നിങ്ങളുടെ പാപങ്ങൾ ദൈവത്തോടു മാത്രം ഏറ്റുപറയുക – WFTW 25 ജൂൺ 2023

സാക് പുന്നന്‍

റോമൻ കത്തോലിക്ക സഭയിൽ, ജനങ്ങൾ തങ്ങളുടെ പാപങ്ങൾ പുരോഹിതന്മാരോട് ഏറ്റുപറയുന്ന ഒരു ആചാരം അവർക്ക് ഉണ്ട്. ചില പ്രൊട്ടസ്റ്റൻ്റ് സഭകളും വിശ്വാസികളെ തങ്ങളുടെ പാപങ്ങൾ തമ്മിൽ തമ്മിൽ ഏറ്റുപറയുവാൻ ഉത്സാഹിപ്പിക്കുകയും ഓരോ വിശ്വാസിക്കും പതിവായി തൻ്റെ പാപങ്ങൾ ഏറ്റുപറയാൻ കഴിയുന്ന ഒരു “ഉത്തരവാദിത്ത പങ്കാളി” ഉണ്ടായിരിക്കണം എന്നു പഠിപ്പിക്കുകയും ചെയ്യുന്നു, അത് പാപത്തെ ജയിക്കാനുള്ള ഒരു മാർഗ്ഗമായി കണ്ട് ചെയ്യുന്നു. പുതിയ നിയമത്തിൽ ഒരിടത്തും അങ്ങനെയൊരു പഠിപ്പിക്കൽ കാണുന്നില്ല. അത് മനുഷ്യ മനശാസ്ത്രത്തിൻ്റെ പഠിപ്പിക്കൽ ആണ് പരിശുദ്ധാത്മാവിൻ്റേതല്ല. എന്നിട്ടും, അനേകം വിശ്വാസികൾ ഈ വ്യാജ ഉപദേശം അന്ധമായി കൈക്കൊണ്ട് ആചരിക്കുന്നു.

ബൈബിൾ ഒരിക്കലും ഒരിടത്തും ഒരു ഉത്തരവാദിത്ത പങ്കാളി ഉണ്ടായിരിക്കുന്നതിനെ കുറിച്ചു പറയുന്നില്ല. ആ രീതിയിൽ പാപത്തെ ഒഴിവാക്കുന്നത് വാസ്തവത്തിൽ മനുഷ്യനെ ഭയപ്പെടുന്നതിലൂടെ വിശുദ്ധിയെ പിൻതുടരുന്നതാണ്- ഒരുവൻ “ഉത്തരവാദിത്ത പങ്കാളിയോട്” എറ്റുപറയുന്ന നാണക്കേടു കൊണ്ട് പാപത്തെ ഒഴിവാക്കുന്നത്. എന്നാൽ വേദപുസ്തകം പറയുന്നത് ദൈവഭയത്തിൽ വിശുദ്ധിയെ തികയ്ക്കുവാനാണ്- മനുഷ്യ ഭയത്തിലല്ല (2കൊരി. 7:1). നാം ദൈവത്തോട് ആണ് കണക്കു പറയേണ്ടത്- “അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്” ( എബ്രാ. 4:13 ).

നാം നമ്മുടെ പാപങ്ങൾ കർത്താവിനോടു മാത്രമാണ് ഏറ്റുപറയേണ്ടത്. യാക്കോബ് 5:16ൽ പറയുന്ന, “തമ്മിൽ തമ്മിൽ നിങ്ങളുടെ പാപങ്ങളെ ഏറ്റുപറയുവിൻ” എന്ന കല്പന പലപ്പോഴും സന്ദർഭത്തിനു പുറത്തെടുക്കപ്പെടുന്നു. അത് രോഗിയായിരിക്കുന്ന ഒരു വിശ്വാസിക്കു വേണ്ടി അയാളുടെ സഭയിലെ മൂപ്പന്മാർ പ്രാർത്ഥിക്കുന്ന ഒരു സന്ദർഭത്തെ കുറിച്ചാണെന്ന് അവിടെ വ്യക്തമാണ്. ചില സമയങ്ങളിൽ പാപം കാരണം രോഗമുണ്ടാകാം അതുകൊണ്ട് (യോഹന്നാൻ 5:14ൽ നാം കാണുന്നതുപോലെ), “അവൻ സൗഖ്യമാകേണ്ടതിന്” ആ രോഗിയോട് അവൻ്റെ പാപങ്ങൾ (അവൻ്റെ രോഗത്തിനു കാരണമായേക്കാവുന്നവ) എറ്റുപറയാൻ ആവശ്യപ്പെടുന്നു.

അത് മറ്റു വിശ്വാസികളോട് തങ്ങളുടെ പാപങ്ങളെ ഏറ്റുപറയാൻ വിശ്വാസികളെ പഠിപ്പിക്കുകയല്ല. ഏതൊരു വാക്യവും സന്ദർഭത്തിനു പുറത്തെടുക്കുന്നത് വളരെ അപകടകരമാണ്‌. സന്ദർഭത്തിനു പുറത്തെടുക്കപ്പെട്ട ഒരു വാക്യം മിക്കപ്പോഴും വ്യാജ ഉപദേശത്തിന് മുടക്കു ന്യായമായി തീരുന്നു. അതുകൊണ്ട് എല്ലാ വാക്യങ്ങളും അതിനോട് ഏറ്റവും അടുത്ത സന്ദർഭത്തിൽ പഠിക്കുന്നതിനും അതേ വിഷയത്തെ കുറിച്ചുള്ള മറ്റു വാക്യങ്ങളുമായി അവയെ താരതമ്യം ചെയ്യുന്നതിനും ശ്രദ്ധയുള്ളവരായിരിക്കുക.

ഒരു മനുഷ്യനോട് നാം ഏറ്റു പറയേണ്ട ഒരേ ഒരു പാപം നാം അയാൾക്കു വിരോധമായി ചെയ്ത പാപമാണ്- ഉദാഹരണത്തിന്, നാം അയാളെ ഏതെങ്കിലും വിധത്തിൽ കബളിപ്പിക്കുക അല്ലെങ്കിൽ മുറിവേൽപ്പിക്കുക മുതലായവ ചെയ്തിട്ടുണ്ടെങ്കിൽ (മത്താ.5:23 , 24) – ഈ കാര്യം എപ്പോഴും ഓർക്കുക.

നാം നമ്മുടെ കഴിഞ്ഞ കാല പാപങ്ങളുടെ വിശദാംശങ്ങൾ ഒരിക്കലും, ആരോടും പറയരുത്, കാരണം അത് സാത്താനെ (ആ പാപങ്ങൾ നമ്മെ കൊണ്ടു ചെയ്യിച്ചവനെ) മഹത്വപ്പെടുത്തുകയും നമ്മുടെ ഏറ്റുപറച്ചിലുകൾ കേൾക്കുന്നവരുടെ മനസ്സിനെ മലിനപ്പെടുത്തുകയും ചെയ്യുന്നു. നാം ഇപ്പോൾ ദൈവത്തെ മഹത്വപ്പെടുത്തുന്നത് നാം ക്രിസ്തുവിൻ്റെ രക്തത്താൽ നിർമ്മലീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും (ഞാൻ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തതു പോലെ) ചെയ്തിരിക്കുന്നു എന്നു പ്രഖ്യാപിക്കുന്നതിലൂടെയാണ്. ഇതു നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ ഓർക്കണം. നാം തീർച്ചയായും ദൈവകൃപയാൽ രക്ഷിക്കപ്പെട്ട പാപികളാണെന്ന് എപ്പോഴും സമ്മതിക്കണം. എന്നാൽ നാം ഒരിക്കലും നമ്മുടെ പാപങ്ങളുടെ വിശദാംശങ്ങൾ ദൈവത്തോടല്ലാതെ വേറെ ആരോടും പറയരുത്. ഇതാണ് പുതിയ ഉടമ്പടി മാർഗ്ഗം.

തങ്ങളുടെ സാക്ഷ്യം പറയുമ്പോൾ എല്ലാ വിശ്വാസികളും എല്ലായ്പോഴും ദൈവം അവരിൽ ചെയ്തിരിക്കുന്ന പ്രവൃത്തികൾക്കായി ദൈവത്തെ മഹത്വപ്പെടുത്തണം (ഗുണകരമായ കാര്യങ്ങൾ), അല്ലാതെ ഒരിക്കലും തങ്ങളുടെ മാനസാന്തരപ്പെടാത്ത ഭൂത കാലത്തു അവരെക്കൊണ്ട് സാത്താൻ ചെയ്യിച്ച കാര്യങ്ങളുടെ വിശദീകരണം പറഞ്ഞ് ഒരിക്കലും സാത്താനെ മഹത്വപ്പെടുത്തരുത്. നാം പാപികൾ, പിന്മാറ്റക്കാർ അല്ലെങ്കിൽ മത്സരികൾ തുടങ്ങിയവർ ആയിരുന്നു എന്നു പറഞ്ഞാൽ മതി.

പത്രൊസ് തൻ്റെ ലേഖനങ്ങളിൽ, താൻ കർത്താവിനെ തള്ളിപ്പറഞ്ഞതിനെ കുറിച്ചല്ല, മറുരൂപമലയിലെ അനുഭവങ്ങളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത് എന്നു കണ്ട് ഞാൻ വ്യക്തിപരമായി പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നു (2 പത്രൊ. 1: 17,18). അതുപോലെ, പൗലൊസ് യഹൂദന്മാരോടും (അപ്പൊ.പ്ര.22) അഗ്രിപ്പാവിനോടും (അപ്പൊ. പ്ര.26) തൻ്റെ സാക്ഷ്യം നൽകുമ്പോൾ, കർത്താവുമായുള്ള തൻ്റെ കൂടിക്കാഴ്ചയെ കുറിച്ചാണ് വിശദമായി പറയുന്നത്, താൻ ക്രിസ്ത്യാനികളെ ഉപദ്രവിച്ചതിനെ കുറിച്ച് വളരെ അല്പം മാത്രമേ പറയുന്നുള്ളു. പ്രത്യേക പാപങ്ങളുടെ ഏറ്റുപറച്ചിൽ എന്നത് റോമൻ കത്തോലികവും വിജാതീയ സങ്കല്പവുമാണ്, നിർഭാഗ്യവശാൽ ചില പ്രൊട്ടസ്റ്റൻ്റ് എഴുത്തുകാരും ഈ നാളുകളിൽ അതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് സ്വയം ഉണ്ടാക്കിയ മതത്തിലും സ്വാപമാനത്തിലും ഉള്ള ജ്ഞാനത്തിൻ്റെ രൂപമാണ്, എന്നാൽ വാസ്തവത്തിൽ ഇത് ഒരു വിലയുമില്ലാത്തതാണ് (കൊലൊ: 2:23). സ്വാപമാനം എന്നത് വിനയം അല്ല- അത് ജ്ഞാനവും (വിവേകവും) അല്ല. വിവേകം (ജ്ഞാനം) ആണ് നമ്മുടെ ഏറ്റവും വലിയ ആവശ്യം.