ബൈബിളിലൂടെ : 2 യോഹന്നാന്‍

ജഡത്തില്‍ വന്ന യേശുക്രിസ്തു


യോഹന്നാന്റെ രണ്ടാമത്തെ ലേഖനം വളരെ സംക്ഷിപ്തമായ ഒരു ലേഖനമാണ്. ഈ ലേഖനത്തില്‍ അദ്ദേഹം രണ്ട് കാര്യങ്ങളെക്കുറിച്ച് പറയുന്നു: ദൈവത്തിന്റെ കല്പനകള്‍ അനുസരിക്കുക എന്ന കാര്യവും ദുരുപദേശക്കാരെക്കുറിച്ച് ഒരു മുന്നറിയിപ്പും. ‘നായകിയാര്‍’ എന്നു നാമകരണം ചെയ്ത സ്ത്രീക്കാണ് അദ്ദേഹം ഈ ലേഖനം എഴുതിയിരിക്കുന്നത്. യോഹന്നാന്‍ പ്രോത്സാഹനം നല്‍കാന്‍ ആഗ്രഹിച്ച, ദൈവഭയമുള്ള മക്കളുണ്ടായിരുന്ന ദൈവഭക്തയായ ഒരു വിധവയായിരുന്നിരിക്കണം ഇവര്‍. എന്നാല്‍ എല്ലാ സഭകളും ഗൗനിക്കേണ്ടതായ അനേകം കാര്യങ്ങളെക്കുറിച്ച് യോഹന്നാന്‍ ഇവിടെ എഴുതിയിരിക്കുന്നതിനാല്‍ ഇത് ഒരു സഭയായിരിക്കാനും സാധ്യതയുണ്ട്. ഒന്നാം അധ്യായത്തിന്റെ നാലാം വാക്യത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ”നമുക്ക്” പിതാവിങ്കല്‍ നിന്ന് കല്പന ലഭിച്ചതുപോലെ അവിടുത്തെ മക്കളില്‍ ചിലര്‍ സത്യത്തില്‍ നടക്കുന്നത് ഞാന്‍ കണ്ട് അത്യന്തം സന്തോഷിച്ചു.” ഒരു അപ്പൊസ്തലന്റെ പ്രശംസ ലഭിക്കത്തക്കവണ്ണം ഒരു വിധവ തന്റെ മക്കളെ വെളിച്ചത്തില്‍ നടക്കുന്നവരായി വളര്‍ത്തിക്കൊണ്ടു വന്നു എന്നത് വലിയൊരു സാക്ഷ്യം തന്നെ!


സ്‌നേഹത്തിലും സത്യത്തിലും നടക്കുക


ഒന്നാം അധ്യായത്തിന്റെ അഞ്ചാം വാക്യത്തില്‍ യോഹന്നാന്‍ തന്റെ താത്പര്യ വിഷയമായ പ്രബോധനത്തിലേക്ക് മടങ്ങിപ്പോകുന്നു- ‘അന്യോന്യം സ്‌നേഹിക്കുക.’ ഈ വിഷയം യോഹന്നാന്റെ എല്ലാ എഴുത്തുകളിലും ആവര്‍ത്തിച്ചു വരുന്നതു ശ്രദ്ധിക്കുക.

അനേക സഭകളില്‍ ക്രിസ്തീയ സാക്ഷ്യത്തിന് ക്ഷയം സംഭവിച്ച സമയത്തായിരുന്നു യോഹന്നാന്‍ ജീവിച്ചിരുന്നത്. എല്ലായിടത്തും ആത്മീയത കുറഞ്ഞു വരുന്നു. ചുരുക്കം മൂപ്പന്മാരും സഭകളും മാത്രമേ വിട്ടുവീഴ്ചയില്ലാതെ സത്യത്തിനുവേണ്ടി നിലകൊണ്ടിരുന്നുള്ളു. വെളിപ്പാടു പുസ്തകം രണ്ടും മൂന്നും അധ്യായങ്ങളിലെ ഏഴു സഭകളില്‍ രണ്ടെണ്ണം മാത്രമേ ആത്മീയ മനസ്സുള്ളവയായി ഉണ്ടായിരുന്നുള്ളു എന്ന കാര്യം ഓര്‍ക്കുക. യോഹന്നാന് അവരുടെ പരാജയത്തിന്റെ കാരണങ്ങള്‍ കാണാന്‍ കഴിഞ്ഞു. അതുകൊണ്ട് പരിശുദ്ധാത്മാവിനാല്‍ പ്രകാശനം ലഭിച്ച അപ്പൊസ്തലനായി ഈ സഭകളിലെ പ്രശ്‌ന പരിഹാരത്തിനായി യോഹന്നാന്‍ എഴുതുകയാണ്. പത്രൊസ് പുറപ്പെട്ടു പോയി സുവിശേഷം പ്രഘോഷിച്ചു. പൗലൊസ് സഭകള്‍ സ്ഥാപിച്ചു. എന്നാല്‍ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അത്യാവശ്യമായതിന് ഊന്നല്‍ കൊടുത്തുകൊണ്ട് യോഹന്നാന്‍ സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു.

യോഹന്നാന്‍ ഊന്നിപ്പറയുന്നത് ഇതാണ്: ‘അന്യോന്യം സ്‌നേഹിക്കുക.’ എന്നാല്‍ ഇത് സത്യത്തെ ഹനിച്ചുകൊണ്ടാകരുത്. സത്യത്തെ മറിച്ചുകളയുന്ന മാനുഷിക രീതിയില്‍ പരസ്പരം സ്‌നേഹിക്കാതിരിക്കുക. പകരം സത്യത്തില്‍ നടന്നുകൊണ്ട് അന്യോന്യം സ്‌നേഹിക്കുക. തുടര്‍ന്ന് അദ്ദേഹം വഞ്ചകന്മാരെക്കുറിച്ച് വീണ്ടും പറയുന്നു: ”യേശുക്രിസ്തുവിനെ ജഡത്തില്‍ വന്നവന്‍ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ.”

ഒന്നാം അധ്യായത്തിന്റെ 6,7 വാക്യങ്ങളില്‍ മൂന്ന് കാര്യങ്ങള്‍ക്ക് യോഹന്നാന്‍ വീണ്ടും ഊന്നല്‍ നല്‍കുന്നത് ശ്രദ്ധിക്കുക.: ”ദൈവത്തിന്റെ കല്പനകളെ അനുസരിക്കുക; അന്യോന്യം സ്‌നേഹിക്കുക; യേശുക്രിസ്തു ജഡത്തില്‍ വന്നു എന്ന് ഏറ്റു പറയുക.” ഇത്രയും ഹ്രസ്വമായ ഒരു ലേഖനത്തില്‍ പോലും, അദ്ദേഹം ഈ മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ഈ കാര്യങ്ങള്‍ എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നവയാണെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു: ദൈവത്തിന്റെ എല്ലാ കല്പനകളും അനുസരിക്കണമെന്നതും, അന്യോന്യം സ്‌നേഹിക്കണമെന്നുള്ളതും, യേശു ജഡത്തില്‍ വന്നു (ആയതിനാല്‍ അവിടുന്ന് നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു എന്നാല്‍ പാപം ചെയ്തില്ല) എന്നതും നാം ആളുകളെ പഠിപ്പിക്കണം. ഈ കാര്യങ്ങളെ ഏറ്റു പറയാത്ത ഒരുവന്‍ വഞ്ചകനും എതിര്‍ക്രിസ്തുവും ആകുന്നു.

ആത്മനിറവുള്ള ഒരു വിശ്വാസി യേശുക്രിസ്തുവിനെക്കുറിച്ചുള്ള രണ്ട് സത്യങ്ങള്‍ ഏറ്റു പറയും: അവിടുന്ന് പൂര്‍ണ്ണ ദൈവമായിരുന്നു; പൂര്‍ണ്ണ മനുഷ്യനുമായിരുന്നു. 1 കൊരിന്ത്യര്‍ 12:3ല്‍ ഇപ്രകാരം പറയുന്നു: ”പരിശുദ്ധാത്മാവില്‍ അല്ലാതെ യേശു കര്‍ത്താവ് എന്ന് പറയാന്‍ ആര്‍ക്കും കഴികയില്ല.” പഴയ നിയമത്തിലെ കര്‍ത്താവായ യഹോവ യേശുവാകുന്നു. 1 യോഹന്നാന്‍ 4:2-ലും ഇങ്ങനെ പറയുന്നു: ”ദൈവാത്മാവിനെ ഇതിനാല്‍ അറിയാം; യേശുക്രിസ്തു ജഡത്തില്‍ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തില്‍ നിന്നുള്ളത്.” ഈ രണ്ടു സത്യങ്ങളും പ്രധാനപ്പെട്ടവ തന്നെ. എന്നാല്‍ യോഹന്നാന്‍ ഒന്നാമത്തേതിനേക്കാള്‍ രണ്ടാമത്തേതിന് ഊന്നല്‍ നല്‍കുന്നതു ശ്രദ്ധിക്കുക. യേശുക്രിസ്തു പഴയനിയമത്തിലെ യഹോവയായ ദൈവമാണെന്ന് യഥാര്‍ത്ഥ ക്രിസ്ത്യാനികളായവര്‍ എല്ലാവരും അംഗീകരിക്കും.


ജഡത്തില്‍ വന്ന യേശുക്രിസ്തു – നമ്മുടെ ആത്മീയ നിഘണ്ടു


എന്നാല്‍ എല്ലാ ക്രിസ്ത്യാനികളും യേശുക്രിസ്തു ജഡത്തില്‍ വന്നു എന്ന രണ്ടാമത്തെ സത്യത്തിന് വേണ്ടത്ര ഊന്നല്‍ നല്‍കുന്നില്ല. യേശു ‘ജഡത്തില്‍ വന്നു’ എന്നതിന്റെ പരിണത ഫലം അവിടുന്ന് എല്ലാ മേഖലകളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു എന്നതത്രെ (എബ്രാ. 4:15). യേശു നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു എന്ന സത്യം ദുരുപദേശമാണെന്ന് ചിന്തിക്കത്തക്കവണ്ണം ചില ക്രിസ്ത്യാനികള്‍ അന്ധരായി തീര്‍ന്നിരിക്കുന്നു! എന്നാല്‍ യോഹന്നാന്‍ ഇതിനു വിപരീതമായി പറയുന്നു. പരിശുദ്ധാത്മാവിനാല്‍ പ്രചോദനമുണ്ടാകുന്ന ഒരു ക്രിസ്ത്യാനി യേശു ജഡത്തില്‍ വന്നു എന്ന് ഏറ്റു പറയുമെന്ന് അദ്ദേഹം പറയുന്നു; ഇത് ഏറ്റു പറയാത്ത ഒരുവന് എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ഉണ്ടായിരിക്കും – പാപത്തില്‍ തുടര്‍മാനമായി ജീവിക്കുന്ന ആത്മാവ്. എന്നാല്‍ അനേക ക്രിസ്ത്യാനികള്‍ ഈ സത്യത്തില്‍ നിന്നു ബഹുദൂരം വ്യതിചലിച്ച് യേശു ജഡത്തില്‍ വന്നു എന്ന് ഏറ്റു പറയുന്ന ഒരുവനാണ് എതിര്‍ക്രിസ്തുവിന്റെ ആത്മാവുള്ളത് എന്നു ചിന്തിക്കുന്നു! ക്രിസ്തീയ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ ഇപ്രകാരമായിരിക്കുന്നു – കൃത്യമായി ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ആയിരുന്നതുപോലെ തന്നെ.

പിന്മാറ്റത്തിലായിരിക്കുന്ന ക്രിസ്തീയ ലോകത്തോട് ദൈവത്തില്‍ നിന്നുള്ള പ്രവചന ശബ്ദം വിളിച്ചോതുവാന്‍ അവ എന്താണെന്നു നിങ്ങള്‍ക്കറിയാമോ?
യോഹന്നാന്‍ പറയുന്നു:
1) ദൈവത്തിന്റെ കല്പനകള്‍ അനുസരിക്കുക.
2) അന്യോന്യം സ്‌നേഹിക്കുക.
3) യേശു ജഡത്തില്‍ വന്നു എന്ന് ഏറ്റു പറയുക.
നിങ്ങളുടെ ശിഷ്ടകാലം ക്രിസ്ത്യാനികളോട് പ്രസംഗിക്കുവാന്‍ മൂന്ന് ആശയങ്ങളുള്ള മഹത്വകരമായ ഒരു പ്രസംഗമിതാണ്. ഇതില്‍ ആദ്യത്തെ രണ്ടു കാര്യങ്ങളും മൂന്നാമത്തേതിനെ ആശ്രയിച്ചിരിക്കുന്നു.

ഇപ്പോള്‍ ജഡത്തില്‍ വിജയകരമായ ജീവിതം സാധ്യമാണെന്ന് ക്രിസ്തു പ്രദര്‍ശിപ്പിച്ചിരിക്കെ, നമുക്ക് ദൈവകല്പനകള്‍ അനുസരിക്കാതിരിക്കുന്നതിനോ, അന്യോന്യം സ്‌നേഹിക്കാതിരിക്കുന്നതിനോ യാതൊരു ഒഴിവു കഴിവുകളുമില്ല. ഈ രണ്ടു മേഖലകളിലും യേശു നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു. എന്നാല്‍ അവിടുന്ന് പാപം ചെയ്തില്ല. അവിടുന്ന് എല്ലാ ദൈവകല്പനകളും കാക്കുകയും മറ്റുള്ളവരെ സ്‌നേഹിക്കുകയും ചെയ്തു. അതിനാല്‍ എന്തുകൊണ്ട് നമുക്കിത് ചെയ്തുകൂടാ?

വഞ്ചകന്മാര്‍ ക്രിസ്തീയ ഗോളത്തില്‍ ഈ സത്യത്തിനെതിരായി പ്രസംഗിക്കാന്‍ ദൈവം അനുവദിക്കുന്നതെന്തുകൊണ്ടാണ്? ഇതിനാല്‍ ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമുക്കുള്ള വിവേചനത്തിന്റെ കഴിവുകള്‍ മൂര്‍ച്ചയുള്ളവയായി തീരുകയും നാം പക്വതയുള്ളവരായി മാറുകയും ചെയ്യും. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്നും ശരിയായിട്ടുള്ളത് തിരഞ്ഞെടുത്തെഴുതുന്ന ‘മള്‍ട്ടിപ്പിള്‍ ചോയ്‌സ്’ ചോദ്യങ്ങള്‍ ഉള്ള പരീക്ഷകള്‍ ഇപ്പോള്‍ നടത്താറുണ്ടല്ലോ. കൊടുത്തിരിക്കുന്ന ചോദ്യത്തിന് ശരിയായിട്ടുള്ള ഉത്തരം നാല് ഉത്തരങ്ങളില്‍ നിന്നും തിരഞ്ഞെടുത്തെഴുതണം. തന്നിരിക്കുന്നവയില്‍ മൂന്ന് ഉത്തരങ്ങള്‍ തെറ്റായവയായിരിക്കും. ശരിയായ ഉത്തരം തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ വിവേചന ശക്തി കൃത്യതയുള്ളതായി തീരും.

ഒരു ചോദ്യത്തിന് ഒരുത്തരം (ശരിയായ ഉത്തരം) മാത്രമേ തന്നിട്ടുള്ളു എങ്കില്‍, എല്ലാവര്‍ക്കും നൂറു ശതമാനം മാര്‍ക്കു ലഭിക്കും. അങ്ങനെയെങ്കില്‍ ആര്‍ക്കാണ് വിവേചന ശക്തിയുള്ളതെന്നും ഇല്ലാത്തതെന്നും മനസ്സിലാക്കാന്‍ പരിശോധകന് കഴിയുകയില്ല. ഊര്‍ജ്ജതന്ത്രത്തിലും, രസതന്ത്രത്തിലും ശരിയായിട്ടുള്ള ഉത്തരം തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ ഈ വിഷയങ്ങള്‍ നന്നായി അറിഞ്ഞിരിക്കേണ്ടത് ആവശ്യമായിരിക്കുന്നു. ഇതുപോലെ സഭകളിലും ദൈവം വഞ്ചന അനുവദിക്കുന്നു. ഏതു വിഷയത്തെക്കുറിച്ച് ആണെങ്കിലും ക്രിസ്തീയ ലോകത്തില്‍ നൂറു വിധത്തിലുള്ള പഠിപ്പിക്കലുകള്‍ ഉണ്ട്. ഇവയില്‍ ഒന്നു മാത്രമാണ് ശരിയായിട്ടുള്ളത്. മറ്റുള്ള 99 എണ്ണവും തെറ്റായിട്ടുള്ളവയാണ്. ”ശരിയായിട്ടുള്ളത് തിരഞ്ഞെടുക്കുക” എന്നു കര്‍ത്താവ് പറയുന്നു. 99 തെറ്റായ പഠിപ്പിക്കലുകളില്‍ പലതും ശരിയായവ എന്ന് തോന്നിപ്പോകും. എന്നാല്‍ വിവേചന ശക്തിയുള്ളവന്‍ അവയെല്ലാം തെറ്റാണെന്ന് തിരിച്ചറിയും. 2 തെസ്സലോനിക്യര്‍ 2:10,11-ല്‍ നാം വായിക്കുന്നതുപോലെ സത്യത്തെ സ്‌നേഹിക്കുന്നവന്‍ വഞ്ചിക്കപ്പെടുകയില്ല.

യേശു ജഡത്തില്‍ വന്നു എന്നതും അതിനാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന ഫലവും നിങ്ങള്‍ കാണുന്നുവെങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടുകയില്ല. വ്യക്തിപരമായി അനേക വഞ്ചനകളില്‍ നിന്നും ഈ വിധത്തില്‍ ഞാന്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം തരാം: രോഗസൗഖ്യമുണ്ടെന്ന് അവകാശപ്പെടുന്ന അനേകം പ്രസംഗകര്‍ ഇന്നുണ്ട്. ഒരു പ്രസംഗകനും അദ്ദേഹത്തിന്റെ രോഗസൗഖ്യ മാര്‍ഗ്ഗവും ദൈവത്തില്‍ നിന്നുള്ളവയാണോ അല്ലയോ എന്നു നമുക്കെങ്ങനെ അറിയാന്‍ കഴിയും? അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ നമുക്കറിവുണ്ടാകുകയില്ല. അദ്ദേഹത്തെ നാം വേദപുസ്തകത്തിലെ വാക്യങ്ങള്‍ നിരത്തി പരിശോധിക്കേണ്ടതില്ല. ”യേശു ജഡത്തില്‍ വന്നു” എന്ന പരിശോധന മാത്രം മതി. ജഡത്തില്‍ വന്ന യേശു രോഗികളായ അനേകായിരം പേരെ സൗഖ്യമാക്കി. ആ പ്രസംഗകനെയും ജഡത്തില്‍ വന്ന യേശുവിനെയും താരതമ്യം ചെയ്തു നോക്കുക. അദ്ദേഹം ദൈവത്തില്‍ നിന്നുള്ളവനോ അല്ലയോ എന്ന് ഉടനടി നിങ്ങള്‍ക്കറിയാന്‍ കഴിയും.

ഉദാഹരണമായി അദ്ദേഹത്തിന്റെ കൂടിവരവുകളില്‍ പണം സ്വരൂപിക്കാനാണ് അദ്ദേഹത്തിന്റെ താത്പര്യമെങ്കില്‍ അദ്ദേഹം ദൈവത്തില്‍ നിന്നുള്ളവനാണോ അതോ വഞ്ചകനാണോ? യേശു ജഡത്തിലായിരുന്നപ്പോള്‍ തനിക്കായോ തന്റെ ശുശ്രൂഷയ്ക്കായോ ജനങ്ങളില്‍ നിന്നും പണം സ്വരൂപിക്കാന്‍ യേശു താല്പര്യപ്പെട്ടിരുന്നോ? ഒരിക്കലുമില്ല. അങ്ങനെയെങ്കില്‍ ഏതെല്ലാം അത്ഭുത സത്യങ്ങള്‍ അദ്ദേഹം പ്രസംഗിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ആളുകള്‍ക്ക് അദ്ദേഹത്തിന്റെ യോഗങ്ങളില്‍ സൗഖ്യം ലഭിച്ചുവെങ്കിലും അദ്ദേഹം വഞ്ചകനായ ഒരു പ്രസംഗകനാണെന്ന് ഉടനെ തന്നെ നമുക്ക് അറിയാന്‍ കഴിയും.

അല്ലെങ്കില്‍ മറ്റൊരു പ്രസംഗകന്‍ പഴയ നിയമത്തിലെ ആവര്‍ത്തന പുസ്തകം 28:11 അടിസ്ഥാനമാക്കി ഇങ്ങനെ പ്രസംഗിക്കുന്നുവെന്നിരിക്കട്ടെ: ”നിങ്ങള്‍ യഥാര്‍ത്ഥമായും ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ ധനപരമായി സമ്പന്നനായി തീരും.” യേശുവിനും ആവര്‍ത്തനം 28:11 അറിയാമായിരുന്നു. ജഡത്തില്‍ വന്ന യേശു ഒരിക്കലെങ്കിലും ഈ വാക്യത്തില്‍ നിന്ന് ധനപരമായ അഭിവൃദ്ധി തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചുവോ? ‘ഇല്ല’ എന്നു തന്നെയാണ് ഇതിനുത്തരം. അങ്ങനെയെങ്കില്‍ ഈ പ്രസംഗകനും വഞ്ചകനാണെന്ന് ഉടനടി നിങ്ങള്‍ക്ക് വിവേചിക്കാനാകും. യേശു ജഡത്തില്‍ വന്നു എന്നു നിങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞുവെങ്കില്‍ ഒരു വഞ്ചകനും നിങ്ങളെ കബളിപ്പിക്കുവാന്‍ കഴിയുകയില്ല എന്നു സാരം.

”യേശുക്രിസ്തു ജഡത്തില്‍ അവതരിച്ചു” എന്നത് ഇപ്പോള്‍ നമ്മുടെ ആത്മീയ നിഘണ്ടുവായി തീരണം. ഇതുകൊണ്ട് എന്താണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്? ഇംഗ്ലീഷ് ഭാഷയില്‍ ഒരു വാക്കിന്റെ അര്‍ത്ഥം നമുക്ക് അറിയില്ല എന്നു വരികില്‍ നാം ഒരു നിഘണ്ടു എടുത്ത് ആ വാക്കിന്റെ അര്‍ത്ഥം പരിശോധിക്കും. ആ വാക്കിന്റെ അര്‍ത്ഥം മറ്റൊന്നാണെന്ന് നാം ചിന്തിച്ചിരുന്നിരിക്കാം. എന്നാല്‍ നിഘണ്ടുവിലുള്ളതാണ് ശരിയായത് എന്ന് എല്ലായ്‌പ്പോഴും നാം അംഗീകരിക്കും. ഈ തത്ത്വം ക്രിസ്തീയ ജീവിതത്തിലും നാം ഉപയോഗിക്കുന്നു. ഉദാഹരണമായി ‘പരിശുദ്ധാത്മ ശക്തി’യുടെ പേരില്‍ അനേക കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത് ഇന്ന് നാം കാണുന്നു. ഏതാണ് ശരിയായത്, ഏതാണ് തെറ്റായത് എന്ന് നമുക്കറിയില്ല. നമുക്ക് ആത്മീയ നിഘണ്ടു പരിശോധിക്കാം: ”യേശു, വചനം ജഡമായി തീര്‍ന്നു.” യേശു ജഡത്തിലായിരുന്നപ്പോള്‍ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ നാല് സുവിശേഷങ്ങളിലും നാം കാണുന്നു. അതുകൊണ്ട് ഇന്ന് ആളുകള്‍ മറിഞ്ഞുവീഴുകയും, അട്ടഹസിക്കുകയും, സിംഹങ്ങളെപ്പോലെ അലറുകയും, പട്ടികളെപ്പോലെ കുരയ്ക്കുകയും ചെയ്ത് ഇവയെല്ലാം പരിശുദ്ധാത്മാവിന്റെ വെളിപ്പെടലാണെന്ന് പറയുമ്പോള്‍ നാം ആശയക്കുഴപ്പത്തില്‍ ആകേണ്ടതില്ല. നമുക്ക് ജഡത്തില്‍ വെളിപ്പെട്ട യേശു നിലത്തു കിടന്നുകൊണ്ട് കാലുകള്‍ വായുവില്‍ ഉയര്‍ത്തി തൊഴിക്കുകയും, അട്ടഹസിക്കുകയും, സിംഹത്തെപ്പോലെ അലറുകയും ഈ വക കാര്യങ്ങള്‍ ചെയ്തിരുന്നോ എന്നു നോക്കാം. ഒരിക്കലും ഇല്ല. അങ്ങനെയെങ്കില്‍ ഈ വിധത്തിലുള്ള ‘വെളിപ്പെടലുകള്‍’ പരിശുദ്ധാത്മാവില്‍ നിന്നല്ലെന്ന് നമുക്ക് ഉടനെ മനസ്സിലാക്കാം. ഒന്നാം നൂറ്റാണ്ടില്‍ മിക്ക ക്രിസ്ത്യാനികള്‍ക്കും ഒരു ബൈബിള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പരിശുദ്ധാത്മാവില്‍ നിറയപ്പെട്ടവര്‍ക്ക് ആത്മാവ് യേശുവിനെ വെളിപ്പെടുത്തി നല്‍കിയിരുന്നു. അതിനാല്‍ അവര്‍ക്ക് ദുരുപദേശങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നു.


ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനില്‍ക്കുക


8-ാം വാക്യത്തില്‍ യോഹന്നാന്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു: ”ഉണര്‍ന്നിരുന്ന് നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്‍വിന്‍.” ക്രിസ്തീയ ലോകത്ത് ഇന്നുള്ള വഞ്ചനകളാല്‍ വഴിതെറ്റി നിങ്ങള്‍ക്കുള്ള മുഴു പ്രതിഫലവും നഷ്ടമാകാതിരിപ്പാന്‍ കരുതലുള്ളവരായിരിക്കുക. ദൈവകൃപയാല്‍ ഞാന്‍ കഴിഞ്ഞ നാല്പത് വര്‍ഷങ്ങളില്‍ കൂടുതല്‍ ഇന്ത്യയില്‍ കര്‍ത്താവിനെ സേവിക്കുകയും കര്‍ത്താവ് സഭകള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. യേശു ജഡത്തില്‍ വന്ന് എന്നെപ്പോലെ പരീക്ഷിതനായി പാപം ചെയ്യാതെയിരുന്നു എന്ന ഈ സത്യം എന്നെ ഈ വര്‍ഷങ്ങളിലെല്ലാം നയിക്കുകയും സൂക്ഷിക്കുകയും ചെയ്തു എന്ന് ഒരു മടിയും കൂടാതെ എനിക്ക് പറയാന്‍ കഴിയും.

യേശുവിനെ നോക്കി അവിടുത്തെ മാതൃക പിന്തുടരാം. എന്നാല്‍ നിങ്ങള്‍ ഒരിക്കലും വഞ്ചിക്കപ്പെട്ടു പോകുകയില്ല. നിങ്ങള്‍ വഞ്ചകരായ പ്രസംഗകരെ വിമര്‍ശിക്കുകയും വിധിക്കുകയും ചെയ്യേണ്ടതില്ല. അവരെ വിട്ടേക്കുക. ഒരുനാള്‍ ദൈവം അവരെയെല്ലാം വിധിച്ചുകൊള്ളും. കുരുടരായവരെ നയിക്കുന്ന കുരുടരായ നേതാക്കളാണിവര്‍. അവരും അവരുടെ അനുയായികളും അന്ത്യത്തില്‍ കുഴിയിലായിരിക്കും എത്തിപ്പെടുക. അതുകൊണ്ട് അവരെ വിധിക്കരുത്. അവരെ അനുഗമിക്കയുമരുത്.

1:9-ല്‍ യോഹന്നാന്‍ മുന്നറിയിപ്പ് നല്‍കുന്നു: ”ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനില്ക്കാതെ അതിര്‍ കടന്നു പോകുന്ന ഒരുത്തനും…” ഇത് യേശു പഠിപ്പിച്ചതിനും ദൈവവചനം പഠിപ്പിക്കുന്നതിനും അപ്പുറമായി പോകുന്നവരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇവിടെ ഒരു ഉദാഹരണം കാണാം. ‘യേശു പാപജഡത്തില്‍ വന്നു എന്നല്ല പാപജഡത്തിന്റെ സാദൃശ്യത്തില്‍ മാത്രമാണ് വന്നതെന്ന്’ ബൈബിള്‍ പറയുന്നു (റോമ. 8:3). എന്നാല്‍ മടയന്‍മാരായ ചില ക്രിസ്ത്യനികള്‍ ഈ പ്രമാണത്തോടുള്ള വ്യാജമായ ഉത്സാഹം നിമിത്തം അതിര്‍ കടന്നുപോയി ഇങ്ങനെ പറയുന്നു: ‘യേശു നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനെങ്കില്‍ യേശുവിന് പാപകരമായ ആസക്തികള്‍ ഉള്ള ഒരു ജഡമായിരുന്നു ഉണ്ടായിരുന്നത്.’ മനഃശാസ്ത്രജ്ഞന്‍മാരേപ്പോലെ ഇവര്‍ യേശുവിന്റെ ആന്തരിക ജീവിതം വിശകലനം ചെയ്യാന്‍ ശ്രമിക്കുകയും (നമുക്കാര്‍ക്കും ഇത് ചെയ്യാന്‍ കഴിയുകയില്ല) അതു നിമിത്തം തെറ്റായ ഉപദേശങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഇവര്‍ യഹോവയുടെ പെട്ടകത്തിലേക്ക് നോക്കി ദൈവത്തോടുള്ള അനാദരവ് നിമിത്തം കൊല്ലപ്പെട്ട ബേത്ത്-ശെമെശ്യരെപ്പോലെയുള്ളവരാകുന്നു

(1 ശമു. 6:19). ഇങ്ങനെയുള്ളവര്‍ക്ക് ”ദൈവമില്ല” എന്ന് യോഹന്നാന്‍ പറയുന്നു. തിരുവചനത്തിന്റെ അതിര്‍ത്തിയില്‍ നാം നമ്മെ പരിമിതപ്പെടുത്തണം. ”മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ… നമുക്കുള്ളവയാകുന്നു” (ആവര്‍ത്തനം 29:28). നമുക്ക് വെളിപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ നാം നമ്മെത്തന്നെ പരിമിതപ്പെടുത്തി നിര്‍ത്തണം. അതിരുകടന്ന ആത്മീയതയുള്ളവരായിരിക്കാതെ നമുക്ക് ശ്രദ്ധിക്കാം.

1:10,11-ല്‍ യോഹന്നാന്‍ പറയുന്നു: ”ഒരുവന്‍ ഈ ഉപദേശവും കൊണ്ടല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നുവെങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുത്; അവനു കുശലം പറയുകയുമരുത്. അവനു കുശലം പറയുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികള്‍ക്കു കൂട്ടാളിയല്ലോ.” സ്‌നേഹത്തിന്റെ അപ്പൊസ്തലന്‍ അതിശക്തമായി ഭാഷയില്‍ ദുരുപദേഷ്ടക്കന്‍മാര്‍ക്കെതിരെ സംസാരിക്കുന്നു. ദുരുപദേശക്കാരായ ‘യഹോവയുടെ സാക്ഷികള്‍’ യേശു ദൈവമല്ല ഒരു സൃഷ്ടി മാത്രമാണെന്നു പരസ്യമായി പ്രഖ്യാപിക്കുന്നു. അവര്‍ രണ്ടുപേര്‍ വീതം വീടുകള്‍ തോറും കയറിയിറങ്ങി അനേക സ്ഥലങ്ങളില്‍ ആളുകളെ വഞ്ചിക്കുന്നു. അവരെ വീട്ടില്‍ സ്വീകരിക്കുകയോ ”ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്നു പറഞ്ഞ് അവരെ വന്ദനം ചെയ്യുകയോ അരുതെന്ന് യോഹന്നാന്‍ പറയുന്നു. കാരണം യേശുവിനെ അനാദരിക്കുന്നവരെ അനുഗ്രഹിക്കാന്‍ ദൈവത്തിന് കഴിയില്ല. ആരെങ്കിലും അവരെ വന്ദനം ചെയ്താല്‍ അവര്‍ അവരുടെ ദുഷ്പ്രവൃത്തികള്‍ക്ക് കൂട്ടാളികളാകുന്നുവെന്ന് യോഹന്നാന്‍ പറയുന്നു. അതുകൊണ്ട് ഇങ്ങനെയുള്ള വഞ്ചകന്മാരോട് അതിഥി സല്‍ക്കാരം കാണിക്കുന്നത് ക്രിസ്തീയ സ്‌നേഹമാണെന്ന് ചിന്തിക്കേണ്ടതില്ല.

ഈ വഞ്ചനയുടെ നാളുകളില്‍ കര്‍ത്താവിനോട് കലര്‍പ്പില്ലാതെ നില്‍ക്കുക.