നിങ്ങൾക്കുള്ള പ്രത്യേകമായ ശുശ്രൂഷ ഫലപ്രദമായി നിർവഹിക്കുക- WFTW 3 ഒക്ടോബർ 2021

സാക് പുന്നന്‍

പഴയനിയമത്തിൽ, പ്രവാചകന്മാർ ദൈവജനത്തിൻ്റെ ഇടയിലുള്ള ഒരു ശേഷിപ്പിനെ കുറിച്ച് സംസാരിച്ചു. ദൈവജനത്തിൻ്റെ ഇടയിൽ ഒരു ആത്മീയ അധഃപതനം ഉണ്ടാകുന്ന സമയത്ത്, അവിടെ ദൈവത്തോടു വിശ്വസ്തരായി നിലനിൽക്കുന്ന കുറച്ചുപേർ അവശേഷിക്കുന്നത് എങ്ങനെയാണെന്നതിനെ കുറിച്ച് അവർ സംസാരിച്ചു. യഥാസ്ഥാനത്വം ആയിരുന്നു പ്രവാചകന്മാരുടെ പ്രതിപാദ്യവിഷയം.

ഉദാഹരണത്തിന് ആത്മീയ വ്യഭിചാരത്തെയും, ദൈവത്തിൻ്റെ മാറ്റമില്ലാത്ത സ്നേഹത്തെയും കുറിച്ച് ഹോശേയ്യാ സംസാരിച്ചു. ഹബക്കുക്ക് സംസാരിച്ചത് വിശ്വാസത്തിൻ്റെ പോരാട്ടത്തെയും വിശ്വാസത്തിൻ്റെ വിജയത്തെയും കുറിച്ചായിരുന്നു. ബാബിലോണിൽ നിന്ന്‌ യെറുശലേമിലേക്കുള്ള ദൈവജനത്തിൻ്റെ പോക്ക് ആയിരുന്നു സെഖരിയാവിൻ്റെ ഭാരം. ദൈവാലയം പണിയുന്നതിനെ കുറിച്ചായിരുന്നു ഹഗ്ഗായിയുടെ ഭാരം. ഓരോ പ്രവാചകനും തനിക്ക് ദൈവത്താൽ നൽകപ്പെട്ട ഒരു ഭാരം ഉണ്ടായിരുന്നു- എന്നാൽ അവരെല്ലാവരും ദൈവജനത്തിൻ്റെ ഇടയിലുള്ള വിശുദ്ധിയുടെ കുറവിനെ കുറിച്ച് ഉൽക്കണ്ഠയുള്ളവരായിരുന്നു.

വിശുദ്ധിയും ദൈവജനത്തിൻ്റെ മാറ്റമില്ലാത്ത സ്നേഹവുമായിരുന്നു എല്ലാ പ്രവാചകന്മാരുടെയും ഭാരം: ദൈവജനത്തിലുള്ള വിശുദ്ധിയും അവർ ആത്മീയ വ്യഭിചാരത്തിൽ പെട്ട് വഴിതെറ്റി പോകുമ്പോൾ പോലും ദൈവത്തിന് തൻ്റെ ജനത്തോടുള്ള മാറ്റമില്ലാത്ത സ്നേഹവും. എല്ലായ്പോഴും ദൈവത്തിൻ്റെ ആഗ്രഹം അവിടുത്തെ ജനത്തെ മടക്കി കൊണ്ടുവരിക എന്നതായിരുന്നു . അവിടുന്ന് അവർക്കു ശിക്ഷണം നൽകുന്നു; എന്നാൽ ശിക്ഷണം കഴിയുമ്പോൾ പിന്നീട് അവരെ അവിടുത്തെ അടുക്കലേക്കു തന്നെ തിരികെ കൊണ്ടുവരാൻ അവിടുന്നാഗ്രഹിക്കുന്നു.

ഇങ്ങനെയായിരിക്കണം സഭയിലും യഥാർത്ഥ പ്രവാചക ശുശ്രൂഷ നടക്കേണ്ടത്. ആ പഴയ നിയമ പ്രവാചകന്മാർക്ക് ദൈവജനത്തിൻ്റെ ഇടയിലുള്ള വിശുദ്ധിക്കുവേണ്ടി ഉണ്ടായിരുന്ന അതേ ഭാരം ഇന്ന് സഭയിലുള്ള ഒരു യഥാർത്ഥ പ്രവാചകന് ഉണ്ടായിരിക്കണം. കൂടാതെ, പിന്മാറ്റത്തിലായ തൻ്റെ ജനത്തെ അവിടുത്തെ അടുക്കലേക്കും യഥാർത്ഥ വിശുദ്ധിയിലേക്കും തിരികെ കൊണ്ടുവരാനായി നിരന്തരമായി ആഗ്രഹിക്കുന്ന ദൈവത്തിൻ്റെ മാറ്റമില്ലാത്ത, ദീർഘക്ഷമയുള്ള, മനസ്സലിവുള്ള, സ്നേഹത്താൽ അവർ പിടിക്കപ്പെട്ടിരുന്നതുപോലെ ഇദ്ദേഹവും പിടിക്കപ്പെട്ടിരിക്കും. ഒരു സഭ ജീവനുള്ളതും അത് ആയിരിക്കേണ്ട വിധത്തിൽ ദൈവത്തിനു വേണ്ടി പ്രവർത്തിക്കുന്നതും ആയിരിക്കണമെങ്കിൽ ഓരോ സഭയിലും ഒരു പ്രവാചക ശുശ്രൂഷ ഉണ്ടായിരിക്കണം.

ദൈവം നമ്മുടെ ഹൃദയത്തിൽ ഇടുന്ന ഒരു ഭാരം എപ്പോഴും അവിടുന്നു നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ശുശ്രൂഷയുടെ സൂചനയാണ്. അതുകൊണ്ട് ദൈവത്തിൽ നിന്ന് ഒരു ഭാരം ലഭിക്കുന്നതിനുവേണ്ടി കർത്താവിനായി കാത്തിരിക്കുക. ഒരു ഭാരം ഇല്ലാതെ നിങ്ങൾ കർത്താവിനെ സേവിച്ചാൽ, കുറച്ചുസമയം കഴിയുമ്പോൾ നിങ്ങൾക്കു വിരസത ഉണ്ടാവുകയും നിങ്ങൾ പണത്തിൻ്റെയും മനുഷ്യമാനത്തിൻ്റെയും അല്ലെങ്കിൽ ലൗകിക സുഖങ്ങളുടെയും പിന്നാലെ പോകുന്ന കാര്യത്തിൽ അവസാനിക്കുകയും ചെയ്യും. ഇന്ന് കർത്താവിനെ സേവിക്കുന്നു എന്ന് അവകാശപ്പെടുന്ന പലർക്കും തങ്ങളുടെ ശുശ്രൂഷയ്ക്ക് ദൈവത്താൽ നൽകപ്പെട്ട ഒരു ഭാരം ഇല്ല എന്നത് ദൗർഭാഗ്യകരമാണ്.

ദൈവം ഒരുവന് കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കാനുള്ള ഒരു ഭാരവും, വേറെ ഒരാൾക്ക് സുവിശേഷീകരണത്തിനുള്ള ഭാരവും നൽകിയേക്കാം. പിന്നെയും മറ്റൊരുവന് ദൈവജനത്തെ ഉപദേശിക്കാൻ (പഠിപ്പിക്കാൻ ) ഉള്ള ഒരു ഭാരമായിരിക്കും നൽകുന്നത്. ക്രിസ്തുവിൻ്റെ ശരീരത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്ത ഭാരമാണ് ദൈവം നൽകുന്നത്. നാം മറ്റാരുടെയെങ്കിലും ശുശ്രൂഷ അനുകരിക്കുകയോ അല്ലെങ്കിൽ അയാൾക്കുള്ള ഭാരം നമുക്ക് ഉണ്ടാകുവാനായി ശ്രമിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഭാരം മറ്റുള്ളവർക്കുണ്ടാകേണ്ടതിന് നിങ്ങൾ അവരുടെ മേൽ സമ്മർദ്ദം ചെലുത്തരുത്, അതുപോലെ ആരുടെയെങ്കിലും ഭാരം നിങ്ങൾക്കു തരാനായി മറ്റാരെയും നിങ്ങൾ അനുവദിക്കുകയും അരുത്. ദൈവം തന്നെ നിങ്ങൾക്ക് ഒരു ഭാരം തരട്ടെ- അവിടുന്ന് നിങ്ങൾക്കുവേണ്ടി ഒരുക്കി വച്ചിരിക്കുന്ന ഒന്ന്.

നാം ദൈവത്തിൻ്റെ ഹൃദയവുമായി എത്രയധികം കൂട്ടായ്മയിൽ വരുന്നോ, അത്രയധികം അവിടുത്തെ ഭാരം നാം പങ്കിടും. ദൈവം നിങ്ങളെ ഒരു സുവിശേഷകനായി വിളിച്ചിട്ടുണ്ടെങ്കിൽ, നഷ്ടപ്പെടുന്ന ആത്മാക്കൾക്കായി ഒരു മനസ്സലിവ് അവിടുന്നു നിങ്ങൾക്കു നല്കും. ദൈവം നിങ്ങളെ ഒരു ഉപദേഷ്ടാവായി വിളിച്ചിട്ടുണ്ടെങ്കിൽ, അന്ധരും വഞ്ചിക്കപ്പെട്ടവരുമായി വിജയകരമായ ഒരു ജീവിതത്തിലേക്കു പ്രവേശിക്കാൻ കഴിയാതിരിക്കുന്ന വിശ്വാസികൾക്കായി ഒരു മനസ്സലിവ് അവിടുന്നു നിങ്ങൾക്ക് നല്കും. നമുക്ക് നമ്മുടെ ശുശ്രൂഷ ഫലപ്രദമായി നിർവഹിക്കണമെങ്കിൽ ദൈവത്തിൻ്റെ മനസ്സലിവു പങ്കുവയ്ക്കുന്നതിൽ അവിടുത്തെ ഹൃദയവുമായുള്ള കൂട്ടായ്മ അത്യന്താപേക്ഷിതമാണ്.

അനേകം ആളുകൾ അവരുടെ പ്രത്യേക ശുശ്രൂഷ എനിക്ക് ഉണ്ടാകേണ്ടതിന് എന്നെ നിർബന്ധിച്ചിട്ടുണ്ട്- സാധാരണയായി സുവിശേഷീകരണം- എന്നാൽ ഞാൻ: അത്തരം സമ്മർദ്ദങ്ങളോട് എപ്പോഴും എതിർത്തു നിന്നിട്ടുണ്ട്- മറ്റൊരാൾക്കു ദൈവം കൊടുത്ത ഒരു ഭാരം എനിക്കുണ്ടാകുന്നതിൽ ഞാൻ താല്പര്യപ്പെടുന്നില്ല. ദൈവം എനിക്ക് ഒരു പ്രത്യേക ഭാരം തന്നിരിക്കുന്നു, അതു തന്നെയാണ് ഞാൻ നിർവഹിക്കേണ്ട ഏക ശുശ്രൂഷ എന്നു ഞാൻ തീരുമാനിച്ചിരിക്കുന്നു. ദൈവം അവർക്കു നൽകിയ ഭാരത്തിൽ നിന്നും ശുശ്രൂഷയിൽ നിന്നും തങ്ങളെ വഴിമാറ്റി കൊണ്ടുപോകാൻ പ്രവാചകന്മാർ ആരെയും അനുവദിച്ചിരുന്നില്ല.

നിങ്ങൾക്ക് ഒരു ഭാരവുമില്ലെങ്കിൽ, നിങ്ങൾ ദൈവത്തിൻ്റെ അടുത്തേക്കു ചെന്ന് നിങ്ങൾക്ക് ഒരു ഭാരം തരാനായി അവിടുത്തോടു ചോദിക്കുക. ക്രിസ്തുവിൻ്റെ ശരീരത്തിൽ നിങ്ങൾക്കു നിർവഹിക്കാനുള്ള ഒരു നിർദിഷ്ട ദൗത്യം അവിടുത്തെ പക്കൽ ഉണ്ട്, അതെന്താണെന്ന് നിങ്ങൾ അറിയണം.

അനേകം പ്രാസംഗികർ ഒരു ശുശ്രൂഷയിൽ നിന്ന് മറ്റൊന്നിലേക്ക് അലഞ്ഞുനടക്കുന്നു- അവർക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന ഏത് സംഘടനയിലും ചേർന്നുകൊണ്ട്. ഉദാഹരണത്തിന്, ഒരു റേഡിയോ ശുശ്രൂഷയ്ക്കുവേണ്ടി ഉണ്ടെന്നു തോന്നുന്ന ഒരു “ഭാര”വുമായി അവർ ആരംഭിക്കുന്നു. എന്നാൽ കുട്ടികളുടെ ഇടയിൽ സുവിശേഷീകരണം നടത്തുന്ന ഏതെങ്കിലും സംഘടനകൾ അവർക്കു കുറച്ചുകൂടി ഉയർന്ന ശമ്പളം നൽകിയാൽ, അവർ കുട്ടികളുടെ സുവിശേഷീകരണത്തിനുള്ള ഒരു ഭാരം വളർത്തിയെടുക്കുന്നു! കുറച്ചുകഴിഞ്ഞ്, ഒരു ക്രിസ്തീയസാഹിത്യസംഘടന അതിലും ഉയർന്ന ശമ്പളം നൽകിയാൽ, ഉടനെ അവരുടെ ഭാരം ഒരു സാഹിത്യ ശുശ്രൂഷയിലേക്കു മാറുന്നു!! അത്തരം പ്രാസംഗികർ കർത്താവിനെ അല്ല സേവിക്കുന്നത്. അവർ ബാബിലോണിയൻ “വ്യാപാരത്തിൽ” വ്യാപൃതരായിരിക്കുന്ന മത ഭക്തരാണ്.

ദൈവം നിങ്ങൾക്കൊരു ഭാരം തരുമ്പോൾ, ഏതെങ്കിലും ഒരു സംഘടന കുറച്ചു കൂടി നല്ല ഭൗതിക നേട്ടങ്ങൾ നൽകി എന്ന കാരണത്താൽ അതിനെ ഉപേക്ഷിക്കാൻ നിങ്ങൾക്കു കഴിയുകയില്ല.