ബൈബിളിലൂടെ : യോഹന്നാൻ

യേശുക്രിസ്തു – നിത്യദൈവം


ഉല്‍പത്തി 1:1ല്‍ ‘ആദിയില്‍’ എന്നു പ്രസ്താവിച്ചിരിക്കുന്ന ആരംഭത്തിനു മുമ്പുള്ള യഥാര്‍ത്ഥ ആരംഭത്തെക്കുറിച്ചാണ് യോഹന്നാന്‍1:1ല്‍ പ്രസ്താവിച്ചിരിക്കുന്നത്. അവിടെ പറഞ്ഞിരിക്കുന്ന ”വചനം” യേശുക്രിസ്തുവിനെക്കുറിക്കുന്നു. എന്നു മാത്രമല്ല, തന്നെ ”ദൈവ”മെന്നു തന്നെ വിളിച്ചിരിക്കുന്നു. യേശുക്രിസ്തുവിന്റെ ദിവ്യത്വത്തിലാണു യോഹന്നാന്റെ ഊന്നല്‍. നിത്യതമുതല്‍ക്കേ യേശുക്രിസ്തു ദൈവമായിരുന്നു. ഒരുനാള്‍ വചനം ജഡമായിത്തീര്‍ന്നു(1:14). നമ്മുടേതുപോലുള്ള ജഡത്തില്‍ ഈ ഭൂമിയില്‍ സഞ്ചരിക്കുമ്പോഴും അവിടുന്നു ദൈവമായിരുന്നു. ഇന്നും അവിടുന്നു ദൈവമാണ്. അതുകൊണ്ട് നാം അവിടുത്തെ ആരാധിക്കുകയും അവിടുത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മത്തായി 4:10-ല്‍ യേശു തന്നെ പറയുന്നു: ”ദൈവത്തെ മാത്രമേ ആരാധിക്കാവൂ” എന്ന്. ഈ ഭൂമിയിലായിരിക്കുമ്പോള്‍ തന്നെ ആളുകള്‍ ആരാധിച്ചപ്പോള്‍ യേശു അതു സ്വീകരിച്ചിരുന്നു.

എന്തുകൊണ്ടാണ് സുവിശേഷകന്‍ വചനമെന്ന് അവിടുത്തെ വിളിച്ചിരിക്കുന്നത്.? അതില്‍ തത്ത്വശാസ്ത്രപരമോ സങ്കീര്‍ണ്ണമോ ആയ അര്‍ത്ഥതലങ്ങളൊന്നുമില്ല. ബൈബിള്‍ തികച്ചും ലളിതമായ ഒരു ഗ്രന്ഥമാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, പണ്ഡിതന്മാര്‍ അതിനെ വ്യാഖ്യാനം കൊണ്ടു സങ്കീര്‍ണ്ണമാക്കി. ബൈബിള്‍ ഗ്രഹിക്കുവാനാവശ്യം ബുദ്ധിചാതുര്യമല്ല ശിശുവിന്റേതുപോലെ ആര്‍ജവമുള്ള മനസ്സാണ് (മത്താ. 11:25). ഈ സുവിശേഷം എഴുതിയ യോഹന്നാന്‍ പണ്ഡിതനായ തത്വചിന്തകനായിരുന്നില്ല. വെറും പാമരനായ മുക്കുവനായിരുന്നു. നിരക്ഷരനായ ഈ മുക്കുവന്റെ ലിഖിതങ്ങളെക്കുറിച്ച് ആളുകള്‍ ബൈബിള്‍ സെമിനാരികളില്‍ വലിയ തീസിസുകള്‍ ചമച്ചുണ്ടാക്കി ഡോക്ടറേറ്റുകള്‍ സമ്പാദിക്കുന്നു. യോഹന്നാന് ഒരിക്കലും ലഭിക്കാന്‍ കഴിയാത്ത ഡോക്ടറേറ്റ്!

അദൃശ്യമായ ചിന്തയുടെ ദൃശ്യമായതോ ശ്രവ്യമായതോ ആയ ആവിഷ്‌ക്കാരമാണ് പറയപ്പെട്ടതോ എഴുതപ്പെട്ടതോ ആയ വാക്ക് അഥവാ വചനം. നമ്മുടെ ചിന്തകളെ വാക്കുകളിലൂടെ അവതരിപ്പിക്കുമ്പോള്‍ മാത്രമാണ് അന്യര്‍ക്ക് നമ്മുടെ ചിന്തയെ ഗ്രഹിക്കാന്‍ കഴിയുക. ദൈവം സ്വര്‍ഗ്ഗത്തില്‍ത്തന്നെ വസിക്കയോ കേവലം ഒരു ആത്മാവായി ഈ ഭൂമിയിലേക്കു വരികയോ ചെയ്തിരുന്നുവെങ്കില്‍ നമുക്ക് അവിടുത്തെ മനസ്സിലാക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ അവിടുന്ന് യേശുവിന്റെ രൂപത്തില്‍ വന്നു. അതുകൊണ്ടു നാം അവിടുത്തെ അറിയുവാനിടയായി. അതുകൊണ്ടാണ് യേശുവിനെ വചനം എന്നു വിളിക്കുന്നത്. അവിടുന്ന് അദൃശ്യനായ ദൈവത്തിന്റെ ദൃശ്യവും ശ്രവ്യവുമായ രൂപമാണ്. അവിടുത്തേക്കല്ലാതെ മറ്റാര്‍ക്കും ആ വിശേഷണം നല്‍കിക്കൂടാ.

”അവനില്‍ (യേശുവില്‍) ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു ”(1:4). വെളിച്ചം ഇരുളിനെ പുറത്താക്കുന്നു. യേശുവിന്റെ ജീവന്‍ എല്ലായിടത്തും ചെയ്യുന്ന പ്രവൃത്തി അതാണ്. നാം അനുവദിക്കുമെങ്കില്‍ യേശുവിന്റെ ജീവന്‍ നമ്മിലേക്കു കടന്നു വരുമ്പോഴും അതുതന്നെ സംഭവിക്കും. അതു നമ്മിലെ ഇരുളിനെ പുറത്താക്കും. പുറത്തു മുഴുവനും പകല്‍ വെളിച്ചമുള്ള സമയത്തും നിങ്ങള്‍ മുറിയുടെ ജനലും വാതിലുമൊക്കെ അടച്ചാണിരിക്കുന്നതെങ്കില്‍ ഉള്ളില്‍ ഇരുട്ടുതന്നെ ആയിരിക്കും. ഏറ്റവും ചെറിയ വാതായനമെങ്കിലും തുറന്നാല്‍ പെട്ടെന്ന് വെളിച്ചം ഉള്ളിലേക്കു വരും. ജാലകത്തിലൊരു വിള്ളലുണ്ടെങ്കില്‍ പോലും വെളിച്ചം ഉള്ളിലേക്കു വരും. എത്ര ചെറിയ വിള്ളലില്‍ കൂടിയും ഉള്ളിലേക്കു കടക്കാന്‍ വെളിച്ചത്തിനു വെമ്പലുണ്ട്. യേശുവിന്റെ ജീവനും അപ്രകാരമാണ്. നിങ്ങളുടെ ഹൃദയത്തിലേക്കു കടന്നുവരാനും നിറയുവാനും അത് ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവിടുന്നു വാതില്‍ക്കല്‍ നിന്ന് മുട്ടുന്നു. നിങ്ങള്‍ എത്രമാത്രം നിങ്ങളുടെ ഹൃദയത്തെ തുറന്നുകൊടുക്കുന്നുവോ അത്രമാത്രം ജീവന്റെ പ്രവാഹം നിങ്ങളിലേക്ക് അവിടുന്നു നല്‍കും. യേശു തന്റെ ശിഷ്യന്മാരോട് (നമ്മോടും) പറഞ്ഞു: ”നിങ്ങള്‍ ലോകത്തിന്റെ വെളിച്ചമാകുന്നു” (മത്താ. 5:14). പഴയനിയമത്തില്‍ ദൈവത്തിന്റെ എഴുതപ്പെട്ട വചനമായിരുന്നു വെളിച്ചം. ‘നിന്റെ വചനം എന്റെ കാലുകള്‍ക്ക് ദീപവും പാതയ്ക്കു പ്രകാശവും ആകുന്നു’ (സങ്കീ. 119:105). ദൈവത്തിന്റെ പ്രമാണങ്ങള്‍ മാത്രമായിരുന്നു ആ കാലഘട്ടത്തില്‍ അവര്‍ക്കു ലഭ്യമായിരുന്ന ഒരേ ഒരുവെളിച്ചം. ഇന്ന് ബൈബിളല്ല ദൈവത്തിന്റെ വെളിച്ചം. ജഡമായിത്തീര്‍ന്ന വചനമാണ് ഇന്നു വെളിച്ചം. യേശു ആണ് ഇന്നു വെളിച്ചം. എന്റെ ഉപദേശങ്ങളാണു വെളിച്ചം എന്നല്ല യേശു പറഞ്ഞത്; ഞാന്‍ വെളിച്ചമാകുന്നു എന്നാണ്. അതുകൊണ്ടു തന്നെ നമ്മുടെ ഉപദേശങ്ങളല്ല വെളിച്ചം; നാം തന്നെയാണ്. ‘നിങ്ങള്‍ വെളിച്ചമാകുന്നു’ എന്നത്രേ യേശു പറഞ്ഞത്. നിങ്ങളുടെ ജീവിതം വെളിച്ചമായിരിക്കുന്നില്ല എങ്കില്‍ അത്ഭുതകരമായ കാര്യങ്ങള്‍ നിങ്ങള്‍ സംസാരിക്കുമ്പോഴും ഒരു കാപട്യക്കാരനായിരിക്കുവാന്‍ മാത്രമേ നിങ്ങള്‍ക്കുകഴിയൂ. ആ പുളിപ്പ് നിങ്ങളെ നശിപ്പിക്കും. നാം പഠിപ്പിക്കുന്ന കാര്യങ്ങളെ സമര്‍ത്ഥിക്കുന്നതായിരിക്കണം നമ്മുടെ ജീവിതം. യേശുവിന്റെ ജീവന്‍ നമ്മുടെ ചിന്തകളെയും പണമിടപാടുകളെയും സ്വാധീനിക്കണം.കുടുംബ ജീവിതത്തിലും സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റത്തിലും യേശുവിന്റെ ജീവന്റെ സ്വാധീനം പ്രതിഫലിക്കണം. സഭയിലെ സഹോദരങ്ങളോടുള്ള സമീപനത്തിലും അങ്ങനെ തന്നെ. യേശുവിന്റെ ജീവന്‍ തന്നെയാണു വെളിച്ചം. അതുതന്നെയാണ് ഇന്നു നമ്മുടെ രാജ്യത്തിലും കുറവായിട്ടുള്ളത്.

”തന്നെ സ്വീകരിച്ച് തന്റെ നാമത്തില്‍ വിശ്വസിച്ച ഏവര്‍ക്കും ദൈവമക്കളാകുവാന്‍ അവന്‍ അധികാരം നല്‍കി”(യോഹ1:12). യേശുവിനെ നാം കര്‍ത്താവായി സ്വീകരിക്കുമ്പോഴാണു നാം ദൈവമക്കളായിത്തീരുന്നത്. മക്കള്‍ എന്ന ഇവിടുത്തെ പ്രയോഗത്തിന്നര്‍ത്ഥം നവജാതശിശുക്കള്‍ എന്നത്രേ. പുത്രന്‍ എന്ന പദം ‘മുതിര്‍ന്ന’ ‘പക്വത പ്രാപിച്ച’ എന്നൊക്കെ അര്‍ത്ഥം വരുന്ന പ്രയോഗമാണ്. നിങ്ങള്‍ യേശുവിനെ സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ ഒരു നവജാതശിശു മാത്രമാണ്. മുതിര്‍ന്ന പുത്രനല്ല. എന്നാല്‍ പക്വത പ്രാപിച്ചു പുത്രത്വത്തിലേക്കു വളരേണ്ടതുണ്ട്.


കൃപയും സത്യവും


യേശു ഈ ഭൂമിയില്‍ വചനമായി അവതരിച്ചപ്പോള്‍ ശിഷ്യന്മാര്‍ ദൈവതേജസ്സ് അവനില്‍ കണ്ടു. കൃപയുടെയും സത്യത്തിന്റെയും നിറവോടെ (1:14). യേശു വെളിപ്പെടുത്തിയ തേജസ്സിന് ഒരു സന്തുലിതാവസ്ഥയുണ്ടായിരുന്നു. ”സത്യം” ”സത്യമാണ്” ”സത്യമായി” ഇപ്രകാരമുള്ള പ്രയോഗങ്ങള്‍ എഴുപതിലധികം പ്രാവശ്യം ഈ സുവിശേഷത്തില്‍ കടന്നുവരുന്നു. യോഹന്നാന്റെ പ്രമുഖമായ പ്രതിപാദ്യവിഷയങ്ങളിലൊന്നാണിത്.

എന്നാല്‍ ആ സത്യം (കല്പനകളും നിയമങ്ങളും പ്രമാണങ്ങളും) ആളുകള്‍ക്ക് ആകര്‍ഷകമായിത്തീരണമെങ്കില്‍ കൃപയുടെ ആവരണം അതിന്മേലുണ്ടാവണം. നമ്മുടെ ശരീരത്തില്‍ അസ്ഥിയും (സത്യത്തിന് ദൃഷ്ടാന്തം) മാംസവും (കൃപയ്ക്ക് ദൃഷ്ടാന്തം) ഉണ്ട്. അസ്ഥികൂടത്തില്‍ മാംസം പൊതിഞ്ഞിരിക്കുന്നില്ലെങ്കില്‍ എന്തുഭംഗിയുണ്ടാവും നമ്മുടെ ശരീരത്തിന്? ഒരു അസ്ഥികൂടം നമ്മുടെ അടുത്തേക്കു നടന്നു വരുന്നതുകണ്ടാല്‍ നമുക്കു ഭയം തോന്നും. നാം ഓടിപ്പോകും. അതുകൊണ്ടായിരുന്നു പരീശന്‍മാരില്‍ നിന്നും ആളുകള്‍ അകന്നു മാറിയിരുന്നത്. അവര്‍ സത്യം മുറുകെപ്പിടിച്ചിരുന്നു. പക്ഷേ കൃപ അല്പവും ഉണ്ടായിരുന്നില്ല. ചില ക്രിസ്ത്യാനികള്‍ സത്യത്തിനു മാത്രം പ്രാധാന്യം നല്‍കുകയും നിയമങ്ങളും ചട്ടങ്ങളും കടുകിടെ വ്യത്യാസം കൂടാതെ ഉപദേശിക്കുകയും ചെയ്യുന്നവരാണ്. അത് ആളുകളെ മടുപ്പിക്കുന്നു. യേശുവില്‍ അസ്ഥികള്‍ ഉണ്ടായിരുന്നു. പക്ഷേ മാംസം പൊതിഞ്ഞിരുന്നു. സത്യം കൃപയില്‍ പൊതിഞ്ഞിരുന്നതിനാല്‍ അധമപാപികള്‍ക്കുപോലും അവിടുത്തെ സമീപം വരുവാന്‍ പ്രയാസമുണ്ടായില്ല. നമ്മിലധികം പേരും നമ്മുടെ രക്ഷിക്കപ്പെടാത്ത ബന്ധുക്കളെ സത്യത്താല്‍ അകറ്റി നിര്‍ത്തുന്നു. അവര്‍ നമ്മില്‍ അസ്ഥികൂടം മാത്രം കണ്ടു ഭയന്ന് നമ്മിലെ വ്യാജക്രിസ്തുവില്‍ നിന്നും ഓടി മാറുന്നു.

മറുവശത്ത് കൃപയ്ക്കു മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ട്. നമ്മുടെ ശരീരത്തില്‍ അസ്ഥി ഇല്ലാത്ത അവസ്ഥയെക്കുറിച്ചു ചിന്തിക്കുക. നമുക്കു നില്‍ക്കാന്‍ കഴിയില്ല. മുള്ളില്ലാത്ത ഒരു തരം മീനിനെപ്പോലെ. ചില പ്രയോജനങ്ങളൊക്കെയുണ്ടതിന്. എവിടെയും നുഴഞ്ഞുകയറാം. ഏതു രൂപവും സ്വീകരിക്കാം. ചില ക്രിസ്ത്യാനികള്‍ അങ്ങനെയുള്ളവരാണ്. യാതൊരു ഉപദേശങ്ങളെ സംബന്ധിച്ചും അവര്‍ക്ക് വ്യക്തമായ ബോദ്ധ്യങ്ങളില്ല. ഏതു സംഘടനയിലും കയറിപ്പറ്റി അതിനോടു താദാത്മ്യം പ്രാപിക്കാന്‍ അവര്‍ക്കു പ്രയാസമില്ല. അവര്‍ ഓന്തുകളെപ്പോലെ തങ്ങളുടെ ചുറ്റുപാടുകള്‍ക്കനുസരിച്ചു നിറംമാറാന്‍ കഴിവുള്ളവരാണ്.

ക്രിസ്തുവിനെ ലോകത്തിനു ശരിയായ നിലയില്‍ കാണിച്ചുകൊടുക്കാന്‍ കൃപയും സത്യവും ഒരുപോലെ എത്രമാത്രം ആവശ്യമാണെന്നു നാം കണ്ടു.

ഈ മേഖലയില്‍ നമ്മിലാരും തന്നെ പൂര്‍ണ്ണമായ സന്തുലിതാവസ്ഥ പ്രാപിച്ചിട്ടില്ല. അതുകൊണ്ടാണു ദൈവം ക്രിസ്തുവിന്റെ ശരീരത്തെ നമുക്ക് തന്നത്. സത്യത്തിന്റെ കാര്യത്തില്‍ നാം ശക്തരാകുമ്പോള്‍ കൃപയുടെ കാര്യത്തില്‍ ശക്തരായ മറ്റു ചില സഹോദരങ്ങളെ ദൈവം നമുക്ക് നല്‍കുന്നു. അങ്ങനെ നമ്മെക്കൂടാതെ അവര്‍ക്കോ അവരെക്കൂടാതെ നമുക്കോ ദൈവമഹത്വം വെളിപ്പെടുത്തുക അസാദ്ധ്യമായിത്തീരുന്നു. നാം ഒരുമിച്ചു ക്രിസ്തുവിനെ ഉയര്‍ത്തുന്നു. നാം എത്ര അസന്തുലിതരാണെന്നും എന്നും ഒരേ കാര്യങ്ങള്‍ മാത്രമേ നാം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളു എന്നും ജീവിതാന്ത്യത്തില്‍ നാം തിരിച്ചറിയുന്നു. എന്നാല്‍ ശരീരത്തിലെ മറ്റ് അവയവങ്ങളുമായുള്ള ബന്ധത്തിലൂടെ നമ്മുടെ രക്ഷ ദൈവം ഉറപ്പാക്കിത്തന്നിരിക്കുന്നു. ക്രിസ്തുശരീരത്തിന്റെ പൂര്‍ണ്ണത യേശുക്രിസ്തുവില്‍ മാത്രമാണ് നാം കണ്ടെത്തുന്നത്. അവിടുത്തേക്കു മാത്രമേ പൂര്‍ണ്ണമായ സന്തുലിതാവസ്ഥ വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളു. നാം അവിടുത്തെ ശരീരത്തിന്റെ ഒരുഭാഗം മാത്രമാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന മറ്റുള്ളവരെയും നാം ക്രിസ്തുശരീരമെന്ന നിലയില്‍ സ്വീകരിക്കേണ്ടതാണ്.

ന്യായപ്രമാണം മോശെയിലൂടെ ലഭിച്ചു. കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു (1:17). യേശു വരുന്നതുവരെ കൃപ ലോകത്തിലേക്കു വന്നിരുന്നില്ല എന്നാണ് ആ വാക്യം നമ്മെ പഠിപ്പിക്കുന്നത്. ന്യായപ്രമാണം മോശെമുഖാന്തരം വന്നു. അതായിരുന്നു പഴയ ഉടമ്പടി. അതില്‍ കൃപ ഉണ്ടായിരുന്നില്ല. പഴയ ഉടമ്പടിയില്‍ കൃപയുടെ പരാമര്‍ശം പോലുമില്ല. അതു പുതിയ ഉടമ്പടിയില്‍ മാത്രമാണു നാം കണ്ടെത്തുന്നത്. ഉല്‍പത്തി 6:8 ല്‍ നാം കാണുന്ന കൃപ എന്ന പദം ഭാഷാന്തരത്തില്‍ വന്ന പിശകുതന്നെയാണ്. ന്യൂ അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് ബൈബിളില്‍ ”പ്രീതി” ”സൗമനസ്യം” എന്നൊക്കെ അര്‍ത്ഥം വരുന്ന favour എന്ന പദമാണ് സ്വീകരിച്ചിരുന്നത്. അതു തികച്ചും ശരിയാണ്. കൃപ എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്? വ്യാപകമായി അംഗീകരിച്ചിരിക്കുന്ന ”അനര്‍ഹമായ പ്രസാദം” എന്ന അര്‍ത്ഥം ശരിയല്ല. ഒരു കണക്കില്‍ പറഞ്ഞാല്‍ എല്ലാ മനുഷ്യരും ദൈവത്തില്‍ നിന്നും അനര്‍ഹമായ പ്രസാദം ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്. അതുകൃപയല്ല ”കരുണ’യാണ്. പഴയ ഉടമ്പടിയിലും അവര്‍ക്കു കരുണ ലഭിച്ചിരുന്നു. ദൈവത്തിന്റെ കരുണയാലാണ് അവര്‍ക്കു പാപക്ഷമ ലഭിച്ചിരുന്നത് (സങ്കീ.103:3). കരുണ നമ്മുടെ കഴിഞ്ഞകാലജീവിതത്തിലെ കുറ്റങ്ങള്‍ സംബന്ധിച്ച ദൈവിക ഇടപെടലുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃപ ഭാവിജീവിതത്തില്‍ നമുക്കു പാപത്തിന്മേല്‍ ജയം നേടിത്തരുന്നു.

മറ്റെല്ലാ സുവിശേഷങ്ങളിലേതും പോലെ യേശു ആളുകളെ പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കും (നിമജ്ജനം) എന്ന വാഗ്ദാനത്തോടെയാണ് യോഹന്നാനും എഴുതിത്തുടങ്ങുന്നത് (1:33). മുഴുകല്‍ രണ്ടു തരത്തില്‍ സാദ്ധ്യമാണ്. ഒരു നദിയിലോ കുളത്തിലോ മുങ്ങിക്കൊണ്ടും ഒരു വെള്ളച്ചാട്ടത്തിന്റെ കീഴില്‍ നിന്നുകൊണ്ടും മുഴുകല്‍ സാദ്ധ്യമാണ്. ജലത്തിലുള്ള മുഴുകല്‍ സ്‌നാനം നല്‍കുന്നത് നദിയിലോ ജലസംഭരണിയിലോ ആണ്. പെന്തെക്കോസ്ത് നാള്‍ മുതല്‍ ദൈവസിംഹാസനത്തില്‍ നിന്നും ഭൂമിയിലേക്കു പ്രവഹിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രവാഹത്തില്‍ നിന്നാണ് പരിശുദ്ധാത്മസ്‌നാനം ലഭിക്കുന്നത്. താഴ്മ എന്ന ഒരു സ്ഥലത്തേക്കാണ് ആ പ്രവാഹം ഒഴുകി വീഴുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാ നാളുകളിലും നാം താഴ്മയില്‍ നില്ക്കുന്നവരെങ്കില്‍ ആ പ്രവാഹം നമ്മിലേക്കും നമ്മിലൂടെ മറ്റനേകരിലേക്കും പ്രവഹിക്കും.


വരിക, കാണുക, അനുഗമിക്കുക

യോഹന്നാന്റെ രണ്ടു ശിഷ്യന്മാര്‍ യേശുവിനോടു ”ഗുരോ നീ എവിടെ പാര്‍ക്കുന്നു?” എന്നു ചോദിച്ചു. ”വന്നു കാണുക” എന്ന് യേശു മറുപടി നല്‍കി (1:39). പഴയ ഉടമ്പടിയില്‍ ദൈവഭൃത്യന്മാര്‍ ”വന്നു കേള്‍ക്കുക” എന്നായിരിക്കും മറുപടി നല്‍കുക. പുതിയ ഉടമ്പടിയിലെ ദൈവഭൃത്യന്‍ പറയുന്നു- ”വന്നു കാണുക.” ”മോശെ പര്‍വ്വതത്തില്‍ നിന്നും ദൈവിക സന്ദേശങ്ങളുമായി വന്നിരിക്കുന്നു. വന്നു കേള്‍ക്കുക.”- ഇതായിരുന്നു പഴയ ഉടമ്പടിയിലെ ക്ഷണം. എന്നാല്‍ പുതിയ ഉടമ്പടിയില്‍ ”ഇതാ യേശു സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയില്‍ വന്നിരിക്കുന്നു. അവന്റെ ജീവിതം വന്നുകാണുക.” എന്നതാണു ക്ഷണം. പുതിയ ഉടമ്പടിയില്‍ സന്ദേശത്തിനല്ല സന്ദേശവാഹകനാണ് പ്രാധാന്യം. നാം തന്നെയാണു സന്ദേശം. അതുകൊണ്ടു നാം പറയുന്നു: ”ഞാന്‍ എന്റെ ഭാര്യയോടൊപ്പം എങ്ങനെ ജീവിക്കുന്നു എന്നും സഹപ്രവര്‍ത്തകരോട് എങ്ങനെ പെരുമാറുന്നു എന്നും സഭയിലെ യുവസഹോദരങ്ങളോട് എങ്ങനെ വര്‍ത്തിക്കുന്നു എന്നും എന്റെ പണവും കണക്കുകളും എങ്ങനെ സൂക്ഷിക്കുന്നു എന്നും എന്റെ കുട്ടികളെ എങ്ങനെ വളര്‍ത്തുന്നു എന്നും വന്നു കാണുക. എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളും വന്നു കാണുക. ഞാന്‍ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങള്‍ക്ക് എന്നെ അനുകരിക്കുവാന്‍ കഴിയും” (1 കൊരി 11:1).

ഇക്കാലത്ത് അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കു വരുന്ന ധാരാളം പ്രസംഗകരെ കാണുവാന്‍ കഴിയും. അത്തരമൊരു വ്യക്തി അമേരിക്കയിലെ തന്റെ കുടുംബത്തില്‍ ഭാര്യയോടൊത്ത് എങ്ങനെ വസിക്കുന്നു എന്നും അയാള്‍ വിവാഹമോചനം നടത്തിയ ഒരാളാണോ എന്നും മക്കളെ എങ്ങനെ വളര്‍ത്തി എന്നും എങ്ങനെയുള്ള സഭയാണ് അയാളുണ്ടാക്കിയതെന്നും ഒക്കെ അറിയാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ അയാളെ എന്റെ സഭയില്‍ ശുശ്രൂഷിക്കുവാന്‍ അനുവദിക്കില്ല. ശക്തമായ പ്രഭാഷണം ഒരിക്കലും എന്നില്‍ മതിപ്പുളവാക്കുന്നില്ല. ”എന്റെ ജീവിതം വന്നു കാണുക” എന്നു പറയുന്ന ഒരു വ്യക്തിമാത്രമേ എന്നില്‍ മതിപ്പുളവാക്കുന്നുള്ളു. ”എനിക്ക് എത്ര നന്നായി പ്രസംഗിക്കുവാനും രോഗശാന്തിശുശ്രൂഷ ചെയ്യുവാനും കഴിയുമെന്നു ശ്രദ്ധിക്കുക” എന്നാണു നിങ്ങള്‍ പറയുന്നതെങ്കില്‍ എനിക്കതില്‍ താത്പര്യമില്ല. നിങ്ങള്‍ പഴയ ഉടമ്പടിയിലുള്ള ഒരു വ്യക്തിയാണ്. നിങ്ങള്‍ പണിയുന്നതും പഴയ ഉടമ്പടിയിന്‍ പ്രകാരമുള്ള ഒരു സഭയായിരിക്കും. ”വന്നു കേള്‍ക്കുക” എന്നു പറയുന്നവരാണു ബാബിലോണ്‍ പണിയുന്നതും. അവര്‍ ശരിയായ ഉപദേശം ശ്രദ്ധയോടെ പഠിപ്പിക്കുന്നവരും അതിനുവേണ്ടി പോരാടുന്നവരുമായിരിക്കും. അവരുടെ ഉപദേശം വിശുദ്ധജീവിതത്തെ ഉളവാക്കുന്നില്ല എങ്കില്‍ അതിലെന്തോ പിശകുണ്ട്. യേശുവില്‍ ജീവിനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. യോഹന്നാന്റെ മുഖ്യപ്രമേയം തന്നെ ജീവനാണ്- സുവിശേഷത്തിലും ലേഖനങ്ങളിലുമെല്ലാം തന്നെ. സഹസ്രാബ്ദങ്ങളോളം ഈ ജീവന്‍ മറഞ്ഞു കിടന്നു. മനുഷ്യനു ദൈവത്തില്‍ നിന്നു മാത്രമേ വചനം ലഭിക്കുന്നുള്ളു. എന്നാല്‍ വചനം ജഡമായിത്തീര്‍ന്നതോടെ നമുക്കും നിത്യസുവിശേഷം ലഭ്യമായി.അതുകൊണ്ടാണ് പൗലൊസ് ധൈര്യത്തോടെ പറഞ്ഞത്. ”ഞാന്‍ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുമ്പോലെ നിങ്ങള്‍ എന്റെ അനുകാരികള്‍ ആകുവിന്‍” (1 കൊരി. 11:1). ഇന്ന് എല്ലാ ദൈവഭൃത്യന്മാരും ഇതു പറയുവാന്‍ പ്രാപ്തരാകണം.

ചില പ്രസംഗകര്‍ പറയാറുണ്ട്. ”ക്രിസ്തുവിനെ അനുഗമിക്കുക. എന്നെ അനുഗമിക്കേണ്ടാ.” അതു താഴ്മയുടെ ശബ്ദമായി നമുക്കു തോന്നാമെങ്കിലും വചനാനുസൃതമല്ല. എന്തുകൊണ്ടാണ് ഒരാള്‍ അങ്ങനെ പറയുന്നത്? തന്റെ ജീവിതം മാതൃകാപരമല്ല എന്ന ബോദ്ധ്യം ആ വ്യക്തിക്കുള്ളതുകൊണ്ടായിരിക്കാം. അങ്ങനെയെങ്കില്‍ പ്രസംഗം തുടരാതിരിക്കയാണ് ആ വ്യക്തിചെയ്യേണ്ടത്. വീട്ടിലേക്കു പോവുകയും ജീവിതത്തെ യഥാസ്ഥാനപ്പെടുത്തുകയുമാണ് അടിയന്തരമായി ചെയ്യേണ്ടകാര്യം. നാം ക്രിസ്തുവിനെപ്പോലെ ആയതുകൊണ്ടല്ല നാം മറ്റു വ്യക്തികളോടു ‘ഞാന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതുപോലെ എന്നെ അനുഗമിക്കുക’ എന്നു പറയുന്നത്. നാം ആ പര്‍വ്വതത്തിനു മുകളില്‍ എത്തിയിട്ടില്ല. അതു ക്രിസ്തുവിന്റെ രണ്ടാം വരവില്‍ മാത്രമേ സാദ്ധ്യമാകൂ. എന്നാല്‍ നാം പര്‍വ്വതത്തിനു ചുവട്ടിലിരിക്കുകയല്ല. സുവിശേഷം നമ്മുടെ ജീവിതത്തെയും ചിന്തയേയും സംഭാഷണത്തേയും പണം കൈകാര്യം ചെയ്യുന്ന രീതിയേയും എല്ലാ പെരുമാറ്റ രീതിയെയും മാറ്റിക്കൊണ്ടിരിക്കുന്നു എന്ന കാര്യമത്രേ നാം പറയുന്നത്.

ക്രിസ്തുസാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുക എന്ന പര്‍വ്വതത്തിലേക്കു നമ്മോടൊപ്പം കയറുവനാനാണ് നാം മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്നത്.

ഒരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ച പാശ്ചാത്യനായ ഒരു സഹോദരന്‍ ഫസ്റ്റ്ക്‌ളാസ് ട്രെയിന്‍ ടിക്കറ്റുമായി ട്രെയിനില്‍ കയറിയ സംഭവം ഞാന്‍ കേട്ടിട്ടുണ്ട്. തന്റെ സീറ്റു മറ്റൊരാള്‍ കൈക്കലാക്കിയിരിക്കുന്നതാണ് അദ്ദേഹം കണ്ടത്. എന്നു മാത്രമല്ല മാറിത്തരുവാന്‍ അയാള്‍ വിസമ്മതിക്കയും ചെയ്തു. അദ്ദേഹം ആ മനുഷ്യനോടു വഴക്കിനൊന്നും പോയില്ല. പത്രക്കടലാസ് വിരിച്ച് ടോയ്‌ലറ്റിനു സമീപം നിലത്തിരുന്നു. ടിക്കറ്റ് പരിശോധകന്‍ വന്നപ്പോള്‍ അദ്ദേഹം തറയിലിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. മറ്റൊരാള്‍ തന്റെ ഇരിപ്പിടത്തിലിരിക്കുന്നതുകൊണ്ടാണെന്നറിയിച്ചപ്പോള്‍ ടിക്കറ്റ് പരിശോധകന്‍ വിസ്മയിച്ചു. പാശ്ചാത്യരായ ആളുകളില്‍ നിന്നും അത്തരം പെരുമാറ്റം ഒരിക്കലും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ”താങ്കള്‍ എന്തുകൊണ്ടാണിങ്ങനെ?” തന്റെ ഉള്ളിലെ അത്ഭുതം ഉദ്യോഗസ്ഥന് അടക്കാനായില്ല. ”’ഞാനൊരുക്രിസ്ത്യാനിയാണ്. ഞാന്‍ ഒരിക്കലും ആരോടും വഴക്കിടാറില്ല.” ആ സാക്ഷ്യം ആ ഉദ്യോഗസ്ഥന്റെ മാനസാന്തരത്തിനു കാരണമായിത്തീര്‍ന്നു. ഒരു വലിയ പ്രസംഗമാണോ അദ്ദേഹത്തില്‍ മാനസാന്തരമുളവാക്കിയത്? അല്ല. ആ പാശ്ചാത്യസഹോദരന്റെ പെരുമാറ്റം അതിശക്തമായ ഒരു പ്രഭാഷണം തന്നെയായിരുന്നു. ലോകത്തിന്റെ വെളിച്ചമെന്നാല്‍ അങ്ങനെയായിരിക്കുക എന്നതാണ്. ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യുമ്പോഴാണ് സ്വാര്‍ത്ഥതയുടെ ഇരുണ്ടമുഖങ്ങള്‍ അതിന്റെ ഏറ്റവും മോശമായ അവസ്ഥയില്‍ നാം കാണുന്നത്. അങ്ങനെയുള്ള സ്ഥലത്ത് നമുക്ക് ക്രിസ്തുവിന്റെ സൗന്ദര്യവും താഴ്മയും ക്ഷമയും ഈ ദുഷ്ടലോകത്തിനു വെളിപ്പെടുത്തുന്നവരാകാം.

1:47-ല്‍ നഥനയേലിനെക്കുറിച്ചു യേശു പറയുന്ന പരാമര്‍ശം നമുക്കു കാണാം. ”കാപട്യമില്ലാത്ത ഒരു മനുഷ്യനെ കാണുക.” കര്‍ത്താവില്‍ നിന്നുള്ള മനോഹരമായ ഒരു സാക്ഷ്യം! അതൊരു നേട്ടം തന്നെ. നഥനയേല്‍ പാപമില്ലാത്ത സമ്പൂര്‍ണനായ വ്യക്തി എന്നല്ല കര്‍ത്താവു പറഞ്ഞത് – കാരണം നഥനയേല്‍ പാപമില്ലാത്തവനോ പൂര്‍ണ്ണതയുള്ളവനോ ആയിരുന്നില്ല. നിര്‍മ്മലമായ ഒരു കണ്ണാടിപോലെ തികഞ്ഞ സുതാര്യതയുള്ള ഒരു വ്യക്തിയാണ് നഥനയേല്‍ എന്നാണു യേശു പറഞ്ഞത്. കര്‍ത്താവ് ഒരിക്കലും വ്യാജം പറയുന്നവനല്ല. അധികം ക്രിസ്ത്യാനികളും സുതാര്യമല്ലാത്ത കണ്ണാടി പോലെയാണ്. കണ്ണാടിയുടെ മറുപുറത്ത് അവര്‍ വ്യത്യസ്തമായൊരു ജീവിതം നയിക്കുന്നു. കാപട്യമില്ലാത്ത ജീവിതമെന്നാല്‍ അകത്തും പുറത്തും ഒരുപോലെ ഒന്നും മറച്ചു വയ്ക്കാനാഗ്രഹിക്കാത്ത ജീവിതം എന്നര്‍ത്ഥം. ഒരുപക്ഷേ നമ്മുടെ കോപസ്വഭാവത്താല്‍ നാം പരാജയപ്പെട്ടവരാകാം. നാം അതു മറച്ചുവയ്ക്കുകയോ അഭിനയിക്കുകയോ ചെയ്യുന്നില്ല. വെളിപ്പാട് 21-ല്‍ യേശുക്രിസ്തുവിന്റെ സഭയാകുന്ന ഒരു പുതിയ യെരുശലേം സ്വച്ഛസ്ഫടിക തുല്യമാണെന്നു പറഞ്ഞിരിക്കുന്നു. ആ സഭയിലായിരിക്കണമെന്നു നാം ആഗ്രഹിക്കുന്നു. എങ്കില്‍ അത്തരം ഒരു ജീവിതം നയിക്കുവാന്‍ നാം തയ്യാറാകണം.


ആദ്യത്തെ അടയാളം

രണ്ടാം അധ്യായത്തില്‍ യേശുവും ശിഷ്യന്മാരും സംബന്ധിച്ച കാനായിലെ ഒരു വിവാഹവിരുന്നിനെക്കുറിച്ചു നാം വായിക്കുന്നു. 2:11-ല്‍ അടയാളങ്ങളുടെ ആരംഭമായി യേശു ഇതു ചെയ്തു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. യേശുവിന്റെ അത്ഭുതപ്രവൃത്തികളെ യോഹന്നാന്‍ അടയാളം എന്നാണു വിളിക്കുന്നത്. അതിന്നര്‍ത്ഥം യേശുവിന്റെ ഓരോ അത്ഭുതവും ഓരോ ഉപമകളാണ്. അവയില്‍ ആത്മീയപാഠങ്ങള്‍ അടങ്ങിയിരിക്കുന്നു.

ഇവിടുത്തെ സന്ദേശം എന്താണ്? ഒന്നാമതായി ഭൗതികകാര്യങ്ങളിലുള്ള നിങ്ങളുടെ സന്തോഷത്തിന്റെതായ വീഞ്ഞ് ഒരു ദിവസം തീരും. എന്നാല്‍ നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവുമാകുന്ന സ്വര്‍ഗ്ഗീയവീഞ്ഞു നിങ്ങള്‍ക്കു നല്‍കുവാന്‍ യേശുവിനു കഴിയും. എന്നാല്‍ മറിയ ചെയ്തതുപോലെ നിങ്ങളുടെ വീഞ്ഞു തീരുമ്പോള്‍ സത്യസന്ധരായി യേശുവിന്നടുത്തു ചെന്നു പറയുക. അതിന് ഇത്രമാത്രമേ നിങ്ങള്‍ ചെയ്യേണ്ടതായിട്ടുള്ളൂ. നിങ്ങള്‍ക്കൊരിക്കലും മുന്തിരി പറിക്കുകയോ പിഴിഞ്ഞു ചാറെടുക്കുകയോ വീഞ്ഞുണ്ടാക്കുകയോ ഒന്നും ചെയ്യേണ്ടതായിട്ടില്ല. ”കര്‍ത്താവേ, എന്റെ ജീവിതത്തില്‍ സമാധാനമോ സന്തോഷമോ ജയമോ ഇല്ല. അങ്ങു പറഞ്ഞിട്ടുള്ളതുപോലെ അങ്ങയില്‍ എപ്പോഴും സന്തോഷിക്കാന്‍ എനിക്കു കഴിയുന്നില്ല” എന്നു പറയുക. കര്‍ത്താവു നിങ്ങള്‍ക്കു തന്റെ ജീവനാകുന്ന പുതുവീഞ്ഞു നല്‍കും.

ശൂന്യതയില്‍ നിന്നും ആ ഭരണികളില്‍ വീഞ്ഞു നിറയ്ക്കാന്‍ യേശുവിനു കഴിയുമായിരുന്നു. എന്നാല്‍ അവിടുന്ന് അങ്ങനെ ചെയ്തില്ല. ആ ഭവനത്തിലെ പരിചാരകരെ തന്റെ സഹപ്രവര്‍ത്തകരായി യേശു കൂട്ടി. എളിയവരെ ഇന്നും കര്‍ത്താവ് തന്റെ കൂട്ടുവേലക്കാരായി വിളിക്കുന്നു. ഒരു ദാസന്റെ മനോഭാവമുള്ളവരാവുക. കര്‍ത്താവു നിങ്ങളെക്കൊണ്ട് അത്ഭുതം പ്രവര്‍ത്തിക്കും. പരിചാരകര്‍ ഇവിടെ പാത്രങ്ങളില്‍ വെള്ളം നിറയ്ക്കുക മാത്രമേ ചെയ്തുള്ളൂ. നാം ചെയ്യേണ്ടത് ലളിതമായ കാര്യങ്ങള്‍ മാത്രം. പ്രയാസമേറിയവ കര്‍ത്താവു തന്നെ ചെയ്തുകൊള്ളും. ഒരു നല്ല സഹപ്രവര്‍ത്തകനായി നിങ്ങളെ ഒപ്പം കൂട്ടുവാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നു. ശുശ്രൂഷക്കാര്‍ വിളമ്പിയ വീഞ്ഞു രുചിച്ച ആളുകള്‍ അത്ഭുതപ്പെട്ടു. അത്രയും നല്ല വീഞ്ഞ് മുമ്പൊരിക്കലും അവര്‍ ആസ്വദിച്ചിട്ടില്ലായിരുന്നു.

എന്റെ ശുശ്രൂഷയിലും ഞാന്‍ എന്റെ രുചിയില്ലാത്ത വെള്ളത്തെ (എന്റെ ചിന്തകള്‍) കര്‍ത്താവിന്റെ അടുത്തേക്കു മിക്കപ്പോഴും കൊണ്ടുവന്നിട്ടുണ്ട്. കര്‍ത്താവ് അതിനെ വീഞ്ഞാക്കി മാറ്റി ആളുകള്‍ക്കു പകര്‍ന്നു കൊടുക്കുവാന്‍ പറയും. കാനാവിലെപ്പോലെ എനിക്ക് ഇത്രയും നല്ല വീഞ്ഞ് എവിടെനിന്നു കിട്ടി എന്ന് ശ്രോതാക്കള്‍ അത്ഭുതപ്പെടും. അതു കര്‍ത്താവില്‍ നിന്നായിരുന്നു!. ഈ അടയാളത്തിലൂടെ തന്നെ എങ്ങനെ ശുശ്രൂഷിക്കണമെന്നു കര്‍ത്താവു പഠിപ്പിക്കയായിരുന്നു. ഇവിടെ നമുക്ക് അലസത പാടില്ല. വചനം നന്നായി നാം പഠിക്കുക തന്നെ വേണം. ആ കല്‍ഭരണികളില്‍ 600 ലിറ്റര്‍ വെള്ളം നിറയ്ക്കുക ശ്രമകരമായിരുന്നു (2:6). കര്‍ത്താവ് ഒരിക്കലും അലസരായ ആളുകളിലൂടെ തന്റെ വേല ചെയ്യുന്നില്ല.

2:14-17-ല്‍ വിപണിയിലെ ആത്മാവിനെ പ്രാര്‍ത്ഥനാലയത്തിലേക്കു കൊണ്ടുവന്നവരെ പുറത്താക്കുന്ന ചിത്രം നമുക്കുകാണാം. ഒന്നാമതായി കയറുകൊണ്ടു ഒരു ചാട്ട ഉണ്ടാക്കി. യേശു അവിടെയും ഇവിടെയും കിടക്കുന്ന നാരുകള്‍ ശേഖരിച്ച് ഒരു സ്ഥലത്തിരുന്നു പിരിക്കുന്നു. ശിഷ്യന്മാര്‍ അത്ഭുതപ്പെടുന്നുണ്ടാവും എന്താണീ ചെയ്യുന്നതെന്ന്. ഇത്തരം ഒരു രംഗം നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയുമോ?

രണ്ടാമദ്ധ്യായത്തിലെ ഈ രണ്ടു സംഭവങ്ങളിലൂടെ കൃപയെന്തെന്നും സത്യം എന്തെന്നും നാം കാണുകയായിരുന്നു. വിവാഹവിരുന്നില്‍ ഒന്നാന്തരം വീഞ്ഞ് യേശു പകര്‍ന്നു നല്‍കി. തുടര്‍ന്ന് ദേവാലയത്തില്‍ ദൈവത്തിന്റെ പേരു പറഞ്ഞ് പണമുണ്ടാക്കുന്നവരെ നിര്‍ദ്ദയം ചാട്ടവാറുകൊണ്ടു പുറത്താക്കി. നമ്മുടെ ശുശ്രൂഷയിലും ഇതുപോലെ തന്നെ വീഞ്ഞിന്റെയും ചാട്ടവാറിന്റെയും പ്രയോഗങ്ങളുണ്ടാവണം. ആവശ്യഭാരങ്ങളിലുള്ളവര്‍ക്കു വീഞ്ഞും കര്‍ത്താവിന്റെ നാമത്തില്‍ വ്യാപാരം ചെയ്യുന്നവര്‍ക്കു ചാട്ടയും.

പ്രസംഗപീഠത്തില്‍ ദൈവത്തിന്റെ പ്രതിനിധിയായിത്തന്നെ നാം നില്‍ക്കേണ്ടതുണ്ട്. എന്റെ സഭയില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘നിങ്ങള്‍ ദൈവത്തെ ഭയപ്പെട്ടു ജീവിക്കുന്നത് ഏറ്റവും നന്ന്. നിങ്ങള്‍ ദൈവത്തെ ഭയപ്പെടുന്നില്ലെങ്കില്‍ കുറഞ്ഞപക്ഷം എന്നെയെങ്കിലും ഭയപ്പെടുക. യാതൊരു ഭോഷത്തവും ഞാനിവിടെ വച്ചു പൊറുപ്പിക്കില്ല. നിങ്ങള്‍ ലാഭമുണ്ടാക്കാനോ, അപവാദത്തിനോ, ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കാനോ നിങ്ങള്‍ക്കൊരു പേരും പ്രശസ്തിയുമുണ്ടാക്കാനോ ഞാന്‍ സഭയില്‍ അനുവദിക്കില്ല. ഇവിടെ വന്ന് ഒരു വിനീതദാസനാവുകയും ടോയ്‌ലറ്റുകളെ കഴുകുകയും ചെയ്യുവാന്‍ തക്കവണ്ണം എളിമപ്പെടുകയും ചെയ്യുന്നില്ലെങ്കില്‍ ഈ സഭയില്‍ നിങ്ങള്‍ക്കൊരു സ്ഥാനവും ലഭിക്കില്ല. ഇവിടെ വലിയവരും ചെറിയവരുമില്ല. നാമെല്ലാം തുല്യരാണ്. നാമെല്ലാം തറതുടയ്ക്കുകയും കക്കൂസു കഴുകുകയും ചെയ്യുന്നു. നാം എല്ലാം സഹോദരന്മാരാണ്. നാം ആരും ആരെക്കാളും വലിയവരല്ല. നിങ്ങള്‍ക്കു മാന്യതയാണു വേണ്ടതെങ്കില്‍ നിങ്ങള്‍ മറ്റൊരു സഭ അന്വേഷിക്കുക. അങ്ങനെയാണു നാം ആടുകളെയും പ്രാവുകളെയും വില്‍ക്കുന്നവരെ പുറത്തേക്കു നയിക്കുന്നത്. നാം ഉറച്ചു നില്‍ക്കുന്നില്ലെങ്കില്‍ ദൈവത്തിന്റെ നാമത്തിന് നമ്മുടെ രാജ്യത്ത് അപമാനം വരുത്തുന്ന നൂറുകണക്കിനുള്ള മറ്റേതൊരു സഭയേയും പോലെ അശുദ്ധരായ ആത്മാക്കളുടെ ഒരു സഭയായിരിക്കും പണിയുക.’

2:24-25 ല്‍ യേശു സ്വയം ആരെയും വിശ്വസിച്ചേല്‍പ്പിച്ചില്ല എന്നു നാം വായിക്കുന്നു. വളരെ ആളുകള്‍ തന്നില്‍ വിശ്വസിച്ചു. എങ്കിലും താന്‍ ആരുടെയും പക്കല്‍ തന്നെത്തന്നെ വിശ്വസിച്ചേല്‍പ്പിച്ചില്ല. കാരണം, മനുഷ്യഹൃദയത്തിലുള്ളതെന്തെന്നു താന്‍ അറിഞ്ഞിരുന്നു. നാം പൂര്‍ണ്ണമായും നമ്മെത്തന്നെ കര്‍ത്താവിനു നല്‍കുന്നെങ്കില്‍ മാത്രമേ അവിടുന്നു നമ്മെയും വിശ്വസിച്ച് എന്തെങ്കിലും നമ്മുടെ പക്കല്‍ ഏല്പിക്കുകയുള്ളൂ.

മൂന്നാമദ്ധ്യായത്തില്‍ രാത്രിയില്‍ യേശുവിന്റെ അടുത്തേക്കു വന്ന നിക്കൊദിമോസിനെ നാം കണ്ടെത്തുന്നു. ഈ ഭൂമുഖത്തു ജീവിച്ചിരുന്ന എറ്റവും പ്രാധാന്യമുള്ള വ്യക്തി യേശുക്രിസ്തു തന്നെ ആയിരുന്നു. എങ്കിലും നിക്കോദിമോസിന് മുന്‍കൂര്‍ സമയനിര്‍ണ്ണയം കൂടാതെ രാത്രി വൈകിയും യേശുവിനെ സന്ദര്‍ശിക്കാന്‍ കഴിയുമായിരുന്നു. അര്‍ദ്ധരാത്രിയിലായിരിക്കുമോ നിക്കോദിമോസ് വന്നത് എന്നെനിക്കറിയില്ല. എങ്കിലും അയാളോട് സംസാരിക്കുവാന്‍ യേശു സമയം കണ്ടെത്തി. യേശുവിനു ഭക്ഷണം കഴിക്കുവാന്‍ പോലും അവസരമില്ലാത്ത സമയങ്ങള്‍ ഉണ്ടായിരുന്നതായി നാം വായിക്കുന്നു (മര്‍ക്കൊ. 3:20). അതുപോലെ ഉറങ്ങാനും (ലൂക്കൊ. 6:12). നിങ്ങള്‍ കര്‍ത്താവിനെ സേവിക്കുന്നു എങ്കില്‍ അസൗകര്യങ്ങളെ സ്വീകരിക്കുവാന്‍ മനസ്സു വയ്‌ക്കേണ്ടിവരും. ഭക്ഷണം, ഉറക്കം ഇവയില്‍ അതിതത്പരരാണു നിങ്ങളെങ്കില്‍ കര്‍ത്തൃശുശ്രൂഷയൊഴികെ മറ്റെന്തെങ്കിലും തൊഴിലുകള്‍ ജീവിതത്തില്‍ സ്വീകരിക്കുന്നതാവും നിങ്ങള്‍ക്കു നല്ലത്.

3:5ല്‍ വെള്ളത്താലും ആത്മാവിനാലും ജനിക്കുന്നതിനെക്കുറിച്ച് യേശു പറയുന്നു. വെള്ളം പരിശുദ്ധാത്മാവിന്റെ ഒരു പ്രതീകമാണ്. അഗ്നി മറ്റൊരു പ്രതീകമാണ്. യോഹന്നാന്റെ സുവിശേഷത്തില്‍ ആത്മാവിലുള്ള വളര്‍ച്ചയെ സംബന്ധിച്ച ഒരു വിവരണം നമുക്കു കാണാം. നാം വീണ്ടും ജനിക്കുമ്പോള്‍ (വെള്ളത്താല്‍ ജനിക്കുമ്പോള്‍) നമുക്ക് ഒരു പാനപാത്രം വെള്ളം മാത്രമാണു ലഭിക്കുന്നത്-(രക്ഷയുടെ പാനപാത്രം-സങ്കീ.116:13). അതു പിന്നീട് ഒരു ഉറവയായിത്തീരുന്നു. ഒരു കിണറായിത്തീരുന്നു (യോഹ. 4:14). ഒടുവില്‍ അതു ജീവജലനദികളായി മാറുന്നു (യോഹ. 7:38).

നാം വെള്ളത്താല്‍ ജനിക്കുമ്പോള്‍ പരിശുദ്ധാത്മാവു വന്നു നമ്മില്‍ പുതുജീവനെ ഉളവാക്കുന്നു. തുടര്‍ന്നു കര്‍ത്താവു നമ്മെ ഒരു കിണറിന്റെ അനുഭവത്തിലേക്കു നടത്തുന്നു. നിങ്ങളുടെ വീട്ടില്‍ ഒരു കിണറുണ്ടെങ്കില്‍ വെള്ളത്തിന്റെ ആവശ്യത്തിനു നിങ്ങള്‍ക്കു മറ്റാരെയും ആശ്രയിക്കേണ്ടി വരികയില്ല-നമ്മുടെ സമാധാനവും സന്തോഷവും ജയവുമൊന്നും സാഹചര്യങ്ങളെയോ മറ്റു വ്യക്തികളുടെ പെരുമാറ്റത്തെയോ ആശ്രയിച്ചായിരിക്കില്ല. തുടര്‍ന്നു കര്‍ത്താവു നമ്മെ മൂന്നാമത്തെ ഘട്ടത്തിലേക്കു നയിക്കുന്നു. അവിടെ വെള്ളം പല ദിശകളിലേക്കും നദികളായി ഒഴുകി ആളുകളെ അനുഗ്രഹിക്കുന്നു. ഈ മൂന്നാംഘട്ടം പ്രാപിക്കുന്നതുവരെ നാം സംതൃപ്തിയടയുന്നില്ല.


കുറ്റം വിധിയില്ല


3:17 ല്‍ നാം വായിക്കുന്നു ”ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ വിധിക്കാനല്ല അതിനെ രക്ഷിക്കാനത്രേ” എന്ന്. മൂന്നു കാര്യങ്ങള്‍ നമുക്ക് അതില്‍ നിന്നും ഗ്രഹിക്കുവാന്‍ കഴിയും. ഒന്നാമതായി ഹൃദയത്തിനുള്ളില്‍ നാം കേള്‍ക്കുന്ന ശിക്ഷാവിധിയുടെ ശബ്ദം എല്ലായ്‌പ്പോഴും സാത്താനില്‍ നിന്നു തന്നെയാണ്. പരിശുദ്ധാത്മാവു നമ്മെ പ്രത്യേകമായ ഓരോ പാപത്തെക്കുറിച്ചും ബോധം വരുത്തുന്നു. പക്ഷേ നാം പ്രയോജനമില്ലാത്തവരെന്നോ ആശയ്ക്കു വഴിയില്ലാത്തവരെന്നോ ഒരിക്കലും വിധിക്കുന്നില്ല. രണ്ടാമതായി, ആളുകള്‍ക്കു തെറ്റായ നിലയില്‍ കുറ്റബോധമുളവാക്കും വിധം നാം ദൈവവചനം പ്രസംഗിച്ചുകൂടാ. അതേ സമയം ഏറ്റവും ഹീനനായ പാപിക്കുപോലും പ്രത്യാശയുളവാക്കുംവിധം ധൈര്യം നല്‍കുന്ന വാക്കുകള്‍ നാം പ്രസംഗിക്കേണ്ടിയിരിക്കുന്നു. മൂന്നാമതായി, അക്രൈസ്തവരോടു നാം പ്രസംഗിക്കുമ്പോള്‍ അവര്‍ക്കു ശിക്ഷയ്ക്കായല്ല രക്ഷിക്കപ്പെടുവാന്തക്കവണ്ണം പ്രത്യാശയുടെ വചനങ്ങളെ നാം നല്‍കണം. എന്റെ ചെറുപ്പകാലത്ത് ധാരാളം ലഘുലേഖകള്‍ അക്രൈസ്തവര്‍ക്ക് ട്രെയിനിലും ബസിലും വഴിയോരങ്ങളിലും ഞാന്‍ വിതരണം ചെയ്തിരുന്നു. അവരുടെ രക്തത്തില്‍ നിന്നും എന്റെ കൈകളെ സ്വതന്ത്രമാക്കുവാനാണു ഞാന്‍ അതു ചെയ്തിരുന്നത്. അവരെ രക്ഷിക്കുവാനായിരുന്നില്ല. അവര്‍ രക്ഷിക്കപ്പെടുവാന്‍ യേശു മരിച്ചതു പോലെ മരിക്കുവാനുള്ള ഒരു മനസ്സ് എനിക്കുണ്ടായിരുന്നില്ല. ഓരോ പ്രാവശ്യവും ഓരോ ലഘുലേഖ നല്‍കുമ്പോഴും ഞാന്‍ എന്റെ ഹൃദയത്തില്‍ രഹസ്യമായി ഇങ്ങനെ പറഞ്ഞിരുന്നു: ”ഇതാ ഞാന്‍ ഈ ലഘുലേഖ നിനക്കു തന്നിരിക്കുന്നു. നിന്റെ രക്തത്തിനു ഇനി ഞാന്‍ ഉത്തരവാദിയല്ല.” ഞാന്‍ അവര്‍ക്കു സുവിശേഷം നല്‍കിയില്ല എന്ന് അന്ത്യന്യായവിധിയില്‍ അവര്‍ എനിക്കു നേരെ വിരല്‍ ചൂണ്ടുമെന്ന ഭയത്തില്‍ നിന്നും എന്റെ മനസ്സാക്ഷിയെ മോചിപ്പിക്കുവാനാണ് ഞാന്‍ അങ്ങനെ ചെയ്തിരുന്നത്.

എന്നാല്‍ സുവിശേഷം അറിയിക്കേണ്ടത് അപ്രകാരമുള്ള ആത്മാവിലല്ല എന്ന സത്യം ഞാന്‍ കണ്ടെത്തി. ദൈവം തന്റെ പുത്രനെ അയച്ചത് ലോകത്തെ വിധിപ്പാനല്ല രക്ഷിപ്പാനാണ്. ആയിരം ലഘുലേഖകള്‍ വിതരണം ചെയ്ത് ആരേയും രക്ഷയിലേക്കു നടത്താതിരിക്കുന്നതിനെക്കാളും ഒരു ലഘുലേഖ നല്‍കി ഒരു ആത്മാവിനെ രക്ഷയിലേക്കു നയിക്കുന്നതിനാണ് ഇന്നു ഞാന്‍ വില കല്‍പിക്കുന്നത്.

3:30-ല്‍ യോഹന്നാന്‍ സ്‌നാപകന്റെ ജീവിതപ്രമാണം നാം കണ്ടെത്തുന്നു:’അവന്‍ വളരേണം ഞാനോ കുറയേണം’ ഇതു നമ്മുടെ ജീവിത പ്രമാണമാകുന്നുവെങ്കില്‍ നന്ന്.

നാലാമദ്ധ്യായത്തില്‍ ശമര്യ സന്ദര്‍ശിക്കുന്ന യേശുവിനെ നാം കണ്ടെത്തുന്നു. യേശുവും ശിഷ്യന്മാരും നടന്നു ക്ഷീണിച്ചു വിശന്നു ശമര്യയിലെത്തുന്നു. ഇപ്രകാരം സുവിശേഷദൗത്യവുമായി നാമും ഒരു പട്ടണത്തില്‍ വിശന്നു ക്ഷീണിച്ചെത്തിയാല്‍ എന്തായിരിക്കും ചെയ്യുക? നാമെല്ലാവരും കൂടി ഒരു ഭക്ഷണശാലയിലേക്കു ചെന്ന് ഭക്ഷണം കഴിക്കും. എന്നാല്‍ യേശു പരിശുദ്ധാത്മപ്രേരിതനായി ശിഷ്യന്മാരെ ഭക്ഷണത്തിനു വേണ്ടി പറഞ്ഞയച്ചിട്ട് വഴിയോരത്ത് കാത്തിരുന്നു. ആ സമയം കടന്നു വന്ന ഒരു സ്ത്രീ മുഖാന്തരം ആ പട്ടണവാസികളൊക്കെ വന്ന് യേശുവിനെ ശ്രദ്ധിക്കാനിടയായി. യേശു എപ്പോഴും പരിശുദ്ധാത്മാവിനെ ശ്രദ്ധിച്ചിരുന്നു. അപ്രകാരം തന്നെയായിരുന്നു അപ്പൊസ്തലന്മാരും. ശമര്യയിലൊരു ഉണര്‍വ്വുണ്ടാക്കിയിട്ട് മരുഭൂമിയിലേക്കു പോകുവാനായിരുന്നു ഫിലിപ്പോസിന്റെ നിയോഗം. അവന്‍ അതനുസരിച്ചപ്പോള്‍ എത്യോപ്യക്കാരനായ ഒരു ഷണ്ഡനെ കണ്ടെത്തുകയും അവന്‍ സുവിശേഷം സ്വീകരിച്ച് അനേകം എത്യോപ്യക്കാര്‍ക്ക് രക്ഷാമാര്‍ഗ്ഗം തുറക്കുന്നതിനു മുഖാന്തരമായിത്തീരുകയും ചെയ്തു. അന്ന് ഫിലിപ്പോസ് പരിശുദ്ധാത്മാവിനെ ശ്രദ്ധിച്ചതുകാരണം കഴിഞ്ഞ 2000 വര്‍ഷമായി എത്യോപ്യയില്‍ ക്രിസ്തീയ സാക്ഷ്യം നിലനില്ക്കുന്നു. അന്ന് മരുഭൂമിയിലൂടെ മണിക്കുറുകളോളം നടക്കുവാന്‍ ഫിലിപ്പോസ് മനസ്സുകാണിച്ചതുകൊണ്ട് തിരികെ വീട്ടിലേക്ക് ഒരു സൗജന്യയാത്ര ലഭിച്ചു. ആത്മാവ് അവനെ എടുത്തുകൊണ്ടുപോയി (അ:പ്ര: 8). പത്രൊസ് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ കൊര്‍ന്നെല്യാസിന്റെ വീട്ടിലേക്കു പോകുവാന്‍ (അത്തരമൊരു ചിന്ത പത്രൊസിന് ഒരിക്കലുമുണ്ടായിരുന്നില്ല) ആജ്ഞ ലഭിച്ചു (അ:പ്ര:10).

തന്റെ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടു വരുവാന്‍ യേശു ശമര്യക്കാരത്തി സ്ത്രീയോടു പറഞ്ഞു (4:16). തനിക്കു ഭര്‍ത്താവില്ല എന്നു സ്ത്രീ പറഞ്ഞു. ”നീ പറഞ്ഞതു ശരി തന്നെ.” യേശു ഉത്തരം പറഞ്ഞു. ”അഞ്ചു ഭര്‍ത്താക്കന്മാര്‍ നിനക്കുണ്ടായിരുന്നു. ഇപ്പോള്‍ കൂടെയുള്ളവനോ ഭര്‍ത്താവല്ല”(4:18). യേശുവിന്റെ ആ പ്രസ്താവം അവളെ പരുങ്ങലിലാക്കുകയും അവള്‍ ആരാധന എന്ന വിഷയത്തിലേക്കു സംഭാഷണം മാറ്റുകയും ചെയ്തു. ഇവിടെ യേശുവിന്റെ മഹാമനസ്‌കത നാം കാണുന്നു. അവളുടെ പരിഭ്രമം മനസ്സിലാക്കിയ മാത്രയില്‍ത്തന്നെ യേശുവും സംഭാഷണവിഷയം മാറ്റുന്നു. അവിടുന്നു കൃപയും സത്യവും നിറഞ്ഞവനായിരുന്നു. യേശുവിന്റെ മഹത്വം കാണിച്ചു തരുവാന്‍ പരിശുദ്ധാത്മാവിനെ നിങ്ങള്‍ ഇവിടെ അനുവദിക്കുന്നു എങ്കില്‍ അവിടുന്നു നിങ്ങളെയും തന്റെ സാദൃശത്തിലേക്കു രൂപാന്തരപ്പെടുത്തും.

യോഹന്നാന്‍ മൂന്നാമദ്ധ്യായത്തില്‍ യേശു ഒരു ബിഷപ്പിനോടു രക്ഷയുടെ പ്രാഥമിക സത്യങ്ങള്‍ സംസാരിക്കുന്ന അത്ഭുതം നമുക്കു കാണാം. അഞ്ചു ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച പാപിനിയായ ഒരു സ്ത്രീയോട് ആരാധനയുടെ ആഴമേറിയ സത്യങ്ങള്‍ വെളിപ്പെടുത്തുന്നതു നാലാം അദ്ധ്യായത്തിലും നമുക്കു കാണാം. ബിഷപ്പിനുള്ളതിനേക്കാള്‍ സത്യത്തിനായുള്ള ദാഹം സ്ത്രീയിലായിരിക്കാം കര്‍ത്താവു കണ്ടത്. സ്വര്‍ഗ്ഗീയ പിതാവ് സത്യാരാധനക്കാരെ-ആത്മാവിലും സത്യത്തിലും (യാഥാര്‍ത്ഥ്യത്തിലും) ആരാധിക്കുന്നവരെ-ലോകം മുഴുവനും അന്വേഷിക്കുന്നു. പഴയ ഉടമ്പടിയില്‍ ശരീരത്തിലും പ്രാണനിലും മാത്രമായിരുന്നു ആരാധിക്കുവാന്‍ മനുഷ്യനു കഴിഞ്ഞിരുന്നത്. കയ്യടിച്ചും വികാര പ്രകടനങ്ങള്‍ നടത്തിയും ഒക്കെ ഇന്നും വളരെയധികം ആളുകള്‍ ആ നിലയില്‍ മാത്രം ആരാധിക്കുന്നവരാണ്. എന്നാല്‍ യേശു പറഞ്ഞു: യഥാര്‍ത്ഥ ആരാധകര്‍ ആത്മാവില്‍ ആരാധിക്കുന്ന സമയം വരുന്നു. വന്നിരിക്കുന്നു. യേശുവിന്റെ മരണത്തിലൂടെ അതിവിശുദ്ധ സ്ഥലത്തിനു മുമ്പിലുള്ള തിരശ്ശീല ചീന്തപ്പെടാനും മനുഷ്യനു ദൈവസന്നിധിയിലേക്ക് കടന്ന് ചെന്ന് തന്റെ ശരീരത്തെ ജീവനും വിശുദ്ധിയുമുള്ള യാഗമായി അര്‍പ്പിച്ചുകൊണ്ട് ആത്മാവില്‍ ആരാധിപ്പാനും സാദ്ധ്യമായിത്തീര്‍ന്നിരിക്കുന്നു (റോമ. 12:1 എന്‍എഎസ്ബി).


ദൈവഹിതം ചെയ്യുന്നത്


യേശു തന്റെ ശിഷ്യന്മാരോട് രണ്ടു കാര്യങ്ങള്‍ പറയുകയുണ്ടായി ഒന്നാമതായി: ‘എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടുത്തെ വേല തികയ്ക്കുക തന്നെ എന്റെ ആഹാരം'(4:34). ഓടിനടന്നു ദൈവത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു കൂട്ടുക എന്നതായിരുന്നില്ല തന്റെ ഭക്ഷണം. പിതാവു തന്നെക്കുറിച്ച് എന്താഗ്രഹിക്കുന്നുവോ അതുതന്നെ ചെയ്യുക എന്നതായിരുന്നു. രണ്ടാമതായി തന്റെ ശിഷ്യന്മാരോടു പറഞ്ഞത്. ‘തലയുയര്‍ത്തി ചുറ്റിലും കൊയ്ത്തിനു വിളഞ്ഞു നില്ക്കുന്ന നിലങ്ങള്‍ കാണുക’ എന്നതാണ് (വാ.35).

ചിലര്‍ വിതയ്ക്കുവാനായും ചിലര്‍ കൊയ്യുവാനായും വിളിക്കപ്പെട്ടിരിക്കുന്നു (4:36). കൊയ്യുവാനുള്ള വിളിയാണ് അടിസ്ഥാനപരമായി എനിക്കു ലഭിച്ചിട്ടുള്ളത്. യേശു പറഞ്ഞു: ഞാന്‍ നിങ്ങളെ കൊയ്യുവാനായി മറ്റുള്ളവരുടെ അദ്ധ്വാനത്തിലേക്ക് അയച്ചിരിക്കുന്നു (4:38). 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് വില്യം കേരി ഇന്‍ഡ്യയിലേക്കു വരികയും വളരെ ക്ലേശം സഹിച്ച് വിതയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഭക്തന്മാരായ നിരവധി മിഷനറിമാര്‍ വരികയും വിതയ്ക്കുകയും അധികം ഫലമൊന്നും കാണാതെ പോകുകയും ചെയ്തു. എന്നാല്‍ ഇന്ന് ഞാന്‍ തമിഴ്‌നാടിന്റെ ഉള്‍ഗ്രാമത്തിലേക്കു പോകുമ്പോള്‍ ഈ മിഷനറിമാര്‍ വിതച്ചതിന്റെ ഫലം കൊയ്യുവാന്‍ എനിക്കിടയാകുന്നതു ഞാന്‍ കാണുന്നു. എനിക്കു ലഭിക്കുന്നതിനേക്കാള്‍ എത്രയോ വലുതായിരിക്കും അവരുടെ പ്രതിഫലം! കാരണം അവര്‍ ദീര്‍ഘവര്‍ഷങ്ങള്‍ കഠിന പ്രയത്‌നം ചെയ്യുകയും അല്പം ഫലം കാണുകയോ ഒന്നും കാണാതിരിക്കുകയോ ചെയ്തവരാണ്. ഒരു സുവിശേഷകന്‍ കടന്നു പോവുകയും ആളുകളെ കര്‍ത്താവിങ്കലേക്കു കൊണ്ടു വരികയും ചെയ്യുന്നു. ആ വ്യക്തികളെ തുടര്‍ന്ന് ഒരു ഉപദേഷ്ടാവിനെയോ ഇടയനെയോ ഏല്പ്പിക്കേണ്ടതായിട്ടുണ്ട്- ക്രിസ്തുവിന്റെ ശരീരമാക്കി രൂപാന്തരപ്പെടുത്തുവാന്‍. അക്കാര്യത്തില്‍ ഇവിടെ മത്സരമൊന്നുമാവശ്യമില്ല. ചില ഇടയന്മാര്‍ പറയുന്നു: ”നിങ്ങള്‍ എന്റെ ആടുകളെ അപഹരിച്ചിരിക്കുന്നു.” അവര്‍ ദൈവത്തിന്റെ ആടുകളാണ്. എന്റേതോ നിങ്ങളുടേതോ അല്ല. അവര്‍ നിങ്ങളുടെ ആടുകളെങ്കില്‍ അവര്‍ നരകത്തില്‍ത്തന്നെ അവസാനിക്കും. കര്‍ത്താവിന്റെ ആടുകള്‍ മാത്രമാണു സ്വര്‍ഗത്തില്‍ പോവുക. മദ്യപനായ ഒരുവനെ തെരുവില്‍ വച്ചു കണ്ടുമുട്ടിയ ഒരു സുവിശേഷകന്റെ കഥ ഞാന്‍ കേട്ടിട്ടുണ്ട്:

”താങ്കള്‍ക്കെന്നെ മനസ്സിലായോ? എന്നെ വിശ്വാസത്തിലേക്കു കൈ പിടിച്ചു കൊണ്ടുവന്നത് താങ്കളാണ്”- മദ്യപന്‍ പറഞ്ഞു. ”ഓ! നിങ്ങള്‍ ഈ നിലയിലാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും കര്‍ത്താവിന്റെ അനുയായി അല്ല. എന്റെ അനുയായിതന്നെ ആയിരുന്നിരിക്കണം.”- സുവിശേഷകന്‍ പറഞ്ഞു. എന്റെ ആടുകളെ ആരും അപഹരിച്ചിട്ടില്ല. കാരണം എനിക്ക് സ്വന്തമായി ആടുകളില്ല. അവരെല്ലാം കര്‍ത്താവിന്റെ ആടുകളാണ്. അവര്‍ക്കു മറ്റൊരു സഭയില്‍ മെച്ചപ്പെട്ട മേച്ചില്‍പ്പുറം കണ്ടെത്താന്‍ കഴിയുന്നെങ്കില്‍ അവിടെ പോകുന്നതില്‍ നിന്നും ഞാനൊരിക്കലും അവരെ തടയില്ല. അങ്ങനെ ചെയ്യുവാന്‍ നിങ്ങള്‍ക്കും കഴിയില്ല. നിങ്ങളുടെ സ്വകാര്യ സമ്പത്തെന്നവണ്ണം ദൈവത്തിന്റെ ആടുകളെ കാണുവാന്‍ പാടില്ല.

4:46-54- ല്‍ കഫര്‍ന്നഹൂമിലെ രോഗിയായ മകനുള്ള രാജഭൃത്യനെ നാം കാണുന്നു. അവന്‍ യേശുവിനെ കാണുവാന്‍ കാനാവിലേക്കു വന്നു. യേശു പറഞ്ഞു: ”പോകുക നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു” അവന്‍ വീട്ടിലെത്തിയപ്പോള്‍ തന്റെ മകനു സുഖം പ്രാപിച്ച സമയം ദാസന്മാരോടു ചോദിച്ചറിഞ്ഞു: ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് എന്ന് ഉത്തരം ലഭിച്ചു. അതിന്റെ അര്‍ത്ഥം പിറ്റേന്നു മാത്രമാണ് അദ്ദേഹത്തിന് വീട്ടിലെത്താന്‍ കഴിഞ്ഞതെന്നാണ്. രാജകീയ ഉദ്യോഗസ്ഥനായ അദ്ദേഹം തീര്‍ച്ചയായും ഒരു രഥത്തിലായിരിക്കണം കാനായിലേക്കു പോയത്. കഫര്‍ന്നഹൂമിലേക്ക് 25 കി.മീറ്ററിലധികം ദൂരമില്ലാത്തിനാല്‍ രണ്ടോ മൂന്നോ മണിക്കൂറുകൊണ്ട് വീട്ടില്‍ എത്തിച്ചേരാന്‍ കഴിയുമായിരുന്നു. എന്നാല്‍ അദ്ദേഹം അന്നു തന്നെ തിരക്ക് പിടിച്ച് വീട്ടിലേക്കു പോന്നില്ല. ആ രാത്രി കാനാവില്‍ താമസിച്ച് പിറ്റേന്നാണ് അദ്ദേഹം മടങ്ങി പോന്നത്. രോഗം മൂര്‍ച്ഛിച്ചു കിടക്കുന്ന ഒരു പൈതലിനെ വീട്ടിലാക്കിയിട്ട് ആരാണ് അങ്ങനെ ചെയ്യുക? തന്റെ മകന്‍ സൗഖ്യം പ്രാപിച്ചിരിക്കുന്നു എന്ന യേശുവിന്റെ വാക്കിലുള്ള അവന്റെ വിശ്വാസമാണ് നാം അവിടെ കാണുന്നത്. അതുകൊണ്ടുതന്നെ തിരക്കു പിടിച്ചു വീട്ടിലേക്ക് അവന്‍ മടങ്ങിയില്ല. അങ്ങനെയുള്ള ഒരു വിശ്വാസം നമുക്ക് യേശുവിലുണ്ടോ? ‘നിന്റെ മകന്‍ സുഖം പ്രാപിച്ചിരിക്കുന്നു’ എന്നു കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ അതുസംഭവിച്ചോ എന്ന് അറിയുവാനുള്ള ജിജ്ഞാസയോടെ വീട്ടിലേക്കു നാം മടങ്ങുമോ?

5-ാം അദ്ധ്യായത്തില്‍ നാം വായിക്കുന്നു: ‘വ്യാധിക്കാര്‍, കുരുടര്‍, മുടന്തര്‍, ക്ഷയരോഗികള്‍ ഇങ്ങനെ വലിയ ഒരു കൂട്ടം ആളുകള്‍ അവിടെ ബെഥേസ്ദാ കുളക്കരയില്‍ കിടന്നിരുന്നു'(5:3). ഇത് ഇന്നു നാം കാണുന്ന അനേകം സഭകളുടെ ഒരു ചിത്രമാണ്. അവയില്‍ ആത്മീയമായി അന്ധരും മുടന്തരും രോഗികളും ഒക്കെയായി വലിയ ഒരുകൂട്ടം വിശ്വാസികളുണ്ട്. യേശു വന്ന് അവരെ സൗഖ്യമാക്കേണ്ടതുണ്ട്. 38 വര്‍ഷമായി രോഗം പിടിച്ചു കിടന്നൊരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. 38 വര്‍ഷമെന്നത് കനാനിലേക്ക് പ്രവേശിക്കായ്ക കൊണ്ട് യിസ്രായേല്‍മക്കളെ മരുഭൂമിയില്‍ ദൈവം അലയുവാന്‍വിട്ട കാലയളവാണ്. കനാന്റെ അതിരിലെ കാദേശ് ബര്‍ന്നയിലെത്തിയതുമുതല്‍ അടുത്ത തലമുറ കനാനിലേക്ക് കടന്നതുവരെയുള്ള കാലഘട്ടം- ദൈവം സത്യം ചെയ്തതുപോലെ ആ തലമുറ മുഴുവന്‍ ആ കാലത്തു പട്ടു പോയി (ആവ. 2:14). ഈ പക്ഷവാതക്കാരനായ മനുഷ്യനും പാപത്തെ ജയിക്കുവാന്‍ കഴിയാതെ പരാജിതരായി കിടക്കുന്ന വിശ്വാസികളെ പ്രതിനിധീകരിക്കുന്നു. ദൂതന്‍ വെള്ളം കലക്കുമ്പോള്‍ കുളത്തിലിറങ്ങുവാന്‍ വേണ്ടി ഒന്നെഴുന്നേല്‍ക്കുവാന്‍ 38 വര്‍ഷമായി അയാള്‍ ശ്രമിക്കുന്നു.

ഓരോ വര്‍ഷവും അയാള്‍ പരാജയപ്പെടുകയും ഒടുവില്‍ ആശ കൈവെടിയുകയും ചെയ്തു. ഇതു ന്യായപ്രമാണത്തിന്‍ കീഴിലെ ജീവിതത്തിന്റെ പ്രതീകമാണ്. നിങ്ങള്‍ വീണ്ടും വീണ്ടും ശ്രമിക്കുകയും തുടര്‍ച്ചയായി പരാജയപ്പെട്ട് ഒടുവില്‍ നിരാശനായിത്തീരുകയും ചെയ്യുന്നു. അപ്പോള്‍ യേശു കടന്നു വരികയും ഞൊടിയിടയില്‍ത്തന്നെ വിജയത്തിലേക്ക് നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഈ അത്ഭുതം ഒരു അടയാളവും ഒരു ഉപമയും കൂടിയാണ്. മരുഭൂമിയിലെ ആ 38 വര്‍ഷക്കാലത്ത് യുദ്ധാഭ്യാസം ചെയ്ത സകല പുരുഷന്മാരും മരിച്ചു കഴിഞ്ഞു. മനുഷ്യന്റെ എല്ലാ പ്രയത്‌നവും ഊര്‍ജ്ജവും അവസാനിച്ചേ തീരൂ. നാം ഒരു ശൂന്യാവസ്ഥയിലെത്തുവാന്‍ കര്‍ത്താവു കാത്തു നില്ക്കുന്നു. 5:14-ല്‍ അധികം തിന്മയായതൊന്നും വന്നു ഭവിക്കാതിരിക്കുവാന്‍ ഇനി പാപം ചെയ്യരുതെന്ന മുന്നറിയിപ്പും യേശു അയാള്‍ക്കു നല്‍കുന്നതായി നാം കാണുന്നു. ആ മനുഷ്യന്റെ രോഗം പാപം കാരണമായുണ്ടായിരുന്നതായിരുന്നു എന്നു നാം മനസ്സിലാക്കുന്നു. ചില രോഗങ്ങള്‍ പാപം മൂലം ഉണ്ടാകുന്നതും ആ പാപം ഏറ്റുപറഞ്ഞ് ഉപേക്ഷിക്കാതെ അതില്‍ നിന്ന് മോചനം പ്രാപിച്ചുകൂടാത്തതുമാണ്.

എന്തുകൊണ്ടാണ് ശബ്ബത്തിലും സൗഖ്യമാക്കുന്നതെന്നു ചോദിച്ചവരോടു യേശു മറുപടി പറഞ്ഞു: എന്റെ പിതാവ് ശബ്ബത്തിലും പ്രവര്‍ത്തിക്കുന്നു(5:17). പിതാവായ ദൈവത്തിന് ഇന്നു ശബ്ബത്ത് അവധിയില്ല. ഉല്പത്തി 2:1-ല്‍ മാത്രമാണ് ദൈവം വിശ്രമിച്ച ശബ്ബത്ത് ആയി രേഖപ്പെടുത്തിയിട്ടുള്ളത്. അന്നു മനുഷ്യന്‍ പാപത്തില്‍ വീണിരുന്നില്ല. മനുഷ്യന്റെ പതനം മുതല്‍ ദൈവം വിശ്രമം കൂടാതെ പ്രവര്‍ത്തിച്ചു വരുന്നു. അതുകൊണ്ടു യേശു പറഞ്ഞു: ‘എനിക്കും ശബത്തും വിശ്രമവും ഇല്ല. എന്റെ പിതാവു പ്രവര്‍ത്തിക്കുന്നു. ഞാനും പ്രവര്‍ത്തിക്കുന്നു.’ യേശു ഒരു മുഴുവന്‍ സമയപ്രവര്‍ത്തകനായിരുന്നു. ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കൂറും അവിടുന്നു പ്രവര്‍ത്തിച്ചു. സാത്താനും രാവും പകലും നിരന്തരം പ്രവര്‍ത്തിക്കുന്നു-വിശുദ്ധന്മാര്‍ക്കെതിരെ അപവാദം പറയുവാന്‍ (വെളി.12:11). തന്റെ എല്ലാ മക്കളും മുഴു ഹൃദയത്തോടെ തനിക്കു സമര്‍പ്പിതരായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. അവര്‍ മറ്റ് ലൗകികമായ ഉദ്യോഗങ്ങള്‍ വഹിക്കുന്നവരായിരുന്നാല്‍പ്പോലും.

5:30-ല്‍ യേശു പറഞ്ഞു:”ഞാന്‍ സ്വയമായി ഒന്നും ചെയ്യുന്നില്ല.” അതിനര്‍ത്ഥം അവിടുന്ന് എപ്പോഴും പിതാവിന്റെ ഹിതം അറിയുവാന്‍ വേണ്ടി കാത്തിരിക്കുമായിരുന്നു എന്നാണ്. പിതാവു കല്പിക്കുന്ന കാര്യങ്ങള്‍ മാത്രമേ അവിടുന്നു ചെയ്തിരുന്നുള്ളൂ. അതുകൊണ്ടാണു തനിക്കു വിശന്നപ്പോള്‍ കല്ലുകള്‍ അപ്പമാക്കുവാന്‍ താന്‍ ശ്രമിക്കാതിരുന്നത്. പിതാവ് അതു കല്പ്പിച്ചില്ല. നാമും അങ്ങനെ തന്നെ ജീവിക്കേണ്ടവരാണ്. ഇതിനര്‍ത്ഥം സ്വര്‍ഗ്ഗത്തില്‍ നിന്നും വലിയ ശബ്ദത്തില്‍ അരുളപ്പാടുകള്‍ ലഭിക്കാന്‍ വേണ്ടി നാം കാത്തിരിക്കണമെന്നല്ല. പരിശുദ്ധാത്മാവു നമ്മുടെ ഉള്ളില്‍ ചിലകാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രേരണയോ മറ്റു ചിലകാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കുവാനുള്ള പ്രേരണയോ നല്‍കും.

5:34, 41-ല്‍ യേശു പറഞ്ഞു: ”ഞാന്‍ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല… ഞാന്‍ മനുഷ്യരുടെ മാനം തേടുന്നില്ല.” പിതാവു നല്‍കുന്ന സാക്ഷ്യത്തില്‍ യേശു തൃപ്തനായിരുന്നു. തനിക്ക് ആരുടെയും സാക്ഷ്യം ആവശ്യമായിരുന്നില്ല. 5.44-ല്‍ യേശു പറഞ്ഞു മനുഷ്യമാനം അന്വേഷിക്കുന്നതാണ് ജീവനുള്ള വിശ്വാസം ഉണ്ടായിരിക്കുന്നതിന് നമുക്കു തടസ്സമാകുന്നത്. വിശ്വാസമുള്ള ഒരു വ്യക്തിയായിത്തീരുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ മനുഷ്യരുടെ മാനം അന്വേഷിക്കില്ല എന്ന തീരുമാനം എന്നേക്കുമായി നിങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നു. ആളുകളില്‍ മതിപ്പുളവാക്കുവാന്‍ വേദശാസ്ത്ര ബിരുദങ്ങള്‍ നേടാതിരിക്കുക. വേദശാസ്ത്ര ബിരുദങ്ങളില്‍ സാത്താന് അല്പവും ഭയമില്ലെന്ന് അറിഞ്ഞിരിക്കുക. ഭൗതിക ലോകത്തില്‍ ഒരു ജോലികിട്ടാന്‍ അത്തരം ബിരുദങ്ങള്‍ ആവശ്യമായിരിക്കാം. എന്നാല്‍ കര്‍ത്താവിന്റെ വേലയില്‍ അത്തരം ബിരുദങ്ങള്‍ കൊണ്ടൊരു കാര്യവുമില്ല. വിശ്വാസമാണ് കര്‍ത്താവിന്റെ വേലയില്‍ ആവശ്യമായിരിക്കുന്ന കാര്യം.

യോഹന്നാന്‍ 6:37-ല്‍ യേശു പറഞ്ഞു: ‘പിതാവ് എനിക്കു തരുന്നതൊക്കെയും എന്റെ അടുക്കല്‍ വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരു നാളും തള്ളിക്കളയില്ല.’ ഈ വാക്യത്തിലും രണ്ടു പരാമര്‍ശങ്ങള്‍ എന്നെ സഹായിച്ചു. ഒന്ന് എന്റെ ജീവിതത്തിലും മറ്റൊന്ന് എന്റെ ശുശ്രൂഷയിലും. 1959 ജൂലൈയില്‍ എനിക്ക് രക്ഷയുടെ ഉറപ്പു നല്‍കിയത് ഈ വാക്യത്തിന്റെ രണ്ടാം ഭാഗമാണ്. ആറു വര്‍ഷത്തോളം എന്റെ രക്ഷയെക്കുറിച്ച് ഉറപ്പില്ലാതെ നടക്കുകയായിരുന്നു ഞാന്‍. എന്നാല്‍ ആ ദിവസം കര്‍ത്താവിന്റെ ഈ വചനം എന്റെ ഉള്ളില്‍ ഒരു നങ്കൂരം പോലെ വീണു. അതിനുശേഷം ഒരിക്കലും ഞാന്‍ എന്റെ രക്ഷയെ സംശയിച്ചിട്ടില്ല.

ആ വാക്യത്തിന്റെ ആദ്യഭാഗം എന്റെ ശുശ്രൂഷയില്‍ എന്നെ സഹായിച്ചു. കര്‍ത്താവു ശുശ്രൂഷയ്ക്കായി എന്നിലൂടെ വിളിച്ചിട്ടുള്ളവരൊക്കെ എന്റെ അടുക്കല്‍ വരും. ആളെ പിടിക്കാന്‍ വേണ്ടി ഞാന്‍ അവിടെയും ഇവിടെയും ഓടി നടക്കേണ്ടതില്ല. ദൈവത്തിനു നിരവധി ഭൃത്യന്മാര്‍ ഈ ഭൂമിയിലുണ്ട്. ആരൊക്കെ എവിടെ എങ്ങനെ ശുശ്രൂഷിക്കണമെന്നു ദൈവം നിശ്ചയിച്ചിരിക്കുന്നു. ഒരു സഹോദരനെ മറ്റൊരു മൂപ്പന്‍ ശുശ്രൂഷിക്കുവാനാണ് ദൈവം ഉദ്ദേശിക്കുന്നതെങ്കില്‍ ദൈവത്തോടു കൂട്ടായ്മയിലായിരിക്കുന്ന ഞാന്‍ അക്കാര്യത്തെ പിന്തുണയ്ക്കുകയും ആ സഹോദരനെ എന്റെ സഭയിലേക്കല്ല ആ സഭയിലേക്കു പോകുവാന്‍ സഹായിക്കുകയും വേണം. ഇക്കാര്യം എനിക്കു വലിയ സമാധാനം തന്നു.

6:38-ല്‍ യേശു ഭൂമിയില്‍ വന്നതെന്തിനെന്നതിന്റെ വ്യക്തമായ വിശദീകരണം നാം കാണുന്നു. ‘ഞാന്‍ എന്റെ ഇഷ്ടം ചെയ്‌വാനല്ല (എന്റെ ഇഷ്ടം ത്യജിക്കുവാനും) എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌വാനുമത്രേ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നത്.’ ഒരു മനുഷ്യന്‍ എന്ന നിലയില്‍ സ്വന്തമായി ഒരു ഇച്ഛ തനിക്കും ഉണ്ടായിരുന്നു എന്നും അത് അവിടുന്ന് ത്യജിക്കേണ്ടിയിരുന്നു എന്നും നാം മനസ്സിലാക്കുന്നു. ക്രൂശെടുക്കുക എന്നാല്‍ സ്വന്തം ഇഷ്ടം ത്യജിക്കുക എന്നാണര്‍ത്ഥം. സ്വര്‍ഗ്ഗത്തില്‍ തനിക്കെപ്പോഴും സ്വന്തയിഷ്ടം ചെയ്‌വാന്‍ കഴിയുമായിരുന്നു. കാരണം അതും പിതാവിന്റെ ഇഷ്ടവും ഒന്നായിരുന്നു. എന്നാല്‍ മാനുഷിക ശരീരം എടുത്തതോടെ പിതാവില്‍ നിന്നന്യമായ ഒരു ഹിതം തനിക്കുണ്ടായി. അത് എല്ലാ സമയത്തും ത്യജിക്കേണ്ട ആവശ്യമുണ്ടായിരുന്നു. ഇതു ഗത്‌സെമെനെയില്‍ വളരെ വ്യക്തമായിരുന്നു. അവിടെ യേശുവിന്റെ ഇഷ്ടം പാനപാത്രം ഒഴിവാക്കണമെന്നതായിരുന്നു. എന്നാല്‍ പിതാവിന്റെ ഇഷ്ടം അതു കുടിക്കണമെന്നുതന്നെ ആയിരുന്നു. അങ്ങനെ അവിടുന്നു സ്വന്ത ഹിതം ത്യജിച്ചു പിതാവിന്റെ ഹിതം ചെയ്തു. അതുതന്നെയായിരുന്നു അതിനു മുമ്പുള്ള സമയങ്ങളിലും യേശു ചെയ്തു പോന്നത്. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുവാന്‍ മാത്രമല്ല അവിടുന്നു ഭൂമിയിലേക്കു വന്നത്. മനുഷ്യനെന്ന നിലയില്‍ സ്വന്തഹിതം ത്യജിച്ചു പിതാവിന്റെ ഹിതം ചെയ്യുവാന്‍ കൂടിയായിരുന്നു. പിതാവിന്റെ ഹിതത്തിലെ ഒരു തലം നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുക എന്നതും മറ്റേ തലം നമുക്കൊരു മാതൃകയായി മുപ്പത്തി മൂന്നര വര്‍ഷം ഭൂമിയില്‍ ജീവിക്ക എന്നതുമായിരുന്നു. ഭൂമിയിലെ ജീവിതത്തിന്റെ ഓരോ അണു നിമിഷത്തിലും സ്വന്ത ഹിതത്തോടു നിഷേധവും പിതാവിന്റെ ഹിതത്തോട് അതെ എന്നുമായിരുന്നു അവിടുത്തെ നിലപാട്. അതുകൊണ്ടായിരുന്നു അവിടുന്ന് ഒരിക്കലും പാപം ചെയ്യാതിരുന്നത്.

സ്വന്തം ഇഷ്ടം ചെയ്യുവാനാണല്ലോ എല്ലാ പരീക്ഷയും വരുന്നത്. സ്വന്തഹിതം നിഷേധിക്കുമ്പോള്‍ നിങ്ങള്‍ സ്വയം ത്യജിക്കയും സ്വയത്തിനു മരിക്കുകയും ക്രൂശ് എടുക്കുകയുമാണ്. അപ്പോള്‍ പരീക്ഷയെ അതിജീവിക്കുകയും ജയം പ്രാപിക്കുകയും ചെയ്യുന്നു. അപ്പോള്‍ പിതാവിന്റെ ഹിതം ചെയ്യുന്നു. ഇപ്രകാരം നമ്മുടെ ഹിതത്തെ ത്യജിക്കുവാന്‍ പരിശുദ്ധാത്മശക്തി നമുക്ക് ആവശ്യമുണ്ട്. ഗലാ.5:24-ലെ ജഡത്തെ ക്രൂശിക്ക എന്നതിന്റെ അര്‍ത്ഥവും ഇതുതന്നെ: സ്വന്ത ഹിതത്തെ മരണത്തിന് ഏല്‍പ്പിക്കുക. അത് ഒരിക്കലും നിങ്ങള്‍ക്കു സ്വയം ചെയ്യുവാന്‍ കഴിയില്ല. പരിശുദ്ധാത്മ ശക്തിയാല്‍ മാത്രമേ ഓരോ സമയത്തും അതു സാദ്ധ്യമാകൂ. ദൈവത്തിന്റെ ശക്തി കൂടാതെ ദാവീദിനു ഗോല്യാത്തിനെയും ശിംശോനു സിംഹത്തെയും നിഗ്രഹിക്കുക അസാദ്ധ്യമായിരുന്നു. അതുപോലെ ദൈവത്തിന്റെ ശക്തികൂടാതെ നിങ്ങള്‍ക്കും നിങ്ങളുടെ ജഡത്തെ നിഗ്രഹിക്കുക സാദ്ധ്യമല്ല. എന്നാല്‍ ദൈവശക്തിയുണ്ടെങ്കില്‍ അതു തികച്ചും സാദ്ധ്യം തന്നെ. അതിനാണു നാം പരിശുദ്ധാത്മാവിനാല്‍ നിറയണം എന്നു പറയുന്നത്.


ഗുണം വര്‍ദ്ധിപ്പിക്കുകയും, എണ്ണം കുറയ്ക്കുകയും


6-ാം അധ്യായം ആരംഭിക്കുന്നതു വലിയ ഒരു പുരുഷാരത്തെയും കൊണ്ടാണ് (വാ. 2). അവസാനിക്കുന്നത് പതിനൊന്നുപേരെക്കൊണ്ടുമാണ് (വാ.70). നിങ്ങള്‍ക്ക് നിങ്ങളുടെ സഭയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും അധികമായിരിക്കുന്ന ആളുകളെ നീക്കിക്കളയുകയും ചെയ്യുന്നതെങ്ങനെയെന്ന് ഇവിടെ യേശുവിന്‍ നിന്നും പഠിക്കുവാന്‍ കഴിയും. അധികം പ്രസംഗകരും പാസ്റ്റര്‍മാരും അക്കാര്യത്തില്‍ താത്പര്യമുള്ളവരല്ല. എണ്ണം കൂട്ടുന്നതിലാണ് അവര്‍ക്കു താത്പര്യം. ആളെണ്ണം കുറച്ച് ഗുണനിലവാരം കൂട്ടുന്നതില്‍ യേശു ഒരു വിദഗ്ദ്ധനായിരുന്നു. തനിക്ക് വിജയം ഉറപ്പാക്കപ്പെട്ട ദൈവസാന്നിദ്ധ്യം നല്‍കും മുമ്പെ ഗിദെയോന്റെ സൈന്യത്തെ ദൈവം 99% കണ്ട് വെട്ടിക്കുറച്ചു. 33,000 ല്‍ നിന്നും 300ലേക്ക്. തെരെഞ്ഞെടുക്കപ്പെട്ട ചുരുക്കം പേരിലൂടെ എക്കാലവും ദൈവം തന്റെ ദൗത്യം നിറവേറ്റി. ഇവിടെ യേശുവും അക്കാര്യം എങ്ങനെ ചെയ്യുന്നു എന്നു നാം കാണുന്നു. തന്നോടൊപ്പം ക്രൂശിക്കപ്പെടുക എന്നു യേശു പ്രസംഗിക്കുന്നു. (എന്റെ രക്തം കുടിക്കയും എന്റെ മാംസം തിന്നുകയും ചെയ്യുക-വാ. 56). മഹാ പുരുഷാരത്തിലെ അധികം ആളുകളെയും ഈ വാക്കുകള്‍ വേദനിപ്പിച്ചു. ”ഇത് കഠിന വാക്ക്” എന്നു പറഞ്ഞു കൊണ്ട് അവര്‍ സ്ഥലം വിട്ടു (വാ.60-66). ആരോടും അവിടെ നില്ക്കണമെന്ന് യേശു അഭ്യര്‍ത്ഥിച്ചില്ല. യേശു തിരിഞ്ഞ് 12 പേരോടായി ചോദിച്ചു: നിങ്ങള്‍ക്കും പോകുവാന്‍ മനസ്സുണ്ടോ? ”ക്രൂശിന്റെ വചനം ആരെയെങ്കിലും വേദനിപ്പിച്ചിട്ട് അവര്‍ക്ക് നില്ക്കാന്‍ കഴിയില്ലെങ്കില്‍ അവര്‍ പൊയ്‌ക്കൊള്ളട്ടെ” എന്നു തന്നെയാണ് യേശുവിന്റെ മനോഭാവം. താന്‍ ആരെയും പിടിച്ച് നിര്‍ത്തുകയില്ല. മറ്റാരുടെയും താത്പര്യത്തിനൊത്തവണ്ണം ശിഷ്യത്വത്തിന്റെ നിലവാരത്തെ താഴ്ത്തുവാന്‍ തനിക്കാവില്ല. എല്ലാ പ്രസംഗകര്‍ക്കും ഈ മനോഭാവമുണ്ടായിരുന്നെങ്കില്‍ ഭൂമിയിലെ സഭകള്‍ എത്ര ശക്തിയുള്ളതായിരുന്നേനേ.

ഇന്ന് പ്രസംഗകര്‍ ശാരീരിക സൗഖ്യത്തിനും സാമ്പത്തികാഭിവൃദ്ധിക്കും വേണ്ടി യേശുവിങ്കലേക്കു വരുവാനാണ് ആളുകളെ ക്ഷണിക്കുന്നത്. അത്തരം ഒരു യേശുവിനെ ആര്‍ക്കാണു വേണ്ടാത്തത്? പക്ഷേ അതു മറ്റൊരു യേശുവാണ്. ഭൗതിക സമൃദ്ധിയെക്കുറിച്ച് പ്രസംഗിക്കാത്ത അധികം വിശ്വാസികള്‍ പോലും ദൈവികാനുഗ്രഹത്തിന്റെ മാനദണ്ഡമായി കാണുന്നത് സമൃദ്ധിയെത്തന്നെയാണ്. ഇതൊരു വഞ്ചനയാണ്. എല്ലാ മതങ്ങളിലെയും കൗശലക്കാരായ ബിസിനസ്സുകാരെ ശ്രദ്ധിക്കുക. അവര്‍ പണമുണ്ടാക്കുകയും ദൈവം തങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു എന്നു വിശ്വസിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ അനുഗ്രഹത്തിന് ഒരേ ഒരു അടയാളമേ ഉള്ളൂ. അധികമധികം ക്രിസ്തുതുല്യരാവുക. യഥാര്‍ത്ഥ യേശു നമ്മെ ക്ഷണിക്കുന്നത് മരിക്കുവാനാണ്. അത്തരം ഒരു സന്ദേശത്തോടു അധികം പേര്‍ക്കും താത്പര്യമില്ല . അതില്‍ അത്ഭുതപ്പെടാനില്ല. കാരണം യേശുതന്നെ പറഞ്ഞു: ‘ജീവനിലേക്കുള്ള വഴി കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ’ (മത്താ. 7:14). എന്നാല്‍ ആ ചുരുക്കം പേരാണ് സഭ പണിയുന്നത്. അവര്‍ക്കു യേശു പറഞ്ഞതുപോലെ വളരെ ഉപദ്രവവും പീഡനവും തെറ്റിദ്ധാരണകളും സഹിക്കേണ്ടിവരും (യോഹ: 16.33). എന്നാല്‍ നിത്യതയോളം നിലനില്‍ക്കുന്ന ഒരു പ്രവൃത്തി ദൈവത്തിനുവേണ്ടി ഈ ഭൂമിയില്‍ അവര്‍ക്കു ചെയ്യുവാന്‍ കഴിയും.

നാം നമ്മുടെ സാമാന്യ ബുദ്ധിയെ എങ്ങനെ ഉപയോഗിക്കണമെന്നു യോഹന്നാന്‍ ഏഴാം അധ്യായം ഒന്നാം വാക്യത്തില്‍ നാം കണ്ടെത്തുന്നു. യഹൂദ്യയില്‍ ഉള്ള ആളുകള്‍ യേശുവിനെ കൊല്ലുവാന്‍ ശ്രമിച്ചതുകൊണ്ട് അവിടുന്ന് അങ്ങോട്ടുപോയില്ല. നമ്മുടെ ജീവനു ഭീഷണിയുള്ള ഒരു സ്ഥലത്തേക്ക് വെറുതെ നാം പോയിക്കൂടാ. എന്നാല്‍ ചില വാക്യങ്ങള്‍ക്കു ശേഷം യേശു യഹൂദ്യയിലേക്കു പോകുന്നതായി നാം വായിക്കുന്നു-കാരണം അതു പിതാവിന്റെ ഹിതമായതിനാല്‍. ദൈവം ആവശ്യപ്പെടുന്ന ഏതു സ്ഥലത്തേക്കും നമുക്കു പോകാം. അവിടുന്നു നമുക്കു സംരക്ഷണം നല്‍കും.

7:5 ല്‍ ‘യേശുവിന്റെ സ്വന്തം സഹോദരന്മാരും തന്നില്‍ വിശ്വസിച്ചില്ല’ എന്നു നാം കാണുന്നു. അവര്‍ യേശുവിനെ നിന്ദിച്ചു. എന്നാല്‍ യേശു പുനരുത്ഥാനം ചെയ്തശേഷം സഹോദരന്മാരായ യാക്കോബും യൂദായും യേശുവില്‍ വിശ്വസിക്കയും രണ്ടു ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. ഇവിടെ ‘യേശു പെരുന്നാളിനു പോകുന്നുണ്ടോ’ എന്ന് സഹോദരന്മാര്‍ ചോദിക്കുന്നു. അവരെപ്പോലെ തനിക്കു തോന്നുമ്പോള്‍ തോന്നുന്നിടത്തേക്കു പോകുവാന്‍ കഴിയില്ലെന്ന് യേശു മറുപടി പറയുന്നു. പിതാവിനെ കേള്‍ക്കുവാന്‍ തനിക്കു സമയം വേണം. ഇതുവരെ പിതാവില്‍ നിന്നു സന്ദേശമൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടു പോകുന്നുമില്ല. താന്‍ ലോകത്തോടു അതിന്റെ പാപത്തെക്കുറിച്ചു സംസാരിച്ചതുകൊണ്ട് ലോകം തന്നെ വെറുക്കുന്നു എന്നും യേശു അവരോടു പറഞ്ഞു. പാപത്തെക്കുറിച്ചു സംസാരിക്കാത്തവര്‍ ലോകത്തില്‍ അംഗീകാരവും പ്രശസ്തിയുമുള്ളവരാകും. ഇത് എല്ലാ പ്രസംഗകരും ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്. പാപത്തെക്കുറിച്ചു സംസാരിക്കാതിരിക്കുന്നു എങ്കില്‍ അംഗീകാരമുള്ള ഒരു പ്രസംഗകനായിത്തീരുവാന്‍ നിങ്ങള്‍ക്കു കഴിയും. യേശു അംഗീകാരമില്ലാത്ത പ്രസംഗകനായിരുന്നു. കാരണം, യേശു അധികസമയവും നിഗളം, കാപട്യം, പണസ്‌നേഹം, അധാര്‍മ്മികത, അശുദ്ധചിന്ത, അത്യാഗ്രഹം, കോപം, അസൂയ മുതലായ കാര്യങ്ങളെക്കുറിച്ചു സംസാരിച്ചിരുന്നു. ഈ പാപങ്ങള്‍ക്കെതിരെ സംസാരിക്കുന്ന ആരെയും ലോകം വെറുക്കും.

സഹോദരന്മാര്‍ പോയശേഷം യേശുവും പോകുവാന്‍ തീരുമാനമെടുത്തു. താന്‍ പോകുന്നില്ല എന്നു ചില നിമിഷങ്ങള്‍ക്കു മുമ്പ് യേശു കളവു പറഞ്ഞതാണോ? അല്ല. യേശു പിതാവില്‍ നിന്നും അനുവാദത്തിനായി കാത്തുനില്‍ക്കയായിരുന്നു. സഹോദരന്മാര്‍ യെരുശലേമിലേക്കു പെരുന്നാളാഘോഷങ്ങള്‍ക്കായി പുറപ്പെട്ട ശേഷമാണ് തനിക്കുള്ള കല്പന വന്നത്. അപ്പോള്‍ താനും പുറപ്പെട്ടു-താന്‍ ഒരു കള്ളനാണെന്നു സഹോദരന്മാര്‍ കരുതുമെന്ന ഭയമൊന്നും കൂടാതെ തന്നെ. അനുനിമിഷവും സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചാണ് താന്‍ ജീവിക്കുന്നതെന്ന കാര്യമൊന്നും മനസ്സിലാക്കുവാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല. കേന്ദ്രനിയന്ത്രണനിലയവുമായി കയ്യിലുള്ള വയര്‍ലെസ് സെറ്റിലൂടെ നിരന്തരം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു പോലീസുദ്യോഗസ്ഥനെപ്പോലെയായിരുന്നു താന്‍. വയര്‍ലെസ് സെറ്റ് എപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. കേന്ദ്രത്തില്‍ നിന്നുള്ള ആജ്ഞ അനുസരിച്ചു മാത്രമേ അവര്‍ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ കഴിയൂ. സഹോദരന്മാരോടൊത്ത് പ്രയോജനമില്ലാത്ത കൊച്ചുവര്‍ത്തമാനവും ചര്‍ച്ചകളുമൊക്കെയായി യെരുശലേമിലേക്കു യാത്ര ചെയ്യുവാന്‍ പിതാവിനു താത്പര്യമുണ്ടായിരുന്നില്ല. ചില സഹോദരന്മാരോടൊത്ത് യാത്ര ചെയ്യുവാന്‍ പിതാവു നമ്മെ അനുവദിക്കാറില്ല. കാരണം, പ്രയോജനമില്ലാത്ത സംഭാഷണത്തില്‍ സമയം പാഴാകും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതാണു നന്ന്.

7:24-ല്‍ യേശു, ‘വിധിക്കരുത്…വിധിപ്പിന്‍’ എന്നീ രണ്ടു കാര്യങ്ങളില്‍ ഒരു സന്തുലിതാവസ്ഥ പുലര്‍ത്തുന്നതു നമുക്കു കാണാം. ആരുടേയും ബാഹ്യരൂപഭാവത്താല്‍ ആരെയും വിധിക്കരുത്. നീതിയോടെ വിധിക്കണം. നമ്മുടെ അധികാരപരിധിക്കുള്ളില്‍ കര്‍ത്താവു നല്‍കിയിരിക്കുന്നവരെ മാത്രമേ നാം വിധിക്കുവാന്‍ പാടുള്ളൂ. ഉദാഹരണമായി മാതാപിതാക്കള്‍ മക്കളെ, ഒരു സൂപ്പര്‍വൈസര്‍ തന്റെ കീഴിലുള്ള ജോലിക്കാരെ, ഒരു മൂപ്പന്‍ തന്റെ സഭയിയുള്ള അംഗങ്ങളെ. ഈ പരിധിക്കു പുറത്തു നാം വിധിച്ചാല്‍ അതു നീതിയുള്ളതായിരിക്കയില്ല. നമ്മുടെ കണ്ണുകള്‍ കാണുന്നതിലും കാതുകള്‍ കേള്‍ക്കുന്നതിലും മാത്രം ആശ്രയിച്ചു നാം വിധിച്ചുകൂടാ (യെശ 11:3). വിധിക്കും മുമ്പെ സൂക്ഷ്മമായ അന്വേഷണം അക്കാര്യത്തില്‍ നടത്തണം (ആവ. 13:14; 19:18). ഒരു വ്യക്തി കള്ളപ്രവാചകനോ സത്യപ്രവാചകനോ എന്നു തിരിച്ചറിയുവാന്‍ അയാളുടെ ഫലത്തെ (ബാഹ്യമായ പെരുമാറ്റത്തെ) നാം വിധിക്കണമെന്ന് യേശു പറഞ്ഞിരിക്കുന്നു (മത്താ. 7:15,16). അതുകൊണ്ട് വിധിക്കരുത് എന്നു പറഞ്ഞിരിക്കുന്നതിലൂടെ എല്ലാ തരത്തിലുള്ള വിധിയെയും അടച്ച് നിരോധിച്ചിരിക്കുകയല്ല എന്നു നാം മനസ്സിലാക്കുന്നു. അങ്ങനെ നിരോധിച്ചെങ്കില്‍ സഭയില്‍ ആര്‍ക്കെങ്കിലും എതിരെ ശിക്ഷണ നടപടികള്‍ എടുക്കാന്‍ കഴിയില്ല. കള്ളപ്രവാചകന്മാരാല്‍ വഞ്ചിതരാവുകയും ചെയ്യും.


8:1-12-ല്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിയാന്‍ ദാഹിക്കുന്ന പരീശന്മാരുടെ കഥയുണ്ട്. ഇന്നും അപ്രകാരം മറ്റുള്ളവരെ എറിയുവാന്‍ കീശയില്‍ കല്ലുനിറച്ചു നടക്കുന്ന ധാരാളം പരീശന്മാരുണ്ട്. തങ്ങളുടെ പ്രസംഗങ്ങളിലൂടെ മറ്റുള്ളവരെ കല്ലെറിയുന്നവരാണ് അധികം പ്രസംഗകരും. ആരെയും ഒരിക്കലും എറിയുവാന്‍ യേശു കല്ലുകള്‍ കരുതിയില്ല. പാപികളോടു മനസ്സലിവുകാട്ടിയായിരുന്നു തന്റെ വാക്കുകള്‍. യേശു ഒരിക്കലും കൊലപാതകികളെയോ, കള്ളന്മാരെയോ വ്യഭിചാരിണികളെയോ വിമര്‍ശിക്കുന്നതു സുവിശേഷങ്ങളിലെങ്ങും നാം കാണുന്നില്ല. എന്നാല്‍ ദേവാലയത്തിലെ കപടഭക്തന്മാരേയും പരീശന്മാരേയും നരകവിധിക്കു യോഗ്യര്‍ എന്ന നിലയില്‍ വിധിക്കുന്നതു നമുക്കു കാണാം. വ്യഭിചാരത്തില്‍ പിടിച്ച സ്ത്രീയോട്:’ഞാനും നിന്നെ വിധിക്കുന്നില്ല. പോക, ഇനിമേല്‍ പാപം ചെയ്യരുത്’ (8:11) എന്നു മാത്രം പറയുന്നതു നാം കാണുന്നു. ആ രണ്ടു വാചകങ്ങളില്‍ പൂര്‍ണ്ണസുവിശേഷം നമുക്കു കാണാം. നീതീകരണവും വിശുദ്ധീകരണവും. യേശു പരീശന്മാരോടു ഇങ്ങനെ പറഞ്ഞു: പാപമില്ലാത്തവന്‍ ഒന്നാമതു കല്ലെറിയട്ടെ (8:7). ഇന്നും നിങ്ങള്‍ക്ക് ആരെയെങ്കിലും കല്ലെറിയുവാനുള്ള ഉള്‍പ്രേരണയുണ്ടായാല്‍ രണ്ടു കാര്യങ്ങള്‍ ഓര്‍ക്കുക. 1. എത്ര വലിയ കുഴിയില്‍ നിന്നാണു ദൈവം നിങ്ങളെ രക്ഷിച്ചിരിക്കുന്നത്. 2. ഇന്നും നിങ്ങളുടെ ജഡത്തില്‍ കുടികൊള്ളുന്ന പാപത്തിന്റെ ശക്തി. ഇതോടെ ആ പ്രേരണ ഇല്ലാതാകും. ഇനിമേല്‍ ആരെയും എറിയുവാന്‍ നിങ്ങള്‍ക്കു സാദ്ധ്യമാകയില്ല.

അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം ”സാധുക്കളെ വഞ്ചിച്ച് അവരുടെ പണം തട്ടിയെടുക്കുന്ന പ്രസംഗകരെ നാം തുറന്നു കാട്ടേണ്ടതല്ലേ? അങ്ങനെ ചെയ്താല്‍ അതു കല്ലേറ് ആകുമോ?” ‘ആരെക്കൊണ്ടും ദൂഷണം പറയരുതെ’ന്നു തീത്തൊ.3:2 ല്‍ പറയുന്നു. അതുകൊണ്ട് നമുക്ക് ആരെക്കുറിച്ചും ദൂഷണം പറയാതിരിക്കാം. എന്നാല്‍ ആ വ്യക്തിയുടെ ഉപദേശവും നടപടികളും വചനവിരുദ്ധമാണ് എന്നും യേശു ഒരിക്കലും അപ്രകാരം ചെയ്യുമായിരുന്നില്ല എന്നും തീര്‍ച്ചയായും നമുക്കു പറയാം. അതില്‍ തെറ്റില്ല. ആ വ്യക്തിക്കെതിരെ ദൂഷണം പറയാതെ അദ്ദേഹത്തിന്റെ ഉപദേശത്തിലെ പിശകുകളെയും ശുശ്രൂഷയിലെ വ്യതിചലനത്തെയുമൊക്കെ ചൂണ്ടിക്കാട്ടാം. ദൈവവചനം ശുശ്രൂഷിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ആരെക്കുറിച്ചും തിന്മ പറയാതിരിക്കുവാന്‍ നാം സൂക്ഷിക്കേണ്ടതുണ്ട്. അതേ സമയം മറ്റുള്ളവരുടെ ശുശ്രൂഷയെ വിവേചനബുദ്ധിയോടെ ശ്രദ്ധിക്കേണ്ടതുമുണ്ട്.


സത്യം നിങ്ങളെ സ്വതന്ത്രരാക്കും


8:32-ല്‍ നാം കേള്‍ക്കുന്നതു സത്യമാണോ എന്നു തിരിച്ചറിയുവാന്‍ കര്‍ത്താവ് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. ”നിങ്ങള്‍ സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” നിങ്ങള്‍ ഒരു കള്ളം പറയുമ്പോള്‍ പിശാച് അതിന്റെ ‘അപ്പനും’ നിങ്ങള്‍ അതിന്റെ ‘അമ്മ’യുമാണ്.

യേശു പറഞ്ഞു: ‘പകലുള്ളേടത്തോളം എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ ചെയ്യേണ്ടതാകുന്നു. ആര്‍ക്കും പ്രവര്‍ത്തിച്ചു കൂടാത്ത രാത്രി വരുന്നു’ (9:4). ഇന്‍ഡ്യയില്‍ ജീവിക്കുന്ന നമ്മെ സംബന്ധിച്ചു വളരെ പ്രാധാന്യമുള്ള ഒരു പ്രസ്താവമത്രേ ഇത്. സുവിശേഷം പ്രസംഗിക്കുവാനും ശിഷ്യന്മാരെ ഉണ്ടാക്കുവാനും ലഭിക്കുന്ന ഓരോ സന്ദര്‍ഭവും നാം ശ്രദ്ധയോടെ വിനിയോഗിക്കണം. നമുക്കു പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത രാത്രി വന്നുകൊണ്ടിരിക്കുന്നു. തുടര്‍ന്ന് ആ പ്രവൃത്തി എന്താണെന്നു യേശു പറയുന്നു. ലോകത്തില്‍ ഇരിക്കുന്നേടത്തോളം താന്‍ ലോകത്തിന്റെ വെളിച്ചമാകുന്നു (9:5). എന്നാല്‍ യേശു ഈ ലോകം വിട്ടു പോയിക്കഴിയുമ്പോള്‍ നാം ലോകത്തിന്റെ വെളിച്ചമായിരിക്കുക(മത്താ. 5:14). ഇതത്രേ നമ്മുടെ ദൗത്യം – വെളിച്ചമെന്തെന്ന് (യേശുവിന്റെ ജീവന്‍) ലോകത്തിനു വെളിപ്പെടുത്തുക.

യോഹന്നാന്‍ 10:9-ല്‍ യേശു പറഞ്ഞു: ‘ഞാന്‍ വാതിലാകുന്നു. എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തു വരികയും പുറത്തു പോകയും മേച്ചല്‍ കണ്ടെത്തുകയും ചെയ്യുന്നു.’ വാതിലിലൂടെ പ്രവേശിച്ചു രക്ഷപ്രാപിക്കുന്ന ഒരുവന്‍ എന്താണു ചെയ്യേണ്ടത്? ദൈവസാന്നിദ്ധ്യത്തിലേക്കു വരികയും പുറത്തു പോയി ശുശ്രൂഷിക്കയും ചെയ്യുക.വീണ്ടും ദൈവസാന്നിദ്ധ്യത്തിലേക്കു വരികയും പുറത്തുപോയി ശുശ്രൂഷിക്കയും ചെയ്യുക-ഇതാണ് സന്തുലിതമായ ക്രിസ്തീയ ജീവിതം. അതിന്നര്‍ത്ഥം നാം ദൈവസാന്നിദ്ധ്യം നഷ്ടപ്പെടുത്തിയവരാണ് എന്നല്ല. ദൈവസാന്നിദ്ധ്യം അന്വേഷിക്കാതെ നേരെ നാം പുറത്തേക്ക് പോകുവാന്‍ പാടില്ല എന്നത്രേ. അല്ലെങ്കില്‍ നാം ഒറ്റക്കാലില്‍ നടക്കുന്ന അനുഭവത്തിലായിരിക്കും. സന്തുലിതാവസ്ഥയുള്ള ഒരു ക്രിസ്ത്യാനി രണ്ടു കാലുമുള്ള ഒരുവനെപ്പോലെയാണ്.അവന്‍ ദൈവത്തെ ആരാധിക്കുന്നു. തുടര്‍ന്ന് ശുശ്രൂഷിക്കുന്നു. മത്തായി 4:10 കൂടെ കാണുക.


10:28, 29-ല്‍ രക്ഷയുടെ ഭദ്രത പഠിപ്പിക്കുന്നവര്‍ തെറ്റായി ഉദ്ധരിക്കുന്ന ഒരു വേദഭാഗം നമുക്കു കാണാം. അവിടെ യേശു പറയുന്നു: ”ഞാന്‍ അവയ്ക്കു നിത്യജീവന്‍ കൊടുക്കുന്നു. അവ ഒരു നാളും നശിച്ചു പോകയില്ല. ആരും അവയെ എന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവന്‍. പിതാവിന്റെ കയ്യില്‍ നിന്നു പിടിച്ചു പറിക്കുവാന്‍ ആര്‍ക്കും കഴികയില്ല.” പൂര്‍ണ്ണഭദ്രമായ രക്ഷയുടെ മനോഹരമായ ഒരു ചിത്രമാണത്. പൂര്‍ണ്ണഹൃദയത്തോടെ ഞാനതു വിശ്വസിക്കുന്നു. എന്നാല്‍ 28-ാം വാക്യം തുടങ്ങുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക. തൊട്ടുമുമ്പിലുള്ള വാക്യങ്ങളുമായുള്ള ബന്ധത്തിലാണവ. അവിടെ ആര്‍ക്കാണ് താന്‍ നിത്യമായ ഈ രക്ഷ ഭദ്രമാക്കുന്നത് എന്നു പറയുന്നു. അത് ഒരു വിശ്വാസി എന്നു പേര്‍ പറയുന്ന എല്ലാവര്‍ക്കുമുള്ളതല്ല. ”എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു. ഞാന്‍ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ കൊടുക്കുന്നു.” ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ ഈ വാക്യങ്ങളിലുള്ള രക്ഷയുടെ നിത്യഭദ്രതയുടെ വാഗ്ദാനം വിശ്വസിക്കുന്നു. എന്നാല്‍ യേശുവിനെ ശ്രദ്ധിക്കാതെയും അനുഗമിക്കാതെയുമിരിക്കുന്നവരുടെ കാര്യം എങ്ങനെയാണ്? തീര്‍ച്ചയായും അവര്‍ക്കു രക്ഷ ഭദ്രമായിരിക്കില്ല. വാക്യങ്ങള്‍ ഭാഗികമായി ഉദ്ധരിച്ചുകൊണ്ടും വിഷയത്തില്‍ നിന്നും വാക്യഭാഗങ്ങളെയോ വാക്യങ്ങളെയോ അടര്‍ത്തിമാറ്റി ഉദ്ധരിച്ചു കൊണ്ടും ക്രിസ്ത്യാനികള്‍ എങ്ങനെയാണ് തെറ്റായ ഉപദേശങ്ങളുണ്ടാക്കുന്നത് എന്നതിന് ഉത്തമോദാഹരണമാണിത്. പിതാവിന്റെ കയ്യില്‍ നിന്നും നമ്മെ ആര്‍ക്കും പിടിച്ചു പറിക്കാന്‍ കഴിയുകയില്ല എന്നുള്ളത് ഒരു സത്യമാണ്. എന്നാല്‍ പിതാവിന്റെ കയ്യില്‍ നിന്നു നമുക്കു ചാടിപ്പോകാന്‍ കഴിയും. യേശുവിനെ അനുഗമിക്കാനോ സ്വര്‍ഗ്ഗത്തിലേക്കു പോകുവാനോ ദൈവം ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല.


ലോകത്തിനു മരിക്കുക ദൈവത്തിനു ജീവിക്കുക


11-ാം അദ്ധ്യായത്തില്‍ നാം ബെഥാന്യയിലെ ലാസറിനെക്കുറിച്ചു വായിക്കുന്നു. ലാസര്‍ ദീനമായിക്കിടക്കുന്നു എന്ന് കേട്ടിട്ടും യേശു ബെഥാന്യയിലേക്കു പോയില്ല. ലാസര്‍ മരിച്ച് നാലു ദിവസം കഴിഞ്ഞാണ് യേശു അവിടെ എത്തിയത്. ദൈവത്തിന്റെ വഴികള്‍ നമ്മുടെ വഴികളല്ല. പിതാവിനോടു സമര്‍പ്പിതമായ അനുസരണയില്‍ ആയിരുന്ന യേശു തന്റെ ആത്മാവില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കാതെ ഒരിക്കലും ഒരു കാര്യത്തിലും ഇടപെടാന്‍ പോയിരുന്നില്ല. ഈ അത്ഭുതവും ഒരു അടയാളം തന്നെയാണ്. എന്താണിവിടുത്തെ ആത്മീയ പാഠം? നാം ശൂന്യാവസ്ഥയിലെത്താതെ ദൈവം ഒരിക്കലും നമ്മെ നിറയ്ക്കുന്നില്ല. രോഗിയായ ഒരു മനുഷ്യനു തന്റെ അല്പ ശക്തിയില്‍ ചിലതൊക്കെ ചെയ്യാന്‍ കഴിയും. അതുകൊണ്ടു ലാസര്‍ ഒരു ചെറുചലനം പോലുമില്ലാത്ത മരണാവസ്ഥയിലെത്തും വരെ കാത്തു. അപ്പോള്‍ യേശു വന്നു. നമ്മില്‍ ചിലരൊക്കെ ദൈവത്തിനു സഹായിക്കാന്‍ വരാന്‍ കഴിയാതെവണ്ണം ശക്തരാണ്. അവിടുന്നു കാത്തിരിക്കുന്നു. നിങ്ങള്‍ ഒരുപക്ഷേ സഹായം ചോദിക്കുന്നുണ്ടാകാം. ദൈവത്തിനു സഹായിക്കാന്‍ താത്പര്യവുണ്ട്. പക്ഷേ ഇപ്പോഴല്ല, ഇപ്പോള്‍ നിങ്ങള്‍ ശക്തരാണ്. പൗലൊസ് പറഞ്ഞു: ‘ഞാന്‍ ബലഹീനനായിരിക്കുമ്പോള്‍ ഞാന്‍ ശക്തനാണ്.’ നമ്മുടെ കഴിവുകളിലുള്ള ആശ്രയം തീര്‍ത്തും ഇല്ലാതാകേണ്ടതുണ്ട്. നിങ്ങള്‍ക്കു ബൈബിള്‍ മനസ്സിലാക്കണമെന്നാഗ്രഹമുണ്ടോ? ആത്മീയ കാര്യങ്ങളില്‍ നിങ്ങളൊരു പാപ്പരാണെന്നു തിരിച്ചറിഞ്ഞ് അംഗീകരിക്കുക. ആത്മീയ ശക്തി ആവശ്യമുണ്ടോ? തിരിച്ചറിയുക. അംഗീകരിക്കുക.

എന്തുകൊണ്ടാണു നമുക്കു പെട്ടെന്നു കോപം ഉണ്ടാകുന്നത്? നാം ബലഹീനരായതുകൊണ്ടാണെന്നു നാം കരുതുന്നുണ്ടാകാം. എന്നാല്‍ നാം ശക്തരായതുകൊണ്ടാണ്. നാം ബലഹീനരെങ്കില്‍ ഒരിക്കലും കോപിക്കില്ല. രോഗിയായ ഒരു മനുഷ്യനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന സാഹചര്യം ചിന്തിക്കുക. ആദ്യം ദിവസം അയാള്‍ കോപിക്കയും നഴ്‌സുമാരെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും പരാതിപറകയും ചെയ്‌തെന്നു വരാം. രണ്ടാം ദിവസം അയാളുടെ രോഗം അല്പംകൂടി മൂര്‍ച്ഛിക്കയും ശബ്ദം നേര്‍ക്കുകയും ഒച്ചവയ്ക്കുവാന്‍ ശക്തിയില്ലാതാവുകയും ചെയ്യുന്നു. ഒരാഴ്ചയ്ക്കുശേഷം വായിലും മൂക്കിലും ഞരമ്പിലും ഒക്കെ ട്യൂബിട്ട് ഗുരുതരാവസ്ഥയില്‍ എപ്പോഴെങ്കിലും മാത്രം ക്ഷോഭിക്കാന്‍ കഴിയുന്ന അവസ്ഥയിലാകുന്നു. ഒടുവില്‍ തികച്ചും ബലഹീനനായി കോപിക്കാന്‍ ഒട്ടുമേ ശക്തിയില്ലാതാകുന്നു. ശക്തനായിരിക്കുമ്പോള്‍ അയാള്‍ ഒച്ചവച്ചിരുന്നു. ബലഹീനനായപ്പോള്‍ ഒച്ചവയ്ക്കാന്‍ കഴിവില്ലാതായി. ഇതുതന്നെയാണ് ലാസറിന്റെ സംഭവത്തില്‍ നിന്നു നമുക്കു പഠിക്കാനുള്ള പാഠം.

ഏറ്റവും എളുപ്പമുള്ള കാര്യമാണ് ബെഥാന്യയിലെ ആളുകളോടു ചെയ്‌വാന്‍ കര്‍ത്താവു കല്പിച്ചത് – കല്ലുരുട്ടി മാറ്റുക. തുടര്‍ന്ന് പ്രയാസമേറിയ കാര്യം കര്‍ത്താവു ചെയ്തു – ലാസറിനെ ഉയിര്‍പ്പിക്കുക. തുടര്‍ന്നും എളുപ്പമുള്ള ചിലകാര്യങ്ങള്‍ കൂടി ആളുകളെ ഏല്പിച്ചു. ശവക്കച്ച അഴിച്ചുമാറ്റി അവനെ സ്വതന്ത്രനാക്കുക. പുതിയ ഉടമ്പടി എന്നാല്‍ കര്‍ത്താവും തന്റെ ജനവും തമ്മിലുള്ള ഒരു പങ്കാളിത്തമാണ്. തന്റെ നുകത്തിന്‍ കീഴില്‍ നാം കൂട്ടിയിണയ്ക്കപ്പെടുകയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുക. എളുപ്പമുള്ള ഭാഗം നാമും പ്രയാസമുള്ള ഭാഗം കര്‍ത്താവും ചെയ്യുക. ഇതാണു ഫലപ്രദമായ ശുശ്രൂഷയുടെ രഹസ്യം.

യോഹന്നാല്‍ 12:24-26-ല്‍ ഫലസമൃദ്ധിയുടെ രഹസ്യം കണ്ടെത്തുന്നു. ഒരു ഗോതമ്പു മണി നിലത്തു വീണു ചത്ത് അഴിയുമ്പോലെ നാമും നിലത്തു വീണു ചാവുക. ചാകുന്നില്ല എങ്കില്‍ അതു തനിയെ ഇരിക്കും. ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. ഇക്കാര്യത്തില്‍ യേശു സ്വയം നമുക്ക് ഒരു മാതൃകയായിത്തീര്‍ന്നിരിക്കുന്നു. ക്രൈസ്തവ ലോകത്തില്‍ ഇന്നു വിരളമായി മാത്രം കേള്‍ക്കപ്പെടുന്ന ക്രൂശിന്റെ വഴി ഇതാണ്. എല്ലാ ദിവസവും നമ്മുടെ ക്രൂശ് എടുത്തുകൊണ്ട് ഈ വഴി മറ്റുള്ളവരോടു പ്രസ്താവിക്കണം. – നമ്മുടെ സല്‍പ്പേരും, മാന്യതയും, ഇഷ്ടങ്ങളുമൊക്കെ ക്രൂശില്‍ വച്ചുകൊണ്ട.് ഇതുതന്നെ പാപത്തെ ജയിക്കുവാനുള്ള വഴിയും. മരിച്ച ആളുകള്‍ക്കു പാപം ചെയ്‌വാന്‍ സാദ്ധ്യമല്ല. നിങ്ങള്‍ മരിച്ച ഒരാളിനെ ദേഹോപദ്രവം ചെയ്താലോ അസഭ്യം പറഞ്ഞാലോ അയാള്‍ പ്രതികരിക്കയില്ല. അയാളെ പുകഴ്ത്തിയാലും അയാള്‍ പ്രതികരിക്കില്ല. നാം ഇപ്രകാരം ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു….’നിങ്ങളെത്തന്നെ മരിച്ചവരെന്ന് എണ്ണുവിന്‍..’ (റോമ 6:11). തികച്ചും അനുഗൃഹീതമായ ഒരവസ്ഥയത്രേ ഇത്. ആളുകളുടെ പുകഴ്ചയോ വിമര്‍ശനമോ സ്വാധീനിക്കാത്ത ഒരവസ്ഥ. കാരണം നാം ലോകത്തിനു മരിച്ചു ദൈവത്തിനു ജീവിക്കുന്നു.

ബൈബിള്‍ പരിജ്ഞാനം നല്ലതുതന്നെ. എങ്കിലും അതു ഫലം ഉത്പാദിപ്പിക്കുവാന്‍ പര്യാപ്തമല്ല. സാത്താനും വേദപരിജ്ഞാനമുണ്ട്. ബൈബിള്‍ പരിജ്ഞാനത്തോടൊപ്പം പരിശുദ്ധാത്മ നിറവും കൂടിയുണ്ടെങ്കില്‍ കുറച്ചുകൂടി നല്ലതാണ്. അതിനും വളരെ ഫലം ഉല്പാദിപ്പിക്കാന്‍ കഴിയില്ല. മഴ പെയ്യുന്നതു നല്ലതാണെങ്കിലും മഴ കൊണ്ടു വിളവുണ്ടാകുന്നില്ല. മണ്ണില്‍ വിത്തു വീണ് അതു ചാകണം. സുവിശേഷങ്ങളില്‍ യേശു അധികം പ്രാവശ്യം ആവര്‍ത്തിച്ചുപറഞ്ഞ ഒരു സത്യമത്രേ ഇത്. സുവിശേഷങ്ങളില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത് ഏഴു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു. ”സ്വന്തം ജീവനെ സ്‌നേഹിക്കുന്നവന്‍ അതിനെ നഷ്ടമാക്കും. സ്വന്തം ജീവനെ ഈ ലോകത്തില്‍ പകയ്ക്കുന്നവന്‍ അതിനെ നിത്യജീവനായി സൂക്ഷിക്കും” (12:25). നിങ്ങള്‍ നിങ്ങളുടെ ഭൗതിക ജീവനെ, സല്‍പ്പേരിനെ, മാന്യതയെ, ലക്ഷ്യത്തെ ഒക്കെ സംരക്ഷിക്കുന്നു എങ്കില്‍ ഒടുവില്‍ നിങ്ങള്‍ അസംതൃപ്തനും നിരാശനും ഒക്കെയായിത്തീരും. കര്‍ത്താവിനും സുവിശേഷത്തിനും വേണ്ടി അതു നഷ്ടമാക്കാന്‍ തയ്യാറായാല്‍ ഭൗമിക ജീവിതാന്ത്യത്തില്‍ നിത്യമായ ഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നതു നിങ്ങള്‍ കണ്ടെത്തും.

12:42,43-ല്‍ എന്തുകൊണ്ടാണ് മിക്ക ആളുകളും ദൈവത്തിനുവേണ്ടി നിലകൊള്ളാതെയും അവിടുത്തെ മുഴുവന്‍ ആലോചനയും പ്രസ്താവിക്കാതിരിക്കയും ചെയ്യുന്നത്? ഇതിന്റെ കാരണം നാം വായിക്കുന്നു: ”പ്രമാണികളില്‍ത്തന്നെ അനേകരും അവനില്‍ വിശ്വസിച്ചു. പള്ളി ഭ്രഷ്ടര്‍ ആകാതിരിപ്പാന്തക്കവണ്ണം പരീശന്മാര്‍ നിമിത്തം ഏറ്റുപറഞ്ഞില്ല. അവര്‍ ദൈവത്താലുള്ള മാനത്തേക്കാളധികം മനുഷ്യരാലുള്ള മാനത്തെ സ്‌നേഹിച്ചു.”

യോഹന്നാന്‍ 13:5-ല്‍ യേശു തന്റെ ജീവിതാന്ത്യമായി എന്നറിഞ്ഞ് ശിഷ്യന്മാരുടെ കാല്‍ക്കല്‍ ഇരുന്ന് അവരുടെ പാദങ്ങള്‍ കഴുകുന്നതു നാം കാണുന്നു. അതു നമുക്കു പിന്‍പറ്റാന്‍ നല്ലൊരു മാതൃകയാണ്.ഇത്തരം മാതൃകകള്‍ ക്രിസ്തീയ ലോകത്ത് ഇന്നു നമുക്ക് അധികം കാണാന്‍ കഴിയുന്നില്ല. മിക്ക ക്രൈസ്തവ നേതാക്കന്മാരും അനുയായികളുടെ തലയിലിരിക്കാനാഗ്രഹിക്കുന്നവരാണ്, കാല്‍ക്കലല്ല!

13:7-ല്‍ നാം ഒരു ആശ്വാസവചനം കണ്ടെത്തുന്നു. എന്തുകൊണ്ടാണു ദൈവം നമ്മെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകാന്‍ അനുവദിക്കുന്നതെന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ ഈ വചനം ആശ്വാസം നല്‍കും. കര്‍ത്താവും നമ്മളോടു പറയുന്നു: ”ഞാന്‍ ചെയ്യുന്നത് ഇപ്പോള്‍ നീ അറിയുന്നില്ല. പിന്നെ നീ അറിയും.”

എന്താണു ദൈവജനത്തെ തിരിച്ചറിയുവാനുള്ള അടയാളം? അതു ബൈബിളുമായി നടക്കുന്നതോ അന്യഭാഷയില്‍ സംസാരിക്കുന്നതോ കൂടി വരുന്ന ആലയത്തിന്റെ മുകളിലോ ഭിത്തിയിലോ കുരിശടയാളം വയ്ക്കുന്നതോ അല്ല. അടയാളം സ്‌നേഹമാണ്. യേശു പറഞ്ഞു: ”നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുമ്പോള്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരെന്നു സകല മനുഷ്യരും അറിയും” (13:34, 35). നിങ്ങള്‍ സ്‌നേഹിക്കുന്നില്ലെങ്കില്‍ യേശു നല്‍കിയ ഒരേ ഒരു പുതിയ കല്പന നിങ്ങള്‍ അനുസരിക്കുന്നവരല്ല. ഞാന്‍ പറയുന്നതു നിങ്ങളുടെ കൂട്ടായ്മയിലുള്ള, നിങ്ങള്‍ സംസാരിക്കുന്ന അതേ കാര്യങ്ങള്‍ സംസാരിക്കുന്ന, നിങ്ങളോട് എല്ലാതരത്തിലും യോജിക്കുന്ന, വിശ്വാസികളെ സ്‌നേഹിക്കുന്ന കാര്യമല്ല. അതു വളരെ എളുപ്പമാണ്. വീണ്ടും ജനിച്ചതെങ്കിലും മറ്റൊരു വിഭാഗത്തില്‍ നിന്നു വരുന്ന, മറ്റൊരു ശുശ്രൂഷ ചെയ്യുന്ന, ഉപദേശ കാര്യങ്ങളില്‍ നിങ്ങളുമായി യോജിക്കാത്ത ഒരു വ്യക്തിയെ സ്‌നേഹിക്കേണ്ടി വരുമ്പോള്‍ നിങ്ങളുടെ സ്‌നേഹം ശോധന ചെയ്യപ്പെടും. നമ്മെ സ്‌നേഹിക്കാത്തവരെ, വിമര്‍ശിക്കുന്നവരെ, നമ്മെ പുകഴ്ത്തുകയോ സമ്മാനങ്ങള്‍ നല്‍കുകയോ ചെയ്യാത്തവരെ സ്‌നേഹിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. ദൈവസ്‌നേഹം നമ്മിലുണ്ടോ എന്ന് അപ്പോള്‍ മാത്രമേ അറിയുവാന്‍ നമുക്കു കഴിയൂ. മാനുഷിക സ്‌നേഹം മറ്റുള്ളവരില്‍ നിന്നുള്ള പ്രതികരണത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ദൈവസ്‌നേഹം മറ്റുളളവരില്‍ നിന്നുള്ള പ്രതികരണത്തില്‍ നിന്നല്ല ഉണ്ടാകുന്നത്. അതു തികച്ചും സമാനതകളില്ലാത്തതാണ്. നിസ്തുലമാണ്. മനുഷ്യന്‍ തിരികെ സ്‌നേഹിച്ചാലും ഇല്ലെങ്കിലും ദൈവം സ്‌നേഹിച്ചുകൊണ്ടേയിരിക്കും. ആ സ്‌നേഹം കൊണ്ട് നമ്മുടെ ഹൃദയത്തെ നിറയ്ക്കുവാന്‍ ദൈവത്തിനു കഴിയും.


മഹത്തായ പ്രവൃത്തികള്‍


യോഹന്നാന്‍ 14:12 ല്‍ യേശു പറഞ്ഞു: ‘ഞാന്‍ ചെയ്യുന്ന പ്രവൃത്തി എന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും.’ യേശു ചെയ്ത പ്രവൃത്തി എല്ലാ വിശ്വാസിക്കും ചെയ്യാന്‍ കഴിയുമോ? അതെ-യേശു എന്താണര്‍ത്ഥമാക്കിയതെന്നു നാം ഗ്രഹിക്കുന്നു എങ്കില്‍. എല്ലാ വിശ്വാസികളും മരിച്ചവരെ ജീവിപ്പിക്കുമെന്നും വെള്ളത്തിന്മേല്‍ നടക്കുമെന്നുമല്ല താന്‍ അര്‍ത്ഥമാക്കിയത്. എല്ലാവര്‍ക്കും തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം നിവര്‍ത്തിക്കുവാന്‍കഴിയും എന്നാണ് യേശു പറഞ്ഞത്. കാരണം ഭൂമിയില്‍ യേശു ചെയ്ത മുഴുവന്‍ കാര്യങ്ങളേയും ഒരു വാക്കില്‍ നമുക്കു സംഗ്രഹിക്കാന്‍ കഴിയും- ദൈവഹിതം അല്ലെങ്കില്‍ ദൈവത്തിന്റെ മനസ്സ് (യോഹ-6:38).

നസറേത്തില്‍ കിണറ്റില്‍ നിന്നു വെള്ളം കൊണ്ടുവരുവാന്‍ അമ്മ ആവശ്യപ്പെടുമ്പോള്‍ അവിടുന്ന് ഒരു തൊട്ടി നിറയെ വെള്ളം കൊണ്ടുവന്നിരുന്നു. തന്റെ മരപ്പണിശാലയില്‍ അവിടുന്ന് നന്നായി അധ്വാനിക്കുകയും ചുറ്റുപാടുമുള്ളവരെ സഹായിക്കുകയും ചെയ്തിരുന്നു. 20 വര്‍ഷത്തിലധികം തന്നെ വീട്ടില്‍ വിഷമിപ്പിച്ചിരുന്ന സഹോദരന്മാരെ അവിടുന്നു സ്‌നേഹിച്ചു. നമുക്കും ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയും.

താന്‍ ഒരു ചെറിയ ബാലനായിരുന്നപ്പോള്‍ അമ്മയെ സഹായിക്കുകയും ഇളയ അനുജന്മാരെയും പെങ്ങന്മാരെയും നോക്കുകയും ചെയ്തിരുന്നു. ഒരമ്മ എന്ന നിലയില്‍ നിങ്ങള്‍ക്കും യേശു ചെയ്തതുപോലെ നിങ്ങളുടെ കുഞ്ഞുങ്ങളെ നോക്കാം. പ്രസംഗിക്കാന്‍ വിളിക്കുമ്പോള്‍ അവിടുന്നു നിങ്ങള്‍ക്ക് അതിനുള്ള ശക്തി തരും. മരിച്ചവരെ ജീവിപ്പിക്കാന്‍ ഒരുനാള്‍ നിങ്ങളെ വിളിക്കുന്നു എങ്കില്‍ തീര്‍ച്ചയായും അതിനുള്ള ശക്തിയും ലഭിച്ചിരിക്കും.

തുടര്‍ന്ന് യേശു പറയുന്നു: ‘അതില്‍ വലിയതും അവന്‍ ചെയ്യും'(14:12). അതിനര്‍ത്ഥം യേശു വെറും മൂന്നുപേരെ ഉയര്‍പ്പിച്ച സ്ഥാനത്ത് ഓരോ വിശ്വാസിയും 25 പേരെ വീതം ഉയര്‍പ്പിക്കുമെന്നാണോ? ഒരിക്കലുമല്ല, താന്‍ ചെയ്തതിലധികം പ്രവൃത്തി എന്നല്ല യേശു പറഞ്ഞത്. താന്‍ ചെയ്തതിനേക്കാള്‍ ‘വലിയ’ പ്രവൃത്തി എന്നത്രേ. തന്റെ പരസ്യശുശ്രൂഷയുടെ മൂന്നര വര്‍ഷവും യേശുവിനു ചെയ്യാന്‍ കഴിയാതിരുന്ന പ്രവൃത്തി എന്താണ്? രണ്ടു ശിഷ്യന്മാരെ ഒന്നായി ചേര്‍ക്കുവാന്‍ യേശുവിനു കഴിഞ്ഞിരുന്നില്ല. അവസാന അത്താഴത്തില്‍പോലും ‘ആരാണു വലിയവന്‍’ എന്ന മട്ടിലുള്ള വടംവലിയായിരുന്നു ശിഷ്യന്മാരുടെ ഇടയില്‍. ഇത് യേശുവിന്റെ കയ്യിലുള്ള ഏതെങ്കിലും തെറ്റുകൊണ്ടായിരുന്നില്ല. അവരുടെയുള്ളില്‍ പരിശുദ്ധാത്മാവ് വരാതിരുന്നതിനാലായിരുന്നു അത്. പരിശുദ്ധാത്മാവു വന്നശേഷം മാത്രമേ ശിഷ്യന്മാര്‍ക്ക് ഒന്നായിത്തീരുവാന്‍ കഴിയുമായിരുന്നുള്ളു. എല്ലാ വിശ്വാസികളെ സംബന്ധിച്ചും ഇതുശരിതന്നെ. ഇതിനെയാണ് ‘വലിയ’ പ്രവൃത്തിയായി യേശു പറഞ്ഞത്- ഒരു ശരീരമായി പണിയപ്പെടുന്ന സഭ.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വലിയ ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ നാം വെറും അജ്ഞരാണ്. എന്നാല്‍ ഇന്നു നമുക്കു കമ്പ്യൂട്ടറുകള്‍ ഉള്ളതുകൊണ്ട് അദ്ദേഹത്തേക്കാള്‍ വേഗത്തില്‍ കണക്കുകള്‍ കൂട്ടാന്‍ കഴിയും. അദ്ദേഹത്തിനു തന്റെ കാലഘട്ടത്തില്‍ ഉള്ളതിനേക്കാള്‍ വലിയ സൗകര്യങ്ങള്‍ നമുക്ക് ഇന്നുണ്ട്.അതുപോലെ നാം യേശുവിനേക്കാള്‍ വലിയവരല്ല. എന്നാല്‍ പരിശുദ്ധാത്മാവു നമ്മില്‍ വന്നു വസിക്കുന്നതിനാല്‍ വിശ്വാസികളെ ഒന്നായിച്ചേര്‍ക്കുവാന്‍ യേശുവിന്റെ കാലത്തുണ്ടായിരുന്നതിലും വലിയ സാദ്ധ്യത നമുക്കുണ്ട്. തീര്‍ച്ചയായും യേശു തന്റെ ജീവന്‍ വച്ചതുകൊണ്ടാണ് ഈ ‘വലിയ’ പ്രവൃത്തി ചെയ്‌വാന്‍ തക്കവണ്ണം പരിശുദ്ധാത്മാവിനാല്‍ നാം പ്രാപ്തരായത്.

യോഹന്നാന്‍ 14:15-ല്‍ പുതിയ ഉടമ്പടിയിലെ അനുസരണത്തിനുള്ള ശരിയായമനോഭാവമെന്തെന്നു യേശു നമ്മോടു പറയുന്നു. പഴയ ഉടമ്പടിയില്‍ അനുസരണത്തിനുള്ള പ്രേരകശക്തി അനുസരിക്കാതിരുന്നാലുള്ള ശിക്ഷയെക്കുറിച്ചുള്ള ഭയവും അനുസരിച്ചാല്‍ ലഭിക്കുന്ന പ്രതിഫലത്തോടുള്ള ആസക്തിയുമായിരുന്നു. (ആവ. 28 കാണുക. ‘നിങ്ങള്‍ ദൈവത്തെ അനുസരിക്കാഞ്ഞാല്‍ നിങ്ങള്‍ ശാപഗ്രസ്തരാകും’). അങ്ങനെയാണു നാം നമ്മുടെ മക്കളെ അനുസരിപ്പിക്കുന്നത്- ഡാഡിയെ അനുസരിച്ചാല്‍ നിനക്കു ചോക്ലേറ്റ് ലഭിക്കും,അനുസരിച്ചില്ലെങ്കില്‍ വടി നിന്റെ നേരേ വരും. എന്നാല്‍ നമ്മുടെ പ്രായപൂര്‍ത്തിയായ മക്കളെ ചോക്ലേറ്റുകൊണ്ടും വടികൊണ്ടും അനുസരിപ്പിക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. അവരുടെ അനുസരണം നമ്മോടുള്ള സ്‌നേഹത്തില്‍ നിന്നാകണമെന്നു നാം ആഗ്രഹിക്കുന്നു. പുതിയ ഉടമ്പടിയില്‍ കര്‍ത്താവും നമ്മെ ശിശുക്കളെപ്പോലെയല്ല മുതിര്‍ന്നവരെപ്പോലെയാണു കാണുന്നത്. അതുകൊണ്ടാണു കര്‍ത്താവ് ഇങ്ങനെ പറഞ്ഞത്. ‘നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു എങ്കില്‍ എന്റെ കല്പനകള്‍ പ്രമാണിക്കും’ (14:15). നാം കര്‍ത്താവിനെ സ്‌നേഹിക്കുന്നില്ല എങ്കില്‍ നമ്മുടെ പ്രവൃത്തികളൊക്കെ നിര്‍ജ്ജീവ പ്രവൃത്തികളായി മാറും.


പരിശുദ്ധാത്മാവിന്റെ ആഗമനം


യോഹന്നാന്‍ 14 മുതല്‍ 16 വരെയുള്ള അദ്ധ്യായങ്ങളില്‍ യേശു തന്റെ ശുശ്രൂഷയെക്കുറിച്ചും പിന്നീടു വരുവാനുള്ള പരിശുദ്ധാത്മാവിനെക്കുറിച്ചും സംസാരിക്കുന്നു. 14:16-ല്‍ പരിശുദ്ധാത്മാവിനെ ‘സഹായി’ എന്നും ‘സ്‌നേഹിതന്‍’ (മെസ്സേജ് ഭാഷാന്തരം) എന്നും വിളിച്ചിരിക്കുന്നു. ഇതു തന്നെയാണു നമ്മുടെയും ഏറ്റവും വലിയ ആവശ്യം-ഒരു സഹായിയെ, സ്‌നേഹിതനെ. യേശു പറഞ്ഞത് സഹായി വന്നശേഷം നാം പിന്നെ അനാഥരായി നടക്കേണ്ടതില്ല(14:18) എന്നാണ്.

യോഹന്നാന്‍ 15:26,27-ല്‍ യേശു പറഞ്ഞത് നാം അവിടുത്തെക്കുറിച്ച് സാക്ഷ്യം പറയുമ്പോള്‍ പരിശുദ്ധാത്മാവും നമുക്ക് സഹായം നല്‍കും എന്നാണ്. അതിനര്‍ത്ഥം നാം വചനം സംസാരിക്കുവാന്‍ എഴുന്നേല്‍ക്കുമ്പോള്‍ പരിശുദ്ധാത്മാവ് ആളുകളുടെ ഹൃദയങ്ങളെ ഉണര്‍ത്തും- ‘ശ്രദ്ധിക്കുക, അതു ദൈവത്തിന്റെ വചനമാകുന്നു’ എന്നു പറഞ്ഞുകൊണ്ട്. അതു നമ്മുടെ ശുശ്രൂഷയില്‍ എത്ര വലിയ വ്യതിയാനമാണു വരുത്തുക..! നാം സംസാരിക്കുമ്പോള്‍ പരിശുദ്ധാത്മാവാണ് ആളുകളില്‍ അവരുടെ പാപങ്ങളെക്കുറിച്ചു ബോധം വരുത്തുന്നത് (16:8). മാത്രമല്ല, 16:13-ല്‍ യേശു പറഞ്ഞത് പരിശുദ്ധാത്മാവു നമ്മെ സകലസത്യത്തിലേക്കും നടത്തും എന്നാണ്. അതിനര്‍ത്ഥം ഒന്നാമതായി, ദൈവത്തിന്റെ സത്യത്തിലേക്കും (തിരുവെഴുത്തുകളില്‍ യേശുവിനെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുന്ന സത്യത്തിലേക്കും). രണ്ടാമതായി നമ്മെക്കുറിച്ചുള്ള സത്യത്തിലേക്കും- നമ്മുടെ പാപം, നമ്മുടെ സ്വയനീതി, നമ്മുടെ സ്വാര്‍ത്ഥത, നിഗളം, ക്രിസ്തുതുല്യമല്ലാത്ത മറ്റ് മേഖലകള്‍ എന്നിവ.

16:33-ല്‍ യേശുപറഞ്ഞു: ‘ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്. എങ്കിലും ധൈര്യപ്പെടുവിന്‍, ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു.’ തന്റെ ശിഷ്യന്മാര്‍ക്ക് അന്നത്തെ ലോകത്തില്‍ നിന്നു കഷ്ടവും പീഡനവും ഉപദ്രവവും നേരിടേണ്ടി വരുമെന്ന് യേശു മുന്നറിയിപ്പു നല്‍കുന്നു. യേശു ഒരിക്കലും ധനസുഖസമൃദ്ധിയല്ല വാഗ്ദാനം ചെയ്യുന്നത്. എങ്കിലും താന്‍ ലോകത്തെ ജയിച്ചതുകൊണ്ടു നാം ഭയപ്പെടേണ്ട എന്ന് യേശുപറഞ്ഞു. യേശു ജയിച്ച ലോകം എന്തായിരുന്നു? 1 യോഹന്നാന്‍ 2:16-ല്‍ ലോകത്തെ ജഡമോഹം, കണ്‍മോഹം, ജീവിതത്തിന്റെ പ്രതാപം എന്നും വിശദീകരിച്ചിരിക്കുന്നു. ഇവയെ ആണ് യേശു ജയിച്ചത്. കാരണം അവിടുന്നു നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെട്ടു എങ്കിലും പാപം ചെയ്തില്ല (എബ്രാ.4:15). അതുകൊണ്ട് ഇന്നു നമുക്ക് അവിടുത്തെ കാല്‍ച്ചുവടുകളില്‍ നടന്ന് അവിടുന്നു ജയിച്ചതുപോലെ ജയിക്കാം (വെളി.3:21).

യോഹന്നാന്‍ 17-ാം അദ്ധ്യായത്തില്‍ പുതിയനിയമത്തിലെ ഏറ്റവും നീളമേറിയ പ്രാര്‍ത്ഥന നാം കാണുന്നു. അതില്‍ നാം യേശുവിന്റെ ഹൃദയത്തിന്റെ ഭാരം ദര്‍ശിക്കുന്നു. രണ്ടാം വാക്യത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ‘പിതാവേ, നീ അവനു നല്‍കിയിട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന് അധികാരം നല്‍കിയിരിക്കുന്നു.’ നേതൃത്വത്തില്‍ ഇരിക്കുന്ന എല്ലാവര്‍ക്കും ചിന്തിക്കാനാവശ്യമായ ഒരു വചനമാണിത്. എന്തിനാണു കര്‍ത്താവു നമുക്ക് മറ്റ് വിശ്വാസികളുടെമേല്‍ അധികാരം തരുന്നത്? അവരെ ഭരിക്കേണ്ടതിനോ നമ്മെ അവര്‍ ശുശ്രൂഷിക്കേണ്ടതിനോ അല്ല അവര്‍ക്കു നിത്യജീവനെ കൊടുക്കേണ്ടതിനാണ് – ദൈവത്തിന്റെ ജീവനെത്തന്നെ. ദൈവത്തിന്റെ സ്വഭാവത്തില്‍ അവരും പങ്കാളികളാകേണ്ടതിന്. തുടര്‍ന്ന് മൂന്നാം വാക്യത്തില്‍ യേശു പറയുന്നു ‘ആ നിത്യജീവന്റെ പങ്കാളിത്തം ദൈവത്തേയും യേശുക്രിസ്തുവിനെയും വ്യക്തിപരമായി അറിയുന്നതിലൂടെ മാത്രമേ സാദ്ധ്യമാകുകയുള്ളു’ എന്ന്. ഒന്‍പതാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു: ‘ഞാന്‍ ലോകത്തിനു വേണ്ടിയല്ല അപേക്ഷിക്കുന്നത,് നീ എനിക്കു തന്നിട്ടുള്ളവര്‍ക്കു വേണ്ടിയാണ്.’ അതിനര്‍ത്ഥം നമ്മുടെ പ്രാര്‍ത്ഥനയ്ക്കുള്ള കടപ്പാട് പ്രധാനമായും ദൈവമക്കള്‍ക്കുവേണ്ടിയാണ്, ലോകത്തിനു വേണ്ടിയല്ല. ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണു വലിയ ആത്മീയതയെന്ന് അനേകരും കരുതുന്നു. എന്നാല്‍ യേശു അങ്ങനെ കരുതിയിരുന്നില്ല. യേശു ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു കാരണം അവരിലൂടെ ലോകത്തെ അനുഗ്രഹിക്കാന്‍ അവിടുന്നാഗ്രഹിച്ചതുകൊണ്ടാണ്.


യേശുവിനെ സ്‌നേഹിച്ചപോലെ ദൈവം നമ്മെ സ്‌നേഹിക്കുന്നു


17:10-ല്‍ മനോഹരമായ ഒരു കൈമാറ്റം നമുക്കു കാണാം. അതു നമുക്കും സാദ്ധ്യമാണ്. യേശുവിന് ഇത്ര വലിയ അധികാരം ഉണ്ടായിരുന്നതിന്റെ രഹസ്യവും നാം ഇവിടെ കണ്ടെത്തുന്നു. യേശു പറഞ്ഞു: ‘എന്റേതെല്ലാം അങ്ങയുടേതാണ്.’ പിതാവും ഉടനെ ഇങ്ങനെ പറഞ്ഞു കാണും: ‘അങ്ങനെയെങ്കില്‍ എന്റേതെല്ലാം നിന്റേതുമാണ്.’ നമ്മുടേതെല്ലാം ദൈവത്തിനു കൊടുക്കുന്നുവെങ്കില്‍ അവിടുത്തേതെല്ലാം നമുക്കുമുള്ളതാണ്.

17:23-ല്‍ ബൈബിളിലെ ഏറ്റവും മനോഹരമായ വാക്യം നമുക്കു കണ്ടെത്താം. ‘ദൈവം യേശുവിനെ സ്‌നേഹിച്ചതുപോലെ നമ്മെയും സ്‌നേഹിക്കുന്നു.’ ഇതാണു ബൈബിളിലെ ഏറ്റവും വലിയ സത്യം. ഒരു യുവാവായിരിക്കുമ്പോള്‍ ഈ സത്യം കണ്ടെത്തിയത് എന്റെ ജീവിതത്തില്‍ വലിയ വ്യതിയാനം ഉണ്ടാക്കി. അത് എന്റെ അരക്ഷിതബോധത്തില്‍നിന്നും എന്നെ വിടുവിച്ചു. അതുപോലെ ആദാമ്യപൈതൃകത്തില്‍നിന്നും ലഭിച്ച അപകര്‍ഷതാബോധം, അസൂയ, മത്സരം, ഭയങ്ങള്‍, വിഷാദം, ഭീരുത്വം മുതലായ നിന്ദ്യമായ എല്ലാ കാര്യങ്ങളും നീങ്ങിപ്പോയി. യേശുവിനെ എത്ര സ്‌നേഹത്തോടെ കരുതിയോ അത്രയും സ്‌നേഹത്തോടെ ദൈവം എന്നേയും കരുതുന്നു. ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നു പറയുന്ന പല വാക്യങ്ങളും ബൈബിളിലുണ്ട്. എന്നാല്‍ എത്രമാത്രം സ്‌നേഹിക്കുന്നു എന്നു വ്യക്തമാക്കുന്നത് ഈ വാക്യത്തില്‍ മാത്രമാണ്.

യോഹന്നാന്‍ 18:11-ല്‍ നിന്നു തന്നെ കാണിച്ചുകൊടുക്കുന്നതിനെയും താന്‍ പിടിക്കപ്പെടുന്നതിനെയും യേശു എങ്ങനെ കാണുന്നു എന്ന് നമുക്കു ഗ്രഹിക്കാം. അതു യൂദാസിന്റെ ഒരു പ്രവൃത്തിയായിട്ടാണ് പത്രൊസ് കാണുന്നത്. അതുകൊണ്ട് പത്രൊസ് വാളെടുത്ത് ആക്രമിക്കുന്നു. എന്നാല്‍ യേശു അതിനെ പിതാവ് അയച്ച ഒരു പാനപാത്രമായിട്ടാണ് കാണുന്നത്. നിങ്ങള്‍ ദൈവത്തെ സ്‌നേഹിക്കുന്നു എങ്കില്‍ നിങ്ങളെ വെറുക്കുന്നവര്‍ നിങ്ങള്‍ക്കെതിരെ ചെയ്യുന്ന എത്ര ഹീനമായ പ്രവൃത്തിയെയും പിതാവിങ്കല്‍ നിന്നുള്ള ഒരു പാനപാത്രമായിക്കാണുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്നത് അത്ഭുതകരമാണ്. കാരണം, തന്റെ മക്കള്‍ക്കു സംഭവിക്കുന്ന ഏതു കാര്യത്തെയും നിയന്ത്രിക്കുവാന്‍ ദൈവം ശക്തനാണ് (റോമ.8:28).
18:36-ല്‍ യേശു പീലാത്തോസിനോട് പറയുന്നു: ‘എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നു എങ്കില്‍ എന്റെ ചേവകര്‍ പോരാടുമായിരുന്നു.’ ഈ ഭൂമിയില്‍ എന്തെങ്കിലും കാര്യത്തിനുവേണ്ടി ഒരു വ്യക്തി പോരാടുന്നു എങ്കില്‍, അതു സഭയിലെ ഒരു സ്ഥാനത്തിനുവേണ്ടി ആയിരുന്നാലും, അതു തെളിയിക്കുന്നത് അവന്റെ രാജ്യം ഐഹികമായതാണെന്നതാണ്. ആത്മീയന്‍ സ്വര്‍ഗ്ഗീയ തലങ്ങളില്‍ സാത്താനോടും അവന്റെ ദൂതന്മാരോടുമാണ് പോരാടുന്നത്, മനുഷ്യരോടല്ല (എഫെ. 6:12). ധനസ്‌നേഹത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ തിമൊഥെയോസിനെ പൗലൊസ് ആഹ്വാനം ചെയ്യുമ്പോള്‍ പൊന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ നല്ല സ്വീകാരം കഴിച്ച യേശുവിനെ ഓര്‍മ്മിപ്പിക്കുന്നു (1 തിമൊ. 6:6 -14).

19:10,11-ല്‍ പീലാത്തോസ് യേശുവിനോട് ‘നിന്നെ ക്രൂശില്‍ തറയ്ക്കുവാനും വിട്ടയയ്ക്കുവാനും എനിക്ക് അധികാരമുണ്ടെന്നു’ പറഞ്ഞു ഭീഷണിപ്പെടുത്തിയപ്പോള്‍ യേശു ഇങ്ങനെ മറുപടി പറഞ്ഞു: ‘സ്വര്‍ഗ്ഗത്തില്‍ നിന്നും എന്റെ പിതാവു നല്‍കിയിട്ടല്ലാതെ എന്റെമേല്‍ നിനക്ക് ഒരധികാരവും ഇല്ല.’ ഈ അന്തസ്സോടെ നമുക്കു ഭൂമിയില്‍ നമ്മെ എതിര്‍ക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരെ നേരിടാന്‍ കഴിയും. കാരണം, യേശുവിനെ സ്‌നേഹിച്ചതുപോലെ പിതാവു നമ്മെയും സ്‌നേഹിക്കുന്നു, കരുതുന്നു. നിങ്ങള്‍ അന്യായമായി കോടതിയിലേക്കു വലിച്ചിഴയ്ക്കപ്പെട്ടാലും നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിന്റെ അനുവാദം കൂടാതെ ഒരു ന്യായാധിപനും നിങ്ങള്‍ക്കെതിരെ ഒരു വാക്കുപോലും എഴുതാന്‍ കഴിയില്ല. പിതാവ് എന്ത് അനുവദിക്കുന്നോ അതുമാത്രമേ സംഭവിക്കൂ. അതുകൊണ്ടു നമുക്കു നല്ല സ്വസ്ഥതയോടെ, അന്തസ്സോടെ, എവിടെയും പെരുമാറുവാന്‍ കഴിയും.

19:30-ല്‍ ‘നിവൃത്തിയായി’ എന്ന് യേശു ഉറക്കെ നിലവിളിക്കുന്നു. നമ്മുടെ രക്ഷയ്ക്കാവശ്യമായ എല്ലാ പ്രവൃത്തിയും അതോടെ പൂര്‍ത്തിയായിരുന്നു. മൂന്നു മണിക്കൂര്‍ സമയം യേശു ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടവനായി കുരിശില്‍ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ശിക്ഷ അനുഭവിച്ചതിനാല്‍ ദൈവക്രോധം നീങ്ങിപ്പോയിരുന്നു. യേശു അന്നുതന്നെ മൂന്നുദിവസത്തേക്കു പറുദീസയിലേക്കുപോയി. കുരിശില്‍ മരിച്ചശേഷം യേശു മൂന്നുദിവസം നരകത്തിലേക്കാണു പോയതെന്നു തെറ്റായി പഠിപ്പിക്കുന്ന ചില ഉപദേഷ്ടാക്കന്മാര്‍ ഇക്കാലത്തുണ്ട്. ഇതു ദുരുപദേശമാണ്. അവര്‍ പാതാളത്തെയും നരകത്തെയും ഒന്നായിക്കാണുന്നു. കിംഗ് ജെയിംസ് ബൈബിളില്‍ പ്രവൃത്തി 2:31 ല്‍ കൊടുത്തിരിക്കുന്ന തെറ്റായ തര്‍ജ്ജമയാണ് അതിന്റെ കാരണം. പാതാളത്തിനു രണ്ടു തലങ്ങളുണ്ട്-പറുദീസയും നരകവും(ലൂക്കൊ.16:22,23). അനുതപിച്ച കള്ളനൊപ്പം യേശു പറുദീസയിലേക്കാണു പോയത്.

19:31-ല്‍ യേശുവിന്റെ മരണത്തിന്റെ പിറ്റേന്ന് ഒരു പ്രത്യേക ശബ്ബത്ത് ദിവസം ആയിരുന്നു എന്നു നാം വായിക്കുന്നു. അതു സാധാരണ ശബ്ബത്തായിരുന്നില്ല. യേശു പെസഹാദിനത്തിലാണ് ക്രൂശിക്കപ്പെട്ടത്. പെസഹായ്ക്കുശേഷം വരുന്നദിവസം ഒരു പ്രത്യേക ശബ്ബത്ത് ആയിരിക്കും. അതു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന്റെ ഒന്നാം ദിവസമാണ് (ലേവ്യ. 23:5 -7). ക്രമമനുസരിച്ചുള്ള ശബ്ബത്ത് (ശനിയാഴ്ച) അതു കഴിഞ്ഞാണു വരുന്നത്. അങ്ങനെ ഒരാഴ്ചയില്‍ തന്നെ രണ്ടു ശബ്ബത്തുകള്‍ ഉണ്ടാകുന്നു.അതുകൊണ്ട് യേശു ക്രൂശിക്കപ്പെട്ടത് ഒരു വ്യാഴാഴ്ച ദിവസമാണ്. അധികം ക്രിസ്ത്യാനികളും ധരിച്ചിരിക്കുന്നതുപോലെ വെള്ളിയാഴ്ചയല്ല. അങ്ങനെയാണ് യേശു മൂന്നുനാള്‍ ഭൂമിയുടെ ഉള്ളിലിരുന്നത് (വ്യാഴം, വെള്ളി, ശനി). ഭൂമിയുടെ ഉള്ളിലായിരുന്നു അന്ന് പറുദീസ (മത്താ. 12:40).

യോഹന്നാന്റെ സുവിശേഷം 20-ാം അധ്യായത്തിന്റെ 11-ാം വാക്യം ശ്രദ്ധിക്കുക. യേശുവിന്റെ കല്ലറയ്ക്കു പുറത്തു മഗ്ദലനമറിയം കാത്തിരിക്കുന്നതു നാം കാണുന്നു. പുനരുത്ഥാനം ചെയ്ത യേശുവിനെ, പുതിയ സൃഷ്ടിയുടെ ആരംഭത്തെ, കാണുവാനുള്ള ഭാഗ്യം ആദ്യം ലഭിച്ചത് അവള്‍ക്കാണ്. മഗ്ദലനമറിയം ഭൂതം ബാധിച്ച ഒരു പാപിനിയായിരുന്നു. ഇതിന്നായി അവള്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ അര്‍ത്ഥം ക്രിസ്തുയേശു പാപികളെ രക്ഷിക്കാന്‍ ലോകത്തില്‍ വന്നു എന്നതാണ്. പുരുഷന്മാര്‍ മാത്രം മാനിക്കപ്പെടുന്ന ഒരു ലോകത്തില്‍ ദൈവം ബഹുമാന്യയാക്കാനായി ഒരു സ്ത്രീയെ തിരഞ്ഞെടുത്തിരിക്കുന്നു. ദൈവനാമത്തിനു മഹത്വം!

പുനരുത്ഥാനം ചെയ്ത യേശുവിനെ അവിടുത്തെ ശരീരത്തില്‍ ഒന്നു കാണുവാന്‍ നമ്മില്‍ പലരും ആഗ്രഹിക്കുന്നു. ”നീ കണ്ടതുകൊണ്ടു വിശ്വസിച്ചു. കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര്‍” (20:29). ഇത് എന്തുകൊണ്ടാണ് അങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. ഞാന്‍ യേശുവിന്റെ വാക്കുകളെ വിശ്വസിക്കുന്നു. ഞാന്‍ തോമസിനെയും അപ്പൊസ്തലന്മാരെയുംകാള്‍ ഭാഗ്യവനായിത്തീര്‍ന്നിരിക്കുന്നു. കാരണം യേശുവിനെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും കാണാതെ വിശ്വസിക്കുവാന്‍ എനിക്കു കഴിഞ്ഞല്ലോ.

യോഹന്നാന്‍ 21:3 ”ഞാന്‍ മീന്‍പിടിക്കാന്‍ പോകുന്നു” എന്നു പറയുന്ന പത്രൊസിനെ നാം കാണുന്നു. അപ്പൊസ്തലന്‍ എന്ന നിലയില്‍ പരാജയമായ താന്‍ സ്ഥിരമായി പഴയ തൊഴിലിലേക്കു മടങ്ങിപ്പോകുവാന്‍ തീരുമാനിച്ചു. മറ്റു ചില അപ്പൊസ്തലന്മാരും തന്നോടൊപ്പം കൂടി. എന്നാല്‍ നിങ്ങള്‍ ഒരു അപ്പൊസ്തലന്‍ ആകുന്നതാണു ദൈവികപദ്ധതി എങ്കില്‍ മറ്റേതു തൊഴിലിലും നിങ്ങള്‍ ഒരു പരാജയമായിത്തീരും. 11 മണിക്കൂര്‍ മീന്‍ പിടിക്കാന്‍ അവര്‍ ശ്രമിച്ചു. വൈകിട്ട് 6 മുതല്‍ വെളുപ്പിന് 5 വരെ. ഒന്നും പിടിച്ചില്ല. തുടര്‍ന്ന് യേശു അവരുടെ പടകുകളില്‍ അത്ഭുതകരമായി മീന്‍ നിറയ്ക്കുന്നു. ഇതാണ് യോഹന്നാന്റെ സുവിശേഷത്തില്‍ നാം കാണുന്ന അവസാനത്തെ അടയാളം. എന്താണിതിന്റെ പ്രാധാന്യം? കര്‍ത്താവു വന്നു നമ്മില്‍ ഒരു പ്രവൃത്തി ചെയ്യുംമുമ്പെ നാം ശൂന്യതയുടെ തലത്തില്‍ എത്തേണ്ടതുണ്ട്-നമ്മുടെ കഴിവിലും പരിചയത്തിലും എല്ലാറ്റിലും. അവിടെ എത്തുമ്പോള്‍ കര്‍ത്താവു നമ്മെ നിറയ്ക്കും ജയത്തിലേക്ക്- പാപത്തിന്മേലുള്ള ജയത്തിലേക്കു തന്നെ നടത്തും. അതിനു മുമ്പ് നാം പലവട്ടം പരാജയപ്പെടേണ്ടതുണ്ട്. യേശുവിനെകൂടാതെ എനിക്കൊന്നും കഴികയില്ല (യോഹ. 15:5) എന്ന ബോദ്ധ്യത്തിലെത്താന്‍. ഈ സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്ന എല്ലാ അടയാളങ്ങളിലൂടെയും തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുവാനായി യേശു ആഗ്രഹിച്ച സുപ്രധാന പാഠം ഇതുതന്നെയായിരുന്നു. നാം ശൂന്യതയിലെത്തും മുമ്പേയാണു കര്‍ത്താവു നമുക്കും ജയം നല്‍കിയതെന്നു കരുതുക. അങ്ങനെയെങ്കില്‍ നാം നമ്മുടെ ജയത്തില്‍ അഹങ്കരിക്കുകയും നമ്മുടെ കഴിവുകൊണ്ടാണു നാം ജയം നേടിയതെന്ന നിലയില്‍ പരാജിതരെ അവഗണനയോടെ കാണുകയും ചെയ്യും. നൂറടി താഴ്ചയുള്ള ‘കോപം’ എന്ന കുഴിയില്‍ നിന്നു കര്‍ത്താവു വലിച്ചു കയറ്റിയത് ആയിരം അടി താഴ്ചയുള്ള ‘ആത്മീയനിഗളം’ എന്ന മറ്റൊരു കുഴിയില്‍ നിപതിക്കാനാണെങ്കില്‍ എന്തു പ്രയോജനമാണുള്ളത്? അതു ജയമല്ല. നാം നിഗളിക്കയോ പരാജിതരെ തുച്ഛികരിക്കയോ ചെയ്യാതെവണ്ണമുള്ള ജയം നല്‍കുവാനാണ് കര്‍ത്താവു നമ്മെക്കുറിച്ചാഗ്രഹിക്കുന്നത്. അതിനുവേണ്ടി കര്‍ത്താവു നമ്മെ നൂറോ ആയിരമോ തവണ വീഴാന്‍ അനുവദിക്കയും അതിലൂടെ നമ്മെ ജയജീവിതത്തിലേക്കു നയിച്ച് നമ്മുടെ പടകില്‍ മത്സ്യം നിറയ്ക്കുകയും ചെയ്യും.

21:15-17-ല്‍ കര്‍ത്താവു പത്രൊസിനെ തന്റെ ശുശ്രൂഷയ്ക്കായി പുനര്‍നിയമിക്കുന്നതു നമുക്കു കാണാം. 153 വലിയ മീനുകളെ പിടിച്ചതില്‍ പത്രൊസ് ആശ്ചര്യപ്പെട്ടിരിക്കയായിരുന്നു (വാക്യം 11). ഒരു പക്ഷേ ഇത്രയധികം മീന്‍ വിറ്റാല്‍ കിട്ടുന്നത് എത്ര പണമായിരിക്കുമെന്നു കണക്കുകൂട്ടുകയായിരുന്നിരിക്കാം. ഇങ്ങനെ എല്ലാദിവസവും കര്‍ത്താവു തന്നെ അനുഗ്രഹിച്ചാല്‍ താന്‍ ഗലീലയിലെ ഏറ്റവും ധനികനായ മുക്കുവനായിത്തീരും-തീര്‍ച്ചയായും തന്റെ ദശാംശം താന്‍ കര്‍ത്താവിന്റെ വേലയ്ക്കു നല്‍കുകയും ചെയ്യും. ഈ ‘സമൃദ്ധിയുടെ സുവിശേഷ’ത്തിന്റെ അനുഗ്രഹങ്ങളില്‍ ആശ്ചര്യം കൂറി ഇരിക്കുമ്പോള്‍ കര്‍ത്താവിന്റെ ചോദ്യം തന്നെ ഉണര്‍ത്തി-”ഇവയില്‍ അധികമായി നീ എന്നെ സ്‌നേഹിക്കുന്നുവോ?” ആ ചോദ്യം ഒരു വാളുപോലെ അവന്റെ ഹൃദയത്തില്‍ തുളച്ചിറങ്ങി. ”സ്‌നേഹിക്കുന്നു” എന്നു പ്രതികരണം. എന്നാല്‍ ഈ വാക്കുകള്‍ തമ്മിലൊരു വ്യത്യാസമുണ്ടായിരുന്നു. യേശു ഉപയോഗിച്ച പദം ”അഗപ്പെ” (മനുഷ്യനു ദൈവത്തോടുള്ള പരമമായ സ്‌നേഹം) ആയിരുന്നു. പത്രൊസ് തിരികെ നല്‍കിയതു ”ഫിലിയോ” (സ്‌നേഹിതനോടുള്ള സാധാരണ സ്‌നേഹം) ആയിരുന്നു. കര്‍ത്താവു ചോദ്യം രണ്ടാമതു വീണ്ടും ആവര്‍ത്തിച്ചു. വീണ്ടും അതേ ഭാഷയില്‍ ഉത്തരം. മൂന്നാം പ്രാവശ്യം കര്‍ത്താവു പത്രൊസിന്റെ തലത്തിലേക്കു ഇറങ്ങിവന്ന്, നിനക്ക് എന്നോട് ”ഫിലോയോ” സ്‌നേഹമെങ്കിലും ഉണ്ടോ എന്നു ചോദിക്കുന്നു. ചില ദിവസങ്ങള്‍ക്കുമുമ്പായിരുന്ന തരത്തില്‍ ആത്മപ്രശംസക്കാരനും നിഗളിയുമായ വ്യക്തിയായിരുന്നില്ല അപ്പോള്‍ പത്രൊസ്. ഒന്നും നിശ്ചയമില്ലാത്ത നിലയില്‍ പത്രൊസ് തകര്‍ന്നിരുന്നു: ”എനിക്കു നിന്നോട് ‘ഫിലിയോ’ സ്‌നേഹമെങ്കിലും ഉണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. എന്റെ ഹൃദയത്തെ നീ മാത്രം അറിയുന്നു. നീ എല്ലാമറിയുന്നു. ഞാന്‍ വിചാരിക്കുന്നത് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നാണ് എന്നാല്‍ യാഥാര്‍ത്ഥ്യം നീ മാത്രം അറിയുന്നു.” പത്രൊസിനു സ്വന്തം സ്‌നേഹത്തെക്കുറിച്ചു ഉറപ്പില്ല. പക്ഷേ അവന്‍ സത്യസന്ധനാണ്. കര്‍ത്താവ് അവിടെ വച്ച് തന്നെ അവന് അജപാലന ദൗത്യം ഭരമേല്പിച്ചു കൊടുക്കുന്നു.

പുതിയ ഉടമ്പടി ശുശ്രൂഷ കര്‍ത്താവിനോടുള്ള സ്‌നേഹത്തിലധിഷ്ഠിതമായിരിക്കുന്നു. തന്നെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുന്നവരെയാണ് കര്‍ത്താവു ശുശ്രൂഷിക്കുവാന്‍ ആഗ്രഹിക്കുന്നത്. ഇന്നും കര്‍ത്താവു നമ്മോടു ചോദിക്കുന്ന ചോദ്യം ഇതുതന്നെ.

21:18-23-ല്‍ കര്‍ത്താവു പത്രൊസിനോട് അവന്‍ വൃദ്ധനാകുമ്പോള്‍ തന്റെ വിശ്വാസത്തിനു വേണ്ടി കഷ്ടം സഹിക്കയും മരിക്കയും ചെയ്യും എന്നു പറയുന്നു. അതുകേട്ടമാത്രയില്‍ പത്രൊസ് യോഹന്നാനെ നോക്കി ”കര്‍ത്താവേ ഇവന് എന്തു ഭവിക്കും? ഇവനും എന്നെപ്പോലെ കഷ്ടമനുഭവിക്കുമോ അതോ സുഖകരമായ ജീവിതമായിരിക്കുമോ ഇവന്റേത്?.” യേശു ഉത്തരം പറഞ്ഞത് ”അതു ചിന്തിക്കേണ്ടത് നിന്റെ കാര്യമല്ല. എന്നെ അനുഗമിക്കുവാന്‍ ഞാന്‍ നിന്നെ വിളിച്ചിരിക്കുന്നു. നീ നിന്റെ വിളിയില്‍ മാത്രം ശ്രദ്ധവയ്ക്കുക.” ആ പ്രബോധനം നാമും ശ്രദ്ധിക്കേണ്ടതല്ലേ? നിങ്ങളുടെ ശുശ്രൂഷയില്‍ നിങ്ങള്‍ പ്രയാസങ്ങളനുഭവിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളെ മറ്റുശുശ്രൂഷകരോടു താരതമ്യപ്പെടുത്തുന്നുവോ? എങ്കില്‍ കര്‍ത്താവു പറയുന്നു: ”സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുക. എന്നെ അനുഗമിക്കുക.” നമുക്ക് ആകെ ചെയ്യാനുള്ളതു കര്‍ത്താവിനെ അനുഗമിച്ചു നമ്മുടെ ഓട്ടം തികയ്ക്കുക, സന്തോഷത്തോടെ, എന്നതാണ്. നാമെല്ലാം അങ്ങനെതന്നെ ആയിരിക്കട്ടെ. ആമേന്‍.