ദൈവകൃപാധാനത്തിൽ മുഴുകുക – WFTW 2 ഓഗസ്റ്റ് 2020

സാക് പുന്നന്‍

ഒരു വിശ്വാസി ദൈവത്തിൻ്റെ മുമ്പാകെ ജീവിക്കുന്നില്ലെങ്കിൽ, അവന് തൻ്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് അജ്ഞനായിരിക്കുവാൻ വളരെ എളുപ്പമാണ്. വെളിപ്പാട് പുസ്തകത്തിൽ ഏഴു സഭകളുടെ മൂപ്പന്മാർക്കു കർത്താവു നൽകിയ ശാസനകളിൽ നിന്ന് അതു വ്യക്തമാണ്. ലവൊദിക്ക്യയിലെ സഭയുടെ ദൂതനോട്, അവിടുന്നു പറഞ്ഞു, ” നീ നിർഭാഗ്യവാനും, അരിഷ്ടനും, ദരിദ്രനും, കുരുടനും, നഗ്നനും എന്ന് അറിയുന്നില്ല” ( വെളിപ്പാട് 3:17).

നമ്മുടെ ഹൃദയങ്ങളിൽ മറഞ്ഞു കിടക്കുന്നതെന്താണെന്നു തുറന്നു കാണിക്കേണ്ടതിന് വ്യത്യസ്ത സാഹചര്യങ്ങൾ ഉണ്ടാകുവാൻ ദൈവം അനുവദിക്കുന്നു. വിവിധ ആളുകളിൽ നിന്നു നമുക്കുണ്ടായിട്ടുള്ള പ്രയാസമേറിയ അനുഭവങ്ങളുടെ ഫലമായി സന്തോഷകരമല്ലാത്ത അനേകം ഓർമ്മകൾ നമ്മുടെ ഹൃദയങ്ങളിൽ നാം സംഭരിച്ചു വച്ചിട്ടുണ്ട്. അവ നമ്മുടെ ഹൃദയങ്ങളുടെ അടിത്തട്ടിൽ ഒളിഞ്ഞു കിടക്കുന്നു- എന്നാൽ നാം കരുതുന്നത് നമ്മുടെ ഹൃദയങ്ങൾ വെടിപ്പുള്ളതാണെന്നാണ്. അപ്പോൾ, ഈ ചീഞ്ഞളിഞ്ഞ കാര്യങ്ങളെ എല്ലാം ഇളക്കി നമ്മുടെ മനസ്സിലേക്കു കൊണ്ടുവരേണ്ടതിന്, ചില ചെറിയ കാര്യങ്ങൾ സംഭവിക്കുവാൻ ദൈവം അനുവദിക്കുന്നു . നാം തന്നെ നമ്മുടെ മനസ്സിനെ വെടിപ്പാക്കി അതിൽ ഉൾപ്പെട്ട ആളുകളോടു ക്ഷമിക്കുവാനും അവരെ സ്നേഹിക്കുവാൻ തീരുമാനമെടുക്കുവാനുമുള്ള സമയം ഇതാണ്. ഈ കാര്യങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ നിന്നു നീക്കി ശുദ്ധീകരിക്കാനുള്ള ഈ അവസരം ഇപ്പോൾ നാം ഉപയോഗിക്കുന്നില്ലെങ്കിൽ, ഈ കോളിളക്കത്തിനു ശേഷം വീണ്ടും അത് അടിത്തട്ടിലേക്ക് താഴ്ന്നു പോകുകയും, നമ്മുടെ ഹൃദയങ്ങളിൽ അവശേഷിക്കുകയും ചെയ്യുന്നു. അപ്പോൾ എല്ലാം നന്നായിരിക്കുന്നു എന്നു നിങ്ങൾക്കു ചിന്തിക്കാൻ കഴിയും. എന്നാൽ അത് അങ്ങനെയല്ല. മറ്റൊരു ചെറിയ സംഭവത്തിന് അവയെ എല്ലാം വീണ്ടും നിങ്ങളുടെ മനസ്സിലേക്കു കൊണ്ടുവരാൻ കഴിയും. അതുകൊണ്ട് ഇങ്ങനെയുള്ള എന്തെങ്കിലും ചിന്തകൾ പുറത്തേക്കു വരുമ്പോഴെല്ലാം നാം നമ്മെതന്നെ നിർമ്മലീകരിക്കേണ്ടതുണ്ട്.

ധൂർത്ത പുത്രൻ്റെ മൂത്ത സഹോദരൻ്റെ കാര്യത്തിൽ, അവൻ്റെ ഇളയ സഹോദരനു നേരേ ഉണ്ടായിരുന്ന തെറ്റായ മനോഭാവം എങ്ങനെ ആയിരുന്നു എന്നു നാം കാണുന്നു. എന്നിട്ടും അതു വെളിയിൽ വന്നത് അവൻ്റെ സഹോദരൻ മടങ്ങി വരികയും അവനു വേണ്ടി ഒരു വിരുന്ന് ഒരുക്കപ്പെടുകയും ചെയ്തപ്പോൾ മാത്രമാണ്. അപ്പോൾ അവൻ തൻ്റെ സഹോദരനെ കുറിച്ചു ചിന്തിച്ചിരുന്ന അപവാദങ്ങൾ കൊണ്ട് അവനെ എപ്രകാരം കുറ്റപ്പെടുത്തുന്നു എന്ന് നാം കാണുന്നു, അവൻ്റെ പ്രസ്താവനകൾ സത്യമാണോ അല്ലയോ എന്നു പോലും നോക്കാതെ. ഉദാഹരണത്തിന് അവൻ്റെ ഇളയ സഹോദരൻ “വേശ്യമാരോടുകൂടെ അപ്പൻ്റെ മുതൽ തിന്നുകളഞ്ഞു ” – (ലൂക്കോസ് 15:30). ആരോടെങ്കിലുമുള്ള നമ്മുടെ ബന്ധം നല്ലതല്ലെങ്കിൽ, നാം എപ്പോഴും അയാളെ കുറിച്ച് ഏറ്റവും ചീത്തയായ കാര്യങ്ങൾ വിശ്വസിക്കും.

ആ പിതാവ് തൻ്റെ മൂത്ത മകനോടു പറഞ്ഞു , “എനിക്കുള്ളത് എല്ലാം നിൻ്റേതാകുന്നു”(ലൂക്കോസ് 15 : 31) . തൻ്റെ പിതാവ് അവനു നൽകിയ കാര്യങ്ങളിൽ മുഴുകുന്നതിനു പകരം അവൻ അവൻ്റെ തന്നെ നൈപുണ്യങ്ങളിൽ മുഴുകിയിരുന്നു. “നിൻ്റെ കല്പന ഒരിക്കലും ഞാൻ ലംഘിച്ചിട്ടില്ല, ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു”. ഇതു കൂടാതെ അവൻ്റെ സഹോദരൻ്റെ കുറവുകളിലും അവൻ മുഴുകിയിരുന്നു. “ഈ നിൻ്റെ മകൻ നിൻ്റെ പണം പാഴാക്കി കളഞ്ഞിരിക്കുന്നു” (ലൂക്കോസ് 15: 29-32). ആ പിതാവിനെപ്പോലെ ദൈവവും നമ്മോടു പറയുന്നു, “എനിക്കുള്ളതെല്ലാം നിൻ്റേതാണ്”. യേശുവിലുള്ളതെല്ലാം നമ്മുടേതാണ്- അവിടുത്തെ നിർമ്മലത മുഴുവൻ, അവിടുത്തെ നന്മയെല്ലാം, അവിടുത്തെ സകല ക്ഷമ, അവിടുത്തെ മുഴുവൻ താഴ്മ തുടങ്ങിയവ.

ഈ കഥയിൽ നിന്നു നമുക്കു പഠിക്കുവാനുള്ള പാഠം ഇത്രമാത്രം: എല്ലായ്പോഴും ദൈവകൃപാധാനത്തിൽ മുഴുകപ്പെട്ടവരായിരിക്കുക, നിങ്ങളുടെ തന്നെ നൈപുണ്യത്താലോ, സഹവിശ്വാസികളുടെ പരാജയങ്ങളാലോ അല്ല.

കൃപയിലും കർത്താവായ യേശുക്രിസ്തുവിൻ്റെ പരിജ്ഞാനത്തിലും വളരുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം (2 പത്രൊസ് 3:18). 2കൊരി 8: 9 ൽ നിന്ന് കൃപയ്ക്ക് മറ്റൊരു നിർവചനം ലഭിക്കുന്നു. “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവൻ്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന് നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലൊ”. നമ്മുടെ ജീവിതത്തിലും കൃപ ചെയ്യുന്ന ഒരു കാര്യം ഇതാണ്. നാം ചെറുതാകാനും ആരാലും അംഗീകരിക്കപ്പെടാത്തവരായിരിക്കാനും, മറ്റുള്ളവരാൽ നിന്ദിക്കപ്പെട്ടവരായിരിക്കാൻ പോലും, മറ്റുള്ളവരുടെ ദൃഷ്ടിയിൽ ദരിദ്രരായിരിക്കാനും നാം തയ്യാറായിരിക്കും, എന്നാൽ മാത്രമേ ആവശ്യത്തിലിരിക്കുന്ന ലോകത്തിന് ഒരനുഗ്രഹമായിരിക്കുവാൻ നമുക്കു കഴിയുകയുള്ളു. യേശു നന്മ ചെയ്തു കൊണ്ട് സഞ്ചരിച്ചു, കാരണം അവിടുന്ന് തൻ്റെ പിതാവിൽ നിന്നു കൃപ പ്രാപിച്ചു (അപ്പൊ.പ്ര 10:38). കൃപയ്ക്ക് നിങ്ങൾക്കു വേണ്ടിയും ചെയ്യാൻ കഴിയുന്നത് ഇതാണ്- മറ്റുള്ളവർക്ക് നിങ്ങളെ ഒരു അനുഗ്രഹമാക്കി തീർക്കുന്നു.

യേശു പ്രയാസമുള്ള ഒരു സാഹചര്യത്തെ നേരിട്ടു കൊണ്ടിരുന്നപ്പോൾ, “പിതാവേ ഈ നാഴികയിൽ നിന്ന് എന്നെ രക്ഷിക്കണമെ” എന്ന് അവിടുന്ന് പ്രാർത്ഥിച്ചില്ല, എന്നാൽ അതിലുപരി “പിതാവേ അവിടുത്തെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നു പ്രാർത്ഥിച്ചു (യോഹന്നാൻ 12:27). പ്രയാസമുള്ള ഒരു സാഹചര്യത്തിൽ നിങ്ങളും അനായസകരമായ ഒരു ജീവിതത്തിനായി അന്വേഷിക്കരുത്, എന്നാൽ ദൈവം മഹത്വീകരിക്കപ്പെടുന്ന ഒരു ജീവിതത്തിനായി അന്വേഷിക്കുക, നിങ്ങൾക്ക് എന്തു വില കൊടുക്കേണ്ടി വന്നാലും. നിങ്ങളോടു കൂടെ ആക്കിയിരിക്കുന്ന പ്രയാസമുണ്ടാക്കുന്ന ആളുകളെയോ നിങ്ങളായിരിക്കുന്ന ചുറ്റുപാടുകളേയോ മാറ്റുവാൻ ദൈവത്തോട് ആവശ്യപ്പെടരുത്. ആ സാഹചര്യങ്ങളിൽ നിങ്ങളെ വ്യത്യാസപ്പെടുത്തുവാൻ അവിടുത്തോട് യാചിക്കുക. അങ്ങനെയുള്ള പ്രാർത്ഥനയിൽ തുടരുന്നവർ കൃപയിൽ വളരും – അവരുടെ എല്ലാ ഭൂതകാല പരാജയങ്ങൾക്കും പകരം അവർ യഥാർത്ഥ വിശുദ്ധന്മാരായി വളരും. “എൻ്റെ കൃപ നിനക്കു മതി” (2കൊരി 12:9) എന്ന വാഗ്ദത്തത്തെ കുറിച്ചു ചിന്തിക്കുക. നിങ്ങൾക്കു നിർവഹിക്കാനുള്ള ഓരോ ദൗത്യത്തിനും ദൈവകൃപ മതിയായതാണ്, അതുപോലെ ഏതു കാലത്തും നിങ്ങൾക്കു നേരിടേണ്ടി വരുന്ന ഓരോ ശോധനയ്ക്കും പ്രശ്നത്തിനും അതു മതിയായതാണ്.