ദൈവം അവിടുത്തെ തീക്ഷ്ണത നിമിത്തം ഫീനെഹാസിനെ മാനിച്ചു – WFTW 16 ഓഗസ്റ്റ് 2020

സാക് പുന്നന്‍

ദൈവ ഭവനത്തെ വേർതിരിച്ചറിയുവാൻ കഴിയുന്ന ഒരു ലക്ഷണമാണ് സ്വയ-ന്യായവിധി.  സ്വയ-ന്യായവിധി എന്നത് ദൈവത്തിൻ്റെ മുമ്പാകെ ജീവിക്കുന്നതിൻ്റെ ഫലമായുണ്ടാകുന്നതാണ്. യെശയ്യാവ്, ഇയ്യോബ്, യോഹന്നാൻ ഇവരെല്ലാവരും ദൈവത്തെ കണ്ടപ്പോൾ അവരുടെ തന്നെ ഒന്നുമില്ലായ്മയെയും, പാപത്തെയും കണ്ടു (യെശയ്യാ 6:5; ഇയ്യോബ് 42:5, 6 ; വെളിപ്പാട് 1:17 എന്നീ വാക്യങ്ങൾ കാണുക).

ആദാമും ഹവ്വയും ദൈവത്തിൻ്റെ വിശുദ്ധിയെ ലംഘിച്ചപ്പോൾ, അവർ ഏദനിൽ നിന്നു പുറത്താക്കപ്പെട്ടു. അനന്തരം ദൈവം ജീവ വൃക്ഷത്തെ കാക്കുന്നതിന് ജ്വലിക്കുന്ന ഒരു വാളുമായി കെരൂബുകളെ അതിൻ്റെ മുമ്പിൽ നിർത്തി. ഈ ജീവവൃക്ഷം പ്രതിനിധീകരിക്കുന്നത് യേശു വന്ന് നമുക്കു നൽകിയ നിത്യ ജീവനെ (ദിവ്യ സ്വഭാവം) ആണ്. വാൾ ദൃഷ്ടാന്തീഭവിപ്പിക്കുന്നത്, നമുക്ക് ദിവ്യ ജീവൻ്റെ പങ്കാളികളാകാൻ കഴിയുന്നതിനു മുമ്പ് , നമ്മുടെ സ്വയ ജീവനെ ഇല്ലാതെയാക്കേണ്ട ക്രൂശിനെയാണ്, ആ വാൾ ആദ്യം വീണത് യേശുവിന്മേൽ ആണ് എന്നതു സത്യമാണ്. എന്നാൽ നാമും ക്രിസ്തുയേശുവിനോട് കൂടെ ക്രൂശിക്കപ്പെട്ടു (ഗലാ.2:20). “ക്രിസ്തു യേശുവിനുള്ളവർ ജഡത്തെ അതിൻ്റെ രാഗമോഹങ്ങളോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു” (ഗലാ.5:24).

ആ കെരൂബുകളെ പോലെ, ഒരു സഭയിലുള്ള മൂപ്പന്മാർ ഈ വാൾ വീശിക്കൊണ്ട് ദിവ്യ ജീവനിലേക്കുള്ള ഒരേ ഒരു വഴി ജഡത്തിൻ്റെ മരണത്തിലൂടെയാണ് എന്ന് പ്രഘോഷിക്കേണ്ടതുണ്ട്. ദൈവത്തോടുള്ള കൂട്ടായ്മയിലേക്ക് മടങ്ങി വരാനുള്ള വഴി ഈ വാളിലൂടെയാണ്. ഈ വാൾ വീശാതിരിക്കുന്നതുകൊണ്ടാണ് ഇന്നു മിക്ക സഭകളും ഒത്തുതീർപ്പുകാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നതും സഭകൾ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഒരു പ്രദർശനങ്ങളായിരിക്കുന്നത് നിന്നു പോയതും.

സംഖ്യാ. 25:1ൽ, യിസ്രായേല്യർ “മോവാബ്യ സ്ത്രീകളുമായി വ്യഭിചാരത്തിലേർപ്പെട്ട” ഒരു സമയത്തെ കുറിച്ചു നാം വായിക്കുന്നു. യിസ്രായേല്യരിൽ ഒരുവൻ ഒരു മോവാബ്യ സ്ത്രീയെ തൻ്റെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുവരിക പോലും ചെയ്തു (സംഖ്യാ .25:6). എന്നാൽ അന്ന് ഒരു പുരോഹിതൻ യിസ്രായേൽ രാഷ്ട്രം മുഴുവനായി നശിപ്പിക്കപ്പെടുന്നതിൽ നിന്ന് അതിനെ രക്ഷിച്ചു – ഫീനെഹാസ് പെട്ടെന്നു തന്നെ ഒരു കുന്തം എടുത്ത് ആ കൂടാരത്തിനുള്ളിൽ കടന്ന് ആ പുരുഷനേയും സ്ത്രീയേയും കൊല്ലത്തക്കവിധം ദൈവമാനത്തെ കുറിച്ച് അത്ര എരിവുള്ളവനായിരുന്നു (സംഖ്യാ.25: 7,8). അപ്പോൾ ദൈവം ബാധ നിർത്തൽ ചെയ്തു (സംഖ്യാ.25:9) എന്നാൽ അതിനോടകം, 24000 ആളുകൾ കൊല്ലപ്പെട്ടു കഴിഞ്ഞു. ആ ഒരു കെരൂബ് അന്ന് ഒരു വാൾ വീശിയില്ലായിരുന്നെങ്കിൽ, യിസ്രായേൽ പാളയത്തെ മുഴുവൻ കൊല്ലത്തക്കവിധം ആ ബാധ അത്ര വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഓരോ സഭയിലും “വാളുമായി ഒരു കെരൂബ്” ഉണ്ടായിരിക്കുന്നത് എത്ര വിലയുള്ള കാര്യമാണെന്നു നിങ്ങൾ കണ്ടോ?

ഇന്ന് ക്രൈസ്തവ ഗോളത്തിൽ വളരെ വേഗത്തിൽ ബാധ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്, കാരണം വാൾ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് അറിയാവുന്ന ഫീനെഹാസുമാർ സഭയിൽ വേണ്ടത്ര ഇല്ല. വളരെയധികം മുപ്പന്മാരും പ്രാസംഗികരും “മിദ്യാന്യരെ സ്നേഹിക്കുവാനായി” നമ്മെ നിരന്തരമായി ഉത്സാഹിപ്പിക്കുന്നവരും മനുഷ്യരെ പ്രസാദിപ്പിക്കുന്നവരും ആണ്. സഭയിൽ നാം വാൾ ഉപയോഗിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് കാണിക്കുന്നതിന് നൂറു കണക്കിനു വാദങ്ങൾ പിശാച് നമുക്കു തരും. അവൻ്റെ വാദങ്ങളെ ന്യായീകരിക്കുവാൻ തിരുവചനം പോലും അവൻ ഉദ്ധരിക്കും- അവൻ യേശുവിനോടു തിരുവചനം ഉദ്ധരിച്ചതുപോലെ.

വാൾ ഉപയോഗിച്ചതുകൊണ്ട് ഫീനെഹാസിന് വ്യക്തിപരമായി എന്തു നേട്ടമാണ് ഉണ്ടാകാമായിരുന്നത്? ഒന്നുമില്ല. മറിച്ച്, അവനു നഷ്ടപ്പെടാൻ വളരെ ഉണ്ടായിരുന്നു – പ്രത്യേകിച്ച് അവൻ ദയാലുവും സൗമ്യതയുള്ളവനും ആണെന്ന ഒരു പ്രശസ്തി!! അവൻ കൊന്ന മനുഷ്യൻ്റെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള അനേകം ദൂഷണങ്ങൾക്കും കോപത്തിനും അവൻ പാത്രീഭൂതനായി തീർന്നിരിക്കാം. എന്നാൽ ഫീനെഹാസിനെ അതിന് പ്രേരിപ്പിച്ചത് ദൈവനാമത്തിൻ്റെ മഹത്വവും മാനവുമാണ്. ഫീനെഹാസിൻ്റെ ശുശ്രൂഷയുടെ മേൽ ദൈവം തൻ്റെ അംഗീകാരത്തിൻ്റെ മുദ്ര പതിപ്പിച്ചത് ഇങ്ങനെ പറഞ്ഞു കൊണ്ടാണ്, “അവൻ എൻ്റെ തീക്ഷ്ണതയോട് തീക്ഷ്ണതയുള്ളവനായിരുന്നു” (സംഖ്യാ .25:11). അന്തിമ വിശകലനത്തിൽ ദൈവത്തിൻ്റെ അംഗീകാരത്തിൻ്റെ മുദ്ര മാത്രമാണ് കാര്യമായിട്ടുള്ളത്. യഹോവ ഫീനെഹാസിനെ കുറിച്ചു തുടർന്നു പറയുന്നു, “ആകയാൽ ഇതാ, ഞാൻ അവന് എൻ്റെ സമാധാന നിയമം കൊടുക്കുന്നു, കാരണം അവൻ തൻ്റെ ദൈവത്തിനു വേണ്ടി തീക്ഷ്ണതയുള്ളവനായിരുന്നു” (സംഖ്യാ.25: 12,13). ഇന്ന് അനേകം സഭകളിൽ സമാധാനമില്ല കാരണം അവർ മാനുഷികമായ ഒരു മാർഗ്ഗത്തിൽ സമാധാനത്തിനായി അന്വേഷിക്കുന്നു- ദൈവത്തിൻ്റെ വാൾ ഉപയോഗിക്കാതെ. അതിൻ്റെ ഫലം കലഹവും, മത്സരവും ആണ്. ക്രിസ്തുവിൻ്റെ സമാധാനം ഒരു വാളുകൊണ്ടാണ് (സ്വയത്തെ ഇല്ലായ്മ ചെയ്യുന്ന) വാങ്ങുന്നത്  – വീട്ടിലും സഭയിലും.

ഒരു സഭയിൽ നേതൃസ്ഥാനത്തുള്ളവർ ദൈവനാമത്തിൻ്റെ മാനത്തിനു വേണ്ടിയുള്ള ഒരു തീക്ഷ്ണതയാൽ എരിയണം, അവർക്കു സഭയെ നിർമ്മലതയിൽ സൂക്ഷിക്കണമെങ്കിൽ. ദയാലുവും ശാന്തനും ആണെന്ന പ്രശസ്തി ലഭിക്കുന്നതിനെപ്പറ്റി അവർ മറക്കുകയും ദൈവനാമത്തിൻ്റെ മഹത്വത്തെക്കുറിച്ചു മാത്രം വിചാരപ്പെടുന്നവർ ആയിരിക്കുകയും വേണം.

ദൈവനാമത്തിൻ്റെ മാനത്തിനു വേണ്ടി യേശുവിനുണ്ടായിരുന്ന വാഞ്ഛയാണ്, നാണയം മാറ്റുന്നവരെയും പ്രാവുകളെ വിൽക്കുന്നവരെയും ദേവാലയത്തിൽ നിന്ന് പുറത്താക്കുവാൻ അവിടുത്തെ പ്രേരിപ്പിച്ചത്. ദൈവത്തിൻ്റെ ആലയത്തെ കുറിച്ചുള്ള എരിവ് അവിടുത്തെ തിന്നുകളഞ്ഞു (യോഹ. 2:17). ക്രിസ്തുവിനെ പോലെ ആയി തീരുക എന്നതിൻ്റെ വലിയ ഒരു പങ്ക് ഇതാണ്. എന്നാൽ ക്രിസ്തുവിനെ പോലെ ആയിത്തീരുന്നത് ഒരുവനെ ജനപ്രിയനല്ലാത്തവനും തെറ്റിദ്ധരിക്കപ്പെടുന്നവനും ആക്കി തീർക്കുമെങ്കിൽ ആരാണ് ക്രിസ്തുവിനെ പോലെ ആയിരിക്കുവാൻ താൽപര്യപ്പെടുന്നത്?