ബൈബിളിലൂടെ : 1 യോഹന്നാന്‍


വെളിച്ചവും സ്‌നേഹവും : ജീവനും കൂട്ടായ്മയും


ഇവിടെ യോഹന്നാന്‍ ദൈവത്തെ സംബന്ധിച്ച് രണ്ട് കാര്യങ്ങള്‍ പറയുന്നു: ”ദൈവം വെളിച്ചമാണ്”(1:5); ”ദൈവം സ്‌നേഹമാണ്”(4:8). ഇതാണ് അദ്ദേഹത്തിന്റെ ഈ ലേഖനത്തിലെ രണ്ട് മുഖ്യ വിഷയങ്ങള്‍- വെളിച്ചവും സ്‌നേഹവും. പ്രായോഗിക അര്‍ത്ഥത്തില്‍ ഈ വാക്കുകളെയെടുത്താല്‍ അതു ജീവനും കൂട്ടായ്മയും എന്നാണ്.

യേശുവില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു(യോഹ.1:4). യേശുവിന്റെ ജീവിതത്തിലൂടെ ആ വെളിച്ചം കാണപ്പെട്ടു. അതുപോലെ നമ്മുടെ ജീവിതത്തിലൂടെ ആ വെളിച്ചം മറ്റുള്ളവര്‍ കാണണം. ദൈവ സ്‌നേഹമാണ്. യേശു നല്‍കിയ ഒരു കല്പന യോഹന്നാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യേശു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ പുതിയ കല്പനയെ സംബന്ധിച്ച് ആദ്യ മൂന്നു സുവിശേഷങ്ങളുടെ രചയിതാക്കളും പരാമര്‍ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ”ഒരു പുതിയ കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു. നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കണം ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്‌നേഹിക്കണം”(യോഹ.13:34). യോഹന്നാന്‍ മാത്രമാണ് ഇതിന് ഊന്നല്‍ നല്‍കിയത്. അതു തന്നെയാണ് ഈ ലേഖനത്തിലും അദ്ദേഹം ചെയ്യുന്നത്. നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവ് കൂട്ടായ്മയാണെന്നാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ ”ജീവിനും” ”കൂട്ടായ്മയും” എന്നതാണ് ഈ ലേഖനത്തിലെ രണ്ട് പ്രധാന വിഷയങ്ങള്‍.

നിത്യത മുതലുള്ള ദൈവിക ജീവനെ പരാമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം ഈ ലേഖനം തുടങ്ങുന്നത് (1:1). ”ആദിമുതല്‍ ഉണ്ടായിരുന്നത്” എന്നു പറഞ്ഞു തന്റെ സുവിശേഷം തുടങ്ങിയതു പോലെ തന്നെ (യോഹ. 1:1).


അടിസ്ഥാന സത്യം

യോഹന്നാന്‍ തന്റെ എല്ലാ ലേഖനങ്ങളും എഴുതിയിട്ടുള്ളത് താന്‍ മരിക്കുന്നതിനു ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ്. അപ്പോള്‍ അദ്ദേഹത്തിനു ഏകദേശം 95 വയസ്സ് പ്രായമുണ്ടായിരുന്നു. അതിനു 65 വര്‍ഷങ്ങള്‍ക്കു മുന്‍പ് പെന്തക്കോസ്തു നാളിലാണ് അദ്ദേഹം പരിശുദ്ധാത്മ സ്‌നാനം പ്രാപിച്ചത്. തുടര്‍ന്ന് 65 വര്‍ഷം അദ്ദേഹം ദൈവത്തോട് കൂടെ നടന്നു. അദ്ദേഹം സഭകള്‍ സ്ഥാപിച്ചു, പരിശുദ്ധാത്മ വരങ്ങള്‍ ഉപയോഗിച്ചു, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു, പ്രവചിച്ചു, അന്യഭാഷയില്‍ സംസാരിച്ചു. മാത്രമല്ല മറ്റ് അപ്പൊസ്തലന്മാരുടെ ശുശ്രൂഷയും നേരില്‍ കണ്ടു. മറ്റ് പതിനൊന്ന് അപ്പൊസ്തലന്മാരും മരിച്ചു. ഇപ്പോള്‍ യോഹന്നാന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ആത്മാവ് ശക്തമായി വ്യാപരിച്ച് അനേകം സഭകള്‍ സ്ഥാപിതമാകുന്നതും ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ അതിലെ പല സഭകളുടെ വീഴ്ചയും അദ്ദേഹം കണ്ടു. പല വ്യാജ പ്രവചനങ്ങളും വ്യാജ ഉപദേശങ്ങളും അദ്ദേഹം കേട്ടു. പല നല്ല വിശ്വാസികളും അവരുടെ തീക്ഷ്ണത നിമിത്തം മതഭ്രാന്തന്മാരായി തീരുന്നതും അദ്ദേഹം കണ്ടു. ഇപ്പോള്‍ 95 വയസ്സുള്ള വൃദ്ധനും ദൈവത്തെ അടുത്തറിഞ്ഞ് പക്വതയുള്ള ഒരുവനുമായി അദ്ദേഹം എഴുതുന്നു. 65 വര്‍ഷങ്ങള്‍ പുറകോട്ട് നോക്കി ക്രിസ്തീയ ജീവിതത്തില്‍ പ്രാധാന്യമുള്ളതേത് അല്ലാത്തതേത് എന്നു വിവേചിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുന്നു. ചില സത്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി ചിലര്‍ തെറ്റിപ്പോകുന്നതും ചില സത്യങ്ങള്‍ക്കു മതിയായ പ്രാധാന്യം നല്‍കാതെ മറ്റു ചിലര്‍ തെറ്റിപ്പോകുന്നതും അദ്ദേഹം കണ്ടു. അതുകൊണ്ട് നാം യോഹന്നാന്റെ ഒന്നാം ലേഖനം പഠിക്കുമ്പോള്‍, തീക്ഷ്ണതയുള്ള ഒരു ചെറുപ്പക്കാരനായ ക്രിസ്ത്യാനി അല്ല, പക്വതയുള്ള ഒരു അപ്പൊസ്തലന്‍ എഴുതിയതാണ് ഈ ലേഖനമെന്നു മനസ്സില്‍ കരുതണം. യോഹന്നാന്‍ 95 വയസ്സു വരെ കാത്തിരുന്നിട്ടാണ് എന്തെങ്കിലും എഴുതിയത്. അതിനാല്‍ നാം ഈ ലേഖനം പഠിക്കുമ്പോള്‍ അദ്ദേഹം പരാമര്‍ശിക്കുന്ന വിഷയങ്ങള്‍ എന്നപോലെ പരാമര്‍ശിക്കാത്ത വിഷയങ്ങളും ശ്രദ്ധയോടെ മനസ്സിലാക്കണം. ഇവിടെ പരാമര്‍ശിക്കാത്ത വിഷയങ്ങള്‍ ക്രിസ്തീയ ജീവിതത്തിന് അത്ര പ്രാധാന്യമുള്ളതല്ലെന്നു യോഹന്നാന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നു നാം കാണുന്നു. ഈ നാലു പേജ് ലേഖനത്തില്‍ വളരെ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കു മാത്രമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.

ഉദാഹരണത്തിന്, സഭയുടെ ഭരണപരമായ കാര്യങ്ങളെ സംബന്ധിച്ചോ, സഭാ യോഗത്തിന്റെ നടത്തിപ്പ് സംബന്ധിച്ചോ യോഹന്നാന്‍ എഴുതുന്നില്ല. അന്യഭാഷ, രോഗസൗഖ്യം, ഭൗതിക അനുഗ്രഹങ്ങള്‍, സുവിശേഷീകരണം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചും എഴുതുന്നില്ല. ഇതൊക്കെ വളരെ പ്രധാനപ്പെട്ട വിഷയങ്ങള്‍ തന്നെയാണ്. എന്നാല്‍ സഭ ആത്മീയമായി നശിച്ചുകൊണ്ടിരിക്കുമ്പോള്‍ അവയൊന്നും പ്രാധാന്യമുള്ളതല്ല. ചില ക്രിസ്ത്യാനികള്‍ക്കു പക്ഷേ ഈ കാര്യങ്ങളില്‍ ചിലത് പ്രാധാന്യമുള്ളതായിരിക്കുന്നു. ആദിയില്‍, നിത്യമായ ഭൂതകാലത്തില്‍ എന്തായിരുന്നു എന്നു യോഹന്നാന്‍ തന്റെ ലേഖനത്തില്‍ എഴുതുന്നു. സഭയോ, സഭായോഗമോ, വിശ്വാസികളോ, മനുഷ്യര്‍ തന്നെയോ, മാലാഖമാരോ, സ്വര്‍ഗ്ഗമോ ഭൂമിയോ ഒന്നും ഇല്ലാതിരുന്ന, ദൈവം മാത്രം നിലനിന്നിരുന്ന ആ ഭൂതകാലം – അതിനെപ്പറ്റി യോഹന്നാന്‍ എഴുതുന്നു.

എന്താണ് നിത്യതയില്‍ ഉണ്ടായിരുന്നത്? ദൈവം മാത്രം- പിതാവും, പുത്രനും, പരിശുദ്ധാത്മാവും. അവര്‍ക്കു നിത്യജീവന്‍ ഉണ്ടായിരുന്നു. അവരുടെ ഇടയില്‍ തികഞ്ഞ കൂട്ടായ്മ ഉണ്ടായിരുന്നു. അതിനാല്‍ യോഹന്നാന്‍ പറയുന്നത് ഇതാണ്- ഓര്‍ക്കുക നിത്യമായ യാഥാര്‍ത്ഥ്യങ്ങള്‍ ഇവ രണ്ടുമാണ് ”ജീവനും” ”കൂട്ടായ്മയും.” ബാക്കിയെല്ലാം അല്പ കാലത്തേയ്ക്കു മാത്രമുള്ളതാണ്. മഹത്തായ ഈ രണ്ട് നിത്യ യാഥാര്‍ത്ഥ്യങ്ങളെ നഷ്ടപ്പെടുത്തി താല്കാലികമായ കാര്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുമ്പോള്‍ നാം സകലവും നഷ്ടപ്പെടുത്തുകയാണ്. ഒരു കാറിന്റെ എന്‍ജിന്‍ തന്നെ തകരാറില്‍ ആയിരിക്കുമ്പോള്‍ അതിന്റെ ചക്രങ്ങളിലെ ചില ഭാഗങ്ങള്‍ വൃത്തിയാക്കുന്നതു പോലെയാണിത്. പല ക്രിസ്ത്യാനികളും വളരെ ചെറിയ കാര്യങ്ങളില്‍ മനസ്സു വച്ച് ക്രിസ്തീയ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ളത് നഷ്ടപ്പെടുത്തുന്നു.

ആദ്യ നൂറ്റാണ്ടിലെ ക്രിസ്തീയതയുടെ ഉയര്‍ച്ചയും താഴ്ചയും നിരീക്ഷിച്ചു യോഹന്നാന്‍ ഈ കാലഘട്ടത്തില്‍ പ്രാധാന്യമുള്ളത് എന്താണെന്നു നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധി, താഴ്മ, സ്‌നേഹം, നന്മ എന്നിങ്ങനെയുള്ള ദൈവിക സ്വഭാവം ഇല്ലാതെ മറ്റെന്തെല്ലാം നേടിയാലും ഒരു പ്രയോജനവുമില്ല. ക്രിസ്തുവിന്റെ ജീവനുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റെല്ലാം ചപ്പും ചവറും ആണ്. നിങ്ങള്‍ മറ്റ് വിശ്വാസികളുമായി ഒരുമിച്ചു കൂടുമ്പോള്‍ അവിടെ ഒരു കൂട്ടായ്മ പണിയപ്പെടാതെ കേവലം ചില പ്രവര്‍ത്തനങ്ങളും ശുശ്രൂഷയും മാത്രമാണുള്ളതെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥ ക്രിസ്തീയത പൂര്‍ണ്ണമായും നഷ്ടപ്പെടുത്തിയിരിക്കുന്നു. കൂട്ടായ്മ പണിയുന്നതിലേയ്ക്കു നടത്തപ്പെടുന്നില്ലെങ്കില്‍ സുവിശേഷ പ്രവര്‍ത്തനം പോലും ഒരു പാഴ്‌വേലയായി തീരും. ഓര്‍ക്കുക.
ഒരു ക്രിസ്തീയ ഭവനത്തെക്കുറിച്ചു ചിന്തിക്കുക. അവിടെ ആ ഭവനത്തില്‍ എന്താണ് ഏറ്റവും പ്രധാനപ്പെട്ടത്? എല്ലാം അതാതിന്റെ സ്ഥാനത്ത് വൃത്തിയായി സൂക്ഷിക്കുക. ചുമരുകള്‍ നന്നായി പെയിന്റ് ചെയ്ത് വയ്ക്കുക, ആകര്‍ഷകങ്ങളായ കര്‍ട്ടനുകള്‍ ഇടുക എന്നിങ്ങനെയുള്ള കാര്യങ്ങളാണോ പ്രാധാന്യമുള്ളത്? അല്ല. ഭര്‍ത്താവിലും ഭാര്യയിലും മക്കളിലും അവര്‍ തമ്മിലുള്ള ബന്ധത്തിലും വെളിപ്പെട്ടു വരുന്ന ദൈവിക ജീവനാണു പ്രധാനപ്പെട്ടത്.

ഈ ജീവനും കൂട്ടായ്മയും എങ്ങനെ നമുക്കു ലഭിക്കും? താഴ്മയിലൂടെ. നാം തന്നെത്താന്‍ താഴ്ത്തുമ്പോള്‍ പരിശുദ്ധാത്മാവിനു ഫലം പുറപ്പെടുവിക്കുവാനുള്ള സ്ഥലം നാം നമ്മുടെ ജീവിതത്തില്‍ ദൈവത്തിനു കൊടുക്കുകയാണ്.

യേശുവില്‍ വെളിപ്പെട്ട ദൈവിക ജീവനെ താന്‍ കാണുകയും, കേള്‍ക്കുകയും, തൊടുകയും ചെയ്തു എന്നു യോഹന്നാന്‍ തന്റെ ലേഖനത്തിന്റെ ആദ്യ വരികളില്‍ തന്നെ പറയുന്നു(1:1-3). അത് കര്‍ത്താവിന്റെ മടങ്ങിവരവ് വരെ എല്ലാ ദൈവമക്കളിലും വീണ്ടും വീണ്ടും വെളിപ്പെട്ടു വരേണ്ടതുമാണ്. ചില സുവിശേഷ പ്രമാണങ്ങളല്ല, എന്നാല്‍ ദൈവിക ജീവനെ സംബന്ധിച്ചാണു യോഹന്നാന്‍ സംസാരിക്കുന്നത്. പല ക്രിസ്ത്യാനികളും വേദശാസ്ത്ര പ്രമാണങ്ങളെ ചൊല്ലി മണിക്കൂറുകള്‍ തര്‍ക്കിക്കാറുണ്ട്. പരിശുദ്ധാത്മ സ്‌നാനത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ എന്താണ്? അസുഖമുള്ളപ്പോള്‍ മരുന്നു കഴിക്കാമോ? എന്നിങ്ങനെ വളരെ നിസ്സാരമായതും നിത്യതയ്ക്കു പ്രാധാന്യമില്ലാത്തതുമായ കാര്യങ്ങളെ സംബന്ധിച്ചാണ് തര്‍ക്കിക്കുന്നത്.

നിത്യജീവനെ സംബന്ധിച്ച് ഈ ലോകത്തോട് പ്രഘോഷിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. തുടക്കം ഇല്ലാത്തതും ശുദ്ധവും വിശുദ്ധവും ആയ ദൈവിക ജീവന്‍ തന്നെ. ജീവിതാവസാനം വരെ എവിടെ പോയാലും നിത്യജീവനെ വെളിപ്പെടുത്തി പ്രഘോഷിക്കുക എന്നതാകട്ടെ നിങ്ങളുടെ ആഗ്രഹം. ഞാന്‍ ഒരു ശിശു (ആത്മീയമായി) ആയിരുന്നപ്പോള്‍ ഒരു ശിശുവിനെ പോലെ സംസാരിച്ചു. പല നിസ്സാര കാര്യങ്ങള്‍ക്കായി തര്‍ക്കിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ വളര്‍ന്ന് ഒരു പുരുഷനായി (ആത്മീയമായി). ശിശുസഹജമായ എല്ലാ കാര്യങ്ങളും ഞാന്‍ വിട്ടുകളഞ്ഞിരിക്കുന്നു (1 കൊരി.13:11). അപ്പൊസ്തലനായ യോഹന്നാന്‍ പോലും തന്റെ ചെറുപ്പകാലത്ത് മടയത്തരങ്ങള്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗത്തില്‍ നിന്നു തീയിറങ്ങി ശമരിയാക്കാരെ നശിപ്പിക്കാം എന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട് (ലൂക്കൊ. 9:54). എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വളര്‍ന്നിരിക്കുന്നു. അതുപോലെ നമ്മളും വളരണം. നമ്മുടെ തെറ്റുകളില്‍ നിന്നും പാഠം പഠിക്കാം. അതുപോലെ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും നാം പഠിക്കണം. അങ്ങനെ ജ്ഞാനികളാകാം. അങ്ങനെ നാം ചെയ്ത തെറ്റുകള്‍ നമ്മുടെ അടുത്ത തലമുറ ആവര്‍ത്തിക്കാതിരിക്കാന്‍ അവരെ സഹായിക്കുന്നതിനു നമുക്കു സാധിക്കും. താഴ്മയുള്ള ചെറുപ്പക്കാര്‍ നമ്മുടെ ഉപദേശം ശ്രദ്ധിക്കും.


നിത്യജീവനും കൂട്ടായ്മയും


നാം ജീവിതത്തിനാണ് ആദ്യം ഊന്നല്‍ നല്‍കേണ്ടത്. പിന്നീട് കൂട്ടായ്മ. ദൈവിക ജീവിതമില്ലാത്ത ഇന്നു കാണപ്പെടുന്ന കൂട്ടായ്മ ഒരു ചതിയാണ്. സഭയുടെ ഐക്യത്തിനു വേണ്ടി ഇന്ന് എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളുണ്ട്. എന്നാല്‍ അതൊന്നും ദൈവിക ജീവനെ അടിസ്ഥാനമാക്കിയുള്ളതല്ല. ഒടുവില്‍ അവര്‍ മറ്റു മതങ്ങളിലുള്ളവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങും. അത് എന്നു തുടങ്ങുമെന്ന് മാത്രം അറിഞ്ഞാല്‍ മതി. യോഹന്നാന്‍ തന്റെ ലേഖനത്തില്‍ പറയുന്ന കൂട്ടായ്മ ഇത്തരത്തിലുള്ള ഒന്നല്ല. അത്തരം കൂട്ടായ്മ നരകത്തിലും സാധിക്കും.

നമുക്ക് എല്ലാ മനുഷ്യരോടും സൗഹൃദമുണ്ടായിരിക്കണം. എന്നാല്‍ കൂട്ടായ്മ എന്നത് സൗഹൃദത്തേക്കാള്‍ ആഴത്തിലുള്ളതാണ്. ജീവനും കൂട്ടായ്മയും ഒരുമിച്ച് പോകുന്നതാണ്. ”പിതാവിലുണ്ടായിരുന്ന ആ നിത്യജീവന്‍ ഞങ്ങള്‍ക്കു വെളിപ്പെട്ടത് ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. അത് ഞങ്ങള്‍ നിങ്ങളോടു പ്രഘോഷിച്ചു. നിങ്ങള്‍ക്കു കൂട്ടായ്മ ഉണ്ടാകുന്നതിനാണ് ഞങ്ങള്‍ ഇത് നിങ്ങളോട് പ്രഘോഷിച്ചത്”(1:1-3).

ഞങ്ങളുടെ കൂട്ടായ്മ പിതാവിനോടാകുന്നു(1:3). ക്രൂശിന്റെ രണ്ടു ദിശയുണ്ട്. ക്രൂശിലൂടെയാണ് നാം ദൈവത്തോടും അതുപോലെ തമ്മില്‍ തമ്മിലും കൂട്ടായ്മയില്‍ ആകുന്നത്. നമുക്കും ക്രിസ്തുവിനും മദ്ധ്യേ അവിടുന്നു ജീവന്‍ വെടിഞ്ഞ ക്രൂശുണ്ട്. അതുകൊണ്ടാണ് കര്‍ത്താവുമായി ഒരു കൂട്ടായ്മ നമുക്കു സാദ്ധ്യമാകുന്നത്. അങ്ങനെയല്ലാതെ ദൈവത്തോടു കൂടെ കൂട്ടായ്മ നമുക്കു സാധിക്കയില്ല. കാരണം, നമ്മില്‍ അതിനുള്ള നന്മയില്ല. നാം വിശ്വാസികള്‍ തമ്മിലും കൂട്ടായ്മ ഉണ്ടാകണമെങ്കില്‍ നമ്മുടെ സ്വയ ജീവന്‍ വയ്‌ക്കേണ്ടതിന് ഒരു ക്രൂശ് നമ്മുടെ ഇടയില്‍ ഉണ്ടാകണം. ക്രൂശിന്മേലുള്ള മരണം കൂടാതെ ലംബമായും സമാന്തരമായും കൂട്ടായ്മ അസാദ്ധ്യമാണ്. ക്രൂശാണ് ജീവന്റെയും കൂട്ടായ്മയുടേയും പിന്നിലുള്ള രഹസ്യം. ക്രൂശില്ലാതെ ജീവനുമില്ല. ക്രൂശില്ലാതെ ഒരു കൂട്ടായ്മയും ഉണ്ടാവുകയില്ല.


നിത്യത മുതല്‍ ദൈവത്തിന്റെ ഹൃദയത്തില്‍ ക്രൂശ് ഉണ്ടായിരുന്നു. ”ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട കുഞ്ഞാട്” (വെളി. 13:8). ത്രിത്വത്തില്‍ രണ്ടാമന്‍ മനുഷ്യനായി ഈ ഭൂമിയില്‍ വന്നു മനുഷ്യരുടെ പാപങ്ങള്‍ക്കു വേണ്ടി ക്രൂശിക്കപ്പെടണമെന്നു തുടക്കത്തില്‍ തന്നെ അവസാനം അറിയുന്ന ദൈവത്തിനും ത്രിത്വത്തിന് ആകെയും നിത്യത മുതല്‍ അറിവുണ്ടായിരുന്നു. ആദാം പാപം ചെയ്തതിനു ശേഷം ദൈവം തീരുമാനിച്ച ഒന്നല്ലത്. നിത്യതയില്‍ നിശ്ചയിക്കപ്പെട്ട ഒന്നായിരുന്നു അത്. ആദാം പാപം ചെയ്തതിനു ശേഷം ദൈവം ജീവവൃക്ഷത്തിനു മുന്‍പില്‍ ഒരു വാള്‍ സ്ഥാപിച്ചു. ആ വാള്‍ യേശുവിന്റെ മേലും വീണു. അവിടുന്ന് അറുക്കപ്പെട്ടു. ആ വാള്‍ നമ്മുടെ ആദാമ്യ സ്വഭാവത്തിന്റെ മേലും വീണു. ”ക്രൂശിക്കപ്പെട്ട ക്രിസ്തുവില്‍” ഉള്ള നമ്മുടെ സ്ഥാനം നാം അംഗീകരിക്കണം (ഗലാ.2:20). എന്നാല്‍ മാത്രമേ ജീവന്റെ വൃക്ഷത്തിന്റെ അടുക്കല്‍ വന്നു ദൈവവുമായും തമ്മില്‍ തമ്മിലും ഒരു കൂട്ടായ്മ സാദ്ധ്യമാവുകയുള്ളു.

വിശ്വാസികളുടെ ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയാണ്? ആദാമ്യ സ്വഭാവമാണതിനു കാരണം. ആദാമ്യ സ്വഭാവം സഭയിലേയ്ക്കു നിങ്ങള്‍ കൊണ്ടുവന്നാല്‍ അത് എപ്പോഴും സംഘര്‍ഷം ഉണ്ടാക്കും. ബുദ്ധി, യുക്തി, സാമര്‍ത്ഥ്യം തുടങ്ങിയ ആദാമ്യ സ്വഭാവം സഭയിലേയ്ക്കു നിങ്ങള്‍ കൊണ്ടു വന്നാല്‍ അത് സഭയില്‍ സംഘര്‍ഷം മാത്രമേ സൃഷ്ടിക്കുകയുള്ളു. ആദാമ്യ സ്വഭാവത്തിലെ എല്ലാ ബുദ്ധിയും കഴിവും പരിശുദ്ധാത്മാവാകുന്ന വാളിന്റെ ജ്വാലയ്ക്കു കീഴില്‍ കൊണ്ടുവരണം. ആദാമ്യ സ്വഭാവത്തിലെ ‘മോശം ആടുകളെ’ മാത്രമല്ല ‘നല്ല ആടുകളേയും’ കൊല്ലേണ്ടതാണ്. ശൗലിനും തന്റെ രാജത്വം നഷ്ടപ്പെട്ടത് അമാലേക്യരുടെ (ജഡത്തിലെ) നല്ല ആടുകളെ കൊല്ലാതെ മോശം ആടുകളെ മാത്രം കൊന്നതു കൊണ്ടാണ്. മോശം ആടുകള്‍ എന്നാല്‍ എന്താണ്? അസൂയ, കയ്പ്, ലൈംഗിക ദുര്‍മോഹം, പണസ്‌നേഹം തുടങ്ങിയവ. നല്ല ആടുകള്‍ എന്നാല്‍ എന്താണ്? മാനുഷികമായ ബുദ്ധി, സാമര്‍ത്ഥ്യം, കഴിവ് തുടങ്ങിയവ. അവയെ എല്ലാം മരണത്തിനു ഏല്പിക്കുക. വെറുംകയ്യായി യേശുവിന്റെ അടുക്കല്‍ വന്നു ശുശ്രൂഷയ്ക്കായി അവിടുത്തെ വരങ്ങള്‍ ലഭ്യമാക്കണമേയെന്ന് അവിടുത്തോട് അപേക്ഷിക്കുക. അപ്പോള്‍ ദൈവം നിങ്ങളെ ശുദ്ധീകരിച്ച് അവിടുത്തെ ജീവന്‍ നിങ്ങള്‍ക്കു നല്‍കും. അപ്പോള്‍ നിങ്ങളുടെ സ്വാഭാവിക കഴിവുകള്‍ ആത്മാവിന്റെ അടിമകളായി തീരും. അങ്ങനെ നിങ്ങള്‍ അവിടുത്തെ ശക്തിയാല്‍ ദൈവവേല ചെയ്തു തുടങ്ങും. പക്ഷേ ആദ്യം എല്ലാം യാഗപീഠത്തില്‍ വയ്‌ക്കേണ്ടതുണ്ട്. ദൈവം നിങ്ങള്‍ക്കു ജന്മനാ ചില കഴിവുകള്‍ നല്‍കിയിട്ടുണ്ടെന്നായിരിക്കും നിങ്ങള്‍ പറയുക. എന്നാല്‍ അതെല്ലാം യാഗപീഠത്തില്‍ വയ്‌ക്കേണ്ടതാണ്. അബ്രാഹാമിനുള്ള ദൈവത്തിന്റെ ദാനമായിരുന്നു ഇസഹാക്ക്. എന്നാല്‍ ദൈവം അബ്രാഹാമിനോട് പറഞ്ഞത് ഇസഹാക്കിനെ യാഗപീഠത്തില്‍ വയ്ക്കുവാനാണ്. അതു തന്നെയാണ് ദൈവം ദാനമായി തന്ന നിങ്ങളുടെ കഴിവുകളോടും നിങ്ങള്‍ ചെയ്യേണ്ടത്. അതുകൊണ്ട് നിങ്ങളുടെ ബുദ്ധി, സംഗീതത്തിലെ കഴിവ്, സ്വാഭാവികമായി നിങ്ങള്‍ക്കുള്ള മറ്റ് എല്ലാ കഴിവുകളും അവയെ എല്ലാം ഒരു യാഗമായി യാഗപീഠത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അപ്പോള്‍ ദൈവം അവയെ നിര്‍ജ്ജീവാവസ്ഥയില്‍ നിന്നും ഉയര്‍പ്പിച്ച് അവിടുത്തെ മഹത്വത്തിനായി ഉപയോഗിക്കും. അതാണ് ദൈവത്തെ സേവിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം. ഞാന്‍ ജനിച്ചപ്പോള്‍ തന്നെ ദൈവം എനിക്കു കുറച്ച് ബുദ്ധി നല്‍കിയിരുന്നു. എന്നാല്‍ ഞാന്‍ അതിനെ യാഗപീഠത്തില്‍വച്ച് ദൈവത്തിനു സമര്‍പ്പിച്ചു. അവിടുന്നു പരിശുദ്ധാത്മ അഭിഷേകത്തിനു കീഴില്‍ അവയെ അവിടുത്തെ നാമത്തിന്റെ മഹത്വത്തിനായി ഉപയോഗിക്കുന്നതിന് എനിക്കു മടക്കി തന്നു. അങ്ങനെയാണ് നമ്മുടെ സ്വാഭാവിക കഴിവുകള്‍ ശുദ്ധീകരിക്കപ്പെട്ട് ദൈവത്തിന്റെ വേലയ്ക്കായി ഉപയോഗിക്കപ്പെടുന്നത്.

യോഹന്നാന്‍ പറയുന്നത് ആ കൂട്ടായ്മ സന്തോഷം പൂര്‍ണ്ണമാകും എന്നാണ് (1:4). സന്തോഷം എന്നത് ക്രിസ്തീയ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. കാരണം സ്വര്‍ഗ്ഗീയ അന്തരീക്ഷം തന്നെ സന്തോഷമാണ്. നിരാശ എന്നൊന്ന് സ്വര്‍ഗ്ഗത്തിലില്ല. മാലാഖമാര്‍ ഒരിക്കലും ഉത്സാഹമില്ലാത്തവരാകുന്നില്ല. അവരെപ്പോഴും സന്തോഷത്തിന്റെ നിറവിലാണ്. ദൈവത്തോട് കൂട്ടായ്മയുണ്ടെങ്കില്‍ നമുക്കും ആ സന്തോഷം അനുഭവിക്കാം. സ്വര്‍ഗ്ഗീയ അന്തരീക്ഷം നമ്മുടെ ഉള്ളിലേക്കു നല്‍കുവാനാണ് പരിശുദ്ധാത്മാവ് വന്നത്. സന്തോഷത്തിന്റെ പരിപൂര്‍ണ്ണത അതിന്റെ ഭാഗമാണ്.

”ദൈവത്തിനു നിങ്ങളുടെ ജീവിതം സമ്പൂര്‍ണ്ണമായി നല്‍കിയാല്‍ നിങ്ങളുടെ ജീവിതം അരിഷ്ടത നിറഞ്ഞതും, സന്തോഷമില്ലാത്തതും നിരാശയുള്ളതും ആയിരിക്കും.” – ഇതാണ് പിശാച് നിങ്ങളോട് പറയുന്നത്. നിര്‍ഭാഗ്യവശാല്‍ ചില ക്രിസ്ത്യാനികള്‍ ഈ ഒരു ധാരണ അവരുടെ ഭാവം കൊണ്ട് മറ്റുള്ളവര്‍ക്കു നല്‍കുന്നുണ്ട്. വിഷാദഭാവത്തോടെ ക്രിസ്തീയ സാക്ഷ്യം പറഞ്ഞ ഒരാളുടെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. അയാള്‍ ഒരു വ്യക്തിയോട് ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തിലേക്കു സ്വീകരിക്കുവാന്‍ താല്പര്യമുണ്ടോ എന്നു ചോദിച്ചു. ആ വ്യക്തിയുടെ മറുപടി ഇങ്ങനെയായിരുന്നു. ”ഇല്ല, നന്ദി, എനിക്ക് ഇപ്പോള്‍ തന്നെ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ട്.” മഹത്വമുള്ള നമ്മുടെ ദൈവത്തെക്കുറിച്ച് നല്‍കുന്ന മോശമായ സാക്ഷ്യമാണിത്. നിങ്ങളുടെ ജീവിതവും നിങ്ങളുടെ ഭവനവും കര്‍ത്താവിലുള്ള സന്തോഷം പ്രസരിപ്പിക്കുന്നില്ലെങ്കില്‍ എവിടെയോ എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലാക്കണം. നിങ്ങള്‍ ദൈവഹിതം എവിടെയോ നഷ്ടപ്പെടുത്തിയിരിക്കുന്നു.


അവനില്‍ ഇരുട്ട് ഒട്ടുമില്ല


നിങ്ങള്‍ക്ക് ഈ ജീവനും കൂട്ടായ്മയും സന്തോഷവും വേണമെങ്കില്‍ ആദ്യം വേണ്ടത് ദൈവം വെളിച്ചമാണെന്നും അവിടെ ഇരുട്ട് ഒട്ടുമില്ല എന്നും വ്യക്തമായി മനസ്സിലാക്കണമെന്നു പിന്നീട് യോഹന്നാന്‍ പറയുന്നു(1:5). ഭോഷ്‌ക്ക് ഒട്ടുമില്ല, അശുദ്ധി ഒട്ടുമില്ല, വെറുപ്പ് ഒട്ടുമില്ല, നിഗളം ഒട്ടുമില്ല അങ്ങനെ ഓരോന്നും. ഒരിക്കലും ഭോഷ്‌ക്കു പറയാത്ത, ആരേയും വെറുക്കാത്ത, ആരോടും അസൂയ തോന്നാത്ത, ഒരിക്കലും നിഗളിക്കാത്ത ഒരു ജീവിതം നിങ്ങള്‍ക്കു വേണമോ? അങ്ങനെയൊരു ജീവിതം നിങ്ങള്‍ തെരഞ്ഞെടുത്താല്‍ നിങ്ങള്‍ ഒരിക്കലും നിരാശപ്പെടുകയോ, നിരുത്സാഹപ്പെടുകയോ ഇല്ല. കര്‍ത്താവിലുള്ള നിത്യമായ സന്തോഷം നിറഞ്ഞ ഒരു ജീവിതം. പാപത്താല്‍ ശപിക്കപ്പെട്ട ഈ ലോകത്തില്‍ അത്തരം ഒരു ജീവിതം സാദ്ധ്യമാണോ? അതേ അത് സാദ്ധ്യമാണ്. ഫലിപ്യര്‍ 4:4-ല്‍ കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുക എന്നാണ് കല്പിച്ചിരിക്കുന്നത്. അത് എഴുതിയിരിക്കുന്നത് ഈ ഭൂമിയില്‍ ജീവിക്കുന്നവര്‍ക്കു വേണ്ടിയാണ്, അല്ലാതെ സ്വര്‍ഗ്ഗത്തിലുള്ള വര്‍ക്കു വേണ്ടിയല്ല. ഈ ലോകത്തു വച്ചു തന്നെ നിങ്ങള്‍ക്കു സന്തോഷത്തിന്റെ പൂര്‍ണ്ണതയുണ്ടാകും. പത്മോസ് ദ്വീപില്‍ യോഹന്നാന്‍ പീഡിപ്പിക്കപ്പെട്ടതു പോലെ പീഡിപ്പിക്കപ്പെടുമ്പോഴും ഭവനത്തിന്റെ സുഖസൗകര്യങ്ങളില്‍ ജീവിക്കുമ്പോഴും ഒരുപോലെ സന്തോഷമായിരിക്കാന്‍ കഴിയും. ദൈവിക വെളിച്ചത്തില്‍ എപ്പോഴും നടക്കുവാന്‍ തീരുമാനിച്ചാല്‍ നിങ്ങളുടെ സന്തോഷം ഒരിക്കലും സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കുകയില്ല.
ദൈവത്തോട് കൂട്ടായ്മയുണ്ടെന്നു പറയുകയും ഇരുട്ടില്‍ നടക്കുകയും ചെയ്യുമ്പോള്‍ നാം സത്യത്തില്‍ ജീവിക്കുന്നില്ല. ദൈവത്തോട് കൂട്ടായ്മയുണ്ടെന്നു പറയുകയും പാപത്തില്‍ നടക്കുകയും ചെയ്യുന്ന ധാരാളം ക്രിസ്ത്യാനികള്‍ ഉണ്ട്. കര്‍ത്താവിലുള്ള സന്തോഷം അവരുടെ മുഖത്ത് ഇല്ല എന്നത് നമുക്കു കാണാം. അവരുടെ കാലുകള്‍ക്കു ഒരു കുതിപ്പില്ല, ചുണ്ടുകളില്‍ പാട്ടില്ല, കണ്ണുകള്‍ക്കു തിളക്കമില്ല. അവര്‍ക്കു ദൈവവുമായുള്ള കൂട്ടായ്മയും സന്തോഷവും നഷ്ടപ്പെട്ടിരിക്കുന്നു. നാം ദൈവത്തോടു കൂടി നടക്കുന്നുവെങ്കില്‍ നാം വിശ്വാസികളായി വളരുമ്പോള്‍ നമ്മുടെ സന്തോഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

1:7 മനോഹരമായ ഒരു വാക്യമാണ്. എന്നാല്‍ പലരും ഇത് ഭാഗികമായി മാത്രം പരാമര്‍ശിക്കുന്നു. അവര്‍ പറയുന്നു ”യേശുക്രിസ്തുവിന്റെ രക്തം സകല പാപത്തില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു.” എന്നാല്‍ അങ്ങനെയല്ല ഈ വാക്യം പറയുന്നത്. ”അവിടുന്നു വെളിച്ചത്തില്‍ ആയിരിക്കുന്നതു പോലെ വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ അപ്പോള്‍ (അപ്പോള്‍ മാത്രം) യേശുവിന്റെ രക്തം സകല പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കും.” ചില പാപങ്ങള്‍ ദൈവത്തോട് ഏറ്റു പറഞ്ഞ എല്ലാവരേയും യേശുവിന്റെ രക്തം ശുദ്ധീകരിക്കുന്നില്ല. ദൈവിക വെളിച്ചത്തില്‍ നടക്കുന്നവരെയാണ് ശുദ്ധീകരിക്കുന്നത്. അത് സൂചിപ്പിക്കുന്നത്, കാപട്യം ഒട്ടും ഇല്ലാത്തവരും, തങ്ങളുടെ ജീവിതത്തില്‍ ദൈവത്തില്‍ നിന്നും ഒന്നും മറച്ചു വയ്ക്കാത്തവരുമായ ആളുകളെയാണ് ശുദ്ധീകരിക്കുന്നതെന്നാണ്. ഈ വാക്യം പൂര്‍ണ്ണ വിശുദ്ധിയെ സംബന്ധിച്ചല്ല പറയുന്നത്. അത് കാപട്യം ഒട്ടുമില്ലാതെ പാപങ്ങളെക്കുറിച്ച് സത്യസന്ധരായിരിക്കുക എന്നാണ് സൂചിപ്പിക്കുന്നത്.

ഈ വാക്യം പറയുന്നത് യേശുവിന്റെ രക്തം നമ്മെ കഴുകി ശുദ്ധീകരിക്കും എന്നാണ്. അല്ലാതെ പഴയ ഉടമ്പടിയിലേതുപോലെ പാപങ്ങളെ മറയ്ക്കും എന്നല്ല. ക്രിസ്തുവിന്റെ രക്തം നമ്മുടെ പാപങ്ങളെ കഴുകി അതിന്റെ ഒരു അടയാളം പോലും വയ്ക്കാതെ തുടച്ചു നീക്കുന്നു. നാം അവിടുത്തെ രക്തത്താല്‍ കഴുകി ശുദ്ധീകരിക്കപ്പെട്ടവരാണ്. ദൈവം ഇനി നമ്മുടെ പാപങ്ങള്‍ ഓര്‍ക്കുന്നില്ല(എബ്ര.8:12).

പിന്നീട് 1:8-ല്‍ ഇങ്ങനെ വായിക്കുന്ന ”നമുക്കു പാപമില്ല എന്നു പറയുന്നുവെങ്കില്‍ നാം നമ്മെത്തന്നെ വഞ്ചിക്കുകയാണ്.” ഇവിടെ പാപമെന്നു പറയുന്നത് ബോധപൂര്‍വ്വമുള്ള പാപങ്ങളല്ല (എല്ലാ ദൈവിക മനുഷ്യരും ഏറ്റ് പറഞ്ഞ് ഉപേക്ഷിക്കുന്നത്). എന്നാല്‍ അത് നമുക്കെല്ലാമുള്ള ബോധപൂര്‍വ്വമല്ലാത്ത പാപങ്ങളാണ്. ഇത് എഴുതിയ യോഹന്നാനെ നോക്കുക. 65 വര്‍ഷം ദൈവത്തിന്റെ കൂടെ നടന്നു. 95 വയസ്സ് പ്രായമുള്ളയാള്‍ തന്നെ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് ”നമ്മള്‍” എന്നാണ് പറയുന്നത്. 65 വര്‍ഷം ദൈവത്തോടു കൂടെ നടന്നതിനു ശേഷവും യോഹന്നാനില്‍ ബോധപൂര്‍വ്വമല്ലാത്ത പാപങ്ങള്‍ ഉണ്ടോ? ഉണ്ട്. ഇവിടെ, ഏറ്റവും ദൈവഭക്തനായ മനുഷ്യന്‍, ഏറ്റവും വിശുദ്ധനായി ഈ ഭൂമിയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ ഇതാ സമ്മതിക്കുന്നു. ക്രിസ്തുവിന്റെ സ്വഭാവത്തോട് ചേരാത്ത ചിലത് ഇനിയും തന്റെ ജീവതത്തിലുണ്ട് എന്ന വസ്തുത. ബോധപൂര്‍വ്വമല്ലാത്ത പാപങ്ങളില്‍ നിന്നും സ്വതന്ത്രരാകുന്ന ഒരു സമയം നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുകയില്ല. യോഹന്നാന്‍ ഒരു പര്‍വ്വതം കയറുകയാണ്. വീണ്ടും ജനിച്ചപ്പോള്‍ അദ്ദേഹം ആ പര്‍വ്വത്തിന്റെ അടിവാരത്ത് ആയിരുന്നു. പൂര്‍ണ്ണമായി ക്രിസ്തുവിനെ പോലെയാകുക എന്നാല്‍ ആ പര്‍വ്വതത്തിന്റെ നെറുകയില്‍ എത്തുകയെന്നാണ്. 65 വര്‍ഷം കൊണ്ട് അദ്ദേഹം ആ പര്‍വ്വതത്തിന്റെ എഴുപതു ശതമാനം കയറിയിട്ടുണ്ടാകാം. എന്നാല്‍ ഇനിയും അതിന്റെ മുകളില്‍ അദ്ദേഹം എത്തിയിട്ടില്ല. താന്‍ സ്വയം അറിയാത്ത ചില മേഖലകളില്‍ ഇനിയും ക്രിസ്തു സ്വഭാവത്തോട് അദ്ദേഹം അനുരൂപപ്പെട്ടിട്ടില്ല. അദ്ദേഹം ഇവിടെ പറയുന്നത് കോപം, കയ്പ്, ദുര്‍മോഹം, വ്യഭിചാരം തുടങ്ങിയ പാപങ്ങളെക്കുറിച്ചല്ല. പര്‍വ്വതത്തിന്റെ 100 അടി മുകളില്‍ എത്തിയപ്പോള്‍ തന്നെ അദ്ദേഹം ഇവയൊക്കെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹം 2000 അടി പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ ചെറുപ്പക്കാരായ വിശ്വാസികള്‍ പാപമെന്നു കരുതാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അദ്ദേഹം നേരിടുന്ന പാപങ്ങള്‍.

ക്രിസ്തീയ ജീവിതം അതിന്റെ എല്ലാ ഘട്ടത്തിലും ഒരു പോരാട്ടമാണ്. ഒരു രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കു കണക്ക് എന്ന വിഷയം പഠിക്കുന്നത് ഒരു പോരാട്ടമാണ്. ഗുണനം അവനു വലിയ പ്രയാസമാണ്. ഗണിത ശാസ്ത്രത്തിലെ ഒരു ഗവേഷക വിദ്യാര്‍ത്ഥിക്കും പോരാട്ടമുണ്ട്. അത് പക്ഷേ വളരെ ഉയര്‍ന്ന തലത്തിലാണെന്നു മാത്രം. രണ്ട് വിദ്യാര്‍ത്ഥികളും പോരാടുന്നുണ്ട്. എന്നാല്‍ അവരുടെ പോരാട്ടത്തിന്റെ തലങ്ങള്‍ വ്യത്യസ്തമാണ്. ക്രിസ്തീയ ജീവിതവും അതുപോലെയാണ്. എല്ലാ ഘട്ടത്തിലും അത് പോരാട്ടത്തിന്റേതാണ്. പര്‍വ്വതത്തിന്റെ 500 അടി കയറുമ്പോഴും ഒരു പോരാട്ടമുണ്ട്. 20000 അടി കയറി കഴിയുമ്പോഴും പോരാട്ടമുണ്ട്. കര്‍ത്താവിന്റെ മടങ്ങി വരവില്‍ നാം അവിടുത്തെ പോലെയാകുന്ന ആ നാള്‍ വരെ നമ്മുടെ ജീവിതത്തില്‍ ബോധപൂര്‍വ്വമല്ലാത്ത ചില പാപങ്ങള്‍ (ക്രിസ്തു സ്വഭാവത്തോട് അനുരൂപപ്പെടാത്ത ചില മേഖലകള്‍) ഉണ്ടാകും. നമ്മുടെ ജഡത്തില്‍ നാം കരുതുന്നതിലും വളരെ അധികം പാപം ഉണ്ട്. നാം ദൈവത്തോടുകൂടെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ നമ്മുടെ ബോധപൂര്‍വ്വമല്ലാത്ത പാപങ്ങളുടെ മേല്‍ അല്പാല്പമായി വെളിച്ചം വീശുകയും ”നാം ശരീരത്തെയും ആത്മാവിനേയും മലിനമാക്കുന്ന എല്ലാറ്റില്‍ നിന്നും നമ്മെ തന്നെ ശുദ്ധീകരിച്ച് ദൈവഭയത്തില്‍ വിശുദ്ധിയുടെ പൂര്‍ണ്ണതയില്‍ എത്തിച്ചേരുകയും ചെയ്യും” (2 കൊരി. 7:1). എന്നാല്‍ നമ്മുടെ ഭൂമിയിലെ ജീവിതാവസാനം വരെ നമ്മില്‍ പാപമുണ്ട് എന്നു നാം അംഗീകരിക്കണം.

1:9-ല്‍ വ്യക്തമായ ഒരു വാഗ്ദാനം നാം വായിക്കുന്നു: ”നാം നമ്മുടെ പാപങ്ങള്‍ ഏറ്റു പറയുന്നുവെങ്കിലോ അവിടുന്നു നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച് എല്ലാ അനീതിയില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുവാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും അത്രേ.” ആരോടാണ് നാം നമ്മുടെ പാപങ്ങള്‍ ഏറ്റു പറയേണ്ടത്? ചില ക്രിസ്തീയ വിഭാഗങ്ങളുടെ ഇടയിലും (ചില ദുരുപദേശ കൂട്ടങ്ങളിലും) തെറ്റായ ധാരാളം ഉപദേശങ്ങള്‍ ഉണ്ട്. നാം നമ്മുടെ സ്വകാര്യ പാപങ്ങളടക്കമുള്ള എല്ലാ പാപങ്ങളും മറ്റ് വിശ്വാസികളോട് സഭാ യോഗത്തില്‍ വച്ച് പരസ്യമായി ഏറ്റു പറയണമെന്ന് ഈ കൂട്ടര്‍ പഠിപ്പിക്കുന്നു. ഇത് തികച്ചും പൈശാചികമാണ്. പാപം ചെയ്ത വൃത്തത്തിനുള്ളില്‍ മാത്രമാണ് അത് ഏറ്റു പറയേണ്ടത്. ഉദാഹരണത്തിന്, നിങ്ങളുടെ മനസ്സില്‍ ഒരു ദുഷ്ചിന്ത വന്നാല്‍ അവിടെ ഒരു വൃത്തത്തിനുള്ളില്‍ ദൈവം മാത്രമാണുള്ളത്. അതിനാല്‍ അത്തരം പാപങ്ങള്‍ ദൈവത്തോടു മാത്രം ഏറ്റു പറഞ്ഞാല്‍ മതി. നിങ്ങള്‍ ഒരാളെ മുറിപ്പെടുത്തിയാല്‍ അവിടെ ആ വൃത്തത്തില്‍ രണ്ട് പേരുണ്ട്. ദൈവവും നിങ്ങള്‍ മുറിപ്പെടുത്തിയ വ്യക്തിയും അപ്പോള്‍ ദൈവത്തോടും ആ വ്യക്തിയോടും ഒരുപോലെ ഏറ്റു പറയേണ്ടതുണ്ട്. നിങ്ങള്‍ സഭയെ ആകെ മുറിപ്പെടുത്തിയെങ്കില്‍ ദൈവത്തോടും സഭയുടെ മുമ്പാകെയും പരസ്യമായും ഏറ്റു പറയേണ്ടതുണ്ട്. വൃത്തത്തിനു പറുത്തുള്ള ആരോടും ഏറ്റു പറയേണ്ട ആവശ്യമില്ല. ഇത് എപ്പോഴും ഓര്‍ക്കുക. അത് നിങ്ങളെ ഇന്നു ക്രിസ്തീയ ഗോളത്തില്‍ കണ്ടു വരുന്ന പലവിധ മടയത്തരങ്ങളിലും വീഴാതെ രക്ഷിക്കും.

ചില പാസ്റ്റര്‍മാര്‍ തങ്ങളുടെ സഭാംഗങ്ങളെ അവരുടെ സ്വകാര്യ പാപങ്ങള്‍ പരസ്യമായി ഏറ്റു പറയുവാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ ഒരു വ്യക്തിയുടെ കഴിഞ്ഞകാല പാപങ്ങള്‍ അവര്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ആ വ്യക്തിക്കു ആ കൂട്ടം വിട്ട് എങ്ങും പോകാന്‍ കഴിയുകയില്ല. കാരണം അവര്‍ ഇത്തരത്തില്‍ പറഞ്ഞ് ആ വ്യക്തിയെ ഭീഷണിപ്പെടുത്തുന്നു: ”നിങ്ങളുടെ കഴിഞ്ഞകാല ജീവിതം ഞങ്ങള്‍ക്കറിയാം. അത് ഞങ്ങള്‍ പരസ്യമാക്കാതിരിക്കണമെങ്കില്‍ ഞങ്ങളുടെ കൂടെ തുടരുക.” ഇത്തരം ദുഷ്ടരായ ചില നേതാക്കള്‍ ക്രിസ്തീയ ലോകത്തിലിന്നുണ്ട്. അവര്‍ യാക്കോബ് 5:16 ”അന്യോന്യം പാപങ്ങളെ ഏറ്റു പറഞ്ഞ്” എന്ന വചനം കാണിച്ച് തങ്ങളുടെ ഉപദേശത്തെ ന്യായീകരിക്കുന്നു. എന്നാല്‍ ഈ കാര്യം സൂചിപ്പിക്കുന്നത് തന്റെ ഏതോ പാപത്താല്‍ രോഗബാധിതനായ ഒരുവന്‍ തന്റെ സൗഖ്യത്തിനായി സഭയിലെ മൂപ്പന്മാരുടെ മുമ്പില്‍ ഏറ്റു പറയുന്നത് സംബന്ധിച്ചാണ്. പാപങ്ങള്‍ പരസ്യമായി ഏറ്റു പറയണമെന്ന ഒരു വസ്തുത ഇവിടെ പരാമര്‍ശിക്കുന്നില്ല.

ദൈവം വിശ്വസ്തനാണ്. അവിടുന്നു നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച് എല്ലാ അനീതിയില്‍ നിന്നും നമ്മെ ശുദ്ധീകരിക്കും. ”നാം പാപം ചെയ്തിട്ടില്ലെന്നു നാം പറയുന്നുണ്ടെങ്കില്‍ അവിടുത്തെ നാം അസത്യവാദിയാക്കുന്നു”(1:10). 1:8 വാക്യവും 1:10 വാക്യവും സൂചിപ്പിക്കുന്നത് തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. 1:8 വാക്യം സൂചിപ്പിക്കുന്നത് നമ്മുടെ ജഡത്തിലുള്ള ബോധപൂര്‍വ്വമല്ലാത്ത പാപങ്ങളാണ്. എന്നാല്‍ 1:10 വാക്യം സൂചിപ്പിക്കുന്നത് നമ്മള്‍ ചെയ്ത കഴിഞ്ഞ കാല പാപങ്ങളാണ്.

പിന്നീട് 2:1-ല്‍ യോഹന്നാന്‍ ഇങ്ങനെ പറയുന്നു: ”നിങ്ങള്‍ പാപം ചെയ്യാതിരിക്കുവാനായി ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു.” അതാണ് ആദ്യ വചനം. നാം പാപം ചെയ്യരുത്. അതാണ് ദൈവവചനത്തില്‍ കാണുന്ന സന്തുലിതാവസ്ഥ. നാം പാപം ചെയ്യരുത്. എന്നാല്‍ നാം പാപം ചെയ്യാന്‍ സാദ്ധ്യതയുണ്ട്. ”എന്നാല്‍ നാം പാപം ചെയ്യുന്നുവെങ്കില്‍ നമുക്കൊരു അഭിഭാഷകന്‍ പിതാവിന്റെ അടുക്കല്‍ ഉണ്ട്- നീതിമാനായ യേശുക്രിസ്തു” തന്നെ.

എന്തുകൊണ്ടാണ് യേശുക്രിസ്തുവിനെ ‘നീതിമാന്‍’ എന്നു വിളിക്കുന്നത്? കാരണം പല അഭിഭാഷകരും ഭോഷ്‌ക്കു പറയുന്നവരാണ്. എന്നാല്‍ യേശുക്രിസ്തു അങ്ങനെയല്ല. യേശുക്രിസ്തു ഒരു ഭോഷ്‌ക്കും പറയുന്നില്ല. നാം സത്യം സംസാരിച്ചാല്‍ അവിടുന്നു നമ്മെ സഹായിക്കും. അവിടുന്നു നമ്മുടെ പക്ഷത്താണ്. അവിടുന്നു നമ്മെ സഹായിക്കണമെങ്കില്‍ നാം സത്യം സംസാരിക്കണം. നാം ഭോഷ്‌ക്കു പറയരുത്. നിങ്ങള്‍ പാപം ചെയ്തിട്ടില്ല എന്നു ഭാവിക്കരുത്. നിങ്ങള്‍ വിശുദ്ധനല്ലയെന്നിരിക്കെ വിശുദ്ധനെന്നു ഭാവിക്കരുത്. നിങ്ങളുടെ പാപങ്ങളെ ഏറ്റു പറയുക, അവിടുന്നു നിങ്ങളോട് ക്ഷമിക്കും. നിങ്ങളെ പിന്തുണയ്ക്കുകയും പ്രതിരോധിക്കുകയും ചെയ്യും. അവിടുന്നു നിങ്ങളുടെ പക്ഷത്തുള്ള നീതിമാനായ അഭിഭാഷകനാണ്. അവിടുന്നു കാപട്യം വെറുക്കുന്നു.

യോഹന്നാന്‍ 2:1-ലെ രണ്ടാം വാചകം ആദ്യം വരുന്ന തരത്തില്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നതെന്നു കരുതുക: ”എന്റെ കുഞ്ഞുങ്ങളെ ഒരാള്‍ പാപം ചെയ്യുന്നുവെങ്കില്‍ നമുക്കൊരു കാര്യസ്ഥന്‍ ദൈവത്തിന്റെ അടുക്കല്‍ ഉണ്ട് – നീതിമാനായ യേശുക്രിസ്തു തന്നെ. എന്നാല്‍ നിങ്ങള്‍ പാപം ചെയ്യാതിരിക്കുവാനായി ഇത് ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു.” എന്തെങ്കിലും വ്യത്യാസം ഉള്ളതായി നിങ്ങള്‍ കരുതുന്നുണ്ടോ? ഉണ്ട്. വലിയ വ്യത്യാസമുണ്ട്. കാരണം ഇവിടെ ഊന്നല്‍ നല്‍കുന്നത് ‘തീര്‍ച്ചയായും നിങ്ങള്‍ പാപം ചെയ്യും’ എന്ന വസ്തുതയാണ്. എന്നാല്‍ പാപം ചെയ്യാതിരിക്കുവാന്‍ ശ്രമിക്കണം. പക്ഷേ യോഹന്നാന്‍ പറഞ്ഞിരിക്കുന്നത് അങ്ങനയല്ല. യോഹന്നാന്റെ ഊന്നല്‍ ‘പാപം ചെയ്യരുത്’ എന്നതിനാണ്. എന്നാല്‍ പിന്നീട് വീണാല്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്? അതാണ് യോഹന്നാന്‍ വിശദീകരിക്കുന്നത് ചുരുക്കത്തില്‍ യോഹന്നാന്‍ പറയുന്നത് പാപത്തില്‍ നാം വീഴേണ്ടതില്ല, നമുക്കു ജയാളികളാകാം എന്നാണ്.

നാം പര്‍വ്വതാരോഹണം പരിശീലിക്കുകയാണെങ്കില്‍, പരിശീലകന്‍ ആദ്യം തന്നെ ”നിങ്ങള്‍ കയറുന്നതിനിടയില്‍ വീഴുന്നതിനും അപ്പോള്‍ ചില അസ്ഥികള്‍ ഒടിയുന്നതിനും സാദ്ധ്യതയുണ്ട്” എന്നു പറയുകയില്ല. വീഴാതെ എങ്ങനെ പര്‍വ്വതം കയറാം എന്നാണ് ആദ്യം പരിശീലിപ്പിക്കുന്നത്. വീണാല്‍ എന്താണ് ചെയ്യേണ്ടതെന്നു പിന്നീട് പഠിപ്പിക്കുന്നു. പ്രസംഗകന്‍ ആദ്യം നിങ്ങള്‍ പാപം ചെയ്താല്‍ എന്താണ് ചെയ്യേണ്ടതെന്നു പഠിപ്പിക്കുമ്പോള്‍ അവര്‍ അവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അവര്‍ ആദ്യം പ്രസംഗിക്കേണ്ടത് ”നിങ്ങള്‍ പാപം ചെയ്യരുത്” എന്നാണ്. പിന്നീടാണ് ആളുകള്‍ പാപത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടതെന്നു പഠിപ്പിക്കേണ്ടത്. ഇതാണ് ശരിയായ വഴി.

ക്രിസ്തു മരിച്ചത് ‘സര്‍വ്വ ലോകത്തിന്റെ’യും പാപങ്ങള്‍ക്കു വേണ്ടിയാണ്. 2:2 വാക്യം വ്യക്തമായി പറയുന്നുണ്ട്. ക്രിസ്തു മരിച്ചത് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു വേണ്ടി മാത്രമാണെന്നു ചിലരുടെ ഉപദേശങ്ങള്‍ക്കു നേരെ എതിരാണിത്. ദൈവ വചനം വളരെ വ്യക്തമാണ്. ക്രിസ്തു ഈ ലോകത്തിലുള്ള എല്ലാവര്‍ക്കും വേണ്ടിയാണ് മരിച്ചത്. എന്നാല്‍ അവിടുത്തെ മരണത്തിന്റെ ആനുകൂല്യം അവിടുന്നു വാഗ്ദാനം ചെയ്യുന്ന ക്ഷമയെ സ്വീകരിക്കുന്നവര്‍ക്കു മാത്രമാണ്.

2:3-ല്‍ നാം യേശുവിനെ അറിയുന്നുണ്ടോ എന്ന് എങ്ങനെ നമുക്കറിയാം എന്നതു വിശദീകരിക്കുന്നു. അവിടുത്തെ കല്പനകള്‍ നാം അനുസരിക്കുന്നതിലൂടെയാണത് അറിയുന്നത്. നിങ്ങള്‍ ദൈവത്തെ അറിയുന്നു എന്നു പറയുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കാതെയിരിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങളൊരു കള്ളനാണ് (2:4). ദൈവത്തിന്റെ കല്പനകള്‍ അനുസരിക്കുക എന്നത് യോഹന്നാന്റെ ഒന്നാം ലേഖനത്തിലെ മുഖ്യ വിഷയങ്ങളില്‍ ഒന്നാണ്. മറ്റൊരു പ്രധാന വിഷയം സഹവിശ്വാസികളെ സ്‌നേഹിക്കുക എന്നതാണ്.

2:6 വാക്യം ഈ ലേഖനത്തില്‍ നിന്നും എല്ലാ ക്രിസ്ത്യാനികളും വളരെ ഗൗരവത്തോടെ എടുക്കേണ്ട ഒന്നാണ്. ഒരുവന്‍ ക്രിസ്ത്യാനിയെന്നു പറയുന്നുവെങ്കില്‍ അവന്‍ ക്രിസ്തു ജീവിച്ചതുപോലെ ജീവിക്കേണ്ടതാകുന്നു. മറ്റു മനുഷ്യരെപ്പോലെയല്ല യേശു നടന്നതുപോലെയാണ് നാം നടക്കേണ്ടത്. ”നാം എല്ലാം മനുഷ്യരല്ലേ” ഇങ്ങനെ പറഞ്ഞ് നമ്മുടെ പാപങ്ങള്‍ക്കു ഒരു ഒഴികഴിവ് കണ്ടെത്തരുത്. നാം യേശു നടന്നതുപോലെ നടക്കേണ്ടവരാണ്. നമുക്ക് ഇപ്പോള്‍ ക്രിസ്തുവിനെ പോലെയാകുവാന്‍ കഴിയുകയില്ല. ക്രിസ്തു മടങ്ങി വരുമ്പോള്‍ മാത്രമേ അതു സാധിക്കുകയുള്ളു എന്നു യോഹന്നാന്‍ വളരെ വ്യക്തമായി പറയുന്നുണ്ട് (3:2). നടക്കുക എന്നത് ബോധപൂര്‍വ്വമുള്ള പ്രവൃത്തിയാണ്. അതിനാല്‍ യേശു നടന്നതുപോലെ നടക്കുക എന്നത് നമ്മുടെ ജീവിതത്തിലെ ബോധമുള്ള മേഖലയുമായി ബന്ധപ്പെട്ടാണുള്ളത്. ബോധപൂര്‍വ്വമല്ലാത്ത മേഖലയില്‍ ക്രിസ്തു സ്വഭാവത്തോട് വിരുദ്ധമായ ചിലത് ക്രിസ്തുവിന്റെ മടങ്ങി വരവ് വരെയുണ്ടാകാം. എന്നാല്‍ ബോധമുള്ള മേഖലയില്‍ നമുക്ക് യേശു നടന്നതുപോലെ നടക്കുവാന്‍ സാധിക്കും. അവിടുന്നു മടങ്ങി വരുമ്പോള്‍ മാത്രമേ ബോധപൂര്‍വ്വമല്ലാത്ത മേഖലയില്‍ നാം ക്രിസ്തുവിനെ പോലെയാവുകയുള്ളു.

പിന്നീട് യോഹന്നാന്‍ മറ്റൊരു പ്രധാന വിഷയമായ ‘സഹോദരന്മാരെ സ്‌നേഹിക്കുക’ എന്നതിനെ സംബന്ധിച്ച് പറയുന്നു. സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ സഹോദരനെ സ്‌നേഹിക്കുന്നവന്‍ വെളിച്ചത്തില്‍ വസിക്കുന്നു (2:9).


ക്രിസ്തീയ ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങള്‍


പിന്നീട് 2:12-14 വാക്യങ്ങളില്‍ യോഹന്നാന്‍ ക്രിസ്തീയ ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളെപ്പറ്റി എഴുതുന്നു. ആത്മീയ ശൈശവം, ആത്മീയ യുവത്വം, ഒടുവില്‍ ആത്മീയ പക്വത.

തങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചു കിട്ടിയിരിക്കുന്നുവെന്നും ദൈവം നമുക്കു പിതാവായി തീര്‍ന്നിരിക്കുന്നു എന്നും മറ്റുമുള്ള വസ്തുതകള്‍ മാത്രം അറിയുന്നവര്‍ ശിശുക്കളാണ്. ക്രിസ്തുവിലുള്ള എല്ലാ ശിശുക്കളും അറിഞ്ഞിരിക്കേണ്ട രണ്ടു കാര്യങ്ങളാണിത്. അത് അടിസ്ഥാനവും ക്രിസ്തീയ ജീവിതത്തിന്റെ തുടക്കവുമാണ്. ശരിയായ അടിസ്ഥാനത്തില്‍ തുടങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്കു വളരുവാന്‍ കഴിയുകയില്ല. തുടര്‍ന്ന് ദൈവവചനം നമ്മുടെ ഹൃദയങ്ങളില്‍ വസിച്ച് സാത്താനെ ജയിക്കുവാന്‍ നാം അഭ്യസിക്കുന്നതാണ് പക്വതയുടെ അടുത്ത ഘട്ടം (2:13,14). അവിടെ നിന്നും വളര്‍ന്നു നാം മറ്റുള്ളവര്‍ക്ക് ആത്മീയ പിതാവായി തീരണം. അവര്‍ ദൈവത്തെ പിതാവായി അറിയുന്നതിനുമപ്പുറം ദൈവത്തേയും ദൈവത്തിന്റെ വഴികളേയും വ്യക്തിപരമായി അടുത്ത് അറിയുന്നു. അവിടുത്തെ മൂല്യങ്ങളും അവിടുത്തെ പ്രമാണങ്ങളും അറിയുന്നു. അങ്ങനെയുള്ള പിതാക്കന്മാര്‍ ധാരാളം ഉണ്ടാകണമെന്നതാണ് നമ്മുടെ സഭകളിലെ ഇന്നത്തെ ആവശ്യം.

ദൈവത്തില്‍ നിന്നു ലഭിച്ച പാപക്ഷമയും ഭൗതിക നേട്ടങ്ങളും രോഗസൗഖ്യവും മാത്രം എപ്പോഴും സംസാരിക്കുന്നവര്‍ ശിശുക്കളാണ്. ”അപ്പ” ”അമ്മ” എന്നു എപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്ന ശിശുക്കളാണവര്‍. നാം എല്ലാം തുടങ്ങിയത് അവിടെയാണ്. എന്നാല്‍ ആ നിലയില്‍ തന്നെ തുടരേണ്ടവരല്ല. നാം വളര്‍ന്നു സാത്താനെ എങ്ങനെ നേരിടണമെന്നു പഠിക്കണം. പിന്നീട് അവിടെ നിന്നു മുന്നോട്ടു പോയി ദൈവത്തെ വ്യക്തിപരമായി അറിയണം. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അപ്പോള്‍ നാം ”പിതാവെന്ന” നിലയില്‍ സഭയിലുള്ള അനേകര്‍ക്കു ഒരു അനുഗ്രഹമായി തീരും.

വിവിധ തലങ്ങളിലുള്ള എല്ലാ ക്രിസ്ത്യാനികളോടുമായി യോഹന്നാന്‍ ഇങ്ങനെ പ്രബോധിപ്പിക്കുന്നു: ”ലോകത്തേയും ലോകത്തിലുള്ളതിനേയും സ്‌നേഹിക്കരുത്” (2:15). ലോകത്തെ സ്‌നേഹിക്കരുതെന്ന പ്രബോധനം ആത്മീയ പിതാക്കന്മാര്‍ക്കും ആവശ്യമുണ്ടോ? ആവശ്യമുണ്ട്. ഏറ്റവും പക്വതയുള്ള ക്രിസ്ത്യാനി പോലും ലോകസ്‌നേഹത്തിലേക്കു വീഴാമെന്ന അപകടാവസ്ഥയിലാണുള്ളത്. അതിനാല്‍ ”ലോകത്തേയോ ലോകത്തിലുള്ള യാതൊന്നിനേയോ സ്‌നേഹിക്കരുത്. ഒരാള്‍ ലോകത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ പിതാവിന്റെ സ്‌നേഹം അയാളില്‍ ഇല്ല.” എന്ന പ്രബോധനം അവര്‍ക്കും ആവശ്യമുണ്ട്.

ഇവിടെ യോഹന്നാന്‍ ”ലോകം” എന്നതില്‍ വരുന്ന മൂന്നു കാര്യങ്ങള്‍ പറയുന്നു.
1) ജഡമോഹം- ലൈംഗിക മോഹങ്ങള്‍, അമിത ഭക്ഷണം, അലസത തുടങ്ങിയവ.
2) കണ്‍മോഹം – താന്‍ കാണുന്നതെല്ലാം സ്വന്തമാക്കണമെന്ന മോഹം. അതിനെ തുടര്‍ന്നുള്ള പണസ്‌നേഹവും.
3) ഏറ്റവും വലിയ പാപമായ നിഗളം അല്ലെങ്കില്‍ ജീവിതത്തിന്റെ പ്രതാപം. ലോക വ്യവസ്ഥയുടെ മൂന്നു പ്രധാന സ്വഭാവങ്ങളാണ് ഇവ. ഇവയിലേതെങ്കിലും ഒന്നിനെ സ്‌നേഹിക്കുന്നവനു പിതാവിനെ സ്‌നേഹിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ ”ലോകവും അതിലുള്ളതും എല്ലാം ഒഴിഞ്ഞുപോകും. ദൈവയിഷ്ടം ചെയ്യുന്ന മനുഷ്യന്‍ എന്നേക്കും ജീവിക്കും”(2:17). നാം എപ്പോഴും മനസ്സില്‍ സൂക്ഷിക്കേണ്ടത് ഇതാണ്.

പിന്നീട് യോഹന്നാന്‍ എതിര്‍ക്രിസ്തുവിന്റെ ആത്മാവിനെപ്പറ്റി പരാമര്‍ശിക്കുന്നു. അന്ത്യനാളുകളില്‍ ഉയര്‍ന്നു വരുന്ന ഒരാളാണ് എതിര്‍ക്രിസ്തു. എന്നാല്‍ എതിര്‍ക്രിസ്തുവിന്റെ ആത്മാവുള്ള ചിലര്‍ ആദിമ നൂറ്റാണ്ടിലെ സഭയിലും ഉണ്ടായിരുന്നു. 2 തെസ്സലോനിക്യര്‍ 2-ാം അധ്യായത്തില്‍ എതിര്‍ക്രിസ്തു ദൈവാലയത്തില്‍ ദൈവത്തെപ്പോലെ ഇരിക്കും എന്നു എഴുതിയിട്ടുണ്ട്. ദൈവം എന്നപോലെ ചിലര്‍ ഇന്നും സഭകളില്‍ ഇരിക്കുന്നു. അത്തരം ആളുകളുടെ പ്രധാന അടയാളം അവര്‍ മറ്റ് വിശ്വാസികളുടെ മേല്‍ അധികാരം നടത്തുവാന്‍ ഇഷ്ടപ്പെടുന്നു എന്നതാണ്. യേശുവിലുണ്ടായിരുന്ന ദാസന്റെ ആത്മാവ് അവരില്‍ കാണുന്നില്ല. അവര്‍ എതിര്‍ക്രിസ്തുക്കള്‍ (യേശുവിനു എതിരായിട്ടുള്ളവര്‍) ആണ്. അങ്ങനെയുള്ളവരുടെ മറ്റൊരു അടയാളം ദൈവം ആരോടും ക്ഷമ ചോദിക്കാത്തതു പോലെ അവര്‍ ആരോടും ക്ഷമ ചോദിക്കുന്നില്ല എന്നതാണ്. ഈ ആളുകള്‍, ഒരിക്കലും തങ്ങള്‍ക്കു ഒരു തെറ്റും സംഭവിക്കുകയില്ല എന്നു ഭാവിക്കുന്നു. ഇങ്ങനെയുള്ളവരാണ് ഇന്നു സഭയിലുള്ള എതിര്‍ക്രിസ്തുക്കള്‍. ഒരിക്കലും തെറ്റു വരാത്ത വിധമുള്ള പക്വതയിലേക്കു നാം എത്തിച്ചേരുമെന്നു ചിന്തിക്കരുത്. എന്നെ സംബന്ധിച്ച് ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്കു തെറ്റുകള്‍ സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്നു ഞാന്‍ അറിയുന്നു. അതുകൊണ്ടു തന്നെ ജീവിതാവസാനം വരെ മറ്റുള്ളവരോടു ക്ഷമ ചോദിക്കേണ്ടി വരുമെന്നും എനിക്കറിയാം. ഞാനും നിങ്ങളും തെറ്റുകള്‍ വരുത്തുന്നവരാണ്. ദൈവത്തിന്റെയും മനുഷ്യരുടേയും മുമ്പില്‍ നാം ദൈവമല്ല എന്നു സമ്മതിക്കുവാനുള്ള താഴ്മ നമുക്കുണ്ടാകണം. ഈ ലോകത്തിലെ ഏറ്റവും എളിയവനോടു പോലും ക്ഷമ ചോദിക്കുവാന്‍ നാം തയ്യാറായിരിക്കണം.

എതിര്‍ക്രിസ്തുക്കള്‍ ആദ്യ നൂറ്റാണ്ടിലെ സഭയില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ആ എതിര്‍ക്രിസ്തുക്കളെ പുറത്താക്കാന്‍ തക്കവണ്ണം ശക്തമായിരുന്നു യോഹന്നാന്റെ പ്രസംഗം. സഭയിലെ എതിര്‍ക്രിസ്തുക്കള്‍ സഭ വിട്ട് മറ്റ് എതിര്‍ക്രിസ്തുക്കളുടെ കൂട്ടത്തിലേക്കു പോകുവാന്‍ ഇടയാകുന്ന തരത്തില്‍ ശക്തമായിരിക്കണം സഭയിലെ പ്രസംഗങ്ങള്‍. സഭയില്‍ നിന്ന് എതിര്‍ക്രിസ്തുക്കളെ പുറത്താക്കുവാന്‍ യോഹന്നാനെ പോലെയുള്ളവരെയാണ് സഭയ്ക്കിന്ന് ആവശ്യം. ”അവര്‍ നമ്മുടെ ഇടയില്‍ നിന്നും പുറപ്പെട്ടവരെങ്കിലും നമുക്കുള്ളവര്‍ ആയിരുന്നില്ല”(2:19). അവരുടെ ആത്മാവ് നമ്മുടെ ആത്മാവോട് യോജിച്ചില്ല. യോഹന്നാന്‍ തുടര്‍ന്നു പറയുന്നു. ”നിങ്ങള്‍ക്കു ലഭിച്ച അഭിഷേകത്തിലൂടെ എല്ലാറ്റിനേയും വിവേചിക്കണം. അഭിഷേകം നിങ്ങളെ സകലവും പഠിപ്പിക്കും”(2:27). നിങ്ങളിലുള്ള പരിശുദ്ധാത്മാവ് മറ്റുള്ളവരുടെ ആത്മാവ് എന്താണെന്നും കാണിച്ചു തരുന്നതിനാല്‍ യോഹന്നാനോ മറ്റ് അപ്പൊസ്തലന്മാരോ നിങ്ങളെ പഠിപ്പിക്കേണ്ടതില്ല.


നമ്മെത്തന്നെ ശുദ്ധീകരിക്കുക


3:1ല്‍ നമ്മെ അവിടുത്തെ മക്കളാക്കി തീര്‍ത്ത പിതാവിന്റെ അതിമഹത്തായ സ്‌നേഹത്തെപ്പറ്റി യോഹന്നാന്‍ പറയുന്നു. നാം ആരായി തീരുവാന്‍ പോകുന്നു എന്നത് നാം അറിയുന്നില്ല. കാരണം ഇപ്പോള്‍ നമുക്കതു വ്യക്തമായി കാണുവാന്‍ സാധിക്കുകയില്ല (3:2). പലര്‍ക്കും ഭാവി എന്താണെന്ന് അറിയുവാനുള്ള ആഗ്രഹമുണ്ട്. എന്നാല്‍ 95 വയസ്സുള്ള യോഹന്നാനു പോലും കാര്യങ്ങള്‍ അത്ര വ്യക്തമല്ല. അതിനാല്‍ അത്തരം കാര്യങ്ങളെപ്പറ്റി ഊഹങ്ങള്‍ നടത്താതിരിക്കുകയാണ് നല്ലത്.

ഭാവിയെപ്പറ്റി പലതും നമുക്കറിയില്ല. എന്നാല്‍ ഈ ഭൂമിയില്‍ നാം എങ്ങനെയാണ് ജീവിക്കേണ്ടതെന്നു നമുക്കറിയാം. ഭാവിയില്‍ ക്രിസ്തു വെളിപ്പെടുമ്പോള്‍ ദൈവമക്കളായ നാം അവിടുത്തെ പോലെയാകും എന്ന കാര്യം നമുക്കറിയാം(3:2). ഈ പ്രത്യാശ വാസ്തവമായി നമ്മില്‍ ഉണ്ടെങ്കില്‍ യേശു വിശുദ്ധനായിരിക്കുന്നതുപോലെ നാം നമ്മെത്തന്നെ ശുദ്ധീകരിക്കും. ക്രിസ്തുവിന്റെ രണ്ടാം വരവ് സംബന്ധിച്ച് ജീവനുള്ള പ്രത്യാശ നമ്മിലുണ്ട് എന്ന് എങ്ങനെ അറിയും? ഇതാ അതിനുള്ള തെളിവ്: അവിടുന്നു മടങ്ങി വരുമ്പോള്‍ നാം അവിടുത്തെ പോലെയാകും എന്നറിഞ്ഞ് നമ്മെത്തന്നെ എപ്പോഴും ശുദ്ധീകരിച്ചു കൊണ്ടിരിക്കും. യേശുവിന്റെ പൂര്‍ണ്ണ വിശുദ്ധി നമ്മുടെ ലക്ഷ്യമാക്കിയിരിക്കുന്നു. 1:7ല്‍ നമ്മുടെ കഴിഞ്ഞകാല പാപങ്ങളെ യേശു തന്റെ രക്തത്താല്‍ എങ്ങനെ ശുദ്ധമാക്കുന്നുവെന്ന് യോഹന്നാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടെ നാം സ്വയം എങ്ങനെ നമ്മെ തന്നെ വിശുദ്ധീകരിക്കുന്നു എന്നു യോഹന്നാന്‍ പറയുന്നു. അതാണ് ദൈവവചനത്തില്‍ കാണുന്ന സന്തുലിതാവസ്ഥ. അവിടുന്നു നമ്മെ ശുദ്ധീകരിക്കുന്നു. നാം നമ്മെത്തന്നെ ശുദ്ധീകരിക്കുന്നു.

യോഹന്നാന്‍ ഇവിടെ പാപത്തിനു നിയമലംഘനം എന്നൊരു നിര്‍വ്വചനം നല്‍കുന്നു (ദൈവത്തിന്റെ കല്പനകളെ ലംഘിക്കുക). യേശു ഈ ഭൂമിയിലേക്കു വന്നത് രണ്ടു കാര്യങ്ങള്‍ നിവര്‍ത്തിക്കുവാനാണെന്നു അദ്ദേഹം പിന്നീട് പറയുന്നു.
1) നമ്മുടെ പാപങ്ങളെ നീക്കുവാന്‍ (3:5).
2) പിശാചിന്റെ പ്രവൃത്തികളെ ഇല്ലായ്മ ചെയ്യുവാന്‍ (3:8).
ഇത് വ്യക്തമാക്കുവാന്‍ ഞാന്‍ ഒരു ഉദാഹരണം പറയട്ടെ. നാം ഈ ഭൂമിയില്‍ ജനിച്ചപ്പോള്‍ നന്നായി ഉരുട്ടിയെടുത്ത ഒരു നൂല്‍ പന്ത് നമ്മുടെ കയ്യില്‍ തന്നു എന്നു സങ്കല്പിക്കുക. നാം വളരുന്നതിന് അനുസരിച്ച് അതിന്റെ നൂല് അഴിഞ്ഞു വരികയും നമ്മുടെ പാപത്താല്‍ അനേകം കെട്ടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. പല വര്‍ഷങ്ങള്‍ നാം ഈ ഭൂമിയില്‍ ജീവിച്ചു കഴിയുമ്പോള്‍ ആ നൂല്‍ പന്ത് അഴിഞ്ഞ് അനേകം കെട്ടുകള്‍ വീണ ഒന്നായി തീരും. അതില്‍ നോക്കുമ്പോള്‍ നാം തീര്‍ത്തും അധൈര്യപ്പെട്ടു പോകുകയും നമുക്കു വീണ്ടും ജീവിതം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു എന്നു കരുതുകയും ചെയ്യുന്നു. പക്ഷേ അത് അസാദ്ധ്യമാണെന്നു നമുക്കറിയാം. യേശു വന്നത് പിശാചിന്റെ പ്രവൃത്തികളെ ”അഴിച്ചു” പുതിയ ഒരു നല്ല നൂല്‍ പന്ത് നമുക്കു നല്‍കുവാനാണ്. അത് ആശ്ചര്യകരമായ ഒരു കാര്യമല്ലേ? നാം നമ്മുടെ ജീവിതത്തില്‍ ചെയ്ത എല്ലാ മോശപ്പെട്ട പാപങ്ങളേയും കൈകാര്യം ചെയ്യുവാന്‍ അവിടുത്തേക്കു കഴിയും എന്നതും ഭാവിയെക്കുറിച്ച് അവിടുത്തേക്കു പ്രത്യാശ നല്‍കുവാന്‍ കഴിയും എന്നതും ഓര്‍ത്ത് ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. നമ്മുടെ ജീവിതത്തില്‍ നിന്നും ഇപ്പോഴും എന്തെങ്കിലും നന്മ കൊണ്ടുവരാന്‍ അവിടുത്തേക്കു കഴിയും. നാം ഒരു ഉപമയില്‍ (യേശു പറഞ്ഞത്) പതിനൊന്നാം മണിക്കു വേലയ്ക്കു കയറി വന്നവര്‍ക്കു പോലും പ്രതിഫലം ലഭിച്ചു എന്നു വായിക്കുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ തൊണ്ണൂറു ശതമാനവും പാഴാക്കിയാലും (12 മണിക്കൂറില്‍ 11 മണിക്കൂറും) നിങ്ങള്‍ക്കു കര്‍ത്താവിന്റെ അടുക്കലേക്കു വരാം. അവിടുന്നു ബാക്കി ജീവിതത്തില്‍ നിന്നും നന്മയുളവാക്കും. അങ്ങനെ ജീവിതത്തിന്റെ നല്ല ഭാഗവും പാപത്തില്‍ ജീവിച്ച പ്രായമുള്ളവര്‍ക്കും പ്രത്യാശയ്ക്കു വകയുണ്ട്. എത്ര ഉത്സാഹം തരുന്ന കാര്യമാണിത്. ദൈവത്തിനു സ്‌തോത്രം!

3:9ല്‍ യോഹന്നാന്‍ പറഞ്ഞു ”ദൈവത്തില്‍ നിന്നും ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല.” അതിന്റെ അര്‍ത്ഥം എന്തെന്നാല്‍ നാം വാസ്തവത്തില്‍ വീണ്ടും ജനിച്ചുവെങ്കില്‍ (ദൈവത്തില്‍ നിന്നു ജനിച്ചു) നാം പാപത്തില്‍ ബോധപൂര്‍വ്വം തുടരുകയില്ല. നാം പാപത്തില്‍ ബോധപൂര്‍വ്വം തുടരുകയാണെങ്കില്‍ ‘വീണ്ടും ജനിച്ചിട്ടില്ല’ എന്നു വ്യക്തം. വീണ്ടും ജനിച്ച ഒരാള്‍ ചിലപ്പോള്‍ പാപത്തില്‍ വീഴാം. എന്നാല്‍ അവന്‍ തുടര്‍ച്ചയായി പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവനല്ല. അങ്ങനെയാണ് ദൈവമക്കളേയും പിശാചിന്റെ മക്കളേയും വേര്‍തിരിച്ച് അറിയുന്നത് (3:10). ഇവിടെ നാം രണ്ടു വിഭാഗം ആളുകളേ ലോകത്തില്‍ ഉള്ളുവെന്നു കാണന്നു – ദൈവമക്കള്‍, പിശാചിന്റെ മക്കള്‍ എന്നിങ്ങനെ രണ്ടു വിഭാഗം.

പിന്നീട് യോഹന്നാന്‍ 3:12ല്‍ സ്‌നേഹത്തെ സംബന്ധിച്ച് പറയുന്നു. ‘സഹോദരനെ വെറുത്ത കയീനെ പോലെ’ നാം ആകരുതെന്ന മുന്നറിയിപ്പ് നല്‍കുന്നു. കയീന്റെ പ്രവൃത്തി ദുഷ്ടത നിറഞ്ഞതും തന്റെ സഹോദരന്റെ പ്രവൃത്തി നീതിയുള്ളതും ആയിരുന്നതിനാല്‍ കയീന്‍ തന്റെ സഹോദരനെ കൊന്നു. കയീന്‍ ഒരു ദുഷ്ട മനുഷ്യനായിരുന്നു. അതിനാല്‍ അവന്റെ യാഗത്തെ ദൈവം സ്വീകരിച്ചില്ല. ഹാബേല്‍ നീതിമാനായിരുന്നതിനാല്‍ ദൈവം അവന്റെ യാഗത്തെ സ്വീകരിച്ചു. വേദപുസ്തകം പറയുന്നത് ദൈവം ഒന്നാമതു ഹാബേലിലും തുടര്‍ന്ന് അവന്റെ യാഗത്തിലും പ്രസാദിച്ചു എന്നാണ്. കയീനില്‍ ദൈവം പ്രസാദിച്ചില്ല. അതിനാല്‍ തന്നെ അവന്റെ യാഗവും ദൈവം സ്വീകരിച്ചില്ല (ഉല്പത്തി 4:4,5 വാക്യങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക). നിങ്ങളുടെ യാഗവസ്തു എത്ര നല്ലതായിരുന്നാലും നിങ്ങളുടെ ഹൃദയം ദൈവ മുമ്പാകെ ശരിയല്ലെങ്കില്‍ ദൈവം നിങ്ങളുടെ യാഗത്തെ സ്വീകരിക്കുകയില്ല. യോഹന്നാന്‍ പിന്നീട് പറയുന്നു ”ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ ആശ്ചര്യപ്പെടരുത്.” കയീന്‍ ഹാബേലിനെ വെറുത്തതുപോലെ ദൈവം അംഗീകരിക്കുന്നവരെ ലോകം വെറുക്കുന്നു. നാം ലോകത്തിന്റെ ആത്മാവിന് എതിരെ നില്‍ക്കുന്നവര്‍ ആകയാല്‍ സ്വാഭാവികമായും ലോകം നമ്മളെ വെറുക്കും.

1 യോഹന്നാന്‍ 3:16ല്‍ ദൈവസ്‌നേഹം നമ്മില്‍ വസിക്കുന്നു എന്നതിന് ഒരു തെളിവ് യോഹന്നാന്‍ നല്‍കുന്നു: ”അവിടുന്നു നമുക്കു വേണ്ടി തന്റെ ജീവനെ അര്‍പ്പിച്ചതിനാല്‍ സ്‌നേഹം എന്തെന്നു നാം മനസ്സിലാക്കുന്നു. നാമും സഹോദരര്‍ക്കു വേണ്ടി ജീവന്‍ അര്‍പ്പിക്കേണ്ടതാണ്.” പലര്‍ക്കും യോഹന്നാന്റെ സുവിശേഷം 3:16 അറിയാം. എന്നാല്‍ അവര്‍ക്കു 1 യോഹന്നാന്‍ 3:16 അറിയുകയില്ല. യേശു നമുക്കു വേണ്ടി തന്റെ ജീവനെ വെടിഞ്ഞു എന്നു യോഹന്നാന്റെ സുവിശേഷം 3:16ല്‍ പറയുന്നു. അതിനാല്‍ നമ്മളുടെ സഹോദര്‍ക്കുവേണ്ടി സ്വന്ത ജീവനെ വെടിയണം എന്നു 1 യോഹന്നാന്‍ 3:16ല്‍ പറയുന്നു. ഇതാണ് ദൈവവചനത്തില്‍ നാം കാണുന്ന സന്തുലിതാവസ്ഥ. അവിടുന്നു നമുക്കുവേണ്ടി ജീവന്‍ വെടിഞ്ഞു നാം നമ്മുടെ സഹോദരര്‍ക്കു വേണ്ടി ജീവന്‍ വെടിയണം. നമ്മുടെ സ്‌നേഹം വാക്കുകളിലല്ല പ്രവൃത്തിയിലാണ് കാണിക്കേണ്ടത്. നമ്മുടെ സഹ വിശ്വാസികള്‍ക്കു ഭക്ഷണമോ വസ്ത്രമോ ആവശ്യമുള്ള അവസരത്തില്‍ അവരെ സഹായിക്കുവാന്‍ നമുക്കു മനസ്സുണ്ടായിരിക്കണം. ഇവിടെ അദ്ദേഹം സൂചിപ്പിക്കുന്നത് അടിസ്ഥാന ആവശ്യങ്ങള്‍ക്കു ബുദ്ധിമുട്ടനുഭവിക്കുന്നവരെ സംബന്ധിച്ചാണ്. തങ്ങളുടെ സുഖജീവിതത്തിന് മറ്റ് വിശ്വാസികളുടെ കരുണയെ ചൂഷണം ചെയ്യുന്ന സ്വാര്‍ത്ഥരായ ചിലരെപ്പറ്റിയല്ല.

തുടര്‍ന്നു യോഹന്നാന്‍ നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുന്നതിനെ സംബന്ധിച്ചു സംസാരിക്കുന്നു: ”നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുന്നുവെങ്കിലോ ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനും സകലവും അറിയുന്നവനും ആകുന്നു” (3:20). നിങ്ങളുടെ മനസ്സാക്ഷി തന്നെ നിങ്ങളുടെ പാപത്തെ കുറ്റം വിധിക്കുന്നുവെങ്കില്‍ ദൈവം നിങ്ങളുടെ ജീവിതത്തിലെ പാപങ്ങള്‍ എത്രമാത്രം കാണുന്നു എന്നു ചിന്തിക്കുക. നിങ്ങള്‍ പത്തു ശതമാനം മാത്രമേ കാണുന്നുള്ളു. എന്നാല്‍ ദൈവം നൂറു ശതമാനം കാണുന്നു. ദൈവം കാണുന്നതും എന്നാല്‍ നാം മനസ്സിലാക്കാത്തതുമായ നമ്മുടെ ജീവിതത്തിലെ ചില മേഖലകളിലെ കാര്യങ്ങള്‍ സംബന്ധിച്ച് നാം ഭാരപ്പെടേണ്ടതില്ല. നമ്മുടെ ജീവിതത്തില്‍ നാം കാണുന്ന കാര്യങ്ങളില്‍ മാത്രമേ ദൈവം നമ്മെ ഉത്തരവാദിയാക്കുകയുള്ളു. നമ്മുടെ മനസ്സാക്ഷിയില്‍ നാം കാണുന്ന പത്തു ശതമാനം ശുദ്ധമാക്കുമ്പോള്‍ ബാക്കി ദൈവം ശുദ്ധമാക്കും. അതാണ് 1:7ല്‍ നാം കണ്ടത്. അതിനാല്‍ നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കില്‍ പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് ആത്മവിശ്വാസം ലഭിക്കും. പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധന ശുദ്ധമനസ്സാക്ഷിയാണെന്ന വസ്തുതയാണ് ഇവിടെ നാം പഠിക്കുന്നത്. നമ്മുടെ അറിവിനനുസരിച്ച് അവിടുത്തെ എല്ലാ കല്പനകളും അനുസരിക്കുകയും അവിടുത്തേക്കു പ്രസാദകരമായതു ചെയ്യുകയും ചെയ്താല്‍ നാം ചോദിക്കുന്നതെന്തും ലഭിക്കും (3:22).

പിന്നീട് യോഹന്നാന്‍ ക്രിസ്ത്യാനികളുടെ ഇടയിലെ ഏത് ആത്മാവിനെയും വിശ്വസിക്കരുതെന്നും അവരെ പരിശോധിച്ച് അറിയണം എന്നും ഒരു മുന്നറിയിപ്പ് നല്‍കുന്നു (4:1). ഇത് ഈ കാലഘട്ടത്തിന് ആവശ്യമായ ഒരു മുന്നറിയിപ്പാണ്. ഇന്ന് ക്രൈസ്തവ ഗോളത്തില്‍ കാണുന്ന എല്ലാ അത്ഭുത പ്രവൃത്തികളും പരിശോധിച്ച് അറിയണം. എല്ലാ അത്ഭുത പ്രവൃത്തികളും ദൈവികമാണെന്ന് അന്ധമായി വിശ്വസിക്കരുത്. എല്ലാ പ്രസംഗകരുടെ പ്രസംഗവും ദൈവവചനവുമായി ഒത്തു നോക്കി പരിശോധിക്കണം. അതുപോലെ അവരുടെ പ്രവര്‍ത്തന രീതികള്‍ യേശുവിന്റെയും അപ്പൊസ്തലന്മാരുടേയും പ്രവര്‍ത്തന രീതികളുമായി സാമ്യമുണ്ടോ എന്നും പരിശോധിക്കണം. ഉദാഹരണമായി, യേശു രോഗസൗഖ്യം നല്‍കുന്നതിനും, പ്രസംഗിക്കുന്നതിനും മുമ്പോ പിമ്പോ ആരില്‍ നിന്നും പണം ശേഖരിച്ചില്ല. യേശു ഒരിക്കലും സൗഖ്യമാക്കപ്പെട്ട വ്യക്തിയോട് ജനങ്ങളുടെ മുമ്പാകെ വന്നു സാക്ഷ്യം പറയുവാന്‍ ആവശ്യപ്പെട്ടില്ല. ഇന്നത്തെ പല പ്രസംഗകരുടെ പ്രവര്‍ത്തന രീതിയും യേശുവിന്റെ പ്രവര്‍ത്തന രീതിയും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. അതുകൊണ്ട് അനേകം ക്രിസ്ത്യാനികളെ ചതിച്ചുകൊണ്ടിരിക്കുന്ന ഈ വഞ്ചന നാം വെളിച്ചത്തു കൊണ്ടു വരണം. ഇന്ന് അറിയപ്പെടുന്ന പല രോഗസൗഖ്യവും തികച്ചും ബാഹ്യമായതും ഗൗരവമില്ലാത്തതും ആണ്.

എന്നാല്‍ ചിലര്‍ പറയുന്നു: ”പരിശുദ്ധാത്മാവിനെതിരെ സംസാരിക്കരുത്”: ഇവിടെ പക്ഷേ പരിശുദ്ധാത്മാവ് പറയുന്നു: ”ആത്മാക്കളെ ശോധന ചെയ്യുവിന്‍”(4:1). അതാണ് നാം എല്ലാവരും ചെയ്യേണ്ടത്. ആരെങ്കിലും ചില അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ പെന്തക്കോസ്തു വിശ്വാസികളെ പോലെ അത് പരിശുദ്ധാത്മാവിന്റെ അന്യഭാഷയിലുള്ള സന്ദേശമാണെന്നു അന്ധമായി വിശ്വസിക്കരുത്. നാം ആ ആത്മാവിനെ ശോധന ചെയ്യണം. അത് സഭയ്ക്ക് അനുഗ്രഹവും ആത്മീയ വര്‍ദ്ധന വരുത്തുന്നതുമാണോയെന്നു പരിശോധിക്കണം. ഇത്തരത്തിലുള്ള അന്യഭാഷയില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനവും വ്യാജമാണെന്നു ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും അത് മനഃശാസ്ത്രപരമായ ഒരു പ്രകടനമാണ്. ദുരാത്മക്കള്‍ക്ക് ഒരു മനുഷ്യനെ അന്യഭാഷയില്‍ സംസാരിപ്പിക്കുവാന്‍ സാധിക്കും. ഞാന്‍ കേട്ടിട്ടുള്ള അന്യഭാഷയില്‍ അഞ്ചു ശതമാനം മാത്രമാണ് യഥാര്‍ത്ഥ അന്യഭാഷ. ആത്മാക്കളെ ശോധന ചെയ്യുക. അത് ദൈവത്തില്‍ നിന്നാണെങ്കില്‍, നിങ്ങള്‍ക്കു ആത്മീയ വര്‍ദ്ധനയുണ്ടാകും, നിങ്ങളെ ഉയര്‍ത്തും, നിങ്ങളെ അനുഗ്രഹിക്കും. എന്നാല്‍ അത് ദൈവത്തില്‍ നിന്നുള്ളതല്ലെങ്കില്‍ ഒരു കൂടിവരവിന്റെ മേല്‍ തണുത്ത പുതപ്പ് എടുത്തു വിരിക്കുന്നതു പോലെയാണ്. അതിനാല്‍ നാം എപ്പോഴും ആത്മാക്കളെ ശോധന ചെയ്യുന്നവരാകണം.


അനുസരണം, സ്‌നേഹം, ക്രിസ്തുവിന്റെ താഴ്മ


4:2 വാക്യത്തില്‍ യോഹന്നാന്റെ ഒന്നാം ലേഖനത്തിലെ മറ്റൊരു മുഖ്യ വിഷയം നാം വായിക്കുന്നു – ”യേശുക്രിസ്തു ജഡത്തില്‍ വന്നുവെന്നു ഏറ്റുപറയുന്ന ഏതൊരാത്മാവും ദൈവത്തില്‍ നിന്നുള്ളതാകുന്നു.” യോഹന്നാന്റെ ഒന്നാം ലേഖനത്തിലെ മൂന്നു പ്രധാന വിഷയങ്ങള്‍ ഇവയാണ്: ദൈവിക കല്പനകളുടെ അനുസരണം, തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുക, യേശു നമ്മുടെ ജഡത്തില്‍ വന്നു എന്ന് ഏറ്റു പറയുക.

ഓര്‍ക്കുക യോഹന്നാന്‍ 65 വര്‍ഷത്തെ സഭയുടെ വളര്‍ച്ചയെ നിരീക്ഷിച്ച ഒരുവനാണ്. അദ്ദേഹം ഇപ്പോള്‍ പറയുന്നത് ‘നിങ്ങള്‍ക്കു ദൈവഹിത പ്രകാരം ഒരു സഭ പണിയണമെന്നുണ്ടെങ്കില്‍ ഈ മൂന്നു വിഷയങ്ങള്‍ക്കു പ്രാധാന്യം കൊടുക്കണം. ദൈവിക കല്പനകളുടെ അനുസരണം, തമ്മില്‍ തമ്മിലുള്ള സ്‌നേഹം, യേശുവിന്റെ മനുഷ്യഭാവം.” ഈ മൂന്നു വിഷയങ്ങള്‍ക്കാണോ നിങ്ങളുടെ സഭയില്‍ പ്രാധാന്യം കൊടുക്കുന്നത്? അങ്ങനെയല്ലെങ്കില്‍ ആ സഭ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയായി പണിയപ്പെടുകയില്ല.

4:4ല്‍ യോഹന്നാന്‍ ഇങ്ങനെ പറഞ്ഞു വിശ്വാസികളെ ഉത്സാഹിപ്പിക്കുന്നു: ”കുഞ്ഞുങ്ങളേ നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരാണ്. നിങ്ങളില്‍ ഉള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനല്ലോ.” നമുക്കു ജയാളിയാകാന്‍ സാധിക്കുന്നതും, പിശാചിനേയും മറ്റ് യാതൊന്നിനേയും നാം ഭയപ്പെടാതിരിക്കുന്നതും ഇതിനാലാണ്.

അതിനു ശേഷം യോഹന്നാന്‍ പരസ്പരം സ്‌നേഹമെന്ന വിഷയത്തിലേയ്ക്കു മടങ്ങി വരുന്നു. ഒരുവന്‍ ദൈവത്തെ അറിഞ്ഞുവെന്നതിന്റെ ഒന്നാമത്തെ അടയാളമിതാണെന്ന് അദ്ദേഹം പറയുന്നു.

4:12ല്‍ യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുന്നു. ”ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല.” ഈ പ്രസ്താവന വേദപുസ്തകത്തില്‍ രണ്ട് സ്ഥലത്തു മാത്രം കാണുന്നു. ഒന്ന്: യോഹന്നാന്റെ സുവിശേഷം 1:18ലും പിന്നീട് ഇവിടെയും. ഈ രണ്ട് വേദഭാഗങ്ങളും ഒരുമിച്ച് ചേര്‍ത്തു നോക്കുമ്പോള്‍ ഒരു വലിയ സത്യം നാം മനസ്സിലാക്കുന്നു. യോഹന്നാന്റെ സുവിശേഷം 1:18ല്‍ പറയുന്നത് ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. എന്നാല്‍ യേശു വന്നു ദൈവത്തെ മനുഷ്യരുടെ മുമ്പാകെ വെളിപ്പെടുത്തി.” ഇവിടെ 1 യോഹന്നാന്‍ 4:12ല്‍ പറയുന്നത് ”ഇപ്പോള്‍ യേശു സ്വര്‍ഗ്ഗത്തിലേയ്ക്കു മടങ്ങി പോയിരിക്കുന്നു. ദൈവം എങ്ങനെയുള്ളവന്‍ എന്ന് വിശ്വാസികളായ നമ്മളുടെ പരസ്പര സ്‌നേഹത്തിലൂടെ ഈ ലോകം കാണും.” ലോകം ഇപ്പോഴും ദൈവത്തെ കണ്ടിട്ടില്ല. എന്നാല്‍ ദൈവം എങ്ങനെയുള്ളവനെന്നു മനുഷ്യര്‍ കാണുന്നതിനാണ് ദൈവം സഭയെ വച്ചിരിക്കുന്നത്. യേശു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അവിടുന്നു ക്രിസ്തുവിന്റെ ശരീരമായിരുന്നു. മനുഷ്യര്‍ യേശുവില്‍ ദൈവത്തെ കണ്ടു. ഇപ്പോള്‍ നമ്മള്‍ (സഭ) ആണ് ക്രിസ്തുവിന്റെ ശരീരം. മനുഷ്യര്‍ നമ്മളില്‍ ദൈവത്തെ കാണണം. അതിനാല്‍ നാം അന്യോന്യം സ്‌നേഹിക്കണം. നാം യേശുവിന്റെ ജീവനും അവിടുത്തോടും മറ്റുള്ളവരോടും കൂട്ടായ്മയും അന്വേഷിക്കുമ്പോള്‍ ദൈവം വെളിച്ചവും സ്‌നേഹവും ആണെന്നു നമ്മിലൂടെ വെളിപ്പെടും.

യേശു ഈ ഭൂമിയിലായിരുന്നപ്പോള്‍ ഇങ്ങനെ പറഞ്ഞു: ”എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ. 14:9). ഇന്നു ക്രിസ്തുവിന്റെ ശരീരമെന്ന നിലയില്‍ നിങ്ങള്‍ക്കും ഇങ്ങനെ പറയാന്‍ സാധിക്കണം. ”നിങ്ങള്‍ ഞങ്ങളെ കാണുമ്പോള്‍ യേശുവിനെ അല്പം കണ്ടിരിക്കുന്നു, സ്വര്‍ഗ്ഗം എങ്ങനെയാണെന്നും അല്പം കണ്ടിരിക്കുന്നു. നിങ്ങള്‍ എന്റെ ഭവനത്തില്‍ വന്നു പാര്‍ത്താല്‍ സ്വര്‍ഗ്ഗം എങ്ങനെയാണെന്ന് അല്പം അറിയും. നിങ്ങള്‍ എന്നോട് കൂട്ടായ്മയില്‍ ആയിരിക്കുമ്പോള്‍ യേശു എങ്ങനെയാണെന്നും സ്വര്‍ഗ്ഗം എങ്ങനെയെന്നും അല്പമായി രുചിച്ച് അറിയും.” ഇതായിരിക്കണം നമ്മുടെ സാക്ഷ്യം. ഇതല്ല നമ്മുടെ സാക്ഷ്യമെങ്കില്‍ നാം ദൈവത്തെ പരാജയപ്പെടുത്തി എന്ന് അറിയണം. നമുക്കു സുവിശേഷം പ്രസംഗിക്കുന്നതിനും ദൈവവചനം പഠിപ്പിക്കുന്നതിനും സാധിക്കുമെങ്കിലും നമ്മുടെ ദൈനംദിന ജീവിതത്തില്‍ ദൈവത്തിന്റെ ജീവനും, സ്‌നേഹവും വെളിപ്പെടുത്തുന്നതിനു സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ സാക്ഷ്യം ഒരു പരാജയമാണ്. കാരണം നമുക്കു ചുറ്റുമുള്ള ജനം നമ്മളില്‍ ദൈവത്തെ കാണുന്നില്ല. ഇതാണ് ഇന്നത്തെ ക്രിസ്തീയ ലോകത്തിലെ ഏറ്റവും വലിയ ദുരന്തം.

4:17ല്‍ യോഹന്നാന്‍ തുടര്‍ന്നു പറയുന്നു: ”നാമും ലോകത്തില്‍ യേശുവിനെ പോലെ ആയിരിക്കുന്നു.” ഇത് അത്ഭുതകരമായ ഒരു വാക്യമാണ്. യേശു ഈ ഭൂമിയില്‍ ആയിരുന്നതുപോലെ ആയിരിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ അര്‍ത്ഥം പിശാചിന്റെ മേല്‍ യേശുവിനുണ്ടായിരുന്ന അധികാരം നമുക്കുണ്ട് എന്നാണ്. നിങ്ങള്‍ അത് വിശ്വസിക്കുന്നുവോ? അഭിമാനത്തോടെയും, ധൈര്യത്തോടെയും, ആത്മവിശ്വാസത്തോടെയും ഭാവിയെ അഭിമുഖീകരിക്കുവാനുള്ള ഒരേയൊരു വഴിയിതാണ്. എല്ലാ ദൈവമക്കളുടേയും മനസ്സില്‍ ഇടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരു വാക്യമാണിത് – ”യേശു ഈ ഭൂമിയില്‍ ആയിരുന്നതു പോലെ നിങ്ങളും ആകുന്നു.” ആ അധികാരത്തോടെ ജീവിക്കുക. ഒന്നിനേയും ഭയപ്പെടരുത്. ദൈവം നമ്മെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നു തിരിച്ചറിഞ്ഞാല്‍ ഒരു ഭയവും നമുക്കുണ്ടാവുകയില്ല. ദൈവം നമ്മെ ഏതിനെങ്കിലും ശിക്ഷിക്കുവാന്‍ പോകുന്നു എന്നു ചിന്തിക്കുമ്പോഴാണ് ഭയം ഉണ്ടാകുന്നത്. എന്നാല്‍ ദൈവം നമ്മെ ധാരാളമായി സ്‌നേഹിക്കുന്നു എന്നു തിരിച്ചറിയുമ്പോള്‍ ഒരു ഭയവും ഉണ്ടാവുകയില്ല. ദൈവം നമ്മെ ആദ്യം സ്‌നേഹിച്ചു. അതിനാല്‍ നാം ദൈവത്തെ തിരികെ സ്‌നേഹിക്കുന്നു (4:19). ദൈവം നമ്മെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്നു തിരിച്ചറിയുമ്പോള്‍ അത്രത്തോളം സ്‌നേഹം ദൈവത്തോട് നമ്മുടെ ഉള്ളില്‍ സ്വമേധയാ വളരുന്നു. തികഞ്ഞ സ്‌നേഹം ഭയത്തെ പുറത്താക്കുന്നു.

ക്രിസ്തുവിലുള്ള ഒരു സഹോദരനെ പകയ്ക്കുന്നവനു താന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്നു പറയുവാന്‍ സാധിക്കുകയില്ല. അങ്ങനെയുള്ളവന്‍ വിശ്വാസിയല്ല അയാള്‍ കള്ളനാണ് (4:20). നിങ്ങള്‍ ”നേരില്‍ കാണുന്ന” ഒരു സഹോദരനെയാണ് ഇവിടെ സൂചിപ്പിക്കുന്നത് (4:20). നിങ്ങള്‍ കണ്ടിട്ടില്ലാത്ത, അകലെ ഒരു രാജ്യത്തു ജീവിക്കുന്ന ഒരു വിശ്വാസിയെ സ്‌നേഹിക്കുന്നതിനു വളരെ എളുപ്പമായ കാര്യമാണ്. എന്നാല്‍ നിങ്ങള്‍ നിരന്തരം കണ്ടു മുട്ടുന്ന സഹോദരനെയോ സഹോദരിയെയോ സ്‌നേഹിക്കുന്നുണ്ടോ എന്നതിലൂടെയാണ് ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹം പരിശോധിക്കപ്പെടുന്നത്.

5:4ല്‍ യോഹന്നാന്‍ ധൈര്യത്തോടെ പറയുന്നു: ”ദൈവത്തില്‍ നിന്നും ജനിച്ച ഏതൊരുവനും ലോകത്തെ ജയിച്ചിരിക്കുന്നു.” നമ്മുടെ വിശ്വാസത്താലാണ് നാം ലോകത്തെ ജയിക്കുന്നതെന്നു തുടര്‍ന്ന് അദ്ദേഹം പറയുന്നു. ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്ന വസ്തുതയും ദൈവത്തെപ്പറ്റി യേശു വെളിപ്പെടുത്തിയ എല്ലാ വസ്തുതകളും വിശ്വസിക്കുന്നതിലൂടെയാണ് നാം ലോകത്തെ ജയിക്കുന്നത്. അങ്ങനെ ലോകത്തിന്റെ ആകര്‍ഷണത്തെ അനായാസം ജയിക്കുവാന്‍ സാധിക്കുന്നു. വിശ്വാസികള്‍ യേശുവിന്റെ വാക്കുകളെ പൂര്‍ണ്ണമായും വിശ്വസിക്കാതിരിക്കുമ്പോഴാണ് ലോകം അവര്‍ക്കു ആകര്‍ഷകമായി തീരുന്നതും; പ്രലോഭനങ്ങള്‍ അവരെ കീഴ്‌പ്പെടുത്തുന്നതും.

യോഹന്നാന്‍ തന്റെ ലേഖനം അവസാനിപ്പിക്കുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി എല്ലാ വിശ്വാസികള്‍ക്കും ”നിത്യജീവന്‍” ഉണ്ട് എന്നു ഉറപ്പ് നല്‍കുന്നു(5:3). ദൈവഹിതപ്രകാരം നാം അവിടുത്തോട് എന്ത് അപേക്ഷിച്ചാലും അവിടുന്നു നമ്മുടെ അപേക്ഷ കേട്ട് ഉത്തരം നല്‍കുമെന്നുള്ള മറ്റൊരു ഉറപ്പും യോഹന്നാന്‍ നല്‍കുന്നു (5:14). പിതാവായ ദൈവത്തിലുള്ള വിശ്വാസത്തിലായിരിക്കണം നാം ജീവിക്കേണ്ടത്. നമുക്കു നല്ലതെന്ന് അറിയുന്നതെല്ലാം നമുക്കു നല്‍കുവാന്‍ അവിടുന്നു താല്പര്യപ്പെടുന്നു. ചിലപ്പോള്‍ അവിടുത്തെ ഉത്തരം ‘വേണ്ട’ എന്നായിരിക്കും. അപ്പോഴും അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു. ഉത്തരം വേണ്ട എന്നാണെന്നു മാത്രം. അതിനു കാരണം നാം ആവശ്യപ്പെട്ടത് നമുക്ക് ആത്യന്തികമായി നല്ലതല്ല എന്ന് അവിടുന്നു അറിയുന്നു എന്നതാണ്.

5:16ല്‍ പാപത്തില്‍ വീഴുന്ന വിശ്വാസികളെ ദൈവം മരണത്തില്‍ നിന്നും വിടുവിച്ച് ജീവനിലേയ്ക്കു നടത്തുന്നതിനായി നാം പ്രാര്‍ത്ഥിക്കണമെന്നു യോഹന്നാന്‍ നമ്മോട് ആവശ്യപ്പെടുന്നു. എന്നാല്‍ ആ പാപം മരണത്തിലേയ്ക്കു നയിക്കുന്ന പാപമാണെന്നു മനസ്സിലാക്കിയാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കേണ്ടതില്ലെന്നും യോഹന്നാന്‍ പിന്നീട് പറയുന്നു. ഒരുപക്ഷേ അനന്യാസും സഫീറയും ചെയ്ത പോലെയുള്ള പാപമായിരിക്കാമത്. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടു പ്രയോജനമുണ്ടാവുകയില്ല. അവര്‍ മരിക്കേണ്ടവരായിരുന്നു. ഒരു പാപം എങ്ങനെയുള്ളതെന്നു നാം എങ്ങനെ അറിയും എന്നൊരു ചോദ്യമുണ്ടാകാം. ദൈവം നിങ്ങളെ ഒരു മൂപ്പനെന്ന പോലെയുള്ള ഉത്തരവാദിത്തം ഏല്പിച്ചിട്ടുണ്ടെങ്കില്‍ പാപം എങ്ങനെയുള്ളതെന്നു തിരിച്ചറിയുവാനുള്ള വിവേചനം നല്‍കിയിരിക്കും എന്നതാണ് അതിനുള്ള ഉത്തരം. ഞാന്‍ ഈ വാഗ്ദാനം പല തവണ ഉപയോഗിച്ചിട്ടുണ്ട്. ചിലര്‍ പാപം ചെയ്യുമ്പോള്‍ അത് അത്ര ഗൗരവമുള്ളതല്ലെന്നു കണ്ട് ഞാന്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ദൈവം ജീവന്‍ നല്‍കുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ഈ ലോകം മുഴുവന്‍ പിശാചിന്റെ അധികാരത്തിലാണെന്നു 5:19ല്‍ യോഹന്നാന്‍ പ്രസ്താവിക്കുന്നു. എന്നാല്‍ പല വിശ്വാസികളും ഇത് വിശ്വാസിക്കുന്നില്ല. നാം അത് വിശ്വസിച്ചാല്‍ ലോകത്തിലുള്ള അതിന്റെ സാമ്പത്തിക ഇടപാടുകളില്‍, അതിന്റെ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍, അതിന്റെ പരിഷ്‌കാരങ്ങളില്‍, അതിന്റെ വിനോദ ഉപാധികളില്‍, അതിന്റെ സംഗീതത്തില്‍ എന്നു വേണ്ട അതിന്റെ മുഴുവന്‍ കാര്യങ്ങളിലും ഇടപെടുമ്പോള്‍ വളരെ സൂക്ഷിക്കും. കാരണം അവയെല്ലാം പിശാചിനാല്‍ വിഷലിപ്തമായിരിക്കുന്നവയാണ്.

യോഹന്നാന്‍ ഇങ്ങനെ പറഞ്ഞ് തന്റെ ലേഖനം അവസാനിപ്പിക്കുന്നു: ”കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളില്‍ നിന്നും അകന്നു സൂക്ഷിച്ചുകൊള്ളുവിന്‍.” ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കുന്നതിനു തടസ്സമായി എന്തെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവയെ വിട്ടുകളയണമെന്നാണ് ഇതിന്റെ അര്‍ത്ഥം. ആമേന്‍.