അന്തിമ വിജയം


സാക് പുന്നന്‍

വെളിപ്പാടു പുസ്തകത്തിന്റെ വാക്യപ്രതിവാക്യ പഠനം

അദ്ധ്യായം 1

ഏഴ് ആമുഖ പരാമര്‍ശങ്ങള്‍

വാക്യം1-3: യേശുക്രിസ്തുവിന്റെ വെളിപ്പാട്:- വേഗത്തില്‍ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിനു ദൈവം അത് അവനു കൊടുത്തു. അവന്‍ അതു തന്റെ ദൂതന്‍ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാനു പ്രദര്‍ശിപ്പിച്ചു. അവന്‍ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താന്‍ കണ്ടതൊക്കെയും സാക്ഷീകരിച്ചു. ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്‍: സമയം അടുത്തിരിക്കുന്നു.

ആമുഖമായി രേഖപ്പെടുത്തിയിരിക്കുന്ന ഈ ആദ്യത്തെ മൂന്നു വാക്യങ്ങളില്‍ വെളിപ്പാടു പുസ്തകത്തിനു മൊത്തത്തില്‍ ബാധകമായ ഏഴു പ്രത്യേക പ്രയോഗങ്ങള്‍ നമ്മള്‍ കാണുന്നു.

ആദ്യമായി ഈ പുസ്തകത്തെ ‘വെളിപ്പാട്’ എന്നാണു വിളിക്കുന്നത്. ‘മറനീക്കി കാണിക്കുക’ എന്ന അര്‍ത്ഥത്തിലുള്ള ഗ്രീക്കുവാക്കാണു വെളിപ്പാട് എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്നത്. തന്റെ സത്യങ്ങളെ നമ്മെ മറനീക്കി കാണിക്കുവാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. ദൈവം തന്റെ വചനത്തിലൂടെ നമ്മോടു പറയുവാന്‍ ശ്രമിക്കുന്നത് എന്തെന്ന് മനസ്സിലാക്കണമെങ്കില്‍ പരിജ്ഞാനത്തിന്റെ ആത്മാവും വെളിപ്പാടുമാണു നമുക്കാവശ്യം. മാനുഷികബുദ്ധിക്കും സാമര്‍ത്ഥ്യത്തിനും അത് ഒരിക്കലും ഗ്രഹിക്കുവാന്‍ സാദ്ധ്യമല്ല.

രണ്ടാമതായി ഈ വെളിപ്പാടു നല്‍കപ്പെട്ടതു ‘തന്റെ (ക്രിസ്തുവിന്റെ) ദാസന്മാരെ കാണിക്കേണ്ടതിനു’ വേണ്ടിയാണെന്നു നാം വായിക്കുന്നു. ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ല. മറിച്ച് കര്‍ത്താവിന്റെ ആജന്മദാസന്മാരെ ഉദ്ദേശിച്ചുള്ളതാണ്.

കൂലി വാങ്ങുന്ന ഒരു വേലക്കാരനും ദാസനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വേലക്കാരന്‍ കൂലിക്കുവേണ്ടിയാണ് ജോലിചെയ്യുന്നത്. ഇതേസമയം ദാസന്‍ യജമാനന്റെ അടിമയാണ്. സ്വന്തമായ അവകാശങ്ങളൊന്നുമില്ലാത്ത അവന്‍ യജമാന്റെ തനതു വകയാണ്.

അപ്പോള്‍ കര്‍ത്താവിന്റെ ദാസന്മാര്‍ ആരാണ്? തങ്ങളുടെ പദ്ധതികളും ഭാവിപരിപാടികളും സന്തോഷത്തോടെ ഉപേക്ഷിച്ചവര്‍. തങ്ങളുടെ അവകാശങ്ങള്‍ വിട്ടുകളഞ്ഞവര്‍. ജീവിതത്തിന്റെ സമസ്തമേഖലകളിലും ദൈവഹിതം മാത്രം നിറവേറണമെന്ന് ആഗ്രഹിക്കുന്നവര്‍. ഇങ്ങനെയുള്ള വിശ്വാസികള്‍ മാത്രമാണു ദൈവത്തിന്റെ യഥാര്‍ത്ഥ ദാസന്മാര്‍.

കര്‍ത്താവിന് അനേക വേലക്കാരുണ്ട്. പക്ഷേ അവിടുത്തെ ആജന്മദാസന്മാരായിരിപ്പാന്‍ മനസ്സുള്ളവര്‍ നന്നേ ചുരുക്കം. ദാസന്മാര്‍ക്കു മാത്രമേ ദൈവവചനം ശരിയായി ഗ്രഹിക്കാന്‍ കഴിയുകയുള്ളു. മറ്റുള്ളവര്‍ക്ക് ഒരു പാഠപുസ്തകമെന്നപോലെ അതു പഠിക്കുവാന്‍ കഴിഞ്ഞെന്നിരിക്കും. പക്ഷേ അതില്‍ മറഞ്ഞിരിക്കുന്ന ആത്മികയാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ക്കൊരിക്കലും മനസ്സിലാക്കാന്‍ സാധ്യമല്ല. ദൈവ ഇഷ്ടത്തിന്റെ അനുസരണത്തിലൂടെ മാത്രമേ ഒരുവനു സത്യം അറിയുവാന്‍ കഴിയുകയുള്ളൂവെന്ന് യേശു യോഹന്നാന്‍ 7:17 ല്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

മൂന്നാമതായി ഈ പുസ്തകം യോഹന്നാന് ‘അടയാളമായി’ പ്രദര്‍ശിപ്പിച്ചു. എന്നു നാം കാണുന്നു (1:1 KJV). ഇതിന്റെ അര്‍ത്ഥം സന്ദേശം പ്രതീകങ്ങളിലൂടെ അറിയിച്ചു എന്നാണ്. ആദ്യത്തെ മൂന്ന് അധ്യായങ്ങളില്‍ തന്നെ നിലവിളക്കുകള്‍, നക്ഷത്രങ്ങള്‍, വെള്ളോട്ടിനു സദൃശമായ കാലുകള്‍, ഇരുവായ്ത്തലയുള്ള വാള്‍, മറഞ്ഞിരിക്കുന്ന മന്ന, വെള്ളക്കല്ല് തുടങ്ങിയവയെക്കുറിച്ചു നാം വായിക്കുന്നു. ഇവയൊന്നും അക്ഷരികമായുള്ളതല്ല; ആത്മികസത്യങ്ങളുടെ പ്രതീകങ്ങളാണ്. ഈ പ്രതീകങ്ങള്‍ എന്തെന്നു മനസ്സിലാക്കുവാന്‍ നാം തിരുവെഴുത്തുകളെ താരതമ്യം ചെയ്തു നോക്കേണ്ടിയിരിക്കുന്നു.

നാലാമതായി ഈ മറനീക്കി കാണിക്കുന്നതിനെ ‘ദൈവത്തിന്റെ വചന’ മെന്നാണ് യോഹന്നാന്‍ വിളിക്കുന്നത് (1:2) ഈ ‘പുസ്തകത്തിലെ വചനങ്ങളോടു’ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കഠിനമായ ശിക്ഷയും വെളിപ്പാട് 22 ന്റെ 18, 19 വാക്യങ്ങളില്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരം ശക്തമായ ഒരു മുന്നറിയിപ്പ് ബൈബിളിലെ മറ്റൊരു പുസ്തകത്തെക്കുറിച്ചും നല്‍കപ്പെട്ടിട്ടില്ല.

ദൈവവചനത്തിന്റെ എല്ലാ ഭാഗങ്ങളും നല്‍കപ്പെട്ടിരിക്കുന്നത് ‘നമ്മുടെ ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യസനത്തിനും’ വേണ്ടിയാണ്. ഇതിന്റെ ഉദ്ദേശ്യം നാം ‘സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവര്‍ ആകുക’ എന്നുള്ളതുമാണ് (2 തിമൊ. 3:16, 17, KJV).

നമ്മെ തികഞ്ഞവര്‍ ആക്കേണ്ടതിനുവേണ്ടിയാണു വെളിപ്പാടു പുസ്തകവും നമുക്കു നല്‍കിയിരിക്കുന്നത്. ജീവിതത്തില്‍ പൂര്‍ണ്ണതയില്‍ താല്‍പര്യമുള്ളവര്‍ക്കുമാത്രമേ ദൈവവചനം ഏതുഭാഗം പഠിച്ചാലും പ്രയോജനമുണ്ടാകുകയുള്ളൂ.

അഞ്ചാമതായി, ഈ വെളിപ്പാട് ‘യേശുക്രിസ്തുവിന്റെ സാക്ഷ്യ’മാണ് (1:2) ‘യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവുതന്നെ’ എന്ന് വെളിപ്പാട് 19:10 ല്‍ പറഞ്ഞിരിക്കുന്നു. യഥാര്‍ത്ഥ പ്രവചനം കേവലം സംഭവങ്ങളിലേക്കല്ല, കര്‍ത്താവിലേക്കു തന്നെയായിരിക്കും വിരല്‍ ചൂണ്ടുക. വരാന്‍ പോകുന്ന സംഭവങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പാധിഷ്ഠിതമായ അറിവ് ഒരുവനെ നിഗളിയാക്കുന്നു. ഇതേസമയം പ്രവചനത്തിന്റെ യഥാര്‍ത്ഥമായ അറിവ് നമ്മെ കര്‍ത്താവിന്റെ മുമ്പില്‍ താഴ്മയുള്ളവരാക്കും. ഭാവികാലസംഭവങ്ങളുടെ തുടര്‍ച്ചയെക്കുറിച്ചുള്ള നമ്മുടെ അറിവ് തെറ്റിപ്പോയാലും കര്‍ത്താവിനെക്കുറിച്ചുള്ള അറിവ് തെറ്റാതെയിരുന്നാല്‍ മതി.

‘വേഗത്തില്‍ സംഭവിപ്പാനുള്ള’താണ് ഈ വെളിപ്പാടു മറനീക്കി കാട്ടുന്നതെങ്കില്‍പോലും അതല്ല ഇതിന്റെ പ്രാഥമികമായ ഉദ്ദേശ്യം. ‘യേശുക്രിസ്തുവിന്റെ സാക്ഷ്യ’ മെന്നാണ് ഇതിനെ വിളിച്ചിരിക്കുന്നത്. ഭാവികാലസംഭവങ്ങളെക്കുറിച്ച് വിശദമായ ഒരറിവ് നല്‍കുവാനല്ല മറിച്ച് ഭാവിസംഭവങ്ങളെ കര്‍ത്താവായ യേശുവാണു നിയന്ത്രിക്കുന്നതെന്നു നമ്മെ കാണിപ്പാനാണ് ഇതു നല്‍കപ്പെട്ടിരിക്കുന്നത് എന്നു സാരം. കര്‍ത്താവിന്റെ വിജയമാണ് പ്രാഥമികമായി വെളിപ്പാടുപുസ്തകത്തില്‍ ഉടനീളം നാം കാണുന്നത്.

അതുകൊണ്ട് ‘നമ്മുടെ ദൃഷ്ടികള്‍ യേശുവില്‍ ഉറപ്പിച്ചശേഷം’ നമുക്ക് ഈ പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കാം.

ആറാമതായി, ‘ഇതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവര്‍ക്ക്’ ഒരനുഗ്രഹം വാഗ്ദാനം ചെയ്തിരിക്കുന്നു (1:3). തിരുവെഴുത്തിലെ ഈ അവസാനപുസ്തകം നമുക്കു നല്‍കിയിരിക്കുന്നത് അനുസരിക്കുവാനാണ്. തിരുവെഴുത്തിന്റെ ഏതുഭാഗവും അനുസരിക്കുന്നത് അനുഗ്രഹകരമാണ്. പക്ഷേ ഇതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവര്‍ക്ക് പ്രത്യേക അനുഗ്രഹം വാഗ്ദാനം ചെയ്തിരിക്കുന്നു. ഇപ്രകാരമുള്ള ഒരേ ഒരു പുസ്തകം വെളിപ്പാടാണ്.

ഇതിലെ പ്രതീകങ്ങളുടെ അര്‍ത്ഥമെല്ലാം മനസ്സിലായില്ലെങ്കിലും വായിക്കുന്നതു നാം അനുസരിക്കുമെങ്കില്‍ അതു ധാരാളം മതി. പ്രതീകങ്ങളുടെ അര്‍ത്ഥമെല്ലാം മനസ്സിലാക്കിയവര്‍ക്കും വരാന്‍ പോകുന്ന സംഭവങ്ങളെല്ലാം അടുക്കായി വിശദീകരിപ്പാന്‍ കഴിയുന്നവര്‍ക്കും ഒരനുഗ്രഹവും വാഗ്ദാനം ചെയ്തിട്ടില്ല. തന്റെ വചനത്തെ ബുദ്ധിപരമായി മനസ്സിലാക്കുന്നതിനെക്കാള്‍ അവയെ അനുസരിക്കുന്നതാണു ദൈവമുമ്പാകെ വിലയേറിയത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ മിക്ക വിശ്വാസികളും ദൈവവചനത്തിന്റെ അറിവിനെയാണ് അതിന്റെ അനുസരണത്തേക്കാള്‍ വിലമതിക്കുന്നത്.

നാം കഴിക്കുന്ന ഭക്ഷണം, അതെങ്ങനെ സംഭവിക്കുന്നു എന്നു നമുക്ക് അറിവില്ലെങ്കില്‍പോലും, നമ്മുടെ ശരീരത്തില്‍ രക്തവും മാംസവും അസ്ഥിയുമായി മാറുന്നു. നമ്മുടെ ദഹനേന്ദ്രിയങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുമെങ്കില്‍ അതു സ്വാഭാവികമായി സംഭവിക്കും. ആത്മികതലത്തിലും ഇങ്ങനെതന്നെയാണ്. ദൈവത്തോടുള്ള അനുസരണമില്ലാത്ത അറിവ് ദഹിക്കാത്ത ഭക്ഷണം പോലെയാണ്. അതു ജീവനു പകരം മരണം കൊണ്ടുവരുന്നു. അറിവിനോടു കൂടെയുളള അനുസരണമാകട്ടെ ജീവന്‍ നല്‍കുന്നു.

വെളിപ്പാടു പുസ്തകത്തിന്റെ പ്രാരംഭത്തിലും അവസാനത്തിലും അനുസരണത്തിനുവേണ്ടിയുള്ള ആഹ്വാനം മുഴങ്ങുന്നതു നമുക്കു കേള്‍ക്കാം (1:3, 22:7). അനുസരണത്തിനുവേണ്ടിയുള്ള രണ്ട് ആഹ്വാനങ്ങള്‍ക്കിടയില്‍ ഒതുങ്ങി നില്ക്കുകയാണ് വെളിപ്പാടു പുസ്തകം.

ഏഴാമതായി, ഈ ‘പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്ന’ വര്‍ക്കും അനുഗ്രഹം വാഗ്ദാനം ചെയ്തിരിക്കുന്നു (1:3). പരസ്യമായി ഇത് വായിക്കുന്നവരേയും ഇതില്‍നിന്നു മറ്റു വിശ്വാസികളെ പഠിപ്പിക്കുന്നവരേയുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഒന്നാം നൂറ്റാണ്ടില്‍ വെളിപ്പാടുപുസ്തകത്തിന്റെ വ്യക്തിപരമായ പ്രതികള്‍ ലഭ്യമല്ലായിരുന്നു എന്ന കാര്യം ഓര്‍ക്കുക. സഭായോഗങ്ങളില്‍ പരസ്യമായി വായിക്കുമ്പോള്‍ മാത്രമായിരുന്നു ഈ പുസ്തത്തിലെ സന്ദേശം കേള്‍ക്കുവാന്‍ ഒരവസരം ലഭിച്ചിരുന്നത്. ഇതുകൊണ്ടാണ് ‘ഞാന്‍ വരുവോളം തിരുവെഴുത്തിന്റെ പരസ്യവായന, ഉപദേശം എന്നിവയില്‍ ശ്രദ്ധിച്ചിരിക്ക’ എന്നു പൗലൊസ് തിമൊഥെയോസിനെ ഉത്സാഹിപ്പിക്കുന്നത് (1 തിമൊ. 4:13).

ഇന്ന് ഇതിന്റെ പ്രസക്തി എന്താണ്? ദൈവത്തില്‍ നിന്ന് അവിടുത്തെ വചനത്തിലൂടെ നമുക്കു ലഭിക്കുന്നതു മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നതാണ് ഇന്ന് ഇതിന്റെ പ്രായോഗിക തലം. ഇതു ചെയ്യുന്ന എല്ലാവര്‍ക്കും ഇവിടെ അനുഗ്രഹം വാഗ്ദാനം ചെയ്തിരിക്കുന്നു.

കൃപയും സമാധാനവും ദൈവത്തിങ്കല്‍ നിന്ന്

വാക്യം 1:4:- യോഹന്നാന്‍ ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല്‍ നിന്നും അവന്റെ സിംഹാസനത്തിനുമുമ്പിലുള്ള ഏഴ് ആത്മാക്കളുടെ പക്കല്‍ നിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്മാര്‍ക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്‌നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താല്‍ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തവനുമായവന് എന്നന്നേക്കും മഹത്വവും ബലവും; ആമേന്‍. ഇതാ അവന്‍ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും അവനെ കുത്തിത്തുളച്ചവരും അവനെ കാണും. ഭൂമിയിലെ ഗോത്രങ്ങള്‍ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വ്, ആമേന്‍.

കൃപയും സമാധാനവും ദൈവത്തില്‍നിന്ന് അവര്‍ക്കുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണു യോഹന്നാന്‍ ആരംഭിക്കുന്നത്.

‘അതതു സമയത്തെ ആവശ്യത്തിനനുസരിച്ചു ദൈവത്തില്‍നിന്നു നമുക്കു ലഭ്യമാകുന്ന സഹായ’മാണ് കൃപ. നമുക്കു പാപക്ഷമയാണ് ആവശ്യമെങ്കില്‍ കൃപയ്ക്കു നമ്മോടു ക്ഷമിക്കാന്‍ കഴിയും. പാപത്തെ അതിജീവിക്കാന്‍ വേണ്ട ശക്തിയാണോ നമുക്കാവശ്യം? കൃപയ്ക്കു നമ്മെ ശക്തി ധരിപ്പിക്കാന്‍ കഴിയും. ശോധനയുടെ വേളയില്‍ വിശ്വസ്തമായിനില്‍പ്പാന്‍ വേണ്ട സഹായമാണു നമുക്ക് ആവശ്യമെങ്കില്‍ കൃപ അതും നല്‍കും. നമ്മുടെ ഏത് ആവശ്യത്തിനും എപ്പോഴും മതിയായതാണു ദൈവകൃപ.

‘സമാധാന’മാണു ദൈവത്തിന്റെ മറ്റൊരു വലിയ ദാനം. നമ്മുടെ ഹൃദയത്തിലെ സമാധാനം. കുറ്റബോധത്തിന്റെയോ കുറ്റം വിധിയുടേയും അലട്ടലുകളൊന്നുമില്ലാത്ത ശാന്തതയും ചുറ്റുപാടും ഉള്ളവരോടു സമാധാനവും. സഭയിലും അതു കൂട്ടായ്മ കൊണ്ടുവരുന്നു.
ത്രീയേകദൈവത്തിന്റെ നാമത്തിലാണ് ഈ ആശംസ അയച്ചിരിക്കുന്നത്.

‘ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും’ എന്ന പരാമര്‍ശം പിതാവിനെ ഉദ്ദേശിച്ചാണ്.

‘ഏഴ് ആത്മാക്കള്‍’ എന്നു പറഞ്ഞിരിക്കുന്നതു പരിശുദ്ധാത്മാവിനെക്കുറിച്ചാണ്. ഏഴ് എന്ന സംഖ്യ തിരുവെഴുത്തില്‍ എപ്പോഴും പൂര്‍ണ്ണതയെക്കുറിക്കുന്നു. അതുകൊണ്ട് ‘ഏഴ് ആത്മാക്കള്‍’ എന്ന പ്രയോഗം പൂര്‍ണ്ണതയുടെ ആത്മാവ് എന്ന അര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിനെയാണ് ഉദ്ദേശിക്കുന്നത്. യെശയ്യാവ് പതിനൊന്നിന്റെ രണ്ട്, മൂന്ന് വാക്യങ്ങളില്‍ പരിശുദ്ധാത്മാവിനെ (1) യഹോവയുടെ ആത്മാവ് (2) ജ്ഞാനത്തിന്റെ ആത്മാവ് (3) വിവേകത്തിന്റെ ആത്മാവ് (4) ആലോചനയുടെ ആത്മാവ് (5) ബലത്തിന്റെ ആത്മാവ് (6) പരിജ്ഞാനത്തിന്റെ ആത്മാവ് (7) യഹോവാഭക്തിയുടെ ആത്മാവ് എന്നിങ്ങനെ വിവരിച്ചിരിക്കുന്നതു ശ്രദ്ധിക്കുക.

ത്രിത്വത്തില്‍ രണ്ടാമനായ യേശുവിനെ പല പേരുകള്‍കൊണ്ടാണു വിശേഷിപ്പിച്ചിരിക്കുന്നത്. അവയെ ഒന്നൊന്നായി പരിശോധിക്കാം (അഞ്ചാം വാക്യം).

ക്രിസ്തുവിന്റെ പേരുകള്‍

‘വിശ്വസ്ത സാക്ഷി’ എന്ന പേര് വാഗ്ദാനങ്ങളില്‍ അവിടുന്നു വിശ്വസ്തനാണെന്നു കാണിക്കുന്നു.

‘മരിച്ചവരില്‍ ആദ്യജാതന്‍’ എന്ന പേരു സൂചിപ്പിക്കുന്നത് അവിടുന്നാണ് മരണത്തെ പൂര്‍ണ്ണമായി ആദ്യമായി ജയിച്ചവനെന്നും കല്ലറയില്‍ നിന്നു സ്ഥിരമായി പുറത്തുവന്നവനെന്നുമാണ്. കര്‍ത്താവിനു മുമ്പേ മരണത്തില്‍ നിന്ന് ഉയിര്‍ക്കപ്പെട്ടവരെല്ലാം വീണ്ടും മരിച്ചു. യേശു മാത്രമാണ് സ്ഥിരമായി മരണത്തെ ജയിച്ചത്. അതുകൊണ്ട് നാം ഒരിക്കലും രോഗത്തേയോ മരണത്തേയോ ഭയപ്പെടേണ്ടതില്ല.

‘ഭൂരാജാക്കന്‍മാര്‍ക്ക് അധിപതി’ എന്നും യേശുവിനെ വിശേഷിപ്പിച്ചിരിക്കുന്നു. നമ്മുടെ കര്‍ത്താവിന് ഭൂമിയിലും സ്വര്‍ഗ്ഗത്തിലും സകലഅധികാരവും നല്‍കിയിരിക്കുന്നു. അവിടുന്നാണു ഭൂരാജാക്കന്മാരുടെ ഹൃദയങ്ങളേയും നിയന്ത്രിക്കുന്നത്. ‘രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യില്‍ നീര്‍ത്തോടുകണക്കെ ഇരിക്കുന്നു. തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കേയും അവന്‍ അതിനെ തിരിക്കുന്നു’ (സദൃ. വാക്യം 21:1).

‘നമ്മെ എന്നേക്കും സ്‌നേഹിക്കുന്നവനും തന്റെ രക്തത്താല്‍ നമ്മെ പാപത്തില്‍ നിന്ന് ഒരിക്കലായി എന്നെന്നേക്കും വിടുവിച്ച് സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നവനും’ എന്നു നമ്മുടെ കര്‍ത്താവിനെക്കുറിച്ചു വീണ്ടും പറഞ്ഞിരിക്കുന്നു (അഞ്ചാം വാക്യം. AMPLIFIED BIBLE). നമ്മോടുള്ള അവിടുത്തെ സ്‌നേഹം നിത്യസ്‌നേഹമാണ്. അവിടുന്നു തന്റെ രക്തം ചൊരിഞ്ഞതു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുവാന്‍ വേണ്ടി മാത്രമല്ല, പാപത്തില്‍നിന്നു നമ്മെ ഒരിക്കലായി, എന്നെന്നേക്കുമായി മോചിപ്പിക്കുവാനും കൂടിയാണ്. പുതിയനിയമത്തിലെ ആദ്യത്തെ വാഗ്ദാനം യേശു ‘തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു വീണ്ടെടുക്കും’ എന്നാണ് (മത്താ. 1:21). പാപത്തിന്റെ അധികാരത്തില്‍ നിന്നുള്ള മോചനം എന്നതാണു പുതിയനിയമത്തില്‍ ഉടനീളമുള്ള മഹത്തായ വിഷയം. നാം കൃപയ്ക്കധീനരായി ജീവിച്ചാല്‍ ഒരു പാപവും നമ്മുടെ മേല്‍ കര്‍ത്തൃത്വം നടത്തുകയില്ല (റോമ 6:14).

നമ്മുടെ പിതാവായ ദൈവത്തിനു രാജ്യവും പുരോഹിതന്‍മാരും

‘തന്റെ പിതാവായ ദൈവത്തിനു കര്‍ത്താവായ യേശു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കി വച്ചിരിക്കുന്നു’ (ആറാം വാക്യം) എന്നു തുടര്‍ന്നു പറയുന്നു.

‘ദൈവത്തിന്റെ രാജ്യം’ എന്നു പറയുന്നതു ദൈവം തന്റെ പരമാധികാരം നടത്തുന്ന സ്ഥലമാണ്. സഭയാണു ഭൂമിയില്‍ ദൈവരാജ്യത്തിനു പ്രാതിനിധ്യം വഹിക്കുന്നത്. അതായത് ഒരു രാജ്യമായിത്തീര്‍ന്ന ഒരുപറ്റം ആളുകള്‍. അവര്‍ തങ്ങളുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ദൈവാധികാരത്തിനു കീഴടങ്ങിയിരിക്കുന്നതിനാലാണ് അവര്‍ക്ക് ഒരു രാജ്യമായിത്തീരാന്‍ കഴിയുന്നത്. അച്ചടക്കമില്ലാതിരുന്ന ഒരാള്‍കൂട്ടത്തെ കര്‍ത്താവു പരിപൂര്‍ണ്ണമായ ചിട്ടയുള്ള ഒരു രാജ്യം (ദൈവത്താല്‍ ഇപ്പോള്‍ ഭരിക്കപ്പെടുന്ന ഒരു ജനത) ആക്കി ത്തീര്‍ത്തിരിക്കുന്നു.

നമ്മെ പുരോഹിതന്മാരായും ആക്കിവച്ചിരിക്കുന്നു. ഓരോ വിശ്വാസിയും-പുരുഷനും സ്ത്രീയും- കര്‍ത്താവിനു പുരോഹിതനാണ്. ദൈവത്തിന്റെ കാഴ്ചപ്പാടില്‍ വിശ്വാസികളെ കൂടാതെ സഭയില്‍ ‘പുരോഹിതന്‍മാര്‍’ എന്ന ഒരു പ്രത്യേക വിഭാഗമില്ല. അത്തരം പൗരോഹിത്യം പഴയ ഉടമ്പടിയിലെ ആശയമാണ്. ആ പൗരോഹിത്യം ഇന്നും വച്ചുപുലര്‍ത്തുന്ന സഭകള്‍ ആളുകളെ ബി.സി. (ക്രിസ്തുവിന് മുമ്പ്) കാലഘട്ടത്തിലേക്കു നയിക്കുകയാണ് !! നാം എല്ലാവരും പുരോഹിതന്മാരാണ്.
പുരോഹിതന്മാരെന്ന നിലയില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതു ദൈവത്തിനു യാഗം അര്‍പ്പിക്കാന്‍ വേണ്ടിയാണ്. പഴയനിയമകാലത്ത് പുരോഹിതന്മാര്‍ മൃഗങ്ങളുടെ ശരീരങ്ങള്‍ യാഗമായി അര്‍പ്പിച്ചിരുന്നു. ഇന്നോ? ഇന്നു നാം നമ്മുടെതന്നെ ശരീരങ്ങളെ ദൈവത്തിനു ജീവനുള്ള യാഗമായി അര്‍പ്പിക്കാനാണു വിളിക്കപ്പെട്ടിരിക്കുന്നത് (റോമര്‍12:1)

‘തന്റെ പിതാവായ ദൈവം’ എന്ന പ്രയോഗം പുനരുത്ഥാനം ചെയ്ത യേശുവിന്റെ ‘എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും’ എന്ന പ്രയോഗത്തിനു തുല്യമാണ് (യോഹ. 20:17). തന്റെ പിതാവ് ഇപ്പോള്‍ നമ്മുടെ പിതാവും ആയിത്തീര്‍ന്നിരിക്കുന്നു. യേശു, പിതാവില്‍ സുരക്ഷിതത്വം കണ്ടെത്തിയതുപോലെ ഇപ്പോള്‍ നമുക്കും ദൈവം നമ്മുടെ പിതാവാണെന്ന സത്യത്തില്‍ സുരക്ഷിതത്വം കണ്ടെത്താന്‍ കഴിയും. അതിനു യോഹന്നാന്‍ ‘ആമേന്‍’ എന്നു പറയുന്നു. (ആറാം വാക്യം). നമുക്കും പറയാം ”അങ്ങനെ തന്നെ ആകട്ടെ”.

‘എന്നെന്നേക്കും മഹത്വവും ബലവും’ അവിടുത്തേക്കു മാത്രം ആകട്ടെ (ആറാം വാക്യം).

തുടര്‍ന്ന് ഏഴാം വാക്യത്തില്‍ ക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള മടങ്ങിവരവ് പ്രവചിച്ചിരിക്കുന്നു. കാല്‍വറിയിലെ കുരിശില്‍ അപമാനിതനായി തൂങ്ങപ്പെട്ട നിലയിലാണ് ഈ ലോകം അവസാനമായി നമ്മുടെ കര്‍ത്താവിനെ കണ്ടത്. പക്ഷേ അവിടുന്നു മഹത്വത്തോടെ മേഘങ്ങളില്‍ വരുന്നത് ഈ ദിനങ്ങളിലൊന്നില്‍ ലോകം കാണും. എല്ലാ കണ്ണും, തന്നെ കുത്തിതുളച്ചവരും (യിസ്രയേല്‍ രാഷ്ട്രവും) കര്‍ത്താവിനെ ദര്‍ശിക്കും. അവിടുത്തെ വരവിങ്കല്‍ ഭൂമിയിലെ ഗോത്രങ്ങള്‍ വിലപിക്കും. നാമോ സന്തോഷിച്ചാര്‍ക്കും. ‘ആമേന്‍’ എന്നു യോഹന്നാന്‍ വീണ്ടും പറയുന്നു. നമുക്കും പറയാം: ”അങ്ങനെതന്നെ ആകട്ടെ!”

എട്ടാമത്തെ വാക്യത്തില്‍ ദൈവം തന്നെപ്പറ്റിതന്നെ അല്ഫയും ഒമേഗയും, ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും, സര്‍വ്വശക്തനും എന്നെല്ലാം വിവരിച്ചിരിക്കുന്നു. ഒന്നും ഇല്ലാതിരിക്കുമ്പോള്‍ എല്ലാറ്റിന്റേയും ആരംഭത്തില്‍ അവിടുന്ന് ഉണ്ടായിരുന്നു. കാലത്തിന്റെ ഒടുവില്‍, എല്ലാറ്റിന്റേയും അവസാനത്തിലും, അവിടുന്ന് ഉണ്ടായിരിക്കും. ദൈവത്തെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ പൊടുന്നനെ എന്നെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും സംഭവിക്കുക അസാധ്യമാണ്. ആരംഭത്തിലേ അവസാനവും അറിയുന്നവനാണു നമ്മുടെ പിതാവ്. സര്‍വ്വശക്തനായ ദൈവമാകയാല്‍ താന്‍തന്നെ സകലത്തേയും നിയന്ത്രിക്കുന്നു. അതുകൊണ്ട് ഭാവിയെ സംബന്ധിച്ച ഒന്നിനേക്കുറിച്ചും നമുക്കു ഭയപ്പെടേണ്ടതില്ല.

വെളിപ്പാടുപുസ്തകത്തിന്റെ അവസാനഭാഗത്തിലും ദൈവത്തെ സര്‍വ്വശക്തന്‍, അല്ഫ ഒമേഗ എന്നിങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു (19:6, 22:13) എല്ലാം അറിയുന്ന, സര്‍വ്വശക്തനായ, നമ്മുടെ ദൈവവും പിതാവുമായവനെക്കുറിച്ചുള്ള രണ്ടു പ്രസ്താവനകള്‍ക്കിടയിലാണു വെളിപ്പാടു പുസ്തകം മുഴുവന്‍ ഒതുങ്ങിനില്ക്കുന്നതെന്നു പറയാം. അവസാനനാളുകളില്‍ ദൈവജനത്തിനുണ്ടാകുന്ന ഉപദ്രവങ്ങള്‍, ശോധനകള്‍, നമുക്കു ചുറ്റുമുള്ള ലോകത്തു സംഭവിക്കുന്ന ദുരന്തങ്ങള്‍ എന്നിവയെക്കുറിച്ച് ഈ പുസ്തകത്തില്‍ തുടര്‍ന്നു വായിക്കുമ്പോള്‍ നമുക്കു പൂര്‍ണ്ണമായ സുരക്ഷിതത്വബോധം നല്‍കുന്നത് ഈ സത്യമാണ്.

പുതിയനിയമം മുഴുവനും എടുത്താല്‍ പത്തുപ്രാവശ്യം മാത്രമേ ദൈവത്തെ സര്‍വ്വശക്തന്‍ എന്നു വിശേഷിപ്പിച്ചിട്ടുള്ളൂ. ഇതില്‍ ഒന്‍പതെണ്ണവും വെളിപ്പാടു പുസ്തകത്തിലാണ്. ഈ പുസ്തകം വായിക്കുമ്പോള്‍ സര്‍വ്വശക്തന്‍ എല്ലാറ്റിനേയും നിയന്ത്രിക്കുന്നു എന്ന പരമമായ സത്യം നമ്മില്‍ രൂഢമൂലമാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു എന്നതാണ് ഇതിനു കാരണം. ദൈവത്തെ സര്‍വ്വശക്തനെന്നു വെളിപ്പാടു പുസ്തകത്തിനു പുറത്ത് പുതിയനിയമത്തില്‍ വിളിച്ചിരിക്കുന്ന ഒരേഒരു ഭാഗം 2 കൊരി 6:18-ലാണ്. അശുദ്ധമായ എല്ലാറ്റില്‍നിന്നും വേര്‍പാടു പാലിക്കുവാന്‍ ദൈവം തന്റെ ജനത്തെ ഉദ്‌ബോധിപ്പിക്കുന്ന ഭാഗമാണിത്. ഇതു സൂചിപ്പിക്കുന്നത് അശുദ്ധവും ദൈവവചനവിരുദ്ധവുമായ എല്ലാറ്റില്‍ നിന്നും വേര്‍പെട്ടിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമാണ് ദൈവം സര്‍വ്വശക്തനായി തന്നെതന്നെ വെളിപ്പെടുത്തുന്നത് എന്നാണ്. പ്രാഥമികമായും അത്തരം ആളുകള്‍ക്കുവേണ്ടിയാണ് വെളിപ്പാടു പുസ്തകം എഴുതിയിരിക്കുന്നതും.

മഹത്വകരമായ ഏഴുസത്യങ്ങള്‍

നമ്മുടെ കര്‍ത്താവിനെക്കുറിച്ചും അവിടുത്തോടുള്ള നമ്മുടെ ബന്ധത്തെക്കുറിച്ചും ഇക്കാലത്തു നമ്മില്‍ രൂഢമൂലമാകേണ്ട ചില സുപ്രധാനസത്യങ്ങളുണ്ട്. നാം ചിന്തിച്ചുകൊണ്ടിരുന്ന ആ സത്യങ്ങള്‍ ഇവയാണ്.

(1) നമ്മുടെ കര്‍ത്താവിന്റെ വാഗ്ദാനങ്ങളുടെ പരമമായ വിശ്വസനീയത.
(2) മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ മരണത്തിന്മേലുള്ള അവിടുത്തെ വിജയം.
(3) സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്മേലുമുള്ള തന്റെ പരമമായ അധികാരം.
(4) നമ്മോടുള്ള അവിടുത്തെ നിത്യവും മാറ്റമില്ലാത്തതുമായ സ്‌നേഹം.
(5) പാപത്തിന്റെ അധികാരത്തില്‍ നിന്നു നമുക്ക് അവിടുന്നു തരുന്ന മോചനം.
(6) അവിടുത്തെ പിതാവ് ഇപ്പോള്‍ നമ്മുടേയും പിതാവ് എന്ന സത്യം.
(7) തന്റെ രാജ്യം സ്ഥാപിക്കാന്‍ ഭൂമിയിലേക്കുള്ള അവിടുത്തെ മടങ്ങിവരവ്.

ഭാവിയില്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരുമായി നില്ക്കണമെന്നുണ്ടെങ്കില്‍ നാം ഈ സത്യങ്ങളില്‍ അടിസ്ഥാനപ്പെടേണ്ടിയിരിക്കുന്നു.

ഉപദ്രവസമയത്തെ പ്രോത്സാഹനം

വാക്യം 9, 10: നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപില്‍ ആയിരുന്നു. കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി……കാഹളത്തിനൊത്ത ഒരു മഹാനാദം എന്റെ പുറകില്‍ കേട്ടു.

ഇവിടെ യോഹന്നാന്‍ സ്വയം വിശേഷിപ്പിക്കുന്നത് ‘നിങ്ങളുടെ സഹോദരന്‍’ എന്നാണ്. ഈ വെളിപ്പാടുണ്ടായ സമയത്ത്, യേശു തെരഞ്ഞെടുത്ത പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ ജീവിച്ചിരിപ്പുള്ള ഒരേ ഒരാള്‍ യോഹന്നാനായിരുന്നു. പത്മൊസ് ദ്വീപില്‍ വച്ച് കര്‍ത്താവ് വെളിപ്പാടു നല്‍കുമ്പോള്‍ യോഹന്നാന് ഏകദേശം 95 വയസ്സാണ്. ഇതിനിടയില്‍ ദൈവത്തോടൊപ്പമുള്ള നടപ്പില്‍ താന്‍ ദീര്‍ഘമായ 65 വര്‍ഷം പിന്നിട്ടിരുന്നു. എന്നിട്ടും യോഹന്നാന്‍ ഒരു ‘സഹോദരന്‍’ മാത്രമായിരുന്നു.

താന്‍ പോപ്പ് ജോണോ റവ. യോഹന്നാനോ ആയിരുന്നില്ല. എന്തിന്, പാസ്റ്റര്‍ യോഹന്നാന്‍ പോലുമല്ലായിരുന്നു. വെറുമൊരു സാധാരണസഹോദരന്‍ മാത്രം. ഭൂമിയില്‍ പേരുകള്‍ എടുക്കരുതെന്നും തങ്ങളെത്തന്നെ സഹോദരന്‍മാര്‍ എന്നേ വിളിക്കാവൂ എന്നും യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്താ. 23:8-11). അപ്പോസ്തന്മാര്‍ അന്ന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ യേശുവിന്റെ കല്പന അനുസരിച്ചു-ഇന്നു പലരും അങ്ങനെ ചെയ്യുന്നില്ലെങ്കിലും.

നമുക്ക് ഒരേയൊരു നായകനും നേതാവുമേ ഉള്ളൂ-ക്രിസ്തു. സഭയിലെ നമ്മുടെ ശുശ്രൂഷയും അനുഭവവും എന്തായിരുന്നാലും എല്ലാവരും സഹോദരന്മാരാണ്.

തുടര്‍ന്ന് ‘യേശുവിന്റെ കഷ്ടതയില്‍ കൂട്ടാളി’ എന്നു യോഹന്നാന്‍ സ്വയം വിളിക്കുന്നു. പൂര്‍ണ്ണമനസ്‌കരായ യേശുവിന്റെ ശിഷ്യന്മാര്‍ എല്ലാവരും ഈ ലോകത്തിലായിരിക്കുന്നിടത്തോളം കാലം യേശുവിലുള്ള കഷ്ടങ്ങള്‍ക്കു കൂട്ടാളിയാവാന്‍ തയ്യാറായിരിക്കണം.

സുഖമായികഴിയുമ്പോഴല്ല യോഹന്നാന് ഈ വെളിപ്പാടു ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മറിച്ച് ‘ദൈവവചനത്തോടും യേശുവിന്റെ സാക്ഷ്യത്തോടും’ വിശ്വസ്തനായിരുന്നതിന്റെ ഫലമായി പത്മൊസ് ദ്വീപില്‍ കഷ്ടം അനുഭവിക്കുമ്പോഴാണ് (ഒന്‍പതാം വാക്യം). അന്ത്യനാളുകളില്‍ എതിര്‍ക്രിസ്തുവിനാല്‍ വിശുദ്ധന്മാര്‍ കഷ്ടം അനുഭവിക്കുന്നതിനെക്കുറിച്ച് എഴുതുവാനുള്ള യോഗ്യത നേടുവാനായി യോഹന്നാന്‍ സ്വയം കഷ്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടായിരുന്നു. കഷ്ടം അനുഭവിക്കുന്നവരെ സേവിക്കുന്ന ഒരു ശുശ്രൂഷ നമുക്കു നല്‍കുന്നതിന് മുമ്പ് ദൈവം നമ്മേയും കഷ്ടങ്ങളിലൂടെയും ശോധനകളിലൂടെയും വഴി നടത്തും.

പൗലൊസ് പറയുന്നു ”ഞങ്ങള്‍ക്കുള്ള കഷ്ടത്തില്‍ ഒക്കെയും ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്നു. ദൈവത്തില്‍ നിന്നു ഞങ്ങള്‍ പ്രാപിച്ച (അതേ) ആശ്വാസംകൊണ്ട് ഏതു കഷ്ടത്തിലുള്ളവരെയും ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനു വേണ്ടിയാണത്” (2 കൊരി 1:4 AMPLIFIED).

മഹോപദ്രവത്തിന് മുമ്പ് കര്‍ത്താവു രഹസ്യത്തില്‍ വന്ന് സഭയെ ഈ ലോകത്തില്‍ നിന്നു തന്റെ അടുക്കലേക്കു കൂട്ടിക്കൊള്ളുമെന്ന ഉപദേശം ആദ്യമായുണ്ടായതു ക്രിസ്ത്യാനികള്‍ സുഖമായി കഴിയുന്ന ഒരു രാജ്യത്തും (ഇംഗ്ലണ്ട്) അവര്‍ പീഡനങ്ങളൊന്നും നേരിടാതിരുന്ന സമയത്തും (19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍) ആണെന്നതില്‍ അത്ഭുതമില്ല. ഇന്നും ഈ ഉപദേശം വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് സുഖമായും സൗകര്യമായും കഴിയുന്ന ക്രിസ്ത്യാനികള്‍ ആണെന്നും ക്രിസ്ത്യാനികള്‍ക്കെതിരെ പീഡയൊന്നുമില്ലാത്ത രാജ്യങ്ങളിലാണെന്നുമുള്ളതു ശ്രദ്ധേയമല്ലേ?

അടിസ്ഥാനപരമായി മിക്ക ക്രിസ്ത്യാനികളുടേയും പ്രാര്‍ത്ഥന ഈ മട്ടിലാണ് ”കര്‍ത്താവേ, ഈ ഭൂമിയിലെ എന്റെ ജീവിതം കൂടുതല്‍ സുഖകരമാക്കിത്തീര്‍ക്കുക”. അതുകൊണ്ടുതന്നെ മഹോപദ്രവത്തിനുമുമ്പ് സഭ എടുത്തുകൊള്ളപ്പെടുമെന്ന ഉപദേശം അവര്‍ സസന്തോഷം സ്വീകരിച്ചതില്‍ അത്ഭുതത്തിന് അവകാശമില്ല. ഇങ്ങനെ വലിയൊരുകൂട്ടം ക്രിസ്ത്യാനികളെ സാത്താന്‍ ഒരു സുഖപ്രതീക്ഷയില്‍ തളച്ചിരിക്കുന്നതിനാല്‍ സാക്ഷാല്‍ മഹോപദ്രവം വരുമ്പോള്‍ അവര്‍ ഒരുക്കമില്ലാതിരിക്കുകയും പീഡയുടെ മുമ്പില്‍ പൊടുന്നനെ വീണുപോകുകയും ചെയ്യും.

യേശുവിന്റെ വാക്കുകള്‍ എത്രയും വ്യക്തമാണ് ”ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടങ്ങള്‍ ഉണ്ട്. എങ്കിലും ധൈര്യപ്പെടുവിന്‍. ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹ. 16:33). നമ്മെ കഷ്ടങ്ങളില്‍ നിന്ന് (അവ ചെറുതായാലും വലുതായാലും) രക്ഷപ്പെടുത്തുമെന്നു കര്‍ത്താവു വാഗ്ദാനം ചെയ്തിട്ടില്ല. കഷ്ടങ്ങളില്‍ നിന്നു രക്ഷിക്കുന്നതിനെക്കാള്‍ നമ്മെ ജയാളികളാക്കുവാനാണ് അവിടുത്തേക്കു താല്‍പര്യം. കാരണം നമ്മുടെ സുഖത്തെക്കാള്‍ സ്വഭാവത്തിലാണ് അവിടുന്ന് തല്പരനായിരിക്കുന്നത്.

ചിലര്‍ പഠിപ്പിക്കുന്നതുപോലെ, മഹോപദ്രവത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ വിശ്വസ്തര്‍ക്കുള്ള പ്രതിഫലമാണെന്നു യേശു ഒരിക്കലും പറഞ്ഞിട്ടില്ല. മറിച്ച് തന്നെ അനുഗമിക്കാത്തവരെക്കാള്‍ എല്ലാം ത്യജിച്ച് തന്നെ പിന്‍തുടരുന്നവര്‍ക്കാണു കൂടുതല്‍ ഉപദ്രവങ്ങളുള്ളതെന്നു യേശു വ്യക്തമാക്കി (മര്‍ക്കോസ് 10:30).

തന്റെ ശിഷ്യന്മാര്‍ക്കുവേണ്ടി യേശു ഇപ്രകാരമാണു പ്രാര്‍ത്ഥിച്ചത്: ”അവരെ ലോകത്തില്‍ നിന്ന് എടുക്കേണം എന്നല്ല. ദുഷ്ടന്റെ കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നത്” (യോഹ. 17:15). ഇവിടെ ഉപദ്രവങ്ങള്‍ നേരിടാന്‍ പോകുന്നതുകൊണ്ട് ശിഷ്യന്മാരെ ഈ ലോകത്തുനിന്ന് ഉടനെ എടുത്തുകൊള്ളണമെന്നായിരുന്നില്ല അവിടുത്തെ പ്രാര്‍ത്ഥന എന്ന കാര്യം ശ്രദ്ധിക്കുക.

മൂന്നാം നൂറ്റാണ്ടില്‍ റോമിലെ പടുകൂറ്റന്‍ സ്റ്റേഡിയങ്ങളില്‍ ക്രിസ്ത്യാനികളെ സിംഹങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയും വിശാലമായ റോമന്‍ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രിസ്ത്യാനികളെ ജീവനോടെ കത്തിക്കുകയും ചെയ്തപ്പോള്‍ അവരെ വിടുവിപ്പാന്‍ കര്‍ത്താവ് അവിടെ ഇടപെട്ടതായി കാണുന്നില്ല. ദാനിയേലിന്റെ കാലത്ത് സിംഹങ്ങളുടെ വായ് അടയ്ക്കുകയും തീയുടെ ബലം കെടുത്തുകയും ചെയ്ത ദൈവം ഇവിടെ യേശുവിന്റെ അനുയായികള്‍ക്കുവേണ്ടി അത്ഭുതമൊന്നും പ്രവര്‍ത്തിച്ചില്ല. കാരണം ഇവര്‍ പുതിയ ഉടമ്പടിയുടെ കീഴിലുള്ള ക്രിസ്ത്യാനികളാണ്. മരണത്തിലൂടെ ഇവര്‍ ക്രിസ്തുവിനെ മഹത്വപ്പെടുത്തേണ്ടതുണ്ട്. അവരും ശത്രുക്കളില്‍ നിന്നു തങ്ങളെ രക്ഷിക്കാന്‍ പന്ത്രണ്ടു ലെഗ്യോനിലധികം ദുതന്മാരെ അയയ്ക്കണമേ എന്നു പ്രാര്‍ത്ഥിക്കുകയോ അതിനായി ആഗ്രഹിക്കുകയോ ചെയ്തില്ല – തങ്ങളുടെ യജമാനനായ യേശുവിനെപ്പോലെ.

തന്റെ പുത്രന്റെ കാന്ത, സിംഹങ്ങളാല്‍ നിഷ്‌ക്കരുണം കടിച്ചുകീറപ്പെടുന്നതും കത്തിച്ചാമ്പലാകുന്നതും സ്വര്‍ഗ്ഗത്തില്‍ ദൈവം നിശ്ശബ്ദം കണ്ടുകൊണ്ടിരുന്നു. അവരുടെ സാക്ഷ്യങ്ങളാല്‍ അവിടുന്നു മഹത്വപ്പെട്ടു. കുഞ്ഞാടുപോയിടത്തെല്ലാം അവര്‍ അവനെ അനുഗമിക്കുകയായിരുന്നു- ക്രൂരമായ ശാരീരികമരണത്തില്‍ പോലും (വെളി. 14:4). കര്‍ത്താവ് അവരോട് ഒരേ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളു: ”മരണപര്യന്തം വിശ്വസ്തരായിരിക്ക, എന്നാല്‍ ജീവകിരീടം പ്രാപിക്കും” (വെളി.2:10).

ഇന്നും വിവിധനാടുകളില്‍ യേശുവിന്റെ ശിഷ്യന്മാര്‍ അവിടുത്തെ നാമം നിമിത്തം പീഡയും ഉപദ്രവവും ഏല്ക്കുമ്പോള്‍ കര്‍ത്താവ് അവരെ ഭൂമിയില്‍നിന്ന് എടുത്തു കൊള്ളുന്നില്ല. മഹോപദ്രവത്തിന് മുമ്പ് നമ്മേയും അവിടുന്നു സ്വര്‍ഗ്ഗത്തിലേക്കു ചേര്‍ത്തുകൊള്ളുകയില്ല. അതിനേക്കാള്‍ മഹത്തായ കാര്യമാണ് അവിടുന്നു നമുക്കു വേണ്ടി ചെയ്യുക. മഹോപദ്രവത്തിനു മദ്ധ്യത്തില്‍ നമ്മെ അവിടുന്നു ജയാളികളായി നിര്‍ത്തും.

പീഡയില്‍നിന്നു രക്ഷിക്കുന്നതിനെക്കാള്‍ നമ്മെ ദുഷ്ടങ്കല്‍ നിന്നു വിടുവിക്കുന്നതിനാലാണ് യേശുവിനു താല്പര്യം. നാം ആത്മികമായി ശക്തരാകാനുള്ള ഒരേ ഒരു മാര്‍ഗ്ഗം കഷ്ടങ്ങളിലൂടെയാണെന്ന് അറിയാവുന്നതുകൊണ്ടാണ് കര്‍ത്താവു നമുക്ക് അവ അനുവദിക്കുന്നത്.

എല്ലാ ഞായറാഴ്ചയും കര്‍ണാനന്ദകരമായ പ്രസംഗങ്ങളാല്‍ ലാളിക്കപ്പെടുന്ന സുഖലോലുപരായ ക്രിസ്ത്യാനികള്‍ക്ക് ഇത്തരം ഒരു സന്ദേശം അസാധാരണമായ പഠിപ്പിക്കലായി തോന്നാം. പക്ഷേ ആദിമസഭയോടുള്ള അപ്പോസ്തലന്മാരുടെ സന്ദേശവും ഇതായിരുന്നു. അവര്‍ (അപ്പോസ്തലന്മാരായ പൗലോസും ബര്‍ന്നബാസും), ‘നാം അനേകം കഷ്ടങ്ങളിലൂടെ ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു’ എന്നു പറഞ്ഞ് ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിച്ചു പോന്നു (അപ്പോ. പ്രവൃ.14:22).

ഭവനത്തിലും ജോലിയിലും ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന ലഘുവായ കഷ്ടങ്ങള്‍ ഭാവിയില്‍ നാം നേരിടേണ്ടിവരുന്ന വലിയ ശോധനകള്‍ക്കുവേണ്ടിയുള്ള തയ്യാറെടുപ്പായി വേണം കണക്കാക്കാന്‍. അതുകൊണ്ടാണ് ഇപ്പോള്‍ നാം വിശ്വസ്തരായി ഇരിക്കേണ്ടത്. ”കാലാളുകളോട് ഓടിയിട്ടു നീ ക്ഷീണിച്ചു പോയാല്‍ കുതിരകളോട് എങ്ങനെ മത്സരിച്ചോടും?” (യിര. 12:5) എന്ന ചോദ്യം ശ്രദ്ധിക്കുക.

‘യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയാകുന്നതിനെക്കുറിച്ചാ’ണ് യോഹന്നാന്‍ ഇവിടെ പറയുന്നത് (ഒന്‍പതാം വാക്യം). യേശുവിന്റെ രാജ്യത്തില്‍ അവിടുത്തെ സിംഹാസനം പങ്കിടുന്നതിനു മുമ്പു നാം യേശുവിന്റെ കഷ്ടതയില്‍ കൂട്ടാളികളാകേണ്ടിയിരിക്കുന്നു.

പുതിയനിയമത്തില്‍ ഉടനീളം ഊന്നിപ്പറഞ്ഞിരിക്കുന്ന ഒരു ഗുണമാണു സഹിഷ്ണുത. യേശുതന്നെ ‘അന്ന് അവര്‍ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കും….എന്നാല്‍ അവസാനത്തോളം സഹിച്ചു നില്ക്കുന്നവന്‍ രക്ഷിക്കപ്പെടും’ (മത്താ.24:9,13) എന്നു പറഞ്ഞിരിക്കുന്നു.

‘ആത്മവിവശത’

യോഹന്നാന് ഈ വെളിപ്പാടു ലഭിച്ചത് കര്‍ത്തൃദിവസത്തിലാണ് (പത്താം വാക്യം). ആഴ്ചയുടെ ആദ്യദിവസത്തെ കര്‍ത്തൃദിവസമെന്നു വിളിക്കുവാന്‍ കാരണം അന്നാണ് യേശു പാപത്തേയും സാത്താനേയും മരണത്തേയും കല്ലറയേയും ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റത് എന്നുള്ളതാണ്.

ആദിമശിഷ്യന്മാര്‍ എല്ലാ ആഴ്ചയിലും ആദ്യദിവസം അപ്പം നുറുക്കുവാനും കൂട്ടായ്മ ആചരിപ്പാനുമായി കൂടിവന്നിരുന്നു. (പ്രവൃ. 20:7, 1 കൊരി. 16:2) അവര്‍ക്കു മറ്റു വിശേഷദിവസങ്ങളൊന്നും ഉണ്ടായിരുന്നില്ല- ‘ദുഃഖവെള്ളിയാഴ്ച’യോ ‘ഈസ്റ്ററോ’ ‘ക്രിസ്തുമസ്സോ’ ഒന്നും. അവര്‍ പുതിയ ഉടമ്പടിയുടെ കീഴില്‍ വന്നിരുന്നതുകൊണ്ട് കാലങ്ങളും ദിവസങ്ങളും ആചരിക്കുന്നതില്‍ നിന്നു സ്വാതന്ത്ര്യം നേടിയിരുന്നു. (കൊലോ.2:16, 17).

യോഹന്നാന്‍ ‘ആത്മവിവശത’യിലായി. അതുകൊണ്ടാണ് തനിക്കു ദൈവശബ്ദം കേള്‍പ്പാന്‍ കഴിഞ്ഞത്. നമുക്കും ആ ശബ്ദം കേള്‍പ്പാന്‍ കഴിയും- നാമും ആത്മാവിലായാല്‍. നാം മനസ്സ് എവിടെയാണു വച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാം ഇരിക്കുന്നത്. നമ്മുടെ മനസ്സ് ഭൂമിയിലെ കാര്യങ്ങളിലാണെങ്കില്‍ നാം കേള്‍ക്കുക ഭൗമികകാര്യങ്ങളെക്കുറിച്ചുള്ള ശബ്ദങ്ങളായിരിക്കും.

ഉദാഹരണത്തിന് നമ്മുടെ ചുറ്റുമുള്ള വായുമണ്ഡലത്തില്‍ വിവിധ റേഡിയോതരംഗങ്ങളില്‍ വ്യത്യസ്തശബ്ദവീചികള്‍ പ്രവഹിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ റേഡിയോ ഏതു തരംഗദൈര്‍ഘ്യത്തിലാണു ട്യൂണ്‍ ചെയ്തിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണു നാം ശബ്ദങ്ങള്‍ പിടിച്ചെടുക്കുന്നത്. റേഡിയോയില്‍ നിങ്ങള്‍ക്ക് ഒന്നുകില്‍ ദൈവവചനം ശ്രവിക്കാം. അല്ലെങ്കില്‍ സാത്താന്റെ റോക് സംഗീതം കേള്‍ക്കാം. തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ്.

നമ്മുടെ മനസ്സും ഇങ്ങനെയാണ്. നാം ആത്മാവിലാണെങ്കില്‍, അതായതു നാം ആത്മാവിനാല്‍ നിറയപ്പെടുകയും നമ്മുടെ മനസ്സ് ഉയരത്തിലുള്ള കാര്യങ്ങളില്‍ വച്ചിരിക്കുകയുമാണെങ്കില്‍ (കൊലൊ.3:2) നമുക്കു കര്‍ത്താവിന്റെ സ്വരം കേള്‍ക്കുവാന്‍ കഴിയും.

പക്ഷേ അന്തരീക്ഷത്തില്‍ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ ഒച്ചവയ്ക്കുന്ന മറ്റു ശബ്ദങ്ങളുമുണ്ട്. എങ്ങനെ കൂടുതല്‍ പണമുണ്ടാക്കാം, കുടുംബസ്വത്തിലെ നിങ്ങളുടെ ഓഹരി എങ്ങനെ കൈക്കലാക്കാം, നിങ്ങളെ ചതിച്ച ആളോട് എങ്ങനെ കണക്കുതീര്‍ക്കാം, നിങ്ങളെക്കുറിച്ച് വ്യാജകഥകള്‍ പ്രചരിപ്പിച്ചവരുടെ മുമ്പില്‍ എങ്ങനെ സ്വയം ന്യായീകരിക്കാം തുടങ്ങിയ കാര്യങ്ങള്‍ ഈ ശബ്ദങ്ങള്‍ നിങ്ങളോടു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. വ്യാജം, കയ്പ്, ഉത്ക്കണ്ഠ തുടങ്ങിയവയുടെ 24 മണിക്കൂര്‍ പ്രക്ഷേപണമാണു സാത്താന്റെ റേഡിയോ സ്റ്റേഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ നിങ്ങള്‍ കേള്‍ക്കാന്‍ ഇച്ഛിക്കുന്നതു പിടിച്ചെടുക്കാന്‍ നിശ്ചിത തരംഗദൈര്‍ഘ്യത്തില്‍ ട്യൂണ്‍ ചെയ്താല്‍ മാത്രം മതി.

പല വിശ്വാസികളും ദൈവം തങ്ങളോടു സംസാരിക്കുന്നില്ലെന്നു പരാതിപ്പെടാറുണ്ട്. സത്യത്തില്‍ ദൈവം സദാസമയവും സംസാരിക്കുന്നുണ്ട്. എന്നാല്‍ അവരുടെ മനസ്സ് ഈ ലോകത്തിലും അതിന്റെ താല്പര്യങ്ങളിലും ട്യൂണ്‍ ചെയ്തിരിക്കുന്നതുകൊണ്ട് കേള്‍ക്കാന്‍ കഴിയുന്നില്ലെന്നേയുള്ളൂ. നാം ആത്മാവിലായിരുന്നില്ല എന്നതുകൊണ്ട്, കഴിഞ്ഞകാലങ്ങളില്‍ നമ്മെ ഉദ്ദേശിച്ചുണ്ടായ എത്രയെത്ര പരിശുദ്ധാത്മ ശബ്ദങ്ങള്‍ നമുക്കു പിടിച്ചെടുക്കുവാന്‍ കഴിയാതെപോയി.

നിങ്ങള്‍ സഭായോഗത്തില്‍ ദത്തശ്രദ്ധനായിരുന്ന് പ്രസംഗകന്‍ പറഞ്ഞതുമുഴുവന്‍ ‘മനസ്സിലാക്കി’യാലും പരിശുദ്ധാത്മശബ്ദം കേട്ടില്ലെന്നു വരാം. അതേ സമയം നിങ്ങളുടെ തൊട്ടടുത്തിരുന്നയാള്‍ ആത്മാവിലായിരുന്നതിനാല്‍ കര്‍ത്താവിന്റെ ശബ്ദം വളരെ വ്യക്തമായി കേട്ടതിനാല്‍ അതു കാഹളനാദംപോലെയാണെന്നാണു താന്‍ പറയുന്നത്. അത്ര ഉച്ചത്തിലാണു ദൈവം സംസാരിക്കുന്നത്. പക്ഷേ ഈ കാഹളനാദമൊന്നും ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുന്നതേയില്ല.!

ഞാന്‍ നിങ്ങളെ ബുദ്ധി ഉപദേശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യട്ടെ: നിങ്ങളുടെ ഓരോ ദിവസവും ആത്മാവിലായിരിക്കണം. പ്രത്യേകിച്ച് ഈ അന്ത്യകാലത്ത്. പാപത്തെക്കുറിച്ചുള്ള തിരിച്ചറിവു നഷ്ടപ്പെടുത്താതെ താഴ്മയില്‍ ദൈവമുമ്പാകെ നടക്കുക. അപ്പോള്‍ കര്‍ത്താവിനു പറയുവാനുള്ളതു കേള്‍ക്കാന്‍ നിങ്ങളുടെ കാതുകള്‍ തുറക്കും!

ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവും ഏഴു സഭകളും

വാക്യം 11 – 20 നീ കാണുന്നത് ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്ന, പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദീസ്, ഫിലദല്‍ഫ്യ, ലവൊദിക്ക്യ എന്ന ഏഴു സഭകള്‍ക്കും അയക്കുക എന്നിങ്ങനെ കാഹളത്തിനൊത്ത ഒരു മഹാനാദം എന്റെ പുറകില്‍ കേട്ടു. എന്നോടു സംസാരിച്ച നാദം എന്ത് എന്നു കാണ്മാന്‍ ഞാന്‍ തിരിഞ്ഞു. തിരിഞ്ഞപ്പോള്‍ ഏഴുപൊന്‍വിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലയ്ക്ക് ഒത്തതും കാല്‍ ചുട്ടുപഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചല്‍ പോലെയും ആയിരുന്നു. അവന്റെ വലങ്കയ്യില്‍ ഏഴു നക്ഷത്രം ഉണ്ട്. അവന്റെ വായില്‍നിന്ന് മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു. അവന്റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്റെ മേല്‍വച്ചു. ഭയപ്പെടേണ്ട, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു. എന്നാല്‍ ഇതാ എന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല്‍ എന്റെ കൈവശമുണ്ട്. നീ കണ്ടതും ഇപ്പോള്‍ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും എന്റെ വലങ്കൈയില്‍ കണ്ട ഏഴു നക്ഷത്രത്തിന്റെ മര്‍മ്മവും ഏഴു പൊന്‍വിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു. ഏഴു നിലവിളക്ക് ഏഴു സഭകള്‍ ആകുന്നു എന്നു കല്‍പ്പിച്ചു.

ദൈവം നമുക്കുതരുന്ന സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി ഉള്ളതാണ്. ദൈവം നമ്മോടു സംസാരിക്കുമ്പോള്‍ നാം കേട്ടത് എഴുതിവയ്ക്കുന്നതു നല്ലശീലമാണ്. യോഹന്നാനോട് അങ്ങനെയാണല്ലോ കല്പിച്ചത് (11-ാം വാക്യം). അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ദൈവം അരുളിച്ചെയ്ത കാര്യങ്ങള്‍ പലതും ഒരു പക്ഷേ അവന്‍ മറന്നുപോകുമായിരുന്നു.

ഇവിടെ നല്‍കിയ പ്രത്യേക സന്ദേശം ആസ്യയിലെ ഏഴു സഭകള്‍ക്കുള്ളതാണ്. ഇന്നു തുര്‍ക്കിയുടെ ഭാഗമായ ഒരു ചെറിയ പ്രദേശമാണ് അന്ന് ആസ്യ എന്നറിയപ്പെട്ടിരുന്നത്. ഏകദേശം 75 മൈല്‍ വൃത്തപരിധിക്കുള്ളില്‍ സ്ഥിതിചെയ്തിരുന്നവയാണ് ഈ ഏഴുസഭകളും. എന്നാല്‍ ഈ സഭകളെല്ലാം അടുത്തടുത്തായിരുന്നെങ്കിലും അവയെ എല്ലാം ചേര്‍ത്ത് ‘ആസ്യയിലെ സഭ’ എന്നല്ല വിളിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. അവയെ ‘ആസ്യയിലെ സഭകള്‍’ എന്നാണു വിളിച്ചിരിക്കുന്നത്.

നിസ്സാരമെന്നു തോന്നാമെങ്കിലും വളരെ പ്രധാനപ്പെട്ട വസ്തുതയാണിത്. ‘ആസ്യയിലെ സഭ’ എന്നു പറഞ്ഞിരുന്നെങ്കില്‍ അതിന്റെ അര്‍ത്ഥം ഹെഡ്ക്വാര്‍ട്ടേഴ്‌സും കേന്ദ്രീകൃതഭരണവുമുള്ള ഒരു മതസംഘടനയായി സഭ മാറി എന്നായിരുന്നു. എന്നാല്‍ ‘ആസ്യയിലെ സഭകള്‍’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ഓരോ സഭയും തലയായ കര്‍ത്താവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രാദേശികസഭകള്‍ ആയിരിക്കുന്നു എന്നാണ്.

ക്രിസ്തു മുഖ്യശില്പിയായുള്ള, ദൈവത്തിന്റെ ഒരു പണിയാണു സഭ. ഇതേസമയം മതസംഘടനകള്‍ കെട്ടിപ്പടുത്തിരിക്കുന്നതു മനുഷ്യരാണ്. സഭകളെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതം അവ ഒരു മതസംഘടനയുടേയും ഭാഗമല്ലാതെ, ഓരോന്നും തലയായ ക്രിസ്തുവിനാല്‍ നേരിട്ടു നിയിന്ത്രിക്കപ്പെടുന്നതായിരിക്കണം എന്നാണ്. അപ്പോസ്തലന്മാരുടെ എല്ലാ എഴുത്തുകളും ഉപദേശങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു.

ഈ ഏഴു സഭകളുടേയും പൊതുവായ ചുമതലയുള്ള ഒരു ബിഷപ്പോ സൂപ്രണ്ടോ ഉണ്ടായിരുന്നെങ്കില്‍ യോഹന്നാന് സഭകള്‍ക്കുള്ള കത്തുകള്‍ എല്ലാംകൂടി അദ്ദേഹത്തിനു മാത്രം എത്തിച്ചുകൊടുത്താല്‍ മതിയായിരുന്നു. എന്നാല്‍ കത്തുകള്‍ ഓരോന്നും വ്യക്തിപരമായി ഓരോ സഭയുടേയും ദൂതന് എത്തിക്കേണ്ടിയിരുന്നു. കാരണം ഓരോ സഭയും ഓരോ സ്വതന്ത്രഘടകമാണ്. കര്‍ത്താവു സഭയ്ക്ക് അപ്പോസ്തലന്‍മാരെ നല്‍കിയിട്ടുണ്ട്. യോഹന്നാന്‍ തന്നെ അവരിലൊരാളായിരുന്നു. എന്നാല്‍ കര്‍ത്താവു ബിഷപ്പുമാരെയോ സൂപ്രണ്ടുമാരെയോ സഭയ്ക്കു നിയമിച്ചിട്ടില്ല.

ഉദാഹരണത്തിന് ‘ഇന്ത്യയിലെ സഭ’ എന്നൊന്നില്ല. ‘ഇന്ത്യയിലെ സഭകള്‍’ ആണുള്ളത്. വിവിധ സ്ഥലങ്ങളില്‍ കര്‍ത്താവുതന്നെ അവയെ പണികയും അവിടുന്നു തന്നെ നേരിട്ട് അവ ഓരോന്നിന്റേയും തല ആയിരിക്കുകയും ചെയ്യുന്നു.

സാത്താന്റെ ആത്യന്തിക ഉന്നം തന്റേതായ വ്യാജസഭ (ബാബിലോണ്‍) പണിയുക എന്നതാണ്. അതിന്റെ ആദ്യപടിയായി സഭകളെ ഒന്നിച്ചുകൂട്ടി സംഘടനകളാക്കുകയെന്നതാണ് പല നൂറ്റാണ്ടുകളായി അവന്റെ ലക്ഷ്യം. അതു നടക്കാത്തപക്ഷം ബാബിലോണ്‍ പണിയുന്നതു ദുഷ്‌ക്കരമായിരിക്കും എന്നവനറിയാം. സാത്താന്റെ തന്ത്രങ്ങളെക്കുറിച്ച് നാം അജ്ഞരായിരിക്കരുത്.

ഏഴു നിലവിളക്കുകള്‍ ഏഴുസഭകളുടെ പ്രതീകങ്ങളാണ് (20-ാം വാക്യം നോക്കുക). പഴയ ഉടമ്പടിയില്‍ ദേവാലയത്തില്‍ ഏഴു കവരങ്ങളുള്ള ഒരു നിലവിളക്കാണ് ഉണ്ടായിരുന്നത്. ഇതിനു കാരണം യിസ്രായേലിലെ ഗോത്രങ്ങളെല്ലാം യെരുശലേമില്‍ ഭരണകേന്ദ്രവും നേതാക്കളുമുള്ള ഒരു ‘സംഘടന’യുടെ ശാഖകളായിരുന്നു എന്നതാണ്.

പക്ഷേ പുതിയ ഉടമ്പടിയില്‍ ഇതു തികച്ചും വ്യത്യസ്തമാണ്. ഇവിടെ പ്രത്യേകം പ്രത്യേകം ഏഴു നിലവിളക്കുകളാണുള്ളത്. ഇതിന്റെ കാരണം നാം മുകളില്‍ പറഞ്ഞതുപോലെ ഓരോസഭയും ക്രിസ്തുവിന്റെ കര്‍ത്തൃത്വമുള്ള സ്വതന്ത്രസഭകളാണ് എന്നതാണ്. തലയായ ക്രിസ്തുവിലൂടെയുള്ള ബന്ധത്തില്‍ സഭകള്‍ തമ്മില്‍ കൂട്ടായ്മയുണ്ടെന്നു മാത്രം.

സഭയെ നിലവിളക്കെന്നു വിളിച്ചിരിക്കുന്നതു ദൈവത്തിന്റെ ദൃഷ്ടിയില്‍ അതിന്റെ പ്രാഥമിക ചുമതല വെളിച്ചം നല്‍കുക എന്നതാണെന്നു സൂചിപ്പിക്കുന്നു. അതുപോലെ യഥാര്‍ത്ഥസഭയുടെ ദിവ്യഉത്ഭവത്തെയാണ് നിലവിളക്ക് സ്വര്‍ണ്ണം കൊണ്ടുള്ളതാണ് എന്ന വസ്തുത സൂചിപ്പിക്കുന്നത്. മനുഷ്യരാലല്ല, കര്‍ത്താവിനാലാണതു പണിയപ്പെട്ടിരിക്കുന്നത്.

നിലവിളക്ക് ഒരലങ്കാരത്തിനുള്ളതല്ല. സഭയും അങ്ങനെതന്നെ! ഓരോ സഭയും പ്രകാശിപ്പിക്കേണ്ട വെളിച്ചം ദൈവവചനമാണ്. അതുമാത്രമാണ് ഈ അന്ധകാരനിബഡമായ ലോകത്തില്‍ നമ്മുടെ പാതയുടെ പ്രകാശം (സങ്കീ.119:105). ആ വെളിച്ചം പ്രകാശിപ്പിക്കേണ്ടതിനു പകരം ‘സഭ’ സ്‌കൂളും ആശുപത്രിയും നടത്താനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുവാനും തുനിയുമ്പോള്‍ ദൈവത്തിന്റെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചുപോയി എന്നതു വ്യക്തമാണ്.

ആരാണു സംസാരിക്കുന്നതെന്നറിയാന്‍ യോഹന്നാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് യേശുവിനെയാണ് (വാക്യം 12, 13). സഭകളുടെ മധ്യത്തിലാണ് യേശുവിനെ കാണുന്നത്. പ്രാദേശികസഭകളിലൂടെയാണു കര്‍ത്താവു സ്വയം വെളിപ്പെടുത്തുവാനും മറ്റുള്ളവരോടു സംസാരിക്കുവാനും ആഗ്രഹിക്കുന്നത്.

ദൈവത്തിന്റെ വാസസ്ഥാനമായി ബൈബിളില്‍ ആദ്യം പറഞ്ഞിരിക്കുന്നതു മരുഭൂമിയില്‍ മോശെ കണ്ട കത്തുന്ന മുള്‍പ്പടര്‍പ്പിനെയാണ്. (ആവ. 33:16). പത്മോസില്‍ യോഹന്നാന്‍ ചെയ്തതുപോല, അന്നു മോശെയും ഈ അത്ഭുതകാഴ്ചയെന്തെന്നു കാണുവാന്‍ തിരിഞ്ഞു. അപ്പോഴാണ് ദൈവം അവനോടും സംസാരിച്ചത് (പുറ. 3:3).

ഇന്നു സഭയാണ് ദൈവത്തിന്റെ വാസസ്ഥലം. കത്തുന്ന മുള്‍പ്പടര്‍പ്പുപോലെ ഓരോ സഭയും തന്റെ ആത്മാവിനാല്‍ കത്തിശോഭിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ആളുകള്‍ ഒരു പ്രാദേശിക സഭയെ വീക്ഷിക്കുമ്പോള്‍ അതിലെ അംഗങ്ങള്‍ ക്രിസ്തുവിന്റെ ജീവന്‍ വെളിപ്പെടുത്തുന്നവരായി കാണപ്പെടണം. അപ്പോള്‍ ദൈവത്തിന് ആ സഭയിലൂടെ ആളുകളോടു സംസാരിക്കുവാന്‍ കഴിയും.

തുടര്‍ന്നു യോഹന്നാന്‍ താന്‍ കണ്ടതുപോലെ കര്‍ത്താവിനെ വര്‍ണ്ണിക്കുന്നു. കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റെങ്കിലും തന്നെ ഇപ്പോഴും മനുഷ്യപുത്രനെന്നാണു പരാമര്‍ശിക്കുന്നത്. മാനുഷികതയുമായി അവിടുന്നു സ്ഥിരമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു എന്ന വസ്തുതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

പാദത്തോളമെത്തുന്ന അവിടുത്തെ നിലയങ്കി (തീര്‍ച്ചയായും, വെള്ളനിറമാണതിന്) നമുക്കുവേണ്ടി മദ്ധ്യസ്ഥതയണയ്ക്കുന്ന തന്റെ മഹാപൗരോഹിത്യത്തെ കാണിക്കുന്നു (13-ാം വാക്യം). എല്ലാ വര്‍ഷവും മഹാപാപപരിഹാരദിനത്തില്‍ സമാഗമനകൂടാരത്തിലെ അതിവിശുദ്ധസ്ഥലത്തേക്കു പോകുന്ന മഹാപുരോഹിതന്റെ വേഷമാണിത്.

കര്‍ത്താവ് മാറത്ത് പൊന്‍കച്ചകെട്ടിയിരിക്കുന്നു. (13-ാം വാക്യം). പൊന്ന് ദൈവികത്വത്തെയാണ് കാണിക്കുന്നത്. കച്ച നീതിയുടേയും വിശ്വസ്തതയുടേയും പ്രതീകവും (യെശ.11:5). ഭൂമിയിലെ ജീവിതത്തില്‍ യേശുവില്‍ വിളങ്ങിയ ദൈവത്തിന്റെ പൂര്‍ണ്ണ നീതി, നമ്മോടുള്ള വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ അവിടുന്നു കാട്ടുന്ന വിശ്വസ്തത എന്നിവയെയാണ് ഇതു സൂചിപ്പിക്കുന്നത്.

‘അവിടുത്തെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയാണെ’ന്നു 14-ാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നു. ദൈവത്തിന്റെ നിത്യതയെ (അവസാനമില്ലാത്ത ആയുസ്സിനെ) വ്യക്തമാക്കാന്‍ ദാനിയേല്‍ 7:9 ല്‍ ഇതേ പ്രതീകം തന്നെ ഉപയോഗിച്ചിട്ടുണ്ട്. വെളുത്ത തലമുടി അവിടുത്തെ പരിജ്ഞാനത്തേയും സൂചിപ്പിക്കുന്നു. ഇവയെല്ലാം വ്യക്തമാക്കുന്നത് യേശു മനുഷ്യപുത്രനാണെങ്കിലും പൂര്‍ണ്ണജ്ഞാനിയായ നിത്യനായ ദൈവം കൂടിയാണ് എന്ന സത്യമാണ്.

അവിടുത്തെ കണ്ണുകള്‍ അഗ്നിജ്വാലയ്‌ക്കൊത്തതാണ് (14-ാം വാക്യം). അതിനു മുമ്പില്‍ ‘എല്ലാം നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു’ (എബ്രാ.4:13). അതു മതപരമായ എല്ലാ മൂടുപടങ്ങളേയും ഭക്തിയുടെ എല്ലാ ആലങ്കാരിക ഭാഷാപ്രയോഗങ്ങളേയും കപടഭക്തരുടെ എല്ലാ ‘ഭക്തിയുടെ വേഷങ്ങളെ’യും തുളച്ചുചെല്ലുന്നു. അതു ദൈവഭയമുള്ള ഒരുവന്റെ അവ്യക്തവും പതറിയതുമായ വാക്കുകളെ മറികടന്ന് അവന്റെ ഹൃദയത്തിലെ ആത്മാര്‍ത്ഥതയേയും കണ്ടെത്തുന്നുണ്ട്. ഇതിന്റെ എല്ലാം ഫലമായി ദൈവത്തിന്റെ വിലയിരുത്തല്‍ മനുഷ്യന്റേതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ്.

‘അവിടുത്തെ കാല്‍ ഉലയില്‍ ചുട്ടുപഴുപ്പിച്ച വെള്ളോട്ടിനു സദൃശ’മാണ് (15-ാം വാക്യം). സമാഗമനകൂടാരത്തിലെ പ്രാകാരത്തിലുള്ള യാഗപീഠം പൊതിഞ്ഞിരിക്കുന്നതു താമ്രം (ഓട്) കൊണ്ടാണ്. അതിന്മേലാണല്ലോ പാപയാഗം നടത്തുന്നത്. അതുകൊണ്ട് മനുഷ്യരുടെ പാപങ്ങള്‍ക്കു കാല്‍വറിയില്‍ ശിക്ഷവിധിച്ച ദൈവികന്യായവിധിയുടെ പ്രതീകമാണ് ഓട്. സര്‍പ്പത്തിന്റെ തലതകര്‍ത്തപ്പോള്‍ യേശുവിന്റെ കാലും കാല്‍വറിയില്‍ തുളയ്ക്കപ്പെടുകയുണ്ടായല്ലോ (ഉല്പ. 3:15).
അവിടുത്തെ ശബ്ദം ‘പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെ ആയിരുന്നു’ (15-ാം വാക്യം). ജീവജലത്തിന്റെ നദി പരിശുദ്ധാത്മാവിനെ കുറിക്കുന്നു (യോഹ. 7:37-39). യേശുവിന്റെ പ്രസംഗം എപ്പോഴും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും സൗമ്യതയും നിറഞ്ഞതായിരുന്നു.

അവിടുത്തെ ‘വലങ്കയ്യില്‍ ഏഴുനക്ഷത്രം ഉണ്ടായിരുന്നു’.(16-ാം വാക്യം). ഏഴു നക്ഷത്രം ഏഴുസഭകളുടെ ദൂതന്മാരാണ് (20-ാം വാക്യം). പുതിയനിയമസഭയെ ദൈവം നിയമിച്ച മൂപ്പന്മാരുടെ സംഘമാണു നയിക്കേണ്ടത് (പ്രവൃ. 14:23, തീത്തോ 1:5, പ്രവൃ 20:17). പക്ഷേ സഭയില്‍ ദൈവവചനം പ്രഘോഷിക്കുവാനുള്ള വരം തന്റെ ദുതനെന്ന നിലയില്‍ അവരില്‍ ഒരുവനു ദൈവം നല്‍കുന്നു. അവനെയാണു ‘സഭയുടെ ദൂതനെ’ന്നു വിളിച്ചിരിക്കുന്നത് (‘ദൂതന്‍’ എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്ന ഗ്രീക്കു പദത്തിന്റെ ശരിയായ അര്‍ത്ഥം ‘സന്ദേശവാഹകന്‍’ എന്നാണ്).

ഈ ദുതന്മാരെ ക്രിസ്തു തന്റെ കൈകളില്‍ വഹിച്ചിരിക്കുന്നു. ഇതു കൊണ്ടാണ് ‘വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്ന മൂപ്പന്മാരെ ഇരട്ടിമാനത്തിനു യോഗ്യരായി എണ്ണണം’ എന്നു പറഞ്ഞിരിക്കുന്നത് (1 തിമൊ. 5:17).

എന്നാല്‍ ഇവിടെ ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. ഇന്നു പല സഭകളിലെയും മൂപ്പന്മാരേയും, ദൈവവചനം പ്രസംഗിക്കുന്ന പലരേയും, ക്രിസ്തു തന്റെ കൈകളില്‍ വഹിച്ചിട്ടില്ല. കാരണം അവര്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരല്ല, മറിച്ച് ആ സ്ഥാനം സ്വയം സ്വീകരിച്ചവരാണ്.

കര്‍ത്താവിനാല്‍ നിയമിക്കപ്പെട്ട ഒരു ദൂതന്‍ നിങ്ങളുടെ വിശ്വാസം നേടിയ ഒരു ദൈവമനുഷ്യനായിരിക്കും. തന്റെ ജീവിതം, ശുശ്രൂഷ എന്നിവയാല്‍ നിങ്ങളെ പോഷിപ്പിക്കുകയും നയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നവനായിരിക്കും. അത്തരം ഒരുവന്‍ കര്‍ത്താവിന്റെ കൈകളില്‍ വഹിക്കപ്പെട്ടവനാകയാല്‍ ബഹുമാനത്തിനു യോഗ്യനാണ്. ഉവ്വ്, അത്തരം ചുരുക്കം പേര്‍ മാത്രമേ ഇന്നു ലോകത്തുള്ളൂ. എങ്കിലും ചുരുക്കംപേരെങ്കിലും ഉണ്ടല്ലോയെന്നോര്‍ത്തു ദൈവത്തെ സ്തുതിക്കാം.

ദൈവദാസന്മാരെ സാത്താന്‍ പ്രത്യേകം ഉന്നംവച്ചിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ കര്‍ത്താവിന്റെ കൈകളില്‍ പ്രത്യേകം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. താഴ്മയില്‍ തുടരുന്നിടത്തോളം കാലം സാത്താന് അവരെ സ്പര്‍ശിക്കുവാന്‍പോലും കഴിയുകയില്ല. പക്ഷേ അവര്‍ നിഗളിച്ചുപോകുകയോ പാപം ചെയ്തിട്ട് അനുതപിക്കാതിരിക്കുകയോ ചെയ്താല്‍ അവരെ പല വിധത്തില്‍ ദണ്ഡിപ്പിക്കാന്‍ ദൈവം സാത്താനെ അനുവദിക്കും. അവര്‍ അനുതാപത്തിലേക്കു വരുവാന്‍ വേണ്ടിയാണത്. തന്റെ ദൂതന്‍ എന്ന നിലയില്‍ ദൈവത്താല്‍ കൈകളില്‍ വഹിക്കപ്പെടുന്നത് ഒരു പ്രത്യേക അവകാശമാണ്. പക്ഷേ വലിയ ഉത്തരവാദിത്വവും അതിനുണ്ട്.
യേശുവിന്റെ വായില്‍ നിന്ന് ‘മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു’ (16-ാം വാക്യം). ഇത് അവിടുന്നു സംസാരിക്കുന്ന ദൈവവചനത്തെയാണ് സൂചിപ്പിക്കുന്നത് (എബ്രാ.4:12). പതിനഞ്ചാം വാക്യത്തില്‍ അവിടുത്തെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാണെന്നു നാം കണ്ടു. ഈ രണ്ടു വാക്യങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ യേശു എപ്പോഴും ദൈവവചനം പരിശുദ്ധാത്മാവിന്റെ ശക്തിയിലാണു സംസാരിച്ചതെന്നാണു സൂചന. അവിടുന്നു വളരെ സൗമ്യതയോടെ സംസാരിച്ചു. എന്നാല്‍ ആവശ്യമുള്ളിടത്ത് അവിടുന്നു തുറന്നു ശാസിച്ചു.

കര്‍ത്താവിന്റെ മുഖം ‘സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു’ (16-ാം വാക്യം). പത്രോസും യോഹന്നാനും യാക്കോബും യേശുവിനെ മറുരൂപമലയില്‍ കണ്ടതും ഇമ്മട്ടില്‍ തന്നെ (മത്താ.17 :2). ദൈവം വസിക്കുന്ന ‘അടുത്തുകൂടാത്ത വെളിച്ച’ത്തിന്റെ പ്രതീകമാണ് ഇത് (1 തിമൊ. 6:16). ദൈവത്തിന്റെ വിശുദ്ധിയെ, നമുക്കു നേരെ നോക്കുവാന്‍ കഴിയാത്ത നട്ടുച്ചസൂര്യന്റെ പ്രകാശത്തോടാണ് ഉപമിച്ചിരിക്കുന്നത്. അണുക്കള്‍ക്കോ രോഗബീജങ്ങള്‍ക്കോ വസിപ്പാന്‍ കഴിയാത്തവിധം കത്തിയെരിയുന്ന ഒരു തീഗോളമാണു സൂര്യന്‍. ദൈവസാന്നിധ്യത്തില്‍ പാപത്തിനു നിലനില്‍ക്കാനാവില്ല. (യെശ.33:14).

യേശുവിന്റെ പാദത്തില്‍

അന്ത്യ അത്താഴസമയത്ത് യേശുവിന്റെ മാര്‍വ്വോട് ചേര്‍ന്നിരുന്ന യോഹന്നാന്‍ ഇവിടെ മരിച്ചവനെപ്പോലെ അവിടുത്തെ കാല്ക്കല്‍ വീഴുന്നു (17-ാം വാക്യം). ഇതിനോടകം ദൈവത്തോടൊപ്പം 65 വര്‍ഷം നടന്ന യോഹന്നാനാണ് അന്നു ഭൂമിയില്‍ ജീവിച്ചിരുന്ന ഏറ്റവും വിശുദ്ധനായ മനുഷ്യന്‍ എന്നതിനു സംശയമില്ല. എന്നിട്ടും അവനു ദൈവസന്നിധിയില്‍ നിവര്‍ന്നു നില്പാന്‍ കഴിഞ്ഞില്ല. കര്‍ത്താവിനെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ളവരാണ് ദൈവത്തെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്. അതേസമയം ദൈവത്തെ കുറച്ചുമാത്രം അറിഞ്ഞിട്ടുള്ളവര്‍ ദൈവത്തോട് ഗൗരവമില്ലാത്ത ഒരുതരം അടുപ്പം ഭാവിക്കുന്നതു കാണാം.

സ്വര്‍ഗ്ഗത്തിലെ സാറാഫുകള്‍ പോലും ദൈവമുമ്പാകെ തങ്ങളുടെ മുഖം മറയ്ക്കുന്നു. (യെശ. 6:2,3). ഇയ്യോബും യെശയ്യാവും ദൈവതേജസ്സ് കണ്ടപ്പോള്‍ തങ്ങളുടെ പാപത്തെക്കുറിച്ച് നിലവിളിച്ചു (ഇയ്യോ. 42:5,6, യെശ. 6:5). അതേസമയം ”മാലാഖമാര്‍ കാലടിവയ്ക്കാന്‍ മടിക്കുന്നിടത്ത് വിഡ്ഢികള്‍ ഓടിക്കയറും”!! ജഡികരായ വിശ്വാസികളുടെ ഭോഷത്തം ഇതാണ്.

കര്‍ത്താവിനെ നാം കൂടുതല്‍ അറിയുന്തോറും വിസ്മയം പൂണ്ട് അവിടുത്തെ പാദത്തില്‍ വീഴുകയും പൊടിയില്‍ നമ്മുടെ മുഖം താഴ്ത്തുകയും ചെയ്യും. കര്‍ത്താവിന്റെ മഹത്വം നിരന്തരം കണ്ടുകൊണ്ടിരുന്നാല്‍ മാത്രമേ നാം നമ്മുടെ തന്നെ ക്രിസ്‌തേതരമായ സ്വഭാവം കണ്ടെത്തുകയുള്ളു. അപ്പോള്‍ മാത്രമേ മറ്റുള്ളവരെ വിധിക്കുന്നതു നിറുത്തി നാം സ്വയം വിധിക്കാന്‍ തുടങ്ങുകയുള്ളു. അപ്പോള്‍ മാത്രമേ പത്മോസില്‍ യോഹന്നാന്‍ അനുഭവിച്ച ശക്തിയുടെ സ്പര്‍ശനം നമുക്കും അനുഭവവേദ്യമാകൂ.

യേശു തന്റെ വലതുകരം യോഹന്നാന്റെ മേല്‍ വച്ചു. (17-ാം വാക്യം). അധികാരവും ശക്തിയും അണിയിക്കുന്നതിന്റെ പ്രതീകമാണിത്. ‘ഭയപ്പെടേണ്ട’ എന്നും അവിടുന്നു യോഹന്നാനോട് അരുളിച്ചെയ്തു.

യേശു ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്ന രണ്ടു വാക്കുകള്‍ ‘അനുഗമിക്കുക’, ‘ഭയപ്പെടേണ്ട’ എന്നിവയായിരുന്നു. അവിടുന്ന് അതേ വാക്കുകള്‍ തന്നെയാണ് ഇന്നും നമ്മോടു പറയുന്നത്.

യേശു യോഹന്നാനോട് താന്‍ ആദ്യനും അന്ത്യനുമാണെന്നു തുടര്‍ന്ന് അരുളിച്ചെയ്യുന്നു. പിതാവ് നേരത്തെ ഉപയോഗിച്ച പേരും ഇതുതന്നെയാണ് (എട്ടാം വാക്യം). ആരംഭത്തില്‍ തന്നെ അവസാനവും അറിയുന്നവനാണ് അവിടുന്ന്. ആരംഭത്തിനു മുമ്പുതന്നേയും അവിടുന്ന് ഉണ്ടായിരുന്നു. അവസാനത്തിനു ശേഷവും ഉണ്ടായിരിക്കും. അതുകൊണ്ട് നാം ഒരിക്കലും ഭയപ്പെടേണ്ടതില്ല.

തുടര്‍ന്ന് യേശു യോഹന്നാനോട് താന്‍ എങ്ങനെയാണു മരണത്തേയും കല്ലറയേയും ജയിച്ചതെന്നും ഇപ്പോള്‍ മരണത്തിന്റെയും പാതാളത്തിന്റെയും (വേര്‍പെട്ട ആത്മാക്കളുടെ സ്ഥലം) താക്കോല്‍ വഹിക്കുന്നതെന്നും അരുളിച്ചെയ്യുന്നു (18-ാം വാക്യം). താക്കോലുകള്‍ വാതിലുകള്‍ അടയ്ക്കാനും തുറക്കാനുമുള്ള അധികാരത്തിന്റെ പ്രതീകമാണ്. ഒരിക്കല്‍ മരണത്തിന്റെ അധികാരം സാത്താനായിരുന്നു (എബ്ര. 2:14,15). പക്ഷേ യേശു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ അവിടുന്ന് ആ താക്കോലുകള്‍ സാത്താന്റെ പക്കല്‍നിന്ന് എടുത്തു.

ഇപ്പോള്‍ മരണത്തിന്റേയും പാതാളത്തിന്റേയും താക്കോല്‍ യേശുവിന്റെ കൈയിലാണ്.അതിന്റെ അര്‍ത്ഥം നിങ്ങള്‍ ജീവിതത്തില്‍ ദൈവഹിതം മാത്രം അമ്പേഷിക്കുന്ന, പൂര്‍ണ്ണമനസ്‌കനായ, ക്രിസ്തുശിഷ്യനാണെങ്കില്‍ ദൈവം നിയമിച്ച സമയത്തിനു മുമ്പേ നിങ്ങള്‍ മരിക്കുക അസാദ്ധ്യമാണ് എന്നാണ്. മരണത്തിന്റെ വാതില്‍ തുറന്ന് അതിലൂടെ നിങ്ങളെ തന്റെ സന്നിധിയില്‍ ചേര്‍ക്കാന്‍ സമയമായെന്ന് യേശു തീരുമാനിക്കുന്നതുവരെ ഒരു അപകടത്തിനോ അസുഖത്തിനോ നിങ്ങളുടെ ജീവനപഹരിക്കുവാന്‍ കഴിയുകയില്ല. യഥാര്‍ത്ഥമായി യേശുവിന്റെ ശിഷ്യരായിരിക്കുന്ന എല്ലാവര്‍ക്കുമുള്ള വലിയ ധൈര്യം ഇതാണ്.

പത്മോസില്‍ യോഹന്നാന്‍ ആളുകളാല്‍ പീഡിപ്പിക്കപ്പെട്ടേക്കാം. എന്നാല്‍ ദൈവത്തിന്റെ സമയം വരുന്നതുവരെ അവര്‍ക്ക് അവനെ കൊല്ലുവാന്‍ സാധ്യമല്ല. കാരണം അപ്പോഴും യോഹന്നാനു കര്‍ത്താവു നല്‍കിയ ഒരു ശുശ്രൂഷ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു.

വെളിപ്പാടു പുസ്തകം എന്ന അത്ഭുതകരമായ ഗ്രന്ഥത്തിന്റെ രചനയ്ക്കുവേണ്ടിയാണ് കര്‍ത്താവ് ഇപ്പോള്‍ യോഹന്നാനെ ശക്തീകരിച്ചതും നിയോഗിച്ചതും (17-ാം വാക്യം). ശുശ്രൂഷ വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ കര്‍ത്താവു നമ്മെ തുടര്‍ച്ചയായി ശക്തീകരിക്കേണ്ടതുണ്ട്.

വെളിപ്പാടു പുസ്തകത്തിന്റെ ത്രിവിധ വിഭജനം

പത്തൊമ്പതാം വാക്യത്തില്‍ കര്‍ത്താവു യോഹന്നാനെ ഈ പുസ്തകം മൂന്നായി വിഭാഗിച്ചുകാട്ടുന്നു.

(1) യോഹന്നാന്‍ ഇതുവരെ കണ്ടത് (ഒന്നാം അദ്ധ്യായം): – ‘ഭയപ്പെടേണ്ട’ എന്നരുളിച്ചെയ്ത ജയാളിയായ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള ദര്‍ശനം. കര്‍ത്താവിന്റെ മഹത്വം കണ്ടിട്ടുള്ള ഒരു ശിഷ്യന്റെ ഹൃദയത്തില്‍ ഭയത്തിനു യാതൊരു സ്ഥാനവും ഉണ്ടായിരിക്കുകയില്ല.

(2) യോഹന്നാന്റെ കാലഘട്ടത്തിലെ സാഹചര്യം (രണ്ടും മൂന്നും അദ്ധ്യായം): -ഏഷ്യാമൈനാറിലെ ഏഴുസഭകളുടെ സ്ഥിതിയെക്കുറിച്ചുള്ള പരാമര്‍ശം. ഏതു കാലഘട്ടത്തിലെ സഭകളോടും അവരുടെ ദൂതന്മാരോടുമുള്ള കര്‍ത്താവിന്റെ താക്കീതും വെല്ലുവിളിയുമാണ് ഏഴു സഭകള്‍ക്കുള്ള ദൂതുകള്‍.

(3) യോഹന്നാന്റെ കാലത്തിനു ശേഷമുള്ള സംഭവങ്ങള്‍ (നാലു മുതല്‍ 22 വരെയുള്ള അദ്ധ്യായങ്ങള്‍):-പത്തൊന്‍പതാം വാക്യത്തില്‍ കാണുന്ന (ഇംഗ്ലീഷ് ബൈബിളില്‍) ‘ഇവയ്ക്കുശേഷം’ എന്ന പ്രയോഗത്തിനു തുല്യമായ ‘അനന്തരം’ എന്ന വാക്ക് നാലാം അദ്ധ്യായം ഒന്നാം വാക്യത്തില്‍ കാണാം. ഇതു സൂചിപ്പിക്കുന്നത് പുസ്തകത്തിന്റെ മൂന്നാം ഭാഗം അവിടെ തുടങ്ങുന്നു എന്നാണ്.

തുടര്‍ന്ന് യോഹന്നാനു നിലവിളക്കിന്റെയും നക്ഷത്രങ്ങളുടെയും അര്‍ത്ഥം കര്‍ത്താവു വിശദീകരിച്ചുകൊടുക്കുന്നു (20-ാം വാക്യം). 12, 16 എന്നീ വാക്യങ്ങളെക്കുറിച്ചു ചിന്തിച്ചപ്പോള്‍ നാം ഇതിന്റെ അര്‍ത്ഥം പഠിച്ചതാണ്.

തന്റെ വചനത്തിന്റെ രഹസ്യങ്ങളെക്കുറിച്ചുള്ള വെളിപ്പാട് കര്‍ത്താവിനു മാത്രമേ നല്‍കുവാന്‍ കഴിയൂ. ഈ വെളിപ്പാടു പ്രാപിക്കാന്‍ നമുക്കു രണ്ടു ഗുണങ്ങള്‍ അന്ത്യന്താപേക്ഷിതമാണ്. ഒന്ന്: ദൈവഭയം, രണ്ട്: താഴ്മ. ”കര്‍ത്താവിന്റെ രഹസ്യങ്ങള്‍തന്നെ ഭയപ്പെടുന്നവര്‍ക്കുവേണ്ടിയാണ്…..അവന്‍ തന്റെ വഴികളെ താഴ്മയുള്ളവരെ പഠിപ്പിക്കുന്നു” (സങ്കീ. 25:14, 9).

ഈ ആത്മാവില്‍ നമുക്കീ പുസ്തകം തുടര്‍ന്നു പഠിക്കാം.

അദ്ധ്യായം 2

ഏഴു സന്ദേശങ്ങളും പ്രാഥമികമായി ഏഴു സഭകളുടെ ദൂതന്മാര്‍ക്കാണ് എഴുതിയിട്ടുള്ളത്. പക്ഷേ ഓരോ സന്ദേശത്തിന്റെയും ഒടുവില്‍ പരിശുദ്ധാത്മാവ് എല്ലാ സഭകളോടും പറയുന്നതു ശ്രദ്ധിപ്പാന്‍, കേള്‍പ്പാന്‍ ചെവിയുള്ള എല്ലാവരെയും ക്ഷണിച്ചിരിക്കുന്നതു കാണാം. ഏതു തലമുറയിലും ഏതു സഭയിലുമുള്ള എല്ലാ ശിഷ്യന്മാര്‍ക്കും വേണ്ട സന്ദേശം ഇവയിലുണ്ടെന്നാണ് ഇതിന്റെ അര്‍ത്ഥം.

ആദ്യഅദ്ധ്യായത്തില്‍ കര്‍ത്താവിനെ ‘വിശ്വസ്ത സാക്ഷി’ എന്നുവിവരിച്ചിരിക്കുന്നതു നമ്മള്‍ കണ്ടു. അവിടുത്തെ ആ ശുശ്രൂഷ ഈ കത്തുകളില്‍ തികച്ചിരിക്കുന്നതാണ് കാണുന്നത്. ഒരു ആധുനിക പ്രയോഗം കടമെടുത്തു പറഞ്ഞാല്‍, യേശു ‘കാര്യങ്ങളെങ്ങനെയോ അങ്ങനെ തന്നെ’ തുറന്നു പറഞ്ഞിരിക്കുകയാണ്. തന്റെ സഭയുടെ മദ്ധ്യത്തില്‍ ക്രിസ്തുതന്നെയാണ് ന്യായാധിപതി. അവിടുന്നു സഭയുടെ ദുതനേയും സഭയേയും വിധിച്ചിരിക്കുകയാണ്. അവരെക്കുറിച്ച് അവിടുന്നു വിചാരിക്കുന്നതെന്തെന്നു സഭകളോടും ദൂതന്മാരോടും കര്‍ത്താവു കൃത്യമായിപ്പറയുന്നു.

സഭകളെ വിലയിരുത്തിയപ്പോള്‍ കര്‍ത്താവ് ആധുനിക ഫോട്ടോഗ്രാഫറന്മാരെപ്പോലെ ആളുകളുടെ ചിത്രത്തില്‍ ‘മിനുക്കുപണി’കളൊന്നും നടത്തിയിട്ടില്ല. തന്റെ ആളുകളെ അവിടുന്ന് അത്രയേറെ സ്‌നേഹിക്കുന്നതുകൊണ്ടാണത്. പാപം, ലോകമയത്വം, ശീതോഷ്ണാവസ്ഥ, സ്വാര്‍ത്ഥത തുടങ്ങിയവയെ അന്ത്യന്യായവിധിക്കു മുമ്പ് ഇപ്പോള്‍തന്നെ നാം അഭിമുഖീകരിക്കുന്നതാണു നല്ലതെന്നു അവിടുത്തേക്ക് അറിയാം. അന്ത്യന്യായവിധി സമയത്ത് ഇവ വിധിക്കപ്പെട്ടാല്‍ നമുക്കു പ്രയോജനമൊന്നുമില്ല; നമ്മുടെ നിത്യമായ നന്മയാണ് അവിടുന്നു കാംക്ഷിക്കുന്നത്. അതുകൊണ്ട് കര്‍ത്താവ് ഈ ദൂതുകളില്‍ പറഞ്ഞിരിക്കുന്നതെല്ലാം ജാഗ്രതയോടെ ശ്രദ്ധിക്കുന്നതു കൊള്ളാം.

സഭകളോടുള്ള ദൂതില്‍, അഭിനന്ദനാര്‍ഹമായ എന്തെങ്കിലും കണ്ടാല്‍ കര്‍ത്താവ് ആത്മാര്‍ത്ഥമായ അഭിനന്ദനം അറിയിക്കുന്നു. അതേസമയം ശാസന ആവശ്യമുള്ള സ്ഥലത്ത് അവിടുന്നു തുറന്നു ശാസിക്കുന്നതും കാണാം. സോപ്പും വെള്ളവുമുപയോഗിച്ചു മൃദുവായി കഴുകിയതുകൊണ്ടോ ലഘുവായി ചികിത്സിച്ചതുകൊണ്ടോ അര്‍ബുദം മാറുകയില്ല. മൗലികമായ ശസ്ത്രക്രിയ തന്നെ അതിനു വേണ്ടിയിരിക്കുന്നു. എങ്കില്‍ പിന്നെ പാപത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

സ്‌നേഹം നഷ്ടപ്പെട്ട സഭ.

വാക്യം 1-7:- എഫസൊസിലെ സഭയുടെ ദുതനു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ചും കൊണ്ട് ഏഴു പൊന്‍നിലവിളക്കുകളുടെ നടുവില്‍ നടക്കുന്നവന്‍ അരുളിച്ചെയ്യുന്നത്. ഞാന്‍ നിന്റെ പ്രവൃത്തിയും പ്രയത്‌നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പോസ്തലന്മാരല്ലാതിരിക്കെ തങ്ങള്‍ അപ്പോസ്തലന്മാര്‍ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാര്‍ എന്നു കണ്ടതും, നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമം നിമിത്തം നീ സഹിച്ചതും തളര്‍ന്നു പോകാഞ്ഞതും ഞാന്‍ അറിയുന്നു. എങ്കിലും നിന്റെ ആദ്യസ്‌നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്. നീ ഏതില്‍ നിന്നു വീണിരിക്കുന്നു എന്ന് ഓര്‍ത്ത് മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്ക. അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്റെ നിലവിളക്ക് അതിന്റെ നിലയില്‍നിന്നു നീക്കുകയും ചെയ്യും. എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവനു ഞാന്‍ ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാന്‍ കൊടുക്കും.

എഫെസൊസിലെ സഭയുടെ ദുതനുള്ള സന്ദേശത്തില്‍, ഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ച് ഏഴു പൊന്‍നിലവിളക്കുകളുടെ നടുവില്‍ നടക്കുന്നവന്‍ എന്നു കര്‍ത്താവു സ്വയം പരിചയപ്പെടുത്തുന്നു. (ഒന്നാം വാക്യം).

സഭയിലുള്ളവര്‍ പ്രത്യേകിച്ച് താന്‍ വഹിച്ചിരിക്കുന്ന ദുതന്‍, പറയുന്നതും ചെയ്യുന്നതുമെല്ലാം ശ്രദ്ധിച്ചുകൊണ്ടു കര്‍ത്താവു സഭയുടെ മദ്ധ്യത്തില്‍ എപ്പോഴും നടക്കുകയാണ്. അവിടുന്ന് എല്ലാം അളന്നു നോക്കുകയും ചെയ്യുന്നു. ജഡികരായ ക്രിസ്ത്യാനികളുടെ താഴ്ന്ന നിലവാരമോ പത്തു കല്പനകളുടെ നിലവാരമോ വച്ചല്ല മറിച്ച് ദിവ്യനീതിയുടെ തൂക്കുകട്ടവച്ചാണ് അളന്നു നോക്കുന്നത്.

പരാജയങ്ങളെ ചൂണ്ടിക്കാട്ടുന്നതിന് മുമ്പ് കര്‍ത്താവ് അംഗീകാരവും അഭിനന്ദനവും രേഖപ്പെടുത്തുന്നു (രണ്ടാം വാക്യം). ദിവ്യസ്വഭാവം എപ്പോഴും അങ്ങനെയാണ്. തിരുത്തലുകള്‍ ചൂണ്ടിക്കാട്ടുന്നതിനു മുമ്പ് ആദ്യം കര്‍ത്താവ് നല്ല കാര്യങ്ങള്‍ എന്തെന്നു നോക്കി അവയെ അഭിനന്ദിക്കും.

എന്നാല്‍ മനുഷ്യസ്വഭാവം നേരെ എതിരാണ്. മറ്റുള്ളവരിലുള്ള നന്മയല്ല തിന്മയാണ് അവന്‍ ആദ്യം നോക്കുന്നത്. മനുഷ്യനു സ്വാഭാവികമായി തന്നെ അഭിനന്ദിക്കാന്‍ മടിയാണ്. വിമര്‍ശിക്കാനാകട്ടെ തിടുക്കവും. ‘സഹോദരന്മാരെ കുറ്റം ചുമത്തുന്ന അപവാദി’യുടെ വിഷം നമ്മില്‍ കലര്‍ന്നിട്ടുണ്ടെന്നുള്ളതിന്റെ ഒരു തെളിവാണിത് (വെളി. 12:10). എത്രത്തോളം നാം ദിവ്യസ്വഭാവത്തിനു പങ്കാളികളാകുമോ അത്രത്തോളം നാം കര്‍ത്താവിനെപ്പോലെ, അഭിനന്ദിക്കാന്‍ വേഗവും വിമര്‍ശിക്കാന്‍ താമസവുമുള്ളവരായി മാറും.

ജീവിതത്തിലുടനീളം ഈയൊരു പ്രമാണം പാലിക്കുന്നതു നല്ലതാണ്- ”അഭിനന്ദനാര്‍ഹമായി ഒരാളില്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ലെങ്കില്‍, അയാളിലുള്ളതെറ്റും ഞാന്‍ ചൂണ്ടിക്കാണിക്കുകയില്ല”.

ഈ ലളിതമായ പ്രമാണം പ്രാവര്‍ത്തികമാക്കിയാല്‍ അതു നമ്മെ ദൈവഭക്തിയുടെ സങ്കല്‍പാതീതമായ ഉയരങ്ങളിലെത്തിക്കും. സഭയിലും അതു നമ്മെ കൂടുതല്‍ അനുഗ്രഹത്തിന്റെ ഉറവിടമാക്കിമാറ്റും. നമ്മെക്കൊണ്ടു മറ്റുള്ളവര്‍ക്കുള്ള ശല്യം ഇതുവരെ ഉണ്ടായിരുന്നതിനെക്കാള്‍ വളരെ കുറയുകയും ചെയ്യും.

മറ്റുള്ളവരെ അഭിനന്ദിക്കുമ്പോഴാണ് അവരെ സൃഷ്ടിപരമായി വിമര്‍ശിക്കുവാനുള്ള അടിസ്ഥാനം നാം ഇടുന്നത്. അല്ലാത്തപക്ഷം അവരെ നാം വെറുതെ കല്ലെറിയുക മാത്രമാണ്. നിങ്ങള്‍ക്കു വെറും വായുവില്‍ ചോക്കുകൊണ്ടെഴുതുവാന്‍ സാദ്ധ്യമല്ല. കറുത്ത ബോര്‍ഡില്‍ എഴുതിയാല്‍ മാത്രമേ മറ്റുള്ളവര്‍ക്കു വായിക്കുവാന്‍ കഴിയൂ. മറ്റുള്ളവരെക്കുറിച്ചുള്ള അഭിനന്ദനമാണു സൃഷ്ടിപരമായ വിമര്‍ശനം എഴുതുവാനുള്ള പശ്ചാത്തലം ഒരുക്കുന്ന കറുത്ത ബോര്‍ഡ്. അപ്പോള്‍ നമുക്കു ‘സ്‌നേഹത്തില്‍ സത്യം സംസാരിക്കുവാന്‍’ കഴിയും. മറ്റുള്ളവര്‍ക്ക് അതു കൂടുതല്‍ അംഗീകാരയോഗ്യമായി ബോധ്യപ്പെടുകയും ചെയ്യും.

അഭിനന്ദനവും ശാസനയും രണ്ടും സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്. പക്ഷേ നാം അഭിനന്ദനത്തിലാണ് ആരംഭിക്കേണ്ടത്. കൊരിന്ത്യയിലെ ജഡികരായ ക്രിസ്ത്യാനികള്‍ക്ക് എഴുതുമ്പോള്‍ പോലും പൗലൊസ് ഈ തത്ത്വം പാലിക്കുന്നുവെന്ന് ശ്രദ്ധിക്കുക (1 കൊരി.1:4-10).

എഫെസൊസിലെ സഭയുടെ ദൂതന്റെ സഹിഷ്ണുത, പ്രയത്‌നം, കൊള്ളരുതാത്ത ആളുകളില്‍നിന്നു സഭയെ സംരക്ഷിക്കുവാന്‍ നടത്തിയ പ്രവര്‍ത്തനം എന്നിവയെ കര്‍ത്താവു ശ്ലാഘിക്കുന്നു. ലോകമയത്വം സഭയില്‍ കടക്കാതിരിക്കാനും, സഭയെ ശരിയായ ഉപദേശത്തില്‍ നിലനിര്‍ത്താനും വലിയ പോരാട്ടം തന്നെ അദ്ദേഹം നടത്തിയിരുന്നു എന്നതിനു സംശയമില്ല. മാത്രമല്ല, അപ്പോസ്തലന്മാരെന്ന് അവകാശപ്പെട്ടവരെ പരീക്ഷിച്ച് അവരുടെ അവകാശവാദം ശരിയല്ലെന്നു തെളിയിക്കുകയും ചെയ്തു.

രണ്ടാം വാക്യത്തില്‍ അപ്പൊസ്തലന്മാരെക്കുറിച്ചു കര്‍ത്താവു നടത്തുന്ന പരാമര്‍ശം അവിടുന്ന് ഭൂമിയിലായിരുന്നപ്പോള്‍ നിയമിച്ച 11 പേരല്ലാതെ വേറെയും അപ്പൊസ്തലന്മാര്‍ ഒന്നാം നൂറ്റാണ്ടില്‍ സഭയിലുണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. ‘ഉയരത്തിലേക്കു കയറിയശേഷ’വും ക്രിസ്തു സഭയ്ക്ക് അപ്പൊസ്തലന്മാരെ നല്‍കിയിട്ടുണ്ട്.’ (എഫെ.4:11). ഇന്നും അപ്പൊസ്തലന്മാരുണ്ട്. എന്നാല്‍ അപ്പൊസ്തലന്മാര്‍ അല്ലാതിരിക്കെ അങ്ങനെ അവകാശപ്പെടുന്നവരാണു പലരും. അതുകൊണ്ട് നാം കള്ളഅപ്പൊസ്തലന്മാരാല്‍ വഞ്ചിക്കപ്പെടരുത് (രണ്ടാം വാക്യം).

എഫെസൊസിലെ സഭയുടെ ദൂതന്‍ കര്‍ത്താവിന്റെ നാമം നിമിത്തം ‘സഹിക്കുകയും’ തളര്‍ന്നുപോകാതിരിക്കുകയും ചെയ്തു (മൂന്നാം വാക്യം). മിക്കവിശ്വാസികളുടേയും നിലവാരം വച്ചുനോക്കിയാല്‍ എത്ര മഹാനായ മനുഷ്യനാണ് ഈ ദൂതന്‍! അതുപോലെ എത്ര നല്ല സഭയാണ് എഫെസൊസിലെ സഭ. അവര്‍ സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കുകയും കൊള്ളരുതാത്ത ആളുകളെയും ദുരുപദേശങ്ങളെയും അകറ്റിനിര്‍ത്തുകയും കള്ളന്മാരെ തുറന്നുകാട്ടുകയും ചെയ്തു. അങ്ങനെ രണ്ടും-ജീവിതവിശുദ്ധിയും ഉപേദശവിശുദ്ധിയും-അവര്‍ കാത്തുസൂക്ഷിച്ചു.

കര്‍ത്താവ് ആഗ്രഹിക്കുന്നതെല്ലാം ഇത്തരം ഒരു സഭയ്ക്കുണ്ടെന്ന് ആരും ചിന്തിച്ചുപോകും. പക്ഷേ ദുഃഖകരമെന്നു പറയട്ടെ, അതങ്ങനെ ആയിരുന്നില്ല. കര്‍ത്താവു നോക്കിയ മുഖ്യകാര്യം ആ സഭയ്ക്കുണ്ടായിരുന്നില്ല. ആദ്യസ്‌നേഹം-കര്‍ത്താവിനോടും അന്യോന്യവുമുള്ള സ്‌നേഹം-സഭ വിട്ടുകളഞ്ഞു (നാലാം വാക്യം).

കര്‍ത്താവ് അവരോടു പറഞ്ഞത് മുഖ്യമായും ഇതാണ്. ”നിങ്ങളുടെ എല്ലാ തീക്ഷ്ണതയുടേയും പ്രവര്‍ത്തനങ്ങളുടേയും മദ്ധ്യത്തിലും എന്നെക്കുറിച്ചുള്ള കാഴ്ച നിങ്ങള്‍ക്കു നഷ്ടമായി. ഒരിക്കല്‍ എന്നോടുണ്ടായിരുന്ന അഗാധമായ ഭക്തി കൈമോശം വന്നു. ദോഷങ്ങളില്‍നിന്നു സ്വയം സൂക്ഷിക്കുകയും ഉപദേശപ്പിശകുകളില്‍നിന്നു മാറി നല്‍ക്കുകയും ചെയ്തു എന്നതു ശരിയാണ്. എന്നാല്‍ ആദ്യം മനംതിരിഞ്ഞപ്പോള്‍ നിങ്ങള്‍ എന്നെ എത്ര എരിവോടെ സ്‌നേഹിക്കുകയും എന്നോടുള്ള സ്‌നേഹത്തില്‍ എല്ലാം പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന കാര്യം ഓര്‍ക്കുക. എന്നാല്‍ ഇന്നെല്ലാം നിര്‍ജ്ജീവമായ ‘പതിവാ’യി അധഃപതിച്ചു. ഇപ്പോഴും നിങ്ങള്‍ മീറ്റിംഗുകള്‍ക്കു പോകുകയും ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ എല്ലാം വെറും ചടങ്ങുമാത്രമാണ്.”

സഭ ഇവിടെ ഒരു ഭാര്യയെപ്പോലെയാണ്. ഒരിക്കല്‍ അവനോടുള്ള സ്‌നേഹത്തില്‍ സന്തോഷത്തോടെ അവള്‍ ഭര്‍ത്താവിനെ ശുശ്രൂഷിച്ചിരുന്നു. പക്ഷേ വൈവാഹിക ജീവിതത്തില്‍ നിന്ന് സ്‌നേഹത്തിന്റെ ജ്വാല കെട്ടുപോയതിനാല്‍ അതേ പ്രവൃത്തിതന്നെ അവള്‍ക്കു വിരസമായ ഒരു ജോലിയായി മാറിയിരിക്കുന്നു. പഴയകാലത്ത് വൈകിട്ട് ഭര്‍ത്താവ് ഓഫീസില്‍നിന്നു വരുന്നതു നോക്കി അവള്‍ പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ ആ കാത്തിരിപ്പില്ല; ഇപ്പോഴും അവള്‍ ഭര്‍ത്താവിനോടു വിശ്വസ്തത പുലര്‍ത്തുന്നുണ്ട്. പക്ഷേ ആദ്യസ്‌നേഹം അവള്‍ക്കു നഷ്ടമായി.

ഒരു യഥാര്‍ത്ഥ ഭര്‍ത്താവ് എല്ലാറ്റിനും മീതെ തന്റെ ഭാര്യയില്‍നിന്ന് ആഗ്രഹിക്കുന്നതെന്താണ്? അവളുടെ ശുശ്രൂഷയാണോ സ്‌നേഹമാണോ? തീര്‍ച്ചയായും അവളുടെ സ്‌നേഹംതന്നെ. കര്‍ത്താവിനെ സംബന്ധിച്ചും ഇങ്ങനെയാണ്. നമ്മുടെ ഹൃദയത്തിലെ സ്‌നേഹമാണ് ആത്യന്തികമായും അവിടുന്ന് ആഗ്രഹിക്കുന്നത്. അതു നഷ്ടമായാല്‍ നാം എന്തു ചെയ്താലും അതു നിര്‍ജ്ജീവപ്രവൃത്തിമാത്രമാണ്.

ദൈവത്തോടുള്ള സ്‌നേഹമല്ല പ്രേരകശക്തിയെങ്കില്‍ ഏതു നല്ല പ്രവൃത്തിയും നിര്‍ജ്ജീവപ്രവൃത്തിയാണ്.

ഇവിടെ വിശ്വാസികള്‍ക്ക് അന്യോന്യമുള്ള ഗാഢമായ സ്‌നേഹവും നഷ്ടമായി. അന്യോന്യം ബലഹീനതകള്‍ സഹിപ്പാനും കുറ്റങ്ങള്‍ പൊറുക്കാനും അവര്‍ക്കു കഴിയാതായി. അന്യോന്യമുള്ള ആദ്യസ്‌നേഹം അവര്‍ക്കു കൈമോശം വന്നെന്നു സാരം.

സഭയുടെ ദൂതന് തന്റെ ആദ്യസ്‌നേഹം നഷ്ടമായി. ക്രമേണ സഭയും അതുപോലെയായി.

ഇതൊരു ചെറിയ പിഴവല്ല. വലിയ വീഴ്ചതന്നെയാണ്. ‘നീ ഏതില്‍ നിന്നു വീണിരിക്കുന്നു എന്ന് ഓര്‍ക്കുക’ എന്നാണു കര്‍ത്താവു പറഞ്ഞിരിക്കുന്നത്. ഒരു സഹോദരന്‍ വ്യഭിചാരത്തിലോ, മോഷണത്തിലോ, പുകവലിയിലോ വീണുപോയാല്‍ മാത്രമേ നാം സാധാരണയായി അതു വീഴ്ചയായി ചിന്തിക്കാറുള്ളൂ. എന്നാല്‍ നാം പരിശുദ്ധാത്മാവിന്റെ സ്വരത്തോടു സംവേദനക്ഷമതയുള്ളവരാണെങ്കില്‍ കര്‍ത്താവിനോടുള്ള ഭക്തിയില്‍ നേരിയ കുറവോ മറ്റുള്ളവരോടുള്ള സ്‌നേഹത്തില്‍ ചെറിയ തണുപ്പോ അനുഭവപ്പെട്ടാല്‍ അതു പിന്മാറ്റത്തിന്റെ തെളിവാണെന്ന് തിരിച്ചറിയും.

എഫെസൊസിലെ സഭ എവിടെനിന്നാണു വീണുപോയത്?

ഏകദേശം നാല്പതു വര്‍ഷംമുമ്പ് അപ്പൊസ്തലനായ പൗലൊസ് വന്ന് ഒരു സഭ സ്ഥാപിച്ച സ്ഥലമാണ് എഫെസൊസ്. നഗരം മുഴുവന്‍ അറിയത്തക്കവണ്ണം അന്ന് അവിടെ ഉണര്‍വ്വുണ്ടായതായി നാം വായിക്കുന്നു (പ്രവൃ. 19). മൂന്നു സംവത്സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് പൗലൊസ് ബുദ്ധിപറഞ്ഞുകൊടുത്ത സഭയാണിത് (പ്രവൃ.20:31) ഒടുവില്‍ അവന്‍ എഫെസൊസ് വിട്ടുപോയപ്പോള്‍ സഭയിലെ മൂപ്പന്മാരെ വരുത്തി താന്‍ പോയശേഷം സഭയ്ക്കു സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുകയും ചെയ്തു (പ്രവൃ.20:17-35).

നാലുവര്‍ഷത്തിനുശേഷം പൗലൊസ് അവര്‍ക്കൊരു ലേഖനമെഴുതി-ബൈബിളില്‍നിന്നുമുഴുവനുമുള്ള ചില ആഴമേറിയ സത്യങ്ങള്‍ അടങ്ങിയ ഒരു ലേഖനമായിരുന്നു അത്. താന്‍ സ്ഥാപിച്ചിട്ടുള്ള സഭകളില്‍ ഏറ്റവും പക്വതയുള്ളതും ആത്മികമുള്ളതുമായ സഭ എന്നു കരുതിയതുകൊണ്ടാണ് പൗലൊസിന് അവര്‍ക്ക് അത്തരം ഒരു ലേഖനം എഴുതുവാന്‍ കഴിഞ്ഞത്. അവരെ തിരുത്താനോ ശാസിപ്പാനോ ഒന്നും പൗലോസിന് ഉണ്ടായിരുന്നില്ലെന്നും ആ ലേഖനത്തില്‍ നിന്നു വ്യക്തമാണ്. അത്രയും ഉയര്‍ന്ന സ്ഥാനമാണ് ഒരു കാലത്ത് അവര്‍ക്കുണ്ടായിരുന്നത്.

പൗലൊസിന്റെ ലേഖനത്തെ എഫെസ്യര്‍ക്കുള്ള ആദ്യലേഖനം എന്നുവിളിക്കാം. വെളിപ്പാട് രണ്ടില്‍ എഫെസ്യര്‍ക്കുള്ള ‘രണ്ടാമത്തെ ലേഖന’മാണു നാം കാണുന്നത്. പക്ഷേ ഇവിടെയെത്തുമ്പോള്‍ കാര്യങ്ങള്‍ എത്ര വ്യത്യാസപ്പെട്ടുപോയി! സഭയില്‍ ഒരു പുതിയ തലമുറ ഉയര്‍ന്നുവന്നിരിക്കുന്നു. എന്നാല്‍ അവര്‍ക്ക് തങ്ങളുടെ പിതാക്കന്മാരുടെ ഭക്തിയും ആത്മികതയും ഇല്ല.

ഇരുപതു നൂറ്റാണ്ടായി ക്രിസ്തീയലോകത്തെ മിക്കവാറും എല്ലാ സഭകളുടെയും പ്രസ്ഥാനങ്ങളുടെയും ദുഃഖകരമായ ചരിത്രം ഇങ്ങനെയാണ്.

രണ്ടാം തലമുറയ്ക്ക് അതേ ഉപദേശം തന്നെ ലഭിക്കും. എന്നാല്‍ തങ്ങളുടെ പിതാക്കന്മാരുടെ ജീവിതം അവര്‍ക്കുണ്ടായിരിക്കുകയില്ല.

അതുകൊണ്ടാണ് കര്‍ത്താവ് എഫെസൊസിലെ സഭയോടു ”നീ ഏതില്‍ നിന്നു വീണിരിക്കുന്നു എന്ന് ഓര്‍ക്കുക” എന്നു പറയുന്നത്.

ഈ പ്രശ്‌നത്തിനു ഒരു പോംവഴിയേ ഉള്ളൂ-”മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്യുക” (അഞ്ചാം വാക്യം).

അവിശ്വാസികളോടു സംസാരിക്കുമ്പോള്‍ നാം സാധാരണ ഉപയോഗിക്കുന്ന വാക്ക്, ‘മാനസാന്തരപ്പെടുക’, അതാണ് ഇവിടെ കര്‍ത്താവ് സഭയെ ഉപദേശിക്കുമ്പോള്‍ ഉപയോഗിക്കുന്നത്. ”മറ്റുള്ളവരോടു പാപങ്ങളെ വിട്ടു മാനസാന്തരപ്പെടുക എന്നു പറയുന്നതിനു മുമ്പ് ആദ്യസ്‌നേഹം നഷ്ടപ്പെടുത്തിയ നിന്റെ പാപത്തില്‍ നിന്നു മാനസാന്തരപ്പെടുക ”ഇതാണ് അവിടുന്ന് അവരോടു പറയുന്നത്. തങ്ങളുടെ ആദ്യസ്‌നേഹം വിട്ടുകളഞ്ഞതിനെക്കുറിച്ച് അവര്‍ കരയേണ്ടിയിരിക്കുന്നു.

”നീ ആദ്യം ചെയ്ത പ്രവൃത്തി ചെയ്ക” കര്‍ത്താവു പറയുന്നു (അഞ്ചാം വാക്യം). അവരുടെ പ്രവൃത്തി സ്‌നേഹത്തില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിലയുമില്ല. അവയെല്ലാം വെറും ”മരം, പുല്ലു, വൈക്കോലാണ്.” കത്തിച്ചുകളയാന്‍ മാത്രമേ അതു കൊള്ളുകയുള്ളൂ.

ഓരോ പ്രവൃത്തിയുടെയും പിന്നിലുള്ള മനോഭാവമാണ് ആ പ്രവൃത്തിക്കു മൂല്യം നല്‍കുന്നത്. നിന്റെ പ്രയത്‌നങ്ങളുടേയും സ്ഥിരോത്സാഹത്തിന്റേയും നിര്‍മ്മലതയുടെയും പിന്നിലുള്ള മനോഭാവമാണ് അതു കര്‍ത്താവിനു അംഗീകാരയോഗ്യമോ അല്ലാത്തതോ എന്നു നിര്‍ണ്ണയിക്കുന്നത്. അന്ത്യന്യായവിധിനാളില്‍ നാം കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ‘എന്ത്’ എന്നതിനെക്കാള്‍ ‘എന്തുകൊണ്ട്’ എന്ന ചോദ്യമായിരിക്കും പ്രസക്തമായിരിക്കുന്നത്. നാം ചെയ്തത് എന്തുകൊണ്ട് ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്നു കര്‍ത്താവു നമ്മുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുക. നാം ഒരിക്കലും ഇതു മറന്നുപോകരുത്.

കര്‍ത്താവിനോടുളള സ്‌നേഹത്തില്‍ നിന്ന് ഉടലെടുക്കാത്തതെല്ലാം നിര്‍ജ്ജീവ പ്രവൃത്തികളാണ്.

നിര്‍ജ്ജീവപ്രവൃത്തികളെക്കുറിച്ചു മാനസാന്തരപ്പെടുവാന്‍ നമ്മോടു പറഞ്ഞിട്ടുണ്ടെന്നത് ഓര്‍ക്കുക. ജീവിതത്തില്‍ പൂര്‍ണ്ണതയിലേക്ക് ആയുന്നതിന്റെ ആധാരശിലകളിലൊന്നാണിതെന്ന് എബ്രായര്‍ 6:1 പറയുന്നു.

സഭയുടെ ദൂതനും സഭയും മാനസാന്തരപ്പെട്ടില്ലെങ്കില്‍ കര്‍ത്താവ് അതിന്റെ നിലവിളക്ക് തല്‍സ്ഥാനത്തുനിന്നു നീക്കിക്കളയും എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ സ്ഥിതി മേലില്‍ ഭൂമിയിലുള്ള തന്റെ സഭകളിലൊന്നായി കര്‍ത്താവ് അതിനെ എണ്ണുകയില്ല എന്നാണ്. അപ്പോഴും അവര്‍ക്കു യോഗങ്ങളും കൂടിവരവുകളും ഉണ്ടായിരിക്കും. സഭാംഗങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായെന്നു വരാം. പക്ഷേ കര്‍ത്താവിനെ സംബന്ധിച്ചിടത്തോളം അത് തന്റെ ആത്മാവിന്റെ അഭിഷേകമോ കൃപയോ ഇല്ലാത്ത, ചത്ത, നിലനില്പില്ലാത്ത ഒന്നാണ്.

ആദ്യസ്‌നേഹത്തിന്റെ നഷ്ടം ഇത്രയും ഗുരുതരമായ ഒരു കാര്യമാണ്.

തുടര്‍ന്ന്, നിക്കൊലാവ്യരുടെ നടപ്പ് തന്നെപ്പോലെ അവരും പകെക്കുന്നതില്‍ സഭയുടെ ദൂതനെ കര്‍ത്താവ് ശ്ലാഘിക്കുന്നു (ആറാം വാക്യം).

നിക്കൊലാവ്യര്‍ ആരാണെന്നോ അവര്‍ എന്താണു ചെയ്തതെന്നോ തിരുവെഴുത്തില്‍ ഒരു ഭാഗത്തും പറയുന്നില്ല. അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്നാല്‍ നിക്കൊലാവ്യര്‍ എന്ന വാക്കിന്റെ അര്‍ത്ഥം (ഗ്രീക്കില്‍) ‘ആളുകളെ കീഴടക്കുന്നവര്‍’ എന്നാണ്.

അതാണ് കര്‍ത്താവ് ഉദ്ദേശിച്ചതെങ്കില്‍ ‘ഇടവകകളുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നവരെ’യാണ് ഇവിടെ പരാമര്‍ശിക്കുന്നത് (1 പത്രോ. 5:3). ദാസന്മാരെപ്പോലെയല്ല രാജാക്കന്മാരെപ്പോലെ പെരുമാറുന്ന മൂപ്പന്മാര്‍. അങ്ങനെയുള്ള മൂപ്പന്മാര്‍ ഒരു പ്രത്യേക പുരോഹിതവര്‍ഗ്ഗമായി (പഴയ നിയമത്തിലെ ലേവ്യരെപ്പോലെ) ഭാവിച്ച് വിശ്വസികളുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നു. കര്‍ത്താവ് പറയുന്നത് അവിടുന്ന് നിക്കൊലാവ്യരുടെ പ്രവൃത്തിയെ വെറുക്കുന്നു എന്നാണ്.

ഇന്ന് ‘റവറണ്ട്'(തിരുവെഴുത്തില്‍ ദൈവത്തെമാത്രം പരാമര്‍ശിച്ച് ഉപയോഗിച്ചിരിക്കുന്ന ഒരു വാക്ക്- സങ്കീ. 111:10 KJV), ‘പാസ്റ്റര്‍'(അതൊരു വരമാണ് പേരോ ഔദ്യോഗികസ്ഥാനമോ അല്ല-എഫെ.4:11) തുടങ്ങിയ പേരുകള്‍ എടുത്ത് സഭയില്‍ മറ്റുള്ളവര്‍ക്ക് മുകളില്‍ തങ്ങളെതന്നെ ഉയര്‍ത്തുന്ന പ്രസംഗകരുണ്ട്.

മറ്റുള്ളവരെ ഭരിക്കാന്‍ ആഗ്രഹിക്കുന്ന പ്രസംഗകരെ കേവലം പേരെടുക്കുന്നതുകൊണ്ടുമാത്രം തിരിച്ചറിയാനാവുമെന്ന് കരുതരുത്. തങ്ങളെതന്നെ ‘സഹോദരന്‍’എന്നു മാത്രം വിശേഷിപ്പിക്കുന്ന പലരും തങ്ങളുടെ ദേഹീബലം (വ്യക്തി പ്രഭാവം), സാമ്പത്തിക കഴിവ്, ആത്മിക വരങ്ങള്‍ എന്നിവകൊണ്ട് സഹോദരന്മാരെ കീഴടക്കുന്നവരാണ്.

ഇവയെല്ലാം ഓക്കാനം വരുത്തുന്ന ‘നിക്കൊലാവ്യത്വ’മാണ്. ദൈവം അതു വെറുക്കുന്നു.

പണത്തിന്റെ ശക്തികൊണ്ടുമാത്രം ‘പാശ്ചാത്യയജമാനന്മാര്‍’ഭരിക്കുന്ന ധാരാളം ക്രിസ്തീയ സഭകളെയും സംഘടനകളെയും ഇന്‍ഡ്യയില്‍ കാണുന്നതു സങ്കടകരമായ കാഴ്ചയാണ്. സാമ്പത്തിക ബാദ്ധ്യതകൊണ്ടും പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇടയ്ക്കിടെ ക്ഷണിക്കപ്പെടുന്നതിന്റെ കടപ്പാടുകൊണ്ടും പല ഇന്‍ഡ്യന്‍ വിശ്വാസികളും ഒടുവില്‍ ‘വെള്ളക്കാരന്റെ’ അടിമയായി മാറുന്നു. ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയോടുള്ള ഇത്തരം അടിമത്തവും പാദസേവയും ദൈവത്തിന് അറപ്പുള്ള ‘നിക്കലാവ്യത്വ’മാണ്.

മറ്റൊരുതരം നിക്കൊലാവ്യമനോഭാവത്തെപ്പറ്റി ചിന്തിക്കുക. ക്രിസ്തുവിനും സഭയ്ക്കും മദ്ധ്യേ മറിയ മദ്ധ്യസ്ഥത വഹിക്കുന്നതായി റോമന്‍ കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. അവരുടെ പുരോഹിതന്‍ അപ്പോള്‍ മറിയയ്ക്കും സഭയ്ക്കും ഇടയില്‍ മദ്ധ്യസ്ഥനാണ് ! എന്നാല്‍ ഈ വചനവിരുദ്ധമായ മദ്ധ്യസ്ഥത ഒരു റോമന്‍ കത്തോലിക്കാ പുരോഹിതനെപ്പോലെ പ്രൊട്ടസ്റ്റന്റ് സഭയിലെ പാസ്റ്റര്‍ക്കും പ്രയോഗത്തില്‍ വരുത്താന്‍ കഴിയും.

ജോലി, വിവാഹം തുടങ്ങിയ ഏതെങ്കിലും കാര്യത്തിലുള്ള ദൈവഹിതം തന്റെ സഭാംഗത്തിനുവേണ്ടി പാസ്റ്റര്‍ ‘കണ്ടുപിടിച്ചുകൊടുക്കുമ്പോള്‍’ അദ്ദേഹം നിക്കോലാവ്യനായ മദ്ധ്യസ്ഥനെപ്പോലെ തന്നെയല്ലേ പെരുമാറുന്നത്? ഇത്തരം പദ്ധതികള്‍കൊണ്ട് പുരോഹിതനും പാസ്റ്ററും തങ്ങളുടെ വിശ്വാസികളുടെമേല്‍ ദൈവത്തിന് വെറുപ്പുളവാകത്തക്കവിധം ആധിപത്യം പുലര്‍ത്തുകയാണ്.

ആത്മികകാര്യങ്ങളില്‍ ഉപദേശമോ മാര്‍ഗ്ഗനിര്‍ദ്ദേശമോ നല്‍കുന്നത് ദൈവികമായ കാര്യമാണ്,എന്നാല്‍ ക്രിസ്തുവിന്റെ ശരീരത്തിലെ മറ്റൊരു അംഗത്തിനുവേണ്ടി ‘ദൈവഹിതം കണ്ടെത്തുന്നത്,’ തലയായ ക്രിസ്തുവിനോടുള്ള ആ അംഗത്തിന്റെ ബന്ധത്തെ മോഷ്ടിച്ചെടുക്കുകയാണ്.

പഴയ ഉടമ്പടിയില്‍ ജനത്തിനുവേണ്ടി ദൈവഹിതം കണ്ടെത്തുന്ന പ്രവാചകന്മാര്‍ ഉണ്ടായിരുന്നു, കാരണം അന്ന് പരിശുദ്ധാത്മാവ് വ്യക്തികള്‍ക്കു നല്‍കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന്, പുതിയ ഉടമ്പടിയില്‍, കാര്യങ്ങള്‍ വ്യത്യസ്തമാണ്, എല്ലാവര്‍ക്കും ദൈവത്തെ വ്യക്തിപരമായി അറിയാന്‍ കഴിയും. (എബ്രാ. 8:8 -12). സത്യത്തില്‍ തന്റെ സഭയിലെ (ശരീരത്തിലെ) ഓരോ അംഗവും തലയായവനുമായി നേരിട്ടു ബന്ധം പുലര്‍ത്തണമെന്നാണു കര്‍ത്താവ് അതിയായി വാഞ്ഛിക്കുന്നത് (കൊലോ.2:18,19). നിക്കൊലാവ്യര്‍ ഇതിനു തടസ്സം നില്‍ക്കുന്നവരാണ്.

എഫെസൊസിലെ സഭ നിക്കോലാവ്യത്വത്തെ വിജയകരമായി ചെറുത്തുനിന്നു. അവര്‍ അതിനെ പകച്ചു. താനും അതിനെ പകയ്ക്കുന്നതിനാല്‍ കര്‍ത്താവ് അവരുടെ മനോഭാവത്തെ ശ്ലാഘിക്കുകയും ചെയ്തു. കര്‍ത്താവ് ഒന്നാം നൂറ്റാണ്ടില്‍ നിക്കൊലാവ്യത്വത്തെ പകച്ചു. ഇന്നും അതിനെ വെറുക്കുന്നു.

നിങ്ങളോ? കര്‍ത്താവിനെപ്പോലെ നിങ്ങളും ഈ ദോഷത്തെ വെറുക്കുന്നുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ ക്രിസ്തുവില്‍നിന്നു വ്യത്യസ്തനാണ്. നിങ്ങള്‍ക്ക് അവിടുത്തെ ഒരു യഥാര്‍ത്ഥ ദൂതനായിരിക്കാനും സാദ്ധ്യമല്ല. ഒരു നിക്കൊലാവ്യനു ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ കഴിയുകയില്ലല്ലോ.

അവസാനമായി, ചെവിയുള്ള എല്ലാവരെയും താന്‍ പറയുന്നതു കേള്‍പ്പാന്‍ പരിശുദ്ധാത്മാവ് ഗുണദോഷിക്കുന്നു: കാരണം സന്ദേശം എല്ലാ സഭകള്‍ക്കും വേണ്ടിയുള്ളതാണല്ലോ (ഏഴാം വാക്യം). എല്ലാവരും കര്‍ത്താവു പറയുന്നത് അനുസരിപ്പാന്‍ തയ്യാറുള്ളവരല്ല-മിക്കവരും സ്വന്ത വഴികള്‍ ആഗ്രഹിക്കുന്നവരോ മറ്റുള്ളവരെ പ്രസാദിപ്പിക്കുവാന്‍ താല്പര്യമുള്ളവരോ ആണ്. ഈ സത്യം മനസ്സിലാക്കിക്കൊണ്ട് പരിശുദ്ധാത്മാവ് സഭയിലെ വ്യക്തികളെ ഒരു ജയജീവിതത്തിലേക്കു വെല്ലുവിളിക്കുന്നു.

ഇവിടെ വിശ്വസ്തരും അര്‍പ്പിതമനസ്‌കരുമായ ഒരു കൂട്ടം വിശ്വാസികളെ ജയാളികള്‍ എന്നു വിളിച്ച് പരിശുദ്ധാത്മാവ് അംഗീകരിക്കുന്നു. ചുറ്റുപാടുമുള്ള ആത്മികജീര്‍ണ്ണതയുടെ മദ്ധ്യത്തില്‍ പാപത്തേയും ലോകമയത്വത്തേയും അതിജീവിച്ച് കര്‍ത്താവിനുവേണ്ടി വിശ്വസ്തരായിനില്‍ക്കുന്നവരാണിവര്‍.

അവിടുത്തെ നിലവാരത്തോടു ചേര്‍ന്നു നില്‍ക്കുന്നവരും അതിനു വേണ്ടി എന്തുവിലകൊടുത്തും പോരാടുന്നവരുമായ ആളുകളെയാണ് ദൈവം ഓരോ പ്രദേശത്തും നോക്കിക്കൊണ്ടിരിക്കുന്നത്. പ്രാഥമികമായും ദൈവം ജയാളികളിലാണ് തല്പരനായിരിക്കുന്നത് എന്ന വസ്തുതയാണ് ഏഴു സഭകള്‍ക്കുള്ള ദൂതുകളിലും നമ്മള്‍ കണ്ടെത്തുന്നത്. ഇന്നും അവിടുന്ന് ഓരോ സ്ഥലത്തും ജയിക്കുന്നവരെ അമ്പേഷിക്കുന്നു. എല്ലാ സഭയിലും അവിടുന്ന് അവരെ കണ്ടെത്തിയെന്നു വരികയില്ല. എന്നാല്‍ ഓരോ പ്രദേശത്തും അവിടുന്ന് അവരെ തെരയുന്നു.

ജയിക്കുന്നവര്‍ക്ക് കര്‍ത്താവ് ഒരു പ്രതിഫലവും വാഗ്ദാനവും ചെയ്യുന്നു. ഇവിടെ ജീവവൃക്ഷത്തിന്റെ ഫലത്തില്‍നിന്നു തിന്നുവാനുള്ള അവകാശമാണിത്. (എഴാം വാക്യം)-ആദാമിനു നഷ്ടമായ അവകാശം. ജീവവൃക്ഷം ദിവ്യജീവന്റെ, ദിവ്യ സ്വഭാവത്തിന്റെ, പ്രതീകമാണ്. തന്റെ സ്വഭാവത്തില്‍ പങ്കാളിയാക്കുക എന്നതാണ് ഒരു മനുഷ്യജീവിക്കു വേണ്ടി ദൈവത്തിന് നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രതിഫലം.ഇവിടെ ഇന്നു ഭൂമിയില്‍ മിക്ക വിശ്വാസികളും അതൊരു വലിയ കാര്യമായി കാണുന്നില്ല. എന്നാല്‍ ദൈവത്തിന് ഒരു മനുഷ്യനു നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രതിഫലം ഇതാണെന്ന് നിത്യതയുടെ വെള്ളിവെളിച്ചത്തില്‍ നാം കണ്ടെത്തും.

സഹിക്കുന്ന സഭ.

”വാക്യം 8-11:- സ്മുര്‍ന്നയിലെ സഭയുടെ ദൂതന് എഴുതുക. മരിച്ചവനായിരുന്നു വീണ്ടും ജീവിക്കുകയും ചെയ്ത ആദ്യനും അന്ത്യനുമായവന്‍ അരുളിച്ചെയ്യുന്നത്: ഞാന്‍ നിന്റെ കഷ്ടതയും ദാരിദ്ര്യവും-നീ ധനവാനാകുന്നുതാനും-തങ്ങള്‍ യെഹൂദര്‍ എന്നു പറയുന്നെങ്കിലും യെഹൂദരല്ല സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു. നീ സഹിപ്പാനുള്ളതു പേടിക്കേണ്ട, നിങ്ങളെ പരീക്ഷിക്കേണ്ടതിനു പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കുവാന്‍ പോകുന്നു. പത്തു ദിവസം നിങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാകും. മരണപര്യന്തം വിശ്വസ്തനായിരിക്ക. എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്കു തരും. ആത്മാവു സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവനു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല”

ആദ്യനും അന്ത്യനുമായി, മരണത്തെ ജയിച്ചവനായി, കര്‍ത്താവ് ഇവിടെ സ്വയം പരിചയപ്പെടുത്തുന്നു. എതിര്‍പ്പും പീഡനവും അഭിമുഖീകരിക്കുന്ന ഒരു സഭയെ സംബന്ധിച്ചിടത്തോളം ആദ്യന്തം എല്ലാ സംഭവങ്ങളേയും നിയന്ത്രിക്കുന്നവനും മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ മരണത്തെ കീഴടക്കിയവനുമായി കര്‍ത്താവിനെ കാണേണ്ടിയിരിക്കുന്നു.

ഈ സഭയ്‌ക്കെതിരെ കര്‍ത്താവിന് ഒരു കുറ്റവും പറയുവാനില്ല.

കഷ്ടതയും ദാരിദ്ര്യവും ദൂഷണവും നേരിടുന്ന സഭയാണിത്.

വെളിപ്പാടു പുസ്തകത്തില്‍ ആവര്‍ത്തിച്ചു വരുന്ന വിഷയമാണ് ഉപദ്രവം. എന്നാല്‍ അതില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ദൈവമക്കളില്‍ ഏറ്റവും വിശ്വസ്തരായ ആളുകള്‍ക്കാണ് അത് അഭിമുഖീകരിക്കേണ്ടിവരുന്നത്. അല്ലാതെ ഒത്തുതീര്‍പ്പുകാര്‍ക്കല്ല. വെളിപ്പാടുപുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തില്‍ യോഹന്നാന്‍ കഷ്ടതയിലൂടെ കടന്നുപോകുന്നതു നാം കാണുന്നു. ഇവിടെ ഇതാ വിശ്വസ്തമായി നിന്ന ഒരു സഭ കഷ്ടതയെ അഭിമുഖീകരിക്കുന്നു. അതേസമയം ലോകമയത്വമുള്ള ഒത്തുതീര്‍പ്പുകാരായ സഭകള്‍ക്ക് സുഖകരമായ കാലമാണ്.

ഇതെല്ലാം നമ്മെ ഓര്‍പ്പിക്കുന്നത് പൂര്‍ണ്ണ മനസ്‌കരായ തന്റെ മക്കളെക്കുറിച്ചുള്ള ദൈവത്തിന്റെ പൂര്‍ണഹിതത്തിന്റെ ഭാഗമാണു കഷ്ടത എന്നുള്ളതാണ്. അതുകൊണ്ട് ഒരിക്കല്‍ നാം നേരിട്ട് മഹോപദ്രവത്തെ അഭിമുഖീകരിക്കുമ്പോള്‍ ഒരപൂര്‍വ്വകാര്യം നമുക്കു സംഭവിച്ചു എന്നു ചിന്തിക്കേണ്ട ആവശ്യം വരികയില്ല. കര്‍ത്താവിന്റെ വിശ്വസ്തരായ കുഞ്ഞുങ്ങള്‍ നൂറ്റാണ്ടുകളായി നടന്നുപോയ അതേ വഴിത്താരയിലൂടെ നാമും കടന്നുപോകുന്നു എന്നേയുള്ളൂ.

എതിര്‍ക്രിസ്തുവിന്റെ നാളില്‍ കര്‍ത്താവിന്റെ സാക്ഷികളായി ഈ ഭൂമിയില്‍ നില്‍ക്കുന്നത് ദൈവമക്കളില്‍ ഏറ്റവും ഉത്തമരും, വിശ്വസ്തരും കര്‍ത്താവിന്റെ സൈന്യത്തിലെ ഉയര്‍ന്ന ആക്രമണ വിഭാഗത്തില്‍പ്പെടുന്നവരുമായ സേനാവിഭാഗം ആയിരിക്കും. യുദ്ധം ഏറ്റവും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന മുന്നണിയിലേക്കു ഏത് പട്ടാളമേധാവിയും തന്റെ ഏറ്റവും നല്ല സേനാവ്യൂഹത്തെയാണല്ലോ അയക്കുന്നത്. കര്‍ത്താവും ഇതുതന്നെയാണു ചെയ്യുന്നത്. കര്‍ത്താവിന്റെ ആ സേനാവ്യൂഹത്തിലായിരിക്കുക എന്നത് ഒരു പ്രത്യേക പദവിയും അവകാശവും തന്നെയാണ്.

ഭൂമിയില്‍ തന്റെ സാക്ഷ്യം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയത്തു കര്‍ത്താവു തീര്‍ച്ചയായും ജയിക്കുന്നവരെ സ്വര്‍ഗ്ഗത്തിലേക്കു മാറ്റിക്കളയുകയില്ല. മുന്‍കാലത്ത് അവിടുന്ന് അതു ചെയ്തിട്ടില്ല. ഭാവിയിലും അങ്ങനെ ചെയ്യുകയില്ല.

മഹോപദ്രവത്തിന്റെ നാളില്‍ എതിര്‍ ക്രിസ്തുവിനെതിരെ നില്‍ക്കുന്ന കര്‍ത്താവിന്റെ വിശിഷ്ടസേനാവിഭാഗത്തെ വെളിപ്പാടുപുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് ”ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരും’ എന്നാണ് (വെളി. 12:17). അവര്‍ എതിര്‍ ക്രിസ്തുവിനു മുമ്പില്‍ തലകുനിക്കുകയോ അവന്റെ അടയാളം ശരീരത്തില്‍ വഹിക്കുകയോ ഇല്ല. അതുകൊണ്ട് അവരില്‍ അനേകര്‍ക്കും വിശ്വാസത്തിനുവേണ്ടി ജീവന്‍ അര്‍പ്പിക്കേണ്ടി വരും (വെളി. 13:7,8, 15-17). അങ്ങനെ ‘മരണപര്യന്തം തങ്ങളുടെ ജീവനെ സ്‌നേഹിക്കാതിരുന്ന’ (വെളി. 12:11) രക്തസാക്ഷികളുടെ തെരഞ്ഞെടുക്കപ്പെട്ട ഗണത്തില്‍ അവരും ചേരും.

കര്‍ത്താവിനുവേണ്ടി മരണത്തെ നേരിടാന്‍ നമ്മിലാര്‍ക്കും സ്വാഭാവികമായി ധൈര്യമില്ല. എന്നാല്‍ നമ്മുടെ സാക്ഷ്യത്തെ രക്തംകൊണ്ട് മുദ്രയിടാന്‍ ദൈവം നമ്മെ വിളിച്ചാല്‍, ആ സമയത്തേക്കു വേണ്ട പ്രത്യേക കൃപ അവിടുന്നു നമുക്കുതരും. ആ പ്രത്യേക കൃപയാണ് എല്ലാ ക്രിസ്തീയ രക്തസാക്ഷികളേയും മുന്‍കാലങ്ങളില്‍ നിര്‍ഭയം മരണത്തെ നേരിടുവാന്‍ സഹായിച്ചിട്ടുള്ളത്. അവര്‍ക്കു ചെയ്തുകൊടുത്തത് ദൈവം നമുക്കുവേണ്ടിയും ചെയ്യും-നമ്മിലെ ഏറ്റവും ബലഹീനനും ഭീരുവും ആയവനുവേണ്ടിപോലും. നാം ചെയ്യേണ്ടത് ആകെ ഒന്നേയുള്ളൂ. എന്തു വില കൊടുക്കേണ്ടിവന്നാലും അവിടുത്തേക്കുവേണ്ടി വിശ്വസ്തമായി നില്‍ക്കുമെന്ന് കര്‍ത്താവിനോടു പറയുക. ആ മനസ്സൊരുക്കമുണ്ടെങ്കില്‍ കര്‍ത്താവു നമുക്കു ധൈര്യവും തരും.

സ്മുര്‍ന്ന സഭയിലെ വിശുദ്ധന്മാര്‍ ദരിദ്രരായിരുന്നു. സഭാചരിത്രത്തിലുടനീളം ദൈവത്തിന്റെ വിശ്വസ്തരായ കുഞ്ഞുങ്ങള്‍ അഭിമുഖീകരിച്ചിട്ടുള്ള മറ്റൊന്ന് ദാരിദ്ര്യമാണ്.

പല പഴയനിയമവിശുദ്ധരും ധനികരായിരുന്നു. പഴയഉടമ്പടിയുടെ കാലത്തു ദൈവം വാഗ്ദാനം ചെയ്ത പ്രതിഫലങ്ങളില്‍ ഒന്ന് ധനമായിരുന്നു.കാരണം യിസ്രായേലിനെ വിളിച്ചത് ഒരു ഭൗമികരാജ്യം കൈവശമാക്കുന്നതിനുവേണ്ടി ആയിരുന്നല്ലോ.

പക്ഷേ യേശു ഒരു പുതിയ ഉടമ്പടിയുടെ ഉദ്ഘാടകനായിരുന്നു. അവിടുന്ന് സ്വര്‍ഗ്ഗരാജ്യത്തെ ഭൂമിയിലേക്കു കൊണ്ടുവന്നു. ഇപ്പോള്‍ നമുക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഐശ്വര്യം ഭൗതികമല്ല സ്വര്‍ഗ്ഗീയമാണ്. അതുകൊണ്ടാണ് യേശുവും അപ്പൊസ്തലന്മാരും ദരിദ്രരായിരുന്നത്.

ധനികരാകുന്നത് ദൈവം തന്റെ മക്കളെ അനുഗ്രഹിക്കുന്നതിന്റെ തെളിവാണെന്ന് പഠിപ്പിക്കുന്ന അനേകര്‍ ഇന്നുണ്ട്. ദൈവജനത്തിന്റെ ദശാംശം കൊണ്ട് സമ്പന്നരായ പാശ്ചാത്യ പ്രസംഗകരാണ് ഈ ഉപദേശത്തിന്റെ ഉപജ്ഞാതാക്കള്‍! ക്രിസ്തീയബിസിനസ്സുകാര്‍ ഉടനെ, തങ്ങള്‍ പണം കുന്നുകൂട്ടുന്നതിനെ ന്യായീകരിക്കാനുള്ള നല്ല മറയായി ഈ ഉപദേശത്തെ ഉയര്‍ത്തിപ്പിടിച്ചു. ഇപ്പോള്‍ എല്ലായിടത്തുമുള്ള അത്യാഗ്രഹികളായ പ്രസംഗകര്‍ സൗകര്യപ്രദമായ ഒരു ഉപദേശമായി ഇതിനെ കണ്ടെത്തിയിരിക്കുകയാണ്!!

ഇത്തരം പ്രസംഗകരെല്ലാം തങ്ങളുടെ അത്യാഗ്രഹത്താല്‍ വഞ്ചിതരായിരിക്കുന്നുവെന്നു കാണിപ്പാന്‍ കര്‍ത്താവിന്റെയും അപ്പോസ്തലന്മാരുടേയും ദരിദ്രജീവിതം മാത്രം മതി.

വലിയ ശോധനയുടെ നടുവിലും സ്മുര്‍ന്നയിലെ വിശ്വാസികള്‍ കര്‍ത്താവിനോടു വിശ്വസ്തത പാലിച്ചു. പക്ഷേ അവര്‍ ദരിദ്രരായിരുന്നു. അതേ സമയം ലവോദിക്യയിലെ വിശ്വാസികള്‍ ആത്മികമായി മരിച്ചവരായിരുന്നു. എന്നാല്‍ അവര്‍ ധനികരായിരുന്നു. ഇത് എന്താണു തെളിയിക്കുന്നത്? ഉത്തരം പകല്‍പോലെ വ്യക്തമാണ്.

”ദൈവം ലോകത്തില്‍ ദരിദ്രരായവരെ…തിരഞ്ഞെടുത്തില്ലയോ?…….ദൈവം ലോകത്തില്‍ ഭോഷത്വമായതു തിരഞ്ഞെടുത്തു……ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു…..ദൈവം ഏതുമില്ലാത്തതും തിരഞ്ഞെടുത്തു……ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നേ” (യാക്കോ. 2:5, 1 കൊരി. 1:27-29).

തന്റെ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ദൈവത്തിനു തെറ്റുപറ്റിയിട്ടില്ല.

മുമ്പേ തന്റെ രാജ്യവും നീതിയും അമ്പേഷിച്ചാല്‍ നമ്മുടെ ഭൗതിക ആവശ്യങ്ങള്‍ക്കു വേണ്ടതു നല്‍കാമെന്നു ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട് (മത്താ. 6:33, ഫിലി. 4:19).

ഇന്‍ഡ്യയിലെ സഭകളില്‍ ഇതിനുള്ള തെളിവ് നാം വീണ്ടും വീണ്ടും കണ്ടിട്ടുണ്ട്. വലിയ കടത്തിലും കൊടും ദാരിദ്ര്യത്തിലും കഴിഞ്ഞ പല വിശ്വാസികളും ജീവിതത്തില്‍ കര്‍ത്താവിനെ മാനിച്ചപ്പോള്‍ സ്വര്‍ഗ്ഗസ്ഥപിതാവ് അവരെ സാമ്പത്തികമായി അനുഗ്രഹിച്ചു. സര്‍ക്കാര്‍ സഹായം കിട്ടുന്ന സാമൂഹിക സുരക്ഷാപദ്ധതികളില്ലാത്ത, തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന, ഉദ്യോഗസ്ഥ ലോകത്ത് അഴിമതി കൊടികുത്തി വാഴുന്ന ഇന്‍ഡ്യപോലൊരു രാജ്യത്ത് ഇതൊരു അത്ഭുതമാണ്. പക്ഷേ ആ വിശ്വാസികള്‍ വലിയ ധനവാന്മാരും ആയിത്തീര്‍ന്നിട്ടില്ല. ദൈവം അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുത്തു. പക്ഷേ അവിടുന്ന് അവരെ വലിയ സമ്പന്നരാക്കിയില്ല.

പണത്തിനു പിന്നാലെ പോകുന്ന വിശ്വാസികള്‍ ആത്മികമായി തങ്ങളെ തന്നെ നശിപ്പിക്കുന്നതും നമ്മള്‍ കാണുന്നു (1തിമൊ.6:9,10).

കുടുംബസ്വത്തായോ മറ്റോ പണം ലഭിച്ചു ധനവാനായിരിക്കുന്ന ഒരു വിശ്വാസി അതുകൊണ്ട് എന്താണു ചെയ്യേണ്ടത്? അവന്‍ ദൈവവചനം അനുസരിക്കണം. (1) ആദ്യമായി തനിക്കുള്ളത് എല്ലാ കര്‍ത്താവിന്റേതാണെന്ന് അംഗീകരിക്കണം. (1 കൊരി. 10:26, 1 കൊരി. 4:7, ലൂക്കൊ. 14:33, യോഹ. 17:10 എന്നീ തിരുവെഴുത്തുകള്‍ പഠിക്കുക) (2) ധനം സുവിശേഷത്തിന്റെ വ്യാപനത്തിനായി ഉപയോഗിക്കുക എന്ന കര്‍ത്താവിന്റെ കല്പന അനുസരിക്കുക (”നിത്യതയില്‍ സ്‌നേഹിതന്മാരെ സമ്പാദിക്കുവാന്‍ നിങ്ങളുടെ പണം ഉപയോഗിക്കുക” ലൂക്കൊ. 16:9 പരാവര്‍ത്തനം) (3) ആവശ്യത്തിലായിരിക്കുന്ന വിശ്വാസികളുമായി പണം പങ്കിടണമെന്ന ദൈവകല്പന പാലിക്കുക (1 തിമൊ.6:17-19)

ഈ മൂന്നു കാര്യങ്ങളും അനുസരിച്ചാല്‍ അവന്‍ അധികനാള്‍ സമ്പന്നനായി തുടരുകയില്ല. പക്ഷേ അവന്‍ ഒരു ആത്മികനായി മാറും. ഭൗതികകാര്യങ്ങളില്‍ നമ്മള്‍ കാട്ടുന്ന വിശ്വസ്തതയ്ക്ക് ആനുപാതികമായാണ് ദൈവം നമുക്ക് ആത്മിക പ്രതിഫലം തരുന്നത്. (ലൂക്കൊ. 16:10). അനേകരും ആത്മികമായി ദരിദ്രരായിരിക്കുന്നതിന്റെ കാരണം ദൈവം പരീക്ഷിക്കാനായി അവരെ ഏല്പിച്ച ‘അനീതിയുള്ള മാമ്മോനില്‍’ അവര്‍ വിശ്വസ്തരായിരുന്നില്ല എന്നതാണ്.

പുതിയ നിയമത്തില്‍ ദൈവം നമുക്കു ഭൗതിക ഐശ്വര്യം വാഗ്ദാനം ചെയ്തിട്ടില്ല. പക്ഷേ അവിടുന്നു സ്മുര്‍ന്നയിലെ സഭയോടു പറയുന്നത് ‘നീ ധനവാനാകുന്നു’ എന്നാണ് (ഒന്‍പതാം വാക്യം). തങ്ങളുടെ ശോധനയില്‍ വിശ്വസ്തരായി നില്‍ക്കുകയും ദിവ്യസ്വഭാവത്തില്‍ പങ്കാളികളായിത്തീരുകയും ചെയ്തതുകൊണ്ട് ദൈവത്തിന്റെ കണ്ണില്‍ അവര്‍ ധനവാന്മാരാണ്. പുതിയ ഉടമ്പടിയില്‍ ദൈവം നമുക്കു തരുന്ന യഥാര്‍ത്ഥമായ നിത്യമായ സമ്പത്ത് ഇതാണ്.

സ്മുര്‍ന്നയിലെ സഭയ്ക്കു ‘തങ്ങള്‍ യഹൂദന്മാരാണെന്നു പറയുന്നവരുടെ ദൈവദൂഷണവും’ നേരിടേണ്ടി വന്നു (ഒന്‍പതാം വാക്യം).

ദൈവത്തിന്റെ വിശ്വസ്തരായ കുഞ്ഞുങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന മറ്റൊരു കാര്യമാണ് അപവാദം. ഇവിടെ അപവാദവും എതിര്‍പ്പും നേരിടേണ്ടിവരുന്നതു ദൈവജനമെന്ന് അവകാശപ്പെടുന്നവരില്‍ നിന്നാണെന്ന വസ്തുത ശ്രദ്ധിക്കുക. യഹൂദര്‍ എന്നു പറയുന്നെങ്കിലും യെഹൂദരല്ല ‘സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണം’ എന്നാണു പറഞ്ഞിരിക്കുന്നത് (ഒന്‍പതാം വാക്യം).

വേദപുസ്തകം (ഉല്പത്തി മുതല്‍ മലാഖി വരെ) പഠിച്ച മതഭക്തരായ യഹൂദരാണ് അവര്‍. എന്നാല്‍ കര്‍ത്താവ് അവരെ വിളിക്കുന്നത് ‘സാത്താന്റെ പള്ളിക്കാര്‍’ എന്നാണ്. കാരണം അവര്‍ കപടഭക്തരായിരുന്നു. അതുകൊണ്ടാണ് അവര്‍ യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യന്മാരെ ഉപദ്രവിച്ചത്.

ദൈവഭയമുള്ള യഹൂദന്മാര്‍ സ്ഥാപിച്ച പല പള്ളികളും ഒരു സമയം കൊണ്ട് ‘സാത്താന്റെ പള്ളികളായി’ അധഃപതിച്ചു. ഇതുപോലെ ദൈവഭയമുള്ള വിശ്വാസികള്‍ ആരംഭിച്ച പല സഭകളും ദൈവത്തിന്റെ കണ്ണില്‍ ഇന്ന് ‘സാത്താന്റെ സഭകളായി’ മാറിക്കഴിഞ്ഞു.

യേശുവിന്റെ യഥാര്‍ത്ഥശിഷ്യന്മാര്‍ക്ക് ഇന്ന് എതിര്‍പ്പ് നേരിടേണ്ടിവരുന്നതു ജാതീയ മതങ്ങളില്‍നിന്നു മാത്രമല്ല (അതു മനസ്സിലാക്കാവുന്നതേയുള്ളൂ) ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്നവരില്‍ നിന്നുകൂടിയാണ്. സത്യത്തില്‍ അവര്‍ ക്രിസ്ത്യാനികള്‍ അല്ല, സാത്താന്റെ സഭക്കാരാണ്.

ഇന്നു നമ്മള്‍ ഇന്ന സഭ സാത്താന്റെ സഭയാണെന്ന് പറഞ്ഞാല്‍ പലരും നമ്മള്‍ ക്രിസ്തുവിനെപ്പോലെയല്ലെന്ന് കുറ്റപ്പെടുത്തിയേക്കും. പക്ഷേ അവര്‍, യേശുതന്നെ പത്രൊസിനെ ‘സാത്താനെ, എന്റെ പിന്നില്‍ പോ’എന്നു ശാസിച്ച കാര്യം മറന്നുപോകുന്നു (മത്താ. 16:23). അതേ യേശുവാണ് ഈ മതഭക്തരുടെ കൂട്ടത്തെ ‘സാത്താന്റെ പള്ളിക്കാര്‍’ എന്നുവിളിച്ചത്. തങ്ങളുടെ വിളിയില്‍ നിന്നു വഴുതിപ്പോയ ‘സഭ’കളെ ശാസിക്കാന്‍ കര്‍ത്താവ് ഇന്നും ഇതേ ശക്തമായ ഭാഷ തന്നെ ഉപയോഗിച്ചേക്കും.

”അവര്‍ നിങ്ങളെ പള്ളിഭ്രഷ്ടര്‍ ആക്കും. അത്രയുമല്ല നിങ്ങളെ കൊല്ലുന്നവന്‍ എല്ലാം ദൈവത്തിനു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു. അവര്‍ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും” എന്നു യേശു തന്റെ ശിഷ്യന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി (യോഹ.16:2,3).

യഹൂദാപള്ളിയിലെ ആളുകള്‍ തന്റെ ശിഷ്യന്മാരോടു ചെയ്യുമെന്നു കര്‍ത്താവു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ‘സഭകളും’ ചെയ്യുകയുണ്ടായി. മദ്ധ്യകാലഘട്ടത്തില്‍ ദൈവഭയമുള്ള ക്രിസ്തുശിഷ്യന്മാരെ റോമന്‍ കത്തോലിക്കാ ‘സഭ’യിലെ മതപരിശോധകന്മാര്‍ (കിൂൗശശെശേീിശേെ)െ കൊന്നുകളഞ്ഞിട്ടുണ്ട്.

യേശുവിന്റെ ശിഷ്യന്മാരോടുള്ള വിദ്വേഷം എതിര്‍ക്രിസ്തുവിന്റേയും ബാബിലോണ്‍ എന്ന ലോകസഭയുടെയും കാലത്തു അത്യുച്ചകോടിയിലെത്തും. അതു വരുമ്പോള്‍ നേരിടാന്‍ നാം തയ്യാറായിരിക്കണം. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ എന്നു പറയപ്പെടുന്നവരില്‍ നിന്നു ദൂഷണവും എതിര്‍പ്പും ചെറിയതോതില്‍ ഇന്നുണ്ടായാല്‍ ഭയപ്പെടരുതെന്നു പറയുന്നത്.

യേശുവിനെപ്പോലും ലോകം പഴിച്ചു. അതുകൊണ്ട് നാമും അപവാദങ്ങളെ ഭയപ്പെടരുത്. ഭക്ഷണപ്രിയന്‍, ദുരുപദേശകന്‍, ദൈവദൂഷകന്‍, ഭ്രാന്തന്‍, പിശാചുബാധിതന്‍, സാത്താന്യശക്തികളുള്ളവന്‍ എന്നിങ്ങനെയാണ് യേശുവിനെ ആക്ഷേപിച്ചത് (ലൂക്കൊ. 7:34, യോഹ. 7:12, മത്താ. 26:65, മര്‍ക്കൊ. 3:21, 22 യോഹ. 8:48).

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു ”ശിഷ്യന്‍ ഗുരുവിന് മീതെയല്ല. ദാസന്‍ യജമാനനു മീതെയുമല്ല. ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യനു മതി. യജമാനനെപ്പോലയാകുന്നതു ദാസനും മതി. അവര്‍ വീട്ടുടയവനെ ബെയെത്സബൂല്‍ എന്നു വിളിച്ചു എങ്കില്‍ വീട്ടുകാരെ എത്ര അധികം?. ”(ഭൂതങ്ങളുടെ അധിപതി എന്ന അര്‍ത്ഥത്തില്‍ യഹൂദന്മാര്‍ സാത്താനെ വിളിച്ചിരുന്നത് ബെയെത്സബൂല്‍ എന്നായിരുന്നു) മത്താ.10:24,25.

”ജാതികള്‍ നിങ്ങളെ ദുഷ്പ്രവൃത്തിക്കാര്‍ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്‍ശനദിവസത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയില്‍ നിങ്ങളുടെ നടപ്പ് നന്നായിരിക്കണം” എന്നു പത്രൊസ് നമ്മെ പ്രബോധിപ്പിക്കുന്നതു ശ്രദ്ധിക്കുക (1 പത്രൊ.2:12).

നമ്മോടുള്ള ദൈവത്തിന്റെ വാഗ്ദാനം ”നിനക്കു വിരോധമായുണ്ടാകുന്ന യാതൊരു ആയുധവും ഫലിക്കയില്ല. ന്യായവിസ്താരത്തില്‍ നിനക്കു വിരോധമായി എഴുന്നേല്‍ക്കുന്ന എല്ലാ നാവിനേയും നീ കുറ്റം വിധിക്കും. യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കല്‍നിന്നുള്ള അവരുടെ നീതിയും ഇതു തന്നെയാകുന്നു” എന്നാണ് (യെശ. 54:17). അതുകൊണ്ട് നാം അപവാദങ്ങളെ ഭയപ്പെടേണ്ടതില്ല. ദൈവം തന്നെ യഥാസമയം നമ്മുടെ നിരപരാധിത്വം തെളിയിക്കും. അതുവരെ അഭക്തരായ മനുഷ്യര്‍ പറയുന്നത് അവഗണിച്ചു നമുക്കു മിണ്ടാതിരിക്കാം.

തുടര്‍ന്ന് കര്‍ത്താവ് സ്മുര്‍ന്നയിലെ സഭയോടു ‘ഭയപ്പെടേണ്ട’ എന്നു പറയുന്നു (പത്താം വാക്യം). യേശു ഭൂമിയിലായിരുന്നപ്പോള്‍ അവിടുന്നു മിക്കപ്പോഴും ‘ഭയപ്പെടേണ്ട’ എന്നു പറഞ്ഞിരുന്നു. തന്റെ നാമം നിമിത്തം കഷ്ടതയെ നേരിടുന്ന സഭയോട് അവിടുന്ന് ഇന്നും പറയുന്ന വാക്ക് ഇതുതന്നെയാണ്. ഒരുപക്ഷേ ഇക്കാലത്ത് നാം എല്ലാവരും കര്‍ത്താവില്‍ നിന്ന് കേള്‍ക്കേണ്ട ഒരേ ഒരു വാക്കും ഇതുതന്നെയാണ്.

ഭയത്തിന്റെ ഒരാത്മാവ് ഇന്നു ലോകം മുഴുവന്‍ വ്യാപരിച്ച് അനേകരെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. അന്ത്യകാലത്ത് അങ്ങനെ സംഭവിക്കുമെന്ന് കര്‍ത്താവും നമുക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ടല്ലോ (ലൂക്കൊ. 21:26). പക്ഷേ ഈ ഭയത്തിന്റെ ആത്മാവിനാല്‍ ബാധിക്കപ്പെടരുതെന്ന് അവിടുന്ന് ശിഷ്യന്മാരോടു പറഞ്ഞു. എന്നാല്‍ മിക്ക വിശ്വാസികളും ഈ ആത്മാവില്‍നിന്നു വിടുവിക്കപ്പെട്ടിട്ടില്ല എന്നതാണു സങ്കടകരമായകാര്യം. ഭാവിയില്‍ എന്തുസംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഭയം, മനുഷ്യരെക്കുറിച്ചുള്ള പേടി, മരണം, രോഗം തുടങ്ങിയവയെക്കുറിച്ചുള്ള ഭയം എന്നിവയുടെ അടിമകളായി അവര്‍ മാറിയിരിക്കുന്നു.

പല വിശ്വാസികളെയും ബന്ധനത്തിലാക്കാന്‍ സാത്താനുപയോഗിക്കുന്ന മുഖ്യ ആയുധങ്ങളിലൊന്ന് ഭയമാണ്. യോഗത്തില്‍ കര്‍ത്താവിനെ സാക്ഷിക്കുക, ജോലിസ്ഥലത്ത് അവിടുത്തെ സാക്ഷ്യം വഹിക്കുക തുടങ്ങിയവയില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് ഭയത്തിന്റെ ആത്മാവാണ്. പല വിശ്വാസികളും അധൈര്യത്തെ താഴ്മയായി തെറ്റിദ്ധരിച്ച് അങ്ങനെ സാത്താനാല്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.

മഹാപുരോഹിതന്റെ അരമനയില്‍ വേലക്കാരിയുടെ മുമ്പില്‍ ധൈര്യമായി കര്‍ത്താവിന്റെ സാക്ഷ്യം വഹിക്കുന്നതില്‍നിന്നു പത്രൊസിനെ തടഞ്ഞത് ഭയമാണ്. എന്നാല്‍ പെന്തക്കോസ്തുനാളില്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചു കഴിഞ്ഞപ്പോള്‍ ആ ഭയം പുറത്താക്കപ്പെട്ടു. ആരുടെ മുമ്പിലും കര്‍ത്താവിനെ സാക്ഷിക്കാനുള്ള ധൈര്യം അവനു കൈവരികയും ചെയ്തു.

പിന്നീടു പത്രൊസും മറ്റൊരു അപ്പൊസ്തലനും ഭയത്തില്‍ വീഴുവാന്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ അവര്‍ പ്രാര്‍ത്ഥിച്ചു വീണ്ടും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ഭയം ഒരു പ്രാവശ്യകൂടി പുറത്താക്കപ്പെട്ടു (പ്രവൃ.4:31).

അപ്പോള്‍ ഭീരുത്വത്തിനുള്ള മറുമരുന്ന് ഇതാണ്; വീണ്ടും വീണ്ടും ആത്മാവിനാല്‍ നിറയുക.

ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മുമ്പിലും ജോലിസ്ഥലത്തും ക്രിസ്തുവിന്റെ സാക്ഷ്യം വഹിക്കാന്‍ വായ് തുറക്കാനുള്ള ധൈര്യമില്ലാതെ നിങ്ങള്‍ ഭയത്തിന്റെ ആത്മാവിനാല്‍ ബന്ധനസ്ഥരായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. ആത്മാവിനാല്‍ നിറച്ച് നിങ്ങളെ ധൈര്യമുള്ളവരാക്കുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നിങ്ങള്‍ ആകെ ചെയ്യേണ്ടത് ഭീരുവാണെന്നു സ്വയം സമ്മതിച്ച്, ധൈര്യത്തോടെ അവിടുത്തെ സാക്ഷ്യം വഹിക്കാനുള്ള ശക്തിക്കായി ആത്മാവിനാല്‍ നിറയ്‌ക്കേണമേ എന്നു ദൈവത്തോടു അപേക്ഷിക്കുക മാത്രമാണ്. വിശക്കുകയും ദാഹിക്കയും ചെയ്യുന്നവര്‍ക്കു തൃപ്തിവരും.

ഭാവിയില്‍ ഭയപ്പെടാനുള്ള പരീക്ഷ നമുക്കു കൂടുതലായി ഉണ്ടാകും. അതുകൊണ്ട് എല്ലാത്തരം ഭയത്തേയും ജയിക്കാന്‍ ഇപ്പോള്‍ കിട്ടുന്ന ഒരവസരവും നമ്മള്‍ പാഴാക്കരുത്.

ദൈവം തന്റെ വിശ്വസ്ത മക്കളെ കഷ്ടങ്ങളില്‍പ്പെടാതെ എപ്പോഴും സംരക്ഷിക്കുമെന്ന് കരുതരുത്. നമ്മുടെ ആത്മിക വളര്‍ച്ചയ്ക്ക് അത് ആവശ്യമാണെന്ന് അവിടുത്തേക്ക് അറിയാം. അതുകൊണ്ട് സ്മുര്‍ന്നയിലെ സഭയേയും ഉപദ്രവങ്ങളില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയില്ല. പക്ഷേ ”നിങ്ങള്‍ സഹിപ്പാനുള്ളത് ഭയപ്പെടേണ്ട” എന്നു പറഞ്ഞു കര്‍ത്താവ് അവര്‍ക്ക് ഉത്സാഹം നല്‍കുന്നു (പത്താം വാക്യം).

സാത്താന്‍ അവരില്‍ ചിലരെ തടവിലാക്കുമെന്ന് കര്‍ത്താവ് മുന്നറിയിപ്പു നല്‍കുന്നു. അന്യായമായി വിശ്വാസികളെ തടവിലാക്കാന്‍ സാത്താനുള്ള അധികാരം ദൈവം കൊടുത്തതാണ്. പക്ഷേ മുമ്പേ ദൈവത്തിന്റെ അനുമതി കിട്ടാതെ സാത്താനു നമ്മെ ഒന്നും ചെയ്യാന്‍ കഴിയുകയില്ലെന്ന് ഓര്‍ത്തിരിക്കണം. നാം തടവിലാക്കപ്പെട്ടാലും അതു നമ്മെ പരീക്ഷിക്കേണ്ടതിനാണ് (പത്താം വാക്യം). തന്റെ ലക്ഷ്യം നിറവേറ്റുന്നതിനു തടവിലാക്കുന്ന അനുഭവംപോലും ദൈവം ഉപയോഗിക്കുന്നു.

”എനിക്കു ഭവിച്ചത് (ജയില്‍ വാസം) സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീര്‍ന്നു” എന്നു പൗലൊസ് പറയുന്നു (ഫിലി. 1:12-14). പൗലൊസിന്റെ ജയില്‍വാസം ദൈവം താഴെപ്പറയുന്ന ലക്ഷ്യങ്ങള്‍ നേടുന്നതിന് ഉപയോഗിച്ചു. (1) പൗലൊസിനെ ശുദ്ധീകരിക്കാന്‍ (2) പൗലൊസിന്റെ തടവിന്റെ അധികാരികളായ കാരാഗൃഹപ്രമാണിമാരെയും കുടുംബങ്ങളെയും രക്ഷിക്കുന്നതിന് (3) ലേഖനങ്ങളെഴുതാന്‍ പൗലൊസിനു അവസരം നല്‍കാന്‍ (4) ഭയം കൂടാതെ സുവിശേഷഘോഷണത്തിലേര്‍പ്പെടാനുള്ള ഉത്സാഹം മറ്റുള്ളവര്‍ക്കു നല്‍കാന്‍.

സാത്താന്റെ പദ്ധതികളെ തകിടം മറിച്ച് എല്ലാറ്റിനേയും (തടവ് ഉള്‍പ്പെടെ) ദിവ്യ ഉദ്ദേശ്യത്തിന്റെ നിവൃത്തിക്കായി ഉപയോഗപ്പെടുത്താന്‍ കഴിവുള്ളവനാണു നമ്മുടെ ദൈവം (റോമ. 8:28, സങ്കീ. 76:10).

നാം തടവില്‍ എത്രനാള്‍ കഴിയണമെന്നു തീരുമാനിക്കുന്നതും ദൈവമാണ്. ”പത്തു ദിവസം നിങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാകും” എന്ന് കര്‍ത്താവ് അവരോടു പറയുന്നു (പത്താം വാക്യം). തന്റെ കുഞ്ഞുങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന കഷ്ടതയുടെ കാലദൈര്‍ഘ്യം തീരുമാനിക്കുന്നതു നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവാണ്.

മഹോപദ്രവത്തിന്റെ സമയംപോലും ‘വൃതന്മാര്‍ നിമിത്തം ചുരുങ്ങും’ എന്നു യേശു പറഞ്ഞു (മത്താ. 24:22) ഭൂമിയില്‍ ജലപ്രളയം ഉണ്ടായപ്പോള്‍ ‘ദൈവം നോഹയെ ഓര്‍ത്തു,’ എന്നു നാം വായിക്കുന്നു (ഉല്പ.8:1). അതു പോലെ മഹോപദ്രവത്തിന്റെ പിടിയില്‍ അവര്‍ അമര്‍ന്നുപോകുമ്പോഴും ദൈവം തന്റെ വൃതന്മാരെ മറക്കുകയില്ല. നമ്മോടുള്ള അവിടുത്തെ വാക്കുകള്‍ ‘ഞാന്‍ നിന്നെ മറക്കുകയില്ല…ഞാന്‍ നിന്നെ എന്റെ ഉള്ളങ്കയ്യില്‍ വരെച്ചിരിക്കുന്നു” എന്നാണ് (യെശ.49:15,16).

ഇതറിയുന്നതു നമുക്കു വലിയൊരു ആശ്വാസംതന്നെ. പ്രത്യേകിച്ച് വരുംകാലത്ത് കര്‍ത്താവിന്റെ നാമം നിമിത്തം നാം കഷ്ടത സഹിക്കേണ്ടിവരുമ്പോള്‍. കഴിവിനപ്പുറം നാം പരീക്ഷിക്കപ്പെടുവാന്‍ അവിടുന്ന് അനുവദിക്കുകയില്ല. നമ്മുടെമേല്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദത്തിന്റെ നിയന്ത്രണം അവിടുത്തെ കൈകളിലാണ്.

”മരണപര്യന്തം വിശ്വസ്തനായിരിക്ക. എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്കു തരും” (പത്താം വാക്യം). ഇതാണ് കര്‍ത്താവിന്റെ ഉപദേശം. കര്‍ത്താവിനായി യഥാര്‍ത്ഥമായി നില്‍ക്കുവാനായി വേണ്ടിവന്നാല്‍ മരിക്കുവാനും നാം തയ്യാറായിരിക്കണം. ഈ ലോകത്തിലെ എന്തെങ്കിലും ഒരു കൊച്ചു നേട്ടത്തിനുവേണ്ടി (എന്തെങ്കിലും പദവി, ജോലിക്കയറ്റം, പണം എന്നിങ്ങനെ) തങ്ങളുടെ സാക്ഷ്യത്തെ അടിയറവയ്ക്കുന്ന വിശ്വാസികളെ മാതൃകയാക്കരുത്. എതിര്‍ക്രിസ്തുവിന്റെ മുദ്രയേല്‍ക്കാതെ അത്യാവശ്യഭക്ഷണം പോലും വാങ്ങുവാന്‍ അനുവദിക്കാത്ത കാലത്ത് ആ വിശ്വാസികള്‍ക്ക് എങ്ങനെ കര്‍ത്താവിനുവേണ്ടി വിശ്വസ്തമായി നില്ക്കുവാന്‍ കഴിയും? (വെളി. 13:16,17). നിലനില്‍പ്പിനുവേണ്ടി അത്തരം ‘വിശ്വാസികള്‍’ തീര്‍ച്ചയായും ‘മൃഗത്തിന്റെ മുദ്ര’ ഏല്‍ക്കുക തന്നെ ചെയ്യും.

ജീവകിരീടം, ഏതു ലോകബഹുമതിയെക്കാളും, ഈ ജീവനെക്കാളും, വിലയേറിയ അവകാശമാണെന്ന് ഓര്‍ക്കുക.

ഇത്തരം ഒരു സന്ദേശം കേള്‍ക്കാന്‍ അനേകര്‍ക്കും ചെവിയില്ല എന്നു കര്‍ത്താവ് അംഗീകരിക്കുന്നു. അതുകൊണ്ട് കേള്‍പ്പാന്‍ ചെവിയുള്ളവരെ, കര്‍ത്താവു കേള്‍ക്കാനായി ക്ഷണിക്കുകയാണ്.

ജയിക്കുന്നവനു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല (11-ാം വാക്യം).

രണ്ടാം മരണം നിത്യമായ മരണമാണ്-ദൈവസന്നിധിയില്‍ നിന്നു പുറത്താക്കപ്പെട്ട് നിത്യകാലം തീപ്പൊയ്കയില്‍ കിടക്കുന്നതാണത്. രണ്ടാംമരണത്തില്‍ നിന്നുള്ള രക്ഷ ജയാളികള്‍ക്കു മാത്രമാണു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. പാപത്തെ ജയിക്കുന്നത്, അതുകൊണ്ടുതന്നെ, പരമപ്രധാനമാണ്. പാപത്തിന്റെ അന്തിമ ഫലമാണല്ലോ മരണം (യാക്കൊ.1:15).

പുതിയനിയമത്തിലുടനീളമുള്ള പരിശുദ്ധാത്മാവിന്റെ അടിസ്ഥാനപരമായ ഉദ്‌ബോധനം ഏതുരൂപത്തിലുമുള്ള പാപത്തെ നാം ജയിക്കണം എന്നതാണ്.

ലൗകികമായ സഭ

വാക്യം. 12-17:- പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക; മൂര്‍ച്ചയേറിയ ഇരുവായ്ത്തലവാള്‍ ഉള്ളവന്‍ അരുളിചെയ്യുന്നത്; നീ എവിടെ പാര്‍ക്കുന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു. നീ എന്റെ നാമം മുറുകെപിടിച്ചിരിക്കുന്നു. നിങ്ങളുടെ ഇടയില്‍, സാത്താന്‍ പാര്‍ക്കുന്നേടത്തുതന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തു പോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല. എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ട്. യിസ്രായേല്‍ മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിനും ദുര്‍ന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിനു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം കൈക്കൊള്ളുന്നവര്‍ നിനക്കും ഉണ്ട്. ആകയാല്‍ മാനസാന്തരപ്പെടുക. അല്ലാഞ്ഞാല്‍ ഞാന്‍ വേഗത്തില്‍ വന്ന് എന്റെ വായിലെ വാളുകൊണ്ട് അവരോടു പോരാടും. ആത്മാവു സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന് ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും. ഞാന്‍ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.

കര്‍ത്താവ് ഇവിടെ സ്വയം ആത്മാവിന്റെ ഇരുവായ്ത്തലയുള്ള വാള്‍ ഉള്ളവന്‍ എന്നു വിളിക്കുന്നു. ദൈവത്തിന്റെ ജീവനും ശക്തിയുമുള്ള വചനം ആണത് (പന്ത്രണ്ടാം വാക്യം; എഫെ. 6:17). കര്‍ത്താവ് മരുഭൂമിയില്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ സാത്താനെ ജയിച്ചത് ഈ വാള്‍കൊണ്ടാണ്. ഈ വാള്‍ ഇന്നും അവിടുത്തെ വായില്‍നിന്നു പുറത്തുവരുന്നു. സാത്താനെതിരെയുള്ള പോരാട്ടത്തില്‍ നമുക്കും വേണ്ട വാള്‍ ഇതുതന്നെ.

സാത്താന്റെ ഭൂമിയിലെ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം എന്നു കര്‍ത്താവു വിശേഷിപ്പിക്കത്തക്കവണ്ണം തിന്മ നിറഞ്ഞ നഗരമായിരുന്നു പെര്‍ഗ്ഗമോസ്. 13-ാം വാക്യത്തില്‍ ഇക്കാര്യം രണ്ടുവട്ടം പറഞ്ഞിരിക്കുന്നു. അത്തരം ഒരു നഗരത്തിന്റെ മധ്യത്തിലാണു കര്‍ത്താവു തന്റെ സഭയെ വച്ചിരിക്കുന്നത്.

കര്‍ത്താവ് അവരോടു ‘നീ എവിടെ പാര്‍ക്കുന്നുവെന്ന് ഞാന്‍ അറിയുന്നു’ എന്നു പറയുന്നു. എവിടെ ഏതു സാഹചര്യത്തിലാണു നാം താമസിക്കുന്നതെന്ന് അവിടുത്തേക്കു കൃത്യമായി അറിയാം. നം ജീവിക്കുന്ന സ്ഥലത്തുതന്നെയാണു സാത്താന്റെ ഈ ഭൂമിയിലെ സിംഹാസനം എങ്കില്‍പോലും നമ്മെ നിര്‍മ്മലരായും ജയിക്കുന്നവരായും കാത്തുസൂക്ഷിക്കാന്‍ അവിടുത്തേക്കു കഴിയും. ആത്മാവിന്റെ വാളുകൊണ്ടു നമുക്കും ജയാളികളാകാം.

വേണ്ടപോലെ പ്രകാശിക്കാന്‍ കഴിയാതെവണ്ണം അന്ധകാരനിബിഡമാണു ചുറ്റുപാടുകളെന്ന് ഒരിക്കലും ഒരു നിലവിളക്കും പരാതിപ്പെടാറില്ല. ചുറ്റുപാടുകളെ ആശ്രയിച്ചല്ല നിലവിളക്കു പ്രകാശിക്കുന്നത്. മറിച്ച് അതിലുള്ള എണ്ണയുടെ അളവാണു നിര്‍ണ്ണായകം.

പ്രാദേശിക സഭയെ സംബന്ധിച്ചും ഇങ്ങനെയാണ്. ചുറ്റുപാടുകള്‍ വളരെ തിന്മ നിറഞ്ഞതായിരിക്കാം. സാത്താന്‍ അവന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നതും ആ പട്ടണത്തിലായിരിക്കാം. എന്നാല്‍ സഭ പരിശുദ്ധാത്മാവാകുന്ന എണ്ണയാല്‍ നിറഞ്ഞാല്‍ ശോഭയോടെ അതു പ്രകാശിക്കും. സത്യത്തില്‍, ചുറ്റുപാടുമുള്ള ഇരുട്ടിനു കനംകൂടുന്തോറും വിളക്കു കൂടുതല്‍ പ്രശോഭിക്കും! നക്ഷത്രങ്ങളെ പകലല്ല രാത്രിയിലാണല്ലോ കാണാവുന്നത്.

ഉപദ്രവത്തിന്റെ സമയത്തും വിശ്വാസം ത്യജിച്ചുകളയാതെ തന്റെ നാമം ഉയര്‍ത്തിപ്പിടിച്ചതിന് ഈ സഭയെ കര്‍ത്താവു ശ്ലാഘിക്കുന്നുണ്ട്. വിശ്വാസത്തിനുവേണ്ടി ജീവനെ വച്ചുകൊടുത്ത വിശ്വസ്ത സാക്ഷിയായ അന്തിപ്പാസിനെ അവിടുന്നു പ്രത്യേകം പരാമര്‍ശിക്കുന്നു.

ദൈവിക സത്യങ്ങള്‍ക്കുവേണ്ടി, തനിയെ ആണെങ്കിലും ഉറച്ചുനിന്നവനാണ് അന്തിപ്പാസ്. ദൃഢമായ വിശ്വാസം ഉള്ള അവന്‍ മനുഷ്യരെ പ്രീണിപ്പിക്കുന്നവനായിരുന്നില്ല. ദൈവത്തെ അറിഞ്ഞിരിക്കുന്നവര്‍ തങ്ങള്‍ വിശ്വസിക്കുന്നത് വിശ്വസിക്കുന്ന എത്രപേരുണ്ടെന്ന് കാണാന്‍ ചുറ്റും നോക്കുകയില്ല. വേണ്ടിവന്നാല്‍ ലോകത്തിലുള്ള എല്ലാവര്‍ക്കും എതിരേ കര്‍ത്താവിനുവേണ്ടി തനിയെ നില്പാന്‍ തയ്യാറുള്ളവരാണ് അവര്‍. അന്തിപ്പാസ് അങ്ങനെ ഒരുവനായിരുന്നു. ഫലം, അവന്‍ കൊല്ലപ്പെട്ടു.

മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ അവനു മരണത്തില്‍ നിന്നു രക്ഷപ്പെടാമായിരുന്നു. ദൈവം വെളിപ്പെടുത്തിയ സത്യങ്ങള്‍ക്കുവേണ്ടി ഒത്തുതീര്‍പ്പില്ലാതെ നിന്നതുകൊണ്ടാണവന്‍ കൊല്ലപ്പെട്ടത്. ഇടുങ്ങിയ മനസ്ഥിതിക്കാരന്‍, ആരോടും യോജിച്ചുപോകാന്‍ കഴിയാത്തവന്‍, മര്‍ക്കടമുഷ്ടിയുള്ളവന്‍, ഭ്രാന്തന്‍ എന്നിങ്ങനെയെല്ലാം ആളുകള്‍ അവനെ വിളിച്ചിരുന്നിരിക്കാം. പക്ഷേ അതവനില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. അവന്‍ ദൈവത്തിനു വേണ്ടി വിശ്വസ്തനായി നിന്നു. പാപം, ലോകമയത്വം, അനുരഞ്ജനം, ദൈവവചനത്തോടുള്ള അനുസരണമില്ലായ്മ എന്നിവയ്ക്കും പിശാചിനും എതിരാണവന്‍. സാത്താന്റെ സാമ്രാജ്യത്തിനു ഭീഷണിയായിത്തീര്‍ന്ന ഒരു മനുഷ്യന്‍.

അന്തിപ്പാസ് പെര്‍ഗ്ഗമൊസിലായിരുന്നതിനാലാവണം സാത്താന്‍ തന്റെ ആസ്ഥാനം അവിടെ ഉറപ്പിക്കാന്‍ തീരുമാനിച്ചത്. സാത്താന്‍പോലും അവനെ ഭയപ്പെടണമെങ്കില്‍ അന്തിപ്പാസ് എന്തൊരു മനുഷ്യനായിരുന്നു!

ലോകത്തിന്റെ എല്ലാ ഭാഗത്തും അന്തിപ്പാസിനെപ്പോലെയുള്ള ആളുകളെയാണ് ഇന്നു ദൈവത്തിന് ആവശ്യം. നമ്മുടെ വിശ്വാസത്തിനു വിലകൊടുക്കേണ്ട ഒരു സമയം വേഗം വരുന്നു. എതിര്‍ക്രിസ്തുവിന്റെ മുമ്പില്‍ നമുക്കു ചുറ്റുമുള്ള ബാബിലോന്യക്രിസ്തീയലോകം മുഴുവന്‍ തല കുനിക്കും. അന്ന് അന്തിപ്പാസിനെപ്പോലെ നാം ഉറച്ചു നില്‍ക്കുമോ? അതോ ജീവനെ രക്ഷിക്കാന്‍ നാമും സാത്താനുമുമ്പില്‍ മുട്ടുമടക്കുമോ? ദൈവിക സത്യങ്ങള്‍ക്കുവേണ്ടി ജീവനുപേക്ഷിക്കേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്ന ആഴമായ ബോദ്ധ്യം നമുക്കുണ്ടോ?

ചെറിയ പരീക്ഷകളിലൂടെ ഇന്നു ദൈവം നമ്മെ പരിശോധിക്കുകയാണ്. ഈ ചെറിയ ശോധനകളില്‍ ഇന്നു നാം വിശ്വസ്തരായി നിന്നാലേ ഭാവിയിലെ വലിയ പരീക്ഷകള്‍ക്കുമുമ്പിലും നമുക്കു വിശ്വസ്തരായിരിപ്പാന്‍ കഴിയൂ. സാത്താന്‍ തന്റെ ആസ്ഥാനം നിങ്ങളായിരിക്കുന്ന പട്ടണത്തിലേക്കു മാറ്റത്തക്കവണ്ണം സാത്താന്റെ സാമ്രാജ്യത്തിന് ഒരു കടുത്ത ഭീഷണിയായി നിങ്ങള്‍ മാറിയിട്ടുണ്ടോ?

അന്തിപ്പാസിന്റെ മരണശേഷം പെര്‍ഗ്ഗമൊസിന് അതിന്റെ ആത്മികം നഷ്ടമായി എന്നതാണു ദുഃഖകരമായ കാര്യം. അന്തിപ്പാസായിരുന്നിരിക്കാം ആ സഭയുടെ ദൂതന്‍. അദ്ദേഹത്തിന്റെ മരണശേഷം മറ്റാരോ ആ സ്ഥാനം ഏറ്റെടുത്തു. അതോടെ ആ സഭയുടെ പതനവും ആരംഭിച്ചു. പല സഭകളുടെയും ദുഃഖകരമായ ചരിത്രം ഇതാണ്.

പൗലൊസ് എഫെസൊസില്‍ നിന്നു പോകുമ്പോള്‍ മൂപ്പന്മാരെ വിളിച്ച് തനിക്കുശേഷം സഭ ലോകത്തോട് അനുരഞ്ജനപ്പെടുകയും പിന്മാറിപ്പോകുകയും ചെയ്യുമെന്നു മുന്നറിയിപ്പു കൊടുത്തു (പ്രവൃ.20:28-31). പൗലൊസ് അവിടെ ഉണ്ടായിരുന്നപ്പോള്‍ താന്‍ ലോകമയത്വത്തിനും പാപത്തിനും എതിരെ പോരാടുകയും എതിര്‍ക്രിസ്തുവിന്റെ ആത്മാവിനെ ചെറുത്തു നില്‍ക്കുകയും ചെയ്തു. എന്നാല്‍ പൗലൊസിനുശേഷം അതു ചെയ്യുവാന്‍ എഫെസൊസില്‍ ശക്തരായ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൊടിയ ചെന്നായ്ക്കള്‍ ആട്ടിന്‍കൂട്ടത്തിനിടയില്‍ കടന്ന് അവയെ വിഴുങ്ങിയപ്പോള്‍ മൂപ്പന്മാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയായിരുന്നു!

അന്തിപ്പാസിന്റെ മരണത്തിനുശേഷം സാത്താന്‍ പെര്‍ഗ്ഗമൊസ് സഭയോടുള്ള അടവുകളില്‍ മാറ്റം വരുത്തി. സാത്താന്റെ സിംഹാസനം ഒരു സ്ഥലത്തുണ്ടെന്നുവച്ച് അവന്‍ എപ്പോഴും ആ സ്ഥലത്തെ സഭയെ ഉപദ്രവിച്ചുകൊള്ളണം എന്നില്ല.

തിരുവെഴുത്തുകളില്‍ സാത്താനെ അലറുന്ന സിംഹം എന്നുമാത്രമല്ല വിളിച്ചിരിക്കുന്നത് (1 പത്രൊ.5:8). വേണ്ടിവന്നാല്‍ വെളിച്ചദൂതന്റെ വേഷം ധരിക്കുന്ന കൗശലമേറിയ പഴയപാമ്പ് എന്നും അവനെ വിവരിച്ചിരിക്കുന്നു (വെളി.12:9, 2 കൊരി. 11:14). പുറത്തുനിന്നു സഭയെ ഉപദ്രവിക്കുന്നതിനെക്കാള്‍ അകത്തുനിന്നു ലോകമയത്വം കൊണ്ടു സഭയെ മലിനപ്പെടുത്തുന്നതാണ് തന്റെ ഉദ്ദേശ്യസാധ്യത്തിന് ഏറെ സഹായകരമെന്നു സാത്താന്‍ നൂറ്റാണ്ടുകളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്.

ഇതുതന്നെയാണു സാത്താന്‍ പെര്‍ഗ്ഗമൊസിലെ സഭയോടും ഒടുവില്‍ ചെയ്തത്. ഉപദ്രവങ്ങളിലൂടെ നേടാന്‍ കഴിയാത്തത് ‘ബിലെയാമിന്റെ സമ്പ്രദായങ്ങളി’ലൂടെ തന്ത്രപരമായി അവന്‍ നേടി!

‘ബിലെയാമിന്റെ ഉപദേശംപിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ട്’ എന്നാണ് കര്‍ത്താവ് ഈ സഭയോടു പറയുന്നത് (14-ാം വാക്യം). യിസ്രായേല്‍മക്കളെ ശപിക്കാനായി ബാലാക്ക് രാജാവ് ‘വിലയ്‌ക്കെടുത്ത’ ഒരുവനായിരുന്നു ബിലെയാം-ബൈബിളില്‍ നാം കാണുന്ന ആദ്യത്തെ ‘കൂലിക്കെടുത്ത പ്രസംഗകന്‍’.

ഈ വിലയ്‌ക്കെടുക്കുന്ന പരിപാടി ഇന്നു ക്രിസ്തീയലോകത്ത് വ്യാപകമായിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം പ്രസംഗം ഒരു ജീവനോപാധിയാണ്. ദൈവജനത്തിന്റെ ഇടയന്മാരെന്നു ഭാവിച്ച് ആടുകളെ മുതലെടുക്കുന്നതില്‍ മാത്രം തല്പരരായ ഇവര്‍ക്കു ദൈവം എതിരാണ്.

ബാലാക്ക് വിളിച്ചപ്പോള്‍ ബിലെയാം ആദ്യം പോയില്ല. കാരണം പോകരുതെന്ന് ദൈവം അവനോട് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ ബാലാക്ക് ഉയര്‍ന്ന വേതനവും കൂടുതല്‍ ബഹുമാനവും വാഗ്ദാനം ചെയ്തപ്പോള്‍ ‘ഈ കാര്യത്തിലുള്ള ദൈവഹിതം’ ബിലെയാം വീണ്ടും ആരാഞ്ഞു. ഇതേ സാഹചര്യത്തില്‍ ഇന്നും പലരും ഇതാണു ചെയ്യുന്നത് !! അതുകൊണ്ട് പണത്തിനു പിന്നാലെ പോയി സ്വയം നശിക്കുവാന്‍ ദൈവം അവനെ അനുവദിച്ചു. ഇന്നും ബിലയാമിന്റെ കാലടിപ്പാടുകളെ പിന്തുടരുവാന്‍ ദൈവം അനേകം പ്രസംഗകരെ അനുവദിക്കുന്നു; ബിലെയാമിന്റെ അന്ത്യം പ്രാപിക്കുവാനും.

യിസ്രായേലിനെ ശപിക്കുവാന്‍ തനിക്കു കഴിയുകയില്ലെന്ന് ബോദ്ധ്യമായപ്പോള്‍, വിഗ്രഹാരാധന, ദുര്‍മാര്‍ഗം എന്നിവകൊണ്ട് അവരെ പ്രലോഭിപ്പിച്ചു മലിനപ്പെടുത്തുവാന്‍ ബാലാക്കിനെ ബിലെയാം ഉപേദേശിച്ചു (സംഖ്യ.24:25). അങ്ങനെ ദൈവം തന്നെ അവരെ ശിക്ഷിക്കുവാനുള്ള വഴിയൊരുക്കുന്നതില്‍ അവന്‍ വിജയിച്ചു.

പെര്‍ഗ്ഗമൊസിലും സാത്താന്‍ ഇങ്ങനെയാണു വിജയിച്ചത്. സഭ ഏതെങ്കിലും വിധത്തില്‍ ലൗകികമായി മാറിയില്ലെങ്കില്‍ തനിക്കതിനെ ജയിക്കുവാന്‍ കഴിയുകയില്ലെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവന്‍ സഭയെ അകത്തുനിന്നു മലിനപ്പെടുത്തുവാന്‍ തുടങ്ങി. അങ്ങനെ കര്‍ത്താവിന്റെ സാക്ഷ്യം നിറവേറ്റുവാനും സാത്താനെ ചെറുത്തുനില്ക്കുവാനും കഴിവില്ലാത്തവരായി അവര്‍ തീര്‍ന്നു.

‘അവരെ തോല്പിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ കൂടെ ചേരുക’ – ഇതാണു സഭയെ സംബന്ധിച്ച് സാത്താന്റെ മുദ്രാവാക്യം. ഈ തന്ത്രം ഉപയോഗിച്ചാണ് ഇരുപതു നൂറ്റാണ്ടുകളായി ഒട്ടേറെ സഭകളുടെ സാക്ഷ്യം അവന്‍ നഷ്ടപ്പെടുത്തിയിട്ടുള്ളത്.

പഴയനിയമത്തിലുടനീളം ദൈവം ഏറ്റവും കൂടുതല്‍ കുറ്റം വിധിച്ചിട്ടുള്ള രണ്ടു പാപങ്ങള്‍ വിഗ്രഹാരാധനയും ദുര്‍മാര്‍ഗ്ഗവും ആണ്. ഇന്നും അവിടുന്ന് ഏറ്റവും കൂടുതല്‍ കുറ്റംവിധിക്കുന്നതും ഇവ തന്നെ. പുതിയ ഉടമ്പടിയുടെ നിലവാരംവച്ചുനോക്കിയാല്‍ പണം, ജോലി, വ്യക്തി എന്നിവയോടോ ലൗകികമായ എന്തിനോടെങ്കിലുമോ ഉള്ള ആരാധന, അത്യാഗ്രഹം ഇവയെല്ലാം വിഗ്രഹാരാധനയാണ്. കണ്ണുകൊണ്ട് സ്ത്രീയെ മോഹിക്കുന്നതു ദുര്‍ന്നടപ്പാണ്. മറ്റൊരുവന്റെ ഭാര്യയുമായി നിങ്ങളുടെ ഭാര്യയെ തെറ്റായനിലയില്‍ താരതമ്യം ചെയ്യുന്നതും ‘നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ മോഹിക്കുന്നതു’ തന്നെയാണ്. ഇതും ദുര്‍ന്നടപ്പാണ്.

ഈ പുതിയ ഉടമ്പടിയുടെ നിലവാരം സഭയില്‍ തുടര്‍ച്ചയായി പ്രസംഗിച്ചില്ലെങ്കില്‍ സഭാംഗങ്ങളുടെ ഇടയില്‍ വിഗ്രഹാരാധനയും ദുര്‍മാര്‍ഗ്ഗവും രഹസ്യമായി നിലനില്‍ക്കുകയും ക്രമേണ അത് പെര്‍ഗ്ഗമൊസ് സഭയുടെ നിലവാരത്തിലേക്കു വീണുപോകുകയും ചെയ്യും.

ലോകമയത്വം പെര്‍ഗ്ഗമൊസ് സഭയെ കീഴടക്കിയപ്പോള്‍, നോക്കിനിന്നതല്ലാതെ സഭയുടെ ദൂതന്‍ അതു തടയാന്‍ ഒന്നും ചെയ്തില്ല എന്നതാണു ദുഃഖകരമായ കാര്യം. പല മൂപ്പന്മാരും ലോകമയത്വത്തെ ചെറുത്തുനില്‍പ്പാന്‍ ഇന്ന് അശക്തരായിത്തീര്‍ന്നിരിക്കുന്നു. ഫലം പ്രളയജലംപോലെ അതു സഭയെ മുക്കിക്കളയുന്നു.

പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന്‍ ‘ബിലെയാമിന്റെ ഉപദേശ’ത്തിനു കീഴ്‌പ്പെട്ടവനായിരുന്നില്ല. സഭയിലെ ചിലര്‍ മാത്രമാണ് അതിന് ഇരയായി പോയത്. എന്നാല്‍ ലൗകികത്വം സഭയിലേക്കു കടന്നുവന്നപ്പോള്‍ അതിനെ ശാസിച്ച് അമര്‍ത്തിയില്ലെന്നതാണ് ദൂതന്റെ കുറ്റം. ഇവിടെയാണവന്‍ പരാജയപ്പെട്ടുപോയത്.

സ്വന്തം ചിന്തയില്‍ ലോകമയത്വത്തെ നിശിതമായി വിധിച്ചില്ലെന്നതാണ് ആ ദൂതന്റെ പരാജയത്തിന്റെ കാരണം. സ്വന്ത ജഡത്തില്‍ നാം വിധിച്ചിട്ടുള്ള കാര്യങ്ങളില്‍ മാത്രമേ നമുക്കു സഭയിലും അധികാരം ഉണ്ടായിരിക്കുകയുള്ളൂ. സ്വന്ത ജീവിതത്തിലെ പാപത്തേയും ലോകമയത്വത്തേയും നാം ലഘുവായെടുത്താല്‍ സഭയില്‍ മറ്റുള്ളവരില്‍ കാണുന്ന ഈ കാര്യങ്ങളോടും നമ്മള്‍ സഹിഷ്ണുത കാട്ടും. സഭയിലെ ലൗകികനായ ഒരു വ്യക്തിയോടു സഭയിലെ മൂപ്പന്‍ കാട്ടുന്ന ‘കരുണയുള്ള’ നിലപാട് സത്യത്തില്‍ ആ മൂപ്പന്റെ ഹൃദയത്തില്‍ തന്നെ വിധിക്കപ്പെടാത്ത ലോകമയത്വം ഉണ്ടെന്ന വസ്തുതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്.

ലൗകികമായ ഉപദേശങ്ങളോട് അയവുകാട്ടിയ പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന്‍ ക്രമേണ നിക്കൊലാവ്യരുടെ ഉപദേശവും സഭയില്‍ തഴെയ്ക്കുന്നതിന് അനുവദിച്ചു (പതിനഞ്ചാം വാക്യം). പെര്‍ഗ്ഗമൊസിലെ സഭയിലെ ചിലര്‍ പൗരോഹിത്യം ഒരു ഉപദേശമായി പഠിപ്പിച്ചു. സഭയുടെ ദൂതന്‍ അതിനെതിരേ ഒന്നും ചെയ്തില്ല. കര്‍ത്താവ് അവനെതിരെ ഉന്നയിക്കുന്ന മറ്റൊരു കാര്യം ഇതാണ്.

അവനും സഭയും മാനസാന്തരപ്പെടേണ്ടതുണ്ടെന്നു കര്‍ത്താവു മുന്നറിയിപ്പു നല്‍കുന്നു. തന്റെ വായിലെ വാളുകൊണ്ട് അവരെ ന്യായം വിധിക്കുമെന്നും അവിടുന്നു പറയുന്നു. (16 -ാം വാക്യം). തന്റെ വചനംകൊണ്ടാണ് ദൈവം നമ്മെ ന്യായംവിധിക്കുന്നത്. അവിടുന്നു സംസാരിച്ച വചനംകൊണ്ടുതന്നെ ഒടുക്കത്തെ നാളില്‍ നമ്മെ ന്യായം വിധിക്കുമെന്ന് യേശു പറഞ്ഞിട്ടുണ്ട്. (യോഹ.12:48). നാം കേട്ട ദൈവവചനത്തോട് നമ്മുടെ ജീവിതത്തെ താരതമ്യപ്പെടുത്തി നമ്മെ ന്യായംവിധിക്കുകയാണ് ചെയ്യുന്നത്.

ജയാളിക്ക് തുടര്‍ന്ന് മറഞ്ഞിരിക്കുന്ന മന്നയും വെള്ളക്കല്ലും അതിന്മേല്‍ എഴുതിയിരിക്കുന്ന പുതിയ പേരും വാഗ്ദാനം ചെയ്തിരിക്കുന്നു (17-ാം വാക്യം).

പഴയനിയമത്തില്‍, സ്വര്‍ഗ്ഗത്തില്‍നിന്നു വീണ മന്നയില്‍ കുറെ സമാഗമനകൂടാരത്തിലെ അതിപരിശുദ്ധസ്ഥലത്തെ നിയമപെട്ടകത്തില്‍ മറച്ചുവയ്ക്കുവാന്‍ ദൈവം മോശയോടു കല്പിച്ചു (പുറ.16:33,34). യിസ്രായേല്‍ മക്കള്‍ തങ്ങളുടെ കൂടാരത്തില്‍ സൂക്ഷിച്ച മന്ന 24 മണിക്കൂര്‍കൊണ്ട് കൃമിച്ചു നാറിയപ്പോള്‍ മരുഭൂമിയില്‍ ചെലവഴിച്ച 40 വര്‍ഷവും നിയമപെട്ടകത്തിലെ ‘മറഞ്ഞിരുന്ന മന്ന’ പുതുമ നശിക്കാതെ ഇരുന്നു. അതിപരിശുദ്ധ സ്ഥലത്തെ ദൈവസാന്നിധ്യത്തിന്റെ ശക്തി അത്രയേറെയാണ്. നാം അവിടെ ദൈവമുമ്പാകെ എപ്പോഴും വസിച്ചാല്‍ നാം പുതുക്കപ്പെട്ടവരായിത്തന്നെ ഇരിക്കും.

ദേഹം എന്ന തിരശ്ശീലയില്‍കൂടിയാണ് അതിപരിശുദ്ധസ്ഥലത്തേക്കുള്ള പ്രവേശനം (എബ്രാ. 10:19). നാം ഈ ജീവനുള്ള പുതുവഴിയിലൂടെ നടന്നാല്‍ നമുക്കു ദൈവം മറഞ്ഞിരിക്കുന്ന മന്ന (അവിടുത്തെ സഖിത്വവും വചനത്തിലെ വെളിപ്പാടും) നല്‍കും. കര്‍ത്താവിന്റെ പുതുമയുടെ സൗരഭ്യം നമ്മുടെ ജീവിതത്തില്‍ എപ്പോഴും ഉണ്ടായിരിക്കും.

ജയാളിയുടെ പേരുകൊത്തിയ വിലയേറിയ കല്ല് (17-ാം വാക്യം) ഒരു മണവാട്ടിക്കു മണവാളനോടെന്നപോലെയുള്ള കര്‍ത്താവുമായുള്ള അടുത്ത ബന്ധത്തെ കുറിക്കുന്നു. ലോകമനുഷ്യര്‍ തങ്ങളുടെ പ്രതിശ്രുത വധുവിനു നല്‍കുന്ന പേരുകൊത്തിയ വിലയേറിയ കല്ലുള്ള വിവാഹമോതിരത്തിനു തുല്യമാണിത്.

മറ്റാര്‍ക്കും അറിയാത്ത ഓമനപ്പേര് വരന്‍ വധുവിനെ വിളിക്കുന്നു (17-ാം വാക്യം). കര്‍ത്താവിനോട് കാന്തയെപ്പോലുള്ള അടുപ്പം, ജയാളിക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ഒരു പ്രതിഫലമാണ്. ശരാശരി വിശ്വാസിക്ക് കര്‍ത്താവിനോടു വിരസവും ശുഷ്‌ക്കവുമായ ബന്ധമാണുള്ളത്. കാരണം പാപത്തെയും ലൗകികത്വത്തേയും വെറുക്കുന്നതില്‍ മൗലികമായ സമീപനം അവന്‍ സ്വീകരിച്ചിട്ടില്ല. യഥാര്‍ത്ഥ ജയാളിയാകട്ടെ, താന്‍ ആഴമായി സ്‌നേഹിക്കുന്ന വരനോട് വധുവെന്നപോലെ കര്‍ത്താവുമായി സുദൃഢബന്ധത്തിന്റെ ആത്മികനിര്‍വൃതിയിലേക്ക് പ്രവേശിക്കുന്നു. ‘ഉത്തമഗീത’ത്തില്‍ ഇത്തരം ബന്ധത്തെയാണു വിവരിക്കുന്നത്. ഒരു യഥാര്‍ത്ഥ ജയാളിക്കു മാത്രമേ അതു മനസ്സിലാക്കുവാനും യാഥാര്‍ത്ഥ്യമായി അനുഭവിക്കുവാനും കഴിയുകയുള്ളൂ.

വ്യഭിചാരത്തില്‍ അകപ്പെട്ട സഭ

വാക്യം. 18-29:- തുയഥൈരയിലെ സഭയുടെ ദൂതനു എഴുതുക: അഗ്നിജ്വാലയ്ക്ക് ഒത്ത കണ്ണും വെള്ളോട്ടിനു സദൃശ്യമായ കാലും ഉള്ള ദൈവപുത്രന്‍ അരുളിചെയ്യുന്നത്; ഞാന്‍ നിന്റെ പ്രവൃത്തിയും നിന്റെ സ്‌നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു. എങ്കിലും താന്‍ പ്രവാചകിയെന്നു പറഞ്ഞു ദുര്‍ന്നടപ്പ് ആചരിപ്പാനും വിഗ്രഹാര്‍പ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളയുകയും ചെയ്യുന്ന ഈസബേല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ച് പറവാന്‍ ഉണ്ട്. ഞാന്‍ അവള്‍ക്കു മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തിട്ടും ദുര്‍ന്നടപ്പു വിട്ടു മാനസാന്തരപ്പെടുവാന്‍ അവള്‍ക്കു മനസ്സില്ല. ഞാന്‍ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പുവിട്ടു മാനസാന്തരപ്പെടാതിരുന്നാല്‍ വലിയ കഷ്ടതയിലും ആക്കിക്കളയും. അവളുടെ മക്കളേയും ഞാന്‍ കൊന്നുകളയും. ഞാന്‍ ഉള്‍പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവന്‍ എന്നു സകല സഭകളും അറിയും. നിങ്ങളുടെ പ്രവൃത്തിക്കുതക്കവണ്ണം ഞാന്‍ നിങ്ങള്‍ക്ക് ഏവര്‍ക്കും പകരം ചെയ്യും. എന്നാല്‍ ഈ ഉപദേശം കൈകൊള്ളാതെയും അവര്‍ പറയുംപോലെ സാത്താന്റെ ആഴങ്ങള്‍ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോട്: വേറൊരു ഭാരം ഞാന്‍ നിങ്ങളുടെമേല്‍ ചുമത്തുന്നില്ല. എങ്കിലും നിങ്ങള്‍ക്കുള്ളത് ഞാന്‍ വരുംവരെ പിടിച്ചുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു. ജയിക്കയും ഞാന്‍ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവനു എന്റെ പിതാവ് എനിക്കു തന്നതുപോലെ ഞാന്‍ ജാതികളുടെമേല്‍ അധികാരംകൊടുക്കും. അവന്‍ ഇരുമ്പുകോല്‍കൊണ്ട് അവരെ മേയിക്കും. അവര്‍ കുശവന്റെ പാത്രങ്ങള്‍പോലെ നുറുങ്ങിപ്പോകും. ഞാന്‍ അവനു ഉദയനക്ഷത്രവും കൊടുക്കും. ആത്മാവു സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അഗ്നിജ്വാലയ്ക്ക് ഒത്ത കണ്ണുകളാണു തന്റേതെന്നു കര്‍ത്താവ് ഇവിടെ പറയുന്നു (18-ാം വാക്യം). അവിടുന്നു ഹൃദയത്തിലെ മറഞ്ഞിരിക്കുന്ന ചിന്തകളേയും മനോഭാവങ്ങളേയും പരിശോധിക്കുന്നു. മനുഷ്യര്‍ വിധിക്കുന്നതുപോലെയല്ല അവിടുന്നു വിധിക്കുന്നത്. മനുഷ്യര്‍ പുറമേയുള്ളതു മാത്രമാണല്ലോ കാണുന്നത്. അവിടുത്തെ കാലുകള്‍ വെള്ളോട്ടിനു സദൃശ്യമാണ്. പാപത്തെ നിശിതമായി വിധിക്കുന്നതില്‍ അവിടുന്നു വിശ്വസിക്കുന്നു എന്ന് ഇതു കാണിക്കുന്നു. കാല്‍വറിക്രൂശില്‍ നിന്ന് നമുക്കു ലഭിക്കുന്ന വ്യക്തമായ ഒരു സന്ദേശം ഇതാണ്: ദൈവം പാപത്തെ വെറുക്കുന്നു. എവിടെകണ്ടാലും അതിനെ കര്‍ശനമായി വിധിക്കുന്നു.

തുയഥൈരയിലെ സഭയുടേയും അതിന്റെ ദൂതന്റേയും പ്രവൃത്തി, സ്‌നേഹം, വിശ്വാസം, സഹിഷ്ണുത എന്നിവ കര്‍ത്താവിനറിയാം. ഇപ്പോള്‍ ആ പ്രവൃത്തി പഴയതിനെക്കാള്‍ വളരെ വര്‍ദ്ധിച്ചിട്ടുണ്ടെന്നുള്ളതും അവിടുന്നു ശ്രദ്ധിക്കുന്നു (19-ാം വാക്യം). എന്നാല്‍ അതിന്റെ ഗുണം കുറഞ്ഞുപോയി. ഒത്തുതീര്‍പ്പു മനോഭാവവും ലോകമയത്വവും സഭയില്‍ പ്രവേശിച്ചിരിക്കുന്നു.

സഭയെ ലോകമയത്വത്തിലേക്കും ദോഷത്തിലേക്കും സ്വാധീനിക്കാന്‍ ഒരു സ്ത്രീയെ (പ്രതീകാത്മകമായി അവളെ ഈസബേല്‍ എന്നു വിളിച്ചിരിക്കുന്നു) സഭയുടെ ദൂതന്‍ അനുവദിച്ചതുമൂലമാണ് അനുരഞ്ജനമനോഭാവം സഭയില്‍ കടന്നത് (20-ാം വാക്യം). അവള്‍ ഒരു പ്രവാചകി എന്നു നടിച്ചു; സഭയുടെ ദൂതനും വഞ്ചിക്കപ്പെട്ടുപോയി.

ക്രിസ്തു പ്രവാചകന്മാരെ സഭയ്ക്കുനല്‍കിയിട്ടുണ്ടെങ്കിലും പ്രവാചകിമാരെ നല്‍കിയിട്ടില്ല. (എഫെ.4:11,12 കാണുക). സഭയുടെ മീറ്റിംഗുകളില്‍ പ്രവചിക്കുവാന്‍ സ്ത്രീകളേയും പരിശുദ്ധാത്മാവ് അഭിഷേകം ചെയ്‌തെന്നു വരാം (പ്രവൃ.2:17, 1 കൊരി.11:5) ഇതിന് ഉദാഹരണമാണ് ഫിലിപ്പോസിന്റെ പെണ്‍മക്കള്‍ (പ്രവൃ.21:9).

പുരുഷനും സ്ത്രീക്കും പ്രവചിക്കാം-അതത് സഭയുടെ ഉത്സാഹത്തിനും ഗുണീകരണത്തിനുമായി അവര്‍ക്കു ദൈവവചനം പങ്കുവയ്ക്കാം (1 കൊരി.14:3) ഈ വരത്തിനായി വാഞ്ഛിപ്പാന്‍ എല്ലാ വിശ്വാസികളേയും പ്രബോധിപ്പിച്ചിരിക്കുന്നു (1കൊരി. 14:1, പ്രവൃ. 2:18). എന്നാല്‍ പ്രവചിക്കുന്ന ഒരുവനും ഒരു പ്രവാചകനും തമ്മില്‍ വ്യത്യാസമുണ്ട്. പുതിയ ഉടമ്പടിയില്‍ കര്‍ത്താവ് ഒരിക്കലും ഒരു സ്ത്രീയെ പ്രവാചകിയായി നിയമിച്ചിട്ടില്ല. കാരണം ഒരു സ്ത്രീയെയും പുരുഷന്മാരുടെ മേല്‍ കര്‍ത്തൃത്വം നടത്തുവാന്‍ ദൈവം ഉദ്ദേശിച്ചിട്ടില്ല.

പഴയഉടമ്പടിയില്‍ പ്രവാചകിമാരുണ്ടായിരുന്നു. അങ്ങനെ അഞ്ചുപേരെക്കുറിച്ച് ബൈബിളില്‍ നാം വായിക്കുന്നു. ഹന്ന അവരില്‍ ഒടുക്കത്തേതായിരുന്നു (ലൂക്കോ. 2:36). അവരെല്ലാം ദൈവവചനം ആധികാരികമായി സംസാരിച്ചവരാണ്. അത്തരം ഒരു പ്രവാചകിക്ക് ഉത്തമോദാഹരണമാണ് ദെബോറ (ന്യായ.4). അതേസമയം പുതിയഉടമ്പടിയില്‍ സഭയിലെ അധികാരം എപ്പോഴും കര്‍ത്താവ് പുരുഷന്മാരിലാണ് നിക്ഷേപിച്ചിരിക്കുന്നത്.

സഭയില്‍ പുരുഷന്റെമേല്‍ കര്‍ത്തൃത്വം നടത്താന്‍ സ്ത്രീയെ ദൈവം അനുവദിക്കാത്തതിനു രണ്ടു കാരണങ്ങളാണു പൗലൊസ് പറയുന്നത്. (1) പുരുഷനുശേഷം അവനൊരു തുണ എന്ന നിലയിലാണു സ്ത്രീയെ സൃഷ്ടിച്ചത്. (2) സ്ത്രീയാണു സാത്താനാല്‍ ആദ്യം വഞ്ചിക്കപ്പെട്ടത് (1 തീമൊ. 2:12-14).

സാത്താനാല്‍ ചതിക്കപ്പെടാനുള്ള പ്രവണത പുരുഷനെക്കാളേറെ സ്ത്രീക്കാണുള്ളത്. സഭയിലും വനിതാ ഉപദേഷ്ടാക്കന്മാരെ കര്‍ത്താവ് നിയോഗിക്കാത്തതിന്റെ ഒരു കാരണം ഇതാണ്.

എന്നാല്‍ ഈസബേല്‍ സ്വയം ഒരു പ്രവാചകി എന്നുവിളിച്ചു. അവളെ നിശബ്ദയാക്കാനുള്ള ശക്തിയോ നട്ടെല്ലോ തുയഥൈരയിലെ സഭയുടെ ദൂതനും ഉണ്ടായിരുന്നില്ല.

വീടിന്റെ തലവനായിരിക്കേണ്ട പുരുഷന്‍ ദുര്‍ബലനും ആണത്തമില്ലാത്തവനുമായാല്‍ ഭാര്യ വീടിന്റെ നായകത്വം ഏറ്റെടുക്കും. സഭയെ സംബന്ധിച്ചും ഇതു ശരിയാണ്. ഒരു സഭയിലെ മൂപ്പന്മാര്‍ ദുര്‍ബലരാണെന്നു കണ്ടാല്‍ സ്വയബലമുള്ള സ്ത്രീകള്‍ തങ്ങളെത്തന്നെ സഭയുടെ മുന്‍പന്തിയിലേക്കു കൊണ്ടുവരും.

”പുരുഷത്വം കാണിപ്പീന്‍” എന്നു ദൈവവചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു (1 കൊരി.16:13). സ്വയബലമുള്ള സ്ത്രീയെ സഭയില്‍ നിശബ്ദയാക്കേണ്ടി വരുമ്പോള്‍ ഇന്നു പല മൂപ്പന്മാരും നട്ടെല്ലില്ലാതെ പെരുമാറുന്നു എന്നതുകൊണ്ടുതന്നെ ഈ പ്രബോധനത്തിനു ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഭാര്യയായ ഈസബേലിനെ പേടിച്ച് മിണ്ടാതിരുന്ന ആഹാബ് രാജാവിനെപ്പോലെയാണവര്‍. ഭാര്യയെ ഭയപ്പെട്ട ആഹാബ് തനിക്കു ബോധിച്ച എന്തും രാജ്യത്തു ചെയ്യുവാന്‍ ഈസബേലിനെ അനുവദിച്ചു. ദൈവഭയമുള്ള നിരപരാധികളെ നിഷ്‌കരുണം വധിക്കുന്ന അവസ്ഥയില്‍പോലും കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു (1 രാജാ.21). ആഹാബ് പേരിനുമാത്രമാണ് യിസ്രയേലിന്റെ തലവനായിരുന്നത്. രാജ്യം നയിച്ചിരുന്നതു സത്യത്തില്‍ ഈസബേല്‍ ആയിരുന്നു. പല സഭാമൂപ്പന്മാരും ആഹാബിനെപ്പോലെതന്നെയാണു പ്രവര്‍ത്തിക്കുന്നത്!

എന്നാല്‍ ഏലിയാവ് ദൈവത്തിന്റെ ഭയരഹിതനായ പോരാളിയായിരുന്നു. ഈസബേലിന്റെ എല്ലാ വ്യാജപ്രവാചകന്മാര്‍ക്കും എതിരേനിന്ന ഏലിയാവ് അവരെയെല്ലാം വകവരുത്തുകയും ചെയ്തു (1രാജാ. 18:40). അതുകൊണ്ട് ഈസബേല്‍ ഏലീയാവിനെ വെറുത്തു. ഭയപ്പെട്ടു. ഈസബേലിന്റെ വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ മുട്ടുമടക്കാത്ത ഏഴായിരംപേര്‍ യിസ്രായേലില്‍ അന്നുണ്ടായിരുന്നു. ദൈവം തന്നെയാണ് അങ്ങനെ പറഞ്ഞത് (1 രാജാ. 19:18). എന്നാല്‍ ഈസബേല്‍ അവരെ ആരേയും ഭയപ്പെട്ടില്ല. ഏലിയാവിനെ മാത്രമായിരുന്നു അവള്‍ക്കു പേടി. തന്റെ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കുന്നില്ലെങ്കിലും ആ ഏഴായിരം പേര്‍ക്കു തന്നെ ഭയമാണെന്നും ഈസബേലിനു അറിയാമായിരുന്നു.

ഇന്നത്തെ ഈസബേല്‍, 99.9 ശതമാനം വിശ്വാസികളേയും ഭയപ്പെടുന്നില്ല. കാരണം തന്നോടു യോജിക്കുന്നവരെല്ലെങ്കിലും അവര്‍ക്കൊന്നും തന്നെ തടയാനാവില്ലെന്ന് അവള്‍ക്കറിയാം. ഈസബേലുമാര്‍ ഏലിയാവുമാരെ മാത്രമേ ഭയപ്പെടുന്നുള്ളൂ. ക്രിസ്തീയ ലോകത്താകട്ടെ ഏലിയാവുമാരുടെ എണ്ണം തുലോം ചുരുക്കവും.

ഇന്നത്തെ ഈസബേലുമാര്‍ ആഹാബിനെപ്പോലുള്ള മൂപ്പന്മാരെ ഇഷ്ടപ്പെടുന്നു. ഏലിയാവിനെപ്പോലുള്ള മൂപ്പന്മാരെ വെറുക്കുന്നു. ഓരോ സഭയിലേയും ഓരോ മൂപ്പനും ഇക്കാര്യത്തില്‍ ഒന്നുകില്‍ ആഹാബിനെ അല്ലെങ്കില്‍ ഏലിയാവിനെ പിന്തുടരുന്നവരാണ്.

മൂപ്പന്റെ ഭാര്യ.

സ്ത്രീ എന്ന് ഇവിടെ തര്‍ജ്ജമ ചെയ്തിരിക്കുന്ന ഗ്രീക്കുവാക്ക് ഭാര്യ എന്നും തര്‍ജ്ജമ ചെയ്യാവുന്നതാണ്. ഇതിന്റെ അര്‍ത്ഥം മൂപ്പന്റെ ഭാര്യതന്നെയാണ് ഇവിടെ ഈസബേല്‍ എന്നാണ്. സഭയുടെ ദൂതനെ സംബന്ധിച്ചിടത്തോളം ഇതു കൂടുതല്‍ വിഷമകരമായ ഒരു സാഹചര്യമാണ്.

എന്നാല്‍ കര്‍ത്താവിന്റെ യഥാര്‍ത്ഥ ശിഷ്യനായിരുന്ന് ഭാര്യയെ ‘പകയ്ക്കുവാന്‍’ (ലൂക്കൊ. 14:26 ല്‍ യേശു പറഞ്ഞിരിക്കുന്നതുപോലെ) സഭയുടെ ദൂതന്‍ പഠിച്ചിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ഇവിടെ അദ്ദേഹം കര്‍ത്താവിനെക്കാളും സഭയെക്കാളും ഭാര്യയെ ആണു സ്‌നേഹിച്ചത്. അതുകൊണ്ട് ഭാര്യയെ മുറിപ്പെടുത്തുവാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. സഭയില്‍ സ്വന്തം രീതികളുമായി മുന്നോട്ടുപോകാന്‍ അവളെ അനുവദിച്ചു. ഇങ്ങനെയാണു തുയഥൈരയിലെ സഭ ദുഷിച്ചുപോയത്. പല സഭകള്‍ക്കും ഇന്നു സംഭവിക്കുന്നതും ഇതാണ്.

സഭയിലെ ദുര്‍ബലനും ആണത്തമില്ലാത്തവനുമായ ഒരു മൂപ്പന്റെ ഭാര്യയായിരുന്നു സഭകളെ നാശത്തിലേക്കു നയിച്ചിട്ടുള്ള ഈസബേലുമാര്‍ ധാരാളം ഉണ്ട്. അത്തരം ഒരു സ്ത്രീയ്ക്ക് നിരന്തരമായ അന്യഭാഷാഭാഷണം, സ്വന്തം അന്യഭാഷയുടെ തന്നെ പരസ്യമായ വ്യാഖ്യാനം, നീണ്ട പ്രാര്‍ത്ഥനകള്‍ എന്നു തുടങ്ങി നിരവധി തന്ത്രങ്ങളിലൂടെ സഭയില്‍ മുന്‍പന്തിയില്‍ വരുവാന്‍ കഴിയും. വീട്ടില്‍ ഭര്‍ത്താവിനെ സ്വാധീനിച്ച് സഭയിലെ മൂപ്പന്മാരുടെ തീരുമാനങ്ങളെ അട്ടിമറിക്കാനും അവള്‍ മുതിരും.

മൂപ്പന്മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത സഭാകാര്യങ്ങള്‍ വീട്ടില്‍ ചെന്ന് ഭാര്യയുമായി ചര്‍ച്ച ചെയ്യുന്ന വിഡ്ഢികളായ മൂപ്പന്മാരുമുണ്ട്. വീട്ടില്‍ ഭാര്യുടെ മസ്തിഷ്‌കപ്രക്ഷാളനംമൂലം അടുത്ത മൂപ്പന്മാരുടെ യോഗത്തില്‍ എത്തുമ്പോള്‍ ഈ മൂപ്പന്‍ തന്റെ അഭിപ്രായം മാറ്റിയതായി അറിയിക്കുന്നു! ഫലം മുന്‍ യോഗത്തില്‍ എടുത്ത തീരുമാനം തിരുത്തപ്പെടുന്നു!! ഒരു ഈസബേലിനു മറഞ്ഞിരുന്ന് സഭയെതന്നെ നിയന്ത്രിക്കാന്‍ കഴിയുന്നതിങ്ങനെയാണ്.

അല്ലെങ്കില്‍, ഏതെങ്കിലും ദേഹീപരമായ രീതിയില്‍ ഒരു മൂപ്പന്റെമേല്‍ സ്വാധീനം നേടിയ സ്ത്രീയാകാം ഈസബേല്‍. ചില മൂപ്പന്മാരുടെ ഭാര്യമാരുണ്ട്, അവര്‍ ശക്തമായ വ്യക്തിത്വവും ദേഹീപരമായ കഴിവും ഉള്ളവരായിരിക്കും. അതുകൊണ്ട് സഭാംഗങ്ങളെല്ലാം (മൂപ്പന്മാരുള്‍പ്പടെ) അവളുടെ അപ്രീതിയെ ഭയപ്പെടും. ചിലരുടെ കാര്യത്തില്‍ ഭര്‍ത്താവിനുപോലും അവളെ പേടിയായിരിക്കും.

ഏതെങ്കിലും തരത്തില്‍ ഒരു സ്ത്രീ തങ്ങളുടെമേല്‍ അധീശത്വം പുലര്‍ത്താന്‍ ഒരു സഭയിലെ മൂപ്പന്മാര്‍ അനുവദിക്കുന്ന പക്ഷം ആ സ്ഥലത്ത് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ പണിയുക അസാദ്ധ്യമായിരിക്കും.

ഒരു മൂപ്പന്റെ ഭാര്യ ‘സൗമ്യതയും സാവധാനതയുമുള്ള’ ആത്മാവുള്ളവളും മറ്റുള്ളവര്‍ക്കു മാതൃകയും ആയിരിക്കണം. എല്ലാ സമയത്തും സ്വയം മറഞ്ഞിരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിക്കണം. അവള്‍ ഒരിക്കലും ഒരു ഉപശുശ്രൂഷകയോ പാട്ടിനു നേതൃത്വം കൊടുക്കുന്നവളോ, ഉപ ഭരണാധികാരിയോ ആയിരിക്കരുത് (നേരെ മറിച്ചാണ് പലയിടത്തും). തിരശ്ശീലയ്ക്കു പിന്നില്‍നിന്നു സഭയെ നിയന്ത്രിക്കാതെ തന്റെ ഭര്‍ത്താവിന് മറഞ്ഞിരിക്കുന്ന ഒരു തുണയായി അവള്‍ പെരുമാറണം. മൂപ്പന്മാരായ ഭര്‍ത്താക്കന്മാര്‍ക്ക് യഥാര്‍ത്ഥത്തില്‍ സഹായമായിരിക്കുന്ന അത്തരം ഭാര്യമാര്‍ക്കായി ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. ഒരു സ്ത്രീയെന്ന നിലയിലുള്ള തങ്ങളുടെ പരിധികള്‍ അംഗീകരിക്കുന്നതുകൊണ്ടാണ് അവള്‍ക്ക് അങ്ങനെ ആയിരിപ്പാന്‍ കഴിയുന്നത്. അത്തരം ഭാര്യമാരുള്ള മൂപ്പന്മാര്‍ ധന്യരാണ്!.

ഏതെങ്കിലും വിധത്തില്‍ സഭയില്‍ പ്രാധാന്യംനേടാന്‍ ശ്രമിക്കുന്ന സ്ത്രീകളെ മൂപ്പന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളണം. അങ്ങനെയുള്ളവര്‍ക്ക് ഈസബേലിന്റെ ആത്മാവുണ്ടെന്നത് ഏറെക്കുറെ തീര്‍ച്ചയാണ്. അവളെ കടിഞ്ഞാണ്‍ അയച്ചുവിട്ടാല്‍ സാത്താന്റെ ഏജന്റായി മാറുകയും ക്രമേണ സഭയെ നശിപ്പിക്കുകയും ചെയ്യും, സംശയമില്ല.

ഇവിടെ പറഞ്ഞിരിക്കുന്ന ‘ദുര്‍ന്നടപ്പ്’ (20-ാം വാക്യം) തീര്‍ച്ചയായും ആത്മികമാണ്. കാരണം ശാരീരിക വ്യഭിചാരത്തിന്റെ ഫലമായി ഉണ്ടാകുന്ന നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ ശിക്ഷിക്കുവാന്‍ ദൈവം അനീതിയുള്ളവനല്ലല്ലോ. പെട്ടെന്നു തിരിച്ചറിയാന്‍ കഴിയില്ല എന്നതിനാല്‍ ആത്മിക വ്യഭിചാരമാണു ശാരീരികമായ ദുര്‍ന്നടപ്പിനെക്കാള്‍ അപകടകരം. പാപത്തെ ലഘുവായി എടുക്കത്തക്കവണ്ണം വ്യാജകൃപ ഉപദേശിക്കുന്നതിനെ തുടര്‍ന്നാണ് ആത്മികവ്യഭിചാരം ഉണ്ടാകുന്നത്. ദൈവത്തോടുള്ള ചെറിയ കാര്യങ്ങളിലെ അനുസരണക്കേടും കൊച്ചുകൊച്ചു അവിശ്വസ്തതകളും മറക്കപ്പെടുന്നു. അത്തരം ഉപദേശമാണു വേശ്യാസഭ, ബാബിലോണ്‍, പണിയുന്നത്. അതാണ് ദൈവം ഇവിടെ തള്ളിപ്പറയുന്നത്.

മാനസാന്തരപ്പെടുവാനുള്ള സമയം.

കര്‍ത്താവ് ഈസബേലിനു മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തു (21-ാം വാക്യം). ഈസബേലുമാര്‍ക്കുപോലും അനുതാപത്തിന് ദൈവം സമയം കൊടുക്കുന്നു! ദൈവത്തിന്റെ കരുണ എത്ര വലുതാണ്!

പക്ഷേ അവള്‍ക്കു മാനസാന്തരപ്പെടുവാനുള്ള സമയത്തിനു ദൈവം ഒരു പരിധി വച്ചിട്ടുണ്ട്. ആ സമയത്തിനുളളില്‍ അനുതപിച്ചില്ലെങ്കില്‍ അവള്‍ക്കു ന്യായവിധി ഉണ്ടാകും. ഈസബേല്‍ മാത്രമല്ല അവളോടു വ്യഭിചാരം ചെയ്തവരും, അവളുടെ മക്കളും കൊല്ലപ്പെടും (22,23 വാക്യങ്ങള്‍). പാപികളോടും കപടഭക്തരോടുമുള്ള ദൈവത്തിന്റെ ക്ഷമ അവസാനമില്ലാത്തതല്ല.

അവളോടൊപ്പം ഈ വ്യാജ ഉപേദശം പ്രചരിപ്പിച്ചവരാണ് ഈസബേലുമായി ആത്മികവ്യഭിചാരത്തില്‍ ഏര്‍പ്പെട്ടവര്‍. അവളുടെ മക്കളാകട്ടെ, വ്യാജകൃപ എന്ന ഉപദേശത്തിന്റെ സന്തതികളായ ‘പകുതി മാനസാന്തരപ്പെട്ട’ ആളുകളും. അവര്‍ പാപത്തെക്കുറിച്ച് അനുതപിക്കാതെ തന്നെ മാനസാന്തരപ്പെട്ടുവെന്ന് കരുതുന്നവരും, തങ്ങള്‍ ‘രക്ഷിക്കപ്പെട്ടു’ കഴിഞ്ഞവരാണ് അതുകൊണ്ട് ജഡത്തിന്റെ ഇഷ്ടത്തിനു വഴങ്ങുന്നതു വലിയ കാര്യമായി എടുക്കേണ്ടതില്ല എന്നു ചിന്തിക്കുന്നവരുമാണ്.

ഈ ലോകത്തിലെ പാപികളെ ദൈവം അത്ര എളുപ്പം ന്യായം വിധിക്കുന്നില്ല. എന്നാല്‍ സഭയില്‍ വന്നശേഷം പാപത്തെ ലഘുവായി എടുക്കുന്നവരോട് അവിടുന്നു തീക്ഷ്ണമായും വേഗത്തിലും ഇടപെടും.

ക്രിസ്തുവിന്റെ നാമം നിസ്സാരമായി എടുക്കുന്നവരോടുള്ള ദൈവത്തിന്റെ ഖണ്ഡിതത്തിന്റെ ഉദാഹരണമാണ് കൊരിന്ത്യ സഭയില്‍ പാപം ചെയ്തവരോടും (1 കൊരി. 11:29,30), അനന്യാസിനോടും സഫീറയോടും (പ്രവൃ.5) ഉള്ള ദൈവിക ന്യായവിധി.

ഒരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം അവിടുന്നു പകരം ചെയ്യുമെന്ന് ദൈവം തുടര്‍ന്നു പറയുന്നു (23-ാം വാക്യം). ‘നാം വിശ്വസിച്ചാല്‍ മാത്രം മതി. നമ്മുടെ പ്രവൃത്തികളൊന്നും പ്രശ്‌നമല്ല’ എന്ന തുയഥൈര സഭയിലെ വ്യാജകൃപയുടെ ഉപദേശത്തിനു നേരെ എതിരാണ് ഇത്. നമ്മുടെ പ്രവൃത്തികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

ദൈവവചനം പറയുന്നു: അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു (2 കൊരി. 5:10) ‘നിങ്ങള്‍ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കില്‍ മരിക്കും. നിശ്ചയം’ (റോമ. 8:13).

തുയഥൈരയിലെ പാപികളെ അവിടുന്നു വലിയ കഷ്ടതയില്‍ ആക്കിക്കളയും എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു (22-ാം വാക്യം).

രണ്ടുതലത്തിലുള്ള കഷ്ടതയെക്കുറിച്ച് പുതിയ നിയമത്തില്‍ പറയുന്നുണ്ട്. വെളിപ്പാടു പുസ്തകത്തില്‍ ഇതു രണ്ടിനെക്കുറിച്ചും നാം വായിക്കുന്നു.ഒന്ന്: യേശുവിന്റെ ശിഷ്യന്മാര്‍ക്കു മറ്റുള്ളവരില്‍ നിന്നുള്ള പീഡ എന്ന നിലയില്‍ നേരിടേണ്ടിവരുന്ന കഷ്ടതകള്‍ (പുതിയനിയമത്തിലെ മിക്ക പരാമര്‍ശങ്ങളും ഈ കഷ്ടതയെക്കുറിച്ചാണ്) രണ്ട്: ‘തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവി’നും ദൈവത്തില്‍ നിന്നു ന്യായവിധി എന്ന നിലയില്‍ വരുന്ന കഷ്ടത. (ഇത്തരത്തിലുള്ള കഷ്ടതയെക്കുറിച്ചു റോമര്‍ 2:9 ലും വെളിപ്പാട് 2:22 ലും മാത്രമേ കാണുന്നുള്ളൂ.)

തുയഥൈരയിലെ മാനസാന്തരപ്പെടാത്ത പാപികളെ വലിയ കഷ്ടതയില്‍ ആക്കിക്കളയുമെന്നാണ് ദൈവത്തിന്റെ മുന്നറിയിപ്പ്. ഈ പരാമര്‍ശം എതിര്‍ക്രിസ്തുവിന്റെ കാലത്തു സംഭവിക്കുന്ന മഹോദ്രവത്തെക്കുറിച്ചായിരിക്കുകയില്ല. കാരണം അപ്പോഴേക്കും തുയഥൈരയിലെ പാപികള്‍ മരിച്ചിരിക്കുമല്ലോ. അതുകൊണ്ട് പാപികളുടേയും കപടഭക്തരുടേയും മേല്‍വരുന്ന ന്യായവിധിയായിരിക്കും കര്‍ത്താവ് ഇവിടെ ഉദ്ദേശിക്കുന്നത്.

എന്നാല്‍ തുയഥൈരയിലെ സഭയില്‍ ഈസബേലിന്റെ ഉപദേശം അംഗീകരിക്കുകയോ പിന്തുടരുകയോ ചെയ്യാത്ത ചിലര്‍ ഉണ്ടായിരുന്നു. അവരുടെമേല്‍ താന്‍ അധികഭാരമൊന്നും ചുമത്തുന്നില്ലെന്നും കര്‍ത്താവു പറഞ്ഞു (24-ാം വാക്യം). ഈസബേല്‍ പഠിപ്പിക്കുന്ന വ്യാജകൃപയില്‍ എന്തോ കുഴപ്പമുണ്ടെന്ന് അവരിലുള്ള അഭിഷേകം അവരോടു പറഞ്ഞതുകൊണ്ട് ‘സാത്താ ന്റെ ആഴങ്ങളെ’ ഒഴിവാക്കി പോകുവാന്‍ അവര്‍ക്കു കഴിഞ്ഞു. (1യോഹ. 2:27).

വ്യാജകൃപയുടെ ഉപദേശത്തെ ‘സാത്താന്റെ ആഴങ്ങള്‍’ എന്നാണു ദൈവം പരാമര്‍ശിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ക്രിസ്തീയഗോളത്തെ ഏറെ വഴിതെറ്റിച്ചിട്ടുള്ള സാത്താന്റെ മുഖ്യായുധങ്ങളിലൊന്നാണ് വ്യാജകൃപ. അതുകൊണ്ടാണ് അതിനെ ‘സാത്താന്റെ ആഴമേറിയ സത്യങ്ങള്‍!’ എന്നു വിളിച്ചിരിക്കുന്നത് ഉചിതം തന്നെ.

ഉപദേശം ഒരു വിത്തുപോലെയാണ്. ആ വിത്ത് നല്ലതോ ചീത്തയോ എന്നുള്ളതിന്റെ തെളിവ് അതില്‍ നിന്നു പുറപ്പെടുന്ന ഫലമാണ്. മിക്ക ക്രിസ്ത്യാനികളും പലതരം വിത്തുകളെ (ഉപദേശങ്ങളെ) തങ്ങളുടെ ‘വേദശാസ്ത്ര സൂക്ഷ്മദര്‍ശിനി’ക്ക് അടിയില്‍വച്ച് നിരീക്ഷണം നടത്തിയശേഷം ചിലതു കൊള്ളാം ചിലതു കൊള്ളുകയില്ല എന്നു പ്രഖ്യാപിക്കുന്നു. എന്നാല്‍ വി ത്തിന്റെ ഗുണം തിരിച്ചറിയാനുള്ള മാര്‍ഗ്ഗം അതല്ല. ആ വിത്തു വിതച്ച് അതില്‍ നിന്നു പുറപ്പെടുന്ന ഫലം നോക്കി അതിനെ വിലയിരുത്തുന്നതാണ് നല്ലത്.

കൃപയെക്കുറിച്ചുള്ള ഏതെങ്കിലും ഉപേദശം, പാപം ചെയ്യാനുള്ള ഭയം ഒരുവനില്‍നിന്ന് എടുത്തുകളയുന്നുണ്ടെങ്കില്‍ അത് തെറ്റായ ഉപദേശമാണ്. ഒരു ഉപദേശം, ലാഘവത്തോടെ പാപം ചെയ്തശേഷം വിലകുറഞ്ഞ ഒരു ക്ഷമാപണംകൊണ്ട് തൃപ്തിപ്പെടുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നുവെങ്കില്‍ (യഥാര്‍ത്ഥ മാനസാന്തരത്തിന്റെ ഫലമായ ആഴമായ അനുതാപവും പാപത്തോടുള്ള കഠിനമായ വെറുപ്പും അതുളവാക്കുന്നില്ലെങ്കില്‍) തീര്‍ച്ചയായും അതു ‘സാത്താന്റെ ആഴമേറിയ സത്യങ്ങളില്‍’ ഒന്നാണ്!

ഇന്നത്തെകാലത്ത് ‘അന്ത്യകാലസത്യങ്ങള്‍’, രാജ്യത്തിന്റെ സത്യങ്ങള്‍’ തുടങ്ങിയ മനോഹരമായ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്ന പല ‘വിശ്വാസിക’ളെയും കാണാം എന്നാല്‍ ഈ പറയുന്ന ‘സത്യങ്ങ’ളെ ഒക്കെ വിലയിരുത്താനുള്ള ഉരകല്ല് യേശു പറഞ്ഞതാണ്. അവിടുന്നു പറഞ്ഞു ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും…. പാപത്തില്‍നിന്ന് (യോഹ. 8:32-36). ദൈനംദിനജീവിതത്തില്‍ നിങ്ങള്‍ക്കു പാപത്തില്‍നിന്നു സ്വാതന്ത്ര്യം നല്‍കാത്ത സത്യം ഒന്നും ദൈവികസത്യമല്ലെന്നു സാരം. അത് എത്രത്തോളം വേദാനുസൃതമാണെന്നു നിങ്ങള്‍ക്കു തോന്നിയാലും സത്യത്തില്‍ അത് വ്യാജ ഉപദേശമാണ്.

ദൈവികസത്യം നിങ്ങള്‍ ശരിയായി മനസ്സിലാക്കിയിട്ടുണ്ട് എന്നുള്ളതിന്റെ ഒരു സൂചന, ജീവിതത്തില്‍ എല്ലാത്തരം ബന്ധനങ്ങളില്‍നിന്നും കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം നിങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. പരിശുദ്ധാത്മാവ് സത്യത്തിന്റെ ആത്മാവാണ്. ‘കര്‍ത്താവിന്റെ ആത്മാവുള്ളടത്ത് സ്വാതന്ത്ര്യം ഉണ്ട്’ (2 കൊരി.3:17).

‘നിങ്ങള്‍ക്കുള്ളതു മുറുകെപ്പിടിച്ചുകൊള്ളുക’ എന്നാണ് തുടര്‍ന്ന് കര്‍ത്താവ് തുയഥൈരയിലെ ശേഷിപ്പിനോട് ഉദ്‌ബോധിപ്പിക്കുന്നത്. ‘ദൈവത്തിന്റെ സത്യകൃപ’യാണത് (1 പത്രോ. 5:12). നാം ഇതു മുറുകെ പിടിക്കേണ്ടിയിരിക്കുന്നു. കാരണം സാത്താന് ഇതു നമ്മില്‍ നിന്നു വലിച്ചെടുക്കുവാനാണ് താല്പര്യം. എന്നാല്‍ യേശുവരുംവരെ ഇതു പിടിച്ചുകൊള്‍വാന്‍ ഇവിടെ ആജ്ഞാപിച്ചിരിക്കുന്നു. (25-ാം വാക്യം).

അവിടുത്തെ പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കുന്നവനെ ഇവിടെ ജയിക്കുന്നവന്‍ എന്നു കര്‍ത്താവു വിശേഷിപ്പിച്ചിരിക്കുന്നു. (26-ാം വാക്യം). താന്‍ ജഡത്തില്‍ വന്ന കാലത്ത് പരീക്ഷകളുടെമേല്‍ നേടിയ വിജയമാണ് അവിടുത്തെ പ്രവൃത്തികള്‍. യേശുവിനെപ്പോലെ പരീക്ഷകളെ അതിജീവിക്കുകയും അവസാനത്തോളം ഈ പാതയില്‍ പോകുകയും ചെയ്യുന്നവനാണ് ജയിക്കുന്നവന്‍.

ജയാളിക്കു ഭാവിയില്‍ ജാതികളുടെമേല്‍ അധികാരം നല്‍കുമെന്നു കര്‍ത്താവു വാഗ്ദാനം ചെയ്തിരിക്കുന്നു. (27-ാം വാക്യം) മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കുമെന്നല്ല ഇതിനര്‍ത്ഥം. ഇന്നു ലോകത്തില്‍ അധികാരത്തിനു ആ അര്‍ത്ഥമാണുള്ളത് എന്നതു ശരിയാണ്. എന്നാല്‍ 27-ാം വാക്യത്തില്‍ ‘അവന്‍… അവരെ മേയിക്കും’ എന്നതിന്റെ ശരിയായ അര്‍ത്ഥം ‘അവന്‍ അവരെ ഇടയനെപ്പോലെ പരിപാലിക്കും’ എന്നാണല്ലോ. അതുപോലെ ‘അധികാരം’ എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുവാക്കിന്റെ ശരിയായ അര്‍ത്ഥം ‘ഇടയനെപ്പോലെ പരിപാലിക്കുക’ എന്നാണ്.

ഈ മട്ടിലുള്ള അധികാരമാണു ജയിക്കുന്നവന്‍ ഇന്നു ഭവനത്തിലും സഭയിലും ഉപയോഗിക്കുന്നത്. ഒരു നാളില്‍ ഇതേ അധികാരം ജാതികളുടെ മേലും അവന്‍ ഉപയോഗിക്കും. പകരം ഇന്നു ഭവനത്തിലായാലും സഭയിലായാലും മറ്റുള്ളവരുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നവര്‍ ഒരുതരം സാത്താന്യമായ അധികാരം കയ്യാളുകയാണ്. അവര്‍ ഒരുനാളില്‍ ജാതികളെ ഭരിക്കുവാന്‍ യോഗ്യരായിരിക്കുകയില്ല. പിതാക്കന്മാര്‍, മാതാക്കള്‍, മൂപ്പന്മാര്‍ എന്നിങ്ങനെ വ്യത്യസ്തമായ അധികാരം തന്ന് നമ്മെ ഇന്നു കര്‍ത്താവു പരിശോധിക്കുകയാണ്.

അധികാരത്തെക്കുറിച്ച് ‘എന്റെ പിതാവ് എനിക്കു തന്നത്’ എന്നു കര്‍ത്താവു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക (26-ാം വാക്യം). താന്‍ തിരഞ്ഞെടുത്തിരിക്കുന്ന എല്ലാവര്‍ക്കും നിത്യജീവനെ കൊടുക്കുക എന്നതാണ് പിതാവ് യേശുവിന് അധികാരം നല്‍കിയതിന്റെ പ്രാഥമികമായ ഉദ്ദേശ്യം (യോഹ. 17:2). ഇതേ ഉദ്ദേശ്യത്തോടെയാണു കര്‍ത്താവു തന്റെ ദൂതന്മാര്‍ക്കു സഭയിലും അധികാരം നല്‍കിയിരിക്കുന്നത്. നിത്യജീവനെ പിടിച്ചുകൊള്‍വാനായി മറ്റുള്ളവരെ അതിലേക്കു നയിക്കുക (1 തിമൊ. 6:12). മറ്റേതെങ്കിലും തരത്തില്‍ അധികാരം വിനിയോഗിക്കുന്ന മൂപ്പന്‍ തനിക്കുലഭിച്ചിരിക്കുന്ന അധികാരം സത്യത്തില്‍ ദുര്‍വിനിയോഗം ചെയ്യുകയാണ്.

തങ്ങളുടെ ജീവിതത്തിനുമേല്‍ കര്‍ത്താവിനുള്ള അധികാരം നിഷേധിക്കുന്നവരെ ഒരുനാള്‍ യേശു ഇരുമ്പുകോല്‍കൊണ്ട് മേയിക്കും (സങ്കീ.2:7-9, വെളി. 12:5, 19:15). അധികാരദണ്ഡ് മൃദുവായും അതേസമയം കാര്‍ക്കശ്യത്തോടെയും ഉപയോഗിക്കാന്‍ ഭൂമിയിലെ വാസകാലത്ത് പഠിച്ച ജയാളിയുമായി കര്‍ത്താവ് ഇരുമ്പുകോല്‍ പങ്കുവയ്ക്കും (26, 27 വാക്യങ്ങള്‍).

‘തന്റെ ആത്മാവിനെ കീഴടക്കി ഭരിക്കുന്നവന്‍ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠന്‍’ (സദൃ.16:32). ജഡത്തിലെ മോഹങ്ങള്‍, ലോകത്തിന്റെ വശീകരണങ്ങള്‍, സാത്താന്റെ തന്ത്രങ്ങള്‍ എന്നിവയെ അതിജീവിച്ചവരാണ് ദൈവദൃഷ്ടിയില്‍ അവിടുത്തെ രാജ്യത്തില്‍ ജാതികളെ ഭരിപ്പാന്‍ യോഗ്യത നേടിയവര്‍.

ജയാളിക്ക് ഉദയനക്ഷത്രവും വാഗ്ദാനം ചെയ്തിരിക്കുന്നു. (28-ാം വാക്യം). യേശുതന്നെയാണ് ഉദയനക്ഷത്രം (വെളി.22:16 കാണുക). ദുഷ്പ്രവൃത്തിക്കാരെ ദഹിപ്പിച്ചുകളയുകയും ജനങ്ങള്‍ക്ക് രോഗശാന്തി നല്‍കുകയും ചെയ്യുന്ന നീതിസൂര്യനെന്നും യേശുവിനെ വിളിച്ചിട്ടുണ്ട്. (മലാ. 4:1,2) ലോകത്തിന് കര്‍ത്താവിനെ നീതിസൂര്യനായി മാത്രമേ കാണുവാന്‍ കഴിയൂ. അതേ സമയം ജയാളികള്‍, തന്നെ ഉദയനക്ഷത്രമായിക്കാണും.

സൂര്യന്‍ ഉദിക്കുന്നതിനു തൊട്ടു മുമ്പാണ് ഉദയനക്ഷത്രത്തെകാണുന്നത്. കാലത്തിന്റെ അവസാനത്തില്‍, മഹോപദ്രവത്തിന്റെ ഒടുവില്‍, ലോകം അന്ധകാരത്തില്‍ കിടക്കുമ്പോള്‍ കാഹളം മുഴങ്ങും. കര്‍ത്താവുതാന്‍ ജയഘോഷത്തോടെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരും. അപ്പോള്‍ എല്ലാ തലമുറയിലുംപെട്ട ജയാളികള്‍ ഉയരത്തിലേക്ക് എടുക്കപ്പെടും അവിടെ തന്നെ കണ്ടുമുട്ടി ഭൂമിയിലേക്ക് വീണ്ടും അവര്‍ എതിരേറ്റുകൊണ്ടു വരുവാന്‍വേണ്ടിയാണത്. അപ്പോള്‍ കര്‍ത്താവിനെ അവര്‍ ഉദയനക്ഷത്രമായി ദര്‍ശിക്കും.

തുടര്‍ന്നു ന്യായവിധിക്കായും പാപരോഗത്താല്‍ വലയുന്ന ലോകത്തിനു സൗഖ്യംവരുത്തുവാനുമായി കര്‍ത്താവ് ഭൂമിയിലേക്കു നീതിസൂര്യനായി ഇറങ്ങിവരും. എല്ലാ കണ്ണും തന്നെ കാണും. തന്നോടൊപ്പം ഭൂമിയില്‍ വാഴുന്നതിനുവേണ്ടി ജയാളികളും കര്‍ത്താവിനോടൊപ്പം ഇറങ്ങിവരും.

ആത്മാവു സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ (29-ാം വാക്യം).

അദ്ധ്യായം 3

വാക്യം1-6: സര്‍ദ്ദീസിലെ സഭയുടെ ദൂതന്ന് എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവന്‍ അരുളിച്ചെയ്യുന്നത്: ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവന്‍ എന്നു നിനക്കു പേര്‍ ഉണ്ട് എങ്കിലും നീ മരിച്ചവനാകുന്നു. ഉണര്‍ന്നുകൊള്ളുക. ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക. ഞാന്‍ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയില്‍ പൂര്‍ണ്ണതയുള്ളതായി കണ്ടില്ല. ആകയാല്‍ നീ പ്രാപിക്കയും കേള്‍ക്കയും ചെയ്തത് എങ്ങനെ എന്നു ഓര്‍ത്തു അതു കാത്തുകൊള്‍കയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു നാഴികെക്കു നിന്റെ മേല്‍ വരും എന്നു നീ അറികയും ഇല്ല. എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെപ്പേര്‍ സര്‍ദ്ദീസില്‍ നിനക്കുണ്ട്. അവര്‍ യോഗ്യന്മാരാകയാല്‍ വെള്ള ധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും. ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും. അവന്റെ പേര്‍ ഞാന്‍ ജീവപുസ്തകത്തില്‍ നിന്നു മായിച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേര്‍ ഏറ്റുപറയും. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ദൈവത്തിന്റെ ഏഴ് ആത്മാവുള്ളവന്‍ അഥവാ പരിശുദ്ധാത്മാവ് ഏഴു മടങ്ങുള്ളവന്‍ എന്നാണു കര്‍ത്താവ് ഇവിടെ സ്വയം പരാമര്‍ശിക്കുന്നത്. ഇതിന്റെ അര്‍ത്ഥം എന്തെന്നു നാം ഒന്നാം അധ്യായത്തില്‍ ചിന്തിച്ചതാണ്. ഏഴു നക്ഷത്രവും അവിടുത്തേക്കുണ്ട്. കയ്യിലുള്ള ഏഴുനക്ഷത്രവും (ദൂതന്മാരും) സഭയിലെ ആത്മനിറവുള്ള തന്റെ പ്രതിനിധികളായിരിക്കണം എന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

ഒരു ആത്മികമനുഷ്യന്‍ എന്ന നിലയില്‍ മറ്റുള്ളവരുടെ മുമ്പാകെ വലിയമതിപ്പ് ഉണ്ടാക്കിയിട്ടുള്ളവനാണു സര്‍ദ്ദീസിലെ സഭയുടെ ദൂതന്‍. പക്ഷേ സര്‍ദ്ദീസിലെ സഹവിശ്വാസികളുടെ അഭിപ്രായത്തിനു നേരെ എതിരാണ് കര്‍ത്താവിന് അവനെക്കുറിച്ചുള്ള അഭിപ്രായം. ക്ഷണത്തില്‍ കബളിപ്പിക്കപ്പെടാവുന്നവരും ജഡികരുമായിരുന്നു സര്‍ദ്ദീസിലെ വിശ്വാസികള്‍ എന്നാണ് ഇതു തെളിയിക്കുന്നത്.

ഒരു പ്രസംഗകന്‍ ആത്മികനാണോ ജഡികനാണോ എന്നു തിരിച്ചറിയാന്‍ 90% വിശ്വാസികള്‍ക്കും കഴിയാറില്ല. അതുപോലെ 99% വിശ്വാസികള്‍ക്കും ദേഹീപരമായ ശക്തിയേയും പരിശുദ്ധാത്മാവിന്റെ ശക്തിയേയും തിരിച്ചറിയാനുള്ള കഴിവില്ല.

ആത്മികവരങ്ങളുടെ പ്രയോഗവും പ്രദര്‍ശനവുമാണ് മിക്ക വിശ്വാസികളിലും മതിപ്പുളവാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പ്രസംഗകരെയോ മൂപ്പന്മാരെയോ വിലയിരുത്തുന്നതും. ഇങ്ങനെ അവര്‍ വഞ്ചിക്കപ്പെടുന്നു. എന്നാല്‍ ദൈവം ഹൃദയത്തെയാണു നോക്കുന്നത്. സര്‍ദ്ദീസ് സഭയുടെ ദൂതന് ആത്മാവിന്റെ വരങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ആത്മികമായി അവന്‍ മരിച്ചവനാണ്.

നാം എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു മുന്നറിയിപ്പാണിത്: 99% സഹവിശ്വാസികള്‍ക്കും നമ്മെക്കുറിച്ചുള്ള അഭിപ്രായം 100% തെറ്റായിരിക്കാം! നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അഭിപ്രായം മറ്റുള്ളവരുടെ അഭിപ്രായത്തിന് നേരേ എതിരായിരുന്നേക്കാം.

ഒരു സഭയെ സംബന്ധിച്ചും ഇതു സംഭവിക്കാം. ആത്മികമായി സജീവമായ സഭയായി മറ്റുള്ളവര്‍ ഒരു സഭയെക്കുറിച്ചു കരുതുന്നു. പക്ഷേ അത് ആത്മികമായി ചത്തതാണെന്നു ദൈവത്തിന് അറിയാം. നേരെ മറിച്ചും സംഭവിക്കാം. ആത്മികമായി സജീവമെന്നു ദൈവം കരുതുന്ന സഭയെ ചത്തതെന്നു വിവേചനമില്ലാത്തവര്‍ മുദ്രകുത്തിയേക്കാം.

മിക്കവിശ്വാസികളും ഒരു സഭയെ വിലയിരുത്തുന്നത് യോഗത്തിനു ചെല്ലുമ്പോള്‍ തങ്ങള്‍ക്കു ലഭിക്കുന്ന സ്വാഗതത്തിന്റെ ഊഷ്മളത, കൂടിവരുന്നവരുടെ എണ്ണം, മീറ്റിംഗിലുള്ള ശബ്ദത്തിന്റേയും വൈകാരികാനുഭൂതിയുടേയും തീവ്രത, പാട്ടിന്റെ ഗാനാത്മകത, പ്രസംഗത്തിന്റെ ബൗദ്ധികാംശം, സ്‌തോത്രകാഴ്ചയുടെ വലുപ്പം എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും! പക്ഷേ ഇവയാലൊന്നുമല്ല ദൈവത്തിനു മതിപ്പ്.

ദൈവം ഒരു സഭയെ വിലയിരുത്തുന്നത് സഭാംഗങ്ങളുടെ ഹൃദയങ്ങളിലെ ക്രിസ്തുതുല്യമായ താഴ്മ, നിര്‍മലത, സ്‌നേഹം, സ്വാര്‍ത്ഥതയില്ലായ്മ എന്നിവയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഒരു സഭയെ സംബന്ധിച്ച് ദൈവത്തിന്റേയും മനുഷ്യരുടേയും വിലയിരുത്തല്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കാം. സത്യത്തില്‍ പലപ്പോഴും അവ അങ്ങനെയാണ്.

സര്‍ദ്ദീസില്‍ ഈസബേലുമാരോ, നിക്കോലാവ്യരോ, ബിലെയാമിന്റെ ഉപദേശമോ ഉണ്ടായിരുന്നില്ല. പക്ഷേ അവയെക്കാളെല്ലാം ഗുരുതരമായ ഒന്ന് അവരുടെ ഇടയില്‍ ഉണ്ടായിരുന്നു- കപടഭക്തി.

സര്‍ദ്ദീസിലെ ദൂതന് താന്‍ ഉണ്ടാക്കിയെടുത്ത അംഗീകാരത്തില്‍ രഹസ്യമായ സംതൃപ്തി ഉണ്ടായിരുന്നിരിക്കണം. അല്ലാത്തപക്ഷം അവനൊരു കപടഭക്തനായി അവസാനിക്കുമായിരുന്നിരിക്കണം. ഒരുവന്‍ ആത്മീയമായി ജീവനുള്ളവനാണെന്നു മറ്റുള്ളവര്‍ അറിയുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ മറ്റുള്ളവരുടെ അഭിപ്രായം നമുക്കൊരു സ്വയതൃപ്തിക്കു കാരണമാകരുത്.

കര്‍ത്താവിനായി ചെയ്യുന്ന കാര്യങ്ങളില്‍ നാം സ്വന്തം പേരു തേടുന്നുണ്ടെങ്കില്‍ ദൈവമുമ്പാകെ അല്ല മനുഷ്യരുടെ മുമ്പാകെ ജീവിക്കുന്നവരായി നാം അധഃപതിക്കും. മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയുമില്ലെന്നു നാം മനസ്സിലാക്കിയിട്ടില്ലെന്നു ചുരുക്കം.

തങ്ങള്‍ക്ക് പേരു നേടുവാനായി പലകാര്യങ്ങള്‍ ചെയ്യുകയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്ന പ്രസംഗകരെക്കൊണ്ട് ഇന്നു ക്രിസ്തീയഗോളം നിറഞ്ഞിരിക്കുന്നു. ഇവരെല്ലാം ഒടുവില്‍ സര്‍ദ്ദീസിലെ സഭയുടെ ദൂതന്റെ പതനത്തില്‍ എത്തിച്ചേരും. അവരുടെ പ്രവൃത്തി ദൈവസന്നിധിയില്‍ പൂര്‍ണ്ണത ഉള്ളതായി കാണാത്തതുകൊണ്ട് അന്തിമന്യായവിധിയില്‍ കര്‍ത്താവ് അവരെ വിധിക്കും. മനുഷ്യരില്‍ ഒരു മതിപ്പുളവാക്കുക എന്നതാണു നമ്മുടെ പ്രവര്‍ത്തനത്തിനു പിന്നിലെ മനോഭാവം എങ്കില്‍ അത് ദൈവസന്നിധിയില്‍ പൂര്‍ണ്ണതയുള്ളതായിരിക്കുകയില്ല.

സര്‍ദ്ദീസിലെ ദൂതന്‍ ആത്മികമായി ഗാഢനിദ്രയിലായിരുന്നു.

തന്റെ വരവിനായി ഒരുങ്ങി പ്രാര്‍ത്ഥിച്ചും ജാഗരിച്ചും ഇരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യേശു തന്റെ ശിഷ്യന്മാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ലോകത്തിന്റെ ചിന്തകള്‍, മാമ്മോനോടുള്ള പ്രിയം എന്നിവ ഏറ്റവും നല്ല വിശ്വാസികളെപ്പോലും നിദ്രാലുക്കളാക്കും. (ലൂക്കോ. 21:34-36).

ഒരുവന്‍ നിദ്രയിലാണെങ്കില്‍ തന്റെ ചുറ്റുമുള്ള യഥാര്‍ത്ഥലോകത്തു നടക്കുന്നതിനെക്കുറിച്ചൊന്നും അവനു ബോധം ഉണ്ടായിരിക്കുകയില്ല. മിഥ്യയായ സ്വപ്നലോകത്തെക്കുറിച്ചായിരിക്കും അവന്‍ കൂടുതലും ബോധവാനായിരിക്കുന്നത്. ആത്മികനിദ്രയിലായിരിക്കുന്നവരെ സംബന്ധിച്ചും ഇങ്ങനെയാണ്. ദൈവരാജ്യമെന്ന യഥാര്‍ത്ഥലോകത്തെക്കുറിച്ചോ, ചുറ്റും നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ചോ, നിത്യതയിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചോ അവര്‍ക്കു ബോധ്യം ഉണ്ടായിരിക്കുകയില്ല. ഭൗതികസമ്പത്ത്, സുഖം, സൗകര്യം, ലോകമാനം, പ്രശസ്തി എന്നിവയുടെ മിഥ്യയായ, താല്ക്കാലിക ലോകത്തേക്കാണ് അവര്‍ ഉണര്‍ന്നിരിക്കുന്നത്.

സര്‍ദ്ദീസിലെ സഭയുടെ ദൂതനും അങ്ങനെയായിരുന്നു.

കര്‍ത്താവ് അവനെ ഉദ്‌ബോധിപ്പിക്കുന്നത് ഉണരുവാനാണ്. അഥവാ, തന്റെ അയഥാര്‍ത്ഥമായ സ്വപ്നലോകം (ഭൗതികതയുടെ ലോകം) ഉപേക്ഷിക്കുവാനാണ്. എന്നിട്ട്, ആത്മികമരണത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന, ഇപ്പോഴും പൂര്‍ണ്ണമായി മരിച്ചിട്ടില്ലാത്ത, തന്റെ ജീവിതത്തിലെ ചില ശേഷിപ്പുകളെ ശക്തീകരിക്കുവാനാണ് (രണ്ടാം വാക്യം). കനലുകള്‍ പൂര്‍ണ്ണമായി അണഞ്ഞിട്ടില്ല. എന്നാല്‍ അവന്‍ അവയെ ഉടനെ ‘ഊതിക്കത്തിച്ച് ജ്വാലയാക്കി മാറ്റേണ്ടിയിരിക്കുന്നു.’ അല്ലെങ്കില്‍ അവ പൂര്‍ണ്ണമായി കെട്ടുപോകും. (2 തിമൊ. 1:6-AMPLIFIED)

അവന്റെ പ്രവൃത്തി ദൈവത്തിന്റെ സന്നിധിയില്‍ പൂര്‍ണതയുള്ളതായി കണ്ടില്ല എന്ന് കര്‍ത്താവ് അവനോടു പറയുന്നു (രണ്ടാം വാക്യം). പല വിശ്വാസികളും ‘പൂര്‍ണ്ണത’ എന്ന പദത്തെ ഭയപ്പെടുന്നു. എന്നാല്‍ ദൂതന്റെ പ്രവൃത്തി ദൈവമുമ്പാകെ പൂര്‍ണതയുള്ളതായിരിക്കണം എന്നു കര്‍ത്താവു പ്രതീക്ഷിക്കുന്നതായി നാം ഇവിടെ കാണുന്നു.

ആത്മിക പൂര്‍ണ്ണത എന്നതു വിശാലമായ ഒരു വിഷയമാണ്. പക്ഷേ ഇവിടെ അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മൂപ്പന്റെ പ്രവൃത്തി ദൈവത്തിന്റെ അംഗീകാരം നേടുക എന്ന ഒരേഒരു ഹൃദയാഭിലാഷത്തില്‍ നിന്ന് ഉടലെടുത്തതായിരുന്നില്ല എന്നാണ്.

അവന്റെ പ്രവൃത്തികള്‍ നല്ല പ്രവൃത്തികളായിരുന്നു. അവന്‍, ആത്മികമായി ജീവിച്ചിരിക്കുന്നവനാണെന്ന പേരുണ്ടാക്കിയത് അങ്ങനെയാണല്ലോ. പക്ഷേ അവ ദൈവമഹത്വത്തിനായി ചെയ്തതായിരുന്നില്ല. പകരം ആളുകളില്‍ മതിപ്പുണ്ടാക്കാനായാണ് അവ ചെയ്തത്. അതുകൊണ്ട് അവ നിര്‍ജ്ജീവപ്രവൃത്തികളായിരുന്നു. അവന്റെ ‘വിശുദ്ധപ്രവര്‍ത്തനങ്ങളില്‍ കുറ്റം’ ഉണ്ടായിരുന്നു (പുറ. 28:38). ദൈവത്തിന് അവനെ അംഗീകരിക്കണമെങ്കില്‍ അവന്‍ ആത്മാവിലെ ഈ കളങ്കത്തില്‍ നിന്നു കഴുകല്‍ പ്രാപിക്കേണ്ടതുണ്ട്. (2 കൊരി. 7:1).

ആളുകളുടെ മാനം കിട്ടാനായി ചെയ്യുന്ന നല്ല പ്രവൃത്തികള്‍ നിര്‍ജ്ജീവപ്രവൃത്തികളാണ്.

പൂര്‍ണതയിലേക്കുള്ള ആദ്യപടി എല്ലാം ദൈവമുമ്പാകെ ചെയ്യുക എന്നതാണ്. നാം ഇവിടെ ആരംഭിച്ചില്ലെങ്കില്‍ എങ്ങും ചെന്നെത്തുകയില്ല. പ്രാര്‍ത്ഥനയായാലും ഉപവാസമായാലും മറ്റുള്ളവരെ സഹായിക്കുന്നതായാലും എന്തു ചെയ്യുമ്പോഴായാലും നാം നമ്മോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യം ഇതാണ്. ”ഞാന്‍ ഈ ചെയ്യുന്നത് ആരെങ്കിലും കണ്ട് അഭിനന്ദിക്കണമെന്നാണോ ഞാന്‍ ആഗ്രഹിക്കുന്നത്? അതോ ഇതു ഞാന്‍ ദൈവമുമ്പാകെ അവിടുത്തെ മഹത്വത്തിനുവേണ്ടി മാത്രം ചെയ്യുകയാണോ?” തെറ്റായ മനോഭാവമാണു പല നല്ല പ്രവൃത്തികളെയും മലിനപ്പെടുത്തുന്നതും അവയെ ദൈവദൃഷ്ടിയില്‍ അപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്നതും.

ഈ വര്‍ഷങ്ങളില്‍ കേള്‍ക്കുകയും പ്രാപിക്കുകയും ചെയ്തത് എന്തെന്ന് ഓര്‍ത്ത് ആ ഉദ്‌ബോധനങ്ങള്‍ അനുസരിക്കണമെന്നു കര്‍ത്താവ് ആ ദൂതനെ ഉപദേശിക്കുന്നു (മൂന്നാം വാക്യം). കൂടുതല്‍ നല്‍കപ്പെട്ടിട്ടുള്ളവരില്‍ നിന്നു കര്‍ത്താവ് കൂടുതല്‍ പ്രതീക്ഷിക്കുന്നു. പൂര്‍ണ്ണതയെക്കുറിച്ചും വളരെ കൂടുതല്‍ കേട്ടിട്ടുള്ളവനാണ് ഈ ദൂതന്‍. പക്ഷേ ഈ പ്രബോധനങ്ങളെ അവന്‍ ഗൗരവമായി എടുത്തിട്ടില്ല. സത്യം അറിഞ്ഞിട്ടും അത് അനുസരിക്കാതിരിക്കുന്നതു മണലിന്മേല്‍ വീടു പണിയുന്നതിനു തുല്യമാണ്. ഒരു നാള്‍ അതു തകര്‍ന്നു വീഴും. സര്‍ദ്ദീസിലെ സഭയ്ക്കും ദൂതനും സംഭവിച്ചത് അതാണ്.

മാനസാന്തരപ്പെടുവാനാണ് ഈ ദൂതന് ഇപ്പോള്‍ നല്‍കുന്ന ഉദ്‌ബോധനം (മൂന്നാം വാക്യം). ഈ അന്ത്യനാളുകളില്‍ കര്‍ത്താവിനു സഭകളോടുള്ള സന്ദേശവും ഇതാണ്: മാനസാന്തരപ്പെടുക.

ഈ ദൂതനെക്കുറിച്ച് ഇപ്പോഴും ആശയ്ക്കു വകയുണ്ട്. കാരണം കര്‍ത്താവിന്റെ കൈകളില്‍ ഇപ്പോഴും അവന്‍ ഒരു നക്ഷത്രമാണ് (ഒന്നാം വാക്യം). കര്‍ത്താവ് അവനെ ഉപേക്ഷിച്ചിട്ടില്ല. പക്ഷേ അവന്‍ ആദ്യമായി ഉണരുകയും മാനസാന്തരപ്പെടുകയും വേണം.

ക്രിസ്തുവിന്റെ ആദ്യവരവിനു മുന്നോടിയായി വന്ന യോഹന്നാന്‍ സ്‌നാപകന്‍ മാനസാന്തരത്തെക്കുറിച്ചു പ്രസംഗിച്ചാണ് യിസ്രായേല്‍ ജനതയെ ഒരുക്കിയത്. ഇന്നു സഭയിലെ പ്രവാചകന്മാര്‍ ജനത്തെ കര്‍ത്താവിന്റെ രണ്ടാം വരവിനുവേണ്ടി ഒരുക്കുവാനും മാനസാന്തരം പ്രസംഗിക്കേണ്ടിയിരിക്കുന്നു. സഭയുടെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യം മാനസാന്തരത്തിനുവേണ്ടിയുള്ള ആഹ്വാനമാണ്.

ദൂതന്‍ ഉണരുകയും മാനസാന്തരപ്പെടുകയും ചെയ്യാതിരുന്നാല്‍ രാത്രിയില്‍ കള്ളനെന്നപോലെ താന്‍ അപ്രതീക്ഷിതമായി ന്യായവിധിക്കായി അവന്റെ അടുത്തുവരുമെന്നു കര്‍ത്താവു മുന്നറിയിപ്പു നല്‍കുന്നു. കര്‍ത്താവു രാത്രിയില്‍ കള്ളനെപ്പോലെ വരുന്നത് പ്രാഥമികമായും അവിശ്വാസികള്‍ക്കു വേണ്ടിയാണ്. ഇരുട്ടില്‍ നടക്കുന്ന വിശ്വാസികള്‍ക്കു വേണ്ടിയും. വെളിച്ചത്തില്‍ നടക്കുന്ന പകലിന്റെ മക്കള്‍ കര്‍ത്താവിന്റെ വരവിങ്കല്‍ ആശ്ചര്യപ്പെട്ടു പോകയില്ല. അതേസമയം രാത്രിയുടെ മക്കള്‍ അമ്പരന്നു പോകും (1 തെസ്സ. 5:4,5).

എപ്പോഴും വെളിച്ചത്തില്‍ നടക്കുന്നവരായതുകൊണ്ട് ജയാളികള്‍ കര്‍ത്താവിന്റെ വരവിനുവേണ്ടി സദാ ഒരുങ്ങിയിരിക്കുന്നവരാണ്. എന്നാല്‍ ഇരുളില്‍ നടക്കുന്നവരില്‍ അനുതപിക്കാത്ത പാപം ഉള്ളതിനാല്‍ സ്വയം ‘വിശ്വാസികള്‍’ എന്നു വിളിച്ചാലും അവര്‍ കര്‍ത്താവിന്റെ വരവിന് ഒരുക്കമുള്ളവരല്ല.

ആത്മികമായി നിദ്രകൊള്ളുന്ന, അനുതപിക്കാത്ത, വിശ്വാസികള്‍ (അവര്‍ സഭയുടെ ദൂതന്മാരായാലും) കര്‍ത്താവിന്റെ വരവില്‍ അമ്പരന്നു പോകുമെന്ന് വെളിപ്പാട് 3:3 ല്‍ വ്യക്തമായി പറയുന്നു. അവര്‍ ഇരുളിന്റെ മക്കളുടെ അതേവിഭാഗത്തില്‍തന്നെ ആയിരിക്കും. കര്‍ത്താവിന്റെ വരവില്‍ കൈവിടപ്പെട്ടുപോയ ബുദ്ധിയില്ലാത്ത കന്യകമാരാണിവര്‍ (മത്താ. 25:10-13).

കര്‍ത്താവു പറയുന്നു ”ഞാന്‍ കള്ളനെപ്പോലെ വരും. തന്റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍” (വെളി. 16:15).

എങ്കിലും ഉടുപ്പു മലിനമാക്കാത്ത കുറെപേര്‍ സര്‍ദ്ദീസില്‍ ഉണ്ടായിരുന്നു (വെളി. 3:4). ഈ സഭയുടെ രക്ഷാകരമായ ഒരേ ഒരു പ്രത്യേകത ഇതായിരുന്നു.

തങ്ങളുടെ ഹൃദയം നിര്‍മ്മലമായി സൂക്ഷിക്കുന്നവരുടെ ഒരു പട്ടിക ദൈവത്തിന്റെ പക്കലുണ്ട്. നിര്‍മ്മലത എന്നു പറയുന്നത് ജഡത്തിലെ പാപങ്ങളില്‍ നിന്നുള്ള മോചനം മാത്രമല്ല, മനുഷ്യമാനം അമ്പേഷിക്കുന്ന പാപത്തില്‍നിന്നും ആത്മാവിലെ മറ്റു കളങ്കങ്ങളില്‍നിന്നും ഉള്ള സ്വാതന്ത്ര്യം കൂടിയാണത്.

സര്‍ദ്ദീസില്‍ ദൈവമുമ്പാകെ ജീവിച്ച ജയാളികളുടെ ഒരു ശേഷിപ്പാണിത്. കര്‍ത്താവുതന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ ഈ ജയാളികളുടെ എണ്ണം വളരെ ചുരുക്കമാണ്. എല്ലാ തലമുറയിലും ഈ ശേഷിപ്പ് ചെറുതായിരിക്കും. ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാതയും ഇടുക്കമുള്ള വാതിലും കണ്ടെത്തുന്നവര്‍ ചുരുക്കമാണല്ലോ (മത്താ. 7:14).

ഈ ചുരുക്കം പേര്‍ ”യോഗ്യന്മാരാകയാല്‍ വെള്ളധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും” എന്നു കര്‍ത്താവു പറയുന്നു (അഞ്ചാം വാക്യം). ലൂക്കോസ് 21:36 ല്‍ കാണുന്ന ‘സംഭവിപ്പാനുള്ള എല്ലാറ്റില്‍നിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പില്‍ നില്പാനും നിങ്ങള്‍ ശക്തരും യോഗ്യരും എന്ന് എണ്ണപ്പെടേണ്ടതിന് സദാകാലവും ഉണര്‍ന്നും പ്രാര്‍ത്ഥിച്ചും കൊണ്ടിരിപ്പിന്‍’ (AMPLIFIED) എന്ന കര്‍ത്താവിന്റെ ഉപദേശം അനുസരിച്ചവരാണവര്‍. അവര്‍ യോഗ്യരെന്ന് എണ്ണപ്പെട്ടു. അതുകൊണ്ട് കുഞ്ഞാടിന്റെ കല്യാണദിവസം അവര്‍ കാന്തയുടെ വെള്ളവസ്ത്രം ധരിച്ചുകൊണ്ടു നടക്കും.

വെള്ളവസ്ത്രം ധരിക്കുക എന്ന പ്രതിഫലം എല്ലാ ജയാളികള്‍ക്കും വാഗ്ദാനം ചെയ്തിരിക്കുന്നു (അഞ്ചാം വാക്യം). ഇതു വ്യക്തമാക്കുന്നത് ജയാളികള്‍ ക്രിസ്തുവിന്റെ കാന്തയായിത്തീരും എന്നാണ്.

കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ നിന്നു പേര്‍ മായ്ച്ചുകളയുകയില്ലെന്ന വാഗ്ദാനവും ജയാളികള്‍ക്കു നല്‍കിയിട്ടുണ്ട്. (അഞ്ചാം വാക്യം). ഒരുവന്റെ പേര് ജീവപുസ്തകത്തില്‍ എഴുതിയാലും അതു മായ്ച്ചുകളയുവാനുള്ള സാധ്യത ഉണ്ടെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. അത്തരം ഒരു അപകടസാധ്യത ഇല്ലെങ്കില്‍ ജയാളികള്‍ക്കു കൊടുക്കുന്ന ഈ വാഗ്ദാനത്തിന് എന്ത് അര്‍ത്ഥമാണുള്ളത്? ജഡത്തെ അനുസരിച്ചു ജീവിക്കുന്ന വിശ്വാസികള്‍ ആത്മികമായി മരിക്കും എന്നത് തിരുവെഴുത്തിലെ വ്യക്തമായ ഉപദേശം ആണ് (റോമര്‍ 8:13). ഒരിക്കല്‍ ലഭിച്ച രക്ഷ അവര്‍ക്കു നഷ്ടപ്പെടും.

കര്‍ത്താവു മോശെയോടു പറഞ്ഞു ”എന്നോടു പാപം ചെയ്തവന്റെ പേര്‍ ഞാന്‍ എന്റെ പുസ്തകത്തില്‍ നിന്നു മായിച്ചുകളയും” (പുറ.32:33).

പത്രോസ് അപ്പോ. പ്രവൃത്തി 1:20 ല്‍ ഉദ്ധരിച്ച ഇസ്‌കര്യോത്താ യൂദായെക്കുറിച്ചുള്ള പ്രവചനം നമ്മള്‍ 69-ാം സങ്കീര്‍ത്തനം 25-ാം വാക്യത്തില്‍ കാണുന്നു. 69-ാം സങ്കീര്‍ത്തനം തുടര്‍ന്നു വായിക്കുമ്പോള്‍ യൂദായുടെ പേരു ജീവന്റെ പുസ്തകത്തില്‍ നിന്നു മായിച്ചുകളയുമെന്ന പ്രവചനപരമായ പരാമര്‍ശം കാണാം (28-ാം വാക്യം). ഒരിക്കല്‍ അവന്റെ പേര്‍ ആ പുസ്തകത്തിലുണ്ടായിരുന്നു. പിന്നീടതു മായിച്ചുകളഞ്ഞു.

തന്റെ പേര് അവിടെ നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ ഒരുവന്‍ ജയാളിയായിരിക്കണം.

ജയാളിയുടെ പേര് പിതാവിന്റെയും ദൂതന്മാരുടെയും മുമ്പാകെ ഏറ്റുപറയാമെന്നും കര്‍ത്താവ് വാഗ്ദാനം ചെയ്തിരിക്കുന്നു. അവിടുത്തെ നാമം ലജ്ജകൂടാതെ മനുഷ്യരുടെ മുമ്പാകെ ഏറ്റുപറയുന്നവര്‍ക്കുള്ള അവകാശമാണീ വാഗ്ദാനം (മത്താ. 10:32, ലൂക്കൊ. 12:8). നമ്മുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുടെ മുമ്പാകെ തന്റെ നാമം പരസ്യമായി ഏറ്റുപറയുന്നതിനു കര്‍ത്താവ് വലിയ വില കല്പിക്കുന്നുണ്ട്. പല വിശ്വാസികളും ഇക്കാര്യത്തില്‍ അവിശ്വസ്തരാണ്. തങ്ങള്‍ ജയാളികളല്ലെന്ന് അങ്ങനെ അവര്‍ തെളിയിക്കുന്നു.

അന്തിമദിവസത്തില്‍ കര്‍ത്താവു നമ്മുടെ പേര് ഏറ്റുപറയുന്നത് എത്ര വലിയ ബഹുമതിയായിരിക്കും! ഒരുനാള്‍ വിശുദ്ധദൂതന്മാരുടേയും പിതാവിന്റേയും മുമ്പാകെ കര്‍ത്താവു നമ്മെ അഭിമാനപൂര്‍വ്വം അംഗീകരിക്കുമെങ്കില്‍ ആ പ്രതിഫലത്തിനുവേണ്ടി നൂറുവര്‍ഷം ഈ ഭൂമിയില്‍ നാം ദിനന്തോറും പീഡയും അപമാനവും അനുഭവിച്ചാലും അത് അധികപ്പറ്റാവുകയില്ല. അവിടുത്തെ വിലയേറിയ അധരങ്ങളില്‍നിന്നുള്ള അംഗീകാരത്തിന്റെ ഒരു വാക്ക് ഒരു ജീവിതകാലം മുഴുവന്‍ നാം അനുഭവിച്ച നിന്ദയുടേയും ഉപദ്രവത്തിന്റേയും ഓര്‍മ്മകളെ നമ്മുടെ മനസ്സില്‍നിന്നു തുടച്ചുനീക്കും.

ആത്മാവു സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ (ആറാം വാക്യം).

വിശ്വസ്തയായ സഭ.

വാക്യം 7-13:- ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവന്‍ അരുളിചെയ്യുന്നത്: ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാന്‍ നിന്റെ മുമ്പില്‍ ഒരു വാതില്‍ തുറന്നുവച്ചിരിക്കുന്നു. അത് ആര്‍ക്കും അടെച്ചുകൂടാ. നിനക്ക് അല്പമേ ശക്തിയുള്ളൂ. എങ്കിലും നീ എന്റെ വചനം കാത്തു. എന്റെ നാമം നിഷേധിച്ചിട്ടില്ല. യഹൂദരല്ലാതിരിക്കെ യഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാന്‍ സാത്താന്റെ പള്ളിയില്‍ നിന്നു വരുത്തും. അവര്‍ നിന്റെ കാല്‍ക്കല്‍ വന്നു നമസ്‌കരിപ്പാനും ഞാന്‍ നിന്നെ സ്‌നേഹിച്ചു എന്ന് അറിവാനും സംഗതി വരുത്തും. സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാല്‍ ഭൂമിയില്‍ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും. ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്‍തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊള്‍ക. ജയിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ ഒരു തൂണാക്കും. അവന്‍ ഒരിക്കലും അവിടെനിന്നു പോകയില്ല. എന്റെ ദൈവത്തിന്റെ നാമവും, എന്റെ ദൈവത്തിന്റെ പക്കല്‍നിന്നു, സ്വര്‍ഗ്ഗത്തില്‍ നിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരുശലേം എന്ന എന്റെ ദൈവത്തിന്‍ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാന്‍ അവന്റെ മേല്‍ എഴുതും. ആത്മാവു സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഇവിടെ വിശുദ്ധനും സത്യവാനും എന്നു കര്‍ത്താവു സ്വയം വിളിക്കുന്നു. ‘അവന്‍ പാപം ഒന്നും ചെയ്തില്ല. അവന്റെ വായില്‍ വഞ്ചന (കാപട്യം) ഒന്നും ഉണ്ടായിരുന്നില്ല’ (1 പത്രോ. 2:22). തന്റെ ദൂതന്മാരിലും അവിടുന്ന് ഇതേ സത്യവും യാഥാര്‍ത്ഥ്യവുമാണു നോക്കുന്നത്.

തന്റെ കൈയില്‍ ദാവീദിന്റെ താക്കോല്‍ ഉണ്ടെന്ന് അവിടുന്നു പറയുന്നു. ദാവീദിന്റെ സന്തതിയായി ജനിച്ച ദൈവപുത്രനെക്കുറിച്ചുള്ളതാണല്ലോ സുവിശേഷം (റോമ. 1:1-5).

‘ദാവീദിന്റെസന്തതിയായിട്ടു ജനിച്ചു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ ഓര്‍ത്തുകൊള്‍ക’ എന്നതായിരുന്നു തിമൊഥെയോസിനോടുള്ള പൗലോസിന്റെ അവസാന ഉദ്‌ബോധനങ്ങളില്‍ ഒന്ന് (2 തിമൊ. 2:8). ‘ദാവീദിന്റെ സന്തതിയായി അവിടുന്നു വന്നു’ എന്നതു സൂചിപ്പിക്കുന്നത്, എന്നിട്ടും അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല എന്ന വസ്തുതയാണ്. അതുകൊണ്ട് മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ യോഗ്യനായി ദൈവം യേശുവിനെ കണ്ടു.

താക്കോല്‍, വാതില്‍ തുറക്കാനുള്ള കഴിവിനെയാണു കുറിക്കുന്നത്. ജഡത്തില്‍ വന്ന് പാപത്തേയും സാത്താനേയും ജയിച്ച് അങ്ങനെ നമുക്കു നടക്കുവാനുള്ള ഒരു വഴി തുറക്കുവാന്‍ യേശുവിനു കഴിഞ്ഞു. ജയാളികള്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം യേശു ഒരു മുന്നോടിയും മാതൃകയുമാണ്.

ഇപ്പോള്‍ ഏതു വാതിലും തുറക്കാനും അടയ്ക്കാനും കഴിവുള്ളവനായി കര്‍ത്താവ് ഇവിടെ സ്വയം പരിചയപ്പെടുത്തുന്നു. നാം ജയിക്കുന്നവരാണെങ്കില്‍ ഒരു സമയത്തും ഒരു അടഞ്ഞ വാതിലിനു മുന്നില്‍ വിഷണ്ണരായി നില്‍ക്കേണ്ടി വരികയില്ല. പ്രത്യേകിച്ചും അതിലൂടെ കടക്കേണ്ടതു ദൈവത്തിന്റെ ഹിതം ആയിരിക്കുമ്പോള്‍.

എന്നാല്‍ കര്‍ത്താവു നമുക്കു മുമ്പില്‍ ചില വാതിലുകള്‍ അടയ്ക്കും. നമുക്കു ഗുണകരമല്ലെന്ന് അവിടുത്തേക്ക് അറിയാവുന്നതും നമുക്ക് അവിടുന്ന് മുന്‍നിയമിച്ചിട്ടില്ലാത്തതുമായ വഴികളിലേക്കു നയിക്കുന്ന വാതിലുകളാണ് കര്‍ത്താവ് അടയ്ക്കുന്നത്. സത്യത്തില്‍ ജയാളിയുടെ ജീവിതം വളരെ ആവേശകരമായ ഒന്നാണ്. നാം ഏതു വാതിലിലൂടെ കടക്കണമെന്നതും ഏതു വാതിലുകളില്‍ മുട്ടുന്നത് ഉപേക്ഷിക്കണമെന്നതും കര്‍ത്താവു തന്നെയാണു തീരുമാനിക്കുന്നത്.

യോനയുടെ പുസ്തകത്തില്‍, കര്‍ത്താവ് എങ്ങനെയാണ് ഒരു വാതില്‍ അടയ്ക്കുന്നതെന്നും (കപ്പലില്‍ നിന്നു യോനയെ എറിഞ്ഞു യാത്ര മുടക്കിയല്ലോ) മറ്റൊരു വാതില്‍ തുറക്കുന്നതെന്നും (മത്സ്യം വായ് തുറന്നു യോനയെ വിഴുങ്ങിയല്ലോ) നമ്മള്‍ കാണുന്നു. മത്സ്യം യിസ്രായേല്‍ തീരത്തുവന്നപ്പോള്‍ കര്‍ത്താവ് ഒരു പ്രാവശ്യംകൂടി മത്സ്യത്തിന്റെ വായ് തുറന്ന് യോനയെ കരയില്‍ എത്തിച്ചു. അങ്ങനെ യോനാ തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തി. പിന്നീട് യോനാ പ്രസംഗിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ച നിനവേയിലേക്കു പോകാന്‍ ദൈവം വീണ്ടും കല്പിക്കുന്നു. ഇപ്രാവശ്യം യോനാ പോയി.

പ്രത്യേകലക്ഷ്യത്തോടെ, ഏതെങ്കിലും സ്ഥലത്ത് നാം ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ തെറ്റായ വാതിലുകള്‍ അവിടുന്ന് നമ്മുടെ മുമ്പില്‍ അടയ്ക്കും (ചിലപ്പോള്‍ ചില സ്ഥലത്തുനിന്നു നാം പുറന്തള്ളപ്പെടും). ശരിയായ വാതിലുകള്‍ നമുക്കു മുമ്പില്‍ മലര്‍ക്കെ തുറക്കും. നാം തുടങ്ങിയിടത്തു തന്നെ നമ്മെ മടക്കി എത്തിക്കാന്‍പോലും അവിടുന്നു വഴികളൊരുക്കിയേക്കും. ഏറ്റവും നല്ലതു നമുക്കു നഷ്ടപ്പെടരുതെന്ന കരുതലിലാണതു ചെയ്യുന്നത്. യോനയ്ക്കുവേണ്ടി ചെയ്തത്, അതില്‍ കൂടുതലും, അവിടുന്നു നമുക്കുവേണ്ടി ചെയ്യും.

എല്ലാ വാതിലിന്റേയും താക്കോല്‍ കര്‍ത്താവിന്റെ കയ്യിലാണ്. ദൈവത്തെ മഹത്വപ്പെടുത്തുക എന്നതല്ലാതെ ജീവിതത്തില്‍ മറ്റൊരു അഭിലാഷവുമില്ലാത്ത പൂര്‍ണമനസ്‌കനായ ശിഷ്യനാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പിക്കാം-ഒന്നും നിങ്ങളുടെ പാതയില്‍ തടസ്സമായി നില്ക്കുകയില്ല. ആളുകള്‍ അടുത്തുവരുമ്പോള്‍ സ്വയംതുറക്കുന്ന ചില യാന്ത്രികവാതിലുകളുണ്ട്. അതുപോലെ ദൈവഹിതം നിറവേറ്റാനുള്ള പ്രയാണത്തില്‍ നിങ്ങളുടെ മുമ്പിലുള്ള എല്ലാ അടഞ്ഞവാതിലുകളും നിങ്ങള്‍ അടുത്തുവരുമ്പോള്‍ പൊടുന്നനെ തുറക്കുന്നതു കാണാം. അവിടുന്ന് ഒരോ വാതിലും തക്ക സമയത്താണു തുറക്കുക-ഒട്ടും നേരത്തെയല്ല, ഒട്ടും താമസിച്ചുമല്ല. അതുപോലെ ദൈവത്തിന്റെ പൂര്‍ണ്ണഹിതം നിങ്ങള്‍ക്കു നഷ്ടപ്പെടുത്തുന്ന വാതിലുകള്‍ അവിടുന്ന് അടയ്ക്കുകയും ചെയ്യും.

ഇവിടെ ഫിലദെല്‍ഫിയയില്‍, കര്‍ത്താവില്‍നിന്ന് ഒരു ശാസനയും കേള്‍ക്കാത്ത മറ്റൊരു ദൂതനേയും സഭയേയും കണ്ടുമുട്ടുന്നു. ആദ്യത്തേത് നമ്മള്‍ സ്മുര്‍ന്നയിലാണല്ലോ കണ്ടത്.

ഈ രണ്ടുകൂട്ടരുടേയും അനുഭവം തെളിയിക്കുന്നത്, കര്‍ത്താവു നമ്മെ പരിശോധിക്കുമ്പോള്‍ ഒരു ശാസനയും കേള്‍ക്കേണ്ടിവരാത്ത ജീവിതം നയിക്കാന്‍ സഭയ്ക്കും ദൂതനും സാധ്യമാണ് എന്ന വസ്തുതയാണ്. നമുക്കെല്ലാവര്‍ക്കും ഇതൊരു വെല്ലുവിളിയായിരിക്കട്ടെ.

ഇവിടുത്തെ ദൂതനും സഭയും അല്പം ശക്തിമാത്രം ഉള്ളവരായിരുന്നു (എട്ടാം വാക്യം). വളരെക്കുറച്ചു ജനസ്വാധീനവും അധികാരവും മാത്രമുള്ളവര്‍. എന്നാല്‍ ദൈവവചനം അനുസരിക്കുന്നവരും കര്‍ത്താവിന്റെ നാമം ഏറ്റുപറയുന്നവരുമായിരുന്നു അവര്‍.

നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രാഥമികമായും ആവശ്യമുള്ള രണ്ടുകാര്യങ്ങളാണിവ-ദൈവവചനം അനുസരിക്കുക, യേശുവിന്റെ സാക്ഷ്യം മുറുകെ പിടിക്കുക. വെളിപ്പാടുപുസ്തകത്തില്‍ ഇക്കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ.

അവരുടെ വിശ്വസ്തതമൂലം തനിക്കു സാക്ഷിയാകേണ്ടതിന് അവരുടെ മുമ്പില്‍ ഒരു വാതില്‍ തുറന്നു വച്ചിരിക്കുന്നതായി കര്‍ത്താവു പറയുന്നു. അത് ആര്‍ക്കും അടയ്ക്കാന്‍ കഴിയുകയുമില്ല (എട്ടാം വാക്യം). അവരുടെ സാക്ഷ്യത്തെ സ്വാഭാവികമായും സാത്താന്‍ എതിര്‍ക്കും. എന്നാല്‍ പാതാളഗോപുരങ്ങള്‍ക്ക് ഈ സഭയെ കീഴടക്കുവാന്‍ സാധ്യമല്ല. കാരണം സാത്താന്‍പോലും ഭയപ്പെടുന്ന, ജയിച്ചുമുന്നേറുന്ന, സഭയാണല്ലോ ഇത്.

ഈ സഭയ്ക്കും സാത്താന്റെ പള്ളിയില്‍ നിന്നുള്ള എതിര്‍പ്പുണ്ട്. സ്മുര്‍ന്നയിലെ സഭയ്‌ക്കെന്നതുപോലെ (ഒന്‍പതാം വാക്യം). കര്‍ത്താവു കലവറകൂടാതെ പ്രശംസിച്ച രണ്ടുസഭകള്‍ക്കാണ് സാത്താന്റെ പള്ളിയില്‍നിന്ന് എതിര്‍പ്പുണ്ടായതെന്ന കാര്യം ശ്രദ്ധിക്കുക. ദൈവത്തിനുവേണ്ടി മുഴുഹൃദയത്തോടെ മുന്നോട്ടുപോകുന്ന സഭകള്‍ക്കായിരിക്കും സാത്താനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എതിര്‍പ്പു നേരിടേണ്ടിവരുന്നത്. സാത്താന്റെ എതിര്‍പ്പ് പ്രധാനമായും മതഭക്തരായ ആളുകളില്‍ കൂടിയാണെന്നതും ശ്രദ്ധേയം.

യേശു ഭൂമിയിലായിരിക്കുമ്പോള്‍ റോമക്കാരോ ഗ്രീക്കുകാരോ അല്ല ദിവസവും തങ്ങളുടെ ‘ബൈബിള്‍’ പഠിച്ചിരുന്ന മതഭക്തരായ യഹൂദന്മാരായിരുന്നു തന്നെ എതിര്‍ത്തത്.ക്രിസ്തുവിന്റെ ശരീരത്തിനും അനുഭവം ഇതുതന്നെ.ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുകയും അതേസമയം പാപത്തില്‍ നിന്നുള്ള മോചനം പ്രഘോഷിക്കാതിരിക്കുകയും ചെയ്യുന്നവരില്‍ നിന്നാണ് ഏറ്റവും കുടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വരിക.

താന്‍ ഫിലദെല്‍ഫിയാ സഭയോടൊപ്പമാണെന്ന് സാത്താന്റെ പള്ളിക്കാര്‍ക്കു വ്യക്തമായും ബോധ്യമാകുമെന്ന് കര്‍ത്താവ് പറയുന്നു. സാത്താന്റെ പിണിയാളുകള്‍ സഭയ്ക്കുമുമ്പില്‍ മുട്ടുമടക്കാന്‍ നിര്‍ബന്ധി തരാകും (ഒന്‍പതാം വാക്യം).സഭയുടെ കാല്ക്കീഴെ ചതച്ചുകളയപ്പെടുക എന്നതാണു ദൈവം സാത്താനു നല്‍കിയിരിക്കുന്ന വിധി. (റോമര്‍ 16:20) അതുകൊണ്ട് സാത്താനേയും അവന്റെ പിണിയാളുകളേയും നാം ഒരിക്കലും ഭയപ്പെടേണ്ട. തന്റെ ശിഷ്യന്‍മാരെ പിതാവു സ്‌നേഹിക്കുന്നു എന്നു ലോകം അറിയണമെന്നായിരുന്നു യേശുവിന്റെ പ്രാര്‍ത്ഥന (യോഹ 17:23). ഈ പ്രാര്‍ത്ഥനയുടെ മറുപടി ഫിലദെല്‍ഫിയായെ സംബന്ധിച്ചിടത്തോളം നിറവേറപ്പെടുകയാണ്. കര്‍ത്താവു തന്റെ സഭയെ സ്‌നേഹിച്ച് അവരുടെ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നു എന്നു യഹൂദ്യാപള്ളിക്കാര്‍ക്കു ബോധ്യമാകും (ഒന്‍പതാം വാക്യം). നമ്മുടെ ശത്രുക്കളെ കുഴപ്പത്തിലാക്കു വാനും നാം അവിടുത്തെ സ്‌നേഹത്തിന്റേയും കരുതലിന്റേയും പാത്ര ങ്ങളാണെന്ന് അവരെ ബോധ്യപ്പെടുത്തുവാനും കര്‍ത്താവിന് ആശ്ചര്യമായ വഴികളുണ്ട്.

യേശുവിന്റെ സഹിഷ്ണുതയുടെ വചനം ഫിലദെല്‍ഫ്യയിലെ സഭ കാത്തു (പത്താംവാക്യം). കര്‍ത്താവിന്റെ വചനം അവര്‍ അനുസരിച്ചു. അന്ത്യം വരെ അനുസരണത്തില്‍ നിലനിന്നു. പരീക്ഷയുടെ സമയത്ത് വിശ്വസ്തരായി നിലനിന്നാല്‍ മാത്രമേ നാം ഒന്നിനും കുറവില്ലാത്ത തികഞ്ഞവരായി മാറുകയുള്ളൂ. (യാക്കോ 1:4)

‘ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാന്‍ നിന്നെ കാക്കും’എന്നാണ് ഈ സഭയോടുള്ള കര്‍ത്താവിന്റെ വാഗ്ദാനം(പത്താം വാക്യം). ആ കാലത്ത്(ഒന്നാം നൂറ്റാണ്ടിന്റെ നടുവിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ) ഭുതലത്തിലെങ്ങും വരാന്‍ പോകുന്ന ഒരു പരീക്ഷാ കാലത്തെക്കുറിച്ച് ദൈവം അവര്‍ക്കു മുന്നറിയിപ്പു കൊടുക്കുന്നു.ആ പരീക്ഷാ സമയത്തു ഫിലദല്‍ഫ്യയിലെ സഭയ്ക്കുദിവ്യസംരക്ഷണമാണു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.

ആ ‘പരീക്ഷയുടെ നാഴിക’യില്‍ ദൈവം അവരെ എങ്ങനെയാണു സംരക്ഷിച്ചത്? ഈ ലോകത്തില്‍ നിന്ന് അവരെ എടുത്തുകൊണ്ടാണോ? തീര്‍ച്ചയായും അല്ല. പരീക്ഷയുടെ നടുവില്‍ അവരെ സുരക്ഷിതരായി കാക്കുകയായിരുന്നു. അവര്‍ കര്‍ത്താവിന്റെ സംരക്ഷണത്തിന്റെ കരം കഷ്ടതയുടെ നടുവില്‍ അനുഭവിച്ചു.

ഇതു നമുക്കും ഉത്സാഹം പകരുന്ന വചനമാണ്.എതിര്‍ ക്രിസ്തുവിന്റെ നാളില്‍ മഹോപദ്രവത്തിന്റെ മദ്ധ്യത്തില്‍ കര്‍ത്താവ് ഇതുപോലെ നമ്മേയും സംരക്ഷിക്കും. രണ്ടാംനൂറ്റാണ്ടില്‍ ഫിലദെല്‍ഫ്യയിലെ സഭയെ കാത്തു സുക്ഷിച്ചതുപോലെ അവിടുത്തെ നാമത്തിനുവേണ്ടി ഉപദ്രവം സഹിക്കേണ്ടി വന്നാലും, നമ്മെ ഭൂമിയില്‍ കര്‍ത്താവു കാത്തുകൊള്ളും.

‘ എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും………ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട…. നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു…….നിങ്ങളുടെ തലയിലെ ഒരു രോമം പോലും നശിച്ചുപോകയില്ലതാനും’ എന്നാണല്ലോ യേശു പറഞ്ഞിട്ടുള്ളത് (മത്താ. 10:28-30; ലൂക്കോ 21:18).

പീഡനത്തിന്റെ നടുവിലും കര്‍ത്താവിന്റ അനുമതി ഇല്ലാതെ നമ്മുടെ തലയിലെ രോമത്തെപോലും തൊടുവാന്‍ ആര്‍ക്കും സാധ്യമല്ല. അതുകൊണ്ട് നമുക്കു സമാധാനത്തില്‍ വസിക്കാം.

തുടര്‍ന്ന് ഫിലദെല്‍ഫ്യയിലെ സഭയോടു കര്‍ത്താവു പറയുന്നു ‘പരീക്ഷാ കാലത്ത് പരീക്ഷിക്കപ്പെടാന്‍ പോകുന്നത് ഭൂമിയില്‍ വസിക്കുന്നവരാണ്’ (പത്താം വാക്യം). ഈ ഭുമിയെ തങ്ങളുടെ ഭവനമാക്കി, ഭുമിയിലെ കാര്യങ്ങളില്‍ മനസ്സുവച്ച് മനുഷ്യരുടെ മാനത്തിനും ധനത്തിനും പിന്നാലെ പായുന്നവരാണവര്‍.

ഒരു ജയാളിയും ഇത്തരം ഒരു ഭുലോകവാസിയായിരിക്കുകയില്ല. ഉയരത്തിലുള്ള കാര്യങ്ങളിലാണ് അവരുടെ മനസ്സ്.

കിരീടം നഷ്ടപ്പെടാതിരിക്കാന്‍ തങ്ങള്‍ക്കുള്ളതു മുറുകെപിടിച്ചുകൊള്ളു വാന്‍ കര്‍ത്താവ് ഇവിടെയുള്ള സഭയോട് തുടര്‍ന്ന് ഉപദേശിക്കുന്നു (പതിനൊന്നാം വാക്യം). നിങ്ങള്‍ക്കായി ദൈവം ഉദ്ദേശിച്ചിട്ടുള്ള കിരീടം മറ്റൊരുവനു ലഭിക്കുവാന്‍ സാധ്യതയുണ്ടെന്നല്ലേ ഇതു സൂചിപ്പിക്കുന്നത്?

ദൈവം നിങ്ങള്‍ക്കായി ഒരു പ്രവര്‍ത്തനവും കിരീടവും വച്ചിട്ടുണ്ട്.എന്നാല്‍ ആ പ്രവര്‍ത്തനം നിറവേറ്റുന്നതില്‍ വിശ്വസ്തത പാലിക്കുന്നില്ലെങ്കില്‍ ആ കിരീടം നിങ്ങള്‍ക്കു ലഭിക്കുകയില്ല.ആ പ്രവൃത്തി ചെയ്യാന്‍ ദൈവം മറ്റൊരുവനെ എഴുന്നേല്പിക്കുകയും നിങ്ങള്‍ക്കായി ഉദ്ദേശിച്ചിരുന്ന കിരീടം അവനു കൊടുക്കുകയും ചെയ്യും. ഇത് യഥാര്‍ത്ഥമായും സംഭവിക്കാവുന്ന താണ്. അതുകൊണ്ട് നാം ജാഗരൂകരായിരിക്കുക.

ക്രിസ്തുവിന്റെ മറ്റ് അപ്പോസ്തലന്മാര്‍ക്കെന്നപോലെ ഇക്‌സര്യോത്താ യുദായ്ക്കും ദൈവം പ്രത്യേക പ്രവര്‍ത്തനം നിശ്ചയിച്ചിരുന്നു. എന്നാല്‍ യുദ അവിശ്വസ്തനായിരുന്നു.അതിനാല്‍ അവന്റെ കിരീടം അവനു നഷ്ടപ്പെട്ടു. മറ്റൊരുവനാണ് (ഒരു പക്ഷേ പൗലൊസാകാം) യൂദാ ചെയ്യേണ്ടിയിരുന്ന പ്രവര്‍ത്തനം തികച്ചത്. ആ വ്യക്തിക്ക് സ്വന്തം കിരീടത്തിന് പുറമേ യൂദയുടെ കിരീടം കൂടി ലഭിക്കും.

ദൈവം തന്നതിനെ നാം മുറുകെ പിടിച്ചുകൊള്ളണം. ഒരു സമയത്തും നമുക്കു കാര്യങ്ങളെ ലാഘവത്തോടെ എടുക്കാനാവില്ല.

ജയിക്കുന്നവനെ സഭയില്‍ സ്ഥിരമായ ഒരു തൂണാക്കും (പന്ത്രണ്ടാം വാക്യം). അതിന്റെ അര്‍ത്ഥം അവന്‍ സഭയിലെ മറ്റുള്ളവരെ പിന്തുണയ്ക്കു കയും അവരുടെ ഭാരങ്ങള്‍ വഹിക്കുകയും ചെയ്യുമെന്നാണ്. അനേകര്‍ക്ക് അവന്‍ ഒരു ആത്മിക ‘പിതാവാ’യിരിക്കും. ഓരോ സഭയിലും ഇത്തരം തൂണുകളുടെ വലിയ ആവശ്യം ഇന്നുണ്ട്.

ജയിക്കുന്നവന്റെ നെറ്റിമേല്‍ ദൈവത്തിന്റെ നാമവും, പുതിയ യെരു ശലേമിന്റെ നാമവും, കര്‍ത്താവിന്റെ നാമവും എഴുതും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അവന്‍ യേശുവിന്റെ പൂര്‍ണ്ണമനസ്‌കനായ ശിഷ്യനാണെന്ന് എവിടെച്ചെന്നാലും പരസ്യമായി തിരിച്ചറിയപ്പെടും.അതുകൊണ്ട് അവന്‍ ഭൂമിയില്‍ നിന്ദിതനായിരിക്കും.എന്നാല്‍ കര്‍ത്താവിന്റെ വരവിങ്കല്‍ അവന്‍ മാനിക്കപ്പെടും.

ക്രിസ്തുവിന്റെ കാന്തയുടെ പ്രതീകാത്മകമായ പേരാണ് പുതിയ യെരുശലേം (വെളി 21:9,10). ജയിക്കുന്നവന്റെ നെറ്റിമേല്‍ ആ നഗരത്തിന്റെ പേര് എഴുതും. ജയാളികള്‍ മാത്രമേ ക്രിസ്തുവിന്റെ കാന്തയുടെ ഭാഗമായിത്തീരുകയുള്ളൂവെന്ന് ഇവിടെ നിന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നു.

കേള്‍പ്പാന്‍ ചെവിയുള്ളവന്‍ ഈ ഉത്സാഹത്തിന്റെ വാക്കുകളെ ഗൗരവമായി എടുക്കട്ടെ. (പതിമൂന്നാം വാക്യം).

നിഗളമുള്ള സഭ

വാക്യം 14-22: ലവോദിക്ക്യയിലെ സഭയുടെ ദൂതന്ന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുളളവന്‍ അരുളിച്ചെയ്യുന്നത്: ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. നീ ഉഷ്ണവാനുമല്ല, ശീതവാനുമല്ല. ശീതവാനോ ഉഷ്ണവാനോ ആയിരുന്ന എങ്കില്‍ കൊള്ളാമായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല ശീതോഷ്ണവാനാകയാല്‍ നിന്നെ എന്റ വായില്‍നിന്ന് ഉമിണ്ണുകളയും. ഞാന്‍ ധനവാന്‍ സമ്പന്നനായിരിക്കുന്നു, എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ട് നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയാതിരിക്കയാല്‍ നീ സമ്പന്നന്‍ ആകേണ്ടതിന് തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകതവണ്ണം ധരിക്കേണ്ടതിനു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന് കണ്ണില്‍ എഴുതാന്‍ ലേപവും എന്നോടു വിലയ്ക്കു വാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധി പറയുന്നു. എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാന്‍ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ആകയാല്‍ നീ ജാഗ്രതയുള്ളവനായിരിക്ക. മാനസാന്തരപ്പെടുക. ഞാന്‍ വാതില്ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുക്കല്‍ ചെന്ന് അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും. ജയിക്കുന്നവന് ഞാന്‍ എന്നോടുകൂടെ എന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നല്കും. ഞാനും ജയിച്ച് എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തില്‍ ഇരുന്നതുപോലെ തന്നെ. ആത്മാവു സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

കര്‍ത്താവ് ഇവിടെ സ്വയം വിളിക്കുന്നത് ‘ആമേന്‍’ എന്നാണ്.അവിടുത്തെ വാക്കുകള്‍ എല്ലാം നിവൃത്തിയാകുമെന്നു സാരം. ‘വിശ്വസ്തനും സത്യവാനുമായ സാക്ഷി’ കൂടിയായ അവിടുന്ന് സത്യം, ഉള്ളതുപോലെ സംസാരിക്കുന്നവനാണ്.ദൈവസൃഷ്ടിയുടെ ആരംഭവും (രചയിതാവ്) യേശുവാണ്.ആദ്യത്തെ സൃഷ്ടിയുടെ സ്രഷ്ടാവും താനാണ്. തന്റെ മരണപുനരുത്ഥാനങ്ങളിലൂടെ പുതിയ സൃഷ്ടിക്കു തുടക്കം ഇട്ടതും അവിടുന്നുതന്നെ.’അവന്‍ സകലത്തിനും മുമ്പേയുള്ളവന്‍’ (കൊലോ 1:17)-ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിന്റേയും രചയിതാവും ആരംഭവും അന്ത്യവും എല്ലാം അവിടുന്നാണ്.

ഇവിടെ ഇതാ ദുരുപദേശങ്ങളോ ഈസബേലുമാരോ ഇല്ലാത്ത മറ്റൊരു സഭ. ഇവിടെയുള്ളവര്‍ ദുഷ്ടരോ ദുര്‍ന്നടപ്പുകാരോ അല്ലായിരുന്നു.എന്നാല്‍ അവര്‍ ദൈവത്തിനായി ജ്വലിക്കുന്നവരായിരുന്നില്ല.അവര്‍ വെറും ശീതോ ഷ്ണവാന്മാരായിരുന്നു (പതിനാറാം വാക്യം). അവരുടെ ഉപദേശങ്ങളെല്ലാം കുറ്റമറ്റതായിരുന്നു. എന്നാല്‍ അവര്‍ മരിച്ചവരായിരുന്നു. വളരെ മാന്യത യുള്ളവര്‍. പക്ഷേ ആത്മികമായി മരിച്ചവര്‍.

കര്‍ത്താവ് ആഗ്രഹിക്കുന്നത് നമ്മുടെ ഹൃദയത്തില്‍ സദാ ഒരു തീ ഉണ്ടായിരിക്കണമെന്നാണ്.തന്നോടും സഹവിശ്വാസികളോടുമുള്ള തീക്ഷ്ണമായ സ്‌നേഹത്താല്‍ നിരന്തരം ജ്വലിക്കുന്ന ഒരു തീ.

‘യാഗപീഠത്തിന്മേല്‍ തീ കെട്ടുപോകാതെ എപ്പൊഴും കത്തിക്കൊണ്ടി രിക്കണം’ എന്നായിരുന്നു പഴയ നിയമത്തിലെ പ്രമാണം. (ലേവ്യ 6:13)

യേശുവിന്റെ യഥാര്‍ത്ഥശിഷ്യന്മാരുടെ സാധാരണ അവസ്ഥതന്നെ ഈമട്ടിലായിരിക്കണമെന്നു ദൈവം പ്രതീക്ഷിക്കുന്നതായി ഈ പ്രതീകത്തില്‍ നിന്നു നമുക്കു മനസ്സിലാക്കാം. ഇതില്‍ കുറഞ്ഞതെല്ലാം താഴ്ന്നനിലവാര മാണ്.’കത്തുന്ന മുള്‍പടര്‍പ്പ്’ ദൈവത്തിന്റെ തീയാല്‍ എരിഞ്ഞുകൊണ്ടിരു ന്നപ്പോള്‍ കീടങ്ങള്‍ക്കും അണുക്കള്‍ക്കും അതില്‍ ജീവനോടിരിപ്പാനാവി ല്ലായിരുന്നു. അതുപോലെ നമ്മുടെ ഹൃദയങ്ങളും പരിശുദ്ധാത്മഅഗ്നിയാല്‍ കത്തിക്കൊണ്ടിരുന്നാല്‍ സ്‌നേഹരഹിതമായ മനോഭാവങ്ങള്‍ക്ക് അവിടെ നിലനില്ക്കാനാവുകയില്ല.

ഉഷ്ണവാനോ, ശീതവാനോ, ശീതോഷ്ണവാനോ എന്നറിയാനുള്ള ഒരു മാര്‍ഗ്ഗം ഇതാണ്: മറ്റുള്ളവരെ തീക്ഷ്ണമായി സ്‌നേഹിക്കുന്നവന്‍ ഉഷ്ണ വാന്‍. മറ്റുള്ളവരോടു കയ്പും ക്ഷമിക്കാത്ത മനോഭാവവും ഉള്ളവന്‍ ശീതവാന്‍.എന്നാല്‍ മറ്റുള്ളവരോട് കയ്പും ഇല്ല. അതേസമയം സ്‌നേഹവുമില്ല എന്ന അവസ്ഥയാണ് ശീതോഷ്ണവാന്റേത്.

‘എനിക്ക് ഹൃദയത്തില്‍ ആര്‍ക്കും എതിരേ ഒന്നുമില്ല’ എന്ന് ഒരു വിശ്വാസി പറയുമ്പോള്‍ അവന്‍ സത്യത്തില്‍ ശീതോഷ്ണവാനാണ്.’നിങ്ങള്‍ക്ക് അന്യോന്യം ആര്‍ക്കും എതിരേ ഒന്നും ഇല്ലാതിരുന്നാല്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരെന്ന് എല്ലാവര്‍ക്കും മനസ്സിലാകും’ എന്നാണോ യേശു പറഞ്ഞത്? അല്ല.അന്യോന്യം തെറ്റായ മനോഭാവം ഇല്ലാതിരിക്കുന്നതല്ല യേശുവിന്റെ ശിഷ്യന്മാരെ തിരിച്ചറിയാനുള്ള അടയാളം. (യോഹ 13:35 ശ്രദ്ധിക്കുക).

എല്ലാ സഹവിശ്വാസികളോടുമുള്ള തീവ്രമായ സ്‌നേഹം എന്നു പറയുന്നത് തിന്മ ഇല്ലാതിരിക്കുന്ന ഒരവസ്ഥയല്ല, മറിച്ച് അതൊരു ധനാത്മകമായ (positive) ഗുണമാണ്. കയ്പിന്റെ ആത്മാവിനെ ഹൃദയ ത്തില്‍നിന്നു പുറത്താക്കി അതിനെ വൃത്തിയായും അതേസമയം ശുന്യമായും സൂക്ഷിച്ചാല്‍ ശീതോഷ്ണവാനാവുകയും സ്ഥിതി ആദ്യത്തേതിനെക്കാള്‍ വഷളാകുകയും ചെയ്യും (ലൂക്കോ.11:24-26).

‘ഒന്നുമില്ലാത്തതിനെക്കാള്‍ അല്പമുളളതാണു നല്ലത്’ എന്നു ലോകം പറയാറുണ്ട്. എങ്കില്‍ ശീതവാനായിരിക്കുന്നതിനെക്കാള്‍ ഭേദമല്ലേ ശീതോഷ്ണവാനായിരിക്കുന്നത് എന്ന് ഒരുവന്‍ ചിന്തിച്ചേക്കാം.

പക്ഷേ കര്‍ത്താവ് അങ്ങനെയല്ല പറയുന്നത്. ‘ശീതവാന്‍ ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു’ എന്നാണ് അവിടുന്നു പറയുന്നത് (പതിനഞ്ചാം വാക്യം). പകുതിമനസ്സുള്ളവരായിരിക്കുന്നതിനെക്കാള്‍ നമ്മള്‍ തീര്‍ത്തും ലൗകികരായിരിക്കുന്നതാണു ഭേദം എന്നാണ് അവിടുത്തെ അഭിപ്രായം.

ലൗകികനായ അവിശ്വാസിയെക്കാള്‍ ക്രിസ്തുവിന്റെ ഭുമിയിലെ ദൗത്യത്തിന് കൂടുതല്‍ ഹാനി വരുത്തുന്നത് ശീതോഷ്ണവാനായ ഒത്തുതീര്‍പ്പുകാരനായ ക്രിസ്ത്യാനിയാണ്. അവിശ്വാസി ക്രിസ്തുവിന്റെ നാമം ഉപയോഗിക്കാത്തതുകൊണ്ട് അവന്റെ ലൗകികത്വം സുവിശേഷത്തിന് ഒരു തടസ്സമല്ല. എന്നാല്‍ പകുതി മനസ്സുള്ള ഒത്തുതീര്‍പ്പുകാരനായ ക്രിസ്ത്യാനി തന്റെ ലോകമയത്വം മൂലം ജാതികളുടെ ഇടയില്‍ ദൈവനാമം ദുഷിക്കുന്നതിന് ഇടയാക്കുന്നു.

അതുപോലെ സ്വയനീതിക്കാരനായ പരീശനെക്കാള്‍, ശീതോഷ്ണ വാനെക്കാള്‍, തന്റെ ആത്മിക ആവശ്യത്തെക്കുറിച്ചുള്ള ബോധ്യത്തിലേക്കു വരുവാന്‍ സാധ്യത ശീതവാനായ അവിശ്വാസിക്കാണ് (മത്താ21:31 കാണുക).

ഇതുകൊണ്ടെല്ലാമാണ് നമ്മെ ശീതോഷ്ണാവസ്ഥയെക്കാള്‍ ശീതാവ സ്ഥയില്‍ കാണാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നത്.

പ്രായോഗികതലത്തില്‍ ഇതിന്റെ അര്‍ത്ഥം എന്താണ്? പണസ്‌നേഹം, കോപം, മലിനമായ ചിന്തകള്‍ (പാപത്തിന്റെ മൂന്നു മേഖലകള്‍ മാത്രമാണിവ) എന്നിവയില്‍ നിന്നു സ്വാതന്ത്ര്യം നേടാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലെങ്കില്‍, യേശുവിന്റെ ശിഷ്യനെന്ന് അവകാശപ്പെടുന്നതിനെക്കാള്‍ നല്ലത് നിങ്ങള്‍ അവിശ്വാസിയായി ഇരിക്കുന്നതാണ്. ശീതോഷ്ണവാനെക്കാള്‍ ശീതവാ നെക്കുറിച്ച് പ്രതീക്ഷയ്ക്കു വകയുണ്ട്. അത്ഭുതം തോന്നുന്നില്ലേ? പക്ഷേ ഇതു സത്യമാണ്.

തങ്ങള്‍ക്കുള്ള കാര്യങ്ങളെക്കുറിച്ച് നിഗളമുള്ള സഭയായിരുന്നു ലവോദിക്യയിലെ സഭ. ‘സമ്പന്നരും ഒന്നിനും മുട്ടില്ലാത്തവരും’ എന്നാണ് അവിടത്തെ വിശ്വാസികള്‍ തങ്ങളെക്കുറിച്ചു ചിന്തിച്ചിരിരുന്നത് – സത്യത്തെക്കുറിച്ചുള്ള ധാരാളമായ അറിവ്, മനുഷ്യരുടെ മുമ്പാകെയുള്ള ബഹുമാനം, ധാരാളം പണം എന്നിവയായിരിക്കാം അവരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.സമൂഹത്തിലെ മാന്യരായ നേതാക്കളും ചിലര്‍ ആ സഭയില്‍ അംഗങ്ങള്‍ ആയിരുന്നിരിക്കണം.

ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ച പരീശനെപ്പോലെ ഈ ക്രിസ്ത്യാനികളും തങ്ങളുടെ മതപരമായ പ്രവര്‍ത്തനങ്ങളുടെ ആധിക്യംകൊണ്ട് തങ്ങളെ ത്തന്നെ ആത്മികരെന്നു സങ്കല്‍പിച്ചുകാണും (ലൂക്കോ 18:9-14).

കാര്യം എന്തായിരുന്നാലും ആ ദൂതനിലും സഭാംഗങ്ങളിലും ആത്മിക ദരിദ്രാവസ്ഥ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇന്നുള്ള പലരേയുംപോലെ തന്നെ ആ ദൂതനും സഭയും തങ്ങളുടെ പിന്മാറ്റാവസ്ഥയെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. തങ്ങളെക്കുറിച്ചുളള അവരുടെ വിലയിരുത്തലിനു നേരെ എതിരായിരുന്നു കര്‍ത്താവിന് അവരെക്കുറിച്ചുള്ള അഭിപ്രായം. ‘നിര്‍ഭാഗ്യന്‍, അരിഷ്ടന്‍, ദരിദ്രന്‍, കുരുടന്‍, നഗ്നന്‍’ എന്നാണ് കര്‍ത്താവ് അവരെ വിളിച്ചത് (17-ാം വാക്യം). അവരുടെ നില തുലോം ദയനീയമാണെന്ന് അവരെ കാണിപ്പാന്‍ കര്‍ത്താവ് എത്ര ശക്തമായ വിശേഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

സര്‍ദ്ദീസില്‍ ദൂതനും സഭയ്ക്കും ‘ആത്മീയ’രെന്ന് മറ്റുള്ളവരുടെ മുമ്പില്‍ പേരുണ്ടായിരുന്നു. എന്നാല്‍ ലവോദിക്യര്‍ക്ക് അതും ഉണ്ടായിരുന്നില്ല. അവര്‍ സ്വന്തം കണ്ണില്‍ മാത്രമായിരുന്നു ‘ആത്മിക’രായിരുന്നത്.

കര്‍ത്താവിനു തങ്ങളെക്കുറിച്ചുള്ളതിലേറെ, സ്വന്തം ആത്മികനിലയെക്കുറിച്ചു ഉന്നതമായ അഭിപ്രായംവച്ചുപുലര്‍ത്തുന്നവരാണു ഭൂരിപക്ഷം വിശ്വാസികളും. എല്ലാ ക്രിസ്തീയ കൂട്ടങ്ങളെ സംബന്ധിച്ചും ഇതു ശരിയാണ്.വളരെ,വളരെ ചുരുക്കം പേര്‍ മാത്രമേ തങ്ങളെക്കുറിച്ചു യഥാര്‍ത്ഥ്യാധിഷ്ഠിതമായ ധാരണ വച്ചുപുലര്‍ത്തുന്നുള്ളൂ-കാരണം വളരെ, വളരെ ചുരുക്കം പേര്‍ മാത്രമേ തങ്ങളോടു തന്നെ നിര്‍ദ്ദയമായ സത്യസന്ധത കാട്ടുന്നുള്ളു.

കര്‍ത്താവിനുള്ളതിനെക്കാളേറെ,വലിയ അഭിപ്രായം സ്വന്തം ആത്മികനിലയെക്കുറിച്ചു നിങ്ങള്‍ പുലര്‍ത്തുന്നുണ്ട് എന്നുവരാം. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള അവിടുത്തെ അഭിപ്രായം അറിയിക്കുവാന്‍ താഴ്മയോടെ കര്‍ത്താവിന്റെ മുമ്പാകെ കരയുക. ചില നിമിഷത്തേക്ക് ഈ പുസ്തകം താഴ്ത്തിവച്ച് ഇപ്പോള്‍ തന്നെ എന്തുകൊണ്ട് അങ്ങനെ പ്രാര്‍ത്ഥിച്ചുകൂടാ…….?

ഫിലദെല്‍ഫിയയിലുള്ളവരെപ്പോലെ ലവോദിക്കയിലെ വിശ്വാസികള്‍ക്കും ഒരിക്കല്‍ ഉള്ളില്‍ ആ തീ ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ അവര്‍ പിന്മാറി പോകുകയും തങ്ങളുടെ ആത്മിക ജീവിതത്തെക്കുറിച്ച് ശ്രദ്ധ ഇല്ലാത്തവരായി മാറുകയും ചെയ്തു. പരിശുദ്ധാത്മനിറവിനെക്കുറിച്ചുള്ള ഉപദേശങ്ങള്‍ അവര്‍ മുറുകെ പിടിച്ചിരുന്നിരിക്കാം. എന്നാല്‍ അത്തരം ഒരു ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം അവര്‍ക്കു നഷ്ടമായിപ്പോയി.

‘തങ്ങള്‍ക്ക് ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാള്‍ അത് അറിയാതിരിക്കുന്നത് അവര്‍ക്കു നന്നായിരുന്നു’ എന്നാണു പത്രൊസ് ഇത്തരം ആളുകളെക്കുറിച്ച് പറയുന്നത് (2 പത്രൊ 2:21).

ഇത്തരം ആളുകളെ കര്‍ത്താവ് എന്താണു ചെയ്യുന്നത്? ആ ദൂതനെയും സഭയേയും താന്‍ വായില്‍നിന്ന് ഉമിണ്ണ് (ഛര്‍ദ്ദിച്ച്) കളയും എന്ന് അവിടുന്നു പറയുന്നു (16-ാം വാക്യം).

നാം എന്താണു ഛര്‍ദ്ദിച്ചുകളയാറുള്ളത്? നാം ഭക്ഷിച്ചതും എന്നാല്‍ ദഹിച്ചു നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറാത്തതുമായ ആഹാരമാണു ഛര്‍ദ്ദിക്കുന്നത്.

നാം നമ്മെത്തന്നെ കര്‍ത്താവിനായി കൊടുത്തപ്പോള്‍ നാം ദഹിച്ച് (ഇനി ഞാനല്ല ക്രിസ്തുവത്രെ) അവിടുത്തെ ശരീരത്തിന്റെ ഭാഗമായി മാറണം എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ തുടര്‍ന്നും സ്വന്തഇഷ്ടം അന്വേഷിച്ചാല്‍ നാം ദഹിക്കാത്ത ആഹാരംപോലെ ആയിത്തീരുകയും നമ്മെ അവിടുന്നു ഛര്‍ദ്ദിച്ചുകളയുകയും ചെയ്യും.

ഒരു കാലത്ത് നിങ്ങള്‍ കര്‍ത്താവിന്റെ ദൂതന്‍ ആയിരുന്നെന്ന് വരാം. എന്നാല്‍ ഛര്‍ദ്ദിച്ചു കളഞ്ഞിട്ട് ഇപ്പോള്‍ അവിടുത്തെ ദൂതനല്ലായിത്തീര്‍ന്നിരിക്കാം. ഒരിക്കല്‍ നാം ‘ക്രിസ്തുവി’ല്‍ ആയിരുന്നേക്കാം. എന്നാല്‍ ഇപ്പോള്‍ അവിടുന്നു ഛര്‍ദ്ദിച്ചു നാം കര്‍ത്താവില്‍നിന്നു പുറന്തള്ളപ്പെട്ടുപോയെന്നു വരാം.
എന്നാല്‍ ഈ ദൂതനെയും സഭയെയും കുറിച്ച് കര്‍ത്താവിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. ഇതു തീര്‍ത്തും അത്ഭുതകരമാണ്.’നിര്‍ഭാഗ്യനും,അരിഷ്ടനും, ദരിദ്രനും, നഗ്നനും, കുരുടനുമായവനെ രക്ഷിപ്പാന്‍ അവിടുന്ന് എപ്പോഴും ശ്രമിക്കുന്നു. മനുഷ്യര്‍ പണ്ടേ ഉപേക്ഷിച്ചു കളഞ്ഞതിനെ ഉദ്ധരിപ്പാനാണ് അവിടുന്ന് ഇപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഏറ്റവും വഷളായവര്‍ക്കുപോലും പ്രത്യാശയ്ക്കു വകയുള്ളത്. നമുക്കെല്ലാം പുനരുദ്ധാരണത്തിനു സാദ്ധ്യതയുണ്ട്- നാം മാനസാന്തരപ്പെടുന്ന പക്ഷം.

കര്‍ത്താവു സഭയെയും ദൂതനെയും ഉപദേശിക്കുന്നത് പൊന്നും വെള്ള ഉടുപ്പും കണ്ണിലെഴുതുവാന്‍ ലേപവും തന്നില്‍നിന്നു വാങ്ങിക്കൊള്ളണം എന്നാണ് (18-ാം വാക്യം).

ക്രിസ്തീയ ജീവിതത്തില്‍ ചില കാര്യങ്ങള്‍ സൗജന്യമാണ്. പാപക്ഷമയും പരിശുദ്ധാത്മസ്‌നാനവും ദൈവം സൗജന്യമായി നല്‍കുന്ന ദാനങ്ങളാണ്.

എന്നാല്‍ മുത്ത് അമ്പേഷിക്കുന്ന വ്യാപാരിയുടേയും, വയലില്‍ ഒളിച്ചുവച്ച നിധിയുടേയും ഉപമകള്‍ വ്യക്തമായും ഒരു കാര്യം പഠിപ്പിക്കുന്നു. എല്ലാം ഉപേക്ഷിപ്പാന്‍ മനസ്സുള്ളവര്‍ക്കുമാത്രമേ ദൈവരാജ്യം ലഭിക്കുകയുള്ളു. (മത്താ. 13:44-46).

ലവോദിക്യയിലെ ക്രിസ്ത്യാനികളോടും കര്‍ത്താവ് ഇതുതന്നെയാണു പറയുന്നത്- ആത്മിക സമ്പത്തു പ്രാപിപ്പാന്‍ അവര്‍ ഒരു വില കൊടുക്കേണ്ടതുണ്ട്. അവര്‍ അതു വാങ്ങേണ്ടിയിരിക്കുന്നു.
നിര്‍മ്മലവും കലര്‍പ്പില്ലാത്തതുമായ ദിവ്യസ്വഭാവത്തെയാണ് തീയില്‍ ഊതിക്കഴിച്ച പൊന്ന് സൂചിപ്പിക്കുന്നത്.നാം സ്വായത്തമാക്കേണ്ടത് ഈ ദിവ്യസ്വഭാവമാണ്.

വെള്ള ഉടുപ്പ് ബാഹ്യമായ നീതിയെക്കുറിക്കുന്നു- ബാഹ്യജീവിതത്തില്‍, സംസാരത്തില്‍, പെരുമാറ്റത്തില്‍ ഉള്ള നിര്‍മ്മലത.

കണ്ണില്‍ എഴുതുന്ന ലേപം, എല്ലാം ദൈവത്തിന്റെ കാഴ്ചപ്പാടില്‍ കാണാന്‍ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ വെളിപ്പാടിനെയാണു കുറിക്കുന്നത്. ഇതുമൂലം ദൈവത്തിന്റെ വചനവും ലക്ഷ്യവും നമുക്കു മനസ്സിലാക്കാന്‍ കഴിയും. നമ്മെത്തന്നെ ദൈവം കാണുന്നതുപോലെ കാണുവാനും സാധിക്കും. ഭൗതികമ്പത്തുകളുടേയും ബഹുമതികളുടേയും നിരര്‍ത്ഥകത കണ്ടെത്തുവാനും ഇതു നമ്മെ സഹായിക്കും.

ഇതെല്ലാം സ്വായത്തമാക്കുവാന്‍ നാം ഒരു വില കൊടുക്കേണ്ടതുണ്ട്. നാം എല്ലാം വിട്ടുകളയുകയും നമ്മെത്തന്നെ ദൈവത്തിനായി വിറ്റുകളയുകയും വേണം. നാം ഇങ്ങനെ ചെയ്താല്‍ ദൈവം നമുക്കു തരുവാന്‍ ആഗ്രഹിക്കുന്ന നിത്യമൂല്യമുള്ള യഥാര്‍ത്ഥ സമ്പത്ത് നമുക്കു നേടുവാന്‍ കഴിയും.

താന്‍ സ്‌നേഹിക്കുന്നവരെ മാത്രമേ ശാസിക്കുകയും ശിക്ഷണത്തിലേക്കു നടത്തുകയുമുള്ളുവെന്ന് കര്‍ത്താവു തുടര്‍ന്നുപറയുന്നു. (19-ാം വാക്യം). ഇതു വലിയ ആശ്വാസം നമുക്കു തരുന്നു. നാം കര്‍ത്താവിനാല്‍ തിരുത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇതെല്ലാം തന്റെ മഹത്തായ സ്‌നേഹത്തിന്റെ അടയാളമായി നമുക്ക് എടുപ്പാന്‍ കഴിയും. നമ്മെ സംബന്ധിച്ച് അവിടുത്തേക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നാണല്ലോ ഇവ തെളിയിക്കുന്നത്.

നേരെ മറിച്ച് പാപം ചെയ്താലും നിങ്ങള്‍ക്ക് മനസ്സാക്ഷിയില്‍ ശാസന അനുഭവപ്പെടുന്നില്ലെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ അപകടമേഖലയിലാണ്. ഒരു പക്ഷേ നിങ്ങളെ രൂപാന്തരപ്പെടുത്താനുള്ള ശ്രമംതന്നെ കര്‍ത്താവ് ഉപേക്ഷിച്ചുകാണും.കഴിഞ്ഞ നാളുകളില്‍ അവിടുത്തെ തിരുത്തലിന്റെ സൗമ്യസ്വരം നിങ്ങള്‍ തുടര്‍ച്ചയായി നിരാകരിച്ചതാവാം ഇതിനു കാരണം.

ഏറെ താമസിച്ചുപോകുന്നതിനു മുമ്പേ മാനസാന്തരപ്പെട്ട് അവങ്കലേക്ക് വീണ്ടും തിരിയുക.
‘എല്ലാവരും (യഥാര്‍ത്ഥ മക്കളെല്ലാവരും) പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കില്‍ നിങ്ങള്‍ മക്കളല്ല കൗലടേയന്മാരത്രേ'(എബ്രാ. 12:8)

ലവോദിക്യയിലെ ദൂതനോടും സഭയോടും ‘തീക്ഷ്ണതയോടെ എരിഞ്ഞുകൊണ്ടു മാനസാന്തരപ്പെടുക’ എന്നു കര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നു (19-ാം വാക്യം. ഇംഗ്‌ളീഷ് ബൈബിള്‍). നമ്മുടെ മാനസാന്തരംപോലും അലസമായ മട്ടിലുള്ളതാകാം. നമ്മുടെ മാനസാന്തരത്തിലും നാം പൂര്‍ണ്ണമനസ്‌കരും തീക്ഷ്ണത ഉള്ളവരും ആയിരിക്കണം.

കര്‍ത്താവ് ഈ സമയത്ത് സഭയുടെ ഉള്ളില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് പുറത്തു വാതില്ക്കല്‍ മുട്ടിക്കൊണ്ടിരിക്കുകയാണ് (20-ാം വാക്യം). അതേസമയം അകത്ത് യോഗത്തില്‍ പ്രാര്‍ത്ഥനയും പ്രസംഗവും സ്തുതിയുമെല്ലാം ‘പതിവുപടി’ വിരസമായ കൃത്യതയോടെ ആവര്‍ത്തിക്കുന്നു.പക്ഷേ കര്‍ത്താവു തന്നെ സഭയ്ക്കു പുറത്താണെന്ന വസ്തുതയെക്കുറിച്ച് കൂടിയിരിക്കുന്നവര്‍ക്കു തരിമ്പും ബോധ്യവുമില്ല!

കര്‍ത്താവുതന്നെ വാതിലിനു പുറത്തായിരിക്കുന്ന ഒരു സഭയുടെ ഭാഗമായി ഒരിക്കലും നില്ക്കരുത്.അവിടുന്ന് പുറത്താണെങ്കില്‍ നിങ്ങള്‍ എന്തിന് അകത്തിരിക്കണം? നിങ്ങളും പുറത്തുവന്നേ മതിയാകൂ. മണവാളന്‍ പുറത്താണെങ്കില്‍ തന്റെ മണവാളനോടൊത്ത് മണവാട്ടിയും നില്‌ക്കേണ്ടതാണ്.

കര്‍ത്താവ് ഇപ്പോള്‍ സഭയിലെ ഓരോ വ്യക്തിയേയും ഹൃദയം തുറന്നു കൊടുപ്പാനായി വിളിക്കുന്നു.അവര്‍ക്കെങ്ങനെയാണ് അതുചെയ്‌വാന്‍ കഴിയുന്നത്? തീക്ഷ്ണതയോടെ എരിഞ്ഞുകൊണ്ട് അനുതപിക്കുമ്പോള്‍ അവര്‍ക്കു വാതില്‍ തുറന്നുകൊടുപ്പാന്‍ കഴിയുമെന്ന് സന്ദര്‍ഭത്തില്‍നിന്നു വ്യക്തമാണ്. ഈ വാതില്‍ നമ്മുടെ ബുദ്ധിയുടെയോ വികാരത്തിന്റെയോ വാതിലല്ല. ഇത് ഇച്ഛയുടെ വാതിലാണ്. ഇച്ഛ കീഴ്‌പ്പെട്ടു കഴിയുമ്പോള്‍ കര്‍ത്താവ് അകത്തു പ്രവേശിച്ച് നാമുമായി നമ്മുടെ ആത്മാവില്‍ കൂട്ടായ്മ(അത്താഴം) ആചരിക്കും.

ജയാളിയായിത്തീരുവാനുള്ള വിളി വീണ്ടും ഇവിടെ മുഴങ്ങുന്നു.താന്‍ ഭൂമിയിലായിരിക്കുമ്പോള്‍ അവിടുന്ന് എങ്ങനെ ജയിച്ചുവോ അതുപോലെ നമുക്കും ജയാളികളായിത്തീരാം എന്ന് ഇപ്രാവശ്യം ഇവിടെ പ്രത്യേകം എടുത്തു പറയുന്നുണ്ട്(21-ാം വാക്യം).

യേശുവാണ് ആദ്യത്ത ജയാളി. ലോകത്തേയും പിശാചിനേയും ജയിച്ച അവിടുന്നു നമ്മുടെ മുന്നോടികൂടിയാണ്.അതിനാല്‍ അവിടുന്ന് ഉയര്‍ത്തപ്പെട്ട് പിതാവിനോടൊപ്പം സിംഹാസനത്തില്‍ ഇരുത്തപ്പെട്ടു. ഇപ്പോള്‍ നമുക്കും ഇതെല്ലാം അവിടുത്തെപ്പോലെ ജയിക്കുവാന്‍ കഴിയും. നാം ജയിച്ചാല്‍ ഒരിക്കല്‍ നമുക്കും തന്റെ കാന്തയായി കര്‍ത്താവിനോടൊപ്പം സിംഹാസനത്തില്‍ ഇരിക്കുവാന്‍ കഴിയും.

‘സഹിക്കുന്നു എങ്കില്‍ കൂടെ വാഴും’ (2 തിമൊ 2:11).

അവസാനമായി, വീണ്ടും അതേ വചനം തന്നെ നാം കേള്‍ക്കുന്നു.

‘ആത്മാവു സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ’ (22-ാം വാക്യം).

താഴോട്ടുള്ള ഗമനം തടയുക

ഇവിടെ കണ്ട ഏഴുസഭകളും ദൂതന്മാരും ഈ 20 നൂറ്റാണ്ടുകളായി ഉണ്ടായിട്ടുള്ള ഏഴു സഭകളുടേയും ദൂതന്മാരുടേയും ചിത്രമാണ്.ഇന്നും ലോകത്ത് ഈ ഏഴുമട്ടിലും ഉള്ള ദൂതന്മാരും സഭകളും ഉണ്ട്.

ഇതിന്റെ വെളിച്ചത്തില്‍ നമുക്കോരോരുത്തര്‍ക്കും സ്വയം പരിശോധിപ്പാനും നാം എവിടെ നില്ക്കുന്നുവെന്നു കണ്ടെത്താനും കഴിയും.

കര്‍ത്താവു ശാസിച്ച അഞ്ചു ദൂതന്മാരേയും സഭകളേയും നോക്കിയാല്‍ അവരില്‍ വ്യക്തവും ക്രമാനുഗതവുമായ ഒരു അധ:പതനം കാണുവാന്‍ കഴിയും.

(1)എഫെസോസില്‍ കര്‍ത്താവിനോടുള്ള ആദ്യസ്‌നേഹത്തിന്റെ നഷ്ടം നാം കാണുന്നു. ക്രിസ്തുവിനോടുള്ള ഭക്തി നമുക്കു കൈമോശം വന്നാല്‍ അധ:പതനത്തിലേക്കുള്ള ആദ്യത്തെ ചുവടു നാം വെച്ചുകഴിഞ്ഞു. കുറച്ചു സമയത്തിനുള്ളില്‍, സഹവിശ്വാസികളോടുള്ള സ്‌നേഹവും നമുക്കു നഷ്ടമാകും.

(2) പെര്‍ഗമോസില്‍, ബിലയാമിന്റെ ഉപദേശത്തിലൂടെ ലൗകികത്വം സഭയിലേക്കു നുഴഞ്ഞു വന്നതു നാം കാണുന്നു.നിക്കൊലാവ്യര്‍ (എഫെസോ സിലെ സഭയില്‍ ഇവര്‍ ഉണ്ടായിരുന്നില്ല) ഇവിടെ ശക്തി പ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിനോടുള്ള ഭക്തി നഷ്ടപ്പെട്ടാല്‍, ലോകമയത്വം സഭയില്‍ കടന്നു കൂടുകയും മതപരമായ ഭരണക്രമം സഭയില്‍ നേതൃത്വം ഏറ്റെടുക്കുകയും ചെയ്യും.

(3) തുയഥൈരയില്‍ എത്തുമ്പോള്‍ സഭ പൂര്‍ണ്ണമായും ലോകമയത്വത്തില്‍ എത്തുകയും തന്മൂലം മതപരമായ വ്യഭിചാരം അനിയന്ത്രിതമാകുകയും ചെയ്തിരിക്കുന്നു. ഇവിടെ ഒരു സ്ത്രീക്ക് സഭയെ നിയന്ത്രിക്കാനുള്ള അധികാരം കൈവന്നതായി കാണാം. അവള്‍ വ്യാജകൃപ, പരിശുദ്ധാത്മവരങ്ങളുടെ (പ്രത്യേകിച്ച് പ്രവചനത്തിന്റെ) കപടരൂപങ്ങള്‍ എന്നിവ പ്രഘോഷിക്കുന്നു.

(4) സര്‍ദ്ദീസില്‍ നാം കാണുന്നത് കപടഭക്തിയാണ്. പാപം മറയ്ക്കപ്പെടുകയും ദൈവത്തിന്റേതിനെക്കാള്‍ മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്കു വില കല്പിക്കുകയും ചെയ്തിരിക്കുന്നു.സഭയുടെ ദൂതന്‍ ആത്മിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചു ബോധ്യമില്ലാത്ത ആത്മികനിദ്രയിലാണ്.കര്‍ത്താവിന്റെ ദൃഷ്ടികള്‍ക്കു തെളിവായിരിക്കുന്ന തന്നിലുള്ള ആത്മിക മരണത്തെ ഭക്തിയുടെ വേഷങ്ങള്‍കൊണ്ട് അവന്‍ മനുഷ്യദൃഷ്ടികള്‍ക്കു മുമ്പില്‍ വിദഗ്ധമായി മൂടിവച്ചിരിക്കുകയാണ്.

(5) ലവോദിക്യയില്‍ കാര്യങ്ങള്‍ ഏറെ വഷളായിക്കഴിഞ്ഞു. ഇവിടെ ശരീരം മരിച്ചുകഴിഞ്ഞുവെന്നു മാത്രമല്ല അത് ചീഞ്ഞുനാറുവാനും തുടങ്ങി. ശീതോഷ്ണാവസ്ഥയും ആത്മികനിഗളവുമാണ് ഈ മരണത്തിന്റെ കാരണം.മുകളില്‍ പറഞ്ഞ നാലു സഭകളെ സംബന്ധിച്ചും കര്‍ത്താവിന് എന്തെങ്കിലും നന്മ പറയുവാനുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ലവോദിക്യയില്‍ അവിടുത്തേക്ക് ഒരു നന്മയും കാണുവാന്‍ കഴിഞ്ഞില്ല.

മുകളില്‍ പറഞ്ഞ സഭകളിലൊന്നിന്റേയും ദൂതന്മാര്‍ക്ക് തങ്ങളുടേയോ സഭയുടേയോ ആത്മിക അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവരെല്ലാം തങ്ങളെക്കുറിച്ചുള്ള സ്വന്ത അഭിപ്രായത്തില്‍ തൃപ്തരായിരുന്നു. മറ്റുള്ളവരോടു പ്രസംഗിക്കാനുള്ള പ്രസംഗക്കുറിപ്പു തയ്യാറാക്കുന്ന തിരക്കില്‍, കര്‍ത്താവു തങ്ങളോടു വ്യക്തിപരമായി പറയുന്നതെന്തെന്നു കേള്‍പ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സ്വന്ത ആവശ്യം കാണുന്നതിലേറെ പ്രസംഗിക്കുവാനായിരുന്നു അവര്‍ക്കു താല്പര്യം.

ഒരു വ്യക്തി ഒരിക്കല്‍ ഒരു ദൂതനായി കഴിഞ്ഞാല്‍ താന്‍ എല്ലാ തിരുത്തലിനും അതീതനാണെന്നു ചിന്തിക്കുവാന്‍ വളരെ എളുപ്പമായിരിക്കും. ‘പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെ’ക്കുറിച്ചു ബൈബിളില്‍ പറയുന്നത് ഇവിടെ പ്രസക്തമാണ് (സഭാ.പ്ര. 4:13).

ഈ അഞ്ചുസഭകളിലേയും ദൂതന്മാര്‍ ആ മൂഢനായ രാജാവിനെപ്പോലെയാണ്. വളരെ നാളുകളായി അവരുടെ വാക്കുകളാണു നിയമം എന്നുള്ളതിനാല്‍ തങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ തെറ്റിപ്പോകാന്‍ സാധ്യതയുണ്ടെന്നു സങ്കല്പിക്കുവാന്‍ പോലും അവര്‍ക്കു കഴിയുന്നില്ല. അവര്‍ അത്രയേറെ വഞ്ചിക്കപ്പെട്ടു പോയിരിക്കുകയാണ്.ദൈവത്തിന്റെ അഭിഷേകം തങ്ങളുടെ ജീവിതത്തില്‍ നഷ്ടപ്പെടുകയില്ലെന്ന് അവര്‍ സങ്കല്പിക്കുന്നു. ഗര്‍വ്വമുള്ള മനോഭാവം അവരെ ആത്മികമായി ചെകിടരാക്കിയിരിക്കുന്നു.

നന്നായി ആരംഭിച്ചശേഷം വഴിയില്‍ പട്ടുപോയ മൂഢനായ ഒരു രാജാവാണ് ശൗല്‍. രാജാവായി ദൈവം തന്നെ അഭിഷേകം ചെയ്ത സമയത്ത് അവന്‍ ‘സ്വന്ത കാഴ്ചയില്‍ ചെറിയവനായിരുന്നു'(1ശമു. 15:17).

പക്ഷേ പിന്നീട് അവന്‍ തന്നെക്കുറിച്ച് ആ എളിയ ചിന്തയില്‍ നിലനിന്നില്ല. അതുകൊണ്ട് അവനു ദൈവത്തിന്റെ അഭിഷേകം നഷ്ടമായി. യുവാവായ ദാവീദിലേക്ക് ആ അഭിഷേകം മാറി. ശൗലിന് അതു മനസ്സിലായെങ്കിലും അവന്‍ അത് അംഗീകരിപ്പാന്‍ തയ്യാറായില്ല. മര്‍ക്കട മുഷ്ടിയോടെ അവന്‍ തന്റെ സിംഹാസനത്തില്‍ തുടരുകയും ദാവീദിനെ കൊല്ലാന്‍ കരുക്കള്‍ നീക്കുകയും ചെയ്തു. അവസാനം ദൈവം ശൗലിന്റെ ജീവനെ എടുത്തുകളഞ്ഞു. ദാവീദിനെ ആ സിംഹാസനത്തില്‍ അവരോധിച്ചു.

ഇന്നു പലസഭകളിലും ഇതിനു സമാനമായ ഒരവസ്ഥ കാണാം. ഒരിക്കല്‍ കര്‍ത്താവിന്റെ ദൂതന്മാരായിരുന്ന പലരില്‍ നിന്നും പരിശുദ്ധാത്മാവിന്റെ അഭിഷേകം മാറിപ്പോയിട്ട് ഇന്ന് അതു സഭയിലെതന്നെ മറ്റേതെങ്കിലും ചെറുപ്പക്കാരായ സഹോദരന്മാരില്‍ ശക്തിയോടെ ആവസിക്കുന്നു. പക്ഷേ ‘വൃദ്ധരും മൂഢരുമായ’ ഈ രാജാക്കന്മാര്‍ക്ക് ഇതു സഹിപ്പാന്‍ കഴിയുന്നില്ല. അതുകൊണ്ട് എന്താണവര്‍ ചെയ്യുന്നത്? തങ്ങളുടെ അസൂയയും സാമ്രാജ്യം സംരക്ഷിക്കാനുള്ള സ്വാര്‍ത്ഥവ്യഗ്രതയും മൂലം അവര്‍ ഈ സഹോദരന്മാരെ ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഒതുക്കുവാന്‍ ശ്രമിക്കുന്നു.

സമാനമായ ഏന്തെങ്കിലും ആസ്യയിലെ പിന്മാറ്റത്തിലായിരുന്ന ഈ അഞ്ചുസഭകളിലും നടന്നുകൊണ്ടിരിക്കുകയായിരിക്കാം. അതുകൊണ്ട് ഈ ദൂതന്മാര്‍ക്ക് കര്‍ത്താവ് ഒരു അവസാന മുന്നറിയിപ്പ് നല്‍കി.

ദൈവത്തിന് മുഖപക്ഷം ഇല്ല . അവിടുത്തേക്ക് പ്രത്യേക മമതകളും ഇല്ല. ശിക്ഷണമുള്ള ഒരു ജീവിതം നയിച്ചില്ലെങ്കില്‍ താന്‍ വീണുപോവുകയും അയോഗ്യനായി മാറുകയും ചെയ്യുമെന്ന് പൗലൊസിന് അറിയാമായിരുന്നു.(1 കൊരി. 9:27).

പൗലൊസ് തിമൊഥെയോസിനോടു പറഞ്ഞു: ”നിന്നെത്തന്നേയും ഉപദേശത്തേയും സൂക്ഷിച്ചുകൊള്‍ക. ഇതില്‍ ഉറച്ചുനില്ക്ക. അങ്ങനെ ചെയ്താല്‍ നീ നിന്നേയും നിന്റെ പ്രസംഗം കേള്‍ക്കുന്നവരേയും രക്ഷിക്കും”(1 തിമൊ 4:16).

തിമൊഥെയോസ് ആദ്യം സ്വന്തം ജീവിതം സൂക്ഷിക്കണം അപ്പോള്‍ അവന് ക്രിസ്തുതുല്യമല്ലാതെ സ്വന്തജീവിതത്തില്‍ കാണുന്ന എല്ലാറ്റില്‍നിന്നും രക്ഷപ്രാപിക്കാന്‍ കഴിയും.അങ്ങനെ അത്തരം ഒരു രക്ഷയിലേക്കു മറ്റുള്ളവരെ നയിക്കുവാനും കഴിയും. എല്ലാ സഭയിലേക്കും തന്റെ എല്ലാ ദൂതന്മാര്‍ക്കും കര്‍ത്താവു വച്ചിരിക്കുന്ന മാര്‍ഗ്ഗം ഇതാണ്. എഫെസൊസിലെ മൂപ്പന്‍മാരോട് പൗലൊസ് പറഞ്ഞതും ആദ്യം സ്വന്തം ജീവിതവും പിന്നീട് തങ്ങളുടെ ‘ആട്ടിന്‍കൂട്ട’ത്തിന്റെ ജീവിതവും സൂക്ഷിച്ചുകൊള്ളുവാനാണ്. (അപ്പോ. പ്രവൃ 20:28).

ഇതാണു കര്‍ത്താവിന്റെ ഓരോ ദൂതന്റേയും ഉത്തരവാദിത്വം-സ്വന്തജീവിതം നിര്‍മ്മലതയിലും പരിശുദ്ധാത്മാവിന്റെ നിരന്തരഅഭിഷേകത്തിലും സുക്ഷിക്കുക. ”നിന്റെ വസ്ത്രം എപ്പോഴും വെള്ളയായിരിക്കട്ടെ: നിന്റെ തലയില്‍ എണ്ണ കുറയാതിരിക്കട്ടെ” (സഭാ 9:8).

കര്‍ത്താവ് ആഗ്രഹിച്ചത് ഈ ദൂതന്മാരോട് നേരിട്ടു സംസാരിക്കാനാണ്.പക്ഷേ അവര്‍ക്ക് അതു കേള്‍പ്പാനുള്ള ചെവി ഇല്ലായിരുന്നു.ഒടുവില്‍ കര്‍ത്താവിന് ഒരു അപ്പോസ്തലനിലൂടെ അവരോടു സംസാരിക്കേണ്ടിവന്നു. കര്‍ത്താവിന്റെ വാക്കുകള്‍ വ്യക്തമായി കേള്‍പ്പാന്‍ കഴിയുന്ന ഒരു യോഹന്നാനെങ്കിലും അവിടെ ഉണ്ടായിരുന്നല്ലോ.ദൈവത്തിനു മഹത്വം.

അവരുടെ പരാജയങ്ങള്‍ക്കിടയിലും കര്‍ത്താവിന് ഈ അഞ്ചുദൂതന്മാരെക്കുറിച്ചും പ്രത്യാശയുണ്ടായിരുന്നു. അവിടുന്ന് അപ്പോഴും അവരെ തന്റെ വലങ്കൈയില്‍ വഹിച്ചിരുന്നു. (വെളി 2:1).

അവര്‍ മാനസാന്തരപ്പെട്ടിരുന്നെങ്കില്‍ വീണ്ടും അവര്‍ക്കു മഹത്വപൂര്‍ണ്ണരായ സഹോദരന്മാരായിത്തീരാമായിരുന്നു. എന്നാല്‍ ഈ അവസാന മുന്നറിയിപ്പ് അവര്‍ ശ്രദ്ധിക്കാതിരുന്നാല്‍ കര്‍ത്താവ് അവരെ തള്ളിക്കളയും.

ഈ ജീര്‍ണ്ണതയ്‌ക്കെല്ലാം ഇടയിലും കര്‍ത്താവിന് ഒരു കുറ്റവും പറയാനില്ലായിരുന്ന രണ്ട് ദൂതന്മാരും സഭകളും (സ്മുര്‍ന്നയും ഫിലദെല്‍ഫ്യയും) ഉണ്ടായിരുന്നു.

അവരില്‍ നാം ഈ ഗുണങ്ങളാണു കാണുന്നത്: (ശ) ദാരിദ്ര്യത്തിന്റേയും എതിര്‍പ്പിന്റേയും മധ്യത്തിലും വിശ്വസ്തത (ശശ) ദൈവവചനം അനുസരിക്കുന്നതിലെ സഹിഷ്ണുത (ശശശ) ക്രിസ്തുവിന്റെ സാക്ഷ്യം ലജ്ജകൂടാതെ അറിയിക്കുന്നത്.
പിന്മാറ്റത്തിലായിരുന്ന അഞ്ചുദൂതന്മാരേയും അവരുടെ സഭകളേയും കര്‍ത്താവിനു ശാസിക്കുകയും തിരുത്തുകയും ചെയ്യേണ്ടിവന്നത് അവര്‍ തങ്ങളെത്തന്നെ വിധിക്കുന്നവരായിരുന്നില്ല എന്നതുകൊണ്ടാണ്.

അതേസമയം നിരന്തരം തങ്ങളെതന്നെ വിധിക്കുകയും ജഡത്തിലേയും ആത്മാവിലേയും കന്മഷങ്ങളില്‍നിന്നു കഴുകല്‍ പ്രാപിക്കുകയും ചെയ്തിരുന്ന വിശ്വസ്തരായ രണ്ടു ദൂതന്മാര്‍ക്കും സഭകള്‍ക്കും ഒരു ശാസനയുടേയും ആവശ്യം ഉണ്ടായിരുന്നില്ല (2 കൊരി 7:1).

‘നാം നമ്മെത്തന്നെ വിധിച്ചാല്‍ വിധിക്കപ്പെടുകയില്ല’ എന്നാണ് ദൈവവചനം പറയുന്നത്(1 കൊരി 11:31)

‘ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിപ്പാന്‍ സമയമായല്ലോ. അതു നമ്മില്‍ തുടങ്ങിയാല്‍…’ (1 പത്രൊ 4:17) യഥാര്‍ത്ഥ ദൈവഭവനത്തെ തിരിച്ചറിയാനുള്ള അടയാളം ഇതാണ്. അവിടെ നാം നമ്മെ ആദ്യമായും നിരന്തരമായും വിധിച്ചുകൊണ്ടിരിക്കും.

ഇന്നു നമുക്കുതന്നെ നമ്മെ വിധിക്കാനുള്ള അവകാശം കര്‍ത്താവു തന്നിരിക്കുന്നു . അങ്ങനെയെങ്കില്‍ ഒരിക്കല്‍ അവിടുത്തെ ന്യായാസനത്തിനു മുമ്പില്‍ നില്ക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ വിധിക്കപ്പെടേണ്ടതായി ഒന്നും അവശേഷിക്കുന്നില്ല.അതുകൊണ്ടാണ് ദൈവവചനത്തെ നാം സ്വയം വിധിക്കുന്ന മനോഭാവത്തോടെ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമായിരിക്കുന്നത്. അങ്ങനെ കര്‍ത്താവിനു ശാസിക്കുവാനോ തിരുത്തുവാനോ ഒന്നും ഇല്ലാത്തവരുടെ കൂട്ടത്തില്‍ നമുക്കും ആയിരിപ്പാന്‍ കഴിയും.

ഈ സഭകള്‍ക്കുള്ള ദൂതുകളിലെല്ലാം വിശ്വാസികള്‍ക്കു വ്യക്തികളായി ജയാളികളാകുവാനുള്ള ഒരു വിളി നല്‍കിയിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിന്റെ താഴോട്ടുള്ള ഗമനത്തെ തടഞ്ഞുനിര്‍ത്തുന്നവരും (നാം നേരത്തേ കണ്ടതുപോലെ) കര്‍ത്താവിന്റെ തേജസ്സിനെ പ്രതിഫലിപ്പിക്കുന്നവരുമാണു ജയാളികള്‍. ചുറ്റുപാടുമുള്ളവരില്‍ കാണുന്ന പിന്മാറ്റത്തിന്റെ അതേ ദുഷ്പ്രവണതകള്‍ ഉള്ള ജഡമാണു തങ്ങള്‍ക്കുള്ളതെന്ന് അവര്‍ അംഗീകരിക്കുന്നു. പക്ഷേ അവര്‍ ഈ പ്രവണതകള്‍ക്കെതിരേ നില്ക്കുകയും പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ തങ്ങളെത്തന്നെ ക്രൂശിക്കുകയും ചെയ്യുന്നു.

ജയിക്കുന്നവര്‍ ഇന്നെന്താണു ചെയ്യേണ്ടത്? ചത്ത സഭകളില്‍ തുടരുകയാണോ അതോ അവയില്‍ നിന്നു പുറത്തുവരികയാണോ വേണ്ടത്?

ജയിക്കുന്നവരോട് തങ്ങളുടെ പ്രാദേശിക സഭകള്‍വിട്ട് പുറത്തുവരുവാന്‍ വെളിപ്പാടുപുസ്തകത്തിലെ ഏഴുസഭകള്‍ക്കുള്ള ദൂതിലും ഒരു നിര്‍ദ്ദേശവും നാം കാണുന്നില്ല. ഓരോ പ്രദേശത്തും ഒരേ ഒരു സഭ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ എന്നതാണ് ഇതിനു കാരണം. മാത്രമല്ല കര്‍ത്താവ് അവയില്‍ ഒന്നില്‍ നിന്നും നിലവിളക്ക് എടുത്തു മാറ്റിയിരുന്നുമില്ല.

എന്നാല്‍ ഇന്നു കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. ഇക്കാലത്ത് ധാരാളം സഭകള്‍ എല്ലാ പട്ടണങ്ങളിലും നഗരങ്ങളിലും കാണാം. ഇവയെ എല്ലാം കര്‍ത്താവിന്റെ നിലവിളക്കുകള്‍ എന്നു വിളിക്കാനാവില്ല. അവയില്‍ മിക്കതും കര്‍ത്താവല്ല സ്ഥാപിച്ചതും. അവയുടെ ദൂതന്മാര്‍ ഒരിക്കലും കര്‍ത്താവിന്റെ കൈകളില്‍ നക്ഷത്രങ്ങളായിരുന്നിട്ടില്ല. കാരണം അവിടുന്ന് അവരെ ഒരിക്കലും വിളിക്കുകയോ മൂപ്പന്മാരായി നിയമിക്കുകയോ ചെയ്തിട്ടില്ല.

അതുപോലെ മാനസാന്തരപ്പെടുവാന്‍ തയ്യാറാകാത്തതുകൊണ്ട് മറ്റു പല സഭകളേയും അവയുടെ ദൂതന്മാരേയും കര്‍ത്താവു നേരത്തേ തന്നെ ഉപേക്ഷിച്ചതായിരിക്കാം.അതുകൊണ്ട് ഒരു സഭയുടെ ഭാഗമാകുന്നതിനു മുമ്പ് ആ സഭയേയും ദൂതനേയും കുറിച്ച് കര്‍ത്താവിന്റെ ‘അഭിഷേകം’ അവരുടെ മേലുണ്ടോ എന്നു നാം വിവേചിച്ചറിയേണ്ടിയിരിക്കുന്നു.

‘ദൈവത്തിന്റെ ആലോചന മുഴുവനായും അറിയിക്കാത്ത ഒരു പ്രാദേശിക സഭയുടേയും ഭാഗമായി ഒരു ജയാളി മാറരുത്. (അപ്പോ. പ്രവൃ. 20:27).

എഫെസോസിലെ സഭയുടെ ദൂതനു നല്‍കുന്ന മുന്നറിയിപ്പ് അവന്‍ മാനസാന്തരപ്പെട്ടില്ലെങ്കില്‍ കര്‍ത്താവ് നിലവിളക്കിനെ അതിന്റെ സ്ഥാനത്തു നിന്നു നീക്കിക്കളയും എന്നാണ് (വെളി. 2:5). ദൂതന്‍ മാനസാന്തരപ്പെട്ടില്ലെങ്കില്‍ എന്താണു സംഭവിക്കുക? കര്‍ത്താവ് അവനെ മാറ്റിനിര്‍ത്തുകയും മറ്റാരെയെങ്കിലും ദൂതന്റെ സ്ഥാനത്തു നിയമിക്കുകയും ചെയ്യും.

എഫോസൊസിലെ സഭ മാനസാന്തരപ്പെട്ടില്ലെങ്കില്‍ എന്തു സംഭവിക്കും? ആ സഭയെ മാറ്റിനിര്‍ത്തുകയും അതു ദൈവത്തിന്റെ അംഗീകാരമില്ലാതെ ഒന്നായി മാറുകയും ചെയ്യും.തീര്‍ച്ചയായും തുടര്‍ന്നും അവര്‍ ഒരു സഭയെന്നനിലയില്‍ കൂടിവരും- പക്ഷേ അതു കര്‍ത്താവിന്റെ ദൃഷ്ടിയില്‍ ഒരു ‘ബാബിലോന്യസഭ’ മാത്രമായിരിക്കും.

അങ്ങനെ വരുമ്പോള്‍ എഫെസോസിലെ ജയാളികള്‍ എന്താണു ചെയ്യുക?

കര്‍ത്താവ് ആ ‘സഭ’യെ കൈവിട്ടുകഴിയുമ്പോള്‍ അവരും ആ സഭയില്‍നിന്നു മാറി പ്രത്യേകം കൂടിവരുവാന്‍ തുടങ്ങും. പഴയ ആ പ്രസ്ഥാനത്തില്‍ നിന്നു പുതിയ സഭയുടെ മധ്യത്തിലേക്കുള്ള കര്‍ത്താവിന്റെ മാറ്റം കാണുവാന്‍ കണ്ണുള്ളവരും ഈ ജയാളികളോടൊപ്പം കൂടിവരുവാന്‍ തുടങ്ങും. ഈ പുതിയ കൂടിവരവ് എഫെസോസിലെ സഭയായി മാറും.കര്‍ത്താവ് നിലവിളക്ക് അവരുടെ മധ്യത്തില്‍ സ്ഥാപിക്കും.

ഏതെങ്കിലും സമയത്ത് ഈ പുതിയസഭ ദൈവത്തിന്റെ വഴികളില്‍ നടക്കാനും തങ്ങളെത്തന്നെ വിധിക്കാനും വിസ്സമ്മതിച്ചാല്‍ ദൈവം വീണ്ടും നിലവിളക്ക് അവരുടെ മധ്യത്തുനിന്നു നീക്കിക്കളയുകയും എല്ലാം പുതുതായി ആരംഭിക്കുകയും ചെയ്യും.ദൈവത്തിനു മുഖപക്ഷം ഇല്ല.

കഴിഞ്ഞ ഇരുപതുനൂറ്റാണ്ടുകളായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ പ്രക്രിയ എങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് ക്രിസ്തീയ സഭാചരിത്രംവെളിവാക്കുന്നു. ഇതുകൊണ്ടാണ് ഇന്ന് എല്ലാ സ്ഥലത്തും നമ്മള്‍ ധാരാളം ‘ബാബിലോന്യസഭകള്‍’ കാണുന്നത്. ഒരു സമയത്ത് നഗരത്തില്‍ ഒരു സ്ഥലത്തും കര്‍ത്താവിന്റെ നിലവിളക്കില്ല എന്ന പതനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നുവെന്നു വരാം. കാരണം ആ നഗരത്തില്‍ സഭയെന്നു പേരുപറയുന്നവയെല്ലാം ബാബിലോന്യമായിപ്പോയി.

കര്‍ത്താവുതന്നെ ഒരു സഭയെ വിട്ടുപോയിക്കഴിഞ്ഞശേഷം നാം ഒരു കാരണവശാലും പിന്നീട് അവിടെ തുടരരുത്. നമുക്ക് കൂറ് എപ്പോഴും കര്‍ത്താവിനോടും അവിടുത്തെ സഭയോടും ആയിരിക്കണം; അല്ലാതെ നാം ‘ജനിച്ചുവളര്‍ത്തപ്പെട്ട സഭ’യോട് ആയിരിക്കരുത്. കര്‍ത്താവിനോടൊപ്പം മുന്നോട്ടുപോകുന്നതിന് മാനുഷികബന്ധങ്ങള്‍ ഒരു തടസ്സമായിക്കൂടാ.

ഈ ഏഴുസഭകളെക്കുറിച്ചുള്ള പഠനത്തില്‍നിന്ന് കര്‍ത്താവ് ഒരു സഭയില്‍നിന്നു പ്രതീക്ഷിക്കുന്നത് എന്തെല്ലാമാണെന്നു വ്യക്തമായികാണാം. അതുകൊണ്ട് ജയിക്കുന്നവര്‍ താഴെപ്പറയുന്ന പ്രത്യേകതകളുള്ള പ്രാദേശികസഭയില്‍ കൂട്ടായ്മ ആചരിക്കാന്‍ ശ്രമിക്കണം:

(1) ക്രിസ്തുവിനോടുള്ള ഭക്തിയാലും അന്യോന്യമുള്ള സ്‌നേഹത്താലും എരിയുന്ന സഭ.
(2) ദൈവത്തിലുള്ള സജീവ വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്ന സഭ.
(3) ദൈവത്തിന്റെ എല്ലാ കല്പനകളോടുമുള്ള പൂര്‍ണ്ണമായ അനുസരണത്തിന് ഊന്നല്‍ കൊടുക്കുന്ന സഭ.
(4) യേശുവിന്റെ സാക്ഷ്യം ലജ്ജകൂടാതെ പ്രസ്താവിക്കുന്ന സഭ.
(5) ആത്മികനിഗളം, കപടഭക്തി, ലോകമയത്വം എന്നിവയ്‌ക്കെതിരേ നില്ക്കുന്ന സഭ.
(6) വ്യാജഅപ്പോസ്തലന്‍മാര്‍, വ്യാജഉപദേഷ്ടാക്കന്‍മാര്‍, വ്യാജവരങ്ങള്‍ എന്നിവയെ തുറന്നുകാട്ടുന്ന സഭ.
(7) ജഡത്തെ ക്രൂശിക്കുന്നതിനെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്ന സഭ.
(8) നിരന്തരം തങ്ങളെത്തന്നെ വിധിപ്പാന്‍ എല്ലാ വിശ്വാസികളേയും ഉത്സാഹിപ്പിക്കുന്ന സഭ.
(9) യേശുവിനെപ്പോലെ ജയാളികളായിത്തീരുവാന്‍ വിശ്വാസികളെ വെല്ലുവിളിക്കുന്ന സഭ.
എല്ലാസ്ഥലത്തും തന്റെ നാമത്തിന് ഇപ്രകാരം ഒരു സാക്ഷ്യം ഉണ്ടായിരിക്കണമെന്നാണ് കര്‍ത്താവ് ആഗ്രഹിക്കുന്നത്.

ഇത്തരം സഭകള്‍ പണിയാനായി രണ്ടും മൂന്നും അധ്യായത്തില്‍ നാം ചിന്തിച്ച സത്യങ്ങളാല്‍ പിടിക്കപ്പെട്ട ദൂതന്മാരെ കര്‍ത്താവിന് ആവശ്യമുണ്ട്.

ഈ അന്ത്യകാലത്ത് ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത്തരം ധാരാളം സഭകളേയും ആളുകളേയും കര്‍ത്താവ് കണ്ടെത്തട്ടെ.

അദ്ധ്യായം 4

നാലാം അദ്ധ്യായത്തിലേക്കു കടക്കുന്നതിനു മുമ്പ് നാം നേരത്തേ വായിച്ചത് ഓര്‍ക്കുന്നതു നല്ലതാണ്. ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവനും അതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്‍; സമയം അടുത്തിരിക്കുന്നു (വെളി 1:3).

വിശ്വാസികള്‍ പ്രവചനം പഠിക്കുമ്പോള്‍ അവരുടെ താല്പര്യം മിക്കപ്പോഴും മഹോപദ്രവം,ആയിരമാണ്ടു വാഴ്ച, കാഹളം,കലശം തുടങ്ങിയ പ്രതീകങ്ങള്‍, അവയുടെ അര്‍ത്ഥം എന്നിവയെല്ലാം അറിയാനാണ്. പക്ഷേ പ്രവചനങ്ങള്‍ അറിയുന്നതല്ല, എഴുതിയിരിക്കുന്നത് അനുസരിക്കുന്നതാണ് പ്രധാനം. പ്രവചനവും മറ്റു തിരുവെഴുത്തുകള്‍പോലെ അനുസരിക്കാനുള്ളതാണ്.

വെളിപ്പാടുപുസ്തകത്തില്‍ ഒട്ടേറെ പ്രതീകങ്ങളും സൂചനകളും ഉണ്ട്. അവയെ വ്യാഖ്യാനിക്കുമ്പോള്‍ താന്‍ പറയുന്നതു മാത്രമാണു ശരിയെന്നു ശഠിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. ദൈവം ഇക്കാര്യങ്ങളെ അവ്യക്തമായി ഇട്ടിരിക്കുന്നതു വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. ഈ പ്രതീകങ്ങളെയെല്ലാം വിശദീകരിക്കുന്നതില്‍ മുഴുകിയിരിക്കുന്ന വിശ്വാസികളേയും തന്റെ കല്പന അനുസരിക്കാന്‍ ശ്രമിക്കുന്നവരേയും ഇങ്ങനെ അവിടുത്തേക്കു വേര്‍തിരിക്കാമല്ലോ.

മത്തായി അഞ്ചാം അദ്ധ്യായത്തില്‍ ഗിരിപ്രഭാഷണത്തില്‍ പറഞ്ഞിരിക്കുന്ന ‘ഭാഗ്യവാന്മാര്‍’ നമുക്കു പരിചിതരാണ്. വെളിപ്പാടുപുസ്തകത്തിലും ഏഴു ‘ഭാഗ്യവാന്മാരെ’ക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ഇതില്‍ ആദ്യത്തേത് ഒന്നാം അധ്യായത്തിലാണ്-‘വായിച്ച്…..പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍’ (വെളി 1:3). അവസാന അദ്ധ്യായത്തിലും ഇത്തരം ഒന്നുണ്ട് – ‘ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍’ (വെളി. 22:7).

ഈ പുസ്തകത്തിന്റെ ആദ്യവും അവസാനവും ഇതില്‍ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവര്‍ക്ക് ഒരു ഭാഗ്യാവസ്ഥ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ രണ്ടു ഭാഗ്യവര്‍ണ്ണനകള്‍ക്കിടയിലാണു വെളിപ്പാടുപുസ്തകം മുഴുവന്‍ സ്ഥിതിചെയ്യുന്നത്.

ബൈബിളിലെ ഏറ്റവും അവസാനത്തെ പുസ്തകത്തില്‍പോലും ദൈവം ആവശ്യപ്പെടുന്നത് അനുസരണമാണ്. ഇതിലെ എല്ലാ പ്രതീകങ്ങളുടേയും അര്‍ത്ഥം ഗ്രഹിച്ച് മറ്റുള്ളവര്‍ക്കു വ്യാഖ്യാനിച്ചുകൊടുപ്പാന്‍ കഴിയുന്നവര്‍ക്കോ നടക്കാന്‍ പോകുന്ന സംഭവങ്ങളെ അവയുടെ സമയക്രമത്തില്‍ വരച്ച് വെളിപ്പാടുപുസ്തകത്തിന്റെ ഒരു ചാര്‍ട്ടു തയ്യാറാക്കുവാന്‍ കഴിയുന്നവര്‍ക്കോ ഒരു അനുഗ്രഹവും വാഗ്ദാനം ചെയ്തിട്ടില്ല. ഉല്പത്തിപുസ്തകം മൂന്നാം അദ്ധ്യായം മുതല്‍ വെളിപ്പാട് 22 വരെ ദൈവം അനുസരണമാണു പ്രതീക്ഷിക്കുന്നത്.

രണ്ടും മൂന്നും അദ്ധ്യായങ്ങളിലെ ജയാളിയാകുവാനുള്ള പരിശുദ്ധാത്മാവിന്റെ വിളി ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കുവേണ്ടിയാണ് നാലു മുതല്‍ 22 വരെയുള്ള അദ്ധ്യായങ്ങള്‍. തങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയല്ല ഈ അദ്ധ്യായങ്ങള്‍ എന്ന കാര്യം മറന്നുപോകരുത്.

തന്റെ ദാസന്മാരെ കാണിക്കേണ്ടതിനാണ് ദൈവം ഈ വെളിപ്പാട് യേശുക്രിസ്തുവിനു കൊടുത്തതെന്നു വെളിപ്പാടുപുസ്തകം 1:1 ല്‍ നാം കണ്ടു. ഈ പുസ്തകത്തിന്റെ അര്‍ത്ഥം നമ്മില്‍നിന്നു മറച്ചുവയ്ക്കാന്‍ ദൈവം ആഗ്രഹിക്കുന്നില്ലെന്നു സാരം. അതിന്റെ പൊരുള്‍ നമ്മെ മറനീക്കി കാണിക്കുവാനാണ് അവിടുത്തെ താല്പര്യം. ഈ പ്രവചനം പഠിക്കുമ്പോള്‍ ഈ വിശ്വാസം നമുക്കുണ്ടായിരിക്കണം. നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ!

വിശ്വാസത്തോടെ നിങ്ങള്‍ വന്ന് ”കര്‍ത്താവേ, ഞാന്‍ അവിടുത്തെ അടിമയാണ്. ഒരു ജയാളിയായിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പ്രവചനം അവിടുന്ന് എനിക്കു മനസ്സിലാക്കിത്തരും എന്നു ഞാന്‍ വിശ്വസിക്കുന്നു” എന്നു പ്രാര്‍ത്ഥിക്കുക. അപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും. മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല.

വാക്യം 1: അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു വാതില്‍ തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു. കാഹളനാദം പോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോട്: ഇവിടെ കയറി വരിക; മേലാല്‍ സംഭവിപ്പാനുള്ളതു ഞാന്‍ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.

ഭൂമിയില്‍ ഒരു വാതില്‍ തുറക്കേണ്ടതിന്റെ ആവശ്യകത നമ്മള്‍ വെളിപ്പാട് 3:20ല്‍ കണ്ടു. അവിടെ യേശു നമ്മുടെ ഹൃദയവാതിലിനു പുറത്തു നിന്നു മുട്ടിക്കൊണ്ടിരിക്കുകയാണ്. നാം യേശുവിനായി വാതില്‍ തുറന്നാല്‍(നമ്മുടെ ഇച്ഛയെ കീഴ്‌പ്പെടുത്തിയാല്‍), കര്‍ത്താവു നമുക്കു വേണ്ടി സ്വര്‍ഗ്ഗത്തിലും ഒരു വാതില്‍ തുറക്കുമെന്ന് ഇവിടെ കാണുന്നു. നാം നമ്മുടെ ഇച്ഛയെ കീഴ്‌പ്പെടുത്തിക്കൊടുത്ത് നമ്മുടെ ജീവിതത്തില്‍ യേശുവിനെ കര്‍ത്താവായി അംഗീകരിച്ചില്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ ഒരു വാതില്‍ തുറക്കുന്നത് നമുക്ക് അനുഭവിച്ചറിയാന്‍ കഴിയുകയില്ല. തുടര്‍ന്ന് ‘ഇവിടെ കയറിവരിക’ എന്ന് കര്‍ത്താവു പറയുന്നത് നാം കേള്‍ക്കുന്നു. യോഹന്നാന്‍ ഭൂമിയില്‍ പത്മൊസ് ദ്വീപിലാണ്. അവനോടു ഉയരത്തില്‍-സ്വര്‍ഗ്ഗത്തില്‍-കയറിവരുവാന്‍ പറയുന്നു. ഭാവിയില്‍ സംഭവിപ്പാനുള്ളത് അവിടെനിന്ന് അവന് കാണുവാന്‍ കഴിയുമല്ലൊ.

ഉയരത്തിലേക്കു കയറിവരുവാനാണ് ദൈവം എപ്പോഴും നമ്മെ വിളിക്കുന്നത്. പക്ഷേ ആ വിളിയോടു നാം പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതിരുന്നാല്‍, നാം എവിടെയാണോ അവിടെതന്നെ എന്നും കഴിയേണ്ടിവരും. യോഹന്നാന്‍ ഇതിനോടു പ്രതികരിക്കാതിരുന്നെങ്കില്‍, വെളിപ്പാട്പുസ്തകം വെറും മൂന്ന് അദ്ധ്യായംകൊണ്ട് അവസാനിക്കുമായിരുന്നില്ലേ?

വാക്യം 2: ഉടനെ ഞാന്‍ ആത്മവിവശനായി സ്വര്‍ഗ്ഗത്തില്‍ ഒരു സിംഹാസനം വച്ചിരിക്കുന്നതും സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നതും കണ്ടു.

ഭൂമിയിലെ കാര്യങ്ങളെ സ്വര്‍ഗ്ഗീയമായ ഒരു നിലപാടില്‍ നിന്നു കാണുവാന്‍വേണ്ടി ദൈവം ഇങ്ങനെയാണ് നമ്മെ ആത്മാവില്‍ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തുന്നത്! അവസാനകാലം സമീപിക്കുംതോറും ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ സ്വര്‍ഗ്ഗീയമായ ഒരു നിലപാടു തറയില്‍നിന്നു നാം കാണേണ്ടത് പരമപ്രധാനമാണ്.

”ഇതു സംഭവിച്ചുതുടങ്ങുമ്പോള്‍ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ട് നിവര്‍ന്ന് തലപൊക്കുവിന്‍” എന്ന് ലൂക്കോസ് 21: 28ല്‍ യേശു നമ്മോടു പറഞ്ഞിരിക്കുന്നു. ഇവിടെയും അര്‍ത്ഥമാക്കുന്നത് സ്വര്‍ഗ്ഗീയമായ ഒരു കാഴ്ചപ്പാടില്‍ കാര്യങ്ങളെ വീക്ഷിക്കുക എന്നതാണ്. അല്ലാത്തപക്ഷം നാം ഭയപെട്ടുപോകും. എന്നാല്‍ നാം ഉയരത്തിലേക്കു നോക്കുമ്പോള്‍ പിതാവാണ് എല്ലാറ്റിനേയും നിയന്ത്രിക്കുന്നതെന്ന് കാണുവാന്‍ കഴിയും. അതുകൊണ്ട് യോഹന്നാന്‍ അനുഭവിച്ചത് ആത്മാവില്‍ നാമും അനുഭവിക്കേണ്ടിയിരിക്കുന്നു.

അവിടെ യോഹന്നാന്‍ ആദ്യം കണ്ടത് എന്താണ്? എതിര്‍ക്രിസ്തുവിനെയല്ല. മഹോപദ്രവം അല്ല. ”സിംഹാസനത്തില്‍ ഇരിക്കുന്ന ദൈവത്തെയാണ്” ഈ നാളുകളില്‍ നാമും കാണേണ്ടത് ഇതുതന്നെയാണ്-പരമാധികാരിയായ ദൈവം എല്ലാറ്റിനേയും ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. നാം ആദ്യമായി ഇതു കണ്ടില്ലെങ്കില്‍ ഭൂമിയില്‍ നമുക്ക് ഒട്ടേറെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടാകും.

വാക്യം 3: ഇരിക്കുന്നവന്‍ കാഴ്ചയ്ക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശന്‍. സിംഹാസനത്തിന്റെ ചുറ്റും കാഴ്ചയ്ക്ക് മരതകത്തോടു സദൃശമായൊരു പച്ചവില്ല്.

സൂര്യകാന്തം ‘സ്ഫടികസ്വഛത’യുളളതാണ് (വെളി. 21:11) പത്മരാഗമാകട്ടെ തീജ്വാലപോലെ ചുവന്നതും. നമ്മുടെ പാപങ്ങളുടെ മേലുള്ള അവിടുത്തെ ന്യായവിധിയെയാണ് ഇതു കാണിക്കുന്നത്. ഈ രണ്ടു പ്രതീകങ്ങളിലൂടെയും സിംഹാസനത്തിലിരിക്കുന്നവന്റെ വിശുദ്ധിയും നിര്‍മ്മലതയുമാണ് ആദ്യമായി ഊന്നിപ്പറയുന്നത്.

സിംഹാസനത്തിനു ചുറ്റും ഒരു മഴവില്ല് നാം കാണുന്നു. ജലപ്രളയത്തിനുശേഷം നോഹ പെട്ടകത്തില്‍നിന്ന് പുറത്തുവരുമ്പോഴാണ് ദൈവം ആദ്യമായി മഴവില്ല് നല്‍കുന്നത്. ഭൂമിയെ മേലില്‍ ജലപ്രളയത്താല്‍ നശിപ്പിക്കുകയില്ലെന്ന് ജനങ്ങളോട് ദൈവം ചെയ്ത ഉടമ്പടിയുടെ അടയാളമാണ് മഴവില്ല്. ദൈവകൃപയുടെ പ്രതീകം.

അതുകൊണ്ട് സിംഹാസനത്തിലിരിക്കുന്നത് സത്യവും കൃപയും ആണ്. യേശുവിലും വിളങ്ങിയിരുന്ന തേജസ്സ് ഇതായിരുന്നല്ലോ (യോഹ. 1:14).

വെളിപ്പാടുപുസ്തകത്തിലുടനീളം ദൈവതേജസ്സിന്റെ രണ്ടു വശങ്ങള്‍ മാറി മാറി കാണാം-കൃപയും ന്യായവിധിയും. ദൈവം ദയ ഉള്ളവനും അതേസമയം ഖണ്ഡിതമായി പെരുമാറുന്നവനും ആണ് (റോമ. 11:22).

വാക്യം 4: സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തിനാല് സിംഹാസനം. വെളളയുടുപ്പു ധരിച്ചുകൊണ്ട് സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാര്‍, അവരുടെ തലയില്‍ പൊന്‍കിരീടം.

ദൈവം സൃഷ്ടിച്ച ദൂതന്മാരുടെ ഇടയില്‍ സിംഹാസനങ്ങള്‍, കര്‍തൃത്വങ്ങള്‍, വാഴ്ചകള്‍, അധികാരങ്ങള്‍ എന്നിവ ഉണ്ടെന്ന് കൊലൊ. 1:16ല്‍ നാം വായിക്കുന്നു. ദൈവസിംഹാസനത്തിനു ചുറ്റും അധികാരമുള്ള അത്തരം ആത്മിക ജീവികളുടെ പ്രതീകങ്ങളാണ് ഈ 24 മൂപ്പന്മാര്‍. ദൈവത്തെ ആരാധിക്കാന്‍ ആളുകള്‍ക്കു നേതൃത്വം കൊടുക്കുകയാണ് ഇവരുടെ പ്രാഥമിക ചുമതലകളിലൊന്ന് എന്നു വെളിപ്പാടുപുസ്തകത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നമുക്കു കാണാം. വെള്ളയുടുപ്പ് അവരുടെ നിര്‍മ്മലതയേയും പൊന്‍കിരീടം അധികാരത്തേയും കുറിക്കുന്നു.

വാക്യം 5: സിംഹാസനത്തില്‍ നിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു. ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴ് ദീപങ്ങള്‍ സിംഹാസനത്തിന്റെ മുമ്പില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു.

ദൈവത്തിന്റെ പ്രതാപവും തേജസ്സും എടുത്തുകാട്ടുന്നതാണ് മിന്നലും ഇടിനാദവും. സംഭവിക്കാന്‍പോകുന്ന എല്ലാറ്റിന്മേലും അവിടുത്തേക്കു പൂര്‍ണ്ണമായ നിയന്ത്രണമുണ്ടെന്ന വസ്തുതയും ഇതു സൂചിപ്പിക്കുന്നു.

ജ്വലിച്ചുകൊണ്ടിരിക്കുന്ന ഏഴു ദീപങ്ങള്‍ ദൈവത്തിന്റെ ഏഴ് ആത്മാക്കളാണെന്നു പറഞ്ഞിരിക്കുന്നു. അഥവാ ഏഴു മടങ്ങ് പരിശുദ്ധാത്മാവാണ് (യെശ. 11:2,3). പരിശുദ്ധാത്മാവിനെ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഏഴു ദീപങ്ങള്‍ കൊണ്ടാണ് സൂചിപ്പിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. പൂര്‍ണ്ണ നിര്‍മ്മലതയുടെ പ്രതീകമാണത്.

‘നമ്മുടെ ദൈവം ജ്വലിപ്പിക്കുന്ന അഗ്നിയല്ലോ’ (എബ്ര. 11:29). ദൈവത്തെ സദാ സ്‌നേഹവാനായ ദൈവമായി കാണാനാണ് മിക്കവര്‍ക്കും ഇഷ്ടം. പക്ഷേ അവിടുന്ന് ദഹിപ്പിക്കുന്ന അഗ്നികൂടിയാണ്.
‘ദൈവം സ്‌നേഹമാകുന്നു’ എന്ന ബോര്‍ഡ് പല വീടികളുടേയും ചുവരുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ‘ദൈവം ദഹിപ്പിക്കുന്ന അഗ്നിയാകുന്നു’ എന്നൊരു ബോര്‍ഡ് കണ്ടെത്തുക പ്രയാസം. ദൈവത്തെ ദഹിപ്പിക്കുന്ന അഗ്നിയായി ചിന്തിക്കാന്‍ മനുഷ്യര്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. പക്ഷേ ഈ സത്യത്തെക്കുറിച്ചു ചിന്തിക്കാന്‍ നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവിടുന്ന് ഇപ്പോഴും ദഹിപ്പിക്കുന്ന അഗ്നിയാണ്.

ആത്മനിറവു പ്രാപിച്ചതായും പരിശുദ്ധാത്മാവിന്റെ അനുഭവങ്ങള്‍ ഉണ്ടായതായും ആളുകള്‍ പറയുമ്പോള്‍ അവര്‍ ഒരു കാര്യം ഓര്‍ത്തിരിക്കണം. ഏത് യഥാര്‍ത്ഥമായ അനുഭവവും അവരുടെ ജീവിതത്തില്‍ ദൈവവിശുദ്ധിയുടെ തീ കൊണ്ടുവന്നിരിക്കണം. അതു സംഭവിക്കാത്തപക്ഷം അതു വ്യജമായ അനുഭവമാണ്.

വാക്യം 6-8:- സിംഹാസനത്തിന്റെ മുമ്പില്‍ പളുങ്കിനൊത്ത കണ്ണാടിക്കടല്‍. സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലുജീവികള്‍. അവയ്ക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു. ഒന്നാം ജീവി സിംഹത്തിനു സദൃശം. രണ്ടാംജീവി കാളെക്കുസദൃശം. മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്. നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം. നാലു ജീവികളും ഓരോന്നിനും ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വ്വശക്തിയുള്ള കര്‍ത്താവായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് അവര്‍ രാപ്പകല്‍ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.

സിംഹം മൃഗങ്ങളുടെ രാജാവാണ്, കാള കന്നുകാലികളുടേയും. കഴുകന്‍ പറവകളുടെ രാജാവാണെങ്കില്‍ മനുഷ്യന്‍ സൃഷ്ടികളുടെ മുഴുവന്‍ രാജാവാണ്. ഈ നാലുജീവികളും സ്വര്‍ഗീയ കെരൂബുകളെ പ്രതിനിധാനം ചെയ്യുന്നു. ഈ വേദഭാഗത്തെ യെഹസ്‌ക്കേല്‍ 1:4-20, 10:20 എന്നീ ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വ്യക്തമാകും. അവിടെ നാം വായിക്കുന്നത് കെരൂബുകള്‍ക്ക് ഓരോന്നിനും ചുവടെ ഭൂമിയില്‍ ചക്രങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. കെരൂബുകള്‍ പോകുമ്പോള്‍ ചക്രവും കൂടെത്തന്നെപോകും. ആത്മാവു പോകുന്ന അതേദിശയിലാണ് ചക്രങ്ങളും പോകുന്നത് എന്നും നാം വായിക്കുന്നു. ഭൂമിയിലെ സംഭവങ്ങളെയും സാഹചര്യങ്ങളേയുമാണ് ഈ ചക്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഈ കാഴ്ച ഒരു സത്യം വ്യക്തമാക്കുന്നു:”നമ്മുടെ സാഹചര്യങ്ങള്‍ ചക്രങ്ങളെപ്പോലെ വിവിധദിശകളിലേക്കു തിരിയുന്നതായി തോന്നുമെങ്കിലും സത്യത്തില്‍ അവ ഓരോന്നും ദൈവത്തിന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണ്”. നമ്മുടെ സാഹചര്യം പോകേണ്ട ദിശ നിര്‍ണ്ണയിക്കുന്നത് ദൈവം മാത്രമാണ്.
ദൈവമഹത്വത്തിന്റെ സംരക്ഷകരാണ് കെരൂബുകള്‍. യിസ്രായേല്‍ പാപം ചെയ്തതുമൂലം ദൈവമഹത്വം യിസ്രായേലിനെ വിട്ടുപോകുന്നതാണ് യെഹസ്‌കേലിന്റെ പുസ്തകം പ്രതിപാദിക്കുന്നത്. ”എന്നാല്‍ യഹോവയുടെ മഹത്വം കെരൂബിന്മേല്‍ നിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മറപ്പടിക്കു മീതെനിന്നു. ആലയം മേഘം കൊണ്ടു നിറഞ്ഞിരുന്നു. പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു” (യെഹ. 10:4). തുടര്‍ന്ന് പതിനെട്ടാം വാക്യത്തില്‍ യഹോവയുടെ മഹത്വം ഉമ്മറപ്പടി വിട്ടു പുറപ്പെട്ടു എന്നും നാം വായിക്കുന്നു.

ആദമിനെയും ഹവ്വയേയും ഏദെന്‍ തോട്ടത്തില്‍നിന്നു പുറത്താക്കിയതിനെക്കുറിച്ച് ഉല്പ. 3:24ല്‍ നാം കാണുന്നു: ”ഇങ്ങനെ അവന്‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു. ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന്‍ അവന്‍ ഏദെന്‍തോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്നവാളിന്റെ ജ്വാലയുമായി നിര്‍ത്തി”. ജീവന്റെ വൃക്ഷത്തില്‍ പാപികള്‍ പങ്കുകാരാകാതിരിക്കാനാണ് കെരൂബുകള്‍ വാളിന്റെ ജ്വാലയുമായി നിന്നത്. അവസാനം ആ വാള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാല്‍വറിക്രൂശില്‍ പതിച്ച് ഇപ്പോള്‍ ജീവവൃക്ഷത്തിങ്കലേക്കുളള പാത തുറന്നിരിക്കുകയാണ്. ദൈവത്തിന്റെ ന്യായവിധി നാം ജഡത്തില്‍ ഏറ്റുവാങ്ങിയാല്‍, അവിടുത്തെ വാൾ നമ്മുടെ ജഡത്തില്‍ പതിക്കുവാന്‍ നാം അനുവദിച്ചാല്‍, ഇന്നു നമുക്കും ജീവവൃക്ഷത്തിന്റെ പങ്കുകാരാകുവാന്‍ കഴിയും. ആദ്യം ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടാതെ ദൈവിക ജീവനിലേക്കു കടക്കുക അസാധ്യമാണ്.

ദൈവമഹത്വത്തേയും അവിടുത്തെ വിശുദ്ധിയേയും സംരക്ഷിക്കാനായി ഇന്നു കര്‍ത്താവിന്റെ യഥാര്‍ത്ഥദാസന്‍മാര്‍ കെരൂബുകളെപ്പോലെ തിരിയുന്ന വാളിന്റെ ജ്വാലയുമായി സഭകളില്‍ നിലയുറപ്പിച്ചിരിക്കുന്നു.

ഈ കെരൂബുകള്‍ ‘പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍’ എന്നിങ്ങനെ രാപ്പകല്‍ ആര്‍ത്തുകൊണ്ടിരിക്കുന്നു.

‘സൈന്യങ്ങളുടെ യഹോവ ‘പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍’ എന്ന് സ്വര്‍ഗത്തില്‍ ആര്‍ത്തുകൊണ്ടിരിക്കുന്ന സാറാഫുകളെ യെശയ്യാവും ദര്‍ശനത്തില്‍ കാണുകയുണ്ടായി (യെശ. 6:1 – 3). ആറു ചിറകില്‍ രണ്ടെണ്ണം മാത്രമാണ് സാറാഫുകള്‍ പറക്കുവാനായി ഉപയോഗിക്കുന്നത്. മറ്റു നാലു ചിറകുകൊണ്ട് അവ മുഖം മൂടി കര്‍ത്താവിനെ ആരാധിക്കുകയാണ്. ഈ സാറാഫുകള്‍ ഒരിക്കലും പാപം ചെയ്തിട്ടില്ല. എന്നിട്ടും ദൈവസന്നിധിയില്‍ വരുമ്പോള്‍ അവര്‍ മുഖം മൂടേണ്ടിയിരിക്കുന്നു. എങ്കില്‍ ഞാനും നിങ്ങളും എത്ര അധികമായി ഇതു ചെയ്യേണ്ടതുണ്ട്?

ഇങ്ങനെ ഒരു ദൈവത്തെയാണു നാം ആരാധിക്കുന്നത്. സ്വര്‍ഗ്ഗത്തിലെ മുഖ്യവിഷയം വിശുദ്ധിയാണ്-അതു കെരൂബുകളായാലും സാറാഫുകളായാലും. അതുകൊണ്ടാണ് വിശുദ്ധിയില്‍ ജീവിക്കാത്ത ഒരുവന്‍ സ്വയം ‘ക്രിസ്ത്യാനി’ എന്നു വിശേഷിപ്പിക്കുമ്പോള്‍ അത് തികച്ചും അപഹാസ്യമായിരിക്കുന്നത്.

വാക്യം 9-11: ”എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തില്‍ ഇരിക്കുന്നവന് ആ ജീവികള്‍ മഹത്വവും, ബഹുമാനവും, സ്‌തോത്രവും കൊടുക്കുമ്പോഴൊക്കേയും ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുമ്പില്‍ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്‌കരിച്ചു. കര്‍ത്താവേ, നീ സര്‍വ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍ എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനു മുമ്പില്‍ ഇടും”

തങ്ങളുടെ കിരീടങ്ങളെ ദൈവത്തിന്റെ മുമ്പാകെ വേഗത്തില്‍ ഇടുവാന്‍ 24 മൂപ്പന്മാരും സദാ തയ്യാറാണ്.മറ്റൊരു വിധത്തില്‍ ചിന്തിച്ചാല്‍ അവര്‍ ഇങ്ങനെയാണു പറയുന്നത്. ”കര്‍ത്താവേ, ഞങ്ങളുടെ തലയില്‍ കിരീടങ്ങള്‍ ഉണ്ടെങ്കില്‍ അത് അവിടുന്ന് തന്നതാണ്. അതുകൊണ്ട് ഞങ്ങളത് അങ്ങേയ്ക്കു മടക്കി നല്‍കുന്നു”.

ദൈവം നമുക്ക് സഭയില്‍ എന്തെങ്കിലും സ്ഥാനമോ അധികാരമോ നല്‍കുമ്പോള്‍ അതു നമുക്കു പുകഴുവാനുള്ളതല്ല. ദൈവം നമ്മുടെ തലയില്‍ ഏതെങ്കിലും കിരീടം വച്ചാല്‍, അവിടുന്നു മാത്രമാണ് എല്ലാ ബഹുമാനത്തിനും യോഗ്യന്‍ എന്നംഗീകരിച്ചുകൊണ്ട്, അതിനെ അവിടുത്തെ പാദപീഠത്തില്‍ ഇടുക. നമ്മുടെ അധികാരമോ വരങ്ങളോ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിന് പിന്നിലുള്ള ആത്മാവ് നരകത്തിന്റേതാണ്.

”കര്‍ത്താവേ, നീ…..മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍” എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ സ്വര്‍ഗ്ഗത്തില്‍ തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പില്‍ ഇടുന്നത്.

നാം ഒരിക്കലും മറക്കരുതാത്ത മറ്റൊരു കാര്യവും മൂപ്പന്മാര്‍ തങ്ങളുടെ പാട്ടിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിതാണ്: തന്റെ ഇഷ്ടം മൂലമാണു ദൈവം നമ്മെ സൃഷ്ടിച്ചത്. നമ്മുടെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം ചെയ്യുമ്പോഴാണ് നാം നമ്മുടെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം നിറവേറ്റുന്നത്.

അദ്ധ്യായം 5

വാക്യം 1-2: ”ഞാന്‍ സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ വലങ്കയ്യില്‍ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാല്‍ മുദ്രയിട്ടൊരു പുസ്തകം കണ്ടു. ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യന്‍ ആരുള്ളു എന്ന് അത്യുച്ചത്തില്‍ ഘോഷിക്കുന്ന ശക്തനായൊരു ദൂതനേയും കണ്ടു.”

ഇവിടെ ദൈവം ഒരു പുസ്തകം (ഒരു ചുരുള്‍) പിടിച്ചിരിക്കുന്നതായി നാം കാണുന്നു. ചുരുള്‍ എന്നു പറയുന്നത് നീണ്ട ഒരു ചര്‍മ്മലിഖിതമാണ്. ചുരുള്‍ നിവര്‍ത്തിയാല്‍ മാത്രമേ അതു വായിക്കാന്‍ കഴിയുകയുള്ളു.

ചുരുള്‍ എന്തിന്റെ പ്രതീകമാണെന്ന് അറിയണമെന്നുണ്ടെങ്കില്‍ നാം പഴയനിയമം പരിശോധിക്കേണ്ടതുണ്ട്. ലേവ്യപുസ്തകം 25:24,25ല്‍ നാം വായിക്കുന്നു:”നിങ്ങളുടെ അവകാശമായ ദേശത്തൊക്കേയും നിലത്തിനു വീണ്ടെടുപ്പു സമ്മതിക്കേണം. നിന്റെ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്നു തന്റെ അവകാശത്തില്‍ ഏതാനും വിറ്റാല്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്‍ വന്നു സഹോദരന്‍ വിറ്റതു വീണ്ടുകൊളേളണം.”

ഒരുവന്‍ ദരിദ്രനായിത്തീര്‍ന്നു തന്റെ അവകാശനിലം വില്ക്കാന്‍ മുതിര്‍ന്നാല്‍ അവന്റെ അടുത്ത ബന്ധു അവനുവേണ്ടി അതു വാങ്ങണം എന്നൊരു നിയമം യിസ്രായേലില്‍ ഉണ്ടായിരുന്നു. ‘നിലത്തിന്റെ വീണ്ടെടുപ്പ്’ എന്നാണ് അതറിയപ്പെട്ടിരുന്നത്. ഇതു നമുക്ക് എങ്ങനെയാണു പ്രസക്തമായിരിക്കുന്നത്?

ആദാമിനു ദൈവം ഈ മുഴുവന്‍ ഭൂമിയും നല്‍കി. ഇതിനെ ഭരിക്കുവാനും കീഴടക്കുവാനും അവനോടു കല്പിച്ചു. എന്നാല്‍ ആദാം അത് അനുസരിക്കാതെ ദരിദ്രനായിത്തീര്‍ന്നു. ഇങ്ങനെ അവന്‍ ഈ ഭൂമിയുടെ ആധാരം സാത്താനു കൈമാറി. സാത്താന്‍ ഭൂമിയുടെ അധികാരിയായത് ഇങ്ങനെയാണ്.

മരുഭൂമിയില്‍ സാത്താന്‍ യേശുവിനെ പരീക്ഷിച്ചപ്പോള്‍ ഈ ലോകത്തിന്റെ മഹത്വം മുഴുവന്‍ അവന്‍ കര്‍ത്താവിനെ കാണിച്ചശേഷം ഇങ്ങനെ പറഞ്ഞു ”ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം. അത് എങ്കല്‍ ഏല്പിച്ചിരിക്കുന്നു”. (ലൂക്കോ 4:6) ആരാണ് അത് അവനെ ഏല്പിച്ചത്? ആദാം.

ദൈവം മനുഷ്യനു നല്‍കിയ പല ദാനങ്ങളും അവന്‍ ഇന്ന് സാത്താനെ ഏല്പിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് ദൈവം മനുഷ്യനു പണവും ആരോഗ്യവും നല്‍കുന്നു. എന്നാല്‍ അതുപയോഗിച്ച് സ്വാര്‍ത്ഥസുഖങ്ങളില്‍ മുഴുകുവാന്‍ അവന്‍ അതു സാത്താനെ ഏല്പിച്ചിരിക്കുന്നു.

ആദാം സാത്താനെ ഏല്പിച്ച ഈ ഭൂമിയെ ഇനി വീണ്ടെടുക്കേണ്ടതുണ്ട്.

പക്ഷേ നാം ലേവ്യപുസ്തകം 25ല്‍ വായിച്ചത് അടുത്ത ബന്ധുവിന്, ചാര്‍ച്ചക്കാരന്, മാത്രമേ അതു വീണ്ടെടുക്കാനാവൂ എന്നാണ്. അതുകൊണ്ടാണ് യേശു ഒരു മനുഷ്യനായി വന്നത്. ഇങ്ങനെ മാത്രമേ അവിടുത്തേക്ക്, നമ്മുടെ ചാര്‍ച്ചക്കാരനും വീണ്ടെടുപ്പുകാരനും ആയിത്തീര്‍ന്ന് ഈ ഭൂമിയെ വീണ്ടെടുത്ത് ദൈവത്തെ ഏല്പിക്കുവാന്‍ കഴിയുമായിരുന്നുളളു.

യിരെമ്യാവ് 32:6 -9ല്‍ ഈ നിയമപ്രകാരം യിരെമ്യാവ് തന്റെ ബന്ധുവിന്റെ ഒരു നിലം വാങ്ങുന്നതിനെക്കുറിച്ചു വായിക്കുന്നു. അവന്‍ പണംകൊടുത്ത് ആധാരത്തില്‍ ഒപ്പിട്ടു. തുടര്‍ന്ന് ആധാരച്ചുരുള്‍ ചുരുട്ടി മുദ്രവയ്ക്കുന്നു. (യിരെ. 32:10).

വെളിപ്പാട് അഞ്ചാം അധ്യായത്തിലും വായിക്കുന്നത് ഇത്തരം ഒരു ചുരുളിനെക്കുറിച്ചാണ് – ഭൂമിയുടെ ആധാരപത്രം. ദൂതന്‍ ചോദിക്കുന്നു അതിനെ വീണ്ടെടുപ്പാന്‍ ആരാണു യോഗ്യന്‍?

ഇത്തരം വീണ്ടെടുപ്പിന്റെ മറ്റൊരു ചിത്രം രൂത്തിന്റെ പുസ്തകത്തില്‍ കാണാം. മോവാബില്‍ വച്ച് ഒരു യഹൂദനെ വിവാഹം ചെയ്ത ഒരു ജാതീയ സ്ത്രീയായിരുന്നു രൂത്ത്. ഭര്‍ത്താവു മരിച്ചപ്പോള്‍ അവള്‍ തന്റെ അമ്മാവിയമ്മയായ നവോമിയോടൊത്ത് യിസ്രായേലിലേക്കു വന്നു. അവര്‍ ഇരുവരും ദരിദ്രരായിരുന്നു. അതുകൊണ്ട് രൂത്തിന്റെ പരേതനായ ഭര്‍ത്താവിന്റെ അവകാശം ആരെങ്കിലും വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. അടുത്ത ചാര്‍ച്ചക്കാരില്‍ ഒരുവനായ ബോവസിനായിരുന്നു അതു വീണ്ടെടുപ്പാന്‍ കഴിയുമായിരുന്നത്. അതുകൊണ്ട് രൂത്ത് ബോവസിനോടു ചോദിക്കുന്നു ”എനിക്കുവേണ്ടി അതു വീണ്ടെടുപ്പാന്‍ അങ്ങേയ്ക്കു കഴിയുമോ?”

ഒരു മനുഷ്യന്‍, ഭാര്യയെ അനാഥയാക്കി മരിച്ചുപോയാല്‍ തന്റെ സഹോദരന്‍ അവളെ വീണ്ടെടുക്കണമെന്നും നിയമം അനുശാസിക്കുന്നു (ആവ.25:8-10). അതുകൊണ്ട് ബോവസ് നിലം വീണ്ടെടുക്കാനും രൂത്തിനെ വിവാഹം കഴിപ്പാനും ബാധ്യസ്ഥനായിരുന്നു. എന്നാല്‍ രൂത്ത് തന്നെ സമീപിച്ചപ്പോള്‍ ബോവസ് പറഞ്ഞു ”എന്നേക്കാള്‍ അടുത്ത ഒരു ചാര്‍ച്ചക്കാരന്‍ നിങ്ങള്‍ക്കുണ്ട്. ആദ്യം അവനോട് നമുക്ക് ഇക്കാര്യം ചോദിക്കാം. അവന്‍ നിലം വീണ്ടെടുക്കാനും നിന്നെ വിവാഹം ചെയ്യാനും തയ്യാറില്ലെങ്കില്‍ ഞാന്‍ അതു ചെയ്യാം”. അങ്ങനെ ബോവസ് മറ്റെ ചാര്‍ച്ചക്കാരനോട് ഇക്കാര്യം പറഞ്ഞു. പക്ഷേ അവന്‍ വിസമ്മതിച്ചു. ഒടുവില്‍ ബോവസ് തന്നെ രൂത്തിനെ വീണ്ടെടുത്തു.

ദരിദ്രയും വീണ്ടെടുപ്പു വേണ്ടവളുമായ രൂത്ത് സഭയ്ക്കു നിഴലാണ്. ആദ്യത്തെ ചാര്‍ച്ചക്കാരന്, ന്യായപ്രമാണത്തിന്, നമ്മെ വീണ്ടെടുപ്പാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ബോവസിനെ പ്രതിനിധാനം ചെയ്യുന്ന ക്രിസ്തു നമ്മെ വീണ്ടെടുക്കുകയും വിവാഹം ചെയ്യുകയുമാണ്. റോമര്‍ 7:4 അതാണു പറയുന്നത് ”സഹോദരന്മാരെ നിങ്ങള്‍ മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റവന് ആകേണ്ടതിന് (വിവാഹം ചെയ്യേണ്ടതിന്) ന്യായപ്രമാണ സംബന്ധമായി മരിച്ചിരിക്കുന്നു”.

വാക്യം 3-5: ”പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കുകീഴിലും ആര്‍ക്കും കഴിഞ്ഞില്ല. പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ട് ഞാന്‍ ഏറ്റവും കരഞ്ഞു. അപ്പോള്‍ മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോട്: കരയേണ്ട, യഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവന്‍ പുസ്തകവും അതിന്റെ ഏഴു മുദ്രയും തുറപ്പാന്‍ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.”

ഭൂമിയുടെ വീണ്ടെടുപ്പിന്റെ പുസ്തകവും അതിന്റെ മുദ്രയും തുറപ്പാന്‍ കഴിവും യോഗ്യതയും ഉള്ളവരായി ആരേയും കണ്ടില്ല. ദൈവത്തിന്റെ ന്യായപ്രമാണത്തിനും അതു കഴിഞ്ഞില്ല. മനുഷ്യന്‍ നഷ്ടമാക്കിയ ഭൂമിയെ വീണ്ടെടുപ്പാന്‍ ആരേയും കാണാത്തതുകൊണ്ട് യോഹന്നാന്‍ കരഞ്ഞു.

അവന്‍ ഏറ്റവും കരഞ്ഞു-കാരണം പുസ്തകം തുറപ്പാന്‍ യോഗ്യരായി ആരേയും കണ്ടില്ല. ഈ പാവം ‘പെണ്‍കുട്ടി’യുടെ നഷ്ടപ്പെട്ട സ്വത്തുക്കള്‍ വീണ്ടെടുപ്പാനോ ‘അവളെ’ വിവാഹം ചെയ്യുവാനോ ഒരു ചാര്‍ച്ചക്കാരനും മുന്നോട്ടുവരുന്നില്ല.

അപ്പോഴിതാ മൂപ്പന്മാരില്‍ ഒരുവന്‍ യോഹന്നാനെ ഒരു സന്തോഷ വാര്‍ത്ത അറിയിക്കുന്നു- യഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവന്‍ യോഗ്യനാണ്. യേശു, ദാവീദിന്റെ വേരായവന്‍, ദാവീദിന്റെ വംശവുമായി മാറി (വെളി. 22:16). യേശു മനുഷ്യനായി വന്ന് നമ്മുടെ അടുത്തചാര്‍ച്ചക്കാരനായിത്തീര്‍ന്ന് നമ്മേയും ഈ ഭൂമിയേയും വീണ്ടെടുത്തു.

അതുകൊണ്ട് സുവിശേഷത്തിന്റെ സന്ദേശം ഇതാണ്:”കരച്ചില്‍ നിര്‍ത്തുക! മനുഷ്യനായി, നിന്റെ അടുത്ത ബന്ധുവായി, ഒരുവന്‍ വന്നിരിക്കുന്നു-നിന്നെ വീണ്ടെടുപ്പാന്‍ തക്കവണ്ണം നിന്നെ സ്‌നേഹിച്ചവന്‍”.

അവിടുന്ന് മനുഷ്യനായി വന്നിരുന്നില്ലെങ്കില്‍ നമ്മുടെ ഏറ്റവും അടുത്ത ബന്ധുവായിത്തീരുവാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് യേശുക്രിസ്തു ദാവീദിന്റെ സന്തതിയായി ജനിച്ചു എന്ന സത്യമാണ് സുവിശേഷത്തിന്റെ ഏറ്റവും അവശ്യഘടകമെന്നു പൗലോസ് പറയുന്നത് (റോമര്‍ 1:5,2തിമൊ. 2:8). അതുകൊണ്ടാണ് യേശു യോഗ്യത നേടിയതും അവര്‍ അവിടുത്തേക്ക് ഒരു പുതിയപാട്ടു പാടിയതായി വെളിപ്പാട് അഞ്ചാം അധ്യായത്തിന്റെ തുടര്‍ന്നുളള ഭാഗങ്ങളില്‍ നാം കാണുന്നതും.

വാക്യം 6,7: ഞാന്‍ സിംഹാസനത്തിന്റേയും നാലുജീവികളുടേയും നടുവിലും മൂപ്പന്മാരുടെ മധ്യത്തിലും ഒരു കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു. അതിന് ഏഴു കൊമ്പും സര്‍വ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴുദൈവാത്മാക്കള്‍ ആയ ഏഴുകണ്ണും ഉണ്ട്. അവന്‍ വന്നു സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ വലങ്കയ്യില്‍ നിന്നു പുസ്തകം വാങ്ങി.

സിംഹത്തെ കാണാനായി യോഹന്നാന്‍ തിരിഞ്ഞപ്പോള്‍ അവന്‍ കണ്ടത് ഒരു കുഞ്ഞാടിനെയാണ്-അറുക്കപ്പെട്ടതുപോലെ നില്ക്കുന്ന ഒരു കുഞ്ഞാട്. ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിന്റെ പ്രതീകം. ദൈവത്തിനും മനുഷ്യര്‍ക്കും മധ്യേ ഒരേഒരു മധ്യസ്ഥനായി അവിടുന്നു നില്ക്കുന്നു.

സാത്താനും പാപത്തിനും ലോകത്തിന്റെ ആത്മാവിനും (അതെവിടെ കാണുമോ അവിടെ) എതിരേ യേശു എപ്പോഴും ഒരു സിംഹം പോലെയാണ്. അതിനെതിരേ യുദ്ധം ചെയ്യുന്നു, ചെറുത്തുനില്ക്കുന്നു. എന്നാല്‍ ആളുകള്‍ക്കുനേരേ തിരിയുമ്പോള്‍ അവിടുന്ന് എപ്പോഴും കുഞ്ഞാടുപോലെയാണ്. ആളുകള്‍ക്ക് ഉപദ്രവിക്കാം, നിന്ദിക്കാം, മോശമായി പെരുമാറാം. അവിടുന്ന് ഒന്നും പകരം ചെയ്യുകയില്ല.

ലോകത്തില്‍ ഇതിന്റെ നേരേ എതിരാണു നാം കാണുന്നത്. ആളുകള്‍ പിശാചിനോട് കുഞ്ഞാടിനെപ്പോലെയാണു പെരുമാറുന്നത്-അവനെ പേടിക്കുന്നു, അവനു കീഴടങ്ങുന്നു, പാപത്തിനു വഴങ്ങുന്നു. എന്നാല്‍ ആളുകള്‍ അന്യോന്യം പെരുമാറുന്നതു സിംഹത്തെപ്പോലെയാണ്-പരസ്പരം പൊരുതുന്നു, കടിച്ചുകീറുന്നു. ഇത് എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ്-ക്രിസ്തുവിനു നേരേ എതിര്.

കുഞ്ഞാട് എന്ന വാക്കാണു യേശുക്രിസ്തുവിന്റെ പേരായി വെളിപ്പാടുപുസ്തകത്തില്‍ മിക്കവാറും കാണുന്നത്. യോഹന്നാന്‍സ്‌നാപകന്‍ യേശുവിനെ ചൂണ്ടിപറഞ്ഞു ”കണ്ടാലും ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോഹ. 1:29).

കുഞ്ഞാടിന്റെ ഏഴുകൊമ്പുകള്‍ ‘സകല അധികാരത്തേയും’ കുറിക്കുന്നു. ഏഴ്, പൂര്‍ണ്ണമായ സംഖ്യയാണ്-കൊമ്പുകളാകട്ടെ ‘അധികാരവും ശക്തിയും’. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും നമ്മുടെ കര്‍ത്താവിനു നല്കപ്പെട്ടിരിക്കുന്നു.

ഏഴു കണ്ണുകള്‍ വീണ്ടും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഏഴുമടങ്ങിനെ കാണിക്കുന്നു. ഇത് അവിടുത്തെ പൂര്‍ണ്ണമായ വിവേചനത്തെക്കുറിച്ചു സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ മറ്റൊരു പ്രതീകമാണ്.

ഈ ഏഴുകണ്ണുകളും സര്‍വ്വഭൂമിയിലേക്കും അയച്ചിരിക്കുന്നുവെന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. എന്തിനുവേണ്ടി ? 2ദിന. 16:9ല്‍ നാം അതിന്റെ ഉത്തരം കണ്ടെത്തുന്നു. ”അവരുടെ ഹൃദയം പൂര്‍ണ്ണമായും തന്റേതായിരിക്കുന്നവരെ ശക്തമായി പിന്തുണയ്ക്കുന്നതിനുവേണ്ടി അവിടുത്തെ കണ്ണുകള്‍ (ഏഴ് ഇരട്ടി പരിശുദ്ധാത്മാവ്) ഭൂമി മുഴുവന്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു”. നമ്മുടെ ഹൃദയം പൂര്‍ണ്ണമായും അവിടുത്തേതാണെങ്കില്‍ പരിശുദ്ധാത്മാവു നമ്മെ ശക്തിയോടെ സഹായിക്കുന്നതിനായി ഭൂതലത്തിലെങ്ങും പ്രവര്‍ത്തിക്കുന്നു. ഈ സത്യം അംഗീകരിക്കേണ്ടത് ഭാവിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാം ഇതു കണ്ടുകഴിഞ്ഞാല്‍ പിന്നെ സാക്ഷാല്‍ പിശാചുതന്നെ നമ്മെ എതിര്‍ത്താലും നാം ഭയപ്പെടുകയില്ല.

തുടര്‍ന്നു വായിക്കുന്നത് ‘അവന്‍ വന്നു സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ വലങ്കയ്യില്‍ നിന്നു പുസ്തകം വാങ്ങി’ എന്നാണ് (ഏഴാം വാക്യം). ആ അധികാരം ശ്രദ്ധിക്കുക-പിതാവിന്റെ അടുക്കലേക്കു നേരെ ചെന്ന് അവിടുത്തെ കയ്യില്‍നിന്ന് തന്നെ പുസ്തകം വാങ്ങുക. ഏതു മനുഷ്യന് ഇതു ചെയ്യുവാന്‍ കഴിയും? നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുവിനു മാത്രം.

ദൈവത്തില്‍ മൂന്നു വ്യക്തികളില്ല, ഒരേഒരു വ്യക്തി മാത്രമേ ഉള്ളുവെന്നു പഠിപ്പിക്കുന്ന ചില ‘ക്രിസ്തീയ’ സംഘങ്ങളുണ്ട്. അതുകൊണ്ട് അവര്‍ ‘യേശുവിന്റെ നാമത്തില്‍ മാത്രം’ സ്‌നാനപ്പെടുത്തുന്നു. പിതാവും പുത്രനും രണ്ടു പ്രത്യേക വ്യക്തിത്വങ്ങളാണെന്ന സത്യത്തെ മറയ്ക്കുന്ന സാത്താന്റെ വഞ്ചനയാണിത്. ഇതു മൂലം ആത്യന്തികമായി സംഭവിക്കുന്നത് നമുക്ക് ഒരു മധ്യസ്ഥന്‍ ഇല്ലാതാകുന്നു എന്നാണ് (1തിമൊ. 2:5 കാണുക)

പക്ഷെ ഇവിടെ നാം കാണുന്നത് പിതാവ് സിംഹാസനത്തില്‍ ഇരിക്കുന്നു. യേശു വന്ന് പിതാവിന്റെ കയ്യില്‍നിന്നു പുസ്തകം വാങ്ങുന്നു. തനിക്ക് അതിനുള്ള അവകാശമുണ്ടെന്നാണ് അതു തെളിയിക്കുന്നത്-ദൈവത്തിനും മനുഷ്യര്‍ക്കും മധ്യേ നില്ക്കുന്ന ഒരേയൊരു മധ്യസ്ഥന്‍ എന്ന നിലയില്‍.

ഈ പുസ്തകച്ചുരുളിനെക്കുറിച്ച് യെഹ. 2:9,10 വാക്യങ്ങളില്‍ നാം കൂടുതല്‍ കാര്യങ്ങള്‍ കാണുന്നു. ”ഒരു പുസ്തകച്ചുരുള്‍……….അതില്‍ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു. വിലാപങ്ങളും സങ്കടവും കഷ്ടവും അതില്‍ എഴുതിയിരുന്നു”. ധാരാളം ന്യായവിധികളാണ് ആ പുസ്തകച്ചുരുളില്‍ എഴുതിയിരുന്നത്. സെഖര്യാവും ഒരു ചുരുള്‍ ദര്‍ശനത്തില്‍ കണ്ടു. ദൈവകല്പന ആളുകള്‍ അനുസരിക്കാതിരുന്നതുകൊണ്ട് ദൈവത്തിന്റെ ശാപം സര്‍വ്വദേശത്തിലേക്കും പുറപ്പെടുന്നതിനെയാണ് അതു കുറിക്കുന്നത് (സെഖ. 5:1-3). പത്തുകല്പനകളില്‍ പ്രത്യേകിച്ച് രണ്ടു കല്പനകള്‍ അനുസരിക്കാതിരിക്കുന്നതിനെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. (1) മോഷ്ടിക്കരുത് (2) കര്‍ത്താവിന്റെ നാമം വൃഥാ എടുക്കരുത്. മോഷ്ടിച്ച എല്ലാവരേയും പുസ്തകച്ചുരുളിന്റെ പുറത്തുള്ള എഴുത്തിന്റെ വെളിച്ചത്തില്‍ ന്യായം വിധിക്കും. അതുപോലെ കര്‍ത്താവിന്റെ നാമം വൃഥാ എടുത്തവരെല്ലാം പുസ്തകച്ചുരുളിന്റെ അകത്തുള്ള എഴുത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കപ്പെടും.

പത്തുകല്പനകളെ ദൈവം രണ്ടു കല്പലകകളിലാണ് എഴുതികൊടുത്തത്. ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിക്കുന്ന ആദ്യത്തെ നാലു കല്പനകള്‍ ഒരു കല്പലകയിലും, മറ്റു മനുഷ്യരുമായുള്ള ബന്ധത്തെക്കുറിക്കുന്ന ആറുകല്പനകള്‍ മറ്റേ കല്പലകയിലും എഴുതി. കര്‍ത്താവിന്റെ നാമം വൃഥാ എടുത്തപ്പോള്‍ ഒരു കല്പലകയിലേയും, മോഷ്ടിച്ചപ്പോള്‍ മറ്റേ കല്പലകയിലേയും ഓരോ കല്പനകള്‍ ലംഘിക്കുകയായിരുന്നു. അതുകൊണ്ട് അകത്തും പുറത്തും എഴുത്തുള്ള പുസ്തകച്ചുരുള്‍ മനുഷ്യന്‍ ലംഘിച്ച പത്തുകല്പനകളേയും ദൈവത്തിന്റെ ന്യായവിധി മനുഷ്യരാശിയുടെ മേല്‍ വീഴേണ്ടതിന്റെ ആവശ്യകതയേയും കുറിക്കുന്നു.

ഏഴുമുദ്രകള്‍ ഒന്നൊന്നായി പൊട്ടിക്കുമ്പോള്‍ ദൈവകല്പനകളെ ലംഘിച്ചതിനുള്ള ശിക്ഷ മനുഷ്യരുടെ മേല്‍ പതിക്കുന്നതു നമുക്കു കാണുവാന്‍ കഴിയും.

അതുകൊണ്ട് ‘ഈ പുസ്തകം വാങ്ങുവാനും ഇതിന്റെ മുദ്രപൊട്ടിപ്പാനും യോഗ്യന്‍ ആരുള്ളൂ?’ എന്ന ചോദ്യത്തെ (രണ്ടാം വാക്യം) ‘ദൈവകല്പനകളെ ലംഘിച്ച മനുഷ്യരാശിയുടെ മേല്‍ ശിക്ഷാവിധിനടത്താന്‍ ആരാണു യോഗ്യന്‍?’ എന്ന ചോദ്യമായി കാണേണ്ടിയിരിക്കുന്നു.

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ പരീശന്മാര്‍ യേശുവിന്റെ സമീപം കൊണ്ടുവന്നപ്പോള്‍, അവിടുന്ന് അവരോട് ഏറെക്കുറെ സമാനമായ ഒരു ചോദ്യം ചോദിച്ചു ”ഇവളെ കല്ലെറിയാന്‍ ആരാണു യോഗ്യന്‍?” (യോഹ. 8:1-11).

അതുകൊണ്ട് ഇവിടുത്തെ ചോദ്യവും ‘ഈ ലോകത്തെ വിധിപ്പാന്‍ ആരാണു യോഗ്യന്‍?’ എന്നാണ്.
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടെ കാര്യത്തില്‍, പാപരഹിതനായ യേശു മാത്രമായിരുന്നു അവളെ കല്ലെറിയാന്‍ യോഗ്യന്‍. പക്ഷേ അവിടുന്ന് അതിനു തുനിഞ്ഞില്ല. ‘ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല’ എന്ന് അവിടുന്നു പറഞ്ഞു. യേശു അന്നു വന്നതു കൃപായുഗത്തിനു തുടക്കം കുറിക്കുവാനാണ്. രണ്ടായിരം വര്‍ഷം പിന്നിട്ടിരിക്കുന്ന ഇന്ന് കൃപായുഗം ഏറെക്കുറെ തീരാറായിരിക്കുന്നു. ഈ ദിവസങ്ങളിലൊന്നില്‍ അതേ യേശുതന്നെ ഈ ലോകത്തെ ന്യായംവിധിപ്പാന്‍ വരും.

പുസ്തകത്തിന്റെ മുദ്രപൊട്ടിക്കുക എന്നതിന്റെ മറ്റൊരര്‍ത്ഥം പുസ്തകത്തിലെഴുതിയിരിക്കുന്നതിനെക്കുറിച്ചു നമുക്കു ബോധ്യം തരിക എന്നതാണ്. മുദ്രയിടപ്പെട്ടിരിക്കുന്ന ഒരു പുസ്തകം നമുക്കു മനസ്സിലാക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ മുദ്രപൊട്ടിച്ച ഒരു പുസ്തകം നമുക്കു മനസ്സിലാക്കുവാന്‍ കഴിയും. യെശ.29:11,12 പറയുന്നു ”അങ്ങനെ നിങ്ങള്‍ക്കു സകലദര്‍ശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങള്‍പോലെ ആയിത്തീര്‍ന്നിരിക്കുന്നു. അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കയ്യില്‍കൊടുത്തു ഇതൊന്നു വായിക്കേണം എന്നുപറഞ്ഞാല്‍ അവന്‍: എനിക്കു വഹിയാ അതിനു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും. അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കയ്യില്‍ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നുപറഞ്ഞാല്‍ അവന്‍: എനിക്കു അക്ഷരവിദ്യയില്ല എന്നു പറയും”. മുദ്രയിടപ്പെട്ട ഒരു പുസ്തകത്തെ സമീപിക്കുമ്പോള്‍ സാക്ഷരനും നിരക്ഷരനെപ്പോലെ മഠയനായി നില്‌ക്കേണ്ടിവരുന്നു!! എന്താണിതിനു കാരണം? 13-ാം വാക്യത്തില്‍ അതിന്റെ ഉത്തരം ഉണ്ട്. കര്‍ത്താവു പറയുന്നു ”ഈ ജനം അടുത്തുവന്ന് വായ്‌കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു. എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര്‍ എങ്കല്‍നിന്നു ദൂരത്ത് അകറ്റിവെച്ചിരിക്കുന്നു”.

വെളിപ്പാടു പുസ്തകത്തെ നാം ഈ മനോഭാവത്തോടെ സമീപിച്ചാല്‍-ഹൃദയം കൊണ്ടല്ലാതെ വായ്‌കൊണ്ടും അധരംകൊണ്ടും അതിന് അടുത്തു വന്നാല്‍-ഇതു നമുക്ക് ഒരു മുദ്രയിടപ്പെട്ട പുസ്തകംപോലെ ഇരിക്കും. ”യഹോവാ ഗാഢനിദ്ര നിങ്ങളുടെ മേല്‍ പകര്‍ന്നു…. അവന്‍ പ്രവാചകന്‍മാര്‍ക്കും നിങ്ങളുടെ ദര്‍ശകന്‍മാരായ തലവന്‍മാര്‍ക്കും മൂടുപടം ഇട്ടിരിക്കുന്നു” (യെശ. 29:10)

യെശയ്യാവിന്റെ കാലത്ത് ഇങ്ങനെയായിരുന്നു. അതുകൊണ്ട് ദൈവവചനം അവര്‍ക്കു മുദ്രയിട്ടൊരു പുസ്തകംപോലെ ആയിത്തീര്‍ന്നു.

അതേസമയം വെളിപ്പാടുപുസ്തകം മുദ്രയിടപ്പെട്ട ഒരു പുസ്തകം അല്ല. ” സമയം അടുത്തിരിക്കയാല്‍ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്”(വെളി. 22:10). ഈ പുസ്തകത്തിന്റെ അര്‍ത്ഥം നമ്മുടെ ദൃഷ്ടിക്ക് അഗോചരമായാല്‍ അതിന്റെ കാരണം നമ്മുടെ ഹൃദയം കര്‍ത്താവില്‍നിന്ന് അകന്നിരിക്കുന്നു എന്നാണ്. തന്റെ ആജന്മദാസന്മാരുടെ കണ്ണുകളെ തുറപ്പാനാണ് ദൈവം വെളിപ്പാടുപുസ്തകം തന്നിരിക്കുന്നത്.

വാക്യം 8: വാങ്ങിയപ്പോള്‍ നാലുജീവികളും ഇരുപത്തിനാലു മൂപ്പന്മാരും ഓരോരുത്തന്‍ വീണയും വിശുദ്ധന്മാരുടെ പ്രാര്‍ത്ഥന എന്ന ധൂപവര്‍ഗ്ഗവും നിറഞ്ഞ പൊന്‍കലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു.

നേരത്തെ നാം കണ്ടത് 24 മൂപ്പന്മാര്‍ പിതാവിന്റെ മുമ്പില്‍ വീഴുന്നതാണ്-(4:10). ഇപ്പോള്‍ അവര്‍ കുഞ്ഞാടിന്റെ മുമ്പാകെ വീഴുന്നു. അവര്‍ ഓരോരുത്തരുടേയും കയ്യില്‍ ധൂപവര്‍ഗ്ഗം (വിശുദ്ധന്മാരുടെ പ്രാര്‍ത്ഥന) നിറഞ്ഞ പൊന്‍കലശവും ഉണ്ട്.

രണ്ടായിരം വര്‍ഷങ്ങളായി വിശുദ്ധന്മാര്‍ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനകളാണ് ഈ പൊന്‍കലശത്തില്‍ ഉള്ളത്. നമ്മുടെ ഓരോ പ്രാര്‍ത്ഥനയും ഈ പൊന്‍കലശത്തിലേക്കു പോകുന്നു. ഒരിക്കല്‍ ആ കലശങ്ങള്‍ നിറയുകയും അവ അവിടുത്തെ മുമ്പില്‍ ചൊരിയുകയും ചെയ്യും. വിശ്വാസികള്‍ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനകളുടെ (പ്രത്യേകിച്ച് ‘അവിടുത്തെ രാജ്യം വരേണമേ’ എന്ന പ്രാര്‍ത്ഥനയുടെ) ആകെത്തുകയാണിത്. ഈ ഭൂമിയെ വീണ്ടെടുത്ത് ഇവിടെ അവിടുത്തെ നീതിയുടെ രാജ്യം സ്ഥാപിക്കേണമേ എന്നാണ് ഈ പ്രാര്‍ത്ഥന കര്‍ത്താവിനോട് ആവശ്യപ്പെടുന്നത്.

എപ്പോഴും പ്രാര്‍ത്ഥിപ്പാന്‍ യേശു നമ്മോടു പറഞ്ഞു! പെട്ടെന്ന് ഒന്നും സംഭവിച്ചില്ലെങ്കിലും നമ്മുടെ പ്രാര്‍ത്ഥന ആ പൊന്‍കലശത്തിലേക്കാണു പോകുന്നത്. ഒരിക്കല്‍ ആ കലശം നിറയും-അപ്പോള്‍ കാര്യങ്ങള്‍ സംഭവിപ്പാന്‍ തുടങ്ങുന്നതു നിങ്ങള്‍ കാണും. അതുകൊണ്ടാണ് പ്രാര്‍ത്ഥിക്കേണ്ടതു പ്രധാനപ്പെട്ട കാര്യമായിരിക്കുന്നത്. ദൈവരാജ്യത്തിന്റെ വരവിനായി പ്രത്യേകിച്ചും നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ശാരീരിക സൗഖ്യത്തിനുവേണ്ടിയോ മറ്റോ ഉള്ള പ്രാര്‍ത്ഥനകളേക്കാള്‍ പ്രധാനപ്പെട്ടതാണത്.

ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ കലശം നിറയുകയും അതു കര്‍ത്താവിന്റെ മുമ്പാകെ ചൊരിയപ്പെടുകയും ചെയ്യും. അപ്പോള്‍ ദൈവത്തിന്റെ കാര്യപരിപാടി അനുസരിച്ച് ഈ ഭൂമിയിലെ നടപടികള്‍ അവസാനിപ്പിക്കുന്നതിനു തുടക്കമിടും. വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയുടെ പ്രതികരണമായി ദൈവം പ്രവര്‍ത്തിക്കുന്നതു കാണേണ്ടതു നമ്മെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.

ഈ കലശങ്ങള്‍ ചൊരിയുമ്പോള്‍ അവര്‍ എന്താണു പാടുന്നത്?

വാക്യം 9,10: പുസ്തകം വാങ്ങുവാനും അതിന്റെ മുദ്രപൊട്ടിപ്പാനും നീ യോഗ്യന്‍; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങി. ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു. അവര്‍ ഭൂമിയില്‍ വാഴുന്നു എന്നൊരു പുതിയപാട്ട് അവര്‍ പാടുന്നു.

അവര്‍ പുതിയ പാട്ടു പാടുന്നു എന്നുപറഞ്ഞാല്‍ ‘നീ യോഗ്യന്‍’ എന്ന് അവര്‍ ഓരോ തവണ പാടുമ്പോഴും അതു പുതുമയുള്ളതാണ് എന്ന് അര്‍ത്ഥം!

നമ്മെ സംബന്ധിച്ചിടത്തോളം ഇതെങ്ങനെയാണ്? നാം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ഓരോ ദിവസവും ക്രൂശിന്റെ പാതയില്‍ നടന്നാല്‍ പിതാവിനേയും പുത്രനേയും ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന ഓരോ തവണയും അതു നമുക്കു പുതുതായിരിക്കും.

നമ്മള്‍ ഭൂമിയില്‍ വാഴും എന്നും ഇവിടെ പറഞ്ഞിരിക്കുന്നു. യേശു നമ്മെ രാജാക്കന്മാരും പുരോഹിതന്മാരും ആക്കിയിരിക്കുന്നു. ഇന്നു നാം നമ്മുടെ ആത്മാവില്‍ വാഴുന്നു. ഒരു നാള്‍ നാം നമ്മുടെ ശരീരംകൊണ്ടും ഇതുപോലെ വാഴും.

വാക്യം 11: ”പിന്നെ ഞാന്‍ ദര്‍ശനത്തില്‍ സിംഹാസനത്തിന്റേയും ജീവികളുടേയും മൂപ്പന്മാരുടേയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.”

ഇതിന്റെ അര്‍ത്ഥം സ്വര്‍ഗ്ഗത്തില്‍ കോടാനുകോടി ദൂതന്മാരുണ്ടെന്നാണ്! അതുകൊണ്ട് തന്റെ മക്കളില്‍ ഓരോരുത്തര്‍ക്കുംവേണ്ടി ഒന്നോ ഒന്നിലേറെയോ ദൂതന്മാരെ നിയോഗിപ്പാന്‍ ദൈവത്തിന് ഒരു പ്രയാസവും ഇല്ല.

‘രക്ഷ പ്രാപിക്കുന്നവരുടെ ശുശ്രൂഷയ്ക്ക് അയക്കപ്പെടുന്ന സേവകാത്മാക്കള്‍’ എന്നാണ് ദൂതന്മാരെക്കുറിച്ച് എബ്ര. 1:14ല്‍ വായിക്കുന്നത്. ദൈവം നാം ഓരോരുത്തരുടേയും സഹായത്തിനായി ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അതു വിശ്വസിക്കുമ്പോള്‍ നമുക്കു വളരെ ധൈര്യം ഉണ്ടാകും. ഓരോ കുഞ്ഞിനും, പിതാവിന്റെ മുഖം കാണുന്ന ഒരു ദൂതന്‍ സഹായിയായുണ്ടെന്ന് യേശു പഠിപ്പിച്ചു. പ്രായമാകുമ്പോഴും ആ ദൂതന്മാര്‍ നമ്മെ വിട്ടുപോകയില്ല.

വാക്യം 12: ”അവര്‍ അത്യുച്ചത്തില്‍: അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്‌തോത്രവും ലഭിപ്പാന്‍ യോഗ്യന്‍ എന്നു പറഞ്ഞു.”

പിതാവിനെ ബഹുമാനിക്കുന്നതുപോലെ തന്നെ എല്ലാവരും പുത്രേനയും ബഹുമാനിക്കേണ്ടതുണ്ട്. യേശുക്രിസ്തു ദൈവമാണെന്നും പിതാവിനെ ആരാധിക്കുന്ന അത്രയും തന്നെ അവിടുന്നും ആരാധിക്കപ്പെടേണ്ടതുണ്ടെന്നും ഉള്ള സത്യമാണ് ഇവിടെ സംശയാതീതമായി പ്രസ്താവിച്ചിരിക്കുന്നത്.

വാക്യം 13, 14: സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കുകീഴിലും സമുദ്രത്തിലും ഉള്ള സകലസൃഷ്ടിയും അവയിലുള്ളത് ഒക്കെയും: സിംഹാസനത്തില്‍ ഇരിക്കുന്നവനും കുഞ്ഞാടിനും സ്‌തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാന്‍ കേട്ടു. നാലുജീവികളും ആമേന്‍ എന്നു പറഞ്ഞു. മൂപ്പന്‍മാര്‍ വീണു നമസ്‌കരിച്ചു.

നാം ഇവിടെ കാണുന്നത് അവര്‍ ‘ആമേന്‍’ എന്ന് ഒരിക്കല്‍ പറഞ്ഞു എന്നല്ല വീണ്ടും വീണ്ടും പറഞ്ഞു എന്നാണ് (ഇംഗ്‌ളീഷ് ബൈബിള്‍).

സഭയില്‍ ‘ആമേന്‍’ ‘ഹല്ലേലുയ്യ’ എന്നൊക്കെ പറയുന്നതു കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് നീരസം ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളവര്‍ എങ്ങനെയാണു സ്വര്‍ഗ്ഗത്തില്‍ കഴിയുക?

യേശു തന്നെത്താന്‍ താഴ്ത്തിയതുകൊണ്ട് ദൈവം അവനെ ഏറ്റവും ഉയര്‍ത്തി സകലനാമത്തിനും മേലായ നാമം നല്കി. അതുകൊണ്ട് ഒരു ദിവസം യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ലോകരുടേയും ഭൂലോകരുടേയും അധോലോകരുടേയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും എല്ലാനാവും യേശുക്രിസ്തു കര്‍ത്താവ് എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ഏറ്റു പറയുകയും ചെയ്യേണ്ടി വരും. (ഫിലി. 2:8-11)

നാം അവിശ്വാസികളുടെ മുമ്പില്‍ നടത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഏറ്റുപറച്ചില്‍ ‘യേശുക്രിസ്തു കര്‍ത്താവ് എന്നതാണ്. ഒരുനാള്‍ മുഴുവന്‍ പ്രപഞ്ചവും അതുതന്നെ ഏറ്റുപറയും. സാത്താന്റെ നേരെ സിംഹമായും മനുഷ്യരുടെ നേരെ കുഞ്ഞാടായും വന്നവന്റെ യോഗ്യത കാണുവാനും യേശുവിന്റെ കര്‍ത്തൃത്വം മനസ്സിലാക്കുവാനും ഇപ്പോള്‍തന്നെ നമ്മുടെ കണ്ണു തുറന്നത് എത്ര ആശ്ചര്യകരം! യേശു ലോകത്തെ ജയിച്ചിരിക്കുന്നു (യോഹ. 16:33) ഭൂമിയെ ദൈവത്തിങ്കലേക്കു വീണ്ടെടുപ്പാനുള്ള വിലയും നല്കിയിരിക്കുന്നു.

അദ്ധ്യായം 6

ആറാം അദ്ധ്യായം മുതല്‍ നാം കാണുന്നത് വെളിപ്പാടു പുസ്തകത്തിന്റെ കൂടുതല്‍ പ്രവചനപരമായ ഭാഗങ്ങളാണ്-ഭാവിയില്‍ സംഭവിപ്പാനുള്ളത് എന്ന് യേശു യോഹന്നാനോടു പറഞ്ഞ സംഭവങ്ങള്‍.

ഇനിയും നിറവേറേണ്ട പ്രവചനങ്ങള്‍ പഠിക്കുമ്പോള്‍ നാം 1കൊരി.13:12 ഓര്‍ത്തുകൊള്ളണം. ”ഇപ്പോള്‍ നാം കണ്ണാടിയില്‍ കടമൊഴിയായി കാണുന്നു. അപ്പോള്‍ മുഖാമുഖമായികാണും. ഇപ്പോള്‍ അംശമായി അറിയുന്നു. അപ്പോഴോ അറിയപ്പെട്ടതുപോലെ അറിയും” ഭാവിയെ സംബന്ധിച്ച പല പ്രവചനങ്ങളും കണ്ണാടിയില്‍ മങ്ങിയ മട്ടില്‍ കാണുവാന്‍ മാത്രമാണ് ദൈവം തന്റെ അനന്തമായ ജ്ഞാനത്തില്‍ നമ്മെ അനുവദിച്ചിട്ടുള്ളത്. അതൊരിക്കലും മറന്നുപോകരുത്.

ഭാവിയെ സംബന്ധിക്കുന്നതെല്ലാം സുവ്യക്തമായി അറിയാനുള്ള വലിയൊരു താല്പര്യം നമ്മുടെ ജഡത്തിലുണ്ട്. പക്ഷേ നമ്മുടെ ജിജ്ഞാസയെ ശമിപ്പിക്കുവാന്‍ വേണ്ടിയല്ല ദൈവവചനം നല്‍കപ്പെട്ടിരിക്കുന്നത്. ”മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ദൈവമായ യഹോവയ്ക്കുളളതത്രേ. വെളിപ്പെട്ടിരിക്കുന്നവയോ നമുക്കും നമ്മുടെ മക്കള്‍ക്കും ഉള്ളവയാകുന്നു” (ആവ. 29:28). അപ്പോള്‍ വ്യക്തമായി വെളിപ്പെട്ടിരിക്കുന്നവയും മറഞ്ഞിരിക്കുന്നവയുമായ കാര്യങ്ങള്‍ ഉണ്ട്.

പൂര്‍ണ്ണമായി വെളിപ്പെട്ടിരിക്കുന്ന ചില കാര്യങ്ങള്‍ ഇതാ: 2പത്രൊ 1:3 പറയുന്നത് ‘ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നമുക്കു നല്കപ്പെട്ടിരിക്കുന്നു’വെന്നാണ്. ദിവ്യസ്വഭാവത്തിനുകൂട്ടാളിയായിത്തീരുവാന്‍ വേണ്ടതെല്ലാം സുവ്യക്തമായി വെളിപ്പെട്ടിട്ടുണ്ട്. അവയൊന്നും അവ്യക്തമോ മങ്ങിയതോ അല്ല. നിങ്ങള്‍ കൃപയ്ക്ക് അധീനരായാല്‍ പാപം നിങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തുകയില്ലെന്നു റോമര്‍ 6:14ല്‍ പറഞ്ഞിരിക്കുന്നതും സ്ഫടികസ്ഫുടമായിട്ടാണ്.

എന്നാല്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്ന ഇത്തരം സത്യങ്ങളെ മിക്ക വിശ്വാസികളും ഗണ്യമാക്കുന്നില്ലെന്നത് ആശ്ചര്യകരമല്ലേ? പകരം അവര്‍ മിക്കപ്പോഴും അവ്യക്തമായിരിക്കുന്ന പ്രവചനങ്ങളുടെ വിശദാംശങ്ങളെചൊല്ലി തര്‍ക്കിക്കുകയാണ്. ഇതു വളരെ അപകടരമായ മനോഭാവമാണ്. നാം നമ്മുടെ മുന്‍ഗണനകളെ ശരിയായ രീതിയില്‍ വയ്ക്കണം. പ്രവചനമല്ല സ്‌നേഹമാണ് പരമപ്രധാനമായ കാര്യം. ”പ്രവചനങ്ങളെക്കുറിച്ചു വ്യക്തമായ ഒരറിവുകിട്ടാന്‍ ഉത്സാഹിപ്പിന്‍” എന്നു നമ്മോടു പറഞ്ഞിട്ടില്ല. എന്നാല്‍ സ്‌നേഹത്തെ-ദിവ്യസ്വഭാവത്തെ-പിന്തുടരുവാനാണ് നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. (1 കൊരി. 13:8, 9, 13, 14:1).

ശരിക്കും സംഭവിച്ചുകഴിഞ്ഞാല്‍ മാത്രമേ ബൈബിളിലെ ചില പ്രവചനങ്ങള്‍ നമുക്കു വ്യക്തമായി മനസ്സിലാകുകയുള്ളു. മറ്റു ചിലവ കര്‍ത്താവു വന്ന ശേഷം മാത്രവും. പക്ഷേ കര്‍ത്താവു നമുക്കു വെളിപ്പാടുപുസ്തകം ഇപ്പോള്‍ നല്‍കിയിട്ടുള്ളതുകൊണ്ട് ഭാവിയെക്കുറിച്ച് മങ്ങിയ മട്ടിലെങ്കിലും നാം മനസ്സിലാക്കിയിരിക്കണം എന്ന് അവിടുന്നു പ്രതീക്ഷിക്കുന്നുണ്ട്.

അവസാനംവരെയുള്ള ഭാവിസംഭവങ്ങളുടെ ഒരു വിഹഗവീക്ഷണം ആറാം അദ്ധ്യായത്തില്‍ തന്നെ നമുക്കു കാണാം. ഏഴു മുതലുള്ള അദ്ധ്യായങ്ങളില്‍ പരിശുദ്ധാത്മാവ് പിന്നോട്ടു വന്ന് നേരത്തേ പറഞ്ഞസംഭവങ്ങളുടെ വിശദാംശങ്ങള്‍ പൂരിപ്പിച്ചുപോകുകയാണ്. നമ്മുടെ ജിജ്ഞാസയെ ക്രമാനുഗതമായി വളര്‍ത്തിക്കൊണ്ടുവന്നു ശമിപ്പിക്കുന്ന രീതിയിലല്ലാതെ ഈ മട്ടില്‍ തന്നെ ഈ പുസ്തകം എഴുതിയതോര്‍ത്തു ദൈവത്തിനു നന്ദികരേറ്റാം. അന്ത്യകാലസംഭവങ്ങളുടെ ക്രമാനുഗതമായ തുടര്‍ച്ചയെ വരച്ചുകാട്ടുന്നുവെന്ന് അവകാശപ്പെടുന്ന പ്രവചനചാര്‍ട്ടുകള്‍ പഠിക്കുവാന്‍ നമുക്കെല്ലാം അതീവതാല്പര്യമുണ്ട്. എന്നാല്‍ വെളിപ്പാടുപുസ്തകം ഉള്‍പ്പെടെയുള്ള ദൈവവചനം പ്രാഥമികമായും നമുക്കു തന്നിരിക്കുന്നത് നമ്മുടെ ആകാംക്ഷയെ തൃപ്തിപ്പെടുത്തുവാനല്ല.

സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ് യേശു അപ്പൊസ്തലന്‍മാരോട് പറഞ്ഞതു ശ്രദ്ധിക്കുക. അവര്‍ യേശുവിനോടു ചോദിച്ചു ”കര്‍ത്താവേ, നീ യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് ഈ കാലത്തിലോ?” യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതുകൊണ്ട് ഇനി റോമാക്കാരെ തുരത്തി അവിടുന്നു തന്റെ ആയിരാമാണ്ടു വാഴ്ച ആരംഭിക്കുമെന്നാണ് അവര്‍ കരുതിയത്. അത്തരം ചോദ്യങ്ങള്‍ അപ്രധാനമാണെന്ന് യേശു പറഞ്ഞില്ല. ”പിതാവു തന്റെ സ്വന്ത അധികാരത്തില്‍ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു നിങ്ങള്‍ക്കുള്ളതല്ല” എന്നായിരുന്നു അവിടുത്തെ മറുപടി (അപ്പോ. പ്രവൃ 1:6,7). അവര്‍ അപ്പോള്‍ തന്നെ അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതേസമയം അവര്‍ അറിയേണ്ട ആവശ്യമില്ലാത്ത ചില സംഗതികളുമുണ്ട് എന്നാണ് യേശു പറഞ്ഞതിന്റെ ചുരുക്കം. വളരെ അത്യാവശ്യമായ കാര്യം പരിശുദ്ധാത്മശക്തി പ്രാപിക്കുക എന്നതാണെന്ന് അവിടുന്നു തുടര്‍ന്നു പറഞ്ഞു. അറിവല്ല, മറിച്ച് ശക്തി!(പ്രവൃ. 1:8)- അന്ത്യകാലത്തു തന്റെ സാക്ഷികളാകുവാനുള്ള ശക്തി. ഭൂമിയിലെ അവിടുത്തെ അവസാനവാക്കുകള്‍ അതായിരുന്നുവെന്ന് ഓര്‍മ്മിക്കുക. വെളിപ്പാടു പുസ്തകത്തെ സമീപിക്കുമ്പോള്‍ ഈ സത്യം മനസ്സില്‍ കരുതിക്കൊള്ളണം.

വാക്യം 1: കുഞ്ഞാട് മുദ്രകളില്‍ ഒന്നു പൊട്ടിച്ചപ്പോള്‍ : ‘നീ വരിക’ എന്നു നാലുജീവികളില്‍ ഒന്ന് ഇടിമുഴക്കംപോലെ പറയുന്നതു ഞാന്‍ കേട്ടു.

‘വരിക എന്ന ഈ ക്ഷണം മൊത്തം നാലുവട്ടം നാം കാണുന്നു. മൂന്നാം വാക്യത്തില്‍ രണ്ടാം ജീവി ‘വരിക’ എന്നു പറയുന്നു. അഞ്ചാം വാക്യത്തില്‍ മൂന്നാം ജീവി ‘വരിക’ എന്നു പറയുന്നു. ഒടുവില്‍ നാലാം ജീവിയും ഏഴാം വാക്യത്തില്‍ ‘വരിക’ എന്നു ക്ഷണിക്കുന്നു.

നാലാം അധ്യായം ഏഴാം വാക്യത്തില്‍ നമ്മള്‍ കണ്ട നാലു ജീവികളാണിവ. യഹസ്‌കേല്‍ കണ്ട കെരൂബുകളെപ്പോലെയാണിവ എന്നും നമുക്കറിയാം. അവ ഏതു വര്‍ഗ്ഗത്തില്‍ സൃഷ്ടിക്കപ്പെട്ടോ ആ വകുപ്പില്‍പെട്ട ജീവികളുടെ തലവന്മാരാണവര്‍: സിംഹം-മൃഗങ്ങളുടെ രാജാവ്; കാള-കന്നുകാലികളുടെ രാജാവ്; മനുഷ്യന്‍-സൃഷ്ടികളുടെ രാജാവ്; കഴുകന്‍-പക്ഷികളുടെ രാജാവ്. അതുകൊണ്ട് ആറാം അധ്യായം 1,3,5,7 വാക്യങ്ങളില്‍ വരിക എന്നു ക്ഷണിക്കുന്ന നാലുജീവികള്‍ സൃഷ്ടികളുടെ മുഴുവന്‍ ശബ്ദമാണു പ്രതിധ്വനിപ്പിക്കുന്നത്-യേശുവിനോട് ‘വരിക’ എന്നു പറയുന്നു.

”ആമേന്‍ കര്‍ത്താവായ യേശുവേ, വരേണമേ” എന്നു യോഹന്നാന്‍ തന്നെ പറയുന്നതായി നാം ബൈബിളിന്റെ അവസാനം വായിക്കുന്നു. (വെളി. 22:20). റോമര്‍ 8:19-22ല്‍ വായിക്കുന്നതുപോലെ സര്‍വ്വസൃഷ്ടിയും കര്‍ത്താവിന്റെ വരവിനുവേണ്ടി നിലവിളിക്കുന്നുണ്ട്. കര്‍ത്താവിന്റെ വരവിനായി മറ്റു സൃഷ്ടികള്‍ക്കുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പ് വിശ്വാസികള്‍ എന്നും സ്വയം വിളിക്കുന്നവര്‍ക്കുപോലും ഇല്ല എന്നതു ലജ്ജാകരമല്ലേ? മുഴുവന്‍ സൃഷ്ടികളും ‘ദൈവപുത്രന്മാരുടെ വെളിപ്പാടിനായിട്ടാണു, കാത്തിരിക്കുന്നത്. യേശു തേജസ്സില്‍ വരുന്ന ആ ദിവസം സൃഷ്ടികള്‍ മുഴുവന്‍ ദ്രവത്വത്തിന്റെ ദാസ്യത്തില്‍ നിന്നുള്ള വിടുതല്‍ നേടി ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കും. എന്നാല്‍ ഇപ്പോള്‍ സൃഷ്ടി ആ ‘പുതുപ്പിറവിയുടെ ഈറ്റുനോവ്’ അനുഭവിക്കുകയാണ്-ക്രിസ്തുവിന്റെ മടങ്ങിവരവോടെ മാത്രമേ അത് അവസാനിക്കുകയുള്ളു.

ഈ ജീവികള്‍ ‘വരിക’ എന്നു വിളിക്കുമ്പോള്‍ യേശു കര്‍ത്താവു വരും. ലോകത്തിന്റെ പാപങ്ങളെ ചുമക്കുന്ന കുഞ്ഞാടായിട്ടല്ല, ലോകത്തിന്റെ പാപങ്ങളെ വിധിക്കുന്ന സിംഹമായിട്ടാണ് അവിടുന്നു വരുന്നത്.

വാക്യം 2: അപ്പോള്‍ ഞാന്‍ ഒരു വെള്ളക്കുതിരയെ കണ്ടു. അതിന്മേല്‍ ഇരിക്കുന്നവന്റെ കയ്യില്‍ ഒരു വില്ലുണ്ട്. അവന് ഒരു കിരീടവും ലഭിച്ചു. അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.

ഈ വാക്യത്തെ വെളിപാട് 19:11-16 വാക്യങ്ങളുമായി താരതമ്യം ചെയ്യുക. അവിടെ നാം വായിക്കുന്നത്: ”അനന്തരം സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു. ഒരു വെള്ളക്കുതിര പ്രത്യക്ഷമായി. അതിന്മേല്‍ ഇരിക്കുന്നവന് വിശ്വസ്തനും സത്യവാനും എന്നു പേര്‍. അവന്‍ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണ് അഗ്നിജ്വാല. തലയില്‍ അനേകം രാജമുടികള്‍….. അവനു ദൈവവചനം എന്നു പേര്‍ പറയുന്നു….. രാജാധി രാജാവും കര്‍ത്താധി കര്‍ത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു”. ഇതു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവാണ്.

പക്ഷെ ഇവിടെ വെളിപാട് 6:2ല്‍ നാം കാണുമ്പോള്‍ അല്പം വ്യത്യാസമുണ്ട്. ഇവിടെ അവനു തലമേല്‍ അനേകം രാജമുടികള്‍ (കിരീടങ്ങള്‍) കാണുന്നില്ല. ‘അവന് ഒരു കിരീടം ലഭിച്ചു’ എന്നാണ് ഇവിടെ വായിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്വന്തനീതികൊണ്ട് അവനു ലഭിച്ചതല്ല അത്. അവന് ഒരു കിരീടം വയ്പാന്‍ അനുമതി കിട്ടുകയായിരുന്നു. പക്ഷേ അവന്‍ വെള്ളകുതിരപ്പുറത്താണ്. കയ്യില്‍ ഒരു വില്ലും ഉണ്ട്. അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. ഇത് ക്രിസ്തുവിനെ അനുകരിക്കുന്ന ആരുടേയോ പ്രതീകമാണ്-ക്രിസ്തുവെന്ന് അവകാശപ്പെടുന്ന ആരോ.

മത്തായി 24-ാം അധ്യായം വായിച്ചാല്‍ അതു വെളിപ്പാട് ആറാം അധ്യായത്തിനു സമാനമായി അനുഭവപ്പെടും. അന്ത്യകാലത്തെക്കുറിച്ചാണ് ഇരു വേദഭാഗങ്ങളും വിവരിക്കുന്നത്. അവിടെ ശിഷ്യന്‍മാര്‍ വന്ന് യേശുവിനോടു ചോദിച്ചു. ”അത് എപ്പോള്‍ സംഭവിക്കും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത്?” (മത്താ. 24:3).

”ആരും നിങ്ങളെ തെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്‍വിന്‍” എന്ന മുന്നറിപ്പോടെയാണു യേശു അതിനു മറുപടി നല്‍കുന്നത്. (നാലാം വാക്യം). ഒന്നാമത്തെ വെള്ളക്കുതിരയെപ്പറ്റി പ്രസക്തമായ ഒരു കാര്യം യേശു തുടര്‍ന്നു പറയുന്നു. ”ഞാന്‍ ക്രിസ്തു എന്നു പറഞ്ഞ് അനേകര്‍ എന്റെ പേര്‍ എടുത്തുവന്ന് പലരേയും തെറ്റിക്കും”. യേശു നല്‍കിയ ആദ്യത്തെ അടയാളം അതാണ്. വെളിപ്പാട് 6:2 ല്‍ നാം കാണുന്നതും കൃത്യമായി അതുതന്നെ. വെള്ളക്കുതിരപ്പുറത്ത് ഒരുവന്‍ വന്ന് ധാരാളം പേരെ തങ്കലേക്ക് ആകര്‍ഷിക്കുന്നു-തിരുവെഴുത്ത് അറിഞ്ഞുകൂടാത്ത ആളുകള്‍ തങ്ങള്‍ കര്‍ത്താവിനെ പിന്‍തുടരുകയാണെന്നു ചിന്തിച്ച് ഒരു വ്യക്തിയുടെ പിന്നാലെ പോകുകയും വഴിതെറ്റിപ്പോകുയും ചെയ്യും. അനേകര്‍ തന്റെ നാമത്തില്‍ വന്ന് നമ്മെ വഞ്ചിക്കും എന്നാണ് യേശുവിന്റെ മുന്നറിയിപ്പ്. ഈ വെള്ളക്കുതിരയുടെ പ്രാധാന്യം ഇവിടെയാണ്. അതിന്മേലേറി വന്നത് ഒരു വ്യാജക്രിസ്തുവാണ്!!.

ഈ അധ്യായത്തില്‍ ‘അവനു ലഭിച്ചു’ എന്ന പ്രയോഗം ആവര്‍ത്തിച്ചു വരുന്നതു ശ്രദ്ധിക്കുക-അവന് ഒരു കിരീടം ലഭിച്ചു…..ഭൂമിയില്‍നിന്ന് സമാധാനം എടുത്തുകളയേണ്ടതിന് അധികാരം ലഭിച്ചു…..വലിയ വാളും അവനു കിട്ടി…..അവന് അധികാരം ലഭിച്ചു (വാക്യങ്ങള്‍ 2,4,8). ഓരോ പ്രാവശ്യവും എന്തെങ്കിലും തിന്മയാണ് ഉത്ഭവിക്കുന്നത്. പക്ഷേ ഓരോ തവണയും ദൈവം സമ്മതം കൊടുത്തശേഷമാണ് അതു സംഭവിക്കുന്നത്. ഒന്നാമത്തെ കുതിര സവാരിക്കാരന് ഒരു കിരീടം ലഭിച്ചു. രണ്ടാമത് ഭൂമിയില്‍ നിന്ന് സമാധാനം എടുത്തു കളയേണ്ടതിന് അധികാരം ലഭിച്ചു.ഒരു വലിയ വാളും കിട്ടി. നാലാമന് ഭൂമിയുടെ നാലിനൊന്നിന്മേല്‍ അധികാരം ലഭിച്ചു.

യേശുവിനെ ക്രൂശിപ്പാനും തനിക്ക് അധികാരം ഉണ്ടെന്ന് പീലാത്തോസ് യേശുവിനോടു പറഞ്ഞപ്പോള്‍ അവിടുത്തെ മറുപടി എന്തായിരുന്നു? ”മേലില്‍ നിന്നു നിനക്കു കിട്ടീട്ടില്ല എങ്കില്‍ നിനക്ക് ഒരധികാരവും ഉണ്ടാകുകയില്ലായിരുന്നു” എന്നായിരുന്നു അവിടുത്തെ ഉത്തരം (യോഹ. 19:11). പിതാവാണ് പീലാത്തോസിന് യേശുവിന്റെമേല്‍ അധികാരം കൊടുത്തത്. പിതാവിന്റെ അനുവാദം ഇല്ലാതെ ആര്‍ക്കും ഭൂമിയില്‍ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. സത്യത്തെ സ്‌നേഹിക്കാത്തവരെ വഞ്ചിപ്പാനായി ഈ ലോകത്തു കടപ്പാന്‍ പിതാവുതന്നെയാണ് വഞ്ചനയുടെ ആത്മാക്കളെ അനുവദിക്കുന്നത് (2 തെസ്സ. 2:11-12). ഈ വഞ്ചന അതിന്റെ പരമകാഷ്ഠയില്‍ എത്തുന്നത് ലോകവേദിയില്‍ എതിര്‍ക്രിസ്തുവിന്റെ-വ്യാജക്രിസ്തുവിന്റെ-രംഗപ്രവേശനത്തോടെയാണ്. വാസ്തവത്തില്‍ അവന്‍ ‘മശിഹാ’യും ‘രക്ഷകനുമാ’ണെന്നും അവനെ പിന്‍ഗമിച്ചാല്‍ മാത്രമേ രക്ഷനേടാന്‍ കഴിയുകയുള്ളുവെന്നും കരുതി അനേകരും വഞ്ചിതരായിത്തീരും.

സാക്ഷാല്‍ എതിര്‍ക്രിസ്തു വരുന്നതിന്മുമ്പ് കഴിഞ്ഞനൂറ്റാണ്ടുകളിലായി ധാരാളം കൊച്ചുകൊച്ച് എതിര്‍ക്രിസ്തുക്കള്‍ വന്നിട്ടുണ്ട്. ഇന്നും അവര്‍ എഴുന്നേല്ക്കുന്നുണ്ട്.

”കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴിക ആകുന്നു. എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു എന്നു നമുക്ക് അറിയാം” (1 യോഹ. 2:18). യോഹന്നാന്‍ ഈ ലേഖനമെഴുതിയ എ.ഡി 96 അന്ത്യനാഴിക (രാത്രി 11 മണി) ആയിരുന്നെങ്കില്‍ ഇപ്പോള്‍ സമയം രാത്രി 11.59 കഴിഞ്ഞിട്ടുണ്ട്. ഇനി ചില നിമിഷങ്ങളേ അവശേഷിക്കുന്നുള്ളു.

പൈശാചികമായ ശക്തികൊണ്ട് ആളുകളെ തന്നിലേക്ക് ആകര്‍ഷിച്ച ഹിറ്റ്‌ലര്‍ ഒരു ചെറിയ എതിര്‍ക്രിസ്തുവായിരുന്നു. ഇന്ത്യയിലെ പലജാതീയ മനുഷ്യദൈവങ്ങളും ഇതുപോലെയാണ്. എന്നാല്‍ ക്രിസ്തീയഗോളത്തിലും ഇന്ന് ഈ ആത്മാവു നമുക്കു കാണുവാന്‍ കഴിയും. വരപ്രാപ്തന്മാരായ ക്രിസ്തീയനേതാക്കന്മാര്‍ ആളുകളെ ക്രിസ്തുവുമായി ബന്ധിപ്പിക്കുന്നതിനു പകരം തങ്ങളെ അനുഗമിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഇന്നു പല ക്രിസ്തീയ സമൂഹങ്ങള്‍ക്കും അവരുടേതായ മാര്‍പാപ്പമാര്‍ ഉണ്ട്. അവര്‍ ‘കള്ളക്രിസ്തുക്കള്‍’ ആണ്.

ക്രിസ്തുവിനെപ്പോലെ എതിര്‍ക്രിസ്തു വെള്ളക്കുതിരപ്പുറത്താണു വരുന്നത്. സാത്താന്‍ വെളിച്ചദൂതന്റെ വേഷം ധരിച്ചുവന്ന് പുരുഷാരത്തെ വഞ്ചിക്കും-ആളുകള്‍ പാപത്തില്‍ നിന്നു രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം സത്യത്തെ സ്‌നേഹിക്കുന്നില്ല എന്നു കാണുന്നതുകൊണ്ടാണ് അവിടുന്ന് അതിന് അനുവദിക്കുന്നത്.

‘വിജയിക്കുന്നതുവരെ ജയിക്കാനായി’ അവന്‍ പുറപ്പെട്ടു എന്നാണ് ഇവിടെ വായിക്കുന്നത് (രണ്ടാം വാക്യം). മനുഷ്യനെ പൂര്‍ണ്ണമായി ജയിക്കാന്‍ സാത്താന്‍ ഉത്സുകനാണ്.

വാക്യം 3,4: അവന്‍ രണ്ടാം മുദ്രപൊട്ടിച്ചപ്പോള്‍ ‘വരിക’ എന്നു രണ്ടാം ജീവി പറയുന്നതു ഞാന്‍ കേട്ടു. അപ്പോള്‍ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു. അതിന്റെ പുറത്ത് ഇരിക്കുന്നവന് മനുഷ്യര്‍ അന്യോന്യം കൊല്ലുവാന്‍ തക്കവണ്ണം ഭൂമിയില്‍ നിന്നു സമാധാനം എടുത്തുകളയേണ്ടതിന് അധികാരം ലഭിച്ചു. ഒരു വലിയ വാളും അവനു കിട്ടി.

മനുഷ്യര്‍ അന്യോന്യം കൊല്ലുവാന്‍ തക്കവണ്ണം ഭൂമിയില്‍നിന്നു സമാധാനം എടുത്തുകളയേണ്ടതിന് അവന് അധികാരം ലഭിച്ചു. യുദ്ധത്തിന്റെ ഒരു ചിത്രമാണിത്. ”നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേള്‍ക്കും. ചഞ്ചലപ്പെടാതിരിക്കാന്‍ സൂക്ഷിച്ചുകൊള്‍വിന്‍. അതു സംഭവിക്കേണ്ടതുതന്നെ. എന്നാല്‍ അത് അവസാനമല്ല. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും”-ഇതാണല്ലോ യേശു തന്റെ ശിഷ്യന്മാര്‍ക്കുകൊടുത്ത രണ്ടാമത്തെ അടയാളം (മത്താ. 24:6,7).

രണ്ടാമത്തെ ചുവന്ന കുതിരയുടെ പുറത്തു കയറി പുറപ്പെട്ടവന്‍ ഭൂമിയില്‍ നിന്നു സമാധാനം എടുത്തു കളയുകയുകയും തല്‍ഫലമായി ആളുകള്‍ അന്യോന്യം കൊല്ലുകയും ചെയ്യുന്നു. യോഹന്നാന്‍ വെളിപ്പാടു പുസ്തകം എഴുതിയശേഷം കഴിഞ്ഞ 19 നൂറ്റാണ്ടുകളിലും യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടിനുമുമ്പ് കഴിഞ്ഞ 1900 വര്‍ഷങ്ങളിലും ‘ലോകമഹായുദ്ധങ്ങള്‍’ ഉണ്ടായിട്ടില്ല. അതുപോലെ 20-ാം നൂറ്റാണ്ടില്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും വളരെ വര്‍ദ്ധിച്ചു. 20-ാം നൂറ്റാണ്ടുവരെ കമ്മ്യൂണിസ്റ്റ് (ചുവന്ന) രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ കൊന്നതിനെക്കാള്‍ അനേക ലക്ഷംപേരെ ചുവന്ന റഷ്യയില്‍ സ്റ്റാലിനും ചുവന്ന ചൈനയില്‍ മാവോസേതൂങും കൊന്നൊടുക്കിയിട്ടുണ്ടെന്ന സത്യം പലര്‍ക്കും അറിഞ്ഞുകൂടാ. അവസാനനാളുകളിലെ കമ്മ്യൂണിസത്തിന്റെ (അതിന്റെ നിറം ചുവപ്പാണല്ലോ) ആവിര്‍ഭാവവുമായി ബന്ധപ്പെട്ടും ചുവന്ന കുതിരയ്ക്ക് ഒരു പ്രത്യേക പ്രാധാന്യമുണ്ട്.

വാക്യം 5,6 : മൂന്നാം മുദ്രപൊട്ടിച്ചപ്പോള്‍: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാന്‍ കേട്ടു. അപ്പോള്‍ ഞാന്‍ ഒരു കറുത്ത കുതിരയെ കണ്ടു. അതിന്മേല്‍ ഇരിക്കുന്നവന്‍ ഒരു തുലാസു കയ്യില്‍ പിടിച്ചിരുന്നു. ഒരു പണത്തിനു ഒരിടങ്ങഴി കോതമ്പ്. ഒരു പണത്തിന് മൂന്നിടങ്ങഴി യവം. എന്നാല്‍ എണ്ണെക്കും വീഞ്ഞിനും കേടുവരുത്തരുത് എന്നു നാലു ജീവികളുടേയും നടുവില്‍നിന്ന് ഒരു ശബ്ദം ഞാന്‍ കേട്ടു.

മൂന്നാമത്തെ കുതിര കറുത്തതാണ്-ക്ഷാമത്തേയും ഭക്ഷണസാധനങ്ങള്‍ക്കുള്ള ദൗര്‍ലഭ്യത്തേയും അതു കാണിക്കുന്നു. യേശു തന്റെ ശിഷ്യന്മാര്‍ക്കു നല്കിയ മൂന്നാമത്തെ അടയാളവും ഇതു തന്നെ ആയിരുന്നല്ലോ-ക്ഷാമം (മത്താ. 24:8). പാവപ്പെട്ട ആളുകളെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകും. ഒരു ദിവസത്തെ വേതനംകൊണ്ട് ഒരു കിലോ ഗോതമ്പു മാത്രമേ അവര്‍ക്കു വാങ്ങിപ്പാന്‍ കഴിയുകയുള്ളൂ. കുറച്ചുകൂടി വിലകുറഞ്ഞ ഭക്ഷണം മതിയെങ്കില്‍ ഒരു ദിവസത്തെ കൂലികൊണ്ട് അവര്‍ക്കു മൂന്നു കിലോ യവം വാങ്ങിക്കാം. അവസാനം സമീപിക്കുന്തോറും ജീവിതത്തിലെ അത്യാവശ്യസാധനങ്ങള്‍ക്കുള്ള ദൗര്‍ലഭ്യവും വര്‍ദ്ധിക്കും. എന്നാല്‍ എണ്ണ, വീഞ്ഞ് തുടങ്ങിയ സുഖഭോഗ വസ്തുക്കളെ തൊടുകയില്ല. ഇതിന്റെ അര്‍ത്ഥം പാവപ്പെട്ടവര്‍ നിലനില്പിനായി കൂടുതല്‍ കൂടുതല്‍ ക്ലേശിക്കേണ്ടി വരുമ്പോള്‍ സമ്പന്നര്‍ ധാരാളിത്തത്തോടെ ജീവിക്കും എന്നാണ്.

യാക്കോബ് പറയുന്നതു ശ്രദ്ധിക്കുക: ”അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേല്‍ വരുന്ന ദുരിതങ്ങള്‍ നിമിത്തം കരഞ്ഞു മുറയിടുവിന്‍….. നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു. ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും. അതു തീ പോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങള്‍ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു……….നിങ്ങള്‍ ആഡംബരത്തോടെ സുഖിച്ചു പുളച്ചു കുലദിവസത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ പോഷിപ്പിച്ചിരിക്കുന്നു. (യാക്കോ. 5:1,3,5)


വാക്യം 7,8: ”നാലാം മുദ്ര പൊട്ടിച്ചപ്പോള്‍ വരിക എന്നു നാലാം ജീവി പറയുന്നതു ഞാന്‍ കേട്ടു. അപ്പോള്‍ ഞാന്‍ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു. അതിന്മേല്‍ ഇരിക്കുന്നവനു മരണം എന്നു പേര്‍. പാതാളം അവനെ പിന്തുടര്‍ന്നു. അവര്‍ക്കു വാളുകൊണ്ടും ക്ഷാമം കൊണ്ടും മഹാ വ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെകൊണ്ടും കൊന്നുകളവാന്‍ ഭൂമിയുടെ കാലാംശത്തിന്മേല്‍ അധികാരം ലഭിച്ചു.”

ഇവിടെ നാം രോഗാതുരമായ വിളറിമഞ്ഞിച്ച ഒരു കുതിരയെയാണു കാണുന്നത്. അതിന്മേല്‍ സവാരി ചെയ്യുന്നത് മരണമാണ്. അവനെ പിന്തുടരുന്നതു ‘പാതാളവും’-മരിക്കുമ്പോള്‍ ആളുകള്‍ പോകുന്ന സ്ഥലമാണത്. ഭൂമിയുടെ കാലാംശത്തിന്മേല്‍ അവര്‍ക്ക് അധികാരം ലഭിച്ചു. ലോകജനസംഖ്യ ഇന്ന് ആറുനൂറു കോടിയോളം ആണ്. അതിന്റെ അര്‍ത്ഥം 150 കോടി-ഇന്‍ഡ്യയിലെ ജനസംഖ്യയുടെ ഒന്നര മടങ്ങ്-ജനങ്ങളുടെ മേല്‍ അവര്‍ക്ക് അധികാരം ലഭിച്ചുവെന്നാണ്. ആളുകളെ കൊല്ലുവാന്‍ നാലു മാര്‍ഗ്ഗങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്: (1) യുദ്ധായുധങ്ങള്‍ (2) ക്ഷാമം (3) മഹാരോഗങ്ങള്‍ (4) കാട്ടുമൃഗങ്ങള്‍.

നമുക്ക് ഒരു പങ്കും ഇല്ലാത്ത ഈ നാലുശിക്ഷകള്‍ ദൈവം എന്തിന് അനുവദിക്കുന്നു എന്നറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

യെഹസ്‌കേല്‍ 14:13,14 വാക്യങ്ങളില്‍ കര്‍ത്താവ് അരുളിചെയ്യുന്നത് ”ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോള്‍ ഞാന്‍ അതിന്റെ നേരെ കൈനീട്ടി, അപ്പം എന്ന കോല്‍ ഒടിച്ചു. ക്ഷാമം വരുത്തി മനുഷ്യനേയും മൃഗത്തേയും അതില്‍നിന്നു ഛേദിച്ചു കളയും. നോഹ, ദാനിയേല്‍, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും അവര്‍ തങ്ങളുടെ നീതിയാല്‍ സ്വന്തജീവനെ മാത്രമേ രക്ഷിക്കുകയുള്ളൂ” എന്നാണ്.

തങ്ങളുടെ തലമുറയിലെ ഏറ്റവും നീതിമാന്മാരായിരുന്നു നോഹയും ദാനിയേലും ഇയ്യോബും. നോഹ തന്റെ ഭാര്യയേയും മൂന്ന് ആണ്‍മക്കളേയും അവരുടെ ഭാര്യമാരേ രക്ഷിച്ചു. ദാനിയേല്‍ തന്റെ മൂന്നു സുഹൃത്തുക്കളേയും ഇയ്യോബ് തന്റെ കുടുബത്തേയും രക്ഷിച്ചു. പക്ഷേ ഇപ്പോള്‍ ഈ മൂന്നു പുരുഷന്മാര്‍ക്കു സ്വന്തജീവനെ മാത്രമേ രക്ഷിപ്പാന്‍ കഴിയുകയുള്ളുവെന്ന് ദൈവം ഇവിടെ അരുളിചെയ്യുന്നു. ഇവര്‍ക്കു തങ്ങളുടെ പുത്രീപുത്രന്മാരെപ്പോലും-അവര്‍ തന്നെ നീതിയുള്ളവരല്ലെങ്കില്‍-വിടുവിക്കാന്‍ കഴിയാതെപോകും.

തുടര്‍ന്ന് ദൈവം പറയുന്നത് ”ഞാന്‍ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ച് ആരും വഴിപോകാതവണ്ണം അവ അതിനെ നിര്‍ജ്ജനമാക്കീട്ട് അതു ശൂന്യമാകയും ചെയ്താല്‍, ആ മൂന്നു പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും, അവര്‍ പുത്രന്മാരേയോ പുത്രിമാരേയോ രക്ഷിക്കാതെ അവര്‍ മാത്രമേ രക്ഷിക്കപ്പെടുകയുള്ളു”. (യെഹ. 14:15,16).

തുടര്‍ന്ന് കര്‍ത്താവ് പറയുന്നത് ”ഞാന്‍ ജെറുസലേമില്‍ നിന്ന് മനുഷ്യരേയും മൃഗങ്ങളേയും ഛേദിച്ചു കളയേണ്ടതിന് വാള്‍, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനര്‍ത്ഥകരമായ ന്യായവിധികള്‍ നാലും കൂടെ അയച്ചാലോ?” എന്നാണ്. (വാക്യം 21). വെളിപ്പാട് 6:7,8ല്‍ പറയുന്ന ശിക്ഷാവിധികള്‍ ഇവ നാലും തന്നെയാണല്ലോ.

എന്നാല്‍ ദൈവം കൃപാലുവായതുകൊണ്ട് ലോകജനസംഖ്യയില്‍ നാലിലൊന്നിനെ മാത്രമേ തുടച്ചുമാറ്റുകയുള്ളു. ബാക്കിയുള്ളവര്‍ക്ക് നീതിയിലേക്കു തിരിയുവാന്‍ അവസരം ഉണ്ട്. നീതികൊണ്ടു മാത്രമേ നമുക്ക് ഈ കഠിനമായ ശിക്ഷാവിധിക്കു നടുവില്‍ സുരക്ഷിതരായിരിപ്പാന്‍ കഴിയൂ. അവര്‍ തന്നെ നീതിയുള്ളവരല്ലെങ്കില്‍ നമുക്കു നമ്മുടെ ഭാര്യയെയോ, കുഞ്ഞുങ്ങളേയോ സഹോദരീസഹോദരന്മാരേയോപോലും രക്ഷിക്കാനും സാധ്യമല്ല.

എല്ലാ നീതിമാന്മാരായ ആളുകള്‍ക്കും 91-ാം സങ്കീര്‍ത്തനത്തിലെ വാഗ്ദാനങ്ങള്‍ പ്രസക്തമാണ്. അവിടെ നാം ഈ നാലു ശിക്ഷാവിധികള്‍ കാണുന്നു.
(1) യുദ്ധായുധങ്ങള്‍ ”പകല്‍ പറക്കുന്ന അസ്ത്രം” (അഞ്ചാം വാക്യം).
(2) രോഗങ്ങള്‍-‘മഹാമാരി’ (ആറാം വാക്യം)
(3) ക്ഷാമം-‘ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരം’ (ഉച്ചയ്ക്കാണു നാം ഭക്ഷണം കഴിക്കുന്നത്. ഇത് ഭക്ഷണ ദൗര്‍ലഭ്യത്തെ സൂചിപ്പിക്കുന്നു) (ആറാം വാക്യം).
(4) വന്യമൃഗങ്ങള്‍-”സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും. ബാലസിംഹത്തെയും പെരുമ്പാമ്പിനേയും നീ മെതിച്ചു കളയും” (പതിമൂന്നാം വാക്യം).

ഈ ന്യായവിധികളൊന്നും നീതിമാന്മാരെ തൊടുകയില്ല. ”നിന്റെ വശത്ത് ആയിരം പേരും നിന്റെ വലതുവശത്തു പതിനായിരം പേരും വീഴും. എങ്കിലും അതു നിന്നോട് അടുത്തു വരുകയില്ല” (ഏഴാം വാക്യം).

ലോകജനസംഖ്യയില്‍ നാലിലൊന്നു സംഹരിക്കപ്പെട്ടേക്കാം. എന്നാല്‍ ”അതു നിന്നോട് അടുത്തുവരികയില്ല”.

”നിന്റെ കണ്ണുകൊണ്ടുതന്നെ നീ നോക്കി ദുഷ്ടന്മാര്‍ക്കു വരുന്ന പ്രതിഫലം കാണും…നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല. ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കുകയില്ല” (വാക്യം 8-10)

എന്തുകൊണ്ട്? കര്‍ത്താവു പറയുന്നു ”അവന്‍ എന്നോടു പറ്റിയിരിക്കയാല്‍ (സ്‌നേഹിക്കയാല്‍) ഞാന്‍ അവനെ വിടുവിക്കും…..ഞാന്‍ അവനെ ഉയര്‍ത്തും” (പതിനാലാം വാക്യം). കര്‍ത്താവു നമ്മെ ഉയര്‍ത്തും” ഈ വാഗ്ദാനം ജീവിതത്തില്‍ നിറവേറുവാനുള്ള യോഗ്യത നമുക്കുണ്ടെന്ന് ഉറപ്പുവരുത്താം.

വാക്യം 9-11: അവന്‍ അഞ്ചാം മുദ്രപൊട്ടിച്ചപ്പോള്‍: ദൈവവചനം നിമിത്തവും തങ്ങള്‍ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന്‍ യാഗപീഠത്തിങ്കീഴില്‍ കണ്ടു: വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്‍ വസിക്കുന്നവരോട് ഞങ്ങളുടെ രക്തത്തെക്കുറിച്ച് നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്ന് അവര്‍ ഉറക്കെ നിലവിളിച്ചു. അപ്പോള്‍ അവരില്‍ ഓരോരുത്തനും വെള്ളനിലയങ്കികൊടുത്തു. അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നു തികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്‍ക്കേണം എന്ന് അവര്‍ക്ക് അരുളപ്പാടുണ്ടായി.

അഞ്ചാമത്തെ മുദ്ര പീഡനത്തിന്റെ പ്രതീകമാണ്. ‘ദൈവവചനം നിമിത്തവും തങ്ങള്‍ പറഞ്ഞ സാക്ഷ്യം ഹേതുവായും’ ആണ് ഇവര്‍ കൊല്ലപ്പെട്ടത്.

‘എന്നോടു കേട്ട പത്ഥ്യവചനം മുറുകെപ്പിടിച്ചുകൊള്‍ക’ എന്നു പൗലൊസ് തിമൊഥെയോസിനോടു പറഞ്ഞു (2 തിമൊ. 1:13). ദൈവത്തിന്റെ മുഴുവന്‍ ആലോചനയേയും മുറുകെപ്പിടിച്ച ആളുകളാണിവര്‍. ഒത്തുതീര്‍പ്പുകാരോ കര്‍ണാനന്ദകരമായ പ്രസംഗം നടത്തി ആളുകളെ പ്രീതിപ്പെടുത്തുന്നവരോ ആയിരുന്നില്ല അവര്‍. ‘ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല’ (ഗലാ. 1:10). ദൈവവചനം തങ്ങളുടെ സാക്ഷ്യമായി മുറുകെപ്പിടിച്ച അവര്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥദാസന്മാരായിരുന്നു. ദൈവവചനം മുറുകെപ്പിടിച്ചതുകൊണ്ടാണ് അവര്‍ കൊല്ലപ്പെട്ടതും.

മത്തായി. 23:34,35ല്‍ യേശു പറഞ്ഞു ”അതുകൊണ്ടു ഞാന്‍ പ്രവാചകന്മാരേയും ജ്ഞാനികളേയും ശാസ്ത്രിമാരേയും നിങ്ങളുടെ അടുക്കല്‍ അയക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളില്‍ ചമ്മട്ടികൊണ്ട് അടിക്കയും പട്ടണത്തില്‍ നിന്ന് പട്ടണത്തിലേക്ക് ഓടിക്കയും ചെയ്യും. നീതിമാനായ ഹാബേലിന്റെ രക്തം മുതല്‍ നിങ്ങള്‍ മന്ദിരത്തിനും യാഗപീഠത്തിനും നടുവില്‍ വെച്ചുകൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തം വരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേല്‍ വരേണ്ടതാകുന്നു.”

ഹാബേലിനെ കൊന്ന കായിനോട് ദൈവം പറഞ്ഞു ”നീ അവനെ കൊന്നതുകൊണ്ട് നിന്റെ സഹോദരന്റെ രക്തം ഭൂമിയില്‍ നിന്ന് എന്നോടു നിലവിളിക്കുന്നു”. ഇവിടെ ഇതാ വെളിപ്പാട് ആറാം അധ്യായത്തില്‍ കൊല്ലപ്പെട്ടവര്‍ ഉറക്കെ നിലവിളിക്കുന്നു ”വിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരോട് ഞങ്ങളുടെ രക്തത്തെക്കുറിച്ച് നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും?” പഴയനിയമപ്രവാചകന്മാരുടേയും വിശുദ്ധന്മാരുടേയും കരച്ചിലാണിത്. ”നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങള്‍ കാണ്‍കെ ജാതികളുടെ ഇടയില്‍ വെളിപ്പെടുമാറാകട്ടെ” എന്ന് 79-ാം സങ്കീര്‍ത്തനം 10-ാം വാക്യത്തില്‍ നാം വായിക്കുന്നു. ഇതേപോലെയുള്ള പ്രാര്‍ത്ഥനകള്‍ 94-ാം സങ്കീര്‍ത്തനം ഒന്നുമുതല്‍ ഏഴുവരെയുള്ള വാക്യങ്ങളിലും 119-ാം സങ്കീര്‍ത്തനം 84-ാം വാക്യത്തിലും കാണാം. ഈ പ്രാര്‍ത്ഥനകളുടെ എല്ലാം ആകെത്തുക ”കര്‍ത്താവേ ഞങ്ങളുടെ രക്തം ചിന്തിയവരോട് പ്രതികാരം ചെയ്യണമേ” എന്നാണ്. ഹാബേലിന്റെ രക്തം പ്രതികാരത്തിനായി നിലവിളിച്ചതുപോലെയാണിതും.

എന്നാല്‍ നാം എബ്രായര്‍ 12ല്‍ കാണുന്നതു തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ്. പഴയ ഉടമ്പടിയില്‍ നിന്ന് ഇവിടെ പുതിയ ഉടമ്പടി തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നു. സീനായ് പര്‍വ്വതത്തിനും മോശെയ്ക്കും അടുത്തേക്കല്ല നാം ഇന്നു വന്നിരിക്കുന്നത്. മറിച്ച് സീയോന്‍ പര്‍വ്വതത്തിനും ‘പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും ഹാബേലിന്റെ രക്തത്തേക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിനും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നത്’ (എബ്രാ. 12:21-24). ഹാബേലിന്റെ രക്തം പ്രതികാരത്തിനായി നിലവിളിച്ചു. എന്നാല്‍ യേശുവിന്റെ രക്തം കരുണയ്ക്കും ക്ഷമയ്ക്കും വേണ്ടിയാണ് നിലവിളിച്ചത്!! പുതിയ ഉടമ്പടിയും പഴയ ഉടമ്പടിയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇവിടെയാണു കിടക്കുന്നത്.

പകരം വീട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക്, യേശുവിന്റെ രക്തം എന്തിനുവേണ്ടിയാണു ചൊരിയപ്പെട്ടതെന്നു മനസ്സിലായിട്ടില്ല. രക്തം യേശുവിന്റെ ശരീരത്തില്‍നിന്ന്, തലയില്‍നിന്ന്, കയ്യില്‍നിന്ന്, കാലില്‍നിന്ന്, പുറത്തുനിന്ന് ഒക്കെ ഒഴുകിയപ്പോള്‍ അവിടുത്തെ പ്രാര്‍ത്ഥന ഒന്നുമാത്രമായിരുന്നു. ”പിതാവേ അവരോടു ക്ഷമിക്കേണമേ”. സ്‌തേഫാനോസിന്റെ ശരീരത്തില്‍നിന്നു രക്തം അവര്‍ ചിന്തിയപ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ചു ”കര്‍ത്താവേ, അവര്‍ക്ക് ഈ പാപം നിര്‍ത്തരുതേ”. (പ്രവൃ. 7:60). പുതിയനിയമവിശുദ്ധന്റെ പ്രാര്‍ത്ഥനയും ഇതാണ്. ദൈവംപോലും തന്റെ ശത്രുക്കളോട് പകരം വീട്ടണമെന്ന് അവന്‍ ആഗ്രഹിക്കുകയില്ല. അതാണ് യേശുവിന്റെ ഒരു യഥാര്‍ത്ഥശിഷ്യന്റെ പ്രാഥമികമായ ലക്ഷണം.

അതുകൊണ്ട് വെളിപ്പാട് ആറാം അദ്ധ്യായത്തില്‍ കാണുന്ന കൊല്ലപ്പെട്ട വിശുദ്ധന്മാര്‍ പഴയനിയമ വിശുദ്ധന്മാരാണ്. അതുകൊണ്ടാണല്ലോ തങ്ങളുടെ ശത്രുക്കളോട് പകരംവീട്ടണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. യോഹന്നാന് ഈ ദര്‍ശനം ലഭിക്കുമ്പോള്‍ സഭ സ്ഥാപിക്കപ്പെട്ടിട്ട് കേവലം 60 വര്‍ഷമേ ആയിട്ടുള്ളു. അതിനകം വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട വിശ്വാസികള്‍ ചുരുക്കമാണ്. ഹാബേലിന്റെ കാലം മുതല്‍ സെഖര്യാവിന്റെ കാലം വരെ വധിക്കപ്പെട്ട വിശുദ്ധന്മാരെക്കുറിച്ച് യേശു വിവരിച്ചത് ഓര്‍ക്കുക. ഇതില്‍ ഭൂരിപക്ഷവും പഴയനിയമവിശുദ്ധരാണ്. അവര്‍ക്കു വെള്ള നിലയങ്കികൊടുത്തു. അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന (സഭായുഗത്തിന്റെ ഈ 20 നൂറ്റാണ്ടിനുള്ളില്‍) സഹഭൃത്യന്മാരുടെയും ‘സഹോദരന്മാരു’ടേയും സംഖ്യ തികയുവോളം കാത്തിരിക്കണമെന്നും അരുളപ്പാടുണ്ടായി. ദൈവചനം നിമിത്തമായി കൊല്ലപ്പെടുന്ന വിശുദ്ധന്മാരാണ് ഈ ‘സഹോദരന്മാര്‍’.

ദൈവവചനവും തങ്ങളുടെ സാക്ഷ്യവും ഹേതുവായി കൊല്ലപ്പെടുന്ന വിശുദ്ധന്മാരുടെ എണ്ണത്തിന് ഒരു ക്ലിപ്തത ഉണ്ട്. ദൈവത്തിന് ആ സംഖ്യ അറിയാം. തങ്ങളെ കൊന്നവരോടു ക്ഷമിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് യേശുവിനേയും സ്‌തേഫാനോസിനേയുംപോലെ മരണം വരിച്ച അനേകം വിശ്വാസികള്‍ കഴിഞ്ഞ 2000 വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുണ്ട്. തങ്ങള്‍ മുറുകെപ്പിടിച്ച സാക്ഷ്യവും ദൈവവചനവും നിമിത്തമാണ് അവര്‍ കൊല്ലപ്പെട്ടത്. ആ സംഖ്യ തികയുമ്പോള്‍ തന്റെ ഭൃത്യന്മാരെ നിഷ്‌ക്കരുണം കൊന്ന ഈ ലോകത്തിന്റെ ന്യായവിധിക്കായി ദൈവം ഇറങ്ങിവരും. നാം അതുവരെ ക്ഷമയോടെ കാത്തിരിക്കണം.

പീഡനവും ഉപദ്രവവും നമുക്കു ഭൂമിയില്‍ വച്ചിരിക്കുന്ന പങ്കാണെന്ന് അഞ്ചാം മുദ്ര നമ്മെ കാണിക്കുന്നു. മത്തായി 24:9ല്‍ യേശു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കുന്ന അഞ്ചാമത്തെ അടയാളം ഉപദ്രവവും പീഡനവുമാണ്. തന്റെ നാമം നിമിത്തം സകല ജാതികളും പകയ്ക്കുകയും കൊല്ലുകയും ചെയ്യുന്ന അനുഭവം.

യേശുവിന്റെ യഥാര്‍ത്ഥശിഷ്യന്മാരെ ഭൂമിയിലെ സകലരാജ്യങ്ങളും പകയ്ക്കുന്ന കാലം വരുന്നു. അന്നു നാമധേയ ക്രൈസ്തവരേയും ഒത്തുതീര്‍പ്പുകാരായ ‘വിശ്വാസി’കളെയും അല്ല പകയ്ക്കുന്നത്. മറിച്ച് എല്ലാവരാലും അങ്ങനെയുള്ളവര്‍ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും! എന്നാല്‍ ദൈവവചനം മുറുകെ പിടിക്കുന്നവരെയും ദൈവത്തിന്റെ സകല ആലോചനയും മറച്ചുവയ്ക്കാതെ പ്രസ്താവിക്കുന്നവരെയും പകയ്ക്കും. അനേകരും അന്നു വീണുപോകും. അവര്‍ ബാബിലോന്യ സഭയുടെ (വ്യാജമായ, ലോകത്തോട് അനുരഞ്ജനപ്പെടുന്ന ക്രിസ്തീയസഭയുടെ) ഭാഗമായിത്തീരും. കാരണം അവിടെ അവരുടെ ജീവിതം സുരക്ഷിതമായിരിക്കും. അത്തരം ക്രിസ്ത്യാനികള്‍ യേശുവിന്റെ യഥാര്‍ത്ഥശിഷ്യന്മാരെ ഒറ്റിക്കൊടുക്കും. കമ്യൂണിസ്‌ററ് രാജ്യങ്ങളിലും മുസ്ലീംരാജ്യങ്ങളിലും അത്തരം സംഭവങ്ങള്‍ ഇന്നു നടക്കുന്നുണ്ട്.

‘ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടങ്ങള്‍ ഉണ്ടെങ്കിലും ധൈര്യപ്പെടുവിന്‍ ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു‘ എന്ന് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു (യോഹ. 16:33). നാം ഉപദ്രവങ്ങളെ അഭിമുഖീകരിക്കേണ്ടിവരും എന്ന് യേശു അവിടെ വളരെ വ്യക്തമായി പഠിപ്പിക്കുന്നു. വിശ്വാസികള്‍ ഉപദ്രവത്തില്‍ കടക്കുകയില്ല എന്ന ഉപദേശം പരിശുദ്ധാത്മാവിന്റെ അല്ല മറിച്ച് ഭൂതങ്ങളുടേതാണ്.

ഒത്തുതീര്‍പ്പുകാരും തന്ത്രശാലികളും സുഖാമ്പേഷികളുമായ ക്രിസ്ത്യാനികളാണ് ഉപദ്രവങ്ങളില്‍ നിന്നു രക്ഷപ്പെടുവാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള ക്രിസ്ത്യാനികള്‍ സ്വാഭാവികമായും ‘സഭ ഉപദ്രവത്തില്‍ കടക്കുകയില്ല’ എന്ന ഉപദേശത്തിന്റെ സ്രഷ്ടാക്കളായി മാറും. ‘ലോകത്തില്‍ നിങ്ങള്‍ക്ക് ഉപദ്രവം ഉണ്ട്’ എന്ന് കര്‍ത്താവു സ്പഷ്ടമായി പറഞ്ഞിരിക്കുന്നതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. കര്‍ത്താവു നമ്മെ ഈ ലോകത്തില്‍നിന്ന് എടുത്തുകൊള്ളുമെന്നല്ല അരുളിചെയ്തിരിക്കുന്നത്. മറിച്ച് ‘ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’ എന്നാണ്. നമ്മേയും ജയാളികളാക്കുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

യേശു പിതാവിനോടു പ്രാര്‍ത്ഥിച്ചു:”അവരെ ലോകത്തില്‍നിന്ന് എടുക്കേണം എന്നല്ല. ദുഷ്ടന്റെ (പാപത്തിന്റെ) കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നത്” (യോഹ. 17:15). ഇതു ശരിയാണെങ്കില്‍, പീഡനത്തെ നേരിടാന്‍ അനുവദിക്കാതെ ദൈവം നമ്മെ ഭൂമിയില്‍നിന്ന് എടുത്തുകൊള്ളും എന്ന് അനേകം ക്രിസ്ത്യാനികള്‍ക്കും പഠിപ്പിക്കാന്‍ കഴിയുന്നതെങ്ങനെ? നമ്മെ ഉപദ്രവത്തില്‍ നിന്നല്ല, പാപത്തില്‍ നിന്നു സംരക്ഷിക്കണം എന്നാണല്ലോ യേശു പ്രാര്‍ത്ഥിച്ചത്. ദൈവത്തെ അനുസരിക്കാതിരിക്കുന്നതില്‍ നിന്നും ദുഷ്ടന്റെ, സാത്താന്റെ, ശക്തിയില്‍നിന്നും നമ്മെ കാക്കണം എന്നാണ് അവിടുന്ന് ആഗ്രഹിച്ചത്. കാരണം ഉപദ്രവവും പീഡനവും നമ്മുടെ നന്മയ്ക്കാണെന്ന് കര്‍ത്താവിനറിയാം. നമ്മുടെ വിളി അതിനുവേണ്ടിയാണ്.

ആദിമ അപ്പോസ്തലന്മാര്‍ ചുറ്റിനടന്നു സഭകള്‍ സ്ഥാപിക്കയും ശിഷ്യരെ ഉപദേശിക്കുകയും ചെയ്തപ്പോള്‍ അവര്‍ പഠിപ്പിച്ചത് ”ദൈവം നിങ്ങളെ അത്രയ്ക്കു സ്‌നേഹിക്കുന്നതുകൊണ്ട് അവിടുന്നു നിങ്ങളെ എല്ലാ പീഡനങ്ങളില്‍ നിന്നും രക്ഷിക്കും” എന്നായിരുന്നോ? അല്ല. മറിച്ച് ”അനേകം കഷ്ടങ്ങളിലൂടെ നാം ദൈവരാജ്യത്തില്‍ കടക്കണം” എന്നാണ് അവര്‍ പറഞ്ഞത്((പ്രവൃ. 14:22). യേശുവിന്റേയും അപ്പോസ്തലന്മാരുടേയും സന്ദേശം അതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് ആ സന്ദേശമല്ല പ്രസംഗിക്കപ്പെടുന്നത്.

വെളിപ്പാട് 6:12-17ല്‍ ദൈവത്തിന്റെ മഹാക്രോധം ഭൂമിയുടെ മേല്‍ വര്‍ഷിക്കാന്‍ തുടങ്ങുന്നതിനെക്കുറിച്ച് നാം വായിക്കുന്നു. യഥാര്‍ത്ഥ വിശ്വാസികളുടെ മേല്‍ സാത്താനും മനുഷ്യരും ചൊരിയുന്ന ക്രോധമാണ് ‘ഉപദ്രവം’. അത്തരം ക്രോധത്തില്‍ നിന്നു നമ്മെ സംരക്ഷിക്കാമെന്ന് ദൈവം ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല. കഴിഞ്ഞ ഇരുപതുനൂറ്റാണ്ടായി, യേശുവിന്റെ ലക്ഷക്കണക്കിനു യഥാര്‍ത്ഥ ശിഷ്യന്മാര്‍ സങ്കല്പാതീതമായ കഷ്ടങ്ങളിലും പീഡനങ്ങളിലും കൂടെ കടന്നു പോകുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനെ എല്ലാം സധൈര്യം അഭിമുഖീകരിക്കാന്‍ ദൈവം അവരെ അനുവദിക്കുകയാണു ചെയ്തത്.

എന്നാല്‍ ദൈവത്തിന്റെ മഹാകോപത്തെക്കുറിച്ചു പറയുമ്പോള്‍ (വെളി. 6:12-17) തീര്‍ച്ചയായും അവിടെ നാം രക്ഷപ്രാപിക്കും.

വാക്യം 12-17: ആറാം മുദ്രപൊട്ടിച്ചപ്പോള്‍ വലിയൊരു ഭൂകമ്പം ഉണ്ടായി. സൂര്യന്‍ കരിമ്പടം പോലെ കറുത്തു. ചന്ദ്രന്‍ മുഴുവനും രക്തതുല്യമായിത്തീര്‍ന്നു. അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായ് ഉതിര്‍ക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു. പുസ്തകച്ചുരുള്‍ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി. എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി. ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ട് മലകളോടും പാറകളോടും ഞങ്ങളുടെമേല്‍ വീഴുവിന്‍. സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിന്‍. അവരുടെ മഹാകോപദിവസം വന്നു. ആര്‍ക്കുനില്പാന്‍ കഴിയും എന്നു പറഞ്ഞു.

ദൈവത്തിന്റേയും കുഞ്ഞാടിന്റേയും കോപത്തെക്കുറിച്ച് വെളിപ്പാടു പുസ്തകത്തില്‍ ആദ്യമായി പരാമര്‍ശിക്കുന്നതിവിടെയാണ്. അതേസമയം അഞ്ചാംമുദ്ര പൊട്ടിച്ചപ്പോള്‍ നമ്മള്‍ കണ്ട കഷ്ടം (9-11 വാക്യങ്ങള്‍) സാത്താന്റെ പ്രേരണ മൂലം ഉണ്ടായ മനുഷ്യന്റെ കോപമാണ്.

ആറാം മുദ്ര പൊട്ടിച്ചതോടെ ലോകത്തിന്റെമേല്‍ പതിക്കുന്ന ന്യായവിധിക്കുമുമ്പേ യേശുവിന്റെ ശിഷ്യന്മാര്‍ കര്‍ത്താവിനെ എതിരേല്പാന്‍ ആകാശത്തേക്ക് എടുക്കപ്പെടും. മത്തായി 24-ാം അധ്യായത്തില്‍ കര്‍ത്താവ് ഈ സംഭവങ്ങള്‍ അടുക്കായി വിവരിച്ചിരിക്കുന്നതു കാണാം.

”ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കും. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴും. ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകും. (വെളി. 6:12-14 വാക്യങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുക). അപ്പോള്‍ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും. അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചും കൊണ്ട്…..(വെളി. 6:15,16 വാക്യങ്ങളുമായി താരതമ്യപ്പെടുത്തുക) മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും അവന്‍ തന്റെ ദൂതന്‍മാരെ മഹാകാഹളധ്വനിയോടും കൂടെ അയയ്ക്കും. അവര്‍ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതി മുതല്‍ അറുതിവരെയും നാലു ദിക്കില്‍നിന്നും കൂട്ടിച്ചേര്‍ക്കും. (1 തെസ്സെ. 4:16ല്‍ നാം കാണുന്ന സംഭവക്രമവും ഇതുതന്നെയാണ്) ”(മത്താ. 24:29-31).

കര്‍ത്താവായ യേശുക്രിസ്തുവിന്റെ വരവില്‍ നാം ആകാംക്ഷയോടെ കാത്തിരിക്കുന്ന സഭയുടെ ഉല്‍പ്രാപണമാണിത്. മഹോപദ്രവം കഴിഞ്ഞാലുടനെയും ദൈവത്തിന്റെ ക്രോധം ഭൂമിയില്‍ ചൊരിയപ്പെടുന്നതിനു തൊട്ടുമുമ്പും ആണത് സംഭവിക്കുക.

തന്നോടൊപ്പം ആയിരിക്കേണ്ടതിന് നമ്മെ ചേര്‍ക്കുവാന്‍ യേശു ‘ശുഭ്രമായ ഉദയനക്ഷത്രമായി’ (വെളി. 22:16) പ്രത്യക്ഷപ്പെടുന്നത് ആ സമയത്താണ്. സൂര്യന്‍ ഉദിക്കുന്നതിനു (ക്രിസ്തു ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കുന്നതിന്) തൊട്ടുമുമ്പും അര്‍ദ്ധരാത്രിക്കും ഇരുളിന്റെ സമയത്തിനും തൊട്ടുശേഷവും ആണ് ഉദയനക്ഷത്രം പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും അന്ധകാരനിബിഡമായ നാഴിക ഉദയത്തിനു തൊട്ടു മുമ്പുള്ളതാണല്ലോ.

‘അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു എന്ന ആര്‍പ്പുവിളിയുണ്ടായി’ എന്നു മത്തായി 25:6ല്‍ കര്‍ത്താവു പറഞ്ഞതില്‍നിന്ന് ഇക്കാര്യം കൂടുതല്‍ വ്യക്തമാകുന്നു. മഹോപദ്രവത്തിന്റെ കഠോരമായ ഇരുളിന്റെ മധ്യത്തില്‍ (അര്‍ദ്ധരാത്രിയില്‍) ‘മണവാളന്‍ വരുന്നു’ എന്ന ആര്‍പ്പുവിളിയുണ്ടാകും. സൂര്യന്‍ ഭൂമിയില്‍ ഉദിക്കുന്നതിനു മുമ്പ് ഒരുങ്ങിയിരിക്കുന്നവര്‍ എടുക്കപ്പെടും. അവര്‍ യേശുവിനെ ‘ഉദയനക്ഷത്ര’മായി കാണും പഴയനിയമപ്രവാചകന്മാര്‍ ‘കര്‍ത്താവിന്റെ നാള്‍’ എന്നു വിളിച്ച ദിവസത്തെക്കുറിച്ചാണ് നമ്മള്‍ വെളിപ്പാട് ആറാം അദ്ധ്യായത്തിന്റെ ഒടുവില്‍ വായിക്കുന്നത്. മഹാകോപദിവസം എന്നാണ് ഇവിടെ അതിനെ വിളിച്ചിരിക്കുന്നത് (വെളി. 6:17). ഭൂമിയുടെമേലുള്ള ചുരുങ്ങിയസമയത്തെ ന്യായവിധിയാണിത്. ഒരുപക്ഷെ ഇത് ഒരു ദിവസമായിരിക്കാം. ഈ സമയത്തിനു ശേഷം നാം കര്‍ത്താവുമൊത്ത് ഈ ഭൂമിയിലേക്കു മടങ്ങിവരും. തുടര്‍ന്ന് ആയിരം ആണ്ടത്തേക്ക് അവിടുന്നു തന്റെ രാജ്യം ഇവിടെ സ്ഥാപിക്കും.

പെന്തക്കോസ്തുനാളില്‍ പത്രോസ് തന്റെ പ്രസംഗത്തില്‍ യോവേല്‍ പ്രവചനത്തില്‍ നിന്ന് ഉദ്ധരിക്കുന്നത് പ്രവൃ 2:17-20ല്‍ നാം വായിക്കുന്നു. ”അന്ത്യകാലത്തു ഞാന്‍ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ യൗവ്വനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും…..ഞാന്‍ മീതെ ആകാശത്തില്‍ അത്ഭുതങ്ങളും താഴെ ഭൂമിയില്‍ അടയാളങ്ങളും കാണിക്കും. രക്തവും തീയും പുകയാവിയും തന്നേ. കര്‍ത്താവിന്റെ വലുതും പ്രസിദ്ധവുമായ നാള്‍ വരുംമുമ്പേ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും”.

പരിശുദ്ധാത്മപ്പകര്‍ച്ചയേയും യുഗാന്ത്യത്തേയും യോവേല്‍ ഇവിടെ ഒരുമിച്ചു പ്രതിപാദിച്ചിരിക്കുന്നു. ആത്മാവില്‍ നിറയുവാനും ദിവ്യസ്വഭാവത്തിനു പങ്കുകാരാകാനും അവസരം ഉള്ള ഈ രണ്ടായിരം വര്‍ഷങ്ങള്‍ 18ഉം 19ഉം വാക്യങ്ങള്‍ക്കിടയില്‍ വരുന്നു. 17ഉം 18ഉം വാക്യങ്ങളില്‍ നാം വായിച്ചത് ‘സഭായുഗ’ത്തിന്റെ തുടക്കത്തെക്കുറിച്ചാണ്. 19ഉം 20ഉം വാക്യങ്ങളില്‍ സഭായുഗത്തിന്റെ അന്ത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. പരിശുദ്ധാത്മ പകര്‍ച്ചയ്ക്കും യേശുക്രിസ്തുവിന്റെ രണ്ടാംവരവിനും ഇടയ്ക്കുകിടക്കുന്ന സഭായുഗത്തെക്കുറിച്ച് അറിവില്ലാതിരുന്നതുകൊണ്ട് യോവേല്‍ ആ ദിവസത്തെ ‘കര്‍ത്താവിന്റെ വലിയനാള്‍’ എന്നു വിളിച്ചു.

എന്തുകൊണ്ടാണ് ഈ അവസാനശിക്ഷാവിധി (‘കര്‍ത്താവിന്റെ നാള്‍’) ഭൂമിയുടെ മേല്‍ വരുന്നത്? ഉത്തരത്തിനായി നമുക്കു ചില പഴയനിയമ വാക്യങ്ങള്‍ നോക്കാം.

ആദ്യമായി യെശ. 13:6-11 കാണുക: ”യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ട് മുറയിടുവിന്‍. അതു സര്‍വ്വശക്തങ്കല്‍ നിന്ന് സര്‍വ്വനാശം പോലെ വരുന്നു. അതുകൊണ്ട് എല്ലാ കൈകളും തളര്‍ന്നുപോകും. സകല ഹൃദയവും ഉരുകിപ്പോകും. അവര്‍ ഭ്രമിച്ചുപോകും. വേദനയും ദുഃഖവും അവര്‍ക്കു പിടിപെടും. നോവുകിട്ടിയ സ്ത്രീയെപ്പോലെ അവര്‍ വേദനപ്പെടും. (ഈ കാലഘട്ടത്തെ ‘ഈറ്റുനോവിന്റെ ആരംഭം’ എന്ന് യേശുവും വിവരിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. മത്താ. 24:8) …..ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല. സൂര്യന്‍ ഉദയത്തിങ്കല്‍ തന്നേ ഇരുണ്ടുപോകും. ചന്ദ്രന്‍പ്രകാശം നല്‍കുകയുമില്ല. ഞാന്‍ ഭൂതലത്തെ ദോഷം നിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യം നിമിത്തവും സന്ദര്‍ശിക്കും. അഹങ്കാരികളുടെ ഗര്‍വ്വത്തെ ഞാന്‍ ഇല്ലാതാക്കും. ”പ്രധാനമായും മനുഷ്യന്റെ അഹങ്കാരം നിമിത്തമാണ് ഈ അന്ത്യശിക്ഷാവിധി വരുന്നതെന്ന് ഇവിടെ നിന്നു നമുക്കു കാണുവാന്‍ കഴിയും. മറ്റെല്ലാ പാപങ്ങളും ഉത്ഭവിക്കുന്നത് ഗര്‍വ്വം എന്ന തായ്‌വേരില്‍ നിന്നാണ്. ദൈവം അരുളിചെയ്യുന്നു. ‘ഉഗ്രന്മാരുടെ നിഗളത്തെ ഞാന്‍ താഴ്ത്തും’ (11-ാം വാക്യം).

യെശയ്യാവ് 2:10-21ഉം ശ്രദ്ധിക്കുക. ”യഹോവയുടെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭ നിമിത്തവും നീ പാറയില്‍ കടന്നു മണ്ണില്‍ ഒളിച്ചുകൊള്‍ക. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും. പുരുഷന്മാരുടെ ഉന്നതഭാവം കുനിയും…..സൈന്യങ്ങളുടെ യഹോവയുടെ നാള്‍ ഗര്‍വ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും. അവ താണുപോകും. …..അപ്പോള്‍ മനുഷ്യന്റെ ഗര്‍വ്വം കുനിയും. പുരുഷന്മാരുടെ ഉന്നതഭാവം താഴും. യഹോവ മാത്രം അന്നാളില്‍ ഉന്നതനായിരിക്കും”.

ദൈവത്തിന്റെ ന്യായവിധി നിഗളത്തിനെതിരേയാണെന്ന കാര്യം ഇവിടെയും കാണാം. മനുഷ്യന്റെ ഗര്‍വ്വവും ഉന്നതഭാവവും താഴ്ത്തുവാന്‍ പോകുകയാണ്. മനുഷ്യന്‍ പല പാപവും ചെയ്യുന്നു. എന്നാല്‍ ‘കര്‍ത്താവിന്റെ നാളില്‍’ ന്യായം വിധിക്കുന്ന കാര്യമായി പ്രാഥമികമായും എടുത്തുപറഞ്ഞിരിക്കുന്നതു ഗര്‍വ്വത്തെയാണ്.

കര്‍ത്താവിന്റെ നാളില്‍ ഒരു ഘട്ടത്തില്‍ ദൈവം അരുളിചെയ്യുന്നത് ”നീതിമാനെക്കുറിച്ച് അവനു നന്മ വരും………..ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും” എന്നാണ്. (യെശ. 3:10,11).

സെഫന്യാവ് 1:14 ശ്രദ്ധിക്കുക: ”യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു. അത് അടുത്ത് അത്യന്തം ബന്ധപ്പെട്ടു വരുന്നു. കോട്ടോ യഹോവയുടെ ദിവസം! വീരന്‍ അവിടെ കഠിനമായി നിലവിളിക്കുന്നു”. പ്രവാചകന്‍ തുടര്‍ന്നു പറയുന്നു. ”യഹോവയുടെ ന്യായം പ്രവര്‍ത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിന്‍, നീതി അന്വേഷിപ്പിന്‍, സൗമ്യത അന്വേഷിപ്പിന്‍. പക്ഷേ നിങ്ങള്‍ക്ക് യഹോവയുടെ കോപദിവസത്തില്‍ മറഞ്ഞിരിക്കാം”. (സെഫ. 2:3). തീര്‍ച്ചയായും സൗമ്യര്‍ക്കു മറഞ്ഞിരിക്കാം.

ഈ ഭാഗങ്ങളില്‍ നിന്നെല്ലാം നാം മനസ്സിലാക്കുന്നത് കര്‍ത്താവിന്റെ നാള്‍ വരുന്നതിനെക്കുറിച്ച് എപ്പോഴെല്ലാം പഴയനിയമപ്രവാചകന്മാര്‍ പ്രവചിച്ചോ അപ്പോഴെല്ലാം അവര്‍ അതു നിഗളമുള്ളവരുടെമേല്‍ വരുന്ന ശിക്ഷാവിധിയായാണ് ചിത്രീകരിച്ചത് എന്നാണ്. താഴ്മയുള്ളവരാണ് രക്ഷപെടാന്‍ പോകുന്നത്. ആരാണ് എടുക്കപ്പെടുന്നതെന്നു നിങ്ങള്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ പറയും ”തങ്ങളുടെ ഭൂമിയിലെ ജീവിതത്തില്‍, കര്‍ത്താവിന്റെ വരവിനു മുമ്പ്, തങ്ങളെതന്നെ താഴ്ത്താന്‍ പഠിച്ചവര്‍”. നമ്മോടു കല്പിച്ചിരിക്കുന്നത് ”സൗമ്യത അന്വേഷിപ്പിന്‍. നിങ്ങള്‍ക്ക് യഹോവയുടെ കോപദിവസത്തില്‍ മറഞ്ഞിരിക്കാം” എന്നാണല്ലോ.

സെഫന്യാവ് 3:11-13,17 വാക്യങ്ങളില്‍ നാം കാണുന്നു: ”അന്നാളില്‍ ഞാന്‍ നിന്റെ മദ്ധ്യേ നിന്നു നിന്റെ ഗര്‍വ്വോല്ലസിതന്മാരെ നീക്കികളയും… ഞാന്‍ നിന്റെ നടുവില്‍ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും. അവര്‍ യഹോവയുടെ നാമത്തില്‍ ശരണം പ്രാപിക്കും. യിസ്രായേലില്‍ ശേഷിപ്പുള്ളവര്‍ നീതികേടു പ്രവര്‍ത്തിക്കയില്ല. ഭോഷ്‌ക്കു പറയുകയുമില്ല. ചതിവുള്ള നാവ് അവരുടെ വായില്‍ ഉണ്ടാകയില്ല…..നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു. അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും. തന്റെ സ്‌നേഹത്തില്‍ അവന്‍ മിണ്ടാതിരിക്കുന്നു. ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കും”.

താഴ്മയുള്ളവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന ഒരു വാഗ്ദത്തമാണിത്. ”എന്റെ ദൈവമായ യഹോവ ഘോഷത്തോടെ എങ്കല്‍ ആനന്ദിക്കും” എന്ന് എല്ലാവര്‍ക്കും അവകാശപ്പെടുവാന്‍ കഴിയുകയില്ല. ‘സൗമ്യത അന്വേഷിപ്പിന്‍’ എന്ന നേരത്തെ കേട്ട പ്രബോധനത്തോടു പ്രതികരിച്ചവര്‍ക്കും തങ്ങളെത്തന്നെ താഴ്ത്തിയവര്‍ക്കും മാത്രമേ ധൈര്യത്തോടെ ഇങ്ങനെ അവകാശപ്പെടാന്‍ കഴിയൂ.
യേശു മഹത്വത്തില്‍ വരുമ്പോള്‍ ഗുഹകളിലും പാറകളിലും പര്‍വ്വതങ്ങളിലും ഒളിക്കുന്ന ഏഴുവിഭാഗങ്ങളുടെ പട്ടിക വെളി. 6:15ല്‍ കൊടുത്തിരിക്കുന്നത് നമ്മള്‍ ഇപ്പോള്‍ ചിന്തിച്ച കാര്യത്തെ സാധൂകരിക്കുന്നതാണ്. ”രാജാക്കന്മാര്‍, മഹത്തുക്കള്‍, സഹസ്രാധിപന്മാര്‍, ധനവാന്മാര്‍, ബലവാന്മാര്‍, സ്വതന്ത്രന്‍” എന്നീ ആറുകൂട്ടരും വലിയ ആളുകളാണ്-ഏഴാമത്തേതു ‘സകലദാസനും’.

ഗര്‍വ്വത്തോടെ ഉല്ലസിക്കുന്നവര്‍ ആ ദിവസം താഴ്ത്തപ്പെടും. അതു കൊണ്ടാണ് നാം യേശുവില്‍ നിന്ന് ഒരു കാര്യം ഇന്നു പഠിക്കേണ്ടത്-”ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്നോടു പഠിപ്പിന്‍”. തന്നില്‍നിന്ന് അതു പഠിച്ചിട്ടുള്ള ശിഷ്യന്മാര്‍ക്കുവേണ്ടി മാത്രമാണ് അവിടുന്നു വീണ്ടും വരുന്നത്.

കര്‍ത്താവിന്റെ നാളിനെക്കുറിച്ചു നമുക്കു പുതിയനിയമത്തില്‍ നിന്നും ഇനി ഒരുഭാഗം നോക്കാം. 1 തെസ്സ. 5:1-5 പറയുന്നു: ”സഹോദരന്മാരേ, കാലങ്ങളേയും സമയങ്ങളേയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാന്‍ ആവശ്യമില്ല. കള്ളന്‍ രാത്രിയില്‍ വരുമ്പോലെ കര്‍ത്താവിന്റെ നാള്‍ വരുന്നു എന്നു നിങ്ങള്‍ തന്നേ നന്നായി അറിയുന്നുവല്ലോ. അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവവേദന വരുംപോലെ അവര്‍ക്കു പെട്ടെന്നു നാശം വന്നു ഭവിക്കും. അവര്‍ക്കു തെറ്റിയൊഴിയാവതുമല്ല. എന്നാല്‍ സഹോദരന്മാരേ, ആ നാള്‍ കള്ളന്‍ എന്നപോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിലുള്ളവരല്ല. നിങ്ങള്‍ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു. നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല”.

‘വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും’ എന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നതെന്നു നിങ്ങള്‍ക്കറിയാമോ? യേശുവിന്റെ താഴ്മയുടെ, ദിവ്യസ്വഭാവത്തിന്റെ, പങ്കാളിത്തം എന്നാണതിന്റെ അര്‍ത്ഥം. മറുവശത്ത് ‘ഇരുളിനുള്ളവര്‍’ എന്നു പറഞ്ഞിരിക്കുന്നത് തന്റെ സൃഷ്ടിയുടെ ദിവസം മുതല്‍ അന്ധകാരത്തിന്റെ അധിപതി ചെയ്തതുപോലെ തന്നെത്താന്‍ ഉയര്‍ത്തുന്നവരെയാണ്.

അന്തിമമായി, സ്വയം ഉയര്‍ത്തുന്ന എല്ലാവരുടേയും അധിപതിയായി എതിര്‍ക്രിസ്തു മാറും. അതേസമയം തങ്ങളെതന്നെ താഴ്ത്തുന്ന എല്ലാവരുടേയും തലവനായിരിക്കുന്നതു യേശുവായിരിക്കും.

താഴ്മയില്‍ വസിക്കുന്നവര്‍ ഇരുട്ടിലുള്ളവരല്ല. കര്‍ത്താവിന്റെ വരവിന്റെ നാള്‍ അവരെ കള്ളന്‍ എന്നപോലെ പിടിക്കുകയില്ല. അവിടുത്തെ വരവ് അവരെ അമ്പരപ്പിക്കുകയില്ല. കാരണം അവര്‍ യേശു തുറന്ന ജീവനുള്ള പുതുവഴിയിലൂടെ നടന്ന്, തങ്ങളെതന്നെ താഴ്ത്തുന്നമാര്‍ഗ്ഗം പഠിച്ച്, അവിടുത്തേക്കുവേണ്ടി സദാ തയ്യാറായി ഇരിക്കുന്നവരാണല്ലോ.

അദ്ധ്യായം 7

വാക്യം 1-8: അതിന്റെ ശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റ് ഊതാതിരിക്കേണ്ടതിനു നാലു ദൂതന്മാര്‍ ഭൂമിയിലെ നാലുകാറ്റും പിടിച്ചുകൊണ്ട് ഭൂമിയുടെ നാലുകോണിലും നില്‍ക്കുന്നതു ഞാന്‍ കണ്ടു. മറ്റൊരു ദൂതന്‍ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന്‍ ഭൂമിക്കും സമുദ്രത്തിനും കേടുവരുത്തുവാന്‍ അധികാരം ലഭിച്ച നാലു ദൂതന്മാരോട്: നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രയിട്ടുകഴിവോളം ഭൂമിക്കും സമുദ്രത്തിനും വൃക്ഷങ്ങള്‍ക്കും കേടുവരുത്തരുത് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു. യിസ്രായേല്‍മക്കളുടെ സകലഗോത്രത്തിലുംനിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍.
യഹൂദാ ഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം
രൂബേന്‍ ഗോത്രത്തില്‍ പന്തീരായിരം
ഗാദ് ഗോത്രത്തില്‍ പന്തീരായിരം
ആശേര്‍ ഗോത്രത്തില്‍ പന്തീരായിരം
നഫ്താലി ഗോത്രത്തില്‍ പന്തീരായിരം
മനശ്ശെ ഗോത്രത്തില്‍ പന്തീരായിരം
ശിമെയോന്‍ ഗോത്രത്തില്‍ പന്തീരായിരം
ലേവി ഗോത്രത്തില്‍ പന്തീരായിരം
യിസ്സാഖാര്‍ ഗോത്രത്തില്‍ പന്തീരായിരം
സെബൂലോന്‍ ഗോത്രത്തില്‍ പന്തീരായിരം
യോസേഫ് ഗോത്രത്തില്‍ പന്തീരായിരം
ബെന്യാമീന്‍ ഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം പേര്‍.

‘അതിന്റെ ശേഷം’ എന്ന പ്രയോഗം ഇവിടെ വീണ്ടും കാണുന്നു. വെളിപ്പാട് പുതിയ ഒരു ഘട്ടത്തിലേക്കു പ്രവേശിച്ച ഭാഗത്ത്, നാലാം അദ്ധ്യായം ഒന്നാം വാക്യത്തില്‍, ഇതിനു തത്തുല്യമായ ‘അനന്തരം’ എന്ന പ്രയോഗം നാം നേരത്തെ കണ്ടതാണ്.

ഇവിടെ ഏഴാം അദ്ധ്യായത്തില്‍ ഒന്ന്, ഒന്‍പത് വാക്യങ്ങളാണ് ഈ പ്രയോഗത്തോടെ ആരംഭിക്കുന്നത്.

ഇതില്‍ ആദ്യത്തെ ഭാഗം (ഒന്നു മുതല്‍ എട്ടുവരെയുള്ള വാക്യങ്ങള്‍) യിസ്രായേലിനെക്കുറിച്ചുള്ളതാണ്: ”മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു. യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവര്‍ നൂറ്റി നാല്പത്തിനാലായിരം പേര്‍” (നാലാം വാക്യം).

രണ്ടാം ഭാഗം (ഒന്‍പതുമുതല്‍ പതിനേഴുവരെ വാക്യങ്ങള്‍) സഭയെക്കുറിച്ചു പരാമര്‍ശിക്കുന്നു. ”സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്ന് ഉള്ളവരായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം……സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്‍ക്കുന്നതു ഞാന്‍ കണ്ടു”

മഹാ കോപത്തിന്റെ സമയത്ത് യിസ്രായേല്‍ ജനതയിലെ ദൈവഭക്തിയുള്ള ഒരു ശേഷിപ്പ് സംരക്ഷിക്കപ്പെടും. എന്നാല്‍ കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കാന്‍വേണ്ടി സഭ ഒന്നടങ്കം എടുത്തുകൊള്ളപ്പെടും. ദൈവത്തിന്റെ ക്രോധം ഭൂമിയില്‍ ചൊരിയപ്പെടുന്നതിനു തൊട്ടുമുമ്പ്, ക്രിസ്തുവില്‍ മരിച്ചവരും ജീവനോടെ ശേഷിക്കുന്നവരും കര്‍ത്താവിനെ എതിരേല്‍പ്പാന്‍ ആകാശത്തിലേക്ക് എടുക്കപ്പെടും. മണവാട്ടി മണവാളനെ എതിരേറ്റുകൊണ്ടുവരുന്നതുപോലെ സഭ കര്‍ത്താവിനെ ഭൂമിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടുവരുവാന്‍വേണ്ടിയാണത്. ”അവര്‍ കുഞ്ഞാടിനും സിംഹാസനത്തിനും മുമ്പാകെ നില്‍ക്കും” (ഒന്‍പതാം വാക്യം).

ആ സമയത്ത് യിസ്രായേലില്‍, ക്രിസ്ത്യാനികളായിട്ടില്ലാത്ത, ഒരു ദൈവികശേഷിപ്പ് ഉണ്ടായിരിക്കും. തന്റെ കോപത്തില്‍ നിന്നു കര്‍ത്താവ് അവരെ സംരക്ഷിച്ചുകൊള്ളും. രണ്ടാം വാക്യത്തില്‍ ഈ യിസ്രായേല്യരെ മുദ്രയിടുവാന്‍ ഒരു ദൂതന്‍ വരുന്നതിനെക്കുറിച്ചു നാം വായിക്കുന്നു.

ദാനിയേല്‍ 12:1ല്‍ നാം ഈ ദൂതനെക്കുറിച്ചു വായിച്ചിട്ടുണ്ട്. ”ആ കാലത്തു നിന്റെ സ്വജാതിക്കാര്‍ക്കു തുണ നില്‍ക്കുന്ന മഹാപ്രഭുവായ മീഖായേല്‍ എഴുന്നേല്‍ക്കും. ഒരു ജാതി ഉണ്ടായതുമുതല്‍ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും. അന്നു നിന്റെ ജനം, പുസ്തകത്തില്‍ എഴുതിക്കാണുന്ന ഏവനും തന്നേ രക്ഷ പ്രാപിക്കും”

മീഖായേലും യിസ്രായേല്‍മക്കളും തമ്മില്‍ വളരെ അടുപ്പമുണ്ടെന്ന് തിരുവെഴുത്തുകളില്‍ കാണാം. ദൈവകോപം ഭൂമിയുടെമേല്‍ ചൊരിയാന്‍ തുടങ്ങുന്ന സമയത്ത്-വലിയ വിപത്തിന്റെ വേളയില്‍-ദൈവഭയമുള്ള യിസ്രായേല്യരെ മുദ്രയിട്ട് സംരക്ഷിക്കുവാന്‍ മീഖായേല്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കും.

പഴയനിയമകാലത്ത് വിശ്വാസത്തില്‍ മരിച്ചവരും സഭയോടൊപ്പം ഉയര്‍ക്കപ്പെട്ട് ഉല്‍പ്രാപണം ചെയ്യുമെന്നു ദാനിയേല്‍ 12:2-4ല്‍ നാം വായിക്കുന്നു. ”നിലത്തെ പൊടിയില്‍ നിദ്രകൊള്ളുന്നവരില്‍ പലരും ചിലര്‍ നിത്യജീവനായും ചിലര്‍ ലജ്ജയ്ക്കും നിത്യ നിന്ദയ്ക്കുമായും ഉണരും. എന്നാല്‍ ബുദ്ധിമാന്മാര്‍ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരേയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.”

പലരും ചിന്തിക്കുന്നത് യേശുക്രിസ്തുവിന്റെ വരവോടെ, യിസ്രായേലിനെ സംബന്ധിച്ച ദൈവികലക്ഷ്യം അവസാനിച്ചു എന്നാണ്. പക്ഷേ അതുശരിയല്ലെന്നു റോമര്‍ 11-ാം അദ്ധ്യായത്തില്‍ നിന്നു നമുക്കു മനസ്സിലാക്കാം. റോമര്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള അദ്ധ്യായങ്ങളില്‍ രക്ഷയുടെ സുവിശേഷം വിശദീകരിച്ചശേഷം പരിശുദ്ധാത്മാവ് ഒന്‍പതു മുതല്‍ 11 വരെയുള്ള അദ്ധ്യായങ്ങളില്‍ യിസ്രായേലിനെക്കുറിച്ചാണ് വിവരിക്കുന്നത്. ഇതു പുതിയ ഉടമ്പടിയിലെ പഠിപ്പിക്കലാണ്, പഴയനിയമത്തിലേതല്ല. ”എന്നാല്‍ ദൈവം സ്വജനത്തെ മറന്നുകളഞ്ഞുവോ എന്നു ഞാന്‍ ചോദിക്കുന്നു. ഒരുനാളും ഇല്ല.” (റോമര്‍ 11:1) റോമര്‍ 6:1,2ലെ ‘നാം പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്’ എന്ന അതേ പ്രയോഗമാണ് പരിശുദ്ധാത്മാവ് ഇവിടെയും ഉപയോഗിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കുക) ഏലീയാവിന്റെ കാലത്ത് ദൈവം ഏഴായിരം പേരെ ശേഷിപ്പിച്ചതുപോലെ അന്ത്യകാലത്തും ‘ദൈവത്തിന്റെ മഹാമനസ്‌കതയോടുകൂടിയ തിരഞ്ഞെടുപ്പിന്റെ ഫലമായി ഒരു ശേഷിപ്പ് ഉണ്ടായിരിക്കും.’ (റോമര്‍ 11:2-5).

യേശു മടങ്ങി വരുമ്പോള്‍ യിസ്രായേല്‍ രാജ്യത്ത് ദൈവഭയമുള്ള ഒരു ശേഷിപ്പിനെ കണ്ടെത്തും. യേശുവില്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ സഭയുടെ ഭാഗമായി മാറുമായിരുന്നു. സഭയില്‍ യഹൂദനും യഹൂദരല്ലാത്തവരും തമ്മില്‍ വേര്‍തിരിവില്ലല്ലോ. പക്ഷേ ഇവര്‍ യേശുക്രിസ്തുവിനെ മിശിഹാ ആയി അംഗീകരിച്ചിട്ടില്ല.

‘യിസ്രായേലിന്റെ ഭ്രംശം ലോകത്തിന്റെ നിരപ്പിന് ഹേതുവായി എങ്കില്‍ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്‍പ്പെന്നല്ലാതെ എന്താകും? (റോമ. 11:15). യിസ്രായേല്‍ തള്ളിക്കളയപ്പെട്ടപ്പോള്‍ മുഴുലോകത്തിനും യേശുക്രിസ്തുവിനാല്‍ ദൈവത്തോട് നിരപ്പ് പ്രാപിപ്പാന്‍ അവസരം കൈവന്നു. എങ്കില്‍ യിസ്രായേല്‍ വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍, മരിച്ചവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു തുല്യമായ അനുഭവം ഭൂമിക്കു കൈവരും. വന്യമൃഗങ്ങള്‍ വീണ്ടും ഇണങ്ങും. മുള്ളും പറക്കാരയും അപ്രത്യക്ഷമാകും.

”സ്വഭാവത്തില്‍ കാട്ടുമരമായതില്‍ നിന്നു നിന്നെ (ജാതികളെ) മുറിച്ചെടുത്തു സ്വഭാവത്തിനു വിരോധമായി നല്ല ഒലിവു മരത്തില്‍ (ദൈവത്തിന്റെ തെരെഞ്ഞെടുത്ത ജനം) ഒട്ടിച്ചു എങ്കില്‍, സ്വാഭാവികകൊമ്പുകളായവരെ (യഹൂദന്മാരെ) സ്വന്തമായ ഒലിവുമരത്തില്‍ എത്ര അധികമായി ഒട്ടിക്കും. സഹോദരന്മാരെ, നിങ്ങള്‍ ബുദ്ധിമാന്മാരെന്ന് നിങ്ങള്‍ക്കു തന്നെ തോന്നാതിരിപ്പാന്‍ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ജാതികളുടെ പൂര്‍ണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന് അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു” (റോമ. 11:24,25).

ഭൂമിയിലെ വിവിധജനതയുടെ ഇടയില്‍നിന്ന് ജീവപുസ്തകത്തില്‍ പേരെഴുതിയിരിക്കുന്നവരെയാണ് ‘ജാതികളുടെ പൂര്‍ണ്ണ സംഖ്യ’ എന്നതുകൊണ്ടു അര്‍ത്ഥമാക്കുന്നത്. കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ പേരെഴുതിയിരിക്കുന്ന അവസാനത്തെ ആളിനെയും ചേര്‍ത്തുകഴിയുമ്പോള്‍ ഉല്‍പ്രാപണത്തിനും യിസ്രായേലിലെ ദൈവഭയമുള്ള ശേഷിപ്പില്‍നിന്നു കാഠിന്യം മാറിപ്പോകുന്നതിനും സമയമാകും. ഈ സത്യത്തെക്കുറിച്ചു നാം അറിവില്ലാത്തവരാകരുത്. ”ദൈവം തന്റെ കൃപാവരങ്ങളേയും വിളിയേയും കുറിച്ച് അനുതപിക്കുന്നില്ലല്ലോ” (29-ാം വാക്യം). ദൈവം മാറ്റമില്ലാത്തവനാണ്. അവിടുന്നാണ് ഒരിക്കല്‍ യിസ്രായേലിനെ വിളിച്ചത്. അവരെക്കുറിച്ചുള്ള തന്റെ പദ്ധതി ദൈവം മാറ്റുകയുമില്ല.

വെളിപ്പാട് 6:13ല്‍ നാം വായിച്ചത് ”അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിര്‍ക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു” എന്നാണ്. ആകാശത്തില്‍ നിന്നു നക്ഷത്രങ്ങള്‍ വീഴുന്നതിനെ കാറ്റില്‍ അത്തിവൃക്ഷം കായ് ഉതിര്‍ക്കുന്നതിനോടു ഉപമിച്ചു ചിത്രീകരിച്ചിരിക്കുന്നു. ഇതിനെ തുടര്‍ന്ന് ഉടനെ യിസ്രായേലിനെക്കുറിച്ചാണു നാം വായിക്കുന്നത്. (വെളി 7:1-8) അത്തിവൃക്ഷം യിസ്രായേലിന്റെ പ്രതീകമാണ്. ‘നാലുദൂതന്മാര്‍ ഭൂമിയുടെ നാലുകോണിലും നില്ക്കുന്നതു കണ്ടു’ (വെളി 7:1). നാലുകോണുകള്‍ കിഴക്കും, പടിഞ്ഞാറും, തെക്കും, വടക്കുമാണല്ലോ. ഭൂമിയുടെ എല്ലാകോണില്‍നിന്നുമാണ് കര്‍ത്താവ് യഹൂദന്മാരെ യിസ്രായേല്‍ നാട്ടില്‍ കൂട്ടിച്ചേര്‍ത്തത്.

പഴയനിയമത്തില്‍ ദാവീദ്, സാത്താനെ (ഗോലിയാത്ത്) ജയിച്ച യേശുക്രിസ്തുവിനു നിഴലാണ്. അതുപോലെ ഒരു വിഗ്രഹാരാധിയായി മാറുന്നതിനു മുമ്പുള്ള ശലോമോന്റെ ഭരണം യേശുക്രിസ്തുവിന്റെ ആയിരമാണ്ടു വാഴ്ചയുടേയും ചിത്രമാണു നല്‍കുന്നത്. ‘ശലോമോന്‍’ എന്നു വച്ചാല്‍ ‘സമാധാനദായകന്‍’ എന്നാണര്‍ത്ഥം. ശലോമോന്റെ കാലത്ത് ‘യെഹൂദയും യിസ്രായേലും ഓരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്‍ കീഴിലും നിര്‍ഭയം വസിച്ചു’ (1 രാജാ. 4:25). പഴയനിയമത്തില്‍ യിസ്രായേലിനെ കുറിക്കുന്ന രണ്ടു പ്രതീകങ്ങളാണ് മുന്തിരിവള്ളിയും അത്തിവൃക്ഷവും.

യോഹന്നാന്‍ 15:1ല്‍ ‘ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയാകുന്നു’ എന്ന് യേശു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ‘ഞാന്‍ സാക്ഷാല്‍ അത്തിവൃക്ഷമാകുന്നു’ എന്ന് അവിടുന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. നമ്മള്‍ ഇന്നു സഭയില്‍ മുന്തിരിവള്ളിയുടെ ഭാഗമാണ്. എന്നാല്‍ അത്തിവൃക്ഷം യിസ്രായേലിനെ മാത്രം കുറിക്കുന്നു.

യേശു ഭൂമിയെ ഭരിപ്പാനായി വരുമ്പോള്‍ ‘അന്ത്യകാലത്ത് യഹോവയുടെ ആലയം ഉള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും. …..ജറുസലേമില്‍ നിന്ന് യഹോവയുടെ വചനവും പുറപ്പെടും. …..ജാതി ജാതിക്കു നേരെ വാള്‍ ഓങ്ങുകയില്ല. അവര്‍ ഇനി യുദ്ധം അഭ്യസിക്കയുമില്ല. (യേശുക്രിസ്തുവിന്റെ ആയിരമാണ്ടു വാഴ്ചയുടെ കാലത്ത്). അവര്‍ ഓരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാര്‍ക്കും. (മീഖ 4:1-4).

ദൈവം ജാതികള്‍ക്ക് അവരുടെ അവകാശം നല്‍കുമെന്ന് ആവര്‍ത്തനം 32:8ല്‍ നാം വായിക്കുന്നു. ‘ഭൂമിയും അതിന്റെ പൂര്‍ണ്ണതയും കര്‍ത്താവിനുള്ളതല്ലോ’ (1 കൊരി. 10:26). ഭൂമി കര്‍ത്താവിനുള്ളതാകയാല്‍ അവിടുന്നു ഭൂമിയുടെ ഓരോ ഭാഗങ്ങള്‍ ഓരോരുത്തര്‍ക്കു നല്‍കി. ”മഹോന്നതന്‍ ജാതികള്‍ക്ക് അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേര്‍പിരിക്കയും ചെയ്തപ്പോള്‍ അവന്‍ യിസ്രായേല്‍ മക്കളുടെ എണ്ണത്തിനു തക്കവണ്ണം ജാതികളുടെ അതിര്‍ത്തികളെ നിശ്ചയിച്ചു” (ആവ. 32:8).

”നിന്റെ സന്തതിക്കു ഞാന്‍ മിസ്രയീം നദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ……തന്നിരിക്കുന്നു” എന്ന് കര്‍ത്താവ് ഒരിക്കല്‍ അബ്രഹാമിനോട് അരുളിചെയ്തു. യിസ്രായേലിനു ദൈവം വാഗ്ദാനം ചെയ്ത നാട് അതാണ്. യിസ്രായേല്‍ രാജാവായപ്പോള്‍ ശലോമോന്‍ വാണതും ഈ സ്ഥലത്താണ്. യേശുവിന്റെ ഭരണം ഭൂമിയില്‍ സ്ഥാപിതമാകുമ്പോള്‍ ഒരിക്കല്‍ക്കൂടെ ഈ നാട് പൂര്‍ണ്ണമായി യിസ്രായേലിന്റെ അധീനതയില്‍ വരും.

എന്നാല്‍ അബ്രഹാമിന് ഒരു സഹോദര പുത്രനുണ്ടായിരുന്നല്ലോ?-ലോത്ത്. ലോത്തിന്റെ സന്തതിപരമ്പരയില്‍പെടുന്നവരാണ് ഇന്ന് അറബികളില്‍ ഒരു വിഭാഗം. അതുപോലെ അബ്രഹാമിനു പല മക്കളുണ്ടായിരുന്നു (ഉല്പ.25:1,2). ഈ മക്കള്‍ മറ്റു ചില അറബിവംശങ്ങളുടെ പിതാക്കന്മാരായി മാറി. യിസ്ഹാക്കിനു രണ്ടു മക്കളുണ്ടായിരുന്നു-ഏശാവും യക്കോബും. ഇതില്‍ ഏശാവിന്റെ പരമ്പരയില്‍ വരുന്നതാണ് മറ്റൊരു അറബിവംശം. ഇങ്ങനെയെങ്കില്‍ അബ്രഹാമിനു ദൈവം വാഗ്ദാനം ചെയ്ത ദേശം ആര്‍ക്കാണ് അവകാശപ്പെട്ടത്?-അറബികള്‍ക്കോ യഹൂദന്മാര്‍ക്കോ? രണ്ടുകൂട്ടരുടേയും പിതാവ് അബ്രഹാമായിരുന്നുവല്ലോ.

ഈ ചോദ്യത്തിന്റെ ഉത്തരം ഉല്പ. 35:9-12ല്‍ നാം കാണുന്നു. അവിടെ ദൈവം യാക്കോബിനു പ്രത്യക്ഷനായി ഇങ്ങനെ അരുളിചെയ്യുന്നതായി വായിക്കുന്നു:”നിന്റെ പേര്‍ യാക്കോബ് എന്നല്ലോ. ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന് യിസ്രായേല്‍ എന്നു പേരിട്ടു….. ഞാന്‍ അബ്രഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കു തരും. നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്ന് അരുളിചെയ്തു”. ഇവിടെ നിന്നു നമുക്കു വ്യക്തമായ ഉത്തരം ലഭിക്കുന്നു. മുഴുവന്‍ ഭൂമിയും ദൈവത്തിനുള്ളതാണ്. ലോകരാഷ്ട്രങ്ങള്‍ എന്തുപറഞ്ഞാലും, ദൈവം പറഞ്ഞത് ”ഞാന്‍ ഈ ദേശം നിന്റെ സന്തതിക്കു തരും” എന്നാണ്. അതിന് ഒരു മാറ്റവും ഇല്ല.

യോവേല്‍ 1:12ല്‍ വായിക്കുന്നത് ”മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങി” എന്നാണ്. യിസ്രായേലിന്റെ പതനത്തിന്റെ തുടക്കമാണിത്. ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം ഈ പതനം പൂര്‍ത്തിയായി. എന്നാല്‍ യോവേല്‍ 2:27,28ല്‍ തുടര്‍ന്നു വായിക്കുന്നത് ”യഹോവ വന്‍കാര്യങ്ങളെ ചെയ്തിരിക്കുന്നു….. അത്തിവൃക്ഷവും മുന്തിരിവള്ളിയും ഫലപുഷ്ടി നല്‍കുന്നു” എന്നാണ്. ഉണങ്ങിപ്പോയ അത്തിവൃക്ഷം ഇതാ വീണ്ടും തളിര്‍ക്കുവാന്‍ തുടങ്ങുന്നു.

പഴയനിയമത്തിലെ പലപ്രവചനങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം ആത്മികമായി പ്രസക്തമാണ്. പക്ഷേ, യേശു തന്റെ രാജ്യം ഭൂമിയില്‍ സ്ഥാപിക്കുന്നതിന് മുമ്പ് ഇവ യിസ്രായേലിനെ സംബന്ധിച്ച് അക്ഷരികമായി നിറവേറും. യേവേല്‍ 2:28ല്‍ പറയുന്നു:”അതിന്റെശേഷമോ: ഞാന്‍ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങളെ കാണും. നിങ്ങളുടെ യൗവനക്കാര്‍ ദര്‍ശനങ്ങളെ ദര്‍ശിക്കും….. യഹോവയുടെ വലുതും ഭയങ്കരവുമായ നാള്‍വരുംമുമ്പെ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും”. ആദിമവിശ്വാസികള്‍ ആത്മസ്‌നാനം പ്രാപിച്ച പെന്തക്കോസ്തുനാളില്‍ ഇതിന്റെ ആദ്യഭാഗത്തിനു ആത്മികനിവൃത്തി ഉണ്ടായി. കര്‍ത്താവിന്റെ നാള്‍ വരുമ്പോള്‍ ഇത് യിസ്രായേലില്‍ അക്ഷരികമായും നിറവേറും.

മര്‍ക്കോസ് 11:12-14,20 വാക്യങ്ങളില്‍ യേശു അത്തിവൃക്ഷത്തെ ശപിച്ച സംഭവം നാം വായിക്കുന്നു. യേശു ഒരു അത്തിവൃക്ഷത്തെ കണ്ടു. അതില്‍ ഫലം അമ്പേഷിച്ച് അടുത്തുചെന്നപ്പോള്‍ (അത് അത്തിപ്പഴത്തിന്റെ കാലം അല്ലായിരുന്നു) ഇലകളല്ലാതെ ഒന്നും കണ്ടില്ല. അപ്പോള്‍ യേശു ‘ഇനി നിങ്കല്‍ നിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ’ എന്നു ശപിച്ചു. പിറ്റേന്നാള്‍ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയിരിക്കുന്നതു ശിഷ്യന്മാര്‍ കണ്ടു. കര്‍ത്താവിന്റെ ഈ പ്രവൃത്തി ഒരു പ്രവചനം ആയിരുന്നു. അതിനെ ഇങ്ങനെ വ്യാഖ്യാനിക്കാം:’ദൈവമഹത്വം എന്ന ഫലം തിരിഞ്ഞ് യേശു യിസ്രായേല്‍ ജനതയെ സമീപിച്ചു. പക്ഷേ മതാചാരങ്ങളുടെ ഇലകളല്ലാതെ ഫലമൊന്നും ലഭിച്ചില്ല. അതുകൊണ്ട് യേശു യിസ്രായേലിനെ ശപിച്ചു. പക്ഷേ ആ രാജ്യം ഉടനെ ഉണങ്ങിപ്പോയില്ല. ഒന്നും സംഭവിക്കാത്തതുപോലെ അതുനിന്നു. പക്ഷേ പിറ്റേദിവസം (40വര്‍ഷം കഴിഞ്ഞ്) അതു പൂര്‍ണ്ണമായും ഉണങ്ങിപ്പോയി’.

തന്റെ ശുശ്രൂഷയുടെ അവസാനഘട്ടത്തില്‍ യേശു ജറുസലേം ദേവാലയത്തിനു പുറത്തേക്കു നടന്നുകൊണ്ടു പ്രസ്താവിച്ചു. ”ജറുസലേമേ, ജറുസലേമേ…..നിന്റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്ക് എത്രവട്ടം മനസ്സായിരുന്നു. നിങ്ങള്‍ക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും. കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്ന് നിങ്ങള്‍ പറയുവോളം നിങ്ങള്‍ ഇനി എന്നെ കാണുകയില്ല” (മത്താ. 23:37-39). യിസ്രായേല്‍ ഇവിടെ ശപിക്കപ്പെടുകയായിരുന്നു.

യേശു എ.ഡി. 30ല്‍ ക്രൂശിക്കപ്പെട്ടു. ആ സമയത്ത് യഹൂദന്മാര്‍ നിലവിളിച്ചത് ”അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നാണ്. (മത്താ. 27:25). ദൈവം ആ വാക്കുകളെ മുഖവിലയ്‌ക്കെടുത്തു. നാല്പതുവര്‍ഷം കഴിഞ്ഞപ്പോള്‍ എ.ഡി. 70ല്‍ ജനറല്‍ തിത്തൂസിന്റെ നേതൃത്വത്തില്‍ റോമന്‍പട്ടാളം ജറുസലേമില്‍ പ്രവേശിച്ചു. ദേവാലയം നശിപ്പിച്ചു. യെഹൂദന്മാര്‍ ഭൂമിയുടെ അറ്റത്തോളം ചിതറിക്കപ്പെട്ടു. പക്ഷേ അത് അത്തിവൃക്ഷത്തിന്റെ അവസാനം ആയിരുന്നില്ല.

യേശുവിന്റെ മടങ്ങിവരവിനെ ഉദ്ദേശിച്ച് ഒരിക്കല്‍ ശിക്ഷ്യന്മാര്‍ ‘അതിന്റെ ലക്ഷണം എന്ത്?’ എന്ന് കര്‍ത്താവിനോടു ചോദിച്ചു. (മര്‍ക്കോ. 13:4). യേശുവിന്റെ മറുപടി ”അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍” എന്നായിരുന്നു (മര്‍ക്കോ. 13:28). ‘പഠിപ്പിന്‍’ എന്നാണ് ഇവിടെ അവിടുന്നു പറഞ്ഞിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ‘സൗമ്യതയും താഴ്മയും എന്നോടു പഠിപ്പിന്‍’ എന്ന് യേശു പറഞ്ഞതുപോലെയാണിത് (മത്താ. 11:29). അത്തിവൃക്ഷത്തില്‍നിന്നു പഠിപ്പിന്‍ എന്നും അവിടുന്നു നമ്മോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ടു സഭയെ സംബന്ധിച്ചിടത്തോളം യിസ്രായേലിനെക്കുറിച്ച് (യേശു ശപിക്കുകയും രാവിലെ ഉണങ്ങിപ്പോകുകയും ചെയ്ത അത്തിയെക്കുറിച്ച്) മനസ്സിലാക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്.

അത്തിവൃക്ഷത്തില്‍ നിന്നു നാം എന്താണു പഠിക്കേണ്ടത്? യേശു പറഞ്ഞു ”അതിന്റെ കൊമ്പ് ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്ക്കല്‍ തന്നേ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്‍വിന്‍. ഇത് ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” (മര്‍ക്കോ. 13:28-30). ഏതു തലമുറയെയാണ് യേശു ഇവിടെ പരാമര്‍ശിക്കുന്നത്? തീര്‍ച്ചയായും, അത്തിവൃക്ഷം (യിസ്രായേല്‍) വീണ്ടും തളിര്‍ക്കുന്നതു കണ്ട തലമുറയെയാണ്! കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

യിസ്രായേല്‍ ഇപ്പോഴും ഫലം കായിച്ചിട്ടില്ല. അവര്‍ ഇപ്പോഴും മനന്തിരിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ദൈവമഹത്വത്തിന്റെ ഫലങ്ങള്‍ അവരിലില്ല. എന്നാല്‍ അത്തിവൃക്ഷത്തിന്റെ ഇലകള്‍ തളിര്‍ത്തുതുടങ്ങി. ലൂക്കോസ് 13:6-9ല്‍ അത്തിവൃക്ഷത്തിന്റെ യജമാനന്‍ അതില്‍ ഫലം തിരയുകയും കാണാതിരിക്കയും ചെയ്ത ഒരു ഉപമ യേശു പറഞ്ഞു. അതും യിസ്രായേലിനെക്കുറിച്ചായിരുന്നു. അതുകൊണ്ട് യജമാനന്‍ തോട്ടക്കാരനോടു പറഞ്ഞു ”അതിനെ വെട്ടിക്കളയുക. അതു നിലത്തെ നിഷ്ഫലമാക്കുന്നത് എന്തിന്?” പക്ഷേ തോട്ടക്കാരന്‍ അതിനുവേണ്ടി യജമാനനോട് അപേക്ഷിച്ചു ”കര്‍ത്താവേ, ഞാന്‍ അതിനുചുറ്റും കിളച്ചു വളം ഇടുവോളം ഈ ആണ്ടുംകൂടെ നില്‍ക്കട്ടെ. മേലാല്‍ കായ്‌ച്ചെങ്കിലോ-ഇല്ലെങ്കില്‍ വെട്ടിക്കളയാം. അങ്ങനെ യിസ്രായേലിനു 40വര്‍ഷം കൂടി നീട്ടിക്കിട്ടി. എന്നിട്ടാണ് അതിനെ വെട്ടിക്കളഞ്ഞത്. പക്ഷേ ഇപ്പോള്‍ അതു വീണ്ടും തളിരിടുവാന്‍ തുടങ്ങിയിരിക്കുകയാണ്.

എന്നാല്‍ യിസ്രായേലില്‍ വളരെ ചുരുക്കംപേര്‍ മാത്രമാണു ദൈവഭയമുള്ളവര്‍. ഒരിക്കല്‍ കര്‍ത്താവ് യിരമ്യാവിനെ രണ്ടുകുട്ട അത്തിപ്പഴം കാണിച്ചു. ഒരു കുട്ടയിലേത് നല്ലതും മറ്റേതിലേത് ചീഞ്ഞതും ആയിരുന്നു. (യിരെ. 24:1-3). യിസ്രായേലില്‍ ഇന്നു കൂടുതല്‍ അത്തിപ്പഴങ്ങളും ചീഞ്ഞതാണ്. പക്ഷേ കുറച്ച് നല്ല പഴങ്ങളും ഉണ്ട്. നാം മുകളില്‍ വായിച്ച 144000 എന്ന ശേഷിപ്പിന്റെ ഭാഗമായിത്തീരുന്നത് അവരാണ്. ഈ കൂട്ടര്‍ക്ക് ഒരു ഉത്തമോദാഹരണം നാം യോഹന്നാന്‍ 1:47ല്‍ കാണുന്നു. അവിടെ യേശു നഥനയേലിനെക്കുറിച്ചു പറഞ്ഞു. ”ഇവിടെ ഇതാ ഒരു യിസ്രായേല്യന്‍ അവനില്‍ കപടം(കേട്) ഇല്ല. നഥനയേല്‍ കര്‍ത്താവിനോട് ”എന്നെ എങ്ങനെ അറിയും”? എന്നു ചോദിച്ചതിന് ”നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു” എന്നായിരുന്നു മറുപടി. ആ സമയത്തു മാനസാന്തരപ്പെട്ടിരുന്നില്ലെങ്കിലും നഥനയേല്‍ ഒരു നല്ല അത്തിപ്പഴം ആയിരുന്നു. അന്ത്യകാലത്ത് യിസ്രായേലില്‍ കാണുന്ന ശേഷിപ്പ് ഈ മട്ടിലുള്ളതായിരിക്കും. ദൈവം അവരുടെമേല്‍ ദൃഷ്ടി വച്ചിരിക്കുന്നു. അവിടുന്ന് അവരെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.

ദൈവം അവരെ ഒരു ദിവസം ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ചിതറിക്കുമെന്നു മോശെ യിസ്രായേല്‍ മക്കള്‍ക്ക് അവര്‍ കനാനില്‍ പ്രവേശിക്കുന്നതിനു മുമ്പുതന്നെ മുന്നറിയിപ്പു നല്കിയിരിക്കുന്നു (ആവ.28:64). ദൈവം അബ്രഹാമിനെ തെരഞ്ഞെടുത്തപ്പോള്‍ (ആ.ഇ 1900 അടുത്തായിരുന്നു അത്) അവിടുന്ന് അവനെ കനാനിലേക്കു നയിച്ചു. പിന്നീട് അബ്രഹാമിന്റെ സന്തതിപരമ്പര 400 വര്‍ഷം ഈജിപ്റ്റില്‍ അടിമകളായി കഴിയാന്‍ ദൈവം അനുവദിച്ചു. ബി. സി 1500 നോടടുത്ത് യോശുവായുടെ നേതൃത്വത്തില്‍ അവര്‍ തിരികെ കനാനില്‍ പ്രവേശിച്ചു. ശലോമോന്റെ മരണശേഷം (900 ബി. സി) യിസ്രായേല്‍ രാഷ്ട്രം രണ്ടായി വിഭജിക്കപ്പെട്ടു. തെക്കേ രാഷ്ട്രം യഹൂദയെന്നും വടക്കേ രാഷ്ട്രം യിസ്രായേല്‍ എന്നും സ്വയം അറിയപ്പെട്ടു. ബി. സി 772ല്‍ അസ്സീറിയക്കാര്‍ വന്ന് യിസ്രായേലിനെ (വടക്കേ രാജ്യം) കീഴടക്കി അവരെ അടിമകളാക്കി പിടിച്ചുകൊണ്ടുപോയി. യിസ്രായേല്‍ എന്നറിയപ്പെട്ട വടക്കേ രാജ്യം അതോടെ ഇല്ലാതായി. ബി. സി 586ല്‍ നെബുഖദ്‌നേസ്സര്‍ എന്ന ബാബേല്‍ രാജാവ് യഹൂദയെ (തെക്കേ രാജ്യം) കീഴടക്കി അവരെ അടിമകളാക്കി പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി. എന്നാല്‍ ‘ബാബേലില്‍ 70 വര്‍ഷം അടിമകളായിരുന്നശേഷം നിങ്ങള്‍ സ്വന്ത ദേശത്തേക്കു മടങ്ങിവരും’ എന്ന് ദൈവം നേരത്തെ തന്നെ യിരെമ്യാവിലൂടെ അവരെ അറിയിച്ചിരുന്നു. (യിരെ. 29:10). കൃത്യം എഴുപതു വര്‍ഷത്തിനുശേഷം യഹൂദര്‍ മടങ്ങിവന്നു. എസ്രാ, ഹഗ്ഗായി, സെഖര്യാവ് എന്നിവരുടെ കാലത്ത് അവര്‍ തങ്ങളുടെ ദേവാലയം വീണ്ടും പണിതു.

പക്ഷേ ഈ വര്‍ഷങ്ങളിലൊന്നും, ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളിലേക്കും യഹൂദര്‍ ഒരിക്കലും ചിതറപ്പെട്ടിരുന്നില്ല. അവരെ അശൂരിലേക്കും ബാബേലിലേക്കും കൊണ്ടുപോയെങ്കിലും അവര്‍ തിരികെ വന്നു. പക്ഷേ മോശെ പ്രവചിച്ചത്, ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അവര്‍ ചിതറിക്കപ്പെടുന്ന ഒരു സമയത്തെക്കുറിച്ചാണ്. ഏ. ഡി. 70ല്‍ മാത്രമാണ് ഇതു സംഭവിച്ചത്. യേശുവിനെ യഹൂദന്മാര്‍ ക്രൂശിച്ചശേഷം അനുതപിക്കാന്‍ അവര്‍ക്കു ദൈവം 40 വര്‍ഷം കൊടുത്തു. പക്ഷേ അവര്‍ അനുതപിച്ചില്ല. അപ്പോള്‍ ദൈവം അവരെ ഭൂമിയുടെ എല്ലാ കോണിലേക്കും ചിതറിച്ചുകളഞ്ഞു.

എന്നാല്‍ മോശെയുടെ പ്രവചനത്തില്‍ തുടര്‍ന്ന് പറയുന്നു: ”നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോട് മനസ്സലിഞ്ഞു നിങ്കലേക്കു തിരിയുകയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകല ജാതികളില്‍ നിന്നും നിന്നെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. നിനക്കുള്ളവര്‍ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേര്‍ക്കും. അവിടെ നിന്നു അവന്‍ നിന്നെ കൊണ്ടുവരും. നിന്റെ പിതാക്കന്മാര്‍ക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും. നീ അതുകൈവശമാക്കും അവന്‍ നിനക്കു ഗുണം ചെയ്തു നിന്റെ പിതാക്കന്മാരെക്കാള്‍ നിന്നെ വര്‍ദ്ധിപ്പിക്കും” (ആവ. 30:3-5). ഇതാണു നമ്മുടെ കാലഘട്ടത്തില്‍ സംഭവിച്ചത്. അത്തിവൃക്ഷം തളിര്‍ക്കാന്‍ തുടങ്ങി. ഭൂമിയുടെ നാലു കോണില്‍നിന്നും യിസ്രായേല്‍ വീണ്ടും കൂട്ടിച്ചേര്‍ക്കപ്പെട്ടു.

യെശയ്യാ പ്രവചനത്തില്‍ പറയുന്നത് ”അന്നാളില്‍ കര്‍ത്താവു തന്റെ ജനത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്‍ നിന്നും മിസ്രയീമില്‍ നിന്നും പത്രോസില്‍ നിന്നും കൂശില്‍നിന്നും ഏലാമില്‍ നിന്നും ശിനാരില്‍ നിന്നും ഹമാത്തില്‍ നിന്നും സമുദ്രത്തിലെ ദ്വീപുകളില്‍ നിന്നും വീണ്ടു കൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും” എന്നാണ് (യെശ. 11:11,12). ആദ്യവട്ടം കര്‍ത്താവ് യിസ്രായേലിനെ തിരികെ കൊണ്ടുവന്നത് ബാബേലിലെ 70 വര്‍ഷത്തെ പ്രവാസത്തിനു ശേഷമാണ്. രണ്ടാം പ്രാവശ്യം ഇതു സംഭവിച്ചത് ഈ നൂറ്റാണ്ടിലാണ്.

യെശയ്യാവിലെ ഈ ഭാഗം ആയിരമാണ്ടു വാഴ്ചയുമായി ബന്ധപ്പെട്ടതാണ്. ”ചെന്നായി കുഞ്ഞാടിനോടു കൂടെ പാര്‍ക്കും പുള്ളിപ്പുലി കോലാട്ടു കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാര്‍ക്കും. ഒരു ചെറിയ കുട്ടി അവയെ നടത്തും. പശു കരടിയോടുകൂടെ മേയും. അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും. സിംഹം കാളഎന്നപോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പത്തിന്റെ പോതിങ്കല്‍ കളിക്കും. മുലകുടി മാറിയ പൈതല്‍ അണലിയുടെ പൊത്തില്‍ കൈ ഇടും” (യെശ. 11:6-8). യേശു ഭൂമിയില്‍ വാഴുമ്പോള്‍ മൃഗങ്ങളൊന്നും പിന്നെ വന്യ സ്വഭാവം പുലര്‍ത്തുകയില്ല. പക്ഷേ യിസ്രായേല്‍ സ്വന്തദേശത്തേക്കു മടങ്ങിവന്നശേഷം മാത്രമേ ഇതെല്ലാം സംഭവിക്കുകയുള്ളു. യിസ്രായേല്‍ സ്വന്തനാട്ടില്‍ മടങ്ങിവന്ന് ജറുസലേം നഗരം കൈവശമാക്കിയതിനു ശേഷമേ യേശുവിന്റെ പുനരാഗമനം നടക്കുകയുള്ളുവെന്നും നമുക്കു പറയാം. 1948 മേയ് 14ന് യിസ്രായേല്‍ രാഷ്ട്രം നിലവില്‍ വന്നു. 1967 ജൂണില്‍ അവര്‍ ദേവാലയനഗരമായ ജറുസലേമും കൈയടക്കി. അതുകൊണ്ട് എ. ഡി. 1000-ാം ആണ്ടിലോ എന്തിന് എ. ഡി. 1900 വര്‍ഷത്തിലോ യേശുവിനു മടങ്ങിവരുവാന്‍ കഴിയുമായിരുന്നില്ല. എത്രയും നേരത്തെ നടന്നാലും 1967 ജൂണിനു ശേഷമേ പുനരാഗമനം സംഭവിക്കുകയുള്ളുവെന്നും പറയാം.

യെഹസ്‌കേലില്‍ കാണുന്ന മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: ”ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍ നിന്നു കൂട്ടി സകല ദേശങ്ങളില്‍ നിന്നും നിങ്ങളെ ശേഖരിച്ച് സ്വന്ത ദേശത്തേക്കു വരുത്തും” (യെഹ. 36:24).

യിരെമ്യാവില്‍ മറ്റൊരു പ്രവചനം കാണുന്നു. അവിടെ കര്‍ത്താവ് യിരെമ്യാവിനോടു പറയുന്നു: ‘യഹോവ തെരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും (യഹൂദാ, യിസ്രായേല്‍) അവന്‍ തള്ളിക്കളഞ്ഞു എന്ന് ഈ ജനം പറയുന്നത് നീ ശ്രദ്ധിക്കുന്നില്ലയോ? (ദൈവം സഭയെ തെരഞ്ഞെടുത്തുവെന്നും യഹൂദന്മാരെ തള്ളിക്കളഞ്ഞുവെന്നും ഇന്നും പലരും പറയുന്നതു ഇതു തന്നെയാണ്). ഇങ്ങനെ അവര്‍ എന്റെ ജനത്തെ അത് ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു. യഹോവ ഇപ്രകാരം അരുളിചെയ്യുന്നു. പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്‍ക്കുന്നില്ലെങ്കില്‍, ഞാന്‍ ആകാശത്തിന്റെയും ഭൂമിയുടേയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കില്‍, ഞാന്‍ യാക്കോബിന്റേയും എന്റെ ദാസനായ ദാവീദിന്റേയും സന്തതിയെ അബ്രഹാമിന്റേയും യിസ്ഹാക്കിന്റേയും യാക്കോബിന്റേയും സന്തതിക്ക് അധിപതിമാരായിരിപ്പാന്‍ അവന്റെ സന്തതിയില്‍ നിന്ന് ഒരാളെ എടുക്കാത്തവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാന്‍ മടക്കിവരുത്തുകയും അവര്‍ക്കു കരുണ കാണിക്കയും ചെയ്യും.” (യിരെ. 33:23-26). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രാവും പകലും ഉള്ളിടത്തോളംകാലം ദൈവം യിസ്രായേലിനെ തള്ളിക്കളയുകയില്ലെന്ന് നമുക്ക് ഉറപ്പിക്കാം. അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഇക്കാര്യം ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.

യിസ്രായേലിനെ പല ഭരണാധികാരികള്‍ പല കാലഘട്ടങ്ങളിലായി കീഴടക്കി ഭരിച്ചിട്ടുണ്ട്. റോമാക്കാര്‍ (ബി. സി 63 മുതല്‍ എ.ഡി 313 വരെ) ബൈസാന്റ്യന്‍ സാമ്രാജ്യം (എ. ഡി 313 മുതല്‍ 636 വരെ) അറബികള്‍ (എ. ഡി 636 മുതല്‍ 1099 വരെ) കുരിശു യുദ്ധക്കാര്‍ (എ. ഡി 1099 മുതല്‍ 1291 വരെ) മാമുലൂക്ക് ഭരണാധികാരികള്‍ (എ. ഡി 1291 മുതല്‍ 1516 വരെ) ഒട്ടോമന്‍സാമ്രാജ്യം (എ. ഡി 1517 മുതല്‍ 1917 വരെ) ഒടുവിലായി ബ്രിട്ടീഷ് ഭരണകൂടം (എ.ഡി. 1917 മുതല്‍ 1948 വരെ) എന്നിവരാണ് യിസ്രായേലിനെ ഭരിച്ചിരുന്നത്.

നിരവധി നൂറ്റാണ്ടുകളില്‍ പല ആളുകള്‍ യെഹൂദന്മാരെ അവരുടെ സ്വന്ത നാട്ടിലെത്തിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതെങ്ങനെയെന്നു ശ്രദ്ധിക്കുന്നതും രസാവഹമാണ്. എ.ഡി. നാലാം നൂറ്റാണ്ടില്‍ റോമാചക്രവര്‍ത്തി ജൂലിയന്‍ ദേവാലയം പണിതുകൊടുക്കാമെന്ന് യഹൂദന്മാരോടു വാഗ്ദാനം ചെയ്തു. പക്ഷേ ഓരോ തവണ ദേവാലയപണിക്കു തുടങ്ങുമ്പോഴും എന്തെങ്കിലും ദുരന്തം സംഭവിക്കും. ഒരിക്കലും ദേവാലയം പണിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്തുകൊണ്ടാണ്? ദൈവത്തിന്റെ സമയം ആയില്ല എന്നതുതന്നെ കാരണം. 16,17 നൂറ്റാണ്ടുകളില്‍ മൂന്നു യഹൂദാനേതാക്കന്മാര്‍ യഹൂദന്മാരെ അവരുടെ ദേശത്തേക്ക് ആനയിപ്പാന്‍ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. എന്തുകൊണ്ട്? കാരണം, അപ്പോഴും ദൈവത്തിന്റെ സമയം വന്നിട്ടില്ല. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ബഞ്ചമിന്‍ ഡിസ്രേലി എന്ന യഹൂദന്‍ ഗ്രേറ്റ്ബ്രിട്ടന്റെ പ്രധാനമന്ത്രിയായി. അദ്ദേഹവും യഹൂദരെ പലസ്തീനിലേക്കു മടക്കിക്കൊണ്ടുവരാമെന്നു വാഗ്ദാനം ചെയ്തു. പക്ഷേ എന്തെങ്കിലും ചെയ്യുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ നിന്നു വോട്ടിംഗിലൂടെ പുറത്തായി. 1917-ല്‍ ഇംഗ്ലണ്ടിലെ ബാല്‍ഫര്‍ പ്രഭു, യഹൂദന്മാര്‍ക്കു പാലസ്തീന്‍ വാഗ്ദാനം ചെയ്യുന്ന ‘ബാല്‍ഫര്‍ പ്രഖ്യാപനം’ പുറപ്പെടുവിച്ചു. പക്ഷേ പിന്നീട് അറബികളെ പ്രീതിപ്പെടുത്താനായി ഇംഗ്ലണ്ട് ഈ വാഗ്ദാനത്തില്‍ നിന്നു പുറകോട്ടു പോയി. ഒടുവില്‍ ദൈവത്തിന്റെ സമയം വന്നപ്പോള്‍, യഹൂദന്മാരുടെ ഏറ്റവും വലിയശത്രുവായ അഡോള്‍ഫ് ഹിറ്റ്‌ലറെ അവിടുന്നു തന്റെ ഉദ്ദേശ്യസാധ്യത്തിനായി ഉപയോഗിച്ചു. അറുപതുലക്ഷത്തിലേറെ യഹൂദരെ കൊന്നൊടുക്കാന്‍ സാത്താന്‍ ഹിറ്റ്‌ലറെ പ്രേരിപ്പിച്ചു. പക്ഷേ എല്ലായിടത്തുമുള്ള യഹൂദന്മാരും പാലസ്തീന്‍ രാജ്യത്തേക്ക് പാലായനം ചെയ്യാന്‍ ഈ സംഭവം കളമൊരുക്കി. ഹിറ്റ്‌ലറുടെ മരണത്തിനുശേഷം നാലാം കൊല്ലം അവര്‍ അവിടെ സ്വന്ത രാജ്യം സ്ഥാപിക്കുകയും ചെയ്തു.

യിസ്രായേലിന്റെ ഈ പുറപ്പാടിനെക്കുറിച്ചു യിരെമ്യാവ് 16:14-16ല്‍ പ്രവചിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: ”ആകയാല്‍ യിസ്രായേല്‍മക്കളെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന യഹോവയാണ് എന്ന് ഇനി പറയാതെ, യിസ്രായേല്‍മക്കളെ വടക്കേദേശത്തുനിന്നും (ഹിറ്റ്‌ലറുടെ നാട്, ജര്‍മ്മനി, യിസ്രായേലിനു വടക്കാണ്) താന്‍ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളില്‍ നിന്നും കൊണ്ടുവന്ന യഹോവയാണ് എന്നുപറയുന്ന കാലം വരും എന്ന് യഹോവയുടെ അരുളപ്പാട്. ഞാന്‍ അവരുടെ പിതാക്കന്മാര്‍ക്കു കൊടുത്തദേശത്തിലേക്കു ഞാന്‍ അവരെ വീണ്ടും കൊണ്ടുവരും. (അതെങ്ങനെയാണ് അവിടുന്നു സാധിക്കുന്നത് എന്നതു ശ്രദ്ധിക്കുക). ഇതാ ഞാന്‍ അനേകം മീന്‍പിടിത്തക്കാരെ വരുത്തും. അവര്‍ അവരെ പിടിക്കും. അതിനുശേഷം ഞാന്‍ അനേകം നായാട്ടുകാരെ വരുത്തും. അവര്‍ അവരെ എല്ലാ മലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളര്‍പ്പുകളില്‍ നിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാട്”. എല്ലാ മുക്കിലും മൂലയിലും നിന്നും അവരെ യിസ്രായേലിലേക്കു പാലായനം ചെയ്യിക്കാന്‍ ദൈവം നായാട്ടുകാരെയാണു അവരുടെ പിന്നാലെ അയയ്ക്കുന്നത്!

മറ്റൊരു ശ്രദ്ധേയമായ വാക്യം യെശയ്യാവ് 43:5,6 ആണ്. ”ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെ ഉണ്ട്. നിന്റെ സന്തതിയെ ഞാന്‍ കിഴക്കുനിന്നു വരുത്തുകയും (ഇതില്‍ ഇന്ത്യയും പെടുന്നു. ഇവിടെ നിന്നും ധാരാളം യഹൂദന്മാര്‍ യിസ്രായേലിലേക്കു മടങ്ങിപ്പോയിട്ടുണ്ടല്ലോ) പടിഞ്ഞാറുനിന്നു നിന്നെ ശേഖരിക്കുകയും ചെയ്യും (ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ പാശ്ചാത്യരാജ്യങ്ങള്‍ ഇതില്‍ വരും). ഞാന്‍ വടക്കിനോട്: തരിക എന്നും തെക്കിനോട്: തടുത്തു വെക്കരുതെന്നും കല്പിക്കും” ഇവിടെ ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്തമായ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക: പൗരസ്ത്യരാജ്യങ്ങള്‍ നിന്നോ പാശ്ചാത്യരാജ്യങ്ങളില്‍നിന്നോ യഹൂദര്‍ക്ക് യിസ്രായേലില്‍ കുടിയേറാന്‍ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് കര്‍ത്താവ് ‘കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്നു ശേഖരിക്കുകയും‘ എന്നു പ്രയോഗിച്ചിരിക്കുന്നത്. എന്നാല്‍ വടക്കിനെക്കുറിച്ച് (റഷ്യ) പറഞ്ഞപ്പോള്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ”അവരെ തരുന്നതാണ് നല്ലത്” എന്ന അര്‍ത്ഥത്തിലുള്ളതാണ്. ഇതിനുകാരണം റഷ്യ യഹൂദന്മാരെ യിസ്രായേലിലേക്കു കുടിയേറുവാന്‍ അനുവദിച്ചിരുന്നില്ല എന്നതാണ്. എന്നാല്‍ കര്‍ത്താവു റഷ്യയിലെ കമ്യൂണിസം തകര്‍ക്കുകയും 1990നു ശേഷം 60000 യഹൂദന്മാരെ റഷ്യയില്‍ നിന്ന് യിസ്രായേലിലേക്കു വിടുവിച്ചയയ്ക്കുകയും ചെയ്തു. തെക്കിനെക്കുറിച്ച് (ഇസ്ലാമിക രാഷ്ട്രങ്ങളെക്കുറിച്ച്) പറഞ്ഞപ്പോള്‍ കര്‍ത്താവു നല്കുന്ന മുന്നറിയിപ്പ് ശക്തമാണ്-”തടുത്തു വയ്ക്കരുത്”. ഇതിനുകാരണം യിസ്രായേലില്‍ കുടിയേറുവാന്‍ യഹൂദരെ ഇസ്ലാമിക രാഷ്ട്രങ്ങളും അനുവദിച്ചില്ല എന്നതാണ്. എന്നിട്ടും ദൈവം അവരെ അവിടെനിന്നും കൂട്ടിക്കൊണ്ടുവന്നു. മുസ്ലിംരാഷ്ട്രമായ ഒമാനിലെ മുഴുവന്‍ യഹൂദന്മാരും (മൊത്തം 43,000പേര്‍) 1948ലും അടുത്തവര്‍ഷങ്ങളിലുമായി യിസ്രായേലിലേക്കു കുടിയേറിയത് ആവേശം പകരുന്ന ഒരു സംഭവമാണ്. അതുപോലെ 1984ലും 1991ലും യിസ്രായേല്‍ നടത്തിയ സാഹസികമായ രണ്ടുസംരംഭങ്ങളിലൂടെ എത്യോപ്യയിലെ 30,000 യഹൂദന്മാരെ മടക്കികൊണ്ടുവന്നു. ബൈബിള്‍ പ്രവചനങ്ങളിലൂടെ കൃത്യമായ നിറവേറലുകള്‍ തന്നെയാണ് ഇവയെല്ലാം.

രണ്ടാംവട്ടം യഹൂദന്മാരെ യിസ്രായേല്‍ദേശത്തു നട്ടുകഴിഞ്ഞാല്‍ പിന്നെ അവരെ അവിടെ നിന്നു പറിച്ചുകളയുകയില്ലെന്നു കര്‍ത്താവ് ആമോസ് 9:15ല്‍ വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ട് ഇനി ആര് എന്തു പറഞ്ഞാലും ശരി യിസ്രായേല്‍ അവരുടെ സ്വന്തദേശത്ത് എന്നെന്നും വസിക്കും. അമേരിക്കയുടെ സഹായം കൊണ്ടല്ല അത്. മറിച്ച് കര്‍ത്താവിന്റെ ശക്തിയായിരിക്കും അവരെ നിലനിറുത്തുന്നത്.

നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രസക്തമായ മറ്റൊരു വിഷയം സെഖ. 10:9,10ല്‍ കാണുന്നു ”ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ വിതറും. ദൂരദേശങ്ങളില്‍ വച്ച് അവര്‍ എന്നെ ഓര്‍ക്കും. അവര്‍ മക്കളോടുകൂടെ ജിവിച്ചു മടങ്ങിവരും. ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്ന് മടക്കിവരുത്തും അശ്ശൂരില്‍ നിന്ന് അവരെ ശേഖരിക്കും. ഗിലയാദു ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും. അവര്‍ക്കു ഇടം പോരാതെ വരും.” യിസ്രായേല്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാനായി ഇപ്പോള്‍ തന്നെ ലെബാനോനിലേക്കു പോയിട്ടുണ്ട്. അവര്‍ ഗിലെയാദ് ദേശത്തേക്കും (അത് യോര്‍ദ്ദാന്‍ നദിയുടെ കിഴക്കേക്കരയില്‍ ജോര്‍ദ്ദാന്‍ എന്ന രാജ്യമാണ്) പോകുമെന്ന് ദൈവത്തിന്റെ അരുളപ്പാട്. പക്ഷേ അത് ഇന്നും നടന്നിട്ടില്ല. എന്നാല്‍ നമുക്ക് അതിന്റെ നിവൃത്തി വൈകാതെ കാണുവാന്‍ കഴിയും. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമാകയാല്‍ അവര്‍ക്കും ഇടം പോരാതെ വരുമെന്നും ഈ പ്രവചനത്തില്‍ കാണുന്നു. ഇതുകൊണ്ടാണ് യിസ്രായേല്‍ തങ്ങളുടെ കുടിയേറ്റക്കാര്‍ക്കായി നിരന്തരം വാസസ്ഥലങ്ങള്‍ പണിതുകൊണ്ടിരിക്കുന്നത്. എന്നിട്ടും അവര്‍ക്ക് ഇടം പോരാ. ദൈവവചനം വളരെ കാലികമാണ്! മൂവായിരം വര്‍ഷം മുമ്പ് ദൈവം അബ്രഹാമിനും യിസ്സഹാക്കിനും യാക്കോബിനും കൊടുത്ത ദേശത്തെ അവരുടെ സന്തതിപരമ്പരകള്‍ക്കു മടക്കിക്കൊടുക്കുവാന്‍ പോകുകയാണ്. ദൈവത്തെ മഠയനാക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

കഴിഞ്ഞ 19 നൂറ്റാണ്ടായി യിസ്രായേല്‍ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായിരുന്നിട്ടും അവിടത്തെ ജനങ്ങളോട് യഹൂദര്‍ ലയിച്ചുചേര്‍ന്നില്ല എന്നതാണ് ഏറ്റവും അത്ഭുതകരമായ കാര്യം. ഭൂമിയിലുള്ള മറ്റേതൊരു ജനങ്ങളില്‍നിന്നും ഭിന്നമായി അവര്‍ തനിമയോടെ നിന്നു. 19-ാം നൂറ്റാണ്ടിനുശേഷം ഇപ്പോഴും അവര്‍ യഹൂദരാണ്. അവര്‍ യോനാപ്രവാചകനെപ്പോലെ ആയിരുന്നു. യോന തിമിംഗലത്തിന്റെ വയറ്റിലെന്നപോലെയാണ് യഹൂദന്മാര്‍ വിവിധ രാജ്യങ്ങളിലായിരുന്നത്. തിമിംഗലം യോനായെ ദഹിപ്പിക്കുവാന്‍ മൂന്നുദിവസം ശ്രമിച്ചു. പക്ഷേ ഒടുവില്‍ പരാജയപ്പെട്ട് യോനായെ യിസ്രായേല്‍തീരത്ത് ഛര്‍ദ്ദിച്ചുകളഞ്ഞു. ഇതുപോലെ യഹൂദരെ ദഹിപ്പിക്കുവാന്‍ എല്ലാ രാജ്യങ്ങളും കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവില്‍ അവരെ യിസ്രായേല്‍ നാട്ടിലേക്കു വിട്ടുകളയുകയായിരുന്നു.

അന്ത്യനാളുകളില്‍ ദൈവം എങ്ങനെയാണു തന്റെ ജനത്തെ സംരക്ഷിക്കുന്നതെന്ന് വെളിപ്പാട് 7:1-8ല്‍ നാം കാണുന്നു. 1,44,000 പേര്‍ വരുന്ന ഈ ശേഷിപ്പ് ആദ്യം യേശു മശിഹയാണെന്നു വിശ്വസിക്കാതിരുന്ന നഥനയേലിനെപ്പോലെയുള്ളവരാണ്. എന്നാല്‍ നഥനയേല്‍ അവനെ കണ്ടുകഴിഞ്ഞപ്പോള്‍ വിശ്വസിച്ചു. യേശുവിനെ തേജസ്സില്‍ കാണുന്നതുവരെ അവിടുന്നു മശിഹയാണെന്നു വിശ്വസിക്കാത്ത നഥനയേലിനെപ്പോലെയുള്ളവര്‍-ദൈവഭക്തരായ ആളുകള്‍-അന്ത്യകാലത്ത് യിസ്രായേലില്‍ ഉണ്ടായിരിക്കും. 1,44,000 എന്ന സംഖ്യ പ്രതീകാത്മകമാണ്. എണ്ണം ചുരുക്കമായിരിക്കുമെന്ന് മാത്രമാണിവിടുത്തെ സൂചന. ആ കാലത്തു ഭൂമിയില്‍ ചൊരിയുന്ന ദൈവക്രോധത്തില്‍ നിന്ന് അവര്‍ സംരക്ഷിക്കപ്പെടും. ഈജിപ്റ്റില്‍ ഫറവോന്‍ (എതിര്‍ ക്രിസ്തുവിനു നിഴല്‍) യിസ്രായേല്‍ മക്കളെ പീഡിപ്പിച്ചപ്പോള്‍ ദൈവം അയച്ച ബാധകള്‍ (ന്യായവിധി) യിസ്രായേല്യരെ സ്പര്‍ശിക്കാതിരുന്നല്ലോ. അതുപോലെ ബാബേലില്‍ നെബുഖദ്‌നേസ്സര്‍ (എതിര്‍ ക്രിസ്തുവിന്റെ മറ്റൊരുനിഴല്‍) എല്ലാവരേയും തന്റെ ബിംബത്തിനു മുമ്പില്‍ നമസ്‌കരിപ്പാന്‍ പ്രേരിപ്പിച്ചപ്പോള്‍ മൂന്ന് യഹൂദയുവാക്കന്മാര്‍ (ഒരു ശേഷിപ്പ്) മുട്ടുകുത്താതിരിക്കുകയും തത്ഫലമായി തീച്ചൂളയില്‍ എറിയപ്പെടുകയും ചെയ്ത സംഭവം ഓര്‍ക്കുക. എന്നാല്‍ തീ അവരെ ദഹിപ്പിച്ചില്ല. ഇതുപോലെ അന്ത്യകാലത്ത് ദൈവഭക്തിയുള്ള ഒരു ശേഷിപ്പിനെ ദൈവം സംരക്ഷിക്കും. അവര്‍ മുദ്രയേറ്റവരും സുരക്ഷിതരും ആയിരിക്കും.

”നീതിമാനെക്കുറിച്ച്: അവനു നന്മവരും എന്നു പറവിന്‍” (യെശ. 3:10) താഴ്മയുള്ള ദൈവഭക്തരായ ആളുകള്‍ക്ക് എപ്പോഴും നന്നായിരിക്കും.

വാക്യം 9,10: ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്ന് ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കിധരിച്ചു കയ്യില്‍ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്നതു ഞാന്‍ കണ്ടു. രക്ഷ എന്നുള്ളത് സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റേയും കുഞ്ഞാടിന്റേയും ദാനം എന്ന് അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുകൊണ്ടിരുന്നു.

ഇതു സഭയാണ്-വീണ്ടും ജനിച്ച യഹൂദന്മാരും ജാതികളും ഇതില്‍ ഉണ്ട്. കര്‍ത്താവിനെ മധ്യാകാശത്തില്‍ കണ്ടുമുട്ടാന്‍ സഭ എടുക്കപ്പെടുന്ന സമയമാണിത്.

ഉത്തമഗീതം 2:10ല്‍ കാന്തന്‍ കാന്തയോട് ”എന്റെ പ്രിയേ എഴുന്നേല്‍ക്ക;എന്റെ സുന്ദരി വരിക” എന്നു പറയുന്നു. എന്തുകൊണ്ട്? കാരണം ‘അത്തിക്കായ്കള്‍ പഴുക്കുന്നു’ (13-ാം വാക്യം). ഈ ദിവസങ്ങളിലൊന്നില്‍ ഈ ക്ഷണം മണവാളനില്‍ (ക്രിസ്തു) നിന്നു മണവാട്ടി (സഭ)ക്ക് ലഭിക്കും. അതുകൊണ്ടാണ് ‘അത്തിയില്‍ നിന്നു പഠിപ്പിന്‍’ എന്നു യേശു പറഞ്ഞത്. അങ്ങനെയെങ്കില്‍ ‘എന്റെ പ്രിയേ എഴുന്നേല്‍ക്ക, വരിക’ എന്ന ക്ഷണം സ്വീകരിപ്പാന്‍ നാം തയ്യാറായിരിക്കും. കുഞ്ഞാടിന്റെ കല്യാണം അടുത്തുവരുന്നു.

ന്യായവിധിയുടെ സമയത്ത് സഭ ഭൂമിയില്‍ ഉണ്ടായിരിക്കുകയില്ല. 1തെസ്സ 5:9,10 വാക്യങ്ങളില്‍ നിന്ന് ഇതു വ്യക്തമാണ്. ”ദൈവം നമ്മെ കോപത്തിനല്ല……… കര്‍ത്താവായ യേശുക്രിസ്തു മൂലം രക്ഷയെ പ്രാപിപ്പാനത്രെ നിയമിച്ചിരിക്കുന്നത്.”

അന്ത്യകാലം നോഹയുടേയും ലോത്തിന്റേയും കാലം പോലെ ആയിരിക്കും എന്നാണ് യേശു പറഞ്ഞത്. സോദോമിനും ഗോമോറെയ്ക്കുംമേല്‍ ന്യായവിധി പതിക്കുന്നതിനു തൊട്ടുമുമ്പ് ലോത്തിനെ അവിടെ നിന്നു വിടുവിച്ചു. ഭൂമിയില്‍ ന്യായവിധിയുടെ പ്രളയജലം വീഴുന്നതിനു മുമ്പ് നോഹയെ പെട്ടകത്തില്‍ പ്രവേശിപ്പിച്ചു. ഇതുപോലെ ഭൂമിയുടെമേല്‍ ന്യായവിധി വര്‍ഷിക്കുന്നതിനു മുമ്പ് സഭയെ എടുത്തുകൊള്ളും.

ഇവിടെ വിശുദ്ധന്മാര്‍ കയ്യില്‍ കുരുത്തോല ഏന്തിയിരിക്കുന്നതായി നാം കാണുന്നു. പഴയ നിയമത്തില്‍ യിസ്രായേല്‍ മക്കള്‍ കുരുത്തോലയുമായാണ് കൂടാരപ്പെരുന്നാള്‍ ആചരിച്ചിരുന്നത്. (ലേവ്യ. 23:40) യിസ്രായേലിന്റെ എല്ലാ പെരുന്നാളുകള്‍ക്കും പ്രതീകാത്മകമായ അര്‍ത്ഥം ഉണ്ട്. പെസഹ, ക്രിസ്തുവിന്റെ മരണത്തെ കുറിക്കുമ്പോള്‍ കൂടാരപ്പെരുന്നാള്‍ യേശുക്രിസ്തുവിന്റെ ഭൂമിയിലെ ആയിരമാണ്ടു വാഴ്ചയുടെ ചിത്രമാണ്. വിശുദ്ധന്മാര്‍ കൈകളില്‍ കുരുത്തോല ഏന്തിയിരിക്കുന്നതിന്റെ പ്രാധാന്യം ഇവിടെയാണ്.

‘രക്ഷ ദൈവത്തിന്റെ ദാനം’ എന്ന് ആര്‍ക്കുമ്പോള്‍ അവര്‍ പറയുന്നത് ‘നമ്മുടെ രക്ഷ പൂര്‍ണ്ണമായും ദൈവത്താല്‍ മാത്രമാണ്, നമ്മിലുള്ള ഒന്നും അതിനു കാരണമല്ല’ എന്നാണ്. അവരുടെ രക്ഷ ദൈവത്തിന്റേയും കുഞ്ഞാടിന്റേയും കൃപയാലാണ് എന്നത് അവര്‍ സസന്തോഷം അംഗീകരിക്കുകയാണ്. ”അവര്‍ കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു”. (വെളി. 7:14)

”ഞാന്‍ നില്ക്കുന്നത് അവിടുത്തെ മേന്മയില്‍
മറ്റൊരു നില്പും എനിക്കറിയില്ല”.
ഒരുനാള്‍ കര്‍ത്താവിന്റെ മുമ്പില്‍ നില്ക്കുമ്പോള്‍, തന്നെ അവിടെ കൊണ്ടുവന്നത് ദൈവത്തിന്റെ കൃപയും കുഞ്ഞാടിന്റെ രക്തവുമാണെന്ന് ഓരോ യഥാര്‍ത്ഥദൈവപൈതലും സമ്മതിക്കും.

വാക്യം 11,12: ”സകലദൂതന്മാരും സിംഹാസനത്തിന്റേയും മൂപ്പന്മാരുടേയും നാലു ജീവികളുടേയും ചുറ്റുംനിന്നു സിംഹാസനത്തിന്റെ മുമ്പില്‍ കവിണ്ണുവീണു; ആമേന്‍ നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്‌തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേന്‍ എന്നു പറഞ്ഞു ദൈവത്തെ നമസ്‌കരിച്ചു.”

വെളിപ്പാടുപുസ്തകത്തില്‍ ധാരാളം ‘ഏഴുകാര്യങ്ങള്‍’ നമുക്കു കാണാം. ഏഴു സഭകള്‍, ഏഴു മുദ്ര, ഏഴു കാഹളം, ഏഴു കലശം, ഏഴ് ഇടിനാദം എന്നിവയോടൊപ്പം സ്വര്‍ഗ്ഗത്തിലെ ആരാധനയുടെ ഏഴുദൃശ്യങ്ങളും ഉണ്ട്. അതില്‍ ഒരു കാഴ്ചയാണ് നാം ഇവിടെ ദര്‍ശിക്കുന്നത്. നേരത്തേ നാല്, അഞ്ച് അധ്യായങ്ങളില്‍ ആരാധനയുടെ രണ്ടു ദൃശ്യങ്ങള്‍ നാം കണ്ടു.

ഈ കാഴ്ചകളിലെല്ലാം ശ്രദ്ധേയമായി തോന്നുന്ന കാര്യം സ്വര്‍ഗ്ഗത്തിലെ ആളുകളെല്ലാം-ദൂതന്മാരായാലും, 24 മൂപ്പന്മാരായാലും, നാലുജീവികളായാലും-ദൈവത്തെ ആരാധിപ്പാനും ”ഹല്ലേല്ലുയ്യാ കര്‍ത്താവിനു മഹത്വം” എന്ന് ആര്‍ക്കുവാനും ലഭിക്കുന്ന ഒരവസരംപോലും പാഴാക്കുന്നില്ല എന്നതാണ്. ഈ അവസ്ഥ നമ്മുടെ ഹൃദയത്തില്‍ സദാ ഉണ്ടായിരുന്നെങ്കില്‍! നാം ഒരു പാട്ടില്‍ പാടാറുണ്ട് ”സ്വര്‍ഗ്ഗം താണിറങ്ങിവന്നു, തേജസ്സ് എന്റെ ആത്മാവിനെ നിറച്ചു” എന്ന്. സ്വര്‍ഗ്ഗം ഒരുവന്റെ ഉള്ളിലേക്കുവന്നു, എന്നതിന്റെ ഒരു തെളിവ് ദൈവത്തെ ആരാധിപ്പാനും തന്നെ സ്തുതിപ്പാനുമുള്ള ഒരു നേരിയ അവസരത്തിനുവേണ്ടിപോലും അവന്‍ കാത്തിരിക്കുന്നു എന്നതാണ്.

ആരാധനയുടേയും സ്തുതിയുടേയും ആത്മാവ് സ്വര്‍ഗ്ഗത്തിന്റെ ആത്മാവാണ്.

അതുകൊണ്ട് വിശ്വാസികള്‍ ”നമ്മുടെ രക്ഷ നമ്മുടെ ദൈവത്താലുള്ളതാണ്” എന്നു പറയുമ്പോള്‍ കോടാനുകോടി ദൂതന്മാരും, 24 മൂപ്പന്മാരും, നാലുജീവികളും ഉടനെ പറയുകയാണ് ”അതേ, ആമേന്‍. അതു ശരിയാണ്. ഈ അത്ഭുതവാനായ ദൈവത്തിനു നമുക്കു മഹത്വം കരേറ്റാം”.

വാക്യം 13,14: ”മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോട് വെള്ളനിലയങ്കിധരിച്ചിരിക്കുന്ന ഇവര്‍ ആര്‍? എവിടെനിന്നു വന്നു എന്നു ചോദിച്ചു. യജമാനന്‍ അറിയുമല്ലോ എന്നു ഞാന്‍ പറഞ്ഞതിന് അവന്‍ എന്നോടു പറഞ്ഞത്; ഇവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവര്‍. കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.

സഭ മഹോപദ്രവത്തിലൂടെ കടന്നു പോകുമെന്നും എന്നാല്‍ അതില്‍നിന്നു പുറത്തുവരുമെന്നും 14-ാം വാക്യം വളരെ വ്യക്തമായി പഠിപ്പിക്കുന്നു. നാം ആരെക്കുറിച്ചെങ്കിലും അവന്‍ ആ മുറിയില്‍ ‘നിന്നു വന്നു’ എന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? അവന്‍ ആ മുറിക്കുള്ളിലായിരുന്നുവെന്നും അവിടെ നിന്നു പുറത്തുവന്നു എന്നും ആണല്ലോ. വെളിപ്പാട് 18:4ല്‍ ദൈവം തന്റെ ജനത്തോടു ബാബിലോനില്‍ നിന്നു വിട്ടുപോരുവീന്‍ എന്നു പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം ബാബിലോനിന് അകത്തുള്ളവര്‍ അവിടെനിന്നു പുറത്തുവരണം എന്നതാണ്. ഇതുപോലെ ഇവര്‍ ‘മഹാകഷ്ടത്തില്‍നിന്നു വന്നവര്‍’ എന്നു വിശ്വാസികളെക്കുറിച്ചു പറഞ്ഞിരിക്കുന്നതിന്റെ ലളിതമായ അര്‍ത്ഥം അവര്‍ മഹാകഷ്ടത്തില്‍ ആയിരുന്നെന്നും അവിടെ നിന്നു പുറത്തുവന്നു എന്നുമാണ്.

മനുഷ്യന്റെ ജഡം കഷ്ടത ഇഷ്ടപ്പെടാത്തതുകൊണ്ട് സഭ മഹോപദ്രവത്തിലൂടെ കടന്നുപോകുകയില്ല എന്നൊരു ഉപദേശം 150 വര്‍ഷം മുമ്പ് പാശ്ചാത്യലോകം കണ്ടുപിടിച്ചു. അതു വിശ്വസിപ്പാനാണ് എന്റെ ജഡത്തിനും ഇഷ്ടം-നിങ്ങളുടെ ജഡത്തിനെന്നപോലെ. നമുക്കൊരു സുഖകരമായ സമയം ഉണ്ടാകും എന്നുംപറയുന്ന ഉപദേശം കേള്‍പ്പാനാണ് എല്ലാവരുടേയും ജഡം ഇഷ്ടപ്പെടുന്നത്.

എന്നാല്‍ സഭ മഹോപദ്രവത്തിലൂടെ കടക്കുകയില്ലെന്നു പറയുന്ന ഒരൊറ്റവാക്യം പോലും തിരുവെഴുത്തിലില്ല.

മനുഷ്യരുടെ ഉപദ്രവത്തില്‍നിന്നു നമ്മെ സംരക്ഷിക്കും എന്നു ദൈവം ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല. ചരിത്രത്തിലുടനീളം സഭ കഷ്ടതകളെ എപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ട്. ഇന്നുപോലും ലോകജനസംഖ്യയില്‍ മൂന്നിലൊന്ന് ക്രൈസ്തവവിരുദ്ധഭരണാധികാരികളാല്‍ ഭരിക്കപ്പെടുകയും വിശ്വാസികള്‍ അവരാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതില്‍ അസാധാരണമായിട്ടൊന്നും ഇല്ല. ഇരുപതുനൂറ്റാണ്ടുകളായി ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്നും തുടരുന്നു. ഭാവിയില്‍ ഇതു കൂടുതല്‍ വ്യാപകമാകുകയും ചെയ്യും.

മാനുഷികമായി പറഞ്ഞാല്‍ പീഡനത്തിന്റെ ഭാഗമായി അഗ്നിപ്രവേശനത്തിനോ വന്യമൃഗങ്ങളെ അഭിമുഖീകരിക്കുന്നതിനോ ഒന്നും നമുക്കു ധൈര്യമില്ല. എന്നാല്‍ ആ സന്ദര്‍ഭം വരുമ്പോള്‍ ദൈവം നമുക്കു പ്രത്യേക കൃപതരും. അതവിടുത്തെ വാഗ്ദാനമാണ്. അതുകൊണ്ടാണു നാം മഹോപദ്രവത്തെ ഭയപ്പെടാത്തത്.

ഈ പുസ്തകം എഴുതിയ യോഹന്നാന്‍ വെളി. 1:9ല്‍ ‘കഷ്ടങ്ങള്‍ക്കു കൂട്ടാളിയും നിങ്ങളുടെ സഹോദരനുമായ യോഹന്നാന്‍ എന്ന ഞാന്‍’ എന്നു സ്വയം പരിചയപ്പെടുത്തുന്നതു നാം കണ്ടതാണ്.
ഉപദ്രവം സഭയ്ക്കുള്ളതല്ല എന്ന് നിങ്ങള്‍ യോഹന്നാനോടു പറഞ്ഞിരുന്നെങ്കില്‍, താന്‍ തന്നെ കഷ്ടതയിലൂടെയാണു കടന്നുപോകുന്നതെന്നു യോഹന്നാന്‍ മറുപടി പറയുമായിരുന്നു. ‘മഹോപദ്രവത്തിനു മുമ്പേ സഭയുടെ ഉല്‍പ്രാപണം’ എന്ന ഉപദേശം സുഖാമ്പേഷികളായ പാശ്ചാത്യക്രിസ്ത്യാനികളില്‍ നിന്നു വന്നതാണ്. കമ്മ്യൂണിസ്റ്റുരാജ്യങ്ങളില്‍ നിന്നോ മുസ്ലിംരാജ്യങ്ങളില്‍ നിന്നോ ഉള്ള ഒരു ക്രിസ്ത്യാനിപോലും ഇത്തരം ഒരു ഉപദേശത്തിനു രൂപംകൊടുക്കുകയോ അതില്‍ വിശ്വസിക്കുകയോ ചെയ്യുകയില്ല.

ഈ വിശുദ്ധന്മാര്‍ ഉപദ്രവത്തിലൂടെ കടന്നുപോയി വിജയം വരിച്ചവരാണ്! യേശുക്രിസ്തുവിനുവേണ്ടി കഷ്ടത അനുഭവിക്കുന്നത് ഒരവകാശമായി കണ്ട് കൊല്ലപ്പെടുവാന്‍ സസന്തോഷം ഏല്പിച്ചുകൊടുത്തവരാണ്. അവര്‍ തങ്ങളുടെ അങ്കി കുഞ്ഞാടിന്റെ രക്തത്തില്‍ കഴുകിവെളുപ്പിച്ചിരിക്കുന്നു. അവര്‍ വിശുദ്ധീകരണം പ്രാപിച്ചവരായിരുന്നു-വിശ്വസ്തരും.

വാക്യം 15: അതുകൊണ്ട് അവര്‍ ദൈവത്തിന്റെ സിംഹാസനത്തിന്‍ മുമ്പില്‍ ഇരുന്നു അവന്റെ ആലയത്തില്‍ രാപ്പകല്‍ അവനെ ആരാധിക്കുന്നു. സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ അവര്‍ക്കു കൂടാരം ആയിരിക്കും.

ഹൃദയ നൈര്‍മല്യം ഉള്ളവര്‍ക്കു മാത്രമേ ദൈവത്തെ കാണുവാനും അവിടുത്തെ മുമ്പില്‍ നില്ക്കുവാനും കഴിയുകയുള്ളൂ (മത്താ. 5:8). രക്തത്താല്‍ കഴുകപ്പെട്ടവരായതിനാല്‍ ഇവര്‍ നിര്‍മ്മലരാണ്. അതുകൊണ്ടാണ് അവര്‍ ദൈവസിംഹാസനത്തിനു മുമ്പില്‍ നില്ക്കുന്നതും രാപകല്‍ തന്നെ ശുശ്രൂഷിക്കുന്നതും. നിത്യതയിലും നമുക്ക് ഏതെങ്കിലും വിധത്തിലുള്ള ശുശ്രൂഷ ഉണ്ടായിരിക്കുമെന്നും നാം അതു പിതാവിനുവേണ്ടി ചെയ്യുമെന്നും ഇതു നമ്മെ പഠിപ്പിക്കുന്നു. ദൈവം തന്നെ അവര്‍ക്കൊരു സംരക്ഷണ വിതാനമായിരിക്കും. എവിടെ പോയാലും അവരോടൊപ്പം ദൈവത്തിന്റെ ആശ്വസിപ്പിക്കുന്ന സാന്നിധ്യം ഉണ്ടായിരിക്കും.

വാക്യം 16: ഇനി അവര്‍ക്കു വിശക്കയില്ല. ദാഹിക്കയും ഇല്ല. വെയിലും യാതൊരു ചൂടും അവരുടെമേല്‍ തട്ടുകയുമില്ല.

ഭൂമിയില്‍ വച്ചു പൂര്‍ത്തീകരിക്കാത്ത എല്ലാ അഭിലാഷങ്ങള്‍ക്കും അവിടെ തൃപ്തിവരും. ഭൂമിയിലെപ്പോലെ ചൂടോ കഷ്ടതയോ പരീക്ഷയോ ഒന്നും അവിടെ ഉണ്ടായിരിക്കുകയില്ല.

വാക്യം 17: സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാട് അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താന്‍ അവരുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ എല്ലാം തുടച്ചുകളയുകയും ചെയ്യും.

കൂടുതല്‍ മഹത്തും വ്യാപകവുമായ നിലയില്‍ കര്‍ത്താവ് അവിടേയും നമ്മുടെ ഇടയനായിരിക്കും. ജീവജലത്തിന്റെ ഉറവുകളിലേക്ക് (പരിശുദ്ധാത്മാവിന്റെ ആഴമായ അനുഭവങ്ങളിലേക്ക്) അവിടുന്നു നമ്മെ നടത്തും. ഭൂമിയില്‍ വച്ച് നമുക്കൊരിക്കലും കൈവരിക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത ആഴമായ അനുഭവമായിരിക്കും അത്. ദൈവം തന്നെ നമ്മുടെ കണ്ണില്‍ നിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. അവിടെ ദുഃഖമോ മരണമോ ഉണ്ടായിരിക്കുകയില്ല.

നിത്യത എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു നൈമിഷിക വീക്ഷണമാണിത്. എട്ടാം അദ്ധ്യായത്തില്‍ ന്യായവിധി തുടങ്ങുന്നതിനുമുമ്പ് ദൈവം നമുക്ക് കൃപയുടെ ഈ ദൃശ്യം കാട്ടിത്തരുന്നു.

ന്യായവിധിയുടെ ഓരോ ദൃശ്യത്തെ തുടര്‍ന്നും ദൈവകൃപയുടെ ഓരോ ദൃശ്യം ആവര്‍ത്തിച്ചു വരുന്നത് വെളിപ്പാടു പുസ്തകത്തില്‍ വീണ്ടും വീണ്ടും നമുക്കു കാണാന്‍ കഴിയും.

അദ്ധ്യായം 8

വാക്യം 1: അവന്‍ ഏഴാം മുദ്രപൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഏകദേശം അരമണിക്കൂറോളം മൗനത ഉണ്ടായി.

ഏഴാം മുദ്ര തുറക്കുന്നതോടെ ദൈവത്തിന്റെ ന്യായവിധി ഭൂമിയുടെ മേല്‍ വര്‍ഷിക്കുവാന്‍ തുടങ്ങുന്നു.

ആറാം അധ്യായത്തില്‍ പല കുതിരക്കാര്‍ ഭൂമിയില്‍ ദുരന്തം കൊണ്ടുവരുന്നതു നാം കണ്ടു. മഹോപദ്രവും നാം കണ്ടു. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയുടെ മേല്‍ എന്തെങ്കിലും ശിക്ഷാവിധി ചൊരിയുന്നതു നാം അവിടെ കണ്ടില്ല.

ആറു മുദ്രകളില്‍ അഞ്ചും (യുദ്ധം, ക്ഷാമം, ഭൂകമ്പം, ബാധകള്‍, പീഡനങ്ങള്‍) പൊട്ടിച്ചപ്പോള്‍ സഭ ഭൂമിയിലുണ്ടായിരുന്നു. എന്നാല്‍ ദൈവത്തിന്റെ ശിക്ഷാവിധി എട്ടാം അധ്യായത്തില്‍ ദൈവം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് സഭ എടുത്തുകൊള്ളപ്പെടുന്നതു ഏഴാം അധ്യായത്തില്‍ നാം കാണുന്നു. അതുപോലെ ദൈവഭയമുള്ള യഹൂദന്മാരെ മുദ്രയിട്ട് സംരക്ഷിക്കുന്നുമുണ്ട്.

ഇവിടെ ഏഴാം മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പെട്ടെന്നു നിശ്ശബ്ദതയാണ് ഉണ്ടാകുന്നത്.

ഇടിനാദം പോലെയും പെരുവെള്ളത്തിന്റെ ഇരച്ചില്‍പോലെയും ദൈവസ്തുതി മുഴങ്ങുന്നതാണ് സദാ സ്വര്‍ഗ്ഗത്തിലെ അന്തരീക്ഷം. അപ്പോള്‍ നിശ്ശബ്ദത-അതു മുപ്പതുമിനിറ്റു നേരത്തേക്കാണെങ്കിലും-അസാധാരണമായ ഒന്നായതിനാല്‍ അതു രേഖപ്പെടുത്താതിരിപ്പാനാവില്ലല്ലോ. എല്ലാം പൊടുന്നനെ നിശ്ശബ്ദമായപ്പോള്‍ എന്താണു സംഭവിക്കുന്നതെന്നറിയാതെ യോഹന്നാന്‍ അമ്പരന്നു.

നിശ്ശബ്ദതയുടെ കാരണം യെശ. 28:21, 22 വാക്യങ്ങളില്‍ നാം കാണുന്നു. ‘സര്‍വ്വഭൂമിയിലും വരുത്തുവാന്‍ കര്‍ത്താവു തീരുമാനിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ച് അവിടെ ‘അപൂര്‍വ്വക്രിയ’യെന്നും അസാധാരണ പ്രവൃത്തിയെന്നുമാണ് വിവരിച്ചിട്ടുള്ളത്. ശിക്ഷാവിധിയെന്നു പറയുന്നത് ദൈവത്തിന്റെ സാധാരണ പ്രവൃത്തിയോ സ്ഥിരം പരിപാടിയോ അല്ല. ദൈവത്തിന് അതൊരു അപരിചിതമായ ക്രിയയാണ്. തനിക്കു സന്തോഷം തരുന്ന ഒന്നല്ല അത്. തന്നെ സംബന്ധിച്ച് അസാധാരണവും അപരിചിതവുമായ ഒരു സംഗതിയാണത്. ”ആളുകള്‍ അനുതപിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ അവരെ എല്ലാം ന്യായം വിധിക്കാതെ കഴിക്കാമായിരുന്നു” എന്നു പറഞ്ഞു ദൈവം കാത്തിരിക്കുന്നതുപോലെയാണ് ഇവിടെ മൗനത ഉണ്ടായത്. ആരും നശിച്ചു പോകുന്നതു ദൈവം ആഗ്രഹിക്കുന്നില്ല. എല്ലാവരും മാനസാന്തരപ്പെടുവാന്‍ ഇച്ഛിച്ച് കാത്തിരിക്കുന്നു. അന്ത്യന്യായ വിധിക്കു മുമ്പ് ആളുകള്‍ മാനസന്തരപ്പെടുവാന്‍ വേണ്ടി ദൈവം ഇന്നും കാത്തിരിക്കുകയാണ്.

വെളിപ്പാട് ആറാം അധ്യായത്തില്‍ യേശു ഒരു ചുരുള്‍ നിവര്‍ത്തുവാന്‍ തുടങ്ങുന്നതു നാം കാണുന്നു. ഇവിടെ ഇതാ അവസാനമുദ്രയും തുറന്നുകഴിഞ്ഞതോടെ ചുരുള്‍ പൂര്‍ണ്ണമായും നിവര്‍ത്തിക്കഴിഞ്ഞു. ഇതുവരെ അതു ഭാഗികമായി മാത്രമേ നിവര്‍ത്തിയിരുന്നുള്ളു.

യേശു മറ്റൊരു ചുരുള്‍ നിവര്‍ത്തിയതിനെക്കുറിച്ച് ലൂക്കോ. 4: 16,17ല്‍ നാം വായിക്കുന്നു. യേശു നസറെത്തിലെ പള്ളിയില്‍ ചെന്നപ്പോള്‍ യെശയ്യാപ്രവാചകന്റെ പുസ്തകച്ചുരുള്‍ നിവര്‍ത്തി 61-ാം അധ്യായം ഒന്ന് രണ്ട് വാക്യങ്ങള്‍ വായിച്ചു. എന്നാല്‍ രണ്ടാം വാക്യം പൂര്‍ണ്ണമാകുന്നതിനു മുമ്പ് അവിടുന്നു വായന നിര്‍ത്തി. ലൂക്കോ. 4:18,19 നെ യെശ. 61:1,2 വാക്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വ്യക്തമാകും. യേശു വായിച്ചത് ഇതാണ്:”എളിയവരോടു സദ്വര്‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ബദ്ധന്‍മാര്‍ക്കു വിടുതലും കുരുടന്മാര്‍ക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കര്‍ത്താവിന്റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു”.

കര്‍ത്താവ് അവിടെ നിര്‍ത്തി. ‘നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസം പ്രസിദ്ധമാക്കുവാനും’ എന്ന അടുത്തവാചകം അവിടുന്നു വായിച്ചില്ല. ഇവിടെ മറ്റൊരുകാര്യം ശ്രദ്ധിക്കുക. കര്‍ത്താവിന്റേത് പ്രസാദ’വര്‍ഷ’മാണ് (പ്രസാദത്തിന്റെ 365 ദിവസങ്ങള്‍). അതേസമയം പ്രതികാരം (ന്യായവിധി) ഒരു ‘ദിവസ’ത്തേക്കുമാത്രമാണ് (വെറും 24 മണിക്കൂര്‍).

അവിടുന്ന് ദീര്‍ഘക്ഷമയുള്ളവനാകയാല്‍ കൃപയുടെ നാളുകള്‍ നീണ്ടകാലയളവായിരിക്കുമെന്ന് ഇതിലൂടെ നമ്മെ ബോധ്യപ്പെടുത്താന്‍ കര്‍ത്താവു ശ്രമിക്കുകയായിരുന്നു. അവിടുന്നു പ്രസാദവര്‍ഷം (കൃപയുടെ ഈ നാളുകള്‍ രണ്ടായിരം വര്‍ഷം പിന്നിട്ടിരിക്കുന്നു) എന്നു വായിച്ചുനിര്‍ത്തി, ശേഷം വായിക്കാതെ ചുരുള്‍ ചുരുട്ടി മടക്കികൊടുത്തു (ലൂക്കോ. 4:20).

പക്ഷേ ഇവിടെ വെളി. 8:1ല്‍ നാം വരുമ്പോള്‍ ദൈവം ദീര്‍ഘനാള്‍-രണ്ടായിരം വര്‍ഷം-കാത്തിരുന്നു കഴിഞ്ഞു. എന്നാല്‍ വീണ്ടും അവിടുന്ന് അല്പനേരം കൂടി കാക്കുകയാണ്. കര്‍ത്താവിന് ആയിരംവര്‍ഷം ഒരുദിവസംപോലെയാണല്ലോ. അതുകൊണ്ട് അരമണിക്കൂര്‍ മൗനമായിരുന്നു എന്നു പറഞ്ഞാല്‍ അതു 20 വര്‍ഷം ആയിരിക്കാം. ദൈവം വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആളുകള്‍ മാനസാന്തരപ്പെടുന്നതിനു വേണ്ടിയാണ് നിശ്ശബ്ദമായ ഈ കാത്തിരിപ്പ്. എന്നാല്‍ അവരതിനു തയ്യാറാകാതിരിക്കുമ്പോള്‍ ഒടുവില്‍ യേശു ചുരുള്‍ വീണ്ടും നിവര്‍ത്തി ആ അവസാന വാചകം വായിക്കും. ”നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും വന്നിരിക്കുന്നു”.

വാക്യം 2: അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. അവര്‍ക്ക് ഏഴു കാഹളവും ലഭിച്ചു.

ഏഴുകാഹളം എന്നു പറയുന്നത് വ്യത്യസ്തമായ ഏഴു കാഹളങ്ങളാണെന്നു കണക്കാക്കേണ്ടതില്ല. ദൈവത്തിന്റെ ഏഴ് ആത്മാവിനു നിഴലായ ഏഴുനിലവിളക്കുകളെക്കുറിച്ചു വായിച്ചപ്പോള്‍ (വെളി. 4:5) നാം കണ്ടത് അത് ഏഴു പരിശുദ്ധാത്മാവുകളല്ല മറിച്ച് പരിശുദ്ധാത്മാവിന്റെ ഏഴിരട്ടിയാണ് എന്നാണല്ലോ. അങ്ങനെയെങ്കില്‍, ഇവിടെ സാധാരണകാഹളത്തെക്കാള്‍ ഏഴു മടങ്ങുനേരം മുഴങ്ങുന്ന ഒരു കാഹളമാണ് (അന്ത്യകാഹളം) ഇതെന്നു കാണാം.

ഈ കാഹളത്തിന്റെ പ്രാധാന്യം 1കൊരി. 15:51,52ല്‍ കാണാം. ”ഞാന്‍ ഒരു മര്‍മ്മം നിങ്ങളോടു പറയാം. നാം എല്ലാവരും നിദ്രകൊള്ളുകയില്ല (നാം എല്ലാവരും മരിക്കുകയില്ല; ചിലര്‍ മരിക്കും, എല്ലാവരുമില്ല). എന്നാല്‍ അന്ത്യകാഹളനാദത്തിങ്കല്‍ (സഭയുടെ ഉല്‍പ്രാപണം സംഭവിക്കുമ്പോള്‍) പെട്ടെന്നു കണ്ണിമെക്കുന്നതിനിടയില്‍ നാം എല്ലാവരും രൂപാന്തരപ്പെടും”.

വെളി. 8:2ല്‍ നാം വായിക്കുന്നത് ഏഴുമടങ്ങായ ആ അന്ത്യകാഹളധ്വനി മുഴങ്ങാന്‍ തുടങ്ങുന്നതിനെക്കുറിച്ചാണ്. കാഹളം മുഴങ്ങുകയും ‘മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാം രൂപാന്തരപ്പെടുകയും’ ചെയ്യും. (വെളിപ്പാട് ഏഴാം അധ്യായത്തില്‍ നാം ഇതു കണ്ടു). മഹോപദ്രവം കഴിയുന്ന ഉടനെ കാഹളം ധ്വനിക്കും. സഭ കര്‍ത്താവിനെ എതിരേല്പാന്‍ ആകാശത്തേക്ക് എടുക്കപ്പെടും.

അന്ത്യകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമെക്കുന്നതിനിടയില്‍ (അതിന് എത്രനേരം വേണം?), ഒരു നിമിഷംകൊണ്ട് നാം രൂപാന്തരപ്പെടുകയും ഭൂമിയില്‍നിന്ന് എടുക്കപ്പെടുകയും ചെയ്യും. സഭ മാറ്റപ്പെട്ടു കഴിയുന്ന ഉടനെ ശിക്ഷാവിധി ഭൂമിയുടെമേല്‍ പതിക്കുവാന്‍ തുടങ്ങും.

യിസ്രായേല്‍ പാളയത്തില്‍ കാഹളം എന്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് സംഖ്യാപുസ്തകം പത്താം അധ്യായത്തില്‍ നാം വായിക്കുന്നു. ഏഴു കാരണങ്ങളാണ് അവിടെ കാണുന്നത്. ഇതിനെ നമുക്കു അന്ത്യകാഹളനാദത്തിങ്കല്‍ സംഭവിക്കുന്നതിനോടു താരതമ്യം ചെയ്യാം.

(1) യിസ്രായേല്‍ സഭയെ വിളിച്ചുകൂട്ടുവാന്‍ (സംഖ്യ 10:2). കര്‍ത്താവിനെ ആകാശത്തില്‍ എതിരേല്പാന്‍ സഭയെ വിളിക്കുവാന്‍.
(2) പാളയത്തെ പുറപ്പെടുവിപ്പാന്‍ (10:2). സഭയുടെ അവസാനയാത്ര ഭൂമിയില്‍നിന്നു മധ്യാകാശത്തില്‍ കര്‍ത്താവിന്റെ സന്നിധിയിലേക്കാണ്.
(3) മുന്നറിയിപ്പെന്ന മട്ടില്‍ മുഴങ്ങുന്ന ഗംഭീരധ്വനി (10:5). അതീവഗൗരവമുള്ള ഒരു കാര്യം നടക്കാന്‍ പോകുന്നതായി ഭൂമിയെ അറിയിക്കുന്നു.
(4) യുദ്ധം ആരംഭിച്ചതിന്റെ സൂചന (10:9). ദൈവവും എതിര്‍ക്രിസ്തുവിന്റെ നേതൃത്വത്തില്‍ അഭക്തരായ ആളുകളും തമ്മില്‍ യുദ്ധം ആരംഭിക്കുന്നു.
(5) സന്തോഷദിവസത്തിന്റെ സൂചന. (10:10). തന്റെ കര്‍ത്താവിനെ മുഖാമുഖം കാണാന്‍ പോകുന്നു എന്നുള്ളതിനാല്‍ സഭ സന്തോഷത്തിന്റെ പാരമ്യത്തിലായിരിക്കും.
(6) ഉത്സവം പ്രഖ്യാപിക്കുവാന്‍ (10:10). കുഞ്ഞാടിന്റെ വിവാഹോത്സവം ആരംഭിക്കുന്നു.
(7) മാസാരംഭത്തെ കുറിക്കുവാന്‍ (10:10). സഭയും ഒരു പുതിയ ആരംഭം കുറിക്കുകയാണ്.

വാക്യം 3,4: മറ്റൊരു ദൂതന്‍ ഒരു സ്വര്‍ണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സിംഹാസനത്തിന്‍ മുമ്പിലുള്ള സ്വര്‍ണ്ണപീഠത്തിന്മേല്‍ സകലവിശുദ്ധന്മാരുടേയും പ്രാര്‍ത്ഥനയോടു ചേര്‍ക്കേണ്ടതിനു വളരെ ധൂപവര്‍ഗ്ഗം അവനു കൊടുത്തു. ധൂപവര്‍ഗ്ഗത്തിന്റെ പുക വിശുദ്ധന്‍മാരുടെ പ്രാര്‍ത്ഥനയോടുകൂടെ ദൂതന്റെ കയ്യില്‍നിന്നു ദൈവസന്നിധിയിലേക്കു കയറി.

നേരത്തെ വെളി. 5:8ല്‍ ചില പ്രവൃത്തി തികയ്ക്കുന്ന വിശുദ്ധന്‍മാരുടെ പ്രാര്‍ത്ഥനയെക്കുറിച്ചു നാം ചിന്തിച്ചു. ഇവിടെ വെളി. 8:3ല്‍ നാം അതു വീണ്ടും കണ്ടെത്തുന്നു. പ്രത്യേകിച്ചും ‘പിതാവേ നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപോലെ ഭൂമിയിലും അകേണമേ’ എന്ന പ്രാര്‍ത്ഥനയുടെ നിറവേറലാണിത്. നൂറു നൂറു വര്‍ഷങ്ങള്‍ ആളുകള്‍ ഇതു പ്രാര്‍ത്ഥച്ചിട്ടുണ്ട്. അവസാനം ഇവിടെ അതിനു മറുപടി ലഭിക്കുവാന്‍ പോകുന്നു.

വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയോടുകൂടെ ധൂപവര്‍ഗ്ഗവും ചേര്‍ക്കുന്നു. യേശുക്രിസ്തുവിന്റെ നാമമാണ് ഈ ധൂപവര്‍ഗ്ഗം. ‘പകര്‍ന്നതൈലം പോലെ’യാണ് ആ നാമം (ഉത്ത.ഗീതം 1:3). സൗരഭ്യപൂരിതമായ ഒരു സുഗന്ധവര്‍ഗ്ഗം പോലെയാണത്. നമ്മുടെ പ്രാര്‍ത്ഥനയില്‍ അതു ചേര്‍ക്കുമ്പോള്‍ പിതാവിന്റെ സന്നിധിയില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ഉയരുകയും ഒരു മറുപടി അതുകൊണ്ടുവരികയും ചെയ്യും. ‘യേശുവിന്റെ നാമം’ എന്നു പറയുമ്പോള്‍ ആ പദത്തിന്റെ നിരര്‍ത്ഥകമായ ഒരു ആവര്‍ത്തനമെന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. കര്‍ത്താവ് എന്താണെന്നും കാല്‍വറിയില്‍ നമുക്ക് എന്തുചെയ്തുവെന്നും ഉള്ളതിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ നാമത്തിന്റെ വിലയിലേക്കും മൂല്യത്തിലേക്കും ഉള്ള ഒരു അത്മീയപ്രവേശനത്തെയാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. ആ നാമത്തില്‍ നാം ദൈവമുമ്പാകെ അംഗികരിക്കപ്പെട്ടിരിക്കുന്നു.

നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് സ്വയം ദൈവമുമ്പാകെ ഉയരുവാന്‍ കഴിയുകയില്ല. എന്നാല്‍ നാം യേശുക്രിസ്തുവിന്റെ നാമത്തില്‍ വരുമ്പോള്‍, യേശുവിന്റെ പ്രാര്‍ത്ഥനകളെപ്പോലെ ദൈവം നമ്മുടെ പ്രാര്‍ത്ഥനകളേയും അംഗീകരിക്കും.

ഈ പ്രാര്‍ത്ഥനകള്‍-ആയിരക്കണക്കിനു വര്‍ഷങ്ങളായി ലക്ഷക്കണക്കിനു വിശുദ്ധന്മാര്‍ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനകളുടെ ആകെത്തുക-ദൈവസന്നിധിയില്‍ ഉയര്‍ന്നതിന്റെ ഫലമാണ് വെളി. 8:5ല്‍ കാണുന്നത്. പൊടുന്നനെയുള്ള മറുപടിയാണിത്.

വാക്യം 5: ദൂതന്‍ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല്‍ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു. ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.

ഇതൊരു പ്രതീകാത്മകമായ ഭാഷയാണ്. പ്രാര്‍ത്ഥനകള്‍ക്കു മറുപടിനല്‍കാന്‍ ദൈവം ഏറെനാള്‍ കാത്തിരുന്നെങ്കിലും ഒടുവില്‍ മറുപടി നല്‍കാന്‍ തുടങ്ങിയപ്പോള്‍ അതു ശക്തിയേറിയതും വേഗതയുള്ളതുമാണ് എന്നു വ്യക്തമാക്കുന്നതാണ് ഈ പ്രതീകാത്മകമായ ഭാഷ. അവിടുന്നു ശക്തവും സമ്പൂര്‍ണ്ണവുമായ ഒരു പ്രവൃത്തിയാണു ചെയ്യുവാന്‍ പോകുന്നത്.

അവിടുന്നു പ്രവര്‍ത്തിക്കുവാന്‍ താമസിക്കുന്നുവെങ്കില്‍ അതിന് ഒരര്‍ത്ഥമേയുള്ളൂ-രക്ഷിക്കപ്പെടാത്ത പാപികളെക്കുറിച്ചു താന്‍ ദീര്‍ഘക്ഷമയുള്ളവനാണ്.

വാക്യം 6,7: ഏഴു കാഹളമുള്ള ദൂതന്മാര്‍ ഏഴുവരും കാഹളം ഊതുവാന്‍ ഒരുങ്ങിനിന്നു. ഒന്നാമത്തവന്‍ ഊതി. അപ്പോള്‍ രക്തം കലര്‍ന്ന കല്മഴയും തീയും ഭൂമിമേല്‍ ചൊരിഞ്ഞിട്ട് ഭൂമിയില്‍ മൂന്നിലൊന്നു വെന്തുപോയി. വൃക്ഷങ്ങളില്‍ മൂന്നിലൊന്നു വെന്തുപോയി. എല്ലാ പച്ചപ്പുല്ലും വെന്തുപോയി.

ആദ്യശിക്ഷാവിധിതന്നെ ഭൂമിയിലെ എല്ലാ പച്ചപ്പും, വനങ്ങളും നശിപ്പിച്ചു കളഞ്ഞു. പ്രകൃതി, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അവ സൃഷ്ടിച്ചത്.

വാക്യം 8,9: രണ്ടാമത്തെ ദൂതന്‍ ഊതി. അപ്പോള്‍ തീ കത്തുന്ന വന്‍മലപോലെയൊന്ന് സമുദ്രത്തിലേക്ക് എറിഞ്ഞിട്ട് കടലില്‍ മൂന്നിലൊന്ന് രക്തമായിത്തീര്‍ന്നു. സമുദ്രത്തില്‍ പ്രാണനുള്ള സൃഷ്ടികളില്‍ മൂന്നിലൊന്ന് ചത്തുപോയി കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു.

രണ്ടാമത്തെ ശിക്ഷാവിധി സമുദ്രത്തെ ആകെ മലിനപ്പെടുത്തി കോടിക്കണക്കിനു മത്സ്യങ്ങളെ നശിപ്പിച്ചുകളഞ്ഞു.

വാക്യം 10,11: മൂന്നാമത്തെ ദൂതന്‍ ഊതി: അപ്പോള്‍ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു വീണു. നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണത്. ആ നക്ഷത്രത്തിനു കാഞ്ഞിരം എന്നു പേര്‍. വെള്ളത്തില്‍ മൂന്നിലൊന്ന് കാഞ്ഞിരം പോലെ ആയി. വെള്ളം കൈപ്പായതിനാല്‍ മനുഷ്യരില്‍ പലരും മരിച്ചുപോയി.

മൂന്നാമത്തെ ശിക്ഷാവിധി ഭൂമിയിലെ നദികളേയും ഉറവകളേയും വിഷമയമാക്കി.

യിരെ. 9:13-15ല്‍ കര്‍ത്താവു അരുളിച്ചെയ്യുന്നത്: ”ഞാന്‍ അവരുടെ മുമ്പില്‍ വെച്ച ന്യായപ്രമാണം അവര്‍ ഉപേക്ഷിച്ച് എന്റെ വാക്കു കേള്‍ക്കയോ അതനുസരിച്ചു നടക്കയോ ചെയ്യാതെ തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തേയും തങ്ങളുടെ പിതാക്കന്മാര്‍ തങ്ങളെ അഭ്യസിപ്പിച്ച ബാല്‍വിഗ്രഹങ്ങളേയും അനുസരിച്ചു നടന്നതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ച് നഞ്ചുവെള്ളം കുടിപ്പിക്കും” ഇവരെ ഇങ്ങനെ ശിക്ഷക്കുന്നതിനുള്ള കാരണം ഇവരുടെ ശാഠ്യവും അനുസരണക്കേടും വിഗ്രഹാരാധനയുമാണ്.

യിരെ. 23:9-15ല്‍ കര്‍ത്താവു പറയുന്നത്: പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്…..ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു…..പ്രവാചകനും പുരോഹിതനും ഒരുപൊലെ വഷളന്മാരായിരിക്കുന്നു…..പ്രവാചകന്മാരിലോ ഞാന്‍ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു…..വ്യഭിചാരം ചെയ്തു വ്യാജത്തില്‍ നടക്കുന്നു…..ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു…..അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ പ്രവാചകന്‍മാരെക്കുറിച്ച് അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും.”

പ്രസംഗകര്‍ പാപത്തില്‍ ജീവിക്കുകയും ജനത്തെ പാപത്തില്‍നിന്ന് തിരിക്കാതിരിക്കുകയും ചെയ്യുന്നു. ക്രിസ്തീയലോകത്തെ സ്ഥിതിയും ഇന്ന് ഏറെക്കുറെ ഇങ്ങനെയാണ്. അതുകൊണ്ട് ദൈവം അവരെ കാഞ്ഞിരം തീറ്റിക്കുവാന്‍ തീരുമാനിച്ചതായി നാം വായിക്കുന്നു.

വീണുപോയ ഒരു ദൂതനായും ഈ നക്ഷത്രത്തെ കാണാം. കാഞ്ഞിരം എന്നു പേരുള്ള ഒരു പിശാച്. ആളുകളെ പീഡിപ്പിക്കുവാനും ഉപദ്രവിക്കുവാനും അതിന് അനുവാദം ലഭിച്ചിരിക്കുന്നു.

വാക്യം:12 നാലാമത്തെ ദൂതന്‍ ഊതി: അപ്പോള്‍ സൂര്യനില്‍ മൂന്നിലൊന്നിനും നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനും ബാധ തട്ടി. അവയില്‍ മൂന്നിലൊന്ന് ഇരുണ്ടുപോയി. രാവുംപകലും മൂന്നിലൊന്നു വെളിച്ചമില്ലാതായി.

ഇവിടെ ദൈവത്തിന്റെ ശിക്ഷാവിധി, ഭൂമിക്കു വെളിച്ചം നല്‍കുന്നതില്‍ നിന്നു ജ്യോതിര്‍ഗോളങ്ങളെ തടയുന്നു.

ഭൂമിയുടെമേല്‍ പതിക്കുന്ന ഈ നാലുശിക്ഷകളും ഈജിപ്റ്റില്‍ ദൈവം അയച്ച ബാധകള്‍ക്കു സമാനമാണ്. എന്നാല്‍ ഇവിടെ എല്ലാറ്റിന്റേയും മൂന്നിലൊന്നിന്മേല്‍ മാത്രമാണു ന്യായവിധി ഉണ്ടായതെന്ന കാര്യം ശ്രദ്ധിക്കുക. ദൈവം ദയയുള്ളവനാണ്. ആരെങ്കിലും പാപം വിട്ടുതിരിയുമെന്ന പ്രതീക്ഷയില്‍ അവിടുന്ന് ഇപ്പോഴും കാത്തിരിക്കുകയാണ്. ഒരൊറ്റ അടികൊണ്ട് എല്ലാം അവസാനിപ്പിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല.

ഈ ശിക്ഷകളെല്ലാം കൃത്യമായും എന്താണെന്ന് അവയുടെ വിശദാംശങ്ങളോടെ നാം അറിയേണ്ട കാര്യമില്ല. കാരണം ഇവ സംഭവിക്കുന്ന സമയത്തു നാം ഭൂമിയിലുണ്ടായിരിക്കുകയില്ലല്ലോ. നാം എടുക്കപ്പെട്ടിരിക്കും. അതുകൊണ്ട് ഈ ശിക്ഷാവിധികളുടെ എല്ലാം അര്‍ത്ഥങ്ങള്‍ കൃത്യമായി അറിയുന്നതിനേക്കാള്‍ പ്രധാനം ആസമയത്ത് നാം ഭൂമിയിലുണ്ടായിരിക്കുകയില്ല എന്ന് ഉറപ്പുവരുത്തുന്നതാണ്.

വാക്യം 13: അനന്തരം ഒരു കഴുക്: ഇനി കാഹളം ഊതുവാനുള്ള മൂന്ന് ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികള്‍ക്കു കഷ്ടം, കഷ്ടം, കഷ്ടം എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ആകാശമദ്ധ്യേ പറക്കുന്നത് ഞാന്‍ കാണ്‍കയും കേള്‍ക്കയും ചെയ്തു.

ഭൂവാസികള്‍ക്കാണ് ഇവിടെ ‘കഷ്ടം’ എന്നു പറഞ്ഞിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ആരാണു ഭൂവാസികള്‍? തങ്ങളുടെ മനസ്സും താല്പര്യങ്ങളും ഭൂമിയിലുള്ള സംഗതികളില്‍ വച്ചിരിക്കുന്നവരാണവര്‍.

ഒരു വിശ്വാസിയെന്നാവാം നിങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ നിങ്ങളുടെ താല്പര്യങ്ങള്‍ ഈ ഭൂമിയിലാണെങ്കില്‍ ഈ ‘കഷ്ടങ്ങള്‍’ നിങ്ങള്‍ക്കും ബാധകമാണ്.

യേശുവിന്റെ ഒരു യഥാര്‍ത്ഥ ശിഷ്യന്‍ തന്റെ മനസ്സ് ഉയരത്തിലുള്ള കാര്യങ്ങളില്‍ വച്ചിരിക്കും. ഈ ലോകം അവന്റെ വീടല്ല. ഇവിടെ അവന്‍ ഒരു അപരിചിതനും തീര്‍ത്ഥാടകനും മാത്രം. ഈ ഭൂമിയില്‍ തങ്ങളുടെ സ്ഥിരമായ ഗൃഹം പടുത്തുയര്‍ന്നവരുടെ മേലാണു ദൈവത്തിന്റെ ന്യായവിധി വരുന്നത്.

അദ്ധ്യായം 9

വാക്യം 1-11: അഞ്ചാമത്തെ ദൂതന്‍ ഊതി. അപ്പോള്‍ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടു. അവന് അഗാധകൂപത്തിന്റെ താക്കോല്‍ ലഭിച്ചു. അവന്‍ അഗാധകൂപം തുറന്നു. ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തില്‍നിന്നു പുക പൊങ്ങി. കൂപത്തിന്റെ പുകയാല്‍ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയില്‍നിന്ന് വെട്ടുക്കിളി ഭൂമിയില്‍ പുറപ്പെട്ടു. അതിനു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു. നെറ്റിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യര്‍ക്കല്ലാതെ ഭൂമിയിലെ പുല്ലിനും പച്ചയായതൊന്നിനും യാതൊരു വൃക്ഷത്തിനും കേടുവരുത്തരുത് എന്ന് അതിന് കല്പന ഉണ്ടായി. അവരെ കൊല്ലുവാനല്ല. അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന് അധികാരം ലഭിച്ചത്. അവരുടെ വേദന തേള്‍ മനുഷ്യനെ കുത്തുമ്പോള്‍ ഉള്ള വേദനപോലെതന്നെ. ആ കാലത്തു മനുഷ്യര്‍ മരണം അമ്പേഷിക്കും. കാണ്‍കയില്ലതാനും. മരിപ്പാന്‍ കൊതിക്കും. മരണം അവരെവിട്ട് ഓടിപ്പോകും. വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിനു ചമയിച്ച കുതിരെക്കു സമം. തലയില്‍ പൊന്‍കിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖം പോലെയും ആയിരുന്നു. സ്ത്രീകളുടെ മുടിപോലെ അതിനു മുടി ഉണ്ട്. പല്ല് സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു. ഇരുമ്പ് കവചംപോലെ കവചം ഉണ്ട്. ചിറകിന്റെ ഒച്ച പടെക്ക് ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു. തേളിനുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ട്. മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാന്‍ അതിനുള്ള ശക്തി വാലില്‍ ആയിരുന്നു. അഗാധദൂതന്‍ അതിനു രാജാവിയിരുന്നു. അവനു എബ്രായ ഭാഷയില്‍ അബദ്ദോന്‍ എന്നും യവന ഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍.

ഈ നക്ഷത്രം വീണുപോയ ഒരു ദൂതനാണ് എന്ന് വ്യക്തം. മിക്കവാറും സാത്താന്‍ തന്നെ. ഈ വീണുപോയ ദൂതന് അഗാധകൂപത്തിന്റെ താക്കോല്‍ ലഭിച്ചു. ദൈവം തന്നെ തടവിലിട്ടിരിക്കുന്ന ചില ദുരാത്മാക്കള്‍ അതിനുള്ളിലുണ്ട്. (1 പത്രോ. 3:19ല്‍ നാം വായിക്കുന്നതുപോലെ) ദുരാത്മാക്കളെല്ലാം അഗാധകൂപത്തിലല്ല. മിക്കവയ്ക്കും ഭൂമിയില്‍ ഊടാടിസഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു ലെഗ്യോന്‍ ഭൂതങ്ങള്‍ ബാധിച്ച ഒരുവനെ യേശു കണ്ടുമുട്ടിയ സംഭവം ഓര്‍ക്കുക. തങ്ങളുടെ അഗാധകൂപത്തിലേക്ക് അയക്കരുതേ എന്ന് ആ മനുഷ്യനിലുള്ള ഭൂതങ്ങള്‍ യേശുവിനോട് അപേക്ഷിച്ചു. അവിടുന്ന് അവയുടെ അപേക്ഷകേട്ട് രണ്ടായിരം പന്നികളിലേക്ക് അവയെ അയയ്ക്കുകയും അവയെല്ലാം കടലില്‍ ചാടി ചാകുകയും ചെയ്തുവെന്ന് നാം കാണുന്നു. എന്നാല്‍ ഒരു ദിവസം അഗാധകൂപം തുറക്കും. അതില്‍ തടവിലായിരുന്ന ദുരാത്മാക്കളെ എല്ലാം ഭൂമിയിലേക്കു സ്വതന്ത്രരായി വിടും. ”നിങ്ങള്‍ പിശാചിന്റെ ഉപദേശങ്ങളെ പിന്തുടരുവാനാണ് ആഗ്രഹിച്ചത്. എന്നേക്കാള്‍ സാത്താനെ അനുസരിക്കുവാനാണ് നിങ്ങള്‍ ആഗ്രഹിച്ചതും. ശരി. അവരെല്ലാം ഇതാ. നിങ്ങളെ സന്ദര്‍ശിപ്പാന്‍ നിങ്ങളുടെ സുഹൃത്തുക്കളെല്ലാം ഇതാ വരുന്നു. അഗാധകൂപത്തില്‍ നിന്ന്” എന്നു പറയുമ്പോലെ അവയെ എല്ലാം ദൈവം ഭൂമിയിലേക്കു വിടും. ദൈവത്തിന്റെ ന്യായവിധിയുടെ ഒരു ഭാഗം തന്നെയാണിതും.

കൂപത്തില്‍നിന്നുള്ള പുക അശുദ്ധാത്മാക്കളുടെ അഴുക്കും മാലിന്യവുമാണ്. വെട്ടുക്കിളി ദുഷ്ടാത്മാക്കളും. മനുഷ്യമനസ്സുകളെ വിഷലിപ്തമാക്കുവാനും അവരെ വേദനിപ്പിക്കുവാനും അവയ്ക്ക് അനുമതി ലഭിച്ചു. ഭൂമിയിലെ തേളുകള്‍ക്ക് മനുഷ്യരുടെ ശരീരത്തെ ഉപദ്രവിക്കുവാന്‍ ശക്തിയുള്ളതുപോലെയാണിതും. ഈ അശുദ്ധാത്മാക്കളുടെ പീഡനം കഠിനമാകയാല്‍ പലരും മരിക്കുവാന്‍ ആഗ്രഹിക്കും. പക്ഷേ അവര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ കഴിയാതെപോകും!!

ഈ അശുദ്ധാത്മാക്കളുടെ രൂപം ഭയപ്പെടുത്തുന്നതാണ്. ഭീതിജനകമായ മുഖം, ഒരു ഭ്രാന്തിയുടേതുപോലെ പാറിപ്പറക്കുന്ന മുടി, സിംഹത്തിന്റെ പല്ലുകള്‍. ഈ പിശാചുക്കളാല്‍ ഉപദ്രവിക്കപ്പെടുന്നവരുടെ അവസ്ഥ എത്ര ഭയങ്കരമായിരിക്കും! പക്ഷേ മനുഷ്യരെ ഉപദ്രവിക്കാന്‍ അഞ്ചുമാസം മാത്രമേ അവയ്ക്കു അനുമതി ലഭിച്ചിട്ടുള്ളൂ. എന്തുകൊണ്ട് അഞ്ചുമാസം മാത്രം? ദൈവം കരുണയുള്ളവനാണ് എന്നാണു മറുപടി.

രാജാവില്‍നിന്ന് നാലുകോടി രൂപ ഇളെച്ചുകിട്ടിയിട്ടും കൂട്ടുകാരനു 40 രൂപ ഇളെച്ചുകൊടുക്കാന്‍ തയ്യാറാകാഞ്ഞ ഒരുവനെക്കുറിച്ച് യേശു പറഞ്ഞ ഉപമ മത്താ. 18:23-35-ല്‍ നാം വായിക്കുന്നു. കരുണയില്ലാത്ത ഈ മനുഷ്യന്‍ തന്റെ കൂട്ടുദാസന്റെ തൊണ്ടയ്ക്കു പിടിച്ചുഞെക്കി പണം വയ്ക്കാനാവശ്യപ്പെടുന്നു. രാജാവ് ഇതു കേട്ടപ്പോള്‍ ക്ഷുഭിതനായി കരുണയില്ലാത്ത ഈ ദാസനെ ദണ്ഡിപ്പിക്കുന്നവരുടെ പക്കല്‍ എല്‍പ്പിച്ചു. ഈ ദണ്ഡിപ്പിക്കുന്നവര്‍, ഇന്നു കരുണയില്ലാതെ പെരുമാറുന്ന വിശ്വാസികളെ പീഡിപ്പിക്കുവാന്‍ അനുവാദം ലഭിച്ച ഈ ദുഷ്ടാത്മാക്കളുടെ പ്രതീകമാണ്. യേശു പറഞ്ഞു ”നിങ്ങള്‍ ഓരോരുത്തന്‍ സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാഞ്ഞാല്‍ സ്വര്‍ഗസ്ഥനായ എന്റെ പിതാവ് അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും.” (35-ാം വാക്യം)

ഇത് അതീവഗൗരവമായ ഒരു കാര്യമാണ്. നിങ്ങളില്‍ ആരുടെയും രക്തം എന്റെ കയ്യില്‍ പുരളരുതെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. അതുകൊണ്ടു ഞാന്‍ പറയട്ടെ: ഈ വരികള്‍ വായിക്കുന്ന നിങ്ങള്‍ (വിശ്വാസിയെന്നോ, ആത്മസ്‌നാനം പ്രാപിച്ചവനെന്നോ എന്തുതന്നെ നിങ്ങള്‍ സ്വയം വിശേഷിപ്പിച്ചാലും) ഭൂമിയുടെ ഏതെങ്കിലും ഒരു കോണില്‍ ഒരാളോടെങ്കിലും ക്ഷമിക്കാതിരിക്കുന്നുണ്ടെങ്കില്‍, ഞാന്‍ നിങ്ങള്‍ക്ക് (നിങ്ങള്‍ വളരെനാളായി ‘വിശ്വാസി’യായി കരുതപ്പെടുന്നുണ്ട് എന്നതു പ്രസക്തമല്ല) ഒരു മുന്നറിയിപ്പു നല്‍കുവാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ദൈവരാജ്യത്തില്‍ കടക്കുകയില്ല, തീര്‍ച്ച. യേശു വരുമ്പോള്‍ നിങ്ങള്‍ എടുത്തുകൊള്ളപ്പെടുകയില്ല. മറിച്ച് തേളിന്റെ വിഷമുള്ള ഈ ഭൂതങ്ങള്‍ക്ക് നിങ്ങള്‍ ഏല്‍പ്പിക്കപ്പെടും. എന്നെ സംബന്ധിച്ച് വെളുപ്പും കറുപ്പും പോലെ ഇതു വ്യക്തമാണ്. കാരണം ഞാന്‍ കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ വിശ്വസിക്കുന്നു. ദണ്ഡിപ്പിക്കുന്നവരുടെ പക്കല്‍ ഏല്പിക്കപ്പെട്ട ആ മനുഷ്യനോട് ഒരിക്കല്‍ ക്ഷമിച്ചതാണ്. പക്ഷേ യജമാനന്‍ അവനു നല്‍കിയ ക്ഷമ പിന്നീടു പിന്‍വലിച്ചുകളഞ്ഞു. കാരണം അവന്‍ മറ്റൊരുവനോട് ക്ഷമിച്ചില്ല. അത്തരം ഒരു മനുഷ്യനെ പിശാചുക്കള്‍ക്ക് ഏല്പിക്കാന്‍ ദൈവം മടിക്കുകയില്ല. അതുകൊണ്ട് തികഞ്ഞ ആത്മാര്‍ത്ഥതയോടെ ഞാന്‍ നിങ്ങളോട് അപേക്ഷിക്കട്ടെ. ‘നിങ്ങളുടെ കയ്പ് (കാഞ്ഞിരം) ഒഴിവാക്കുക. എല്ലാവരോടും സൗജന്യമായി ക്ഷമിക്കുക. ഭൂമിയുടെ മുഖത്ത് ഏതെങ്കിലും ഒരു മനുഷ്യജീവിയോട് നിങ്ങള്‍ ക്ഷമിക്കാതിരിക്കുന്നുണ്ടെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കുകയില്ല.’

അഗാധകൂപത്തിലെ ദൂതന്റെ പേര് ‘അബദ്ദോന്‍’ അഥവാ ‘അപ്പൊല്ലുവോന്‍’ എന്നാണ്. അര്‍ത്ഥം ‘നശിപ്പിക്കുന്നവന്‍.’ മനുഷ്യനെക്കുറിച്ചുള്ള സാത്താന്റെ ഉദ്ദേശ്യം ആ ഒറ്റ വാക്കില്‍നിന്നു വ്യക്തമാണ്. മോഹങ്ങള്‍കൊണ്ടും ക്ഷമിക്കാത്ത മനോഭാവംകൊണ്ടും അവനെ നശിപ്പിക്കുക.

അന്ധകാരശക്തികളുടെ പ്രതീകമായി തേളുകളെപ്പറ്റി ലൂക്കൊ. 10:19ല്‍ യേശു പറഞ്ഞു. ”പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തേയും ചവിട്ടുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം തരുന്നു” എന്നാണ് യേശു തന്റെ ശിഷ്യന്മാരോടു പറയുന്നത്. നെറ്റിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്തവരെ മാത്രമേ ഈ പിശാചുക്കള്‍ക്ക് ഉപദ്രവിക്കാന്‍ കഴിയൂ. ആത്മികമായി പറഞ്ഞാല്‍, നിങ്ങള്‍ മറ്റുള്ളവരോടു ക്ഷമിച്ചില്ലെങ്കില്‍ ആ മുദ്ര നിങ്ങളുടെ നെറ്റിയില്‍ ഉണ്ടായിരിക്കുകയില്ല.

വാക്യം 12-17 കഷ്ടം ഒന്നു കഴിഞ്ഞു. ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു. ആറാമത്തെ ദൂതന്‍ ഊതി. അപ്പോള്‍ ദൈവസന്നിധിയില്‍ സ്വര്‍ണ്ണപീഠത്തിന്റെ കൊമ്പുകളില്‍നിന്ന് ഒരു ശബ്ദം കാഹളമുള്ള ആറാം ദുതനോട്: യൂഫ്രാത്തേസ് എന്ന മഹാ നദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരേയും അഴിച്ചുവിടുക എന്നും പറയുന്നതു ഞാന്‍ കേട്ടു. ഉടനെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ ഇന്ന ആണ്ട്, മാസം, ദിവസം, നാഴികെക്ക് ഒരുങ്ങിയിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. കുതിരപ്പടയുടെ സംഖ്യ പതിനായിരം മടങ്ങ് ഇരുപതിനായിരം എന്നു ഞാന്‍ കേട്ടു. ഞാന്‍ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരേയും ദര്‍ശനത്തില്‍ കണ്ടത് എങ്ങനെ എന്നാല്‍: അവര്‍ക്കു തീ നിറവും രക്തനീലവും ഗന്ധകവര്‍ണ്ണവുമായ കവചം ഉണ്ടായിരുന്നു. കുതിരകളുടെ തല സിംഹങ്ങളുടെ തല പോലെ ആയിരുന്നു. വായില്‍ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.

ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന യൂഫ്രട്ടീസ് ഇറാക്കിലൂടെ ഒഴുകുന്ന ഒരു മഹാനദിയാണ്. നാലു പിശാചുക്കളെ ആ നദീതീരത്ത് ബന്ധിച്ചിട്ടിരിക്കുന്നു. അന്യോന്യം യുദ്ധം ചെയ്യാന്‍ മനുഷ്യരെ പ്രേരിപ്പിക്കുകയാണ് ഈ പിശാചുക്കളുടെ മുഖ്യലക്ഷ്യം. അന്ത്യകാലത്ത് മദ്ധ്യപൂര്‍വദേശം നിരന്തരയുദ്ധങ്ങളുടെ ഒരു വേദിയായിരിക്കും. ഇറാക്കും ഇറാനും തമ്മില്‍ ഒമ്പതു വര്‍ഷം ദീര്‍ഘിച്ച ഒരു യുദ്ധം ഇവിടെ ഉണ്ടായി. തുടര്‍ന്ന് ഇറാക്കും പാശ്ചാത്യശക്തികളും തമ്മില്‍ മറ്റൊരു യുദ്ധവും ഇവിടെ അരങ്ങേറി. എന്നാല്‍ ഭാവിയില്‍ യൂഫ്രട്ടീസ് നദീതടത്തില്‍ നടക്കുവാന്‍ പോകുന്ന വലിയ യുദ്ധവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ ഒന്നുമില്ല. നാലു പിശാചുക്കളേയും അഴിച്ചുവിടുമ്പോള്‍ ഒരു മഹായുദ്ധം ഇവിടെ ആരംഭിക്കും. പതിനാറാം അദ്ധ്യായത്തില്‍ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ സംഭവം നടക്കുന്ന കൃത്യവര്‍ഷം, മാസം, ദിവസം, മണിക്കൂര്‍ എല്ലാം ദൈവം മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടെന്നും നാം ഇവിടെ വായിക്കുന്നു.

ഭീകരരൂപികളായ 200 ദശലക്ഷം പിശാചുക്കളാണ് അന്നു ഭൂമിയിലേക്കു കടന്നുവന്ന് അത്രയും പട്ടാളക്കാരില്‍ ആവേശിച്ച് അവരെ യുദ്ധത്തിന് ഉദ്യുക്തരാക്കുന്നത്. തീയും ഗന്ധകവുമുള്ള സ്ഥലമായി യേശു നരകത്തെ വിവരിച്ചിട്ടുണ്ട്. ഇവിടെ ഇതാ പിശാചുക്കള്‍ നരകത്തിന്റെ അതേ അന്തരീക്ഷം തന്നെ ഭൂമിയിലെ ആളുകള്‍ക്കിടയിലേക്കു കൊണ്ടുവരുന്നു.

വാക്യം 18: വായില്‍ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം, എന്നീ മൂന്ന് ബാധയാല്‍ മനുഷ്യരില്‍ മൂന്നിലൊന്നു മരിച്ചുപോയി.

ജനസംഖ്യയില്‍ നാലിലൊന്നിനെ മഞ്ഞനിറമുള്ള കുതിരപ്പുറത്തേറി വന്ന മരണം കൊന്നു കളഞ്ഞതായി നാം നേരത്തെ ആറാം അദ്ധ്യായം എട്ടാം വാക്യത്തില്‍ വായിച്ചു. അവശേഷിച്ച ജനങ്ങളില്‍ മൂന്നിലൊന്ന് കൊല്ലപ്പെടുന്നതായി വീണ്ടും ഇവിടെ വായിക്കുന്നു. ഇതിന്റെ എല്ലാം ഫലമായി ലോകജനസംഖ്യ ആദ്യം ഉണ്ടായിരുന്നതിന്റെ നേര്‍പകുതിയായി ചുരുങ്ങുന്നു.

വാക്യം 19: കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു. വാലോ സര്‍പ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു. ഇവയാലത്രെ കേടുവരുത്തുന്നത്.

ഈ പിശാചുക്കളുടെ ഭയങ്കരത്വം നമ്മെ ബോധ്യപ്പെടുത്താന്‍ ദൈവം പലതരം പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ദൈവവചനത്തിന്റെ ഈ മുന്നറിയിപ്പുകളെ അവഗണിച്ച് ഒരുവന്‍ സ്വയമേ പിശാചിനു ഇരയായിത്തീരുന്നത് എത്ര ഭയാനകം! ഏദെന്‍തോട്ടത്തില്‍ സാത്താനു ചെവികൊടുത്തപ്പോള്‍ മനുഷ്യകുലത്തിലേക്ക് പിശാചുക്കള്‍ക്ക് ഹവ്വ ഒരു വാതില്‍ തുറന്നു കൊടുക്കുകയായിരുന്നു. ഈ വാതില്‍ അടയ്ക്കുവാന്‍ നമ്മെ ശക്തരാക്കുവാന്‍ വേണ്ടിയാണ് യേശു വന്നത്. പക്ഷേ എന്തുവേണമെന്നു തീരുമാനിക്കേണ്ടത് നമ്മളാണ്. പിശാചിന് ഇടം കൊടുക്കരുതെന്ന് എഫേ. 4:27ല്‍ നമുക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നാം ജീവിതത്തില്‍ പിശാചിന് ഒരു ഇടവും കൊടുത്തിട്ടില്ലെങ്കില്‍ എല്ലാ പരിശോധനകളുടെയും ദുഃഖങ്ങളുടെയും മദ്ധ്യത്തിലും നമുക്ക് ദൈവത്തില്‍ പൂര്‍ണ്ണവിശ്രമമുള്ള ഒരു ജീവിതം നയിപ്പാന്‍ കഴിയും.

വാക്യം 20, 21: ഈ ബാധകളാല്‍ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുര്‍ഭൂതങ്ങളെയും കാണ്മാനും കേള്‍പ്പാനും നടപ്പാനും വഹിയാത്ത പൊന്ന്, വെള്ളി, ചെമ്പ്, കല്ല്, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്‌കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല. തങ്ങളുടെ കുലപാതകം, ക്ഷുദ്രം, ദുര്‍ന്നടപ്പ്, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.

ജനസംഖ്യയില്‍ പകുതിയും തുടച്ചുമാറ്റപ്പെടുന്നതു കണ്ടിട്ടും ആളുകള്‍ മാനസാന്തരപ്പെടുന്നില്ല. നരകത്തില്‍ പോയ ധനവാന്റെ യാഥാര്‍ത്ഥ കഥ യേശു ഒരിക്കല്‍ പറഞ്ഞു. ധനവാന്റെ പടിവാതില്‍ക്കല്‍ കിടന്നിരുന്ന ലാസര്‍ എന്ന ഭിക്ഷക്കാരന്‍ സ്വര്‍ഗ്ഗത്തിലാണ് ചെന്നത്. നരകത്തില്‍ കിടന്ന ധനവാന്‍ അപ്പോള്‍ അബ്രഹാമിനോട് തന്റെ അഞ്ചു സഹോദരന്മാരോടും മാനസാന്തര സന്ദേശം അറിയിക്കുവാന്‍ ലാസറിനെ വീണ്ടും ഭൂമിയിലേക്ക് അയയ്ക്കണമെന്ന് അപേക്ഷിക്കുന്നു. (ലൂക്കോ. 16:30). ആ ധനവാന് നരകത്തില്‍ ചെന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി. ആളുകള്‍ നരകത്തില്‍ ചെല്ലുന്നത് പാപികള്‍ ആയതുകൊണ്ടല്ല, തങ്ങളുടെ പാപങ്ങളെക്കുറിച്ച് അവര്‍ മാനസാന്തരപ്പെടാത്തതുകൊണ്ടാണ്!

മനുഷ്യര്‍ തുടര്‍ച്ചയായി ചെയ്യുന്ന പാപങ്ങള്‍ എന്തെല്ലാമാണ്?

ഒന്നാമത്തേത് വിഗ്രഹാരാധനയാണ്-സ്വര്‍ണം, വെള്ളി, എന്നിവകൊണ്ടുള്ള വിഗ്രഹങ്ങള്‍ പണം, പ്രതാപം, സ്ഥാനമാനങ്ങള്‍ ഇവയെ എല്ലാം ആരാധിക്കുക.

അടുത്തത് കുലപാതകമാണ്. പക അതിലുള്‍പ്പെടുന്നു അവര്‍ തങ്ങളുടെ പക, കയ്പ്, കുലപാതകം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടുന്നില്ല.

ക്ഷുദ്രം, ആഭിചാരം-ഇതാണ് അടുത്തത്. ലോകചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തവിധം സാത്താനെ ആരാധിക്കുന്നത് ഇരുപതാം നൂറ്റാണ്ടില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, ഭാവി പ്രവചനം, നക്ഷത്രഫലം, ഭാഗ്യചീട്ടുകള്‍ ഇവയെല്ലാം ആഭിചാരത്തിന്റെ പരിധിയില്‍ വരും. ക്ഷുദ്രം എന്നതിന്റെ ഗ്രീക്ക് പദം ‘ഫാര്‍മെക്കെയിയ’ എന്നതാണ്. ഇതില്‍നിന്നാണ് ഇംഗ്ലീഷിലെ ‘ഫാര്‍മസി’ എന്ന വാക്കിന്റെ നിഷ്പത്തി. അതുകൊണ്ട് ക്ഷുദ്രം എന്നതിനെ (മയക്കു)മരുന്ന് എന്നും തര്‍ജ്ജമ ചെയ്യാം. കൊക്കെയ്ന്‍, മരിജൂവാന. ഹിറോയിന്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ആളുകള്‍ അനുതപിക്കുന്നില്ല.

ദുര്‍ന്നടപ്പാണ് അടുത്തത്. അതായത് വ്യഭിചാരവും പരസംഗവും. ടെലിവിഷന്‍, വീഡിയോ ടേയ്പ്പ്, ഇന്റര്‍നെറ്റിലൂടെയുള്ള അശ്ലീലസാഹിത്യം എന്നിവയെല്ലാം പെരുകിയതോടെ കഴിഞ്ഞ 50 വര്‍ഷമായി അതും അമ്പരപ്പിക്കുന്നവിധം വര്‍ദ്ധിച്ചിരിക്കുകയാണ്.

മോഷണമാണ് അവസാനത്തേത്. തങ്ങളുടേതല്ലാത്തത് എടുക്കുന്ന സ്വഭാവം. ലോകജനസംഖ്യയില്‍ പകുതിയും നശിപ്പിക്കപ്പെട്ടിട്ടും മനുഷ്യര്‍ അനുതപിക്കുന്നില്ല. കാരണം അവരുടെ ഹൃദയം അത്രയേറെ കടുത്തുപോയി.

കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അദ്ധ്യായം 10

വാക്യം 1-3: ബലവാനായ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങുന്നതു ഞാന്‍ കണ്ടു. അവന്‍ മേഘം ഉടുത്തും തലയില്‍ ആകാശ വില്ലു ധരിച്ചും മുഖം സൂര്യനെപ്പോലെയും കാല്‍ തീത്തൂണുപോലെയും ഉള്ളവന്‍. അവന്റെ കയ്യില്‍ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവന്‍ വലങ്കാല്‍ സമുദ്രത്തിന്മേലും ഇടങ്കാല്‍ ഭൂമിമേലും വച്ചു. സിംഹം അലറുംപോലെ അത്യുച്ചത്തില്‍ ആര്‍ത്തു. ആര്‍ത്തപ്പോള്‍ ഏഴ് ഇടിയും നാദം മുഴക്കി.

ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ദൂതന്‍ ഒരു ശ്രേഷ്ഠദൂതനാണ്. അവന്റെ ഗംഭീരമായ രൂപം അതു തെളിയിക്കുന്നു. തലയിലെ മഴവില്ല് ദൈവകൃപയെ കാണിക്കുന്നു. അവന്റെ കയ്യില്‍ തുറന്ന ഒരു ചെറുപുസ്തകം ഉണ്ട്. അഞ്ചാം അദ്ധ്യായത്തില്‍ ഈ പുസ്തകം മുദ്രയിടപ്പെട്ടതായിരുന്നു. ഇപ്പോള്‍ ഏഴുമുദ്രയും പൊട്ടിച്ചതിനാല്‍ ആ പുസ്തകം തുറക്കപ്പെട്ടതായിരിക്കുന്നു.

വാക്യ 4: ”ഏഴ് ഇടി നാദം മുഴക്കിയപ്പോള്‍ ഞാന്‍ എഴുതുവാന്‍ ഭാവിച്ചു. എന്നാല്‍ ഏഴ് ഇടി മുഴക്കിയത് എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ശബ്ദം കേട്ടു.”

ഏഴ് ഇടിനാദം സംസാരിച്ചതെല്ലാം യോഹന്നാന്‍ വ്യക്തമായിത്തന്നെ കേട്ടു. അവന്‍ അതു രേഖപ്പെടുത്തിവയ്ക്കുവാന്‍ ഭാവിച്ചു. അത് എഴുതിയിരുന്നെങ്കില്‍ വെളിപാടു പുസ്തകത്തിന്റെ ഭാഗമായി ഇവിടെ അതു മാറുമായിരുന്നു.

എന്നാല്‍ ഏതോ അജ്ഞാത കാരണത്താല്‍ അതു എഴുതേണ്ട എന്നു ദൈവം കല്പിച്ചു. ആ ഇടിനാദം എന്താണു സംസാരിച്ചതെന്ന് ഊഹാപോഹമൊന്നും നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഏഴു മുദ്ര, എഴു കാഹളം, ഏഴു ക്രോധകലശം (ഇതു 16-ാം അധ്യായത്തിലാണ് വരുന്നത്) എന്നിവ കണക്കിലെടുക്കുമ്പോള്‍ അതു സുഖകരമായ ഒരു കാര്യമാണെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. ഇതും മറ്റുള്ളവയെപ്പോലെ ഭയാനകമായ എന്തോ ആയിരിക്കണം.

ദൈവം നമ്മോടു വ്യക്തിപരമായി സംസാരിക്കുന്ന ചില കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ളതല്ല എന്നും ഇതു പഠിപ്പിക്കുന്നു. കാരണം അതു നമുക്കുവേണ്ടിമാത്രമുള്ള ദൈവത്തിന്റെ ഇടപെടലാണ്.

വാക്യം 5, 6, 7: സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാന്‍ കണ്ട ദൂതന്‍ വലങ്കൈ ആകാശത്തേക്കുയര്‍ത്തി. ഇനി കാലം ഉണ്ടാകയില്ല. ഏഴാമത്തെ ദൂതന്‍ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മര്‍മ്മം അവന്‍ തന്റെ ദാസന്മാരായ പ്രവാചകന്മാര്‍ക്ക് അറിയിച്ചുകൊടുത്തതുപോലെ നിവൃത്തിയാകുമെന്ന് ആകാശവും അതിലുള്ളതും ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.


വെളിപ്പാടു പുസ്തകത്തിലുടനീളം സമുദ്രത്തെ എപ്പോഴും ഭൂമിയില്‍നിന്ന് വേര്‍തിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ”ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന് ഉല്പ്പത്തി 1:1ല്‍ പറഞ്ഞിരിക്കുന്നു. സമുദ്രം ആദിയില്‍ സൃഷ്ടിക്കപ്പെട്ടിരുന്നില്ല. അതു പിന്നീടാണ് സൃഷ്ടിക്കപ്പെട്ടത്. അശുദ്ധാത്മാക്കളും പിശാചുക്കളുമായി സമുദ്രം ഏതോ വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ആ കാര്യം നമുക്കു പിന്നീട് ശ്രദ്ധിക്കാം. ഇവിടെ ദൂതന്‍ ന്യായവിധിയുടെ പ്രവൃത്തി പൂര്‍ത്തിയാകുന്നതിന് ഇനി കാലതാമസം ഉണ്ടാകുകയില്ലെന്ന് ആകാശവും ഭൂമിയും സമുദ്രവും സൃഷ്ടിച്ച ദൈവത്തെച്ചൊല്ലി സത്യം ചെയ്യുകയാണ്.

ഏഴു തരത്തിലുള്ള കാഹളത്തിലെ ഏഴാമത്തെ കാഹളം മുഴങ്ങുമ്പോള്‍ ‘ദൈവത്തിന്റെ മര്‍മ്മ’വും നിവൃത്തിയാകും. എന്താണ് ഈ ദൈവത്തിന്റെ മര്‍മ്മം? പലവട്ടം പുതിയ നിയമത്തില്‍ ‘മര്‍മ്മം’ എന്ന വാക്കു നാം കാണുന്നു. ദൈവത്തിന്റെ വെളിപ്പാടുകൂടാതെ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു രഹസ്യം എന്നാണിതിന്റെ അര്‍ത്ഥം. ഗ്രഹിക്കുവാന്‍ ഒരിക്കലും കഴിയാത്ത ഒരു രഹസ്യമല്ല ഇത്. എന്നാല്‍ അതു ദൈവത്തിനു മാത്രമേ നമുക്കു വെളിപ്പെടുത്തിത്തരാന്‍ കഴിയുകയുള്ളു എന്ന് സാരം. പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന മര്‍മ്മങ്ങളെ അടിസ്ഥാനപരമായി നമുക്കു രണ്ടു തരത്തില്‍ തിരിക്കാം.

ഒന്ന്: ദൈവഭക്തിയുടെ മര്‍മ്മം (1 തിമൊ. 3:16)
രണ്ട്: അധര്‍മ്മത്തിന്റെ മര്‍മ്മം (2 തെസ്സ 2:7)
ദൈവഭക്തിയുടെ മര്‍മ്മം സത്യമാണ്. അധര്‍മ്മത്തിന്റെ മര്‍മ്മം ഭോഷ്‌ക്കും.
ദൈവഭക്തിയുടെ മര്‍മ്മത്തെ മൂന്നു ഭാഗങ്ങളായി വിഭജിക്കാം.

(എ). ദൈവഭക്തിയുടെ മര്‍മ്മത്തിന്റെ ആദ്യഭാഗം 1 തിമൊ. 3:16ല്‍ കാണാം. ഇതിന്റെ തലേ വാക്യത്തില്‍ ‘സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി സഭയെ വിവരിച്ചിരിക്കുന്നു. (15-ാം വാക്യം). ഏതു സത്യത്തിന്റെ ? ”അവന്‍ ജഡത്തില്‍ വെളിപ്പെട്ടു. ആത്മാവില്‍ നീതീകരിക്കപ്പെട്ടു. ദൂതന്മാര്‍ക്കു പ്രത്യക്ഷനായി. ജാതികളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു. ലോകത്തില്‍ വിശ്വസിക്കപ്പെട്ടു. തേജസ്സില്‍ എടുക്കപ്പെട്ടു.” എന്നിങ്ങനെ അടുത്ത വാക്യത്തില്‍ പറഞ്ഞിരിക്കുന്ന സത്യത്തിന്റെ എന്നാണ് മറുപടി. ഇവിടുത്തെ പ്രധാനപ്പെട്ട സന്ദേശം യേശുക്രിസ്തു നമ്മെപ്പോലെ മനുഷ്യനായി വന്നു എന്നിട്ടും ആത്മാവില്‍ നിര്‍മ്മലനായിരുന്നു. അതുകൊണ്ട് നമുക്കും പാപം ചെയ്യേണ്ട ആവശ്യമില്ല. അവിടുന്നു നടന്നതുപോലെ നമുക്കും നടക്കാന്‍ കഴിയും (1 യോഹ. 2:6) ഇതാണ് ആ സത്യം.’ ഈ സത്യം ഉയര്‍ത്തിപ്പിടിക്കുന്ന തൂണാണു സഭ! നിര്‍ഭാഗ്യവശാല്‍ എല്ലാക്കാലത്തും ഈ സത്യം ഉയര്‍ത്തിപ്പിടിക്കാന്‍ സഭയ്ക്കു കഴിഞ്ഞിട്ടില്ല.

(ബി). ദൈവഭക്തിയുടെ മര്‍മ്മത്തിന്റെ രണ്ടാം ഭാഗം എഫേ 5:31, 32-ല്‍ കാണാം. 1 തിമൊ. 3:16ല്‍ ‘ഈ മര്‍മ്മം വലിയതാകുന്നു’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ എഫേ. 5:31, 32ലും ‘ഈ മര്‍മ്മം വലിയത്’ എന്നു പറഞ്ഞിരിക്കുന്നു. എന്താണ് ഇവിടത്തെ വലിയ മര്‍മ്മം? ക്രിസ്തുവും സഭയും ഒരു ദേഹമാണ് എന്നതാണത്. യേശുക്രിസ്തുവിന് ഇപ്പോള്‍ ഒരു കാന്തയെ (സഭയെ ലഭിച്ചിരിക്കുന്നു). അവിടുന്നു നടന്നതുപോലെ നടക്കുകയും തന്റെ ആത്മാവിനെ നിര്‍മ്മലമായി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു കാന്തയെ.

(സി). മര്‍മ്മത്തിന്റെ മൂന്നാം ഭാഗം. 1 കൊരി. 15:51, 52ലാണ് കാണുന്നത്. യേശു വീണ്ടും വരുമ്പോള്‍, അന്ത്യകാഹളനാദത്തിങ്കല്‍ കണ്ണിമെക്കുന്നതിനിടയില്‍, നാം ക്രിസ്തുവിനെപ്പോലെ രൂപാന്തരപ്പെടുന്നതെങ്ങനെ എന്ന് ഇവിടെ വിവരിച്ചിരിക്കുന്നു.

നമുക്ക് അധര്‍മ്മത്തിന്റെ മര്‍മ്മത്തിലേക്കു വരാം. (2 തെസ്സെ. 2:7). അടിസ്ഥാനപരമായി സാത്താനും ജഡത്തില്‍ വെളിപ്പെടും (എതിര്‍ക്രിസ്തുവായി, അന്ത്യകാലത്ത്) എന്നതാണ് ഈ മര്‍മ്മം.
എതിര്‍ക്രിസ്തുവിന്റെ ആത്മാവോടെ സാത്താന്‍ വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആളുകളെ ചതിക്കുമെന്ന് 2 തെസ്സ 2:9-11 വാക്യങ്ങളില്‍ പറയുന്നു. രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം സത്യത്തെ സ്‌നേഹിച്ചു കൈക്കൊള്ളായ്കയാല്‍, അവരെല്ലാം ഭോഷ്‌കു വിശ്വസിക്കുമാറു ദൈവവും അവരുടെമേല്‍ വ്യാമോഹിപ്പിക്കുന്ന സ്വാധീനങ്ങളെ അയയ്ക്കും.

ഇവിടെ പറയുന്ന ഭോഷ്‌ക് എന്താണ്? ഏദെന്‍തോട്ടത്തില്‍ സാത്താന്‍ ഹവ്വയോടു പറഞ്ഞ ഭോഷ്‌ക്കാണിത്: ”പാപം ചെയ്താലും സാരമില്ല. നിങ്ങള്‍ക്കു രക്ഷപ്പെടാം, ദൈവം നിങ്ങളെ ശിക്ഷിക്കുകയില്ല.”

ലോകത്തെ വഞ്ചിക്കാന്‍ സാത്താന്‍ ഉപയോഗിച്ചിട്ടുള്ള ഏറ്റവും വലിയ ഭോഷ്‌ക്കാണിത്. പല വിശ്വാസികള്‍പോലും സാത്താന്റെ ഈ ഭോഷ്‌ക് വിശ്വസിക്കുന്നു!! ഈ ഭോഷ്‌ക്കു പ്രവര്‍ത്തിച്ചു പ്രവര്‍ത്തിച്ച് ധാരാളം പേരെ വഞ്ചനയിലേക്ക് വലിച്ചികൊണ്ടുപോകുന്നു എന്നതാണ് ഈ അധര്‍മ്മത്തിന്റെ മര്‍മ്മം. ഇതു പരമകാഷ്ഠയിലെത്തി വ്യാജക്രിസ്തീയതയായി മാറി സാത്താന് ഒരു കാന്തയെ സൃഷ്ടിക്കുന്നു. അതാണ് ബാബിലോന്‍. വെളിപ്പാട് 17:5ല്‍ പറയുന്നത് ബാബിലോനും ഒരു മര്‍മ്മമാണ് എന്നാണ്. സഭ ഒരു മര്‍മ്മമായിരിക്കുന്നതുപോലെ. ‘നിങ്ങള്‍ക്ക് പാപം ചെയ്യാം. ദൈവം അതു ഗൗരവമായി എടുക്കുകയില്ല.’ എന്ന സാത്താന്റെ ഭോഷ്‌ക്കു പ്രഘോഷിക്കുന്നു എന്നതാണു വ്യാജസഭയെ തിരിച്ചറിയാനുള്ള അടയാളം.

അഭക്തനായ നിരീശ്വരവാദിയാണ് അതു പ്രസംഗിക്കുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ ഒരു ക്രിസ്തീയ പ്രസംഗകന് തന്റെ കൂട്ടത്തോട് ഇതെങ്ങനെ പ്രസംഗിക്കാന്‍ കഴിയുന്നു? വിശുദ്ധിയെക്കാള്‍, വ്യാജമായ അത്ഭുതങ്ങളാലും അടയാളങ്ങളാലും ഇക്കാലത്തു വിശ്വാസികള്‍ അകര്‍ഷിക്കപ്പെടുന്നതെങ്ങനെ? പരിശുദ്ധ ആത്മാവിനാല്‍ നിറയപ്പെട്ടു എന്ന് അവകാശപ്പെടുകയും വിശുദ്ധി ഇല്ലാതിരിക്കുകയും ചെയ്യാന്‍ അവര്‍ക്കെങ്ങനെ സാധിക്കുന്നു? സത്യത്തില്‍ ഇതൊരു മര്‍മ്മം തന്നെയാണ്… അധര്‍മ്മത്തിന്റെ മര്‍മ്മം. ഏഴാമത്തെ കാഹളനാദത്തിന്റെ കാലത്ത് സകല മര്‍മ്മങ്ങളും വെളിവാകുകയും സാത്താന്റെ വഞ്ചന അന്നു മുഴുലോകത്തിനും വ്യക്ക്യമാവുകയും ചെയ്യും. പക്ഷേ ഇന്നുതന്നെ ഇത് ദൈവദാസന്മാരും പ്രവാചകന്മാരും പ്രഘോഷിക്കുന്നുണ്ട് (വെളി. 10:6).

വാക്യം 8-11 ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ട ശബ്ദം പിന്നേയും എന്നോടു സംസാരിച്ചു. നീ ചെന്ന് സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്റെ കൈയില്‍ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു. ഞാന്‍ ദൂതന്റെ അടുക്കല്‍ ചെന്ന് ആ ചെറു പുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോട്: നീ ഇതു വാങ്ങിത്തിന്നുക. അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായില്‍ തേന്‍പോലെ മധുരിക്കും എന്നു പറഞ്ഞു. ഞാന്‍ ദൂതന്റെ കൈയില്‍നിന്നു ചെറുപുസ്തകം വാങ്ങി തിന്നു. അത് എന്റെ വായില്‍ തേന്‍പോലെ മധുരമായിരുന്നു. തിന്നു കഴിഞ്ഞപ്പോള്‍ എന്റെ വയറു കൈച്ചുപോയി. അവന്‍ എന്നോട്: നീ ഇനിയും അനേക വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ച് പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.

ചെറുപുസ്തകം യോഹന്നാന്റെ വായില്‍ തേന്‍പോലെ മധുരമായിരുന്നു. അവിടുത്തെ വചനത്തിലൂടെ നമ്മിലേക്കുവരുന്ന ദൈവകൃപയുടെ ചിത്രമാണിത്…. എന്നാല്‍ വചനം ഉള്ളില്‍ കടന്നുകഴിഞ്ഞപ്പോഴേക്ക് അതു കൈപ്പായിത്തീര്‍ന്നു. നമ്മുടെ പാപത്തെ വിധിക്കുന്ന സത്യവും അതിലുണ്ടെന്ന് ഇതു സൂചിപ്പിക്കുന്നു. കൃപ മാത്രമല്ല സത്യവും ഉണ്ട്. കൃപയും ന്യായവിധിയും മാറിമാറി വരുന്നതിന്റെ ചിത്രം വെളിപ്പാടു പുസ്തകത്തിലുടനീളം നമുക്കു കാണാം. ഇടവിട്ട് കൈപ്പും മധുരവും-ഈ പുസ്തകം ആദിയോടന്തം അങ്ങനെയാണ്.

ദൈവവചനം പ്രസംഗിക്കുന്നതിന്റെ (പ്രവചിക്കുന്നതിന്റെ, ശരിയായ രീതിയും ഇവിടെ നമുക്കു കാണാം. കര്‍ത്താവില്‍നിന്നു തന്നെ ദൈവവചനം ഏറ്റുവാങ്ങി ഭക്ഷിച്ച് അത് ആദ്യം നമ്മില്‍തന്നെ ദഹിപ്പിക്കണം. അപ്പോള്‍ മാത്രമാണ് നാം തന്നില്‍നിന്ന് ഉള്‍ക്കൊണ്ടതിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ ദൈവം നമുക്കൊരു പ്രവചനത്തിന്റെ വാക്കു തരുന്നത്. 99% പ്രസംഗകരും തങ്ങളുടെ സന്ദേശം തയ്യാറാക്കുന്നത് ഇങ്ങനെയല്ല. അവര്‍ ധാരാളം പുസ്തകങ്ങള്‍ പഠിക്കുകയും ടേപ്പുകള്‍ ശ്രദ്ധിക്കുകയും ചെയ്തശേഷം തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് മതിപ്പുളവാക്കുന്ന ഒരു പ്രസംഗം തയ്യാറാക്കുകയാണ്.

ദൈവവചനം ലഭിക്കുമ്പോള്‍ അതിന്റെ മധുരതരമായ ഭാഗം (കൃപ) മാത്രം കൈക്കൊണ്ട് അതില്‍ മുഴുകുക എളുപ്പമാണ്. ദൈവത്തിന്റെ മുഴുവന്‍ ആലോചനയും നമ്മിലേക്ക് ആഴ്ന്നിറങ്ങുവാന്‍ അനുവദിക്കാതെ വചനം എപ്പോഴും നമുക്കു വായില്‍ സൂക്ഷിക്കുവാന്‍ കഴിയും. അതിന്റെ അടുത്ത പടിയിലേക്കു പോകുവാന്‍ നമുക്കു താല്പര്യമില്ല. കാരണം അങ്ങനെ ചെയ്താല്‍ നാം നമ്മില്‍ കാണുന്ന പാപങ്ങളെ വിധിക്കേണ്ടിവരും. എന്നാല്‍ സത്യത്തില്‍ ‘ന്യായവിധി ആദ്യം നമ്മില്‍ തന്നെയാണ് ആരംഭിക്കേണ്ടത്’ (1പത്രൊ. 4:17).

ചൂയിംഗ്ഗം പോലെ ദൈവവചനം ചവയ്ക്കുന്നവരാണ് പല വിശ്വാസികളും. മധുരമുള്ളതായതുകൊണ്ട് അവര്‍ അതു പിന്നേയും ചവച്ചുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ അവര്‍ അതു തുപ്പിക്കളയുന്നു! അത് അവരുടെ ഹൃദയങ്ങളിലെത്തി അവിടെ ദഹിപ്പിക്കപ്പെടുന്നില്ല. തങ്ങളെ തന്നെ വിധിക്കാനായി അവര്‍ ദൈവവചനത്തെ ഗൗരവമായി കൈക്കൊള്ളുന്നില്ല.

പല കൈപ്പേറിയ അനുഭവങ്ങളിലൂടെ കടത്തിവിട്ട ശേഷമാകാം നാം കേട്ട വചനം ദഹിക്കുവാന്‍ ദൈവം അവസരം ഒരുക്കുന്നത്. പക്ഷേ ഈ കൈപ്പേറിയ അനുഭവങ്ങള്‍ക്കിടയിലും ദൈവത്തിന്റെ ആശ്വാസവും നാം അനുഭവിക്കും (2 കൊരി. 1:4). ഇങ്ങനെ മാത്രമേ നമ്മുടെ തലമുറയില്‍ നമുക്കൊരു പ്രവചനശുശ്രൂഷ ഉണ്ടായിരിക്കുകയുള്ളു.

വചനം യോഹന്നാനില്‍ ദഹിച്ചുകഴിഞ്ഞപ്പോള്‍ ”നീ ഇനിയും പ്രവചിക്കേണ്ടിവരും” എന്നു കര്‍ത്താവ് അവനോട് പറയുന്നു. ‘നീ കേട്ടത് എഴുതാതെ മുദ്രയിട്ടേക്കുക’ എന്നു കര്‍ത്താവ് നേരത്തെ അവനോടു പറഞ്ഞതുമായി ഇതു തട്ടിച്ചുനോക്കുക. മറ്റുള്ളവരോടു പങ്കിടേണ്ടതും പങ്കുവയ്ക്കണ്ടാത്തതും എന്തെല്ലാമാണെന്നു നാം അറിഞ്ഞിരിക്കണം.

പൗലൊസ് ഒരിക്കല്‍ മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടു. പക്ഷേ 14 വര്‍ഷം അവന്‍ ഇതേക്കുറിച്ച് ആരോടും മിണ്ടിയില്ല. ഒടുവില്‍ അതേക്കുറിച്ച് പറയേണ്ടിവന്നപ്പോഴും ‘മനുഷ്യന് ഉച്ചരിപ്പാന്‍ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ ഞാന്‍ കേട്ടു’ എന്നു മാത്രമാണ് അവന്‍ വെളിപ്പെടുത്തിയത് (2 കൊരി. 12:4).

ദൈവം തന്നോട് അരുളിച്ചെയ്തതില്‍ വ്യക്തിപരമായുള്ളതും മറ്റുള്ളവര്‍ക്കുവേണ്ടിയുള്ളതും എന്തെന്ന് യോഹന്നാന്‍ വ്യക്തമായി തിരിച്ചറിഞ്ഞു. ആ പുസ്തകത്തില്‍നിന്ന് താന്‍ ഉള്‍ക്കൊണ്ടതാണ് യോഹന്നാന്‍, 11-ാം അധ്യായം മുതല്‍ പ്രവചിക്കുന്നത്.

അദ്ധ്യായം 11

കാലാനുക്രമമായ ഒരു കൃത്യത പാലിച്ചുകൊണ്ടല്ല വെളിപ്പാടു പുസ്തകം എഴുതിയിരിക്കുന്നത്. ഭാവിയുടെ മൊത്തത്തിലുള്ള ഒരു വിഹഗവീക്ഷണം ആറാം അദ്ധ്യായത്തില്‍ നാം കണ്ടു. പിന്നീട് ഓരോന്നിന്റെയും വിശദാംശങ്ങള്‍ വിവരിക്കുകയാണ്. ഇവിടെ 11-ാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് ക്രിസ്തുവിന്റെ മടങ്ങിവരവിനു തൊട്ടുമുമ്പുള്ള മൂന്നരവര്‍ഷത്തെ സംഭവങ്ങളുടെ വിശദവിവരങ്ങളാണു നല്‍കുന്നത്.

വാക്യം 1: പിന്നെ ദണ്ഡുപോലെയുള്ള ഒരു കോല്‍ എന്റെ കൈയില്‍ കിട്ടി കല്പന ലഭിച്ചത്: നീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതില്‍ നമസ്‌കരിക്കുന്നവരെയും അളക്കുക.

അബ്രഹാം യിസ്ഹാക്കിനെ യാഗം കഴിക്കാന്‍ തുനിഞ്ഞ പര്‍വതത്തിലാണ് ശലോമോന്‍ യഹോവയുടെ ആലയം പണിതത് (2 ദിന. 3:1). ബാബിലോന്യര്‍ പിന്നീട് ഈ ആലയം നശിപ്പിച്ചു. പക്ഷേ യഹൂദന്മാര്‍ വീണ്ടും ഈ ആലയം പണിയുകയും ഹെരോദാവ് അതു പരിഷ്‌കരിക്കുകയും ചെയ്തു. എ.ഡി. 70-ല്‍ ഈ ആലയം റോമന്‍ പട്ടാളം വീണ്ടും നശിപ്പിച്ചു. ആറു നൂറ്റാണ്ടിനുശേഷം എ.ഡി. 691ല്‍ അറബികള്‍ പലസ്തീന്‍ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ഖലീഫാ ആ ആലയം നിന്നിരുന്ന സ്ഥാനത്ത് ഒരു മുസ്ലീം പള്ളി പണികഴിപ്പിച്ചു. ഇതാണ് ‘ഡോം ഓഫ് ദ റോക്ക്.’

ഈ മുസ്ലീം പള്ളി ഇവിടെ ഇല്ലായിരുന്നെങ്കില്‍ യഹൂദര്‍ ഇതിനകം ഇവിടെ വീണ്ടും തങ്ങളുടെ ആലയം പണിയുമായിരുന്നു.

യെരുശലേം നഗരത്തിന്റെ തന്നെ മറ്റേതെങ്കിലും ഭാഗത്ത് അവര്‍ എന്തുകൊണ്ടാണ് ആലയം പണിയാതിരിക്കുന്നത്? അതിന്റെ മറുപടി യിരെമ്യാവ് 30:18ല്‍ നമുക്കു കാണാം. അവിടെ യഹോവ പറഞ്ഞിരിക്കുന്നത് ”ഞാന്‍ യാക്കോബിന്‍ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും. നഗരം അതിന്റെ കല്‍ക്കുന്നിന്മേല്‍ പണിയപ്പെടും. അരമനയും (ദേവാലയം) യഥാസ്ഥാനപ്പെടും” എന്നാല്‍ അതിന്റെ യഥാര്‍ത്ഥ സ്ഥാനം ഇന്ന് ഒരു മുസ്ലീം പള്ളി കയ്യടക്കിയിരിക്കുകയാണല്ലോ.

യെരുശലേം നഗരത്തിന്റെ ഈ ഭാഗം ഇപ്പോഴും ‘ജാതികള്‍ യഹൂദന്മാരല്ലാത്തവര്‍) ചവിട്ടിക്കളയുക’യാണെന്നു സാരം. ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരുശലേം ചവിട്ടിക്കളയുകയും ചെയ്യും.’ എന്ന് യേശു പറഞ്ഞു (ലൂക്കോ. 21:24). അതുകൊണ്ട് ഇപ്പോഴും ജാതികളുടെ കാലം തികഞ്ഞിട്ടില്ലെന്ന് നമുക്കനുമാനിക്കാം. യെരുശലേമിന്റെ മുഖ്യഭാഗവും ഇപ്പോള്‍ യഹൂദന്മാരുടെ കീഴിലായതിനാല്‍ അവിടമെങ്ങും ‘ജാതികള്‍ ചവിട്ടിക്കളയുന്നില്ലെ’ന്നു നമുക്കു പറയാം. എന്നാല്‍ ഏറ്റവും പരിശുദ്ധമായ സ്ഥലം ഇപ്പോഴും മുസ്ലിംകള്‍ ചവിട്ടിക്കളയുകയാണ്. യഹൂദന്മാര്‍ക്ക് അവിടെ പ്രവേശിക്കുവാന്‍പോലും കഴിയുന്നില്ല. തന്റെ അപാരമായ ജ്ഞാനത്തില്‍ ദൈവം ഈ സാഹചര്യങ്ങളെ ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത് അത്ഭുതകരമല്ലേ?

ദൈവത്തിന്റെ ആലയത്തേയും (‘അകത്തെ പരിശുദ്ധ സ്ഥലം’ എന്നു മാര്‍ജ്ജിനില്‍. ഇത് അതിവിശുദ്ധ സ്ഥലത്തെക്കുറിക്കുന്നു). യാഗപീഠത്തേയും അവിടെ നമസ്‌കരിക്കുന്നവരേയും അളക്കുവാനാണ് യോഹന്നാനോട് ആവശ്യപ്പെട്ടത്. പഴയനിയമ ആലയത്തിനു മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. പുറത്തെ പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം. അതിപരിശുദ്ധ സ്ഥലത്തേക്കുള്ള പ്രവേശനം തിരശീലയാല്‍ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ യേശു ക്രൂശില്‍ മരിച്ചപ്പോള്‍ അതു ചീന്തപ്പെട്ടു. ഇതായിരുന്നു അകത്തെ പരിശുദ്ധസ്ഥലം.

വാക്യം 2: ആലയത്തിനു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക. അതു ജാതികള്‍ക്കു കൊടുത്തിരിക്കുന്നു. അവര്‍ വിശുദ്ധ നഗരത്തെ നാല്പത്തിരണ്ടു മാസം ചവിട്ടും.

ജാതികള്‍ വിശുദ്ധ നഗരത്തെ ചവിട്ടുന്നതു തുടരും. യേശു യെരുശലേമിനു പുറത്തുവന്നിട്ടു പറഞ്ഞത് മത്തായി 23:37, 38ല്‍ നാം വായിക്കുന്നു ”യെരുശലേമേ, യെരുശലേമേ…. നിന്റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്ക് എത്ര വട്ടം മനസ്സായിരുന്നു. നിങ്ങള്‍ക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും.”

ദൈവാലയത്തെ നിങ്ങളുടെ ഭവനം എന്നാണ് യേശു ഇവിടെ പരാമര്‍ശിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ഇതിനു ചില ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണ് ദൈവാലയത്തെ യേശു ‘എന്റെ ഭവനം’ എന്നു വിളിച്ചത് (മത്താ. 21:13) ദൈവാലയത്തെ യേശു സ്വന്തഭവനമാക്കിത്തീര്‍ക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ യെഹൂദന്മാര്‍ തന്നെ സ്വീകരിച്ചില്ല. യേശു അപ്പോള്‍ ‘ദൈവാലയം വിട്ടുപോയി’ എന്നാണ് പറഞ്ഞിരിക്കുന്നത് (മത്താ. 24:1). അവിടുന്നു പിന്നീടൊരിക്കലും അവിടെ ചെന്നിട്ടില്ല. ആ സന്ദര്‍ഭത്തില്‍ കര്‍ത്താവു ദേവാലയം വിട്ടുപോയി എന്നതു ശ്രദ്ധേയമായ കാര്യമാണ്. കാരണം, ദൈവാലയത്തെ സംബന്ധിച്ച് അവിടുത്തേക്കു കൂടുതലൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല.

എന്നാല്‍ ദേവാലയം വീണ്ടും പണിയുകയും എതിര്‍ക്രിസ്തു അതില്‍ ഇരിക്കുകയും ചെയ്യുന്ന ഒരു ദിവസം വരുന്നു. (2 തെസ്സ. 2:4). ആ ലോകാധിപതി യഹൂദന്മാരുമായി ഒരു ഉടമ്പടി ചെയ്യുകയും ‘ദൈവാലയത്തിലിരുന്ന് ദൈവം എന്നു നടിക്കുകയും ദൈവം എന്നോ പൂജാവിഷയമെന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താന്‍ ഉയര്‍ത്തുകയും’ ചെയ്യും.

ദൈവപുത്രന്‍ വന്നപ്പോള്‍ യഹൂദന്മാര്‍ തന്നെ സ്വീകരിച്ചില്ല. അതുകൊണ്ട് അവിടുന്നു ദൈവാലയം വിട്ടു പുറത്തുപോയി ഇങ്ങനെ പറഞ്ഞു. ”ഇനി മുതല്‍ ഇതു നിങ്ങളുടെ ഭവനമാണ്. ഞാന്‍ ഇതു വിട്ടുകളയുന്നു. എന്നാല്‍ നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും.” (മത്താ. 23:38). പക്ഷേ എതിര്‍ക്രിസ്തു ദൈവാലയത്തിലേക്കു വരുമ്പോള്‍ അവര്‍ അവനെ സസന്തോഷം സ്വാഗതം ചെയ്യും. ഇതുകൊണ്ടാണ് യേശു പറഞ്ഞത് ”ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നെ നിങ്ങള്‍ കൈക്കൊള്ളുന്നില്ല. മറ്റൊരുത്തന്‍ സ്വന്തനാമത്തില്‍ വന്നാല്‍ അവനെ നിങ്ങള്‍ കൈക്കൊള്ളും” (യോഹ. 5:43).

പല പഴയനിയമ പ്രവചനങ്ങളും യിസ്രായേല്‍ രാഷ്ട്രത്തെ സംബന്ധിച്ച് ഇനിയും അക്ഷരീകമായി നിറവേറേണ്ടതായിട്ടാണ് ഇരിക്കുന്നത്. എന്നാല്‍ ഇന്നുതന്നെ അവയെ ആത്മികമായി നമ്മുടെ ജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്തുവാന്‍ കഴിയും. അകത്തെ അതിവിശുദ്ധസ്ഥലം മാത്രം അളക്കുകയും ‘പ്രാകാരം അളക്കാതെ വിടുകയും ചെയ്തതിന്റെ പ്രാധാന്യം എന്താണ്? ‘വിശ്വാസി’കളെന്ന് കേവലം അവകാശവാദം ഉന്നയിക്കുന്നവരെ എല്ലാം ദൈവം എണ്ണുന്നില്ലെന്നും മറിച്ച് ചീന്തപ്പെട്ട തിരശ്ശീലയിലൂടെ അതിവിശുദ്ധ സ്ഥലത്തു കടന്നുവരുന്നവരെ മാത്രമേ അവിടുന്നു കണക്കിലെടുക്കുന്നുള്ളുവെന്നുമാണ് ഇതു കാണിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം ഈ വാക്യങ്ങളുടെ ആത്മിക പ്രസക്തി ഇതാണ്.

വെളി. 11:2ല്‍ വളരെ രൂക്ഷമായ ഒരു പ്രയോഗമാണ് നാം കാണുന്നത്. പ്രാകാരത്തെ അളക്കാതെ എറിഞ്ഞു കളഞ്ഞേക്കുക’ എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത് (ഇംഗ്ലീഷ്) ശീതോഷ്ണാവസ്ഥയിലായിരുന്ന ലവോദിക്യാ സഭയും പുറത്തേക്ക് ഉമിണ്ണുകളയുന്ന ഇതേ അപകടത്തിന്റെ വക്കിലായിരുന്നുവെന്ന വസ്തുത ഓര്‍ക്കുക (വെളി. 3:17).

അതിവിശുദ്ധ സ്ഥലത്തുള്ള ആരാധകരെ മാത്രം അളക്കുവാനാണ് യോഹന്നാനോടു പറഞ്ഞത്. തന്നെത്താന്‍ വിധിച്ച് തിരശ്ശീലയിലൂടെ കടന്നുപോയി അതിവിശുദ്ധ സ്ഥലത്തെത്തി ദൈവത്തിന്റെ സാന്നിദ്ധ്യം അനുഭവിക്കുന്നവരാണവര്‍. അവരാണ് ജയാളികള്‍.

രണ്ടും മൂന്നും വാക്യത്തില്‍ വരുന്ന 42 മാസം (1260 ദിവസങ്ങള്‍) എന്ന കാലഗണന വെളിപ്പാടില്‍ പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. യെരുശലേം ഇപ്പോള്‍ യിസ്രയേലിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഭാവിയില്‍ യേശു ക്രിസ്തുവിന്റെ പുനരാഗമനത്തിനു തൊട്ടുമുമ്പ് 42 മാസത്തേക്കു യരുശലേം എതിര്‍ക്രിസ്തുവിന്റെ ഭരണത്തില്‍ വരും. ക്രിസ്തു തേജസ്സില്‍ വരുന്നതിനു മുമ്പുള്ള അവസാനത്തെ മൂന്നര വര്‍ഷം ‘വിശുദ്ധനഗരത്തെ ജാതികള്‍ ചവിട്ടുന്ന’ അവസ്ഥ വീണ്ടും ഉണ്ടാകുമെന്നുസാരം.

ബാബിലോന്‍ അടിമത്വത്തില്‍ നിന്നുള്ള യെരുശലേമിന്റെ യഥാസ്ഥാനത്വത്തിനായി ദാനിയേല്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു കാലത്തെപ്പറ്റി ദാനിയേല്‍ ഒന്‍പതാം അദ്ധ്യായത്തില്‍ നാം വായിക്കുന്നു. ഇവിടെ കാണുന്ന പ്രവചനം കേവലം യേരുശലേമിന്റെ യഥാസ്ഥാനത്വത്തിനും അപ്പുറത്തേക്ക് ഭാവിയിലേക്കു നീണ്ടുചെല്ലുന്നതാണ്. ”എഴുപത് ആഴ്ചവട്ടം (‘ഏഴിന്റെ ഘടകങ്ങള്‍’ എന്നു മാര്‍ജിനില്‍) നിന്റെ ജനത്തിന് നിയമിച്ചിരിക്കുന്നു” (ദാനി. 9:24-27). ഇതിന്റെ അര്‍ത്ഥം ‘ഏഴ് എഴുപത്’ അഥവാ 490 എന്നാണല്ലോ. അതായത് ‘അതിക്രമത്തെ തടസ്സം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ‘യെരുശലേമിനും യഹൂദന്മാര്‍ക്കും’ ദൈവം 490 വര്‍ഷം നിയമിച്ചിരിക്കുന്നുവെന്ന് സാരം.

കാല്‍വറി ക്രൂശിലാണ് ‘അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്തതെന്ന്’ നമുക്കറിയാം. പക്ഷേ ‘നിത്യനീതി വരുത്തുക’ എന്നതു ഭാവിയില്‍ നടക്കേണ്ടിയിരിക്കുന്നു. ഇവയ്ക്കിടയില്‍ രണ്ടായിരം വര്‍ഷത്തെ സഭായുഗം ഉണ്ട്. ദാനിയേലിനോട് പറഞ്ഞിരിക്കുന്നത് ‘യെരുശലേമിനെ (ദേവാലയമല്ല നഗരം) യഥാസ്ഥാനപ്പെടുത്തി പണിവാന്‍ കല്പന പുറപ്പെടുന്നതു മുതല്‍’ വേണം എഴുപത് ആഴ്ചവട്ടം (490 വര്‍ഷങ്ങള്‍) എണ്ണുവാന്‍ എന്നാണ്.

യെരുശലേം നഗരത്തെ യഥാസ്ഥാനപ്പെടുത്തി പണിയുവാന്‍ കല്പന പുറപ്പെടുവിച്ചത് അര്‍ത്ഥഹ്ശഷ്ടാ രാജാവിന്റെ ഇരുപതാം ആണ്ടില്‍ നീസാന്‍ മാസത്തിലാണെന്ന് നെഹമ്യാവ് 2:1ല്‍ നാം വായിക്കുന്നു. ഇത് ബി.സി. 446-ന് അടുത്താണ്. യേരുശലേമിനെ പണിയുവാന്‍ കല്പന പുറപ്പെടുന്നതു മുതല്‍ ‘അഭിഷക്തനായ പ്രഭു’ വരെ കൃത്യം ‘ഏഴ് ആഴ്ചവട്ടവും 62 ആഴ്ചവട്ടവു’മാണെന്നു പറഞ്ഞിരിക്കുന്നു. (ദാനി. 9:25). ഏഴ് ആഴ്ചവട്ടം 49 വര്‍ഷം. 62 ആഴ്ചവട്ടം 434 വര്‍ഷം. മൊത്തം 483 പ്രവചന വര്‍ഷങ്ങള്‍. 360 ദിവസം വീതമുള്ള 483 പ്രവചനവര്‍ഷങ്ങള്‍ കണക്കുകൂട്ടിയാല്‍ മൊത്തം 173,880 ദിവസങ്ങള്‍. ഇതിനെ 365 ദിവസം വീതമുള്ള സാധാരണ വര്‍ഷങ്ങളാക്കി മാറ്റിയാല്‍ 476 വര്‍ഷങ്ങള്‍ എന്നുകിട്ടും. ബി.സി. 446 മുതല്‍ 476 വര്‍ഷങ്ങള്‍ എണ്ണിയാല്‍ നാം വന്നെത്തുന്നത് യേശു ക്രൂശിക്കപ്പെട്ട വര്‍ഷത്തിലാണ്. ഈ പഴയനിയമ പ്രവചനം വളരെ കൃത്യമാണ്. യേശു ഭൂമിയിലായിരുന്നപ്പോള്‍ ആരെങ്കിലും ദാനി. 9:24,25 ലെ കാലക്കണക്ക് പഠിച്ചുനോക്കിയിരുന്നെങ്കില്‍ നസറായനായ യേശുവാണ് അഭിഷക്തനായ പ്രഭു (മശിഹ) എന്ന് കണ്ടെത്തുമായിരുന്നു.

മൊത്തം 69 ആഴ്ചവട്ടത്തെ ഏഴ് ആഴ്ചവട്ടവും 62 ആഴ്ചവട്ടവും എന്നു രണ്ടായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ 49 വര്‍ഷങ്ങള്‍കൊണ്ട് (7ഃ7)–യെരുശലേം നഗരം ‘വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളില്‍ തന്നേ വീണ്ടും പണിയും (25-ാം വാക്യം). തുടര്‍ന്ന് 62 ആഴ്ചവട്ടം (62 ഃ 7=434) കഴിയുമ്പോള്‍ അഭിഷക്തന്‍ (മശിഹ) ഛേദിക്കപ്പെടും’ (26-ാം വാക്യം) അതായത് കര്‍ത്താവ് ക്രൂശിക്കപ്പെടും. അവന് ആരും ഇല്ലെന്നു വരും’ എന്ന് ആ വാക്യം തുടര്‍ന്ന് പറയുന്നു. അതിന്റെ അര്‍ത്ഥം അവന്‍ എല്ലാവരാലും-മനുഷ്യരാലും പിതാവിനാലും- ഉപേക്ഷിക്കപ്പെടും എന്നാണ്. ക്രൂശില്‍ അതു സംഭവിച്ചു. പ്രവചനം വളരെ കൃത്യമായിത്തന്നെ നിറവേറി.

ക്രൂശീകരണത്തിനുശേഷം ”വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തേയും വിശുദ്ധാമന്ദിരത്തേയും നശിപ്പിക്കും” എന്ന് 26-ാം വാക്യത്തില്‍ തുടര്‍ന്നു നാം വായിക്കുന്നു. ഭാവിയില്‍ വരുവാനിരിക്കുന്ന പ്രഭു ലോകത്തിന്റെ അധികാരിയായ എതിര്‍ക്രിസ്തുവാണെന്നതു വ്യക്തം. പ്രഭുവിന്റെ ‘പടജ്ജനം’ എന്നു പരാമര്‍ശിച്ചിരിക്കുന്നത് ഒന്നാം നൂറ്റാണ്ടിലെ ലോകാധിപതികളായിരുന്ന റോമന്‍ സാമ്രാജ്യത്തെയാണ്. എ.ഡി. 70ല്‍ ഈ പ്രവചനം നിറവേറി.

ആദ്യം പ്രസ്താവിച്ച എഴുപത് ആഴ്ചവട്ടത്തില്‍ (490 വര്‍ഷം) ഇനി അവശേഷിക്കുന്നത് ഒരു ആഴ്ചവട്ടം (ഏഴുവര്‍ഷം) കൂടിയാണല്ലോ. ഈ അവസാനത്തെ ഏഴു വര്‍ഷത്തെക്കുറിച്ചാണ് ദാനി 9:27ല്‍ പറഞ്ഞിരിക്കുന്നത്” അവന്‍ (എതിര്‍ ക്രിസ്തു) ഒരു ആഴ്ചവട്ടത്തേക്ക് (ഏഴുവര്‍ഷം) പലരോടും (യഹൂദന്മാരെയാണ് ഉദ്ദേശിക്കുന്നത്) നിയമത്തെ കഠിനമാക്കും.” ആദ്യം എതിര്‍ക്രിസ്തു യഹൂദന്മാരുടെ മുമ്പില്‍ സ്വയം മശിഹയായി ഭാവിക്കുകയും അവര്‍ അവനെ അങ്ങനെ അംഗീകരിക്കുകയും ചെയ്യും.

ദാനി. 9:27 തുടര്‍ന്നു പറയുന്നു”ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവന്‍ ഹനനയാഗവും ഭോജനയാഗവും നിര്‍ത്തലാക്കിക്കളയും. മ്ലേച്ഛതകളുടെ ചിറകിന്മേല്‍ ശൂന്യമാക്കുന്നവന്‍ വരും. നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേല്‍ കോപം ചൊരിയും.”

ഏഴുവര്‍ഷ കാലയളവിന്റെ മദ്ധ്യത്തില്‍ (42 മാസം കഴിഞ്ഞ്) എതിര്‍ക്രിസ്തു യഹൂദന്മാരുമായുള്ള തന്റെ ഉടമ്പടി ലംഘിക്കും. തുടര്‍ന്നുള്ള 42 മാസം (1260 ദിവസം) എതിര്‍ക്രിസ്തു വാഴും (വെളി. 11:2,3 കാണുക). കര്‍ത്താവായ യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷാ കാലയളവായ മൂന്നര വര്‍ഷം തന്നെയാണ് എതിര്‍ക്രിസ്തുവിന്റെയും വാഴ്ച എന്നതു ശ്രദ്ധേയമാണ്. ക്രിസ്തുവിനെ സാദ്ധ്യമായ വിധത്തിലെല്ലാം അനുകരിക്കുകയാണല്ലോ എതിര്‍ക്രിസ്തു ചെയ്യുന്നത്.

ഇവിടെ പറഞ്ഞിരിക്കുന്ന ‘ശൂന്യമാകുന്ന മ്ലേചഛത’യെക്കുറിച്ച് യേശു മത്താ. 24:15ല്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദൈവാലയത്തില്‍ എതിര്‍ക്രിസ്തു ദൈവമെന്ന് നടിച്ച് ഇരിക്കുന്നതിനെക്കുറിച്ചാണ് ഈ പരാമര്‍ശം. ഈ കാലഘട്ടത്തിന്റെ ഒടുവില്‍ എതിര്‍ക്രിസ്തു ‘സമാപ്തിയോളം നശിപ്പിക്കപ്പെടും.

വാക്യം 3,4 ‘‘അന്നു ഞാന്‍ എന്റെ രണ്ടു സാക്ഷികള്‍ക്കും വരം നല്‍കും. അവര്‍ രട്ട് ഉടുത്തുകൊണ്ട് ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും. അവര്‍ ഭൂമിയുടെ കര്‍ത്താവിന്റെ സന്നിധിയില്‍ നില്ക്കുന്ന രണ്ടു ഒലിവു വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.”

ആ ആയിരത്തിരുനൂറ്ററുപതു ദിവസം മുഴുവന്‍ പ്രവചിക്കുവാന്‍ ദൈവം തന്റെ രണ്ടു സാക്ഷികളെ യരുശലേമില്‍ നിയോഗിക്കും. താഴ്മയുടേയും ലളിതജീവിതത്തിന്റേയും യഹൂദന്മാരുടെ അഭക്തിയെക്കുറിച്ചുള്ള തീവ്ര ദുഃഖത്തിന്റേയും അടയാളമായ രട്ടാണ് അവര്‍ ധരിക്കുക.

ഈ പ്രവാചകന്മാരെ ഒലിവുവൃക്ഷങ്ങള്‍ എന്നാണു പരാമര്‍ശിച്ചിരിക്കുന്നത്. സെഖ. 4:11-14ലും ‘സര്‍വ്വഭൂമിയുടേയും കര്‍ത്താവിന്റെ സന്നിധിയില്‍ നില്ക്കുന്ന രണ്ട് അഭിഷിക്തന്മാരായ’ഒലിവുവൃക്ഷങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.

വാക്യം 5, 6: ആരെങ്കിലും അവര്‍ക്കു ദോഷം ചെയ്‌വാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്നു തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ ദഹിപ്പിച്ചു കളയും. അവര്‍ക്കു ദോഷം വരുത്തുവാന്‍ ഇച്ഛിക്കുന്നവന്‍ ഇങ്ങനെ മരിക്കേണ്ടിവരും. അവരുടെ പ്രവചനകാലത്തു മഴപെയ്യാതെവണ്ണം ആകാശം അടച്ചുകളവാന്‍ അവര്‍ക്ക് അധികാരം ഉണ്ട്. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകല ബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പാനും അധികാരം ഉണ്ട്.

തങ്ങളുടെ ശത്രുക്കളെ തീകൊണ്ട് നശിപ്പിച്ച രണ്ടു പ്രവാചകന്മാരേ പഴയനിയമത്തിലുള്ളു-മോശെയും ഏലിയാവും (സംഖ്യ. 16:35, 2 രാജാ. 1:10) 42 മാസം മഴ പെയ്യിക്കാതെ ആകാശം അടെച്ചു കളഞ്ഞവന്‍ കൂടിയാണ് ഏലിയാവ്. (യാക്കോ. 5:17). മോശെയാകട്ടെ വെള്ളത്തെ രക്തമാക്കുകയും ബാധകള്‍കൊണ്ടു മിസ്രയേമ്യരെ ദണ്ഡിപ്പിക്കുകയും ചെയ്തു.

മോശെയും ഏലിയാവും എന്തിനുവേണ്ടിയാണ് ഉറച്ചുനിന്നതെന്നും ശ്രദ്ധിക്കുക:

മോശെ പര്‍വതത്തില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ കണ്ടത് യിസ്രായേല്‍ ജനത മുഴുവന്‍ വിഗ്രഹാരാധനയിലും പരസംഗത്തിലും മുഴുകി വഴിതെറ്റിപ്പോയിരിക്കുന്നതാണ്. അപ്പോള്‍ ”യഹോവയുടെ പക്ഷത്തുള്ളവന്‍ എന്റെ അടുക്കല്‍ വരട്ടെ” എന്നാണ് മോശെ പറഞ്ഞത് (പുറപ്പാ. 32:26). അതായിരുന്നു മോശെയുടെ ആത്മാവ്.

യിസ്രായേല്‍ ജനത മുഴുവന്‍ വിഗ്രഹാരാധനയില്‍ മുഴികിയിരുന്ന ഒരു കാലഘട്ടത്തിലാണ് ഏലിയാവും ജീവിച്ചിരുന്നത്. ഒരു ദിവസം അവന്‍ യിസ്രായേല്‍ ജനത്തെ കര്‍മ്മേല്‍ പര്‍വ്വതത്തില്‍ വിളിച്ചുകൂട്ടി, മോശെ പറഞ്ഞതു തന്നെ അവനും അവരോടു പറഞ്ഞു ”നിങ്ങള്‍ എത്രത്തോളം രണ്ടും തോണിയില്‍ കാല്‍ വെക്കും? യഹോവ ദൈവം എങ്കില്‍ അവനെ അനുഗമിപ്പിന്‍. ബാല്‍ എങ്കിലോ അവനെ അനുഗമിപ്പിന്‍” (1 രാജാ. 18:21).

ഏറ്റവും ദുഷ്ടരായ രാജാവും രാജ്ഞിയും ഭരിച്ചിരുന്ന കാലത്താണ് ഏലിയാവ് ഇസ്രായേലില്‍ ജീവിച്ചിരുന്നത്. യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്‌വാന്‍ തന്നെത്താന്‍ സാത്താനു വിറ്റുകളഞ്ഞവനായിരുന്നു ആഹാബ് രാജാവ് (1 രാജ്. 21:25). അവന്‍ എതിര്‍ക്രിസ്തുവിന്റെ നിഴലാണ്. അവന്റെ ഭാര്യ ഇസബേല്‍ വ്യാജസഭയായ ബാബിലോനിനും. ഒരു വ്യാജ പ്രവാചകിയെ ഇസബേല്‍ എന്നു കര്‍ത്താവു വിളിച്ചിരിക്കുന്നതായും വെളി. 2:20ല്‍ നാം കണ്ടു.

മോശെയും ഫറവോനോട് (എതിര്‍ക്രിസ്തുവിന്റെ മറ്റൊരു നിഴല്‍) പ്രവചിക്കുകയും അവനേയും അവന്റെ മന്ത്രവാദികളോയും എതിര്‍ത്തുനില്‍ക്കുകയും ചെയ്തു.

പഴയനിയമത്തില്‍ ഒടുവിലായി പരാമര്‍ശിച്ചിരിക്കുന്ന രണ്ടു പ്രവാചകന്മാരും മോശെയും ഏലിയാവുമാണ് (മലാ. 4:4,5).

ഏതായാലും രണ്ട് അന്ത്യകാല പ്രവാചകന്മാരും മോശെയുടേയും ഏലിയാവിന്റേയും അതേ തീഷ്ണതയോടെയും ഒത്തുതീര്‍പ്പില്ലാത്ത മനോഭാവത്തോടെയുമാണ് 42 മാസം പ്രവചിക്കുന്നത്.

ഇന്ന് ക്രിസ്ത്യാനികളെന്ന നിലയില്‍ നാം നമ്മുടെ ശത്രുക്കളുടെമേല്‍ തീ ഇറങ്ങാനല്ല പ്രാര്‍ത്ഥിക്കേണ്ടത്. യേശു ശമര്യയില്‍ വന്നപ്പോള്‍ ശമര്യക്കാര്‍ തന്നെ കൈക്കൊണ്ടില്ല. അപ്പോള്‍ യാക്കോബും യോഹന്നാനും (നല്ല ബൈബിള്‍ പണ്ഡിതന്മാരായിരുന്നതിനാല്‍ തന്റെ ശത്രുക്കളുടെമേല്‍ ഏലിയാവ് തീ ഇറക്കിയത് ശമര്യയിലായിരുന്നു എന്നവര്‍ക്കറിയാമായിരുന്നു) ചോദിച്ചു ”കര്‍ത്താവേ (ഏലിയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീയിറങ്ങി അവരെ നശിപ്പിപ്പാന്‍ ഞങ്ങള്‍ പറയുന്നത് നിനക്കു സമ്മതമോ?” (ലൂക്കൊ. 9:54). എന്നാല്‍ യേശു തിരിഞ്ഞ് അവരെ ശാസിച്ചു ”നിങ്ങള്‍ ഏത് ആത്മാവിന് അധീനര്‍ എന്നു നിങ്ങള്‍ അറിയുന്നില്ല. മനുഷ്യപുത്രന്‍ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നത് എന്നു പറഞ്ഞു.” പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം ഇവിടെ കാണാം. ശത്രുക്കളുടെമേല്‍ അഗ്നി ഇറക്കുവാനല്ല, ”പിതാവേ ഇവരോടു ക്ഷമിക്കേണമേ” എന്നു പ്രാര്‍ത്ഥിച്ച യേശുവിന്റെ കാല്പ്പാടുകളെ പിന്തുടരുവാനാണ് അവിടുത്തെ ശിഷ്യന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ‘കര്‍ത്താവേ അവരുടെ പാപങ്ങളെ കണക്കിടരുതേ’ എന്നു പ്രാര്‍ത്ഥിച്ച സ്‌തേഫാനോസാണ് അവരുടെ മാതൃക.

ആകാശത്തു നിന്നു തീ ഇറക്കുവാനോ ആകാശം അടെച്ചുകളയുവാനോ, ഭൂമിയില്‍ ബാധകള്‍ അയയ്ക്കുവാനോ നാം വിളിക്കപ്പെട്ടിട്ടില്ലെന്നതു ശരി; എന്നാല്‍ മോശെയുടേയും ഏലിയാവിന്റേയും ആത്മാവില്‍ നാം നില്‌ക്കേണ്ടതുണ്ട്. ‘കര്‍ത്താവിന്റെ പക്ഷത്തുള്ളവന്‍ ആര്‍? അവന്‍ എന്റെ അടുക്കല്‍ വരട്ടെ’ എന്ന് ആളുകളെ വെല്ലുവിളിക്കുന്നതാണ് ആ ആത്മാവ്.

ചത്ത പ്രസ്ഥാനങ്ങളില്‍ ചെന്ന് അതിനെ പുനര്‍ജ്ജീവിപ്പിക്കുവാന്‍ നാം ശ്രമിക്കേണ്ടതില്ല. കാരണം അത് അസാദ്ധ്യമാണ്. നാം അവയ്ക്കു പുറത്തു നിന്ന് (മോശെയെയും ഏലിയാവിനെയുംപോലെ) ‘നിങ്ങള്‍ കര്‍ത്താവിന്റെ പക്ഷത്താണെങ്കില്‍ ബാബിലോന്‍ വിട്ടുപോന്ന് എന്റെ കൂടെ നില്ക്കുക. ദൈവവചനമോ മനുഷ്യരുടെ പാരമ്പര്യമോ നിങ്ങള്‍ ഏതു പിന്തുടരുമെന്ന് ഇന്നു തെരഞ്ഞെടുത്തുകൊള്‍ക” എന്നു പറയണം.

എതിര്‍ക്രിസ്തുവിന്റെ പ്രത്യക്ഷതയ്ക്കുമുമ്പുതന്നെ അന്ത്യകാലഘട്ടത്തില്‍ കാര്യങ്ങള്‍ ഈ വിധമാണ്. അതുകൊണ്ട് അവസാനകാലത്ത് സഭയില്‍ ഒരു മോശെ-ഏലിയാവു സംയുക്ത ശുശ്രൂഷയാണുള്ളത്.

വാക്യം. 7: ”അവര്‍ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തില്‍ നിന്നു കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.”

മൃഗം എന്നു പറയുന്നത് എതിര്‍ക്രിസ്തുവാണ്. സാത്താന്‍ ആവേശിച്ചുഭരിക്കുന്ന ഒരു മനുഷ്യനാണവന്‍. 13-ാം അദ്ധ്യായത്തില്‍ നാം ഇവനെക്കുറിച്ച് കൂടുതല്‍ വായിക്കുന്നു. പക്ഷേ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക. പ്രവാചകന്മാര്‍ തങ്ങളുടെ ‘സാക്ഷ്യം തികച്ചശേഷം’ മാത്രമേ അവന് അവരെ കൊല്ലുവാന്‍ കഴിഞ്ഞുള്ളു. ഈ പ്രവാചകന്മാര്‍ 1260 ദിവസം പ്രവചിക്കണമെന്നാണു ദൈവം നിയമിച്ചിരിക്കുന്നത്. അതുകൊണ്ട് അതിന് കേവലം ഒരു ദിവസം മുമ്പുപോലും അവരെ കൊല്ലുവാന്‍ കഴിയുകയില്ല. ഇന്നു സഭയിലെ പ്രവാചകന്മാരുടെ അനുഭവവും ഇതുതന്നെ.

സങ്കീര്‍ത്തനം 139:13-16-ല്‍ ദാവീദു പറയുന്നു: ”നീയല്ലോ എന്റെ അന്തരംഗങ്ങളെ നിര്‍മ്മിച്ചത്. എന്റെ അമ്മയുടെ ഉദരത്തില്‍ നീ എന്നെ മെടഞ്ഞൂ…… ഞാന്‍ രഹസ്യത്തില്‍ ഉണ്ടാക്കപ്പെട്ടപ്പോള്‍…… എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല….. നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു.”

ഒരു ക്രിസ്ത്യാനി ഈ ഭൂമിയില്‍ ജീവിതം ആരംഭിക്കുന്നതിനു മുമ്പു തന്നെ അവന്റെ നാളുകള്‍ ദൈവം തീരുമാനിച്ചിരിക്കും. ഇതിന്റെ അര്‍ത്ഥം എല്ലാ ക്രിസ്ത്യാനികളും ദൈവം തങ്ങള്‍ക്കായി നിയമിച്ചിരിക്കുന്ന ജീവിതകാലയളവു മുഴുവന്‍ പൂര്‍ത്തിയാക്കും എന്നല്ല. പാപത്തില്‍ ജീവിക്കുകയും ലോകത്തിനായി ജീവിക്കുകയും ചെയ്താല്‍ ചിലര്‍ അവരുടെ സമയത്തിനു മുമ്പേ കടന്നുപോകും. പക്ഷേ ദൈവഹിതം ചെയ്യാനായി മാത്രം ജീവിക്കുന്നവര്‍ തങ്ങളുടെ കാലയളവു മുഴുവന്‍ പൂര്‍ത്തിയാക്കും.

എതിര്‍ക്രിസ്തു ഈ പ്രവാചകന്മാരെ അവരുടെ സമയം തീരുന്നതിനു മുമ്പേ ഒടുക്കിക്കളയുവാന്‍ ശ്രമിച്ചേക്കാം. പക്ഷേ അവന്‍ വിജയിക്കുകയില്ല. അവര്‍ക്കായി നിയമിച്ചിരിക്കുന്ന 1260 ദിവസവും അവര്‍ പ്രവചിക്കും. അവരുടെ സാക്ഷ്യം തികച്ചശേഷം മാത്രമേ മൃഗത്തിന് പടവെട്ടി ജയിച്ച് അവരെ കൊന്നുകളയുവാന്‍ കഴിയുകയുള്ളു.

വിശ്വസ്തമായി കര്‍ത്താവിനെ സേവിക്കുന്നത് അത്ഭുതകരമായ കാര്യം തന്നെയാണ്. നിങ്ങള്‍ വിശ്വസ്തനാണെങ്കില്‍ ജീവിതത്തില്‍ ദൈവം നിയമിച്ചിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതുവരെ നിങ്ങള്‍ മരണമില്ലാത്തവനായിരിക്കും! ലോകത്തില്‍ മറ്റൊരു ജീവിതത്തിനും ഇത്രയും സുരക്ഷിതത്വമില്ല. ദൈവദാസനായിരിപ്പാന്‍ നിങ്ങള്‍ ഒരു മുഴുസമയ പ്രവര്‍ത്തകനായിരിക്കണമെന്നില്ല. പൗലൊസ് ഒരു മുഴുസമയപ്രവര്‍ത്തകനായിരുന്നില്ല. കൂടാരപ്പണി എന്നൊരു തൊഴില്‍ ചെയ്താണവന്‍ ജീവിച്ചിരുന്നത്. തന്റെ ലോകത്തിലെ തൊഴില്‍ എന്തായിരുന്നാലും ഓരോ വിശ്വാസിക്കും ദൈവത്തിന്റെ ഭൃത്യനായിരിപ്പാന്‍ കഴിയും.

യേശുവിനും 1260 ദിവസത്തെ ഒരു പരസ്യശുശ്രൂഷ ഉണ്ടായിരുന്നു. യോഹന്നാന്‍ 7:30ല്‍ വായിക്കുന്നത് യേശുവിന്റെ ശത്രുക്കള്‍ തന്നെ പിടിപ്പാന്‍ അമ്പേഷിച്ചു എന്നാണ്. പക്ഷേ അവര്‍ക്കു കഴിഞ്ഞില്ല. എന്തുകൊണ്ട്? യേശു അവരേക്കാള്‍ സമര്‍ത്ഥനായിരുന്നതുകൊണ്ടാണോ? അതോ ഭാഗ്യംകൊണ്ടാണോ അവരുടെ പിടിയില്‍നിന്നു വഴുതിമാറിയത്? ഇതൊന്നുമല്ല കാരണം. അവിടെത്തന്നെ അതിന്റെ കാരണം സരളമായി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ”അവന്റെ നാഴിക വന്നിരുന്നില്ല.” തനിക്കുള്ള ദിവസങ്ങള്‍ അപ്പോഴും തീര്‍ന്നിരുന്നില്ലെന്നു സാരം. ദേവാലയത്തില്‍ യേശു ശക്തിയായി സംസാരിച്ച കാര്യം യോഹ.8:20ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവര്‍ അവനെ പിടിപ്പാന്‍ ഉദ്ദേശിച്ചുവെങ്കിലും അവിടെയും അവര്‍ക്കു കഴിഞ്ഞില്ല. കാരണം പഴയതുതന്നെ: ‘അവന്റെ നാഴിക അതുവരേയും വന്നില്ല.’

ഭൂമിയില്‍ ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നത് എത്ര അത്ഭുതകരം! ദൈവത്തിന്റെ സമയം വന്നിട്ടില്ലെങ്കില്‍ ആര്‍ക്കും നമ്മെ തൊടുവാന്‍ പോലും സാധ്യമല്ലെന്നു മനസ്സിലാക്കി ഭയരഹിതരായി ചുറ്റിസഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. പക്ഷേ ഈ വാഗ്ദാനം പൂര്‍ണ്ണ മനസ്‌കരായ ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ളതാണ്. അനുരഞ്ജനക്കാരും, പണസ്‌നേഹികളും അങ്ങനെയും ഇങ്ങനെയും ഉള്ളവരുമായ ‘വിശ്വാസികള്‍’ക്കുള്ളതല്ല. മനുഷ്യരുടെ മാനവും അംഗീകാരവും വിഷയമല്ലാത്ത, ദൈവമുമ്പാകെ മാത്രം ജീവിക്കുന്നവര്‍ക്കു വേണ്ടിയാണീ വാഗ്ദാനം. നിങ്ങള്‍ അങ്ങനെ ഒരുവനാണെങ്കില്‍ നിങ്ങളെ സംബന്ധിച്ചും ഇങ്ങനെ രേഖപ്പെടുത്തും. ”അവന്റെ നാഴികവന്നിട്ടില്ലാത്തതുകൊണ്ട് ശത്രുക്കള്‍ക്ക് അവനെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. പിശാച് അവനെ ഒടുക്കിക്കളയുവാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല- കാരണം അവന്റെ നാഴിക അപ്പോഴും വന്നിരുന്നില്ല.”

ഒടുവില്‍ ദൈവത്തിന്റെ സമയമായപ്പോള്‍ തന്നെപിടിക്കുവാന്‍ വന്ന പടയാളികളോട് യേശു ഗത്‌സമനയില്‍ വച്ചു പറഞ്ഞു ”ഇതാ ഞാന്‍”. അതുപോലെ ദൈവത്തിന്റെ നാഴിക വന്നപ്പോള്‍ ഈ രണ്ട് അന്ത്യകാല പ്രവാചകന്മാരും പോകുവാന്‍ തയാറായിരുന്നു എന്നെയും നിങ്ങളേയും സംബന്ധിച്ച ദൈവത്തിന്റെ നാഴിക വരുമ്പോള്‍ ജീവിതം നീട്ടിക്കിട്ടാന്‍ ഡോക്ടര്‍മാരേയും ശസ്ത്രക്രിയാ വിദഗ്ധരേയും ഒന്നും തേടേണ്ടതായി വരികയില്ലെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ”കര്‍ത്താവേ നന്ദി. ഞാന്‍ എന്റെ സാക്ഷ്യം തികെച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് പോകുവാന്‍ നാം തയ്യാറായിരിക്കണം.

ദാവീദിനെക്കുറിച്ച് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. ”തന്റെ തലമുറയില്‍ ദൈവത്തിന്റെ ആലോചനക്കു ശുശ്രൂഷ ചെയ്തശേഷം ദാവീദു നിദ്ര പ്രാപിച്ചു” (പ്രവൃ. 13:36). ‘ലോകം വിട്ടു പോകുന്നതിനു മുമ്പ് ദൈവത്തിന്റെ ഹിതപ്രകാരം തന്റെ തലമുറയെ പൂര്‍ണ്ണമായി സേവിച്ചു’ ഈ വാക്കുകള്‍ നമ്മെക്കുറിച്ചും അര്‍ത്ഥവത്തായി പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

വാക്യം8: ”അവരുടെ കര്‍ത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സോദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയില്‍ അവരുടെ ശവം കിടക്കും.”

കൊല്ലപ്പെട്ട ഈ പ്രവാചകന്മാരുടെ ശരീരങ്ങള്‍ സംസ്‌കരിക്കപ്പെടുന്നില്ല. പരസ്യനിന്ദയ്ക്കായി അവ മറവുചെയ്യാതെ ഇട്ടേക്കുകയാണ്. ജഡങ്ങള്‍ നഗരവീഥിയിലാണ് അനാഥമായി കിടക്കുന്നത്. ‘കര്‍ത്താവു ക്രൂശിക്കപ്പെട്ട നഗരം’ എന്നു പറഞ്ഞിരിക്കുന്നതിനാല്‍ ഇത് യെരുശലേം നഗരമാണ്. എന്നാല്‍ ഇതിനെ സോദോം എന്നും മിസ്രയീം എന്നും ഇവിടെ വിളിച്ചിരിക്കുന്നു. ആത്മിക വ്യഭിചാരവും പരസംഗവും മൂലം ഇതു സോദോം പോലെ ആയി എന്നു സാരം. ‘മഹാനഗരം’ എന്ന വിശേഷണം ‘മഹതിയാം ബാബിലോനി’നെ അനുസ്മരിപ്പിക്കുന്നു. (വെളി. 18:2)

ഒരു ക്രിസ്തീയ സാക്ഷ്യം യരുശലേം (ദൈവം സ്വയം വെളിപ്പെടുത്തിയ സ്ഥലം) പോലെ ആരംഭിച്ചിട്ട് ബാബിലോന്‍ പോലെ അവസാനിക്കാന്‍ കഴിയും എന്ന സാദ്ധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. ദൈവത്തിന്റെ അഭിഷേകത്തോടെയും ശക്തിയോടെയും ക്രിസ്തീയ ഗോളത്തില്‍ ആരംഭിച്ച പലതും വര്‍ഷങ്ങള്‍ക്കു ശേഷം ആത്മിക വേശ്യാവൃത്തിയില്‍ അവസാനിച്ചിട്ടുണ്ട്. അവ മനുഷ്യദൃഷ്ടിയില്‍ മഹത്തായതായിത്തീര്‍ന്നിരിക്കാം. പക്ഷേ ദൈവദൃഷ്ടിയില്‍ വിശുദ്ധമായി തുടരുന്നില്ല!

വാക്യം 9, 10: സകല വംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും. അവരുടെ ശവം കല്ലറയില്‍ വെപ്പാന്‍ സമ്മതിക്കയില്ല. ഈ പ്രവാചകന്മാര്‍ ഇരുവരും ഭൂമിയില്‍ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ട് ഭൂവാസികള്‍ അവര്‍ നിമിത്തം സന്തോഷിച്ച് ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കുകയും ചെയ്യും.”

രണ്ടു മൃതദേഹങ്ങളും യരുശലേം നഗരവീഥിയില്‍ കിടക്കുന്നത് ഉപഗ്രഹടെലിവിഷനിലൂടെ ലോകത്തെ സകല രാജ്യങ്ങളിലേയും ജനങ്ങള്‍ കാണും. വാര്‍ത്തയിലെ ഏറ്റവും പ്രധാനസമയത്താവും ഇതു പ്രദര്‍ശിപ്പിക്കുക! മരണത്തിലും ഈ രണ്ടു പ്രവാചകന്മാരേയും പരസ്യമായി ആക്ഷേപിച്ചിരിക്കുന്നതു കണ്ട് എല്ലാവരും സന്തോഷിക്കും. കാരണം മുഴുലോകവും ഈ രണ്ടു പ്രവാചകന്മാരെ വെറുത്തിരുന്നു. വിഗ്രഹാരാധന, പണത്തോടും ലൗകികസാധനങ്ങളോടുമുള്ള സ്‌നേഹം എന്നിവയ്‌ക്കെതിരേയുള്ള നിരന്തരമായ പ്രസംഗങ്ങളിലൂടെ ‘ഭൂവാസികളെ’ പ്രവാചകന്മാര്‍ ദണ്ഡിപ്പിച്ചിരുന്നതുകൊണ്ടാണിത്.

ഇന്നും യഥാര്‍ത്ഥ ദൈവഭയമുള്ള ഒരു പ്രവാചകന്‍ ലോകജനങ്ങള്‍ക്കും, ലൗകികരായ വിശ്വാസികള്‍ക്കും മതഭക്തരായ പരീശന്മാര്‍ക്കും ഒരു ദണ്ഡനം തന്നെയാണ്.

ഈ രണ്ടു പ്രവാചകന്മാരില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് പഠിക്കുവാനുണ്ട്-അവരുടെ ലാളിത്യം, താഴ്മ, വിശ്വസ്തത, ധൈര്യം, അവര്‍ ശുശ്രൂഷ തികച്ചു എന്ന വസ്തുത എന്നിങ്ങനെ. ലോകജീവിതത്തിന്റെ അന്ത്യത്തില്‍ ”പിതാവേ, അവിടുന്നു ചെയ്‌വാന്‍ തന്ന വേല ഞാന്‍ തികച്ചിരിക്കുന്നു. ഞാന്‍ നല്ലപോര്‍ പൊരുതി ഓട്ടം തികച്ചു വിശ്വാസം കാത്തു” എന്നു നമുക്കും പറയുവാന്‍ കഴിയണം.

വാക്യം 11, 12: മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തില്‍ നിന്ന് ജീവവിശ്വാസം അവരില്‍ വന്നു. അവര്‍ കാല്‍ ഊന്നി നിന്നു- അവരെ കണ്ടവര്‍ ഭയപരവശരായിത്തീര്‍ന്നു–ഇവിടെ കയറിവരുവിന്‍ എന്നു സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു മഹാശബ്ദം പറയുന്നതു കേട്ടു. അവര്‍ മേഘത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി. അവരുടെ ശത്രുക്കള്‍ അവരെ നോക്കിക്കൊണ്ടിരുന്നു.”

യെരുശലേം നഗരവീഥിയില്‍ മരിച്ചു കിടന്ന രണ്ടു പ്രവാചകന്മാരും ഉയര്‍പ്പിക്കപ്പെടും. കണ്ണിമെയ്ക്കുന്നതിനിടയില്‍ അവരെ കര്‍ത്താവിന്റെ സന്നിധിയിലേക്കു ചേര്‍ക്കുകയും ചെയ്യും. അവരുടെ ശത്രുക്കള്‍ അതു നോക്കികൊണ്ടിരിക്കും. അന്തിമ ഉയര്‍പ്പിന്റെ സമയത്തു മാത്രമേ സാധാരണഗതിയില്‍ ദൈവം തന്റെ ദാസന്മാരുടെ നീതി എല്ലാവരുടേയും മുമ്പാകെ തെളിയിക്കുകയുള്ളുവെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. നാം ദൈവത്തോടു വിശ്വസ്തരായിരുന്നാല്‍ ഭൂമിയില്‍ പലവിധത്തില്‍ നാം ആക്ഷേപിക്കപ്പെടും. ആളുകള്‍ നമ്മെ ദുഷിക്കുകയും നമ്മുടെ സന്ദേശം കഠിനവും ദണ്ഡിപ്പിക്കുന്നതുമാണെന്നു പറയുകയും നമ്മെ വെറുത്ത് നമുക്കെതിരെ ദോഷം ആരോപിക്കുകയും ചെയ്താല്‍ നാം അവരോടു ക്ഷമിക്കുകയും പൊറുക്കുകയും വേണം. അങ്ങനെ ചെയ്താല്‍ ഈ ലോകജീവിതത്തില്‍ തന്നെ ദൈവം നമ്മുടെ നിരപരാധിത്വം എല്ലാവരുടെയും മുമ്പാകെ തെളിയിക്കും എന്നു കരുതരുത്. എന്നാല്‍ ഒരു ദിവസം, ഉയിര്‍പ്പിന്‍നാള്‍, നാം ദൈവത്തിന്റെ യഥാര്‍ത്ഥ വിശ്വസ്ത ദാസന്മാരായിരുന്നെന്ന് ലോകം മുഴുവന്‍ അറിയും. ആ സമയം വരെ ക്ഷമയോടെ കാത്തിരിപ്പാന്‍ നിങ്ങള്‍ തയ്യാറാണോ? അതോ ലോകത്തിന്റെയും സഭയുടേയും മുമ്പാകെ ഇപ്പോള്‍ തന്നെ അംഗീകാരവും ബോദ്ധ്യവും നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? നമ്മുടെ കര്‍ത്താവിനുപോലും ഇപ്പോഴും അംഗീകരണം ലഭിച്ചിട്ടില്ല. എങ്കിലും അവിടുത്തേക്കാള്‍ മുമ്പേ നമുക്കെന്തിനാണീ അംഗീകാരം?

വാക്യം 13: ആ നാഴികയില്‍ വലിയൊരു ഭൂകമ്പം ഉണ്ടായി. നഗരത്തില്‍ പത്തിലൊന്ന് ഇടിഞ്ഞുവീണു. ഭൂകമ്പത്തില്‍ ഏഴായിരം പേര്‍ മരിച്ചുപോയി. ശേഷിച്ചവര്‍ ഭയപരവശരായി സ്വര്‍ഗ്ഗത്തിലെ ദൈവത്തിനു മഹത്വം കൊടുത്തു.

ഈ ആളുകള്‍ ഭയപ്പെട്ടപ്പോള്‍ ദൈവത്തിനു മഹത്വം കൊടുത്തു എന്നതു ശരിയാണ്. എന്നാല്‍ അപ്പോഴും ജീവിതത്തില്‍ ഒരു മാറ്റം അവര്‍ ആഗ്രഹിച്ചില്ല.

വാക്യം 14, 15: രണ്ടാമത്തെ കഷ്ടം കഴിഞ്ഞു. മൂന്നാമത്തെ കഷ്ടം വേഗം വരുന്നു. ഏഴാമത്തെ ദൂതന്‍ ഊതിയപ്പോള്‍ ലോകരാജത്വം നമ്മുടെ കര്‍ത്താവിനും അവന്റെ ക്രിസ്തുവിനും ആയിത്തീര്‍ന്നിരിക്കുന്നു. അവന്‍ എന്നന്നേക്കും വാഴും എന്നും സ്വര്‍ഗ്ഗത്തില്‍ ഒരു മഹാഘോഷം ഉണ്ടായി.

കര്‍ത്താവ് തന്റെ ആയിരമാണ്ടുവാഴ്ച ഭൂമിയില്‍ ആരംഭിക്കുന്ന സമയമാണിത്. സാത്താന്‍ ഒരിക്കല്‍ യേശുവിനെ ലോകത്തിലെ സകലരാജ്യങ്ങളെയും കാണിച്ചിട്ട് പറഞ്ഞു” വീണ് എന്നെ നമസ്‌കരിച്ചാല്‍ ഇതൊക്കെയും നിനക്കുതരാം” (മത്താ. 4:8. 9). പക്ഷേ യേശു ആ വാഗ്ദാനം നിരസിക്കുകയും സാത്താനെ ഭൽസിക്കുകയുമാണ് ചെയ്തത്. പകരം അവിടുന്ന് ക്രൂശിലേറി ലോകത്തെ വേദനാജനകമായ മാര്‍ഗ്ഗത്തിലൂടെ (പിതാവിന്റെ ഹിതപ്രകാരമുള്ള വഴിയിലൂടെ) വീണ്ടെടുത്തു. ഒടുവിലിതാ രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം ലോകരാജ്യം പിതാവില്‍നിന്നുതന്നെ കര്‍ത്താവ് ഏറ്റുവാങ്ങുന്നു. സാത്താന്‍ യേശുവിനെ കാണിച്ചതു ലോകത്തിലെ ”രാജ്യങ്ങളെ” (ബഹുവചനരൂപം)യാണെന്ന വസ്തുത ശ്രദ്ധിക്കുക. ലോകം അങ്ങനെയായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. എന്നാല്‍ അന്തിമദിനത്തില്‍ പിതാവില്‍നിന്ന് യേശു ഏറ്റുവാങ്ങുന്ന ലോകം ഒരു രാജ്യം (ഏകവചനം) ആയിരിക്കും.

യേശു ഒരിക്കല്‍ പീലാത്തോസിനോടു പറഞ്ഞു: ”എന്റെ രാജ്യം ഐഹികമല്ല. എന്റെ രാജ്യം ഐഹികമായിരുന്നുവെങ്കില്‍ എന്റെ ചേകവര്‍ പോരാടുമായിരുന്നു ”(യോഹ. 18:36). നാമും അതുതന്നെയാണ് ഉദ്‌ഘോഷിക്കുന്നത് ”ഞങ്ങളുടെ രാജ്യം ഈ ലോകത്തില്‍ നിന്നുള്ളതല്ല. സാത്താനില്‍ നിന്ന് ഞങ്ങള്‍ക്കൊന്നും വേണ്ട. സാത്താന്‍ വാഗ്ദാനം ചെയ്യുന്ന ഈ ലോകത്തിന്റെ മഹത്വം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വിശ്വാസത്തില്‍ നേരിയതോതിലുള്ള ചില ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുവാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ് അവന്‍ ഞങ്ങള്‍ക്ക് ഈ ലോകത്തെ അതിന്റെ മഹത്വത്തോടുകൂടി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഞങ്ങള്‍ ക്രൂശിന്റെ പാത തെരഞ്ഞെടുക്കും. ഒരു നാളില്‍ പിതാവില്‍ നിന്നുതന്നെ ഞങ്ങള്‍ ഈ രാജ്യം പ്രാപിക്കുകയും ചെയ്യും.”

”ചെറിയ ആട്ടിന്‍ കൂട്ടമേ, ഭയപ്പെടരുത്. നിങ്ങളുടെ പിതാവ് രാജ്യം നിങ്ങള്‍ക്കു നല്‍കുവാന്‍ പ്രസാദിച്ചിരിക്കുന്നു” എന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞു (ലൂക്കോ. 12:32). എങ്കില്‍ നാം എന്തിനാണ് അത് പിശാചില്‍ നിന്നു ലഭിക്കുവാന്‍ ആഗ്രഹിക്കുന്നത്? സാത്താന്‍ വാഗ്ദാനം ചെയ്യുന്ന ഈ ലോകത്തിന്റെ മാനം എന്തിനാണ് വാഞ്ഛിക്കുന്നത്?

വാക്യം 16-18 ദൈവസന്നിധിയില്‍ സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്‌കരിച്ചു പറഞ്ഞത്: സര്‍വശക്തിയുള്ള കര്‍ത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തിധരിച്ചു വാഴുകയാല്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. ജാതികള്‍ കോപിച്ചു. നിന്റെ കോപവും വന്നു. മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും വിശുദ്ധന്മാര്‍ക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാര്‍ക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.”

സ്വര്‍ഗ്ഗത്തിലെ ആരാധനയുടേയും സ്തുതിയുടേയും ഒരു ചിത്രം കൂടി നാം കാണുന്നു. സിംഹാസനങ്ങളില്‍ ഇരിക്കുന്ന 24 മൂപ്പന്മാരും കവിണ്ണുവീണ് ദൈവത്തെ ആരാധിച്ചു. എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്ന തന്റെ സ