ജോജി ടി. സാമുവല്‍
മലയാള മനോരമ ഓണ്‍ലൈനില്‍ ഇന്നത്തെ ചിന്താവിഷയം എന്ന നിലയില്‍ പലവര്‍ഷങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളുടെ തിരഞ്ഞെടുത്തസമാഹാരം. വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ചുള്ള 58 കുറിപ്പുകള്‍. സമകാലികസംഭവങ്ങള്‍, സമൂഹത്തിലെ പുതിയ പ്രവണതകള്‍, കുടുംബജീവിതം തുടങ്ങിയവയെഅടിസ്ഥാനപ്പെടുത്തിയുള്ള ആത്മീയ ചിന്തകള്‍. ഒട്ടേറെ ഉദാഹരണങ്ങളുടെയും സംഭവകഥകളുടെയും വിവിധ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികളുടെയും പിന്‍ബലത്തില്‍തികഞ്ഞ ഉള്‍ക്കാഴ്ചയോടെ എഴുതിയിരിക്കുന്ന ലേഖനങ്ങള്‍.
1 .സ്‌നേഹത്തിന്റെ അടിത്തറ; സൗന്ദര്യത്തിന്റെ മേല്‍ക്കൂര
പെട്ടെന്നു പുറത്തെ വെളിച്ചം മങ്ങിയതുപോലെ. മഴ പെയ്യാന്‍ പോകുകയാണോ? ഞാന്‍ മുഖം ഉയര്‍ത്തി ജനാലയിലൂടെ പുറത്തേക്കു നോക്കി. ഉവ്വ്, ആകാശത്തു മഴമേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. അവിടെ നിന്നു കണ്ണുകള്‍ തിരിച്ച് എതിരെ ഇരിക്കുന്ന യുവതിയുടെ മുഖത്തേക്കു നോക്കി. ആ മിഴികളിലും പെയ്‌തൊഴിയാത്ത കരിമേഘങ്ങള്‍.
പുറത്ത് മഴയ്ക്കു മുന്നോടിയായ ഒരു പിശറന്‍ കാറ്റ് വൃക്ഷത്തലപ്പുകളെ കുലുക്കി കടന്നു പോയി. അവള്‍ ഒന്നും അറിയുന്നില്ല. കുടുംബ പ്രശ്‌നങ്ങളില്‍ ഉപദേശം തേടി വന്നതാണ്. നേരത്തേ ഇരുവരുമായും സംസാരിച്ചിരുന്നതാണ്. കുറച്ചു നാളത്തേക്കു പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ വീണ്ടും… ഓര്‍മയില്‍ നിന്നു ഞെട്ടിയുണര്‍ന്ന് അവള്‍ പിന്നെയും പറഞ്ഞു തുടങ്ങി: ‘ഇപ്പോള്‍ എന്നെ ഇഷ്ടമില്ലെന്നാ പറയുന്നത്.’
‘എന്താ കാരണം?’
‘എനിക്കു സൗന്ദര്യം പോരെന്ന്…’ അവള്‍ ഒരു നിമിഷം നിര്‍ത്തി. പിന്നെ നിഷ്‌കളങ്കതയോടെ ചോദിച്ചു: ‘സൗന്ദര്യം ഇല്ലെങ്കില്‍ ഇഷ്ടം വരൂല്ലേ?’
സൗന്ദര്യം, ഇഷ്ടം എന്നിവയെ ബന്ധപ്പെടുത്തി രണ്ടു കാഴ്ചപ്പാടുകളാണുള്ളത്. സൗന്ദര്യമുള്ളതിനെ നാം ഇഷ്ടപ്പെടുന്നു എന്നതാണ് അതില്‍ ഒന്ന്. ഇഷ്ടപ്പെടുന്നതില്‍ നാം സൗന്ദര്യം കണ്ടെത്തുന്നു എന്നതാണ് മറ്റേത്.
‘സൗന്ദര്യമുള്ള വസ്തു എന്നും സന്തോഷം പ്രദാനം ചെയ്യുന്നു’ എന്ന കീറ്റ്‌സിന്റെ പ്രസിദ്ധമായ വരിയുടെ ചുവടു പിടിച്ച് സൗന്ദര്യമുള്ളതിനെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ടാകാം. അവര്‍ സ്‌നേഹത്തെ വൈകാരികമായ തലത്തില്‍ കാണുന്നവരാണ്. അപ്പോള്‍ മറുചോദ്യം ഇങ്ങനെ വരാം: സ്‌നേഹം വികാരമല്ലേ?
പ്രസിദ്ധനായ വേദപണ്ഡിതനും ക്രിസ്തീയ പ്രസംഗകനുമായ രവി സഖറിയാസ് തന്റെ ഒരനുഭവം ഇങ്ങനെ പങ്കു വച്ചിട്ടുണ്ട്: രവിയും ജ്യേഷ്ഠനും വിദേശത്തു കഴിയുന്ന കാലം. രവിയുടെ ജ്യേഷ്ഠന് മാതാപിതാക്കള്‍ ഒരു പെണ്‍കുട്ടിയെ നാട്ടില്‍ കണ്ടുവച്ചു. പെണ്‍കുട്ടിയെ വന്നു കണ്ട് വിവാഹവും നടത്തിപോകുവാന്‍ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് ഇന്ത്യയിലേക്കു ജ്യേഷ്ഠന്‍ പുറപ്പെടുന്നു. ഈ പരിപാടി രവിക്ക് ഒട്ടും ദഹിക്കുന്നതായിരുന്നില്ല. മാതാപിതാക്കള്‍ മകനുവേണ്ടി വധുവിനെ തിരഞ്ഞെടുക്കുന്നു. അനുസരണമുള്ള മകന്‍ പോയി മാതാപിതാക്കള്‍ നിശ്ചയിച്ച കുട്ടിയെ വിവാഹം കഴിക്കുന്നു. എന്തൊരു പഴഞ്ചന്‍ ഏര്‍പ്പാട്!
ഇന്ത്യയിലേക്കുള്ള വിമാനം കയറ്റിവിടാനായി രവി ജ്യേഷ്ഠനെ വിമാനത്താവളത്തിലേക്കു കാറില്‍ കൊണ്ടു പോകുകയാണ്. വഴിയില്‍ രവി ജ്യേഷ്ഠനോടു തന്നെ തന്റെ സംശയം ചോദിച്ചു: ‘മാതാപിതാക്കള്‍ തീരുമാനിച്ച കുട്ടിയെ ഭാര്യയായി സ്‌നേഹിക്കാന്‍ എങ്ങനെ ജ്യേഷ്ഠനു കഴിയും?’
ഇതിനു ജ്യേഷ്ഠന്‍ നല്‍കിയ മറുപടി വര്‍ഷങ്ങള്‍ക്കു ശേഷം രവി ഓര്‍ത്തെടുക്കുന്നുണ്ട്. അന്നു ജ്യേഷ്ഠന്‍ പറഞ്ഞു: ‘രവീ, സ്‌നേഹം എന്നു പറയുന്നത് ഒരു വികാരമല്ല, ഒരു ഇച്ഛയാണ്.’
സ്‌നേഹം വികാരത്തിലല്ല, മറിച്ച് തീരുമാനത്തിലാണ്, ഇച്ഛയിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് അന്ന് ജ്യേഷ്ഠന്‍ പറഞ്ഞപ്പോള്‍ രവിക്കു വേണ്ടതുപോലെ മനസ്സിലായില്ലെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ബൈബിളില്‍ നിന്നുള്ള ഒരു വചനം അദ്ദേഹത്തിന്റെ കണ്ണു തുറപ്പിച്ചു. സ്‌നേഹത്തെക്കുറിച്ചു ബൈബിളിലുള്ള ഏറ്റവും പ്രസിദ്ധമായ വചനങ്ങളിലൊന്ന്. യോഹന്നാന്‍ 3:16: ‘തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.’ മാനവരാശിയോടുള്ള ദൈവത്തിന്റെ ഈ സ്‌നേഹം വികാരത്തിലായിരുന്നില്ല, മറിച്ച് തീരുമാനത്തിലധിഷ്ഠിതമായ, ഇച്ഛയുടെ ഒരു നിലപാടായിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത, നിസ്വാര്‍ഥമായ, തന്നെത്തന്നെ നഷ്ടപ്പെടുത്തുന്ന ‘അഗപ്പെ’ സ്‌നേഹമായിരുന്നു മനുഷ്യനോടുള്ള ബന്ധത്തില്‍ ദൈവത്തിന്റേത്.
ഭര്‍ത്താവ് ഭാര്യയ്ക്കു നല്‍കേണ്ടത് ദൈവത്തിന്റേതുപോലെയുള്ള അഗപ്പെ സ്‌നേഹമാണെന്നു ഭാര്യാഭര്‍ത്തൃ ബന്ധത്തെക്കുറിച്ചു പറയുമ്പോള്‍ സെന്റ് പോള്‍ പറയുന്നു (എഫെസ്യര്‍ 5:25). എങ്കില്‍ ആ സ്‌നേഹം വികാരത്തിലല്ല, തീരുമാനത്തിലാണ് അധിഷ്ഠിതമായിരിക്കേണ്ടത്. വികാരത്തെ ഉണര്‍ത്തുന്നത് സൗന്ദര്യമാണെങ്കില്‍ സൗന്ദ ര്യം നഷ്ടപ്പെടുമ്പോള്‍ വികാരം വറ്റിപ്പോകും. മറിച്ച് ഭര്‍ത്താവിന്റെ സ്‌നേഹം, ദൈവസ്‌നേഹം പോലെ ഇച്ഛയില്‍ അധിഷ്ഠിതമാണെങ്കില്‍ സൗന്ദര്യം നഷ്ടപ്പെട്ടാലും ആരോഗ്യം കുറഞ്ഞാലും അത് ഉതിര്‍ന്നു പോകുന്നില്ല (1 കൊരി. 13:8). കാരണം അതു തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത, നിസ്വാര്‍ഥമായ, ഉദാത്തമായ ‘അഗപ്പെ’ സ്‌നേഹമാണ്.
സൗന്ദര്യമുള്ളതിനെ ഇഷ്ടപ്പെടുന്നതായിരുന്നില്ല ദൈവത്തിന്റെ രീതി, മറിച്ച് ഇഷ്ടപ്പെടുന്നതില്‍ സൗന്ദര്യം കണ്ടെത്തുന്നതായിരുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ഉദാത്തമായ സ്‌നേഹത്തിന്റെ കഥ ഭംഗ്യന്തരേണ പറയുന്ന ഉത്തമഗീതം എന്ന ബൈബിള്‍ ഗ്രന്ഥത്തില്‍ നിന്ന് ഇതു വ്യക്തമാണ്. അവിടെ മനുഷ്യനെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകഥാപാത്രം സ്വയം വിലയിരുത്തുന്നത് ‘താന്‍ ഇരുണ്ട നിറമുള്ളവളും അഴകില്ലാത്തവളുമാണെന്നാണ്’ (ഉ.ഗീതം 1:5). എന്നാല്‍ ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന കാമുകന്‍ പറയുന്നു: ‘എന്റെ പ്രിയേ നീ സുന്ദരി, നീ സുന്ദരി തന്നെ, നീ സര്‍വ്വാംഗ സുന്ദരി’ (ഉ.ഗീതം 1:15; 4:1; 4:7). ഇഷ്ടപ്പെടുന്നതില്‍ സൗന്ദര്യം കണ്ടെത്തുന്നതാണിത്.
നാം സ്‌നേഹിക്കുന്നതില്‍ ഇല്ലാത്ത സൗന്ദര്യം കണ്ടെത്താന്‍ കഴിയുന്നതെങ്ങനെയാണ്? അതൊരു ആത്മ വഞ്ചനയല്ലേ? ഇതിനു മറുപടിയായി ഒരു കഥ കേള്‍ക്കുക:
ലോക സുന്ദരിയെ തിരഞ്ഞെടുക്കുന്ന വലിയൊരു പരിപാടിയാണ് ആ പട്ടണത്തില്‍ നടക്കുന്നത്. ഒട്ടേറെ ആളുകള്‍ ആ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിനു മുന്‍പില്‍ തടിച്ചു കൂടിയിട്ടുണ്ട്. എങ്ങും ആളും ബഹളവും വാഹനങ്ങളും. പെട്ടെന്ന് കഷ്ടിച്ചു നാലു വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടി അമ്മയെ കാണാതെ ഒറ്റപ്പെട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു നിലവിളിക്കാന്‍ തുടങ്ങി. പൊലീസ് കുട്ടിയുടെ രക്ഷയ്ക്ക് എത്തി. കുട്ടിക്ക് അമ്മയെ കാണണം. പക്ഷേ കുട്ടിക്ക് അമ്മയുടെ പേരാകട്ടെ, മേല്‍വിലാസമാകട്ടെ ഒന്നും അറിയില്ല. അമ്മയെ കണ്ടെത്താന്‍ സഹായകരമാകുന്ന എന്തെങ്കിലും വിവരം കുട്ടിയില്‍ നിന്നു കിട്ടാന്‍ പൊലീസ് കിണഞ്ഞു ശ്രമിച്ചു. ഒടുവില്‍ കുഞ്ഞില്‍ നിന്ന് ഒരു സുപ്രധാന വിവരം കിട്ടി. അവള്‍ പറഞ്ഞു: ‘എന്റെ അമ്മ ലോകത്തിലേക്കും അതിസുന്ദരിയായ സ്ത്രീയാണ്.’ പൊലീസ് ഓഫീസര്‍ക്ക് ആശ്വാസമായി. ഓ, ലോകസുന്ദരി മല്‍സരത്തില്‍ ഒന്നാമതെത്തിയ സ്ത്രീയുടെ കുട്ടിയാണിത്. അദ്ദേഹം ഉടന്‍ തന്നെ കുട്ടിയെ ലോകസുന്ദരിയുടെ അടുത്തെത്തിച്ചു. പക്ഷേ കുട്ടിയെ അവര്‍ക്ക് അറിഞ്ഞുകൂടാ. അവര്‍ വിവാഹിത പോലുമല്ല. കുട്ടിയും പറഞ്ഞു: ‘ഇതൊന്നുമല്ല എന്റെ അമ്മ. ഞാന്‍ പറഞ്ഞില്ലേ അവര്‍ ലോകത്തിലേക്കും ഏറ്റവും സുന്ദരിയാണെന്ന്! ഇതാണോ സുന്ദരി?’ കുട്ടി മൂക്കത്തു വിരല്‍ വച്ചു. പൊലീസ് ഓഫീസര്‍ ആകെ കുഴങ്ങി. സൗന്ദര്യ റാണിയെക്കാളും സുന്ദരിയായ സ്ത്രീയുടെ മകളോ ഇവള്‍?
പക്ഷേ, സംശയിച്ചു നില്‍ക്കാന്‍ സമയമില്ല. കുട്ടി, ‘അമ്മയെ കാണണം’ എന്നു പറഞ്ഞ് അടുത്ത നിലവിളിക്കു വട്ടം കൂട്ടുകയാണ്. പൊലീസ് ഓഫീസര്‍ മല്‍സരത്തില്‍ പങ്കെടുത്ത മറ്റു സുന്ദരിമാരില്‍ ആരുടെയെങ്കിലും മകളാണോ എന്നറിയാന്‍ അവരുടെ അടുത്തേക്കു കൂട്ടിക്കൊണ്ടു പോയി. ആരെ കണ്ടാലും കുട്ടിക്ക് ഒരേയൊരു വായ്ത്താരി: ‘ഇതൊന്നുമല്ല എന്റെ അമ്മ. ഞാന്‍ പറഞ്ഞില്ലേ അവര്‍ ലോകത്തിലേക്കും ഏറ്റവും സുന്ദരിയാണെന്ന്!’
ഈ ബഹളത്തിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ‘മോളേ’ എന്നു വിളിച്ചുകൊണ്ട് ഒരു സ്ത്രീ ഓടിവന്നു. പൊലീസ് ഓഫീസറുടെ കൈവിട്ട് കുഞ്ഞും അവരുടെ നേരെ ഓടി – ‘അേേമ്മേ.’
പൊലീസ് ഓഫീസര്‍ അന്തം വിട്ടു പോയി. എടുത്തു പറയത്തക്ക ഒരു സൗന്ദര്യവുമില്ലാത്ത ഒരു സാധാരണക്കാരിയായ സ്ത്രീയാണിവര്‍! കൈവിട്ടു പോയ കുട്ടിയെ അമ്മ ആശ്ലേഷിക്കുന്നതിനിടെ കുട്ടി പൊലീസ് ഓഫീസറുടെ നേരെ തിരിഞ്ഞ് വിജയസ്മിതത്തോടെ ചോദിച്ചു: ‘ഞാന്‍ അപ്പഴേ പറഞ്ഞില്ലേ ലോകത്തിലേക്കും സുന്ദരിയാണ് എന്റെ അമ്മയെന്ന്. ഇപ്പോള്‍ മനസ്സിലായോ?’
അപ്പോള്‍ അതാണു കാര്യം. സൗന്ദര്യം, നോക്കുന്ന ആളിന്റെ മനസ്സിലാണ്. സ്‌നേഹമുള്ളവരില്‍ നാം സൗന്ദര്യം കണ്ടെത്തുകയാണ്. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണല്ലോ.
ദൈവവചനാധിഷ്ഠിതമായ ഓരോ വിവാഹവും വികാരത്തിന്റെ ഒരു തിരത്തള്ളലല്ല, മറിച്ച് ഇച്ഛയുടെ ഒരു നിലപാടാകണം. ദൈവം എനിക്കു തന്ന ജീവിത പങ്കാളി. എന്റെ സ്വന്തം. ആ നിലപാടും ബോധ്യവും സൗന്ദര്യത്തെക്കുറിച്ചു പുതിയ അവബോധം നല്‍കും. ആ നിലപാടുതറയുടെ പാറമേല്‍ പണിയുന്ന ഭവനം കൊടുങ്കാറ്റുകളെ അതിജീവിക്കും.
പുറത്ത് ഇതിനകം മഴ കനത്തിരുന്നു. ‘സൗന്ദര്യം ഇല്ലെങ്കില്‍ ഇഷ്ടം വരൂല്ലേ?’ എന്ന ചോദ്യം എന്നില്‍ ഉണര്‍ത്തി വിട്ട ചിന്തകളെക്കുറിച്ച് ഒരൂഹവും കിട്ടാതെ അവള്‍ പുറത്തെ മഴ നോക്കിയിരിക്കുകയാണ്…
ഞാനും പുറത്തേക്കു നോക്കി. ഇതു മഴയല്ല. കണ്ണീരിന്റെ കുത്തൊഴുക്കാണ്. നിഷേധിക്കപ്പെട്ട സ്‌നേഹത്തിനു വേണ്ടി ആകാശത്തിന്റെ കണ്ണുനീര്‍!
2. ദാനത്തില്‍ നിന്നു ദാതാവിലേക്ക്
ഒരു സെന്‍ കഥ ഇങ്ങനെ: ഒരു ഗൃഹനാഥന്‍ യാത്രപോയി തിരിച്ചു വന്നപ്പോള്‍ അമ്പരപ്പിക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്. തന്റെ വീടിന്റെ ഒരു ഭാഗത്തു തീ കത്തി അതു മെല്ലെ പടര്‍ന്നുപിടിച്ചു വരുന്നു. വീടിനെ മുഴുവന്‍ വിഴുങ്ങത്തക്ക രൂപത്തില്‍ അഗ്നി മേല്‍ക്കൂരയില്‍ താണ്ഡവ നൃത്തം നടത്തുകയാണ്. എന്നാല്‍ വീട്ടിലുള്ള തന്റെ പിഞ്ചു കുഞ്ഞുങ്ങള്‍ അപകടം അറിയാതെ മുറിക്കുള്ളില്‍ കളിച്ചുകൊണ്ടിരിക്കുന്നു. ഗൃഹനാഥന്‍ ആകെ പരിഭ്രാന്തനായി. പെട്ടെന്ന് എന്തെങ്കിലും ചെയ്‌തേ മതിയാകൂ. ”വീടിനു തീപിടിച്ചു. കുഞ്ഞുങ്ങളേ, വേഗം വീടിനു വെളിയിലിറങ്ങ്” – അദ്ദേഹം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പക്ഷേ കളിയില്‍ മുഴുകിയിരുന്ന കുട്ടികള്‍ അതു കേട്ടെങ്കിലും അതിന്റെ ഗൗരവം മനസ്സിലാക്കാന്‍ പ്രായമാകാഞ്ഞതുകൊണ്ട് അവര്‍ വീടിനു പുറത്തേക്കു വന്നതേയില്ല.
പെട്ടെന്നു ഗൃഹനാഥന് ഒരു ബുദ്ധി തോന്നി. അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു – ”കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക് എന്തെല്ലാമാണ് കൊണ്ടു വന്നിരിക്കുന്നതെന്നു നോക്ക്. മധുര പലഹാരങ്ങള്‍, കളിക്കോപ്പുകള്‍… വേഗം വാ.” അതു കേട്ടു കുട്ടികള്‍ ഒരു നിമിഷം കൊണ്ട് വീടിനു വെളിയിലേക്ക് ഓടിയിറങ്ങി. അടുത്ത നിമിഷം തന്നെ മേല്‍ക്കൂര കത്തിയമര്‍ന്നു. നോക്കുക: അപകട മുന്നറിയിപ്പ് കുട്ടികളെ രക്ഷിച്ചില്ല, മറിച്ച് നന്മകളെക്കുറിച്ചുള്ള വാഗ്ദാനം അവരെ രക്ഷപ്പെടുത്തി.
ഈ ലോകം തീ പിടിച്ച ഒരു വീടുപോലെയാണ്. ഇത് ഒരുനാള്‍ പൂര്‍ണമായി കത്തിയഴിയുമെന്നാണ് പത്രൊസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത്. ഈ ലോകം എന്നു പറഞ്ഞാല്‍ ദൃശ്യമായ ഈ കാണുന്ന പ്രപഞ്ചമല്ല, മറിച്ച് സ്വാര്‍ഥതയില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയാണെന്നു വാച്ച് മാന്‍ നീ എന്ന ക്രിസ്തീയ ചിന്തകന്‍ പറഞ്ഞത് ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്.
ഈ വ്യവസ്ഥിതിയില്‍ നിന്നും അതിന്റെ സ്വാര്‍ഥതയില്‍ അധിഷ്ഠിതമായ ബോധ്യങ്ങളില്‍ നിന്നും പുറത്തു വന്നാലേ മനുഷ്യന് ആത്യന്തികമായി സ്വസ്ഥതയും സമാധാനവും ലഭിക്കുകയുള്ളു. അതുകൊണ്ടാണ് ഈ ലോകത്തിന്റെ മൂല്യബോധങ്ങളില്‍ നിന്ന് മനുഷ്യര്‍ പുറത്തു കടന്നു തന്റെ അടുത്തേക്കു വരണമെന്ന് ദൈവം ആഗ്രഹിക്കുന്നത്. നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും എന്നു രണ്ടായിരം വര്‍ഷം മുന്‍പു ഗലീലയില്‍ ഉയര്‍ന്ന ആഹ്വാനത്തിന്റെ പൊരുളും മറ്റൊന്നല്ല.
തന്റെ കുഞ്ഞുങ്ങള്‍ തീപിടിച്ച വീട്ടില്‍ പെട്ടുപോയ ഗൃഹനാഥനെപ്പോലെയാണ് ദൈവം. അതില്‍ നിന്ന് അവര്‍ പുറത്തു വന്ന് തന്റെ അടുക്കലെത്തി രക്ഷ പ്രാപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് ദൈവം മനുഷ്യരെ തന്നിലേക്ക് ആകര്‍ഷി ക്കാനായി അവര്‍ക്കു പ്രാര്‍ഥനകള്‍ക്കു മറുപടികള്‍, വിടുതലുകള്‍, അനുഗ്രഹങ്ങള്‍ എന്നിവ നല്‍കുന്നു. അവര്‍ പലപ്പോഴും ഈ അനുഗ്രഹങ്ങള്‍ സസന്തോഷം കൈപ്പറ്റുന്നു. പക്ഷേ ആത്യന്തികമായി ദൈവത്തിലേക്കു വരാതെ പോകുന്നു.
യേശു ഈ ഭൂമിയില്‍ ജീവിച്ച കാലത്ത് തന്റെ അടുക്കല്‍ പലരും വന്നത് അനുഗ്രഹങ്ങള്‍ തേടിയായിരുന്നു. പലര്‍ക്കും രോഗസൗഖ്യം വേണം, പ്രശ്‌നങ്ങളില്‍ നിന്നു വിടുതല്‍ വേണം. യേശു ആരെയും നിരാശപ്പെടുത്തിയില്ല. അവര്‍ ആഗ്രഹിച്ചതു നല്‍കി. എന്നാല്‍ യേശുവില്‍ നിന്ന് ഭൗതികമായ ഈ അനുഗ്രഹങ്ങള്‍ നേടിയവര്‍ തന്നെയാണു പിന്നീട് ‘അവനെ ക്രൂശിക്ക’ എന്ന് ആര്‍ത്തു വിളിച്ചത്.
ലഭ്യമായ ഭൗതിക അനുഗ്രഹം അവരെ ദൈവത്തിന്റെ അടുത്തേക്കു നടത്തിയില്ല. ഇന്നും ഭൗതികമായ അനുഗ്രഹങ്ങള്‍ക്കു വേണ്ടി ദൈവത്തെ സമീപിക്കുന്നവരില്‍ എത്രപേര്‍ ആത്യന്തികമായി ദൈവത്തിന്റെ അടുത്തെത്തുന്നു? കാര്യം നേടിക്കഴിഞ്ഞു പലരും സ്വന്ത വഴിക്കു പോകുകയല്ലേ?
മനുഷ്യന്റെ ഈ സ്വഭാവം അറിയാവുന്നതുകൊണ്ട് ദൈവം അവരെ തന്നിലേക്കടുപ്പിക്കാന്‍ കഷ്ടതകളും അനുവദിക്കുന്നു. ഈ വസ്തുതയിലേക്കു വിരല്‍ ചൂണ്ടുന്ന ഒരു കഥ കേട്ടിട്ടുള്ളത് ഇങ്ങനെയാണ്. ഒരു ആശാരി നഗരത്തിലെ നടപ്പാതയ്ക്കരികിലുള്ള ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയിലിരുന്നു ചില പണികള്‍ ചെയ്യുകയാണ്. പെട്ടെന്ന് അദ്ദേഹത്തിനു തോതു പിടിക്കാന്‍ മുഴക്കോലിന്റെ ആവശ്യം വന്നു.
മുഴക്കോല്‍ പക്ഷേ കെട്ടിടത്തിന്റെ താഴെ നടപ്പാതയുടെ ഓരത്തു ചില പണി ആയുധങ്ങളോടൊപ്പം ഇരിക്കുകയാണ്. കെട്ടിടത്തിന്റെ മുകളിലേക്കു കയറിയപ്പോള്‍ അതും ഒപ്പം എടുക്കേണ്ടതായിരുന്നു. മറന്നു. ഇനിയെന്തു ചെയ്യും? പെട്ടെന്ന് ആശാരിക്ക് ഒരു ബുദ്ധി തോന്നി. താഴെ നടപ്പാതയിലൂടെ നടന്നു പോകുന്ന ആരോടെങ്കിലും വിളിച്ചു പറയാം. അവര്‍ താഴെ നിന്നു മുഴക്കോല്‍ മുകളിലേക്ക് എറിഞ്ഞു തന്നാല്‍ മതിയല്ലോ. അങ്ങനെയങ്കില്‍ താഴേക്ക് ഇറങ്ങിച്ചെന്നു മുഴക്കോല്‍ എടുത്തുകൊണ്ടു വീണ്ടും മുകളിലേക്കു കയറുന്ന ബദ്ധപ്പാട് ഒഴിവാക്കാം.
ഇതിനായി ആശാരി നടപ്പാതയിലൂടെ നടന്നു പോകുന്ന പലരേയും കൂകിവിളിച്ചു നോക്കി. പക്ഷേ നഗരത്തിന്റെ ആരവത്തില്‍ അദ്ദേഹത്തിന്റെ വിളി ആരും കേട്ടില്ല. ഒരാള്‍പോലും മുകളിലേക്കു നോക്കിയില്ല. എല്ലാവരും വേഗത്തില്‍ നടന്നു പോയി. ഇനിയെന്തു ചെയ്യും? ആശാരിക്കു മറ്റൊരു ബുദ്ധി തോന്നി. അദ്ദേഹം പേഴ്‌സില്‍ നിന്ന് ഒരു രൂപാ നാണയം എടുത്ത് താഴെക്കൂടെ നടന്നു വന്ന ഒരാളുടെ മുന്‍പിലേക്കിട്ടു.
മുകളില്‍ നിന്നു തൊട്ടു മുന്‍പില്‍ നാണയം വന്നു വീഴുമ്പോള്‍ കാല്‍നടക്കാരന്‍ മുകളിലേക്കു നോക്കുമെന്നും അപ്പോള്‍ മുഴക്കോല്‍ എറിഞ്ഞു തരാന്‍ പറയാമെന്നും അദ്ദേഹം കരുതി. പക്ഷേ മുന്‍പില്‍ നാണയം കിടക്കുന്ന കണ്ട വഴിയാത്രക്കാരന്‍ അങ്ങോട്ടും ഇങ്ങോട്ടും പാളി നോക്കിയ ശേഷം വേഗം കുനിഞ്ഞ് ആ നാണയം എടുത്തു കീശയിലിട്ട് ഒന്നും സംഭവിക്കാത്തതുപോലെ ധൃതിയില്‍ നടന്നുപോയി. ആശാരിക്ക് ഒരു രൂപ നഷ്ടപ്പെട്ടതു മിച്ചം. എന്നാല്‍ അദ്ദേഹം നിരാശനായില്ല. അയാള്‍ മറ്റൊരു നാണയം എടുത്തു മറ്റൊരാളുടെ മുന്‍പിലിട്ടു. പക്ഷേ അയാളും മുകളിലേക്കു നോക്കിയില്ല. വഴിയില്‍ കിടന്നു കിട്ടിയ നാണയം കീശയിലാക്കി അയാളും വേഗം സ്ഥലം കാലിയാക്കി.
അതാ, മറ്റൊരാള്‍ നടന്നു വരുന്നു. ഇത്തവണ ആശാരി പുരപ്പുറത്തുനിന്ന് ഓടിന്റെ ഒരു ചെറിയ കഷണം എടുത്തു നടന്നു വന്ന ആളുടെ തലയിലേക്കിട്ടു. തലയില്‍ എന്തോ വീണപ്പോള്‍ അയാള്‍ ഞെട്ടി മുകളിലേക്കു നോക്കി. അപ്പോള്‍ ആശാരി ചരിച്ചുകൊണ്ടു തന്റെ ആവശ്യം പറഞ്ഞു. അയാള്‍ അതു ചെയ്തു കൊടുത്തു.
അനുഗ്രഹങ്ങള്‍ മുകളില്‍ നിന്നു വീഴുന്ന നാണയങ്ങള്‍ പോലെയാണ്. അവ ലഭിക്കുമ്പോള്‍ മനുഷ്യര്‍ ഉയരത്തിലേക്കു കണ്ണുയര്‍ത്തുമെന്നാണു ദൈവം പ്രതീക്ഷിക്കുന്നത്. പക്ഷേ പലപ്പോഴും കിട്ടിയ അനുഗ്രഹങ്ങള്‍ സ്വാര്‍ഥപരമായി ഉപയോഗിക്കാനുള്ള തിടുക്കത്തിനിടയില്‍ അവന്‍ അനുഗ്രഹ ദാതാവായ ദൈവത്തെ മറുന്നു പോകുന്നു. ദാതാവിനെക്കാള്‍ അവനു താല്‍പര്യം ദാനങ്ങളിലാണ്.
അനുഗ്രഹങ്ങള്‍ നല്‍കുന്നതിലൂടെ തന്റെ ലക്ഷ്യം സാധിക്കാതെ വരുമ്പോള്‍ ദൈവം മറ്റൊരു രീതി നടപ്പാക്കുന്നു. ഓര്‍ക്കാപ്പുറത്തു വരുന്ന കഷ്ടതകള്‍ മുകളില്‍ നിന്നു തലയില്‍ വന്നു വീഴുന്ന കല്ലുകള്‍ പോലെയാണ്. പക്ഷേ, അപ്പോഴാണ് പലരും ഞെട്ടി മുകളിലേക്കു നോക്കുന്നത്.
കഷ്ടതകളും അനുഗ്രഹങ്ങളും അതില്‍ തന്നെ ഒരവസാനമല്ല. അവയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ദാനത്തില്‍ നിന്നു ദാതാവിലേക്ക് – അതാണ് അവയുടെ ലക്ഷ്യം. ഈ ദൈവിക ലക്ഷ്യം നാം തിരിച്ചറിയുന്നുവോ എന്നതാണു പ്രസക്തമായ ചോദ്യം.
3. വഴി ഇവിടെ അവസാനിക്കുന്നില്ല
ജീവിതം വഴി മുട്ടി നില്‍ക്കുന്നിടം. ഡെഡ് എന്‍ഡ്. വഴി അവിടെ അവസാനിക്കുകയാണ്. പക്ഷേ എല്ലാ വഴികളും അവസാനിക്കുന്ന അവിടെത്തന്നെ പുതിയൊരു വഴി വെട്ടിത്തുറക്കാന്‍ കഴിഞ്ഞാലോ? ഇവിടെയാണ് സാരെഫാത്തിലെ വിധവയുടെ കഥയുടെ പ്രസക്തി.
ബൈബിളിലെ രാജാക്കാന്മാരുടെ ചരിത്രത്തിലെ ഏലിയാ പ്രവാചകന്റെ ജീവിത വഴിയില്‍ പ്രത്യക്ഷപ്പെടുന്നവളാണു സാരെഫാത്തിലെ വിധവ. അവള്‍ക്കൊരു പേരുണ്ടായിരുന്നില്ല. അല്ലെങ്കില്‍ കഥയില്‍ അവള്‍ക്കൊരു പേരു പറയുന്നില്ല. പേരിനൊരു പ്രസക്തിയില്ലെന്നു തോന്നിയിട്ടോ അല്ലെങ്കില്‍ പേരിനെക്കാള്‍ പ്രധാനം അവളുടെ അവസ്ഥയാണെന്ന വീണ്ടു വിചാരത്തിലോ ചരിത്രകാരന്‍ അവളെ വിധവയെന്നും മാത്രം വിളിച്ചു. വിധവ. അത്രമാത്രം.
വിധവയോട് ഏലിയാവ് കുടിക്കാന്‍ വെള്ളം ചോദിക്കുന്നു. അവള്‍ അത് എടുക്കാന്‍ പോകുമ്പോള്‍ തനിക്ക് ഒരപ്പം കൂടെ കൊണ്ടു പോരാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. അതിന് അവള്‍ നല്‍കിയ മറുപടി ഇങ്ങനെ: ‘കലത്തില്‍ ഒരു പിടി മാവുണ്ട്. അല്‍പം എണ്ണയും. ഇതുകൊണ്ട് ഒരപ്പം ഉണ്ടാക്കി തിന്നിട്ടു മരിക്കാനിരിക്കുകയാണു ഞാനും മകനും. അപ്പം ഉണ്ടാക്കാനായി ഒരുപിടി വിറകു പെറുക്കാനിറങ്ങിയാതാണു ഞാന്‍. അപ്പോഴാണു നിങ്ങള്‍…’
അവളെ സംബന്ധിച്ചിടത്തോളം ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. നാളുകളായി മഴ പെയ്തിട്ട്. നാട്ടില്‍ ക്ഷാമം രൂക്ഷമാണ്. ഇതിനിടയില്‍ ഒരു വിധവയ്ക്കും മകനും എത്രനാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും?
‘ഒരപ്പം ഉണ്ടാക്കി തിന്നിട്ടു മരിക്കാനിരിക്കുകയാണ്’ എന്നു സാരെഫാത്തിലെ വിധവ പറയുന്നിടത്ത് ഒരു വൈരുദ്ധ്യം നമുക്കു കാണാന്‍ കഴിയും. അവള്‍ വിറകു പെറുക്കി ഒരു അപ്പം ഉണ്ടാക്കി തിന്നുന്നതു ജീവിക്കാനാണ്. അങ്ങനെ ജീവിക്കുന്നതോ? മരിക്കാനും.
ഇപ്പോള്‍ ജീവിച്ചിരിക്കാനുള്ള ശ്രമത്തിലാണ്. ഇങ്ങനെ ജീവിച്ചിരിക്കുന്നതു മരിക്കാന്‍ വേണ്ടിയും! മരിക്കാനായി ജീവിച്ചിരിക്കുന്നു. ഇന്നും പലരും അങ്ങനെയാണ്. ജീവിച്ചിരിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, മരണം മാത്രമേ മുന്നില്‍ ഒരു പോംവഴിയുള്ളു. ജീവിതം വഴി മുട്ടി.
ഡെഡ് എന്‍ഡ്! ജീവിതം വഴി മുട്ടിയവര്‍ മരണത്തില്‍ തന്നെ അഭയം തേടുന്നതിന്റെ വാര്‍ത്തകളുമായാണ് ഓരോ ദിവസവും പുലരുന്നത്. ദാരിദ്ര്യം, ദാമ്പത്യത്തകര്‍ച്ച, കടക്കെണി എന്നിങ്ങനെ കാരണങ്ങള്‍ പലതാണ്.
പക്ഷേ, പ്രസക്തമായ ചോദ്യം ഇതാണ്: എല്ലാ വഴികളും അവസാനിക്കുന്ന അവിടെത്തന്നെ അത്ഭുതകരമായ നിലയില്‍ പുതിയൊരു വഴി വെട്ടിത്തുറക്കാന്‍ കഴിഞ്ഞെന്നു വരികയില്ലേ?
സാരെഫാത്തിലെ വിധവയെ സംബന്ധിച്ചിടത്തോളം ആ അത്ഭുതം നടന്നു. അവളുടെ കലത്തിലെ മാവ് തീര്‍ന്നു പോകുകയോ ഭരണിയിലെ എണ്ണ കുറഞ്ഞു പോകുകയോ ചെയ്യാതെ ആ ക്ഷാമകാലം മുഴുവന്‍ അവളും മകനും സുഭിക്ഷമായി കഴിഞ്ഞു. ഏലിയാ പ്രവാചകനെ വിശ്വസിച്ച് അവസാനത്തെ അപ്പം അദ്ദേഹത്തിനു നല്‍കിയതാണ് ദൈവം അവളെ അത്ഭുതകരമായി ക്ഷാമകാലത്തു പോറ്റാന്‍ കാരണം!
ചുരുക്കത്തില്‍ അവളുടെ കഥ മറ്റൊന്നായി. അവളുടെ വിശ്വാസം കാര്യങ്ങളെ വ്യത്യസ്തമാക്കി. ജീവിതം വഴിമുട്ടിയിടത്തു ദൈവം പുതിയൊരു വഴി തുറന്നു. അതിനു പകരം അവള്‍ ജീവിതം എറിഞ്ഞുടച്ചു കളഞ്ഞിരുന്നെങ്കിലോ? അവള്‍ പ്രതീക്ഷ കൈവിട്ടിരുന്നെങ്കിലോ?
ഏതു കാളരാത്രിയിലും പ്രതീക്ഷയുടെ ഒരു നുറുങ്ങു നക്ഷത്ര വെളിച്ചം ഉണ്ടാകും. പ്രതീക്ഷ കൈവിടരുത്. കണ്‍ഫഷന്‍ എന്ന പ്രശസ്തമായ ഗ്രന്ഥത്തിന്റെ കര്‍ത്താവും അറിയപ്പെടുന്ന വിശുദ്ധനുമായ ഹിപ്പോയിലെ അഗസ്റ്റിന്റെ ജീവിതത്തില്‍ ഒരിക്കല്‍ വിശ്വാസത്തിന്റെ ഒരു പ്രതിസന്ധിയുണ്ടായതിനെക്കുറിച്ചു കേട്ടിട്ടുണ്ട്. ജീവിതം വഴി മുട്ടി നില്‍ക്കുന്നതുപോലെ. വിശ്വാസത്തിന്റെ പാത ഉപേക്ഷിച്ചു പഴയ ലോകവഴികളിലേക്കു മടങ്ങിയാലോ എന്ന് അഗസ്റ്റിന്‍ ചിന്തിക്കുമ്പോള്‍ അപ്രതീക്ഷിതമായി മരച്ചില്ലയില്‍ ഒരു കിളി ചിലച്ചു. കിളിച്ചൊല്ല് ശ്രദ്ധിച്ചപ്പോള്‍ ‘ഉപേക്ഷിക്കരുത്’ ‘ഉപേക്ഷിക്കരുത്’ എന്നാണ് കിളി ചിലയ്ക്കുന്നതെന്ന് അദ്ദേഹത്തിനു തോന്നി. വിശ്വാസം ഉപേക്ഷിക്കാതെ മുന്നോട്ടു പോയി പിന്നീട് സെന്റ് അഗസ്റ്റിന്‍ ശ്രദ്ധേയനായ ആത്മീയ നേതാവായി മാറിയെന്നാണു കഥ.
സാരെഫാത്തിലെ വിധവയെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയ ഏലിയാവിന്റെ ജീവിതത്തിലും പിന്നീട് വിശ്വാസത്തിന്റെ പ്രതിസന്ധിയുണ്ടായി. ആരും ഒന്നിനും അതീതരല്ലെന്നു തെളിയിക്കാനെന്നവണ്ണം തുടര്‍ന്നു രാജാക്കന്മാരുടെ ചരിത്രത്തില്‍ അതും രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ പ്രവര്‍ത്തനത്തിനും ശുശ്രൂഷയ്ക്കും പ്രതീക്ഷയ്‌ക്കൊത്ത ഫലം ലഭിച്ചില്ലെന്നു വന്നപ്പോള്‍ താന്‍ നിരാശനായിപ്പോയി. നാട്ടില്‍ നിന്ന് ഒളിച്ചോടി. അദ്ദേഹത്തിന്റെ പ്രാര്‍ഥന ഇങ്ങനെയായിരുന്നു. ‘മതി, ദൈവമേ. എന്റെ പ്രാണനെ എടുത്തുകൊള്ളണമേ.’ ഏലിയാവിനും ജിവിതം വഴി മുട്ടിയെന്നു സാരം. ആത്മഹത്യയെക്കുറിച്ചു ചിന്തിച്ച് അദ്ദേഹം മരുഭൂമിയില്‍ ചൂരച്ചെടി തണലില്‍ കിടന്നുറങ്ങിപ്പോയി. പക്ഷേ, ഒരു മാലാഖ ആ ഉറക്കത്തില്‍ നിന്ന് ഏലിയാവിനെ തട്ടിയുണര്‍ത്തി. അവന് അപ്പവും വെള്ളവും നല്‍കി ശക്തിപ്പെടുത്തി. വീണ്ടും ഏലിയാവിന് അപ്പം. നേരത്തേ വിധവ അപ്പവുമായി വന്നെങ്കില്‍ ഇക്കുറി മാലാഖ. ഒരേ ഒരു കാര്യമാണ് മാലാഖയ്ക്കു പറയാനുണ്ടായിരുന്നത്. -‘നിനക്കു ദീര്‍ഘയാത്ര മുന്‍പിലുണ്ട്.’ നോക്കുക: മുന്നില്‍ വഴിയെല്ലാം അടഞ്ഞെന്നു കരുതുന്നവനോട് ദൈവത്തിന്റെ സന്ദേശം: ‘നിനക്കു ദൂരയാത്ര ചെയ്യുവാനുണ്ട്. യാത്രാപഥം മുന്നില്‍ തന്നെയുണ്ട്. നീ അതു കണ്ടെത്തുകയേ വേണ്ടു.’
വഴി അടഞ്ഞിട്ടില്ല. മുന്നില്‍ വഴിയുണ്ട്. നിനക്ക് ദീര്‍ഘദൂരം ഇനിയും പോകേണ്ടതായിട്ടുണ്ട്. – എല്ലാം അവസാനിച്ചു എന്നു കരുതുന്നവ രോടു സ്‌നേഹവാനായ ദൈവത്തിന് ഇന്നും പറയാനുള്ളതിതാണ്. ദൈവം നേരിട്ടുവന്ന് ഇതു നമ്മോടു പറഞ്ഞെന്നു വരികയില്ല. എന്നാല്‍ ഏതെല്ലാം സാഹചര്യത്തിലൂടെ എത്ര കൊച്ചു മാലാഖമാര്‍ ഈ സന്ദേശം നമുക്കു നല്‍കിയിട്ടുണ്ട്! നിരാശപ്പെടരുത് മുന്നോട്ടു പോകുക.
ഏലിയാവ് ഈ സന്ദേശം തനിക്കായി എടുത്തു. ഡെഡ് എന്‍ഡില്‍ അദ്ദേഹം പുതിയൊരു വഴിയുടെ ചാലു കീറി. അക്ഷരാര്‍ഥത്തില്‍ തന്നെ അദ്ദേഹം ദീര്‍ഘദൂരം മുന്നോട്ടുപോയി. ഏലിയാവ് സിറിയയ്ക്കും ഇസ്രായേലിനും പുതിയ രാജാക്കന്മാരെ വാഴിച്ചു. തന്റെ പിന്‍ഗാമിയായി എലീശയെ കണ്ടെത്തി അഭിഷേകം ചെയ്തു. ഉവ്വ്, ഫ്രോസ്റ്റിന്റെ കവിതയിലെ വരിപോലെ അദ്ദേഹം ഉറങ്ങുന്നതിനു മുന്‍പ് മൈലുകള്‍ തന്നെ താണ്ടി.
സുഹൃത്തേ, ജീവിതത്തില്‍, ശുശ്രൂഷയില്‍, വഴിമുട്ടിയെന്നാണോ വിലാപം? കണ്ണുതുറന്നു നോക്കുക. ബൈബിളിലെ വേറെയും കഥാപാത്രങ്ങള്‍ – ഹാഗാര്‍, ശിംശോന്‍ എന്നിങ്ങനെ- ദാഹം മൂലം മരണത്തിന്റെ വക്കില്‍ എത്തിയപ്പോള്‍ മരുഭൂമിയില്‍ പുതിയ അരുവി കണ്ടെത്തി ദാഹം തീര്‍ത്തു ബഹുകാതം മുന്നോട്ടു പോയത് ഓര്‍ക്കുക. നമുക്കും വഴി മുട്ടിയിടത്തു വിശ്വാസത്തോടെ പുതിയൊരു വഴി വെട്ടിത്തുറക്കാന്‍ കഴിയും. മനസ്സുണ്ടെങ്കില്‍.
4. പാപികള്‍ക്കു പറുദീസയോ?
പാപികള്‍ക്കു പറുദീസ – ഒരു പുസ്തകത്തിന്റെ പേരാണത്. പാപികള്‍ക്കു പറുദീസയോ? പാപികള്‍ക്കു നരകവും നല്ലവര്‍ക്കു പറുദീസയും എന്ന പരമ്പരാഗത സങ്കല്‍പത്തെ ഞെട്ടിക്കുന്നതായിരുന്നു ആ പ്രയോഗം. സത്യത്തില്‍ ഈ പേരില്‍ അസാധാരണത്വമൊന്നും ഇല്ല. പാപികള്‍ക്കാണു പറുദീസ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. യേശു, ക്രൂശില്‍ മരിക്കുമ്പോള്‍ കൂടെ ക്രൂശിക്കപ്പെട്ടിരുന്ന ഒരു കള്ളനോടു പറഞ്ഞു: ‘നീ ഇന്ന് എന്നോടു കൂടെ പറുദീസയില്‍ ഇരിക്കും.’
പറുദീസയോ സ്വര്‍ഗമോ ഒക്കെ ഏറ്റവും വിശുദ്ധമായി ജീവിക്കുന്നവര്‍ക്കാണു നല്‍കപ്പെടുകയെന്നാണ് പൊതുവെ മതങ്ങള്‍ ആളുകള്‍ക്കു നല്‍കിയിരിക്കുന്ന ധാരണം. അതുകൊണ്ടു തന്നെ വിശുദ്ധരായ ആളുകള്‍, സമൂഹത്തിലെ പതിതരെന്നു കരുതപ്പെടുന്ന ‘ചുങ്കക്കാരോടും വേശ്യകളോടും’ ഇടപഴകുന്നത് മതഭക്തര്‍ക്കു മനസ്സിലാക്കാന്‍ പ്രയാസം. യേശുവിന്റെ കാലത്തും, അന്നത്തെ സമൂഹത്തിലെ ഏറ്റവും മതഭക്തരെന്നു കരുതപ്പെട്ടിരുന്ന പരീശന്മാര്‍ക്ക് ഇതൊരു കടങ്കഥ പോലെ തോന്നി. എന്നാല്‍ യേശു ഇതിന് യുക്തിസഹമായ ഒരു വിശദീകരണം അവര്‍ക്കു നല്‍കുന്നുണ്ട്.
സുവിശേഷത്തില്‍ നിന്ന് ആ സംഭവം ഇങ്ങനെ: ‘അവന്‍ ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടുംകൂടി പന്തിയില്‍ ഇരുന്നു. അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നത് പരീശന്മാരായ മതഭക്തന്മാര്‍ കണ്ടിട്ട് അവന്റെ ശിഷ്യന്മാരോട് അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു ചോദിച്ചു. യേശു അതുകേട്ട് അവരോട് ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല. ഞാന്‍ നീതിന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാന്‍ വന്നത് എന്നു പറഞ്ഞു.’
ശരിയല്ലേ? ദീനക്കാര്‍ക്കാണു വൈദ്യനെക്കൊണ്ടു ആവശ്യം. രോഗിയാണെന്നു സ്വയം സമ്മതിക്കാത്ത ഒരുവനെ ഏതു ഡോക്ടര്‍ക്കാണു ചികില്‍സിക്കാന്‍ കഴിയുന്നത്? സത്യത്തില്‍ നീതിമാനും വിശുദ്ധനുമായ ദൈവത്തിന്റെ മുന്‍പില്‍ മതഭക്തനും പാപിയും ഒരുപോലെ തെറ്റുകാരാണ്. (അതുകൊണ്ടാണല്ലോ ഒരു വേശ്യയെ കല്ലെറിയാന്‍ യേശുവിന്റെ അനുവാദം ആവശ്യപ്പെട്ട പരീശന്മാരോട് ‘നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ആദ്യം കല്ലെറിയട്ടെ’ എന്ന് അവിടുന്നു പറഞ്ഞതും മനഃസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി പരീശന്മാര്‍ കല്ലെറിയാതെ സ്ഥലംവിട്ടതും). എന്നാല്‍ പ്രകടമായി തന്നെ തെറ്റു ചെയ്ത വേശ്യയ്ക്കും ചുങ്കക്കാരനുമാണ് തങ്ങള്‍ പാപികളാണെന്നു സമ്മതിക്കാന്‍ എളുപ്പം. കാരണം അവര്‍ക്കു തങ്ങള്‍ ദീനക്കാരാണ് എന്ന തിരിച്ചറിവുണ്ട്. രോഗിക്ക് വൈദ്യനെ വേണം. അവര്‍ക്കു ദൈവത്തില്‍ നിന്നു രക്ഷ കിട്ടാന്‍ എളുപ്പമാണ്. ഇതേ സമയം, മതഭക്തനായ പരീശന്റെ തെറ്റുകള്‍ മിക്കതും ആന്തരികമാണ്. പ്രകടമായി അവന്‍ ചുങ്കക്കാരനെപ്പോലെ തെറ്റുകാരനല്ല. അതുകൊണ്ടുതന്നെ അവന്‍ സ്വയം വിലയിരുത്തുന്നത് താന്‍ വിശുദ്ധനാണ്. രോഗമില്ലാത്തവനാണ് എന്നാണ്. അവന് വൈദ്യനെ ആവശ്യമില്ല. ഫലം, ദൈവിക രക്ഷ അവന് അകലെയാണ്!
യൂറോപ്പിലെ പ്രശസ്തമായ ഒരു രാജകുടുംബമായിരുന്നു ഹാപ്‌സ്ബര്‍ഗ്. ഓസ്ട്രിയില്‍ എഴുന്നൂറു വര്‍ഷത്തോളം അധികാരത്തില്‍ ഇരുന്ന രാജകുടുംബം. ഇവരുടെ ഇടയില്‍ വിചിത്രമായ ഒരു ചടങ്ങുണ്ടായിരുന്നത്രേ. രാജാവു മരിക്കുമ്പോള്‍ മൃതദേഹം വിലാപയാത്രയായി സംസ്‌കാര ശുശ്രൂഷയ്ക്കുവേണ്ടി വിയന്നയിലെ കത്തീഡ്രലിന്റെ ചാപ്പലിനു മുന്നില്‍ എത്തിക്കും. അവിടെ എത്തുമ്പോള്‍ ചാപ്പലിന്റെ വാതില്‍ അടഞ്ഞു കിടക്കുകയായിരിക്കും. വിലാപയാത്രയുടെ മുന്‍പില്‍ നില്‍ക്കുന്നയാള്‍ വാതിലില്‍ മുട്ടും.
അപ്പോള്‍ അകത്തുനിന്ന് പുരോഹിതന്‍ ചോദിക്കും. ‘ആരാണ്?’
‘ഇത് മഹാനായ ചക്രവര്‍ത്തി’: മറുപടി.
വാതില്‍ തുറക്കുകയില്ല. വീണ്ടും വാതിലില്‍ മുട്ടും. വീണ്ടും ചോദ്യം ‘ആരാണ്?’
ഇക്കുറി മറുപടി അല്‍പം വ്യത്യസ്തമാണ്. ‘ഇതു രാജാവാണ്.’
അപ്പോഴും വാതില്‍ തുറക്കുകയില്ല. മൂന്നാമതും വാതിലില്‍ മുട്ടും. ചോദ്യവും ആവര്‍ത്തിക്കും.
മൂന്നാം വട്ടം മറുപടി ഇങ്ങനെ: ‘ഇത് ഒരു പാപി.’
ഉടനെ വാതില്‍ മലര്‍ക്കെ തുറക്കും! ഇത് അവിടത്തെ ഒരാചാരമാണ്. പക്ഷേ അതിനു പിന്നില്‍ മനോഹരമായ ഒരാശയമുണ്ട്. സ്വന്ത യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കും രക്ഷ ലഭിക്കുകയില്ല. മറിച്ചു തനിക്കു യോഗ്യതയില്ല എന്ന തിരിച്ചറിവാണ് ഒരുവനെ രക്ഷയ്ക്കു യോഗ്യനാക്കുന്നത്. നോക്കുക: രക്ഷയുടെ വാതില്‍ തുറക്കപ്പെടുന്നത് എപ്പോഴും പാപിയുടെ മുന്നിലാണ്. ആവശ്യക്കാരന്റെ മുന്‍പിലാണ്. രോഗിക്കാണു വൈദ്യനെക്കൊണ്ടാവശ്യം. ‘ദൈവം സമ്പന്നന്മാരെ വെറുതെ അയച്ചു. വിശക്കുന്നവരെ നന്മകളാല്‍ നിറച്ചു’ എന്ന മറിയയുടെ പാട്ട് (ലൂക്കൊസ് 1:53). വിരല്‍ ചൂണ്ടുന്നതും ഈ സത്യത്തിലേക്കല്ലേ?
ദൈവം എന്തുകൊണ്ടാവാം അര്‍ഹതയില്ലാത്തവനെ രക്ഷിക്കുന്നത്? കാരണം, സ്വന്ത യോഗ്യതയുടെ, സ്വന്ത പരിശ്രമത്തിന്റെ, അടിസ്ഥാനത്തില്‍ ലഭിക്കുന്ന വിശുദ്ധി ഒരുവനെ നിഗളിയാക്കും. അവന്‍ മറ്റൊരുവനെ പുച്ഛത്തോടെ നോക്കാന്‍ ഇടയാക്കും. മറിച്ച് അര്‍ഹതയില്ലാത്തവനു ലഭിക്കുന്ന നീതീകരണം അവനെ കൂടുതല്‍ എളിമയുള്ളവനാക്കും. ഇതു വ്യക്തമാക്കുന്ന ഒരു കഥ യേശു തന്നെ പറഞ്ഞത് ഇങ്ങനെ:
‘രണ്ടു മനുഷ്യര്‍ പ്രാര്‍ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി. അതില്‍ ഒരുവന്‍, അന്നു സമൂഹത്തില്‍ വിശുദ്ധനും മതഭക്തനും എന്ന് അംഗീകാരമുള്ള പരീശനായിരുന്നു. അപരന്‍ സമൂഹം പപിയെന്നു മുദ്രകുത്തിയ ചുങ്കക്കാരനും. ഇതില്‍ ദൈവാലയത്തില്‍ ചെന്ന പരീശന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: ‘ദൈവമേ, ഞാന്‍ പിടിച്ചു പറിക്കാര്‍, നീതികെട്ടവര്‍, വ്യഭിചാരികള്‍ എന്നിങ്ങനെയുള്ള മറ്റു മനുഷ്യരെപ്പോലെയോ എന്റെ അരികില്‍ നില്‍ക്കുന്ന ഈ ചുങ്കക്കാരനെപ്പോലെയോ അല്ലാത്തതിനാല്‍ അങ്ങയെ വാഴ്ത്തുന്നു. ഞാന്‍ ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നവനാണ്. കിട്ടുന്നതിന്റെ ഒക്കെ പങ്ക് ദൈവത്തിനു കാണിക്കയായി അര്‍പ്പിക്കുന്നവനുമാണ്’ -ഇതാണ് അവന്‍ പ്രാര്‍ഥനയായി തന്നോടു തന്നെ പറഞ്ഞത്.
ഇതേ സമയം, ചുങ്കക്കാരന്‍ ദൂരത്തു നിന്നുകൊണ്ട് സ്വര്‍ഗത്തേക്കു നോക്കുക പോലും ചെയ്യാന്‍ തുനിയാതെ മാറത്തടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകണമേ.’ ഫലം: ചുങ്കക്കാരന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി. പരീശനാകട്ടെ ദൈവത്താല്‍ നീതീകരിക്കപ്പെടാത്തവനായി മടങ്ങി.
ഈ ഇരുവരില്‍ ആരോടാണു നമുക്കു സാമ്യം? പരീശനു താന്‍ ഒഴിച്ചു ബാക്കിയെല്ലാവരും പാപികളായിരുന്നു. എന്നാല്‍ ചുങ്കക്കാരന്‍ പറഞ്ഞത് ‘ഞാനാണ് പാപി.’ ഇംഗ്ലീഷ് ബൈബിളില്‍ ഈ ഭാഗം (ലൂക്കൊസ് 18:13) നോക്കിയാല്‍ ഇതിലും ഒരുപടി കടന്നു ചുങ്കക്കാരന്‍ പറഞ്ഞത് ‘ഞാന്‍ മാത്രമാണു പാപി’ എന്നാണെന്നു വ്യക്തമാകും. അര്‍ഥം, ചുങ്കക്കാരന്റെ മുന്‍പില്‍ ഒരേയൊരു പാപിയെ ഉണ്ടായിരുന്നുള്ളു. അതു താന്‍ മാത്രമായിരുന്നു.
‘ഞാന്‍ മാത്രമാണു തെറ്റുകാരന്‍’ – ഇന്നു കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകുന്ന പല അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമുള്ള പരിഹാരം ഈ ഒരു ഏറ്റു പറച്ചിലാണ്. വീട്ടില്‍ ഭാര്യ ഭര്‍ത്താവിനോടു (മറിച്ചും) പറയുകയാണെന്നിരിക്കട്ട: ‘ഈ പ്രശ്‌നത്തില്‍ ഞാന്‍ മാത്രമാണു തെറ്റു ചെയ്തത്.’ പ്രശ്‌നം അവിടെ തീരും. എന്നാല്‍ ഇന്നു പലരും പറയുന്നത്: ‘നിങ്ങളാണു തെറ്റുകാരന്‍, ഞാനാണ് ശരി ചെയ്തത്.’ ഇതോടെ പ്രശ്‌നം പരിഹരിക്കപ്പെടുകയല്ല. സങ്കീര്‍ണമാകുകയാണ്.
വാസ്തവത്തില്‍ ‘ഞാനാണു തെറ്റുകാരന്‍’ എന്നു സമ്മതിക്കുന്നതാണ് ഏതു കാലഘട്ടത്തിലും ദൈവമുന്‍പാകെയും മനുഷ്യരുടെ മുന്‍പാകെയും പ്രശ്‌നപരിഹാരത്തിനുള്ള എളുപ്പ വഴി.
സെന്റ് പോള്‍ ഒരിക്കല്‍ തന്നെക്കുറിച്ചു തന്നെ പറഞ്ഞു: ‘പാപികളില്‍ ഞാനാണ് ഒന്നാമന്‍.’ ഇത് സെന്റ് പോള്‍ ഒരു ഭംഗിവാക്കു പറഞ്ഞതാണോ? അല്ല, അദ്ദേഹം ദൈവിക വിശുദ്ധിക്കു മുന്‍പില്‍ തന്നെത്തന്നെ കണ്ടപ്പോള്‍ ആത്മാര്‍ഥമായും പറഞ്ഞു: ‘മറ്റാരുമല്ല, ഞാന്‍ തന്നെയാണു പാപികളില്‍ ഒന്നാമന്‍.’
പലപ്പോഴും നാം നമ്മെത്തന്നെ ചുറ്റുമുള്ള മറ്റുള്ളവരോടും താരതമ്യം ചെയ്യുമ്പോഴാണ് സ്വന്ത വിശുദ്ധിയെക്കുറിച്ചു സ്വയം പ്രശംസിക്കുവാന്‍ തോന്നിപ്പോകുന്നത്. യെശയ്യാ ദീര്‍ഘദര്‍ശി ഒരിക്കല്‍ തന്റെ ചുറ്റുപാടും ഉള്ളവരെ നോക്കി അവരുടെ ധാര്‍മിക അധഃപതനം കണ്ട് അവര്‍ക്ക് ‘അയ്യോ കഷ്ടം’ എന്നു മൂക്കില്‍ വിരല്‍ ചേര്‍ത്തു. ഒടുവില്‍ തന്റെ പ്രവചനത്തിന്റെ ആറാം അധ്യായത്തില്‍ എത്തിയപ്പോള്‍ യെശയ്യായ്ക്ക് ദൈവിക വിശുദ്ധിയുടെ ഒരു ദര്‍ശനം ഉണ്ടായി. അപ്പോള്‍ അദ്ദേഹം സ്വന്തം നെഞ്ചിലടിച്ചു വിലപിച്ചു: ‘എനിക്ക് അയ്യോ കഷ്ടം!’
ദൈവിക വിശുദ്ധിയുടെ ഒരു ദര്‍ശനം ഉണ്ടായാലേ നമ്മുടെ കുറവുകള്‍ നമുക്കു കാണനാകൂ. സ്വന്തം കുറവുകള്‍ കാണാത്തവരാണു മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടാന്‍ ധൈര്യപ്പെടുന്നത്. മറ്റുള്ളവരുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നമ്മുടെ തന്നെ മൂന്നുവിരല്‍ നമുക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
‘ഞാനാണു തെറ്റുകാരന്‍’ എന്ന നിലപാടില്‍ എപ്പോഴും ഹൃദയപൂര്‍വ്വം നില്‍ക്കാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ എത്ര എളുപ്പവും ലളിതവുമാകുമായിരുന്നു!
5.പതന സ്ഥലത്തേക്ക് അടുക്കുമ്പോള്‍…
ലോകാവസാനത്തിന് ഇനി അഞ്ചു മിനിറ്റു മാത്രം! ‘അന്ത്യദിന ഘടികാരം’ എന്നറിയപ്പെടുന്ന പ്രതീകാത്മക ഘടികാരത്തിലാണ് ലോകാവസാനത്തിന് ഇനി മിനിറ്റുകള്‍ മാത്രം അവശേഷിക്കുന്നത്. അമേരിക്കയുടെ ആണവ പരീക്ഷണ പദ്ധതിയായ മാന്‍ഹാട്ടന്‍ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ ലോകാവസാനം പ്രവചിക്കുന്ന ‘അന്ത്യ ദിന ഘടികാരം’ എന്ന ആശയം 1974-ല്‍ മുന്നോട്ടു വച്ചു. ഷിക്കാഗോ ആസ്ഥാനമായുള്ള ‘ബുള്ളറ്റിന്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റ്‌സ്’ എന്ന സംഘടനയാണ് ഇതു നിയന്ത്രിക്കുന്നത്.
അതതു കാലത്തു നിലവിലുള്ള സാഹചചര്യം പഠിച്ചശേഷം ശാസ്ത്രജ്ഞര്‍ ലോകാവസാനത്തിന് ഇനി എത്രനാള്‍ കൂടിയുണ്ടെന്നു കണക്കു കൂട്ടി അതിനെ മിനിറ്റാക്കി ചിത്രീകരിക്കുകയാണ് അന്ത്യദിന ഘടികാരത്തില്‍ ചെയ്യുന്നത്. ഇപ്പോള്‍ അണ്വായുധങ്ങളുടെ വര്‍ധന, ആഗോളതാപനം, സമുദ്രത്തിലെ ജലനിരപ്പിന്റെ ഉയര്‍ച്ച, മരുഭൂമികളുടെ വ്യാപനം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് ഉള്‍പ്പെടെയുള്ള ശാസ്തജ്ഞന്മാരുടെ സംഘം അന്ത്യദിന ഘടികാരത്തില്‍ ഇനി അഞ്ചു മിനിറ്റു ക്രമീകരിച്ചിരിക്കുന്നത്.
ഇന്നത്തെ ലോകത്തിന്റെ ഗതിവിഗതികള്‍ പഠിക്കുന്ന ഏതൊരു നിഷ്പക്ഷമതിക്കും ഇനി ഇതിന്റെ അന്ത്യത്തിന് അധികനാളുകള്‍ ഇല്ലെന്നു തോന്നും. പതന സ്ഥലത്തേക്ക് അടുക്കുന്തോറും ഒരു നദിയുടെ ഗതിക്കു ശക്തിയും വേഗവും വര്‍ധിക്കുമല്ലോ. ഇന്നത്തെ ലോകത്തിന്റെ തിടുക്കവും വേഗവും സൂചിപ്പിക്കുന്നത് അത് അതിന്റെ അനിവാര്യമായ അന്ത്യത്തിലേക്കു കൂപ്പു കുത്തുവാനുള്ള സമയത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നുവെന്നാണ്. എന്നാല്‍ ഇതിനെക്കുറിച്ചു ചിന്തിക്കുവാന്‍ പോലും സമയമില്ലാതെ വലിയ തിരക്കിലാണ് ഇന്നത്തെ ലോകം. അതും ‘ഒന്നുമില്ലായ്മയ്ക്കു വേണ്ടി ഒട്ടേറെ ഒച്ചപ്പാട്’ എന്ന മട്ടിലാണ് കാര്യങ്ങള്‍. അതെ, ആധുനിക ലോകം വലിയ തിരക്കിലാണ് – ആത്മീയ കാര്യങ്ങള്‍ക്കു സമയം ഇല്ലാതെ വണ്ണം.
ഇതു പറയുമ്പോള്‍ ഇന്ന് ലോകത്തിലെല്ലായിടത്തും മതകാര്യങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടില്ലേ എന്നു ചോദിക്കും. ഉവ്വ്, മതപരമായ പ്രവര്‍ത്തനങ്ങള്‍ വളരെ വര്‍ധിച്ചിട്ടുണ്ടെന്നതു ശരി. എന്നാല്‍ യഥാര്‍ഥ ആത്മീയത ശോഷിക്കുകയും ധാര്‍മികത അധഃപതിക്കുകയുമാണെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണു നാടെങ്ങും നടക്കുന്നത്. യഥാര്‍ഥ ആത്മീയതയ്ക്കായി മാറ്റിവയ്ക്കാന്‍ ആളുകള്‍ക്കു സമയം ഇല്ല.
ഈ സമയ ദൗര്‍ലഭ്യം കേവലം യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും ദൈവിക കാര്യങ്ങളില്‍ നിന്ന് ജനത്തെ അകറ്റി നിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടെന്നും വ്യക്തമാക്കുന്ന ഒരു കഥ വായിച്ചിട്ടുണ്ട്. പ്രശസ്ത ചിന്തകനും തത്ത്വജ്ഞാനിയുമായിരുന്ന സി.എസ്. ലൂയിസിന്റെ ‘സ്‌ക്രൂടേപ്പ് ലെറ്റേഴ്’സിന്റെ ചുവടു പിടിച്ച് എഴുതിയിട്ടുള്ള ആ ഭാവന ഇങ്ങനെ: ദൈവിക കാര്യങ്ങളുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന തിന്മയുടെ പ്രതീകമായി ‘സ്‌ക്രൂടേപ്പ് ലെറ്റേഴ്‌സില്‍’ സി.എസ്. ലൂയിസ് സാത്താനെ ചിത്രീകരിച്ചിട്ടുണ്ടല്ലോ. ഈ സാത്താന്‍, കുട്ടിപ്പിശാചുക്കളുടെ ഒരു രാജ്യാന്തര സമ്മേളനം വിളിച്ചു കൂട്ടുന്നിടത്താണ് കഥ ആരംഭിക്കുന്നത്.
സമ്മേളനത്തില്‍ ആമുഖ പ്രസംഗത്തില്‍ തന്നെ സാത്താന്‍ ഇങ്ങനെ പറഞ്ഞു: ‘ആളുകള്‍ മതപരമായ കാര്യങ്ങളില്‍ വ്യാപൃതരാകുന്നതില്‍ നിന്നു തടയാന്‍ നമുക്കു കഴിയുകയില്ല. അവര്‍ പള്ളിയില്‍ പൊയ്‌ക്കോട്ടെ. അവിടുത്തെ പരിപാടികളിലെല്ലാം പങ്കെടുത്തോട്ടെ. എന്നാല്‍ അവരെ യഥാര്‍ഥ ആത്മീയതയില്‍ എത്തിച്ചേരാതെ തടയാന്‍ നമുക്കു കഴിയണം. അവര്‍ ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കാതെ, തങ്ങളുടെ രക്ഷകനുമായി അര്‍ഥപൂര്‍ണവും സജീവവുമായ ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ അവരെ വ്യര്‍ഥമായ കാര്യങ്ങളില്‍ തളച്ചിടാന്‍ നമുക്കു കഴിയണം.’
‘അതു നമുക്ക് എങ്ങനെ കഴിയും:?’ കുട്ടിപ്പിശാചുക്കള്‍ ഏകസ്വരത്തില്‍ വിളിച്ചു ചോദിച്ചു. അനുചരന്മാരുടെ ഉല്‍സാഹം കണ്ട് സന്തുഷ്ടനായ സാത്താന്‍ ഒന്നു പല്ലിളിച്ചു. എന്നിട്ടു ശബ്ദം താഴ്ത്തി അതിനുള്ള മാര്‍ഗം ഇങ്ങനെ വിശദീകരിച്ചു: ‘ജീവിതത്തിലെ അത്യാവശ്യമില്ലാത്ത കാര്യങ്ങളില്‍ അവരെ തിരക്കുള്ളവരാക്കുക. അവരുടെ മനസ്സ് സദാ ഓരോ കാര്യങ്ങളില്‍ വ്യാപൃതമായിരിക്കട്ടെ.’ അവന്‍ ഒന്നു നിര്‍ത്തി, കണ്ഠശുദ്ധി വരുത്തിയ ശേഷം വീണ്ടും തടര്‍ന്നു: ”നിങ്ങള്‍ പണം ചെലവു ചെയ്യാന്‍ അവരെ പ്രേരിപ്പിക്കു. അവര്‍ ചെലവാക്കട്ടെ. പിന്നെ കടം വാങ്ങട്ടെ. അവരുടെ ഭാര്യമാരെ നീണ്ട മണിക്കൂറുകളിലേക്കു ജോലിക്കു പോകാന്‍ പ്രേരിപ്പിക്കുക. ഭര്‍ത്താക്കന്മാരും ഓരോ ആഴ്ചയും ആറും ഏഴും ദിവസം ജോലിക്കു പോകട്ടെ. അതും പത്തും പന്ത്രണ്ടും മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ജോലി! കുട്ടികളോടൊത്ത് ചെലവഴിക്കാന്‍ അവര്‍ക്കു സമയം കിട്ടരുത്. അവരുടെ കുടുംബങ്ങള്‍ ജോലിയുടെ സമ്മര്‍ദ്ദം കൊണ്ടു വീര്‍പ്പു മുട്ടട്ടെ. അപ്പോള്‍ കുടുംബ ബന്ധങ്ങളില്‍ ക്രമേണ വിള്ളലുകള്‍ വീഴും. അവരുടെ മനസ്സിനെ സദാ ഉല്‍ക്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തുക. അപ്പോള്‍ അവര്‍ക്കു രക്ഷകന്റെ നേര്‍ത്ത മന്ദമായ സ്വരം കേള്‍ക്കാന്‍ കഴിയാതെ പോകും.
‘വണ്ടിയോടിച്ചു പോകുമ്പോഴുള്‍പ്പെടെ എപ്പോഴും അവര്‍ റേഡിയോയോ കാസ്സെറ്റ് പ്ലയറോ ഓണ്‍ ചെയ്തു കേട്ടുകൊണ്ടിരിക്കട്ടെ. വീടുകളിലെ ടിവി, വിസിആര്‍, പഴ്‌സനല്‍ കംപ്യൂട്ടര്‍ എന്നിവയെല്ലാം സദാസമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കട്ടെ. എല്ലാ റസ്റ്ററന്റുകളും കടകളും ജഡികോല്ലാസം പകരുന്ന സംഗീതത്താല്‍ മുഖരിതമാക്കുക. ഇതെല്ലാം അവരുടെ മനസ്സിനെ ഞെരുക്കുകയും ദൈവത്തോടുള്ള ബന്ധത്തെ മുറിക്കുകയും ചെയ്യും.
‘മേശപ്പുറങ്ങളെ മാസികകള്‍ കൊണ്ടും വര്‍ത്തമാനപ്പത്രങ്ങള്‍ കൊണ്ടും നിറയ്ക്കുക. 24 മണിക്കൂറും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ അവരുടെ സ്വസ്ഥത കെടുത്തും. അവരുടെ എഴുത്തുപെട്ടികള്‍ കാറ്റലോഗുകള്‍, പുതിയ ഉല്‍പന്നങ്ങളുടെ സൗജന്യ സേവനങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍, വ്യാജപ്രതീക്ഷ ഉണര്‍ത്തുന്ന പരസ്യ നോട്ടീസുകള്‍ എന്നിവ കൊണ്ടു നിറയട്ടെ.
‘പത്രമാസികകളുടെ പുറംചട്ടകളും ടിവി പരിപാടികളും മോഡലുകള്‍ കയ്യടക്കട്ടെ. അതു തുടര്‍ച്ചയായി കണ്ട് ബാഹ്യസൗന്ദര്യമാണു പ്രധാനമെന്നു ഭര്‍ത്താക്കന്മാര്‍ ചിന്തിച്ചു തുടങ്ങും. ഭാര്യമാരെക്കുറിച്ച് അതൃപ്തരാകുകയും ചെയ്യും. പകലത്തെ അധ്വാനത്തിനു ശേഷം തികച്ചും ക്ഷീണിതരായി കിടക്കയില്‍ എത്തുന്ന ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ശ്രദ്ധിക്കാതിരിക്കെട്ട. അര്‍ഹമായ സ്‌നേഹം ലഭിക്കാതിരിക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ കൂടുതല്‍ അസംതൃപ്തരാകും. കുടുംബബന്ധങ്ങള്‍ വളരെ വേഗം ശിഥിലമായിക്കൊള്ളും. അവരുടെ വിനോദങ്ങള്‍ അധികമാക്കുക. വിനോദ പരിപാടികള്‍ കഴിഞ്ഞ് അവര്‍ മടങ്ങുന്നത് ഉല്‍സാഹത്തോടെയല്ല, പകരം തളര്‍ച്ചയോടെ ആകട്ടെ. പ്രകൃതിഭംഗി ആസ്വദിച്ചു നടന്ന് ദൈവസൃഷ്ടിയെക്കുറിച്ചു വിസ്മയിക്കാന്‍ കഴിയാതവണ്ണം അവരെ ഏറെ തിരക്കുള്ളവരാക്കുക. പ്രകൃതിയില്‍ നിന്ന് അകറ്റി അവരെ തിരിച്ചു വിടേണ്ടത്, അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലേക്കും സ്‌പോര്‍ട്‌സിലേക്കും ചലച്ചിത്രങ്ങളിലേക്കുമാണ്.
യഥാര്‍ഥ ആത്മീയതയ്ക്കു പകരം വാണിജ്യവല്‍ക്കരിക്കപ്പെട്ട മതത്തിന്റെ ചടങ്ങുകളിലേക്കും പണവും സമയവും ചെലവഴിച്ച് അത്ഭുതങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പരിപാടികളിലേക്കും അവരുടെ ഊര്‍ജത്തെ തിരിച്ചുവിടുക. ക്രിസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയവ അവര്‍ക്ക് കേവലം ആഘോഷങ്ങളാകട്ടെ. ആഘോഷങ്ങളുടെ തിരക്കില്‍ അതിന്റെ അര്‍ഥത്തെക്കുറിച്ച് ആരും ചിന്തിക്കാതിരിക്കട്ടെ. തിരക്ക്, തിരക്ക്, തിരക്ക്, – അവരെ എപ്പോഴും തിരക്കുള്ളവരാക്കുക. ദൈവത്തില്‍ ലളിതമായി ആശ്രയിക്കുകയും വിശ്രമിക്കുകയും ചെയ്യാനുള്ള സ്വസ്ഥത ലഭിക്കാതെവണ്ണം അവരുടെ ജീവിതത്തെ തിരക്കും വേഗവും കൊണ്ടു നിറയ്ക്കുക. – ഇതാണു നമ്മുടെ തന്ത്രം. എന്തു പറയുന്നു?” – സാത്താന്‍ ദീര്‍ഘമായ പ്രസംഗം ഉപസംഹരിച്ചുകൊണ്ടു ചോദിച്ചു. ”ഓ, ഇതു കൊള്ളാം. ഈ പദ്ധതി വിജയിക്കും. ഗംഭീരം.” – കുട്ടിപ്പിശാചുക്കള്‍ ആഹ്ലാദത്തോടെ ആര്‍ത്തു വിളിച്ചു.
തുടര്‍ന്ന് അവര്‍ അവരവരുടെ പ്രവര്‍ത്തന സ്ഥലത്തേക്കു വേഗത്തില്‍ യാത്രയായി – തിരക്കും വേഗവും ആളുകളുടെ ജീവിതത്തില്‍ നല്‍കി, ദൈവത്തിനും കുടുംബത്തിനുമായി മാറ്റിവയ്ക്കുവാന്‍ ഒട്ടും സമയമില്ലാത്തവരായി അവരെ മാറ്റുവാന്‍ വേണ്ടി. ഒരു മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി അങ്ങനെ കുട്ടിപ്പിശാചുക്കള്‍ ഓരോ സ്ഥലത്തും തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു… കഥ ഇവിടെ അവസാനിക്കുന്നു. ആട്ടെ, കുട്ടിപ്പിശാചുക്കള്‍ അവരുടെ പ്രവര്‍ത്തനത്തില്‍ വിജയിച്ചുവോ? ഈ ചോദ്യത്തിന് ആരു മറുപടി പറയും? ഇതിനു മറുപടി പറയേണ്ടത് നമ്മുടെ ജീവിത പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് നാം ഓരോരുത്തരും തന്നെയാണ്. എങ്കില്‍, ഈ സന്ദേശം ഒരിക്കല്‍ കൂടി മനസ്സിരുത്തി വായിക്കുക- നിങ്ങള്‍ വലിയ തിരക്കിലല്ലെങ്കില്‍ മാത്രം!
6.വിശ്വസിക്കുവാന്‍ എന്തെളുപ്പം!
‘വിശ്വാസം – അതല്ലേ എല്ലാം?’ പുതിയ കാലഘട്ടത്തില്‍ ഹിറ്റായ ഒരു പരസ്യ വാചകം. ആത്മീയതയുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്ന ഒരു പദമായിരുന്നു വിശ്വാസം. എന്നാല്‍ കച്ചവടത്തിനു സഹായിക്കുമെങ്കില്‍ ചെകുത്താനെ മാത്രമല്ല, ആത്മീയതയെയും കൂട്ടുപിടിക്കാന്‍ കമ്പോളവല്‍ക്കരിക്കപ്പെട്ട പുതിയ കാലഘട്ടം തയ്യാര്‍ എന്ന സത്യത്തിലേക്കു കൂടിയാണ് പരസ്യവാചകം വിരല്‍ ചൂണ്ടുന്നത്. പക്ഷേ പരസ്യത്തില്‍ പറഞ്ഞതു ശരിയാണ് – വിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്. ആത്മീയ കാര്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും. ‘വിശ്വസിക്കുന്നവനു സകലവും സാധ്യം.’ -ഒരു കൊച്ചു ബൈബിള്‍ വചനമാണ്. ‘നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ മലയോട് ഇവിടെ നിന്നു മാറി കടലില്‍ പതിക്ക എന്നു പറഞ്ഞാല്‍ അങ്ങനെ സംഭവിക്കും.’- യേശുവിന്റെ വാക്കുകള്‍. ‘വിശ്വാസത്തോടു കൂടിയ പ്രാര്‍ഥന വളരെ ഫലിക്കുന്നു.’ – യേശുവിന്റെ അര്‍ധ സഹോദരന്‍ യാക്കോബ് തന്റെ ലേഖനത്തില്‍ പ്രഖ്യാപിച്ചു. അന്ധനു ദൃശ്യങ്ങളും ബധിരനു ഗാനവും അപ്രാപ്യമായിരിക്കുന്നതുപോലെ വിശ്വാസമില്ലാത്തവന് തന്റെ പ്രാര്‍ഥനകളെ യഥാര്‍ഥ്യമാക്കി മാറ്റുവാന്‍ കഴിയുകയില്ല. അങ്ങനെയെങ്കില്‍ വിശ്വാസം എത്ര വലുതാണ്!
പക്ഷേ ഇവിടെയാണ് പ്രശ്‌നം. വിശ്വാസം ഇത്ര പ്രധാനപ്പെട്ടതാണെന്നതു തന്നെ പലരേയും ഒരുതരം നിരാശയിലേക്കാണു നയിക്കുന്നത്. കാരണം അവര്‍ തങ്ങളിലേക്കു തന്നെ നോക്കുമ്പോള്‍ തങ്ങള്‍ക്ക് അത്രയേറെ വിശ്വാസമില്ല. മലകളെ നീക്കുവാന്‍ പോയിട്ട് അതിനെ ഒന്നു ചലിപ്പിക്കുവാന്‍ പോലും തങ്ങള്‍ക്കു വിശ്വാസമില്ലെന്ന് അവര്‍ കരുതുന്നു. പലരുടെയും ജീവിതത്തില്‍ മലകളെപ്പോലെ വലിയ പ്രശ്‌നങ്ങളുണ്ട്. വിശ്വാസത്തോടു കൂടിയ പ്രാര്‍ഥന ഈ പ്രശ്‌നങ്ങളെ മാറ്റുമെന്നും അവര്‍ക്കറിയാം. എന്നാല്‍ അവര്‍ സ്വന്തം ഹൃദയത്തിലേക്കു നോക്കുമ്പോള്‍ അവിടെ വേണ്ടത്ര വിശ്വാസമില്ല. വലിയ വിശ്വാസമുള്ള മറ്റു പലര്‍ക്കും ഇതൊക്കെ കഴിയുമായിരിക്കും. പക്ഷേ തങ്ങള്‍ക്കിതു പറഞ്ഞിട്ടില്ലെന്ന് അവര്‍ നെടുവീര്‍പ്പിടുന്നു. പിന്നെ നിരാശപ്പെടാതിരിക്കുന്നതെങ്ങനെ?
എന്നാല്‍ വാസ്തവത്തില്‍ ഈ നിരാശയുടെ ആവശ്യമില്ല. വിശ്വാസം എന്നതു തങ്ങള്‍ തങ്ങളില്‍ നിന്നു തന്നെ ഉല്‍പാദിപ്പിക്കേണ്ട എന്തോ ഒന്നാണെന്ന ധാരണകൊണ്ടാണ് പലരും വിശ്വാസം തങ്ങള്‍ക്കില്ല എന്നു പറയുന്നത്. പോക്കറ്റില്‍ നിന്ന് ഒരു രൂപയുടെ നാണയം എടുക്കുന്നതുപോലെ ‘വിശ്വാസം ഉണ്ടോ’ എന്ന ചോദ്യത്തിനു മറുപടിയായി തങ്ങളുടെ ഹൃദയത്തില്‍ നിന്ന് എടുത്തു കാട്ടേണ്ട എന്തോ ഒന്നാണു വിശ്വാസം എന്നാണു പലരുടെയും ധാരണ. വിശ്വാസം എന്നതു തങ്ങളിലാണെന്ന് അവര്‍ കരുതുന്നു. എന്നാല്‍ അതു വാസ്തവത്തില്‍ അവര്‍ക്കു പുറത്തുള്ള ഒന്നിലാണ്. ഈ വസ്തുത തെളിയക്കാന്‍ ‘ക്രിസ്ത്യാനികളുടെ സന്തോഷത്തിന്റെ രഹസ്യം’ എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ ഹന്നാ വിറ്റാള്‍ സ്മിത്ത് നല്‍കിയിട്ടുള്ള രണ്ട് ഉദാഹരണങ്ങള്‍ ഇങ്ങനെ: നിങ്ങള്‍ ഒരു തോടു കുറുകെ കടക്കാന്‍ ചെല്ലുന്നു എന്നു സങ്കല്പിക്കുക. വെള്ളം ആര്‍ത്തലച്ചൊഴുകുന്ന തോടിനു മുകളിലുള്ളതു വെറും ഒരു മരത്തടി മാത്രമാണ്. അതിനു മുകളിലൂടെ നൂല്‍പ്പാലത്തില്‍ കൂടി പോകുന്നതുപോലെ സൂക്ഷിച്ചു നടന്നാല്‍ അക്കരെ ചെല്ലാം. പക്ഷേ നിങ്ങള്‍ ശങ്കിച്ചു നില്‍ക്കുന്നു. കാരണം ആ ഒറ്റത്തടി പാലത്തില്‍ നിങ്ങള്‍ക്കു വിശ്വാസമില്ല. അപ്പോള്‍ നിങ്ങളുടെ വിശ്വാസമില്ലായ്മ ഏതിലാണ്? നിങ്ങള്‍ക്കു പുറത്തുള്ള ആ ഒറ്റത്തടി പാലത്തിലാണ്.
മറ്റൊരു രംഗം ഇങ്ങനെ ചിന്തിക്കുക: നിങ്ങള്‍ തോടു കടക്കാന്‍ ചെല്ലുമ്പോള്‍ അവിടെ ഇക്കുറിയുള്ളത് വെറും ഒറ്റത്തടി പാലമല്ല, മറിച്ച് പാമ്പന്‍ പാലം തന്നെ നിര്‍മിച്ച അതേ സിമന്റു കൊണ്ടു തീര്‍ത്ത അതിവിശാലമായ, ഉറപ്പുള്ള, ഒരു കോണ്‍ക്രീറ്റു പാലമാണ്! ഇത്തവണ നിങ്ങള്‍ സംശയിച്ചു നില്‍ക്കുമോ? ഇല്ല, നിങ്ങള്‍ തികഞ്ഞ വിശ്വാസത്തോടെ ആ കോണ്‍ക്രീറ്റു പാലത്തിലൂടെ അക്കരെ കടക്കും. നോക്കുക: ഇവിടെയും നിങ്ങളുടെ വിശ്വാസം എവിടെയായിരുന്നു? തീര്‍ച്ചയായും അതു നിങ്ങളിലല്ല. മറിച്ചു നിങ്ങള്‍ക്കു പുറത്തുള്ള ആ പാലത്തിലാണ്. ചുരുക്കത്തില്‍ വിശ്വാസം നമുക്കു പുറത്തുള്ള ഒരു കാര്യത്തെക്കുറിച്ചുള്ള ഉറപ്പിലാണ്.
വേറൊരു ഉദാഹരണം: നിങ്ങള്‍ റിട്ടയറായപ്പോള്‍ കിട്ടിയ പണം മുഴുവന്‍ നിക്ഷേപിക്കാനായി ഒരു ബാങ്കിലേക്കു ചെല്ലുന്നു. അവിടെ ചെല്ലുമ്പോള്‍ അത് ഏതു സമയവും തകര്‍ന്നേക്കാവുന്ന അംഗീകാരമില്ലാത്ത ബ്ലേഡ് ബാങ്കാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു. തൊട്ടടുത്ത് അതാ ഒരു അംഗീകൃത ദേശസാല്‍കൃത ബാങ്ക്. നിങ്ങള്‍ ഇതില്‍ എവിടെ നിക്ഷേപിക്കും? നിങ്ങള്‍ പറയും എനിക്ക് ബ്ലേഡ് ബാങ്കില്‍ നിക്ഷേപിക്കാന്‍ വിശ്വാസമില്ല. അതേസമയം ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കാന്‍ വിശ്വാസമുണ്ട്. രണ്ടു ബാങ്കിലും ചെന്നതു നിങ്ങള്‍ തന്നെയാണ്. പക്ഷേ ഒരു ബാങ്കില്‍ നിങ്ങള്‍ക്കു വിശ്വാസം വന്നു. മറ്റതില്‍ വിശ്വാസമില്ല. ഇവിടെയും നിങ്ങളുടെ വിശ്വാസം എവിടെയാണ്? തീര്‍ച്ചയായും അതു നിങ്ങളിലല്ല. നിങ്ങള്‍ക്കു പുറത്തുള്ള ആ ഉറപ്പുള്ള ബാങ്കിലാണ്!
ദൈവം, ഈ ഉദാഹരണങ്ങളിലെ ഉറപ്പുള്ള ബാങ്കു പോലെയും കോണ്‍ക്രീറ്റു പാലം പോലെയുമാണ്. ദൈവത്തിന്റെ ഈ സര്‍വ്വശക്തിയിലുള്ള ഉറപ്പാണു സത്യത്തില്‍ വിശ്വാസം. നമ്മുടെ ഉള്ളില്‍ വിശ്വാസം തിരയുന്നതിനു പകരം നമുക്കു പുറത്തുള്ള ദൈവത്തെ നോക്കി അവിടുന്നു സര്‍വശക്തനും ദയാലുവുമാണെന്ന് എണ്ണുന്നതാണു വിശ്വാസം. ദൈവം കഴിവുള്ളവനും കരുണയുള്ളവനുമാണെന്ന് കാണുന്നതാണു വിശ്വാസം. ഇതു പ്രയാസമുള്ള കാര്യമാണോ? എല്ലാവര്‍ക്കും കഴിയുന്നതല്ലേ? – ഹന്നാ വിറ്റാള്‍ സ്മിത്ത് ചോദിക്കുന്നു. എപ്പോഴും വിശ്വാസം എന്നു പറയുന്നത് ഈ രണ്ടു കാര്യങ്ങളില്‍ അധിഷ്ഠിതമാണ് – ദൈവം കഴിവുള്ളവനാണ്. അതേസമയം നമ്മെ സംബന്ധിച്ച് അതു ചെയ്തു തരാന്‍ മനസ്സുള്ളവനുമാണ്.
നാം എന്തെങ്കിലും ആവശ്യത്തിന് ആരുടെയെങ്കിലും സഹായം തേടുമ്പോഴും ഈ രണ്ടു കാര്യങ്ങളാണല്ലോ ഉറപ്പു വരുത്തുന്നത് – അദ്ദേഹം ഇതു ചെയ്തു തരുവാന്‍ കഴിവുള്ളവനാണോ? അദ്ദേഹം അതിനു മനസ്സുള്ളവനാണോ? ചിലര്‍ക്കു കഴിവുണ്ടാകും. എന്നാല്‍ അതിനു മനസ്സുണ്ടാകണമെന്നില്ല. മറ്റു ചിലര്‍ക്കു മനസ്സുണ്ടാകും; പക്ഷേ കഴിവില്ല. എന്നാല്‍ ബൈബിള്‍ അനുസരിച്ചു ദൈവത്തെ സംബന്ധിച്ച് നമുക്ക് ഈ രണ്ടു കാര്യവും ഉറപ്പാണ്- അവിടുന്നു കഴിവുള്ളവനാണ്, മനസ്സുള്ളവനുമാണ്. സുവിശേഷങ്ങളില്‍ നിന്ന് ഇതു തെളിയിക്കുന്ന ഒരു സംഭവം കാണുക: യേശു ശിഷ്യന്മാരുമായി ഒരിക്കല്‍ ഗലീലാ തടാകത്തിലൂടെ യാത്ര ചെയ്യുകയാണ്. ശിഷ്യന്മാര്‍ പടക് തുഴയുന്നു. യേശു അമരത്തു തലയിണ വച്ച് ഉറങ്ങുകയാണ്. പെട്ടെന്നു തടാകത്തില്‍ കാറ്റും കോളുമുണ്ടായി. പടകു മുങ്ങുമെന്ന സ്ഥിതിയായി. ശിഷ്യന്മാര്‍ പരിഭ്രാന്തരായി യേശുവിനെ ഉണര്‍ത്തി. യേശു ഉണര്‍ന്ന് കാറ്റിനെയും കടലിനെയും ശാസിച്ചു. കാറ്റും കോളും ഉടനെ അടങ്ങി. വലിയ ശാന്തത വന്നു.
ഈ സംഭവം മത്തായി വിവരിക്കുമ്പോള്‍ ശിഷ്യന്മാര്‍ ഇങ്ങനെ നിലവിളിക്കുന്നതയാണു പറയുന്നത്: ‘കര്‍ത്താവേ, രക്ഷിക്കേണമേ, ഞങ്ങള്‍ നശിച്ചുപോകുന്നു’ (8:25). എന്നാല്‍ മര്‍ക്കൊസ് ഇതേ സംഭവം വിവരിക്കുമ്പോള്‍ അവരുടെ നിലവിളിയുടെ വാക്കുകള്‍ വ്യത്യസ്തമായാണു രേഖപ്പെടുത്തിയിരിക്കുന്നത്. അതിങ്ങനെയാണ്: ‘ഗുരോ ഞങ്ങള്‍ നശിച്ചു പോകുന്നതില്‍ നിനക്കു വിചാരം ഇല്ലയോ?’ (4:38). സത്യത്തില്‍ ശിഷ്യന്മാരുടെ നിലവിളിയില്‍ ഈ രണ്ടു പരിദേവനങ്ങളുമുണ്ടായിരുന്നു. രണ്ടു സുവിശേഷകന്മാര്‍ ഈ സംഭവം രേഖപ്പെടുത്തിയപ്പോള്‍ മത്തായി ‘രക്ഷിക്കണമേ’ (നീ രക്ഷിക്കാന്‍ കഴിവുള്ളവനല്ലേ?) എന്ന നിലവിളിക്കും, മര്‍ക്കൊസ് ‘ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരം ഇല്ലേ?’ (ഞങ്ങളെ രക്ഷിക്കാന്‍ നിനക്കു മനസ്സില്ലേ?) എന്ന നിലവിളിക്കും പ്രാധാന്യം നല്‍കി എന്നേയുള്ളു. നോക്കുക: ഇതില്‍ ആദ്യത്തെ ചോദ്യം ദൈവത്തിന്റെ കഴിവിനെയാണ് സംബോധന ചെയ്യുന്നത്, രണ്ടാമത്തേതാകട്ടെ ദൈവത്തിന്റെ മനസ്സിനെയും (കരുണയെയും).
ഇന്നു സഹായത്തിന് ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ഥനകളില്‍ ഈ രണ്ടു പരിദേവനങ്ങളാണു മുഴങ്ങുന്നത്- ദൈവമേ, നിനക്കു കഴിവില്ലേ? എന്നോടു കരുണയില്ലേ? ദൈവം സര്‍വശക്തനായതിനാല്‍ നമ്മുടെ ആവശ്യം ചെയ്തു തരാന്‍ അവിടുന്നു കഴിവുള്ളവനാണെന്ന് എണ്ണാന്‍ പലര്‍ക്കും എളുപ്പമാണ്. എന്നാല്‍ ദൈവത്തിന് എനിക്ക് അതു ചെയ്തു തരാന്‍ മനസ്സുണ്ടോ എന്നതാണ് പലരുടെയും സംശയം. എന്നാല്‍ ദാവീദിന് അതില്‍ സംശയമൊന്നുമില്ല. 103-ാം സങ്കീര്‍ത്തനത്തില്‍ അദ്ദേഹം പാടുന്നതിങ്ങനെ: ‘അവിടുന്ന് എന്റെ പ്രകൃതി (സ്വഭാവം) അറിയുന്നു; എന്നിട്ടും അപ്പനു മകനോടു കരുണ തോന്നുന്നതുപോലെ അവിടുത്തേക്ക് എന്നോടു കരുണ തോന്നുന്നു. കാരണം ഞാന്‍ പൊടിയാണെന്ന് അവിടുത്തേക്ക് അറിയാം.’ നമ്മുടെ സ്വഭാവം അറിഞ്ഞിട്ടും നമ്മോടു കരുണയുള്ള പിതാവാണു ദൈവം എന്ന ദാവീദിന്റെ തിരിച്ചറിവിലേക്കു നാം വന്നാല്‍ രണ്ടാമത്തെ പ്രശ്‌നത്തിനും പരിഹാരമായി.
ദൈവം കഴിവുള്ളവനും നമ്മെ സംബന്ധിച്ചു കരുണയുള്ളവനുമാണെന്ന ഉറപ്പിന്റെ സരളമായ വിശ്വാസം മാത്രമേ ദൈവം നമ്മോടു ചോദിക്കുന്നുള്ളു. ആ വിശ്വാസത്തിനു നമ്മുടെ ജീവിതപാതയില്‍ ഉയരുന്ന മലകളെ നീക്കുവാന്‍ കഴിയും. ഇതു ‘വിശ്വസിക്കാന്‍ തോന്നാതെവണ്ണം’ ലളിതമാണെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്?
സത്യത്തില്‍ വിശ്വാസം വളരെ ലളിതമാണ്. അതിനെ നിങ്ങളായിട്ട് സങ്കീര്‍ണമാക്കരുത്.
7. അന്യന്‍ ഒരു നരകമല്ല
പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛന്റെ അടുത്ത് തന്റെ കളിപ്പാട്ടക്കാറുമായി ഓടി വന്ന നാലു വയസ്സുകാരന്‍ പരാതിപ്പെട്ടു: ‘അച്ഛാ, ഇത് ഓടുന്നില്ല. ഒന്നു നോക്കുമോ?’
അച്ഛനെവിടെ നേരം? സോളാര്‍ കേസ്, രാഷ്ട്രീയ പ്രസ്താവനകള്‍ തുടങ്ങി പല ‘അത്യാവശ്യ വാര്‍ത്തകളില്‍'(!) മുങ്ങിപ്പൊങ്ങുമ്പോളാണോ കളിപ്പാട്ടം? അച്ഛനതു കേട്ടതായി പോലും നടിച്ചില്ല. അച്ഛന്റെ അവഗണനയില്‍ മനംനൊന്ത് ഒരു നിലവിളി പൊട്ടിവന്നെങ്കിലും അതടക്കി, അചഛന്റെ കസേരയുടെ താഴെ നിലത്തിരുന്ന് അവന്‍ തന്റെ പ്രിയപ്പെട്ട കാര്‍ തനിയെ നന്നാക്കാന്‍ നോക്കി. ഒടുവില്‍ മടുത്ത് അവിടെ വെറും നിലത്തു തന്നെ കിടന്നുറക്കമായി. ഏറെ കഴിഞ്ഞ് അച്ഛന്‍ വായന തീര്‍ത്തു പത്രം മടക്കിവച്ച് എഴുന്നേല്‍ക്കുമ്പോള്‍ തറയില്‍ കിടന്നുറങ്ങുന്ന മകനെ കണ്ടു. നോക്കുമ്പോള്‍ ആ കുഞ്ഞുമുഖത്തു കണ്ണീര്‍ ഉണങ്ങിയ ചാലുകള്‍. അപ്പോഴാണു തന്റെ അവഗണന ആ കുഞ്ഞുമനസ്സിലുണ്ടാക്കിയ വേദനയുടെ ആഴം അച്ഛനു മനസ്സിലാകുന്നത്.
ഒരു ആംഗലേയ കവിതയുടെ സാരം ഇങ്ങനെ:
‘അവരെന്നില്‍ നിന്നു പ്രോല്‍സാഹനത്തിന്റെ
ഒരു വാക്കു പ്രതീക്ഷിച്ചു,
ഞാനെന്നില്‍ തന്നെ മുഴുകിയിരുന്നതിനാല്‍ അതു നല്‍കിയില്ല.
അവരെന്നില്‍ നിന്നൊരു പുഞ്ചിരിക്കായി കാത്തു, ഞാനപ്പോള്‍
ദൈവത്തോടു സ്പര്‍ശ്യതയില്ലാതിരുന്നതിനാല്‍ അതു നല്‍കിയില്ല.
ഒരു വാക്കോ, ഒരു നോക്കോ, ഒരു പുഞ്ചിരിയോ-പലര്‍ക്കും അത്രയും മതി. പക്ഷേ നമുക്കതു നല്‍കാന്‍ കഴിയുന്നുണ്ടോ? തക്ക സമയത്തു പറയുന്ന വാക്കിനെ ‘വെള്ളിത്താലത്തില്‍ വച്ച ഒരു പൊന്‍നാരങ്ങ’ എന്നു ജ്ഞാനിയായ സോളമന്‍ വിശേഷിപ്പിക്കുന്നത് എത്ര ശരി!
പറയേണ്ട പ്രോല്‍സാഹനത്തിന്റെ വാക്കു തക്ക സമയത്തു പറയാതിരിക്കുക, നല്‍കേണ്ട പുഞ്ചിരി നല്‍കാതിരിക്കുക- ഇതൊക്കെ ഒരു ജാഗ്രതക്കുറവു മാത്രമായാണു നാം കാണുന്നത്. എന്നാല്‍ യേശുവിന്റെ അര്‍ധ സഹോദരനായിരുന്ന യാക്കോബ് തന്റെ ലേഖനത്തില്‍ അതിനെ പാപം എന്നാണു വിശേഷിപ്പിക്കുന്നത് – ‘നന്മ ചെയ്യുവാന്‍ അറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപം തന്നെ'(4:17). ചെയ്യുന്ന തിന്മകളെ മാത്രം പാപം എന്നു പൊതുവെ കണക്കാക്കുമ്പോള്‍ ഇതാ ചെയ്യാതെ പോകുന്ന നന്മകളെയും പാപത്തിന്റെ പട്ടികയില്‍ യാക്കോബ് ഉള്‍പ്പെടുത്തുന്നു.
നമ്മുടെ ചെറിയ ലോകത്തു വലിയ കാര്യങ്ങളൊന്നും ചെയ്യാന്‍ നമുക്കു കഴിവുണ്ടായെന്നു വരികയില്ല. എന്നാല്‍ ഒരു ഹൃദയമുണ്ടെങ്കില്‍ ചെറിയ നന്മകള്‍ ചെയ്യുവാന്‍ നമുക്കു കഴിയും. ചെയ്യാന്‍ അവസരമുള്ളപ്പോള്‍ അതു ചെയ്യാതിരിക്കുന്നതു പാപമാണെന്നാണു യാക്കോബ് നല്‍കുന്ന സൂചന. നമ്മുടെ കാര്യങ്ങളില്‍ തന്നെ മുഴുകിയിരിക്കാതെ മറ്റുള്ളവര്‍ക്കായി ഒരു ഹൃദയമുണ്ടായിരിക്കുക- അതാണു പ്രധാനം. അപ്പോള്‍ തിരക്കുകള്‍ക്കിടയിലും കഴിയുന്ന ചെറിയ നന്മകള്‍ ചെയ്യാന്‍ കഴിയും.
ക്രൂശിലെ വേദനാജനകമായ മരണത്തിനിടയിലും യേശു ഒരു കള്ളന്റെ ചെറിയ പ്രാര്‍ഥനയ്ക്കു കാതോര്‍ത്തു. ഗെത്‌സെമനാ തോട്ടത്തില്‍ നിന്നു പടയാളികള്‍ തന്നെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതിനിടയിലും ഒരു പടയാളിയുടെ അറ്റുവീണ കാത് തൊട്ടു സൗഖ്യമാക്കുവാന്‍ അവിടുന്നു സമയം കണ്ടെത്തി. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരത്തില്‍ പരം പേരെ പോഷിപ്പിച്ച ശേഷവും മിച്ചം വന്ന അപ്പ നുറുക്കുകള്‍ നഷ്ടമാക്കാതെ ശേഖരിക്കാന്‍ ശിഷ്യന്മാരോടു കല്പിച്ച ജാഗ്രത. രാത്രി മുഴുവന്‍ കടലില്‍ അധ്വാനിച്ച ശേഷം വരുന്ന ശിഷ്യന്മാര്‍ക്കു വേണ്ടി പ്രാതല്‍ തയാറാക്കി പുലര്‍ച്ചെ കരയില്‍ കാത്തുനിന്ന കരുതല്‍.
ഇതിനെല്ലാം പിന്നില്‍ പൊതുവെയുള്ളത് എന്താണ്? -മറ്റുള്ളവര്‍ക്കായി ഒരു ഹൃദയം. ഈ മനോഭാവം ക്രിസ്തുശിഷ്യരില്‍ നിന്ന് സമൂഹം ഇന്നു പ്രതീക്ഷിക്കുന്നുണ്ട്. കാരണം അതു നല്‍കാന്‍ ഇന്നു മറ്റാരാണുള്ളത്? ഒരു കഥ കേള്‍ക്കുക: അറിയപ്പെടുന്ന ടൂറിസ്റ്റു കേന്ദ്രമായ ആ നഗരത്തില്‍ യുദ്ധകാലത്ത് ബോംബുവീണ് വ്യാപകമായ നാശനഷ്ടം ഉണ്ടായപ്പോള്‍ ദൈവാലയത്തിനു മുന്‍പില്‍ സ്ഥാപിച്ചിരുന്ന യേശുവിന്റെ മനോഹരമായ പ്രതിമയ്ക്ക് എന്തു പറ്റിയെന്നറിയാനായിരുന്നു പലര്‍ക്കും തിടുക്കം. ചെന്നു നോക്കിയപ്പോള്‍ പ്രതിമയ്ക്കു മറ്റു കുഴപ്പമൊന്നുമില്ല. എന്നാല്‍ പ്രതിമയുടെ നീട്ടപ്പെട്ട കരങ്ങള്‍ മാത്രം കൈമുട്ടിനു താഴെ വച്ച് പൊട്ടിത്തകര്‍ന്നു പോയിരിക്കുന്നു! ഇനി എന്തു ചെയ്യും? പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞു.
ആ പ്രതിമയ്ക്കു രൂപം നല്‍കിയ പ്രസിദ്ധനായ ശില്പി ഇന്നു ജീവനോടെയില്ല. അതുകൊണ്ട് മറ്റൊരു ശില്പിയെക്കൊണ്ട് ആ കരങ്ങള്‍ പ്രത്യേകം വാര്‍ത്തുണ്ടാക്കി പ്രതിമയില്‍ ചേര്‍ത്തു വയ്ക്കാം എന്ന അഭിപ്രായത്തിനു മേല്‍ക്കൈ കിട്ടി. എന്നാല്‍ അതിനുമുണ്ട് ഒരു പ്രശ്‌നം. മറ്റൊരാള്‍ എത്ര വിദഗ്ധമായി കരങ്ങള്‍ നിര്‍മിച്ച് ഈ ശില്പത്തോടു ചേര്‍ത്തു വച്ചാലും അതു യോജിക്കുകയില്ല. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമല്ലോ! പിന്നെന്താണു മാര്‍ഗം? ഒടുവില്‍ ഭാവനാസമ്പന്നനായ ഒരാള്‍ ആ പ്രതിമയുടെ ചുവടെ ഒരു അടിക്കുറിപ്പ് ഇങ്ങനെ എഴുതി വച്ചു – ‘നിങ്ങളാണ് എന്റെ കരങ്ങള്‍.’
അതോടെ ആ ശില്പത്തിന് ഒരു പുതിയ മാനം കൈവന്നു. കരങ്ങളില്ലാത്ത ആ പ്രതിമ കാണികള്‍ക്കു മൗനമായി പുതിയൊരു സന്ദേശം നല്‍കുവാന്‍ തുടങ്ങി – ഇന്ന് യേശുവിന് സ്വന്തമായി കരങ്ങളില്ല, യേശുവിന്റെ കരങ്ങള്‍ നിങ്ങള്‍ ഓരോരുത്തരുമാണ്. അര്‍ഥം യേശു ചെയ്യുമായിരുന്നതാണ് ഇന്നു നാം ഓരോരുത്തരും ചെയ്യേണ്ടത്. അല്ലെങ്കില്‍ നാം ഇന്നു ചെയ്യുന്നത് യേശുവിനാണ് ചെയ്യുന്നത്! ഒരു രാജാവ് തനിക്കു ശുശ്രൂഷ ചെയ്തവര്‍ക്കു പ്രതിഫലം കൊടുക്കുന്നതു സംബന്ധിച്ച് ഒരു ദൃഷ്ടാന്ത കഥ യേശു പറഞ്ഞത് ഇതിനോടു കൂട്ടി വായിക്കേണ്ടതാണ്.
രാജാവ് തന്റെ വലത്തുള്ളവരോടു പറഞ്ഞു: ‘അനുഗൃഹീതരേ, വരുവിന്‍. നിങ്ങളുടെ പ്രതിഫലം കൈവശമാക്കിക്കൊള്ളുവിന്‍. എനിക്കു വിശന്നു. നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു. ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നു. ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു. നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നു. തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു.’
ഇതുകേട്ട് അവര്‍ അത്ഭുതപരതന്ത്രരായി രാജാവിനോട് ഇങ്ങനെ ചോദിച്ചു: ‘പ്രഭോ, ഞങ്ങള്‍ എപ്പോള്‍ അങ്ങയെ വിശന്നു കണ്ടിട്ട് ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാന്‍ തരികയോ ചെയ്തു? ഞങ്ങള്‍ എപ്പോള്‍ അങ്ങയെ അതിഥിയായി കണ്ടിട്ട് ചേര്‍ത്തുകൊള്‍ കയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കുകയോ ചെയ്തു? അങ്ങയെ രോഗിയായിട്ടോ തടവിലോ എപ്പോള്‍ കണ്ടിട്ടു ഞങ്ങള്‍ അങ്ങയുടെ അടുക്കല്‍ വന്നു?’ ‘എന്റെ ഈ എളിയ സഹോദരന്മാരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു’ ഇതായിരുന്നു രാജാവിന്റെ മറുപടി. കഥയുടെ സന്ദേശം ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്: മറ്റുള്ളവര്‍ക്കു ചെയ്യുന്നതു നാം ദൈവത്തിനാണു ചെയ്യുന്നത്. രണ്ട്: അവര്‍ വലിയ കാര്യങ്ങളൊന്നും ചെയ്തില്ല. ‘ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ സൗഖ്യമാക്കി. ഞാന്‍ തടവിലായിരുന്നു. നിങ്ങള്‍ എന്നെ മോചിപ്പിച്ചു’ എന്നൊന്നുമല്ല പറയുന്നത്. രോഗസൗഖ്യം നല്‍കാനോ, തടവിലുള്ളവര്‍ക്കു സ്വാതന്ത്ര്യം നല്‍കാനോ ഒന്നും നമുക്കു കഴിഞ്ഞെന്നു വരികയില്ല. എന്നാല്‍ രോഗിയെയും തടവിലുള്ളവരെയും സന്ദര്‍ശിക്കാന്‍ ആര്‍ക്കും കഴിയും. ഇത്തരം നിത്യസാധാരണമായ കൊച്ചു കാര്യങ്ങളിലൂടെ പ്രകടമാകുന്നത് മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള ഒരു ഹൃദയമാണ്.
സാല്‍വേഷന്‍ ആര്‍മിയുടെ സ്ഥാപകനായ വില്യം ബൂത്തിനെ, അദ്ദേഹത്തിനു വളരെ പ്രായമായപ്പോള്‍, ഒരു സമ്മേളനത്തില്‍ സന്ദേശം നല്‍കാന്‍ ക്ഷണിച്ചു. അദ്ദേഹത്തിന് അവിടേക്കു പോകാന്‍ കഴിഞ്ഞില്ല. പകരം അദ്ദേഹം തന്റെ പ്രസംഗം ഒരു കമ്പി സന്ദേശമായി അയച്ചുകൊടുത്തു. ആ കമ്പി സന്ദേശത്തില്‍ ഒരൊറ്റ വാക്കേ ഉണ്ടായിരുന്നുള്ളു. അതിതായിരുന്നു: ‘മറ്റുള്ളവര്‍.’ മറ്റുള്ളവര്‍ ഒരു നരകമാണ് എന്നു പറഞ്ഞത് അസ്തിത്വ വാദത്തിന്റെ അപ്പൊസ്തലന്‍ ഴാങ് പോള്‍ സാര്‍ത്ര് ആണ്. പക്ഷേ ഇവിടെ ഒരു ക്രിസ്തു ശിഷ്യന്‍ തന്റെ അസ്തിത്വത്തിന്റെ ലക്ഷ്യം തന്നെ മറ്റുള്ളവരാണെന്നു പറയുന്നു! നാം ഇവരില്‍ ആരോടൊപ്പമാണ്? ഇന്നത്തെ ചതിയും തട്ടിപ്പും നിറഞ്ഞ ലോകത്തില്‍ ഓരോ അന്യനും ഒരു നരകമാണെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നതാണു സൗകര്യം.
പക്ഷേ മറിച്ച് ഒരു നിലപാടെടുക്കണമെങ്കില്‍ ഒരു വില കൊടുക്കേണ്ടതുണ്ട്. നമ്മുടെ സ്വാര്‍ഥതയുടെ സുഖമേഖല (കംഫര്‍ട് സോണ്‍) വിട്ടു പുറത്തു വരുന്ന വില. സ്വയത്തിന്റെ ഒരു തകര്‍ച്ച. അന്യര്‍ക്കായി നിരന്തരം തുടിച്ച ഒരു ഹൃദയത്തിന്റെ ഉടമയെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാതെ മറ്റുള്ളവര്‍ക്കായി അര്‍ഥപൂര്‍ണമായി ജീവിക്കാനാവില്ല. സെന്റ് പോള്‍ ഈ രഹസ്യം മനസ്സിലാക്കി. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടു. ഇനി ജീവിക്കുന്നതു ഞാനല്ല, ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു.’
8. കാഴ്ചയ്ക്കപ്പുറം
‘നേരം വെളുത്തപ്പോള്‍ മുതല്‍ മഴ! എന്തൊരു ദുരിതം പിടിച്ച ദിവസം!’ എന്നാണോ രാവിലെ നിങ്ങള്‍ പറയുന്നത്? എങ്കില്‍ സംശയിക്കേണ്ട, ആ ദിവസം മുഴുവന്‍ നിങ്ങള്‍ക്കു ദുരിതം പിടിച്ചതായിരിക്കും.
‘വിഷാദത്തെ എങ്ങനെ ജയിക്കാം’ എന്ന പ്രശസ്തമായ ഗ്രന്ഥത്തിന്റെ കര്‍ത്താവ് ടിം ലേഹെ എന്ന മനഃശാസ്ത്രജ്ഞനായ സുവിശേഷകന്‍ ഉപബോധ മനസ്സിനു നാം നല്‍കുന്ന സജഷന്‍ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായി പറയുമ്പോള്‍ തന്റെ ഒരനുഭവം വിവരിക്കുന്നത് ഇങ്ങനെ: എപ്പോഴും വളരെ സന്തുഷ്ടനായ ഒരു സ്‌നേഹിതന്‍ ലേ ഹെയ്ക്കുണ്ടായിരുന്നു. ഒന്നിച്ചുള്ള യാത്രയ്ക്കിടയില്‍ ഇരുവരും ഒരു ഹോട്ടല്‍ മുറിയില്‍ രാത്രി കഴിഞ്ഞു. രാവിലെ കൃത്യം ആറു മണിക്ക് അലാം മുഴങ്ങിയപ്പോള്‍ സഹൃത്തു പുതപ്പിനടിയില്‍ നിന്നു തല നീട്ടി മൂരി നിവര്‍ത്ത് കൈനീട്ടി അലാം ഓഫ് ചെയ്തുകൊണ്ട് ഉച്ചത്തില്‍ പറഞ്ഞു: ‘ലോകമേ സുപ്രഭാതം! ദൈവമേ നന്ദി, ഈ പുതിയ, ആവേശകരമായ ദിവസത്തിനായി.’ ഒരു പുതിയ ദിവസത്തെ അദ്ദേഹം സ്വാഗതം ചെയ്യുന്നത് അങ്ങനെയാണ്. അദ്ദേഹം എപ്പോഴും എപ്പോഴും വളരെ സന്തുഷ്ടനായിരിക്കുന്നതില്‍ എന്തത്ഭുതം?
വാസ്തവത്തില്‍ പുതിയ ദിവസം സന്തുഷ്ടി നിറഞ്ഞ ആവേശകരമായ ദിവസം ആയിരിക്കുമെന്നതിന് എന്താണുറപ്പ്? വിശ്വാസത്തിന്റെ ഉറപ്പാണത്. ഭാവിയെ നമുക്കു രണ്ടു വിധത്തില്‍ സമീപിക്കാം. ഒന്നുകില്‍ സംശയത്തോടെ, അല്ലെങ്കില്‍ വിശ്വാസത്തോടെ.
പലതും നമ്മള്‍ ആവശ്യമില്ലാതെ സംശയിക്കുകയാണ്. ഈസ്റ്റര്‍ ദിവസം അതിരാവിലെ യേശുവിന്റെ കല്ലറയിലേക്കു പോയ സ്ത്രീകളെക്കുറിച്ച് മര്‍ക്കൊസിന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു നോക്കുക: ‘കല്ലറയുടെ വാതില്‍ക്കല്‍ നിന്ന് നമുക്കുവേണ്ടി ആര് കല്ലുരുട്ടിക്കളയും എന്നവര്‍ തമ്മില്‍ പറഞ്ഞു’ (16:3). അന്നൊക്കെ പാറയില്‍ വെട്ടിയെടുത്ത ഗുഹ പോലെയുള്ള കല്ലറയുടെ വാതില്‍ വൃത്താകാരത്തിലുള്ള വലിയൊരു പാറ ഉരുട്ടിവച്ച് അടയ്ക്കുകയായിരുന്നു പതിവ്.
ഗുഹയുടെ വാതില്‍ക്കലെ ഈ കല്ല് സ്ത്രീകളായ തങ്ങള്‍ക്കു തനിയെ ഉരുട്ടിമാറ്റാനാവില്ലെന്ന് അറിയാമായിരുന്ന അവര്‍ തങ്ങള്‍ക്കുവേണ്ടി അത് ആര് ഉരുട്ടിക്കളയുമെന്നു വ്യാകുലപ്പെട്ടാണു നടന്നു പോയത്. എന്നാല്‍ അവര്‍ ചെല്ലുന്നതിനു മുന്‍പു തന്നെ അവിടെ എന്തു നടന്നുവെന്നു മറ്റൊരു സുവിശേഷകാരനാണു രേഖപ്പെടുത്തിയിരിക്കുന്നത്: ‘കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വന്നു കല്ല് ഉരുട്ടി നീക്കി അതിന്മേല്‍ ഇരുന്നിരുന്നു’ (മത്തായി 28:2).
ജീവിതത്തിലെ പ്രശ്‌നങ്ങളുടെ വന്‍ ഭാരക്കല്ലുകള്‍ ആരു മാറ്റിത്തരും എന്നാണു പലപ്പോഴും നമ്മുടെ ഉല്‍ക്കണ്ഠ. എന്നാല്‍ അവ നേരത്തെ തന്നെ ഉരുട്ടിമാറ്റിയിരിക്കുന്നു! പക്ഷേ വിശ്വാസത്തിന്റെ കണ്ണുകള്‍ തുറക്കപ്പെടാഞ്ഞതിനാല്‍ നാം ആവശ്യമില്ലാതെ ഭാരപ്പെടുകയാണ്.
വിശ്വാസം, പാസ്‌വേഡ് പോലെയാണ്. പാസ്‌വേഡില്ലാതെ കംപ്യൂട്ടറിന്റെ സൗകര്യങ്ങളിലേക്കു കടക്കാനാവില്ലെന്നതു പോലെ വിശ്വാസമില്ലെങ്കില്‍ ദൈവിക വാഗ്ദാനങ്ങളുടെ യാഥാര്‍ഥ്യങ്ങളിലേക്കുള്ള പ്രവേശനവും തടസ്സപ്പെടും.
കാണാത്ത കാര്യങ്ങളിലുള്ള നിശ്ചയം – അതാണ് വിശ്വാസം. പലപ്പോഴും കാര്യങ്ങള്‍ കാണുന്നില്ല. എന്നാല്‍ കണ്ണിനു മുന്‍പില്‍ ഇപ്പോള്‍ കാണാത്ത കാര്യങ്ങളെ യാഥാര്‍ഥ്യമാക്കിത്തീര്‍ക്കുന്നത് വിശ്വാസമാണ്. മനോഹരമായ ദൃശ്യങ്ങള്‍ കാഴ്ചശക്തിയില്ലാത്ത ഒരാള്‍ക്ക് അനുഭവവേദ്യമാകാത്തതുപോലെ, ശ്രുതിമധുരമായ ഗാനം കേള്‍വിയില്ലാത്ത ആളിന് ആസ്വദിക്കാന്‍ കഴിയാത്തതുപോലെ, കാണാത്ത കാര്യങ്ങളെ യാഥാര്‍ഥ്യമാക്കിത്തീര്‍ക്കാന്‍ വിശ്വാസമില്ലാത്ത ഒരാള്‍ക്കു കഴിയുകയില്ല.
ആഗ്രഹിക്കുന്നതെല്ലാം നല്‍കിത്തരുന്ന ഒരു ‘ഓപ്പണ്‍ സീസ്’ സൂത്രവാക്കായി വിശ്വാസത്തെ ഇന്നു ചിത്രീകരിക്കാറുണ്ട്. എന്നാല്‍ അങ്ങനെയല്ല. ദൈവം നമുക്കു നല്‍കിയ വാഗ്ദാനങ്ങളാണ് വിശ്വാസത്തിലൂടെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുക. ഉദാഹരണത്തിനു ‘മുന്‍പേ അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. അതോടെ ജീവിതത്തിന് ആവശ്യമുള്ളതു കൂട്ടിച്ചേര്‍ക്കപ്പെടും’ എന്നതാണു ദൈവിക വാഗ്ദാനം. ഇതു യാഥാര്‍ഥ്യമാക്കുന്നതു വിശ്വാസമാണ്. ഇവിടെ ശ്രദ്ധിക്കുക: ആഗ്രഹമുള്ളതെല്ലാം തരാമെന്നല്ല, മറിച്ച് ആവശ്യമുള്ളതു തരാമെന്നാണ്. ആഗ്രഹവും ആവശ്യവും രണ്ടായി തിരിച്ചറിയാതെ ആഗ്രഹങ്ങളെല്ലാം സാധിക്കാന്‍ വിശ്വാസത്തെ കൂട്ടുപിടിച്ചിട്ട് ഒടുവില്‍ നടക്കാതെ വരുമ്പോള്‍ ദൈവത്തെ പഴി പറയുകയാണു പലരും.
അതുപോലെ, ദൈവിക വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പു വേണ്ടിവരുമ്പോഴും പലരും വിശ്വാസത്തില്‍ ക്ഷീണിച്ചു പോകുന്നു. വിശ്വാസികളുടെ പിതാവ് എന്ന അപരനാമത്തില്‍ അറിയപ്പെട്ട അബ്രാഹാമിന്റെ ജീവിതം ഇതിനെതിരെയുള്ള താക്കീതാണ്. അബ്രാഹാമിന് ഒരു മകന്‍ ജനിക്കുമെന്ന് ദൈവം നല്‍കിയ വാഗ്ദാനമായിരുന്നു. അബ്രാഹാം അതു വിശ്വസിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ മുന്നോട്ടു പോയിട്ടും അതു നടന്നില്ല. എന്നാല്‍ അബ്രാഹാം വിശ്വാസത്തില്‍ മടുത്തു പോയില്ല. മാത്രമല്ല, വര്‍ഷങ്ങള്‍ പോകെപ്പോകെ, ഒരു കുഞ്ഞു ജനിക്കാനുള്ള സാധ്യത മങ്ങിവരുംതോറും അദ്ദേഹത്തിന്റെ വിശ്വാസം വര്‍ധിച്ചു വന്നു എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത് (റോമര്‍ 4:19,20).
അബ്രാഹാമിനെ സംബന്ധിച്ചിടത്തോളം യാഥാര്‍ഥ്യവും വിശ്വാസവും തമ്മില്‍ ഒരു വിപരീതാനുപാതത്തിലുള്ള ബന്ധമായിരുന്നു. കണ്‍മുമ്പില്‍ സാധ്യത മങ്ങി വന്നപ്പോള്‍ വിശ്വാസം കുറയുകയല്ല, വര്‍ധിക്കുകയാണു ചെയ്തത്. ദൈവം വാഗ്ദാനം ചെയ്തതാണെങ്കില്‍ അതു നടക്കും എന്ന് അബ്രാഹാം ഉറച്ചു. ‘ആശയ്ക്കു വിരോധമായി ആശയോടെ വിശ്വസിച്ചു’ എന്നാണ് അതു സംബന്ധിച്ചു സെന്റ് പോളിന്റെ വാക്കുകള്‍. ഒടുവില്‍ വിശ്വാസം ജയിച്ചു – അബ്രാഹാമിനു ദൈവിക വാഗ്ദാനം പോലെ ഒരു പുത്രന്‍ ജനിച്ചു. വിശ്വസിക്കുന്നവന്‍ മടുത്തുപോകരുത്.
യേശു ഒരിക്കല്‍ പറഞ്ഞു: ‘നിങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ ഒരു മലയോട് ഇവിടെ നിന്ന് അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാല്‍ അതു സംഭവിക്കും.’ ജീവിതത്തിലെ മലപോലെയുള്ള പ്രശ്‌നങ്ങളോട് വിശ്വാസത്തോടെ അങ്ങനെ മാറിപ്പോകാന്‍ നമുക്കു പറയരുതോ? അതിനു പകരം നിരാശപ്പെട്ടും സാഹചര്യങ്ങളെ പഴിച്ചും ദിവസത്തെ ശപിച്ചും മുന്നോട്ടു പോകേണ്ടതുണ്ടോ? മറിച്ച്, ഓരോ ദിവസത്തേയും ‘ഇതു ദൈവം ഉണ്ടാക്കിയ ദിവസം ഇന്നു ഞാന്‍ അവനില്‍ സന്തോഷിക്കും’ എന്ന നിലപാടെടുത്ത എബ്രായ കവിയുടെ മനോഭാവത്തില്‍ വിശ്വാസത്തോടെ നമുക്കു സ്വാഗതം ചെയ്യാം. യേശു പറഞ്ഞു: ദൈവത്തിന് അസാധ്യമായി ഒന്നുമില്ല; വിശ്വസിക്കുന്ന മനുഷ്യനും (ലൂക്കൊസ് 18:27, മത്തായി 17:21).
9. നിഗളം
‘നാശത്തിനു മുന്‍പേ ഗര്‍വം; വീഴ്ചയ്ക്കു മുന്‍പേ ഉന്നത ഭാവം’ – ജ്ഞാനിയായ സോളമന്റെ വാക്കുകള്‍. എവിടെ നിഗളവും വലിയഭാവവും കണ്ടാലും അവിടെ നാശവും വീഴ്ചയും അടുത്തുവെന്നു കരുതാം. അല്ലെങ്കില്‍ ഓരോ വീഴ്ചയും കാണിക്കുന്നത് വീണ വ്യക്തി, വീഴ്ചയ്ക്കു മുന്‍പേ തറനിരപ്പില്‍ നിന്ന് ഉയര്‍ന്നുപോയിയെന്നാണ്. തറ നിരപ്പില്‍ നിന്നാല്‍ വീഴാന്‍ സാധ്യത കുറവ്. ഉയരത്തിലേക്കു പോകുംതോറും വീഴ്ചയുടെ ആഘാതവും കൂടതലായിരിക്കും. എത്ര ലളിതം, എന്നാല്‍ എത്ര കണിശം!
ചില പ്രകൃതി നിയമങ്ങള്‍ നമുക്കു മാറ്റാനാവില്ല. ഉദാഹരണത്തിനു ഗുരത്വാകര്‍ഷണ നിയമം. പൊക്കത്തില്‍ നിന്നു വീണാല്‍ ഭാരമുള്ള വസ്തുവായാലും നിലംപതിക്കും. വീഴാതെ നില്‍ക്കുകയില്ല. മുകളിലേക്കു പോകുകയുമില്ല. നിയമം അറിയുന്നവരെ സംബന്ധിച്ചും അറിയത്തവരെ സംബന്ധിച്ചും ഇത് ഒരേ പോലെയാണു പ്രവര്‍ത്തിക്കുന്നത്.
പ്രകൃതി നിയമങ്ങള്‍ പോലെയാണു ധാര്‍മിക നിയമങ്ങളും. ഇതും മാറ്റമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഈ നിയമം അറിഞ്ഞാല്‍ നമുക്കും ജാഗ്രത പാലിക്കാമല്ലോ. മാത്രമല്ല ആ നിയമത്തിന്റെ ഗുണഫലം പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഉദാഹരണത്തിനു മുകളില്‍ പറഞ്ഞ ഗുരത്വാകര്‍ഷണ നിയമം ഉപയോഗപ്പെടുത്തിയാണ് വെള്ളച്ചാട്ടത്തില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പ്രപഞ്ചം ഉണ്ടായ കാലം മുതലേ ഗുരുത്വാകര്‍ഷണ നിയമം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആ നിയമത്തിന്റെ സാധ്യത തിരിച്ചറിഞ്ഞു മനുഷ്യന്‍ തനിക്ക് പ്രയോജനമായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിട്ട് അധിക നാളായില്ല.
നിഗളവും താഴ്മയുമായി ബന്ധപ്പെട്ട ധാര്‍മിക നിയമവും ഈ മട്ടില്‍ തിരിച്ചറിയുന്നത് പ്രയോജനമായിരിക്കും. ‘താണനിലത്തേ നീരോടൂ’ എന്നും മറ്റും നമ്മുടെ നാടന്‍ ചൊല്ലുകളില്‍ ഇതേ ആശയം സംഗ്രഹിച്ചു വച്ചിട്ടുള്ളത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് എന്ന ചോദ്യം ഉയരാം. ഉത്തരം ഒന്നേയുള്ളു -തലച്ചോറിലെ അറിവു നമ്മെ രക്ഷിക്കുകയില്ല. അത് ഒരടി താഴേക്കിറങ്ങി ഹൃദയത്തിലേക്കു വരണം.
നിഗളം വീഴ്ചയ്ക്കു വഴിയൊരുക്കും എന്ന നിയമം വ്യക്തികളെക്കുറിച്ചു മാത്രമല്ല, സാമ്രാജ്യങ്ങള്‍, സ്ഥലങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെ സംബന്ധിച്ചും ശരിയാണ്. രണ്ടായിരം വര്‍ഷം മുന്‍പ് നസറേത്തില്‍ നിന്ന് ഒരു തച്ചന്‍ കഫെര്‍ന്നഹൂം, ബേദസെയ്ദ എന്നിങ്ങനെ അക്കാലത്തെ പ്രശസ്തമായ ചില പട്ടണങ്ങളില്‍ പ്രസംഗിച്ചുകൊണ്ടു നടന്നു. പക്ഷേ ഗലീലയിലെ ഓണംകേറാ മൂലയില്‍ നിന്നു വരുന്ന (‘നസറേത്തില്‍ നിന്നു വല്ല നന്മയും വരുമോ’ എന്നായിരുന്നല്ലോ അവിടത്തെ പഴമൊഴി) ഈ തച്ചന്‍ നമ്മെ എന്തുപദേശിക്കാനാണ് എന്നായിരുന്നു ആ നാടുകളുടെ പൊതുവികാരം. ആ നിഗളം അതിരു കടന്നപ്പോള്‍ ആ തച്ചന്‍ ഇങ്ങനെ പറഞ്ഞു: ‘കഫര്‍ന്നഹൂമേ, ബേദ്‌സയ്ദയേ നിനക്ക് ഹാ കഷ്ടം! സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുന്ന നീ പാതാളത്തോളം താണുപോകും.’ ചരിത്രം പറയുന്നത് ആ പട്ടണങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ തന്നെ പിന്നീടു ദുരന്തം ഉണ്ടായി എന്നാണ്. സാമ്രാജ്യങ്ങള്‍ക്കും ഇതു സംഭവിച്ചു. ‘റോമന്‍ സാമ്രാജ്യത്തിന്റെ അപചയവും വീഴ്ചയും’ എന്ന ഗ്രന്ഥത്തിലെ കണ്ടെത്തല്‍ ഓര്‍ക്കുക – റോമന്‍ സാമ്രാജ്യത്തിന്റെ വീഴ്ച പുറമേ നിന്നുള്ള ഭീഷണിയുടെയോ യുദ്ധത്തിന്റെയോ ഫലമല്ല, മറിച്ച് അതിനുള്ളിലെ ആന്തരിക ജീര്‍ണതകൊണ്ടും അധികാരികളുടെ ധാര്‍ഷ്ട്യവും നിഗളവും കൊണ്ടും മാത്രം സംഭവിച്ചതാണ്.
നേട്ടങ്ങള്‍ നമ്മെ നിഗളിയാക്കാം. തലയ്ക്കു പിടിക്കുന്നതു മദ്യം മാത്രമാകണമെന്നില്ല; നമ്മുടെ നേട്ടങ്ങളും അതേക്കുറിച്ചുള്ള മറ്റുള്ളവരുടെ പ്രശംസയും നമ്മുടെ ‘തലയ്ക്കു പിടിക്കും.’ ബാബിലോണ്‍ സാമ്രാജ്യത്തിന്റെ അതിശക്തനായ ചക്രവര്‍ത്തിയായിരുന്നു നെബുഖദ്‌നേസര്‍. ലോകാത്ഭുതങ്ങളിലൊന്നായ ‘ആടുന്ന പൂന്തോട്ടം’ അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. കുതിരയെ പൂട്ടിയ രഥങ്ങള്‍ മുകളിലൂടെ ഓടിപ്പോകാന്‍ പാകത്തില്‍ വീതിയുള്ളതായിരുന്നു ബാബിലോണ്‍ നഗരത്തിനു ചുറ്റുമുള്ള കോട്ടമതില്‍ എന്നും ചരിത്രകാരന്മാര്‍ പറയുന്നു. നഗരത്തില്‍ വെള്ളം എത്തിക്കാന്‍ അദ്ദേഹം ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ആധുനിക ജലസേചന സംവിധാനങ്ങളെ നാണിപ്പിക്കുന്നതായിരുന്നത്രേ. എന്നാല്‍ നഗരത്തിന്റെ പണി എല്ലാം പൂര്‍ത്തിയാക്കിയ ശേഷം നെബുഖദ്‌നേസര്‍ അതെല്ലാം കണ്ട് സ്വയം അഹങ്കരിച്ച് ഇങ്ങനെ ഉരുവിട്ടു: ‘ഇതു ഞാന്‍ എന്റെ പ്രതാപമഹത്വത്തിനായി നിര്‍മിച്ച രാജധാനിയായ മഹത്തായ ബാബിലോണ്‍ അല്ലേ?’ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ നാവില്‍ ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിനു സമചിത്തത നഷ്ടമായി. ഏഴു വര്‍ഷം അദ്ദേഹം വനത്തില്‍ കാട്ടുമൃഗങ്ങളോടൊപ്പം ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നു. ഒടുവില്‍ ആര്‍ക്കും ഒന്നിനെച്ചൊല്ലിയും അഹങ്കരിക്കാനില്ലെന്ന തിരിച്ചറിവുണ്ടായപ്പോള്‍ നെബുഖദ്‌നേസറിനു സുബോധം വന്നു. തുടര്‍ന്ന് അദ്ദേഹം രാജ്യത്തുള്ളവര്‍ക്കെല്ലാം തന്റെ അനുഭവം വിവരിച്ച് എഴുതിയ തുറന്ന കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി: ലോകത്തെ എല്ലാ അധികാരങ്ങള്‍ക്കും മുകളില്‍ വാഴുന്നതു ദൈവം മാത്രം. തങ്ങളുടെ നേട്ടങ്ങളില്‍ നിഗളിച്ചു നടക്കുന്നവരെ അവിടുന്നു താഴ്ത്തുന്നു.
ഭൗതിക നേട്ടങ്ങള്‍ക്ക് നാം കൊടുക്കുന്ന വിലയേ ഉള്ളു. നമ്മുടെ നേട്ടങ്ങള്‍ മറ്റൊരാളെ സംബന്ധിച്ചിടത്തോളം വിലയില്ലാത്തതാണെന്നു വരാം. ലോകം കീഴടക്കിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഒരു ഭിക്ഷുവിനു മുന്നില്‍ തോറ്റുപോയ കഥ കേട്ടിട്ടില്ലേ? എല്ലാവരും ബഹുമാനിച്ചിരുന്ന ഒരു ഭിക്ഷുവിനെ കാണാന്‍ മഹാനായ അലക്‌സാണ്ടര്‍ പോയി. ചക്രവര്‍ത്തി ചെന്നപ്പോള്‍ അദ്ദേഹം ആശ്രമ മുറ്റത്തിരുന്ന് ഇളംവെയില്‍ കൊള്ളുകയാണ്. ഭിക്ഷുവിന്റെ ദിവ്യത്വത്തില്‍ മതിപ്പു തോന്നിയ ചക്രവര്‍ത്തി, തന്നോട് എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ടു. ഭിക്ഷു ഒന്നും മിണ്ടിയില്ല. ചക്രവര്‍ത്തി പ്രോല്‍സാഹിപ്പിച്ചു: ‘ചോദിച്ചോളൂ. മടിക്കേണ്ട. ചാക്കു കണക്കിനു സ്വര്‍ണം വേണോ? സ്ഥലങ്ങളോ വസ്തുവകകളോ സ്വന്തമായി വേണോ? എന്തു വേണമെങ്കിലും തരാന്‍ എനിക്കു കഴിയും. ധൈര്യമായി ചോദിക്കാം. ആട്ടെ, ഞാന്‍ എന്താണ് അങ്ങേയ്ക്കു ചെയ്തു തരേണ്ടത്?’
‘ഒരു കാര്യം ചെയ്തു തന്നാല്‍ കൊള്ളാം.’ ഭിക്ഷു പറഞ്ഞു: ‘അല്‍പം ഒന്നു മാറി നില്‍ക്കാമോ? എനിക്ക് അങ്ങയുടെ നിഴലിന്റെ മറവില്ലാതെ വെയിലു കായാനായിരുന്നു!’
നോക്കുക: പൊന്നും പണവും കരമൊഴിവായി ഭൂമിയും ആവശ്യമില്ലാത്തവന്റെ മുന്‍പില്‍ ചക്രവര്‍ത്തിയുടെ നേട്ടങ്ങള്‍ക്കെന്തു വില?
അതുപോലെ നേട്ടങ്ങളെക്കുറിച്ചുള്ള എല്ലാ നിഗളവും അപ്രസക്തമാകുന്ന ഒരു സന്ദര്‍ഭമുണ്ട്. അത് അനിവാര്യമായ മരണത്തെ അഭിമുഖീകരിക്കുമ്പോഴാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഒടുവില്‍ ആ പാഠം പഠിച്ചുവെന്നു കരുതാം: മരിക്കുമ്പോള്‍ തന്റെ കരങ്ങള്‍ ശവപ്പെട്ടിക്കു പുറത്തിടണമെന്നും യഥാര്‍ഥത്തില്‍ താന്‍ ഒന്നും നേടിയില്ലെന്നും ലോകം അറിയട്ടെ എന്നുമായിരുന്നല്ലോ മരിക്കും മുന്‍പ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
അപ്പോള്‍ അത്രയേ ഉള്ളു കാര്യം. മരണം ഒരു യാഥാര്‍ഥ്യമായിരിക്കുന്നിടത്തോളം മനുഷ്യനു നിഗളിക്കാന്‍ ഒന്നുമില്ല. അതുകൊണ്ടാവാം നിഗളത്തിനു നേരെ എതിരായ താഴ്മയ്ക്കു ഇങ്ങനെയൊരു നിര്‍വചനം വന്നത് – ‘താഴ്മയാണു സത്യം.’
സത്യത്തില്‍ മരണം, ജീവിതത്തിന്റെ നിസ്സാരത, നേടിയെന്നു കരുതുന്ന കാര്യങ്ങളുടെ വ്യര്‍ഥത എന്നിവയെക്കുറിച്ചു യാഥാര്‍ഥ്യബോധത്തില്‍ അധിഷ്ഠിതമായ കാഴ്ചപ്പാടുള്ള ഒരുവനെ സംബന്ധിച്ചിടത്തോളം എപ്പോഴും താഴ്മയിലല്ലേ നില്‍ക്കാനാവൂ? ഉവ്വ്, താഴ്മയാണു സത്യം.
പക്ഷേ ഇന്നത്തെ ലോകത്തില്‍ തലതിരിഞ്ഞ മൂല്യബോധം താഴ്മയെ ദൗര്‍ബല്യമായി കാണുന്നു. മാത്രമല്ല, നിഗളത്തെ സമൂഹം ഇന്ന് അഭിനന്ദിക്കുകയും ചെയ്യുന്നു! ഒരുകാലത്ത് അഹങ്കാരമെന്നും തലക്കനമെന്നും പറഞ്ഞു തള്ളിക്കളഞ്ഞിരുന്ന മനോഭാവങ്ങള്‍ക്ക് ഇന്നു സമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്നതു ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാക്കാം. സഹകളിക്കാരോടും അമ്പയറോടും ആക്രോശിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്ന കളിക്കാരനോടുള്ള സമൂഹത്തിന്റെ പ്രതികരണം ഇന്നിങ്ങനെയാണ്: ‘ഹോ, എത്ര അഗ്രസ്സീവായ കളിക്കാരന്‍! ഇത്തരം ഒരാളെ ആരാധിക്കാതിരിക്കുന്നതെങ്ങനെ?’ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കുകയും എങ്ങനെയും ഇടിച്ചു കയറി സ്വന്തം നിലനില്‍പ്പു ഭദ്രമാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനെക്കുറിച്ച് ആളുകള്‍ പറയുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ?- ‘അദ്ദേഹം നല്ലപോലെ അസ്സെര്‍ട്ടു ചെയ്യുന്ന ആളാണ്. അങ്ങനെ വേണം!’ തൊട്ടതിനും പിടിച്ചതിനുമൊക്കെ ആരോടും കയറി തര്‍ക്കിക്കുന്നവനെ നോക്കി അഭിനന്ദനപൂര്‍വ്വം ഇന്നു ജനം പറയുന്നു: ‘മിടുക്കന്‍, അവന്‍ വളരെ ആര്‍ഗ്യൂമെന്റേറ്റീവ് ആണ്.’ അഗ്രസ്സീവ്, അസ്സെര്‍ട്ടീവ്, ആര്‍ഗ്യുമെന്റേറ്റീവ് – കൊള്ളാം. സമൂഹത്തിന്റെ മനോഭാവത്തിലെ ഈ മാറ്റത്തെ എങ്ങനെയാണു നാം വിശദീകരിക്കുക? -‘പഴകുമ്പോള്‍ ഒരു നാള്‍ ഇരുളും വെളിച്ചമായി തോന്നാം’ എന്നോ?
രണ്ടായിരം വര്‍ഷം മുന്‍പ് ഒരു ഗുരു എല്ലാവരും തന്നില്‍ നിന്ന് ഒരേയൊരു കാര്യം പഠിക്കാന്‍ ആവശ്യപ്പെട്ടു – അതു മറ്റൊന്നുമല്ല, താഴ്മയാണ്. ‘ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍… എന്നോടു പഠിപ്പിന്‍. എന്നാല്‍… നിങ്ങള്‍ ആശ്വാസം കണ്ടെത്തും.’ നിഗളം എപ്പോഴും അശാന്തിയാണ്. താഴ്മയാണ് ആശ്വാസം.
ഉവ്വ്, എല്ലാ മനുഷ്യരെ സംബന്ധിച്ചും താഴ്മയാണു സത്യം; ഒപ്പം ആ താഴ്മയാണ് ആശ്വാസവും.
10. അന്യോന്യം
ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കപ്പല്‍ യാത്രയ്ക്കായാണ് ബിഷപ്പ് ആ കപ്പലില്‍ കയറിയത്. തനിക്ക് അനുവദിച്ചിരിക്കുന്ന കാബിന്‍ കണ്ടെത്തി അദ്ദേഹം പെട്ടിയും ബാഗുമായി അതില്‍ ചെന്നു കൂടിയത് തികച്ചും ഉല്ലാസവാനായാണ്. പക്ഷേ ആ സന്തോഷം ഏറെ നീണ്ടു നിന്നില്ല. കാബിനിലെ തന്റെ സഹയാത്രികനെ കണ്ടതോടെ ബിഷപ്പിന് ആകെ അസ്വസ്ഥതയായി. ഒറ്റനോട്ടത്തില്‍ തന്നെ അയാളില്‍ ഒരു കള്ള ലക്ഷണം ബിഷപ്പിനു തോന്നി. ഒരു പഠിച്ച കള്ളന്റെ മട്ട്. ഇയാളുമൊത്തു വേണമല്ലോ രാവും പകലും ഈ മുറിയില്‍ കഴിയാന്‍! കണ്ണു തെറ്റിയാല്‍ വല്ലതും അടിച്ചു മാറ്റിയെന്നിരിക്കാം.
ഒരുദിവസം വല്ലവിധേനയും കഴിഞ്ഞു. അടുത്ത ദിവസം തന്നെ ബിഷപ്പ് തന്റെ പണവും വിലപിടിപ്പുള്ള ചില സാധനങ്ങളും കപ്പലിന്റെ ക്യാപ്റ്റനെ കൊണ്ടുചെന്ന് ഏല്‍പിച്ചു. ‘ഇവ ക്യാപ്റ്റന്‍ തന്നെ ഒന്നു സൂക്ഷിക്കണം. എന്റെ കാബിന്‍ ഒട്ടും സുരക്ഷിതമല്ല. കാരണം അവിടെയുള്ള എന്റെ സഹയാത്രികന്‍ ഒരു ഭൂലോക കള്ളനാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ എനിക്കു മനസ്സിലായി.’
ക്യാപ്റ്റന്‍ ബിഷപ്പിന്റെ പണവും വിലപിടിപ്പുള്ള സാധനങ്ങളും വാങ്ങിവച്ചു. പിന്നെ കാബിന്റെ നമ്പര്‍ ചോദിച്ചു. ബിഷപ്പ് അതു പറഞ്ഞപ്പോള്‍ ക്യാപ്റ്റന്‍ ആശ്ചര്യത്തോടെ ഇങ്ങനെ പറഞ്ഞു: ‘അല്‍പം മുന്‍പ് ഇതേ കാബിനിലെ മറ്റേ യാത്രക്കാരനും അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ എന്നെ കൊണ്ടുവന്ന് ഏല്‍പിച്ചല്ലോ. അദ്ദേഹവും നിങ്ങള്‍ പറഞ്ഞ അതേ കാരണമാണു പറഞ്ഞത്.’
യേശു ഒരിക്കല്‍ പറഞ്ഞു: ‘നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും. നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.’
മറ്റുള്ളവരെ വിമര്‍ശിക്കുന്നതില്‍ നമ്മുടെ ദിവസത്തിന്റെ ഭൂരിഭാഗവും കഴിഞ്ഞുപോകുന്നു. ഇതിനിടയില്‍ ആത്മവിമര്‍ശനത്തിനു നേരമില്ല; മനസ്സും. മറ്റുള്ളവര്‍ക്കു നേരെ നാം ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നമുക്കെതിരെ മൂന്നു വിരലുകളാണു തിരിഞ്ഞിരിക്കുന്നതെന്ന സത്യത്തിനു നേരെ കണ്ണടച്ച് ഇരുട്ടാക്കാനാണു നമുക്കു താല്‍പര്യം.
ഇതേസമയം, ഒരുവന് തനിക്കു നേരെ തന്നെ വിരല്‍ ചൂണ്ടാന്‍ കഴിഞ്ഞാല്‍ അത് അഭിനന്ദനീയമായ ഒരു വ്യത്യസ്തതയായിരിക്കും! ഇത്തരം ഒരു സന്ദര്‍ഭമെങ്കിലും യേശുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തിലുണ്ട്. യേശുവിന്റെ ശിഷ്യന്മാര്‍, പലപ്പോഴും അവിടത്തെ പഠിപ്പിക്കലുകള്‍ സ്വന്ത ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ പരാജയമായിരുന്നെങ്കിലും അന്ത്യ അത്താഴത്തിന്റെ സമയം അവര്‍ വേറിട്ടു നില്‍ക്കുന്നു. അന്ത്യ അത്താഴത്തിന്റെ നേരത്ത് യേശു പറഞ്ഞു: ‘നിങ്ങളില്‍ ഒരുവന്‍ എന്നെ കാണിച്ചുകൊടുക്കും!’ ആ വാക്കുകള്‍ ഒരു വലിയ നടുക്കം തന്നെ സൃഷ്ടിച്ചു. തങ്ങളില്‍ ആരാണു ഗുരുവിനെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കുക? തങ്ങളില്‍ ഒരാള്‍ അതു ചെയ്യും. പക്ഷേ അതാരാണ്? ആരും അന്യോന്യം സംശയത്തോടെ നോക്കിപ്പോകാവുന്ന രംഗം. ‘അപ്പോള്‍ അവര്‍ അത്യന്തം ദുഃഖിച്ചു. ഞാനോ ഞാനോ കര്‍ത്താവേ എന്ന് ഓരോരുത്തന്‍ പറഞ്ഞു തുടങ്ങി’ – ഇങ്ങനെയാണ് മത്തായി എന്ന സുവിശേഷകാരന്‍ ആ രംഗം വിവരിക്കുന്നത് (26:22). നോക്കുക: അവര്‍ അന്യോന്യം വിരല്‍ ചൂണ്ടിയില്ല, പകരം സ്വന്തം നെഞ്ചിലടിച്ചു. – ‘അതു ഞാനോ കര്‍ത്താവേ?’
അവരില്‍ ഇസ്‌കര്യോത്താ യൂദ ഒഴികെ ഒരാളും യേശുവിനെ കാണിച്ചുകൊടുക്കാന്‍ മുപ്പതു വെള്ളിക്കാശ് അച്ചാരം വാങ്ങിയില്ല. എന്നിട്ടും ബാക്കി പതിനൊന്നു പേരില്‍ ഓരോരുത്തനും തന്നെത്തന്നെ സംശയിച്ചതിന് എന്താണു കാരണം? പൊടുന്നനെ ഗുരു അങ്ങനെ പറഞ്ഞപ്പോള്‍ തങ്ങളിലേക്കു നോക്കിയ അവര്‍ തങ്ങളില്‍ തന്നെ കണ്ടത് ഗുരുവിനോട് മുന്‍കാലങ്ങളില്‍ നൂറു ശതമാനവും ചേര്‍ന്നു നില്‍ക്കാത്ത, ഗുരുവിനെ സംശയിക്കുന്ന, വേണ്ടിവന്നാല്‍ ശത്രുപക്ഷത്തു നിലയുറപ്പിച്ചേക്കാവുന്ന ഒരു ഒറ്റുകാരനെയാണ്. അത് അവരെ ഇങ്ങനെ വിലപിക്കാന്‍ പ്രേരിപ്പിച്ചു: ‘കര്‍ത്താവേ, ആ ഒറ്റുകാരന്‍ ഇനി ഞാനോ മറ്റോ ആണോ?’ സത്യത്തില്‍ ഒരു കാര്യത്തിനുവേണ്ടി ആത്മാര്‍ഥമായി നില്‍ക്കുമ്പോള്‍ തന്നെ അതിനു വിരുദ്ധമായി അതിന്റെ എതിര്‍പക്ഷത്തു മനസ്സുകൊണ്ടു നില്‍ക്കുന്ന ഒരു ‘ഒറ്റുകാരനെ’ നാം നമ്മില്‍ തന്നെ കണ്ടിട്ടില്ലേ? അതു നാം കണ്ടിട്ടുണ്ടെങ്കില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന നമ്മെത്തന്നെ ന്യായീകരിക്കുന്ന, മറ്റുള്ളവരെ വിധിക്കുന്ന, ഒരു വലിയ മനുഷ്യന്‍ നമ്മിലുണ്ടായിരിക്കുകയില്ല. മറിച്ച്, ഞാനും തെറ്റിപ്പോയിരിക്കാം. ഞാനും ഉള്ളില്‍ ഒരുപക്ഷേ ഒരു ഒറ്റുകാരനായിരിക്കാം എന്ന സന്ദേഹിയായി, മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടാന്‍ മടിയുള്ളവനായി നില്‍ക്കും.
നമ്മെത്തന്നെ മറ്റുള്ളര്‍ക്കു മേലെ സ്വയം ഒരു വലിയ പീഠത്തില്‍ പ്രതിഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്നത് ‘ഞാന്‍ നീതിമാന്‍, ഒരു തെറ്റും ചെയ്യാത്തവന്‍’ എന്ന പരീശ മനോഭാവമാണ്. ആളുകള്‍ സാധാരണ തിന്മ, പാപം എന്നു പറയുന്നത് പരിധി ലംഘിച്ച് ചെയ്യുന്ന ചില കാര്യങ്ങളെയാണ്. അത്തരം കാര്യങ്ങള്‍ പാപമാണെന്നു ബൈബിളും പറയുന്നു (1 യോഹ. 3:4). എന്നാല്‍, അതിനപ്പുറത്തു ചെയ്യേണ്ട ചില കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിനെയും ബൈബിള്‍ പാപത്തിന്റെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് (യാക്കോബ് 4:17). വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമാണെന്നും മറ്റൊരിടത്തു പറയുന്നു (റോമര്‍ 14:23). നോക്കുക: ഇതെല്ലാമാണു പാപത്തിന്റെ നിര്‍വചനങ്ങളെന്നു നാം സമ്മതിക്കുന്നുവെങ്കില്‍ ‘ഞാന്‍ നീതിമാന്‍’ എന്ന ഊറ്റംകൊള്ളാനും മറ്റൊരള്‍ക്കെതിരെ വിരല്‍ ചൂണ്ടാനും പഴയ ആത്മ വിശ്വാസത്തോടെ എത്ര പേര്‍ക്കു കഴിയും?
ആര്‍ക്കെങ്കിലും ഒരാള്‍ക്കെതിരെ വിരല്‍ ചൂണ്ടാനും അവരെ വിധിക്കാനും അര്‍ഹതയുള്ള ഒരുവനുണ്ടായിരുന്നെങ്കില്‍ അതു പാപരഹിതനായ യേശുവായിരുന്നു. എന്നാല്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട, പ്രകടമായി തന്നെ തെറ്റുകാരിയായ, ഒരുവള്‍ മുന്നില്‍ നിന്നപ്പോള്‍ യേശു പറഞ്ഞത് ‘ഞാന്‍ നിന്നെ വിധിക്കുന്നില്ല’ എന്നായിരുന്നു. അങ്ങനെയെങ്കില്‍ നാം എന്തു ധൈര്യത്തിലാണു സഹോദരന്റെ കണ്ണിലെ കരടിനെക്കുറിച്ചു ധാര്‍മികരോഷം കൊള്ളുന്നത്?
11. കാര്യം നിസ്സാരം
ഈച്ച ചെറുതാണ്. പക്ഷേ, ചത്ത ഒരു ഈച്ചയ്ക്ക് ഒരു ഭരണി നിറയെ ഉള്ള പരിമള തൈലത്തെ ദുര്‍ഗന്ധപൂരിതമാക്കാന്‍ കഴിയും. ബൈബിളിലെ സഭാപ്രസംഗി എന്ന പുസ്തകത്തില്‍ നിന്ന് ആണ് ഈ വചനം (10:1).
ഒട്ടേറെ കഴിവുകളുള്ള വ്യക്തി. എന്നാല്‍ ആ കഴിവുകളുമായി താരതമ്യം ചെയ്താല്‍ അദ്ദേഹത്തിനുള്ള നിസ്സാരമെന്നു തോന്നുന്ന എന്തെങ്കിലുമൊരു ദുഃസ്വഭാവം ആ ജീവിതത്തെ തകര്‍ത്തു കളഞ്ഞതിന്റെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സഭാപ്രസംഗിയുടെ വാക്കുകള്‍ ഓര്‍ത്തു പോകുന്നു.
‘പഴത്തൊലിയില്‍ ചവിട്ടിയാലും ആളുകള്‍ വീഴാറുണ്ടല്ലോ’ – നിസ്സാരനെന്നു തോന്നിയ എതിരാളിയോടു തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കേരള രാഷ്ട്രീയത്തിലെ അതികായനെന്നു വിശേഷിപ്പിക്കപ്പെട്ട നേതാവു പറഞ്ഞ പ്രസിദ്ധമായ ഈ വാക്യം കേട്ടിട്ടില്ലേ? അതികായന്മാരുടെ വീഴ്ചയ്ക്കു പഴത്തൊലി തന്നെ ധാരാളം. ഒരു ചുവടു തെറ്റിയാല്‍ ആനയായാലും വീഴും എന്നാണല്ലോ.
നയാഗ്ര ആദ്യമായി കുറുകെ കടന്നു ലോക ശ്രദ്ധ നേടിയ ബ്ലോണ്ടില്‍ മരിച്ചത് വന്‍നദികള്‍ കുറുകെ കടക്കുമ്പോള്‍ ഉണ്ടായ ഏതെങ്കിലും അപകടത്തിലല്ല. മറിച്ച്, വീട്ടില്‍ നടക്കുമ്പോള്‍ മുറിയിലെ കാര്‍പെറ്റില്‍ കാലു തട്ടിവീണ് പരുക്കേറ്റ്, പിന്നീട് അതു ഗുരുതരമായി മരിക്കുകയായിരുന്നത്രേ. കൊച്ചു കാര്യം മൂലം വിചിത്രമായ അന്ത്യം ഉണ്ടായ വലിയ വ്യക്തികളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഷിക്കാഗോയില്‍ നിന്നുള്ള ജെയിംസ് ക്രച്ചസിനെക്കുറിച്ചും പറയേണ്ടതുണ്ട്. ടൈറ്റാനിക് കപ്പല്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട ജെയിംസിന്റെ ജീവിതത്തില്‍ ചരിത്രം ആവര്‍ത്തിച്ചു. മറ്റൊരു കപ്പല്‍ അപകടത്തിലും അദ്ദേഹം അകപ്പെട്ടു. ലൂസിറ്റാന കപ്പല്‍ ദുരന്തമായിരുന്നു അത്. എന്നാല്‍, ഇതില്‍ നിന്നു വീണ്ടും പോറല്‍പോലും എല്‍ക്കാതെ രക്ഷപ്പെട്ട ജെയിംസ് ഒടുവില്‍ മരിച്ചത് എങ്ങനെയെന്നല്ലേ? വീടിനടുത്തുള്ള ചെറിയ അരുവിയില്‍ കാല്‍വഴുതി വീണു മുങ്ങിച്ചാവുകയായിരുന്നു! വലിയ വെല്ലുവിളികളെ അതിജീവിച്ച പലരും കൊച്ചു കാര്യങ്ങളുടെ മുന്‍പില്‍ തോറ്റുപോകുന്നത് എത്ര ദുഃഖകരം!
അല്‍പം രസം (മെര്‍ക്കുറി) കുത്തിവച്ചാല്‍ ഏതു വമ്പന്‍ മരവും കുറച്ചു നാള്‍ കഴിയുമ്പോള്‍ ഉണങ്ങിപ്പോകുമെന്നു നമുക്കറിയാം. പല ദുശ്ശീലങ്ങളെയും – പുകവലി, മദ്യപാനം എന്നിങ്ങനെ – ആളുകള്‍ ന്യായീകരിക്കുന്നത് ‘ഓ, ഇതൊക്കെ ഒരു രസം’ എന്നു പറഞ്ഞാണെന്നതു തന്നെ രസകരമായ ഒരു വൈരുദ്ധ്യമായി തോന്നുന്നില്ലേ? ഒരു ചെറിയ ദുഃസ്വഭാവം. പക്ഷേ അതിനു കൊടുക്കേണ്ടി വരുന്ന വിലയോ? ദേശസാല്‍കൃത ബാങ്കിലെ ഉദ്യോഗസ്ഥന്‍. നാട്ടില്‍ മാന്യന്‍. പക്ഷേ, ബസ്സില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനു നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പിച്ചത് അയാളെയാണ്. മാധ്യമങ്ങളില്‍ പടം വന്നു. ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചു പോയി എന്നാണു ന്യായം. അന്വേഷിച്ചു ചെന്നപ്പോഴോ? ആ ദുര്‍ബല നിമിഷത്തിനു പിന്നില്‍ നാളുകളായി പിന്‍തുടരുന്ന ഒരു ദുശ്ശീലമുണ്ടായിരുന്നു. ഇന്റര്‍നെറ്റ് അശ്ലീലത്തിന്റെ ഇരയായിരുന്നു അയാള്‍. ഇന്നു മുന്‍പില്ലാത്ത വിധം പെരുകുന്ന മാനഭംഗങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ വില്ലന്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണുകളുടെ ദുരുപയോഗമല്ലേ? ഗൗരവമായി എടുക്കാത്ത ഒരു ദുശ്ശീലം, അത് എത്ര പേരെ തകര്‍ത്തു കളഞ്ഞിരിക്കുന്നു! ‘കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു!’ (യാക്കോബ് 3:5).
മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു മടങ്ങിപ്പോകാന്‍ നേരം ഒരു ഭിക്ഷുവിനോട് തന്നോടൊപ്പം ഗ്രീസിലേക്കു വരുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്രേ. ഭിക്ഷു ആ ക്ഷണം നിരസിച്ചു. ചക്രവര്‍ത്തി ക്ഷുഭിതനായി. ‘എന്ത്! ഈ നിസ്സാരനായ സന്യാസി ചക്രവര്‍ത്തിയായ തന്നെ അനുസരിക്കാതിരിക്കുകയോ?’ കോപംകൊണ്ടു വിറച്ച അലക്‌സാണ്ടര്‍, ഭിക്ഷുവിനോട് തന്നോടൊപ്പം വരാതിരിക്കാനുള്ള കാരണം അറിയണമെന്ന് ആവശ്യപ്പെട്ടു. ‘കാരണം നിസ്സാരം. നിങ്ങള്‍ എന്റെ അടിമയുടെ അടിമയാണ്. അതുകൊണ്ട് നിങ്ങളൊടൊപ്പം വരുന്നില്ല.’ പറഞ്ഞതു വിശദീകരിക്കാന്‍ ചക്രവര്‍ത്തി വീണ്ടും കോപിഷ്ഠനായി ആവശ്യപ്പെട്ടു. അപ്പോള്‍ ഭിക്ഷു ഇങ്ങനെ വിശദീകരിച്ചത്രേ: ”നോക്കൂ, ഞാന്‍ മുന്‍കോപത്തെ എന്നേ ജയിച്ചു കഴിഞ്ഞു. കോപം ഇപ്പോള്‍ എന്റെ അടിമയാണ്. അതേസമയം നിങ്ങള്‍ ഇപ്പോഴും മുന്‍കോപത്തിന്റെ അടിമയാണ്. ചുരുക്കത്തില്‍ നിങ്ങള്‍ എന്റെ അടിമയുടെ അടിമയാണെന്നു സാരം.” നോക്കുക: ചക്രവര്‍ത്തിയെപ്പോലും അടിമായാക്കാന്‍ ഒരു കൊച്ചു ശീലത്തിനു കഴിയുന്നു. ഒരുവന്‍ ഏതിനോടു തോല്‍ക്കുന്നോ അതിന്റെ അടിമയാണവന്‍.
‘നാവും ഒരു തീ തന്നെ’ എന്നു ബൈബിള്‍ പറയുന്നു (യാക്കോബ് 3:6). പരദൂഷണം, വ്യാജം, കരുതലില്ലാത്ത ഒരു വാക്ക് എന്നിവ ചെറിയ കാര്യമാണെന്നു കരുതുന്നുവോ? എന്നാല്‍ അതു വരുത്തിയിട്ടുള്ള നാശം എത്ര! അതുകൊണ്ടാവണം യേശു പറഞ്ഞു: മനുഷ്യന്‍ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധി ദിവസത്തില്‍ കണക്കു കൊടുക്കേണ്ടി വരും.
കൊച്ചു കാര്യങ്ങളില്‍ നിഷേധാത്മകമായ ഒരു ജാഗ്രത പുലര്‍ത്തുക മാത്രമല്ല, ചെയ്യേണ്ട കൊച്ചുകാര്യം ചെയ്യാനുള്ള ശ്രദ്ധയും നമുക്കുണ്ടാകണം. ഒരിക്കല്‍ യേശു, മരിച്ച പന്ത്രണ്ടുകാരിയെ ഉയിര്‍പ്പിച്ച് അവളുടെ മാതാപിതാക്കള്‍ക്ക് ഏല്‍പിച്ചു കൊടുക്കുമ്പോള്‍ ഒരു ചെറിയ നിര്‍ദേശം നല്‍കാന്‍ മറന്നില്ല: ‘ബാലയ്ക്കു വിശക്കുന്നുണ്ടാവും, അവള്‍ക്കു കഴിക്കാന്‍ കൊടുക്കുക.’ പെസഹയ്ക്കു ശിഷ്യന്മാര്‍ എത്തിയപ്പോള്‍, നടന്നു വന്നപ്പോള്‍ പൊടിപുരണ്ട, അവരുടെ കാലുകള്‍ കഴുകുന്ന കൊച്ചു ജോലി യേശു ഏറ്റെടുത്തു. ഗെത്‌സമന തോട്ടത്തിലെ സംഘര്‍ഷഭരിതമായ രംഗത്തു ഒരു ദാസന്റെ കാത് അറ്റു വീണപ്പോള്‍ ആ തിരക്കിനിടയിലും സ്വന്തം കാര്യം വിസ്മരിച്ച് യേശു പറഞ്ഞു: ‘എന്നെ ഇത്രയ്ക്കു വിടുക.’ പിന്നെ അറ്റു വിണ ആ കാത് യാഥാസ്ഥാനത്തു വച്ച് അവനെ സൗഖ്യമാക്കി. വയലില്‍ വളര്‍ന്ന നില്‍ക്കുന്ന പൂക്കളും കൊച്ചു കുരുവികളും തിരിക്കിനിടയിലും അവന്റെ ശ്രദ്ധയില്‍ പെടാതെ പോയില്ല. അവന്‍ പറഞ്ഞു: ‘പൂക്കളെ നോക്കുക, ആകാശത്തിലെ പറവകളെ നോക്കുക.’
അന്ന് രണ്ടു കുരുവികളുടെ വില ഒരു കാശ്. രണ്ടു കാശിനു കുരുവികളെ വാങ്ങുമ്പോള്‍ നാലിനു പകരം അഞ്ചു കൊടുക്കും. അഞ്ചാമത്തേതു ഫ്രീ! പക്ഷേ, ചന്തയിലെ തിരക്കിനിടയില്‍ നിലത്തുവീഴുന്ന ആ വിലയില്ലാത്ത അഞ്ചാമത്തെ കുരുവിയെയും അവന്‍ ശ്രദ്ധിച്ചു! നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ പൂക്കളുടെയും പറവകളുടെയും ഭംഗി ആസ്വദിക്കാന്‍ മറന്നു പോകുന്നവരോട് യേശു ഇന്നും പറയുന്നു: പൂക്കളെ നോക്കുക, പറവകളെ നോക്കുക. ആരും ശ്രദ്ധിക്കാനില്ലാത്ത, വിലയില്ലാത്ത, ആ കൊച്ചു കുരുവിയുടെ നിലവിളിക്കു കാതോര്‍ക്കുക.
ആളുകളെ സംബന്ധിച്ചും ഇതേ കാഴ്ചപ്പാടായിരുന്നു യേശുവിന്. ഒരാത്മാവിന്റെ വില മുഴുലോകത്തെക്കാള്‍ വിലേയറിയത് എന്നു പറഞ്ഞവന് ഒരു വ്യക്തിയെയെങ്കിലും നിസ്സാരനെന്നു കാണാന്‍ കഴിയുന്നതെങ്ങനെ? ഈ ചെറിയവരില്‍ ഒരുവനു ചെയ്തത് നിങ്ങള്‍ എനിക്കാണു ചെയ്തത് എന്നായിരുന്നല്ലോ അവന്റെ വാക്കുകള്‍. എണ്ണത്തിലായിരുന്നില്ല അവന്റെ ശ്രദ്ധ. പലപ്പോഴും ആള്‍ക്കൂട്ടത്തെ വിട്ടിട്ട് ഒറ്റയൊറ്റ വ്യക്തികളെ തേടി അവന്‍ പോയി. ആലയിലുണ്ടായിരുന്ന തൊണ്ണൂറ്റൊന്‍പത് ആടുകളെ വിട്ട് കാണാതെ പോയ ഒന്നിനെ തിരഞ്ഞുപോയ നല്ലയിടയന്‍ വാസ്തവത്തില്‍ മറ്റാരുമായിരുന്നില്ല.
നമുക്കു കൊച്ചു കാര്യങ്ങളില്‍ സൂക്ഷ്മതയുള്ളവരാകാം. കുതിരയുടെ ലാടത്തിലെ ഒരാണി നഷ്ടപ്പെട്ടതിനാല്‍ യുദ്ധം തോറ്റ രാജാവ് പഴങ്കഥയിലെ കഥാപാത്രം മാത്രമാണു നമുക്ക്. എന്നാല്‍ ഇന്നു നിത്യജീവിതത്തില്‍ നാമാണ് ഈ രാജാവെന്ന് എന്നു നാം തിരിച്ചറിയും?
12. ക്രിസ്തുമസ് ചിന്തകള്‍
ഡിസംബറായാല്‍ ‘സമാധാനത്തിന്റെ സന്ദേശവുമായി ഇതാ വീണ്ടും ക്രിസ്തുമസ് വരവായി…’ എന്നിങ്ങനെ ക്ലീഷേ ആയ പ്രയോഗങ്ങളുമായി ക്രിസ്തുമസ് വാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും പ്രളയമായി. ആട്ടിടയന്മാര്‍ക്കു പ്രത്യക്ഷരായ മാലാഖമാര്‍, ‘ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്കു സമാധാനം’ എന്നു പാടിയതാകാം യേശുവിന്റെ ജനനം സമാധാനമാണു കൊണ്ടു വരുന്നതെന്നു പൊതുവെ കരുതാന്‍ കാരണം.
തീര്‍ച്ചയായും അവന്‍ സമാധാനം കൊണ്ടു വന്നവനാണ്. യേശുവിന്റെ ജനനത്തിന് 700 വര്‍ഷം മുന്‍പ് അവന്റെ വരവിനെക്കുറിച്ചു പ്രവചിച്ച യെശ്ശയ്യാവ് യേശുവിനെ ‘സമാധാനപ്രഭു’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ‘ഞാന്‍ സമാധാനമല്ല, വാളത്രേ കൊണ്ടു വരുന്നത്’ (മത്താ. 10:34) എന്നാണ് യേശുവിന്റെ തന്നെ വാക്കുകള്‍. തമ്മില്‍ എങ്ങനെയാണ് ചേര്‍ന്നു പോകുന്നത്?
സമാധാനത്തെക്കുറിച്ചു നമുക്കു ചില പരമ്പരാഗത സങ്കല്‍പങ്ങളുണ്ട്. നാട്ടിലെ ലഹളയില്‍ നിന്നു തനിക്കു നേട്ടം ഉണ്ടാക്കിയ നേതാവ് ഒടുവില്‍ സമാധാന റാലി നയിക്കുകയും വെള്ളരി പ്രാവിനെ പറത്തുകയും ചെയ്യുന്നതുപോലെ ചിലതാണു സമാധാനത്തിന്റെ പേരിലുള്ള നാട്ടുനടപ്പ്. ഇത്തരം ഒരു തട്ടിപ്പോ തൊലിപ്പുറത്തുള്ള ഒരു സമാധാനമോ ആയിരുന്നില്ല യേശുവിന്റേത്. യേശുവിന്റെ സമാധാനം നീതിയില്‍ അടിത്തറയിട്ടതായിരുന്നു. തെറ്റിനു ശിക്ഷയുണ്ട് എന്ന ദൈവനീതി നിവര്‍ത്തിക്കപ്പെടാനായി ക്രൂശില്‍ മരിച്ചു ദൈവനീതിയെ തൃപ്തിപ്പെടുത്തിയാണ് യേശു മാനവരാശിക്കു സമാധാനം കൊണ്ടുവന്നതെന്ന് ഓര്‍ക്കണം.
യഥാര്‍ഥ സമാധാനമാണോ? എങ്കില്‍ അതിന് ഒരു ഇരട്ട സഹോദരനുമുണ്ട്. അതു നീതിയാണ്. നീതി അറിയാത്ത ഒരുതരം സമാധാനമുണ്ട്. നഗ്നനും അഹോവൃത്തിക്കു വകയില്ലാത്തവനുമായ സഹോദരനോട് (അവനു വേണ്ടതു കൊടുക്കാതെ): ‘പോയി സമാധാനത്തോടെ തീ കായുകയും വിശപ്പടക്കുകയും ചെയ്യുക’ എന്നു പറയുന്ന ഒരുതരം സമാധാനം. പക്ഷേ അത് നീതിയില്‍ അധിഷ്ഠിതമായ സമാധനമല്ല. അത് യേശുവിന്റെ സമാധാനമല്ലെന്നു യാക്കോബ് തന്റെ ലേഖനത്തില്‍ വിവരിക്കുന്നു.
യേശു ചാട്ടവാര്‍ എടുത്ത സംഭവം നോക്കുക: ദൈവാലയത്തോടു നീതി പുലര്‍ത്തുന്നത് അതിനെ പ്രാര്‍ഥനാലയമായി നിലനിര്‍ത്തിക്കൊണ്ടാണ്. മറിച്ച് അതിനെ കള്ളന്മാരുടെ ഗുഹയാക്കിയാലോ? അപ്പോള്‍ പരീശന്മാരും പുരോഹിതന്മാരും ദൈവാലയത്തോടു നീതിയല്ല കാട്ടുന്നതെന്ന് യേശുവിനു ബോധ്യമുണ്ട്. അവന്‍ ചാട്ടവാറെടുത്തു. ചാട്ടവാറെടുക്കുമ്പോള്‍ നമ്മുടെ സങ്കല്‍പത്തിലുള്ള സമാധാനം ഭഞ്ജിക്കപ്പെടുന്നു. പക്ഷേ, യേശുവിനു കുലുക്കമില്ല. നീതിയില്‍ അടിസ്ഥാനമിട്ട് അതിന്‍മേല്‍ കെട്ടിപ്പടുത്ത സമാധാനം മാത്രമേ നിലനില്‍ക്കൂ എന്നവനറിയാം. ‘എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചു പോകുന്നു’ എന്നു പറഞ്ഞുപോയവന്‍ നമുക്കു തരാനാഗ്രഹിച്ചത് ഈ സമാധാനമാണ്. നാം ഇന്നു കൈയാളുന്നതു നീതിയില്‍ അധിഷ്ഠിതമായ ഈ സമാധാനമാണോ?
വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും നാട്ടിലെ വൃദ്ധസദനത്തിന്റെ തണുപ്പില്‍ മരിക്കാന്‍ വിട്ടിട്ട് വിദേശത്തുള്ള മക്കള്‍ ‘നിങ്ങള്‍ക്കു സമാധാനം, സമാധാനം’ എന്നു ക്രിസ്മസിന് വളരെ സമാധാനത്തോടെ പാടുമ്പോള്‍ ആ സമാധാനം നീതി അറിയുന്നുണ്ടോ? സ്ത്രീധനത്തിന്റെ ബാക്കി വാങ്ങിക്കൊണ്ടു വരാന്‍ കെട്ടിയ പെണ്ണിനെ അവളുടെ വീട്ടില്‍ പറഞ്ഞു വിട്ടശേഷം അവളുടെ കണ്ണീര്‍ച്ചാലുകള്‍ കുറുകെ കടന്ന് ക്രിസ്മസ് സമാധാന സന്ദേശം നല്‍കാന്‍ പോകുന്നവനും നീതിയെക്കുറിച്ച് എന്തു ബോധ്യമാണുള്ളത്?
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഡിസംബര്‍ 24 രാത്രി ഓര്‍മയിലുണ്ട്. പുലരുന്നതു ക്രിസ്തുമസ് ദിനത്തിലേക്ക്. പത്രം ഓഫീസിലെ പണികഴിഞ്ഞു വീട്ടിലേക്കു പോകാനാണ് അര്‍ധരാത്രിയോടടുത്ത് ആ സര്‍ക്കാര്‍ ബസില്‍ കയറിയത്. രാത്രിവണ്ടിയില്‍ സമീപത്തെ സീറ്റിലിരിക്കുന്നത് ചെറുപ്പക്കാരനായ തൊഴിലാളിയാണ്. നാട്ടില്‍ നിന്നു ദൂരെയെവിടെയോ ഒരു മാസത്തെ പണി കഴിഞ്ഞു കൂലിവാങ്ങി ഭാര്യയുടെയും കുട്ടികളുടെയും അടുത്തേക്കു പോകാന്‍ സന്ധ്യക്കു മുന്‍പു തന്നെ ഇറങ്ങിയതാണ്. പക്ഷേ, ഇപ്പോള്‍ അര്‍ധരാത്രിയായി. ഇത്രയും വൈകിയത്? വഴിയില്‍ നഗരത്തിലെ ക്രിസ്മസ് നക്ഷത്രം തൂക്കിയ, വൈദ്യുതി പ്രഭയില്‍ കുളിച്ചു നിന്ന, ‘ബാര്‍’ എന്ന ബോര്‍ഡു പ്രലോഭനമായി. ഫലം, ബസ് ടിക്കറ്റു കൂടി എടുത്തു കഴിഞ്ഞപ്പോള്‍ മടിശ്ശീല കാലിയായി. കയ്യിലുള്ളത് ഏതോ ബേക്കറിയുടെ പേരെഴുതിയ ബ്രൗണ്‍ കവര്‍ മാത്രം. വിയര്‍ത്തു നനഞ്ഞ കവര്‍ അങ്ങിങ്ങു കീറിത്തുടങ്ങിയിരിക്കുന്നു. അതിലുള്ളത് കഷ്ടിച്ച് അരക്കിലോ വരുന്ന ഒരു കേക്ക്. ‘ക്രിസ്മസല്യോ? പിള്ളാര്‍ക്കു വാങ്ങിച്ചതാ.’ അയാള്‍ ദൈന്യമായി ചിരിച്ചു.
പക്ഷേ, ചിരി ക്രമേണ ഒരു കരച്ചിലിനു വഴിമാറി. അത് ആരോടെന്നില്ലാത്ത പരാതി പറച്ചിലായി. ഒരു മാസത്തെ മിച്ചം ‘നരകത്തിന്റെ തീര്‍ഥം’ നല്‍കി പിടിച്ചു വാങ്ങിയ ഷാപ്പുടമയോടുള്ള പ്രതിഷേധമായി. തന്റെ തന്നെ പിടിപ്പുകേടിനെക്കുറിച്ചുള്ള പഴിയായി. മദ്യപന്റെ കരച്ചിലില്‍ ഉറക്കം ഞെട്ടിയ സഹയാത്രികര്‍ പിറുപിറുത്തുകൊണ്ട് രൂക്ഷമായി നോക്കി. ഏറ്റവും രോഷമുണ്ടായത് ബസ് കണ്ടക്ടര്‍ക്കാണ്. അദ്ദേഹം ബെല്ലടിച്ചു വണ്ടി നിര്‍ത്തി. അയാള്‍ക്കിറങ്ങേണ്ട സ്റ്റോപ്പിനു എത്രയോ പുറകില്‍ രാത്രിയില്‍ പെരുവഴിയില്‍, എന്റെ പ്രതിഷേധം വകവയ്ക്കാതെ, ബലമായി അയാളെ ഇറക്കിവിടുകയാണ്. മദ്യപന്‍ ചെറുത്തു നില്‍പ്പൊന്നും കൂടാതെ തന്റെ വിധി അംഗീകരിച്ച് കണ്ടക്ടറെയും സഹയാത്രികരെയും തൊഴുതുകൊണ്ട് ബസിന്റെ ചവിട്ടു പടികള്‍ മെല്ലെ ഇറങ്ങി. അക്ഷമനായ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചപ്പോള്‍ കയ്യിലെ കേക്കു പൊതിയുമായി അയാള്‍ വഴിയിലേക്കു വേച്ചു വീണുപോയി. വണ്ടിയിപ്പോള്‍ ശാന്തമായി ഓടിക്കൊണ്ടിരിക്കുകയാണ്. മദ്യപന്റെ വീഴ്ച ആരെയും അലോസരപ്പെടുത്തുന്നില്ല. സഹയാത്രികര്‍ വീണ്ടും കണ്ണടച്ചു.
നിസ്സഹായതയോടെ സീറ്റിലേക്കു തല ചായ്ക്കുമ്പോള്‍ ഒരു പിടി ചോദ്യങ്ങള്‍. വീഴ്ചയില്‍ വെള്ളായിയപ്പന്റെ ചോറുപൊതി പോലെ ആ കേക്കു വീണു ചിതറിപ്പോയിരിക്കുമോ? ക്രിസ്മസിനു വരുന്ന അച്ഛനെ കാത്തിരുന്ന ആ കുട്ടികള്‍. ‘അച്ഛനെന്താ വരാത്തേ അമ്മേ’ എന്ന കുട്ടികളുടെ ചോദ്യത്തിന് ആ അമ്മ എന്തു മറുപടി നല്‍കി കാണും? രാത്രിയില്‍ ഇരുളില്‍ തപ്പിത്തടഞ്ഞ് ഉറയ്ക്കാത്ത കാലുകളോടെ അയാള്‍ എപ്പോള്‍ വീടണഞ്ഞിരിക്കും? പ്രതീക്ഷയോടെ ഓടി വന്ന കുഞ്ഞുങ്ങളുടെ മുന്‍പില്‍ വെറുംകൈയോടെ നിന്ന അയാളുടെ ആത്മ നിന്ദയുടെ ആഴം എത്ര വലുതായിരിക്കണം! നമ്മള്‍ ആരെയാണു കുറ്റപ്പെടുത്തുക?
മദ്യവും ക്രിസ്മസും തമ്മില്‍ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന മട്ടിലാണ് ഓരോ ക്രിസ്മസ് സീസണും കടന്നു പോകുന്നത്. വിപണിയില്‍ കൂടുതല്‍ സാധനം എത്തിച്ചു ലാഭം കൊയ്യുന്ന മദ്യ മുതലാളി. മദ്യവില്‍പന, ക്രിസ്മസ് കാലത്തു റെക്കോര്‍ഡിലെത്തിച്ചില്ലെങ്കില്‍ മലയാളിക്കു നാണക്കേടാണെന്നു കരുതുന്ന ജനം. ‘സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാ സന്തോഷം’ എന്നാണു മാലാഖമാര്‍ ആട്ടിടയന്മാരോട് യേശുവിന്റെ ജനനത്തെ വിവരിച്ചത്. ആ സന്തോഷം മദ്യത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍, ‘മദ്യപന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല’ എന്ന കൊച്ചു ബൈബിള്‍ വാക്യത്തെ വിസ്മരിച്ച് ദൈവരാജ്യം പിറന്നത് മദ്യം കൊണ്ട് ആഘോഷിക്കുമ്പോള്‍, അതില്‍ ഒരു വലിയ പൊരുത്തക്കേടുണ്ട്.
കവര്‍ച്ച മുതല്‍ പങ്കു വയ്ക്കുന്നതിനു മുന്‍പ് കള്ളന്മാര്‍ കുരിശു വരയ്ക്കുന്നതുപോലെ മറ്റൊരു പൊരുത്തക്കേടാണ് ക്രിസ്മസ് മദ്യ വില്‍പനയുടെ ലാഭവിഹിതം ദൈവാലയത്തിനു നല്‍കി അബ്കാരി മുതലാളി തൃപ്തിപ്പെടുന്നത്! കൈസര്‍ക്കുള്ളതു കൈസര്‍ക്കു തന്നെ കൊടുക്കാന്‍ പറഞ്ഞ യേശു അതിനോടു ചേര്‍ന്നു പറഞ്ഞത് ദൈവത്തിനുള്ളതു വേണം ദൈവത്തിനു കൊടുക്കാനെന്നാണ്. ചുരുക്കത്തില്‍ ഇന്ന് ക്രിസ്മസിനോടു ചേര്‍ന്നുള്ള പല സന്തോഷങ്ങളും കൊട്ടിഘോഷിക്കുന്ന സമാധാനവും നീതി അറിയാത്ത സമാധാനവും സന്തോഷവുമാണോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകുമോ?
ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും… സന്തോഷവുമാണ് (റോമര്‍ 14:17). ഉവ്വ്, ക്രിസ്മസ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശമാണു കൊണ്ടു വരുന്നത്. എന്നാല്‍ ആ സമാധാനം നീതിയില്‍ അധിഷ്ഠിതമായിരുന്നില്ലെങ്കില്‍, മദ്യഷാപ്പിനു മുന്നില്‍ തൂക്കിയിരിക്കുന്ന ക്രിസ്മസ് നക്ഷത്രം പോലെ, എവിടെയോ എന്തോ ഒരു പൊരുത്തക്കേടുണ്ട്.
13.’തല ചായ്ക്കാനൊരിടം’
തല ചായ്ക്കാനൊരിടം – വീടിന് ആളുകള്‍ എളിമയോടെ നല്‍കിയിരിക്കുന്ന വിളിപ്പേര്. എന്നാല്‍ ‘ഒരാള്‍ക്ക് എത്ര ഭൂമിവേണം?’ എന്ന ടോള്‍സ്റ്റോയിക്കഥയുടെ തലക്കെട്ട് അനുകരിച്ച് ഒരാള്‍ക്ക് തലചായ്ക്കാന്‍ എത്ര ഇടം വേണമെന്നു ചോദിച്ചാലോ? ഇന്നത്തെ ആഡംബര വീടുകളുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യലാകുമത്.
എല്ലാവരുടെയും വീടുപണിയുന്ന തച്ചന് തലചായ്ക്കാനൊരിടം ലഭിച്ചെന്നു വരികയില്ല. തച്ചന്മാരുടെ തലവിധിയാണത്. നസറേത്തിലെ തച്ചനും മറിച്ചായിരുന്നില്ല അനുഭവം. ‘കുറുനരിക്കു കുഴിയും ആകാശത്തിലെ പറവയ്ക്കു കൂടും ഉള്ളപ്പോള്‍ മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല’ എന്നായിരുന്നല്ലോ ആ അനുഭവസാക്ഷ്യം.
വഴിയമ്പലത്തിന്റെ വാതിലുകളെല്ലാം തനിക്കെതിരെ കൊട്ടിയടയ്ക്കപ്പെടുന്നതായിരുന്നു തുടക്കം. പുല്‍ക്കൂട്ടിലെ ഉണ്ണിയീശോ ആയതങ്ങനെയാണ്. തുടര്‍ന്നും ഒരു വീടിന്റെ സ്വസ്ഥത ലഭിച്ചില്ല. ഹെരോദാവിനെ പേടിച്ച് ഈജിപ്തിലേക്കുള്ള പലായനം. പ്രവാസിക്കു വീടെന്നും സ്വപ്നം മാത്രമാണല്ലോ. ഈജിപ്തിലേക്കുള്ള ഈ ഒളിച്ചോട്ടത്തിന് ഒരു പ്രയോജനമുണ്ടായി-യേശുവിനല്ല, അവിടെയുള്ളവര്‍ക്ക്. ‘ഇരുട്ടിലിരുന്ന ജനം വലിയൊരു വെളിച്ചം കണ്ടു’ എന്നാണ് തിരുവെഴുത്ത് അതിനെ വിവരിക്കുന്നത്. വീടുവിട്ട് അന്യദേശത്തു പ്രവാസിയാകുന്നവനും അവിടെ വെളിച്ചമായിരിക്കാന്‍ കഴിയും എന്നതിലേക്ക് ഇതു വിരല്‍ ചൂണ്ടുമ്പോള്‍ ഇന്നു തൊഴില്‍തേടി അന്യദേശത്തു ജീവിതം തളച്ചിട്ടിരിക്കുന്ന വിശ്വാസികള്‍ക്കെല്ലാം ഇതു വലിയ സാധ്യതയല്ലേ?
നസറേത്തില്‍ താമസമായ ശേഷവും പന്ത്രണ്ടാം വയസ്സില്‍ വീടുവിട്ടു പോകുന്നു എന്ന സൂചനയുണ്ട്. പെരുന്നാളിനു പോയ യേശു, ‘ഞാന്‍ പിതാവിനുള്ളതില്‍ ഇരിക്കേണ്ടതാകുന്നു’ എന്ന ബോധ്യത്തോടെ ദൈവാലയത്തില്‍ തങ്ങി. മകനെ കാണാഞ്ഞ് അന്വേഷിച്ചെത്തിയ മാതാപിതാക്കളോട് തന്നെ തിരിഞ്ഞതെന്തിന് എന്നു ചോദിക്കുമ്പോള്‍ ദൈവാലയമാണു തന്റെ വീടെന്ന ബോധ്യത്തിന്റെ പ്രഖ്യാപനമായിരുന്നു അത്.
പക്ഷേ ദൈവാലയം കള്ളന്മാരുടെ ഗുഹയായി മാറിയാല്‍ അവിടം വിട്ടു വീട്ടിലേക്കു മടങ്ങുകയല്ലാതെ എന്തു ചെയ്യാനാകും? പതിനെട്ടു വര്‍ഷത്തിനു ശേഷം പരസ്യ ശുശ്രൂഷയുടെ തുടക്കത്തില്‍ യേശു വീണ്ടും അവിടെ കാലു കുത്തുമ്പോള്‍ ചാട്ടവാറെടുക്കേണ്ട തരത്തില്‍ ദൈവാലയത്തിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമാണ്.
പിന്നെ ഇതേ മന്ദിരത്തിന്റെ വമ്പന്‍ എടുപ്പുകള്‍ കാട്ടി ശിഷ്യന്മാര്‍ അത്ഭുതം കൂറിയപ്പോള്‍ യേശു അവരെ നടുക്കുന്ന ഒരു പ്രവചനം നടത്തി – കല്ലു കല്ലിന്മേല്‍ ശേഷിക്കാതെ വണ്ണം ഇതു നശിപ്പിക്കപ്പെടും. തുടര്‍ന്ന് ശരീരം തന്നെയാണു ദൈവാലയം എന്ന പ്രഖ്യാപനം. ‘ഈ മന്ദിരം പൊളിപ്പീന്‍ മൂന്നു ദിവസം കൊണ്ട് ഇതു പണിയും’ എന്നു പറഞ്ഞ് തന്റെ മരണത്തിലേക്കും മൂന്നാം ദിവസത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്കും യേശു വിരല്‍ ചൂണ്ടിയപ്പോള്‍ ദൈവാലയം നമുക്കു പുറത്തല്ല നാം തന്നെയാണു ദൈവമന്ദിരം എന്ന സത്യത്തിന് അടിവരയിടുകയാണല്ലോ ചെയ്തത്. (ഇതു മനസ്സിലാകാതിരുന്ന പരീശന്മാര്‍ പിന്നീട് ഈ പ്രസ്താവന, ദൈവാലയം പൊളിക്കുക എന്ന വിധ്വംസക പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്തു എന്ന ആരോപണമായി തനിക്കെതിരെ ഉന്നയിച്ചു).
നമുക്കു പുറത്തല്ല ദൈവമന്ദിരമെന്നു ശമര്യ സ്ത്രീയോടുള്ള സംഭാഷണത്തിലും യേശു വ്യക്തമാക്കിയിട്ടുണ്ട് – ‘ആ മലയിലും ഈ മലയിലുമല്ല, സത്യത്തിലും (നമ്മുടെയുള്ളിലുള്ള) ആത്മാവിലുമാണ് ദൈവത്തെ ആരാധിക്കേണ്ടത്.’ ആ മലയിലും ഈ മലയിലുമുള്ള ആലയങ്ങള്‍ക്കുവേണ്ടി പോരടിക്കുന്നവര്‍ കാണാതെ പോകുന്ന സത്യം. സെന്റ് പോള്‍ പിന്നീട് ഏഥന്‍സിലെ പ്രസിദ്ധമായ പ്രസംഗത്തില്‍ ഇതിന് ഇങ്ങനെ അടിവരയിടുന്നു – ‘ദൈവം സ്വര്‍ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് കൈപ്പണിയായ മന്ദിരങ്ങളില്‍ വാസം ചെയ്യുന്നില്ല.’ ഒരു തമാശക്കഥയില്‍, ഒരാശ്രമത്തിലെ ഗുരു ഇങ്ങനെ പ്രാര്‍ഥിച്ചു പോലും – ‘ദൈവമേ, പള്ളിയില്‍ പോകുന്നു, ഇനി വന്നിട്ടു കാണാം.’
വീട് ആളുകള്‍ക്കു വേണ്ടിയാണ്. പലപ്പോഴും വീടു പേര്‍ത്തും പേര്‍ത്തും തൂത്തും തുടച്ചും ‘വിഗ്രഹമാക്കി വയ്ക്കുമ്പോള്‍ നാമതു മറക്കുന്നു. ആളുകള്‍ അവിടെ പ്രവേശിക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ വീടിന് അര്‍ഥമുള്ളു. എന്നാല്‍ ഇന്ന് പലപ്പോഴും മറ്റാളുകള്‍ക്കു പ്രവേശനമില്ലാത്തവയായി വീടുകള്‍ മാറുകയാണ്. വീടിനു ചുറ്റും ആറടി പൊക്കത്തില്‍ മതില്‍. അടഞ്ഞ ഗേറ്റ്. അതിനുള്ളില്‍ അല്‍സേഷന്റെ കുര. തുറക്കാത്ത വാതില്‍. ഭാഗ്യവശാല്‍ ‘അതിക്രമിച്ചു കടക്കുന്നവര്‍ പ്രോസിക്യൂട്ടു ചെയ്യപ്പെടും’ എന്ന ബോര്‍ഡ് മാത്രം വച്ചു തുടങ്ങിയിട്ടില്ല.
യേശുവിന്റെ സ്വന്തം വീട് അങ്ങനെയായിരുന്നില്ല. ഒരിക്കല്‍ യേശു കഫെര്‍ന്നഹൂമില്‍ ഒരു വീട്ടിലിരിക്കുമ്പോള്‍ നാലുപേര്‍ ഒരു പക്ഷവാതക്കാരനെ കിടക്കയോടെ ചുമന്നുകൊണ്ടു വന്നു. യേശുവിനെ കേള്‍ക്കാനും രോഗസൗഖ്യം പ്രാപിക്കാനും വന്നവര്‍ വാതില്‍ക്കല്‍ തിക്കിത്തിരക്കുന്നു. പുരുഷാരം നിമിത്തം അവനെ സമീപിക്കാന്‍ കഴിയുന്നില്ല. അവര്‍ നിരാശപ്പെട്ടു മടങ്ങിയില്ല. അവര്‍ വീടിന്റെ മേല്പുരയില്‍ കയറി. മേല്പുര പൊളിച്ചു. പക്ഷവാതക്കാരനെ യേശുവിന്റെ മുന്‍പില്‍ കിടക്കയോടെ ഇറക്കിവച്ചു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു അവനെ സൗഖ്യമാക്കി. യേശുവിന്റെ സാധാരണ രോഗസൗഖ്യങ്ങളിലൊന്ന്. എന്നാല്‍ ഈ സംഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം ആരുടേതാണ്? യേശു, പക്ഷവാതക്കാരന്‍, അവനെ ചുമന്നുകൊണ്ടു വന്ന നാല്‍വര്‍ സംഘം… ഉത്തരം പലതാകാം. എന്നാല്‍ സത്യത്തില്‍ ഈ സംഭവത്തിലെ ‘മാന്‍ ഓഫ് ദ് മാച്ച്’ മറ്റാരുമല്ല, വീടു പൊളിച്ചിട്ടും കലഹിക്കാഞ്ഞ ആ വീട്ടുടയവനാണ്. പക്ഷവാതക്കാരനെ കിടക്കയോടെ ചുമന്നുകൊണ്ടു വന്ന നാലുപേര്‍ക്കും ഒരാവശ്യത്തിനു വേണ്ടി വീടു പൊളിച്ചാലും കലഹിക്കാത്തവനാണ് ആ വീട്ടുടയവന്‍ എന്നു നല്ല നിശ്ചയം ഉണ്ടായിരുന്നു. ആ വീടിന്റെ ഉടമസ്ഥന്‍ ആരായിരുന്നു? അത് യേശുവിന്റെ സ്വന്തം വീടായിരുന്നുവെന്ന് വേദപണ്ഡിതന്മാര്‍. നസറെത്തില്‍ നിന്നു കഫെര്‍ന്നഹൂമിലേക്ക് യേശുവും കുടുംബാംഗങ്ങളും മാറിത്താമസിച്ച വീട്!
നമ്മുടെ വീട് യേശുവിന്റെ വീടു പോലെയാണോ? ആദ്യം സ്വാര്‍ഥത പൊളിഞ്ഞാലേ വീടും മതിലും പൊളിക്കാനാകൂ. സ്വകാര്യതയുടെ മതിലിനുള്ളില്‍ പണിത സ്വാര്‍ഥതയുടെ വീടുകള്‍ പൊളിക്കാന്‍ സ്‌നേഹത്തിന്റെ ബുള്‍ഡോസര്‍ തന്നെ വേണ്ടിവരും.
കല്ലറയും അവസാനമായി തലചായ്ക്കാനുള്ള ഇടം എന്ന നിലയില്‍ ഒരു വീടു തന്നെ. ക്രൂശില്‍ തലചായ്ക്കാന്‍ സ്വന്തം തോളുമാത്രം ഉണ്ടായിരുന്നവന്‍ ഒടുവില്‍ കല്ലറയും കടം വാങ്ങി. യേശുവിന്റെ കല്ലറ ധനവാനായ അരിമഥ്യക്കാരന്‍ യോസഫ് എന്ന രഹസ്യശിഷ്യന്‍ നല്‍കിയതായിരുന്നു. യേശുവിന്റെ വീടുപോലെ മൂന്നാം നാളില്‍ ആ കല്ലറയും പൊളിഞ്ഞു. മാനവരാശിയുടെ ഭാഗ്യം! മരണത്തില്‍ അവന്‍ സമ്പന്നന്മാരോടു കൂടെയായിരുന്നുവെന്ന് യെശയ്യ പ്രവാചകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പറഞ്ഞുവച്ചതിന്റെ നിറവേറല്‍!
പുതിയ നിയമത്തിന്റെ ആദ്യ താളുകളില്‍ സത്രത്തിന്റെ വാതി ലുകള്‍ യേശുവിനു നേരെ അടയ്ക്കപ്പെട്ടെങ്കില്‍ അവസാന താളുകളി ലേക്കു വരുമ്പോഴും അവന്‍ വാതിലിനു പുറത്താണ്. അവസാന പുസ്തകമായ വെളിപ്പാടില്‍ ഇങ്ങനെ: ‘ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുക്കല്‍ ചെന്ന് അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും.’
നമ്മുടെ ഹൃദയവും ഒരു വീടാണ്. കാതോര്‍ത്താല്‍ ആ വീടിന്റെ വാതിലില്‍ ഒരു മുട്ടു കേള്‍ക്കാം. തുറക്കണമോ വേണ്ടയോ എന്നതു നമ്മുടെ സ്വാതന്ത്ര്യം.
14.കഷ്ടം. അതെന്റെ ഹൃദയമായിരുന്നു!
പ്രിയപ്പെട്ടവള്‍ തന്ന ചുവന്ന റോസാപ്പൂവ് കരുതലില്ലാത്ത ഒരു നിമിഷത്തില്‍ കൈയില്‍ നിന്നു വഴുതി റോഡില്‍ വീണു. ഒരു നിമിഷം. പാഞ്ഞുപോയ ഒരു വാഹനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍പെട്ട് അതു ചതഞ്ഞരഞ്ഞു പോയി. അസ്ത്രപ്രജ്ഞനായി നിന്ന യുവാവ് ഓടിയകലുന്ന വാഹനത്തെ നോക്കി വിലപിച്ചു: ‘കഷ്ടം നിങ്ങളെന്താണു ചെയ്തത്? അത് എന്റെ ഹൃദയമായിരുന്നു!’
നിത്യജീവിതത്തിലെ മല്‍സര ഓട്ടങ്ങള്‍ക്കിടയില്‍ അറിഞ്ഞും അറിയാതെയും എത്ര ഹൃദയങ്ങള്‍ ചതഞ്ഞരയുന്നു! കരുതലില്ലാത്ത വാക്കുകളാല്‍ എത്ര ഹൃദയങ്ങള്‍ക്കു മുറിവേല്‍ക്കുന്നു! ഹൃദയങ്ങള്‍ ചതഞ്ഞരയുകയും മുറിവേല്‍ക്കുകയും ചെയ്തത് അറിയാതെ അല്ലെങ്കില്‍ അറിഞ്ഞിട്ടും ഗൗനിക്കാതെ പോകുന്നവര്‍ക്കിടയില്‍ വ്യത്യസ്തനാകുന്ന ഒരാള്‍ ദൈവത്തിന്റെ പ്രതിനിധിയായി മാറുന്നത് അതുകൊണ്ടാണ്. കയ്യിലെ നിവര്‍ത്തിപ്പിടിച്ച ചെസ്‌ബോര്‍ഡില്‍ കരുക്കളും നിരത്തിവച്ച് അതും പിടിച്ചു റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ മെല്ലെ നടന്നു പോകുകയായിരുന്ന കുട്ടിയെ ഓടിവന്ന ഒരാള്‍ തട്ടി മറച്ചിട്ടു. അവന്റെ കയ്യില്‍ നിന്ന് ചെസ്‌ബോര്‍ഡും കരുക്കളും ചിതറിത്തെറിച്ചുപോയി. ഇടിച്ചിട്ടയാള്‍ അതു ഗൗനിക്കാതെ തന്റെ ഓട്ടം തുടര്‍ന്നപ്പോള്‍ മറ്റൊരാള്‍ ട്രെയിന്‍ പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ പെട്ടെന്നു നിന്നു. അവനെ പിടിച്ചെഴുന്നേല്‍പിച്ചു. ചിതറിപ്പോയ കരുക്കളും ചെസ് ബോര്‍ഡും പലയിടത്തുനിന്നായി തിരഞ്ഞു കണ്ടെത്തി അവനെ ഏല്‍പിച്ചു. വിതുമ്പാന്‍ തുടങ്ങിയ അവനെ ആശ്വസിപ്പിച്ച് ആ കൈകളില്‍ ഒരു മിഠായി വച്ചു കൊടുത്തു. തന്റെ വഴിക്കു പോകാന്‍ അയാള്‍ തുനിഞ്ഞപ്പോള്‍ അവന്‍ പിന്നില്‍ നിന്ന് അയാളെ ഉടുപ്പില്‍ പിടിച്ചു നിര്‍ത്തി കണ്ണുകളില്‍ നോക്കി നിഷ്‌കളങ്കതയോടെ ചോദിച്ചു: ‘അങ്ങയുടെ പേര് ജീസസെന്നാണോ?’
യേശുവിനെക്കുറിച്ചുള്ള പ്രശസ്തമായ ഒരു പുസ്തകത്തിന്റെ പേര് മുറിവേറ്റ സൗഖ്യദായകന്‍ (ഠവല ണീൗിറലറ വലമഹലൃ) എന്നാണ്. അവിടുത്തെ തിരുഹൃദയത്തിനും മുറിവേറ്റു. എന്നാല്‍ ആ മുറിവു പൊറുത്തു. ആ മുറിവില്‍ നിന്ന് ഇപ്പോള്‍ രക്തം വാര്‍ന്നു കൊണ്ടിരിക്കുന്നില്ല. അതുകൊണ്ടു തന്നെ പുസ്തകത്തിന്റെ പേര് ‘രക്തം ഒലിക്കുന്ന സൗഖ്യദായകന്‍’ എന്നല്ല (ചീ േയഹലലറശിഴ വലമഹലൃ). നമ്മില്‍ പലരുടെയും പ്രശ്‌നം പണ്ടെന്നോ ഏറ്റ മുറിവില്‍ നിന്ന് ഇപ്പോഴും രക്തം പൊടിഞ്ഞു കൊണ്ടിരിക്കുന്നുവെന്നതാണ്. അതു കരിഞ്ഞിട്ടില്ല. സൗഖ്യമായിട്ടില്ല.
ഇന്നും നമ്മുടെ ആന്തരിക മുറിവുകളില്‍ നിന്നു രക്തം വാര്‍ന്നുകൊണ്ടിരിക്കുന്നുവെങ്കില്‍ പഴയനിയമ ഭക്തനായ യോസേഫില്‍ നിന്നു നാം ഒരു പാഠം പഠിക്കേണ്ടതുണ്ട്. യാക്കോബിന്റെ വാല്‍സല്യ പുത്രനായിരുന്ന യോസേഫ്. എന്നാല്‍ സഹോദരന്മാര്‍ക്ക് അവനോട് അസൂയയായിരുന്നു. അവര്‍ അവനെ അപ്പനറിയാതെ അടിമയായി വിറ്റു.
അടിമക്കച്ചവടക്കാര്‍ അവനെ ഈജിപ്തില്‍ അടിമച്ചന്തയില്‍ എത്തിച്ചപ്പോള്‍ അവിടെ പൊത്തിഫേര്‍ എന്നൊരു ധനികന്‍ അവനെ വില യ്ക്കു വാങ്ങി. ക്രമേണ യജമാനന്റെ ഭവനത്തില്‍ അവന്‍ പ്രധാനിയായപ്പോള്‍ ചെയ്യാത്ത ഒരു തെറ്റിന് അവന്‍ ഓര്‍ക്കാപ്പുറത്തു ജയിലില്‍ അടയ്ക്കപ്പെട്ടു. (ബൈബിളിലെ ആദ്യത്തെ ജയില്‍പ്പുള്ളി മറ്റാരുമല്ല, യോസേഫാണ്).
ജയിലില്‍ വളരെ വര്‍ഷങ്ങള്‍ മോചനത്തിന് ഒരു സാധ്യതയും കാണാതെ കഴിഞ്ഞുപോയി. എന്നാല്‍ ഒടുവില്‍ ആ ദിനം വന്നെത്തി. ഈജിപ്തിന്റെ രാജാവ് ഫറവോന്‍ കണ്ട അസാധാരണമായ ഒരു സ്വപ്നത്തിന്റെ അര്‍ഥം ആരും പറഞ്ഞുകൊടുക്കാനില്ലാതായപ്പോള്‍ യോസേഫിന്റെ ഭാഗ്യതാരകം ഉദിച്ചു. അവന്‍ സ്വപ്നത്തിന്റെ അര്‍ഥം കൃത്യമായി എല്ലാവര്‍ക്കും തൃപ്തികരമായി വ്യാഖ്യാനിച്ചു കൊടുക്കുകയും രാജ്യത്തെ അഭിമുഖീകരിച്ച വലിയ പ്രശ്‌നത്തിനു പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍ ഫറവോന്‍ യോസേഫിനെ ജയിലില്‍ നിന്നു മോചിപ്പിച്ചു രാജ്യത്തെ രണ്ടാമനായി വാഴിക്കുകയാണ്.
ഇപ്പോള്‍ കാര്യങ്ങളാകെ മാറി. യോസേഫ് രാജ്യത്തെ പ്രധാനിയായി. ധനികനായി. അവന്‍ വിവാഹിതനായി. ഒരു മകന്‍ ജനിച്ചു. എന്നാല്‍ മകനു യോസേഫ് ഇട്ട പേര് ‘മനശ്ശെ’ എന്നാണ്. ‘മനശ്ശെ’ എന്ന വാക്കിന്റെ അര്‍ഥം ‘നീ എന്നെ എല്ലാം മറക്കുമാറാക്കി’ എന്നാണ്! നോക്കുക: അവന്‍ ഭൂതകാലത്തില്‍ ഏറ്റ മുറിവുകള്‍ എല്ലാം മറന്നു. ദൈവം അതു മറക്കുമാറാക്കി. മുറിവുകള്‍ എല്ലാം പൊറുത്തു. അതില്‍ നിന്ന് ഇപ്പോള്‍ രക്തം കിനിയുന്നില്ല.
സ്വന്തം സഹോദരങ്ങള്‍ കാട്ടിയ വഞ്ചന, താന്‍ വിശ്വസ്തമായി സേവിച്ച യജമാനന്റെ വീട്ടില്‍ നിന്നു ലഭിച്ച തിരിച്ചടി, ചെയ്യാത്ത കുറ്റത്തിന് അനുഭവിക്കേണ്ടി വന്ന ജയില്‍വാസം… യോസേഫിനു സ്വാഭാവികമായി ആര്‍ക്കും മറക്കാന്‍ കഴിയാത്ത ഒട്ടേറെ മുറിവുകളുണ്ടായിരുന്നു. പക്ഷേ, ആ ഓര്‍മകളോടെല്ലാം അവന്‍ ‘മനശ്ശെ’ എന്നു പറഞ്ഞു. ഫലം, നാളുകള്‍ കഴിഞ്ഞ് തങ്ങള്‍ ദ്രോഹിച്ച സഹോദരനാണ് ഫറവോന്റെ രണ്ടാമന്‍ എന്നു തിരിച്ചറിയാതെ തന്റെ സഹോദരങ്ങള്‍ യോസേഫിനെ സമീപിച്ചപ്പോള്‍ അവന് ഒരു പ്രതികാര ചിന്തയുമില്ലാതെ അവരോട് ഇടപെടുന്നതിനു കഴിഞ്ഞു. വെറുതയല്ല, ‘ഇവര്‍ ചെയ്യുന്നത് എന്തെന്നറിയായ്കയാല്‍ ഇവരോടു ക്ഷമിക്കണമേ’ എന്നു കുരിശില്‍ കിടന്നു തന്നെ ക്രൂശിച്ചവര്‍ക്കായി പ്രാര്‍ഥിച്ച യേശുവിന്റെ നിഴലായി യോസേഫിനെ പരിഗണിക്കുന്നത്.
യോസേഫ് പിന്നീടു സഹോദരന്മാര്‍ തന്നെ തിരിച്ചറിഞ്ഞു പരിഭ്രമിച്ചപ്പോള്‍ അവരെ ആശ്വസിപ്പിച്ചത് ഇങ്ങനെയാണ്: ‘എന്നെ നിങ്ങള്‍ അടിമയാക്കി വിറ്റതിനെക്കുറിച്ചു നിങ്ങള്‍ വിഷാദിക്കേണ്ട. ദൈവമാണ് എന്നെ നിങ്ങള്‍ക്കു മുന്‍പേ ഈജിപ്തിലേക്ക് അയച്ചത്.’ നോക്കുക: ‘ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും.’ അവര്‍ തങ്ങളെ മുറിവേല്‍പ്പിച്ച മനുഷ്യരെയല്ല, മറിച്ച് ഏതു സാഹചര്യത്തിലും ദൈവത്തെ മാത്രം കാണും.
യോസേഫിനെപ്പോലെ നമ്മെ ഉപദ്രവിച്ചവരോടു ക്ഷമിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ടോ? യോസേഫ് പറഞ്ഞത് ‘വേദനാജനകമായ അനുഭവങ്ങള്‍ മറക്കുവാന്‍ ദൈവം ഇടയാക്കി’ എന്നാണ്. ദൈവം ചെയ്യേണ്ട പ്രവൃത്തി നമുക്കു സ്വയം ചെയ്യാന്‍ കഴിയുകയില്ല.
ദൈവത്തിനു പല പേരുകള്‍ ബൈബിളില്‍ ഉള്ളതില്‍ ഒന്ന് ‘യഹോവ റാഫ’ എന്നാണ്. അര്‍ഥം, സൗഖ്യമാക്കുന്ന ദൈവം. യെശ്ശയ്യ ദീര്‍ഘദര്‍ശി പറഞ്ഞത് ‘അവിടുത്തെ ക്ഷതങ്ങളില്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു’ എന്നാണ് (53:5). ഉവ്വ്, ആന്തരിക മുറിവുകള്‍ക്കും കുരിശില്‍ സൗഖ്യമുണ്ട്. ഭൂതകാലത്തിലെ മുറിവുകളോടു മനശ്ശെ എന്നു മന്ത്രിക്കുവാന്‍ നമ്മെ ശക്തനാക്കുന്നവനില്‍ വിശ്വസിക്കുക.
‘എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം ഞാന്‍ സകലത്തിലും മതിയാകുന്നു’: സെന്റ് പോള്‍.
15.താഴ്മയുടെ തെളിവ്
ഫ്രാന്‍സീസ് അസ്സീസിയെക്കുറിച്ചൊരു കഥയുണ്ട്:
ഒരിക്കല്‍ ശിഷ്യനായ ലിയോ അദ്ദേഹത്തോടു ചോദിച്ചു: ‘ഞങ്ങളൊക്കെ ഇവിടെയുണ്ടായിട്ടും എല്ലാവരും അങ്ങയെ മാത്രം പുകഴ്ത്തുന്നു. അങ്ങയില്‍ നിന്നു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവരും ഏതു സമയത്തും അങ്ങയെക്കുറിച്ചു മാത്രം പറയുന്നു. എന്തുകൊണ്ടാണ് ദൈവം അങ്ങയെ മാത്രം ഈ അംഗീകാരത്തിനും ബഹുമതിക്കും തിരഞ്ഞെടുത്തത്?
‘അതിനു മറുപടി പറയാം’: ഫ്രാന്‍സീസ് അസ്സീസി പൊടുന്നനെ പറഞ്ഞു തുടങ്ങി. ‘ദൈവം തന്റെ പ്രവൃത്തിക്കായി ഒരുവനെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അവിടുന്ന് ഈ ലോകത്തുള്ള എല്ലാവരെയും നോക്കി. ഒരു കഴിവുമില്ലാത്ത, ദുര്‍ബലനായ ഒരുവനെ കണ്ടു. അവന് അവന്റെ കഴിവിനെക്കുറിച്ചാകട്ടെ, കുലമഹിമയെക്കുറിച്ചാകട്ടെ, വിദ്യാഭ്യാസത്തെക്കുറിച്ചാകട്ടെ, സ്വഭാവത്തെക്കുറിച്ചാകട്ടെ ഒന്നും പ്രശംസിക്കുവാനില്ലെന്ന് അവിടുന്നു കണ്ടു. അതുകൊണ്ട് അവിടുന്ന് അവനെ തിരഞ്ഞെടുത്തു. ഞാനാണ് ആ മനുഷ്യന്‍.’
നേട്ടങ്ങള്‍ ആളുകളെ നിഗളികളാക്കും. അങ്ങനെയിരിക്കെ അംഗീകാരങ്ങളും നേട്ടങ്ങളും തലയ്ക്കുപിടിക്കാതെ തന്നെക്കുറിച്ചു തന്നെ എളിയ ചിന്തകളില്‍ നിന്ന അസ്സീസിയിലെ ഫ്രാന്‍സീസ് അനേകര്‍ക്കു മാതൃകയായതില്‍ എന്താണത്ഭുതം?
ഇസ്രായേലിന്റെ ചരിത്രത്തില്‍ ഒരു രാജാവുണ്ട്- ഉസ്സിയാവ്. നല്ല തുടക്കമായിരുന്നു അദ്ദേഹത്തിന്റേത്. ഈശ്വരവിശ്വാസവും എളിമയുമുള്ള സ്ഥിരോല്‍സാഹിയായ യുവാവ്. എന്നാല്‍ യുദ്ധത്തില്‍ ഒട്ടേറെ വിജയങ്ങള്‍ അവനെ തേടി വന്നു. ചുരുങ്ങിയ നാളുകൊണ്ട് അവന്‍ ശക്തനായ രാജാവായി മാറി. അപ്പോള്‍ ബൈബിള്‍ അവന്റെ ചരിത്രം രേഖപ്പെടുത്തുന്നതിങ്ങനെ: ‘അവന്‍ പ്രബലനായപ്പോള്‍ അവന്റെ ഹൃദയം തന്റെ നാശത്തിനായി നിഗളിച്ചു’ (2 ദിനവൃത്താന്തം 26:16). ഫലം പ്രതാപവാനായിരുന്ന ആ മഹാരാജാവിന് വളരെ പരിതാപകരമായ നിലയില്‍ ഈ ലോകം വിട്ടു പോകേണ്ടി വന്നു.
ലോകപ്രശസ്ത സുവിശേഷകനായ ബില്ലിഗ്രഹാമിന്റെ ‘ഏതു മരണകരമായ പാപങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യം’ എന്ന പുസ്തകം ഏറ്റവും മാരകമായ ഒന്നാമത്തെ തിന്മയായി വിവരിച്ചിരിക്കുന്നതു നിഗളമാണ്. നമ്മുടെ രാജ്യത്തെ നിയമം ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ് നല്‍കുന്ന കൊലപാതകം പോലെയുള്ള ഭീകരമായ കുറ്റകൃത്യങ്ങള്‍ക്കു പോലും നിഗളത്തെക്കാള്‍ താഴ്ന്ന സ്ഥാനമാണ് ആ ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്നത്.
നിഗളത്തിന്റെ ഒരു പ്രത്യേകതയുണ്ട്. മറ്റുള്ളവരുടെ നിഗളം ആളുകള്‍ വേഗത്തില്‍ തിരിച്ചറിയും. എന്നാല്‍ സ്വന്ത ഹൃദയത്തിലെ നിഗളം ആളുകളുടെ ദൃഷ്ടികള്‍ക്കു മറഞ്ഞിരിക്കും. നാം തനിയെ ഇരിക്കുമ്പോള്‍ വളരെ താഴ്മയുള്ള ആളാണെന്നു സ്വയം തോന്നാം. എന്നാല്‍ യഥാര്‍ഥത്തില്‍ നാം നിഗളമുള്ളവരാണോ എന്നു തിരിച്ചറിയാന്‍ കഴിയുമോ? കഴിയും. മറ്റുള്ളവര്‍ നമ്മെ തിരുത്തുമ്പോള്‍ അതിനോടുള്ള നമ്മുടെ പ്രതികരണം അതേക്കുറിച്ചു സൂചന നല്‍കും. നമ്മെ തിരുത്തുന്ന ആളുകളോടു നാം എങ്ങനെയാണു പ്രതികരിക്കുന്നത്?
നേരത്തെ പരാമര്‍ശിച്ച ഉസ്സിയാ രാജാവിന്റെ ജീവിതത്തിലെ ഒരു രംഗം ഇങ്ങനെ: അവന്‍ പ്രബലനായപ്പോള്‍ ഉസ്സിയാവ് ദൈവാലയത്തില്‍ പുരോഹിതന്മാര്‍ക്കു മാത്രം ചെയ്യാന്‍ അധികാരമുള്ള ചില ശുശ്രൂഷകള്‍ അഹങ്കാരത്തോടെ പരസ്യമായി ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അസര്യാ പുരോഹിതന്റെ നേതൃത്വത്തില്‍ പുരോഹിതവൃന്ദം രാജാവിനെ ഇതില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. രാജാവു വഴങ്ങാതെ ക്രുദ്ധനായി പെരുമാറി. ഉടനെ ദൈവകോപം അവന്റെ മേല്‍ ഉണ്ടായി. തുടര്‍ന്ന് കുഷ്ഠ രോഗിയായി ജീവിതകാലം മുഴുവന്‍ അവന് അരമനയ്ക്കു പുറത്ത് കഴിയേണ്ടി വന്നു. ദയനീയമായ ഒരന്ത്യമാണ് പിന്നീട് അവനുണ്ടായതും. നോക്കുക: തനിക്കു വിഹിതമല്ലാത്ത ഒരു കാര്യം ചെയ്യാന്‍ ശ്രമിച്ച ഉസ്സിയാവിനെ പുരോഹിതന്‍ തിരുത്താന്‍ ശ്രമിച്ചപ്പോള്‍ അവന്‍ അതു സ്വീകരിച്ചില്ല. തിരുത്തലിനോടുള്ള അവന്റെ പ്രതികരണം നിഷേധാത്മകമായിരുന്നു!
മറ്റൊരു രാജാവിന്റെ ജീവിതത്തില്‍ നിന്ന് ഏറെക്കുറെ സമാനമായ ഒരു രംഗം കൂടി കാണുക:
ഉസ്സിയാവിനെക്കാള്‍ എല്ലാ അര്‍ഥത്തിലും പ്രഗല്ഭനും പ്രസിദ്ധനുമായിരുന്നു ഇസ്രായേലിന്റെ രണ്ടാമത്തെ രാജാവായ ദാവീദ്. എല്ലാ വഴികളിലും ദൈവത്തെ അന്വേഷിച്ച, ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള രാജാവ്. എന്നാല്‍ ദാവീദിന്റെ ജീവിതത്തില്‍ വലിയൊരു പാളിച്ച സംഭവിച്ചു. യുദ്ധമുന്നണിയിലായിരുന്ന ഊരിയാവ് എന്ന സൈനികന്റെ ഭാര്യയായിരുന്ന ബേത്ത്‌ശേബയുമായി ഒരു അവിഹിത ബന്ധം രാജാവിനുണ്ടായി. എന്നാല്‍ ഇതൊരു അരമന രഹസ്യം മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു. അങ്ങനെയിരിക്കെ നാഥാന്‍ എന്നൊരു പ്രവാചകന്‍ രാജസദസ്സിലെത്തി രാജാവ് ചെയ്ത തെറ്റ് പരസ്യമായി പ്രസ്താവിക്കുകയും അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു! വലിയവനായ ദാവീദു രാജാവിന്റെ മുഖംമൂടി എല്ലാവരുടെയും മുന്‍പില്‍ അഴിഞ്ഞു വീണു. അരമന രഹസ്യം അങ്ങാടിപ്പാട്ടാക്കുകയും തന്നെ പരസ്യമായി ശാസിക്കുകയും ചെയ്ത പ്രവാചകനെ രാജാവിനു തുറങ്കലിലടയ്ക്കുകയോ വധിക്കുകയൊ ചെയ്യാമായിരുന്നു. എന്നാല്‍ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ് അങ്ങനെയല്ല ചെയ്തത്. അദ്ദേഹം ഉടനെ തന്നെ പരസ്യമായി തന്റെ തെറ്റ് അംഗീകരിച്ചു പരിഹാരം ചെയ്തു. ഉസ്സിയാവിനോടു പുരോഹിതന്മാര്‍ പെരുമാറിയതിനേക്കാള്‍ എത്രയോ മടങ്ങു രൂക്ഷമായിരുന്നു ദാവീദിനോടുള്ള പ്രവാചകന്റെ പെരുമാറ്റം? പക്ഷേ തിരുത്തലിനോടു ക്രിയാത്മകമായ പ്രതികരണമായിരുന്നു ദാവീദിന്റേത്. തീര്‍ച്ചയായും നിഗളിയല്ലാത്ത, വിനയാന്വിതനായ, ഒരാള്‍ക്കു മാത്രമേ ഇങ്ങനെ പെരുമാറാനാവൂ.
രണ്ടു രാജാക്കന്മാര്‍, രണ്ടു പ്രതികരണങ്ങള്‍. അവരുടെ വ്യത്യസ്ത പ്രതികരണങ്ങള്‍ അവരുടെ വ്യത്യസ്ത മനോഭാവത്തിലേക്കും വിരല്‍ ചൂണ്ടുന്നു.
നമ്മെ തിരുത്തുന്ന ആളുകളോടു നാം എങ്ങനെയാണു പ്രതികരിക്കുന്നത്? അതാണു നമ്മുടെ താഴ്മയുടെ തെറ്റിക്കൂടാത്ത തെളിവ്.
16.ഭയം, അഭയം
അഭയം നഷ്ടപ്പെട്ടവനെ ഭയം വേട്ടയാടും. ഇതറിയാവുന്നതു കൊണ്ട് ക്രൂശുമരണത്തിനു ശേഷം ഓരോ വട്ടവും ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായപ്പോഴും യേശു ആ കൊച്ചു വാക്ക് ആവര്‍ത്തിച്ചു. – ഭയപ്പെടേണ്ട.
‘നിങ്ങളുടെ പ്രതീക്ഷകളെ മുഴുവന്‍ തകര്‍ത്തു കളഞ്ഞതായിരുന്നു ക്രൂശുമരണം എന്നെനിക്കറിയാം. എന്നാല്‍ അതുകഴിഞ്ഞു. ഞാന്‍ മനുഷ്യരുടെ എക്കാലത്തേയും വലിയ പേടിസ്വപ്നമായ മരണത്തെയും തോല്‍പിച്ച് ഇതാ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. നിങ്ങള്‍ക്കു സമാധാനം. ഇനി ഭയം വേണ്ട. ഭയമുള്ളിടത്തു സമാധാനം ഇല്ല; സമാധാനം ഉള്ളപ്പോള്‍ ഭയവും.’
‘ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനം, അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം’ എന്നതായിരുന്നല്ലോ തിരുപ്പിറവിയുടെ സന്ദേശവുമായി വന്ന മാലാഖമാരുടെ വായ്ത്താരി. അപ്പോള്‍ ജനനം മുതല്‍ അവിടുന്നു ഭയത്തിനെതിരെ സമാധാനത്തിന്റെ പക്ഷത്തായിരുന്നു.
ഭയപ്പെടരുത് – സുവിശേഷങ്ങളില്‍ വിവരിച്ചിരിക്കുന്ന മൂന്നര വര്‍ഷ ത്തെ പരസ്യശുശ്രൂഷയിലും യേശുവിന് ഈ വാക്കു പ്രിയപ്പെട്ടതായിരുന്നു. ആദ്യ സുവിശേഷത്തില്‍ ഒരു ചെറിയ ഖണ്ഡികയില്‍ മൂന്നു വട്ടം ഭയപ്പെടരുതെന്ന് പറഞ്ഞവന്‍ ഒരു പ്രാവശ്യം ഭയപ്പെടാനും പറഞ്ഞു. ദൈവത്തെയാണു ഭയപ്പെടുവാന്‍ പറഞ്ഞത്. മനുഷ്യരെയാണ് ഭയപ്പെടേണ്ടെന്നു പറഞ്ഞത് (മത്താ. 10:26-31).
മനുഷ്യരെ പേടിക്കുമ്പോള്‍ ഒരര്‍ഥത്തില്‍ നാം നമ്മെത്തന്നെയാണു പേടിക്കുന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും മാത്രമല്ല, നമ്മള്‍ സാധാരണക്കാര്‍ പോലും മനുഷ്യരുടെ അഭിപ്രായത്തെ പേടിക്കുന്നു. അവരെന്തു പറയും എന്തു ചിന്തിക്കും എന്നിങ്ങനെ… ആളുകളുടെ മുന്‍പിലുള്ള ഇമേജാണു നമ്മുടെ പ്രശ്‌നം. ‘ഇമേജിന്റെ തടവുകാരന്‍’ എന്ന തൊപ്പിയൊക്കെ നമ്മില്‍ പലരുടെയും തലയ്ക്കും ചേരും.
മനുഷ്യനെ ഭയപ്പെടുന്നത് ഒരു കെണിയാണെന്നു സുഭാഷിതങ്ങളില്‍ പറയുന്നു (29:25). കെണിയെന്നാല്‍ ചതിക്കുഴി. ദൈവം തന്ന ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ധീരമായ നിലപാടെടുക്കുന്നതിനെ മനുഷ്യനെക്കുറിച്ചുള്ള പേടി തടസ്സപ്പെടുത്തും. സത്യത്തില്‍ ഈ ചതിക്കുഴിയില്‍ വീഴേണ്ട കാര്യമില്ല. കാരണം മനുഷ്യന്‍ അത്രയും ഭയം അര്‍ഹിക്കുന്നില്ല. ബൈബിള്‍ ചിലപ്പോള്‍ അല്‍പം സര്‍ക്കാസ്റ്റിക്കാകും. ‘മൂക്കില്‍ ശ്വാസമുള്ള മനുഷ്യനെ’ പേടിപ്പാന്‍ എന്തുള്ളു?’ എന്നൊ ക്കെ. അതു ചോദിക്കുമ്പോള്‍ പുറത്തേക്കു വിട്ട ശ്വാസം തിരികെ കിട്ടിയില്ലെങ്കില്‍ ചത്തുമലയ്ക്കുന്ന മനുഷ്യന്റെ പൊങ്ങച്ച ബലൂണിന് നല്‍കുന്ന സൂചിക്കുത്താണത്.
മനുഷ്യഭയം ചതിക്കുഴിയായിരിക്കുന്നതുപോലെ മനുഷ്യന്റെ പ്രശംസയും കെണിയാണ്. പ്രശംസയുടെ വാക്കുകള്‍കൊണ്ടു നമ്മുടെ കാലിന് വല വിരിക്കുന്നവരെക്കുറിച്ചും സുഭാഷിതകാരന്‍ പറയുന്നുണ്ട്. സംഭവം രണ്ടും ഒന്നു തന്നെ. ‘പിണങ്ങിയാല്‍ കുത്തിക്കൊല്ലും, ഇണങ്ങിയാല്‍ നക്കിക്കൊല്ലും’ എന്ന നാടന്‍ ചൊല്ലു പോലെയാണ് കാര്യങ്ങള്‍. കുത്തിക്കൊല്ലണമെന്നു നിര്‍ബന്ധമില്ല. നക്കിക്കൊന്നാലും മതിയല്ലോ! അതുകൊണ്ട് യേശു പറഞ്ഞു:
‘മനുഷ്യര്‍ നിങ്ങളെ പ്രശംസിക്കുമ്പോള്‍ നിങ്ങള്‍ക്ക് അയ്യോ കഷ്ടം!’ (ലൂക്കൊ. 6:26).
പ്രശംസിക്കപ്പെടുന്നവന് ഉള്ളിന്റെ ഉള്ളിലറിയാം താനിത് അര്‍ഹിക്കുന്നില്ലെന്ന്. അതാണവന്റെ ദുര്യോഗം. അനര്‍ഹമായതെല്ലാം നമ്മെ പിന്നെയും പേടിപ്പിക്കും. മഹാനായ അലക്‌സാണ്ടര്‍ കുട്ടിയായിരിക്കുമ്പോള്‍ കുതിരയെ മെരുക്കിയ കഥ പ്രസിദ്ധമാണ്. ആരെയും തന്റെ മുകളില്‍ സവാരി ചെയ്യാന്‍ അനുവദിക്കാതെ കുതിര പിണങ്ങി നില്‍ക്കുകയാണ്. വിദഗ്ധരെല്ലാം സുല്ലു പറഞ്ഞപ്പോള്‍ രംഗം നിരീക്ഷിച്ചു നിന്ന രാജകുമാരന്‍ അങ്ങോട്ടു ചെന്ന് കുതിരയെ തിരിച്ചു നിര്‍ത്തി അതിന്റെ മേല്‍ ചാടിക്കയറി, കുതിരക്കുളമ്പടിയുടെ ശബ്ദത്തെ തോല്‍പിക്കുന്ന ആളുകളുടെ കരഘോഷത്തിനു മധ്യത്തിലൂടെ അനായാസം അതിനെ ഓടിച്ചു പോയി. തിരിച്ചെത്തിയപ്പോള്‍ എങ്ങനെയിതു സാധിച്ചുവെന്നു ചോദിച്ചവരുടെ മുന്‍പില്‍ രാജകുമാരന്‍ മനസ്സു തുറന്നു: കുതിരയെ ഉദയസൂര്യന് പുറംതിരിച്ചാണ് ആദ്യം നിര്‍ത്തിയിരുന്നത്. പിന്നില്‍ സൂര്യന്‍. കുതിരയുടെ കറുത്ത നിഴല്‍ അതിന്റെ മുന്നിലേക്കുവീണു കിടന്നു. ഈ നിഴല്‍ കണ്ടു വിരണ്ടതിനാലാണു കുതിര ആരെയും അടുപ്പിക്കാതെ നിന്നത്. താന്‍ കുതിരയെ ഉദയസൂര്യന് അഭിമുഖമായി തിരിച്ചു നിര്‍ത്തിയതോടെ നിഴല്‍ അതിന്റെ പിന്നിലായി. പേടി മാറിയ കുതിരയുടെ മുകളില്‍ കയറി സവാരി നടത്താന്‍ പിന്നെ എളുപ്പമായിരുന്നു! സ്വന്തം നിഴല്‍ കണ്ടു പേടിച്ച കുതിരയെപ്പോലെയാണു പലരും. മറ്റുള്ളവരുടെ പ്രശംസയുടെ വെളിച്ചത്തില്‍ പലപ്പോഴും തെളിഞ്ഞു വരുന്നത് സ്വന്തം കുറവുകളുടെ നിഴലാണ്. മറ്റാരെയും പേടിപ്പിക്കുകയില്ലെങ്കിലും നമ്മെ അതു ഭയപ്പെടുത്തും.
പോംവഴിയെന്താണ്? പ്രശംസയ്ക്കു പുറംതിരിഞ്ഞ് ഉദയസൂര്യന് അഭിമുഖമായി നില്‍ക്കുക. യേശുവിന്റെ വരവിനെ സൂര്യന്റെ ഉദയത്തോടു താരതമ്യം ചെയ്തത് പഴയനിയമത്തിലെ ദീര്‍ഘദര്‍ശിയായ മലാഖിയാണ് (4:2). സ്വന്ത ഇമേജിനെക്കുറിച്ചുള്ള പേടിയായാലും പ്രശംസ നല്‍കുന്ന ബലമായാലും ഈ നീതിസൂര്യന് അഭിമുഖമായി നില്‍ക്കുമ്പോള്‍ അതു നമ്മുടെ പിന്നില്‍പോയി ഒളിക്കും. ‘ദൈവം എന്റെ വെളിച്ചം ഞാന്‍ ആരെ പേടിക്കും?’ എന്ന സങ്കീര്‍ത്തനക്കാരന്റെ വെല്ലുവിളി, മനുഷ്യരെ വിട്ട് ദൈവത്തിന് അഭിമുഖമായി തിരിഞ്ഞ ഒരുവന്റെ വിജയപ്രഖ്യാപനമാണ്.
മനുഷ്യരെ പേടിച്ചും അവരുടെ പ്രശംസ മോഹിച്ചും ദൈവം തന്ന ബോധ്യത്തിനനുസരിച്ച് ഒരു നിലപാടെടുക്കാന്‍ മടിച്ച് ഒട്ടകപക്ഷിയെപ്പോലെ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാതെ മുഖം പൂഴ്ത്തുന്നവരോട് യേശു പറഞ്ഞത് ഇങ്ങനെ: ‘കൂടിവന്നാല്‍ ഈ ദേഹത്തെ കൊല്ലുവാനല്ലേ മനുഷ്യനു കഴിയൂ. അവനെ ഭയപ്പെടരുത്. ആരെ ഭയപ്പെടണമെന്നു ഞാന്‍ പറഞ്ഞു തരാം. ദേഹിയുടെയും ദേഹത്തിന്റെയും ആത്മാവിന്റെയും ഉടമയായ ദൈവത്തെ മാത്രം ഭയപ്പെടുക’ (ലൂക്കൊ. 12:4,5).
ആദ്യ നൂറ്റാണ്ടില്‍ ക്രിസ്തീയ പീഡനങ്ങളുടെ കാലത്ത് തന്നെ ഭീഷണിപ്പെടുത്തിയ റോമാചക്രവര്‍ത്തിയോട് ഭയരഹിതനായി മറുപടി പറഞ്ഞ ഭക്തന്റെ കഥ രസമുള്ളതാണ്. ചക്രവര്‍ത്തി നാടുകടത്തുമെന്നു പറഞ്ഞപ്പോള്‍ ദൈവസാന്നിധ്യം എല്ലായിടത്തുമുള്ളതിനാല്‍ എല്ലാനാടും തനിക്ക് ഒരുപോലെ എന്നായിരുന്നു മറുപടി. സ്വത്തു കണ്ടുകെട്ടുമെന്നു പറഞ്ഞപ്പോള്‍ സ്വര്‍ഗത്തിലാണു തന്റെ നിക്ഷേപമെന്നായി. വധഭീഷണി മുഴക്കിയപ്പോള്‍ ‘വിട്ടുപിരിഞ്ഞു ക്രിസ്തുവിനോട് ഒപ്പമായിരിക്കുന്നത് അത്യുത്തമം’ എന്നും മറുപടി നല്‍കി. ദൈവത്തെ ഭയപ്പെടുന്നവന് മറ്റാരെയും ഭയപ്പെടേണ്ട എന്ന ക്രിസ്തു വചനത്തിന് സ്വന്തം ജീവിതത്തില്‍ അര്‍ഥം കണ്ടെത്തിയവനായിരുന്നു ആ ഭക്തന്‍. ഒന്നിനെയും പേടിയില്ലാത്തവനെ എന്തു ചെയ്യാന്‍? ചക്രവര്‍ത്തി അയാളെ വെറുതെ വിട്ടുവെന്നാണു കഥ.
ദൈവത്തില്‍ അഭയമില്ലാത്തവനാണു ഭയമുള്ളത്.
17.പിരിമുറുക്കത്തിനെതിരെ അഞ്ചിന പദ്ധതി
രണ്ടു ഭാണ്ഡങ്ങളും വഹിച്ച് പ്രയാസപ്പെട്ട് കുന്നു കയറി വരുന്ന യുവാവിനോട് വൃദ്ധന്‍ പറഞ്ഞു: ‘ഈ ഭാണ്ഡങ്ങളില്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഈ കയറ്റം കയറാമായിരുന്നല്ലോ! ‘ശരിയാണ്, പക്ഷേ, ഈ ഭാരങ്ങള്‍ എനിക്ക് ഒഴിവാക്കാന്‍ കഴിയുന്നതല്ല.’
‘ആട്ടെ, ഈ ആദ്യ ഭാണ്ഡത്തിലെന്താണ്?’
‘ഇതെന്റെ ഭൂതകാലത്തിലെ നിരാശകള്‍, മോഹഭംഗങ്ങള്‍, കുറ്റബോധങ്ങള്‍, ആകുല ചിന്തകള്‍ എന്നിവയാണ്.’
‘സുഹൃത്തേ, അതെല്ലാം കഴിഞ്ഞ കാലത്തേതല്ലേ? ഇനി ഇതു പേറി നടന്നിട്ടെന്താ പ്രയോജനം?’
യുവാവ് ഒരുനിമഷം ആലോചിച്ചു. ശരിയാണല്ലോ, കഴിഞ്ഞതു കഴിഞ്ഞു. ഇനി ഇതു പേറി നടക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. യുവാവ് ആദ്യഭാണ്ഡം ഉപേക്ഷിച്ചു.
വൃദ്ധന്‍: ‘ആട്ടെ, ഈ രണ്ടാം ഭാണ്ഡത്തിലെന്താണ്?
‘ഭാവിയെക്കുറിച്ചുള്ള എന്റെ ഉല്‍ക്കണ്ഠകള്‍, ആശങ്കകള്‍ എന്നിവയാണിതില്‍.’
‘സുഹൃത്തേ, അതിനിപ്പോഴെന്താ പ്രസക്തി? അതെല്ലാം വരാനികരിക്കുന്നതല്ലേയുള്ളു. അതേച്ചൊല്ലി നിങ്ങള്‍ ഇപ്പോഴേ ഭാരപ്പെടുന്നതുകൊണ്ടെന്താ പ്രയോജനം?’
വൃദ്ധന്‍ പകര്‍ന്നു നല്‍കിയ ഉള്‍ക്കാഴ്ചയില്‍ യാഥാര്‍ഥ്യബോധം കൈവന്ന യുവാവ് രണ്ടാം ഭാണ്ഡവും ഉപേക്ഷിച്ച് സ്വതന്ത്രനായി ജീവിത യാത്ര തുടര്‍ന്നുവെന്നാണ് കഥ.
കഥയിലെ വൃദ്ധനോടുള്ളതിനേക്കാള്‍ നമ്മിളിലേറെപ്പേര്‍ക്കും സാമ്യം അതിലെ യുവാവിനോടാണ്. ഭൂതകാലത്തിലെ പരാജയങ്ങള്‍, കുറ്റബോധങ്ങള്‍, ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍, ഉല്‍കണ്ഠകള്‍ എന്നിവ ജീവിതത്തില്‍ പിരിമുറുക്കം സൃഷ്ടിക്കുന്നു. പിരിമുറുക്കം ഒഴിവാക്കാന്‍ എന്തു ചെയ്യണം?
ഒന്നാമതു വേണ്ടത് ഈ സമ്മര്‍ദ്ദത്തിന്റെ സ്ഥാനം എവിടെയാണെന്നു കണ്ടെത്തുക എന്നതാണ്.
ചൈനയില്‍ പ്രേഷിതവൃത്തിക്കിടയില്‍ ഒട്ടേറെ സമ്മര്‍ദ്ദങ്ങളെ നേരിട്ടിട്ടുള്ള ഹഡ്‌സണ്‍ ടെയിലര്‍ എന്ന മിഷനറി സ്വന്ത അനുഭവത്തില്‍ നിന്ന് അതിങ്ങനെ വിശദീകരിക്കുന്നു: സമ്മര്‍ദ്ദത്തിന്റെ പ്രഭവ കേന്ദ്രം നമുക്കും ദൈവത്തിനും ഇടയിലല്ല കിടക്കുന്നതെന്ന് ഉറപ്പു വരുത്തണം. തുടര്‍ന്നു സമ്മര്‍ദ്ദങ്ങള്‍ എത്ര വലുതായാലും അതു നമ്മെ ദൈവത്തിനടുത്തേക്കു തള്ളി അടുപ്പിക്കാനുള്ളതു മാത്രമാണെന്നു നാം കണക്കാക്കണം. അപ്പോള്‍ പിരിമുറുക്കം മാറിപ്പോകും.
എന്താണിതിന്റെ അര്‍ഥം? ഒരു ഉദാഹരണം പറഞ്ഞാല്‍ ഭാര്യാഭര്‍തൃ ബന്ധം പോലെയാണിത്. കുടുംബജീവിതത്തില്‍ പല സമ്മര്‍ദ്ദങ്ങളും വരാം. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിനിടയില്‍ തെറ്റിദ്ധാരണയുടെയും അസ്വാരസ്യങ്ങളുടെയും അകല്‍ച്ചയുണ്ടെങ്കില്‍ സമ്മര്‍ദ്ദങ്ങള്‍ വലിയ മാനസിക പിരിമുറുക്കത്തിലേക്കു നയിക്കും. ഇതേസമയം ഇരുവരും തമ്മില്‍ നല്ല ബന്ധമാണെങ്കില്‍ പുറത്തുനിന്നു വരുന്ന എല്ലാ സമ്മര്‍ദ്ദങ്ങളും അവര്‍ ഇരുവരെയും തമ്മില്‍ കൂടുതല്‍ അടുപ്പിക്കുകയേ ഉള്ളു. ഒരു ശരാശരി ദിവസം ചിന്തിക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍, ഇന്നു ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ ടെന്‍ഷന്‍, പലതരം ആശങ്കകള്‍. ഇവയെല്ലാം ഒന്നിനു പുറകെ ഒന്നായോ കൂട്ടമായോ വരുന്നു. അപ്പോള്‍ കൃത്യതയോടെ എന്താണു പ്രശ്‌നമെന്നു വിലയിരുത്തുക. നമുക്കും ദൈവത്തിനും ഇടയില്‍ അകല്‍ച്ചയൊന്നുമില്ലെന്ന് ഉറപ്പാക്കുക. സമ്മര്‍ദ്ദത്തിന്റെ ഉത്ഭവ കേന്ദ്രം നാമും ദൈവവും തമ്മിലുള്ള ബന്ധത്തിനിടയിലല്ലെന്ന വ്യക്തത കൈവരുത്തിയശേഷം ബാക്കിയുള്ള എല്ലാ സമ്മര്‍ദ്ദങ്ങളും ഉല്‍ക്കണ്ഠകളും ദൈവമുന്‍പാകെ സമര്‍പ്പിക്കുക. അവ ഓരോന്നും അവിടുന്നു പരിഹരിക്കും. ഫലത്തില്‍ അവ ഓരോന്നും ദൈവത്തിലേക്കു നമ്മെ കൂടുതല്‍ വലിച്ചടുപ്പിക്കും.
പൗലൊസ് ശ്ലീഹാ തന്റെ ഒരനുഭവം വിവരിക്കുന്നത് ഇതിന് ഉത്തമോദാഹരണമാണ്: ‘ഞങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിലായി. സഹിക്കാന്‍ കഴിയുന്നതിലേറെയുള്ള ഭാരം മൂലം ജീവനെക്കുറിച്ചു പോലും ഞങ്ങള്‍ നിരാശപ്പെട്ടുപോയി… എന്നാല്‍ ഇതെല്ലാം ഞങ്ങളിലല്ല, മറിച്ച് ദൈവത്തില്‍ തന്നെ ആശ്രയിക്കുന്നതിനു ഞങ്ങള്‍ക്കു ഇടയാക്കി’ (2 കൊരിന്ത്യ. 1:8-10).
നോക്കുക: പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ പൗലൊസിനെയും സഹപ്രവര്‍ത്തകരെയും ദൈവത്തിങ്കലേക്കു കൂടുതല്‍ അടുപ്പിച്ചു!
സമ്മര്‍ദ്ദം കുറയ്ക്കുവാനുള്ള ഒരഞ്ചിന പരിപാടി പൗലൊസ്, ഫിലിപ്യര്‍ക്കെഴുതിയ ലേഖനത്തില്‍ വിവരിക്കുന്നുണ്ട് (ഫിലി. 4:4-8):
- ദിവസവുമുളള സന്തോഷം (‘ദൈവത്തില്‍ എപ്പോഴും സന്തോഷിക്കുവിന്‍…’). നമ്മുടെ സാഹചര്യങ്ങളിലോ നമ്മുടെ വികാരത്തിലോ അല്ല സന്തോഷം തിരയേണ്ടത്. മറിച്ച് ദൈവത്തിലാണ്.
- ദിവസമുള്ള ക്ഷമ (‘നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ…’). നമ്മുടെ കടക്കാരോട് നാം ക്ഷമിച്ചാലേ നമ്മുടെ കടങ്ങളെയും ദൈവം നമ്മോടു ക്ഷമിക്കുകയുള്ളുവെന്നതിനാല്‍ മറ്റുള്ളവരോടു ക്ഷമിക്കുമ്പോള്‍ നാം നമുക്കാണു ഗുണം ചെയ്യുന്നത്.
- ദിവസവുമുള്ള ആശ്രയം (‘ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട…’). എല്ലാറ്റിനെയും ഭരിച്ചു നിയന്ത്രിക്കുന്ന സര്‍വശക്തനായ ദൈവം എന്നെ സ്‌നേഹിക്കുന്ന എന്റെ പിതാവാണെന്നുള്ള ഉറപ്പാണ് ആകുല ചിന്തയ്ക്കുള്ള മറുമരുന്ന്.
- ദിവസമുള്ള പ്രാര്‍ഥന (‘നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍…’). നമുക്ക് വളരെ അടുപ്പമുള്ള, ഒരാളോടുള്ള കൊച്ചു കൊച്ചു സംഭാഷണങ്ങള്‍ പോലെയായിരിക്കണം പ്രാര്‍ഥനകള്‍. പ്രാര്‍ഥനയില്‍ എന്തും പങ്കു വയ്ക്കാം. നമ്മുടെ പേടികള്‍, ആശങ്കകള്‍, കൊച്ചു സന്തോഷങ്ങള്‍ എന്നിങ്ങനെ…
- ദിവസവുമുള്ള ധ്യാനം (‘ഇവയൊക്കെയും ചിന്തിച്ചുകൊള്‍വിന്‍…’). നമ്മുടെ ചിന്തകളാണു നമ്മെ രൂപപ്പെടുത്തുന്നത്. നാം എന്തു ചിന്തിക്കുന്നുവോ ആ മട്ടില്‍ നാം ആകും. അതുകൊണ്ട് പൗലൊസ് ചിന്തിച്ചുകൊള്ളേണ്ടതിന്റെ പട്ടിക നല്‍കുന്നതില്‍ നിഷേധാത്മകമായി ഒന്നുപോലുമില്ല (4:8).
ആധുനിക കാലത്തിന്റെ സമ്മര്‍ദ്ദങ്ങളും പിരിമുറുക്കങ്ങളും അതിജീവിക്കാന്‍ ഈ അഞ്ചിന പദ്ധതി പരീക്ഷിച്ചാലോ?
18. സ്‌നേഹം മരിക്കുന്നില്ല
ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും – പലരും അങ്ങനെയാണു കരുതുന്നത്. എന്നാല്‍ ലക്ഷ്യം പോലെ തന്നെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗവും സംശുദ്ധമായിരിക്കേണ്ടേ? അങ്ങനെയല്ലെങ്കില്‍ വാരാവുന്ന കെടുതികളിലേക്കാണ് നമ്മുടെ രാഷ്ട്രീയ രംഗം പലപ്പോഴും വിരല്‍ ചൂണ്ടുന്നത്.
ഉച്ചനീച ഭേദമില്ലാത്ത സമത്വ സുന്ദരമായ ഒരു ലോകം – ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീര്‍ച്ചയായും മാനവ സ്‌നേഹമാണു ലക്ഷ്യം വയ്ക്കുന്നത്. പക്ഷേ സ്‌നേഹമെന്ന ആ ലക്ഷ്യത്തില്‍ പകയുടെയും അക്രമത്തിന്റെയും രക്തച്ചൊരിച്ചലിന്റെയും വഴിയിലൂടെ ചെന്നു ചേരുവാന്‍ കഴിയുമോ? സാധ്യമല്ലെന്ന് പലപ്പോഴും പ്രസ്ഥാനങ്ങള്‍ മറന്നു പോകുന്നു എന്നതാണ് സമകാലിക ദുരന്തം.
മനുഷ്യ നന്മയെ ലാക്കാക്കി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതു വഴിയില്‍ തിന്മയെ കൂട്ടു പിടിച്ചേക്കാം. എന്നാല്‍ നന്മയിലേക്കു തിന്മയുടെ വഴിയിലൂടെ ചെന്നെത്താന്‍ കഴിയുകയില്ലെന്നു വ്യക്തമല്ലേ? അതുകൊണ്ടു തന്നെ മനുഷ്യനന്മ ലക്ഷ്യം വയ്ക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സ്‌നേഹത്തില്‍ അധിഷ്ഠിതമായിരിക്കണം. ‘സ്‌നേഹമില്ലെങ്കില്‍… ഏതുമില്ല.’
ബൈബിളിലെ സ്‌നേഹത്തിന്റെ അധ്യായമെന്നു വിളിക്കുന്ന 1 കൊരിന്ത്യര്‍ 13-ല്‍ സെന്റ് പോള്‍ സ്‌നേഹമില്ലാതെ ചെയ്യുന്ന നന്മ പ്രവൃത്തികളുടെ പൊള്ളത്തരത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന ധാരാളം പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് സെന്റ് പോള്‍ ഈ അധ്യായത്തിന്റെ തുടക്കത്തില്‍ വിവരിക്കുന്നത്. ‘മുഴുങ്ങുന്ന ചെമ്പും ചിലമ്പുന്ന കൈത്താളവും പോലെ’ ഏറെ ശബ്ദം ഉണ്ടാക്കുന്നതും ശ്രദ്ധ നേടുന്നതുമായ വാഗ്‌ധോരണി ഒരു വശത്തും ‘അന്നദാനം ചെയ്യുക, ജീവത്യാഗം ചെയ്യുക’ തുടങ്ങിയതുപോലെയുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ വേറൊരു വശത്തും നടക്കുന്നതായി സെന്റ് പോള്‍ പറയുന്നു. ഇവയെല്ലാം വാസ്തവത്തില്‍ ഇന്നു നടക്കുന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങളെ പ്രതിനിധാനം ചെയ്യുന്നവയല്ലേ? അതേ, ഇന്നു ലോകത്ത് വലിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ മുഴങ്ങിക്കേള്‍ക്കുന്നു. പാവങ്ങള്‍ക്കു വേണ്ടിയുള്ള ത്യാഗപരമായ പ്രവര്‍ത്തനങ്ങളും കുറവല്ല. എന്നാല്‍ ഇവയെല്ലാം സ്‌നേഹമില്ലാതെയും ചെയ്യാന്‍ കഴിയും എന്ന ദൂഃഖസത്യത്തിലേക്കാണ് സെന്റ് പോള്‍ വിരല്‍ ചൂണ്ടുന്നത്. അങ്ങനെ സ്‌നേഹമില്ലാതെ ചെയ്താല്‍ ‘ഒരു പ്രയോജനവുമില്ല’ എന്ന് അദ്ദേഹം തൊട്ടടുത്ത വചനത്തില്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു! സ്‌നേഹം, ലക്ഷ്യം മാത്രം ആയിരുന്നാല്‍ പോരാ, മാര്‍ഗവും അതു തന്നെയായിരിക്കണമെന്നു സാരം.
സ്‌നേഹത്തിന്റെ ഏറ്റവും ഉന്നതമായ പ്രതീകം ക്രൂശാണ്. ‘ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാല്‍ ഇവരോടു ക്ഷമിക്കേണമേ’ എന്നു പ്രാര്‍ഥിച്ച യേശു ലോകത്തിലുള്ള എല്ലാ മനുഷ്യര്‍ക്കും വേണ്ടി തന്റെ ജീവന്‍ നല്‍കി രക്ഷാകരദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ ചരിത്രം അവിടുന്നു രചിക്കയായിരുന്നു. എന്നാല്‍ സ്‌നേഹത്തിന്റെ ഉന്നത ലക്ഷ്യത്തിലേക്കുള്ള അവിടുത്തെ മാര്‍ഗവും സ്‌നേഹത്തിലൂടെയായിരുന്നു. ക്രൂശെന്ന ലക്ഷ്യത്തിലേക്കുള്ള പാതയും സ്‌നേഹത്തിന്റേതായിരുന്നു. യേശു എപ്പോഴും ആളുകളോടു കരുണയോടെ പെരുമാറി. എന്നാല്‍ മനസ്സലിവില്‍ നിന്ന് അഥവാ കനിവില്‍ നിന്നാണ് അവിടുത്തെ കരുണയുടെ പ്രവര്‍ത്തനം ഉത്ഭവിച്ചത്.
കരുണയും കനിവും തമ്മില്‍ അല്‍പം വ്യത്യാസമുണ്ട്. മറ്റുള്ളവരോടുള്ള സ്‌നേഹത്തിന്റെ ആന്തരിക ഭാവമാണ് കനിവ്. ആ കനിവിന്റെ, മനസ്സലിവിന്റെ, ബഹിര്‍ പ്രകടനമാണ് കരുണ. യേശു രോഗികളെ സൗഖ്യമാക്കുകയും ആളുകളുടെ വിശപ്പടക്കുകയും ചെയ്തതായി സുവിശേഷങ്ങളില്‍ പറഞ്ഞിരിക്കുന്ന ഭാഗങ്ങളെല്ലാം ശ്രദ്ധിക്കുക. ആദ്യം യേശു ആളുകളോടുള്ള കനിവുകൊണ്ടു നിറഞ്ഞു. തുടര്‍ന്ന് അവരോടു കരുണയോടെ പെരുമാറി. ഇന്നു നമ്മുടെ പ്രവര്‍ത്തനങ്ങളെ കരുണയും അതിനും ആഴത്തില്‍ കനിവും ആര്‍ദ്രമാക്കുന്നുണ്ടോ?
വലിയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് യേശുവിന്റെ കനിവിന്റെ കാല്‍ച്ചുവടുകള്‍ പിന്‍തുടര്‍ന്ന ധാരാളം വിശുദ്ധന്മാര്‍ വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നു. ഇവരില്‍ ഏറെയും ആരാലും അറിയപ്പെടാത്തവരാണ്. ‘അവര്‍ കാല്‍വറിയില്‍ കണ്ടുമുട്ടി’ എന്ന ഗ്രന്ഥത്തില്‍ ഡബ്‌ളിയു. ഇ. സാങ്സ്റ്റര്‍ അത്തരം ഒരു ഡോക്ടറുടെ കഥ വിവരിക്കുന്നുണ്ട്.
മെക്‌സിക്കോയില്‍ ഒരു ചെറിയ പട്ടണത്തില്‍ പാവപ്പെട്ട രോഗികളെ ശുശ്രൂഷിച്ചു ജീവിതം നയിച്ചിരുന്ന ഡോ. ബ്രായ്ക്കറ്റിന്റെ കഥയാണത്. അദ്ദേഹത്തിന്റെ ജീവിതം ആതുരസേവനത്തിനായി ഉഴിഞ്ഞു വച്ചതായിരുന്നു. അദ്ദേഹം ഒറ്റത്തടിയായിരുന്നു. തിരക്കിനിടയില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ അദ്ദേഹം ‘വിവാഹം കഴിക്കാന്‍ മറന്നുപോയി!’
ആ സംഭവം ഇങ്ങനെ: വിവാഹ ദിവസം രാവിലെ അയല്‍ ഗ്രാമത്തിലെ ഒരു മെക്‌സിക്കന്‍ യുവതിയുടെ പ്രസവം എടുക്കുന്നതിനു വേണ്ടി യുവതിയുടെ ബന്ധുക്കള്‍ വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി. വിവാഹ സമയം ആകുമ്പോഴേക്കും ജോലി തീര്‍ത്ത് മടങ്ങാമെന്ന് അദ്ദേഹം കരുതി. പക്ഷേ നിര്‍ഭാഗ്യവശാല്‍ പ്രസവം ക്ലേശകരമായിരുന്നു. അതു നീണ്ടുപോയി. ഒടുവില്‍ വല്ല വിധേനയും അമ്മയേയും കുഞ്ഞിനെയും രക്ഷപ്പെടുത്തി അദ്ദേഹം സ്വന്തം വിവാഹത്തിന് ഓടിക്കിതച്ചു വന്നപ്പോഴേക്കും വളരെ താമസിച്ചുപോയിരുന്നു. സ്വന്തം വിവാഹത്തേക്കാള്‍ അദ്ദേഹത്തിനു താല്‍പര്യം മറ്റുള്ളവരുടെ കാര്യമാണെങ്കില്‍ അങ്ങനെയുള്ള ഒരാളോടൊപ്പമുള്ള ജീവിതം വേണ്ടെന്നു പറഞ്ഞ് വധു പള്ളി വിട്ടു പോയിക്കഴിഞ്ഞിരുന്നു! വിവാഹത്തില്‍ സംബന്ധിക്കാന്‍ വന്ന അതിഥികളില്‍ ഭൂരിപക്ഷത്തിനും ഇതേ അഭിപ്രായമായിരുന്നു. ഡോക്ടര്‍ മരണത്തില്‍ നിന്നു രക്ഷിച്ച മെക്‌സിക്കന്‍ യുവതിയുടെ ഭര്‍ത്താവും അടുത്ത ബന്ധുക്കളും വിവരം അറിഞ്ഞ് ഓടിയെത്തി. അവര്‍ വധുവിനെയും മറ്റും അനുനയിപ്പിച്ച് വിവാഹത്തിനു കൊണ്ടു വരാന്‍ ഏറെ ശ്രമിച്ചു. പക്ഷേ പ്രയോജനം ഉണ്ടായില്ല.
ഡോ. ബ്രായ്ക്കറ്റ് അവിവാഹിതനായി തന്നെ ജീവിതം തുടര്‍ന്നു. മുഴുവന്‍ സമയവും അദ്ദേഹം പാവപ്പെട്ട രോഗികള്‍ക്കായി മാറ്റിവച്ചു. തിരക്കേറിയ ഒരു തെരുവില്‍ വസ്ത്ര വ്യാപാര ശലയുടെ മുകളിലത്തെ നിലയിലായിരുന്നു അദ്ദേഹത്തിന്റെ കണ്‍സല്‍ട്ടിങ് റൂം. മുകളിലേക്കുള്ള ഗോവണിപ്പടിയുടെ താഴെ തെരുവിലേക്കു തുറക്കുന്ന വാതിലിനു സമീപം അദ്ദേഹത്തിന്റെ ബോര്‍ഡ് ഇങ്ങനെ കാണാമായിരുന്നു. – ‘ഡോ. ബ്രായ്ക്കറ്റ്. ഓഫീസ് മുകളില്‍.’
നാളുകള്‍ കടന്നുപോയി. പെട്ടെന്ന് ഒരുദിവസം ഡോ. ബ്രായ്ക്കറ്റ് അന്തരിച്ചു. ശവസംസ്‌ക്കാരത്തിനു ശേഷം നാട്ടുകാര്‍ ആ സെമിത്തേരിക്കു സമീപം തന്നെ യോഗം ചേര്‍ന്നു. നിസ്വാര്‍ഥമായി തങ്ങളെ സേവിച്ച ഡോക്ടര്‍ക്ക് ഉചിതമായ ഒരു ഫലകം കുഴിമാടത്തിനു സമീപം സ്ഥാപിക്കുന്നതിനെക്കുറിച്ചായിരുന്നു അവര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തത്. എന്നാല്‍ ഫലകത്തില്‍ എന്താണ് എഴുതി വയ്‌ക്കേണ്ടത് എന്നതിനെക്കുറിച്ച് അഭിപ്രായ ഐക്യം ഉണ്ടായില്ല. ഒടുവില്‍ സമയം വൈകിയപ്പോള്‍ പിന്നീട് അതേക്കുറിച്ചു തീരുമാനിക്കാം എന്നഭിപ്രായപ്പെട്ട് ആളുകള്‍ രണ്ടും നാലുമായി പിരിഞ്ഞു.
ആളുകള്‍ എല്ലാം പിരിഞ്ഞു കഴിഞ്ഞപ്പോളാണ് ഡോക്ടര്‍ തന്റെ ‘വിവാഹദിവസം’ രക്ഷിച്ച ആ മെക്‌സിക്കന്‍ യുവതിയും ഭര്‍ത്താവും സെമിത്തേരിയില്‍ എത്തിയത്. അവര്‍ ഏറെ നേരം അവിടെ ചെലവിട്ടു. തങ്ങള്‍ക്കു വേണ്ടി ഡോക്ടര്‍ തന്റെ ജീവിതം തന്നെ നഷ്ടപ്പെടുത്തിയതിനെ നന്ദിയോടെ, കണ്ണീരോടെ അവര്‍ ഓര്‍ത്തു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഭാര്യയും ഭര്‍ത്താവും തീരുമാനിച്ചു. എന്നാല്‍ എന്തു ചെയ്യണമെന്നവര്‍ക്കറിയില്ലായിരുന്നു. അവരുടെ കയ്യില്‍ പണവും ഉണ്ടായിരുന്നില്ല.
ഏറെ നേരം ആലോചിച്ച ശേഷം അവര്‍ ചെന്ന് ഡോക്ടറുടെ പഴയ കണ്‍സള്‍ട്ടിങ് മുറിയുടെ വാതിലില്‍ തൂങ്ങിക്കിടന്ന ഫലകം എടുത്തുകൊണ്ടു വന്ന് കല്ലറയ്ക്കു മുകളില്‍ മനോഹരമായി പ്രതിഷ്ഠിച്ചു.
പിറ്റേന്നു ഡോക്ടറുടെ സെമിത്തേരിയില്‍ എത്തിയ ജനം കണ്ട കാഴ്ച ഇതായിരുന്നു. അദ്ദേഹത്തിന്റെ കല്ലറ പൂക്കള്‍കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഒത്ത മധ്യത്തില്‍ ഒരു ഫലകം വെട്ടിത്തിളങ്ങുന്നു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. – ‘ഡോ. ബ്രായ്ക്കറ്റ്. ഓഫീസ് മുകളില്‍.’
അതേ, ഡോക്ടര്‍ തന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കി തന്റെ ഓഫീസ് മുകളിലേക്കു മാറ്റിയിരിക്കുന്നു. അദ്ദേഹം ഓട്ടം തികച്ചു; തന്റെ ഓഫീസ് ഉന്നതത്തിലേക്കു മാറ്റിയിരിക്കുന്നു! ഇതിനെക്കാള്‍ ഉചിതമായ എന്തു സ്മാരക ഫലകമാണ് അദ്ദേഹത്തിനായി സ്ഥാപിക്കാനാകുക! ആളുകള്‍ തൃപ്തിയോടെ പിരിഞ്ഞു.
ലക്ഷ്യം മാത്രം ഉദാത്തമായിരുന്നാല്‍ പോരാ, അതിലേക്കുള്ള വഴിയും കനിവിന്റെയും കരുണയുടേതുമായിരിക്കണം. ഡോ. ബ്രായ്ക്കറ്റിനെപ്പോലെ, ഡാമിയനെപ്പോലെ അറിയപ്പെടാത്തവരും അറിയുന്നവരുമായ ക്രിസ്തു ശിഷ്യരാണ് ഇരുപതു നൂറ്റാണ്ടു പിന്നിട്ട സ്‌നേഹമാര്‍ഗത്തിന്റെ ധന്യത. ഇവരെപ്പോലെ വലിയ കാര്യങ്ങള്‍ നമുക്കു ചെയ്യാന്‍ കഴിഞ്ഞെന്നു വരികയില്ല. എന്നാല്‍ നമ്മുടെ അടുത്തു വരുന്നവര്‍ക്കു സ്‌നേഹത്തിന്റെ ഒരു തൂവല്‍ സ്പര്‍ശം നല്‍കാന്‍ നമുക്കു കഴിയുകയില്ലേ?
‘പ്രബുദ്ധമായ പ്രസംഗങ്ങള്‍ ഒരു ദിവസം അവസാനിക്കും. അറിവ് അതിന്റെ പരിധിയെ സ്പര്‍ശിക്കും. എന്നാല്‍ സ്‌നേഹം മരിക്കുന്നില്ല’ (1 കൊരിന്ത്യര്‍ 13:9 – മെസേജ് ബൈബിള്‍).
19. സ്വയത്തിന്റെ ഭാരം
യുഎസ് – പാക്കിസ്ഥാന്‍ ബന്ധത്തിലെ അസ്വാരസ്യം പരിഹരിക്കാനായി ഒരിക്കല്‍ ഇസ്ലാമാബാദില്‍ നടന്ന ദ്വിദിന ചര്‍ച്ച അലസിയത് ഒരു കൊച്ചു കാര്യത്തെ ചൊല്ലിയാണ്. ചര്‍ച്ചയ്ക്കായി ഇസ്ലാമാബാദില്‍ ചെന്ന യു.എസിന്റെ പ്രത്യേക പ്രതിനിധി മാര്‍ക്ക് ഗ്രോസ്മാന്‍ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നു നിരാശനായി യുഎസിലേക്കു മടങ്ങുകയും ചെയ്തു.
ചര്‍ച്ച പരാജയപ്പെട്ടതിന്റെ യഥാര്‍ഥ കാരണം വാര്‍ത്താമാധ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിങ്ങനെ: നേരത്തെ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചു ക്ഷമാപണം നടത്തണമെന്ന് ഒരുരാജ്യം ആവശ്യപ്പെട്ടു. മറ്റേ രാജ്യം അതിനു തയാറായില്ല. ക്ഷമാപണം നടത്തിയേ തീരൂ എന്ന നിലപാടില്‍ ആദ്യ രാജ്യം ഉറച്ചുനിന്നു. മറുരാജ്യം വഴങ്ങിയില്ല. തുടര്‍ന്നു ചര്‍ച്ച പൊളിഞ്ഞു!
രാജ്യങ്ങള്‍ തമ്മില്‍ മാത്രമല്ല, വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും പല ഒത്തുതീര്‍പ്പുകളും പൊളിയുന്നത് ഈ ഒരു കാര്യത്തില്‍ തട്ടിയാണ് – ‘ക്ഷമിക്കണം’ എന്ന വാക്ക് ആരു പറയും?
സായിപ്പിന് ക്ഷമ പറയുന്നത് കൂടുതല്‍ എളുപ്പമാണെന്നു നമുക്കു തോന്നും. കാരണം താന്‍ എന്താണു പറയുന്നതെന്നു പോലും ഓര്‍ക്കാതെ ‘ഐ ആം സോറി’ എന്നു പറയുന്നത് അദ്ദേഹത്തിന്റെ സംസാരശൈലിയുടെ ഭാഗമാണല്ലോ! എന്നാല്‍ ആത്മാര്‍ഥമായി ഉള്ളില്‍ തട്ടി ക്ഷമ പറയാന്‍ സായിപ്പിനും പ്രയാസമായിരിക്കും.
ആട്ടെ ‘ക്ഷമിക്കണം’ എന്നൊരു വാക്ക് പറയാന്‍ ഇത്ര പ്രയാസം എന്താണ്? ആ വാക്ക് ഉച്ചരിക്കുന്നത് അത്ര ഭാരമുള്ള കാര്യമാണോ? അല്ല, അതിന്റെ ഭാരം വാക്കിന്റെ ഭാരമല്ല, മറിച്ച് അതു പറയേണ്ട ആളിന്റെ സ്വയത്തിന്റെ ഭാരമാണ്.
സമര്‍പ്പണമാണ്; സ്വയത്തിന്റെ കീഴടങ്ങലാണ് ഇതിനുള്ള പരിഹാരം.
കീഴടങ്ങാന്‍ തയാറല്ലാത്ത സ്വയം – ഇതാണു പലയിടത്തും പ്രശ്‌നം സൃഷ്ടിക്കുന്നത്. കുടുംബങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്മാരെ സംബന്ധിച്ചും യഥാര്‍ഥത്തിലുള്ള പ്രശ്‌നം ഇതല്ലേ? താന്‍ പിടിച്ച മുയലിനു മൂന്നുകൊമ്പ് എന്ന നിലപാടില്‍ ഇരുവരും ഉറച്ചു നില്‍ക്കുമ്പോള്‍ ആര്‍ ആര്‍ക്കു കീഴടങ്ങും? കീഴടങ്ങാത്ത സ്വയം – ഇരുവരെ സംബന്ധിച്ചും ഈ പ്രശ്‌നം അഴിയാക്കുരുക്കായി നില്‍ക്കും. ഒരാളോ രണ്ടുപേരുമോ ‘എന്നാടു ക്ഷമിക്കണം’ എന്നു പറയുന്നതു വരെ, അഥവാ കീഴടങ്ങുന്നതു വരെ.
ഇന്ത്യയില്‍ ക്രീസ്തീയ മിഷനറിയായി വന്ന് ഈ മണ്ണിനെ സ്‌നേഹി ച്ചിരുന്ന സ്റ്റാന്‍ലി ജോണ്‍സ് തന്റെ ഒരു ഇന്ത്യന്‍ അനുഭവം ഇങ്ങനെ പങ്കുവച്ചിട്ടുണ്ട്: ”ഞങ്ങള്‍ കയറിയ വിമാനം ഇന്ത്യയില്‍ ഒരു വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ വെറുതെ കിടന്നു. പ്രശ്‌നം: പൈലറ്റ് കീഴ്ജീവനക്കാരനോട് പരുഷമായി പെരുമാറി. ആ ജീവനക്കാരനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിക്കാര്‍ മിന്നല്‍ പണിമുടക്കു നടത്തി. ഫലം: നൂറുകണക്കിനു യാത്രക്കാരുടെ പരിപാടികളെല്ലാം അവതാളത്തിലായി. ഒരു ‘മാന്ത്രിക വാക്കിനു’ മാത്രമേ ആ പ്രശ്‌നത്തിന്റെ കുരുക്കഴിക്കുവാന്‍ കഴിയുമായിരുന്നുള്ളു. – ‘ഞാന്‍ ഖേദിക്കുന്നു. ക്ഷമിക്കണം.’ ഒടുവില്‍ അതു തന്നെ സംഭവിച്ചു. തുടര്‍ന്നു വിമാനങ്ങള്‍ വീണ്ടും പറക്കുവാന്‍ തുടങ്ങി.”
നമ്മുടെ നാട്ടില്‍ ഒരു സ്ഥാപനത്തില്‍ പണിമുടക്ക് ഒന്നരക്കൊല്ലം നീണ്ടു നിന്നു. കാര്യം നിസ്സാരം. ഒരു കീഴുദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനോട് മോശമായി പെരുമാറി. അയാളെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അയാളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മറ്റു ജീവനക്കാര്‍ സമരവും ആരംഭിച്ചു. ഒടുവില്‍ കീഴടങ്ങലിനെക്കുറിച്ച് ബോധ്യമുള്ള ഒരു ലേബര്‍ ഓഫീസര്‍ പോംവഴി നിര്‍ദ്ദേശിച്ചു: ‘മോശമായി പെരുമാറി ജോലി നഷ്ടപ്പെട്ട ആള്‍ തെറ്റു സമ്മതിച്ചു മാപ്പു പറയും. ഓഫീസര്‍ മാപ്പു സ്വീകരിച്ച് അയാളെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കണം.’ ഈ നിര്‍ദേശം സ്വീകരിച്ചു. പണിമുടക്കു തീര്‍ന്നു. പിറ്റേന്നത്തെ പത്രത്തിന്റെ തലക്കെട്ട്: ‘പണിമുടക്ക് അവസാനിപ്പിക്കാന്‍ ഒരു പുതിയ വഴി.’
ഒരു പുതിയ വഴി? ഇല്ല, ഇതാണ് ഒരേയൊരു വഴി – സ്വയത്തിന്റെ കീഴടങ്ങല്‍; ഇരു വശത്തുനിന്നും!
നമ്മോടും മറ്റുള്ളവരോടുമുള്ള ബന്ധത്തിലെ പൂട്ടുകള്‍ തുറക്കാനുള്ള താക്കോല്‍ സ്വയം കീഴടങ്ങലാണ്. ദൈവമുന്‍പാകെയുള്ള കീഴടങ്ങലാണ് ഇതിന്റെ തുടക്കം. ദൈവത്തിനു തന്നെത്തന്നെ യഥാര്‍ത്ഥമായി സമര്‍പ്പിച്ച ഒരുവന് തുടര്‍ന്നു തന്റെ മേല്‍ ആക്കിവയ്ക്കപ്പെട്ടിട്ടുള്ള അധികാരങ്ങള്‍ക്കും തന്റെ സാഹചര്യങ്ങള്‍ക്കും സന്തോഷത്തോടെ കീഴടങ്ങാന്‍ കഴിയും. പരാതികളില്ലാത്ത, സ്വസ്ഥതയുള്ള ജീവിതമാണ് തുടര്‍ന്ന് അവന്റേത്.
ദൈവത്തിനു യഥാര്‍ഥമായി കീഴടങ്ങുന്നതു വരെ ഒരുവന്റെ ജീവിതത്തില്‍ സ്വസ്ഥത ലഭിക്കുകയില്ല. കാരണം അതുവരെ അവന്റെ ജീവിതത്തിന്റെ കേന്ദ്രത്തിലുള്ളത് അവന്റെ സ്വയം മാത്രമാണ്. അംഗീകാരം ലഭിച്ചില്ലെങ്കില്‍, വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെങ്കില്‍, വിമര്‍ശനമോ പരിഹാസമോ നേരിടേണ്ടി വന്നാലൊക്കെ ആ സ്വയം അസ്വസ്ഥമാകും. തെറ്റായ ഒരു കേന്ദ്രത്തിനു ചുറ്റുമാണ് അവന്‍ കറങ്ങുന്നതെന്നുള്ളതുകൊണ്ട് അവന് ഒരിക്കലും സ്വസ്ഥത ലഭിക്കുകയില്ല. കാരണം അവന്‍ അവന്റെ തന്നെ സ്വയത്തിന്റെ തടവുകാരനാണ്. എന്നാല്‍ അവന്‍ ദൈവത്തിന് യഥാര്‍ഥമായി കീഴടങ്ങി കഴിയുമ്പോഴോ? ജീവിതത്തിന്റെ കേന്ദ്രത്തില്‍ ദൈവം പ്രതിഷ്ഠിക്കപ്പെടുകയാണ്. ജീവിതത്തിന്റെ കേന്ദ്രം ശരിയായി, ആ കേന്ദ്രത്തെ വലം വയ്ക്കുന്ന ജീവിതം വളര്‍ച്ചയുടെ ആത്മീയ വികാസത്തിന്റേതുമായ ശരിയായ പാത കണ്ടെത്തിക്കഴിഞ്ഞു.
‘ദൈവത്തിനെന്നല്ല, ഞാന്‍ ആര്‍ക്കും കീഴടങ്ങുകയില്ല. കാരണം അതൊരു അടിമത്തമാണ്. ഞാന്‍ എന്റെ സ്വാതന്ത്ര്യം ആര്‍ക്കും ഒന്നിനും പണയപ്പെടുത്തുകയില്ല’ – നെഞ്ചു വിരിച്ച് ചിലര്‍ പ്രഖ്യാപിക്കുന്നത് അങ്ങനെയാണ്. കേട്ടാല്‍ അതാണു ശരിയെന്നു തോന്നും. എന്നാല്‍ സത്യം എന്താണ്? സ്വതന്ത്രരെന്ന് അവകാശപ്പെടുന്നവരുള്‍പ്പെടെ എല്ലാവരും ഏതിനെങ്കിലും അടിമകളാണ് – തെറ്റായ ശീലങ്ങള്‍ക്ക്, പണത്തിന്, സുഖാേന്വഷണങ്ങള്‍ക്ക്. ചുരുക്കത്തില്‍ തങ്ങളുടെ തന്നെ സ്വയത്തിന്.
സ്റ്റാന്‍ലി ജോണ്‍സ് ഉത്തരേന്ത്യയിലെ സത്താളില്‍ നടത്തിയിരുന്ന ആശ്രമത്തില്‍ ദൈവാന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ ഒരു ഡോക്ടറുടെ ഭാര്യ വന്നു. ഭാര്യാ ഭര്‍തൃബന്ധത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മയായിരുന്നു അവളുടെ പ്രശ്‌നം. ഭര്‍ത്താവാണ് പ്രശ്‌നക്കാരന്‍ എന്ന പരാതിയുമായാണ് അവള്‍ വന്നത്. എന്നാല്‍ ആശ്രമത്തിലെ ചര്‍ച്ചകളിലൂടെ യഥാര്‍ഥത്തില്‍ പ്രശ്‌നത്തിന് ഉത്തരവാദി താന്‍ തന്നെയാണെന്ന് അവള്‍ കണ്ടെത്തി. ദൈവത്തിനും ഭര്‍ത്താവിനും മുന്‍പില്‍ കീഴടങ്ങാത്ത ഒരു സ്വയമാണ് തന്റെ ജീവിതത്തിന്റെ കേന്ദ്രത്തിലുള്ളതെന്നും അതാണ് യഥാര്‍ഥ പ്രശ്‌നമെന്നും മനസ്സിലായപ്പോള്‍ അവള്‍ ദൈവമുന്‍പാകെ തന്നെത്തന്നെ സമര്‍പ്പിച്ചു.
പിറ്റേന്ന് അവള്‍ സ്വന്തം വീട്ടിലേക്ക്, സ്വയത്തിന്റെ ഭാരം ഒഴിഞ്ഞ്, സസന്തോഷം മടങ്ങുമ്പോള്‍ ആശ്രമത്തില്‍ നിന്നൊരാള്‍ കൂടെ അവളോടൊപ്പം പോയി – ഭര്‍ത്താവിനെ കണ്ടു സംസാരിക്കാന്‍. അവര്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയാണ്. തലേ രാത്രിയില്‍ ഒട്ടും ഉറങ്ങാത്തതുകൊണ്ട് അദ്ദേഹത്തിന്റെ ഒരു കയ്യില്‍ മദ്യക്കുപ്പിയും മറുകയ്യില്‍ ഉറക്കമരുന്നു ഗുളികകളും ഉണ്ട്. തന്റെ ഭാര്യ ദൈവമുന്‍പാകെ പൂര്‍ണമായ സമര്‍പ്പണത്തിലേക്കു വന്നുവെന്നു താനും കീഴടങ്ങി പ്രശ്‌നം അവസാനിപ്പിക്കണ മെന്നും കേട്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു: ‘എന്നെ അതിനു കിട്ടുകയില്ല. ഞാന്‍ ആര്‍ക്കും കീഴടങ്ങുകയില്ല. കീഴടങ്ങിയിട്ടുമില്ല.’
അപ്പോള്‍ ആശ്രമത്തില്‍ നിന്നു ചെന്നയാള്‍ ഡോക്ടറുടെ ശ്രദ്ധ മദ്യക്കുപ്പിയിലേക്കും ഉറക്കമരുന്നു ഗുളികകളിലേക്കും തിരിച്ചു. എന്നിട്ടു സൗമ്യതയോടെ ചോദിച്ചു – ‘അപ്പോഴിതോ?’ ആശയം വളരെ വ്യക്തമായിരുന്നു. ആര്‍ക്കും താന്‍ കീഴടങ്ങുകയില്ലെന്ന് പറയുന്ന ഡോക്ടര്‍ വാസ്തവത്തില്‍ കീഴടങ്ങിയിരുന്നത് മോശപ്പെട്ട ഒരു കാര്യത്തിനാണ് – മദ്യത്തിന്.
അപ്പോള്‍ അതാണു കാര്യം. എല്ലാവരും എന്തിനെങ്കിലും കീഴടങ്ങുന്നവരാണ്. ഇതാണു സത്യമെങ്കില്‍, കീഴടങ്ങാന്‍ യോഗ്യനായവന് (ദൈവത്തിന്) മുന്‍പില്‍ തന്നെ കീഴടങ്ങുന്നതല്ലേ ബുദ്ധി?
ദൈവമുന്‍പാകെയുള്ള ഈ സമര്‍പ്പണം നമ്മുടെ ഏകാന്തതയ്ക്കുള്ള ദൈവിക പ്രതിവിധിയാണ്. മരണഭയത്തേയും ഇത് എടുത്തുകളയും. ദിനംതോറും ജീവിതത്തില്‍ ഉയര്‍ന്നു വരുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും ഇതു സഹായിക്കുന്നു. ചുരുക്കത്തില്‍ ദൈവത്തിനു കീഴടങ്ങുന്നത് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവയ്പാണ്. സ്വയത്തിന്റെ ഭാരത്തില്‍ നിന്ന് ഇതു നമ്മെ വിടുവിക്കും.
ഒരു എബ്രായ കവിയുടെ വരികള്‍ ഇങ്ങനെ: ‘നിന്റെ ഭാരം അവന്റെ മേല്‍ ഇട്ടുകൊള്‍ക; അവന്‍ നിന്നെ പുലര്‍ത്തും.’
20.’തിരു’-മണ്ടനാകാന്‍ ആരുണ്ട് ?
‘ലോകത്തെ കീഴ്‌മേല്‍ മറിച്ചവര്‍’ – ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തുശിഷ്യരെ മറ്റുള്ളവര്‍ അങ്ങനെയാണ് വിളിച്ചത്. പൗലൊസ്, ശീലാസ് എന്നിവര്‍ തെസ്സലോനിക്യയില്‍ വന്നു പ്രസംഗിച്ചപ്പോള്‍ നാട്ടുകാര്‍ അവരെക്കുറിച്ചു പറഞ്ഞതിങ്ങനെ: ‘ഭൂലോകത്തെ കീഴ്‌മേല്‍ മറിച്ചവര്‍ ഇതാ ഇവിടെയും വന്നിരിക്കുന്നു’ (പ്രവൃത്തികള്‍ 17:6 ന്യൂ കിംഗ് ജെയിംസ് തര്‍ജമ).
‘ഭൂലോകത്തെ കീഴ്‌മേല്‍ മറിച്ചവര്‍’ – എന്തൊരു പ്രയോഗം! ഈ വാക്കുകള്‍ക്കൊണ്ട് എന്തായിരിക്കാം അവര്‍ ഉദ്ദേശിച്ചത്? ഈ ലോകത്തിന് അതിന്റേതായ മൂല്യബോധവും മുന്‍ഗണനകളും ജീവിതക്രമവുമുണ്ട്. അതിനു നേരേ എതിരായ ജീവിതക്രമവും മൂല്യബോധവുമാണ് ഈ ക്രിസ്തുശിഷ്യര്‍ പുലര്‍ത്തുന്നത് അതുകൊണ്ട് തന്നെ ഈ ലോകത്തെ അവര്‍ കീഴ്‌മേല്‍ മറിക്കുന്നവരാണ്. ഇവര്‍ അപകടകാരികളാണ്. – ഒന്നാം നൂറ്റാണ്ടിലെ ശിഷ്യരുടെ പെരുമാറ്റവും ജീവിതത്തോടുള്ള കാഴ്ചപ്പാടുമായിരിക്കണം അവരെക്കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം രൂപീകരിക്കാന്‍ തെസ്സലോനിക്യരെ പ്രേരിപ്പിച്ചത്. (എന്നാല്‍ ഇന്നോ? ഇന്നു ക്രിസ്തുശിഷ്യര്‍ എന്നറിയപ്പെടുന്നവരെ നോക്കി ലോകം ഇങ്ങനെയൊരു അഭിപ്രായം പറയുമോ?).
‘ഭൂലോകത്തെ കീഴ്‌മേല്‍ മറിച്ചവര്‍’ വാസ്തവത്തില്‍ എന്താണു ചെയ്തത്? യഥാര്‍ഥത്തില്‍ അവരായിരിക്കും ലോകത്തെ ദൈവത്തിന്റെ കാഴ്ചപ്പാടില്‍ കണ്ടവര്‍. ദൈവത്തില്‍ നിന്ന് അന്യപ്പെട്ടു പോയ മനുഷ്യന്റെ മൂല്യബോധം തലതിരിഞ്ഞു പോയി. ഈ തലതിരിഞ്ഞ മൂല്യബോധമായിത്തീര്‍ന്നു ക്രമേണ ഈ ലോകത്തിന്റെ നാട്ടുനടപ്പ്. അപ്പോള്‍ ദൈവത്തിന്റെ കാഴ്ചപ്പാടില്‍ തലകുത്തി നടക്കുന്ന അവസ്ഥയിലാണീ ലോകം. അതുകൊണ്ടുതന്നെ ദൈവിക മൂല്യങ്ങള്‍ക്കനുസരിച്ചു നേരെ നടന്ന ക്രിസ്തുശിഷ്യര്‍ ലോകത്തിന്റെ ദൃഷ്ടിയില്‍ തലകുത്തി നടക്കുന്നവരും തങ്ങളെയും തലകുത്തി നടക്കാന്‍ പ്രേരിപ്പിക്കുന്നവരുമായി മാറി!
പരസ്യപ്രസംഗത്തിനു പെരുവഴിയിലെത്തിയ സുവിശേഷകന്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആദ്യം ശീര്‍ഷാസനത്തില്‍ വഴിയോരത്ത് ഒരേ നില്‍പ്. അതുകണ്ട് ഏറെപ്പേര്‍ ചുറ്റും കൂടിയപ്പോള്‍ ചാടിയെഴുന്നേറ്റ് ‘ഈ ലോകം ഇന്നു തലകുത്തി നില്‍ക്കുകയാണെന്നും തലകുത്തി നില്‍ക്കുന്ന ലോകത്തെ നേരെ കാണാനാണു ഞാന്‍ ശീര്‍ഷാസനത്തില്‍ നിന്നതെ’ന്നും ആമുഖമായി പ്രസ്താവിച്ചുകൊണ്ടു തന്റെ കവല പ്രസംഗം ആരംഭിച്ചു പോല്‍. ഈ യുക്തി ഇവിടെ പ്രയോഗിച്ചാല്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ ഈ ലോകമാണു കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നത്. ഈ കീഴ്‌മേല്‍ മറിഞ്ഞ ലോകത്തെ വീണ്ടും കീഴ്‌മേല്‍ മറിക്കുന്നവരല്ലേ വാസ്തവത്തില്‍ ലോകത്തെ നേരെ നടക്കാന്‍ പ്രേരിപ്പിക്കുന്നത്?
ലോകത്തെ നേരെ നടക്കാന്‍ പ്രേരിപ്പിച്ച ക്രിസ്തുശിഷ്യര്‍ അവരുടെ കാഴ്ചപ്പാടിനു കടപ്പെട്ടിരുന്നത് മറ്റാരോടുമല്ല. യേശുവിനോടാണ്. ലോകത്തിന്റെ മൂല്യബോധത്തിനും നാട്ടു നടപ്പിനും നേരെ എതിരായ മൂല്യബോധമാണ് യേശു അവര്‍ക്കു നല്‍കിയത്. അല്ലെങ്കില്‍ നോക്കുക: ‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത് നിന്നെ വലത്തെ ചെകിടത്ത് അടിക്കുന്നവന് മറ്റേതും കാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവന് നിന്റെ പുതപ്പും വിട്ടുകൊടുക്കുക… കൂട്ടുകാരനെ സ്‌നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത് നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിന്‍, നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍.’ ലോകത്തിന്റെ അംഗീകരിക്കപ്പെട്ട പ്രമാണങ്ങള്‍ക്കു നേരെ എതിരല്ലേ ഇത്?
അതെ. എന്നാല്‍ സ്‌നേഹത്തിന്റെ ഈ പ്രമാണങ്ങള്‍ക്ക് വലിയൊരു ശക്തിയുണ്ട്. വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ ജീന്‍വാല്‍ജീനോടുള്ള ഡിയിലെ ബിഷപ്പിന്റെ പെരുമാറ്റത്തെ അനുസ്മരിപ്പിക്കുന്ന ഒരു കഥ ഈയിടെ കേട്ടത് രൂപാന്തരപ്പെടുത്തുന്ന ഈ സ്‌നേഹത്തിന്റെ ശക്തിയെ വിളിച്ചറിയിക്കുന്നു:
ഗ്രാമത്തിലെ വിശുദ്ധനായ ക്രിസ്തുശിഷ്യന്‍ വൈകുന്നേരം തന്റെ കൊച്ചുവീട്ടില്‍ ഒറ്റയ്ക്കു പ്രാര്‍ഥനയിലായിരുന്നു. പെട്ടെന്ന് ഒരു കള്ളന്‍ അദ്ദേഹത്തിന്റെ കഴുത്തിനു നേരം കത്തികാട്ടി പണം ആവശ്യപ്പെട്ടു. ഒട്ടും ചാഞ്ചല്യം കൂടാതെ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ പ്രാര്‍ഥിക്കുക യാണെന്നു നിനക്കു കാണാന്‍ പാടില്ലേ? വെറുതെ എന്നെ ശല്യപ്പെടുത്താതെ ആ മേശ വലിപ്പില്‍ നിന്നു പണമെടുത്തു സ്ഥലം കാലിയാക്ക്.’
കള്ളനു സന്തോഷമായി. അവന്‍ മേശ വലിപ്പു തുറന്നു പണം തിരയാന്‍ തുടങ്ങി. പെട്ടെന്നു ദൈവപുരുഷന്‍ ‘നോക്ക്, നാളെ കരം അടയ്ക്കാനുള്ളതാണ്. കുറച്ചു പണം അവിടെ വച്ചേക്കണം. മുഴുവനും തൂത്തുവാരി എടുത്തേക്കരുത്.’
കള്ളന്‍ സമ്മതിച്ചു. ഒടുവില്‍ അവന്‍ പണമെടുത്ത് പോകാന്‍ നേരം അദ്ദേഹം വീണ്ടും പറഞ്ഞു: ‘അല്ല നീ നന്ദി പറയാതെയാണോ പോകുന്നത്?’
ശ്ശെടാ! ഇതെന്തൊരു വിചിത്ര മനുഷ്യന്‍! കള്ളന് എങ്ങനെയും അവിടെ നിന്നു പോയി കിട്ടിയാല്‍ മതിയെന്നായി. അതുകൊണ്ട് അവന്‍ എന്തിനും തയാറായിരുന്നു. ‘ആട്ടെ ശരി, ശരി. താങ്ക്‌സ്.’ പണവുമായി പോകുന്ന തിരക്കില്‍ അവന്‍ അങ്ങനെയും പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞു കള്ളന്‍ പോലീസിന്റെ പിടിയിലായി. പല മോഷണങ്ങള്‍ സമ്മതിച്ച കൂട്ടത്തില്‍ ദൈവഭൃത്യന്റെ പണം തട്ടിയെടുത്ത കാര്യവും അവനു പോലീസിനോടു സമ്മതിക്കേണ്ടി വന്നു. ചുരുക്കത്തില്‍ കേസു കോടതിയില്‍ വന്നപ്പോള്‍ ദൈവഭൃത്യനും സാക്ഷിയായി കോടതിയില്‍ പോകേണ്ടി വന്നു.
സാക്ഷിക്കൂട്ടില്‍ കയറി നിന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘എന്നെ സംബന്ധിച്ചിടത്തോളം ഇദ്ദേഹം കള്ളനല്ല. പണം ഞാന്‍ സമ്മാനമായി നല്‍കിയതാണ്. പോകാന്‍ നേരം സമ്മാനം കൊടുത്തതിനു നന്ദിയും പറഞ്ഞാണ് ഇദ്ദേഹം പോയത്.’
മറ്റു കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കള്ളന്‍ ജയിലിലായി. പക്ഷേ, ശിക്ഷാ കാലാവധി കഴിഞ്ഞു മോചിതനായപ്പോള്‍ അവന്‍ നേരെ വന്നതു ദൈവപുരുഷന്റെ വീട്ടിലേക്കാണ്. അവന്‍ അദ്ദേഹത്തിന്റെ ശിഷ്യനായി. ക്രമേണ അവനും നാട്ടിലെ അറിയപ്പെടുന്ന ഒരു വിശുദ്ധനായി.
യേശു ഒരിക്കല്‍ പറഞ്ഞു: ‘അനീതിയുള്ള മാമ്മോനെക്കൊണ്ട് (പണം) സ്‌നേഹിതരെ ഉണ്ടാക്കിക്കൊള്‍വീന്‍.’ എന്നാല്‍ സ്‌നേഹിതരെയും ബന്ധങ്ങളെയും ഉപയോഗിച്ച് പണവും നേട്ടവും ഉണ്ടാക്കുകയാണ് ഇന്നു ലോകത്തിന്റെ രീതി. ഇന്നത്തെ ലോകം ആളുകളെ സ്‌നേഹിക്കുന്നില്ല, പകരം വസ്തുക്കളെ സ്‌നേഹിക്കുന്നു. ആളുകളെ അവര്‍ തങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും തങ്ങളുടെ നേട്ടങ്ങള്‍ക്കായി അവരെ മുതലെടുക്കുകയും ചെയ്യുന്നു. യേശുവാകട്ടെ നേരെ മറിച്ചായിരുന്നു. യേശുവിന് ആളുകള്‍ സ്‌നേഹിക്കാനുള്ളവരും വസ്തുക്കള്‍ ഉപയോഗിക്കാനുള്ളതുമായിരുന്നു.
ലോകത്തിന്റെ മറ്റൊരു രീതി, തങ്ങളെത്തന്നെ ന്യായീകരിക്കുക, തങ്ങളാണു ശരിയെന്നു തെളിയിക്കുക എന്നിവയാണ്. എന്നാല്‍ പീലാത്തോസിന്റെ മുന്‍പില്‍ യേശുവിനെക്കുറിച്ച് മറ്റുള്ളവര്‍ ഒട്ടേറെ ആരോപണങ്ങള്‍ നിരത്തിയിട്ടും യേശു ഒരാരോപണത്തിനു പോലും മറുപടി പറയുകയാകട്ടെ, തന്റെ ഭാഗം നീതീകരിക്കുകയാകട്ടെ ചെയ്തില്ല. ഈ മൗനം പീലാത്തോസിനെപോലും ആശ്ചര്യപ്പെടുത്തി. ‘ഇവര്‍ നിന്നെക്കുറിച്ച് എന്തെല്ലാം പറയുന്നു. നീ ഒന്നിനും ഉത്തരം പറയുന്നില്ലയോ?’ എന്നാണു പീലാത്തോസ് അത്ഭുതം കൂറിയത്! തന്നെത്തന്നെ ന്യായീകരിക്കുന്ന ലോകത്തിന്റെ രീതികളില്‍ നിന്ന് യേശു മനഃപൂര്‍വ്വം അകലം പാലിച്ചു.
ആളുകളുടെ മുന്‍പില്‍ താനാണു ശരിയെന്നു സമര്‍ഥിക്കാനും യേശു തയാറായില്ല. യേശു ക്രൂശില്‍ കിടന്നപ്പോള്‍ താഴെ നിന്നു പുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും പറഞ്ഞത് ഇങ്ങനെ: ‘ഇവന്‍ ഇപ്പോള്‍ ക്രൂശില്‍ നിന്ന് ഇറങ്ങി വന്ന് ഇവനില്‍ ദൈവത്തിനു പ്രസാദമുണ്ടെന്നു തെളിയിക്കട്ടെ. എന്നാല്‍ ഞങ്ങളും ഇവനില്‍ വിശ്വസിക്കാം.’ യേശുവിന് അപ്പോള്‍ ക്രൂശില്‍ നിന്ന് ഇറങ്ങി വരുവാന്‍ കഴിവില്ലായിരുന്നോ? എളുപ്പത്തില്‍ കഴിയുമായിരുന്നു. കാരണം ഇതിനെക്കാള്‍ വലിയ അത്ഭുതങ്ങള്‍ അവന്‍ ചെയ്തിട്ടുണ്ടല്ലോ. എന്നാല്‍ ഈ സമയത്ത് അവര്‍ ആവശ്യപ്പെട്ടതുപോലെ ചെയ്ത് തന്നെത്തന്നെ തെളിയിക്കാനുള്ള പ്രലോഭനത്തെ യേശു ചെറുത്തു നിന്നു.
അല്ലെങ്കില്‍ പുനരുത്ഥാനം ചെയ്തശേഷം യേശു തന്റെ ശിഷ്യന്മാര്‍ക്കു പല സമയത്തും അഞ്ഞൂറില്‍പരം ആളുകള്‍ക്കു ഒരുമിച്ചും പ്രത്യക്ഷമായതായി നാം വായിക്കുന്നു (1 കൊരി. 15:6). എന്നാല്‍, തന്നെ ക്രൂശിച്ച പീലാത്തോസിനോ മഹാപുരോഹിതന്മാര്‍ക്കോ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു താന്‍ ജീവിച്ചിരിക്കുന്നു എന്നു കാണിച്ചുകൊടുക്കാന്‍ യേശു തയാറാകാഞ്ഞത് എന്തുകൊണ്ടാവണം? അങ്ങനെ ചെയ്ത് മധുരതരമായ ഒരു പകരം വീട്ടലിന്റെ സുഖം നുണയുന്നത് ഈ ലോകത്തിന്റെ രീതിയായിരുന്നു. എന്നാല്‍ ‘എന്റെ രാജ്യം ഐഹികമല്ല’ എന്നായിരുന്നല്ലോ അവിടത്തെ നിലപാട്.
നോക്കുക: പണത്തോട്, വസ്തുക്കളോട്, ആളുകളോട് എല്ലാം ഈ ലോകത്തിന്റേതില്‍ നിന്നു വ്യത്യസ്തമായ നിലപാടായിരുന്നു യേശുവിന്റേത്. അതുകൊണ്ടുതന്നെ യഥാര്‍ഥ ക്രിസ്തുശിഷ്യന്റെ മനോഭാവ വും, ഒന്നാം നൂറ്റാണ്ടിലെ പൗലൊസിന്റെയും ശീലാസിന്റെയും പോലെ, ലോകത്തിന്റെ നിലവിലുള്ള മൂല്യബോധത്തിനു നേരെ എതിരായിരിക്കും. ഫലം. ലോകം അവരെ ‘മടയ’രെന്നു കരുതും.
ലോകവും ഇന്നത്തെ സമൂഹവും ‘മിടുക്ക’രെന്നു വിശേഷിപ്പിക്കുന്ന ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? കൈക്കൂലി വാങ്ങി ചുരുങ്ങിയ കാലംകൊണ്ടു അനധികൃതമായ സമ്പാദ്യം ഉണ്ടാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നോക്കി സമൂഹം പറയുന്നത് ‘അവന്‍ ആളു മിടുക്കനാ’ എന്നല്ലേ? ആളുകളെ കബളിപ്പിച്ചു ഉണ്ടാക്കുന്നവനെ ‘കള്ളന്‍’ എന്നല്ല മറിച്ചു ‘സമര്‍ഥന്‍’ എന്നാണു ലോകം ഇന്നു വിളിക്കുന്നത്.
ഈ തലതിരിഞ്ഞ മൂല്യബോധം കൈയാളുന്ന ലോകത്ത് ദൈവവചനത്തിലധിഷ്ഠിതമായ യഥാര്‍ഥ മൂല്യങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ ‘മണ്ടന്മാ’രാകുന്നതില്‍ എന്താണത്ഭുതം? വെറും മണ്ടന്മാരെന്നല്ല ‘തിരുമണ്ടന്മാരെ’ന്നാണ് ലോകം അവരെ വിളിക്കുന്നത്. എന്നാല്‍ ഈ ഭാഷാ പ്രയോഗത്തിലെ രസകരമായ ഒരു പ്രത്യേകത ശ്രദ്ധിച്ചിട്ടുണ്ടോ? ‘തിരു’ എന്ന വിശേഷണം എപ്പോഴും ദിവ്യവും ശ്രേഷ്ഠവുമായ കാര്യങ്ങളോടു ചേര്‍ത്താണു മലയാളത്തില്‍ ഉപയോഗിക്കുന്നത്. അപ്പോള്‍ ലോകത്തിന്റെ തലതിരിഞ്ഞ മൂല്യബോധത്തിന് എതിരെ നില്‍ക്കുന്നതിനാല്‍ സമൂഹത്തിന്റെ മൂന്‍പില്‍ മണ്ടനാകുന്ന ക്രിസ്തുശിഷ്യനെ യഥാര്‍ഥത്തില്‍ ‘തിരു’മണ്ടനെന്നു വിശേഷിപ്പിക്കുമ്പോള്‍ അതവന് അര്‍ഹിക്കുന്ന ഒരംഗീകാരമാണ്. അവിടെ ഒരു ‘കാവ്യനീതി’ നിറവേറുകയാണ്.
അപ്പോള്‍ പ്രസക്തമായ ചോദ്യം ഇതാണ്: ഇന്നത്തെ ‘മിടുക്കന്മാ’രുടെ ലോകത്ത് ‘തിരു-മണ്ടന്മാരാ’കാന്‍ എത്രപേര്‍ തയാറുണ്ട്? അവരാണ് ഈ ലോകത്തെ കീഴ്‌മേല്‍ മറിക്കുന്നത്.
21.നന്മയെന്ത്, തിന്മയെന്ത്?
അതീവ സമ്പന്നന്‍, നല്ല ആരോഗ്യം, സ്‌നേഹമയിയായ ഭാര്യ, മിടുക്കരായ പത്തു മക്കള്‍, നാട്ടില്‍ ജനസമ്മതന്‍, ആര്‍ക്കും ഒരു തെറ്റും പറയാനില്ലാത്തവന്‍, എല്ലാറ്റിനും ഉപരി തികഞ്ഞ ഈശ്വര വിശ്വാസിയും.
എന്നാല്‍ ഒരൊറ്റ ദിവസംകൊണ്ട് സകലതും തകര്‍ന്നടിഞ്ഞു. സമ്പത്തു മുഴുവന്‍ ശത്രുക്കള്‍ കവര്‍ന്നുകൊണ്ടുപോയി. പത്തു മക്കളും അന്നു തന്നെ ഒരു ദുരന്തത്തില്‍പ്പെട്ടു മരിച്ചു. മാരകമായ ഒരു വ്യാധി പിടികൂടി ആരോഗ്യം നഷ്ടമായി. ഭാര്യയും തള്ളിപ്പറഞ്ഞു. സുഹൃത്തുക്കളും നാട്ടുകാരും പരിഹസിച്ചു. ബൈബിളിലെ ജോബിന്റെ കഥയാണിത്.
സ്വാഭാവികമായും ജോബിനു പല ചോദ്യങ്ങളുണ്ടായി. – സര്‍വത്തെയും ഭരിച്ചു നിയന്ത്രിക്കുന്ന ദൈവം എന്തിനിത് അനുവദിച്ചു? എല്ലാം നന്മയ്ക്കായി ചെയ്യുന്നവനാണു ദൈവമെങ്കില്‍ ഇതില്‍ എന്തു നന്മയാണുള്ളത്? ബൈബിളില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്ന പുസ്തകമാണ് ജോബിന്റെ പുസ്തകം. സ്വാഭാവികം.
ജോബിന്റെ കഥയുടെ പ്രാരംഭ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ നാമും ആശങ്കപ്പെടും. – ദൈവം എന്തിനിത് അനുവദിച്ചു? എന്നാല്‍ കഥയുടെ അന്ത്യത്തിലേക്കു വരുമ്പോഴോ? തിന്മയുടെ ശക്തി ജോബിനെ നശിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇംഗ്ലീഷിലെ പ്രയോഗം പോലെ ദൈവം ആ ‘മേശകളെ മറിച്ചിട്ട്’ തിന്മയെന്നു തോന്നിയ കാര്യങ്ങളെ തന്നെ ജോബിന് ആത്യന്തിക നന്മയാക്കി തീര്‍ത്തു. ജോബിന്റെ അന്ത്യം ആദ്യത്തേതിനേക്കാള്‍ അതീവ മനോഹരമായി തീര്‍ന്നു.
തിന്മയുടെ ശക്തി കൊണ്ടുവരുന്ന ദോഷകരമായ കാര്യങ്ങളെ, ആ മേശയെ, അവന്റെ മേല്‍ തന്നെ മറിച്ചിട്ട് അവനെ ഇളിഭ്യനാക്കി തീര്‍ക്കുകയും അതിനെ മനുഷ്യര്‍ക്ക് ആത്യന്തികമായി നന്മയാക്കി മാറ്റുകയും ചെയ്യുന്ന ദൈവത്തിന്റെ പ്രവര്‍ത്തന വിധത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് യേശുവിനെ ക്രൂശിച്ച സംഭവം.
നന്മയുടെ മൂര്‍ത്തിമദ്ഭാവമായിരുന്ന യേശുവിനെ ക്രൂശിച്ചത് ലോകചരിത്രത്തിലെ ഏറ്റവും ഹീനമായ സംഭവമായിരുന്നു. പക്ഷേ യേശു ക്രൂശിക്കപ്പെട്ടതുകൊണ്ടാണ് ദൈവത്തിനു സകല മനുഷ്യര്‍ക്കും പ്രത്യാശ വാഗ്ദാനം ചെയ്യുന്ന രക്ഷാകരദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് ഓര്‍ക്കുക. ഏറ്റവും ഹീനമായ സംഭവത്തെ തന്നെ ലോകത്തിന് ഏറ്റവും പ്രയോജനപ്രദമായ ഒന്നാക്കി തീര്‍ക്കാന്‍ ദൈവത്തിനു കഴിഞ്ഞു. ഇങ്ങനെയാണു സംഭവിക്കാന്‍ പോകുന്നതെന്നു തിന്മയുടെ ശക്തികള്‍ക്ക് അറിയില്ലായിരുന്നു. ‘അറിഞ്ഞിരുന്നെങ്കില്‍ അവര്‍ തേജസ്സിന്റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു’ (1 കൊരിന്ത്യര്‍ 2:8) എന്നാണ് സെന്റ് പോള്‍ പിന്നീട് ആ സംഭവത്തെ വിലയിരുത്തുന്നത്.
നമ്മുടെ ജീവിതത്തിലും തിന്മയെന്ന് ഇപ്പോള്‍ തോന്നുന്നത് ദൈവം ആത്യന്തികമായി നന്മയ്ക്കാക്കിത്തീര്‍ക്കുമെന്നു സെന്റ്‌പോള്‍ തന്നെ മറ്റൊരിടത്തു പറയുന്നു – ‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, നിര്‍ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്ക് തന്നെ സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നുവെന്നു നാം അറിയുന്നു’ എന്നാണ് ആ വചനം (റോമര്‍ 8:28). പക്ഷേ ഈ വചനം മാത്രം പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ‘എനിക്ക് എല്ലാം നന്മയായില്ലല്ലോ’ എന്നു പരാതിപ്പെടുന്നവരുണ്ട്. എന്നാല്‍ യഥാര്‍ഥ നന്മ എന്താണെന്ന് തൊട്ടടുത്ത വചനത്തിലാണ് സെന്റ്‌പോള്‍ വിശദീകരിക്കുന്നത് – യേശുവിന്റെ സ്വഭാവത്തോടു നാം അനുരൂപരാകുന്നതാണ് യഥാര്‍ഥ നന്മ (8:29).
ഭൗതിക നന്മകള്‍ മാത്രം പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ വചനം തൃപ്തികരമാകുമോ? എന്നാല്‍ യേശുവിനെപ്പോലെയുള്ള നിസ്വാര്‍ഥത, ക്ഷമ, സഹനം, പരാതിയും പിറുപിറുപ്പുമില്ലാത്ത മനോഭാവം തുടങ്ങിയവ ജീവിതത്തില്‍ കൈവരിക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ എല്ലാറ്റിലും വലുതായ നന്മ? ഓരോ കഷ്ടതയും നമ്മെ ഈ നിലയിലേക്കു കൊണ്ടുവരാനായി ദൈവം അനുവദിക്കുന്നതാണെന്നു നാം തിരിച്ചറിയുമോ?
ഇതേ സമയം ഭൗതിക കാര്യങ്ങളിലും ചീത്തയെന്നു തോന്നുന്നവയെ ദൈവത്തിന് അത്ഭുതകരമായി നന്മയാക്കിത്തീര്‍ക്കാന്‍ കഴിയും. ഈ സാധ്യതയെക്കുറിച്ചു ബോധ്യമില്ലാതെ പരാതിപ്പെടുകയും പിറുപിറുക്കുകയും ചെയ്താല്‍ ഒടുവില്‍ എല്ലാം നന്നായി അവസാനിക്കുമ്പോള്‍ നാം എന്തു ചെയ്യും? ഈ കഥ കേള്‍ക്കൂ:
മംഗോളിയയുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന ഒരു ചൈനീസ് പണ്ഡിതനുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം വളര്‍ത്തിയിരുന്ന പെണ്‍കുതിര അതിര്‍ത്തിവേലി ചാടിക്കടന്ന് ശത്രുരാജ്യത്തേക്കു ഓടിപ്പോയി. ഇതറിഞ്ഞ സ്‌നേഹിതര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ വന്നു. ‘കുതിര നഷ്ടപ്പെട്ട കാര്യം അറിഞ്ഞതില്‍ ഞങ്ങള്‍ക്കു ദുഃഖമുണ്ട്. തീര്‍ച്ചയായും ഇതൊരു ദുഃഖവാര്‍ത്തയാണ്.’
‘ഇതൊരു ദുഃഖവാര്‍ത്തയാണെന്നു നിങ്ങള്‍ക്കു എങ്ങനെ അറിയാം? ഇതൊരു സന്തോഷ വാര്‍ത്തയായി മാറിയേക്കാം.’ – ചൈനീസ് പണ്ഡിതന്റെ മറുപടി.
ഒരാഴ്ച കഴിഞ്ഞു. ശത്രു രാജ്യത്തേക്ക് ഓടിപ്പോയ പെണ്‍കുതിരയിതാ ഒരു സുപ്രഭാതത്തില്‍ വേലിചാടിക്കടന്നു ശരവേഗത്തില്‍ തിരിച്ചു വരുന്നു. തൊട്ടു പിന്നാലെ സുന്ദരനായ ഒരാണ്‍ കുതിരയും. രണ്ടു കുതിരകളെയും പണ്ഡിതന്‍ തന്റെ ലായത്തിലാക്കി തീറ്റ കൊടുത്തു. വിവരം അറിഞ്ഞു വീണ്ടും സനേഹിതര്‍ വന്നു. രണ്ടു കുതിരകളെയും കണ്ടു. അവര്‍ പറഞ്ഞു. ‘എത്ര സുന്ദരന്‍ കുതിര. തീര്‍ച്ചയായും ഇതൊരു സന്തോഷ വാര്‍ത്ത തന്നെ.’ ‘ഇതൊരു നല്ല വാര്‍ത്തയാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം? ഇതൊരു ദുഃഖവാര്‍ത്തയായി മാറുകയില്ലെന്ന് ആരു കണ്ടു?’ – ചൈനീസ് പണ്ഡിതന്റെ പ്രതികരണം.
പിറ്റേന്നു തന്നെ പണ്ഡിതന്റെ ഏകമകന്‍ പുതിയ കുതിരയുടെ പുറത്ത് ഒരു സാവാരിക്കുപോയി. പരിചയമില്ലാത്തതിനാല്‍ കുതിര അവനെ കുടഞ്ഞെറിഞ്ഞു. താഴെവീണ പയ്യന്റെ കാലൊടിഞ്ഞു. സുഹൃത്തുക്കള്‍ വീണ്ടും ആശ്വസിപ്പിക്കാന്‍ വന്നു. ‘തീര്‍ച്ചയായും ഞങ്ങള്‍ക്കു ദുഃഖമുണ്ട്. ഇതൊരു ചീത്ത വാര്‍ത്ത തന്നെ.’ പക്ഷേ പണ്ഡിതന്‍ ഇക്കുറിയും പാടിയതു പഴയ പല്ലവി തന്നെ: ‘ഇതൊരു സന്തോഷ വാര്‍ത്തയായി മാറുകയില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? ഇതൊരു ചീത്ത വാര്‍ത്തയായി മുദ്രകുത്താന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും?’
വൈകാതെ മംഗോളിയയും ചൈനയും തമ്മില്‍ യുദ്ധം ആരംഭിച്ചു. നാട്ടിലെ ചെറുപ്പക്കാരെല്ലാം നിര്‍ബന്ധിത സൈനികസേവനത്തിനായി റിക്രൂട്ടു ചെയ്യപ്പെട്ടു. പക്ഷേ കാലൊടിഞ്ഞു കിടപ്പിലായിരുന്നതുകൊണ്ടു മാത്രം പണ്ഡിതന്റെ മകന്‍ രക്ഷപ്പെട്ടു. അവനെ സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കി. ചൈനീസ് പണ്ഡിതന്‍ പറഞ്ഞു: ‘കണ്ടോ? സന്തോഷകരമെന്നു നിങ്ങള്‍ പറഞ്ഞത് ദുഃഖ വാര്‍ത്തയായി. ചീത്ത വാര്‍ത്തയാണെന്നു നിങ്ങള്‍ വിലയിരുത്തുന്നത് യഥാര്‍ഥത്തില്‍ സന്തോഷവാര്‍ത്തയായി മാറി.’
ചൈനയില്‍ മിഷനറിയായിരുന്ന ഹഡ്‌സണ്‍ ടെയ്‌ലര്‍ ഒരിക്കല്‍ പറഞ്ഞു: ”ദൈവം അനുഗ്രഹിക്കുന്ന ‘തിന്മ’ നമ്മുടെ നന്മയാണ്. ദൈവം അനുഗ്രഹിക്കാത്ത ‘നന്മ’ നമുക്കു തിന്മയാകും. ഏറ്റവും തെറ്റാണെന്നു തോന്നുന്നത് ഏറ്റവും വലിയ ശരിയായി തീരും – അത് അവിടുത്തെ തിരുഹിതമെങ്കില്‍.”
22.വലിയ വാതിലുകള്‍ തിരിയുന്നത് ചെറിയ വിജാഗിരികളിലാണ്
അല്പ കാര്യങ്ങളുടെ ദിവസത്തെ ആര് തുച്ഛീകരിക്കുന്നു? (സെഖര്യാവ് 4:10).
ജര്‍മന്‍ ചിത്രകാരനായിരുന്ന സ്റ്റേണ്‍ ബര്‍ഗ് ഒരിക്കല്‍ യേശു പീഡനമേറ്റ് കിടക്കുന്നതിന്റെ ഒരു പെയിന്റിങ് വരയ്ക്കാന്‍ തുടങ്ങി. പക്ഷേ ചിത്രം പൂര്‍ത്തിയാകും മന്‍പേ അദ്ദേഹത്തിന് അതില്‍ താല്‍പര്യം നഷ്ടപ്പെട്ടു. സ്റ്റുഡിയോയുടെ ഒരു മൂലയില്‍ പെയിന്റിങ് ഉപേക്ഷിച്ചിട്ട് അദ്ദേഹം ‘നൃത്തം ചെയ്യുന്ന നാടോടി പെണ്‍കുട്ടി’ എന്ന തലക്കെട്ടില്‍ മറ്റൊരു പടം വരയ്ക്കാന്‍ തുടങ്ങി.
ഈ ചിത്രത്തിനു മോഡലായി ആഴ്ചകളോളം ഒരു ജിപ്‌സി പെണ്‍കുട്ടി സ്റ്റുഡിയോയില്‍ വരുമായിരുന്നു. അവളുടെ ശ്രദ്ധ, പൂര്‍ത്തിയാകാതെ കിടന്ന യേശുവിന്റെ പെയിന്റിങ്ങില്‍ യാദൃച്ഛികമായി പതിഞ്ഞു.
യേശുവിനെക്കുറിച്ചു കേട്ടിട്ടുപോലും ഇല്ലാതിരുന്ന ആ ജിപ്‌സി പെണ്‍കുട്ടി സ്റ്റേണ്‍ ബര്‍ഗിനോടു ചോദിച്ചു: ‘സര്‍, ഇയാളെ ഇങ്ങനെ ക്രൂരമായി ക്രൂശില്‍ തറച്ചു കൊല്ലണമെന്നുണ്ടെങ്കില്‍ ഇയാള്‍ ഒരു നീച മനുഷ്യനായിരുന്നിരിക്കണം അല്ലേ?
സ്റ്റേണ്‍ ബര്‍ഗ് പെട്ടെന്നു പറഞ്ഞു: ‘ഹേയ്, അല്ലല്ല, അദ്ദേഹം ഒരിക്ക ലും ഒരു ചീത്ത മനുഷ്യനായിരുന്നില്ല. ജീവിച്ചിരുന്നവരില്‍ വച്ച് ഏറ്റവും നല്ല മനുഷ്യന്‍. അദ്ദേഹം എല്ലാവര്‍ക്കും വേണ്ടിയാണു മരിച്ചത്.’
‘ഉവ്വോ?’ ആ ജിപ്‌സി പെണ്‍കുട്ടി നിഷ്‌കളങ്കമായി പെട്ടെന്ന് ഇങ്ങനെ ചോദിച്ചു: ‘എങ്കില്‍ അദ്ദേഹം സാറിനുംവേണ്ടി കൂടിയാണല്ലോ മരിച്ചത്?’
ആ വാക്കുകള്‍ അസ്ത്രം പോലെ സ്റ്റേണ്‍ ബര്‍ഗിന്റെ ഹൃദയത്തില്‍ തറച്ചു. അദ്ദേഹം അതേപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. ആ ചിന്തകള്‍ അദ്ദേഹത്തിന്റെ ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തി.
സ്റ്റേണ്‍ ബര്‍ഗ് തുടര്‍ന്ന്, നേരത്തെ മാറ്റിവച്ച യേശുവിന്റെ ക്രൂശീകരണത്തിന്റെ പെയിന്റിങ് പുതിയൊരു ഉണര്‍വ്വോടെ വീണ്ടും ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹം അത് അതിമനോഹരമായി പൂര്‍ത്തിയാക്കി. ചിത്രത്തിന് ഏറെ ആലോചിച്ച് ഇങ്ങനെ ഒരു അടിക്കുറിപ്പും അതില്‍ എഴുതി വച്ചു – ‘ഞാന്‍ നിനക്കുവേണ്ടി ഇതു ചെയ്തു: നീ എനിക്കുവേണ്ടി എന്തു ചെയ്തു?’ ഈ ചിത്രം പിന്നീട് ജര്‍മനിയിലെ ആര്‍ട്ട് ഗാലറിയില്‍ സ്ഥാനം പിടിച്ചു.
നാളുകള്‍ കടന്നുപോയി… ഒരു ദിവസം ഒരു യുവാവ് ആര്‍ട്ട് ഗാലറി സന്ദര്‍ശിക്കാനെത്തി. കൗണ്ട് സിന്‍സെന്‍ഡോര്‍ഫ് എന്നായിരുന്നു ധനികനായ ആ ചെറുപ്പക്കാരന്റെ പേര്. ഒട്ടേറെ കഴിവുകളുള്ള, സമൂഹത്തില്‍ വലിയ നിലയും വിലയുമുള്ള യുവാവ്. അവന്റെ കണ്ണുകള്‍ സ്റ്റേണ്‍ ബര്‍ഗ് വരച്ച ആ ചിത്രത്തില്‍ ഉടക്കി. ആ ചിത്രത്തെക്കാള്‍ സിന്‍സെന്‍ഡോര്‍ഫിനെ പിടിച്ചു നിര്‍ത്തിയത് ചിത്രത്തിന്റെ അടിക്കുറിപ്പാണ്. ‘ഞാന്‍ നിനക്കു വേണ്ടി ഇതു ചെയ്തു; നീ എനിക്കു വേണ്ടി എന്തു ചെയ്തു?’
സിന്‍സെന്‍ഡോര്‍ഫ് ആ ചിത്രത്തില്‍ സൂക്ഷിച്ചു നോക്കി. ക്രൂശില്‍ കിടക്കുന്ന യേശുവിന്റെ ജലാര്‍ദ്രമായ കണ്ണുകള്‍ തന്നോട് മൂകമായി ആ ചോദ്യം ചോദിക്കുന്നതായി അദ്ദേഹത്തിനു തോന്നി – ‘ഞാന്‍ നിനക്കുവേണ്ടി ഈ കഷ്ടപ്പാടുകള്‍ സഹിച്ചു: നീ എനിക്കുവേണ്ടി എന്തു ചെയ്യും?’
സിന്‍സെന്‍ഡോര്‍ഫ് ജീവിത വിജയത്തെക്കുറിച്ച് അതുവരെ താലോലിച്ചിരുന്ന സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിനായി തന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ലക്ഷ്യവും ദിശയും തീര്‍ത്തും മാറിപ്പോയി. ഈ സിന്‍സെന്‍ഡോര്‍ഫ് പിന്നീട് ഒരു മിഷനറി പ്രസ്ഥാനം ആരംഭിച്ചു. അതാണ് ത്യാഗപരമായ പ്രവര്‍ത്തനങ്ങള്‍ക്കു കേള്‍വികേട്ട ലോകപ്രശസ്തമായ ‘മൊറേവിയന്‍ മിഷനറി പ്രസ്ഥാനം.’
ഈ മിഷനറി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പൂര്‍ണ സമര്‍പ്പണത്തിലേക്കു വന്ന അനേകായിരങ്ങളുണ്ട്. പക്ഷേ അതില്‍ ഒരാളുടെ പേര് പ്രത്യേകം എടുത്തു പറയണം. അദ്ദേഹമാണ് വിശുദ്ധമായ ജീവിതത്തിനായി വാക്കും പ്രവൃത്തിയും കൊണ്ട് അനേകരെ ആഹ്വാനം ചെയ്യുകയും തലമുറകളെ സ്വാധീനിക്കുകയും ചെയ്ത പ്രശസ്ത സുവിശേഷകന്‍ ജോണ്‍ വെസ്ലി.
നോക്കുക: അജ്ഞാതയായ ഒരു ജിപ്‌സി പെണ്‍കുട്ടിയുടെ ഒരു ചോദ്യം സ്റ്റേണ്‍ ബര്‍ഗിലൂടെ, സിന്‍സെന്‍ഡോര്‍ഫിലൂടെ, മൊറേവിയന്‍ മിഷനറി പ്രസ്ഥാനത്തിലൂടെ, ജോണ്‍ വെസ്ലിയിലൂടെ ഇന്നും അനേകരെ വെല്ലുവിളിക്കുന്നു.
ഒരു ചെറിയ തുടക്കം. പക്ഷേ ചെറിയ ആരംഭങ്ങളെ മാനിക്കുന്ന ദൈവം അതിനെ അനേകര്‍ക്ക് അനുഗ്രഹമാക്കി. അല്‍പം മാത്രം കഴിവുകള്‍, താലന്തുകള്‍, കൈമുതലുള്ളവര്‍ക്കു സംഭവിക്കാവുന്ന അപകടം യേശു ഒരിക്കല്‍ പറഞ്ഞ കഥയിലേതുപോലെ അവര്‍ അത് നിലത്തു പൂഴ്ത്തി വയ്ക്കും എന്നതാണ് (മത്തായി 25:18). പക്ഷേ അങ്ങനെ ചെയ്താല്‍ യജമാനന്റെ അംഗീകാരമോ അഭിനന്ദനമോ അവര്‍ക്കു ലഭിക്കുകയില്ല. തന്റെ കയ്യിലുണ്ടായിരുന്ന അഞ്ചപ്പവും രണ്ടു മീനും യേശുവിന്റെ കയ്യില്‍ സങ്കോചമില്ലാതെ ഏല്‍പിച്ച് അനേകായിരങ്ങളുടെ വിശപ്പിനു ശമനം വരുത്തിയ സുവിശേഷങ്ങളിലെ പേരറിയാത്ത ബാലനെ പോലുള്ളവര്‍ വ്യത്യസ്തരാകുന്നത് ഇവിടെയാണ്. ഒരു വാക്ക്, ഒരു നോക്ക്, ഒരു ചെറിയ പ്രവൃത്തി – നിശ്ചലമായ ഒരു കുളത്തില്‍ വീണ കൊച്ചു കല്ല് ജലപ്പരപ്പില്‍ ഉണ്ടാക്കുന്ന ചെറിയ തരംഗം പിന്നീടു വൃത്താകാരത്തില്‍ കുളം മുഴുവന്‍ നിറയുന്നതുപോലെ, ഇത് പിന്നീട് വലിയ അനുരണനങ്ങള്‍ സൃഷ്ടിച്ചേക്കാം.
‘അല്‍പകാര്യങ്ങളുടെ ദിവസത്തെ’ മാനിക്കാന്‍ നാം എന്നാണു പഠിക്കുക?
23. പ്രസാദ വര്‍ഷം
‘പ്രസാദ വര്‍ഷം’ – അങ്ങനെയൊരു പ്രയോഗം സുവിശേഷങ്ങളില്‍ കാണാം. യേശു പരസ്യ ശുശ്രൂഷ ആരംഭിക്കുമ്പോള്‍ സ്വന്തം ഗ്രാമമായ നസറെത്തില്‍ ചെന്ന സംഭവം വിവരിക്കുന്ന രംഗത്താണ് പ്രസാദ വര്‍ഷത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത്.
നസറേത്തിലെ സിന്നഗോഗില്‍ വായിക്കാന്‍ എഴുന്നേറ്റു നിന്നപ്പോള്‍ യേശുവിന് പുസ്തകച്ചുരുള്‍ ലഭിച്ചു. അവിടുന്ന് പുസ്തകച്ചുരുള്‍ നിവര്‍ത്തി ഇങ്ങനെ വായിച്ചു; ‘ദരിദ്രന്മാരോട് സുവിശേഷം അറിയിക്കാന്‍ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു… ബദ്ധന്മാര്‍ക്കു വിടുതലും കുരുടന്മാര്‍ക്കു കാഴ്ചയും പ്രസംഗിക്കാനും പീഡിതന്മാരെ വിടുവിച്ചയയ്ക്കാനും ദൈവത്തിന്റെ പ്രസാദവര്‍ഷം പ്രസംഗിക്കാനും എന്നെ അയച്ചിരിക്കുന്നു.’
തന്റെ പരസ്യ ശുശ്രൂഷ സംബന്ധിച്ച് യേശു നടത്തിയ ഒരു നയ പ്രഖ്യാപനമായിരുന്നു അത് – ദരിദ്രന്മാര്‍ക്കു സുവിശേഷം, ബദ്ധന്മാര്‍ക്കും പീഡിതന്മാര്‍ക്കും വിടുതല്‍, കുരുടന്മാര്‍ക്കു കാഴ്ച, ദൈവത്തിന്റെ പ്രസാദവര്‍ഷത്തിന്റെ പ്രഘോഷണം. ഇതില്‍ പ്രസാദ വര്‍ഷത്തിന്റെ പ്രാധാന്യം നമുക്കു മനസ്സിലാകുകയില്ലെങ്കിലും സിന്നഗോഗില്‍ അന്നു കൂടിയിരുന്ന പരീശന്മാരുള്‍പ്പെടെയുള്ള യെഹുദന്മാര്‍ക്ക് അതു വളരെ വ്യക്തമായിരുന്നു.
യെഹൂദന്മാര്‍ക്കിടയില്‍ നിലവിലിരുന്ന രീതി അനുസരിച്ച് ഓരോ ഏഴാം വര്‍ഷവും അവരുടെ കൃഷിഭൂമിയുടെ വിശ്രമത്തിന്റെ വര്‍ഷമാണ്. ആറു സംവല്‍സരം ഭൂമി കൃഷി ചെയ്താല്‍ ഏഴാം വര്‍ഷം കൃഷിയിടം സ്വസ്ഥത അനുഭവിക്കണം. ദേശത്തിനു മുഴുവന്‍ സ്വസ്ഥത പ്രഖ്യാപിക്കുന്ന ഈ ഏഴാം വര്‍ഷത്തെ ‘ശബ്ബത്തു വര്‍ഷം’ എന്നാണു വിളിച്ചിരുന്നത്. ഇങ്ങനെയുള്ള ഏഴു ശബ്ബത്തു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വരുന്ന അന്‍പതാം വര്‍ഷം വലിയ ശബ്ബത്തു വര്‍ഷമാണ്. ഇതു ജൂബിലി വര്‍ഷമാണ്. ഇതു യോബേല്‍ സംവല്‍സരമെന്നാണ് അറിയപ്പെട്ടിരുന്നത്. ഈ യോബേല്‍ വര്‍ഷമാണ് പ്രസാദ വര്‍ഷം. ഇതു വലിയ സ്വസ്ഥതയുടെ വര്‍ഷമാണ്. യോബേല്‍ സംവല്‍സരത്തിന്റെ മറ്റൊരു പ്രത്യേകത അത് അടിമകളുടെ വിമോചന വര്‍ഷമാണെന്നതാണ്. സ്വാതന്ത്ര്യത്തിന്റെ വര്‍ഷം (ലേവ്യ. 25:8,10). യേശു പറഞ്ഞു: ‘ഞാന്‍ എല്ലാവര്‍ക്കും ഈ പ്രസാദ വര്‍ഷം പ്രഘോഷിക്കാനാണു’ വന്നത്. അര്‍ഥം: എല്ലാവര്‍ക്കും സ്വസ്ഥതയും സ്വാതന്ത്ര്യവും.
പുതിയ വര്‍ഷം നമുക്കൊരു പ്രസാദ വര്‍ഷം ആയിരുന്നെങ്കില്‍! ഇതു പ്രസാദ വര്‍ഷം ആയിരിക്കണമെങ്കില്‍ നമുക്ക് സ്വസ്ഥതയും സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം. എന്നാല്‍ ഇന്നു സ്വസ്ഥതയുള്ളവര്‍ എത്ര പേരുണ്ട്? തങ്ങളുടെ മുന്‍ഗണനകള്‍ ക്രമീകരിക്കാത്തതാണ് അസ്വസ്ഥതയ്ക്കു കാരണം. സെന്റ് അഗസ്റ്റിന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ‘സ്രഷ്ടാവായ ദൈവത്തിങ്കലേക്കു വരാതെ സൃഷ്ടിയായ എനിക്കു സ്വസ്ഥത ലഭിക്കുന്നതെങ്ങനെ?’ മനുഷ്യന്റെ ഉള്ളില്‍ ഒരു ശൂന്യതയുണ്ടെന്നും അതാണവനെ അസ്വസ്ഥതപ്പെടുത്തുന്നതെന്നും പറയാറുണ്ട്. ഈ ശൂന്യത അടയ്ക്കാന്‍ കഴിഞ്ഞാല്‍ അവന്‍ സ്വസ്ഥനായി. എന്നാല്‍ ഈ ശൂന്യതയ്ക്ക് അവന്റെ സ്രഷ്ടാവായ ദൈവത്തിന്റെ ആകൃതിയാണ്. ഇതു മനസ്സിലാക്കാതെ ഈ വിടവ് പണം, സുഖാന്വേഷണങ്ങള്‍, അംഗീകാരം, നേട്ടങ്ങള്‍, ഈ ലോകത്തിലെ വിജയങ്ങള്‍ എന്നിവകൊണ്ട് അടയ്ക്കാനാണവന്റെ ശ്രമം. എന്നാല്‍ അതുകൊണ്ടൊന്നും ആ ശൂന്യത പൂര്‍ണമായി അടയുകയില്ല. ഫലം അവന്‍ അസ്വസ്ഥനായി തുടരുന്നു.
പ്രസാദ വര്‍ഷം സ്വാതന്ത്ര്യത്തിന്റെയും വര്‍ഷമാണ്. എന്നാല്‍ ദുശ്ശീലങ്ങള്‍, സുഖഭോഗങ്ങള്‍, തെറ്റിദ്ധാരണകള്‍, മുന്‍വിധികള്‍ എന്നിവയുടെ ചങ്ങലക്കെട്ടുകളില്‍ ബന്ധിതരാവയവര്‍ക്കു സ്വാതന്ത്ര്യം എവിടെ? യേശു പറഞ്ഞു: ‘നിങ്ങള്‍ക്കു സാക്ഷാല്‍ സ്വാതന്ത്ര്യം എന്റെ അടുക്കല്‍ ഉണ്ട്. സത്യം അറിയുക, സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ (യോഹന്നാന്‍ 8:36,32).
ദൈവത്തെ അറിയുന്നവെന്നു പറയുന്നവരില്‍ തന്നെ പലര്‍ക്കും ഇന്നു ദൈവം ഒരു അലങ്കാരം മാത്രമാണ്. ഞായറാഴ്ചകളില്‍ മാത്രം എടുത്തണിയാനും ബാക്കി ദിവസങ്ങളില്‍ അഴിച്ചു വയ്ക്കാനുമുള്ള ഒന്ന്, എന്നാല്‍ ദൈവത്തിന് അര്‍ഹമായ ഒന്നാം സ്ഥാനം ജീവിതത്തില്‍ കൊടുക്കുന്നില്ലെങ്കില്‍ നാം പറഞ്ഞ സ്വസ്ഥതയും സ്വാതന്ത്ര്യവും അവര്‍ക്കു മരീചിക മാത്രമായിരിക്കും.
പ്രസാദ വര്‍ഷത്തില്‍, യോബേല്‍ സംവല്‍സരത്തില്‍, യിസ്രായേലില്‍ അടിമകളെ വിമോചിപ്പിച്ചിരുന്നു. നമുക്കിതു പ്രസാദവര്‍ഷം ആകണമെന്നുണ്ടെങ്കില്‍ നമ്മോടു തെറ്റു ചെയ്തവരോടെല്ലാം നിരുപാധികം ക്ഷമിച്ച് അവരെ സ്വതന്ത്രരായി വിട്ടയ്ക്കുവാന്‍ നമുക്കു കഴിയണം. മറ്റുള്ളവരോടു ക്ഷമിക്കുമ്പോള്‍ നാമും സ്വതന്ത്രരാവുകയാണ് – അവരോടുള്ള പ്രതികാരത്തിന്റെ ചിന്തകളില്‍ നിന്ന്.
ഈ വര്‍ഷം വിമോചനത്തിന്റെ പ്രസാദ വര്‍ഷമാകട്ടെ, സ്വസ്ഥതയുടെയും.
24. രണ്ടായിരം വര്‍ഷം മുന്‍പും സദാചാര പൊലീസ്!
കാലം മാറുമ്പോള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ പുതിയ വാക്കുകളും പ്രയോഗങ്ങളും സ്ഥാനം പിടിക്കുന്നത് കൗതുകത്തോടെയാണ് ശ്രദ്ധിക്കാറുള്ളത്. സദാചാര പൊലീസ് – അടുത്ത കാലത്തു വന്ന ഒരു പ്രയോഗമാണ്.
എന്താണ് സാദാചാര പൊലീസ്? നാട്ടിലെ സദാചാര ലംഘനങ്ങള്‍ എന്നു തങ്ങള്‍ കരുതുന്ന എല്ലാറ്റിനെതിരെയും നിയമം കൈയിലെടുത്തു ശക്തിയായി പ്രതികരിക്കുന്ന ആളുകളെയാണ് മാധ്യമങ്ങള്‍ സദാചാര പൊലീസ് എന്നു വിളിക്കുന്നത്.
ഈ വാക്ക് അന്നു നിലവിലില്ലായിരുന്നെങ്കിലും രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറവും ഇന്നത്തെ സദാചാര പൊലീസിന്റെ അതേ മനോഭാവത്തോടെയുളള ആള്‍ക്കൂട്ടം ഉണ്ടായിരുന്നുവെന്ന് യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതു ശ്രദ്ധിച്ചിട്ടുണ്ടോ? അന്ന് യേശുവിന്റെയടുത്ത് സദാചാര ലംഘനത്തിന്റെ പേരില്‍ ഒരു സ്ത്രീയെ ഹാജരാക്കിയപ്പോള്‍ അന്നത്തെ ‘സദാചാര പൊലീസി’നോട് അവിടുന്നു പ്രതികരിച്ച വിധം യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായത്തില്‍ വിവരിച്ചിട്ടുള്ളത് നമുക്കു പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും. ആ സംഭവം ഇങ്ങനെ:
തന്റെ പരസ്യപ്രവര്‍ത്തനങ്ങളുടെ കാലത്ത് യേശുവിനെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളോടുണ്ടായിരുന്ന അടുപ്പം അന്നത്തെ മതസമൂഹത്തിന് ഇഷ്ടമായിരുന്നില്ല. ‘നിങ്ങളേക്കാള്‍ മുമ്പെ ചുങ്കക്കാരും വേശ്യമാരും സ്വര്‍ഗരാജ്യത്തില്‍ കടക്കും’ എന്ന് യേശു പറഞ്ഞത് അന്നത്തെ ഏറ്റവും മതതീക്ഷ്ണതയുള്ള പീരശന്മാരോടായിരുന്നു. (സ്വയനീതിയില്‍ തൃപ്തരായ പരീശന്മാരെക്കാള്‍ തങ്ങള്‍ക്കു തന്നെ തെറ്റുകാരാണെന്നു ബോധ്യമുള്ള ചുങ്കക്കാര്‍ക്കും വേശ്യകള്‍ക്കുമാണ് അനുതപിക്കാന്‍ എളുപ്പം, അതുകൊണ്ടു തന്നെ അവരാണ് ദൈവരാജ്യത്തിന് അടുത്തുള്ളവര്‍ എന്നായിരുന്നു യേശു പറഞ്ഞതിന്റെ പൊരുള്‍). അതുകൊണ്ട് പരീശന്മാര്‍ യേശുവിന് ഒരു പരിഹാസ പേരു നല്‍കി – ‘ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതന്‍.’
‘പാപികളുടെ സ്‌നേഹിത’ന്റെയടുത്ത് പാപിനിയായ ഒരു സ്ത്രീയെ തന്നെ ഹാജരാക്കി അവനെ അവര്‍ പരീക്ഷിക്കാന്‍ മുതിര്‍ന്നു. പരീശന്മാര്‍ ഒരു സ്ത്രീയെ വലിച്ചിഴച്ച് യേശുവിന്റെ മുന്‍പില്‍ കൊണ്ടുവന്നിട്ട് അവര്‍ ചോദിച്ചു: ‘ഗുരോ, ഇവളെ വ്യഭിചാര കര്‍മ്മത്തില്‍ തന്നെ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് മോശെയുടെ ന്യായപ്രമാണം ഞങ്ങളോട് അനുശാസിക്കുന്നത്. ആട്ടെ. നീ ഇവളെക്കുറിച്ച് എന്തു പറയുന്നു?’
യേശു ഒന്നും മിണ്ടിയില്ല. അവിടുന്നു നിലത്ത് വിരല്‍കൊണ്ട് എഴുതിക്കൊണ്ടിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ തലയുയര്‍ത്തി അവരോടു പറഞ്ഞു: ‘നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ ഒന്നാമത് ഇവളെ കല്ലെറിയട്ടെ.’
അതു പറഞ്ഞ ശേഷം അവിടുന്നു വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. മനഃസാക്ഷിയുടെ ആക്ഷേപം നിമിത്തം അവരില്‍ മൂത്തവന്‍ മുതല്‍ ഇളയവന്‍ വരെ ഓരോരുത്തനായി അവിടം വിട്ടുപോയി. ഒടുവില്‍ യേശുവും സ്ത്രീയും മാത്രം അവശേഷിച്ചു.
യേശു വീണ്ടും തലയുയര്‍ത്തി നോക്കി: ‘സ്ത്രീയേ, ആരും നിനക്കു ശിക്ഷ വിധിച്ചില്ലയോ?’
‘ഇല്ല, കര്‍ത്താവേ.’
‘ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല, പോക ഇനി പാപം ചെയ്യരുത്.’ സദാചാര പോലീസ് കൊണ്ടുവന്ന സ്ത്രീയെ യേശു വെറുതെ വിടുകയാണ്!
ഈ സംഭവത്തില്‍ യേശു പ്രകടമായും പാപിനിയായ ആ സ്ത്രീയുടെ പക്ഷത്തായിരുന്നു (എന്നാല്‍ അവിടുന്ന് അവളുടെ പാപത്തെ ന്യായീകരിച്ചില്ല എന്നും ഓര്‍ക്കണം – ‘പോക ഇനി പാപം ചെയ്യരുത്’ എന്നായിരുന്നല്ലോ അവളോടുള്ള ഉദ്‌ബോധനം). ജീവിത വിശുദ്ധിക്കു വേണ്ടി എന്നും നിലകൊണ്ട യേശു എന്തുകൊണ്ടാണ് ഇവിടെ സദാചാരത്തിന്റെ വക്താക്കള്‍ക്കെതിരെ നിന്നത്? മനുഷ്യ മനസ്സിന്റെ കാപട്യങ്ങളും വേഷപ്പകര്‍ച്ചകളും അവിടുത്തേക്കു നന്നായി അറിയാമായിരുന്നു എന്നതാണ് അതിനു കാരണം.
പ്രശ്‌നത്തിന് ആനുപാതികമായല്ലാതെ ഒരാള്‍ സദാചാരത്തിനു വേണ്ടി ഒച്ചവച്ചാല്‍ അതു കാണിക്കുന്നത് അവന് ഉള്ളില്‍ ആ പാപത്തോട് ആസക്തിയുണ്ടെന്നും അതു മറച്ചു വയ്ക്കാന്‍ അവന്‍ നടത്തുന്ന ദുര്‍ബലമായ ശ്രമമാണ് ആ സദാചാര പ്രസംഗമെന്നുമാണ്. സദാചാരത്തിന്റെ വക്താക്കളുടെ മനസ്സില്‍ അടിച്ചമര്‍ത്തി വച്ചിരിക്കുന്ന ആ പാപത്തോടുള്ള ആഗ്രഹമാണ് ധാര്‍മികരോഷമായി പലപ്പോഴും പുറത്തു ചാടുന്നത്. മിക്ക ധാര്‍മിക രോഷങ്ങളുടെയും വേരുകള്‍ ആഴത്തില്‍ ആഴ്ന്നിരിക്കുന്നത് ‘തനിക്ക് അതു ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ അവന് അതു കഴിഞ്ഞല്ലോ’ എന്ന അസൂയയിലാണ്.
ഇന്ന് സ്ത്രീപീഡന കഥകള്‍ മാധ്യമങ്ങളില്‍ പഴയ കാലഘട്ടത്തെ അപേക്ഷിച്ചു വ്യാപകമായി പ്രത്യക്ഷപ്പെടുന്നു. അതിന്റെ വാര്‍ത്തകള്‍ വായിക്കുകയും ടിവിയില്‍ അതു കാണുകയും ചെയ്യുന്നവരുടെ മനോഭാവമെന്താണ്? പീഡനത്തിന് ഇരയായ പാവം പെണ്‍കുട്ടിയോടുള്ള കാരുണ്യം മൂലമാണോ പലരും അതു വായിക്കുന്നത്? അതോ അവരുടെ ഹൃദയത്തില്‍ ഒളിഞ്ഞിരിക്കുന്ന പാപാസക്തിയുടെ തൃപ്തിക്കു വേണ്ടിയുള്ള അന്വേഷണമാണോ അത്? പീഡനകഥയിലെ ഇരയോടുള്ള സഹതാപം പോലും കറകളഞ്ഞ മനോഭാവത്തില്‍ നിന്നു വരുന്നതാണോ? ഇരയോടൊത്തു സഹതപിക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയും ചെയ്യുന്നവരല്ല ഹൃദയത്തില്‍ പലരും?
മനുഷ്യഹൃദയത്തിന്റെ കാപട്യങ്ങള്‍ അറിയാമായിരുന്ന യേശുവിനെ കബളിപ്പിക്കുവാന്‍ സദാചാര പോലീസ് ചമഞ്ഞെത്തിയ പരീശന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും അന്ന് കഴിയുമായിരുന്നില്ല. വ്യഭിചാര കര്‍മ്മത്തില്‍ തന്നെ ഒരു സ്ത്രീയെ പിടിച്ച് അവളെ കല്ലെറിയുവാന്‍ വലിച്ചിഴച്ചു കൊണ്ടുവന്ന പരീശന്മാര്‍ സത്യത്തില്‍ ഹൃദയത്തിലുള്ള തങ്ങളുടെ വ്യഭിചാരാസക്തി മറച്ചു വയ്ക്കാന്‍ നടത്തിയ ശ്രമമായി യേശു അതിനെ തിരിച്ചറിഞ്ഞു. തങ്ങളുടെ കണ്ണിലെ വലിയ കോലിനെ മറന്ന് അപരന്റെ കണ്ണിലെ കരടിനെക്കുറിച്ച് ഒച്ചവച്ച ആ പരീശന്മാരും ശാസ്ത്രിമാരുമായിരുന്നു യേശുവിന്റെ ദൃഷ്ടിയില്‍ വലിയ പാപികള്‍. അത് അങ്ങനെയായിരുന്നു താനും. അതുകൊണ്ടാണല്ലോ ‘നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമതു കല്ലെറിയട്ടെ’ എന്ന് യേശു പറഞ്ഞപ്പോള്‍ സത്യത്തിന്റെ പ്രകാശത്തിനു മുന്നില്‍ കണ്ണു മഞ്ഞളിച്ച് അവര്‍ ഓരോരുത്തരായി വേഗം സ്ഥലം വിട്ടത്!
അവര്‍ സ്ത്രീയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ ‘യേശു കുനിഞ്ഞ് വിരല്‍ക്കൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു’ എന്ന് ആ സംഭവ വിവരണത്തില്‍ രണ്ടു വട്ടം കാണുന്നു. എന്താണ് മണ്ണില്‍ എഴുതിക്കൊണ്ടിരുന്നത്? ‘എഴുതിക്കൊണ്ടിരുന്നു’ എന്നതിന്റെ ഗ്രീക്കു മൂലപദം ‘കറ്റാഗ്രാഫിന്‍’ എന്നാണെന്നും അതിന്റെ അര്‍ഥം ‘എതിരായി രേഖപ്പെടുത്തുക’ എന്നാണെന്നും വേദപണ്ഡിതന്മാര്‍ എഴുതിയിട്ടുള്ളത് വായിച്ചതോര്‍ക്കുന്നു അങ്ങനെയെങ്കില്‍ യേശു എഴുതിയത് പരീശന്മാര്‍ക്കെതിരെയായിരുന്നിരിക്കാം. അവിടുന്ന് അവരുടെ പാപങ്ങളായിരുന്നു രേഖപ്പെടുത്തിക്കൊണ്ടിരുന്നതെന്നു ചിന്തിക്കാം. നോക്കുക: പരീശന്മാര്‍ പാപിനിയായ സ്ത്രീക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍ ഹൃദയ രഹസ്യങ്ങള്‍ അറിയാമായിരുന്ന യേശു അവരുടെ തെറ്റുകള്‍ പരസ്യമായി കോറിയിടുകയായിരുന്നു! ഇന്നും ഒരുവിരല്‍ നാം മറ്റുള്ളവര്‍ക്കെതിരെ ചൂണ്ടുമ്പോള്‍ നമുക്കെതിരെ തിരിഞ്ഞിരിക്കുന്നത് മൂന്നു വിരലുകളാണ്!
പാപിനിയായ ആ സ്ത്രീക്കു നേരെ വിരല്‍ ചൂണ്ടാന്‍ സത്യത്തില്‍ ഒരാള്‍ക്കു മാത്രമേ അര്‍ഹതയുണ്ടായിരുന്നുള്ളു – പാപമില്ലാത്തവന്, യേശുവിന്. എന്നാല്‍ അവിടുന്ന് അവളെ വെറുതെ വിട്ടു: ‘ഞാന്‍ നിനക്കു ശിക്ഷ വിധിക്കുന്നില്ല, പോക ഇനി പാപം ചെയ്യരുത്.’ ഇവിടെയും യേശുവിന്റെ മനോഭാവം ശ്രദ്ധിച്ചോ? അവളുടെ പാപം എന്തെന്നു പച്ചയായി പറഞ്ഞ് വീണ്ടും അവളെ വേദനിപ്പിക്കാതിരിക്കാനുള്ള കരുതല്‍. പരീശന്മാര്‍ ‘വ്യഭിചാരം’ എന്ന് ആര്‍ത്തു വിളിച്ചു പറഞ്ഞ് അത് ആഘോഷിച്ചപ്പോള്‍ യേശു അതേക്കുറിച്ച് ആര്‍ദ്രമായ മൗനം പാലിച്ചു!
ഇതെല്ലാം സംഭവിച്ചത് രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറമാണെന്നോര്‍ക്കണം. അന്ന് യെഹൂദന്‍ ഒരു ദിവസം ആരംഭിച്ചിരുന്നത് ഒരു സ്ത്രീയോ അടിമയോ ആയി തന്നെ സൃഷ്ടിക്കാഞ്ഞതിനു ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടായിരുന്നു! ആ കാലഘട്ടത്തില്‍ യേശു സ്ത്രീയോടൊരു വിവേചനവും കാണിക്കാതെ അവരെ ഒപ്പം കൊണ്ടു നടക്കുകയും പരസ്യശുശ്രൂഷകളില്‍ സഹകരിപ്പിക്കുകയും ചെയ്തു. സ്ത്രീയുടെ മാന്യതയും അന്തസ്സും ദുര്‍മോഹത്തോടു കൂടിയ ഒരു നോട്ടംകൊണ്ടു പോലും അപഹരിക്കുന്നത് പാപമാണെന്നും അവിടുന്നു ഗിരിപ്രഭാഷണത്തില്‍ പ്രഖ്യാപിച്ചു. സ്ത്രീകളോടുള്ള അവമതിപ്പില്‍ നിന്ന് ഉടലെടുത്ത ഒരു പ്രവൃത്തിയോ പ്രസംഗമോ വാക്കോ യേശുവിന്റെ പരസ്യശുശ്രൂഷയിലെങ്ങും നാം കാണുന്നില്ല. സ്ത്രീകളുടെ ദൗര്‍ബല്യങ്ങളെക്കുറിച്ചു പുരുഷസഹജമായ രീതിയില്‍ ഒരു നേരമ്പോക്കുപോലും യേശു പറഞ്ഞിട്ടില്ലെന്നും ഓര്‍ക്കുക. വെറുതെയല്ല, പുല്‍ക്കൂടു മുതല്‍ ക്രൂശിന്റെ ചുവടു വരെ യേശുവിനോടൊപ്പം സ്ത്രീകളുടെ സാന്നിധ്യം നാം കാണുന്നത്.
സ്ത്രീകള്‍ക്കെതിരെ ഒട്ടേറെ അതിക്രമങ്ങള്‍ നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ അക്ഷരാര്‍ഥത്തില്‍ യേശു ഉണ്ടായിരുന്നെങ്കില്‍ അവിടുന്ന് ഇക്കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കുമായിരുന്നു? ഓര്‍ക്കാന്‍ രസമുണ്ട്. സമൂഹത്തിന്റെയും സദാചാര പോലീസിന്റെയും നീതിബോധത്തിനപ്പുറത്ത് തനതായ നിലപാടുകള്‍ അവിടുന്നു കൈക്കൊളളുമായിരുന്നു. യേശുവിന്റെ ആ നിലപാടുകളെ സമൂഹം ശരി വയ്ക്കുമോ?
യേശുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിന്ദിതരും പീഡിതരുമായവരുടെ കഥകള്‍ എഴുതിയ വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ദസ്തയോസ്‌കി ഒരിക്കല്‍ പറഞ്ഞു: ‘യേശു തെറ്റിന്റെ ഭാഗത്താണെന്നു നിങ്ങള്‍ പറഞ്ഞാല്‍ യേശുവിനോടൊപ്പം അവിടെ നില്‍ക്കാനാണെനിക്കിഷ്ടം.’
നാം എവിടെ നില്‍ക്കും?…
25. സ്‌നേഹത്തിന്റെ ശക്തി
മൈക്കിളിനു മൂന്നു വയസ്സ്. അവന് ഒരു ഇളയ പെങ്ങള്‍ കൂടി ഉടനെ വരുമെന്ന് അമ്മ പറഞ്ഞപ്പോള്‍ അവനു സന്തോഷമായി.
അന്നു മുതല്‍ അമ്മയുടെ വീര്‍ത്ത വയറില്‍ തലചേര്‍ത്തു വച്ച് കുഞ്ഞുവാവയോടു സംസാരിക്കുകയും അവള്‍ക്കു പാട്ടുപാടി കൊടുക്കുകയുമായി അവന്റെ പണി.
അങ്ങനെ ഒടുവില്‍ കാത്തിരുന്ന ആ ദിവസം സമാഗതമായി. അമ്മ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായി. മൈക്കിള്‍ പ്രതീക്ഷയോടെ കാത്തിരുന്നു.
എന്നാല്‍ കുഞ്ഞ് ജനിച്ച് അല്പം കഴിഞ്ഞപ്പോള്‍ അതിന്റെ ഹൃദയമിടിപ്പ് താളം തെറ്റി. അതിന്റെ നില വഷളായി. കുഞ്ഞിനെ നവജാത ശിശുക്കള്‍ക്കു വേണ്ടിയുള്ള ഐസിയുവില്‍ ആക്കി. വലിയ പ്രതീക്ഷയ്ക്കു വകയില്ലെന്നു ഡോക്ടര്‍ പറഞ്ഞു. കുഞ്ഞ് ഒന്നോ രണ്ടോ ആഴ്ചയ്ക്കകം മരിച്ചു പോകുമെന്ന് ഡോക്ടര്‍ തീര്‍ത്ത് പറഞ്ഞതോടെ മാതാപിതാക്കള്‍ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ തുടങ്ങി.
ഈ സംഭവവികാസങ്ങളൊന്നും മനസ്സിലാകാതിരുന്ന മൈക്കിള്‍ ആശുപത്രിയില്‍ പോയി കുഞ്ഞുപെങ്ങളെ കാണണമെന്നു നിര്‍ബന്ധമായി. നിര്‍ബന്ധം സഹിക്കവയ്യാതെ ഐസിയുവിലെ സന്ദര്‍ശന സമയത്ത് അമ്മ മൈക്കിളുമൊത്ത് ആശുപത്രിയിലെത്തി. ഐസിയുവില്‍ മൈക്കിളിനെ കയറ്റാന്‍ ഹെഡ് നഴ്‌സ് ആദ്യം സമ്മതിച്ചില്ല. കുട്ടികള്‍ക്ക് ഐസിയുവില്‍ പ്രവേശമില്ലത്രേ.
ഏറെ കെഞ്ചിയപ്പോള്‍ അവര്‍ മനസ്സലിഞ്ഞ് മൈക്കിളിനെയും അകത്തു കൊണ്ടു പോകാന്‍ അനുവദിച്ചു. താളം തെറ്റിയ ഹൃദയമിടിപ്പോടെ, വിഷമിച്ചു ശ്വാസോച്ഛാസം ചെയ്ത് ശരീരത്ത് ഘടിപ്പിച്ച യന്ത്രങ്ങള്‍ക്കിടയില്‍ കണ്ണുംപൂട്ടി കിടക്കുന്നു കൊച്ചുകുഞ്ഞ്. ഒന്നും മനസ്സിലാകാതെ മൈക്കിള്‍ കുഞ്ഞുപെങ്ങളെ കണ്ട് ഓടി അടുത്ത് ചെന്നു. അമ്മയുടെ ഉദരത്തില്‍ കിടക്കുമ്പോള്‍ അവള്‍ക്കു വേണ്ടി താന്‍ സ്ഥിരം പാടിയിരുന്ന പാട്ട് അവന് ഓര്‍മ വന്നു. പിന്നെ മടിച്ചു നിന്നില്ല. അവന്‍ പാടുവാന്‍ തുടങ്ങി.
”നീയാണെന്റ് മുത്ത്, പുന്നാരമുത്ത്
നിനക്കന്റെ ഉമ്മ, പഞ്ചാരയുമ്മ.”
പൊടുന്നനെ, സുഖമില്ലാതെ കിടന്ന കുഞ്ഞ് പാട്ടിനോടു പ്രതികരിച്ചു. അത്ഭുതം, യന്ത്രത്തില്‍ അവളുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലായി.
”മൈക്കിള്‍ മോനേ, നീ പാട്ടു നിര്‍ത്തല്ലേ, പാട്, പാട്” അമ്മയും ഡോക്ടര്‍മാരും നഴ്‌സുമാരും പറഞ്ഞു.
”ഞാന്‍ എത്രമേല്‍ നിന്നെ സ്‌നേഹിക്കുന്നു.
എന്റെ പഞ്ചാര മുത്തിനെ ഞാന്‍ വിട്ടുതരില്ല.”
പാട്ടു കേട്ടു നിന്ന എല്ലാവരുടെയും കണ്ണുകള്‍ ഈറനായി. അത്ഭുതം, കുഞ്ഞിന്റെ ശ്വാസഗതി നേരെയായി. കുറുകുറുപ്പ് മാറി. അവള്‍ ശാന്തമായി ഉറങ്ങാന്‍ തുടങ്ങി.
പിറ്റേന്നു തന്നെ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു. മൈക്കിള്‍ കുഞ്ഞുപെങ്ങളുമായി വീട്ടിലേക്കു പോകുന്നു.
ടെന്നസ്സിയിലെ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ നടന്ന ഈ സംഭവം ‘വുമണ്‍സ് ഡേ മാഗസിന്‍’ സഹോദരന്റെ പാട്ട് സഹോദരിയെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവന്ന അത്ഭുതമെന്നു പറഞ്ഞു വിവരിച്ചിരിക്കുന്നു.
നാമും നമ്മുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്കായി സ്‌നേഹത്തിന്റെ പാട്ടു പാടുക. നിര്‍ത്തിക്കളയരുത്. ഇന്നല്ലെങ്കില്‍ നാളെ ഒരത്ഭുതം സംഭവിക്കും.
സ്‌നേഹത്തിന്റെ ഈ അപാരശക്തി, തകര്‍ന്നുപോയ ഒരു വ്യക്തിബന്ധത്തെ വിളക്കിച്ചേര്‍ക്കാന്‍ യേശു ഉപയോഗിച്ചതിന്റെ മനോഹരമായ ചിത്രം യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന അധ്യായത്തില്‍ കാണാം. തന്റെ പ്രിയ ശിഷ്യനായിരുന്ന പത്രൊസ് താന്‍ നല്‍കിയ ദിവ്യനിയോഗം ഉപേക്ഷിച്ച് മീന്‍പിടിത്തം എന്ന പഴയ തൊഴിലിലേക്കു മടങ്ങിപ്പോയ സന്ദര്‍ഭം. പത്രൊസ് മറ്റു ശിഷ്യരെയും ഒപ്പം കൂട്ടി. തങ്ങളുടെ ഗുരുവിനെ ഉപേക്ഷിച്ചുള്ള മടങ്ങിപ്പോക്കായിരുന്നു അത്.
പക്ഷേ യേശു അവരെ ഉപേക്ഷിച്ചില്ല. അവരെ അന്വേഷിച്ച് അവിടുന്ന് അവര്‍ മീന്‍പിടുത്തത്തിലേര്‍പ്പെട്ടിരുന്ന സ്ഥലത്തേക്കു വന്നു. രാത്രിയിലെ അധ്വാനം കഴിഞ്ഞുവരുന്ന അവര്‍ക്കുവേണ്ടി സ്‌നേഹത്തിന്റെ പ്രാതല്‍ ഒരുക്കി യേശു അവിടെ കടല്‍ക്കരയില്‍ കാത്തു നിന്നു. അവരെ പ്രഭാതത്തില്‍ നേരില്‍ കണ്ടപ്പോള്‍ ദിവ്യനിയോഗം ഉപേക്ഷിച്ചു പോയതിന് ശാസിക്കുകയോ അവരെ കുറ്റപ്പെടുത്തുന്ന ഒരു വാക്കു പറയുകയോ ചെയ്തില്ല. മറിച്ച് യേശു പത്രൊസിനോട് ഒരു ചോദ്യം മാത്രം ചോദിച്ചു: ”നീ എന്നെ സ്‌നേഹിക്കുന്നുവോ?” ആര്‍ദ്രതയോടെ യേശു മൂന്നുവട്ടം ഇതേ ചോദ്യം ചോദിച്ചപ്പോള്‍ പിന്നെ പത്രൊസിനു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. അവന്‍ അനുതാപത്തോടെ തന്റെ തെറ്റു സമ്മതിച്ചു. യേശുവിന്റെ സ്‌നേഹത്തിലേക്കു യഥാസ്ഥാനപ്പെട്ടു.
”എന്റെ അടുക്കല്‍ വരുന്നവരെ ഞാന്‍ ഒരുനാളും തള്ളിക്കളയുകയില്ല” (യോഹന്നാന്‍ 6:37) – യേശുവിന്റെ വാക്കുകളാണിത്. പത്രൊസിനെപ്പോലെ നാമും ദൈവസ്‌നേഹത്തെ പലവട്ടം തള്ളിക്കളഞ്ഞാലും അവിടുന്നു നമ്മെ എഴുതി തള്ളുകകയില്ല. ”ഞാന്‍ നിന്നെ ഒരുനാളും കൈവിടുകയില്ല; ഉപേക്ഷിക്കയുമില്ല” എന്നാണ് അവിടുത്തെ നിലാപാട് (എബ്രായര്‍ 13:5). നമുക്ക് വീണ്ടും ആ സ്‌നേഹത്തിലേക്കു മടങ്ങി വരുവാന്‍ കഴിയും.
”സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു” എന്ന പ്രശസ്തമായ ഗാനം എഴുതിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ എത്തി മലയാളം പഠിച്ച് ഇവിടെ ജീവിച്ച വി. നാഗല്‍ സായ്പാണ്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ മറ്റൊരു ക്രിസ്തീയ കീര്‍ത്തനത്തിലെ രണ്ടു വരികള്‍ ഇങ്ങനെ:
‘സ്‌നേഹമാം നിന്നെ കണ്ടവന്‍ പിന്നെ
സ്‌നേഹിക്കാതെ ജീവിക്കുമോ?”
ഉവ്വ്, യഥാര്‍ഥ സ്‌നേഹമായ ദൈവത്തെ കണ്ടുകിട്ടിയാല്‍ പിന്നെ മറ്റുള്ളവരെ സ്‌നേഹിക്കുവാന്‍ എളുപ്പമായിരിക്കും. മറ്റുള്ളവര്‍ക്കു വേണ്ടി എപ്പോഴും നമ്മുടെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ഒരു പാട്ടുണ്ടായിരിക്കും.
അനുഗൃഹീതമായ ഈ ജീവിതത്തെ സിസ്റ്റര്‍ ഇവാ ഫ്രൈഡന്‍ ഷോട്ട് എന്ന വനിത ഇങ്ങനെ വിവരിച്ചിട്ടുണ്ട്: ”ആദിമ വിശ്വാസികളുടെ ജീവിതത്തിലേക്കും വിശ്വാസത്തിലേക്കും മടങ്ങിവരുവാനാണ് ഇന്ന് യേശു നമ്മെ വിളിക്കുന്നത്. അന്യരുടെ ഭാരങ്ങള്‍ക്ക് നമ്മുടെ നാഥനെ പോലെ നാമും ചുമല്‍ കാണിച്ചുകൊടുക്കണം. അവരുടെ മുറിവുകളെ കെട്ടി അവരുടെ വേദനകളെ ശമിപ്പിക്കുവാന്‍ ശ്രമിക്കണം. നാം ഇതിനു പ്രതിഫലവും ദാനവും ആഗ്രഹിക്കരുത്. നാം ശുശ്രൂഷിപ്പാന്‍ ചെല്ലുമ്പോള്‍ അവര്‍ നമ്മെ തൊഴിച്ചാല്‍ നാം നിശ്ശബ്ദം മടങ്ങിപ്പോയി അവരെ സേവിപ്പിന്‍ മറ്റൊരവസരത്തിനായി കാത്തിരിക്കും. അവര്‍ ശപിച്ചാല്‍ നമ്മള്‍ അനുഗ്രഹിക്കും. കാരണം നമ്മുടെ രാജ്യം ഐഹികമല്ല”
സ്‌നേഹത്തിന്റെ ശക്തി!
26.അനുകരണത്തിന് അപ്പുറം
തോമസ് കെമ്പസിന്റെ അതിപ്രശസ്തമായ ‘ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് (ക്രിസ്ത്വാനുകരണം) എന്ന ഗ്രന്ഥത്തിന് എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അത് അതിന്റെ പേരാണെന്ന് പറയാറുണ്ട്. ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സ്വഭാവത്തെ, അനുകരിച്ചു ക്രമേണ ക്രിസ്തുവിലേക്കെത്താന്‍ കഴിയും എന്ന തെറ്റായ സന്ദേശമാണ് ക്രിസ്ത്വാനുകരണം എന്ന ഗ്രന്ഥനാമം മുന്നോട്ടു വയ്ക്കുന്നത് എന്നതാണ് ആ വിമര്‍ശനത്തിന്റെ കാതല്‍.
ക്രിസ്തുവിന്റെ സ്വഭാവത്തോട് നാം അനുരൂപപ്പെടുകയാണു വെണ്ടതെന്ന് റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ സെന്റ് പോള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് (8:29). എന്നാല്‍ ആ സ്വഭാവത്തോട് ഐകരൂപ്യപ്പെടുന്നത് ഒരു കാര്യം, അതിനെ കേവലം അനുകരിക്കുന്നത് മറ്റൊരു കാര്യം. ഉദാഹരണത്തിന് യേശുവിന്റെ ജീവിതത്തില്‍ നിന്നുള്ള ഒരു സംഭവം നോക്കാം.
അന്ത്യ അത്താഴത്തിന്റെ സമയത്ത് യേശു ശിഷ്യന്മാരുടെ കാല്‍ കഴുകിയ രംഗം. യെഹൂദാ രീതിയനുസരിച്ച് വീട്ടില്‍ വരുന്നവരുടെ കാല്‍ കഴുകി തുവര്‍ത്തേണ്ടത് വീട്ടിലെ ദാസന്റെ ചുമതലയാണ്. യേശുവും ശിഷ്യന്മാരും പെസഹാ കഴിക്കാന്‍ ചെന്ന മാളികവീട്ടില്‍ ആരും അവരുടെ കാല്‍ കഴുകി സ്വീകരിക്കാനില്ലായിരുന്നു. അങ്ങനെയെങ്കില്‍ ആരാണ് ആ ദാസന്റെ പ്രവൃത്തി ചെയ്യുക? ‘ഞാനോ നീയോ വലിയവന്‍’ എന്ന പരസ്പര മല്‍സരത്തിലായിരുന്നതിനാല്‍ 12 ശിഷ്യന്മാരില്‍ ഒരാള്‍ പോലും അതിനു തയാറായില്ല. അല്‍പനേരം കാത്തിരുന്നിട്ടും ആരും കാല്‍ കഴുകാന്‍ മുന്നോട്ടു വരാതിരുന്നപ്പോള്‍ ഒടുവില്‍ അവരുടെ ഗുരുവായ യേശു തന്നെ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അവര്‍ ഓരോരുത്തരുടെയും കാല്‍ കഴുകി. അവരുടെ എല്ലാം നായകനായിരുന്ന യേശുവിന്, ‘അതും താന്‍ ദൈവത്തിന്റെ അടുക്കല്‍ നിന്നു വന്നിരിക്കുന്നുവെന്നും ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകാന്‍ തുടങ്ങുകയാണ് എന്നും അറിഞ്ഞിരിക്കെ’ (യോഹന്നാന്‍ 13:3) ദാസനെപ്പോലെ പെരുമാറാന്‍ എങ്ങനെ കഴിഞ്ഞു? അതിന് ഒരു മറുപടിയേ ഉള്ളൂ – അവിടുന്നു നേരത്തെ തന്നെ എല്ലാവരുടെയും ദാസനായി മാറിക്കഴിഞ്ഞിരുന്നു (ഫിലിപ്യര്‍ 2:7 കാണുക). യേശു ദാസനായിരുന്നു; അതുകൊണ്ടു തന്നെ അവിടുത്തേക്ക് ദാസന്റെ പ്രവൃത്തി ചെയ്യാന്‍ പിന്നെ പ്രയാസമുണ്ടായിരുന്നില്ല.
ഇവിടെയാണ് യേശുവിനെപ്പോലെയാകുന്നതും യേശുവിന്റെ പ്രവൃത്തിയെ അനുകരിക്കുന്നതും തമ്മിലുള്ള വ്യത്യാസം. നാം മറ്റുള്ളവരുടെ കാല്‍ കഴുകി ദാസനെപ്പോലെ പെരുമാറാന്‍ ശ്രമിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ നാം ദാസനായി തീര്‍ന്നിട്ടില്ല. നമുക്ക് വാസ്തവത്തില്‍ ദാസനാകാതെ ദാസന്റെ പ്രവൃത്തി ചെയ്യാന്‍ കഴിയും. എന്നാല്‍ അങ്ങനെ ചെയ്യുമ്പോഴാണ് ആ പ്രവൃത്തി ഭാരപ്പെടുത്തുന്നതാകുന്നത്. നാം ചെയ്യുന്ന ദാസ്യ പ്രവൃത്തിയില്‍ നമുക്ക് പിറുപിറുപ്പും ഭാരവുമുണ്ടെങ്കില്‍ അതു വിരല്‍ ചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ് – നാം ഒന്നാമത് ദാസനാകാതെയാണ് ദാസന്റെ പ്രവൃത്തി ചെയ്യുവാന്‍ ശ്രമിക്കുന്നത്!
യേശു പ്രാഥമികമായി ആവശ്യപ്പെട്ടത് ദാസനെപ്പോലെ പെരുമാറുവാനോ ദാസന്റെ പ്രവൃത്തി ചെയ്യുവാനോ അല്ല: മറിച്ച് ദാസനാകാനാണ്. ‘നിങ്ങള്‍ ശുശ്രൂഷക്കാരന്‍ ആകണം… നിങ്ങള്‍ ദാസന്‍ ആകണം’ (മര്‍ക്കൊസ് 10:43,44;9:35). യഥാര്‍ഥത്തില്‍ ആദ്യം ദാസന്റെ മനോഭാവത്തിലേക്കു വന്നാല്‍ പിന്നെ ദാസന്റെ പ്രവൃത്തി ചെയ്യാന്‍ പ്രയാസമുണ്ടാകുകയില്ല.
എങ്ങനെയാണ് നമുക്കിതിനു കഴിയുക? ചിന്തകളിലാണ് തുടക്കം. നമ്മെക്കുറിച്ചു തന്നെ എളിയ ചിന്തകളിലായിരിക്കാന്‍ നമുക്കു കഴിയണം. നമ്മെ ന്യായീകരിക്കുന്ന, നമ്മുടെ തന്നെ പക്ഷം പിടിക്കുന്ന, ചിന്തകള്‍ നമ്മെ വഴി തെറ്റിച്ചേക്കാം. അവയെ നിരാകരിക്കുക. സാധാരണ അവസരത്തില്‍ നമ്മള്‍ ചിന്തകളില്‍ നിഷ്പക്ഷത പാലിച്ചെന്നിരിക്കും. എന്നാല്‍ മറ്റൊരാള്‍ നമ്മോടു പരുഷമായി പെറുമാറുകയോ നമ്മെ നോവിക്കുകയോ ചെയ്താല്‍ അടിയേറ്റ പാമ്പിനെപ്പോലെ നമ്മുടെ ചിന്തകള്‍ അയാള്‍ക്കെതിരെ തിരിയുകയായി. എന്നാല്‍ നൂറു ശതമാനം ന്യായവും നമ്മുടെ ഭാഗത്താണോ? മറുവശത്തും ന്യായങ്ങള്‍ കാണുകയില്ലേ? നാം മനസ്സിലാക്കിയിട്ടില്ലാത്ത എന്തെങ്കിലും വീഴ്ച നമ്മുടെ ഭാഗത്തും സംഭവിച്ചിട്ടുണ്ടാകുകയില്ലേ?
ഒരു കഥ കേള്‍ക്കുക:
~ഒരു അന്ധന്‍ സുഹൃത്തിന്റെ വീട്ടില്‍ ഇരുന്നു സംസാരിച്ചു രാത്രി ഏറെ ഇരുട്ടി. ഒടുവില്‍ അന്ധന്‍ വീട്ടിലേക്കു പോകാന്‍ എഴുന്നേറ്റപ്പോള്‍ സുഹൃത്ത് ഒരു വിളക്കു കത്തിച്ച് കയ്യില്‍ കൊടുത്തു. അന്ധന് ഒന്നും മനസ്സിലായില്ല.
അദ്ദേഹം ചോദിച്ചു: ‘സുഹൃത്തേ നിങ്ങള്‍ എന്നെ കളിയാക്കുകയാണോ? ഞാനൊരു കുരുടനാണെന്ന് അറിഞ്ഞുകൂടേ? രാത്രിയും പകലും എനിക്കൊരുപോലെയാണ്. പിന്നെയെന്തിനാണ് എനിക്കു വിളക്ക്?’ സുഹൃത്തു പറഞ്ഞു: ‘താങ്കള്‍ക്കു വേണ്ടിയല്ല ഈ വിളക്ക്. മറ്റുള്ളവര്‍ക്കു വേണ്ടിയാണ്. രാത്രിയില്‍ ഇരുട്ടത്ത് താങ്കള്‍ നടന്നു പോകുമ്പോള്‍ ആരും താങ്കളെ വന്നു മുട്ടാതിരിക്കാന്‍ ഈ വിളക്കു സഹായിക്കും.’
‘ശരിയാണല്ലോ’ എന്നോര്‍ത്ത് അന്ധന്‍ നന്ദി പറഞ്ഞ് ആ വിളക്കും വാങ്ങി ഇരുട്ടിലൂടെ നടന്നുപോയി.
അന്ധന്‍ അങ്ങനെ പോകുമ്പോള്‍ എതിരെ വന്ന ഒരാള്‍ അന്ധനെ മുട്ടി. ഇരുവരും നിലത്തു വീണു. ചാടിയെഴുന്നേറ്റ് അന്ധന്‍ ക്ഷുഭിതനായി: ‘ആരും എന്നെ വന്ന് ഇടിക്കാതിരിക്കാനാണ് കുരുടനായിട്ടും ഞാന്‍ വിളക്കും പിടിച്ചു വന്നത്. എന്നിട്ടും താങ്കള്‍ വന്ന് എന്നെ മുട്ടിയല്ലോ.’ മുട്ടിയ ആളുടെ മറുപടി: ‘അതിനു താങ്കളുടെ കൈയില്‍ വിളക്കുണ്ടായിരുന്നോ? ഞാന്‍ കണ്ടില്ലല്ലോ!’
അയാള്‍ പറഞ്ഞതു ശരിയായിരുന്നു. കാരണം നടത്തത്തിനിടയില്‍ വിളക്ക് എപ്പോഴേ കെട്ടു പോയിരുന്നു. അന്ധന്‍ അന്ധനായിരുന്നതുകൊണ്ട് തന്റെ വിളക്ക് അണഞ്ഞുപോയത് അറിഞ്ഞില്ല!
ആരെങ്കിലും ജീവിത യാത്രയ്ക്കിടയില്‍ നമ്മെ വന്നു മുട്ടുമ്പോള്‍ നമ്മുടെ നോട്ടത്തില്‍ നമ്മുടെ ഭാഗമാണു ശരി: ‘എനിക്കെന്റെ പരിമിതികളുണ്ടായിട്ടും താങ്കളെ കരുതി ഞാന്‍ എന്തെല്ലാം മുന്‍കരുതലെടുത്തു! എന്നിട്ടും താങ്കള്‍ എന്നെ വന്ന് ഇടിച്ചു വീഴ്ത്തിയല്ലോ’ – നാം പറയും. എന്നാല്‍ വാസ്തവം എന്താണ്? അയാളോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ, കരുതലിന്റെ, വിളക്ക് എപ്പോഴോ അണഞ്ഞു പോയി. നാം അതേക്കുറിച്ച് അന്ധനായിരുന്നു!
ചിന്തകളില്‍ നമുക്കു നമ്മുടെ പക്ഷം പിടിക്കാതിരിക്കാം. മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ധൈര്യപ്പെടാതിരിക്കാം. കാരണം വീഴ്ച നമ്മുടെ ഭാഗത്തായിരുന്നിരിക്കാം.
ഉവ്വ്, ചിന്തകളില്‍ ഈ താഴ്മ വിതച്ചാല്‍, ദാസനായശേഷം ദാസന്റെ പ്രവൃത്തി ചെയ്ത യേശുവിനെപ്പോലെ മറ്റുള്ളവരെ അര്‍ഥപൂര്‍ണമായി സേവിക്കാന്‍ നമുക്കു കഴിയും. അതു കേവലം ഒരനുകരണമായിരിക്കുകയില്ല.
27.ഇരുളില്‍ ഒരു മെഴുകുതിരി
ഇരുളിനെ ശപിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമാണ് ഇരുളിലൊരു മെഴുകുതിരിയായിരിക്കാന്‍ കഴിയുന്നത്! മെഴുകുതിരി ഇത്തിരി വെട്ടമേ നല്‍കുന്നുള്ളു. എന്നാല്‍ ആ ഇത്തിരി പോന്ന ഇടത്ത് അതു മതി.
നമ്മുടെ മാത്രമായ ജീവിത മണ്ഡലമാണു നമ്മുടെ ‘കോണ്‍സ്റ്റിറ്റിയൂന്‍സി.’ നാം ജീവിക്കുന്ന ഇടം. നിത്യേന കണ്ടുമുട്ടുന്ന ആളുകള്‍, പെരുമാറുന്ന ജീവിത പരിസരം എന്നവയെല്ലാം ചേര്‍ന്നതാണ് നമ്മുടെ ജീവിത മണ്ഡലം. ഓരോരുത്തര്‍ക്കും അവരവരുടേതായ ഓരോ ജീവിത മണ്ഡലം ഉണ്ട്. നമ്മുടെ കൊച്ചുലോകം എന്നു പറയാറില്ലേ? അതു തന്നെയാണിത്. മെഴുകുതിരി അതിന്റെ വെളിച്ചം പരത്തുന്ന ആ കൊച്ചു സ്ഥലമാണ് അതിന്റെ ജീവിത മണ്ഡലം അല്ലെങ്കില്‍ അതിന്റെ ലോകം.
ബൈബിളിലെ ഏറ്റവും പ്രസിദ്ധമായ ഒരു വചനമായ യോഹന്നാന്‍ 3:16ലും ഒരു ലോകത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. യോഹന്നാന്‍ 3:16 ഇങ്ങനെ: ”തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.”
അര്‍ഥം ലളിതമാണ്. ഈ മുഴുവന്‍ ലോകത്തെയും ദൈവം സ്‌നേഹിച്ചു. നിരാശയിലും അസന്തുഷ്ടിയിലും നശിച്ചുപോകാതെ ഈ ലോകത്തെ വീണ്ടെടുക്കാനായി ദൈവം തന്റെ പുത്രനായ യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചു. യേശുവിന്റെ ജീവിത മണ്ഡലം ഈ ലോകം മുഴുവനും ആയിരുന്നു.
എന്നാല്‍ യോഹന്നാന്‍ 3:16നെ നമ്മുടെ തലത്തില്‍ എടുത്തു ചിന്തിച്ചാലോ? നമ്മുടെ ജീവിതമണ്ഡലമായ നമ്മുടെ കൊച്ചു ലോകത്തേയ്ക്കു ദൈവം അയച്ചിരിക്കുന്ന തന്റെ പുത്രന്‍ (പുത്രി) ആണു നാം ഓരോരുത്തരും. നമ്മുടെ കൊച്ചുലോകത്തേയ്ക്കു നമ്മെ മാത്രമേ ദൈവത്തിന് അയയ്ക്കാന്‍ കഴിയൂ. കാരണം, അതു നമ്മുടെ മാത്രം ഒരു നിയോജക മണ്ഡലമാണ്. ഇവിടേക്കു നമ്മെ ദൈവം നിയോഗിച്ചിരിക്കുന്നത് എന്തിനാണ്? ആ കൊച്ചു ലോകത്തെ യേശുവിനെപ്പോലെ വീണ്ടെടുക്കാനാണ്. ആ ലോകത്തിലുള്ളവരെ ദൈവം സ്‌നേഹിക്കുന്നു. അവര്‍ക്കു സ്‌നേഹം പകര്‍ന്നു കൊടുക്കുവാന്‍ അവിടേക്ക് അയയ്ക്കുവാന്‍ ദൈവത്തിന് മറ്റാരുമില്ല. അതുകൊണ്ടു നമ്മെ ആ ലോകത്തിലേക്കു വിട്ടിരിക്കുന്നു. അവിടെ നാം സ്‌നേഹവും ജീവനും നല്‍കാന്‍ പരാജയപ്പെട്ടാലോ? പരാജയപ്പെട്ടാല്‍ ആ ലോകം വീണ്ടെടുക്കപ്പെടാതെ പോകും. നാം നമ്മുടെ ലോകത്തോടുള്ള കടമ നിറവേറ്റിയില്ല! എത്ര വലിയ ഉത്തരവാദിത്തമാണു നമ്മുടേത്!
മുകളില്‍ പറഞ്ഞ ആശയത്തിന്റെ വെളിച്ചത്തില്‍ തന്റെ കൊച്ചു ലോകത്ത് അക്ഷരാര്‍ഥത്തില്‍ തന്നെ യോഹന്നാന്‍ 3:16 നടപ്പാക്കാന്‍ ശ്രമിച്ച ഒരു വീട്ടമ്മയുടെ കഥ കേട്ടിട്ടുണ്ടോ? തന്റെ ഇത്തിരി വെട്ടത്ത് മെഴുകുതിരി പോലെ പ്രകാശം പരത്തിയിരുന്ന അവരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ആളുകള്‍ അല്‍പം തമാശയോടെ ‘യോഹന്നാന്‍ 3:16’ എന്നായിരുന്നു വിളിച്ചിരുന്നത്.
ഷിക്കാഗോയിലെ ഒരു തണുത്ത രാത്രി. മരം കോച്ചുന്ന ആ മഞ്ഞില്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിച്ച് തെരുവില്‍ നിന്നിരുന്ന പോലീസുകാരനെ തണുപ്പുകൊണ്ടു കിടുകിടാ വിറയ്ക്കുന്ന ഒരു കുട്ടി സമീപിച്ച് ചോദിച്ചു: ‘സാറെ, രാത്രി പാര്‍ക്കാന്‍ ചൂടുള്ള ഒരു സ്ഥലം പറഞ്ഞു തരാമോ?’
‘നീ എവിടെയാ താമസിച്ചിരുന്നത്?’ ‘ആ ഇടവഴിയിലെ പടിക്കെട്ടിനു താഴെയുള്ള സ്ഥലത്ത്. പക്ഷേ ഇന്നു തണുപ്പു വളരെ കൂടുതലാണ്. മറ്റൊരിടം കണ്ടെത്തിയേ പറ്റൂ.’ പോലീസുകാരന്‍: ‘അതാ ആ വഴിയുടെ അങ്ങേ തലയ്ക്കല്‍ കാണുന്ന വെളുത്ത ഗേറ്റിനു മുന്നില്‍ ചെന്നു തട്ടി വിളിക്കണം. ഗേറ്റു തുറക്കുമ്പോള്‍ യോഹന്നാന്‍ 3:16 എന്നു പറയണം.’
ആ ബാലന്‍ അപ്രകാരം ചെയ്തു. ഗേറ്റു തുറന്ന് വീട്ടമ്മ പുറത്തേക്കു തല നീട്ടി. യോഹന്നാന്‍ 3:16 എന്നു പറഞ്ഞു തണുത്തു വിറയ്ക്കുന്ന കുട്ടിയെ പുഞ്ചിരിയോടെ, ഊഷ്മളതയോടെ, അവര്‍ അകത്തേക്കു സ്വാഗതം ചെയ്തു. അവനെ അവര്‍ മുറിയിലെ കത്തുന്ന നെരിപ്പോടിനു സമീപം ഇരുത്തി. ‘യോഹന്നാന്‍ 3:16 എന്തെന്ന് എനിക്കറിഞ്ഞു കൂടാ. എന്തായാലും അതെനിക്കു ചൂടു പകര്‍ന്നു’ – ബാലന്‍ ആത്മഗതം ചെയ്തു.
ആതിഥേയ തുടര്‍ന്ന് അവനെ കുളിമുറിയിലെ ചൂടുവെള്ളം നിറച്ച ബാത്ത് ടബ്ബിനടുത്തേക്കു കൊണ്ടുപോയി. സുഖമായി കുളിച്ചുകൊണ്ടിരിക്കെ അവന്‍ തെല്ലുറക്കെ പറഞ്ഞുപോയി. ‘യോഹന്നാന്‍ 3:16 എന്താണെന്ന് ഒന്നറിഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. ഏതായാലും അതു തികച്ചും വൃത്തിഹീനനായ ഒരുവനെ കഴുകുന്നതാണ്.’
തുടര്‍ന്ന് ആതിഥേയ വന്ന് ‘വിശപ്പുണ്ടോ?’ എന്നന്വേഷിച്ചു.’ ‘ഭക്ഷണം കഴിച്ചിട്ടു രണ്ടു ദിവസമായി’ എന്നായിരുന്നു മറുപടി. അവര്‍ അവനെ സ്വാദിഷ്ഠമയ വിഭവങ്ങള്‍ ഒരുക്കിയിരുന്ന അത്താഴ മേശയിലേക്ക് ആനയിച്ചു. ‘ഓ! യോഹന്നാന്‍ 3:16 എന്നെ സമൃദ്ധമായി നിറച്ചിരിക്കുന്നു’ – അവന്‍ ചിന്തിച്ചു.
ആതിഥേയ പിന്നീട് അവനെ മനോഹരമായ കിടക്കയില്‍ കിടത്തി ചൂടു കമ്പിളി പുതപ്പിച്ചു. അവന് നല്ല രാത്രി നേര്‍ന്ന് ലൈറ്റ് അണച്ച് അവര്‍ പുറത്തു പോയി. പുറത്തു ചീറിയടിക്കുന്ന ഹിമപാതം ജനാലയിലൂടെ കണ്ടുകൊണ്ടു കിടക്കുമ്പോള്‍ അവന്‍ തന്നോടു തന്നെ പറഞ്ഞു: ‘യോഹന്നാന്‍ 3:16 വിസ്മയകരം തന്നെ. അത് ക്ഷീണിതനായ അനാഥനെ സുരക്ഷിതനാക്കുന്നു.’
പിറ്റേന്നു കാലത്ത് പ്രഭാത ഭക്ഷണത്തിനുശേഷം വീട്ടമ്മ അവനോട് ‘യോഹന്നാന്‍ 3:16 എന്തെന്നറിയുമോ’ എന്നു ചോദിച്ചു. ‘ഇല്ല. ഇന്നലെ പോലീസുകാരന്‍ പറഞ്ഞാണ് ഞാന്‍ ആദ്യമായി ഇതു കേള്‍ക്കുന്നത്.’ – ബാലന്റെ മറുപടി.
ഉടനെ ആതിഥേയ ബൈബിള്‍ തുറന്ന് യോഹന്നാന്‍ 3:16 വായിച്ചു കേള്‍പ്പിച്ചു: ‘തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് അവനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ സ്‌നേഹിച്ചു.’
തുടര്‍ന്ന് അവര്‍ പറഞ്ഞത് ഇങ്ങനെ: ‘എനിക്കും ഈ വാക്യം വായിക്കാനേ അറിയൂ. എനിക്കുവേണ്ടി മരിക്കുവാന്‍ സ്വന്തം പുത്രനെ ഈ ലോകത്തേയ്ക്ക് അയയ്ക്കുവാന്‍ പിതാവിന് എങ്ങനെ മനസ്സായി എന്നോ യേശു അതെങ്ങനെ സമ്മതിച്ചുവെന്നോ എനിക്കു മനസ്സിലാക്കാനാവില്ല. യേശു ഇത്ര ക്രൂരമായ മരണം വരിക്കുന്നതു കണ്ടുകൊണ്ടിരിക്കാന്‍ പിതാവിന് എങ്ങനെ കഴിഞ്ഞുവെന്നും എനിക്കറിഞ്ഞുകൂടാ. അവസാന നിമിഷം വരെയും ക്രൂശില്‍ കിടന്നു സഹിക്കാന്‍ തക്കവണ്ണം യേശു എന്തിന് എന്നെ സ്‌നേഹിച്ചു എന്നും എനിക്കറിഞ്ഞുകൂടാ. ഒന്നും മനസ്സിലാക്കാന്‍ എനിക്കു കഴിയുന്നില്ലെങ്കിലും ക്രൂശിലെ സ്‌നേഹം എന്നെ, എന്റെ ഹൃദയത്തെ, വ്യത്യാസപ്പെടുത്തുകയും എന്റെ ജീവനെ വിലയുള്ളതാക്കുകയും ചെയ്തിരിക്കുന്നു. ആ സ്‌നേഹം എനിക്കു ചൂടും വൃത്തിയും പോഷണവും വിശ്രമവും സുരക്ഷിതത്വവും നല്‍കി’ – അവര്‍ പറഞ്ഞു നിര്‍ത്തി.
ഈ വാക്കുകള്‍ ആ ബാലനെ സ്പര്‍ശിച്ചു. അവര്‍ തനിക്കും നല്‍കിയത് ഇതെല്ലാമാണല്ലോ എന്നവന്‍ ഓര്‍ത്തു – ഊഷ്മളതയും വൃത്തിയും പോഷണവും വിശ്രമവും സുരക്ഷിതത്വവും. ക്രൂശിലെ സ്‌നേഹത്താല്‍ പിടിക്കപ്പെട്ട വീട്ടമ്മ തന്നോടു പ്രദര്‍ശിപ്പിച്ച സ്‌നേഹം യോഹന്നാന്‍ 3:16ല്‍ വിവരിച്ച സ്‌നേഹം മനസ്സിലാക്കുവാന്‍ അവനെ സഹായിച്ചു. അവനും ക്രൂശിലെ ദിവ്യസ്‌നേഹത്തിനു മുന്നില്‍ സ്വയം സമര്‍പ്പിച്ചു.
ദൈവസ്‌നേഹത്തെക്കുറിച്ചു വാചാലമായി സംസാരിക്കുന്നതിനും അപ്പുറത്ത് അതു ജീവിതത്തിലും പ്രവൃത്തിയിലും കൂടി കാണിച്ചു കൊടുക്കുന്നതു മാത്രമേ മറ്റുള്ളവരുടെ ഹൃദയത്തെ സ്പര്‍ശിക്കുകയുള്ളുവെന്ന് ഈ കഥ വ്യക്തമാക്കുന്നു. യോഹന്നാന്‍ 3:16-ന്റെ ജീവിക്കുന്ന സാക്ഷിയായി മാറിയ വീട്ടമ്മയ്ക്കു തന്റെ കൊച്ചു ലോകത്തു സ്‌നേഹത്തിന്റെ വെളിച്ചം പരത്തുവാന്‍ കഴിഞ്ഞു.
നമ്മുടെ കൊച്ചുലോകത്തെ ദൈവം സ്‌നേഹിച്ച് അവിടെ സ്‌നേഹം പകരുവാന്‍ നമ്മെ അയച്ചിരിക്കുന്നു. നാം അവിടെ ആ ദൗത്യം നിറവേറ്റുമോ എന്നതാണു പ്രസക്തമായ ചോദ്യം.
28. ദൈവത്തിന്റെ മനസ്സ്
നിത്യസ്‌നേഹം- മനുഷ്യനോട് ദൈവത്തിനുള്ള സ്‌നേഹത്തെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ദൈവം ആദിയും അന്തവുമില്ലാത്ത നിത്യനാണെങ്കില്‍ അവിടുത്തെ സ്‌നേഹവും സ്ഥല കാലപരിമിതിയില്ലാത്തതാണ്. ആട്ടെ, ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നതിന് എന്താണു കാരണം? പലരും ഈ ചോദ്യത്തിന് ഉത്തരം തേടിയിട്ടുണ്ട്. ദൈവം എന്തിന് മനുഷ്യനെ സ്‌നേഹിക്കണം? വിശുദ്ധനായ ദൈവത്തിന് എങ്ങനെ തെറ്റില്‍ വീണുപോകുന്ന മനുഷ്യനെ സ്‌നേഹിക്കാന്‍ കഴിയും?
അര്‍ജന്റീനയിലെ എഴുത്തുകാരനും സുവിശേഷകനുമായ ജുവാന്‍ കാര്‍ലോസ് ഓര്‍ട്ടിസ് അതിനു നല്‍കുന്ന മറുപടി ഇങ്ങനെ: ‘നാം ദൈവത്തിന്റെ മക്കളായതുകൊണ്ട് ദൈവത്തിനു നമ്മെ സ്‌നേഹിക്കാതിരിക്കാനാവില്ല. നമ്മുടെ കുട്ടികളെ നാം സ്‌നേഹിക്കുന്നത് എന്തുകൊണ്ടാണ്? അവര്‍ നല്ല പക്വതയുള്ളവരും തെറ്റുകള്‍ ചെയ്യാത്തവരും വൃത്തിയുള്ളവരും നന്നായി പെരുമാറുന്നവരും ആയതുകൊണ്ടാണോ? നേരെ മറിച്ചാണ് അവരില്‍ പലരും. മുറിയിലെ കാര്‍പെറ്റില്‍ അവര്‍ പാല്‍ക്കുപ്പി മറിച്ച് പാല്‍ അതില്‍ തൂവും. വെള്ള വലിച്ച ഭിത്തിയിലൊക്കെ വരച്ചു വയ്ക്കും. രാത്രിയില്‍ നിര്‍ത്താതെ നിലവിളിക്കും. അതിഥികളുടെ മുന്‍പില്‍ മോശമായി പെരുമാറും. ഇതെല്ലാമുണ്ടെങ്കിലും നാം അവരെ സ്‌നേഹിക്കുന്നു. എന്തുകൊണ്ട്? ഉത്തരം ഒന്നേയുള്ളു – അവര്‍ നമ്മുടെ മക്കളാണ്.’
ദൈവത്തെ സംബന്ധിച്ചും ഇങ്ങനെയാണ്. നാം അവിടുത്തെ മക്കളായതുകൊണ്ട് ദൈവത്തിനു നമ്മെ സ്‌നേഹിക്കാതിരിക്കാനാവില്ല. നമ്മുടെ എല്ലാ കുറവുകളോടും കൂടെ തന്നെ അവിടുന്നു നമ്മെ സ്‌നേഹിക്കുന്നു. മാത്രമല്ല, മാതാപിതാക്കളുടെ സ്‌നേഹത്തെ കവിയുന്ന ഒരു മാനം കൂടി ആ സ്‌നേഹത്തിനുണ്ട്. മാതാപിതാക്കള്‍ക്കു കുട്ടികള്‍ ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും ചെയ്ത തെറ്റുകള്‍ മാത്രമേ അറിയാവു. അതറിഞ്ഞിട്ടും അവര്‍ കുട്ടികളെ സ്‌നേഹിക്കുന്നു. എന്നാല്‍ നിത്യനായ ദൈവത്തിനു നാം ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും മാത്രമല്ല, ഭാവികാലത്തില്‍ ചെയ്യാന്‍ പോകുന്ന തെറ്റുകളും മടയത്തരങ്ങളും കൂടി അറിയാം. എന്നാല്‍ അതറിഞ്ഞിട്ടും അവിടുന്നു നമ്മെ സ്‌നേഹിക്കുന്നു! കാരണം, അവിടുത്തെ സ്‌നേഹം നിത്യ സ്‌നേഹമാണ്.
ജുവാന്‍ കാര്‍ലോസ് ഓര്‍ട്ടിസിന് ഈ നിത്യ സ്‌നേഹത്തെക്കുറിച്ച് ഒരു ബോധ്യം ലഭിച്ചപ്പോള്‍ അത് അദ്ദേഹത്തിന് വലിയ സുരക്ഷിതത്വബോധം നല്‍കി. തനിക്ക് ഒട്ടേറെ കുറവുകളും പോരായ്മകളും ഉണ്ടെന്നതിനാല്‍ ദൈവത്തിനു താന്‍ സ്വീകാര്യനല്ലെന്ന തോന്നലായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. എന്നാല്‍ തന്റെ പ്രവൃത്തിയുടെ അടിസ്ഥാനത്തിലല്ല ദൈവം തന്നെ സ്‌നേഹിക്കുന്നതും അംഗീകരിക്കുന്നതും; മറിച്ച് താന്‍ അവിടുത്തെ മകനായതുകൊണ്ടാണ് – ഈ യാഥാര്‍ഥ്യം അദ്ദേഹം കണ്ടു. മാത്രമല്ല, ഇന്നലെ വരെ താന്‍ ചെയ്ത മടയത്തരങ്ങളും തെറ്റുകളും കൂടാതെ ഭാവിയില്‍ താന്‍ ചെയ്യാനിരിക്കുന്ന കുഴപ്പങ്ങളും അവിടുത്തേക്കറിയാം. എന്നിട്ടും അവിടുന്നു തന്നെ സ്‌നേഹിക്കുന്നു. കാരണം, ദൈവസ്‌നേഹം നിത്യസ്‌നേഹമാണ്. ഈ ബോധ്യം ഓര്‍ട്ടിസിന് ഉണ്ടായപ്പോള്‍ അദ്ദേഹം തന്നെത്തന്നെ പുതിയൊരു വെളിച്ചത്തില്‍ കാണാന്‍ തുടങ്ങി. ദൈവം തന്നെ താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിച്ചിരിക്കുന്നതിനാല്‍ ഇനി എന്തിനു താന്‍ സ്വയം അംഗീകരിക്കാതിരിക്കണം? അദ്ദേഹം ജീവിതത്തില്‍ ആദ്യമായി തന്നത്തന്നെ അംഗീകരിച്ചു. ഫലം, അദ്ദേഹത്തെ നിരന്തരം അലട്ടിയിരുന്ന മൈഗ്രെയ്‌നിന്റെ തലവേദന തീര്‍ത്തും സൗഖ്യമായി.
ജുവാന്‍ കാര്‍ലസ് ഓര്‍ട്ടിസ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു: നാം പലപ്പോഴും നമ്മെത്തന്നെ അംഗീകരിക്കുന്നില്ല. അതാണു പലപ്പോഴും നമ്മുടെ സമാധാനമില്ലായ്മയ്ക്കു കാരണം. എന്നാല്‍ നിത്യമായി നമ്മെ സ്‌നേഹിക്കുന്ന ദൈവസ്‌നേഹത്തെക്കുറിച്ചുള്ള ഒരു വെളിപ്പാട് നമ്മെത്തന്നെ അംഗീകരിക്കുന്നതിലേയ്ക്കു നമ്മെ നടത്തും. നാം സ്വയം അംഗീകരിച്ചാല്‍ പിന്നെ മറ്റുള്ളവരെയും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കാന്‍ നമുക്ക് പ്രയാസമുണ്ടാകുകയില്ല. യാഥാര്‍ഥ്യങ്ങളുടെ അംഗീകാരം നമ്മുടെ രോഗങ്ങളെപ്പോലും സൗഖ്യമാക്കും.
അദ്ദേഹം തുടര്‍ന്നു പറയുന്നു: മനുഷ്യനോടുള്ള ദൈവത്തിന്റെ നിത്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രദര്‍ശനം നാം കാണുന്നത് കാല്‍വറി ക്രൂശിലാണ്. ‘ക്രൂശില്‍ നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേലായി. അവിടുത്തെ ക്ഷതങ്ങളില്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു’ (യെശയ്യാവ് 53:5). ക്രൂശില്‍ അവിടുന്നു നമ്മുടെ തെറ്റുകളുടെ ശിക്ഷ വഹിച്ചു. എന്തിന്? നമ്മുടെ സമാധാനത്തിന്. ദൈവം നമ്മെ സ്‌നേഹിച്ചു നിത്യമായി അംഗീകരിച്ചു. ഈ അംഗീകാരത്തെക്കുറിച്ചുള്ള ബോധ്യം നമ്മോടുള്ള ബന്ധത്തിലും മറ്റുള്ളവരോടുള്ള ബന്ധത്തിലും നമുക്കു സമാധാനം നല്‍കും.
ഈ ചിന്തകളിലൂടെ ദൈവത്തിന്റെ മനസ്സിലേക്കാണ് ഓര്‍ട്ടിസ് വെളിച്ചം വീശുന്നത്- ദൈവത്തിനും തന്റെ മക്കളെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയുന്നതെങ്ങനെ? ആ സ്‌നേഹത്തിലൂടെ സുരക്ഷിതത്വവും സമാധാനവുമാണ് അവിടുന്ന് ഒരുക്കിവച്ചിരിക്കുന്നത്. ഈ നിത്യസ്‌നേഹത്തിലേക്കു നമ്മുടെ കണ്ണു തുറന്നിരുന്നെങ്കില്‍! ‘ഗോഡ് ഈസ് ലൗ’ എന്ന ചിരപരിചിതമായ പ്രയോഗത്തെ പുതിയ വെളിച്ചത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
29. ‘കേള്‍ക്കാന്‍ ചെവിയുള്ളവന്‍ …’
‘കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ’ – യേശു തന്റെ പ്രസംഗങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞിരുന്നതായി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ മാത്രം പോരാ. അത് ഉള്‍ക്കൊള്ളുകയും വിശ്വസിക്കുകയും അതിനനുസരിച്ചു ജീവിക്കുകയും വേണമെന്നാണ് യേശു അര്‍ഥമാക്കിയത്.
കേള്‍വിയില്‍ ഒരു തിരഞ്ഞെടുപ്പുള്ളതായി പറയാറുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ളതു മാത്രമേ പലരും കേള്‍ക്കുന്നുള്ളു. ‘ഇന്നു നന്നായി പഠിച്ചാല്‍, നാളെ മോന് ഐസ്‌ക്രീം വാങ്ങിത്തരാം.’ – അമ്മ ഒന്നാം ക്ലാസുകാരനായ മകനോടു പറയുന്നു. പിറ്റേന്നു മകന്‍ പറയുന്നു: ”ഇന്ന് ഐസ്‌ക്രീം വാങ്ങിത്തരാം’ എന്ന് അമ്മ ഇന്നലെ പറഞ്ഞിരുന്നല്ലോ.” അമ്മ പറഞ്ഞതിന്റെ ആദ്യഭാഗം അവന്‍ കേട്ടില്ല; അവനു താല്‍പര്യമുള്ള രണ്ടാം ഭാഗം മാത്രം കേള്‍ക്കുകയും ഓര്‍ത്തിരിക്കുകയും ചെയ്തു. ഇതാണ് ‘സെലക്ടീവ് ഹിയറിങ്.’
കുടുംബ ജീവിതത്തിലും കേള്‍ക്കുന്നതിനു വലിയ പ്രാധാന്യമുണ്ട്. പക്ഷേ അവിടുത്തെ പ്രധാന പരാതി ‘പറയുന്നതല്ല കേള്‍ക്കുന്നത്’ എന്നാണ്. ഭര്‍ത്താവു പറയുന്നു: ‘ഞാന്‍ എന്താ പറഞ്ഞത്, നീ എന്താ കേട്ടത്?’ കേള്‍വിയിലെ തിരഞ്ഞെടുപ്പാണ് അവിടെയും പ്രശ്‌നം. ഭര്‍ത്താവു പറഞ്ഞതില്‍ തനിക്കു കേള്‍ക്കേണ്ടതു മാത്രമേ ഭാര്യ കേള്‍ക്കുന്നുള്ളു.
മറുവശത്തു ഭാര്യ ചോദിക്കുന്നു: ‘ഞാന്‍ പറയുന്നതു വല്ലതും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?’ ഭര്‍ത്താവു കേള്‍ക്കുന്നുണ്ട്; പക്ഷേ ശ്രദ്ധിക്കുന്നില്ല എന്നാണവള്‍ അര്‍ഥമാക്കുന്നത്. ഏറെ സംസാരിക്കുന്നു എന്നു പുരുഷന്മാര്‍ സ്ത്രീകളെ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ വാസ്തവമെന്താണ്? സ്ത്രീ പറയുന്നതിന്റെ പകുതി മാത്രമേ പുരുഷന്‍ കേള്‍ക്കാറുള്ളു എന്നു മനഃശാസ്ത്രജ്ഞര്‍. അപ്പോള്‍ വേണ്ടതിന്റെ ഇരട്ടി ഭാര്യ പറഞ്ഞാലല്ലേ പകുതിയെങ്കിലും ഭര്‍ത്താവിന്റെ തലയില്‍ കയറൂ? കുറ്റം ആരുടേതാണ്?
ഭാര്യ-ഭര്‍തൃ ബന്ധത്തിലേക്കു പ്രവേശിക്കുന്ന ചടങ്ങിനെ ‘വിവാഹശുശ്രൂഷ’ എന്നാണല്ലോ വിളിക്കുക. ഇതിലെ ശുശ്രൂഷ എന്ന പദത്തിന്റെ അര്‍ഥം ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്ന് ‘ശുശ്രൂഷ’ എന്ന വാക്ക് ഏറെ പ്രചാരമുള്ളതാണ്. രോഗീശുശ്രൂഷ, ക്രിസ്തീയ ശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ, ഗാനശുശ്രൂഷ എന്നെല്ലാം നാം പറയാറുണ്ട്. സേവനം എന്ന അര്‍ഥത്തിലാണ് ഈ വാക്ക് ഉപയോഗിക്കാറ്. എന്നാല്‍ സത്യത്തില്‍ ശുശ്രൂഷ എന്നാല്‍ ‘ശ്രോതും ഇച്ഛയാണ്.’ കേള്‍ക്കാനുള്ള ആഗ്രഹമാണ് യഥാര്‍ഥത്തില്‍ ശുശ്രൂഷ. (എങ്കില്‍, കേള്‍ക്കാവുന്ന ഗാനത്തോടു ചേര്‍ത്തു പറയുന്ന ‘ഗാനശുശ്രൂഷ എന്ന പ്രയോഗത്തില്‍ മാത്രമേ അതു നിയതമായ അര്‍ഥത്തില്‍ ഇന്ന് ഉപയോഗിക്കുന്നുള്ളു എന്നു പറയേണ്ടി വരും). ഏതായാലും ശുശ്രൂഷ കേള്‍ക്കാനുള്ള ആഗ്രഹമാണെങ്കില്‍ ശുശ്രൂഷ ഏറ്റവും കൂടുതല്‍ വേണ്ട ഒരു സ്ഥലം കുടുംബമാണ്.
രണ്ടു വലിയ ചെവികള്‍ – ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടത് അതാണെന്നു മനഃശാസ്ത്രജ്ഞര്‍ പറയും. കേള്‍ക്കാനുള്ള ശ്രമം ഭര്‍ത്താക്കന്മാരുടെ ഭാഗത്തുണ്ടാകണം. കാരണം, സ്ത്രീ സംസാരിക്കുന്നതിലൂടെയാണ് അവളുടെ വിഷമങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇതു മനസ്സിലായില്ലെങ്കില്‍ ഭാര്യ സംസാരിക്കുന്നതിനു ചെവി കൊടുക്കാതെയിരുന്നു ഭര്‍ത്താവു ഭാര്യയെ നിരാശപ്പെടുത്തും. അവള്‍ക്ക് ഒരു പ്രശ്‌നമുണ്ടായെന്ന് ഇരിക്കട്ടെ. പലരോടും അതു സംസാരിച്ചും പങ്കിട്ടും കഴിയുമ്പോഴാണ് അവളുടെ ടെന്‍ഷന്‍ മാറിക്കിട്ടുക. അതുകൊണ്ട് അവള്‍ സംസാരിക്കട്ടെ. അതിനു ചെവികൊടുക്കുമ്പോള്‍ അവളുടെ പ്രയാസം മാറുവാന്‍ ഭാര്യയെ സഹായിക്കുകയാണു ഭര്‍ത്താവു ചെയ്യുന്നത്.
എന്നാല്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പുരുഷന്റെ രീതി സ്ത്രീയു ടേതിനു നേരെ എതിരാണ്. അവന് ഒരു പ്രശ്‌നം ഉണ്ടായാല്‍ അതാ രോടും ഉടനെ പങ്കിടാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. അവന്‍ തന്റെ പ്രശ്‌നവുമായി ഒരു ‘ഗുഹയിലേക്കു’ പോകുമെന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. അവിടെ ഒറ്റയ്ക്കിരുന്നു ചിന്തിച്ച് പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടു പിടിച്ച് അവന്‍ പുറത്തു വരും. അതാണവന്റെ സ്വഭാവം. അതുകൊണ്ട് ഓഫീസില്‍ നിന്നു വന്ന ഭര്‍ത്താവ് ഒരുദിവസം പൊടുന്നനെ മിണ്ടാതിരിക്കുന്നതു കണ്ടാല്‍ ഭാര്യ മനസ്സിലാക്കണം – എന്തോ ഒരു പ്രശ്‌നം ഉണ്ട്. ഇപ്പോഴൊന്നും ചോദിക്കേണ്ട. അദ്ദേഹത്തെ തന്റെ ‘ഗുഹയില്‍’ തനിയെ ഇരിക്കാന്‍ അനുവദിക്കുക. പ്രശ്‌നത്തിനൊരു പരിഹാരം കണ്ടെത്തി അവന്‍ പുറത്തു വരും. അപ്പോള്‍ ചോദിക്കാതെ തന്നെ വിവരങ്ങള്‍ പറയും.
നോക്കുക: കുടുംബജീവിതത്തില്‍ ഭാര്യയുടെ വാക്കുകള്‍ ഭര്‍ത്താവു ‘രണ്ടു വലിയ ചെവികള്‍’ കൊണ്ടു കേള്‍ക്കണം. മറുവശത്ത് ഭര്‍ത്താവ് തന്റെ മൗനത്തിലൂടെ ‘പറയുന്ന’ പലതും ഭാര്യയും ‘കേള്‍ക്കണം.’
ചില കണക്കുകള്‍ ഇങ്ങനെ: സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്ക് പ്രസക്തി എട്ടു ശതമാനം മാത്രം. വികാരങ്ങളെ ശ്രദ്ധിക്കുക – അതിനാണ് 35% പ്രാധാന്യം. ശരീരഭാഷയ്ക്കുള്ള പ്രസക്തി 55 ശതമാനമാണ്. ബാക്കി രണ്ടു ശതമാനം അവബോധ(ഇന്റ്യൂഷന്‍)ത്തിനു നല്‍കണം. വൈകാരികാംശത്തിനും ശരീര ഭാഷയ്ക്കും എത്ര പ്രാധാന്യമുണ്ടെന്നു നോക്കുക. അന്യോന്യമുള്ള സംഭാഷണത്തിന്റെ അവസരത്തില്‍ കേവലം വാക്കുകള്‍ മാത്രം ശ്രദ്ധിക്കുകയും സംസാരിക്കുന്ന ആളിന്റെ വികാരവും ശരീരഭാഷയും നിരീക്ഷിക്കാതിരിക്കുകയും ചെയ്താലും പറഞ്ഞ കാര്യങ്ങള്‍ ‘കേട്ടു; പക്ഷേ മനസ്സിലാക്കിയില്ല’ എന്നു പറയേണ്ടി വരികയില്ലേ?
യേശു പറഞ്ഞു: ‘നിങ്ങള്‍ കേള്‍ക്കുന്നത് എന്ത് എന്നു സൂക്ഷിച്ചു കൊള്‍വീന്‍’ (മര്‍ക്കൊസ് 4:24). ഈ വചനം ഗൗരവമായി എടുക്കാത്തതല്ലേ ഇന്നു വ്യക്തി ബന്ധങ്ങളിലും കുടുംബജീവിതത്തിലും ഉണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം?
30. മൂടല്‍ മഞ്ഞ്, കര കാണാന്‍ കഴിയുന്നില്ല
ഇംഗ്ലീഷ് ചാനല്‍ വിജയകരമായി നീന്തിക്കടന്ന പ്രസിദ്ധനായ ഫ്‌ളോറന്‍സ് ഛാഡ്‌വിക്കിന്റെ അത്ര പ്രസിദ്ധമല്ലാത്ത ഒരു പരാജയ കഥയുണ്ട്. കാറ്റിലിന എന്ന ചെറു ദ്വീപില്‍ നിന്നു കലിഫോര്‍ണിയയുടെ തീരത്തേക്കു നീന്താന്‍ ഫ്‌ളോറന്‍സ് തീരുമാനിച്ചു. എല്ലാ മാധ്യമങ്ങളും അതിനു വന്‍ പ്രചാരണം നല്‍കി. ഫ്‌ളോറന്‍സിനു നിഷ്പ്രയാസം ലക്ഷ്യം നേടാന്‍ കഴിയുമെന്ന് എല്ലാവരും കണക്കു കൂട്ടി. പക്ഷേ കരയെത്തുന്നതിനു കേവലം അരമൈല്‍ ഇപ്പുറത്തു വച്ച് അവര്‍ നീന്തല്‍ നിര്‍ത്തി ദൗത്യത്തില്‍ നിന്നു പിന്‍മാറി. ഈ പരാജയത്തിന്റെ കാരണം പിന്നീടു ഫ്‌ളോറന്‍സ് തുറന്നു പറഞ്ഞു: ‘മൂടല്‍മഞ്ഞു കാരണം എനിക്കു കര കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണു ഞാന്‍ പിന്‍മാറിയത്. അരമൈല്‍ അകലെ മാത്രമാണു കര എന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും നീന്തി കര പറ്റുമായിരുന്നു.’
നമ്മുടെ ജീവിതത്തിലും പലപ്പോഴും ഇങ്ങനെയാണ്. ദൈവസാന്നിധ്യത്തിന്റെ കരയെ അവിശ്വാസത്തിന്റെ മൂടല്‍ മഞ്ഞു മറയ്ക്കുന്നു!
ബൈബിളിലെ പുതിയ നിയമത്തിലെ ആദ്യഗ്രന്ഥമായ മത്തായി സുവിശേഷം അവസാനിക്കുന്നത് യേശുവിന്റെ ഈ വാക്കുകളോടെയാണ്: ‘ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെയുണ്ട്.’
നമ്മുടെ ജീവിതത്തിന്റെ അന്ത്യം വരെ ഓരോ ദിവസവും ദൈവം നമ്മോടു കൂടെയുണ്ടെന്ന ഉറപ്പാണ് ഈ വചനം നമുക്കു നല്‍കുന്നത്. യേശുവിന്റെ മറ്റൊരു പേരായ ‘ഇമ്മാനുവേലിന്റെ’ അര്‍ഥം തന്നെ ‘ദൈവം നമ്മോടു കൂടെ’ എന്നാണല്ലോ. എന്നാല്‍ പ്രതിസന്ധികളുടെ നടുവില്‍ ദൈവം നമ്മോടുകൂടെയുണ്ടെന്നും അവിടുന്ന് എല്ലാം നമ്മുടെ നന്മയ്ക്കായി കൂടിവ്യാപരിപ്പിക്കുന്നുവെന്നും ഉള്ള ഉറപ്പിനെ പലപ്പോഴും അവിശ്വാസത്തിന്റെ മൂടല്‍മഞ്ഞു വിഴുങ്ങിക്കളയുന്നു. ഫലം സംശയം, അസമാധാനം, നിരാശ…
‘ഒരു പിതാവിനു തന്റെ കുഞ്ഞുങ്ങളോടു കരുണ തോന്നുന്നതു പോലെയാണ് ദൈവത്തിനു തന്റെ മക്കളോടു കരുണ തോന്നുന്നത്’ – ഒരു യെഹൂദാ കവിയുടെ വരികളാണ്. പിതാവിനു കുഞ്ഞിനോടുള്ള അലിവ് എത്രയാണ്?
നമ്മുടെ കാലഘട്ടത്തില്‍ തന്നെ നടന്ന ഒരു സംഭവം ഇങ്ങനെ:
റിക്ടര്‍ സ്‌കെയിലില്‍ 8.2 രേഖപ്പെടുത്തിയ ശക്തമായ ഒരു ഭൂമി കുലുക്കം 1989ല്‍ അര്‍മീനിയായില്‍ ഉണ്ടായി. നാലു മിനിറ്റുകൊണ്ടു 30,000 പേരാണ് അന്നു കൊല്ലപ്പെട്ടത്. വലിയ പരിഭ്രാന്തിയുടെയും നിലവിളിയുടെയും ഇടയില്‍ ഒരാള്‍ തന്റെ ഭാര്യയെ ഒരു വീട്ടില്‍ സുരക്ഷിതമായി കൊണ്ടു ചെന്നാക്കിയശേഷം മകന്‍ പഠിക്കുന്ന സ്‌കൂളിലേക്ക് ഓടി. അവിടെ ചെന്നപ്പോള്‍ സ്‌കൂള്‍ കെട്ടിടം പപ്പടം പോലെ പൊടിഞ്ഞ് നിലംപരിചായിരിക്കുന്നു!
ആദ്യത്തെ നടുക്കം മാറിയപ്പോള്‍ ആ പിതാവ് മകനു കൊടുത്തിരുന്ന ഒരു വാഗ്ദാനം ഓര്‍ത്തു – ‘എന്തു വന്നാലും ഞാന്‍ എപ്പോഴും നിനക്കുവേണ്ടി അവിടെ ഉണ്ടാകും.’ ഓര്‍ക്കുംതോറും ആ പിതാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എല്ലാ പ്രതീക്ഷകളും അസ്തമിച്ചപോലെ, എന്നാല്‍ മകനു നല്‍കിയ വാഗ്ദാനത്തെക്കുറിച്ചുള്ള ഓര്‍മയും പ്രിയ മകനോടുള്ള സ്‌നേഹവും ആ മനസ്സില്‍ വേലിയേറ്റം സൃഷ്ടിച്ചപ്പോള്‍ ഒരു തീരുമാനം മെല്ലെ ശക്തി പ്രാപിക്കുകയായിരുന്നു.
ദിവസവും രാവിലെ മകനെ സ്‌കൂളില്‍ കൊണ്ടു ചെന്നാക്കുമ്പോള്‍ അവന്‍ ഏതു ക്ലാസു മുറിയിലേക്കാണു കയറി പോകുന്നതെന്ന് ആ നഷ്ടക്കൂമ്പാരത്തിന്റെ മുമ്പില്‍ നിന്നു സങ്കല്‍പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. പുറകിലത്തെ കെട്ടിടത്തിന്റെ വലത്തെ മൂലയിലാണല്ലോ ആ ക്ലാസ് മുറിയുടെ സ്ഥാനം. അദ്ദേഹം ആ ഭാഗത്തേക്ക് ഓടിച്ചെന്നു. അവിടെ കൂമ്പാരമായി കിടന്ന കല്ലും മണ്ണും തടിക്കഷണങ്ങളും മാറ്റാന്‍ തുടങ്ങി. അതുകണ്ട് മറ്റ് മാതാപിതാക്കളും അങ്ങോട്ടു ചെന്നു. എന്നാല്‍ അവരില്‍ പലരും പ്രതീക്ഷയെല്ലാം അസ്തമിച്ച മട്ടില്‍ കാഴ്ചക്കാരെപ്പോലെ അങ്ങിങ്ങു നിലയുറപ്പിക്കുകയാണു ചെയ്തത്. ചിലര്‍ പലതും പറഞ്ഞു വിലപിക്കുന്നുണ്ടായിരുന്നു. വേറെ ചിലര്‍ മണ്ണു വാരി മാറ്റുന്ന ആ പിതാവിനെ ‘നിരര്‍ഥകമായ’ ആ പ്രവൃത്തിയില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു.
‘വളരെ താമസിച്ചു പോയി.’
‘ഇനി രക്ഷയില്ല. ആരും ശേഷിച്ചിട്ടില്ല.’
‘വെറുതെ എന്തിനു കഷ്ടപ്പെടുന്നു? വീട്ടില്‍ പോകുക.’
‘യാഥാര്‍ഥ്യത്തെ അംഗീകരിക്കുക. നിങ്ങള്‍ക്കിനിയും ഒന്നും ചെയ്യാന്‍ കഴിയുകയില്ല.’
അങ്ങനെ പോയി അവരുടെ അഭിപ്രായ പ്രകടനങ്ങള്‍.
പക്ഷേ എന്ത് അഭിപ്രായം പറഞ്ഞവരോടും ആ പിതാവിന് ഒരേയൊരു മറുപടിയേ ഉണ്ടായിരുന്നുള്ളു. – ‘താങ്കള്‍ ഇപ്പോള്‍ എന്നെ സഹായിക്കുമോ?’ ആരും അദ്ദേഹത്തെ സഹായിച്ചില്ല.
ഇതിനിടെ അഗ്നിശമന സേനയുടെ മേധാവി അവിടെയെത്തി. അദ്ദേഹം പറഞ്ഞു: ‘സ്‌ഫോടനങ്ങളും ചെറു ഭൂമി കുലുക്കങ്ങളും ഇപ്പോഴും തുടരുകയാണ്. ഇവിടം ഒട്ടും സുരക്ഷിതമല്ല. നിങ്ങള്‍ വീട്ടില്‍ പോകൂ. ഇവിടെ ഞങ്ങള്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളാം.’ അതിനും ആ പിതാവില്‍ നിന്ന് ഒരു മറുപടി മാത്രം. ‘സര്‍, താങ്കള്‍ ഇപ്പോള്‍ എന്നെ സഹായിക്കുമോ?’
പൊലീസ് രംഗത്തെത്തി: ‘നിങ്ങള്‍ കാര്യങ്ങള്‍ വെറുതെ വഷളാക്കുകയാണ്. മറ്റുള്ളവരെയും താങ്കള്‍ ബുദ്ധിമുട്ടിക്കുന്നു. വീട്ടില്‍ പൊയ്‌ക്കോളൂ. ഇവിടെ വേണ്ടതു ചെയ്യാന്‍ ഞങ്ങളുണ്ടല്ലോ.’ അതിനും ഓരേയൊരു ഉത്തരം: ‘നിങ്ങള്‍ ഇപ്പോള്‍ എന്നെ സഹായിക്കുമോ?’ ആരും സഹായിച്ചില്ല.
എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ ആ പിതാവു തന്റെ ജോലി തുടര്‍ന്നു. കാരണം അദ്ദേഹത്തിന് ഒരു കാര്യം അറിയണമായിരുന്നു – ‘എന്റെ മകന്‍ ജീവനോടെയുണ്ടോ, അതോ…?’
അയാള്‍ തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ കുഴിച്ചുകൊണ്ടിരുന്നു… പിന്നെ 12 മണിക്കൂര്‍… 24 മണിക്കൂര്‍… 36-ാം മണിക്കൂറില്‍ ഒരു വലിയ തടിക്കഷണം എടുത്തു മാറ്റുമ്പോള്‍ ആ പിതാവ് തന്റെ മകന്റെ സ്വരം കേട്ടു!
അദ്ദേഹം നിലവിളിയോടെ മകനെ വിളിച്ചു: ‘അര്‍മന്‍ഡ്.’
”ഡാഡി ഇതു ഞാനാണ് ഡാഡ്! ഞാന്‍ മറ്റു കുട്ടികളോടു കരയേണ്ടെന്നു പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അവരോടു പറഞ്ഞു: ‘എന്റെ ഡാഡി ജീവനോടെയുണ്ടെങ്കില്‍ എന്നെ രക്ഷിക്കും. അപ്പോള്‍ നിങ്ങള്‍ക്കും രക്ഷപ്പെടാം എന്ന്. എന്തു വന്നാലും ഞാന്‍ നിനക്കുവേണ്ടി അവിടെയുണ്ടാകുമെന്നു ഡാഡി വാഗ്ദാനം ചെയ്തിരുന്നല്ലോ.”
‘അവിടെ എങ്ങനെയാണു നിങ്ങള്‍ കഴിയുന്നത്? എന്താണു നിങ്ങള്‍ക്കു സംഭവിച്ചത്?’
‘ഡാഡി ഞങ്ങളുടെ ക്ലാസിലെ 33 പേരില്‍ 14 പേരും ഇവിടെ ജീവനോടെയുണ്ട്. ഞങ്ങള്‍ക്കു വിശപ്പും ദാഹവുമൊക്കെയുണ്ടെങ്കിലും ഡാഡിയുടെ ശബ്ദം കേട്ടപ്പോള്‍ എല്ലാം മാറി. കെട്ടിടം വീണപ്പോള്‍ ഇവിടം ഒരു മൂലയായിരുന്നു. ഒരു ത്രികോണം പോലെ ബീമില്‍ താങ്ങി ഈ ഭാഗം നിലം പൊത്താതെ നിന്നു. മണ്ണും കല്ലും എല്ലാം മുകളില്‍ വീണ് ഒരു കൂമ്പാരമായെങ്കിലും അടിയില്‍ ഞങ്ങള്‍ സുരക്ഷിതരാണു ഡാഡി!’
ചില യഥാര്‍ഥ സംഭവങ്ങള്‍ കഥകളെക്കാള്‍ വിചിത്രമായി തോന്നാം! എന്നാല്‍ ഒരു പിതാവിന്റെ സ്‌നേഹവും കരുതലും നിശ്ചയ ദാര്‍ഢ്യവും യഥാര്‍ഥത്തില്‍ ആ കുഞ്ഞുങ്ങളെ ജീവിതത്തിലേക്കു മടക്കികൊണ്ടു വരികയായിരുന്നു. ഈ ലോകത്തിലെ ഒരു പിതാവിന് ഇതു കഴിയുമെങ്കില്‍ നമ്മോടുള്ള സ്വര്‍ഗീയ പിതാവിന്റെ കരുതലും സ്‌നേഹവും എത്രയധികം! ഈ ഉറപ്പിനെ അവിശ്വാസത്തിന്റെ മൂടല്‍മഞ്ഞ് വിഴുങ്ങിക്കളയാതിരിക്കട്ടെ!
വീണ്ടും ആ വാക്കുകള്‍ ഓര്‍ക്കാം: ‘ഞാനോ… ഓരോ നാളും നിങ്ങളോടു കൂടെയുണ്ട്.’
31. ‘നിങ്ങളാണോ ദൈവത്തിന്റെ ഭാര്യ?’
ശീതകാലത്തെ തണുത്തു മരവിച്ച ഒരു പ്രഭാതം. കാലില്‍ ഷൂസില്ലാത്ത ഒരു കൊച്ചു കുട്ടി കുളിര്‍ന്നു വിറച്ച് ഒരു ചെരിപ്പു കടയുടെ മുമ്പില്‍ അകത്തേക്കു നോക്കി നില്‍ക്കുകയാണ്. ”നീ എന്തു ചെയ്യുകയാ?” ഒരു വനിത ചോദിച്ചു. ”എനിക്ക് ഒരു ജോഡി ഷൂസു തരാന്‍ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു നില്‍ക്കുകയാ…” നിഷ്‌കളങ്കമായ മറുപടി.
ആ സ്ത്രീ അവനെ കൈയ്ക്കു പിടിച്ച് കടയ്ക്കുള്ളിലേക്ക് ആനയിച്ചു. ആ കുട്ടിയുടെ പാകത്തിലുള്ള അര ഡസന്‍ സോക്‌സ് ആദ്യം ഓര്‍ഡര്‍ ചെയ്തു. പിന്നെ അവനെ കടയുടെ പിന്നിലേക്കു കൊണ്ടുപോയി അവന്റെ കാലുകള്‍ കഴുകി. വെള്ളം ഒപ്പിയ ശേഷം വീണ്ടും അവനെ കടയിലേക്കു കൊണ്ടു വന്ന് ഒരുജോഡി സോക്‌സുകള്‍ ഇടുവിച്ചു. പിന്നെ ഒരു ജോഡി ഷൂസും വാങ്ങി അണിയിച്ചു. ബാക്കി സോക്‌സുകള്‍ കൈയില്‍ കൊടുത്തശേഷം ‘ഇപ്പോള്‍ എങ്ങനെയുണ്ട് സുഖം തോന്നുന്നോ?’ എന്നവന്റെ തലയില്‍ തടവി ചോദിച്ചു.
ആ വനിത പണം കൊടുത്തു പോകാനായി തിരിഞ്ഞപ്പോള്‍ അമ്പരന്നു പോയ കുട്ടി അവരുടെ കൈക്കു പിടിച്ചു നിര്‍ത്തി മുഖത്തു നോക്കി നിറകണ്ണുകളോടെ ചോദിച്ചു: ”നിങ്ങളാണോ ദൈവത്തിന്റെ ഭാര്യ?”
ദൈവത്തോടു ചോദിച്ച കാര്യത്തിന് വേഗത്തില്‍ ഒരു സ്ത്രീയിലൂടെ ഉത്തരം ലഭിച്ചപ്പോള്‍ അവര്‍ ദൈവത്തിന്റെ ഭാര്യയാണെന്നാണ് നിഷ്‌കളങ്കനായ കുട്ടി ധരിച്ചത്. ദൈവത്തിനു വരാന്‍ അസൗകര്യം ഉള്ളതുകൊണ്ട് ഭാര്യയെ പ്രാര്‍ഥനയക്ക് ഉത്തരം നല്‍കാന്‍ ഉടനെ അയച്ചുവെന്നും അവന്‍ ചിന്തിച്ചുപോയി.
നമുക്ക് മറ്റുള്ളവര്‍ക്കായി ഒരു ഹൃദയം ഉണ്ടെങ്കില്‍ അവരുടെ ചില പ്രാര്‍ഥനകള്‍ക്കെങ്കിലും നമ്മിലൂടെ മറുപടി നല്‍കാന്‍ ദൈവം നമ്മെ അനുവദിക്കും. എന്നാല്‍ കേവലം ഒരു സഹായം നല്‍കുന്ന മനോഭാവത്തിലല്ല മറിച്ച് ദൈവത്തോടുള്ള സ്‌നേഹത്തിലായിരിക്കണം നാം പ്രവര്‍ത്തിക്കേണ്ടതെന്നു പൗലൊസ് ശ്ലീഹാ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാന്‍ എല്‍പിച്ചാലും സ്‌നേഹമില്ലെങ്കില്‍ ഒരു പ്രയോജനവുമില്ല’ എന്നാണദ്ദേഹം പറയുന്നത് (1 കൊരിന്ത്യര്‍ 13:3). ദൈവം വിലമതിക്കുന്ന പ്രവര്‍ത്തനങ്ങളെ ‘സ്‌നേഹപ്രയത്‌നങ്ങള്‍’ എന്നാണദ്ദേഹം പേരിട്ടു വിളിക്കുന്നത് (1 തെസ്സലോനിക്യര്‍ 1:3).
എന്നാല്‍ ഇന്നു നടക്കുന്ന മിക്ക ക്രിസ്തീയ ശുശ്രൂഷകളും പ്രവര്‍ത്തനങ്ങളും സ്‌നേഹത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണോ? പല പ്രവര്‍ത്തനങ്ങളും നമ്മുടെ സ്വയ തൃപ്തിക്കുവേണ്ടിയുള്ളവയല്ലേ?
ഈ കഥ കേള്‍ക്കു: ഒരു ഞായറാഴ്ച പകലത്തെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ആ സഭാശുശ്രൂഷകന്‍ സന്ധ്യയ്ക്കു തന്റെ ചാരു കസേരയില്‍ വന്നിരുന്നതേയുള്ളു. ക്ഷീണം മൂലം അദ്ദേഹത്തിന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി. ഉറക്കത്തിലേക്കു വഴുതിവീണ അദ്ദേഹം ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ഒരു ദൈവദൂതന്‍ അടുത്തു വന്നു. ആ മാലാഖ ചോദിച്ചു: ”ആട്ടെ, നീ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടല്ലോ. ഇതെല്ലാം ദൈവത്തോടുള്ള സ്‌നേഹത്തില്‍ നിന്നാണോ ചെയ്യുന്നത്? നിനക്ക് യേശുവിനോട് എത്ര ശതമാനം സ്‌നേഹമുണ്ട്?’
ശുശ്രൂഷകന്‍: ‘എന്താ സംശയം? നൂറു ശതമാനം.’
മാലാഖ: ‘ഞാനൊന്നു പരിശോധിച്ചു നോക്കട്ടെ?’
ശുശ്രൂഷകന്‍: ‘സമ്മതം.’
അദ്ദേഹം തന്റെ ഹൃദയമെടുത്തു മാലാഖയെ ഏല്‍പിച്ചു. മാലാഖാ ആ ഹൃദയത്തിന്റെ ഒരു കഷണം അടര്‍ത്തിയെടുത്തു തന്റെ ക്രൂസിബിളിലിട്ടു ചൂടാക്കി ചില പരീക്ഷണങ്ങള്‍ നടത്തിയശേഷം പരിശോധനാ റിപ്പോര്‍ട്ടു തയാറാക്കി ശുശ്രൂഷകനെ ഏല്‍പിച്ചു. പിന്നെ അപ്രത്യക്ഷനായി. ശുശ്രൂഷകന്‍ ആ റിപ്പോര്‍ട്ട് ഇങ്ങനെ വായിച്ചു.
പ്രവര്‍ത്തനത്തിനു പിന്നിലെ പ്രേരണ.
യാത്ര ചെയ്യുന്നതിലും ആളുകളെ പരിചയപ്പെടുന്നതിലും പുതിയ സ്ഥലങ്ങള്‍ കാണുന്നതിലുമുള്ള സന്തോഷം – 30%.
പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നതിലുള്ള തൃപ്തി – 30%.
ആളുകളുടെ ബഹുമാനം ലഭിക്കുന്നതിലുള്ള സന്തോഷം – 15%
ആളുകള്‍ ഉപദേശം ചോദിക്കുന്നതിലുള്ള താല്‍പര്യം – 10%
ജനത്തെ ഭരിക്കുന്നതിലും അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള ആഗ്രഹം – 10%.
യേശുവിനോടുള്ള സ്‌നേഹം – 5%.
ഇതു കഥയായിരിക്കാം. പക്ഷേ ഇതില്‍ ഒട്ടേറെ കാര്യങ്ങളില്ലേ? പരിശോധനാ റിപ്പോര്‍ട്ടിലൂടെ കടന്നു പോയ ശേഷം തിരക്കിട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമ്മില്‍ എത്ര പേര്‍ക്കു നെഞ്ചില്‍ കൈ വച്ചു പറയാന്‍ കഴിയും. ഇതില്‍ വാസ്തവമില്ലെന്ന്? നമ്മുടെ ശുശ്രൂഷകളെല്ലാം കറകളഞ്ഞ സ്‌നേഹത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണോ?
സ്വയത്തിന്റെ കലര്‍പ്പില്ലാത്ത, ദൈവത്തോടുള്ള സ്‌നേഹത്തില്‍ മാത്രം അധിഷ്ഠിതമായ, സ്‌നേഹപ്രയത്‌നങ്ങളായി നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മാറിയിരുന്നെങ്കില്‍…!
32. പിന്നത്തേതില്‍ നന്മയ്ക്ക്…
ബൈബിളിലെ ആദ്യം എഴുതപ്പെട്ട പുസ്തകം ‘ഇയ്യോബ്’ ആണെന്നു വേദപണ്ഡിതന്മാര്‍. അതു ശരിയാണെങ്കില്‍ അതിലൊരു ‘നീതി’യു ണ്ടെന്നു തോന്നാറുണ്ട്. കാരണം മനുഷ്യനെ സംബന്ധിച്ച ഏറ്റവും പ്രാചീനമായ ഒരു വിഷയമാണ് ‘ഇയ്യോബി’ല്‍ ചര്‍ച്ചയ്ക്കു വിധേയമാ ക്കുന്നത്. അതിതാണ്: ‘നീതിമാന്മാര്‍ എന്തുകൊണ്ട് കഷ്ടത അനുഭവിക്കേണ്ടി വരുന്നു? (Why righteous suffer?).’ ഇന്നും പലര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമായി ഇത് അവശേഷിക്കുന്നു.
ഉത്തരം കിട്ടാത്ത ഈ ചോദ്യത്തെ വിവിധ കോണുകളില്‍ നിന്നു വിശകലനം ചെയ്യുകയാണ് ഇയ്യോബിന്റെ പുസ്തകത്തില്‍. ഈ ഗ്രന്ഥത്തിലെ കഥാനായകന്‍ ഇയ്യോബ് തന്നെയാണ്. അദ്ദേഹത്തിനു നാലു വിശേഷണങ്ങളാണു നല്‍കിയിരിക്കുന്നത് – നിഷ്‌കളങ്കന്‍, നേരുള്ളവന്‍, ദൈവഭക്തന്‍, ദോഷം വിട്ടകലുന്നവന്‍. നോക്കുക: തെറ്റായ ഒരു കാര്യം പോലും ഇയ്യോബിനെതിരെ ഉന്നയിക്കാന്‍ ആര്‍ക്കുമില്ല. അടിമുടി നീതിമാന്‍.
അതുകൊണ്ടു തന്നെ നീതിമാനായ ഇയ്യോബിനെ കഷ്ടതകളൊ ന്നും സ്പര്‍ശിക്കാതെ ദൈവം സൂക്ഷിക്കുമെന്നല്ലേ ആരും കരുതുക? എന്നാല്‍ സംഭവിച്ചതു മറ്റൊന്നാണ്. ഇയ്യോബിന്റെ മുഴുവന്‍ സ്വത്തു ക്കളും ആരോഗ്യവും നഷ്ടമായി. പത്തു മക്കളും ഒന്നിച്ചു മരിച്ചു. എല്ലാം ഒരൊറ്റ ദിവസം.
എന്തുകൊണ്ട്? എന്തുകൊണ്ടിങ്ങനെ സംഭവിച്ചു? ഇയ്യോബിനെ അറിയാവുന്ന എല്ലാവരുടേയും, ഇയ്യോബിന്റേയും, മനസ്സില്‍ ഈ ചോദ്യം മുഴങ്ങി നിന്നു. 42 അധ്യായങ്ങളുള്ള പുസ്തകത്തില്‍ എല്ലാവരും (ഇയ്യോബും ഇയ്യോബിന്റെ സുഹൃത്തുക്കളുമെല്ലാം) ഈ ചോദ്യത്തിന് അവരവരുടേതായ തലത്തില്‍ ഉത്തരം തേടുകയാണ്- എന്തുകൊണ്ടു നീതിമാന്‍ കഷ്ടം അനുഭവിക്കേണ്ടി വരുന്നു? ഒടുവില്‍ പുസ്തകത്തിന്റെ അന്ത്യത്തില്‍ ദൈവം തന്നെയാണ് ഈ സമസ്യയ്ക്ക് ഉത്തരം നല്‍കുന്നത്. കഥ അവസാനിക്കുമ്പോള്‍ നഷ്ടപ്പെട്ടതെല്ലാം ഇയ്യോബിനു പതിന്മടങ്ങായി തിരിച്ചു കിട്ടുന്നു. എല്ലാം നന്മയ്ക്കാക്കി പരിണമിപ്പിക്കുന്ന ദൈവത്തെക്കുറിച്ചുള്ള പുതിയൊരു അവബോധ ത്തോടെ, സംശയങ്ങള്‍ക്കെല്ലാം ഉത്തരം ലഭിച്ചവനായി അനുഗൃഹീത നായി ഇയ്യോബ് നില്ക്കുകയാണ്!
ദൈവത്തെ അറിയുക (Knowing God) എന്ന തന്റെ ഗ്രന്ഥത്തില്‍ പ്രശസ്ത വേദപണ്ഡിതന്‍ ജെ.ഐ. പായ്ക്കര്‍ ഇക്കാര്യം വിശദീകരി ക്കുവാന്‍ ഒരു ഉദാഹരണം നല്‍കിയിട്ടുള്ളത് ഇങ്ങനെ: നാം ട്രെയിനില്‍ രണ്ടു മൂന്നു ദിവസമായി യാത്ര ചെയ്യുകയാണെന്നു സങ്കല്പിക്കുക. എങ്ങനെയും യാത്ര ഒന്നവസാനിച്ച് ലക്ഷ്യ സ്ഥാനത്തെത്തണം എന്ന അക്ഷമയിലാണു യാത്രക്കാരെല്ലാം. ഒടുവില്‍ ട്രെയിന്‍ ലക്ഷ്യസ്ഥാന ത്തേക്ക് എത്തുന്നു. ആ വലിയ നഗരത്തിലെ റെയില്‍വേ സ്റ്റേഷനെ സമീപിക്കുകയാണു ട്രെയിന്‍. യാത്രക്കാരെല്ലാം ബാഗും പെട്ടിയും എടുത്ത് ഇറങ്ങാന്‍ തയ്യാറാവുകയാണ്.
പെട്ടെന്നിതാ ട്രെയിന്‍ റെയില്‍വേസ്റ്റേഷന്റെ ഔട്ടറില്‍ പിടിച്ചിടുന്നു. ഏഴോ എട്ടോ പ്ലാറ്റ്‌ഫോമുള്ള വലിയ സ്റ്റേഷനാണ്. ഒരേ സമയം പല ഭാഗത്തു നിന്നുള്ള ട്രെയിനുകളാണു സ്റ്റേഷനിലെത്തുന്നതും സ്റ്റേഷന്‍ വിടുന്നതും. ഈ ട്രെയിനുകളെ എല്ലാം കൂട്ടിമുട്ടാതെ വിവിധ പ്ലാറ്റ് ഫോമുകളിലേക്കു സിഗ്നല്‍ നല്‍കി തിരിച്ചു വിടാന്‍ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ റെയില്‍വേ സ്റ്റേഷന്റെ സിഗ്നല്‍ ബോക്‌സിലി രിപ്പുണ്ട്. അദ്ദേഹത്തിനാണ് ഏതൊക്കെ വണ്ടികളാണു വന്നിരിക്കു ന്നത് ഏതൊക്കെ പ്ലാറ്റ്‌ഫോമുകളിലാണ് ഒഴിവുള്ളത് എന്നുള്ളതിനെ ക്കുറിച്ചെല്ലാം ഒരു സമഗ്രമായ ചിത്രമുള്ളത്. ഔട്ടറില്‍ പിടിച്ചിട്ടിരിക്കുന്ന വണ്ടികളെല്ലാം യഥാസമയം ഒഴിവുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് അദ്ദേഹം സിഗ്നല്‍ നല്‍കി തിരിച്ചു വിടും.
എന്നാല്‍ ഔട്ടറില്‍ കിടക്കുന്ന ട്രെയിനിനുള്ളിലെ യാത്രക്കാര്‍ക്ക് ഈ കാത്തു കിടപ്പിന്റെ കാരണം മനസ്സിലാകുന്നില്ല. എന്തുകൊണ്ടു തങ്ങളുടെ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്കു വിടുന്നില്ല? മാത്രമല്ല, പിന്നാലെ വന്ന ചില ട്രെയിനുകള്‍ മറ്റു ചില പ്ലാറ്റ്‌ഫോമുകളിലേക്കു സിഗ്നല്‍ ലഭിച്ചു കയറിപ്പോകുന്നതു കാണുമ്പോള്‍ റെയില്‍വേ തങ്ങളോട് എന്തോ ‘ചിറ്റമ്മ നയം’ കാട്ടുകയാണെന്നു പോലും അവര്‍ ഉച്ചത്തില്‍ പരാതിപ്പെട്ടേക്കാം. എന്നാല്‍ സിഗ്നല്‍ ബോക്‌സിലിരിക്കുന്ന ആളിന് താന്‍ എന്താണു ചെയ്യുന്നതെന്നു വ്യക്തമാണ്. അദ്ദേഹം ഔട്ടറില്‍ കിടക്കുന്ന വണ്ടിയും യഥാസമയം അപകടം ഒന്നും സംഭവിക്കാന്‍ അനുവദിക്കാതെ ഒഴിവുള്ള പ്ലാറ്റ് ഫോമിലേക്കു കടത്തിവിട്ടുകൊള്ളും. കാത്തിരിക്കുക.
ഈ പ്രപഞ്ചത്തിന്റെ സിഗ്നല്‍ ബോക്‌സില്‍ ഇതുപോലെ എല്ലാം കണ്ടും നിയന്ത്രിച്ചും ഇരിക്കുന്നതു സര്‍വശക്തനായ ദൈവമാണ്. സിഗ്നല്‍ ബോക്‌സില്‍ ഇരിക്കുന്ന ആള്‍ തക്കസമയത്ത് എല്ലാം ഭംഗിയായി ചെയ്യും എന്ന വിശ്വാസത്തില്‍ സ്വസ്ഥമായിരിക്കുകയാണു നമുക്കു കരണീയം.
എന്നാല്‍ പലര്‍ക്കും ഇങ്ങനെ സ്വസ്ഥമായിരിക്കാന്‍ കഴിയുന്നില്ല. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു? തങ്ങളുടെ ജീവിതത്തില്‍ ചില ദുരന്തങ്ങള്‍ സംഭവിച്ചതിന്റെ കാരണമെന്താണ്? ചില പ്രശ്‌നങ്ങള്‍ക്കു നാളുകളായിട്ടും വിടുതലില്ലാത്തതെന്താണ്? മറ്റു പലര്‍ക്കും പ്രാര്‍ഥ നയ്ക്കു മറുപടി ലഭിക്കുമ്പോള്‍ തനിക്കു മാത്രം എന്തുകൊണ്ടു ലഭിക്കു ന്നില്ല? താന്‍ നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനുമായിരി ന്നിട്ടും തനിക്കീ അപമാനം, ദുരന്തം, എന്തുകൊണ്ടു വന്നു? ദൈവത്തെ നിഷേധിച്ച് ജീവിക്കുന്ന പലര്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ലല്ലോ? – ഇതെല്ലാം എന്തുകൊണ്ട്?
ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉള്ള മറുപടിയാണു ജെ.ഐ. പായ്ക്കര്‍ തന്റെ ഉദാഹരണത്തിലൂടെ നല്‍കിയത്. നമുക്ക് എല്ലാം മനസ്സിലാ യെന്നു വരികയില്ല. എന്നാല്‍ ഈ അഖിലാണ്ഡത്തിന്റെ സിഗ്നല്‍ ബോക്‌സില്‍ ഒരാള്‍ ഇരിപ്പുണ്ട്. അദ്ദേഹത്തെ വിശ്വസിക്കുക. താന്‍ എന്താണു ചെയ്യുന്നതെന്ന് അവിടുത്തേക്കറിയാം. അവിടുന്ന് ആത്യന്തികമായി ‘എല്ലാം നമ്മുടെ നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കും.’
തുടക്കത്തില്‍ ഇതിലെ നന്മയെന്തെന്നു താന്‍ സംശയിച്ച ഒരു സംഭവത്തെ ദൈവം വലിയൊരു ശുശ്രൂഷയിലേക്കുള്ള വാതിലാക്കി മാറ്റിയതിനെക്കുറിച്ച് പ്രശസ്ത ഗ്രന്ഥകാരനും സുവിശേഷകനുമായ ഡേവിഡ് വില്‍ക്കേഴ്‌സണ്‍ ‘കുരിശും കഠാര’യുമെന്ന തന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്. യു.എസിലെ ഫില്‍പ്‌സ്ബര്‍ഗ് എന്ന കൊച്ചു പട്ടണത്തില്‍ അറിയപ്പെടാത്ത ഒരു സുവിശേഷകന്‍ ആയിരുന്നു ഡേവിഡ് വില്‍ക്കേഴ്‌സണ്‍. അങ്ങനെയിരിക്കെ ലഹരി മരുന്നിന് അടിമകളായ കൗമാരക്കാരായ ചില കുട്ടികള്‍ ഒരു കൊലക്കേസില്‍ പ്രതികളായ വാര്‍ത്ത വില്‍ക്കേഴ്‌സണിന്റെ ശ്രദ്ധയില്‍ പെട്ടു. ഈ കുട്ടികളെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് അദ്ദേഹത്തിന് ഒരു ഉള്‍വിളിയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ ഈ കുട്ടികളുടെ കേസ് വിചാരണ നടക്കുന്ന ന്യൂയോര്‍ക്കിലെ കോടതിയിലേക്ക് വില്‍ക്കേഴ്‌സണ്‍ പോയി.
കേസിന്റെ വിചാരണ കോടതി മുറിയില്‍ നടക്കുകയാണ്. വില്‍ക്കേഴ്‌സണും കാണികളിലൊരാളായി കോടതി മുറിയിലുണ്ട്. സമയം കടന്നുപോയി. പൊടുന്നനെ അന്നത്തെ വിചാരണ കഴിഞ്ഞു ജഡ്ജി തന്റ ചേംബറിലേക്കു മടങ്ങാനൊരുങ്ങുന്നു. ഈ സമയത്ത്, കോടതി നടപടികളെക്കുറിച്ചു വലിയ വിവരമൊന്നുമില്ലാത്ത നാട്ടും പുറത്തുകാരനായ വില്‍ക്കേസ്ണ്‍ ‘തന്നെ പ്രതികളായ കുട്ടികളെ കാണാന്‍ ദയവായി അനുവദിക്കണമെന്ന്’ ഉച്ചത്തില്‍ ആവശ്യപ്പെട്ടു കൊണ്ടു ജഡ്ജിയുടെ അടുത്തേക്ക് ഓടിച്ചെല്ലാന്‍ തുനിഞ്ഞു. പെട്ടെന്നു പൊലീസ് രംഗത്തു വന്നു. കോടതി നടപടികളെ തടസ്സപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചെന്ന് ആരോപിച്ച് പൊലീസ് വില്‍ക്കേഴ്‌സണെ പിടികൂടി. കോടതി മുറിയില്‍ ഉണ്ടായിരുന്ന പത്രഫോട്ടോഗ്രാഫര്‍മാര്‍ കയ്യോടെ വില്‍ക്കേഴ്‌സണിന്റെ ചിത്രങ്ങളെടുത്തു.
തുടര്‍ന്നുള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വില്‍ക്കേഴ്‌സണ്‍ കുഴപ്പക്കാരനല്ലെന്നു തെളിഞ്ഞു. അദ്ദേഹത്തെ കയ്യോടെ അവര്‍ മോചിപ്പിച്ചു – മേലില്‍ കോടതിയില്‍ വന്നേക്കരുതെന്നു മുന്നറി യിപ്പോടെ.
എന്നാല്‍ പിറ്റേന്ന് ഈ സംഭവം അമേരിക്കയിലെ പത്രങ്ങളിലെല്ലാം ഡേവിഡ് വില്‍ക്കേഴ്‌സണിന്റെ പടം സഹിതം വന്നു. കഥയില്ലാത്ത നാട്ടിന്‍പുറത്തുകാരനായ സുവിശേഷകന്‍ കോടതി നടപടികളില്‍ ഇടപെടാന്‍ തുനിഞ്ഞതും പൊലീസ് പിടികൂടി കയ്യോടെ കോടതിയില്‍ നിന്ന് അദ്ദേഹത്തെ ‘ചവിട്ടി പുറത്താക്കിയതും’ എല്ലാം വലിയ സെന്‍സേഷനല്‍ സ്‌റ്റോറിയായി പത്രങ്ങള്‍ ആഘോഷിച്ചു! വില്‍ക്കേഴ്‌സണ്‍ എല്ലാവരാലും അവഹേളിതനായി. കൊലക്കേസ് പ്രതികളായ കുട്ടികളെ സഹായിക്കാന്‍ ദൈവിക നിയോഗം അനുസരിച്ചു ന്യൂയോര്‍ക്കിലേക്കു വന്ന താന്‍ എന്തുകൊണ്ട് ഈ നിലയില്‍ അപമാനിക്കപ്പെടാന്‍ ദൈവം അനുവദിച്ചു എന്ന് വില്‍ക്കേഴ്‌സണു മനസ്സിലായില്ല. എന്തിനിതു സംഭവിച്ചു? ഇതിലെ നന്മയെന്താണ്?- വില്‍ക്കേഴ്‌സണ് ആദ്യം ഒരു മറുപടി കിട്ടിയില്ല.
എന്നാല്‍ ചില ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഇതിലെ നന്മ വില്‍ക്കേഴ്‌സണു ബോധ്യപ്പെട്ടു. കേവലം ആ കൊലക്കേസില്‍ ഉള്‍പ്പെട്ട കുട്ടികളെ സഹായിക്കുക എന്നുള്ളതായിരുന്നില്ല ദൈവം വില്‍ക്കേഴ്‌സണെ ഏല്പിക്കാന്‍ ആഗ്രഹിച്ച ദൗത്യം. ഈ കൊലക്കേസ് പ്രതികളായ കുട്ടികളെ പോലെ ലഹരി മരുന്നിന് അടിമകളായ ആയിരക്കണക്കിനു കുട്ടികള്‍ യു.എസില്‍ ഉടനീളം ഉണ്ടായിരുന്നു. ലഹരി മരുന്ന് ഉപയോഗിക്കുന്ന ‘കുട്ടി കുറ്റവാളി സംഘങ്ങള്‍’ ഓരോ പട്ടണത്തിന്റേയും അധോലോകത്തു ചെറിയ കൂട്ടങ്ങളായി വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘങ്ങള്‍ക്കിടയിലേക്ക് പൊലീസിനാകട്ടെ, പുറത്തു നിന്നുള്ള സാമൂഹിക പ്രവര്‍ത്തകര്‍ക്കാ കട്ടെ കടന്നു ചെല്ലാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കോടതിയില്‍ നിന്നു പുറത്താക്കപ്പെട്ട സംഭവത്തിലൂടെ വില്‍ക്കേഴ്‌സണ്‍ ഈ കൗമാര കുറ്റവാളി സംഘങ്ങള്‍ക്ക് അഭിമതനായി. കുട്ടികളുടെ ലളിതമായ ലോജിക്ക് ഇതായിരുന്നു: കോടതിയും പൊലീസും ലഹരി മരുന്നിന് അടിമകളായ കുട്ടിക്കുറ്റവാളി സംഘങ്ങള്‍ക്ക് എതിരാണ്. ഇതേ കോടതിയും പൊലീസും ഡേവിഡ് വില്‍ക്കേഴ്‌സണും എതിരാണ്. അതുകൊണ്ട് വില്‍ക്കേഴ്‌സണ്‍ ‘നമ്മുടെ ആളാണ്!’
അവരുടെ ഈ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ വില്‍ക്കേഴ്‌സ ണു വളരെ വേഗത്തില്‍ ഈ കുട്ടികള്‍ക്കിടയിലേക്ക് സ്വതന്ത്രമായി ചെല്ലാന്‍ കഴിഞ്ഞു. ലഹരി മരുന്നിന് അടിമകളായ അനേകം കുട്ടികളെ അതില്‍ നിന്നു വിമോചിപ്പിക്കുവാനും അവരെ ഒരു പുതു ജീവിതത്തിലേക്കു നയിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു! ദൈവം അദ്ദേഹത്തിന് ഈ വിപുലമായ ശുശ്രൂഷ നല്‍കാനാണ് അഗ്രഹിച്ചത്!.
നോക്കുക: തുടക്കം വില്‍ക്കേഴ്‌സണ്‍ കോടതി മുറിയില്‍ അപമാനിതനായതാണ്. അതിലെന്താണു നന്മ എന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. എന്നാല്‍ ആ സംഭവം തന്നെ ദൈവം പിന്നത്തേതില്‍ കുട്ടികളുടെ ഇടയില്‍ മറ്റാര്‍ക്കും കഴിയാത്ത ഒരു വലിയ ശുശ്രൂഷയ്ക്കുള്ള മുഖാന്തരം ആക്കിത്തീര്‍ത്തു!.
ഉവ്വ്, പ്രപഞ്ചത്തിന്റെ സിഗ്നല്‍ ബോക്‌സില്‍ ഒരാള്‍ ഇരിപ്പുണ്ട്- എല്ലാം കണ്ടുകൊണ്ട്, നിയന്ത്രിച്ചുകൊണ്ട്. അദ്ദേഹത്തെ നമുക്കു വിശ്വസിക്കാം. അതുകൊണ്ട് നിങ്ങളുടെ ചോദ്യത്തിനെല്ലാം മറുപടി ലഭിച്ചില്ലെങ്കിലും ഇപ്പോള്‍ സ്വസ്ഥമായിരിക്കുക.
33. എനിക്ക് എന്നെ അറിയാമോ?
എമികാര്‍ മൈക്കിള്‍ എന്നൊരു പേരു കേട്ടിട്ടുണ്ടോ? ഇന്ത്യയെ സ്‌നേഹിച്ചിരുന്ന ഒരു വിദേശ വനിതയാണവര്‍. തമിഴ്‌നാട്ടിലെ ഡോണാവൂരില്‍ പാവപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി വളരെ വര്‍ഷം പ്രവര്‍ത്തിച്ച ത്യാഗമയിയായ മിഷനറി വനിത.
ദേവദാസികളായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവച്ച എമികാര്‍ മൈക്കിള്‍ അക്കാലത്ത് തമിഴ്‌നാടിനെ വിറപ്പിച്ചിരുന്ന കുപ്രസിദ്ധ കൊളളക്കാരന്‍ ജംബുലിംഗത്തെ കുടിപ്പകയുടെയും കൊലയുടെയും ചോര പുരണ്ട വഴിയില്‍ നിന്ന് കുരിശിലെ സ്‌നേഹത്തിന്റെ വഴിത്താരയിലേക്ക് കൈപിടിച്ച് ആനയിച്ചും ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.
എമികാര്‍ മൈക്കിളിന്റെ ശ്രദ്ധേയമായ ജീവിതാനുഭവങ്ങള്‍ക്കിടയില്‍ അവര്‍ കൊച്ചുകുട്ടിയായിരുന്ന കാലത്തെ ഒരു കൊച്ച് അനുഭവം പ്രാര്‍ഥനയെക്കുറിച്ച് ഏറെ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. ദൈവം കേള്‍ക്കാതെ പോയ ഒരു പ്രാര്‍ഥനയുടെ കഥയാണത്.
എമിയുടെ ചെറുപ്പത്തിലെ ഏറ്റവും വലിയ ദുഃഖം അവളുടെ കണ്ണുകളുടെ നിറമായിരുന്നു. പൗരസ്ത്യ നാടുകളിലെ ആളുകളുടേതുപോലെ കറുത്ത കൃഷ്ണമണികളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. കൂട്ടുകാരികള്‍ക്കൊക്കെയാകട്ടെ സൗന്ദര്യ ലക്ഷണമായി പാശ്ചാത്യ നാടുകളില്‍ കണക്കാക്കിയിരുന്ന ചാരനിറത്തിലുള്ള കൃഷ്ണമണികളും.
കണ്ണാടിയില്‍ നോക്കുമ്പോഴൊക്കെ തന്റെ പ്രതിബിംബത്തിന്റെ കറുത്ത കണ്ണുകളിലേക്കു നോക്കി എമി ഏറെ നേരം നില്‍ക്കും. നോക്കി നോക്കി നില്‍ക്കേ കണ്ണുകള്‍ നിറയും. എന്തുകൊണ്ട് ദൈവം തന്നോടു മാത്രം ഇങ്ങനെ പക്ഷാഭേദം കാണിച്ചു? കൂട്ടുകാരികള്‍ക്കൊക്കെ സൗന്ദര്യമുള്ള കണ്ണുകള്‍ നല്‍കിയ ദൈവം തന്നോടു മാത്രം എന്തിനിങ്ങനെ ക്രൂരത കാട്ടി?
അങ്ങനെയിരിക്കെയാണ് ഞായറാഴ്ച വേദപാഠ ക്ലാസ്സുകളില്‍ പ്രാര്‍ഥന കേള്‍ക്കുന്ന ദൈവത്തെക്കുറിച്ച് അവള്‍ പഠിച്ചത്. വിശ്വാസത്തോടെ നാം എന്തു യാചിച്ചാലും അതു ചെയ്തു തരുവാന്‍ ദൈവം വിശ്വസ്തനാണെന്ന് സണ്‍ഡേ സ്‌കൂള്‍ അധ്യാപിക തറപ്പിച്ചു പറഞ്ഞപ്പോള്‍ തന്റെ പ്രശ്‌നത്തിനു പരിഹാരമായതായി എമിക്കു തോന്നി.
അന്നു രാത്രി മുതല്‍ തന്നെ എമി പ്രാര്‍ഥന ആരംഭിച്ചു. ”ദൈവമേ എന്റെ കണ്ണിന്റെ നിറം കൂട്ടുകാരികളുടേതു പോലെയാക്കി തീര്‍ക്കണേ!”
പക്ഷേ, ദിവസങ്ങള്‍ കഴിഞ്ഞുപോയിട്ടും ഒന്നും സംഭവിച്ചില്ല. വിശ്വാസത്തോടെ മുട്ടിപ്പായി പ്രാര്‍ഥിക്കാത്തതാണു മറുപടി ലഭിക്കാത്തതിനു കാരണമെന്ന് എമിക്കു തോന്നി. അതുകൊണ്ട് ഒരു രാത്രി തന്റെ വിഷയത്തിനു വേണ്ടി ആത്മാര്‍ഥതയോടെ തികഞ്ഞ വിശ്വാസത്തോടെ വളരെ നേരം അവള്‍ പ്രാര്‍ഥിച്ചു: – ”നാളെ നേരം വെളുത്തെഴുന്നേറ്റു കണ്ണാടി നോക്കുമ്പോള്‍ കണ്ണുകളുടെ നിറം മാറിയിരിക്കണം. അങ്ങനെയൊരത്ഭുതം ദൈവം ചെയ്യണം.”
പിറ്റേന്നു പതിവിലും നേരത്തെ അവള്‍ എഴുന്നേറ്റു. ഇന്നാണു തന്റെ പ്രാര്‍ഥനയ്ക്കു മറുപടി കിട്ടുന്ന ദിവസം. അവള്‍ ഓടിച്ചെന്ന് കണ്ണാടിയെടുത്ത് നോക്കി. എമി ഞെട്ടിപ്പോയി. കൃഷ്ണമണികള്‍ പഴയതുപോലെ. ദൈവം പ്രാര്‍ഥന കേട്ടില്ല! പ്രാര്‍ഥന കേള്‍ക്കാത്ത ദൈവത്തോട് അവള്‍ക്ക് പരിഭവമായി…
ഇതിനിടെ വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു. എമി തന്റെ ബാല്യത്തിലെ പ്രാര്‍ഥന മറന്നുപോയി. തന്റെ എല്ലാ പ്രത്യേകതകളോടും കൂടെ തന്നെ, താന്‍ ആയിരിക്കുന്ന നിലയില്‍ തന്നെ, അംഗീകരിച്ചു ജീവിക്കാന്‍ അവള്‍ പഠിച്ചു…
പ്രായമായപ്പോള്‍ പ്രേഷിത പ്രവര്‍ത്തനത്തിനായി അവള്‍ സ്വയം സമര്‍പ്പിച്ചു. ഇന്ത്യയിലേക്കു വന്നു. തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാധാരണ വിദേശ വനിതകള്‍ക്ക് നാട്ടുകാരുടെ സഹകരണവും അംഗീകാരവും ലഭിക്കുവാന്‍ പ്രയാസമാണ്. എന്നാല്‍ ഡോണാവൂരില്‍ ആരും അവരെ വിദേശവനിതയായി കണക്കാക്കിയില്ല. തങ്ങളില്‍ ഒരാളായി തന്നെ എമികാര്‍ മൈക്കിളിനെ അവര്‍ പരിഗണിച്ചു. കാരണം എന്തെന്നോ?… പാശ്ചാത്യരുടേതു പോലെ പൂച്ചക്കണ്ണുകളായിരുന്നില്ല എമിയുടേത്. മറിച്ച് ഇന്ത്യക്കാരുടേതുപോലെ തന്നെ കറുത്ത കണ്ണുകളായിരുന്നു!
ഇതു മനസ്സിലായപ്പോള്‍ എമി തന്റെ ബാല്യത്തിലെ പ്രാര്‍ഥന ഓര്‍ത്തു. അവള്‍ ദൈവത്തിനു നന്ദി പറഞ്ഞു.- അന്നു തന്റെ പ്രാര്‍ഥന കേള്‍ക്കാതിരുന്നതിന്. അല്ലെങ്കില്‍ താന്‍ സ്വപ്നം കാണാത്ത നിലയില്‍ ഒരു പ്രത്യേക വിധത്തില്‍ ഇപ്പോള്‍ അതിനു മറുപടി നല്‍കിയതിന്.
നമ്മുടെ ചില പ്രാര്‍ഥനകള്‍ക്ക് അനുകൂലമായ മറുപടി ഉടനെ ലഭിക്കാതിരിക്കുന്നതിന്റെ നന്മ നമുക്ക് പിന്നീടു മാത്രമേ മനസ്സിലാകൂ.
മൂന്നു വയസ്സുകാരി കുഞ്ഞ്, അമ്മ റൊട്ടി മുറിക്കുന്ന മൂര്‍ച്ചയുള്ള കത്തിക്കായി ആഗ്രഹിക്കുന്നു. അതു ലഭിക്കാനായി വാശിയോടെ കരയുന്നു. എന്നാല്‍ കുഞ്ഞിനെ സ്‌നേഹിക്കുന്ന ഒരമ്മയും കത്തി കുഞ്ഞിനു കളിക്കാനായി കൊടുക്കുകയില്ല. നമ്മുടെ ചില പ്രാര്‍ഥനകള്‍ക്കെങ്കിലും ദൈവം ഉടനെ മറുപടി നല്‍കാതിരിക്കുന്നത് ഒരമ്മയെപ്പോലെ നമ്മെ സ്‌നേഹിക്കുന്നതുകൊണ്ടാണ്.
പൗലൊസ് ശ്ലീഹായുടെ ഈ വരികള്‍ വളരെ പ്രസിദ്ധമാണ്. ”വേണ്ടുംപോലെ പ്രാര്‍ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ… എന്നാല്‍ ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് നിര്‍ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്ക് തന്നെ സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു”(റോമര്‍ 8:26-28).
മെസേജ് ബൈബിള്‍ എന്ന വിവര്‍ത്തനത്തില്‍ ഈ ഭാഗം ഇങ്ങനെയാണ് ആധുനിക കാലഘട്ടത്തിനു ചേര്‍ന്ന വിധത്തില്‍ പരാവര്‍ത്തനം ചെയ്തിരിക്കുന്നത്: ”സത്യത്തില്‍ എന്താണ്, എങ്ങനെയാണ് പ്രാര്‍ഥിക്കേണ്ടതെന്നു നമുക്കറിഞ്ഞുകൂടാ. സാരമില്ല, നമുക്ക് നമ്മെ അറിയാവുന്നതിനെക്കാള്‍ നന്നായി അവിടുന്നു നമ്മെ അറിയുന്നു. അതുകൊണ്ട് ദൈവത്തെ സ്‌നേഹിക്കുന്ന നമ്മുടെ ജീവിതത്തിന്റെ വിശദാംശങ്ങളിലെല്ലാം അവിടുന്ന് തന്നെ പ്രവര്‍ത്തിച്ച് എല്ലാറ്റിലൂടെയും നന്മയായത് രൂപപ്പെടുത്തിയെടുക്കും എന്നു നമുക്ക് ഉറപ്പിക്കാം.”
ശരിയല്ലേ? നമുക്ക് നമ്മെ വേണ്ടവിധത്തില്‍ അറിയാമോ? ആത്യന്തികമായി നമുക്ക് നന്മയായുള്ളതെന്തെന്നു നമ്മെക്കാള്‍ നന്നായി അറിയുന്നത് സര്‍വജ്ഞാനിയായ നമ്മുടെ ദൈവമല്ലേ? ഈ ദൈവത്തില്‍ നമ്മുടെ ഹൃദയത്തെ നമുക്ക് ഉറപ്പിക്കാം.
34. രണ്ടു പേര്, രണ്ടു മനോഭാവം
‘ഒരു പേരിലെന്തിരിക്കുന്നു?’ എന്നു ചോദിച്ചത് ഷേക്‌സ്പിയറാണ്. പേരില്‍ വലിയ കാര്യമില്ല എന്നാവാം അദ്ദേഹം അര്‍ഥമാക്കിയത്. എന്നാല്‍ പേരിലും ചില കാര്യങ്ങളില്ലേ? ഉദാഹരണത്തിന് ആത്മീയ ലോകത്ത് ഇന്നു പരക്കെ ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘വിശ്വാസി.’ ക്രിസ്തീയ വിശ്വാസികള്‍ തങ്ങളെ തന്നെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്കായി അതു മാറിയിരിക്കുന്നു. എന്നാല്‍ ആദ്യ നൂറ്റാണ്ടില്‍ ക്രിസ്ത്യാനികളെ വിളിച്ചിരുന്നത് ‘വിശ്വാസികള്‍’ എന്നായി രുന്നില്ല; മറിച്ച് ‘ശിഷ്യര്‍’ എന്നായിരുന്നു (പ്രവൃത്തി. 11:26).
‘ശിഷ്യന്‍ എന്നാല്‍ യേശുവിന്റെ ശിഷ്യന്‍.’ ആ പേര് ഒരുവനില്‍ നിന്ന് ഏറെ ആവശ്യപ്പെടുന്നുണ്ട്. കാഴ്ചപ്പാടിലും പെരുമാറ്റത്തിലുമെല്ലാം തന്റെ ഗുരുവായ യേശുവിനെ അനുഗമിക്കാന്‍ അവന്‍ ബാധ്യസ്ഥനാണ്. ‘ഗുരുവിനെ പോലെയാകുന്നതു ശിഷ്യനു മതി’ എന്ന ബൈബിള്‍ വാക്യം ആദര്‍ശ വാക്യമായി സ്വീകരിച്ച് എല്ലാം വിട്ടു ഗുരുവിന്റെ പിന്നാലെ പോകുന്നതില്‍ ജന്മ സാഫല്യം കണ്ടെത്തേണ്ടവനാണവന്‍. എന്നാല്‍ സമകാലിക സമൂഹത്തില്‍ ‘ശിഷ്യന്‍’ എന്ന വാക്കിന് അര്‍ഥച്യുതി സംഭവിച്ച് അത് ‘വിശ്വാസി’ എന്നായി പരിണമിച്ചിരിക്കുന്നു. ‘ശിഷ്യന്‍’ എന്ന വാക്കിനു യേശുവിനെ അനുഗമിക്കുന്നതിലായിരുന്നു ഊന്നല്‍. എന്നാല്‍ ‘വിശ്വാസിക്കോ?’ യേശുവിലുള്ള കേവല വിശ്വാസത്തില്‍ കവിഞ്ഞുള്ള നിലപാടുകളിലേയ്‌ക്കൊന്നും അതു വിരല്‍ ചൂണ്ടുന്നില്ല.
ബൈബിളില്‍ പഴയ നിയമത്തില്‍ ആഹാബ് എന്നൊരു രാജാവിനെ നാം കാണുന്നു. അദ്ദേഹത്തിന് ഏലിയാവ് എന്ന പ്രവാചകന്‍ പുതിയൊരു പേര് വിളിക്കുന്നുണ്ട്. അതിതാണ്: ‘ദൈവത്തിന് അനിഷ്ടമായുള്ളതു ചെയ്‌വാന്‍ തന്നെത്താന്‍ വിറ്റു കളഞ്ഞവന്‍’ (1 രാജാക്കന്മാര്‍ 21:20). എന്തൊരു പേര്! എന്നാല്‍ രാജാക്കന്മാരുടെ ചരിത്രത്തില്‍ ആഹാബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്ന ആരും ഈ സംബോധന ശരിയാണെന്നു തലകുലുക്കി സമ്മതിക്കും. ദൈവത്തിന് ഇഷ്ടമില്ലാത്തതു മാത്രം പ്രവര്‍ത്തിക്കുവാന്‍ ആരോടോ പന്തയം വച്ചതു പോലെയായിരുന്നു ആഹാബിന്റെ ചെയ്തികള്‍. ഒന്നു കഴിയുമ്പോള്‍ അതിനെക്കാള്‍ ഭീകരമായ മറ്റൊന്ന്. ദൈവത്തിന് ഹിതകരമല്ലാത്തതു ചെയ്യാന്‍ തന്നെത്താന്‍ ഉഴിഞ്ഞു വച്ചതു പോലെയൊരാള്‍.
ശിഷ്യന്‍ തന്നെത്തന്നെ വിറ്റു കളഞ്ഞവനാണ്. താനും തനിക്കുള്ളതും തന്റെ ബന്ധങ്ങളുമെല്ലാം അവന്‍ ദൈവത്തിനായി സമ്പൂര്‍ണമായി സമര്‍പ്പിച്ചിരിക്കുന്നു. ശിഷ്യത്വത്തിലേയ്ക്കു വരുവാന്‍ യേശു ആഹ്വാനം ചെയ്യുമ്പോള്‍ ശിഷ്യന്റെ പ്രത്യേകതകള്‍ വിവരിക്കുന്നതും ശ്രദ്ധിക്കുക: ‘ഒരുവന്‍ എന്റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയേയും ഭാര്യയേയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും എന്തിന് സ്വന്തജീവനെയുംകൂടി പകെയ്ക്കാതിരിക്കുകയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ല. ഒരുവന്‍ തനിക്കുള്ളതൊക്കെയും വിട്ടു പിരിയുന്നില്ലെങ്കില്‍ അവനും എന്റെ ശിഷ്യനായിരിക്കാന്‍ കഴിയുന്നതല്ല’ (ലൂക്കൊസ് 14:26-33).
ഈ നിലയില്‍ ആര്‍ക്കെങ്കിലും ജീവിക്കാന്‍ കഴിയുമോ? കഴിയും. കഴിയണം. യേശു എന്നും തിരഞ്ഞതു ‘ശിഷ്യരെ’യായിരുന്നു. ‘വിശ്വാസികളെ’ ആയിരുന്നില്ല. താന്‍ ഏറ്റവും കൂടുതല്‍ ആഹ്വാനം ചെയ്തത് ‘വിശ്വസിക്കുക’ എന്നായിരുന്നില്ല. മറിച്ച് ‘അനുഗമിക്കുക’ എന്നായിരുന്നു. യേശുവിന്റെ അന്ത്യകല്പനയും വിശ്വാസ സമൂഹത്തെ വാര്‍ത്തെടുക്കുക എന്നായിരുന്നില്ല. മറിച്ച് ശിഷ്യരെ ഉണ്ടാക്കിക്കൊള്ളുക എന്നായിരുന്നു (മത്തായി 28:20).
യേശു ഇത്രയേറെ ഊന്നല്‍ നല്‍കിയിട്ടും സമകാലിക ക്രിസ്തീയ സമൂഹം ശിഷ്യത്വത്തെ അവഗണിച്ച് ‘കേവല വിശ്വാസം’ കൊണ്ടു തൃപ്തിപ്പെട്ടിരിക്കുന്നു! ശിഷ്യന്റെ ഗൗരവപൂര്‍ണമായ നിലപാടുകളും വിശ്വാസിയുടെ അയഞ്ഞ മനോഭാവവും തമ്മില്‍ ഏറെ അകലമുണ്ട്. ശിഷ്യത്വം എന്തെന്നറിയാത്ത ഇന്നത്തെ വിശ്വാസി ഒരു കൈകൊണ്ട് ലോകത്തെയും മറുകൈകൊണ്ടു ദൈവത്തെയും മുറുകെ പിടിക്കാനാണു ശ്രമിക്കുന്നത്. എന്നാല്‍ അതു സാധ്യമാണോ?
ഒരു കഥ ഇങ്ങനെ കേട്ടിട്ടുണ്ട്. നിരക്ഷരകുക്ഷിയായ ഒരു സ്ത്രീ ഒരു കേസില്‍ സാക്ഷിയായി വന്നു. അവളോട് ന്യായാധിപന്‍ ഇങ്ങനെ ചോദിച്ചു: ‘ആട്ടെ, നിന്റെ വീട് നീ പാര്‍ക്കുന്ന തെരുവിന്റെ ഇടതുവശത്താണോ, വലതു വശത്താണോ?’ അല്പനേരം ആലോചിച്ചിട്ട് അവള്‍ ഇങ്ങനെ മറുപടി പറഞ്ഞു: ‘എന്റെ വീട് തെരുവിന്റെ രണ്ടു വശത്തുമാണ്.’ അവള്‍ കോടതിയെ കളിയാക്കിയതാണെന്നു കരുതി ന്യായാധിപന്‍ ഗൗരവത്തോടെ ചോദിച്ചു: ‘അതെങ്ങനെ ശരിയാകും? വീട് എങ്ങനെയാണ് തെരുവിന്റെ രണ്ടു വശത്തും വരുന്നത്?’
അമ്പരന്നു പോയ അവള്‍ നിഷ്‌കളങ്കമായി ഇങ്ങനെ പറഞ്ഞു: ‘അത് യജമാനനേ, ഞാന്‍ തെരുവിലൂടെ അങ്ങോട്ടു പോകുമ്പോള്‍ വീട് വലതു വശത്താണ്. ഇങ്ങോട്ടു വരുമ്പോള്‍ വീട് ഇടതു വശത്തുമാണ്. അപ്പോള്‍ രണ്ടു വശത്തുമല്ലേ?’ ഈ സ്ത്രീയെപ്പോലെയാണ് ഒരു കൈകൊണ്ടു ലോകത്തെയും മറുകൈകൊണ്ടു ദൈവത്തെയും മുറുകെ പിടിക്കുന്ന പലരും. അവര്‍ക്കു വ്യക്തമായ നിലപാടില്ല. അവര്‍ ഏതു വശത്താണ്? അപ്പുറത്താണോ? അതേ. ഇപ്പുറത്താണോ? അതേ.
എന്നാല്‍ യേശുവിനു കാര്യങ്ങള്‍ വളരെ വ്യക്തമായിരുന്നു. അവിടുന്നു പറഞ്ഞു: ‘ആര്‍ക്കും രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ കഴിയുകയില്ല. അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകെച്ചു മറ്റവനെ സ്‌നേഹിക്കും. അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും. നിങ്ങള്‍ക്കു പണത്തെയും ദൈവത്തെയും ഒരേ സമയം സ്‌നേഹിക്കാന്‍ കഴിയുകയില്ല’ (മത്തായി 6:24). ഇന്നു പലരും രണ്ട് യജമാനന്‍മാരെ ഒരേ സമയം സേവിച്ച് ദൈവത്തെക്കാള്‍ സമര്‍ഥരാകാന്‍ ശ്രമിക്കുകയാണ്! കേവല വിശ്വാസത്തിനപ്പുറത്ത് ശിഷ്യത്വത്തിന്റെ ഗൗരവപൂര്‍ണമായ നിലപാടുകള്‍കൊണ്ടു മാത്രമേ ‘ഭൂമിയുടെ ഉപ്പും ലോകത്തിന്റെ വെളിച്ചവുമാകാന്‍’ വിശ്വാസ സമൂഹത്തിനു കഴിയൂ.
35. ഭൂമിയുടെ ഉപ്പ്
ഇംഗ്ലീഷുകാരനായ ഒരു പ്രഭു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ബ്രിട്ടനിലെ ഒരു ഗ്രാമത്തിലൂടെ കടന്നുപോകുകയായിരുന്നു. അദ്ദേഹം ആ ഗ്രാമത്തിലെല്ലാം മദ്യം ലഭിക്കുന്ന ഒരു ഇടം തിരഞ്ഞു. നിരാശയായിരുന്നു ഫലം. അപ്പോഴാണു വഴിയില്‍ ഗ്രാമീണനായ ഒരു കൃഷിവലനെ കണ്ടത്. പ്രഭു ക്ഷുഭിതനായി ഗ്രാമീണനോട് തട്ടിക്കയറി: ‘നിങ്ങളുടെ ഈ നശിച്ച ഗ്രാമത്തില്‍ എനിക്ക് ഒരു ഗ്ലാസ് മദ്യം പോലും കിട്ടാതിരിക്കാന്‍ എന്താണു കാരണം?’
പ്രഭുവിന്റെ സമൂഹത്തിലെ സ്ഥാനം തിരിച്ചറിഞ്ഞു ഗ്രാമീണന്‍ വിനയാന്വിതനായി പറഞ്ഞു: ‘പ്രഭോ, അതിന് ഒരു കാരണമേയുള്ളു. ഏകദേശം ഒരു നൂറു വര്‍ഷത്തിനപ്പുറത്ത് ഈ പ്രദേശത്ത് ജോണ്‍ വെസ്ലി എന്നു പേരുള്ള ഒരു മനുഷ്യന്‍ വന്നിരുന്നു.’
നോക്കുക: ഒരേ ഒരു മനുഷ്യന്റെ സ്വാധീനം! വെസ്ലി മരിക്കുന്നതിനു രണ്ടുവര്‍ഷം മുന്‍പായിരുന്നു രക്തരൂഷിതമായ ഫ്രഞ്ചു വിപ്ലവം. അതിന്റെ പ്രേരണയില്‍ രക്തച്ചൊരിച്ചിലോടെയുള്ള ഒരു വിപ്ലവം ഇംഗ്ലണ്ടിനേയും പിടിച്ചുലയ്ക്കാമായിരുന്നു. പക്ഷേ അതിനെ തടഞ്ഞു നിര്‍ത്തിയത് ജോണ്‍ വെസ്ലിയും സഹപ്രവര്‍ത്തകരും ഇംഗ്ലണ്ടില്‍ നടത്തിയിരുന്ന പ്രവര്‍ത്തനത്തെത്തുടര്‍ന്നുള്ള ആത്മീയ ഉണര്‍വ്വാണെന്നു ചരിത്രകാരന്മാര്‍ പറയുന്നു. താന്‍ ജീവിച്ചിരുന്ന നൂറ്റാണ്ടിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി ജോണ്‍ വെസ്ലിയാണെന്നു പറഞ്ഞ റോബര്‍ട്ട് സൗത്തി എന്ന എഴുത്തുകാരന്‍ വരാന്‍ പോകുന്ന പല നൂറ്റാണ്ടിലേക്കും വെസ്ലിയുടെ സ്വാധീനം ഏറ്റവും വലിയ തിരുത്തല്‍ ശക്തിയായി നിലനില്‍ക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭൂമിയുടെ ഉപ്പായി, അനേകം ജീവിതങ്ങളെ വിശുദ്ധിയിലേക്കു വെല്ലുവിളിക്കുന്ന സ്വാധീനമായി, മാറാന്‍ ജോണ്‍ വെസ്ലിക്കു കഴിഞ്ഞതെങ്ങനെ? അദ്ദേഹത്തിന്റെ ജീവചരിത്രം പരിശോധിച്ചാല്‍ ഈ ചോദ്യത്തിനു മറുപടി കിട്ടും.
ജോണ്‍ വെസ്ലി ആദ്യകാലത്ത് ഒന്നിനെക്കുറിച്ചും ഒരുറപ്പില്ലാത്ത ഒരു ചെറുപ്പക്കാരനായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ രീതിയനുസരിച്ച് വിദ്യാഭ്യാസത്തിനു ശേഷം വെസ്ലി ക്രിസ്തീയ മതപ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. പക്ഷേ ദൈവത്തോടു വ്യക്തിപരമായ വിശ്വാസവും ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മതത്തിനപ്പുറത്തുള്ള യഥാര്‍ത്ഥ ആത്മീയത അദ്ദേഹത്തിന് അന്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളോ പ്രവര്‍ത്തനങ്ങളോ ആരെയും ആകര്‍ഷിച്ചില്ല.
എന്നാല്‍ അധികനാള്‍ കഴിയുന്നതിനു മുന്‍പ് ജോണ്‍ വെസ്ലിയുടെ ജീവിതത്തില്‍ അത്ഭുതകരമായ ഒരു പരിവര്‍ത്തനം ഉണ്ടായി. അദ്ദേഹം ദൈവത്തോടുള്ള വ്യക്തിപരമായ ബന്ധത്തിലേക്കും അടുപ്പത്തിലേക്കും വന്നു. ഇതിലേക്കു നയിച്ചത് ഒരു കപ്പല്‍ യാത്രയും അനന്തര സംഭവങ്ങളുമാണ്. അത് ഇങ്ങനെയാണ്:
ഒരു ശിശിരകാലം. ഇംഗ്ലണ്ടില്‍ നിന്ന് അമേരിക്കയിലെ ജോര്‍ജിയായിലേക്ക് പോകുന്ന ഒരു കപ്പലില്‍ ജോണ്‍ വെസ്ലിയും സഹോദരന്‍ ചാള്‍സ് വെസ്ലിയും യാത്രക്കാരായിരുന്നു. അമേരിക്കയിലെ റെഡ് ഇന്ത്യക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനായാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്. യാത്രയ്ക്കിടയില്‍ പെട്ടെന്ന് ഒരു ദിവസം കൊടുങ്കാറ്റ് അടിച്ച് കപ്പല്‍ ആടി ഉലയുവാന്‍ തുടങ്ങി. എന്തും സംഭവിക്കാമെന്ന അവസ്ഥ. ജോണ്‍ വെസ്ലിയും ആകെ പരിഭ്രമിച്ചു. എന്നാല്‍ ഇതിനിടയിലും ചഞ്ചലചിത്തരാകാതെ ഒരു ചെറിയ കൂട്ടം മൊറൊവിയന്‍ മിഷനറിമാര്‍ കപ്പലിന്റെ ഡക്കിലിരുന്നു പാട്ടു പാടിക്കൊണ്ടിരുന്നു. തികഞ്ഞ ശാന്തതയും ദൈവത്തിലുള്ള ആഴമായ വിശ്വാസവും അവരില്‍ പ്രകടമായിരുന്നു. ഇതു ജോണ്‍ വെസ്ലിയെ ഹഠാദാകര്‍ഷിച്ചു. കാരണം, ഒരു ക്രിസ്തു മതവിശ്വാസി ആയിരുന്നിട്ടും അവരുടെ ശാന്തതയോ ധൈര്യമോ തനിക്ക് ആ സമയത്ത് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നില്ലല്ലോ.
അമേരിക്കയില്‍ കപ്പലിറങ്ങിയ ഉടനെ ജോണ്‍ വെസ്ലി മൊറേവിയന്‍ മിഷനറിയായിരുന്ന സ്‌പെയിന്‍ബര്‍ഗ്ഗിനെ സന്ദര്‍ശിച്ചു. അദ്ദേഹം മുഖവുര കൂടാതെ ജോണിനോടു ചോദിച്ചു. ‘ആത്മാവ് നിന്നോട് നീ ഒരു ദൈവപതലാണെന്ന് സാക്ഷ്യം പറഞ്ഞിട്ടുണ്ടോ? യേശുക്രിസ്തുവിനെ വ്യക്തിപരമായി നീ അറിയുന്നുവോ?’ ‘ഞാന്‍ ലോകരക്ഷിതാവെന്ന നിലയില്‍ അറിയുന്നു.’- വെസ്ലിയുടെ മറുപടി. ‘ശരി പക്ഷേ നിന്റെ രക്ഷിതാവെന്ന നിലയില്‍ നീ യേശുവിനെ അറിഞ്ഞിട്ടുണ്ടോ?’- സ്‌പെയിന്‍ബര്‍ഗ്ഗ് തുടര്‍ന്നു ചോദിച്ചു. ‘എന്നെ രക്ഷിക്കാനും കൂടിയാണ് യേശു മരിച്ചതെന്നു ഞാന്‍ കരുതുന്നു.’ വെസ്ലി ഉരുണ്ടു കളിച്ചു. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരു വിശ്വാസക്കുറവ് നിഴലിട്ടിരുന്നു. സത്യത്തില്‍ അന്നുവരെ യേശുവുമായി വ്യക്തിപരമായ ഒരു ബന്ധം വെസ്ലിക്കുണ്ടായിരുന്നില്ല.
അമേരിക്കയിലെ റെഡ് ഇന്ത്യക്കാരുടെ ഇടയിലെ വെസ്ലിയുടെ പ്രവര്‍ത്തനം പരാജയപ്പെട്ടു. നിരാശനായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങി. ലണ്ടനില്‍ വച്ച് പീറ്റര്‍ വോളര്‍ എന്ന മൊറേവിയന്‍ മിഷനറിയും വെസ്ലിക്ക് യേശുവുമായി വ്യക്തിപരമായ ബന്ധമില്ലെന്ന വസ്തുത സ്‌നേഹത്തോടെ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഒടുവില്‍ 1738 മേയ് 24ന് മനസ്സില്ലാമനസ്സോടെ ഒരു ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുക്കവേ വെസ്ലിയുടെ ഹൃദയം അസാധാരണമാംവിധം ചൂടുപിടിച്ചു. അദ്ദേഹം തന്നെത്തന്നെ വിനയപ്പെടുത്തി തന്റെ ജീവിതത്തെ ദൈവമുന്‍പാകെ പൂര്‍ണമായി സമര്‍പ്പിച്ചു. അദ്ദേഹം അന്ന് അവിടെവച്ച് യേശുവുമായി വ്യക്തിപരമായ ഒരു ബന്ധത്തിലേക്കു വന്നു.
തുടര്‍ന്ന് വെസ്ലിയുടെ പ്രസംഗങ്ങള്‍ ജീവനുള്ളതായി. അത് ആയിരങ്ങളെ അകര്‍ഷിക്കുവാന്‍ തുടങ്ങി. പിന്നീട് 50 വര്‍ഷങ്ങള്‍, 22500 മൈലുകള്‍ ബ്രീട്ടീഷ് ദ്വീപ സമൂഹങ്ങളില്‍ കൂടി കുതിരപ്പുറത്ത് സഞ്ചരിച്ച് അദ്ദേഹം നാല്‍പതിനായിരത്തോളം പ്രസംഗങ്ങള്‍ നടത്തി. വിശുദ്ധിക്കായി വെല്ലുവിളി ഉയിര്‍ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ജീവിതവും. വെസ്ലി വ്യക്തിപരമായി യേശുവുമായി ഒരു ബന്ധത്തിലേക്ക് വന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ആകെ വ്യത്യാസപ്പെടുത്തിയത്.
ഇന്നും ആദ്യകാലത്തെ ജോണ്‍ വെസ്ലിയെപ്പോലെ മതപരമായ ധാരാളം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അതാണ് യഥാര്‍ത്ഥ ആത്മീയത എന്നു തെറ്റിദ്ധരിച്ചു പോകുന്നവര്‍ ഒട്ടേറെയാണ്. എന്നാല്‍ യഥാര്‍ത്ഥ ആത്മീയത കണ്ടെത്തിയിട്ടുള്ളവര്‍ – ദൈവവുമായി വ്യക്തിപരമായ ബന്ധത്തിലേക്കു വരികയും അതിന്റെ സജീവത നിലനിര്‍ത്തുകയും ചെയ്യുന്നവര്‍ – എത്ര പേരുണ്ട്?
സുഹൃത്തേ, താങ്കളുടെ സ്ഥിതി എന്താണ്? ഉപ്പിന് ഉപ്പുരസം ഇല്ലെങ്കില്‍ അതിനു ഭൂമിയുടെ ഉപ്പായി നില്‍ക്കാന്‍ കഴിയുന്നതെങ്ങനെ?
36. പൊന്ന്, കുന്തുരുക്കം, മൂര്
‘മരണദിവസം ജനന ദിവസത്തെക്കാളും ഉത്തമം. വിരുന്നു വീട്ടില്‍ പോകുന്നതിനെക്കാള്‍ വിലാപഭവനത്തില്‍ പോകുന്നതു നല്ലത്’ (സഭാപ്രസംഗി 7:1,2). ക്രിസ്മസ് യേശുവിന്റെ ജനനത്തെ കുറിക്കുന്നു. ക്രൂശ് യേശുവിന്റെ മരണത്തെയും.
‘ദയവു ചെയ്ത് ഇത്ര പെസ്സിമിസ്റ്റാകല്ലേ.’ ക്രിസ്മസ് സമയത്തു നക്ഷത്രത്തേയും മാലാഖമാരുടെ പാട്ടിനെയും കുറിച്ചു പറയുക. ക്രൂശും മരണവും ഇപ്പോള്‍ പരാമര്‍ശിക്കാതിരിക്കുക’ എന്നു പറയുന്ന സുഹൃത്തുക്കളോടു ചോദിക്കട്ടെ. ‘അപ്പോള്‍ മുകളില്‍ ഉദ്ധരിച്ച ജ്ഞാനിയുടെ വാക്കുകളോ?’
ജ്ഞാനിയായ ശലോമോനാണ് ജനനത്തിനും വിരുന്നിനും മുകളില്‍ മരണത്തെയും വിലാപത്തെയും പ്രതിഷ്ഠിക്കുന്നത്. ‘ചിരിയെക്കാള്‍ വ്യസനം നല്ലത്.’ മുഖം വാടിയിരിക്കുമ്പോള്‍ ഹൃദയം സുഖമായിരിക്കും. ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തില്‍ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ… ശലോമോന്‍ അങ്ങനെ തുടരുന്നു.
‘ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തില്‍ ഇരിക്കുന്നു’ എന്ന പ്രസ്താവന ശരിവയ്ക്കും വിധത്തിലായിരുന്നു യേശുവിനെ ജനന സമയത്ത്, കണ്ടു വന്ദിക്കുവാന്‍ കിഴക്കു നിന്നെത്തിയ മൂന്നു ജ്ഞാനികളുടെ പെരുമാറ്റം. അവര്‍ കാഴ്ച വച്ച വസ്തുക്കളാണ് അതെപ്പറ്റി സൂചന നല്‍കുന്നത്. ഈ വിദ്വാന്മാര്‍ യേശുക്കുഞ്ഞിനെ കണ്ടപ്പോള്‍ വീണു നമസ്‌കരിച്ചു. തുടര്‍ന്ന് ‘അവര്‍ നിക്ഷേപ പാത്രങ്ങളെ തുറന്ന് അവന് പൊന്നും കുന്തുരുക്കവും മൂരും കാഴ്ച വച്ചു’ (മത്തായി 2:12).
ഇതില്‍ പൊന്ന് യേശുവിന്റെ രാജത്വത്തെ കാണിക്കുന്നു. തച്ചനായ യോസേഫിന്റെ മകനെന്ന നിലയില്‍ ദ്രരിദ്ര കുടുംബത്തിലായിരുന്നു യേശുവിന്റെ ജനനമെങ്കിലും രാജഗോത്രമായ യെഹൂദാ ഗോത്രത്തില്‍ ദാവീദിന്റെ സന്തതിയായിട്ടായിരുന്നല്ലോ ജനനം. യേശുവിന്റെ വംശാവലി മത്തായിയും ലൂക്കൊസും രേഖപ്പെടുത്തുമ്പോള്‍ ഇതു വ്യക്തമാണ്. ഇവരില്‍ ഒരാള്‍ യോസേഫിന്റെയും മറ്റെയാള്‍ മറിയയുടെയും കുടുംബരേഖയാണു പിന്‍തുടരുന്നത്. ഒടുവില്‍ ഇരുവരും എത്തുന്നത് ഇസ്രയേലിലെ അതിശക്തനായ രാജാവായിരുന്ന ദാവീദിലും.
‘അവന്‍ രാജാവാകാന്‍ ശ്രമിച്ചു’ എന്നൊരാരോപണവും ഒടുവില്‍ യേശുവിനു നേരിടേണ്ടി വന്നല്ലോ. പീലാത്തോസിന്റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ശരിക്കും ആ ചോദ്യം തന്നെ പീലാത്തോസ് ഉന്നയിച്ചു – ‘നീ യെഹൂദന്മാരുടെ രാജാവോ?’ താന്‍ രാജാവാണെന്നു തന്നെ അവന്‍ പറഞ്ഞു. തുടര്‍ന്നു തന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കി – എന്റെ രാജ്യം ഐഹികമല്ല. എന്റെ രാജ്യം ഐഹികമായിരുന്നെങ്കില്‍ എന്റെ ചേവകര്‍ ഇപ്പോള്‍ എനിക്കു വേണ്ടി പോരാടുമായിരുന്നു.’ ഞാന്‍ രാജാവാണ്. എന്നാല്‍ എന്റെ രാജ്യം ഈ ലോകത്തെ സംബന്ധിച്ചതല്ല.
ജീവിതത്തില്‍ ഉടനീളം ഒരു രാജാവിനെ പോലെയാണ് അവന്‍ കാര്യങ്ങളെ കണ്ടതും സമീപിച്ചതും. ഒന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ എല്ലാം ഉള്ളവനെപ്പോലെ, ഒരിക്കല്‍ ‘കൈസര്‍ക്കു കരം കൊടുക്കുന്നതു വിഹിതമോ’ എന്നൊരു കുടുക്കു ചോദ്യം തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നു. തന്റെ മറുപടി വ്യക്തമാകണമെങ്കില്‍ ഒരു നാണയം എടുത്ത് സോദാഹരണം അതു വിവരിക്കേണ്ടിയിരുന്നു. പക്ഷേ, എടുക്കാന്‍ കയ്യിലൊരു നാണയം ഉണ്ടായിരുന്നില്ല. പിന്നെന്തു ചെയ്യും? ഒടുവില്‍ കേഴ്‌വിക്കാരില്‍ നിന്ന് ഒരു നാണയം കടം വാങ്ങി. അതുപയോഗിച്ചു കാര്യം വിവരിച്ച ശേഷം കൃത്യമായി മടക്കിക്കൊടുത്തു. പക്ഷേ, പിന്നീടൊരിക്കല്‍ ചുങ്കം കൊടുക്കേണ്ട രംഗം വന്നു. കയ്യില്‍ കൊടുക്കാന്‍ ദ്രഹ്മപ്പണമില്ല. പത്രൊസിനോട് ‘ചൂണ്ടയിട്ട് ആദ്യം കിട്ടുന്ന മീനിന്റെ വായില്‍ നിന്നു നാണയം എടുത്തു കരംകെട്ടാന്‍’ പറഞ്ഞു. ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ എന്താണ് ഇല്ലാതിരുന്നത്? രാജാവിനെപ്പോലെ ജീവിച്ചു. രാജാവിനെപ്പോലെ മരിച്ചു.
കഷ്ടം അനുഭവിക്കുന്ന മശിഹയായി ആദ്യം ഭൂമിയില്‍ വന്ന്, ‘യെഹൂദന്മാരുടെ രാജാവ്’ എന്ന മേലെഴുത്തുമായി ക്രൂശില്‍ മരിച്ച യേശു താന്‍ ഇനിയും വരുമെന്നും അന്ന് അക്ഷരാര്‍ഥത്തില്‍ തന്നെ രാജാവായാണു വരുന്നതെന്നും സ്വര്‍ഗാരോഹണത്തിനു മുന്‍പ് പറഞ്ഞു. ചുരുക്കത്തില്‍ വിദ്വാന്മാര്‍ സമ്മാനിച്ച പൊന്ന് തികച്ചും അര്‍ഹമായ കാഴ്ചവസ്തുവായിരുന്നു.
കിഴക്കു നിന്നെത്തിയ വിദ്വാന്മാര്‍ ഉണ്ണിയേശുവിനു കാഴ്ചവച്ച രണ്ടാമത്തെ വസ്തു കുന്തുരുക്കമാണ്. കുന്തുരുക്കം പൗരോഹിത്യത്തെ കാണിക്കുന്നു. അവന്‍ പുരോഹിതനുമായിരുന്നു. പുരോഹിതന്‍, മനുഷ്യര്‍ക്കും ദൈവത്തിനു ഇടയില്‍ നില്‍ക്കുന്നവനും മനുഷ്യര്‍ക്കു വേണ്ടി ദൈവത്തോട് അപേക്ഷിക്കുന്ന മധ്യസ്ഥനുമാണ്. യേശു ഈ നിലകളിലെല്ലാം പുരോഹിതന്റെ ശുശ്രൂഷയാണു ചെയ്തത്. മാത്രമല്ല, പഴയനിയമത്തില്‍ പുരോഹിതന്മാരുടെ നടപടികള്‍ വിവരിക്കുന്ന ലേവ്യാ പുസ്തകത്തില്‍ യാഗങ്ങളെക്കുറിച്ചു കാണുന്നു. അന്നു പുരോഹിതന്മാര്‍ ആളുകളുടെ തെറ്റുകളുടെ പരിഹാരത്തിനായി മൃഗങ്ങളെയും മറ്റും ബലിയര്‍പ്പിച്ചു തൃപ്തരായപ്പോള്‍, ഈ പുരോഹിതന്‍ കാല്‍വറി ക്രൂശില്‍ സ്വയം ബലിവസ്തുവായും മാറി! ആ ബലി ആര്‍ക്കു വേണ്ടിയായിരുന്നു? – എല്ലാ മനുഷ്യര്‍ക്കും വേണ്ടി.
വിദ്വാന്മാര്‍ യേശുവിനു കാഴ്ചവച്ച മൂന്നാമത്തെ വസ്തു മൂരാണ് (മീറ). കയ്പുള്ള ഈ മീറ മരണത്തിന്റെ പ്രതീകമാണ്. ഒരസാധാരണ കാഴ്ച വസ്തു. ‘രാജാവായി പിറന്നവന്‍ എവിടെ’ എന്ന ചോദ്യത്തോടെ യേശുവിനെ അന്വേഷിച്ചെത്തിയവരാണ് ഈ ജ്ഞാനികള്‍ എന്നോര്‍ക്കണം. ഒരു രാജാവിനു കാഴ്ച വയ്ക്കാന്‍ മീറ ഏതായാലും യോഗ്യമല്ല. യേശു രാജാവായി വരുന്ന രണ്ടാം വരവില്‍ ലോകത്തിലെ രാജാക്കന്മാര്‍ അന്നു കൊണ്ടുവരുന്ന കാഴ്ചയെപ്പറ്റി യെശ്ശയ്യ ദീര്‍ഘദര്‍ശി പറയുന്ന ഒരു ഭാഗം താരതമ്യത്തിനായി നോക്കാം. ‘… അന്ന് ജാതികളും രാജാക്കന്മാരും അവന് പൊന്നും കുന്തുരുക്കവും കാഴ്ച കൊണ്ടുവരും.’ എന്നാണവിടെ പറഞ്ഞിരിക്കുന്നത് (60:6). ശ്രദ്ധിക്കുക: ഇവിടെ നമ്മള്‍ പൊന്നും കുന്തുരുക്കവും കാണുന്നു. പക്ഷേ, മീറ കാണുന്നില്ല. കാരണം വ്യക്തം. രണ്ടാം വരവില്‍ അവിടുന്ന് ഇനി മരണത്തെ അറിയുകയില്ല.
ഇതേ സമയം, യേശു ഭൂമിയില്‍ ആദ്യം വന്നതോ? അപ്പോള്‍ അവന്‍ വന്നതു കഷ്ടം അനുഭവിക്കുന്ന മശിഹായായാണ്. അപ്പോള്‍ മരണത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഇതിനെക്കറിച്ചു ബോധ്യം ലഭിച്ചതിനാലാവണം ജ്ഞാനികള്‍ മൂന്നാമത്തെ വസ്തുവായ മീറ കൂടെ കരുതിയത്.
ജ്ഞാനികള്‍ കാഴ്ച കൊണ്ടുവന്ന ഈ സന്ദര്‍ഭത്തിനു ശേഷം യേശു വലിയ കയ്പുള്ള, ഔഷധ ഗുണമുള്ള മീറയെ ജീവിതത്തില്‍ രണ്ടു പ്രാവശ്യം കൂടി അഭിമുഖീകരിച്ചതായി സുവിശേഷങ്ങളില്‍ കാണുന്നു. രണ്ടും തന്റെ മരണത്തോടു ബന്ധപ്പെട്ടാണ്. ക്രൂശില്‍ കിടക്കുമ്പോള്‍ പടയാളികള്‍ ഔദാര്യപൂര്‍വ്വം വച്ചു നീട്ടിയ മീറ കലര്‍ത്തിയ വീഞ്ഞാണ് ഒരു സന്ദര്‍ഭം (മര്‍ക്കൊസ് 15:23). വീഞ്ഞില്‍ മീറ കലര്‍ത്തി കുടിച്ചാല്‍ വേദന അറിയാതെ മരിക്കാനുള്ള മാര്‍ഗമാണത്. ക്രൂശിക്കപ്പെടുന്ന ‘ഹതഭാഗ്യ’നോടു പടയാളികള്‍ കാട്ടുന്ന ഒരു കാരുണ്യം. പക്ഷേ, മരണത്തിലേക്കുള്ള ആ എളുപ്പ വഴി യേശു നിരസിച്ചു. പിതാവു നല്‍കിയ ആ പാനപാത്രം തികഞ്ഞ ബോധത്തോടെ മട്ടോളം ഊറ്റിക്കുടിക്കണമെന്ന താല്‍പര്യമായിരുന്നു അതിനു പിന്നില്‍.
മരിച്ച ശേഷം യേശുവിന്റെ ശരീരം അരിമഥ്യയിലെ യോസേഫ്, നിക്കോദേമോസ് എന്നീ രഹസ്യ ശിഷ്യന്മാര്‍ ചേര്‍ന്ന് അടക്കം ചെയ്യുന്നതിന്റെ വിവരണത്തിനിടയിലാണു മീറ വീണ്ടും വരുന്നത്. അകിലും മീറയും കൊണ്ടുള്ള ഒരു മിശ്രിതത്തിലാണു ശരീരം വച്ച് ശീല ചുറ്റി അടക്കം ചെയ്യുന്നത് (യോഹ. 19:39).
ചുരുക്കത്തില്‍ യേശുവിന്റെ ജനനത്തില്‍ വിദ്വാന്മാര്‍ കൊണ്ടുവന്ന കാഴ്ചവസ്തുവിലെ വിചിത്രമായ മൂന്നാമത്തെ ഇനം -മൂര്- ആ ജ്ഞാനികളുടെ ദൂരക്കാഴ്ചയുടെ തെളിവാണ്. ജനനത്തില്‍ തന്നെ അവന്റെ മരണത്തിലേക്ക് അവര്‍ വിരല്‍ചൂണ്ടി. ലോകത്തില്‍ ജനിച്ചവരെല്ലാം മരിക്കുമെന്നത് ശരിയാണെങ്കിലും മരിക്കാനായി തന്നെ ജനിച്ചവന്‍ യേശുവാണല്ലോ.
യേശുവിന്റെ ജനനത്തെ ഓര്‍ക്കണമെന്നു ബൈബിള്‍ ഒരിടത്തും പറഞ്ഞിട്ടില്ലെങ്കിലും മരണത്തെ സ്മരിക്കണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടിരിക്കുന്നു (സഭയ്ക്കുള്ള രണ്ടു ചടങ്ങുകളായ സ്‌നാനം യേശുവിന്റെ മരണ, അടക്ക, പുനരുത്ഥാനങ്ങളുടെ പ്രതീകമാണെന്നും തിരുവത്താഴം അവന്റെ മരണത്തിന്റെ സ്മരണ ശുശ്രൂഷയാണെന്നും ഓര്‍ക്കുക). എന്തുകൊണ്ടാണിത്? കാരണം മാനവരാശിയുടെ രക്ഷ, ജനനത്തിലല്ല, ക്രൂശിലാണ്. ജനനത്തെക്കാള്‍ യേശുവിന്റെ മരണമാണ് മനുഷ്യനെ അവന്റെ തെറ്റുകളെക്കുറിച്ച് ഓര്‍പ്പിക്കുന്നതും അനുതാപത്തിനായി ആഹ്വാനം ചെയ്യുന്നതും, എന്നാല്‍ അനുതാപമല്ല, ആഘോഷമാണ് ഇന്ന് നമുക്കു പഥ്യം. ക്രിസ്മസ്, നമുക്ക് അനുതാപമറിയാത്ത വലിയ ആഘോഷമാകുന്നുണ്ടെങ്കില്‍ ജനനത്തില്‍ തന്നെ ജ്ഞാനികള്‍ നല്‍കിയ സമ്മാനത്തിന്റെ ആന്തരിക അര്‍ഥം നമ്മുടെ കണ്ണു തുറപ്പിക്കട്ടെ.
‘ഒരു കാര്യത്തിന്റെ ആരംഭത്തെക്കാള്‍ അതിന്റെ അവസാനം നല്ലത്’ (സഭാപ്രസംഗി 7:8).
37. ഈസ്റ്റര്‍ നല്‍കുന്ന രണ്ടു പാഠങ്ങള്‍
ഈസ്റ്ററിന്റെ പ്രത്യാശാ നിര്‍ഭരമായ പുലര്‍ച്ചയ്ക്കു പിന്നില്‍ നട്ടു ച്ചയ്ക്കു സൂര്യന്‍ ഇരുണ്ടുപോയ ഒരു ദുഃഖവെള്ളിയുടെ മധ്യാഹ്നമുണ്ട്. പക്ഷേ മനുഷ്യപുത്രന്‍ മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഹ്ലാദം പങ്കിടുന്ന ഈസ്റ്റര്‍ ദിന ആരവങ്ങള്‍ക്കിടയില്‍ ‘എന്റെ ദൈവമേ എന്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്ത്’ എന്ന് ഉറക്കെ നിലവിളിച്ച് കടന്നുപോയ ദുഃഖവെള്ളിയുടെ ഇള്‍ക്കിടിലങ്ങളെ നാം പലപ്പോഴും മറന്നുപോകുന്നു.
എങ്കില്‍, ഈസ്റ്റര്‍ ഒന്നാമത് നമ്മെ ഓര്‍മിപ്പിക്കുന്നതെന്താണ്? അത് ലളിതമായ ഈ ഒരു സത്യമാണ്: രാത്രിയില്ലാതെ ഒരു പ്രഭാതമില്ല. ദുഃഖവെള്ളിയെ തുടര്‍ന്നാണ് ഈസ്റ്റര്‍. കുരിശില്ലാതെ കിരീടമില്ല.
നമ്മുടെ ജീവിതത്തോടുള്ള ബന്ധത്തിലും ഇക്കാര്യം ഹൃദയപൂര്‍വ്വം അംഗീകരിക്കുന്നതു നമുക്ക് ഏറെ സ്വസ്ഥത നല്‍കും. എന്നാല്‍ ഇത് എങ്ങനെ ഹൃദയപൂര്‍വ്വം അംഗീകരിക്കാന്‍ ഒരുവനു കഴിയും? ഇരുളും ദുഃഖവും ക്രൂശും സ്വാഗതം ചെയ്യുക സ്വാഭാവികമായി സാധ്യമാണോ?
യേശുവിന്റെ ജീവിതത്തിലെ ഒരു നിലപാട് ഇതിനെക്കുറിച്ചു നമുക്കു വെളിച്ചം നല്‍കും. യേശുവിനെ ക്രൂശീകരണത്തിനു തൊട്ടു മുന്‍പുള്ള വിചാരണ എന്ന പ്രഹസനത്തിനു പിടിച്ചുകൊണ്ടുപോകുവാന്‍ ഗെത് സെമന തോട്ടത്തില്‍ മഹാപുരോഹിതന്റെ ചേവകരും പടയാളികളും വന്ന സമയം. പത്രൊസ് പെട്ടെന്ന് യേശുവിനെ സംരക്ഷിക്കാനായി വാള്‍ ഈരി പടയാളികള്‍ക്കു നേരെ വീശി. യേശു അപ്പോള്‍ അവനോട് ഇങ്ങനെ പറയുന്നു: ‘വാള്‍ ഉറയില്‍ ഇടുക. പിതാവ് എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടതല്ലയോ?'(യോഹന്നാന്‍ 18:11). അപ്പോള്‍ അതാണു കാര്യം. തന്റെ ക്രൂശിനെ യേശു, പിതാവു തന്ന പാനപാത്രമായി കണ്ടു. അതുകൊണ്ടുതന്നെ പിതാവിന്റെ ഹിതം ചെയ്യുന്നതു ജീവിതത്തിലെ പരമപ്രധാനമായ കാര്യമായി കണ്ടിരുന്ന യേശുവിന് ആ ക്രൂശിനെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യാന്‍ കഴിഞ്ഞു!
യേശുവിന്റെ ഈ നിലപാടിന്റെ വിദൂരമായ ഒരു നിഴല്‍ ബൈബിളിലെ ഒരു പഴയനിയമ കഥാപാത്രമായ ഇയ്യോബിലും നാം കാണുന്നുണ്ട്. ഇയ്യോബിന്റെ ജീവിതത്തില്‍ ഒട്ടേറെ ദുരിതങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നു. അപ്പോള്‍ അവന്റെ ഭാര്യപോലും ഇത്തരം ദുരനുഭവങ്ങള്‍ അനുവദിക്കുന്ന ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചു കളയാന്‍ അവനെ പ്രേരിപ്പിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഇയ്യോബ് അവള്‍ക്കു നല്‍കുന്ന മറുപടി ഇങ്ങനെ: ‘ഒരു പൊട്ടി സംസാരിക്കുന്ന പോലെ നീ സംസാരിക്കുന്നു. നാം ദൈവത്തിന്റെ കയ്യില്‍ നിന്നു നന്മ കൈക്കൊള്ളുന്നു. തിന്മയും കൈക്കൊള്ളരുതോ?'(2:10).
വലിയവനായ ദൈവത്തെ യേശു മാനവരാശിക്കു പരിചയപ്പെടുത്തി യത് നമ്മെ സ്‌നേഹിക്കുന്ന സ്വര്‍ഗീയ പിതാവ് എന്നാണ്. നാമും ദൈവത്തെ ആ നിലയില്‍ കണ്ടാല്‍ അവിടുന്നു നമുക്ക് അനുവദിക്കുന്ന അനുഭവങ്ങളെ, അവയുടെ വിശദാംശങ്ങളൊന്നും മനസ്സിലാകുന്നില്ലെ ങ്കിലും, നമ്മുടെ ആത്യന്തിക നന്മയ്ക്കായി അനുവദിച്ചിരിക്കുന്നതാ ണെന്നു കരുതുവാനും അവയെക്കുറിച്ചു പരാതിയും പരിഭവും ഇല്ലാതിരിക്കുവാനും കഴിയും.
എന്താണ് ഈ ലോകത്തു നമുക്കു കൈയാളാന്‍ കഴിയുന്ന ആത്യന്തിക നന്മ? ഇതിനു ബൈബിള്‍ വളരെ വ്യക്തതയോടെ ഒരു ഉത്തരം നല്‍കുന്നുണ്ട്. ഒരു വചനം കാണുക: റോമര്‍ 8:28 പറയുന്നത് നമുക്കു സംഭവിക്കുന്നതെല്ലാം ദൈവം നമ്മുടെ നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുന്നു എന്നാണ്. ഇവിടെ ഒരു സംശയം വരാം – കഷ്ടവും രോഗവും മരണവുമെല്ലാം നമ്മുടെ നന്മയ്ക്കായി തീരുന്നതെങ്ങനെ? തൊട്ടടുത്ത വചനം, റോമര്‍ 8:29 ആണ്. അതു വിശദമാക്കുന്നത് യേശുവിന്റെ സ്വഭാവത്തോട് അനുരൂപമാകുന്നതാണ് ഭൂമിയില്‍ ഒരുവനു നേടാവുന്ന ആത്യന്തിക നന്മ. അപ്പോള്‍ രോഗമായാലും കഷ്ടതയാ യാലും അതു നമ്മെ യേശുവിന്റെ സ്വഭാവത്തിലേക്കു നയിക്കുന്നുണ്ടെ ങ്കില്‍ അതു നമ്മുടെ ആത്യന്തിക നന്മയ്ക്കായി കൂടി വ്യാപരിക്കുക യാണ്. യേശുവിനു തന്റെ കഷ്ടങ്ങളില്‍ പരാതിയോ പിറുപിറുപ്പോ ദൈവത്തോടും മനുഷ്യരോടും കയ്‌പോ ഉണ്ടായിരുന്നില്ല. നമ്മുടെ കഷ്ടങ്ങളും നമ്മെ അത്തരം ഒരു സ്വഭാവത്തിലേക്കു നയിക്കുമെങ്കില്‍ ആ കഷ്ടങ്ങള്‍ നമ്മുടെ നന്മയ്ക്കായി കൂടിവ്യാപരിക്കുകയല്ലേ?
ജീവിതത്തില്‍ താന്‍ കുടിക്കേണ്ടി വന്ന കഷ്ടതയുടെ പാനപാത്ര ത്തെ ‘പിതാവ് എനിക്കു തന്ന പാനപാത്രം’ എന്നു യേശു വിശേഷിപ്പി ച്ചതു നാം കണ്ടല്ലോ. വാസ്തവത്തില്‍ ആ പാനപാത്രം യേശുവിനായി ഒരുക്കിയതു തന്റെ ശത്രുക്കളല്ലേ? അതേ. എന്നാല്‍ അതിനെ യേശു വിളിക്കുന്നതു പിതാവു തനിക്കു തന്ന പാനപാത്രം. പിതാവ് ഒരുക്കിയ പാനപാത്രം ഏതു മനുഷ്യകരത്തില്‍ നിന്നും വാങ്ങിക്കുടിക്കാന്‍ അവിടുന്നു സദാ തയാറായിരുന്നു. മാത്രമല്ല, ലവലേശം പരിഭവമോ കയ്‌പോ ഇല്ലാതെയാണ് അങ്ങനെ ചെയതത്. യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെടുന്ന ആത്യന്തിക നന്മയാണു നമ്മുടെ ലക്ഷ്യമെങ്കില്‍ ഇക്കാര്യത്തില്‍ നാം എത്ര കാതം ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു!
ഒരു കൊച്ചു പെണ്‍കുട്ടിയുടെ കഥ കേട്ടിട്ടുള്ളത് ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. പെണ്‍കുഞ്ഞ് എന്നും സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും നടന്നാണു പൊയ്‌ക്കൊണ്ടിരുന്നത്. ഒരു ദിവസം ഉച്ചകഴിഞ്ഞപ്പോള്‍ ശക്തിയായ കാറ്റ്. മഴയില്ലെങ്കിലും ഇടയ്ക്കിടെ മിന്നലും ഇടിയും. മകള്‍ സ്‌കൂള്‍ വിട്ടു തനിയെ നടന്നു വരുമ്പോള്‍ ഇടമിന്നല്‍ മൂലം പേടിച്ചു പോയേക്കുമെന്നു കരുതി അമ്മ അവളെ അന്വേഷിച്ച് ഇറങ്ങി.
അമ്മ സ്‌കൂളിലേക്കു വേഗത്തില്‍ നടന്നു ചെല്ലുമ്പോള്‍ മകളിതാ മെല്ലെ ഒറ്റയ്ക്കു വഴിയുടെ മറുവശത്തു കൂടി നടന്നു വരുന്നു. പെട്ടെന്നു തിളങ്ങുന്ന വാള്‍പോലെ ഒരു മിന്നല്‍പ്പിണര്‍ ആകാശത്തെ കീറി മുറിച്ചു. തുടര്‍ന്നു ഭയാനകമാം വിധം ഇടി മുഴങ്ങി. എന്നാല്‍ അമ്മ ശ്രദ്ധിച്ചപ്പോള്‍ മകള്‍ പെട്ടെന്നു നടത്തം നിര്‍ത്തി മിന്നല്‍പ്പിണറിനെ നോക്കി പുഞ്ചിരിക്കുന്നു! അതിനുശേഷം പിന്നെയും നടക്കുന്നു. ഓരോ തവണയും മിന്നല്‍ ഉണ്ടാകുമ്പോള്‍ കുഞ്ഞ് നടത്തം നിര്‍ത്തി മുഖം ആകാശത്തേക്ക് ഉയര്‍ത്തി പുഞ്ചിരിക്കുകയാണ്.
പെട്ടെന്നു മകള്‍ അമ്മയെ കണ്ടു. അവള്‍ അമ്മയുടെ അടുക്കലേക്ക് ഓടിയെത്തി. അമ്മ കുഞ്ഞിനെ ചേര്‍ത്തണച്ചുകൊണ്ട് ചോദിച്ചു: ‘മോളെ, നീയെന്താ ചെയ്യുന്നത്? എന്താ നീ മിന്നലുണ്ടാകുമ്പോള്‍ നടത്തം നിര്‍ത്തി ആകാശത്തേക്കു നോക്കി പുഞ്ചിരിക്കുന്നത്?’
സഹജമായ നിഷ്‌കളങ്കതയോടെ കുഞ്ഞ് പറഞ്ഞു: ‘ഞാന്‍ സുന്ദരിക്കുട്ടിയായി നില്‍ക്കുവാന്‍ ശ്രമിക്കുന്നതാ മമ്മീ. നോക്കൂ, ദൈവം വീണ്ടും വീണ്ടും എന്റെ ഫോട്ടോ എടുത്തുകൊണ്ടിരിക്കുകയല്ലേ?’ ഇന്നു നമ്മള്‍ ജീവിതത്തില്‍ ഓര്‍ക്കാപ്പുറത്ത് ഇടിമിന്നലുകളെ അഭിമുഖീകരിക്കുമ്പോള്‍ മെല്ലെ തലയുയര്‍ത്തി ഇടിമിന്നലിനു പിന്നിലുള്ള ദൈവത്തിന്റെ കരങ്ങളെ കാണുക. എന്നാല്‍ ഒരു കാര്യം: പുഞ്ചിരി തൂകാന്‍ മറന്നു പോകരുത്.
ഈസ്റ്റര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ലളിതമായ മറ്റൊരു സത്യം തിന്മയുടെ മേല്‍ അവസാന ജയം നന്മയ്ക്കായിരിക്കും എന്നതാണ്. വാക്കിലും പ്രവൃത്തിയിലും മനോഭാവത്തിലും തെറ്റൊന്നും ചെയ്യാത്ത വനായിരുന്നു യേശു. എല്ലാവരുടെയും നന്മ മാത്രം ആഗ്രഹിച്ചവന്‍. എന്നിട്ടും മതമേലധ്യക്ഷന്മാരും ഭരണകൂടവും അവന് എതിരായിരുന്നു. തെറ്റായ ആരോപണങ്ങളുന്നയിച്ച് അവര്‍ അവരെ ക്രൂശിച്ചു കൊന്നു. തിന്മയും അസത്യവും ജയിച്ചുവെന്ന് എല്ലാവരും കരുതിപ്പോയ നിമിഷം. പക്ഷേ ആഴ്ചവട്ടത്തിന്റെ ഒന്നാംനാള്‍ ആയപ്പോള്‍ യേശു മരണത്തിന്റെ ശക്തികളെ തോല്‍പ്പിച്ച് ഉയിര്‍ത്തെഴുന്നേറ്റു. ഉവ്വ്, തിന്മയ്ക്കു താല്‍ക്കാലിക ജയം മാത്രം, അവസാനമായി ജയിക്കുന്നതു നന്മയും സത്യവും മാത്രം. വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാല്‍ അതു ഞായറാഴ്ച ഉയിര്‍ത്തെഴുന്നേല്‍ക്കും. തലച്ചോറില്‍ ഇതൊരു സിദ്ധാന്തമായി അറിഞ്ഞാല്‍ പോര. തലയില്‍ നിന്ന് ഒരടി താഴേക്ക് നമ്മുടെ ഹൃദയത്തിലേക്ക് ഇത് ഒരു ബോധ്യമായി വന്നാല്‍ അതു നമ്മുടെ ജീവിതത്തെ ഏറെ വ്യത്യാസപ്പെടുത്തും. നാം പിന്നീട് നഷ്ട ങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായാലും നന്മയുടെയും സത്യത്തി ന്റെയും ഭാഗത്തു നില്‍ക്കും. വളഞ്ഞ വഴികള്‍ തേടുന്നവര്‍ക്കു താല്‍ക്കാ ലിക നേട്ടം ഉണ്ടായെന്നു വരാം. അവരാണു ജയിച്ചതെന്നു മറ്റുള്ളവരും കരുതിയേക്കാം. എന്നാല്‍ തിന്മയും അസത്യവും ആത്യന്തികമായി പരാജയപ്പെടും. അതുകൊണ്ട് സത്യത്തിന്റെ പക്ഷത്ത് ഒരു ന്യൂനപക്ഷ മേയുള്ളെങ്കിലും അവരോടൊപ്പം നില്‍ക്കുക.
ഇതുവരെ പറഞ്ഞ കാര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം. ഒന്ന്: ജീവിതാനുഭവങ്ങളെ കേവലം സുഖമെന്നും ദുഃഖമെന്നും കാണാ തിരിക്കാം. സുഖമായാലും ദുഃഖമായാലും അതു നമ്മെ യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെടുത്തട്ടെ. അതാണ് ഈ ലോക ജീവിത ത്തില്‍ ഒരുവനു നേടാവുന്ന ആത്യന്തിക നന്മ. പക്ഷേ കാര്യങ്ങളെ ഈ കാഴ്ചപ്പാടില്‍ കാണണമെന്നുണ്ടെങ്കില്‍ ഒന്നാമത് ദൈവത്തെ സ്വര്‍ഗീയ പിതാവായി കാണുന്ന ലളിതമായ ഒരു വിശ്വാസത്തിലേക്കു നാം വരണം. ഇത് ഒരു പിതൃപുത്ര ബന്ധമാണ്. ഇതെങ്ങനെയാണു സാധ്യമാകുന്നതെന്നു ബൈബിള്‍ പറയുന്നു. ‘അവനെ (യേശുവിനെ) ഹൃദയത്തില്‍ കൈക്കൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു’ (യോഹന്നാന്‍ 1:12). ലളിതമായ ഒരു വിശ്വാസത്തോടെ യേശുവിനെ ജീവിതത്തില്‍ നാഥനും കര്‍ത്താവുമായി സ്വീകരിക്കുക. അപ്പോള്‍ മാത്രമാണ് ഈസ്റ്റര്‍ നമ്മെ സംബന്ധിച്ചിടത്തോളം ഒരു യാഥാര്‍ഥ്യ മായി മാറുക.
രണ്ട്: തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികം. ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞ വഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില്‍ക്കുക. ആത്യന്തിക ജയം സത്യത്തിനു മാത്രം- ഈസ്റ്റര്‍ നമുക്കു നല്‍കുന്ന രണ്ടു സുപ്രധാന പാഠങ്ങള്‍ ഇവയാണ്.
38. ദാഹം
‘ചിലര്‍ക്കു പണത്തോടായിരിക്കും താല്‍പര്യം. മറ്റു ചിലര്‍ക്കു പേരിനും പ്രശസ്തിയോടും. എനിക്കു രണ്ടാമതു പറഞ്ഞതിനോടായിരുന്നു താല്‍പര്യം’- ഒരു ചെറിയ സദസ്സില്‍ അദ്ദേഹം തന്റെ ജീവിതത്തിലു ണ്ടായ വഴിത്തിരിവിന്റെ കഥ പറഞ്ഞു തുടങ്ങുകയായിരുന്നു. അദ്ദേഹം പലര്‍ക്കും ഒരത്ഭുതമാണ്. ഒരു മാധ്യമ സ്ഥാപനത്തിന്റെ പത്രാധിപ സമിതിയില്‍ ജോലി നോക്കുന്ന ഒരാള്‍. അവിടെ ഓരോരുത്തരും മറ്റൊരാളേക്കാള്‍ മുന്നിലെത്താനുള്ള മല്‍സരയോട്ടത്തിലാണ്. ഓരോരുത്തരും താനാണു കേമന്‍ എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്. ഈ ‘മൂഷികയോട്ട’ത്തില്‍ നിന്ന് അദ്ദേഹം മാത്രം മാറി നിന്നു. തന്നെ തേടിയെത്തിയ ചില അവസരങ്ങള്‍ പോലും മനഃസാക്ഷിയുടെ പേരില്‍ വേണ്ടെന്നു വച്ചു. ഒന്നിനെക്കുറിച്ചും ഒരു പരാതിയില്ലാതെ നിശ്ശബ്ദം തന്റെ ജോലി ചെയ്തു പോകുന്നു. എന്തുകൊണ്ടാണ് ഇദ്ദേഹം തനിക്കു വച്ചു നീട്ടിയ അവസരങ്ങള്‍ പോലും വേണ്ടെന്നു വച്ചു താരതമ്യേന അപ്രധാനമായ ഒരിടത്തില്‍ ഒതുങ്ങിക്കൂടിയത്? പലരുടെയും മനസ്സിലുണ്ടായിരുന്ന ആ ചോദ്യത്തിന്റെ മറുപടിയായാണ് അദ്ദേഹം തന്റെ ആത്മകഥയുടെ ഒരേടു തുറന്നു കാണിക്കാന്‍ തയാറായത്.
അദ്ദേഹം ഒരു കഥപോലെ ആ സംഭവങ്ങള്‍ ഇങ്ങനെ വിരിച്ചു:
വിദ്യാഭ്യാസത്തിനു ശേഷം മറ്റു സാധ്യതകള്‍ തള്ളിക്കളഞ്ഞ് നന്നെ ചെറുപ്പത്തില്‍ മാധ്യമ സ്ഥാപനത്തില്‍ ജോലിക്കു കയറിയതു തന്നെ വേഗത്തില്‍ പേരു നേടാമല്ലോ എന്ന ആഗ്രഹത്തോടെയാണ്. തുടക്കത്തില്‍ ചില അംഗീകാരങ്ങള്‍ ലഭിക്കുക കൂടി ചെയ്തപ്പോള്‍ കൂടുതല്‍ ഉല്‍സാഹമായി. അങ്ങനെ പോകുമ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. വാര്‍ത്തയോടോ ഫീച്ചറിനോടോ ഒപ്പം പേര് അച്ചടിച്ചു വരുന്നതു കാണാന്‍ ഒരു സുഖമുണ്ട്. എന്നാല്‍ ആ പ്രശസ്തിക്ക് ഒരു ദിവസത്തെ ആയുസ്സേയുള്ളു. പിറ്റേന്നു വേറൊരു വാര്‍ത്തയില്‍ മറ്റൊരാളുടെ ‘ബൈലൈന്‍’ വരുന്നതോടെ തലേന്നത്തെ വാര്‍ത്തയും ബൈലൈനും അപ്രസക്തമായി…
ചെറുപ്പക്കാരന്റെ ഈ ഖിന്നതയ്ക്ക് ഒരു പോംവഴി നിര്‍ദ്ദേശിച്ചതു സ്ഥാപനത്തിലെ സാഹിത്യ മാസികയുടെ എഡിറ്ററും അന്നു മലയാള ത്തിലെ പ്രശസ്തനായ നിരൂപകനുമായിരുന്ന മാന്യദേഹമാണ്. അദ്ദേ ഹം ചെറുപ്പക്കാരനെ ഉപദേശിച്ചു: ‘സാഹിത്യമാണു നിലനില്ക്കുന്നത്. കാലത്തെ അതിജീവിക്കുന്നത്. അനശ്വരമായത്. നീ സാഹിത്യരംഗത്ത് ഒരു പേരു നേടുവാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് എന്നെ നോക്ക്. 40 വയസ്സുവരെ പണം ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഞാന്‍. 40 വയസ്സായതോടെ നല്ലൊരു സാമ്പത്തിക അടിത്തറയായി. പിന്നേയും കൂടുതല്‍ പണം ഉണ്ടാക്കിയിട്ടു കാര്യമില്ലെന്നു തോന്നി. ഇനി പ്രശസ്തിയാണു വേണ്ടത്. അതിനു നല്ലതു സാഹിത്യ വിമര്‍ശന രംഗത്തേക്കു തിരിയുകയാണെന്നു തോന്നി. പക്ഷേ 40 വയസ്സുവരെ ഒരക്ഷരം എഴുതിയിട്ടില്ല. അതുകൊണ്ടു തന്നെ സര്‍ഗാത്മക സാഹി ത്യം ഇനി വഴങ്ങുമെന്നു തോന്നിയില്ല. പിന്നെ സാഹിത്യ വിമര്‍ശന രംഗത്തേക്കു തിരിഞ്ഞു. ചില വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടിരുന്നു വായിച്ചു. വായിക്കുന്നതിന്റെ നോട്ടെടുത്തു. ചെറുതായി എഴുതി തുടങ്ങി. ഇംഗ്ലീഷ് നന്നായി അറിയാവുന്നതും പ്രയോജനപ്പെട്ടു. അവസരങ്ങള്‍ വന്നു. ഒന്നും നഷ്ടപ്പെടുത്തിയില്ല. ഇപ്പോഴിതാ ആര്‍ക്കും അവഗണി ക്കാനാവാത്ത പ്രശസ്ത നിരൂപകനും പ്രസംഗകനും. നിനക്കും ശ്രമിച്ചാല്‍ ഇതുപോലെ ഒക്കെ ആകാന്‍ കഴിയും.’
സാഹിത്യ നിരൂപകന്റെ വാക്കുകള്‍ ചെറുപ്പക്കാരനു പ്രചോദനമായി. സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദവും ഉണ്ടായിരുന്ന ചെറുപ്പക്കാരനും ക്രമേണ സാഹിത്യ വിമര്‍ശനത്തിന്റെ മേഖലയില്‍ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങി. വേഗത്തില്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു തുടങ്ങി. ഇടയ്ക്കിടെ തന്റെ ഗോഡ്ഫാദറായ മുതിര്‍ന്ന നിരൂപകനെ പോയി കാണും. അദ്ദേഹം ചെറുപ്പക്കാരനെ ഉപദേശിക്കും: ‘നോക്ക്, നിങ്ങള്‍ ചെറുപ്പക്കാരുടെ പ്രശ്‌നം, നിങ്ങള്‍ക്കാര്‍ക്കും എന്നെപ്പോലെ വാശിയില്ല എന്നതാണ്. എന്നെ നോക്ക്, ഈ പ്രായത്തിലും പ്രശസ്തിയും പേരും നേടാനുള്ള വലിയൊരു തൃഷ്ണ, അമര്‍ത്തിയാലും അടങ്ങാത്ത ഒരു ഏര്‍ജ് (ൗൃഴല) എനിക്കുണ്ട്. ആ ലക്ഷ്യം നേടുന്നതിനു ധാര്‍മികതയോ, മനഃസാക്ഷിയോ ഒന്നും എനിക്കു വിലങ്ങു തടിയല്ല. ആളുകളെ സുഖിപ്പിക്കേണ്ടടത്തു സുഖിപ്പിക്കും. പുറംചൊറിയേണ്ടിടത്തും കാലു പിടിക്കേണ്ടിടത്തും അതു ചെയ്യും. അവാര്‍ഡുകളും പുരസ്‌കാരങ്ങളും എങ്ങനെയും നേടിയെടുക്കും. ആളുകളെ നമ്മുടെ ആവശ്യം കഴി ഞ്ഞാല്‍ കറിവേപ്പില പോലെ കളയാനും എനിക്കു മടിയില്ല. നിനക്കൊ ന്നും എന്റെ പകുതി വീറും വാശിയും ഇല്ലല്ലോ. കഷ്ടം, കഷ്ടം!’
ചെറുപ്പക്കാരന്‍ ഇതെല്ലാം കേട്ടു കൂടുതല്‍ വാശിയോടെ തന്റെ ‘ഗുരു’ പോയ അതേ വഴിയിലൂടെ പോകാന്‍ തുടങ്ങി. അങ്ങനെയിരി ക്കെ, ഒരു ദിവസം ഗുരു ആശുപത്രിയിലായി. പല തിരക്കുകള്‍ക്കിട യില്‍ കുറേ ദിവസത്തേക്കു വിവരം ചെറുപ്പക്കാരന്‍ അറിഞ്ഞതേയില്ല. ഏകദേശം ഒരു മാസത്തോളം ആയപ്പോഴാണ് വിവരം കേട്ടറിഞ്ഞു ചെറുപ്പക്കാരന്‍ കാണാന്‍ പോയത്. ചെന്നപ്പോള്‍ ആശുപത്രി കിടക്കയില്‍, മസ്തിഷ്‌ക്കാഘാതം വന്നു സംസാരിക്കാനാവാതെ, എഴുന്നേല്‍ക്കാനാകാതെ, കയ്യും കാലും ചലിപ്പിക്കാനാകാതെ, തിരിഞ്ഞോ മറിഞ്ഞോ കിടക്കാനാകാതെ അദ്ദേഹം. മക്കള്‍ക്കു മറ്റ് അത്യാവശ്യമുള്ളതിനാല്‍ ഒരു ഹോം നഴ്‌സിന്റെ പരിചരണത്തിലാ ക്കിയിരിക്കുകയാണ്. ചെറുപ്പക്കാരനെ കണ്ടപ്പോള്‍ മനസ്സിലായ ഭാവം മുഖത്ത്. കണ്ണുകള്‍ നിറഞ്ഞ് എന്തോ പറയാന്‍ തുടങ്ങി. വാക്കുകള്‍ പുറത്തു വന്നില്ല. പകുതി തുറന്ന വായിലൂടെ കൊഴുത്ത കഫം പുറ ത്തേക്കൊഴുകി. ഹോം നഴ്‌സ് തുവര്‍ത്തെടുത്ത് അതൊപ്പി… ചെറുപ്പ ക്കാരന്‍ നിറകണ്ണുകളോടെ പുറത്തേക്കു നടന്നു.
”നിങ്ങള്‍ക്കു മനസ്സിലായിക്കാണുമല്ലോ. ഈ കഥയിലെ ചെറുപ്പക്കാരന്‍ ഞാനാണ്. പേരിനോടും പ്രശസ്തിയോടുമുള്ള കമ്പം അന്നെനിക്കു നഷ്ടപ്പെട്ടു. ഈ കഥയിലെ സാഹിത്യ നിരൂപകന്‍ നിങ്ങള്‍ക്കെല്ലാമറിയാവുന്നു… ആണ്. ചില ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു. വളരെ വേഗം എല്ലാവരും അദ്ദേഹത്തെ മറന്നു. ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹത്തിന്റെ പേരുപോലും അറിയില്ല. കാലത്തെ അതിജീവിക്കാന്‍ തനിക്കു കഴിയുമെന്നും സാഹിത്യലോക ത്തു തന്റെ പേര് അനശ്വരമായി നില്‍ക്കുമെന്നും നിരൂപകന്‍ കരുതി. എല്ലാം വെറുതെ. പണവും പേരുമെല്ലാം സത്യത്തില്‍ നമ്മുടെ ദാഹം ശമിപ്പിക്കുമോ? ഇതാണ് എന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവിനു കാരണമായത്” അദ്ദേഹം പറഞ്ഞു നിര്‍ത്തി. ആ ചെറിയ സദസ്സില്‍ ഉണ്ടായിരുന്ന ആരും ഒന്നും മിണ്ടിയില്ല. മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത. പുറത്തു സന്ധ്യ മല്ലെ കനക്കുകയായി രുന്നു. സദസ്സു പിരിഞ്ഞു. ഓരോരുത്തരായി പുറത്തെ ഇരുട്ടിലേക്ക് ഊളിയിട്ടു. പരസ്പരം നോക്കാതെ… ഒന്നും ഉരിയാടാതെ.
മെല്ലെ നടക്കുമ്പോള്‍ ‘ഈ വെള്ളം കുടിക്കുന്നവനെല്ലാം പിന്നേയും ദാഹിക്കും’ എന്ന ക്രിസ്തു വചനം ഓര്‍ത്തുപോയി. ശമര്യ എന്ന സ്ഥലത്തെ പൊതു കിണറ്റില്‍ വെള്ളം കോരാന്‍ എത്തിയ ഒരു സ്ത്രീയോടാണ് യേശു അങ്ങനെ പറഞ്ഞത്. അവളുടെ പേര് യോഹന്നാന്‍ സുവിശേഷകന്‍ (നാലാം അധ്യായം) രേഖപ്പെടുത്തിയി ട്ടില്ലെങ്കിലും അവളുടെ ദാഹത്തെക്കുറിച്ച് സമൃദ്ധമായ സൂചന യോഹ ന്നാന്‍ നല്‍കുന്നുണ്ട്. സ്‌നേഹത്തിനു വേണ്ടിയുള്ള അലച്ചിലായിരുന്നു അവളുടെ ജീവിതം. അതിനുവേണ്ടി ഒട്ടേറെ വഴിവിട്ട ബന്ധങ്ങളിലൂടെ അവള്‍ക്കു കടന്നു പോകേണ്ടി വന്നു. എന്നാല്‍ അതൊന്നും അവളുടെ ഹൃദയത്തിന്റെ യഥാര്‍ഥ ദാഹം ശമിപ്പിച്ചിച്ചില്ല. ഈ പശ്ചാത്തലത്തി ലാണു യേശു അവളോട് ‘ഈ വെള്ളം കുടിക്കുന്നവനൊക്കെയും പിന്നേയും ദാഹിക്കും’ എന്നു പറഞ്ഞത്. സത്യത്തില്‍ പണം, പേര്, സുഖാന്വേഷണങ്ങള്‍ എന്നിവയെല്ലാം ഉപ്പുവെള്ളം പോലെയാണ്. ഉപ്പുവെള്ളം ദാഹം ശമിപ്പിക്കുകയില്ല. അതു ദാഹം വര്‍ധിപ്പിക്കുക യേള്ളു. ദാഹം കൂടുമ്പോള്‍ വീണ്ടും വീണ്ടും ഉപ്പുവെള്ളം തന്നെ കുടിക്കേണ്ടി വരുന്നവന്റെ ഗതികേട് അലോചിച്ചു നോക്കുക. കുടിക്കുന്തോറും പിന്നേയും കുടിക്കാന്‍ തോന്നും. ദാഹം ഒട്ടും ശമിക്കുകയുമില്ല.
ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്ന പാസ്‌കല്‍ മനുഷ്യനെക്കു റിച്ചു നടത്തിയ രസകരമായ ഒരു നീരീക്ഷണം ഇവിടെ പ്രസക്തമാണെ ന്നു തോന്നുന്നു: ‘മനുഷ്യന്റെ ഉള്ളില്‍ ഒരു ശൂന്യതയുണ്ട്. പേരും പണവും സുഖങ്ങളും എന്നുവേണ്ട കിട്ടുന്നതെല്ലാം കൊണ്ടും ആ ശൂന്യത നികത്താനാണ് മനുഷ്യന്‍ ശ്രമിക്കുന്നത്. പക്ഷേ അവ കൊണ്ടൊന്നും അതു പൂര്‍ണമായി അടയുകയില്ല. കാരണം, ആ ശൂന്യത ദൈവത്തിന്റെ ആകൃതിയിലാണ്. ദൈവത്തെ ആ ശൂന്യതയുടെ ഭാഗത്തു പ്രതിഷ്ഠിച്ചാല്‍ മാത്രമേ അതു പൂര്‍ണമായി അടയുകയുള്ളു. ഇതു മനസ്സിലാക്കാത്തതാണ് മനുഷ്യന്റെ അലച്ചിലിന്റെ കാരണം.’ ഒരു യഹൂദ കവിയുടെ പ്രസിദ്ധമായ കീര്‍ത്തനത്തിന്റെ തുടക്കം ഇങ്ങനെ:
‘മാന്‍ നീര്‍ത്തോടുകളിലേക്കു ചെല്ലുവാന്‍
കാംക്ഷിക്കുന്നതുപോലെ ദൈവമേ,
എന്റെ ആത്മാവു നിന്നോടു
ചേരുവാന്‍ കാംക്ഷിക്കുന്നു.
എന്റെ ആത്മാവു ദൈവത്തിനായി
ജീവനുള്ള ദൈവത്തിനായി തന്നെ
ദാഹിക്കുന്നു; ഞാനെപ്പോള്‍ അവിടെ,
ദൈവസന്നിധിയില്‍, ചെല്ലാനിടയാകും?’
പാസ്‌കല്‍ വിശദീകരിച്ചതും യഹൂദാ കവി പാടിയതുമായ ഇതേ ദാഹമല്ലേ നേരത്തെ പറഞ്ഞ മാധ്യമപ്രവര്‍ത്തകനു സ്വന്തം ജീവിതത്തില്‍ അനുഭവപ്പെട്ടതും?
39. പ്രകോപനത്തിനും പ്രതികരണത്തിനും ഇടയില്‍
‘പ്രകോപനത്തിനും പ്രതികരണത്തിനും ഇടയില്‍ മറ്റാര്‍ക്കും കവര്‍ന്നു കളയാന്‍ കഴിയാത്ത, നമുക്കു മാത്രമായ, ഒരിടമുണ്ട്. ആ ഇടം നാം എങ്ങനെ ഉപയോഗിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ സന്തോഷം’- വിക്ടര്‍ ഫ്രാങ്കിള്‍ എന്ന മനഃശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടിനെ ഇങ്ങനെ ഒതുക്കി പറയാം എന്നു തോന്നുന്നു. വിക്ടര്‍ ഫ്രാങ്കിള്‍ ഒരു യെഹൂദനായിരുന്നു. ജര്‍മനിയില്‍ നാസികളുടെ തടവറയില്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനം നമുക്ക് സങ്കല്‍പിക്കാവുന്നതിനും അപ്പുറമായിരുന്നു. തന്റെ മാതാ പിതാക്കള്‍, സഹോദരന്‍, സഹോദര ഭാര്യ എന്നിവര്‍ തടവറയിലോ ഗ്യാസ് ചേംബറിലോ കൊല്ലപ്പെട്ടു. തന്റെ ഊഴം കാത്ത് ഓരോ ദിവ സവും അദ്ദേഹം പേടിയോടെ കഴിച്ചുകൂട്ടി. ഒന്നുകില്‍ അദ്ദേഹ ത്തെയും ഗ്യാസ് ചേംബറിലേക്കു തള്ളിവിട്ടേക്കാം. അല്ലെങ്കില്‍ കുറച്ചുനാള്‍ കൂടി ജീവിച്ചിരുന്നു ഗ്യാസ് ചേംബറില്‍ വധിക്കപ്പെടുന്ന മറ്റ് യെഹൂദരുടെ ഭൗതികാവശിഷ്ടങ്ങളോ ചാരമോ ചുമന്നു മാറ്റുന്ന മനംമടുപ്പിക്കുന്ന ജോലി ചെയ്യാം. രണ്ടായാലും ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത ജീവിതം.
അങ്ങനെയിരിക്കെ ഒരു ദിവസം തന്റെ തടവറയ്ക്കുള്ളില്‍ തനിയെ ഇരിക്കുമ്പോള്‍ പൊടുന്നനെ വിക്ടര്‍ ഫ്രാങ്കിളിന് ഒരു വലിയ സ്വാതന്ത്ര്യബോധം അനുഭവപ്പെട്ടു. ഈ ആന്തരിക സ്വാതന്ത്ര്യം തന്റെ നാസി യജമാനന്മാര്‍ക്ക് അപഹരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കണ്ടു. അവര്‍ക്കു തന്നെ പീഡിപ്പിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ തന്റെ ചിന്തകളെയോ സങ്കല്‍പങ്ങളെയോ അവര്‍ക്കു തളയ്ക്കാനാവില്ലെന്ന് അദ്ദേഹം കണ്ടു. അതു തന്റെ സ്വന്തമാണ്. അതിന്റെ അധിപതി താനാ ണ്. താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ ഒരു നീരീക്ഷകനെപ്പോലെ തനിക്കു നോക്കി കാണാമല്ലോ.
ഉദാഹരണത്തിനു സ്വാതന്ത്ര്യം കിട്ടിയശേഷം ഇവിടെ നിന്നു താന്‍ പഠിച്ച ജീവിത സത്യങ്ങള്‍ തന്റെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതായി ക്യാംപിലെ കൊടിയ പീഡനങ്ങള്‍ക്കിടിയിലും അദ്ദേഹം കിനാവു കണ്ടു. കുട്ടികള്‍ക്കു താന്‍ ക്ലാസ്സ് എടുക്കുന്നു. അവര്‍ തന്നോടു ചോദ്യ ങ്ങള്‍ ചോദിക്കുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള നല്ല ഉത്തരമെന്താണ്? അദ്ദേഹം ഒരു നിമിഷം ചിന്തയില്‍ പരതും. ഓ! കിട്ടിപ്പോയി. അങ്ങനെ ആ ഒരു ഉദാഹരണം ചേര്‍ത്തു പറഞ്ഞാല്‍ കുട്ടികള്‍ക്കു കാര്യം എളുപ്പം പിടികിട്ടും. അദ്ദേഹത്തിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. സന്തോഷം, ആര്‍ക്കും അപഹരിക്കാന്‍ കഴിയാത്ത സ്വാതന്ത്ര്യം-ഇതെ ല്ലാം തനിക്കു കയ്യാളുവാന്‍ കഴിയും. പക്ഷേ, താനതു തിരഞ്ഞെടുക്കണ മെന്നു മാത്രം. ഇവിടെ പീഡന ക്യാംപില്‍ സംഭവിച്ചതിനും അല്ലെങ്കില്‍ താന്‍ നേരിടുന്ന പ്രകോപനത്തിനും അതിനോടുള്ള തന്റെ പ്രതി കരണത്തിനും ഇടയ്ക്കാണു തന്റെ സ്വാതന്ത്ര്യം അഥവാ പ്രതികരണം തിരഞ്ഞെടുക്കാനുള്ള തന്റെ അവകാശം കിടക്കുന്നതെന്നു വിക്ടര്‍ ഫ്രാങ്കിള്‍ കണ്ടു. ഈ അഹംബോധം ഉണ്ടായതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിക്ടര്‍ ഫ്രാങ്കിള്‍ ആ പീഡന ക്യംപില്‍ തന്നെ അതു പരിശീലിക്കാന്‍ തുടങ്ങി. നാസി യജമാനന്മാരേക്കാള്‍ സന്തോഷം ആ ജൂത തടവുകാരനു കൈവന്നു. മറ്റു തടവുകാര്‍ക്കും അദ്ദേഹത്തിന്റെ വീക്ഷണം പ്രചോദനം നല്‍കി. അവര്‍ക്കും ക്രമേണ തടവറയിലെ ജീവിതം അന്തസ്സുള്ളതും ക്ലേശങ്ങള്‍ അര്‍ഥവത്തായും അനുഭവപ്പെട്ടു. നാസി കാവല്‍ക്കാര്‍ക്കുപോലും വിക്ടര്‍ ഫ്രാങ്കിള്‍ അത്ഭുതവും പ്രചോദനവുമായി മാറി.
‘എപ്പോഴും സന്തോഷിപ്പീന്‍, സന്തോഷിപ്പീന്‍ എന്നു ഞാന്‍ വീണ്ടും പറയുന്നു’ -സെന്റ് പോളിന്റെ ഒരു വചനമാണിത്. കഷ്ടിച്ചു നാലധ്യായമുള്ള ഫിലിപ്യ ലേഖനത്തില്‍ നിന്നാണീ വചനം. ഇതില്‍ 16 പ്രാവശ്യം സന്തോഷത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. സന്തോഷ ത്തെക്കുറിച്ച് ഇത്രയും വാതോരാതെ സെന്റ് പോള്‍ പറയുമ്പോള്‍ അദ്ദേഹം ഏറെ സന്തോഷകരമായ സാഹചര്യത്തിലിരുന്നാണ് ഈ ലേഖനം എഴുതുന്നത് എന്നാവും നാം കരുതുക. എന്നാല്‍ വാസ്തവം എന്താണ്? റോമന്‍ കാരാഗൃഹത്തിന്റെ ഇരുണ്ട അകത്തളങ്ങളിലിരു ന്നാണ് അദ്ദേഹം ഈ ലേഖനം എഴുതിയതെന്നാണു ചരിത്രം പറയുന്നത്. അന്നത്തെ റോമന്‍ കാരാഗൃഹങ്ങള്‍ വളരെ മോശമായ സ്ഥിതിയിലായിരുന്നു. ഭക്ഷണം ആവശ്യത്തിനില്ല. കാലുകള്‍ ആമത്തില്‍ പൂട്ടപ്പെട്ട അവസ്ഥ. ഇഴജന്തുക്കളും ക്ഷുദ്ര ജീവികളും പരതി നടക്കുന്ന തണുത്ത തറയിലാണു കിടപ്പ്. ഇവിടെ കിടന്നാണ് സെന്റ്‌പോള്‍ ഫിലിപ്യരോടു പറയുന്നത്- ‘എപ്പോഴും സന്തോഷിപ്പീന്‍, സന്തോഷിപ്പീന്‍ എന്നു ഞാന്‍ വീണ്ടും പറയുന്നു.’ തീര്‍ച്ചയായും പ്രകോപനത്തിനും പ്രതികരണത്തിനും ഇടയില്‍ മറ്റാര്‍ക്കും കവര്‍ന്നു കളയാന്‍ കഴിയാത്ത ഈ ഇടം സെന്റ് പോള്‍ ഒന്നാം നൂറ്റാണ്ടില്‍ തന്നെ കണ്ടെത്തിയിരുന്നു.
സെന്റ് പോളിനും അനുയായി ശീലാസിനും ഉണ്ടായ മറ്റൊരനുഭവം അപ്പൊസ്തലന്മാരുടെ നടപടികളില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. ഫിലിപ്യ പട്ടണത്തില്‍ തന്നെയാണതു സംഭവിച്ചത്. പോളിനെയും ശീലാസിനെയും അധികാരികള്‍ മൃഗീയമായി മര്‍ദ്ദിച്ച ശേഷം കാലുകള്‍ ആമത്തില്‍ ഇട്ടു പൂട്ടി ജയിലിന്റെ ഉള്ളറയില്‍ ഇട്ടു. പക്ഷേ തങ്ങളുടെ ദുര്‍വിധിയോര്‍ത്ത് സങ്കടപ്പെട്ടിരിക്കാതെ രാത്രിയില്‍ പോളും ശീലാസും മനോഹരമായ ഗാനങ്ങള്‍ ഉച്ചത്തില്‍ ആലപിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ തുടങ്ങി. സഹതടവുകാരും അവിടെ തന്നെ താമസിച്ചിരുന്ന ജയില്‍ മേധാവിയും ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടാണിരുന്നത്. അര്‍ധരാത്രി സമയത്ത് അവര്‍ പാട്ടുപാടിക്കൊണ്ടി രിക്കുമ്പോള്‍ പെട്ടെന്നു വലിയ ഭൂകമ്പം ഉണ്ടായി. ജയിലിന്റെ വാതി ലുകള്‍ മലര്‍ക്കെത്തുറന്നു. തടവുകാരുടെ ചങ്ങലകള്‍ അഴിഞ്ഞു വീണു. ഈ സമയത്ത് ജയില്‍ അധികാരി കരുതിയത് ജയില്‍പുള്ളികളെല്ലാം ഈ തക്കത്തില്‍ ഓടിപ്പോയെന്നാണ്. അതുകൊണ്ട് തടവുകാരുടെ ചുമതല ഉണ്ടായിരുന്ന താന്‍ അധികാരികളുടെ മുന്‍പില്‍ കുറ്റക്കാര നാകുമെന്നു കരുതി ജയില്‍ അധികാരി ആത്മഹത്യയ്ക്കു മുതിരുന്നു. പോള്‍ അതു മനസ്സിലാക്കി അയാളെ ആശ്വസിപ്പിച്ചു. ‘തങ്ങള്‍ തടുവു കാര്‍ ഒരാള്‍ പോലും ഓടിപ്പോയിട്ടില്ല, പേടിക്കേണ്ട’ എന്നു പറഞ്ഞ് ജയില്‍ മേധാവിയെ അദ്ദേഹം ആത്മഹത്യയില്‍ നിന്നു പിന്‍തിരിപ്പിച്ചു. ഈ സംഭവം ജയിലറുടെ മനംതിരിവിനു കാരണമായി. നോക്കുക: തടവുകാരാണു പോളും ശീലാസും. അവര്‍ രാത്രിയില്‍ സന്തോഷ ത്തിന്റെ പാട്ടുകള്‍ പാടുന്നു. തടവറയിലെ പീഡനമായിരുന്നു അവരുടെ നേരെയുണ്ടായ പ്രകോപനം. പക്ഷേ ആ പ്രകോപനത്തിനും അതിനോ ടുള്ള തങ്ങളുടെ പ്രതികരണത്തിനും ഇടയില്‍ അവര്‍ ദൈവാശ്രയത്തി ന്റെ ഒരു തുരുത്തു കണ്ടെത്തുന്നു. അവിടെ അവര്‍ ‘സ്വതന്ത്ര’രാണ്. സന്തുഷ്ടരാണ്. അവിടെ നിന്നുകൊണ്ട് അവര്‍ പോസിറ്റീവായി പ്രതികരിക്കുന്നു. അതു സഹ തടവുകാര്‍ക്കും ജയിലര്‍ക്കും പ്രചോദനം നല്‍കുന്നു.
ഓര്‍ക്കുക: സഹാചര്യം (പ്രകോപനം) എത്ര ഇരുണ്ടതാണെങ്കിലും അതിനോട് അതേ നിലയില്‍ നിഷേധാത്മകമായി നാം പ്രതികരിക്ക ണമെന്നില്ല. മറിച്ചു ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയും. എങ്ങനെ വേണമെന്നുള്ള തിരഞ്ഞെടുപ്പു നമ്മുടേതാണ്.
യേശുവിന്റെ ഉയിര്‍പ്പും നമുക്കു നല്‍കുന്ന സന്ദേശം ഇതല്ലേ? മത്തായിയുടെ സുവിശേഷം ഒടുവിലത്തെ അധ്യായത്തില്‍ ഉയിര്‍പ്പിന്റെ ദിവസം, ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍ പുലര്‍ച്ചെ ഇരുട്ടുള്ളപ്പോള്‍ തന്നെ യേശുവിന്റെ കല്ലറയ്ക്കല്‍ എത്തിയ സ്ത്രീകളെക്കുറിച്ചുള്ള വിവരണം നാം കാണുന്നു. അവിടെ ഒരാള്‍ അവരെ ‘വന്ദനം’ എന്നു പറഞ്ഞ് എതിരേറ്റു (28:9). മലയാളം ബൈബിളില്‍ ‘വന്ദനം’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അക്ഷരാര്‍ഥത്തിലുള്ള അര്‍ഥം ‘സന്തോഷി പ്പീന്‍ (ൃലഷീശരല) എന്നായിരുന്നുവെന്ന് ഇംഗ്ലീഷ് ബൈബിളില്‍ കാണുന്നു. ഉദാഹരണത്തിനു രാവിലെ കണ്ടു മുട്ടുമ്പോള്‍ ഒരാള്‍ ‘സുപ്രഭാതം’ എന്നു പറയുന്നു. അത് ഒരു വന്ദന സ്വരമാണ്. എന്നാല്‍ ആ വന്ദന ത്തിന്റെ അക്ഷരീകാര്‍ഥം ‘നിങ്ങള്‍ക്ക് ഒരു നല്ല പ്രഭാതം ആശംസി ക്കുന്നു’വെന്നാണല്ലോ. എന്നു പറഞ്ഞതുപോലെ കല്ലറയ്ക്കല്‍ സ്ത്രീകളെ എതിരേറ്റ ആള്‍ പറഞ്ഞ വന്ദനത്തിന്റെ യഥാര്‍ഥ അര്‍ഥം ‘സന്തോഷിപ്പീന്‍’ എന്നായിരുന്നു.
ആ വന്ദനത്തില്‍ ആവശ്യപ്പെട്ടതുപോലെ ആ സ്ത്രീകള്‍ക്കു സന്തോഷിക്കാവുന്ന സാഹചര്യം ആയിരുന്നോ അത്? അല്ല, സന്തോഷിക്കാനുള്ള ഒരു സാധ്യതയും അവിടെയില്ല. കാരണങ്ങള്‍ പലതാണ്. ഒന്നാമത് അവര്‍ എത്തി നില്‍ക്കുന്ന സ്ഥലം. അതു കല്ലറയാണ്. ദുഃഖത്തിന്റെയും പേടിയുടെയും സ്ഥലം. രണ്ടാമതു സമയമോ? ചുറ്റു ഇരുട്ടുള്ള സമയം. അവരാകട്ടെ ആരും സഹായ മില്ലാത്ത നിസ്സഹായരായ സ്ത്രീകളും. ആ സ്ത്രീകള്‍ക്ക് അപ്പോള്‍ സന്തോഷിക്കാന്‍ സ്വാഭാവികമായി കഴിയുമായിരുന്നില്ല. എന്നാല്‍ ഒരു നിമിഷം. തങ്ങള്‍ക്കു വന്ദനം പറഞ്ഞവനെ സ്ത്രീകള്‍ തിരിച്ചറിഞ്ഞു. അതു മറ്റാരുമായിരുന്നില്ല, അവര്‍ ആരുടെ മരണത്തില്‍ ദുഃഖിതരായിരു ന്നുവോ ആ യേശുവായിരുന്നു അവിടെ അവരോടു വന്ദനം പറഞ്ഞു കൊണ്ടു നിന്നത്! അവന്‍ മരണത്തെ തോല്‍പ്പിച്ച് ഉയിര്‍ത്തെഴുന്നേറ്റിരി ക്കുന്നുവെന്ന് അവര്‍ വേഗത്തില്‍ മനസ്സിലാക്കി. സ്ത്രീകളുടെ ദുഃഖവും പേടിയും വേഗം ആ വന്ദന സ്വരത്തിന്റെ അര്‍ഥംപോലെ തന്നെ സന്തോഷത്തിനു വഴിമാറി. കാരണം അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരി ക്കുന്നു! പ്രകോപനത്തിന്റെയും പ്രതികരണത്തിന്റെയും ഇടയിലുള്ള ഇത്തിരിപ്പോന്ന സ്ഥലത്ത് ഉയിര്‍ത്തെഴുന്നേറ്റവനായ യേശുവിനെ കാണുക. അപ്പോള്‍ പരാതികളും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും മാറിപ്പോകും. സന്താപം സന്തോഷത്തിനു വഴിമാറും! ഈ സന്ദേശം ഉള്‍ക്കൊണ്ടവര്‍ക്ക് ഈസ്റ്റര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൊണ്ടാടേണ്ട ഒരു ആഘോഷമല്ല. ജീവിതത്തില്‍ ഉടനീളം പുലര്‍ത്തേണ്ട ഒരു മനോഭാവമാണ്.
40. ദൈവത്തിനുള്ളത് ദൈവത്തിന്
‘കൈസര്‍ക്കുള്ളതു കൈസറിനും ദൈവത്തിനുള്ളതു ദൈവത്തി നും’ – ബൈബിളില്‍ നിന്നു ഭാഷയ്ക്കു ലഭിച്ചിരിക്കുന്ന ഒട്ടേറെ ശൈലികളിലൊന്നാണിത്. തന്നെ വാക്കില്‍ കുടുക്കി റോമന്‍ സര്‍ക്കാരിന്റെ ശിക്ഷയ്ക്കു വിധേയനാക്കാന്‍ ശ്രമിച്ചവരോട് യേശു പറഞ്ഞ മറുപടിയില്‍ നിന്നാണീ പ്രയോഗം.
ലൂക്കായുടെ സുവിശേഷം 20-ാം അധ്യായത്തില്‍ ഈ സംഭവം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. നസറേത്തിലെ യേശുവിന്റെ വാക്കുകളും പ്രവര്‍ത്തനങ്ങളും കൊണ്ട് പൊറുതി മുട്ടിയ മഹാപുരോഹിതന്മാരും ശാസ്ത്രിമാരുമാണ് അവനെ വാക്കില്‍ കുടുക്കാന്‍ ഒറ്റുകാരെ അയച്ചത്. അവര്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് സത്യാന്വേഷികളായ ആളുകളെപ്പോലെ ഭാവിച്ച് ഇങ്ങനെ ചോദിച്ചു: ‘ഗുരോ, അങ്ങ് മുഖം നോക്കാതെ സത്യസന്ധമായി പ്രതികരിക്കുന്ന ആളാണല്ലോ. ഞങ്ങള്‍ക്കൊരു ചെറിയ സംശയമുണ്ട്. അതിതാണ്: നമ്മള്‍, യെഹൂദന്മാര്‍, കൈസര്‍ക്കു കരം കൊടുക്കുന്നതു വിഹിതമാണോ? അങ്ങ് എന്തു പറയുന്നു?”
എന്തു പറഞ്ഞാലും പ്രശ്‌നമാകുന്ന ഇരുവായ്ത്തലയുള്ള ചോദ്യമായിരുന്നു അത്. അന്നു ചുങ്കം പിരിവുകാര്‍ വലിയ തുകയാണ് പാവപ്പെട്ട യെഹൂദരില്‍ നിന്ന് ഈടാക്കിയിരുന്നത്. ചുങ്കം പിരിവുകൊണ്ട് ആളുകള്‍ നട്ടം തിരിഞ്ഞിരുന്ന കാലം. അതുകൊണ്ടു തന്നെ അന്നു കൈസര്‍ക്കു കരം കൊടുക്കണമെന്നു പറഞ്ഞാല്‍ യെഹൂദരുടെ മധ്യത്തില്‍ യേശുവിന്റെ ജനപ്രീതി നഷ്ടമാകും. മറുവ ശത്തു കരംകൊടുക്കരുതെന്നു പറഞ്ഞാലോ? റോമന്‍ ചക്രവര്‍ത്തിക്കു കരം കൊടുക്കരുതെന്നു പറഞ്ഞ് ജനങ്ങളെ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നവനാണെന്ന കുറ്റം ചുമത്തി യേശുവിനെ അറസ്റ്റു ചെയ്യിക്കാമായിരുന്നു. ചുരുക്കത്തില്‍ എന്തു പറഞ്ഞാലും പ്രശ്‌നമാകും. എന്നാല്‍ യേശു വളരെ ഭംഗിയായി ഈ സാഹചര്യത്തെ തരണം ചെയ്തു. ഒരു നാണയം കാണിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. നാണയത്തിലെ മുദ്ര ആരുടേതെന്ന് യേശു ചോദിച്ചു. കൈസരുടേതെന്നു ജനക്കൂട്ടം പറഞ്ഞു. ‘എങ്കില്‍ കൈസര്‍ ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടു ക്കുക’ എന്ന മറുപടി ഇതിനെ തുടര്‍ന്നാണ് പറഞ്ഞത്.
ഈ മറുപടിയില്‍ ശ്രദ്ധേയമായ ഒന്നു രണ്ടു കാര്യങ്ങളുണ്ടെന്ന് വേദപണ്ഡിതന്മാര്‍ പറയാറുണ്ട്. ഒന്ന്: കൈസരെ ദൈവമായി തന്നെ ആരാധിക്കുന്ന ഒരു കാലമായിരുന്നു അത്. കൈസര്യയിലെ ഫിലിപ്പി യില്‍ ചക്രവര്‍ത്തിയുടെ പേരില്‍ ഒരു ക്ഷേത്രം തന്നെ അന്നുണ്ടായി രുന്നു. ചക്രവര്‍ത്തിയെയും ദൈവത്തെയും ഒന്നായി കാണുന്ന ആ കാലഘട്ടത്തില്‍ കൈസരും ദൈവവും രണ്ടാണെന്ന് യേശു ആ മറുപടിയിലൂടെ ഭംഗ്യന്തരേണ വ്യക്തമാക്കുകയായിരുന്നു. രണ്ടാമത് പണം ചക്രവര്‍ത്തിക്കു നല്‍കിയാലും ഓരോരുത്തരും അവരവരെ ദൈവത്തിനായി കൊടുക്കുകയാണു വേണ്ടതെന്നാണു യേശു പറഞ്ഞു വച്ചത്. നാണയത്തില്‍ കൈസരുടെ മുദ്രയുണ്ട്. ശരി, അതു കൈസര്‍ക്കു തന്നെ കൊടുത്തോളു. പക്ഷേ ദൈവത്തിന്റെ മുദ്ര ആരിലാണുള്ളത്? ദൈവം മനുഷ്യനെ സ്വന്തം സാദൃശ്യത്തിലും സ്വരൂപത്തിലുമാണു സൃഷ്ടിച്ചതെന്നുള്ളതുകൊണ്ട് (ഉല്‍പത്തി 1:26) മനുഷ്യന്റെ മേല്‍ ദൈവത്തിന്റെ മുദ്രയാണുള്ളത്. അതുകൊണ്ടുതന്നെ മനുഷ്യന്‍ ആത്യന്തികമായി ദൈവത്തിനുള്ളവനാണ്. ദൈവത്തിനുള്ളത് ദൈവത്തിനു കൊടുത്തേക്കുക- ഇതാണ് യേശു പറഞ്ഞതിന്റെ യുക്തി.
പണത്തിനു മാത്രം വിലയുള്ള, മനുഷ്യനു വില ഇടിഞ്ഞ, ഒരു കാലമാണിന്നത്തേത്. എന്നാല്‍ യേശു പറഞ്ഞത് മുഴുവന്‍ ലോകത്തേക്കാളും വിലയുണ്ട് ഒരു മനുഷ്യനെന്നാണ്. എന്താ കാരണം? ദൈവത്തിന്റെ സ്വരൂപത്തില്‍ ലോകത്തു മറ്റൊന്നും സൃഷ്ടിക്കപ്പെട്ടില്ല. മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ് ആ പദവി. അങ്ങനെയെങ്കില്‍ ഈ പദവിക്കൊത്തവണ്ണം മൂല്യമുള്ളതാണോ നമ്മുടെ ജീവിതം? നമ്മുടെ മുന്‍ഗണനകള്‍, താല്‍പര്യങ്ങള്‍, തിരഞ്ഞെടുപ്പുകള്‍, പ്രതികര ണങ്ങള്‍ എന്നിവയൊക്കെ ദൈവത്തിന്റെ മുദ്ര പേറുന്ന ഒരുവന് യോജിച്ച മട്ടിലുള്ളതാണോ? അതുപോലെ, സ്വന്തം മൂല്യത്തെ നാം ഈ നിലയില്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? ഈ ആത്മാഭിമാനം നമുക്കുണ്ടോ?
യേശു ഒരിക്കല്‍ പറഞ്ഞു: ‘നീ നിന്നെപ്പോലെ നിന്റെ അയല്‍ ക്കാരനെ സ്‌നേഹിക്കണം.’ എന്നാല്‍ ചിലര്‍ കരുതുന്നതു യേശു ഇങ്ങനെ പറയണമായിരുന്നു എന്നാണ്: ‘നിന്നെക്കവിഞ്ഞും നീ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം.’ പക്ഷേ അങ്ങനെ പറഞ്ഞാല്‍ അതു പൊള്ളയായ, യഥാര്‍ഥ്യത്തിനു നിരക്കാത്ത ഒരു പ്രസ്താവനയായി മാറും. നാം ഒന്നാമതു നമ്മെ സ്‌നേഹിക്കണം. തുടര്‍ന്നു നമ്മുടെ അയല്‍ക്കാരനെ സ്‌നേഹിക്കണം – ഇതാണു യാഥാര്‍ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രസ്താവന.
നാം ഒന്നാമതു നമ്മെ സ്‌നേഹിക്കണം എന്നു പറയുമ്പോള്‍ അതിന്റെയര്‍ഥം സ്വാര്‍ഥതയെ താലോലിക്കണമെന്നാണോ? അല്ല. നാം നമ്മെ സനേഹിക്കുക എന്നു പറഞ്ഞാല്‍ ഇപ്പോള്‍ നാം എങ്ങനെ ആയിരിക്കുന്നോ ആ നിലയില്‍ നമ്മെ സ്‌നേഹിക്കുക എന്നല്ല. മറിച്ച്, ‘ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമുള്ള’ നാം എങ്ങനെ യായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ ആ നിലയിലുള്ള നമ്മെ നാം സ്‌നേഹിക്കുക എന്നാണ്!
ആത്മാരാധന, ആത്മരതി (narcissism) – ഇതല്ല നാം നമ്മെ സ്‌നേഹി ക്കുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ആത്മാരാധനയെന്നോ ആത്മ രതിയെന്നോ പറയാവുന്ന ‘നാസിസിസെം’ എന്ന ഇംഗ്ലീഷ് വാക്ക് വന്നത് നാര്‍സിസസ് എന്ന ഗ്രീക്കുദേവനില്‍ നിന്നാണെന്നു കേട്ടിട്ടുണ്ട്. അദ്ദേഹം അതീവ സുമുഖനായ ഒരു ദേവനായിരുന്നു. ഒരു ദിവസം വെള്ളം കുടിക്കാന്‍ തടാകത്തിലേക്കു മുഖം കുനിച്ച അദ്ദേഹം ജലത്തില്‍ പ്രതിഫലിച്ചു കണ്ട തന്റെ പ്രതിച്ഛായയില്‍ ആകൃഷ്ടനായി. എത്ര സുന്ദരമായ മുഖം! ആ പ്രതിച്ഛായയോട് അദ്ദേ ഹം അനുരാഗബദ്ധനായി പോയി. വെള്ളം കുടിച്ചാല്‍ ജലോപരിതലം ചലിച്ച് ആ സുന്ദര മുഖത്തിന്റെ കാഴ്ച നഷ്ടമാകും എന്നുള്ളതുകൊണ്ട് അദ്ദേഹം അതിനു തുനിയാതെ അങ്ങനെ തന്നെ നോക്കി നിന്നു മരിച്ചുപോയി എന്നാണു കഥ. – ഇതാണ് ആത്മാരാധന.
ഭൂമിയില്‍ മിക്ക ആളുകളും ഈ നിലയില്‍ ആത്മരതിയില്‍ മുഴുകുന്നവരാണ്.
‘നിങ്ങള്‍ക്ക് ആരെയാണ് ഏറ്റവും ഇഷ്ടം?
സംശയമെന്താ! എന്നെത്തന്നെ.
അതു കഴിഞ്ഞാലോ?
അതു കഴിയുന്നതേയില്ലല്ലോ.”
എന്ന ആധുനിക കവിത പോലെയാണ് അവരുടെ കാര്യങ്ങള്‍. നാം നമ്മെ സ്‌നേഹിക്കുക എന്നു പറഞ്ഞാല്‍ ഇതല്ല ഉദ്ദേശിക്കുന്നത്. നമ്മെ സ്‌നേഹിക്കുക എന്നു പറഞ്ഞാല്‍ അത് നമുക്ക് വലിയ ഉത്തരവാദിത്തം തരുന്നുണ്ട്. സ്‌നേഹിക്കപ്പെടാനും ഇഷ്ടപ്പെടാനും ഞാന്‍ അത്രമേല്‍ അര്‍ഹനാണോ? ‘സ്‌നേഹയോഗ്യമാണോ എന്റെ ജീവിതം’ എന്ന ചോദ്യത്തെയാണു ഞാന്‍ അഭിമുഖീകരിക്കുന്നത്.
അസ്സീസിയിലെ ഫ്രാന്‍സീസിനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. ഒരിക്കല്‍ ഫ്രാന്‍സീസും ശിഷ്യന്‍ ലിയോയും കൂടി നാട്ടിലെ ഒരു ഉയര്‍ന്ന പാടവരമ്പിലൂടെ നടന്നു പോകുകയാണ്. പെട്ടെന്നു താഴത്തെ പാടത്തുനിന്നു ചേറുംചെളിയിലും കുഴഞ്ഞ ഒരു രൂപം വരമ്പിലേക്കു കയറി വന്നു. ഒരു കര്‍ഷകന്‍. അദ്ദേഹം ഒരു നിമിഷം ഈ നടന്നു വരുന്നവരെ ശ്രദ്ധിച്ചു. എന്നിട്ടു ചോദിച്ചു: ‘അസ്സീസിയിലെ ഫ്രാന്‍സി സല്ലേ?’ ‘ഉവ്വ്’ – വിനയാന്വിതമായി ഫ്രാന്‍സിസിന്റെ മറുപടി. ‘ഉം’ കര്‍ഷകന്‍ ഒന്നു മൂളിയശേഷം തുടര്‍ന്നു ‘എല്ലാവരും താങ്കളെ ഒരു വിശുദ്ധനായാണു കാണുന്നത്. അങ്ങനെ തന്നെ ആയിരിക്കണം, കേട്ടോ.’
മറുപടി എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പു തന്നെ കര്‍ഷകന്‍ പാടത്തെ ചെളിയിലേക്കു ഊര്‍ന്നിറങ്ങി അപ്രത്യക്ഷനായി. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഫ്രാന്‍സിസ് അസ്സീസി, അമ്പരന്നു നില്‍ക്കുന്ന ലിയോയോട് ഇങ്ങനെ പറഞ്ഞു: ‘നീ കണ്ടോ, ദൈവം ചെളിയില്‍ നിന്നു കയറി വന്ന് എന്നെ ശാസിച്ചിട്ടു ചെളിയിലേക്കു തന്നെ പോയത്!’ എല്ലാവരും വിശുദ്ധനായി കാണുന്നു, എന്നാല്‍ ഒരു വിശുദ്ധനു യോജിച്ച പെരുമാറ്റമാണോ എന്റേത് എന്ന സ്വയപരിശോധ നയാണ് ഫ്രാന്‍സീസിന്റെ കണ്ണു നനയിച്ചത്. ഇതാണു കാര്യം. നാം ദൈവത്തിന്റെ മുദ്ര പേറുന്നവരാണ്. ആ വസ്തുതയറിഞ്ഞ് നാം സ്വയം സ്‌നേഹയോഗ്യരായിരിക്കേണ്ടേ? നമ്മുടെ ജീവിതം – അതു മൂല്യമുള്ളതായിരിക്കേണ്ടേ? ദൈവത്തിന്റെ മുദ്ര പേറുന്നവരാണു നാം എന്ന ബോധ്യം നമുക്കുണ്ടായിരിക്കണം. ‘കൈസര്‍ക്കുള്ളതു കൈസ റിനും ദൈവത്തിനുള്ളതു ദൈവത്തിനും.’ ഉവ്വ്, കൈസര്‍ക്കുള്ളതു കൈസര്‍ക്കു കൊടുത്തേക്കുക. പക്ഷേ ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കേണ്ടേ?
തീര്‍ച്ചയായും.
ദൈവത്തിനുള്ളതു ദൈവത്തിന്! – അതു മറ്റൊന്നല്ല, നാം തന്നെ.
41. പുതുവല്‍സര പ്രതിജ്ഞകള്‍ എങ്ങനെ പാലിക്കാം?
പുതുവര്‍ഷം പിറന്നു. എന്നാല്‍ പുതുവര്‍ഷത്തിലേക്കു പ്രവേശിക്കു മ്പോഴും പലര്‍ക്കും ഖേദം ബാക്കി നില്‍ക്കുകയാണ് – പിന്നിട്ട വര്‍ഷത്തില്‍ വേണ്ടതുപോലെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ എടുത്ത പുതുവല്‍സര പ്രതിജ്ഞകള്‍ അല്പായുസ്സായിപ്പോയി. ഗൗരവമായി കാര്യങ്ങളെ സമീപിക്കാന്‍ കഴിഞ്ഞില്ല… എന്നിങ്ങനെ. എന്തുകൊണ്ടാണു പല നല്ല തീരുമാന ങ്ങളും നടപ്പിലാക്കാന്‍ കഴിയാതെ പോകുന്നത്?
‘ഒരു നദിക്കും അതിന്റെ ഉത്ഭവ സ്ഥാനത്തിനു മുകളിലേക്ക് ഒഴുകാനാവില്ല’ എന്നു പറയാറുള്ളതാണ് ഇതിനുള്ള മറുപടി. ഉത്ഭവ സ്ഥലത്തു നിന്നു താഴേക്കു മാത്രമേ നദിക്ക് ഒഴുകാന്‍ സാധ്യമാകു എന്നതുപോലെ ഒരു കാര്യത്തിലുള്ള നമ്മുടെ ഉല്‍സാഹങ്ങള്‍ക്കും ശുഷ്‌കാന്തികള്‍ക്കും അതു സംബന്ധിച്ചു നമ്മുടെ പ്രതിബദ്ധതയ്ക്കു (commitment) താഴെ മാത്രമേ നിലകൊള്ളാന്‍ കഴിയുകയുള്ളു. ഒരു കാര്യത്തിലുള്ള നമ്മുടെ പ്രതിബദ്ധതയെ കവിയുന്ന പ്രവര്‍ത്തനങ്ങളും ശുഷ്‌കാന്തികളും അതില്‍ നമുക്കു പ്രകടിപ്പിക്കാനാവില്ല. അതുകൊണ്ടു തന്നെ പോയ വര്‍ഷത്തില്‍ ആത്മീയ കാര്യങ്ങളില്‍ വേണ്ടതുപോലെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നു കാണുമ്പോള്‍ പുതുവര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാം എന്നു പ്രതിജ്ഞയെടുത്തതുകൊണ്ടു പ്രയോജനമില്ല. മറിച്ച് ആത്മീയത സംബന്ധിച്ച നമ്മുടെ പ്രതിബദ്ധത, അതിനോടുള്ള സമര്‍പ്പണം, എത്രത്തോളമുണ്ട് എന്ന് ഉത്ഭവത്തിലേക്കു പോയി പരിശോധിക്കുകയാണു വേണ്ടത്. യേശു ഒരിക്കല്‍ ‘ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിടുന്നതിനെക്കുറിച്ച’ സംസാരിച്ചു. പ്രതിബദ്ധത കുറവാണെന്നു കണ്ടാല്‍ അവിടെയാണു കൂടുതല്‍ ആഴത്തില്‍ കുഴിക്കേണ്ടത്. അവിടെ കൂടുതല്‍ സമര്‍പ്പണത്തിലേക്കു വരികയാണു കരണീയം. കാരണം, മുകളില്‍ പറഞ്ഞതുപോലെ, നമ്മുടെ സമര്‍പ്പണത്തെ കവിയുന്ന ഉല്‍സാഹം നമുക്ക് ഒരു കാര്യത്തിലും പുലര്‍ത്താന്‍ കഴിയുകയില്ല. ആത്മീയ കാര്യത്തിലും അങ്ങനെ തന്നെ. ആത്മീയ കാര്യങ്ങളിലെ സമര്‍പ്പണത്തിന്റെ ആഴക്കൂടുതലും കുറവും വ്യക്തമാക്കുന്ന ഒരു ഉദാഹരണം ഇങ്ങനെ:
ഒരു ആട്ടിന്‍കുട്ടിയും പിടക്കോഴിയും നല്ല സുഹൃത്തുക്കളായിരുന്നു. അവര്‍ ഒരു സായാഹ്ന സവാരിക്കിറങ്ങി. വഴിയരികിലെ ബോര്‍ഡു കളൊക്കെ വായിച്ച്, കാഴ്ചകളൊക്കെ കണ്ട് അലസമായ ഒരു നടപ്പ്. നടന്ന് അവര്‍ ഒരു ഹോട്ടലിനു മുന്നില്‍ എത്തിയപ്പോള്‍ അവിടെ ഇങ്ങനെ ഒരു ബോര്‍ഡ്: ‘പ്രഭാതഭക്ഷണം – 100 രൂപ മാത്രം. വിഭവ ങ്ങള്‍: അപ്പം, മട്ടണ്‍ കറി, ഓംലെറ്റ്, ചായ.’
ബോര്‍ഡു വായിച്ച പിടക്കോഴി ഒരു നേരിയ ചിരിയോടെ ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യരൊക്കെ വലിയ മിടുക്കന്മാരാണെന്നു പറഞ്ഞിട്ട് എന്താ കാര്യം? ഇവര്‍ക്കുള്ള പ്രഭാതഭക്ഷണം നമ്മള്‍ വേണം ഒരുക്കി കൊടുക്കാന്‍. കണ്ടോ, ഞാന്‍ മുട്ട ഓംലെറ്റ് നല്‍കുന്നു. താങ്കള്‍ മട്ടണ്‍ കറിയും കൊടുക്കുന്നു. ചുരുക്കത്തില്‍ നമ്മള്‍ ഇരുവരുമാണ് മനുഷ്യര്‍ ക്കു പ്രഭാത ഭക്ഷണം നല്‍കുന്നത്. ശരിയല്ലേ?’
രസകരമായ ഒരു കമന്റ് പറഞ്ഞിട്ടും ആട്ടിന്‍ കുട്ടിയില്‍ നിന്നും മറുപടി ഒന്നും ഉണ്ടാകാതിരുന്നപ്പോള്‍ പിടക്കോഴി ആട്ടിന്‍കുട്ടിയുടെ മുഖത്തേക്കു പാളിനോക്കി. അവിടെ ആട്ടിന്‍കുട്ടിയുടെ കണ്ണുകളില്‍ കണ്ണുനീര്‍ത്തുള്ളികള്‍ ഉരുണ്ടുകൂടുന്നതാണു പിടക്കോഴി കണ്ടത്. അവള്‍ പരിഭ്രാന്തയായി: ”എന്താ, എന്താ നീ കരയുന്നത്?”
ആട്ടിന്‍കുട്ടി കണ്ണുനീര്‍ തുടച്ചുകൊണ്ട് മെല്ലെ ഇങ്ങനെ പറഞ്ഞു: ”അല്ല, ഞാന്‍ ഓര്‍ക്കുകയായിരുന്നു. മനുഷ്യര്‍ക്കു പ്രഭാതഭക്ഷണം നല്‍കുന്നതു നിന്നെ സംബന്ധിച്ചിടത്തോളം ഒരു സംഭാവന (contribution) മാത്രമാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളമോ? അത് എന്റെ ജീവന്‍ തന്നെ നല്‍കുന്ന ഒരു പ്രതിബദ്ധതയാണ് (commitment).”
ആട്ടിന്‍കുട്ടി പറഞ്ഞതിന്റെ പൊരുള്‍ ഇങ്ങനെ: പ്രഭാത ഭക്ഷണത്തില്‍ ഓംലെറ്റ് ഉണ്ടാക്കാന്‍ മുട്ട നല്‍കുന്നതു പിടക്കോഴിയുടെ ഒരു സംഭാവന മാത്രമാണ്. മുട്ട നല്‍കിക്കഴിഞ്ഞും പിടക്കോഴിയുടെ ജീവിതം സാധാരണപോലെ തുടരും. ഇതേസമയം മട്ടണ്‍കറി ഉണ്ടാകണമെങ്കില്‍ ആട്ടിന്‍കുട്ടിക്കു നല്‍കേണ്ടി വരുന്നതു സ്വന്തം ജീവന്‍ തന്നെയാണ്!
ആത്മീയതയുമായി ബന്ധപ്പെട്ട രണ്ടു നിലപാടുകളെയാണു യഥാക്രമം പിടക്കോഴിയും ആട്ടിന്‍കുട്ടിയും പ്രതിനിധാനം ചെയ്യുന്നത്. ആത്മീയതയോടുള്ള സമര്‍പ്പണം പലരെ സംബന്ധിച്ചും ഒരു സംഭാവന നല്‍കുന്നതുപോലെ മാത്രമാണ്. തൊലിപ്പുറമേയുള്ള കാര്യം. അവരുടെ ജീവനെ അതു സ്പര്‍ശിക്കുന്നില്ല. ഇവരുടെ ജീവിതം വാസ്തവത്തില്‍ ഭൗതികമെന്നും ആത്മീയമെന്നും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഞായറാഴ്ച മാത്രം എടുത്തണിയാനുള്ള ഒരാഭരണമാണ് അവര്‍ക്ക് ആത്മീയത. ആത്മീയത അവരെ സംബന്ധിച്ചിടത്തോളം ഒരു ‘സംഭാവന നല്‍കല്‍’ മാത്രമാണ്.
എന്നാല്‍ ഒരു ന്യൂനപക്ഷത്തിനു സമര്‍പ്പണം മുഴു ജീവിതവും ഉള്‍ക്കൊള്ളുന്ന ഒരു പൂര്‍ണ പ്രതിബദ്ധതയാണ് (Total Commitment). അവരുടെ ജീവിതം ആത്മീയമെന്നും ഭൗതികമെന്നും രണ്ടായി മുറിഞ്ഞു കിടക്കുന്നില്ല. അതു രണ്ടും ചേര്‍ന്ന അഖണ്ഡമായ ഒന്നാണ്. പൂര്‍ണമായ, മുഴുവനായ, മൊത്തത്തിലുള്ള, ഒരേയൊരു ആകമാന ജീവിതം- ആ ജീവിതം ദൈവത്തിന്. ഇതൊരു പൂര്‍ണ പ്രതിബദ്ധത യാണ്. കേവലം ഉപരിതല സ്പര്‍ശിയായ ഒരു സമര്‍പ്പണമല്ലിത്. ആഴത്തിലുള്ള ഒന്ന്. ഇതില്‍ പ്രകടമായി ആത്മീയമെന്നു തോന്നാത്ത, ദൈനംദിന കാര്യങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന ഒട്ടേറെ ഭൗതിക കര്‍ത്തവ്യങ്ങളില്‍ അവര്‍ വ്യാപൃതരാകുന്നുണ്ട്. എന്നാല്‍ അതും ദൈവമുന്‍പാകെ ചെയ്യുന്നതാകയാല്‍ അതിലും ദൈവപ്രസാദം പൂര്‍ണമായുണ്ട്. ഇതിന് ഉദാഹരണം നസറേത്തിലെ യേശു തന്നെ യാണ്. 30 വയസ്സുവരെ പ്രകടമായി ആത്മീയമെന്നു തോന്നാവുന്ന ഒരു കാര്യത്തിലും താന്‍ ഏര്‍പ്പെട്ടതായി സുവിശേഷങ്ങള്‍ സാക്ഷിക്കു ന്നില്ല. എന്നാല്‍ 30 വയസ്സില്‍ യോഹന്നാന്‍ സ്‌നാപകന്റെ കൈക്കീഴില്‍ യോര്‍ദാന്‍ കടവില്‍ സ്‌നാനം ഏറ്റ് പരസ്യമായ ശുശ്രൂഷയ്ക്കിറങ്ങു മ്പോള്‍ പിന്നിട്ട മുഴുജീവിതത്തേയേും വിലയിരുത്തി സ്വര്‍ഗത്തില്‍ നിന്ന് ഇങ്ങനെ ഒരശരീരി ഉണ്ടായതായി നാം സുവിശേഷങ്ങളില്‍ വായിക്കുന്നു – ‘ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.’ 30 വര്‍ഷത്തെ ആത്മീയമെന്നു തോന്നാത്ത ആ ജീവിതവും ദൈവമുന്‍പാകെയുള്ള പൂര്‍ണ പ്രതിബദ്ധത മൂലം ദൈവപ്രസാദമുള്ള സമ്പൂര്‍ണ ജീവിതമായി രുന്നു എന്നതിലേക്കല്ലേ ഇതു വിരല്‍ ചൂണ്ടുന്നത്?
പ്രതിബദ്ധതയുള്ള ഇത്തരമൊരു ജീവിതത്തിനു പൂര്‍ണമായി സമര്‍പ്പിക്കുന്നതില്‍ നിന്നു പലരേയും പിന്‍തിരിപ്പിക്കുന്നതു ഭയമാണ്. അത്തരം ഒരു ജീവിതത്തിന് ഒരു രസവും ഉണ്ടാവുകയില്ല. ഒട്ടേറെ ‘അരുതു’കളുടെ ഒരു ജീവിതമായിരിക്കാം അത്. ഒരു കാര്യത്തിലും അതിരു കടന്ന ഒരു നിലപാടെടുക്കാതിരിക്കുകയാണു നല്ലത് – ഇങ്ങനെ പോകുന്നു അവരുടെ പേടിയും ആശങ്കകളും.
ദൈവസ്വഭാവത്തെക്കുറച്ചുള്ള തെറ്റിദ്ധാരണയാണ് ഇത്തരമൊരു പേടിയുടെ കാരണം. ദൈവത്തെ സ്‌നേഹവാനായ പിതാവായി ബൈബിള്‍ വിവരിക്കുന്നു. ഇങ്ങനെ ദൈവത്തെ കണ്ടാല്‍ ഈ പേടി അസ്ഥാനത്താണ്. ഈ ലോകത്തിലെ ഒരു പിതാവിനെ അനുസരി ക്കാതെ ദുശ്ശാഠ്യക്കാരനായി നടന്ന ഒരു ബാലന്‍ ഒരു ദിവസം പിതാവി നോട് ഇങ്ങനെ പറഞ്ഞു എന്നിരിക്കട്ടെ: ‘അച്ഛാ, ഇത്രയും നാള്‍ ഞാന്‍ അങ്ങയെ അനുസരിക്കാതെ എന്റെ ഇഷ്ടം പോലെ ദുശ്ശാഠ്യക്കാരനായി ജീവിച്ചു. എന്നാല്‍ ഇന്നു മുതല്‍ ഞാന്‍ അതില്‍ നിന്നു മാറുകയാണ്. ഇനി അച്ഛന്‍ എന്തു പറഞ്ഞാലും ഞാന്‍ പൂര്‍ണമായി അനുസരിച്ചു കീഴ്‌പ്പെട്ട് അങ്ങയെ സന്തോഷിപ്പിക്കുന്ന ഒരു ജീവിതം ജീവിക്കാന്‍ തീരുമാനിക്കുന്നു.’ ഈ വാക്കുകള്‍ കേള്‍ക്കുന്ന പിതാവിന്റെ മനോഭാവം എന്തായിരിക്കും?
‘ഹാ! ഒടുവില്‍ എനിക്കൊരവസരം കിട്ടിയിരിക്കുന്നു. ഇവനെ എന്റെ കയ്യില്‍ കിട്ടി. ഇവന്റെ ജീവിതം ഞാന്‍ ഇനി അങ്ങേയറ്റം ദുസ്സഹ മാക്കിത്തീര്‍ക്കും’ – എന്നിങ്ങനെ ഏതെങ്കിലും പിതാവു ചിന്തിക്കുമോ? ഇല്ല. സ്‌നേഹവാനായ ഒരു പിതാവും അങ്ങനെ ചിന്തിക്കുകയില്ല. മറിച്ച്, ‘എന്റെ മകന്‍ ഇന്നു മുതല്‍ നല്ല കുട്ടിയായിരിക്കാന്‍ തീരുമാനി ച്ചത് എന്നോടുള്ള സ്‌നേഹത്തെ പ്രതിയാണല്ലോ. അതുകൊണ്ട് ഞാന്‍ ഇനി അവന്റെ ജീവിതം പരമാവധി ആനന്ദകരവും മനോഹരവുമാക്കും. ഇതിനുവേണ്ടി എനിക്കു കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. ഞാന്‍ അവന്റെ ഭാവി ശോഭനമാക്കിത്തീര്‍ക്കും:’ ഇങ്ങനെയല്ലേ ഏതു പിതാവും ചിന്തിക്കുകയുള്ളു? എങ്കില്‍, ഏതു മാനുഷിക പിതാവിനെ ക്കാളും സ്‌നേഹവാനും കരുതലുള്ളവനുമായ സ്വര്‍ഗീയ പിതാവ് തന്റെ മുന്‍പില്‍ പൂര്‍ണമായി കീഴടങ്ങുന്ന നമ്മുടെ ജീവിതത്തെ അങ്ങേയറ്റം മനോഹരമാക്കിത്തീര്‍ക്കാനല്ലേ ശ്രമിക്കൂ? മറിച്ചുള്ള പേടി അസ്ഥാന ത്തല്ലേ?
42. സ്‌നേഹത്തിന്റെ നിറദീപം
‘തടങ്കല്‍ പാളയത്തില്‍ ജ്വലിച്ച സ്‌നേഹദീപം’ – രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി തടങ്കല്‍ പാളയത്തില്‍ പീഡനത്തിന് ഇരയായ കോറി ടെന്‍ ബൂം എന്ന വനിതയാണ് ഇങ്ങനെ അറിയപ്പെടു ന്നത്. ഇതൊരു വൈരുദ്ധ്യമായി തോന്നാം. കാരണം പീഡനങ്ങളുടെ മുറിപ്പാടുകള്‍ പേറുന്ന ഒരു സ്ത്രീക്കു സ്‌നേഹത്തിന്റെ നിറദീപമായി പിന്നീടു ശോഭിക്കാന്‍ കഴിയുന്നതെങ്ങനെ എന്നു നമുക്കു സംശയം തോന്നാം. എന്നാല്‍ കോറി ടെന്‍ ബൂം വ്യത്യസ്തയായിരുന്നു. പീഡനങ്ങളാല്‍ സ്ഫുടം ചെയ്യപ്പെട്ട് ഊതിക്കാച്ചിയ പൊന്നുപോലെ തടങ്കല്‍ പാളയത്തില്‍ നിന്നു പുറത്തുവന്ന അവര്‍ ജീവിതത്തിന്റെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു പതിനായിരങ്ങളോടു ക്ഷമയുടെയും സ്‌നേഹത്തിന്റെയും രഹസ്യങ്ങള്‍ പങ്കു വയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തി.
ജര്‍മനിയില്‍ അത്തരം ഒരു മീറ്റിംഗില്‍ വച്ചുണ്ടായ വിചിത്രമായ ഒരനുഭവം കോറി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: ”എന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങളെക്കുറിച്ചും നാസി തടങ്കല്‍ പാളയത്തിലെ അനുഭവങ്ങളെക്കുറിച്ചും ജര്‍മനിയില്‍ ഒരു സ്ഥലത്തു നടന്ന ഒരു യോഗത്തില്‍ ഞാന്‍ വിവരിക്കുകയായിരുന്നു. പൊടുന്നനെ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. സദസ്സില്‍ നിന്ന് ഒരു സ്ത്രീ എന്റെ നേരെ നോക്കാന്‍ മടിച്ച് ഒഴിഞ്ഞുമാറി പോകാന്‍ ശ്രമിക്കുന്നതു പോലെ… ആ മുഖം എനിക്കു വളരെ പരിചിതമായി തോന്നി. ആരാണ് ആ സ്ത്രീ? പെട്ടെന്ന് ഒരു നടുക്കത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു.- ദൈവമേ, ഇതവരാണ്. പീഡനക്യാംപില്‍ എന്നോടും മെല്ലെ മരണത്തിലേക്കു വഴുതിവീണു കൊണ്ടിരുന്ന എന്റെ സഹോദരി ബെറ്റ്‌സിയോടും വളരെ മോശമായി, മൃഗീയമായി, പെരുമാറിയിരുന്ന ആ നഴ്‌സ്. അവരാണത്.” കോറി ടെന്‍ ബൂമിന്റെ മനസ്സിലേക്ക് ആ മുഖം എന്തെല്ലാം ഓര്‍മകളായിരിക്കും ഉണര്‍ത്തി വിട്ടിരിക്കുക!
ഹോളണ്ടില്‍ പിതാവ് കാസ്‌പെര്‍, സഹോദരി ബെറ്റ്‌സി എന്നിവരോടുകൂടെ സമാധാനമായി ജീവിച്ചു വരവെയാണ് കോറി പിതാവിനോടും സഹോദരിയോടുമൊപ്പം നാസി പട്ടാളത്തിന്റെ പിടിയിലാകുന്നത്. യെഹൂദന്മാരെ ജര്‍മന്‍ പട്ടാളത്തിന്റെ കൈകളില്‍ നിന്നു രക്ഷിക്കാനായി വീട്ടില്‍ അവര്‍ക്ക് ഒളിത്താവളം ഒരുക്കി എന്നതായിരുന്നു കാസ്‌പെറിന്റെയും പെണ്‍മക്കളുടെയും കുറ്റം. കയ്യോടെ അവര്‍ പീഡനക്യാംപില്‍ അടയ്ക്കപ്പെട്ടു. തടവിലായി ഒന്‍പതാം ദിവസം തന്നെ കാസ്പര്‍ പീഡനങ്ങളുടെ ഫലമായി മരണമടഞ്ഞു.
എന്നാല്‍ കോറിക്കും ബെറ്റ്‌സിക്കും കാര്യങ്ങള്‍ അത്രയും എളുപ്പമായിരുന്നില്ല. തമ്മില്‍ഭേദം മരണമായിരുന്നുവെന്നു തോന്നുന്ന നിലയിലുള്ള പീഡനങ്ങളിലൂടെ അവര്‍ കടന്നു പോയി. പക്ഷേ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും അതില്‍ നിന്നുളവായ പ്രത്യാശയും അവര്‍ക്കു ധൈര്യം പകര്‍ന്നു. എന്നാല്‍ ബെറ്റ്‌സിക്കു തടവറയിലെ പീഡനങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. അവളും അധികം വൈകാതെ മരിച്ചു. കോറി മാത്രം വര്‍ഷങ്ങള്‍ നീണ്ട യാതനകള്‍ പിന്നിട്ട് പീഡനക്യാംപില്‍ നിന്നു പുറത്തു വന്നു…
അന്നു തങ്ങളെ മൃഗീയമായി പീഡിപ്പിക്കാന്‍ അധികൃതര്‍ക്കു കൂട്ടുനിന്ന നഴ്‌സാണ് ഇന്നു തന്നെ അഭിമുഖീകരിക്കാനാവാതെ ഒഴിഞ്ഞു മാറുന്നതെന്നു തിരിച്ചറിഞ്ഞപ്പോള്‍ കോറിയുടെ മനസ്സില്‍ ആദ്യം തലപൊക്കിയത് വിദ്വേഷവും പകയുമാണ്. പക്ഷേ പൊടുന്നനെ അവരുടെ ചിന്ത ക്രൂശിലേക്കു തിരിഞ്ഞു. അവിടെ ഗോല്‍ഗാഥ മലമുകളിലെ മൂന്നു ക്രൂശുകളില്‍ മധ്യത്തിലുള്ളതില്‍ നിന്ന് ഇങ്ങനെ ഒരു പ്രാര്‍ഥന ഉയരുന്നു: ‘ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയാത്തതി നാല്‍ ഇവരോടു ക്ഷമിക്കണമേ’ കോറിയുടെ മനസ്സിലേക്ക് ഒരു വചനവും വന്നു: ‘ദൈവത്തിന്റെ സ്‌നേഹം… നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്നുവല്ലോ.’ തന്നെ ക്രൂശിച്ച ആളുകളോടു ക്ഷമിക്കു കയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്ത അതേ ദൈവ സ്‌നേഹമാണു തന്റെ ഹൃദയത്തിലും പകര്‍ന്നിരിക്കുന്നതെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി. അവര്‍ അതിനു ദൈവത്തിനു നിശ്ശബ്ദം നന്ദി പറഞ്ഞു. പൊടുന്നനെ ആ അത്ഭുതം സംഭവിച്ചു. – കോറിയുടെ ഹൃദയത്തില്‍ ആ നഴ്‌സിനോട് ദിവ്യമായ ഒരു സ്‌നേഹം അനുഭവപ്പെട്ടു. അതുവരെയുണ്ടായിരുന്ന വിദ്വേഷത്തിന്റെ ചിന്തകള്‍ സൂര്യപ്രകാശ ത്തില്‍ കാര്‍മേഘം പോലെ എവിടെയോ മാറിപ്പോയി. കോറി ഉടനെ തന്നെ ആ നഴ്‌സിനെ തിരഞ്ഞു ചെന്നു. അവളോടു സ്‌നേഹത്തോടെ ഇടപെട്ടു. താന്‍ എല്ലാം ക്ഷമിച്ചെന്ന ഉറപ്പ് അവള്‍ക്കു നല്‍കി. തുടര്‍ന്നു ദൈവസ്‌നേഹത്തിന്റെ സന്ദേശം ആ നഴ്‌സുമായി കോറി പങ്കു വച്ചു. അവരുടെ ജീവിതത്തിലും അത് ഒരു പരിവര്‍ത്തനത്തിന്റെ തുടക്കമായി…
ക്രൂശിലെ ഏഴ് അന്ത്യമൊഴികളിലൊന്നില്‍ യേശു ഇപ്രകാരം പ്രാര്‍ഥിച്ചു: ‘പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാല്‍ ഇവരോടു ക്ഷമിക്കണമേ’ – ഈ പ്രാര്‍ഥനയാണ് കോറിക്കു വഴി കാട്ടിയായത്. ഇവിടെ നമുക്ക് ഒരു സംശയം വരാം. സത്യത്തില്‍ യേശുവിനെ ക്രൂശിക്കുമ്പോള്‍ തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് പരീശന്മാര്‍ക്കും പടയാളികള്‍ക്കും അറിയില്ലായിരുന്നോ? തീര്‍ച്ച യായും അറിയാമായിരുന്നു. അങ്ങനെയങ്കില്‍ അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല എന്ന സംശയത്തിന്റെ ആനുകൂല്യം യേശു അവര്‍ക്കു നല്‍കിയതെന്താണ്? ഇവിടെ ക്ഷമിക്കാന്‍ കഴിയുന്നതിനു പിന്നിലുള്ള ഒരു രഹസ്യം നമുക്കു കാണാം. യഥാര്‍ഥത്തില്‍ ഒരാള്‍ നമ്മെ ഉപദ്രവിക്കുമ്പോള്‍ അയാള്‍ ചെയ്യുന്ന തിന്റെ പരിണതഫലങ്ങളെല്ലാം വേണ്ടപോലെ, വ്യക്തതയോടെ, മനസ്സിലാക്കിയിട്ടാണോ അങ്ങനെ പ്രവര്‍ത്തിക്കുന്നത്? പലപ്പോഴും അല്ല എന്നാണ് ഉത്തരം. കൂട്ടുകാരിയെക്കുറിച്ചു പരദൂഷണം പറഞ്ഞു പരത്തിയ സ്ത്രീയെക്കുറിച്ചുള്ള കഥ പലരും കേട്ടിട്ടുണ്ടാകും. അവള്‍ ചെയ്തതിന്റെ ദൂഷ്യഫലങ്ങള്‍ അവളെ മനസ്സിലാക്കിക്കാന്‍ ഗ്രാമത്തിലെ സൂഫി ഗുരു അവളോട് ആവശ്യപ്പെട്ടത് ഒരു സഞ്ചി നിറയെ പക്ഷിത്തൂവലുകള്‍ എടുത്തുകൊണ്ട് ഗ്രാമപാതയില്‍ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ വിതറാനാണ്. അവള്‍ അതു ചെയ്തശേഷം ജോലി തീര്‍ന്ന ലാഘവത്തോടെ സൂഫി ഗുരുവിനെ സമീപിച്ചപ്പോള്‍ അദ്ദേഹം വീണ്ടും അവളോട് ആവശ്യപ്പെട്ടു- വിതറിയ തൂവലുകളെല്ലാം വീണ്ടും ഒന്നുപോലും നഷ്ടപ്പെടാതെ പാതയില്‍ നിന്നു ശേഖരിക്കുക. അതിനു തുനിഞ്ഞപ്പോഴാണ് അത് എളുപ്പമല്ലെന്ന് അവള്‍ക്കു മനസ്സിലായത്. തൂവലുകളിലേറെയും കാറ്റടിച്ചു പലവഴിക്കു പറന്നു പോയിരുന്നു. ഒടുവില്‍ നേരത്തെ വിതറിയതിന്റെ നാലിലൊന്നു മാത്രം പെറുക്കിയെടുത്ത് അവള്‍ മടങ്ങിയെത്തിയപ്പോള്‍ സൂഫി ഗുരു പറഞ്ഞു: ‘കണ്ടോ, ഈ തൂവലുകള്‍ പോലെയാണു നീ പറഞ്ഞു പരത്തിയ ദൂഷണങ്ങളും. അതു പലയിടത്തേക്കു പറന്നുപോയി. ഇനി നീ വിചാരിച്ചാല്‍ പോലും കാര്യങ്ങള്‍ പഴയ നിലയിലാക്കാന്‍ കഴിയുകയില്ല.’ അപ്പോഴാണ് സത്യത്തില്‍ താന്‍ നേരത്തേ ചെയ്തതെന്തെന്നു വാസ്തവത്തില്‍ അവള്‍ക്കു മനസ്സിലായത്. ഇതു വേണ്ടപോലെ മനസ്സിലാക്കിയിരുന്നെങ്കില്‍ അവളതു ചെയ്യുമായിരു ന്നില്ല.
നമ്മെക്കുറിച്ചു ദോഷം പറഞ്ഞുപരത്തുന്നവരെക്കുറിച്ചും, നമ്മെ ദ്രോഹിക്കുന്നവരെക്കുറിച്ചും വാസ്തവത്തില്‍ ഇതല്ലേ നേര്? – തങ്ങള്‍ ചെയ്യുന്നതെന്തെന്നു വാസ്തവത്തില്‍ അവര്‍ മനസ്സിലാക്കിയിട്ടില്ല. വേണ്ടതുപോലെ മനസ്സിലാക്കിയിരുന്നെങ്കില്‍ അവര്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. യേശുവിനെ ക്രൂശിച്ചവരെക്കുറിച്ചു സെന്റ് പോളും പിന്നീടൊരിക്കല്‍ പറഞ്ഞു: ‘തങ്ങള്‍ ചെയ്യുന്നതെന്തെന്ന് ഈ ലോകത്തിന്റെ പ്രഭുക്കന്മാര്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ തേജസ്സിന്റെ കര്‍ത്താവിനെ ക്രൂശിക്കയില്ലായിരുന്നു’ (1കൊരിന്ത്യര്‍ 2:8). അവര്‍ തങ്ങള്‍ ചെയ്യുന്ന തെറ്റിന്റെ ഗുരുത്വം വേണ്ടപോലെ മനസ്സിലാ ക്കിയില്ല. അതുകൊണ്ട് അവരോടു ക്ഷമിക്കണമേ- ഇതായിരുന്നു യേശുവിന്റെ പ്രാര്‍ഥന.
മറ്റുള്ളവരോടു ക്ഷമിക്കുമ്പോള്‍ നാം നമ്മോടു തന്നെയാണു കരുണ കാട്ടുന്നത്. ഇന്ന് അള്‍സര്‍, ആസ്മ പോലുള്ള പല രോഗങ്ങളുടെയും പിന്നിലുള്ളത് ക്ഷമിക്കാത്ത മനോഭാവമാണെന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ അഭിപ്രായം ഗൗരവമായി എടുത്താല്‍, തീര്‍ച്ചയായും ക്ഷമിക്കുമ്പോള്‍ നാം നമ്മോടു തന്നെയാണു ദയ കാണിക്കുന്നത്.
സെന്റ് പോളിന്റെ വാക്കുകള്‍ വീണ്ടും: ‘ദീര്‍ഘമായി ക്ഷമിക്കുക, ദയ കാണിക്കുക- യഥാര്‍ത്ഥ സ്‌നേഹം അതാണ്.’
43. വെണ്ണക്കല്‍ പ്രതിമ വീണതിനു പിന്നില്‍…
ഒരു ഗ്രാമത്തില്‍ നിന്നു രണ്ടു കായിക താരങ്ങള്‍. ഒരു ഞെട്ടില്‍ വിരിഞ്ഞ രണ്ടു പൂമൊട്ടുകള്‍ പോലെ. ഇരുവരും ചെറുപ്പക്കാരും ആത്മാര്‍ഥ സുഹൃത്തുക്കളുമായിരുന്നു. കാലം കടന്നുപോയി… അവരില്‍ ഒരുവന്‍ കായിക രംഗത്തു കൂടുതല്‍ പ്രസിദ്ധനായി. തന്റെ ഗ്രാമത്തിന്റെ പേര് അവന്‍ വിദൂര ദേശങ്ങളില്‍ പോലും എത്തിച്ചു. ഗ്രാമീണര്‍ക്കു സന്തോഷമായി. തങ്ങളുടെ കൊച്ചു നാടിനെ ലോകപ്രശസ്തമാക്കിയ ആ കായിക താരത്തെ അര്‍ഹമായ നിലയില്‍ ആദരിക്കാന്‍ അവര്‍ തീരുമാനിച്ചു. അവന്റെ ഒരു വെണ്ണക്കല്‍ പ്രതിമ നിര്‍മിച്ച് അവര്‍ ഗ്രാമത്തിന്റെ കവാടത്തില്‍ തന്നെ സ്ഥാപിച്ചു.
പക്ഷേ ഇതു മറ്റേ കായിക താരത്തെ അസൂയാലുവാക്കി. ആ പ്രതിമ അയാളുടെ സ്വാസ്ഥ്യം കെടുത്തി. ആ പ്രതിമ അവിടെ തലയുയര്‍ത്തി നില്‍ക്കുന്നിടത്തോളം കാലം തനിക്കു സമാധാനം ലഭിക്കുകയില്ലെന്ന് അയാള്‍ക്കു തോന്നി. എങ്ങനെയും ആ പ്രതിമ തകര്‍ക്കണം. എന്നാല്‍ തന്നെ ആരും സംശയിക്കുകയും അരുത്. അതിന് എന്താണു വഴി? പല പദ്ധതികളും ആലോചിച്ചു. ഒടുവില്‍ ഒരു സൂത്രം തോന്നി. രാത്രി ആരുംകാണാതെ ആ വെണ്ണക്കല്‍ പ്രതിമയുടെ അടിത്തറ കുറേശ്ശെ പൊട്ടിച്ചു മാറ്റുക. അങ്ങനെ കുറെ രാത്രികള്‍ പണിപ്പെട്ടാല്‍ ഒരുനാള്‍ പ്രതിമ താനേ വീണു ഛിന്നഭിന്നമായിക്കൊള്ളും. അന്നു രാത്രി തന്നെ ആള്‍ സഞ്ചാരം കുറഞ്ഞപ്പോള്‍ അയാള്‍ ഒരു ചുറ്റികയുമായി പ്രതിമയെ സമീപിച്ചു ‘പണി തുടങ്ങി.’ പല രാത്രികള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ തന്റെ ലക്ഷ്യത്തോടു വളരെ അടുത്തു. ഇനി ഒരുരാത്രി കൂടി പണിപ്പെട്ടാല്‍ മതി. നിര്‍ണായകമായ ആ രാത്രിയും ഇരുളിനു കനം വച്ചപ്പോള്‍ അയാള്‍ പ്രതിമയെ ലക്ഷ്യമാക്കി പുറപ്പെട്ടു…
പിറ്റേന്നു ഗ്രാമവാസികള്‍ നടുക്കുന്ന ഒരുവാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്. എല്ലാവരും അങ്ങോട്ടോടി. അവിടെയതാ ആ പടുകൂറ്റന്‍ പ്രതിമ അടിത്തറ ഇളകിയ നിലയില്‍ വീണു കിടക്കുന്നു. പൊടുന്നനെ മറിഞ്ഞുവീണ പ്രതിമയുടെ അടിയില്‍പെട്ട് ഒരു ചെറുപ്പക്കാരനും മരിച്ചു കിടക്കുന്നു. അതു മറ്റാരും ആയിരുന്നില്ല. ഓരോ രാത്രിയും രഹസ്യമായി ആ പ്രതിമയുടെ അടിത്തറ തകര്‍ത്തുകൊണ്ടിരുന്ന അസൂയാലുവായ ആ യുവാവായിരുന്നു. അവന്റെ കയ്യില്‍ അപ്പോഴും ഉണ്ടായിരുന്ന ചുറ്റിക എന്താണു സംഭവിച്ചതെന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും സൂചന നല്‍കി. അസൂയയ്ക്ക് എന്തു ചെയ്യാന്‍ കഴിയും എന്നതിലേക്കു വെളിച്ചം വീശുന്ന ഈ കൊച്ചുകഥ ബില്ലിഗ്രഹാമിന്റെ ‘ഏഴു മാരകപാപങ്ങള്‍’ എന്ന പുസ്തകത്തില്‍ നിന്നാണ്. നാം മറ്റൊരാളോട് അസൂയപ്പെട്ടാല്‍ അതുകൊണ്ട് നമുക്ക് ഒരു നേട്ടവുമില്ല. അപരന് ഒരു ചേതവുമില്ല. മാത്രമല്ല, ആരാണോ അസൂയപ്പെടുന്നത് അവനെ അസൂയ നശിപ്പിക്കും. അതാണ് അസൂയയ്ക്കു ചെയ്യാന്‍ കഴിയുന്നത്. ഇക്കാര്യം സോളമന്‍ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: ‘അസൂയയോ അസ്ഥികള്‍ക്കു ദ്രവത്വം’ (സാദൃശവാക്യം 14:30). അസ്ഥിയിലെ അര്‍ബുദം പോലെ അപകടകാരിയാണ് അസൂയയെന്നു സാരം. പിടിപെടുന്ന ആളിനെ കാര്‍ന്നു തിന്നുന്ന തിന്മയാണത്. ഇസ്രായേലിന്റെ ആദ്യരാജാവ് സാവൂളിന്റെ പതനത്തിന് ഇടയാക്കിയത് ഈ തിന്മയായിരുന്നു. സാവൂളിനു തോല്‍പിക്കാന്‍ കഴിയാതിരുന്ന ഫെലിസ്ത്യ മല്ലന്‍ ഗോലിയാത്തിനെ സാവൂളിന്റെ ഒരു പ്രജയായ ദാവീദ് എന്ന ചെറുപ്പക്കാരന്‍ ഒരു കവിണയും കല്ലുംകൊണ്ടു വീഴ്ത്തി. ഇതേ തുടര്‍ന്ന് ഇസ്രായേല്‍ കന്യകമാര്‍ പാട്ടുപാടി നൃത്തം ചെയ്തു. പാട്ടിലെ ഒരു വരി ഇങ്ങനെ: ‘സാവൂള്‍ ആയിരത്തെ കൊന്നു, ദാവീദോ പതിനായിരത്തെ…’ പെണ്‍കുട്ടികളുടെ പാട്ടു കേട്ട സാവൂള്‍ അസൂയയും ദേഷ്യവും കൊണ്ടു തിളച്ചു: ‘ഹും, രാജാവായ എനിക്ക് ആയിരവും ഈ പീറപ്പയ്യന് പതിനായിരവും!’ അവിടം മുതല്‍ സാവൂളിന്റെ ജീവിത ഗ്രാഫ് താഴോട്ടു പോകുവാന്‍ ആരംഭിച്ചു.!
അസൂയ അടിസ്ഥാനപ്പെട്ടിരിക്കുന്നത് വാസ്തവത്തില്‍ നിഗളത്തി ലാണെന്നും ഈ സംഭവം വെളിപ്പെടുത്തുന്നു. പലപ്പോഴും നാം വിചാരിക്കുന്നത് മറ്റൊരാളുടെ ഉയര്‍ച്ചയുമായി താരതമ്യപ്പെടുത്തു മ്പോള്‍ ഉണ്ടാകുന്ന അപകര്‍ഷ ബോധമാണ് അസൂയയ്ക്കു കാരണമെന്നാണ്. എന്നാല്‍ ആ അപകര്‍ഷബോധം വാസ്തവത്തില്‍ എന്താണ്? മറ്റേയാളിനൊപ്പം ആയിത്തീരുവാന്‍ ഞാനും അര്‍ഹനാണ്, ഞാന്‍ ചെറിയ ആളാകേണ്ടവനല്ല എന്ന മനോഭാവത്തിന്റെ ഉപോല്‍പന്നമാണ് ആ നിലപാട്. ഉവ്വ്, തീര്‍ച്ചയായും അത് വേഷപ്രച്ഛന്നമായ അഹങ്കാരമാണ്. അഹങ്കാരത്തില്‍ നിന്നാണ് അസൂയ ഉത്ഭവിക്കുന്നതെന്നു സെന്റ് പോള്‍ പറയുന്നതും ശ്രദ്ധിക്കൂ (1 തിമൊഥെയൊസ് 6:4,5).
ഈ അസൂയ ആത്യന്തികമായി അസൂയപ്പെടുന്നവനെയാണു നശിപ്പിക്കുക. രണ്ടു കഴുകന്മാരെക്കുറിച്ചു ഒരു കഥ കേട്ടിട്ടുണ്ട്. ഒരു കഴുകന്‍ മറ്റൊരു കഴുകനെക്കാള്‍ ഉയരത്തില്‍ പറക്കുമായിരുന്നു. ഇതു മറ്റേ കഴുകന് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ആ കഴുകന്‍ ഒരു വേട്ടക്കാരനെ കണ്ട് അവനോടു പറഞ്ഞു: ‘ആ ഉയരത്തില്‍ പറക്കുന്ന കഴുകനെ നിങ്ങള്‍ അമ്പെയ്തു വീഴ്ത്തണമെന്നു ഞാനാഗ്രഹിക്കുന്നു.’
തന്റെ അമ്പില്‍ കുറച്ചു തൂവലുകള്‍ ഉണ്ടെങ്കിലേ അത്രയും ഉയരത്തില്‍ അമ്പെയ്തു കൊള്ളിക്കാനാകൂ എന്ന് വേട്ടക്കാരന്‍ പറഞ്ഞു. അപ്പോള്‍ ആ കഴുകന്‍ തന്റെ ചിറകില്‍ നിന്ന് ഒരു തൂവല്‍ പറിച്ചു കൊടുത്തു. വേട്ടക്കാരന്‍ എയ്തു. എന്നാല്‍ അത് ഉയരത്തില്‍ പറക്കുന്ന കഴുകന്റെ അടുത്തെങ്ങും എത്തിയില്ല. ഇതുകണ്ട് അസൂയാലുവായ കഴുകന്‍ തന്റെ തൂവലുകള്‍ കൂടുതല്‍ പറിച്ചു വേട്ടക്കാരനു കൊടുത്തു ഒടുവില്‍ തൂവലുകള്‍ ഏറെ നഷ്ടപ്പെട്ട് അതിനു പറക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി. വേട്ടക്കാരന്‍ കാത്തിരുന്നത് ഈ അവസരത്തിനു വേണ്ടിയായിരുന്നു. അപ്പോള്‍ അയാള്‍ പറക്കാന്‍ കഴിയാത്ത ആ കഴുകനെ അടിച്ചു കൊന്നു. ഗുണപാഠം: നിങ്ങള്‍ അസൂയാലുവാണെങ്കില്‍ നിങ്ങള്‍ക്കു നിങ്ങളെ മാത്രമേ മുറിപ്പെടുത്താന്‍ കഴിയൂ.
ആട്ടെ, ഈ അസൂയയെ നമുക്ക് എങ്ങനെ കീഴ്‌പ്പെടുത്താം? ഇതിനൊരു ലളിതമായ പ്രതിവിധി പ്രശസ്ത സുവിശേഷകനായിരുന്ന ഡി.എല്‍. മൂഡി നിര്‍ദേശിച്ചിട്ടുണ്ട്. ആ സംഭവം ഇങ്ങനെ: പരസ്പരം ശത്രുത്വം വച്ചു പുലര്‍ത്തിയിരുന്ന രണ്ടു കച്ചവടക്കാര്‍. അവര്‍ തമ്മില്‍ കടുത്ത അസൂയയാണ്. അതില്‍ ഒരുവന്‍ മൂഡിയുടെ പ്രസംഗം കേട്ടു ദൈവവിശ്വാസിയായി. അയാള്‍ മൂഡിയോടു പറഞ്ഞു: ‘ഞാന്‍ വിശ്വാസത്തിലേക്കു വന്നെങ്കിലും എനിക്കിപ്പോഴും എന്റെ അയല്‍ ക്കാരനായ കച്ചവടക്കാരനോട് അസൂയയാണ്. അതു ശരിയല്ലെന്ന് എനിക്കറിയാം. എന്നാല്‍ അതിനെ എങ്ങനെ കീഴടക്കണമെന്ന് എനിക്കറിയില്ല.’
മൂഡി പറഞ്ഞു: ‘ഒരു കാര്യം ചെയ്യൂ. നിങ്ങളുടെ കടയില്‍ ഒരാള്‍ സാധനം വാങ്ങാന്‍ വരുമ്പോള്‍ അയാള്‍ക്ക് അതു കൊടുക്കാന്‍ നിങ്ങളുടെ പക്കല്‍ ഇല്ലെങ്കില്‍ അയാളെ നിങ്ങളുടെ അയല്‍ക്കാരനായ കച്ചവടക്കാരന്റെ അടുത്തേക്കു പറഞ്ഞയയ്ക്കൂ. അങ്ങനെ നിങ്ങള്‍ക്ക് അയാളോടുള്ള അസൂയയെ ജയിക്കാം.’
കച്ചവടക്കാരന്‍ അതേപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. വാസ്തവത്തില്‍ അതു ചെയ്യാന്‍ അയാള്‍ക്ക് ഇഷ്ടമില്ല. എന്നാല്‍ അസൂയയെ കീഴടക്കാന്‍ മറ്റു മാര്‍ഗമില്ലാതെ അയാള്‍ മൂഡി പറഞ്ഞതുപോലെ ചെയ്യാന്‍ തുടങ്ങി. അത്ഭുതം! ക്രമേണ മറ്റേ കച്ചവടക്കാരനും തന്റെ കടയില്‍ വരുന്നവരെ ഇങ്ങോട്ടും പറഞ്ഞുവിടാന്‍ തുടങ്ങി. അങ്ങനെ ആ ആന്തിരക മുറിവു സൗഖ്യമായി.
വാസ്തവത്തില്‍ കച്ചവടക്കാരന്‍ മൂഡിയുടെ ഉപദേശം സ്വീകരിച്ച പ്പോള്‍ അയാള്‍ തന്റെ നിഗളത്തെയാണ് ആദ്യം ജയിച്ചത്. തന്റെ നിഗളത്തിന്റെ ഭാരമാണ് ആദ്യം ആ ഉപദേശം അനുസരിക്കുന്നതില്‍ നിന്ന് അയാളെ തടഞ്ഞത്. എന്നാല്‍ പിന്നീടു താഴ്മയോടെ ആ ഉപദേശം അനുസരിച്ചപ്പോള്‍ ആദ്യം അയാള്‍ നിഗളത്തില്‍ നിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് അസൂയയില്‍ നിന്നും.
44. മരണത്തിനപ്പുറം
തെളിഞ്ഞ ഒരു പ്രഭാതമായിരുന്നു അത്.
പതഞ്ഞൊഴുകുന്ന നയാഗ്രാ നദി അതിഭയാനകമായ അലര്‍ച്ച യോടെ ആയിരക്കണക്കിന് അടി താഴെയുള്ള പാറക്കെട്ടുകളിലേക്കു തല്ലി അലച്ചു വീഴുന്നു. വിശ്വപ്രസിദ്ധമായ ഈ നയാഗ്രാ വെള്ളച്ചാ ട്ടത്തിനു മുകളില്‍ ഇരു കരകളേയും ബന്ധിച്ചുകൊണ്ട് 1,100 അടി നീളം വരുന്ന ഒരുവടം വലിച്ചുകെട്ടിയിരിക്കുകയാണ്.
ഉയരത്തില്‍ കയറിനു മുകളിലൂടെ നടക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രസിദ്ധി നേടിയിട്ടുള്ള അഭ്യാസി ചാള്‍സ് ബ്ലോണ്ടിന്‍ അന്ന് നയാഗ്ര വെള്ളച്ചാട്ടത്തിനു മുകളിലൂടെ വടത്തിന്മേല്‍ നടന്ന് അക്കരെ ഇക്കരെ പോകുക എന്ന സാഹസ കൃത്യത്തിനു സാക്ഷ്യം വഹിക്കാന്‍ പതിനായിരക്കണക്കിന് അളുകള്‍ നയാഗ്രയുടെ ഇരുകരകളിലും തടിച്ചു കൂടിയിരിക്കുന്നു. ടൊറന്റോയില്‍ നിന്നും മറ്റും സ്‌പെഷല്‍ ട്രെയിനുകളില്‍ വലിയ ജനക്കൂട്ടം പിന്നേയും അങ്ങോട്ട് ഒഴുകിയെത്തുകയാണ്. തീയതി: ജൂണ്‍ 30, 1858. ജനങ്ങള്‍ വീര്‍പ്പടക്കി നോക്കി നില്‍ക്കെ ഒടുവില്‍ പ്രകടനം ആരംഭിച്ചു. കയ്യില്‍ ബാലന്‍സിനുവേണ്ടി 40 പൗണ്ട് ഭാരമുള്ള ഒരു വടി കുറുകെപ്പിടിച്ച് ചാള്‍സ് ബ്ലോണ്ടിന്‍ വടത്തിനു മുകളിലൂടെ അടിവച്ചടിവച്ചു നടക്കാന്‍ തുടങ്ങി. ജനസമുദ്രം ഉല്‍ക്കണ്ഠയോടെ അതു കണ്ടു നിന്നു. എങ്ങും സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത. ഒടുവില്‍ ബ്ലോണ്ടിന്‍ വിജയസ്മിതത്തോടെ മറുകരയെത്തിയപ്പോള്‍ താഴെ ജനം ഹര്‍ഷാരവം മുഴക്കി. നയാഗ്രയുടെ ഭയാനകമായ അലര്‍ച്ചപോലും ആ ആഹ്ലാദാരവങ്ങളില്‍ മുങ്ങിപ്പോയി.
താഴെ കാത്തു നില്‍ക്കുന്ന ജനസഞ്ചയത്തെ നോക്കി കൈവീശിയ ശേഷം ബ്ലോണ്ടിന്‍ അതാ പുതിയൊരു നിര്‍ദേശം മുന്നോട്ടു വയ്ക്കുക യായി – ചുമലില്‍ കാണികളിലൊരാളെയും വഹിച്ചുകൊണ്ട് താന്‍ വടത്തിലൂടെ മറുകരയ്ക്കു പോകാം. പക്ഷേ ആരായിരിക്കും അതിനു തയ്യാറാവുക? ആളുകള്‍ അന്യോന്യം ചോദിച്ചു.
”താങ്കളെ അക്കരെ കൊണ്ടുപോകാന്‍ ഞാന്‍ പ്രാപ്തനാണെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?”- ചാള്‍സ് ബ്ലോണ്ടിന്‍ കാണികളില്‍ ധീരനാണെന്നു തോന്നിയ ഒരാളോടു ചോദിച്ചു.
”തീര്‍ച്ചയായും.”
”അങ്ങനെയെങ്കില്‍ താങ്കളെ ചുമലിലേറ്റി ഞാന്‍ അക്കരെയ്ക്കു പോകാം:” ബ്ലോണ്ടിന്‍ സന്നദ്ധത പ്രകടിപ്പിച്ചു.
”പക്ഷേ അത് അപകടകരമല്ലേ? ഞാനെന്റെ ജീവനെ പന്താടാന്‍ തയ്യാറല്ല.” അയാള്‍ മെല്ലെ ആള്‍ക്കൂട്ടത്തിനിടയില്‍ മുങ്ങി.
”ശരി താങ്കള്‍ എന്തു പറയുന്നു?” ബ്ലോണ്ടിന്‍ ഇക്കുറി ചോദിച്ചതു തന്റെ മാനേജര്‍ ഹെന്‍ട്രി കോള്‍കോര്‍ഡിനോടാണ്. ”താങ്കളെ അക്കരെ കൊണ്ടുപോകാന്‍ ഞാന്‍ പ്രാപ്തനാണെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?” – ചാട്ടുളിപോലെ ഒരു ചോദ്യം. ഉത്തരവും അങ്ങനെ തന്നെയായിരുന്നു: ”ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ അക്കാര്യത്തില്‍ എനിക്കു തെല്ലും സംശയമില്ല.”
”താങ്കള്‍ എന്നെ ഉത്തമ വിശ്വാസത്തോടെ ഭരമേല്പിച്ച് തോളിലിരിക്കാന്‍ തയ്യാറാണോ?”
”തയ്യാറാണ്.”
വീണ്ടും ശ്വാസം അടക്കിപ്പിടിച്ച് ജനം ആ കാഴ്ച കണ്ടുനിന്നു. 38 അടി നീളമുള്ള കമ്പ് കയ്യില്‍ കുറുകെപ്പിടിച്ച് ഹെന്‍ട്രിയെ ചുമലില്‍ വഹിച്ച ബ്ലോണ്ടിന്‍ മറുകരയ്ക്ക് വടത്തിലൂടെ അടിവച്ചു നീങ്ങുക യായി. അവരുടെ ഭാരംകൊണ്ട് താഴെ വടം വലിഞ്ഞു മുറുകി നിന്നു. ഓരോ അടിയായി, പക്ഷേ വ്യക്തമായ ചുവടുവയ്പുകളോടെ, അറയ്ക്കാതെ മെല്ലെ മെല്ലെ ബ്ലോണ്ടിന്‍ നടക്കുകയാണ്. എന്തൊരു ആത്മവിശ്വാസം!
ഒടുവില്‍ അവര്‍ വടത്തിന്റെ മധ്യഭാഗത്ത് എത്തി. താഴെ ഇരച്ചാര്‍ത്തു വീഴുന്ന വെള്ളച്ചാട്ടം. അവിടെ നിന്നു ജലകണങ്ങള്‍ മൂടല്‍ മഞ്ഞുപോലെ ഉയരുന്നു. അവയ്ക്കിടയിലൂടെ വെള്ളച്ചാട്ടം വന്നു പതിക്കുന്ന കരിമ്പാറക്കെട്ടുകള്‍ അവ്യക്തമായി കാണാം. ഭയാനകമായ ഈ ദൃശ്യങ്ങള്‍ക്കു മുകളില്‍ മധ്യാകാശത്തിലെന്നവണ്ണം അവര്‍! ജനം ഭയത്തോടെ ആ കാഴ്ച നോക്കിനിന്നു. വീണ്ടും മുന്നോട്ട്. അവര്‍ മെല്ലെ മറുകരയെ സമീപിക്കുകയാണ്. പെട്ടെന്ന് അപകടരേഖ കടന്ന് ഓടിവന്ന കാണികളിലൊരാള്‍ വടം വലിച്ചുകെട്ടിയിരുന്ന തൂണുകളി ലൊന്നില്‍ അറിയാതെ മുട്ടി. തൂണ് കുലുങ്ങി. വലിഞ്ഞു നിന്ന വടം ഭയാനകമായ നിലയില്‍ അങ്ങോട്ടും ഇങ്ങോട്ടും ആടുവാന്‍ തുടങ്ങി. എന്തും സംഭവിക്കാവുന്ന നിമിഷം… ആളുകള്‍ അന്തം വിട്ടു. ഉല്‍ക്കണ്ഠ അതിന്റെ പരകോടിയിലെത്തി. ബ്ലോണ്ടിന്‍ ഹെന്‍ട്രിയെ വിളിച്ചു ‘ഹെന്‍ട്രി, ഇത് അപകടരമായ നിമിഷമാണ്, ഇതിനെ മറികടക്കാന്‍ ഒരു മാര്‍ഗമേയുള്ളു. നിങ്ങള്‍ എന്റെ ശരീരത്തിന്റെ ഒരു ഭാഗമാണെന്നു കരുതുക. നിങ്ങള്‍ ഇനി ഹെന്‍ട്രിയല്ല, ബ്ലോണ്ടിന്‍ തന്നെയാണ്. എന്റെ ഒരു ഭാഗം. ഞാന്‍ ആടുകയാണെങ്കില്‍ എന്നോടൊപ്പം ആടുക. സ്വയം ബാലന്‍സു പിടിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ നാം ഇരുവരും താഴെ വീണു തവിടുപൊടിയാകും. സമ്മതിച്ചോ?”
ഹെന്‍ട്രി അതു സമ്മതിച്ചു. അദ്ദേഹത്തിനു ബ്ലോണ്ടിനെ വിശ്വാസ മായിരുന്നു. പെട്ടെന്ന് വടം അതിഭയാനകമായി ഇരുവശത്തേക്കും അടുന്നതിനിടയില്‍ ബ്ലോണ്ടിന്‍ വടത്തിലൂടെ മറുകരയിലേക്ക് ഓടുവാന്‍ തുടങ്ങി. എങ്ങനെയാണു ബ്ലോണ്ടിനു ബാലന്‍സു കിട്ടിയത്? ആര്‍ക്കും അറിയില്ല. പക്ഷേ അദ്ദേഹം അതു സാധിച്ചു. ആളുകളെ ഉല്‍ക്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ബ്ലോണ്ടിന്‍ അവസാന ചുവടും വച്ചു. അവര്‍ സുരക്ഷിതരായി അക്കരെയെത്തി. കാണികളുടെ ആവേശം അണമുറിഞ്ഞു. പിരിമുറുക്കം അയഞ്ഞു. ഉല്‍ക്കണ്ഠ ആഹ്ലാദത്തിനു വഴിമാറി… പിന്നീടു പല അഭ്യാസികളും ഈ മട്ടില്‍ നയാഗ്രയ്ക്കു മുകളിലൂടെ കയറില്‍ നടന്നിട്ടുണ്ട്. പക്ഷേ ചാള്‍സ് ബ്ലോണ്ടിനും ഹെന്‍ട്രി കോള്‍കോര്‍ഡും സമ്മാനിച്ച ഉദ്വേഗ ജനകമായ ആ മുഹൂര്‍ത്തം പിന്നീട് ഇതുവരെയാര്‍ക്കും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ സംഭവം തന്റെ ഒരു ലേഖനത്തില്‍ പ്രശസ്ത ക്രിസ്തീയ എഴുത്തുകാരന്‍ ഓസ്‌വാള്‍ഡ് ജെ. സ്മിത്ത് ഭംഗിയായി വിവരിക്കുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം അതില്‍ നിന്ന് മരണവും ജീവിതവുമായി ബന്ധപ്പെട്ട ഒരു സന്ദേശം ഇങ്ങനെ നല്‍കുന്നു: അമേരിക്ക, കാനഡ എന്നീ രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള ഒരു പിളര്‍പ്പാണ് നയാഗ്ര. അഗാധ ഗര്‍ത്തം. ഇതു മരണത്തെയാണു കുറിക്കുന്നത്. മരണം വാസ്തവത്തില്‍ എന്താണ്? നമ്മുടെ ഇപ്പോഴത്തെ ജീവിതത്തിനും നമ്മുടെ മരണാനന്തര ജിവിതത്തിനും ഇടയിലുള്ള ഭയാനകമായ ഒരു പിളര്‍പ്പാണത്. ഇപ്പോഴത്തെ ജീവിതം, മരണാനന്തര ജീവിതം എന്നീ രണ്ടു കരകളെ മരണം വേര്‍തിരിക്കുന്നു. എന്നാല്‍ ചാള്‍സ് ബ്ലോണ്ടിന്‍ അക്കരയിക്കരെ കടന്നതുപോലെ മരണം കുറുകെ കടന്ന് ഈ ജീവിതത്തില്‍ നിന്നു മരണാനന്തര ജീവിതത്തിലേക്കും അവിടെ നിന്നു തിരിച്ചും നിര്‍ഭയം യാത്ര ചെയ്ത ഒരാള്‍ ചരിത്രത്തിലുണ്ട് – അതു ജീസസാണ്.
നയാഗ്ര കുറുകെ കടന്ന് ആളുകളുടെ അംഗീകാരം നേടിയശേഷം ചാള്‍സ് ബ്ലോണ്ടിന്‍ അന്ന് ഒരു വാഗ്ദാനം നല്‍കിയത് ഓര്‍ക്കുന്നു ണ്ടല്ലോ. തന്നെ വിശ്വസിച്ച് ആശ്രയിക്കുന്ന ആരെയും നിരപായം അക്കരെയെത്തിക്കാം. ആരും തയ്യാറായില്ല. ഹെന്‍ട്രി കോള്‍കോര്‍ഡ് ഒഴികെ. അതുപോലെ, വടം ഭയാനകമായി ആടിയുലഞ്ഞ സന്ദര്‍ഭ ത്തില്‍ ഹെന്‍ട്രിക്ക് വെറും സാധാരണ ആശ്രയവും വിശ്വാസവും പോരായിരുന്നു. ചാള്‍സ് ബ്ലോണ്ടിന്റെ ശരീരത്തിന്റെ ഭാഗമെന്ന നിലയില്‍ അവന്‍ മാറേണ്ടതുണ്ടായിരുന്നു. അത്തരം ഒരു പൂര്‍ണ സമര്‍പ്പണമാണ് ഹെന്‍ട്രിയെ രക്ഷിച്ചത്.
ഓസ്‌വാള്‍ഡ് ജെ. സ്മിത്ത് തുടര്‍ന്നു പറയുന്നു: ചാള്‍സ് ബ്ലോണ്ടിനെപ്പോലെ ഇന്നു ജീസസും ആളുകളെ ക്ഷണിക്കുന്നു: ”വരൂ ഞാന്‍ നിങ്ങളെ നിരപായം മരണത്തിനപ്പുറം എത്തിക്കാം. എനിക്കതു കഴിയും. കാരണം ഞാന്‍ മരണത്തെ ജയിച്ച് മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റവനാണ്. ഭയപ്പെടേണ്ട. ഞാന്‍ മരിച്ചവനായിരുന്നു. എന്നാല്‍ ഇതാ എന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല്‍ എന്റെ കൈവശമുണ്ട്. വിശ്വാസ ത്തോടെ എന്നില്‍ ആശ്രയിച്ചാല്‍ മാത്രം മതി. മറ്റൊന്നും ആവശ്യമില്ല. ഞാന്‍ അക്കരെയെത്തിക്കാം.” പക്ഷേ ഈ ആഹ്വാനം എത്രപേര്‍ സ്വീകരിക്കുന്നു? ഹെന്‍ട്രിയെപ്പോലെ ഈ വാക്കുകള്‍ വിശ്വസിക്കാന്‍ എത്രപേര്‍ക്കു കഴിയും?. അതുപോലെ അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് ജീവിതം ആടിയുലഞ്ഞാലും സമര്‍പ്പണത്തില്‍ നിന്നു മാറാതെ തന്നെത്തന്നെ പൂര്‍ണമായി കര്‍ത്താവില്‍ അര്‍പ്പിച്ച് സ്വസ്ഥമായിരി ക്കാന്‍ എത്ര പേര്‍ തയ്യാറാവും?
വാസ്തവത്തില്‍ മരണഭയമാണ് ഇന്നു പലരുടെയും പ്രശ്‌നം. എന്നാല്‍ മരണത്തെ ജയിച്ച ഒരുവനു മാത്രമല്ലേ നിങ്ങളുടെ മരണഭയം മാറ്റുവാന്‍ കഴിയുകയുള്ളു?
45.’സത്യം നിങ്ങളെ സ്വതന്ത്രരാക്കും’
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകള്‍ ഉണര്‍ത്തി ഓഗസ്റ്റ് 15 വീണ്ടും. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളിയാണ് ഇന്നെവിടെയും. ഈ സാഹചര്യത്തില്‍ യഥാര്‍ഥ സ്വാതന്ത്ര്യത്തെക്കു റിച്ചുള്ള ചിന്തകള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. യഥാര്‍ഥ സ്വാതന്ത്ര്യം നല്‍കുന്നതെന്താണ്? പണം, തങ്ങള്‍ കൊതിക്കുന്ന സ്വാതന്ത്ര്യം നല്‍കുമെന്നാണു പലരും കരുതുന്നത്. ഉവ്വ്. പണം ഒരു നല്ല ദാസനാണ്. അതുപയോഗിച്ചു നമുക്ക് ആളുകളെ സഹായിക്കാന്‍ കഴിയും. സ്‌നേഹിതരെ നേടുവാന്‍ കഴിയും. അപ്പോള്‍ അതിനു വിലയുണ്ട്.
എന്നാല്‍ പണത്തിന് ഒരു കുഴപ്പമുണ്ട്. നാം ജാഗരൂകരായില്ലെങ്കില്‍ അതു വേഗം നമ്മെ അതിന്റെ ദാസനാക്കി മാറ്റും. പണം നമ്മുടെ യജമാനനായാല്‍ അതൊരു ചീത്ത യജമാനനാണ്. അതു നമ്മുടെ സ്വസ്ഥത കെടുത്തും. പണം കൂടുതല്‍ കൂടുതല്‍ കുന്നു കൂട്ടുവാന്‍ ക്രൂരനായ ഒരു യജമാനനെപ്പോലെ അതു നമ്മോടു കല്പിക്കും. 99 സ്വര്‍ണ നാണയം അടങ്ങിയ കിഴി കിട്ടിയ കര്‍ഷകന്റെ കഥ കേട്ടിട്ടില്ലേ? ആ കിഴി കിട്ടുന്നതു വരെ അവന്‍ സന്തുഷ്ടനായിരുന്നു. പണിയെടു ക്കും. ഉള്ളതുകൊണ്ട് ഉല്ലാസമായി കഴിയും. തൃപ്തന്‍. പക്ഷേ കിഴി കിട്ടിയതോടെ സ്ഥിതിയാകെ മാറി. എണ്ണി നോക്കിയപ്പോള്‍ 99 സ്വര്‍ണ നാണയം ഉണ്ട്. നൂറിനു കൃത്യം ഒന്നു കുറവ്. എങ്ങനെയും അധ്വാനിച്ച് ഒരു സ്വര്‍ണ നാണയം കൂടി നേടി മൊത്തം നൂറു സ്വര്‍ണനാണയത്തിന് അവകാശിയാകണമെന്ന് അവനു തോന്നി. അതോടെ അവനു സ്വസ്ഥതയില്ലാതായി. രാവും പകലും അധ്വാനമാണ്. വിശ്രമിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും സമയമില്ല. എങ്ങനെയങ്കിലും കഷ്ടിച്ച് ഒരു സ്വര്‍ണനാണയം കൂടി വാങ്ങാനുള്ള പണം സ്വരുക്കൂട്ടു മ്പോഴേക്കും കുട്ടികളിലാര്‍ക്കെങ്കിലും അസുഖമാകും. ആ പണം ചെലവായിപ്പോകും. പിന്നേയും ആദ്യം മുതല്‍ തുടങ്ങും. പക്ഷേ അവസാന നിമിഷം വീണ്ടും എന്തെങ്കിലും അത്യാവശ്യം വന്ന് അതെടുത്തു പോകും. പിന്നേയും അധ്വാനം. ലക്ഷ്യം നേടാനാവത്ത തിന്റെ അസ്വസ്ഥത. വീട്ടിലും സമാധാനമില്ല. കുട്ടികളോടും വീട്ടുകാരിയോടും വഴക്ക്. ഒരു പ്രശ്‌നവുമില്ലാതെ, സന്തുഷ്ടനായി കഴിഞ്ഞ ആളാണ്. പണം കൂട്ടിവയ്ക്കാന്‍ ആഗ്രഹിച്ചപ്പോള്‍ മുതല്‍ ആ ചിന്തയുടെ അടിമയായി. ഉവ്വ്, പണം ഒരു ചീത്ത യജമാനനാണ്! അത് ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. സത്യത്തില്‍ പണം ഒരു കടലാസു കഷണം മാത്രമാണ്. നാം അതു ചെലവാക്കുമ്പോഴാണ് അതിനു വിലയുണ്ടാകുന്നത്. അപ്പോഴാണു പണത്തിനു യഥാര്‍ഥ മൂല്യം ഉണ്ടാകുന്നത്. എന്നാല്‍ അങ്ങനെ ചെലവാക്കുമ്പോള്‍ നാം പറയുന്നത് ‘അയ്യോ, എന്റെ പണംപോയി’ എന്നാണ്! എന്നാല്‍ വാസ്തവം എന്താണ്? പണത്തോടു ചേര്‍ന്നു മൊത്തത്തില്‍ ഒരു ചതിയുണ്ട്. അതുകൊണ്ടാണ് യേശു പണത്തെ – അതു നേരായ വഴിയില്‍ നേടിയതായാലും- പൊതുവായി ‘അനീതിയുള്ള മാമോന്‍’ എന്നു വിളിക്കുന്നത്.
ലഹരിയുടെ ലോകം സ്വാതന്ത്ര്യത്തിന്റെ ലോകം എന്ന തോന്നലില്‍ കബളിപ്പിക്കപ്പെട്ടവരും ഏറെയാണ്. മദ്യം നല്‍കുന്ന സ്വാതന്ത്ര്യത്തില്‍ അഭിരമിക്കുന്നത് വിഷപ്പാമ്പിനെ ഊട്ടി വളര്‍ത്തുന്നതുപോലെയാണ്. ഒടുവില്‍ അതു നിന്നെ തിരിഞ്ഞു കൊത്തും. അതോടെ നിന്റെ അന്ത്യമാകും- ജ്ഞാനിയായ ശലോമോന്റെ സദൃശവാക്യം പറയുന്നു. സര്‍ഗാത്മകതയെ ഇതു തെല്ലും സഹായിക്കുകയില്ലെന്നറിഞ്ഞിട്ടും മദ്യത്തില്‍ മുങ്ങി മരിച്ച കവികളും കലാകാരന്മാരും നമ്മുടെ നാട്ടില്‍ തന്നെ എത്ര! ലഹരിയില്‍, വിലക്കുകള്‍ വകവയ്ക്കാതെ കെട്ടിടത്തിനു മീതെ നൃത്തം ചവിട്ടിയ ചലച്ചിത്ര പ്രതിഭ മരണത്തിലേക്കു കൂപ്പു കുത്തുന്നു. ഒടുവില്‍ ‘എവിടെ ജോണ്‍’ എന്ന നിലവിളി മാത്രം ബാക്കി!
സുഖാന്വേഷണവും വാസ്തവത്തില്‍ ആളുകളെ കബളിപ്പിക്കുന്ന താണ്. വിലക്കുകളില്ലാത്ത സ്വാതന്ത്ര്യമാണിന്നു പലരും കൊതിക്കു ന്നത്. സ്വാതന്ത്ര്യം എന്നാല്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണോ? അതേ എന്ന നിലയിലാണ് ഇന്നു കാര്യങ്ങള്‍ നീങ്ങുന്നത്. അല്ലെങ്കില്‍ നോക്കുക. ഈയിടെ യു.എസ്. സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ണായകമായ വിധി. ഇതനുസരിച്ചു പുരുഷന്മാര്‍ തമ്മിലും സ്ത്രീ കള്‍ തമ്മിലും വിവാഹത്തിന് ആഗ്രഹിച്ചാല്‍ അതു നടത്തിക്കൊടു ക്കാനും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാനും യു.എസിലെ അമ്പതോളം സംസ്ഥാനങ്ങളിലെയും അധികൃതര്‍ ബാധ്യസ്ഥരായിരിക്കുന്നു. സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹ സ്വാതന്ത്ര്യം നല്‍കുന്ന ഈ വിധി യു.എസിന്റെ പരമോന്നത കോടതി നാലിനെതിരെ അഞ്ചു വോട്ടു കള്‍ക്ക് പാസ്സാക്കിയപ്പോള്‍ പുരുഷനും സ്ത്രീയും തമ്മില്‍ മാത്രം വിവാഹം എന്ന മാനവരാശി ഉണ്ടായ കാലം മുതല്‍ നിലവിലിരുന്ന സങ്കല്പം തകര്‍ന്നു വീഴുകയായിരുന്നു.
ഈ വിധിയുടെ അടിസ്ഥാനത്തില്‍ സ്വവര്‍ഗാനുരാഗികള്‍ പുത്തന്‍ സ്വാതന്ത്ര്യം ആഘോഷിച്ചു തിമിര്‍ക്കുമ്പോള്‍ ഇതിനെ തികഞ്ഞ ധാര്‍മികാധഃപതനമായി വിവാഹത്തിന്റെ പവിത്രതയില്‍ വിശ്വസിക്കു ന്നവര്‍ വിലയിരുത്തുന്നു. സ്വാഭാവികതയില്‍ നിന്നുള്ള വ്യതിയാനങ്ങള്‍ പണ്ടു മുതലേ ഉണ്ട്. എന്നാല്‍ ഇന്ന് അതിനു നിയമപരിരക്ഷ നല്‍കു കയും രാജ്യം തന്നെ അതിനു ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന സ്ഥിതി, നാം എത്തിച്ചേര്‍ന്നിരിക്കുന്നത് ഒരു ദുര്‍ഘട സമയമാണെന്നു വ്യക്തമാക്കുന്നു.
സുഖാന്വേഷികളായ ആളുകള്‍ നിയന്ത്രണങ്ങള്‍ക്കും വിലക്കു കള്‍ക്കും അപ്പുറത്ത് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തില്‍ അഭിരമിക്കു ന്നതിനെ ദുര്‍ഘട സമയമായും അന്ത്യകാല ലക്ഷണമായുമാണ് ബൈ ബിള്‍ വിവരിക്കുന്നത് (2 തിമൊഥെയൊസ് 3:1-5). അന്ത്യകാലത്തിന്റെ ലക്ഷണങ്ങളെപ്പറ്റി സുവിശേഷങ്ങളില്‍ യേശു വിവരിക്കുമ്പോള്‍ രണ്ടു കാലഘട്ടങ്ങളെക്കുറിച്ചു പറയുന്നു. ഒന്ന്: നോഹയുടെ കാലം. രണ്ട്: ലോത്തിന്റെ കാലം. നോഹയും ലോത്തും ബൈബിളിലെ പഴയ നിയമത്തിലെ രണ്ട് ഇതിഹാസ പുരുഷന്മാരാണ്. നോഹയുടെ കാലത്ത് ജലപ്രളയത്തിലൂടെ ലോകം നശിച്ചു. അതിനുശേഷം ലോത്തിന്റെ കാലത്ത് ലോത്ത് പാര്‍ത്തിരുന്ന സ്ഥലമായ സോദോം ഗോമോറാ ആകാശത്തു നിന്നു തീയും ഗന്ധകവും വര്‍ഷിച്ചതിനെ തുടര്‍ന്നു നശിച്ചു.
നോഹയുടെ കാലത്തിന്റെ പ്രത്യേകത എന്തായിരുന്നു? നോഹയുടെ കാലത്തിലുള്ളവര്‍ ‘തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു’ എന്നും ഓര്‍ക്കാപ്പുറത്തു ജലപ്രളയം വന്ന് അവര്‍ നശിച്ചു പോയി എന്നുമാണ് ഉല്‍പത്തി പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. നോഹയുടെ കാലത്തിലുള്ളവര്‍ തിന്നുക, കുടിക്കുക, വിവാഹം കഴിക്കുക എന്ന നിത്യസാധാരണമായ കാര്യങ്ങളില്‍ മാത്രം അഭിരമിച്ച് (ലൂക്കൊ. 17:27) ദൈവത്തിനും ആത്മീയതയ്ക്കും നല്‍കേണ്ട സ്ഥാനം നല്‍കാതെ പോയി എന്നതായിരുന്നു തകരാറ്. ഒടുവില്‍ അനിവാര്യമായ ദുരന്തം അവര്‍ക്കു നേരിട്ടു. നോഹയ്ക്കു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ലോത്തിന്റെ കാലം. ആ കാലത്തിന്റെ പ്രത്യേകത ‘തിന്നും കുടിച്ചും വാങ്ങിയും വിറ്റും നട്ടും പണിതും പോന്നു’ (ലൂക്കൊസ് 17:28). നോക്കുക: നോഹയുടെ കാലത്തില്‍ നിന്നു ലോത്തിന്റെ കാലത്തിലുള്ള പ്രകടമായ വ്യത്യാസം എന്താണ്? അത് നോഹയുടെ കാലത്തു വിവാഹം ഉണ്ടായിരുന്നു. ലോത്തിന്റെ കാലം വരുമ്പോള്‍ അവിടെ വിവാഹത്തെക്കുറിച്ചു പരാമര്‍ശമില്ല എന്നതു തന്നെ. എന്തുകൊ ണ്ടാണ്? ലോത്തു പാര്‍ത്തിരുന്ന സോദോമിലുള്ളവര്‍ സ്വവര്‍ഗാനുരാഗി കള്‍ ആയിരുന്നു (ഉല്‍പത്തി 19-ാം അധ്യായം). അതുകൊണ്ടു തന്നെ വിവാഹത്തെക്കുറിച്ച് ആ കാലഘട്ടത്തില്‍ പരാമര്‍ശമില്ല. ഇംഗ്ലീഷിലെ ീെറീാ്യ എന്ന വാക്ക് സോദോം എന്നതില്‍ നിന്ന് വന്നതാണെന്ന് ഓര്‍ക്കുക. ആട്ടെ. ഇതിനെല്ലാം ഇവിടെ എന്താണു പ്രസക്തി? പ്രസക്തി ഇതാണ്: സ്വവര്‍ഗാനുരാഗ ജീവിത രീതി പരക്കെ അംഗീകരി ക്കപ്പെട്ടിരുന്ന ലോത്തിന്റെ കാലംപോലെ ഒരു കാലം വന്നിരിക്കുന്നു. ഇതു വേറൊന്നുമല്ല. സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിന് അംഗീകാരം നല്‍കിയ നമ്മുടെ ഇന്നത്തെ ലോകമാണത്. എങ്കില്‍ ലോത്തിന്റെ കാലം പോലെയുള്ളതാണ് അന്ത്യകാലം എന്നു ക്രിസ്തു പറഞ്ഞത് സമകാലിക സംഭവ വികാസങ്ങളോടു ചേര്‍ത്തു ചിന്തിക്കു മ്പോള്‍ ഇത് അന്ത്യകാലമാണെന്നതു പകല്‍പോലെ സ്പഷ്ടമല്ലേ?
പണവും ലഹരിയും കുത്തഴിഞ്ഞ ബന്ധങ്ങളും – ഇതിലൂടെയെല്ലാം ഇന്നു മനുഷ്യന്‍ തേടുന്നത് സ്വാതന്ത്ര്യമാണ്. പക്ഷേ അത് അവനു ലഭിക്കുന്നുണ്ടോ? ഒരിക്കല്‍ യഥാര്‍ഥ സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ യേശു യെഹൂദന്മാരോടു പറഞ്ഞു: ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ (യോഹന്നാന്‍ 8:32). പിന്നീടൊരിക്കല്‍ താന്‍ തന്നെയാണാ സത്യവും ജീവനുമെന്ന് അവിടുന്നു വിശദീകരിച്ചു (14:6). താന്‍ സ്വാതന്ത്ര്യം വരുത്തിയാല്‍ മാത്രമേ അവര്‍ സാക്ഷാല്‍ സ്വതന്ത്രരാകുവെന്നും യേശു തുറന്നു പറഞ്ഞു (8:36). ഈ വാക്കുകള്‍ വിശ്വസിച്ചു തന്റെ അടുത്തേക്കു വന്ന് ആശ്വാസം പ്രാപിക്കുവാനും അവിടുന്ന് ആഹ്വാനം ചെയ്തു (മത്തായി. 11:28).
ഇതെല്ലാം ശരിയാണെങ്കിലും സ്വന്ത യുക്തിയില്‍ ആശ്രയിച്ചു മരീചികയ്ക്കു പിന്നാലെ പായുന്ന പലര്‍ക്കും ഇതെല്ലാം വിശ്വസിച്ചു തൃപ്തരാകാന്‍ ഇന്നു കഴിയുന്നില്ല. അവര്‍ തങ്ങളുടെ ദാഹം ശമിപ്പിക്കാനായി ഉപ്പുവെള്ളം തുടര്‍ന്നും കുടിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഉപ്പുവെള്ളം ഒരാളുടെയും ദാഹം ശമിപ്പിക്കുകയില്ല. ശമര്യയിലെ ഒരു കിണറിനു സമീപം വച്ച് ഒരിക്കല്‍ ക്രിസ്തു ചൂണ്ടിക്കാട്ടിയതുപോലെ ‘ഈ വെള്ളം കുടിക്കുന്നവനൊക്കെയും പിന്നേയും ദാഹിക്കും.’
സുഹൃത്തേ, നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?
46. മന്ന
”എന്താണിത്?”
അപ്രതീക്ഷിതമായി ചിലതു സംഭവിക്കുമ്പോള്‍ പലപ്പോഴും നാം ചോദിച്ചു പോകും – എന്താണിത്? (ംവമ േശ െവേശ?െ). എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? നമുക്കു മനസ്സിലാവുന്നില്ല.
ഓര്‍ക്കാപ്പുറത്തു ജോലി നഷ്ടപ്പെടുമ്പോള്‍, അത്യാഹിതങ്ങള്‍ നേരിടുമ്പോള്‍, അടുത്ത സ്‌നേഹിതര്‍ ചിലര്‍ അകന്നു മാറുമ്പോള്‍… എന്താണിത്?
ബൈബിള്‍ ഇസ്രായേല്‍ ജനതയുടെ മരുഭൂമി യാത്രയുടെ വിവരണത്തില്‍ ഈ ചോദ്യത്തിന് അപ്രതീക്ഷിതമായ ഒരു മറുപടി കിട്ടുന്ന രസകരമായ ഒരു സംഭവമുണ്ട്. ഈജിപ്തില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അടിമകളായിരുന്ന 20 ലക്ഷത്തോളം വരുന്ന ഇസ്രായേല്‍ ജനതയെ അവിടെ നിന്നു വിമോചിപ്പിച്ചു കൊണ്ട് അവരുടെ വിമോചന നായകന്‍ മോസ്സസ് വാഗ്ദത്ത നാട്ടിലേക്കുള്ള പ്രയാണത്തിലാണ്. വളരെ മെല്ലെ മരുഭൂമിയിലൂടെയുള്ള ഈ യാത്ര ഉദ്ദിഷ്ട സ്ഥാനത്ത് എത്തിച്ചേരാന്‍ ഒന്നും രണ്ടുമല്ല, 40 ദീര്‍ഘ വര്‍ഷങ്ങള്‍ വേണ്ടിവന്നു.
ഈ യാത്രയില്‍ ഇത്രയും പേര്‍ക്കു ദിവസവും ഭക്ഷണവും വെള്ള വും എവിടെനിന്നു നല്‍കും? – മോസ്സസ് അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി ഇതായിരുന്നു. എന്നാല്‍ ഏതു പ്രതിസന്ധിയിലും എന്നപോലെ മോസ്സസ് ഇക്കാര്യത്തിനായി ദൈവത്തെ അഭയം പ്രാപിച്ചു. ദൈവം അത്ഭുതകരമായ ഒരു പോംവഴിയാണ് ഒരുക്കിയത്. ദിവസവും രാവിലെ ആകാശത്തുനിന്നു നേരിയ ചെതുമ്പലുപോലെ ഒരു വസ്തു ഇസ്രായേല്‍ പാളയത്തിനു ചുറ്റും വീണു കിടക്കും. ഇതു ഭക്ഷ്യയോഗ്യമാണ്. ഓരോരുത്തരും രാവിലെ തന്നെ ഇതില്‍ ഇടങ്ങഴി വീതം പെറുക്കിയെടുത്ത് അതുകൊണ്ട് അപ്പമോ ദോശയോ ഉണ്ടാക്കി കഴിക്കണം. ഇങ്ങനെ 40 വര്‍ഷം എല്ലാദിവസവും ഇതു പെറുക്കി ഉപയോഗിച്ചാണ് അവര്‍ ജീവന്‍ നിലനിര്‍ത്തിയത്! ഈ വിചിത്ര വസ്തുവിന് ആളുകള്‍ ഇട്ട പേര് ‘മന്ന’ എന്നാണ്. മന്ന എന്ന വാക്കിന്റെ അര്‍ഥം: ‘ഇതെന്താണ്? (What is this?). ആദ്യദിവസം ഈ മന്ന പാളയത്തിനു ചുറ്റും വീണു കിടന്നപ്പോള്‍ ഇതെന്താണെന്ന് അവര്‍ക്കു മനസ്സിലായില്ല. അവര്‍ അന്യോന്യം ചോദിച്ചു – ‘ഇതെന്നാ, ഇതെന്നാ?’ ഒടുവില്‍ ആ ചോദ്യം തന്നെ അതിന്റെ പേരായി – ‘മന്ന.’
നോക്കുക: അവര്‍ക്കു മനസ്സിലാകാതിരുന്ന കാര്യം. അവരെ ആദ്യം ഭയപ്പെടുത്തിയത്, പിന്നീട് അവരെ തന്നെ പോഷിപ്പിക്കുന്ന ഭക്ഷണ മായിത്തീര്‍ന്നു! ഇസ്രായേല്‍ മക്കളെ ഭയപ്പെടുത്തിയ ശത്രുക്കള്‍ വാസ്തവത്തില്‍ അവരുടെ ഇരയാണെന്ന യോശുവയുടേയും കാലേബിന്റേയും വാക്കുകള്‍ ഓര്‍ക്കുക (സംഖ്യ. 14:9). ഇന്നു നമ്മെ സംബന്ധിച്ചും പല കാര്യങ്ങളും ഇങ്ങനെ തന്നെയാണ്. നമുക്ക് മനസ്സിലാകാത്ത, എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു പേടിക്കു ന്ന പല പ്രതിസന്ധികളും വാസ്തവത്തില്‍ നമ്മെ നശിപ്പിക്കാനുള്ള തല്ല, മറിച്ച് നമ്മെ ബലപ്പെടുത്താനുള്ളതാണ്.
കര്‍ഷകന്റെ കഴുതയുടെ കഥ കേട്ടിട്ടില്ലേ? വയസ്സന്‍ കഴുത വീടിനടുത്തുള്ള ആഴമുള്ള കുഴിയില്‍ വീണപ്പോള്‍ കര്‍ഷകന്‍ ആദ്യം അതിനെ കരകയറ്റാന്‍ ശ്രമിച്ചു. പക്ഷേ ഫലിച്ചില്ല. മനംമടുത്ത കര്‍ഷകന്‍ ഒടുവില്‍ തനിക്കു പ്രയോജനമില്ലാത്ത വയസ്സന്‍ കഴുത കുഴിയില്‍ കിടക്കുമ്പോള്‍ തന്നെ അതിനു മുകളില്‍ മണ്ണിട്ടു മൂടി കുഴി നികത്താമെന്നു തീരുമാനിച്ചു. കാരണം ഇനി ആരും ഈ കുഴിയില്‍ വീഴരുതല്ലോ. കുഴി മൂടാനായി കര്‍ഷകന്‍ മുകളില്‍ നിന്ന് ഓരോ കുട്ട മണ്ണു വീതം കുഴിയില്‍ നില്‍ക്കുന്ന കഴുതയുടെ മുകളിലേക്കിടുവാന്‍ തുടങ്ങി. പക്ഷേ തന്റെ മുകളില്‍ ഓരോ കുട്ട മണ്ണു വീഴുമ്പോഴും കഴുത തന്റെ ശരീരം ഒന്നു കുടയും. ദേഹത്തു വീണ മണ്ണു തെറിച്ചു കുഴിയില്‍ വീഴും. അപ്പോള്‍ ആ മണ്ണിന്റെ മുകളില്‍ കഴുത കയറി നില്‍ക്കും. ഓരോ കുട്ട മണ്ണു വീഴുമ്പോഴും കഴുത ഇതു തന്നെ ചെയ്തു. ക്രമേണ കുഴി നികന്നു നികന്നു വന്നു. ഒടുവില്‍ മണ്ണു വീണു കുഴി പൂര്‍ണമായി നിറയാറായപ്പോള്‍ കഴുത കുഴിയില്‍ നിന്നു കരയിലേക്കു ചാടിക്കയറി ഓടി രക്ഷപ്പെട്ടു. വാസ്തവത്തില്‍ ഓരോ കുട്ട മണ്ണും അവനെ ഒടുക്കി കളയാനുള്ളതായിരുന്നു. പക്ഷേ അതിനെ തന്നെ കഴുത താന്‍ വീണ കുഴിയില്‍ നിന്നു തനിക്കു രക്ഷപ്പെടാനുള്ള ചവിട്ടുപടിയായി ഉപയോഗിച്ചു. പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും ഈ നിലയില്‍ കാണാന്‍ നമുക്കും കഴിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. പ്രതിസന്ധിക ളുടെ മുന്‍പില്‍ ‘ഇതെന്ത്’ എന്നാണു നാം ചോദിക്കുന്നത്. എന്നാല്‍ അതു നമ്മെ പോഷിപ്പിക്കാനുള്ള മന്നയായി നാം തിരിച്ചറിഞ്ഞിരു ന്നെങ്കില്‍!
ഇസ്രായേല്‍ ജനത ഉപയോഗിച്ച മന്നയ്ക്ക് പല പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അതില്‍ ആദ്യത്തേത് അത് ഓരോ ദിവസത്തേക്കുള്ള താണെന്നതായിരുന്നു. ചിലര്‍ കൂടുതല്‍ മന്ന പെറുക്കി പിറ്റേന്നത്തേക്കു സൂക്ഷിച്ചു. എന്നാല്‍ അതു പിറ്റേന്നായപ്പോഴേക്കും പഴകി ഉപയോഗ ശൂന്യമായിപ്പോയി. നമുക്കുണ്ടാകുന്ന പല പ്രതിസന്ധികളും ഓരോ ദിവസത്തേക്കുള്ളതാണ്. യേശു തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണ ത്തില്‍ ഓരോ ദിവസത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്നതിനെക്കു റിച്ച് ഇങ്ങനെ പറഞ്ഞു: ‘നാളേക്കായി വിചാരപ്പെടരുത്. നാളത്തെ ദിവസം അതിനായി തന്നെ വിചാരപ്പെട്ടു കൊള്ളും. അതതു ദിവസ ത്തിന് അന്നന്നത്തെ ദോഷം മതി.’ നാം പലപ്പോഴും പ്രശ്‌നങ്ങളെ അതതു ദിവസം തീര്‍ക്കുന്നതിനു പകരം പിറ്റേന്നത്തേക്കു ബാക്കി വയ്ക്കുന്നു. ചിലരോടുള്ള നീരസം പോലും അതതു ദിവസം ക്ഷമിക്കണമെന്നും അത് ഭാവിയിലേക്ക് സൂക്ഷിക്കരുതെന്നും സെന്റ് പോള്‍ പറഞ്ഞിരിക്കുന്നു. ‘നിങ്ങളുടെ കോപത്തിന്മേല്‍ സൂര്യന്‍ അസ്തമിക്കരുത്’ എന്നാണ് അദ്ദേഹത്തിന്റെ പദപ്രയോഗം (എഫെ. 4:26 NASB). എന്നുവച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കണം എന്നര്‍ഥം. ഭാര്യാഭര്‍തൃ ബന്ധത്തിലുണ്ടാകുന്ന പിണക്കങ്ങള്‍ പോലും ചിലര്‍ ദിവസങ്ങളോളം സൂക്ഷിക്കുകയും അന്യോന്യം പല ദിവസങ്ങള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്നു. ഓര്‍ക്കുക: ‘നിങ്ങളുടെ കോപത്തിന്മേല്‍ സൂര്യന്‍ അസ്തമിക്കരുത്.’
മന്നയുടെ രണ്ടാമത്തെ പ്രത്യേകത അതിന് ഒരു നിശ്ചിത അളവു ണ്ടെന്നതാണ്. ഓരോരുത്തന്‍ ഇടങ്ങഴി വീതം പെറുക്കിക്കൊള്ളണം എന്നതായിരുന്നു മോസ്സസിന്റെ കല്പന. അതില്‍ കൂടുതലും അരുത്. കുറവും അരുത്! ചിലര്‍ ആര്‍ത്തിയോടെ കൂടുതല്‍ പെറുക്കി. പക്ഷേ ഒടുവില്‍ അളന്നപ്പോള്‍ കൃത്യം ഇടങ്ങഴി! ചിലര്‍ കുറച്ചെ പെറുക്കി യുള്ളു. പക്ഷേ അവരും അളന്നപ്പോള്‍ അത്ഭുതം. കൃത്യം ഇടങ്ങഴി മന്ന! ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറെയും കണ്ടില്ല.’
ജീവിതത്തെക്കുറിച്ചൊരു വിലപ്പെട്ട പാഠം ഇതിലുണ്ട്. ആര്‍ത്തി യോടെ, ദുര മൂത്ത് ഈ ലോകത്തില്‍ ഒട്ടേറെ വെട്ടിപ്പിടിക്കാന്‍ നോക്കരുത്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണം’ എന്ന ടോള്‍സ്റ്റോയി കഥ പോലെയാണ് ഒടുവില്‍ കാര്യങ്ങള്‍. ഏറെ സമ്പാദിച്ചവനും ഒടുവില്‍ ആറടി മണ്ണു മതി!
നിത്യജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ഓരോ രുത്തര്‍ക്കും ഒരു നിശ്ചിത അളവ് ഉണ്ടെന്നും ഇതു വ്യക്തമാക്കുന്നു. അതെന്താണെന്നു വ്യക്തമാക്കിയിട്ടുള്ളത് സെന്റ് പോള്‍ ആണ്. അദ്ദേഹം എഴുതി: ‘ഓരോരുത്തര്‍ക്കും സഹിപ്പാന്‍ കഴിയുന്നതില്‍ കൂടുതല്‍ അവിടുന്നു നല്‍കുകയില്ല. ദൈവം വിശ്വസ്തന്‍’ (1 കൊരി. 10:13). നമുക്ക് എത്ര താങ്ങാന്‍ കഴിയുമെന്ന് അവിടുത്തേക്ക് അറിയാം. അതില്‍ക്കൂടുതല്‍ ഭാരം നമ്മുടെ മേല്‍ വയ്ക്കുകയില്ല. നമുക്ക് ഒരു കൃത്യമായ ക്വോട്ടാ ഉണ്ടെന്നു സാരം.
മന്നയുടെ മറ്റൊരു പ്രത്യേകത അത് വെയില്‍ മൂക്കുമ്പോള്‍ ഉരുകിപ്പോകും എന്നതാണ്. പല പ്രശ്‌നങ്ങളും വലിയ പ്രയാസമായി തോന്നുന്നതിനു കാരണം ദൈവസ്‌നേഹത്തെക്കുറിച്ചുള്ള ഉറപ്പിന്റെ ഊഷ്മളത ഹൃദയത്തില്‍ വേണ്ടത്രയില്ലാത്തതാണ്. ദൈവസ്‌നേഹത്തി ന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ബോധ്യത്താല്‍ ഹൃദയം ചൂടു പിടിക്കുമ്പോള്‍ സ്വയ സഹതാപത്തിന്റെ തണുപ്പ് അകന്നുപോകും. അപ്പോള്‍ പ്രതിസന്ധി വിചാരിച്ചത്ര രൂക്ഷമല്ലെന്നു കണ്ടെത്തും. പ്രശ്‌നം അത്ഭുതകരമായി ഉരുകി മാറിയെന്നു വരാം. എന്നാല്‍ അതിനും ഒരുപടി ഉയരത്തില്‍ ഈ ‘കൂരിരുള്‍ താഴ്‌വരയിലൂടെ കടന്നു പോകുമ്പോള്‍ നീ എന്നോടു കൂടെയുണ്ട്’ എന്ന ഉറപ്പ് കാര്യങ്ങളെ തീര്‍ത്തും വ്യത്യാസപ്പെടുത്തും.
മന്ന നല്‍കുന്ന പാഠങ്ങള്‍ ഇങ്ങനെയെത്രയെത്ര! അടുത്ത തവണ പ്രതിസന്ധിയുടെ മുന്‍പില്‍ പകച്ചു നിന്ന് ‘ഇതെന്താ?’ എന്നു ചോദി ക്കുന്നതിനു മുന്‍പ് മന്ന നല്‍കുന്ന ഈ പാഠങ്ങള്‍ അയവിറക്കുക.
47. നഷ്ടപ്പെട്ട മുഖം, വീണ്ടെടുത്ത മുഖം
‘പാഷന്‍ ഓഫ് ദ് ക്രൈസ്റ്റ്’ എന്ന വിശ്വപ്രസിദ്ധ ചിത്രത്തിന്റെ സംവിധായകന്‍ മെല്‍ഗിബ്‌സണ്‍ അത്രമേല്‍ പ്രശസ്തമല്ലാത്ത മറ്റൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ‘മുഖമില്ലാത്ത മനുഷ്യന്‍’ എന്നാണു ചിത്രത്തിന്റെ പേര്. മെല്‍ഗിബ്‌സണ്‍ സ്വന്തം ജീവിതകഥയാണ് (തന്നെ ആഴത്തില്‍ സ്പര്‍ശിച്ച, പറഞ്ഞുകേട്ട, മറ്റൊരാളുടെ കഥയാണെന്നും അത്ര പ്രസിദ്ധമല്ലാത്ത പാഠഭേദമുണ്ട്) ഒട്ടേറെ പേരെ പ്രചോദിപ്പിച്ച ഈ ചിത്രത്തില്‍ വിവരിക്കുന്നത്.
ചെറുപ്പത്തില്‍ ഏറെ സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു മെല്‍ഗിബ്‌സണ്‍. ന്യൂയോര്‍ക്കില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കു കുടിയേറിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു അവന്‍. സര്‍ക്കസില്‍ ചേര്‍ന്നു പേരു കേട്ട ട്രപ്പീസു കളിക്കാരനായി തീരുക – ഇതായിരുന്നു മെല്‍ അന്നു സ്വപ്നം കണ്ടിരുന്നത്. ഈ സ്വപ്നത്തെ താലോലിച്ചുകൊണ്ട് ഒരു രാത്രി ജോലികഴിഞ്ഞു വീട്ടിലേയ്ക്കു നടക്കുകയായിരുന്നു മെല്‍. സ്വപ്നത്തില്‍ ലയിച്ചു നടന്നു പോകുകയായിരുന്നതിനാല്‍ അടുത്തുവരുന്ന അപകടം അവന്‍ മനസ്സിലാക്കിയില്ല. പെട്ടെന്ന് അഞ്ചു കള്ളന്മാര്‍ ചാടിവീണു. അവര്‍ക്കു വേണ്ടത് അവന്റെ കയ്യിലെ പണമായിരുന്നു. പക്ഷേ യുവത്വത്തിന്റെ തിളപ്പില്‍ വിട്ടുകൊടുക്കാന്‍ അവന്‍ തയ്യാറായില്ല. അവന്‍ അവരോടു പൊരുതി നിന്നു. എന്നാല്‍ കള്ളന്മാര്‍ മൃഗീയമായി മെല്‍ഗിബ്‌സണെ ആക്രമിച്ചു. കല്ലുകൊണ്ടു അവര്‍ അവന്റെ മുഖം ചതച്ചു. ചോരയില്‍ കുതിര്‍ന്ന് അവന്‍ അനങ്ങാതായപ്പോള്‍ മരിച്ചു കാണുമെന്നു കരുതി കള്ളന്മാര്‍ പണവുമായി കടന്നു! പോലീസുകാരാണ് ജീവച്ഛവമായി കിടന്ന മെല്‍ഗിബ്‌സണെ ആശുപത്രിയിലെത്തിച്ചത്. ആര്‍ക്കും നടുക്കമുണ്ടാക്കുന്നതായിരുന്നു ആ രൂപം. മുഖം എന്നൊന്ന് ഉണ്ടായിരു ന്നില്ല. കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തിരുന്നതിനാല്‍ മുഖം ആകെ വലിയ ഒരു ചോരക്കട്ടയായി മാറിയിരുന്നു. തലയോടു തെളിഞ്ഞു കാണാമാ യിരുന്നു. മുടിയും തൊലിയും നഷ്ടപ്പെട്ടിരുന്നു. ഒരു പ്രതീക്ഷയും ആദ്യം ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നില്ല. ക്രമേണ മെല്‍ഗിബ്‌സണ്‍ ചികില്‍സയോടു പ്രതികരിച്ചു തുടങ്ങി. ഒടുവില്‍ ഒരു വര്‍ഷത്തെ ചികില്‍സ കഴിഞ്ഞു മെല്‍ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. പക്ഷേ മുഖമില്ലാത്ത ഒരുവനായിട്ടാണ് അവന്‍ പുറത്തു വന്നത്. മുഖത്തിന്റെ സ്ഥാനത്ത് ഒരു കുഴി. ആരും ഒന്നേ നോക്കുമായിരുന്നുള്ളു. പിന്നെയും ജോലിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍. ഒടുവില്‍ അവന്റെ വികൃതമായ മുഖം ആളുകളെ രസിപ്പിച്ചേക്കുമെന്നു കരുതി ഒരു സര്‍ക്കസ് മുതലാളി അവനു സര്‍ക്കസില്‍ ഒരു ജോലി നല്‍കി- ഒരു കോമാളിയായി. ജീവിക്കാനുള്ള വകയായി. പക്ഷേ അവന് ആരും കൂട്ടുകാരുണ്ടായിരു ന്നില്ല. ആരും അവനോടും സംസാരിക്കാന്‍ പോലും ഇഷ്ടപ്പെട്ടില്ല. തീര്‍ത്തും ഒറ്റപ്പെട്ട ആ നാളുകളില്‍ മെല്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം അവന്റെ ജീവിതം ആകെ മാറി. അതിനു നിമിത്തമായതു വഴിയിലൂടെ നടന്നു പോകുമ്പോള്‍ കേട്ട ഒരു ക്രിസ്തീയ ഗാനം. അതിന്റെ ഈണം അവനെ പിടിച്ചു നിര്‍ത്തി. അതിന്റെ വരികള്‍ അവനെ സ്പര്‍ശിച്ചു. അവന്‍ മെല്ല ആ ഗാനം ഒഴുകി വന്ന സമീപത്തെ പള്ളിയിലേക്കു കയറിച്ചെന്നു. അവിടെ അവന്‍ ഒരാളെക്കുറിച്ചു കേട്ടു. ആകാശത്തിനും ഭൂമിക്കും മധ്യേ ഏറെക്കുറെ നഗ്നനായി തൂങ്ങിക്കിടന്ന ഒരുവന്‍. മുറിവേറ്റ്, തകര്‍ന്ന ഒരുവന്‍. തലയില്‍ മുള്‍ക്കിരീടം വച്ച് അടിച്ചതിനാല്‍ മുഖത്തുകൂടി ചോരച്ചാ ലുകള്‍ ഒഴുകിയിറങ്ങിയ ഒരുവന്‍. ‘രൂപം കണ്ടാല്‍ ആളല്ല എന്നും ആകൃതി കണ്ടാല്‍ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്ക കൊണ്ടു കാണുന്നവര്‍ സ്തംഭിച്ചു പോകുന്ന ഒരുവന്‍.’ കാണുന്നവര്‍ മുഖം മറച്ചു കളയത്തക്കവണ്ണം നിന്ദിതനായ ഒരുവന്‍. നസറെത്തിലെ യേശുവായിരുന്നു അത്. മെല്‍ഗിബ്‌സണ്‍ യേശുവില്‍ കണ്ടത് തന്റെ തന്നെ രൂപമാണ്! അവന്‍ ക്രൂശിലെ ആ സ്‌നേഹത്തിനു മുന്‍പില്‍ തന്റെ ജീവിതം സമര്‍പ്പിച്ചു.
അതോടെ പള്ളി അവന്റെ രണ്ടാം വീടായി. സമയം കിട്ടുമ്പോഴൊ ക്കെ അവന്‍ അവിടെ എത്തും. ക്രമേണ പള്ളിയിലുള്ളവരും അവനെ ശ്രദ്ധിച്ചു. അവര്‍ അവന്റെ നഷ്ടപ്പെട്ട മുഖത്തിന്റെ കഥ സഹതാപ ത്തോടെ കേട്ടു. ആ കഥ അവര്‍ ഓസ്‌ട്രേലിയയിലെ അതിപ്രശസ്ത നായ ഒരു പ്ലാസ്റ്റിക് സര്‍ജന്റെ ശ്രദ്ധയില്‍പെടുത്തി. അദ്ദേഹത്തിനു മെല്‍ഗിബ്‌സണില്‍ താല്‍പര്യമായി.
ഒരു അവസരം വന്നപ്പോള്‍ ഡോക്ടര്‍ അവനെ പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനാക്കി. സര്‍ജറി വന്‍ വിജയമായിരുന്നു. മുഖത്തെ കെട്ടഴിച്ച പ്പോള്‍ അതിസുന്ദരമായ ഒരു മുഖം. അവന്റെ ആദ്യത്തെ സുന്ദരമായ മുഖത്തെക്കാളും അതീവ സുന്ദരം! – ഇതാണ് ‘മുഖമില്ലാത്ത മനുഷ്യന്‍’ എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം. യേശു ഒരിക്കല്‍ തന്റെ കേഴ്‌വിക്കാരോടു പറഞ്ഞു: ‘വയലിലെ താമരയെ നോക്കുവിന്‍. അവ അധ്വാനിക്കുന്നില്ല… എന്നാല്‍ സോളമന്‍പോലും തന്റെ സര്‍വ മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ തീയില്‍ ഇടുന്നതുമായ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നുവെങ്കില്‍ അല്പ വിശ്വാസി കളെ, നിങ്ങളെ എത്ര അധികം! ആകയാല്‍ വിചാരപ്പെടുരുത്.’
സെന്റ് പോള്‍ റോമാക്കാര്‍ക്കു ലേഖനം എഴുതുമ്പോള്‍ ഇങ്ങനെ എഴുതി: ‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്കു നിര്‍ണയപ്രകാരം വിളിക്ക പ്പെട്ടവര്‍ക്കു സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു.’
ജീവിതത്തിലെ നിഷേധാത്മകമായ കാര്യങ്ങളെപ്പോലും ദൈവം നന്മയ്ക്കാക്കി തീര്‍ക്കും എന്നു മെല്‍ഗിബ്‌സണ്‍ മുഖമില്ലാത്ത മനുഷ്യനിലൂടെ വരച്ചു കാട്ടുമ്പോള്‍ ‘എത്രയോ ശരി’ എന്നല്ലേ നമുക്കും പറയാനാകൂ?
48. ‘സത്യസന്ധതയാണ് ഏറ്റവും നല്ല നയം’
ദീര്‍ഘ നാളുകള്‍ക്കു ശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ ദമ്പതികള്‍, പള്ളിയിലെ സെമിത്തേരിയില്‍ തങ്ങളുടെ ഒരു ബന്ധുവിന്റെ കല്ലറ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അവര്‍ ഓരോ കല്ലറയിലും പോയി അതില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരു വിവരങ്ങള്‍ നോക്കും. ഒടുവില്‍ അതല്ലെന്നു കണ്ട് അടുത്ത കല്ലറയിലേക്കു നീങ്ങും. നേരം കടന്നു പോകുന്നു. അതുകൊണ്ട് അവര്‍ രണ്ടുപേരും സെമിത്തേരിയുടെ രണ്ടു ഭാഗങ്ങളിലൂടെ നടന്നു നോക്കാന്‍ തുടങ്ങി. പെട്ടെന്ന് സ്ത്രീ പരിഭ്രാന്തയായി ഭര്‍ത്താവിന്റെ അടുത്തുചെന്നു പറഞ്ഞു: ‘നോക്കൂ, ഇവിടെ ഒരൊറ്റ കല്ലറയില്‍ രണ്ടുപേരെ അടക്കിയിരിക്കുന്നു.’
ഭര്‍ത്താവു ചെന്നു നോക്കുമ്പോള്‍ കല്ലറയിലെ ഫലകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. – ‘ശ്രീമാന്‍ തോമസ്, ഒരു രഷ്ട്രീയക്കാരനും ഒരു സത്യസന്ധനായ മനുഷ്യനും.’
ഒരു രാഷ്ട്രീയക്കാരനും ഒരു സത്യസന്ധനും – രണ്ടും രണ്ടു പേരാണെന്നു കരുതിയ ഈ തമാശക്കഥയിലെ സ്ത്രീയെ സമകാലിക രാഷ്ട്രീയം ശ്രദ്ധിക്കുന്ന പലരും കുറ്റപ്പെടത്തുമെന്നു തോന്നുന്നില്ല. ഒരാള്‍ക്ക് ഒരേസമയം സത്യസന്ധനും രാഷ്ട്രീയക്കാരനുമായിരിക്കാന്‍ കഴിയും എന്നു വിശ്വസിക്കാത്തവരുടെ എണ്ണം നമ്മുടെ നാട്ടിലും കൂടിവരുന്നു!
എന്നാല്‍ ഏതു തൊഴിലില്‍ ഏര്‍പ്പെട്ടാലും അവിടെ സത്യസന്ധ നായിരിക്കാന്‍ കഴിയുകയില്ലേ? കഴിയും. രാഷ്ട്രീയം പോലെ തന്നെ സത്യസന്ധതയില്ലായ്മയുടെ പേരില്‍ നിരന്തരം ആളുകളുടെ വിമര്‍ശന ത്തിനു ശരവ്യമാകുന്ന തൊഴിലാണല്ലോ അഭിഭാഷക വൃത്തി. എന്നാല്‍ അറിയപ്പെടുന്ന അഭിഭാഷകനായിരിക്കുമ്പോഴും സത്യസന്ധതയില്‍ ഒരു വിട്ടുവീഴ്ചയും വരുത്താത്ത ആളായിരുന്നു ഏബ്രാഹം ലിങ്കണ്‍. ഒരിക്കല്‍ ഒരു സ്ത്രീക്കും കുട്ടികള്‍ക്കുമെതിരെ അറുന്നൂറു ഡോളര്‍ വസൂലാക്കി കിട്ടുവാനുള്ള കേസുമായി ഒരാള്‍ ലിങ്കണെ സമീപിച്ചു. ലിങ്കണ്‍ കേസ് വിശദമായി പഠിച്ചു. എന്നിട്ടു കക്ഷിയോടു പറഞ്ഞു: ‘ഈ കേസ് എനിക്കു സ്വീകരിക്കാനാകുകയില്ല.’ കക്ഷി ചോദിച്ചു: ‘എന്തുകൊണ്ടു കഴിയുകയില്ല? കേസില്‍ ജയിക്കാന്‍ കഴിയുമെന്നു നിങ്ങള്‍ കരുതുന്നില്ലേ?’
ലിങ്കണ്‍ന്റെ വിശദമായ മറുപടി ഇങ്ങനെയായിരുന്നു: ‘കേസൊക്കെ ജയിക്കാന്‍ കഴിയും. എന്നാല്‍ നിയമപരമായി എനിക്കൊരു കേസ് ജയിച്ചാല്‍ പോരാ. സത്യസന്ധതയുടെ മുമ്പിലും എനിക്കു ജയിക്കണം. അങ്ങനെയല്ലാത്ത കേസുകള്‍ ഞാന്‍ സ്വീകരിക്കുകയില്ല.’
‘സത്യസന്ധതയാണ് ഏറ്റവും നല്ല നയം.’ എന്നൊരു ചൊല്ലുണ്ട്. ശരിയാണ്. നിങ്ങള്‍ എപ്പോഴും സത്യമാണ് പറയുന്നതെങ്കില്‍ അതു വലിയ സ്വാതന്ത്ര്യം നല്‍കും. നിങ്ങള്‍ നേരത്തെ എന്താണു പറഞ്ഞതെന്ന് ഓര്‍ത്തു വയ്‌ക്കേണ്ട കാര്യമില്ല. ഉദാഹരണത്തിന് വില്പന രംഗത്തു പണിയെടുക്കുന്ന ചെറുപ്പക്കാരനോട് മേലധികാരി ജോലിസമയത്ത് മൊബൈലില്‍ ചോദിക്കുന്നു: ”രാജേഷ്, നീ ഇപ്പോള്‍ എവിടെയാണ്?’ ചെറുപ്പക്കാരന്‍ തിയേറ്ററിലിരുന്നു സിനിമ കാണു കയാണ്. എന്നാല്‍ ആ സത്യം പറയാതെ അവന്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്ന സ്വാതന്ത്ര്യത്തില്‍ ഇങ്ങനെ പറയുകയാണെന്നിരിക്കട്ടെ: ‘സര്‍, ഞാനിവിടെ ഒരു ക്ലയന്റിന്റെ വീട്ടിലിരുന്നു നമ്മുടെ പ്രൊഡ ക്ടിനെക്കുറിച്ചു സംസാരിക്കുകയാണ്. മിക്കവാറും ഒരു സാധ്യതയുണ്ട് സര്‍.’
മേലധികാരി തൃപ്തനായി. തന്റെ സാമര്‍ഥ്യമോര്‍ത്തു ഗൂഢമായി ചിരിച്ചശേഷം രക്ഷപ്പെട്ടെന്നു ചെറുപ്പക്കാരന്‍ ആശ്വസിക്കുന്നു. എന്നാല്‍ സത്യത്തില്‍ അതോടെ അവന്‍ ഒരു കുരുക്കില്‍ പെടുകയാണ്. പിന്നീട് എപ്പോള്‍ മേലധികാരി ചോദിച്ചാലും ഈ തീയതിയില്‍ ഈ സമയത്തു താന്‍ നേരത്തെ പറഞ്ഞ സ്ഥലത്താ യിരുന്നെന്നു കൃത്യമായി പറഞ്ഞില്ലെങ്കില്‍ കള്ളി പൊളിയും. കള്ളം പറയുന്നവന്‍ സത്യത്തില്‍ ഒരു കെണിയില്‍ കുടുങ്ങുകയാണ്. അവന്‍ നേരത്തെ പറഞ്ഞ കള്ളം ഓര്‍ത്തിരിക്കാന്‍ ബാധ്യസ്ഥനാണ്. മാത്രമല്ല, കൃത്യമായി ഓര്‍ത്തു കള്ളം ആവര്‍ത്തിച്ചാലും പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടുകയില്ലേ? ഇതേസമയം, സത്യം പറഞ്ഞാല്‍ തല്‍ക്കാലം അല്പം ബുദ്ധിമുട്ടു നേരിട്ടാലും അതു കഴിയുമ്പോള്‍ അവന്‍ സ്വതന്ത്രനാണ്. അവനു പ്രത്യേകിച്ചൊന്നും ഓര്‍ത്തിരിക്കേണ്ട തില്ലല്ലോ. ഭാവിയെക്കുറിച്ചുള്ള ഭാരവുമില്ല. ഇനി പറയൂ, ‘സത്യസന്ധത യല്ലേ ഏറ്റവും നല്ല നയം?’
ഭയമാണു സത്യസന്ധതയില്ലാതെ പെരുമാറാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. ഇപ്പോഴുള്ള സൗകര്യങ്ങള്‍ നഷ്ടമാകുമോ, സമൂഹത്തിലെ നിലയും വിലയും പോകുമോ എന്നിങ്ങനെയുള്ള ഭയങ്ങളുടെ മുന്‍പില്‍ അവര്‍ വേഗം സത്യസന്ധതയില്ലാത്ത നിലപാടു കളെയും കള്ളങ്ങളെയും കൂട്ടുപിടിക്കുന്നു. റോമന്‍ ഗവര്‍ണര്‍ പീലാത്തോസ് ഇത്തരം ഒരു ഭീരുവായിരുന്നു. യേശുവിനെ വിസ്തരി ക്കുന്ന സമയത്ത് വധശിക്ഷ വിധിക്കേണ്ട കുറ്റമൊന്നും അവന്‍ ചെയ്തിട്ടില്ലെന്നു പീലാത്തോസിനു വേഗത്തില്‍ വ്യക്തമായി. അവനെ വിട്ടയയ്ക്കാനും പീലാത്തോസ് തയ്യാറായിരുന്നു. എന്നാല്‍ മഹാ പുരോഹിതനും സമൂഹത്തിലെ ഉന്നതരും ‘അവനെ ക്രൂശിക്കണം’ എന്നാവശ്യപ്പെട്ടപ്പോള്‍ പീലാത്തോസ് പരുങ്ങി. ഇവരെ പിണക്കുന്ന തെങ്ങനെ? നീതിയും ന്യായവും മാത്രം കണക്കിലെടുത്ത് ഒരു തീരുമാനം എടുത്താല്‍ യെഹൂദാ പ്രമുഖര്‍ പിണങ്ങും. അവര്‍ തനിക്കെതിരെ പരാതിയുമായി കൈസറെ സമീപിച്ചെന്നു വരും. അദ്ദേഹം യെഹൂദരെ പ്രീതിപ്പെടുത്താനായി തന്നെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നു പിരിച്ചു വിട്ടെന്നും വരാം. ഇതെല്ലാം ഓര്‍ത്തു ഭീരുവായിപ്പോയ പീലാത്തോസ് ചരിത്രത്തിലെ ഏറ്റവും ജുഗു പ്‌സാവഹമായ വിധിപ്രഖ്യാപനം നടത്തി. ‘ഞാനിവനില്‍ ഒരു കുറ്റവും കാണുന്നില്ലെന്നു’ പറഞ്ഞ് വെള്ളം എടുത്തു കൈകഴുകിയ ശേഷം യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു. തന്റെ ഗവര്‍ണര്‍ സ്ഥാനം നഷ്ടമാകുമെന്ന പേടിയാണ് സത്യസന്ധമല്ലാത്ത നിലപാടു സ്വീകരിക്കാന്‍ പീലാത്തോസിനെ പ്രേരിപ്പിച്ചത്. നിര പരാധിയെ വധശിക്ഷയ്ക്കു വിട്ടുകൊടുത്തിട്ടാണെങ്കിലും സ്വന്തം സിംഹാസനം സംരക്ഷിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ചരിത്രം പറയുന്നത് ഈ സംഭവത്തിനു ശേഷം അധികം വൈകാതെ മറ്റേതോ കാരണത്താല്‍ റോമന്‍ ഭരണ നേതൃത്വത്തിന് പീലാത്തോസി നോട് അപ്രീതി തോന്നുകയും അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നു പിരിച്ചുവിടുകയും ചെയ്തുവെന്നാണ്. നോക്കുക: അസത്യ ത്തിനു മേല്‍ പണിയപ്പെടുന്ന ഒരു സിംഹാസനത്തിനും നിലനില്‍പില്ല.
പീലാത്തോസിന് സത്യസന്ധത സംബന്ധിച്ച പരീക്ഷയുണ്ടായേ ക്കാം എന്നറിയാവുന്നതുകൊണ്ടാകാം തന്റെ വിസ്താരസമയത്ത് യേശു ഇങ്ങനെ പറഞ്ഞു: ‘ഞാന്‍ സത്യത്തിനു സാക്ഷ്യം വഹിപ്പാന്‍ വന്നിരിക്കുന്നു!’ എന്നാല്‍ ഈ സൂചന ഉള്‍ക്കൊണ്ടു യാഥാര്‍ഥ്യം മനസ്സിലാക്കി വരാന്‍ പോകുന്ന പരീക്ഷയെ അതിജീവിക്കാന്‍ പീലാത്തോസിനു കഴിഞ്ഞില്ല. പകരം ‘സത്യമോ, എന്താണു സത്യം?’ എന്ന് അലക്ഷ്യമായി ചോദിച്ചു പീലാത്തോസ് അവസരം നഷ്ടമാക്കി കളഞ്ഞു. പീലാത്തോസിനെ സംബന്ധിച്ചു തന്റെ നിലനില്പിനു സഹായകമായതെന്തോ അതായിരുന്നു ആ സമയത്തു സത്യം! സത്യം ഒരുവനെ (ഭയത്തില്‍ നിന്നുള്‍പ്പെടെ) സ്വതന്ത്രനാക്കും എന്ന് യേശു മറ്റൊരിക്കല്‍ പറഞ്ഞത് (യോഹന്നാന്‍ 8:32) അനുഭവിച്ചറിയാനുള്ള സാധ്യതയാണ് അവന്‍ നഷ്ടമാക്കി കളഞ്ഞത്! സത്യത്തെ സംബന്ധിച്ച മറ്റൊരു വസ്തുത താഴ്മയുള്ള ഒരുവനു മാത്രമേ യഥാര്‍ഥത്തില്‍ സത്യസന്ധനായിരിക്കാന്‍ കഴിയൂ എന്നതാണ്. താഴ്മ എന്നാല്‍ എന്താണ്? താന്‍ എന്താണോ അതില്‍ തൃപ്തനായിരിക്കുന്ന അവസ്ഥയാണത്. അതുകൊണ്ടു തന്നെ താഴ്മയുള്ളവന് മറ്റെന്തെ ങ്കിലും കയ്യടക്കാനായി അഭിനയിക്കേണ്ട കാര്യമില്ല. കാപട്യവും അഭിനയവും മുഖംമൂടിയും അവനു വേണ്ട. താന്‍ എന്താണോ അതാണ് അവന്‍. ഒട്ടും കൂടുതലുമില്ല, കുറവുമില്ല. അകവും പുറവും ഒരുപോലെ. ഇത്തരം താഴ്മയുള്ള ഒരുവനു മാത്രമേ യഥാര്‍ഥത്തില്‍ സത്യസന്ധനായിരിക്കാനാകൂ. കാരണം സത്യസന്ധനു സംരക്ഷി ക്കാന്‍ ഒരു ഇമേജില്ല. അതുകൊണ്ടു തന്നെ അവനു കാപട്യങ്ങളും അഭിനയവും മുഖംമൂടിയും ആവശ്യമില്ല. ആളുകളോട് ഉള്ള കാര്യങ്ങള്‍ തുറന്നു പറയാം. തീര്‍ത്തും സത്യസന്ധനായിരിക്കാം. നോക്കുക: യഥാര്‍ഥ താഴ്മയുടെ താഴ്‌വരയില്‍ മാത്രമേ സത്യസന്ധതയുടെ പൂക്കള്‍ക്കു വിടരാനാകൂ.
യേശു ഒരിക്കല്‍ പറഞ്ഞു: ‘ഞാന്‍ താഴ്മയുള്ളവനാകയാല്‍… എന്നില്‍ നിന്നു പഠിപ്പിന്‍…എങ്കില്‍ നിങ്ങള്‍ ആശ്വാസം കണ്ടെത്തും’ (മത്തായി 11:29). അതേ, യഥാര്‍ഥ താഴ്മ സത്യസന്ധതയിലേക്കു നയിക്കും. ആ സത്യസന്ധത മാത്രമേ ഒരുവന് ആത്യന്തികമായി സ്വാതന്ത്ര്യവും ആശ്വാസവും നല്‍കുകയുള്ളു. താഴ്മയുടെയും സത്യസന്ധതയുടെയും ഈ പാഠങ്ങള്‍ തന്നില്‍ നിന്നു പഠിക്കാനാണ് യേശു എല്ലാവരെയും ക്ഷണിക്കുന്നത്.
49. കൊച്ചുവലിയ കാര്യം
ഒരു റസ്റ്ററന്റ്.
വൈകുന്നേരം ഒരു ടേബിളില്‍ വളരെ പ്രായമായ ഒരു പിതാവ് ചെറുപ്പക്കാരനായ മകനോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുകയാണ്.
പിതാവ് വളരെ പ്രായമുള്ള ആളും ക്ഷീണിതനുമായതിനാല്‍ കഴിക്കുമ്പോള്‍ വിരലുകള്‍ക്കിടയിലൂടെ ഭക്ഷണം താഴേക്ക് ഊര്‍ന്ന് അദ്ദേഹത്തിന്റെ ഉടുപ്പിലും മുണ്ടിലും ആകെ വീണുകിടന്നു.
ഈ കാഴ്ച കണ്ടു റസ്റ്ററന്റില്‍ അടുത്ത ടേബിളുകളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരൊക്കെ അസ്വസ്ഥരായി. പക്ഷേ മകനില്‍ ഒരു ഭാവമാറ്റവും കണ്ടില്ല.
ഭക്ഷണം തീര്‍ന്നപ്പോള്‍ പിതാവിനെ കൈക്കു പിടിച്ചു മകന്‍ വാഷ്‌ബേസിനു സമീപത്തേക്കു കൊണ്ടുപോയി. കൈയും മുഖവും കഴുകിച്ചു. ഷര്‍ട്ടിലെയും മുണ്ടിലേയും ഭക്ഷണാവശിഷ്ടങ്ങള്‍ തട്ടിക്കളഞ്ഞു. വസ്ത്രത്തിലെ കറകളും വെള്ളം ഉപയോഗിച്ചു കഴുകി വൃത്തിയാക്കി. പിതാവിന്റെ മുടി ചീകി കൊടുത്തു. കണ്ണട നേരെ വച്ചു.
റസ്റ്ററന്റില്‍ ഇരുന്നവരെല്ലാം ഭക്ഷണം കഴിക്കുന്നതു നിര്‍ത്തി ഈ കാഴ്ച നിര്‍ന്നിമേഷരായി നോക്കിയിരിക്കുകയാണ്.
മകന്‍ ബില്ലു പേ ചെയ്ത് പിതാവിനോടൊപ്പം പുറത്തേക്ക് ഇറ ങ്ങാന്‍ തുടങ്ങിയപ്പോള്‍ റസ്റ്ററന്റില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നവരുടെ ഇടയില്‍ നിന്നു മധ്യവയസ്‌കനായ ഒരാള്‍ പൊടുന്നനെ എഴുന്നേറ്റു നിന്നു മകനോട് ഉച്ചത്തില്‍ ചോദിച്ചു: ‘സുഹൃത്തേ, നിങ്ങള്‍ എന്തോ ഒന്നു പിന്നില്‍ അവശേഷിപ്പിച്ചാണു പോകുന്നത് അല്ലേ?’
താന്‍ റസ്റ്ററന്റില്‍ എന്തോ മറന്നു വച്ചോ എന്ന് പെട്ടെന്ന് ഓടിച്ചു നോക്കിയ ശേഷം ചെറുപ്പക്കാരന്‍ പറഞ്ഞു: ‘ഇല്ലല്ലോ സര്‍. ഞാന്‍ ഒന്നും ബാക്കി വച്ചിട്ടില്ലല്ലോ.’ മധ്യവയസ്‌കന്റെ മറുപടി ഇങ്ങനെ: ‘അല്ല, ചെറുപ്പക്കാരാ, നീ ഈ റസ്റ്ററന്റു വിടുമ്പോള്‍ പിന്നില്‍ അവശേഷി പ്പിച്ചിട്ടു പോകുന്നത് ഒരു കൊച്ചു വലിയ കാര്യമാണ്. അതെന്നു പറയുന്നത് ഇവിടെയുള്ള ഓരോ മകനുമുള്ള ഒരു പാഠവും, ഓരോ പിതാവിനുമുള്ള ഒരു പ്രതീക്ഷയുമാണ്.’
റസ്റ്ററന്റിലെ സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയില്‍ ആ പ്രസ്താവന ശരിവച്ചുകൊണ്ട് ഒട്ടേറെ തലകള്‍ ആടുന്നുണ്ടായിരുന്നു!
മേയ് 10-ന് ‘മാതൃദിനം’ കഴിഞ്ഞു. ‘നമ്മുടെ വൃദ്ധരായ മാതാ പിതാക്കളെ ആണ്ടിലൊരിക്കല്‍ വൃദ്ധസദനത്തില്‍ ചെന്നു കാണുവാ നുള്ള ദിവസം’ എന്നു മാതൃദിനത്തെ നിര്‍വചിച്ച ദോഷൈകദൃക്കിനെ നമുക്കു വെറുതെ വിടാം. ‘അമ്മ മരിച്ചത് ഇന്നോ ഇന്നലെയോ?’ എന്നു തിരക്കിനിടയില്‍ സന്ദേഹിക്കുന്ന പുതുതലമുറയ്ക്ക് മാതാപിതാക്കളെ ഓര്‍ക്കാന്‍ വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും ഉള്ളതു നല്ലതല്ലേ? വാര്‍ധക്യവും മരണവും – ഇവ രണ്ടിനെയും കുറിച്ചുണ്ടായ നേര്‍ക്കാഴ്ച കളാണ് സിദ്ധാര്‍ഥനെ ഗൗതമബുദ്ധനാക്കിയത്. വാര്‍ധക്യവും തുടര്‍ന്നു മരണവും തന്നെയും കാത്തിരിക്കുന്നു എന്ന അവബോധം മാത്രമേ പുതിയ തലമുറയെയും അര്‍ഥപൂര്‍ണമായ നിലയില്‍ മുന്‍തലമുറയെ ആദരവോടെ കാണാന്‍ സഹായിക്കുയുള്ളു. ‘ഒരു തലമുറ പോകുന്നു. ഒരു തലമുറ വരുന്നു.’ ജ്ഞാനിയായ ശലോമോന്‍ ജീവിതനദിയുടെ അനുസ്യൂതമായ പ്രവാഹത്തെ വിവരിക്കുന്നതിങ്ങ നെയാണ്. എന്നാല്‍ ഇതിനിടയില്‍ ആത്യന്തികമായി നിലനില്‍ക്കുന്ന തും പ്രയോജനമുള്ളതും എന്താണ്? – ഇതറിയാന്‍ താന്‍ നടത്തിയ അന്വേഷണത്തിന്റെ കഥയാണു ശലോമോന്‍ ‘സഭാപ്രസംഗി’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. സ്വത്ത്, സ്ഥാനമാനങ്ങള്‍, സുഖങ്ങള്‍ എന്നിവ കൊണ്ട് ജീവിതത്തിന് അര്‍ഥം കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചു. യെരുശലേമിലെ രാജാവ് എന്ന നിലയില്‍ ഇവയെല്ലാം വേണ്ടുവോളം നേടുവാന്‍ തനിക്കു കഴിയുമായിരുന്നല്ലോ. ‘എന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാന്‍ നിഷേധിച്ചില്ല; ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല’ – എന്നാണ് ആ കാലത്തെക്കുറിച്ചു ശലോ മോന്‍ പറയുന്നത്. എന്നാല്‍ ആ സന്തോഷവും സുഖവും അല്പായു സ്സായിരുന്നു. എല്ലാം മായയാണെന്നു താന്‍ വേഗം കണ്ടെത്തി. അരമനകള്‍ പണിതും തോട്ടങ്ങള്‍ നട്ടുണ്ടാക്കിയും മഹാപ്രവൃത്തികള്‍ ചെയ്തും ജീവിതത്തിന് അര്‍ഥം കണ്ടെത്താനായിരുന്നു അടുത്ത ശ്രമം. പക്ഷേ എല്ലാം അര്‍ഥമില്ലാത്ത വൃഥാപ്രയത്‌നമാണെന്നു താന്‍ തിരിച്ച റിഞ്ഞു. ജ്ഞാനം നേടാനും വിദ്യകള്‍ അഭ്യസിക്കാനും അവ കൊണ്ടു ജീവിതത്തിന്റെ ശൂന്യതയെ മൂടിവയ്ക്കാനുമായിരുന്നു അടുത്ത നീക്കം. എന്നാല്‍ ‘ജ്ഞാനബാഹുല്യത്തില്‍ വ്യസനബാഹുല്യം ഉണ്ട്. അറിവു വര്‍ധിപ്പിക്കുന്നവന്‍ ദുഃഖവും വര്‍ധിപ്പിക്കുന്നു’ – ഇതായിരുന്നു അടുത്ത കണ്ടെത്തല്‍.
ഇങ്ങനെ പന്ത്രണ്ട് അധ്യായം നീണ്ട ആ അന്വേഷണത്തിന്റെ ഒടുവില്‍ ശലോമോന്‍ ‘എല്ലാറ്റിന്റെയും സാരം കേള്‍ക്കുക’ എന്നു പറഞ്ഞു താന്‍ ആത്യന്തികമായി കണ്ടെത്തിയതു വ്യക്തമാക്കുന്നു: – ‘മരണാനന്തരം ഒരു നിത്യജീവിതം ഉണ്ട്. അവിടെ വിലയുള്ള കാര്യങ്ങള്‍ക്കായി ഈ ലോകത്തിലെ ജീവിതം ഉപയോഗപ്പെടുത്തു ന്നതാണ് ജീവിതത്തിന്റെ ധന്യത. നിത്യതയുടെ ആ വെളിച്ചത്തില്‍ ഈ ലോക ജീവിതം ജീവിക്കുക.’
നിത്യതയുടെ വെളിച്ചത്തില്‍ നിലനില്‍ക്കുന്നതു മാത്രമേ ആത്യന്തികമായി പ്രയോജനപ്പെടുകയുള്ളു. മറ്റെല്ലാറ്റിന്റെയും പിന്നാലെയുള്ള ഓട്ടം ‘കാറ്റിനെ പിടിക്കാന്‍ പോകുന്നതു പോലെ’യാ ണെന്നു സഭാപ്രസംഗിയായ ശലോമോന്‍ പറയുന്നു. കാറ്റിനെ പിടിക്കാന്‍ പോകുക – എത്ര നിരര്‍ഥകമായ ശ്രമം!
അമേരിക്കയിലെ കണക്ടിക്കെട്ടിലെ ബ്രിഡ്ജ്‌പോര്‍ട് സെമിത്തേരി യില്‍ അടുത്തടുത്തുള്ള രണ്ടു ശവക്കല്ലറകളുണ്ട്. ഒന്ന് കഴിഞ്ഞ നൂറ്റാണ്ടില്‍ സര്‍ക്കസിലൂടെ കോടിശ്വരനായിത്തീര്‍ന്ന പി.ടി. ബര്‍ണ ത്തിന്റേതാണ്. ജീവിച്ചിരിക്കുമ്പോള്‍ ഈ ലോകത്തു കോടികളുടെ നിക്ഷേപം സ്വരൂപിച്ച ബര്‍ണത്ത് പുഴുവരിച്ചുപോയ തന്റെ നിക്ഷേപ ങ്ങളുമായി ഇന്ന് ആരാലും അറിയപ്പെടാതെ ആ മണ്ണില്‍ ഉറങ്ങുന്നു. തൊട്ടടുത്തുള്ള കല്ലറ ഫാനിക്രോസ്ബിയുടേതാണ്. പിറന്നുവീണ് ആറാഴ്ചക്കകം അന്ധയായി തീര്‍ന്ന ഫാനിയുടെ ജീവിതം ഇന്നും ആയിരങ്ങള്‍ക്കു പ്രചോദനമാണ്. നിത്യതയുടെ മൂല്യങ്ങള്‍ക്കായി സമ്പൂര്‍ണമായി സമര്‍പ്പിച്ചിരുന്ന ഫാനിക്രോസ്ബി, തലമുറകള്‍ ഹൃദയപൂര്‍വം ഏറ്റു പാടുന്ന എണ്ണായിരത്തിലേറെ ക്രിസ്തീയ ഭക്തിഗാനങ്ങളാണു രചിച്ചിട്ടുള്ളത്. വിവിധ ഭാഷകളിലായി പത്തുകോടിയിലേറെ കോപ്പികള്‍ വിറ്റുപോയ ഗാനങ്ങളിലൂടെ അവര്‍ ഇന്നും അനേക ഹൃദയങ്ങളെ നിത്യതയുടെ മൂല്യങ്ങള്‍ക്കായി വെല്ലുവിളിക്കുന്നു. ഫാനിക്രോസ്ബിയുടെ കല്ലറയില്‍ ബൈബിളില്‍ നിന്നുള്ള ഒരു കൊച്ചുവചനം ആലേഖനം ചെയ്തിട്ടുണ്ട്. – ‘അവള്‍ തന്നാല്‍ ആവതു ചെയ്തു.’ ഒരു സ്ത്രീ ബെഥന്യായില്‍ വച്ച് ഒരു റാത്തല്‍ പരിമളതൈലം കൊണ്ടുവന്ന് തന്റെ നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കാന്‍ യേശുവിന്റെ കാലില്‍ പൂശിയപ്പോള്‍ അതേപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന കൊച്ചു വാക്യമാണിത്. ഫാനി തന്റെ ജീവിതം കൊണ്ടു ചെയ്തതും ഇതാണ്. അവള്‍ തന്നാല്‍ കഴിയുന്നതു ചെയ്തു. നമ്മില്‍ നിന്നും ദൈവം പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ല. ‘നാം എവിടെയാണോ അവിടെ, നമ്മുടെ പക്കല്‍ എന്തുണ്ടോ അതുകൊണ്ട്, നമുക്ക് എന്തു കഴിയുമോ അത്’- നിത്യതയുടെ വെളിച്ചത്തില്‍ സ്‌നേഹത്തില്‍ ചെയ്യുക. സ്‌നേഹം- അതാണു കാര്യങ്ങളെ വ്യത്യസ്തമാക്കുന്നത്. ഈ ബോധ്യത്തോടെ മാതാ പിതാക്കള്‍ക്കും ചുറ്റുവട്ടത്തുള്ളവര്‍ക്കും നമ്മെക്കൊണ്ട് ആവുന്നതു പോലെ ദൈവസ്‌നേഹത്തിന്റെ ഊഷ്മളത പകരുന്നത് ഒരു കൊച്ചു മെഴുകുതിരി കൊളുത്തി വയ്ക്കുന്നതുപോലെയുള്ള പ്രവൃത്തിയാണ്. ഇതൊരു കൊച്ചുകാര്യമായിരിക്കാം. എന്നാല്‍ ഇരുളിനെ ശപിക്കുന്നതി നെക്കാള്‍ എന്തുകൊണ്ടും ഭേദമല്ലേ ഈ ഇരുളില്‍ ഒരു കൊച്ചു തിരി കൊളുത്തി വയ്ക്കുന്നത്?
50. ആര്‍ക്കും വേണ്ടാത്തവരുടെ ഈസ്റ്റര്‍
‘മനുഷ്യന്‍! ഹാ, എത്ര സുന്ദരമായ പദം’ – ‘അമ്മ’ എഴുതിയ മാക്‌സിം ഗോര്‍ക്കിയുടെ ഈ വാക്കുകള്‍ ഇടയ്ക്കിടെ ചിലര്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ ഇന്നു വര്‍ത്തമാന പത്രങ്ങള്‍ വായിക്കുന്നവരില്‍ എത്ര പേര്‍ ഇതു വിശ്വസിക്കുമെന്ന് ഉള്ളിലുള്ള ‘സംശയിക്കുന്ന തോമസ്’ ചിലപ്പോള്‍ ചോദിക്കാറുണ്ട്. അത്രയേറെ മനുഷ്യനെക്കുറിച്ചു പേടിയുണര്‍ത്തുന്ന വാര്‍ത്തകളാണു ദിവസവും കേള്‍ക്കാറുള്ളത്… ഓടുന്ന ബസ്സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു, അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ കൂട്ടമാനഭംഗത്തിനിരയാക്കി, പിതാവു മകളെ പീഡിപ്പിച്ച ശേഷം സാമൂഹിക വിരുദ്ധര്‍ക്കു വിറ്റു. കഷ്ടം, മനുഷ്യന്‍ എന്നത് അത്ര സുന്ദരമായ പദമൊന്നുമല്ല.
‘ദൈവം ഈ മനുഷ്യരെക്കൊണ്ടു മടുത്തുപോയിട്ടില്ല’ എന്ന സന്ദേശവുമായാണ് ദൈവത്തിന്റെ അടുക്കല്‍ നിന്ന് ഓരോ കുഞ്ഞും ഈ ലോകത്തു ജനിച്ചു വീഴുന്നതെന്നു പറയാറുണ്ട്. ഇതുപോലെ മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ ഇനിയും മരിച്ചിട്ടില്ലാത്ത പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും ഓര്‍മ്മയാണ് ഓരോ ഈസ്റ്റര്‍ ആഘോഷവും നമ്മില്‍ ഉണര്‍ത്തേണ്ടത്. ദൈവവും മനുഷ്യനും തമ്മിലുള്ളത് ഒരു സ്‌നേഹബന്ധമാണെന്നു ബൈബിള്‍ വിവരിക്കുന്നു. തന്റെ ഏകജാതനായ പുത്രനെ മനുഷ്യര്‍ക്കുവേണ്ടി മരിക്കാന്‍ വിട്ടുകളയത്തക്കവണ്ണം ലോകത്തെ ദൈവം അത്രയേറെ സ്‌നേഹിച്ചു എന്നാണു യോഹന്നാന്‍ അതിനെ വിവരിക്കുന്നത് (3:16). ദൈവം ‘ലോകത്തെ സ്‌നേഹിച്ചു’ എന്നു കേള്‍ക്കുമ്പോള്‍ അതു മാനവ രാശിയെക്കുറിച്ചുള്ള പൊതുവായ സ്‌നേഹത്തിനും അപ്പുറമാണെന്നു മനസ്സിലാക്കണം. മനുഷ്യരോട് പൊതുവായ സ്‌നേഹമുള്ള പലരുണ്ട്. രാഷ്ട്രീയക്കാര്‍, സമുദായ നേതാക്കള്‍ തുടങ്ങിയവര്‍ ആള്‍ക്കൂട്ടത്തെ മൊത്തത്തില്‍ വിലമതിക്കുന്നു. വോട്ടുബാങ്കായാണ് അവര്‍ ആളുകളെ കാണുന്നത്. അവര്‍ മിക്കപ്പോഴും ജനത്തെപ്പിടിച്ച് ആണയിടുന്നു. പക്ഷേ മുഖമില്ലാത്ത വ്യക്തികളുടെ കൂട്ടം മാത്രമാണ് അവര്‍ക്കു ജനം. ഒറ്റയൊറ്റ വ്യക്തികളുടെ സങ്കടങ്ങളില്‍ അവര്‍ക്കു സജീവ താത്പര്യമില്ല.
അതുപോലെ മനുഷ്യരോടുള്ള സ്‌നേഹം ആശയതലത്തില്‍ മാത്രം നില്‍ക്കുന്ന ചില ആളുകളുണ്ട്. ആനന്ദിന്റെ ‘ആള്‍ക്കൂട്ട’ത്തിലെ പ്രേം ഒരു ദിവസം ആര്‍ട്ടു ഗാലറിയില്‍ ചെന്നു കയറിയപ്പോള്‍ അവിടെ ഒരു പെയിന്റിങ് എക്‌സിബിഷന്‍ നടക്കുന്നു. ആര്‍ട്ടിസ്റ്റു വരച്ച ഒരു ഭിക്ഷക്കാരന്റെ റിയലിസ്റ്റിക് ചിത്രത്തിനു മുന്‍പില്‍ ഒരാള്‍ക്കൂട്ടം. സൊസൈറ്റി ലേഡികള്‍ ഉള്‍പ്പെടുന്ന, ആഡംബര വേഷം ധരിച്ച ധനികരും സമൂഹത്തിലെ ഉന്നതരുമായ ആളുകളാണ് അവിടെ കൂടി നിന്നു ഭിക്ഷക്കാരന്റെ ചിത്രത്തിന്റെ കലാഭംഗിയെ പ്രശംസിച്ചു സംസാരിക്കുന്നത്. പ്രേം ഒരു നിമിഷം ആലോചിച്ചു പോയി: ‘ഈ നിമിഷം, ചിത്രത്തില്‍ നിന്ന് ഈ ഭിക്ഷക്കാരന്‍ ജീവനോടെ ഇവരുടെ മുന്‍പിലേക്ക് ഇറങ്ങി വന്നാലോ?’ അവര്‍ക്കതു സഹിക്കാന്‍ കഴിയുകയില്ല. യഥാര്‍ഥ ഭിക്ഷക്കാരനെ അവര്‍ ഇഷ്ടപ്പെടുകയില്ല. കല അവരെ രസിപ്പിക്കുന്നു. യാഥാര്‍ഥ്യം അവരെ അകറ്റുന്നു. മനുഷ്യരോ ടുള്ള സ്‌നേഹം ആശയ തലത്തില്‍ കൊണ്ടു നടക്കുന്നവര്‍ കലയില്‍ ദാരിദ്ര്യത്തിന്റെ ചിത്രീകരണം ആസ്വദിക്കുകയും യാഥാര്‍ഥ്യത്തില്‍ അതിനോടു മുഖം തിരിച്ചു കളയുകയും ചെയ്യുന്നവരെപ്പോലെയാണ്. മനുഷ്യസ്‌നേഹത്തെക്കുറിച്ചു ലേഖനം എഴുതിക്കൊണ്ടിരുന്ന സാഹി ത്യകാരന്‍, ‘സഹായിക്കണേ’ എന്നു കരഞ്ഞു ശല്യപ്പെടുത്തിയ യാചക ന്റെ നേരെ പട്ടിയെ അഴിച്ചു വിട്ടതും യാചകന്റെ ഓട്ടം കണ്ട് ആര്‍ത്തു ചിരിച്ച ശേഷം വീടിന്റെ പടി അടച്ചു വന്നു നിര്‍ത്തിയിടത്തു നിന്നു വീണ്ടും മനുഷ്യസ്‌നേഹത്തെക്കുറിച്ചുള്ള ലേഖനം എഴുതി തുടങ്ങി യതും വെറും കഥയല്ലെന്നു തോന്നുന്നു. വ്യക്തിപരമായി സ്‌നേഹ ത്തെ അവഗണിച്ച ശേഷം മാനവരാശിയോടുള്ള പൊതുവായ സ്‌നേഹ ത്തെക്കുറിച്ചു വാചാലമാകുമ്പോള്‍ എന്തോ എവിടെയോ ഒരു തകരാറുണ്ട്. ‘ലോകത്തെ… സ്‌നേഹിച്ച’ ദൈവത്തിന്റേത് യാഥാര്‍ഥ്യ വുമായി ബന്ധമില്ലാത്ത, ആശയതലത്തില്‍ ഒതുങ്ങുന്ന സ്‌നേഹമാ യിരുന്നില്ല. അതു സ്വന്തപുത്രനെ തന്നെ ബലിയായി നല്‍കുന്ന സ്‌നേഹമായിരുന്നു. അതുപോലെ, അതു മാനവരാശിയോടു മൊത്തത്തിലുള്ള സ്‌നേഹം മാത്രമായിരുന്നില്ല. ‘നീ എനിക്കുള്ളവന്‍, ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു,’ ‘നിന്റെ അമ്മയുടെ ഉദരത്തില്‍ നിന്നെ ഞാനാണു മെടഞ്ഞത്,’ ‘പെറ്റ തള്ള മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല’ എന്നിങ്ങനെ പഴയ നിയമത്തില്‍പോലും ദൈവസ്‌നേഹത്തിന്റെ വ്യക്തിപരമായ തലത്തിനു ശക്തമായ ഊന്നലുണ്ട്. പുതിയ നിയമത്തിലേക്കു വരുമ്പോള്‍ ഇതു പതിന്മടങ്ങു ദൃശ്യമാണ്. സമൂഹത്തിലെ ഒറ്റപ്പെട്ട വ്യക്തികളുടെ ആവശ്യങ്ങളി ലേക്കും സങ്കടങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന മനുഷ്യപുത്രനെയാണ് സുവിശേഷങ്ങളില്‍ ഉടനീളം കാണുന്നത്. വിധവയുടെ, അനാഥന്റെ, കുഷ്ഠരോഗിയുടെ ആവശ്യങ്ങള്‍. അതു രോഗസൗഖ്യമാകാം. വിശപ്പാകാം. സാന്ത്വനത്തിനായുള്ള വാഞ്ഛയാകാം… ഒരാളേയും യേശു അവഗണിക്കുന്നില്ല. കൊല്‍ക്കത്തയിലെ തെരുവില്‍ ഒരിക്കല്‍ മദര്‍ തെരേസ ഒരു വ്രണം കഴുകി കെട്ടുകയായിരുന്നു. കണ്ടു നിന്ന പത്ര പ്രവര്‍ത്തകന്‍ പറഞ്ഞു: ‘പതിനായിരം രൂപ തന്നാലും ഞാന്‍ ഇതു ചെയ്യുകയില്ല.’ അമ്മയുടെ മറുപടി: ‘പതിനായിരം രൂപയ്ക്കു ഞാനും ഇങ്ങനെ ചെയ്യുകയില്ല. യേശുവിന്റെ സ്‌നേഹമാണെന്നെ ഇതിനു സഹായിക്കുന്നത്.’ നോക്കുക: സ്വാഭാവികമായി സ്‌നേഹി ക്കാന്‍ കഴിയാത്ത വ്യക്തിയേയും സ്‌നേഹിക്കാന്‍ ഇന്നും യേശുവിന്റെ വ്യക്തികളോടുള്ള സ്‌നേഹം വിശ്വാസിയെ സഹായിക്കുന്നു! യേശുവിന്റെ വ്യക്തികളോടുള്ള സ്‌നേഹം, ഇന്ന് ഒരുവന്റെ ഭൗതിക ആവശ്യങ്ങള്‍ക്കപ്പുറത്ത് ഏറ്റവും കാതലായ ആത്മീയ പ്രശ്‌നം പരിഹരിക്കാനും അവനെ സഹായിക്കുന്നു. പാപവും അതു നല്‍കുന്ന കുറ്റബോധവും ദൈവത്തില്‍ നിന്നുള്ള അകല്‍ച്ചയുമാണ് ഇന്ന് ഓരോ വ്യക്തിയുടെയും അടിസ്ഥാന പ്രശ്‌നം. ഈ പ്രശ്‌നത്തിന്റെ പരിഹാരമാണ് കാല്‍വറി ക്രൂശില്‍ യേശു കൈവരിച്ചത്. അതു വിശ്വാസത്താല്‍ വ്യക്തിപരമായി സ്വീകരിച്ചാല്‍ ഏതൊരാളുടേയും പാപമെന്ന പ്രശ്‌നത്തിന് പരിഹാരമായി. നോക്കുക: വ്യക്തിയെ സ്‌നേഹിക്കുന്ന യേശു ഇന്ന് ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ ആത്മീയ ആവശ്യത്തിനും കാല്‍വറി മരണത്തിലൂടെ പരിഹാരം വരുത്തിയിരിക്കുന്നു.!
മരിക്കുക മാത്രമല്ല യേശു ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു എന്ന സന്ദേശമാണ് ഈസ്റ്ററിന്റേത്. ഉയിര്‍ത്തെഴുന്നേറ്റ ശേഷവും വ്യക്തികളുടെ ആവശ്യങ്ങള്‍ക്കു നേരെ യേശു മുഖം തിരിച്ചു കളയു ന്നില്ല. യേശുവിന്റെ കല്ലറയ്ക്കു സമീപം കരഞ്ഞുകൊണ്ടു നിന്ന മഗ്ദലന മറിയത്തോട് ഉയിര്‍ത്തെഴുന്നേറ്റ യേശു ചോദിക്കുന്നു: ‘സ്ത്രീയേ നീ കരയുന്നതെന്ത്?’ ഇന്നു പാവപ്പെട്ട സ്ത്രീകളുടെ കണ്ണീരിന്റെ കാരണം തിരക്കാന്‍ ആരുണ്ട്? സര്‍ക്കാര്‍ ഓഫീസില്‍ പരാതി നല്‍കി കരഞ്ഞുകൊണ്ടു നില്‍ക്കുന്ന സ്ത്രീയോടു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കയര്‍ക്കുന്നത് ‘എനിക്കു നിങ്ങളുടെ കണ്ണീരൊന്നും കാണേണ്ട’ എന്നാണ്. വീടുകളിലും സ്ത്രീയുടെ കണ്ണീരിനു വിലയില്ല. എന്നാല്‍ ഇവിടെ ഉയിര്‍ത്തെഴുന്നേറ്റ ശേഷവും യേശു വ്യക്തിയുടെ കണ്ണുനീരിനെ മറികടന്നു പോകാതെ അതിന്റെ കാരണം അന്വേഷി ക്കുന്നു. അവളെ ആശ്വസിപ്പിക്കുന്നു. വ്യക്തിയെ സ്‌നേഹിക്കാത്ത ഒരാള്‍ക്കും വ്യക്തിയുടെ കണ്ണീരിനെ ഗൗനിക്കാന്‍ കഴിയുകയില്ല. ഉയിര്‍ത്തെഴുന്നേറ്റ യേശു ആദ്യം ചെയ്തത് മഗ്ദലന മറിയത്തോട് ‘നീ കരയുന്നതെന്ത്’ എന്നു ചോദിക്കുകയായിരുന്നുവെങ്കില്‍, രണ്ടാ യിരം വര്‍ഷത്തിനു ശേഷം ഇന്നും അവിടുന്ന് അങ്ങനെ തന്നെയെന്ന് എബ്രായലേഖനകാരന്‍ സാക്ഷ്യപ്പെടുത്തുന്നു’- ‘യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും മാറ്റമില്ലാത്തവന്‍’ (13:8). ആള്‍ക്കൂ ട്ടത്തിലും വോട്ടുബാങ്കിലും മാത്രം ശ്രദ്ധിക്കുന്നവര്‍ക്കിടയില്‍ വ്യക്തി യുടെ ആവശ്യങ്ങളിലും സങ്കടങ്ങളിലുമായി തന്നെത്തന്നെ നല്‍കി ക്കൊണ്ട് കരുണയോടെ യേശു വേറിട്ടു നില്‍ക്കുന്നു.
‘നീ എന്തിനാണു കരയുന്നത്?’ – ഉയിര്‍ത്തെഴുന്നേറ്റ യേശു ചോദിക്കുന്നു. താന്‍ ആര്‍ക്കും വേണ്ടാത്തവനും വിലയില്ലാത്തവനുമല്ല എന്ന ആഹ്ലാദകരമായ തരിച്ചറിവാണ് കര്‍ത്താവിന്റെ ഉയിര്‍പ്പ് ഒറ്റപ്പെട്ട വ്യക്തികള്‍ക്കു സമ്മാനിക്കുന്നത്.
51. കുരിശിന്റെ ഭാരം എത്രത്തോളം?
പറവകള്‍ക്കു ചിറകു ലഭിച്ചതിനെക്കുറിച്ചു ഒരു കഥയുണ്ട്. ആദ്യ കാലത്തു പക്ഷികള്‍ക്കു സുന്ദരമായ രൂപവും മധുരമായ സ്വരവും മാത്രമേ ഉണ്ടായിരുന്നുള്ളു. പറക്കാന്‍ കഴിയുമായിരുന്നില്ലത്രെ. അങ്ങനെയിരിക്കെ ഒരു ദിവസം ദൈവം പക്ഷികള്‍ക്കുള്ള ചിറകുകള്‍ ഉണ്ടാക്കി അവയുടെ മുന്‍പില്‍ വച്ചിട്ട് അവയോട് ആവശ്യപ്പെട്ടു: ‘വരിക. വന്ന് ഈ ഭാരങ്ങള്‍ എടുക്കുകയും അവ ചുമലില്‍ വഹിച്ചുകൊണ്ടു ജീവിക്കുകയും ചെയ്യുക.’
ചിറകുകള്‍ എന്താണെന്നു പക്ഷികള്‍ക്കു മനസ്സിലായില്ല. എങ്കിലും അതൊരു ഭാരമാണെന്നു ദൈവം തന്നെ പറഞ്ഞ സ്ഥിതിക്ക് പക്ഷി കള്‍ക്കു സ്വാഭാവികമായി അത് ഏറ്റെടുക്കാന്‍ പ്രയാസം തോന്നി. അതുകൊണ്ട് ആദ്യം ഒന്നു മടിച്ചു. എങ്കിലും ദൈവ കല്പനയായതി നാല്‍ അനുസരിക്കാന്‍ തന്നെ തയാറായി.
പക്ഷികള്‍ നിരനിരയായി വന്ന് ചിറകുകള്‍ ചുണ്ടുകൊണ്ടു കൊത്തിയെടുത്ത് അവയുടെ തോളോടു ചേര്‍ത്തു വച്ചു. തോളിലെ ഭാരം ആദ്യം ദുസ്സഹമായി തോന്നി. എന്നാല്‍ പക്ഷികള്‍ അവ വഹിക്കാന്‍ തന്നെ മനസ്സുവച്ച് ചിറകുകളെ ഹൃദയത്തോടു ചേര്‍ത്ത് ഒതുക്കിപ്പിടിച്ചു. അത്ഭുതം! ചിറകുകള്‍ മടങ്ങി ശരീരത്തിന്റെ ഭാഗമായി തീര്‍ന്നു. ക്രമേണ ഭാരവും കുറഞ്ഞു. പിന്നേയും ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ ചിറകുകളുടെ ഉപയോഗം കിളികള്‍ കണ്ടെത്തി. അവ പറക്കുവാന്‍ തുടങ്ങി. ഭാരമെന്നു കരുതിയതു ഭാഗ്യമായി മാറി. ദൈവത്തിന്റെ ദിവ്യ കരുതലും അവയ്ക്കു മനസ്സിലായി.
ജീവിതത്തില്‍ അവിചാരിതമായ സാഹചര്യങ്ങള്‍, പ്രതിസന്ധികള്‍, പ്രതിബന്ധങ്ങള്‍ എന്നിവ വരുമ്പോള്‍ ‘എന്തൊരു നിര്‍ഭാഗ്യം!’ എന്നാവും പലരും നിരാശപ്പെടുക. എന്നാല്‍ അവ പ്രയോജനമായിരു ന്നു എന്നു പിന്നീടേ മനസ്സിലാകൂ. വലിയ ദുഃഖത്തിലൂടെ കടന്നു പോയ ശേഷം ആശ്വാസവും പ്രശ്‌ന പരിഹാരവും നേടിയ കൊരിന്തിലെ വിശ്വാസികളോട് ഈ വിധത്തില്‍ അവര്‍ക്കു ലഭ്യമായ ‘മറഞ്ഞിരുന്ന അനുഗ്രഹ’ത്തെക്കുറിച്ചു സെന്റ് പോള്‍ ഓര്‍മ്മിപ്പിക്കുന്നതിങ്ങനെ യാണ്: ‘നിങ്ങള്‍ വലിയ കഷ്ടത്തിലായിരുന്നു. എന്നാല്‍ അതില്‍ നിന്നു മോചനം നേടിയിരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ക്കു സമാനമായ കഷ്ടങ്ങളിലൂടെ കടന്നു പോകുന്നവരെ സ്വന്ത അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയുമല്ലോ!’ നോക്കുക: ദുഃഖത്തിലൂടെ കടന്നു പോയത് പിന്നീട് മറ്റുള്ളവരെ സഹായിക്കുന്ന ഒരു മഹത്തായ ശുശ്രൂഷയിലേക്കു അവരെ നയിച്ചു.
‘കുരിശില്ലെങ്കില്‍ കിരീടമില്ല’ എന്നു പറയാറുണ്ട്. ശരിയാണ്. എന്നാല്‍ പലപ്പോഴും കുരിശുകള്‍ നമുക്കിഷ്ടമല്ല. കുരിശുകള്‍ ഒഴിവാക്കാന്‍ എളുപ്പ വഴി തേടുന്നവരുണ്ട്. എന്നാല്‍ നമുക്കോരോ രുത്തര്‍ക്കും വഹിക്കാന്‍ കഴിയുന്നവ മാത്രമേ ദൈവം നമുക്കനുവദിക്കു എന്നു സെന്റ് പോള്‍ കൊരിന്തിലുള്ള വിശ്വാസികളെ ഉദ്‌ബോധിപ്പി ക്കുന്നുണ്ട്: ‘നിങ്ങള്‍ക്കു സഹിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ പരീക്ഷ അവിടുന്ന് അനുവദിക്കുകയില്ല.’
തന്റെ കുരിശിനെക്കുറിച്ച് എപ്പോഴും പരാതിപ്പെട്ടിരുന്ന വനിതയെ ക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. മറ്റു പലര്‍ക്കും ഭാരം കുറഞ്ഞ കുരിശു ലഭിച്ചപ്പോള്‍ തന്റെ കുരിശു വലിയ ഭാരമാണെന്നായിരുന്നു അവളുടെ പരാതി. ഒരു രാത്രി അവള്‍ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ മാലാഖ അവളെ ഒട്ടേറെ കുരിശുകള്‍ കൂട്ടി വച്ചിരിക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോയി ഇങ്ങനെ പറഞ്ഞു: ‘നോക്കുക. നിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ദൈവം എന്നെ അയച്ചിരിക്കുന്നത്. നിന്റെ കുരിശ് നിനക്ക് ഇഷ്ടമല്ലല്ലോ. അതുകൊണ്ട് അത് ഇവിടെ വച്ചിട്ട് ഈ കൂട്ടത്തില്‍ നിന്നു നിനക്ക് ഇഷ്ടമുള്ള കുരിശു തിരഞ്ഞെടുക്കാം.’
അവള്‍ക്കു സന്തോഷമായി. അവള്‍ സ്വന്ത കുരിശ് ആ കൂട്ടത്തില്‍ വച്ച ശേഷം കുരിശുകളുടെ നിര സൂക്ഷിച്ചു നോക്കി. സ്വര്‍ണ നിറമുള്ള ഒരു കൊച്ചു കുരിശ് അവള്‍ക്കിഷ്ടമായി. പക്ഷേ എടുത്തപ്പോഴല്ലേ അറിയുന്നത്. സ്വര്‍ണം കനമുള്ള ലോഹം ആയതുകൊണ്ട് ആ സ്വര്‍ണക്കുരിശിനു ഭാരം കൂടുതലായിരുന്നു. അവള്‍ അതവിടെ തന്നെ വച്ച ശേഷം മറ്റൊന്നെടുത്തു. റോസാ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരി ച്ചതായിരുന്നു ആ കുരിശ്. എന്നാല്‍ റോസാ പുഷ്പങ്ങള്‍ക്കിടയിലെ മുള്ളുകള്‍ അവളുടെ തോളില്‍ കൊണ്ടു കയറിയപ്പോള്‍ അതും കൈയൊഴിയുകയല്ലാതെ മാര്‍ഗ്ഗമില്ലെന്നായി. തുടര്‍ന്നവള്‍ കുരിശുകള്‍ ഓരോന്നായി മാറി മാറി പരീക്ഷിച്ചു. ഓരോന്നിനും ഓരോ കുറവുകള്‍. ഒടുവില്‍ ഒരെണ്ണം അവള്‍ക്കു തൃപ്തികരമായി തോന്നി. അതെടുത്തു. പാകം. സന്തോഷത്തോടെ അതില്‍ അവള്‍ വീണ്ടും നോക്കി. അപ്പോഴാണ് അവള്‍ ഞെട്ടലോടെ ആ സത്യം മനസ്സിലാക്കിയത്- താന്‍ മാറ്റിവച്ച തന്റെ പഴയ കുരിശു തന്നെയായിരുന്നു അത്!
ഉവ്വ്, നമുക്കെന്താണു വേണ്ടതെന്നും എത്ര ഭാരം സഹിക്കാന്‍ കഴിയുമെന്നും നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിനറിയാം. കാരണം, ഒരു എബ്രായ കവി പാടിയതു പോലെ ‘അവന്‍ നമ്മുടെ പ്രകൃതി അറിയുന്നു.’
52. പേര്
നിര്‍ഭാഗ്യത്തെ, ഭാഗ്യമെന്നു പേരു മാറ്റി വിളിച്ചതുകൊണ്ട് നിര്‍ഭാഗ്യം ഭാഗ്യമായി മാറുമോ എന്നു നമ്മുടെ സാമാന്യബുദ്ധി നമ്മോടു ചോദിച്ചേക്കാം. ഉറുമ്പിനെ കബളിപ്പിക്കാന്‍ പഞ്ചസാര ഭരണിയുടെ മുകളില്‍ ‘മുളകുപൊടി’ എന്നെഴുതി വച്ച അമ്മയുടെ കഥ കേട്ടിട്ടില്ലേ? അടുക്കള അലമാരയിലെ അടച്ചുവച്ചിരിക്കുന്ന ടിന്നുകളുടെ മുകളില്‍ അമ്മ എഴുതി വച്ചിരിക്കുന്ന ലേബലുകള്‍ വായിച്ചു പഞ്ചസാര ഭരണിയിലും ലഡുവിന്റെ ടിന്നിലും കൈയിടുന്ന കുസൃതിക്കുരുന്നിനെ കബളിപ്പിക്കാന്‍ പേരു മാറ്റി ഒട്ടിക്കുന്നതുകൊണ്ടു കഴിഞ്ഞേക്കാമെ ങ്കിലും അക്ഷരം വായിക്കാനറിയാത്ത ഉറുമ്പിനെ കബളിപ്പിക്കാന്‍ കഴിയുന്നതെങ്ങനെ?
എന്നിട്ടും നിര്‍ഭാഗ്യത്തെ, ഭാഗ്യമെന്നു പേരു മാറ്റി വിളിച്ച ഒരുവനെ നമ്മള്‍ ബൈബിളിലെ ആദ്യപുസ്തകത്തില്‍ കാണുന്നു. പ്രവാസ ജീവിതത്തിനു ശേഷം മടങ്ങി വരുമ്പോള്‍ യാക്കോബാണ് അങ്ങനെ ചെയ്യുന്നത്. ‘ജീവന്‍ പോകുന്ന സമയം അവള്‍ അവനു ബെനോനി എന്നു പേര്‍ ഇട്ടു: അവന്റെ അപ്പനോ അവനു ബെന്യാമിന്‍ എന്നു പേരിട്ടു’ (ഉല്‍പത്തി 35:18).
ഈ സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെ: ഇന്നത്തെ ഇസ്രായേല്‍ ജനതയുടെ പൂര്‍വപിതാവാണു യാക്കോബ്. അദ്ദേഹം ദീര്‍ഘ വര്‍ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു മടങ്ങി വരികയാണ്. കഷ്ടപ്പാടിന്റെ കാലമായിരുന്നു പ്രവാസ ജീവിതം. രാവും പകലും അധ്വാനം. എന്നാല്‍ അതുകൊണ്ടു പ്രയോജനമുണ്ടായി. പ്രവാസ ജീവിതത്തില്‍ ധാരാളം സമ്പാദിച്ചു. മഹാധനികനായി തീര്‍ന്നു. രണ്ടു ഭാര്യമാര്‍, പന്ത്രണ്ടു മക്കള്‍. എന്നാല്‍ താന്‍ നേരത്തേ കബളിപ്പിച്ച ജ്യേഷ്ഠന്‍ പകരം വീട്ടാന്‍ എത്തുമോയെന്ന പേടി യാക്കോബിനെ നിഴല്‍പോലെ പിന്‍തുടര്‍ന്നിരുന്നു. ഒടുവില്‍ അതിനും പരിഹാരമായി. ജ്യേഷ്ഠനുമായി ഒത്തുതീര്‍പ്പിലായി. പേടി മാറിപ്പോയി. ഇനിയുള്ള കാലം സുഖമായി ജീവിക്കണം. അപ്പോഴാണു തന്റെ പ്രിയ ഭാര്യ റാഹേലിന്റെ വേര്‍പാട്. പ്രസവത്തോടനുബന്ധിച്ചായിരുന്നു ആ ദേഹവിയോഗം. പ്രസവത്തിന്റെയും മരണത്തിന്റെയും ആ രംഗമാണു മുകളില്‍ നാം വായിച്ചത്. പ്രസവവേദനയും മരണവേദനയും- രണ്ടു മഹാവ്യഥകള്‍ റാഹേല്‍ ഏകകാലത്ത് അനുഭവിക്കുകയാണ്. ഒടുവില്‍ കുഞ്ഞിന്റെ മുഖം കണ്ട് മരിക്കുമ്പോള്‍ അവള്‍ അവനു പേരിട്ടു – ബെനോനി. അര്‍ഥം ‘എന്റെ ദുഃഖപുത്രന്‍.’ എന്നാല്‍ പിന്നീടു യാക്കോബ് കുഞ്ഞിന്റെ പേരു മാറ്റിയിട്ടു-ബെന്യാമീന്‍. അര്‍ഥം ‘എന്റെ വലങ്കൈയുടെ പുത്രന്‍.’
വലതു കൈ ശക്തിയുടെയും മഹത്വത്തിന്റെയും പ്രതീകമാണ്. (വലതുകൈയെ അവഗണിക്കുക അസംഭവ്യമായതിനാല്‍ 137-ാം കീര്‍ത്തനത്തില്‍ ബാബേല്‍ നദികളുടെ തീരത്തിരിക്കുന്ന പ്രവാസി കള്‍ സ്വന്ത നാടിനെക്കുറിച്ചുള്ള ഗൃഹാതുര സ്മരണകളോടെ പാടുന്നു -‘യെരുശലേമേ, നിന്നെ ഞാന്‍ മറക്കുന്നുവെങ്കില്‍ ഞാന്‍ എന്റെ വല ങ്കൈ മറന്നു പോകട്ടെ’). യാക്കോബ് പേരു മാറ്റിയിട്ടപ്പോള്‍ വ്യസന പുത്രനെ ശക്തിയുടെയും സ്തുതിയുടെയും പുത്രനാക്കിയിരിക്കു കയാണ്. റാഹേലിനെ സംബന്ധിച്ചു മാത്രമല്ല, യാക്കോബിനെ സംബന്ധിച്ചും ഈ പുത്രന്‍ ദുഃഖപുത്രന്‍ തന്നെ. എന്നാല്‍ യാക്കോബ് ഇവിടെ തന്റെ പുത്രനായ ‘ബെനോനി’യെ ‘ബെന്യാമീന്‍’ എന്നു പുനര്‍ നാമകരണം ചെയ്യുമ്പോള്‍ അതിനു പിന്നില്‍ സ്വന്തം വിധിയുമായി സമരസപ്പെടാത്ത ഒരു നിലപാടുണ്ട് -ഇല്ല, ഇതെന്റെ നിര്‍ഭാഗ്യമല്ല. മറിച്ച് ഇവന്‍ എന്റെ ഭാഗ്യമാണ്. ബെന്യാമീന്റെ തുടര്‍ന്നുള്ള ചരിത്രം ഇതു ശരിവയ്ക്കുന്നു. അവന്‍ ഒരു ദുഃഖപുത്രനായില്ല. മറിച്ച് ഈജിപ്തിന്റെ മേലധികാരിയില്‍ നിന്നു സ്വന്ത സഹോദരന്മാരെക്കാള്‍ അഞ്ചിരട്ടി സമ്മാനം വാങ്ങുന്ന ശക്തിയുള്ള പുരുഷനായി തന്നെ ബെന്യാമീനെ ചരിത്രം അടയാളപ്പെടുത്തുന്നു.
കേവലം ഒരു പേരു മാറ്റിയിട്ടതാണോ കാര്യങ്ങളെ വ്യത്യാസപ്പെടു ത്തിയത്? അല്ല. മറിച്ച് അത് കാഴ്ചപ്പാടിലുള്ള, മനോഭാവത്തിലുള്ള, ഒരു മാറ്റമായിരുന്നു. നിര്‍ഭാഗ്യത്തെ പഴിച്ചും ജീവിതത്തെക്കുറിച്ചു വിഷാദാത്മകമായ, നിഷേധ, കാഴ്ചപ്പാടു വച്ചു പുലര്‍ത്തിയും മുന്നോട്ടു പോകാന്‍ യാക്കോബ് വിസ്സമ്മതിച്ചു. അതാണു കാര്യങ്ങളെ ആകെ വ്യത്യാസപ്പെടുത്തിയത്.
ഇതു കേവലം ഒരു ശുഭാപ്തി വിശ്വാസമോ ‘എല്ലാം നല്ലതിനാണ്’ എന്നൊരു ധനാത്മകമായ ചിന്തയോ അല്ല. ആഴത്തിലേക്കു നീക്കി വല ഇറക്കുന്ന വിശ്വാസത്തിന്റെ നിലപാടാണിത്. കേവലം ഒരാഗ്രഹ ചിന്തയ്ക്ക് എതിരനുഭവങ്ങളുടെ കൊടുങ്കാറ്റുകളെ അതിജീവിക്കാനാ വില്ല. യബ്ബേസിന്റെ അനുഭവവും ഇതിനുദാഹരണം.
യബ്ബേസ്- അതാരാണ്? യബ്ബേസിന്റെ ജീവിത കഥ, പേരുകളുടെ മഹാപ്രളയത്തിനിടയില്‍ ഒരു തുരുത്തുപോലെ ഉയര്‍ന്നു നില്‍ക്കുന്നതു പഴയനിയമത്തിലെ ഒരു വംശാവലി പട്ടികയിലാണ് നാം കാണുന്നത്. ബൈബിളിലെ ദിനവൃത്താന്തം ഒന്നാം പുസ്തകത്തിന്റെ ആദ്യ ആറ് അധ്യായങ്ങള്‍ മുഴുവന്‍ വംശാവലി പട്ടികയാണ്. വംശാവലിയെന്നാല്‍ പേരുകള്‍. ഈ പേരുകള്‍ക്കിടയില്‍ പെട്ടെന്ന് രണ്ടു വചനത്തില്‍ ഒരാളുടെ ജീവിതകഥ കോറിയിട്ടിരിക്കുന്നു. അതിങ്ങനെ: ‘യബ്ബേസ് തന്റെ സഹോദരന്മാരെക്കാള്‍ ഏറ്റവും മാന്യന്‍ ആയിരുന്നു. അവന്റെ അമ്മ ഞാന്‍ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവന് യബ്ബേസ് എന്നു പേരിട്ടു. യബ്ബേസ് ദൈവത്തോട് നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്റെ അതിര്‍ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടു കൂടെ ഇരുന്ന് അനര്‍ഥം എനിക്കു വ്യസന കാരണമായി തീരാതെവണ്ണം എന്നെ കാക്കുകയും ചെയ്താല്‍ കൊള്ളാമായിരുന്നു എന്ന് അപേക്ഷിച്ചു. അവന്‍ അപേക്ഷിച്ചതിനെ ദൈവം അവനു നല്‍കി’ (4:9,10).
നോക്കുക: യബ്ബേസും ബെന്യാമീനെപ്പോലെ ഒരു വ്യസനപുത്രനാ യിരുന്നു. എന്നാല്‍ ബെന്യാമീനില്‍ നിന്നു വ്യത്യസ്തമായി അവനു പേരു മാറ്റി നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. പക്ഷേ താന്‍ ഒരു ദുഃഖപുത്രനെന്നു കരുതി വ്യസനിച്ചിരിക്കാന്‍ അവന്‍ തയാറായില്ല. യബ്ബേസ് സ്വയം തന്റെ കാഴ്ചപ്പാടിനെ നവീകരിച്ചു. അതിന് അവനെ സഹായിച്ചത് ദൈവത്തിലുള്ള ആശ്രയമായിരുന്നു. അവനു മറ്റാരും തുണ ഉണ്ടായിരുന്നില്ല. യബ്ബേസിനു ദൈവം മാത്രമായിരുന്നു ആശ്രയം. ഫലം അവന്റെ അതിര്‍ വിസ്താരമായി: അനര്‍ഥം വ്യസനകാരണമാ യില്ല. അനര്‍ഥം വരരുതെന്നല്ല, അനര്‍ഥം വ്യസനകാരണമാകരുതെ ന്നായിരുന്നു യബ്ബേസിന്റെ പ്രാര്‍ഥന. രണ്ടും തമ്മിലുള്ള വ്യത്യാസം ചെറുതല്ല. കാഴ്ചപ്പാടിന്റെ ചക്രവാളം വിസ്താരമായാല്‍ അനര്‍ഥം പോലും വ്യസനത്തിനു കാരണമാകുകയില്ലല്ലോ.
വാസ്തവത്തില്‍ സാഹചര്യം മാറണമെന്നില്ല, കാഴ്ചപ്പാടു നവീകരിക്കപ്പെട്ടാല്‍ മതി. കടത്തുകാരന്റെ കഥ കേട്ടിട്ടില്ലേ? അയാളുടെ മനസ്സിന്റെ ചക്രവാളം വളരെ ചെറുതായിരുന്നു. തന്റെ നിര്‍ഭാഗ്യങ്ങളെ തന്റെ വള്ളത്തില്‍ കയറി അക്കരെയിക്കരെ പോകുന്നവരുടെ ഭാഗ്യങ്ങളുമായി താരതമ്യം ചെയ്ത് അയാള്‍ അസ്വസ്ഥനായി. അതുകൊണ്ട് അയാള്‍ തന്റെ കടത്തു വഞ്ചി, വെള്ളവും ചെളിയുമായി കഴിയുന്നത്ര വൃത്തികേടാക്കിയേ ഇടൂ. കാരണം, രാവിലെ ഓഫീസി ലേക്കു പോകുന്ന യാത്രക്കാരുടെ അലക്കിത്തേച്ച വസ്ത്രത്തില്‍ ചെളി പുരളുന്നതില്‍ അയാള്‍ നിഗൂഢമായി സന്തോഷിച്ചു. അസൂയയും നിരാശയും പ്രതികാരവുമായി ഇരുണ്ടുപോയ മനസ്സും ഇടുങ്ങിയ ചിന്താഗതിയും- അയാളെ കടത്തുവള്ളത്തിലെ യാത്രക്കാര്‍ക്കും ഇഷ്ടമായിരുന്നില്ല. പക്ഷേ മറ്റു കടത്തു വഞ്ചികളില്ലാതിരുന്നതു കൊണ്ട് അവര്‍ മനസ്സില്ലാ മനസ്സോടെ സഹിച്ചു. അങ്ങനെയിരിക്കെ കടത്തുവള്ളക്കാരനു ഒരുനാള്‍ മാനസാന്തരം ഉണ്ടായി. പിറ്റേന്നു രാവിലെ കടത്തുവഞ്ചിയില്‍ കയറാന്‍ വന്ന യാത്രക്കാര്‍ അത്ഭുത ത്തോടെ അതു കണ്ടു – പതിവില്ലാതെ വഞ്ചി കഴുകി തുടച്ചു വൃത്തിയാ ക്കിയിരിക്കുന്നു. തരിപോലും അഴുക്കില്ല. അവര്‍ സന്തോഷത്തോടെ വള്ളത്തില്‍ കയറി അക്കരെയ്ക്കു പോകവേ ഒരു യാത്രികന്‍ സ്‌നേഹിതനോടു പറഞ്ഞു: ‘ഇന്നു കടത്തുവള്ളം ആകെ മാറിയി രിക്കുന്നല്ലോ.’ അതു കേട്ട കടത്തുകാരന്‍ പുഞ്ചിരിയോടെ ഇങ്ങനെ പറഞ്ഞു: ‘ഇല്ല സാര്‍, കടത്തുവള്ളം മാറിയിട്ടില്ല; കടത്തുകാരനാണു മാറിയത്.’ ശരിയല്ലേ? സ്ഥിതി വ്യത്യാസപ്പെട്ടു. പക്ഷേ മാറ്റം ഉണ്ടായതു വള്ളത്തിനല്ല. കടത്തുകാരനാണ്.
യബ്ബേസിന്റെ പ്രാര്‍ഥന ദൈവം കേട്ട് അവനെ ഒരു അനര്‍ഥവും സംഭവിക്കാതെ സൂക്ഷിച്ചു എന്നല്ല നാം മനസ്സിലാക്കേണ്ടത്. മറിച്ച് അനര്‍ഥങ്ങള്‍ വന്നു. പക്ഷേ അതൊന്നും അവനു വ്യസനകാരണമാ യില്ല. കാരണം, ദൈവം അവന്റെ പ്രാര്‍ഥന കേട്ട് അവന്റെ മനോ ഭാവത്തില്‍ മാറ്റം നല്‍കിയിരുന്നു. പ്രാര്‍ഥനകള്‍ക്ക് പലപ്പോഴും ഇങ്ങനെ മറുപടി നല്‍കാനാണു ദൈവം ആഗ്രഹിക്കുന്നത്. എന്നാല്‍ നമുക്കു പലപ്പോഴും ഇത്തരം മറുപടികള്‍ സ്വീകാര്യമല്ല എന്നതാണു പ്രശ്‌നം. ഓര്‍മകളും ചിലപ്പോള്‍ വ്യസന കാരണമാകാം. എന്നാല്‍ ഓര്‍മകളിലെ വേദനിപ്പിക്കുന്ന ഘടകം മറുന്നുപോയാല്‍ അതു പിന്നെ വ്യസനകാരണമാകുന്നതെങ്ങനെ? ഇതറിയാവുന്നതുകൊണ്ടു സ്വന്തം സഹോദരന്മാരാല്‍ ചതിക്കപ്പെട്ട പഴയനിയമത്തിലെ യോസേഫ്, തനിക്ക് ആദ്യ ജാതനുണ്ടായപ്പോള്‍ അവനിട്ട പേര് മനശ്ശെ എന്നായിരുന്നു. അര്‍ഥം – ‘എന്നെ ദൈവം അതു മറക്കുമാറാക്കി’ (ഉല്‍പത്തി 41:51). നോക്കുക: ദൈവമാണ് അതു മറക്കുമാറാക്കിയത്. കയ്‌പേറിയ അനുഭവങ്ങളെ വ്യത്യസ്തമായ നിലയില്‍ നോക്കിക്കാ ണാനും വേദനിപ്പിക്കുന്ന ഓര്‍മകളോടു ‘മനശ്ശെ’ എന്നു പറയുവാനും ദൈവത്തിലുള്ള ആഴമായ വിശ്വാസത്തിനേ കഴിയൂ. ഈ വിശ്വാസം നിര്‍ഭാഗ്യത്തെ പുതിയൊരു വെളിച്ചത്തില്‍ നോക്കിക്കാണുവാനും അതിനെ പ്രതീക്ഷയുടെ പുത്തന്‍ പേരിട്ടു വിളിക്കുവാനും നമ്മെ സഹായിക്കും.
പേരുകളും മാറ്റിയിട്ട പേരുകളും പ്രസക്തമാകുന്നത് ഇങ്ങനെയാണ്. അതുകൊണ്ട് ‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന ചോദ്യത്തെ വിശ്വാസത്തിന്റെ നിലപാടുകൊണ്ടു തിരുത്തുക.
53.നീര്‍ജ്ജീവ പ്രവൃത്തി
അധ്യാപകന്‍ കുട്ടിയോടു പറഞ്ഞു: ‘ഇരിക്കവിടെ!’
അവന്‍ ഇരുന്നില്ല.
അധ്യാപകന്‍ വീണ്ടും ശബ്ദമുയര്‍ത്തി: ‘ഇരിക്കാനല്ലേ നിന്നോടു പറഞ്ഞത്!’
ഇക്കുറിയും അവന്‍ ശാഠ്യത്തോടെ നിന്ന നിലയില്‍ തന്നെ നിന്നു.
അധ്യാപകന്‍ വടിയെടുത്തു; കണ്ണുരുട്ടി അവന്റെ നേരെ പാഞ്ഞു ചെന്നു. അടി പേടിച്ച അവന്‍ പൊടുന്നനെ ഇരുന്നു. അധ്യാപകന്‍ വിജയഭാവത്തില്‍ പറഞ്ഞു: ”അപ്പോള്‍ നിനക്ക് അനുസരിക്കാന്‍ അറിയാം. അല്ലേ? ഇരിക്കാന്‍ പറഞ്ഞാല്‍ ഇരുന്നോണം…’
കുട്ടി മെല്ലെ പറഞ്ഞതിങ്ങനെ: ‘ഞാന്‍ ബെഞ്ചില്‍ ഇരിക്കുന്നെ ങ്കിലും മനസ്സില്‍ എഴുന്നേറ്റു നില്‍ക്കുകയാ…’
അനുസരണമാണ് അധ്യാപകന്‍ ആവശ്യപ്പെട്ടത്. കുട്ടി ഒടുവില്‍ അതു നല്‍കാനും തയാറായി. എന്നാല്‍ അനുസരണത്തിന്റെ പിന്നില്‍ ഉണ്ടായിരിക്കേണ്ട വിധേയത്വം അവനുണ്ടായിരുന്നില്ല. എന്നല്ല, കിഴടങ്ങലിനു നേരെ എതിരായ മല്‍സരമാണ് അവനിലുണ്ടായിരു ന്നത്. അവന്‍ തന്നെ പറഞ്ഞതു പോലെ അവന്‍ മനസ്സില്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. ഏതു പ്രവൃത്തിയുടെയും പിന്നില്‍ വേണ്ടതായ ഒരു മനോഭാവമുണ്ട്. പക്ഷേ ആ മനോഭാവമില്ലെങ്കിലും ബാഹ്യമായി ആ പ്രവൃത്തി ചെയ്യാന്‍ കഴിയും.
മറ്റൊരു രംഗം:
ആശുപത്രിയില്‍ ചില ദിവസങ്ങള്‍ കിടന്ന ശേഷം ആ ശിപായി അന്ന് ഓഫീസില്‍ വന്നതേയുള്ളു. രോഗം ഇപ്പോഴും പൂര്‍ണമായി ഭേദപ്പെട്ടിട്ടില്ല. മേലധികാരി അയാളെ കണ്ടപ്പോള്‍ പറഞ്ഞു: ‘താന്‍ ആശുപത്രിയിലായിരുന്നു അല്ലേ? ഇന്നാ ഇതു കൊണ്ടു പോ… ങാ, പൊക്കോ…’ കുറച്ചു പണവും കൊടുത്തു. ആ പണം വാങ്ങി പോരുമ്പോള്‍ ആ സാധു മനുഷ്യന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു. പിന്നീട് അയാള്‍ പറഞ്ഞു… ‘സാറെന്നോടു രോഗ വിവരമൊക്കെ ഒന്നു ചോദിച്ചിരുന്നെങ്കില്‍! ഒരു നല്ലവാക്കു പറഞ്ഞിരുന്നെങ്കില്‍!’ നോക്കുക: മേലധികാരി ചെയ്തത് ഒരു നല്ല കാര്യമാണ്. എന്നാല്‍ അതിനു പിന്നില്‍ സ്‌നേഹത്തിന്റെ, മനസ്സലിവിന്റെ, ഒരു മനോഭാവം ഇല്ലാതിരു ന്നതുകൊണ്ട് അതു കരുണയുടെ പ്രവൃത്തിയായില്ല. മറിച്ച് ഒരു ഭിക്ഷാദാനം (ചാരിറ്റി) മാത്രമായിപ്പോയി.
മറ്റുള്ളവര്‍ എന്തു കരുതുമെന്നു പേടിച്ച് മനസ്സില്ലെങ്കിലും പഴി തീര്‍ക്കാനായി ചെയ്യുന്ന പ്രവൃത്തികളിലെ കാപട്യത്തെ മറനീക്കി കാട്ടുന്ന കടമ്മനിട്ടയുടെ ഒരു കൊച്ചു കവിതയുണ്ട്- ‘ചാക്കാല.’ അടുത്ത വീട്ടില്‍ മരണം സംഭവിക്കുമ്പോള്‍ കവി ഭാര്യയോടു ചോദിക്കുന്നു: ‘അങ്ങേലെ മൂപ്പീന്നു ചത്തോടി. നമ്മളും പോയൊന്നു കാണേണ്ടേ?’ അയല്‍ക്കാരനെ ഇഷ്ടമില്ല. അങ്ങോട്ടു പോകാന്‍ താല്‍പര്യവുമില്ല. എങ്കിലും ‘മാളോരെ പേടിച്ചു പോകാതിരിക്കുന്നതെങ്ങനെ?’
ഏതു പ്രവൃത്തിയെയും മനോഹരമാക്കുന്നത് അതിനു പിന്നിലുണ്ടാ യിരിക്കേണ്ട ശരിയായ മനോഭാവമാണ്. ആ മനോഭാവമില്ലാതെ പ്രവൃത്തി ചെയ്താല്‍, ചെയ്യുന്ന ആളിന് അതു ഭാരമായിരിക്കും. പ്രവൃ ത്തിയുടെ ഫലം ലഭിക്കുന്ന ആളിനും അതു തൃപ്തി നല്‍കുകയില്ല. ഇത്തരം പ്രവൃത്തികളെ നിര്‍ജ്ജീവ പ്രവൃത്തികളെന്നാണു വിളിക്കേ ണ്ടത്. പ്രവൃത്തിക്കു ജീവന്‍ നല്‍കുന്നത് ശരിയായ മനോഭാവമാണ്. അതില്ലാത്ത പ്രവൃത്തിയെല്ലാം ജീവനില്ലാത്ത പ്രവൃത്തിയല്ലേ? വാക്കും പ്രവൃത്തിയും തമ്മിലുള്ള ദൂരം കഴിയുന്നത്ര കുറയ്ക്കണമെന്നു പറയുന്നവര്‍ പോലും പ്രവൃത്തിയും മനോഭാവവും തമ്മിലുള്ള അകലം പലപ്പോഴും ശ്രദ്ധിക്കുന്നില്ല. നിര്‍ജ്ജീവ പ്രവൃത്തികളില്‍ നിന്നൊരു മാനസാന്തരം അര്‍ഥപൂര്‍ണമായ ജീവിതത്തിന്റെ അടിത്തറയാണെന്ന് എബ്രായ ലേഖനകാരന്‍ (6:1).
അടിസ്ഥാനത്തെ അവഗണിക്കരുതേ!
54. തകര്‍ന്ന തംബുരു
വിശ്വ പ്രസിദ്ധ വയലിനിസ്റ്റായിരുന്നു ഒലേബുള്‍. സംഗീതംപോലെ തന്നെ അദ്ദേഹത്തിനു പ്രിയപ്പെട്ട മ