താപനിലയം

പ്രസംഗികളുടെ പ്രഭുവായ സി.എച്ച്. സര്‍ജന്‍ സ്ഥിരമായി ഞായറാഴ്ച പ്രസംഗിക്കുന്ന ലണ്ടനിലെ പള്ളിയിലേക്ക് ഒരു ഞായറാഴ്ച രാവിലെ അഞ്ചു യുവാക്കള്‍ വന്നു. ശുശ്രൂഷ ആരംഭിക്കുന്നതിനു വളരെ നേരത്തെയാണ് അവര്‍ എത്തിയത്. അവര്‍ പള്ളിയില്‍ എത്തിയപ്പോള്‍ അവരെ സ്വാഗതം ചെയ്യുവാന്‍ ഒരു മനുഷ്യന്‍ മുന്നോട്ടു വന്നു. അദ്ദേഹം യുവാക്കളോടു ചോദിച്ചു. ”ഞാന്‍ നിങ്ങളെ ഈ പള്ളിയുടെ താപനിലയത്തിന്റെ അടുത്തേക്കു കൊണ്ടുപോകട്ടെ?”

അതൊരു ചൂടുള്ള ദിവസമായിരുന്നു. എന്നിട്ടും ഈ മനുഷ്യന്‍ എന്തിനാണു താപനിലയം കാണിക്കുവാന്‍ ഒരുങ്ങുന്നതെന്ന് അവര്‍ സംശയിച്ചു. പക്ഷേ പ്രത്യേകിച്ചും മറ്റൊന്നും ചെയ്യുവാന്‍ ഇല്ലാതിരുന്നതുകൊണ്ട് ”ശരി പോയേക്കാം” എന്നവര്‍ പറഞ്ഞു. അദ്ദേഹം അവരെ പള്ളിയുടെ നിലവറയിലേക്കാണ് കൊണ്ടുപോയത്. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ”ഇതാണ് ഞങ്ങളുടെ താപനിലയം”

യുവാക്കള്‍ നോക്കിയപ്പോള്‍ അവിടെ എഴുന്നൂറു പേരോളം വരുന്ന ജനം ശുശ്രൂഷകളുടെ അനുഗ്രഹത്തിനായി മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു. അവരായിരുന്നു ആ പള്ളിയുടെ താപനിലയം!. യുവാക്കള്‍ അത്ഭുതത്തോടെ മുകളിലേക്ക് തിരികെ നടന്നു വരുമ്പോള്‍ അവരെ ആ ബേയ്‌സ്‌മെന്റിലേക്ക് കൊണ്ടുപോയ മനുഷ്യന്‍ തന്നെ ത്തന്നെ ഇങ്ങനെ പരിചയപ്പെടുത്തി. ”എന്റെ പേര് സി.എച്ച്. സ്പര്‍ജന്‍”.

ദൈവിക ശുശ്രൂഷയ്ക്ക് ചൂടുപകരുന്നത് പ്രാര്‍ത്ഥനയാണ്”. ഭൂമിയില്‍ വച്ചു നിങ്ങള്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാല്‍ അതു സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിങ്കല്‍ നിന്നും അവര്‍ക്കു ലഭിക്കും” (മത്താ. 18:19).