ബൈബിളിലൂടെ : അപ്പൊസ്തല പ്രവൃത്തികള്‍


സഭയുടെ ജനനവും പ്രവര്‍ത്തനങ്ങളും

Chapter: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 23 | 24 | 26 | 27 | 28 |


അപ്പൊസ്തല പ്രവൃത്തികള്‍, ലൂക്കൊസിന്റെ സുവിശേഷത്തില്‍ ആരംഭിച്ച കാര്യങ്ങളുടെ തുടര്‍ച്ചയാണ്. ലൂക്കൊസ് തന്നെയാണ് ഈ പുസ്തകത്തിന്റെയും എഴുത്തുകാരന്‍. താന്‍ എഴുതിയ സുവിശേഷം”യേശു ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തേയും കുറിച്ചായിരുന്നു”എന്ന് അദ്ദേഹം വിശദീകരിക്കുന്നു(അപ്പൊ:1:1). അതിനാല്‍ ലൂക്കൊസിന്റെ സുവിശേഷത്തിന്റെ വിഷയം യേശു ചെയ്തും ഉപദേശിച്ചും തുടങ്ങിയ കാര്യങ്ങളായിരുന്നു. അപ്പൊസ്തല പ്രവൃത്തികളുടെ ഉള്ളടക്കം തുടര്‍ന്നും ‘യേശു തന്റെ ശിഷ്യന്മാരിലൂടെ ചെയ്തും ഉപേദേശിച്ചും പോന്ന കാര്യങ്ങള്‍’ ആണെന്നു പറയാം. അത് കഴിഞ്ഞ 2000 വര്‍ഷങ്ങളിലൂടെ ഇക്കാലം വരെയും തുടര്‍ന്നു പോരുന്നു.

അപ്പൊസ്തല പ്രവൃത്തികളുടെ ഇതിവൃത്തം ഇനിയും പൂര്‍ണ്ണമാകാത്ത ഒരു കഥയാണ്. ഈ പുസ്തകം ‘ആമേന്‍”എന്ന പദത്തോടെ അവസാനിക്കുന്നില്ല. ‘വിഘ്‌നം കൂടാതെ”എന്ന വാക്കുകളാണ് അവസാനം ചേര്‍ത്തിരിക്കുന്നത്. സാത്താന്റെയും ദുഷ്ട മനുഷ്യരുടെയും എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് യേശുവിന്റെ സുവിശേഷം കഴിഞ്ഞ 2000 വര്‍ഷമായി നിര്‍വിഘ്‌നം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അത് ക്രിസ്തു മടങ്ങി വരുവോളം തുടര്‍ന്നുകൊണ്ടേയിരിക്കും.

അപ്പൊസ്തല പ്രവൃത്തികള്‍ 1:1-ല്‍ നാം കാണുന്ന ഈയൊരു തത്വം നാം നമ്മുടെ ശുശ്രൂഷയിലുടനീളം കരുതിക്കൊള്ളേണ്ടതാണ്. യേശു ആദ്യം ചെയ്തു. പിന്നീടാണ് അദ്ദേഹം ഉപദേശിച്ചത്. താന്‍ പ്രവൃത്തിപഥത്തില്‍ വരുത്തിയ കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം പഠിപ്പിച്ചത്. പുതിയനിയമ ശുശ്രൂഷകളുടെയെല്ലാം പ്രമാണം ഇതാണ്.

പഴയനിയമത്തില്‍ കീഴില്‍ ഒരാള്‍ക്ക് തന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങള്‍ പ്രസംഗിക്കുവാന്‍ കഴിയുമായിരുന്നു. പക്ഷേ പുതിയനിയമത്തില്‍ അങ്ങനെയല്ല. (തിരുവചനം എഴുതിയ) ദാവീദ് പോലും പുതിയനിയമ ശുശ്രൂഷയ്ക്ക് അയോഗ്യനായിരിക്കും. പുതിയ ഉടമ്പടിയിന്‍ കീഴില്‍ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ഒരു വിശ്വാസി ദാവീദിനെപ്പോലെ വ്യഭിചാര പാപത്തില്‍ വീണാല്‍, അവന്റെ പാപം ക്ഷമിച്ച് അവന്‍ കര്‍ത്താവിനോടും സഭയോടുമുള്ള കൂട്ടായ്മയില്‍ പുനഃസ്ഥാപിക്കപ്പെടാമെങ്കിലും വീണ്ടും അവന് മൂപ്പനായിരിക്കാന്‍ സാധ്യമല്ല. പുതിയനിയമത്തിലെ നേതൃത്വത്തിന്റെ മാനദണ്ഡം വളരെ വളരെ ഉന്നതമാണ്. അതിനാല്‍ നാം ഈ തത്ത്വം പിന്തുടരേണ്ടത് പ്രധാനപ്പെട്ട കാര്യം തന്നെ. ഇന്നും യേശു നമ്മിലൂടെ പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അപ്പൊസ്തല പ്രവൃത്തികള്‍ നാം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ദൈവം സ്ഥാപിച്ച പുതിയ ഉടമ്പടി നാം മനസ്സിലാക്കിയേ തീരൂ.


പരിശുദ്ധാത്മ സ്‌നാനം


1-ാം അധ്യായം 5-ാം വാക്യത്തില്‍”നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിനാല്‍ സ്‌നാനം ലഭിക്കും.”എന്ന വാഗ്ദാനം നമുക്കുണ്ട്. ‘നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിനാല്‍ സ്‌നാനം ലഭിക്കും” എന്ന് യോഹന്നാന്‍ സ്‌നാപകന്‍ പ്രസ്താവിച്ചപ്പോള്‍ അവര്‍ ഒരു ഭൗമികരാജ്യത്തെപ്പറ്റിയാണ് ചിന്തിച്ചത്. പഴയനിയമത്തിന്‍ കീഴിലുള്ള ഒരാളുടെ മനസ്സ് എപ്പോഴും ഈ ലോകത്തിലെ കാര്യങ്ങളിലാണ്. അനേക ക്രിസ്ത്യാനികളും ”ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു”എന്നു പറയുമ്പോള്‍ അവര്‍ ധനം, നല്ല ജോലി, വീട് എന്നീ ഭൗമിക കാര്യങ്ങളാല്‍ അനുഗൃഹീതരായി എന്നാണ് ഉദ്ദേശിക്കുന്നത്. ഇത് പഴയനിയമത്തിലെ ആളുകളുടെ ചിന്തയാണ്. താങ്കളുടെ ചിന്താഗതി ഇങ്ങനെയാണെങ്കില്‍ താങ്കളും ഒരു പഴയനിയമ ക്രിസ്ത്യാനി തന്നെയെന്ന് അനുമാനിക്കാം. ഭൗതികനന്മകള്‍ ദൈവാനുഗ്രഹത്തിന്റെ പ്രാഥമിക അടയാളം ആണെന്നു നിങ്ങള്‍ കരുതുമ്പോള്‍, നിങ്ങളെക്കാള്‍ അധികം നന്മകള്‍ ലഭിച്ച നിരീശ്വരവാദികളായ ദശലക്ഷം ജനങ്ങളെക്കുറിച്ചു ചിന്തിക്കൂ. അപ്പോള്‍ താങ്കളുടെ ചിന്താഗതിയുടെ ഭോഷത്തം താങ്കള്‍ക്കു മനസ്സിലാകും. പുതിയനിയമ പ്രകാരമുള്ള അനുഗ്രഹത്തിന്റെ ലക്ഷണം നാം കൂടുതല്‍ കൂടുതല്‍ യേശുവിനെപ്പോലെ ആയിത്തീരുക എന്നതാണ്.

പെന്തക്കോസ്തു ദിവസത്തിനുമുമ്പ് അപ്പൊസ്തലന്മാര്‍ ഭൗമിക ലക്ഷ്യങ്ങള്‍ ഉള്ളവരായിരുന്നു. അതിനാല്‍ ‘നിങ്ങള്‍ക്കു പരിശുദ്ധാത്മാവിനാലുള്ള സ്‌നാനം ലഭിക്കും’ എന്ന് യേശു അവരോടു പറഞ്ഞപ്പോള്‍ അവര്‍ ഒരു ഭൗമികരാജ്യം ലഭിക്കുന്നതിനെപ്പറ്റിയാണ് ഉടന്‍ ചിന്തിച്ചത്. ‘കര്‍ത്താവേ നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത്?'(1:6)’എന്നായിരുന്നു അവര്‍ ഉടനെ പ്രതികരിച്ചത്. യേശു ഇപ്രകാരം മറുപടി പറഞ്ഞു: ‘അതല്ല ഞാന്‍ ഉദ്ദേശിച്ചത്. ഈ കാര്യങ്ങളിലുള്ള സമയങ്ങളെയോ കാലങ്ങളെയോ അറിയുന്നത് നിങ്ങള്‍ക്കുള്ളതല്ല. അവയെല്ലാം ദൈവം തന്റെ സ്വന്ത അധികാരത്തില്‍ വച്ചിരിക്കുന്നു.”അനേകര്‍ വെളിപ്പാടുപുസ്തകം പഠിച്ച് അന്ത്യകാല സംഭവങ്ങളുടെ സമയം കണ്ടുപിടിക്കാന്‍ ആഗ്രഹിക്കുന്നു. യേശു എന്നു കൃത്യമായി വരുമെന്നോ തന്റെ രാജ്യം സ്ഥാപിക്കുമെന്നോ നാം അറിയേണ്ടതില്ല. നമുക്ക് ആവശ്യമായിട്ടുള്ളത് പരിശുദ്ധാത്മശക്തി അനുഭവമാക്കുക എന്നതാണ്.

പരിശുദ്ധാത്മനിറവിന്റെ ലക്ഷണം എന്താണ്? അത് ശക്തിയാണെന്ന് അപ്പൊസ്തല പ്രവൃത്തി 1:8-ല്‍ യേശു വ്യക്തമായി പറയുന്നു. അന്യഭാഷയാണ് അതിന്റെ തെളിവെന്ന് യേശു ഒരിടത്തും പറഞ്ഞിട്ടില്ല. അപ്രകാരം പഠിപ്പിക്കുന്നതായി ബൈബിളില്‍ ഒറ്റ വാക്യം പോലും ഇല്ലാതിരിക്കെ, അനേകം ക്രിസ്ത്യാനികള്‍ അന്യഭാഷയാണ് ആത്മനിറവിന്റെ പ്രാഥമിക ലക്ഷണമെന്ന് പ്രഘോഷിക്കുന്നു.

പുതിയനിയമത്തിലെ ചരിത്രപരമായ ഭാഗങ്ങളെ ഏതെങ്കിലും ഉപദേശം സമര്‍ത്ഥിക്കുവാന്‍ നാം ഉപയോഗിക്കരുത്. അടിസ്ഥാനപരമായി അപ്പൊസ്തല പ്രവൃത്തികള്‍ ഒരു ചരിത്ര പുസ്തകമാണ്. യേശുവിന്റെ പഠിപ്പിക്കലുകളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നുമാണ് ഉപദേശം നിര്‍ണ്ണയിക്കപ്പെടേണ്ടത്. അല്ലെങ്കില്‍ നാം തെറ്റിപ്പോകും. കാരണം, ശിഷ്യന്മാര്‍ ചെയ്ത നിരവധി തെറ്റുകളെപ്പറ്റി ഈ പുസ്തകം പ്രതിപാദിക്കുന്നു-പൗലൊസ് തിമൊഥെയോസിനെ പരിഛേദന കഴിപ്പിക്കുന്നു (അപ്പൊ: 16:3); മതപരമായ നേര്‍ച്ച നിര്‍വ്വഹിക്കുവാനായി പൗലൊസ് പണം ചെലവു ചെയ്യുന്നു (21:23-26). അദ്ദേഹം തന്റെ തലയും ക്ഷൗരം ചെയ്തിരിക്കാം. പൗലൊസിനും ബര്‍ന്നബാസിനും തമ്മില്‍ ശക്തമായ അഭിപ്രായഭിന്നത ഉണ്ടായിട്ട് അവര്‍ തമ്മില്‍ വേര്‍പിരിഞ്ഞു (അപ്പൊ: 15:39). ഒരിക്കല്‍ വിശ്വാസികള്‍ തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം വിറ്റ് പൊതുവക എന്ന് എണ്ണുന്നതിനെപ്പറ്റി നാം വായിക്കുന്നു (അപ്പൊ: 2:44,45). പെന്തക്കോസ്തു നാളില്‍ എല്ലാവരും അന്യഭാഷകളില്‍ സംസാരിച്ചതിനാല്‍ (2:4) ഇന്ന് എല്ലാവരും അന്യഭാഷയില്‍ സംസാരിക്കണമെന്ന് അനേകര്‍ ഉറക്കെ പ്രസ്താവിക്കുന്നു. ഇതേസമയം ‘അവര്‍ ‘ജന്മഭൂമികളും വസ്തുക്കളും വിറ്റ്… എല്ലാവര്‍ക്കും പങ്കിടുകയും”ചെയ്തു എന്ന് അതേ അദ്ധ്യായത്തില്‍ എഴുതിയിരിക്കുന്നതുപോലെ ചെയ്യണമെന്നു പ്രസംഗിക്കുന്നില്ല. തങ്ങളുടെ ധാരണകള്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുന്നതിനാല്‍ ദൈവവചനം വ്യഖ്യാനിക്കുന്നതില്‍ തങ്ങള്‍ സത്യസന്ധരല്ല എന്ന് അവര്‍ തെളിയിക്കുന്നു. ഇപ്രകാരം നാമും അപ്പൊസ്തല പ്രവൃത്തികളില്‍ നിന്ന് ഉപദേശം സ്വീകരിച്ചാല്‍ ധാരാളം കുഴപ്പങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. തന്മൂലം യേശുവിന്റെ ഉപദേശങ്ങളില്‍നിന്നും ലേഖനങ്ങളില്‍നിന്നും മാത്രമേ ഉപദേശം രൂപവല്‍ക്കരിക്കാവൂ.

ഓരോ ക്രിസ്ത്യാനിയും ശക്തിയുള്ളവനായിരിക്കണമെന്നാണ് നിശ്ചയമായും ദൈവേഷ്ടം. ദൈവശക്തിയുള്ളവനായിരിക്കുക എന്നതിന്റെ അര്‍ത്ഥം നിങ്ങളൊരു തീപ്പൊരി സുവിശേഷകനാവുക എന്നല്ല. ക്രിസ്തുവിന്റെ ശരീരമായ സഭയില്‍ നിന്റെ ശുശ്രൂഷ നിര്‍വഹിക്കുവാന്‍ നിനക്ക് ശക്തിയുണ്ടായിരിക്കണം. മനുഷ്യശരീരത്തെപ്പറ്റി ചിന്തിക്കുക. മനുഷ്യശരീരത്തില്‍ ഒരു അവയവമായിരിക്കണമെങ്കില്‍ ആ അവയവത്തിലൂടെ രക്തം ഒഴുകണം. ഒരു കൃത്രിമ കരത്തിനു ശരീരത്തിന്റെ ഭാഗമാകുവാന്‍ കഴിയുകയില്ല; കാരണം, രക്തം അതിലൂടെ ഓടുന്നില്ല എന്നതുതന്നെ. അതുപോലെ ക്രിസ്തുവിന്റെ രക്തം മനുഷ്യനെ ശുദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അവനു ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാകുവാന്‍ കഴിയൂ. എന്നാല്‍ ഒരു കയ്യിലൂടെ രക്തമൊഴുകിയാലും ആ കരത്തിനു മരവിച്ചതായിരിക്കാന്‍ കഴിയും – തന്മൂലം അത് ഒരു ഉപയോഗശൂന്യമായ അവയവമായിരിക്കും.മരവിപ്പു മാറി ആ കൈ ശക്തി പ്രാപിച്ചാല്‍ അതൊരു നാവാകുമോ? ഇല്ല, അതൊരു ബലമുള്ള കൈയായിരിക്കും. അതുപോലെ ചേതനയറ്റ ഒരു നാവിനു ശക്തി ലഭിച്ചാല്‍ അതൊരു കൈ ആവുകയുമില്ല; അതു ശക്തിയുള്ള ഒരു നാവായിരിക്കും. ദൈവം നിങ്ങളെ ഒരു മാതാവായിരിക്കാന്‍ വിളിക്കുകയും നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും ചെയ്തു എങ്കില്‍ നിങ്ങള്‍ ഒരു സുവിശേഷകയല്ല, ആത്മനിറവുള്ള ഒരു മാതാവായിരിക്കും.

1:15-ല്‍ 120 സ്ത്രീ പുരുഷന്മാര്‍ മാളികമുറിയില്‍ കൂടി പരിശുദ്ധാത്മാവിനായി കാത്തിരുന്നുവെന്നു നാം വായിക്കുന്നു. പുനരുത്ഥാനത്തിനുശേഷം 500 വിശ്വാസികളിലധികം പേര്‍ യേശുവിനെ കണ്ടു എന്നു നമുക്കറിയാം (1 കൊരിന്ത്യര്‍: 15:6). പക്ഷേ അഞ്ഞൂറില്‍ 120 പേര്‍ മാത്രമേ കാത്തിരുന്നുള്ളു. അന്നും എല്ലാ വിശ്വാസികളും പരിശുദ്ധാത്മശക്തിയില്‍ തത്പരരായിരുന്നില്ല. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം അദ്ദേഹത്തെ കണ്ടുമുട്ടുന്നതില്‍ അവരെല്ലാം സന്തോഷമുള്ളവരായിരുന്നു. പക്ഷേ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടാന്‍ അവര്‍ക്കു താത്പര്യം ഉണ്ടായിരുന്നില്ല. ആ വിശ്വാസികളില്‍ 25 ശതമാനത്തില്‍ കുറവാളുകള്‍ മാത്രമേ ആത്മശക്തിക്കായി കാത്തിരുന്നുള്ളു. ഇന്നും വിശ്വാസികളില്‍ ആത്മശക്തിക്കായുള്ള ദാഹമില്ലാത്ത അവസ്ഥ നാം കാണുന്നു.

1:22-ല്‍ അപ്പൊസ്തലന്മാര്‍, ഇസ്‌കര്യോത്താ യൂദയ്ക്കു പകരം മറ്റൊരാളെ അന്വേഷിക്കുന്നു. യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷിയായ ഒരാളെയാണ് അവര്‍ അന്വേഷിച്ചത്. ഇതു ശ്രദ്ധിക്കുക-യേശുവിന്റെ ക്രൂശീകരണത്തിന്റെ സാക്ഷിയെയല്ല പുനരുത്ഥാനത്തിന്റെ സാക്ഷിയെയാണ് അവര്‍ക്കു വേണ്ടിയിരുന്നത്. യേശുവിന്റെ ക്രൂശീകരണത്തിനു സാക്ഷികളാണ് തങ്ങള്‍ എന്നു അപ്പോസ്തലന്മാര്‍ ഒരിക്കല്‍ പോലും പറയുന്നില്ല. തങ്ങള്‍ പുനരുത്ഥാനത്തിനു സാക്ഷികളാണെന്നാണ് അവര്‍ എപ്പോഴും പറയുന്നത്. ക്രിസ്തുവിന്റെ പുനരുത്ഥാനം കൂടാതെ സുവിശേഷം അപൂര്‍ണ്ണമാണ്. മിക്ക സുവിശേഷകരും പുനരുത്ഥാനം പ്രാഥമികമായി പ്രസംഗിക്കുന്നില്ല. അവര്‍ ക്രൂശീകരണമാണ് പ്രാഥമികമായി പ്രസംഗിക്കുന്നത്. പക്ഷേ അപ്പോസ്തലന്മാര്‍ പുനരുത്ഥാനം പ്രാഥമികമായി പ്രസംഗിച്ചു. ധാരാളം ക്രിസ്ത്യാനികള്‍ വിഷാദചിത്തരായിരിക്കുന്നതിനു കാരണം അവര്‍ യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു വിശ്വസിക്കുന്നെങ്കിലും അത് ഏറ്റുപറയുന്നില്ല എന്നതാണ്- എമ്മവുസിലേക്കു പോയ ശിഷ്യന്മാരെപ്പോലെ. അവര്‍ മ്ലാനവദനായിരുന്നു. എന്നാല്‍ യേശു മരിച്ചവരില്‍നിന്നു ഉയിര്‍ത്തിരിക്കുന്നു എന്നവര്‍ ഗ്രഹിച്ചപ്പോള്‍ എന്തൊരു വ്യത്യാസമാണുണ്ടായത്!.


സഭയുടെ ജനനം


അധ്യായം 2: 120 പേര്‍ പരിശുദ്ധാത്മാവിനായി കാത്തിരുന്നപ്പോള്‍ എത്രകാലം കാത്തിരിക്കണം എന്നവര്‍ക്ക് അറിയില്ലായിരുന്നു; കാരണം, യേശു അവരോട് അതേപ്പറ്റി പറഞ്ഞിരുന്നില്ല. അത് 10 ദിവസം മാത്രം മതി എന്ന് അവര്‍ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് കാത്തിരിക്കാന്‍ എളുപ്പമായിരുന്നേനേ. ഏതെങ്കിലും കാര്യത്തിനായി നാം കാത്തിരിക്കുമ്പോള്‍ ഒരു ഉത്തരത്തിനായി എത്രമാത്രം കാത്തിരിക്കണം എന്നു ദൈവം സാധാരണ നമ്മോടു പറയാറില്ല. നാം വിശ്വാസത്താല്‍ ജീവിക്കണം എന്നു ദൈവം ആഗ്രഹിക്കുന്നു; കാരണം ആത്മീയമായി വളരാനുള്ള ഒരേ ഒരു വഴി അതാണ്. നമ്മുടെ വിശ്വാസം ശക്തിപ്പെടുവാനുള്ള ഒരു വഴിയാണ് കാത്തിരിക്കുക എന്നത്. എത്രമാത്രം കാത്തിരിക്കണം എന്നു നാം അറിഞ്ഞിരുന്നെങ്കില്‍ അവിടെ വിശ്വാസം ഉണ്ടാകയില്ലായിരുന്നു. പിന്നീടു തിരിഞ്ഞുനോക്കുമ്പോള്‍ മാത്രമാണ് ‘എനിക്ക് ഇത്ര ദിവസം (ഇത്ര വര്‍ഷം) അതിനായി കാത്തിരിക്കേണ്ടിവന്നു”എന്നു നാം പറയുന്നത്.

ആ കാത്തിരുന്ന ശിഷ്യന്മാരുടെ അടുക്കല്‍ നിങ്ങള്‍ പോയി”ആത്മാവിനാല്‍ നിറയപ്പെടുന്നത് എങ്ങനെ നിങ്ങള്‍ അറിയും?”എന്നു ചോദിച്ചാല്‍,്യു’ഞങ്ങള്‍ അന്യഭാഷയില്‍ സംസാരിക്കും’ എന്നവര്‍ പറയുകയില്ലായിരുന്നു. മറിച്ച്, അവരുടെ മറുപടി തങ്ങള്‍ക്കു ശക്തി ലഭിക്കും എന്നായിരിക്കും. യേശു അങ്ങനെയാണല്ലോ പറഞ്ഞത്! ‘എനിക്കു ശക്തി ലഭിച്ചോ എന്നു ഞാന്‍ എങ്ങനെ അറിയും?’ എന്നു നിങ്ങള്‍ ചോദിക്കും. നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചുതന്നു എന്നു ദൈവം നമ്മെ ബോധ്യപ്പെടുത്തിയതുപോലെ ഇതും ദൈവത്തിനു നമ്മെ ബോധ്യപ്പെടുത്താന്‍ സാധിക്കും. നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെട്ടു എന്നു നമ്മുടെ ആത്മാവോടൊത്തു സാക്ഷ്യം പറയുന്ന പരിശുദ്ധാത്മാവു തന്നെ നാം ശക്തിയാല്‍ നിറയപ്പെട്ടു എന്നും സാക്ഷ്യപ്പെടുത്തും. ഈ രണ്ടു പ്രധാന കാര്യങ്ങള്‍ക്കായുള്ള ബോധ്യത്തിനായി നിങ്ങള്‍ ദൈവത്തോടു ചോദിക്കുക.

അപ്രകാരം അവര്‍ ശക്തിക്കായി കാത്തിരിക്കയായിരുന്നു. പക്ഷേ അവര്‍ക്കു ശക്തി ലഭിച്ചപ്പോള്‍ അറിയപ്പെടാത്ത ഭാഷ (അന്യഭാഷ) കളില്‍ സംസാരിക്കാനുള്ള വരവും അവര്‍ക്കു ലഭിച്ചു. അന്യഭാഷാവരമുണ്ടെന്ന് അവകാശപ്പെടുന്ന പലര്‍ക്കും യാതൊരു ശക്തിയും ഉള്ളതായി കാണുന്നില്ല എന്നതാണ് ഇന്നത്തെ ദുരന്തം. അന്യഭാഷകള്‍ അനുകരിക്കാന്‍ സാധിക്കും; പക്ഷേ പാപത്തിന്മേല്‍ ജയം നേടുവാനും യേശുവിന്റെ ധീരസാക്ഷിയാകുവാനുമുള്ള ദൈവശക്തി അനുകരിക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങുവാന്‍ കടയില്‍ പോകുന്നു. ഓരോ കമ്പ്യൂട്ടറിനോടുമൊപ്പം ഒരു ഫ്രീ സീഡി (അന്യഭാഷ) കൂടി ലഭിക്കും എന്നു വില്‍പ്പനക്കാരന്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ ഒരു സീഡിയല്ല, ഒരു കമ്പ്യൂട്ടര്‍ വാങ്ങാനാണ് കടയില്‍ പോയത്. പക്ഷേ, സീഡി ഫ്രീ ആയി തരുന്നതിനാല്‍ നിങ്ങള്‍ കമ്പ്യൂട്ടറും സീഡിയും വാങ്ങിക്കൊണ്ടുവരുന്നു. നിങ്ങളുടെ സ്‌നേഹിതന്‍ നിങ്ങളുടെ സീഡി കണ്ടിട്ട് കടയില്‍ ചെന്ന് കമ്പ്യൂട്ടറിന്റെ വില കൊടുത്തിട്ട് ഫ്രീ സീഡി മാത്രം വാങ്ങി വീട്ടില്‍ വരുന്നു. എത്ര ഭോഷത്തം! അതാണ് ശക്തി ലഭിക്കാതെ അന്യഭാഷാവരം മാത്രം ലഭിച്ചവരുടെ അവസ്ഥ.


അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ കൊടുങ്കാറ്റടിക്കുന്നതുപോലെ ഒരു വലിയ മുഴക്കം ഉണ്ടായി അവര്‍ ഇരുന്ന വീടു മുഴുവന്‍ നിറച്ചു എന്നും അഗ്നിജ്വാലപോലെയുള്ള നാവുകള്‍ ഓരോരുത്തരുടെയും മേല്‍ ആവസിച്ചു എന്നും നാം വായിക്കുന്നു. ഇതെല്ലാം ബാഹ്യകാര്യങ്ങള്‍ മാത്രമാണ്, പ്രധാന സംഭവം അഭിഷേകവും ശക്തിയും പ്രാപിക്കുക എന്നതാണ്. യേശുവിന് അഭിഷേകം കിട്ടിയപ്പോള്‍ അവിടെയുണ്ടായ ബാഹ്യകാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. യേശുവിന്റെ കാര്യത്തില്‍ കൊടുങ്കാറ്റും അഗ്നിയും ഇല്ലായിരുന്നു; പക്ഷേ യേശുവിനു ലഭിച്ച അതേ അഭിഷേകവും ശക്തിയുമാണ് അപ്പൊസ്തലന്മാര്‍ക്കും ലഭിച്ചത്. യേശുവിനെപ്പോലെ നാമെല്ലാവരും ‘പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെടേണ്ടിയിരിക്കുന്നു (അപ്പൊ:10:38). ബാഹ്യവും വികാരപരവുമായ അനുഭവങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും; ഒരാള്‍ നിങ്ങള്‍ക്കു വിലയേറിയ ഒരു രത്‌നം സമ്മാനമായി തന്നു എങ്കില്‍ അതു സാധാരണ ബ്രൗണ്‍ പേപ്പറിലാണോ അതോ റിബണുകള്‍ കെട്ടിയ തിളക്കമുള്ള കടലാസിലാണോ പൊതിഞ്ഞിരിക്കുന്നത് എന്ന കാര്യം ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. പേപ്പറിന് അകത്തുള്ള സമ്മാനമാണ് പ്രധാനം. ശിശുക്കളാണ് ബാഹ്യകാര്യങ്ങളായ കൊടുങ്കാറ്റ്, അഗ്നി, ശബ്ദം, പ്രത്യേകവികാരങ്ങള്‍ എന്നിവയെ ശ്രദ്ധിക്കുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്കാകട്ടെ, സമ്മാനമാണ് – എന്നു വച്ചാല്‍ അഭിഷേകവും പരിശുദ്ധാത്മശക്തിയുമാണ് – വലുത്. ആളുകള്‍ തങ്ങളുടെ സമ്മാനം പൊതിഞ്ഞ കടലാസിനെപ്പറ്റി സാക്ഷ്യം പറഞ്ഞ് ഊറ്റം കൊള്ളുമ്പോള്‍ അവര്‍ ശിശുക്കളായ ക്രിസ്ത്യാനികളാണ് എന്നു നമുക്ക് അനുമാനിക്കാം.

ഓരോരുത്തരുടേയും തലമേല്‍ അഗ്നിജ്വാല പോലെയുള്ള നാവുകള്‍ വന്നത് സൂചിപ്പിക്കുന്നത് ഇതാണ്: പുതിയനിയമയുഗത്തില്‍ ദൈവം ഉപയോഗിക്കുന്ന മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം നാവാണ് – പരിശുദ്ധാത്മാവിനാല്‍ ശക്തി പ്രാപിച്ചതും എല്ലാ സമയത്തും അവിടത്തെ പൂര്‍ണ്ണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ നാവ്. അന്യഭാഷ വരമാകുന്ന പ്രതീകം ഇതിന്റെ ഒരു ഭാഗം മാത്രമാണ്. നിങ്ങള്‍ പ്രസംഗകര്‍ ആയിരിക്കുമ്പോള്‍ മാത്രമല്ല, ഓരോ ദിവസവും മറ്റുള്ളവരുമായുള്ള സാധാരണസംഭാഷണത്തിലും അവരെ അനുഗ്രഹിക്കാന്‍ നിങ്ങളുടെ നാവിനെ ഉപയോഗിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. പക്ഷേ ഇതിനായി ആഴ്ചയില്‍ ഏഴു ദിവസവും ദിവസത്തില്‍ 24 മണിക്കൂറും നിങ്ങളുടെ നാവ് പരിശുദ്ധാത്മാവിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കണം.

2:14-ല്‍ എല്ലാ അപ്പൊസ്തലന്മാരിലും പരിശുദ്ധാത്മാവ് വസിച്ചതിന്റെ ഒരു അത്ഭുതഫലം നാം കാണുന്നു. ‘പത്രൊസ് മറ്റ് 11 പേരുടെയും പിന്തുണയോടെ എഴുന്നേറ്റുനിന്നു’ (മെസേജ് പരിഭാഷ) എന്നു നാം വായിക്കുന്നു. തന്റെ ജീവിതകാലത്തില്‍ യേശുവിന് നേടിയെടുക്കാന്‍ കഴിയാത്ത ഒരു കാര്യം അവസാനമായി ഇവിടെ സാധിതമായി. ഇപ്പോള്‍ പന്ത്രണ്ടു പേരും ഒരു ശരീരമാണ്. പ്രസംഗിക്കാനുള്ള പദവിക്കായി അവര്‍ മത്സരിച്ചില്ല. പത്രൊസ് സംസാരിച്ചപ്പോള്‍ അവര്‍ പത്രൊസിനെ പിന്തുണച്ചു. അവരെല്ലാം പത്രൊസിനോടൊപ്പം ഉണ്ടായിരുന്നു. പരിശുദ്ധാത്മസ്‌നാനത്തിലൂടെ അവര്‍ ഒരു ശരീരമായിത്തീര്‍ന്നു-ഇതാണ് ആത്മാവ് വന്നതിനുശേഷം അവര്‍ ചെയ്യുമെന്ന് യേശു പറഞ്ഞ പ്രവൃത്തി.

2:17-ല്‍, ആത്മസ്‌നാനം യോവേല്‍ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണെന്നു പത്രോസ് പറയുന്നു.സ്ത്രീപുരുഷന്മാര്‍ക്കെല്ലാം ആത്മപ്പകര്‍ച്ച പ്രാപിക്കുവാനും പ്രവചിക്കുവാനും സാധിക്കും. പഴയ നിയമത്തില്‍ ഇതു രാജാക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും മാത്രം ലഭ്യമായിരുന്ന ഒന്നായിരുന്നു. പക്ഷേ പുതിയനിയമത്തില്‍ എല്ലാവര്‍ക്കും പരിശുദ്ധാത്മാവിനെ പ്രാപിക്കാം. ഇത് എത്ര വലിയ പദവിയാണെന്നു നാം തിരിച്ചറിയേണ്ടതത്രേ.

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ പത്രൊസ് യേശുവിനെ മനുഷ്യനെന്നു പ്രസ്താവിക്കുന്നതു നാം കാണുന്നു -‘ദൈവം നിങ്ങള്‍ക്കു കാണിച്ചുതന്ന പുരുഷനായ നസറായനായ യേശു (2:22,23).
യേശു എപ്പോഴും ദൈവമായിരുന്നു; ഇപ്പോഴും ദൈവം തന്നെ. അത് ഒരിക്കലും മാറുകയില്ല. യേശു ഭൂമിയില്‍ വന്നപ്പോള്‍ ദൈവമല്ലാതായിത്തീര്‍ന്നില്ല.

‘ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ മധ്യസ്ഥനും ഒരുവന്‍ – മനുഷ്യനായ ക്രിസ്തുയേശു തന്നെ’എന്നു നാം 1 തിമൊ: 2:4-5 ല്‍ വായിക്കുന്നു. ചില ക്രിസ്ത്യാനികള്‍ വിളിക്കുന്നതുപോലെ ബൈബിള്‍, യേശുവിനെ ദൈവമനുഷ്യന്‍ എന്നു വിളിക്കുന്നില്ല. ബൈബിള്‍ യേശുവിനെ ‘മനുഷ്യനായ ക്രിസ്തുയേശു’ എന്നാണ് വിളിക്കുന്നത്. കര്‍ത്താവ് നമ്മുടെ മനുഷ്യപ്രകൃതിയോട് പൂര്‍ണ്ണമായും ശാശ്വതമായും താദാത്മ്യം പ്രാപിച്ചതിനാല്‍, ആത്മനിറവു പ്രാപിച്ച പത്രൊസ് ആത്മപ്രേരിതനായി യേശുവിനെ ”മനുഷ്യന്‍” എന്നു വിളിക്കുന്നു. ഹാലേലുയ്യാ!

യേശുക്രിസ്തുവിന്റെ ക്രൂശീകരണം ദൈവത്തിന്റെ സ്ഥിരനിര്‍ണ്ണയത്താലും മുന്നറിവിനാലും’ ആയിരുന്നു എന്ന് 2:23-ല്‍ നാം വായിക്കുന്നു. ഈ ഭൂമിയില്‍ നടന്ന ഏറ്റവും ഹീനമായ കാര്യമായിരുന്നു ക്രിസ്തുവിന്റെ ക്രൂശീകരണം. കാരണം, ഇതിനെക്കാളും വലിയ കുറ്റകൃത്യം ഈ ഭൂമിയില്‍ നടന്നിട്ടില്ല. എന്നാല്‍ മനുഷ്യവര്‍ഗ്ഗത്തിന് അതുമൂലം വീണ്ടെടുപ്പു സാധിച്ചതിനാല്‍ ഈ ലോകത്തില്‍ നടന്ന ഏറ്റവും ഉത്തമമായ കാര്യവും യേശുവിന്റെ ക്രൂശീകരണം തന്നെ. ഏറ്റവും ചീത്തയായതിനെ ദൈവം ഏറ്റവും ഉത്തമമാക്കിത്തീര്‍ത്തു. ഈ ദൈവം നമ്മുടെ ദൈവമാണ്.പിശാച് നമ്മോടു ചെയ്യുന്ന (താന്‍ തന്നെയോ തന്റെ ഏജന്റുമാരില്‍ കൂടിയോ) ഏറ്റവും തീയതിനെ തന്റെ സര്‍വ്വശക്തിയാല്‍ ഏറ്റവും വലിയ നന്മയാക്കിത്തീര്‍ക്കുവാന്‍ ദൈവത്തിനു മുന്‍നിര്‍ണ്ണയിക്കപ്പെട്ട ഒരു പദ്ധതിയുണ്ട്.

അപ്പൊസ്തല പ്രവൃത്തി 2:38-40ല്‍ ആദ്യത്തെ സുവിശേഷ പ്രസംഗത്തിനുശേഷം ജനത്തിനു തങ്ങളുടെ പാപങ്ങളെക്കുറിച്ച് ബോധ്യം വന്നപ്പോള്‍ പത്രൊസ് അവരെ ഇപ്രകാരം പ്രബോധിപ്പിച്ചു: ‘നിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം ഏല്‍ക്കുവിന്‍. എന്നാല്‍ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. ഈ വക്രതയുള്ള തലമുറയില്‍ നിന്നു രക്ഷിക്കപ്പെടുവിന്‍.’ പത്രൊസ് നാലുകാര്യങ്ങളാണ് പ്രസംഗിച്ചത്- മാനസാന്തരം, ജലസ്‌നാനം (ഇവയില്‍ പരോക്ഷമായി വിശ്വാസം ഉള്‍ക്കൊള്ളുന്നു), പരിശുദ്ധാത്മസ്‌നാനം, ഈ ലോകത്തിന്റെ ആത്മാവില്‍ നിന്നുള്ള വേര്‍പാട്. ഇന്നത്തെ സുവിശേഷപ്രസംഗത്തില്‍ ഈ നാലുകാര്യങ്ങളിലൊന്നുപോലും ഉള്‍പ്പെടുന്നില്ല. അതിനാലാണ് നമ്മുടെ സഭകളില്‍ ധാരാളം അര്‍ധപരിവര്‍ത്തനം പ്രാപിച്ച വിശ്വാസികളുള്ളത്. ഇന്നത്തെ മിക്ക സുവിശേഷകന്മാരും മാനസാന്തരം പ്രസംഗിക്കുന്നില്ല; കാരണം, അത് അവര്‍ പ്രസംഗിച്ചിരുന്നെങ്കില്‍ രക്ഷ പ്രാപിച്ചുവെന്ന പേരില്‍ കൈ പൊക്കുവാന്‍ ഇത്രയധികം ആള്‍ക്കാരെ കിട്ടുമായിരുന്നില്ല.അവരുടെ പിന്നാലെ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുന്ന, ശിശുസ്‌നാനം കൊടുക്കുന്ന മെത്രാന്മാര്‍ക്ക് നീരസമാവുമോ എന്നു പേടിച്ച് അവര്‍ വിശ്വാസ സ്‌നാനത്തെക്കുറിച്ചു മിണ്ടുകയില്ല. അവര്‍ ആത്മസ്‌നാനവും പ്രസംഗിക്കാറില്ല- കാരണം അതു വളരെ ‘പെന്തക്കോസ്ത് മയ’മായി കരുതപ്പെടാം. അവരില്‍ അനേകരും പണ സ്‌നേഹികളായതിനാല്‍ ഈ ലോകത്തിന്റെ ആത്മാവില്‍ നിന്നു വേര്‍പെടണം എന്നും അവര്‍ പ്രസംഗിക്കുന്നില്ല!! പത്രൊസ് ദൈവത്തെ പ്രസാദിപ്പിക്കുന്നതില്‍ മാത്രം തല്‍പരനായിരുന്നതിനാല്‍ ദൈവത്തിന്റെ മുഴുവന്‍ ആലോചനയും പ്രസംഗിച്ചു. നാം പത്രൊസിനെപ്പോലെ ആകണം.

2:42-ല്‍ യേശുവിന്റെ ശരീരമായ സഭ പണിയപ്പെടാന്‍ അവസരം നല്‍കിയ ഭവനകൂട്ടായ്മയെപ്പറ്റി നാം വായിക്കുന്നു. രക്ഷിക്കപ്പെട്ടവര്‍ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാര്‍ത്ഥന കഴിച്ചും പോന്നു. അവര്‍ക്കു കൂടിവരുവാന്‍ കെട്ടിടങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അവര്‍ വിവിധ ഭവനങ്ങളില്‍ ചെറിയ കൂട്ടങ്ങളായി കൂടിവന്നു. കര്‍ത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു(2:47). ദൈവമാണ് സഭയോട് ചേര്‍ക്കുന്നത്. വെള്ളം ചേര്‍ക്കാത്ത, പൂര്‍ണ്ണസുവിശേഷം പ്രസംഗിക്കണം എന്നതുമാത്രമാണ് നമ്മുടെ ഉത്തരവാദിത്തം.


ഈരണ്ടായുള്ള പ്രവര്‍ത്തനം


പത്രൊസും യോഹന്നാനും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത് നാം 3:1-ല്‍ കാണുന്നു. ഇതു പെന്തക്കോസ്തു ദിനത്തിനു മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല. യോഹന്നാന്‍ 21:21-ല്‍ യോഹന്നാനെപ്പറ്റിയുള്ള പത്രൊസിന്റെ അഭിപ്രായം വായിച്ചാല്‍ അവര്‍ കടക വിരുദ്ധമായ വ്യക്തിത്വമുള്ളവരും അന്യോന്യം മത്സരിക്കുന്നവരുമായിരുന്നുവെന്നു മനസ്സിലാക്കാം. യേശു അവരില്‍ കാണുവാനാഗ്രഹിച്ച ഒരുമ ഇതായിരുന്നു. എങ്കിലും അവരില്‍ പരിശുദ്ധാത്മാവ് അധിവസിച്ചിട്ടില്ലാഞ്ഞതിനാല്‍ അന്ന് ഈ ഒരുമ കാണുവാന്‍ സാധിച്ചില്ല. ആ ദിവസങ്ങളില്‍ യോഹന്നാന്‍ എപ്പോഴും തന്റെ സഹോദരനായ യാക്കോബിനോടു കൂടെയായിരുന്നു. യേശുവിന്റെ അടുത്ത മൂന്നു ശിഷ്യന്മാരില്‍ ഒരുവനായിരുന്നു പത്രൊസ് എങ്കിലും യാക്കോബും യോഹന്നാനും പത്രൊസിനെ പുറന്തള്ളുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു; കര്‍ത്താവിന്റെ ഭാവിരാജ്യത്തില്‍ തന്റെ സിംഹാസനത്തിനിരുവശത്തുമായി രണ്ടു സീറ്റുകള്‍ തങ്ങള്‍ക്കായി മാത്രം റിസര്‍വ്വു ചെയ്യാന്‍ അവര്‍ യേശുവിനോട് ആവശ്യപ്പെടുകയും ചെയ്തു. പരിശുദ്ധാത്മാവ് വന്നതിനാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യത്യാസപ്പെട്ടു. ഇപ്പോള്‍ ആരും തങ്ങളുടെ സ്വന്തകാര്യം അന്വേഷിക്കുകയോ, തന്നെത്താന്‍ ഉയര്‍ത്തുകയോ ചെയ്യുന്നില്ല. ഇതുവരെ ഒരിക്കലും ഒരുമിച്ചു കൂട്ടായ്മ അനുഭവിക്കാഞ്ഞ പത്രൊസും യോഹന്നാനും ഇപ്പോള്‍ ഒരുമിച്ചു പ്രാര്‍ത്ഥനയ്ക്കായിപ്പോകുന്നു. ഈ ഐക്യത്തില്‍ ശക്തിയുണ്ട്.

അപ്പൊസ്തല പ്രവൃത്തികള്‍ മൂന്നാം അധ്യായത്തില്‍ മുടന്തനായ ഒരു മനുഷ്യന്‍ സൗഖ്യമായതിനെപ്പറ്റി നാം വായിക്കുന്നു. അവന്‍ 40 വയസ്സിലധികം പ്രായമുള്ളവനും ജന്മനാ മുടന്തനുമായിരുന്നു. ‘സുന്ദരം’ എന്ന ദേവാലയ ഗോപുരത്തില്‍ എന്നും അവനെ ഭിക്ഷ യാചിക്കുവാന്‍ കൊണ്ടുവരും.

അവന്‍ കുറഞ്ഞത് 20 വര്‍ഷമായി എന്നും അവിടെ വന്നിരിക്കുമായിരുന്നു. യേശു കൂടെക്കൂടെ അവനെക്കണ്ടിരിക്കും. യേശു അവന് പണവും നല്കിയിരിക്കാം. എന്നാല്‍ അവിടുന്ന് അവനു സൗഖ്യം നല്‍കിയില്ല. എന്തുകൊണ്ട്? അവനു സൗഖ്യം നല്‍കുവാന്‍ പിതാവില്‍ നിന്ന് അവിടുത്തേക്ക് ഒരു പ്രേരണ കിട്ടിയില്ല എന്നതു തന്നെ കാരണം.


യേശു ചുറ്റിനടന്നു കണ്ണില്‍ക്കണ്ട എല്ലാവരേയും സൗഖ്യമാക്കി എന്നു ചിലര്‍ ചിന്തിക്കുന്നു. അങ്ങനെയല്ല. ഉദാഹരണത്തിന് യേശു ബെഥെസ്ദാ കുളക്കരയില്‍ ചെന്നപ്പോള്‍ അവിടെ ധാരാളം രോഗികള്‍ കിടന്നിരുന്നു.പക്ഷേ ഒരേയൊരു പക്ഷവാതക്കാരനെ മാത്രമേ അവിടുന്നു സൗഖ്യമാക്കിയുള്ളു!

ഇതുപോലെ സുന്ദരം ദേവാലയ ഗോപുരത്തില്‍ ഈ മുടന്തനെ യേശു ഇടയ്ക്കിടെ കണ്ടിരുന്നിരിക്കാം. എങ്കിലും യേശു അവനെ സൗഖ്യമാക്കിയില്ല. യേശു അവനെ സൗഖ്യമാക്കിയിരുന്നു എങ്കില്‍ ഈ മനുഷ്യന്റെ രോഗശാന്തി മുഖാന്തരം പൊട്ടിപ്പുറപ്പെട്ട ഉണര്‍വ്വ് (അപ്പൊ: പ്ര:3,4 അധ്യായങ്ങള്‍) സംഭവിക്കുമായിരുന്നില്ല. പ്രാര്‍ത്ഥനയിലൂടെ ദൈവേഷ്ടം അന്വേഷിക്കാതെ നമ്മുടെ ബുദ്ധിയനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നാം ദൈവത്തിന്റെ പ്രവൃത്തിയെ തടസ്സപ്പെടുത്തും.അതിനാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവത്തിനായി എന്തെങ്കിലും സേവനം ചെയ്യുകയല്ല, ആദ്യം മറിയയെപ്പോലെ ദൈവശബ്ദം കേട്ടിട്ട് പിന്നെ അവിടുന്ന് കല്പിക്കുന്നതു ചെയ്യുകയാണെന്നാണ് യേശു മാര്‍ത്തയോട് പറഞ്ഞത്. പെന്തക്കോസ്ത് നാളിനുശേഷം പത്രോസിലൂടെ ആ മനുഷ്യന്‍ സൗഖ്യം പ്രാപിക്കുക എന്നതായിരുന്നു പിതാവിന്റെ സമയം. ഇത് നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു: നമുക്ക് ഒരു ആത്മീയ വരം ഉണ്ടെങ്കിലും ദൈവം നടത്തുന്നതുപോലെ മാത്രമേ അത് ഉപയോഗിക്കാവൂ–അല്ലാതെ നാം ഉത്തമമെന്നു ചിന്തിക്കുന്നതുപോലെയല്ല. അല്ലെങ്കില്‍ നാം ദൈവികോദ്ദേശ്യങ്ങളെ തടസ്സപ്പെടുത്തും. ഇത് ഇക്കാലത്ത് ആര് മനസ്സിലാക്കുന്നു?

മിക്ക വിശ്വാസികളും പരിശുദ്ധാത്മാവുമായി നല്ല ബന്ധത്തിലല്ല. നിങ്ങള്‍ പെന്തക്കോസ്തരോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കി ”എല്ലാവര്‍ക്കും അത്ഭുതരോഗശാന്തി ലഭിക്കും” എന്നോ ”ആര്‍ക്കും അത്ഭുതരോഗശാന്തി ലഭിക്കയില്ല” എന്നോ ഉള്ള പ്രമാണങ്ങളാല്‍ അവര്‍ ജീവിക്കുന്നു. യേശു ഈ പ്രമാണത്താലല്ല, പരിശുദ്ധാത്മാവിന്റെ നടത്തിപ്പിലാണ് ജീവിച്ചത്. ഈവക പ്രമാണങ്ങളനുസരിച്ചു ജീവിക്കുന്നവര്‍ നിയമവാദികളാണ്. അവര്‍ക്ക് ദൈവേഷ്ടം നിറവേറ്റാന്‍ ഒരിക്കലും കഴിയുകയില്ല. യേശു പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ടിരുന്നു — പരിശുദ്ധാത്മാവ് ഈ മനുഷ്യനെ സൗഖ്യമാക്കുവാനുള്ള ആത്മനിയോഗം ഒരിക്കലും യേശുവിന് കൊടുത്തില്ല. അതിനാല്‍ ഓരോ സന്ദര്‍ഭത്തിലും യേശു അവനെ കടന്നുപോകുമ്പോള്‍ അവന് പണം മാത്രം കൊടുത്തു. അങ്ങനെ യേശു ദൈവേഷ്ടം നിറവേറ്റി. പിന്നീട് പത്രൊസ് ആ വഴി പോയപ്പോള്‍ ഈ മനുഷ്യന്‍ പത്രൊസിനോട് ഭിക്ഷ യാചിച്ചു. അപ്പോള്‍ പത്രൊസ്: ”എന്റെ പക്കല്‍ നിനക്കു തരുവാന്‍ പണമില്ല; പക്ഷേ യേശുവിന്റെ നാമത്തില്‍ എഴുന്നേല്‍ക്ക”എന്നു പറഞ്ഞു. തല്‍ഫലമായി 5000 പേര്‍ രക്ഷ പ്രാപിച്ചു. യേശു മൂന്നര വര്‍ഷം പരിശുദ്ധാത്മാവിനെ അനുസരിച്ച് ഈ മനുഷ്യനെ സുഖമാക്കാതിരുന്നതിനാല്‍ 5000 പേര്‍ വീണ്ടുംജനനാനുഭവത്തിലേക്കു വരുവാനിടയായി.

പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് കൂടാതെ എന്റെ ”സ്വന്തബുദ്ധിയില്‍ ഞാന്‍ ചാരുകയാണെങ്കില്‍” (സദൃ. 3:5) ഞാന്‍ ദൈവവേലയ്ക്ക് വലിയ തടസ്സമായിത്തീരും. ഇതു വലിയൊരു മുന്നറിയിപ്പാണ്. ഞാന്‍ ചെയ്യുന്നത് നല്ല വേലയായിരിക്കാം. (ഒരു മുടന്തനെ സൗഖ്യമാക്കന്നതിനെക്കാള്‍ വലിയ നന്മ എന്താണ്?) എങ്കിലും അത് ദൈവികപദ്ധതികള്‍ക്ക് തടസ്സമായിത്തീരാം. ദൈവത്തിന്റെ വഴികള്‍ നമ്മുടെ വഴികളല്ല.ബുദ്ധിമാനായ മനുഷ്യന്‍ — നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവന്‍ — ദൈവികോദ്ദേശ്യങ്ങള്‍ക്കു തടസ്സമായിരിക്കും. നീതിയുള്ള പ്രമാണങ്ങളും നിയമങ്ങളുമനുസരിച്ച് ജീവിക്കുന്ന അനേകം ക്രിസ്ത്യാനികളും ദൈവവേലയ്ക്ക് ഏറ്റവും വലിയ തടസ്സമാണ്. പരിശുദ്ധാത്മാവിനു ചെവി കൊടുക്കുന്ന മനുഷ്യനാണ് ദൈവത്തിന് ഏറ്റവും പ്രയോജനമുള്ളവന്‍.

അപ്പൊസ്തല പ്രവൃത്തി 4:8-ല്‍ പത്രൊസ് രണ്ടാമതൊരിക്കല്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞതായി നാം വായിക്കുന്നു. 4:31-ല്‍ വീണ്ടും മൂന്നാംപ്രാവശ്യം പത്രൊസ് ആത്മനിറവുള്ളവനായതായി പ്രസ്താവിച്ചിരിക്കുന്നു. അപ്പൊ: പ്രവൃത്തി 2-നും 4-നും ഇടയ്ക്ക് മൂന്നുപ്രാവശ്യം പത്രൊസ് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനായിത്തീര്‍ന്നു. പരിശുദ്ധാത്മനിറവ് വീണ്ടും വീണ്ടും നമുക്കുണ്ടാകേണ്ട ഒരനുഭവമാണെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. നാം ആത്മാവില്‍ നിറഞ്ഞുകൊണ്ടേയിരിക്കണം. ഇന്നലത്തെ നിറവ് ഇന്നത്തേക്കു പോരാ. പണ്ട് ആത്മാവില്‍ നിറഞ്ഞുവെന്ന് അവകാശപ്പെടുന്ന പലരും ഇന്ന് മരുഭൂമിപോലെ ശുഷ്‌കിച്ച അവസ്ഥയിലെത്തിയിരിക്കുന്നു. അവര്‍ക്ക് അനേകവര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങള്‍ നിറവ് പ്രാപിച്ച തീയതി പറയുവാന്‍ മാത്രമേ കഴിവുള്ളു. നമ്മിലൂടെ ജീവജലനദികള്‍ എപ്പോഴും ഒഴുകണം എന്ന് ദൈവം ആഗ്രഹിക്കന്നു.

2:23-ല്‍ കണ്ട പദപ്രയോഗം നാം 4:28ല്‍ വീണ്ടും കാണുന്നു.– ”നിന്റെ കൈയും നിന്റെ ആലോചനയും മുന്‍നിയമിച്ചത് ഒക്കെയും ചെയ്തിരിക്കുന്നു.” മതാധികാരികള്‍ അവരെ അടിച്ചപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു: ”കര്‍ത്താവേ, ഇതും അങ്ങയുടെ മുന്‍ നിര്‍ണ്ണയിച്ച പദ്ധതി പ്രകാരമാണ്.”

പ്രവൃത്തി 4:32-ല്‍ ”വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു” എന്നു കാണുന്നു. ആദിമസഭയുടെ ശക്തിയുടെ രഹസ്യം പരിശുദ്ധാത്മനിറവ് മാത്രമല്ല, അവര്‍ ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു എന്ന വസ്തുത കൂടിയായിരുന്നു. അവര്‍ അപ്പൊസ്തലന്മാര്‍ക്ക് കീഴടങ്ങിയിരുന്നു.അവര്‍ തികഞ്ഞ ഐക്യം ഉള്ളവരായിരുന്നു. ഇന്ന് അനേകം ക്രിസ്ത്യാനികള്‍ ആയിരിക്കുന്നതുപോലെ അവര്‍ എല്ലാറ്റിനെപ്പറ്റിയും വിമര്‍ശന ബുദ്ധിയുള്ളവര്‍ ആയിരുന്നില്ല. ”തനിക്കുള്ളത് ഒന്നും സ്വന്തം എന്ന് ആരും പറഞ്ഞില്ല.”അവര്‍ അവരുടെ എല്ലാ വസ്തുവകകളും വിറ്റു എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. തങ്ങള്‍ക്കുള്ളത് തങ്ങള്‍ മാത്രം ഉപയോഗിക്കണം എന്ന് അവര്‍ പറഞ്ഞില്ല — അവ സഭയിലുള്ള ആവശ്യക്കാരായ മറ്റു വിശ്വാസികള്‍ക്കും ലഭ്യമായിരുന്നു. ധാരാളം ഉണ്ടായിരുന്നവര്‍ അല്പം മാത്രമുണ്ടായിരുന്നവരെ സഹായിച്ചതിനാല്‍ ആരും മുട്ടുള്ളവരായിരുന്നില്ല.


അനന്യാസിന്റേയും സഫീറയുടേയും പാപം


അങ്ങനെയൊരു സാഹചര്യത്തില്‍ ചിലയാളുകള്‍ അത് ദുരുപയോഗപ്പെടുത്താനിടയാകുമെന്ന കാര്യം നമുക്കു സങ്കല്പിക്കാവുന്നതേയുള്ളു. അഞ്ചാം അധ്യായത്തില്‍ അനന്യാസും സഫീറയും അപ്രകാരം ശ്രമിച്ചതായി നാം കാണുന്നു.അനേകരും ഇന്ത്യയിലുള്ള നമ്മുടെ സഭകളില്‍ വരുന്നത് നമ്മുടെ മധ്യേ ഔദാര്യശീലവും അതിഥിപ്രിയരുമായ പലരെയും കാണുന്നതുകൊണ്ടാണ്. നാം അവരെ ഉടനെ തുടച്ചുനീക്കാന്‍ ശ്രദ്ധാലുക്കളായിരുന്നില്ലെങ്കില്‍ വളരെ വേഗം ഇന്ത്യയിലെ ഓരോ ദരിദ്രനും നമ്മുടെ സഭകളില്‍ ചേരുവാന്‍ ആഗ്രഹിക്കും; അപ്രകാരം നമുക്ക് അത്ഭുതാവഹമായ ‘സഭാവളര്‍ച്ച’യും ഉണ്ടാകും. നീതിയിലല്ല, പണത്തില്‍ തത്പരരായ പുതുവിശ്വാസികളെ നമുക്കു ലഭിക്കയും ചെയ്യും. പണ്ടു കാലത്ത്, വില കൊടുക്കാതെ ഭക്ഷണം, വിദ്യാഭ്യാസം, വൈദ്യസഹായം, ഒരു പക്ഷേ അമേരിക്കയിലേക്ക് ഒരു സൗജന്യയാത്ര ഇവ പ്രഥമമായി ആഗ്രഹിച്ച് മിഷനറിമാരുടെ അടുക്കല്‍ വന്ന ”ചോറ്റു ക്രിസ്ത്യാനി”കളെപ്പറ്റി അവര്‍ സംസാരിച്ചിരുന്നു. ഇന്നും ഇതേ മനോഭാവം നിലവിലുണ്ട്.

ഇന്ന് ഇന്ത്യയിലുള്ള അനേകം ക്രിസ്തീയ പ്രവര്‍ത്തകരും ”കര്‍ത്താവിനെ സേവിക്കുന്നത്” ദൈവനിയോഗത്താലല്ല, തൊഴിലിനു വേണ്ടിയാണ്. സഭയില്‍ ചേരുന്നതിലൂടെ അനേകമാളുകള്‍ സമ്പന്നരാകുന്നു. തങ്ങളുടെ ജീവിതത്തിലെ നീതി മൂലം ദൈവം അവരെ ആദരിക്കുന്നതു ശരി തന്നെ. പക്ഷേ സഭയില്‍ ചേര്‍ന്നതിലൂടെ കിട്ടിയ ധനസമ്പര്‍ക്കമാണ് അവരുടെ സുഭിക്ഷതയ്ക്കു കാരണമെങ്കില്‍ അവര്‍ ദൈവഹിതത്തില്‍ നിന്ന് അകന്നുപോയിരിക്കുന്നു. എന്തെന്നാല്‍ സാമ്പത്തികലാഭം ഉണ്ടാകുവാനുള്ള ഒരു മാര്‍ഗമല്ല ക്രിസ്തീയത. സഭ ത്യാഗം അനുഷ്ഠിക്കുവാനും ദാനം ചെയ്‌വാനുമുള്ള സ്ഥലമാണ് — ലാഭത്തിനുള്ള സ്ഥലമല്ല. ഇന്ന് ഇന്ത്യയില്‍ ധാരാളം ”ക്രിസ്തീയപ്രവര്‍ത്തകര്‍” അവര്‍ ഒരു ഭൗതികരംഗത്തു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സമ്പാദിക്കുമായിരുന്നതിന്റെ അഞ്ചോ പത്തോ ഇരട്ടി സമ്പാദിക്കുന്നുവെന്നത് ഒരു ദുഃഖസത്യം തന്നെ. പല ക്രിസ്തീയ പ്രവര്‍ത്തകരും ഒരു തൊഴില്‍രംഗത്ത് ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല. അപ്രകാരം ജോലിയില്ലാതിരുന്ന ഒരാളെയും യേശു അപ്പോസ്തലനാകുവാന്‍ വിളിച്ചിട്ടില്ല. ഇന്ത്യയില്‍ ഇന്ന് ക്രിസ്തീയ പ്രവര്‍ത്തനം, ധാരാളം ലാഭം ഉണ്ടാക്കുവാനുള്ള ഒരു മാര്‍ഗ്ഗമായിത്തീര്‍ന്നിരിക്കുന്നു. ”ഈ മനുഷ്യന്‍ പണമുണ്ടാക്കാനാണ് ക്രിസ്തീയ പ്രര്‍ത്തകനായത്” എന്ന് അക്രൈസ്തവര്‍ അവരെ നോക്കിപ്പറയും. അത് എത്രയോ ശരിയാണ്! അവരുടെ വായടയ്ക്കുവാന്‍ നമുക്കെങ്ങനെ കഴിയും? ക്രിസ്തീയ സേവനത്തിലൂടെ ലഭിക്കുന്നതിലും അധികം പണം ഒരു ഭൗതിക ജോലി ചെയ്യുമ്പോള്‍ കിട്ടുമായിരുന്നു എന്നു ക്രിസ്തീയ ശുശ്രൂഷകര്‍ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുത്തെങ്കിലേ അതു സാധ്യമാകയുള്ളു.

ഓരോരുത്തരും തങ്ങളുടെ വസ്തുവകകള്‍ വിറ്റു ദരിദ്രര്‍ക്കു കൊടുക്കുവാനായി അപ്പൊസ്തലന്മാരെ ഏല്പിച്ചപ്പോള്‍ അനന്യാസും സഫീറയും ഇപ്രകാരം ചിന്തിച്ചു: ”നമ്മുടെ ധനം കൈവശം വച്ചുകൊണ്ട് നാം ആത്മീയരാണെന്ന ഒരു ധാരണ മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ നമുക്കെങ്ങനെ കഴിയും?.” ഈ ചിന്തമൂലം അവര്‍ തങ്ങളുടെ സ്ഥലം വിറ്റപ്പോള്‍ അതിന്റെ പണം മുഴുവന്‍ അപ്പൊസ്തലന്മാരെ ഏല്പിച്ചില്ല. സന്തോഷത്തോടെ കൊടുക്കുന്നവരെ ദൈവം സ്‌നേഹിക്കുന്നു; ദൈവത്തിന് ആരുടെയും പണം ആവശ്യമില്ല. പത്രൊസ് അനന്യാസിനോട് ഇപ്രകാരം ചോദിച്ചു: ”നിന്റെ സ്ഥലം വില്ക്കുന്നതിനുമുമ്പ് നിനക്കു ഇഷ്ടമുള്ളത് ചെയ്യുവാന്‍ തക്കവണ്ണം അതു നിന്റേതല്ലായിരുന്നോ? വിറ്റശേഷവും പണം നിന്റേതായിരുന്നല്ലോ. പിന്നെ എന്തിനു നീ ഈ വ്യാജം കാണിച്ചു?” (5:4). അനന്യാസിന്റെ പാപം പൂര്‍ണ്ണഹൃദയമുള്ളവനാണെന്ന് അഭിനയിക്കുന്ന കപടഭക്തി ആയിരുന്നു. ”ഞങ്ങള്‍ ഈ സ്ഥലം 50,000 രൂപയ്ക്കു വിറ്റു. പക്ഷേ അതില്‍ 20% മാത്രം കൊടുത്താല്‍ മതി എന്നു ഞങ്ങള്‍ക്കു തോന്നുന്നു. ബാക്കി ഞങ്ങളുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി കരുതി വയ്ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ 10,000 രൂപാ ഇതാ” എന്നു അനന്യാസ് പറഞ്ഞിരുന്നെങ്കില്‍ പത്രൊസ് അനന്യാസിനെ അനുഗ്രഹിക്കുമായിരുന്നു! അനന്യാസും ഭാര്യയും ജീവനോടിരിക്കയും ചെയ്യുമായിരുന്നു. എന്നാല്‍ അനന്യാസ് ഒന്നും സംസാരിച്ചില്ല. മറ്റു പൂര്‍ണ്ണഹൃദയരായ ആളുകളോടുകൂടി ക്യൂവില്‍ നിന്നുകൊണ്ട് വായ് തുറക്കാതെ, അനന്യാസ് വ്യാജം പറഞ്ഞു. എന്നാല്‍ പത്രൊസ് ആത്മീയ വിവേചനമുള്ള ഒരാളായിരുന്നു. അനന്യാസിന്റെയും ഭാര്യയുടെയും വ്യാജത്തെ അദ്ദേഹം വെളിച്ചത്താക്കി. അങ്ങനെ തങ്ങളുടെ കപടഭക്തി കാരണം അവര്‍ക്കു മരണത്തെ നേരിടേണ്ടിവന്നു.

ഇന്ന് ദൈവം എന്തുകൊണ്ട് ഇപ്രകാരം പ്രവര്‍ത്തിക്കുന്നില്ല? അങ്ങനെ ചെയ്തിരുന്നെങ്കില്‍ പിന്നീട് വളരെക്കുറച്ച് ആളുകള്‍ മാത്രമേ സഭയില്‍ ശേഷിക്കുമായിരുന്നുള്ളു.അനന്യാസും സഫീറയും വളരെ വിശുദ്ധമായ, ശക്തിമത്തായ സഭയിലായിരുന്നു; അതിനാല്‍ അവര്‍ മരിച്ചു. അവര്‍ വല്ല ജീവനറ്റ, ജഡികസഭയിലായിരുന്നെങ്കില്‍ (കൊരിന്തിലെ സഭയെപ്പോലെ) അവര്‍ അവിടെ മൂപ്പന്മാരാകുമായിരുന്നു. നീ അഹങ്കാരിയും കപടഭക്തനും ആണെങ്കില്‍ പൂര്‍ണ്ണതയിലേക്കു മുന്നേറുന്ന ഒരു സഭയിലായിരിക്കുന്നത് അപകടകരമാണ്. ദൈവം നിന്നെ മരണത്തിനിരയാക്കുകയും അവരുടെ നടുവില്‍ നിന്ന് വല്ല വിധേനയും പുറത്താക്കുകയും ചെയ്യും. പക്ഷേ അതുപോലുള്ള സഭകള്‍ ഇന്ന് അധികമില്ല. അതിനാല്‍ ഇന്നത്തെ മിക്കസഭകളിലും നിനക്കും ജീവിച്ചുപോകാന്‍ സാധിക്കും. ജീവിച്ചിരിക്കുവാനും അഹങ്കാരിയും കപടഭക്തനുമായിത്തുടരാനും നീ ആഗ്രഹിക്കുന്നപക്ഷം നിര്‍ജ്ജീവമായ ഒരു സഭ തിരഞ്ഞെടുത്തുകൊള്‍ക.

അപ്പൊസ്തല പ്രവൃത്തി 5:29-ല്‍ അപ്പൊസ്തലന്മാര്‍ മതാധികാരികളോടു പറഞ്ഞ ധീരമായ വാക്കുകള്‍ വായിക്കുന്നു. ”മനുഷ്യരേക്കാള്‍ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” 5:41-ല്‍ അവരെ ഉപദ്രവിക്കുമ്പോഴും കാരാഗൃഹത്തിലിടുമ്പോഴും ”തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാന്‍ യോഗ്യരായി എണ്ണപ്പെടുകയാല്‍ അവര്‍ സന്തോഷിച്ചു” എന്നു നാം വായിക്കുന്നു. അവരെ ഉപദ്രവിക്കുന്നവര്‍ അവരെ ചാട്ട കൊണ്ടടിച്ചു. ഇതു കഴിഞ്ഞ് തലതാഴ്ത്തിക്കൊണ്ട് അപ്പൊസ്തലന്മാര്‍ മടങ്ങിപ്പോയില്ല. തലയുയര്‍ത്തി ”യേശുവിനുവേണ്ടി ഞങ്ങള്‍ ദണ്ഡനമേറ്റു, ദൈവത്തിനു സ്‌തോത്രം”എന്നവര്‍ പറഞ്ഞു. അത് ഒരു വലിയ ബഹുമാനമായി അവര്‍ കരുതി. ഒരു രാജാവ് അവര്‍ക്ക് വീരനായകന്മാര്‍ക്കുള്ള അവാര്‍ഡ് കൊടുക്കുന്നതുപോലെയായിരുന്നു അത്. യേശു പറഞ്ഞതുപോലെ അവര്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.

ഈ അപ്പൊസ്തലന്മാര്‍ നമുക്കു പിന്തുടരുവാന്‍ ഒരു നല്ല മാതൃക നല്‍കിയിരിക്കുന്നു. ഭാവിയില്‍ നമുക്ക് ഇന്ത്യയില്‍ ധാരാളം ഉപദ്രവം സഹിക്കേണ്ടിവരും. ആ ദിവസങ്ങള്‍ക്കായി നമുക്ക് ഒരുങ്ങാം. മറ്റുള്ളവരെ ഒരുക്കുകയും ചെയ്യാം. അതു വരുമ്പോള്‍ ക്രിസ്തുവിന്റെ നാമത്തിനായി ലജ്ജ സഹിക്കാന്‍ നാം യോഗ്യരായി എണ്ണപ്പെടുന്നു എന്നു നമുക്കു സന്തോഷിക്കാം.

അപ്പൊസ്തല പ്രവൃത്തികള്‍ ആറാം അധ്യായത്തില്‍ ശിഷ്യന്മാര്‍ പെരുകുന്നതായും പരാതികള്‍ ആരംഭിക്കുന്നതായും നാം വായിക്കുന്നു. സഭകള്‍ എണ്ണത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ എല്ലായിടത്തേയും പ്രശ്‌നം ഇതാണ്. ഒരു സഭ ആരംഭിക്കുമ്പോള്‍ അതു ചെറുതാണ്; അതിനാല്‍ സഭയിലുള്ള ഓരോരുത്തരും ശിഷ്യരാണ് എന്ന് ഏകദേശം ഉറപ്പിക്കാം. പക്ഷേ സഭ വലുതാകുമ്പോള്‍ പരാതിയും പിറുപിറുപ്പും വളരെ വേഗം തുടങ്ങുന്നു; കാരണം പുതുതായി വരുന്ന അനേകരും ആദ്യശിഷ്യരുടെ ബന്ധുക്കളാണ് – അവര്‍ സ്വയം ശിഷ്യരല്ല താനും.

അപ്പോള്‍ ഈ പ്രശ്‌നം പടരാതിരിക്കുവാന്‍ ചിലത് ചെയ്‌തേ പറ്റൂ. ഒരു സംഘത്തിലുള്ളവരില്‍ ഒരാള്‍ക്ക് ഭയങ്കരമായ ഒരു സാംക്രമികരോഗം പിടിപെടുന്നതുപോലെയാണത്. നിങ്ങള്‍ ആവ്യക്തിയെ ഒറ്റപ്പെടുത്തിയില്ലെങ്കില്‍ രോഗം മറ്റുള്ളവരിലേക്ക് പകരും. സഭകളിലെ മിക്ക പരാതികളും ഭൗതികകാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇവിടത്തെ പരാതി ഭക്ഷണത്തെച്ചൊല്ലിയായിരുന്നു. ഭക്ഷണവിതരണത്തില്‍ യഹൂദന്മാര്‍ അവരുടെ വിധവമാരോട് ആനുകൂല്യം കാണിക്കുന്നു എന്നു ഗ്രീക്കു വിധവമാര്‍ പരാതിപ്പെട്ടു. ഇന്ന് ഇന്ത്യയിലെ ധാരാളം സഭകളിലുള്ളതുപോലെ ഇത് ഒരു വര്‍ഗ്ഗീയ പ്രശ്‌നമായിരുന്നു.

അപ്പൊസ്തലന്മാര്‍ ജ്ഞാനമുള്ളവര്‍ ആയിരുന്നു. ”ഇത് ഞങ്ങളുടെ ശുശ്രൂഷയല്ലാത്തതിനാല്‍ ഞങ്ങള്‍ക്കു ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യമല്ല. ഞങ്ങളോ പ്രാര്‍ത്ഥനയിലും വചനഘോഷണത്തിലും ഉറ്റിരിക്കും”(6:4) എന്നാണ് അവര്‍ പറഞ്ഞത്. നിങ്ങള്‍ ദൈവവചനം പ്രസംഗിക്കുവാന്‍ വിളിക്കപ്പെട്ടു വരം പ്രാപിച്ചിരിക്കുന്നു എങ്കില്‍ നല്ല ശമ്പളം വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഒരു ക്രിസ്തീയസാമൂഹികസേവനസംഘടനയുടെ ഡയറക്ടര്‍ ആകുവാന്‍ വേണ്ടി ഒരിക്കലും ആ വിളിയില്‍ നിന്നു പിന്മാറരുത്. ഒരു പ്രവാചകനോ ഉപദേഷ്ടാവോ ആയിത്തുടരുക. മറ്റുള്ളവര്‍ മറ്റു ശുശ്രൂഷകള്‍ ചെയ്യട്ടെ. അതിനാല്‍ അപ്പൊസ്തലന്മാര്‍ പരിശുദ്ധാത്മാവു നിറഞ്ഞ ഏഴു പുരുഷന്മാരെ തിരഞ്ഞെടുത്തു. സ്‌തെഫാനോസും ഫിലിപ്പോസും ഈ കൂട്ടത്തില്‍പ്പെട്ടവര്‍ ആയിരുന്നു; പക്ഷേ അവര്‍ വലിയ സുവിശേഷ പ്രസംഗകരും ആയിത്തീര്‍ന്നു. സ്‌തെഫാനോസാണ് ആദ്യത്തെ രക്തസാക്ഷിയായിത്തീര്‍ന്നത്. ഫിലിപ്പോസ് ശമര്യയിലേക്കു ചെന്ന് അവിടെ ഒരു വലിയ ഉണര്‍വ്വ് ആരംഭിച്ചു. ഒരു എത്യോപ്യന്‍ ധനകാര്യമന്ത്രിയെ കര്‍ത്താവിങ്കലേക്കു ആകര്‍ഷിച്ചതിലൂടെ എത്യോപ്യയിലേക്കു സുവിശേഷം വ്യാപിക്കുവാന്‍ ദൈവത്തിന്റെ ഒരു ഉപകരണമായും അവന്‍ തീര്‍ന്നു(അപ്പൊ:8) -ഏലിയാവിന്റെ ശുശ്രൂഷകനായിരുന്നശേഷം പില്‍ക്കാലത്തു പ്രവാചകനായിത്തീര്‍ന്ന ഏലീശയെപ്പോലെ. ഈ രണ്ടുപേരും വിശ്വസ്തയോടെ ആദ്യം വിധവമാരെ ശുശ്രൂഷിച്ചു. പില്ക്കാലത്ത് ദൈവം അവര്‍ക്ക് വിശാലമായ പ്രസംഗ ശുശ്രൂഷ കൊടുത്തു.


സ്‌തെഫാനോസ് – ദൈവകൃപയുടെയും ശക്തിയുടെയും തികവ്


സ്‌തെഫാനോസ് യഹൂദ മതാധികാരികളോട് പ്രസംഗിച്ചപ്പോള്‍ അവര്‍ക്ക് അവന്‍ സംസാരിച്ച ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തു നില്ക്കാന്‍ കഴിഞ്ഞില്ല എന്ന് എഴുതിയിരിക്കുന്നു (6:10). നാം സംസാരിക്കുമ്പോള്‍ ഈ അനുഭവം നമ്മുടേതാകാം.

”പ്രവാചകന്മാരില്‍ ഏവനെ നിങ്ങളുടെ പിതാക്കന്മാര്‍ ഉപദ്രവിക്കാതിരുന്നു?” (7:52) എന്നു സ്‌തെഫാനോസ് ചോദിക്കുന്നു. പഴയനിയമകാലത്തെ ഒരു പ്രവാചകനും ജനപ്രിയനായിരുന്നില്ല. അവര്‍ ഉപദ്രവവും ഏറ്റു. ഉപദേഷ്ടാവിനെ പലരും കൈക്കൊണ്ടെന്നു വരാം; പക്ഷേ പ്രവാചകന്‍ സാധാരണയായി തള്ളപ്പെട്ടവനും ജനപ്രിയമില്ലാത്തവനും ആയിരിക്കും. ഉപദേഷ്ടാവ് (വചനം പഠിപ്പിക്കുന്ന ഒരുവന്‍) വിവാദങ്ങള്‍ക്ക് അതീതനായിരിക്കും. എന്നാല്‍ ഒരു യഥാര്‍ത്ഥ പ്രവാചകനാകട്ടെ, എല്ലായ്‌പ്പോഴും വിവാദ പുരുഷനായിരിക്കും. അതിനാല്‍ ഉപദേഷ്ടാക്കന്മാരും സുവിശേഷകന്മാരുമല്ല, പ്രവാചകന്മാരാണ് എപ്പോഴും ഉപദ്രവിക്കപ്പെടുന്നത്.

കേള്‍വിക്കാര്‍ക്ക് കുറ്റബോധമുണ്ടാകുമാറ് സ്‌തെഫാനോസ് പ്രസംഗിച്ചു. ഇത് അവരെ രോഷാകുലരാക്കി. സ്‌തെഫാനോസ് ക്രിസ്ത്രീയ സഭയുടെ ആദ്യത്തെ രക്തസാക്ഷിയായിത്തീര്‍ന്നു(അപ്പൊ: 7:54, 55).
7:55-60 വരെ സ്‌തെഫാനോസില്‍ യഥാര്‍ത്ഥ ആത്മനിറവുള്ള ഒരു പ്രവാചകന്റെ ചില ലക്ഷണങ്ങള്‍ നാം കാണുന്നു:
(1) അവന്റെ മനസ്സ് സ്വര്‍ഗ്ഗീയ കാര്യങ്ങളില്‍ സ്ഥിരമായിപ്പതിഞ്ഞിരുന്നു.
(2) എല്ലാ സാഹചര്യങ്ങളിലും അവന്‍ ദൈവമഹത്വം കാണുന്നു.
(3) മനുഷ്യരുടെ എതിര്‍പ്പുകളില്‍ അവന്‍ അക്ഷോഭ്യനായിരിക്കുന്നു.
(4) ദൈവത്തിന്റെ വലത്തുഭാഗത്തുള്ള യേശുവില്‍ അവന്റെ ദൃഷ്ടി പതിഞ്ഞിരിക്കുന്നു.
(5) ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെപ്പറ്റി അവന്‍ ധൈര്യത്തോടെ സാക്ഷ്യം പറയുന്നു.
(6) അവന്‍ പീഡനമേല്‍ക്കുകയും ചിലപ്പോള്‍ കൊല്ലുപ്പെടുകയും ചെയ്യുന്നു.
(7) തന്നെ ഉപദ്രവിച്ചവരോട് അവന്‍ ക്ഷമിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ദൈവം പല കാരണങ്ങളാലാണ് സ്‌തെഫാനോസ് കൊല്ലപ്പെടുവാന്‍ അനുവദിച്ചത്. തര്‍സോസിലെ ശൗലിന്റെ മാനസാന്തരമായിരുന്നു ഒരു കാരണം. തന്നെ വധിക്കുമ്പോഴുള്ള സ്‌തെഫാനോസിന്റെ മനോഭാവം കണ്ടില്ലായിരുന്നുവെങ്കില്‍ പൗലൊസ് മാനസാന്തരപ്പെടുമായിരുന്നോ? തന്നെ ക്രൂശില്‍ തറച്ചവര്‍ക്കുവേണ്ടി യേശു പ്രാര്‍ത്ഥിക്കുന്നത് റോമന്‍ ശതാധിപന്‍ കേട്ടപ്പോള്‍ യേശു ദൈവപുത്രനാണെന്ന് അവന് ബോധ്യമായി. സ്‌തെഫാനോസ് പ്രാര്‍ത്ഥിക്കുന്നത് പൗലൊസ് കേട്ടപ്പോള്‍ അവന്റെ മനസ്സാക്ഷി അവനെ കുത്തുവാന്‍ തുടങ്ങി; പിന്നീട് ദമസ്‌കോസിലേക്കുള്ള വഴിയില്‍ കര്‍ത്താവ് അവനോട് ഇപ്രകാരം പറഞ്ഞു – ”നിന്റെ മനസ്സാക്ഷിയുടെ മുള്ളുകള്‍ക്കെതിരേ ഉതയ്ക്കുന്നത് നിനക്കു ക്ലേശകരം തന്നെ”(അപ്പൊ.പ്ര: 26:14). അങ്ങനെ അവന്‍ മാനസാന്തരപ്പെട്ടു.

നിങ്ങളോടു തിന്മ ചെയ്ത ആളുകളോട് നിങ്ങള്‍ പെരുമാറുന്ന രീതി നിങ്ങളെ ശ്രദ്ധിക്കുന്നവരില്‍ ഒരു പ്രതികരണം ഉണ്ടാക്കിയേക്കാം- അത് അവരുടെ രക്ഷയില്‍ കലാശിക്കയും ചെയ്യാം. പീഡനത്തോടുള്ള ക്രിസ്ത്യാനികളുടെ ദൈവഭക്തിയോടു കൂടിയ പ്രതികരണം കണ്ട് കഴിഞ്ഞ 2000 വര്‍ഷമായി മാനസാന്തരപ്പെട്ട അനേകായിരങ്ങളില്‍ ആദ്യത്തെയാള്‍ മാത്രമാണ് പൗലൊസ്. പക്ഷേ അപ്രകാരം പ്രതികരിക്കണമെങ്കില്‍ നാം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടണം.

അപ്പൊസ്തല പ്രവൃത്തി എട്ടാമധ്യായത്തില്‍ ഫിലിപ്പോസിന്റെ പ്രസംഗത്താല്‍ ശമര്യയില്‍ നടന്ന ഒരു വലിയ ഉണര്‍വ്വിനെപ്പറ്റി നാം വായിക്കുന്നു- ഫിലിപ്പോസ് വിധവമാര്‍ക്കു ഭക്ഷണം വിതരണം ചെയ്തുകൊണ്ടു തന്റെ ശുശ്രൂഷ ആരംഭിച്ചവനായിരുന്നു. ശമര്യയില്‍ ധാരാളം പേര്‍ രക്ഷിക്കപ്പെട്ടു; ഫിലിപ്പോസ് അവരെ സ്‌നാനം കഴിപ്പിച്ചു. ഇന്നത്തെ അനേകം പ്രസംഗകര്‍ക്കും കഴിയാത്തതുപോലെ അവരെ പരിശുദ്ധാത്മസ്‌നാനത്തിലേക്കു നയിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതിനാല്‍ പത്രൊസും യോഹന്നാനും വന്ന് അവര്‍ക്കായി പ്രാര്‍ത്ഥിച്ചു; അപ്പോള്‍ അവര്‍ക്ക് പരിശുദ്ധാത്മാവ് ലഭിച്ചു (8:17).

”യേശുവിന്റെ നാമത്തില്‍ സ്‌നാനമേല്‍ക്കുക” എന്ന പദപ്രയോഗം നാലു പ്രാവശ്യം അപ്പോസ്തലപ്രവൃത്തികളുടെ പുസ്തകത്തില്‍ നാം കാണുന്നു(2:38; 8:16; 10:48; 19:5). പക്ഷേ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിക്കാനാണ് യേശു തന്റെ ശിഷ്യന്മാരോട് ആജ്ഞാപിച്ചത് (മത്താ:28:19). പ്രഥമ ദൃഷ്ടിയില്‍ക്കാണുന്ന ഈ വ്യത്യാസം നാം എങ്ങനെ വിശദീകരിക്കും? വേദഭാഗങ്ങള്‍ അലക്ഷ്യമായി വായിക്കുന്ന അനേകര്‍ക്ക് ഇതു ചിന്താക്കുഴപ്പം ഉളവാക്കിയിട്ടുണ്ട്. പുതിയനിയമം വ്യാഖ്യാനം ചെയ്യുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട മൂന്നു തത്ത്വങ്ങള്‍ ഇവിടെ കാണാം. (1) രണ്ടു വേദഭാഗങ്ങള്‍ പരസ്പരവിരദ്ധമായി കാണപ്പെട്ടാല്‍ രണ്ടും ശരിയാവാം- വൈരുദ്ധ്യം പ്രത്യക്ഷത്തില്‍ മാത്രമാണെന്നു വരാം. (2) പ്രത്യക്ഷത്തില്‍ വിരുദ്ധമായ രണ്ടു വേദഭാഗങ്ങളില്‍ ഏതാണ് അനുസരിക്കേണ്ടതെന്നു സംശയമുണ്ടാകുമ്പോള്‍ കര്‍ത്താവായ യേശുവിന്റെ വ്യക്തമായ കല്പന എപ്പോഴും അനുസരിക്കുക. (3) പുതിയനിയമത്തിലെ ചരിത്രപരമായ ഒരു പ്രസ്താവന ഒരു ഉപദേശത്തിന് ആധാരമാക്കാതിരിക്കുക. ഈ അവസരത്തിലെ വിശദീകരണമിതാണ്: അക്രൈസ്തവമതങ്ങള്‍ക്കും ത്രിത്വം ഉണ്ട് – ഉദാഹരണത്തിന്, ഹിന്ദുമതത്തില്‍ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍; ഈജിപ്തുകാര്‍ക്കും ത്രിത്വം ഉണ്ടായിരുന്നു.അപ്പോസ്തലന്മാര്‍ സ്‌നാനം കഴിപ്പിച്ചപ്പോള്‍ ത്രിത്വം ക്രിസ്തീയത്രിത്വമായി തിരിച്ചറിയുവാന്‍ അവര്‍ ” പിതാവിന്റെയും പുത്രനായ യേശുക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍” സ്‌നാനം കഴിപ്പിച്ചു. ഈ സ്‌നാനം ത്രിത്വത്തില്‍ രണ്ടാമനെ യേശുക്രിസ്തുവായി തിരിച്ചറിയുന്നതിനാല്‍ ഇതിനെ ”യേശുവിന്റെ നാമത്തിലുള്ള സ്‌നാനം” എന്നു വിളിക്കുന്നു.

പത്രൊസ് ജനങ്ങളുടെ മേല്‍ കൈവച്ചിട്ട് പരിശുദ്ധാത്മാവു പ്രാപിക്കുന്നതു ശമര്യയിലെ മന്ത്രവാദിയായ ശിമോന്‍ കണ്ടപ്പോള്‍, തനിക്കും ഈ കഴിവു ലഭിക്കേണ്ടതിന് പത്രൊസിനു ധനം വാഗ്ദാനം ചെയ്തു. ക്രിസ്തീയയുഗത്തില്‍ ഒരാള്‍ ദൈവികാനുഗ്രഹം പണം കൊണ്ടു വാങ്ങുവാന്‍ ശ്രമിക്കുന്നത് ഇവിടെ നാം ആദ്യമായി കാണുന്നു. അക്രൈസ്തവ മതങ്ങള്‍, അവരുടെ ദൈവത്തിനു പണം കാഴ്ച വച്ച് അനുഗ്രഹങ്ങള്‍ സ്വായത്തമാക്കുവാന്‍ എപ്പോഴും ജനങ്ങളെ ഉത്സാഹിപ്പിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് അനേകം ക്രിസ്തീയ ടിവി പ്രസംഗകരും പാസ്റ്റര്‍മാരും ദൈവത്തിന് -ദൈവദാസന്മാര്‍ക്ക്- പണം കൊടുക്കുന്നതിലൂടെ ദൈവാനുഗ്രഹങ്ങള്‍ ലഭിക്കും എന്നു പ്രസംഗിക്കുന്നു. ലക്ഷക്കണക്കിനു ക്രിസ്ത്യാനികള്‍ ഈ വിധത്തില്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പക്ഷേ നിങ്ങള്‍ക്ക് ഒരിക്കലും ഈ വിധത്തില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സാധ്യമല്ല.

ഇന്നത്തെ മിക്ക പ്രസംഗകരില്‍ നിന്നും വ്യത്യസ്തനായി, പത്രൊസ് ആ പണം വാങ്ങുവാന്‍ വിസമ്മതിച്ചു. അദ്ദേഹം ശിമോനോട് ഇങ്ങനെ പറഞ്ഞു: ” ദൈവത്തിന്റെ ദാനം പണത്തിനു വാങ്ങിക്കൊള്ളാം എന്നു നിരൂപിക്കകൊണ്ട് നിന്റെ പണം നിന്നോടു കൂടെ നശിച്ചുപോകട്ടെ. നിന്റെ ഹൃദയം ദൈവസന്നിധിയില്‍ നേരുള്ളതല്ല”(8:20,21). അവരുടെ ശുശ്രൂഷയ്ക്കായി ധനം നല്‍കിക്കൊണ്ട് ഇന്ന് അനേകം ധനികരും പ്രസംഗകരെ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നു. ഒരു മനുഷ്യന്റെ ഹൃദയം ശരിയല്ല എന്നു കണ്ടാല്‍ നാം അവന്റെ പണം സ്വീകരിക്കുവാന്‍ വിസമ്മതിക്കണം. പക്ഷേ ഇന്ന് പത്രൊസിനെപ്പോലെയുള്ള പ്രസംഗകര്‍ എവിടെ? മിക്ക ശുശ്രൂഷകരും പ്രസംഗകരും ആരില്‍ നിന്നായാലും പണം സ്വീകരിക്കുവാന്‍ തക്കവണ്ണം പണത്തെ അത്രയധികം സ്‌നേഹിക്കുന്നു. ചിലര്‍ വീടുതോറും രസീതുബുക്കുമായി പോയി ”ദൈവവേലയ്ക്കായി” മാനസാന്തരപ്പെടാത്ത നാമധേയ ക്രിസ്ത്യാനികളില്‍ നിന്നുപോലും പണം സ്വീകരിക്കുന്നു. യേശുവോ അപ്പൊസ്തലന്മാരോ ഒരിക്കലും അപ്രകാരം ചെയ്തിട്ടില്ല (3 യോഹ:7).


ശൗലിന്റെ മാനസാന്തരം


ഒന്‍പതാം അദ്ധ്യായത്തില്‍, ദമസ്‌കോസിലേക്കുള്ള വഴിയില്‍ ശൗല്‍ കര്‍ത്താവിനെ കണ്ടുമുട്ടുമ്പോള്‍ കര്‍ത്താവിനോട് രണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നു. ഒന്ന്: ”നീ ആരാകുന്നു കര്‍ത്താവേ?” രണ്ട്: ”ഞാന്‍ എന്തു ചെയ്യുവാന്‍ അവിടുന്നു കല്പിക്കുന്നു?” (വാക്യം 5). ഈ രണ്ടു ചോദ്യങ്ങളും ജീവിതത്തിലുടനീളം ശൗല്‍ കര്‍ത്താവിനോടു ചോദിച്ചുകൊണ്ടേയിരുന്നു. തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ പൗലൊസിന്റെ ആഗ്രഹം ”യേശുവിനെ കൂടുതല്‍ അറിയുക” എന്നതും ”ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുക” എന്നതും ആയിരുന്നു(ഫിലി : 3:10,13). പൗലൊസിന്റെ ജീവിതത്തെക്കുറിച്ചുള്ള തന്റെ മുഴുവന്‍ പദ്ധതിയും കര്‍ത്താവ് ആദ്യം തന്നെ അദ്ദേഹത്തെ കാണിച്ചില്ല- പടിപടിയായി മാത്രമേ ദൈവം അതു വെളിപ്പെടുത്തിയുള്ളു. ”പട്ടണത്തില്‍ ചെല്ലുക. നീ ചെയ്യേണ്ടത് അവിടെവച്ചു നിന്നോടു പറയും”- ഇതായിരുന്നു ആദ്യപടി (വാക്യം-6).


പരിശുദ്ധാത്മാവിനു കീഴ്‌പ്പെട്ടു ജീവിച്ചുപോന്ന അനന്യാസ് എന്ന ഒരു മനുഷ്യന്‍ ദമസ്‌കോസിലുണ്ടായിരുന്നു. ശൗല്‍ താമസിക്കുന്ന സ്ഥലത്തു ചെന്ന് അവനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കര്‍ത്താവ് തന്നോടു പറയുന്നതായി അദ്ദേഹം കേട്ടു. ദൈവം നമ്മോട് എവിടെയെങ്കിലും പോകാന്‍ പറയുമ്പോള്‍ അവിടെ ദൈവം നമ്മുടെ ശുശ്രൂഷ പ്രാപിക്കാന്‍ തക്കവണ്ണം ആള്‍ക്കാരെ ഒരുക്കിയിട്ടുണ്ട് എന്നു തീര്‍ച്ചപ്പെടുത്താം. നീ നിന്റെ ഇഷ്ടപ്രകാരം പോകുമെങ്കില്‍, ആരും ഒരുക്കമില്ലാതിരിക്കുന്ന സ്ഥലങ്ങളില്‍ നീ പോയെന്നു വരാം. ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭനായ അപ്പൊസ്‌തോലന്‍ ആകുവാന്‍ തക്കവണ്ണം ശൗല്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടേണ്ടതിന് അവനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ദൈവം ഉപയോഗിച്ച വിനയാന്വിതനും അജ്ഞാതനുമായ ഒരു സഹോദരനായിരുന്നു അനന്യാസ്. അന്നത്തെ എല്ലാ ക്രിസ്തു ശിഷ്യന്മാരും ഒരാള്‍ മാനസാന്തരപ്പെട്ടാല്‍ മാത്രം പോരാ, അയാള്‍ പരിശുദ്ധാത്മാവില്‍ നിറയപ്പെടണം എന്നും മനസ്സിലാക്കിയിരുന്നു.

പ്രവൃത്തി 9:25-ല്‍ മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശൗലിനെ കുട്ടയില്‍ ജനാലയിലൂടെ ഇറക്കിയതായി നാം വായിക്കുന്നു. 2 കൊരി:11:32,33-ല്‍ ദൈവം തന്നെ താഴ്മയുള്ളവനാക്കിയത് എങ്ങനെയെന്ന് കൊരിന്ത്യരെ കാണിക്കുവാന്‍ ഈ നിന്ദ്യമായ സംഭവം പൗലൊസ് വിവരിക്കുന്നു. അപ്പൊ:പ്ര: 8-ല്‍ ദൈവം ഫിലിപ്പോസിനെ എടുത്തുകൊണ്ട് വേറെ ഒരു സ്ഥലത്തു കൊണ്ടുപോയതായി നാം വായിക്കുന്നു. ആളുകള്‍ തന്നെ കൊല്ലുവാന്‍ ശ്രമിച്ചപ്പോള്‍ ദൈവത്തിന് ഈ കാര്യം പൗലൊസിനു വേണ്ടിയും ചെയ്യാമായിരുന്നു. പക്ഷേ ദൈവത്തിന്റെ വഴികള്‍ എപ്പോഴും ഒരുപോലെയല്ല. നമ്മുടെ ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാന്‍ ചിലപ്പോള്‍ നമുക്കു പരിഹാസ്യമായ വഴികളിലൂടെ പോകേണ്ടിവരും. പക്ഷേ ദൈവം നമ്മെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ രക്ഷിക്കുന്നു!


കൊര്‍ന്നല്യോസ് – ദൈവത്തെ ഭയപ്പെട്ട യെഹൂദേതരന്‍


10-ാം അധ്യായത്തില്‍ ദൈവവചനം ആദ്യമായി യഹൂദേതരര്‍ക്കു ലഭിക്കുന്നതിനെപ്പറ്റി നാം വായിക്കുന്നു. ”നിങ്ങള്‍ യെരുശലേമിലും യഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികളാകും” എന്നു കര്‍ത്താവ് തന്റെ ശിഷ്യന്മാരോടു പറഞ്ഞിരുന്നു. രണ്ടാമത്തെ അധ്യായത്തില്‍ യരുശലേമിലും യഹൂദ്യയിലുമുള്ള യഹൂദന്മാരോടുകൂടെ ശിഷ്യന്മാര്‍ ഈ ദൗത്യം ആരംഭിച്ചു. 8-ാം അധ്യായത്തില്‍ അവര്‍ ശമര്യക്കാരുടെ അടുത്തുപോകുന്നു. ഇപ്പോഴിതാ യഹൂദേതരരുടെ അടുക്കല്‍ ആദ്യമായി അവര്‍ പോകുന്നു. യഹൂദന്മാര്‍ക്കും യഹൂദേതരര്‍ക്കും സുവിശേഷത്തിന്റെ വാതിലുകള്‍ ആദ്യമായിതുറന്നുകൊടുക്കുവാനുള്ള ഭാഗ്യപദവി കിട്ടിയത് പത്രൊസിനായിരുന്നു.

ബൈബിളിനെപ്പറ്റിയോ ദൈവത്തെപ്പറ്റിയോ ഒന്നുമറിയാത്ത മനുഷ്യനായിരുന്നു കൊര്‍ന്നല്യോസ്. അവന്‍ എപ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിക്കുന്ന ഒരു ഭക്തനും ദരിദ്രരെ ഔദാര്യമായി സഹായിക്കുന്നവനും ആയിരുന്നു (10:2). ഒരു ദൂതന്‍ അവനു പ്രത്യക്ഷനായി ”നിന്റെ പ്രാര്‍ത്ഥനയും ധര്‍മ്മവും ദൈവം കൈക്കൊണ്ടിരിക്കുന്നു” എന്ന് അവനോടു പറഞ്ഞു (വാക്യം-4). ദൈവഭയവും ആത്മാര്‍ത്ഥതയും ഉള്ളവനാണെങ്കില്‍ ഒരു അക്രൈസ്തവന്റെ പ്രാര്‍ത്ഥനപോലും ദൈവം കേള്‍ക്കും എന്ന് ഇവിടെ നാം കാണുന്നു. ദൈവം അയാളെ പിതാവിലേക്കുള്ള ഏകവഴിയായ ക്രിസ്തുവിലേക്ക് നയിക്കുന്നു (യോഹ:14:6). പത്രൊസിനെപ്പോലെ അനേകം ക്രിസ്ത്യാനികള്‍, തങ്ങള്‍ അക്രൈസ്തവരെക്കാള്‍ മെച്ചപ്പെട്ടവരാണെന്നു കരുതുന്നു. പക്ഷേ കൊര്‍ന്നല്യോസിനെപ്പോലെ ചില അക്രൈസ്തവര്‍ അനേകം ക്രിസ്ത്യാനികളേക്കാള്‍ കൂടുതല്‍ ദൈവഭയമുള്ളവരാണ്. താന്‍ യഹൂദേതരരേക്കാള്‍ വിശുദ്ധനാണെന്നും പത്രൊസ് ചിന്തിച്ചു. ദൈവത്തിന് പത്രൊസിന്റെ ആ അഭിപ്രായം മാറ്റി അദ്ദേഹത്തെ വിശാലഹൃദയമുള്ളവനാക്കേണ്ടിവന്നു. അക്രൈസ്തവരെപ്പറ്റി നമ്മുടെ അഭിപ്രായവും ദൈവത്തിനു മാറ്റേണ്ടിവരും. പത്രൊസിന്റെ അഭിപ്രായം മാറ്റുവാന്‍ വേണ്ടി ഒരു ദര്‍ശനം കൊടുക്കേണ്ടിവരത്തക്കവണ്ണം പത്രൊസ് കഠിനഹൃദയനായിരുന്നു (വാക്യം-11). ഈ ദര്‍ശനത്തില്‍ ശുദ്ധവും അശുദ്ധവുമായ മൃഗങ്ങള്‍ അടങ്ങിയ ഒരു വിരിപ്പ് പത്രൊസ് കണ്ടു; ‘അറുത്തു തിന്നുക’ എന്നു തന്നോടു പറയുന്ന ഒരു ശബ്ദവും കേട്ടു. താന്‍ അശുദ്ധമായതൊന്നും ഒരിക്കലും തിന്നിട്ടില്ല എന്നു പറഞ്ഞു പത്രൊസ് അതു നിരസിച്ചു. മോശെയുടെ ന്യായപ്രമാണപ്രകാരം ചില മൃഗങ്ങള്‍ അശുദ്ധമായതിനാല്‍ അവയെ യഹൂദന്മാര്‍ തിന്മാന്‍ പാടില്ല- (ലേവ്യ: 11). ‘ദൈവം ശുദ്ധീകരിച്ചതിനെ നീ അശുദ്ധം എന്നു വിചാരിക്കരുത്’ എന്നു ദൈവം പറഞ്ഞു. ഈ ദര്‍ശനം മൂന്നു പ്രാവശ്യം ഉണ്ടായി. പത്രൊസിനെ ആളയച്ചു വരുത്തണം എന്ന് ഒരു ദൂതന്‍ കൊര്‍ന്നല്യോസിനോടു പറഞ്ഞതനുസരിച്ച് കൊര്‍ന്നല്യോസിന്റെ അടുക്കല്‍ നിന്നു ദൂതന്മാര്‍ പത്രൊസിന്റെ വീട്ടില്‍ എത്തിയപ്പോള്‍, ഈ ദര്‍ശനത്തിന്റെ അര്‍ത്ഥം എന്തായിരിക്കും എന്നോര്‍ത്ത് പത്രൊസ് ചിന്താമഗ്നനായിരുന്നു. അപ്പോള്‍ യഹൂദന്മാര്‍ അശുദ്ധരെന്നു കരുതുന്ന ഈ യഹൂദേതര മനുഷ്യന്റെ വീട്ടില്‍ പോകാനാണ് ദൈവം തന്നോട് ആവശ്യപ്പെടുന്നതെന്ന് പത്രൊസിനു മനസ്സിലായി.

യേശു ലോകത്തിന്റെ പാപത്തിനായി മരിച്ചു എന്നും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നുമുള്ള സുവിശേഷ സത്യങ്ങള്‍ കൊര്‍ന്നല്യോസിന്റെ അടുക്കല്‍ വന്ന ദുതന് അറിയാമായിരുന്നു. പത്രൊസ് വന്ന് ഈ സന്ദേശം പറയുവാനായി അദ്ദേഹത്തെ വിളിക്കണം എന്നു കൊര്‍ന്നല്യോസിനോട് ആവശ്യപ്പെടുന്നതിനുപകരം ദൂതന്‍ തന്നെ എന്തുകൊണ്ട് അദ്ദേഹത്തോടു സുവിശേഷം പ്രസംഗിച്ചില്ല? സുവിശേഷം പത്രൊസിനേക്കാള്‍ പത്തിരട്ടി നന്നായി പ്രഘോഷിക്കുവാന്‍ ദൂതനു കഴിഞ്ഞേനേ. പക്ഷേ ദൂതനു ലഭിച്ചിട്ടില്ലാത്ത രക്ഷയുടെ അനുഭവം പത്രൊസിനുണ്ടായിരുന്നു. കൃപയാല്‍ രക്ഷപെട്ട ഒരു പാപിക്കു മാത്രമേ മറ്റൊരു പാപിയോട് രക്ഷയെപ്പറ്റി പറയാന്‍ സാധിക്കൂ. ഇതാണ് നാം അപ്പൊസ്തല പ്രവൃത്തികളുടെ ആദ്യവാക്യത്തില്‍ വായിക്കുന്നത്-‘യേശു പ്രവര്‍ത്തിച്ചു; അതിനുശേഷം പഠിപ്പിച്ചു.’ നിനക്ക് ഒരനുഭവം ഇല്ലെങ്കില്‍ നീ അതേപ്പറ്റി സംസാരിക്കരുത്. ദൂതന്‍ പോലും ആ തത്വം അംഗീകരിച്ചു. നീ അറിയുന്ന കാര്യങ്ങള്‍ പ്രസംഗിക്കരുത്; എന്നാല്‍ നീ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയവ, അഥവാ പ്രാവര്‍ത്തികമാക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളേ പ്രസംഗിക്കാവൂ.

പത്രൊസ് കൊര്‍ന്നല്യോസിന്റെ വീട്ടിലെത്തിയപ്പോള്‍ ഇപ്രകാരം പറഞ്ഞു. ”ഏതു ജാതിയിലും ദൈവത്തെ ഭയപ്പെട്ടു നീതി പ്രവര്‍ത്തിക്കുന്നവരെ ദൈവം അംഗീകരിക്കുന്നു”(10:35). (എല്ലാ രാജ്യങ്ങളിലും മാത്രമല്ല, എല്ലാ മതവിഭാഗങ്ങളിലും ഉള്ളവരെ). ഓരോ മതത്തിലും ദൈവത്തെ ഭയപ്പെടുന്നവരെ ദൈവം സ്വാഗതം ചെയ്യുന്നു; അവര്‍ രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം ക്രിസ്തുവിലേക്ക് ദൈവം അവരെ നടത്തുന്നു. പത്രൊസ് കൊര്‍ന്നല്യോസിന്റെ ഭവനത്തില്‍ പോകുവാന്‍ വിസ്സമ്മതിച്ചിരുന്നെങ്കിലോ? പത്രൊസ് അനുസരിച്ചിരുന്നില്ലെങ്കില്‍ കൊര്‍ന്നല്യോസ് നഷ്ടപ്പെടുമായിരുന്നോ? പത്രൊസിന്റെ അനുസരണക്കേടിന് കൊര്‍ന്നല്യോസിനെ നഷ്ടപ്പെടുവാന്‍ അനുവദിക്കുന്നത് ദൈവപക്ഷത്ത് അനീതിയാകുമായിരുന്നു. അതുകൊണ്ട് പത്രൊസ് പോയില്ലായിരുന്നുവെങ്കില്‍ ദൈവം യാക്കോബിനെയോ യോഹന്നാനേയോ, മറ്റു വല്ലവരെയുമോ കൊര്‍ന്നല്യോസിന്റെ അടുക്കലേക്ക് അയച്ചേനേ. അനന്യാസ് തര്‍സോസുകാരനായ ശൗലിന്റെ സമീപെ പോയിരുന്നില്ലെങ്കില്‍ ദൈവം മറ്റാരെയെങ്കിലും അയച്ചേനേ. ദൈവം ആവശ്യപ്പെടുന്നിടത്ത് നീ പോയില്ലെങ്കില്‍ നിന്റെ ശുശ്രൂഷ ദൈവം മറ്റാര്‍ക്കെങ്കിലും കൊടുക്കും.

10:38-ല്‍ പത്രൊസ് യേശുവിന്റെ ശുശ്രൂഷയെ ഇപ്രകാരം വിവരിക്കുന്നു: ”ദൈവം നസറയനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു: ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവന്‍ നന്മ ചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയും കൊണ്ടു സഞ്ചരിച്ചു.” യേശുവിന്റെ ജീവിതത്തിലും പരിശുദ്ധാത്മാഭിഷേകത്തിനുള്ള അടയാളം ശക്തിയായിരുന്നു. ആ ശക്തികൊണ്ട് യേശു നന്മ ചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയും കൊണ്ട് സഞ്ചരിച്ചു. നിരാശയുള്ളവര്‍, സന്തോഷമില്ലാത്തവര്‍, അവിവാഹിതര്‍, തങ്ങളുടെ ഭര്‍ത്താവിനാല്‍/ഭാര്യയാല്‍ പീഡിപ്പിക്കപ്പെടുന്നവര്‍, മാതാപിതാക്കളാല്‍ അവഗണിക്കപ്പെട്ടവര്‍, ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിക്കുന്നവര്‍-ഇങ്ങനെയുള്ളവരെ പാപത്തില്‍ നിന്നും സാത്താനില്‍ നിന്നും സ്വതന്ത്രരാക്കി സന്തോഷവാന്മാരാക്കുവാന്‍ ദൈവം നമ്മെ അവരുടെ മധ്യത്തിലേക്ക് അയച്ചിരിക്കുന്നു. ഈ ശുശ്രൂഷ തികയ്ക്കുവാന്‍ യേശുവിന് പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടേണ്ടിയിരുന്നു എങ്കില്‍ നമുക്ക് എത്രയധികം! യേശു അഭിഷേകം പ്രാപിച്ചപ്പോള്‍ ”ദൈവം അവനോടു കൂടെ ഇരുന്നു” എന്നു വായിക്കുന്നു. നാം പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുമ്പോള്‍ ദൈവം നമ്മോടു കൂടെയുമിരിക്കും. നാം പ്രസംഗപീഠത്തില്‍ നിന്നു ദൈവവചനം പ്രസംഗിക്കുമ്പോഴും ഒരാളില്‍ നിന്നു ഭൂതത്തെ പുറത്താക്കുമ്പോഴും യേശു ആ മനുഷ്യരെ അനുഗ്രഹിക്കാന്‍ വേണ്ടി നമ്മോടൊപ്പമുണ്ടാകും.

11:28-ല്‍ ലോകത്തെല്ലായിടത്തും ഒരു ക്ഷാമമുണ്ടാകുമെന്നു അഗബൊസ് പ്രവാചകന്‍ പ്രവചിക്കുന്നതായി നാം വായിക്കുന്നു. അത് എപ്പോള്‍ വരും എന്നു കൃത്യമായി അദ്ദേഹം പറഞ്ഞില്ല; കാരണം ”കാലങ്ങളും സമയങ്ങളും പിതാവ് തന്റെ സ്വന്തഅധികാരത്തില്‍ വെച്ചിട്ടുള്ളവയാണ്”(അപ്പൊ:1:7). എന്നു യേശു പറഞ്ഞിരുന്നല്ലോ. പക്ഷേ ക്ഷാമം ഉടന്‍ തന്നെ ഉണ്ടായി.


പഴയനിയമ പ്രവാചകനും പുതിയനിയമ പ്രവാചകനും


പഴയനിയമ പ്രവചനവും പുതിയനിയമ പ്രവചനവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. പഴയനിയമത്തില്‍ ജനങ്ങള്‍ പ്രവാചകന്മാരോട് എന്തു ചെയ്യണമെന്നതിനെപ്പറ്റി മാര്‍ഗ്ഗദര്‍ശനം ചോദിച്ചിരുന്നു; അവരോടു പറയുവാന്‍ ദൈവം അരുളിച്ചെയ്ത കാര്യങ്ങള്‍ പറഞ്ഞ് പ്രവാചകന്‍ അവരെ നടത്തിപ്പോന്നു. കാരണം അവരെ വഴി നടത്തുവാന്‍ അന്ന് പരിശുദ്ധാത്മാവ് ഉണ്ടായിരുന്നില്ല. പ്രവാചകര്‍ക്കു മാത്രമേ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നുള്ളു. പക്ഷേ പുതിയ ഉടമ്പടിയില്‍ കര്‍ത്താവ് ഇങ്ങനെ പറഞ്ഞു.” ഇനി അവരില്‍ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും കര്‍ത്താവിനെ അറിക എന്നും ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും”(എബ്രാ.8:11). പരിശുദ്ധാത്മാവിന്റെ സ്ഥാനം എടുത്ത് ജനത്തെ ക്രിസ്തുവിലേക്കല്ല, തങ്കലേക്കു തന്നെ നടത്തുകയാവും ഇന്നു പ്രവാചകന്മാര്‍ എന്നു നടിക്കുന്നവര്‍ ചെയ്യുന്നത്. നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് അസൂയയോടെ നമ്മെ ആഗ്രഹിക്കുന്നു എന്നു ബൈബിള്‍ പറയുന്നു(യാക്കോ: 4:5). എന്തിന്? നമുക്ക് നമ്മുടെ ക്രിസ്തുവുമായി നേരിട്ടുള്ള ഒരു ബന്ധം ഉണ്ടാവണമെന്നും നമുക്കും കര്‍ത്താവിനും മധ്യേ ഒരാളും വരാന്‍ പാടില്ല എന്നും പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. ഇന്നു ധാരാളം പാസ്റ്റര്‍മാരും സ്വയം നിയമിച്ച ”പ്രവാചകന്മാരും” ജനങ്ങളോട് എന്തു ചെയ്യണം, എവിടെപ്പോകണം, ആരെ വിവാഹം കഴിക്കണം തുടങ്ങിയവ പറയുന്നു; അവരെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവൃത്തി തടസ്സപ്പെടുത്തുന്നവരാണ്; കാരണം ദൈവം തങ്ങളോടു നേരിട്ടു സംസാരിക്കയില്ല എന്ന് അവര്‍ ജനത്തിനു ധാരണ കൊടുക്കുന്നു. ഇവര്‍ ആളുകള്‍ക്കും കര്‍ത്താവിനും മധ്യേവരുന്നതിനാല്‍ സാത്താനാല്‍ പ്രേരിതരാണ് (അവര്‍ അറിഞ്ഞാലും ഇല്ലെങ്കിലും). ആരും നിനക്കും കര്‍ത്താവിനും ഇടയ്ക്കു വരാതവണ്ണം നിങ്ങള്‍ കര്‍ത്താവുമായി നേരിട്ടുള്ള ബന്ധം പുലര്‍ത്തണമെന്ന് പരിശുദ്ധാത്മാവ് അസൂയയോടെ ആഗ്രഹിക്കുന്നു എന്ന് എപ്പോഴും ഓര്‍ക്കുക.

അനേകം ആളുകള്‍ ചില കാര്യത്തില്‍ തങ്ങളെക്കുറിച്ചുള്ള ദൈവേഷ്ടം കണ്ടുപിടിക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദൈവത്തെ ആദരിക്കുന്നതിനാല്‍ ഞാന്‍ അപ്രകാരം ചെയ്യാന്‍ ധൈര്യപ്പെട്ടിട്ടില്ല. ദൈവഭയമില്ലാത്ത ഒരുവന്‍ മാത്രമേ മറ്റൊരാളുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ സ്ഥാനം ഏറ്റെടുക്കുകയുള്ളു. ചില ആളുകള്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തനമാര്‍ഗത്തെപ്പറ്റി ഉപദേശം കൊടുക്കുവാന്‍ ഞാന്‍ എപ്പോഴും സന്നദ്ധനാണ്. ഒരു പ്രത്യേക കര്‍മ്മപദ്ധതിയുടെ മേന്മകളും പോരായ്മകളും പറഞ്ഞുകൊടുക്കുവാന്‍ എനിക്കു സാധിക്കും. എന്നിട്ട് അവര്‍ തന്നെ പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ അവര്‍ക്കു നിര്‍ദ്ദേശം നല്‍കും. ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ അവര്‍ എന്തു ചെയ്യണമെന്നു കാണിച്ചുതരും എന്നു ഞാന്‍ അവര്‍ക്കു ഉറപ്പുനല്‍കും.

അതിനാല്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ദൈവത്തിന്റെ സ്ഥാനം എടുത്ത് അവര്‍ക്കായി ദൈവേഷ്ടം കണ്ടുപിടിക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. എതിര്‍ക്രിസ്തുവിനെപ്പറ്റി ”അവന്‍ ദൈവാലയത്തില്‍ ഇരുന്ന് ദൈവം എന്നു നടിക്കും”(2 തെസ്സ. 2:4) എന്നു പറയുന്നു. ഇന്നു സഭയില്‍ (ദൈവാലയത്തില്‍) ഇരുന്ന് ദൈവത്തിന്റെ സ്ഥാനം എടുക്കുന്നവരും എതിര്‍ക്രിസ്തുവിന്റെ ആത്മാവുള്ളവരുമായ കള്ളപ്രവാചകന്മാര്‍ ഉണ്ട്- അവര്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ദൈവവേഷ്ടം എന്തെന്ന് പറഞ്ഞു കൊടുക്കുന്നവരാണ്. ഒരു ഡോക്ടര്‍ തന്റെ ചികിത്സാഫീസ് വാങ്ങുന്നതുപോലെ പ്രവചനം പറഞ്ഞതിനുശേഷം ഇവരെല്ലാവരും പണം പ്രതീക്ഷിക്കുന്നു എന്നതാണ് ഈ സ്വയപ്രഖ്യാപിത പ്രവാചകന്മാര്‍ കള്ളപ്രവാചകന്മാരാണെന്നതിന്റെ തെളിവ്. തങ്ങള്‍ക്ക് പരിശുദ്ധാത്മാവുമായി നേരിട്ടുള്ള ബന്ധം നഷ്ടപ്പെടുന്നതിനാല്‍ ഈ പ്രവാചകന്മാരുടെ അടുത്തു പോകുന്നവര്‍ ഒരിക്കലും ആത്മീയമായി വളരുന്നില്ല. അടുത്ത പ്രാവശ്യം ദൈവഹിതം അറിയേണ്ടപ്പോഴും അവര്‍ പ്രവാചകന്റെ അടുക്കല്‍പ്പോകും. എന്നാല്‍ മറ്റൊരു വ്യക്തിയിലൂടെയല്ലാതെ പരിശുദ്ധാത്മാവു തന്നേ നിങ്ങള്‍ക്കു ദൈവേഷ്ടം കാണിച്ചുതരുവാന്‍ ആഗ്രഹിക്കുന്നു.

അഗബൊസ് എന്ന ഒരു യഥാര്‍ത്ഥ പ്രവാചകന്‍ ഇവിടെ എന്തു ചെയ്തു? ഒരു ക്ഷാമം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ അവര്‍ ആ പാവപ്പെട്ട വിശുദ്ധന്മാര്‍ക്കായി ധനശേഖരം നടത്തി അവര്‍ക്ക് അയച്ചു കൊടുക്കണം എന്ന് അദ്ദേഹം പറഞ്ഞില്ല.കാരണം പുതിയ ഉടമ്പടിയിന്‍ കീഴില്‍ ആരും ഒരു ദൈവപൈതലിനോട് താന്‍ എന്തു ചെയ്യണം എന്നു പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല എന്നദ്ദേഹം അറിഞ്ഞിരുന്നു. കള്ളപ്രവാചകന്മാരില്‍ നിന്നു വ്യത്യസ്തനായി എവിടെ പ്രവചനം നിര്‍ത്തണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരു യഥാര്‍ത്ഥ പ്രവാചകന്‍ ഭാവിയെപ്പറ്റി ദൈവം തനിക്കു വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ പറഞ്ഞതിനുശേഷം തന്റെ പ്രവചനം അവസാനിപ്പിക്കും. അന്ത്യോക്ക്യയിലെ വിശ്വാസികള്‍ ദൈവത്തെ അന്വേഷിക്കയും പരിശുദ്ധാത്മാവ് അവര്‍ക്ക് എന്തു ചെയ്യണം എന്നു കാണിച്ചു കൊടുക്കുകയും ചെയ്തു. അവര്‍ ധനം സമാഹരിച്ച് പാവപ്പെട്ട വിശ്വാസികള്‍ക്ക് അയച്ചുകൊടുത്തു. നിര്‍ദ്ദേശം നല്‍കുന്ന രൂപത്തിലുള്ള പ്രവചനം ഒരു പഴയനിയമസമ്പ്രദായമാണ്- കാരണം, അക്കാലത്ത് ജനങ്ങള്‍ക്ക് പരിശുദ്ധാത്മാവ് ഉണ്ടായിരുന്നില്ല. ആ രീതി പുതിയനിയമത്തില്‍ ഒരിടത്തും കാണുന്നില്ല.

പുതിയനിയമത്തില്‍ നാം വായിക്കുന്ന എല്ലാ ധനസമാഹരണവും- അത് 1 കൊരി:16:2-ലോ 2 കൊരി:8&9-ലോ ആകട്ടെ- എപ്പോഴും സഭകളിലെ പാവപ്പെട്ട വിശുദ്ധന്മാര്‍ക്കു വേണ്ടി മാത്രമായിരുന്നു. പൗലൊസോ ഏതെങ്കിലും അപ്പൊസ്തലനോ ആരോടും തങ്ങള്‍ക്കായോ തങ്ങളുടെ ശുശ്രൂഷയ്ക്കായോ ധനശേഖരണം നടത്തുവാന്‍ പറയുന്നതായി നാം വായിക്കുന്നില്ല. പാവപ്പെട്ടവരെ സഹായിക്കണം എന്നു മാത്രം അവര്‍ പറഞ്ഞു. പൗലൊസ് തന്റെ ജീവിതസന്ധാരണത്തിനായി സ്വയം ജോലി ചെയ്തു; ധനം അയയ്ക്കുവാന്‍ കര്‍ത്താവ് ചിലരെ പ്രേരിപ്പിക്കുന്നതിലൂടെ തന്റെ അധികച്ചെലവുകള്‍ നടക്കും എന്ന് അദ്ദേഹം കര്‍ത്താവില്‍ ആശ്രയിച്ചു. അല്ലാതെ അദ്ദേഹം തന്റെ ആവശ്യങ്ങള്‍ അവരെ അറിയിക്കുകയോ തന്റെ വേലയുടെ റിപ്പോര്‍ട്ട് വിശ്വാസികള്‍ക്ക് അയയ്ക്കുകയോ ചെയ്തില്ല.

അന്ത്യോക്ക്യയില്‍ നിന്നു ശേഖരിച്ച പണം ബര്‍ന്നബാസും ശൗലും യെരുശലേമിലേക്കു കൊണ്ടുവന്നു (അപ്പൊ:11:29-30). യഹൂദന്മാരുടെയും ജാതികളുടെയും ഇടയില്‍ വലിയൊരു വേര്‍തിരിവിന്റെ ഭിത്തി ഉണ്ടായിരുന്നു. പക്ഷേ അന്ത്യോക്ക്യയിലുള്ള ജാതികളെ യരുശലേമിലുള്ള യഹൂദന്മാരുമായി അടുപ്പിച്ചുകൊണ്ടുവരുവാന്‍ ദൈവം ഒരു ക്ഷാമത്തെ ഉപയോഗിച്ചു. നമ്മുടെ ജീവിതങ്ങളിലും സഭകളിലും ദൈവം അയയ്ക്കുന്ന പരിശോധനകളും പ്രയാസങ്ങളും നമ്മെ പരസ്പരം അടുപ്പിക്കാനാണ് ദൈവം ഉപയോഗിക്കുന്നത്. ഒരു വിശ്വാസി രോഗിയായി ആശുപത്രിയിലായിരിക്കുമ്പോള്‍ മറ്റു വിശ്വാസികള്‍ അയാളുടെ കുടുംബത്തിനു ഭക്ഷണം കൊണ്ടുവരികയും അയാളുടെ ആശുപത്രിച്ചെലവുകള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്യും. അങ്ങനെ രോഗി ആശുപത്രിയില്‍ നിന്നു തിരിച്ചു വരുമ്പോള്‍ യേശുവിന്റെ ശരീരമായ സഭയുമായി അഭേദ്യബന്ധം അയാള്‍ക്കുണ്ടാകും. അതിനാല്‍ ദൈവം അനുവദിക്കുന്ന രോഗങ്ങള്‍ക്കായി നമുക്കു ദൈവത്തെ സ്തുതിക്കാം.

പ്രവൃത്തി 12-ാം അധ്യായത്തില്‍ ഹെരോദാരാജാവ് യാക്കോബിനെ വാള്‍ കൊണ്ടു കൊല്ലുന്നതായി കാണുന്നു. അടുത്തതായി ഹൊരോദാവ് പത്രൊസിനെയും കാരാഗൃഹത്തിലടയ്ക്കുന്നു. എന്നാല്‍ സഭ അദ്ദേഹത്തിന്റെ വിടുതലിനായി ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കയും അദ്ദേഹം അത്ഭുതകരമായി കാരാഗൃഹം വിട്ടു പുറത്തുവരികയും ചെയ്യുന്നു (12:5-16). പത്രൊസിനെ വിടുവിച്ചതുപോലെ യാക്കോബിനെയും എളുപ്പം വിടുവിക്കുവാന്‍ ദൈവത്തിനു സാധിക്കുമായിരുന്നു. പക്ഷേ ദൈവത്തിന്റെ ഡയറിയില്‍ ഒരു മനുഷ്യന്റെ ഈ ഭൂമിയിലെ കാലയളവ് തീരുമ്പോള്‍ അവനെ സ്വര്‍ഗ്ഗഭവനത്തിലേക്കു ദൈവം കൈക്കൊള്ളുന്നു.

ഇതുപോലെ, പഴയനിയമത്തില്‍ പ്രവാചകന്മാരായ ഊരിയാവിന്റെയും യിരെമ്യാവിന്റെയും പ്രവചനങ്ങള്‍ യെഹോയാക്കീം രാജാവിന് അനിഷ്ടമായി എന്നു നാം വായിക്കുന്നു. രാജാവ് ഊരിയാവിനെ കൊന്നുകളഞ്ഞു. പക്ഷേ യിരെമ്യാവ് രക്ഷപ്പെട്ടു. (യിരെ:26:11,20-24).

ഇവിടെ യാക്കോബ് വധിക്കപ്പെട്ടപ്പോള്‍ പത്രൊസ് രക്ഷപ്പെട്ടു. മറ്റു ചിലരുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചതുപോലെ നിനക്ക് ഉത്തരം എന്തുകൊണ്ടു കിട്ടിയില്ല എന്നു നീ എപ്പോഴെങ്കിലും അത്ഭുതം കൂറിയിട്ടുണ്ടോ?

ആ പ്രാര്‍ത്ഥനാ യോഗത്തില്‍ പത്രൊസ് സാക്ഷ്യം പറഞ്ഞപ്പോള്‍ തന്റെ മകനെ ദൈവം എന്തുകൊണ്ടു വിടുവിച്ചില്ല എന്നു യാക്കോബിന്റെ അമ്മ ആശ്ചര്യപ്പെട്ടിരിക്കും. അവള്‍ ഒരു ദൈവഭക്ത ആയിരുന്നുവെങ്കില്‍ ദൈവത്തിന്റെ സര്‍വ്വാധിപത്യം മനസ്സിലാക്കി അവള്‍ പത്രൊസിന്റെ കുടുംബാംഗങ്ങളോടൊപ്പം സന്തോഷിക്കുമായിരുന്നു.

ചിലപ്പോള്‍ ഒരേ രോഗമുണ്ടായിരുന്നവരില്‍ ഒരാള്‍ മരിക്കുന്നതും മറ്റേയാള്‍ സൗഖ്യമാകുന്നതും നാം കാണുന്നു. ആ സന്ദര്‍ഭത്തില്‍ നാം നമ്മെത്തന്നെ താഴ്ത്തി ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിക്കണം. കാരണം നമുക്ക് അതു വിശദീകരിക്കുവാന്‍ സാധിക്കുകയില്ലല്ലോ.


ഒന്നാമത്തെ മിഷനറി പ്രവര്‍ത്തനം

അപ്പൊസ്തല പ്രവൃത്തികള്‍ 13-ാം അധ്യായത്തില്‍ അന്ത്യോക്ക്യയില്‍ നിന്നുള്ള ആദ്യത്തെ മിഷനറി പ്രസ്ഥാനത്തെപ്പറ്റി നാം വായിക്കുന്നു. അന്ത്യോക്ക്യയില്‍ നിന്നു യെരുശലേമിലേക്കു സഹായധനവുമായി പോയ ബര്‍ന്നബാസും ശൗലും പത്രൊസിന്റെ അത്ഭുതവിടുതല്‍ കണ്ട് സന്തുഷ്ടരായി. അവര്‍ യെരുശലേമിലേക്ക് അവിടെയുള്ള ജനത്തെ ഭൗതികമായി അനുഗ്രഹിക്കുവാനാണ് പോയത്. പകരം പ്രാര്‍ത്ഥനയുടെ അനന്തരഫലങ്ങള്‍ കണ്ട് അവര്‍ക്ക് ഒരു ആത്മീയാനുഗ്രഹം ലഭിച്ചു. ”തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും”(സദൃ.11:25). അന്ത്യോക്ക്യയില്‍ മടങ്ങിച്ചെന്നപ്പോള്‍, തങ്ങള്‍ പ്രാര്‍ത്ഥനയെക്കുറിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ അവര്‍ അവിടത്തെ മൂപ്പന്മാരെ പഠിപ്പിച്ചു (13:1-2). അവരെല്ലാവരും ഉപവസിക്കുവാനും ദൈവത്തെ ആരാധിക്കുവാനും തീരുമാനിച്ചു. അവര്‍ യാതൊന്നും ആവശ്യപ്പെടാതെ ദൈവത്തെ ആരാധിക്കുകയായിരുന്നു. ഉപവസിച്ച് ദൈവത്തെ ആരാധിക്കുക മാത്രം ചെയ്യുന്നത് എത്ര മഹത്വകരമായ കാര്യമാണ്! ”ഞാന്‍ ബര്‍ന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് അവരെ എനിക്കു വേര്‍തിരിപ്പിന്‍.” എന്നു ദൈവം കല്പിച്ചു(13:2). ദൈവം അവരോട് എങ്ങനെ സംസാരിച്ചുവെന്ന് ഇവിടെപ്പറയുന്നില്ല. ദൈവം ഇന്നതാണ് കല്പിക്കുന്നത് എന്ന് തങ്ങളുടെ ആത്മാക്കളില്‍ കിട്ടിയ ആഴമായ ബോധ്യത്തിലൂടെ ആയിരിക്കണം അവര്‍ മനസ്സിലാക്കിയത്.

ദൈവം ബര്‍ന്നബാസിനെയും ശൗലിനെയും ഈ സമയത്തല്ല വിളിച്ചത്. ദൈവം അവരെ നേരത്തെതന്നെ വിളിച്ചിരുന്നു. ആളുകള്‍ക്കു ലഭിക്കുന്ന വിളി എപ്പോഴും വ്യക്തിപരവും സ്വകാര്യപരവും ആയിരിക്കും. ഇവിടെ സംഭവിച്ചതുപോലെ അത് പരസ്യമായി സ്ഥിരീകരിക്കപ്പെടാം. ‘നീ അവിടെപ്പോകുക’ എന്നോ ‘നീ ഇന്നയാളെ വിവാഹം കഴിക്കുക’ എന്നോ കര്‍ത്താവ് കല്പിക്കുന്നുവെന്ന് ഒരാള്‍ പറഞ്ഞാല്‍ നാം അത് ഒരിക്കലും ദൈവവിളിയായി എടുക്കരുത്. അതിനെ അവഗണിക്കാം. ദൈവത്തിന് എന്തെങ്കിലും നിങ്ങളെ അറിയിക്കുവാനുണ്ടെങ്കില്‍ അതു ദൈവം തന്നെ സ്വകാര്യമായി നിങ്ങളോടു കല്പിക്കും. മറ്റു മൂപ്പന്മാരിലൂടെ പരസ്യമായി അതു സ്ഥിരീകരിക്കയും ചെയ്യും. എന്നാലത് ദൈവം അവരെ നേരത്തേ വിളിച്ചിട്ടുള്ള കാര്യത്തിനുവേണ്ടിയായിരിക്കും.

ശൗലും ബര്‍ന്നബാസും ആ വിളി നേരത്തേ കേട്ടവരാണ്. അവര്‍ അതിനെപ്പറ്റി ചിന്തിച്ചുകൊണ്ടുമിരുന്നു; പെട്ടെന്ന് മീറ്റിംഗില്‍ വച്ച് മറ്റു മൂപ്പന്മാര്‍ ഇപ്രകാരം പറയുന്നത് അവര്‍ കേട്ടു: ”നിങ്ങള്‍ ഇപ്രകാരം ചെയ്യണമെന്നതിനെപ്പറ്റി ദൈവം ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്നു.” അങ്ങനെ ദൈവം അവരോട്: ”ഞാന്‍ ബര്‍ന്നബാസിനെയും ശൗലിനെയും (നേരത്തേ) വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് അവരെ എനിക്കു വേര്‍തിരിക്കുവിന്‍” എന്നു കല്പിച്ചു. ദൈവം ഈ വിളി നേരത്തെ ശൗലിനും ബര്‍ന്നബാസിനും വ്യക്തിപരമായി നല്‍കിയിരുന്നു. എങ്കിലും തങ്ങളുടെ കൂട്ടുമൂപ്പന്മാരും അതു ദൈവത്തില്‍ നിന്നു കേള്‍ക്കുന്നതുവരെ അവര്‍ കാത്തിരുന്നു- ഇപ്രകാരം ദൈവം അവരെ അയച്ചിട്ട് അവര്‍ പോയി. പുതിയ നിയമപ്രകാരമുള്ള സഭാശുശ്രൂഷ ഇപ്രകാരമാണ്. ഈ വിധത്തില്‍ അത് പഴയനിയമ സമ്പ്രദായത്തില്‍ നിന്നു വ്യത്യസ്തമായിരിക്കുന്നു.

1964 മേയ് മാസം 6-ാം തീയതി ദൈവം എന്നെ പൂര്‍ണ്ണസമയ ക്രിസ്തീയ ശുശ്രൂഷയ്ക്കായി വിളിച്ചു. ഞാന്‍ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.സുവിശേഷകന്മാരുടെ ഒരു ഗ്രൂപ്പുമൊത്ത് മീറ്റിംഗുകള്‍ നടത്തുവാനായി ഞാന്‍ അവധിയിലായിരുന്നു. ഞാന്‍ ദൈവവചനം വായിച്ചുകൊണ്ടിരുന്നപ്പോള്‍ യെശയ്യാവ് 49-ലൂടെ ദൈവം എന്നെ വളരെ വ്യക്തമായി വിളിച്ചു. എന്റെ അടുത്തിരുന്ന ആരും ദൈവമെന്താണ് എന്നോടു സംസാരിച്ചതെന്നു കേട്ടില്ല. അതൊരു രഹസ്യവും വ്യക്തിപരവുമായ വിളിയായിരുന്നു. ഒരു മണിക്കൂറിനുശേഷം, ഞാന്‍ ദൈവത്തിന്റെ വിളിയെപ്പറ്റിയും നേവിയില്‍ നിന്നു രാജിവയ്ക്കുന്നതിനെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഞങ്ങളുടെ കൂടെ യാത്ര ചെയ്തിരുന്ന ഒരു ദൈവമനുഷ്യന്‍ (ഇന്ത്യയില്‍ ഞാന്‍ മറ്റാരെക്കാളും ബഹുമാനിച്ചിരുന്നയാള്‍) എന്റെ അടുത്തുവന്നു ”താങ്കള്‍ എപ്പോഴാണു നേവിയില്‍ നിന്നു വിട്ടുപോരുവാന്‍ ഉദ്ദേശിക്കുന്നത്?” എന്ന് എന്നോടു ചോദിച്ചു. ഇത് എന്നെ അത്ഭുതപ്പെടുത്തിയ ഒരു പ്രവാചക ശബ്ദമായിരുന്നു. ദൈവം നേരത്തെ എന്റെ അന്തരംഗത്തില്‍ പറഞ്ഞതിന്റെ ഒരു ബാഹ്യസ്ഥിരീകരണം കൂടിയായിരുന്നു അത്. ദൈവം നിന്നെ വിളിക്കുകയാണെങ്കില്‍ നിന്നെ വ്യക്തിപരമായി ആദ്യം വിളിക്കും. പിന്നീട് മറ്റു ദൈവഭക്തരില്‍ നിന്നും നിനക്ക് ഉറപ്പു ലഭിക്കും. പക്ഷേ നീ തന്നെ ആദ്യം വിളി കേള്‍ക്കണം. പുതിയനിയമ പ്രകാരമുള്ള ദൈവത്തിന്റെ പ്രവര്‍ത്തനം ഈ വിധത്തിലാണ്.

”ദാവീദ് തന്റെ തലമുറയില്‍ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു” എന്നു അപ്പൊസ്തല പ്രവൃത്തി 13:36-ല്‍ നാം വായിക്കുന്നു. ദൈവേഷ്ടം ചെയ്തുകൊണ്ട് നമ്മുടെ തലമുറയെ സേവിക്കാനാണ് നമ്മെ എല്ലാവരെയും വിളിച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ഈ ലോകം വിട്ടു പോകുന്നതിനുമുമ്പ് ദൈവത്തിന്റെ പൂര്‍ണ്ണഹിതം നിറവേറ്റി എന്നു ഉറപ്പുവരുത്തുക. അതിനായി നിങ്ങള്‍ ദാവീദിനെപ്പോലെ ഒരാളായിരിക്കണം; ദൈവം ദാവീദിനെപ്പറ്റി; ”ഞാന്‍ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവന്‍ എന്റെ ഹിതം എല്ലാം ചെയ്യും” (വാക്യം-22) എന്ന് അരുളിച്ചെയ്തുവല്ലോ.


സഭയുടെ സ്ഥാപനവും മൂപ്പന്മാരുടെ നിയമനവും


14-ാം അധ്യായത്തില്‍ ദൈവം പൗലൊസിലൂടെ ഒരു മുടന്തനെ എങ്ങനെ സൗഖ്യമാക്കി എന്നു വായിക്കുന്നു. ലുസ്ത്രയിലെ ജനക്കൂട്ടത്തിന്റെ അസ്ഥിരത എത്ര ശ്രദ്ധേയമായിരിക്കുന്നു! ഒരു സന്ദര്‍ഭത്തില്‍ അവര്‍ പൗലൊസിനെയും ബര്‍ന്നബാസിനെയും ദേവന്മാരായിക്കരുതി ആരാധിപ്പാന്‍ ഒരുങ്ങി; പക്ഷേ വളരെ പെട്ടെന്നുതന്നെ അവരെ കൊല്ലുവാന്‍ തുനിഞ്ഞു (വാക്യം 13,19). നസറേത്തിലെ യഹൂദപ്പള്ളിയില്‍വച്ച് യേശുവിനും ഇതുപോലെയുള്ള അനുഭവമുണ്ടായി. ആദ്യം അവര്‍ യേശു സംസാരിച്ച ലാവണ്യവാക്കുകളെപ്പറ്റി ആശ്ചര്യപ്പെട്ടു. അല്പസമയത്തിനുശേഷം യേശുവിനെ കൊല്ലുവാന്‍ അവര്‍ ആഗ്രഹിച്ചു (ലൂക്കൊ: 4:22, 28,29). പക്ഷേ അവര്‍ക്കു യേശുവിനെയോ പൗലൊസിനെയോ കൊല്ലുവാന്‍ കഴിഞ്ഞില്ല- കാരണം, അവര്‍ക്കായുള്ള ദൈവത്തിന്റെ സമയം അതുവരെ വന്നിരുന്നില്ല.

അവര്‍ പൗലൊസിനെ കല്ലെറിഞ്ഞതിനുശേഷം, അദ്ദേഹം മരിച്ചുപോയി എന്നു കരുതി പട്ടണത്തിനു പുറത്തേക്ക് ഇഴെച്ചുകളഞ്ഞു. മറ്റുള്ളവര്‍ തന്റെ വിലയേറിയ ദാസന്മാരോട് ഇപ്രകാരം പെരുമാറുവാന്‍ ദൈവം അനുവദിക്കുമോ? അനുവദിക്കും- ഇന്നാണെങ്കില്‍ പോലും. ദുഷ്ടമനുഷ്യര്‍ യേശുവിനെ വധിക്കുന്നത് ദൈവം തടഞ്ഞില്ല. (അവിടുത്തെ സമയം വന്നപ്പോള്‍). ദുഷ്ടര്‍ ആദിമ അപ്പോസ്തലന്മാരെ കൊല്ലുന്നതും ദൈവം തടഞ്ഞില്ല. നാം അറിയുന്നിടത്തോളം ആദ്യത്തെ 12 ശിഷ്യന്മാരില്‍, യോഹന്നാന്‍ മാത്രമേ സ്വാഭാവികമരണം വരിച്ചുള്ളു. മറ്റു 11 പേരും രക്തസാക്ഷികളായി. യേശുവിന്റെ ശിഷ്യന്മാരില്‍ അത്യുത്തമരായി ചരിത്രം നമുക്കു കാണിച്ചുതരുന്നവര്‍ വധിക്കപ്പെടുകയായിരുന്നു- ദുഷ്ട മനുഷ്യര്‍ അവരെ വധിക്കുന്നത് ദൈവം തടഞ്ഞില്ല.

2 കൊരിന്ത്യര്‍ 12-ാം അധ്യായത്തില്‍ 14 വര്‍ഷം മുമ്പ് മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെടുകയും തിരിച്ചു ഭൂമിയിലേക്കു വരികയും ചെയ്ത ഒരനുഭവം പൗലൊസ് വിവരിക്കുന്നു. പൗലൊസ് ലുസ്ത്രയില്‍ വച്ച് കല്ലെറിയപ്പെട്ടപ്പോഴായിരിക്കാം ഇപ്രകാരം സംഭവിച്ചത്. ലുസ്ത്ര പട്ടണത്തിനു പുറത്ത് പൗലൊസിന്റെ ശരീരം നിലത്തു കിടന്നപ്പോള്‍ ദൈവം അദ്ദേഹത്തെ മൂന്നാം സ്വര്‍ഗ്ഗത്തിലേക്ക് ഒരു ചെറിയ യാത്രയ്ക്കായി കൊണ്ടുപോയിരിക്കണം!! നിങ്ങള്‍ കഠിനശോധന നേരിടുവാന്‍ ദൈവം അനുവദിക്കുന്നുവെങ്കില്‍ ആ കഷ്ടതയ്ക്കു പ്രതിഫലമായി വിലയേറിയ ചില അനുഭവങ്ങളും ദൈവം നിങ്ങള്‍ക്കു നല്‍കും.

14:21-ല്‍ പൗലൊസ് പ്രസംഗിക്കുവാനായി ലുസ്ത്രയിലേക്കു മടങ്ങിപ്പോകുന്നതായി നാം വായിക്കുന്നു. തന്നെ കല്ലെറിഞ്ഞ പട്ടണത്തിലേക്കു മടങ്ങിപ്പോകുവാന്‍ പൗലൊസ് ഭയപ്പെടുന്നില്ല. ”നാം അനേകം കഷ്ടങ്ങളില്‍ കൂടി മാത്രമേ ദൈവരാജ്യത്തില്‍ കടക്കുകയുള്ളു.” എന്നു പറഞ്ഞ് (സ്വന്തം അനുവഭത്തിലൂടെ) അദ്ദേഹം ശിഷ്യന്മാരെ ഉറപ്പിച്ചു (വാക്യം-22). പൗലൊസ് തന്റെ ശരീരത്തില്‍ കഷ്ടതയുടെ മുറിവുകളും പാടുകളും വഹിച്ചുകൊണ്ട് നിന്നതിനാല്‍ അപ്രകാരമൊരു പ്രസ്താവന നടത്തുവാനുള്ള ആത്മീയാധികാരവും അദ്ദേഹത്തിനുണ്ടായിരുന്നു.

പൗലൊസ് താന്‍ സ്ഥാപിച്ച ഓരോ സഭയിലും മൂപ്പന്മാരെ നിയമിക്കുന്നതായി 14:23-ല്‍ നാം കാണുന്നു. പുതിയനിയമത്തിലെ ഒരു സഭയിലും ”പാസ്റ്റര്‍മാരെ” നിയമിക്കുന്നതായി നാം കാണുന്നില്ല. ”പാസ്റ്റര്‍” എന്ന പദം ബൈബിളില്‍ ഒരിക്കലേ ഉപയോഗിക്കുന്നുള്ളു. (എഫെ: 4:11-ല്‍)- അവിടെ(ചില ഇംഗ്‌ളീഷ് വിവര്‍ത്തനങ്ങളില്‍) അതു തെറ്റായി പരിഭാഷപ്പെടുത്തിയിരിക്കുന്നതാണ്. പാസ്റ്റര്‍ എന്ന് അവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം പുതിയനിയമത്തിലെ മറ്റ് 22 സ്ഥാനങ്ങളിലും ‘ഇടയന്‍’ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എഫെ:4:11-ലും ‘ഇടയന്‍’ എന്നായിരുന്നു പരിഭാഷപ്പെടുത്തേണ്ടിയിരുന്നത്. ദൈവം സഭയ്ക്ക് അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷകന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ എന്നിവരെ ദാനങ്ങളായി തന്നിരിക്കുന്നതുപോലെ ഇടയന്മാരും സഭയ്ക്കായുള്ള ദൈവത്തിന്റെ ദാനമാണ്. ഇവയൊന്നും ഔദ്യോഗികസ്ഥാനങ്ങളല്ല. പക്ഷേ ‘മൂപ്പന്‍’ എന്നത് സഭയുടെ നേതൃത്വത്തിന്റെ ഔദ്യോഗികസ്ഥാനമാണ്, എപ്പോഴും ഓരോ സഭയിലും ഒന്നില്‍ കൂടുതല്‍ മൂപ്പന്മാരെ നിയമിച്ചിരുന്നു.

പഴയനിയമത്തില്‍ ദൈവം ഒറ്റയൊറ്റ വ്യക്തികളെ തന്റെ ജനത്തിന്റെ നേതാക്കന്മാരായി വിളിച്ചിരുന്നു- ഉദാഹരണമായി, മോശെ, യോശുവ, ദാവീദ്. പക്ഷേ യേശു വന്നപ്പോള്‍ തന്റെ ശിഷ്യന്മാരെ ഈരണ്ടീരണ്ടായി അയയ്ക്കുവാന്‍ തുടങ്ങി.പുതിയ ഉടമ്പടിയില്‍ പരിശുദ്ധാത്മാവ് ശൗലിനെ ബര്‍ന്നബാസിനൊപ്പമാണ് വിളിച്ചത്. കുറഞ്ഞത് രണ്ടു സഹോദരന്മാര്‍ ഒരു പ്രാദേശിക സഭ നയിക്കണമെന്നാണ് ദൈവേഷ്ടം. എങ്കില്‍ മാത്രമേ യേശുവിന്റെ ശരീരമായ സഭ വെളിപ്പെടുകയുള്ളു. യേശു ഒരിക്കല്‍ സാര്‍വ്വദേശീയ സഭയെപ്പറ്റിയും (മത്താ:16:18) മറ്റൊരിക്കല്‍ പ്രാദേശിക സഭയെപ്പറ്റിയും(മത്താ:18:17) പറഞ്ഞു. പ്രാദേശികസഭയുടെ നേതൃത്വത്തിന്റെ കാര്യത്തില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും കൂടിവന്നാല്‍ താന്‍ അവരുടെ മധ്യത്തിലുണ്ടായിരിക്കും എന്നു യേശു പറഞ്ഞു (മത്താ: 18:20). ഒരു പ്രാദേശിക സഭയില്‍ സാത്താന്റെ പ്രവര്‍ത്തനങ്ങളെ ബന്ധിക്കുവാന്‍ പരസ്പരം ഐക്യമുള്ളവരായി കുറഞ്ഞപക്ഷം രണ്ടു മൂപ്പന്മാര്‍ ആവശ്യമാണ് (മത്താ: 18:18,19). ഒരു സഭയ്ക്ക് സന്തുലിതമായ നേതൃത്വം കൊടുക്കുവാന്‍ രണ്ടു മൂപ്പന്മാര്‍ക്കു കഴിയും.

15-ാം അധ്യായത്തില്‍ പരിഛേദനയെപ്പറ്റിയുള്ള ഒരു വാഗ്വാദം നാം വായിക്കുന്നു. ആ കാര്യം ചര്‍ച്ച ചെയ്യുവാന്‍ അപ്പൊസ്തലന്മാര്‍ ജ്ഞാനത്തോടെ ഒരുമിച്ചുകൂടി. ഈ സമയത്ത് എഴുതപ്പെട്ട പുതിയ നിയമമില്ലായിരുന്നു എന്ന് ഓര്‍ക്കണം. ഇന്ന് നമുക്ക് എഴുതപ്പെട്ട പുതിയനിയമം ഉള്ളതിനാല്‍ ഇത്തരം വാദങ്ങള്‍ക്കു സ്ഥാനമില്ല. ആ ദിവസങ്ങളില്‍ അവര്‍ രണ്ടു ഉടമ്പടികള്‍ക്കു മധ്യേയുള്ള ഒരു പരിവര്‍ത്തന ദശയിലായിരുന്നു.


കൃപയും സത്യവും തമ്മിലുള്ള സന്തുലനം


15:36-ല്‍ പുതിയ സഭകള്‍ വീണ്ടും സന്ദര്‍ശിച്ച് അവിടത്തെ വിശ്വാസികളെ ഉറപ്പിക്കണം എന്ന് പൗലൊസ് ബര്‍ന്നബാസിനോട് അഭിപ്രായപ്പെടുന്നു. നമുക്കു പഠിക്കുവാന്‍, ചില പ്രയോജനകരമായ കാര്യങ്ങളിവിടെയുണ്ട്. രക്ഷിക്കപ്പെടാത്തവരെ നേടുവാന്‍, ജീവിച്ചിരുന്ന മറ്റേതൊരു മനുഷ്യനെക്കാളും ഭാരം പൗലൊസ് അപ്പൊസ്തലനുണ്ടായിരുന്നു. യേശുവിനെപ്പറ്റി കേട്ടിട്ടില്ലാത്തവരോട് സുവിശേഷം പ്രസംഗിക്കുവാന്‍ അദ്ദേഹം എപ്പോഴും പരിശ്രമിച്ചുപോന്നു. എന്നിട്ടും മറ്റു സഭകളിലുള്ള വിശ്വാസികളെ കണ്ട് അവരെ ഉറപ്പിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു എന്നു നാം വായിക്കുന്നു. സുവിശേഷം എത്തിയിട്ടില്ലാത്ത ആയിരക്കണക്കിനു സ്ഥലങ്ങള്‍ ഇനിയുമുണ്ട്. പക്ഷേ ക്രിസ്തുവിലായ ശിശുക്കളെ ഒരു ശരീരമായി ഒരുമിച്ചു പണിയുന്നതാണ് പ്രധാനം എന്നു പൗലൊസ് അറിഞ്ഞു. നിര്‍ഭാഗ്യവശാല്‍ പലരും ഇന്ന് ഈ ദൗത്യം അവഗണിക്കുന്നു.
അപ്പോള്‍ യോഹന്നാന്‍ എന്ന മര്‍ക്കൊസിനെയും കൂടി തങ്ങളുടെ കൂടെ കൊണ്ടുപോകാം എന്നു ബര്‍ന്നബാസ് അഭിപ്രായപ്പെട്ടു. ആദ്യത്തെ മിഷനറി യാത്രയില്‍ മര്‍ക്കൊസ് അവരോടൊപ്പം പോയതാണ്, പക്ഷേ മിഷനറിവേല ക്ലേശകരമാണെന്നു കണ്ട് മര്‍ക്കൊസ് മടങ്ങിപ്പോയി. മര്‍ക്കൊസിനു രണ്ടാമതൊരു അവസരം കൂടി കൊടുക്കുന്ന കാര്യം പൗലൊസ് നിരസിച്ചു; പക്ഷേ ബര്‍ന്നബാസിനു മറിച്ചായിരുന്നു ആഗ്രഹം. ഏതായാലും മര്‍ക്കൊസ് ബര്‍ന്നബാസിന്റെ ചാര്‍ച്ചക്കാരനായിരുന്നല്ലോ!(കൊലൊ:4:10). ഈ കാര്യത്തില്‍ പൗലൊസും ബര്‍ന്നബാസും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വളരെ രൂക്ഷമായിരുന്നതിനാല്‍ അവര്‍ തമ്മില്‍ വേര്‍പിരിയേണ്ടി വന്നു(15:39). പരിശുദ്ധാത്മാവ് ഇവരിരുവരെയും ഒന്നിച്ചു ഒരു പ്രത്യേകനിയോഗത്തിനായി വിളിച്ചതാണ്. സത്യത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു കര്‍ശനക്കാരനായിരുന്നു പൗലൊസ്; ബര്‍ന്നബാസ് കൃപയ്ക്കു പ്രാധാന്യം കൊടുത്ത ഒരു സൗമ്യനായ മനുഷ്യനും. അവര്‍ രണ്ടുപേരിലും കൂടി ദൈവമഹത്വം ”കൃപയും സത്യവും നിറഞ്ഞ്” വെളിപ്പെടുമായിരുന്നു(യോഹ: 1:14). പക്ഷേ അവര്‍ക്ക് ഒരുമിച്ചുപോകുവാന്‍ കഴിഞ്ഞില്ല. അവരുടെ വേര്‍പിരിയല്‍ ദൈവേഷ്ടമായിരുന്നുവോ? അല്ല. ദൈവം ആളുകളെ ഒന്നോ രണ്ടോ വര്‍ഷം മാത്രം ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ വിളിക്കുന്നില്ല.അവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എത്ര അധികമായി കര്‍ത്താവിന്റെ വേല പുരോഗമിക്കുമായിരുന്നു! തന്റെ ജീവിതാവസാനത്തില്‍ ”മര്‍ക്കൊസ് എനിക്കു ഉപയോഗമുള്ളവനാണ്” (2 തിമൊ:4 :11) എന്നു പൗലൊസ് പറയുന്നു.

ഈ സംഭവങ്ങള്‍ എങ്ങനെ മര്‍ക്കൊസിനെ സ്വാധീനിച്ചു? പൗലൊസിന്റെയും ബര്‍ന്നബാസിന്റെയും മനോഭാവങ്ങളാല്‍ അദ്ദേഹം അനുഗ്രഹിക്കപ്പെട്ടു. പൗലൊസിന്റെ കാര്‍ക്കശ്യം മൂലം തന്റെ ക്രിസ്തീയ ജീവിതം കൂടുതല്‍ ഗൗരവമായി എടുക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു.ഇതേസമയം ബര്‍ന്നബാസിന്റെ സൗമ്യമായ മനോഭാവം നിരാശപ്പെട്ടു വേല വിട്ടുപോകുന്നതില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചു. കൃപയും സത്യവും ഒരു മിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് ആളുകള്‍ യഥാര്‍ത്ഥമായി അനുഗ്രഹിക്കപ്പെടുന്നത്.

അപ്പൊസ്തലന്മാരും തെറ്റുകള്‍ വരുത്തിയവരാണെന്നു നാം മനസ്സിലാക്കുന്നു. അവര്‍ ചെയ്ത പല തെറ്റുകളും അപ്പൊസ്തല പ്രവൃത്തികള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ അപ്പൊസ്തല പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ നാം ഒരു ഉപദേശവും രൂപവല്‍ക്കരിക്കരുത്. പക്ഷേ അപ്പൊസ്തലന്മാര്‍ തങ്ങളുടെ തെറ്റുകളില്‍ നിന്നും പാഠം പഠിച്ചു. പൗലൊസിനും ബര്‍ന്നബാസിനും അറുപതു വയസ്സുള്ളപ്പോഴാണ് ഈ അഭിപ്രായവ്യത്യാസം ഉണ്ടായതെങ്കില്‍, അവര്‍ തമ്മില്‍ വേര്‍പിരിയാതെ ഒരു പരിഹാരം കണ്ടുപിടിക്കുമായിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ മുപ്പതുകളിലായിരുന്നു- തീക്ഷ്ണത വളരെ കൂടുതലും ജ്ഞാനം വളരെ കുറവുമായിരുന്ന ഒരു കാലത്തു തന്നെ.

നാമെല്ലാവരും വളരെ തെറ്റുകള്‍ ഉള്ളവരായതുകൊണ്ട് അപ്പൊസ്തലന്മാരുടെ തോല്‍വികള്‍ നമ്മെ തെറ്റുപറ്റിയാലും മുന്നോട്ടുപോകുവാന്‍ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ തോല്‍വികളെ ദൈവം സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി ഉപയോഗിച്ചു. ഇപ്പോള്‍ ഒരു ടീം പോകുന്നതിനു പകരം രണ്ടു ടീമുകള്‍ പോയി. രണ്ടു ടീമിലും പരിചയസമ്പന്നനായ ഒരു ആള്‍ വീതം ഉണ്ടായിരുന്നു. ബര്‍ന്നബാസ് മര്‍ക്കൊസിനെയും പൗലൊസ് ശീലാസിനെയും തിരഞ്ഞെടുത്തു. അങ്ങനെ സുവിശേഷം കൂടുതല്‍ വ്യാപിക്കുവാനിടയായി.സാത്താന്‍ ചെയ്ത കാര്യങ്ങളെ സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി ദൈവം ഉപയോഗിക്കുന്നു. ദൈവത്തിനു സ്‌ത്രോത്രം! നമ്മുടെ തെറ്റുകളുടെ കാര്യത്തിലും ദൈവത്തിന് അപ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിയും.

അപ്പൊസ്തല പ്രവൃത്തി 16-ാം അധ്യായം ഒന്നും രണ്ടും വാക്യങ്ങളില്‍ പൗലൊസ് തിമൊഥെയോസിനെ കണ്ടുമുട്ടുന്നതായി നാം വായിക്കുന്നു.

പൗലൊസ് തന്റെ സഹപ്രവര്‍ത്തകനായി ശീലാസിനെയാണു തിരഞ്ഞെടുത്തത്. പക്ഷേ ദൈവം വേറെയൊരാളെയാണ് പൗലൊസിനായി കണ്ടത് — തിമൊഥെയോസിനെ. ബര്‍ന്നബാസ് ശൗലിനെ വിട്ടുപോയപ്പോള്‍ അയാളുടെ സ്ഥാനത്ത് മറ്റൊരു സൗമ്യനായ വ്യക്തിയെ പൗലൊസിനാവശ്യമുണ്ടെന്നു ദൈവം കണ്ടു. അതിനാല്‍ ബര്‍ന്നബാസിനെപ്പോലെ സ്വഭാവഗുണമുള്ള തിമൊഥെയോസ് എന്ന ഉത്തമനും ചെറുപ്പക്കാരനുമായ ശിഷ്യനെ ദൈവം പൗലൊസിനു കൊടുക്കുന്നു. ഇവിടെ പൗലൊസ് ചെയ്ത വേറെ ഒരു തെറ്റ് നാം കാണുന്നു. അദ്ദേഹം യെഹൂദന്മാരെ പ്രസാദിപ്പിക്കാന്‍ തിമൊഥെയോസിനെ പരിഛേദന കഴിപ്പിച്ചു. പിന്നീടു പൗലൊസിന് ഈ വിഷയത്തില്‍ വെളിച്ചം ലഭിക്കുകയും പരിഛേദന അനാവശ്യമാണ് എന്നദ്ദേഹം പറയുകയും ചെയ്തു(ഗലാ: 5:2, 3). പക്ഷേ അപ്പൊസ്തലന്മാന്‍ പഴയനിയമത്തിനും പുതിയനിയമത്തിനും ഇടയ്ക്കുള്ള ഒരു പരിവര്‍ത്തന ദശയിലായിരുന്നു. അതിനാല്‍ അവര്‍ക്കു വെളിച്ചം ലഭിക്കുവാന്‍ സമയം ആവശ്യമായിരുന്നു എന്നു നാം ഓര്‍ക്കണം.

ആത്മീയനേതൃത്വത്തെ ആദിമക്രിസ്ത്യാനികള്‍ എങ്ങനെ മനസ്സിലാക്കി എന്നതിന് ഒരുദാഹരണം 16:9-ല്‍ കാണുന്നു. ആ സംഘത്തിന്റെ നേതാവ് പൗലൊസായിരുന്നു. ഒരു മനുഷ്യന്‍ തന്നെ ”മക്കദോന്യയിലേക്കു വരുവാന്‍” ക്ഷണിക്കുന്ന ഒരു ദര്‍ശനം പൗലൊസ് കണ്ടു. അടുത്ത വാക്യത്തില്‍ (16:10) നാം ഇങ്ങനെ വായിക്കുന്നു. ”ഈ ദര്‍ശനം കണ്ടിട്ട്… ഞങ്ങള്‍ ഉടനെ മക്കദോന്യക്കു പുറപ്പെടുവാന്‍ ശ്രമിച്ചു.” സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കു പൗലൊസിന്റെ നേതൃത്വത്തില്‍ അതിയായ വിശ്വാസമുണ്ടായിരുന്നതിനാല്‍ അവര്‍ പറഞ്ഞു: ”പൗലൊസേ, താങ്കള്‍ ദര്‍ശനം കണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അതു മതി. ഞങ്ങളോരോരുത്തരും ദര്‍ശനം കാണേണ്ട ആവശ്യമില്ല. ദൈവം നമ്മെ മക്കനോദ്യയിലേക്കു പോകുവാന്‍ വിളിച്ചിരിക്കുന്നു എന്നു ഞങ്ങള്‍ക്കു ബോധ്യമായി.” ഒരു സംഘത്തിന് അങ്ങനെയൊരു ദൈവഭക്തനായ നേതാവുള്ളത് എത്ര ഉത്തമമാണ്!

ഒരു കൂട്ടായ്മയോ നേതൃത്വമോ ഇല്ലാതെ സ്വയം പ്രവര്‍ത്തിക്കുന്ന ധാരാളം ക്രിസ്തീയ പ്രവര്‍ത്തകരുണ്ട്. അത് അവരുടെ ജഡത്തിനു എളുപ്പമായതിനാല്‍ അവര്‍ അതു തിരഞ്ഞെടുക്കുന്നു. ആരോടും അഭിപ്രായം ചോദിക്കാതെ അവര്‍ക്കിഷ്ടമുള്ളത് അവര്‍ക്കു ചെയ്യാം. പക്ഷേ അവര്‍ തങ്ങളെത്തന്നെ നശിപ്പിക്കുന്നു. നിങ്ങള്‍ ചെറുപ്പക്കാരനാണെങ്കില്‍ ദൈവത്താല്‍ നിയമിക്കപ്പെട്ട ഒരു നേതാവ് നിങ്ങള്‍ക്കു വഴികാട്ടിയായി ഉണ്ടായിരിക്കണം. ദൈവഭയമുള്ള നേതൃത്വം നിരാകരിക്കുന്നവര്‍ വളരെ ആപല്‍സാധ്യതയിലാണ്.


പരിശുദ്ധാത്മാവിന്റെ നടത്തിപ്പ്


”അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കുകയാല്‍ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു”(16:6). ഗലാത്യയില്‍ പരിശുദ്ധാത്മാവ് അവരെ എങ്ങനെ എത്തിച്ചു? പൗലൊസ് അത് ഗലാ: 4:13-ല്‍ വിവരിക്കുന്നു. ”ഞാന്‍ ശരീരത്തിലെ ബലഹീനത നിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിക്കുവാന്‍ സംഗതി വന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.” ഏഷ്യാമൈനറിലേക്കു പോകുവാന്‍ പൗലൊസ് ആലോചിക്കുകയായിരുന്നു. പക്ഷേ ഗലാത്യയില്‍ വച്ചു പൗലൊസിന് അസുഖം ബാധിച്ചതിനാല്‍ ആ സ്ഥലം വിട്ടുപോകുവാന്‍ കഴിഞ്ഞില്ല. ആ സമയത്ത് സ്ഥലവാസികളോട് പൗലൊസ് പ്രസംഗിച്ചു. ചിലര്‍ മാനസാന്തരപ്പെടുകയും അവിടെ സഭകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. ജനം രക്ഷ പ്രാപിക്കേണ്ടിയിരുന്ന ഒരു പ്രത്യേക സ്ഥലത്ത് പൗലൊസ് താമസിക്കേണ്ടതിനായി അദ്ദേഹം രോഗബാധിതനാവാന്‍ ദൈവം അനുവദിച്ചു. അതിനാല്‍ നിങ്ങള്‍ രോഗിയാകുമ്പോള്‍ ദൈവഹിതം നഷ്ടപ്പെടുകയാണ് എന്ന് ഒരിക്കലും ചിന്തിക്കാതിരിക്കുക.

16:17-ല്‍ ഭൂതബാധിതയായ ഒരു പെണ്‍കുട്ടി പൗലൊസിനെയും ശീലാസിനെയും പിന്തുടര്‍ന്ന് ”ഇവര്‍ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാര്‍” എന്നു വിളിച്ചുപറയുന്നതായി നാം വായിക്കുന്നു. പൗലൊസ് കുറേനാള്‍ അവളെ അവഗണിച്ചു. പിന്നീട് ഭൂതത്തോട് അവളെ വിട്ടുപോകുവാന്‍ കല്പിച്ചു. ഒരു ഭൂതത്തിന്റെയും സാക്ഷ്യം പൗലൊസിന് ആവശ്യമായിരുന്നില്ല. യേശുവും ഭൂതത്തില്‍നിന്നു സാക്ഷ്യം സ്വീകരിക്കുന്നത് നിരാകരിച്ചിരുന്നു.

പൗലൊസും ശീലാസും ബെരോവയിലേക്കു പോയി (17:10, 11). ബെരോവക്കാര്‍ വചനം പൂര്‍ണ്ണജാഗ്രതയോടെ കൈക്കൊണ്ടതു മാത്രമല്ല, അവര്‍ കേട്ടത് വചനത്തിന്റെ അടിസ്ഥാനത്തിലാണോ എന്നു നിരന്തരം തിരുവെഴുത്തുകളെ പരിശോധിക്കുക കൂടിചെയ്തു. അതിനാല്‍ അവരെ ഉത്തമന്മാര്‍ എന്നു വിളിച്ചിരിക്കുന്നു. അവര്‍ ഓരോ വചനപ്രഘോഷകന്റെയും ഉപദേശത്തെ ദൈവവചനവുമായി തട്ടിച്ചുനോക്കിയതിനാല്‍ ആരുടെയും ദുരുപദേശത്താല്‍ വഞ്ചിക്കപ്പെടുന്ന അപകടത്തില്‍ പെട്ടില്ല. അതിനാല്‍ മറ്റു സഭകള്‍ക്കെഴുതിയതുപോലെ ബെരോവക്കാരുടെ ദുരുപദേശം ശരിയാക്കുന്ന ഒരു ലേഖനം പൗലൊസിന് ഒരിക്കലും എഴുതേണ്ടതായി വന്നില്ല.

പൗലൊസ് കൊരിന്ത്യയിലായിരുന്നപ്പോള്‍ കര്‍ത്താവ് പൗലൊസിനോടു പറഞ്ഞു: ”നീ എതിര്‍പ്പിനെ ഭയപ്പെടാതെ പ്രസംഗിക്ക. ഈ പട്ടണത്തില്‍ എനിക്കു വളരെ ജനം ഉണ്ട്”(18:9,10). സുവിശേഷത്തിന് ഒരു സ്ഥലത്ത് എതിര്‍പ്പുണ്ടെങ്കില്‍ അവിടം വിട്ട് ഓടിപ്പോകേണ്ട ആവശ്യമില്ല. നാം പീഡനം അനുഭവിക്കുകയാണെങ്കില്‍ കര്‍ത്താവ് ഇപ്രകാരം കല്പിച്ചിട്ടുണ്ട്: ”ഒരു പട്ടണത്തില്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍” (മത്താ: 10:23). നാം ഓടിപ്പോകുന്നതിനു മുമ്പ് കര്‍ത്താവിനെ അന്വേഷിക്കുന്നത് നല്ലതാണ്. നാം പോകുവാന്‍ കര്‍ത്താവ് പറയുന്നു എങ്കില്‍ പോകുക. പൗലൊസിനോടു പറഞ്ഞതുപോലെ ചിലപ്പോള്‍ അവിടെത്തന്നെ താമസിക്കുവാന്‍ കര്‍ത്താവ് നമ്മോടാവശ്യപ്പെടും. ബാഹ്യസാഹചര്യങ്ങളുടെ സാക്ഷ്യം മാത്രം അടിസ്ഥാനമാക്കാതെ ദൈവശബ്ദം ശ്രദ്ധിക്കുന്നതു നന്നായിരിക്കും.

18:24-28 നാം ദൈവഭക്തയായ സഹോദരി പ്രിസ്‌കില്ലയെയും അവളുടെ ഭര്‍ത്താവ് അക്വിലാവിനെയും പറ്റി വായിക്കുന്നു. അപ്പല്ലോസിന് (ഒരു തീക്ഷ്ണതയുള്ള സഹോദരന്‍) സുവിശേഷത്തെക്കുറിച്ച് ഒരു വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകുവാന്‍ അവര്‍ സഹായിക്കുന്നു. തന്റെ ഭര്‍ത്താവിനെക്കാളും പ്രിസ്‌കില്ലയ്ക്കു സുവിശേഷ സത്യം കൂടുതല്‍ തെളിവായി അറിയാമെന്നു കാണുന്നു — കാരണം, അവരുടെ പേരുകള്‍ ഒരുമിച്ചു വരുന്ന അഞ്ചു ഭാഗങ്ങളില്‍ നാലിലും ഭര്‍ത്താവിന്റെ പേരിനു മുമ്പിലായി അവളുടെ പേര് കാണപ്പെടുന്നു (18:26). പുതിയനിയമത്തില്‍ സഹോദരിമാര്‍ക്കു പ്രവചിക്കാം എന്നവള്‍ അറിഞ്ഞിരുന്നു (അപ്പൊ. 2:17; 1 കൊരി: 11:5). അതേ സമയം ഒരു സഹോദരി എന്ന നിലയില്‍ തന്റെ സ്ഥാനം മനസ്സിലാക്കി അപ്പല്ലോസിനോട് താന്‍ തന്നെ ഈ സത്യം പങ്കുവയ്ക്കുവാന്‍ തുനിഞ്ഞില്ല. അവള്‍ അപ്പല്ലോസിനെ തന്റെ ഭവനത്തിലേക്കു ക്ഷണിച്ചശേഷം തന്റെ ഭര്‍ത്താവിനോടു കൂടി ഇരുന്ന് ഈ സുവിശേഷം അപ്പല്ലോസിന് വിവരിച്ചുകൊടുത്തു. തന്മൂലം അപ്പല്ലോസ് സത്യത്തിന്റെ ശക്തനായ ഒരു പ്രസംഗകന്‍ ആയിത്തീര്‍ന്നു. ഈ പുതിയ ഉടമ്പടിയുടെ കാലത്ത് സഹോദരിമാര്‍ക്ക് ഈ വിധത്തില്‍ മഹത്തായ ശുശ്രൂഷ ചെയ്‌വാന്‍ സാധിക്കും.

19:2-ല്‍ പൗലൊസ് എഫെസോസിലെ വിശ്വാസികളോട് ”നിങ്ങള്‍ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ?” എന്നൊരു ചോദ്യം ചോദിച്ചു. പൗലൊസിന്റെ ഈ ചോദ്യം നമ്മെ വ്യക്തമായി താഴെപ്പറയുന്ന കാര്യങ്ങള്‍ പഠിപ്പിക്കുന്നു:

  1. ഒരാള്‍ ക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ തന്നെ പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ കഴിയും.
  2. ക്രിസ്തുവില്‍ വിശ്വസിക്കയില്‍ത്തന്നെ ഒരുവന് പരിശുദ്ധാത്മാവിനെ ലഭിക്കാതെ പോകാന്‍ സാധ്യതയുണ്ട്. യഥാര്‍ത്ഥ ‘വീണ്ടുംജനനം’ പ്രാപിക്കാത്തവന്റെ കാര്യമാണിത്.
  3. നമുക്കു പരിശുദ്ധാത്മാവിനെ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സുനിശ്ചിതമായിത്തന്നെ നമുക്കറിയാന്‍ കഴിയും.

അവര്‍ പരിശുദ്ധാത്മാവിനെപ്പറ്റി കേട്ടിട്ടുപോലുമില്ല എന്നവര്‍ ഉത്തരം പറഞ്ഞു. ”എങ്കില്‍ ഏതായിരുന്നു നിങ്ങളുെട സ്‌നാനം?” എന്ന് അദ്ദേഹം ചോദിച്ചു. ആ കാല ത്തു യേശുവിന്റെ നാമത്തില്‍ മാത്രമല്ല, പിതാവിന്റയും പുത്രനായ യേശുക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലും കൂടെ ക്രിസ്ത്യാനികള്‍ സ്‌നാനമേറ്റിരുന്നു എന്ന് ഇതിലൂടെ വ്യക്തമാകുന്നു. അതിനാലാണ് അവര്‍ സ്‌നാനം ഏറ്റപ്പോള്‍ പരിശുദ്ധാത്മാവിനെപ്പറ്റി കേട്ടിരിക്കും എന്ന് പൗലൊസ് അനുമാനിച്ചത്. അപ്പോള്‍, തങ്ങള്‍ യോഹന്നാന്റെ സ്‌നാനമാണ് ഏറ്റത് എന്ന് അവര്‍ അദ്ദേഹത്തോടു പറഞ്ഞു. അവര്‍ കര്‍ത്താവിനെ സ്വീകരിക്കയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം ഏല്ക്കുകയും ചെയ്തു. അവര്‍ സ്‌നാനം ഏറ്റശേഷം പൗലൊസ് അവരുടെ മേല്‍ കൈവച്ചു. അപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെ മേല്‍ വന്നിട്ട് അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. അപ്പൊസ്തല പ്രവൃത്തികളില്‍ പരിശുദ്ധാത്മാവ് ജനത്തിന്മേല്‍ വന്ന വിവിധ വഴികളെപ്പറ്റി ശ്രദ്ധിക്കുക. രണ്ടാം അധ്യായത്തില്‍ 120 പേര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെ മേല്‍ വന്നു. എട്ടാം അധ്യായത്തില്‍ പത്രൊസും യോഹന്നാനും ശമര്യരുടെ മേല്‍ കൈവച്ചപ്പോള്‍ അവര്‍ ആത്മാവിനെ പ്രാപിച്ചു. അധ്യായം 9-ല്‍ അനന്യാസ് പൗലൊസിന്റെമേല്‍ കൈവച്ചപ്പോള്‍ അദ്ദേഹം പരിശുദ്ധാത്മാവിനെ പ്രാപിച്ചു. 10-ാം അധ്യായത്തില്‍ ഒരു സന്ദേശം ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരും കൈവയ്ക്കുകയോ വെള്ളത്തില്‍ സ്‌നാനമേല്‍ക്കുകയോ ചെയ്യുന്നതിനുമുമ്പ് കൊര്‍ന്നല്യോസ് പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചു. 19-ാം അധ്യായത്തില്‍ കൈവയ്പിലൂടെ അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചു. കൈവയ്പിനാലോ അല്ലാതെയോ, ജലസ്‌നാനത്തിനു മുമ്പോ പിമ്പോ പരിശുദ്ധാത്മാവിനെ പ്രാപിക്കാം എന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. പ്രധാനകാര്യം മാര്‍ഗമല്ല, പ്രാപിക്കുക എന്നതാണ്.

20:17-35-ല്‍ മൂന്നുവര്‍ഷക്കാലം എഫെസോസില്‍ താമസിച്ചശേഷം പൗലൊസ് അവിടത്തെ മൂപ്പന്മാര്‍ക്കു ഒരു മുന്നറിയിപ്പു നല്‍കുന്നു. നാം എങ്ങനെ കര്‍ത്താവിനെ സേവിക്കണം എന്നതിനെപ്പറ്റി പല കാര്യങ്ങളും ഇവിടെ നമുക്കു പഠിക്കുവാന്‍ കഴിയും. ആദ്യമായി പൗലൊസ് ”മാനസാന്തരവും വിശ്വാസവും” (20:21) പ്രസംഗിച്ചു. ഇന്നു മിക്ക പ്രസംഗകരും ചെയ്യുന്നതുപോലെ മാനസാന്തരത്തിന്റെ സന്ദേശം അദ്ദേഹം വിട്ടുകളഞ്ഞില്ല. താന്‍ മൂപ്പന്മാരെ വിട്ടുപോകുമ്പോള്‍ തന്റെ പ്രസംഗത്തിന്റെ വിവിധ ആശയങ്ങളല്ല, താന്‍ അവരുടെയിടയില്‍ നയിച്ച ലളിതവും വിനയാന്വിതവുമായ ജീവിതമാണ് അവര്‍ക്കു ചൂണ്ടിക്കാണിച്ചത് (20:18, 19). ”എന്റെ ജീവിതം നോക്കി ഞാന്‍ ക്രിസ്തുവിനെ അനുഗമിച്ചതുപോലെ എന്നെ അനുഗമിപ്പിന്‍” എന്ന് അദ്ദേഹത്തിനു ധൈര്യമായി പറയാന്‍ സാധിച്ചു. നമ്മുടെ വാക്കുകളെക്കാളുപരി നമ്മുടെ ജീവിതം തന്നെ നമ്മോടൊത്തു ജീവിച്ചവരോടു സംസാരിക്കണം. തങ്ങളെത്തന്നെ ആദ്യമായും പിന്നെ തങ്ങളുടെ ആട്ടിന്‍കൂട്ടത്തെയും സൂക്ഷിച്ചുകൊള്ളുവാന്‍ അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു (20:28). താന്‍ അവരെ വിട്ടുപിരിഞ്ഞശേഷം കൊടിയ ചെന്നായ്ക്കള്‍ സഭയിലേക്കു വരും എന്ന് മുന്നറിയിപ്പു നല്‍കി (20:29), പൗലൊസ് അവിടെയുള്ളപ്പോള്‍ എന്തുകൊണ്ട് ഈ ചെന്നായ്ക്കള്‍ വന്നില്ല? കാരണം, പൗലൊസ് വളരെ കര്‍ശനസ്വഭാവിയായ ഒരു വാതില്‍ കാവല്ക്കാരനായിരുന്നു. തന്റെ വടി ഉപയോഗിച്ചു ചെന്നായ്ക്കളില്‍ നിന്ന് ആടുകളെ സൂക്ഷിക്കുന്ന ഒരു കര്‍ശന വാതില്‍ക്കാവല്ക്കാരനെങ്കിലും കുറഞ്ഞ പക്ഷം ഓരോ സഭയ്ക്കും ആവശ്യമാണ് (സങ്കീ. 23:4). നേരെമറിച്ചു സൗമ്യസ്വഭാവിയെന്ന പ്രശസ്തി ഒരു മൂപ്പന്‍ ആഗ്രഹിക്കുന്നപക്ഷം സഭയെ വിശുദ്ധമായി സൂക്ഷിക്കുവാന്‍ അവനു സാധ്യമല്ല — കാരണം, ആടുകളുടെ വേഷം ധരിച്ച ചെന്നായ്ക്കള്‍ കടന്നുവന്ന് സഭയെ നശിപ്പിക്കും. ആര്‍ക്കും ഒരു ഭാരമാകാതെ ആ മൂന്നുവര്‍ഷക്കാലവും പൗലൊസ് തന്റെയും തന്റെ സഹപ്രവര്‍ത്തകരുടെയും സന്ധാരണം എങ്ങനെ സാധിച്ചുവെന്ന് അദ്ദേഹം അവരോടു പറഞ്ഞു. (20:33-35) എങ്കിലും ആ മൂപ്പന്മാര്‍ പൗലൊസിന്റെ മുന്നറിയിപ്പ് വേണ്ടത്ര ഗൗനിച്ചില്ല. തന്മൂലം എഫെസോസിലെ സഭ കര്‍ത്താവിന്റെ വഴിവിട്ടു തെറ്റിപ്പോയി (വെളി. 2:5).


പൗലൊസിന്റെ തടവുശിക്ഷ

അപ്പൊസ്തല പ്രവൃത്തി 21:3,4 ഭാഗത്ത് ജഡികവും ആത്മീയവുമായ പ്രവചനങ്ങള്‍ തമ്മിലുള്ള വ്യത്യാസം നാം കാണുന്നു. സോരില്‍വച്ച് ചില ക്രിസ്ത്യാനികള്‍ പ്രവചിക്കുകയും പൗലൊസ് യെരുശലേമിലേക്കു പോകരുതെന്ന് അദ്ദേഹത്തിനു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അവര്‍ സദുദ്ദേശ്യമുള്ള നല്ല വിശ്വാസികളായിരുന്നു; പക്ഷേ പുതിയനിയമ പ്രവചനത്തിന്റെ പരിധി പാലിക്കുവാന്‍ അവര്‍ക്കറിഞ്ഞുകൂടായിരുന്നു. അവരുടെ മനസ്സില്‍ വരുന്നതെന്തും ”കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു”- എന്ന മുഖവുരയോടെ അവര്‍ പറഞ്ഞുപോന്നു; അതാണ് പ്രവചനം എന്നവര്‍ കരുതി. ഇന്നും ഒട്ടധികം പേര്‍ അപ്രകാരം ചെയ്യുന്നു.

അല്പം കഴിഞ്ഞ് ഒരു യഥാര്‍ത്ഥ പ്രവാചകനായ അഗബൊസ് വന്നു പ്രവചിച്ചു (21:11). പക്ഷേ എവിടെ നിര്‍ത്തണം എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പൗലൊസ് യരുശലേമില്‍ വച്ചു ബന്ധിക്കപ്പെടും എന്നു മാത്രം അദ്ദേഹം പറഞ്ഞു. പക്ഷേ പൗലൊസ് യെരുശലേമില്‍ പോകണമോ വേണ്ടയോ എന്ന് അദ്ദേഹം പറഞ്ഞില്ല. 11-ാം അധ്യായത്തില്‍ നാം നേരത്തെ കണ്ടതുപോലെ പുതിയനിയമപ്രവചനത്തില്‍ ഭാവിയെപ്പറ്റി മുന്നറിയിപ്പുകള്‍ ചിലപ്പോഴുണ്ടാകാമെങ്കിലും വിശ്വാസി എന്തു ചെയ്യണം/ചെയ്യേണ്ടാ എന്ന കാര്യത്തെപ്പറ്റി ഒരു നിര്‍ദ്ദേശവും ഒരിക്കലും കാണുകയില്ല. പെന്തക്കോസ്തു നാളില്‍ പരിശുദ്ധാത്മാവ് വന്നശേഷം എല്ലാവര്‍ക്കും പിതാവിന്റെ ഹിതം സ്വയം അറിയുവാന്‍ സാധിക്കും (എബ്രാ. 8:11). ബൈബിളില്‍ പെന്തക്കോസ്ത് നാളിനുശേഷം എന്തു ചെയ്യണം ചെയ്യേണ്ട എന്നു പറയുന്ന പ്രവചനത്തിന്റെ ഒറ്റ ഉദാഹരണം പോലുമില്ല. ഇപ്പോള്‍ ജഡിക പ്രവചനവും ആത്മീയ പ്രവചനവും തമ്മിലുള്ള അന്തരം മനസ്സിലായോ?

അതുകൊണ്ട് പൗലൊസ് യെരുശലേമില്‍ പോയി. ദൈവേഷ്ടത്തിലാണോ പൗലൊസ് പോയത്? തീര്‍ച്ചയായും, അതേ. കര്‍ത്താവ് യെരുശലേമില്‍ പൗലൊസിനു പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു: ”പൗലൊസേ, ധൈര്യമായിരിക്ക. നീ എന്നെക്കുറിച്ച് യെരുശലേമില്‍ സാക്ഷീകരിച്ചതു പോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു” (അപ്പൊ. 23:11). യെരുശലേമില്‍ അദ്ദേഹം ദൈവഹിതത്തിലാണ് നില്ക്കുന്നതെന്ന് കര്‍ത്താവ് വ്യക്തമായി പൗലൊസിനോടു പറഞ്ഞു.

നല്ലവരും എന്നാല്‍ പക്വതയില്ലാത്തവരുമായ ക്രിസ്ത്യാനികളെ ശ്രദ്ധിച്ചിരുന്നു വെങ്കില്‍ പൗലൊസ് യെരുശലേമിലും റോമയിലും പോകുകയില്ലായിരുന്നു. ദൈവഹിതത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു വ്യതിചലിക്കുവാന്‍ അദ്ദേഹത്തിന് ഇടവരുമായിരുന്നു. റോമിലെ കാരാഗൃഹത്തില്‍ വച്ചാണ് അദ്ദേഹം എഫെസ്യര്‍ക്കും ഫിലിപ്പ്യര്‍ക്കും കൊലേസ്യര്‍ക്കും ഉള്ള ലേഖനങ്ങള്‍ എഴുതിയത്.തങ്ങളിലൂടെ കര്‍ത്താവാണ് സംസാരിച്ചതെന്ന് തെറ്റായി സ്വയം സങ്കല്പിച്ച സോരിലെ പോലെയുള്ള പ്രവാചകന്മാരെ പൗലൊസ് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നമുക്കീ ലേഖനങ്ങള്‍ ലഭിക്കയില്ലായിരുന്നു. ഇന്നതു ചെയ്യണം, ചെയ്യേണ്ട എന്ന പ്രവചനങ്ങള്‍ നടത്തുന്ന ആള്‍ക്കാരെ നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നിങ്ങള്‍ ഇന്നും ദൈവഹിതത്തിന്റെ വഴിയില്‍ നിന്ന് അകന്നുപോകുവാനിടയാകും.

പക്ഷേ മനുഷ്യരെ വിട്ട് പരിശുദ്ധാത്മാവിനെ ശ്രദ്ധിച്ച പൗലൊസിനെപ്പറ്റി 21-ാം അധ്യായത്തില്‍ നാം വായിക്കുമ്പോള്‍ തന്നെ, ആത്മാവിന്റെ ഉപദേശമല്ല, മനുഷ്യരുടെ ഉപദേശവും കേട്ട് തന്റെ ക്രിസ്തീയജീവിതത്തില്‍ ഏറ്റവും വലിയ ഒരു തെറ്റ് പൗലൊസ് ചെയ്തതായി നാം വായിക്കുന്നു. 21:18-26 വാക്യങ്ങളില്‍ യെരുശലേം സഭയുടെ നേതാവായിരുന്ന യാക്കോബില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനു വഴങ്ങി പൗലൊസ് ചില ദേവാലയാചാരങ്ങള്‍ ചെയ്യുന്നതായും തല ക്ഷൗരം ചെയ്യിക്കുന്നതായും നാം വായിക്കുന്നു. തങ്ങളുടെ ഹൃദയത്തിലെ പരിശുദ്ധാത്മാവിന്റെ ആന്തരികസാക്ഷ്യം ശ്രദ്ധിക്കുന്നതു നിര്‍ത്തുമ്പോള്‍ ഏറ്റവും വലിയ ദൈവഭൃത്യന്മാര്‍ പോലും എങ്ങനെ പരാജയമടയുന്നുവെന്ന് ഈ ഭാഗം നമുക്കു കാണിച്ചുതരുന്നു.

24:16-ലെ പൗലൊസിന്റെ സാക്ഷ്യത്തില്‍ തന്റെ ജീവിതത്തിന്റെ ഒരു വലിയ രഹസ്യം നാം കാണുന്നു. അതിതാണ്: ”ദൈവത്തോടും മനുഷ്യരോടും എപ്പോഴും കുറ്റമില്ലാത്ത ഒരു മനസ്സാക്ഷി പാലിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു.”ഒരു നിമിഷം പോലും അദ്ദേഹം തന്റെ മനസ്സാക്ഷിയില്‍ പാപത്താലുള്ള കളങ്കം ബാധിക്കുവാന്‍ അനുവദിച്ചില്ല. അത് ദൈവത്തോടും മനുഷ്യനോടും ഏറ്റുപറഞ്ഞ് ഉടന്‍ തന്നെ കാര്യങ്ങള്‍ ക്രമീകരിക്കുവാന്‍ പൗലൊസ് ശ്രദ്ധിച്ചിരുന്നു.

26:19-ല്‍ പൗലൊസിന്റെ ജീവിതത്തിലെ മറ്റൊരു രഹസ്യം നാം കാണുന്നു. താന്‍ ”സ്വര്‍ഗ്ഗീയ ദര്‍ശനത്തിന് അനുസരണക്കേട് കാണിച്ചില്ല” എന്നതായിരുന്നു അത്. കര്‍ത്താവ് പൗലൊസിനെ ദമസ്‌കോസിലേക്കുള്ള യാത്രയില്‍ കണ്ടുമുട്ടിയപ്പോള്‍ തന്റെ മുഴുജീവിതത്തിന്റെയും ഒരു രൂപരേഖ അദ്ദേഹത്തിനു നല്‍കിയില്ല.ഒരു സമയം ഒരു ചുവടു മാത്രമേ കര്‍ത്താവ് കാണിച്ചുള്ളു. പൗലൊസ് അതനുസരിക്കയും ചെയ്തു. ഒരു സമയം ഒരു ചുവടു മാത്രം. ഈ വിധത്തില്‍ ജീവിക്കുവാനാണ് നമ്മെയും ദൈവം വിളിച്ചിട്ടുള്ളത്.

27-ാം അധ്യായത്തില്‍ പൗലൊസ് റോമിലേക്കു തടവുകാരനായി യാത്ര ചെയ്ത കപ്പല്‍ തകര്‍ന്നുപോയ കഥ നാം വായിക്കുന്നു. എന്നിട്ടും ഒരാളും മരിച്ചില്ല. പൗലൊസ് കപ്പലിലുണ്ടായിരുന്നതിനാല്‍ ദൈവം അതിലുണ്ടായിരുന്ന എല്ലാവരേയും രക്ഷിച്ചു. വിമാനമോ ഒരു വീടോ ഒരു പട്ടണമോ എന്തായിരുന്നാലും – ഒരു ദൈവപുരുഷന്‍ അതിലുണ്ടെങ്കില്‍- അതിലുള്ളവരെല്ലാം അനുഗ്രഹിക്കപ്പെടും.

28:29,30-ല്‍ പൗലൊസ് റോമിലെ തന്റെ വാടകയ്‌ക്കെടുത്ത ഭവനത്തില്‍ രണ്ടുവര്‍ഷം താമസിക്കുന്നതായി വായിക്കുന്നു.റോമിലെ സഭ സന്തോഷത്തോടെ ചെയ്യുമായിരുന്നെങ്കിലും പൗലൊസ് തന്റെ വാടക കൊടുക്കാന്‍ അവരോട് ആവശ്യപ്പെട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ആര്‍ക്കും കടപ്പെടുന്നവനായിരുന്നില്ല പൗലൊസ്. റോമില്‍ വച്ച് കൂടാരപ്പണി ചെയ്ത് ധനം സമ്പാദിപ്പാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അപ്പോള്‍ രണ്ടു വര്‍ഷത്തേക്ക് അവിടെ ഒരു വീട് വാടകയ്‌ക്കെടുക്കാന്‍ പൗലൊസിന് എങ്ങനെ പ്രാപ്തിയുണ്ടായി?

പൗലൊസിന്റെ പിതാവ് വളരെ ധനികനായ ഒരു വ്യാപാരിയായിരുന്നിരിക്കണം. കാരണം അങ്ങനെയുള്ള യെഹൂദന്മാര്‍ക്കു മാത്രമേ തര്‍സൊസ് പോലെയുള്ള വിദേശസ്ഥലത്തു താമസിക്കാനാകൂ. പൗലൊസ് ഒരു ക്രിസ്ത്യാനി ആയപ്പോള്‍ കുടുംബ സ്വത്തിനുള്ള അവകാശം കുടുംബം അദ്ദേഹത്തിനു നിഷേധിച്ചിരിക്കും. എന്നാലും പിന്നീട് അവര്‍ മനസ്സുമാറി കുടുംബസ്വത്തിന്റെ ഒരു ഭാഗം പൗലൊസിനു കൊടുക്കുവാന്‍ തീരുമാനിച്ചു കാണും. യെരുശലേമില്‍ വച്ച് അറസ്റ്റു ചെയ്തപ്പോള്‍ പൗലൊസിന്റെ പെങ്ങളുടെ മകന്‍ പൗലൊസിനെ കാണുവാന്‍ വന്നതായി നാം വായിക്കുന്നു (23:16). തന്റെ കുടുംബസ്വത്ത് അദ്ദേഹത്തിന്റെ ഉപയോഗത്തിനായി വീട്ടുകാര്‍ തിരികെ നല്‍കിയെന്ന വാര്‍ത്ത ആ ചെറുപ്പക്കാരന്‍ പൗലൊസിനെ അറിയിച്ചിരിക്കും. ഇതു ഏറെ സംഭവ്യമാണ് — കാരണം, ഇതു കഴിഞ്ഞയുടനെ ദേശാധിപതിയായ ഫെലിക്‌സ് പൗലൊസില്‍ നിന്നു കൈക്കൂലി കിട്ടും എന്നു പ്രതീക്ഷിച്ചതായി നാം വായിക്കുന്നു (24:26). ഫെലിക്‌സിനെപ്പോലെയുള്ള ഒരു ദേശാധിപതി കൈക്കൂലിയായി ഒരു വലിയ സംഖ്യ പ്രതീക്ഷിച്ചുകാണും. ഒരു പാവപ്പെട്ട സുവിശേഷപ്രസംഗകനായ പൗലൊസ് ഇത്ര വലിയ കൈക്കൂലി കൊടുക്കും എന്ന് ഫെലിക്‌സ് എന്തുകൊണ്ട് സങ്കല്പിച്ചു? പൗലൊസിനു കുടുംബസ്വത്തായി ഒരു വലിയ തുക ലഭിച്ച വിവരം റോമന്‍ സൈന്യാധിപനിലൂടെ ഫെലിക്‌സ് അറിഞ്ഞു കാണും.

ഈ ധനമാണ് ലോകത്തിലെ ഏറ്റവും ചെലവു കൂടിയ പട്ടണത്തില്‍ രണ്ടു വര്‍ഷം ഒരു വീട് വാടകയ്‌ക്കെടുക്കുവാന്‍ പൗലൊസിനെ സഹായിച്ചത്. തന്റെ ദാസന്മാര്‍ വൃദ്ധരും ക്ഷീണിതരും ആകുമ്പോള്‍ അവര്‍ ലജ്ജിച്ചുപോകാതിരിക്കേണ്ടതിന് ദൈവം അവരെ എങ്ങനെ കരുതുന്നുവെന്ന് ഇതിലൂടെ നാം മനസ്സിലാക്കുന്നു. അത് അത്ഭുതാവഹം തന്നെ. ”തന്റെ സ്‌നേഹത്തില്‍ ദൈവം നിശ്ശബ്ദമായി നമുക്കുവേണ്ടി പ്ലാന്‍ ചെയ്യുന്നു” (സെഫ. 3:17 പരാവര്‍ത്തനം). കര്‍ത്താവിനെ സേവിക്കുന്ന നമുക്കെല്ലാവര്‍ക്കും ഇതൊരു പ്രചോദനമായിരിക്കട്ടെ. കര്‍ത്താവ് നമ്മെ ഒരിക്കലും ഉപേക്ഷിക്കയില്ല.

ആ ഭവനത്തില്‍ തന്റെ കാവല്‍ക്കാരനായിരുന്ന പട്ടാളക്കാരന്റെ കൂടെ പൗലൊസ് തടവുകാരനായിരുന്നപ്പോള്‍ തന്റെ അടുക്കല്‍ വന്ന എല്ലാവരോടും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു. പൗലൊസിനെ കാവല്‍ ചെയ്ത എല്ലാ പട്ടാളക്കാരും സുവിശേഷം കേട്ടു; ചിലര്‍ മാനസാന്തരപ്പെടുകയും ചെയ്തു (ഫിലി 1:13; 4:22).

ഭാവിതലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുവാന്‍ തക്കവണ്ണം ആത്മീയസമ്പത്ത് പൗലൊസിന്റെ പക്കലുണ്ടെന്ന് ദൈവം കണ്ടു. പക്ഷേ പൗലൊസ് എപ്പോഴും യാത്ര ചെയ്തുകൊണ്ടിരുന്ന മനുഷ്യനായിരുന്നു. താന്‍ ദൈവത്തില്‍ നിന്നു പഠിച്ച കാര്യങ്ങള്‍ എഴുതുവാനുള്ള സൗകര്യവും സാവകാശവും പൗലൊസിനു നല്‍കുവാന്‍ ദൈവത്തിന് എങ്ങനെയാണ് കഴിഞ്ഞത്? പൗലൊസിനെ റോമിലെ കാരാഗൃഹത്തില്‍ ബന്ധിക്കുവാന്‍ സാത്താനെ അനുവദിച്ചതിലൂടെയാണ് ദൈവം ഈ കാര്യം സാധിച്ചത്. അന്യഥാ എഴുതുവാന്‍ സാധ്യമല്ലാതിരുന്ന അത്യുത്തമമായ ചില ലേഖനങ്ങള്‍ പൗലൊസ് എഴുതി. തടവിലല്ലായിരുന്നുവെങ്കില്‍ അവ ഒരിക്കലും എഴുതപ്പെടുകയില്ലായിരുന്നു — ഇരുപതു നൂറ്റാണ്ടുകളായി ജനങ്ങള്‍ക്ക് അനുഗ്രഹമായിരിക്കുന്ന ലേഖനങ്ങളാണിവ. ദൈവത്തിന്റെ പദ്ധതികള്‍ എപ്പോഴും നമ്മുടെ അത്യുന്നത നന്മയ്ക്കു വേണ്ടിയുള്ളതാണ്. സാത്താന്‍ ചെയ്യുന്ന തിന്മയെ തന്റെ മഹത്വത്തിനായി ദൈവം രൂപാന്തരപ്പെടുത്തുന്നു.

അപ്പൊസ്തല പ്രവൃത്തികളിലെ അവസാനവാക്ക് ”നിര്‍വിഘ്‌നം” എന്നതാണ്. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും കര്‍ത്താവായ യേശുവിന് ഉള്ളതാണ്; അതിനാല്‍ ഇപ്പോള്‍ 20 നൂറ്റാണ്ടുകളായി ഈ സുവിശേഷം തടസ്സം കൂടാതെ പ്രസംഗിക്കപ്പെടുന്നു — ക്രിസ്തു മടങ്ങിവരുന്നതുവരെ അതു തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.

”അപ്പൊസ്തല പ്രവൃത്തികളില്‍” നമ്മെ വെല്ലുവിളിക്കുവാന്‍ ദൈവം പൗലൊസിന്റെ ജീവിത ദൃഷ്ടാന്തം നമുക്ക് നല്‍കിയിരിക്കുന്നു. തന്റെ ജീവിതകാലം മുഴുവന്‍ പൗലൊസ് ആര്‍ക്കും ഒരു ഭാരമായിത്തീരാതെ സ്വയം ജീവിതസന്ധാരണം ചെയ്തുകൊണ്ട് കര്‍ത്താവിനെ സേവിച്ചു. മറ്റനേകം മേഖലകളിലും പൗലൊസിനെ ഒരു നിസ്തുല്യ മാതൃകയായി നാം കാണുന്നു. ഈ നല്ല മാതൃക പിന്തുടര്‍ന്നുകൊണ്ട് നമ്മുടെ ജീവിതകാലത്ത് നമുക്കു കര്‍ത്താവിനെ സേവിക്കാം.