സ്വർണ്ണവും വെള്ളിയും ചെമ്പും നിക്കലും

യെഹൂദാ റബി റെബ് മോട്ടേൽ തന്നെ കാണാൻ വന്ന ദൈവഭക്തനായ ചെറുപ്പക്കാരനോട് അവന്റെ ദിനചര്യകൾ തിരക്കി. അവൻ പറഞ്ഞു: “പച്ചക്കറി സാധനങ്ങൾ വാങ്ങി വിറ്റു ജീവിക്കുന്നവനാണു ഞാൻ. അതുകൊണ്ട് ഉണരുമ്പോൾ നേരെ ചന്തയിൽ പോയി അവ വാങ്ങും. പിന്നെ വന്ന് പ്രാർത്ഥിച്ചിട്ട് അവ വിൽക്കാൻ പോകും.

“ആദ്യം തന്നെ പ്രാർത്ഥിക്കാൻ സമയം എടുത്തിട്ടു സാധനം വാങ്ങാൻ പോയാൽ പോരേ?”
റബി ചോദിച്ചു.

“അപ്പോൾ നല്ല പച്ചക്കറികൾ തീർന്നുപോകും. പിന്നെ മോശമായതേ ലഭിക്കുകയുള്ളൂ” മറുപടി.

ഉടനെ റബി ഒരു കഥ പറഞ്ഞു. ഒരാൾ തന്റെ സമ്പാദ്യങ്ങളെല്ലാം പല സഞ്ചികളിലായി കെട്ടിവച്ചു. ആദ്യസഞ്ചിയിൽ സ്വർണനാണയങ്ങൾ. രണ്ടാമത്തേതിൽ വെള്ളി. മൂന്നാമത്തെ സഞ്ചിയിൽ നിക്കൽ. ഒടുവിലത്തെ സഞ്ചിയിൽ ചെമ്പു നാണയങ്ങൾ. അയാൾ പണവുമായി നാട്ടിലേക്കു പോകുന്ന വഴിക്ക് ഒരു സത്രത്തിൽ എത്തി. ഉറങ്ങുന്നതിനു മുമ്പ് അയാൾ തന്റെ നാലു സഞ്ചികളും സത്രം ഉടമയെ സൂക്ഷിക്കാനേൽപ്പിച്ചു.

അടുത്ത ദിവസം പോകുന്നതിനു മുൻപ് സത്രം ഉടമ സഞ്ചികൾ വഴിയാത്രക്കാരനെ തിരിച്ചേൽപ്പിച്ചു. അയാൾ അപ്പോൾ ആദ്യസഞ്ചി തുറന്നു സ്വർണ്ണനാണയങ്ങൾ എല്ലാം എണ്ണിനോക്കി. അതു കൃത്യം. തുടർന്ന് വെള്ളി, നിക്കൽ, ചെമ്പ് നാണയങ്ങളുടെ സഞ്ചികളും തുറന്ന് എണ്ണി. അവയും കൃത്യം അയാൾക്കു തൃപ്തിയായി.

ഇതെല്ലാം കണ്ടു നിന്ന സത്രം ഉടമ ചോദിച്ചു “സുഹൃത്തേ, താങ്കൾ സ്വർണനാണയം എണ്ണിനോക്കിയപ്പോൾ കൃത്യമാണെന്നു കണ്ടിട്ടും വെള്ളി, നിക്കൽ, ചെമ്പ് നാണയങ്ങളുടെ സഞ്ചികൾ എണ്ണിയതെന്തിന്? എന്നെ വിശ്വസിക്കാഞ്ഞതെന്ത്?

കഥ ഇവിടെ തീർന്നു. ഇതു പറഞ്ഞിട്ട് റബി ചെറുപ്പക്കാരനോടു പറഞ്ഞു: “നോക്കൂ, ഒരോ ദിവസവും രാവിലെ നിങ്ങൾ ഉണരുമ്പോൾ നിങ്ങൾ എന്താണു കാണുന്നത്?- നിങ്ങൾ ആത്മാവിലും ശരീരത്തിലും സുഖമായി ആരോഗ്യത്തോടെ ഇരിക്കുന്നു എന്നതാണ്. ഇതു സ്വർണ്ണവും വെള്ളിയും പോലെയാണ്. അതു ദൈവം കൃത്യമായി തന്നെങ്കിൽ ജീവസന്ധാരണത്തിനുള്ള കാര്യങ്ങൾ അതു നിക്കലും ചെമ്പും പോലെയാണ് ദൈവം തരുമെന്നു വിശ്വസിക്കരുതോ? അങ്ങനെയെങ്കിൽ ആദ്യം പ്രാർത്ഥിച്ചിട്ട് സാധനങ്ങൾ വാങ്ങാൻ പോയാൽ പോരേ?” (മത്തായി 7:9-11)