യഥാർത്ഥ സ്നേഹത്തിൽ ത്യാഗം ഉൾപ്പെട്ടിരിക്കുന്നു- WFTW 26 സെപ്റ്റംബർ 2021

സാക് പുന്നന്‍

2 ദിനവൃത്താന്തം 3: 1 ൽ നാം വായിക്കുന്നത് , “ശലോമോൻ മോറിയാ പർവ്വതത്തിൽ യഹോവയുടെ ആലയം പണിവാൻ തുടങ്ങി” എന്നാണ്. അബ്രാഹാം തൻ്റെ പുത്രനായ ഇസ്ഹാക്കിനെ ദൈവത്തിന് അർപ്പിച്ച സ്ഥലമാണ് മോറിയാ പർവ്വതം (ഉല്പത്തി 22). ദൈവത്തിൻ്റെ വഴി ത്യാഗത്തിൻ്റെ വഴിയാണെന്ന് ആ പർവ്വതത്തിൽ വച്ച് അബ്രാഹാം മനസ്സിലാക്കുകയും അതിനു കീഴടങ്ങുകയും ചെയ്തു. ദൈവം ആ സ്ഥാനത്തെ വിശുദ്ധീകരിക്കുകയും 1000 വർഷങ്ങൾക്കു ശേഷം ആ സ്ഥാനത്തുതന്നെ അവിടുത്തെ ആലയം പണിയുമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇന്നും ദൈവം അവിടുത്തെ ആലയം (സഭ) പണിയുന്നത് ഈ സ്ഥലത്താണ്- അവിടുന്ന് അബ്രാഹാമിൻ്റെ ആത്മാവിനെയും വിശ്വാസത്തെയും കാണുന്ന ഇടങ്ങളിലെല്ലാം. ഏദൻ തോട്ടത്തിൽ വച്ച് ആദാമും ഹവ്വയും പറഞ്ഞതിൻ്റെ നേരേ വിപരീതമായുള്ള കാര്യമാണ് മോറിയാ പർവ്വതത്തിൽ വച്ച് അബ്രാഹാം പ്രതീകാത്മകമായി പറഞ്ഞത്.

ഏദനിൽ വച്ച്, ആദാമും ഹവ്വയും, വിലക്കപ്പെട്ട കനി ഭക്ഷിക്കുന്ന പ്രവൃത്തിയിലൂടെ ദൈവത്തോടു പറഞ്ഞത്, സൃഷ്ടാവായ ദൈവത്തെക്കാൾ അവർക്കു വിലയേറിയത്, തങ്ങൾക്ക് ആനന്ദം നൽകുന്ന, സൃഷ്ടിക്കപ്പെട്ട കാര്യങ്ങൾ ആണെന്നാണ്. ഇന്നും ലക്ഷക്കണക്കിന് മനുഷ്യർ ദൈവത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നതും കൃത്യമായി അതു തന്നെയാണ്. “അവർ സൃഷ്ടിച്ചവനേക്കാൾ സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു” (റോമർ 1 :25). എന്നാൽ മോറിയാ മലയിൽ ഇതിനു വിപരീതമായിട്ടാണ് അബ്രാഹാം പറഞ്ഞത്: അവൻ്റെ ദൈവവും സൃഷ്ടാവുമായവൻ തൻ്റെ ഈ ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട സ്വത്തിനേക്കാൾ (ഇസ്ഹാക്കിനെക്കാൾ) വിലയേറിയതാണ് എന്നാണ്. അതു തെളിയിക്കേണ്ടതിന് ഇസ്ഹാക്കിനെ ബലികഴിക്കാൻ അദ്ദേഹത്തിനു മനസ്സായിരുന്നു. ഈ ത്യാഗത്തിൻ്റെ പ്രമാണത്താൽ ജീവിക്കുന്ന എല്ലാവരെയും ദൈവം മാനിക്കും. ഇന്നും ഈ മാർഗ്ഗത്താൽ പിടിക്കപ്പെട്ടവരാലാണ് ദൈവത്തിൻ്റെ യഥാർത്ഥ ആലയം പണിയപ്പെടാൻ പോകുന്നത്.

കാൽവറിക്കുന്നിൽ, യേശു ലോകത്തിൻ്റെ പാപത്തിനു വേണ്ടി മരിച്ചു എന്നതു മാത്രമല്ല സത്യം. ദൈവം അവിടുത്തെ സകല പ്രവൃത്തിയും ചെയ്യുന്നതിൻ്റെ അടിസ്ഥാനമായ ത്യാഗത്തിൻ്റെ പ്രമാണം യേശു അവിടെ പ്രദർശിപ്പിക്കുകയായിരുന്നു. മറ്റൊരു മാർഗ്ഗത്തിലും കർത്താവിനെ സേവിക്കുവാൻ ആർക്കും കഴിയില്ല. ഈ ലോകത്തിൽ സൗകര്യപ്രദവും സുഖകരവുമായ ഒരു ജീവിതം അന്വേഷിക്കുകയും അതേസമയം തന്നെ സഭ പണിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ തങ്ങളെ തന്നെ വഞ്ചിക്കുക മാത്രമായിരിക്കും ചെയ്യുക. രണ്ടു ലോകങ്ങളിലുമുള്ള ഏറ്റവും നല്ലത് അന്വേഷിക്കുന്നവർ തീർത്തും സാത്താനാൽ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ത്യാഗം കൂടാതെ ദൈവത്തെ സേവിക്കുവാൻ അനേകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരുടെ അധ്വാനങ്ങൾ ഏതുവിധമായാലും പരാജയത്തിനു മേൽ പരാജയം കൊണ്ട് അഭിഷേകം ചെയ്യപ്പെടുന്നു!!

“ക്രിസ്തു സഭയെ സ്നേഹിച്ച് തന്നത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു” (എഫെ. 5: 25). സഭ പണിയേണ്ടതിന് നാമും അതേ വിധത്തിൽ തന്നെ സഭയെ സ്നേഹിക്കേണ്ടതുണ്ട്. നമ്മുടെ പണമോ സമയമോ മാത്രം നൽകിയാൽ പോരാ. നാം നമ്മെ തന്നെ നൽകണം – നമ്മുടെ സ്വയജീവൻ.

മനുഷ്യരോടുള്ള ദൈവത്തിൻ്റെ സ്നേഹത്തെ വിവരിക്കാൻ ദൈവം ആഗ്രഹിക്കുമ്പോഴെല്ലാം, അവിടുത്തേക്കു തൻ്റെ സ്നേഹത്തെ താരതമ്യം ചെയ്യാൻ കഴിയുന്നത് ഭൂമിയിലെ ഒരേ ഒരു ഉദാഹരണം കൊണ്ടാണ്- ഒരമ്മയ്ക്ക് തൻ്റെ നവജാതശിശുവിനോടുള്ള സ്നേഹം (യെശയ്യാവ് 49: 15 കാണുക). നിങ്ങൾ ഒരു അമ്മയെ നിരീക്ഷിച്ചാൽ, അവൾക്കു തൻ്റെ കുഞ്ഞിനോടുള്ള സ്നേഹം ത്യാഗത്തിൻ്റെ ആത്മാവ് നിറഞ്ഞതാണെന്നു നിങ്ങൾ കാണും. നന്നെ രാവിലെ മുതൽ രാത്രി വൈകുന്നതു വരെയും പിന്നെ രാത്രി മുഴുവനും, ഒരു മാതാവ് തൻ്റെ കുഞ്ഞിനുവേണ്ടി ത്യാഗം ചെയ്യുന്നു, ത്യാഗം ചെയ്യുന്നു, ത്യാഗം ചെയ്യുന്നു. അതിനു പ്രതിഫലമായി തിരികെ അവൾക്കൊന്നും ലഭിക്കുന്നുമില്ല. അവൾ തൻ്റെ കുഞ്ഞിനുവേണ്ടി വർഷങ്ങളോളം വേദനയും അസൗകര്യങ്ങളും സന്തോഷത്തോടെ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹിക്കുന്നു. തൻ്റെ കുഞ്ഞിനു വേണ്ടി തൻ്റെ ചുറ്റുമുള്ള മറ്റാളുകൾ എന്തെങ്കിലും ത്യാഗം സഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് അവൾ ശ്രദ്ധിക്കുന്നില്ല. അവൾ തന്നെ എല്ലാം സന്തോഷത്തോടെ ത്യാഗം ചെയ്യുന്നു. അതുപോലെ, സഭയെ തൻ്റെ സ്വന്തം കുഞ്ഞായി കണ്ടിരിക്കുന്ന ഒരാൾ, തൻ്റെ ചുറ്റുമുള്ള മറ്റുള്ളവർ സഭയ്ക്കു വേണ്ടി എന്തെങ്കിലും ത്യാഗം ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ അസ്വസ്ഥരാകാറില്ല.

ദൈവം നമ്മെ സ്നേഹിക്കുന്നതും അങ്ങനെതന്നെയാണ്. ആ സ്വഭാവമാണ് നമ്മിലേക്കു പകർന്നുനൽകാൻ അവിടുന്നാഗ്രഹിക്കുന്നത്. എന്നാൽ അതുപോലെ തമ്മിൽ തമ്മിൽ സ്നേഹിക്കുന്നു എന്ന് സത്യസന്ധമായി പറയാൻ കഴിയുന്ന ഒരു കൂട്ടായ്മ ഈ ലോകത്തിൽ എവിടെയെങ്കിലും കാണുന്നത് അസാധ്യമാണ്. മിക്ക വിശ്വാസികൾക്കും തങ്ങളോട് അനുകൂലിച്ച് അവരുടെ കൂട്ടത്തിൽ ചേരുന്നവരെ മാത്രം സ്നേഹിക്കാനെ അറിയൂ. അവരുടെ സ്നേഹം മാനുഷികവും, അത് അമ്മമാരുടെ ത്യാഗപരമായ സ്നേഹത്തിൽ നിന്ന് വളരെ അകന്നതുമാണ് !!