അധ്യായം 0:ആമുഖം
ആത്മിയനേതൃത്വം ആണ് ഇന്‍ഡ്യന്‍സഭകളിലെ അടിയന്തരമായ ആവശ്യം. ഒരു കൂട്ടം ക്രിസ്തീയപ്രവര്‍ത്തകര്‍ക്കും ബൈബിള്‍ കോളജ് അദ്ധ്യാപകര്‍ക്കും സഭാശുശ്രൂഷകന്മാര്‍ക്കും നല്‍കിയ തുടര്‍സന്ദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം
ആയാസരഹിതമായ വായനയ്ക്കായി ഈ സന്ദേശങ്ങള്‍ പ്രസംഗരൂപത്തില്‍ തന്നെ നല്‍കിയിരിക്കുന്നു. ഈ പുസ്തകത്തിലൂടെ ദൈവം നിങ്ങളോട് സംവദിക്കട്ടെ. ഇളംതലമുറയ്ക്ക് അനുകരണീയനായ ഉത്തമ ദൈവഭൃത്യനും യഥാര്‍ത്ഥ ആത്മീയനേതാവുമാകുവാന്‍ നിങ്ങളുടെ ഹൃദയം വെല്ലുവിളിക്കപ്പെടട്ടെ.
അധ്യായം 1:ദൈവവത്താല്‍ വിളിക്കപ്പെട്ടവന്‍
ക്രിസ്തീയ മണ്ഡലത്തിലെ നേതൃത്വത്തെക്കുറിച്ചു നാം ഇന്ന് ധാരാളം കേള്‍ക്കുന്നുണ്ട്. നിങ്ങള്‍ ആ നിലയില്‍ ഒരു ആത്മീയ നേതൃത്വത്തിലേക്ക് വരുന്നവനാണോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്; മനസ്സിലാക്കിയിരിക്കേണ്ട ചില സത്യങ്ങളുണ്ട്. ആ സത്യങ്ങളില്‍ സുപ്രധാനമായ ഒന്നിനെക്കുറിച്ചു നമുക്കു ചിന്തിക്കാം.
ഒരു ആത്മീയനേതാവ് പ്രഥമമായും പ്രധാനമായും ദൈവത്താല്‍ അക്കാര്യത്തിനായി വിളിക്കപ്പെട്ട ഒരു വ്യക്തി ആയിരിക്കും. ആ വേല തന്റെ തൊഴില്‍ എന്ന നിലയ്ക്കല്ല തന്റെ നിയോഗം എന്ന നിലയിലായിരിക്കും അയാള്‍ ചെയ്യുക.
ആര്‍ക്കും സ്വയം ഒരു ആത്മീയ നേതാവായി അവരോധിക്കാന്‍ കഴിയുകയില്ല. ”അയാള്‍ ദൈവത്താല്‍ വിളിക്കപ്പെടേണ്ടിയിരിക്കുന്നു” (എബ്രാ. 5:4 ലിവിംഗ്). ഇതുമാറ്റാന്‍ കഴിയാത്ത ഒരു പ്രമാണമാണ്. അടുത്ത വാക്യത്തില്‍ പറയുന്നു യേശുവും മഹാപുരോഹിതന്‍ എന്ന സ്ഥാനം സ്വതവെ എടുത്തിട്ടില്ല എന്ന്. പിതാവ് അവിടുത്തെ നിയമിക്കയായിരുന്നു. യേശുവിനെ സംബന്ധിച്ച് ഇത് അപ്രകാരമായിരുന്നുവെങ്കില്‍ നമുക്ക് ഇത് എത്രയധികം ആവശ്യമായിരിക്കുന്നു.
ഇന്ന് ഇന്‍ഡ്യയില്‍ സംഭവിച്ചിരിക്കുന്ന വലിയ ദുരന്തം ക്രിസ്തീയ വേലക്കാരില്‍ ഏറിയപങ്കും ഉപജീവനത്തിനുവേണ്ടി ആ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നതാണ്. അത് അവര്‍ക്ക് ഒരു തൊഴിലാണ്. ദൈവം അവരെ നിയോഗിച്ചതല്ല.
തൊഴിലും നിയോഗവും തമ്മില്‍ വലിയ അന്തരമുണ്ട്. ഞാന്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു വിശദീകരിക്കട്ടെ. ആശുപത്രിയിലായിരിക്കുന്ന ഒരു കുട്ടിയെ അവിടെ എട്ടുമണിക്കൂര്‍ ഡ്യൂട്ടിയിലായിരുന്ന നഴ്‌സ് തന്റെ ഡ്യൂട്ടി സമയത്ത് ശുശ്രൂഷിക്കുന്നു. അതിനുശേഷം അവള്‍ തന്റെ വീട്ടിലേക്ക് പോവുകയും ആ കുട്ടിയെ സംബന്ധിച്ച് കാര്യങ്ങള്‍ വിസ്മരിക്കുകയും ചെയ്യുന്നു. ആ കുട്ടിയെ സംബന്ധിച്ച് അവള്‍ക്കുള്ള പരിഗണന വെറും എട്ടുമണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ളതാണ്. ശേഷമുള്ള സമയം സ്വന്തമായുള്ള നിരവധി കാര്യങ്ങള്‍ക്കുവേണ്ടി അവള്‍ വിനിയോഗിക്കുന്നു. അവള്‍ സിനിമയ്ക്കു പോവുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്നു. അടുത്തദിവസം വീണ്ടും തന്റെ ഡ്യൂട്ടിയില്‍ പ്രവേശിക്കും വരെ ആ കുട്ടിയെക്കുറിച്ച് ചിന്തിക്കുവാന്‍ അവള്‍ക്ക് ബാധ്യതയില്ല. എന്നാല്‍ ആ കുട്ടിയുടെ അമ്മയ്ക്ക് ഇത്തരം സമയ പരിധികളൊന്നുമില്ല. തന്റെ കുട്ടി രോഗിയായിക്കഴിഞ്ഞാല്‍ അവള്‍ക്ക് സിനിമയ്ക്കും ടി.വിയ്ക്കും വേണ്ടി സമയം നീക്കിവെയ്ക്കാനാവില്ല. ഇതാണ് ഒരു തൊഴിലും വിളിയും തമ്മിലുള്ള വ്യത്യാസം. ഈ ദൃഷ്ടാന്തം നല്‍കുന്ന പാഠം ഉള്‍ക്കൊണ്ടുകൊണ്ട് നിങ്ങളുടെ ശുശ്രൂഷയെ വിലയിരുത്തുക. നിങ്ങള്‍ ഒരു അമ്മയോ അതോ നഴ്‌സോ?
1 തെസ്സ. 2:7,8 പൗലോസ് പറയുന്നു: ”ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റും പോലെ ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ആര്‍ദ്രതയുള്ളവരായിരുന്നു. ഇങ്ങനെ ഞങ്ങള്‍ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങള്‍ക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാന്‍ മാത്രമല്ല, നിങ്ങള്‍ ഞങ്ങള്‍ക്കു പ്രിയരാകയാല്‍ ഞങ്ങളുടെ പ്രാണനുംകൂടെ വച്ചുതരുവാന്‍ ഒരുക്കമായിരുന്നു.”
പൗലോസ് സുവിശേഷം മാത്രമല്ല സ്വന്തം പ്രാണനുംകൂടെ അവര്‍ക്കു നല്‍കുകയായിരുന്നു. ഇപ്രകാരമല്ലാത്ത ഒരു ശുശ്രൂഷയും ക്രിസ്തീയ ശുശ്രൂഷ അല്ല. ദൈവം വിളിച്ചു എന്നതുകൊണ്ടാണ് പൗലോസിന് അപ്രകാരം ശുശ്രൂഷിക്കുവാന്‍ കഴിഞ്ഞത്. അദ്ദേഹം അതിനെ ഒരു തൊഴിലായി കണ്ടില്ല.
ദൈവത്തെ സേവിക്കുക അത്ഭുതകരമായ കാര്യം തന്നെയാണ്. ലോകത്തിലെ ഏറ്റവും മഹത്തായ കാര്യവും അതുതന്നെ. ഇന്ത്യന്‍ നേവിയില്‍ ഒരു ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ 1964 മെയ് 6ന് ദൈവം എന്നെ ഒരു മുഴുസമയ വേലക്കാരനായി വിളിച്ചു. ഞാന്‍ എന്റെ രാജിക്കത്ത് ഉടന്‍തന്നെ അധികാരികള്‍ക്ക് സമര്‍പ്പിച്ചു. എന്നാല്‍ യിസ്രായേല്യരെ വിട്ടയക്കാന്‍ മോശ ഫറവോനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ സംഭവിച്ചതുപോലെയായിരുന്നു കാര്യങ്ങള്‍. ഇന്ത്യന്‍ നേവി എന്നെ വിട്ടയക്കാന്‍ ഒരുക്കമായിരുന്നില്ല. രണ്ടു വര്‍ഷത്തെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്കും നിവേദനങ്ങള്‍ക്കും ശേഷം ദൈവത്തിന്റെ തക്ക സമയത്ത് ഞാന്‍ അത്ഭുകരമായി വിട്ടയക്കപ്പെട്ടു.
എന്റെ ജീവിതത്തിന്റെ വ്യത്യസ്തതയത്രയും ദൈവത്താല്‍ വിളിക്കപ്പെട്ടു എന്നതിലാണ്.
ഒന്നാമതായി, ആളുകള്‍ എന്നെക്കുറിച്ചും എന്റെ ശുശ്രൂഷയെക്കുറിച്ചും എന്തു പറയുന്നു എന്നത് എന്നെ ബാധിക്കുന്നില്ല. കാരണം, ഞാന്‍ ഉത്തരം പറയാന്‍ ബാദ്ധ്യസ്ഥനായിരിക്കുന്നത് എന്റെ യജമാനനോട് മാത്രമാണ്.
രണ്ടാമതായി, എന്റെ ശുശ്രൂഷയിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും എന്നോടൊപ്പം നില്‍ക്കുവാനും കൃപ തരുവാനും ഞാന്‍ ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നു.
മൂന്നാമതായി, എനിക്ക് എന്തെങ്കിലും സഹായം ലഭിക്കുന്നുണ്ടോ ഇല്ലയോ, എനിക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നതു ഞാന്‍ ഒരിക്കലും ഗണ്യമാക്കാറില്ല. ഭക്ഷണവും സഹായവും കിട്ടുന്നുണ്ടെങ്കില്‍ നല്ലതുതന്നെ. ഒന്നും ലഭിക്കുന്നില്ലെങ്കിലും അതും നല്ലതുതന്നെ എന്നു ഞാന്‍ വിചാരിക്കുന്നു. ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്ക് ശുശ്രൂഷ ചെയ്യാതിരിക്കാന്‍ കഴിയില്ല. പ്രതിഫലം ലഭിച്ചാലും ഇല്ലെങ്കിലും.
എന്റെ വിളിയില്‍നിന്നും എനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഞാന്‍ ശമ്പളത്തിനു നിയോഗിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥനല്ല. ഭക്ഷണവും ശമ്പളവും ലഭിക്കുന്നില്ലെങ്കില്‍ അത്തരം ഒരു വ്യക്തി ജോലി നിര്‍ത്തിവയ്ക്കും. മുമ്പെ നാം ശ്രദ്ധിച്ച ആ നഴ്‌സ് ശമ്പളം കിട്ടാതായാല്‍ തന്റെ ശുശ്രൂഷ മുടക്കിക്കളയും. എന്നാല്‍ അമ്മയ്ക്ക് അങ്ങനെ ചെയ്യുവാന്‍ കഴിയില്ല. അവള്‍ക്കു ശമ്പളമില്ലല്ലോ. ഭക്ഷണമോ ശമ്പളമോ ലഭ്യമല്ലെങ്കിലും ഒരു അമ്മയ്ക്കും തന്റെ മക്കളെ ശുശ്രൂഷിക്കുന്നതു വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ല. കര്‍ത്താവിന്റെ അപ്പോസ്‌തോലന്മാര്‍ കര്‍ത്താവിനെ സേവിച്ചത് അപ്രകാരമായിരുന്നു.ദൈവത്താല്‍ വിളിക്കപ്പെടുക എന്നത് എത്ര മഹത്തരം!
കര്‍ത്താവിന്റെ വേലയെ നിങ്ങള്‍ ഒരു തൊഴിലായി കാണുന്നു എങ്കില്‍ ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും അത് നിറവേറ്റാന്‍ കഴിയില്ല. അതിനു വിളി തന്നെ വേണം. ലോകത്തിലുള്ള മറ്റ് ഏതൊരു ജോലിയും ഒരു തൊഴിലായി സ്വീകരിക്കാന്‍ സാധ്യമാണ്. എന്നാല്‍ ഒരു പിതാവിന്റെ, മാതാവിന്റെ ദൈവഭൃത്യന്റെ ശുശ്രൂഷ അപ്രകാരം ചെയ്യുവാന്‍ സാധ്യമല്ല. ഇതെല്ലാം ഓരോ നിയോഗങ്ങളാണ്. പൗലോസ് കൊരിന്ത്യരോട് പറയുന്നതു ശ്രദ്ധിക്കുക: ക്രിസ്തുവില്‍ അവര്‍ക്കു പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാവ് ഒന്നേയുള്ളു. (1 കൊരി. 4:15). തന്റെ ആട്ടിന്‍കൂട്ടത്തിനു പൗലോസ് ഒരു പിതാവും മാതാവും എല്ലാം ആയിരുന്നു. അദ്ദേഹത്തിന്റേത് ഒരു തൊഴിലായിരുന്നില്ല, ഒരു വിളി ആയിരുന്നു. ‘നീ ഈ പൈതലിനെ കൊണ്ടുപോയി എനിക്കുവേണ്ടി വളര്‍ത്തേണം ഞാന്‍ നിനക്കു ശമ്പളം തരാം.’ (പുറ. 2:9)എന്റെ ജഡത്തില്‍നിന്നു ജനിച്ച മക്കളെ കുറിച്ചു ദൈവം ആദ്യം അങ്ങനെ കല്പിച്ചു. പിന്നീട് എന്റെ ആത്മീയ മക്കളെക്കുറിച്ചും അപ്രകാരം കല്പിച്ചു. ദൈവത്തിന്റെ മക്കളെ നാം കരുതുമ്പോള്‍ നമുക്കു പ്രതിഫലം തരുന്നത് അവിടുന്നാണ്, മനുഷ്യരല്ല. നാം മനുഷ്യരെ സേവിക്കുമ്പോള്‍ ശമ്പളത്തിനുവേണ്ടി നമുക്കു മനുഷ്യരിലേക്കു നോക്കാം. എന്നാല്‍ നാം ദൈവത്തെ സേവിക്കുമ്പോള്‍ പ്രതിഫലത്തിനായി നമുക്കു ദൈവത്തിലേക്കു നോക്കാം. നമ്മുടെ ആവശ്യങ്ങളെ അനുയോജ്യമായ രീതിയില്‍ അവിടുന്നു നിറവേറ്റും. ഓരോ സമയത്തും നമുക്ക് എത്ര ലഭിക്കണമെന്നുകൂടി അവിടുന്നു തന്നെ തീരുമാനിക്കട്ടെ. ദൈവത്തിന്റെ യഥാര്‍ത്ഥ ഭൃത്യന് ദൈവികമായ ഒരു മാന്യതയുണ്ട്.
സഭയിലെ അംഗങ്ങളെക്കുറിച്ച് ഒരു മൂപ്പന്‍ എന്ന നിലയ്ക്ക് വേണ്ടത്ര ഉത്തരവാദിത്വബോധം നിങ്ങള്‍ക്ക് ഉണ്ടാകാതെയിരിപ്പാന്‍ സാധ്യതയുണ്ട്. എല്ലാ ഞായറാഴ്ചയും പതിവായി തിരുവചനം പഠിക്കുന്നുണ്ട് എന്ന കാര്യത്തില്‍ നിങ്ങള്‍ തൃപ്തനായിരിക്കാം. എന്നാല്‍ കര്‍ത്താവിന്റെ മടങ്ങിവരവില്‍ നിങ്ങളുടെ ഈ ഭൂമിയിലെ പ്രയത്‌നമത്രയും കത്തിപ്പോകുന്ന വെറും മരം, പുല്ല്, വൈക്കോല്‍ മാത്രമാണെന്ന തിരിച്ചറിവില്‍ നിങ്ങള്‍ അമ്പരന്നു പോയേക്കാം. (1കൊരി. 3:12,13). അതെത്ര വലിയ ദുരന്തമായിരിക്കുമെന്ന് ചിന്തിക്കുക. ഈ മുന്നറിയിപ്പിനെ നിങ്ങള്‍ ഇപ്പോള്‍തന്നെ ഗൗരവമായി പരിഗണിക്കുമെങ്കില്‍ കര്‍ത്താവിന്റെ ന്യായാസനത്തിങ്കല്‍ നിങ്ങള്‍ക്കുണ്ടായേക്കാവുന്ന ദുഃഖം ലഘൂകരിക്കാന്‍ കഴിഞ്ഞേക്കും.
നാം ഈ ഭൂമിയില്‍ ജീവിക്കയും കര്‍ത്താവിനെ സേവിക്കയും ചെയ്ത കാര്യത്തില്‍ നമുക്കെല്ലാം അവിടുത്തെ ന്യായാസനത്തിങ്കല്‍ ഓരോ അളവില്‍ ഖേദിക്കേണ്ടിവരും. എന്നാല്‍ നാം ഇപ്പോഴേ സ്വയം വിധിക്കുന്നുവെങ്കില്‍ നമ്മുടെ ദുഃഖത്തിന്റെ അളവിനെ കുറയ്ക്കാന്‍ കഴിയും. ആ ദിവസത്തിന്റെ വെളിച്ചത്തിലായിരിക്കണം നാം നമ്മുടെ പ്രവൃത്തികളെ കാണേണ്ടതും വിലയിരുത്തേണ്ടതും.
”ഈ കുഞ്ഞുങ്ങളെ കൊണ്ടുപോയി എനിക്കുവേണ്ടി വളര്‍ത്തണം.” എന്നു കര്‍ത്താവു പറയുന്നു. ”എനിക്കുവേണ്ടി വളര്‍ത്തണം. ഞാന്‍ നിനക്കു ശമ്പളം തരാം.” ഈ ശമ്പളം ധനത്തിന്റെ മാനദണ്ഡത്തിലായിരിക്കില്ല. ഞാന്‍ വിശ്വസിക്കുന്നത് കര്‍ത്താവ് നമ്മുടെ ഭൗമിക ആവശ്യങ്ങള്‍ക്ക് വേണ്ടിയും കരുതുന്നവന്‍ ആണ്. നമ്മുടെ അന്നന്നത്തെ ആഹാരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അവിടുന്നു പഠിപ്പിച്ചു. സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കേണം എന്നും കല്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നേ നമ്മുടെ ഉപജീവന കാര്യങ്ങള്‍ക്കുവേണ്ടി കര്‍ത്താവ് കരുതലുള്ളവന്‍തന്നെയാണ്. എന്നാല്‍ അതിനൊക്കെ അതീതമായ ഒരു വലിയ ആത്മീയ പ്രതിഫലം കര്‍ത്താവു വച്ചിരിക്കുന്നു.
തെസ്സലോനിക്യയിലെ ക്രിസ്ത്യാനികളോട് കര്‍ത്താവിന്റെ പ്രത്യക്ഷതയില്‍ തന്റെ മഹത്വവും സന്തോഷവും പ്രശംസാകിരീടവും അവരാണെന്നു പൗലോസ് പറയുന്നു. (1തെസ്സ. 2:19)ഒരു പിതാവ് തന്റെ മക്കളില്‍ സന്തോഷിക്കുന്നതുപോലെ അദ്ദേഹം അവരില്‍ സന്തോഷിച്ചിരുന്നു.
ഒരിക്കല്‍ വെറും പ്രാകൃതരായ മനുഷ്യരായി തന്റെ സഭയിലേക്കു വന്നവര്‍ ആത്മീയരായ ദൈവമനുഷ്യരായി വളരുന്നതു കാണുമ്പോള്‍ ആത്മീയ പിതാവായ മൂപ്പന് സന്തോഷം ഉണ്ടാകും. ഒരു പാറക്കഷണത്തെ മനോഹരമായ ഒരു രൂപമാക്കി മാറ്റുന്ന ഒരു ശില്പിയുടെ സന്തോഷം പോലെയാണത്. അനേകമാസങ്ങള്‍, ചിലപ്പോള്‍ വര്‍ഷങ്ങള്‍ പോലുമോ ശ്രദ്ധയോടെ പണിതിട്ടാകാം ശില്പത്തിന്റെ മുഖഭാഗങ്ങള്‍ അതേ ഛായയില്‍ രൂപംകൊണ്ടത്. ഇതുതന്നെയാണു ദൈവവും നമ്മെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം. വെറുതെ ഉപദേശിക്കുന്നതില്‍ മാത്രം നാം തൃപ്തരാകരുത്. ക്രിസ്തുവിന്റെ മുഖം അവരില്‍ രൂപം കൊള്ളുന്നില്ലെങ്കില്‍ നമ്മുടെ പണി വൃഥാവാണ്.
മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായിത്തീരുമ്പോഴാണ് ഭൗതിക പിതാക്കന്മാര്‍ സംതൃപ്തരാകുന്നത്. അവര്‍ എന്നും തന്നെ ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു യഥാര്‍ത്ഥ ആത്മീയ പിതാവ് അപ്രകാരമുള്ള ഒരു വ്യക്തി ആയിരിക്കും. മക്കള്‍ വളര്‍ച്ചപ്രാപിക്കുന്നതനുസരിച്ച് തനിക്ക് അവരുടെമേലുള്ള നിയന്ത്രണവും കുറഞ്ഞുകൊണ്ടിരിക്കും.
പന്ത്രണ്ടു മക്കളുള്ള ഒരു കുടുംബത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ ഭാര്യ രണ്ട് മക്കളെ വളര്‍ത്താന്‍ പാടുപെടുമ്പോള്‍ പന്ത്രണ്ടു പേരെ എങ്ങനെ വളര്‍ത്തും എന്നു നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാവും. എന്നാല്‍ കാലക്രമത്തില്‍ പന്ത്രണ്ട് മക്കളുള്ള അമ്മയ്ക്കു രണ്ട് മക്കളുള്ള അമ്മയേക്കാള്‍ വളരെക്കുറഞ്ഞ അദ്ധ്വാനം മതി എന്ന് നമുക്ക് കണ്ടെത്താന്‍ കഴിയും. കാരണം മൂത്തകുട്ടികളെ തന്നെ സഹായിക്കാനായി ആ അമ്മ പരിശീലിപ്പിക്കുന്നു. ക്രമത്തില്‍ വീട്ടിലെ ജോലികളെല്ലാം ചെയ്യുവാന്‍ മക്കള്‍ പ്രാപ്തരായിത്തീരുകയും അമ്മ സ്വതന്ത്രയാവുകയും ചെയ്യുന്നു. സഭയിലും കാര്യങ്ങള്‍ ഇപ്രകാരം വേണം നടക്കുവാന്‍. മറ്റുള്ളവരെ വളര്‍ത്തി ചുമതലകള്‍ ഭരമേല്പിക്കുക. വിട്ടുകൊടുക്കുക.
എന്നാല്‍ അധികം സഭകൡും എന്താണ് കാണുന്നത്. അമിതഭാരം തലയിലേറ്റിയ ശുശ്രൂഷകന്മാര്‍ തങ്ങള്‍ തന്നേ എല്ലാം ചെയ്യേണ്ടിവരുന്നതുകൊണ്ട് പിരിമുറുക്കമുള്ളവരായി, ധൈര്യമില്ലാത്തവരായിത്തീരുന്നു. പന്ത്രണ്ടു മക്കളുള്ള അമ്മയും എല്ലാ ഭാരവും സ്വയം വഹിക്കുന്നവളായിരുന്നെങ്കില്‍ ഇത്തരത്തില്‍ പിരിമുറുക്കമുള്ളവളായിത്തീരുമായിരുന്നു. പായയില്‍ മലര്‍ന്നുകിടന്നു കരഞ്ഞുകൊണ്ട് കുപ്പിപ്പാല്‍ മാത്രം കുടിക്കുന്ന നൂറുകണക്കിന് കുഞ്ഞുങ്ങളുള്ള ഒരു അനാഥാലയം പോലെയാണ് പല സഭകളും. സകല ഭാരവും ഒരു ശുശ്രുഷകന്‍ മാത്രം വഹിക്കുന്നതിന്റെ പരിണത ഫലമാണിത്. ഒരു ചുമതലപോലും ഒരിക്കലും നല്കപ്പെടാത്തതിനാല്‍ വിശ്വാസികള്‍ വളര്‍ച്ച പ്രാപിക്കുന്നില്ല. ക്രിസ്തുവിന്റെ ശരീരത്തില്‍ ഓരോ അവയവത്തിനും അതിന്റേതായ പ്രവൃത്തിയുണ്ട്.
യേശു പന്ത്രണ്ടുപേരെ മാത്രമാണു ശിഷ്യരാക്കിയത്. അതിലധികം ആളുകളെ ഒരു സമയത്ത് ഒരാള്‍ക്കു കൈകാര്യം ചെയ്യുവാന്‍ കഴിയുമോ എന്ന് എനിക്കു നിശ്ചയമില്ല. അങ്ങനെയെങ്കില്‍ 120 പേരുള്ള ഒരു സഭയില്‍ ഒരേസമയം പത്ത് ഇടയന്മാരെങ്കിലും ശുശ്രൂഷയ്ക്കായി ഉണ്ടായിരിക്കേണ്ടതാണ്. ‘ഇടയന്മാര്‍/പസ്റ്റര്‍മാര്‍ എന്ന വാക്കുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് ഒരു പിതാവിന്റെ ഹൃദയമുള്ള സഹോദരന്മാര്‍ എന്നാണ്. മുഴുവന്‍ സമയവേലക്കാരല്ല. എന്തെങ്കിലും തൊഴിലും വരുമാനവുമുള്ള ഒരു ഇടയന്റെ ഹൃദയഭാരത്തോടെ കൂട്ടുസഹോദരന്മാരെ കരുതാന്‍ മനസ്സുള്ളവരെയാണ്.
ഇന്ന് കൊയ്ത്ത് വളരെയേറെയാണ്. യഥാര്‍ത്ഥ ഇടയന്മാര്‍ വിരളമായിരിക്കുന്നു. നിങ്ങള്‍ കര്‍ത്താവിനെ സേവിക്കുവാന്‍ ഇറങ്ങുന്നതു മനുഷ്യരുടെ മാനം സമ്പാദിക്കുവാനോ ഒരു ജീവനോപാധി എന്ന നിലയിലോ ആയിരിക്കാതെ ദൈവം വിളിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കട്ടെ.
അധ്യായം 2:ദൈവത്തെ അറിയുക
വ്യക്തിപരമായി ദൈവത്തെ അറിയുന്നതുമൂലം മറ്റുള്ളവരെ ദൈവത്തിങ്കലേക്കു നയിക്കാന്‍ കഴിയുന്ന ഒരാളായിരിക്കണം ഒരു ആത്മീയ നേതാവ്.
അന്ത്യകാലങ്ങളില്‍ ഭൂമിയില്‍ കാണപ്പെടുന്ന രണ്ടു തരത്തിലുള്ള പ്രസംഗകരെക്കുറിച്ച് ദാനിയേല്‍11:32,33 വാക്യങ്ങളില്‍ പറയുന്നുണ്ട്. മൃദുവായ വാക്കുകള്‍ സംസാരിച്ചുകൊണ്ട് ആളുകളെ അഭക്തിയിലേക്കു നയിക്കുന്ന വലിയ ഒരു സമൂഹം. മറുവശത്ത് ദൈവത്തെ അറിയുകയും തന്മൂലം ആളുകള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കി പലരെയും നീതിയിലേക്കു നടത്തുകയും ചെയ്യുന്ന ഒരു ചെറിയ സമൂഹം.
ഇന്നു ക്രിസ്തീയഗോളത്തില്‍ ഈ രണ്ടു കൂട്ടരെയും നമുക്ക് കണ്ടെത്താന്‍ കഴിയും. തങ്ങളുടെ ശ്രോതാക്കളെ വശീകരിക്കുന്ന (വഞ്ചിക്കുന്ന) മൃദുഭാഷികള്‍ ഒരുവശത്ത്: മറുവശത്ത് തങ്ങളുടെ ശ്രോതാക്കളെ സന്തോഷിപ്പിക്കുന്നോ വ്രണപ്പെടുത്തുന്നോ, അവര്‍ തങ്ങളെക്കുറിച്ചു പറയുന്നതു നല്ലതോ ചീത്തയോ എന്നൊന്നും നോക്കാതെ ദൈവത്തെ അറിയുന്നതു കൊണ്ടു സത്യം മാത്രം സംസാരിക്കുന്നവര്‍.
മനുഷ്യര്‍ ആടുകളെപ്പോലെയാണ്. അവര്‍ ഭൂരിപക്ഷത്തെ അനുഗമിക്കുകയും വ്യത്യസ്തരാകുന്നതിനെ ഭയപ്പെടുകയും ചെയ്യുന്നവരാണ്. ഈ ഭൂരിപക്ഷം തെറ്റായ പാതയിലൂടെയാണ് പോകുന്നതെങ്കില്‍ എല്ലാവരും നാശത്തില്‍ നിപതിക്കും. ഇന്നത്തെ അവസ്ഥയും അതുതന്നെ. അതുകൊണ്ടു തന്നോടൊപ്പം ഉറച്ചു നിന്നുകൊണ്ടു ആളുകളെ സത്യത്തിലേക്കു നയിക്കാന്‍ കഴിയുന്ന ചിലരെ ദൈവം അന്വേഷിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യതിചലിച്ചു നടക്കുവാനുള്ള ധൈര്യം നമുക്കുണ്ടെങ്കില്‍ നമുക്കു ദൈവത്തെയും ദൈവഹൃദയത്തെയും (അവിടുത്തെ ചിന്തകളെയും വഴികളെയും) അറിയാന്‍ കഴിയും.
കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി ഞാന്‍ ഇന്‍ഡ്യയില്‍ കണ്ടിട്ടുള്ള അധികം ക്രിസ്തീയ നേതാക്കള്‍ക്കും ദൈവത്തെയോ ദൈവഹൃദയത്തെയോ നേരിട്ട് അറിയാന്‍ കഴിഞ്ഞിട്ടുള്ളതായി തോന്നിയിട്ടില്ല. പാശ്ചാത്യ പ്രസിദ്ധീകരണങ്ങളില്‍ നിന്നു വായിക്കുന്നവ അതേപടി ഏറ്റുപറയുക മാത്രമാണ് അവര്‍ ചെയ്തുവരുന്നത്. ഓരോ കാലഘട്ടങ്ങളില്‍ അമേരിക്കന്‍ ക്രിസ്തീയനേതാക്കള്‍ ഓരോ പ്രത്യേക ആശയങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. 1980 കളില്‍ അതു ഒരു ആശയമായിരുന്നെങ്കില്‍ ഇന്ന് അതുമറ്റൊന്നാണ്. പര്‍വ്വതപ്രദേശങ്ങളില്‍ നാം മാറ്റൊലി കേള്‍ക്കുന്നതുപോലെ ഈ പാശ്ചാത്യ ആശയങ്ങളുടെ മാറ്റൊലികള്‍ അതതു കാലഘട്ടങ്ങളില്‍ നമുക്കു ഇന്‍ഡ്യയിലും അതുപോലെയുള്ള മൂന്നാം ലോകരാജ്യങ്ങളിലും സുവിശേഷകരില്‍ നിന്നും കേള്‍ക്കുവാന്‍ കഴിയും. പ്രത്യേകിച്ചും പ്രതിനിധി സമ്മേളനങ്ങളിലും മറ്റും സമര്‍പ്പിക്കപ്പെടുന്ന പ്രബന്ധങ്ങളില്‍. അമേരിക്കന്‍ നേതാക്കള്‍ സഭാവളര്‍ച്ചയെക്കുറിച്ചു ഘോഷിക്കുന്ന കാലയളവില്‍ ഇന്‍ഡ്യയിലെ ആത്മീയനേതൃത്വത്തിലും ”സഭാവളര്‍ച്ച” തന്നെയായിരിക്കും പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും പ്രതിധ്വനിക്കുന്നത്. അമേരിക്കന്‍ നേതൃത്വം ”10/40 ജാലക”ത്തെക്കുറിച്ചു പറയുമ്പോള്‍ ഇവിടെയും ”10/40 ജാലക”ത്തിന്റെ മാറ്റൊലി നാം കേള്‍ക്കും. മഹാപീഡനത്തിനു മുമ്പ് സഭ എടുക്കപ്പെടുന്നതിനെക്കുറിച്ചു പാശ്ചാത്യര്‍ പ്രസംഗിച്ചാല്‍ ഇവിടുത്തെ വേദപണ്ഡിതന്മാരും അതുതന്നെ ഏറ്റുപറയും. ഒരിക്കലും ഈ ആശയങ്ങളെ ചോദ്യം ചെയ്യാനുള്ള ധൈര്യം ഇവിടുത്തെ നേതാക്കള്‍ കാട്ടാറില്ല.
എന്തുകൊണ്ടാണ് ദൈവം ഇന്‍ഡ്യയിലെ ഒരൊറ്റ വ്യക്തിയോടും നേരിട്ടു സംസാരിക്കാത്തത്? ദൈവം വെളുത്തവരോടു മാത്രം സംസാരിക്കുന്ന ദൈവമാണോ?
ഇതിന്റെ കാരണം മൂന്നാം ലോക രാജ്യങ്ങളിലെ ആളുകളുടെ അടിമ മനോഭാവമാണ്. ബ്രിട്ടീഷുകാര്‍ നമ്മെ 200 വര്‍ഷങ്ങളോളം ഭരിച്ചു. ആ അടിമ മനോഭാവത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. മിക്കവാറും എല്ലാ ഇന്‍ഡ്യന്‍ ക്രിസ്ത്യാനികളും വെള്ളക്കാരന്‍ തങ്ങളെക്കാള്‍ ഉന്നതനാണെന്നും തങ്ങളെക്കാള്‍ ആത്മീയനാണെന്നും കരുതുന്നു. അവരുടെ അധീശ മനോഭാവവും പറയുന്നതു ദൃഢമായി പറയുവാനുള്ള ധൈര്യവും ധനസമൃദ്ധിയുമാണ് അതിന്റെ കാരണം.
ഒരിക്കല്‍ ഞാന്‍ കണ്ടുമുട്ടിയ കറുത്ത വര്‍ഗ്ഗക്കാരനായ ഒരു അമേരിക്കന്‍ സഹോദരന്‍ ഇപ്രകാരം പറയുകയുണ്ടായി: കറുത്ത വര്‍ഗ്ഗക്കാര്‍ നിയമപരമായി അമേരിക്കയില്‍ നൂറുവര്‍ഷം മുമ്പേ സ്വാതന്ത്ര്യം പ്രാപിച്ചവരാണെങ്കിലും അടിമത്തമനോഭാവം ഇന്നും അവരെ വിട്ടുപോയിട്ടില്ല. ഇന്നും അപകര്‍ഷമനോഭാവത്തോടെയല്ലാതെ ഒരു വെള്ളക്കാരന്റെ നേരേ നോക്കുവാന്‍ അവര്‍ക്കുകഴിയില്ല. ഇന്‍ഡ്യാക്കാരുടെ അവസ്ഥയും ഭിന്നമല്ലെന്നു ഞാന്‍ കരുതുന്നു.
എന്നാല്‍ സത്യസന്ധമായി പറയട്ടെ, ഇന്‍ഡ്യയിലേക്കു വന്നിട്ടുള്ള (ഞാന്‍ കണ്ടിട്ടുള്ള) മിക്കവാറും പാശ്ചാത്യ പ്രസംഗകര്‍ തീരെ ആഴമില്ലാത്തവരും ലൗകികരും ആണ്. അവര്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. എന്നാല്‍ കൈയില്‍ ധാരാളം പണമുള്ളതുകൊണ്ട് പോകുന്നിടത്തൊക്കെയും അവര്‍ പ്രസിദ്ധിയാര്‍ജ്ജിക്കുന്നു. ഇന്‍ഡ്യയില്‍ നടക്കുന്ന ക്രിസ്ത്യന്‍ സമ്മേളനങ്ങളെക്കുറിച്ചുള്ള പരസ്യങ്ങള്‍ ശ്രദ്ധിക്കുക. മിക്കവാറും എല്ലാറ്റിലും ഒരു പാശ്ചാത്യനായിരിക്കും മുഖ്യ പ്രഭാഷകന്‍. നമ്മുടെ രാജ്യത്തെ ക്രിസ്തീയതയുടെ പാപ്പരത്തം എത്ര ദുഃഖകരമാണെന്നറിയുക. ഇതു കേവലം നാമധേയ ക്രൈസ്തവരുടെ മാത്രം അവസ്ഥയായിരുന്നെങ്കില്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ വീണ്ടുംജനനവും പരിശുദ്ധാത്മസ്‌നാനവും ഒക്കെ പ്രാപിച്ചവരുടെയും സ്ഥിതി ഒട്ടും തന്നെ വ്യത്യസ്തമല്ല!
ഈ അടിമത്തമനോഭാവത്തില്‍ നിന്നും നാം സ്വാതന്ത്ര്യം പ്രാപിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഒരു വെള്ളക്കാരന്റെ ശമ്പളം വാങ്ങുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം പ്രാപിക്കുക പ്രയാസമായിരിക്കും. അങ്ങനെയെങ്കില്‍ മനുഷ്യനെ സേവിക്കുന്നതു നിര്‍ത്തിയിട്ടു ദൈവത്തെ സേവിക്കുവാന്‍ നിങ്ങള്‍ പഠിക്കേണ്ടി വരും. വാസ്തവത്തില്‍ നിങ്ങള്‍ ആരുടെ സേവകനാണ്? ബൈബിള്‍ പറയുന്നു: ”നാം വിലയ്ക്കു വാങ്ങപ്പെട്ടിരിക്കയാല്‍ ഇനി മനുഷ്യരുടെ ദാസന്മാരല്ല” എന്ന്. (1 കൊരി. 7:23)
ദൈവത്തെ വ്യക്തിപരമായി അറിയുക എന്നതായിരിക്കട്ടെ നിങ്ങളുടെ അഭിവാഞ്ഛയത്രയും. അങ്ങനെയായാല്‍ നിങ്ങള്‍ ഒരിക്കലും പാശ്ചാത്യനോ പൗരസ്ത്യനോ ആയ ഒരു നേതാവിന്റെയും സേവകനായിരിക്കയില്ല. നിങ്ങള്‍ക്കാരോടും അടിമ മനോഭാവം ഉണ്ടാവുകയുമില്ല. നിങ്ങള്‍ ദൈവത്തിന്റെ മനുഷ്യനായിരിക്കും. വ്യക്തിപരമായി ദൈവത്തെ അറിയുന്നതിലൂടെ മാത്രമേ ആത്മീയാധികാരം കൈവരികയുള്ളൂ.
എന്റെ സഹോദരന്മാരേ, നിങ്ങള്‍ ദൈവത്തെ അറിയുന്ന ദൈവമനുഷ്യരാകുവാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. അതു നിങ്ങളുടെ വ്യക്തി ജീവിതം മഹത്വകരവും ആത്മീയ ശുശ്രൂഷകള്‍ അധികാരമുള്ളതുമാക്കിത്തീര്‍ക്കും. അതുതന്നെയാണ് മറ്റെന്തിനെക്കാളുമുപരി നമ്മുടെ രാജ്യത്തിന് ഇന്നാവശ്യം.
ദൈവത്തെ അറിയുന്നതു ബൈബിള്‍ പഠിക്കുന്നതിനെക്കാള്‍ ശ്രമകരമാണ്. കാരണം, ബൈബിള്‍ പഠിക്കുന്നതിനു നാം വില കൊടുക്കേണ്ടതില്ല. പഠിക്കുകമാത്രം ചെയ്താല്‍ മതി.
ബൈബിളില്‍ നല്ല അവഗാഹം ഉള്ളപ്പോള്‍ത്തന്നെ വ്യക്തിജീവിതത്തില്‍ ധര്‍മ്മ നിഷ്ഠയില്ലാതെയും ചിന്താമണ്ഡലത്തില്‍ വിശുദ്ധിയില്ലാതെയും ആയിരിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഒരേസമയം നല്ല ഒരു വാഗ്മിയും ഒരു പണസ്‌നേഹിയും ആയിരിക്കാന്‍ കഴിയും. എന്നാല്‍ ദൈവത്തെ അറിയുന്ന ഒരാള്‍ക്ക് വ്യക്തിജീവിതത്തില്‍ അധാര്‍മ്മികനോ പണസ്‌നേഹിയോ ആയിരിക്കാന്‍ ഒരിക്കലും കഴിയില്ല. അതു തികച്ചും അസാദ്ധ്യമാണ്. അതുകൊണ്ടു തന്നെയാണ് അധികം പ്രസംഗകരും ദൈവത്തെ അറിയുന്നതിനെക്കാള്‍ അനായാസമായ ബൈബിള്‍ പാണ്ഡിത്യത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത്.
സഹോദരന്മാരേ, ഞാന്‍ ഒന്നു ചോദിക്കട്ടെ: ബൈബിള്‍ പാണ്ഡിത്യംകൊണ്ടുമാത്രം നിങ്ങള്‍ സംതൃപ്തരാണോ അതോ അതിലധികമായി ദൈവത്തെ അറിയുവാനുള്ള അടങ്ങാത്ത ഒരു ദാഹം നിങ്ങളിലുണ്ടോ? ഫിലിപ്പിയര്‍. 3:8-10 ല്‍ പൗലോസ് പറയുന്നു: കര്‍ത്താവിനെ തന്റെ പൂര്‍ണ്ണതയില്‍ അറിയുക എന്നതു മാത്രമാണു തന്റെ അഭിവാഞ്ഛയെന്ന്. അതിന്റെ മുമ്പില്‍ മറ്റെല്ലാ കാര്യങ്ങളെയും താന്‍ ചവറെന്ന് എണ്ണുന്നു എന്ന് അദ്ദേഹം പറയുന്നു. ഈ അമൂല്യമായ മുത്തിനു വേണ്ടി മറ്റെല്ലാ മുത്തുകളും പൗലോസ് ചേതമെന്നെണ്ണി. പൗലോസിന്റെ ശുശ്രൂഷയുടെ രഹസ്യം നാം കണ്ടെത്തുന്നത് ഗമാലിയേലിന്റെ സ്ഥാപനത്തില്‍ അദ്ദേഹം ചെലവഴിച്ച അദ്ധ്യയന വര്‍ഷങ്ങളിലല്ല, ദൈവത്തെ വ്യക്തിപരമായി അറിയുവാന്‍ ശ്രമിച്ച വഴികളിലാണ്.
”ദൈവത്തെയും യേശുക്രിസ്തുവിനെയും വ്യക്തിപരമായി അറിയുന്നതാണ് നിത്യജീവന്‍.” (യോഹ. 17:3).സ്വര്‍ഗ്ഗത്തില്‍ നിത്യമായി ജീവിക്കുന്നതിനെ ആയിരിക്കാം ഒരു പക്ഷേ നാം നിത്യജീവന്‍ എന്നു വിവക്ഷിക്കുന്നത്. എന്നാല്‍ യേശുക്രിസ്തു അങ്ങനെയല്ല നിത്യജീവനെ വ്യക്തമാക്കുന്നത്. നരകത്തില്‍ നിന്നും രക്ഷ നേടുന്നതിനോ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനോ നിത്യജീവനുമായി ബന്ധമൊന്നുമില്ല. കര്‍ത്താവിനെ അറിയുന്നതുമായിട്ടാണ് അതിനുബന്ധമുള്ളത്. എന്റെ ജീവിതത്തിന്റെ വാഞ്ഛയും എന്റെ ഹൃദയത്തിന്റെ ഭാരവും കര്‍ത്താവിനെ ഏറ്റവും അടുത്തറിയുക എന്നതാണ്. എന്റെ ശുശ്രൂഷയ്ക്ക് ദൈവികമായ അധികാരം അതിലൂടെ മാത്രമേ ഉണ്ടാവൂ എന്നു ഞാന്‍ അറിയുന്നു. അതുകൊണ്ട് ഞങ്ങളുടെ സഭകളിലെല്ലാം തന്നെ ദൈവത്തെ അറിയുന്നതിന് ഞാന്‍ ആളുകളെ ഉത്സാഹിപ്പിക്കുന്നു.
ചരിത്രത്തില്‍ എന്നത്തേക്കാളുമുപരി വേദജ്ഞാനം ഇന്ന് എത്രയോ അധികമാണ്. പെന്തക്കൊസ്തു നാളിനുശേഷം 1500 വര്‍ഷത്തോളം അച്ചടിച്ച ഒരു ബൈബിള്‍ പോലും ലഭ്യമല്ലായിരുന്നു. ബൈബിള്‍ ഇത്ര സുലഭമായിട്ട് ഏതാണ്ട് രണ്ടു നൂറ്റാണ്ടുകളേ ആയിട്ടുള്ളു. ഇന്നു നമുക്കു ബൈബിളിന്റെ നിരവധി ഭാഷാന്തരങ്ങളും ഒത്തുവാക്യങ്ങളും മറ്റു പഠനസഹായികളും സുലഭമാണ്.
പക്ഷേ ഇതുകൊണ്ടുണ്ടായ അധിക വിജ്ഞാനം കൂടുതല്‍ വിശുദ്ധരായ ക്രിസ്ത്യാനികളെ ഉളവാക്കി എന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഇല്ല. ബൈബിള്‍വിജ്ഞാനം കൊണ്ടു വിശുദ്ധി ഉണ്ടാകുമായിരുന്നെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വിശുദ്ധരായ ആളുകള്‍ ഇന്നു ജീവിക്കുന്നവരില്‍ ചിലര്‍ ആകുമായിരുന്നു. സാത്താനും വിശുദ്ധനാകുമായിരുന്നു. കാരണം, സാത്താനുള്ളത്ര ബൈബിള്‍ വിജ്ഞാനം മറ്റാര്‍ക്കുമില്ലല്ലോ.
ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളെ ബൈബിള്‍ പഠിപ്പിക്കുന്ന സെമിനാരികള്‍ നമുക്കുണ്ട്. എന്നാല്‍ ഏറ്റവും ദൈവഭക്തരായ ആളുകളെ നമുക്കു കണ്ടുമുട്ടാന്‍ കഴിയുന്നതു ഈ സെമിനാരികളിലാണോ? അല്ല. ജാതികളെക്കാള്‍ മോശമായവരെ നമുക്ക് ഇവിടെ കണ്ടെത്താന്‍ കഴിയും.
ഒരിക്കല്‍ ഇന്‍ഡ്യയിലെ ഏറ്റവും നല്ല ഒരു സെമിനാരിയില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി വിജയം വരിച്ച ഒരു വിദ്യാര്‍ത്ഥിയെ കാണുവാനിടയായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു:” ഞാന്‍ ഇവിടെ പ്രവേശനം നേടുമ്പോഴുള്ളതിനെക്കാള്‍ വളരെ മോശമായ ആത്മീയാവസ്ഥയിലാണ് ഇപ്പോള്‍” അങ്ങനെയെങ്കില്‍ സെമിനാരിയില്‍ നിന്നും എന്താണു പഠിച്ചത്? ബൈബിളിനെക്കുറിച്ചും ക്രിസ്ത്യാനികളെക്കുറിച്ചും സഭാചരിത്രത്തെക്കുറിച്ചും ഒക്കെ അത്തരം ഒരു സെമിനാരിയില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സാത്താനുതന്നെ സാദ്ധ്യമല്ലേ?
ഒരു വിദ്യാര്‍ത്ഥി ധനസ്‌നേഹത്തെയും ദുര്‍മ്മോഹത്തെയും കോപത്തെയും കയ്പിനെയും ജയിക്കാന്‍ പഠിക്കുന്നില്ലെങ്കില്‍ ഗ്രീക്കിലെ മൂലപദങ്ങളുടെ അര്‍ത്ഥമോ, വേദവ്യാഖ്യാനമോ നിരൂപകമതങ്ങളോ പഠിക്കുന്നതു കൊണ്ടെന്തു കാര്യം? അവിടെ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുപയോഗിച്ച് വളരെവേഗം അയാള്‍ ഒരു സഭയിലെ പാസ്റ്റര്‍ ആകും. പക്ഷേ ധാര്‍മ്മികമായ പെരുമാറ്റപ്രശ്‌നങ്ങളുമായി സഭയില്‍ വരുന്ന ആളുകള്‍ക്ക് എന്തു നല്‍കാന്‍ അയാള്‍ക്കു കഴിയും? വേദശാസ്ത്രപരമായ പ്രശ്‌നങ്ങളില്‍ അയാള്‍ക്കു സഹായിക്കാന്‍ കഴിഞ്ഞേക്കാം. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ഒന്നും ചെയ്യാന്‍ അയാള്‍ക്കു കഴിയില്ല. അതുകൊണ്ടുതന്നെയാണ് ഇന്‍ഡ്യയില്‍ കര്‍ത്താവിന്റെ വേലയ്ക്ക് ഇത്രയധികം നഷ്ടം സംഭവിച്ചിരിക്കുന്നത്.
ദൈവത്തെ അറിയുന്നവര്‍ക്കു മാത്രമേ ആടുകളെ എങ്ങനെ നടത്തണമെന്ന് അറിയാന്‍ കഴിയൂ. നിങ്ങള്‍ പാപത്തിന്മേല്‍ ജയം പ്രാപിച്ച ഒരുവനെങ്കില്‍ ആടുകളെയും ജയജീവിതത്തിലേക്കു നയിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. അപ്രകാരം ജയം പ്രാപിച്ച അവര്‍ക്കും പോയി അധികാരത്തോടെയും ശക്തിയോടെയും കര്‍ത്താവിനെ സേവിക്കാന്‍ കഴിയും.
ആരുടെയെങ്കിലും വേദവിജ്ഞാനത്തെയോ ബിരുദസര്‍ട്ടിഫിക്കറ്റുകളെയോ സാത്താന്‍ ഭയപ്പെടുന്നുണ്ടോ? ഒരിക്കലുമില്ല. പക്ഷേ വിശുദ്ധിയും താഴ്മയും ദൈവഭയവുമുള്ള പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ ഭയപ്പെടുന്നു.
നമ്മുടെ കൊച്ചു സഹോദരന്മാരെയും സഹോദരിമാരെയും ദൈവത്തെ അറിയുന്നതിലേക്കു നടത്തുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.
അധ്യായം 3:ദൈവഭയം
ഒരു ആത്മീയനേതാവു ദൈവത്തെ അധികമായി ഭയപ്പെടുന്ന ഒരുവനായിരിക്കും.
നാം ദൈവത്തെ എത്രയധികം അറിയുന്നുവോ അത്രയധികം ഭയപ്പെടും. ഭയം എന്ന കേവല വികാരമല്ല ഭക്ത്യാദരവുകള്‍ നമ്മിലുണ്ടാകും.
സങ്കീര്‍ത്തനം 34:11ല്‍ ദാവീദ് പറയുന്നു: ”മക്കളേ വന്ന് എനിക്കു ചെവി തരുവീന്‍. യഹോവയോടുള്ള ഭക്തിയെ, ഭയത്തെ, ഞാന്‍ ഉപദേശിച്ചു തരാം.” മറ്റുള്ളവരെ ദൈവത്തെ ഭയപ്പെടാന്‍ പഠിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. റോമര്‍ക്കും എഫേസ്യര്‍ക്കും എഴുതിയ ലേഖനങ്ങള്‍ പഠിപ്പിക്കാന്‍ അതിലും എളുപ്പമാണ്.
മറ്റുള്ളവര്‍ക്കു ദൈവഭക്തിയെ ഉപദേശിക്കണമെങ്കില്‍ ആദ്യം നാം തന്നെ ദൈവത്തെ ഭയപ്പെടണം. ദൈവഭയം ആണ് ജ്ഞാനത്തിന്റെ ആരംഭം. ബൈബിള്‍ പണ്ഡിതനായ ഒരാളെക്കാള്‍ വളരെയധികം കാര്യങ്ങള്‍ ദൈവഭയമുള്ള ഒരുവനു മറ്റുള്ളവരെ പഠിപ്പിക്കാന്‍ കഴിയും. ദൈവത്തെ ഭയമില്ലാത്ത ഒരാള്‍ക്ക് അറിവു മാത്രമേ പകരാന്‍ കഴിയൂ. ജ്ഞാനം പകരാന്‍ കഴിയില്ല. 1 കൊരിന്ത്യര്‍ 8:1ല്‍ പറയുമ്പോലെ അറിവ് ഒരു വ്യക്തിയെ നിഗളിയാക്കുന്നു. എന്നാല്‍ ജ്ഞാനമോ ദൈനംദിനജീവിതത്തില്‍ പ്രയോഗിക്കുവാന്‍ തക്കവണ്ണം ഒരുവനെ പക്വമതിയാക്കുന്നു. ജ്ഞാനികള്‍ക്കു മാത്രമേ യേശുക്രിസ്തുവിന്റെ സഭയെ പണിയുവാന്‍ കഴിയൂ.
ക്രിസ്തീയ ജീവിതത്തിന്റെ പ്രാഥമിക പാഠമാണ് ദൈവഭയം. നിങ്ങളുടെ ആടുകളെ ദൈവത്തെ ഭയപ്പെടുവാന്‍ പഠിപ്പിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ മറ്റെന്തെല്ലാം വിഷയങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെങ്കിലും പ്രാഥമിക പാഠം നല്‍കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. അക്ഷരം പഠിക്കാത്തവരെ ഭൂമിശാസ്ത്രവും ചരിത്രവും ഒക്കെ പഠിപ്പിക്കുന്നതു പോലെയാണത്. അത്തരം തെറ്റുകള്‍ ഒരു ശരാശരി അദ്ധ്യാപകന്‍ പോലും ഈ ഭൂമുഖത്തു ചെയ്യില്ല.
അക്ഷരം പഠിപ്പിക്കുന്നതു പോലെയാണ് ദൈവഭയം പഠിപ്പിക്കുന്നത്. എന്നാല്‍ അധികം ഇടയന്മാരും തങ്ങളുടെ ആടുകളെ ആദ്യം അതു പഠിപ്പിക്കുന്നതില്‍ ശുഷ്‌കാന്തിയുള്ളവരല്ല. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് ഈ ലോകത്തിന്റെ മക്കള്‍ വെളിച്ച മക്കളെക്കാള്‍ ബുദ്ധിയേറിയവരാണെന്ന്.
ഒരു സെമിനാരി ബിരുദം കൈവശമുള്ള നിങ്ങളോടു ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ: ദൈവഭയം നിങ്ങള്‍ അവിടെ നിന്നു പഠിച്ചിട്ടുണ്ടോ? അതോ വെറും ഒരു ബിരുദ സര്‍ട്ടിഫിക്കറ്റു മാത്രമാണോ നിങ്ങള്‍ കരസ്ഥമാക്കിയത്?
രണ്ടാമത് ഒരു ചോദ്യംകൂടിചോദിക്കട്ടെ: നിങ്ങള്‍ എന്തിനു വേണ്ടിയാണ് ഒരു സെമിനാരിയില്‍ ചേര്‍ന്നത്? ഒരു ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയോ അതോ ദൈവത്തെ ഭയപ്പെടുന്നതെങ്ങനെ എന്നു പഠിക്കുവാനോ? എന്തുകൊണ്ടാണു മറ്റു സെമിനാരികളെക്കാള്‍ ഈ സെമിനാരി നിങ്ങള്‍ തെരഞ്ഞെടുത്തത്? അതു അധികം പ്രശസ്തമായതുകൊണ്ടല്ലേ? അവിടുത്തെ ഉപദേശങ്ങള്‍ വേദാനുസൃതമല്ലെന്നും വിശാലമാണെന്നും അറിഞ്ഞിട്ടുകൂടി അവിടെത്തന്നെ പോകുവാന്‍ താങ്കള്‍ തീരുമാനിച്ചില്ലേ? യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ അത്തരമൊരു സ്ഥാപനത്തിലയച്ചു തന്റെ ശുശ്രൂഷയ്ക്കുവേണ്ടി ഒരുക്കുമെന്നു താങ്കള്‍ കരുതുന്നുണ്ടോ? ദൈവഭയം അഭ്യസിക്കുവാനായി ഞങ്ങള്‍ക്കു ഒരു സെമിനാരി തെരഞ്ഞെടുക്കുവാന്‍ കഴിയുമെന്ന് നിങ്ങളില്‍ എത്രപേര്‍ സത്യസന്ധമായി പറയും? അങ്ങനെ ഒന്നു സാദ്ധ്യമാണോ? അല്ലേയല്ല! അതൊരു വലിയ ദുരന്തമല്ലേ?
സെമിനാരികളില്‍ ചേരുന്ന പലരും അമേരിക്കയില്‍ ധനസമ്പാദനത്തിനു വേണ്ടി പോകുന്നതിനുള്ള പ്രാരംഭ നടപടിയെന്ന നിലയ്ക്കാണ് അതു ചെയ്യുന്നതെന്ന് എനിക്കറിയാം. ചിലര്‍ അമേരിക്കയിലെ സെമിനാരികളില്‍ത്തന്നെ പ്രവേശനത്തിനു അപേക്ഷിക്കാറുണ്ട്- അവിടെ സ്ഥിരതാമസമാക്കുക എന്ന ലക്ഷ്യത്തോടെ. അങ്ങനെയുള്ളവര്‍ക്ക് എങ്ങനെ കര്‍ത്താവിനെ സേവിക്കുവാന്‍ കഴിയും?
ഒരു തെറ്റായ ഉദ്ദേശ്യത്തോടെയാണു ബൈബിള്‍ സ്‌കൂളില്‍ ചേര്‍ന്നതെന്ന കാര്യം ഇന്നു സമ്മതിക്കുവാന്‍ നിങ്ങള്‍ തയ്യാറാണോ? സത്യസന്ധരായിരിക്കാന്‍ മനസ്സുണ്ടെങ്കില്‍ നിങ്ങളെ സംബന്ധിച്ചു പ്രത്യാശയ്ക്കു വകയുണ്ട്. ദൈവം സത്യസന്ധരെ സ്‌നേഹിക്കുന്നു. നിങ്ങള്‍ക്കു സംഭവിച്ച തെറ്റ് മറ്റുള്ളവര്‍ക്കു സംഭവിക്കാതിരിക്കാന്‍ അവര്‍ക്കു മുന്നറിയിപ്പു കൊടുക്കുക. കര്‍ത്താവിനെ ഭയപ്പെടുവാന്‍ അവരെ ഒന്നാമതായി പഠിപ്പിക്കുക. നമ്മുടെ കുട്ടികള്‍ നാം ചെയ്ത തെറ്റുകള്‍ ആവര്‍ത്തിച്ചുകൂടാ.
സദൃശവാക്യങ്ങള്‍ 24:3,4 ല്‍ ജ്ഞാനം കൊണ്ടു വീടുപണിയുന്നു എന്നും അറിവുകൊണ്ട് അതിന്റെ മുറികളില്‍ വിലയേറിയതും മനോഹരവുമായ സമ്പത്തു നിറയുന്നു എന്നും നമ്മോടു പറയുന്നു. ഇവിടെ ജ്ഞാനവും അറിവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. ഞാന്‍ ബൈബിള്‍ അറിവിനെ വിലകുറച്ചു കാണുകയല്ല. കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞാന്‍ ബൈബിള്‍ പഠിച്ചുവരുന്നു. മറ്റാരെയും പോലെ എനിക്കും അതില്‍ അറിവുണ്ട്.
എന്നാല്‍ അതിലുപരിയായി ഞാന്‍ അന്വേഷിക്കുന്നതു ജ്ഞാനമാണ്; ദൈവസ്‌നേഹമാണ് ലോകത്തില്‍ ഏറ്റവും വലുത്. പക്ഷേ ദൈവസ്‌നേഹം ദൈവിക ജ്ഞാനത്താല്‍ എല്ലായ്‌പ്പോഴും നയിക്കപ്പെടുന്നു. ജ്ഞാനം കൂടാതെയുള്ള സ്‌നേഹം അപകടകരമാണ്. സ്‌നേഹം ഒരു ബസ്സിന്റെ പെട്രോള്‍ടാങ്കിലെ പെട്രോള്‍ പോലെയാണ്. ജ്ഞാനം ബസിന്റെ ഡ്രൈവര്‍ പോലെയും. നിങ്ങള്‍ക്ക് നിങ്ങളുടെ ആട്ടിന്‍കൂട്ടത്തെ നയിക്കുവാന്‍ സ്‌നേഹം കൂടിയേ തീരൂ. പക്ഷേ അവരെ ഏതു വഴിയിലൂടെ നയിക്കണമെന്നറിയാന്‍ ജ്ഞാനവും അത്യന്താപേക്ഷിതമാണ്.
ജ്ഞാനം അടിസ്ഥാനപരമാണ്. ബൈബിള്‍ സംബന്ധിച്ച അറിവില്‍ 100 ശതമാനം മാര്‍ക്കു വാങ്ങുന്ന ഒരാള്‍ക്ക് ജ്ഞാനത്തില്‍ പൂജ്യം മാര്‍ക്കു ലഭിക്കുക സാധ്യമാണ്. കായികക്ഷമതാ പരിശോധനയില്‍ 100 മാര്‍ക്കും കണക്കില്‍ പൂജ്യവും വാങ്ങും പോലെയാണത്. കണക്കില്‍ 100 ശതമാനവും കായികക്ഷമതയില്‍ പൂജ്യവും ആയിരുന്നാലും നന്നായിരുന്നു. കാരണം കാലദൈര്‍ഘ്യത്തില്‍ കണക്കാണ് കായിക്ഷമതയെക്കാള്‍ പ്രാധാന്യമേറിയത്. അതുപോലെ കാലദൈര്‍ഘ്യത്തില്‍ അറിവിനേക്കാള്‍ ജ്ഞാനം പ്രയോജനകരമാകുന്നു.
അറിവു മുറികളെ നിറയ്ക്കുന്നു. അതു കസേരയും മേശയും കട്ടിലും പോലെയാണ്. ജ്ഞാനം കൂടാതെയുള്ള അറിവു വീടില്ലാതെ വെളിമ്പ്രദേശത്തു കസേരയും കട്ടിലും വാങ്ങി നിരത്തുന്നതുപോലെയാണ്. വളരെ വിലപിടിപ്പുള്ള സോഫയും കട്ടിലുമുണ്ട്. പക്ഷേ വെളിമ്പ്രദേശത്താണ്; കാരണം വീടില്ല. അത്തരം ഒരു വ്യക്തി ചുറ്റുപാടുള്ളവര്‍ക്ക് ഒരു ഹാസ്യവിഷയമായിരിക്കും. ക്രിസ്തീയ ലോകത്തിലെ ഇന്നത്തെ പ്രസംഗകരും ഇപ്രകാരം തന്നെ. അവരും ദൈവത്തെ ഭയപ്പെടായ്കയാല്‍ അവര്‍ക്കു ജ്ഞാനം ഇല്ല. അറിവു വേണ്ടുവോളമുണ്ട്.
ഇക്കാലത്ത് ഏതെങ്കിലും പ്രസംഗകന്‍ ദൈവഭയത്തെക്കുറിച്ച് പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടോ? ഇല്ല. അതുകൊണ്ടു തന്നെയാണ് മിക്കവാറും വിശ്വാസികള്‍ ജ്ഞാനികളല്ലാത്തത്. മറ്റു പല ഭയങ്ങള്‍ക്കും അടിമകളായിത്തീരുന്നതും.
അധ്യായം 4:ദൈവശബ്ദം കേള്‍ക്കുക
ഒരു ആത്മീയ നേതാവ് എല്ലാ ദിവസവും ദൈവശബ്ദം കേള്‍ക്കുന്നതിന് ശ്രദ്ധവയ്ക്കുന്ന ആളായിരിക്കും.
ഉല്‍പത്തി ഒന്നാം അദ്ധ്യായം മുതല്‌ക്കേ നാം ആവര്‍ത്തിച്ചു കണ്ടു തുടങ്ങുന്ന ഒരു പ്രയോഗം ബൈബിളിലുണ്ട്: ”അനന്തരം ദൈവം കല്പിച്ചു.”
എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്ന ഭൂമിയില്‍ ആദ്യത്തെ ആറു ദിവസങ്ങളോടും ദൈവം കല്പിച്ചു കൊണ്ടിരുന്നു. അപ്രകാരം ദൈവം സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഭൂമിയുടെ അവസ്ഥ കൂടുതല്‍ കൂടുതല്‍ മെച്ചമായിക്കൊണ്ടിരുന്നു.
അങ്ങനെ ബൈബിളിലെ ഒന്നാം അദ്ധ്യായത്തില്‍ നിന്നുതന്നെ നാം ഒരു സുപ്രധാന കാര്യം ഗ്രഹിക്കുന്നു: ഓരോ ദിവസവും ദൈവത്തിനു പറയാനുള്ളതു കേള്‍ക്കുന്നതില്‍ നാം ജാഗ്രതയുള്ളവരാകണം. നാം അങ്ങനെ ചെയ്യുന്നുവെങ്കില്‍, നാം കേള്‍ക്കുന്ന കാര്യങ്ങള്‍ക്കു നമ്മെ വിധേയപ്പെടുത്തിക്കൊടുക്കുവാന്‍ മനസ്സു വയ്ക്കുന്നെങ്കില്‍, നാം അധികം പ്രയോജനമുള്ള മെച്ചപ്പെട്ട ക്രിസ്ത്യാനികളായി രൂപാന്തരപ്പെടും.
ബൈബിള്‍ വായിക്കുന്നതും ദൈവത്തില്‍ നിന്നു കേള്‍ക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. എല്ലാ ദിവസവും തിരുവെഴുത്തുകളെ പഠിക്കുന്നതില്‍ ദത്തശ്രദ്ധരായിരുന്ന പുരോഹിത വര്‍ഗ്ഗമായിരുന്നു യേശുവിനെ ക്രൂശിച്ചതെന്നു നാം ഓര്‍മ്മിക്കണം. അവര്‍ വചനം പഠിച്ചു എങ്കിലും തങ്ങളുടെ ഹൃദയങ്ങളോടു ദൈത്തിനു സംസാരിക്കുവാനുള്ളതെന്തെന്ന് അവര്‍ ശ്രദ്ധിച്ചില്ല. (അ:പ്ര. 13:27). നമുക്കു സംഭവിക്കാവുന്ന അപകടവും അതുതന്നെ. അങ്ങനെയെങ്കില്‍ നാമും അവരെപ്പോലെ അന്ധരായിത്തീരും.
ദൈവത്തിന് എല്ലാ ദിവസവും നമ്മോടു സംസാരിക്കുവാനുണ്ടെന്നുള്ള സത്യവും ഉല്‍പത്തി ഒന്നാം അദ്ധ്യായം നമ്മെ പഠിപ്പിക്കുന്നു.
മിക്ക ക്രിസ്തീയ നേതാക്കന്മാരും എല്ലാ ദിവസവും ദൈവശബ്ദം കേള്‍ക്കുന്ന കാര്യത്തില്‍ ശ്രദ്ധയുള്ളവരല്ല. അവര്‍ മനുഷ്യര്‍ രചിക്കുന്ന കൃതികള്‍ വായിക്കുന്നതില്‍ മാത്രം ശ്രദ്ധവയ്ക്കുന്നു!
മറ്റു മനുഷ്യര്‍ സംസാരിച്ചുകേള്‍ക്കുന്ന കാര്യങ്ങള്‍ മാത്രമാണ് നിങ്ങളും സംസാരിക്കുന്നതെങ്കില്‍ അതൊരു ദുരന്തം തന്നെ. കാരണം മനുഷ്യന്റെ വാക്കുകള്‍ക്കു നിത്യമായ ഫലങ്ങളൊന്നും പുറപ്പെടുവിക്കാന്‍ കഴികയില്ല. ദൈവം സംസാരിക്കുന്ന വാക്കുകള്‍ക്കു മാത്രമേ നിത്യമായ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയൂ. യെശയ്യാവ് 55:11ല്‍ നാം വായിക്കുന്നത് അങ്ങനെയാണ്.
ദൈവം സംസാരിക്കുമ്പോഴൊക്കെ പ്രകൃത്യതീതകാര്യങ്ങള്‍ സംഭവിച്ചിരുന്നതായി ഉല്‍പത്തി ഒന്നില്‍ നാം വായിക്കുന്നു. നമ്മുടെ ഹൃദയങ്ങളോടും ദൈവം സംസാരിക്കുന്നതെന്തെന്നുള്ളതു നാം കേള്‍ക്കയും അതില്‍നിന്നു നാം സംസാരിക്കയും ചെയ്യുന്നുവെങ്കില്‍ നമ്മുടെ ശുശ്രൂഷയിലും പ്രകൃത്യതീത കാര്യങ്ങള്‍ സംഭവിക്കും.
1 തിമൊ.4 :16 ല്‍ പൗലോസ് തിമൊഥെയോസിനോട് അദ്ദേഹം ഉപദേശിക്കുന്നതിനു മുമ്പെ തന്നെത്തന്നെ സൂക്ഷിക്കുവാന്‍ പ്രബോധിപ്പിക്കുന്നതു ശ്രദ്ധിക്കുക. സ്വയം വഞ്ചിക്കപ്പെട്ടു പോകുന്നതില്‍ നിന്നും രക്ഷനേടുവാന്‍ ദൈവം നമ്മോടു സംസാരിക്കുന്നതെന്തെന്നു നാം കേട്ടേമതിയാകൂ.
ദൈവം പറയുന്നതെന്തെന്നു ശ്രദ്ധിക്കുവാന്‍ നാം സാവധാനത കാട്ടുന്നില്ലെങ്കില്‍ താഴെപ്പറയുന്ന മൂന്നില്‍ ഏതെങ്കിലും ഒരു വിധത്തിലായിരിക്കും നമ്മുടെ പ്രസംഗങ്ങളെല്ലാം തന്നെ.
1. ഓരോ കാലയളവിലും ലോകത്തിലെ വലിയ ക്രിസ്തീയ പ്രസംഗകരെന്നു വിളിക്കപ്പെടുന്നവരുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നവരായിത്തീരും.(പ്രത്യേകിച്ചും അമേരിക്കയിലെ. കാരണം ഇന്‍ഡ്യയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം മുഖ്യമായും അവിടെ നിന്നാണല്ലോ എത്തുന്നത്.) ” വലിയ പ്രസംഗകരെന്നു വിളിക്കപ്പെടുന്ന” എന്നെഴുതിയത് അവര്‍ ദൈവദൃഷ്ടിയില്‍ വലിയവരല്ലാത്തതുകൊണ്ടാണ്. നിങ്ങള്‍ അവരുടെ പുസ്തകങ്ങള്‍ വായിക്കയും അതില്‍ നിന്നും പ്രസംഗിച്ചുകൊണ്ടിരിക്കയും ചെയ്യും. ഓരോ സമയത്തും ഓരോ പ്രത്യേക വിഷയങ്ങള്‍ ക്രിസ്തീയ ലോകത്തില്‍ പരക്കെ സംസാരിക്കപ്പെടുന്നതു നിങ്ങള്‍ ശ്രദ്ധിക്കും. നിങ്ങളും അതെക്കുറിച്ചു തന്നെ സംസാരിക്കുവാന്‍ ഉത്സാഹിക്കും. നിങ്ങളെ ശ്രദ്ധിക്കുന്ന വേണ്ടത്ര വിവേചനമില്ലാത്ത ശ്രോതാക്കളും നിങ്ങളെ നല്ല വായനക്കാരനും ആത്മീയനുമായികണക്കാക്കും.
2. താങ്കള്‍ ബൈബിള്‍ വിഷയങ്ങള്‍ ബുദ്ധിപരമായി പഠിക്കയും കോളജില്‍ രസതന്ത്രം പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനെപ്പോലെ അതു പഠിപ്പിക്കയും ചെയ്യുന്നു. രസതന്ത്രത്തില്‍ ഒരു ഡോക്ടറേറ്റ് കിട്ടുന്നതിനേക്കാള്‍ വേഗത്തില്‍ ബൈബിള്‍ വിഷയങ്ങളില്‍ ഡോക്ടറേറ്റും ലഭിക്കുന്നു. ചെറിയ തുകകള്‍ മുടക്കിയാല്‍ ഇപ്രകാരമുള്ള ബഹുമതി മോഹികള്‍ക്കു ഡോക്ടറേറ്റുകള്‍ നല്‍കുന്ന മൂന്നാംകിട സ്ഥാപനങ്ങള്‍ ഇന്നു ധാരാളം ഉണ്ട്. എത്ര ഗവേഷണബിരുദങ്ങള്‍’ വേണമെങ്കിലും നിങ്ങള്‍ക്കു വാങ്ങിക്കാം! നിങ്ങള്‍ ശരിയായ പഠനത്തിലൂടെയാണ് ഡോക്ടറേറ്റ് നേടിയതെങ്കില്‍പോലും അതു തെളിയിക്കുന്നത് നിങ്ങള്‍ ബുദ്ധികൂര്‍മ്മതയുള്ള ഒരു വ്യക്തിയാണ് എന്നു മാത്രമാണ്. എന്നാല്‍പോലും ദൈവത്തെയോ ദൈവവചനത്തെയോ വ്യക്തിപരമായി അറിയാത്തവരായിരിക്കും നിങ്ങള്‍
3. നിങ്ങളുടെ ആടുകള്‍ക്ക് ഏറ്റവും രുചിക്കുന്ന കാര്യങ്ങള്‍ എന്തെന്നു നിങ്ങള്‍ അന്വേഷിച്ചു കണ്ടെത്തും. കാരണം, അവരുടെയിടെയില്‍ സമ്മതനാവുക എന്നതാണു നിങ്ങളുടെ ലക്ഷ്യം. അങ്ങനെ ആളുകളുടെ അഭിരുചികളും അഭീഷ്ടങ്ങളും നിരീക്ഷിച്ചു പഠനം നടത്തുന്ന തന്ത്രജ്ഞന്മാരായ കച്ചവടക്കാരെപ്പോലെ നിങ്ങളും ആയിത്തീരും. ഇന്നത്തെ പ്രസംഗകര്‍ ഇങ്ങനെയുള്ളവരാണ്. പഴയ നിയമകാലത്തെ കള്ളപ്രവാചകന്മാരും ഇത്തരത്തിലുള്ളവരായിരുന്നു. അവര്‍ സമൃദ്ധിയില്‍ ജീവിച്ചു! ഓരോ കള്ളപ്രവാചകനും യിസ്രായേലിന്റെ അഭീഷ്ടം കണ്ടെത്തുകയും അതു പ്രസംഗിക്കയും ചെയ്തുകൊണ്ടിരുന്നു. അവര്‍ സമ്മതരും സമ്പന്നരുമായിത്തീര്‍ന്നു. ഇന്നും ക്രൈസ്തവലോകത്ത് ഇത്തരം പ്രവാചകന്മാരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. യിസ്രായേലിലെ സത്യപ്രവാചന്മാര്‍ പ്രശസ്തരും പൊതു സമ്മതരും ആയിരുന്നില്ല. കാരണം അവര്‍ ജനത്തോടു അവരുടെ അഭീഷ്ടങ്ങളല്ല മറിച്ച് അവര്‍ യഥാര്‍ത്ഥത്തില്‍ കേള്‍ക്കുവാനാവശ്യമായിരുന്നതത്രേ പ്രസംഗിച്ചിരുന്നത്.
4. യേശു ഒരിക്കല്‍ മാര്‍ത്തയെ പലകാര്യങ്ങളിലെ തിരക്കിനെക്കുറിച്ചു ശാസിച്ചുകൊണ്ടു തന്റെ മുമ്പില്‍ ശ്രദ്ധയോടെ ഇരിക്കുന്ന മറിയയെ മാതൃകയാക്കുവാന്‍ പറഞ്ഞു. മറിയ തെരഞ്ഞെടുത്ത കാര്യം മാത്രമേ ആവശ്യമുള്ളൂ എന്നു യേശു കല്പിച്ചു. (ലൂക്കോ. 10:12)ശമുവേലിന്റെ മനോഭാവം തന്നെ നമുക്കും ഇക്കാര്യത്തില്‍ ഉണ്ടാകട്ടെ.”കര്‍ത്താവേ അരുളിച്ചെയ്യണമേ, അടിയന്‍ കേള്‍ക്കുന്നു.”
ബൈബിളിന്റെ ഒന്നാം പേജില്‍ നാം കാണുന്നതെന്താണ്? ദൈവം ഓരോ സമയത്തും കല്പിക്കുമ്പോള്‍ ഓരോന്ന് ഉളവാകുന്നു. പ്രകാശം ഉളവായി. വെള്ളത്തില്‍ നിന്നും ഭൂമി വേര്‍പിരിഞ്ഞു. മരങ്ങളും മത്സ്യങ്ങളും മൃഗങ്ങളും എല്ലാം സൃഷ്ടിക്കപ്പെട്ടു.
യെശയ്യാ 55:11 ല്‍ ഇപ്രകാരം പറയുന്നു: എന്റെ വായില്‍നിന്നു പുറപ്പെടുന്ന വചനം വെറുതേ എന്റെ അടുക്കലേക്കു മടങ്ങി വരാതെ എനിക്കിഷ്ടമുള്ളതു നിവര്‍ത്തിക്കയും ഞാന്‍ അയച്ചകാര്യം സാധിപ്പിക്കയും ചെയ്യും.
ലോകത്തിലെ ആളുകള്‍ വളരെ വിലമതിക്കുന്ന രണ്ടു പ്രയോഗങ്ങള്‍ ഇതിലുണ്ട്. ”ഇഷ്ടമുള്ളതു നിവര്‍ത്തിക്കുക””കാര്യം സാധിപ്പിക്കുക”
നമ്മുടെ ജീവിതത്തിലും നമുക്കു നിവര്‍ത്തിക്കപ്പെടേണ്ട ഇഷ്ടങ്ങളും സാധിക്കേണ്ട കാര്യങ്ങളും നിരവധിയുണ്ട്. നമ്മുടെ ജീവിതം ഹ്രസ്വമായതിനാല്‍ പല വഴികളെ പരീക്ഷിച്ചറിയുവാന്‍ നമുക്കു സമയമില്ല. പ്രത്യേകിച്ചും ആത്മീയ കാര്യങ്ങളില്‍. ദൈവവേലയില്‍ ഒരു പ്രത്യേക രീതി പരീക്ഷിച്ച് ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അതു ദൈവവഴി അല്ലായിരുന്നു എന്നു കണ്ടെത്തുന്ന തരത്തില്‍ നമുക്കു പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുമോ? ദൈവം സംസാരിക്കുന്നതെന്തെന്നു കേള്‍ക്കുവാന്‍ നാം സമയം കണ്ടെത്തുന്നുവെങ്കില്‍ അത്തരം ഭോഷത്തങ്ങളില്‍ നിന്നു നമുക്കു രക്ഷപെടാന്‍ കഴിയും. അവിടെ കാര്യം സാദ്ധ്യമായിത്തീരും.
ദൈവശബ്ദം കേള്‍ക്കുന്ന മനുഷ്യനെ ശ്രദ്ധിക്കുവാനാണ് എനിക്കു താത്പര്യം. ധാരാളം ബിരുദങ്ങളുള്ള ഒരു വേദശാസ്ത്ര പണ്ഡിതനു മണിക്കൂറുകള്‍കൊണ്ടു ഗ്രഹിപ്പിക്കുവാന്‍ കഴിയുന്നതിനേക്കാളധികം അത്തരം ഒരാള്‍ക്കു വെറും അഞ്ചുമിനിട്ടു കൊണ്ടു എന്നെ ഗ്രഹിപ്പിക്കുവാന്‍ കഴിയും. പ്രൊഫ.ഗമാലിയേലിനെക്കാളും സന്നദ്രീമിലെ അംഗങ്ങളെക്കാളും യോഹന്നാന്‍ സ്‌നാപകന് ദൈവത്തെക്കുറിച്ച് ആളുകളെ ഗ്രഹിപ്പിക്കുവാന്‍ കഴിയും.
നാം ദൈവത്തെ കേള്‍ക്കുന്നുവെങ്കില്‍ വായിക്കുന്നപ്രസിദ്ധീകരണങ്ങളില്‍ നിന്നായിരിക്കില്ല നാം പ്രസംഗിക്കുക. കേള്‍ക്കുന്ന ടേപ്പുകളില്‍നിന്നും ആയിരിക്കില്ല. അക്കാദമിക പഠനങ്ങളില്‍ നിന്നും ആര്‍ജ്ജിക്കുന്ന അറിവുകളില്‍ നിന്നുമല്ല ദൈവിക മനുഷ്യന്‍ വെളിപ്പാടുകളില്‍ നിന്നത്രേ സംസാരിക്കുന്നത്. അത്തരം ഒരു വ്യക്തി വായിച്ചോ കേട്ടോ അറിയുന്ന കാര്യങ്ങള്‍ ആദ്യം സ്വന്തം അനുഭവമാക്കും. തുടര്‍ന്നു തന്റെ അനുഭവജ്ഞാനത്തില്‍ നിന്നും അവയെ പ്രസ്താവിക്കും.
നാം ബുദ്ധിയില്‍ നിന്നും പ്രസ്താവിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ ബുദ്ധിയുടെ തലത്തിലേക്കു മാത്രമേ കടക്കുകയുള്ളൂ. എന്നാല്‍ സ്വന്തം അനുഭവങ്ങളില്‍ നിന്നു ഹൃദയം പ്രസ്താവിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ ഹൃദയത്തെത്തന്നെ സ്പര്‍ശിക്കയും ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യും. ഞാന്‍ പറയുന്നതിന്നര്‍ത്ഥം നിങ്ങള്‍ ഒരിക്കലും എഴുതിത്തയ്യാറാക്കുന്ന കുറിപ്പുകളോ സന്ദേശങ്ങളോ ഉപയോഗിക്കരുത് എന്നല്ല. കുറിപ്പുകള്‍ കൂടാതെ ഒരാള്‍ പ്രസംഗിക്കുന്നതുകൊണ്ട് അയാള്‍ക്ക് നല്ല ഓര്‍മ്മ ശക്തിയുണ്ടെന്നു മാത്രമേ അര്‍ത്ഥമാകുന്നുള്ളൂ. അത് ആത്മീയതയുടെ അളവുകോലല്ല. നാം പ്രസംഗിക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ നിന്നും ഹൃദയത്തില്‍ നിന്നും ആയിരിക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ.
ഇന്നു നമുക്കു ലിബറല്‍ തിയോളജി പഠിപ്പിക്കുന്ന സെമിനാരികളുണ്ട്. ഇവാന്‍ജലിക്കല്‍ തിയോളജി പഠിപ്പിക്കുന്ന സെമിനാരികളുമുണ്ട്. എന്താണിവ തമ്മിലുള്ള വ്യത്യാസം? ഒന്നില്‍ ബുദ്ധിയില്‍ നിന്നും ബുദ്ധിയിലേക്കു പകരുന്ന അറിവുകള്‍ വേദശാസ്ത്രപരമായി തെറ്റാണ്. മറ്റേതില്‍ ആ അറിവുകള്‍ വേദശാസ്ത്രപരമായി ശരിയുമാണ്. എന്നാല്‍ ആത്മീയമായി നാം വിവേചിച്ചാല്‍ ശരിയെന്നു നാം കരുതുന്ന ഇവാന്‍ജലിക്കല്‍ സെമിനാരിയും ലിബറലിനേക്കാള്‍ മെച്ചമല്ലെന്നു കാണാം. ഈ രണ്ടു സെമിനാരികളിലും അദ്ധ്യാപരും വിദ്യാര്‍ത്ഥികളും ഒരു പോലെ ധനമോഹത്തിനും ദുര്‍മ്മോഹങ്ങള്‍ക്കും അടിമകളായിത്തന്നെ തുടരുന്നു.
യേശു വന്നതു തന്റെ ശിഷ്യന്മാരെ വേദശാസ്ത്രപരമായി പ്രബുദ്ധരാക്കുവാനല്ല, തന്റെ സ്വഭാവം നമ്മില്‍ പകര്‍ന്നു നമ്മെ തന്നോട് അനുരൂപരാക്കുവാനാണ്.
യേശു വേദശാസ്ത്രത്തേക്കാള്‍ സ്വഭാവത്തിനു പ്രാധാന്യം നല്‍കുവാനാണ് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. നിങ്ങളും നിങ്ങളുടെ ആടുകളെ ദ്രവ്യാഗ്രഹത്തില്‍ നിന്നും കണ്‍മോഹത്തില്‍ നിന്നും ജഡമോഹത്തില്‍ നിന്നും ജീവനത്തിന്റെ പ്രതാപത്തില്‍ നിന്നും ജയം നേടാനാണോ പഠിപ്പിക്കുന്നത്.?
ദൈവത്തിന് തങ്ങളോട് എന്താണ് പറയുവാനുള്ളതെന്നു കേള്‍ക്കുവാന്‍ നിരവധി ആളുകള്‍ ഞങ്ങളുടെ സഭകളില്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. അവരോടു പ്രസംഗിക്കുക എന്നതു വലിയ ഒരു ഉത്തരവാദിത്വമാണ്. നിങ്ങളുടെ ഓരോരുത്തരുടെയും സ്ഥാനത്തു ഞാനാണ് നില്‍ക്കുന്നതെങ്കില്‍ ഞാന്‍ അവരോടു പറയുന്ന ഓരോ വാക്കിനും ഞാന്‍ ദൈവസന്നിധിയില്‍ കണക്കുബോധിപ്പിക്കേണ്ടിവരും എന്ന ഭയത്തോടെ മാത്രമേ എനിക്കു നില്‍ക്കാന്‍ കഴിയൂ. നാം എന്തു പറഞ്ഞു, എന്തിനു പറഞ്ഞു, എങ്ങനെ പറഞ്ഞു എന്നകാര്യത്തില്‍ നാം ഒരു നാള്‍ നാം പറഞ്ഞ ഓരോ വാക്കിനും ദൈവസന്നിധിയില്‍ ഉത്തരം പറയേണ്ടി വരും. ഈ ഉത്തരവാദിത്വം ഗൗരവത്തോടെ നാം ഏറ്റെടുക്കുന്നുവെങ്കില്‍ നമ്മുടെ ശുശ്രൂഷയില്‍ സമൂലമായ മാറ്റം വരിക തന്നെ ചെയ്യും.
കഴിഞ്ഞ ഇരുപതിലധികം വര്‍ഷങ്ങളായി ഞാന്‍ എന്റെ ശുശ്രൂഷയെ ഇവ്വണ്ണം കര്‍ത്താവിന്റെ മുഖ പ്രകാശത്തില്‍ ശോധന ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ പ്രാവശ്യവും ഞാന്‍ പ്രസംഗിച്ച ശേഷം ഞാന്‍ അനാവശ്യമായി പറഞ്ഞ വാക്കുകള്‍ എന്നെ കാണിച്ചു തരണേയെന്നു ദൈവത്തോടു അപേക്ഷിക്കാറുണ്ട്. ഞാന്‍ ആളുകളുടെ സമയം വെറുതേ പാഴാക്കുകയോ എന്റെ മാനം ഉയര്‍ത്തുകയോ ചെയ്യുവാന്‍ വേണ്ടി വൃഥാ വാക്കുകള്‍ പറയുന്നവനായോ എന്നു ശോധന ചെയ്യാറുണ്ട്. അപ്രകാരം കേള്‍വിക്കാര്‍ക്കു ദഹിക്കാത്തതും അവര്‍ക്കു വിരസതയുണ്ടാക്കുന്നതുമായ മുഷിപ്പന്‍ പ്രസംഗങ്ങളില്‍ നിന്നും എന്നെ ക്രമേണ ശുദ്ധീകരിക്കാന്‍ എനിക്കു കഴിഞ്ഞു.
നിങ്ങള്‍ പ്രസംഗിച്ച ശേഷം ദൈവത്തെ അന്വേഷിക്കുന്ന ഒരാളാണോ? അതു കൂടുതല്‍ മെച്ചമായി ചെയ്‌വാന്‍ സഹായിക്കണേ എന്നു പ്രാര്‍ത്ഥിക്കാറുണ്ടോ? മറ്റുള്ളവര്‍ അതു നന്നെന്നു വിലയിരുത്തുന്നതില്‍ വലിയ കാര്യമില്ലെന്ന വസ്തുത നിങ്ങള്‍ ഗ്രഹിച്ചിട്ടുണ്ടോ? ദൈവം അതിനെ എങ്ങനെ വിലയിരുത്തുന്നു എന്നതിലാണ് കാര്യം. അതു കണ്ടെത്തുക.
നിങ്ങളുടെ സഭകളില്‍ നിങ്ങളെ ഞായറാഴ്ച തോറും കേള്‍ക്കുന്ന ധാരാളം ആളുകളില്ലേ? അവരുടെ ജീവനെ നിങ്ങള്‍ നിത്യതയിലേക്കു തന്നെയോണോ ആര്‍ഷിക്കുന്നത്? അവര്‍ ലോകക്കാരായിരിക്കാതെ സ്വര്‍ഗ്ഗീയരായിരിക്കുവാന്‍ തക്കവണ്ണം അവരുടെ മൂല്യബോധം വ്യത്യാസപ്പെടുത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടോ? ഈ ചോദ്യം കൂടെക്കൂടെ നിങ്ങള്‍ സ്വയം ചോദിച്ചു കൊണ്ടിരിക്കുക.
നാം എടുക്കുന്ന ചില പ്രധാന തീരുമാനങ്ങള്‍ക്കു മുമ്പേ ദൈവത്തില്‍ നിന്നും കേള്‍ക്കുവാന്‍ നാം ശ്രദ്ധിച്ചേ മതിയാകൂ.
ദൈവം നമ്മോടു പല തരത്തിലും സംസാരിക്കാം.
പ്രഥമമായും തന്റെ വചനത്തില്‍ കൂടിയാണു ദൈവം നമ്മോടു സംസാരിക്കുക. വ്യക്തമായി ദൈവവചനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കാര്യത്തെക്കുറിച്ച് ദൈവഹിതം ആരായാന്‍ നാം സമയം കളയേണ്ടതില്ല. കാരണം അതു മുന്നമേ തന്നെ വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.
നമ്മുടെ സാഹചര്യങ്ങളിലൂടെ ദൈവം നമ്മോടു സംസാരിക്കും. ഓരോ വാതിലിന്റെയും താക്കോല്‍ നമ്മുടെ കര്‍ത്താവിന്റെ കൈയിലുണ്ട്. (വെളി. 1:18).അവിടുന്ന് അടച്ചാല്‍ ആരും തുറക്കയില്ല. അവിടുന്നു തുറന്നാല്‍ ആരും അടയ്ക്കയില്ല. (വെളി. 3:18) അതുകൊണ്ട് നമ്മുടെ സാഹചര്യങ്ങള്‍ നാം എങ്ങനെ മുമ്പോട്ടു പോകണമെന്ന കാര്യത്തില്‍ ഒരു സൂചന തന്നെയാണ്. ദൈവം തുറക്കാത്ത വാതിലുകള്‍ നാം തുറക്കുവാന്‍ ബലം പ്രയോഗിക്കേണ്ടതില്ല. എന്നാല്‍ അടച്ചുകിടക്കുന്ന ഒരു വാതിലിനു മുമ്പില്‍ നമുക്കു പ്രാര്‍ത്ഥിക്കാം. എന്നാല്‍ നിരന്തരം പ്രാര്‍ത്ഥിച്ചിട്ടും തുറക്കപ്പെടുന്നില്ലെങ്കില്‍ അതു തുറക്കുന്നതു ദൈവഹിതമല്ലെന്നു നമുക്കു കരുതാം. അങ്ങനെയല്ല, നാം തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്നതു കര്‍ത്താവിന്റെ ഹിതമെങ്കില്‍ അതു വെളിപ്പെടുത്തിത്തരുവാന്‍ വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.(ലൂക്കോ. 11: 5-9)
ഭക്തരും പക്വതയുള്ളവരുമായ സഹോദരന്മാരിലൂടെ കര്‍ത്താവിനു നമ്മോടു സംസാരിക്കുവാന്‍ കഴിയും. നാം വീഴാന്‍ സാദ്ധ്യതയുള്ള പല കുഴികളെക്കുറിച്ചും സ്വന്ത അനുഭവജ്ഞാനത്തില്‍ നിന്നും ഈ സഹോദരന്മാര്‍ക്കു നമ്മെ പ്രബോധിപ്പിക്കാന്‍ കഴിയും. അവരെ അന്ധമായി അനുസരിക്കണമെന്നല്ല. എന്നാല്‍ അവരുടെ സഹായം നാം സ്വീകരിക്കുന്നതു നന്നായിരിക്കും.
നാം രോഗത്തില്‍കൂടെയോ ഏതെങ്കിലും ശോധനകളിലൂടെയോ കടന്നു പോകുമ്പോള്‍ ദൈവത്തിന് എന്തോ പ്രധാന കാര്യം നമ്മെ അറിയിക്കുവാനുണ്ട്.
മറ്റുള്ളവരുടെ വീഴ്ചകളിലൂടെയും ദൈവം നമുക്കു മുന്നറിയിപ്പുകള്‍ നല്‍കുന്നു. ഒരു സഹോദരന്‍ പാപത്തില്‍ വീഴുമ്പോള്‍ നാം അതില്‍ നിന്നും എന്തു പഠിക്കണം എന്നു ദൈവത്തോടു തന്നെ ചോദിക്കുന്നതു നല്ലതാണ്. നാം ഒക്കെയും ബലഹീനരാണല്ലോ. നമ്മുടെ രക്ഷയ്ക്ക് ഇപ്രകാരം ദൈവസന്നിധിയില്‍ ആയിരിക്കുന്നത് നല്ലതാണ്.
അത്യാഹിതങ്ങളും അനര്‍ത്ഥങ്ങളും സംഭവിക്കുന്നതുകേള്‍ക്കുമ്പോള്‍ ഒരു പക്ഷേ ദൈവത്തിനു നമ്മോടു ചിലതു പറയാനുണ്ടാവും. ഹെരോദാവു ചില യഹൂദന്മാരെ കൊന്നുവെന്നും ശീലോഹാമിലെ ഗോപുരം വീണ് ആളുകള്‍ മരിച്ചു എന്നുമുള്ള വാര്‍ത്ത കേട്ടപ്പോള്‍ മാനസാന്തരപ്പെടുവാന്‍ യേശു തന്റെ മുമ്പിലുള്ളവരോടു ആഹ്വാനം ചെയ്തു. കാരണം ഇത്തരം സംഭവങ്ങള്‍ എവിടെയും എപ്പോഴും അനിവാര്യമാണ്.
എന്നാല്‍ ദൈവഹിതം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ ബൈബിള്‍ തുറന്നു ആദ്യം കണ്ണില്‍പ്പെടുന്ന വാക്യം വായിക്കുന്നവരോട് ഒരു വാക്കു പറയട്ടെ!
നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന കാര്യത്തില്‍ അനുകൂലമായ ഒരു ആലോചനയ്ക്കു വേണ്ടി നിങ്ങള്‍ ബൈബിള്‍ തുറക്കുന്നു. അനുകൂലമായ വാക്യം കണ്ടെത്തുന്നില്ല. പിന്നെന്തുചെയ്യും? അനുകൂലമായ ഒരു വാക്യം കണ്ടുപിടിക്കും വരെ നിങ്ങള്‍ ബൈബിള്‍ തുറന്നു കൊണ്ടിരിക്കും. അങ്ങനെ നമുക്കു സ്വയം വഞ്ചിക്കാന്‍ കഴിയും.
ഇപ്രകാരം ദൈവഹിതം കണ്ടെത്താന്‍ ശ്രമിച്ച ഒരാളിനെക്കുറിച്ചൊരു കഥ ഞാന്‍ കേട്ടിട്ടുണ്ട്. അയാള്‍ പെട്ടെന്നു ബൈബിള്‍ തുറന്ന് ഇപ്രകാരം കണ്ടു: ”….ചെന്ന് കെട്ടി ഞാന്നു ചത്തുകളഞ്ഞു”(മത്തായി 27:5) വീണ്ടും ബൈബിള്‍ തുറന്നപ്പോള്‍ കണ്ടത്. ”നീയും പോയി അങ്ങനെ തന്നെ ചെയ്ക” (ലൂക്കോ. 10:37)മൂന്നാം പ്രാവശ്യം തുറന്നപ്പോള്‍ ”നീ ചെയ്യാനുള്ളത് വേഗത്തില്‍ ചെയ്ക ” (യോഹ. 13:27) എന്നെഴുതിയിരിക്കുന്നതാണു കണ്ടത്. അങ്ങനെ ദൈവഹിതം കണ്ടെത്തുന്ന തെറ്റായ ഈ രീതിയില്‍ നിന്നും ആ വ്യക്തി എന്നെന്നേക്കുമായി പിന്‍തിരിഞ്ഞു.
നാം കുഴങ്ങിയിരിക്കുമ്പോള്‍ ഇപ്രകാരം ബൈബിളിലെ ഒരു വാക്യം വായിച്ചു ധൈര്യം പ്രാപിക്കാന്‍ ദൈവം നമ്മെ പ്രേരിപ്പിച്ചേക്കാം. ഒരിക്കലും മാര്‍ഗ്ഗദര്‍ശനത്തിനായിട്ടല്ല.
അതുകൊണ്ടു പ്രിയ സഹോദരങ്ങളേ, ദൈവശബ്ദം കേള്‍ക്കുന്നതില്‍ ഉത്സുകരായിരിക്കാന്‍ ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. നിങ്ങള്‍ വളര്‍ത്തിയെടുക്കേണ്ട അതിപ്രധാനമായ ഒരു ശീലമാണിതെന്ന് അറിഞ്ഞിരിക്കുക.
അധ്യായം 5:നിങ്ങളുടെ ശുശ്രൂഷ തിരിച്ചറിയുക
തന്റെ ശുശ്രൂഷയ്ക്ക് ഒരു സന്തുലിതാവസ്ഥയില്ലെന്ന് ഒരു ആത്മീയ നേതാവ് വേഗത്തില്‍ തിരിച്ചറിയും. എന്നാല്‍ ക്രിസ്തുവിന്‍ ശരീരമാകുന്ന സഭയിലെ മറ്റ് അംഗങ്ങളുടെ വിവിധ ശുശ്രൂഷകളിലൂടെ ഒരു സന്തുലിതാവസ്ഥയെ പ്രാപിക്കുവാന്‍ അദ്ദേഹത്തിനു കഴിയും.
ക്രിസ്തുവിന്‍ ശരീരത്തെ ഒരു ആശുപത്രിയോടു താരതമ്യം ചെയ്യാം. രോഗിയായ ഒരു വ്യക്തി ഒരു ആശുപത്രിയിലെത്തുമ്പോള്‍ പലവിധത്തിലുള്ള സഹായങ്ങളെത്തിക്കുവാന്‍ വിവിധ വിഭാഗങ്ങള്‍ സജ്ജരായി നില്‍ക്കുന്നതു കാണാം. ഒരു പക്ഷേ അയാള്‍ക്കാവശ്യം ശസ്ത്രക്രിയയാകാം. വെറുമൊരു കുത്തിവയ്പാകാം. ഫിസിയോതെറാപ്പി ആകാം. കണ്ണിനോ കാതിനോ ഉള്ള വിദഗ്ദ്ധ ചികിത്സ ആകാം. ഇവയ്‌ക്കെല്ലാമുള്ള വിവിധ വിഭാഗങ്ങള്‍ ഒരു ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു നേത്ര രോഗവിദഗ്ദ്ധന്‍ തന്റെ മുഴുസമയവും രോഗികളുടെ കണ്ണുമാത്രം പരിശോധിക്കുന്നു. രോഗികളുടെ മറ്റ് അവയവങ്ങള്‍ അപ്രധാനമാണെന്ന് അദ്ദേഹം കരുതുന്നതുകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്, മറിച്ച് തന്റെ വൈദഗ്ധ്യം ആ ഒരു കാര്യത്തില്‍ മാത്രമാണെന്നതു കൊണ്ടാണ്.
ക്രിസ്തുവിന്റെ ശരീരത്തിലും ഓരോ അവയവത്തിനും ഓരോ പ്രത്യേക ശുശ്രൂഷയും അതിനുള്ള വരവും ഉണ്ട്. ഒരു അവയവവും തന്നില്‍ത്തന്നെ സന്തുലിതമല്ല. ഈ ഭൂമിയില്‍ സമ്പൂര്‍ണ്ണ സമതുലിതാവസ്ഥയോടെ ജീവിച്ചിരുന്ന ഒരേ ഒരു വ്യക്തി കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ്. മനുഷ്യരായ നാമെല്ലാവരും-നമ്മില്‍ ഏറ്റവും തികവുള്ളവരെന്നു നാം കരുതുന്നവര്‍ പോലും-സമതുലിതാവസ്ഥയുള്ളവരല്ല. ആശുപത്രിയിലെ പലവിഭാഗങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ സമതുലനാവസ്ഥ സംജാതമാകുമ്പോലെ നാമും മറ്റു സഹോദരങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ സന്തുലിതമായ അവസ്ഥയുണ്ടാവുന്നു. ഓരോരുത്തരും കര്‍ത്താവിന്റെ ആശുപത്രിയിലെ പ്രത്യേക വിഭാഗങ്ങളാണ്. ഈ ആശുപത്രിയില്‍ വ്യക്തിമാഹാത്മ്യത്തിനു പ്രസക്തിയില്ല.
ഒരു നല്ല ആശുപത്രിയില്‍ ആളുകളെ സേവിക്കുവാനായി നിരവധി വിഭാഗങ്ങളുണ്ടായിരിക്കും. അതുപോലെതന്നെ കര്‍ത്താവിന്റെ ശരീരത്തിലും പലവിധ വരങ്ങളും പലതരം ശുശ്രൂഷകളും ഉണ്ടായിരിക്കും. ഒരു സഭയ്ക്കും എല്ലാ വിധ ശുശ്രൂഷകളും വരങ്ങളും ലഭ്യമല്ല. എന്നാല്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭൂമിയിലെങ്ങുമുള്ള ആകെത്തുകയെ നാം പരിഗണിക്കുമ്പോള്‍ അതു വരങ്ങളിലും ശുശ്രൂഷകളിലും പൂര്‍ണ്ണമായിരിക്കും.
അങ്ങനെ ക്രിസ്തുവിന്‍ ശരീരത്തിലെ ഒരു അവയവമെന്നനിലയില്‍ നമ്മുടെ വിളി എന്തെന്നു നാം ഗ്രഹിച്ചിരിക്കണം.
ലോകം മുഴുവനും രോഗാതുരമായ ആത്മാവുള്ളവരാല്‍ നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ആരുടെയും നില നിരാശാജനകമല്ല. എല്ലാ വ്യക്തികള്‍ക്കും ക്രിസ്തുവില്‍ സൗഖ്യം പ്രാപിക്കാന്‍ കഴിയും. ഇതത്രേ നാം പ്രസംഗിക്കുന്ന സുവിശേഷത്തിലെ സന്തോഷകരമായ വാര്‍ത്ത. ഏറ്റവും ഹീനനായ പാപിക്കും അധമനായ വ്യക്തിക്കും സൗഖ്യം പ്രാപിക്കാന്‍ കഴിയുന്ന ഒരിടമത്രേ യേശുക്രിസ്തുവിന്റെ ആശുപത്രി. ഒരു നല്ല ആശുപത്രിയില്‍ നിന്നും എത്ര ഗുരുതരമായ രോഗമുള്ളവനെപ്പോലും തിരിച്ചയയ്ക്കുന്നില്ല. കുറഞ്ഞ നിലവാരമുള്ള ആശുപത്രികളാണ് അപ്രകാരം രോഗികളെ തിരിച്ചയയ്ക്കുന്നത്. കാരണം ഗുരുതരമായ രോഗങ്ങളെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ അവിടെയില്ല. അപ്രകാരം തന്നെ എത്ര നീചനായ ഒരു പാപിക്കുപോലും പ്രത്യാശയും രക്ഷയും നല്കുന്ന ഒന്നാണു നല്ല സഭ. താങ്കളുടെ രോഗം ആശയ്ക്കു വകയില്ലാത്തതാണെന്ന് അതു ആരോടും തന്നെ പറയുകയില്ല. ചികിത്സ സ്വീകരിക്കുവാന്‍ മനസ്സുള്ളവനെങ്കില്‍ എത്ര അധമപാപിയെപ്പോലും ഏറ്റവും വിശുദ്ധനാക്കി മാറ്റുവാന്‍ ഒരു നല്ല സഭയ്ക്കു കഴിയും.
സഭയെ നമുക്ക് മനുഷ്യശരീരത്തോട് ഉപമിക്കാം. ശരീരത്തില്‍ ഓരോ അവയവത്തിനും അതിന്റേതായ പ്രവൃത്തിയുണ്ട്. ഓരോ അവയവും തന്റേതായ പ്രവൃത്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ മറ്റു പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവയവങ്ങളെയും അവ അംഗീകരിക്കയും വിലമതിക്കയും അവയോടു സഹകരിക്കയും ചെയ്യുന്നു. ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളും തമ്മില്‍ തമ്മില്‍ അപ്രകാരമായിരിക്കണം.
1 കൊരിന്ത്യര്‍ 12-ല്‍ പരിശുദ്ധാത്മാവ് കണ്ണ്, കാത്, കൈ, കാല് മുതലായ അവയവങ്ങളുടെ ധര്‍മ്മങ്ങളെയാണ് സഭയിലെ വിവിധ വരങ്ങളുടെ പ്രവര്‍ത്തനത്തെ വിശദീകരിക്കുവാന്‍ ദൃഷ്ടാന്തമാക്കിയിരിക്കുന്നത്.
താങ്കള്‍ എന്നെ തുടര്‍ച്ചയായി ശ്രദ്ധിക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ക്ക് ഞാന്‍ ഊന്നല്‍ കൊടുത്തുകൊണ്ടു വീണ്ടും വീണ്ടും സംസാരിക്കുന്നതു ശ്രദ്ധയില്‍പ്പെടും. അതിന്റെ കാരണം ആ പ്രത്യേക കാര്യം സംസാരിക്കുവാനാണ് ദൈവം എനിക്കു ഭാരം തന്നിരിക്കുന്നത്. കര്‍ത്താവ് എനിക്കു തന്നിരിക്കുന്ന ശുശ്രൂഷയിലാണ് ഞാന്‍ ശ്രദ്ധവച്ചിരിക്കുന്നത്. കാരണം എനിക്ക് അതാണ് കൂടുതല്‍ ഫലപ്രദമായി ചെയ്യുവാന്‍ കഴിയുന്നത്. ഞാന്‍ മറ്റെന്തെങ്കിലും ചെയ്‌വാന്‍ ശ്രമിച്ചാല്‍ എന്നെ സംബന്ധിച്ചുള്ള ദൈവപദ്ധതി വിഫലമാകും. എന്നാല്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കും ഞാന്‍ എതിരല്ല. അവയെ ഞാന്‍ വിലമതിക്കുന്നു. വയര്‍, കൈയെ ഏറ്റവും വിലമതിക്കുന്നു. പക്ഷേ കൈയുടെ പ്രവൃത്തി ചെയ്യാന്‍ വയര്‍ ഒരിക്കലും ശ്രമിക്കാറില്ല. ഉദാഹരണമായി ഒരു പാത്രത്തില്‍ നിന്നു ഭക്ഷണം എടുക്കുവാന്‍ വയര്‍ ഒരിക്കലും ശ്രമിക്കാറില്ല. കൈയെ അതിന്റെ പ്രവൃത്തി ചെയ്‌വാന്‍ അനുവദിക്കുകയും അങ്ങനെ ലഭിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കയും മാത്രമേ വയര്‍ ചെയ്യുന്നുള്ളു. അങ്ങനെയാണ് ക്രിസ്തുവിന്റെ ശരീരത്തില്‍ നാം പരസ്പരം നിലകൊള്ളേണ്ടത്.
ശരീരത്തിലെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഈ സത്യം പലരും ഗ്രഹിച്ചിട്ടില്ല. ഈ സത്യം താങ്കള്‍ ഗ്രഹിച്ചിട്ടില്ലെങ്കില്‍ ദൈവം താങ്കളിലൂടെ ചെയ്യുവാന്‍ ആഗ്രഹിക്കുന്നതെന്തെന്നു താങ്കള്‍ ഒരിക്കലും കണ്ടെത്തുകയില്ല.
നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ വിളിയെ സംബന്ധിച്ച് താന്താന്റെ ഹൃദയത്തില്‍ വ്യക്തതയുണ്ടായിരിക്കുന്നതു നല്ലതാണ്. നമ്മുടെ ഹൃദയത്തില്‍ ദൈവം നല്‍കുന്ന ഭാരമാണ് നാം ക്രിസ്തുവിന്റെ ശരീരത്തില്‍ നിറവേറ്റേണ്ട ശുശ്രൂഷ എന്തെന്നതിനുള്ള സൂചന.
എന്റെ ശുശ്രൂഷയെ സംബന്ധിച്ച ദൈവഹിതമെന്തെന്നും എന്റെ ശുശ്രൂഷയില്‍ ഞാന്‍ എന്തിനാണ് ഊന്നല്‍ കൊടുക്കേണ്ടതെന്നുമുള്ള കാര്യങ്ങളില്‍ പല വര്‍ഷങ്ങളിലൂടെ എനിക്കു വ്യക്തത ലഭിച്ചിരിക്കുന്നു. ഈ വ്യക്തത എന്റെയുള്ളില്‍ വലിയ സ്വസ്ഥതയും സ്വാതന്ത്ര്യവും തന്നിരിക്കുന്നു. എന്റെ ശുശ്രൂഷയില്‍ സമതുലനാവസ്ഥയില്ല എന്ന ആരോപണത്തിനോ മറ്റു യാതൊന്നിനോ ദൈവം നല്‍കിയിരിക്കുന്ന ഈ സ്വസ്ഥതയ്ക്കു ഭംഗം വരുത്തുവാന്‍ കഴികയില്ല.
പഴയ നിയമ കാലത്തും ഒരു പ്രവാചകനും തന്റെ ശുശ്രൂഷയില്‍ സന്തുലനം കണ്ടെത്തിയിരുന്നില്ല. ഒത്തുതീര്‍പ്പുകാരായ പ്രസംഗകരാണ് സന്തുലിതാവസ്ഥയെ അന്വേഷിക്കുന്നത്. സകല പ്രവാചകന്മാരും അസന്തുലിതരായിരുന്നു. അവര്‍ ഒരേ കാര്യം തന്നെ പിന്നേയും പിന്നേയും പറഞ്ഞുകൊണ്ടിരുന്നു. കാരണം ആ പ്രത്യേക കാലഘട്ടത്തില്‍ യിസ്രായേലിന്റെയും യഹൂദയുടെയും ആവശ്യം അതായിരുന്നു. അത് അവരുടെ ഹൃദയത്തില്‍ ഒരു ഭാരമായി ദൈവം നല്‍കി.
കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും തങ്ങളുടെ വിളി എന്താണെന്നു ഗ്രഹിക്കാന്‍ കഴിയും എന്നല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. വീണ്ടുംജനനം പ്രാപിച്ച ശേഷം ഏതാണ്ട് പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് എനിക്ക് ലഭിച്ചിരിക്കുന്ന ശുശ്രൂഷ എന്തെന്നതിനെ സംബന്ധിച്ച് പൂര്‍ണ്ണവ്യക്തത എനിക്കുണ്ടായത്. താങ്കള്‍ക്ക് ഒരു പക്ഷേ അത്രയും സമയം ആവശ്യമായി വന്നെന്നു വരില്ല. അതു ദൈവത്തിനു വിടുക. പക്ഷേ ഒരു കാര്യം താങ്കള്‍ അറിഞ്ഞിരിക്കണം. ക്രിസ്തുവിന്‍ ശരീരത്തില്‍ മറ്റൊരാള്‍ക്കും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു പ്രത്യേക ശുശ്രൂഷ ദൈവത്തിനു താങ്കളിലൂടെ ചെയ്യുവാനായിട്ടുണ്ട്. ആ ശുശ്രൂഷ അതില്‍ത്തന്നെ സന്തുലിതമായ ഒന്നായിരിക്കില്ല. അതിന്റെ സന്തുലനം ക്രിസ്തുവിന്‍ ശരീരത്തില്‍ മറ്റുള്ളവരുടെ ശുശ്രൂഷയുമായുള്ള ബന്ധത്തിലേ താങ്കള്‍ക്കു കണ്ടെത്താന്‍ കഴികയുള്ളൂ. അങ്ങനെ മറ്റു സഹോദരങ്ങളെ ആശ്രയിച്ചു മാത്രം നില്ക്കാന്‍ കഴിയുന്നവരാക്കി നമ്മെ തീര്‍ക്കുന്നതിലൂടെ നാം താഴ്മയുള്ളവരായിക്കാന്‍ ദൈവം നമ്മെ സഹായിക്കുന്നു. ദൈവനാമം മഹത്വപ്പെടട്ടെ!
നാം ഓരോരുത്തരും ചില കാര്യങ്ങളില്‍ ശക്തരും മറ്റു ചില കാര്യങ്ങളില്‍ ബലഹീനരുമാണ്-ചില കുട്ടികളെപ്പോലെ. ഇംഗ്ലീഷില്‍ സമര്‍ത്ഥന്‍ പക്ഷേ കണക്കില്‍ മോശം. എന്നാല്‍ നമ്മുടെ ബലഹീനതകളെ നാം അറികയും അക്കാര്യങ്ങളില്‍ നാം ശക്തരാവുകയും ചെയ്യേണ്ടതുണ്ട്. താങ്കളുടെ സഭ സുവിശേഷീകരണത്തില്‍ ശക്തമായിരിക്കാം. എന്നാല്‍ വിശുദ്ധിക്ക് ഊന്നല്‍ കൊടുക്കുന്ന കാര്യത്തില്‍ അശക്തവുമായിരിക്കാം. അങ്ങനെയെങ്കില്‍ ആ അവസ്ഥയെ തുറന്നു കാണിക്കുവാന്‍ എന്തുതരം ശുശ്രൂഷയാണ് അതിനു നല്‍കേണ്ടതെന്നു താങ്കള്‍ക്കറിയാം.
ആളുകളുടെയിടെയിലുള്ള അംഗീകാരത്തെ താങ്കളുടെ ശുശ്രൂഷയുടെ വിജയമായി ഒരിക്കലും കാണരുത്. മനുഷ്യര്‍ നിങ്ങളെ പ്രശംസിക്കുമ്പോള്‍ നിങ്ങള്‍ക്കു ഹാ കഷ്ടം എന്നത്രേ യേശു പറഞ്ഞത് (ലൂക്കോ. 6:26) താങ്കള്‍ പരക്കെ അംഗീകാരം നേടിയ ഒരു പ്രസംഗകനെങ്കില്‍ ഒരു കള്ളപ്രവാചകനാകുവാനുള്ള സാദ്ധ്യതയുമുണ്ട്. അതേസമയം ‘ആളുകള്‍ നിങ്ങളെ ദ്വേഷിച്ച് ഭ്രഷ്ടരാക്കി തള്ളിക്കളയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍’ എന്ന് യേശു പറഞ്ഞു. കാരണം യഥാര്‍ത്ഥപ്രവാചകന്മാരുടെ അടയാളം അത്രേ അത്. (ലൂക്കോ. 6:22,23).
യേശു പറഞ്ഞ ഇക്കാര്യങ്ങള്‍ താങ്കള്‍ വാസ്തവമായും വിശ്വസിക്കുന്നുവോ?
യിസ്രായേലിന്റെ ചരിത്രത്തിലും സഭാചരിത്രത്തിലും എക്കാലവും എല്ലാ സത്യപ്രവാചകന്മാരും വിവാദ പുരുഷന്മാരായിരുന്നു. അവര്‍ അതാതു കാലഘട്ടങ്ങളിലെ മതനേതാക്കന്മാരാല്‍ ദ്വേഷിക്കപ്പെടുകയും ആരോപണ വിധേയരാവുകയും വേട്ടയാടപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ നിമയത്തിന് ഒരപവാദവും ഉണ്ടായിട്ടില്ല. പഴയ നിയമത്തിലെ ഏലിയാവിനെയോ യിരെമ്യാവിനെയോ ഒന്നാം നൂറ്റാണ്ടിലെ യോഹന്നാന്‍ സ്‌നാപകനെയോ പൗലോസ് അപ്പൊസ്‌തൊലനെയോ ആധുനിക തലമുറയിലെ ജോണ്‍ വെസ്ലിയെയോ വാച്ച്മാന്‍ നീയെയോ ആരെ വേണമെങ്കിലും പരിശോധിച്ചു നോക്കുക.
അതുകൊണ്ടു മനുഷ്യരുടെയിടയില്‍ നമുക്കു ലഭിക്കുന്ന അംഗീകാരം നിത്യതയില്‍ നമ്മുടെ ശുശ്രൂഷ എത്രവിജയകരമായി എന്നതിന്റെ മാനദണ്ഡമാക്കരുത്. നമ്മുടെ യോഗങ്ങളില്‍ സന്നിഹിതരായിരുന്ന ആളുകളുടെ എണ്ണത്തിലോ തീരുമാനങ്ങള്‍ക്കായി കൈപൊക്കിയ ആളുകളുടെ എണ്ണത്തിലോ നമ്മുടെ ശുശ്രൂഷയുടെ വിജയമളക്കരുത്.
കണക്കുകളനുസരിച്ചാണ് ശുശ്രൂഷയുടെ വിജയമളക്കുന്നതെങ്കില്‍ യേശുവിന്റെ ശുശ്രൂഷയെ തികഞ്ഞ പരാജയമായി നമുക്കു കാണേണ്ടി വരും. യേശുവിന് പരസ്യശുശ്രൂഷയുടെ അവസാനം പിതാവിന്റെ സന്നിധിയില്‍ ഭരമേല്‍പിക്കാനുണ്ടായിരുന്നതു വെറും 11 പേരെ മാത്രമായിരുന്നു. (യോഹ. 17). എന്നാല്‍ ആ പതിനൊരുവര്‍ എത്തരത്തിലുള്ളവരായിരുന്നു എന്നതിനാലാണു നാം അവിടുത്തെ ശുശ്രൂഷയുടെ വിജയം അളക്കുന്നത്. ഇന്നത്തെ ദ്രവ്യാഗ്രഹികളും ഒത്തുതീര്‍പ്പുകാരും ലൗകികരും അര്‍ദ്ധമനസ്‌കരുമായ 11 ലക്ഷം പേരെക്കാള്‍ ദൈവത്തിനു പ്രയോജനമുള്ളവരായിരുന്നു ആ 11 പേര്‍. ദൈവത്തിനു വിലയേറിയവരായിരുന്നു അവര്‍.
അത്തരത്തിലുള്ള 11 പേരെ എന്റെ മുഴു ജീവിതകാലംകൊണ്ടും വാര്‍ത്തെടുക്കാന്‍ മാത്രം എനിക്കു കഴിഞ്ഞിരുന്നെങ്കിലും എന്റെ ശുശ്രൂഷ ഏറ്റവും വിജയകരമെന്നു ഞാന്‍ കരുതുമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള രണ്ടോ മൂന്നോ പേരെ വാര്‍ത്തെടുക്കുക പോലും അത്ര എളുപ്പമല്ല. എന്നാല്‍ ‘യേശുവില്‍ വിശ്വസിക്കുന്ന’ അതേസമയം യേശുവിനെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കാത്ത ലൗകികരും ഒത്തു തീര്‍പ്പുകാരുമായ വലിയ ഒരു കൂട്ടത്തെ വിളിച്ചുകൂട്ടാന്‍ വലിയ പ്രയാസമൊന്നുമില്ല.
കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളായി ക്രൈസ്തവചരിത്രത്തില്‍ ദൈവം ആരംഭിച്ച ഓരോ നവോത്ഥാനപ്രസ്ഥാനവും രണ്ടാം തലമുറയിലേക്കു പ്രവേശിക്കുന്നതോടെ അതിന്റെ ഉണര്‍വ്വും വീര്യവും നഷ്ടപ്പെട്ട് പതനത്തിലേക്കു പോകുന്നു. എന്തുകൊണ്ട്?
ഒരു കാരണമിതാണ്: രണ്ടാം തലമുറയിലെത്തുമ്പോള്‍ അവര്‍ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുന്നു. എണ്ണത്തിലുള്ള വര്‍ദ്ധന ദൈവത്തിന്റെ അനുഗ്രഹത്തിന്റെ തെളിവായി അവര്‍ പരിഗണിക്കുന്നു.
സമീപകാലത്ത് ഏറ്റവും വേഗം എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കുന്നത് ചില അന്ധാരാധന സമൂഹങ്ങളും (ഈഹെേ ) ചില മതങ്ങളിലെ മൗലികവാദ സമൂഹങ്ങളുമാണ്. എന്താണിതു തെളിയിക്കുന്നത്? എണ്ണത്തിലുള്ള വര്‍ദ്ധന ദൈവാനുഗ്രഹത്തിനു ഒരു തെളിവല്ലെന്നതാണ്.
ദൈവം നമ്മെ വിളിച്ചിരിക്കുന്നതു നമുക്കു ക്രിസ്തുവിന്‍ ശരീരത്തില്‍ നല്‍കിയിരിക്കുന്ന ശുശ്രൂഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും വ്യത്യസ്ത ശുശ്രൂഷകള്‍ ചെയ്യുന്നവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുമാണ്. നമ്മുടെ ശുശ്രൂഷയുടെ ഫലം കൃത്യമായി അളന്നു തിട്ടപ്പെടുത്തുക തികച്ചും അസാദ്ധ്യമാണ്. കാരണം, നാം വലിയ ഒരു ടീമിന്റെ ഒരു ഭാഗം മാത്രമാണ്. ക്രിസ്തുവിന്‍ ശരീരത്തിലെ ഓരോ അവയവങ്ങള്‍ മാത്രം.
ദൈവം നമുക്കു തന്നിരിക്കുന്ന ശുശ്രൂഷ നിറവേറ്റുന്നതില്‍ നാം വിശ്വസ്തരാണോ എന്നതാണു നാം ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം.
അധ്യായം 6:കീഴടങ്ങലിലൂടെ നുറുക്കം
ആത്മീയ നേതാവ് നുറുക്കമുള്ള ഒരു വ്യക്തിയായിരിക്കണം.
ആദ്യനാളുകളില്‍ നമ്മെ നറുക്കുവാന്‍ തക്കവണ്ണം ദൈവം ചില അധികാരികളെ നമ്മുടെ മേല്‍ ആക്കിവക്കും. അവര്‍ക്കു നാം കീഴടങ്ങേണ്ടതുണ്ട്. മുപ്പതാം വയസ്സില്‍ ദൈവം തനിക്ക് ഒരു പരസ്യശുശ്രൂഷ നല്‍കും വരെ യേശുവിനു പോലും തന്റെ മാതാപിതാക്കളായിരുന്ന ജോസഫിനും മറിയയ്ക്കും കീഴടങ്ങിയിരിക്കേണ്ടതുണ്ടായിരുന്നു.
ഈ കീഴടങ്ങല്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഒരു സുപ്രധാനനിയമമാണ്. അതു മനുഷ്യശരീരത്തിലെ അവയവങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിയമത്തിനു സദൃശമായുള്ളതാണ്. ഉദാഹരണത്തിന് വലതു കൈപ്പത്തി വലതുകൈയുടെ ഒരു ഭാഗം മാത്രമാണ്. കൈപ്പത്തി കൈയുടെ നേതൃത്വത്തിനു വിധേയപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇടതു കൈപ്പത്തി വലതുകൈയുടെ ഭാഗമോ അതിന്റെ നേതൃത്വത്തിന്‍ കീഴിലോ അല്ല. അതു ഇടതുകൈയുടെ ഭാഗം മാത്രമാണ്. അതു ഇടതു കൈയുടെ അധികാരത്തിനു കീഴടങ്ങിയിരിക്കുന്നു. ഇപ്രകാരം ക്രിസ്തുവിന്റെ ശരീരത്തിലും ചില വ്യക്തികളെ തമ്മില്‍ ചേര്‍ത്ത് ഒരു അവയവം പോലെ പ്രവര്‍ത്തിക്കുവാന്‍ ദൈവം നിയോഗിക്കുന്നു. (ഒരു പ്രാദേശിക സഭയോ കുറച്ചു പ്രവര്‍ത്തകരുടെ ഒരു സംഘമോ ആയി).
ഒരു വ്യക്തിയുടെ ജീവിതത്തില്‍ രണ്ടു തരത്തിലുള്ള മാര്‍ഗ്ഗദര്‍ശനം ദൈവം നല്‍കാറുണ്ട്. വ്യക്തിപരമായതും സംഘപരമായതും.
ഒരു ശരീരത്തില്‍ ചിലപ്പോള്‍ വലതുകൈപ്പത്തിയെ മാത്രം ചലിപ്പിച്ചു കൊണ്ടു ചില ജോലികള്‍ തല ചെയ്യിക്കാറുണ്ട്. ഈ സമയം വലതു കൈ മൊത്തത്തില്‍ അനങ്ങാറില്ല. അതു വ്യക്തിപരമായി നിര്‍വ്വഹിക്കുവാന്‍ വേണ്ടി തല നല്‍കുന്ന പ്രത്യേക നിര്‍ദ്ദേശമാണ്. ഇപ്രകാരം നമ്മുടെ വ്യക്തി ജീവിതസംബന്ധിയായ പ്രത്യേക കാര്യങ്ങള്‍, ഉദാഹരണത്തിന് വിവാഹം, ജോലി, ഒരു താമസസ്ഥലം തിരഞ്ഞെടുക്കുന്നത് മുതലായവയ്ക്ക് നമ്മുടെ ശിരസ്സായ ക്രിസ്തുവില്‍ നിന്നുമാത്രം ഒരു വ്യക്തിമാര്‍ഗ്ഗ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ മറ്റുള്ളവരില്‍ നിന്നും നമുക്ക് അഭിപ്രായങ്ങള്‍ സ്വീകരിക്കാം. പക്ഷേ തീരുമാനത്തിലെത്താന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം കര്‍ത്താവില്‍ നിന്നു തന്നെ ആയിരിക്കട്ടെ.
എന്നാല്‍ വലതുകൈയോടു ചലിക്കുവാന്‍ തല ആവശ്യപ്പെടുന്ന സമയത്ത് വലതു കൈപ്പത്തിയും തനിക്കുവേണ്ടി ഒരു പ്രത്യേക നിര്‍ദ്ദേശത്തിനു കാത്തുനില്ക്കാതെ കൈയോടൊപ്പം തന്നെ ചലിക്കുന്നു. നിര്‍ദ്ദേശം സംഘടിതമായി സ്വീകരിക്കുന്നതും അനുസരിക്കുന്നതും അത്തരത്തിലാണ്. തനിക്കു വ്യക്തിപരമായി നിര്‍ദ്ദേശം ലഭിച്ചില്ല എന്ന കാരണത്താല്‍ വലതു കൈപ്പത്തിക്ക് ഒരിക്കലും വലതു കൈയുടെ ചലനത്തില്‍ നിന്നൊഴിയാന്‍ കഴിയില്ല.
സംഘപരമായ കാര്യങ്ങളില്‍ വ്യക്തിഗത നിര്‍ദ്ദേശങ്ങള്‍ക്കു പ്രസക്തിയില്ല. താങ്കള്‍ ക്രിസ്തുവിന്റെ ശരീരത്തിലെ ഒരു അവയവമെങ്കില്‍ നേതൃത്വത്തിനു ദൈവം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കു വിധേയപ്പെടുക മാത്രമായിരിക്കും താങ്കള്‍ ചെയ്യേണ്ടത്. ഒരു ശരീരത്തിലെ അവയവം പോലെ ചേര്‍ന്നു നിന്നു പ്രര്‍ത്തിക്കുന്ന ഒരു ടീമിന്റെ കൃത്യനിര്‍വ്വഹണത്തെക്കുറിച്ചാണ് ഞാനിക്കാര്യം പറഞ്ഞത്, വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചല്ല. താങ്കളെ ഇത്തരം ഒരു ടീമിനോടു ദൈവം ചേര്‍ത്തിരിക്കുന്നുവെങ്കില്‍ അതിന്റെ നേതൃത്വത്തോടു ചേര്‍ന്നു നടക്കുവാന്‍ താങ്കള്‍ ബാദ്ധ്യസ്ഥനാണ്.
ഉദാഹരണത്തിന് അപ്പൊ.പ്രവൃത്തി 16:9 ല്‍ പൗലോസ് ത്രോവാസിലായിരിക്കുമ്പോള്‍, ഒരു ദര്‍ശനത്തില്‍ ”മക്കദോന്യയിലേക്കു വന്നു തങ്ങളെ സഹായിക്കാ”നാവശ്യപ്പെടുന്ന ഒരു വ്യക്തിയെ കണ്ടു. ഈ ദര്‍ശനം കണ്ടത് പൗലോസ് മാത്രമാണെന്നു 9-ാം വാക്യത്തില്‍ നിന്നും നാം മനസ്സിലാക്കുന്നു. എന്നാല്‍ സംഘത്തിലുള്ളവര്‍ക്ക് മക്കദോന്യയില്‍ വചനം പ്രസംഗിക്കുവാന്‍ ദൈവം തങ്ങളെ നിയോഗിച്ചിരിക്കുന്നുവെന്നു ബോദ്ധ്യപ്പെട്ട് സംഘം മുഴുവനും യാത്രയാകുന്നു (വാക്യം 10). എന്തുകൊണ്ടാണു ഒരാള്‍ക്കു മാത്രം ദര്‍ശനത്തിലൂടെ ലഭിച്ച ഒരു സന്ദേശത്തെ തങ്ങള്‍ക്കു കൂടിയുള്ളതാണെന്ന് ആ സംഘാംഗങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടത്? തങ്ങളുടെ സംഘനേതാവായ പൗലോസില്‍ അവര്‍ക്കു പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നതുകൊണ്ട്. സംഘബന്ധിയായ കാര്യങ്ങളില്‍ ദൈവം നിര്‍ദേശങ്ങള്‍ നല്കിയിരുന്നതു നേതാവിനു മാത്രമായിരുന്നു- അംഗങ്ങള്‍ക്കു വ്യക്തിഗതമായിട്ടായിരുന്നില്ല.
താങ്കള്‍ക്കു നേതാവില്‍ വിശ്വാസമില്ല എങ്കില്‍ ആ സഭയില്‍നിന്നും, താങ്കള്‍ ഉടന്‍ തന്നെ മാറുക. ഒരിക്കലും ആ സഭയ്ക്കുള്ളില്‍, സംഘത്തിനുള്ളില്‍ നിന്ന് ഒരു മത്സരമുണ്ടാക്കരുത്. നേതൃത്വത്തിനെതിരെ മത്സരിക്കുന്ന മത്സരികളെ ഒരിക്കലും ദൈവം അനുഗ്രഹിക്കുന്നില്ല. ആ നേതൃത്വം ഒരു അബദ്ധമാണെങ്കില്‍ക്കൂടി. അവിടെ തുടരാതെ മറ്റൊന്നിലേക്കുമാറുന്നതാണുത്തമം.
ദൈവത്താല്‍ നിയോഗിക്കപ്പെട്ട ആത്മീയനേതാക്കളെയും മനുഷ്യര്‍ ആക്കിവയ്ക്കുന്ന സഭാഭരണകര്‍ത്താക്കളെയും നാം തിരിച്ചറിയേണ്ടതുണ്ട്. അപ്പൊസ്തലനായ പൗലിസിനെപ്പോലെ ദൈവത്താല്‍ നിയമിക്കപ്പെട്ടതിനാലും വ്യക്തികള്‍ക്കും സഭകള്‍ക്കും പിതൃത്വം വഹിക്കുന്നതിനാലും അല്ല ഇന്നു പലരും ആത്മീയനേതൃത്വത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇടവകകളുടെ മേല്‍ അധികാരമുള്ള മെത്രാന്‍ ഒരച്ചനെ ഒരു ഇടവകയിലേക്ക് നിയമിച്ചയയ്ക്കുന്നു. ജനറല്‍ സൂപ്രണ്ട് ഒരു പാസ്റ്ററെ ഒരു പ്രത്യേകസഭയിലേക്കയയ്ക്കുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ ആത്മീയനേതാക്കന്മാരല്ല, സഭാഭരണകര്‍ത്താക്കളാണ്. ആത്മീയ നേതാക്കന്മാരെ ദൈവം തന്നെ നിയോഗിക്കുകയാണ് ചെയ്യുന്നത്. അവര്‍ സഭാ ഭരണകര്‍ത്താക്കളെപ്പോലെ തങ്ങളുടെ അധികാരം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല. മറ്റുള്ളവര്‍ സ്വമേധയാ തങ്ങളുടെ അധികാരം അംഗീകരിക്കുന്നതുവരെ കാത്തിരിക്കുക മാത്രമേ ചെയ്യുന്നുള്ളു. വിശ്വാസികള്‍ അങ്ങനെയുള്ളവരുടെ മേലുള്ള ദൈവത്തിന്റെ അഭിഷേകം തിരിച്ചറിയുകയും അവര്‍ക്ക് സ്വമേധയാ കീഴ്‌പ്പെട്ടിരിക്കുകയുമാണു ചെയ്യുന്നത്. അപ്രകാരം മറ്റുള്ളവരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ഒരു വ്യക്തിയായിരിക്കും ഒരു ആത്മീയ നേതാവ്.
ഒരു ദൈവമനുഷ്യനു കീഴ്‌പ്പെട്ടിരിക്കുന്നതിലൂടെ ഒരുപാടു ഭോഷത്തങ്ങളെ ഒഴിവാക്കുവാനും ധാരാളം ജ്ഞാനം പ്രാപിക്കുവാനും നമുക്കു കഴിയും. മറ്റുള്ളവര്‍ മുന്‍കൂട്ടികണ്ടിട്ടില്ലാത്തതും താന്‍ അഭിമുഖീകരിച്ചിട്ടുള്ളതുമായ പല അപകടങ്ങളെക്കുറിച്ച് അവരെ മുന്നറിയിക്കുവാന്‍ അദ്ദേഹത്തിനു കഴിയും. അപ്രകാരം മാതാപിതാക്കളോടൊപ്പം കഴിയുന്ന കുട്ടികളെപ്പോലെ സുരക്ഷിതരായിരിപ്പാന്‍ അങ്ങനെയുള്ളവര്‍ക്ക് കഴിയും.
ദൈവം നിഗളികളോടു എതിര്‍ത്ത് നില്‍ക്കയും താഴ്മയുള്ളവര്‍ക്ക് കൃപ നല്‍കുകയും ചെയ്യുന്ന ദൈവമായിരിക്കകൊണ്ടു ‘ഇളയവരേ മൂപ്പന്മാര്‍ക്ക് കീഴടങ്ങുവിന്‍’ എന്നു 1 പത്രൊ,.5:5 ല്‍ പ്രബോധിപ്പിക്കുന്നു. ആത്മീയാധികാരം പ്രാപിക്കുന്നതിനുള്ള വലിയ ഒരു രഹസ്യമത്രേ ഇത്. തങ്ങളുടെ ജീവിതകാലത്തൊരക്കലും മറ്റൊരാള്‍ക്ക് കീഴടങ്ങിയിരിപ്പാന്‍ പഠിച്ചിട്ടില്ലാത്തതുകൊണ്ട് ആത്മീയാധികാരം ദൈവത്തില്‍ നിന്നു പ്രാപിച്ചിട്ടില്ലാത്ത പല നല്ല സഹോദരന്മാരെയും എനിക്കറിയാം. അവരുടെ ശക്തമായ ഇച്ഛ ഒരിക്കലും നുറുക്കപ്പെട്ടിട്ടില്ല.
നുറുക്കപ്പെടാത്ത ഒരു വ്യക്തിയുടെ കൈയില്‍ അധികാരം നല്‍കുക അപകടകരമാണ്. മറ്റുള്ളവരെയും തങ്ങളെത്തന്നെയും നാശത്തിലേക്കു നയിക്കുന്ന തരത്തില്‍ ആയിരിക്കും അത്തരം വ്യക്തികള്‍ അധികാരം കൈയാളുക. നമ്മുടെ അഹന്തയുടെ ശക്തിയെ നുറുക്കിക്കൊണ്ടു മാത്രമേ ദൈവം ആത്മീയാധികാരം നമ്മുടെ കൈയില്‍ ഭരമേല്‍പ്പിക്കൂ.
നുറുക്കപ്പെട്ട ഒരു വ്യക്തിക്കു മാത്രമേ സ്വഭവനത്തില്‍പ്പോലും പിതാവെന്നോ ഭര്‍ത്താവെന്നോ ഉള്ള നിലയില്‍ അധികാരം ദൈവികമായി വിനിയോഗിക്കാന്‍ കഴിയൂ. നിങ്ങളുടെ ഭാര്യയും കുഞ്ഞുങ്ങളും നിങ്ങള്‍ക്ക് കീഴടങ്ങിയിരിക്കണമെങ്കില്‍ നിങ്ങളും മറ്റുള്ളവര്‍ക്കു കീഴടങ്ങിയിരിക്കുവാന്‍ പഠിച്ച ഒരു വ്യക്തിയായിരിക്കണം. അങ്ങനെ എങ്കില്‍ ദൈവം നിങ്ങളെ സഹായിക്കും.
എന്റെ സ്വന്തം ജീവിതാനുഭവങ്ങള്‍ ചുരുക്കത്തില്‍ പങ്കുവക്കട്ടെ: ഇരുപതും മുപ്പതും വയസ്സിനിടയില്‍ ഒന്നിലധികം സഭകളില്‍ വച്ച് എന്റെ ശുശ്രൂഷയോടുള്ള അസൂയകാരണമായി അവിടുത്തെ ശുശ്രൂഷകന്മാരാല്‍ പരസ്യമായി അപമാനിക്കപ്പെടുകയും തള്ളിപ്പുറത്താക്കപ്പെടുകയും ചെയ്യുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുവാന്‍ ദൈവം എന്നെ അനുവദിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലെല്ലാം നിശ്ശബ്ദമായിരിക്കുവാനും അവര്‍ക്കു കീഴടങ്ങിയിരിപ്പാനും അവരെ ചോദ്യം ചെയ്യാതിരിക്കാനും ദൈവം എന്നോടു പറഞ്ഞു. ഞാന്‍ അങ്ങനെ ചെയ്തു. അവിടെ ആയിരിക്കുമ്പോഴും അവിടെ നിന്നു പുറത്തു പോന്നതിനു ശേഷവും അവരുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തു.
ആ സമയങ്ങളിലൊന്നും തന്നെ ഭാവിയില്‍ ദൈവം എന്നെ ഭരമേല്‍പ്പിക്കാനിരിക്കുന്ന ശുശ്രൂഷയെക്കുറിച്ചൊന്നും എനിക്കു യാതൊന്നും അറിഞ്ഞുകൂടായിരുന്നു. എന്നാല്‍ എന്നെ ചില വര്‍ഷങ്ങളിലൂടെ നിരന്തരം നുറുക്കികൊണ്ട് ആത്മീയാധികാരം വിനിയോഗിക്കാന്‍ തക്കവണ്ണം ദൈവം എന്നെ ഒരുക്കിയെടുക്കുകയായിരുന്നു. എന്നെ വീണ്ടും വീണ്ടും തകര്‍ക്കുകയും മറ്റുള്ളവര്‍ എന്നോടു ചെയ്യുന്ന സകല പ്രവൃത്തിയുടെയും നിയന്ത്രണം തന്റെ കരങ്ങളിലാണെന്ന് ദൈവം എന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി ചില വര്‍ഷങ്ങള്‍ക്കു ശേഷം അധികാരം ദൈവം എന്റെ കരങ്ങളില്‍ വച്ചു തന്നപ്പോഴും കരുണയോടെയല്ലാതെ ഒരു ഏകാധിപതിയെപ്പോലെ അതു വിനിയോഗിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല.
എന്നാല്‍ അവിടം കൊണ്ടും ദൈവം കാര്യങ്ങളെ അവസാനിപ്പിച്ചില്ല. മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത പുതിയ ശോധനകള്‍ എന്റെ ജീവിതത്തില്‍ ആഞ്ഞടിക്കുവാന്‍ തുടങ്ങി. ഇതിലും അവിടുത്തെ ഉദ്ദേശ്യം ഒന്നു മാത്രമായിരുന്നു- കൂടുതല്‍ വിപുലമായ അധികാരവും തന്റെ ജീവനും എന്നെ ഭരമേല്‍പ്പിക്കുക. നേതൃത്വത്താല്‍ ലഭിക്കുന്ന ശാസനകളും തെറ്റുതിരുത്തലുകളും ദൈവം നമ്മുടെ ശക്തിയെയും സ്വയബലത്തെയും നുറുക്കുന്നതിന്റെ ഭാഗമാണ്. തെറ്റു തിരുത്തല്‍ മിക്കവാറും എല്ലാ വിശ്വാസികള്‍ക്കും വളരെ പ്രയാസകരമാണ്. രണ്ടു വയസ്സുള്ള ഒരു കുട്ടിക്കു പോലും അതു വളരെ വേദനാജനകമാണ്. പ്രത്യേകിച്ചും പരസ്യമായ ശാസനകള്‍.
അവസാനമായി പരസ്യമായ ശാസനകള്‍ സന്തോഷത്തോടെ താങ്കള്‍ ഏറ്റുവാങ്ങിയതെപ്പോഴാണ്? ജീവിതത്തിലൊരിക്കലെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, താങ്കള്‍ക്ക് ആത്മീയാധികാരം ഇല്ലാത്തതിന്റെ കാരണം മറ്റെങ്ങും അന്വേഷിക്കേണ്ടാ. കര്‍ത്താവില്‍ താങ്കളുടെ മേല്‍ അധികാരമുള്ള ഒരു വ്യക്തി പരുഷമായ വാക്കുകളില്‍ താങ്കളെ ശാസിച്ചുവെന്നാലും സാരമില്ല. താങ്കളെ ശാസിക്കുവാനേല്‍പ്പിച്ച കര്‍ത്താവിന്റെ കരങ്ങള്‍ക്കു കീഴില്‍ താണിരിക്കുക- താങ്കള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ക്കൂടി.
യേശുവും തന്റെ ശത്രുക്കളാല്‍ പരസ്യമായി അപമാനിതനാവുകയും തെറ്റായ ആരോപണങ്ങള്‍ക്കു വിധേയനാവുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് ഒരിക്കലും പരാതിപറഞ്ഞിട്ടില്ല. അതു നമുക്കു പിന്തുടരാവാന്‍ ഒരു മാതൃക തന്നെയാണ്.
ഒരു ശത്രുവിനെ ചില ആരോപണങ്ങളുമായി വരുവാന്‍ ദൈവം അനുവദിച്ചിട്ടുണ്ടെങ്കില്‍ അതിലെന്തെങ്കിലും സത്യമുണ്ടോ എന്നന്വേഷിക്കുക. അത്രമാത്രമേ ആവശ്യമുള്ളു. അയാള്‍ താങ്കള്‍ക്കു തികച്ചും സൗജന്യമായ ഒരു ആത്മപരിശോധന നല്‍കുകയായിരുന്നു എന്നു കരുതുക. സ്‌കാനിങ്ങിനുപയോഗിച്ച രീതിയോ അതിന്റെ പിന്നിലെ ഉദ്യേശ്യമോ ഒന്നും അന്വേഷിക്കേണ്ട കാര്യമില്ല. താങ്കളുടെ ജീവിതത്തില്‍ ക്രിസ്തുജീവനു വിരുദ്ധമായ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നു കണ്ടെത്തുവാന്‍ അതിനെ ഉപയോഗിക്കുക.
എന്റെ ശുശ്രൂഷയില്‍ ധാരാളം വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കര്‍ത്താവിന്റെ യഥാര്‍ത്ഥ ശുശ്രൂഷകന്മാര്‍ക്ക് തെറ്റായ തരത്തിലുള്ള ധാരാളം വിമര്‍ശനവും ആരോപണവും സഹിക്കേണ്ടി വരുമെന്ന് എനിക്കറിയാം. ‘അതിലെന്തെങ്കിലും സത്യമുണ്ടെങ്കില്‍ കാണിച്ചു തരണേ’ എന്നു മാത്രമേ ഞാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാറുള്ളു. നമ്മുടെ സ്‌നേഹിതര്‍ നമ്മോടു പറയാത്ത നിരവധി സത്യങ്ങള്‍ നമ്മുടെ ശത്രുക്കള്‍ക്കു നമ്മോടു പറയാന്‍ കഴിയും. അതുകൊണ്ട് എല്ലാ വിമര്‍ശനങ്ങളും തെറ്റാണെന്ന് എഴുതിത്തള്ളരുത്.
എന്റെ മുഖത്ത് ഒരു കറുത്ത പാടുണ്ടെന്ന് എന്റെ ശത്രു പറഞ്ഞാല്‍ ഞാന്‍ അയാളോടു നന്ദിയുള്ളവനായിരിക്കണം. കാരണം എനിക്കു കാണാന്‍ കഴിയാത്ത ഒരു കാര്യമാണ് അയാള്‍ കാട്ടിത്തന്നത്. അതു മൂലം ആ കറ കഴുകിക്കളയുവാന്‍ എനിക്കു കഴിയുന്നു. എന്നെ അപമാനിക്കാനും താഴ്ത്തിക്കെട്ടാനുമായിട്ടായിരിക്കാം അയാള്‍ അതു ചെയ്തത്. പക്ഷേ എനിക്ക് സ്വയം കാണുവാനും കഴുകുവാനും അത് എന്നെ സഹായിച്ചു.
ഇതായിരുന്നു പത്രോസും ഇസ്‌ക്കര്യോത്താ യൂദായും തമ്മിലുണ്ടായിരുന്ന പ്രധാന വ്യത്യാസം. ക്രൂശ് ഒഴിവാക്കുവാന്‍ പത്രോസ് യേശുവിനെ മൗഢ്യമായി ഉപദേശിച്ചപ്പോള്‍ യേശു അവനെ ”സാത്താനേ, എന്റെ പിറകില്‍ പോക”എന്നു ശാസിച്ചു. യേശു തന്റെ ജീവിതത്തില്‍ നല്‍കിയ ഏറ്റവും കടുത്ത ശാസനയായിരുന്നു അത്. പരീശന്മാരെ ഒരിക്കല്‍ ശാസിച്ചപ്പോള്‍ ”പാമ്പുകളേ” എന്നുമാത്രമെ യേശു വിളിച്ചുള്ളു. എന്നാല്‍ പത്രോസിനെ ”സാത്താനേ” എന്നാണു വിളിച്ചത്. ഏറ്റവും കടുത്ത ശാസനകള്‍ തന്നോടേറ്റവും അടുത്തു നില്‍ക്കുന്നവര്‍ക്കായിരുന്നു യേശു നല്‍കിയത്. കര്‍ത്താവ് താന്‍ ഏറ്റവും സ്‌നേഹിക്കുന്നവനെ ഏറ്റവും ശാസിക്കുന്നു (വെളി. 3:19).
പിന്നീട് അധികം ശിഷ്യന്മാരും കര്‍ത്താവിന്റെ ഉപദേശങ്ങളില്‍ മുറിവേറ്റവരായി അവനെ വിട്ടുപോയി. പന്തിരുവരോടു യേശു ചോദിച്ചു: ”നിങ്ങള്‍ക്കും പോകുവാന്‍ മനസ്സുണ്ടോ?” പക്ഷേ പത്രോസാണ് അതിനു മറുപടി പറഞ്ഞത്. ”കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും? നിത്യ ജീവന്റെ വചനങ്ങള്‍ നിന്റെ പക്കല്‍ ഉണ്ടല്ലോ.” (യോഹ. 6:60,66-68). എന്തായിരുന്നു പത്രോസ് കേട്ട നിത്യജീവന്റെ വചനങ്ങള്‍? ”സാത്താനെ, എന്റെ പിറകില്‍ പോ!” എന്നതു തന്നെ
ശാസനയാണു നമ്മെ നിത്യജീവനിലേക്കു നയിക്കുന്നതെന്ന് തിരിച്ചറിയാന്‍ നമുക്കു കഴിയുന്നുണ്ടോ?
തെറ്റു തിരുത്തലിനെ പത്രോസ് കണ്ടത് അത്തരത്തിലായിരുന്നു. പില്‍ക്കാലത്ത് താന്‍ എന്തായിത്തീര്‍ന്നുവോ അതിലേക്കു തന്നെ നടത്തിയതും ആ മനോഭാവമായിരുന്നു.
പിന്നീടൊരവസരത്തിലും പത്രോസിനു യേശുവില്‍ നിന്നും തെറ്റു തിരുത്തലിനെ സ്വീകരിക്കേണ്ടി വന്നു. അന്ത്യ അത്താഴ സമയത്ത് മറ്റു ശിഷ്യന്മാര്‍ തള്ളിപ്പറഞ്ഞാലും താന്‍ കര്‍ത്താവിനെ തള്ളിപ്പറയുകയില്ല എന്നു പത്രോസ് പ്രഖ്യാപിച്ചു. അതിനു മറുപടിയായി അടുത്ത പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു പ്രാവശ്യം പത്രോസ് തന്നെ തള്ളിപ്പറയുമെന്ന് കര്‍ത്താവ് അറിയിച്ചു. ഈ മറുപടിയും പത്രോസിനെ വ്രണപ്പെടുത്തിയില്ല. അത്തരം ഒരു മനുഷ്യനെയാണ് കര്‍ത്താവു പെന്തക്കോസ്തു നാളില്‍ തന്റെ മുഖ്യ അപ്പൊസ്‌തൊലനും പ്രസംഗിയും ആക്കിയത്.
ശാസനയ്ക്കു മുമ്പില്‍ തന്നെത്തന്നെ താഴ്ത്തിയതുകൊണ്ടു ദൈവം അവനെ ഉയര്‍ത്തി. തന്റെ അനുഭവങ്ങളില്‍നിന്നുള്‍ക്കൊണ്ട ജ്ഞാനത്താല്‍ അദ്ദേഹം നമ്മെ പ്രബോധിപ്പിക്കുന്നു ”എപ്പോഴും താണിരിക്കുക” (1 പത്രൊ. 5:5,6) എന്ന്. നമ്മെ സ്വയം താഴ്ത്തുന്നതിലൂടെ നമുക്കൊന്നും തന്നെ നഷ്ടമാകുന്നില്ല. ഒരു ദിവസം ദൈവം നമ്മെ ഉയര്‍ത്തുക തന്നെ ചെയ്യും.
ശാസനയോടു യൂദാ ഇസ്തര്യോത്താവിന്റെ പ്രതികരണമെന്തെന്നു ശ്രദ്ധിക്കാം. ഒരു സ്ത്രീ യേശുവിന്റെ കാലില്‍ വിലപിടിപ്പുള്ള ഒരു തൈലം കൊണ്ടുവന്ന് ഒഴിച്ചപ്പോള്‍ അതു വിറ്റു ലഭിക്കുന്ന പണം ദരിദ്രര്‍ക്കുകൊടുക്കാതെ ഇപ്രകാരം ഒഴിച്ചു കളഞ്ഞതു ധൂര്‍ത്താണെന്നു യൂദാ പറഞ്ഞു (യോഹ 12:5; മത്ത. 26:10-13). ‘സ്ത്രീയെ വെറുതെ വിട്ടേക്കുക അവള്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തത്’ എന്ന് യേശു സൗമ്യമായി തിരുത്തി. പക്ഷേ യൂദായ്ക്കു മുറിവേറ്റു. മത്താ. 26:14ല്‍ നാം കാണുന്നത് യൂദാ വേഗംതന്നെ മഹാപുരോഹിതന്മാരെ ചെന്നു കണ്ട് യേശുവിനെ കാണിച്ചുകൊടുക്കാമെന്ന് ഉടമ്പടി ഉണ്ടാക്കുന്നതാണ്. ഈ സന്ദര്‍ഭം സൂചിപ്പിക്കുന്നത് യൂദാ വ്രണിതനായിത്തീര്‍ന്നു എന്നാണ്. കാരണം യേശു പരസ്യമായിട്ടായിരുന്നു അവനെ ശാസിച്ചത്.
സ്ത്രീയുടെ പ്രവൃത്തിയെ സംബന്ധിച്ച യൂദായുടെ വിലയിരുത്തല്‍ തെറ്റായിരുന്നു എന്നു മാത്രമാണ് യേശു പറഞ്ഞത്. പക്ഷേ യൂദയെ അസ്വസ്ഥനാക്കാന്‍ അത്രമാത്രം മതിയായിരുന്നു. താങ്കള്‍ നുറുക്കപ്പെട്ട ഒരു വ്യക്തിയല്ലെങ്കില്‍ വളരെ മൃദുവായ ഒരു തെറ്റുതിരുത്തല്‍ പോലും താങ്കളെ മുറിവേല്‍പ്പിക്കും.
യൂദായുടെ പ്രതികരണത്തിന്റെയും പത്രോസിന്റെ പ്രതികരണത്തിന്റെയും അനന്തരഫലം ശ്രദ്ധിക്കുക. രണ്ടു പേരും തെറ്റുതിരുത്തലെന്ന ഒറ്റക്കാര്യത്തില്‍ ശോധന ചെയ്യപ്പെട്ടു. ഒരാള്‍ പരാജയപ്പെട്ടു. മറ്റൊരാള്‍ വിജയിയായി.
നാമും ഇപ്രകാരം തന്നെ പരിശോധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പരസ്യമായ ശാസന നമ്മെ മുറിവേല്‍പ്പിക്കുന്നുവെങ്കില്‍ അതിന്നര്‍ത്ഥം നാം മനുഷ്യരുടെ മാനം ആഗ്രഹിക്കുന്നുവെന്നാണ്. അതങ്ങനെയെങ്കില്‍ ഇപ്പോള്‍ത്തന്നെ നാം അതു തിരിച്ചറിയുക. മനുഷ്യരുടെ മാനം അന്വേഷിക്കുന്നതില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാനായി നമുക്കു പോരാടാം. മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്കു നാം എത്രമാത്രം അടിമകളാണെന്നു നമുക്കു കാണിച്ചു തരുവാന്‍ ഇത്തരം സന്ദര്‍ഭങ്ങളെ ദൈവം അനുവദിക്കുന്നു. ഇപ്പോള്‍ നമുക്കു നമ്മെത്തന്നെ ശുദ്ധീകരിക്കാം.
കര്‍ത്താവു നമ്മെ നേരിട്ടു തെറ്റുതിരുത്തുമ്പോഴും മറ്റുള്ളവരിലൂടെ അതു ചെയ്യുമ്പോഴും നമുക്കു പത്രോസിന്റെ മനോഭാവമുള്ളവരാകാം. അതത്രേ നിത്യ ജീവന്റെ വഴി. നാം നമ്മെത്തന്നെ താഴ്ത്തുന്നുവെങ്കില്‍ നമുക്കു ദൈവത്തിന്റെ കൃപ ലഭിക്കുകയും നമ്മെ അവിടുന്നു തക്കസമയത്തു ഉയര്‍ത്തുകയും ചെയ്യും.
നുറുക്കപ്പെടാത്ത ആളുകള്‍ എപ്പോഴും ഒറ്റപ്പെട്ടു നടക്കുന്നവരാണ് – ഒറ്റയാന്മാരായ നേതാക്കളും ഒറ്റയാന്മാരായ വിശ്വാസികളും. അവര്‍ പോകാനാഗ്രഹിക്കുന്നിടത്തൊക്കെയും പോകുന്നു. ചെയ്യാനാഗ്രഹിക്കുന്നതൊക്കെയും ചെയ്യുന്നു. ഇത്തരം നുറുക്കപ്പെടാത്ത വിശ്വാസികള്‍ക്ക് തങ്ങളെ അനുസരിക്കുന്നവരോടൊപ്പം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇത്തരം വിശ്വാസികളെ നമുക്കെവിടെയും കാണുവാന്‍ കഴിയും. അവര്‍ പൂക്കളില്‍ നിന്നും പൂക്കളിലേക്ക് പാറിനടക്കുന്ന ചിത്രശലഭങ്ങളെപ്പോലെ കൂട്ടായ്മകളില്‍ നിന്നും കൂട്ടായ്മകളിലേക്കും പ്രസ്ഥാനങ്ങളില്‍ നിന്നും പ്രസ്ഥാനങ്ങളിലേക്കും പാറി നടക്കുന്നു. അവര്‍ പ്രയോജനമില്ലാതെ ജീവിതം പാഴാക്കുന്നു. കര്‍ത്താവിന്റെ ശാസന കേള്‍ക്കാതെ, ഉപദേശം ശ്രദ്ധിക്കാതെ പോയ കയീനെപ്പോലെ (ഉല്പ.4:12) അവര്‍ ഭൂമിയില്‍ ഉഴലുന്നവരാകാം.
അത്തരം ഒറ്റയാന്മാരെ ദൈവം ആത്മീയാധികാരം ഭരമേല്പിക്കുന്നില്ല. കാരണം ഒറ്റയാന്മാരുടെ ഒരു കൂട്ടത്തെയല്ല ഒരു ശരീരത്തെയാണു കര്‍ത്താവു പണിയുന്നത്.
അധ്യായം 7:മറ്റുള്ളവരോടുള്ള ഉത്തരവാദിത്വം
ഒരു നാള്‍ ദൈവത്തിന്റെ മുമ്പാകെ ജനത്തെക്കുറിച്ചു കണക്കുബോധിപ്പിക്കേണ്ടവനായതിനാല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ ഓരോ ആത്മാവിന്റെ മേലും ജാഗ്രത പുലര്‍ത്തുന്ന ഒരു വ്യക്തിയായിരിക്കും ഒരു ആത്മീയനേതാവ്. (എബ്രാ. 13:17)
എന്നെ ഒരു ജ്യേഷ്ഠസഹോദരനായി കരുതുന്ന നിങ്ങള്‍ എല്ലാവരുടെയും ആത്മാക്കളെക്കുറിച്ച് ഞാന്‍ ഉത്തരവാദിയായിരിക്കും എന്ന് ഞങ്ങളുടെ സഭകളിലെ എന്റെ സഹപ്രവര്‍ത്തകരോടു ഞാന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു എന്റെ മക്കളോടെന്ന പോലെ അവരുടെ നന്മയ്ക്കായുള്ള കാര്യങ്ങള്‍, അവരെ വ്രണപ്പെടുത്തുന്നതെങ്കില്‍ പോലും, ഞാന്‍ അവരോടു പറയാറുണ്ട്. തങ്ങളുടെ പക്കല്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ആളുകളെക്കുറിച്ച് ഓരോ ഇടയനും ദൈവത്തോട് ഉത്തരം പറയേണ്ടതാണ്.
ഓരോ കുടുംബത്തിലും മക്കള്‍ക്കു പിതാവിനെ നല്‍കിയിരിക്കുമ്പോലെയാണ് സഭകളിലും തന്റെ മക്കള്‍ക്കു ദൈവം ആത്മീയ നേതാക്കന്മാരെ നല്‍കുന്നത്. ഞാന്‍ നാല് ആണ്‍മക്കളുടെ പിതാവാണ്. എന്റെ മക്കള്‍ എന്നോടൊപ്പം വീട്ടിലുണ്ടായിരുന്ന കാലത്ത് പല കാര്യങ്ങളിലും ഞാന്‍ അവരെ ഉപദേശിക്കുകയും അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കയും ചെയ്യുമായിരുന്നു. അവര്‍ എനിക്കു കീഴടങ്ങിയിരുന്ന് അനുസരിക്കുമായിരുന്നു. അങ്ങനെ അവര്‍ തങ്ങളെത്തന്നെ നിരവധി അപകടങ്ങളില്‍ നിന്നും കാത്തു. അവര്‍ പ്രായപൂര്‍ത്തിയായ ശേഷവും അവര്‍ മക്കളായതിനാല്‍ ഞാന്‍ അവരെ ചില കാര്യങ്ങളില്‍ ഉപദേശിക്കാറുണ്ട്. ഇപ്രകാരം ദൈവം നമ്മുടെ ഹൃദയത്തില്‍ തന്നിരിക്കുന്നവരെ ആത്മീയപിതാക്കന്മാരെന്ന നിലയില്‍ നാം കരുതേണ്ടതുണ്ട്.
ഒരു പിതാവെന്ന നിലയില്‍ ഉത്തരവാദിത്വം വഹിക്കാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ മാത്രമേ അവര്‍ക്കു നല്‍കുവാന്‍ ഒരു വചനം ദൈവം നിങ്ങള്‍ക്കു നല്‍കൂ. ദൈവസന്നിധിയില്‍ നിങ്ങള്‍ അവരെ ഹൃദയത്തില്‍ വഹിച്ചു നില്‍ക്കുന്നുവെങ്കില്‍ അവരോടു സംസാരിക്കുവാന്‍ ആവശ്യമായ കൃത്യമായ സന്ദേശം തന്നെ നിങ്ങള്‍ക്കു ലഭിക്കും. പൗലോസ് ഓരോ സഭയെയും ഹൃദയത്തില്‍ വഹിച്ചു കൊണ്ടു ദിവസവും പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഓരോ സഭയ്ക്കും വ്യക്തമായ സന്ദേശം നല്‍കാന്‍ അദ്ദേഹത്തിനുണ്ടായി (ഫിലി.1:7). ഇപ്രകാരം ഹൃദയത്തില്‍ അവരെ വഹിക്കാന്‍ താങ്കള്‍ക്കാകുന്നില്ലെങ്കില്‍ താങ്കള്‍ ശമ്പളത്തിനു വേണ്ടി ജോലി ചെയ്യുന്ന ഒരു ‘ഉദ്യോഗസ്ഥന്‍’ മാത്രമായിരിക്കും.
ആത്മാക്കള്‍ക്കു വേണ്ടി കണക്കു ബോധിപ്പിക്കുക എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്താണ്? ഇതു ധനവിനിമയവുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ്. താങ്കള്‍ ഒരു വരവു ചെലവു വിവരപ്പട്ടിക തയ്യാറാക്കുമ്പോള്‍ ഇടതുവശത്തെ വരവു കോളത്തില്‍ 5000 രൂപയുടെ വരവു കാണിക്കയും വലതുവശത്തെ ചെലവു കോളത്തില്‍ 4999 രൂപയുടെ മാത്രം ചെലവു കണക്കു കാണിക്കയും ചെയ്താല്‍ അതിനര്‍ത്ഥം എവിടെയോ പിശകു പറ്റിയിട്ടുണ്ടെന്നാണ്. വ്യത്യാസം വന്നത് വെറും ഒരു രൂപയ്ക്കു മാത്രമാണെങ്കില്‍ക്കൂടി ആ തയ്യാറാക്കപ്പെട്ട പട്ടിക തെറ്റുതന്നെയാണ്. കണക്കെഴുത്ത് എന്നത് വളരെ കൃത്യത പാലിക്കേണ്ട ഒരു ശാസ്ത്രശാഖയാകയാല്‍ താങ്കള്‍ക്ക് ആ ഒരു രൂപയുടെ ചെലവുകൂടി അതില്‍ ഉള്‍പ്പെടുത്തിയേ മതിയാകൂ. ദൈവത്തോടു കണക്കു ബോധിപ്പിക്കുക എന്നാല്‍ ആട്ടിന്‍കൂട്ടത്തിന്റെ ആത്മീയാവസ്ഥയെക്കുറിച്ച് വളരെ സൂക്ഷ്മമായ ശ്രദ്ധയും അറിവും താങ്കള്‍ക്കുണ്ടായിരിക്കുക എന്നതാണ്. ഇക്കാര്യം താങ്കള്‍ ഗൗരവപൂര്‍വ്വം പരിഗണിച്ചേ മതിയാകൂ. കാരണം ആത്മീയ മാര്‍ഗ്ഗദര്‍ശനം എന്നത് ഒരു ആശുപത്രിയിലെ ശസ്ത്രക്രിയാവിഭാഗത്തില്‍ നടത്തുന്ന ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയയെക്കാള്‍ ഗൗരവമേറിയതാണ്. ഇവിടെയും അപകടത്തിലാകുന്നത് ജീവനാണ്- നിത്യമായ ജീവന്‍.
താങ്കളുടെ സഭയിലെ വിശ്വാസികളുടെ ഉത്തരവാദിത്വം താങ്കള്‍ക്കു തന്നെയാണ്. താങ്കള്‍ക്ക് അവരെ ആത്മീയരാക്കാന്‍ കഴിയില്ല. പക്ഷേ കര്‍ത്താവുമായി ഒരു സജീവ ബന്ധത്തിലേക്കു അവരെ കൊണ്ടുവരാന്‍ ആവുന്നതു ചെയ്യാന്‍ താങ്കള്‍ക്കു കഴിയും. ”ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനാക്കുക” എന്നതായിരിക്കട്ടെ താങ്കളുടെ ലക്ഷ്യം. (കൊലൊ. 1:28)നിങ്ങള്‍ക്കു പിന്മാറ്റത്തില്‍ നിന്നും അവരെ തടയാന്‍ കഴിയില്ല. എന്നാല്‍ അവര്‍ പിന്മാറ്റത്തിലാണെന്ന കാര്യം താങ്കള്‍ അവരെ അറിയിച്ചിരിക്കണം.
ഒരിക്കല്‍ ഞങ്ങളുടെ സഭയിലെ ഒരു യുവസഹോദരന്‍ പിന്മാറ്റത്തിലായതില്‍ ഞാന്‍ വളരെ ദഃഖിതനായി. ഞാന്‍ കര്‍ത്താവിനോടു ചോദിച്ചു: കര്‍ത്താവേ, എന്തുകൊണ്ടിതു സംഭവിച്ചു? എന്റെ ഭാഗത്തുള്ള ഏതെങ്കിലും കുറവാണോ? ഒരു പക്ഷേ ആ സഹോദരന്റെ ജീവിതത്തിലെ എന്തെങ്കിലും വീഴ്ചകള്‍ മനസ്സിലാക്കാന്‍ കഴിയാതവണ്ണം എന്റെ ആത്മീയ സംവേദന ക്ഷമത കുറഞ്ഞിട്ടുണ്ടോ? തക്ക സമയത്തു നല്‍കേണ്ട മുന്നറിയിപ്പിന്റേതോ പ്രോത്സാഹനത്തിന്റേതോ ആയ ഒരു വാക്കു ഞാന്‍ നല്‍കാതിരുന്നോ? ഞാന്‍ ആ യുവാവിന്റെ ജീവനെക്കുറിച്ചു കണക്കുബോധിപ്പിക്കേണ്ടതാകയാല്‍ എന്നെത്തന്നെ വിധിക്കുവാനിടയായി.
നമ്മുടെ ഉത്തരവാദിത്വത്തിലുള്ള ഒരു സഹോദരന്‍ പിന്മാറാനിടയായാല്‍ നാം നമ്മെത്തന്നെ വിധിക്കേണ്ടതുണ്ട്. എന്നാല്‍ അതെക്കുറിച്ചു നാം നിരാശരാകേണ്ട ആവശ്യമില്ല. ഒരു പക്ഷേ അതിലൂടെ കര്‍ത്താവിനു നമ്മോടു ചിലതു സംസാരിക്കാനുണ്ടാകും. അതുകൊണ്ടു നാം കര്‍ത്താവില്‍ നിന്നും കേള്‍ക്കേണ്ടതുണ്ട്. കുറ്റബോധത്തിലും നിരാശയിലും ആഴ്ത്തി നമ്മെ വട്ടം കറക്കുവാന്‍ സാത്താനെ അനുവദിക്കരുത്. എന്നാല്‍ നാം തെറ്റു തിരുത്തുകയും വരുംകാലത്തേക്കു പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും വേണം.
നമ്മുടെ സ്വന്തം വിവേകത്തിനു കാട്ടിത്തരാന്‍ കഴിയാത്ത പലതും ദൈവത്തിനു നമ്മെ കാണിച്ചു തരാന്‍ കഴിയും. നാം ദൈവശബ്ദത്തിനു കാതുകൊടുക്കുന്നവരെങ്കില്‍ വീഴ്ച ഭവിക്കാന്‍ സാധ്യതയുള്ളവരോടു മുന്‍കൂട്ടിത്തന്നെ അതു പറയാന്‍ അവിടുന്നു നമ്മെ സഹായിക്കും. ചിലപ്പോള്‍ ഒരു ദിവസം പ്രത്യേകകാരണം ഒന്നും കൂടാതെ തന്നെ ഏതെങ്കിലും സഹോദരനെ സന്ദര്‍ശിക്കുവാന്‍ കര്‍ത്താവു നമുക്കു പ്രേരണ നല്‍കും. എനിക്ക് അത്തരം പല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ സഹോദരനെ സന്ദര്‍ശിക്കുവാനുള്ള കാരണമൊന്നും എനിക്ക് അപ്പോള്‍ അറിഞ്ഞുകൂടായിരിക്കും. മറ്റുള്ളവരുടെ പാപങ്ങളും പ്രശ്‌നങ്ങളും കര്‍ത്താവ് എനിക്ക് വെളിപ്പെടുത്തിത്തരാറുമില്ല. (അതിനു ഞാന്‍ കര്‍ത്താവിനോടു നന്ദിയുള്ളവനാണ്, കാരണം അന്യരുടെ പാപത്തെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ട് ഞാനെന്തിന് എന്റെ മനസ്സിനെ മലീമസമാക്കണം?) ഞാന്‍ അവിടെയെത്തുമ്പോള്‍ എന്തെങ്കിലും സംസാരിക്കുവാന്‍ കര്‍ത്താവ് എന്നെ ഉത്സാഹിപ്പിക്കും. അത് ആ സഹോദരന് അപ്പോള്‍ ആവശ്യമായ വാക്കായിരിക്കും. അവന്റെ പ്രശ്‌നം എന്താണെന്നു ഞാനറിയാതെതന്നെ എന്നിലൂടെ കര്‍ത്താവ് അവനെ സഹായിക്കുന്നു- ഞാന്‍ അവനെ സഹായിക്കയാണെന്ന് അറിയാതെ തന്നെ.
നാം കര്‍ത്താവിനെ ശ്രദ്ധിക്കുന്ന ഒരു ശീലം വളര്‍ത്തിയെടുത്തിട്ടുണ്ടെങ്കില്‍ ആവശ്യത്തിലിരിക്കുന്ന ആളുകളുമായി ബന്ധത്തിലാകുവാന്‍ തക്കവണ്ണം കര്‍ത്താവു നമ്മുടെ സാഹചര്യങ്ങളെ വ്യത്യാസപ്പെടുത്താന്‍ തുടങ്ങും. അങ്ങനെ അവിടുന്നു നമുക്കു തരുന്നവചനം നാം അവരുമായി പങ്കുവയ്ക്കാനിടയാവുകയും അത് അവര്‍ക്കു സഹായകരമായിത്തീരുകയും ചെയ്യും.
യേശു അങ്ങനെയായിരുന്നു ജീവിച്ചത്. (യെശ. 50:4ല്‍ നാം വായിക്കുന്ന പ്രകാരം). തളര്‍ന്നിരിക്കുന്നവരോട് സംസാരിക്കുവാന്‍ തക്കവണ്ണം പിതാവു നിത്യവും യേശുവിനു വചനം നല്‍കിക്കൊണ്ടിരുന്നു. നാം ഓരോരുത്തരും അത്തരം നേതാക്കന്മാരായിത്തീരേണ്ടതുണ്ട്. ഞാന്‍ നേവിയിലായിരുന്നപ്പോള്‍ അവിടെ നാലുമണിക്കൂര്‍ വീതമുള്ള ഊഴം വച്ച് കാവല്‍ നില്‍ക്കുന്ന കാവല്‍ക്കാര്‍ ഉണ്ടായിരുന്നു. ഓരോ നാലുമണിക്കൂര്‍ ഊഴത്തിലും ഒരു മേലുദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ കാവല്‍ സംഘം ജോലി ചെയ്തിരുന്നു. അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ നാലുമണിവരെയുള്ള സമയത്ത് എനിക്കും അത്തരം ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. കപ്പലിന്റെ ഏറ്റവും ഉയര്‍ന്ന ”ബ്രഡ്ിജ്” എന്ന ഭാഗത്തു രണ്ടോ മൂന്നോ നാവികരോടൊപ്പം കാവല്‍ നില്‍ക്കണം. കപ്പലില്‍ മറ്റ് എല്ലാവരും തന്നെ ഈ സമയം ഉറക്കത്തിലായിരിക്കും. ഇപ്രകാരമുള്ള ജോലിയില്‍ ഞങ്ങളുടെ പാതയിലൂടെ കുറുകെ കടക്കുന്ന മറ്റു കപ്പലുകളെ ശ്രദ്ധിക്കുക, ഞങ്ങളുടെ കപ്പല്‍ ശരിയായ ദിശയിലൂടെത്തന്നെയാണു പോകുന്നതെന്ന് ഉറപ്പുവരുത്തുക ഇവയൊക്കെയായിരുന്നു എന്റെ കര്‍ത്തവ്യം. കാറ്റിലും തിരയിലുംപെട്ട് ദിശമാറുമ്പോഴോ കപ്പല്‍ച്ചാല്‍ മാറുമ്പോഴോ അതു ശരിയാക്കുന്നതും എന്റെ ജോലി ആയിരുന്നു. ഈ നാലു മണിക്കൂര്‍ സമയവും കപ്പലിന്റെ സുരക്ഷിതത്വവും ഗതിയും എന്റെ ഉത്തരവാദിത്വത്തിലായിരുന്നു. ഈ കാവല്‍നേരത്ത് ഒരു മിനിട്ടു പോലും ഉറങ്ങുവാന്‍ എനിക്കു നിര്‍വ്വാഹമില്ലായിരുന്നു.
അപ്രകാരം മറ്റുള്ളവരുടെ മേല്‍ ജാഗ്രതപുലര്‍ത്താന്‍ ബൈബിള്‍ ആവശ്യപ്പെടുമ്പോള്‍ അതെത്രയും ഗൗരവമുള്ള ഒരു കാര്യം തന്നെ. ആളുകള്‍ നഷ്ടപ്പെട്ടുപോകയോ, അവരറിയാതെ ഒഴുകിപ്പോകയോ, നശിച്ചു പോകയോ ചെയ്യാതെ അവരുടെ ജീവനുമേല്‍ ജാഗ്രത പുലര്‍ത്തുകയത്രേ ഒരു ആത്മീയ നേതാവു ചെയ്യേണ്ടത്.
എല്ലാ നല്ല ആശുപത്രികളിലും രോഗികളുടെ അന്നന്നത്തെ അവസ്ഥ അറിയാനായി ഡോക്ടര്‍മാര്‍ നടത്തുന്ന സന്ദര്‍ശന റോന്തുകള്‍ ഉണ്ട്. ഇത്തരം സന്ദര്‍ശന വേളകളില്‍ ഒരു വാര്‍ഡിന്റെ ഒരറ്റത്തുനിന്ന് ആകമാനമൊന്നു നോക്കി രോഗികളെല്ലാം കുഴപ്പമില്ലാതെ കിടക്കുന്നു എന്നു ഏകദേശം മനസ്സിലാക്കിയങ്ങു പോവുകയാണോ സാധാരണ ചെയ്യാറ്? ഒരിക്കലുമല്ല. ഓരോ രോഗിയുടെയും നിജസ്ഥിതി വ്യക്തിഗതമായി പരിശോധിച്ചറിയുക തന്നെ ചെയ്യും.
എന്നാല്‍ പല പാസ്റ്റര്‍മാരും എന്താണ് ചെയ്യാറുള്ളത്? ഞായറാഴ്ച പ്രഭാതത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ ഒറ്റനോട്ടത്തില്‍ത്തന്നെ ആളുകളുടെ ആത്മീയാവസ്ഥ മനസ്സിലാക്കി എല്ലാം ശരിയെന്നു വിലയിരുത്തുന്നു.
എന്നാല്‍ പുറമേ കുഴപ്പമില്ലെന്നു തോന്നുന്ന പലരും അകമേ കുഴപ്പത്തിലായിരിക്കും. ആശുപത്രിയിലും സഭയിലും അങ്ങനെതന്നെ. പുറമേ ആരോഗ്യമുള്ളവരായിക്കാണപ്പെടുന്ന ചിലരുടെ ഉള്ളിനെ അര്‍ബ്ബുദം കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയായിരിക്കും. അപ്രകാരം സഭയില്‍ വളരെ സന്തോഷത്തോടെ കൈയടിച്ചു ‘ഹലേലുയ്യാ’ പാടിത്തിമര്‍ക്കുന്ന ചിലരുടെ കുടുംബജീവിതത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നീറുകയായിരിക്കും.
ഡോക്ടര്‍ ഓരോ രോഗിയെയും വ്യക്തിപരമായി പരിശോധിക്കുമ്പോലെ ആത്മീയനേതാവ് ഓരോ വ്യക്തിയെയും വ്യക്തിപരമായി പരിശോധിച്ചറിയണം. അവരുടെ മേല്‍ ജാഗരിക്കണം.
സദൃ:27:23ല്‍ ഇപ്രകാരം പറയുന്നു: ”നിന്റെ ആടുകളുടെ അവസ്ഥയറിയാന്‍ ജാഗ്രതയായിരിക്കുക”
സഭയില്‍ അംഗസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ പരിശീലനം ലഭിച്ച ആളുകളെ സഹായത്തിനായി ചേര്‍ക്കുക. വിശ്വസ്തരായവര്‍ക്ക് ഉത്തരവാദിത്വം പങ്കുവയ്ക്കുക. എണ്ണം കൂടുമ്പോള്‍ ഒരാള്‍ക്ക് അത്രയും പേരുടെമേല്‍ ജാഗ്രത പുലര്‍ത്താന്‍ പ്രായോഗികമായി സാധ്യമല്ല. ഒരു വ്യക്തിക്ക് 12 പേരുടെ ചുമതലയായിരിക്കും എന്റെ അഭിപ്രായത്തില്‍ അഭികാമ്യം. യേശു സ്വീകരിച്ച ശിഷ്യന്മാരുടെ എണ്ണവും അതായിരുന്നല്ലോ. എത്ര വിദഗ്ദ്ധനായിരുന്നാലും ഒരു ഡോക്ടര്‍ക്കു തന്നെ ഒരാശുപത്രിയിലെ മുഴുവന്‍ വാര്‍ഡുകളും പരിശോധിക്കാന്‍ കഴിയില്ല. നമുക്കെല്ലാം പരിമിതികളുണ്ട്.
ഒന്നിലധികം സഭകളുടെ ഉത്തരവാദിത്വം വഹിക്കുന്ന അപ്പൊസ്‌തൊലിക ശുശ്രൂഷ ചെയ്യുന്നവര്‍ തങ്ങളുടെ സഭകളിലുള്ള ഇടയന്മാരുടെ ആത്മീയാവസ്ഥ അറിഞ്ഞിരിക്കേണം. മൂപ്പന്മാര്‍ ആത്മീയരെങ്കില്‍ സഭയും ആത്മീയമായിത്തീരും.
എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അധികം മൂപ്പന്മാരും രോഗികളെ പരിശോധനാമുറിയില്‍ മാത്രം കാണുന്ന ഡോക്ടര്‍മാരെപ്പോലെയാണ്. അവിടെ അവര്‍ മരുന്നിനു കുറിപ്പുകള്‍ എഴുതി രോഗികളെ പറഞ്ഞയയ്ക്കുന്നു. പിന്നീട് രോഗി ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നന്വേഷിക്കുന്നത് അവരുടെ ഉത്തരവാദിത്വമല്ല.
എന്നാല്‍ ഒരു ആത്മീയ നേതാവ് തന്റെ ഉത്തരവാദിത്വത്തിലുള്ള ആത്മാക്കളുടെ ശുശ്രൂഷ വളരെ ഗൗരവത്തോടെ നിര്‍വ്വഹിക്കേണ്ടതാണ്.
അധ്യായം 8: ജീവനില്‍നിന്നുള്ള ശുശ്രൂഷ
ഒരു ആത്മീയ നേതാവ് മറ്റുള്ളവരെ ശുശ്രൂഷിക്കുന്നത് ബുദ്ധിയില്‍ നിന്നായിരിക്കില്ല, ജീവനില്‍ നിന്നായിരിക്കും.
പഴയ നിയമകാലത്ത് തങ്ങളുടെ സ്വകാര്യജീവിതത്തില്‍ സദാചാരം വെടിഞ്ഞ ചിലരെപ്പോലും ദൈവം ഉപയോഗിച്ചതായി നാം കാണുന്നു. പാപത്തില്‍ ജീവിച്ചിരുന്നപ്പോഴും യിസ്രായേലിന്റെ മോചനത്തിനായി ശിംശോനെ ദൈവം ഉപയോഗിച്ചു. അവന്‍ ദുര്‍നടപ്പിലേയ്ക്കു വീണപ്പോഴും ദൈവത്തിന്റെ ആത്മാവ് അവനെ വിട്ടുകളഞ്ഞില്ല. അവന്‍ തന്റെ മുടി മുറിക്കുകയും ദൈവവുമായുള്ള ഉടമ്പടിബന്ധം അവസാനിപ്പിക്കയും ചെയ്തപ്പോള്‍ മാത്രമാണ് അവന്റെ മേലുള്ള അഭിഷേകം നഷ്ടപ്പെട്ടത്. ദാവീദിന് അനേകം ഭാര്യമാരുണ്ടായിരുന്നു. എങ്കിലും അവന്മേല്‍ ദൈവത്തിന്റെ അഭിഷേകം നിലനില്‍ക്കയും അവന്‍ തിരുവെഴുത്തുകളെ ചമയ്ക്കുകയും ചെയ്തു.
എന്നാല്‍ പുതിയ ഉടമ്പടിയിലെ ശുശ്രൂഷ തികച്ചും വ്യത്യസ്തമാണ്. പുതിയ-പഴയ ഉടമ്പടികളിലെ ശുശ്രൂഷകളുടെ വ്യത്യാസമെന്തെന്ന് കൊരിന്ത്യര്‍ക്കെഴുതിയ രണ്ടാം ലേഖനം മൂന്നാമദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇവ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണ്: പഴയനിയമത്തില്‍ പുരോഹിതന്മാര്‍ തിരുവെഴുത്തുശ്രദ്ധയോടെ പഠിക്കയും തുടര്‍ന്ന് അത് ജനത്തെ പഠിപ്പിക്കയും ചെയ്തു പോന്നു. എന്നാല്‍ പുതിയ ഉടമ്പടിയിലാകട്ടെ, വചനത്തിന്റെ വെളിച്ചത്തില്‍ ജീവിക്കയും പിതാവിനോടൊത്ത് നടക്കയും സ്വന്തം ആന്തരിക ജീവനില്‍ നിന്നു സംസാരിക്കയും ചെയ്തിരുന്ന യേശുവിനെ നാം പിന്‍പറ്റുന്നു. ്‌നമ്മുടെ ജീവനില്‍’ നിന്നു സംസാരിക്കുന്നതും അറിവില്‍ നിന്നു സംസാരിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്.
ഇന്ത്യയിലെ ക്രിസ്തീയ വിശ്വാസികളില്‍ നാം കണ്ടെത്തുന്ന ആഴമില്ലായ്മ തങ്ങളുടെ നേതാക്കളില്‍ നിന്നു തന്നെ പകര്‍ന്നു കിട്ടിയിട്ടുള്ളതാണ്. ഒരു നേതാവിന്റെ ജീവിതം- ചിന്തകള്‍, ഭാര്യയുമായും മക്കളുമായുമുള്ള ബന്ധം, സഹവിശ്വാസികളും സഹപ്രവര്‍ത്തകരുമായുള്ള ബന്ധം- ജഡമയമാണെങ്കില്‍ അദ്ദേഹം ശുശ്രൂഷിക്കുന്ന ജനത്തിന്റെ ജീവിതവും ജഡികമായിരിക്കും. അത്തരം നേതാക്കന്മാരുടെ ശുശ്രൂഷ തങ്ങളുടെ തലച്ചോറില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഒരു പകരല്‍ മാത്രമായിരിക്കും. അതു പഴയ ഉടമ്പടിപ്രകാരമുള്ള ഒരു ശുശ്രൂഷ മാത്രമാണ്.
വെറും അറിവു മാത്രം പകര്‍ന്നു കൊടുക്കുന്ന ഒരു ശുശ്രൂഷ പഴയ നിയമശുശ്രൂഷയാണ്. ആ ശുശ്രൂഷകന്‍ പകരുന്ന അറിവുകളെല്ലാംതന്നെ ശരിയും കൃത്യവുമായിരിക്കും. പക്ഷേ അറിവിനോടൊപ്പം ജീവന്‍ പകരാത്തിടത്തോളം അതു പഴയനിയമശുശ്രൂഷയുടെ നിലവാരത്തിലേ നില്‍ക്കൂ. പഴയനിയമശുശ്രൂഷ അക്ഷരത്തിന്റെ ശുശ്രൂഷയാണ്. എന്നാല്‍ പുതിയ നിയമശുശ്രൂഷയാകട്ടെ, ജീവന്റേയും. അക്ഷരം കൊല്ലുന്നു എന്നാല്‍ ആത്മാവ് ജീവിപ്പിക്കുന്നു.
പഴയ ഉടമ്പടിയില്‍ ദൈവം യിസ്രായേലിനു നിയമങ്ങളെ കൊടുത്തു. പുതിയ ഉടമ്പടിയിലാകട്ടെ നമുക്ക് നല്‍കിയത് ഒരു മാതൃകയാണ്- യേശു എന്ന വ്യക്തിയെ. അവിടുത്തെ ജീവന്‍ മനുഷ്യരുടെ വെളിച്ചമാണ്. വെളിച്ചമെന്നാല്‍ ഇന്ന് ഒരു ഉപദേശമോ വിശ്വാസപ്രമാണമോ അല്ല, നമ്മിലൂടെ വെളിപ്പെടുന്ന യേശുവിന്റെ ജീവനാണ്. അതില്‍ നിന്നും വ്യതിരിക്തമായതെന്തും അതു സുവിശേഷ സത്യങ്ങളോ പഥ്യോപദേശങ്ങളോ എന്തു തന്നെ ആയിരുന്നാലും ഇരുട്ടു തന്നെയാണ്.
സങ്കീ. 119:105 ല്‍ നാം വായിക്കുമ്പോലെ പഴയനിയമകാലത്ത് എഴുതപ്പെട്ട പ്രമാണങ്ങളായിരുന്നു വെളിച്ചം. എന്നാല്‍ വചനം ജഡമായിത്തീര്‍ന്നതോടെ യേശുതന്നെ വെളിച്ചമായി ത്തീര്‍ന്നു (യോഹ. 8:12). അവിടുത്തെ ജീവന്‍ മനുഷ്യരുടെ വെളിച്ചമായി (യോഹ. 1:4). എന്നാല്‍ യേശു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: ഞാന്‍ ലോകത്തില്‍ ഇരിക്കുന്ന നാളോളം മാത്രമേ എനിക്കു ലോകത്തിന്റെ വെളിച്ചമായിരിപ്പാന്‍ കഴികയുള്ളു (യോഹ. 9:5). താന്‍ പോയ ശേഷം നമ്മെ അപ്രകാരം വെളിച്ചമായിത്തുടരാന്‍ നിയോഗിച്ചിരിക്കുന്നു (മത്താ. 5:14).അപ്രകാരം വെളിച്ചമായിരിക്കാനുള്ള വലിയ ഉത്തരവാദിത്വം നമ്മുടെ മേല്‍ നിക്ഷിപ്തമായിരിക്കുന്നു- നമ്മുടെ ജീവിതം കൊണ്ട്.
ഒരു സഭ വലിയ വ്യത്യാസമില്ലാതെ അതിന്റെ നേതാവിനെ പ്രതിഫലിപ്പിക്കും. വെളിപ്പാട് രണ്ട്, മൂന്ന് അദ്ധ്യായങ്ങളില്‍ കാണുന്ന ഏഴു സഭകള്‍ക്കും അവയുടെ ദൂതന്മാര്‍ക്കും ഒരേ സന്ദേശം തന്നെയാണ് കര്‍ത്താവു നല്‍കുന്നതെന്ന കാര്യം ശ്രദ്ധിക്കുക. ഓരോ സന്ദേശവും അവസാനിക്കുന്നത് അതേ സന്ദേശം തന്നെയാണ് ആത്മാവ് സഭകള്‍ക്കും നല്‍കുന്നതെന്ന ധ്വനിയോടെയാണ്. അവയില്‍ അഞ്ചു സഭകളുടെയും ദൂതന്മാര്‍ ജഡികരായിരിക്കുന്നു. സഭകളും ജഡീകങ്ങളായിരുന്നു. രണ്ടു പേര്‍ ആത്മീയരായിരുന്നു. അവരുടെ സഭകളും ആത്മീയമായിരുന്നു. ലാവോദിക്യയിലെ സഭയുടെ ദൂതന്‍ മന്ദോഷ്ണവാനായിരുന്നു. സഭയും അപ്രകാരമായിരുന്നു. ഫിലദല്‍ഫിയയിലെ സഭയുടെ ദൂതന്‍ വിശ്വസ്തനായിരുന്നു. സഭയും അപ്രകാരം തന്നെയായിരുന്നു.
ഉല്‍പത്തി 1-ാം അദ്ധ്യായത്തില്‍ ആവര്‍ത്തിച്ചു കാണുന്ന ഒരു പദപ്രയോഗമുണ്ട്- ‘അതതു തരം’. അതതു തരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങള്‍. എന്നുവച്ചാല്‍ അതിന്റെ തന്നെ തരത്തിലുള്ള എന്ന അര്‍ത്ഥത്തിലാണതുപയോഗിച്ചിരിക്കുന്നത്. ഈ പ്രയോഗം ആകാശത്തിലും കരയിലും വെള്ളത്തിലുമുള്ള സകല ജീവജാലങ്ങളോടുമുള്ള ബന്ധത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നതു 11,12,21,22,25 വാക്യങ്ങളില്‍ നമുക്കു കാണുവാന്‍ കഴിയും. ഓരോന്നും അതിന്റെ തന്നെ തരത്തിലുള്ളവയ്ക്കു പ്രജനനം നല്കാനുള്ള വ്യവസ്ഥ സൃഷ്ടിയില്‍ ദൈവം വച്ചിരിക്കുന്നു.
ദൈവം തന്റെ സ്വരൂപത്തില്‍ ആദമിനെ സൃഷ്ടിച്ചു (ഉല്പ. 5:1). എന്നാല്‍ ആദാമാകട്ടെ തന്റെ സ്വരൂപത്തില്‍ ഒരു പുത്രനെ ജനിപ്പിച്ചു. ദൈവത്തിന്റെ സ്വരൂപത്തില്‍ ഒരു പുത്രനെ ജനിപ്പിക്കുവാന്‍ ആദാമിനു കഴിഞ്ഞില്ല. തന്റെ തന്നെ രൂപത്തിലുള്ള ഒന്നിനെ ജനിപ്പിക്കുവാനേ അവനു കഴിഞ്ഞുള്ളു.
ആത്മീയമായും ഈ തത്വം ശരിയാണ്. നമ്മുടെ നിലവാരത്തിലും അവസ്ഥയിലുമുള്ളവരെ മാത്രമേ ഉളവാക്കുവാന്‍ നമുക്കു കഴിയുകയുള്ളു. നാം ബുദ്ധിമാന്മാരെങ്കില്‍ നമ്മുടെ ശുശ്രൂഷയിലൂടെ നാമും ബുദ്ധിമാന്മാരെ മാത്രമേ സൃഷ്ടിക്കൂ. നാം ലുബ്ധന്മാരെങ്കില്‍ ലുബ്ധന്മാരെ സൃഷ്ടിക്കും. നിഗളികളെങ്കില്‍ നിഗളികളെ സൃഷ്ടിക്കും. എന്നാല്‍ ഒരു ശുശ്രൂഷകന്റെ എളിയ മനോഭാവമാണ് നമുക്കുള്ളതെങ്കില്‍ നാമും അപ്രകാരമുള്ളവരെ സൃഷ്ടിക്കും.
എന്നാല്‍ അപ്രകാരമുള്ള സഭകളിലും അപൂര്‍വ്വം ചിലരെങ്കിലും നേതാക്കളിലൂടെ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ജഡമയരൂപത്തെ ഉപേക്ഷിച്ചു ദൈവത്തെ അന്വേഷിക്കുവാനും ആത്മീയരാകുവാനും ശ്രമം നടത്തുന്നതും കാണാം. ഇപ്രകാരമുള്ള സംഭവങ്ങള്‍ അത്യപൂര്‍വ്വം തന്നെ. പൊതുവായി പറഞ്ഞാല്‍ ആളുകള്‍ ആടുകളെപ്പോലെയാണ്. തങ്ങളുടെ നേതാവ് എവിടെപ്പോയാലും അവര്‍ അന്ധമായി അനുകരിക്കുന്നവരാണ്. ‘യഥാ രാജാ തഥാ പ്രജാ’ എന്ന ചൊല്ലു പോലെ. നേതാവ് അന്ധനെങ്കില്‍ രണ്ടു കൂട്ടരും കുഴിയില്‍ത്തന്നെ.
നിങ്ങളുടെ സഭയിലെ വിശ്വാസികള്‍ പുറത്തു പോവുകയും തങ്ങളുടെ സ്വരൂപത്തിലുള്ളവരെ വാര്‍ത്തെടുക്കുകയും ചെയ്യുമെന്ന് ഓര്‍മ്മിക്കുക. അങ്ങനെ നിങ്ങള്‍ക്കു പേരക്കുട്ടികളുമുണ്ടാകും. യേശു കര്‍ത്താവിന്റെ മടങ്ങിവരവിനോളം ഈ പ്രക്രിയ തുടരും. അതുകൊണ്ടു നിങ്ങള്‍ രൂപം കൊടുക്കുന്ന കുട്ടികള്‍ എപ്രകാരമുള്ളവരെന്നതിനെ കുറിച്ചു കരുതലുള്ളവരായിരിക്കുക.
അതുകൊണ്ടു തുടക്കം മുതല്‍ക്കു തന്നെ നിങ്ങള്‍ വെറും വിശ്വാസികളെയല്ല ശിഷ്യരെത്തന്നെ ഉളവാക്കും എന്നു ഉറപ്പാക്കുക. അതിനു വേണ്ടത് പ്രാഥമികമായി നിങ്ങള്‍ തന്നെ ശിഷ്യരായിത്തീരുക എന്നതാണ്. മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ കഴിയുന്ന ഒരു ജീവന്‍ നിങ്ങളില്‍ ഉണ്ടായിരിക്കട്ടെ.
വിശ്വാസികള്‍ പുറപ്പെട്ടു പോയി വെറും വിശ്വാസികളെ ഉളവാക്കും. അവരും തുടര്‍ന്ന് വിശ്വാസികളെ ഉളവാക്കും. അത്തരം വിശ്വാസികള്‍ക്കു രക്ഷയെക്കുറിച്ചുള്ള വചനം ഗ്രഹിക്കാന്‍ കഴിയും. പക്ഷേ ശിഷ്യത്വത്തിലേക്കു വരുവാനും കര്‍ത്താവിനെ അനുഗമിക്കുവാനും താത്പര്യമുണ്ടാവില്ല. അവര്‍ക്ക് അറിവുണ്ടാകും; ജീവനുണ്ടാവുകയില്ല. എന്നാല്‍ നിങ്ങള്‍ ശിഷ്യരെ ഉളവാക്കുന്നു എങ്കില്‍ അവര്‍ പോയി കൂടുതല്‍ ശിഷ്യന്മാരെത്തന്നെ ഉളവാക്കും. അതുകൊണ്ടു ജീവന്‍ പകര്‍ന്നു കൊടുക്കുന്നതാണു പ്രധാനം.
പഴയ നിയമകാലത്തെ സമാഗമന കൂടാരം സഭയുടെ ഒരു പ്രതീകമാണ്. ആ കൂടാരത്തിനു മൂന്നു ഭാഗങ്ങളുണ്ടായിരുന്നു എന്നു നിങ്ങള്‍ക്കറിയാം. പ്രാകാരം, വിശുദ്ധസ്ഥലം, ദൈവം വസിച്ചിരുന്ന അതിവിശുദ്ധസ്ഥലം. പാപക്ഷമ മാത്രം ലഭിച്ച വിശ്വാസികളെപ്പോലെയാണു പ്രാകാരത്തിലുള്ളവര്‍. അവര്‍ തങ്ങളുടെ സഭയില്‍ ഉത്തരവാദിത്വങ്ങളൊന്നും തന്നെ വഹിക്കുന്നില്ല. അവര്‍ സഭായോഗങ്ങളില്‍ കടന്നു വരുന്നു. പ്രസംഗം കേള്‍ക്കുന്നു. അപ്പം നുറുക്കുന്നു. സ്‌തോത്രകാഴ്ച കൊടുക്കുന്നു. തിരികെ പ്പോകുന്നു. വിശുദ്ധ സ്ഥലത്തുള്ളവര്‍ സഭയില്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവരെപ്പോലെയാണ്. വിളക്കില്‍ എണ്ണ പകരുകയും ധൂപ പീഠത്തില്‍ സുഗന്ധവര്‍ഗ്ഗം ഇടുകയും കാഴ്ചയപ്പം മാറ്റുകയും ഒക്കെ ചെയ്യുന്ന ലേവ്യരെപ്പോലെ. എന്നാല്‍ അതിവിശുദ്ധസ്ഥലത്തുള്ളവര്‍ പുതിയ ഉടമ്പടിയില്‍ പ്രവേശിച്ചവരാണ്. അവര്‍ ദൈവത്തോടു കൂട്ടായ്മ ആഗ്രഹിക്കുകയും മറ്റു ശിഷ്യരോടു ചേര്‍ന്ന് ഒരു ശരീരമായി പണിയപ്പെടാന്‍ ആഗ്രഹിക്കയും ചെയ്യുന്നു. ജീവനില്‍ നിന്നു ശുശ്രൂഷിക്കുന്ന അവര്‍തന്നെയാണ് ജീവനുള്ള യഥാര്‍ത്ഥസഭ. ഇങ്ങനെയുള്ളവര്‍ സാത്താനോടു പോരാടി സഭയെ പവിത്രമായി സൂക്ഷിക്കുന്നു. എന്നാല്‍ പല സഭകളിലും ഇത്തരത്തിലുള്ള സഹോദരങ്ങളുടെ ഒരു കേന്ദ്രവൃത്തമില്ല.
നല്ലതോ മോശമോ ആയ എല്ലാ സഭകളിലും പ്രാകാരത്തിലുള്ള ആളുകള്‍ ഒരേ തരക്കാരാണ്. അര്‍ദ്ധമനസ്‌കരും ലൗകികരും സ്വേച്ഛാതത്പരരും, ധനസ്‌നേഹികളും, സുഖഭോഗ കാംക്ഷികളുമാണ്. എന്നാല്‍ ഒരു നല്ല സഭയില്‍ ദൈവഭക്തന്മാരായ സഹോദരന്മാരുടെ ഒരു സംഘം ജീവന്‍ തുടിപ്പിക്കുന്ന കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്നുണ്ടാകും.
ഈ കേന്ദ്രവൃത്തം ഒന്നായിത്തീര്‍ന്ന രണ്ടു സഹോദരന്മാരില്‍ നിന്ന് ആരംഭം കുറിക്കുന്നു. ദൈവം അവരോടൊപ്പം നില്‍ക്കുന്നു. ക്രമേണ ഈ രണ്ടുപേരുടെ സംഘം വളരുന്നു. എണ്ണത്തിലും ഐക്യത്തിലും. ഒരു അമ്മയുടെ ഉദരത്തില്‍ രൂപം കൊള്ളുന്ന മനുഷ്യശരീരവും ഇപ്രകാരം തന്നെയാണ്. വ്യത്യസ്ത ധര്‍മ്മങ്ങളുള്ള രണ്ട് ബീജങ്ങള്‍ ഒന്നായിച്ചേര്‍ന്നുകൊണ്ടാണ് അതാരംഭിക്കുന്നത്. ഭ്രൂണം വളര്‍ച്ച പ്രാപിക്കുന്നതോടെ പുതുതായി വരുന്ന കോശങ്ങള്‍ ഒന്നോടൊന്നു ചേരുന്നു. എപ്പോഴെങ്കിലും ആ കോശങ്ങള്‍ വേര്‍പിരിഞ്ഞാല്‍ അതോടെ ആ കുഞ്ഞിന്റെ അന്ത്യം കുറിക്കുകയായി.
ക്രിസ്തുവിന്റെ ശരീരമെന്ന നിലയിലുള്ള പ്രാദേശികസഭയുടെയും അവസ്ഥ ഏതാണ്ടിതു തന്നെയാണ്. സഭയുടെ ഹൃദയമായിരിക്കുന്ന കേന്ദ്രസംഘം വിഘടിച്ചാല്‍ യഥാര്‍ത്ഥസഭയുടെ അന്ത്യമായി. ബാഹ്യസംഘടന ഒരു സമുദായം പോലെ നിലനില്‍ക്കുമെന്നു മാത്രം.
പഴയ പുതിയ ഉടമ്പടികള്‍ തമ്മിലുള്ള വ്യത്യാസത്തെ നമുക്കു കാണിച്ചുതരുന്ന പുതിയനിയമത്തിലെ ഒരു പുസ്തകമാണ് എബ്രായര്‍. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, എബ്രായലേഖനം അധികം ക്രിസ്ത്യാനികള്‍ക്കും പരിചയമുള്ള ഒന്നല്ല. റോമര്‍, എഫെസ്യര്‍, ഫിലിപ്പ്യര്‍ ഒക്കെ പരിചിതമായ പുസ്തകങ്ങളാണ്. എന്നാല്‍ എബ്രായര്‍ അങ്ങനെയല്ല. അതിന്റെ കാരണം എബ്രായ ലേഖനം പാലുപോലെ ലഘുവായ ഭക്ഷണമല്ല, കട്ടിയായ ആഹാരമാണ്. അതു ചവയ്ക്കാന്‍ തക്കവണ്ണം അധികം പേര്‍ക്കും പല്ലു മുളച്ചിട്ടില്ല. അവര്‍ ശിശുക്കളാണ്. അതിന്റെ ആരംഭവാക്യം തന്നെ ഇപ്രകാരമാണ്: ദൈവം മുന്‍കാലങ്ങളില്‍ പ്രവാചകന്മാരിലൂടെ സംസാരിച്ചു. എന്നാല്‍ ഇപ്പോള്‍ പുത്രനില്‍ കൂടി ജീവനെ നല്‍കുമാറ് സംസാരിക്കുന്നു.
അതുകൊണ്ടാണ് പിതാവ് യേശുവിനെ ഒരു ശിശുവായിത്തന്നെ ലോകത്തിലേക്കയച്ചത്. ദൈവത്തിനു യേശുവിനെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു പുരുഷനായി ലോകത്തിലേക്കയയ്ക്കാന്‍ പ്രയാസമുണ്ടായിട്ടല്ല. ശൈശവം മുതല്‌ക്കേ നാം നേരിടുന്ന പരീക്ഷകള്‍ അഭിമുഖീകരിക്കാനും മനുഷ്യര്‍ എന്ന നിലയ്ക്കുള്ള എല്ലാ അനുഭവങ്ങളും ഏറ്റുവാങ്ങാനും വേണ്ടിയായിരുന്നു.
എന്നാല്‍ അധികം ക്രിസ്ത്യാനികളും കാണുന്നതു മൂന്നര വര്‍ഷത്തെ പരസ്യശുശ്രൂഷാകാലത്തിന്റെയും കാല്‍വരിയിലെ യാഗത്തിന്റെയും കാഴ്ചപ്പാടിലൂടെയാണ്. 99% ക്രിസ്ത്യാനികളും മുപ്പതുവയസുവരെ യേശു നസറേത്തില്‍ എങ്ങനെ ജീവിച്ചു എന്നു ചിന്തിക്കാത്തവരാണ് എന്നു ഞാന്‍ വിചാരിക്കുന്നു. അവര്‍ അവിടുത്തെ ജനനത്തെക്കുറിച്ചു ചിന്തിക്കുന്നു. എല്ലാ വര്‍ഷവും അത് ആഘോഷിക്കയും ചെയ്യുന്നു. അവര്‍ അവിടുത്തെ മരണപുനരുത്ഥാനങ്ങളെക്കുറിച്ചു ചിന്തിക്കുന്നു. അതും വര്‍ഷം തോറും ആഘോഷിക്കുന്നു. കൂടാതെ യേശു ചെയ്ത അത്ഭുതങ്ങളെക്കുറിച്ചും അവര്‍ ചിന്തിക്കുന്നു. അത്രമാത്രം.
എന്നാല്‍ യേശുവിന്റെ ജീവിതത്തിലെ ഭൂരിഭാഗം വരുന്ന സമയം അധികം പേരും ചിന്തിക്കാതെ വിട്ടുകളയുന്നു. യേശുവിന്റെ ആകെ ജീവിതകാലത്തിന്റെ ഏതാണ്ട് 10% സമയം മാത്രമായിരുന്നു അവിടുത്തെ പരസ്യശുശ്രൂഷാ കാലം. 331/2 വര്‍ഷത്തിലെ 3 1/2 വര്‍ഷം. യേശുവിന്റെ ജനനവും മരണവും വെറും ഓരോ ദിവസങ്ങള്‍ മാത്രമായിരുന്നു എന്നു നാം ഓര്‍ക്കുക. മൂന്നര വര്‍ഷത്തെ ശുശ്രൂഷയില്‍ സംസാരിച്ച സന്ദേശങ്ങള്‍ ഒരുക്കുവാന്‍ നീണ്ട മുപ്പതു വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഗിരിപ്രഭാഷണം ഇന്നത്തെ പ്രസംഗകര്‍ തയ്യാറാക്കുമ്പോലെ തന്റെ പഠന മുറിയിലിരുന്ന് പുസ്തകങ്ങള്‍ പരിശോധിച്ച് കുറിപ്പുകള്‍ തയ്യാറാക്കി എഴുതിയുണ്ടാക്കിയ ഒരു പ്രസംഗമല്ല. തന്റെ ജീവനില്‍ നിന്നും ഒഴുകിയിറങ്ങിയ നീര്‍ച്ചാലത്രേ അത്. 30 വര്‍ഷം വേണ്ടിവന്നു അതു ഒരുക്കുവാന്‍. അതുകൊണ്ടായിരുന്നു ആളുകളെ വിസ്മയിപ്പിക്കുവാന്‍ തക്ക ശക്തിയും അധികാരവും ആ വാക്കുകള്‍ക്കുണ്ടായിരുന്നത് (മത്താ. 7:28,29).
ചില ദിവസങ്ങളില്‍ മാത്രമാണ് ദൈവം യിരെമ്യാവിനോടു സംസാരിച്ചതെന്നു നാം പഴയനിയമത്തില്‍ കാണുന്നു. യിരെമ്യാവ് അതൊക്കെയും കൃത്യമായി തന്റെ എഴുത്തുകാരനായ ബാരൂക്കിനെക്കൊണ്ട് പറഞ്ഞുകൊടുത്ത് എഴുതിച്ചു. അപ്രകാരം തന്നെ യഹൂദയിലെ ആളുകളോടു സംസാരിക്കേണ്ട കാര്യങ്ങള്‍ ആ ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രം ദൈവം യെഹസ്‌കേലിനോട് കല്പിച്ചു കൊണ്ടിരുന്നു. അപ്രകാരം അരുളിച്ചെയ്ത വചനം മാത്രം കൃത്യമായി യെഹസ്‌കേല്‍ ജനത്തെ അറിയിച്ചു. അതത്രയും നല്ലത്. നാമും അപ്രകാരം തന്നെ ഇന്നും ചെയ്യുന്നുവെങ്കില്‍ അതു വളരെ നല്ലതുതന്നെ.
പക്ഷേ പുതിയ നിയമ ശുശ്രൂഷ അതിനെ കവിഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ആ പഴയനിയമപ്രവാചകന്മാരോടു സംസാരിച്ചിരുന്നതു പോലെ ചിലദിവസങ്ങളില്‍ മാത്രമല്ല ദൈവം യേശുവിനോടു സംസാരിച്ചിരുന്നത്. ദൈവം യേശുവിനോടു എല്ലാ ദിവസവും സംസാരിച്ചിരുന്നു. അതു പോലെ യേശുവും എല്ലാ ദിവസവും തന്റെ ജീവനില്‍ നിന്നും ജനത്തോടു സംസാരിച്ചിരുന്നു. അവിടുത്തെ ശുശ്രൂഷ അവിടുത്തെ ജീവനില്‍ നിന്നായിരുന്നു ഉറവു പൊട്ടിയൊഴുകിയത്. യോഹ. 7:38-ല്‍ ”അന്തരാത്മാവില്‍ നിന്നും ജീവജലത്തിന്റെ നദികള്‍ ഒഴുകും” എന്നു പറയുന്നതിന്റെ അര്‍ത്ഥം അതാണ്.
ഇത്രയും പറഞ്ഞതിന്റെ വെളിച്ചത്തില്‍ നിങ്ങള്‍ നിങ്ങളുടെ സഭകളില്‍ പുതിയ നിയമ പ്രകാരമുള്ള ശിഷ്യന്മാരെയാണോ പഴയനിയമ മാതൃകയിലുള്ള മതഭക്തരെയാണോ ഉളവാക്കുന്നതെന്നു നിങ്ങള്‍ സ്വയം ചോദിക്കുന്നതു നന്നായിരിക്കും. ഇതിന്റെ ഉത്തരം നിങ്ങള്‍ തന്നെ ഒരു പുതിയ നിയമശുശ്രൂഷകനോ പഴയനിയമ ശുശ്രൂഷകനോ എന്നതിനെ ആശ്രയിച്ചായിരിക്കും.
പഴയനിയമപ്രവാചകന്മാര്‍ വെറും ദൂതുവാഹകന്മാരായിരിന്നു. ഒരു ദൂത് ഒരിടത്തെത്തിക്കാന്‍ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഓര്‍മ്മശക്തി മാത്രമേ ആവശ്യമുള്ളു. എന്നാല്‍ പുതിയ നിയമത്തില്‍ സന്ദേശം മാത്രമല്ല ദൈവം അയയ്ക്കുന്നത് അവിടുത്തെ ജീവന്‍ തന്നെയാണ്. അതുകൊണ്ടുതന്നെ നല്ല ഓര്‍മ്മശക്തിയല്ല ഒരു പുതിയ നിയമ ശുശ്രൂഷകനാവശ്യം ദൈവിക ജീവനാണ്.
ഒരുദാഹരണം നല്‍കട്ടെ: നിങ്ങള്‍ ടാപ്പില്‍ നിന്നും ഒരു പാത്രത്തില്‍ വെള്ളം നിറച്ചുകൊണ്ടു വരുന്നു (ദൈവത്തില്‍ നിന്നും സന്ദേശം സ്വീകരിച്ചു കൊണ്ടു വരുന്നു.) അതു വലിയ ഒരു പാത്രത്തിലേയ്ക്ക് ഒഴിക്കുന്നു. ഇതാണ് പഴയ നിയമ ശുശ്രൂഷ. വീണ്ടും വെള്ളം പിടിച്ചു കൊണ്ടു വരുന്നു. ഒഴിക്കുന്നു.
എന്നാല്‍ പുതിയ നിയമത്തില്‍ നമ്മുടെ ഉള്ളില്‍ത്തന്നെ ഒരു ഉറവു നല്‍കിയിരിക്കയാണ്. നമ്മുടെ ഉള്ളിലിരിക്കുന്ന യേശുവിന്റെ ജീവന്‍ തന്നെ. അതു നമ്മില്‍ നിന്നു തടസ്സം കൂടാതെ ഒഴുകുന്നു. അതുകൊണ്ടു തന്നെ ഓരോസമയത്തും ഒരു സന്ദേശത്തിനുവേണ്ടി നമുക്കു ദൈവത്തിങ്കലേയ്ക്കു പോകേണ്ടതായിട്ടില്ല. യേശു നമ്മെത്തന്നെ സന്ദേശമാക്കി മാറ്റുന്നു. അവിടുത്തെ ജീവന്‍ നമ്മിലൂടെ വെളിപ്പെടുന്നു.്. നാം അതില്‍ നിന്നു സംസാരിക്കുന്നു.
അധികം പേരുടെയും ശുശ്രൂഷ ആദ്യം പറഞ്ഞ തരത്തില്‍ വെള്ളം പിടിച്ചുകൊണ്ടു വന്ന് ഒഴിക്കുന്നതു പോലെയാണ്. ചിലര്‍ ഒഴിക്കുമ്പോള്‍ ഒന്നും കാണുകയില്ല. ചിലര്‍ ഒഴിക്കുമ്പോള്‍ എന്തെങ്കിലും കാണും. പക്ഷേ രണ്ടു കൂട്ടരും ഒഴിച്ചു കഴിയുമ്പോള്‍ പാത്രം ശൂന്യമാകും.
യേശു ശമര്യക്കാരത്തി സ്ത്രീയോടു പറഞ്ഞതു ശ്രദ്ധിക്കുക. അനുസ്യൂതം നിര്‍ഗ്ഗളിക്കുന്ന നിത്യജീവന്റെ ഉറവ താന്‍ അവള്‍ക്കും നല്‍കും എന്ന്. നിത്യജീവന്‍ എന്നാല്‍ ദൈവത്തിന്റെ ഈ ജീവന്‍ തന്നെ.
നമ്മില്‍ നിന്നു പുറത്തേക്കു വരേണ്ടത് വെറും ഒരു സന്ദേശമല്ല എന്ന് യേശു ആഗ്രഹിക്കുന്നു. ജീവന്‍ തന്നെ ഒഴുകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതാണു പുതിയ ഉടമ്പടിയിലെ ശുശ്രൂഷ.
അധ്യായം 9:ദൈവശക്തിയില്‍ ശുശ്രൂഷിക്കുക
ഒരു ആത്മീയനേതാവ് ചെയ്യുന്ന എല്ലാ ശുശ്രൂഷയും ദൈവഹിതത്തിലും ദൈവശക്തിയിലും ദൈവമഹത്വത്തിനായിട്ടുമായിരിക്കും. അതുകൊണ്ടുതന്നെ അവയെല്ലാം അന്തിമമായ അഗ്നിശോധനയിലൂടെ, പൊന്ന്, വെള്ളി, വിലയേറിയ കല്ലുകള്‍ മുതലായവയെപ്പോലെ, കടന്നു വന്നവയായിരിക്കും. (1 കൊരി. 3:12-15).
2 കൊരിന്ത്യര്‍ 3:5,6-വാക്യങ്ങളില്‍ പൗലോസ് പറയുന്നത് ദൈവം തന്നെ നമ്മെ നിറയ്ക്കയും പ്രാപ്തരാക്കുകയും ചെയ്യുന്നില്ലെങ്കില്‍ പുതിയനിയമ ശുശ്രൂഷ ചെയ്യുവാന്‍ നമുക്കു സാധ്യമല്ല എന്നത്രേ. ദൈവം നല്‍കുന്ന പ്രാപ്തിയില്‍ നിന്നു ശുശ്രൂഷ ചെയ്യുമ്പോള്‍ അതിന്റെ പ്രശംസ നമുക്കാവില്ല. നാം നിര്‍മ്മിക്കാത്ത ഒരു വസ്തുവിന്റെ പേരില്‍ ലഭിക്കുന്ന പ്രശംസ നമുക്കു സ്വീകരിക്കാന്‍ കഴിയില്ലല്ലോ. നമ്മിലൂടെ ഒഴുകുന്ന ദൈവികജീവനാണ് യഥാര്‍ത്ഥത്തില്‍ മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിത്തീരുന്നത്.
ആരോ പാകം ചെയ്ത ഒരു കേക്ക് ഞാന്‍ നിങ്ങള്‍ക്കു വിളമ്പിത്തന്നു എന്നിരിക്കട്ടെ. നിങ്ങള്‍ അതു തിന്നിട്ട് ”ഹാ! താങ്കളുടെ ഈ കേക്ക് എത്ര രുചികരമായിരിക്കുന്നു” എന്ന് അഭിപ്രായപ്പെട്ടാല്‍ അതിന്റെ പേരില്‍ അഭിമാനംകൊള്ളാന്‍ എനിക്കല്പം പോലും കഴിയില്ല. കാരണം, അതു മറ്റാരോ നിര്‍മ്മിച്ചതാണ്. അതു ഞാനായിരുന്നു നിര്‍മ്മിച്ചതെങ്കില്‍ എനിക്കഭിമാനിക്കാമായിരുന്നു. മറ്റൊരാള്‍ ചെയ്ത ഒരു പ്രവൃത്തിയെക്കുറിച്ച് എനിക്കഭിമാനിക്കാനൊന്നുമില്ലല്ലോ.
ദൈവം നമ്മില്‍നിര്‍മ്മിച്ചതാണോ അതോ നാം തന്നെ നമ്മില്‍ ഉല്‍പാദിപ്പിച്ചതാണോ നാം മറ്റുള്ളവര്‍ക്കു നല്‍കുന്നതെന്ന് തിരിച്ചറിയാനുള്ള വഴിയാണിത്. നാം നമ്മുടെ ശുശ്രൂഷയില്‍ (ആ കേക്ക്) വലിയ അഭിമാനം ഉള്ളവരാണോ? എങ്കില്‍ നാം തന്നെയാണ് ആ ശുശ്രൂഷ(കേക്ക്) ഉല്‍പാദിപ്പിച്ചത്. ദൈവത്തിന് അതില്‍ ഒരു പങ്കുമില്ല. അതേ സമയം ദൈവമാണ് അത് ഉല്‍പാദിപ്പിച്ചതെങ്കില്‍ നമുക്ക് അതില്‍ എന്താണ് സ്വയം അഭിമാനിക്കാനുള്ളത്? പുരുഷാരത്തിനു തങ്ങള്‍ വിളമ്പിക്കൊടുത്ത അഞ്ചപ്പത്തെക്കുറിച്ചും മീനിനെക്കുറിച്ചും യേശുവിന്റെ ശിഷ്യന്മാര്‍ക്കു പ്രശംസിക്കാനെന്തെങ്കിലും ഉണ്ടായിരുന്നു എന്നു താങ്കള്‍ കരുതുന്നുണ്ടോ? അപ്പവും മീനുമടങ്ങുന്ന തന്റെ ഭക്ഷണപ്പൊതി യേശുവിനെ ഏല്പിച്ച ബാലന്റെയത്രപോലും അഭിമാനിക്കാന്‍ ശിഷ്യന്മാര്‍ക്ക് ഒന്നുമുണ്ടായിരുന്നില്ല. യേശു കുട്ട നിറച്ചെടുത്തത് അവര്‍ വിതരണം ചെയ്തു എന്നുമാത്രം.
നമ്മെ നിര്‍മ്മാണം ഏല്പിക്കാതെ വിതരണച്ചുമതല മാത്രം ഏല്പിച്ച ദൈവത്തിനു നന്ദി പറയാം. അതുകൊണ്ട് നമുക്ക് ഏതു സമയത്തും സ്വസ്ഥമായിക്കഴിയാം. നിര്‍മ്മാണം നടത്തേണ്ടിവന്നിരുന്നെങ്കില്‍ നാം ഭാരപ്പെട്ട് തളര്‍ന്നേനേ. എന്നാല്‍ വിതരണത്തില്‍ നമുക്കതാവശ്യമില്ല. നമ്മുടെ വിതരണ പ്രവൃത്തിയില്‍ നമുക്കു ക്ഷീണം തോന്നാമെങ്കിലും ഭാരവും ബുദ്ധിമുട്ടും ഒരിക്കലുമുണ്ടാവില്ല. കാരണം നമ്മുടെ പ്രാപ്തി ദൈവത്തില്‍ നിന്നത്രേ. ഫലപ്രദമായതൊന്നും തന്നെ ഉത്പാദിപ്പിക്കാന്‍ നമുക്കു കഴിയില്ല. അതിനു നാം തുനിയേണ്ട കാര്യവുമില്ല.
പരിശുദ്ധാത്മാവിന്റെ ശക്തി കൂടാതെയും ദൈവസഹായമില്ലാതെയും നാം ചെയ്യുന്ന ഏതൊരു കാര്യവും നിത്യതയില്‍ യാതൊരു മൂല്യവുമുള്ളതായിരിക്കില്ലെന്നു നാം ഓര്‍ത്തിരിക്കേണ്ടതാണ്. പ്രാര്‍ത്ഥനയും ദൈവസഹായവും പരിശുദ്ധാത്മശക്തിയും കൂടാതെ ധാരാളം പ്രസംഗവും പ്രവൃത്തിയും ഒക്കെ ചെയ്‌വാന്‍ നമുക്കു കഴിഞ്ഞേക്കാം. മാനുഷികമായ നിലയില്‍ത്തന്നെ നമുക്കു ധാരാളം കഴിവുകളുണ്ടാകാം. അതില്‍നിന്നു വലിയ പ്രവൃത്തികളും നിറവേറ്റാന്‍ നമുക്കു കഴിഞ്ഞെന്നു വരാം. പക്ഷേ ദൈവത്തിന്റെ ദൃഷ്ടിയില്‍ അതെല്ലാം വെറും പുല്ലും മരവും വൈക്കോലുമാണെന്ന് ഒരുനാള്‍ നാം കണ്ടെത്തും.
ആളുകളെ വൈകാരികമായി ഉണര്‍ത്തി പ്രകമ്പനം കൊള്ളിക്കുന്ന ഒരു ശക്തനായ പ്രസംഗകനാണ് നിങ്ങളെന്ന് ഒരുപക്ഷേ നിങ്ങള്‍ കരുതുന്നുണ്ടായിരിക്കാം. എന്നാല്‍ ഒരു റോക്ക് സംഗീതതാരത്തിനും അത്തരം ഒരു കാര്യം ചെയ്‌വാന്‍ കഴിയുമെന്നോര്‍മ്മിക്കുക. ഏതൊരു സുവിശേഷകനെയുംകാള്‍ മെച്ചമായി ഒരു റോക്ക് താരത്തിനതു ചെയ്‌വാന്‍ കഴിയും. പക്ഷേ അതൊക്കെ വെറും വൈകാരിക ചലനം മാത്രമാണ്.
ഒരുപക്ഷേ ആളുകളെ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന ചിന്താശകലങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു പ്രഭാഷണചാതുരി നിങ്ങള്‍ക്കുണ്ടായിരിക്കാം. മണിക്കൂറുകളോളം ആളുകളെ പിടിച്ചിരുത്തിയെന്നും വരാം. അവിടെയും മാനുഷികമനഃശ്ശക്തിയുടെ പ്രവൃത്തിമാത്രമേയുള്ളു. ദൈവികജീവന്റെ സന്ദേശവിനിമയമൊന്നും നടക്കുന്നില്ല.
പരിശുദ്ധാത്മ ശക്തിയാലല്ലാതെ നിങ്ങള്‍ ചെയ്യുന്ന ഏതു ശുശ്രൂഷയും ഈ ലോകത്തോടൊപ്പം നശിച്ചുപോകും. ഇക്കാര്യം ഉറപ്പാണ്. നിങ്ങള്‍ക്കെന്നെ വിശ്വസിക്കുവാന്‍ കഴിയുമോ? നിശ്ചയമില്ല. വിശ്വസിക്കാന്‍ കഴിഞ്ഞാല്‍ മാനുഷികമായ കഴിവുകളും രീതികളും ഉപയോഗിച്ചു പാഴാക്കുന്ന സമയമത്രയും നിങ്ങള്‍ക്കു ലാഭിക്കാന്‍ കഴിയും.
നിത്യതയില്‍ നശിച്ചുപോകുന്ന കാര്യങ്ങള്‍ക്കുവേണ്ടി സമയം പാഴാക്കാന്‍ എനിക്കു താത്പര്യമില്ല. ദൈവം നല്‍കുന്ന ശക്തിയില്‍ പ്രവര്‍ത്തിക്കുവാനാണ് എനിക്കു താത്പര്യം. നമ്മുടെ പ്രാപ്തി ദൈവത്തില്‍ നിന്നാകട്ടെ.
യേശുവിന്റെ കാലത്തെ വലിയ വേദപണ്ഡിതന്മാര്‍ പരീശവിഭാഗത്തിലുള്ളവരായിരുന്നു. അവര്‍ ഉപദേശത്തില്‍ തികഞ്ഞ മൗലികതയുള്ളവരായിരുന്നു. സദൂക്യരെപ്പോലെ സ്വതന്ത്രനിലപാടുകാരായിരുന്നില്ല. പരീശന്മാരുടെ ഉപദേശത്തിലെ കൃത്യതയെ യേശു അംഗീകരിച്ചിരുന്നു. അതുകൊണ്ടായിരുന്നു അവര്‍ പഠിപ്പിക്കുന്നതുപോലെ ചെയ്യാന്‍ അവിടുന്നു ശിഷ്യന്മാരെ ഉപദേശിച്ചത് (മത്താ. 23:3). അക്കാലത്തെ വേദപഠനസെമിനാരികളിലെ അദ്ധ്യാപകര്‍ അത്തരം പരീശന്മാരായിരുന്നു. തര്‍സോസിലെ ശൗല്‍ യെരുശലേമില്‍ വേദപഠനം നടത്തിയ കലാലയത്തിന്റെ പ്രധാനാദ്ധ്യാപകന്‍ ഗമാലിയേലായിരുന്നു. ഈ പരീശന്മാര്‍ മിഷന്‍ നേതാക്കന്മാരായും പ്രവര്‍ത്തിച്ചിരുന്നു. യേശു അവരെ ”മതത്തില്‍ ചേര്‍ക്കുവാന്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നവര്‍” (മത്താ. 23:15) എന്നു വിശേഷിപ്പിച്ചതു ശ്രദ്ധിക്കുക. അതിനു വലിയ സമര്‍പ്പണവും ത്യാഗമനോഭാവവും ആവശ്യമാണെന്നോര്‍ക്കണം.
ഇങ്ങനെയൊക്കെയായിരുന്നിട്ടും യേശുവിന്റെ ശുശ്രൂഷയുടെ നല്ല ഒരു ഭാഗം, മിഷനറികളും സെമിനാരി അദ്ധ്യാപകരും മൗലികവാദികളുമായ ഈ പരീശന്മാരോടുള്ള എതിര്‍പ്പിനുവേണ്ടിയാണ് ചെലവഴിക്കേണ്ടിവന്നത്. എന്തുകൊണ്ടാണങ്ങനെ സംഭവിച്ചതെന്നു നാം കണ്ടെത്തണം. ഇല്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളും ഏതാണ്ടങ്ങനെയായിത്തീരാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെയായിത്തീര്‍ന്നാല്‍ കര്‍ത്താവിനു നമുക്കെതിരെയും തുടര്‍ച്ചയായി നില്‌ക്കേണ്ടിവരും.
ഈ പരീശന്മാര്‍ യേശുവിനെയും ശിഷ്യന്മാരെയും നിരന്തരം ”എന്തുകൊണ്ടങ്ങനെ ചെയ്തു?” ”എന്തുകൊണ്ടിതു ചെയ്തില്ല” എന്ന മട്ടിലുള്ള ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. അവര്‍ തങ്ങളുടെ സമ്പ്രദായങ്ങളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു യേശുവിന്റെയും ശിഷ്യന്മാരുടെയും ലംഘനങ്ങളെ ചൂണ്ടിക്കാട്ടിയത്.
എന്നെ വിമര്‍ശിക്കുന്ന നിരവധി വിശ്വാസികളിലും ഇതേ മനോഭാവം എനിക്കു കാണാന്‍ കഴിയുന്നുണ്ട്. ഞാന്‍ അവിടെയും ഇവിടെയും ഉപയോഗിക്കുന്ന ചില്ലറ വാക്കുകളെയോ പ്രയോഗങ്ങളെയോ പിടിച്ച് ചോദ്യശരങ്ങളുതിര്‍ത്തുകൊണ്ടാണവര്‍ ആക്രമിക്കുന്നത്. 1 തിമോ. 6:4ല്‍ പൗലോസ് തിമൊഥെയോസിനെ ഉപദേശിക്കുന്നതു തര്‍ക്കത്തില്‍ നിന്നും വാഗ്വാദങ്ങളില്‍നിന്നും ഒഴിഞ്ഞിരിക്കാനാണ്. (വാക്കുകളെ ചൊല്ലിയുള്ള വാദങ്ങളാണല്ലോ വാഗ്വാദം). ഇത്തരം ആളുകള്‍ തങ്ങളില്‍ നഷ്ടമായിരിക്കുന്ന സ്വര്‍ഗ്ഗീയ ജീവനെക്കുറിച്ച് അല്പംപോലും ആശങ്കയുള്ളവരല്ല. ഒരു മൃതശരീരത്തിന്റെ കൈയിലെ വിരലുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നവരോടാണു ഞാന്‍ അവരെ ഉപമിക്കുക. ഒരു നഖം നഷ്ടപ്പെട്ടാല്‍പ്പോലും അവര്‍ വലിയ കോലാഹലമുണ്ടാക്കും.
ഒരു മരിച്ച മനുഷ്യന്റെ കൈവിരലുകളും നഖങ്ങളും പോലും സുരക്ഷിതമാണെന്നു തിട്ടപ്പെടുത്തുന്നതിനേക്കാള്‍ കൈകളില്ലെങ്കിലും ഒരു വ്യക്തി ജീവനുള്ളവനാണ് എന്ന് ഉറപ്പാക്കാനാണ് എനിക്കു താത്പര്യം. അധികം വേദശാസ്ത്രപണ്ഡിതന്മാരും ഉപദേശകാര്യങ്ങളില്‍ തികഞ്ഞ കൃത്യതയുള്ളവരാണ്. അതേസമയം തന്നെ അവരുടെ യഥാര്‍ത്ഥ അവസ്ഥ അവര്‍ നിര്‍ജ്ജീവരാണ് എന്നതത്രേ. ഒരു ഉണങ്ങിയ മരക്കഷണം പോലെ മൃതനും അതേസമയം കൃത്യമായ ഉപദേശപ്രകാരം സ്‌നാനമേറ്റവനുമായ ഒരു വ്യക്തിയോടൊപ്പം പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഉപദേശത്തില്‍ അത്ര കൃത്യത പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആത്മനിറവുള്ള ഒരു വ്യക്തിയോടൊപ്പം പ്രവര്‍ത്തിക്കാനത്രേ എനിക്കു താത്പര്യം.
നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കേണ്ടതില്ല. എന്റെ ക്രിസ്തീയജീവിതത്തില്‍ ഉടനീളം ഉപദേശ കാര്യങ്ങളില്‍ ഞാന്‍ ഏറ്റവും കൃത്യതയുള്ളവനായിരുന്നു. ഞാന്‍ പല ക്രിസ്തീയ സമൂഹങ്ങളെയും ഉപേക്ഷിച്ചതിന്റെ കാരണം തന്നെ അവര്‍ ഉപദേശ കാര്യങ്ങളില്‍ പൂര്‍ണ്ണതയുള്ളവരായിരുന്നില്ല എന്നതാണ്. അവര്‍ തിരുവചനത്തിലെ എല്ലാ സത്യങ്ങളെയും പഠിപ്പിച്ചിരുന്നില്ല. ഞാന്‍ ഒരിക്കലും ഉപദേശങ്ങളെ വിലകുറച്ചു കാണുന്ന ഒരാളല്ല. എന്നാല്‍ അതിനെക്കാള്‍ പ്രാധാന്യമുള്ളത് ജീവനും ആത്മീയതയ്ക്കുമാണ് എന്നതത്രേ ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചകാര്യം.
യേശു പരീശന്മാരെ ശാസിച്ച ശേഷം പരീശന്മാര്‍ ആ വാക്കുകളാല്‍ ഇടറിപ്പോയി എന്നു ഒരുനാള്‍ ശിഷ്യന്മാര്‍ അടുക്കല്‍ വന്ന് യേശുവിനോടു പറഞ്ഞു. യേശു പറഞ്ഞത്: ”അവരെ ശ്രദ്ധിക്കേണ്ടാ. അവര്‍ അന്ധരായ വഴികാട്ടികളത്രേ. അവരാല്‍ നടത്തപ്പെടുന്നവരും അങ്ങനെ തന്നെ. സ്വര്‍ഗ്ഗസ്ഥനായ ദൈവം നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ നശിച്ചു പോകും.” (മത്താ. 15:12, 13) എന്നായിരുന്നു.
ഒടുവില്‍ പറഞ്ഞ ആ ഒരൊറ്റ പ്രസ്താവനയെങ്കിലും ഒരു നിമിഷം നിങ്ങള്‍ ശ്രദ്ധിക്കുമോ? എപ്പോഴൊക്കെ നിങ്ങള്‍ വചനം പ്രസംഗിക്കുന്നുവോ അപ്പോഴൊക്കെയും നിങ്ങള്‍ വിത്തു നടുകയാണ്. ആ വിത്ത് ദൈവത്തില്‍ നിന്നല്ല എങ്കില്‍ ഒരു ദിവസം അതു പിഴുതു മാറ്റി നശിപ്പിക്കപ്പെടും.
പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കപ്പെട്ട പ്രാപ്തിയില്‍ നിന്നാണ് നാം പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതു നിത്യതയില്‍ നിലനില്‍ക്കും. എന്നാല്‍ നാം ചെയ്യുന്ന പ്രവൃത്തി ദൈവത്തിനുവേണ്ടിയാണെങ്കില്‍ പോലും പ്രാര്‍ത്ഥനയില്ലാതെ, നിസ്സഹായതയിലും ദൈവത്തോടുള്ള പൂര്‍ണ്ണ ആശ്രയത്തിലുമല്ലാതെ, പരിശുദ്ധാത്മാവിന്റെ ശക്തിയില്ലാതെയാണതു ചെയ്യുന്നതെങ്കില്‍ ഒരു ദിവസം അതു നീക്കപ്പെടും.
ആവശ്യത്തിനു പണവും നല്ല ആസൂത്രിതവൈദഗ്ദ്ധ്യവുമുള്ള ഒരു ശുശ്രൂഷകനുണ്ടെങ്കില്‍ നമുക്കു നടത്താന്‍ കഴിയുന്ന ധാരാളം ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. അവിടെ പരിശുദ്ധാത്മശക്തി ആവശ്യമില്ല.
ഉദാഹരണമായി താങ്കള്‍ ഒരു യോഗം സംഘടിപ്പിക്കുകയാണെങ്കില്‍ അവിടെ ധാരാളം ഒരുക്കങ്ങള്‍ ആവശ്യമുണ്ട്. അതിന് ഹാളുകള്‍ വാടകയ്ക്ക് എടുക്കയോ പന്തലിടുകയോ വേണ്ടിവരും. ക്ഷണക്കത്തുകള്‍ തയ്യാറാക്കി അയയ്‌ക്കേണ്ടി വരും. താമസസൗകര്യങ്ങള്‍ ഏര്‍പ്പാടാക്കേണ്ടിവരും. ഭക്ഷണക്രമീകരണങ്ങള്‍ വേണം. അങ്ങനെ പലതും. എന്നാല്‍ ഇതൊക്കെയും ആസൂത്രണപാടവമുള്ള ഏതൊരു വ്യക്തിക്കും ഒരു അക്രൈസ്തവനുപോലും ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. വാസ്തവത്തില്‍ ഏതു ക്രിസ്തീയ സമ്മേളനങ്ങളെക്കാളും മെച്ചപ്പെട്ട നിലയില്‍ തന്നെയാണ് ലൗകികസംഘാടകര്‍ സമ്മേളനങ്ങള്‍ നടത്തുന്നത്. എന്നാല്‍ അവയില്‍ നിന്നും വിഭിന്നമായി ക്രിസ്തീയസമ്മേളനങ്ങളുടെ പ്രത്യേകത അവിടെ ശുശ്രൂഷിക്കപ്പെടുന്ന ദൈവവചനമാണ്. അതു മാത്രമാണ് നിത്യതയില്‍ പ്രാധാന്യമുള്ളത്. അതു പരിശുദ്ധാത്മാഭിഷേകത്തില്‍ നിന്നു തന്നെ നിറവേറ്റപ്പെടേണ്ട ഒന്നാണ്.
നല്ല സജ്ജീകരണങ്ങളെ ഞാന്‍ വിലകുറച്ചു കാണുകയല്ല. ഒരു സമ്മേളനത്തിന്റെ വിജയത്തിന് ഏറ്റവും നല്ല സജ്ജീകരണങ്ങള്‍ അനുപേക്ഷണീയമാണ്. പക്ഷേ നിത്യതയില്‍ നിലനില്‍ക്കുന്നത് പരിശുദ്ധാത്മശക്തിയില്‍ ചെയ്യപ്പെടുന്ന ശുശ്രൂഷ മാത്രമാണ്.
നമുക്കു നമ്മുടെ ശുശ്രൂഷയെ ഒന്നു ശ്രദ്ധിക്കാം. നമുക്കു ലഭിച്ചിരിക്കുന്ന മാനുഷികമായ പരിശീലനം മാനുഷികമായ കഴിവുകള്‍ എന്നിവയിലൂടെ നാം ചെയ്‌തെടുക്കുന്ന ശുശ്രൂഷകളെ നമുക്കു വേര്‍തിരിച്ചു വയ്ക്കാം. നാം സത്യസന്ധരെങ്കില്‍ നമ്മുടെ ആത്മപരിശോധനയുടെ ഫലം നമ്മെ ഞെട്ടിക്കുന്നതായിരിക്കും.
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യന്‍ തന്നെ. അവിടുത്തേക്ക് ഇന്നും എതിര്‍പ്പുള്ളത് പരിശുദ്ധാത്മശക്തിയിലല്ലാതെ തങ്ങളുടെ അറിവും കഴിവും പകരുന്ന സെമിനാരി അദ്ധ്യാപകരോടും മിഷന്‍ നേതാക്കളോടുമാണ്. അത്തരം ആളുകളെ അപ്പൊസ്‌തോലന്മാരും എതിര്‍ത്തിരുന്നു. യേശുവിന്റെ കാല്‍ച്ചുവടുകളെ അനുഗമിക്കുന്നവരാണു നാമെങ്കില്‍ നാമും അങ്ങനെ തന്നെയായിരിക്കും.
അത്തരത്തിലുള്ളവരെ പ്രസാദിപ്പിച്ചുകൊണ്ടു കര്‍ത്താവിന്റെ അപ്രീതിക്കു പാത്രമാകാതെ കര്‍ത്താവിനെ പ്രസാദിപ്പിച്ച് അവിടുത്തോടു കൂടെ നടക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കൊടുക്കേണ്ട വില മുഴുലോകത്തിന്റെയും അപ്രീതിയാണെങ്കില്‍ ഞാന്‍ അതിനും ഒരുക്കമാണ്. ”നാം ഇന്നും മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ദാസന്മാര്‍ ആയിരിക്കയില്ല” (ഗലാ. 1:10).
അതുകൊണ്ടു പരിശുദ്ധാത്മാഭിഷേകത്തിനു വാഞ്ഛിച്ചുകൊണ്ടു നമ്മുടെ ശുശ്രൂഷയ്ക്കുവേണ്ടി നമുക്കു കര്‍ത്താവില്‍ ആശ്രയിച്ചു നടക്കാം.
അധ്യായം 10:ആത്മീയാധികാരത്തോടെ ശുശ്രൂഷിക്കുക
ഒരു ആത്മീയനേതാവ് തന്റെ ശുശ്രൂഷ നിര്‍വഹിക്കുന്നത് എപ്പോഴും ആത്മീയാധികാരത്തില്‍ നിന്നുകൊണ്ടു തന്നെ ആയിരിക്കണം.
യേശുവിന്റെ പ്രഭാഷണം പുരുഷാരത്തെ അത്ഭുതപ്പെടുത്തി. കാരണം, വര്‍ഷങ്ങളായി പരീശന്മാര്‍ തുടര്‍ന്നുപോന്ന രീതിയില്‍നിന്നു തികച്ചും വ്യത്യസ്തമായിട്ടായിരുന്നു യേശു പഠിപ്പിച്ചത്. പരീശന്മാര്‍ക്ക് വളരെ പാണ്ഡിത്യം ഉണ്ടായിരുന്നു. യേശുവാകട്ടെ, അറിവില്‍ പരീശന്മാരെ അതിശയിച്ചിരുന്നു. എങ്കിലും ജനത്തെ വിസ്മയിപ്പിച്ചത് തന്റെ അധികാരത്തോടെയുള്ള ഉപദേശമായിരുന്നു, അറിവായിരുന്നില്ല (മത്താ. 7:29).
നമ്മുടെ ശുശ്രൂഷയില്‍ ആത്മീയാധികാരമില്ലാതെ വെറും അറിവുമാത്രമുള്ളവരായിത്തീര്‍ന്നാല്‍ നാമും പരീശന്മാരെപ്പോലെ ആയിത്തീരും. യേശു പറഞ്ഞിരുന്ന എല്ലാക്കാര്യങ്ങളെയും ദൈവം പിന്‍തുണച്ചിരുന്നു. ആത്മീയാധികാരത്തോടെ സംസാരിക്കുക എന്നാല്‍ അതാണര്‍ത്ഥം.
യോഹന്നാന്‍ 15:26,27 വാക്യങ്ങളില്‍ യേശു ശിഷ്യന്മാരോട് ഇപ്രകാരം പറയുന്നു: നിങ്ങള്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയുക. പരിശുദ്ധാത്മാവും ഇക്കാര്യത്തില്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. അതിനര്‍ത്ഥം എപ്പോഴൊക്കെ ശിഷ്യന്മാര്‍ വചനം പ്രസംഗിച്ചിരുന്നുവോ അപ്പോഴൊക്കെയും പരിശുദ്ധാത്മാവ് അവരെ പിന്‍തുണച്ചിരുന്നു എന്നാണ്. എക്കാലത്തും എന്റെ ശുശ്രൂഷ അപ്രകാരമായിരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഞാന്‍ യേശുവിനു സാക്ഷ്യം വഹിക്കുമ്പോഴൊക്കെയും പരിശുദ്ധാത്മാവ് ആ സാക്ഷ്യത്തിനു തുണ നില്‍ക്കണം. അവിടുന്നു ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ ഇപ്രകാരം മന്ത്രിക്കണം: ”ആ വാക്കുകള്‍ ശ്രദ്ധിക്കൂ, അവ ദൈവത്തില്‍നിന്നാണ്.” അപ്പോള്‍ എന്റെ വാക്കുകള്‍ അധികാരമുള്ളവയായിത്തീരും. എന്നാല്‍ ഞാന്‍ കേവലം കൃത്യതയുള്ള ചില വിവരണങ്ങള്‍ യേശുവിനെക്കുറിച്ചു നല്‍കുമ്പോള്‍ത്തന്നെ പരിശുദ്ധാത്മാവിന്റെ പിന്തുണ എനിക്കില്ലെങ്കിലും, ഞാന്‍ ഒരു ദുരുപദേശകന്‍ എന്നൊന്നും വിളിക്കപ്പെടുകയില്ല, കാരണം, എന്റെ ഉപദേശങ്ങള്‍ വേദപുസ്തകപരമായി തികച്ചും ശരിയായിരിക്കും. പക്ഷേ ഞാന്‍ പകര്‍ന്നുകൊടുക്കുന്നതു ജീവനുപകരം മരണമായിരിക്കും.
നമുക്കു പലതരത്തില്‍ ആളുകളുടെ മേല്‍ അധികാരം പ്രയോഗിക്കുവാന്‍ കഴിയും. അതില്‍ മാനുഷികമായ വഴിയുണ്ട്. മതപരമായ വഴിയുണ്ട്. ആത്മീയമായ വഴിയുമുണ്ട്. ഇവ മൂന്നും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. യേശുവിന്റെ അധികാരം ഒരിക്കലും മാനുഷികമോ മതപരമോ ആയിരുന്നില്ല. അവിടുന്ന് ഒരിക്കലും ഭൂമിയിലെ രാജാക്കന്മാരെപ്പോലെയോ യിസ്രായേലിലെ പുരോഹിതന്മാരെപ്പോലെയോ ആയിരുന്നില്ല സംസാരിച്ചതും വര്‍ത്തിച്ചതും. അവിടുത്തെ അധികാരം ആത്മീയവും ദൈവത്തില്‍നിന്നുള്ളതുമായിരുന്നു.
മാനുഷികമായ അധികാരത്തിന്റെ ഒരു നല്ല ഉദാഹരണമാണ് സിനിമാ താരങ്ങള്‍ക്കും റോക്ക് സംഗീതതാരങ്ങള്‍ക്കും ജനങ്ങള്‍ക്കുമേലുള്ളത്. ആളുകള്‍ക്ക് അവരോടുള്ള ആരാധനാ മനോഭാവവും അവരുടെ പേരില്‍ ആളുകള്‍ കാട്ടിക്കൂട്ടുന്ന ഭ്രാന്തും ശ്രദ്ധിക്കുക. തങ്ങളുടെ ഇഷ്ടതാരത്തെ ഒരുനോക്കു കാണുവാന്‍ വെയിലും മഴയും വകവയ്ക്കാതെ ആളുകള്‍ മണിക്കൂറുകള്‍ ഒരേനില്പു നില്‍ക്കുവാന്‍ തയ്യാറാണ്. അവര്‍ക്ക് ഈ ജനങ്ങള്‍ക്കുമേല്‍ വലിയ അധികാരം ഉണ്ട്. ജനങ്ങളുടെ വികാരവിചാരങ്ങള്‍ക്കുമേല്‍ സ്വാധീനം ചെലുത്തി അവരുടെമേല്‍ വാഴുവാന്‍ അവര്‍ തങ്ങളുടെ മാനുഷികമായ കഴിവുകള്‍ ഉപയോഗിക്കുന്നു. അങ്ങനെ ജനങ്ങളുടെ പണം തട്ടാനും. ഇന്നു ക്രൈസ്തവലോകത്തെ അനേകം ശുശ്രൂഷകരിലും ഇത്തരം അധികാരമാണു നാം കാണുന്നത്. ഇതു പരിശുദ്ധാത്മാവിന്റെ ശക്തിയല്ല മാനുഷികമായ മേധാശക്തിയാണ്, ദേഹിയുടെ ശക്തിയാണ്.
മാനുഷികമായ അധികാരം പ്രയോഗിക്കുന്ന മറ്റൊരു രീതി ധനശക്തിയിലൂടെയാണ്. ഇന്നത്തെ ലോകത്തെ നിയന്ത്രിക്കുന്നത് ആയുധങ്ങളിലൂടെയല്ല ധനത്തിലൂടെയാണ്. യുദ്ധത്തിലും തെരഞ്ഞെടുപ്പിലും ധനശക്തി ഒരുപോലെ പ്രയോഗിക്കപ്പെടുന്നു. എല്ലാ സമൂഹങ്ങളിലുമുള്ള ബിസിനസുകാര്‍ അഭിവൃദ്ധിക്കും ഉന്നമനത്തിനുമായി രാഷ്ട്രീയക്കാരെ പ്രീണിപ്പിക്കുന്നു. രാഷ്ട്രീയക്കാരാകട്ടെ, അധികാരത്തിലെത്താനാവശ്യമായ പണത്തിനുവേണ്ടി വ്യവസായികളെയും. അങ്ങനെ നോക്കിയാല്‍ ധനത്തിന്റെ അത്ഭുതകരമായ ശക്തിയും ആധിപത്യവും നമുക്കു കാണാന്‍ കഴിയും. ക്രൈസ്തവലോകത്തിലും ഈ ശക്തിയുടെ സ്വാധീനവും വ്യാപാരവും വളരെയാണ്. പണത്തിനു പല നല്ലകാര്യങ്ങളും ചെയ്യാന്‍ കഴിയും. എന്നാല്‍ അതിലധികമായി അതിന്റെ ശക്തിക്കും സ്വാധീനത്തിനും വളരെ ദോഷവും ചെയ്യാന്‍ കഴിയും.
ഏതൊരു ക്രിസ്തീയപ്രവര്‍ത്തനമായിക്കൊള്ളട്ടെ, അതിന്റെ നിയന്ത്രണം ധനശക്തിയിലാണെങ്കില്‍ അതൊരിക്കലും ഒരു ആത്മീയപ്രവര്‍ത്തനമായിരിക്കില്ല. യേശു ധനത്തിനു ദൈവത്തിനു നേരെ എതിരായുള്ള ഒരു സ്ഥാനമാണു നല്‍കിയത്. മനുഷ്യന്റെ ശ്രദ്ധയാവശ്യപ്പെടുന്ന രണ്ടേരണ്ടു യജമാനന്മാര്‍ മാത്രമേ ലോകത്തിലുള്ളു എന്നാണ് യേശു പറഞ്ഞത്. ഒന്ന് ദൈവവും മറ്റേത് മാമ്മോനും (ഭൗതികസമ്പത്തും ) ലൂക്കോ. 16:13).
ധനം നല്‍കുന്നതിലൂടെ മറ്റുള്ളവരുടെമേല്‍ ഒരു ക്രൈസ്തവശുശ്രൂഷകന് ഉണ്ടാകുന്ന അധികാരം ആത്മീയാധികാരമല്ല. ലോകത്തിലും ക്രിസ്തീയഗോളത്തിലും നിയന്ത്രണം എപ്പോഴും സമ്പത്തുള്ളവരുടെ കരങ്ങളിലാണ്. സമ്പത്തുള്ളവരുടെ മുമ്പില്‍ ആളുകള്‍ തല കുനിക്കുന്നു. നിങ്ങള്‍ അവര്‍ക്കു പണം കൊടുക്കുമെങ്കില്‍ നിങ്ങള്‍ പറയുന്ന എന്തുകാര്യത്തിനും തല കുലുക്കുവാനും എന്തും അനുസരിക്കുവാനും അവര്‍ തയ്യാറാകും. ലോകത്തിലെ എല്ലാ സ്ഥാപനങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും ഒരുപോലെ അതങ്ങനെ തന്നെ.
ഓരോ സഭാശുശ്രൂഷകനും സഭയിലെ ഭരണസമിതിയുടെ നിയന്ത്രണത്തിലാണ്. കാരണം, ശമ്പളത്തിന്റെ നിയന്ത്രണം അവരുടെ കൈയിലാണ്. അത്തരം ഭരണസമിതിയിലെ ഒരംഗത്തിനുപോലും വ്യസനമുണ്ടാകുന്ന ഒരു സത്യം പറയുവാന്‍ ഒരു പാസ്റ്റര്‍ക്കു ധൈര്യമുണ്ടാവില്ല. സഭയിലെ ധനികരായിരിക്കും സാധാരണനിലയില്‍ ഭരണസമിതിയിലുണ്ടായിരിക്കുക. ഏറ്റവുമധികം തിരുത്തലിനും ശാസനയ്ക്കും വിധേയരാവേണ്ടതും ഈ ധനികര്‍ തന്നെ. പക്ഷേ അവര്‍ നല്‍കുന്ന ധനം വായ് നിറയെ ഇരിക്കുമ്പോള്‍ പറയേണ്ടതെങ്ങനെ പറയാന്‍ കഴിയും? ഒരിക്കലും അതു കഴിയില്ല. അതുകൊണ്ടു കര്‍ണ്ണമധുരമായ പ്രസംഗങ്ങളാല്‍ അവരെ ഇക്കിളിപ്പെടുത്തുകയും അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് അവര്‍ക്കു നല്‍കുകയും ചെയ്യുന്നു. അവര്‍ക്ക് അപ്രീതികരമായതെന്തെങ്കിലും പറഞ്ഞാല്‍ വര്‍ഷംതോറുമുള്ള തന്റെ ശമ്പളവര്‍ദ്ധന തടയപ്പെടും. അതിലൂടെ തന്റെ സാധുകുടുംബം അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ അദ്ദേഹത്തെ ചിന്താധീനനാക്കും. താന്‍ താമസിക്കുന്ന സൗകര്യമുള്ള വീടും കുട്ടികള്‍ പഠിക്കുന്ന മെച്ചപ്പെട്ട സ്‌കൂളും ഒക്കെ ഉപേക്ഷിക്കേണ്ടിവരും. ഈ ചിന്തകള്‍ വേഗം തന്നെ ഭരണസമിതിയോടുള്ള അനുസരണത്തിലേക്കു നയിക്കും. നമ്മുടെ ഭാരതത്തില്‍ ഇന്നു പ്രവാചകന്മാരുണ്ടാകാത്തതിന്റെ പ്രധാന കാരണം ഇതു തന്നെയാണ്. മിക്കവാറും എല്ലാ പ്രസംഗകരും ധനമോഹത്തില്‍, അതിന്റെ വശീകരണത്തില്‍, അകപ്പെട്ടുപോയിരിക്കുന്നു. അത്തരം പ്രസംഗകര്‍ക്ക് എങ്ങനെയാണ് ആത്മീയാധികാരത്തില്‍ ശുശ്രൂഷിക്കാന്‍ കഴിയുക?
മറ്റുള്ളവരുടെ മേല്‍ അധികാരമുള്ള സഹോദരന്മാരോടു ഞാന്‍ പറയട്ടെ: നിങ്ങള്‍ പണത്താലാണ് മറ്റുള്ളവരെ നിയന്ത്രിക്കുന്നതെങ്കില്‍ നിങ്ങള്‍ ആത്മീയാധികാരമല്ല പ്രയോഗിക്കുന്നത്. യേശു ഒരിക്കലും ധനത്താലുള്ള നിയന്ത്രണം നടത്തിയിരുന്നില്ല. കാരണം, അപ്രകാരം ആര്‍ക്കും കൊടുക്കുവാന്‍ തക്കവണ്ണം തന്റെ കൈയില്‍ ധനം ഉണ്ടായിരുന്നില്ല. തന്റെ ശിഷ്യന്മാര്‍ ആരും തന്നെ പണത്തിനുവേണ്ടിയായിരുന്നില്ല തന്നെ അനുഗമിച്ചത്. ഉദ്യോഗത്തില്‍നിന്നു വിരമിച്ചശേഷം ലഭിക്കുന്ന ഒരു ആനുകൂല്യവും താന്‍ അവര്‍ക്കു വാഗ്ദാനം ചെയ്തില്ല. മറിച്ച് കഷ്ടതയും പീഡയുമായിരുന്നു വാഗ്ദാനം ചെയ്തത്. ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നതിനു മുന്‍ഗണന നല്‍കുന്നുവെങ്കില്‍ ഭക്ഷണം, വസ്ത്രം മുതലായ ആവശ്യങ്ങള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവു നല്‍കും എന്ന് അവിടുന്നു വാഗ്ദാനം ചെയ്തു.
യേശു തന്റെ അപ്പോസ്തലന്മാരെ സുവിശേഷമറിയിക്കാനയച്ചത് പണം കൂടാതെയാണ്- ആരെയും പണം നല്‍കി ആകര്‍ഷിച്ചു സുവിശേഷത്തിലേക്കു കൊണ്ടുവരാതിരിക്കാന്‍. ആരെയും അതിനാല്‍ നിയന്ത്രിക്കാതിരിക്കാനും. എന്നിട്ടും നാം നമ്മുടെ മുഴു സമ്പത്തും കഴിവുകളും ഉപകരണങ്ങളും എല്ലാമായി ചെയ്യുന്ന സുവിശേഷ പ്രവര്‍ത്തനങ്ങളേക്കാള്‍ വളരെ ഫലപ്രദമായ രീതിയില്‍ത്തന്നെ തങ്ങളുടെ ദൗത്യം നിര്‍വ്വഹിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു.
ദൈവത്തിന്റെ വേലയില്‍ പണത്തിന്റെ ശക്തി വിനിയോഗിക്കുന്നതില്‍ നാം ജാഗ്രതയുള്ളവരാകണം. കാരണം, അതിനു നമ്മിലെ ആത്മീയാധികാരത്തെ എടുത്തുകളയാന്‍ കഴിയും.
നാം സൂക്ഷിക്കേണ്ട മറ്റൊരു ശക്തിയാണ് സംഗീതത്തിന്റെ ശക്തി. ആത്മഹത്യയോളം ആളുകളുടെ മനസ്സിന്റെ താളം തെറ്റിക്കുവാന്‍ റോക്ക് സംഗീതത്തിന് കഴിയും. ഇത്തരം പല ശക്തികളും ലോകത്തില്‍ നമുക്കു കണ്ടെത്തുവാന്‍ കഴിയും. അവയെ ആത്മീയ ശക്തിയായി നാം തെറ്റിദ്ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആത്മാവിന്റെ ശക്തിയെയും പ്രാണന്റെ ശക്തിയെയും (ുെശൃശൗേമഹ ുീംലൃ മിറ ീൌഹശവെ ുീംലൃ) തിരിച്ചറിയാന്‍ നമുക്കു കഴിയാതിരുന്നാല്‍ നാം തെറ്റിപ്പോകാനിടയുണ്ട്. നമ്മുടെ ശുശ്രൂഷയുടെ വിജയം നമ്മെ വഞ്ചിക്കാന്‍ വളരെ എളുപ്പമാണ്.
നമ്മില്‍ ചിലരെ സംബന്ധിച്ചിടത്തോളം സാമ്പത്തികശക്തിക്കു പകരം ബുദ്ധിശക്തിയായിരിക്കും നാം ഉപയോഗിക്കുക. സംഗീതത്തിന്റെ ശക്തിയുമായിരിക്കില്ല. ബുദ്ധിശക്തിയും പ്രാണന്റെ ശക്തിയില്‍ ഉള്‍പ്പെടുന്നതാണ്. അതും ആത്മീയാധികാരത്തില്‍നിന്നും നമ്മെ അകറ്റിനിര്‍ത്തുന്നു. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റേണ്ടതിന്നു നമ്മുടെ ബിരുദങ്ങള്‍ നിരത്തുവാനും നമുക്കു കഴിയും. ഒരുപക്ഷേ താങ്കള്‍ പത്രോസിന്റെ ലേഖനങ്ങളിലെ പല പദങ്ങളുടെയും പത്രോസിനുപോലും അജ്ഞാതമായിരുന്ന മൂലഭാഷയിലെ അര്‍ത്ഥങ്ങള്‍ പോലും വിശദീകരിക്കുവാന്‍ തക്കവണ്ണം പാണ്ഡിത്യമുള്ള വേദശാസ്ത്ര ബിരുദാനന്തര ബിരുദമുള്ള ഒരാളായിരിക്കാം!
എന്നാല്‍ ഒരു ആത്മീയന്‍ ബൈബിള്‍ പഠിപ്പിക്കുന്നതു തികച്ചും വ്യത്യസ്തമായിട്ടായിരിക്കും. മാനുഷിക ബുദ്ധിയുടെ ശക്തികൊണ്ടു ബൈബിള്‍ പഠിപ്പിക്കാം. പരിശുദ്ധാത്മശക്തികൊണ്ടും ബൈബിള്‍ പഠിപ്പിക്കാം. ഇവ തമ്മില്‍ വലിയ ഒരു അന്തരമുണ്ട്. അവയുടെ ഫലങ്ങള്‍ തമ്മിലും.
സഭയുടെ ഇന്നത്തെ ഏറ്റവും പ്രധാന ആവശ്യങ്ങളിലൊന്ന് നേതാക്കന്മാരുടെ ശുശ്രൂഷയില്‍ വെളിപ്പെടേണ്ട ആത്മീയാധികാരമാണ്. മതപരമായ അധികാരവും ആത്മീയാധികാരവും രണ്ടും രണ്ടാണ്. ക്രൈസ്തവലോകത്ത് ഇന്നും നാം കണ്ടെത്തുന്നത് ആടുകളുടെമേല്‍ അധീശത്വം പുലര്‍ത്തുന്ന ശക്തമായ വ്യക്തിത്വമുള്ള അധികാരികളുടെ മതപരമായ അധികാരമാണ്.
സഭയിലെ എല്ലാ അംഗങ്ങളും വോട്ടു ചെയ്തു തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കുന്ന തരത്തിലുള്ള ഒരു ജനാധിപത്യസംവിധാനം ഒരിക്കലും ദൈവം സഭയ്ക്കു നല്‍കിയിരുന്നില്ല. അതുപോലെ തന്നെ സാധുക്കളായ വിശ്വാസികള്‍ തങ്ങളെ വീണു നമസ്‌കരിക്കുന്ന ശക്തന്മാരായ ഏകാധിപതികളാല്‍ സഭ ഭരിക്കപ്പെടുന്നതിനും ദൈവം ഉദ്ദേശിച്ചിരുന്നില്ല.
ദൈവത്തിന്റെ വചനം സംസാരിക്കുമ്പോള്‍ ജനങ്ങളുടെമേല്‍ അധികാരം ഉണ്ടാവുക എളുപ്പമാണ്. അതു ജനങ്ങള്‍ക്കു സഹായകരമായിത്തീരുന്നതിനാല്‍ അവര്‍ അതിനെ വിലമതിക്കും, അഭിനന്ദിക്കും. ക്രമേണ നമ്മുടെ ആരാധകരുടെ മുമ്പില്‍ നാം ‘കുട്ടിദൈവ’ങ്ങളായിത്തീരും. ഇക്കാര്യത്തെക്കുറിച്ചുള്ള ഭയത്തില്‍ നാം വസിക്കേണ്ടതുണ്ട്. നമുക്കു ലഭിച്ചിരിക്കുന്ന വരങ്ങളിലൂടെ മറ്റുള്ളവരുടെ മേലുണ്ടാകുന്ന അധികാരം നാം ഉപയോഗപ്പെടുത്തുന്നതിനെതിരെ നാം കരുതലുള്ളവരായിരിക്കണം. മറ്റുള്ളവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നവരായിരിക്കാതെ നാം സൂക്ഷിക്കേണ്ടതുണ്ട്. നമ്മുടെ മേല്‍ ആരെങ്കിലും കടിച്ചുതൂങ്ങിക്കിടക്കുന്നുവെങ്കില്‍ അവരെ കര്‍ത്താവില്‍ ഭരമേല്പിക്കുക-അവരുടെ ആത്മീയ വളര്‍ച്ചയ്ക്കും ഭൗതികനന്മയ്ക്കും അതുതന്നെയായിരിക്കും ഉത്തമം. കര്‍ത്താവിന്റെ ശരീരം പണിയുന്നതിനുവേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ സാമ്രാജ്യങ്ങള്‍ പണിയുന്നതിനല്ല. ആത്മീയാധികാരത്തിന്റെ വഴി അതാണ്.
പൗലോസിനു ദൈവം നല്‍കിയ ആത്മീയാധികാരം കൊരിന്തിലുള്ള ഒരു വ്യക്തിയെ ആത്മാവു രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിനായി സാത്താനെ ഏല്പിക്കുവാന്‍ തക്കവണ്ണം വലുതായിരുന്നു (1 കൊരി 5:5). ആ വ്യക്തി പിന്നീട് മാനസാന്തരപ്പെട്ടു സഭയിലേക്കു മടങ്ങിവരുവാനിടയായി. ആ സഭയുടെ സ്ഥാപകപിതാവ് പൗലോസായിരുന്നു. അത്തരം പിതാക്കന്മാര്‍ക്കു മറ്റാര്‍ക്കുമില്ലാത്ത ഒരു അധികാരം ഉണ്ടാവുക സ്വാഭാവികമാണ്. ആ അപ്പൊസ്‌തൊലന്മാര്‍ക്ക് വ്യക്തികളെ ചേര്‍ത്തു പണിയുവാന്‍ തക്ക അധികാരം കര്‍ത്താവു നല്‍കിയിരുന്നു. നമുക്കും ആവശ്യമായ സ്‌നേഹം നിറഞ്ഞ അധികാരം അതുതന്നെ. നമുക്കൊരു വെല്ലുവിളിയായിത്തീരാവുന്ന അത്തരം അധികാരത്തിന്റെ നിരവധി പ്രകടനങ്ങള്‍ പൗലോസില്‍ നമുക്കു കണ്ടെത്താന്‍ കഴിയും.
മൂന്നരവര്‍ഷത്തോളം യേശുവിനെ ശ്രദ്ധിച്ചപ്പോള്‍ ശിഷ്യന്മാര്‍ക്കു മനസ്സിലായി പള്ളികളിലും ദേവാലയത്തിലുമൊക്കെ കാണുന്ന അധികാരികള്‍, നേതാക്കള്‍, പ്രസംഗകര്‍ എന്നിവരില്‍ നിന്നും യേശു തികച്ചും വ്യത്യ സ്തനാണെന്ന്. അവിടുത്തെപ്പോലെ ജീവിക്കയും സംസാരിക്കുകയും ചെയ്യു ന്ന ഒരാളെപ്പോലും അവര്‍ തങ്ങളുടെ ജീവകാലമത്രയും കണ്ടിരുന്നില്ല. തന്റെ ശുശ്രൂഷയിലും ജീവിതത്തിലും അവിടുന്ന് അധികാരമുള്ളവനായിരുന്നു. തങ്ങളുടെ പുരോഹിതന്മാരിലും നേതാക്കന്മാരിലും കണ്ടിരുന്ന അധികാരമാണ് ആത്മീയാധികാരം എന്ന് നാളിതുവരെയും അവര്‍ കരുതിയിരുന്നു. യേശുവിനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ തങ്ങളുടെ ജീവിതമാതൃകയായി അവര്‍ ആ പുരോഹിതന്മാരെത്തന്നെ സ്വീകരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്കു അനുകരിക്കാന്‍ പറ്റിയ ഒരു മാതൃകയെത്തന്നെ ലഭിച്ചിരിക്കുന്നു.
നമ്മുടെ യുവസഹോദരന്മാര്‍ക്കും ആവശ്യമായത് അനുകരിക്കുവാന്‍ പറ്റിയ മാതൃകകളെയാണ്. യഥാര്‍ത്ഥ ആത്മീയാധികാരമുള്ള മാതൃകകളായിത്തീരുക നമ്മുടെ ഉത്തരവാദിത്വമാണ്.
അധ്യായം 11:എല്ലാ ഭയങ്ങളില്‍ നിന്നുമുള്ള മോചനം
ആത്മീയനേതാവ് ഒരിക്കലും മനുഷ്യരെയോ സാഹചര്യങ്ങളെയോ ഭയപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുന്ന ഒരു വ്യക്തിയായിരിക്കില്ല.
എന്റെ വീടിന്റെ മുന്‍വശത്തെ മുറിയില്‍ തൂക്കിയിരിക്കുന്ന മഹത്തായ ഒരു വാക്യമുണ്ട്. ”നിങ്ങള്‍ ദൈവത്തെ ഭയപ്പെടുന്നുവെങ്കില്‍ മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല.” യെശയ്യാവ് 8:12,13 വാക്യങ്ങളുടെ ലിവിംഗ് ബൈബിളിലെ ഭാഷാന്തരം അപ്രകാരമാണ്. കഴിഞ്ഞ 25 വര്‍ഷമായി ആ വാക്യം എന്നെ വളരെ സഹായിച്ചുകൊണ്ടിരിക്കുന്നു.
ഭയത്തെ സംബന്ധിച്ച് കര്‍ത്താവ് എന്നെ പഠിപ്പിച്ച ചില സത്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.
ഒന്നാമതായി സാത്താന്റെ ആയുധപ്പുരയിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നാണ് ഭയം എന്നു ഞാന്‍ ഗ്രഹിച്ചു.
രണ്ടാമതായി ജഡത്തില്‍ വസിക്കുന്നതുകൊണ്ട് എന്നില്‍ ഇടയ്ക്കുണ്ടാകുന്ന ഭയത്തെക്കുറിച്ച് എനിക്കു കുറ്റബോധമുണ്ടാകേണ്ട കാര്യമില്ല. ഇക്കാര്യത്തെക്കുറിച്ച് നാം സത്യസന്ധരും യാഥാര്‍ത്ഥ്യബോധമുള്ളവരുമായിരുന്നാല്‍ മതി. തനിക്കു ചിലസമയത്ത് ഉണ്ടായിരുന്ന ഭയത്തെക്കുറിച്ച് പൗലോസ് അപ്പൊസ്‌തൊലന്‍ സത്യസന്ധതയോടെ ഏറ്റുപറയുന്നതായി നാം കാണുന്നു. (2 കൊരി. 7:5).
മൂന്നാമത്തേതും ഞാന്‍ പഠിച്ചതില്‍ ഏറ്റവും സുപ്രധാനവുമായ സത്യം ഇതാണ്: എന്നില്‍ ഭയമുണ്ടെങ്കിലും ഭയത്തില്‍ നിന്നും ഒരു തീരുമാനവും ഞാന്‍ എടുത്തുകൂടാ. എന്റെ എല്ലാ തീരുമാനങ്ങളും ദൈവത്തിലുള്ള ആശ്രയത്തില്‍ നിന്നു മാത്രമേ പാടുള്ളു. ഭയത്തിനു നേരെ എതിരാണ് ദൈവാശ്രയം. കഴിഞ്ഞ അനേകവര്‍ഷങ്ങളായി അത്തരത്തിലുള്ള ഒരു ജീവിതം നയിക്കുവാനായി ഞാന്‍ ഉത്സാഹിച്ചുകൊണ്ടിരിക്കുന്നു. ദൈവം എന്നെ അക്കാര്യത്തില്‍ വളരെ സഹായിച്ചുകൊണ്ടുമിരിക്കുന്നു.
യേശു കൂടെക്കൂടെ ”ഭയപ്പെടേണ്ടാ” എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനെന്നു ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. പുതിയനിയമം ഒരുപോലെ ഊന്നല്‍ കൊടുക്കുന്ന രണ്ടു കാര്യങ്ങളിലൊന്ന് എന്ന നിലയ്ക്ക് ഇതിനു വലിയ പ്രാധാന്യമുണ്ട്. മറ്റേകാര്യം ”പാപം ചെയ്യരുത്” എന്നതാണ്.
യേശു എല്ലായ്‌പ്പോഴും പാപത്തിനെതിരായിരുന്നതുപോലെ ഭയത്തിനും എതിരായിരുന്നു. ദൈവത്തെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുവാന്‍ യേശു നമ്മെ ഉപദേശിച്ചു. (മത്താ. 10:28). ഇതു നമ്മെ സംബന്ധിച്ചു സുപ്രധാനമായ ഒരു പാഠമത്രേ. കാരണം, ഒരാത്മീയ നേതാവ് ഒരിക്കലും ഭയത്തിനടിമപ്പെട്ട് ഒരു തീരുമാനവും എടുക്കാന്‍ പാടില്ല.
അനേകവര്‍ഷങ്ങളായി എന്റെ സ്വീകരണ മുറിയില്‍ ഞാന്‍ തൂക്കിയിട്ടിരിക്കുന്ന മറ്റൊരു വാക്യം ഗലാ. 1:10 ആണ്. ”ഞാന്‍ മനുഷ്യനെ പ്രസാദിപ്പിക്കുന്നവനെങ്കില്‍ എനിക്കു ക്രിസ്തുവിന്റെ ദാസനായിരിപ്പാന്‍ കഴിയില്ല.”
നിങ്ങള്‍ മനുഷ്യനെ പ്രസാദിപ്പിക്കുന്ന ഒരു വ്യക്തിയായിരിക്കുന്ന കാലത്തോളം കര്‍ത്താവിന്റെ ദാസനായിരിപ്പാന്‍ നിങ്ങള്‍ക്കു കഴിയുന്നതല്ല. മനുഷ്യരെ പ്രസാദിപ്പിക്കുന്നതില്‍നിന്നും മോചനം പ്രാപിക്കുക അത്ര എളുപ്പമുള്ള ഒരു കാര്യമല്ലെന്നു ഞാന്‍ നിങ്ങളെ ഓര്‍പ്പിക്കട്ടെ.
ഇന്ത്യയില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്കയയ്ക്കുന്ന ക്രിസ്തീയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മേല്‍പ്പറഞ്ഞ പ്രകാരം മനുഷ്യരെ ബോദ്ധ്യമാക്കുവാന്‍, അവരില്‍ മതിപ്പുളവാക്കുവാന്‍, വേണ്ടിയുള്ളതാണ്.
അപ്രകാരം തന്നെ അധികം പ്രസംഗങ്ങളും മനുഷ്യരില്‍ മതിപ്പുളവാക്കുക എന്ന ലക്ഷ്യം വച്ച് തയ്യാറാക്കുന്നവയാണ്. അപ്രകാരം പ്രസംഗിക്കുന്നവര്‍ ഒരിക്കലും ക്രിസ്തുവിന്റെ ദാസന്മാരായിരിക്കയില്ല. നിങ്ങളുടെ സഭയിലെ പക്വത പ്രാപിച്ചിട്ടില്ലാത്ത വിശ്വാസികളെ വിഡ്ഢികളാക്കുക വളരെ എളുപ്പമാണ്. അവരുടെ വിവേചനമില്ലായ്മയില്‍ അവര്‍ നിങ്ങളെ ദൈവത്തിന്റെ ഒരു ‘വലിയ ദാസന്‍’ എന്നു മതിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ക്കൊരിക്കലും ദൈവത്തേയും സാത്താനെയും വിഡ്ഢികളാക്കാന്‍ കഴിയില്ല. ദൈവത്തിനും പിശാചിനും നിങ്ങള്‍ എങ്ങനെയുള്ള ഒരുവനെന്നു കൃത്യമായി അറിയാം.
നിങ്ങള്‍ ഒരു വ്യക്തിക്ക് അപ്രീതികരമായി എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ നിങ്ങളെ ഉപദ്രവിച്ചേക്കാമെന്നു നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അയാളെ പ്രസാദിപ്പിക്കുവാന്‍ നിങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഒരിക്കലും ദൈവത്തിന്റെ ദാസനായിരിക്കില്ല. അപ്രകാരം ഭയത്തില്‍ നിന്നാണു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങളെ നയിക്കുന്നതു പിശാചാണെന്നു ഉറപ്പാക്കാം. അപ്രകാരമുള്ളതൊന്നും ദൈവത്തില്‍ നിന്നല്ല.
നാം നമ്മുടെ കഴിഞ്ഞകാലം പരിശോധിക്കുന്നപക്ഷം പല തീരുമാനങ്ങളും ഭയത്തില്‍ നിന്നുമാണ് എടുത്തിട്ടുള്ളത് എന്നു മനസ്സിലാകും. ആ തീരുമാനങ്ങളിലൊന്നും ദൈവമായിരുന്നില്ല നമുക്കു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിരുന്നത്. പല തീരുമാനങ്ങളുടെയും ഫലം അത്ര ഗൗരവമുള്ളതുമായിരുന്നിരിക്കില്ല. എന്നിരുന്നാലും ദൈവത്തിന്റെ പരമോന്നത നന്മ നമുക്ക് നഷ്ടമായിരിക്കുന്നു. അതുകൊണ്ടു ഭാവിയില്‍ നമുക്കു വ്യത്യസ്തമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ.
നാം മനുഷ്യരായതുകൊണ്ടു ഭയം ഉണ്ടാവുക സ്വാഭാവികം. നിങ്ങളുടെ ഇരിപ്പിടത്തിനു തൊട്ടുമുമ്പില്‍ പെട്ടെന്ന് ഒരു മൂര്‍ഖനെ കണ്ടുവെന്നു കരുതുക. നിങ്ങള്‍ ഭയപ്പെട്ടു നടുങ്ങുകയും വേഗം എഴുന്നേല്‍ക്കുകയും ചെയ്യും. ഈ സമയം അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ നിങ്ങളുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുകയും അതു രക്തത്തില്‍ കലരുകയും ചെയ്യും. അതു സ്വാഭാവികമാണ്. പക്ഷേ അതുകൊണ്ടു നിങ്ങള്‍ ഇരിക്കാനിടയുള്ള എല്ലാ ഇരിപ്പിടത്തിനടിയിലും ഒരു മൂര്‍ഖന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന ഭയത്തില്‍ ഒരിക്കലും നിങ്ങള്‍ കഴിയാന്‍ പോകുന്നില്ലല്ലോ.
ആരോടുമുള്ള ഭയത്തില്‍ നാം ജീവിക്കാന്‍ പാടില്ല. മനുഷ്യനോടോ പിശാചിനോടോ ഉള്ള ഭയത്തില്‍ നിന്നും നാം ഒരു തീരുമാനവും എടുക്കാന്‍ പാടില്ല. നാം എടുക്കുന്ന ഓരോതീരുമാനവും നമ്മുടെ സ്വര്‍ഗ്ഗപിതാവിലുള്ള ആശ്രയത്തിലും ദൈവഭയത്തിലും ആയിരിക്കണം. അപ്പോള്‍ മാത്രമേ നാം പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെടുന്നു എന്ന കാര്യം ഉറപ്പിക്കാന്‍ കഴികയുള്ളു.
എബ്രായര്‍ 13:6 ദൈവത്തെ സേവിക്കുന്ന ഏവരെ സംബന്ധിച്ചും അതിപ്രധാനമായ ഒരു വാക്യമത്രേ.
”ആകയാല്‍ കര്‍ത്താവ് എനിക്കു തുണ. ഞാന്‍ പേടിക്കയില്ല. മനുഷ്യന്‍ എന്നോട് എന്തു ചെയ്യും? എന്നു നമുക്കു ധൈര്യത്തോടെ പറയാം.”
എന്നാല്‍ ഒരു കാര്യത്തെക്കുറിച്ചു ജാഗരൂകരായിരിക്കുന്നതും അതിനെ ഭയപ്പെടുന്നതും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയണം. നാം ലോകത്തിലായിരിക്കുമ്പോള്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരായിരിക്കേണ്ടതുണ്ട്. എന്നാല്‍ നാം ഒരിക്കലും മനുഷ്യരെയോ ഭൂതങ്ങളെയോ സാത്താനെയോ ഭയപ്പെടേണ്ടതില്ല.
യേശു വളരെ കരുതലുള്ളവനായിരുന്നു. യഹൂദ്യയിലെ ആളുകള്‍ തന്നെ കൊല്ലുവാന്‍ കാത്തിരിക്കുന്നു എന്ന് യേശു അറിഞ്ഞപ്പോള്‍ അവിടുന്ന് അങ്ങോട്ടുപോകാതെ സൂക്ഷിച്ചു. (യോഹ. 7:1). അതു ബുദ്ധിപൂര്‍വ്വമായ ഒരു തീരുമാനമായിരുന്നു. എന്നാല്‍ യേശു ഒരിക്കലും ആരെയും ഭയപ്പെട്ടിരുന്നില്ല.
നിങ്ങള്‍ക്കു രാത്രിയില്‍ ഒരു കാട്ടുപ്രദേശത്തേക്കു പോകേണ്ടതുണ്ടെങ്കില്‍ നിങ്ങള്‍ നിശ്ചയമായും ഒരു ടോര്‍ച്ച് കൈയില്‍ കരുതും. അതിനെ ഭയമെന്നല്ല നാം വിളിക്കുന്നത്. കരുതല്‍ എന്നാണ്. ആളുകള്‍ നിങ്ങളെ അപായപ്പെടുത്താന്‍ ഒരു സ്ഥലത്തു പതിയിരിപ്പുണ്ടെങ്കില്‍ നിങ്ങള്‍ അവിടേക്കുപോകുവാന്‍ പാടില്ല- ദൈവം നിങ്ങളെ അങ്ങോട്ടേക്ക് അയയ്ക്കുന്നില്ലെങ്കില്‍. ഒടുവില്‍ പരിശുദ്ധാത്മാവ് യേശുവിനെ യെരുശലേമിലേയ്ക്ക് നയിച്ചപ്പോള്‍ അവിടുന്ന് പോവുകയും കൊല്ലപ്പെടുകയും ചെയ്തു. അതു ദൈവഹിതവും ദൈവത്തിന്റെ സമയവുമായിരുന്നു.
നമുക്ക് ഒരു മനുഷ്യനെയും ഭയപ്പെടേണ്ടതില്ല. ”അത്യുന്നതന്റെ നിഴലില്‍ വസിച്ച്” (സങ്കീ. 91:1) അവിടുത്തെ ഹിതം ചെയുതു നാം ജീവിക്കുന്നുവെങ്കില്‍ നമുക്കു ദോഷംചെയ്യാന്‍ ആര്‍ക്കാണു കഴിയുക? ബൈബിള്‍ ഇപ്രകാരം ചോദിക്കുന്നു: ”നിങ്ങള്‍ക്കു ദോഷം ചെയ്യുന്നതാര്‍?” (പത്രോ 3:13). മനുഷ്യര്‍ ചെയ്യുന്ന ഏതു കാര്യവും നമുക്കു നന്മയാക്കി മാറ്റുവാന്‍ കഴിയുന്നവനാണു ദൈവം (റോമ. 8:28). അതു സത്യമായിരിക്കയാല്‍ നാം എന്തിനു ഭയപ്പെടണം?
ഇക്കാര്യം നാം വിശ്വസിക്കുന്നുവെങ്കില്‍ വലിയ അധികാരമായിരിക്കും അതു നമ്മുടെ ജീവിതത്തില്‍ നല്‍കുക. നാം മനുഷ്യരെ ഭയപ്പെടുകയും അവരില്‍ മതിപ്പുളവാക്കുകയും അവരുടെ മുമ്പാകെ നമ്മെ നീതീകരിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ആത്മീയാധികാരത്തിന്റെ ഒരു നല്ല പങ്കും എടുത്തുകളയാന്‍ സാത്താനു നാം വിധേയപ്പെടുകയാണു ചെയ്യുന്നത്. ഇത്തരം മനോഭാവത്തില്‍ നിന്നും നാം തികച്ചും മോചനം പ്രാപിക്കേണ്ടിയിരിക്കുന്നു.
എന്നാല്‍ ഇതത്ര എളുപ്പമുള്ള ഒരു കാര്യമല്ല. നിരന്തരമായ ഒരു പോരാട്ടമാണിത്. ഒരിക്കല്‍ നിങ്ങള്‍ ഒരു ഗ്രൂപ്പിലെ എ, ബി, സി എന്നിവരെ പ്രസാദിപ്പിക്കുന്നതു നിര്‍ത്തിവയ്ക്കാനായി തീരുമാനിക്കുന്നു. അങ്ങനെ മനുഷ്യരെ പ്രസാദിപ്പിക്കുന്നതില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചതായി നിങ്ങള്‍ വിചാരിക്കുന്നു. പക്ഷേ അതെ സമയം മറ്റൊരു ഗ്രൂപ്പിലെ ഡി, ഇ, എഫ് എന്നിവരെ പ്രസാദിപ്പിക്കാന്‍ തുടങ്ങിയതായി നിങ്ങള്‍ കണ്ടെത്തുന്നു. മാത്രമല്ല ഇതു അന്തമില്ലാത്ത ഒരു പ്രക്രിയയാണെന്നും! നാം അന്ത്യം വരെ ഈ പോരാട്ടം വിശ്വസ്തമായി തുടര്‍ന്നേ മതിയാകു. അങ്ങനെ മാത്രമേ എല്ലാ മനുഷ്യരില്‍ നിന്നും നാം സ്വതന്ത്രരാകൂ. ഈ പാപത്തിനെതിരെ നാം നിരന്തര ജാഗ്രത പുലര്‍ത്തുകയും പോരാടുകയും ചെയ്യേണ്ടതാവശ്യമാണ്. ഒരു മനുഷ്യന്റെയും അംഗീകാരത്തിനുവേണ്ടി നാം ആഗ്രഹിക്കരുത്.
ചില വിശ്വാസികള്‍ വലിയ ഉന്നത ഭാവത്തോടെ തങ്ങള്‍ക്കാരുടെയും അഭിപ്രായം ആവശ്യമില്ല എന്നു പറയാറുണ്ട്. അത്തരക്കാര്‍ ആത്മീയരേയല്ല. അവര്‍ നിഗളികളാണ്. ഉദ്ധതരാണ്. ദൈവഭയമുള്ള ഒരു മൂപ്പന്റെ അഭിപ്രായം വളരെ വിലയേറിയതാണ്. നമുക്കു നമ്മില്‍ കണ്ടെത്താന്‍ കഴിയാത്ത പലതും നമ്മോടറിയിക്കാന്‍ ആ സഹോദരനു കഴിഞ്ഞെന്നുവരാം. അത്തരം ഒരു സഹോദരനെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ ആത്മീയാധികാരത്തിനു കീഴടങ്ങിയിരിക്കുകയും ചെയ്യുന്നതു നമ്മെ വളരെ സഹായിക്കും. ഒരു ദൈവമനുഷ്യന് അടിമയാകാതെ കീഴടങ്ങിയിരിക്കാന്‍ പഠിച്ചിരിക്കണം.
നമ്മുടെ സഭാംഗങ്ങള്‍ മനുഷ്യരെയും ഭൂതാത്മാക്കളെയും ഭയപ്പെടാതെ ദൈവത്തെമാത്രം ഭയപ്പെടുന്നവരാകണമെന്നു നാം ആഗ്രഹിക്കുന്നുവെങ്കില്‍ ഒന്നാമതായി നാം അങ്ങനെയുള്ളവര്‍ ആയിത്തീരണം.
ഭൂമിയിലുള്ള സകല കാര്യങ്ങളുടെയും നിയന്ത്രണം ദൈവത്തിന്റെ കരങ്ങളിലാണ്. അതിനാല്‍ നമുക്ക് ഒന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല.
ഒരിക്കല്‍ സുവിശേഷം നിരോധിക്കപ്പെട്ട ഒരു രാജ്യത്തേക്കു ഞാന്‍ പോകാനൊരുങ്ങുകയായിരുന്നു. കര്‍ത്താവ് എന്നെ ആ സമയം മത്തായി 28:18-19 വാക്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി. ദൈവത്തിനു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലതിന്മേലും അധികാരം ഉള്ളതുകൊണ്ടാണു നമ്മോടു എല്ലായിടത്തും കടന്നുപോയി സുവിശേഷം പ്രസംഗിക്കുവാന്‍ കല്പിക്കുന്നതെന്ന് പെട്ടെന്ന് എനിക്കു ബോദ്ധ്യമായി. നാം വചനം പ്രസംഗിക്കാന്‍ പോകുന്നത് ഈ അടിസ്ഥാനത്തിലല്ലെങ്കില്‍ നാം പോകുന്നിടത്തൊക്കെയും നമുക്കു പ്രശ്‌നങ്ങളുണ്ടാകും.
മത്തായി 28:19-ലെ ”ആകയാല്‍” എന്ന പദത്തിനു വലിയ പ്രാധാന്യമുണ്ട്. അധികം പ്രസംഗകരും ”പുറപ്പെട്ട്” എന്ന പദത്തിനാണ് പ്രാധാന്യം കല്പിക്കുന്നത്. ആ പദവും നല്ലതു തന്നെ. പക്ഷേ എന്തിന്റെ അടിസ്ഥാനത്തിലാണ് നാം പുറപ്പെടേണ്ടത്? ഭൂമിയിലുള്ള സകല മനുഷ്യരുടെ മേലും സകലഭൂതങ്ങളിന്മേലും കര്‍ത്താവിന് അധികാരം ലഭിച്ചിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണത്. നിങ്ങള്‍ വാസ്തവമായി അതു വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ എങ്ങും പോകാതിരിക്കുന്നതുതന്നെ നല്ലത്.
ഇപ്രകാരം മത്തായി 28 ലെ ഈ വാക്യം ഒരു പുതിയ വെളിപ്പാടായി എനിക്കു ലഭിച്ചു. അതോടെ സുവിശേഷം നിരോധിക്കപ്പെട്ട ആ രാജ്യത്തേക്ക് ഒരു മടിയും കൂടാതെ കടന്നുപോകാന്‍ കഴിയും എന്ന ബോദ്ധ്യം എനിക്കു ലഭിച്ചു. എന്നാല്‍ ആ രാജ്യത്തേക്കു പ്രവേശിക്കുമ്പോള്‍ സ്വാഭാവികമായ ഭയം എനിക്കുണ്ടായി. പക്ഷേ ആ ഭയത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു തീരുമാനവും എടുത്തില്ല.
ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിന്മേല്‍ യേശുവിനു അധികാരമില്ലെന്നു കരുതുന്നുവെങ്കില്‍ താങ്കള്‍ അവിടേക്കു കടന്നുപോകാതിരിക്കുന്നതാണു നല്ലത്. അത്തരം ഒരു സ്ഥലത്തേക്കു ഞാനും പോവില്ല. എനിക്കു ഭയമുണ്ടായിരിക്കും. എന്നാല്‍ അത്തരം ഒരു രാജ്യം ഈ ഭൂമുഖത്തെവിടെയും ഇല്ലാത്തതിനാല്‍ ഞാന്‍ ദൈവത്തിനു നന്ദിപറയുന്നു. ഈ ഭൂമിയുടെ ഏതു കോണും എന്റെ കര്‍ത്താവിന്റെ അധികാര പരിധിക്കുള്ളില്‍ വരുന്നതാണ്.
അപ്രകാരം തന്നെ ഏതെങ്കിലും ഒരു വ്യക്തി, അയാള്‍ എത്രമാത്രം ശക്തിയും അധികാരവുമുള്ള ഒരുവനായിക്കൊള്ളട്ടെ, കര്‍ത്താവിന്റെ അധികാരത്തിന്‍ കീഴില്‍ ഉള്ളവനല്ല എന്നു കരുതുന്നുവെങ്കില്‍ ജീവിതം മുഴുവന്‍ നിങ്ങള്‍ അയാളെ ഭയപ്പെട്ടു കഴിയേണ്ടിവരും. എന്നാല്‍ അത്തരം ഒരു വ്യക്തി ഈ ഭൂമുഖത്തെങ്ങും ഇല്ലാത്തതിനാല്‍ കര്‍ത്താവിനു സ്‌തോത്രം. ഈ ഭൂമുഖത്തുള്ള സകല വ്യക്തികളുടെ മേലും നമ്മുടെ കര്‍ത്താവ് അധികാരമുള്ളവന്‍ തന്നെ. ദാനിയേല്‍ 4:34-ല്‍ നാം വായിക്കുന്നതുപോലെ ബാബിലോണ്‍ രാജാവായ നെബുഖദ് നേസര്‍ അതു മനസ്സിലാക്കിയിരുന്നു.
നമ്മുടെ കര്‍ത്താവിനു കാല്‍വറിയില്‍ തോല്പിക്കാന്‍ കഴിയാത്ത ഏതെങ്കിലും ഒരു ഭൂതം ബാക്കിയുണ്ടെങ്കില്‍ അതിനോടുള്ള ഭയത്തില്‍ നാം ആയുഷ്‌ക്കാലം മുഴുവന്‍ കഴിയേണ്ടിവന്നേനേം. പക്ഷേ കുരിശില്‍ പരാജയപ്പെടാത്ത ഒരു ഭൂതാത്മാവും ഇല്ല. സാത്താന്‍തന്നെ എന്നെന്നേക്കുമായി അവിടെ പരാജയപ്പെട്ടു. സാത്താനെയും ഭൂതങ്ങളെയും കുറിച്ചുള്ള ഈ അറിവ് നമ്മെ എല്ലാ ഭയത്തില്‍ നിന്നും സ്വതന്ത്രരാക്കും. നമ്മുടെ ശുശ്രൂഷയില്‍ നമുക്കു വലിയ ധൈര്യം നല്‍കും.
ദൈവം നമ്മെ എവിടെക്കയച്ചാലും നാം പോകണം. ചില സ്ഥലങ്ങളില്‍ അപകട സാധ്യകളുണ്ടാകാം. എന്നാല്‍ കര്‍ത്താവാണു അയച്ചിരിക്കുന്നതെന്നു ബോധ്യമുണ്ടെങ്കില്‍ നമുക്കു ഭയപ്പെടേണ്ടകാര്യമില്ല. അപ്പോള്‍ ഒരു സ്ഥലത്ത് സുവിശേഷ വിരോധികള്‍ ഉണ്ടോ എന്നതല്ല പ്രശ്‌നം; മറിച്ച് നമ്മെ അയച്ചിരിക്കുന്നതു കര്‍ത്താവാണോ എന്നതാണ്. കര്‍ത്താവാണ് അയച്ചിരിക്കുന്നതെങ്കില്‍ അവിടുത്തെ ശക്തിയും അധികാരവും നമ്മെ കാക്കും. നമുക്ക് ഒന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല. കര്‍ത്താവു എവിടേയ്‌ക്കെങ്കിലും അയക്കുന്നില്ലെങ്കില്‍ എത്ര ആളുകള്‍ നമ്മെ അക്കാര്യത്തിനു പ്രേരിപ്പിച്ചാലും നമ്മുടെ ഉള്ളിലെ സാഹസധൈര്യം നമ്മെ ഉത്സാഹിപ്പിച്ചാലും നാം അതു ചെയ്തുകൂടാ.
എപ്പോഴും നാം നമ്മോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു: ഞാന്‍ എന്തിന് ഈ സ്ഥലത്തേക്കു പോകണം? നാം പോകുന്നതു ‘ശിഷ്യരെ’ ഉളവാക്കാനാണെങ്കില്‍, നമുക്കു മറ്റുയാതൊരു ലക്ഷ്യവുമില്ലെങ്കില്‍, ലോകാവസാനത്തോളം കര്‍ത്താവു നമ്മോടു കൂടെ ഇരിക്കും. അത് അവിടുത്തെ വാഗ്ദാനമാണ്. എന്നാല്‍ നമുക്കു മറ്റു ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കര്‍ത്താവു നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കുകയും (യിരെ. 12:3) നമ്മുടെ ഉദ്ദേശ്യങ്ങളെ അറികയും ചെയ്യുന്നു.
സ്വയം വിശ്വാസിയെന്നു ഗണിക്കുന്ന എല്ലാവരുടെയുംപക്കല്‍ കര്‍ത്താവു തന്നെത്തന്നെ വിശ്വസിച്ചേല്‍പ്പിക്കുന്നില്ല. (യോഹ. 2:24) എന്നാല്‍ നിങ്ങള്‍ക്കു കര്‍ത്താവിനോടു സത്യസന്ധമായി ഇപ്രകാരം പറയാന്‍ കഴിയുമെങ്കില്‍: ”കര്‍ത്താവേ, അങ്ങ് എന്നെ ഈ സ്ഥലത്തേക്കു വിളിച്ചിരിക്കുന്നുവെന്ന് എനിക്കു തോന്നുന്നതുകൊണ്ട് ഞാന്‍ പോകുന്നു. ഞാന്‍ അവിടേക്കു പോകുന്നതു ആളുകളെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനപ്പെടുത്തുകയും അങ്ങ് കല്പിച്ചതെല്ലാം ഉപദേശിച്ചുകൊണ്ട് അവരെ ശിഷ്യരാക്കുകയും ചെയ്യുവാനാണ്. അല്ലാതെ പണമുണ്ടാക്കാനോ പേരുണ്ടാക്കാനോ മറ്റ് ഏതെങ്കിലും സ്വാര്‍ത്ഥലക്ഷ്യത്തിനോ വേണ്ടിയല്ല.” ഇതു നിങ്ങള്‍ പറയുന്നുവെങ്കില്‍ കര്‍ത്താവിന്റെ അധികാരം നിങ്ങളെ ശക്തീകരിക്കും.
അങ്ങനെയെങ്കില്‍ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും എന്തു സംഭവിക്കുമെന്നോര്‍ത്ത് നിങ്ങള്‍ ഭയപ്പെടേണ്ടിവരികയില്ല. നിങ്ങളുടെ സാമ്പത്തികാവശ്യങ്ങളെയോര്‍ത്ത് ആകുലപ്പെടേണ്ടി വരികയുമില്ല. നാം മുമ്പേ ചിന്തിച്ചതുപോലെ കര്‍ത്താവു നമ്മെ വിളിച്ചിട്ടുണ്ടോ എന്നതാണു സുപ്രധാന ചോദ്യം. താങ്കളെ അയയ്ക്കുന്നതു കര്‍ത്താവാണോ അതോ മനുഷ്യനാണോ അതോ താങ്കളുടെ ഉള്ളിലെ സാഹസികതയുടെ ആത്മാവാണോ?
നിങ്ങള്‍ക്കു സ്വന്തമായി ഉണ്ടാക്കിയ പദ്ധതികളാണുള്ളതെങ്കില്‍ ബൈബിളിലെ ഒരു വാഗ്ദാനംപോലും നിങ്ങള്‍ക്ക് ഉറപ്പിനായി നല്‍കുവാന്‍ എനിക്കു കഴിയില്ല. എന്നാല്‍ ദൈവത്തിന്റെ പദ്ധതിയനുസരിച്ചു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിക്കയും യേശു പഠിപ്പിച്ചതെല്ലാം പഠിപ്പിക്കയും ചെയ്തുകൊണ്ടു ആളുകളെ ശിഷ്യരാക്കുകയാണു താങ്കളുടെ ലക്ഷ്യമെങ്കില്‍ ഞാന്‍ താങ്കള്‍ക്കുറപ്പു തരാം: താങ്കള്‍ക്ക് പിശാചുക്കളെയോ മനുഷ്യരെയോ മറ്റെന്തിനെയെങ്കിലുമോ ഭയപ്പെടേണ്ടിവരികയില്ല.
യേശുക്രിസ്തുവിന്റെ നാമത്തിന്റെ അധികാരം പ്രയോഗിച്ച് ഭൂതാവേശിതരായ ആളുകളെ വിടുവിക്കാന്‍ എല്ലാ ദൈവദാസന്മാരും അറിഞ്ഞിരിക്കണം. ഭൂതങ്ങള്‍ക്ക് എന്നെയോ നിങ്ങളെയോ യാതൊരു ഭയവുമില്ല. അവരെ ക്രൂശില്‍കീഴടക്കിയ യേശുവിനെ മാത്രമേ അവര്‍ക്കു ഭയമുള്ളു. അതുകൊണ്ടുതന്നെ യേശു മാത്രമാണു ക്രൂശില്‍ സാത്താന്റെ സര്‍വ്വശക്തിയെയും നിര്‍വ്വീര്യമാക്കിയത് (കൊലൊ. 14,15) എന്ന അറിവു ഏറ്റവും സുപ്രധാനമാണ്. സുവിശേഷത്തിലെ ഈ നല്ല വാര്‍ത്ത ആദ്യം നാം തന്നെ അനുഭവിക്കയും പിന്നെ മറ്റുള്ളവരോടു പറയുകയും ചെയ്യണം. നാം അതു വിശ്വസിക്കുന്നുവെങ്കില്‍ നമുക്കു മറ്റുള്ളവരെ സാത്താന്റെ അധികാരത്തില്‍ നിന്നു സ്വതന്ത്രരാക്കാന്‍ കഴിയും.
ഭൂതങ്ങള്‍ നമ്മെ എന്തുചെയ്യുമെന്നോര്‍ത്തു നാം ഭയപ്പെടേണ്ട. സ്വര്‍ഗ്ഗീയ പിതാവു അനുവദിക്കാതെ നമ്മുടെ തലയിലെ ഒരു രോമം പോലും തൊടുവാന്‍ അവര്‍ക്കു കഴിയില്ല. എന്നാല്‍ ഒട്ടധികം വിശ്വാസികളും തങ്ങള്‍ക്കെതിരെ ആരൊക്കെയോ ആഭിചാരം ചെയ്തിട്ടുണ്ട് എന്ന ഭയത്തില്‍ നടക്കുന്നവരാണ്. അല്ലെങ്കില്‍ ആരെങ്കിലും അപ്രകാരം ചെയ്യുമോ എന്ന ഭയത്തില്‍ ജീവിക്കുന്നവരാണ്. എന്തുകൊണ്ടാണ് അവര്‍ അപ്രകാരം ഭയപ്പെടുന്നത്? കാരണം, സാത്താന്‍ ക്രൂശില്‍ തോല്പിക്കപ്പെട്ടവനാണ് എന്ന സത്യം അവര്‍ ഗ്രഹിച്ചിട്ടില്ല.
ദീര്‍ഘനാള്‍ രോഗിയായിരുന്ന ഒരു പാസ്റ്ററെ എനിക്കറിയാം. തന്റെ രോഗകാരണം ശത്രുക്കള്‍ തനിക്കെതിരെ ചെയ്ത ആഭിചാര ഫലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. അതെങ്ങനെ ശരിയാകും.? ആഭിചാര ശക്തിയെക്കാള്‍ കുറഞ്ഞ ശക്തിയാണോ ദൈവം? ഒരിക്കലുമല്ല. പാസ്റ്ററുടെ അവിശ്വാസമാണ് ഇവിടുത്തെ പ്രശ്‌നം. കര്‍ത്താവിന്റെ അധികാരത്തിനും ശക്തിക്കും മുമ്പില്‍ നില്‍ക്കാന്‍ കഴിയുന്ന ഒരു ശക്തിയും ഭൂമിയിലോ സ്വര്‍ഗലോകങ്ങളിലോ ഇല്ല. ദുഷ്ടശക്തികളുടെ പ്രവര്‍ത്തന കേന്ദ്രം സ്വര്‍ഗലോകങ്ങളിലാണെന്നു ബൈബിള്‍ പറയുന്നു (എഫെ. 6:12). കര്‍ത്താവിന്റെ അധികാരത്തെക്കുറിച്ചു നിങ്ങള്‍ക്കീ ബോദ്ധ്യമില്ലെങ്കില്‍ കര്‍ത്താവിനെ സേവിക്കുന്നതു നിര്‍ത്തിയിട്ടു മറ്റെന്തെങ്കിലും പരിപാടിക്കു പോകുന്നതാണു നല്ലത്. നിങ്ങളുടെ പ്രസംഗങ്ങളിലൂടെ നിങ്ങളുടെ ഉള്ളിലെ ഭയം മറ്റുള്ളവരിലേക്ക് പകരപ്പെടാന്‍ സാധ്യതയുണ്ട്. ഭയം സാത്താന്റെ ഒരു ആയുധമാണ്. ഒരിക്കലും അവന്‍ അതു നിങ്ങളുടെ മേല്‍ പ്രയോഗിക്കാതെ സൂക്ഷിക്കുക.
ഇയ്യോബിന്റെ ജീവിതത്തിലെന്നപോലെ പിശാച് ദൈവത്തിന്റെ അനുവാദത്തോടെ വിശ്വാസികളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. തന്റെ ദാസനായ പൗലോസിനെ കുത്തുവാന്‍ ദൈവം സാത്താന്റെ ദൂതനെ അനുവദിച്ചു. (2. കൊരി. 12:7) അത് ശരീരത്തില്‍ മുള്ളുകുത്തുംപോലെയുള്ള ഒരു അനുഭവമായിരുന്നു. താന്‍ പോയിരുന്നിടത്തൊക്കെയും തന്നെ ദണ്ഡിപ്പിച്ചിരുന്ന ഒരു രോഗമോ ഒരു വ്യക്തിയോ ആയിരുന്നിരിക്കാമത്. നമ്മുടെ ശരീരത്തിനുള്ളില്‍ ഒരു മുള്ളുണ്ടായിരിക്കയും നമുക്കത് നീക്കം ചെയ്യാന്‍ കഴിയാതിരിക്കയും ചെയ്യുന്നുവെങ്കില്‍ അതു നീക്കുവാന്‍ നാം കര്‍ത്താവിനോടപേക്ഷിക്കണം, എന്നാല്‍ പൗലോസിനോടെന്നപോലെ ‘വേണ്ടാ’ എന്നു കര്‍ത്താവു മറുപടി നല്‍കിയെന്നുവരാം. നമ്മെ താഴ്മയില്‍ നിര്‍ത്തുക എന്ന മഹത്തായ ഒരു ലക്ഷ്യം ആ മുള്ള് സാദ്ധ്യമാക്കുന്നു എന്ന് അവിടുന്നു കണ്ടിരിക്കുന്നുവെങ്കില്‍ അങ്ങനെയായിരിക്കും പറയുക. പൗലോസ് തെസ്സലോനിക്കയിലേക്കു പോകുന്നതിനെ ഒരിക്കല്‍ സാത്താന്‍ തടസ്സപ്പെടുത്തുകയുണ്ടായി. എന്നാല്‍ അതിനുപകരം തിമൊഥെയോസ് അവിടെപോവുകയും ദൈവത്തിന്റെ ലക്ഷ്യം സാധിക്കുകയും ചെയ്തു. (1 തെസ്സ. 2:18, 3:2).
ഒരു കാര്യം എടുത്തു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: വീണ്ടും ജനനം പ്രാപിച്ച ഒരു ക്രിസ്ത്യാനി ഒരിക്കലും ഭൂതബാധിതനാവില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ അനേകം പ്രസംഗകരും തിരുവെഴുത്തിനു വിരുദ്ധമായി വിശ്വാസികളിലെ ഭൂതബാധയെക്കുറിച്ച് പ്രസംഗിക്കയും അനേകരെ ഭയത്തിലേക്കും കുറ്റബോധത്തിലേക്കും തള്ളിവിടുകയും ചെയ്യുന്നു.
ഇത്തരം പ്രസംഗകര്‍ക്ക് ഒരിക്കലും തങ്ങള്‍ പറയുന്ന ഈ കാര്യങ്ങള്‍ക്ക് വചനത്തില്‍ നിന്നു യാതൊരു തെളിവും തരാന്‍ കഴിയുകയില്ല. എന്നാല്‍ തങ്ങളുടെ അനുഭവത്തില്‍ ഇത്തരത്തിലുള്ള ധാരാളം കേസുകള്‍ വന്നിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ അവര്‍ ദൈവവചനത്തേക്കാള്‍ തങ്ങളുടെ അനുഭവങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നു! അതു തന്നെ അവരുടെ അടിസ്ഥാനം തെറ്റാണെന്നു തെളിയിക്കുന്നു.
ക്രിസ്തുവിനും ഭൂതത്തിനും ഒരേ സമയം ഒരു ഹൃദയത്തില്‍ വസിക്കുവാന്‍ കഴിയില്ല. ഇരുളും വെളിച്ചവും ഒരേ സമയം ഒരിടത്തു വസിക്കില്ല. യേശു പ്രസംഗിച്ച പള്ളികളിലെ ചില യഹൂദന്മാര്‍ ഭൂതബാധിതരായിരുന്നു. പക്ഷേ വീണ്ടും ജനനം പ്രാപിച്ച ഒരു വിശ്വാസി ഭൂതബാധതനായിരുന്നതായി നാം ഒരിടത്തും വായിക്കുന്നില്ല. (അപ്പൊ. പ്രവൃത്തി 2-ലെ പെന്തക്കോസ്ത് നാളിനു ശേഷം).
പൗലോസിനും ഇയ്യോബിനും ഉണ്ടായതുപോലെ പുറത്തു നിന്നും പിശാചിന്റെ ആക്രമണം ഉണ്ടായെന്നു വരാം. അതും ദൈവത്തിന്റെ അനുവാദത്തോടെ മാത്രം. എന്നാല്‍ അതു നിങ്ങളുടെ ആത്മീയവര്‍ദ്ധനയ്ക്ക് ഉതകുമെന്ന് തീര്‍ച്ച.
ഒരു വ്യക്തി ഭൂതബാധിതനോ അല്ലയോ എന്ന് ഉറപ്പാക്കാന്‍ താഴെപ്പറയുന്ന മൂന്ന് കാര്യങ്ങള്‍ ഹൃദയപൂര്‍വ്വം ഏറ്റുപറയുവാന്‍ അയാളോടാവശ്യപ്പെടുക:
(1) യേശുക്രിസ്തു എന്റെ കര്‍ത്താവാണ്.
(2) യേശുക്രിസ്തു ജഡത്തില്‍ വന്നവനും പാപത്തെ ജയിച്ചവനുമാണ്.
(3) സാത്താനേ, നിന്നെ യേശുക്രിസ്തു കാല്‍വറി ക്രൂശില്‍ തോല്‍പ്പിച്ചിരിക്കുന്നു. ഞാന്‍ ഇനി ഒരിക്കലും നിന്റേതല്ല.
ഭൂതം ബാധിച്ച വ്യക്തികള്‍ക്ക് തങ്ങളുടെ ഹൃദയത്തില്‍ നിന്നും ഈ കാര്യങ്ങള്‍ ഏറ്റുപറയാന്‍ കഴിയില്ല.
രോഗ ബാധിതരാകുന്ന ഓരോസമയത്തും നാം സൗഖ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. എന്നാല്‍ ഈ രോഗത്തിലൂടെ നമുക്ക് അധികം ആത്മീയവര്‍ദ്ധനയുണ്ടാവുകയും അതിലൂടെ നാം അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ നാം അതു സന്തോഷത്തോടെ സ്വീകരിക്കാന്‍ തയ്യാറാണെന്നു ദൈവത്തോടു പറയുകയും വേണം.
പഴയ നിയമത്തില്‍ തന്റെ മാതാപിതാക്കളെ ബഹുമാനിക്കുന്നവര്‍ക്കു ദൈവം ദീര്‍ഘായുസ്സും ആരോഗ്യവും നന്മയും വാഗ്ദാനം ചെയ്തിരുന്നു. അതില്‍ എന്തൊക്കെ ഉള്‍ക്കൊണ്ടിരിക്കുന്നു.? അത്തരം കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്ന കാലയളവില്‍ മാരകമായ രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും ഒക്കെ ദൈവം അവരെ കാക്കുന്നു. അപ്രകാരം മാതാപിതാക്കളെ ബഹുമാനിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ ദൈവം കാത്തിരുന്നോ? തീര്‍ച്ചയായും. അതു തികച്ചും സത്യവും അര്‍ത്ഥപൂര്‍ണ്ണവുമായ ഒരു വാഗ്ദാനമാണ്. ദൈവം തന്റെ വാക്കു പാലിക്കുന്നതില്‍ മാറാത്തവനും വിശ്വസ്തനുമാണ്. മാതാപിതാക്കളെ ബഹുമാനിക്കുന്ന ഒരു മകനോ മകളോ ദീര്‍ഘായുസ്സുള്ളവനായിരിക്കാന്‍ തക്കവണ്ണം അവന്റെ ആരോഗ്യത്തെയും സാഹചര്യങ്ങളെയും ദൈവം നിയന്ത്രിക്കുന്നു.
അപ്രകാരം തന്നെ നാമും ദൈവഹിതം പൂര്‍ത്തിയാക്കുംമുമ്പു മരിക്കാതിരിക്കേണ്ടതിന്നു നമ്മുടെ ജീവനേയും സാഹചര്യങ്ങളേയും ദൈവം നിയന്ത്രിക്കുന്നു. നമ്മുടെ മരണം 33-ലോ 90-ലോ എന്നതല്ല കാര്യം.
പുതിയനിയമത്തില്‍ ദീര്‍ഘായുസ്സല്ല ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നു നമുക്കറിയാം. ഹൃസ്വമാെങ്കിലും ദീര്‍മാണെങ്കിലും, ദൈവഹിതത്തിന്റെ പൂര്‍ത്തീകരണത്തിനായി ഉഴിഞ്ഞുവച്ച ഒരു ജീവിതമാണ് പരമപ്രധാനം.33 വയസ്സുവരെ മാത്രമേ യേശു ജീവിച്ചിരുന്നുള്ളു എങ്കിലും അതിനുള്ളില്‍ പിതാവ് ഏല്‍പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിരുന്നു.
ഡേവിഡ് ബ്രെയിനാര്‍ഡ് എന്ന ദൈവദാസന്‍ 29-ാം വയസ്സിലും വാച്ച്മാന്‍ നീ എന്ന ദൈവദാസന്‍ 70-ാം വയസ്സിലുമാണ് മരണമടഞ്ഞത്. നാം അറിയുന്നേടത്തോളം അവര്‍ രണ്ടുപേരും തങ്ങളുടെ ആയുസ്സില്‍ ദൈവം വച്ചിരുന്ന ലക്ഷ്യം തികെച്ചു എന്നതാണ് സുപ്രധാനകാര്യം. ആ ലക്ഷ്യം പൂര്‍ത്തിയാകും വരെ അവരുടെ ആയുസ്സിനെ രോഗമോ അപകടങ്ങളോ ബാധിക്കാതെ ദൈവം നിയന്ത്രിച്ചു എന്നത് സത്യമാണ്.
മനുഷ്യശരീരത്തെ ബാധിക്കുന്ന നിരവധി സൂക്ഷ്മജീവികളും രോഗാണുക്കളും ഉണ്ട്. അവയില്‍ ചിലതിനു നമ്മെ കൊല്ലാനുള്ള കഴിവുമുണ്ട്. എന്നാല്‍ അവ നമുക്ക് മാരകമായി വരാതെ അവയെ നിയന്ത്രിക്കാന്‍ ശക്തിയും അധികാരവുമുള്ളവനാണ് ദൈവം.
മദ്യപിച്ചു ലക്കുകെട്ടു വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍ നമ്മെ ഇടിച്ചു തെറിപ്പിക്കാതെ നിയന്ത്രിക്കാന്‍ ശക്തനാണു ദൈവം.
ദൈവത്തിന്റെ ശക്തിയും അധികാരവും നാം നിനയ്ക്കുന്നതിലും എത്രയോ വലുതാണ്. അവിടുന്ന് ഓരോ മാത്രയിലും നമ്മെ കാക്കുന്നു- മയങ്ങാതെ, ഉറങ്ങാതെ, നിതാന്ത ജാഗ്രതയോടെ. ഇക്കാര്യം നമുക്കു വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ സാഹചര്യങ്ങളെ, രോഗങ്ങളെ, അപകടങ്ങളെ എന്നുവേണ്ട യാതൊന്നിനെയും ഭയപ്പെടാതെ നമുക്കു ജീവിക്കുവാന്‍ കഴിയും.
നിങ്ങള്‍ ദൈവത്തെ ഭയപ്പെടുന്നുവെങ്കില്‍ മറ്റൊന്നിനെയും നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.
അധ്യായം 12:മറ്റുള്ളവരെ ഭയത്തില്‍നിന്നു മോചിപ്പിക്കുക
ഒരു ആത്മീയനേതാവ് ആളുകളെ തന്നോടുള്ള വിധേയത്വത്തില്‍ നിലനിര്‍ത്തുവാന്‍ ഒരിക്കലും ഭയമെന്ന ആയുധം ഉപയോഗിക്കില്ല, മറിച്ച് അദ്ദേഹം ആളുകളെ ഭയത്തില്‍നിന്നു മോചിപ്പിക്കുന്നവനായിരിക്കും.
സാത്താന്റെ ആയുധശാലയിലെ ഒരു ആയുധമാണ് ഭയം. യേശു വന്നത് മനുഷ്യനെ ഭയത്തില്‍ നിന്നു മോചിപ്പിക്കുവാനാണ്. ഓരോ ആത്മീയനേതാവിന്റെയും പ്രവര്‍ത്തനലക്ഷ്യം അതായിരിക്കണം.
എബ്രായര്‍ 2:14,15 വാക്യങ്ങളില്‍ യേശു ജഡരക്തങ്ങള്‍ ഉള്ളവനായി വന്നതിന്റെ ഉദ്ദേശ്യം ഭയം കാരണമായി മരണത്തിനും സാത്താനും ജീവപര്യന്തം അടിമകളായിരുന്ന മനുഷ്യരെ ഭയത്തില്‍ നിന്നു മോചിപ്പിക്കേണ്ടതിനായിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുന്നു.
റോമര്‍ 8:15 ഇപ്രകാരം പറയുന്നു: നാം ഭയപ്പെടുവാന്‍ തക്കവണ്ണം അടിമത്തത്തിന്റെ ആത്മാവിനെയല്ല, മക്കളെന്ന സ്വാതന്ത്ര്യബോധമുളവാകുവാന്‍ തക്കവണ്ണം പുത്രത്വത്തിന്റെ ആത്മാവിനെയത്രേ ദൈവം നമുക്കുതന്നത്.
ഇവിടെ ഭയമുണ്ടാക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയും നമ്മെ ദൈവത്തിന്റെ മക്കളാക്കിത്തീര്‍ക്കുന്ന പരിശുദ്ധാത്മാവിനെയും തമ്മില്‍ പൗലോസ് താരതമ്യം ചെയ്യുകയാണ്. ഭയം എപ്പോഴും അടിമത്തം ഉണ്ടാക്കുന്ന ഒന്നാണ്. ലോകമെങ്ങുമുള്ള ആളുകള്‍ ഭയത്തിലാണു ജീവിക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മിക്ക വിശ്വാസികള്‍പോലും ഭയത്തിലാണു ജീവിക്കുന്നത്.
ഒരുവ്യക്തിക്കു നിങ്ങളെ നന്നായി ഭയപ്പെടുത്താന്‍ കഴിയുമെങ്കില്‍ നിങ്ങളെ അടിമയാക്കാന്‍ അയാള്‍ക്കു കഴിയും. അന്ധാരാധനാസമൂഹങ്ങ(ഈഹെേ)ളുടെ പ്രവര്‍ത്തന തത്വം അതാണ്. തങ്ങളുടെ കൂട്ടം വിട്ടു പോയാല്‍ പോകുന്നയാള്‍ക്കും അയാളുടെ കുടുംബത്തിനും വലിയ ദോഷം ഭവിക്കുമെന്ന ഭയം ഉളവാക്കുവാന്‍ തക്കവണ്ണം ശക്തമായ പ്രസംഗമോ പ്രവചനമോ നടത്താന്‍ കഴിയുന്ന ശക്തമായ ദേഹിബലത്തിന് (ടീൗഹ ജീംലൃ) ഉടമകളായിരിക്കുന്ന നേതാക്കന്മാര്‍ ആളുകളെ ഭയത്തിന്റെ തടവറയില്‍ ആക്കിവയ്ക്കുന്നു. ഇപ്രകാരം ഭീതിയുടെ വാക്കുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്ന ആളുകള്‍ ഒരിക്കലും സംഘടന വിട്ടു പോകാതെ ഭയം അവരെ ഗ്രസിക്കുന്നു. ആ സംഘടനയ്ക്കുള്ളില്‍ നടക്കുന്ന എല്ലാകാര്യങ്ങളും തെറ്റായിരുന്നാലും മറിച്ചൊരു തീരുമാനമെടുക്കാന്‍ അവര്‍ക്കു കഴിയില്ല. നേതാവു വ്യഭിചാര വൃത്തിയില്‍ ജീവിക്കുന്ന കാര്യം പരസ്യമായിത്തീര്‍ന്നാല്‍ പോലും ഭയം കാരണം ഒരാളുപോലും അയാളെ ചോദ്യം ചെയ്യാന്‍ മുതിരുകയില്ല. അത്തരത്തിലാണ് ഭയം ആളുകളെ അടിമകളാക്കുന്നത്.
തങ്ങളുടെ അധികാരത്തിനു കീഴ്‌പ്പെടുവാനോ, ദശാംശം കൃത്യമായി ലഭിക്കുവാനോ, മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കുവേണ്ടിയോ ക്രിസ്തീയനേതാക്കന്മാര്‍ ജനങ്ങള്‍ക്കു മേല്‍ ഭയം എന്ന ആയുധം എടുത്തു പ്രയോഗിക്കുമ്പോള്‍ അവര്‍ സാത്താന്റെ ആയുധം ഉപയോഗിക്കുന്നവരായിത്തീരുകയാണ്.
ആളുകള്‍ ചെയ്യണമെന്നു നാമാഗ്രഹിക്കുന്ന കാര്യങ്ങള്‍ അവരെക്കൊണ്ടു ചെയ്യിക്കുവാന്‍ ഭയമെന്ന ആയുധം നാം ഉയോഗിക്കുവാന്‍ പാടില്ല. ആരെങ്കിലും ഈ ആയുധം ഉപയോഗിച്ചാല്‍ താന്‍ പണിയുന്ന സമൂഹം ക്രമേണ ഒരു കള്‍ട്ടായിമാറും.
ദൈവത്തിന്റെ സഭയില്‍ ഓരോ സഹോദരനും സഹോദരിയും തങ്ങളുടേതായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും എടുക്കുവാന്‍ തക്കവണ്ണം സ്വാതന്ത്ര്യമുള്ളവരായിരിക്കണം. തീര്‍ച്ചയായും പാപത്തില്‍ ജീവിക്കുന്നവരെ ശിക്ഷണ നടപടികളിലൂടെ ക്രമമുള്ളവരാക്കിയെടുക്കുവാനുള്ള ബാധ്യത നമുക്കുണ്ട്. എന്നാല്‍ അവരെ ശാപത്തിന്റെയും ശിക്ഷാവിധിയുടെയും ഭീതിയില്‍ തളയ്ക്കുവാന്‍ പാടില്ല.
ദശാംശം കൊടുക്കാത്തവര്‍ ആ പണം ആശുപത്രിയിലും ഡോക്ടര്‍മാര്‍ക്കുമായി ചെലവഴിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തുന്ന സഭാ ശുശ്രൂഷകന്മാരുണ്ട്. ഇതു തികച്ചു ഭോഷത്തമാണ്. അത്തരം ഭയങ്ങളില്‍ നിന്നും ആളുകളെ വിടുവിക്കുവാനുള്ള ബാധ്യത നമുക്കുണ്ട്. ആളുകള്‍ കൊടുക്കുന്നതു ഭയത്തോടെയല്ല- സന്തോഷത്തോടെയാകണം. ഭീഷണിപ്പെടുത്തി തട്ടിപ്പറിക്കുന്ന പണം ദൈവത്തിനാവശ്യമില്ല. ഇപ്രകാരം പിടിച്ചു പറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ ദൈവത്തിന്റെ ന്യായാസനത്തിങ്കല്‍ ഇപ്പോഴോ പിന്നീടോ ഉത്തരം പറയേണ്ടിവരും.
പഴയനിയമകാലത്ത് ആളുകള്‍ ദൈവത്തെ സേവിച്ചിരുന്നതു ഭയത്തില്‍ നിന്നായിരുന്നു. ദൈവത്തിന്റെ പ്രമാണങ്ങളെ അനുസരിക്കാത്തവര്‍ക്ക് ദാരിദ്ര്യവും രോഗവും ഭ്രാന്തും ശത്രു പീഡയും മറ്റും ആവര്‍ത്തനം 28-ല്‍ മുന്നറിയിപ്പായി നല്‍കിയിരുന്നു. ആളുകള്‍ ഭയപ്പെട്ട് അനുസരിച്ചിരുന്നു. ദശാംശം കൊടുക്കാതിരുന്നാല്‍ തങ്ങള്‍ ശാപഗ്രസ്തരായിത്തീരും എന്നു മാലാഖി ആളുകളോടു പറഞ്ഞു (മാലാ. 3:10). എന്നാല്‍ ആതൊക്കെ ന്യായപ്രമാണ കാലത്തെ കാര്യങ്ങളാണ്.
ഇത്തരം അടിമത്തങ്ങളില്‍ (ഭയത്താല്‍ നിയമങ്ങള്‍ക്ക് അടിമകളാക്കുന്ന രീതികളില്‍ ) നിന്നു നമ്മെ സ്വതന്ത്രരാക്കുവാനാണ് യേശുവന്നത്. യോഹന്നാന്‍ സ്‌നാപകന്റെ പിതാവായ സെഖര്യാവ് പുതിയ നിയമത്തെക്കുറിച്ച് ഇപ്രകാരം പ്രവചിച്ചു പറഞ്ഞു: ”ഭയം കൂടാതെ തിരുമുമ്പില്‍ ആരാധിക്കുവാന്‍ കൃപ നല്കും.” (ലൂക്കോ. 1:74)
നിങ്ങളുടെ ജീവിതത്തില്‍ ഭയത്തില്‍നിന്നും നിങ്ങള്‍ ചെയ്യുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടോ? ബൈബിള്‍ രാവിലെതോറും വായിച്ചില്ലെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലും ദുരന്തം സംഭവിക്കുമെന്ന ഭയത്തില്‍ നിന്നാണോ നിങ്ങള്‍ വായിക്കുന്നത്? അതു വെറും അന്ധവിശ്വാസമാണ്. ഒരു അന്ധവിശ്വാസമെന്നോണം ആരും ബൈബിള്‍ വായിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ എല്ലാ ഭയങ്ങളില്‍ നിന്നും സ്വതന്ത്രരാകുവാന്‍ തക്കവണ്ണം തന്റെ തീവ്ര സ്‌നേഹത്തെ നിങ്ങള്‍ അറിയുവാന്‍ അവിടുന്നാഗ്രഹിക്കുന്നു. നമ്മെ യേശുവിന്റെ രക്തത്താല്‍ കഴുകുകയും അതോടൊപ്പം നമ്മെ നീതീകരിക്കുകയും കൂടി ചെയ്തതിന്റെ ഉദ്ദേശ്യം നാം ഒരു കാരണവശാലും സാത്താനു വശപ്പെട്ടു കുറ്റബോധത്തിന്നടിമകളായിത്തീരാതിരിക്കുവാനാണ്.
ആളുകളില്‍ കുറ്റബോധവും ഭയവുമുണ്ടാക്കുന്ന ശുശ്രൂഷ ഒരിക്കലും ദൈവത്തില്‍ നിന്നല്ല. കൂടുതല്‍ ബന്ധനത്തിലേക്ക് ആളുകളെ നയിക്കുവാനല്ല- പൂര്‍ണ്ണമായും സ്വതന്ത്രരാക്കുവാനാണ് യേശുവന്നത്.
അധികം വിശ്വാസികളും തങ്ങളുടേതായ പ്രശ്‌നങ്ങളാല്‍ വളരെ ഭാരപ്പെടുന്നവരാണ്. അതിനുമേല്‍ അവര്‍ സഭായോഗങ്ങളിലേക്കു വരുന്നതു മൂലം അധികമായ ഭാരം നാം ചുമത്തുന്നതു ശരിയല്ല. അവര്‍ സ്വതന്ത്രരാകുവാനും ധൈര്യപ്പെടുവാനും തക്കവണ്ണമാണു നാം സഹായിക്കേണ്ടത്; ഭാരപ്പെട്ടും നിരാശരായും മടങ്ങിപ്പോകേണ്ടതിനല്ല.
കര്‍ത്താവു തന്റെ ജനത്തിന്‍ നടുവില്‍ ഘോഷിച്ചാനന്ദിക്കുന്നു. അവിടുന്ന് തന്റെ ജനത്തില്‍ അത്യന്തം സന്തോഷിക്കുന്നു. ഇതത്രെ നാം ജനത്തോടു പ്രഖ്യാപിക്കേണ്ടത്.
സഭായോഗങ്ങളില്‍ നാം കര്‍ത്താവിനെ സ്തുതിക്കുന്നതിന്റെ ഉദ്ദേശ്യംതന്നെ നമ്മോടുള്ള അവിടുത്തെ സ്‌നേഹത്തെയും നമ്മില്‍ അവിടുന്നു സന്തോഷിക്കുന്നതിനെയും ആനന്ദിക്കുന്നതിനെയും ഘോഷിക്കുവാനാണ്. ദൈവം നമ്മോടു ക്ഷമിച്ചിരിക്കുന്നു. നാം നന്മയുള്ളവരായതുകൊണ്ടല്ല- അവിടുന്നു നമ്മെ സ്‌നേഹിച്ചിരിക്കകൊണ്ട്. നമ്മില്‍ ഒരു നന്മയുമില്ലാതിരിക്കുമ്പോള്‍ത്തന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു. അങ്ങനെയെങ്കില്‍ മാനസാന്തരപ്പെട്ടവരായ നമ്മെ അവിടുന്ന് എത്രയധികം സ്‌നേഹിക്കും?
എങ്കിലും ദൈവത്തിന്റെ മക്കളില്‍ തന്റെ സ്വന്തം മക്കളേക്കാള്‍ അധികം കുറ്റബോധം ഉളവാക്കുവാന്‍ സാത്താനു കഴിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ നമുക്കല്ല, സാത്താന്റെ മക്കള്‍ക്കാണ് അധികം കുറ്റബോധം തോന്നേണ്ടത്. എന്നാല്‍ അവര്‍ വഞ്ചനയുടെ ഒരു ലോകത്തില്‍ ജീവിക്കയും അതില്‍ സന്തോഷമുള്ളവരായിരിക്കയും ചെയ്യുന്നു. ഏറ്റവും സന്തോഷമുള്ളവരായിരിക്കേണ്ട ദൈവമക്കള്‍ കുറ്റബോധത്തിന്റെയും അയോഗ്യരെന്ന ബോധത്തിന്റെയും പിടിയില്‍ ജീവിക്കുന്നു. ഈ ബോധം അവിശ്വാസത്തില്‍ നിന്നുണ്ടാകുന്നതാണ്.
ധാരാളം വിശ്വാസികളും പരിശുദ്ധാത്മാവില്‍ നിറഞ്ഞവരെന്ന് അവകാശപ്പെടുന്നവരാണ്. എങ്കിലും അവര്‍ ഭയത്തിന്റെയും കുറ്റബോധത്തിന്റെയും പിടിയിലാണ്. പരിശുദ്ധാത്മാവില്‍ നിറഞ്ഞു എന്നവകാശപ്പെടുന്ന ഒരു വ്യക്തി ഭയത്തിനടിമയാകുന്നതെങ്ങനെ? ഏതെങ്കിലും കള്ള പ്രവാചകന്‍ വന്ന് അവര്‍ക്കു വരാനിരിക്കുന്ന ഒരു നഷ്ടത്തെക്കുറിച്ചു പ്രവചിക്കുന്നു. ഉടന്‍തന്നെ അവര്‍ ഭയത്തിന്റെ പിടിയിലാകുന്നു. തുടര്‍ന്ന് ആ കള്ളപ്രവാചകന്‍ അവരില്‍ നിന്നും പണം തട്ടുകയും ദൈവത്തിന്റെ സംരക്ഷണത്തിനായി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അയാള്‍ മറ്റ് ഏതെങ്കിലും ഒരു കുടുംബത്തെ വഞ്ചിക്കുന്നതിന് അങ്ങോട്ടു നീങ്ങുന്നു. ഇത്തരം കള്ള പ്രവാചകന്മാരെ നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു. ജനഹൃദയത്തില്‍ ഭയം വിതച്ചുകൊണ്ടു ചുറ്റിക്കറങ്ങുന്ന ധാരാളം കള്ള പ്രവാചകന്മാര്‍ ഇന്നു ലോകത്തിലുണ്ട്.
പതിനായിരക്കണക്കിനു കള്ളപ്രവാചകന്മാര്‍ നമുക്കെതിരെ പ്രവചിക്കട്ടെ. യാതൊരു തിന്മയും നമ്മെ സ്പര്‍ശിക്കയില്ല. അത് അവരെത്തന്നെ വലയം പോലെ ചുറ്റി ബന്ധിക്കും. ഈ സത്യം നാം സഭകളില്‍ പഠിപ്പിക്കയും ആളുകളെ സ്വാതന്ത്ര്യവും ധൈര്യവും ഉള്ളവരാക്കുകയും വേണം. നമ്മില്‍ ഏതെങ്കിലും ഒരു ഭയം കുടികൊള്ളുന്നുവെങ്കില്‍ നമുക്കു ദൈവസന്നിധിയില്‍ വിശ്വാസവും സാത്താന്റെ മുമ്പില്‍ ധൈര്യവും ഉണ്ടാവില്ല. നാം ദൈവത്തെ ഭയപ്പെടുന്നുവെങ്കില്‍ മറ്റൊരു ഭയത്തിനും നമ്മില്‍ ഇടമുണ്ടാവുകയുമില്ല.
ഭയം സാത്താന്റെ ആയുധമാണ്. തന്റെ ശുശ്രൂഷയില്‍ ഭയം എടുത്തുപയോഗിക്കുന്ന ഏതൊരു വ്യക്തിയും സാത്താന്റെ കൂട്ടാളിയാണ്.
യേശു ആളുകളോടു നരകത്തെക്കുറിച്ചും ശിക്ഷാവിധിയെക്കുറിച്ചും ഒക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരിക്കലും അവരെ ഭയപ്പെടുത്തുമാറുള്ള വര്‍ണ്ണനകള്‍ ഉപയോഗിച്ചിട്ടില്ല. തന്നെ വിട്ടുപോയ ശിഷ്യന്മാരെ ആരെയും ഇത്തരം കാര്യങ്ങള്‍ പറഞ്ഞു ഭയപ്പെടുത്തിയിട്ടുമില്ല.
യജമാനന്മാര്‍ ദാസന്മാരെ ഭീഷണിപ്പെടുത്തരുതെന്നു ബൈബിള്‍ കല്പിച്ചിരിക്കുന്നു (എഫെ. 6:9).
ഭയം സാത്താന്റെ ആയുധമെന്ന നിലയ്ക്ക് ദൈവത്തിന്റെ ദാസന്മാരായ നമുക്ക് എങ്ങനെയാണ് അതെടുത്ത് ഉപയോഗിക്കാന്‍ കഴിയുക? എങ്കിലും തങ്ങളുടെ ആടുകളുടെ നേരെ ആ ആയുധം ഉപയോഗിക്കുന്ന ധാരാളം ക്രിസ്തീയ നേതാക്കന്മാര്‍ ഉണ്ട്. നമ്മെക്കുറിച്ച് ആളുകള്‍ ദൂഷണം പറയുകയും നമുക്കു നേരെ അസഭ്യം പറയുകയും ചെയ്താല്‍ പോലും ദൈവകോപം അവര്‍ക്കുണ്ടാകുമെന്നു പറഞ്ഞ് അവരെ ഭയപ്പെടുത്തുവാന്‍ നമുക്ക് അവകാശമില്ല. പരീശന്മാര്‍ യേശുവിനെ ”ഭൂതങ്ങളുടെ തലവനായ ബെയേത്സെബൂല്‍” എന്നു വിളിച്ചു. യേശു തന്റെ മറുപടിയില്‍ അവരെ ഭീഷണിപ്പെടുത്താതെ അവരോടു ക്ഷമിച്ചതായി പ്രഖ്യാപിക്കമാത്രം ചെയ്തു (മത്താ. 12:24,32).അതാണു നമുക്കുള്ള മാതൃക.
നാം ആളുകളോടു സംസാരിക്കുമ്പോള്‍ നമ്മുടെ വാക്കുകളിലൂടെ പുറത്തുവരുന്ന ഒരു ആത്മാവുണ്ട്. നാം അത് തിരിച്ചറിയുന്നുണ്ടാവില്ല. പക്ഷേ അതവിടെയുണ്ട്. നമുക്കു വായ്‌നാറ്റമുണ്ടെങ്കില്‍ നമുക്കു പലപ്പോഴും അതറിയാന്‍ കഴിയില്ല. മറ്റുള്ളവര്‍ക്ക് അതുവേഗംതന്നെ അറിയാന്‍ കഴിയും. നമ്മുടെ ആത്മാവില്‍ നിന്നു പുറപ്പെടുന്ന ദുര്‍ഗന്ധവും അത്തരത്തിലാണ്.
നാം പ്രസംഗിക്കുന്നതു വിശുദ്ധിയെക്കുറിച്ചായിരിക്കുമെങ്കിലും വിശുദ്ധിയുടെ ആത്മാവായിരിക്കില്ല പുറത്തേക്കു വരുന്നത്. നാം പ്രസംഗിക്കുന്നതു താഴ്മയെക്കുറിച്ചായിരിക്കും. പക്ഷേ പുറത്തേക്കു വരുന്ന ആത്മാവു നിഗളത്തിന്റേതായിരിക്കും.
രണ്ടു സഹോദരന്മാര്‍ താഴ്മയെക്കുറിച്ചു പ്രസംഗിക്കുന്നു. ഒരാള്‍ താഴ്മയുടെ ആത്മാവില്‍ സംസാരിക്കുകയും താഴ്മയുടെ ആത്മാവിനെ മറ്റുള്ളവരിലേക്കു പ്രസരിപ്പിക്കയും ചെയ്യുന്നു. മറ്റേയാള്‍ നിഗളത്തിന്റെ ആത്മാവില്‍ സംസാരിക്കയും ആ ആത്മാവിനെ മറ്റുള്ളവരിലേക്കു കടത്തിവിടുകയും ചെയ്യുന്നു. പ്രസംഗവിഷയം രണ്ടും ഒന്നുതന്നെ. പ്രസംഗകര്‍ തമ്മിലുള്ള ഈ വ്യത്യാസം നാം തിരിച്ചറിഞ്ഞേ മതിയാകൂ.
അതുപോലെ തന്നെ ഭയത്തിന്റെ ഒരു ആത്മാവിനെ നമുക്കു വ്യാപരിപ്പിക്കാന്‍ കഴിയും- നമ്മുടെ ഉള്ളില്‍ ഭയം നിറഞ്ഞിരിക്കുന്നു എങ്കില്‍. നാം ദൈവവചനം പ്രസംഗിക്കുന്ന രീതിയിലൂടെ മറ്റുള്ളവരെ കുറ്റബോധത്തിന്റെ പിടിയിലാക്കാന്‍ നമുക്കു കഴിയും. നാം ആത്മാര്‍ത്ഥതയുള്ളവരായിരിക്കാം; പക്ഷേ നമ്മില്‍നിന്നു പുറത്തേക്കു വരുന്ന ആത്മാവു മറ്റുള്ളവരെ ബന്ധനത്തിലേക്കു നയിക്കുന്നു.
നമ്മുടെ സന്ദേശങ്ങളുടെ ഫലസിദ്ധി നമ്മുടെ ഹൃദയത്തില്‍ നിന്നു പുറത്തേക്കുവരുന്ന ആത്മാവിനെ ആശ്രയിച്ചിരിക്കുന്നു. അല്ലാതെ തലച്ചോറില്‍ നിന്നു പുറത്തുവരുന്ന അറിവിലല്ല. നാം ഒരു സന്ദേശമല്ല ജീവനാണ് മറ്റുള്ളവരിലേക്കു പകരുന്നത്.
നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഭയത്തിനടിമയെങ്കില്‍ നിങ്ങളുടെ ശ്രോതാക്കളിലേക്ക് ആ ഭയം പകരപ്പെടുകയും അവര്‍ അതിനാല്‍ മലിനമാക്കപ്പെടുകയും ബന്ധനത്തിലായിത്തീരുകയും ചെയ്യും. അതുനിങ്ങളുടെ ശരീരത്തിലുള്ള ഒരു രോഗം പോലെയാണ്. അതു നിങ്ങളില്‍നിന്നും നിങ്ങളുടെ കുട്ടികളിലേക്കു സംക്രമിക്കുന്നു.
ഇക്കാരണത്താല്‍ നമ്മുടെ ഉള്ളില്‍ നിന്നും എല്ലാത്തരത്തിലുള്ള ഭയവും നാം പുറത്താക്കേണ്ടിയിരിക്കുന്നു. മനുഷ്യഭയം, സാത്താന്‍ഭയം, രോഗഭയം, മരണഭയം, വിരുദ്ധസാഹചര്യങ്ങളെക്കുറിച്ചുള്ള ഭയം, ആപത്ഭയം, ദാരിദ്ര്യഭയം (നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് അതൊരു യഥാര്‍ത്ഥഭയം തന്നെ) നമ്മുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസമോ ജോലിയോ കിട്ടുമോ എന്ന ഭയം തുടങ്ങി നിരവധി ഭയങ്ങളില്‍ നിന്നും നാം വിടുതല്‍ പ്രാപിക്കേണ്ടിയിരിക്കുന്നു.
ദൈവഭയവും ദൈവത്തിലുള്ള വിശ്വാസവും മാത്രമാണ് നമ്മില്‍ നിന്നും എല്ലാ ഭയങ്ങളെയും നീക്കുവാനുള്ള ഏകവഴി. നാം ദൈവത്തെ ഭയപ്പെടുന്നു എങ്കില്‍ നാം ആരെയും ഒന്നിനെയും ഭയപ്പെടില്ല.
നാം ദൈവത്തില്‍ ആശ്രയിക്കുന്നു എങ്കില്‍ അവിടുന്നുതന്നെ അന്വേഷിക്കുന്നവര്‍ക്കു പ്രതിഫലം നല്‍കുന്നു എന്നും തന്നെ മാനിക്കുന്നവരെ അവിടുന്നു മാനിക്കുന്നു എന്നും നാം അറിയുന്നു. വിശ്വാസം നമ്മുടെ ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്നു എങ്കില്‍ ഭയത്തിന് അവിടെ ഇടം ഉണ്ടാവില്ല- ഇടയ്ക്കിടെ ഭയത്തിന്റെ നിമിഷങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടായേക്കാമെങ്കില്‍ക്കുടി കൂടി.
നമ്മുടെ ചിന്തയെ ഭരിക്കുന്നതെന്താണ് എന്നുള്ളതാണു പ്രധാന ചോദ്യം. ഭയമാണോ വിശ്വാസമാണോ?
അതുപോലെ നാം നമ്മോടു ചോദിക്കേണ്ട മറ്റൊരു പ്രധാനചോദ്യം: ഭയമെന്ന ആയുധമുപയോഗിച്ചു മറ്റുള്ളവരെ ഭരിക്കാന്‍ നാം ശ്രമിക്കാറുണ്ടോ?
അധ്യായം 13:സ്വയം താഴ്ത്തുക
ഒരു ആത്മീയ നേതാവ് എപ്പോഴും സ്വയം താഴുവാന്‍ തയ്യാറായിരിക്കും.
ദൈവം നിഗളികളോട് എതിര്‍ത്തു നില്‍ക്കുന്നു. താഴ്മയുള്ളവര്‍ക്കു കൃപ നല്‍കുന്നു. ദൈവത്തിന്റെ ബലമുള്ള കരങ്ങള്‍ക്കു കീഴില്‍ ആകുവാന്‍ തക്കവണ്ണം നാം താഴ്മയുള്ളവരെങ്കില്‍ അവിടുന്നു തക്കസമയത്തു നമ്മെ ഉയര്‍ത്തും. (1പത്രൊ. 5:5,6)
ഉയര്‍ത്തുക എന്നാല്‍ നാം ലോകത്തിലോ ക്രൈസ്തവസമൂഹത്തിലോ വലിയ ആളുകള്‍ ആവുക എന്നല്ല അതിന്നര്‍ത്ഥം. ആളുകള്‍ നമ്മെ ആദരിക്കും എന്നുമല്ല. ദൈവം ആഗ്രഹിക്കുന്ന ശുശ്രൂഷകളും ലക്ഷ്യങ്ങളും നമ്മുടെ ജീവിതത്തില്‍ നിറവേറ്റുവാന്‍ തക്കവണ്ണം ദൈവം ആത്മീയമായി നമ്മെ ഉയര്‍ത്തും എന്നത്രേ. എന്നാല്‍ അതിന്റെ അടിസ്ഥാനം നാം എത്രമാത്രം നമ്മെ താഴ്ത്തുന്നു എന്നതിലാണ്.
മറ്റുള്ളവരുടെ ദൃഷ്ടിയില്‍ എങ്ങനെയും വലിയവരാകുക എന്ന് അഭിലഷിക്കുന്നവരെക്കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു എന്നു നമുക്കറിയാം. ഓരോ രാഷ്ട്രീയക്കാരന്റെയും ഓരോ ബിസിനസ്സുകാരന്റെയും അഭിലാഷം അതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ക്രിസ്തുവിന്റെ ദാസന്മാര്‍ എന്നു അവകാശപ്പെടുന്നവരുടെയും ഉള്ളിലെ അഭിലാഷം മറിച്ചല്ല. വലിയവരാകുക- ലോകത്തിന്റെ ദൃഷ്ടിയില്‍ മാനിതരാവുക എന്നതുതന്നെ. അവരും ‘റവറന്റ് ഡോക്ടര്‍’,’ചെയര്‍മാന്‍’,’പ്രസിഡന്റ്’ എന്നീ പട്ടങ്ങളും പദവികളും മോഹിക്കുന്നു. ലോകത്തിലെ ഏതു പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നിലവാരത്തെക്കാള്‍ ഒട്ടും വ്യത്യസ്തമല്ല ക്രൈസ്തവ സമൂഹത്തിന്റെ നിലവാരവും.
യുവതലമുറ കാണുന്നതു സിനിമാതാരങ്ങളെപ്പോലെ വെള്ളിവെളിച്ചത്തില്‍ മിന്നുന്ന, പഞ്ചനക്ഷത്ര സുഖങ്ങളും ആഡംബരകാറുകളും ആസ്വദിക്കുന്ന, പടുകൂറ്റന്‍ യോഗങ്ങളിലെ വിശാലവേദികള്‍ പങ്കിടുന്ന തങ്ങളുടെ നേതാക്കന്മാരെയാണ്. ദൈവത്തിന്റെ വഴികളെക്കുറിച്ച് അജ്ഞരായ അവരും ആ നേതാക്കളുടെ ഔന്നത്യങ്ങളിലേയക്ക് തങ്ങള്‍ എത്തുന്ന ആ സുദിനവും കാത്ത് അവരുടെ പാതയെ അനുഗമിക്കുന്നു. ഈ നേതാക്കന്മാര്‍ തങ്ങളുടെ ജീവകാലമത്രയും വിശ്വസ്തരായിരുന്നതിന്റെ പ്രതിഫലമാണ് തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈ അനുഗ്രഹങ്ങള്‍ എന്ന് കരുതുന്നു. തങ്ങളും വിശ്വസ്തരായിരുന്നാല്‍ തങ്ങള്‍ക്കും ഇതു ലഭിക്കുമെന്ന് അവരുടെ പിന്‍ഗാമികളും കരുതുന്നു.
ഈ പ്രസംഗകര്‍ ഗള്‍ഫില്‍നിന്നും അമേരിക്കയില്‍നിന്നും ലഭിക്കുന്ന പാരിതോഷികങ്ങളാല്‍ സമ്പന്നരാകുന്നത് ഈ യുവാക്കള്‍ കാണുമ്പോള്‍ തങ്ങളും ഇപ്രകാരം സമ്പന്നരാകുന്ന ഒരു ദിനം വരുമെന്ന് അവര്‍ സ്വപ്നം കാണുന്നു. ഈ യുവാക്കളായവരുടെ മാതൃക യേശുക്രിസ്തുവല്ല മറിച്ച് സിനിമാതാര സദൃശരായ, സമ്പന്നരായ, ഈ പ്രസംഗകരത്രേ. ഇതത്രേ ഇന്നത്തെ ക്രൈസ്തവ സമൂഹത്തിലെ ദുരന്തം.
കര്‍ത്താവിനെ പിന്‍പറ്റുന്നതിലൂടെ നാം സമ്പന്നരാവുകയോ പ്രശസ്തരാവുകയോ അല്ല ദൈവഭയമുള്ളവരാകുകയത്രേ ചെയ്യുന്നത് എന്നതാണു നാം നമ്മുടെ ഉപദേശത്തിലൂടെയും ജീവിതത്തിലൂടെയും യുവതലമുറയ്ക്കു കൈമാറേണ്ട സന്ദേശം. അതേസമയം നാം നിന്ദിക്കപ്പെടുകയും തെറ്റിധരിക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്‌തേക്കാം. പീഡിപ്പിക്കപ്പെട്ടേക്കാം. എന്നാല്‍ നാം നമ്മെ ഉപദ്രവിക്കുന്നവരെ സ്‌നേഹിക്കുന്നവരും ശപിക്കുന്നവരെ അനുഗ്രഹിക്കുന്നവരുമായിത്തീരും. ഇതത്രേ നാം അടുത്ത തലമുറയ്ക്കു കൈമാറേണ്ടത്. അല്ലെങ്കില്‍ ജഡികരായ ഇന്നത്തെ പ്രസംഗകരെ അവര്‍ പിന്‍പറ്റുകയും ‘മറ്റൊരു യേശുവിനെ’ സേവിക്കുകയും ചെയ്യും.
ദൈവത്തിന്റെ ബലിഷ്ഠമായ കൈകള്‍ക്കു കീഴിലമരുക എന്നതിന്റെ അര്‍ത്ഥം ദൈവം നമുക്കു നല്‍കുന്ന എല്ലാ സാഹചര്യങ്ങളെയും സന്തോഷത്തോടെ സ്വീകരിക്കുക എന്നതാണ്. ദൈവം ഉന്നതനും നാം എളിയവരും ആകേണ്ടതിന്നത്രേ അപ്രകാരമുള്ള സാഹചര്യങ്ങളെ നാം പ്രയോജനപ്പെടുത്തേണ്ടത്. നാം എളിയവരും ബലഹീനരുമാകുമ്പോള്‍ ആളുകള്‍ നമ്മെ ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിക്കാന്‍ പഠിക്കും.
കര്‍ത്താവിന്റെ ഒരു ദാസന്‍ എന്ന നിലയില്‍ ഞാന്‍ എന്നെ വിമര്‍ശിക്കുന്നവരെക്കാളധികം ഭയപ്പെടുന്നത് എന്നെ ബഹുമാനിക്കുന്നവരെയാണ്. പലരും തങ്ങളെ സംബന്ധിച്ച ദൈവഹിതം എന്നിലൂടെ അറിയുവാന്‍വേണ്ടി എന്നെ സമീപിക്കാന്‍ തക്കവണ്ണം എന്നെ ബഹുമാനിക്കുന്നു. പഴയ നിയമകാലത്തായിരുന്നു അത്തരം കാര്യങ്ങള്‍ക്ക് ആളുകള്‍ പ്രവാചകരെ സമീപിക്കാറുണ്ടായിരുന്നത് എന്നുപറഞ്ഞ് ഞാന്‍ അതു നിരസിക്കാറുണ്ട്. പുതിയ നിയമത്തില്‍ മുതിര്‍ന്നവരോ ഇളയവരോ ആകട്ടെ, ആര്‍ക്കും നേരിട്ട് ദൈവഹിതം വ്യക്തിപരമായി അറിയുവാന്‍ തക്കവണ്ണം ദൈവത്തിന്റെ അടുക്കല്‍ ചെല്ലുവാന്‍ കഴിയും. എബ്രാ 8:11ല്‍ പുതിയനിയമത്തിലൂടെ ദൈവം നല്‍കുന്ന അവകാശമായി ഇതു രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ നമുക്കു പരിശുദ്ധാത്മാവിനെ പ്രാപിക്കാം, അവിടുന്നു നമുക്കു വഴികാട്ടിയായിരിക്കുന്നു. അതുകൊണ്ടു ഞാന്‍ എന്റെ സഹോദരന്മാരോടു പറയാറുണ്ട്: ”ഞാന്‍ നിങ്ങള്‍ക്കു ഉപദേശങ്ങള്‍ തരാം. എനിക്ക് ഒരിക്കലും നിങ്ങള്‍ക്കുവേണ്ടി ദൈവഹിതം കണ്ടെത്താന്‍ കഴിയില്ല”. എന്റെ ശുശ്രൂഷയുടെ ആദ്യസമയങ്ങള്‍ മുതല്‌ക്കേ ഞാന്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു. അതിന്റെ ഫലമായി ഞങ്ങളുടെ സഭകളില്‍ സഹോദരന്മാര്‍ ദൈവത്തെ അറിയുന്നവരായിത്തീര്‍ന്നു. അവര്‍ക്ക് എന്നെ ആശ്രയിക്കേണ്ടിവരുന്നില്ല. അവര്‍ തലയായ ക്രിസ്തുവുമായി നേരിട്ടു ബന്ധമുള്ളവരായിത്തീര്‍ന്നിരിക്കുന്നു. അപ്രകാരം ഞങ്ങളില്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ പണി വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു.
ക്രിസ്തുശരീരത്തിന്റെ പണിയുടെ ഒന്നാമത്തെ തത്വം ഇതാണ്. നാം ആളുകളെ നമ്മില്‍നിന്നു വേഗം സ്വതന്ത്രരാക്കുകയും കര്‍ത്താവുമായി നേരിട്ടുള്ള ഒരു ബന്ധത്തിലേക്കുവരുവാന്‍ സഹായിക്കുകയും വേണം.
ഇക്കാര്യത്തില്‍ കഴിഞ്ഞ കാലത്തു നമുക്കുണ്ടായ പരാജയങ്ങളെക്കണ്ട് നാം നമ്മെ താഴ്ത്തുകയും ആഴമായി അനുതപിക്കുകയും വേണം. ക്രിസ്തു നമ്മില്‍ വളരുവാന്‍ തക്കവണ്ണം നാം കുറയണം. ക്രിസ്തു നമ്മില്‍ വളരുവാന്‍ തക്കവണ്ണം ദൈവം നമ്മെ പലസാഹചര്യങ്ങളിലൂടെയും കടത്തുകയും നമ്മെ ചെറുതാക്കുകയും ചെയ്യും. നാം ചെറുതാകുവാന്‍ നമ്മെ അനുവദിക്കുന്നുവെങ്കില്‍ ദൈവത്തിന്റെ ഉദ്ദേശ്യം നമ്മില്‍ നിറവേറും.
നമ്മെതാഴ്ത്തുക എന്നതില്‍ നാം തെറ്റുചെയ്തവരോടു ക്ഷമ ചോദിക്കുക എന്ന കാര്യവും ഉള്‍പ്പെടുന്നു. കര്‍ത്താവിന്റെ ദാസന്മാര്‍ എന്ന നിലയില്‍ നാം എല്ലാവരുടെയും ദാസന്മാരായിരിക്കുകയും അവര്‍ക്ക് ഒരു അനുഗ്രഹമായിത്തീരുകയും വേണം. നാം തെറ്റുകള്‍ ചെയ്യുമ്പോള്‍ പെട്ടെന്നുതന്നെ അതു തിരിച്ചറിയുകയും ആവശ്യമെങ്കില്‍ ക്ഷമാപണം നടത്തുകയും ചെയ്യാന്‍ തക്കവണ്ണം ഒരുക്കമുള്ളവരായിരിക്കണം. തെറ്റുകള്‍ പറ്റാത്ത ഒരേ ഒരു വ്യക്തി ദൈവം മാത്രമാണ്.
കുട്ടികളോ, വേലക്കാരോ, യാചകരോ ആരോടായിരുന്നാലും എന്റെ സ്ഥാനവും മാനവും നോക്കാതെ ക്ഷമചോദിക്കാന്‍ തയ്യാറാണെന്നു ഞാന്‍ കര്‍ത്താവിനോടു പറഞ്ഞിട്ടുണ്ട്. ഞാന്‍ അതു ചെയ്തിരിക്കുന്നു. ദൈവം എന്നെ അനുഗ്രഹിച്ചുമിരിക്കുന്നു.
നിങ്ങളുടെ ആടുകളുടെ മുമ്പില്‍ ഒരിക്കലും വ്യാജമായ ഒരു മാന്യതയും അണിഞ്ഞു നില്‍ക്കുവാന്‍ പാടില്ല. നിങ്ങള്‍ തെറ്റു ചെയ്തിരിക്കുന്നുവെങ്കില്‍ നിങ്ങള്‍ ചെയ്തതു തെറ്റാണെന്നും അതില്‍ ദുഃഖമുണ്ടെന്നും തുറന്നു സമ്മതിക്കുക. നിങ്ങളോടുള്ള മതിപ്പും ആദരവും അതുകൊണ്ടു കുറയുകയില്ല, കൂടുകയേ ഉള്ളു. നിങ്ങള്‍ക്കു തെറ്റുപറ്റുകയില്ലെന്നു നടിക്കേണ്ട ആവശ്യമെന്താണ്?
ഒരിക്കല്‍ ഒരു കോളജ് വിദ്യാര്‍ത്ഥി തന്റെ പ്രഫസറോടു ഒരു ചോദ്യം ചോദിച്ചതിനെപ്പറ്റി ഞാന്‍ ഇപ്രകാരം കേട്ടിട്ടുണ്ട്. പ്രഫസര്‍ തന്റെ ചോദ്യത്തിനു ‘അറിഞ്ഞുകൂടാ’ എന്നായിരുന്നു ഉത്തരം നല്‍കിയത്. അതോടെ വിദ്യാര്‍ത്ഥിക്കു പ്രഫസറിലുള്ള മതിപ്പു വര്‍ദ്ധിച്ചു. അദ്ദേഹത്തിന്റെ താഴ്മയില്‍ മാത്രമല്ല ആര്‍ജ്ജവത്തിലും. അറിഞ്ഞുകൂടാത്തതു പഠിപ്പിക്കാതിരിക്കുക എന്നതില്‍.
ഞാന്‍ ദൈവമല്ലാത്തതിനാല്‍ എന്റെ ജീവിതാന്ത്യം വരെയും തെറ്റുകള്‍ പറ്റാവുന്ന ഒരു വ്യക്തിതന്നെയാണു ഞാന്‍ എന്ന് എന്റെ സഭയിലെ വിശ്വാസികളോടു ഞാന്‍ പറഞ്ഞിട്ടുണ്ട്. ഈ ഭൂമിയില്‍ ജീവിക്കുന്ന നാളത്രയും എനിക്കു തെറ്റുകള്‍ സംഭവിച്ചുകൊണ്ടിരിക്കും. എന്നാല്‍ പത്തും ഇരുപതും വര്‍ഷങ്ങള്‍ക്കു മുമ്പു ചെയ്തത്ര വലിയ മടയത്തരങ്ങളായിരിക്കില്ല അവ എന്നുമാത്രം. കാരണം മുന്‍കാലതെറ്റുകളില്‍നിന്നും ഞാന്‍ പലതും പഠിച്ചിരിക്കുന്നു. വീഴ്ചകള്‍ എന്റെ ജ്ഞാനം വര്‍ദ്ധിപ്പിച്ചിരിക്കുന്നു, പൂര്‍ണ്ണനാകുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും.
നിങ്ങളില്‍ പലരും വിവാഹിതരാണ്. യാതൊരു ഉദ്ദേശ്യവും കൂടാതെ തികച്ചും അവിചാരിതമായി നിങ്ങളുടെ ഭാര്യയെ വ്രണപ്പെടുത്തുക വളരെ എളുപ്പമാണെന്നു നിങ്ങള്‍ക്കറിയാം. നിങ്ങള്‍ നല്ല ഉദ്ദേശ്യത്തോടെ എന്തെങ്കിലും പറഞ്ഞെന്നുവരാം. എന്നാല്‍ നിങ്ങളുടെ ഭാര്യ നിങ്ങള്‍ പറഞ്ഞതു തെറ്റിദ്ധരിച്ചു. അല്ലെങ്കില്‍ മറിച്ച് നിങ്ങളുടെ ഭാര്യ പറഞ്ഞതു നിങ്ങള്‍ തെറ്റിദ്ധരിച്ചു എന്നിരിക്കട്ടെ. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എന്തുചെയ്യും? ഞാന്‍ ഇങ്ങനെ പറയട്ടെ: നിങ്ങള്‍ നിങ്ങളുടെ നല്ല ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള വിശദീകരണത്തിലേക്കു കടക്കുന്നതിനു പകരം സമാധാനത്തിനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം ക്ഷമാപണം ചെയ്യുന്നതാണ്.
നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ തെറ്റിദ്ധരിക്കുന്ന ഒരു സാഹചര്യത്തില്‍ നിങ്ങള്‍ എത്തി എന്നിരിക്കട്ടെ. നിങ്ങള്‍ കാര്യങ്ങളെ വിശദീകരിച്ചു മനസ്സിലാക്കിക്കുന്നതില്‍ അര്‍ത്ഥമില്ല.അവര്‍ നിങ്ങളെ ശ്രദ്ധിക്കുവാന്‍ തന്നെ വിമുഖരായിരിക്കും. നിങ്ങള്‍ തികച്ചും നിര്‍ദ്ദോഷിയെങ്കില്‍പ്പോലും അത്തരം ഒരു സന്ദര്‍ഭത്തിലെന്താണു ചെയ്യേണ്ടത്? നിങ്ങളെക്കുറിച്ചുള്ള സഹതാപത്തിലിരിക്കാന്‍ കഴിയുമോ? ഒരിക്കലുമില്ല. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ നിങ്ങളുടെ മനസ്സാക്ഷി ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക. ശിഷ്ടകാര്യങ്ങള്‍ ദൈവത്തെ ഭരമേല്‍പിക്കുക. അതു മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഞാന്‍ ചെയ്തുവരുന്നത് അത്തരത്തിലാണ്. അത് എനിക്ക് അനുഗ്രഹമായിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടിയും ഞാനീവഴി ശുപാര്‍ശ ചെയ്യട്ടെ.
കര്‍ത്താവിനെ സേവിക്കാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും നിരന്തരം സാത്താന്റെ ശരവുമാണ്. നാം എത്രയധികം കര്‍ത്താവിനു ഉപയുക്തരായിത്തീരുന്നുവോ അത്രകണ്ട് സാത്താന്റെ ആക്രമണത്തിനും വിധേയരായിക്കൊണ്ടിരിക്കും. അതു നമുക്ക് ഒഴിവാക്കാനാവില്ല. അപവാദങ്ങളാലും കള്ളക്കഥകളാലും വ്യാജആരോപണങ്ങളാലും അവന്‍ നമ്മെ ആക്രമിക്കും. അവന്‍ നമ്മുടെ ഭാര്യയെയും മക്കളെയും കൂടെ ആക്രമിക്കും.
യേശുക്രിസ്തുവിന്റെ ജീവിതകാലത്തു തന്നെക്കുറിച്ച് ആളുകള്‍ എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞു എന്നും ഇന്നും എന്തൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധിക്കുക. തിന്നിയും കുടിയനുമായ മനുഷ്യന്‍ (ലൂക്കോ. 7:34) ഭ്രാന്തന്‍ (മര്‍ക്കൊ. 3:21) ഭൂതബാധിതന്‍ (യോഹ. 8:48) ഭൂതങ്ങളുടെ തലവന്‍ (മത്താ. 12:24) മുതലായി പല ദുഷ്‌പേരുകളും വിളിച്ചിരുന്നു. തിരുവെഴുത്തുകള്‍ക്കും മോശയ്ക്കും വിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന ദുരുപദേഷ്ടാവ് (യോഹ. 9:29) എന്ന് ആളുകള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു. അങ്ങനെ യേശുവിനെ ശ്രദ്ധിക്കുന്നതില്‍നിന്നും ആളുകളെ അകറ്റി. അത്തരം ആളുകളോടു വിശദീകരണം നല്‍കുവാന്‍ യേശു ഒരിക്കലും മെനക്കെട്ടില്ല. വ്യക്തിപരമായി തനിക്കെതിരേ കൊണ്ടുവന്ന ഒരു ആരോപണത്തിനും അവിടുന്നു മറുപടി പറഞ്ഞില്ല. നമുക്കും അതു മാതൃകയാക്കാം. ഉപദേശപരമായ ചോദ്യങ്ങള്‍ക്കു മാത്രം യേശു മറുപടി പറഞ്ഞു. ഇന്നും ആളുകള്‍ യേശുവിനെക്കുറിച്ച് അധാര്‍മ്മികമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. പക്ഷേ അങ്ങനെയുള്ളവര്‍ക്കുപോലും കര്‍ത്താവ് ഒരു ശിക്ഷാവിധി അയയ്ക്കുന്നില്ല.
ആളുകള്‍ പൗലോസിനെ ഒരിടത്തും അംഗീകാരം ലഭിക്കാത്ത, എല്ലായിടത്തും വിരോധം പറയുന്ന, ഒരു മതഭേദത്തി (ലെര)േന്റെ കള്ളപ്രവാചകന്‍ എന്നും ആളുകളെ വഞ്ചിക്കുന്നവന്‍ എന്നും വിളിച്ചു (അ:പ്ര. 24:14; 28:22). അങ്ങനെ പൗലോസിനെ ശ്രദ്ധിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ചു.
ദൈവത്തിന്റെ എല്ലാ ശ്രേഷ്ഠ ദാസന്മാരെ സംബന്ധിച്ചും ഇതു ശരിയാണെന്നു സഭാചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. മാര്‍ട്ടിന്‍ ലൂതര്‍, ജോണ്‍ വെസ്ലി, ചാള്‍സ് ഫിന്നി, വില്യം ബൂത്ത്, വാച്ച്മാന്‍ നീ തുടങ്ങിയ ദൈവത്തിന്റെ എല്ലാ സത്യപ്രവാചകന്മാരുടെയും അനുഭവം ഇതാണ്.
ചില നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഹെന്‍ട്രി സൂസോ. അദ്ദേഹം അവിവാഹിതനായ ഒരു വിശുദ്ധനായിരുന്നു. തന്നെ യേശുവിനെപ്പോലെ സൗമ്യതയും താഴ്മയും ഉള്ളവനാക്കുവാന്‍ തക്കവണ്ണം നുറുക്കണമേ എന്നദ്ദേഹം ദൈവത്തോടു നിരന്തരം പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്ക്കു മറുപടി ലഭിച്ചത് ഇപ്രകാരമായിരുന്നു: ഒരു ദിവസം അദ്ദേഹം വാതില്‍ക്കല്‍ ഒരു മുട്ടുകേട്ടു. കതകു തുറന്നപ്പോള്‍ അപരിചിതയായ ഒരു സ്ത്രീ ഒരു കൈക്കുഞ്ഞുമായി അവിടെ നില്ക്കുന്നതദ്ദേഹം കണ്ടു. അവരെ താനൊരിക്കലും മുമ്പു കണ്ടിരുന്നില്ല. അവര്‍ ദുശ്ചരിതയായ ഒരു സ്ത്രീ തന്നെയായിരുന്നു. തന്റെ ഈ പുതിയ ശിശുവിനെ ഒഴിവാക്കാന്‍ ആരെയെങ്കിലും കണ്ടെത്തണമെന്നു വിചാരിച്ച അവര്‍ ഹെന്‍ട്രി സൂസോയെയാണു അതിനു പറ്റിയ ആളായി കണ്ടത്. അങ്ങനെ ആ തെരുവിലുള്ള സകലമാനപേരും കേള്‍ക്കത്തക്കവണ്ണം ഉച്ചത്തില്‍ അവര്‍ അലറി. ”ഇതാ നിന്റെ പാപത്തിന്റെ ഫലം”. ഇതുപറഞ്ഞു കുട്ടിയെ സൂസോയുടെ കരങ്ങളിലേക്കു വച്ചിട്ട് അവര്‍ നടന്നകന്നു. സൂസോ ഞെട്ടിപ്പോയി. ഒരൊറ്റ നിമിഷംകൊണ്ട് തന്റെ എല്ലാം തകര്‍ന്നിരിക്കുന്നു. അദ്ദേഹം ആ കുട്ടിയേയും കൊണ്ട് അകത്തേക്കു കയറിപ്പോയി. ദൈവസന്നിധിയില്‍ മുട്ടുകുത്തി: ”കര്‍ത്താവേ, ഞാന്‍ നിരപരാധിയാണെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. ഞാനെന്താണ് ഇനി ചെയ്യേണ്ടത്?” കര്‍ത്താവ് മറുപടിയായി ഇപ്രകാരം പറഞ്ഞു: ”ഞാന്‍ ചെയ്തതു നീയും ചെയ്യുക. മറ്റുള്ളവരുടെ പാപം ചുമന്ന് കഷ്ടം സഹിക്കുക.” സൂസോ കര്‍ത്താവ് കല്പിച്ചതുപോലെ ചെയ്തു. ഒരിക്കലും ആരോടും സ്വയം നീതീകരിക്കാതെ. ആ കുട്ടിയെ തന്റേതെന്നപോലെ വളര്‍ത്തി. കര്‍ത്താവിനു സത്യമറിയാമെന്ന കാര്യത്തില്‍ സൂസോ സംതൃപ്തനായിരുന്നു. മറ്റുള്ളവര്‍ എല്ലാവരും തന്നെ തെറ്റിദ്ധരിക്കുന്നതിലും. അനേകം വര്‍ഷങ്ങള്‍ക്കു ശേഷം ആ സ്ത്രീ സൂസോയുടെ വീടിനുമുമ്പിലെത്തി താന്‍ കള്ളം പറഞ്ഞതാണെന്നും സൂസോ നിഷ്‌ക്കളങ്കനായിരുന്നെന്നും എല്ലാവരും കേള്‍ക്കെ വിളിച്ചു പറഞ്ഞു. എന്നാല്‍ ഇടയ്ക്കുള്ള ആ വര്‍ഷങ്ങളില്‍ എന്തു സംഭവിച്ചു? സൂസോയുടെ പ്രാര്‍ത്ഥനയ്ക്കുള്ള മറുപടി ലഭിക്കയായിരുന്നു. യേശുവിനെപ്പോലെ താഴ്മയും നുറുക്കവുമുള്ളവനായി സൂസോ മാറി. മനുഷ്യന്റെ എല്ലാ അഭിപ്രായത്തിനും മരിക്കുവാനും ദൈവത്തിന്റെ അഭിപ്രായത്തെ മാത്രം വിലമതിക്കുവാനും തക്കവണ്ണം സൂസോയില്‍ വിശുദ്ധീകരണത്തിന്റെ ഒരു പ്രവൃത്തി ചെയ്‌വാന്‍ ദൈവത്തിനു കഴിഞ്ഞു.
യേശുവിനെപ്പോലെ ആകുവാന്‍ വേണ്ടി ഇപ്രകാരം ഒരു വിലകൊടുക്കുവാന്‍ നമുക്കു മനസ്സുണ്ടോ? അതോ നാമും മനുഷ്യരുടെ മാനം കാംക്ഷിക്കുന്നവരോ?
ദൈവം നമ്മെ നുറുക്കുന്നതു തെറ്റിദ്ധരിക്കപ്പെടാനും ദോഷം ആരോപിക്കപ്പെടാനും പരസ്യമായി അപമാനിതരാകാനും അനുവദിച്ചുകൊണ്ടാണ്. അത്തരം സാഹചര്യങ്ങളില്‍ നമ്മെ പരിഹസിക്കുന്ന ആളുകളെ നാം ശ്രദ്ധിക്കരുത്. അവര്‍ നമ്മുടെ സഹോദരന്മാരോ ശത്രുക്കളോ ആകട്ടെ. അതു സാരമില്ല. എല്ലാ യൂദാ ഇസ്‌ക്കര്യോത്താമാരുടെയും പിന്നില്‍ നമുക്ക് ഒരു പാനപാത്രം വച്ചുനീട്ടുന്ന സ്വര്‍ഗ്ഗീയ പിതാവിന്റെ കരങ്ങളുണ്ടെന്നു നാം അറിഞ്ഞിരിക്കണം. അത്തരം സന്ദര്‍ഭങ്ങളില്‍ പിതാവിന്റെ കരങ്ങള്‍ നമുക്കു ദര്‍ശിക്കുവാന്‍ കഴിഞ്ഞാല്‍ നമുക്കു ലഭിക്കുന്ന പാനപാത്രം അതെത്രവേദനയും കയ്പുമുള്ളതായിരുന്നാലും നാം സന്തോഷത്തോടെ തന്നെ അതു പാനം ചെയ്യും. എന്നാല്‍ നാം യൂദാസിനെ മാത്രമാണു കാണുന്നതെങ്കില്‍ നാം പത്രോസിനെപ്പോലെ നമ്മുടെ വാളെടുത്തു വെട്ടുകയും ആളുകളുടെ കാതോ അവരുടെ മാന്യതയോ മുറിക്കുകയും ചെയ്യും.
നാം ആക്രമിക്കപ്പെടുകയും വ്യാജാരോപണങ്ങള്‍ക്കു വിധേയരാവുകയും ചെയ്യുന്നുവെങ്കില്‍ നമ്മെ തന്റെ കരങ്ങള്‍ക്കു കീഴില്‍ താഴ്ത്തിയേല്പിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. അവിടെ ദൈവത്തിന്റെ കരം കാണാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമായി.
കഴിഞ്ഞ പല വര്‍ഷങ്ങളായി എന്നെയും എന്റെ ഉപദേശങ്ങളെയും കുറിച്ച് വിശ്വാസികള്‍ തെറ്റായി പലതും പറയുന്നതു ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നു. അവര്‍ എന്നെയും എന്റെ കുടുംബാംഗങ്ങളെയും കുറിച്ചു വ്യാജാരോപണങ്ങള്‍ പരത്തുകയും ലേഖനങ്ങളും പുസ്തകങ്ങളും ചമയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ അവരോടു മറുപടി പറയരുതെന്നു കര്‍ത്താവു എന്നെ എല്ലായ്‌പ്പോഴും ഉപദേശിക്കുന്നു. അതുകൊണ്ടു ഞാന്‍ മൗനം പാലിക്കുന്നു. അതുകൊണ്ട് എന്നിലും എന്റെ കുടുംബാംഗങ്ങളിലും വലിയ ഒരു ശുദ്ധീകരണം ഉളവാക്കാന്‍ കര്‍ത്താവിനു കഴിഞ്ഞു. തിന്മയായുള്ളതിനെക്കൊണ്ടു നന്മയുളവാക്കുവാന്‍ കര്‍ത്താവിനു കഴിയും.
സമയമാകുമ്പോള്‍ എല്ലാ കാര്‍മേഘങ്ങളും നീക്കുവാനും വെളിച്ചം പ്രകാശിപ്പിപ്പാനും കര്‍ത്താവിനു കഴിയും. എന്നാല്‍ ആ സമയം തീരുമാനിക്കുന്നതു കര്‍ത്താവാണ്, ഞാനല്ല (അപ്പൊ. പ്രവൃത്തി 1:7 ല്‍ വായിക്കുമ്പോലെ). അതുവരെ തന്റെ കരങ്ങള്‍ക്കു കീഴില്‍ താണിരിക്കുക എന്നതു മാത്രമാണു എനിക്കു ചെയ്‌വാനുള്ളത്. ആരുടെയും മുമ്പില്‍ സ്വയം നീതീകരിക്കുവാന്‍ എനിക്കുകാര്യമില്ല. ഒരിക്കല്‍ ഞാനങ്ങനെ ചെയ്തു തുടങ്ങിയാല്‍ പിന്നെ മറ്റൊന്നിനും എനിക്കു സമയം ലഭിക്കില്ല.
ചെമ്പുപണിക്കാരനായ അലക്‌സാണ്ടറെക്കുറിച്ചു പൗലോസ് പറയുമ്പോലെ: ദുഷ്‌ക്കര്‍മ്മികളുടെ പ്രവൃത്തിക്കു കര്‍ത്താവു പ്രതിഫലം നല്‍കട്ടെ (2 തിമൊ. 4:14) പ്രതികാരത്തിന്റെ കണക്കുകള്‍ കര്‍ത്താവിനെ ഏല്പിച്ചു നമുക്കു സുരക്ഷിതരാകാം. (റോമ. 12:19)
എല്ലാക്കാര്യങ്ങളും കര്‍ത്താവിനെ ഭരമേല്പിക്കുന്നതാണു നല്ലത്. താന്‍ എന്തുചെയ്യുന്നു എന്ന് അവിടുന്ന് അറികയും എല്ലാക്കാര്യങ്ങളും അവിടുത്തെ നിയന്ത്രണത്തിലായിരിക്കയും ചെയ്യുന്നു. യേശുവിന്റെ സ്വരൂപം തെളിയുവോളം അവിടുന്നു കല്ലിനെ കൊത്തിക്കൊണ്ടിരിക്കുന്നു. പാറയുടെ ചില ഭാഗങ്ങള്‍ വളരെ കടുപ്പമേറിയതാണ്. അവിടുന്നു വ്യാജാരോപണങ്ങളും വിമര്‍ശനങ്ങളും അയച്ച് കടുത്ത ഭാഗങ്ങളെ കൊത്തിമാറ്റുന്നു. നാം കീഴടങ്ങിയിരിക്കുന്നുവെങ്കില്‍ യഥാര്‍ത്ഥ ആത്മീയാധികാരമുള്ള ക്രിസ്തുതുല്യരായ മനുഷ്യര്‍ പുറത്തുവരും.
യൂദാ ഒറ്റിക്കൊടുക്കുമ്പോള്‍ യേശു അവനെ ”സ്‌നേഹിതാ” എന്നത്രേ വിളിച്ചത്. കാരണം, പിതാവിന്റെ കരങ്ങള്‍ യേശു കണ്ടിരുന്നു. നമ്മുടെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന്റെ പരമാധികാരം നാം കാണുന്നുവെങ്കില്‍ നമുക്കു നമ്മെ താഴ്ത്താന്‍ പ്രയാസം വരികയില്ല. സമയം വരുമ്പോള്‍ കര്‍ത്താവിനു നമ്മെ ഉയര്‍ത്താനും പ്രയാസം വരികയില്ല. നമ്മുടെ തോളില്‍ നിന്നും ഭാരം നീക്കുകയും നമ്മെ ഉയര്‍ത്തുകയും ചെയ്യേണ്ട യഥാര്‍ത്ഥസമയം കര്‍ത്താവറിയുന്നു. നമുക്കു കാത്തിരിക്കാം. തന്നെ കാത്തിരിക്കുന്നവര്‍ ലജ്ജിച്ചു പോകയില്ല നിരാശപ്പെടുകയുമില്ല. (യെശ. 49:23)
ഉയര്‍ത്തുക എന്നാല്‍ നാം മുമ്പെ പറഞ്ഞതുപോലെ ലോകത്തില്‍ വലിയവനാവുക എന്നല്ല. വലിയ ക്രിസ്തീയ സ്ഥാപനങ്ങള്‍ ഉയര്‍ത്താന്‍ ദൈവം നമ്മെക്കുറിച്ചു വിചാരിച്ചെന്നുവരികയില്ല. വ്യക്തിപരമായി ഒരു സ്ഥാപനത്തിന്റെയും തലവന്‍ എന്നറിയപ്പെടാനും പ്രത്യേകിച്ചും വലിയ സ്ഥാപനത്തിന്റെ മേധാവി ആകാനും എനിക്കു താത്പര്യമില്ല. കര്‍ത്താവു എങ്കല്‍ ഭരമേല്പിക്കുന്നവരെ-പത്തായാലും പതിനായിരമായാലും- ശുശ്രൂഷിക്കുവാനും കര്‍ത്താവിന്റെ ദാസനായിരുന്നുകൊണ്ടു താന്‍ നല്‍കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാനും ഞാന്‍ ആഗ്രഹിക്കുന്നു. ക്രൈസ്തവലോകത്തില്‍ ഒരു സ്ഥാനപ്പേരോ സ്ഥാനമോ ഉണ്ടായിരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ആളുകളുടെ മേലോ വസ്തുക്കളിന്മേലോ ധനത്തിന്മേലോ നിയന്ത്രണം കൈയാളാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. വചനം പ്രസംഗിച്ചുകൊണ്ട് ആവശ്യത്തിലിരിക്കുന്നവര്‍ക്കു ശുശ്രൂഷ ചെയ്‌വാന്‍മാത്രം ഞാന്‍ ആഗ്രഹിക്കുന്നു.
നമുക്കു യേശുവിന്റെ കാല്‍ചുവടുകളെ പിന്തുടരാം. നമ്മെക്കുറിച്ചു ദുരാരോപണങ്ങള്‍ പറയുവാനാഗ്രഹിക്കുന്നവര്‍ എത്രവേണമെങ്കിലും പറഞ്ഞോട്ടെ. നാം ദൈവത്തെ മാനിക്കുന്നുവെങ്കില്‍ അവിടുന്നു നമ്മെയും മാനിക്കും. കര്‍ത്താവിനെ അനുഗമിക്കുന്നതില്‍ നാം ഗൗരവമുള്ളവരെങ്കില്‍ വേദനാജനകമായ നിരവധി സാഹചര്യങ്ങളിലൂടെ അവിടുന്നു നമ്മെ കടത്തിവിടും. എന്നാല്‍ ഇതിന്റെയെല്ലാം ഉദ്ദേശ്യം നമ്മെ മനുഷ്യമാനം അന്വേഷിക്കുന്നതില്‍ നിന്നും ഭൂമിയോടുള്ള എല്ലാ ബന്ധങ്ങളില്‍നിന്നും സ്വതന്ത്രരാക്കി ”കഴുകന്മാരെപ്പോലെ ചിറകടിച്ചുയരാന്‍” (യെശ. 40:31)പ്രാപ്തരാക്കുക എന്നതാണ്.
ദൈവത്തിന്റെ ഹിതം മാത്രം നാം പരിഗണിക്കുന്നതരത്തില്‍ നമ്മെ താഴ്ത്തുവാന്‍ തക്കവണ്ണം ദൈവം നമ്മുടെ സാഹചര്യങ്ങളെ വ്യത്യാസപ്പെടുത്തും. അപ്പോള്‍ നമ്മുടെ ആത്മീയാധികാരം വളരെ ശക്തമായിരിക്കും. നമ്മെ ഓരോരുത്തരെയും സംബന്ധിച്ച് അതങ്ങനെതന്നെ ആയിരിക്കട്ടെ.
അധ്യായം 14:മല്ക്കീസേദെക്കിന്റെ പൗരോഹിത്യം
ഏതൊരു ആത്മീയ നേതാവും തന്റെ കര്‍ത്താവിനെപ്പോലെ അവിടുത്തെ മുമ്പില്‍ മല്ക്കീസേദെക്കിന്റെ ക്രമ പ്രകാരമുള്ള ഒരു പുരോഹിതനായിരിക്കണം (എബ്രാ. 6:20-7:10)
ലേവ്യപൗരോഹിത്യത്തില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു പൗരോഹിത്യമാണ് മല്ക്കീസേദെക്കിന്റെ പൗരോഹിത്യം (എബ്രായര്‍ 7-ാം അദ്ധ്യായം കാണുക). ലേവ്യ പൗരോഹിത്യത്തില്‍ ധാരാളം ശുദ്ധീകരണ നിയമങ്ങളും ആചാരവിധികളും ഉള്‍ക്കൊണ്ടിരുന്നു. അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ യഹോവയുടെ സന്നിധിയില്‍ ശുശ്രൂഷയ്ക്കു വരുമ്പോള്‍ ഏതുതരത്തിലുള്ള അടിവസ്ത്രങ്ങളാണ് ഉപയോഗിക്കേണ്ടത് എന്നുവരെ നിഷ്‌കര്‍ഷിച്ചിരുന്നു (ലേവ്യാ.6:10;16:4)! എന്നാല്‍ മല്‍ക്കീസേദെക്കിന്റെ പൗരോഹിത്യത്തില്‍ വസ്ത്രങ്ങള്‍ക്കോ ആചാരവിധികള്‍ക്കോ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല!
മല്ക്കീസേദെക്കിനെക്കുറിച്ചുള്ള വിവരണം വെറും മൂന്നു വാക്യങ്ങളിലൊതുങ്ങുന്നു. എങ്കിലും നമ്മുടെ കര്‍ത്താവിനു നല്‍കപ്പെട്ടത് അതേ ക്രമത്തിലുള്ള പൗരോഹിത്യമാണ്.(ഉല്‍പ.14:18-20). ഇത്ര അത്ഭുതകരമായി മല്ക്കീസേദെക്ക് ചെയ്തത് എന്താണ്?
തന്റെ സഹോദരപുത്രനായ ലോത്തിനെയും കുടുംബത്തെയും അവരുടെ സമ്പത്തിനെയും കൊണ്ടുപോയ നാലു രാജാക്കന്മാരെയും സമ്പത്തിനെയും മടക്കിക്കൊണ്ടു വരികയായിരുന്നു അബ്രഹാം. താന്‍ ക്ഷീണിതനായിരുന്നു എങ്കിലും വിജയത്തിന്റെ ഔന്നത്യത്തിലുമായിരുന്നു. കാരണം നാലു രാജാക്കന്മാരെയും അവരുടെ സൈന്യത്തെയും വെറും സാധാരണക്കാരായ 318 പേരുമായിട്ടാണ് നേരിട്ടു തോല്‍പിച്ചത്. വലിയ ഒരു കൊള്ളമുതലുമായിട്ടാണ് അവര്‍ മടങ്ങി വന്നത്. അക്കാലത്ത് ഇവയത്രയും യുദ്ധം ചെയ്തു ജയിക്കുന്നവര്‍ക്കു പങ്കിട്ടെടുക്കാനുള്ളതാണ്. അതിനാല്‍ അബ്രഹാമിനോടൊപ്പമുള്ള 318 പേരും തങ്ങള്‍ക്കു ലഭിക്കാനുള്ള കൊള്ളമുതലിന്റെ വിഹിതം കണക്കുകൂട്ടിയിരിക്കാം. അങ്ങനെ തങ്ങള്‍ ധനികരാകുന്നതു സ്വപ്നം കണ്ടിരിക്കാം.
അങ്ങനെ ശാരീരികമായി ക്ഷീണിതനെങ്കിലും ഗര്‍വ്വും ദ്രവ്യാഗ്രഹവും എന്ന രണ്ടു വിപത്തുകളാല്‍ പിടിക്കപ്പെട്ടവനായിട്ടാണ് അബ്രഹാം കടന്നുവന്നത്. എന്നാല്‍ ഈ രണ്ടു വിപത്തുകളെക്കുറിച്ച് അവനു മുന്നറിയിപ്പു നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്നത് 318 ദാസന്മാരായിരുന്നു. അബ്രഹാം ഒരു വലിയ ദൈവമനുഷ്യനായിരുന്നു എങ്കിലും അദ്ദേഹം ഏകനായിരുന്നു. വലിയ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരുന്നു കൊണ്ട് കൂടെയുള്ള ”എറാന്‍” മൂളികളുടെ മേല്‍ അധികാരം നടത്തുന്ന ഇന്നത്തെ ക്രിസ്തീയ നേതാക്കന്മാരെപ്പോലെയായിരുന്നു അബ്രഹാമും. തന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടാന്‍ ആരുമില്ല. അങ്ങനെയുള്ളവര്‍ സാത്താന്റെ ഇരകളാവുക അനായാസമാണ്. ഓരോരുത്തരെയായി സാത്താന്‍ വീഴിച്ചുകളയും.
എന്നാല്‍ അബ്രഹാമിന്റെ കാര്യത്തില്‍ ദൈവം കരുണയുള്ളവനായിരുന്നു. തന്റെ മറ്റൊരു ദാസനെ അബ്രഹാമിനെ സഹായിക്കുവാനായി ദൈവം നിയോഗിച്ചു. മല്ക്കീസേദെക്ക് അബ്രഹാമിന്റെ മൂന്ന് ആവശ്യങ്ങളെയും നിറവേറ്റി. അവയെക്കുറിച്ചു മല്‍ക്കീസേദെക്കിന് ഒന്നു മറിഞ്ഞുകൂടായിരുന്നുവെങ്കിലും ദൈവം കല്‍പിച്ചതു ചെയ്തതിലൂടെ അതു നിറവേറി.
ഒന്നാമതായി അബ്രഹാമിനു വേണ്ടി അദ്ദേഹം ഭക്ഷണം കരുതി. അദ്ദേഹം വിവേകമുള്ള ഒരു പ്രായോഗിക മനുഷ്യനായിരുന്നു. ആത്മീയരെല്ലാം എല്ലാ അനുഗ്രഹങ്ങളെയും പരിത്യജിക്കണമെന്നു ശഠിക്കുന്ന ഒരാളല്ലായിരുന്നു. അദ്ദേഹം. അബ്രഹാമിനോടു ഉപവസിച്ചു പ്രാര്‍ത്ഥിക്കുവാനല്ല ആവശ്യപ്പെട്ടത്. മറിച്ച് നല്ല ഒരു ഭക്ഷണം നല്‍കുകയത്രേ ചെയ്തത്.
വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ കാര്യം ദൈവം ഏലിയാവോടും ചെയ്തു. താന്‍ പരീക്ഷീണനായി നിരാശനായി ഒരു ചൂരല്‍ച്ചെടിയുടെ തണലിലിരിക്കുമ്പോള്‍ ദൈവം തന്റെ ദൂതനെ ഭക്ഷണവുമായി അയച്ചു. പ്രബോധനവുമായിട്ടല്ല. (1 രാജാ.19:5-8)
ക്ഷീണിച്ചു തളര്‍ന്ന ഒരു സഹോദരന്റെ-സഹോദരിയുടെ കാര്യത്തില്‍ ഇതു നമുക്കും ഒരു നല്ല മാതൃകയാണ്. ഒരു വിശ്വാസി തളര്‍ന്നും ക്ഷീണിച്ചുമിരിക്കുമ്പോള്‍ പ്രബോധനമല്ല, നല്ല ഭക്ഷണമാണ് ആവശ്യം. അവന്‍ വെറും ആത്മാവു മാത്രമല്ല ശരീരം കൂടെയാണ്. അതു നാം മറക്കരുത്.
അബ്രഹാമിനു ഭക്ഷണം നല്‍കിയ ശേഷം മല്ക്കീസേദെക്ക് അബ്രഹാമിനെ ആത്മീയമായി സഹായിച്ചു. പ്രസംഗം നടത്തിക്കൊണ്ടല്ല, അബ്രഹാമിനു ജയംനല്‍കിയതിനു ദൈവത്തെ രണ്ടുവാചകങ്ങളിലായി സ്തുതിച്ചു കൊണ്ട്.
”സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താല്‍ അബ്രഹാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ. നിന്റെ ശത്രുക്കളെ നിന്റെ കൈയില്‍ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. (ഉല്‍പ.14:19,20)
മല്ക്കീസേദെക്ക് ഒരു പക്ഷേ അബ്രഹാമിനും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കുവാന്‍ രണ്ടു മണിക്കൂര്‍ ചെലവഴിച്ചുകാണും. സ്തുതി കരേറ്റുവാന്‍ 15 സെക്കന്‍ഡും. പക്ഷേ ആ സ്തുതിവാക്കുകളില്‍ നിന്നും രണ്ടു കാര്യങ്ങള്‍ അബ്രഹാം ഗ്രഹിച്ചു. ഒന്നാമതായി, ആകാശത്തിനും ഭൂമിക്കും ഉടമയായ ഒരു ദൈവത്തിന്റെ വകയാണു താന്‍. ആ അറിവ് താന്‍ തിരികെക്കൊണ്ടു വന്ന സോദോം രാജാവിന്റേതായ സമ്പത്തിനോടുള്ള ദ്രവ്യാഗ്രഹത്തില്‍ നിന്നും തന്നെ രക്ഷിച്ചു. സോദോമിന്റെ ധനം വളരെ വലുതായിരുന്നിട്ടും തന്റെ ദൈവത്തിന്റെ ധനത്തിനു മുമ്പില്‍ അത് ഒന്നുമല്ല എന്നു കാണുവാന്‍ അബ്രഹാമിന്റെ കണ്ണു തുറന്നു. അക്കാര്യത്തില്‍ മല്ക്കീസേദെക്ക് അബ്രഹാമിനെ സഹായിച്ചു.
മല്‍ക്കീസേദെക്കിന്റെ ജ്ഞാനം ശ്രദ്ധിക്കുക.”നിന്നില്‍ ദുര്‍മ്മോഹം ജനിച്ചിരിക്കുന്നു എന്നു കണ്ട ദൈവം നിന്നോടു സംസാരിക്കുവാന്‍ എന്നെ അയച്ചിരിക്കുന്നു”എന്നൊന്നും പ്രസംഗിക്കുവാന്‍ മുതിര്‍ന്നില്ല-”ദൈവം നിങ്ങള്‍ക്കുവേണ്ടി ഒരു വചനം അയച്ചിരിക്കുന്നു”എന്നവകാശപ്പെടുന്ന സ്വയം നിയമിതരായ പ്രവാചകന്മാരെപ്പോലെ. അത്തരം പ്രവാചകന്മാര്‍ വ്യാജ പ്രവാചകന്മാരാണ്. കൊള്ളമുതലില്‍ നിന്നും അബ്രഹാമിന്റെ ശ്രദ്ധയെ മല്‍ക്കീസേദെക്ക് ദൈവത്തിലേക്കു തിരിച്ചു. അങ്ങനെ ലോകത്തിന്റെ പ്രഭ അബ്രഹാമിന്റെ കണ്‍മുമ്പില്‍ മങ്ങുവാനിടയായി. അതാണ് ആളുകളെ സഹായിക്കാനുള്ള വഴി. അബ്രഹാമിനു നേരേ വന്ന വളരെ ഗുരുതരമായ ഒരു വിപത്തില്‍ നിന്നും അബ്രഹാമിനെ രക്ഷിച്ച മല്ക്കിസേദെക്കിന്റെ അനുഗൃഹീതവും പരോക്ഷവുമായ ആ സമീപനത്തില്‍ നിന്നും നമുക്കു പലതും മാതൃകയാക്കാനുണ്ട്.
രണ്ടാമതായി അബ്രഹാം മനസ്സിലാക്കി, താനും തന്റെ കൂടെയുള്ള 318 ആളുകളുമല്ല ഈ വിജയം നേടിയത്, ദൈവമാണ് എന്ന്. ആ വെളിപ്പാട് അബ്രഹാമിനെ ഗര്‍വ്വില്‍ നിന്നും രക്ഷിച്ചു. അവിടെയും തന്റെ വിജയത്തില്‍ നിന്നും അബ്രഹാമിന്റെ ശ്രദ്ധയെ ദൈവത്തിലേക്കു തിരിക്കുന്നതില്‍ മല്ക്കീസേദെക്ക് വിജയിച്ചു.
നമ്മില്‍ നിന്നും നമ്മുടെ ശ്രദ്ധയെ ദൈവത്തിങ്കലേക്കു തിരിക്കുന്നവനാണ് ഏറ്റവും നല്ല പ്രസംഗകന്‍. നമ്മുടെ ജയാപജയങ്ങളില്‍ നിന്നും നേട്ടങ്ങളില്‍ നിന്നും ആത്മപ്രശംസകളില്‍ നിന്നും ആത്മ നിന്ദയില്‍ നിന്നും ഒക്കെ ദൈവസാന്നിദ്ധ്യബോധത്തിലേക്കു നമ്മെ കൊണ്ടുവരുന്നതാണ് ദൈവിക ശുശ്രൂഷ.
ഇയ്യോബിനോടു പ്രസംഗിച്ച എലീഫസ്, ബില്‍ദാദ്, സോഫര്‍ മുതലായ സ്വയനീതിയില്‍ പ്രശംസിക്കുന്ന സ്‌നേഹിതരുടെ ശുശ്രൂഷയ്ക്കു കടക വിരുദ്ധമായ ശുശ്രൂഷയാണ് മല്ക്കീസേദെക്കിന്റേത്. അവര്‍ മൂന്നുപേരും പരീശന്മാരുടെ മുന്‍ഗാമികളായിരുന്നു. ഇന്നു നമുക്കു പരീശന്മാരുടെ പിന്‍ഗാമികളെ ക്രൈസ്തവ ലോകത്തു കണ്ടെത്താന്‍ കഴിയും. എന്നാല്‍ നമുക്കാവശ്യം മല്ക്കീസേദെക്കുമാരെയാണ്.
തുടര്‍ന്നു നാം എത്തുന്നതു ഈ കഥയുടെ ഏറ്റവും മനോഹരമായ ഭാഗത്തേക്കാണ്. അബ്രഹാമിനെ അനുഗ്രഹിച്ച ഉടന്‍ മല്ക്കീസേദെക്ക് അപ്രത്യക്ഷനായി. തുടര്‍ന്നൊരിടത്തും നാം മല്ക്കീസേദെക്കിനെ കാണുന്നില്ല. യേശുക്രിസ്തുവിന്റെ ഒരു പ്രതിരൂപമെന്നോണം ആ പേര് ഉപയോഗിക്കപ്പെടുന്നതു മാത്രം നാം കാണുന്നു.
ഒരു പക്ഷേ മല്ക്കീസേദെക്ക് അന്നു പ്രഭാതത്തില്‍ തന്റെ കൂടാരത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോഴായിരിക്കാം താന്‍ അന്നു നിര്‍വ്വഹിക്കേണ്ട ഒരു ദൗത്യത്തെക്കുറുച്ചു ദൈവം തന്നെ അറിയിച്ചത്. തനിക്ക് ഒരു പക്ഷേ അബ്രഹാമിനെ അറിയില്ലായിരിക്കാം പക്ഷേ ദൈവത്തെ അറിയാമായിരുന്നു. അതു മതിയായിരുന്നു. അതതു സമയത്തു നിര്‍വ്വഹിക്കേണ്ടതെന്തെന്നു ദൈവം കല്പിക്കയും താന്‍ അനേകര്‍ക്ക് ഒരു അനുഗ്രഹമായിത്തീരുകയും ചെയ്തു.
മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം വിളിക്കപ്പെട്ടിരിക്കുന്ന പുരോഹിതന്മാരായ നമുക്കു നല്‍കപ്പെട്ടിരിക്കുന്ന ശുശ്രൂഷ എത്ര മഹത്വമേറിയത്! ആളുകളെ ഭൗതികമായും ആത്മീയമായും അനുഗ്രഹിച്ചശേഷം ഒരു നന്ദിവാക്കു പോലും സ്വീകരിക്കുംമുമ്പേ അപ്രത്യക്ഷനാവുക!
താങ്കള്‍ ദൈവത്തിന്റെ ഒരു വലിയ ദാസനാണെന്നുള്ളതോ അതോ താങ്കളുടെ ദൈവം ഒരു വലിയ ദൈവമാണെന്നുള്ളതോ ഏതാണ് ആളുകള്‍ അറിയണമെന്നു താങ്കള്‍ ആഗ്രഹിക്കുന്നത്? ഇവിടെയാണു നാം ചെയ്യുന്ന ശുശ്രൂഷ ഉപരിപ്ലവമായ ഒരു മതഭക്തിയില്‍ നിന്നുള്ളതോ ആത്മീയമായ ഒന്നോ എന്നുള്ളതു വേര്‍തിരിച്ചറിയുന്നത്. അഹരോന്റെ പൗരോഹിത്യവും മല്ക്കീസേദെക്കിന്റെ ശുശ്രൂഷയും വ്യത്യസ്തമാകുന്നതിവിടെയാണ്. അഹരോന്‍ കൂടെക്കൂടെ ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും ബഹുമാനം വാങ്ങുകയും ചെയ്തിരുന്നു. മല്ക്കീസേദെക്ക് ആളുകളെ ശുശ്രൂഷിക്കയും അപ്രത്യക്ഷനാകയും ചെയ്തു.
യേശുവും ശുശ്രൂഷ ചെയ്തിരുന്നത് ഇപ്രകാരമാണ്. യേശു ചുറ്റി സഞ്ചരിച്ച് ജീവിതസമരത്തില്‍ തളര്‍ന്ന് ആത്മീയമായും ശാരീരികമായും ആവശ്യങ്ങളിലായിരിക്കുന്നവരെ കണ്ടെത്തി അവര്‍ക്കു ശുശ്രൂഷ ചെയ്തു പോന്നു. തന്റെ സൗഖ്യശുശ്രൂഷകളെക്കുറിച്ച് പരസ്യപ്പെടുത്തുവാന്‍ അവിടുന്ന് അനുവദിച്ചില്ല; ആഗ്രഹിച്ചുമില്ല. താന്‍ ഒരു സൗഖ്യദായകനെന്ന് അറിയപ്പെടാന്‍ അവിടുന്ന് ആഗ്രഹിച്ചില്ല. രാജാവാകാനും ആഗ്രഹിച്ചില്ല. ആളുകളെ ശുശ്രൂഷിക്കുവാനും അവര്‍ക്കുവേണ്ടി തന്റെ ജീവന്‍ വയ്ക്കുവാനും ആഗ്രഹിച്ചു. പ്രശസ്തി ഒരിക്കലും ആഗ്രഹിച്ചില്ല. ഹെരോദാവിനോ അന്നാസിനോ കയ്യാഫസിനോ പീലാത്തോസിനോ താന്‍ ദൈവപുത്രനാണെന്നു തെളിവു നല്‍കാന്‍ വേണ്ടി തന്റെ പുനരുത്ഥാനത്തിനു ശേഷം അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാനും തയ്യാറായില്ല. ഏതെങ്കിലും ഒരു പരീശന്റെയോ സദൂക്യന്റെയോ മുമ്പിലെങ്കിലും തന്റെ പുനരുത്ഥാനശേഷം പ്രത്യക്ഷപ്പെടാന്‍ അവിടുന്നു ശ്രമിച്ചില്ല. കാരണം, തനിക്കു മനുഷ്യരെ ഒന്നും ബോദ്ധ്യപ്പെടുത്തുകയോ അവരുടെ മുമ്പില്‍ തന്നെ നീതീകരിക്കുകയോ ചെയ്യേണ്ട കാര്യമില്ലായിരുന്നു. മനുഷ്യരുടെ അഭിപ്രായത്തെ, മാനത്തെ, വെറും ചവറായി അവിടുന്നു കണ്ടു.
ഇന്നത്തെ ക്രൈസ്തവ ലോകത്തില്‍ അത്തരം നേതാക്കന്മാര്‍ എവിടെയാണ്?
ദൈവത്തില്‍ നിന്നു കേള്‍ക്കുകയും അതു മാത്രം ചെയ്യുകയും ചെയ്യുന്ന മല്ക്കീസേദെക്കിനെപ്പോലെ നാം ജീവിക്കുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. ഈ ഭൂമിയില്‍ ഏറ്റവും പ്രയോജനകരമായ ഒരു ജീവിതം അതുതന്നെ ആയിരിക്കും.
”നന്മയും കരുണയും എന്റെ ജീവിതകാലമത്രയും എന്നെ പിന്തുടരും” എന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നു(സങ്കീ. 23:6). അതാണു ജീവന്റെ വഴി. എവിടെപ്പോയാലും നന്മയുടെയും കാരുണ്യത്തിന്റേതുമായ ഒന്ന് അവശേഷിപ്പിക്കുക.
അപ്പൊസ്തലപ്രവൃത്തി 10:38-ല്‍ യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച് പത്രൊസ് കൊര്‍ന്നല്യോസിനോടു ഒരു വാചകത്തില്‍ ഇങ്ങനെ സംഗ്രഹിക്കുന്നു:”നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെയിരുന്നതുകൊണ്ടു അവന്‍ നന്മ ചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിക്കൊണ്ടു സഞ്ചരിച്ചതുമായ വിവരം നിങ്ങള്‍ തന്നെ അറിയുന്നുവല്ലോ.”
പരിശുദ്ധാത്മാവിനാല്‍ യഥാര്‍ത്ഥമായി അഭിഷേകം ചെയ്യപ്പെടുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. ദൈവം നമ്മോടു കൂടെ ഇരിക്കയും നാം പോകുന്നിടത്തു ആളുകളെ സ്വതന്ത്രരാക്കയും ചെയ്യുന്നു. താങ്കള്‍ക്ക് ആത്മികമായോ ഭൗതികമായോ എന്തെങ്കിലും നന്മ ലഭിക്കാതെ താങ്കള്‍ യേശുവിനെ കണ്ടു മുട്ടിയിട്ടു കടന്നു പോകുമായിരുന്നില്ല. 12 വര്‍ഷമായി രക്തസ്രവം ബാധിച്ചിരുന്ന സ്ത്രീ തന്റെ വസ്ത്രത്തിന്റെ തൊങ്ങലില്‍ തൊട്ടപ്പോള്‍ത്തന്നെ അതു തിരിച്ചറിഞ്ഞു.
അപ്രകാരം നമ്മെ കണ്ടുമുട്ടുന്നവരൊക്കെ ആത്മീയമായും ഭൗതികമായും അനുഗ്രഹിക്കപ്പെടാന്‍ വേണ്ടിയല്ലേ നാം വിളിക്കപ്പെട്ടിരിക്കുന്നത്?
നാമും മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം പുരോഹിതരാകുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.
അധ്യായം 15:ഒരു മാതൃക
”ഞാന്‍ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികള്‍ ആകുവിന്‍” എന്നു മറ്റുള്ളവരോടു പറയുവാന്‍ തക്കവണ്ണം ഒരു ആത്മീയ നേതാവ് മറ്റുള്ളവര്‍ക്ക് ഒരു മാതൃക ആയിരിക്കണം. ക്രിസ്തു മാത്രം തങ്ങളുടെ തലയായിരിക്കുവാന്‍ തക്കവണ്ണം മറ്റുള്ളവര്‍ കര്‍ത്താവിനെ അന്വേഷിക്കുന്നതിലേക്ക് അവരെ നയിക്കുന്ന ഒരു പ്രേരക ശക്തിയായിരിക്കണം അയാള്‍.
അനേക ക്രൈസ്തവനേതാക്കളും വിശ്വാസികളെ തങ്ങളോടു ബന്ധിപ്പിക്കുന്നതില്‍ ഉല്‍സുകരാണ്. മറ്റു നേതാക്കളോടുള്ളതിലധികം ബന്ധം ആളുകള്‍ക്ക് തങ്ങളോടുണ്ടായിരിക്കുന്നതില്‍ അവര്‍ സന്തുഷ്ടരാണ്. അങ്ങനെ അവര്‍ തങ്ങളുടെ ആളുകളുടെ മുമ്പില്‍ ഒരു ‘കുട്ടിദൈവ’മായിത്തീരുന്നു. തിരുവചനത്തില്‍ അധികാരത്തിനു കീഴടങ്ങുക എന്ന ഉപദേശത്തെ തങ്ങളുടെപ്രയോജനത്തിനായി അവര്‍ വിനിയോഗിക്കുന്നു.
അധര്‍മ്മമൂര്‍ത്തി ഒരു നാള്‍ ദേവാലയത്തിലിരുന്നുകൊണ്ട് സ്വയം ആളുകള്‍ക്കുമുമ്പില്‍ ദൈവമായി അവരോധിക്കുമെന്നു ബൈബിള്‍ പറയുന്നു (2 തെസ്സ.2:4). സഭ എന്നതു ദൈവത്തിന്റെ മന്ദിരമാണ്. എന്നാല്‍ യോഹന്നാന്‍ അപ്പൊസ്‌തോലന്റെ കാലത്തും അധര്‍മ്മമൂര്‍ത്തിയുടെ ആത്മാവുള്ളവര്‍ സഭയിലുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു (1 യോഹ. 2:18,19)ഇന്നും അത്തരക്കാര്‍ വളരെയധികമുണ്ട്.
ഒരു സൃഷ്ടി തന്നെത്തന്നെ ഉയര്‍ത്തുവാനും മറ്റുള്ളവരുടെ മുമ്പില്‍ അധികം തിളക്കമാര്‍ജ്ജിക്കുവാനും ആഗ്രഹിച്ചതിലൂടെയാണ് പാപം പ്രപഞ്ചത്തിലുത്ഭവിച്ചത്. അങ്ങനെയാണു ലൂസിഫര്‍ സാത്താനായിത്തീര്‍ന്നത്. ഇക്കാര്യം നാം മറന്നു പോകരുത്. അത്തരം ഒരു ആത്മാവിനെ നാം നമ്മുടെ ഉള്ളില്‍ കണ്ടെത്തുമ്പോഴെല്ലാം നാം അതിനെ സാത്താന്റെ ആത്മാവ് എന്ന നിലയില്‍ തിരിച്ചറിയേണ്ടതുണ്ട്.
രക്ഷയെന്നത് ദൈവത്തിന്റെ പുത്രന്‍ തന്നെത്തന്നെ ഏറ്റവും താഴ്ത്തി കാഴ്ചയ്ക്കു ഒന്നുമല്ലാതാക്കിത്തീര്‍ത്തതില്‍ നിന്നാണ് സാദ്ധ്യമായിത്തീര്‍ന്നത്. അതും നാം മറന്നുപോകരുത്.
ലൂസിഫറിന്റെ നിഗളത്തിലൂടെ പാപവും യേശുക്രിസ്തുവിന്റെ താഴ്മയിലൂടെ രക്ഷയും കടന്നുവന്നു.
ഇന്നു ക്രിസ്തീയ നേതാക്കള്‍ തങ്ങളെത്തന്നെ വേദികളിലും മാസികകളിലും പരസ്യപ്പെടുത്തുന്ന രീതി ആളുകള്‍ കാണുമ്പോള്‍ സ്വയം ത്യജിക്കുന്ന താഴ്മയുള്ള യേശുവിനെ സ്പര്‍ശിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ടോ? ഒരിക്കലുമില്ല.
ഇന്നത്തെ യുവതലമുറയ്ക്ക് ആവശ്യമായ മാതൃക സ്വയം ത്യജിക്കുന്ന, അജ്ഞാതരും തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിച്ച് വേഗത്തില്‍ മറയുന്നവരും പ്രശംസ ഒട്ടും ഇഷ്ടപ്പെടാത്തവരുമായ ആളുകളുടേതാണ്. ഇത്തരം ഒരു ശുശ്രൂഷയെയാണു നാം മോഹിക്കേണ്ടത്.
താങ്കള്‍ കര്‍ത്താവിനുവേണ്ടി മഹത്തായ ഒരു കാര്യം നിര്‍വ്വഹിച്ചുവെന്നും അത് ആരും അറിഞ്ഞില്ല എന്നും കരുതുക. അതു താങ്കള്‍ക്ക് സന്തോഷം നല്‍കണം. ഇനി, മറ്റാര്‍ക്കെങ്കിലും അതിന്റെ ബഹുമതി ലഭിച്ചു എന്നു കരുതുക. അതു താങ്കള്‍ക്ക് അതിലധികം സന്തോഷവും ആവേശവും നല്‍കണം. അങ്ങനെയെങ്കില്‍ താങ്കള്‍ മല്‍ക്കീസേദെക്കിന്റെ ക്രമത്തിലുള്ള ഒരു പുരോഹിതന്‍ തന്നെ.
എന്റെ ചെറുപ്പത്തില്‍ എന്റെ ചുറ്റിലുമുണ്ടായിരുന്ന ക്രിസ്തീയനേതാക്കന്മാരെ ഒക്കെയും ഞാന്‍ ശ്രദ്ധിച്ചിരുന്നു. യേശുക്രിസ്തുവിന്റെ ആത്മാവിനെ ആരിലും കാണാന്‍ എനിക്കു കഴിഞ്ഞില്ല എന്ന കാര്യം ഞാന്‍ ദുഃഖത്തോടെ പറയട്ടെ. ഞാന്‍ അവരെ വിധിക്കുകയല്ല. കാരണം, ഞാന്‍ അവരുടെ വിധി കര്‍ത്താവല്ല. പക്ഷേ എനിക്ക് അവരെ ദൈവികമാതൃകകളാക്കുവാനും ആദരിക്കുവാനും കഴിഞ്ഞിരുന്നില്ല എന്നു പറയുക മാത്രമാണ്.
നമുക്ക് ആരെയും വിധിക്കേണ്ട കാര്യമില്ല. എന്നാല്‍ നമുക്ക് ആത്മാക്കളെ വിവേചിക്കേണ്ടതുണ്ട്. മത്തായി 7-ാം അദ്ധ്യായത്തില്‍ വിധിയ്ക്കരുത് എന്നു പറഞ്ഞ ഉടന്‍ തന്നെ യേശു പറയുന്ന മറ്റൊരു കാര്യം ശ്രദ്ധിക്കുക: ”പന്നികളെയും നായ്ക്കളെയും കള്ളപ്രവാചകന്മാരെയും തിരിച്ചറിയുക” (7:1,6,15). നമുക്കു വിവേചനമില്ലെങ്കില്‍ നാം നായ്ക്കളുടെയും കള്ളപ്രവാചകന്മാരുടെയും പിന്നാലെ പോകയും വഴിതെറ്റിപ്പോകയും ചെയ്യും. (ഫിലി. 3:2).
ഞാന്‍ എന്റെ മൂപ്പന്മാരെ വിധിച്ചില്ല. പക്ഷേ അനുഗമിക്കുവാന്‍ പറ്റിയ മാതൃകകളായി എനിക്കവരെ കാണുവാന്‍ കഴിഞ്ഞില്ല. കാരണം, യേശുവിലുണ്ടായിരുന്ന ഒരു ദാസന്റെ മനോഭാവം അവരില്‍ ഉണ്ടായിരുന്നില്ല. അവര്‍ വിശുദ്ധന്മാരുടെ കാലുകളെ കഴുകുവാനുള്ള ആഗ്രഹം ഉള്ളവരായിരുന്നില്ല. അങ്ങനെ അനുകരിക്കുവാന്‍ ഒരു മാതൃക കണ്ടെത്തുംവരെ യേശുവിലേക്കു മാത്രം നോക്കുവാന്‍ ഞാന്‍ തീരുമാനമെടുത്തു.
ക്രിസ്തുവിന്റെ മനോഭാവം എന്തെന്ന് അടുത്ത തലമുറയോടറിയിക്കുവാന്‍ നമുക്കു വലിയ ഉത്തരവാദിത്വമുണ്ട്. അപ്പൊസ്‌തൊലന്മാരെയും പ്രവാചകന്മാരെയും പോലെ കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസന്മാരെ ജീവിതത്തിലും ശുശ്രൂഷയിലും പ്രസംഗത്തിലും കാണിച്ചുകൊടുക്കുവാന്‍ നമുക്കു കഴിയണം-ഇരുപതാം നൂറ്റാണ്ടിലെ സിനിമാതാരതുല്യരായ സുവിശേഷകരെപ്പോലെ നാം ആകരുത്.
നാം പോകുന്നിടത്തൊക്കെ നാം പ്രകടമാക്കുന്ന ഒരു രൂപമുണ്ട്. അത് ആളുകളുടെ മനസ്സില്‍ പതിഞ്ഞിരിക്കും-നാം അറിഞ്ഞാലും ഇല്ലെങ്കിലും. വളരെക്കാലം കഴിഞ്ഞാലും പ്രസംഗങ്ങള്‍ മറന്നുപോയാലും ആ രൂപം നിലനില്‍ക്കും.
അപ്പോ.പ്രവൃ.20:17-35 വാക്യങ്ങളില്‍ പൗലോസ് എഫെസോസിലെ മൂപ്പന്മാരെ വിടപറയാന്‍ കൂട്ടിവരുത്തിയപ്പോള്‍ അവരോടു പറഞ്ഞതു ശ്രദ്ധിക്കുക. താന്‍ മൂന്നു വര്‍ഷം അവരോടുകൂടെ എങ്ങനെ ആയിരുന്നു എന്നും (വാ.31) രാവും പകലും താന്‍ അവരോടു പ്രസംഗിച്ചിരുന്നു എന്നും. മൂന്നുവര്‍ഷം എന്നാല്‍ ആയിരം ദിവസത്തിലധികമുണ്ട്. രാവിലെയും വൈകിട്ടും ഓരോ പ്രസംഗം എന്നു കണക്കാക്കിയാല്‍ത്തന്നെ രണ്ടായിരം പ്രസംഗം നടത്തിയതായിക്കാണാം.
എഫെസോസ് വലിയ ഒരു ഉണര്‍വ്വിന്റെ സ്ഥലമാണ്. ഒരു കാലത്ത് യേശുവിങ്കലേക്കു തിരിഞ്ഞവര്‍ ലക്ഷക്കണക്കിനു രൂപാ വിലവരുന്ന മന്ത്രവാദ-ആഭിചാര ശാസ്ത്രപുസ്തകങ്ങള്‍ കത്തിച്ചു കളഞ്ഞ പട്ടണമാണ്. ഇവിടെയാണ് പൗലോസിന്റെ മേല്‍ നിന്ന് റൂമാലും മറ്റും രോഗികളെ സൗഖ്യമാക്കുവാനും ഭൂതഗ്രസ്തരെ സൗഖ്യമാക്കുവാനും ഉപയോഗിച്ചത്. മറ്റൊരിടത്തും നടന്നിട്ടില്ലാത്ത അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ദൈവം ഇവിടെ പൗലോസിനെ മുഖാന്തരമാക്കി. (അപ്പോ.പ്ര.19:11,12,19).
എന്നാല്‍ എല്ലാറ്റിനുമൊടുവില്‍ അവിടുത്തെ മൂപ്പന്മാരോടു പൗലോസ് എന്താണു പറഞ്ഞത്? അത്ഭുതങ്ങളെക്കുറിച്ചോ പ്രസംഗങ്ങളെക്കുറിച്ചോ ആണോ പറഞ്ഞത്? അവര്‍ തന്നെ കാണാന്‍ തുടങ്ങിയ ആദ്യ ദിവസം മുതല്‍ എത്ര താഴ്മയോടെ താന്‍ അവരുടെ മുമ്പില്‍ ജീവിച്ചിരുന്നു. (വാ.19) തന്റെ പ്രസംഗങ്ങള്‍ മറന്നു പോയിരുന്നെന്നാലും താന്‍ എങ്ങനെ അവരുടെയിടെയില്‍ ജീവിച്ചിരുന്നു എന്നത് അവര്‍ക്കു വിസ്മരിക്കാനാവില്ല. തന്റെ ലാളിത്യവും കാരുണ്യവും അവര്‍ എന്നെന്നും ഓര്‍മ്മിക്കും. ഒരു കൂടാര ശില്പി എന്ന നിലയില്‍ തനിക്കും തന്നോടു കൂടെയുള്ളവര്‍ക്കും വേണ്ടി സ്വന്തകൈകൊണ്ടു അദ്ധ്വാനിച്ച് ആര്‍ക്കും ഒരു ഭാരമാകാതെ താന്‍ സ്വയം സൂക്ഷിക്കയും മറ്റുള്ളവര്‍ക്കു ഒരു മാതൃകയാവുകയും ചെയ്തു.(വാ.34, 35).
ഈ മൂന്നു വര്‍ഷം പൗലോസ് ഒരിക്കലും പണമോ, സമ്മാനങ്ങളോ, വസ്ത്രങ്ങളോ ആരില്‍ നിന്നും ആഗ്രഹിച്ചിരുന്നില്ല എന്നതും അവര്‍ ഒരിക്കലും മറക്കില്ല (വാ.33)
യാതൊരു വിട്ടുവീഴ്ചയും കൂടാതെ ദൈവത്തിന്റെ മുഴുവന്‍ ആലോചനയും ഒട്ടും മറച്ചുവയ്ക്കാതെ അവരോടറിയിച്ചു എന്നതും അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു (അ.പ്ര.20:27). അദ്ദേഹം ഒരിക്കലും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനോ പ്രശംസ ആഗ്രഹിക്കുന്നവനോ ആയിരുന്നില്ല. താന്‍ മാനസാന്തരത്തെക്കുറിച്ചും ആളുകള്‍ക്കു പ്രയോജനപ്രദമെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്ന, എന്നാല്‍ പ്രീതികരമല്ലാത്ത മറ്റുപല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. ശ്രോതാക്കള്‍ക്ക് അതു വേണ്ടിയിരുന്നോ എന്നു നോക്കിയില്ല ചിലര്‍ക്ക് അതു നീരസമുളവാക്കുന്നതായിരുന്നു. (വാ.20,21).
ഇവയൊക്കെയായിരുന്നു പൗലോസ് അവരെ ചൂണ്ടിക്കാട്ടിയത്. എഫെസോസില്‍ പൗലോസ് ചെയ്തതുപോലെ മൂന്നുവര്‍ഷം താങ്കള്‍ ഒരു സഭയില്‍ ശുശ്രൂഷിച്ചു പോകുമ്പോള്‍ ആളുകള്‍ എന്തായിരിക്കും താങ്കളെക്കുറിച്ച് ഓര്‍മ്മിക്കുക? ഒരു നല്ല പ്രസംഗകനെന്നോ ജീവിതം കൊണ്ട് യേശുവിനെ അവര്‍ക്കു കാട്ടിക്കൊടുത്ത ദൈവത്തിന്റെ ഒരു എളിയ ദാസന്‍ എന്നോ? ക്രിസ്തുസദൃശനായിത്തീരുവാന്‍ തക്കവണ്ണം തങ്ങളെ അധികം ദൈവത്തോടടുപ്പിച്ച ഒരു വ്യക്തിയെന്നോ അതോ ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ പഠിപ്പിച്ച ഒരു വ്യക്തിയെന്നോ?
നമ്മുടെ വിളിയെന്തായിരിക്കുന്നുവോ അല്ലെങ്കില്‍ ലഭിച്ച വരങ്ങളെന്തോ അതു ഉള്ളിലുള്ള ക്രിസ്തുവിന്റെ ജീവനില്‍ നിന്നൊഴുകുന്നതാകണം. രോഗശാന്തി വരം ലഭിച്ചവന്‍ യേശു ചെയ്തതുപോലെ അതു ചെയ്യണം. യേശു ലളിതജീവിതം നയിച്ച താഴ്മയുള്ള ഒരു വ്യക്തിയായിരുന്നു. ആളുകളോട് ഇടപഴകുകയും ദീനരോടു മനസ്സലിവു കാട്ടുകയും ചെയ്തിരുന്നു. ആരോടും പണം സ്വീകരിക്കാതെ തികച്ചും സൗജന്യമായി രോഗശാന്തിയും ശുശ്രൂഷകളും ചെയ്തിരുന്നു.
എന്നാല്‍ അത്തരം ഒരു രോഗശാന്തി ശുശ്രൂഷകനെ എന്റെ ജീവിതകാലത്തൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ അത്തരം ഒരാളിനെ കണ്ടെത്തുകയാണെങ്കില്‍ എന്നെയും അറിയിക്കുക. അപ്രകാരമൊരാളിനെ കാണുവാന്‍ എനിക്കും താത്പര്യമുണ്ട്.
ധനസ്‌നേഹികളും ആളുകളെ കൗശലം കൊണ്ടു കബളിപ്പിക്കുന്നവരുമായ നിരവധി പ്രസംഗകരെ ഞാന്‍ കണ്ടിട്ടുണ്ട്. സൗഖ്യശുശ്രൂഷകരെന്നു സ്വയം അവകാശപ്പെടുന്നവര്‍. മനശ്ശാസ്ത്രപരമായ അഭ്യാസങ്ങളിലൂടെ ചിലര്‍ ജനങ്ങളെ വഞ്ചിക്കുന്നു.
വിവേചനശക്തിയില്ലാത്ത ചെറുപ്പക്കാരായ ശുശ്രൂഷകര്‍ ഇവരെ അനുഗമിക്കയും ഇത്തരം ശുശ്രൂഷകള്‍ ആഗ്രഹിക്കയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ദുരന്തം. അങ്ങനെ അടുത്ത തലമുറ നഷ്ടപ്പെട്ടുപോകുന്നു. ഇത് എന്നെ ദുഃഖിപ്പിക്കുന്നു.
നാം വിളിക്കപ്പെട്ടിരിക്കുന്നത് ഒരു അപ്പൊസ്‌തൊലിക ശുശ്രൂഷയ്‌ക്കോ പ്രവാചകശുശ്രൂഷയ്‌ക്കോ സുവിശേഷകശുശ്രൂഷയ്‌ക്കോ ഇടയശുശ്രൂഷയ്‌ക്കോ ഉപദേഷ്ടാവിന്റെ ശുശ്രൂഷയ്‌ക്കോ മറ്റ് ഏതു തരത്തിലുള്ള ശുശ്രൂഷയ്‌ക്കോ ആയിക്കൊള്ളട്ടെ. അതു ക്രിസ്തുല്യമായ മനോഭാവത്തോടെ നിര്‍വ്വഹിക്കേണ്ടിയിരിക്കുന്നു. നമ്മിലെ ക്രിസ്തുവിന്റെ ആത്മാവാണ് ഏതു ശുശ്രൂഷയ്ക്കുമുള്ള പ്രേരണ നമുക്കു നല്‍കേണ്ടത്.
ഒരു സഭയുടെ ഇടയനായിട്ടാണ് നിങ്ങള്‍ വിളിക്കപ്പെട്ടതെങ്കില്‍, യേശു എപ്രകാരം ആ ഉത്തരവാദിത്തം നിറവേറ്റുമായിരുന്നോ അപ്രകാരം ചെയ്യുക. ‘യേശുവിന്റെ മഹത്വം വെളിപ്പെടുത്തുന്ന ഒരു എളിയ ദാസന്‍’, എന്നായിരിക്കട്ടെ നിങ്ങളെക്കുറിച്ച് സഭാവിശ്വാസികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ചിത്രം.
കഴിഞ്ഞ കാലത്തെപരാജയത്തെക്കുറിച്ച് ഒരു വാക്കുപറഞ്ഞുകൊള്ളട്ടെ.
നമുക്കു നമ്മുടെ ഭൂതകാലം മായ്ക്കാന്‍ കഴിയില്ല. ആ കാര്യങ്ങള്‍ കഴിഞ്ഞതു തന്നെയാണ്. നമുക്കു ആ പരാജയങ്ങളെ ഓര്‍ത്തു മാനസാന്തരപ്പെടാന്‍ മാത്രമേ കഴിയൂ. അവയെ ഏറ്റുപറഞ്ഞ് കര്‍ത്താവിന്റെ രക്തത്താല്‍ കഴുകല്‍ ലഭിക്കാനായി കര്‍ത്താവിനോടപേക്ഷിക്കാം.
ഞാന്‍ എന്റെ ജീവിതത്തില്‍ പല പിഴവുകളും വരുത്തിയിട്ടുണ്ട്. അതില്‍ നിന്നു വളരെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവ പ്രയോജനമില്ലാത്തതല്ല. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും ഞാന്‍ ധാരാളം പഠിച്ചിട്ടുണ്ട്. അങ്ങനെ അത്തരം തെറ്റുകള്‍ എന്റെ ജീവിതത്തിലുണ്ടാവാതെ സൂക്ഷിക്കാന്‍ എനിക്കു കഴിയുന്നു.
കഴിഞ്ഞ കാലത്തു നാം ചെയ്ത പലതിനെയും ഓര്‍ത്തു ചിലപ്പോള്‍ നമുക്കു ലജ്ജിക്കേണ്ടി വന്നേക്കാം. എന്നാല്‍ നാം അവയെക്കുറിച്ച് മാനസാന്തരപ്പെടുകയും ആവശ്യമുള്ളിടത്തു പ്രായശ്ചിത്തം ചെയ്കയും ചെയ്തിട്ടുണ്ടെങ്കില്‍ അവ നമുക്ക് ഒരു പാഠമായിരിക്കയും അവയെ നാം നമ്മുടെ പിന്നില്‍ എറിഞ്ഞു കളകയും ചെയ്യും.
കഴിഞ്ഞകാലവീഴ്ചകള്‍ കാരണമായി സാത്താന്‍ നമ്മെ കുറ്റബോധത്തിന്റെ പിടിയില്‍ വീഴ്ത്തി നിരാശയിലേക്കും മ്ലാനതയിലേക്കും വലിച്ചിഴയ്ക്കാന്‍ നാം അനുവദിക്കരുത്. ക്രിസ്തുയേശുവിലുള്ള ആര്‍ക്കും തന്നെ ശിക്ഷാവിധിയില്ല.
യേശുവിന്റെ രക്തത്താല്‍ നമ്മെ നീതീകരിച്ച ശേഷം (റോമ. 5:9)ദൈവം നമ്മെ കാണുന്നത് നാം ഒരിക്കല്‍ പോലും പാപം ചെയ്തിട്ടില്ലാത്തവരായിട്ടാണ്. ദൈവം നമ്മെ കാണുന്ന കാഴ്ചപ്പാടിലൂടെ നാമും നമ്മെ കാണണം.
നിങ്ങള്‍ കഴിഞ്ഞകാലത്തില്‍ പാപം ചെയ്തുപോയി എന്നതുകൊണ്ട് പ്രയോജനമില്ലാത്തവരാണ് എന്ന് സാത്താനോ മറ്റാരെങ്കിലുമോ പറയുവാന്‍ നാം അനുവദിക്കരുത്. നിങ്ങള്‍ മാനസാന്തരപ്പെട്ടതിനാല്‍ ഇന്നു നിങ്ങള്‍ ദൈവകരത്തില്‍ വിലയേറിയ ഒരു ഉപകരണം തന്നെയാണ്. ദൈവത്തിന്റെ മഹത്വത്തിനായി തുടര്‍ന്നു ജീവിക്കുക.
ചെറുപ്പക്കാരെ ശിഷ്യരാക്കുക എന്നതു നമുക്കു ലഭിച്ചിരിക്കുന്ന ഒരു വലിയ ഉത്തരവാദിത്വമാണ്. അവരുടെ മുഴുജീവിതവും അവര്‍ക്കു മുമ്പിലുണ്ട്. നമ്മുടെ സഭകളിലുള്ള യുവജനങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെക്കുറിച്ചു ചിന്തിക്കുക. പിശാച് അവരുടെ പിന്നാലെയാണ്. അവന്‍ അവരെ പിടികൂടുംമുമ്പേ നാം അവരെ ദൈവത്തിനും അവിടുത്തെ രാജ്യത്തിനുമായി പിടിച്ചെടുക്കേണ്ടതുണ്ട്.
ഈ ചെറുപ്പക്കാരില്‍, അവരുടെയുള്ളില്‍, വലിയ പോരാട്ടം തന്നെ നടക്കുന്നു. അവര്‍ രക്ഷിക്കപ്പെടുന്നതില്‍ നിന്നു പിശാചിന് അവരെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെയും അവരെ ഗൗരവമില്ലാത്ത ഒത്തുതീര്‍പ്പുകാരായി ഒരു ഒഴുക്കന്‍മട്ടിലുള്ള ക്രിസ്തീയജീവിത്തില്‍ തളയ്ക്കാമെന്ന് അവന്‍ കണക്കു കൂട്ടുന്നു. എന്നാല്‍ അവര്‍ക്കു മീതേ ദൈവം നിങ്ങളെ ഒരു ഇടയനായി വച്ചിരിക്കുന്നു. അവര്‍ ഒത്തുതീര്‍പ്പുകാരാകാതെ തികച്ചും മൗലികതയുള്ള ക്രിസ്തീയജീവിതം നയിക്കുവാന്‍ അവരെ ഒരുക്കേണ്ടതിന്, നിങ്ങളുടെ വിളിയെ ഗൗരവമായി എടുക്കുവാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.
അടുത്ത തലമുറയിലെ വിശ്വാസികള്‍ക്ക് മാതൃകയാകുന്നതില്‍ നമുക്കു സംഭവിച്ച പരാജയങ്ങളിലൂടെ നാം ദൈവനാമത്തിനു വരുത്തിയ അപമാനം ക്ഷമിച്ചു കിട്ടേണ്ടതിനു ദൈവസന്നിധിയില്‍ നമ്മെ താഴ്ത്തി അനുതപിക്കുവാന്‍ കര്‍ത്താവു നമ്മെ സഹായിക്കട്ടെ.
വരും നാളുകളില്‍ തന്റെ ജനത്തിന്‍മുമ്പില്‍ താഴ്മയും ദൈവഭയവുമുള്ള നേതാക്കളായി ജീവിപ്പാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.
കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ആമേന്‍.