ദൈവത്തിനായി ആഗ്രഹിക്കുന്നത് – WFTW 12 മാർച്ച് 2023

സാക് പുന്നന്‍

രഹസ്യ സ്ഥാനത്ത് ദൈവത്തിൻ്റെ മുമ്പാകെ ജീവിക്കുക കൂടാതെ നിങ്ങളുടെ ഹൃദയത്തിൽ ദൈവത്തിനായി സ്ഥിരമായ കരച്ചിൽ ഉണ്ടായിരിക്കട്ടെ. ദൈവത്തിനു വേണ്ടിയുള്ള ഈ ആഗ്രഹം (കൊതി) ഇല്ലാതെ പോയാൽ, ക്രിസ്തീയത ഒരു വരണ്ട, ശൂന്യമായ മതമായി തീരും. അതുകൊണ്ട് എന്തു വില കൊടുത്തും ദൈവത്തിനു വേണ്ടിയുള്ള ഈ ആഗ്രഹം സംരക്ഷിക്കുക. നിങ്ങളുടെ വിശ്വാസത്തിൻ്റെ ഏറ്റവും പ്രധാന ഭാഗം അതാണ്. ദാഹിക്കുന്ന മാൻപേട വെള്ളത്തിനായി കിതയ്ക്കുന്നതു പോലെ നാം നിരന്തരമായി ദൈവത്തിനായി ആഗ്രഹിക്കണം.

നമുക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ അഭ്യസനത്തിൽ, ലോകം “നിരാശകൾ” എന്നു വിളിക്കുന്ന പല കാര്യങ്ങൾ ഉൾപ്പെടുന്നു. എന്നാൽ ഇവയെല്ലാം നമ്മുടെ കൂടുതൽ നന്മയ്ക്കായുള്ള അവിടുത്തെ ചില “നിയമനങ്ങൾ” ആണ്. അത്തരം നിരാശകൾ നാം നേരിടുന്നില്ലെങ്കിൽ, നമുക്ക് മറ്റുള്ളവരെ ഉപദേശിക്കാൻ ഒരിക്കലും കഴിയില്ല. അതുപോലെ പരാജയവും ജീവിതത്തിൻ്റെ ശിക്ഷണത്തിൽ ഉൾപ്പെടുന്നു, കാരണം 99.9% ആളുകളും പരാജയങ്ങളായുള്ള ഒരു ലോകത്തിൽ മറ്റുള്ളവരെ നമുക്കു സഹായിക്കണമെങ്കിൽ, പരാജയം ആവശ്യമാണ്. പരാജയങ്ങളുടെ രണ്ട് ഉദ്ദേശ്യങ്ങൾ
(1) നമ്മെ താഴ്മയുള്ളവരാക്കുവാൻ (നമ്മെ നുറുക്കുവാൻ)
(2) നമ്മെ മറ്റുള്ളവരോട് മനസ്സലിവുള്ളവരാക്കുവാൻ.

നിങ്ങളുടെ ആത്മീയ യുദ്ധങ്ങളും നിങ്ങളുടെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. താൽക്കാലികമായ ഭൗമിക ബിരുദങ്ങൾക്കായി നിങ്ങൾ ഇത്രയധികം കഠിനാധ്വാനം ചെയ്യുന്നെങ്കിൽ, നിത്യമായ സ്വർഗ്ഗീയ ബിരുദത്തിനു വേണ്ടി കഠിനമായി യുദ്ധം ചെയ്യുവാൻ നിങ്ങൾ എത്രയധികം മനസ്സുള്ളവരായിരിക്കണം. സമയം ചുരുങ്ങിയതും നാളുകൾ ദുഷ്ടത നിറഞ്ഞതുമാണ്. നമ്മുടെ മനസ്സിലും, നമ്മുടെ ഭൗമികമായ എല്ലാ ഉദ്യമങ്ങളിലും നിത്യമായ ഈ കാഴ്ചപ്പാട് (ദർശനം) സൂക്ഷിക്കണം. നിങ്ങളെ തന്നെ നിരന്തരം വിധിച്ചു കൊണ്ട് കർത്താവിനോടു ചേർന്ന് എല്ലാ സമയവും ആന്തരികമായി നിർമ്മലതയിൽ ജീവിക്കുക.

പൗലൊസ് തിമൊഥെയൊസിനോട് ഇപ്രകാരം പറഞ്ഞു, “നിന്നെ ഭരമേൽപ്പിച്ചിരിക്കുന്ന ആ നല്ല ഉപനിധി നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക” (2തിമൊ.1:14). നമ്മുടെ ഈ ഭൗമിക യാത്രയിൽ അവിടുത്തേക്കു വേണ്ടി കാത്തു സൂക്ഷിക്കേണ്ടിയ ഒരു വിശുദ്ധ നിധി ആയാണ് നമ്മുടെ ശരീരങ്ങളെ ദൈവം നമുക്കു നൽകിയിരിക്കുന്നത്. ഇവയെ നാം ഓരോ ദിവസവും അവിടുത്തേക്ക് സമർപ്പിക്കേണ്ടതുണ്ട്. അതുവഴി അവ എല്ലാ പാപത്തിൽ നിന്നും വെടിപ്പാക്കപ്പെട്ട്, ഒരുനാൾ നമ്മുടെ ജീവിതയാത്ര പൂർത്തീകരിക്കുന്നതു വരെ വിശുദ്ധിയിൽ കാക്കപ്പെടും.

ഉദാഹരണമായി പറഞ്ഞാൽ: ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് സുരക്ഷിതമായി കൊണ്ടുപോകാൻ ഒരു കമ്പനി നമ്മുടെ കയ്യിൽ 50 ലക്ഷം രൂപ തന്നിരിക്കുന്നതു പോലെയാണ്. എന്നാൽ, അതിൽ കുറച്ച് പാഴാക്കി കളഞ്ഞു ബാക്കിയുള്ളത് വഴിയിൽ നഷ്ടപ്പെട്ടു പോകയും ചെയ്തു. ഇപ്പോൾ നാം മാനസാന്തരപ്പെട്ട് കർത്താവിങ്കലേക്ക് പരാജയത്തിൽ മടങ്ങി വരുന്നു. അവിടുന്ന് എന്താണ് ചെയ്യുന്നത്? അവിടുന്നു നമ്മെ തള്ളിക്കളയുകയില്ല. അതിനു പകരം അവിടുന്നു നമ്മോട് ക്ഷമിച്ചിട്ട് മറ്റൊരു 50 ലക്ഷം രൂപ നമ്മുടെ കയ്യിൽ തരുന്നു അതിനു ശേഷം, നമ്മുടെ ജീവിതാന്ത്യം വരെ അതു സുരക്ഷിതമായി കൊണ്ടുപോകാൻ അവിടുന്നു നമ്മോടു പറയുന്നു. ദൈവം എത്ര നല്ലവനാണ്.

ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ സാക്ഷ്യം ലോകത്തിൻ്റെ നിലവാരത്തേക്കാൾ വളരെ മുകളിലായിരിക്കണം. പുറമെ ദോഷമുള്ളതെന്നു തോന്നുന്ന ഒരു കാര്യം പോലും നാം ചെയ്യരുത്. സംശയ നിഴലിൽ വരുന്ന വിഷയങ്ങളിൽ ജാഗ്രതയും വിവേചനവും അധികം കാണിച്ചു പോയി എന്ന പിശകു പറ്റുന്നതാണ് മറുവശത്ത് പോയി കെണിയിൽ പെടുന്നതിലും നല്ലത്.