(‘ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 1‘-ല്‍ നിന്ന് തുടര്‍ച്ച)
25 : പണവും കര്‍ത്താവിന്റെ വേലയും
ക്രിസ്തുവിന്റെ ശരീരമായ സഭയുടെ പണിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ പുസ്തകത്തില്‍ ആദ്യഅദ്ധ്യായത്തില്‍ത്തന്നെ സാമ്പത്തികകാര്യങ്ങളിലെ ഞങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത് എന്തിനാണെന്നു വായനക്കാര്‍ ചിന്തിച്ചേക്കാം. ഉത്തരത്തിനായി ലൂക്കോസ് 16ന്റെ 13ലെ യേശുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:”’രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ ഒരു ഭൃത്യനും കഴിയുകയില്ല….നിങ്ങള്‍ക്കു ദൈവത്തെയും
മാമോനെയും സേവിക്കുവാന്‍ കഴിയുകയില്ല.” നമ്മുടെ ജീവിതത്തിലെ യജമാനസ്ഥാനത്തിനായി മത്സരിക്കുന്ന ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് പണം. ദൈവരാജ്യത്തിലെ ഏറ്റവും വലിയ ശക്തി കൃപയാണെങ്കില്‍ ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തി പണമാണ്.
കര്‍ത്താവിന്റെ ശരീരത്തിന്റെ പണിയില്‍ ഞാന്‍ പങ്കാളി ആകണമെങ്കില്‍ പണസ്‌നേഹത്തില്‍ നിന്നു സ്വതന്ത്രനായിരിക്കണമെന്നു ഞാന്‍ മനസ്സിലാക്കി. എന്റെ വ്യക്തിപരവും ശുശ്രൂഷാപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ധനസമ്പാദനമാര്‍ഗ്ഗങ്ങളും ദൈവികമായിരിക്കേണ്ടതുണ്ട്. പല ക്രിസ്തീയപ്രവര്‍ത്തകരും ഈ കാര്യങ്ങളെക്കുറിച്ച് വേണ്ടവണ്ണം ചിന്തിച്ച് വിലയിരുത്താറില്ല.-അതുകൊണ്ടുതന്നെ എല്ലാവിധത്തിലും ഒത്തുതീര്‍പ്പുകാരായി അവര്‍ അവസാനിക്കുന്നു.’
പൂര്‍ണ്ണസമയ ക്രിസ്തീയ ശുശ്രൂഷകര്‍ അവരുടെ ജീവസന്ധാരണത്തിന് എങ്ങനെ പണം കണ്ടെത്തുന്നു എന്നത് കര്‍ത്താവിന്റെ വേലയില്‍ ഒരു സുപ്രധാന ഘടകമാണ്. ഞാന്‍ പൂര്‍ണ്ണസമയവും കര്‍ത്തൃശുശ്രൂഷയിലായിരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ, രണ്ടു സുപ്രധാനതീരുമാനങ്ങള്‍ എടുത്തു.
- എന്റെ സ്വര്‍ഗ്ഗീയപിതാവിനോടല്ലാതെ മറ്റാരോടും എന്റെ സാമ്പത്തികാവശ്യങ്ങള്‍ ഒരിക്കലും അറിയിക്കുകയില്ല.
- എന്റെ ആവശ്യങ്ങള്‍ എത്രയും പരിമിതമായിരിക്കത്തക്കവണ്ണം ലളിത ജീവിതം നയിക്കും. ദൈവകൃപയാല്‍ ഈ രണ്ട് തീരുമാനങ്ങളും ഇന്നുവരെ പാലിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.
ഗ്രാമങ്ങളിലുള്ള ദരിദ്രസഭകളിലെ വിശ്വാസികളുടെ ഇടയിലായിരുന്നു എന്റെ ക്രിസ്തീയശുശ്രൂഷയുടെ ഏറിയ പങ്കും. അവരില്‍ നിന്നും എന്തെങ്കിലും ദാനങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിച്ചു. അവര്‍ എന്നെക്കാള്‍ താണ സാമ്പത്തിക നിലവാരത്തിലുള്ളവരായതിനാലാണ് ഇപ്രകാരം പണം വാങ്ങാന്‍ ഞാന്‍ വിസമ്മതിച്ചത്. എന്നാല്‍ എന്നെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള ചിലര്‍ ചിലസന്ദര്‍ഭങ്ങളില്‍ എനിക്ക് സഹായം നല്‍കിയിരുന്നു. ഞാന്‍ അവിവാഹിതനായിരുന്ന സമയം മുഴുവന്‍ അങ്ങനെ പ്രതിമാസം എനിക്ക് ആവശ്യത്തിനുള്ള പണം ദാനമായി ലഭിച്ചിരുന്നു. എന്നാല്‍ വിവാഹിതനായി ഒരു കുഞ്ഞ് പിറന്നതിനുശേഷം എനിക്ക് ലഭിച്ചിരുന്ന പണം ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് തികയാതെ വന്നു.
കുടുംബത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ എങ്ങനെ നിറവേറ്റും എന്ന ചിന്ത എനിക്കുണ്ടായി. ഏതെങ്കിലും ഒരു ക്രിസ്തീയ സംഘടനയുടെ ശമ്പളക്കാരനാകാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ അവരുടെ അടിമയാകും എന്നത് ഉറപ്പായിരുന്നു. അതേ സമയം എന്റെ ആവശ്യങ്ങളെപ്പറ്റി സൂചന നല്‍കുന്ന കത്തുകള്‍ പലര്‍ക്കായി ഇടയ്ക്കിടെ അയയ്ക്കുന്ന കാര്യം എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. സാമ്പത്തിക ലാഭത്തിനായി സമ്പന്ന സഭകള്‍ സന്ദര്‍ശിക്കാനും എനിക്ക് താത്പര്യമില്ലായിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന ക്രിസ്തീയ പ്രസംഗകരെല്ലാം വലിയ പട്ടണങ്ങളില്‍ മാത്രം പ്രസംഗിക്കുന്നവരാണ്. ആഴമായ ക്രിസ്തീയ ശുശ്രൂഷ ഏറ്റവും അധികം ആവശ്യമായിരിക്കുന്നത് ഇന്ത്യയിലെ ഗ്രാമങ്ങളിലുള്ള ദരിദ്രരായ ജനങ്ങളുടെ ഇടയിലായതിനാല്‍ അവിടേയ്ക്ക് എന്നെ അയക്കുവാനാണ് ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചത്. അതുതന്നെ അവിടുന്ന് ചെയ്യുകയും ചെയ്തു.
എന്നാല്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടിയിരുന്നതിനാല്‍ ഞാന്‍ കൂടെക്കൂടെ പണത്തെപ്പറ്റിചിന്തിക്കുമായിരുന്നു. പൂര്‍ണ്ണസമയം കര്‍ത്താവിന്റെ വേലയ്ക്കായി വിളിക്കപ്പെട്ട ഒരാള്‍ കൂടെക്കൂടെ പണത്തെപ്പറ്റിചിന്തിച്ചുകൂടാ എന്ന സത്യം എന്നെ അലട്ടി. അവിവാഹിതനായി ജീവിക്കാന്‍ ദൈവത്താല്‍ വിളിക്കപ്പെട്ട ഒരുവന്‍ ലൈംഗിക ചിന്തകളില്‍ സദാമുഴുകിയിരിക്കുന്നതില്‍ ഒരു വൈരുദ്ധ്യമുള്ളതുപോലെയായി എന്റെ അവസ്ഥയും. ലൈംഗിക ചിന്തകളാല്‍ എരിയുന്ന ഒരു വ്യക്തി ഏകനായി ജീവിക്കാന്‍ വിളിക്കപ്പെട്ടവനല്ലെന്ന കാര്യം പോലെ മിക്കസമയത്തും സാമ്പത്തികാവശ്യങ്ങളെപ്പറ്റി ചിന്തിക്കുന്ന ഒരു വ്യക്തി മുഴുസമയശുശ്രൂഷയില്‍ ആയിരിക്കുന്നത് ശരിയല്ല എന്ന ചിന്ത എന്നില്‍ ശക്തമായി. 1970 ജനുവരിയില്‍ ആറുമാസം കൂടി കാത്തിരിക്കാന്‍ ഞാന്‍ ദൈവസന്നിധിയില്‍ തീരുമാനമെടുത്തു. ആറുമാസത്തിനുള്ളില്‍ സാമ്പത്തികാവശ്യങ്ങളെപ്പറ്റിയുള്ള ചിന്തകളില്‍ നിന്ന് എന്റെ മനസ്സ് സ്വതന്ത്രമാകാത്തപക്ഷം മുഴുസമയ ക്രിസ്തീയശുശ്രൂഷയില്‍ തുടരാന്‍ എനിക്ക് കൃപയില്ല എന്ന് തീരുമാനിക്കാം. അങ്ങനെയെങ്കില്‍ ഒരു ഭൗതിക ജോലി സ്വീകരിച്ച് ഒഴിവുസമയങ്ങളില്‍ ദൈവവേല ചെയ്യാം എന്ന് ഞാന്‍ ചിന്തിച്ചു.
1970 ജൂണ്‍ മാസം അവസാനിക്കുന്നതിന് ഒരാഴ്ചമുമ്പ് എന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് മതിയായ ഒരു തുക പ്രതിമാസം തന്ന് സഹായിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് ഒരു ക്രിസ്തീയസമൂഹം എനിക്ക് ഒരു കത്തയക്കുകയുണ്ടായി. എന്റെ ശുശ്രൂഷയില്‍ നിന്നും ലഭിക്കുന്ന പണം ഞാന്‍ അവര്‍ക്ക് നല്‍കണം എന്ന വ്യവസ്ഥ മാത്രമേ ഉണ്ടായിരുന്നുളളൂ. എനിക്ക് ഇഷ്ടമുള്ള ശുശ്രൂഷ തിരഞ്ഞെടുക്കാനും ദൈവികനടത്തിപ്പനുസരിച്ച് എവിടെയും പോകാനും പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവരുടെ കത്ത് എന്നെ തികച്ചും അത്ഭുതപ്പെടുത്തി. തങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്ന പ്രവര്‍ത്തകരെ നിയന്ത്രിക്കാത്ത ഒരു പ്രസ്ഥാനം ലോകത്തില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കും എന്ന് എനിക്ക് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. കര്‍ത്താവ് എന്നെ പൂര്‍ണ്ണസമയ ശുശ്രൂഷയ്ക്കായി യഥാര്‍ത്ഥത്തില്‍ വിളിച്ചതുതന്നെയാണെന്ന കാര്യം എന്റെ ഹൃദയത്തില്‍ ഉറപ്പിക്കാനുള്ള അവിടുത്തെ വഴിയായിരുന്നു മേല്‍പ്പറഞ്ഞ കത്ത്.
എന്നാല്‍ ബാംഗ്‌ളൂരില്‍ ഞങ്ങളുടെ ഭവനത്തില്‍ സഭാകൂടിവരവ് തുടങ്ങിയപ്പോള്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ സാമ്പത്തിക സഹായം സ്വീകരിക്കേണ്ട എന്ന് എനിക്ക് തോന്നി. ഇന്ത്യയിലെ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായിരിക്കേണ്ടതിന് അപ്പോസ്‌തോലനായ പൗലോസിനെപ്പോലെ സ്വന്തമായി കുടുംബകാര്യങ്ങള്‍ നോക്കാന്‍ എന്നെ കര്‍ത്താവ് ഉത്സാഹിപ്പിക്കുകയായിരുന്നു. ദൈവം പൗലോസിന്റെ ആവശ്യങ്ങള്‍ പ്രധാനമായും തന്റെ കൂടാരപ്പണിയിലൂടെയും, ഭാഗികമായി ഫിലിപ്പിയ സഭയിലൂടെയും ആയിരുന്നല്ലോ നിറവേറ്റിയത്. ഈ ഘട്ടത്തില്‍ ദൈവം എന്റെ സാമ്പത്തിക സ്രോതസ്സ് മാറ്റുകയായിരുന്നു. എന്റെ മനസ്സ് ഒരിക്കലും പണ സമ്പാദനത്തില്‍ വയ്ക്കുവാന്‍ ആവശ്യമില്ലാത്തവണ്ണം കര്‍ത്താവ് അത്ഭുതകരമായ ഒരു വാതില്‍ തുറന്നു.
വീട്ടില്‍ സഭാകൂടിവരവു തുടങ്ങുമ്പോള്‍ എനിക്ക് 35 വയസ്സായിരുന്നു. നാവികസേനയിലെ അനുഭവപരിജ്ഞാനത്തിലൂടെ കപ്പല്‍ ഓടിക്കുവാനും പീരങ്കിയും ടോര്‍പ്പിഡോയും ലക്ഷ്യത്തിലേക്ക് വിടാനും ഒക്കെ എനിക്ക് അറിയാമായിരുന്നെങ്കിലും ബാംഗ്‌ളൂര്‍ പട്ടണത്തില്‍ ഒരു തൊഴില്‍ ലഭിക്കാന്‍ ഇത് മതിയായിരുന്നില്ല. കൈകള്‍ ഉപയോഗിച്ച് മറ്റെതെങ്കിലും ജോലിചെയ്യാനും എനിക്ക് വൈദഗ്ദ്ധ്യം ഇല്ലായിരുന്നു. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും സുവിശേഷം അറിയിക്കാനുള്ള ഭാരം എനിക്കുണ്ടായിരുന്നതിനാല്‍ ബാംഗ്‌ളൂരില്‍ എന്നെ തളച്ചിടുന്ന ഒരു തൊഴില്‍ ചെയ്യാനും എനിക്ക് കഴിയുമായിരുന്നില്ല. ഞാന്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ കര്‍ത്താവിന്റെ ദാസനായി വിളിക്കപ്പെട്ടവനാണ് എന്ന് ഉറപ്പായിരുന്നു. പൗലോസിന്റെ മാതൃക ഈ വിഷയത്തില്‍ എന്നെ വെല്ലുവിളിച്ചു. കൊരിന്ത്യയിലും, തെസ്സലോനിക്യയിലും, എഫെസോസിലും കൂടാരപ്പണി ചെയ്തു താന്‍ സ്വന്ത ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തിയിരുന്നെങ്കിലും ആ തൊഴില്‍ ജീവിതത്തില്‍ പ്രഥമസ്ഥാനത്ത് പൗലോസ് ഒരിക്കലും പ്രതിഷ്ഠിച്ചിരുന്നില്ല. താന്‍ ഒന്നാമതായി കര്‍ത്താവിന്റെ അപ്പോസ്‌തോലനായിരുന്നതിനാല്‍ കര്‍ത്താവിന്റെ വേല എപ്പോഴും ഒന്നാം സ്ഥാനത്ത് കണ്ടിരുന്നു.
എന്റെ മാതാപിതാക്കളില്‍ നിന്നും ഓഹരിയായി ലഭിച്ച അല്പം പണം നല്ല പ്രതിഫലം ലഭിക്കുന്ന ചില കമ്പനികളില്‍ നിക്ഷേപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഓഹരി വിപണിയില്‍ ഞാന്‍ ഒരിക്കലും ഊഹക്കച്ചവടം നടത്തിയിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കര്‍ത്താവിന്റെ വേലയില്‍ ആയിരിക്കേണ്ട എന്റെ മനസ്സ് ഓഹരികളുടെ കമ്പോളവിലയില്‍ ആയിപ്പോയേനെ. ഓഹരിവിപണിയിലൂടെയല്ലാതെ നേരിട്ട് കമ്പനികളുടെ ഓഹരി വാങ്ങുകയാണ് ഞാന്‍ ചെയ്തത്. അത്ഭുതം എന്ന് പറയട്ടെ, ആ കാലത്ത് ചില ബഹുരാഷ്ട്രകമ്പനികളുടെ ഓഹരികള്‍ നേരിട്ട് വാങ്ങാന്‍ കഴിയുമാറ് സര്‍ക്കാര്‍ ചില നിയമങ്ങള്‍ കൊണ്ടുവരികയുണ്ടായി. തുടക്കത്തില്‍ പ്രസംഗിക്കാനോ എഴുതാനോ പരിചയം ഇല്ലാത്തതുപോലെ ഓഹരി നിക്ഷേപത്തെക്കുറിച്ച് എനിക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു. എന്നാല്‍ ധന സമ്പാദനമല്ല, എന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമാണ് എന്റെ ആഗ്രഹം എന്ന് ദൈവം കണ്ടു. വളരെ കുറച്ച് മൂലധനമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആ ‘അഞ്ച് അപ്പത്തെ’ കര്‍ത്താവ് കരങ്ങളില്‍ എടുത്ത് അത്ഭുതകരമാം വിധം അനുഗ്രഹിച്ചതിനാല്‍ ഏതാണ്ട് മുപ്പത് വര്‍ഷക്കാലം എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ എനിക്ക് അത് മതിയായതായിത്തീര്‍ന്നു.
തന്റെ മക്കള്‍ക്കായി കരുതുന്ന ഒരു പിതാവ് സ്വര്‍ഗ്ഗത്തിലുണ്ടെന്ന് എന്റെ തലമുറയുടെ മുമ്പില്‍ വെളിപ്പെടുത്തുന്ന ഒരു ജീവിക്കുന്ന സാക്ഷിയായിരിക്കണം എന്നായിരുന്നു എക്കാലവും എന്റെ ആഗ്രഹം. അത്തരം ഒരു സാക്ഷിയായിരിക്കുവാന്‍ ദൈവം എനിക്ക് കൃപതന്നു. എല്ലാ മഹത്വവും പുകഴ്ചയും അവിടുത്തേക്ക് മാത്രം. ആമേന്‍.
26 : മറ്റുള്ളവര്‍ നിങ്ങളെപ്പറ്റി ദൂഷണം പറയുമ്പോള്‍
ഇന്‍ഡ്യന്‍ നാവികസേനയില്‍ നിന്നും വിടവാങ്ങി 1966 ല്‍ ഞാന്‍ പൂര്‍ണ്ണസമയ ക്രിസ്തീയവേലയിലായപ്പോള്‍ എന്നെ ഏറ്റവും അധികം ഉത്സാഹിപ്പിക്കുകയും ഉപദേശിക്കയും ചെയ്തത് സഹോദരന്‍ ഭക്തസിംഗ് ആയിരുന്നു. അക്കാലത്തെ ഇന്‍ഡ്യയിലെ ഏറ്റവും പ്രഗത്ഭനായ സുവിശേഷകനായിരുന്ന അദ്ദേഹത്തെ ഒരു യഥാര്‍ത്ഥ ദൈവമനുഷ്യനായി മറ്റാരെയുംകാള്‍ അധികം ഞാന്‍ ബഹുമാനിച്ചിരുന്നു. കഴിഞ്ഞ 40 വര്‍ഷങ്ങളായി എനിക്ക് വളരെ വിലപ്പെട്ടതായി ത്തീര്‍ന്നിട്ടുള്ള ദൈവവചനത്തില്‍ അധിഷ്ഠിതമായ മൂന്ന് ഉപദേശങ്ങള്‍ അദ്ദേഹം എനിക്ക് നല്‍കുകയുണ്ടായി. അവ താഴെ ചേര്‍ക്കുന്നു:
- ഒരു മനുഷ്യനോടും നിന്റെ ആവശ്യങ്ങള്‍ പറയാതിരിക്കുക.
- വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അധികം പണം ചെലവാക്കാതെ ലളിതജീവിതം നയിക്കുക.
- മറ്റുള്ളവര്‍ നിന്നെ വിമര്‍ശിക്കുകയോ നിന്നെപ്പറ്റി ദൂഷണം പറയുകയോ ചെയ്യുമ്പോള്‍ ഒരിക്കലും സ്വയം പ്രതിരോധിക്കാതിരിക്കുക.
കഴിഞ്ഞ അദ്ധ്യായത്തില്‍ ആദ്യത്തെ രണ്ട് ഉപദേശങ്ങള്‍ പാലിക്കുവാന്‍ കര്‍ത്താവ് എന്നെ എങ്ങനെ സഹായിച്ചു എന്നതിനെപ്പറ്റി സൂചിപ്പിച്ചിരുന്നല്ലോ? 1975-76 കാലഘട്ടത്തിലാണ് മൂന്നാമത്തെ ഉപദേശത്തിന്റെ ആവശ്യകത ബോദ്ധ്യമായത്.
1975 ലും 1976 ലുമായി ഇന്‍ഡ്യയിലെ പല ക്രിസ്തീയവിശ്വാസികളുടെയും എന്നോടുള്ള മനോഭാവത്തെ വ്യത്യാസപ്പെടുത്തിയ മൂന്നു കാര്യങ്ങള്‍ സംഭവിച്ചു. തല്‍ഫലമായി പലര്‍ക്കും എന്നോട് തികച്ചും നിഷേധാത്മകമായ മനോഭാവം ഉണ്ടായി.
ഒന്നാമതായി കര്‍ത്താവ് പരിശുദ്ധാത്മാവിലുള്ള സ്‌നാനം എനിക്ക് നല്‍കുകയും ഞാന്‍ അന്യഭാഷകളുടെ വരം പ്രാപിക്കുകയും ചെയ്തു. (ഇക്കാലത്ത് അന്യഭാഷാഭാഷണം പിശാചില്‍ നിന്നാണ് വരുന്നത് എന്ന് വിശ്വസിക്കുന്ന ക്രിസ്തീയസമൂഹങ്ങള്‍ ഉണ്ടല്ലോ?).
രണ്ടാമതായി കര്‍ത്താവ് എന്റെ ഭവനത്തില്‍ ഒരു പുതിയ സഭയ്ക്ക് രൂപം നല്‍കി. (എക്യൂമെനിസത്തിന്റെയും, സഭകള്‍ തമ്മിലുള്ള സ്വതന്ത്രസംവാദങ്ങളുടെയും ഈ കാലഘട്ടത്തില്‍ വീട്ടില്‍ ഒരു സഭതുടങ്ങുന്നത് പലര്‍ക്കും സ്വീകാര്യമായിരിക്കയില്ലല്ലോ?)
മൂന്നാമതായി പരിശുദ്ധാത്മാവ് എനിക്ക് ക്രിസ്തുവിന്റെ മനുഷ്യത്വത്തെപ്പറ്റി വെളിപ്പാട് നല്‍കുകയുണ്ടായി. ‘യേശു നമുക്ക് തുല്യമായി സകലത്തിലും പരീക്ഷിക്കപ്പെട്ടു’ എന്നുള്ള സത്യം (എബ്രാ.4:15-മൂല ഗ്രീക്കു പരിഭാഷ) ദൈവഭക്തിയുള്ള ഒരു ജീവിതത്തിന്റെ മര്‍മ്മമായി ഞാന്‍ ഗ്രഹിച്ചു. (1 തിമോ.3:16). എല്ലായിടത്തും ഈ മഹത്വകരമായ സത്യങ്ങള്‍ ഞാന്‍ പ്രസംഗിക്കാന്‍ തുടങ്ങി. (നൂറ്റാണ്ടുകളായി പ്രസംഗിക്കപ്പെടാത്ത ദൈവവചന സത്യങ്ങള്‍ ഒരുവന്‍ കണ്ടെത്തി വീണ്ടും പ്രസംഗിക്കാന്‍ തുടങ്ങുമ്പോള്‍ അത് ദുരുപദേശമാണെന്ന് തോന്നുന്നത് സ്വാഭാവികമാണല്ലോ?)
വളരെ എതിര്‍പ്പ് ഉണ്ടായെങ്കിലും വ്യക്തിപരമായ ജീവിതത്തിലും കുടുംബജീവിതത്തിലും പാപത്തിന്മേല്‍ ജയമുള്ള സന്തോഷവാനായ ഒരു ക്രിസ്ത്യാനിയാക്കി എന്നെ തീര്‍ത്തത് മേല്‍പ്പറഞ്ഞ മൂന്നു കാര്യങ്ങളായിരുന്നു. ജീവിതത്തില്‍ ആദ്യമായി സ്വര്‍ഗ്ഗത്തിന്റെ ഒരു മുന്‍രുചി പ്രാദേശിക സഭയിലെ കൂട്ടായ്മയില്‍ ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി. ഇതെല്ലാം സാത്താനെ ക്രുദ്ധനാക്കി.
കര്‍ത്താവിന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ നമ്മോടുള്ള സാത്താന്റെ രോഷവും വര്‍ദ്ധിക്കും. കര്‍ത്താവ് ഇത് അനുവദിക്കുന്നത് നമ്മെ താഴ്മയില്‍ നിലനിര്‍ത്താനും തന്നോട് കൂടുതല്‍ അടുപ്പിക്കാനും പിശാചിന്റെ ആക്രമണങ്ങള്‍ പ്രയോജനപ്പെടും എന്നതിനാലാണ്. ആത്മീയപോരാട്ടത്തിലൂടെ നാം ശക്തരായിത്തീരുവാനും ആയിരങ്ങള്‍ക്ക് അനുഗ്രഹമായിത്തീരുവാനും വേറെ മാര്‍ഗ്ഗമില്ല. ദൈവിക അനുഗ്രഹം നമ്മിലൂടെ മറ്റുള്ളവരിലേക്ക് ഒഴുകുവാന്‍ മോശ മരുഭൂമിയില്‍ പാറയെ അടിച്ചതുപോലെ നാമും തകര്‍ക്കപ്പെടേണ്ട ആവശ്യമുണ്ട്. മനുഷ്യരുടെ എതിര്‍പ്പും ദൂഷണം പറച്ചിലും നമ്മെ ദൈവമുമ്പാകെ നുറുക്കത്തില്‍ നില്‍ക്കുവാന്‍ സഹായിക്കുന്നു. അങ്ങനെ കോതമ്പുമണി നിലത്തുവീഴുകയും മനുഷ്യരുടെ മുമ്പാകെയുള്ള ആകര്‍ഷണീയത നഷ്ടപ്പെട്ട് മരണം വരിക്കയും ചെയ്യുന്നു. അപ്പോള്‍ സമൃദ്ധമായ ഫലം പുറപ്പെടുവിക്കാന്‍ കഴിയുന്നു.
ഞാന്‍ ‘ആഴമുള്ള’ ക്രിസ്തീയജീവിതത്തെപ്പറ്റി പ്രസംഗിക്കുന്ന കപടഭക്തനും പരാജിതനും എന്നാല്‍ പ്രസിദ്ധനുമായ ഒരു പ്രസംഗി ആയിരുന്ന കാലത്തോളം സാത്താന്‍ വളരെ സന്തുഷ്ടനായിരുന്നു. എന്നാല്‍ പുതിയ ഉടമ്പടിയിന്‍കീഴെയുള്ള ജീവിതത്തിലേക്ക് ഞാന്‍ പ്രവേശിക്കുകയും പുതിയനിയമസഭകള്‍ വിവിധ സ്ഥലങ്ങളില്‍ ഉടലെടുക്കുകയും, സാമ്പത്തികമായി ഞാന്‍ സ്വയം പര്യാപ്തനായിത്തീരുകയും ചെയ്തപ്പോള്‍ സാത്താന്‍ ക്രുദ്ധനാകുകയും ദേശമെമ്പാടുമുള്ള ക്രിസ്തീയനേതാക്കളേയും പാസ്റ്റര്‍മാരേയും എനിക്കെതിരേ ഇളക്കിവിടുകയും ചെയ്തു. ഇവരില്‍ പലരും എന്റെ ശുശ്രൂഷയില്‍ അസൂയാലുക്കളോ, എന്റെ ശുശ്രൂഷയാല്‍ അവരുടെ കാപട്യവും, ബഹുമാനം തേടുന്ന സ്വഭാവവും ദ്രവ്യാഗ്രഹവും തുറന്നുകാട്ടപ്പെട്ടവരോ ആയിരുന്നു എന്നതാണ് സത്യം. അവര്‍ എന്നെ ‘പാപരഹിതമായ ക്രിസ്തീയ പൂര്‍ണ്ണത’ ‘ക്രിസ്തുവിന് ജഡത്തില്‍ പാപം ഉണ്ടായിരുന്നു’ തുടങ്ങിയ ദുരുപദേശങ്ങള്‍ പഠിപ്പിക്കുന്ന ഒരു കള്ളപ്രവാചകനായി ചിത്രീകരിക്കാന്‍ തുടങ്ങി. ഈ ആരോപണങ്ങള്‍ ഒന്നും സത്യമായിരുന്നില്ല. എന്റെ പുസ്തകങ്ങളിലോ ടേപ്പുകളിലോ ഞാന്‍ ഈ കാര്യങ്ങള്‍ പഠിപ്പിക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും തെളിവ് ചൂണ്ടിക്കാണിക്കുവാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തരം വസ്തുതകള്‍ ഒന്നും അവര്‍ക്ക് വിഷയമായിരുന്നില്ല. യാതൊരു തെളിവും ഇല്ലാതെ ദൈവമക്കളെപ്പറ്റി കിംവദന്തികള്‍ പ്രചരിപ്പിക്കുവാന്‍ സഹോദരന്മാരെ രാപ്പകല്‍ കുറ്റംചുമത്തുന്ന ‘അപവാദി’യുമായി കൈകോര്‍ത്തു പിടിക്കാന്‍ പലക്രിസ്തീയ നേതാക്കള്‍ക്കും യാതൊരു സങ്കോചവും ഇല്ല എന്ന കാര്യം ഞാന്‍ കണ്ടെത്തുകയായിരുന്നു. പല ക്രിസ്തീയ മാസികകളും പ്രസിദ്ധീകരണങ്ങളും ഇതേ ഗണത്തില്‍പ്പെടുന്നവയത്രേ. സാധാരണ ഉച്ചപ്പത്രങ്ങളേപ്പോലെ അപവാദപ്രചാരണത്തിലേക്ക് എടുത്തുചാടാന്‍, യാഥാര്‍ത്ഥ്യം പരിശോധിക്കാതെ കേട്ടുകേള്‍വി പ്രസിദ്ധീകരിക്കാന്‍, അവയ്ക്ക് യാതൊരു മടിയും ഇല്ല.
ഭക്തസിംഗില്‍ നിന്നും എനിക്കു ലഭിച്ച മൂന്നാമത്തെ ഉപദേശം ആവശ്യമായി വന്ന സന്ദര്‍ഭം അങ്ങനെ സംജാതമായി. കാരണം കൂടാതെ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ മുമ്പില്‍ വായ്തുറക്കാതെ കുഞ്ഞാടിനെപ്പോലെ നിന്ന കര്‍ത്താവിനെപ്പോലെ നിശ്ശബ്ദനായിരിക്കാന്‍ എനിക്ക് അഭ്യസിക്കേണ്ടിവന്നു. അക്കാലത്തെന്നപോലെ കഴിഞ്ഞ മുപ്പതുവര്‍ഷക്കാലം ഇതേ നിലപാട് സ്വീകരിക്കാന്‍ കര്‍ത്താവ് എന്നെ സഹായിച്ചുകൊണ്ടിരിക്കുന്നു. എനിക്കെതിരേ ആരോപണശരങ്ങള്‍ തൊടുത്തുവിട്ട ആരോടും തന്നെ പ്രത്യുത്തരം പറയാന്‍ ഞാന്‍ വിസമ്മതിച്ചു. വ്യാജമായ ആരോപണങ്ങളാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സന്ദര്‍ഭങ്ങളിലൊക്കെ കര്‍ത്താവ് എന്നോട് ഇപ്രകാരം ചോദിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. ”നീ നിന്നെത്തന്നെ നീതീകരിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അതോ, ഞാന്‍ അവരെ കൈകാര്യംചെയ്യാന്‍ നീ എന്നെ അനുവദിക്കുമോ? ”കര്‍ത്താവു തന്നെ അവരെ കൈകാര്യം ചെയ്യണം എന്ന് എപ്പോഴും ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷവും ആരോപണ ശരങ്ങള്‍ നിലച്ചിട്ടില്ല. എന്നാല്‍ ദൈവം നമ്മോടൊപ്പം ഉണ്ടെങ്കില്‍ ലോകം മുഴുവന്‍ നമുക്കെതിരെ വന്നാലും പ്രശ്‌നമില്ല. എനിക്കെതിരെ അപവാദം പ്രചരിപ്പിച്ചിട്ടുള്ള എല്ലാവരെയും സ്‌നേഹിപ്പാനും അവരോട് ക്ഷമിക്കാനുമുള്ള കൃപ കര്‍ത്താവ് എനിക്ക് തന്നിട്ടുണ്ട്. ദോഷത്തിനു പകരം ദോഷം ചെയ്യാനോ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചവര്‍ക്ക് കേടുവരുത്താനോ ഒരു ചെറുവിരല്‍പോലും ഉയര്‍ത്താന്‍ എനിക്ക് ഇന്നുവരെ ഇടയായിട്ടില്ല.
വാസ്തവം പറഞ്ഞാല്‍ എനിക്ക് ദോഷം ചെയ്യാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കാരണം, ഈ സന്ദര്‍ഭങ്ങളിലെല്ലാം റോമര്‍ 8 ന്റെ 28 ല്‍ പറയുംപോലെ സകലതും എന്റെ നന്മയ്ക്കായി കൂടി വ്യാപരിക്കുന്നത് മാത്രമാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഒരു ഉദാഹരണം പറയാം. എന്നെ സൂക്ഷിച്ചുകൊള്ളണം എന്ന് ഉപദേശം ലഭിച്ച പല വ്യക്തികളും തെറ്റായ ഉപദേശങ്ങള്‍ എന്താണെന്നറിയാന്‍ എന്റെ പുസ്തകങ്ങള്‍ വായിക്കാനും സന്ദേശങ്ങള്‍ ടേപ്പിലൂടെ ശ്രവിക്കാനും ഇടയായി!! തല്‍ഫലമായി അവര്‍ സത്യത്താല്‍ പിടിക്കപ്പെടുകയും ഞങ്ങളോട് സഭാബന്ധത്തില്‍ വരുകയും ചെയ്തു. ഞങ്ങളുടെ മദ്ധ്യത്തില്‍ ഇന്ന് അവര്‍ അനുഗൃഹീതരായ സഹോദരീസഹോദരന്മാരാണ്! ഇപ്രകാരം വീണ്ടുംവീണ്ടും ദൈവം പിശാചിനെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
”എന്റെ അഭിഷിക്തന്മാരെ തൊടരുത്; എന്റെ പ്രവാചകന്മാര്‍ക്ക് ഒരു ദോഷവും വരുത്തരുത്” എന്ന ദൈവത്തിന്റെ മുന്നറിയിപ്പ് (സങ്കീ.105:15) അവഗണിക്കുന്നവര്‍ ഒരു ദിവസം ദൈവത്തിന്റെ ക്രോധത്തിന് ഇരയായിത്തീരും എന്നുള്ളതാണ് സത്യം. തന്റെ ഭൃത്യന്മാരെ ദൈവം കണ്ണിന്റെ കൃഷ്ണമണിപോലെ സൂക്ഷിക്കുന്നു (സെഖ 2:8) എന്ന കാര്യം അവര്‍ ഗ്രഹിച്ചിരുന്നെങ്കില്‍. ”പ്രതികാരം എനിക്കുള്ളത്, ഞാന്‍ പകരം ചെയ്യും” (റോമര്‍ 12:19) എന്ന് ദൈവവചനം പറയുന്നു. ‘പകരം ചെയ്യുന്ന’ കാര്യത്തില്‍ ദൈവം വളരെ കൃത്യത പാലിക്കുന്നു എന്ന് നാം അറിഞ്ഞിരുന്നെങ്കില്‍!
27 : സഭയുടെ പണിക്കുവേണ്ടിയുള്ള തയ്യാറെടുപ്പ്
ശിഷ്യത്വം, വിശുദ്ധജീവിതം, ലോകത്തോടുള്ള വേര്‍പാട് എന്നീകാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതും, അന്യോന്യം ഉള്ള ഉറ്റസ്‌നേഹം നിമിത്തം സഹോദരീസഹോദന്മാര്‍ യേശുവിന്റെ ശിഷ്യന്മാരാണെന്ന് തിരിച്ചറിയപ്പെടുന്നതുമായ ഒരു പ്രാദേശിക സഭ ഇന്‍ഡ്യയില്‍ എവിടെയെങ്കിലും കാണാനുള്ള വലിയ ഹൃദയഭാരം 1965 മുതല്‍ എനിക്കുണ്ടായിരുന്നു. തമ്മില്‍ത്തമ്മില്‍ സ്‌നേഹിക്കുന്നതിനാല്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരെന്ന് ലോകം അറിയും എന്ന് യേശു തന്നേ പറഞ്ഞിട്ടുണ്ടല്ലോ. (യോഹ.13:35). ശരിയായ ഉപദേശം മാത്രം ഉള്ള ഒരു സഭയല്ല എന്റെ ഭാവനയില്‍ ഉണ്ടായിരുന്നത്. ഞങ്ങളെ ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നപ്പോള്‍ അത്തരം ഒരു പ്രാദേശികസഭ ഉടലെടുക്കണം എന്ന് ദൈവത്തിന് പദ്ധതി ഉണ്ടായിരുന്നതായി ഇന്നു ഞാന്‍ ഗ്രഹിക്കുന്നു. എന്നാല്‍ അത്തരം ഒരു സഭ പണിയപ്പെടുന്നതിനുമുമ്പ് രണ്ടു വിഷയങ്ങളില്‍ കര്‍ത്താവിന് എന്നെ പരീക്ഷിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു.
ക്രൈസ്തവലോകത്തിലെ പ്രസംഗകരുടെ ഏറ്റവും വലിയ രണ്ടു പാപങ്ങള്‍ താഴെപ്പറയുന്നവയാണ്:1) സ്വന്തം ആത്മീയവരങ്ങളും ശുശ്രൂഷയും കൊണ്ട് സാമ്പത്തികനേട്ടം ഉണ്ടാക്കുക (മാമോനെ സ്‌നേഹിക്കുന്ന ഒരുവനും ദൈവത്തിന്റെ ദാസനായിരിപ്പാന്‍ കഴിയുകയില്ല-ലൂക്കോ. 16:13 ശ്രദ്ധിക്കുക. (2) സ്വന്തം ആത്മീയവരങ്ങളും ശുശ്രൂഷയും കൊണ്ട് പേരും പ്രശസ്തിയും കൈവരിക്കുക. (ഒരുവന്‍ മനുഷ്യനെ പ്രസാദിപ്പിക്കുന്നു എങ്കില്‍ യേശുക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല-ഗലാത്യര്‍ 1:10 ശ്രദ്ധിക്കുക)
ഈ രണ്ടു മേഖലകളിലെ പരാജയമാണ്, നമ്മുടെ ദേശത്ത് വരപ്രാപ്തരായ അനേകം പ്രസംഗകര്‍ ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകന്മാരോ, കര്‍ത്താവിന്റെ യഥാര്‍ത്ഥദാസന്മാരോ ആയിത്തീരാത്തതിന്റെ കാരണങ്ങള്‍. കര്‍ത്താവിന് തന്റെ വേല എന്നെ ഭരമേല്‍പ്പിക്കുന്നതിനുമുമ്പ് ഈ രണ്ടു മേഖലകളില്‍ എന്നെ പരീക്ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു.
മുന്‍ ലേഖനങ്ങളില്‍ പണസംബന്ധമായ കാര്യത്തില്‍ കര്‍ത്താവ് എന്നെ പരീക്ഷിച്ചതിനെപ്പറ്റിയും പൗലോസിനെപ്പോലെ സാമ്പത്തികകാര്യങ്ങളില്‍ സ്വയം പര്യാപ്തതയിലേക്ക് ഞാന്‍ നടത്തപ്പെട്ടതിനെപ്പറ്റിയും വിവരിച്ചിരുന്നല്ലോ. മറ്റുക്രിസ്തീയപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃകയായിരിക്കേണ്ടതിനാണ് ഞാന്‍ ഇത്തരം ഒരു നിലപാടു സ്വീകരിച്ചത്. രണ്ടാമത്തെ വിഷയത്തില്‍, പേരും പ്രശസ്തിയും വേണ്ടെന്ന് വയ്ക്കാന്‍ രണ്ടുപ്രാവശ്യം കര്‍ത്താവ് എന്നോട് ആവശ്യപ്പെടുകയുണ്ടായി.
ഒന്നാമത്തെ സന്ദര്‍ഭം 1964 ല്‍ ഞാന്‍ നാവികസേനയില്‍ ഉയര്‍ച്ചയുടെ പടവുകള്‍ വേഗത്തില്‍ കയറിക്കൊണ്ടിരുന്നപ്പോഴായിരുന്നു. നാവികസേനയിലേ ജോലി ഉപേക്ഷിച്ച് മുഴുസമയവും കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കര്‍ത്താവ് എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ എന്റെ ജോലിയില്‍ നന്നായി ശോഭിച്ചിരുന്ന സമയമായിരുന്നു. രണ്ടാമത്തെ സന്ദര്‍ഭം 1975 ല്‍ ഞാന്‍ ക്രിസ്തീയഗോളത്തില്‍ ഒരു ഗ്രന്ഥകര്‍ത്താവും, റേഡിയോ പ്രഭാഷകനും ആഴമായ ക്രിസ്തീയജീവിതത്തെപ്പറ്റിയുള്ള മഹാസമ്മേളനങ്ങളിലെ അറിയപ്പെടുന്ന ഒരു പ്രസംഗകനും ഒക്കെ ആയിരുന്നപ്പോഴാണ്. ഡല്‍ഹിയില്‍ 1956 ല്‍ ആദ്യമായി ഇന്‍ഡ്യയില്‍ നടന്ന ബില്ലിഗ്രഹാം ക്രൂസേഡിന്റെ ‘അദ്ധ്യക്ഷന്‍ എന്റെ പിതാവായിരുന്നു. ബില്ലിഗ്രഹാമിനെപ്പോലെ എനിക്കും ദൈവവചനം പ്രസംഗിക്കാന്‍ വരം ഉണ്ടെന്നും എന്നെ ദൈവത്തിന് ലോകമെങ്ങും അനേകം രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുമായിരുന്നു. എന്നാല്‍ 1975 ല്‍ കര്‍ത്താവ് എന്നോട് ആവശ്യപ്പെട്ടത്, ലോകവ്യാപകമായ ഒരു ക്രിസ്തീയ ശുശ്രൂഷയുടെ സ്ഥാനത്ത് ഒരു ധാന്യമണിപോലെ ദിവസവും നിലത്തുവീണ് മരിക്കാനാണ്. യേശുതന്റെ ഐഹിക ജീവിതകാലത്തു ചെയ്തതുപോലെ ഒരു കോതമ്പുമണിയായി നിലത്തു വീണുമരിക്കുന്നതാണ്-ആത്മീക വരമോ, ലോകമെമ്പാടുമുള്ള ശുശ്രൂഷയോ അല്ല-ഫലകരമായ ശുശ്രൂഷയുടെ രഹസ്യം എന്ന് അവിടുന്ന് എന്നെ കാണിച്ചു. (യോഹ.12:24).
സമകാലികലോകത്തിന്റെയും ക്രൈസ്തവലോകത്തിന്റെയും പ്രശസ്തി തേടിപ്പോകുന്നതില്‍ നിന്നും പിന്തിരിയാന്‍ എന്നെക്കുറിച്ച് ദൈവം ആഗ്രഹിച്ചു. ഞാന്‍ അവിടുത്തെ ദാസനാണെന്ന് അപ്പോള്‍ മാത്രമേ കര്‍ത്താവിന് സാക്ഷ്യം നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. ദൈവകൃപയാല്‍ ഈ രണ്ട് ലോകങ്ങളില്‍ നിന്നും അവിടുത്തെ ശബ്ദം അനുസരിച്ച് ഞാന്‍ സ്വതന്ത്രനായി.
നിരന്തരമായി ക്രൂശിന്റെ വഴി ഞാന്‍ തെരഞ്ഞെടുക്കുമെങ്കില്‍ അവിടുത്തെ ശക്തിയും അഭിഷേകവും തുടര്‍ച്ചയായി എനിക്കു നല്‍കാം എന്ന ഉറപ്പ് കര്‍ത്താവ് എന്റെ ഉള്ളില്‍ തന്നു. ഇതിന്റെയര്‍ത്ഥം എന്റെ സ്വന്തം തെരഞ്ഞെടുപ്പുകള്‍ക്ക് മരിക്കുക, നല്ലതോ തീയതോ ആയ എന്നെപ്പറ്റിയുള്ള മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്കു മരിക്കുക, എന്റെ ശത്രുക്കളുടെ വിമര്‍ശനങ്ങളെ അവഗണിച്ച് അവരെ സ്‌നേഹിക്കുക, ഭൗതികമായ സുഖസൗകര്യങ്ങള്‍ക്ക് മരിക്കുക, എവിടെപ്പോകണം എവിടെ പ്രസംഗിക്കണം എന്നീകാര്യങ്ങളിലുള്ള വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ക്ക് മരിക്കുക, എന്റെ സ്വന്ത വിവേകത്തിനു മരിച്ച് വെളിപ്പാടിനായും ആലോചനയ്ക്കായും കര്‍ത്താവിനെ മാത്രം ആശ്രയിക്കുക, എന്റെ കുടുംബാംഗങ്ങളോടോ, സഹപ്രവര്‍ത്തകരോടോ മുഖപക്ഷം കാണിക്കുവാനോ, ഒത്തുതീര്‍പ്പുകാരനാകാനോ എന്നെ പ്രേരിപ്പിക്കുന്ന വിധം മനുഷ്യരോട് അടുപ്പം ഉണ്ടായിരിക്കുന്ന കാര്യത്തില്‍ മരിക്കുക…ഇതൊക്കെയായിരുന്നു. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍ എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വയത്തിന് മരിച്ച് ദൈവാധിപത്യം അംഗീകരിക്കുവാനായി അവിടുന്ന് എന്നെ വിളിക്കുകയായിരുന്നു.
കര്‍ത്താവിന്റെ അന്ത്യകല്‍പ്പനയ്ക്കു രണ്ടു വശങ്ങള്‍ ഉണ്ടെന്നുള്ള കാര്യവും അവിടുന്ന് എന്നെ കാണിച്ചുതന്നു. മര്‍ക്കോസ് 16: 15 ല്‍ കാണുന്നതുപോലെ സകലജാതികളോടും സുവിശേഷം അറിയിക്കുക എന്നതാണ് ഒരുവശം. മത്തായി 28 ന്റെ 18 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ കാണുന്നതുപോലെ യേശു കല്‍പ്പിച്ചതൊക്കെയും അനുസരിക്കുവാന്‍ പഠിപ്പിച്ചുകൊണ്ട് സകലജാതികളെയും ക്രിസ്തുശിഷ്യരാക്കുന്നതാണ് രണ്ടാമത്തെ വശം. ഈ രണ്ടാമത്തെ വശമാണ് ഇന്‍ഡ്യയില്‍ മിക്കവാറും എല്ലായിടത്തും അവഗണിക്കപ്പെട്ടിരിക്കുന്നതെന്നതിനാല്‍ ആ കാര്യത്തിനാണ് ഊന്നല്‍ കൊടുക്കേണ്ടതെന്നും കര്‍ത്താവ് എനിക്ക് വ്യക്തമാക്കിത്തന്നു.
തന്മൂലം 1975 ല്‍ ദൈവവചനം പഠിപ്പിക്കുവാനുള്ള ലോകമെമ്പാടുമുള്ള ശുശ്രൂഷയുടെ സ്ഥാനത്ത് ശിഷ്യന്മാരെ ഉണ്ടാക്കുകയും അവരെ പ്രാദേശിക സഭകളായി ഒരുക്കിയെടുക്കുകയും ചെയ്യുന്ന, അത്രയൊന്നും ആവേശകരമല്ലാത്ത, ശുശ്രൂഷ തുടങ്ങുവാന്‍ ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളായി മേല്‍പ്പറഞ്ഞ ശുശ്രൂഷയില്‍ വ്യാപൃതനായിരുന്ന എനിക്ക് ഒരു കാര്യം ഉറപ്പായിപ്പറയാന്‍ സാധിക്കും. ഇത് വളരെയധികംസമര്‍പ്പണം ആവശ്യമുള്ള ഒരു ശുശ്രൂഷ ആയിരിക്കുമ്പോള്‍ തന്നെ വളരെയധികം സംതൃപ്തിനല്‍കുന്ന ശുശ്രൂഷയുമാണ്. നിത്യതയില്‍ നിലനില്‍ക്കുന്ന ഫലം ഉളവാക്കുന്ന ശുശ്രൂഷയാണത്. ലോകമെമ്പാടും ചുറ്റിസഞ്ചരിച്ച് ആളുകള്‍ക്ക് ആത്മീയോപദേശങ്ങള്‍ നല്‍കുന്ന ഒരു വിദഗ്ധനായിരിക്കുക എളുപ്പമുള്ള കാര്യമാണ്. ക്രിസ്തുശിഷ്യരോടൊപ്പം ഒരു പിതാവിനെപ്പോലെ ക്ഷമയോടെ പ്രവര്‍ത്തിക്കയും അവരെ ആത്മീയ പക്വതയിലേക്ക് വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നത് തികച്ചും ശ്രമകരമായ കാര്യമാണ്. എന്നാല്‍ അന്തിമ വിശകലനത്തില്‍ ആത്മീയകാര്യങ്ങളില്‍ വിദഗ്ധനായിരിക്കുന്നതിനേക്കാള്‍ എത്രയധികം സംതൃപ്തിനല്‍കുന്ന കാര്യമാണ് ഒരു ആത്മികപിതാവായിരിക്കുക എന്നത്.
ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ക്രിസ്തീയ പ്രസംഗകന്‍ എന്നതിനേക്കാള്‍ ക്രൂശിന്റെ വഴി ഞാന്‍ തെരഞ്ഞെടുത്തു എന്നതില്‍ എനിക്ക് അശേഷം സങ്കടമില്ല.
28 : പുതിയ സഭയുടെ ചില സവിശേഷതകള്‍
1975 ഓഗസ്റ്റ് മാസം എന്റെ ഭവനത്തില്‍ ഞങ്ങള്‍ കൂടിവരാന്‍ തുടങ്ങിയപ്പോള്‍ ഒരു പുതിയ സഭ തുടങ്ങുവാന്‍ യാതൊരുവിധമായ ഉദ്ദേശ്യവും ഇല്ലായിരുന്നു. സഭകള്‍ സ്ഥാപിക്കുന്നത് അപ്പോസ്‌തൊലന്മാരുടെ ശുശ്രൂഷയാകയാല്‍ ഞാന്‍ ഇപ്രകാരം ഒരു ദൗത്യത്തിന് യോഗ്യനാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ കാലം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഞങ്ങളോടൊപ്പം സഭാകൂടിവരവുകളില്‍ സംബന്ധിക്കാന്‍ കടന്നുവന്നുകൊണ്ടിരുന്നതിനാല്‍ മീറ്റിംഗുകള്‍ തുടരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. തങ്ങള്‍ ആയിരിക്കുന്ന സഭയോടുള്ള മനംമടുപ്പുമൂലം ആരും ഞങ്ങളോടൊത്ത് ചേരാന്‍ ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചില്ല. കാരണം അത്തരക്കാര്‍ അധികം താമസിയാതെ ഞങ്ങളെക്കുറിച്ചും മടുപ്പുള്ളവരായിത്തീരും! ‘അദ്ധ്വാനിക്കയും ഭാരം ചുമക്കുകയും ചെയ്യുന്നവരെ’ മാത്രമല്ലേ യേശു തന്റെ അടുക്കല്‍ വരുവാന്‍ വിളിച്ചുള്ളൂ? (മത്തായി 11:28). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ പരാജയപ്പെട്ട ജീവിതത്തെക്കുറിച്ച് മനസ്സ് മടുത്തവരും ഉല്‍ക്കടമായി ഒരു ജയജീവിതത്തിനായി വാഞ്ഛിക്കുന്നവരും ആണ് യേശുവിന്റെ അടുക്കല്‍ വരേണ്ടത്. അങ്ങനെയുള്ളവര്‍ മാത്രം ഞങ്ങളുടെ കൂട്ടത്തില്‍ വരണം എന്നായിരുന്നു ഞങ്ങളുടെയും ആഗ്രഹം.
ഇന്‍ഡ്യയില്‍ അപ്പോള്‍ തന്നെ നൂറുകണക്കിന് സഭാവിഭാഗങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഞങ്ങളിലൂടെ പുതിയ ഒരു സഭാസംഘടന കെട്ടിപ്പടുക്കാന്‍ ദൈവത്തിന് താത്പര്യമില്ല എന്നത് വ്യക്തമായിരുന്നു. നവീകരണ പ്രസ്ഥാനത്തിനുശേഷം കര്‍ത്താവ് തുടക്കം ഇട്ട ഓരോ ആത്മീയ മുന്നേറ്റങ്ങളും ചുറ്റുപാടുമുള്ള ക്രിസ്തീയവിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനുവേണ്ടി ആയിരുന്നു. അല്ലാത്തപക്ഷം പുതിയ ഒരു ആത്മീയ മുന്നേറ്റത്തിന് കര്‍ത്താവ് ഒരിക്കലും പ്രേരണ നല്‍കുകയില്ല.
കര്‍ത്താവ് ഒരു പുതിയ സഭ ഞങ്ങളുടെ മദ്ധ്യത്തില്‍ തുടങ്ങുകയായിരുന്നു. ഞങ്ങളിലൂടെ പുതിയനിയമസഭയുടെ ഏതൊക്കെ സ്വഭാവങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുണ്ടാവും എന്ന ചിന്തയായിരുന്നു ഞങ്ങളെ ഭരിച്ചിരുന്നത്. മറ്റുള്ളവരെക്കാള്‍ ഞങ്ങള്‍ ഒരിക്കലും കൂടുതല്‍ ആത്മീയരല്ലായിരുന്നു. ഞങ്ങള്‍ എല്ലാവരും കൃപയാല്‍ രക്ഷപെട്ട പാപികളായിരുന്നതിനാല്‍ ജീവിതത്തിലെ പലമേഖലകളിലുള്ള അപൂര്‍ണ്ണത ഞങ്ങള്‍ക്ക് ബോദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ പുതിയനിയമത്തിന്റെ പഠിപ്പിക്കല്‍, പ്രായോഗിക ജീവിതം, എന്നിവയില്‍ നിന്നും ചുറ്റുമുള്ള പല സഭകളും വളരെ വ്യതിചലിച്ചിരുന്നതിനാല്‍ അവരോട് പലമേഖലകളിലും ഞങ്ങള്‍ക്ക് യോജിക്കാന്‍ പ്രയാസമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് സഭയായി കൂടിവരവേ ഇങ്ങനെ വിയോജിപ്പുള്ള മേഖലകള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായിത്തീരുകയായിരുന്നു. അവയില്‍ ചിലത് താഴെപ്പറയുന്നവയാണ്:-
- ജലസ്‌നാനം-ത്രീയേകദൈവത്തിന്റെ നാമത്തില്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് ഞങ്ങള്‍ ജലത്തില്‍ മുഴുകല്‍ സ്‌നാനം നല്‍കിവന്നു. ശിശുസ്‌നാനം നടത്തുന്ന ക്രിസ്തീയ സഭാ വിഭാഗങ്ങളില്‍ നിന്നും ഈ കാര്യത്തില്‍ ഞങ്ങള്‍ വ്യത്യസ്തരായിരുന്നു.
- പരിശുദ്ധാത്മസ്‌നാനം-പരിശുദ്ധാത്മസ്‌നാനത്തിലും പരിശുദ്ധാത്മാവിന്റെ എല്ലാവരങ്ങളിലും ഞങ്ങള്‍ വിശ്വസിച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ ബ്രദറന്‍, ബാപ്റ്റിസ്റ്റ് സമൂഹങ്ങളില്‍ നിന്നും വ്യത്യസ്തരായി. അതേസമയം അന്യഭാഷയില്‍ സംസാരിക്കുന്നതല്ല ദൈവശക്തി പ്രാപിക്കുന്നതാണ് ആത്മസ്‌നാനത്തിന്റെ തെളിവ് എന്ന് ഞങ്ങള്‍ വിശ്വസിച്ചു. (അപ്പോപ്രവര്‍ത്തികള്‍ 1:8, 10:38 നോക്കുക). അങ്ങനെ ഞങ്ങള്‍ പെന്തെക്കോസ്തു, കാരിസ്മാറ്റിക് സഭകളില്‍ നിന്നും വ്യത്യസ്തരായിരുന്നു.
- ശിഷ്യത്വം-നമ്മുടെ കര്‍ത്താവ് ശിഷ്യന്മാരെ ഉണ്ടാക്കുവാനാണ് ആജ്ഞാപിച്ചിരിക്കുന്നത് (മത്താ 28:19). ശിഷ്യത്വത്തിന്റെ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് ലൂക്കോസ് 14 ന്റെ 26,27,33 എന്നീവചനങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. തന്മൂലം ശിഷ്യത്വത്തിന് വേണ്ടത്ര ഊന്നല്‍ കൊടുക്കാതെ സുവിശേഷീകരണം മാത്രം ലക്ഷ്യം വയ്ക്കുന്ന മിക്ക സഭകളില്‍ നിന്നും ഞങ്ങള്‍ വ്യത്യസ്തരായിരുന്നു.
- പാസ്റ്റേഴ്‌സ് (ഇടയന്മാര്‍). എഫെസ്യര്‍ 4 ന്റെ 11 ല്‍ പറഞ്ഞിരിക്കും വണ്ണം ‘ഇടയന്മാര്‍’ എന്നത് സഭയ്ക്കുള്ള ദൈവത്തിന്റെ ദാനമാണ്. ഒരു ഔദ്യോഗികസ്ഥാനമല്ല എന്ന് ഞങ്ങള്‍ ഗ്രഹിച്ചു. പുതിയനിയമസഭകളെ നയിക്കേണ്ടത് ഇടയനായ ഒരാളല്ല ”മൂപ്പന്മാരാണ്” എന്നാണ് പുതിയ നിയമം പഠിപ്പിക്കുന്നത്. (തീത്തോ.1:5). ഓരോ സഭയിലും കുറഞ്ഞത് രണ്ട് മൂപ്പന്മാര്‍ എങ്കിലും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. നേതൃത്വത്തില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഏകാധിപത്യപ്രവണത ഒഴിവാക്കാനും ഇത് ആവശ്യമാണ്. ഈ ബോദ്ധ്യം മിക്കവാറും എല്ലാ സഭകളില്‍ നിന്നും ഞങ്ങളെ വ്യത്യസ്തരാക്കി.
- പണം-ദൈവത്തിന് എതിരേ നില്‍ക്കുന്ന മറ്റൊരു യജമാനനായി യേശു പണത്തെ ചിത്രീകരിക്കാന്‍ തക്കവണ്ണം വലിയശക്തി പണത്തിനുണ്ട് (ലൂക്കോ 16:13). ദൈവഭയമില്ലാത്ത സാമ്പത്തിക ഇടപാടുകളിലൂടെ ഇന്‍ഡ്യയിലെ ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ക്ക് ദുഷ്‌പേര് ഉണ്ടായിട്ടുള്ളതിനാല്‍ ഈ മേഖലയില്‍ ഒരു നല്ല സാക്ഷ്യം ഞങ്ങള്‍ക്ക് ഉണ്ടായിരിക്കണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. പ്രസംഗകരും പാസ്റ്റര്‍മാരും അയയ്ക്കുന്ന റിപ്പോര്‍ട്ടുകളിലൂടെയും പ്രാര്‍ത്ഥനാകത്തുകളിലൂടെയും പണത്തിനായി യാചിക്കുന്ന ദുരവസ്ഥ ഞങ്ങളെ വേദനിപ്പിച്ചു. യേശുവും അപ്പോസ്തലന്മാരും അവരുടെ സഹപ്രവര്‍ത്തകരോടല്ലാതെ അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പങ്കുവച്ചില്ല. തങ്ങള്‍ക്കായിട്ടോ ശുശ്രൂഷക്കായിട്ടോ ഒരിക്കലും അവര്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചില്ല. മറിച്ച് അവരുടെ വേലയ്ക്ക് ആവശ്യമായ പണം നല്‍കുവാന്‍ മനുഷ്യഹൃദയങ്ങളേ പ്രേരിപ്പിക്കാന്‍ ശക്തനായ സ്വര്‍ഗ്ഗീയ പിതാവിനെ അവര്‍ വിശ്വസിച്ചു. അവ്വണ്ണം ഞങ്ങളുടെ സ്വര്‍ഗ്ഗീയപിതാവിനെ വിശ്വസിക്കാന്‍ ഞങ്ങള്‍ക്കും കഴിഞ്ഞു. അതുകൊണ്ട് ഞങ്ങളുടെ സഭയാകുന്ന കുടുംബാംഗങ്ങളോടല്ലാതെ കര്‍ത്താവിന്റെ വേലയുടെ വിവരങ്ങള്‍ ഞങ്ങള്‍ അറിയിക്കയില്ല എന്ന് തീരുമാനിച്ചു. ഒരിക്കലും ആരോടും പണം ചോദിക്കയില്ല എന്നും തീരുമാനിച്ചു. സഭയുടെ ഒരു മീറ്റിംഗില്‍ പോലും സ്‌തോത്രകാഴ്ച എടുക്കയില്ലെന്ന് തീരുമാനിച്ച് മനപൂര്‍വ്വദാനങ്ങള്‍ നല്‍കാനായി ഒരു സ്‌തോത്രകാഴ്ചപ്പെട്ടിമാത്രം മീറ്റിംഗ് ഹാളില്‍ സ്ഥാപിച്ചു. ദൈവത്തിനായി നല്‍കുന്നതെല്ലാം രഹസ്യത്തിലായിരിക്കണം എന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ടല്ലോ? (മത്താ.6:1-4). അങ്ങനെ ഞങ്ങളുടെ സാമ്പത്തികനയം അടിസ്ഥാനപരമായി ഇന്‍ഡ്യയിലുള്ള മറ്റെല്ലാ സഭകളില്‍ നിന്നും വ്യത്യസ്തമായിരുന്നു.
- സ്വയംപര്യാപ്തത. തൊഴിലില്ലാത്ത ഒരാളെ തന്റെ വേലയ്ക്കായി കര്‍ത്താവ് ഒരിക്കലും വിളിച്ചില്ല. എന്നാല്‍ ഇന്‍ഡ്യയിലെ ക്രിസ്തീയ വേലക്കാരില്‍ മിക്കവരും ഒരിക്കല്‍ പോലും ഒരു തൊഴില്‍ ചെയ്തിട്ടുള്ളവരല്ല എന്നതാണ് സത്യം. ദൈവത്തിന്റെ വിളിയായിട്ടല്ല, മറിച്ച് ഉപജീവനത്തിനുള്ള മാര്‍ഗ്ഗമായി അവര്‍ ക്രിസ്തീയവേലയെ കാണുന്നു. പാശ്ചാത്യക്രിസ്തീയസംഘടനകളില്‍ ചേര്‍ന്ന പലരും ലോകപ്രകാരമുള്ള ഒരു ജോലി ചെയ്തിരുന്നെങ്കില്‍ ലഭിക്കുമായിരുന്നതിന്റെ പത്തിരട്ടി പ്രതിഫലം പറ്റുന്നവരാണ്. വമ്പിച്ച ലാഭം കൊയ്യുന്ന ഒരു ബിസ്സിനസ്സാണ് അവര്‍ക്ക് ക്രിസ്തീയവേല. തന്റെ കാലഘട്ടത്തിലെ മറ്റ് ക്രിസ്തീയവേലക്കാരില്‍ നിന്നും വ്യത്യസ്തനായിരിക്കാന്‍ ആഗ്രഹിച്ച പൗലോസ് സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് തന്റെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നതായി നാം കാണുന്നു. (2 കൊരി.11:12). സഭയിലെ വിശ്വാസികള്‍ പൂര്‍ണ്ണസമയവും കര്‍ത്താവിനെ ശുശ്രൂഷിക്കുന്ന മൂപ്പന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ഇന്‍ഡ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഞങ്ങളുടെ ഇടയിലുള്ള മൂപ്പന്മാര്‍ പൗലോസിനെപ്പോലെ സ്വയം പര്യാപ്തരായിരിക്കേണം എന്ന് ഞങ്ങള്‍ക്ക് തോന്നി. അങ്ങനെ അനുകരണീയമായ മാതൃകകളായിരിക്കാന്‍ അവര്‍ക്ക് കഴിയും. ഈ മേഖലയിലും ഇന്‍ഡ്യയിലെ മിക്കവാറും എല്ലാ സഭകളുടെയും വീക്ഷണത്തില്‍ നിന്നും വ്യത്യസ്തകാഴ്ചപ്പാടായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്.
- പാശ്ചാത്യരാജ്യങ്ങളെ ആശ്രയിക്കല്‍. ഇന്‍ഡ്യയിലെ മിക്കസഭകളും പാശ്ചാത്യരാജ്യങ്ങളിലെ ക്രിസ്ത്യാനികളെ ശുശ്രൂഷയിലും പണത്തിലും ആശ്രയിച്ചു കഴിയുന്നവയാണ്. ഇന്‍ഡ്യയിലെ അക്രൈസ്തവരുടെ മുമ്പാകെ ഇത് മോശമായ ഒരു സാക്ഷ്യമായി ഞങ്ങള്‍ക്കു തോന്നി. പല ഇന്‍ഡ്യാക്കാരായ പ്രസംഗകരും അന്ധമായി അമേരിക്കന്‍ രീതി അനുകരിക്കുകയും ചോദ്യംചെയ്യാതെ അമേരിക്കന്‍ വേദശാസ്ത്രം അംഗീകരിക്കുകയും ചെയ്യുന്നു. അതിനാല്‍ ഒരു വിദേശസംഘടനകളോടും ബന്ധമില്ലാതെ തുടരുവാനും, പണത്തിനോ ശുശ്രൂഷയ്‌ക്കോ വിദേശാശ്രയം ഒഴിവാക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ഇന്‍ഡ്യാക്കാരായ ആത്മികനേതാക്കന്മാര്‍ നയിക്കുന്ന തികച്ചും ഭാരതീയമായ ഒരു ശുശ്രൂഷയില്‍ ആയിരിക്കുമ്പോള്‍ തന്നെ എല്ലാ രാജ്യങ്ങളിലും ഉള്ള ക്രിസ്തീയ വിശ്വാസികളെ കൈക്കൊള്ളാനും ഞങ്ങള്‍ക്ക് പ്രയാസം ഉണ്ടായില്ല. മിക്ക ഭാരതീയസഭകളില്‍ നിന്നും ഈ കാര്യം ഞങ്ങളെ വ്യത്യസ്തരാക്കി.
ഇന്‍ഡ്യയില്‍ ഒരു പുതിയ സഭ തുടങ്ങുവാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ദൈവത്തിന്റെ പദ്ധതിയിലുണ്ടായിരുന്നു. ഇത്തരം ഒരു സാക്ഷ്യം നമ്മുടെ രാജ്യത്ത് ആവശ്യമായിരുന്നു എന്ന് ഞങ്ങള്‍ കണ്ടു. അതിനാല്‍ ദൈവഹിതത്തിന് സമര്‍പ്പിതരായി അവിടുത്തെ ഇഷ്ടം പോലെ ഞങ്ങളിലൂടെ പ്രവര്‍ത്തിക്കാന്‍ വിട്ടുകൊടുത്തു. മിക്ക സഭകള്‍ക്കും തുടക്കത്തില്‍ ഉല്‍കൃഷ്ടമായ ആദര്‍ശങ്ങള്‍ ഉണ്ടാകും. എന്നാല്‍ കാലപ്പഴക്കത്തില്‍ ഈ ആദര്‍ശങ്ങള്‍ പരിരക്ഷിക്കപ്പെടുന്നോ എന്ന് ശോധന ചെയ്യപ്പെടും. ചില പതിറ്റാണ്ടുകള്‍ക്കുശേഷം കാര്യങ്ങള്‍ എങ്ങനെയിരിക്കുന്നു? മുപ്പതില്‍പ്പരംവര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ പല മേഖലകളിലും കുറവുള്ളവരാണ് എന്ന സത്യം ഞങ്ങള്‍ കാണുന്നു. എന്നാല്‍ മുകളില്‍ പറഞ്ഞ ഏഴു മേഖലകളില്‍ ഒത്തുതീര്‍പ്പിന് സമ്മതിക്കാതെ നിലകൊള്ളുവാന്‍ ഞങ്ങളെ സഹായിച്ച ദൈവത്തിന് നന്ദി പറയുന്നു. സകല മഹത്വവും അവിടുത്തേ നാമത്തിന് മാത്രം ഇരിക്കട്ടെ!
29: സാത്താന്റെ മേല്‍ അധികാരം
യേശു പരീശന്മാരോട് ഇപ്രകാരം പറഞ്ഞു:”ദൈവാത്മാവിനാല്‍ ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നെത്തിയിരിക്കുന്നു സ്പഷ്ടം”. (മത്താ.12:28).
ദൈവാത്മാവിന്റെ ശക്തിയാല്‍ യേശു ഭൂതങ്ങളെ പുറത്താക്കിയ ആ നിമിഷത്തില്‍ അവിടെ ദൈവരാജ്യം സമാഗതമാകുകയായിരുന്നു. ഈ വിഷയത്തെപ്പറ്റി പത്രോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:”നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതിനാല്‍ അവന്‍ പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കി…”(പ്രവൃത്തി. 10:38). നസറേത്തില്‍ മുപ്പതുവര്‍ഷം പരിപൂര്‍ണ്ണവിശുദ്ധിയുള്ള ജീവിതം നയിച്ചവനായിരുന്നു യേശു. എന്നാല്‍ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം പ്രാപിച്ചതിനുശേഷവും സ്‌നാനത്തിനു ശേഷവുമാണ് അവിടുന്ന് സാത്താനുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടത്തിയത്. (മത്താ.4:1-10). അപ്പോഴാണ് ഭൂതബാധയില്‍ നിന്നും ജനങ്ങളെ വിടുവിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്.
ബാംഗ്ലൂരില്‍ പുതിയ സഭയെന്ന നിലയില്‍ ദൈവരാജ്യത്തിന്റെ ഒരു ചെറുപതിപ്പായിരിക്കാനാണ് കര്‍ത്താവ് ഞങ്ങളെ വിളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ കണ്ടു. പിശാചിന്റെ രാജ്യവുമായി നേരിട്ടുള്ള സംഘര്‍ഷത്തിലേക്ക് ഇത് ഞങ്ങളെ ആനയിക്കും എന്ന കാര്യം സ്പഷ്ടമായിരുന്നു. ഭൂമിയിലുള്ള ക്രിസ്തുവിന്റെ ശരീരം എന്ന നിലയില്‍ സഭയുടെ തലയായ യേശുവിനുണ്ടായിരുന്ന അതേ അധികാരം കൈയാളുവാനാണ് ഞങ്ങളെ വിളിച്ചിരിക്കുന്നത് എന്ന് വ്യക്തമായിരുന്നു. കര്‍ത്താവായ യേശുവിനെപ്പോലെ പരിശുദ്ധാത്മശക്തിയാല്‍ മാത്രമേ അത് ഞങ്ങള്‍ക്ക് കഴിയുകയുള്ളൂ എന്നും സ്പഷ്ടമായിരുന്നു. പ്രാര്‍ത്ഥനയാല്‍ പിശാചിന്റെ പ്രവര്‍ത്തനങ്ങളെ ബന്ധിക്കുന്ന കാര്യത്തിലോ ഭൂതങ്ങളെ പുറത്താക്കുന്ന കാര്യത്തിലോ സഭയില്‍ ഞങ്ങളില്‍ ആര്‍ക്കും തന്നെ അനുഭവജ്ഞാനം ഇല്ലായിരുന്നു. ഭൂതബാധിതരായ മനുഷ്യരെ അനുതപിക്കാന്‍ പ്രബോധിപ്പിക്കുകയോ, കൗണ്‍സലിംഗ് നടത്തുകയോ ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല. അവരെ കീഴടക്കിയിരിക്കുന്ന ദുഷ്ടാത്മാക്കളില്‍ നിന്നുമുള്ള വിടുതലാണ് അത്തരക്കാരുടെ ആവശ്യം!!
നമ്മുടെ മാനുഷികമായ ഇന്ദ്രിയങ്ങള്‍കൊണ്ട് തിരിച്ചറിയാന്‍ കഴിയാത്ത ഒരാത്മലോകം നമുക്കുചുറ്റുമുണ്ട്. ഈ ആത്മാക്കളുടെ പ്രവര്‍ത്തനമേഖലകളെ സ്പര്‍ശിക്കാന്‍ മാത്രമേ നമുക്കു കഴിയൂ. ഞാന്‍ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുന്നതിനുമുമ്പ് ഭൂതബാധിതനായ ഒരുവനെ കണ്ടാല്‍ എന്തുചെയ്യണം എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. എന്നാല്‍ പരിശുദ്ധാത്മാസ്‌നാനം ഈ ആത്മാക്കളുടെ മണ്ഡലത്തെക്കുറിച്ച് എന്നെ ബോധവാനാക്കി. എല്ലാ മനുഷ്യര്‍ക്കും സാത്താനെ പേടിയാണ്. കര്‍ത്താവ് എന്നെ തുടക്കത്തിലേ കാണിക്കാന്‍ തുടങ്ങിയ കാര്യം കാല്‍വറിക്രൂശില്‍ സാത്താന്‍ തോല്‍പ്പിക്കപ്പെടുകയും അവന്റെ സര്‍വ്വായുധവര്‍ഗ്ഗവും നീക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നുള്ളതാണ്. (കൊലോ.2:15, എബ്രാ.2:14).ഒരു വ്യക്തിയുടെ ശുദ്ധീകരണത്തിനായി ദൈവം അനുവദിക്കുമ്പോള്‍ മാത്രമല്ലാതെ യാതൊരു മേഖലയിലും സാത്താന് ഒരു ദൈവ പൈതലിനെ തൊടുവാന്‍ കഴികയില്ല. ”ശത്രുവിന്റെ സകലബലത്തേയും ചവിട്ടുവാനുള്ള അധികാരം” കര്‍ത്താവ് തന്റെ മക്കള്‍ക്ക് നല്‍കിയിരിക്കുന്നു എന്ന സത്യവും അവിടുന്ന് എന്നെ കാണിച്ചു. (ലൂക്കോ.10:19)
സാത്താനെതിരേ എന്നെ ധൈര്യപ്പെടുത്തുവാന്‍ സാത്താനോടുള്ള പോരാട്ടങ്ങളെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ കര്‍ത്താവ് രാത്രികാലങ്ങളില്‍ എനിക്ക് നല്‍കാന്‍ തുടങ്ങി. അപ്പോ.പ്രവൃത്തികള്‍ 2 ന്റെ 17 ല്‍ വായിക്കുന്നതുപോലെ ചിലപ്പോള്‍ സ്വപ്നങ്ങളിലൂടെ ദൈവം നമ്മോട് സംസാരിക്കാറുണ്ട്. ”സകല ജഡത്തിന്മേലും ഞാന്‍ എന്റെ ആത്മാവിനെ പകരും….നിങ്ങളുടെ യൗവനക്കാര്‍ ദര്‍ശനങ്ങളെകാണും, നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങളെ കാണും.” പുതിയനിയമത്തിന്റെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളില്‍ തന്നെ ദൈവം തന്റെ ജനത്തെ സ്വപ്നങ്ങളിലൂടെ നടത്തിയ അഞ്ച് സംഭവങ്ങള്‍ കാണാന്‍ കഴിയും. നമ്മുടെ എല്ലാ സ്വപ്നങ്ങളും ദൈവത്തില്‍ നിന്നല്ല. പല സ്വപ്നങ്ങളും അര്‍ത്ഥശൂന്യമാണ്. വൈകിട്ട് അമിത ഭക്ഷണം കഴിച്ചതുമൂലമാകാം ചില സ്വപ്നങ്ങള്‍!! എന്നാല്‍ ചില സ്വപ്നങ്ങള്‍ ദൈവത്തില്‍ നിന്നാകാം. നമ്മെ ഉത്സാഹിപ്പിക്കയും ആത്മാവില്‍ ബലപ്പെടുത്തുകയും ചെയ്യുന്നെങ്കില്‍ ആ സ്വപ്നം ദൈവത്തില്‍ നിന്നാണെന്ന് ഗ്രഹിക്കാം.
ഒരു രാത്രിയോഗത്തില്‍ ഹൃദയത്തില്‍നിന്നും ഉത്സാഹത്തോടെ ദൈവവചനം സംസാരിച്ചശേഷം ഞാന്‍ തനിയെ എന്റെ മുറിയിലേക്ക് നടന്നുവരുന്ന രംഗം ഒരു സ്വപ്നത്തില്‍ കാണുകയുണ്ടായി. ”ആ പ്രസംഗം ശരിയായില്ല. നിനക്ക് കുറേക്കൂടി നന്നായി ദൈവവചനം പ്രസംഗിക്കാമായിരുന്നു” എന്ന് ഒരു ശബ്ദം പിറകില്‍ നിന്ന് ഞാന്‍ കേട്ടു. എന്റെ കഴിവിന്റെ പരമാവധി ആത്മാര്‍ത്ഥതയോടെ ഞാന്‍ അന്നും രാത്രി ചെയ്തു എന്നായിരുന്നു എന്റെ ചിന്ത. ഒരു പക്ഷേ കര്‍ത്താവിന് തൃപ്തിയായിട്ടുണ്ടാവില്ല. എന്നാല്‍ ആ വാക്കുകള്‍ എന്നെ തികച്ചും നിരുത്സാഹപ്പെടുത്തി. സ്വപ്നത്തില്‍ ഞാന്‍ കര്‍ത്താവിനോട് ചോദിച്ചു ”കര്‍ത്താവേ, അങ്ങ് മുഖാമുഖം എന്നോട് സംസാരിക്കുമ്പോള്‍ ഞാന്‍ എപ്പോഴും ഉത്സാഹംപ്രാപിക്കാറുണ്ട്. എന്നാല്‍ പിന്നില്‍ നിന്ന് സംസാരിക്കുമ്പോള്‍ എപ്പോഴും ഞാന്‍ നിരാശയുള്ളവനാകുന്നതെന്തുകൊണ്ട്?” കര്‍ത്താവ് പ്രതിവചിച്ചു:”ആരാണ് നിന്നോട് സംസാരിക്കുന്നതെന്ന് തിരിഞ്ഞു നോക്കുക.” ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പിശാചാണ് എന്നോടു നിരുത്സാഹത്തിന്റെ വാക്കുകള്‍ സംസാരിച്ചതെന്ന് മനസ്സിലായി. ഞാന്‍ സാത്താനെ തിരിച്ചറിഞ്ഞ നിമിഷം അവന്‍ അപ്രത്യക്ഷനായി.
ഉറക്കം ഉണര്‍ന്ന ഞാന്‍ അന്ന് വിലപ്പെട്ട ഒരു പാഠം പഠിച്ചു. കര്‍ത്താവ് ആരോടും ”അതുവേണ്ടത്ര ശരിയായില്ല” എന്ന് പറകയില്ല. ഭൂമിയില്‍ ആയിരുന്നപ്പോള്‍ യേശു ആരോടും അവ്വണ്ണം പറഞ്ഞില്ല; ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമ്പോഴും അവിടുന്ന് അങ്ങനെ പറകയില്ല. നമ്മെ നിരുത്സാഹപ്പെടുത്താനായി സാത്താനാണ് എപ്പോഴും അത്തരം വാക്കുകള്‍ പറയുന്നത്. കര്‍ത്താവ് നേരേ മറിച്ച് നമ്മുടെ ഏറ്റവും ബലഹീനമായ ശ്രമങ്ങളേപ്പോലും അഭിനന്ദിക്കുന്നവനാണ്. എന്നാല്‍ നമ്മുടെ പ്രകടനം മെച്ചപ്പെടുത്തണം എന്നമട്ടിലുള്ള ശബ്ദം നമ്മെ വെല്ലുവിളിക്കാനായി കര്‍ത്താവു പറയുന്നതാണെന്ന് നാം ചിന്തിച്ചുപോകുന്നു. പിശാച് ആ വാക്കുകള്‍ക്ക് പിമ്പില്‍ ഉണ്ടെന്ന് അറിയാതെ നാം നിരുല്‍സുകരായിത്തീരുന്നു. നാം എത്രമാത്രം പരിശ്രമിച്ചാലും കര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ കഴികയില്ലെന്ന് ചിന്തിച്ച് നാം നിരാശപ്പെടുന്നു. സാത്താന്റെ ഭോഷ്‌ക്കുകളില്‍ ഒന്നാണിത്. വെളിച്ചദൂതന്റെ വേഷം കെട്ടാന്‍ സാത്താന്‍ വിരുതനാണ്! (2 കൊരി.11:14). ഞാന്‍ ദൈവവചനം പ്രസംഗിക്കുമ്പോഴൊക്കെ സാത്താന്റെ ഈ തന്ത്രത്തെ തുറന്നുകാണിക്കാന്‍ കര്‍ത്താവ് എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഈ കാലമത്രയും ആ വാക്കുകള്‍ അനുസരിക്കാന്‍ ഉത്സാഹിച്ചുവരുന്നു. യേശു ക്രിസ്തുതങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു എന്ന് വിശ്വസിക്കുന്ന അനേക വിശ്വാസികളും, സാത്താന്‍ കാല്‍വറിയിലെ അതേ ക്രൂശില്‍ സമ്പൂര്‍ണ്ണമായി തോല്പിക്കപ്പെട്ടുവെന്ന കാര്യം കൂടെ അറിയാത്തവരാണ്. അതുകൊണ്ടാണ് സാത്താനെ ഭയപ്പെടുന്നവരായി മിക്കപ്പോഴും അവര്‍ നിരാശാഭരിതരായിരിക്കുന്നത്.
എല്ലാ നിരുത്സാഹവും സ്വയം കുറ്റപ്പെടുത്തലും സാത്താനില്‍ നിന്നു മാത്രമാണ് വരുന്നത്. നമ്മെ നിരുത്സാഹപ്പെടുത്തുന്ന ഒരു കാര്യവും നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് ഒരിക്കലും പറകയില്ല. അവിടുന്ന് ‘സ്ഥിരതയും ആശ്വാസവും (ഉത്സാഹവും) തരുന്ന ദൈവമത്രേ. (റോമര്‍ 15:5). അതുപോലെ തന്നെ നമ്മുടെ സകല കഷ്ടങ്ങളിലും നമുക്ക് ആശ്വാസം നല്‍കുന്ന പിതാവാണ് ദൈവം. (2 കൊരി.1:3,4).
അനേക വര്‍ഷങ്ങള്‍ ഞാന്‍ ധൈര്യക്ഷയത്തിന് അടിമയായിരുന്നു. എന്നാല്‍ യേശുക്രിസ്തുവിന്റെ ജയത്തെപ്പറ്റിയും, പിശാചിന്റെ മേലുള്ള നമ്മുടെ അധികാരത്തെപ്പറ്റിയും ദൈവം നല്‍കിയ വെളിപ്പാടിനോടൊപ്പം, പരിശുദ്ധാത്മനിറവും എന്നെ എല്ലാ ധൈര്യക്ഷയത്തില്‍ നിന്നും നിരാശതയില്‍ നിന്നും സമ്പൂര്‍ണ്ണമായി വിടുവിച്ചു.
വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമാണ് യേശു (എബ്രാ.12:2). അവിടുന്ന് ഒരിക്കലും നിരാശനോ, ധൈര്യക്ഷയം ഉള്ളവനോ ആയിരുന്നില്ല. അവിടുന്ന് സാത്താനെ തോല്‍പ്പിച്ചതിനാല്‍ നമുക്ക് ഭൂമിയില്‍ യേശു നടന്നതുപോലെ-എല്ലാ നിരുത്സാഹത്തില്‍ നിന്നും സ്വതന്ത്രരായി-നടക്കാന്‍ കഴിയും ! (1 യോഹ.1:7). ഹല്ലേലുയ്യാ!!
30: സര്‍ക്കാരില്‍ സ്വാധീനം ചെലുത്തല്‍
യേശുക്രിസ്തുവിന്റെ സഭ ഓരോ രാജ്യത്തും ദൈവത്തിന്റെ സ്ഥാനപതിയാണ്. അതുകൊണ്ടാണ് ഭരണാധികാരികള്‍ക്കും അധികാരസ്ഥാനങ്ങളിലുള്ള എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത് നാം ദൈവഭക്തിയുള്ളവരായി സമാധാനവും സ്വസ്ഥതയും ഉള്ള ഒരു ജീവിതം നയിക്കാന്‍ ഇടയാകേണ്ടതിനായിട്ടാണ് അധികാരികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ദൈവം കല്പിച്ചിരിക്കുന്നത്. (1തിമോ.2:1). എന്റെ ഭവനത്തില്‍ ഞങ്ങള്‍ സഭയായി കൂടിവരാന്‍ തുടങ്ങിയപ്പോള്‍ പുതിയ നിയമസഭ എന്ന നിലയില്‍ ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വമായി ഇത് ഞങ്ങള്‍ മനസ്സിലാക്കി. ഭാരതത്തില്‍ ദൈവം ഞങ്ങളെ ആക്കിയിരിക്കുന്നത് ഈ രാജ്യത്തിന്റെ സര്‍ക്കാരിനേയും, ഞങ്ങളുടെ പട്ടണത്തെയും പ്രാര്‍ത്ഥനയിലൂടെ നന്മയ്ക്കായി സ്വാധീനിക്കുവാനാണ് എന്ന ബോദ്ധ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു.
പ്രാര്‍ത്ഥിക്കാനായി ഒരു വലിയ ആള്‍ക്കൂട്ടത്തെയല്ല പ്രത്യുത നിര്‍മ്മലമായ മനസ്സാക്ഷി സൂക്ഷിക്കുന്നവരും ആത്മാവില്‍ ഐക്യപ്പെട്ടവരുമായ ചുരുക്കം പേരെയാണ് ദൈവം അന്വേഷിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. (സങ്കീ.66:18, മത്താ. 18:18-20). ഞങ്ങള്‍ ചെറിയ ഒരു കൂട്ടമായിരുന്നു, ആത്മാര്‍ത്ഥമായും ഒരു വിശുദ്ധ ജീവിതം ആഗ്രഹിച്ചിരുന്ന ഐക്യമുള്ള ഒരു കൂട്ടം. ദൈവം രാജ്യത്തിന്റെയും ഞങ്ങളുടെ പട്ടണത്തിന്റേയും കാര്യങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുവാന്‍ ഞങ്ങളെ ഉപയോഗിച്ചിട്ടുണ്ട്. അവയില്‍ ചിലത് താഴെ വിവരിക്കുന്നു:
ഒന്ന്: ഞാന്‍ വടക്കേ ഇന്‍ഡ്യയിലായിരുന്നപ്പോള്‍ ഒരു രാത്രി രണ്ടുമണിക്ക് പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് ഒരു ദര്‍ശനം കണ്ടു. ഒരു പക്ഷേ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏക ദര്‍ശനവും ഇതായിരിക്കാം. (രാത്രിയില്‍ നാം കാണുന്നത് ദര്‍ശനമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയുക പലപ്പോഴും ബുദ്ധിമുട്ടാണ്). ദര്‍ശനത്തില്‍ ഞാന്‍ ഇന്‍ഡ്യന്‍ ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിയുടെ മുഖം വ്യക്തമായി കണ്ടു. അതിനുശേഷം ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകളുടെ മുഖങ്ങളും ഞാന്‍ കാണുകയുണ്ടായി. അതോടൊപ്പം ”ഈ ജനങ്ങളെ വിടുവിക്കുവാനുള്ള ശക്തി സഭയിലാണ് നിക്ഷിപ്തിമായിരിക്കുന്നത്” എന്നൊരു ശബ്ദവും കേട്ടു.
ഈ ദര്‍ശനത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല എങ്കിലും അത് കര്‍ത്താവില്‍ നിന്നുള്ളതാണെന്ന് ഉറപ്പായിരുന്നു. അതിനാല്‍ ഞാന്‍ അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഞാന്‍ ബാംഗ്ലൂരില്‍ മടങ്ങിയെത്തിയപ്പോള്‍ സഭയിലെ സഹ വിശ്വാസകളോടു ഈ ദര്‍ശനം വിവരിക്കുകയും അവരും എന്നോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്താണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നറിയാഞ്ഞതിനാല്‍ ഞാന്‍ അന്യഭാഷകളില്‍തന്നെ പ്രാര്‍ത്ഥന തുടര്‍ന്നു. പത്തു ദിവസങ്ങള്‍ക്കുശേഷം ഞാന്‍ ദര്‍ശനത്തില്‍ കണ്ട മന്ത്രി പാര്‍ട്ടിയിലെ മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പാര്‍ലമെന്ററിപാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കാന്‍ ഇടയായി. രണ്ടുമാസങ്ങള്‍ക്കുശേഷം അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ നിന്നു തന്നേ രാജിവയ്ക്കുകയും, ഭരണത്തിലായിരുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ രണ്ട് വിഭാഗങ്ങള്‍ ഉണ്ടാകയും ചെയ്തു. ഒരു വിഭാഗം പ്രധാനമന്ത്രിയെ പിന്‍താങ്ങിയപ്പോള്‍ മറ്റേ വിഭാഗം രാജിവച്ച മന്ത്രിയുടെ പക്ഷത്തായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ ഈ എതിര്‍ ചേരികളെ യോജിപ്പിക്കാന്‍ പലശ്രമങ്ങളും നടന്നു. പത്രദ്വാരാ ഈ ശ്രമങ്ങളേപ്പറ്റി അറിയുമ്പോഴെല്ലാം പ്രാര്‍ത്ഥിക്കാനുള്ള ഭാരം എനിക്കുണ്ടാകുമായിരുന്നു. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമായിരുന്നില്ല. തന്മൂലം ആരോടും പ്രത്യേകമായ ചായ്‌വ് ഇല്ലാതെ നിഷ്പക്ഷമായ മനോഭാവത്തോടെ എനിക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയുമായിരുന്നു. ഞാന്‍ അന്യഭാഷകളില്‍ പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ എന്തിനായിട്ടാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞില്ലെങ്കിലും, ദൈവഹിതപ്രകാരമാണ് പ്രാര്‍ത്ഥിക്കുന്നത് എന്ന ഉറപ്പുണ്ടായിരുന്നു.
എട്ടുമാസങ്ങള്‍ക്കുശേഷം ഭരണപക്ഷത്തുള്ള ഒരു പാര്‍ലമെന്റ് അംഗം ക്രിസ്ത്യാനികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമനിര്‍മ്മാണത്തിനുള്ള ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ അപ്പോഴേക്കും ഭരിക്കുന്ന പാര്‍ട്ടിയിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതിനാല്‍ ഈ ബില്‍ നിയമമാക്കാനായി യോജിച്ചുനില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഭരണകക്ഷിക്ക് വൈകാതെ അധികാരം നഷ്ടമാകയും പാര്‍ട്ടി പിളരുകയും ചെയ്തു. അപ്പോള്‍ മാത്രമാണ് പ്രാര്‍ത്ഥിക്കാനുള്ള ഭാരം ദൈവം എനിക്ക് നല്‍കിയത് എന്തിനാണെന്ന് മനസ്സിലായത്. മേല്‍പ്പറഞ്ഞ ബില്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കാനുള്ള ഒരു നിയമം ആകാതിരിക്കാന്‍ ആയിരുന്നു അത്. നാം ദൈവത്തിന്റെ കൂട്ടുവേലക്കാരാകയാല്‍ അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട് എന്ന വസ്തുത മറക്കുന്നില്ല. എന്നാല്‍ രാജ്യത്തിന് മുഴുവനായി ഇത്തരം ഒരു നിയമം ഉണ്ടാകുന്നത് ദൈവംതന്നെ തടയുകയാണുണ്ടായത്. തന്മൂലം മിക്ക സംസ്ഥാനങ്ങളിലും സുവിശേഷം സ്വാതന്ത്ര്യത്തോടെ പ്രസംഗിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് ഇന്നും സാധിക്കുന്നുണ്ട്.
രണ്ട്: ഒരു ദിവസം വൈകിട്ട് സഭയുടെ ഒരു പ്രാര്‍ത്ഥനായോഗത്തില്‍ വച്ച് സമാധാനത്തോടും സ്വസ്ഥതയോടുംകൂടെയുള്ള ജീവിതം സാദ്ധ്യമാകേണ്ടതിനായി രാജ്യത്തിനായും സര്‍ക്കാരിനായും പ്രാര്‍ത്ഥിക്കാനുള്ള ഒരു ഭാരം പെട്ടെന്ന് എനിക്കുണ്ടായി. ഭരണചക്രത്തിന്റെ ഉന്നതതലത്തില്‍ അഴിമതി ആരോപണങ്ങള്‍ ഉണ്ടായതിനാല്‍ രാജ്യം ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു. പ്രാര്‍ത്ഥനായോഗത്തില്‍ വച്ചുതന്നെ എനിക്കുണ്ടായ ഭാരം ഞാന്‍ സഭയുമായി പങ്കുവയ്ക്കുകയും രാജ്യത്തിനായി ആത്മഭാരത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. 24 മണിക്കൂറിനകം നാടകീയമായ ചില സംഭവവികാസങ്ങള്‍ രാജ്യത്ത് ഉണ്ടായി. പ്രശ്‌നത്തിന്റെ മൂലകാരണമായ ആളെ ദൈവം അധികാരത്തില്‍ നിന്നു നീക്കുവാന്‍ ഇടയായി. തല്‍ഫലമായി രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മെച്ചപ്പെടുവാന്‍ സാഹചര്യം ഒരുങ്ങി. ഇത് പ്രാര്‍ത്ഥനയ്ക്ക് വ്യക്തമായും വേഗത്തിലുമുള്ള ഒരു മറുപടിയായിരുന്നു.
മൂന്ന്: 1981 ല്‍ ബാംഗ്ലൂരിലെ പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ രണ്ടുമാസത്തിലധികം പണിമുടക്കുകയുണ്ടായി. ചിലര്‍ അക്രമ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കൂട്ടം തൊഴിലാളികളുടെ നേരെ ഒരു ദിവസം പോലീസ് വെടിവയ്പ്പുണ്ടായപ്പോള്‍ സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമായി. ബാംഗ്ലൂര്‍ നഗരം തീപ്പൊരിക്കായി കാത്തിരിക്കുന്ന വെടിമരുന്നുപോലെയായിരുന്നു. പ്രശ്‌നക്കാരായ ഗുണ്ടാകളെ പിടികൂടാനും ലോക്കപ്പില്‍ ആക്കാനും പോലീസ് സേനയ്ക്ക് കഴിഞ്ഞെങ്കിലും ഇവരെ നിയന്ത്രിച്ചിരുന്ന ദുഷ്ടാത്മശക്തികളെ ഒതുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അത് സഭയുടെ ഉത്തരവാദിത്വമായിരുന്നു. അതിനാല്‍ മൂന്നു ദിവസം പട്ടണത്തിന്റെ സമാധാനത്തിനായി ഞങ്ങള്‍ സഭയായി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. മൂന്നാം ദിവസത്തിന്റെ അവസാനം ആയപ്പോഴേയ്ക്കും ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കി എന്ന ബോദ്ധ്യം ഉണ്ടായി. പിന്നീട് ഒരു കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സഭയിലെ ഒരു സഹോദരനോട് പറഞ്ഞ വാക്കുകള്‍ ദൈവം പ്രാര്‍ത്ഥനയ്ക്ക് മറുപടി തന്നു എന്ന കാര്യത്തിന്റെ പരസ്യമായ സാക്ഷ്യമായിരുന്നു. ആ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ എല്ലാവരും അടുത്തതായി എന്തുസംഭവിക്കും എന്നുള്ള ആശങ്കയില്‍ നന്നേ പിരിമുറുക്കത്തിലായിരുന്നു. എന്നാല്‍ ഒരു പ്രത്യേക ദിവസം വൈകുന്നേരം പെട്ടെന്ന് സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിന് പെട്ടെന്ന് ഒരു മാറ്റം വരുകയും ശാന്തത കൈവരുകയും ചെയ്തതായി അവര്‍ക്കെല്ലാം ബോദ്ധ്യമായി. അയാള്‍ പറഞ്ഞ ദിവസം ഞങ്ങളുടെ പ്രാര്‍ത്ഥനയുടെ മൂന്നാം ദിവസമായിരുന്നു!!. അധികം വൈകാതെ പൊതുപണിമുടക്ക് പിന്‍വലിക്കപ്പെടുകയും പട്ടണത്തില്‍ സമാധാനമുള്ള അന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ബാംഗ്ലൂര്‍ പട്ടണത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സമാധാനം നല്‍കുവാന്‍ ദൈവം ഞങ്ങളുടെ കൊച്ചുസഭയെ ഉപയോഗിച്ച സന്ദര്‍ഭമായിരുന്നു അത്.
മേല്‍പ്പറഞ്ഞ സംഭവങ്ങള്‍കൂടാതെ നമ്മുടെ രാജ്യത്തിന്റെ പൊതുതെരഞ്ഞെടുപ്പുകളെ നാടകീയമായി സ്വാധീനിക്കുവാനും സഭ എന്ന നിലയില്‍ പല തവണ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വോട്ട് ചെയ്യുന്നതിലൂടെ ഏതെങ്കിലും തെരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത ഒരു ന്യൂനപക്ഷമാണു ഭാരതത്തിലെ ക്രിസ്ത്യാനികളെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ കോടിക്കണക്കിന് സമ്മതിദായകരുടെ തീരുമാനത്തെ പ്രാര്‍ത്ഥനയിലൂടെ സ്വാധീനിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും എന്ന് അറിയാമായിരുന്നു. ആയതിനാല്‍ പ്രാര്‍ത്ഥനാമീറ്റിംഗുകളിലൂടെ ദൈവത്തിന്റെ പൂര്‍ണ്ണഹിതത്തിനായി വോട്ടു ചെയ്യുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു.!! ഞങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം അവിടുത്തെ ഹിതംപോലെ ജനങ്ങളുടെ ഇച്ഛാശക്തിയെ തിരിക്കാന്‍ ഇടയാകും. ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും സഭയായി ഞങ്ങള്‍ രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അത്ഭുതകരമായ വിധത്തില്‍ ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടി നല്‍കിയതായി കണ്ടെത്തിയിട്ടുമുണ്ട്. (ഞങ്ങള്‍ മാത്രമല്ല ഇന്‍ഡ്യയിലെ നിരവധി ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ദൈവം ഞങ്ങള്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കാണ് മറുപടി നല്‍കിയിട്ടുള്ളത്). ഈ വിധത്തിലുള്ള അനുഭവങ്ങളിലൂടെ ദൈവം ഞങ്ങളെ ഭാരതത്തിന്റെ ഉപ്പും വെളിച്ചവുമാക്കിത്തീര്‍ക്കുകയാണെന്നു ഗ്രഹിച്ച് അധികം ഉത്സാഹം പ്രാപിക്കാന്‍ ഇടയായിട്ടുണ്ട്. ചുറ്റുപാടുകള്‍ക്ക് രുചി പകരുന്ന ഉപ്പായും ഈ ദേശത്ത് കര്‍ത്താവിനായി ജ്വലിച്ചുപ്രകാശിക്കുന്ന വെളിച്ചമായും സഭയെ ദൈവം നിര്‍ത്തിയിരിക്കുന്നു. ഹല്ലേലുയ്യാ!!
31 : ഭൂതങ്ങളെ പുറത്താക്കല്‍
യേശു തന്റെ ശിഷ്യന്മാരോട്: ”നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍….വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും…..എന്റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും…”മാര്‍ക്കോ.16:15-17.
മാനവചരിത്രത്തിന്റെ ആരംഭംമുതല്‍ സ്ത്രീകളും പുരുഷന്മാരും ഭൂതബാധിതരായിത്തീര്‍ന്നിട്ടുണ്ട്. എന്നാല്‍ യേശു ഭൂമിയില്‍ വന്നതിനു ശേഷം മാത്രമേ മനുഷ്യര്‍ ഭൂതബാധയില്‍ നിന്നു വിടുവിക്കപ്പെടുന്നതായി നാം വായിക്കുന്നുള്ളൂ. യേശു ക്രൂശില്‍ സാത്താനെ പരിപൂര്‍ണ്ണമായി പരാജയപ്പെടുത്തിയതിനാല്‍ ഒരുവന് പാപത്തില്‍ നിന്നും സമ്പൂര്‍ണ്ണമായ ക്ഷമ ലഭ്യമാകുന്നതുപോലെ തന്നെ യേശുവിന്റെ നാമത്തില്‍ ഭൂതബാധയില്‍ നിന്നും പരിപൂര്‍ണ്ണമായ വിടുതല്‍ സാദ്ധ്യമാണ്. പാപത്തിന്റെ കുറ്റബോധത്തില്‍ നിന്നും, പിശാചുക്കളില്‍ നിന്നും മനുഷ്യന് വിടുതല്‍ സാദ്ധ്യമാണെന്ന ദ്വിവിധ സദ്‌വര്‍ത്തമാനം ഭൂലോകത്തിലെല്ലാം വിളംബരം ചെയ്യാനാണ് യേശു തന്റെ ശിഷ്യന്മാരെ നിയോഗിച്ചത്. പരിശുദ്ധാത്മസ്‌നാനം പ്രാപിക്കുകയും യേശു സാത്താനെ ക്രൂശില്‍ തോപ്പിച്ചു എന്ന സത്യം ബോദ്ധ്യപ്പെടുകയും ചെയ്യുന്നതുവരെ ഭൂതബാധിതരെ വിടുവിക്കുവാനുള്ള വിശ്വാസം എനിക്കില്ലായിരുന്നു.
ഒരു ബൈബിള്‍ സെമിനാരിയിലെ വിദ്യാര്‍ത്ഥികളോട് ദൈവവചനം പ്രസംഗിക്കുന്ന അവസരത്തിലാണ് ദുഷ്ടാത്മാക്കളോടുള്ള എന്റെ ആദ്യത്തെ ഏറ്റുമുട്ടല്‍ ഉണ്ടായത് എന്ന കാര്യം രസകരമായി തോന്നാം. (യേശുവും യഹൂദ ദേവാലയത്തില്‍ വച്ച് ഭൂതങ്ങളെ പുറത്താക്കിയിരുന്നു എന്ന കാര്യം മറക്കുന്നില്ല!). ആ ദിവസം രാവിലെ ദൈവവചനം സംസാരിച്ചത് തികച്ചും ആത്മാവിന്റെ അഭിഷേകത്തിലായിരുന്നു. സന്ദേശം ഉപസംഹരിക്കവേ എല്ലാവരോടും പ്രാര്‍ത്ഥനയ്ക്കായി തലവണക്കാന്‍ ആവശ്യപ്പെട്ട സമയം. പെട്ടെന്ന് ഏറ്റവും പിന്‍നിരയിലായിരുന്ന ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റ് ഇടനാഴിയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ദൈവവചനത്തോട് കേള്‍വിക്കാരായ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കാതിരിക്കാനുള്ള പിശാചിന്റെ ഒരു തന്ത്രമാണിതെന്ന് എനിക്ക് മനസ്സിലായി. എല്ലാവരും പ്രാര്‍ത്ഥനയ്ക്കായി തലവണക്കിയിരിക്കുന്ന സമയമായതിനാല്‍ ഉച്ചത്തില്‍ പിശാചിനെ ശാസിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത നഷ്ടപ്പെടാന്‍ ഇടയാക്കും എന്നതിനാല്‍ ഞാന്‍ അതിന് ഒരുമ്പെട്ടില്ല. പകരം എന്റെ പിറകില്‍ വേദിയില്‍ ഇരിക്കുന്നവര്‍ പോലും കേള്‍ക്കാതെ നേരിയ സ്വരത്തില്‍ ”യേശുവിന്റെ നാമത്തില്‍ ഇരിക്കുക” എന്ന് ഞാന്‍ പിശാചുബാധിതനായ ആ ചെറുപ്പക്കാരനെ നോക്കി പറഞ്ഞു. ഉടന്‍ തന്നെ ഏതാണ്ട് 40 അടി ദൂരെയായിരുന്ന ആ ചെറുപ്പക്കാരന്‍ ഇരുന്നു. ഞാന്‍ മീറ്റിംഗ് അവസാനിപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി. മീറ്റിംഗിനുശേഷം ഞാന്‍ സെമിനാരിയില്‍നിന്നും മടങ്ങിപ്പോന്നു. എങ്കിലും ആ വിദ്യാര്‍ത്ഥി ആരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ചില മാസങ്ങള്‍ക്കുശേഷം മറ്റൊരു രാജ്യത്തുനിന്നും എനിക്കൊരു കത്തുകിട്ടി ആ കത്തെഴുതിയ ആള്‍ എഴുതിയിരുന്നത് ചില വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ താന്‍ ഭൂതബാധിതനായി എന്നാണ്. പിന്നീട് അയാള്‍ ഞാന്‍ നേരത്തെ വചനം പ്രസംഗിച്ച സെമിനാരിയില്‍ വിദ്യാര്‍ത്ഥിയായിചേര്‍ന്നു. പ്രസംഗത്തിന്റെ ഒടുവില്‍ ഭൂതബാധയാല്‍ എഴുന്നേറ്റ ആ ചെറുപ്പക്കാരനാണു താനെന്ന് അയാള്‍ കത്തില്‍ സ്വയം പരിചയപ്പെടുത്തി. തുടര്‍ന്ന് ”അന്ന് എന്നോട് ഇരിക്കാന്‍ പറഞ്ഞ ഉടന്‍ ഞാന്‍ ഇരുന്നു” എന്ന് അയാള്‍ എഴുതിയത് വായിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഞാന്‍ നേരിയ സ്വരത്തില്‍ ഇരിക്കാന്‍ പറഞ്ഞത് തീര്‍ച്ചയായും അയാള്‍ കേട്ടിരുന്നില്ല. എന്നാല്‍ അയാളില്‍ ഉണ്ടായിരുന്ന ഭൂതം എന്റെ വാക്കുകള്‍-യേശുവിന്റെ നാമത്തിലുള്ള ആജ്ഞ-കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുകയായിരുന്നു.
ആ സംഭവത്തിലൂടെ ഭൂതങ്ങളെപ്പറ്റി രണ്ട് പാഠങ്ങള്‍ കര്‍ത്താവ് അന്ന് എന്നെ പഠിപ്പിച്ചു. ഒന്നാമതായി ഭൂതങ്ങള്‍ക്ക് അസാധാരണമായ കേള്‍വി ഉള്ളതിനാല്‍ പലരും ചെയ്യുന്നതുപോലെ ഉച്ചത്തില്‍ അട്ടഹസിക്കേണ്ട കാര്യമേയില്ല. രണ്ടാമതായി നമ്മുടെ ജീവിതം പവിത്രമാണെങ്കില്‍, ക്രൂശില്‍ സാത്താന്റെ മേല്‍ യേശുകര്‍ത്താവിന്റെ വിജയത്തെപ്പറ്റി നമുക്ക് ഉറപ്പുണ്ടെങ്കില്‍, കേവലം ഒരു പ്രാവശ്യം വിട്ടുപോകാന്‍ കല്‍പിച്ചാല്‍ ഏതു പിശാചും ഉടന്‍ വിട്ടുപോകും. പലരും ചെയ്യുന്നതുപോലെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കേണ്ട ആവശ്യമില്ല. ഒരേ ഒരു ശാസനയാല്‍ യേശുഭൂതങ്ങളെ പുറത്താക്കിയ സന്ദര്‍ഭങ്ങള്‍ ശ്രദ്ധിക്കുക. (മത്താ.8:16). ഒരു പ്രാവശ്യം ശാസിക്കുമ്പോള്‍ ഭൂതങ്ങള്‍ വിട്ടുപോകുന്നില്ലെങ്കില്‍ നമ്മുടെ വിശ്വാസം ബലഹീനമാണെന്ന് നാം ഗ്രഹിക്കണം. പരിഹാരമായി നാം ഉപവാസത്തോടുകൂടി പ്രാര്‍ത്ഥനയില്‍ വിശ്വാസത്തിന്റെ ശക്തി നേടുകയാണ് ആദ്യം ചെയ്യേണ്ടത് (മത്താ.17:21).
മറ്റൊരു സന്ദര്‍ഭത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന ഒരു സ്ത്രീയെ സഭയിലുള്ള ഒരു സഹോദരി പ്രാര്‍ത്ഥനയ്ക്കായി ഞങ്ങളുടെ ഭവനത്തില്‍ കൊണ്ടുവന്നു. ഞാനും എന്റെ ഭാര്യയും അവളോട് സംസാരിക്കുകയും അവളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് യേശുകര്‍ത്താവിനെ രക്ഷകനായി കൈക്കൊള്ളാന്‍ ആവശ്യപ്പെടുകയും ചെയ്തു. സാത്താനോട് ഇവ്വണ്ണം പറയുവാനും ഞാന്‍ പറഞ്ഞു: ”സാത്താനേ, ഇപ്പോള്‍ ഞാന്‍ നിന്റെ വകയല്ല. യേശു നിന്നെ ക്രൂശില്‍ തോല്പിച്ചതാണ്.” (രക്ഷിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരോടും ഇവ്വണ്ണം സാത്താനോട് സംസാരിക്കാന്‍ ഞാന്‍ പറയാറുണ്ട്) പെട്ടെന്ന് ആ സ്ത്രീയുടെ മുഖഭാവം മാറി എന്റെ മുഖത്ത് രൂക്ഷമായി നോക്കിക്കൊണ്ട് മറ്റൊരു ശബ്ദത്തില്‍ അവള്‍ പറഞ്ഞു:”ഇല്ല; ഞാന്‍ ക്രൂശില്‍ തോല്‍പിക്കപ്പെട്ടിട്ടില്ല,” അതുവരെ അവള്‍ ഭൂതബാധിതയാണെന്ന് ഞാന്‍ സംശയിച്ചിരുന്നില്ല. മറ്റേതൊരു സ്ത്രീയേയും പോലെ അവള്‍ ഞങ്ങളോട് സൗമ്യമായിട്ടായിരുന്നു സംസാരിച്ചു തുടങ്ങിയത്. അവളില്‍ ഭൂതം ഉണ്ടെന്ന് ഗ്രഹിച്ച ഉടന്‍ ഞാന്‍ ഭൂതത്തോട് പറഞ്ഞു:”സാത്താനേ, നീ ഭോഷ്‌ക്കു പറയുന്നവനാണ്. നീ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടവന്‍ തന്നെയാണ്. യേശുവിന്റെ നാമത്തില്‍ അവളെ വിട്ടുപോകുക.” ഉടന്‍ തന്നെ ഭൂതം അവളെവിട്ടുപോയി. അവള്‍ സ്വതന്ത്രയായെന്ന് എനിക്ക് ഉറപ്പാക്കാന്‍ കാരണം മുകളില്‍ പറഞ്ഞ വാചകങ്ങള്‍ വീണ്ടും സാത്താനോട് പറയുവാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ മടികൂടാതെ ആ വാക്കുകള്‍ ഉരുവിടാന്‍ തയ്യാറായി എന്നതാണ്.
അന്ന് ഞാന്‍ സാത്താനേയും പിശാചുക്കളേയുംപറ്റി മൂന്നാമതൊരു പാഠം കൂടി പഠിക്കാന്‍ ഇടയായി. അവര്‍ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടവരാണെന്ന സത്യം ഓര്‍പ്പിക്കപ്പെടാന്‍ പിശാചുക്കള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കൂടെക്കൂടെ പിശാചിനെ ഈ കാര്യം ഓര്‍പ്പിച്ചുകൊണ്ടിരിക്കണം എന്ന് അന്നുമുതല്‍ ഞാന്‍ തീരുമാനിച്ചു. എല്ലാ വിശ്വാസികളേയും മഹത്വകരമായ ഈ സത്യം പഠിപ്പിക്കണം എന്നും എനിക്ക് നിര്‍ബ്ബന്ധമുണ്ടായി. (നമ്മുടെ മനസ്സിലെ ചിന്തകള്‍ പിശാചിന് ഗ്രഹിക്കാന്‍ കഴിയില്ല. തന്മൂലം നാം ഈ വാക്കുകള്‍ നാവെടുത്ത് പിശാചിനോട് പറയണം). പല ക്രിസ്ത്യാനികളും ഒന്നുകില്‍ ഈ സത്യത്തെപ്പറ്റി അജ്ഞരാണ്. അല്ലെങ്കില്‍ അവര്‍ ഈ സത്യം വിശ്വസിക്കുന്നില്ല. കൊലോസ്യര്‍ 2:15, എബ്രായര്‍ 2:14 എന്നീ വേദഭാഗങ്ങളില്‍ കാണുന്നതുപോലെ സാത്താന്റെ ക്രൂശിലെ പരാജയം സമ്പൂര്‍ണ്ണമാണെന്നു ഗ്രഹിക്കാതെ പിശാച് തങ്ങള്‍ക്ക് എന്തെങ്കിലും ദോഷം ചെയ്‌തേക്കുമോ എന്ന് ഭയപ്പെട്ട് നിരവധി വിശ്വാസികള്‍ ജീവിക്കുകയാണ്.
കര്‍ത്താവ് പലപ്പോഴായി ഈ വിഷയത്തില്‍ പല സ്വപ്നങ്ങളം എന്നെ കാണിച്ചിട്ടുണ്ട്. ഭൂതബാധിതരായ ആളുകളെ എന്റെ മുമ്പില്‍ കാണുകയും അവരില്‍ നിന്നും ഭൂതങ്ങളെ പുറത്താക്കുന്നതും ഒക്കെയായിരുന്നു പല സ്വപ്നങ്ങളും. പാമ്പിന്റെയും തേളിന്റെയും രൂപത്തില്‍ പിശാച് എന്റെ അടുത്ത് വരുന്നതായി ഞാന്‍ സ്വപ്നത്തില്‍ കണ്ടെങ്കിലും അവ ഒന്നും തന്നെ-എന്റെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോഴും-എനിക്ക് ദോഷം ചെയ്യാത്തവിധമായിരുന്നു. ”പാമ്പുകളെയും തേളുകളേയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം തരുന്നു. ഒന്നും നിങ്ങള്‍ക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല” എന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞല്ലോ. (ലൂക്കോ. 10:19). ഈ സ്വപ്നങ്ങളുടെ ഒരു പ്രത്യേകത- സ്വപ്നങ്ങള്‍ കാണുന്ന സമയത്തോ, അതിനുശേഷമോ ഒരു നിമിഷം പോലും ഭയം എന്തെന്ന് ഞാന്‍ അറിഞ്ഞില്ല എന്നതായിരുന്നു! യേശു ഭൂമിയില്‍ ആയിരുന്നപ്പോള്‍ പിശാചിനെ നേരിട്ടതുപോലെ തന്നെ ഭയരഹിതനായി എല്ലായിപ്പോഴും പിശാചിനെ എനിക്കും നേരിടാം എന്ന വിലപ്പെട്ട പാഠം കര്‍ത്താവ് എന്നെ പഠിപ്പിക്കയായിരുന്നു.
”നിങ്ങളില്‍ ഉള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ (സാത്താനെക്കാള്‍) വലിയവനത്രെ” ”യേശു ഭൂമിയില്‍ ഏതുവിധം ആയിരുന്നോ അവ്വണ്ണം തന്നേ നാമും ആകുന്നു” ”സ്‌നേഹത്തില്‍ ഭയമില്ല…..തികഞ്ഞ സ്‌നേഹം ഭയത്തെ പുറത്താക്കുന്നു”. (1 യോഹ. 4:4, 17,18) ഹല്ലേലൂയ്യാ!!
32: ആദ്യകാലത്തെ സഭാകൂടിവരവുകളും സുവിശേഷപ്രവര്‍ത്തനങ്ങളും
1975 ഓഗസ്റ്റ് മാസം ഞങ്ങള്‍ പുതിയ ഒരു സഭാകൂടിവരവു തുടങ്ങിയപ്പോള്‍ തന്നെ ആഴ്ചയില്‍ മൂന്നുനാലുപ്രാവശ്യം സഭയായി ഞങ്ങളുടെ ഭവനത്തില്‍ കൂടിവരുമായിരുന്നു. ഭാവിയില്‍ ഞങ്ങളെക്കുറിച്ചുള്ള ദൈവികപദ്ധതികളെപ്പറ്റിയൊന്നും ആ കാലത്ത് ഞങ്ങള്‍ക്ക് വ്യക്തത ഇല്ലായിരുന്നു. ജീവിതച്ചെലവുകള്‍ക്കായി ബുദ്ധിമുട്ടുന്ന പാവപ്പെട്ട കുടുംബങ്ങളായിരുന്നു എല്ലാം തന്നെ. ഒരു സ്‌കൂട്ടര്‍ സ്വന്തമായി ഉണ്ടായിരുന്നത് കൂട്ടത്തില്‍ എനിക്കുമാത്രം. ചിലര്‍ക്ക് സൈക്കിളുകള്‍ ഉണ്ടായിരുന്നെങ്കിലും ബാക്കിയുള്ളവര്‍ അതുപോലും ഇല്ലാത്തവരായിരുന്നു. സ്വന്തമായി ഒരു ടെലിഫോണ്‍ ഉണ്ടായിരുന്നതും എനിക്കു മാത്രമായിരുന്നു. (എന്റെ ഭാര്യ ആനി ഒരു ഡോക്ടര്‍ ആയിരുന്നതിനാല്‍ ലഭിച്ച ഒരു പ്രത്യേക സൗകര്യമായിരുന്നു ടെലിഫോണ്‍ കണക്ഷന്‍). എന്നാല്‍ ഞങ്ങള്‍ക്ക് തമ്മില്‍ നല്ല കൂട്ടായ്മ ഉണ്ടായിരുന്നു. സഭ ഒരു കുടുംബം ആണെന്നുള്ള സത്യം ഞങ്ങള്‍ കണ്ടെത്തിയ നാളുകളായിരുന്നു അത്.
സഭയായി ഞങ്ങള്‍ വീട്ടില്‍ മീറ്റിംഗുകള്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് മൂന്ന് ആണ്‍ മക്കളാണ് ഉണ്ടായിരുന്നത്. (ആറ് വയസ്സ്, രണ്ടുവയസ്സ്, എട്ടുമാസം ഇങ്ങനെ പ്രായമുള്ളവര്‍) മീറ്റിംഗുകള്‍ക്കായി ഇരിപ്പിടങ്ങള്‍ തയ്യാറാക്കുന്നതും, വീട്ടില്‍ ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കുകയും മിക്കപ്പോഴും രാത്രിയില്‍ താമസിക്കയും ചെയ്തിരുന്ന ചെറുപ്പക്കാരായ സഹോദരന്മാരോടൊപ്പം കൂട്ടായ്മയില്‍ സമയം ചെലവഴിക്കുന്നതും കുട്ടികള്‍ക്ക് വളരെ സന്തോഷകരമായ അനുഭവമായിരുന്നു. ഞങ്ങള്‍ അന്യോന്യം കരുതലുള്ളവര്‍ ആയിരുന്നു. മാത്രമല്ല, സഭയിലെ ഒരാളെ അല്ലെങ്കില്‍ മറ്റൊരാളെ എല്ലാദിവസവും കണ്ടുമുട്ടാറുമുണ്ടായിരുന്നു. ആരെങ്കിലും ഒരു ആവശ്യത്തിലാകുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് അങ്ങനെയുള്ള വ്യക്തികളെയും കുടുംബങ്ങളേയും സഹായിക്കും. ഒരു കുടുംബത്തിന് പുതിയ ഒരു വാടകവീട്ടിലേക്ക് താമസം മാറേണ്ടി വരുമ്പോള്‍, ഞങ്ങള്‍ എല്ലാവരുംകൂടി ആ കാര്യത്തില്‍ അവരെ സഹായിക്കും. നാല്‍പ്പതില്‍ താഴെ വയസ്സുമാത്രമുണ്ടായിരുന്ന എനിക്ക് ഇന്ന് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളും അന്ന് കഴിയുമായിരുന്നു. കൂട്ടുസഹോദരങ്ങളുടെ അലമാരകള്‍ കോണിപ്പടിവഴി താഴെ ഇറക്കുന്നതും, വീടിന്റെ തറ വൃത്തിയാക്കുന്നതും, കക്കൂസുകള്‍ കഴുകുന്നതും ഒക്കെ ഓര്‍ക്കുന്നു. ചിലര്‍ സഭയിലേക്ക് വന്നത് ഞങ്ങളുടെ നല്ല മനസ്സും ഔദാര്യശീലവും കണ്ട് മുതലെടുക്കാനായിരുന്നു. അപ്രകാരം വന്നചിലര്‍ ഞങ്ങളെ വഞ്ചിച്ചിട്ടുമുണ്ട്. തികഞ്ഞ സ്‌നേഹത്തോടും നന്മയോടും അവരോട് പെരുമാറി എന്നതിനാല്‍ അത്തരം ചതിവുകളെപ്പറ്റി ഇന്ന് ഒട്ടും മനസ്താപപ്പെടുന്നില്ല. എന്നാല്‍ അബദ്ധങ്ങളില്‍ നിന്നും ഞങ്ങള്‍ പാഠങ്ങള്‍ പഠിച്ചു. ശിഷ്യത്വത്തിനും ക്രൂശിന്റെ വഴിക്കും ഊന്നല്‍ കൊടുത്ത് ഞങ്ങള്‍ അന്യോന്യം ഉത്സാഹിപ്പിച്ചിരുന്നു. തന്മൂലം ഇത്തരം സന്ദേശങ്ങളാല്‍ ഹൃദയം പിടിക്കപ്പെടാത്തവര്‍ ഞങ്ങളുടെ ഇടയില്‍ തുടരാതെ വിട്ടുപോകുവാനും ഇടയായി.
ഞങ്ങളുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തിയ അത്ഭുതകരമായ സത്യങ്ങള്‍ ഭാരതത്തിലെ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ഒരു ഭാരം ഞങ്ങള്‍ക്ക് വൈകാതെ ഉണ്ടായി. തന്മൂലം 1977 ജനുവരി മാസം മുതല്‍ ജയജീവിതസന്ദേശങ്ങള്‍ പ്രഘോഷിക്കുന്ന എട്ട് പേജ് മാത്രമുള്ള ഒരു പ്രതിമാസപത്രിക ഞങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. എന്റെ പഴയ റ്റൈപ്പ് റൈട്ടറില്‍ ഞാന്‍ തന്നെ ലേഖനങ്ങള്‍ റ്റൈപ്പ് ചെയ്യുകയും, തിരുത്തലുകള്‍ക്കുശേഷം വീണ്ടും റ്റൈപ്പ് ചെയ്ത ലേഖനങ്ങള്‍ അച്ചടിശാലയില്‍ എത്തിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ പക്കല്‍ വളരെ പണം ഉണ്ടായിരുന്നില്ല. അതിനാല്‍ ചെലവു കുറഞ്ഞ ഒരു പ്രസ്സില്‍ പത്രികയുടെ അച്ചടി നടത്തേണ്ടിവന്നു. ഓരോ അക്ഷരങ്ങള്‍ വീതം അച്ചുനിരത്തി അച്ചടി നടത്തിയിരുന്ന പഴയകാലം. ചില ദിവസങ്ങള്‍ക്കുശേഷം ആദ്യത്തെ ‘പ്രൂഫ്’ പ്രസ്സില്‍ നിന്നും വാങ്ങി അതിലെ നിരവധി തെറ്റുകള്‍ തിരുത്തി വീണ്ടും പ്രസ്സില്‍ എത്തിക്കും. അച്ചടിക്കാനുള്ള അവസാന പ്രൂഫ് കോപ്പി ശരിയാകാന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. പലതവണ അവസാന കോപ്പി അക്ഷരത്തെറ്റുകള്‍ക്കായി പരിശോധിച്ചശേഷവും ‘അച്ചടിപ്പിശാച്’ പിന്നെയും ബാക്കിനില്‍ക്കും. ഒരു ലക്കത്തില്‍ ചെറിയ ഒരു അക്ഷരം നഷ്ടപ്പെട്ടതിനാല്‍ ‘നാം ഒരിക്കലും ആകുലചിത്തരാകരുത്’ എന്ന വാചകം അച്ചടിച്ചു വന്നത് ‘നാം എപ്പോഴും ആകുലചിത്തരായിരിക്കണം’ എന്നായിരുന്നു!!. തെറ്റുമനസ്സിലാക്കിയതിനാല്‍ ഞങ്ങള്‍ ചിലര്‍ എല്ലാ പ്രതികളും കൈകൊണ്ട് തിരുത്തിയശേഷമാണ് തപാലില്‍ അയച്ചത്. ചില വര്‍ഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ 600 പേര്‍ക്ക് ഈ പത്രിക അയക്കുന്നുണ്ടായിരുന്നു. ഓരോ മാസവും ഒരു ഞായറാഴ്ച സഭാംഗങ്ങളെല്ലാം ഒരുമിച്ച് മാസിക കവറില്‍ ആക്കി തപാലില്‍ അയക്കാന്‍ തയ്യാറാക്കും. ഒരുമിച്ചുള്ള പ്രയത്‌നങ്ങളുടെ ഒരു ഫലം ഞങ്ങള്‍ തമ്മിലുള്ള കൂട്ടായ്മ ശക്തിപ്പെട്ടു എന്നുള്ളതായിരുന്നു.
സഭയില്‍ പ്രസംഗിക്കപ്പെട്ടിരുന്ന ഓരോ സന്ദേശവും ഞങ്ങള്‍ റിക്കോര്‍ഡു ചെയ്യുമായിരുന്നു. സഭാംഗങ്ങള്‍ക്കുതന്നെ രണ്ടാമതൊരിക്കല്‍ കേള്‍ക്കാനോ മറ്റാര്‍ക്കെങ്കിലും കൊടുക്കാനോ ആയിരുന്നു പ്രാഥമികമായും ഇങ്ങനെ ‘ടേപ്പ്’ ചെയ്തിരുന്നത്. ക്രമേണ ക്രിസ്തീയസന്ദേശങ്ങളുടെ കസറ്റുകള്‍ ഉള്ള ഒരു ലൈബ്രറി ഞങ്ങള്‍ സംവിധാനം ചെയ്തു. ഈ ആവശ്യത്തിലേക്ക് കസറ്റുകളുടെ കോപ്പികള്‍ക്കായി രണ്ട് ടേപ്പുറിക്കോര്‍ഡറുകള്‍ തമ്മില്‍ ഘടിപ്പിച്ച് കസറ്റിന്റെ ഒരുവശത്ത് ആദ്യം സന്ദേശം പകര്‍ത്തുകയും അതിനുശേഷം മറുവശത്ത് പകര്‍ത്തുകയും ചെയ്തിരുന്നു. ഒരു കസറ്റ് പകര്‍ത്താന്‍ 90 മിനിറ്റു സമയം വേണം! ചിലപ്പോള്‍ ഇന്‍ഡ്യയുടെ ഏതെങ്കിലും ഭാഗത്തുനിന്നും എന്റെ പ്രസംഗം കേട്ടിരുന്ന ആരെങ്കിലും കസറ്റുകള്‍ ആവശ്യപ്പെടും. അവര്‍ക്കായി ഒരു കസറ്റ് കോപ്പി എടുത്ത് ഞാന്‍ തനിയെ പായ്ക്കുചെയ്ത് തപാലാപ്പീസില്‍ പോയി അയയ്ക്കും. ടേപ്പുകള്‍ക്കുള്ള ആവശ്യക്കാര്‍ കുറവായിരുന്നതിനാല്‍ ഇതൊക്കെ തനിയേ ചെയ്യാന്‍ എനിക്ക് സമയം ലഭിച്ചിരുന്നു. ക്രമേണ ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ എനിക്ക് കൂടുതല്‍ തിരക്കായി.
എന്നാല്‍ വരും നാളുകളില്‍ ടേപ്പുചെയ്ത സന്ദേശങ്ങള്‍ക്കായുള്ള ആവശ്യം വളരെ വര്‍ദ്ധിക്കും എന്ന് ദൈവം അവിടുത്തെ മുന്നറിവില്‍ കണ്ടിരുന്നു. ”സ്‌നേഹത്തില്‍ നമുക്കുവേണ്ടി നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ദൈവം” (സെഫന്യ 3:17) ഞങ്ങള്‍ക്ക് അത്ഭുതകരമായ ഒരു സമ്മാനം ഒരുക്കിയിരുന്നു. ഞാന്‍ ഒരിക്കലും കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലായിരുന്ന ജര്‍മ്മനിയിലുള്ള ഒരു കുടുംബം എന്റെ പ്രസംഗത്തിന്റെ ഒരു കസറ്റ് ആരോ കൊടുത്തത് കേള്‍ക്കുകയും താത്പര്യമുള്ള മറ്റുചിലര്‍ക്ക് അത് കൈമാറുകയും ചെയ്തിരുന്നു. അവര്‍ കേട്ട സന്ദേശം അവര്‍ക്ക് ആത്മീയാനുഗ്രഹത്തിന് മുഖാന്തരമായതിനാല്‍ ഒരു വേഗതയുള്ള കസറ്റ് കോപ്പിയര്‍ ഞങ്ങള്‍ക്ക് അയച്ചുതരാന്‍ ദൈവം അവരെപ്രേരിപ്പിച്ചതായി എഴുതുകയുണ്ടായി. അത്തരത്തിലുള്ള ഒരു യന്ത്രം ലഭ്യമാണ് എന്ന കാര്യം പോലും എനിക്ക് അറിഞ്ഞുകൂടായിരുന്നു! ആ യന്ത്രം ഇന്‍ഡ്യയില്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒട്ടും ന്യായമല്ലാത്ത അമിതമായ കസ്റ്റംസ് തീരുവ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടു. ഒരു പക്ഷേ അവര്‍ കൈക്കൂലി പ്രതീക്ഷിച്ചിട്ടുണ്ടാവാം. ഞാന്‍ അതിന് തയ്യാറല്ലായിരുന്നു. ഞാന്‍ കര്‍ത്താവിന്റെ സഹായത്തിനായി പ്രാര്‍ത്ഥിക്കയും തപാല്‍ വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥയെ കണ്ട് നിയമാനുസൃതമായ തീരുവ എത്രയാണെങ്കിലും അടയ്ക്കാന്‍ തയ്യാറാണെന്ന് അറിയിക്കയും ചെയ്തു. അവര്‍ സന്മനസ്സുള്ള ഒരാളായിരുന്നതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിച്ച് നിയമാനുസൃതമായ തീരുവമാത്രം അടയക്കാന്‍ ഏര്‍പ്പാടു ചെയ്തു ആ കോപ്പിയര്‍ ലഭ്യമാക്കി.
പുതിയയന്ത്രം കേവലം മൂന്നു മിനിറ്റുകൊണ്ട് ഒരു കസറ്റ് പകര്‍ത്താന്‍ കെല്‍പ്പുള്ളതായിരുന്നു. ഓരോ കസറ്റ് പകര്‍ത്തുന്നതിലും 87 മിനിറ്റ് വീതം ലാഭിക്കാന്‍ കഴിഞ്ഞു എന്ന് സാരം! അതിനുശേഷം കസറ്റുകള്‍ക്കായുള്ള ആവശ്യം പതിന്മടങ്ങു വര്‍ദ്ധിക്കുകയും ആയിരക്കണക്കിനു കസറ്റുകള്‍ വരും വര്‍ഷങ്ങളില്‍ വിതരണം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കയും ചെയ്തു. തക്കസമയത്ത് അത്തരം ഒരു സമ്മാനം ഞങ്ങള്‍ക്ക് തരാന്‍ ചിലരെ പ്രേരിപ്പിച്ച ദൈവത്തിന്റെ നന്മ എത്ര വലുതായിരുന്നു! നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തോടല്ലാതെ മറ്റാരോടും പറയരുത് എന്ന് ഞങ്ങള്‍ ഉറപ്പായി വിശ്വസിച്ചിരുന്നു. ഞങ്ങളോടുള്ള ദൈവത്തിന്റെ സ്‌നേഹപൂര്‍വ്വമായ കരുതലിന്റെ മറ്റൊരു ദൃഷ്ടാന്തമായിരുന്നു ഇത്.
ഞങ്ങളുടെ എല്ലാ പ്രസിദ്ധീകരണങ്ങളും കസറ്റുകളും കഴിയുന്നത്ര കുറഞ്ഞ ചെലവില്‍ ഒട്ടും ലാഭേച്ഛ ഇല്ലാതെ വിതരണം ചെയ്യണമെന്നും എന്റെ ഗ്രന്ഥങ്ങള്‍ക്ക് ഒരു രൂപപോലും ‘റോയല്‍റ്റി’ ഇനത്തില്‍ നല്‍കേണ്ടതില്ലെന്നും തുടക്കത്തിലേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ കാലമത്രയും ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ദൈവം സഹായിച്ചു. 2007 വരെ രണ്ടുലക്ഷത്തിലധികം പ്രസംഗത്തിന്റെ പ്രതികള്‍ പലഭാഷകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യപ്പെട്ടുകഴിഞ്ഞു. ഞങ്ങളുടെ സഭമാത്രമല്ല മറ്റുപല സഭകളും, വ്യക്തികളും ഈ ദൗത്യത്തില്‍ പങ്കാളികളാണ്. ഈ സന്ദേശങ്ങള്‍ ഇപ്പോള്‍ സിഡികളും, ഡിവിഡികളും വഴിയും പ്രചരിക്കുന്നതു കൂടാതെ സൗജന്യമായി ഏതുസമയത്തും ഇന്ററ്റര്‍നെറ്റുവഴിയും ആര്‍ക്കും ലഭ്യമാണുതാനും. അങ്ങനെ പുതിയ ഉടമ്പടിയുടെ സന്ദേശങ്ങള്‍ ഞങ്ങളുടെ ചെറിയ സഭയിലൂടെ ലോകത്തിന്റെ അഞ്ചുഭൂഖണ്ഡങ്ങളിലും എത്തിയിരിക്കുന്നു. ലോകമെമ്പാടും ജയജീവിതത്തിനായി ഈ സന്ദേശങ്ങള്‍ അനേകരെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു എന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു.
ദൈവം ചെയ്ത എല്ലാറ്റിനും ഞങ്ങള്‍ സകല മഹത്വവും അവിടുത്തേക്ക് നല്‍കുന്നു. നാം ദൈവത്തെ മാനിക്കുമ്പോള്‍ അവിടുന്ന് നമ്മെയും മാനിക്കുന്നു. ഹല്ലേലൂയ്യാ!.
33 : കൂടിവരവിനായി ഒരിടം
1975 മുതല്‍ 1979 വരെയുള്ള നാലു വര്‍ഷങ്ങള്‍കൊണ്ട് ഞങ്ങളുടെ വീട്ടില്‍ സഭായോഗങ്ങള്‍ക്ക് സംബന്ധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. കടന്നുവന്നവരില്‍ ചിലര്‍ ആത്മാര്‍ത്ഥതയുള്ളവരും യേശുവിന്റെ ശിഷ്യരായി ജീവിക്കാന്‍ താത്പര്യപ്പെടുന്നവരും ആയിരുന്നു. എന്നാല്‍ മറ്റുചിലര്‍ ഒരു പുതിയ കൂട്ടത്തില്‍ ചേരുവാനുള്ള മോഹത്താല്‍ വന്നവരായിരുന്നു. കടന്നുവന്ന എല്ലാവരെയും ഞങ്ങള്‍ സ്വീകരിക്കുകയും, ദൈവംതന്നെ അവിടുത്തെ സമയത്ത് പതിര് വേര്‍തിരിക്കേണ്ടതിനായി വിട്ടുകൊടുക്കുകയും ചെയ്തു. വീട്ടിലെ മുറികള്‍ ചെറിയവ ആയിരുന്നതിനാല്‍ ഞായറാഴ്ചകളില്‍ മീറ്റിംഗിനായി നാലുമുറികളിലായിട്ടായിരുന്നു ആളുകള്‍ ഇരുന്നിരുന്നത്. വചനം പ്രസംഗിക്കുന്ന വ്യക്തി മിക്കവാറും എല്ലാവര്‍ക്കും കാണത്തക്കവണ്ണം മദ്ധ്യഭാഗത്ത് നില്‍ക്കുമായിരുന്നു!
ആദ്യവര്‍ഷം മുതല്‍ തന്നെ വീട്ടില്‍ നാലുദിവസത്തെ ഒരു സമ്മേളനം ഒക്‌ടോബറിലെ അവധിക്കാലത്ത് എല്ലാവര്‍ഷവും ക്രമീകരിച്ചിരുന്നു. ഞങ്ങളുടെ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലൂടെ അനുഗ്രഹം പ്രാപിച്ച ഇന്‍ഡ്യയിലെ മറ്റു ഭാഗങ്ങളിലുള്ള ചിലരും ഈ സമ്മേളനങ്ങളില്‍ സംബന്ധിച്ചിരുന്നു. കടന്നുവന്ന എല്ലാവര്‍ക്കും ഭക്ഷണവും താമസസൗകര്യവും സൗജന്യമായി നല്‍കിയതുകൂടാതെ സാമ്പത്തികഞെരുക്കം ഉള്ള ചിലര്‍ക്ക് യാത്രാച്ചെലവിനുള്ള പണവും നല്‍കുകയുണ്ടായി. വീടിന്റെ പിറകിലുള്ള മുറ്റത്തായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. രാത്രിയില്‍ സഹോദരന്മാര്‍ വീടിന്റെ മുന്‍ഭാഗത്തെ മുറിയില്‍ നിലത്തു കിടന്ന് ഉറങ്ങി. ഒരിക്കല്‍പോലും ഞങ്ങള്‍ സ്‌തോത്രക്കാഴ്ച ശേഖരിച്ചില്ല. രഹസ്യമായും സന്തോഷത്തോടുകൂടിയും കര്‍ത്താവിന്റെ വേലയ്ക്കായി കൊടുക്കാന്‍ താത്പര്യമുള്ളവരെ കരുതി വീട്ടിലേക്കുള്ള പ്രവേശനത്തിനടുത്ത് ഒരു സ്‌തോത്രക്കാഴ്ചപെട്ടി വച്ചിരുന്നു. സഭയില്‍ ഉത്തരവാദിത്തമുള്ള മറ്റു സഹോദരന്മാരായിരുന്നു എപ്പോഴും ഈ പണം കൈകാര്യം ചെയ്തിരുന്നത്. ഒരിക്കലും ഞാന്‍ അതു ചെയ്തിരുന്നില്ല. തന്നെയുമല്ല ശമ്പളം പറ്റുന്ന മൂപ്പന്മാരോ പ്രസംഗകരോ ഞങ്ങള്‍ക്ക് ഒരിക്കലും ഉണ്ടായിരുന്നിട്ടുമില്ല. ലഭിച്ച പണം മുഴുവന്‍ സഭയുടെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഓരോ വര്‍ഷവും അംഗീകൃത ഓഡിറ്റര്‍മാര്‍ ഞങ്ങളുടെ കണക്കുകള്‍ പരിശോധിക്കുകയും ഓഡിറ്റു ചെയ്യപ്പെട്ട കണക്കുകള്‍ ഗവണ്‍മെന്റ് അധികാരികള്‍ക്കു സമര്‍പ്പിക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ മുപ്പത്തിയൊന്നില്‍ പരം വര്‍ഷങ്ങളായി സാമ്പത്തികകാര്യങ്ങളില്‍ ഇപ്രകാരമുള്ള ഒരു നിലപാടാണ് ഞങ്ങള്‍ എടുത്തുവരുന്നത്. സഭയായി ഞങ്ങളുടെ ആവശ്യങ്ങളെല്ലാം ദൈവം നിറവേറ്റിത്തന്നിട്ടുമുണ്ട്. ഒരിക്കല്‍പ്പോലും പണം കടം വാങ്ങേണ്ടിവന്നിട്ടില്ല. ദൈവനാമം മഹത്വപ്പെടാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ അവിടുന്ന് ഇന്നുവരെ മാനിച്ചിട്ടുണ്ട്.
ഞായറാഴ്ചകളില്‍ കൂടുതല്‍പേര്‍ മീറ്റിംഗിന് വരാന്‍ തുടങ്ങിയപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും സ്ഥലസൗകര്യം ഇല്ലാതെയായി. അടുത്ത് എവിടെയെങ്കിലും ഒരു സ്ഥലം വാങ്ങുവാനുള്ള പണവും ഞങ്ങളുടെ പക്കല്‍ ഇല്ലായിരുന്നു. പട്ടണത്തിന്റെ വെളിയില്‍ വിലകുറഞ്ഞ ഏതെങ്കിലും സ്ഥലം കിട്ടാനുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. പക്ഷേ ഞങ്ങളുടെ പ്രാപ്തിക്കൊത്ത ഒരു സ്ഥലവും കണ്ടെത്താനായില്ല.
അപ്പോള്‍ കര്‍ത്താവ് ഞങ്ങള്‍ക്കുവേണ്ടി അത്ഭുതകരമായ ഒരു കാര്യം ചെയ്തു. ഞങ്ങളുടെ വീടിനടുത്ത് വിലയുടെ അഞ്ചിലൊന്ന് രൊക്കം കൊടുത്ത് സ്വന്തമായി വീടു പണിയാനായി എന്റെ പിതാവ് ഒരു സ്ഥലം കരാര്‍ ചെയ്തിരുന്നു. മദ്രാസിലുള്ള വീടു വിറ്റ് ഈ സ്ഥലത്ത് ഒരു വീടുണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എന്നാല്‍ ബാംഗളൂരില്‍ വന്ന എന്റെ പിതാവിന് ആസ്തമായുടെ അസുഖം പിടിക്കയും ഭാവി ജീവിതത്തിന് ഈ പട്ടണം അനുയോജ്യമല്ല എന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തു. വാസ്തവത്തില്‍ അദ്ദേഹം ഈ പട്ടണത്തിലേക്ക് വരുന്നത് ദൈവം തടയുകയായിരുന്നു. ഭാഗികമായി വില കൊടുത്ത ഈ സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ പലരും അത് വാങ്ങാന്‍ താത്പര്യം കാണിച്ചു. പട്ടണത്തിന്റെ പ്രധാനപ്പെട്ട ഒരു മേഖലയില്‍ സ്ഥിതിചെയ്തിരുന്ന ഈ സ്ഥലത്തിന് നല്ല വില വര്‍ദ്ധന ഉണ്ടാകും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ എന്റെ പിതാവ് ആ സ്ഥലം ഞങ്ങള്‍ക്ക് സഭയുടെ ആവശ്യത്തിനായി തരാന്‍ തയ്യാറാകുകയായിരുന്നു. ബാക്കി തുകയും പ്രമാണം റെജിസ്റ്റര്‍ ചെയ്യാനുള്ള പണവും ഞങ്ങള്‍ കണ്ടെത്തേണ്ടിയിരുന്നു. എന്നാല്‍ 4 വര്‍ഷംകൊണ്ട് ഞങ്ങള്‍ സഭയായി സ്വരൂപിച്ച പണം ഈ ആവശ്യത്തിന് വേണ്ട തുകയുടെ 50% മാത്രമായിരുന്നു! ഞങ്ങളുടെ ആവശ്യം ആരോടും പറകയില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. സഭയിലെ സഹോദരന്മാര്‍ മിക്കവരും ദരിദ്രരായിരുന്നതിനാല്‍ പരസ്യമായി സഭയില്‍പോലും ഈ ആവശ്യം പറഞ്ഞില്ല. ദൈവം ഈ സ്ഥലം സഭയ്ക്കായി തെരഞ്ഞെടുത്തതാണെങ്കില്‍ ആരോടും ഞങ്ങള്‍ ഈ ആവശ്യം പറയാതെ തന്നെ പണം ലഭിക്കണം എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി.
എന്റെ പിതാവ് വസ്തുവാങ്ങാനായി ഒപ്പിട്ടിരുന്ന കരാര്‍ അനുസരിച്ച് പ്രമാണം നടത്തേണ്ട തീയതി അടുത്തു. എന്നാല്‍ അതിന് ചില ദിവസങ്ങള്‍ മുമ്പ് തപാലില്‍ ഒരു ചെക്ക് ലഭിച്ചു. ഞങ്ങള്‍ കാണുകയോ അറികയോ ചെയ്യാത്ത ഒരാളായിരുന്നു ആ ചെക്ക് അയച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഞങ്ങളുടെ ആവശ്യം അറിഞ്ഞുകൂടായിരുന്നു എന്ന് ഉറപ്പാണ്. ഞങ്ങളുടെ വിലാസം എവിടെനിന്നോ തനിക്ക് ലഭിച്ചിരുന്നു. അത്ഭുതം എന്നുപറയട്ടെ, ചെക്കു തുക കൃത്യം ഞങ്ങള്‍ക്ക് ആവശ്യമുള്ളത്രയും ആയിരുന്നു!! ഈ ദാനം അയച്ചുതന്ന വ്യക്തിയെ ഇന്നുവരെ ഞങ്ങള്‍ കണ്ടെത്തിയിട്ടില്ല; ഇതുവരെ രണ്ടാമതൊരു ദാനം അദ്ദേഹത്തില്‍ നിന്നും ലഭിച്ചിട്ടുമില്ല. ദൈവം തന്നെ ഞങ്ങളെ സഹായിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതാണെന്ന് വ്യക്തമല്ലേ? പലരും ഇത്തരം സംഭവങ്ങളെ യാദൃച്ഛികം എന്ന് വിശേഷിപ്പിക്കും. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ദൈവപിതാവിന്റെ പൂര്‍ണ്ണ ഇഷ്ടത്തില്‍ വാങ്ങിയ ഒരു സ്ഥലമാണ് ഇതെന്ന് ഉറപ്പാക്കുന്ന ഒരു കാര്യമായിരുന്നു അജ്ഞാതനായ ഈ വ്യക്തിയുടെ തക്കസമയത്തുള്ള സഹായം.
‘ക്രിസ്ത്യന്‍ ഫെലോഷിപ്പ് സെന്ററി‘ന്റെ പേരില്‍ ഞങ്ങള്‍ സ്ഥലം വാങ്ങി. ഈ സ്ഥലത്ത് മീറ്റിംഗുകള്‍ക്കായി ഒരു ഹാള്‍ പണിയുക എന്നതായിരുന്നു അടുത്ത ആവശ്യം.ഈ ആവശ്യവും മറ്റാരോടും പറകയില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അടുത്ത രണ്ടുവര്‍ഷംകൊണ്ട് സ്‌തോത്രകാഴ്ചപ്പെട്ടിയില്‍ നിന്നുള്ള ദാനങ്ങള്‍ കൂടാതെ അവിടെ നിന്നും ഇവിടെനിന്നും ഒക്കെയായി അല്പാല്പമായി പണം ലഭിച്ചുകൊണ്ടിരുന്നു. പണി തുടങ്ങാം എന്ന സ്ഥിതിയിലായി.
അപ്പോള്‍ ഞങ്ങള്‍ മറ്റൊരു പ്രശ്‌നം അഭിമുഖീകരിച്ചു. സിമന്റിന് ക്ഷാമമായിരുന്നതിനാല്‍ സര്‍ക്കാരില്‍നിന്നും സിമന്റ് വാങ്ങാന്‍ പെര്‍മിറ്റ് വാണ്ടേണ്ടിയിരുന്നു. പെര്‍മിറ്റ് ഉള്ളവര്‍ക്കും ഒന്നിച്ച് 50 ചാക്കിലധികം ലഭിച്ചിരുന്നില്ല. സിമന്റിനായി അപേക്ഷസമര്‍പ്പിച്ചശേഷം സര്‍ക്കാര്‍ ആഫീസിലെ ഉദ്യോഗസ്ഥനെ ആദ്യമായി പോയിക്കണ്ട സന്ദര്‍ഭം. അടുത്ത ആഴ്ച വരാന്‍ അയാള്‍ പറഞ്ഞു. പിറ്റേ ആഴ്ച ചെന്നപ്പോള്‍ കുറച്ചുദിവസംകൂടി കഴിഞ്ഞുവരിക എന്ന മറുപടിയാണുണ്ടായത്. ഇത് കുറേ പ്രാവശ്യമായപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനരീതിയെപ്പറ്റി എന്നെക്കാള്‍ വിവരം ഉണ്ടായിരുന്ന ഒരാള്‍ എന്നോട് പറഞ്ഞു ആ ഉദ്യോഗസ്ഥന്‍ കൈക്കൂലി പ്രതീക്ഷിക്കുന്നതുകൊണ്ടാണ് പെര്‍മിറ്റ് കാര്യം വൈകിക്കുന്നതെന്ന്. എന്നാല്‍ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. സര്‍ക്കാരിന്റെ സിമന്റ് പെര്‍മിറ്റ് വിഭാഗത്തിലെ മേധാവിയെക്കണ്ട് വിവരം ധരിപ്പിച്ചശേഷം വീണ്ടും വീണ്ടും ആഫീസില്‍ പൊയ്‌ക്കൊണ്ടിരുന്നു. പല ആഴ്ചകള്‍ക്കുശേഷം ആദ്യത്തെ പെര്‍മിറ്റ് കിട്ടി. അതോടൊപ്പം ഞാന്‍ ആവശ്യപ്പെടാതെ തന്നെ ധാരാളം ക്ഷമയും സമ്പാദിക്കാന്‍ ദൈവം വഴിയൊരുക്കി. നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അധികമായി ദൈവം എപ്പോഴും നല്‍കുന്നു എന്നതാണ് വാസ്തവം. ദൈവസ്വഭാവത്തില്‍ പങ്കാളിയാക്കാന്‍-ക്ഷമനല്‍കുവാന്‍-ദൈവം അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥനെ ഉപയോഗിക്കുകയാണ് ചെയ്തത്. ഞാന്‍ കൈക്കൂലി കൊടുത്തിരുന്നെങ്കില്‍ സിമന്റ് നേരത്തേ കിട്ടിയേനേ. എന്നാല്‍ ക്ഷമ എന്ന അമൂല്യസമ്പത്ത് എനിക്ക് ലഭിക്കയില്ലായിരുന്നു. ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറമായി ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമരുളി. വൈകാതെ സിമന്റ് സുലഭമായി ഇന്‍ഡ്യയില്‍ ലഭ്യമാകുകയും പെര്‍മിറ്റ് സമ്പ്രദായം നീക്കുകയും ചെയ്തു. കമ്പോളത്തില്‍ നിന്നും പണിക്കുവേണ്ടി സിമന്റ് യഥേഷ്ടം വാങ്ങുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
1981 ല്‍ മീറ്റിംഗ് ഹാളിന്റെ പണി പൂര്‍ത്തിയാക്കി ആദ്യമായി അവിടെ സഭാകൂടിവരവ് നടത്തി. ആ മാസംതന്നെ ഒരു വാര്‍ഷികസമ്മേളനവും നടത്തി. ഈ പ്രാവശ്യം മുമ്പിലത്തെ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ ഈ സമ്മേളനങ്ങള്‍ക്കായി എത്തുകയുണ്ടായി. ബാംഗ്‌ളൂരില്‍ നടക്കുന്ന കോണ്‍ഫറന്‍സുകള്‍ക്ക് ധാരാളംപേര്‍ വരുംവര്‍ഷങ്ങളില്‍ സംബന്ധിക്കും എന്ന് മുന്നറിഞ്ഞ ദൈവം തക്കസമയത്ത് അനുയോജ്യമായ ഒരു സമ്മേളനവേദി ഞങ്ങള്‍ക്ക് നല്‍കുകയായിരുന്നു. യഥാര്‍ത്ഥ ആവശ്യം ഉണ്ടാകുന്നതിനു മുമ്പുതന്നെ ഇതുപോലെ ദൈവം തന്റെ മുന്നറിവില്‍ പലകാര്യങ്ങളും കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയിട്ടുണ്ട്.
ദൈവം തന്റെ സ്‌നേഹത്തില്‍ നിശ്ശബ്ദനായി ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച മറ്റൊരു കാര്യമായിരുന്നു പുതിയ സഭാഹാളിന്റെ പണി. ഇന്നും അവിടുന്ന് സ്‌നേഹത്തോടെ ഞങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു! (സെഫന്യാവ് 3:17).
34 : മറ്റ് സ്ഥലങ്ങളിലേക്ക് സുവിശേഷസന്ദേശവുമായി
ബാംഗ്ലൂരില്‍ ഒരു സഭ എന്ന നിലയില്‍ ആദ്യത്തെ ഏഴുവര്‍ഷങ്ങള്‍ ഞങ്ങള്‍ യാതൊരു വിധത്തിലുള്ള സുവിശേഷീകരണയത്‌നങ്ങളും നടത്തിയില്ല. ഞങ്ങളുടെ ജീവിതങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ ദൈവം ഞങ്ങളെ നിര്‍ബ്ബന്ധിക്കുകയായിരുന്നു. ഞങ്ങളെ ശ്രദ്ധിച്ചവര്‍ക്ക് ഇത് തികഞ്ഞ അന്തര്‍മുഖത്വവും സ്വാര്‍ത്ഥതയുമായിത്തോന്നിയിരിക്കാം. എന്നാല്‍ അവിടുന്ന് ചെയ്യുന്ന പ്രവൃത്തി എന്തെന്ന് ദൈവം നന്നായി അറിഞ്ഞിരുന്നു. ദൈവഹിതത്തില്‍ ഓരോ കാര്യത്തിനും പ്രത്യേകം കാലങ്ങളും സമയങ്ങളും ഉണ്ട്. നമുക്ക് ഇഷ്ടമുള്ള സമയത്തും വിധത്തിലും യേശുക്രിസ്തുവിന്റെ സഭ പണിയുവാന്‍ കഴിയുകയില്ല. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുകയും ഓരോ ചുവടുകളിലും അവിടുത്തെ ആത്മാവിന്റെ നടത്തിപ്പ് ശ്രദ്ധിക്കുകയും വേണം.
ഇന്‍ഡ്യയിലെ മറ്റുള്ളവരോട് ‘വന്നു കാണുക‘ എന്ന് പറയും മുമ്പ് ദൈവത്തിന് ഞങ്ങളെ ഒരു കുടുംബമായി ആദ്യം പണിയേണ്ട ആവശ്യം ഉണ്ടായിരുന്നു. പഴയ നിയമത്തിന്റെ കീഴില്‍ ‘വന്ന് കേള്‍ക്കുവീന്‍‘ എന്നുള്ള കാര്യത്തിനായിരുന്നു ഊന്നല്‍. ദൈവം തന്നോട് അരുളിച്ചെയ്തത് വന്ന് കേള്‍പ്പിന്‍ എന്നായിരുന്നു പഴയനിയപ്രവാചകന്മാര്‍ യിസ്രായേല്‍ജനത്തെ ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ പുതിയനിയമത്തില്‍ കേവലം ഒരു പ്രസംഗത്തിനപ്പുറം ഒരു കൂട്ടംവിശ്വാസികളിലൂടെ യേശുക്രിസ്തുവിന്റെ ജീവന്‍ പ്രകടമായ നിലയില്‍ വെളിപ്പെടുത്തുകയാണ് ദൈവിക പദ്ധതി. നമ്മുടെ പ്രസംഗംകേള്‍ക്കുമ്പോഴല്ല, പ്രത്യുത അന്യോന്യം ഉള്ള സ്‌നേഹം കാണുമ്പോള്‍ നാം ക്രിസ്തുശിഷ്യരെന്ന് എല്ലാവരും അറിയും എന്നാണ് യേശുപറഞ്ഞത്.
ആദ്യത്തെ ഏഴുവര്‍ഷങ്ങളില്‍ (1975 മുതല്‍ 1982 വരെ) സഭയായി ഞങ്ങളില്‍ ദൈവം ഒരു പണി ചെയ്യാന്‍ ഇടയായി. ക്രൂശിന്റെ മാര്‍ഗ്ഗത്തെപ്പറ്റി ഞങ്ങള്‍ പലരിലും ആഴമായ ബോദ്ധ്യങ്ങള്‍ നല്‍കിയ ദൈവം തമ്മില്‍ത്തമ്മില്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. അതിനുശേഷം ഒന്നിനുപിറകേ ഒന്നായി ഇന്‍ഡ്യയില്‍ പലയിടങ്ങളിലും സുവിശേഷത്തിനായി വാതില്‍ തുറക്കപ്പെട്ടു. ഒടുവില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കും ഈ സന്ദേശം എത്തിയിരിക്കുന്നു. ദൈവത്തിന്റെ വഴിയാണ് എപ്പോഴും ഏറ്റവും ഉത്തമമായ വഴി.
1980 ല്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ വാര്‍ഷിക കണ്‍വന്‍ഷനില്‍ മൂന്നുദിവസം പ്രസംഗിക്കാനായി ഞാന്‍ ക്ഷണിക്കപ്പെട്ടു. ഏകദേശം പന്തീരായിരംപേര്‍ ആ കണ്‍വന്‍ഷനില്‍ ഉണ്ടായിരുന്നിരിക്കണം.വചനം കേള്‍ക്കാന്‍ കൂടിവന്ന വിശ്വാസികളോട് ഞാന്‍ പറഞ്ഞത് പ്രാഥമികമായും അവരുടെ നേതാക്കന്മാരോടും പാസ്റ്റര്‍മാരോടും സംസാരിക്കാനുള്ള ഭാരമാണ് കര്‍ത്താവ് എനിക്ക് തന്നിരിക്കുന്നത് എന്നാണ്. (നേതാക്കന്മാര്‍ മിക്കവരും വേദിയില്‍ ഉപവിഷ്ടരായിരുന്നു). ക്രിസ്തീയ പ്രവര്‍ത്തകര്‍ പണം ഉപയോഗിക്കുന്ന കാര്യത്തില്‍ നീതിനിഷ്ഠയുള്ളവരായിരിക്കുന്നതിനെപ്പറ്റിയാണ് രണ്ടുദിവസം ഞാന്‍ സംസാരിച്ചത്. മൂന്നാം ദിവസം രാവിലെ മുതിര്‍ന്ന പാസ്റ്റര്‍മാരില്‍ നിന്നും എനിക്ക് ഒരു സന്ദേശം ലഭിച്ചത് ഞാന്‍ തുടര്‍ന്ന് പ്രസംഗിക്കേണ്ട എന്നായിരുന്നു. ഞാന്‍ കാര്യങ്ങള്‍ തുറന്നു സംസാരിച്ചത് അവരില്‍ പലര്‍ക്കും ഇടര്‍ച്ചയായിത്തീര്‍ന്നു. കര്‍ത്താവിന് പറയാനുള്ളകാര്യങ്ങള്‍ രണ്ട് സന്ദേശങ്ങളിലൂടെ പറഞ്ഞുതീര്‍ത്തതായി എനിക്ക് ബോദ്ധ്യമുണ്ടായിരുന്നതിനാല്‍ അവരുടെ തീരുമാനം ഞാന്‍ സസന്തോഷം കൈക്കൊണ്ടു.
കണ്‍വന്‍ഷന്‍ സമാപിച്ചശേഷം കേരളത്തിലെ മറ്റൊരു സ്ഥലത്തേക്ക് എനിക്ക് പോകേണ്ടതുണ്ടായിരുന്നു. കണ്‍വന്‍ഷന്റെ സംഘാടകര്‍ക്ക് അവരുടെ ഒരു കാറില്‍ അനായാസേന എന്നെ ആ സ്ഥലത്ത് വിടാമായിരുന്നു, പക്ഷേ അവര്‍ക്ക് അതിന് മനസ്സായില്ല. എന്റെ പെട്ടിയും തൂക്കിപ്പിടിച്ച് ആ സ്ഥലത്തേക്കുള്ള ഒരു ബസ്സിനായി ഞാന്‍ ബസ്‌സ്റ്റോപ്പിലേക്ക് പോയി. ആ പ്രദേശങ്ങളിലെ ബസ് റൂട്ടുകളെപ്പറ്റി അജ്ഞനായിരുന്ന ഞാന്‍ തെറ്റായ ഒരു ബസ്സിലാണ് കയറിപ്പറ്റിയത്. കുറേ ദൂരം യാത്രചെയ്തശേഷമാണ് എനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്. ഞാന്‍ ആ ബസ്സില്‍നിന്നിറങ്ങി മറ്റൊരു ബസ്സില്‍ കയറി. കര്‍ത്താവ് ഇതെല്ലാം ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ അനുവദിച്ചതായിരുന്നു. രണ്ടാമതുകയറിയ ബസ്സിലെ തിരക്കുമൂലം എനിക്ക് നില്‍ക്കേണ്ടിവന്നു. ഇതേ കണ്‍വന്‍ഷന് സംബന്ധിച്ചശേഷം മടങ്ങുകയായിരുന്ന ചെറുപ്പക്കാരനായ ഒരു സഹോദരന്‍ എന്റെ മുമ്പില്‍ നിന്ന് യാത്രചെയ്തിരുന്നു. ഞങ്ങള്‍ കഷ്ടിച്ച് 10 മിനിറ്റ് സംസാരിച്ചുകഴിഞ്ഞപ്പോഴേക്കും ഈ സഹോദരന് ഇറങ്ങേണ്ട സ്ഥലമായി. എന്നാല്‍ അന്നത്തെ ആ കൂടിക്കാഴ്ച ഇന്നുവരെ നിലനില്ക്കുന്ന ഒരു സ്‌നേഹബന്ധത്തിന്റെ തുടക്കമായിരുന്നു. പിന്നീട് അദ്ദേഹം എന്നോട് പറഞ്ഞത്, ‘ജയകരമായ ഒരു ക്രിസ്തീയജീവിതത്തിനായി ഉല്‍ക്കടമായി വാഞ്ഛിച്ചിരുന്ന തന്റെ ജീവിതത്തിലേക്ക് ദൈവം എന്നെ ഒരു പ്രത്യേക ദൂതുമായി അയയ്ക്കുകയായിരുന്നു എന്നത്രേ. പിന്നീട് ഇതേ സഹോദരനെ കോട്ടയത്ത് ഒരു പ്രാദേശികസഭയ്ക്ക് തുടക്കം കുറിക്കാനും തുടര്‍ന്ന് മറ്റ് പലസ്ഥലത്തും ഈ സന്ദേശം വ്യാപിപ്പിക്കാനും ഒക്കെ മുഖാന്തിരമാക്കി. 12000 പേരാട് സംസാരിക്കുന്നതിലും പ്രധാനമായി ഈ സഹോദരനെ കണ്ടുമുട്ടാനായിരുന്നു ദൈവം എന്നെ പ്രസ്തുത മഹായോഗത്തിലേക്ക് അയച്ചത് എന്ന് ഞാന്‍ ഗ്രഹിച്ചു. കണ്‍വന്‍ഷന്റെ സംഘാടകര്‍ എന്നെ കാറില്‍ എനിക്ക് പേകേണ്ട സ്ഥലത്തേക്ക് കൊണ്ടുപോകാഞ്ഞത് എന്തു നന്നായി! ഇങ്ങനെയൊക്കെ സംഭവിച്ചില്ലായിരുന്നെങ്കില്‍ മേല്‍പറഞ്ഞ സഹോദരനെ ഞാന്‍ കണ്ടുമുട്ടുകയില്ലായിരുന്നു. ഞാന്‍ ഈ സഹോദരനെ കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍, എനിക്ക് നേരിടേണ്ടിവന്ന അസൗകര്യങ്ങളും അപമാനവും മൂലം ഞാന്‍ അസ്വസ്ഥനാകാതെ ദൈവത്തിന്റെ പരമാധികാരത്തില്‍ മനസ്സ് ഉറപ്പിച്ച് ദൈവത്തിന് നന്ദികരേറ്റുന്ന ആത്മാവില്‍ ആയിരുന്നു എന്നത് എത്രനന്നായി! ദൈവം എല്ലാകാര്യങ്ങളും കുറ്റമറ്റവിധത്തില്‍ ക്രമീകരിക്കുന്നു എന്നതിനാല്‍ എല്ലാകാര്യങ്ങള്‍ക്കായും എല്ലായ്‌പ്പോഴും അവിടുത്തേക്ക് നന്ദിപറയാന്‍ നമുക്ക് കഴിയും.
1983 ന്റെ പ്രാരംഭത്തില്‍ കോട്ടയത്ത് മുകളില്‍ സൂചിപ്പിച്ച സഹോദരന്‍ സംബന്ധിച്ചിരുന്ന ഏകദേശം 50 പേരുള്ള ഒരു ചെറിയ സഭയില്‍ പ്രത്യേക യോഗങ്ങള്‍ നടത്തുവാനായി എന്നെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ ഇതേ സമയത്ത് മറ്റൊരു പെന്തക്കോസ്തുവിഭാഗത്തിന്റെ വാര്‍ഷിക കണ്‍വന്‍ഷനില്‍ മുഖ്യപ്രസംഗകനായിരിക്കാനും എനിക്ക് ക്ഷണം ലഭിച്ചിരുന്നു. ഞാന്‍ ഈ രണ്ട് കാര്യങ്ങളെയുംപ്പറ്റി പ്രാര്‍ത്ഥനയില്‍ ദൈവഹിതം അന്വേഷിക്കയും, ആയിരക്കണക്കിന് ആളുകള്‍ സംബന്ധിക്കുന്ന ആ കണ്‍വന്‍ഷനെക്കാള്‍ ആ ചെറിയ സഭയിലെ മീറ്റിംഗുകള്‍ക്കായി പോകാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന ബോദ്ധ്യത്തിലെത്തുകയും ചെയ്തു. ഈ തീരുമാനത്തിന് ദൂരവ്യപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ വചനം സംസാരിച്ച ഈ സഭയിലെ വിരലില്‍ എണ്ണാവുന്ന വിശ്വാസികള്‍ ഞാന്‍ സംസാരിച്ച പുതിയ നിയമജീവിതസത്യങ്ങളാല്‍ പിടിക്കപ്പെടുകയും, അവര്‍ അതുവരെ അംഗങ്ങളായിരുന്ന സഭാവിഭാഗത്തോട് യാത്രപറഞ്ഞ് വേറെ കൂടുവാന്‍ തീരുമാനിക്കയും ചെയ്തു. കേരളത്തിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കം ഇതായിരുന്നു. യേശുവിന്റെ കാലത്തെന്നപോലെ ഇന്നും കര്‍ത്താവ് വലിയ ആള്‍ക്കൂട്ടത്തെയല്ല ആത്മാര്‍ത്ഥതയുള്ള ക്രിസ്തുശിഷ്യരെയാണ് തിരയുന്നത്.
ഇതേവര്‍ഷംതന്നെ ദൈവം തമിഴ് നാട്ടിലേക്കും വാതിലുകള്‍ തുറന്നു. മദ്രാസിലുള്ള ഒരു ക്രിസ്തീയ വിഭാഗത്തിന്റെ കണ്‍വന്‍ഷനില്‍ പ്രസംഗിക്കാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടു. ആ മീറ്റിംഗുകളില്‍ എന്റെ പ്രസംഗം ശ്രവിച്ച ഒരു പാസ്റ്റര്‍ എന്നെ മധുരയില്‍ ചില വിശേഷാല്‍ യോഗങ്ങള്‍ക്കായി ക്ഷണിച്ചു. തൂത്തുക്കുടിയിലുള്ള ഒരു വലിയ ക്രിസ്തീയ സഭാവിഭാഗത്തില്‍ അംഗങ്ങളായിരുന്ന വീണ്ടും ജനനാനുഭവമുള്ള ചില യുവാക്കള്‍ മധുരയിലെ ഈ മീറ്റിംഗുകള്‍ക്കായി വന്നിരുന്നു. അവര്‍ ഈ സന്ദേശങ്ങളില്‍ വളരെ ആകൃഷ്ടരായെങ്കിലും അവരുടെ സ്വന്തപട്ടണത്തില്‍ ഇത്തരം സമ്മേളനങ്ങള്‍ ക്രമീകരിക്കാനുള്ള പണമോ സ്വാധീനശക്തിയോ അവര്‍ക്ക് ഇല്ലായിരുന്നു. എന്നാല്‍ ദൈവത്തിന്റെ മുന്‍കരുതലില്‍ മറ്റൊരു ക്രിസ്തീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ ആരോ എനിക്കുവേണ്ടി തൂത്തുക്കുടിയില്‍ ചില മീറ്റിംഗുകള്‍ ക്രമീകരിക്കാന്‍ ഇടയായി. ആ പട്ടണത്തിലെ പല പാസ്റ്റര്‍മാരും ആദ്യമീറ്റിംഗില്‍ സംബന്ധിച്ചിരുന്നു. എന്നാല്‍ ആദ്യസന്ദേശം തന്നെ അവര്‍ക്ക് ഇടര്‍ച്ചയാകുകയും തുടര്‍ന്ന് അവര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. രസകരമായകാര്യം പ്രസ്തുതസമ്മേളനങ്ങള്‍ സംഘടിപ്പിച്ച വ്യക്തിതന്നെ ഇടര്‍ച്ചയുണ്ടായി അപ്രത്യക്ഷനായി എന്നതാണ്! തന്മൂലം മധുരയില്‍ എന്റെ പ്രസംഗം കേള്‍ക്കാന്‍ വന്ന ആ ചെറുപ്പക്കാരായ സഹോദരന്മാര്‍ ചുമതല ഏറ്റെടുക്കയും അവര്‍ പ്രാരംഭത്തില്‍ പാട്ടുകള്‍ പാടുകയും തുടര്‍ന്ന് ഞാന്‍ വചനം പ്രസംഗിക്കുകയും ചെയ്തു. ഈ യുവാക്കളുടെ എരിവ് എന്നെ വല്ലാതെ ആകര്‍ഷിക്കയും പിന്നീട് ഞാന്‍ അവരുമായി കുറേസമയം ചെലവഴിക്കയും ചെയ്തു. അര്‍ദ്ധരാത്രി കഴിയുന്നതുവരെ ദീര്‍ഘസമയം ഞങ്ങള്‍ സംസാരിച്ചിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, അതുവരെ സംഭവിച്ചകാര്യങ്ങള്‍ എല്ലാം തന്നെ ഈ യുവസഹോദരങ്ങളെ ഞാന്‍ കണ്ടുമുട്ടാനുള്ള മുഖാന്തരങ്ങള്‍ മാത്രമായിരുന്നു എന്ന്. ആ വര്‍ഷം ജൂണ്‍മാസം ഇവര്‍ വേര്‍പെട്ട് സഭയായി തൂത്തുക്കുടിയില്‍ കൂടിവരാന്‍ തുടങ്ങി. അവരെ ആത്മികമായി സഹായിക്കണം എന്ന് ആവശ്യപ്പെട്ടതിനാല്‍ 1983 ല്‍ ആദ്യമായി ആ പട്ടണത്തില്‍ ഒരു കോണ്‍ഫറന്‍സ് നടക്കാന്‍ ഇടയായി. തൂത്തുക്കുടിയില്‍ ആദ്യം മീറ്റിംഗുകള്‍ ക്രമീകരിച്ച ആള്‍ ഇടര്‍ച്ച ഉണ്ടായി വിട്ടുപോയത് എന്തു നന്നായി! ദൈവവഴികള്‍ വിസ്മയകരം തന്നെ.
ചില ആഴ്ചകള്‍ക്കുശേഷം തഞ്ചാവൂരില്‍ ചില പ്രത്യേകയോഗങ്ങള്‍ നടക്കുകയും പാപത്തിന്റെമേല്‍ ജയമുള്ള ഒരു ക്രിസ്തീയജീവിതത്തെപ്പറ്റിയുള്ള സത്യങ്ങള്‍ ചിലരുടെ ഹൃദയത്തെ പിടിച്ചടക്കുവാന്‍ ദൈവം വഴിതുറക്കുകയും ചെയ്തു. ഈ യോഗങ്ങള്‍ തമിഴ്‌നാടിന്റെ മറ്റ് പ്രദേശങ്ങളിലേക്കും ഈ സന്ദേശങ്ങള്‍ക്കായി വാതിലുകള്‍ തുറക്കുന്നതിന് മുഖാന്തരമായി. പലയിടങ്ങളിലും പ്രാദേശികസഭകള്‍ ഉണ്ടാകാന്‍ ഇടയായി.
ഈ കാര്യങ്ങള്‍ ഒന്നും തന്നെ ഞങ്ങളുടെ സ്വന്തജ്ഞാനമോ ആലോചനയോ അനുസരിച്ച് ചെയ്തില്ല. ദൈവംതന്നെ അവിടുത്തെ പരമാധികാരത്തില്‍ തന്റെ വേല നിറവേറ്റുകയായിരുന്നു. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ദൈവം ഞങ്ങളെ നയിച്ചപ്പോള്‍ വാസ്തവത്തില്‍ ഞങ്ങള്‍ ”മേഘസ്തംഭത്തെ” പിന്‍തുടരുകമാത്രമാണ് ചെയ്തത്!! ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ.
35 : പിശാചിനാല്‍ പീഡിതരായി ജീവിക്കുന്നവരുടെ വിടുതല്‍
”നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവന്‍ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിക്കൊണ്ട് സഞ്ചരിച്ചതുമായ വിവരംതന്നേ” (അപ്പോ.പ്രവൃ.10:38)
യേശുവിന്റെ ദൃഷ്ടാന്തം ഇവിടെ സൂചിപ്പിച്ചിരിക്കുന്നതില്‍ നിന്ന് നമുക്ക് ഒരു കാര്യം വ്യക്തമാണ്. അഭിഷേകം ലഭിച്ചവര്‍ക്ക് ദൈവശക്തിയും (പ്രവൃ.1:8) ദൈവസാന്നിദ്ധ്യവും ലഭ്യമാണ്. തല്‍ഫലമായി അവര്‍ നന്മചെയ്തുകൊണ്ടും പിശാചുബാധയില്‍ നിന്നും ആളുകളെ വിടുവിച്ചുകൊണ്ടും ജീവിതം നയിക്കും.
പുതിയനിയമശുശ്രൂഷകന്മാര്‍ എന്ന നിലയില്‍ നമ്മുടെ ഒരു പ്രധാന ശുശ്രൂഷ സാത്താന്റെ പീഡനത്തില്‍ നിന്നും മറ്റുള്ളവരെ വിടുവിക്ക എന്നതാണ്. പഴയ നിയമകാലത്ത് പിശാച് തോല്പിക്കപ്പെട്ടില്ലായിരുന്നതിനാല്‍ ഇത്തരം ഒരു ശുശ്രൂഷ അസാദ്ധ്യമായിരുന്നു. എന്നാല്‍ ഇന്ന് സാത്താന്‍ ക്രൂശില്‍ തോല്പിക്കപ്പെട്ടിരിക്കുന്നു. വെളിച്ചത്തില്‍ നടക്കുന്ന ഒരു ദൈവപൈതലിന്മേല്‍ അവന് ഒരു അധികാരവുമില്ല. കര്‍ത്താവ് എന്നെ പഠിപ്പിക്കയും എല്ലായിടത്തും ക്രിസ്തീയ വിശ്വാസികളോട് പ്രഘോഷിക്കുവാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്ത വലിയ സത്യങ്ങളില്‍ ഒന്നാണിത്. ഈ സത്യം തെളിയിക്കുവാന്‍ അവിടുന്ന് എനിക്ക് ചില അനുഭവങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത് വൃദ്ധനായ ഒരാള്‍ രോഗിയായിത്തീര്‍ന്നു. രോഗസൗഖ്യത്തിനായി ഒരു മന്ത്രവാദി ചില ആഴ്ചകള്‍ ആ വീട്ടില്‍ തുറസ്സായ സ്ഥലത്തുവച്ച് മന്ത്രം ചെയ്ത ഔഷധങ്ങള്‍ തയ്യാറാക്കുന്നത് കാണാമായിരുന്നു. ഒരു ദിവസം രാവിലെ ഒരു ചെറിയ കുടത്തില്‍ എന്തോ ഉള്ളടക്കം ചെയ്ത നിലയില്‍ ഞങ്ങളുടെ മുറ്റത്തുകണ്ടു. മന്ത്രവാദികള്‍ ഒരാളില്‍ നിന്നും, രോഗം അടുത്ത വീട്ടിലേക്ക് അയയ്ക്കാനായി ഇമ്മാതിരി കാര്യങ്ങള്‍ ചെയ്തിരുന്നതായി ഞങ്ങള്‍ കേട്ടിരുന്നു. തങ്ങള്‍ക്ക് ദോഷം ഉണ്ടാകും എന്നുള്ള ഭയംമൂലം മന്ത്രം ജപിച്ച കുടം തൊടുവാന്‍ പോലും പലര്‍ക്കും ഭയമാണ്. ദൈവമക്കള്‍ക്കെതിരെ സാത്താന്‍ തികച്ചും ശക്തിഹീനനാണെന്ന പാഠം ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനുള്ള ഒരു നല്ല അവസരമായിട്ടാണ് ഞങ്ങള്‍ ഇതിനെ കണ്ടത്. അതുകൊണ്ട് ഞങ്ങള്‍ ആ കുടം മുറ്റത്തു നിന്നെടുത്ത് എറിഞ്ഞുകളഞ്ഞു. ദൈവമക്കളായ നമ്മെ തൊടുവാന്‍ പിശാചിന് അസാദ്ധ്യമാകയാല്‍ അവനെ ഭയപ്പെടേണ്ട ആവശ്യമില്ല എന്ന് ഞങ്ങള്‍ കുഞ്ഞുങ്ങളോട് പറയുകയുണ്ടായി. നാം വെളിച്ചത്തില്‍ നടക്കുക മാത്രം ചെയ്താല്‍ മതി. ഞങ്ങള്‍ക്ക് ആ സംഭവം മൂലം ഒരു ദോഷവും വന്നില്ല. അടുത്ത വീട്ടിലെ രോഗിയായ വൃദ്ധന്‍ താമസിയാതെ മരണമടഞ്ഞു. യെശയ്യാവ് 54:17 ല്‍ പറയും പോലെ നമുക്കെതിരായി ഉണ്ടാക്കപ്പെടുന്ന ഒരായുധവും ഫലിക്കുകയില്ല.
ചില സന്ദര്‍ഭങ്ങളില്‍ ഭൂതബാധിതരായവരെ വിടുതലിനായി വീട്ടില്‍ കൊണ്ടുവരാറുണ്ടായിരുന്നു. ഞങ്ങളുടെ കുട്ടികള്‍ വീട്ടില്‍ ഉള്ളതിനാല്‍ വീട്ടില്‍ വച്ച് ഭൂതങ്ങളെ പുറത്താക്കരുതെന്ന് ചില ക്രിസ്തീയ സ്‌നേഹിതര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. സാത്താന്‍ പരാജയപ്പെട്ട ശത്രുവാകയാല്‍ ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് തെല്ലും ഭയം ഇല്ലായിരുന്നു. യേശുചെയ്തതുപോലെ പിശാചുബാധിച്ചവരെ എല്ലായിടത്തും വിടുവിക്കുക എന്നതായിരുന്നു ഞങ്ങളെ ഏല്പിച്ച ശുശ്രൂഷ. ദൈവം തന്നെ ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കും എന്ന ഉറപ്പുണ്ടായിരുന്നു. തന്മൂലം ഭവനത്തില്‍ വച്ചുതന്നെ ഭൂതബാധിതരെ വിടുവിക്കുന്ന ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. ഒരു സന്ദര്‍ഭത്തില്‍ പോലും ഞങ്ങള്‍ക്കോ മക്കള്‍ക്കോ ഇതുമൂലം ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
ഒരിക്കല്‍ ഒരു കോണ്‍ഫറന്‍സിന്റെ ഒടുവില്‍ ആരോ ഒരാള്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ പ്രാര്‍ത്ഥനയ്ക്കായി എന്റെ അടുക്കല്‍ കൊണ്ടുവന്നു. കര്‍ത്താവിനായി അവളുടെ ജീവിതം സമര്‍പ്പിക്കുവാനായി ഞാന്‍ അവളോട് സംസാരിച്ചുകൊണ്ടിരിക്കവേ പെട്ടെന്ന് ശബ്ദം മാറ്റി എന്നോട് അവള്‍ ഇങ്ങനെ ചോദിച്ചു:”ഞാന്‍ ഇത്രയും കാലം ഇവിടെ പാര്‍ക്കുകയായിരുന്നു. നീ എന്നെ പുറത്താക്കാന്‍ ഭാവിക്കുകയാണോ?” അപ്രതീക്ഷിതമായ ഈ വാക്കുകള്‍ ഒരു നിമിഷത്തേക്ക് എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും ആ കുട്ടി പിശാചുബാധിച്ചവളാണെന്ന് എനിക്ക് വ്യക്തമായിരുന്നു. ഞാന്‍ കര്‍ത്താവിലുള്ള വിശ്വാസം ശക്തിപ്പെടുത്താന്‍ എത്രയും മൃദുസ്വരത്തില്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കയും പിശാചിനോട് അവളെ വിട്ടുപോകാന്‍ യേശുവിന്റെ നാമത്തില്‍ ആജ്ഞാപിക്കുകയും ചെയ്തു. യാത്രയ്ക്കുള്ള ഒരു ബസ്സില്‍ കയറേണ്ടതിനാല്‍ എനിക്ക് ഉടനേ സ്ഥലം വിടേണ്ടിയിരുന്നതിനാല്‍ ആ സ്ഥലത്തെ സഭാമൂപ്പന്മാരോട് ആ കുട്ടി യഥാര്‍ത്ഥത്തില്‍ പിശാചുബാധയില്‍ നിന്നും സ്വതന്ത്രയായോ എന്ന് ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടിട്ട് ഞാന്‍ യാത്രയായി. പിന്നീട് ഞാന്‍ ആ പെണ്‍കുട്ടിയെ കാണുമ്പോള്‍ അവള്‍ തികച്ചും സൗഖ്യമുള്ളവളായിരുന്നു.
ബാംഗ്‌ളൂരിലെ സഭാമന്ദിരത്തില്‍ മീറ്റിംഗിനിടയില്‍ ഭൂതബാധിതരായവര്‍ കൂടിവന്ന രണ്ട് സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുന്നു. ഒരിക്കല്‍ ഒരു കോണ്‍ഫറന്‍സിന്റെ ഉച്ചകഴിഞ്ഞുള്ള സമ്മേളനത്തില്‍ പിശാചുബാധിതനായ ഒരാള്‍ പാമ്പിനെപ്പോലെ ഇഴഞ്ഞ് ഹാളിന്റെ മുന്‍ഭാഗത്തേക്ക് വരികയുണ്ടായി. ഞാന്‍ ദൈവവചനം പഠിപ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നതിനാല്‍ ഈ കാരണംകൊണ്ട് സാത്താന്‍ വചനപഠനം തടസ്സപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. തന്മൂലം യേശുവിന്റെ നാമത്തില്‍ അയാള്‍ ആയിരുന്ന ഇടത്തുതന്നെ കിടക്കുവാന്‍ ഭൂതത്തോട് കല്പിച്ചശേഷം വചനപഠനം തുടര്‍ന്നു. ആ മനുഷ്യന്‍ ക്ഷണത്തില്‍ ഗാഢനിദ്രയിലാണ്ടു. മീറ്റിംഗ് അവസാനിച്ച നിമിഷം അയാള്‍ ഉറക്കമുണര്‍ന്നു. അതിനുശേഷം അയാള്‍ക്ക് ആവശ്യമായ ആത്മിക ആലോചനകള്‍ നല്‍കുവാന്‍ ഇടയായി.
മറ്റൊരു സന്ദര്‍ഭത്തില്‍ ഞായറാഴ്ചത്തെ സഭാകൂടിവരവ് അവസാനിക്കാറായപ്പോള്‍ ഒരാള്‍ വന്ന് എന്നെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു. യേശുതന്റെ ജീവിതത്തിലേക്ക് വരാനായി ആവശ്യപ്പെടണം എന്നും യേശുക്രിസ്തുകര്‍ത്താവ് എന്ന് ഏറ്റുപറയണം എന്നും ഞാന്‍ അയാളോട് പറഞ്ഞു. എല്ലാവരും കേള്‍ക്കെ അയാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത് ”യേശു ക്രിസ്തു കര്‍ത്താവ് അല്ല” എന്നായിരുന്നു. ഒരു നാമധേയ ക്രിസ്ത്യാനി ആയിരുന്ന അയാളല്ല, ഒരു ഭൂതമാണ് അവനെക്കൊണ്ട് ഇതു പറയിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. യേശുവിന്റെ നാമത്തില്‍ ഭൂത്തോട് അവനെ വിട്ടുപോകാന്‍ കല്പിച്ചു. പെട്ടെന്ന് അയാള്‍ കാരാട്ടെക്കാര്‍ കാണിക്കുന്നതുപോലെ ചില ചേഷ്ടകള്‍ കാണിക്കയും പാമ്പിനെപ്പോലെ നിലത്ത് ചുരുണ്ടുകൂടി വീഴുകയും ചെയ്തു. കരാട്ടെ പോലെയുള്ള അഭ്യാസങ്ങളുടെ പിന്നില്‍ അശുദ്ധാത്മാക്കളുണ്ട് എന്ന് ഞാന്‍ കണ്ടെത്തിയത് അന്നായിരുന്നു. ഞാന്‍ അയാളെ എഴുന്നേല്‍പ്പിച്ചിട്ട് യേശുക്രിസ്തുകര്‍ത്താവാണെന്ന് ഏറ്റുപറയാന്‍ ആവശ്യപ്പെട്ടു. ഒരുമടിയും കൂടാതെ അയാള്‍ ഏറ്റുപറഞ്ഞു. അതുവരെ തന്നെ ബാധിച്ചിരുന്ന കൊടിഞ്ഞി തലവേദന വിട്ടുമാറിയതായി അയാള്‍ സാക്ഷ്യം പറഞ്ഞു. സഭയില്‍ പലരുടേയും വിശ്വാസം ശക്തമാകാന്‍ മേല്‍ പറഞ്ഞ രണ്ടു സംഭവങ്ങള്‍ കാരണമായി.
പല വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്‍ഡ്യയിലെ ഒരു ഭാഗത്ത് നടന്ന ഒരു പൊതു സമ്മേളനത്തില്‍ ഏകദേശം 30000 പേര്‍ സംബന്ധിച്ചിരുന്നു. ഞാന്‍ വേദിയില്‍ നിന്ന്‌ദൈവവചനം പ്രസംഗിക്കുമ്പോള്‍ കേള്‍വിക്കാരില്‍ ഒരാള്‍ പെട്ടെന്ന് എഴുന്നേറ്റ് പ്രസംഗവേദിക്കുമുമ്പില്‍ വന്നുനിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി. ഒന്നിലധികം തവണ ഞാന്‍ ശാന്തമായി അയാളോട് ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജനത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് അയാള്‍ നൃത്തം തുടര്‍ന്നു. അയാളെ ഭൂതം ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കിയ ഞാന്‍ യേശുവിന്റെ നാമത്തില്‍ ഇരിക്കാന്‍ കല്പിച്ചു. ഉടന്‍ തന്നെ അയാള്‍ കല്‍പ്പന അനുസരിച്ചു. യേശുവിന്റെ നാമത്തില്‍ അത്യന്തശക്തിയുള്ളതിനാല്‍ ഭൂതങ്ങള്‍ ആ നാമത്തില്‍ വിറയ്ക്കയും ഉടനടി അനുസരിക്കുകയും ചെയ്യുന്നു.
അമേരിക്കയില്‍വച്ച് ഒരു മീറ്റിംഗിനൊടുവില്‍ പ്രാര്‍ത്ഥനയ്ക്കും ഉപദേശത്തിനുമായി ഒരു ചെറുപ്പക്കാരിയെ എന്റെ അടുക്കല്‍ കൊണ്ടുവന്നു. അമേരിക്കയിലെ യുവസ്ത്രീകള്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുന്നവരായിരിക്കെ മുഷിഞ്ഞ വസ്ത്രത്തോടുകൂടി നില്‍ക്കുന്ന ഈ സ്ത്രീയെ ഞാന്‍ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. അവളോടു സുവിശേഷം പങ്കുവച്ച ശേഷം എന്നോടൊപ്പം അനുതാപപ്രാര്‍ത്ഥന ഏറ്റുചൊല്ലി യേശുവിനെ തന്റെ രക്ഷകനായി സ്വീകരിക്കുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പ്രാര്‍ത്ഥനയില്‍ ഞാന്‍ യേശുവിന്റെ നാമം ഉച്ചരിച്ചപ്പോഴെല്ലാം അവള്‍ ഏറ്റുചൊല്ലാതെ മൗനമായിരുന്നു. ആ നാമം ഉച്ചരിക്കുവാന്‍ കഴിയുന്നില്ലെന്ന് അവള്‍ എന്നോടു പറഞ്ഞു. അപ്പോഴാണ് അവള്‍ പിശാചിനാല്‍ പീഡിതയാണെന്നു ഞാന്‍ മനസ്സിലാക്കിയത്. പിശാചിനോട് അവളെ വിട്ടുപോകുവാന്‍ പറഞ്ഞപ്പോള്‍ത്തന്നെ അവള്‍ക്കു വിടുതല്‍ ലഭിച്ചു. തുടര്‍ന്നു യേശുവിന്റെ നാമത്തെ വിളിച്ചപേക്ഷിപേക്ഷിക്കുവാന്‍ ഞാന്‍ യേശുവിന്റെ നാമത്തില്‍ അവളോടു കല്‍പിച്ചു. ഉടന്‍തന്നെ അവള്‍ അപ്രകാരം ചെയ്യുകയും രക്ഷിക്കപ്പെടുകയും ചെയ്തു. അടുത്ത ദിവസം വൃത്തിയുള്ള വസ്ത്രം ധരിച്ച് സന്തോഷത്തോടെ കടന്നുവന്ന ഈ യുവതിയെ തിരിച്ചറിയുവാന്‍ കഴിയാത്തവണ്ണം ആശ്ചര്യകരമായിരുന്നു അവളിലുണ്ടായ രൂപാന്തരം.. ഈ പ്രിയപ്പെട്ട യുവതിയായ സ്ത്രീക്ക് ആവശ്യമായിരുന്നത് മനശാസ്ത്രആലോചനയോ ചികിത്സയോ ആയിരുന്നില്ല, മറിച്ച് വിടുതലായിരുന്നു!!
ഈ കാര്യങ്ങളൊക്കെ ഞാന്‍ പ്രസ്താവിക്കുന്നത് എന്നെത്തന്നെ ഉയര്‍ത്താനല്ല; മറിച്ച് എവിടെയുമുള്ള വിശ്വാസികള്‍, സാത്താന്‍ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ട ശത്രുവാണെന്ന് തിരിച്ചറിയേണ്ടതിന്നത്രേ. പിശാചുബാധയില്‍ നിന്ന് ആളുകളെ വിടുവിക്കുന്ന ഈ ശുശ്രൂഷ ഞാന്‍ മാത്രമല്ല ഞങ്ങളുടെ സഭകളിലെ മറ്റു പലരും ചെയ്യുന്നതാണ്. വെളിച്ചത്തില്‍ നടക്കുകയും യേശുക്രിസ്തുവിന്റെ നാമത്തിന്റെ ശക്തി തിരിച്ചറികയും ചെയ്യുന്ന ഏതൊരു ദൈവപൈതലിനും ഭൂതങ്ങളെ പുറത്താക്കാന്‍ കഴിയും. ദുഃഖകരമായ കാര്യം മത്തായി പന്ത്രണ്ടാം അദ്ധ്യായത്തിന്റെ 43-ാം വചനം മുതല്‍ യേശുമുന്നറിയിപ്പു തന്നിട്ടുള്ളതുപോലെ, പിശാചുബാധയില്‍നിന്നും വിടുതല്‍ ലഭിച്ച പലരും അവരുടെ ഹൃദയമായ ഭവനം ശൂന്യമാക്കി വച്ചിരുന്നതിനാല്‍ പിന്നീട് കൂടുതല്‍ കഠിനമായ പിശാചുബാധയ്ക്ക് ഇരകളായിത്തീര്‍ന്നു എന്നതാണ്.
എന്നാല്‍ ഇവ്വണ്ണം പിശാചുബാധയില്‍ നിന്നും വിടുതല്‍ പ്രാപിച്ച ചിലര്‍ ആത്മാര്‍ത്ഥമായി ദൈവമുഖം അന്വേഷിച്ച് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് യഥാര്‍ത്ഥക്രിസ്തുശിഷ്യരായി ത്തീര്‍ന്നിട്ടുമുണ്ട്. അവരില്‍ ചിലര്‍ ഇന്ന് ചില സ്ഥലങ്ങളിലെ സഭകളില്‍ മൂപ്പന്‍മാരാണ് എന്ന കാര്യം അത്ഭുതകരമല്ലേ? ഹല്ലേലുയ്യാ!!
36 : യാത്രകളിലെ ദൈവകൃപ
രണ്ടായിരത്തിയേഴില്‍ ഞാന്‍ പൂര്‍ണ്ണസമയം കര്‍ത്താവിന്റെ വേലയിലായിട്ട് 40 വര്‍ഷം തികഞ്ഞു.. കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്കും ആനിക്കും ദൈവം നല്‍കിയ സംരക്ഷണവും ഞങ്ങളോട് ദൈവം കാണിച്ച നന്മയും ഓര്‍ത്തുപോകുകയാണ്. ലോകമൊട്ടാകെ കഴിഞ്ഞ 40 വര്‍ഷങ്ങള്‍ ഞങ്ങള്‍ ഇരുവരും, സൈക്കിള്‍, കാളവണ്ടി, മോപ്പഡ്, സ്‌കൂട്ടര്‍, ബസ്സ്, ഓട്ടോറിക്ഷാ, കാര്‍, ട്രെയിന്‍, ബോട്ട്, വിമാനം എന്നീ വിവിധ വാഹനങ്ങളില്‍ അനേകായിരും മൈലുകള്‍ സഞ്ചരിച്ചു കഴിഞ്ഞു. ദൈവത്തിന്റെ വിശ്വസ്തതയും കരുതലും എത്ര വലിയത്!
എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നിടത്തോളം, ഞാന്‍ സമ്മതം നല്‍കിയ ഒറ്റ മീറ്റിംഗുപോലും മുടങ്ങാന്‍ കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയില്‍ ഇടയായിട്ടില്ല. അസുഖം മൂലമോ, ബസ്സോ, ട്രെയിനോ, വിമാനമോ കിട്ടാതെ വന്നതുകൊണ്ടോ, മറ്റ് യാതൊരു കാരണംമൂലമോ നേരത്തെ വാക്കുകൊടുത്ത മീറ്റിംഗുകള്‍ റദ്ദുചെയ്യേണ്ടിവന്നില്ല എന്നത് ദൈവം ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതുകൊണ്ടു മാത്രമാണെന്ന് ഉറപ്പാണ്.
ഈ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം തികച്ചും ആരോഗ്യവാനായി ദൈവം എന്നെ നിലനിര്‍ത്തി. ദൈവം നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ആത്മീയശുശ്രൂഷ എന്താണോ അതിന് ആവശ്യമായ കഴിവുകളോടെ ഒരു ശരീരം അവിടുന്ന് നമ്മുടെ അമ്മയുടെ ഉദരത്തില്‍ വച്ചുതന്നേ നല്‍കുന്നു. തുടര്‍ച്ചയായി യാത്രചെയ്യേണ്ട എന്നെപ്പോലെയുള്ളവര്‍ക്ക് അത്യന്താപേക്ഷിതമായ രണ്ടുകാര്യങ്ങള്‍ എവിടെയും ഉറങ്ങാനും എന്തും ഭക്ഷിക്കാനുമുള്ള കഴിവാണ്. ഞാന്‍ പിറന്നപ്പോള്‍ തന്നെ ഈ രണ്ടുകാര്യങ്ങള്‍ക്കും ഉള്ള പ്രാപ്തി ദൈവം എനിക്കു തന്നിരുന്നു. തന്മൂലം ഈ പ്രായത്തിലും എനിക്ക് എവിടെയും- ഒരു മെത്തയിലോ, തറയിലോ, കാറിലോ, ബസ്സിലോ, ട്രെയിനിലോ, വിമാനത്തിലോ- ഉറങ്ങാന്‍ പ്രയാസമില്ല. ഏതു തരത്തിലുള്ള ഭക്ഷണവും – പാശ്ചാത്യമോ, പൗരസ്ത്യമോ- കഴിക്കാനും എന്റെ ശരീരത്തിന് ബുദ്ധിമുട്ടില്ല. ചിലദിവസങ്ങളിലേക്ക് ഒന്നും കഴിക്കാതിരിക്കാനും എനിക്ക് യാതൊരു പ്രയാസവുമില്ല. ലോകത്തിന്റെ ഏതുകോണിലേക്കും യാത്രചെയ്യുന്നത് തന്മൂലം എനിക്ക് എളുപ്പമായിരിക്കുന്നു. എനിക്ക് ഇതിനെപ്പറ്റി ഒട്ടും പ്രശംസിക്കാനില്ല; കാരണം എന്റെ ശരീരത്തെ ഈ നിലയില്‍ സൃഷ്ടിച്ച ദൈവമാണ് അതിന് കാരണഭൂതന്‍. ദൈവത്തിന്റെ നന്മയ്ക്കായി ഞാന്‍ അവനെ സ്തുതിക്കുന്നു. തുടര്‍ച്ചയായി പലദിവസങ്ങള്‍ ദൈവവചനം പ്രസംഗിച്ചതുമൂലം രണ്ടോമൂന്നോ സന്ദര്‍ഭങ്ങളില്‍ എന്റെ ശബ്ദം നഷ്ടപ്പെട്ടതുമാത്രമാണ് ഏറ്റവും വലിയ ബുദ്ധിമുട്ടായി ഞാന്‍ അനുഭവിച്ചത്.
കഴിഞ്ഞ 26 വര്‍ഷങ്ങളായി ഞാന്‍ തുത്തുക്കുടിയിലേക്ക് തമിഴ്‌നാട്ടിലുള്ള സഭകളുടെ കോണ്‍ഫറന്‍സിനായി വര്‍ഷത്തിലൊരിക്കല്‍ പോകാറുണ്ട്. ദീര്‍ഘവര്‍ഷങ്ങള്‍ ബാംഗ്ലൂരില്‍ നിന്നും തുത്തുക്കുടിയിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ഇല്ലായിരുന്നതിനാല്‍ പതിനാറുമണിക്കൂര്‍ ബസ്സില്‍ യാത്രചെയ്ത് അവിടെ എത്തുകയായിരുന്നു പതിവ്. രാത്രിയില്‍ ബസ്സ് ഓടുന്ന റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞതായിരുന്നതിനാല്‍ മിക്കപ്പോഴും രാത്രിമുഴുവന്‍ ഉണര്‍ന്നിരിക്കാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരാകുമായിരുന്നു. ഞങ്ങള്‍ തുത്തുക്കുടിയില്‍ എത്തുമ്പോഴേയ്ക്കും കോണ്‍ഫറന്‍സിന്റെ ആദ്യമീറ്റിംഗ് തുടങ്ങിയിരിക്കും. ബസ്സില്‍ നിന്നും ഇറങ്ങി നേരെ വചനം പ്രസംഗിക്കാന്‍ തുടങ്ങുകയാവും മിക്കപ്പോഴും. തുടര്‍ന്ന് മൂന്നുദിവസം ഒരുമണിക്കൂര്‍ വീതമുള്ള ഒമ്പതോ പത്തോ പ്രസംഗങ്ങള്‍ക്കുശേഷം സമ്മേളനം തീര്‍ന്നാലുടന്‍ പതിനാറുമണിക്കൂര്‍ മടക്കയാത്രയ്ക്കുള്ള വണ്ടിപിടിക്കാനുള്ള തിരക്കാവും. ദൈവകൃപയാല്‍ കഴിഞ്ഞ 26 വര്‍ഷങ്ങളിലെ തുത്തുക്കുടി കോണ്‍ഫറന്‍സുകളില്‍ ഞാന്‍ ഒരിക്കല്‍പോലും രോഗിയായിതീരുകയോ കോണ്‍ഫ്രന്‍സുകള്‍ എനിക്കു നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല.
ഇന്‍ഡ്യയിലെ യാത്രകള്‍ ചിലപ്പോള്‍ അവിസ്മരണീയങ്ങളായ ചില അനുഭവങ്ങളും സമ്മാനിക്കുന്നവയത്രേ! രണ്ടുപ്രാവശ്യം ഞാന്‍ പോക്കറ്റടിക്കപ്പെട്ടിട്ടുണ്ട്-ഒരിക്കല്‍ മദ്രാസില്‍ തിരക്കുള്ള ഒരു ബസ്സില്‍ യാത്രചെയ്യുമ്പോഴും രണ്ടാമതൊരിക്കല്‍ ബോംബെയില്‍ തിരക്കുള്ള ട്രെയിനില്‍ യാത്രചെയ്യുമ്പോഴും. എന്റെ പണം അപഹരിക്കപ്പെട്ടെങ്കിലും സന്തോഷം മോഷ്ടിക്കാന്‍ പോക്കറ്റടിക്കാര്‍ക്ക് കഴിഞ്ഞില്ല. കാരണം, എന്റെ സന്തോഷം പണസഞ്ചിയിലല്ല, ഹൃദയത്തിലാണെന്ന് ഞാന്‍ സദാ ഉറപ്പാക്കിയിരുന്നു! ഞാന്‍ രണ്ടു തവണയും പോക്കറ്റടിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കയും ചെയ്തു. ആരെങ്കിലും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. ഒരു പക്ഷേ അതുകൊണ്ടാവാം എന്റെ പോക്കറ്റടിക്കാന്‍ ദൈവം അവരെ അനുവദിച്ചത്!! മാത്രമല്ല, പണസ്‌നേഹത്തില്‍ നിന്ന് എന്നെ അല്പംകൂടെ വിടുവിക്കാനും ദൈവം ഇത് അനുവദിച്ചു. പണത്തോടുള്ള എന്റെ കണക്കു കൂട്ടുന്ന മനോഭാവത്തില്‍ നിന്നും കര്‍ത്താവിന് എന്നെ സ്വതന്ത്രനാക്കേണ്ടതുണ്ടായിരുന്നു. നഷ്ടപ്പെടുന്ന ഒരോ രൂപയും ഓര്‍ത്ത് ദുഃഖിക്കുന്നവനോ ലഭിക്കുന്ന ഓരോ രൂപയും ഓര്‍ത്ത് സന്തോഷിക്കുന്ന ഒരുവനോ ആകാന്‍ എന്നെപ്പറ്റി ദൈവം ഒരിക്കലും ആഗ്രഹിച്ചില്ല! കര്‍ത്താവില്‍ (കര്‍ത്താവില്‍ മാത്രം) എന്റെ സന്തോഷം കണ്ടെത്തുവാനാണ് അവിടുന്ന് ആഗ്രഹിച്ചത്-ഭൗതികമായ ലാഭത്തിന് വര്‍ദ്ധിപ്പിക്കാനോ ഭൗതികനഷ്ടത്തിന് കുറച്ചുകളയാനോ കഴിയാത്ത യഥാര്‍ത്ഥ സന്തോഷം.
എന്റെ ക്രിസ്തീയ ശുശ്രൂഷകളുടെ പ്രാരംഭനാളുകളില്‍ റിസര്‍വേഷനില്ലാത്ത തിരക്കുള്ള ട്രെയിന്‍ ബോഗികളില്‍ അനേക മണിക്കൂറുകള്‍ എനിക്ക് യാത്രചെയ്യേണ്ടിവന്നിരുന്നു. മിക്ക സന്ദര്‍ഭങ്ങളിലും ഇരിപ്പിടങ്ങളെല്ലാം യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരുന്നതിനാല്‍ എനിക്ക് നിലത്ത് ഇരിക്കേണ്ടി വരുമായിരുന്നു. ചിലപ്പോള്‍ മുഴുവന്‍ ദൂരവും നില്‍ക്കേണ്ടി വന്നിട്ടുമുണ്ട്. യാത്രപുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നു തന്നെ, ബോഗിയാത്രക്കാരെയും ലഗ്ഗേജും കൊണ്ട് നിറഞ്ഞിരിക്കും. മുമ്പോട്ടുള്ള ഓരോ സ്റ്റേഷനിലും കൂടുതല്‍ യാത്രക്കാരും ഭാണ്ഡങ്ങളും ബോഗിയിലേക്ക് വരുന്നതുമൂലം സ്ഥിതി കൂടുതല്‍ വഷളാകുക സാധാരണയായിരുന്നു. ശാരീരികമായ അസ്വസ്ഥതമൂലം തുടര്‍ന്നു കയറുന്ന യാത്രക്കാരെപ്പറ്റി പിറുപിറുക്കാനുള്ള പരീക്ഷ മിക്കപ്പോഴും ശക്തമായിരുന്നു. ഇങ്ങനെയുള്ള ഒരു യാത്രാമദ്ധ്യേയാണ് ദൈവം എനിക്ക് ക്രിസ്ത്രീയ ജീവിതത്തെപ്പറ്റി ഒരു പുതിയ വെളിപ്പാടു തന്നത്. ”ഞാന്‍ ഒരു എറുമ്പിനോളം ചെറുതായിത്തീര്‍ന്നാല്‍ തിരക്കുള്ള ട്രെയിന്‍ ബോഗിയില്‍ എനിക്ക് യാതൊരു സമ്മര്‍ദ്ദവും ഉണ്ടാകില്ല. ഞാന്‍ വളരെ വലുതായതുകൊണ്ടാണ് ഈ സമ്മര്‍ദ്ദം. ഒരു എറുമ്പിന് തിരക്കുള്ള ഈ ഇടം തികച്ചും വിശാലമായിരിക്കും. ഞാന്‍ എന്റെ ദൃഷ്ടിയില്‍ സദാ ചെറിയവനാണെങ്കില്‍ മറ്റുള്ളവരെപ്പറ്റിയുള്ള എല്ലാ പരാതിയില്‍ നിന്നും, എല്ലാവിധ സമ്മര്‍ദ്ദങ്ങളില്‍ നിന്നും പിരിമുറുക്കങ്ങളില്‍ നിന്നും ഞാന്‍ തികച്ചും സ്വതന്ത്രനായിരിക്കും; അപ്പോള്‍ എനിക്ക് എപ്പോഴും ദൈവത്തിലുള്ള സ്വസ്ഥതയിലായിരിക്കാന്‍ കഴിയും!” എല്ലാ ജീവിത സാഹചര്യങ്ങx`ളില്‍ നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടാവും.
ഒരിക്കല്‍റിസര്‍വേഷന്‍ ഇല്ലാതെ ഞാന്‍ യാത്ര ചെയ്തപ്പോള്‍ എല്ലാ ഇരിപ്പിടങ്ങളിലും തിക്കി ത്തിരക്കി യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ ഒരു യാത്രക്കാരന്‍ രണ്ടുപേരുടെ സ്ഥലം അപഹരിച്ച് കാലുകള്‍ ഇരിപ്പിടത്തില്‍ പിണച്ചുവച്ച് ഇരിക്കുന്നുണ്ടായിരുന്നു. രാത്രിമുഴുവന്‍ ആ വണ്ടിയില്‍ എനിക്ക് യാത്രചെയ്യേണ്ടിയിരുന്നതിനാല്‍, എനിക്കുകൂടി അല്പം സ്ഥലം ലഭിക്കത്തക്കവണ്ണം കാലുകള്‍ താഴ്ത്തിയിടാമോ എന്ന് ഞാന്‍ അയാളോടു ചോദിച്ചു. എന്നാല്‍ അയാള്‍ കേട്ടഭാവം നടിച്ചില്ല. സഹയാത്രക്കാര്‍ക്ക് എന്നോട് സഹതാപം തോന്നുകയാല്‍ എങ്ങനെയെങ്കിലും എന്നെ സഹായിക്കാന്‍ ശ്രമിച്ചിരുന്നു; പക്ഷേ ഇയാള്‍ ഒരിഞ്ചുസ്ഥലം പോലും തന്നില്ല. അസാധാരണമായ ഒരു പ്രാര്‍ത്ഥന അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. ദൈവം അയാളുടെ മൂത്രസഞ്ചി നിറയ്ക്കാനായിരുന്നു എന്റെ പ്രാര്‍ത്ഥന! അഞ്ചുമിനിറ്റിനകം അയാള്‍ക്കു മൂത്രമൊഴിക്കാനായി എഴുന്നേല്‍ക്കേണ്ടിവന്നു!! മറ്റുള്ള യാത്രക്കാര്‍ സഹകരിച്ചതിനാല്‍ ഉടനടി എനിക്ക് ഇരിക്കാനുള്ള ഇടം കിട്ടുകയും ചെയ്തു.
പല ദീര്‍ഘദൂര തീവണ്ടികളിലും വളരെ നേരത്തെ (60 ദിവസം മുമ്പുവരെ) യാത്രയ്ക്കുള്ള റിസര്‍വേഷന്‍ ചെയ്യേണ്ടതുണ്ട്. ഒരിക്കല്‍ ദക്ഷിണേന്ത്യയിലെ ഒരു സ്ഥലത്ത് മീറ്റിംഗുകള്‍ക്കായി ക്ഷണം ലഭിച്ചതിനാല്‍ എന്നെ ക്ഷണിച്ച സഹോദരനോട് 60 ദിവസം മുമ്പേ എനിക്കായി മടക്കയാത്രക്ക് ഒരു ബെര്‍ത്ത് ബുക്കുചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ സഹോദരന്‍ ഈ കാര്യം മറന്നുപോകുകയും ഞാന്‍ മീറ്റിംഗിനായി ആ സ്ഥലത്ത് എത്തിയപ്പോള്‍ മാത്രം തന്റെ പിഴവ് മനസ്സിലാക്കുകയും ചെയ്തു. ക്ഷമാപണത്തോടെ ഒരാളെ എനിക്ക് ഒരു ബെര്‍ത്ത് ബുക്കു ചെയ്യാന്‍ അയച്ചെങ്കിലും ഇരിക്കാന്‍ ഒരു സീറ്റ് മാത്രമേ ആ വൈകിയ വേളയില്‍ ലഭിച്ചുള്ളൂ. ബെര്‍ത്തുകള്‍ എല്ലാം നേരത്തെ തന്നെ ബുക്കുചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. മീറ്റിംഗുകള്‍ക്കു ശേഷം ഞാന്‍ ട്രെയിനില്‍ കയറി, എനിക്ക് ഉറങ്ങാന്‍ ഒരു ബെര്‍ത്തു തരാതെ സീറ്റുമാത്രം തന്നതിന് പിറുപിറുക്കാതെ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടിരന്നു. എന്റെ തൊട്ടടുത്ത് പ്രായമുള്ള ഒരു കത്തോലിക്കാ കന്യാസ്ത്രീയാണ് ഇരുന്നിരുന്നത്. ഞാന്‍ ഒരു സഹായം ചെയ്തുകൊടുക്കുമോ എന്ന് അവര്‍ ചോദിച്ചു. മുകള്‍ തട്ടിലായിരുന്നു അവരുടെ ഉറങ്ങാനുള്ള ബെര്‍ത്ത്. ഞാന്‍ ആ ബര്‍ത്തില്‍ ഉറങ്ങാമെങ്കില്‍ അവര്‍ താഴെയുള്ള സീറ്റുകളില്‍ ചുരുണ്ടുകൂടി കിടന്നുകൊള്ളാം എന്ന് പറഞ്ഞപ്പോള്‍ എന്റെ മനോഭാവം ഊഹിക്കാമല്ലോ? സന്തോഷത്തോടെ ഞാന്‍ ആ ‘സഹായം’ചെയ്തുകൊടുത്തു! മടക്കയാത്രയ്ക്ക് അങ്ങനെ പണം മുടക്കാതെ എനിക്ക് ദൈവം ഒരു ബെര്‍ത്ത് ലഭ്യമാക്കുകയായിരുന്നു.
ഇതുപോലുള്ള സംഭവങ്ങള്‍ ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന സംഭവങ്ങള്‍ ആയിരുന്നില്ല. എന്നാല്‍ ഞാന്‍ അവിടുത്തെ ശുശ്രൂഷയ്ക്കായി സഞ്ചരിക്കുമ്പോള്‍ സ്‌നേഹമുള്ള എന്റെ സ്വര്‍ഗ്ഗീയപിതാവ് എന്റെ ഏറ്റവും ചെറിയ ആവശ്യങ്ങളെക്കുറിച്ചുപോലും കരുതലുള്ളവനാണെന്ന സത്യം ഞാന്‍ പഠിക്കുകയായിരുന്നു. ദൈവം നല്ലവന്‍- എല്ലായ്‌പ്പോഴും ”എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം അവിടുന്ന് അറിയുന്നു.” (ഇയ്യോബ് 23:10) ഹല്ലേലുയ്യാ!!
37 : വിദേശരാജ്യങ്ങളില്‍ സഭകള്‍ ഉടലെടുക്കുന്നു
പരിശുദ്ധാത്മാവിനാല്‍ സ്‌നാനം ലഭിക്കുമ്പോള്‍ ശിഷ്യന്മാര്‍ യെരുശലേമിലും, യഹൂദ്യയിലും, ശമര്യയിലും, ഭൂമിയുടെ അറ്റത്തോളവും തന്റെ സാക്ഷികള്‍ ആകും എന്ന് യേശു പറഞ്ഞു. (പ്രവൃത്തി 1:8). ദൈവം തന്റെ വേല സാവധാനത്തിലും പടിപടിയായുമാണ് ചെയ്യുന്നത്. ക്രമേണ വലുതാകുന്ന വൃത്തങ്ങള്‍ പോലെ. എന്റെ ക്രിസ്തീയശുശ്രൂഷയിലും ഈ കാര്യം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
ബാംഗ്ലൂരില്‍ ഒരു സഭ തുടങ്ങുന്ന കാര്യം മുന്‍കൂട്ടി ഞങ്ങള്‍ ചിന്തിച്ചിരുന്നതല്ല. അത് പൂര്‍ണ്ണമായും ദൈവത്തിന്റെ പ്രവൃത്തിയായിരുന്നു. അപ്പോഴും ഞങ്ങളിലുടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേയക്ക് ഈ വേല വ്യാപിക്കും എന്ന് ചിന്തിച്ചിരുന്നില്ല. ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ പ്രാദേശിക സഭകള്‍ ഉടലെടുക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷം തോന്നി. ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നത് ഇന്ത്യയിലേക്ക് മാത്രമാണെന്ന് അന്ന് തോന്നിയിരുന്നു. എന്നാല്‍ ദൈവത്തിന് ഞങ്ങളെക്കുറിച്ച് മറ്റ് പദ്ധതികളും ഉണ്ടായിരുന്നു.
പല വര്‍ഷങ്ങളായിട്ടുള്ള എന്റെ ഒരു പ്രാര്‍ത്ഥന ഇപ്രകാരമാണ്. കര്‍ത്താവേ, ദൈവഭക്തിയുള്ള ഒരു ജീവിതത്തിനായി അന്വേഷിക്കുന്ന ആരെങ്കിലും ഈ പ്രദേശത്ത് ഉണ്ടെങ്കില്‍ ഞങ്ങളെ അവരുടെ അടുത്തേയ്ക്ക് അയയ്‌ക്കേണമേ, അല്ലെങ്കില്‍ അവരെ ഞങ്ങളെ അടുത്തേയ്ക്ക് അയയ്‌ക്കേണമേ. ഇതു രണ്ടും ചെയ്യുവാന്‍ അങ്ങയ്ക്ക് കഴിയുന്നില്ലെങ്കില്‍ ഞങ്ങളുടെ കുറവ് എന്താണെന്ന് പറയേണമേ’. ഈ പ്രാര്‍ത്ഥന തുടര്‍ന്നപ്പോള്‍ സഭയില്‍ ക്രമീകരിക്കേണ്ട പലകാര്യങ്ങളും, ദൈവം ഞങ്ങളെ കാണിച്ചു. അവിടുന്ന് ഞങ്ങളെ കാണിച്ച ഒരു പ്രധാന കാര്യം ഞങ്ങളില്‍ നിന്നും നീക്കപ്പെടേണ്ട പരീശമനോഭാവവും, സൗഹാര്‍ദ്ദപരമല്ലാത്ത ആത്മാവും ആയിരുന്നു. ഇതില്‍ നിന്നും ശുദ്ധീകരണം പ്രാപിക്കുവാന്‍ ഞങ്ങള്‍ മനസ്സുവച്ചപ്പോള്‍ ആത്മീയ വിശപ്പുള്ള ആളുകളെ ദൈവം ഞങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കാന്‍ തുടങ്ങി. ആദ്യം ബാംഗ്ലൂരില്‍ നിന്നും, തുടര്‍ന്ന് ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്നും, ഒടുവിലായി ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും. ഞങ്ങള്‍ അവരെ തേടിപ്പോയതല്ല, ദൈവം അവരെ അയയ്ക്കുകയായിരുന്നു
അഞ്ചുവ്യത്യസ്ത രാജ്യങ്ങളില്‍ സഭകള്‍ ഉടലെടുക്കാനുണ്ടായ സാഹചര്യങ്ങള്‍ ഉദാഹരണത്തിനായി താഴെപ്പറയാം. (മനഃപൂര്‍വ്വമായി രഹസ്യ സ്വഭാവം നിലനിര്‍ത്താനായി ഞാന്‍ രാജ്യങ്ങളുടെയും വ്യക്തികളുടെയും പേരുകള്‍ ഒഴിവാക്കുകയാണ്.)
ഒന്നാമത്തെ വിദേശരാജ്യം
ഈ രാജ്യത്ത്, താമസിച്ച് ജോലിചെയ്തിരുന്ന ഭാരതീയനായ ഒരു ചെറുപ്പക്കാരനായ സഹോദരന്‍ തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനായി മാതൃരാജ്യത്തേക്കു വന്നു. മദ്രാസില്‍ ആയിരിക്കുമ്പോള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ ഒരു കോപ്പി അയല്‍ക്കാരന്‍ അദ്ദേഹത്തിന് കൊടുത്തു. അതില്‍ എന്റെ ഒരു ലേഖനം ഉണ്ടായിരുന്നു. ആ സന്ദേശം ആ സഹോദരന വെല്ലുവിളിക്കുകയും ബാംഗ്ലൂരില്‍ വരുമ്പോള്‍ എന്നെ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹം വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ പട്ടണത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ എന്റെ പത്‌നി ആനിയുമായി സംസാരിച്ച അദ്ദേഹം എന്റെ ചില പുസ്തകങ്ങളുമായി താന്‍ ജോലിചെയ്തിരുന്ന വിദേശരാജ്യത്തേയ്ക്ക് പോയി. ഈ പുസ്തകങ്ങളില്‍ താന്‍ വായിച്ചു ഗ്രഹിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിനെ ഗണ്യമായി സ്വാധീനിച്ചു. അടുത്ത വര്‍ഷം ഇന്ത്യയിലേയ്ക്ക് വന്നപ്പോള്‍ ആറാഴ്ച ബാംഗ്ലൂരില്‍ താമസിക്കയും സഭയുടെ കൂട്ടായ്മ ലഭിക്കുകയും ചെയ്തു. വിദേശത്തേയ്ക്ക് മടങ്ങിപ്പോയപ്പോള്‍ ജയകരമായ ക്രിസ്തീയജീവിതം അന്വേഷിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞുകൊണ്ടിരുന്നു. ഒന്നുരണ്ടുപേരെ കണ്ടുമുട്ടാന്‍ ഇടയായി. ചില വര്‍ഷങ്ങള്‍ക്കുശേഷം കേവലം മൂന്നുപേരുളള അദ്ദേഹത്തിന്റെ കൊച്ചു കൂട്ടായ്മയിലേയ്ക്ക് ചെല്ലാന്‍ ഞാന്‍ തയ്യാറാണോ എന്ന് ചോദിച്ചു. ഞാന്‍ സമ്മതിക്കുകയും അവിടെപോയി അവരുമായി ദൈവവചനം പങ്കുവയ്ക്കുകയും ചെയ്തു. ആ ചെറിയ തുടക്കത്തില്‍ നിന്നും ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ഒരു തുടക്കം ആ പട്ടണത്തില്‍ ആരംഭിക്കാന്‍ ഇടയായി. കഴിഞ്ഞ 20 വര്‍ഷങ്ങളായി പലതവണ ഞാന്‍ അവരെ സന്ദര്‍ശിച്ചിട്ടുണ്ട്. സഭയ്ക്ക് വേണ്ടിയുള്ള സമ്മേളനങ്ങളും വെളിയിലുള്ളവര്‍ക്കായി പ്രത്യേക മീറ്റിംഗുകളും നടത്താന്‍ ഇടയായി. ഈ സഭയോട് അനുഗ്രഹിക്കപ്പെട്ട പല സഹോദരീസഹോദരന്മാരെ കൂട്ടി ചേര്‍ക്കാന്‍ ദൈവത്തിന് ഹിതമായി. അപ്പോള്‍ തന്നെ നമ്മോടൊത്ത് ആയിരിക്കാന്‍ വിളിക്കപ്പെട്ടിട്ടില്ലാത്ത ചിലരെ അവിടുന്ന് നീക്കിക്കളയുകയും ചെയ്തിട്ടുണ്ട്. ആദ്യം ബാംഗ്ലൂരില്‍ വന്ന് ഞങ്ങളെ പരിചയപ്പെട്ട ആ സഹോദരന്‍ ഇപ്പോള്‍ പ്രസ്തുത സഭയിലെ മൂപ്പനായി ദൈവസഭയെ നയിക്കുന്നു.
രണ്ടാമത്തെ വിദേശരാജ്യം
1970 കളുടെ ആരംഭത്തില്‍ ഈ രാജ്യത്തു നടന്ന ഒരു ക്രിസ്തീയ സമ്മേളനത്തില്‍ പ്രസംഗിക്കാനായി ഞാന്‍ പോയപ്പോള്‍ അവിടെയുള്ള ഒരു വലിയ സഭയിലെ ഒരു സഹോദരനെ പരിചയപ്പെടാന്‍ ഇടയായി. ഞാന്‍ എപ്പോഴെങ്കിലും അതുവഴിപോകുമ്പോള്‍ തന്നെ സന്ദര്‍ശിക്കാന്‍ അദ്ദേഹം എന്നെ ക്ഷണിച്ചു. പത്തുവര്‍ഷങ്ങള്‍ക്കുശേഷം, എന്തുകൊണ്ടാണെന്ന് വ്യക്തമല്ലായിരുന്നെങ്കിലും ഈ സഹോദരനെ സന്ദര്‍ശിക്കാന്‍ എന്റെ ഉള്ളില്‍ ഒരു ഭാരം ഉണ്ടായി. വിമാനയാത്രയ്ക്കുള്ള പണം അപ്പോള്‍ എന്റെ കൈവശം ഇല്ലായിരുന്നു. ഞാന്‍ എന്റെ മോപ്പഡ് (ഇരുചക്രവാഹനം) വിറ്റ് ആ പണം കൊണ്ട് ടിക്കറ്റുവാങ്ങി അവിടേയ്ക്ക് യാത്രയായി. ഒരു ശനിയാഴ്ചയാണ് ഞാന്‍ അവിടെ എത്തിയത്. അദ്ദേഹത്തിന്റെ സഭയുടെ ഒരു സന്ദര്‍ശകമുറിയില്‍ ഈ സഹോദരന്‍ എനിക്ക് താമസസൗകര്യം ഒരുക്കി. ഞായറാഴ്ച രാവിലെ ആ സഭയില്‍ വചനം പ്രസംഗിക്കേണ്ടിയിരുന്ന ആള്‍ വിമാനം വൈകിയതിനാല്‍ എത്തിയിട്ടില്ല എന്ന് അറിയാന്‍ ഇടയായി. ഞാന്‍ സ്ഥലത്തുണ്ട് എന്നറിഞ്ഞ സഭയിലെ മൂപ്പന്മാര്‍ എന്നോട് വചനം പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു.
ആ സഭയോട് സംസാരിക്കാന്‍ ദൈവം എനിക്ക് ഒരു വചനം നല്‍കിയതിനാല്‍ വലിയ സ്വാതന്ത്ര്യത്തോടെ അന്ന് ദൈവവചനം പ്രസംഗിക്കാന്‍ കഴിഞ്ഞു. അന്നത്തെ മീറ്റിംഗ് വലിയ അനുഗ്രഹമായിരുന്നതിനാല്‍ സഭാ മൂപ്പന്മാര്‍ വീണ്ടും എന്നോട് വചനം പ്രസംഗിക്കുവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു മൂന്നു ദിവസങ്ങള്‍ പ്രത്യേകയോഗങ്ങള്‍ അവര്‍ ക്രമീകരിച്ചു. ഓരോ ദിവസത്തെയും രാത്രിയോഗങ്ങള്‍ക്കുശേഷം ആ സഭയിലെ കുറെ ചെറുപ്പക്കാരുമായി ഞാന്‍ ദീര്‍ഘനേരം സമയം ചെലവഴിച്ചു. ആ ചെറുപ്പക്കാര്‍ ദൈവവചന സത്യങ്ങള്‍ക്കായി ദാഹിക്കുന്നവര്‍ ആയിരുന്നതിനാല്‍ രാത്രി രണ്ടുമണിവരെ ആ സംഭാഷണങ്ങള്‍ നീണ്ടുപോയിരുന്നു. ആറുമാസങ്ങള്‍ക്കുശേഷം ഈ ചെറുപ്പക്കാരായ സഹോദരന്മാര്‍ ആ വലിയ സഭവിട്ട് വേറെ കൂടുവാന്‍ തുടങ്ങി. അവരുടെ സഭയായുള്ള ആദ്യ കോണ്‍ഫറന്‍സിന് എന്നെ ക്ഷണിക്കുകയുണ്ടായി. അതിനുശേഷം എല്ലാവര്‍ഷവും ഇതുപോലെയുള്ള കോണ്‍ഫറന്‍സുകള്‍ക്കായി ഞാന്‍ പോകാറുണ്ട്. കാലക്രമേണ, മറ്റു സ്ഥലങ്ങളില്‍ എന്ന പോലെ ഇവിടെയും ചിലര്‍ സഭവിട്ടുപോകുകയും പുതിയ സഹോദരന്മാര്‍ അവരുടെ സ്ഥാനത്ത് കടന്നുവരികയും ചെയ്തുകൊണ്ടിരുന്നു. എവിടെയും ദൈവപ്രവൃത്തി ഈ വിധത്തിലായിരുന്നു.
മൂന്നാമത്തെ വിദേശരാജ്യം
മറ്റൊരു വിദേശരാജ്യത്ത് ജോലിചെയ്തുകൊണ്ടിരുന്ന ഇന്ത്യക്കാരനായ ഒരു യുവസഹോദരന്‍ പുതിയ വീഞ്ഞിനെക്കുറിച്ചുള്ള എന്റെ ടേപ്പ് ചെയ്ത സന്ദേശങ്ങള്‍ (മത്തായി 5,6,7) കേള്‍ക്കാനിയായി. പുതിയ നിയമസഭ എന്ന പുതിയ തുരുത്തിയെപ്പറ്റിയും അതില്‍ പരാമര്‍ശിച്ചിരുന്നു. ആ സ്‌നേഹിതന്‍ ദൈവസന്നിധിയില്‍ അനുതപിച്ച്, ജലസ്‌നാനം സ്വീകരിച്ച് ഒരു ശിഷ്യനായി ജീവിക്കാന്‍ തീരുമാനിച്ചു. അവധിക്ക് ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇന്ത്യാക്കാരനായ ഒരു പാസ്റ്റര്‍, ഞാന്‍ ദുരുപദേശങ്ങള്‍ പഠിപ്പിക്കുന്ന ആളാകയാല്‍ ഞാനുമായി യാതൊരു സമ്പര്‍ക്കവും പാടില്ല എന്ന് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സത്യം അറിയാനുള്ള താത്പര്യത്തോടെ ഈ സഹോദരന്‍ ബാംഗ്ലൂരില്‍ വന്ന് ചില മണിക്കൂറുകള്‍ എന്നോടൊപ്പം ചെലവഴിക്കുകുയം താന്‍ കേട്ട ആരോപണങ്ങള്‍ എല്ലാം അജ്ഞതയില്‍ നിന്നും അസൂയയില്‍ നിന്നും ഉടലെടുത്ത അസത്യങ്ങള്‍ ആയിരുന്നു എന്ന് ഗ്രഹിക്കുകയും ചെയ്തു. പിന്നീട് പൊതുയോഗത്തില്‍ അദ്ദേഹം എന്നെ ശ്രദ്ധിക്കുകയും കുടുംബജീവിതം ഒരു ശിഷ്യനെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രാധാന്യം ഉള്ളതാണെന്ന് ഗ്രഹിക്കുകയും ചെയ്തു. താന്‍ ജോലിചെയ്തുകൊണ്ടിരുന്ന രാജ്യത്തേക്ക് തന്റെ കുടുംബത്തെ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നതിനാല്‍ ആ ജോലി രാജിവച്ച് ഇന്ത്യയിലേക്ക് മടങ്ങിവന്ന് കുടുംബജീവിതത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ദൈവം ഈ സഹോദരനെ മാനിച്ച് ഇപ്പോഴത്തെ വിദേശരാജ്യത്ത് കുറെക്കൂടി മെച്ചമായ ഒരു ജോലി നല്‍കി. കുടുംബസമേതം ഇവിടെ താമസിച്ച് ജോലിചെയ്യുന്ന ഈ സഹോദരന്‍ ദൈവിക സത്യങ്ങള്‍ക്കായി നിലകൊണ്ടതിനാല്‍ മറ്റ് രണ്ട് കുടുംബങ്ങള്‍ കൂടി ചേര്‍ന്നുവരാന്‍ ഇടയായി. ആദ്യമായി അവിടെ നടന്ന കോണ്‍ഫറന്‍സ് ഈ മൂന്നു കുടുംബങ്ങള്‍ക്കു മാത്രമായിരുന്നു. അധിക നാള്‍ കഴിയും മുന്നേ മറ്റേ രണ്ടു കുടുംബങ്ങളും ഇടര്‍ച്ച ഉണ്ടായി വിട്ടുപോയി.എന്നാല്‍ ദൈവം പുതിയ കുടുംബങ്ങളെ അയച്ചു. ഞാന്‍ പലതവണ അവരെ സന്ദര്‍ശിക്കുകയും അനേകര്‍ പുതുതായി അവരുടെ മദ്ധ്യത്തിലേക്ക് കടന്നുവരുകയും ചെയ്യുന്നു. കഴിഞ്ഞ പല വര്‍ഷങ്ങളിലായി അവിടുത്തെ സഭ മുഖാന്തിരം ലോകമെമ്പാടും അനേകായിരം പേര്‍ക്ക് ഈ സന്ദേശങ്ങള്‍ എത്തിക്കുവാന്‍ ടേപ്പുകളിലൂടെയും സിഡികളിലൂടെയും ഇടയായിവരുന്നു.
നാലാമത്തെ വിദേശരാജ്യം
മുകളില്‍ പറഞ്ഞ സഹോദരനോടൊപ്പം അദ്ദേഹത്തെ സ്വാധീനിച്ച രണ്ടു സന്ദേശങ്ങള്‍ ടേപ്പില്‍ കൂടി ശ്രവിച്ച മറ്റൊരു സഹോദരന്‍ ഉണ്ടായിരുന്നു. താന്‍ ഉള്‍പ്പെട്ടുനിന്ന സഭയില്‍ നിന്നും വേര്‍പെട്ട് യഥാര്‍ത്ഥത്തിലുള്ള പുതിയ നിയമ സഭയുടെ പണിക്കായി അദ്ദേഹം ഒരു തീരുമാനമെടുത്തു. ഈ രാജ്യം സന്ദര്‍ശിക്കാനും എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അവിടെയുള്ള പ്രാദേശിക സഭയ്ക്ക് വേണ്ടി ചില കോണ്‍ഫറന്‍സുകള്‍ നടത്താന്‍ ഇടയായിട്ടുമുണ്ട്. മറ്റു സ്ഥലങ്ങളിലെന്നവണ്ണം ദൈവം ചിലരെ കൂട്ടിച്ചേര്‍ക്കുകയും മറ്റുചിലരെ സഭയില്‍ നിന്നും നീക്കുകയും ചെയ്യുന്ന പ്രവൃത്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ ശ്രദ്ധിച്ചിട്ടുണ്ട്. സഭ ദൈവികപരിപാലനത്തില്‍ മുമ്പോട്ടു തന്നെ പോകുന്നു.
അഞ്ചാമത്തെ വിദേശരാജ്യം
ഈ രാജ്യത്ത് ജോലിചെയ്തിരുന്ന രണ്ട് യുവസഹോദരന്മാരെ കാണാന്‍ മാത്രമാണ് ഞാന്‍ അവിടേക്ക് പോയത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രം അവിടെ താമസിക്കാനേ ഞാന്‍ ഉദ്ദേശിച്ചിരുന്നുളളു. ഞാന്‍ അവിടെ ആരെയും അറിഞ്ഞിരുന്നില്ല എന്നതിനാല്‍ പ്രത്യേക മീറ്റിംഗുകള്‍ ഒന്നും ക്രമീകരിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി എന്റെ അവിടെ നിന്നുള്ള യാത്ര നാലഞ്ചുദിവസം വൈകി. മറ്റൊരു രാജ്യത്തേക്കുള്ള എന്റെ വിസ കിട്ടാന്‍ വൈകിയതാണ് ഈ താമസത്തിനു കാരണം. അവധി ദിവസങ്ങളായതിനാല്‍ ഇമിഗ്രേഷന്‍ ഓഫീസ് നാലു ദിവസത്തേക്ക് അടഞ്ഞുകിടന്നിരുന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഞാന്‍ സന്ദര്‍ശിച്ച ഈ സ്ഥലത്ത് മീറ്റിംഗുകള്‍ നടത്താന്‍ എനിക്ക് പ്രേരണയുണ്ടായി. ഇത് വാസ്തവത്തില്‍ മനുഷ്യ ദൃഷ്ടിയില്‍ യാദൃച്ഛികമെന്ന് തോന്നിയാലും ദൈവം ക്രമീകരിച്ച ഒരു കോണ്‍ഫറന്‍സായിരുന്നു. ആ ദിവസങ്ങളില്‍ ദൈവഭക്തിയുള്ള ഒരു ജീവിതത്തിനായി അന്വേഷിച്ചുകൊണ്ടിരുന്ന അനുഗൃഹീതനായ ഒരു സഹോദരനെ കണ്ടുമുട്ടാന്‍ ഇടയായി. ഇപ്പോള്‍ ആ സഹോദരന്റെ നേതൃത്വത്തില്‍ വളര്‍ച്ചയുള്ള ഒരു സഭ ആ സ്ഥലത്തുണ്ട്. ദൈവമക്കളുടെ ഓരോ ചുവടുകളും (തടസ്സങ്ങളും) കര്‍ത്താവിനാല്‍ ക്രമീകരിക്കപ്പെടുന്നതാകുന്നു എന്നുള്ളത് എത്ര സത്യമാണ്! (സങ്കീ. 37:23) കര്‍ത്താവിന് മഹത്വമുണ്ടാകട്ടെ.
തന്റെ വേലയില്‍ നമ്മെ നടത്തുന്ന കാര്യത്തില്‍ കര്‍ത്താവ് പരമാധികാരി തന്നെ. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും അവിടുത്തെ കൈകളിലത്രേ. ഭൂലോകത്തിലൊക്കെയും പോയി സകലജാതികളെയും ശിഷ്യരാക്കിക്കൊള്ളാന്‍ അവിടുന്ന് നമ്മോട് കല്പിച്ചത് ഈ കാരണത്താലാണ്. അവിടുത്തെ സാന്നിദ്ധ്യവും വാഗ്ദാനം ചെയ്തിരിക്കുന്നു. (മത്താ. 28:18-20). കഴിഞ്ഞ 33 വര്‍ഷങ്ങളായി ശിഷ്യത്വത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് ആളുകളെ നടത്തുവാനുള്ള എന്റെ എല്ലാ യാത്രകളിലും വിശ്വസ്തനായി കര്‍ത്താവ് എന്നോടൊപ്പം ഉണ്ടായിരുന്നു. ഈ രാജ്യങ്ങളിലെല്ലാം അവിടുത്തെ സഭകളെ നടത്തുവാന്‍ ദൈവഭക്തരായ ഇടയന്മാരെ ദൈവം എഴുന്നേല്‍പ്പിക്കുകയും ചെയ്തു. ഹല്ലേലുയ്യാ!
38 : പാശ്ചാത്യസ്വാധീനവലയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം
നാല്പതില്‍പരം വര്‍ഷങ്ങള്‍ക്കുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1967 ല്‍ മദ്രാസില്‍ വച്ച് ഒരു ഹിന്ദുസ്‌നേഹിതനെ കണ്ടുമുട്ടിയ അനുഭവം ഓര്‍ക്കുന്നു. സുവിശേഷം പരസ്യസ്ഥലങ്ങളില്‍ പ്രസംഗിച്ച ഒരു സന്ദര്‍ഭം. പ്രസംഗശേഷം അമേരിക്കക്കാരനായ ഒരു ക്രിസ്തീയഎഴുത്തുകാരന്‍ രചിച്ച ഒരു ലഘുഗ്രന്ഥം ഞാന്‍ മേല്‍പ്പറഞ്ഞ ഹിന്ദുസ്‌നേഹിതന് നല്‍കാന്‍ ശ്രമിച്ചു. പുസ്തകം കണ്ടമാത്രയില്‍ അദ്ദേഹം എന്നോടു ചോദിച്ചത് ഞാന്‍ അമേരിക്കയുടെ ഒരു ശമ്പളക്കാരനാണോ എന്നായിരുന്നു. ഈ ചോദ്യം എന്നെ ഞെട്ടിച്ചുകളഞ്ഞു. പാശ്ചാത്യമോ ഭാരതീയമോ ആയ ഏതെങ്കിലും പ്രസ്ഥാനത്തിന്റെയോ പ്രസംഗകന്റെയോ പ്രതിഫലം പറ്റുന്ന ഒരു ക്രിസ്തീയവേലക്കാരന്‍ അല്ലായിരുന്നു ഞാന്‍ എന്നതിന് സംശയം ഒന്നും ഇല്ലായിരുന്നു. നല്ല ശമ്പളം ലഭിച്ചിരുന്ന ഒരു ജോലി ഉപേക്ഷിച്ചിട്ടാണ് ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശുശ്രൂഷക്കാരനായിരിക്കുന്നതെന്നും ആ മനുഷ്യന് അറിയില്ലായിരുന്നു!! എന്നാല്‍ പാശ്ചാത്യനാടുകളില്‍ നിന്നുള്ള ക്രിസ്തീയഎഴുത്തുകാരുടെ രചനകള്‍ വിതരണം ചെയ്യുമ്പോള്‍ എന്റെ നാട്ടുകാര്‍ക്ക് ഞാന്‍ തെറ്റായ ധാരണകളാണ് നല്‍കുന്നതെന്ന സത്യം അന്ന് ഞാന്‍ മനസ്സിലാക്കി. നമ്മുടെ ആത്യന്തികസന്ദേശം നാം മറ്റുള്ളവര്‍ക്ക് നല്‍കുന്ന ധാരണകള്‍തന്നെയാണ്. ഈ സംഭവം എന്നെ ശക്തമായി വെല്ലുവിളിക്കയും ഇന്‍ഡ്യയില്‍ കര്‍ത്താവിന്റെ വേല എപ്രകാരം ചെയ്യണം എന്ന കാര്യത്തില്‍ പ്രാരംഭനാളുകളില്‍ തന്നെ എന്റെ കണ്ണുതുറപ്പിക്കയും ചെയ്തു.
ക്രിസ്തുമാര്‍ഗ്ഗം ഒരു പാശ്ചാത്യമതമാണെന്നാണ് മിക്ക ഭാരതീയരുടേയും ധാരണ. ഇന്‍ഡ്യയിലെ ക്രിസ്തീയവേലക്കാര്‍ അമേരിക്കന്‍ സംഘടനകളുടെ ശമ്പളക്കാരാണെന്നും, കൂടുതല്‍ വിദേശനാണ്യം ലഭിക്കുവാനും ആഡംബരപൂര്‍ണ്ണമായ ജീവിതത്തിനുമായി പ്രസംഗിക്കുന്നവര്‍ മാത്രമാണെന്നും അവര്‍ ചിന്തിക്കുന്നു. ഇന്‍ഡ്യാക്കാരോടുള്ള എന്റെ ക്രിസ്തീയസാക്ഷ്യം ഫലപ്രദമാകണമെങ്കില്‍ അവരുടെ മനസ്സിലുള്ള ഈ തെറ്റായധാരണ മാറ്റുവാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യണം എന്ന് തോന്നി, സാധുസുന്ദര്‍സിംഗ് ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു:”നമ്മുടെ ഭാരതീയ സഹോദരങ്ങള്‍ക്ക് നാം ജീവജലം ഭാരതീയപാത്രങ്ങളിലാണ് പകര്‍ന്നുനല്‍കേണ്ടത്” തികച്ചും സത്യം!.
കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇന്‍ഡ്യയിലുടനീളം സഞ്ചരിക്കാനും വിവിധ ക്രിസ്തീയസഭാവിഭാഗങ്ങളുടെയും ക്രിസ്തീയപ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനശൈലി മനസ്സിലാക്കാനുമുള്ള അവസരം എനിക്ക് കൈവന്നിട്ടുണ്ട്. എന്റെ ശ്രദ്ധയില്‍ വന്നകാര്യങ്ങള്‍ ചുരുക്കമായി താഴെപറയാം. (ഞാന്‍ ആരേയും വിധിക്കുകയല്ല, തികച്ചും വ്യക്തിപരമായ അഭിപ്രായം പറയുകമാത്രമാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുമല്ലോ)
- ഞാന്‍ അറിയുന്ന ഇന്‍ഡ്യയിലെ പൂര്‍ണ്ണസമയക്രിസ്തീയവേലക്കാരില്‍ തൊണ്ണൂറ്റിയഞ്ച് ശതമാനത്തിലധികം പേരും ലോകപ്രകാരമുള്ള ഒരു തൊഴിലില്‍ ഒരിക്കലുംഏര്‍പ്പെട്ടിട്ടില്ലാത്തവരാണ്. അവരില്‍മിക്കവര്‍ക്കും ആഗ്രഹിച്ചിരുന്നെങ്കില്‍പോലും മാന്യമായ നല്ല ശമ്പളമുള്ള ഒരു ജോലി ലഭിക്കുമായിരുന്നില്ല താനും. എന്നാല്‍ അവര്‍ മിക്കവരും അവരുടെ സമപ്രായക്കാരായ സ്‌നേഹിതര്‍ക്ക് ലഭിക്കുന്നതിന്റെ പല മടങ്ങ് വരുമാനം ഉണ്ടാക്കുന്നു എന്നതാണ് സത്യം. ഇന്‍ഡ്യയിലെ സമ്പന്നവര്‍ഗ്ഗത്തിനു മാത്രം സ്വന്തമാക്കാന്‍ കഴിയുന്ന സുഖസൗകര്യങ്ങള്‍ പാശ്ചാത്യരായ സമ്പന്നക്രിസ്ത്യാനികളുടെ ഔദാര്യത്താല്‍ ഇത്തരം ‘ക്രിസ്തീയവേലക്കാര്‍’ അനുഭവിക്കുന്നുണ്ട്. യേശുവിനും അപ്പോസ്‌തൊലന്മാര്‍ക്കും ദൈവഭക്തി ത്യാഗത്തിന്റെ മാര്‍ഗ്ഗമായിരുന്നെങ്കില്‍ ഇവര്‍ക്ക് ക്രിസ്തീയമാര്‍ഗ്ഗം ആദായസൂത്രമായിത്തീര്‍ന്നിരിക്കുന്നു. തൊഴിലില്ലാത്ത ഒറ്റവ്യക്തിയെപ്പോലും യേശു തന്റെ അപ്പോസ്‌തൊലനാകാന്‍ വിളിച്ചില്ല എന്ന് സുവിശേഷം വായിക്കുന്ന ആര്‍ക്കും വ്യക്തമാകും. ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരെ മാത്രമേ അവിടുന്നു വിളിച്ചുള്ളൂ. തന്നെ അനുഗമിക്കാന്‍ അവര്‍ക്ക് സ്വന്തമായിരുന്നതൊക്കെ ത്യജിക്കേണ്ടിവന്നു. ഇന്നും യേശു തന്റെ വേലയ്ക്കായി അത്തരം ത്യാഗമനോഭാവം ഉള്ളവരെയാണ് വിളിക്കുന്നത്.
- പാശ്ചാത്യധനസഹായംകൂടാതെ ഇന്‍ഡ്യയിലെ ഭൂരിപക്ഷം പ്രവര്‍ത്തനങ്ങള്‍ക്കും നിലനില്‍പ്പില്ല. തന്മൂലം പ്രാര്‍ത്ഥനയ്ക്കായുള്ള അപേക്ഷകള്‍ എന്നപേരില്‍ ധനസഹായത്തിനായുള്ള യാചനാസന്ദേശങ്ങള്‍, രക്ഷിക്കപ്പെടുന്നവരെപ്പറ്റിയുള്ള അതിശയോക്തിമയമായ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഇന്‍ഡ്യയിലെ ക്രിസ്തീയസംഘടനകള്‍ നിരന്തരം പാശ്ചാത്യരാജ്യങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുന്നൂ. ഇന്ന് തന്ത്രശാലികളായക്രിസ്തീയവേലക്കാര്‍ അവരെ സാമ്പത്തികമായി സഹായിക്കുന്ന പാശ്ചാത്യനാടുകളിലെ സമ്പന്നരോട് ഇന്‍ഡ്യയില്‍ ഭാവിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനായി കെട്ടിടങ്ങളിലും ഭൂമിയിലും മുതല്‍ മുടക്കാനായി ഭീമമായ തുകകള്‍ ആവശ്യപ്പെടാന്‍ മടിക്കാത്തവരാണ്. ലൂക്കോസ് 16-ാം അധ്യായത്തിന്റെ ആദ്യഭാഗത്ത് കര്‍ത്താവ് പറഞ്ഞ കുശാഗ്രബുദ്ധിയായ കാര്യവിചാരകനെപ്പോലെയാണ് ഇക്കൂട്ടര്‍. അമേരിക്കന്‍സാമ്പത്തികസഹായംകൊണ്ട് മാത്രം നിലനില്‍ക്കുന്ന ‘ഇന്‍ഡ്യന്‍ ക്രിസ്ത്യാനിത്വം’ ഏതൊരു അക്രൈസ്തവനും എളുപ്പത്തില്‍ കാണാന്‍ കഴിയും. സമ്പല്‍സമൃദ്ധിയുടെ സുവിശേഷം ടെലിവിഷന്‍ മാദ്ധ്യമത്തിലൂടെ പ്രസംഗിക്കുന്ന അമേരിക്കന്‍ പ്രസംഗകര്‍ ലജ്ജകൂടാതെ പണം ചോദിക്കുന്നത് ശ്രദ്ധിക്കുന്ന ഏതൊരു അക്രൈസ്തവനും ക്രിസ്ത്യാനിത്വം അമേരിക്കന്‍ മതം മാത്രമല്ല, പണസമ്പാദനത്തിനുള്ള ഒരു ഉപാധികൂടിയാണെന്ന് ചിന്തിച്ചുപോയാല്‍ അയാളെ കുറ്റപ്പെടുത്താന്‍ കഴിയുമോ?
- ഇന്‍ഡ്യയിലെ ക്രിസ്തീയവേദശാസ്ത്രം അന്ധമായി പാശ്ചാത്യവേദശാസ്ത്രത്തെ അനുകരിക്കുന്നു. ഞാന്‍ കണ്ടിട്ടുള്ള സഭകളിലും വൈദികസെമിനാരികളിലും ഇതാണ് സത്യം. മിക്ക ഭാരതീയക്രിസ്തീയപ്രസംഗകരും നേരിട്ട് വെളിപ്പാടുകള്‍ ലഭിക്കാതെ പടിഞ്ഞാറന്‍രാജ്യങ്ങളില്‍ നിന്നുപ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ നിന്നും വായിച്ചുഗ്രഹിച്ച കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രം ചെയ്യുന്നവരാണ്. ദൈവം ഇന്‍ഡ്യാക്കാരോട് സംസാരിക്കാതെ അമേരിക്കക്കാരോടുമാത്രമേ സംസാരിക്കൂ എന്ന് തോന്നിപ്പോകും!! ഇന്‍ഡ്യയിലെ ക്രിസ്തീയപ്രസംഗകര്‍ പ്രസംഗപീഠത്തിലെ അവരുടെ പെരുമാറ്റത്തില്‍പോലും പാശ്ചാത്യപ്രസംഗകരെ അനുകരിക്കുന്നവരാണ്. ബ്രിട്ടീഷ്ഭരണത്തിന്റെ കാലത്തുണ്ടായിരുന്ന അടിമത്തമനോഭാവം പാശ്ചാത്യസംഗീതമാതൃക പിന്തുടരാനും പാശ്ചാത്യപ്രസംഗകരുടെ രീതികള്‍ അനുകരിക്കാനും ഇന്നും പലരെയും നിര്‍ബന്ധിക്കുന്നു. ഉദാഹരണത്തിന് പ്രസംഗവേദിയില്‍ ആളുകളെ തള്ളിയിടുന്നതും, അടുത്തുനില്‍ക്കുന്ന ആളിനോട് ചില മുദ്രാവാക്യങ്ങള്‍ പറയാന്‍ ആവശ്യപ്പെടുന്നതും ഒക്കെ ഇന്ന് സാധാരണമായിരിക്കുന്നു. പാശ്ചാത്യക്രിസ്ത്യാനികള്‍ക്ക് പ്രിയങ്കരമായ മുദ്രാവാക്യങ്ങള്‍ ഇന്‍ഡ്യക്കാരായ അവരുടെ ആള്‍ക്കാര്‍ക്കും പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നു!
ഈ കാര്യങ്ങള്‍ എല്ലാംതന്നെ ഇന്‍ഡ്യയില്‍ നമ്മുടെ സാക്ഷ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇന്‍ഡ്യയിലെ പണം പാശ്ചാത്യനാടുകളിലെ പണത്തേക്കാള്‍ കൂടുതല്‍ വിശുദ്ധമല്ല. അതിനാല്‍ പാശ്ചാത്യനോ പൗരസ്ത്യനോ ആയ ഏതൊരാള്‍ക്കും ഇന്‍ഡ്യയിലെ ദൈവത്തിന്റെ വേലയ്ക്ക് സാമ്പത്തികസഹായം നല്‍കാം. എന്നാല്‍ ഇവിടുത്തെ വേലയ്ക്കായി പാശ്ചാത്യനാടുകളെ ആശ്രയിക്കുക എന്നത് നമ്മുടെ നാട്ടുകാര്‍ക്ക് ക്രിസ്തീയതയെപ്പറ്റി തെറ്റായ ചിത്രം നല്‍കാന്‍ ഇടയാക്കും എന്ന് എനിക്ക് തോന്നി. തന്മൂലം മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്‍ഡ്യയുടെ വിവിധസ്ഥലങ്ങളില്‍ നാം പുതിയ പ്രാദേശികസഭകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയപ്പോള്‍ ദൈവത്തിന്റെ സഹായത്താല്‍, വ്യത്യസ്തമായ ഒരു പാത നാം തെരഞ്ഞെടുത്തു. നമ്മുടെ ഭൗതിക ആവശ്യങ്ങള്‍ക്കോ, വേദശാസ്ത്രത്തിന്റെ കാര്യത്തിലോ പാശ്ചാത്യനാടുകളെയോ ഏതെങ്കിലും വ്യക്തികളെയോ ആശ്രയിക്കുകയില്ല എന്ന നിലപാടാണ് നമ്മുടേത്.
ഞാന്‍ നേവിയിലെ ജോലി വിട്ടപ്പോള്‍ സാമ്പത്തികകാര്യങ്ങളില്‍ ഒരു പ്രത്യേക ശിക്ഷണത്തിന് സ്വയം വിധേയനായി. ഞാന്‍ ജോലിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ലഭിക്കുമായിരുന്നതില്‍ കൂടുതലായ ഒരു വരുമാനം ഒരിക്കലും ഞാന്‍ സ്വീകരിക്കുകയില്ല എന്നതായിരുന്നു എന്റെ നിലപാട്. ജഡാവതാരം എടുത്തപ്പോള്‍ യേശു സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ താണനിലവാരത്തില്‍ ജീവിച്ചു എന്ന കാര്യം എന്നെവെല്ലുവിളിച്ചതിനാല്‍ നേവിയിലെഉദ്യോഗത്തില്‍ ജീവിക്കാന്‍ കഴിയുമായിരുന്നതിലും താണ ഒരു ജീവിതനിലവാരം എപ്പോഴും സൂക്ഷിക്കാന്‍ ഞാന്‍ ഉത്സാഹിച്ചു. എന്നെക്കാള്‍ കുറഞ്ഞവരുമാനമുള്ള ഒരാളില്‍ നിന്നും ഒരു ദാനം ഒരിക്കലും സ്വീകരിക്കാതിരിക്കാനും ഞാന്‍ ശ്രദ്ധിച്ചു.
ദൈവകൃപയാല്‍ ഈ കാലമത്രയും എന്റെ വ്യക്തിപരമായ ആവശ്യങ്ങളോ ക്രിസ്തീയശുശ്രൂഷയിലെ സാമ്പത്തിക ആവശ്യങ്ങളോ ഒരിക്കലും മറ്റാരോടും പറയാതിരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ സ്വര്‍ഗ്ഗീയപിതാവ് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ നിറവേറ്റിത്തന്നിട്ടുണ്ട്. ഞാന്‍ എന്തുമാത്രം പണം കൈകാര്യം ചെയ്യണം എന്ന് ദൈവം തന്റെ പരമാധികാരത്തില്‍ തീരുമാനിച്ചിട്ടുള്ളത് ഞാന്‍ എപ്പോഴും സസന്തോഷം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. തല്‍ഫലമായി എനിക്കും യേശുവിനെപ്പോലെ തന്നെ, ഒരിക്കലും ആരോടെങ്കിലും പണം കടം വാങ്ങുകയോ, ഏതെങ്കിലും സമയത്ത് കടക്കാരനായിത്തുടരുകയോ വേണ്ടിവന്നിട്ടില്ല. പാശ്ചാത്യരാജ്യങ്ങളിലെ സഭകളിലോ, സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളിലോപ്രസംഗിക്കുന്നതിനുതൊട്ടുമുമ്പ് എന്നെ പരിചയപ്പെടുത്തിയിട്ടുള്ളത് ‘തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായോ ക്രിസ്തീയവേലയ്ക്കായോ ഒരിക്കലും പണം ചോദിക്കാത്ത ഇന്‍ഡ്യാക്കാരനായ പ്രസംഗകന്‍‘ എന്നാണ്. അത്തരം ഒരു പേര് ലഭിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. യേശുവിന് പണത്തോടുണ്ടായിരുന്ന മനോഭാവവും അതുതന്നെയായിരുന്നല്ലോ? ഏറ്റവും വലിയ ബൈബിള്‍ പണ്ഡിതന്മാര്‍ ഉള്‍പ്പെടെ മനുഷ്യര്‍ പഠിപ്പിക്കുന്ന ഏതൊരു ഉപദേശത്തെയും ഞാന്‍ ചോദ്യം ചെയ്യുമെന്നും, തിരുവചനത്തില്‍ വ്യക്തമായിഗ്രഹിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍മാത്രമേ അംഗീകരിക്കയുള്ളൂ എന്നും ഞാന്‍ തീരുമാനിച്ചിരുന്നു. ഇന്‍ഡ്യയില്‍ മിക്ക ക്രിസ്ത്യാനികളും അന്ധമായി അനുകരിക്കുന്ന പാശ്ചാത്യവേദശാസ്ത്രത്തിലെ പലകാര്യങ്ങളും ഞാന്‍ തള്ളിക്കളഞ്ഞു. അങ്ങനെയുള്ള മൂന്നുകാര്യങ്ങള്‍ ദൃഷ്ടാന്തമായി താഴെപ്പറയുന്നു:-
- സഭ മഹോപദ്രവകാലത്തിനുമുമ്പ് ഉല്‍പ്രാപണം ചെയ്യപ്പെടും എന്നുള്ള തിരുവചനവിരുദ്ധമായ ഉപദേശം.
- പാശ്ചാത്യഉണര്‍വുപ്രസംഗകര്‍ പഠിപ്പിക്കുന്ന ദൈവവചനപ്രകാരമല്ലാത്ത ആത്മാവിന്റെ വരങ്ങളെപ്പറ്റിയുള്ള നിര്‍വചനങ്ങള്‍.
- പരിശുദ്ധാത്മാവിന്റെ പ്രകടനങ്ങള്‍ എന്ന് പാശ്ചാത്യപ്രസംഗകര്‍ അവകാശപ്പെടുന്ന തിരുവചനവിരുദ്ധമായ പ്രസംഗപീഠത്തില്‍നിന്നുള്ള പ്രകടനങ്ങള്‍.
ക്രിസ്ത്യാനിത്വം പാശ്ചാത്യരാജ്യത്തുനിന്നല്ല സ്വര്‍ഗ്ഗത്തില്‍ നിന്നാണ് ഇന്‍ഡ്യയില്‍ വന്നത് എന്ന് ഭാരതീയപൗരന്മാര്‍ക്ക് തെളിയിച്ചുകൊടുക്കണം എന്നായിരുന്നു എന്റെ തീരുമാനം. ഇന്‍ഡ്യയില്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഫലപ്രദമായ സാക്ഷ്യം നിര്‍വഹിക്കണമെങ്കില്‍ ഈ വിഷയത്തില്‍ ആശയക്കുഴപ്പത്തിന് ഇടനല്‍കാത്ത ഒരു ജീവിതം എനിക്കുണ്ടായിരിക്കണം എന്ന് വ്യക്തമായിരുന്നു. ദൈവത്തിന്റെ രാജ്യവും നീതിയും മുമ്പേ അന്വേഷിക്കുന്നപക്ഷം എന്റെ എല്ലാ ഭൗതികാവശ്യങ്ങളും അവിടുന്ന് നിര്‍വ്വഹിച്ചുതരും എന്ന സത്യത്തിന്റെ , ജീവിക്കുന്ന ഒരു സാക്ഷിയായി ഇന്‍ഡ്യയില്‍ ജീവിക്കണം എന്നായിരുന്നു എന്റെ തീരുമാനം.
നമ്മുടെ ദൈവഭക്തിക്കോ, ഫലപ്രദമായ ക്രിസ്തീയശുശ്രൂഷയ്‌ക്കോ, ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനോ മാനുഷികമായ ഒരു വിശദീകരണം ഒരിക്കലും ഉണ്ടായിക്കൂടാ. പാശ്ചാത്യനാടുകളിലുള്ള കുറേ ധനികരുമായി നമുക്ക് നല്ലബന്ധമുള്ളതുകൊണ്ടല്ല മറിച്ച് സ്വര്‍ഗ്ഗത്തിലെ നമ്മുടെ പിതാവ് നമ്മെ താങ്ങുന്നതിനാലും, നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനാലും എന്ന വിശദീകരണമാണ് ഉണ്ടാവേണ്ടത്. നമ്മുടെ ജീവിതത്തിലൂടെ സകലമഹത്വവും ദൈവത്തിന് ലഭ്യമാകുന്നത് അപ്പോള്‍ മാത്രമായിരിക്കും.
നമ്മെ എല്ലാവരെയും സംബന്ധിച്ച് ഇത് സത്യമായിരിക്കട്ടെ. ആമേന്‍
39 : വീട്ടിലെ ജീവിതം
ഒരുവന് തന്റെ കുടുംബത്തെ നന്നായി പരിപാലിക്കാന്‍ അറിഞ്ഞുകൂടെങ്കില്‍ അയാള്‍ ദൈവസഭയെ നയിക്കാനോ, സഭാശുശ്രൂഷചെയ്യാനോ അയോഗ്യനാണെന്ന് ദൈവവചനം പറയുന്നു. (1 തിമോ.3:5). സഭ ദൈവത്തിന്റെ കുടുംബമാണ്. അവിടുത്തെ സഭയിലെ ശുശ്രൂഷയ്ക്ക് നാം യോഗ്യരാണോ എന്ന് ദൈവം പരിശോധിക്കുന്ന ഇടം നമ്മുടെ കുടുംബമാണ്. ദൈവത്തിന്റെ കുടുംബത്തെ പരിപാലിക്കാന്‍ നാം പ്രാപ്തരാകണമെങ്കില്‍ ആദ്യം സ്വന്തം കുടുംബത്തെ ദൈവികമായ വിധത്തില്‍ നാം പരിപാലിച്ചേ മതിയാകൂ.
ഞാന്‍ ക്രിസ്തീയശുശ്രൂഷയ്ക്കായി മിക്കപ്പോഴും യാത്രയില്‍ ആയിരുന്നതിനാല്‍ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന കാര്യവും സഭയുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന കാര്യവും തമ്മില്‍ പൊരുത്തക്കേടുണ്ടാകാതിരിക്കാന്‍ ദൈവത്തോട് ജ്ഞാനത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. പ്രായോഗിക കാര്യങ്ങളില്‍ ആലോചന ചോദിക്കുവാന്‍ ഒരു ആത്മീയപിതാവ് എനിക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആശിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ ഒരാള്‍ എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം. അതുകൊണ്ടുതന്നെ എനിക്ക് നിരവധി അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്റെ തെറ്റുകളില്‍നിന്ന് ഞാന്‍ ക്രമേണ പഠിക്കുകയും ഈ വിഷയങ്ങളില്‍ കുറച്ചൊക്കെ ജ്ഞാനം സമ്പാദിക്കയും ചെയ്തു.
ഞാന്‍ ഉപജീവനത്തിനായി ചെയ്തിരുന്ന ‘കൂടാരപ്പണിയി’ല്‍ നിന്നുള്ള വരുമാനം കുറവായിരുന്നതിനാല്‍ എന്റെ ഭാര്യയ്ക്ക് ലളിതമായ ജിവിതശൈലി അഭ്യസിക്കേണ്ടിയിരുന്നു. എത്രയും ചെലവുചുരുക്കി ജീവിക്കാനും സ്വന്തകൈകൊണ്ട് അദ്ധ്വാനിക്കാനും അവള്‍ തയ്യാറായിരുന്നു. അതിഥിസല്‍ക്കാരപ്രിയ ആയിത്തീരേണ്ട ആവശ്യവും അവള്‍ക്കുണ്ടായിരുന്നു. കാരണം, അപ്രതീക്ഷിതമായി എത്തുന്ന സന്ദര്‍ശകര്‍ വീട്ടില്‍ വളരെയായിരുന്നു. ഈ നന്മകളെല്ലാം ഒത്തിണങ്ങിയിരുന്ന ഒരു ഭാര്യയായിരുന്നു ആനി എന്നതില്‍ ഞാന്‍ ദൈവത്തോട് വളരെ നന്ദിയുള്ളവനാണ്. എന്റെ ശുശ്രൂഷയ്ക്കായി കൃത്യമായും ആവശ്യമുള്ള അഭ്യസനം ദൈവം അവള്‍ക്ക് യൗവനത്തിന്റെ തുടക്കം മുതലേ നല്‍കിയിരുന്നു. അവള്‍ എന്റെ ശുശ്രൂഷയെ സമ്പന്നവും ഫലപ്രദവും ആക്കിത്തീര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ സഭായോഗം കഴിഞ്ഞ് ഞങ്ങള്‍ പലരേയും, പ്രത്യേകിച്ച് ബാംഗ്ലൂരിന്റെ വിദൂരഭാഗങ്ങളില്‍ നിന്നും വരുന്നവരെ, ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. ആ സന്ദര്‍ശകര്‍ക്ക് ഭക്ഷണം കൊടുക്കാനായി പല ഞായറാഴ്ചകളിലും ആനി വിശന്നിരിക്കേണ്ടിവന്നിട്ടുണ്ട് എന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കാന്‍ ഇടയായി.
വൈകിട്ടത്തെ മീറ്റിംഗുകഴിഞ്ഞ് പല ചെറുപ്പക്കാരായ സഹോദരന്മാരും രാത്രിയില്‍ വീട്ടില്‍ തങ്ങാറുണ്ടായിരുന്നു. ഞങ്ങളോടൊത്ത് അത്താഴം കഴിച്ചശേഷം ഉറങ്ങി, കാലത്ത് കോളജിലേക്ക് പോകുംമുമ്പ് തനിയേ കാപ്പി ഉണ്ടാക്കി കുടിക്കാനായി അടുക്കള ഉപയോഗിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. പ്രാരംഭവര്‍ഷങ്ങളില്‍ എല്ലാവര്‍ഷവും വീട്ടില്‍ വച്ച് നാലുദിവസത്തെ കോണ്‍ഫറന്‍സുകള്‍ നടക്കാറുണ്ടായിരുന്നു. ആ സന്ദര്‍ഭങ്ങളില്‍ വീട് മുഴുവന്‍ സമയവും സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞിരുന്നു.
ക്രിസ്തീയശുശ്രൂഷയ്ക്കായി ഒരിക്കല്‍ ഞാന്‍ അഞ്ച് ആഴ്ചകള്‍ വീട്ടില്‍ നിന്നും അകലെയായിരുന്നു. അന്ന് ഞങ്ങള്‍ക്ക് മൂന്ന് ആണ്‍ മക്കളായിരുന്നു ഉണ്ടായിരുന്നത്. മൂന്നുപേരും ഒരുപോലെ രോഗബാധിതരായി കിടപ്പിലായി. ആനി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവരെ ശുശ്രൂഷിക്കയും ചെയ്തു. എനിക്ക് യാതൊരു വിധത്തിലുള്ള ഭാരവും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ച അവള്‍ ഞാന്‍ അല്പം നേരത്തേ വീട്ടില്‍ എത്തണം എന്നുപോലും ആവശ്യപ്പെട്ടില്ല. വിവാഹത്തിന്റെ സന്ദര്‍ഭത്തില്‍ ദൈവം അവളോട് ഇപ്രകാരം പറഞ്ഞിരുന്നു: ”നിന്റെ ഭര്‍ത്താവ് എന്റെ ദാസനാണ്. അവന് തക്ക തുണയായിരിക്കാനാണ് ഞാന്‍ നിന്നെ വിളിച്ചിരിക്കുന്നത്. അവനെ ശുശ്രൂഷിക്കയും എന്റെ വേലയ്ക്കായി അവനെ സ്വതന്ത്രനാക്കുകയും ചെയ്യേണ്ടത് നീയാണ്”. കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി വിശ്വസ്തതയോടെ ആനി ആ ദൗത്യം നിര്‍വ്വഹിച്ചുപോരുന്നു.
ഞാന്‍ വിവാഹിതനായ ആദ്യനാളുകളില്‍ എനിക്ക് കോപത്തിന്മേല്‍ ജയം ഇല്ലായിരുന്നു. ദൈവകൃപയാല്‍ ചില വര്‍ഷങ്ങള്‍ക്കുശേഷം കാര്യങ്ങള്‍ വ്യത്യസ്തമായി. ഇന്ന് ഞങ്ങളുടെ ദാമ്പത്യബന്ധം മഹത്വപൂര്‍ണ്ണമാണ്. പരസ്പരം കളിതമാശകള്‍ പറയുക എന്നുള്ളത് ഞങ്ങളുടെ ഒന്നിച്ചുള്ള ജീവിതത്തിന്റെ പ്രതിദിന അനുഭവമാണ്. ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഉള്ള നല്ല ബന്ധത്തിന്റെ വ്യക്തമായ തെളിവ് പരസ്പരം നര്‍മ്മം പങ്കിടാന്‍ കഴിയുന്നതാണ് എന്ന് ദീര്‍ഘനാളായി ഞാന്‍ വിശ്വസിച്ചുപോരുന്നു.
ഞാന്‍ കൂടെക്കൂടെ യാത്രയില്‍ ആയിരുന്നതിനാല്‍ ഞങ്ങളുടെ നാല് ആണ്‍മക്കളെ കര്‍ത്താവിന്റെ ഭക്തിയില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിലുള്ള പ്രധാനഉത്തരവാദിത്വം ആനിക്കായിരുന്നു. അവര്‍ക്കുവേണ്ടിയും അവരോടൊപ്പവും ആനി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കുട്ടിക്കാലം മുതല്‍ ആനി അവരുടെ സ്‌നേഹിതയായിരുന്നു. സ്‌കൂളില്‍നിന്നും തിരികെവരുമ്പോള്‍ അന്നത്തെ അനുഭവങ്ങള്‍ ഒരു നല്ല സ്‌നേഹിതയെപ്പോലെ അവള്‍ മക്കളോട് ആരാഞ്ഞറിയുമായിരുന്നു. അവരോടൊപ്പം കളിക്കാനും അവള്‍ സമയം കണ്ടെത്തി.
പിതാവ് എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വം അവരുടെ ഭൗതികാവശ്യങ്ങള്‍ നിറവേറ്റുകയും ദൈവിക പ്രമാണങ്ങള്‍ അവരെ അഭ്യസിപ്പിക്കുകയും ആയിരുന്നു. പന്ത്രണ്ടുവയസ്സുവരെ മക്കളെ ഞാന്‍ സ്‌ക്കൂട്ടറില്‍ സ്‌കൂളില്‍ കൊണ്ടുവിടുമായിരുന്നു. അതിനുശേഷം അവര്‍ സ്വയം സൈക്കിള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ ഗുരുതരമായ റോഡപകടങ്ങളില്‍ നിന്നും ദൈവം ഞങ്ങളെ സംരക്ഷിക്കുകയുണ്ടായി. ബാംഗ്‌ളൂരിലെ അപകടം നിറഞ്ഞ നിരത്തുകളില്‍ ദൈവം തന്റെ ദൂതന്മാരെ അയച്ച് ഞങ്ങളെ സംരക്ഷിച്ചതുകൊണ്ടുമാത്രമാണ് ഇന്ന് ഞങ്ങള്‍ ജീവനോടെയിരിക്കുന്നത്. മക്കളെ വിദ്യാഭ്യാസത്തിലും പാഠ്യേതരവിഷയങ്ങളിലും ഞാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. പത്താം ക്ലാസ്സുവരെ ഗൃഹപാഠങ്ങളിലും പഠനത്തിലും ആനിയും ഞാനും മക്കളെ സഹായിച്ചിരുന്നു. എന്നേക്കാള്‍ ഈ വിഷയത്തില്‍ ആനി ആയിരുന്നു അധികം ബുദ്ധിമുട്ടിയത്.
മക്കളെ ശിക്ഷണത്തില്‍ വളര്‍ത്തുന്നത് പിതാവായ എന്റെ ഉത്തരവാദിത്വമായിരുന്നു. സദൃശവാക്യങ്ങളിലും എബ്രായലേഖനം 12-ാം അദ്ധ്യായത്തിലും എഴുതിയിരിക്കുന്ന വചനങ്ങള്‍ ഞാന്‍ അനുസരിക്കാന്‍ ശ്രമിച്ചു. മക്കള്‍ തികഞ്ഞ ശിക്ഷണത്തില്‍ വളരണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. എനിക്ക് ഒരിക്കലും ഇഷ്ടമായിരുന്നില്ലെങ്കിലും കുഞ്ഞുങ്ങളെ ശിക്ഷിക്കുവാന്‍ ഞാന്‍ തയ്യാറായി. ഞാന്‍ ദൈവത്തെ ഭയപ്പെട്ടിരുന്നതിനാല്‍ അവിടുത്തെ വഴികളാണ് എന്റെ മക്കള്‍ക്ക് ഏറ്റവും ഉത്തമം എന്ന് ഉറപ്പായിരുന്നു. അവര്‍ക്ക് ശിക്ഷ നല്‍കിയശേഷം മിക്കപ്പോഴും ഞാന്‍ അവരോടൊപ്പം പ്രാര്‍ത്ഥിക്കുമായിരുന്നു. കോപം പാപമാണെന്ന് എനിക്ക് അറിയാമായിരുന്നു. കോപിഷ്ഠനാകാതെ മക്കളെ ശിക്ഷിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഈ കാര്യത്തില്‍ ഞാന്‍ എപ്പോഴും വിജയിച്ചിരുന്നില്ല. എപ്പോഴൊക്കെ കോപത്തില്‍ ഞാന്‍ മക്കളെ ശിക്ഷിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ തനിയേ ദൈവസന്നിധിയില്‍ ചെന്ന് അനുതപിക്കയും കോപത്തില്‍ നിന്നും എന്നെ സ്വതന്ത്രനാക്കുവാന്‍ അപേക്ഷിക്കുകയും ചെയ്തിരുന്നു. ചിലപ്പോഴെങ്കിലും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അകാരണമായി ഞാന്‍ മക്കളെ ശിക്ഷിക്കാന്‍ ഇടയായിട്ടുണ്ട് എന്ന സത്യവും അംഗീകരിക്കേണ്ടിയിരിക്കുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 13 വയസ്സിനുശേഷം അത്യപൂര്‍വ്വമായി മാത്രമേ മക്കളെ ശാരീരികമായി ശിക്ഷിച്ചിട്ടുള്ളൂ. 15 വയസ്സിനുശേഷം ആരേയും അപ്രകാരം ശിക്ഷിച്ചിട്ടേയില്ല. അതിനുശേഷം അവര്‍ എന്തെങ്കിലും തെറ്റു ചെയ്താല്‍ അവരൊടൊപ്പം പ്രാര്‍ത്ഥിക്കയും ഒരു പിതാവ് എന്ന നിലയില്‍ അവരെ വളര്‍ത്തിയതില്‍ എനിക്ക് എവിടെയാണ് തെറ്റുപറ്റിയത് എന്ന് കാണിച്ചുതരുവാന്‍ ഞാന്‍ ദൈവത്തോട് അപേക്ഷിക്കുകയുമായിരുന്നു പതിവ്. എന്നാല്‍ ഒടുവിലായി എനിക്ക് വ്യക്തമാക്കേണ്ട കാര്യം, എന്റെ ശിക്ഷണല്ല, ദൈവത്തിന്റെ കരുണ മാത്രമാണ് എന്റെ മക്കളെ ദൈവവഴികളില്‍ സൂക്ഷിച്ചത് എന്നാണ്.
സ്‌കൂളില്‍ മക്കള്‍ പങ്കെടുക്കുന്ന എന്തെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ ആനിയും ഞാനും അവരെ പ്രോത്സാഹിപ്പിക്കാനായി സ്‌കൂളില്‍ പോകാന്‍ ശ്രദ്ധിച്ചിരുന്നു. പ്രധാനപ്പെട്ട പൊതുപരീക്ഷകള്‍ ഉള്ളപ്പോള്‍ അവരെ സഹായിക്കാനായി വീട്ടില്‍ ഉണ്ടായിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ”ക്രിസ്തീയവേലയില്‍ തിരക്കിലായിരുന്ന ഞങ്ങളുടെ പിതാവിന് ഞങ്ങളുടെ കാര്യങ്ങള്‍ക്കായി സമയം ഇല്ലായിരുന്നു” എന്ന് എന്റെ മക്കള്‍ ഒരിക്കലും പറയരുത് എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു.
മാസത്തില്‍ ഒരിക്കല്‍ ഓരോരുത്തരായി ആണ്‍മക്കളെ ഞാന്‍ ഒരു ശനിയാഴ്ചയോ അവധി ദിവസമോ വെളിയില്‍ ഏതെങ്കിലും സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. വെളിയില്‍ എന്തെങ്കിലും ലളിതമായ ഭക്ഷണം ഒരുമിച്ച് കഴിക്കുകയും തമ്മില്‍ സംസാരിക്കാന്‍ സമയം എടുക്കുകയും ചെയ്യുമായിരുന്നു. എന്നോടൊപ്പം ഉള്ള ഈ സൗഹൃദനിമിഷങ്ങള്‍ക്കായി എന്റെ ആണ്‍മക്കള്‍ ഓരോരുത്തരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നു. കൂടെക്കൂടെയുള്ള എന്റെ യാത്രകള്‍മൂലം ഞാന്‍ ആഗ്രഹിച്ച അളവില്‍ ഇപ്രകാരം ഓരോരുത്തരുമായി സമയം ചെലവഴിക്കാന്‍ നിര്‍ഭാഗ്യവശാല്‍ എനിക്കു കഴിയാതെ പോയി. ശുശ്രൂഷരംഗത്തെ തിരക്കുമൂലം കൂടുതല്‍ സമയം ഓരോമക്കളോടുമൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് എന്റെ വലിയ ദുഃഖമാണ്. ഒരിക്കല്‍ ഒരു മകന്റെ ജന്മദിനത്തില്‍ അവനുമായി വെളിയില്‍ പോകാം എന്ന് വാക്കുപറഞ്ഞിരുന്നു. ഉടുത്തൊരുങ്ങി വൈകുന്നേരം ആയപ്പോഴേക്കും അവന്‍ കാത്തിരുന്നു. കൃത്യം ആ സമയത്ത് സഭയിലെ ഒരു സഹോദരന്‍ ഒരു പ്രശ്‌നവുമായി വീട്ടില്‍ വന്നു. ആ സഹോദരനുമായി സംസാരിച്ച് ദീര്‍ഘസമയം കഴിഞ്ഞുപോയതിനാല്‍ രാത്രിയായി. പാര്‍ക്കില്‍ മകനെ കൊണ്ടുപോകാന്‍ കഴിയാതെപോയി. അവന്റെ മാനസികനില ഊഹിക്കാമല്ലോ. ഇന്നും ആ സംഭവം ദുഃഖത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴികയുള്ളൂ. ഗുരുതരമായ പ്രശ്‌നം അല്ലാഞ്ഞതിനാല്‍ സഭയിലെ സഹോദരനോട് അടുത്തദിവസം വരാന്‍ എനിക്ക് പറയാമായിരുന്നു. അന്ന് എനിക്കതിനുള്ള ജ്ഞാനം ഇല്ലാതെപോയി. എന്റെ മകന്‍ എന്നോട് ക്ഷമിക്കാന്‍ മനസ്സുകാട്ടി. ഒരുപക്ഷേ ഈ സംഭവംതന്നെ അവന്‍ മറന്നുകാണും! മക്കളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാനും അവരോട് വാക്കുപറഞ്ഞാല്‍ അത് നിറവേറ്റാനും ഞാന്‍ പിതാക്കന്മാരോട് ആലോചന പറയുന്നു.
കര്‍ത്താവിനെ ഹൃദയപൂര്‍വ്വം അനുഗമിക്കാനായി എന്റെ മക്കളുടെ ഹൃദയം കവരുവാന്‍ എന്തുവിലകൊടുക്കാനും ഞാന്‍ തയ്യാറായിരുന്നു. പൗലോസ് കര്‍ത്താവിനെ സേവിച്ചതുപോലെ, ഞാന്‍ ചെയ്യുന്നതുപോലെ അവരും ‘കൂടാരപ്പണി’ ചെയ്തുകൊണ്ട് കര്‍ത്താവിന്റെ ദാസന്മാരായിരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഇന്ന് അവര്‍ നാലുപേരും കര്‍ത്താവിനെ സ്‌നേഹിക്കുന്നു എന്നതില്‍ ഞാന്‍ എത്ര നന്ദിയുള്ളവനായിരിക്കുന്നു! കുറവുകളുള്ള മാതാപിതാക്കന്മാരായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ അവര്‍ക്കുവേണ്ടി ചെയ്യാന്‍ ശ്രമിച്ചകാര്യങ്ങള്‍ക്കായി ഇന്ന് അവര്‍ ഞങ്ങളെ ബഹുമാനിക്കയും സ്‌നേഹിക്കയും ചെയ്യുന്നു. എല്ലാ മഹത്വവും കര്‍ത്താവിന് മാത്രം ആയിരിക്കട്ടെ.
40 : എന്റെ പ്രസംഗശൈലി
ദൈവം അവിടുത്തെ മഹാജ്ഞാനത്തില്‍ മനുഷ്യരെ ”പ്രസംഗത്തിന്റെ ഭോഷത്തത്താല്‍ രക്ഷിക്കുവാന്‍ തീരുമാനിച്ചു.” (1 കൊരി. 1:21) ഒരു മനുഷ്യന് ചെയ്യാവുന്നതില്‍ ഏറ്റവും മഹത്തരമായ പ്രവൃത്തി ദൈവവചനം പ്രസംഗിക്കുക എന്നതാണ്. ഈ ശുശ്രൂഷയ്ക്കായി ദൈവം എന്നെ വിളിച്ചു എന്നതില്‍ ഞാന്‍ അത്യധികം കൃതാര്‍ത്ഥനാണ്. പണസ്‌നേഹികളായ പ്രസംഗകരാലും, വഞ്ചകന്മാരാലും ഏറ്റവും അധികം ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്ന ഒരു ശുശ്രൂഷയാണ് ഇതെന്ന കാര്യം മറന്നു കൂടാ.
‘പ്രവചനവരം വാഞ്ഛിപ്പീന്‍’ എന്ന് തിരുവചനം നമ്മോട് കല്പിച്ചിരിക്കുന്നു. (1 കൊരി 14:1,3) ഇവിടെ പ്രവചനം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് കേള്‍വിക്കാരെ ഉത്സാഹിപ്പിക്കുകയും, വെല്ലുവിളിക്കയും, ആത്മീയവര്‍ദ്ധന വരുത്തുകയും ചെയ്യുന്നവിധത്തില്‍ ദൈവവചനം സംസാരിക്കാനുള്ള പ്രത്യേക വരമാണ്. 21-ാം വയസ്സില്‍ സ്‌നാനപ്പെട്ട ഉടന്‍ ഈ വരത്തിനായി ഞാന്‍ ദൈവത്തോട് അപേക്ഷിച്ചുകൊണ്ടിരുന്നു. 23-ാം വയസ്സില്‍ ദൈവം പരിശുദ്ധാത്മാവിനാല്‍ എന്നെ അഭിഷേകം ചെയ്തപ്പോള്‍ ഈ വിധത്തിലുള്ള പ്രവചനവരവും നല്‍കി. തുടക്കത്തില്‍ എന്റെ പ്രസംഗത്താല്‍ ജനത്തെ ആകര്‍ഷിക്കാനും വൈകാരികമായി അവരെ ഇളക്കാനും ഞാന്‍ പരീക്ഷിക്കപ്പെടുകയുണ്ടായി. എന്നാല്‍ ഒരിക്കല്‍ കര്‍ത്താവ് എന്നോട് ചോദിച്ചു:”നിനക്ക് യഥാര്‍ത്ഥത്തില്‍ ജനത്തെ സഹായിക്കാനാണോ അതോ അവരില്‍ മതിപ്പ് ഉളവാക്കാനാണോ താത്പര്യം? ”അവരെ സഹായിക്കാന്‍ തന്നെയാണ് എന്റെ ആഗ്രഹം എന്ന് ഞാന്‍ വ്യക്തമാക്കി. ”അങ്ങനെയെങ്കില്‍ അവരുടെ കൈയടിക്കായി ഒന്നും ചെയ്യാതിരിക്കുക”. ജനത്തെ ആകര്‍ഷിക്കാനുള്ള പരീക്ഷ അതിജീവിക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ ഞാന്‍ ആ പ്രലോഭനത്തിനെതിരെ പോരാടി ക്രമേണ വിജയിക്കുക തന്നെ ചെയ്തു.
ഒരോ പ്രസംഗകനും തനതായ പ്രസംഗശൈലിയുണ്ട്. മിക്ക ഭാരതീയക്രിസ്തീയ പ്രസംഗകരും അമേരിക്കന്‍ കാരിസ്മാറ്റിക് പ്രസംഗകരെ അനുകരിക്കുന്നവരാണ്. യേശുക്രിസ്തുവിന്റെ പ്രസംഗശൈലി അനുകരിക്കുകയാണ് ഏറ്റവും അഭികാമ്യം എന്ന് ഞാന്‍ തീരുമാനിക്കയും യേശുവിന്റെ പ്രസംഗശൈലി സശ്രദ്ധം പഠിക്കാന്‍ ആരംഭിക്കയും ചെയ്തു.
ആദ്യം തന്നെ എന്റെ ശ്രദ്ധയില്‍ പ്പെട്ടകാര്യം, യേശു ജീവിതത്തില്‍ പ്രാവൃത്തികമാക്കിയ കാര്യങ്ങള്‍ മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ എന്നതാണ്. ‘യേശു ചെയ്തതും ഉപദേശിച്ചതും’ എന്ന് പ്രവൃത്തികള്‍ 1:1 ല്‍ കാണുന്നതു ശ്രദ്ധിക്കുക. യേശുവിന്റെ പ്രസംഗത്തിന് എപ്പോഴും ഒരു പ്രായോഗികതലം ഉണ്ടായിരുന്നു. പ്രവചിക്കുന്നവന്‍ ‘വിശ്വാസത്തിന്റെ അളവിനൊത്തവണ്ണം’ പ്രവചിക്കണം എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. (റോമര്‍ 12:6). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എന്റെ ആത്മീയ അനുഭവത്തിന് ആനുപാതികമായി വേണം ഞാന്‍ സംസാരിക്കുവാന്‍. ആളുകളെ ആകര്‍ഷിക്കാനുള്ള പരീക്ഷയില്‍ ഞാന്‍ വീണതിനാല്‍ ഈ പറഞ്ഞ പ്രമാണം അനുസരിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരുന്നു. ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു പിന്‍മാറ്റഅവസ്ഥയില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ 1975 ല്‍ കര്‍ത്താവ് എന്നേ അവിടുത്തെ മഹാകരുണയാല്‍ വീണ്ടും നിറയ്ക്കയും എന്നെ യഥാസ്ഥാനപ്പെടുത്തുകയും ചെയ്തു. ജീവിതത്തില്‍ അനുഭവിക്കുന്ന കാര്യങ്ങളെപ്പറ്റിമാത്രമേ മേലാല്‍ പ്രസംഗിക്കയുള്ളൂ എന്ന് ഞാന്‍ തീരുമാനിച്ചു. കുറഞ്ഞപക്ഷം ആത്മാര്‍ത്ഥമായി ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെപ്പറ്റി മാത്രമേ പറയാവൂ എന്ന് ഞാന്‍ നിര്‍ബ്ബന്ധം പിടിച്ചു. ദൈവം അവിടുത്തെ വഴികളെ പഠിപ്പിക്കുവാനും വിവിധ സാഹചര്യങ്ങളില്‍ എങ്ങനെ അവിടുത്തെ വിശ്വസിക്കണം എന്ന് ഗ്രഹിപ്പിക്കുവാനുമായി എന്നെ വിവിധങ്ങളായ പരിശോധനകളിലൂടെ നടത്തി. അങ്ങനെ ഞാന്‍ വിശ്വാസത്തിലും പരിജ്ഞാനത്തിലും വളര്‍ച്ചപ്രാപിക്കയും പ്രസംഗത്തിലൂടെ ഈ വിശ്വാസവും പരിജ്ഞാനവും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഇടയാകയും ചെയ്തു.
രണ്ടാമതായി, യേശു എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവിന്റെ ശക്തിയിലത്രേ പ്രസംഗിച്ചത്. എമ്മവൂസിലേക്ക് യാത്രചെയ്ത രണ്ട് ശിഷ്യന്മാരോടൊപ്പം നടന്ന് രണ്ടുമണിക്കൂറോളം സമയം അവരോട് സംസാരിച്ചപ്പോള്‍ അവരുടെ ‘ഉള്ളംകത്തിക്കൊണ്ടിരുന്നു’ എന്ന് അവര്‍ തന്നേ സാക്ഷിക്കുന്നു. ഈ ദൃഷ്ടാന്തം എപ്പോഴും എന്റെ മുമ്പില്‍ വയ്ക്കുവാനും അവ്വണ്ണം പ്രസംഗിപ്പാനും ഞാന്‍ ആഗ്രഹിച്ചു. ശീതികരണ അറയില്‍ നിന്നും പുറത്തെടുത്ത ഒരു കോഴിയിറച്ചിക്കഷണം ആര്‍ക്കും വിശപ്പുണ്ടാക്കുകയില്ല. എന്നാല്‍ അതേ മാംസക്കഷണം തീയില്‍ പാകപ്പെടുത്തിയാല്‍ ആരുടേയും വായില്‍ വെള്ളമൂറും എന്നത് തീര്‍ച്ചയാണ്. തണുപ്പന്‍ സത്യവും, പരിശുദ്ധാത്മാവിന്റെ തീയില്‍ സംസാരിക്കപ്പെടുന്ന സത്യവും തമ്മിലുള്ള വ്യത്യാസം ഇതാണ്. ഓരോ തവണ ദൈവവചനം സംസാരിക്കുമ്പോഴും ശ്രോതാക്കളുടെ ഹൃദയം കത്തിക്കൊണ്ടിരിക്കണം എന്നാണ് എന്റെ പ്രാര്‍ത്ഥന.
മൂന്നാമതായി, യേശുവിന്റെ വാക്കുകള്‍ പ്രാഥമികമായും ജനത്തിന്റെ വികാരങ്ങളോടല്ല, മനസ്സുകളോടായിരുന്നു. തന്റെ പ്രസംഗങ്ങള്‍ ജനത്തെ വെല്ലുവിളിക്കുകയും, പാപബോധം വരുത്തുകയും, വിശ്വാസത്തിലേക്കും അനുസരണത്തിലേക്കും അവരെ ഉണര്‍ത്തുകയും ചെയ്തു. ഈ കാലത്ത് പല പ്രസംഗകരും ചെയ്യുന്നതുപോലെ ജനത്തിന്റെ വികാരങ്ങളെ ഇളക്കാന്‍ യേശു ഒരിക്കലും ശ്രമിച്ചില്ല. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കാനാണ് നമ്മോട് കല്പിച്ചിരിക്കുന്നത്. എന്റെ സന്ദേശങ്ങള്‍ നന്നായി പാകം ചെയ്ത ഭക്ഷണമായിരിക്കണം എന്ന് എനിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അവ പോഷകദായകമായിരിക്കുമ്പോള്‍ തന്നെ രുചികരവും ആയിരിക്കണം! സ്വാദിഷ്ഠമായ ഒരു ഭക്ഷണം തയ്യാറാക്കാന്‍ ഏതൊരു വീട്ടമ്മ ബുദ്ധിമുട്ടുന്നതിനേക്കാളും അധികം ഒരു പ്രസംഗം തയ്യാറാക്കാന്‍ ഞാന്‍ അദ്ധ്വാനിക്കേണ്ടതുണ്ടെന്ന് വ്യക്തമായിരുന്നു. സമര്‍ത്ഥയായ ഒരു വീട്ടമ്മ ഭക്ഷണമേശയില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആകര്‍ഷകമായ വിധത്തില്‍ നിരത്തുന്നതുപോലെ ഞാന്‍ പ്രസംഗിക്കുന്നതിനുമുമ്പ് എന്റെ ചിന്തകളെ ഞാന്‍ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഞാന്‍ കണ്ടു. പലരും ഇപ്രകാരം ചെയ്യാതെ പ്രസംഗമദ്ധ്യേ കാടുകയറുകയും ശ്രോതാക്കളുടെ വിലപ്പെട്ട സമയം പാഴാക്കുകയും ചെയ്യുന്നു. ദൈവം കലക്കത്തിന്റെ ദൈവമല്ല ക്രമീകരണത്തിന്റെ ദൈവമത്രേ. (1 കൊരി. 14:33,40). ഒരു സന്ദേശം ക്രമീകൃതമായി സുഗ്രാഹ്യമായവിധത്തില്‍ പ്രസംഗിക്കപ്പെടുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്.
നാലാമതായി, യേശുവിന് ഓരോ സന്ദര്‍ഭത്തിനു അനുയോജ്യമായ വാക്കുകള്‍ ഉണ്ടായിരുന്നു. ഇതിന് രണ്ടുകാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്നാമത് നിരന്തരം തന്റെ പിതാവിനെ യേശു ശ്രദ്ധിച്ചിരുന്നു. (യെശയ്യാ.50:4). രണ്ടാമത്, ജനത്തോട് യേശുവിന് അത്യധികമായ സ്‌നേഹം ഉണ്ടായിരുന്നു. തന്മൂലം എന്റെ ഒഴുവുസമയങ്ങളിലെല്ലാം ദൈവത്തിന്റെ മനസ്സ് കൃത്യമായി അറിയുവാനായി ഞാന്‍ ദൈവവചനം പഠിക്കാന്‍ ശ്രമിച്ചു. തിരുവെഴുത്തുകള്‍ പഠിക്കാന്‍ പല പ്രസംഗകരും ഗ്രീക്കും ലാറ്റിനും പഠിക്കാറുണ്ട്. എന്നാല്‍ എനിക്ക് ആവശ്യം ഈ മൂലഭാഷകള്‍ പഠിക്കുകയല്ല മറിച്ച് തിരുവെഴുത്തുകളുടെ രചയിതാവായ പരിശുദ്ധാത്മാവിന്റെ വെളിപ്പാടാണ് എന്ന് വ്യക്തമായിരുന്നു. ഒരു മനുഷ്യനില്‍ നിന്നും ഞാന്‍ കേട്ടിട്ടില്ലാത്ത മഹത്തരമായ സത്യങ്ങള്‍ പരിശുദ്ധാത്മാവ് എന്നെ ഗ്രഹിപ്പിച്ചു. ഈ സത്യങ്ങള്‍ ദൈവവുമായി കുറേക്കുടെ ചേര്‍ന്നു നടക്കാന്‍ എന്നെ സഹായിക്കയും, ഇന്ന് ക്രൈസ്തവലോകത്തില്‍ വര്‍ദ്ധിച്ചുവരുന്ന വഞ്ചനകളില്‍ നിന്നും വ്യാജാനുകരണങ്ങളില്‍ നിന്നും എന്നെ രക്ഷിക്കയും ചെയ്തു. ഈ സത്യങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കാന്‍ ആത്മാവ് എന്നെ സഹായിച്ചു. ദൈവജനത്തോടുള്ള സ്‌നേഹത്താലും കരുണയാലും പരിശുദ്ധാത്മാവ് എന്റെ ഹൃദയത്തെ നിറച്ചു. (റോമര്‍ 5:5). ക്രമേണ എന്റെ ശുശ്രൂഷ, ന്യായപ്രമാണത്തിന്റെയും കുറ്റംവിധിയുടെയും ശുശ്രൂഷയാകാതെ, ആത്മീയമായ ഉത്സാഹവും ബോദ്ധ്യവും വര്‍ദ്ധിപ്പിക്കുന്ന ഒന്നായി ത്തീര്‍ന്നു.
അഞ്ചാമതായി, യേശുവിന്റെ പ്രസംഗം ഒരിക്കലും മടുപ്പുളവാക്കാതെ രസകരമായിരുന്നു. ശ്രോതാക്കളുടെ സമയം പാഴാക്കുന്നത് പാപമാണ്. ജനത്തിന്റെ പണം മോഷ്ടിക്കുന്നതിന് തുല്യമാണ് അവരുടെ വിലയേറിയ സമയം മോഷ്ടിക്കുന്നത് എന്ന് മിക്ക പ്രസംഗകരും ഗ്രഹിച്ചിട്ടില്ല. 200 പേരുള്ള ഒരു സദസ്സിനെ നാം 15 മിനിട്ട് ബോറടിപ്പിക്കുമ്പോള്‍ അവരുടെ പ്രവര്‍ത്തനക്ഷമമായ50 മണിക്കൂറുകളാണ് പാഴാക്കുന്നത് എന്ന കാര്യം മറന്നുപോകുന്നു. മണിക്കൂറില്‍ ശരാശരി 50 രൂപാ വരുമാനം ഉള്ളവരാണ് ശ്രോതാക്കളെങ്കില്‍ 2500 രൂപ അവരില്‍ നിന്നും മോഷ്ടക്കുകയാണ് 15 മിനിറ്റ് വിരസമായി പ്രസംഗിക്കുന്ന ഒരാള്‍ ചെയ്യുന്നത്. രസകരമായ വിധം സംസാരിക്കാനും ആരെയും ബോറടിക്കാതിരിക്കാനും എന്നെ എപ്പോഴും സഹായിക്കണം എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. തുടക്കത്തില്‍ ഹ്രസ്വമായ സമയം മാത്രമേ വിരസതയില്ലാതെ സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. തന്മൂലം ഹ്രസ്വമായി മാത്രമേ സംസാരിച്ചിരുന്നുള്ളൂ. ദൈവപരിജ്ഞാനത്തില്‍ ഞാന്‍ വളര്‍ച്ച പ്രാപിച്ചതനുസരിച്ച് കൂടുതല്‍ സമയം സംസാരിക്കാന്‍ ദൈവം സഹായിച്ചു.
ആറാമതായി, തന്റെ സന്ദേശങ്ങള്‍ വ്യക്തമാക്കാനായി യേശു ലളിതമായ നിരവധി ദൃഷ്ടാന്തങ്ങള്‍ ഉപയോഗിച്ചിരുന്നു. അപ്പം, മീന്‍, പക്ഷികള്‍, വൃക്ഷങ്ങള്‍, പൂക്കള്‍, മുത്തുകള്‍, കൃഷിക്കാര്‍, കെട്ടിടങ്ങള്‍ തുടങ്ങി സുപരിചിതമായ നിരവധി കാര്യങ്ങളെപ്പറ്റി യേശു സംസാരിച്ചു. താന്‍ സംസാരിച്ച ആഴമായ സത്യങ്ങള്‍ ഗ്രഹിക്കാന്‍ ലളിതമായ ദൃഷ്ടാന്തങ്ങള്‍ സഹായകമായി. കുശാഗ്രബുദ്ധി ഉള്ളവര്‍ക്കുമാത്രം ഗ്രഹിപ്പാന്‍ കഴിയുന്ന പ്രസംഗകന്‍ എന്ന പേര് ഒരിക്കലും യേശു ആഗ്രഹിച്ചില്ല. യേശുവിന്റെ മാതൃക ഈ വിഷയത്തിലും പിന്‍പറ്റാന്‍ ഞാന്‍ ആഗ്രഹിച്ചു. ചിലപ്പോള്‍ എന്റെ മുമ്പില്‍ ഇരിക്കുന്ന സഭയിലെ ഏറ്റവും കുറച്ച് വിദ്യാഭ്യാസം ഉള്ള വ്യക്തിയേ നോക്കി ആ നിലവാരത്തില്‍ സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ശ്രോതാക്കള്‍ എല്ലാവര്‍ക്കും സന്ദേശം ഗ്രഹിക്കാന്‍ കഴിയുന്നതായി ഞാന്‍ കണ്ടെത്തി. പ്രസംഗത്തിനുശേഷം ചിലപ്പോള്‍ കൊച്ചുകുട്ടികളോട് ഞാന്‍ സംസാരിച്ച കാര്യങ്ങള്‍ മനസ്സിലായോ എന്ന് ചോദിക്കുമായിരുന്നു. അവര്‍ക്ക് മനസ്സിലായില്ലെങ്കില്‍ എന്റെ പ്രസംഗം ഇനിയും ലളിതമാകേണ്ടതുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു.
ഏഴാമതായി, ചില സന്ദര്‍ഭങ്ങളിലെങ്കിലും യേശു നര്‍മ്മവും, അതിശയോക്തിയും തന്റെ പ്രസംഗങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതും, കൊതുകിനെ അരിച്ചെടുത്ത് ഒട്ടകത്തെ വിഴുങ്ങുന്നതും, സ്വന്ത കണ്ണില്‍ കോല്‍ ഇരിക്കെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍ ബദ്ധപ്പെടുന്നതും ഒക്കെ യേശുവിന്റെ പ്രഭാഷണങ്ങളില്‍ നാം കാണുന്നു. കപടഭക്തിയേയും ആത്മീയനിഗളത്തെയും തുറന്നുകാട്ടാന്‍ യേശു ഒരിക്കലും മടിച്ചില്ല. മസാല ഭക്ഷണത്തിന് സ്വാദേകുന്നതുപോലെ, നര്‍മ്മം ഒരു സന്ദേശത്തിന് മൂര്‍ച്ച നല്‍കാനും, രസകരമാക്കാനും ഉപകരിക്കുന്നു. എന്നാല്‍ ചിലപ്രസംഗകര്‍ ഫലിതപ്രിയരെന്ന ഖ്യാതി നേടാന്‍ സദാസമയം ശ്രോതാക്കളെ ചിരിപ്പിക്കുന്ന അനാരോഗ്യകരമായ നിലയിലേക്ക് വഴുതിവീഴുന്നു എന്നകാര്യവും മറന്നുകൂടാ. അത്തരം പ്രസംഗകര്‍ സര്‍ക്കസിലെ കോമാളികളെപ്പോലെയാണ്. ഞാന്‍ ഫലിതം ഒരിക്കലും ശ്രോതാക്കളെ രസിപ്പിക്കാന്‍ ഉപയോഗിക്കാറില്ല. ദീര്‍ഘമായ ഒരു പ്രസംഗത്തില്‍ അവരുടെ ശ്രദ്ധ നിലനിര്‍ത്താനും ഒരു പ്രത്യേക കാര്യം വ്യക്തമാക്കാനും ഒക്കെയാണ് ഞാന്‍ ഫലിതം ഉപയോഗിക്കാറുള്ളത്.
എട്ടാമതായി, യേശു തന്റെ സന്ദേശങ്ങള്‍ പലതവണ ആവര്‍ത്തിച്ചിരുന്നു. ഓരോ സന്ദര്‍ഭത്തിലും പുത്തന്‍ സന്ദേശങ്ങള്‍ നല്‍കുന്ന ഒരു പ്രഭാഷകന്‍ എന്ന ഖ്യാതി യേശു ആഗ്രഹിച്ചില്ല. ഒരു ദൈവികസത്യം ഹൃദയങ്ങളില്‍ വേരുറയ്ക്കാന്‍ അനേകതവണ ആളുകള്‍ അത് കേള്‍ക്കേണ്ടതുണ്ട്. ഓരോ പ്രസംഗത്തിലും പുതുമയുള്ള എന്തെങ്കിലും പറഞ്ഞ് ശ്രോതാക്കളെ ത്രസിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. ഒരേ സന്ദേശം തന്നെ പലതവണ ഞാന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ ആത്മാവിന്റെ നിയോഗത്താല്‍ ഓരോ തവണയും പുതുമയോടെ അതേ സന്ദേശം അവതരിപ്പിക്കാന്‍ എനിക്ക് കഴിയാറുണ്ട്.
ഒമ്പതാമത്, യേശു കുറിപ്പുകള്‍ ഒന്നും കൂടാതെയാണ് സംസാരിച്ചത്. പിതാവിനോടൊപ്പം ഉള്ള തന്റെ നടപ്പ് അത്രയധികം ആഴവും ദൃഢവും ആയിരുന്നുതിനാല്‍ ആത്മാവ് തനിക്ക് സംസാരിക്കാന്‍ വചനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ദൈവത്തോട് ഇപ്രകാരം ചേര്‍ന്ന് നടക്കാത്ത മിക്കപ്രസംഗകര്‍ക്കും ഇങ്ങനെ പ്രസംഗിക്കാന്‍ കഴികയില്ല. അതിനാല്‍ 99 ശതമാനം പ്രസംഗകരും അവരുടെ പ്രസംഗം ശ്രദ്ധയോടെ തയ്യാറാക്കുകയും, കുറിപ്പുകള്‍ ഉപയോഗിക്കയും ചെയ്യുന്നതാണ് അഭികാമ്യം. തുടക്കത്തില്‍ ഞാന്‍ ഇതുതന്നെയാണ് ചെയ്തുവന്നത്. എന്നാല്‍ ഇപ്പോള്‍ മിക്കസമയത്തും കുറിപ്പുകള്‍ കൂടാതെ സംസാരിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. എന്നാല്‍ ബൈബിള്‍ പഠിപ്പിക്കുന്ന സമയത്ത് ഞാന്‍ കുറിപ്പുകള്‍ ഉപയോഗിക്കയും വാക്യങ്ങള്‍ തെറ്റാതെ പറയാനായി എഴുതി സൂക്ഷിക്കയും ചെയ്യാറുണ്ട്. നോട്ടുകള്‍ ഉപയോഗിക്കയോ ഉപയോഗിക്കാതിരിക്കയോ ചെയ്യാന്‍ ഞാന്‍ സ്വാതന്ത്ര്യം എടുക്കാറുണ്ട്. ഫലപ്രദമായി നോട്ടുകള്‍ കൂടാതെ പ്രസംഗിക്കണമെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശദ്ധിക്കേണ്ടതുണ്ട്
1) ജീവിതാനുഭവങ്ങളില്‍ നിന്നും സംസാരിക്കാന്‍ കഴിയുമാറ് ദീര്‍ഘവര്‍ഷങ്ങള്‍ ദൈവത്തോടൊപ്പം നടന്ന അനുഭവം ഉണ്ടായിരിക്കണം.
2) പരിശുദ്ധാത്മാവിന്റെ അഭിഷേകത്തില്‍ ജീവിക്കുന്ന വ്യക്തിയും, പ്രവചനവരം ഉള്ള ആളുമായിരിക്കണം.
3) ഏതൊരു വിഷയത്തെപ്പറ്റിയും ബൈബിള്‍ എന്തുപഠിപ്പിക്കുന്നു എന്ന് ഗ്രാഹ്യം ഉണ്ടാകുമാറ് നന്നായി ദൈവവചനം പഠിച്ച വ്യക്തിയായിരിക്കണം.
4) ഏതു വിഷയത്തെപ്പറ്റിയും ബൈബിള്‍ വാക്യങ്ങള്‍ ഓര്‍ക്കാന്‍ കഴിയുമാറ് നല്ല ഓര്‍മ്മശക്തി ഉണ്ടായിരിക്കണം.
5) സന്ദേശത്തിന്റെ മുഴുസമയം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തക്കവണ്ണം ആശയവിനിമയത്തിനുള്ള കഴിവ് ഉണ്ടായിരിക്കണം.
മേല്‍പ്പറഞ്ഞ അഞ്ച് കാര്യങ്ങള്‍ ഒരുവന് ഇല്ലെങ്കില്‍ പ്രസംഗമദ്ധ്യേ നോട്ടുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
ഒടുവിലായി, യേശു ഒരിക്കലും ഒച്ചയിട്ട് സംസാരിച്ചിരുന്നില്ല. (മത്തായി 12:19). അതുപോലെ കൂടെക്കൂടെ പ്രസംഗമദ്ധ്യേ ‘ഹാലേലുയ്യാ’ പറയുന്ന രീതിയും യേശുവിന് ഇല്ലായിരുന്നു. ഇവിടെയും യേശുവിന്റെ മാതൃക ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചു. പ്രസംഗകര്‍ ഒച്ചയിട്ട് സംസാരിക്കുമ്പോള്‍ മിക്കപ്പോഴും പരിശുദ്ധാത്മാവിന്റെ അഗ്നിമൂലമല്ല അങ്ങനെ ചെയ്യുന്നത്, മറിച്ച് ശ്രോതാക്കളെ വൈകാരികമായി ഇളക്കാന്‍ മാത്രമാണ് ‘ഹാല്ലേലുയ്യാ’ കൂടെക്കൂടെ പറയുന്നത് വെറും പരിചയമോ, അല്ലെങ്കില്‍ അടുത്തതായി എന്താണ് പറയേണ്ടതെന്ന് ചിന്തിക്കുമ്പോള്‍ ഇടവേളകണ്ടെത്താനുള്ള പദമായോ ആകാം!
എന്റെ പ്രസംഗത്തിലൂടെ അല്പസമയത്തേക്ക് ശ്രോതാക്കളെ വൈകാരികമായി ഇളക്കാനല്ല, മറിച്ച് ദൈവവചനം അനുസരിക്കാനും, നാള്‍തോറും ക്രൂശെടുത്തുകൊണ്ട് യേശുവിനെ അനുഗമിക്കാനും അവരെ ഉത്സാഹിപ്പിക്കയാണ് എന്റെ ലക്ഷ്യം. ”ഏതു മനുഷ്യനേയും ക്രിസ്തുവില്‍ തികഞ്ഞവനാക്കി” നിര്‍ത്തുക എന്നുള്ളതുതന്നെ എന്റെ പ്രസംഗത്തിന്റെ ലക്ഷ്യമായിരിക്കുന്നു.” (കൊലോ 1:28, 29, 1 തിമോ 1:5).
41 : ദൈവത്തിന്റെ സമയം ഏറ്റവും നല്ല സമയം
”എല്ലാറ്റിനും ഓരോ സമയമുണ്ട്; ആകാശത്തിനുകീഴിലുള്ള ഓരോ കാര്യത്തിനും ഓരോ കാലമുണ്ട്.” (സഭാപ്രസംഗി 3:1)
ആദാമിന്റെ വീഴ്ചമുതല്‍ മനുഷ്യന്‍ രക്ഷ ആവശ്യമുള്ളവനായിരുന്നെങ്കിലും ദൈവം സ്വര്‍ഗ്ഗത്തില്‍ 4000 വര്‍ഷങ്ങള്‍ കാത്തിരുന്നു, മനുഷ്യരക്ഷയ്ക്കായി ഭൂമിയിലേക്ക് ഇറങ്ങിവരുവാന്‍. എന്നാല്‍ അവിടുന്ന് തക്കസമയത്തുതന്നെയാണ് വന്നത് (ഗലാ. 4:4). ഭൂമിയിലേക്ക് വന്നതിനുശേഷവും 30 വര്‍ഷങ്ങള്‍ അവിടുന്ന് നസറേത്തില്‍ ‘തന്റെ നാഴിക സമാഗതമാകുവാനായി’ കാത്തിരുന്നു (യോഹ 2:4) അതിനുശേഷമാണ് യേശു തന്റെ പരസ്യശുശ്രൂഷതുടങ്ങിയത്.
നമ്മെ സംബന്ധിച്ചിടത്തോളം ഓരോ ശുശ്രൂഷയ്ക്കും ഒരു ‘തക്കസമയം’ ഉണ്ട്. 1995 ആയപ്പോഴേക്കും ഞാന്‍ ഇന്‍ഡ്യയിലെ മിക്ക സംസ്ഥാനങ്ങളിലും ദൈവവചനം പ്രസംഗിച്ചിരുന്നു. എന്നാല്‍ മിസോറാമില്‍ ഐസ്‌വാളിലുള്ള ഒരു സുവിശേഷവിഹിതസഭ 1995 ഒക്‌ടോബര്‍ മാസത്തില്‍ മിസോറാമില്‍ ക്രിസ്തീയസന്ദേശം എത്തിയതിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് ചില പ്രത്യേക യോഗങ്ങള്‍ ക്രമീകരിച്ചിരുന്നു. ഈ മഹായോഗങ്ങള്‍ക്കായി ഒരു പ്രസംഗകനെ അന്വേഷിച്ചപ്പോള്‍ സംഘാടകരോട് അവര്‍ ആദരിച്ചിരുന്ന ഒരു വ്യക്തി പറഞ്ഞത് പൂര്‍ണ്ണമായ ദൈവികസത്യങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്നെ ക്ഷണിക്കണം എന്നായിരുന്നു! അവര്‍ എന്നെ ക്ഷണിക്കുകയും ഞാന്‍ ക്ഷണം സ്വീകരിച്ച് മിസോറാമിലേക്ക് പോകുകയും ചെയ്തു. പ്രസ്തുത സഭയുടെ നേതാക്കന്മാര്‍ പലവര്‍ഷങ്ങള്‍മുമ്പ് തന്നെ എന്നെ ക്ഷണിക്കുവാന്‍ തത്പരരായിരുന്നെങ്കിലും, ഞാന്‍ ദുരുപദേശം പഠിപ്പിക്കുന്നുവനാണെന്ന് ആരോ മുന്നറിയിപ്പുനല്‍കിയതിനാല്‍ നേരത്തേ ക്ഷണിക്കാതെ പോയതാണ്.
ഞാന്‍ ഐസ്‌വാളില്‍ എത്തിയപ്പോള്‍ ശക്തമായി മഴപെയ്തുകൊണ്ടിരിക്കുകയായിരുന്നു. 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് മഴ ഉണ്ടാകാതിരിക്കാനായി കര്‍ത്താവിനോട് ആവശ്യപ്പെട്ട ഏലിയാവിനെ ഞാന്‍ ഓര്‍ത്തു. അടുത്ത ഏഴുദിവസങ്ങളില്‍ ഈ പ്രദേശത്ത് മഴ ഉണ്ടാകാതിരിക്കേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിച്ചു. ജനം വചനം കേള്‍ക്കാന്‍ കടന്നുവരേണ്ടതിന് മഴതടസ്സമാകരുതല്ലോ. ബാലിന്റെ പ്രവാചകന്മാരെ ബഹുമാനിക്കുകയും ഞാന്‍ ഒരു കള്ളപ്രവാചകനാണെന്ന് കരുതുകയും ചെയ്യുന്നവര്‍ ഞാന്‍ ദൈവത്തിന്റെ ദാസനാണെന്ന് അറിയട്ടെ എന്നും കൂടെ ഏലിയാവിനെപ്പോലെ ഞാനും പ്രാര്‍ത്ഥിച്ചു. (1 രാജാ. 18:36). എന്തുകൊണ്ട് ഞാന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു.
ദൈവം എന്റെ ആദ്യത്തെ പ്രാര്‍ത്ഥനയക്ക് ഉത്തരം നല്‍കി. ആദ്യദിവസം വൈകുന്നേരം സമ്മേളനം തുടങ്ങുന്നതിനുമുമ്പ്തന്നെ മഴപൂര്‍ണ്ണമായും നിലച്ചു. ഏഴുദിവസവും തുടര്‍മാനമായി തെളിഞ്ഞ കാലാവസ്ഥയില്‍ ദൈവവചനം പ്രസംഗിക്കുവാന്‍ ദൈവം ഇടയാക്കി.
മീറ്റിംഗുകള്‍ കഴിഞ്ഞപ്പോള്‍ അത്ഭുതകരമായ ഒരു കഥ ഞാന്‍ കേള്‍ക്കാന്‍ ഇടയായി. ഞാന്‍ പ്രസംഗിച്ച പ്രത്യേകമീറ്റിംഗുകള്‍ തുടങ്ങുന്നതിനുമുമ്പ് തുടര്‍ച്ചയായി ഏഴുദിവസം ഐസ്‌വാളില്‍ മഴപെയ്തിരുന്നു. സഭയിലെ മൂപ്പന്മാര്‍ തോരാത്തമഴകണ്ടപ്പോള്‍ അവര്‍ തെറ്റായപ്രസംഗകനെയാണ് ക്ഷണിച്ചതെന്നുള്ള സന്ദേശം ദൈവം നല്‍കുകയാണോ എന്ന് സംശയിച്ചുപോയി. മീറ്റിംഗുകള്‍ കഴിഞ്ഞപ്പോള്‍ സഭയിലെ മുതിര്‍ന്നശുശ്രൂഷകന്‍ എന്നോട് ഇപ്രകാരം പറഞ്ഞു. മീറ്റിംഗ് തുടങ്ങുന്ന ദിവസം രാവിലത്തെ അവരുടെ പ്രാര്‍ത്ഥനായോഗത്തില്‍ അദ്ദേഹം പരസ്യമായി പ്രാര്‍ത്ഥിക്കുകയുണ്ടായി, ”ദൈവമേ, സാക് പുന്നന്‍ ഞങ്ങളുടെ മീറ്റിംഗുകളില്‍ പ്രസംഗിക്കാനായി അങ്ങ് തെരഞ്ഞെടുത്ത ദൈവദാസനാണെങ്കില്‍ ആദ്യദിവസത്തെ മീറ്റിംഗിനുമുമ്പ് മഴ നിര്‍ത്തി ഞങ്ങള്‍ക്ക് തെളിഞ്ഞകാലാവസ്ഥ നല്‍കേണമേ. ഇത് ഒരു അടയാളമായി ഞങ്ങള്‍ അങ്ങയോട് ചോദിക്കുന്നു.”
അവിടെയുള്ള വിശ്വാസികള്‍ക്ക് ദൈവം അവര്‍ ചോദിച്ച അടയാളവും അതിലധികവും നല്‍കി. മീറ്റിംഗ് നടന്ന ഏഴുദിവസവും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഇത് ദൈവത്തിന്റെ ഇടപെടല്‍ ആയിരുന്നു എന്ന് ഉറപ്പാക്കാന്‍ മീറ്റിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന് വീണ്ടും ശക്തമായി മഴപെയ്യാന്‍ തുടങ്ങി. കൂടാതെ മീറ്റിംഗുകള്‍ തീര്‍ന്നശേഷം ഐസ്‌വാളില്‍ രണ്ടുദിവസത്തെ പൊതുപണിമുടക്കും ഉണ്ടായി. പട്ടണത്തിലെ ജനജീവിതം സ്തംഭിപ്പിച്ച രണ്ടുദിവസങ്ങള്‍! എന്നാല്‍ ദൈവവചനം പ്രസംഗിക്കപ്പെടേണ്ടതിനായി ദൈവം പ്രകൃതി ശക്തികളേയും മത്സരത്തിന്റെ ശക്തികളേയും ഏഴുദിവസവും നിയന്ത്രിക്കുകയായിരുന്നു.
‘ക്രിസ്തുവിലുള്ള സമ്പൂര്‍ണ്ണസ്വാതന്ത്ര്യം‘ ‘യഥാര്‍ത്ഥശിഷ്യത്വം‘ എന്നീവിഷയങ്ങളെ അധികരിച്ച് ഞാന്‍ 15 സന്ദേശങ്ങള്‍ നല്‍കുകയുണ്ടായി. പ്രകൃതിയുടെ മഴ ഇല്ലായിരുന്ന ആ ഏഴുദിനങ്ങള്‍ ആത്മമാരിയുടെ ദിനങ്ങളായിരുന്നു. ആദ്യമീറ്റിംഗില്‍ ഏതാണ്ട് 600 പേര്‍ ഉണ്ടായിരുന്നെങ്കില്‍ അവസാനദിവസം ആയപ്പോഴേക്കും എണ്ണം 1200 ളം ആയിരുന്നു. സമ്മേളനം നടന്ന ഹാളിനുവെളിയില്‍ തെരുവില്‍ നിരവധിപേര്‍ നിന്നുകൊണ്ട് വചനം കേട്ടു. പരിശുദ്ധാത്മാവ് അതിശക്തമായി പ്രവര്‍ത്തിച്ചു. ഒടുവിലത്തെ രണ്ടുദിവസങ്ങളില്‍ അനുതാപപൂര്‍വ്വം കര്‍ത്തൃസന്നിധിയില്‍ സമ്പൂര്‍ണ്ണസമര്‍പ്പണം ചെയ്യാന്‍ ആഗ്രഹിക്കുന്നവരും, ക്രൂശെടുത്തുകൊണ്ട് ദിനംതോറും യേശുവിനെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവരും, പരിശുദ്ധാത്മസ്‌നാനം ആഗ്രഹിക്കുന്നവരും ദൈവസന്നിധിയില്‍ എഴുന്നേറ്റുനില്‍ക്കുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ എഴുന്നേറ്റുനില്‍ക്കയും ഞാന്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കയും ചെയ്തു. കര്‍ത്താവ് ചെയ്ത പ്രവൃത്തികണ്ട സഭാനേതാക്കള്‍ ആശ്ചര്യപ്പെട്ടു. കഴിഞ്ഞകാലങ്ങളില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പ്രസംഗങ്ങള്‍ കേട്ടിരുന്ന അവര്‍ മായംചേര്‍ക്കാതെ നിര്‍മ്മലമായ ദൈവവചനം ആദ്യമായിട്ടാണ് കേള്‍ക്കുന്നത് എന്ന അവരില്‍ ഒരാള്‍ എന്നോട് പറഞ്ഞു. ഏലിയാവിന്റെ രണ്ടാമത്തെ പ്രാര്‍ത്ഥന ഞാന്‍ എന്തുകൊണ്ടാണ് പ്രാര്‍ത്ഥിച്ചതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ദൈവം ആ പ്രാര്‍ത്ഥനയ്ക്കും ഉത്തരം അരുളി.
നേരത്തേ എന്നെ സൂക്ഷിച്ചുകൊള്ളണം എന്ന് പ്രസ്തുതസഭാനേതാക്കന്മാര്‍ക്ക് മുന്നറിയിപ്പ് ലഭിക്കാന്‍ ദൈവം അനുവദിച്ചതിന്റെ കാരണവും അപ്പോള്‍ എനിക്ക് മനസ്സിലായി. അത്തരം ഒരു മുന്നറിയിപ്പ് കിട്ടിയിരുന്നില്ലായിരുന്നെങ്കില്‍ 10 വര്‍ഷം മുമ്പേ അവര്‍ എന്നെ പ്രസംഗിക്കാന്‍ ക്ഷണിക്കുമായിരുന്നു. ജനഹൃദയങ്ങള്‍ ദൈവവചനത്തിനായി ഒരുക്കപ്പെടാത്ത ഒരുകാലത്തായിരുന്നേനേ ഞാന്‍ പ്രസംഗിക്കുമായിരുന്നത്. അപ്പോള്‍ എന്റെ പ്രയത്‌നം പാഴായിപ്പോയേനെ. ഈകാര്യം മുന്നമേ കണ്ടദൈവം സഭാനേതാക്കന്മാര്‍ തെറ്റിദ്ധരിക്കപ്പെടാന്‍ അനുവദിച്ചു. ജനങ്ങളുടെ ഹൃദയമാകുന്ന മണ്ണ് തയ്യാറായപ്പോള്‍, അവര്‍ മുന്‍വിധികള്‍ വെടിഞ്ഞ് എന്നെ ക്ഷണിച്ചു. ദൈവത്തിന്റെ മുഴുവന്‍ ആലോചനയും വിളംബരം ചെയ്യാന്‍ ശരിയായ സമയം. ഇതേ വിധത്തില്‍ ദൈവം മറ്റുപലയിടങ്ങളിലും പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പൂര്‍ണ്ണസുവിശേഷം എല്ലാവരും കേള്‍ക്കേണ്ട ആവശ്യമുണ്ട്; എന്നാല്‍ ഓരോരുത്തരുടെയും ഹൃദയം അതിനായി ഒരുക്കപ്പെടേണ്ട ആവശ്യമുണ്ട്താനും. വചനമാകുന്ന വിത്ത് വിതയ്ക്കപ്പെടാന്‍ ഹൃദയത്തിന്റെ നിലം ഉഴുതുമറിക്കേണ്ടതുണ്ട്. അവിടുത്തെ സമ്പൂര്‍ണ്ണസത്യം ശ്രവിക്കുവാന്‍ ഒരു ജനസമൂഹം എപ്പോഴാണ് ഒരുക്കപ്പെടുന്നത് എന്ന് ദൈവം മാത്രം അറിയുന്നു. നാം ദൈവഹിതത്തില്‍ ജീവിച്ചാല്‍ അവിടുന്ന് അത്തരം ആളുകളുടെ അടുത്തേക്ക് തക്കസമയത്തുതന്നെ നമ്മെ അയയ്ക്കും. ദൈവത്തിന്റെ വഴികള്‍ തികവുള്ളത്! നമ്മുടെ എല്ലാ ചലനങ്ങളിലും ദൈവത്തിന്റെ സമയം ഹൃദയപൂര്‍വ്വം സ്വീകരിക്കയും, എതിര്‍പ്പുകള്‍ക്കുവേണ്ടിപ്പോലും നന്ദിയുള്ളവരായിരിക്കയും ചെയ്യുകയത്രേ ഉത്തമം. എതിര്‍പ്പുകള്‍പോലും ദൈവഹിതം നിറവേറാന്‍ മുഖാന്തിരമായിത്തീരാം. സാത്താന്റെ പ്രവൃത്തികളെപ്പോലും ദൈവം തിരുഹിതത്തിന്റെ നിറവേറലിനായി ഉപയോഗിക്കുന്നു. അങ്ങനെ വീണ്ടും വീണ്ടും സാത്താനെ ദൈവം വിഡ്ഢിയാക്കുന്നു.
ഹല്ലേലുയ്യാ!!
42 : ദൈവം സഭയെ വളര്‍ത്തുന്നു
ഒരു സഭയില്‍ ദൈവം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നുള്ളതിന്റെ തെളിവ്, ശിഷ്യത്വത്തിനായി പൂര്‍ണ്ണഹൃദയമുള്ളവരെ സഭയോട് ചേര്‍ക്കുകയും, ആ വിധത്തില്‍ കര്‍ത്താവിനെ അനുഗമിക്കാന്‍ താത്പര്യമില്ലാത്തവരെ സഭയില്‍നിന്ന് നീക്കിക്കളയുകയും ചെയ്യുന്നു എന്നുള്ളതാണ്. കര്‍ത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേര്‍ത്തുകൊണ്ടിരുന്നു എന്ന് നാം പ്രവൃത്തികള്‍ 2 ന്റെ 47 ല്‍ വായിക്കുന്നുണ്ട്. (ആ കാലത്ത് ശിഷ്യത്വത്തിന്റെ സന്ദേശം സ്വീകരിച്ചവരെ മാത്രമേ രക്ഷിക്കപ്പെട്ടവര്‍ എന്ന് വിളിച്ചിരുന്നുള്ളൂ.) സെഫന്യാവ് 3 ന്റെ 8 മുതല്‍ 17 വരെയുള്ള വചനങ്ങളും ശ്രദ്ധിക്കുക. ”ഞാന്‍ നിങ്ങളുടെ ഇടയില്‍നിന്നും ഗര്‍വ്വോല്ലസിതന്മാരെ നീക്കിക്കളയുകയും താഴ്മയും ദാരിദ്ര്യവും ഉള്ളൊരു ജനത്തെ ശേഷിപ്പിക്കുകയും ചെയ്യും…..നിന്റെ ദൈവമായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കയും നിന്നില്‍ അത്യന്തം സന്തോഷിക്കയും ചെയ്യും”
തുടക്കം മുതലേ ഈ രണ്ട് വിധത്തിലും സ്വര്‍ഗ്ഗീയപിതാവ് പ്രവര്‍ത്തിക്കുന്നത് സഭയില്‍ കാണാന്‍ ഇടയായിട്ടുണ്ട്. നൂറുകോടിയിലധികം ജനസംഖ്യയുള്ള ഇന്‍ഡ്യയെപ്പോലൊരു രാജ്യത്ത് യേശുകര്‍ത്താവിന്റെ ശിഷ്യരായിരിക്കാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തുക എന്നത് ഒരു ലക്ഷം വൈക്കോല്‍കൂമ്പാരങ്ങളില്‍കുറെ സൂചികള്‍ തെരയുന്നതുപോലെയാണ്! ഒരു ജീവിതകാലം മുഴുവന്‍ ഈ വൈക്കോല്‍ കൂമ്പാരങ്ങളിലൂടെ തെരച്ചില്‍ നടത്തിയാലും ഒന്നോ രണ്ടോ സൂചികള്‍ കഷ്ടിച്ച് കണ്ടെത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ കുറേക്കൂടെകാര്യക്ഷമമായ ഒരു മാര്‍ഗ്ഗം ശക്തിയുള്ള കാന്തങ്ങള്‍ വൈക്കോല്‍കൂമ്പാരങ്ങളുടെ വെളിയില്‍ സ്ഥാപിക്കുക എന്നതാണ്. അപ്പോള്‍ എത്രയും മിതമായ അദ്ധ്വാനഫലമായി സൂചികള്‍ വൈക്കോല്‍ കൂനകളില്‍ നിന്നും ആകര്‍ഷണശക്തിയാല്‍പുറത്തുവരുന്നത് കാണാന്‍ കഴിയും! മുഴുഹൃദയത്തോടെ കര്‍ത്താവിനെ പിന്‍പറ്റാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഇതുതന്നെ. ഈ വിധം നാം പ്രവര്‍ത്തിക്കണം എന്നാണ് ദൈവവും ആഗ്രഹിക്കുന്നത്. നാം തമ്മില്‍ത്തമ്മില്‍ സ്‌നേഹിക്കുന്നതിനാല്‍ നാം അവിടുത്തെ ശിഷ്യരാണെന്ന് ലോകം അറിയും എന്നല്ലേ യേശു പറഞ്ഞത്? (യോഹ.13:33-35). സഭയായുള്ള നമ്മുടെ സാക്ഷ്യമാണ് മറ്റുള്ളവരെ നമ്മിലേക്ക് ആകര്‍ഷിക്കുന്നത്.
ആയതിനാല്‍ ഞങ്ങളുടെ സഭകള്‍ ഇന്‍ഡ്യയിലും മറ്റിടങ്ങളിലും ഉള്ള ആയിരക്കണക്കിന് വൈക്കോല്‍ കൂനകളില്‍ നിന്നു ശിഷ്യന്മാരെ ആകര്‍ഷിച്ച് വലിച്ചെടുക്കുന്ന കാന്തങ്ങളായിരിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.
ആളുകളെ മതം മാറ്റാനല്ല മറിച്ച്, ശിഷ്യന്മാരാക്കാനാണ് കര്‍ത്താവ് കല്പിച്ചിട്ടുള്ളത്. (മത്തായി 28:18-20). അതിനാല്‍ തുടക്കം മുതല്‍ തന്നേ ലൂക്കോസ് 14:26-33 ല്‍ കാണുന്ന ശിഷ്യത്വത്തിന്റെ മൂന്ന് വ്യവസ്ഥകള്‍ ഞങ്ങള്‍ പ്രസംഗിച്ചുവന്നു. യേശുകര്‍ത്താവിനെ എല്ലാറ്റിലും ഉപരിയായി സ്‌നേഹിക്കുക, ദിനംപ്രതി സ്വയത്തിന് മരിക്കുക, ഭൗതികവസ്തുക്കളോടുള്ള സ്‌നേഹത്തില്‍ നിന്നു സ്വതന്ത്രരാകുക എന്നിവയാണ് ശിഷ്യത്വത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. ശിഷ്യത്വത്തിന്റെ ഈ വ്യവസ്ഥകള്‍ നിറവേറ്റാന്‍ താത്പര്യമുള്ളവരെ മാത്രം പ്രാദേശികസഭകളില്‍ കൂട്ടുവാന്‍ ഞങ്ങള്‍ എന്നും ആഗ്രഹിച്ചിരുന്നു. അങ്ങനെ ശിഷ്യത്വത്തിനായി താത്പര്യമുള്ളവരെ ഞങ്ങളുടെ അടുത്തേക്ക് അയയ്ക്കുവാനോ, അല്ലെങ്കില്‍ ഞങ്ങളെ അങ്ങനെയുള്ളവരുടെ അടുത്തേക്ക് അയയ്ക്കാനോ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഈ രണ്ടു കാര്യങ്ങളില്‍ ഒന്ന് ചെയ്യാന്‍ ദൈവത്തിന് കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ ക്രമീകരണം വരുത്തേണ്ട മേഖല ഏതാണെന്ന് ഞങ്ങളെ കാണിച്ചു തരണം എന്ന് പ്രാര്‍ത്ഥിക്കാനും ഞങ്ങള്‍ മടിച്ചില്ല. ആരേയും സഭയില്‍ ചേരാനായി ഞങ്ങള്‍ ക്ഷണിച്ചില്ല. ആളുകള്‍ സ്വയമായി ആ തീരുമാനം എടുക്കണം എന്ന് ഞങ്ങള്‍ താത്പര്യപ്പെട്ടു. 1975 മുതല്‍ ഈ വര്‍ഷങ്ങളിലെല്ലാം ഒരു വ്യക്തിയോടുപോലും ഞങ്ങളുടെ ഏതെങ്കിലും പ്രാദേശികസഭയില്‍ ചേരാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. സ്വയം താത്പര്യപ്പെട്ട് കടന്നുവന്നവരെ മാത്രമേ ഞങ്ങള്‍ സ്വാഗതം ചെയ്തിട്ടുള്ളൂ. ആത്മീയമായ പരിപാലനത്തിനും ശുശ്രൂഷയ്ക്കുമായി ദൈവം ഉത്തരവാദിത്വം ഏല്പിച്ചിട്ടുള്ളവരെ മാത്രമേ കര്‍ത്താവ് ഞങ്ങളുടെ അടുത്തേക്ക് അയയ്ക്കൂ എന്ന് ഞങ്ങള്‍ വിശ്വസിച്ചു. കര്‍ത്താവുതന്നെയാണ് ജനത്തെ സഭയോട് ചേര്‍ക്കുന്നത്. പിതാവ് എനിക്ക് തരുന്നതൊക്കെയും എന്റെ അടുക്കല്‍ വരും. എന്റെ അടുക്കല്‍ വരുന്നവരെ ഞാന്‍ ഒരുനാളും തള്ളിക്കളയുകയില്ല. (യോഹ. 6:37). ഭൂമിയിലുള്ള ക്രിസ്തുവിന്റെ ശരീരം എന്ന നിലയില്‍ ഈ പ്രസ്താവന സഭയെ സംബന്ധിച്ചിടത്തോളവും സത്യമാണെന്ന് ഞങ്ങള്‍ വിശ്വസിച്ചു.
ജീവിതങ്ങളെ ഞങ്ങളുടെ അടുത്തേക്ക് ശിഷ്യത്വത്തിന്റെ സമര്‍പ്പണ ത്തോടെ അയയ്ക്കുവാന്‍ കര്‍ത്താവ് അത്ഭുതകരമായ വഴികള്‍ ഉപയോഗി ച്ചിട്ടുണ്ട്. ചില ദൃഷ്ടാന്തങ്ങള്‍ താഴെ ചേര്‍ക്കുന്നു:
നമ്മുടെ ഒരു അയല്‍രാജ്യത്ത് ആഭ്യന്തരയുദ്ധംമൂലം അനേകര്‍ സര്‍വ്വവും ഉപേക്ഷിച്ച് കുടുംബസമേതം ബോട്ടുകളില്‍ രക്ഷപ്പെടുകയുണ്ടായി. അവരില്‍ പലരും സമുദ്രമദ്ധ്യേ ബോട്ടുകള്‍ മുങ്ങി മരിക്കയുണ്ടായി: ചിലര്‍ രക്ഷപ്പെട്ട് ഇന്‍ഡ്യയുടെ തീരത്തെത്തി. ഈ അഭയാര്‍ത്ഥികളെ ഭാരതസര്‍ക്കാര്‍ ക്യാമ്പുകളില്‍ താമസിപ്പിച്ചു. ഇത്തരം ക്യാമ്പുകളുടെ സമീപപ്രദേശങ്ങളില്‍ നമ്മുടെ രണ്ട് സഭകള്‍ ഉണ്ടായിരുന്നു. സഭകളില്‍ നിന്നും ചില സഹോദരന്മാര്‍ വീണ്ടുംജനനം പ്രാപിക്കാത്ത നാമധേയക്രൈസ്തവരായ ഈ അഭയാര്‍ത്ഥി കളെ സന്ദര്‍ശിക്കാന്‍ ഇടയായി.അവരുമായി സുവിശേഷസന്ദേശം പങ്കുവച്ചു. തല്‍ഫലമായി അവരില്‍ പലരും വീണ്ടുംജനനം പ്രാപിക്കാന്‍ ഇടയായി. സഹോദരന്മാര്‍ തുടര്‍ച്ചയായി ക്യാമ്പുകള്‍ സന്ദര്‍ശിക്കയും ഒരു സഭയായി അവരെ മുമ്പോട്ട് നയിക്കുകയും ചെയ്തു. ബാംഗ്ലൂരിലും മറ്റ് സ്ഥലങ്ങളിലും നടന്ന പല സമ്മേളനങ്ങളില്‍ അവര്‍ ഏതാണ്ട് രണ്ടുവര്‍ഷക്കാലം സംബന്ധിക്കാന്‍ ഇടയായി. കോണ്‍ഫറന്‍സുകളില്‍വച്ച് സാക്ഷ്യത്തിനായി അവസരം നല്‍കുമ്പോള്‍ അവര്‍ സാക്ഷ്യംപറയാന്‍ കാണിച്ചിരുന്ന ഉത്സാഹം എടുത്തുപറയേണ്ടതാണ്. അവരുടെ ആത്മീയതീക്ഷ്ണത ഞങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു. ഒരു സമ്മേളനത്തില്‍ ഭാര്യമാര്‍ ഏതുവിധത്തില്‍ ഭര്‍ത്താക്കന്മാര്‍ക്ക് കീഴ്‌പ്പെട്ട് ജീവിക്കേണം എന്നതിനെപ്പറ്റി ഞാന്‍ ബൈബിളില്‍ നിന്നും പഠിപ്പിച്ചപ്പോള്‍ ഒരു നവവധു കണ്ണുനീരോടെ സഭ ക്രിസ്തുവിന് കീഴടങ്ങിയിരിക്കുന്നതുപോലെ തന്റെ ഭര്‍ത്താവിന് തുടക്കം മുതലേ കീഴ്‌പ്പെട്ടിരിക്കാന്‍ കൃപയ്ക്കായി ദൈവത്തോട്പ്രാര്‍ത്ഥിക്കുക യുണ്ടായി. എന്റെ ജീവിതത്തില്‍ അതുപോലെ ഒരു സഹോദരി ഭര്‍ത്താവിന് കീഴ്‌പ്പെട്ടിരിക്കാനുള്ള കൃപയ്ക്കായി ഇത്രയും ആത്മാര്‍ത്ഥമായി കരഞ്ഞു പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല!!
ഏതാണ്ട് രണ്ടു വര്‍ഷം കഴിഞ്ഞപ്പോല്‍ ഭാരതസര്‍ക്കാര്‍ ഈ അഭയാര്‍ ത്ഥികളെ മാതൃരാജ്യത്തേക്ക് മടക്കി അയയ്ക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കും ഈ സഹോദരങ്ങള്‍ ക്രിസ്തീയവിശ്വാസത്തില്‍ നന്നായി ഉറച്ചുകഴിഞ്ഞിരുന്നതിനാല്‍ അവര്‍ മടങ്ങിപ്പോകുംമുമ്പ് അവരുടെ ഇടയില്‍ നിന്നും മൂന്നുപേരെ മൂപ്പന്‍ന്മാരായി നിയോഗിക്കാന്‍ കഴിഞ്ഞു. ദൈവം ഇന്‍ഡ്യയില്‍ അവര്‍ താമസിച്ച സമയവും കൃത്യമായി മുന്‍നിര്‍ണ്ണയിച്ചിരുന്നു. സ്വദേശത്തേക്കു മടങ്ങിച്ചെന്നശേഷം വീണ്ടും ആഭ്യന്തരയുദ്ധം മൂര്‍ഛിച്ച പ്പോള്‍ അവര്‍ മൂന്നുകൂട്ടമായി പിരിഞ്ഞ് വ്യത്യസ്തസ്ഥലങ്ങളിലേക്ക് മാറേണ്ടി വന്നു. അത്ഭുതം എന്നുപറയട്ടെ, ഓരോ കൂട്ടത്തിലും മൂപ്പന്മാരായി നാം നിയോഗിച്ച മൂന്നുപേരില്‍ ഓരോരുത്തര്‍ ഉണ്ടായിരുന്നു! തന്മൂലം മേല്‍പ്പറഞ്ഞ മൂപ്പന്മാരുടെ നേതൃത്വത്തില്‍ മൂന്നിടത്തും അവര്‍ക്ക് പ്രത്യേക സഭകളായി നിലനില്‍ക്കാന്‍ കഴിഞ്ഞു. സഹോദരങ്ങളുടെ ജീവിതവും സാക്ഷ്യവുംമൂലം മറ്റുപലരും അവരോട് ചേരുവാന്‍ ഇടയായി. നമ്മുടെ സഹോദരന്മാരില്‍ ഒരാള്‍ ഒന്നിലധികം തവണ അവരെ സന്ദര്‍ശിക്കയും പ്രത്യേക മീറ്റിംഗുകളിലൂടെ അവരെ ഉത്സാഹിപ്പിക്കുകയും ചെയ്തു.
മറ്റൊരു ചെറിയ പട്ടണത്തില്‍ നാം അറിയുന്നിടത്തോളം യേശുക്രിസ്തു വിന്റെ കാലം മുതല്‍ ഒറ്റ ക്രിസ്തുശിഷ്യനും ഇല്ലായിരുന്നു. നമ്മുടെ സഹോദരന്മാരില്‍ ഒരാള്‍ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി അവിടേക്ക് സ്ഥലം മാറിവന്നു. താന്‍ അവിടെ താമസിച്ചപ്പോള്‍ മറ്റുള്ളവരോട് സുവിശേഷ സാക്ഷ്യം പങ്കിടുകയും അനേകര്‍ രക്ഷിക്കപ്പെടാന്‍ ഇടയാകയും ചെയ്തു. നമ്മുടെ മറ്റൊരു സഭയിലുള്ള ഒരു സഹോദരനോടൊപ്പം ഈ സഹോദരന്‍ സുവിശേഷവേലയില്‍ അദ്ധ്വാനിച്ചതിനാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അനുഗൃഹീതമായ ഒരു സഭ ആ പട്ടണത്തില്‍ ഉളവായി. ഇരുപത് നൂറ്റാണ്ടു കള്‍ക്കുള്ളില്‍ ആദ്യമായി ആ പ്രദേശത്തുണ്ടായ ക്രിസ്തീയസഭ! വൈകാതെ ഈ സഭയെ നയിക്കാന്‍ നാം മൂപ്പന്മാരെ നിയോഗിച്ചു. ചില വര്‍ഷങ്ങള്‍ ക്കുള്ളില്‍ സഭ വളര്‍ന്ന് സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കയും രണ്ടു പ്രാദേശികസഭകള്‍ കൂടി ഉടലെടുക്കുകയും ചെയ്തു.
മറ്റൊരു സഹോദരന്‍ ഒരു ചെറിയ ബിസ്സിനസ്സ് നടത്താനായി ഒരു പുതിയ സ്ഥലത്ത് താമസമാക്കി. ഒരു ക്രിസ്തീയശിഷ്യനും ഇല്ലാതിരുന്ന ഒരു സ്ഥലം. ഈ സഹോദരന്റെ സാക്ഷ്യം മൂലം നൂറ്റാണ്ടുകളായി ആദ്യത്തെ സാക്ഷ്യമുള്ള ഒരു സഭ അവിടെ ഇന്ന് നിലനില്ക്കുന്നു!
ദൈവം ഞങ്ങളുടെ ഇടയില്‍ ചെയ്ത ഏറ്റവും വലിയ അത്ഭുതം 2000 വര്‍ഷങ്ങളായി സഭ ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ സഭകള്‍ സ്ഥാപിച്ചു എന്നതല്ല. വിവിധസഭകളെ നയിക്കുവാന്‍ ദൈവഭക്തരായ മൂപ്പന്മാരെ എഴുന്നേല്‍പ്പിച്ചു എന്നതാണ്. വിദേശരാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന പണംകൊണ്ട് ശമ്പളം കൊടുത്ത് നടത്തപ്പെടുന്ന ക്രിസ്തീയപ്രവര്‍ത്തനങ്ങള്‍ ധാരാളം ഉള്ള ഭാരതത്തില്‍ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കാന്‍ സന്നദ്ധരായ ആത്മീയ നേതാക്കളെ കണ്ടെത്തുക എന്നതാണ് അത്യത്ഭുതകരമായ കാര്യം. പല ദശകങ്ങളായി ഇടയന്മാരായി അത്തരം നിരവധി സഹോദരന്മാരെ ദൈവം നമ്മുടെ ഇടയില്‍ അയച്ചിട്ടുണ്ട്. മൂപ്പന്മാര്‍ക്കും ശമ്പളം കൊടുക്കാത്തതിനാല്‍ ലാഭേച്ഛയോടെ ക്രിസ്തീയശുശ്രൂഷയ്ക്ക് ഇറങ്ങുന്ന കച്ചവടമനസ്ഥിതി ഉള്ളവരില്‍ നിന്നും ദൈവം ഞങ്ങളെ സംരക്ഷിച്ചു. മറ്റ് സഭകളും സംഘടനകളും നേരിടുന്ന പ്രധാന പ്രശ്‌നം ഇതുതന്നെയാണ്.
ഭാരതത്തിലുടനീളം ചിതറിക്കിടക്കുന്ന ഞങ്ങളുടെ സഭകളാകുന്ന കാന്തങ്ങള്‍ അനുഗൃഹീതരായ’സൂചികളെ’ വൈക്കോല്‍കൂനകളില്‍ നിന്നും വലിച്ചെടുത്തിട്ടുണ്ട്. വരുന്ന നാളുകളില്‍ മറ്റനേകം ‘സൂചികള്‍’ ആകര്‍ഷി ക്കപ്പെടും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു! ഹല്ലേലുയ്യാ!!
43 : ദൈവം സഭയില്‍ നിന്നു ചിലരെ നീക്കംചെയ്യുന്നു
കഴിഞ്ഞ അദ്ധ്യായത്തില്‍ ദൈവം എങ്ങനെ വിശ്വാസികളെ സഭയോട് ചേര്‍ക്കുന്നു എന്ന് നാം കണ്ടു. എന്നാല്‍ സെഫന്യാവ് 3: 8-17 ല്‍ നാം കാണുന്നതുപോലെ സഭയില്‍നിന്നും ഗര്‍വികളും തന്നെത്താന്‍ ഉയര്‍ത്തുന്നവരും ആയ ഏവരേയും ദൈവം നീക്കിക്കളയുകയും ചെയ്യും. താഴ്മയും ആത്മാവില്‍ ദാരിദ്ര്യവും ഉള്ള ഒരു ജനത്തെ ശേഷിപ്പിക്കാന്‍ വേണ്ടിയാണിത്. നമ്മുടെ ഇടയില്‍ വസിക്കയും നമ്മില്‍ ഘോഷിച്ചാനന്ദിക്കയും ചെയ്യാന്‍ വേണ്ടിയാണ് ദൈവം ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്. അപ്പോസ്‌തോലനായ യോഹന്നാനും തന്റെ കാലഘട്ടത്തില്‍ ഈ കാര്യം നിറവേറുന്നതു കാണാന്‍ ഇടയായി. യോഹന്നാന്‍ തന്റെ ഒന്നാം ലേഖനത്തില്‍ ഇക്കാര്യം പറയുന്നത് ശ്രദ്ധിക്കുക. ”അവര്‍ നമ്മുടെ ഇടയില്‍ നിന്ന് പുറപ്പെട്ടു എങ്കിലും നമുക്കുള്ളവര്‍ ആയിരുന്നില്ല. അവര്‍ നമുക്കുള്ളവര്‍ ആയിരുന്നെങ്കില്‍ നമ്മോടുകൂടെ പാര്‍ക്കുമായിരുന്നു. എന്നാല്‍ എല്ലാവരും നമുക്കുള്ളവര്‍ അല്ല എന്ന് പ്രസിദ്ധമാകേണ്ടതല്ലോ” (1 യോഹ 2:19).
ഒരോ സഭയ്ക്കും എത്രത്തോളം ആത്മീയനിലവാരം ഉണ്ടായിരിക്കണം എന്ന് തീരുമാനിക്കുന്നത് അതതുസഭയിലേ മൂപ്പന്മാരാണ്. വിശുദ്ധിയേക്കുറിച്ച് യാതൊരു നിലവാരവും ഇല്ലാത്ത സഭകളില്‍ നിന്ന് ആരും വിട്ടുപോകയില്ല. യേശുപഠിപ്പിച്ച ജീവിതനിലവാരം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സഭകളില്‍ നിന്ന്, യേശുതന്നേ ഇഹലോകജീവിതത്തില്‍ കണ്ടെത്തിയതു പോലെ, പലരും വിട്ടുപോകുന്നത് കാണാം. നമ്മുടെ ഇടയിലും ഇങ്ങനെ പലര്‍ വിട്ടുപോകുന്നത് നാം കണ്ടിട്ടുണ്ട്.
ആദ്യം തന്നേ സഭ വിട്ടുപോയവര്‍ ധനികരും ലോകത്തില്‍ സ്വാധീനം ഉള്ളവരും ആയിരുന്നു. ലോകത്തിലും ഇതരസഭകളിലും അവര്‍ക്ക് ലഭിച്ചിരുന്ന പ്രത്യേകപരിഗണന ഇവിടെ ലഭിക്കാതെ വന്നതാണ് വിട്ടുപോകാന്‍ അവരെ പ്രേരിപ്പിച്ചത്. അവരുടെ സമ്പത്തോ, സ്ഥാനമാനങ്ങളോ അല്ല, മറിച്ച് ഈ കാര്യങ്ങളിലുള്ള അവരുടെ നിഗളമനോഭാവമായിരുന്നു അവരെ യേശുവിന്റെ ശിഷ്യരാകുന്നതില്‍ നിന്നു തടഞ്ഞത്. ആരുടെയെങ്കിലും സമ്പത്തോ സ്ഥാനങ്ങളോ നമ്മെ സംബന്ധിച്ച് പ്രത്യേകപരിഗണനയര്‍ഹിക്കുന്ന വിഷയമേ ആയിരുന്നില്ല. ധനികരായാലും ദരിദ്രരായാലും താഴ്മയും ദൈവഭയവും ഉള്ള വ്യക്തികളെയാണ് നാം ബഹുമാനിച്ചിരുന്നത്. (സങ്കീ. 15:4).
സഭാമൂപ്പന്മാര്‍ ആകാന്‍ ആഗ്രഹിച്ചിട്ടും അത് നടക്കാതെ പോയതുകൊണ്ടാണ് ചിലര്‍ വിട്ടുപോയത്. മറ്റുചിലര്‍ അവരെ ഏല്പിച്ച ശുശ്രൂഷയില്‍ അവിശ്വസ്തരെന്ന് തെളിഞ്ഞപ്പോള്‍ മൂപ്പന്‍ സ്ഥാനത്തുനിന്നും ഒഴിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ വിട്ടുപോയവരാണ്. ചിലര്‍ അവരുടെ പ്രസംഗപാടവംകൊണ്ട് പണം സമ്പാദിക്കാന്‍ ആഗ്രഹിച്ചവരായിരുന്നു (1 പത്രോ. 5:2). പണത്തിനായി സുവിശേഷംപ്രസംഗിക്കുന്നവരില്‍ നിന്നും ഒഴിഞ്ഞിരിക്കാന്‍ ദൈവവചനം കല്പിക്കുന്നു. (1 തിമോ. 6:5). മറ്റു ചിലര്‍ ദൈവത്തിന്റെ ആട്ടിന്‍കൂട്ടങ്ങളുടെ മേല്‍ അധികാരികളെപ്പോലെ കര്‍ത്തൃത്വം നടത്താന്‍ ആഗ്രഹിച്ചവരായിരുന്നു. (1 പത്രോ. 5:3). അവരില്‍ ചിലര്‍ കര്‍ത്താവായ യേശുക്രിസ്തുവിനോടല്ല, തങ്ങളോടുതന്നേ ജീവിതങ്ങളെ വലിച്ചടുപ്പിക്കുന്നവര്‍ ആയിരുന്നു. (പ്രവൃത്തി.20:30). ഇത്തരത്തിലുള്ള എല്ലാ മൂപ്പന്മാരെയും ദൈവം അതതുകാലത്ത് നീക്കംചെയ്കയും പകരം ഉത്തമന്മാരായ സഹോദരന്മാരെ മൂപ്പന്മാരായി നിയമിക്കയും ചെയ്തു. ഇതു ദൈവത്തിന്റെ പ്രവൃത്തി തന്നെയാണെന്ന് കാലം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
നമ്മെപ്പോലെ സമ്പന്നമല്ലാത്ത ഒരു ഭാരതീയസഭയെക്കാള്‍ സമ്പന്നതയുള്ള ഏതെങ്കിലും പാശ്ചാത്യസഭകളോട് ബന്ധപ്പെടാനുള്ള ആഗ്രഹംകൊണ്ടാണ് ചിലര്‍ വിട്ടുപോയത്. മിക്ക ഇന്‍ഡ്യന്‍ ക്രിസ്ത്യാനികളുടേയും വിചാരം പാശ്ചാത്യക്രൈസ്തവര്‍ ആത്മീയമായി തങ്ങളെക്കാള്‍ മികച്ചവരാണെന്നാണ്. തന്മൂലം പാശ്ചാത്യവിശ്വാസികളോട് ഒരു ദാസ്യമനോഭാവം പലരിലും വേരൂന്നിയിരിക്കുന്നു. ഇന്‍ഡ്യയിലെ മിക്ക സഭകള്‍ക്കും അമേരിക്കക്കാരനോ യൂറോപ്പുകാരനോ ആയ ഒരു പ്രസംഗകന്‍ പ്രധാനപ്രസംഗകനായി ഇല്ലാതെ പ്രത്യേകയോഗങ്ങള്‍ നടത്തുന്നതിനെപ്പറ്റി ചിന്തിക്കാനേ കഴിയുകയില്ല. അവര്‍ക്കുമാത്രമേ ശ്രോതാക്കളെ ആകര്‍ഷിക്കാന്‍ കഴിയൂ! എന്നാല്‍ നാമാകട്ടെ, എല്ലാ വര്‍ഗ്ഗക്കാരെയും നമുക്കുതുല്യരായിപരിഗണിക്കുന്നു. സഭയിലേക്ക് ജീവിതങ്ങളെ പ്രസംഗകന്റെ തൊലിയുടെ നിറംകൊണ്ടല്ല, മറിച്ച് ആത്മാവിന്റെ അഭിഷേകത്താലും നമ്മുടെ സന്ദേശത്താലും ആകര്‍ഷിക്കാനാണ് നാം ശ്രമിച്ചിട്ടുള്ളത്. പല ഭാരതീയക്രിസ്ത്യാനികളും സാമ്പത്തികലാഭത്തിനായും സൗജന്യമായ വിദേശയാത്ര തരപ്പെടുത്താനുമായി ഏതെങ്കിലും പാശ്ചാത്യപ്രസ്ഥാനങ്ങളുമായി ചേര്‍ന്നു നില്‍ക്കാന്‍ മടിയില്ലാത്തവരാണ്. സ്വാര്‍ത്ഥം അന്വേഷിക്കുന്ന ഇത്തരം എല്ലാ പ്രവണതകള്‍ക്കും എതിരേ നാം നിലപാട് എടുത്തിട്ടുണ്ട്.
മറ്റോരുകൂട്ടര്‍ നാം പ്രസംഗിക്കുന്ന വിശുദ്ധിയുടെ മാനദണ്ഡം വളരെ കൂടുതലാണെന്ന് പറഞ്ഞ് പോയവരാണ്. ശിഷ്യത്വം, പരിശുദ്ധാത്മസ്‌നാനവും വരങ്ങളും, ബോധമണ്ഡലത്തിലെ എല്ലാ പാപങ്ങളുടെ മേലുമുള്ള ജയം, ഗിരിപ്രഭാഷണത്തിന്റെ അനുസരണം (മത്തായി 5, 6, 7), പൂര്‍ണ്ണതയിലേക്കുള്ള മുന്നേറ്റം, യേശുനടന്നതുപോലെ നടക്കുന്നകാര്യം, ദൈവഭക്തിയുള്ള ഒരു കുടുംബജീവിതം, നാള്‍തോറും ക്രൂശെടുക്കുന്ന കാര്യം, ലോകത്തിന്റെ ആത്മാവില്‍ നിന്നുള്ള വേര്‍പാട്, ദ്രവ്യാഗ്രഹത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം (ധനം ദൈവത്തിനെതിരായുള്ള യജമാനനാകാം എന്ന് ലൂക്കോസ് 16:13 ല്‍ പറയുന്നത് ശ്രദ്ധിക്കുക). ഉപവാസവും പ്രാര്‍ത്ഥനയും, ഹൃദയപൂര്‍വ്വം എല്ലാവരോടും ക്ഷമിക്കുന്ന മനോഭാവം, യേശു നമ്മെ സ്‌നേഹിച്ചതുപോലെ മറ്റുള്ളവരെ സ്‌നേഹിക്കുന്ന കാര്യം, ക്രിസ്തുവിന്റെ ശരീരമായി പ്രാദേശികസഭയെ പണിയുന്ന ദൗത്യം തുടങ്ങിയ കാര്യങ്ങളായിരുന്നു നമ്മുടെ പ്രസംഗവിഷയങ്ങള്‍. ഈ സന്ദേശങ്ങള്‍ പലര്‍ക്കും ഇടര്‍ച്ചയായിത്തീരുകയും അവര്‍ സഭവിട്ടുപോകയും ചെയ്തു. യേശുവിന്റെ പ്രസംഗങ്ങള്‍ കേട്ട് ഇടര്‍ച്ച തോന്നി പലരും അക്കാലത്തും വിട്ടുപോയിട്ടുള്ളതിനാല്‍ (യോഹ 6:60, 66) ഈ കാര്യം ഞങ്ങളെ അല്പംപോലും അസ്വസ്ഥരാക്കിയില്ല. എന്നാല്‍ കുട്ടികള്‍ക്ക് ഏറ്റവും നല്ല സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്ന, ചികിത്സയ്ക്കായി ഏറ്റവും നല്ല ആശുപത്രികള്‍ തെരഞ്ഞെടുക്കുന്ന ക്രിസ്തീയവിശ്വാസികള്‍ ആത്മീയകൂട്ടായ്മയ്ക്കായി താണനിലവാരമുള്ള സഭകള്‍ തെരഞ്ഞെടുക്കുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്താതിരുന്നില്ല! ഭൗതികകാര്യങ്ങളെ ആത്മീയകാര്യങ്ങളെക്കാളും ശരീരങ്ങളെ തങ്ങളുടെ ആത്മാക്കളെക്കാളും അത്തരക്കാര്‍ വിലമതിക്കുന്നു എന്നു മാത്രമേ അതിനര്‍ത്ഥമുള്ളൂ.
എന്നാല്‍ ദൈവഭക്തിയുള്ള ഒരു ജീവിതത്തിന് യാതൊരു താത്പര്യവും ഇല്ലാത്ത ചിലര്‍ സഭയില്‍ തുടരുന്നത് ഞങ്ങളെ ഏറ്റവുമധികം അത്ഭുതപ്പെടുത്തി. അവരുടെ കുടുംബങ്ങള്‍ക്ക് മെച്ചമായ ഒരന്തരീക്ഷം ഞങ്ങളുടെ സഭകളില്‍ ലഭ്യമാണെന്നതുമാത്രമായിരുന്നു അവര്‍ തുടരുന്നതിന്റെ കാരണം എന്ന് ഞങ്ങള്‍ കണ്ടെത്തി. അംഗത്വഫീസ് പിരിക്കാത്ത ഉത്തമമായ ഒരു ‘ക്ലബ്’ ആയിരുന്നു അവര്‍ക്ക് സഭ! തന്മൂലം പല ‘ബാബിലോന്യ’ ക്രിസ്ത്യാനികളും സഭകളില്‍ തുടരുന്നു. യേശുവിന്റെ കൊച്ചുസഭയിലും ഒരു ഇസ്‌ക്കരിയോത്താ യൂദാ ഉണ്ടായിരുന്നല്ലോ?
എന്നാല്‍ സഭയിലെ മൂപ്പന്മാരുടെ കാര്യത്തില്‍ ദൈവവചനപ്രകാരമുള്ള ഉന്നതമായ നിലവാരം സൂക്ഷിക്കണം എന്ന കാര്യത്തില്‍ ഞങ്ങള്‍ നിര്‍ബ്ബന്ധം കാണിക്കുന്നു. അവര്‍ക്കുവേണ്ടി കൂടെക്കൂടെ പ്രത്യേക സമ്മേളനങ്ങള്‍ നടത്തുന്നതിലൂടെ ഇതിനായി പരിശ്രമിക്കുന്നു. നമ്മുടെ സഭകളില്‍ മൂപ്പന്മാരായി ചില ഉത്തമസഹോദരന്മാരെ ദൈവം എഴുന്നേല്‍പ്പിച്ചു. അവരില്‍ പലരും വാഗ്മികള്‍ ആയിരുന്നില്ല; എന്നാല്‍ യേശുക്രിസ്തുവിന്റെ മഹത്വവും ദൈവജനത്തിന്റെ നന്മയും ലക്ഷ്യമാക്കിയവരായിരുന്നു. (ഫിലി. 2:19-21). അത്തരത്തിലുള്ള ഒരു സഹോദരനെങ്കിലും ഒരു സ്ഥലത്തില്ലെങ്കില്‍ നാം ഒരു സഭാകൂടിവരവ് അവിടെ തുടങ്ങാറില്ല. ദൈവഭക്തിയുള്ള ഒരു ഇടയനില്ലെങ്കില്‍ ആടുകള്‍ വഴിതെറ്റിപ്പോകും എന്ന് തീര്‍ച്ചയാണല്ലോ. ഇന്ന് നാം നമ്മുടെ സഭകളെ നോക്കുമ്പോള്‍ ആരൊക്കെ സഭയിലേക്ക് വരുന്നു, ആരൊക്കെ വിട്ടുപോകുന്നു എന്നുള്ളത് പരിഗണിക്കാതെ യേശു പഠിപ്പിച്ച അതേ വിശുദ്ധിയുടെ നിലവാരത്തിലേക്ക് മുന്നേറാന്‍ നാം ആത്മാര്‍ത്ഥമായി പരിശ്രമിച്ചുവരുന്നു.
പഴയനിയമകാലത്ത് സമാഗമനകൂടാരം ദൈവത്തിന്റെ നിവാസമായിരുന്നതുപോല ഇന്ന് സഭയാണ് ദൈവത്തിന്റെ ആലയം. ആ കൂടാരത്തിന് പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം എന്നീ മൂന്ന് ഭാഗങ്ങള്‍ ഉണ്ടായിരുന്നു. പ്രാകാരത്തില്‍ യാഗപീഠത്തിനും പിച്ചളത്തൊട്ടിക്കും ചുറ്റും ധാരാളംപേര്‍ കൂടിയിരുന്നു. (പാപക്ഷമയും ജലസ്‌നാനവും സൂചിപ്പിക്കുന്നു). എന്നാല്‍ വിശുദ്ധസ്ഥലത്ത് ആളുകള്‍ കുറവായിരുന്നു. അവിടെയുള്ള നിലവിളക്ക്, കാഴ്ചയപ്പത്തിന്റെ മേശ, ധൂപപീഠം എന്നിവ പരിശുദ്ധാവിന്റെ അഭിഷേകം, ദൈവവചനപഠനം, പ്രാര്‍ത്ഥന എന്നിവയെ കാണിക്കുന്നു. പഴയനിയമകാലത്ത് ആര്‍ക്കും അതിവിശുദ്ധസ്ഥലത്ത് പ്രവേശനം അനുവദിച്ചിരുന്നില്ല. ദൈവത്തോടുള്ള കൂട്ടായ്മ ആഗ്രഹിക്കയും, എല്ലാം അവിടുത്തേക്ക് സമര്‍പ്പിക്കയും, ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കാന്‍ ആഗ്രഹിക്കയും ചെയ്യുന്ന ഏവര്‍ക്കും വേണ്ടി ഇന്ന് തുറക്കപ്പെട്ടിരിക്കുന്ന അതിവിശുദ്ധസ്ഥലമാണത്.
കൂടാരത്തിന്റെ ഈ മൂന്നു ഭാഗങ്ങള്‍ ദൈവത്തോടുള്ള കൂട്ടായ്മയുടെ മൂന്ന് വ്യത്യസ്തതലങ്ങളാണ് കാണിക്കുന്നത്. എല്ലാ സഭകളിലും (നമ്മുടെ സഭകള്‍ ഉള്‍പ്പെടെ) ഈ മൂന്ന് സ്ഥലങ്ങളിലും വസിക്കുന്ന വിശ്വാസികള്‍ ഉണ്ടായിരിക്കും. അതിവിശുദ്ധസ്ഥലത്ത് സദാ വസിക്കാന്‍ തീരുമാനിക്കുകയും, അവസാനത്തോളം കര്‍ത്താവിനോട് വിശ്വസ്തതപുലര്‍ത്തുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥജയാളികള്‍. നമ്മുടെ സഭകളുടേയും-മറ്റെല്ലാ സഭകളുടേയും യഥാര്‍ത്ഥശക്തി ഇങ്ങനെയുള്ള ജയാളികളാണ്.
44 : പുതിയനിയമമാതൃക
ഇന്‍ഡ്യയിലെ ഞങ്ങളുടെ ക്രിസ്തീയപ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ തന്നെ ഒരു കാര്യം ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ചുറ്റുപാടുമുള്ള സഭകളില്‍ കണ്ടുവരുന്ന കാര്യങ്ങളെക്കാള്‍ ശുശ്രൂഷയുടെ എല്ലാ തലങ്ങളിലും പുതിയനിയമമാതൃക പിന്‍പറ്റണം എന്നായിരുന്നു ആ തീരുമാനം. ഒന്നാം നൂറ്റാണ്ടില്‍ തന്റെ സഭയെ പണിയുവാന്‍ കര്‍ത്താവ് അപ്പോസ്തലന്മാരെയും, പ്രവാചകന്മാരെയും, സുവിശേഷകന്മാരെയും, ഇടയന്മാരേയും, ഉപദേഷ്ടാക്കന്മാരെയും ഉപയോഗിച്ചു. (എഫെ. 4:11). നമ്മുടെ കാലഘട്ടത്തിലും ഈ അഞ്ച് ശുശ്രൂഷകളും ലഭ്യമാകണം എന്നായിരുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന
അപ്പോസ്തലന്മാര്‍: സഭകള്‍ സ്ഥാപിക്കുന്നവരും സഭകളെ നയിക്കുവാന്‍ മൂപ്പന്മാരെ നിയമിക്കുന്നവരുമാണ്. (പ്രവൃത്തി 14:23). അവര്‍ മൂപ്പന്മാര്‍ക്ക് ആത്മീയപിതാക്കന്മാരും അവര്‍ സ്ഥാപിച്ച സഭകളുടെ ആത്മീയ വളര്‍ച്ചയില്‍ വഴികാട്ടികളും ആയിരുന്നു. അപ്പൊസ്തലന്മാര്‍ സഭകളെ ഒരു സംഘടന ആക്കാതെ ഓരോ സഭയേയും ഒരു സ്വയംഭരണസമൂഹമായി നിലനില്ക്കാന്‍ അനുവദിച്ചു. ചുറ്റുമുള്ള സഭകളില്‍ ഇത്തരത്തിലുള്ള അപ്പൊസ്തലികശുശ്രൂഷ കാണാന്‍ കഴിഞ്ഞില്ല. മിക്കപ്പോഴും സഭാഭരണത്തില്‍ മനുഷ്യനിര്‍മ്മിതമായ രണ്ട് ഭരണവ്യവസ്ഥിതികളാണ് കണ്ടത്.
1)പിരമിഡ് സമ്പ്രദായം: കേന്ദ്രീകൃതനിയന്ത്രണത്തിലുള്ള സഭാഭരണവ്യവസ്ഥിതിയാണ് ഒന്നാമത്തേത്. ഒരു പോപ്പോ, സുപ്രണ്ടോ, പ്രസിഡന്റോ പിരമിഡ്തലപ്പത്ത് ഉണ്ടായിരിക്കും. ആ തലവന്റെ കീഴില്‍ ബിഷപ്പുമാരോ പാസ്റ്റര്‍മാരോ സഭകളെ നടത്തുന്നു. ഈ തസ്തികകളെല്ലാം തന്നെ തെരഞ്ഞെടുപ്പിലൂടെയാണ് നികത്തുന്നത്! ഈ അധികാരശ്രേണി ബിസ്സിനസ്സ് ലോകത്തിന്റെ കൃത്യമായ അനുകരണമാണ്.
2) സ്വതന്ത്രസമ്പ്രദായം: ഈ വ്യവസ്ഥിതിയില്‍ ഓരോ സഭയും പൂര്‍ണ്ണമായും സ്വതന്ത്രവും ആരോടും ഉത്തരവാദിത്വം ഇല്ലാത്തതുമാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതി ബൈബിള്‍ കോളജ് ബിരുദമുള്ള ഒരാളെ ശമ്പളത്തിന് പാസ്റ്ററായി സേവനം അനുഷ്ഠിക്കുവാന്‍ ക്ഷണിക്കുന്നു. ചില വര്‍ഷങ്ങള്‍ക്കുശേഷം കുറെക്കൂടെ മെച്ചമായ ശമ്പളം കിട്ടുന്ന ഒരു വലിയ സഭ പാസ്റ്റര്‍ കണ്ടെത്തുകയും അവിടെ ശുശ്രൂഷയ്ക്കായി പോകുകയും ചെയ്യുന്നു. അപ്പോള്‍ ആദ്യത്തെ സഭ വീണ്ടും പരസ്യത്തിലൂടെ മറ്റൊരു യോഗ്യനായ പാസ്റ്ററെ കണ്ടെത്തുന്നു.
മേല്‍പ്പറഞ്ഞ രണ്ട് സഭാ വ്യവസ്ഥിതികളിലും ആത്മീയ പിതാക്കന്മാരില്ല-തെരഞ്ഞെടുക്കപ്പെടുന്ന, പ്രതിഫലംപറ്റുന്ന നേതാക്കന്മാരേ ഉള്ളൂ. മനുഷ്യനിര്‍മ്മിതമായ ഈ രണ്ടു വ്യവസ്ഥകളേയും തള്ളിക്കളഞ്ഞ് പുതിയനിയമത്തില്‍ കാണുന്ന അപ്പൊസ്തലികമാതൃക പിന്‍പറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പ്രവാചകന്മാര്‍: അവരുടെ ശുശ്രൂഷയാല്‍ ഒരു സഭയിലെ രഹസ്യപാപങ്ങളെയും പരാജയമേഖലകളെയും വെളിച്ചത്തുകൊണ്ടുവരികയും അവയ്ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നവരാണ്. (1 കൊരി. 12:28, 14:25). അവരുടെ ശുശ്രൂഷ ആത്മീയാഭിവൃദ്ധിക്കും, പ്രബോധനത്തിലും, ആശ്വാസത്തിനും ഉള്ളതത്രേ. (1 കൊരി.14:3).
എന്നാല്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ള പ്രവചനശുശ്രൂഷ നമ്മുടെ കാലഘട്ടത്തില്‍ അപൂര്‍വ്വമായിമാത്രമേ കാണുന്നുള്ളൂ. കൈനോട്ടക്കാരെപ്പോലെ വിശ്വാസികളുടെ ഭാവികാര്യങ്ങള്‍ പ്രവചിക്കുന്നമട്ടില്‍ വഞ്ചിക്കുന്ന കള്ളപ്രവാചകരെ മാത്രമേ ഞങ്ങള്‍ കണ്ടുള്ളൂ. അത്തരം വ്യാജപ്രവാചകരില്‍ നിന്ന് ദൈവം ഞങ്ങളെ സംരക്ഷിക്കയും യഥാര്‍ത്ഥത്തിലുള്ള പ്രവാചകശുശ്രൂഷ ഞങ്ങളുടെ ഇടയില്‍ നല്‍കുകയും ചെയ്തു.
സുവിശേഷകന്മാര്‍: ആത്മാക്കളെ ക്രിസ്തുവിങ്കലേക്ക് നയിക്കുന്നവരും അവരെ പ്രദേശികസഭയോട് ചേര്‍ക്കുന്നവരുമത്രേ. ഇന്ന് നാം കാണുന്നതെന്താണ്? പുതിയനിയമവ്യവസ്ഥയിലുള്ള ഒരു പ്രാദേശികസഭയോട് പുതിയ ആത്മാക്കള്‍ ചേര്‍ത്തുപണിയപ്പെടുന്ന കാര്യത്തില്‍ താത്പര്യമില്ലാതെ സുവിശേഷമഹായോഗങ്ങള്‍ നടത്തുന്നതിന് മാത്രം അനേകര്‍ ഉത്സാഹിക്കുന്നു. അപ്പൊസ്തലപ്രവൃത്തികളില്‍ കാണുന്ന മിക്ക മാനസാന്തരങ്ങളും വ്യക്തിഗത സുവിശേഷീകരണത്തിലൂടെ നടന്നവയായിരുന്നു. വ്യക്തികളെ രക്ഷകനായ യേശുവിന്റെ അടുത്തേക്ക് നയിക്കുക മാത്രമല്ല, അവരെ പ്രാദേശികസഭയില്‍ ഉറപ്പിക്കയും ചെയ്യുന്ന സമര്‍ത്ഥരായ ചില സുവിശേഷകന്മാരെ ദൈവം ഞങ്ങള്‍ക്കു നല്‍കി. ദൈവഭക്തിയുള്ള ഒരു ജീവിതം നയിക്കാന്‍ താത്പര്യമുള്ളവരുടെ അടുത്തേക്ക് പരിശുദ്ധാത്മാവ് അവരെ നയിക്കേണ്ടതിനായി പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ സഹോദരീസഹോദന്മാരെ ഉത്സാഹിപ്പിച്ചിരുന്നു. ദൈവം അവരുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി അനേകം ശിഷ്യരെ സഭകളിലേക്ക് അയച്ചിട്ടുണ്ട്. 1975 ഓഗസ്റ്റ് മാസം എന്റെ ഭവനത്തില്‍ കേവലം നാല് കുടുംബങ്ങള്‍ മാത്രമാണ് ആദ്യമായി കൂടിവന്നത്. അതിനുശേഷം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളെ ഞങ്ങളോട് ചേര്‍ത്തിട്ടുണ്ട്. ഇവരില്‍ സിംഹഭാഗവും വ്യക്തിഗത സുവിശേഷീകരണത്തിലൂടെ കടന്നുവന്നവരാണ്.
ഇടയന്മാര്‍: സഭയ്ക്ക് ദൈവം നല്‍കിയിരിക്കുന്ന ദാനങ്ങളില്‍ ഒന്നാണ് (എഫെസ്യര്‍ 4:11 ല്‍ ‘പാസ്റ്റര്‍’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു). ഇന്ന് സഭകളില്‍ കണ്ടുവരുന്നതുപോലെ സഭയുടെ ആത്മീയനേതൃത്വം വഹിക്കുന്ന ആളിന്റെ പേരല്ല ഇടയന്‍ അഥവാ പാസ്റ്റര്‍. പുതിയനിയമസഭകളുടെ നേതാക്കന്മാരെ മൂപ്പന്‍മാര്‍ (പാസ്റ്റര്‍മാര്‍ എന്നല്ല) എന്ന് വിളിച്ചിരുന്നു എന്നു മാത്രമല്ല, ഓരോ സഭയ്ക്കും ഒന്നിലധികം മൂപ്പന്മാര്‍ ഉണ്ടായിരുന്നുതാനും. അതിനാല്‍ ഞങ്ങളുടെ ശുശ്രൂഷാഫലമായി ഉടലെടുക്കുന്ന സഭകളില്‍ കുറഞ്ഞപക്ഷം രണ്ട് മൂപ്പന്മാര്‍ എങ്കിലും ഉണ്ടായിരിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ചിലപ്പോള്‍ മൂപ്പന്മാരായിരിക്കാന്‍ യോഗ്യരായ സഹോദരന്മാര്‍ വളര്‍ന്നുവരാന്‍ ഞങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ക്രമേണ ഓരോ സഭയേയും നയിക്കുവാന്‍ ദൈവഭക്തരായ മൂപ്പന്മാരെ ദൈവം ഞങ്ങള്‍ക്കു നല്‍കി. എന്നാല്‍ ഓരോ സഭയിലേയും കര്‍ത്താവിന്റെ ആട്ടിന്‍കൂട്ടത്തെ നടത്തുവാന്‍ മൂപ്പന്മാരെ സഹായിക്കാന്‍ ധാരാളം ഇടയന്മാരെ (പാസ്റ്റേഴ്‌സ്) ആവശ്യമുണ്ടായിരുന്നു. യേശുവിന്റെ മാതൃക അനുസരിച്ചാണെങ്കില്‍ ഒരാള്‍ക്ക് ഫലപ്രദമായി 12 പേരേ മാത്രമേ പരിപാലിക്കാന്‍ കഴിയൂ. അങ്ങനെയെങ്കില്‍ 120 പേരുള്ള ഒരു സഭയ്ക്കു കുറഞ്ഞപക്ഷം പത്ത് ഇടയന്മാര്‍ (പാസ്റ്റേഴ്‌സ്)ആവശ്യമുണ്ട്. കുഞ്ഞാടുകളെയും മറ്റ് ആടുകളെയും കരുതുവാന്‍ ഇടയഹൃദയമുള്ള അനേകം സഹോദരന്മാരെ ദൈവം നല്‍കിയിട്ടുള്ളപ്പോള്‍ തന്നെ 12 പേര്‍ക്ക് ഒരു ഇടയന്‍ എന്ന അനുപാതത്തില്‍ ഞങ്ങള്‍ ഇതുവരെ എത്തിയിട്ടില്ല എന്നതാണ് സത്യം.
ഉപദേഷ്ടാക്കന്മാര്‍: പുതിയനിയമത്തില്‍ യേശു കല്‍പ്പിച്ചതൊക്കെയും വിശ്വാസികളെ പഠിപ്പിക്കുന്നവരാണ് സഭയില്‍ ഉപദേഷ്ടാവ്. (മത്താ. 28:20). അവര്‍ കേവലം സൈദ്ധാന്തികമായി തിരുവചനം പഠിപ്പിക്കുന്നവരല്ല. അവരുടെ പഠിപ്പിക്കല്‍ പ്രായോഗികവും കര്‍ത്താവിന്റെ കല്‍പ്പനകള്‍ അനുസരിക്കാന്‍ വിശ്വാസികളെ സഹായിക്കുന്നവയും ആയിരിക്കും. ഉദാഹരണത്തിന്, കോപിക്കരുത്, സ്ത്രീയേ നോക്കി മോഹിക്കരുത്, നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കണം, മനുഷ്യന്റെ മാനം അന്വേഷിക്കരുത്, ധനത്തെ സ്‌നേഹിക്കരുത് തുടങ്ങിയവ (മത്താ.5:22, 28, 44, 6:1-18, 24). ചുറ്റുമുള്ള മിക്കസഭകളിലും ഇത്തരം സത്യങ്ങള്‍ പഠിപ്പിക്കുന്നതേയില്ല. എന്നാല്‍ കര്‍ത്താവിന്റെ ഈ വിധമായ കല്‍പ്പനകള്‍ എങ്ങനെയാണ് അനുസരിക്കേണ്ടത് എന്നതിനേപ്പറ്റി പഠിപ്പിക്കുന്ന ഉപദേഷ്ടാക്കന്മാരെ ദൈവം ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ക്രിസ്തീയവേലക്കാരുടെ സാമ്പത്തിക ഉതവി: പുതിയനിയമത്തില്‍ കര്‍ത്താവിന്റെ വേലക്കാരുടെ സന്ധാരണം രണ്ടുവിധത്തിലാണ്. ചിലര്‍ ക്രിസ്തീയവിശ്വാസികളുടെ ദാനങ്ങളാല്‍ ജീവിതസന്ധാരണം നടത്തിയപ്പോള്‍, മറ്റുചിലര്‍ പൗലോസിനെപ്പോലെ വേല ചെയ്ത് സ്വന്തം ആവശ്യങ്ങള്‍ നടത്തിയവരായിരുന്നു. ഇന്‍ഡ്യയില്‍ മിക്കവാറും എല്ലാക്രിസ്തീയവേലക്കാരും ഒന്നുകില്‍ ശമ്പളത്തിന് ശുശ്രൂഷ ചെയ്യുന്നവരോ അല്ലെങ്കില്‍ വിശ്വാസികളുടെ ദാനങ്ങള്‍ കൊണ്ട് ഉപജീവനം കഴിക്കുന്നവരോ അത്രെ. ആയതിനാല്‍ രണ്ടാമത്തെ പുതിയനിയമവ്യവസ്ഥ അനുസരിച്ച് ഇന്‍ഡ്യയിലെ ചില ക്രിസ്തീയവേലക്കാര്‍ സാമ്പത്തികമായി സ്വന്തം കാലില്‍ നിന്ന് സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ ശ്രമിക്കേണ്ടതാണെന്ന് ഞങ്ങള്‍ക്കു തോന്നി. ആദ്യമായി ഞാന്‍ സാമ്പത്തികമായി സ്വന്തം കാലില്‍ നിന്നുകൊണ്ട് ഇന്‍ഡ്യയിലെ സഭകളെ പ്രതിഫലം കൂടാതെ ശുശ്രൂഷിപ്പാന്‍ തീരുമാനിച്ചു. മാത്രമല്ല, എന്റെ പുസ്തകങ്ങള്‍ക്കോ പ്രസംഗങ്ങളുടെ ഓഡിയോ-വീഡിയോ ടേപ്പുകള്‍ക്കോ ഒന്നും തന്നെ റോയല്‍റ്റിവേണ്ട എന്ന് ആദ്യംമുതലേ ഒരു നിലപാടെടുത്തു. എന്റെ കൂടെയുള്ള മറ്റുമൂപ്പന്മാരെയും ഈ മാതൃക അനുകരിക്കാന്‍ ഞാന്‍ ഉത്സാഹിപ്പിച്ചിരുന്നു. അനേകവര്‍ഷങ്ങളായി യാതൊരു പ്രതിഫലവും പറ്റാതെ സഭകളില്‍ ശുശ്രൂഷ ചെയ്യുന്ന എഴുപതില്‍ അധികം മൂപ്പന്മാര്‍ ഇന്‍ഡ്യയില്‍ത്തന്നെ ഉണ്ടെന്നുള്ളതാണ് അത്ഭുതകരമായ വസ്തുത. അവരില്‍ ചിലര്‍ ഇന്‍ഡ്യയിലെ ഏറ്റവും ദരിദ്രമായ ഗ്രാമങ്ങളിലാണ് കര്‍ത്താവിനെ സേവിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍: അപ്പൊസ്തലന്മാര്‍ എഴുതിയ പല കത്തുകളും പുതിയനിയമത്തിലുണ്ട്. അവരുടെ ക്രിസ്തീയപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവയില്‍ നാം കാണുന്നില്ല. അവര്‍ക്കുവേണ്ടിയോ ക്രിസ്തീയവേലയ്ക്കായോ പണം ചോദിക്കുന്നതായി നാം കാണുന്നില്ല. നാം അറിയുന്നിടത്തോളം മിക്കവാറും എല്ലാ ക്രിസ്തീയ സംഘടനകളും അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ അയക്കുകയും യാതൊരു മടിയുംകൂടാതെ ആളുകളോട് പണം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അപ്പൊസ്തലന്മാര്‍ അവരുടെ വേലയുടെ വൃത്താന്തങ്ങളോ, ചിത്രങ്ങളോ മറ്റുള്ളവര്‍ക്ക് അയയ്ക്കുകയോ, സാമ്പത്തിക ആവശ്യങ്ങള്‍ അറിയിക്കുകയോ ചെയ്തില്ല. സ്വര്‍ഗ്ഗത്തിലെ പിതാവിനോടു മാത്രം അവര്‍ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു. ആ മാതൃക പിന്‍പറ്റാനായിരുന്നു ഞങ്ങളുടെ തീരുമാനം. 1975ല്‍ നാം പുതിയ വേല ആരംഭിച്ച സമയം മുതല്‍ ഈ വിധം പ്രവര്‍ത്തിക്കാന്‍ കര്‍ത്താവ് സഹായിച്ചു. ദൈവം ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സമൃദ്ധമായി നിറവേറ്റി. പൗലോസ് തന്റെ വേലയുടെ വിവരങ്ങള്‍ സഹപ്രവര്‍ത്തകരുമായി മാത്രം പങ്കുവച്ചതുപോലെ ഞങ്ങളും ചെയ്തുവരുന്നുണ്ട്.
കൂട്ടായ്മ: യോഹന്നാന്‍ 17-ാം അദ്ധ്യായത്തില്‍ നാം കാണുന്ന യേശുവിന്റെ പ്രാര്‍ത്ഥനയിലെ മുഖ്യ ഭാരം തന്റെ ശിഷ്യന്മാര്‍ തമ്മിലുള്ള കൂട്ടായ്മയും ഐക്യവും ആയിരുന്നു. അപ്പൊസ്തലന്മാരുടെയും പ്രധാന ഭാരം ഇതുതന്നെയായിരുന്നു. ചുറ്റുമുള്ള മിക്കസഭകളും കൂട്ടായ്മയ്ക്കും ഐക്യത്തിനുമല്ല ഇടതടവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും മീറ്റിംഗുകള്‍ക്കുമാണ് ഊന്നല്‍ കൊടുക്കുന്നത്. ഞങ്ങള്‍ തീര്‍ച്ചയായും മീറ്റിംഗുകളെ വിലമതിക്കുന്നുണ്ട്. എന്നാല്‍ കൂട്ടായ്മയാണ് കൂടുതല്‍ പ്രധാനം എന്ന് ഞങ്ങള്‍ക്കു തോന്നി. പിക്‌നിക്കുകളും മറ്റ് കൂട്ടായ പ്രവൃത്തികളും അന്യോന്യം കൂടുതല്‍ അറിയാനുള്ള അവസരം ഉണ്ടാക്കി. കുട്ടികളുമൊത്ത് പിക്‌നിക് വേളകളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുകയും തമ്മിലുള്ള കൂട്ടായ്മ വര്‍ദ്ധിക്കാന്‍ ഇടയാകുകയും ചെയ്തു. വിലയേറിയതും മറ്റിടങ്ങളില്‍ കാണാത്തവിധത്തിലുള്ളതും ആയ ആഴമേറിയ കൂട്ടായ്മാബന്ധം ഞങ്ങളുടെ ഇടയില്‍ ഉളവായി.
ഇതുപോലെ ചുറ്റുമുള്ളസഭകളില്‍ നിന്നും ഞങ്ങള്‍ വ്യത്യസ്തമായി ചെയ്ത പലകാര്യങ്ങളുമുണ്ട്. പുതിയനിയമസഭാരീതികളിലേക്കുള്ള മടങ്ങിവരവ് എളുപ്പമായിരുന്നില്ല. പലപ്പോഴും തീവ്രമായ ആത്മീയപോരാട്ടം അതിന് ആവശ്യമായിവന്നു. സാത്താന്‍ ശക്തമായി ഞങ്ങളെ എതിര്‍ക്കയും പല ക്രിസ്താനികളും രൂക്ഷമായി വിമര്‍ശിക്കയും ചെയ്തു. എന്നാല്‍ ഇക്കാലമത്രയും വലിയവനായ ദൈവം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു-അതുമാത്രമാണല്ലോ യഥാര്‍ത്ഥത്തില്‍ പ്രധാനപ്പെട്ട കാര്യം.
45 : പുതിയനിയമ സന്ദേശം
ഒരു സഭയായി ഞങ്ങള്‍ ആദ്യം കൂടിവന്ന സമയം വ്യക്തിജീവിതങ്ങളിലോ, കുടുംബജീവിതത്തിലോ ഞങ്ങള്‍ ജയജീവിതം എന്തെന്ന് അറിഞ്ഞിരുന്നില്ല. മറ്റു ക്രിസ്തീയവിശ്വാസികളെ ശ്രദ്ധിച്ചപ്പോള്‍ അവരും ഇതേ അവസ്ഥയിലാണെന്ന് ഞങ്ങള്‍ കണ്ടെത്തി. അതിനാല്‍ ഈ വിഷയത്തില്‍ ആരുടേയും സഹായം തേടാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. സഭയായി ഞങ്ങള്‍ കൂടെക്കൂടെ ഉപവസിക്കാനും പ്രാര്‍ത്ഥിക്കാനും ഈ വിഷയത്തില്‍ ദൈവത്തില്‍നിന്നു തന്നെ ഒരു മറുപടിക്കായി അന്വേഷിക്കാനും തുടങ്ങി. പൊതു ഒഴിവുദിവസങ്ങളെല്ലാം ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കുമായി വേര്‍തിരിച്ചു. ക്രമേണ അതുവരെ ഞങ്ങള്‍ ഒരിക്കലും ഗ്രഹിച്ചിട്ടില്ലാത്ത പുതിയ ഉടമ്പടിയെപ്പറ്റിയുള്ള സത്യങ്ങള്‍ ദൈവവചനത്തില്‍നിന്നും ഞങ്ങള്‍ക്ക് ദൈവം വെളിപ്പെടുത്തിത്തന്നു. ഈ സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തുടങ്ങിയപ്പോള്‍ വര്‍ദ്ധിച്ച അളവില്‍ ഞങ്ങള്‍ സ്വതന്ത്രരായിത്തീരുകയും ക്രമേണ ഞങ്ങളുടെ വ്യക്തിജീവിതവും കുടുംബജീവിതവും രൂപാന്തരപ്പെടുകയും ചെയ്തു.
ഈ സത്യങ്ങള്‍ മറ്റുള്ളവരോട് അറിയിക്കാനുള്ള ഉത്തരവാദിത്വം എനിക്ക് ബോദ്ധ്യമായി. മറ്റുള്ള ക്രിസ്ത്യാനികള്‍ പ്രസംഗിക്കാത്ത ഈ സത്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുവാനായി ദൈവം എന്നെ വിളിക്കുന്നതായി വ്യക്തമായി. ചുറ്റുപാടുമുള്ള ക്രിസ്തീയസമൂഹങ്ങള്‍ എന്തൊക്കെയാണ് പഠിപ്പിക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി. ദൈവവചനം പഠിപ്പിക്കുന്ന ശുശ്രൂഷയില്‍ എന്തിനാണ് ഊന്നല്‍ കൊടുക്കേണ്ടത് എന്ന കാര്യം ഞാന്‍ കണ്ടെത്തി.
പൂര്‍ണ്ണസുവിശേഷം: ‘പൂര്‍ണ്ണസുവിശേഷം’ എന്ന പ്രയോഗം ചിലപ്രസംഗങ്ങളില്‍ ഞാന്‍ ശ്രദ്ധിച്ചു. തിരുവചനത്തില്‍ എഴുതപ്പെട്ട കാര്യങ്ങളുമായി ഒത്തുനോക്കിയപ്പോള്‍ അവര്‍ പ്രസംഗിക്കുന്നത് പൂര്‍ണ്ണസുവിശേഷമേ അല്ല എന്ന് ഞാന്‍ കണ്ടെത്തി. എബ്രായലേഖനം 4-ാം അദ്ധ്യായത്തില്‍ ‘മിസ്രയിം വിട്ടുപോരുന്ന’ തിനെയല്ല ‘കനാന്‍ നാട്ടില്‍’ പ്രവേശിക്കുന്നതിനെയാണ് സുവിശേഷം (സദ്‌വാര്‍ത്തമാനം) എന്ന് വിളിച്ചിരിക്കുന്നത്. (2-ാം വാക്യം) ജയജീവിതമെന്ന ശബത്തനുഭവത്തില്‍ ദൈവജനം പ്രവേശിക്കേണ്ടതാണെന്ന് 9-ാം വാക്യം പറയുന്നു. ‘പാപക്ഷമ’ എന്നതു പകുതി സുവിശേഷം മാത്രമാണെന്ന് ഞാന്‍ കണ്ടെത്തി. പൂര്‍ണ്ണസുവിശേഷം പാപത്തിന്മേലുള്ള ജയജീവിതം കൂടി ഉള്‍പ്പെടുന്നതാണെന്ന് വ്യക്തമാണ്. (ജഡത്തിലുള്ള മല്ലന്മാരെ തോല്പിക്കുന്ന ജീവിതം) ക്രമേണ അത്തരം ഒരു ജീവിതം എന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ ഞാന്‍ പൂര്‍ണ്ണസുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങി.
മാനസാന്തരം: പാപക്ഷമയ്ക്കായി യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രം മതി എന്ന് അനേകം സുവിശേഷകന്മാര്‍ പ്രസംഗിക്കുന്നു. പാപങ്ങളെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കണം എന്ന് അധികമാരും പ്രസംഗിച്ചുകേള്‍ക്കാറില്ല. മാനസാന്തരത്തെപ്പറ്റി പ്രസംഗിച്ചാല്‍ തന്നെ, സ്വാര്‍ത്ഥത (സ്വന്തം ഇഷ്ടം എപ്പോഴും നിറവേറാന്‍ നിര്‍ബ്ബന്ധമുള്ള സ്വയത്തില്‍ കേന്ദ്രീകൃതമായ ഒരു ജീവിതം) യാണ് പാപത്തിന്റെ മൂലകാരണം എന്ന് വ്യക്തമാക്കപ്പെടുന്നില്ല. തന്മൂലം എന്തിനെയാണ് വെറുക്കേണ്ടത് എന്തില്‍നിന്നാണ് മാനസാന്തരപ്പെടേണ്ടത് എന്നതിനെപ്പറ്റി കേള്‍വിക്കാര്‍ അറിയുന്നില്ല. എന്തിനെക്കുറിച്ചാണ് അനുതാപത്തോടെ മാനസാന്തരപ്പെടേണ്ടത് എന്നതിനെപ്പറ്റി ഒരു സംശയത്തിനും ഇടയില്ലാത്തവണ്ണം വ്യക്തമാക്കുകയാണ് എന്റെ വിളി എന്ന് ദൈവം വ്യക്തമാക്കിത്തന്നു.
ശിഷ്യത്വം: വീണ്ടുംജനനം പ്രാപിച്ച എല്ലാവരും യേശുക്രിസ്തുവിന്റെ ശിഷ്യരാകണം എന്ന് മിക്കപ്പോഴും പഠിപ്പിക്കുന്നില്ല. യേശുവ്യക്തമായിപഠിപ്പിച്ച ശിഷ്യത്വത്തിന്റെ മൂന്ന് വ്യവസ്ഥകള്‍ വിശദീകരിക്കപ്പെടുന്നില്ല. 1. എല്ലാ കുടുംബബന്ധങ്ങളേക്കാളും യേശുവിനെ അധികം സ്‌നേഹിക്കുക. 2. നാള്‍തോറും ക്രൂശെടുക്കുക. (സ്വയജീവിതത്തിന് മരിക്കുക). 3. തനിക്കുള്ളതെല്ലാം വിട്ടുപിരിയുക. (ഭൗതികമായ യാതൊന്നിനോടും ഹൃദയം പറ്റിച്ചേരാതിരിക്കുക.) ലൂക്കോസ് 14:26-33. ഈ വിഷയം എന്റെ പ്രസംഗത്തിലെ ഒരു പ്രധാനപ്പെട്ട ഊന്നലായി.
പരിശുദ്ധാത്മസ്‌നാനം: പരിശുദ്ധാത്മസ്‌നാനത്തെപ്പറ്റി പ്രസംഗിക്കുന്ന മിക്കവാറും എല്ലാ വിഭാഗങ്ങളും അതിന്റെ ലക്ഷണം ”അന്യഭാഷാഭാഷണം’ ആണെന്ന് പറയുന്നു. ഈ വിധം പ്രസംഗിക്കുന്ന മിക്കവരും വാസ്തവത്തില്‍ ലൗകികമനസ്സുള്ളവരും പണസ്‌നേഹികളുമാണെന്ന് ഞാന്‍ കണ്ടു. എന്നാല്‍ ഇതിനു വിപരീതമായി ‘അന്യഭാഷാഭാഷണം’ പിശാചില്‍ നിന്നുള്ളതാണെന്ന് ചിലവിശ്വാസികള്‍ക്ക് നല്ല ഉറപ്പാണ്!! ആത്മനിറവിന്റെ അടയാളം യേശുവിന്റെ സാക്ഷികളാകാനുള്ള ശക്തിയാണെന്ന് പ്രവൃത്തികള്‍ 1:8 പഠിപ്പിക്കുന്നു. വാക്കുകള്‍കൊണ്ട് സാക്ഷ്യംപറയുന്നതിനപ്പുറം ജീവിതംകൊണ്ട് യേശുവിനെ സാക്ഷിക്കാനുള്ള ശക്തിയാണ് ആത്മസ്‌നാനത്തില്‍ ഒരുവന് ലഭിക്കുന്നത്. ആ സത്യം ഞാന്‍ പ്രസംഗിക്കാന്‍ ശ്രദ്ധിച്ചു. അന്യഭാഷയില്‍ സംസാരിക്കാനുള്ള വരം ദൈവം ചിലര്‍ക്കു നല്‍കുന്ന ആത്മാവിന്റെ വരങ്ങളില്‍ ഒന്നുമാത്രമാണ്. ഈ കാര്യത്തിലുള്ള എന്റെ നിലപാടുമൂലം പെന്തെക്കോസ്തര്‍ എന്നെ ബ്രദറുകാരനെന്നും, ബ്രദറുകാര്‍ എന്നെ പെന്തെക്കോസ്തുകാരനെന്നും മുദ്രകുത്തി!! രണ്ട് വിഭാഗങ്ങളുടേയും തീവ്രവാദത്തില്‍നിന്നും സമദൂരംപാലിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നുതാനും.
കരുണയും കൃപയും: വര്‍ഷങ്ങളായി ഒരു വിശ്വാസി എന്ന നിലയില്‍ കരുണയും കൃപയും ഒരേ കാര്യമാണെന്ന് ഞാന്‍ ധരിച്ചിരുന്നു. എന്നാല്‍ ഒരു ദിവസം ഞാന്‍ കണ്ടെത്തി ‘കരുണ’ പ്രാഥമികമായും പാപക്ഷമയെ സൂചിപ്പിക്കുന്നതാണെന്നും ‘കൃപ’ പാപത്തെ ജയിക്കാനും ജീവിതത്തില്‍ നാം നേരിടുന്ന പരിശോധനകളെ നേരിടാനും ഉള്ള ദൈവശക്തിയാണെന്നും. (എബ്രാ. 4:16, റോമര്‍ 6:14, 2 കൊരി. 12:9). ഈ ‘കൃപ’ യേശുക്രിസ്തുമുഖാന്തരം നമുക്ക് ലഭിച്ചു. (യോഹ. 1:7). പെന്തെക്കോസ്തുനാളില്‍ മനുഷ്യരില്‍ അധിവസിക്കേണ്ടതിന് പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടതിനുശേഷം മാത്രമാണ് ‘കൃപ’ നമുക്ക് ലഭ്യമായത്. ഈ കാര്യവും എന്റെ പ്രസംഗങ്ങളുടെ പ്രധാന ഭാഗമായിത്തീര്‍ന്നു.
ക്രിസ്തുവിന്റെ മനുഷ്യത്വം: എല്ലാ ക്രിസ്ത്യാനികളും, ക്രിസ്തുവിനെ ദൈവമായി ആരാധിക്കുമ്പോള്‍, വളരെചുരുക്കം പേര്‍മാത്രമേ നമുക്ക് പിന്‍പറ്റാന്‍ ഒരു മാതൃക വെച്ചേച്ചുപോയ ഒരു മനുഷ്യനായും ക്രിസ്തു ജഡമെടുത്തു എന്നുള്ള തിരുവചനസത്യത്തിന് ഊന്നല്‍ നല്‍കുന്നുള്ളൂ. അതേസമയം യേശുക്രിസ്തുവിന്റെ മനുഷ്യത്വത്തിന് ഊന്നല്‍ നല്‍കുന്ന ചിലര്‍ താന്‍ ഭൂമിയിലായിരുന്നപ്പോള്‍ ദൈവം ആയിരുന്നു എന്നുള്ള വസ്തുത നിഷേധിക്കുന്നു! ക്രിസ്തു പൂര്‍ണ്ണദൈവവും പൂര്‍ണ്ണമനുഷ്യനും ആയിരുന്നു എന്നുള്ള തിരുവചനസാക്ഷ്യം പ്രഘോഷിക്കുന്ന ക്രിസ്ത്യാനികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ദൈവഭക്തിയുള്ള ഒരു ജീവിതത്തിന്റെ രഹസ്യം മനുഷ്യനായി പാപത്തെ ജയിച്ച ക്രിസ്തുവിനെ കണ്ടെത്തുകയാണെന്ന് ഞാന്‍ ഗ്രഹിച്ചു. (1 തിമൊ.3:16, എബ്രാ. 4:15,16). ഈ കാര്യവും എന്റെ പ്രസംഗത്തിന്റെ ഒരു പ്രധാന ഊന്നലായി.
പണം: ഞങ്ങള്‍ 1975 ല്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഇന്ന് നാം ധാരാളം കേള്‍ക്കുന്ന ‘സമ്പല്‍സമൃദ്ധിയുടെ സുവിശേഷം’ പ്രചാരത്തിലായിരുന്നില്ല. എന്നാല്‍ ഇന്നത്തെ പോലെ തന്നെ മനുഷ്യര്‍ അന്നും പണത്തെ സ്‌നേഹിച്ചിരുന്നു. പണത്തെ സ്‌നേഹിക്കുന്നവര്‍ ദൈവദ്വേഷികളാണെന്ന് യേശുപഠിപ്പിച്ചു. (ലൂക്കോ. 16:13). അറിയപ്പെടുന്ന ഒരു ക്രിസ്തീയപ്രസംഗകനും ഈ കാര്യം പ്രസംഗിക്കുന്നതായി ഞാന്‍ കേട്ടില്ല. മിക്ക സഭകളും ദശാംശം കൊടുക്കാന്‍ തങ്ങളുടെ അംഗങ്ങളെ പഠിപ്പിക്കമാത്രമാണ് ചെയ്തിരുന്നത്. എന്നാല്‍ ക്രിസ്തുവില്‍ നീങ്ങിപ്പോയ പഴയ ഉടമ്പടിയുടെ ഒരു അവശിഷ്ടം മാത്രമാണ് ദശാംശം എന്ന് ഞാന്‍ കണ്ടു. സന്തോഷത്തോടും, രഹസ്യമായും, നിര്‍ബ്ബന്ധം കൂടാതെയും കര്‍ത്താവിന് കൊടുക്കുക എന്ന സ്വാതന്ത്ര്യത്തിന്റെ പുതിയനിയമസന്ദേശം ഞാന്‍ പ്രസംഗിച്ചു.
ഞാന്‍ അറിയുന്നിടത്തോളം വിവാഹത്തിന് സ്ത്രീധനം ചോദിക്കുന്ന ദുഷിച്ച പ്രവണതയ്‌ക്കെതിരേ ഇന്‍ഡ്യയിലെ ഒരു സഭയും ശക്തമായി പ്രസംഗിച്ചിരുന്നില്ല. ഭാരതത്തിലെ സ്ത്രീകളെ തരംതാഴ്ത്തുന്ന ഈ പ്രവണത ക്രിസ്തീയസമൂഹങ്ങളില്‍ സര്‍വ്വസാധാരണമാണ്. ഈ ദുഷിച്ച ആചാരത്തിനെതിരേ ശക്തമായി പ്രസംഗിക്കുക മാത്രമല്ല, വിവാഹം നടത്തേണ്ടിവരുമ്പോള്‍ വധൂവരന്മാരില്‍ നിന്നും അവര്‍ തമ്മിലോ മാതാപിതാക്കന്മാര്‍ തമ്മിലോ പണസംബന്ധമായ കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിട്ടില്ല എന്നുള്ളതിന് ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഞാന്‍ വാങ്ങാറുണ്ടുതാനും.
ദേഹിയും ആത്മാവും: അധികമൊന്നും പ്രസംഗിക്കപ്പെടാത്ത മറ്റൊരു വിഷയമായിരുന്നു ഇത്. പഴയനിയമകാലത്ത് മനുഷ്യന്റെ ദേഹിയും ആത്മാവും തമ്മില്‍ ഉള്ള വ്യത്യാസത്തെപ്പറ്റി വ്യക്തമായ വെളിപ്പാടില്ലായിരുന്നു. എന്നാല്‍ പുതിയനിയമം ഇവ തമ്മില്‍ ഉള്ള വ്യത്യാസം വ്യക്തമായി പഠിപ്പിക്കുന്നു. (എബ്രാ. 4:12) മിക്ക ക്രിസ്ത്യാനികള്‍ക്കും ഈ വ്യത്യാസം വ്യക്തമായി അറിഞ്ഞുകൂടാത്തതുകൊണ്ട്, തന്ത്രശാലികളായ പ്രസംഗകരുടെ മനശ്ശാസ്ത്രപരമായ ചെപ്പടിവിദ്യകളാലും, പരിശുദ്ധാത്മവരങ്ങളുടെ വ്യാജമായ അനുകരണങ്ങളാലും അവര്‍ കബളിപ്പിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ദേഹീപരമായതും ആത്മീയമായതും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ഞാന്‍ പ്രസംഗിക്കാന്‍ തുടങ്ങി.
പ്രദേശികതലത്തിലുള്ള ക്രിസ്തുവിന്റെ ശരീരം: തന്റെ എല്ലാ മക്കളേയും ക്രിസ്തുവില്‍ ഒരു ശരീരമാക്കുക എന്നതാണ് ദൈവത്തിന്റെ ആത്യന്തികലക്ഷ്യം എന്ന് ഞാന്‍ വ്യക്തമായിക്കണ്ടു. പുതിയനിയമസഭ കേവലം വിശ്വാസികളുടെ ഒരു കൂടിവരവല്ല, ഒരു ശരീരമാണ്. മനുഷ്യശരീരത്തിലെന്നപോലെ സഭയാം ശരീരത്തിലും ഓരോ അവയവങ്ങളും ശരീരത്തിലെ മറ്റ് അവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കയും, ഓരോ അവയവത്തിനും തനതായ പ്രവൃത്തി ഉണ്ടായിരിക്കയും ചെയ്യും. ക്രിസ്തുമാത്രം തലയായിരിക്കുകയും മറ്റെല്ലാവരും തുല്യതയുള്ള അവയവങ്ങള്‍ ആയിരിക്കയും ചെയ്യും. ഭൂമിയിലെ ഓരോ പ്രദേശത്തും ഇത്തരത്തിലുള്ള സഭകള്‍ കാണാന്‍ ദൈവം ആഗ്രഹിക്കുന്നു. എവിടെയൊക്കെ സാദ്ധ്യമാണോ അവിടെയെല്ലാം ക്രിസ്തുവിന്റെ ഇത്തരത്തിലുള്ള ശരീരത്തിന്റെ പണിക്കായി എന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു.
പുതിയ ഉടമ്പടി: യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളിലൂടെ ദൈവം മനുഷ്യനുമായി ചെയ്ത പുതിയഉടമ്പടിയുടെ ഭാഗമാണ് മുകളില്‍ പ്രസ്താവിച്ച എല്ലാ സത്യങ്ങളും. പഴയഉടമ്പടിയേക്കാള്‍ പുതിയ ഉടമ്പടിക്കുള്ള അത്യധികമായ മഹത്വം കാണേണ്ടതിന് വിശ്വാസികളുടെ കണ്ണ് തുറക്കപ്പെടുകാണ് ഏറ്റവും വലിയ ആവശ്യം എന്ന് ഞാന്‍ കണ്ടു. തന്മൂലം എന്റെ ക്രിസ്തീയശുശ്രൂഷയുടെ പ്രധാന ഊന്നല്‍ ഈ വിഷയമായിരുന്നു-ഇപ്പോഴും ആ ഊന്നല്‍ തുടരുന്നു.
എന്റെ സഹവിശ്വാസികളോട്, പ്രസംഗം, ഗ്രന്ഥങ്ങള്‍, ടേപ്പുകള്‍ തുടങ്ങി സാദ്ധ്യമായ എല്ലാ മാദ്ധ്യമങ്ങളിലൂടെയും, ഞാന്‍ വിളംബരം ചെയ്യാന്‍ ശ്രമിച്ച ചില സുപ്രധാനദൈവികസത്യങ്ങളാണിവ. ഈ സത്യങ്ങള്‍ ഇന്‍ഡ്യയിലുടനീളം പ്രചരിപ്പിക്കണം എന്നുള്ളതായിരുന്നു എന്റെ ഹൃദയഭാരം. എന്നാല്‍ മറ്റനേകരാജ്യങ്ങളിലേക്കും ഈ സത്യങ്ങള്‍ വ്യാപിപ്പിക്കുന്നത് ഉചിതമെന്ന് ദൈവം കണ്ടു.
എല്ലാ മഹത്വവും അവിടുത്തെ നാമത്തിനുമാത്രം ആയിരിക്കട്ടെ!
46 : ഞങ്ങളുടെ വീഴ്ചകള്‍
കുഞ്ഞുങ്ങള്‍ പലതവണ വീണതിനുശേഷം മാത്രമാണല്ലോ നടക്കാന്‍ പഠിക്കുന്നത്? അവ്വണ്ണം തന്റെ മക്കള്‍ ആത്മാവില്‍ നടക്കാന്‍ പഠിക്കുന്നതിനുമുമ്പ് അനേകതവണ അവരെ വീഴാന്‍ ദൈവം അനുവദിക്കുന്നു. ദൈവത്തോട് ചേര്‍ന്ന് നടക്കാന്‍ ആഗ്രഹിച്ചിട്ടുള്ള ഒരു വ്യക്തിയോ സഭയോ പൂര്‍ണ്ണമായും വീഴ്ചകള്‍ ഒഴിവാക്കി നടന്നതായി ചരിത്രമില്ല. കര്‍ത്താവായ യേശുക്രിസ്തുമാത്രമാണ് ഇതിന് അപവാദം. ഒരു സഭ എന്ന നിലയില്‍ തുടക്കംമുതലേ ഞങ്ങളും പല തെറ്റുകളും വരുത്തി. എന്നാല്‍ തെറ്റുകള്‍ അംഗീകരിക്കാനും, വീണ്ടും അതേ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവയില്‍ നിന്നു പഠിക്കാനും ഞങ്ങള്‍ തീരുമാനിച്ചിരുന്നു. തന്മൂലം മുമ്പോട്ടുപോകുന്തോറും ഞങ്ങളുടെ വീഴ്ചകള്‍ കുറഞ്ഞുവന്നു.
അപ്പോസ്തലനായ പൗലോസും പലതിലും വീണുപോയവനായിരുന്നു. തിമൊഥെയോസിനെ പരിഛേദന കഴിപ്പിച്ചത് (പ്രവൃത്തി 16:3) യഹൂദന്മാരുടെ ഒരു നേര്‍ച്ച നിവര്‍ത്തിപ്പാന്‍ തന്റെ തല മുണ്ഡനം ചെയ്തത് (പ്രവൃ 21:24-26) ജീവിതത്തിന്റെ അവസാന നാളുകളില്‍ ഒരു മഹാപുരോഹിതനോട് കോപിച്ചത് (പ്രവൃ.23:3) ഇതൊക്കെ ഉദാഹരണങ്ങളാണ്. പൗലൊസിന്റെ അടുത്ത സഹപ്രവര്‍ത്തകനായ ലൂക്കോസ് ആണല്ലോ അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ എഴുതിയത്. മിക്ക ജീവചരിത്രരചയിതാക്കളും സാധാരണചെയ്യാറുള്ളതുപോലെ ലൂക്കോസും സ്വാഭാവികമായി പൗലൊസിന്റെ ജീവിതത്തിലെ ഇത്തരം വീഴ്ചകള്‍ രേഖപ്പെടുത്താതെ വിട്ടുകളഞ്ഞേനെ. ലൂക്കോസ് തന്നെപ്പറ്റി എഴുതുന്നു എന്നറിഞ്ഞ പൗലൊസ് ഇത്തരത്തിലുള്ള വീഴ്ചകളെപ്പറ്റിയും എഴുതാന്‍ ലൂക്കോസിനെ നിര്‍ബന്ധിച്ചിട്ടുണ്ടാവും. യഥാര്‍ത്ഥത്തിലുള്ളതില്‍ നിന്നും ഒട്ടും വ്യത്യസ്തമായി ആരും തന്നെക്കുറിച്ച് ധരിച്ചുകൂടാ എന്ന കാര്യത്തില്‍ പൗലൊസിന് നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. (2 കൊരി. 12:6).
ഞങ്ങളെക്കുറിച്ചും യാഥാര്‍ത്ഥ്യത്തില്‍ നിന്നു വിഭിന്നമായി ആരും ചിന്തിച്ചുകൂടാ.
സാമൂഹികപ്രവര്‍ത്തനം. സാമ്പത്തികവും ഭൗമികവും ആയ സഹായത്തിനായി ഞങ്ങളുടെ അടുത്തുവന്ന എല്ലാവരെയും വിവേചനമില്ലാതെ സഹായിച്ചു എന്നതായിരുന്നു ഞങ്ങളുടെ ഒന്നാമത്തെ വീഴ്ച. അക്കാലത്ത് ഞങ്ങള്‍ അംഗസംഖ്യയില്‍ ചുരുങ്ങിയവരും ദരിദ്രരുമായിരുന്നെങ്കിലും ഔദാര്യശീലരായിരുന്നു-ഔദാര്യം കാണിക്കുന്നതില്‍ ഒട്ടും ജ്ഞാനം ഇല്ലാത്തവരായിരുന്നു എന്നു മാത്രം! ഇന്‍ഡ്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ക്രിസ്ത്യാനികളായി അഭിനയിച്ച് ഒരു സഭയുടെ ഔദാര്യശീലം മുതലെടുക്കാന്‍ മടിയില്ലാത്ത ധാരാളം പേരുണ്ട്. പണം കൊടുത്ത് ഞങ്ങള്‍ പലരെയും സഹായിച്ചു. എന്റെ ഭാര്യ സന്ദര്‍ശകര്‍ക്കായി പലതവണ ഭക്ഷണം പാകം ചെയ്യുകയും ഞങ്ങളുടെ വീട്ടില്‍ അമ്മമാര്‍ ഏല്പിച്ചിട്ടുപോയിരുന്ന കുഞ്ഞുങ്ങളെ പകല്‍സമയത്ത് നോക്കുകയും ചെയ്തിരുന്നു. ബാംഗ്ലൂര്‍ സന്ദര്‍ശിച്ചിരുന്ന പല കുടുംബങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ താമസിക്കുകയും ഞങ്ങളുടെ ആതിഥ്യമര്യാദ മുതലെടുക്കുകയും ചെയ്തിട്ടുണ്ട്. അത്തരം സന്ദര്‍ശകരില്‍ ഒരാള്‍ ഒരുപന്തുപോലെ ഞങ്ങളുടെ ഒരു കുഞ്ഞിനെ മുകളിലേക്ക് എറിഞ്ഞപ്പോള്‍ കോണ്‍ക്രീറ്റ് തറയില്‍ വീണ സംഭവം മറന്നിട്ടില്ല. ഒരിക്കല്‍ ഒരു കുടുംബം വൃത്തിഹീനമായിക്കിടന്ന ഒരു വാടകവീട്ടിലേക്ക് മാറുംമുമ്പ് മറ്റുള്ളവരോടൊപ്പം ഞങ്ങള്‍ ആ വീടിന്റെ തറയും കക്കൂസും നിലത്ത് കുനിഞ്ഞ് ഉരച്ച് വൃത്തിയാക്കിയത് ഓര്‍ക്കുന്നു. ആ വീട് താമസയോഗ്യമാക്കാന്‍ ഞങ്ങള്‍ ചെയ്യാവുന്നതൊക്കെ ചെയ്തു. ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവരോട് കാണിക്കുന്നതിലൂടെ അവരില്‍ ചിലരെങ്കിലും ക്രിസ്തുശിഷ്യരായിത്തീരും എന്ന ആശയോടെയായിരുന്നു ഞങ്ങള്‍ ഇതൊക്കെ ചെയ്തത്. ഞങ്ങളുടെ ത്യാഗപൂര്‍ണ്ണമായ സഹായങ്ങളെപ്പറ്റി എനിക്കോ ഭാര്യയ്‌ക്കോ യാതൊരു കുണ്ഠിതവും ഇല്ല. ക്രിസ്തുവിന്റെ ശരീരം പണിയപ്പെടണമെങ്കില്‍ ഒരു വില കൊടുക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ക്രമേണ ഞങ്ങള്‍ മനസ്സിലാക്കി, സാമൂഹികസേവനത്തിനായല്ല, ക്രിസ്തുശിഷ്യരെ ഉളവാക്കുവാനാണ് ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നതെന്ന്. ഞങ്ങളുടെ സഹായം നിലച്ചപ്പോള്‍ അങ്ങനെ ഞങ്ങള്‍ സഹായിച്ച എല്ലാവരും തന്നെ ഒട്ടൊഴിയാതെ സഭവിട്ടുപോയി എന്ന സത്യവും ഞങ്ങള്‍ ഗ്രഹിച്ചു. ക്രിസ്തുവിന്റെ ശിഷ്യരായിരിക്കുന്നതില്‍ യാതൊരു താത്പര്യവും ഇല്ലാതെ സാമ്പത്തികവും ഭൗതികവുമായ സഹായം മാത്രം ലക്ഷ്യമാക്കി വന്നവരായിരുന്നു ഇക്കൂട്ടരെന്ന് വ്യക്തമായിരുന്നു. സാമ്പത്തികസഹായത്തിനും സൗജന്യസേവനത്തിനുംവേണ്ടി പരക്കംപായുന്നവരാണ് ലോകത്തിലെ നിരവധി ആളുകളും! ഞങ്ങള്‍ അല്പം വൈകിയാണെങ്കിലും വിലപ്പെട്ട ഈ പാഠം പഠിക്കുകയും ശിഷ്യരെ വാര്‍ത്തെടുക്കുന്ന ശുശ്രൂഷയില്‍ ശ്രദ്ധപതിപ്പിക്കാന്‍ നിശ്ചയിക്കയും ചെയ്തു. ഇപ്പോഴും അവസരം കിട്ടുമ്പോള്‍ ഞങ്ങള്‍ ദരിദ്രരെ സഹായിക്കുന്നുണ്ട്, പക്ഷേ കുറേക്കൂടെ ജ്ഞാനത്തോടെയാണ് എന്ന വ്യത്യാസമുണ്ട്.
ആക്ഷരികാനുസരണം (Legalism) വിശുദ്ധിയുടെ മാര്‍ഗ്ഗം പിന്തുടരുന്നതില്‍ രണ്ടാമതായി ഞങ്ങള്‍ക്കുണ്ടായ വീഴ്ച തിരുവെഴുത്തുകളുടെ ആത്മാവിനെക്കാള്‍ അക്ഷരങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തതാണ്. വിശുദ്ധിയും പൂര്‍ണ്ണതയും പിന്‍തുടരുന്ന മിക്കവാറും എല്ലാ സമൂഹങ്ങള്‍ക്കും ഉണ്ടായിട്ടുള്ള ഒരു വീഴ്ചയാണിത്. ബാഹ്യമായ കാര്യങ്ങളിലല്ല, നമ്മുടെ മനോഭാവത്തിലാണ് ലൗകികത കുടികൊള്ളുന്നതെന്ന് ഞങ്ങള്‍ ഗ്രഹിച്ചിരുന്നു. എങ്കില്‍ തന്നെ വസ്ത്രധാരണരീതി, മുടിയുടെ നീളം തുടങ്ങിയ ബാഹ്യമായ ചില കാര്യങ്ങളെ ഞങ്ങള്‍ പ്രധാനപ്പെട്ടതായിക്കരുതി. അക്കാലത്ത് ഞങ്ങളുടെ ഇടയില്‍ സന്ദര്‍ശകരായി വന്ന് വചനം പ്രസംഗിച്ച ‘വിശുദ്ധിയുടെ’ പ്രസംഗകരുടെ സ്വാധീനം ഈ കാര്യത്തില്‍ ഉണ്ടായി.അവരുടെ ചില പഠിപ്പിക്കലുകള്‍ തികച്ചും നല്ലതായിരുന്നെങ്കിലും ആക്ഷരികതയുടെ ശക്തമായ സ്വാധീനം അവരുടെ ശുശ്രൂഷയില്‍ ഉണ്ടായിരുന്നു. കോഴിയിറച്ചിക്കറിയില്‍ ഒരു ചത്ത പല്ലി വീണാല്‍ ഭക്ഷണം കഴിക്കുന്നവര്‍ വിഷബാധയാല്‍ മരിച്ചുപോകാന്‍ സാദ്ധ്യതയുണ്ടല്ലോ? അത്തരം ഒരവസ്ഥയിലായി ഞങ്ങള്‍. ക്രമേണ ഞങ്ങള്‍ ഗ്രഹിച്ചു, കേവലം ബാഹ്യമായ മാറ്റങ്ങള്‍ ഒരുവനെ വലിയ പരീശനാക്കുകയേ ഉള്ളൂ എന്ന്! മിക്ക സുവിശേഷവിഹിതസഭകളും ഒന്നുകില്‍ തികഞ്ഞ ലോകമയത്വത്തിലോ അല്ലെങ്കില്‍ എതിര്‍ദിശയിലുള്ള ആക്ഷരികതയിലോ പെട്ടിരിക്കുന്നു. ഈ രണ്ട് വഴികള്‍ക്കിടയിലൂടെ ജീവനിലേക്കുള്ള ഇടുങ്ങിയ പാത കണ്ടെത്തുക എപ്പോഴും എളുപ്പമായിരുന്നില്ല. എന്നാല്‍ ആ പാത കണ്ടെത്തുന്നതിലായിരുന്നു ഞങ്ങളുടെ താത്പര്യം. ദൈവകൃപയാല്‍ സാവധാനത്തില്‍ ആ പാത കണ്ടെത്തുകയും, ആത്മാവില്‍ നടക്കുന്നത് ഞങ്ങളുടെ അനുഭവമായിത്തീരുകയും ചെയ്തു.
അന്തര്‍മുഖത്വം. വിശുദ്ധിയുടെ മാര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കു പറ്റിയ മറ്റൊരു അബദ്ധം നിരന്തരമായ അന്തര്‍മുഖത്വം ആയിരുന്നു. ഞങ്ങളുടെ ജഡത്തിലുള്ള തിന്മകള്‍-ജഡം എന്നു പറയുന്നത് അടിത്തട്ടില്ലാത്ത ഒരു അഗാധഗര്‍ത്തമാണല്ലോ-ചികഞ്ഞെടുത്ത് സ്വയംശോധന ചെയ്യുകയായിരുന്നു മിക്കപ്പോഴും ഞങ്ങള്‍ ചെയ്തിരുന്നത് (റോമര്‍ 7:18). അക്കാലത്ത് ഞങ്ങള്‍ പാടിയിരുന്ന പാട്ടുകള്‍ പോലും സ്വയശോധനയുടെ സന്ദേശംമാത്രം ഉള്‍ക്കൊള്ളുന്നവയായിരുന്നു. ദൈവത്തിന് സ്തുതിപാടുന്ന അഥവാ, നന്ദിപറയുകമാത്രം ചെയ്യുന്ന പാട്ടുകള്‍ തികച്ചും അപ്രത്യക്ഷമായിരുന്നു. തല്‍ഫലമായി ഞങ്ങള്‍ സ്വയം മ്ലാനവദനരും ദുര്‍മുഖരും ആയിത്തീര്‍ന്നതുമാത്രമല്ല മറ്റുള്ളവരെ നിര്‍ദ്ദയം വിധിക്കുന്നവരായിത്തീരുകയും ചെയ്തു. ദൈവം ഞങ്ങളോടുള്ള മഹാസ്‌നേഹത്തില്‍ ആക്ഷരികതയുടെ സ്വാധീനം ഞങ്ങളുടെ ഇടയില്‍ നിന്നു നീക്കുകയും ഞങ്ങളെ നിരുത്സാഹപ്പെടുത്തിയിരുന്ന പാട്ടുകള്‍ക്ക് അവസാനം വരുത്തുകയും ചെയ്തു.” ദൈവപുത്രന്മാരുടെ തേജസ്സുള്ള സ്വാതന്ത്ര്യത്തിലേക്ക്” അവിടുന്ന് ഞങ്ങളെ നടത്തി. ഞങ്ങളിലേക്കു തന്നെ നോക്കിയല്ല, യേശുവിനെ മാത്രം നോക്കിയാണ് ക്രിസ്തീയഓട്ടം ഓടേണ്ടത് എന്ന കാര്യം ദൈവം ഞങ്ങളെ ഗ്രഹിപ്പിച്ചു. യേശുവിന്റെ മഹത്വം കൂടുതല്‍ കൂടുതല്‍ കാണുമ്പോഴാണ് നാം നമ്മുടെ കുറവുകളും ആവശ്യങ്ങളും അധികമായി കാണാനും അംഗീകരിക്കാനും തുടങ്ങുന്നത്. അപ്പോള്‍ ആ പാപങ്ങളില്‍ നിന്ന് നമ്മെ വിടുവിക്കാനായി നമുക്ക് കര്‍ത്താവിനെ വിശ്വസിക്കാന്‍ കഴിയും. ഈ മാര്‍ഗ്ഗത്തില്‍ മ്ലാനതയ്‌ക്കോ നിരുത്സാഹതയ്‌ക്കോ ഇടം ഉണ്ടായിരിക്കയില്ല.
ആത്മാവിന്റെ വരങ്ങള്‍. ആത്മാവിന്റെ വരങ്ങളെ അവഗണിച്ചതായിരുന്നു മറ്റൊരു വീഴ്ച. ഒരു സഭ എന്ന നിലയില്‍ ആത്മസ്‌നാനത്തിനും ആത്മാവിന്റെ വരങ്ങള്‍ക്കും തുടക്കത്തില്‍ ഞങ്ങള്‍ ഊന്നല്‍ കൊടുത്തിരുന്നു. എന്നാല്‍ ആത്മാവിന്റെ ഫലങ്ങള്‍ക്കായുള്ള അന്വേഷണത്തില്‍ ആത്മവരങ്ങള്‍ അവഗണിക്കപ്പെടുകയാണുണ്ടായത്. കാരിസ്മാറ്റിക്കുകളുടെയും പെന്തെക്കോസ്തരുടെയും മദ്ധ്യത്തിലുള്ള പരിധിവിട്ട പ്രവണതകള്‍ക്കെതിരെയുള്ള ഒരു കടുത്ത പ്രതികരണം എന്ന നിലയിലാണ് ഇത് സംഭവിച്ചത്. കൂടാതെ ആത്മവരങ്ങളെപ്പറ്റി ഒരിക്കലും പ്രസംഗിക്കാതിരുന്ന പല പ്രസംഗകരുടെ സ്വാധീനവും ഇതിന് കാരണമായിരുന്നു. ഫലമോ, ആദിമക്രിസ്തുശിഷ്യര്‍ അനുഭവിച്ചിരുന്ന പരിശുദ്ധാത്മശക്തി ഞങ്ങളുടെ ഇടയില്‍ വിശ്വാസികള്‍ പലരും ഒരിക്കലും അനുഭവിക്കാതെയായി. ആത്മാവിന്റെ ശക്തിയെപ്പറ്റി ഊന്നല്‍ നല്‍കുകയും പ്രസംഗിക്കയും ചെയ്യുന്ന അവസ്ഥയിലേക്ക് വരാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു.
സ്ത്രീകളുടെ ശുശ്രൂഷ. പുരുഷമേധാവിത്വം ആയിരുന്നു ഞങ്ങളുടെ മറ്റൊരു അബദ്ധം. സ്ത്രീകളെ നിശ്ശബ്ദരാക്കി ഇരുത്തുന്ന ബ്രദറണ്‍സഭയുടെ പരിചയമാണ് ഞങ്ങളും പിന്തുടര്‍ന്നത്. സഹോദരിമാരെ പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ചിരുന്നെങ്കിലും ദൈവവചനം സംസാരിക്കാനോ, ഇളയസഹോദരിമാരെ ഉത്സാഹിപ്പിക്കാനോ ഒരിക്കലും അവരെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പുതിയനിയമകാലത്ത് ‘ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും’ (പ്രവൃ.2:17) എന്ന സത്യം ഞങ്ങള്‍ മറന്നുപോയി. തന്മൂലം ഈ മേഖലയില്‍ പലവര്‍ഷങ്ങള്‍ ഞങ്ങള്‍ ഒരു പഴയനിയമസഭയായിത്തുടര്‍ന്നു. പല യുവസഹോദരിമാര്‍ക്കും മൂത്ത സഹോദരിമാരില്‍ നിന്നുള്ള ദൈവിക ആലോചനയുടെ അഭാവം ആത്മികമായ ക്ഷീണം ഉളവാക്കി. എന്റെ ഭാര്യയ്ക്ക് പ്രവചനവരം ഉണ്ടായിരുന്നു. പല സന്ദര്‍ഭങ്ങളിലും പ്രവചനാത്മാവില്‍ ദൈവവചനം പങ്കുവച്ചത് എനിക്കു പ്രയോജനകരമായിത്തീര്‍ന്നിട്ടുണ്ട്. എന്നാല്‍ ആനിയെ സഭയില്‍ പൊതുവിലുള്ള ശുശ്രൂഷയ്ക്കായി നിര്‍ബന്ധിക്കുവാന്‍ എനിക്കു മനസ്സുണ്ടായിരുന്നില്ല. പുതിയനിയമവ്യവസ്ഥിതിയില്‍ ദൈവത്തിന്റെ പുത്രിമാര്‍ക്കുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഞാന്‍ സഭകളില്‍ പഠിപ്പിക്കുവാന്‍ തുടങ്ങി. എന്നാല്‍ ഞങ്ങളുടെ ചില മൂപ്പന്മാര്‍ അവരുടെ സഭകളിലേ പാരമ്പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നതിനാല്‍ ഈ വിഷയത്തില്‍ ഒരു മാറ്റം വളരെ സാവധാനത്തിലായിരുന്നു. പല വര്‍ഷങ്ങളായി പരിചയിച്ച സമ്പ്രദായങ്ങളില്‍ നിന്ന് പുറത്തു വരുന്നത് എളുപ്പമല്ല. തത്ഫലമായി പല ചെറുപ്പക്കാര്‍ക്കും വേണ്ട പോഷണം ലഭിക്കാതെ പോകുന്നു. എന്നാല്‍ സന്തോഷകരമായ കാര്യം, സഹോദരിമാരുടെ ശുശ്രൂഷയില്‍ സാവധാനത്തിലാണെങ്കിലും ഒരു മാറ്റം ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്.
അത്ര ഗൗരവതരമല്ലാത്ത മറ്റ് വീഴ്ചകളും ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ദൈവത്തിന്റെ മഹാകരുണയാല്‍ ഞങ്ങള്‍ മുമ്പോട്ട് പോയിക്കൊണ്ടിരിക്കുന്നു.
കര്‍ത്താവിന്റെ ശിഷ്യരായിരിക്കുന്നതില്‍ മനസ്സുവയ്ക്കാത്ത കൂടുതല്‍ പേര്‍ അംഗങ്ങളാകുന്നതോടെ എല്ലാ ആത്മീയമുന്നേറ്റങ്ങളും ഒരു കാലഘട്ടം കൊണ്ട് അധഃപതിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. അവരുടെ ക്രിസ്തീയശുശ്രൂഷകളെ ദൈവം അനുഗ്രഹിക്കയും, സാമ്പത്തികമായ സമൃദ്ധി ഉണ്ടാകയും ചെയ്യുമ്പോള്‍ സഭാ മൂപ്പന്മാര്‍ തന്നെ പിന്മാറ്റാവസ്ഥയില്‍ ആകാം. ഞങ്ങളുടെ ഇടയില്‍ ഈ കാര്യവും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ദൈവം എഴുന്നേല്‍പ്പിച്ച ഏതൊരു ആത്മീയമുന്നേറ്റത്തില്‍നിന്നും ഞങ്ങളും വിഭിന്നരല്ല. താഴ്മയിലും നുറുക്കത്തിലും ദൈവമുമ്പാകെ നടക്കയും, വിശ്വസ്തതയില്‍ അവസാനം വരെ കാക്കപ്പെടാനുള്ള പ്രാര്‍ത്ഥനയോടെ നിലകൊള്ളുകയും മാത്രമാണ് ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
ബാംഗ്ലൂരിലും ഇതരസ്ഥലങ്ങളിലും ശ്രേഷ്ഠരും വിശ്വസ്തരുമായ ഒരു കൂട്ടം സഹപ്രവര്‍ത്തകരെ ദൈവം ഞങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. അവരിലൂടെ അനിതരസാധാരണമായ ഒരു കൂട്ടായ്മ ദൈവം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഈ കൂട്ടായ്മ ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കയും ആത്മികമായി വളര്‍ത്തുകയും ചെയ്തിട്ടുണ്ട് എന്നുമാത്രമല്ല, അത് സ്വര്‍ഗ്ഗത്തിന്റെ ഒരു മുന്‍ രുചി ഞങ്ങള്‍ക്ക് നല്‍കിയിട്ടുമുണ്ട്. മറ്റൊരിടത്തും ഇതിനോട് താരതമ്യപ്പെടുത്താന്‍ കഴിയുന്ന മറ്റൊന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് കര്‍ത്താവിനോട് അവാച്യമായ നന്ദിയുണ്ടുതാനും.
ഞങ്ങളുടെ അബദ്ധങ്ങളെപ്പറ്റിയും, അസന്തുലിതമായ മേഖലകളെക്കുറിച്ചും തുടര്‍ച്ചയായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ദൈവം ഞങ്ങള്‍ക്ക് വെളിച്ചം തന്നുകൊണ്ടിരിക്കുന്നു എന്ന കാര്യം തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ഉത്സാഹം. നമ്മുടെ ജീവിതത്തില്‍ ദൈവികാനുഗ്രഹത്തിന്റെ ഏറ്റവും വലിയ തെളിവ് എന്താണ്? ജീവിതത്തില്‍ യേശുക്രിസ്തുവിന്റെ ആത്മാവിന് അനുരൂപമല്ലാത്ത മേഖലകളില്‍ വെളിച്ചം നല്‍കുകയും തന്റെ പരിശുദ്ധാത്മശക്തിയാല്‍ ആ മേഖലകളില്‍ നമ്മെ കര്‍ത്താവിനെപ്പോലെ ആക്കിത്തീര്‍ക്കുകയുമാണ് ഏറ്റവും വലിയ അനുഗ്രഹം. സാമ്പത്തികാനുഗ്രഹവും ശാരീരികാരോഗ്യവുമാണ് ദൈവികാനുഗ്രഹത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ എന്ന് ക്രൈസ്തവലോകത്തിന് ശക്തമായ സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മേല്‍പ്പറഞ്ഞ യഥാര്‍ത്ഥ അനുഗ്രഹത്തിന്റെ സന്ദേശത്തിന് ഊന്നല്‍ നല്‍കേണ്ടതല്ലേ?
നാള്‍ക്കുനാള്‍, വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍, അവിടുത്തെ കരുണയും കൃപയും ഞങ്ങളുടെ മേല്‍ സമൃദ്ധിയായി ചൊരിഞ്ഞുകൊണ്ടിരിക്കുന്ന സര്‍വ്വകൃപാലുവായ ദൈവത്തിന് എല്ലാ മഹത്വവും ഉണ്ടായിരിക്കട്ടെ.
47 : സകലജനതകളില്‍ നിന്നും ശിഷ്യന്മാരെ ഉണ്ടാക്കുക
ശിഷ്യന്മാരെ ഒരുക്കിയെടുക്കുന്നത് മാനസാന്തരപ്പെടുത്തുന്നതിനേക്കാള്‍ കഠിനമായതിനാല്‍ ഇന്ത്യയിലെ മിക്ക സഭകളും മാനസാന്തരപ്പെട്ടവരെ മാത്രം ലക്ഷ്യംവയ്ക്കുന്നു. എന്നാല്‍ ‘ശിഷ്യന്മാരെ ഉണ്ടാക്കുക’ എന്ന കര്‍ത്താവിന്റെ കല്‍പ്പന ഞങ്ങള്‍ ഗൗരവമായി എടുക്കാന്‍ തീരുമാനിച്ചു. (മത്താ. 28:19) തന്മൂലം ഗിരിപ്രഭാഷണത്തില്‍ യേശു വിളംബരം ചെയ്ത വിശുദ്ധിയുടെ പ്രമാണങ്ങള്‍ ഞങ്ങളും പ്രസംഗിക്കാന്‍ തുടങ്ങി. (മത്താ. 5-7) സ്വയത്തിന് ദിനംപ്രതി മരിക്കാത്ത ആര്‍ക്കുംതന്നെ യേശുവിനെ അനുഗമിക്കാന്‍ കഴികയില്ല എന്ന് കര്‍ത്താവ് പഠിപ്പിച്ചതു തന്നെ ഞങ്ങളും പഠിപ്പിച്ചു. (ലൂക്കോ. 9:23). പണത്തെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് അതേ സമയം ദൈവത്തെ സ്‌നേഹിപ്പാന്‍ കഴികയില്ല എന്ന സത്യവും ഞങ്ങള്‍ പ്രഘോഷിച്ചു. (ലൂക്കോ. 16:13).
ഓരോ സഭയ്ക്കും ദൈവം ഓരോ പ്രത്യേകദൗത്യം നല്‍കിയിട്ടുണ്ട്. സുവിശേഷസന്ദേശം എത്തിയിട്ടില്ലാത്ത ഇടങ്ങളില്‍ സുവിശേഷീകരണം നടത്താനല്ല ദൈവം ഞങ്ങളുടെ ഇടയില്‍ സഭകളെ എഴുന്നേല്‍പ്പിച്ചത്. നല്ലതും അത്യാവശ്യവുമായ ഈ ദൗത്യം അനേകായിരങ്ങള്‍ ഭാരതമണ്ണില്‍ നിര്‍വ്വഹിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ചെയ്യാത്ത കാര്യത്തിനായി-മാനസാന്തരപ്പെട്ടവരെ ശിഷ്യരാക്കുന്ന പ്രവൃത്തിക്കായി-ദൈവം ഞങ്ങളെ വിളിച്ചു. മറ്റു പ്രസംഗകര്‍ പഠിപ്പിക്കാത്ത ദൈവവചനസത്യങ്ങള്‍ പഠിപ്പിക്കാനും തദ്വാരാ പുതിയ വീഞ്ഞായ പുതിയനിയമജീവിതത്തിലേക്ക് ക്രിസ്തുശിഷ്യരെ നടത്താനും അത്തരം ശിഷ്യരുടെ കൂട്ടമായ പുതിയനിയമസഭകള്‍ക്ക് (പുതിയ തുരുത്തി) രൂപം നല്‍കാനും കര്‍ത്താവ് ഞങ്ങളോട് പറഞ്ഞു. സുവിശേഷീകരണത്തില്‍ ഏര്‍പ്പെടാത്തതിന് പല വിശ്വാസികളുടെയും വിമര്‍ശനം നേരിടേണ്ടിവന്നെങ്കിലും ദൈവം നല്‍കിയ വിളിയില്‍ ഞങ്ങള്‍ ഉറച്ചുനിന്നു. ക്രിസ്തുവിന്റെ ശരീരമായ സഭയുടെ എല്ലാ അവയവങ്ങള്‍ക്കും ഒരേ പ്രവൃത്തിയല്ല എന്ന് ഞങ്ങള്‍ ഗ്രഹിച്ചിരുന്നു. കൈകള്‍ പാത്രത്തില്‍ നിന്നും ഭക്ഷണം എടുത്ത് വായില്‍ എത്തിക്കുന്നു. (സുവിശേഷകന്റെ പ്രവൃത്തി) എന്നാല്‍ കിഡ്‌നികളാകട്ടെ മുഴുസമയവും രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തിലെ രാസവസ്തുക്കള്‍ സന്തുലിതാവസ്ഥയില്‍ സൂക്ഷിക്കയും ചെയ്യുന്നു. (വിശ്വാസികളെ ശുദ്ധീകരിക്കയും അവരെ സമനിലതെറ്റാതെ സൂക്ഷിക്കയും ചെയ്യുന്നതിന്റെ ചിത്രം). ശരീരമായ സഭയില്‍ ദൈവദത്തമായ ‘വൃക്കകളുടെ’ ശുശ്രൂഷയില്‍ തന്നെ ഞങ്ങള്‍ വ്യാപൃതരായി ഉറച്ചുനിന്നു.
പുതിയനിയമത്തില്‍ കാണുന്ന സാമ്പത്തികപ്രമാണങ്ങള്‍ അനുസരിക്കുന്നതിലും ഞങ്ങള്‍ മനസ്സുവച്ചു. ഒരു സഭാമൂപ്പനും ശമ്പളം കൊടുത്തിരുന്നില്ല. പുതിയ നിയമത്തില്‍ കാണുന്ന അപ്പോസ്തലന്മാരെയും മൂപ്പന്മാരെയും പോലെ ഓരോ പ്രാദേശികസഭയുടെയും മൂപ്പന്‍ സാമ്പത്തികകാര്യങ്ങളില്‍ സ്വാശ്രയം പാലിക്കയോ കര്‍ത്താവിനെ വിശ്വസിക്കയോ വേണം. അപ്പോസ്തലന്മാരെപ്പോലെ സാമ്പത്തികആവശ്യങ്ങള്‍ ഞങ്ങള്‍ ആരെയും അറിയിച്ചിരുന്നില്ല. ഭാരതത്തിലെ മിക്കക്രിസ്തീയപ്രവര്‍ത്തനങ്ങളും പാശ്ചാത്യനാടുകളില്‍ നിന്നുള്ള സാമ്പത്തികസഹായത്തെ ആശ്രയിച്ച് നടത്തപ്പെടുന്നവയാണ്. തന്മൂലം ഭാരതീയക്രിസ്ത്യാനിത്വം നന്നേ ആഴം കുറഞ്ഞതായി തുടരുന്നു. പണത്തെ ആശ്രയിച്ച് യഥാര്‍ത്ഥദൈവവേല അസാദ്ധ്യമാണ്. അതിനാല്‍ ഒരു പാശ്ചാത്യസംഘടനയുടെ ഭാഗമാകാന്‍ ഞങ്ങള്‍ തയ്യാറായില്ല. പരിശുദ്ധാത്മാവിനെ മാത്രം ആശ്രയിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ഇപ്രകാരം പുതിയനിയമപ്രമാണങ്ങള്‍ അനുസരിച്ചാല്‍ സഭാവളര്‍ച്ച വളരെ സാവധാനത്തിലായിരിക്കും എന്നറിയാമായിരുന്നു. കര്‍ത്താവ് തന്റെ വേലയില്‍ അംഗസംഖ്യയെക്കാള്‍ ഗുണമേന്മയ്ക്ക് പ്രാധാന്യം കൊടുക്കുന്നു എന്നതിനാല്‍ ഈ ചിന്ത ഞങ്ങളെ അല്പംപോലും അസ്വസ്ഥരാക്കിയില്ല. കര്‍ത്താവിന്റെ ദാസന്മാര്‍ എന്ന നിലയില്‍ അവിടുത്തെ സഭയില്‍ ‘ഗുണമേന്മ‘ ഉറപ്പുവരുത്തുന്നത് ഞങ്ങളുടെ കര്‍ത്തവ്യമായിരുന്നു. അംഗസംഖ്യയുടെ കാര്യം കര്‍ത്താവിന്റെ ഉത്തരവാദിത്വമായിരുന്നു. തക്കസമയത്ത് അവിടുന്ന് ആ കാര്യം നിര്‍വ്വഹിച്ചു. ഇടയശുശ്രൂഷ ചെയ്യേണ്ടവരെ തക്കസമയത്ത് അവിടുന്ന് ഞങ്ങളുടെ പ്രാദേശികസഭകളോട് കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു. ദൈവത്തിന്റെ വഴികള്‍ എപ്പോഴും തികവുള്ളവതന്നെ!
ശിഷ്യത്വത്തിന്റെ ഈ മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നവര്‍ ചുരുക്കമായിരിക്കും എന്ന് ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു. യേശു പറഞ്ഞില്ലേ ”ജീവനിലേക്കുള്ള മാര്‍ഗ്ഗം ഇടുങ്ങിയതായിരിക്കും എന്നും ചുരുക്കം പേരേ അത് കണ്ടെത്തുകയുള്ളൂ” എന്നും? ജീവനിലേക്കുള്ള പാത മത്തായി 5,6,7 അദ്ധ്യായങ്ങളില്‍ വിവരിക്കുന്ന മുകളില്‍ വിവരിച്ച മാര്‍ഗ്ഗം തന്നെ. എന്നാല്‍ ആടുകളുടെ വേഷം ധരിച്ചെത്തുന്ന കള്ളപ്രവാചന്മാരായ ചെന്നായ്ക്കളെ സൂക്ഷിച്ചുകൊള്ളേണം എന്നും യേശു പറഞ്ഞു. അനേകായിരം പേര്‍ തന്റെ ശിഷ്യന്മാരായി ജീവനിലേയ്ക്കുള്ള ഇടുങ്ങിയ മാര്‍ഗ്ഗം കണ്ടെത്തും എന്ന് പറയുന്നു, ആ വഴി വിശാലമാക്കുന്ന ഈകൂട്ടര്‍ തന്നെയാണ് കള്ളപ്രവാചകന്മാര്‍ (മത്താ. 7:13-16). പരാവര്‍ത്തനം) യേശുവിന്റെ വചനപ്രകാരം അവിടുത്തെ പ്രമാണങ്ങള്‍ വിശ്വസ്തതയോടെ പഠിപ്പിച്ചാല്‍ വളരെ ചുരുക്കം പേര്‍ മാത്രമേ നമ്മോടൊപ്പം ഉണ്ടാകൂ എന്ന് ഞങ്ങള്‍ ഗ്രഹിച്ചിരുന്നു. ജീവിതനിലവാരം താഴ്ത്തിക്കൊണ്ടു മാത്രമേ അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയൂ എന്ന് വ്യക്തമായിരുന്നു. എന്നാല്‍ കള്ളപ്രവാചകന്മാരാകാന്‍ ഞങ്ങള്‍ വിസമ്മതിച്ചു! വലിയ അംഗസംഖ്യയ്ക്കായി ഒരു ദൈവവചനപ്രമാണത്തെപ്പോലും ബലികഴിക്കുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ക്ക് നിശ്ചയമുണ്ടായിരുന്നു.
മുകളില്‍ സൂചിപ്പിച്ച മത്താ. 7:13-16 വാക്യങ്ങളുടെ ‘മെസ്സേജ് ബൈബിള്‍’ പരിഭാഷ ഇപ്രകാരമാണ് ”ആത്മാര്‍ത്ഥത തുളുമ്പുന്ന ഭാവത്തോടെ പുഞ്ചിരിക്കാന്‍ പരിശ്രമത്താല്‍ പരിചയിച്ചിട്ടുള്ള, ധാരാളം പുഞ്ചിരിക്കുന്ന കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക; നിങ്ങളെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ചൂഷണം ചെയ്യുകയത്രേ അവരുടെ ലക്ഷ്യം. ജനക്കൂട്ടം അവരുടെ തന്ത്രത്തില്‍ കുടുങ്ങിപ്പോകും, എന്നാല്‍ നിങ്ങള്‍ ആ കൂട്ടത്തിലാകരുത്. അവരുടെ വ്യക്തിപ്രഭാവത്തില്‍ മയങ്ങിപ്പോകരുത്, അവരില്‍ സ്വഭാവശുദ്ധി അന്വേഷിക്കുക. പ്രസംഗകര്‍ എന്തുപറയുന്നു എന്നുള്ളതല്ല; എന്തായിരിക്കുന്നു എന്നുള്ളതത്രേ പ്രധാനം. ഒരു യഥാര്‍ത്ഥ ആത്മീയനേതാവ് നിങ്ങളുടെ വികാരങ്ങളെയോ പണസ്സഞ്ചിയെയോ മുതലെടുക്കുകയില്ല.”
ദൈവം തന്റെ ദാസന്മാരെ ഒരു ശുശ്രൂഷഭരമേല്‍പ്പിക്കുന്നതിനുമുമ്പ് അവരെ രഹസ്യത്തില്‍ പരിശോധിക്കുന്നു. ദൈവം മിസ്രയീമില്‍ നിന്നും യിസ്രായേല്‍ ജനത്തെ പുറപ്പെടുവിക്കുവാന്‍ വേണ്ടി മോശയെ നിയോഗിക്കുന്നതിനുമുമ്പ് മരുഭൂമിയില്‍ 40 സംവത്സരങ്ങള്‍ മറഞ്ഞിരിക്കാന്‍ അനുവദിക്കുകയും ശോധന കഴിക്കയും ചെയ്തു. യേശുവിനെയും പരസ്യശുശ്രൂഷയ്ക്ക് അയയ്ക്കും മുമ്പ് പിതാവ് അവനെ മുപ്പതുവര്‍ഷം മറഞ്ഞിരിക്കാന്‍ അനുവദിക്കുകയും ശോധനകഴിക്കുകയും ചെയ്തു. ഏതാണ്ട് 20 വര്‍ഷത്തോളം (1975 മുതല്‍ 1995) ഞങ്ങളുടെ സഭയെയും അതേ നിലയില്‍ മറഞ്ഞിരിക്കാന്‍ ദൈവം അനുവദിച്ചു. സഭയെ നിന്ദയുടെ ആവരണം അണിയിച്ച്, തെറ്റിദ്ധാരണകളുടെയും മറ്റ് വിശ്വാസികളുടെ വിമര്‍ശനങ്ങളുടേയും പാത്രമാക്കി. മറ്റുള്ളവരില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടാകുമ്പോള്‍ ഞങ്ങള്‍ കര്‍ത്താവിനോട് വിശ്വസ്തരായിരിക്കുമോ എന്നറിയാന്‍ അവിടുന്ന് ഞങ്ങളെ പരീക്ഷിക്കുകയായിരുന്നു. കുറ്റം ചുമത്തുന്നവരോട് ഞങ്ങള്‍ പകരം വീട്ടാന്‍ ഒരുമ്പെടുമോ അതോ ദൈവത്തിന്റെ സമയത്ത് അവിടുന്നു തന്നെ നീതിനടത്താന്‍ കാത്തിരിക്കുമോ എന്നുള്ളതായിരിന്നു പരിശോധന.
ഈ പരീക്ഷയില്‍ ഞങ്ങള്‍ വിജയിച്ചു എന്നു കണ്ടപ്പോള്‍ പുതിയനിയമത്തിന്റെ തേജസ്സുള്ള സുവിശേഷം പ്രഘോഷിപ്പാന്‍ ഒന്നിനുപിറകെ ഒന്നായി ലോകമെമ്പാടും ദൈവം ഞങ്ങള്‍ക്കു വാതിലുകള്‍ തുറന്നു തരികയാണ് ചെയ്തത്. വ്യക്തിജീവിതങ്ങളിലും ഭവനങ്ങളിലും അനുഗൃഹീതമായ ഫലങ്ങള്‍ ഉളവാക്കിയ ജീവല്‍സന്ദേശമായിരുന്നു ഞങ്ങള്‍ പ്രഘോഷിച്ചത്. ഈ സത്യങ്ങളോടു പ്രതികരിച്ചവര്‍ അപ്പോഴും ചുരുക്കമായിരുന്നുവെങ്കിലും ഈ സത്യങ്ങള്‍ക്ക് ലോകവ്യാപകമായ വേദി ലഭ്യമായി എന്നതാണ് സത്യം. ഈ നിലയില്‍ ഞങ്ങള്‍ക്ക് ഈ സത്യങ്ങള്‍ ലോകവ്യാപകമായി എത്തിക്കാന്‍ കഴിഞ്ഞത് പുസ്തകങ്ങള്‍, കാസ്സെറ്റുകള്‍, സി.ഡികള്‍, ഇന്റര്‍നെറ്റ് എന്നീ മാദ്ധ്യമങ്ങളിലൂടെയായിരുന്നു. ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രയത്‌നമായിരുന്നില്ല, ക്രിസ്തുവിന്റെ ശരീരത്തില്‍ ദൈവവചനം പരക്കാനായി ഒരുമയോടെ പ്രവര്‍ത്തിച്ച അനേകം സഹോദരീസഹോദരന്മാരുടെ സംയുക്ത യത്‌നമായിരുന്നു ഇതിന്റെ പിന്നില്‍.
ക്രിസ്തീയസാഹിത്യം: മറ്റുള്ളവര്‍ കൈവയ്ക്കാത്ത പുതിയനിയമത്തിലെ വിഷയങ്ങളെ അധികരിച്ച് ഞങ്ങള്‍ പുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിച്ചുവരുന്നു. ഇന്ത്യയിലെ പ്രാദേശികഭാഷകളിലേക്ക് ഈ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്താനുള്ള ഭാരം കര്‍ത്താവ് ചില സഹോദരന്മാര്‍ക്ക് നല്‍കി. പ്രാദേശികഭാഷകളിലുള്ള പുസ്തകങ്ങളുടെ വിതരണത്തിനായി ഈ സഹോദരങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തതിനാല്‍ ദൈവവചനസത്യങ്ങള്‍ തെക്കേ ഇന്ത്യയില്‍ വ്യാപകമായി പ്രചരിക്കാന്‍ ഇടയാകുകയും തല്‍ഫലമായി പല പ്രാദേശികസഭകള്‍ ഉടലെടുക്കുകയും ചെയ്തു. ഇതിനോടകം ഞങ്ങളുടെ പുസ്തകങ്ങളുടെ പത്തുലക്ഷത്തോളം പ്രതികള്‍ വായനക്കാരുടെ കൈകളില്‍ എത്തിയിട്ടുണ്ട്.
കസ്സെറ്റുകളും സി.ഡികളും: ഞങ്ങളുടെ ഇടയിലെ താരതമ്യേന ചെറിയസഭകളില്‍ ഒന്ന് മുപ്പത്തയ്യായിരത്തോളം കസ്സെറ്റുകളും സിഡികളും കോപ്പികള്‍ എടുത്ത് അവരുടെ പട്ടണങ്ങളിലും സമീപപ്രദേശങ്ങളിലും വിതരണം ചെയ്യുകയുണ്ടായി. ഇങ്ങനെ സന്ദേശങ്ങളുടെ കസ്സെറ്റുകളും സി.ഡികളും കിട്ടിയവര്‍ സ്വയം കോപ്പികള്‍ എടുത്ത് മറ്റനേകം ദേശങ്ങളില്‍ അനേകരുടെ കൈകളില്‍ എത്തിക്കുകയുണ്ടായി. (ഇപ്രകാരം ചെയ്യുന്നവരെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാറുണ്ട്). അമേരിക്കയില്‍ രണ്ട് സഭകളുടെ നേതാക്കള്‍ ഞങ്ങളുടെ സന്ദേശകസ്സെറ്റുകള്‍ അവരുടെ സഭയുടെ കസ്സെറ്റ്‌ശേഖരത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ ഫലമായി ഒരു ലക്ഷത്തിലധികം സന്ദേശകസ്സെറ്റുകള്‍ പലരാജ്യങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യപ്പെടാന്‍ ഇടയായി. തെക്കേ ഇന്ത്യയിലുള്ള ഒരു മിഷന്‍ലീഡര്‍ രണ്ടായിരാമാണ്ടില്‍ തന്റെ സെമിനാരിയില്‍ ബൈബിളിലെ എല്ലാ പുസ്തകങ്ങളെയും അധികരിച്ച് ഒരു പഠനം നടത്താനായി എന്നെ ക്ഷണിക്കുകയുണ്ടായി 14 ദിവസംകൊണ്ട് ദിനംപ്രതി 5 മണിക്കൂര്‍വീതം ആകെ 70 മണിക്കൂര്‍ സന്ദേശങ്ങള്‍ ഡിജിറ്റല്‍ റിക്കോര്‍ഡിങിലൂടെ ഒരു ഓഡിയോ സി.ഡിയായി പുറത്തിറങ്ങിയത് ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യസംരംഭമായിരുന്നു. ഈ സി.ഡിക്കും വ്യാപകമായ പ്രചാരം സിദ്ധിച്ചതിനാല്‍ അനേകരാജ്യങ്ങളിലെ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ബൈബിളിലെ ഓരോ പുസ്തകത്തിന്റെയും രത്‌നച്ചുരുക്കമായ സന്ദേശം ലഭ്യമായി.
ഇന്റര്‍നെറ്റ്: ലോകവ്യാപകമായി ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായപ്പോള്‍ സഭയുടെ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഇത് അനേകരാജ്യങ്ങളിലുള്ള വ്യക്തികളിലേക്ക് ദൈവവചനസത്യങ്ങള്‍ എത്തിക്കാന്‍ ഫലപ്രദമായ ഒരു ഉപാധിയായിത്തീര്‍ന്നിരിക്കുന്നു ഈ വെബ്‌സൈറ്റ്. തക്കസമയത്ത് ഉണ്ടാക്കാനും നിലനിര്‍ത്താനും സാങ്കേതികനൈപുണ്യമുള്ള സഹോദരന്മാരുടെ ഒരു ടീമിനെ ദൈവം നല്‍കി. ഓരോ ആഴ്ചയും ഹ്രസ്വമായ ഒരു സന്ദേശം ലഭ്യമാണ്. അനേകം വീഡിയോ, ഓഡിയോ സന്ദേശങ്ങളും ഇംഗ്ലീഷിലും ഇതരഭാഷകളിലുമുള്ള ഗ്രന്ഥങ്ങളും ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. എല്ലാംതന്നെ തികച്ചും സൗജന്യമായി വായിക്കാനും, കേള്‍ക്കാനും, കാണാനും, ഡൗണ്‍ലോഡുചെയ്യാനും അവസരമുണ്ട്. ദൈവഭക്തിയുള്ള ഒരു ജീവിതത്തിനായി കാംക്ഷിക്കുന്ന ലോകമെമ്പാടുമുള്ള അനേകം വിശ്വാസികളുമായി ബന്ധപ്പെടാന്‍ ഇത് മുഖാന്തരമാകുന്നു. ചിലരാജ്യങ്ങളില്‍ ചില കുടുംബങ്ങള്‍ നല്ല ഒരു പ്രാദേശികസഭയുടെ അഭാവത്തില്‍ പ്രതിവാരവീഡിയോ സന്ദേശം ഞായറാഴ്ചകാലത്തുള്ള സഭാരാധനയ്ക്കുപകരമായി ശ്രദ്ധിക്കുന്നുണ്ട്. എല്ലാ പുകഴ്ചയും ദൈവത്തിന് മാത്രം ആയിരിക്കട്ടെ.
48 : മുന്നോട്ടു നോക്കുമ്പോള്‍….
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ ഭാവിയെ അഭിമുഖീകരിക്കുന്നത്. കാരണം എനിക്ക് അജ്ഞാതമായ കാര്യങ്ങള്‍ എന്റെ സ്വര്‍ഗ്ഗീയപിതാവ് പൂര്‍ണ്ണമായി അറിയുന്നു. ഞാന്‍ ഭാവിയില്‍ നേരിടാന്‍ പോകുന്ന എല്ലാ സാഹചര്യങ്ങളെയും കണക്കിലെടുത്തിട്ടാണ് എന്റെ ഭാവിജീവിതത്തിന്റെയും ശുശ്രൂഷയുടെയും വിശദാംശങ്ങള്‍ ദൈവം ആസൂത്രണം ചെയ്തിരിക്കുന്നത്. അവിടുന്ന് ദൈവം ആകയാല്‍ ഒന്നും തന്നെ അവിടുത്തേക്ക് ആശ്ചര്യം ഉളവാക്കുന്നില്ല. എന്റെ ഏക താല്പര്യം ദൈവത്തെ പ്രസാദിപ്പിക്കയും മഹത്വീകരിക്കയും ചെയ്യുക എന്നതാണ്. തന്മൂലം ഭാവിയെപ്പറ്റി എനിക്ക് ഭയാശങ്കകള്‍ ഒട്ടുംതന്നെയില്ല.
ബൈബിളില്‍ നിന്നു ദൈവം എന്നെ ഗ്രഹിപ്പിച്ച ഏറ്റവും മഹത്തായസത്യം അവിടുന്ന് യേശുവിനെ സ്‌നേഹിച്ചതുപോലെ എന്നെയും സ്‌നേഹിക്കുന്നു എന്നുള്ളതാണ് (യോഹ. 17:23). യേശുവിനുവേണ്ടി അവിടുന്ന് കരുതിയതുപോലെ എനിക്കുവേണ്ടിയും കരുതുന്നു. ജനനം മുതല്‍ മരണം വരെ എല്ലാ വിശദാംശങ്ങളും യേശുവിന്റെ ഇഹലോകജീവിതത്തില്‍ മുന്നമേ തയ്യാറാക്കിയിരുന്നു എന്നതാണ് സത്യം. എന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളവും ഇതേവിധത്തില്‍ എല്ലാ കാര്യങ്ങളും ദൈവികാസൂത്രണത്തില്‍ ആണ്. ”ഞാന്‍ ജനിക്കുന്നതിനുമുമ്പേ ദൈവം എന്നെ കണ്ടു. ഞാന്‍ ശ്വാസം എടുക്കാന്‍ തുടങ്ങുംമുമ്പുതന്നെ എന്റെ ജീവിതത്തിലെ ഓരോ ദിവസവും നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. എല്ലാദിവസവും അവിടുത്തെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു. ദൈവം എന്നെപ്പറ്റി ഇത്രയധികം കരുതുന്നു എന്ന് ഗ്രഹിക്കുന്നത് എത്ര വിലയേറിയ കാര്യമാണ്! (സങ്കീ.139:16,17 പരിഭാഷ).
ശലോമോന്റെ ഉത്തമഗീതത്തില്‍ വിവരിക്കുന്ന വിധത്തില്‍ എന്റെ കര്‍ത്താവുമായി എനിക്കുള്ള ബന്ധം മണവാട്ടിക്ക് മണവാളനോടുള്ളബന്ധമാണ്. ഇത് വളരെ വ്യക്തിപരവും, സുദൃഢവും സ്‌നേഹനിര്‍ഭരവുമായ ബന്ധമാണ്. എന്റെ പ്രാണപ്രിയന്റെ മേല്‍ ചാരിക്കൊണ്ടാണ് ഞാന്‍ ജീവിതം നയിക്കുന്നത്. (ഉത്തമഗീതം 8:5). എന്റെ ക്രിസ്തീയശുശ്രൂഷയുടെ സ്രോതസ്സ് ഈ ആത്മബന്ധമാണ്. ഈ ലോകത്തിന്റെ വിളഭൂമിയിലേക്ക് കൊയ്ത്തിനായി കര്‍ത്താവും ഞാനും ഒരുമിച്ചാണ് പോകുന്നത് (ഉത്തമഗീതം 7:11,12). കര്‍ത്താവ് എന്നെ നയിക്കാത്ത ഒരിടത്തേക്കും പോകാന്‍ എനിക്ക് താല്‍പര്യമില്ല. ”കര്‍ത്താവേ, അവിടുന്ന് മുമ്പേ പോയി വഴി കാണിക്കുക” എന്നാണ് ഞാന്‍ പറയുന്നത്. ”അവിടുന്ന് മുമ്പേ പോയാലും; ഞാന്‍ അനുഗമിക്കാം. എവിടെപ്പോകണം എന്ന് ഒരിക്കലും ഞാന്‍ സ്വയമായി തീരുമാനിക്കയില്ല. എന്തു പ്രസംഗിക്കണം എന്ന് അങ്ങ് പറയുന്നോ അതു തന്നേ ഞാന്‍ പ്രസംഗിക്കാം”, ഇതാണെന്റെ മനോഭാവം. ഈ വിധത്തിലത്രേ കഴിഞ്ഞ ദീര്‍ഘവര്‍ഷങ്ങള്‍ ഞാന്‍ കര്‍ത്താവിനെ സേവിച്ചത്.
എന്റെ ക്രിസ്തീയശുശ്രൂഷ ഒരിക്കലും എനിക്കൊരു ഭാരമായിരുന്നില്ല. എന്തിനെയെങ്കിലുംകുറിച്ചോ ആരേയെങ്കിലുംകുറിച്ചോ (എന്നെ വഞ്ചിക്കയും തേജോവധം ചെയ്യുകയും എനിക്ക് ദോഷം ചെയ്യാന്‍ നിരൂപിക്കയും ചെയ്തവരെക്കുറിച്ചുപോലും) എനിക്ക് യാതൊരുവിധ പരാതികളുമില്ല. എന്റെ രക്ഷകന്‍ അവരെ സ്‌നേഹിക്കുന്നതിനാല്‍ ഞാനും അവരെയെല്ലാം സ്‌നേഹിക്കുന്നു. ”അവര്‍ ചെയ്യുന്നത് എന്താണെന്ന് അറിയായ്കയാല്‍ അവരോട് ക്ഷമിക്കേണമേ” എന്ന് പറഞ്ഞ് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കര്‍ത്താവ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്റെ കാലഗതികള്‍ കര്‍ത്താവിന്റെ കൈയില്‍ ഇരിക്കുന്നു. തന്റെ നാഴിക വന്നിട്ടില്ലാത്തതിനാല്‍ മറ്റുള്ളവര്‍ക്ക് യേശുവിനെ ഉപദ്രവിക്കാനോ ബന്ധിക്കുവാനോ കഴിഞ്ഞില്ല എന്ന് തിരുവചനം പറയുന്നല്ലോ (യോഹ.7:30, 8:20). എന്റെ നാഴിക വരാതെ ഒരു വ്യക്തിക്കോ ഒരു സംഭവത്തിനോ എനിക്ക് ദോഷം ചെയ്യാന്‍ കഴികയില്ല. എന്റെ സ്വര്‍ഗ്ഗീയപിതാവാണ് ആ നാഴിക നിര്‍ണ്ണയിക്കുന്നത്!
എനിക്ക് അതിജീവിക്കാന്‍ കഴിയുന്നതിനുമീതെ എന്നെ ബുദ്ധിമുട്ടിക്കുവാന്‍ ദൈവം പിശാചിനെ ഒരിക്കലും അനുവദിച്ചിട്ടില്ല. (1കൊരി.10:13) ദൈവം ആദ്യം എന്നെ ‘കാലാളുകളോടുകൂടി’ ഓടിച്ചതിനുശേഷം മാത്രമേ ‘കുതിരകളോടുകൂടെ’ ഓടാന്‍ അനുവദിച്ചിട്ടുള്ളൂ (യിരെമ്യാ 12:5). ഞാന്‍ ദൈവകൃപയാല്‍ അഭിമുഖീകരിക്കയും ജയിക്കുകയും ചെയ്ത എല്ലാ ശോധനകളും എന്നെ കൂടുതല്‍ ശക്തനാക്കുകമാത്രമേ ചെയ്തിട്ടുള്ളൂ. കൂടുതല്‍ ശക്തമായ പരീക്ഷകളെ നേരിടാന്‍ ഈവിധം ഞാന്‍ ഒരുക്കപ്പെടുകയായിരുന്നു. എന്റെ ക്രിസ്തീയനടപ്പ് ഒരു പഠനക്കളരിയായിരുന്നു-ഓരോ പരീക്ഷയും ദൈവം എനിക്ക് ക്ലാസ്സ് കയറ്റം നല്‍കാനുള്ള സന്ദര്‍ഭമായിരുന്നു! ഇതുവരെ ഞാന്‍ അഭിമുഖീകരിച്ച എല്ലാ സാഹചര്യങ്ങളിലും ദൈവകൃപ തികച്ചും പര്യാപ്തമായിരുന്നു. ഭാവിയിലും അപ്രകാരം തന്നെ ആയിരിക്കും. അങ്ങനെ ഭൂമിയിലുള്ള എന്റെ ആത്മീയാഭ്യസനം പൂര്‍ത്തിയാക്കാന്‍ ഇടയാകും.
കര്‍ത്താവ് തന്റെ ശരീരമാം സഭയില്‍ ഒരു പ്രത്യേക ശുശ്രൂഷയാണ് എനിക്ക് നല്‍കിയിരിക്കുന്നത്. മറ്റുള്ളവര്‍ പൊതുവേ പ്രസംഗിക്കാത്ത തിരുവചനസത്യങ്ങള്‍ പ്രഘോഷിക്കുവാനും, ക്രൈസ്തവഗോളത്തില്‍ കണ്ടുവരുന്ന തിരുവചനവിരുദ്ധവും അക്രൈസ്തവവുമായ പരിചയങ്ങളെ തുറന്നുകാട്ടുവാനും ഉള്ളതാണ് പ്രാഥമികമായും ഈ ശുശ്രൂഷ. കര്‍ത്താവിന്റെ കൃപയാല്‍ അവസാനംവരെ ഈ ശുശ്രൂഷ വിശ്വസ്തതയോടെ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ ശുശ്രൂഷയില്‍ എതിര്‍പ്പുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. അതില്‍ അസാധാരണമായി ഒന്നുമില്ല. ”ക്രിസ്തുവില്‍ ഭക്തിയോടെ ജീവിപ്പാന്‍ ഇച്ഛിക്കുന്നവര്‍ക്കൊക്കെ ഉപദ്രവം ഉണ്ടാകും” എന്ന് പൗലൊസ് പറഞ്ഞപ്പോള്‍ ഉപദ്രവം സഹിക്കാനുള്ള അത്യാശയിലല്ല അങ്ങനെ പറഞ്ഞത് (2തിമോ.3:12) പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി അപ്പോസ്തലന്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുക മാത്രമായിരുന്നു. ലോകം തന്നെ ഉപദ്രവിച്ചതുപോലെ തന്റെ ശിഷ്യന്മാരെയും പകയ്ക്കും എന്ന് യേശുപറഞ്ഞു. (യോഹ 15:18-21). ലോകത്തിലെ സാധാരണക്കാരേക്കാള്‍ അധികമായി മതഭക്തരില്‍നിന്നാണ് യേശുവിന് കൂടുതല്‍ ഉപദ്രവം നേരിട്ടത്. അതുകൊണ്ടുതന്നെ അക്രൈസ്തവരെക്കാള്‍ മതഭക്തരായ ക്രിസ്ത്യാനികളില്‍ നിന്ന് കൂടുതല്‍ എതിര്‍പ്പ് ഉണ്ടാകും എന്ന് എനിക്ക് ബോദ്ധ്യമുണ്ട്. മതഭക്തരായ ക്രൈസ്തവരും അസൂയമൂലം എന്റെ വിമര്‍ശകരായിത്തീരുന്നു. യേശു ദുരുപദേശം പഠിപ്പിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം. എന്റെ അനുഭവം വ്യത്യസ്തമായിരിക്കയില്ല. പരീശന്മാര്‍ യേശുവിനെ കോടതി കയറ്റി എങ്കില്‍ മതഭക്തരായ ചില ക്രിസ്ത്യാനികള്‍ എന്നെയും കോടതികയറ്റിയതില്‍ അത്ഭുതമില്ല. തന്റെ സ്വന്തഭവനക്കാര്‍തന്നെയായിരുന്നു യേശുവിന്റെ ശത്രുക്കള്‍ (യോഹ. 7:5) എന്റെ അനുഭവം വ്യത്യസ്തമല്ല. യേശുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:”സ്വന്തസഹോദരങ്ങള്‍ നിങ്ങളെ വഞ്ചിക്കയും ന്യായാധിപസംഘത്തിന്റെ മുമ്പാകെ കൊണ്ടുപോകയും ചെയ്യും. എന്റെ ശിഷ്യന്മാരാകയാല്‍ ലോകം നിങ്ങളെ പകയ്ക്കും.” ”അതിന്റെ പ്രവൃത്തികള്‍ ദോഷമുള്ളവയെന്ന് ഞാന്‍ അതിനെക്കുറിച്ച് സാക്ഷ്യം പറയുന്നതിനാല്‍ അത് എന്നെ പകയ്ക്കുന്നു” എന്ന് യേശു പറഞ്ഞത് ഓര്‍ക്കുക. (യോഹ 7:7). ഇത്തരം പീഡകള്‍ ഒഴിവാക്കാനുള്ള ക്രിസ്ത്യാനിയുടെ ഏകമാര്‍ഗ്ഗം മൗനമായിരിക്കുക എന്നതാണ്. എന്നാല്‍ എനിക്ക് കര്‍ത്താവ് തന്നിട്ടുള്ള വാഗ്ദാനങ്ങള്‍ എത്ര ഉറപ്പുള്ളവയാണ്! ”നിന്റെ തലയിലെ ഒരു മുടിപോലും നിലത്തു വീഴുകയില്ല…നിനക്കെതിരേ ഉണ്ടാക്കുന്ന ആയുധം ഒന്നും ഫലിക്കയില്ല…..നിനക്കെതിരേ ന്യായസ്ഥാനത്ത് ഉന്നയിക്കപ്പെടുന്ന എല്ലാ ഭോഷ്‌കിനും എതിരേ നിനക്ക് നീതിലഭിക്കും. ദൈവദാസന്മാര്‍ക്കുള്ള അവകാശം ഇതത്രേ!” (ലൂക്കോ. 21:16-18, യെശ്ശ.54:17. ലിവിംഗ് ബൈബിള്‍)
ചില വര്‍ഷങ്ങള്‍ക്കുമുമ്പ് ബാംഗ്ലൂരിലുള്ള ”സാത്താന്‍സഭക്കാര്‍” എനിക്കെതിരേ ലക്ഷ്യംവച്ച് ‘പ്രാര്‍ത്ഥിക്കുന്നതായി’ ചിലര്‍ എന്നോട് പറഞ്ഞു. ഞാന്‍ ദൈവത്തിന്റെ ദാസനാകയാലും, സാത്താന്റെ രാജ്യത്തിന് ഭീഷണിയായതിനാലും പിശാച് എന്നെ അത്യന്തം വെറുത്തിരുന്നു എന്ന് നേരത്തേ തന്നെ ഞാന്‍ അറിഞ്ഞിരുന്നു. ക്രൂശില്‍ പിശാചിനെ തോല്പിച്ച കര്‍ത്താവിന്റെ ആധിപത്യത്തിന്‍ കീഴില്‍ ഞാന്‍ ആയിരിക്കുന്നതിനാല്‍ സാത്താന് എന്നെയോ എന്റെ കുടുംബത്തെയോ സ്പര്‍ശിക്കുവാന്‍ കഴികയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ശക്തരായ ദൂതന്മാരുടെ ഒരു സൈന്യം എനിക്കും എന്റെ കുടുംബത്തിനും കാവലുണ്ട്. മാത്രമല്ല, നിരന്തരം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ശക്തിയുള്ള ഒരു വിശ്വാസസമൂഹത്തിന്റെ ഭാഗമായി ഞങ്ങള്‍ നിലകൊള്ളുകയും ചെയ്യുന്നു.
അടുത്തകാലത്ത് കര്‍ത്താവ് എന്നോട് പറഞ്ഞു;”ഒരിക്കല്‍ നീ സാത്താനെ ഭയപ്പെട്ട സ്ഥാനത്ത് ഇപ്പോള്‍ മുതല്‍ സാത്താന്‍ നിന്നെ ഭയപ്പെടും. കാരണം, എന്റെ സാന്നിദ്ധ്യം നിന്നോടൊപ്പമുണ്ട്.” സാത്താന്‍ യേശുവിനെ ഭയപ്പെട്ടതുപോലെ നമ്മെയും ഭയപ്പെടാനുള്ള മാര്‍ഗ്ഗം നാമും ദൈവികവെളിച്ചത്തില്‍ നടക്കുക എന്നതാണ്, ”അവന്‍ ഇരിക്കുന്നതുപോലെ ഈ ലോകത്തില്‍ നാമും ഇരിക്കുന്നു” (1 യോഹ. 4:17). അതിനാല്‍ നമുക്ക് സാത്താനെ ഭയപ്പെടേണ്ട ആവശ്യമില്ല.
ഞാന്‍ നേരിട്ട പരിശോധനകളും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളും ഞാന്‍ ദൈവശക്തിയും ദൈവികവിടുതലും അനുഭവിച്ചറിയേണ്ടതിനുവേണ്ടി അവിടുന്നു അനുവദിച്ചതാണ്. മനുഷ്യരില്‍നിന്നും പിശാചുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകളുടെ മുഖത്താണ് ദൈവശക്തി അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത്. അത്തരം അനുഭവങ്ങള്‍ മററുള്ളവരുടെ വിശ്വാസം ഉറപ്പിക്കാനും സഹായമായിട്ടുണ്ട്. ഫലപ്രദമായശുശ്രൂഷ ബൈബിള്‍ പഠനത്തില്‍ നിന്നും ആത്മനിറവില്‍ നിന്നും മാത്രമല്ല, ശോധനകളെ അഭിമുഖീകരിക്കുന്നതിലും അതിജീവിക്കുന്നതിലൂടെയും ആണ്. (2 കൊരി. 1:3-6) അനുഗൃഹീതമായ ഒരു കുടുംബത്തെ കര്‍ത്താവ് എനിക്കു നല്‍കി. ആത്മികവിവേചനവും ലളിതമായ ജീവിതശൈലിയും ഉള്ള അനുഗൃഹീതയായ ഒരു ജീവിതപങ്കാളി. ദാമ്പത്യജീവിതത്തിലെ പിന്നിട്ട 40 വര്‍ഷങ്ങളില്‍ അവള്‍ ക്രിസ്തീയശുശ്രൂഷയില്‍ വിശ്വസ്തയായി എന്നോടൊപ്പം നിന്നു. കര്‍ത്താവിനെ സ്‌നേഹിക്കുന്നതോടൊപ്പം മാതാപിതാക്കളായ ഞങ്ങളേയും സഭയേയും സ്‌നേഹിക്കുന്ന അനുഗൃഹീതരായ നാല് ആണ്‍മക്കളേയും ദൈവം നല്‍കി. ഞങ്ങളുടെ ജീവിതത്തില്‍ ദര്‍ശിച്ച, സഭയിലൂടെ ശ്രവിച്ച ദൈവവചനസത്യങ്ങള്‍ പ്രഘോഷിച്ചുകൊണ്ട് അവര്‍ ഈ തലമുറയില്‍ ദൈവത്തെ സേവിക്കുന്നു.
അഭിഷിക്തരായ ഒരുകൂട്ടം സഹപ്രവര്‍ത്തകരെയും ദൈവം എനിക്കു തന്നു. ഇന്‍ഡ്യയിലും വിദേശത്തുമുള്ള സഭകളില്‍ അവര്‍ ശുശ്രൂഷിക്കുന്നു. സഭാപരിപാലനത്തില്‍ അവര്‍ കാണിക്കുന്ന ഉത്സാഹത്താല്‍ എനിക്ക് മറ്റുസ്ഥലങ്ങളില്‍ ദൈവവചനശുശ്രൂഷയ്ക്കായി സഞ്ചരിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നു.
ആമോസ് 8:11, 12 ല്‍ കാണുംപോലെ യഥാര്‍ത്ഥപ്രവചനശബ്ദത്തിന് കടുത്ത ക്ഷാമമുള്ള ഒരുകാലത്താണ് നാം ജീവിക്കുന്നത്. ദൈവവചനത്തിന്റെ പുതിയ വെളിപ്പാടുകള്‍ വിരളമായിരിക്കുന്നു. പ്രസംഗകര്‍ പണസ്‌നേഹികളായിരിക്കുന്നു. വിരസമായ പ്രസംഗങ്ങള്‍കൊണ്ടും നിരന്തരം നേതാക്കളില്‍നിന്നും കേള്‍ക്കുന്ന പണത്തിനായുള്ള ആഹ്വാനം കൊണ്ടും അനേകം ക്രിസ്തീയസമൂഹങ്ങളിലെ വിശ്വാസികള്‍ മടുത്തിരിക്കുന്നു. ഇങ്ങനെയുള്ള കാലത്ത് അവിടവിടെയായി പല രാജ്യങ്ങളിലും ദൈവം പ്രവാചകശബ്ദം കേള്‍പ്പിക്കുന്നു എന്നതില്‍ നാം ദൈവത്തെ സ്തുതിക്കുന്നു. പലക്രിസ്തീയവിഭാഗങ്ങളിലും ഉള്ള വിശ്വാസികളോട് ജീവിതസ്പര്‍ശിയായ പ്രവചനശബ്ദം അറിയിക്കാന്‍ ഒരു ചെറിയ ശുശ്രൂഷ ഞങ്ങള്‍ക്കും ദൈവം നല്‍കി എന്നതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഈ വചനങ്ങള്‍ ശ്രവിക്കുന്ന ചിലര്‍ അതേ സന്ദേശങ്ങള്‍ അവരുടെ സഭകളില്‍ പ്രസംഗിക്കുന്നുണ്ട്. ഈ സഭകള്‍ ഒരിക്കലും എന്നെ പ്രസംഗിക്കാന്‍ വിളിക്കുകയില്ല! ഈ വിധം മനുഷ്യനിര്‍മ്മിതമായ എല്ലാ തടസ്സങ്ങളേയും ദൈവം മറികടക്കുന്നു. ക്രിസ്തുവിന്റെ ശരീരമാംസഭയിലുള്ള ഞങ്ങളുടെ ശുശ്രൂഷ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് എന്നറിയാം. എന്നാല്‍ ഈ കാലഘട്ടത്തിനായി ദൈവം നല്‍കിയിരിക്കുന്ന ആ ചെറിയ ശുശ്രൂഷ വിശ്വസ്തതയോടെ നിറവേറ്റണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.
എന്റെ മുമ്പിലുള്ള പാത ബുദ്ധിമുട്ടുള്ളതോ എളുപ്പമോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ അത്യുത്തമമായത് ദൈവം എനിക്കുവേണ്ടി തെരഞ്ഞെടുക്കും എന്നും, എല്ലായ്‌പ്പോഴും എന്നെ ക്രിസ്തുവില്‍ ജയത്തോടെ നടത്തും എന്നും ഉറപ്പാണ്. (2 കൊരി 2:14). പിശാചിനെതിരെ എല്ലായ്‌പ്പോഴും ദൈവം എന്റെ പക്ഷത്താകയാല്‍ എല്ലാ സാഹചര്യങ്ങളിലും ഞാന്‍ ജയാളികളെക്കാള്‍ ജയാളിയായിരിക്കും.
‘മുന്‍നിര്‍ണ്ണയം’ എന്നതിന്റെ അര്‍ത്ഥം എന്റെ ആത്യന്തികലക്ഷ്യം ദൈവം മുന്നമേ നിര്‍ണ്ണയിച്ചിരിക്കുന്നു എന്നാണല്ലോ? ആ ലക്ഷ്യം കേവലം സ്വര്‍ഗ്ഗമല്ല, പൂര്‍ണ്ണമായും ക്രിസ്തുവിനോട് അനുരൂപനാകുന്നതാണ് (റോമര്‍ 8:29) ഓരോ ദിവസവും ആ ലക്ഷ്യത്തിലേക്ക് ദൈവം എന്നെ കൂടുതല്‍ അടുപ്പിക്കുന്നു. ഹല്ലേലുയ്യാ!! ആ മഹത്വപൂര്‍ണ്ണമായ ലക്ഷ്യത്തിലേക്കുള്ള പാത ഈ ലോകത്തില്‍ അല്പം കഷ്ടതകളിലൂടെ ആണെങ്കില്‍ അതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്റെ പ്രാണപ്രിയനായ കര്‍ത്താവിനെ മുഖാമുഖം കാണുമ്പോള്‍ ‘നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ’ എന്ന് അവിടുന്ന് പറയുന്നത് കേള്‍ക്കാന്‍ എനിക്ക് ഇടയാകണം. അതുമാത്രമാണെന്റെ ആശ. ആമേന്‍!!