സാക് പുന്നൻ
നാം വിളിക്കപ്പെട്ടിരിക്കുന്നത് കർത്താവിനാൽ അനുഗ്രഹിക്കപ്പെടുവാനും തന്മൂലം ഈ ഭൂമിയിൽ വച്ച് നാം കണ്ടുമുട്ടുന്ന ഓരോ കുടുംബത്തിനും (ഓരോ വ്യക്തിക്കും) ഒരു അനുഗ്രഹമായിരിക്കേണ്ടതിനുമാണ്. ഗലാത്യർ 3:13,14 പറയുന്നത് അബ്രാഹാമിൻ്റെ അനുഗ്രഹം പരിശുദ്ധാത്മ ദാനത്തിലൂടെ നമ്മുടേതായി തീരേണ്ടതിന് ക്രിസ്തു ക്രൂശിൽ നമുക്കു വേണ്ടി ശാപമായി തീർന്നു എന്നാണ്. ആ അനുഗ്രഹം നാം കാണുന്നത് ഉൽപത്തി 12:2,3 വാക്യങ്ങളിലാണ്. അവിടെ ദൈവം അബ്രാഹാമിനോട് ഇപ്രകാരം പറഞ്ഞു, “ഞാൻ നിന്നെ അനുഗ്രഹിക്കുകയും ഭൂമിയിലുള്ള സകല കുടുംബങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടുകയും ചെയ്യും”. അതുകൊണ്ടാണ് നാം ദൈവത്തോട്, അവിടുത്തെ പരിശുദ്ധാത്മാവിനാൽ തുടർമാനം നിറയ്ക്കപ്പെടേണ്ടതിന് ചോദിക്കേണ്ടത്.
ഇതു നിങ്ങളുടെ ജന്മാവകാശമാണ് (പിതൃസ്വത്ത്) അതുകൊണ്ട് അത് അവകാശപ്പെടുകയും എപ്പോഴും അതിൽ ജീവിക്കുകയും ചെയ്യുക. നിങ്ങളുടെ അനുഗ്രഹം ഒഴുകാനുള്ള ചാനൽ (നീർച്ചാല്) തടസ്സങ്ങളില്ലാതെ ഇരിക്കേണ്ടതിന്, മാനസാന്തരത്തിലൂടെയും പാപം ഏറ്റു പറയുന്നതിലൂടെയും നിങ്ങളുടെ മനസാക്ഷി നിർമ്മലമായി സൂക്ഷിക്കുക.
ഒന്നാമതായി, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളെ അനുഗ്രഹിക്കാൻ ദൈവം ആഗ്രഹിക്കുന്നു- ആത്മീയവും, ഭൗതികവും, ശാരീരികവും, വിദ്യാഭ്യാസ പരവും, ഔദ്യോഗികവും, മറ്റെല്ലാ കാര്യങ്ങളിലും. ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ ഇവയാണ്: നീ ചെയ്യുന്നതെല്ലാം അഭിവൃദ്ധി പ്രാപിക്കും (സങ്കീ.1:3) കൂടാതെ നീ ചെയ്യുന്ന ഓരോ കാര്യത്തിലും നിനക്ക് ശുഭഫലം ഉണ്ടാകും (യോശു : 1:8). ഈ പുതിയ ഉടമ്പടി യുഗത്തിൽ, നിന്നെ വിജയശ്രീലാളിതൻ ആക്കാനും ദൈവം ആഗ്രഹിക്കുന്നു, ആദ്യം നിങ്ങളുടെ ആത്മീയ ജീവിതത്തിൽ, പിന്നീട് ഭൗതിക കാര്യങ്ങളിലും- പഴയ ഉടമ്പടി കാലത്ത് അവർ ഭൗതിക അനുഗ്രഹങ്ങളാൽ മാത്രം അനുഗ്രഹിക്കപ്പെട്ടതു പോലെ അല്ല.
രണ്ടാമത്, നിങ്ങളുടെ ജീവിതത്തിലൂടെ മറ്റുള്ളവരെ അനുഗ്രഹിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അവർക്ക് നിങ്ങളിൽ ദൈവത്തിൻ്റെ ജീവൻ്റെ ചില കാര്യങ്ങൾ രുചിക്കാൻ കഴിയണം. അതിൻ്റെ ഫലം, ചിലർക്ക് നിങ്ങൾ “ഒരു ജീവൻ്റെ വാസനയും” മറ്റു ചിലർക്ക് (ദൈവത്തെ നിരസിക്കുന്നവർക്ക്) നിങ്ങൾ “ഒരു മരണത്തിൻ്റെ വാസനയും” ആയിരിക്കും (2കൊരി. 2:16).
ഇതെല്ലാം നിറവേറപ്പെടേണ്ടതിന്, നിങ്ങൾ വലിയ ആകാംക്ഷയോടെ നിരന്തരമായി പരിശുദ്ധാത്മാവിനാൽ നിറയപ്പെടേണ്ടതിന് അന്വേഷിക്കണം.
ഭൗമികമായി നമുക്കുള്ള ജോലി നമ്മുടെ ജീവസന്ധാരണത്തിനുള്ള ഒരു മാർഗ്ഗം മാത്രമാണ്, അതുവഴി സാമ്പത്തികമായും മറ്റാരെയും ആശ്രയിക്കാതെ നമുക്ക് കർത്താവിനെ സേവിക്കാൻ കഴിയണം. എന്നാൽ ഈ ഭൂമിയിലെ നമ്മുടെ ഈ ഒരു ചെറിയ ജീവിതത്തിൽ കഴിയുന്നത്ര ആളുകൾക്ക് നമ്മളാൽ കഴിയുന്ന വിധം ഒരു അനുഗ്രഹമായിരിക്കാൻ നാം ആഗ്രഹിക്കണം.
ഇന്ത്യയിലെ പ്രശസ്തരായ പ്രാസംഗികർ സാധാരണയായി വലിയ നഗരങ്ങളിൽ മാത്രമാണ് പ്രസംഗിക്കുന്നത്. ഗ്രാമങ്ങളിലുള്ള ദരിദ്രരായ (നിരക്ഷരരും) സാധുക്കളോടു കൂടെ ഇരിക്കാൻ അവർ സമയം കണ്ടെത്താറില്ല. അതുകൊണ്ട് ഇന്ത്യയിലെ ഗ്രാമങ്ങളിലുള്ള സാധുക്കളായ ആളുകളെ ശുശ്രൂഷിക്കാനുള്ള പ്രത്യേക അവകാശവും മാന്യതയും ദൈവം ഞങ്ങൾക്കു നൽകിയിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഇവിടെ വിജയകരമായ ഒരു ജീവിതത്തിൻ്റെ സുവിശേഷം ഞാൻ പ്രസംഗിക്കുകയും കർത്താവ് അവിടെ സഭകളെ സ്ഥാപിക്കുകയും ചെയ്യുന്നു. എൻ്റെ ഭാര്യ അവിടെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമായി ചികിത്സാലയം നടത്തുന്നു. ഈ ആളുകളെ ശുശ്രൂഷിച്ചതിലൂടെ ഞങ്ങൾ രണ്ടു പേരും ധാരാളമായി അനുഗ്രഹിക്കപ്പെടുന്നു.
ഞങ്ങളുടെ ടേപ്പുകളും പുസ്തകങ്ങളും ദൈവം കൊണ്ടെത്തിച്ചിട്ടുള്ള സ്ഥലങ്ങൾ കാണുന്നത് ആശ്ചര്യകരമാണ്. അവയെല്ലാം ഓരോ ഭൂഖണ്ഡത്തിലും പോയിരിക്കുന്നു- ഭൂമിയുടെ അറ്റത്തോളം (അപ്പൊ.പ്ര.1:8). അനേകം പ്രാസംഗികർ ഞങ്ങളുടെ പുസ്തകങ്ങളിലും ടേപ്പുകളിലുമുള്ള കാര്യങ്ങൾ അവരുടെ സഭകളിൽ നൽകുന്ന അവരുടെ സ്വന്തം സന്ദേശങ്ങളിൽ ഉപയോഗിക്കാറുമുണ്ട്. അങ്ങനെ എനിക്ക് ഒരിക്കലും പോകാൻ പറ്റാത്ത സഭകളിലും, വചനം എത്തുന്നുണ്ട്. അതിനായി ദൈവത്തെ സ്തുതിക്കുന്നു. ഞങ്ങളുടെ പുസ്തകങ്ങളും മറ്റും സൗജന്യമായി ഉപയോഗിക്കാൻ ഞങ്ങൾ ആളുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്. അതിലൂടെ പണം ഉണ്ടാക്കുന്ന കാര്യം അന്വേഷിക്കാതെ അവർ അത് ജീവിതത്തിൽ പ്രായോഗികം ആക്കുന്നിടത്തോളം.
സ്ഥിരമായി പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടേണ്ടതിനും പ്രവചനവരത്തിനുമായി (നിങ്ങളുടെ ശ്രോതാക്കളുടെ ആവശ്യമനുസരിച്ചുള്ള വചനം സംസാരിക്കാനുള്ള കഴിവ്) കർത്താവിനെ അന്വേഷിക്കുക. പ്രവചനവരത്തിനായി ചോദിക്കുന്നതു നിഗളമാണെന്ന് ചിന്തിക്കരുത്. അങ്ങനെയാണ് സാത്താൻ ആളുകളെ കബളിപ്പിക്കുന്നത്. പരിശുദ്ധാത്മാവ് ഒരോ വിശ്വാസിയെയും പ്രവചനവരം വാഞ്ച്ഛിക്കേണ്ടതിന് ഉത്സാഹിപ്പിക്കുന്നു (1 കൊരി. 14:1). അതു കൊണ്ട് ഈ വരത്തിനായി അന്വേഷിക്കുക. നിങ്ങൾക്ക് ആവശ്യമുള്ളത്- ഏതു മേഖലയിലായാലും- ദൈവത്തോടു ചോദിക്കുന്നില്ലെങ്കിൽ അതു നിങ്ങൾക്കു ലഭിക്കുകയില്ല. ഭൗതിക ആവശ്യങ്ങൾ, ബുദ്ധിശക്തി, ജോലിയിലുള്ള ചില പ്രശ്നങ്ങൾക്കോ അല്ലെങ്കിൽ പൊതുവായുള്ള ഏതു പ്രശ്നത്തിനുമോ ഉള്ള പരിഹാരം, ഇവയ്ക്കെല്ലാം വേണ്ടി ചോദിക്കാൻ നിങ്ങൾ ധൈര്യമുള്ളവരായിരിക്കണം. നാം പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ ദൈവം അനുവദിക്കുന്നത് അതിനുള്ള പരിഹാരത്തിനായി നാം അവിടുത്തെ അടുത്തേക്ക് ചെല്ലേണ്ടതിനാണ്. യേശു നിശ്ചലമാക്കാത്ത (ശാന്തമാക്കാത്ത) കൊടുങ്കാറ്റുകളെ ഒരിക്കലും നാം അഭിമുഖീകരിക്കുന്നില്ലെങ്കിൽ, ജീവിതം എത്ര വിരസമായിരിക്കും! അതുകൊണ്ട്, ചോദിക്കുക- നിങ്ങളുടെ സന്തോഷം പൂർണ്ണമാകേണ്ടതിന് ചോദിച്ചു കൊണ്ടേയിരിക്കുക.