സ്വര്‍ഗ്ഗസ്ഥനായ പിതാവുമായുള്ള തകര്‍ക്കപ്പെടാത്ത കൂട്ടായ്മയെ യേശു വിലമതിച്ചു – WFTW 08 സെപ്റ്റംബര്‍ 2013

സാക് പുന്നന്‍

  

  65 വര്‍ഷം ദൈവത്തോടു കൂടെ നടന്ന ശേഷം തന്റെ 95 മത്തെ വയസ്സില്‍ യോഹന്നാന്‍ അപ്പോസ്‌തൊലന്‍ ആത്മപ്രേരണയാല്‍ ഒരു ലേഖനമെഴുതുവാന്‍ തീരുമാനിച്ചു. ‘കൂട്ടായ്മ’ എന്നതായിരുന്നു ഈ ലേഖനത്തിന്റെ വിഷയം ( 1 യോഹ 1:3 ). സഭയും അതിന്റെ നേതാക്കന്മാരും അവരുടെ ആദ്യസ്‌നേഹം വിട്ടുകളഞ്ഞതും ( വെളി 2:4) ജീവനുള്ളവര്‍ എന്ന പേരുള്ളപ്പോള്‍ തന്നെ ( പലവിധ ക്രിസ്തീയപ്രവര്‍ത്തനങ്ങളാല്‍ ) അവര്‍ ദൈവ ദൃഷ്ടിയില്‍ നിര്‍ജ്ജീവരായിരിക്കുന്നതും ( വെളി 3:1) യോഹന്നാന്‍ കണ്ടു. അതിനാല്‍ തന്നെ ക്രിസ്ത്യാനികളെ പിതാവിനോടും പുത്രനായ യേശുക്രിസ്തുവിനോടും ഉള്ള ചിന്തപ്പെട്ട തിരശ്ശീലയ്ക്കുള്ളിലെ  കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കുന്നതിലേക്ക്  നയിക്കണമെന്നത് വലിയൊരു ആവശ്യമായി യോഹന്നാന്‍ കണ്ടു.

പല പ്രവര്‍ത്തനമേഖലകളിലും സന്തോഷം കണ്ടെത്താന്‍ കഴിയും. ചിലര്‍ അത് കായിക വിനോദങ്ങളില്‍ കണ്ടെത്തുന്നു. മറ്റു ചിലര്‍ സംഗീതത്തിലായിരിക്കും. ചിലര്‍ അവരുടെ തൊഴിലിലായിരിക്കും . വേറെ ചിലര്‍ ക്രിസ്തീയവേലയിലായിരിക്കും സന്തോഷം കണ്ടെത്തുന്നത് . എന്നാല്‍ ഈ ലോകത്തിലെ ഏറ്റവും പരിശുദ്ധമായ സന്തോഷം പിതാവുമായുള്ള കൂട്ടായ്മയില്‍ മാത്രമാണ് നാം കണ്ടെത്തുന്നത് ( 1 യോഹ 1:4 ).

സങ്കീര്‍ത്തനക്കാരന്‍ പറയുന്നത് ‘അങ്ങയുടെ സന്നിധിയില്‍ സന്തോഷപൂര്‍ണ്ണതയുണ്ട്’  ( സങ്കീ 16:11 ). നാള്‍ തോറും ക്രൂശിനെ സഹിക്കുവാന്‍ യേശുവിനെ പ്രേരിപ്പിച്ച ‘തന്റെ മുന്‍പില്‍ വച്ചിരുന്ന സന്തോഷം’ ഇതു തന്നെയായിരുന്നു ( എബ്രാ 12:2). പിതാവുമൊത്തുള്ള കൂട്ടായ്മയാണ്  യേശു ഏറ്റവും വിലമതിച്ച തന്റെ സന്പാദ്യം. ഈ പ്രപഞ്ചത്തിലെ മറ്റൊന്നിനെയും അതിനെക്കാള്‍ വിലയുള്ളതായി അവിടുന്ന് കണ്ടില്ല. മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കുവേണ്ടി കാല്‍വരിയില്‍ 3 മണിക്കൂര്‍ സമയത്തേയ്ക്ക് ഈ കൂട്ടായ്മ മുറിഞ്ഞു പോകുന്നതിനാല്‍ നിത്യനരകത്തിന്റെ വേദന താന്‍ അനുഭവിക്കേണ്ടിവരുമെന്ന് യേശു അറിഞ്ഞിരുന്നു ( മത്താ 27:45). അപ്പോള്‍ പിതാവ് കൈവിടുകയും നിത്യത മുതല്‍ അവിടുന്ന് അനുഭവിച്ചുപോന്ന പിതാവുമൊത്തുള്ള ആ കൂട്ടായ്മ 3 മണിക്കൂര്‍ നേരത്തേയ്ക്ക് മുറിഞ്ഞു പോയി. ഈ കൂട്ടായ്മയുടെ തകര്‍ച്ച ഗത്സമനയില്‍ യേശുവിന്റെ രക്തം വിയര്‍പ്പായി വരത്തക്കവണ്ണം അത്ര ഭയാനകമായിരുന്നു. നീങ്ങി പോകണമെന്ന്  അവിടുന്ന് പ്രാര്‍ത്ഥിച്ച പാനപാത്രവും ഇതുതന്നെയാണ്.

ഈ ഒരു കാര്യം നാം കാണുകയും അതിനാല്‍ പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ യേശുവിനെ അനുഗമിക്കുക എന്നതിനെക്കുറിച്ച്  നിസാരമായി പറയുവാനും പാടുവാനും നമുക്ക് കഴിയുമോ ? യേശുവിനെ അനുഗമിക്കുകയെന്നാല്‍ യേശു പിതാവുമൊത്തുള്ള കൂട്ടായ്മയെ വിലമതിച്ചതുപോലെ വിലമതിയ്ക്കുകയെന്നാണ്.  പിതാവുമൊത്തുള്ള കൂട്ടായ്മയെ തകര്‍ക്കുന്ന കാര്യമായതിനാല്‍ പാപം അങ്ങേയറ്റം ഗൗരവമുള്ളതായിത്തീരുന്നു . മറ്റു മനുഷ്യരോട് സ്‌നേഹമില്ലാത്ത മനോഭാവം പിതാവുമൊത്തുള്ള കൂട്ടായ്മയെ തകര്‍ക്കുന്ന ഒന്നായതിനാല്‍ അതും നമുക്ക് സഹിക്കാന്‍ പറ്റാത്ത ഒന്നായി തീരും

സ്‌നേഹവാനായ സ്വര്‍ഗ്ഗീയ പിതാവിനോടൊത്തുള്ള തകര്‍ക്കപ്പെടാത്ത കൂട്ടായ്മയിലുള്ള ജീവിതമാണ്  യഥാര്‍ത്ഥ ക്രിസ്തീയതയെന്ന് കാണുവാന്‍ തക്ക വെളിപാട് ദൈവം നമുക്ക് നല്‍കട്ടെ