അനുഗ്രഹപൂര്‍വ്വം പശ്ചാത്തിലത്തിലേക്കു മറയുവാന്‍ പഠിക്കുക – WFTW 03 മെയ് 2015

yellow bokeh photo

സാക് പുന്നന്‍

ക്രിസ്തുവിന്റെ സഭയില്‍ ഒഴിച്ചു കൂട്ടാന്‍ പറ്റാത്തവരായി ആരുമില്ല. ദൈവത്തിന്റെ വേല നമ്മെ കൂടാതെ എളുപ്പത്തില്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ കഴിയും. വാസ്തവത്തില്‍ തങ്ങളെ തന്നെ ഒഴിച്ചു കൂട്ടാന്‍ പറ്റാത്തതായി കരുതുന്ന പൊങ്ങച്ചക്കാരായ ആളുകളുടെ സഹായം കൂടാതെ, കുറച്ചു കൂടി നല്ല വിധത്തില്‍ അതു തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയും! തുടര്‍മാനമായി നാം ഈ കാര്യം തിരിച്ചറിയണം. പൊങ്ങച്ചക്കാരായ ആളുകളെ തന്നെ താഴ്മയുള്ളവനാക്കുന്ന ഒരു നിര്‍ദ്ദേശം ഞാന്‍ ഒരിക്കല്‍ വായിച്ചു! അതില്‍ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അയാള്‍ ഒരു തൊട്ടിയില്‍ വെള്ളം നിറയ്ക്കുകയും തന്റെ കൈ മണിബന്ധം വരെ ആ വെള്ളത്തില്‍ താഴ്ത്തുകയും ഉടനെ അതു പുറത്തേക്ക് വലിച്ചെടുക്കുകയും ചെയ്യുക. അപ്പോള്‍ ആ വെള്ളത്തില്‍ അവശേഷിക്കുന്ന ദ്വാരത്തിന്റെ അളവായിരിക്കും അയാള്‍ വിട്ടു പോയതിനു ശേഷം അതു മൂലമുണ്ടാകുന്ന വിടവിന്റെ വലുപ്പം!! നമ്മുടെ വരങ്ങള്‍ സഭയ്ക്കു പ്രയോജനമുള്ളതാണ്; എന്നാല്‍ ഒഴിച്ചു കൂടാന്‍ പാടില്ലാത്തവരായി ആരുമില്ല.

നാം പശ്ചാത്തലത്തിലേക്കു പിന്‍വലിയുവാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്ന ഏതു സമയത്തും അതു ചെയ്യുവാന്‍ നാം മനസ്സുള്ളവരായിരിക്കണം. എന്നാല്‍ സ്വയംകേന്ദ്രീകൃതനായ ഒരു ക്രിസ്തീയ പ്രവര്‍ത്തകന്‍ ഒരിക്കലും അതു സ്വീകരിക്കുകയില്ല. അയാള്‍ തന്റെ സ്ഥാനം കഴിയുന്നിടത്തോളം കാലം പിടിച്ചുകൊള്ളുവാന്‍ ആഗ്രഹിക്കും. അപ്രകാരമുള്ള “ക്രിസ്തീയ നേതാക്കന്മാര്‍” ഇന്നു ദൈവത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിക്കൊണ്ട് അവരുടെ “സിംഹാസനങ്ങളില്‍” ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നു. അനുഗ്രഹപൂര്‍വ്വം പശ്ചാത്തലത്തിലേക്കു മറയുകയും മറ്റാരെങ്കിലും അവരുടെ സ്ഥാനം എടുക്കുവാന്‍ അനുവദിക്കുകയും ചെയ്യുന്നതെങ്ങനെയെണെന്ന് അവര്‍ക്കറിഞ്ഞുകൂടാ.

അനന്തരാവകാശിയില്ലാത്ത വിജയം ഒരു പരാജയമാണെന്ന ചൊല്ല് നിങ്ങള്‍ കേട്ടിരിക്കാം. യേശു അതു തിരിച്ചറിയകുയും തന്റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടുപോകാനായി ആളുകളെ പരിശീലിപ്പിക്കുകയും ചെയ്തു. മൂന്നര വര്‍ഷത്തിനുള്ളില്‍ തന്റെ പ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ അവിടുന്ന് മറ്റുള്ളവരെ പരിശീലിപ്പിച്ചിരുന്നു. നമുക്കു പിന്‍തുടരാനുള്ള എന്തൊരു മാതൃകയാണത്!

തന്റെ വേല തുടര്‍ന്നുകൊണ്ടുപോകാന്‍ മറ്റുള്ളവരെ പരിശീലിപ്പിക്കേണ്ടതിന്റെ ആവകശ്യകത പൌലൊസ് തിരിച്ചറിഞ്ഞു തിമൊഥെയോസിനെഴുതിയ 2-ാം ലേഖനം 2:2ല്‍ അദ്ദേഹം തിമൊഥെയോസിനോടു പറഞ്ഞു: “നി എന്നില്‍ കേട്ടതെല്ലാം മറ്റുള്ളവരെ പഠിപ്പിക്കുവാന്‍ കഴിവുള്ള വിശ്വസ്തരായ മനുഷ്യരെ ഭരമേല്പിക്കുക (നാലാം തലമുറയെ)” (പരാവര്‍ത്തനം). ഫലത്തില്‍ പൌലൊസ് പറയുന്നത് “നീ ഈ സമ്പത്ത് മറ്റുള്ളവരെ ഭരമേല്പിച്ചു എന്ന് ഉറപ്പു വരുത്തണം, നിന്നെക്കാള്‍ ചെറുപ്പക്കാരായവര്‍ ഉയര്‍ന്നു വരുന്നത് നീ ഒരിക്കലും തടസ്സപ്പെടുത്തരുത്’ എന്നാണ്. ബിസിനസുകാര്‍ പോലും “അനന്തരാവകാശിയെ കൂടാതെയുള്ള വിജയം പരാജയമാണ്” എന്ന തത്വം തിരിച്ചറിയുന്നു. എന്നാല്‍ അനേക ക്രിസ്തീയ നേതാക്കന്മാരും അതു തിരിച്ചറിഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില്‍ “ഈ ലോകത്തിന്റെ മക്കള്‍ അവരുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിയുള്ളവരാണ്.”

തനിക്കു ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍ നന്നായി കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുന്ന, തന്നെക്കാള്‍ ചെറുപ്പമായവരോട് ഒരാളില്‍ അസൂയ ഉളവാക്കുന്നത് സ്വയകേന്ദ്രീകരണം അല്ലാതെ മറ്റൊന്നുമല്ല. ദൈവം ഹാബേലിനെ കൈക്കൊള്ളുകയും തന്നെ തള്ളിക്കളയുകയും ചെയ്തു എന്ന വസ്തുതയാണ് കയീന്‍ അസൂയാലുവായതിനു കാരണം. ഹാബേല്‍ അവനെക്കാള്‍ പ്രാ1യമുള്ള ആളായിരുന്നെങ്കില്‍, അതു സഹിക്കാകുന്നതാകുമായിരുന്നു. എന്നാല്‍ അവന്റെ ഇളയ സഹോദരന്‍ അവനെക്കാള്‍ നല്ലതായി എന്ന വസ്തുതയാണ് ഹാബേലിനെ കൊല്ലുവാന്‍ തക്കവിധം കയീനെ കോപാകുലനാക്കിയത്.

യോസഫിന്റെ സഹോദരന്മാരുടെ കാര്യത്തിലും ഇതേ കാര്യം തന്നെ നാം കാണുന്നു. യോസഫിന് ദൈവികമായ വെളിപ്പാടുകള്‍ ലഭിച്ചു. ഈ കാര്യം തന്റെ പത്തു മൂത്ത സഹോദരന്മാര്‍ അസൂയയാല്‍ നിറയുവാന്‍ കാരണമായി – അവനെ കൊല്ലുവാന്‍ ആഗ്രഹിക്കത്തക്ക വിധം അവന്‍ അസൂയയുള്ളവാരായി തീര്‍ന്നു.

ശൌല്‍ രാജാവ് യുവാവായ ദാവീദിനോട് അസൂയാലുവായിരുന്നു കാരണം “ശൌല്‍ ആയിരത്തെ കൊന്നു; ദാവീദോ പതിനായിരത്തെ” എന്നു സ്ത്രീകള്‍ പാടി. ആ ദിവസം മുതല്‍ അയാള്‍ അവനെ കൊല്ലുവാന്‍ തീരുമാനിച്ചു- മനുഷ്യ ചരിത്രവും ഹാ കഷ്ടം. ക്രിസ്തീയ സഭയുടെ ചരിത്രവും- വീണ്ടും ഇതേ കഥ കൊണ്ടു തന്നെ നിറഞ്ഞിരിക്കുന്നു.

അതുപോലെ, മുതിര്‍ന്നവരായ പരീശന്മാര്‍, യുവാവ് ആയിരുന്ന നസ്രേത്തുകാരന്‍ യേശുവിന്റെ ബഹുജന സമ്മതിയില്‍ അസൂയാലുക്കളാകുകയും എന്തു വില കൊടുത്തും അവിടുത്തെ ക്രൂശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

മറുവശത്ത്, പുതിയ നിയമത്തില്‍ ബര്‍ന്നബാസിനെപ്പോലെയുള്ള ഒരു മനുഷ്യനെ നോക്കുന്നത് എത്ര ഉന്മേഷദായകമായ ഒരു താരതമ്യ പഠനമാണ്! പുതിയതായി മാനസാന്തരപ്പെട്ട പൌലൊസിനെ മറ്റാരും സ്വീകരിക്കാതിരുന്നപ്പോള്‍ തന്റ ചിറകില്‍ കീഴില്‍ വഹിച്ചു കൊണ്ടുപോയ ഒരു മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ബര്‍ന്നബാസ് അവനെ അന്ത്യോക്ക്യയിലെ സഭയിലേക്കു കൊണ്ടുവരികയും അവനെ ഉത്സാഹിപ്പിക്കുകയും ചെയ്തു. ബര്‍ന്നബാസും പൌലൊസും ഒരുമിച്ച് ഒരു മിഷനറി യാത്രയ്ക്കു പോകുന്നത് പ്രവൃത്തികളുടെ പുസ്തകം 13ല്‍ നാം വായിക്കുന്നു. ഈ ഇളയ പ്രവര്‍ത്തകനായ പൌലൊസിനെ തനിക്കുള്ളതിനെക്കാള്‍ വലിയ ഒരു ശുശ്രൂഷയ്ക്കായി ദൈവം വിളിക്കുന്നു എന്ന് ബര്‍ന്നബാസ് കണ്ടപ്പോള്‍ അവന്‍ പുറകോട്ടു മാറുകയും അനുഗ്രഹപൂര്‍വ്വം പശ്ചാത്തലത്തിലേക്ക് മാറുകയും ചെയ്തു. പ്രവൃത്തിയുടെ പുസ്തകത്തില്‍ “ബര്‍ന്നബാസും പൌലൊസും” എന്ന പ്രയോഗം മിക്കവാറും ശ്രദ്ധിക്കപ്പെടാതെ “പൌലൊസും ബര്‍ന്നബാസും” എന്നു മാറി. ഇന്നു ക്രിസ്തീയ സഭ കഷ്ടം അനുഭവിക്കുന്നതിന്റെ കാരണം, ബര്‍ന്നബാസിനെപ്പോലെ പിന്നിലേക്കു മാറാനും മറ്റുള്ളവര്‍ ബഹുമാനിക്കപ്പെടാന്‍ അനുവദിക്കാനും അറിയാവുന്നവര്‍ വളരെ ചുരുക്കമാണ് എന്നതാണ്. ഒരു പ്രാധാന്യവുമില്ലാത്ത കാര്യങ്ങളില്‍ നാ പിന്നിലേക്കു മാറാന്‍ തയ്യാറാണ്. ഉദാഹരണമായി, ഒരു വാതിലിലൂടെ കടക്കുമ്പോള്‍, പിന്നിലേക്കു മാറി നിന്ന് മറ്റൊരാള്‍ ആദ്യം അതിലൂടെ കടന്നു പോകുന്ന കാര്യം നാം ഗണ്യമാക്കാറില്ല. എന്നാല്‍ സ്ഥാനം, സഭയിലെ നേതൃത്വം തുടങ്ങിയ പ്രാധാന്യമുള്ള കാര്യങ്ങളില്‍ നാം പിന്നിലേക്കു മാറാന്‍ അത്ര തയ്യാറല്ല. നമ്മുടെ സ്വയജീവന്‍ അത്രയ്ക്കു വഞ്ചന നിറഞ്ഞതാണ്. വിലയില്ലാത്ത കാര്യങ്ങളില്‍ നമുക്ക് ഒരു വ്യാജ താഴ്മയുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട കാര്യങ്ങളിലാണ് നാം യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നതുപോലെ നമ്മെ കാണുന്നത്.

  

  1. ↩︎