ദൈവത്തിൻ്റെ കുടുംബത്തിൽ പ്രമോദിക്കുന്നത് – WFTW 23 ജൂൺ 2024

ജെറമി അറ്റ്ലി

(മൂപ്പൻ, എൻ സി സി എഫ്‌ ചർച്ച്, സാൻജോസ്, കാലിഫോർണിയ യു എസ് എ)

“ഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാർ തന്നെ” (സങ്കീർ. 16:3).

വിശുദ്ധന്മാരിൽ “പ്രസാദിക്കുക” (പ്രമോദിക്കുക) എന്നാൽ പ്രായോഗികമായ അർത്ഥം എന്താണ്?

അടുത്തിടെ ഞങ്ങളുടെ കുടുംബത്തിലുണ്ടായ ഒരു അനുഭവം പുതിയ വെളിച്ചത്തിൽ ഈ വാക്യം കാണാൻ എന്നെ സഹായിച്ചു, തന്നെയുമല്ല ഈ മനോഭാവം കർത്താവിന് എത്ര വിലയേറിയതാണെന്നു കാണുവാനും അത് എന്നെ സഹായിച്ചു.

യഥാർഥ കഥ: ഞങ്ങളുടെ ഒരു വയസ്സുള്ള മകൾ നടക്കാൻ പഠിക്കുന്നതിന്റെ തുടക്കത്തിലാണ്. അവളെത്തന്നെ സംതുലിതാവസ്ഥയിൽ നിർത്താൻ അവൾ മിക്കപ്പോഴും ഫർണിച്ചറിൽ പിടിക്കും, എന്നാൽ ഒരു ഇടനാഴി ദൂരം പോലും താങ്ങില്ലാതെ നടക്കാൻ അവൾ ഒരിക്കലും ധൈര്യപ്പെട്ടിട്ടില്ല.

പിന്നീട് ഒരു പ്രത്യേക ദിവസം, അവൾ സ്വതന്ത്രയായി, ചിരിച്ചുകൊണ്ട് എങ്കിലും ആടി ആടി ലിവിംഗ് റൂമിനു കുറുകെ ഞാൻ നിന്ന ഇടത്തേക്ക് നടക്കാൻ തുടങ്ങി, ഞാൻ പുളകിതനായി! അവൾക്ക് തൻ്റെ ആദ്യശ്രമത്തിൽ തന്നെ ആ മുറി നടക്കാൻ കഴിയുമോ എന്നു കാണാൻ വേണ്ടി ഞാൻ അവൾക്കുവേണ്ടി സന്തോഷത്താൽ പ്രോത്സാഹന ശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.

എന്നാൽ എൻ്റെ സന്തോഷം പൂർണമായും മറ്റൊരു നിലയിലേക്കു വർദ്ധിപ്പിച്ച, അപ്രതീക്ഷിതമായ ചില കാര്യങ്ങൾ അപ്പോൾ സംഭവിച്ചു. ഇല്ല, പിച്ചവച്ചു നടക്കുന്ന കുഞ്ഞ് വേഗത്തിൽ കുതിച്ചോടാൻ തുടങ്ങിയില്ല; അവളുടെ മൂത്ത സഹോദരി എൻ്റെ അടുത്തേക്കു വന്ന്, എന്നോട് ചേർന്ന് അവൾക്കുവേണ്ടി ആർപ്പു വിളിക്കാൻ തുടങ്ങി. പിച്ചവച്ചു നടക്കുന്ന കുഞ്ഞിൻ്റെ കാര്യത്തിൽ എനിക്കുള്ള ആഹ്ലാദം പങ്കുവയ്ക്കാൻ എൻ്റെ മൂത്ത പെൺകുട്ടികളിൽ ഒരാൾ വരുന്നതു കണ്ട് എൻ്റെ സന്തോഷം എത്രമാത്രം വർദ്ധിച്ചു എന്നു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി.

സത്യസന്ധമായി പറഞ്ഞാൽ ചെറിയ കുട്ടിയുടെ നടക്കാനുള്ള ശ്രമത്തിലുള്ളതിനേക്കാൾ അധികം എൻ്റെ മൂത്ത കുട്ടിയുടെ പ്രമോദത്തിൽ ഞാൻ കൂടുതൽ ആഹ്ലാദിച്ചിട്ടുണ്ടാകണം. ഈ കഥ വർഷങ്ങളോളം വിവിധ രൂപത്തിൽ പലതവണ ആവർത്തിക്കപ്പെട്ടു, അപ്പോഴെല്ലാം എന്നിൽ തട്ടിയ ഒരു പാഠം: എൻ്റെ കുഞ്ഞുങ്ങൾ തമ്മിൽ തമ്മിൽ പ്രമോദിക്കുമ്പോൾ – ഒരാൾ മറ്റെയാളിൻ്റെ വളർച്ചയിൽ, അവരുടെ നിസ്തുല്യമായ വരങ്ങളിൽ മുതലായവ – ഒരു പിതാവെന്ന നിലയിൽ അത് എൻ്റെ ഹൃദയത്തിലേക്ക് ഒരു പ്രത്യേക സന്തോഷം കൊണ്ടുവരുന്നു. ഞാൻ യഥാർഥ സ്നേഹത്തിൽ ക്രിസ്തുവിലുള്ള എൻ്റെ സഹോദരീ സഹോദരന്മാരിൽ പ്രമോദിക്കുമ്പോൾ എനിക്ക് എങ്ങനെ എൻ്റെ സ്വർഗീയ പിതാവിൻ്റെ ഹൃദയത്തിലേക്ക് ഒരു പ്രത്യേക സന്തോഷം കൊണ്ടുവരാൻ കഴിയും എന്ന് അത് എന്നെ പഠിപ്പിച്ചിരിക്കുന്നു.

“ശരിയായ വിധം” വിദ്യാഭ്യാസം ലഭിച്ചതും വളരെ പരിഷ്കൃതമായതുമായ നമ്മുടെ മനസ്സിൽ, ദൈവത്തിൻ്റെ കുടുംബത്തിലുള്ള മറ്റ് അംഗങ്ങളിൽ പ്രമോദിക്കുന്നതു പോലെയുള്ള കാര്യങ്ങൾ ക്രിസ്തുവിനോടുള്ള സ്നേഹത്തിൻ്റെ പരിധിയ്ക്കു താഴെയാണ് എന്നു ചിന്തിക്കാൻ എളുപ്പമാണ്. എന്നുവരികിലും ഏറ്റവും പക്വത വന്ന ഒരു ക്രിസ്ത്യാനിയിൽ നിന്നും ദൈവത്തിൻ്റെ കുടുംബത്തിലുള്ള മറ്റുള്ളവരോടുള്ള ഒട്ടും ലജ്ജയില്ലാത്ത ചില സ്നേഹപ്രകടനങ്ങൾ നാം കാണുന്നു:

“ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചു കൊണ്ട് നിങ്ങൾക്കു ദൈവത്തിൻ്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വച്ചു തരുവാൻ ഒരുക്കമായിരിരുന്നു” (1 തെസ്സ.2:8).

“തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എൻ്റെ മകനായ ഒനേസിമൊസിനു വേണ്ടി ആകുന്നു ഞാൻ നിന്നോട് അപേക്ഷിക്കുന്നത്… എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു” (ഫിലേമൊ.1: 10,12).

“അവൻ രോഗം പിടിച്ചു മരിപ്പാറായിരുന്നു സത്യം, എങ്കിലും ദൈവം അവനോടു കരുണ ചെയ്തു; അവനോടു മാത്രമല്ല എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു” (ഫിലി. 2:27).

“കണ്ണിനു കൈയോട് ‘നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല’ എന്നും തലയ്ക്കു കാലുകളോട്, ‘നിങ്ങളെക്കൊണ്ട് എനിക്കാവശ്യമില്ല’ എന്നും പറഞ്ഞുകൂടാ… എന്നാൽ ശരീരത്തിൽ ഭിന്നത വരാതെ, അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി ദൈവം കുറവ് ഉള്ളതിന് അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു” (1 കൊരി. 12:21,25 -മലയാളം ബൈബിൾ).

“ക്രിസ്തുയേശുവിൻ്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ എത്ര വാഞ്ഛിക്കുന്നു എന്നതിനു ദൈവം സാക്ഷി” (ഫിലി. 1:8).

“നിങ്ങൾ കർത്താവിൽ നിലനിൽക്കുന്നു എന്നറിഞ്ഞ് ഞങ്ങൾ വീണ്ടും ജീവിക്കുന്നു” (1 തെസ്സ. 3:8).

സഭയ്ക്കു വേണ്ടിയുള്ള സ്നേഹത്തിനു പൗലൊസിന്റെ മാതൃക പരിഗണിക്കുന്നത് എനിക്ക് ഒരു വലിയ വെല്ലുവിളിയാണ്. “ഞാൻ സഭയെ സ്നേഹിക്കുന്നു” എന്നു പറയുന്നത് എളുപ്പമാണ്; എന്നാൽ ക്രിസ്തുവിൻ്റെ ശരീരത്തിലെ ശ്രേഷ്ഠരായ മറ്റ് അംഗങ്ങളോട് എനിക്കുള്ള വാത്സല്യം ഇവിടെ തന്നിരിക്കുന്ന മാതൃകയോട് സത്യസന്ധമായി താരതമ്യം ചെയ്യുന്നത് മറ്റൊരു കാര്യമാണ്. മറ്റുള്ളവരുടെ വളർച്ചയിലും അവർക്കുള്ള വരങ്ങളിലും ഞാൻ പ്രമോദിക്കുന്നുണ്ടോ? ഞാൻ കർത്താവിൻ്റെ (അവർക്കു വേണ്ടി പക്ഷപാതം ചെയ്യുവാൻ സദാ ജീവിക്കുന്നവൻ്റെ – എബ്രാ. 7:25) കൂടെ ചേർന്നു വന്ന്, എൻ്റെ മൂത്തമകൾ ഇളയ കുഞ്ഞിനുവേണ്ടി ചെയ്തതുപോലെ ക്രിസ്തുവിലുള്ള എൻ്റെ സഹോദരീ സഹോദരന്മാർക്കുവേണ്ടി ശബ്ദഘോഷം ഉയർത്താറുണ്ടോ?

പ്രമോദിക്കുന്നതിന്റെ വിപരീതം എന്താണ്?

എല്ലാ തരത്തിലുമുള്ള വെറുപ്പിൽ നിന്നും നമ്മെ തന്നെ ശുദ്ധീകരിക്കുന്ന കാര്യം വളരെ പ്രാധാന്യമുള്ളതാണ്. നമുക്ക് ബുദ്ധിഹീനമായി നമ്മെ തന്നെ അഭിനന്ദിക്കാനും മറ്റുള്ളവരോട് നമുക്കൊരു വിദ്വേഷവും ഇല്ല, അല്ലെങ്കിൽ ഞങ്ങൾ ഏഷണി പറയുന്നില്ല, അല്ലെങ്കിൽ ഞങ്ങൾ അപവാദം പറയുന്നില്ല തുടങ്ങിയ കാര്യങ്ങളിൽ പുകഴാനും കഴിയും കൂടാതെ ഇവയൊക്കെയാണ് പ്രമോദിക്കുന്നതിന്റെ എതിരായുള്ള കാര്യങ്ങൾ എന്നു ചിന്തിക്കുകയും ചെയ്യും. എന്നാൽ പ്രമോദിക്കുക എന്നതിന് എതിരായി സൂക്ഷിക്കേണ്ട വളരെ അപകടകാരിയായ ഒരു കാര്യമുണ്ട് എന്നു ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് നിസ്സംഗതയാണ്.

“ഞങ്ങൾ നോമ്പു നോൽക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതായിരിക്കുന്നതെന്ത്? (യഹോവ അരുളി ചെയ്യുന്നു,) ഇതാ, നിങ്ങൾ നോമ്പുനോൽക്കുന്ന ദിവസത്തിൽ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാ വേലക്കാരെയും കൊണ്ടു അധ്വാനിപ്പിക്കുകയും ചെയ്യുന്നു… അന്യായ ബന്ധനങ്ങളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്കുക; എല്ലാം നുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കിഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവനു നിൻ്റെ അപ്പം നുറുക്കി കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിൻ്റെ വീട്ടിൽ ചേർത്തു കൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിൻ്റെ മാംസ രക്തങ്ങൾക്കു നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ? അപ്പോൾ നിൻ്റെ വെളിച്ചം ഉഷസ്സു പോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതി വരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിൻ്റെ പിമ്പട ആയിരിക്കും” (യെശയ്യ 58:3, 6-8).

ദിനംതോറും അവിടുത്തെ അറിയുവാൻ അന്വേഷിച്ച ജനങ്ങളോട് ദൈവം പ്രഖ്യാപിച്ച പാപം (യെശ.58:1-2). അശ്രദ്ധയുടെ പാപം, നിസ്സസംഗതയുടെ പാപം, അവഗണനയുടെ പാപം എന്നിവയായിരുന്നു. അവർ ദൈവത്തെ അറിയാൻ ആഗ്രഹിക്കുകയും അവിടുത്തെ വഴികൾ അറിയാൻ ഇഷ്ടപ്പെടുകയും ചെയ്തു, എന്നിട്ടും അവർ കുറ്റക്കാരെന്നു കാണപ്പെട്ടു കാരണം ആ ഉദ്യമത്തിന് തങ്ങളുടെ സഹോദരി സഹോദരന്മാരുമായി ഒന്നും ചെയ്യാനില്ലെന്ന് അവർ അനുമാനിച്ചു! അവർ ചിന്തിച്ചത് അവർക്ക് ദൈവത്തെ അന്വേഷിക്കുകയും അവിടുത്തെ കുടുംബത്തോട് നിസ്സംഗതയിൽ തുടരുവാൻ കഴിയുകയും ചെയ്യുമെന്നാണ്!

നാം കർത്താവിനോടൊത്തു നടക്കുമ്പോൾ, തീർച്ചയായും ചെയ്തികളിലൂടെയുള്ള പാപങ്ങളെ കൈകാര്യം ചെയ്യാൻ അവിടുന്ന് ആഗ്രഹിക്കുന്നു (വെറുപ്പ്, ഏഷണി പറിച്ചിൽ, അപവാദം പറയുക മുതലായവ), എന്നാൽ അതിലുമധികം, നാം ചെയ്യേണ്ടതു ചെയ്യാതിരിക്കുന്നതു മൂലമുള്ള ഓരോ പാപത്തെയും എടുത്തുപറയാൻ അവിടുന്ന് ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് നമ്മുടെ ഹൃദയങ്ങളിലുള്ള സ്നേഹത്തിൻ്റെ അഭാവം. നമ്മുടെ ആവശ്യത്തിനുവേണ്ടി മാത്രം അവിടുത്തെ സ്നേഹം കൊണ്ടു നമ്മെ നിറയ്ക്കാനല്ല അവിടുത്തെ ആഗ്രഹം, എന്നാൽ നമ്മെ നിറച്ചിട്ട് മറ്റുള്ളവർക്കു വേണ്ടി അതു കവിഞ്ഞൊഴുകാനാണ് (യോഹ.7:38). അതു വിശ്വസിക്കാൻ പ്രയാസമാണ്, എന്നാൽ ദൈവവചനം പറയുന്നത് നിസ്സംഗത (താല്പര്യമില്ലായ്മ) എന്നത് വാസ്തവത്തിൽ തികഞ്ഞ വെറുപ്പിനെ (പക)ക്കാൾ ചീത്തയാണ് – “ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എൻ്റെ വായിൽ നിന്ന് ഉമിണ്ണുകളയും” (വെളി.3:15-16)- ദൈവം വാസ്തവത്തിൽ ശൈത്യത്തെയാണ് ശീതോഷ്ണാവസ്ഥയെക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്നത്!!

പ്രവൃത്തികളിൽ (ഞാൻ ചെയ്യുന്ന തെറ്റുകൾ) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഞാൻ പാടെ അവഗണിക്കുന്ന കാര്യങ്ങളിൽ (ഞാൻ ചെയ്യാതെ വിട്ടുകളയുന്നവ) ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ വളരെ എളുപ്പമാണ് എന്നു ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ചീത്ത കാര്യങ്ങൾ (തണുപ്പ്) ഉപേക്ഷിക്കുന്നതുകൊണ്ടുമാത്രം ദൈവം തൃപ്തനാകുന്നില്ല, നമ്മെ നിസ്സംഗതയിൽ (ശീതോഷ്ണാവസ്ഥയിൽ) വിട്ടു കളയാൻ വേണ്ടി മാത്രം; നാം അവിടുത്തെ നന്മ കൊണ്ട് (ജ്വലിക്കുന്ന ഊഷ്മളമായ സ്നേഹം) തുളുമ്പുവാൻ തക്കവണ്ണം നമ്മെ നിറയ്ക്കുവാൻ അവിടുന്നാഗ്രഹിക്കുന്നു; അവിടുത്തെ കൃപയാൽ കടന്നു പോകാൻ നാം അന്വേഷിക്കേണ്ട ആപൽഘട്ടങ്ങൾ ശൂന്യത, ശീതോഷ്ണാവസ്ഥ, കരുതലില്ലായ്മ കൂടാതെ നിസ്സംഗത ഇവയുടെ മരുഭൂമിയാണ്.

“അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ട്, നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞു നടക്കുന്നു. കാണാഞ്ഞിട്ട്, ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്ന്, അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടതയേറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവയും അതിൽ കടന്നു പാർത്തിട്ട് ആ മനുഷ്യൻ്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനെക്കാൾ വല്ലാതെയായി ഭവിക്കും” (ലൂക്കോ. 11:24-26).

വെറുപ്പ് (പക) നമ്മുടെ ആത്മാവിന് എത്രമാത്രം അപകടകരമാണോ അതുപോലെ തന്നെ ക്രിസ്തുവിന്റെ ശരീരത്തിലെ കരുതലില്ലായ്മ (അശ്രദ്ധ) ഓരോ അംശത്തിലും അപകടകരമാണ് എന്നു നാം കാണേണ്ടതുണ്ട്. നാം അതു കണ്ടാൽ, മറ്റു സഹോദരീ സഹോദരന്മാരോട് നമുക്കുള്ള നിസംഗതയുടെ മേൽ നമുക്കു വെളിപ്പാടു തരേണമെന്നു നാം കർത്താവിനോടു ചോദിക്കും. നമ്മുടെ സ്നേഹത്തിൻ്റെ എല്ലാ അഭാവവും ഓർത്ത് മാനസാന്തരപ്പെടുവാൻ അവിടുത്തെ ദയ നമ്മേ നയിക്കട്ടെ തന്നെയുമല്ല അവിടുത്തെ കുടുംബത്തോടുള്ള അവിടുത്തെ പ്രമോദത്തിൻ്റെ നിറവിനാൽ നമ്മുടെ ഹൃദയങ്ങളെ അവിടുന്നു കവിഞ്ഞൊഴുകു മാറാക്കട്ടെ. ഒരു പിതാവെന്ന നിലയിൽ എനിക്കുണ്ടായ വർധിച്ച സന്തോഷത്തിന്റെ അനുഭവം പ്രതിഫലിപ്പിക്കാൻ അതെന്നെ വളരെയധികം സഹായിച്ചു, കൂടാതെ നാം അവിടുത്തെ കുടുംബത്തിനുവേണ്ടി ദൈവത്തിൻ്റെ ഹൃദയം പങ്കുവയ്ക്കുമ്പോൾ, അവിടുത്തെ സന്തോഷം വർദ്ധിപ്പിക്കുവാനുള്ള അവസരം നമുക്കുണ്ടാകുന്നു എന്ന് ഓർക്കുവാനും എന്നെ സഹായിച്ചു.

“ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എൻ്റെ കൽപ്പന” (യോഹ. 15:12).

“എന്നാൽ എല്ലാറ്റിൻ്റെയും അവസാനം സമീപിച്ചിരിക്കുന്നു… സകലത്തിനും മുമ്പേ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ, കാരണം സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു” (1 പത്രൊ. 4:7-8).

“അധർമ്മം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും. എന്നാൽ അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ (ദൈവത്തിൻ്റെ ഉജ്ജ്വല സ്നേഹത്തിൽ) രക്ഷിക്കപ്പെടും” (മത്താ. 24:12-13).