സാക് പുന്നന്‍
അപ്പൊസ്തലനായ പൗലൊസിൻ്റെ ജീവിതത്തിൽ നിന്ന് ആത്മ നിറവുള്ള ജീവിതത്തിൻ്റെ നാലു സവിശേഷ ഗുണങ്ങൾ നമുക്കു നോക്കാം.
1. പൂർണ്ണ തൃപ്തി: ആത്മ നിറവുള്ള ജീവിതം ഒന്നാമതായി പൂർണ്ണ തൃപ്തിയുള്ള ഒരു ജീവിതമാണ്. ഫിലി. 4:11 ൽ പൗലൊസ് ഇപ്രകാരം പറയുന്നു, ” ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ ഞാൻ തൃപ്തനാണ് “. അത്തരത്തിലുള്ള തൃപ്തി അതിൻ്റെ കൂടെ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും നിറവു കൂടി കൊണ്ടു വരുന്നു. അതുകൊണ്ട് പൗലൊസ് ഇതേ അദ്ധ്യായത്തിൻ്റെ 4ഉം 7ഉം വാക്യങ്ങളിൽ സന്തോഷത്തെയും സമാധാനത്തെയും കുറിച്ചു പറയുന്നു. നമ്മോടുള്ള ദൈവത്തിൻ്റെ എല്ലാ ഇടപാടുകളിലും നാം പൂർണ്ണ തൃപ്തരാകുമ്പോൾ മാത്രമേ നമുക്ക് അവിടുത്തെ സ്തുതിക്കാൻ കഴിയൂ. പരമാധികാരിയും അതുകൊണ്ടുതന്നെ നമുക്കു നേരിടുന്ന എല്ലാ കാര്യങ്ങളെയും നമ്മുടെ നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കാൻ കഴിവുള്ളവനുമായ (റോമ: 8:28) ദൈവത്തിൽ നാം വിശ്വസിക്കുമെങ്കിൽ, അപ്പോൾ നമുക്ക് എല്ലാ സാഹചര്യങ്ങളിലും യഥാർത്ഥ തൃപ്തരായിരിക്കുവാൻ കഴിയും. അപ്പോൾ നമുക്ക് ഹബക്കുക്കിനെ പോലെ, യഹോവയെ സ്തുതിക്കാൻ കഴിയും, നമ്മുടെ തോട്ടത്തിലുള്ള വൃക്ഷങ്ങൾ ഫലം കായ്ക്കാത്തപ്പോഴായാലും, നമ്മുടെ ആട്ടിൻ കൂട്ടം എല്ലാം നശിച്ചുപോയാലും, നാം ഭാരിച്ച സാമ്പത്തിക നഷ്ടം അനുഭവിച്ചാലും – അല്ലെങ്കിൽ ഏതു സാഹചര്യത്തിലായാലും ( ഹബക്കുക്ക് 3:17, 18 ) . എഫെ 5:18-20 വരെയുള്ള വാക്യങ്ങൾ സൂചിപ്പിക്കുന്നത് പരിശുദ്ധാത്മാവിൻ്റെ ആന്തരിക നിറവിൻ്റെ ഫലം ദൈവത്തോടുള്ള സ്തുതിയുടെ ബഹിർഗമനമാണ്. തന്നെ തടവിലാക്കി, അദ്ദേഹത്തിൻ്റെ കാൽ ആമത്തിലിട്ടു പൂട്ടിയപ്പോഴും അപ്പൊസ്തലനായ പൗലൊസിനു സന്തോഷിക്കാൻ കഴിഞ്ഞു (അപ്പൊ. പ്ര.16:26). അവിടെ പോലും അദ്ദേഹം തൃപ്തനായിരുന്നു തന്നെയുമല്ല പരാതി പറയുവാൻ ഒന്നും തന്നെ അദ്ദേഹം കണ്ടെത്തിയില്ല. ആത്മ നിറവുള്ള ജീവിതത്തിൻ്റെ ലക്ഷണങ്ങളിൽ ഒന്നാമത്തേത് ഇതാണ്. ഒരു ക്രിസ്ത്യാനിയിൽ പിറുപിറുപ്പ് കാണുമ്പോൾ, അതു സൂചിപ്പിക്കുന്നത് മരുഭൂമിയിൽ വച്ച് ദൈവത്തിനു വിരോധമായി പിറുപിറുത്ത യിസ്രായേല്യരെ പോലെ, അയാളും ഇപ്പോഴും വിജയകരമായ ജീവിതമെന്ന വാഗ്ദത്ത ദേശത്തു പ്രവേശിച്ചിട്ടില്ല എന്നതാണ്.
2. വിശുദ്ധിയിലുള്ള വളർച്ച: രണ്ടാമതായി ആത്മ നിറവുള്ള ജീവിതം വിശുദ്ധിയിൽ വളർച്ചയുണ്ടാകുന്ന ഒരു ജീവിതമാണ്. ഒരു മനുഷ്യൻ്റെ സ്വന്തം ജീവിതം വിശുദ്ധിയിൽ വർദ്ധിച്ചു വരുന്നതനുസരിച്ച് ദൈവത്തിൻ്റെ പരമമായ വിശുദ്ധിയെ കുറിച്ചുള്ള അവൻ്റെ ബോധവും വർദ്ധിക്കുന്നു. ഇവ രണ്ടും ഒരുമിച്ചു ചേർന്നു പോകുന്നു. വാസ്തവത്തിൽ ഒരു വ്യക്തിക്ക് ഒന്നാമതു പറഞ്ഞ കാര്യം ഉണ്ടോ എന്നതിൻ്റെ പരിശോധനകളിൽ ഒന്നാണ് രണ്ടാമതു പറഞ്ഞ കാര്യം. മാനസാന്തരപ്പെട്ടു കഴിഞ്ഞ് 25 വർഷങ്ങൾക്കു ശേഷവും പൗലൊസ് പറയുന്നു, “ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവൻ” ( 1 കൊരി. 5:9) . അടുത്ത 5 വർഷത്തിനു ശേഷം അദ്ദേഹം പറയുന്നു, “ഞാൻ സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ” ( എഫെ. 3:8). വീണ്ടും ഒരു വർഷം കഴിഞ്ഞ് അദ്ദേഹം പറയുന്നു, “ഞാൻ പാപികളിൽ ഒന്നാമൻ ആകുന്നു” ( ഞാൻ ആയിരുന്നു എന്നല്ല ഞാൻ ആകുന്നു എന്നാണ് എന്ന കാര്യം ശ്രദ്ധിക്കുക) (1 തിമൊ.1:15). ആ പ്രസ്താവനകളിൽ അദ്ദേഹത്തിൻ്റെ വിശുദ്ധിയിലുള്ള പുരോഗമനം നിങ്ങൾ കണ്ടോ? പൗലൊസ് ദൈവത്തോടു കൂടെയുള്ള നടപ്പിൽ എത്രകണ്ട് ദൈവത്തോട് അടുത്തോ അത്രകണ്ട് തൻ്റെ ജഡത്തിൻ്റെ മലിനതയെയും ദുഷ്ടതയെയും കുറിച്ച് താൻ ബോധവാനായിരുന്നു. തൻ്റെ ജഡത്തിൽ ഒരു നന്മയും വസിക്കുന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു (റോമ.7:18). ആത്മ നിറവുള്ള ഒരു മനുഷ്യൻ താൻ വിശുദ്ധിയിൽ വളരുന്നു എന്നൊരു മതിപ്പ് മറ്റുള്ളവരിൽ ഉളവാക്കുവാൻ വേണ്ടി മാത്രം ശ്രമിക്കുന്നവനല്ല, എന്നാൽ വാസ്തവത്തിൽ അവൻ അങ്ങനെ തന്നെയാണ്. തന്നെ വിശുദ്ധനാക്കി തീർത്തേക്കാം എന്ന് കരുതുന്ന അനുഭവങ്ങളെ കുറിച്ച് അയാൾ സാക്ഷ്യം പറയുകയോ അല്ലെങ്കിൽ അവൻ്റെ വിശുദ്ധീകരണത്തിൻ്റെ വേദശാസ്ത്രം മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യാറില്ല. മറ്റുള്ളവർ സ്വമേധയാ അയാളുടെ അടുക്കൽ വന്ന് അയാളോട് അദ്ദേഹത്തിൻ്റെ ജീവിത രഹസ്യം എന്താണെന്നു ചോദിക്കത്തക്കവിധമുള്ള ഒരു വിശുദ്ധി അയാളുടെ ജീവിതത്തിലുണ്ടായിരിക്കും. ജെ .ബി.ഫിലിപ്പ് പരിഭാഷപ്പെടുത്തിയതുപോലെ “മിഥ്യയല്ലാത്ത ഒരു വിശുദ്ധി” (എഫെ. 4:24) അയാൾക്കുണ്ടായിരിക്കും.
3. ക്രൂശിക്കപ്പെട്ട ഒരു ജീവിതം: മൂന്നാമതായി, ആത്മ നിറവുള്ള ജീവിതം ക്രൂശിക്കപ്പെട്ട ഒരു ജീവിതമാണ്. പൗലൊസ് പറഞ്ഞു “ഞാൻ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു” (ഗലാ. 2:20). ക്രൂശിൻ്റെ മാർഗ്ഗം ആത്മ നിറവിൻ്റെ മാർഗ്ഗമാണ്. യേശുവിനെ ക്രൂശിലേക്കു നയിച്ചതു പോലെ പരിശുദ്ധാത്മാവ് എപ്പോഴും നമ്മെയും ക്രൂശിലേക്കു നയിക്കും. പരിശുദ്ധാത്മാവും ക്രൂശും തമ്മിൽ വേർപിരിക്കാൻ പറ്റാത്തതാണ്. ബലഹീനതയുടെയും, അപമാനത്തിൻ്റെയും, മരണത്തിൻ്റെയും, പ്രതീകമാണ് ക്രൂശ്. അപ്പൊസ്തലനായ പൗലൊസിന് തൻ്റെ ജീവിതത്തിൽ ഭയം, ഉൽകണ്ഠ, സങ്കടം, കണ്ണുനീർ തുടങ്ങിയവ ഉണ്ടായിരുന്നു (2 കൊരി. 1:8; 4:8; 6:10; 7:5 ഇവ കാണുക). അദ്ദേഹത്തെ ഒരു ഭോഷനായും, മതഭ്രാന്തനായും കരുതി മറ്റുള്ളവരാൽ ലോകത്തിൻ്റെ ചവറു പോലെയും സകലത്തിൻ്റെയും അഴുക്കു പോലെയും കൈകാര്യം ചെയ്യപ്പെട്ടു (1 കൊരി 4:13). ഇവയെല്ലാം ആത്മ നിറവിനോടു പൊരുത്തപ്പെടാത്തവയല്ല, നേരേ മറിച്ച്, ദൈവം തന്നെ അവമാനത്തിൻ്റെയും, സ്വയജീവൻ്റെ മരണത്തിൻ്റെയും പാതയിലൂടെ അധികം അധികം താഴേയ്ക്ക് നയിക്കുന്നതായി ആത്മ നിറവുള്ള ഒരു മനുഷ്യൻ കണ്ടെത്തും.
4. തുടർമാനമായ വർദ്ധന: നാലാമതായി, നിറവിൻ്റെ ഉയർന്ന നിലകൾക്കായി തുടർ മാനം അന്വേഷിക്കുന്ന ഒരു ജീവിതമാണ് ആത്മ നിറവുള്ള ജീവിതം. താൻ രക്ഷിക്കപ്പെട്ടു കഴിഞ്ഞ് 30 വർഷങ്ങൾക്കു ശേഷം അദ്ദേഹം തൻ്റെ ജീവിതാന്ത്യത്തോട് അടുത്തു കൊണ്ടിരിക്കുമ്പോൾ പൗലൊസ് പറയുന്നു , “ഞാൻ മുന്നോട്ട് ആഞ്ഞു കൊണ്ടിരിക്കുന്നു” (ഫിലി.3:14). അദ്ദേഹം അപ്പോഴും നേടിക്കഴിഞ്ഞിരുന്നില്ല. ഇപ്പോഴും തൻ്റെ ജീവിതത്തിൽ, ദൈവാത്മാവിൻ്റെ കുറച്ചു കൂടി ഉയർന്ന ഒരു നിലയിലുള്ള നിറവിനായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്, അതു കൊണ്ടു തന്നെ തൻ്റെ ഓരോ ആത്മീയ പേശിയെയും ഈ ലക്ഷ്യത്തിലേക്ക് ആയാസപ്പെടുത്തുന്നു. “ഞാൻ തികഞ്ഞവനല്ല (പൂർണ്ണനല്ല )” ഫിലി. 3:12 ൽ അദ്ദേഹം പറയുന്നു. എന്നാൽ വാക്യം 15ൽ അദ്ദേഹം ഇതിൻ്റെ നേരേ എതിരായ കാര്യം പറയുന്നതായി തോന്നുന്നു: “നമ്മിൽ തികഞ്ഞവരൊക്കെയും ഇങ്ങനെ തന്നെ ചിന്തിച്ചുകൊൾക”. ഇതാണ് ആത്മ നിറവുള്ള ജീവിതത്തിൻ്റെ വിരോധാഭാസം -പൂർണ്ണമാണ് -എന്നാൽ പൂർണ്ണമല്ല, മറ്റു വാക്കുകളിൽ പറഞ്ഞാൽ, നിറഞ്ഞതും വീണ്ടും വർദ്ധിച്ച അളവിലുള്ള നിറവിനായി ആഗ്രഹിക്കുന്നതും. ആത്മ നിറവിൻ്റെ അവസ്ഥ നിശ്ചലമായി നിൽക്കുന്ന ഒന്നല്ല. നിറവിൻ്റെ കൂടുതൽ കൂടുതൽ ഉയർന്ന പടികൾ ഉണ്ട്. വേദപുസ്തകം പറയുന്നത് പരിശുദ്ധാത്മാവു നമ്മെ തേജസ്സിൻ്റെ ഒരു നിലയിൽ നിന്ന് കുറച്ചു കൂടി ഉയർന്ന മറ്റൊന്നിലേക്കു നയിക്കുന്നു എന്നാണ് (2കൊരി.3:18) – അല്ലെങ്കിൽ, മറ്റു വാക്കുകളിൽ പറഞ്ഞാൽ, നിറവിൻ്റെ ഒരു പടിയിൽ നിന്ന് മറ്റൊന്നിലേക്ക്. ഒരു കപ്പിന് വെള്ളം കൊണ്ടു നിറഞ്ഞിരിക്കാൻ കഴിയും, അതു തന്നെ ഒരു ബക്കറ്റിനു കഴിയും, ഒരു ടാങ്കിനും, ഒരു നദിക്കും കഴിയും. എന്നാൽ ഒരു കപ്പ് നിറഞ്ഞിരിക്കുന്നതും ഒരു നദി നിറഞ്ഞിരിക്കുന്നതും തമ്മിൽ വളരെ വലിയ ഒരു വ്യത്യാസമുണ്ട്.
കൂടുതൽ വർദ്ധിച്ച ഒരളവിൽ നമ്മെ നിറയ്ക്കാൻ അവിടുത്തേക്കു കഴിയേണ്ടതിന്, ഉൾക്കൊള്ളാനുള്ള നമ്മുടെ ശേഷി വർദ്ധിപ്പിക്കുവാൻ പരിശുദ്ധാത്മാവ് നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണ് ക്രൂശ് വരുന്നത്. നമ്മുടെ ജീവിതത്തിൽ നിരന്തരമായി നാം ഈ ക്രൂശ് സ്വീകരിക്കുമെങ്കിൽ, നമ്മുടെ കപ്പ് ബക്കറ്റ് ആയി തീരുന്നതും, നമ്മുടെ ബക്കറ്റ് ഒരു ടാങ്ക് ആയി തീരുന്നതും, നമ്മുടെ ടാങ്ക് ഒരു നദിയായി തീരുന്നതും , നദി അനേകം നദികളായി തീരുന്നതും നാം കാണും. ഓരോ ഘട്ടത്തിലും ഉൾക്കൊള്ളാനുള്ള നമ്മുടെ ശേഷി വർദ്ധിക്കുന്നു, വീണ്ടും നിറയപ്പെടേണ്ട ആവശ്യം നമുക്കുണ്ടാകുന്നു. അങ്ങനെ, “എന്നിൽ വിശ്വസിക്കുന്നവൻ്റെ ഉള്ളിൽ നിന്നു ജീവജലത്തിൻ്റെ നദികൾ ഒഴുകും” എന്ന് കർത്താവായ യേശു പറഞ്ഞ വാഗ്ദത്തം നമ്മിൽ നിറവേറപ്പെടും (അവിടുന്ന് പരിശുദ്ധാത്മാവിനെ കുറിച്ചാണ് പറഞ്ഞത്) (യോഹ. 7:38, 39 – എൽ ബി ) .