിന്റെ വഴിയെ സംബന്ധിച്ച ഒരു പ്രവചനമാണിത്. ഇത് പൗലൊസ് റോമര്‍ 8:36,37-ല്‍ ഉദ്ധരിച്ചിരിക്കുന്നു.

45-ാം സങ്കീര്‍ത്തനം മശിഹായെ സംബന്ധിച്ച മറ്റൊരു സങ്കീര്‍ത്തനമാണ്. ഇതില്‍ കുഞ്ഞാടിന്റെ കല്യാണവും മണവാളനേയും മണവാട്ടിയേയും സംബന്ധിച്ചും വിശദീകരിച്ചിരിക്കുന്നു. മണവാട്ടി അന്തഃപുരത്തില്‍ മഹത്വപൂര്‍ണ്ണയായിരിക്കുന്നു എന്നാണ് വര്‍ണ്ണിക്കുന്നത് (13-ാം വാക്യം). ഉള്ളില്‍, അവിടെ ആയിരിക്കണം നാം മഹത്വ പൂര്‍ണ്ണരാകേണ്ടത്. 10-ാം വാക്യത്തില്‍ വിവാഹശേഷം എന്താണ് ചെയ്യേണ്ടതെന്നതിനെ സംബന്ധിച്ച് എല്ലാ മണവാട്ടികള്‍ക്കും ഉള്ള ഒരു വചനമുണ്ട്: ”നിന്റെ സ്വന്തജനത്തേയും പിതൃഭവനത്തേയും മറക്കുക” – ഭര്‍ത്താവിനോട് പറ്റിച്ചേരുക. ഉല്പത്തി 2:24-ല്‍ ഭര്‍ത്താക്കന്മാരോട് പറയുന്നതിനു പകരമുള്ളതാണിത്. ”അപ്പോള്‍ രാജാവ് (മണവാളന്‍) നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും. അദ്ദേഹം നിന്റെ നാഥനല്ലോ. അദ്ദേഹത്തെ നമസ്‌ക്കരിക്കുവിന്‍” (11-ാം വാക്യം).

46-ാം സങ്കീര്‍ത്തനത്തില്‍ ദൈവം തന്റെ ജനത്തിന്റെ സങ്കേതമാണെന്നു വിശദീകരിക്കുന്നു: മത്സരികളായ കോരഹിന്റേയും കൂട്ടാളികളുടേയും അനുഭവം ഓര്‍ത്തുകൊണ്ട് ഇതു വായിക്കുന്നത് നല്ലതാണ്. കോരഹ് പുത്രന്മാര്‍ ഇപ്പോള്‍ പാടുന്നത് ഭൂമി പിളര്‍ന്നു അവരുടെ മാതാപിതാക്കളെ വിഴുങ്ങിയാലും പര്‍വ്വതങ്ങള്‍ ആഴങ്ങളിലേക്കു പോയാലും തങ്ങള്‍ ഭയപ്പെടുകയില്ല എന്നാണ്. ദൈവം സിംഹാസനത്തിലിരുന്നു സകലത്തേയും വാഴുന്നുവെന്ന് അറിയുന്നതിനാല്‍ അവര്‍ സ്വസ്ഥരായിരുന്നു (10-ാം വാക്യം).

47-ാം സങ്കീര്‍ത്തനം ദൈവത്തിന്റെ പരമാധികാരത്തെ സ്തുതിച്ചുകൊണ്ടുള്ള ഒരു പാട്ടാണ്. 4-ാം വാക്യം മഹത്തായ ഒരു വാക്യമാണ്: ”നമുക്കുവേണ്ടി നമ്മുടെ അവകാശത്തെ അവിടുന്നു തിരഞ്ഞെടുത്തു.” അതാണ് ഒരു യഥാര്‍ത്ഥ ശിഷ്യന്‍ പറയുന്നത്. ദൈവം എനിക്കുവേണ്ടി ഭാര്യയെ തിരഞ്ഞെടുക്കും. എനിക്കു വേണ്ടിയുള്ള ശുശ്രൂഷ അവിടുന്നു തിരഞ്ഞെടുക്കും. ഞാന്‍ ഏതുതരം വീട്ടില്‍ താമസിക്കണമെന്നതടക്കം എല്ലാ കാര്യങ്ങളും അവിടുന്നു തന്നെ തിരഞ്ഞെടുക്കും. ഞാന്‍ സ്വയം ഒന്നും തിരഞ്ഞെടുക്കുകയില്ല.

48-ാം സങ്കീര്‍ത്തനം സീയോന്റെ മഹത്വത്തെക്കുറിച്ച് പറയുന്നു. അത് സഭയുടെ ഒരു ചിത്രമാണ്. ഒരു യഥാര്‍ത്ഥ ക്രിസ്തു ശിഷ്യന്‍ ദൈവത്തെ മാത്രമല്ല വിലമതിക്കുന്നത്. അതോടൊപ്പം ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയേയും ദൈവജനത്തേയും വിലമതിക്കും. ഒന്നാം വാക്യത്തില്‍ നാം കാണുന്നത് ”ദൈവം ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു. സീയോന്‍ പര്‍വ്വതം ഔന്നത്യം കൊണ്ട് മനോഹരവും സര്‍വ്വ ഭൂമിയുടേയും ആനന്ദവുമാകുന്നു.” സഭയാണ് ഭൂമിയിലെ ഏറ്റവും മനോഹരമായ കാര്യം. ”ഈ ദൈവം എന്നന്നേയ്ക്കും നമ്മുടെ ദൈവമാകുന്നു. അവിടുന്നു നമ്മെ ജീവപര്യന്തം വഴി നടത്തും”(14-ാം വാക്യം).

49-ാം സങ്കീര്‍ത്തനം വിശദീകരിക്കുന്നത് ഭൂമിയിലെ സമ്പത്തില്‍ ആശ്രയിക്കുന്നതിലെ വിഡ്ഢിത്തത്തെയാണ്. ”അനേകര്‍ തങ്ങളുടെ ധനത്തിലാശ്രയിക്കുന്നു. എന്നാല്‍ അവര്‍ക്കു തങ്ങളുടെ സഹോദരന്റെ ജീവനെ വീണ്ടെടുക്കാനോ അവനു വേണ്ടി ദൈവത്തിനു മറുവില കൊടുക്കാനോ കഴികയില്ല. എന്നാല്‍ ദൈവം തന്നെ എന്റെ ജീവനെ വീണ്ടെടുക്കും”(6,8,15 വാക്യങ്ങള്‍).

50-ാം സങ്കീര്‍ത്തനം എഴുതിയിരിക്കുന്നത് ആസാഫാണ്. ദൈവജനത്തിന്റെ ആരാധനയ്ക്കു നേതൃത്വം നല്‍കുന്നതിനു ദാവീദ് നിയോഗിച്ച മുഖ്യ ഗായകരില്‍ ഒരാളാണ് ആസാഫ്. ദൈവം സകല മനുഷ്യരുടേയും – നീതിമാന്മാരുടെയും പാപികളുടേയും- ന്യായാധിപനാണെന്നും ഇവിടെ വിശദീകരിക്കുന്നു. ദൈവം തന്റെ അടുക്കലേയ്ക്കു വിളിക്കുന്നു: ”യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്ത വിശുദ്ധന്മാരെ എന്റെ അടുക്കല്‍ കൂട്ടുവിന്‍” – കാല്‍വറിയിലെ യാഗം (5-ാം വാക്യം). ദൈവം പറയുന്നു: ”എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോട് പറയുകയില്ല. ഭൂമിയും അതിലുള്ള സകലവും എന്റേതാകുന്നു”(12-ാം വാക്യം). ഒരു യഥാര്‍ത്ഥ ദൈവദാസനും അങ്ങനെ തന്നെ പറയും. അവന്റെ ഭൗതിക ആവശ്യങ്ങള്‍ സര്‍വ്വഭൂമിയുടെയും ഉടമസ്ഥനായ ദൈവത്തെ അല്ലാതെ ആരേയും അവന്‍ അറിയിക്കുകയില്ല. ഈ കാര്യത്തില്‍ പൗലൊസ് നല്ലൊരു മാതൃകയാണ്. 15-ാം വാക്യത്തില്‍ ദൈവം മഹത്തായൊരു വാഗ്ദാനം നമുക്ക് നല്‍കുന്നു: ”കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ വിടുവിക്കും.” 19,20 വാക്യങ്ങളില്‍ സഹോദരനെതിരെ ദൂഷണം പറയുന്ന തിനെക്കുറിച്ചു ദൈവം മുന്നറിയിപ്പ് നല്‍കുന്നു. പരദൂഷണക്കാരോട് ദൈവം ക്ഷമ യോടെ ഇരിക്കുന്നതിനാല്‍ അവര്‍ തങ്ങളുടെ പാപത്തെ നിസ്സാരമായി കരുതുന്നു. എന്നാല്‍ ദൈവം പറയുന്നു: ”ഞാന്‍ മിണ്ടാതിരുന്നു. അതുകൊണ്ട് ഞാനും നിന്നെ പ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു”(21-ാംവാക്യം). അങ്ങനെയുള്ളവരെ കീറിക്ക ളയുമെന്നു ദൈവം മുന്നറിയിപ്പ് നല്‍കുന്നു (22-ാം വാക്യം). ഒടുവില്‍ പരദൂഷണത്തിനായി തങ്ങളുടെ നാവ് ഉപയോഗിക്കാതെ അത് ദൈവത്തെ സ്തുതിക്കുന്നതിനായി ഉപയോഗിക്കുന്നവര്‍ക്കു മഹത്തായൊരു വാഗ്ദാനം 23-ാം വാക്യത്തില്‍ ദൈവം നല്‍കിയിരിക്കുന്നു. ”സ്‌തോത്രയാഗങ്ങള്‍ അര്‍പ്പിച്ച് എന്നെ മഹത്വപ്പെടുത്തുന്നവനു ഞാന്‍ ദൈവത്തിന്റെ രക്ഷയെ കാണിച്ചുകൊടുക്കുന്നു.” നാം ദൈവത്തെ സ്തുതിക്കുമ്പോള്‍ അവിടുത്തെ പരമാധികാരത്തിലുള്ള നമ്മുടെ വിശ്വാസത്തെ പ്രസ്താവിക്കുകയാണ്. ഇങ്ങനെ വിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ അവിടുന്നു തന്റെ വിടുതല്‍ നമ്മെ അറിയിക്കുവാന്‍ ഇടയാകും. യെഹോശാഫത്ത് രാജാവില്‍ നാം ഇതിന് ഒരു ഉദാഹരണം കാണുന്നുണ്ട് (2 ദിനവൃത്താന്തം 20).

51-ാം സങ്കീര്‍ത്തനം ദൈവ കരുണയ്ക്കായി അപേക്ഷിച്ചുകൊണ്ടുള്ള ഒരു പാപിയുടെ പ്രാര്‍ത്ഥനയാണ്. താന്‍ ചെയ്ത വ്യഭിചാരവും കൊലപാതകവും സംബന്ധിച്ച് തനിക്കു പാപബോധമുണ്ടായ സന്ദര്‍ഭത്തില്‍ ദാവീദ് എഴുതിയതാണ് ഈ സങ്കീര്‍ത്തനം. താന്‍ പാപം ചെയ്ത ഉടനെ എഴുതിയതല്ല. ഒമ്പതു മാസങ്ങള്‍ക്കു ശേഷം ബേത്‌ശേബ അവന്റെ കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്ന സമയത്ത് നാഥാന്‍ പ്രവാചകന്‍ വന്ന് അവനോട് സംസാരിച്ചതിനു ശേഷമാണ് ഇത് എഴുതിയത്. ഇത്ര ഗുരുതരമായ പാപത്തെ സംബന്ധിച്ച ബോധം വരുവാന്‍ ദാവീദിന് ഒമ്പതു മാസമെടുത്തുവെന്നത് വളരെ ആശ്ചര്യകരമായി തോന്നുന്നു. എന്നാല്‍ പശ്ചാത്തപിച്ചപ്പോള്‍ ദൈവം എന്തുകൊണ്ടാണ് ദാവീദിനെ വളരെ വേഗം യഥാസ്ഥാനപ്പെടു ത്തിയതെന്നു നമുക്കു കാണിച്ചു തരുന്ന മനോഹരമായൊരു സങ്കീര്‍ത്തനമാണിത്. ഒന്നാമതായി ശ്രദ്ധിക്കേണ്ടത് അവന്‍ ആദമിനെ പോലെ തന്റെ പാപത്തിനു ഒഴിവു കഴിവു കണ്ടെത്തിയില്ല (3,4 വാക്യങ്ങള്‍). ദൈവം തന്റെ പാപങ്ങളെ കഴുകിയാല്‍ താന്‍ ഹിമത്തെക്കാള്‍ വെണ്മയുള്ളവനാകും എന്ന തന്റെ വിശ്വാസം അവന്‍ പ്രഘോഷിക്കുന്നു (7-ാം വാക്യം). അത്തരം പാപങ്ങള്‍ ഇനി ചെയ്യാന്‍ സാധിക്കാത്ത വിധമുള്ള ഒരു ഹൃദയം തനിക്കു നല്‍കുവാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു: ”നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കേണമേ” (10-ാം വാക്യം). പരിശുദ്ധാത്മാവിനെ തന്നില്‍ നിന്ന് എടുക്കയുമരുതേയെന്നും അവന്‍ ദൈവത്തോട് അപേക്ഷിക്കുന്നു (11-ാം വാക്യം). ദാവീദ് അഭിഷേകത്തിന്റെ വില അറിഞ്ഞിരുന്നുവെന്നു മാത്രമല്ല പാപം മൂലം തന്റെ അഭിഷേകം നഷ്ടപ്പെടുമെന്നും അറിഞ്ഞിരുന്നു. അതാണ് അവന്‍ ഏറ്റവും ഭയന്നത്. തകര്‍ന്നും നുറുങ്ങിയും ഉള്ള ഹൃദയത്തെയാണ് ദൈവം ഏറ്റവും വിലമതിക്കുന്നത് (17-ാം വാക്യം). ദൈവം ഇച്ഛിക്കുന്നത് അന്തര്‍ഭാഗത്തെ സത്യമാണെന്നും ദാവീദ് തിരിച്ചറിഞ്ഞു (6-ാം വാക്യം). എന്നാല്‍ ന്യായപ്രമാണത്തിനു കീഴില്‍ അത് സാദ്ധ്യമല്ല. എന്നാല്‍ ന്യായപ്രമാണത്തിനു കഴിയാത്തതു സാദ്ധ്യമാക്കുവാന്‍ ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളില്‍ വസിക്കുവാന്‍ തക്കവണ്ണം അയച്ചു (റോമ. 8:3,4; യോഹ. 7:37-39).

52-ാം സങ്കീര്‍ത്തനം നീതിമാന്റെ അന്ത്യവും ദുഷ്ടന്റെ അന്ത്യവും തമ്മിലുള്ള വ്യത്യാസം രേഖപ്പെടുത്തിയിരിക്കുന്നു.

53-ാം സങ്കീര്‍ത്തനം മനുഷ്യന്റെ ദുഷ്ടതയെ സംബന്ധിച്ചുള്ളതാണ്. അത് ഏതാണ്ട് പൂര്‍ണ്ണമായി 14-ാം സങ്കീര്‍ത്തനത്തിന്റെ ആവര്‍ത്തനമാണ്.

54-ാം സങ്കീര്‍ത്തനം സഹായത്തിനും വിടുതലിനും നിര്‍ദ്ദോഷീകരണത്തിനും വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയാണ്.

55-ാം സങ്കീര്‍ത്തനം വീണ്ടും ശത്രുവില്‍ നിന്നുള്ള സംരക്ഷണത്തിനു വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയാണ്. ഈ ശത്രു ഒരിക്കല്‍ തന്റെ അടുത്ത സ്‌നേഹിതനായിരുന്നു- യൂദാസിനെപ്പോലെ (12-14 വരെയുള്ള വാക്യങ്ങള്‍). 17-ാം വാക്യത്തില്‍ ദാവീദ് എത്ര തവണ പ്രാര്‍ത്ഥിച്ചിരുന്നു എന്നു കാണുന്നു: ”വൈകിട്ടും രാവിലേയും ഉച്ചയ്ക്കും ദൈവം എന്റെ ശബ്ദം കേള്‍ക്കുന്നു.” യെഹൂദന്മാരുടെ ഒരു ദിവസം സൂര്യാസ്തമനത്തില്‍ തുടങ്ങി അടുത്ത ദിവസം സൂര്യാസ്തമനത്തില്‍ അവസാനിക്കുന്നതാണ്. അതിനാല്‍ ”വൈകിട്ടും രാവിലെയും ഉച്ചയ്ക്കും” എന്നത് സൂചിപ്പിക്കുന്നത് ഒരു ദിവസത്തിന്റെ തുടക്കവും അതിന്റെ മദ്ധ്യാഹ്നവും അതിന്റെ അവസാനവും ആണ്. ദാവീദ് ഒരു പ്രാര്‍ത്ഥനാ മനുഷ്യനായിരുന്നു. പഴയ നിയമത്തിലെ അതി മനോഹരമായ ഒരു വാഗ്ദാനമാണ് 22-ാം വാക്യം: ”നിന്റെ ഭാരം യഹോവയുടെ മേല്‍ ഇട്ടുകൊള്ളുക. അവിടുന്നു നിന്നെ പുലര്‍ത്തും. നീതിമാന്‍ വീണു പോകുവാന്‍ അവിടുന്നു ഒരുനാളും ഇടവരുത്തുകയില്ല.”

56-ാം സങ്കീര്‍ത്തനം നമ്മെ ദ്രോഹിക്കുവാന്‍ ശ്രമിക്കുന്ന മനുഷ്യരോടുള്ള ഭയത്തില്‍ നിന്നും രക്ഷിക്കുന്ന ദൈവത്തിലുള്ള ആശ്രയത്വത്തെ കുറിച്ചാണ് (3,11 വാക്യങ്ങള്‍). 11-ാം വാക്യം ”ദൈവത്തില്‍ ഞാന്‍ ആശ്രയിക്കുന്നു. ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും.” ഇത് അങ്ങനെ തന്നെ സങ്കീര്‍ത്തനം 118:6-ലും എബ്രായര്‍ 13:6-ലും രേഖപ്പെടുത്തിയിരിക്കുന്നു.

57-ാം സങ്കീര്‍ത്തനം ശത്രുവില്‍ നിന്നും രക്ഷിക്കുന്നതിനുള്ള സഹായത്തിനായി ദൈവത്തോട് ആത്മവിശ്വാസത്തോടെയുള്ള മറ്റൊരു പ്രാര്‍ത്ഥനയാണ്. സങ്കീര്‍ത്തനക്കാരന്‍ പറയുന്നത്, താന്‍ വസിക്കുന്നത് ”ദൈവത്തിന്റെ ചിറകില്‍ നിഴലില്‍” ആയതിനാല്‍ ദൈവം അവനെ സകല ആപത്തുകളില്‍ നിന്നും സംരക്ഷിക്കുമെന്നാണ് (1-ാം വാക്യം). ”ദൈവമേ അങ്ങ് ആകാശത്തിനു മീതെ ഉന്നതനായിരിക്കണമേ” ഇത് 5-ാം വാക്യത്തിലും 11-ാം വാക്യത്തിലും ആവര്‍ത്തിച്ചിരിക്കുന്നു.

58-ാം സങ്കീര്‍ത്തനം പറയുന്നത് ദുഷ്ടന്മാര്‍ക്കുള്ള ശിക്ഷയെക്കുറിച്ചാണ്. മനുഷ്യന്‍ തന്റെ ജനനം മുതല്‍ വ്യാജം പറഞ്ഞു തുടങ്ങുന്നു എന്നു 3-ാം വാക്യം പറയുന്നു. അതാണ് നാം എല്ലാം ചെയ്യുന്ന ആദ്യപാപം. ഒരു ശിശു അത് സംസാരിച്ചു തുടങ്ങുന്നതിനു മുന്‍പേ വ്യാജം കാണിക്കുവാന്‍ തുടങ്ങുന്നു. ഉദാഹരണത്തിന്, തന്നെ ആരെങ്കിലുമൊന്ന് എടുക്കണമെന്നു ആഗ്രഹിക്കുന്ന കൊച്ചുകുട്ടി താന്‍ വേദന അനുഭവിക്കുന്നു എന്നു തോന്നുന്ന വിധം കരഞ്ഞ് ശ്രദ്ധ നേടുന്നു. നാം ഈ ലോകം വിടും മുന്‍പ് ആത്മാര്‍ത്ഥമായി ശ്രമിച്ച് വ്യാജം പറയുകയെന്ന സ്വാഭാവത്തില്‍ നിന്നു രക്ഷ നേടണം.

59-ാം സങ്കീര്‍ത്തനം ശത്രുവിനെതിരെയുള്ള സഹായത്തിനായി ആത്മവിശ്വാസ ത്തോടെയുള്ള ഒരു പ്രാര്‍ത്ഥനയാണ്.

60-ാം സങ്കീര്‍ത്തനത്തില്‍ ദൈവം തന്റെ ജനത്തെ പിന്തുണയ്ക്കുന്നില്ല എന്നു പരിതപിക്കുകയും ശത്രുക്കളുടെ മേല്‍ ജയം നേടുന്നതിനു സഹായിക്കണമെന്ന് അവിടുത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ”അങ്ങയെ ഭയപ്പെടുന്നവര്‍ക്കു സത്യം നിമിത്തം ഉയര്‍ത്തുവാന്‍ അങ്ങ് ഒരു കൊടി കൊടുത്തിരിക്കുന്നു” (4-ാം വാക്യം). യേശുവെന്ന നാമം നമുക്കു കൊടിയായി ദൈവം നല്‍കിയിരിക്കുന്നു. നാം എവിടെ ആയിരുന്നാലും അത് പ്രദര്‍ശിപ്പിക്കുന്നതിനു ലജ്ജിക്കരുത്.

61-ാം സങ്കീര്‍ത്തനം ദൈവം തന്നെ സംരക്ഷിച്ചു തനിക്കു ദീര്‍ഘായുസ്സ് നല്‍കുമെന്നുള്ള ദാവീദിന്റെ ഒരു ഏറ്റു പറച്ചിലാണ്. അവന്റെ പ്രാര്‍ത്ഥന ഇങ്ങനെയാണ്: ”എനിക്ക് അപ്രാപ്യമായ അത്യുന്നത പാറയിലേക്ക് എന്നെ നയിക്കേണമേ”(2-ാം വാക്യം). ആ പാറ ക്രിസ്തുവാണ്.

62-ാം സങ്കീര്‍ത്തനത്തിലും അഭയത്തിനായി ദൈവത്തില്‍ ആശ്രയിക്കാം എന്നത് ആത്മ വിശ്വാസത്തോടെ സ്പഷ്ടമാക്കുന്നു: ”എന്റെ ആത്മാവേ, ദൈവത്തെ നോക്കി മൗനമായിരിക്കുക. എന്റെ പ്രത്യാശ അവിടുത്തെ പക്കല്‍ നിന്നും വരുന്നു” (5-ാം വാക്യം). പലരും നിരാശപ്പെടുന്നത് അവരുടെ ആശ്രയം മനുഷ്യരില്‍ ആയതിനാലാണ്. ദൈവത്തില്‍ ആശ്രയം വച്ചിരിക്കുന്നവര്‍ ഒരു നാളും നിരാശപ്പെടുകയില്ല.

63-ാം സങ്കീര്‍ത്തനം മരുഭൂമിയില്‍ ആയിരുന്നപ്പോഴും താന്‍ ദൈവത്തില്‍ പൂര്‍ണ്ണമായി തൃപ്തനായിരുന്നു എന്നു ദാവീദ് വ്യക്തമാക്കുന്ന ഒന്നാണ്. അവന്‍ പറയുന്നു: ”അങ്ങയുടെ ആര്‍ദ്ര കരുണ ജീവനെക്കാള്‍ നല്ലതാകുന്നു” (3-ാം വാക്യം).

64-ാം സങ്കീര്‍ത്തനം ദൈവം തന്റെ ശത്രുക്കളെ നശിപ്പിക്കും എന്നുള്ള ദാവീദിന്റെ ആത്മവിശ്വാസം വീണ്ടും സ്പഷ്ടമാക്കുന്ന ഒന്നാണ്.

65-ാം സങ്കീര്‍ത്തനത്തില്‍ ദൈവത്തിന്റെ നന്മകളെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു. കെ.ജെ.വി. പരിഭാഷയില്‍ 1-ാം വാക്യം ഇങ്ങനെയാണ്: ”ദൈവമേ, സീയോനില്‍ (സഭയില്‍) അങ്ങേയ്ക്കായി സ്തുതി കാത്തു നില്‍ക്കുന്നു.” നമ്മുടെ സഭകളെല്ലാം സ്തുതിയും സ്‌തോത്രവും ദൈവത്തെ കാത്തു നില്‍ക്കുന്ന ഇടങ്ങളായിരിക്കണം. ദൈവം സഭാ മദ്ധ്യത്തിലേയ്ക്കു കടന്നു വരുമ്പോള്‍, നമ്മുടെ സ്തുതികള്‍ ദൈവത്തിനായി കാത്തു നില്‍ക്കുന്നത് അവിടുന്നു കാണണം. അങ്ങനെയുള്ളവരെ ദൈവം തന്റെ അടുക്കലേയ്ക്കു അടുപ്പിക്കുന്നു. 4-ാം വാക്യം പറയുന്നു: ”അങ്ങയുടെ പ്രാകാരങ്ങളില്‍ വസിക്കേണ്ടതിനു അങ്ങ് തെരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.” ഈ സങ്കീര്‍ത്തനം തുടര്‍ന്നു ദൈവം ഈ ഭൂമിയില്‍ ചെയ്ത നന്മകളെ കുറിച്ച് പറയുന്നു.

66-ാം സങ്കീര്‍ത്തനത്തില്‍ സങ്കീര്‍ത്തനക്കാരനെ ദൈവം അനുഗ്രഹിക്കപ്പെട്ട ഒരിടത്ത് എത്തിച്ചിരിക്കുന്നത് ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു. എന്നാല്‍ ഇതു വളരെ ശോധനകളിലൂടെയാണ്. 10 മുതല്‍ 12 വരെയുള്ള വാക്യങ്ങളില്‍ സങ്കീര്‍ത്തനക്കാരനെ ദൈവം ആത്മിക സമൃദ്ധിയുടെ സ്ഥലത്ത് എത്തിക്കുന്നതിനു മുന്‍പ് രോഗങ്ങളിലൂടെയും അഗ്നിയിലൂടെയും വെള്ളത്തിലൂടെയും മാനുഷിക പീഡനങ്ങളിലൂടെയും കടത്തി വിട്ടു എന്നു നാം വായിക്കുന്നു. ”സമൃദ്ധിയുടെ സ്ഥലം” എന്നു ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ വാക്ക് വേദ പുസ്തകത്തില്‍ മറ്റൊരിടത്ത് ഉപയോഗിച്ചിരിക്കുന്നത് സങ്കീര്‍ത്തനം 23:6-ല്‍ ആണ്. അവിടെ ”കവിഞ്ഞൊഴുകുന്ന” എന്നാണ് പരിഭാഷ. അതിനാല്‍ അനുഗ്രഹങ്ങള്‍ നിറഞ്ഞു കവിയുന്ന ജീവിതത്തിലേയ്ക്കുള്ള വഴി ശോധനകളുടേയും കഷ്ടതകളുടേതുമാണ്. 18-ാം വാക്യം മറ്റൊരു പ്രധാന വാക്യമാണ്: ”ഞാന്‍ എന്റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നുവെങ്കില്‍ കര്‍ത്താവു കേള്‍ക്കയില്ലായിരുന്നു.” പ്രാര്‍ത്ഥനയെന്നുള്ളത് ദൈവത്തോടുള്ള ഒരു ഫോണ്‍ സംഭാഷണം പോലെയാണ്. എന്നാല്‍ നമ്മുടെ ഹൃദയത്തില്‍ അനുതപിച്ച് ഏറ്റു പറയാത്ത പാപം ഇനിയും ഉണ്ടെങ്കില്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നതിനു ഫോണ്‍ എടുക്കുക പോലുമില്ല.

67-ാം സങ്കീര്‍ത്തനം ഭൂമിയിലുള്ള എല്ലാ മനുഷ്യരും ദൈവത്തെ സ്തുതിക്കണമെന്ന് പ്രബോധിപ്പിക്കുന്നു. ഇത് സുവിശേഷീകരണം സംബന്ധിച്ച ഒരു സങ്കീര്‍ത്തനമാണ്. ഇവിടെ, ലോകം മുഴുവന്‍ ഉള്ള ആളുകള്‍ ദൈവവഴികളേയും അവിടുത്തെ രക്ഷയേയും അറിയണമെന്നു സങ്കീര്‍ത്തനക്കാരന്‍ അതിയായി ആഗ്രഹിക്കുന്നു (2-ാം വാക്യം).

68-ാം സങ്കീര്‍ത്തനം ദൈവത്തിന്റെ അത്ഭുത പ്രവൃത്തികള്‍ക്കായി അവിടുത്തെ സ്തുതിക്കുന്ന ഒരു ഗീതമാണ്. 6-ാം വാക്യം അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഒരു വാഗ്ദാനമാണ്: ”അവിടുന്നു ഏകാകികളെ ഭവനത്തില്‍ വസിക്കുമാറാക്കുന്നു.” 11-ാം വാക്യം സുവിശേഷീകരണം സംബന്ധിച്ചുള്ളതാണ്: ”ദൈവം തന്റെ വചനം അറിയിച്ചു. അത് വിളംബരം ചെയ്ത സുവാര്‍ത്താ ദൂതികള്‍ ഒരു വലിയ സമൂഹമായിരുന്നു.” സുവിശേഷം പ്രസംഗിക്കുന്നതിനു ദൈവം സ്ത്രീകളേയും പ്രതീക്ഷിക്കുന്നു. 18-ാം വാക്യം ഇങ്ങനെയാണ്: ”അങ്ങ് ഉന്നതങ്ങളിലേയ്ക്കു ആരോഹണം ചെയ്തപ്പോള്‍ ബദ്ധന്മാരെ കൂട്ടിക്കൊണ്ടു പോയി. അവിടുന്നു മനുഷ്യരില്‍ നിന്നു കാഴ്ചകള്‍ കൈക്കൊണ്ടു.” ഇത് എഫെസ്യര്‍ 4:8-ല്‍ എടുത്ത് എഴുതിയിട്ടുണ്ട്. യേശു സ്വര്‍ഗ്ഗത്തിലേയ്ക്കു കയറി സ്വര്‍ഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹവും സഭയ്ക്കു നല്‍കി എന്നതിന്റെ ഒരു പ്രവചനം കൂടിയാണിത്.

69-ാം സങ്കീര്‍ത്തനം, തന്നെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ദൈവത്തിന്റെ സഹായം അപേക്ഷിച്ചുകൊണ്ട് തീവ്രദുഃഖത്തിലുള്ള ദാവീദിന്റെ കരച്ചിലാണ്. ഇതിലെ പല വാക്യങ്ങളും മശിഹായെ സംബന്ധിച്ച പ്രവചനങ്ങളാണ്. ”ഞാന്‍ മോഷ്ടിക്കാത്തത് തിരികെ കൊടുക്കുവാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാകുന്നു” (4-ാം വാക്യം). യേശു ക്രൂശില്‍ നമ്മുടെ പാപങ്ങള്‍ക്കുള്ള വില നല്‍കി എന്നതിന്റെ ഒരു സൂചനയാണിത്. ”നിന്ദ എന്റെ ഹൃദയം തകര്‍ത്തിരിക്കുന്നു”(20-ാം വാക്യം). ഇത് സൂചിപ്പിക്കുന്നത് യേശു മരിച്ചപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നു എന്ന വസ്തുതയാണ്. യേശുവിനെ കുത്തിയപ്പോള്‍ രക്തവും വെള്ളവും ഒഴുകി. വൈദ്യശാസ്ത്രജ്ഞര്‍ പറയുന്നത് ഹൃദയം തകരുമ്പോള്‍ മാത്രമേ അങ്ങനെ സംഭവിക്കു എന്നാണ്. 29-ാം വാക്യം പുനരുത്ഥാനവും സ്വര്‍ഗ്ഗാരോഹണവും സംബന്ധിച്ചുള്ള പ്രവചന സൂചനയാണ്.

70-ാം സങ്കീര്‍ത്തനം വീണ്ടും ശത്രുവിനെതിരെ സഹായത്തിനായുള്ള ഒരു കരച്ചിലാണ്.

71-ാം സങ്കീര്‍ത്തനം വാര്‍ദ്ധക്യത്തില്‍ തന്റെ രക്ഷയ്ക്കായി സങ്കീര്‍ത്തനക്കാരന്‍ നടത്തുന്ന ഒരു പ്രാര്‍ത്ഥനയാണ്. ദിവസം മുഴുവന്‍ ദൈവത്തെ സ്തുതിക്കുന്നു എന്നു പറയുന്നു (8-ാം വാക്യം). വാര്‍ദ്ധക്യവും നരയും ബാധിച്ചിരിക്കുമ്പോഴും ദൈവത്തിന്റെ ശക്തി പുതിയ തലമുറ അറിയണമെന്നതാണ് അവന്റെ അതിയായ ആഗ്രഹം (17,18 വാക്യങ്ങള്‍). 20-ാം വാക്യത്തില്‍ പുനരുത്ഥാനത്തിലുള്ള തന്റെ വിശ്വാസം പ്രഘോഷിക്കുന്നു – ”ഭൂമിയുടെ ആഴങ്ങളില്‍ നിന്നും അങ്ങ് എന്നെ വീണ്ടും ഉദ്ധരിക്കും.”

72-ാം സങ്കീര്‍ത്തനം ദാവീദ് തന്റെ പുത്രനായ ശലോമോനു വേണ്ടി എഴുതിയ ഒരു സങ്കീര്‍ത്തനമാണ്. അത് ആദ്യ വാക്യത്തില്‍ തന്നെ വ്യക്തമാണ്. അതില്‍ ഒരു രാജാവ് എങ്ങനെ ആയിരിക്കണമെന്നും എന്തെല്ലാം ചെയ്യണമെന്നും വിശദീകരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ശലോമോന്‍ ഇവിടെ വിശദീകരിച്ച പ്രകാരമുള്ള ഒരു രാജാവായില്ല. ഇത് നമുക്കെല്ലാം ഉള്ള ഒരു മുന്നറിയിപ്പാണ്. ഈ സങ്കീര്‍ത്തനങ്ങളില്‍ പറഞ്ഞിരിക്കുന്ന മഹത്തായ കാര്യങ്ങളെല്ലാം നാം എത്ര പഠിച്ചാലും അതൊന്നും തന്നെ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാകാതെ ഇരിക്കാനും സാധിക്കും.

മൂന്നാം പുസ്തകം

ദേവാലയവും ദൈവത്തിന്റെ സിംഹാസനവും

73-ാം സങ്കീര്‍ത്തനം മുതല്‍ 83-ാം സങ്കീര്‍ത്തനം വരെയുള്ളത് ദാവീദ് നിയോഗിച്ച ഗായകരില്‍ ഒരാളായ ആസാഫ് എഴുതിയതാണ് (50-ാം സങ്കീര്‍ത്തനം എഴുതിയതും ഇദ്ദേഹമാണ്).

73-ാം സങ്കീര്‍ത്തനം നൂറ്റാണ്ടുകളായി പലരും ചോദിക്കുന്ന ഒരു ചോദ്യത്തെ കൈകാര്യം ചെയ്യുന്നു: ”എന്തുകൊണ്ട് ദുഷ്ടന്മാര്‍ അഭിവൃദ്ധിപ്പെടുന്നു? എന്തുകൊണ്ട് നീതിമാന്മാര്‍ കഷ്ടതയിലാകുന്നു?” ദുഷ്ടന്മാരുടെ അഭിവൃദ്ധി കണ്ടപ്പോള്‍ ദൈവത്തെ സംശയിക്കത്തക്കവിധം താന്‍ ഏറെക്കുറെ വഴുതിപ്പോയി എന്നാണ് ആസാഫ് സത്യസന്ധമായി പറയുന്നത് (2,3 വാക്യങ്ങള്‍). താന്‍ ഒരു വിശുദ്ധ ജീവിതം നയിച്ചത് വ്യര്‍ത്ഥമായോ എന്നവന്‍ ചിന്തിച്ചു. മറ്റാര്‍ക്കും ഇടര്‍ച്ചയുണ്ടാക്കരുതെന്നു കരുതി അവന്‍ തന്റെ ചിന്തകള്‍ ആരോടും പങ്കുവച്ചില്ല. ഒടുവില്‍ അവന്‍ ദൈവത്തിന്റെ സന്നിധിയില്‍ ചെന്നപ്പോള്‍ അതിന് ഉത്തരം കണ്ടെത്തി. ദുഷ്ടന്മാര്‍ വഴുവഴുപ്പുള്ള ഇടത്താണ് നില്‍ക്കുന്നതെന്നും അവര്‍ വേഗത്തില്‍ നരകത്തില്‍ ചെല്ലുമെന്നും അവന്‍ കണ്ടു. യഥാര്‍ത്ഥ സമര്‍പ്പണത്തിന്റെ അര്‍ത്ഥം വ്യക്തമാക്കുന്ന, വേദപുസ്തകത്തിലെ മനോഹരമായ ഒരു വാക്യമാണ് 25-ാം വാക്യം. ”സ്വര്‍ഗ്ഗത്തില്‍ എനിക്ക് ആരുള്ളു? ഭൂമിയിലും എനിക്കാഗ്രഹിക്കത്ത ക്കതായി അങ്ങ് മാത്രമേ ഉള്ളു.” ഇത് നമ്മുടെ ജീവിതകാലം മുഴുവന്‍ സത്യസന്ധ മായി പറഞ്ഞാല്‍ നാം യഥാര്‍ത്ഥ ആരാധകനും ദൈവത്തിനു പ്രയോജനമുള്ള ദാസന്മാരും ആയിത്തീരും. 26-ാം വാക്യം ”എന്റെ ഹൃദയം തളര്‍ന്നു പോയേക്കാം. എങ്കിലും ദൈവം എന്റെ ഹൃദയത്തിന്റെ ബലമാകുന്നു.” ഹൃദ്രോഗമുള്ളവര്‍ക്കു വേണ്ടിയുള്ള നല്ലൊരു വാക്യമാണിത്.

74-ാം സങ്കീര്‍ത്തനം നാശത്തിലേക്കു പോകുന്ന ദൈവജനത്തിന്റെ അവസ്ഥയെ ഓര്‍ത്തുള്ള ഒരു കരച്ചിലാണ്. ഇത് ദൈവസഭയ്ക്കും ബാധകമാക്കാവുന്നതാണ്. ”ദൈവമേ, അവിടുത്തെ ശത്രുക്കള്‍ സഭയിലുള്ളത് നശിപ്പിച്ച് അതിന്റെ ഉള്ളില്‍ അലറി വിളിക്കുന്നു. അവര്‍ അവിടം അശുദ്ധമാക്കി”(3,4,7 വാക്യങ്ങള്‍). ദൈവം തന്റെ ജനത്തിന്റെ ഇടയില്‍ ഇല്ല എന്നതിന്റെ രണ്ട് അടയാളങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു:

1) അവിടുന്ന് ഒരു അത്ഭുതവും അവര്‍ക്കായി ചെയ്യുന്നില്ല.
2) അവിടുന്ന് അവരുടെ ഇടയിലേക്ക് ഒരു പ്രവാചകനേയും അയയ്ക്കുന്നില്ല (9-ാം വാക്യം).

ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് അത്ഭുതകരമായ തരത്തില്‍ ഉത്തരം നല്‍കുന്നു. അവിടുന്നാണ് നമ്മെ തിരുത്തുന്നതിനു പ്രവാചകന്മാരെ അയയ്ക്കുന്നത്. ദൈവം ഒരു സഭയുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കുകയും ആ സഭയിലേയ്ക്ക് ഒരു പ്രവാചകനെ അയയ്ക്കാതിരിക്കുകയും ചെയ്യുന്നത് ആ സഭയെ ഉപേക്ഷിച്ചുവെന്നതിന്റെ അടയാളമാണ്. ആത്മാവ് നിറഞ്ഞ ഒരു സഭയില്‍ അത്ഭുതങ്ങളും, പ്രവാചകന്മാരും, ഉണ്ടാകുമെന്നു നമുക്കു പ്രതീക്ഷിക്കാം.

75-ാം സങ്കീര്‍ത്തനം: ദൈവം നിഗളികളെ താഴ്ത്തുകയും താഴ്മയുള്ളവരെ ഉയര്‍ത്തുകയും ചെയ്യും എന്നതാണ് ഇതിന്റെ വിഷയം. ഒരു മനുഷ്യനും നമ്മെ ഉയര്‍ത്തു മെന്നു പ്രതീക്ഷിക്കരുത് (6-ാം വാക്യം). എല്ലാ ഉയര്‍ച്ചയും ദൈവത്തില്‍ നിന്നാണ് വരുന്നത് (7-ാം വാക്യം). സഭയില്‍ നിങ്ങള്‍ക്കൊരു ശുശ്രൂഷ തരുന്നത് ഒരു മനുഷ്യ നാണെന്ന് ഒരിക്കലും കരുതരുത്. ദൈവത്തിനു മാത്രമേ അത് നല്‍കുവാന്‍ കഴിയൂ.

76-ാം സങ്കീര്‍ത്തനം വിശദീകരിക്കുന്നത് ദൈവത്തിന്റെ പരമാധികാരം മനുഷ്യന്റെ കോപത്തെ പോലും അവിടുത്തെ ഉദ്ദേശ്യം നിറവേറ്റുന്നതിനായി ഉപയോഗിക്കുമെന്നും ‘അങ്ങനെ ദൈവത്തിനു മഹത്വം ഉണ്ടാകുന്നു’ എന്നുമാണ് (വാക്യം 10).

77-ാം സങ്കീര്‍ത്തനത്തില്‍ ”പഴയ നാളുകളില്‍”ദൈവം ചെയ്ത പ്രവൃത്തികളെ ഓര്‍ക്കുകയാണ്. ആസാഫ് കഷ്ടതയില്‍ ആയിരുന്നപ്പോള്‍ ഇത് ഓര്‍ത്ത് ആശ്വാസം കണ്ടെത്തി (5-ാം വാക്യം). 13-ാം വാക്യം പറയുന്നത് ”ദൈവമേ, അവിടുത്തെ വഴികള്‍ ദേവാലയത്തിലാണ്.” ദൈവത്തിന്റെ വഴികള്‍ കണ്ടെത്തുന്നതിന് നാം ദേവാലയത്തിലേയ്ക്ക് – അതിവിശുദ്ധ സ്ഥലത്തേയ്ക്ക്- പോകണം. അത് നമുക്കു പ്രാകാരങ്ങളില്‍ കണ്ടെത്താന്‍ കഴിയില്ല. അധികം വിശ്വാസികളും അവരുടെ പാപങ്ങള്‍ ക്ഷമിച്ചു കിട്ടിയത് മാത്രമേ അറിയുന്നുള്ളു. നിങ്ങളുടെ കൂട്ടായ്മ അങ്ങനെയുള്ളവരുമായി മാത്രമാണെങ്കില്‍ നിങ്ങള്‍ ദൈവത്തിന്റെ വഴികളെ അറിയുകയില്ല. കാരണം അവിടുത്തെ വഴികള്‍ അതിവിശുദ്ധ സ്ഥലത്താണ്. അതിനാല്‍ ”ശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന” (2 തിമൊഥെ. 2:22) ആളുകളുമായി കൂട്ടായ്മ അന്വേഷിക്കുക.

78-ാം സങ്കീര്‍ത്തനം യിസ്രായേല്‍ മക്കളെ ഈജിപ്തിലെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചു കൊണ്ടുവന്ന കാലം മുതലുള്ള ദൈവത്തിന്റെ വഴികളെ തിരിഞ്ഞു നോക്കുന്ന ചരിത്രപരമായ ഒന്നാണ്. അവര്‍ ദൈവത്തെ അവഗണിച്ചു. ദൈവം അവരെ സംഹരിച്ചപ്പോള്‍ മാത്രം അവിടുത്തെ അന്വേഷിച്ചു (34-ാം വാക്യം). അവര്‍ തങ്ങളുടെ അധരങ്ങളാല്‍ അവിടുത്തെ മുമ്പില്‍ മുഖസ്തുതി പറയുകയും നാവുകൊണ്ട് കപടം സംസാരിക്കുകയും ചെയ്തു (36-ാം വാക്യം). എന്നാല്‍ ദൈവം കരുണയുള്ളവനാകയാല്‍ ആവര്‍ത്തിച്ച് അവരോട് ക്ഷമിച്ചു (38-ാം വാക്യം). അവിടുന്നു അവര്‍ക്കു ദാവീദ് എന്നൊരു ഇടയനെ നല്‍കി. അവന്‍ അവരെ വഴിനടത്തി (70,72 വാക്യങ്ങള്‍). ദൈവം നമുക്കുവേണ്ടി ചെയ്ത അത്ഭുതങ്ങളേയും നമുക്കു തന്ന നേതാക്കന്മാരെയും നാം ഓര്‍ക്കണമെന്നും അതിനായി ദൈവത്തെ സ്തുതിക്കണമെന്നും ഈ സങ്കീര്‍ത്തനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

79-ാം സങ്കീര്‍ത്തനം യെരുശലേമിന്റെ (സഭ) നാശമോര്‍ത്തുള്ള ഒരു പ്രാര്‍ത്ഥനയാണ്. സഭയുടെ ശുദ്ധിക്കായി നമുക്കും നടത്താവുന്ന നല്ല ഒരു പ്രാര്‍ത്ഥനയാണിത്.

80-ാം സങ്കീര്‍ത്തനം തങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനായി ദൈവത്തോടുള്ള ദൈവജനത്തിന്റെ പ്രാര്‍ത്ഥനയാണ്. 17-ാം വാക്യം മശിഹയെ സംബന്ധിച്ചുള്ളതാണ്. ”അങ്ങയുടെ കരം അവിടുത്തെ വലത്തുഭാഗത്തെ പുരുഷന്റെ മേല്‍, അങ്ങ് തനിക്കായി വളര്‍ത്തിയ മനുഷ്യപുത്രന്റെ മേല്‍ ഇരിക്കട്ടെ.”

81-ാം സങ്കീര്‍ത്തനം ദൈവത്തിന്റെ നന്മയും യിസ്രായേല്‍ മക്കളുടെ അനുസരണ ക്കേടും വിളിച്ചു പറയുന്നു. 10-ാം വാക്യത്തില്‍ മനോഹരമായ ഒരു വാഗ്ദാനമുണ്ട്- ”നിന്റെ വായ് വിസ്താരത്തില്‍ തുറക്കുക. ഞാന്‍ അതിനെ നിറയ്ക്കും.” പലപ്പോഴും നമുക്കു ലഭിക്കാത്തത് നാം ചോദിക്കാത്തത് കൊണ്ടാണ്. 13,14 വാക്യങ്ങളില്‍ ദൈവം സങ്കടത്തോടെ പറയുന്നു: ”ഹാ! എന്റെ ജനം എന്റെ വാക്കു കേട്ടിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു. ഞാന്‍ അവരുടെ ശത്രുക്കളെ വേഗം കീഴടക്കുമായിരുന്നു.” നാം ദൈവത്തിന്റെ വാക്കുകേട്ട് ദൈവത്തില്‍ ആശ്രയിക്കുന്നുവെങ്കില്‍ നാളുകള്‍ക്കു മുന്‍പേ അവിടുന്നു പ്രശ്‌നങ്ങള്‍ പരിഹരിച്ച് നമ്മെ രക്ഷിക്കുമായിരുന്നു.

82-ാം സങ്കീര്‍ത്തനം യിസ്രായേലിന്റെ അനീതിയുള്ള ന്യായാധിപന്മാരെ ശാസിക്കുകയും ഈ ഭൂമിയെ ന്യായം വിധിക്കുവാന്‍ ദൈവത്തോട് ആവശ്യപ്പെടു കയും ചെയ്യുന്നു.

83-ാം സങ്കീര്‍ത്തനം യിസ്രായേലിനെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന ശത്രുക്കളെ ന്യായം വിധിക്കണമെന്നു ദൈവത്തോട് ആവശ്യപ്പെടുന്നു. ”ഒരു ജനതയെന്ന് ആരും ഓര്‍ക്കാതെ നാം അവരെ നശിപ്പിച്ചു കളയാം” (4-ാം വാക്യം). നൂറ്റാണ്ടുകളായി യിസ്രായേലിനെ നശിപ്പിക്കുവാന്‍ പല രാഷ്ട്രങ്ങളും ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞില്ല. അതുപോലെ സഭയെ ഇല്ലായ്മ ചെയ്യാന്‍ പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരും വിജയിച്ചിട്ടില്ല. യേശുക്രിസ്തു സകല ഭൂമിയുടേയും അധിപതിയാണെന്ന് എല്ലാ മനുഷ്യരും അറിയുന്നതിനു വേണ്ടി സഭ ഇന്നും നിലനില്‍ക്കുന്നു (18-ാം വാക്യം).

84-ാം സങ്കീര്‍ത്തനം ദൈവത്തിന്റെ ആലയത്തില്‍ ദൈവത്തെ ആരാധിക്കുന്നതിനുള്ള അതിയായ ആഗ്രഹം പ്രകടമാക്കുന്നു. മീവല്‍ പക്ഷി കൂടു കണ്ടെത്തിയിരിക്കുന്നതു പോലെ അവിടുത്തെ ആലയത്തില്‍ വസിക്കുന്നവര്‍ അവിടുത്തെ യാഗ പീഠത്തില്‍ കൂടു കണ്ടെത്തി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ നിരന്തരം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കും (3,4 വാക്യങ്ങള്‍). അവര്‍ ബാഖാ (വിലാപം) താഴ്‌വരയിലൂടെ കടക്കുമ്പോഴും അതിനെ അനുഗ്രഹങ്ങളുടെ നീരുറവയാ ക്കുന്നു (6-ാം വാക്യം). അവര്‍ മേല്‍ക്കുമേല്‍ ശക്തിയാര്‍ജ്ജിക്കുന്നു (7-ാം വാക്യം). ഈ സങ്കീര്‍ത്തനം എഴുതിയത് കോരഹ് പുത്രന്മാരാണെന്ന് അറിയുമ്പോള്‍ 10-ാം വാക്യം നമുക്കു കൂടുതല്‍ അര്‍ത്ഥമുള്ളതായി തീരുന്നു. ”അങ്ങയുടെ പ്രാകാരങ്ങളിലെ (മോശെയോടൊപ്പം നില്‍ക്കുന്നത്) ഒരു ദിവസം വേറെ ആയിരം ദിവസങ്ങളേക്കാള്‍ ശ്രേഷ്ഠം. ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ (ഞങ്ങളുടെ പിതാവായ കോരഹിന്റെ കൂടെ) വസിക്കുന്നതിനെക്കാള്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ (മോശെയോടൊപ്പം) വാതില്‍ കാവല്‍ക്കാരനായിരിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.” ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ നിന്നും രക്ഷപ്പെട്ടതില്‍ അവന്‍ വളരെ നന്ദിയുള്ളവനായിരുന്നു. ”നേരോടെ നടക്കുന്നവര്‍ക്കു അവിടുന്നു ഒരു നന്മയും മുടക്കുകയില്ല”(11-ാം വാക്യം). നാം നീതിയോടെ നടന്നാല്‍ ദൈവത്തില്‍ നിന്നുള്ള ഏറ്റവും മികച്ചത് നമുക്കു ലഭിക്കും.

85-ാം സങ്കീര്‍ത്തനം തന്റെ ജനത്തെ ദൈവം സന്ദര്‍ശിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയാണ്: ”അവിടുത്തെ ജനം അങ്ങയില്‍ ആനന്ദിക്കേണ്ടതിനു അങ്ങ് ഞങ്ങള്‍ക്കു പുതുജീവന്‍ നല്‍കുകയില്ലേ?”(6-ാം വാക്യം). ദൈവജനത്തിന്റെ ഇടയില്‍ ധാരാളം പരാതിയും പിറുപിറുപ്പും ഉണ്ട്. അതുകൊണ്ട് സന്തോഷവും സ്തുതിയും നല്‍കുന്ന ഉണര്‍വാണ് ഇന്ന് ആവശ്യമായിരിക്കുന്നത്. ”യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാന്‍ ശ്രദ്ധിക്കും. അവിടുന്നു തന്റെ ജനത്തിനും തന്റെ ദാസന്മാര്‍ക്കും സമാധാനം അരുളും” (8-ാം വാക്യം). ദൈവം എന്താണ് പറയുന്നത്? ”ദയയും വിശ്വസ്തതയും തമ്മില്‍ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മില്‍ ചുംബിച്ചിരിക്കുന്നു”(10-ാം വാക്യം). ദൈവിക സത്യവും (നിയമം) അവിടുത്തെ കരുണയും കാല്‍വറിയില്‍ കണ്ടുമുട്ടി. ദൈവത്തിനും മനുഷ്യനും ഇടയില്‍ സമാധാനം നീതിയായ മാര്‍ഗ്ഗത്തിലൂടെ കാല്‍വറിയില്‍ വച്ച് സ്ഥാപിതമായി.

86-ാം സങ്കീര്‍ത്തനം സഹായത്തിനും ഉപദേശത്തിനും വേണ്ടിയുള്ള മറ്റൊരു പ്രാര്‍ത്ഥനയാണ്. ”കര്‍ത്താവേ, അവിടുത്തെ വഴി എന്നെ പഠിപ്പിക്കണമേ. എന്നാല്‍ ഞാന്‍ അവിടുത്തെ സത്യത്തില്‍ നടക്കും. അവിടുത്തെ നാമത്തെ ഭയപ്പെടേണ്ടതിനു എനിക്കു ഏകാഗ്രമായ ഒരു ഹൃദയം നല്‍കേണമേ” (11-ാം വാക്യം). ദാവീദിന്റെ പ്രാര്‍ത്ഥന ദൈവത്തെ ഭയപ്പെടുവാന്‍ തക്കവിധം തന്റെ (പല ദിശയിലേയ്ക്കു പിടിച്ചു വലിക്കുന്ന) ഹൃദയത്തെ ഏകാഗ്രപ്പെടുത്തണമെന്നാണ്.

87-ാം സങ്കീര്‍ത്തനം സീയോനി(സഭ)ലെ പൗരത്വം നല്‍കുന്ന പ്രത്യേക അവകാശം സംബന്ധിച്ചുള്ളതാണ്. ‘ഇവനും അവനും അവിടെ ജനിച്ചു. മഹോന്നതനായ ദൈവം അതിനെ സ്ഥാപിച്ചു’എന്നിങ്ങനെ സീയോനെക്കുറിച്ചു പറയും (5-ാം വാക്യം). ”എന്റെ ഉറവുകള്‍ എല്ലാം അങ്ങയിലാകുന്നു” (7-ാം വാക്യം). സഭയുടെ ഭാഗമാകുന്നതു കൊണ്ട് ഒരു ദൈവമകന്‍ കണ്ടെത്തുന്ന മഹാസന്തോഷ ത്തെക്കുറിച്ചാണ് ഇത് പറയുന്നത്.

88-ാം സങ്കീര്‍ത്തനം മരണത്തില്‍ നിന്നും രക്ഷിക്കണമെന്നുള്ള അപേക്ഷയാണ്. ഒരുപക്ഷേ സങ്കീര്‍ത്തനങ്ങളില്‍ ഏറ്റവും നിരാശാജനകമായ ഒന്ന് ഇതാണ്. സങ്കീര്‍ത്തനക്കാരന്‍ (എസ്രാഹ്യനായ ഹേമാന്‍ ആയിരിക്കാം), താന്‍ ബാല്യം മുതല്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും (വാക്യം 15) ദൈവം തന്നെ തള്ളിക്കളഞ്ഞുവെന്നും പരാതിപ്പെടുന്നു. ഇപ്പോള്‍ തന്റെ മരണം അടുത്തു എന്ന് അവന്‍ ഭയപ്പെടുന്നു. ഭാവിയെക്കുറിച്ചുള്ള ആകുല ചിന്തയാല്‍ അവന്‍ നിറയുന്നു. അവന്‍ ഇയ്യോബിനെ പോലെയാണ് സംസാരിക്കുന്നത്. കഷ്ടതയെക്കുറിച്ചുള്ള മറ്റ് സങ്കീര്‍ത്തനങ്ങളെല്ലാം അവസാനിക്കുന്നത് പ്രത്യാശയുടെ ഒരു വാക്കോടു കൂടിയാണ്. എന്നാല്‍ ഈ സങ്കീര്‍ത്തനം നിരാശയോടെയാണ് അവസാനിക്കുന്നത്.

89-ാം സങ്കീര്‍ത്തനം ദാവീദിനോടുള്ള ഉടമ്പടിയോടുള്ള ബന്ധത്തില്‍ ദൈവത്തിന്റെ വിശ്വസ്തതയെ സംബന്ധിച്ചുള്ളതാണ്. ഉടമ്പടിക്കനുസരിച്ച് ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റണമെന്ന് ആവശ്യപ്പെടുന്നു. ഇതിനു തൊട്ടുമുന്‍പുള്ള സങ്കീര്‍ത്തനത്തില്‍ നിന്നും നേരെ എതിരാണ് ഈ സങ്കീര്‍ത്തനം. ഇത് എഴുതിയിരിക്കുന്നത് മറ്റൊരു എസ്രാഹ്യനായ ഏഥാനാണ്. എന്നാല്‍ അവന്റെ കാഴ്ചപ്പാട് 88-ാം സങ്കീര്‍ത്തനം എഴുതിയ തന്റെ സഹോദരനായ ഹേമാന്റേതിനു നേരെ എതിരാണ്. 7-ാം വാക്യം പറയുന്നു: ”വിശുദ്ധന്മാരുടെ സംഘം (സഭ) ദൈവത്തെ ഭയപ്പെടുന്നു.” 27 മുതല്‍ 29 വരെയുള്ള വാക്യങ്ങള്‍ യേശുവിനെ സൂചിപ്പിക്കുന്നതാണ്. ”ഞാന്‍ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരില്‍ ശ്രേഷ്ഠനുമാക്കും.”

നാലാം പുസ്തകം- യിസ്രായേലും മറ്റ് രാജ്യങ്ങളും

90-ാം സങ്കീര്‍ത്തനം ദൈവത്തിന്റെ നിത്യതയേയും മനുഷ്യന്റെ താത്കാലിക പ്രകൃതത്തേയും സംബന്ധിച്ചുള്ളതാണ്. മോശെ എഴുതിയ ഏക സങ്കീര്‍ത്തനമാണിത്. ഇവിടെ നാം വായിക്കുന്നു. ദൈവത്തിന് ‘ആയിരം വര്‍ഷം ഒരു ദിവസം പോലെ’ (4-ാം വാക്യം). 10-ാം വാക്യത്തില്‍ മോശെ പറയുന്നത് തനിക്കു ചുറ്റു മുള്ളവര്‍ എഴുപതിനും 80 വയസ്സിനും ഇടയില്‍ മരിക്കുന്നുവെന്നാണ്. ഈജിപ്തില്‍ നിന്നും പുറപ്പെട്ട 600000 പുരുഷന്മാരില്‍ ഭൂരിപക്ഷവും അന്ന് 20നും 60നും ഇടയ്ക്കു പ്രായമുള്ളവരായിരുന്നു എന്നതാണിതിനു കാരണം. മോശെയെപ്പോലെ ചുരുക്കം ചിലര്‍ 120 വയസ്സുവരെ ജീവിച്ചുവെങ്കിലും ഭൂരിപക്ഷം ആളുകളും 80 വയസ്സിനുള്ളില്‍ മരിച്ചു. ഈജിപ്തില്‍ നിന്നും പുറപ്പെട്ട ആ തലമുറ പൂര്‍ണ്ണമായും മരൂഭൂമിയില്‍ വച്ച് മരിക്കണമെന്നു ദൈവനിശ്ചയമായിരുന്നു അതിനു കാരണം. അതിനാലാണ് 12-ാം വാക്യത്തില്‍ മോശെ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത്: ”ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കുവാന്‍ തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ.” നമുക്കെല്ലാം പ്രാര്‍ത്ഥിക്കാവുന്ന ഒരു നല്ല പ്രാര്‍ത്ഥനയാണിത്. 17-ാം വാക്യം നമുക്കെല്ലാം പ്രാര്‍ത്ഥിക്കാവുന്ന മറ്റൊരു നല്ല പ്രാര്‍ത്ഥനയാണ്: ”ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കാരുണ്യം ഞങ്ങളുടെ മേല്‍ ഉണ്ടായിരിക്കട്ടെ.”

91-ാം സങ്കീര്‍ത്തനം പ്രഘോഷിക്കുന്നത് അത്യുന്നതന്റെ സങ്കേതത്തില്‍ വസിക്കുന്നവന്റെ അനുഗ്രഹങ്ങളും അവനു ലഭിക്കുന്ന സുരക്ഷിതത്വവുമാണ്. നമുക്കുള്ള രഹസ്യ സങ്കേതം മുറിവേറ്റ യേശുവിന്റെ സന്നിധി ആണ്. ”അത്യുന്നതന്റെ നിഴലില്‍ വസിക്കുക”(1-ാം വാക്യം) എന്നാല്‍ ദൈവം മുമ്പേ പോകുകയും നാം അവിടുത്തെ നിഴലില്‍ നടക്കുകയും ചെയ്യുന്നു എന്നതാണ്. നമുക്ക് ഈ ലോകത്തിലുള്ള ഏറ്റവും സുരക്ഷിതമായ സ്ഥലം ദൈവഹിതത്തിന്റെ കേന്ദ്രമാണ്. നമ്മെ നമ്മുടെ ശത്രുവില്‍ നിന്ന്- സാത്താനില്‍ (വേട്ടക്കാരന്‍) നിന്നും പാപത്തില്‍ നിന്നും (വിനാശകരമായ പകര്‍ച്ചവ്യാധി) – ഒരുപോലെ രക്ഷിക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നു (3-ാം വാക്യം). അവിടുന്നു നമ്മെ പ്രകടമായ പാപങ്ങളില്‍ നിന്നും (പകലില്‍ ഉള്ള പാപങ്ങള്‍) മറഞ്ഞു കിടക്കുന്ന പാപങ്ങളില്‍ നിന്നും (രാത്രിയിലെ അപകടങ്ങള്‍) ഒരുപോലെ രക്ഷിക്കും (5,6 വാക്യങ്ങള്‍). നമുക്കു ചുറ്റുമുള്ള 11000 ക്രിസ്ത്യാനികളും വിജയകരമായ ജീവിതത്തില്‍ വിശ്വസിച്ചില്ലെങ്കിലും അവിടുന്നു നമ്മെ പാപത്തില്‍ വീഴാതെ സൂക്ഷിക്കും (7-ാം വാക്യം). പല കഷ്ടതകളെ നാം നേരിടേണ്ടി വരും. എന്നാലും ഒരു ദോഷവും നമുക്കുണ്ടാവുകയില്ല (10-ാം വാക്യം). നാം അവിടുത്തെ ഹിതത്തില്‍ നടക്കുന്ന കാലത്തോളം നമ്മെ സംരക്ഷിക്കുന്നതിന് അവിടുന്നു ദൂതന്മാരെ നിയമിച്ചിരിക്കുന്നു. സാത്താനെ (സിംഹവും, സര്‍പ്പവും) നമ്മുടെ കാല്ക്കീഴില്‍ എപ്പോഴും ചതച്ചു കളഞ്ഞിരിക്കുന്നു (13-ാം വാക്യം). കര്‍ത്താവു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും നമ്മുടെ കൂടെയിരുന്ന് അവിടുന്നു നമുക്കായി വച്ചിരിക്കുന്ന വേല നിവൃത്തിയാക്കുവോളം നമുക്കു ആയുസ്സ് നല്‍കുകയും ചെയ്യുന്നു (15,16 വാക്യങ്ങള്‍).

92-ാം സങ്കീര്‍ത്തനം ദൈവത്തെ അവിടുത്തെ നന്മകള്‍ ഓര്‍ത്ത് സ്തുതിക്കു ന്നതാണ്. ”വാര്‍ദ്ധക്യത്തിലും അവര്‍ ഫലം കായ്ക്കും. അവര്‍ പച്ച പിടിച്ച് ചൈതന്യ പൂര്‍ണ്ണമായിരിക്കും” (14-ാം വാക്യം). അതിന്റെ അര്‍ത്ഥം അവര്‍ക്കു വാര്‍ദ്ധക്യത്തിലും പരിശുദ്ധാത്മാവിന്റെ നിറവുണ്ടായിരിക്കും എന്നാണ്.

93-ാം സങ്കീര്‍ത്തനം ദൈവത്തിന്റെ ശക്തിയേയും മഹത്വത്തേയും കുറിച്ച് പറയുന്നു. ”വിശുദ്ധി അവിടുത്തെ ആലയത്തിന് എന്നേക്കും ഉചിതം തന്നെ”(5-ാം വാക്യം).

94-ാം സങ്കീര്‍ത്തനം ദൈവം നമുക്കു ശിക്ഷണം നല്‍കുന്നതും ദുഷ്ടനെ നശിപ്പിക്കുന്നതും സംബന്ധിച്ചു പറയുന്നു: ”ദൈവമേ, അവിടുന്നു ശിക്ഷണം നല്‍കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍”(12-ാം വാക്യം).

95-ാം സങ്കീര്‍ത്തനം നാം കഠിനപ്പെടാതിരിക്കുന്നതിനുള്ള മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം ദൈവത്തെ ആരാധിക്കുന്നതിനു നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. 7,8 വാക്യങ്ങള്‍: ”ഇന്നു നിങ്ങള്‍ അവിടുത്തെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്.” ഇത് എബ്രായര്‍ 3:7,8-ല്‍ രേഖപ്പെടുത്തി യിരിക്കുന്നു. നാം കഠിനപ്പെടാതിരിക്കുന്നതിനു നാം പരസ്പരം പ്രബോധിപ്പിക്കുകയും ഉത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണ് എബ്രായ ലേഖനം തുടര്‍ന്ന് ആവശ്യപ്പെടുന്നത് (എബ്രാ. 3:13).

96-ാം സങ്കീര്‍ത്തനം വീണ്ടും വരുന്ന കര്‍ത്താവിനെ ആരാധിക്കുന്നതിനുള്ള മറ്റൊരു ക്ഷണമാണ്. ”അവിടുന്നു ഭൂമിയെ വിധിപ്പാന്‍ വരുന്നു. അവിടുന്നു ലോകത്തെ നീതിയിലും ജനസമൂഹങ്ങളെ സത്യത്തിലും ന്യായം വിധിക്കും” (13-ാം വാക്യം).

97-ാം സങ്കീര്‍ത്തനം ദൈവത്തിന്റെ ശക്തിയെ വിശദീകരിക്കുന്നു. 10-ാം വാക്യം ഇങ്ങനെ പറയുന്നു: ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ തിന്മയെ വെറുക്കട്ടെ.” നാം തിന്മയെ വെറുക്കുന്നില്ലെങ്കില്‍ നാം ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറയുന്നതിനു സാധിക്കുകയില്ല. തിന്മയെ ഒഴിവാക്കുന്നു എന്നതും തിന്മയെ വെറുക്കുന്നു എന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പാപത്തെ ജയിക്കുന്നതിനുള്ള വഴി അതിനെ വെറുക്കുന്നതിലൂടെയാണ്. വെറുപ്പ് കൊലപാതകത്തിനു തുല്യമാണ്. നാം പാപത്തെ വെറുക്കുമ്പോള്‍ അതിനെ കൊല്ലുന്നു.

98-ാം സങ്കീര്‍ത്തനം ദൈവത്തെ പാടി സ്തുതിക്കുന്നതിനു നമ്മെ ക്ഷണിക്കുന്നു.

99-ാം സങ്കീര്‍ത്തനം ദൈവത്തെ സ്തുതിക്കുന്നതിനുള്ള മറ്റൊരു വിളിയാണ്.

100-ാം സങ്കീര്‍ത്തനം കര്‍ത്താവിനെ സ്തുതിക്കുവാനും അവിടുത്തെ വേല ചെയ്യുവാനും വേണ്ടിയുള്ള വീണ്ടുമൊരു ക്ഷണമാണ്. നാം ”ദൈവത്തെ സന്തോഷത്തോടെ സേവിക്കണം” (2-ാം വാക്യം). ദൈവവേല ചെയ്യുന്ന ചില ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ എപ്പോഴും ഏതെങ്കിലും പരാതികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നവരാണ്. തന്നെ സന്തോഷത്തോടെ സേവിക്കാത്ത ആരുടെയും വേല ദൈവം ആഗ്രഹിക്കുന്നില്ല.


101-ാം സങ്കീര്‍ത്തനം: ഇവിടെ ദാവീദ് താന്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന നേരായ മാര്‍ഗ്ഗത്തെക്കുറിച്ച് സംസാരിക്കുന്നു. ”നേരായ മാര്‍ഗ്ഗത്തില്‍ ഞാന്‍ ശ്രദ്ധിക്കും. എന്റെ വീട്ടില്‍ പരാമാര്‍ത്ഥ ഹൃദയത്തോടെ പെരുമാറും”(2-ാം വാക്യം). നമുക്കെല്ലാം ഇതു പറയാന്‍ സാധിക്കണം. ഒന്നാമത് നാം നമ്മുടെ വീട്ടിലാണ് കുറ്റമില്ലാത്തവരായി നടക്കേണ്ടത്. കുറ്റമില്ലാതെ എന്നാല്‍ ഒരിക്കലും വീഴുന്നില്ല എന്നല്ല അര്‍ത്ഥം. നാം വീഴുമ്പോള്‍ ഉടനെ ക്ഷമ ചോദിച്ച് കാര്യങ്ങള്‍ നേരെയാക്കുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. നമ്മുടെ സാമ്പത്തിക ഇടപാടുകളിലും നാം കുറ്റമില്ലാത്തവര്‍ ആയിരിക്കണം.


102-ാം സങ്കീര്‍ത്തനം പീഡിതനായ ഒരുവന്റെ സഹായത്തിനുള്ള പ്രാര്‍ത്ഥനയാണ്. ‘ദൈവം തന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുമെന്നും തന്റെ മക്കളും കൊച്ചുമക്കളും ദൈവമുമ്പാകെ നിലനില്‍ക്കും’ എന്നുമുള്ള തന്റെ വിശ്വാസം പ്രസ്താവിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത് (വാക്യം 28).


103-ാം സങ്കീര്‍ത്തനം ദാവീദിനു ദൈവത്തില്‍ നിന്നും ലഭിച്ച അസംഖ്യം അനുഗ്രഹങ്ങളെ സംബന്ധിച്ചാണ് പറയുന്നത്. അവന്റെ പാപങ്ങള്‍ എല്ലാം ക്ഷമിച്ചു, അവന്റെ രോഗങ്ങളെല്ലാം സൗഖ്യമായി. നാശത്തില്‍ (നരകം) നിന്നും വീണ്ടെടുത്തു. ഭൗതിക അനുഗ്രഹങ്ങള്‍ (നന്മകള്‍) ലഭിച്ചു. ദാവീദിന് ഇതെല്ലാം ലഭിച്ചത് പഴയ ഉടമ്പടിയുടെ കീഴിലാണ്. നാം പ്രസംഗിക്കുന്നത് യേശു ക്ഷമിക്കുമെന്നും സൗഖ്യമാക്കുമെന്നും, ഭൗതികമായി അനുഗ്രഹിക്കുമെന്നും, നരകത്തില്‍ നിന്നും രക്ഷിക്കുമെന്നും മാത്രമാണെങ്കില്‍ നാം പ്രസംഗിക്കുന്നതു ക്രിസ്തുവിനും 1000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ദാവീദ് പ്രസംഗിച്ച കാര്യങ്ങള്‍ മാത്രമായിരിക്കും. അപ്പോള്‍ പുതിയ നിയമ സുവിശേഷം എന്താണ്? അത് ഇതാണ്- പാപത്തിന്മേല്‍ ജയം നല്‍കുന്നതിനു യേശുവിനു കഴിയും (റോമ. 6:14). അവിടുന്നു നമ്മളെ ദൈവസ്വഭാവത്തിനു പങ്കാളികളാക്കും (2 പത്രൊ. 1:3,4). പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കുവാന്‍ അവിടുന്നു ശക്തീകരിക്കും (റോമ. 16:20). ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ പണിയുവാന്‍ നിങ്ങളെ പ്രാപ്തനാക്കും (എഫെസ്യര്‍ 4).

104-ാം സങ്കീര്‍ത്തനം സൃഷ്ടിയിലുള്ള ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തിയെ വിശദീകരിക്കുന്നതാണ്. ”അവിടുന്നു തന്റെ സേവകന്മാരെ അഗ്നിജ്വാലകളാക്കുന്നു” (4-ാം വാക്യം). എല്ലാ ദൈവവേലക്കാരും ദൈവത്തിനായി അഗ്നി ജ്വാലകളായിരിക്കണം. ജ്വലിക്കുന്ന മുള്‍പ്പടര്‍പ്പു കണ്ട മോശെ അതു ശ്രദ്ധിക്കുന്നതിനായി നിന്നു. നമ്മള്‍ അതുപോലെ പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്‌നാനപ്പെട്ടു കഴിഞ്ഞാല്‍ ആളുകള്‍ നമ്മളേയും ശ്രദ്ധിക്കുന്നതിനായി നില്‍ക്കും.

105-ാം സങ്കീര്‍ത്തനം യിസ്രായേലിനു വേണ്ടി ദൈവം ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ്. 15-ാം വാക്യം പറയുന്നത്: ”എന്റെ അഭിഷിക്തന്മാരെ തൊടരുത്. എന്റെ പ്രവാചകന്മാര്‍ക്കു ഒരു ദോഷവും വരുത്തരുത്.” ദൈവത്തിന്റെ അഭിഷിക്തനായ പ്രവാചകന്മാരെ ദൈവം സംരക്ഷിക്കും. അവര്‍ക്കെതിരെ സംസാരിക്കരുതെന്നു ദൈവം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. യോസേഫിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: ”അവിടുന്ന് ഒരു പുരുഷനെ അവര്‍ക്കു മുന്‍പായി അയച്ചു. ദൈവത്തിന്റെ വചനം അവനെ പരീക്ഷിച്ച് അറിയുവോളം അവനെ ഇരുമ്പു ചങ്ങലയാല്‍ ബന്ധിച്ചു” (17,18,19). ദൈവം യോസേഫിനെ ഇരുമ്പുപോലെ ശക്തനാക്കുന്നതിനു വേണ്ടി തടവറയില്‍ ആക്കുവാന്‍ അനുവദിച്ചു. യോസേഫിനെ സ്വതന്ത്രനാക്കുന്നതിനു ദൈവം നിശ്ചയിച്ച ഒരു സമയമുണ്ടായിരുന്നു. ദൈവം എല്ലാം കൃത്യസമയത്ത് ചെയ്യും. 39-ാം വാക്യം ദൈവം യിസ്രായേല്‍ മക്കള്‍ക്കു മേഘസ്തംഭവും അഗ്നിസ്തംഭവും നല്‍കിയത് എന്തിനെന്നു പറയുന്നു. മേഘം അവര്‍ക്കു സൂര്യന്റെ ചൂടില്‍ നിന്നു സംരക്ഷണമായും അഗ്നി രാത്രിയില്‍ വെളിച്ചമായും അവിടുന്നു നല്‍കി.

106-ാം സങ്കീര്‍ത്തനം യിസ്രായേലിനുള്ള ദൈവിക നന്മകളുടെ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. 11,12 വാക്യങ്ങളില്‍ നാം വായിക്കുന്നു: ”വെള്ളം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞപ്പോള്‍ അവര്‍ അവിടുത്തെ വചനം വിശ്വസിച്ച് അവിടുത്തേയ്ക്കു സ്തുതി പാടി.” അവിടെ നാം രണ്ടു കാര്യങ്ങള്‍ കാണുന്നു. ഒന്നാമതായി സ്തുതിയെന്നത് വിശ്വാസത്തിന്റെ തെളിവായി നാം കാണുന്നു. അപ്പൊസ്തലന്മാര്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞപ്പോള്‍ ദൈവത്തെ സ്തുതിക്കുവാന്‍ തുടങ്ങി (അപ്പൊ.പ്ര. 2). നാം ദൈവത്തെ സ്തുതിക്കുന്നില്ലെങ്കില്‍ നമുക്കു വിശ്വാസമില്ലെന്നാണ് അത് തെളിയിക്കുന്നത്. രണ്ടാമതായി, പഴയ ഉടമ്പടിയില്‍ അവര്‍ വിശ്വാസത്താലല്ല കാഴ്ചയാലാണ് ജീവിച്ചത്. അവരുടെ ശത്രുക്കള്‍ ഒഴുകിപ്പോയത് കണ്ടപ്പോള്‍ മാത്രമാണ് അവര്‍ ദൈവത്തെ സ്തുതിച്ചത്. ഇന്നു നമുക്കു നമ്മുടെ ശത്രുക്കള്‍ പരാജയപ്പെടുന്നതിനു മുന്‍പുതന്നെ ദൈവത്തെ സ്തുതിക്കുവാന്‍ സാധിക്കും. അതാണ് കാഴ്ചയാലല്ലാതെ വിശ്വാസത്താലുള്ള നടപ്പ്.

അഞ്ചാം പുസ്തകം – സ്തുതിയും ആരാധനയും

107-ാം സങ്കീര്‍ത്തനം കഷ്ടത നിറഞ്ഞ സാഹചര്യങ്ങളില്‍ നിന്നും ജനത്തെ രക്ഷിക്കുന്ന ദൈവത്തിന്റെ പലവിധ മാര്‍ഗ്ഗങ്ങളെ വിശദീകരിക്കുന്നതാണ്. മരുഭൂമിയില്‍ അലഞ്ഞു നടന്നവരെ ഒരു പട്ടണത്തിലേയ്ക്കു നടത്തി (4 മുതല്‍ 7 വരെയുള്ള വാക്യങ്ങള്‍). ഇരുട്ടില്‍ കഴിഞ്ഞിരുന്നവരെ അവിടെനിന്നും വിടുവിച്ചു (10,14 വാക്യങ്ങള്‍). രോഗികളായിരുന്നവരെ സൗഖ്യമാക്കി: ”അവിടുന്നു വചനം അയച്ച് അവരെ സൗഖ്യമാക്കി” (20-ാം വാക്യം). സമുദ്രത്തിലെ തിരമാലകളില്‍ അകപ്പെട്ടവരെ രക്ഷിച്ചു (25-29 വാക്യങ്ങള്‍). അതുകൊണ്ട് 2-ാം വാക്യം പറയുന്നു: ”ദൈവത്താല്‍ വീണ്ടെടുക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ.” ദൈവം നമുക്കു വേണ്ടി ചെയ്ത കാര്യങ്ങളെ സംബന്ധിച്ച് നാം നിശ്ശബ്ദരാകരുത്. പ്രത്യേകിച്ച് അവിടുന്നു നമ്മെ ശത്രുവിന്റെ കൈകളില്‍ നിന്നും വിടുവിക്കുമ്പോള്‍ ദൈവ മഹത്വത്തിനായി നാം അത് സാക്ഷ്യപ്പെടുത്തണം.

108-ാം സങ്കീര്‍ത്തനം സങ്കീര്‍ത്തനക്കാരനെ വിജയത്തിലേയ്ക്കു നടത്തുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതാണ്. അവന്‍ പറയുന്നു: ”ദൈവമേ, എന്റെ ഹൃദയം സ്ഥിരമായിരിക്കുന്നു. ഞാന്‍ പാടും, ഞാന്‍ അങ്ങയെ പാടി സ്തുതിക്കും. ഞാന്‍ ഉഷസ്സിനെ ഉണര്‍ത്തും”(1,2 വാക്യങ്ങള്‍). ദിനംതോറും അതിരാവിലെ ഉണര്‍ന്ന് എല്ലാറ്റിനും ആദ്യം ദൈവത്തെ സ്തുതിക്കുവാന്‍ അവന്‍ നിശ്ചയിച്ച് ഉറച്ചിരുന്നു. നമുക്കെല്ലാം പിന്തുടരാവുന്ന നല്ല സ്വഭാവമാണിത്.

109-ാം സങ്കീര്‍ത്തനം: ഇവിടെ ദാവീദ് തന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യണമെന്ന് ദൈവത്തോട് ആവശ്യപ്പെടുന്നു. 8-ാം വാക്യം യൂദാസ് ഇസ്‌കര്യോത്താവിനെ സൂചിപ്പിച്ചുകൊണ്ട് പ്രവൃത്തികളുടെ പുസ്തകം ഒന്നാം അദ്ധ്യായത്തില്‍ പത്രൊസ് ഉദ്ധരിച്ചിരിക്കുന്നു- ”മറ്റൊരുവന്‍ അവന്റെ സ്ഥാനം എടുക്കട്ടെ.” യൂദാസ് ദൈവത്താല്‍ വിളിക്കപ്പെട്ടവനായിരുന്നു. എന്നാല്‍ അവന്‍ തന്റെ വലത്തു ഭാഗത്ത് നില്‍ക്കുന്ന സാത്താനെയാണ് ശ്രദ്ധിച്ചത് (6-ാം വാക്യം). ദൈവത്തെ തന്റെ വലത്തു ഭാഗത്ത് നിറുത്തുന്നതിനു പകരം അവന്‍ സാത്താനെ തിരഞ്ഞെടുത്തു. യൂദാസിനു വച്ചിരുന്ന ശുശ്രൂഷയാകണം ദൈവം അപ്പൊസ്തലനായ പൗലൊസിനു നല്‍കിയത്. നാം അവിശ്വസ്തരായിരുന്നാല്‍ നമ്മുടെ ശുശ്രൂഷ മറ്റൊരാള്‍ എടുക്കും.

110-ാം സങ്കീര്‍ത്തനം മശിഹായുടെ സങ്കീര്‍ത്തനമാണ്. ഇവിടെ യേശുവിനെ മല്‍ക്കീസെദേക്കിന്റെ ക്രമപ്രകാരം രാജാവും പുരോഹിതനുമായി പരാമര്‍ശിച്ചിരുന്നു (4-ാം വാക്യം). ഇത് എബ്രായര്‍ 7-ല്‍ ഉദ്ധരിച്ചിരിക്കുന്നു.

111-ാം സങ്കീര്‍ത്തനം നന്മകള്‍ക്കായി ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള ഒന്നാണ്. മുന്‍പുള്ള സങ്കീര്‍ത്തനങ്ങള്‍ പൊതുവെ സഹായത്തിനുള്ള നിലവിളിയായിരുന്നു. എന്നാല്‍ അവസാന സങ്കീര്‍ത്തനങ്ങളിലേയ്ക്കു വരുമ്പോള്‍ കൂടുതല്‍ സ്തുതികളുടെ സങ്കീര്‍ത്തനം നാം കാണുന്നു. അങ്ങനെ ആയിരിക്കണം നമ്മുടെ ജീവിതം. നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ തുടക്കത്തില്‍ സഹായത്തിനുള്ള നിലവിളി പതിവാണ്. എന്നാല്‍ നാം വളരുംതോറും നമ്മുടെ ജീവിതത്തില്‍ കുടുതല്‍ കുടുതല്‍ സ്തുതികള്‍ ഉണ്ടാകണം. 11-ാം വാക്യം ”യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.” ഇത് സദൃശ വാക്യങ്ങളില്‍ കാണുന്നതിനു മുന്‍പ് ഇവിടെ കാണുന്നു. ആരാണ് ഈ സങ്കീര്‍ത്തനം എഴുതിയതെന്ന് നമുക്കറിയില്ല. എന്നാല്‍ ദാവീദാണ് ഇത് എഴുതിയതെങ്കില്‍, ഈ വാചകം ദാവീദ് ആദ്യം പറഞ്ഞത് തന്റെ പുത്രനായ ശാലോമോന്‍ സദൃശവാക്യങ്ങളില്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

112-ാം സങ്കീര്‍ത്തനം വളരെ വളരെ മനോഹരമായ ഒരു സങ്കീര്‍ത്തനമാണ്. എനിക്കു വളരെ ഇഷ്ടപ്പെട്ട ഒന്നാണ് ഈ സങ്കീര്‍ത്തനം. ദൈവത്തെ ഭയപ്പെടുന്നവര്‍ക്കുള്ള അനുഗ്രഹങ്ങളാണ് ഇതില്‍ വിശദീകരിക്കുന്നത്. അങ്ങനെയുള്ള മനുഷ്യന്റെ മക്കള്‍ അനുഗ്രഹിക്കപ്പെടും. അവര്‍ക്ക് ഐശ്വര്യമുണ്ടാകും. അവന്‍ ഇരുളിലായിരിക്കുമ്പോള്‍ ദൈവം അവനു വെളിച്ചം നല്‍കും. അവന്‍ നീതിമാനും ഔദാര്യമുള്ളവനുമായി ആവശ്യക്കാരെ സഹായിക്കും. അവന്റെ ഹൃദയം സ്ഥിരവും ദൈവത്തില്‍ ആശ്രയമുള്ളതുമാകയാല്‍ അവന്‍ ദുര്‍വാര്‍ത്തകളെ ഭയപ്പെടുകയില്ല. ദൈവം അവനെ മാനിക്കുന്നതു കണ്ട് ദുഷ്ടന്‍ അസ്വസ്ഥനാകും. ”അവന്റെ മേലുള്ള ദൈവത്തിന്റെ സ്ഥിരമായ കരുതല്‍ മറ്റുള്ളവരെ സ്വാധീനിക്കും”(6-ാം വാക്യം- ലിവിങ്). അങ്ങനെ ആയിരിക്കണം നമ്മുടെ ജീവിതം. ദൈവം നമ്മെ അനുഗ്രഹിക്കുന്നത് കാണുമ്പോള്‍ നമുക്കു ചുറ്റുമുള്ളവരുടെ ഇടയില്‍ മതിപ്പുണ്ടാകണം.

113-ാം സങ്കീര്‍ത്തനം ദരിദ്രരേയും ആവശ്യത്തിലിരിക്കുന്നവരേയും ഉയര്‍ത്തുന്ന ദൈവത്തെ സ്തുതിക്കുന്ന ഒന്നാണ്. അത്യുന്നതനായ ദൈവത്തിന്റെ താഴ്മയാണ് സ്വര്‍ഗ്ഗത്തെയും ഭൂമിയേയും കടാക്ഷിക്കുന്നത് (5,6 വാക്യങ്ങള്‍).

114-ാം സങ്കീര്‍ത്തനം ഈജിപ്തില്‍ നിന്നു പുറത്തു വന്നു കാനാനില്‍ പ്രവേശിച്ച യിസ്രായേലിനെക്കുറിച്ചു പറയുന്നു.

115-ാം സങ്കീര്‍ത്തനം ദൈവത്തെ വിഗ്രഹങ്ങളുമായി താരതമ്യം ചെയ്യുന്നു. ”ഞങ്ങള്‍ക്കല്ല ദൈവമേ, ഞങ്ങള്‍ക്കല്ല തിരുനാമത്തിനു തന്നെ മഹത്വം ഉണ്ടാകട്ടെ”(1-ാം വാക്യം). ”മരിച്ചവര്‍ ദൈവത്തെ സ്തുതിക്കുന്നില്ല” (17-ാം വാക്യം). അതിനാല്‍ നാം ജീവിച്ചിരിക്കുന്ന കാലത്തോളം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കണം.

116-ാം സങ്കീര്‍ത്തനം: ഇവിടെ സങ്കീര്‍ത്തനക്കാരന്‍ മരണത്തില്‍ നിന്നു തന്നെ രക്ഷിച്ച ദൈവത്തെ സ്തുതിക്കുന്നു. ”യഹോവ എനിക്കു ചെയ്ത സകല നന്മകള്‍ക്കും ഞാന്‍ എന്തു പകരം കൊടുക്കും?”(12-ാം വാക്യം). നാം നിരന്തരം ചോദിക്കേണ്ട ഒരു ചോദ്യമാണിത്.

117-ാം സങ്കീര്‍ത്തനമാണ് വേദപുസ്തകത്തിലെ ഏറ്റവും ചെറിയ അദ്ധ്യായം. സ്തുതിയുടെ രണ്ട് വാക്യങ്ങള്‍!

118-ാം സങ്കീര്‍ത്തനം വിടുതലിനായി നന്ദി അര്‍പ്പിക്കുന്ന ഒന്നാണ്. ”മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്”(8-ാം വാക്യം). യേശുവിന്റെ നാമത്തില്‍ നമുക്കു സാത്താനേയും അവന്റെ ദുരാത്മാക്കളേയും ജയിക്കാം എന്നു മൂന്നു പ്രാവശ്യം നമ്മോട് പറയുന്നു (10,11,12 വാക്യങ്ങള്‍). ”വീട് പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു”(22-ാം വാക്യം). പരീശന്മാര്‍ യേശുവിനെ തള്ളിക്കളഞ്ഞു. എന്നാല്‍ അവിടുന്ന് ഇന്നു സഭയ്ക്കു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു. ആളുകള്‍ നമ്മെ തള്ളിക്കളയാം. എന്നാല്‍ ദൈവം നമ്മെ ഉയര്‍ത്തും. ”ഓ ദൈവമേ, ഞങ്ങളെ രക്ഷിക്കണമേ” (ഹോശന്ന) (25-ാം വാക്യം). ക്രൂശ് മരണത്തിനു മുന്‍പ് യേശു യെരുശലേമിലേയ്ക്കു പ്രവേശിച്ചപ്പോള്‍ കുരുത്തോലകള്‍ വീശിക്കൊണ്ട് ജനം വിളിച്ചു പറഞ്ഞതിതാണ്.

119-ാം സങ്കീര്‍ത്തനം ദൈവിക പ്രമാണങ്ങളുടെ വിശദീകരണമാണ്. വേദപുസ്തകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള അദ്ധ്യായമാണിത്. ഇതിലെ 176 വാക്യങ്ങളും ഏതെങ്കിലും വിധത്തില്‍ ദൈവ വചനത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അക്ഷരമാല ക്രമത്തിലുള്ള ഒരു സങ്കീര്‍ത്തനമാണിത്. ആദ്യ എട്ട് വാക്യങ്ങള്‍ ഏബ്രായ ഭാഷയിലെ ആദ്യാക്ഷരമായ ”ആലേഫില്‍” തുടങ്ങുന്നു. അടുത്ത എട്ട് വാക്യങ്ങള്‍ രണ്ടാമത്തെ അക്ഷരമായ ”ബേത്തില്‍” തുടങ്ങുന്നു. അങ്ങനെ 22 അക്ഷരങ്ങളിലായി എഴുതപ്പെട്ടിരിക്കുന്നു. 9-ാം വാക്യം പറയുന്നു: ”ഒരു ബാലന്‍ തന്റെ വഴി നിര്‍മ്മലമായി സൂക്ഷിക്കുന്നത് ദൈവവചന പ്രകാരം ജീവിക്കുന്നതിലൂ ടെയാണ്.” 11-ാം വാക്യം പറയുന്നത് ദൈവവചനം ഹൃദയത്തില്‍ സൂക്ഷിക്കുന്നതിലൂടെയാണ് പാപം ചെയ്യാതിരിക്കുവാന്‍ സാധിക്കുന്നതെന്നാണ്. 18-ാം വാക്യം ഒരു പ്രാര്‍ത്ഥനയാണ്: ”അവിടുത്തെ ന്യായപ്രമാണത്തിലെ അത്ഭുത കാര്യങ്ങള്‍ കാണുവാന്‍ എന്റെ കണ്ണുകള്‍ തുറക്കണമേ.” 67-ാം വാക്യത്തില്‍ പലവിധ കഷ്ടതകളിലൂടെയാണ് സങ്കീര്‍ത്തനക്കാരന്‍ ദൈവവചനം അനുസരിക്കുവാന്‍ പഠിച്ചതെന്നു പറയുന്നു. ”അങ്ങയുടെ വചനം എന്റെ പാദങ്ങള്‍ക്കു ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു” (105-ാം വാക്യം). ”അവിടുത്തെ വചനം തുറക്കപ്പെടുമ്പോള്‍ അത് പ്രകാശം നല്‍കുന്നു” (130-ാം വാക്യം). 133-ാം വാക്യത്തില്‍ റോമ. 6:14-ല്‍ ഉള്ള പുതിയ നിയമ വാഗ്ദാനം, മുന്‍കൂട്ടി കണ്ട് പറയുന്നു: ”ദൈവമേ ഒരു അകൃത്യവും എന്റെമേല്‍ വാഴരുത്.” ”അവിടുത്തെ ന്യായപ്രമാണത്തെ സ്‌നേഹിക്കുന്നവര്‍ക്കു വലിയ സമാധാനമുണ്ട്” (165-ാം വാക്യം). ഒടുവില്‍ 176-ാം വാക്യം: ”ഞാന്‍ തെറ്റിപ്പോയിരിക്കുന്നു. അടിയനെ തേടി വരണമേ.”

സങ്കീര്‍ത്തനം 120 മുതല്‍ 134 വരെയുള്ള 15 സങ്കീര്‍ത്തനങ്ങള്‍ ”ആരോഹണഗീതം” എന്ന ഒരു വിഭാഗമായി അറിയപ്പെടുന്നു. ഇത് ഒരുപക്ഷേ യിസ്രായേല്യര്‍ യെരുശലേമില്‍ ഉത്സവങ്ങള്‍ക്കായി പോയപ്പോള്‍ പാടിയതിനാല്‍ ആയിരിക്കും. അല്ലെങ്കില്‍ സംഗീത വിധിപ്രകാരം ആരോഹണ ക്രമത്തില്‍ ഉള്ളതിനാലാകാം.

120-ാം സങ്കീര്‍ത്തനം വ്യാജമായി തന്റെ മേല്‍ കുറ്റമാരോപിക്കുന്നവരില്‍ നിന്നും രക്ഷിക്കുന്നതിനുള്ള ഒരു നിലവിളിയാണ്. നമ്മുടെ നാവിനെ നിയന്ത്രിക്കുന്നതിനു കര്‍ശന നിലപാട് സ്വീകരിക്കുന്നതിനു 2 മുതല്‍ 4 വരെയുള്ള വാക്യങ്ങള്‍ നമുക്ക് എടുക്കാം: ”ദൈവമേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നും വഞ്ചനയുള്ള നാവില്‍ നിന്നും എന്നെ രക്ഷിക്കണമേ. വ്യാജമുള്ള നാവേ നിനക്കു എന്ത് ലഭിക്കും? മൂര്‍ച്ചയുള്ള ശരങ്ങളും ചുട്ടുപഴുത്ത പൂവത്തിന്‍ കനലും തന്നെ” (2-4 വാക്യങ്ങള്‍).

121-ാം സങ്കീര്‍ത്തനം ദൈവം നമ്മുടെ കാവല്‍ക്കാരനാണെന്നത് പ്രഘോഷിക്കുന്നു. എനിക്കു സഹായം എവിടെ നിന്നു വരും? തെക്കന്‍ പര്‍വ്വതങ്ങള്‍ക്കപ്പുറത്ത് ഈജിപ്തില്‍ നിന്നോ വടക്കന്‍ പര്‍വ്വതങ്ങള്‍ക്കപ്പുറത്ത് അസീറിയില്‍ നിന്നോ അത് വരുമോ? ഇല്ല. എന്റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തില്‍ നിന്നാകുന്നു. അവിടുന്ന് ഒരിക്കലും ഉറങ്ങുന്നില്ല. രാത്രിയും പകലും ഒരുപോലെ അവിടുന്ന് എന്നെ പരിപാലിക്കുന്നതിനാല്‍ ഒരു ദോഷവും എനിക്ക് ഉണ്ടാവുകയില്ല.

122-ാം സങ്കീര്‍ത്തനം യെരുശലേമിന്റെ (സഭ) സമാധാനത്തിനായുള്ള ഒരു പ്രാര്‍ത്ഥനയാണ്. ”സഭായോഗത്തിനു പോകാം എന്നു അവര്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ദൈവജനത്തിന്റെ മദ്ധ്യേ സഭയിലാണ് എന്റെ ഭവനം.” ദൈവജനത്തോട് ഒപ്പമുള്ള കൂട്ടായ്മയെ വിലമതിക്കുന്നവനാണ് യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യന്‍.

123-ാം സങ്കീര്‍ത്തനം ധാര്‍ഷ്ട്യക്കാരന്റെ കൈയില്‍ നിന്നും സംരക്ഷിക്കുന്ന തിനുള്ള പ്രാര്‍ത്ഥനയാണ്. ”ദാസന്മാരുടെ കണ്ണ് അവരുടെ യജമാനന്റെ അടുക്കലേയ്ക്ക് എന്നപോലെ എന്റെ കണ്ണ് ദൈവത്തിലേയ്ക്കാകുന്നു” (2-ാം വാക്യം). നമ്മുടെ ധാരണയ്ക്കനുസരിച്ച് ദൈവത്തിനു വേണ്ടി ഏതെങ്കിലും ചെയ്ത് ഓടി നടക്കുവാനല്ല – ദൈവത്തിനായി കാത്തിരിക്കുന്നതിനാണ് നമുക്കുള്ള വിളി.

124-ാം സങ്കീര്‍ത്തനം ശത്രുക്കളില്‍ നിന്നും തന്റെ ജനത്തെ രക്ഷിച്ച ദൈവത്തെ സ്തുതിക്കുന്ന ഒന്നാണ്.

125-ാം സങ്കീര്‍ത്തനം ദൈവജനത്തിനുള്ള ഉറച്ച സുരക്ഷിതത്വത്തെക്കുറിച്ച് പറയുന്നു. ”യഹോവയില്‍ ആശ്രയിക്കുന്നവന്‍ സീയോന്‍ പര്‍വ്വതം പോലെയാണ്. അത് ഇളകാതെ എന്നേക്കും നിലനില്ക്കുന്നു. ദൈവം തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു”(1,2 വാക്യങ്ങള്‍).

126-ാം സങ്കീര്‍ത്തനം ബാബിലോണിലെ പ്രവാസത്തില്‍ നിന്നും മടങ്ങി വന്നതിന്റെ ആഘോഷമാണ്. അവര്‍ ബാബിലോണില്‍ വിത്ത് ചുമന്നു കരഞ്ഞുകൊണ്ട് വിതച്ചു. ഇപ്പോള്‍ യെരുശലേമില്‍ സന്തോഷത്തോടെ കൊയ്യുന്നു. സഭ പണിയുന്നതിനു നാം ഇന്നും കണ്ണീരോടെ വിതയ്‌ക്കേണ്ടതുണ്ട്.

127-ാം സങ്കീര്‍ത്തനം ഒരു ഭവനം പണിയുന്നത് സംബന്ധിച്ചുള്ള ഒരു സങ്കീര്‍ത്തനമാണ്. ഈ സങ്കീര്‍ത്തനം എഴുതിയത് 700 ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്ന ശലോമോനാണെന്നത് അത്ഭുതകരമാണ് (1 രാജാ. 11:3)! എത്ര ശക്തമായും കൃത്യമായും പ്രസംഗിച്ചാലും ആ പ്രസംഗിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാതിരിക്കാം എന്നാണിത് കാണിക്കുന്നത്. ഇങ്ങനെ പറയുന്നു: ”ദൈവം ഭവനം പണിയുന്നില്ലെങ്കില്‍ പണിയുന്നവന്‍ അദ്ധ്വാനിക്കുന്നത് വ്യര്‍ത്ഥം. മക്കള്‍ ദൈവത്തിന്റെ ദാനമത്രേ” (1,3 വാക്യങ്ങള്‍). തുടര്‍ന്നു പറയുന്നു നമ്മുടെ മക്കള്‍ വളര്‍ന്നു വരുമ്പോള്‍, നാം അവരെ വളര്‍ത്തിയ രീതി കണ്ട് നമ്മുടെ ശത്രുക്കള്‍ നിശബ്ദരാകണം. എന്നാല്‍ ഈ സങ്കീര്‍ത്തനം എഴുതിയ ആള്‍ ഇന്നു നരകത്തിലാണുള്ളത്.

128-ാം സങ്കീര്‍ത്തനം ദൈവത്തെ ഭയപ്പെട്ട് ജീവിക്കുന്ന ഒരുവന്റെ അനുഗ്രഹിക്കപ്പെട്ട കുടുംബ ജീവിതത്തെ സംബന്ധിച്ചുള്ളതാണ്.

129-ാം സങ്കീര്‍ത്തനം വീണ്ടുമൊരു മശിഹാസങ്കീര്‍ത്തനമാണ്. സീയോനെ (സഭയെ) വെറുക്കുന്നവര്‍ ലജ്ജിതരാകണമെന്നു സങ്കീര്‍ത്തനക്കാരന്‍ പ്രാര്‍ത്ഥിക്കുന്നു.

130-ാം സങ്കീര്‍ത്തനം ദൈവത്തിനായുള്ള അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്ന ഒന്നാണ്. ”അവിടുത്തെ ഭയപ്പെടുവാന്‍ തക്കവണ്ണം ക്ഷമ അങ്ങയുടെ പക്കല്‍ ഉണ്ട്”(4-ാം വാക്യം). ദൈവം നമ്മോടു ക്ഷമിക്കുന്നു. അതു നാം തന്നെ ഭയപ്പെട്ടു വീണ്ടും പാപം ചെയ്യാതിരിക്കാന്‍ വേണ്ടിയാണ്.

131-ാം സങ്കീര്‍ത്തനം പ്രകടമാക്കുന്നതു ഒരു ശിശുവിനെപ്പോലെ ദൈവത്തില്‍ ആശ്രയിക്കുന്ന മനോഭാവത്തെയാണ്. ഒന്നാം വാക്യം നമുക്കു പിന്തുടരുവാന്‍ സാധിക്കുന്ന നല്ലൊരു മാതൃകയാണ്. നമുക്കു അനുഭവമില്ലാത്ത കാര്യങ്ങളിലും നമുക്കു മനസ്സിലാക്കാന്‍ പ്രാപ്തിയില്ലാത്ത കാര്യങ്ങളിലും ഇടപെടാതിരിക്കുക. നമ്മുടെ പരിധിക്കു പുറത്ത് ധാരാളം കാര്യങ്ങളുണ്ട്. അവ ദൈവകരങ്ങളിലിരിക്കു ന്നതാണ് നല്ലത്.

132-ാം സങ്കീര്‍ത്തനം ദൈവത്തിന് ഒരു ആലയം പണിയുന്നതിനുള്ള ദാവീദിന്റെ അതിയായ ആഗ്രഹത്തെ സംബന്ധിച്ച് പറയുന്നു (4,5 വാക്യങ്ങള്‍). എന്നാല്‍ അതിനുള്ള അവകാശം അവനു കൊടുത്തില്ല. സഭയുടെ പണിയ്ക്കായി ഇത്തരത്തിലുള്ള ഒരു ആഗ്രഹം നമുക്കുണ്ടാകണം.

133-ാം സങ്കീര്‍ത്തനത്തിന്റെ വിഷയം ഐക്യതയാണ്. ”സഹോദരന്മാര്‍ ഐക്യ ത്തോടെ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര ആനന്ദപ്രദവുമാണ്!” (1-ാം വാക്യം). സീയോന്‍ (സഭ) പണിയുന്നതിനുള്ള അടിസ്ഥാനപരമായ ആവശ്യം ഐക്യം ആണ്. കാരണം ദൈവത്തിന്റെ അഭിഷേകവും അനുഗ്രഹവും അതിന്റെ നിറവില്‍ ഒഴുകുന്നത് ഐക്യമുള്ളയിടത്താണ് (2,3 വാക്യങ്ങള്‍). പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്ന 120 പേരുടെ ആദ്യ സംഘത്തിന്റെ മേല്‍ പരിശുദ്ധാത്മാവ് വന്നതിനു കാരണം അവര്‍ ”ഒരു മനസ്സുള്ളവരായിരുന്നു” (പ്രവൃ. 1:14).

134-ാം സങ്കീര്‍ത്തനം ആരോഹണ ഗീതങ്ങളില്‍ അവസാനത്തേതാണ്. ഇവിടെ ദൈവത്തെ സ്തുതിക്കുവാന്‍ ജനത്തെ ക്ഷണിക്കുന്നു.

135-ാം സങ്കീര്‍ത്തനം ദൈവത്തിന്റെ മഹത്വത്തെ വിഗ്രഹങ്ങളുടെ നിര്‍ജ്ജീവാ വസ്ഥയോട് താരതമ്യം ചെയ്യുന്നു. ”വിഗ്രഹങ്ങളെ നിര്‍മ്മിക്കുന്നവര്‍ അവയെപ്പോലെ ആകുന്നു” (18-ാം വാക്യം). നാം ആരാധിക്കുന്ന ദൈവത്തെപ്പോലെ നാം ആയിത്തീരും. നമ്മള്‍ ആരാധിക്കുന്ന ദൈവം എപ്പോഴും ആളുകളുടെ കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു ”പൊലീസുകാരന്‍” ആണെങ്കില്‍ നമ്മളും മറ്റുള്ളവരോട് ഒരു ”പൊലീസുകാരന്‍”ആയിരിക്കും. എന്നാല്‍ നാം ആരാധിക്കുന്നത് കരുണയും മനസ്സലിവും ഉള്ള സ്‌നേഹവാനായ സ്വര്‍ഗ്ഗീയ പിതാവിനെ ആണെങ്കില്‍ നമ്മള്‍ മറ്റുള്ളവരോടും പെരുമാറുന്നത് അവിടുത്തെ പോലെ തന്നെ ആയിരിക്കും.

136-ാം സങ്കീര്‍ത്തനം വര്‍ഷങ്ങളോളം യിസ്രായേലിന്റെ മേല്‍ ചൊരിഞ്ഞ ദൈവത്തിന്റെ സ്‌നേഹത്തിനും കരുണയ്ക്കും നന്ദി അര്‍പ്പിക്കുന്ന ഒന്നാണ്.

137-ാം സങ്കീര്‍ത്തനം ബാബിലോണില്‍ ബന്ധനസ്ഥരായിരുന്ന യിസ്രായേല്‍ മക്കളുടെ അനുഭവം സംബന്ധിച്ചുള്ളതാണ്. അവിടെ വച്ച് അവര്‍ മറ്റെന്തിനേക്കാളും അധികമായി യെരുശലേമിനെ വിലമതിക്കുവാന്‍ പഠിച്ചു. ഈ ഭൂമിയില്‍ മറ്റെന്തിനെക്കാളും അധികമായി നാം സഭയെ വിലമതിക്കണം. 7 മുതല്‍ 9 വരെയുള്ള വാക്യങ്ങളില്‍ ബാബിലോണിനോട് പ്രകടിപ്പിക്കുന്ന അതേ വെറുപ്പ് ആയിരിക്കണം ഇന്നത്തെ ക്രിസ്തീയ ലോകത്തില്‍ ദൈവത്തിനു മഹത്വം കൊടുക്കാതെ മനുഷ്യന്റെ പാരമ്പര്യത്തിനു പ്രാധാന്യം കൊടുത്തു പണിയുന്ന മതപരമായ ക്രിസ്തീയ സംവിധാനങ്ങളോട് നമുക്കുണ്ടാകേണ്ടത്. ഈ വെറുപ്പ് ഇത്തരം സംവിധാനത്തിലുള്ള വ്യക്തികളോടല്ല, ആ സംവിധാനത്തോടാണ് നമുക്കുണ്ടാകേണ്ടത്.


138-ാം സങ്കീര്‍ത്തനം നന്ദിയുടേയും ദൈവത്തിലുള്ള വിശ്വാസത്തിന്റേയും ഒരു പ്രാര്‍ത്ഥനയാണ്. ”സകലത്തിനും മേലായി തിരുനാമത്തെയും തിരുവചനത്തേയും അവിടുന്നു മഹത്വപ്പെടുത്തിയിരിക്കുന്നു” (2-ാം വാക്യം). ദൈവവചനം അവിടുത്തെ നാമംപോലെ ഉന്നതമാണ്. ദൈവവചനം അനുസരിക്കാതെ അതിനെ നിന്ദിക്കുന്നത് യേശുവിന്റെ നാമത്തെ നിന്ദിക്കുന്നതുപോലെ ഗൗരവമുള്ളതാണ്. ”എന്നെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം ദൈവം നിറവേറ്റും” (8-ാം വാക്യം). ദാവീദിന് ഈ വിശ്വാസമുണ്ടാ യിരുന്നു.

139-ാം സങ്കീര്‍ത്തനം ദൈവം സര്‍വ്വവ്യാപിയും സകലവും അറിയുന്നവനുമെന്നു വിശദീകരിക്കുന്നു. നാം എവിടെ പോയാലും ദൈവ സാന്നിദ്ധ്യമുണ്ട് (7-12 വാക്യങ്ങള്‍). അതാണ് നമ്മുടെ ജീവിതത്തെ ഇത്ര സുരക്ഷിതമാക്കുന്നത്. നാം ജനിച്ച നാള്‍ മുതല്‍ നാം ഭൂമിയില്‍ ജീവിക്കുന്ന ഓരോ ദിവസവും അവിടുത്തെ മുന്‍ നിശ്ചയത്തില്‍ ആസൂത്രണം ചെയ്ത് ഒരു പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നു (16-ാം വാക്യം). ദൈവം അത് ഒരു സമയത്ത് ഒരു പേജ് എന്നവണ്ണം നമുക്കു വെളിപ്പെടുത്തി തരും. ആ പദ്ധതി അനുസരിച്ച് നാം ഓരോ ദിവസവും ജീവിച്ചാല്‍ നമ്മുടെ ജീവിതത്തിന്റെ അവസാനമെത്തുമ്പോള്‍ നമുക്കു ദുഃഖിക്കേണ്ടി വരികയില്ല. 24-ാം വാക്യം നാം ഇടയ്ക്കിടെ പ്രാര്‍ത്ഥിക്കേണ്ട ഒരു നല്ല പ്രാര്‍ത്ഥനയാണ്: ”അങ്ങയെ വ്യസനിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്നു എന്നെ കാണിച്ചു തരണമേ.”

140-ാം സങ്കീര്‍ത്തനം ദുഷ്ടമനുഷ്യനില്‍ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള മറ്റൊരു പ്രാര്‍ത്ഥനയാണ്. പരമാര്‍ത്ഥ ഹൃദയര്‍ മാത്രമേ അവിടുത്തെ സന്നിധിയില്‍ വസിക്കുകയുള്ളു (13-ാം വാക്യം).

141-ാം സങ്കീര്‍ത്തനം നമ്മുടെ ഹൃദയവും വാക്കുകളും ശുദ്ധമായിരിക്കുന്നതിനും അങ്ങനെ സംരക്ഷിക്കപ്പെടുന്നതിനും വേണ്ടി ദൈവത്തോടുള്ള ഒരു നിലവിളിയാണ്. ”ദൈവമേ എന്റെ വായ്ക്ക് ഒരു കാവല്‍ നിറുത്തണമെ. എന്റെ ഹൃദയം തിന്മയിലേയ്ക്കു തിരിയുവാന്‍ അനുവദിക്കരുതേ” (3,4 വാക്യങ്ങള്‍).

142-ാം സങ്കീര്‍ത്തനം സഹായത്തിനുള്ള മറ്റൊരു നിലവിളിയാണ്.

143-ാം സങ്കീര്‍ത്തനം നിര്‍ദ്ദേശങ്ങള്‍ക്കും വിടുതലിനും വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയാണ്. ”അങ്ങയുടെ ഹിതം ചെയ്യുവാന്‍ എന്നെ പഠിപ്പിക്കണമെ. അങ്ങയുടെ നല്ല ആത്മാവ് സമഭൂമിയില്‍ എന്നെ നയിക്കട്ടെ” (10-ാം വാക്യം). സമഭൂമിയെന്നാല്‍ ഉയര്‍ച്ച താഴ്ചകളില്ലാതെ സ്ഥിരമായി പുരോഗമിക്കുന്ന അനുഭവമാണ്.

144-ാം സങ്കീര്‍ത്തനം വിടുതലിനും ദാവീദിന്റെ സന്തതികളെ അനുഗ്രഹിക്കു ന്നതിനും വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയാണ്. തന്റെ പുത്രന്മാര്‍ തഴച്ചു വളര്‍ന്നു ശക്തിയുള്ള വൃക്ഷങ്ങള്‍ പോലെയും പുത്രിമാര്‍ കൊട്ടാരത്തിലെ തൂണുകള്‍ പോലെയും ആകണമെന്ന് അവന്‍ ആഗ്രഹിക്കുന്നു (12-ാം വാക്യം).

145-ാം സങ്കീര്‍ത്തനം ദൈവത്തിന്റെ മഹത്വത്തെ സ്തുതിക്കുന്ന ഒന്നാണ്. ”ദൈവം തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാണ്. തന്റെ ഭക്തന്മാരുടെ ആഗ്രഹങ്ങള്‍ അവിടുന്നു നിറവേറ്റുന്നു” (18,19).

146-ാം സങ്കീര്‍ത്തനം: അവസാന അഞ്ച് സങ്കീര്‍ത്തനങ്ങളും സ്തുതിയുടെ സങ്കീര്‍ത്തനങ്ങളാണ്. ഇത് ദൈവത്തെ അവിടുത്തെ സൃഷ്ടിയുടെ ശക്തിയും നന്മയും ഓര്‍ത്ത് സ്തുതിക്കുന്നതാണ്. ഒരു മനുഷ്യനില്‍, പ്രഭുക്കന്മാരില്‍ പോലും, ആശ്രയിക്കരുതെന്ന് ഇവിടെ പറയുന്നു (3-ാം വാക്യം).

147-ാം സങ്കീര്‍ത്തനവും ദൈവത്തെ അവിടുത്തെ സൃഷ്ടിയുടെ മഹത്വം കണ്ട് സ്തുതിക്കുന്നതാണ്. അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യമാക്കുന്നു (3-ാം വാക്യം). ”അവിടുന്നു സഭയെ പണിയുന്നു.” അവിടുന്നു അത്ഭുതകരമായ പല കാര്യങ്ങളും ചെയ്യുന്നു.

148-ാം സങ്കീര്‍ത്തനം എല്ലാ സൃഷ്ടിയും ദൈവത്തെ സ്തുതിക്കുവാന്‍ ആവശ്യപ്പെടുന്നു.

149-ാം സങ്കീര്‍ത്തനം ദൈവത്തെ എല്ലാ സമയത്തും സ്തുതിക്കുന്നതിനു ക്ഷണിക്കുകയാണ്. ”താഴ്മയുള്ളവരെ അവിടുന്നു രക്ഷയാല്‍ അലങ്കരിക്കുന്നു” (4-ാം വാക്യം). ദൈവം നിങ്ങളെ അലങ്കരിക്കണമെങ്കില്‍ നിങ്ങള്‍ താഴ്മയുള്ളവനായിരിക്കണം. നമ്മുടെ കിടക്കകളില്‍ സന്തോഷ ഗാനം ആലപിക്കുന്നവരും, എപ്പോഴും വായില്‍ ദൈവത്തിനു സ്തുതിയുള്ളവരും, സാത്താന്റേയും അവന്റെ ദുരാത്മാക്കളുടെയും പ്രവൃത്തികളെ ബന്ധിക്കുവാന്‍ ദൈവവചനം കൈയില്‍ ഉള്ളവരും ആയിരിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് (5-8 വാക്യങ്ങള്‍). ദൈവത്തോടുള്ള സ്തുതിയും സാത്താന്റെ ശക്തിയെ ബന്ധിക്കുന്നതും എപ്പോഴും ഒരുമിച്ച് പോകുന്നു.

150-ാം സങ്കീര്‍ത്തനം ഗംഭീരമായ സമാപനമാണ്. ഈ സങ്കീര്‍ത്തനത്തില്‍ ”സ്തുതി” എന്ന വാക്ക് 13 തവണ നാം വായിക്കുന്നു! ”ജീവനുള്ളവയെല്ലാം ദൈവത്തെ സ്തുതിക്കട്ടെ” എന്നു പറഞ്ഞ് സമാപിക്കുന്നു (6-ാം വാക്യം). ദൈവത്തെ സ്തുതിക്കുവാന്‍ സാധിക്കാത്ത ഒരു വിഭാഗം ആളുകള്‍ മാത്രമേയുള്ളു. ശ്വസിക്കാന്‍ കഴിയാത്ത ഒരുവന്‍ – മരിച്ചവന്‍. അല്ലാതെയുള്ള എല്ലാവരും എപ്പോഴും ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കും. നമ്മുടെ ജീവിതം അങ്ങനെയാകട്ടെ – ആമേന്‍.

സങ്കീര്‍ത്തനങ്ങളുടെ രചയിതാക്കള്‍

രചയിതാവ്സങ്കീര്‍ത്തനങ്ങള്‍ആകെ
ദാവീദ്3,4,5,6,7,8,9,11,12,13,14,15,16,17,18,19,20,
21,22,23,24,25,26,27,28,29,30,31,32,34,35,36,37,38,
39,40,41,51,52,53,54,55,56,57,58,59,60,61,62,63,64,65,68,69,
70,86,101,103,108,109,110,122,124,131,133,138,139,140,141,
142,143,144,145
73
ആസാഫ്50,73,74,75,76,77,78,79,80,81,82,83 12
കോരഹ് പുത്രന്മാര്‍42,44,45,46,47,48,49,84,85,87 10
ശലോമോന്‍72,1272
മോശെ901
ഹേമാന്‍881
ഏഥാന്‍891
അജ്ഞാതര്‍1,2,10,33,43,66,67,71,91,92,93,94,95,96,97,98
99,100,102,104,105,106,107,111,112,113,114,115,116
117,118,119,120,121,123,125,126,128,129,130,132,134
135,136,137,146,147,148,149,150
50
സങ്കീര്‍ത്തനങ്ങളുടെ രചയിതാക്കള്‍