ക്രിസ്തീയ ജീവിതത്തിനു വേണ്ട ഇന്ധനം സ്നേഹമാണ് – WFTW 6 നവംബർ 2022

സാക് പുന്നന്‍

പുതിയ ഉടമ്പടിയുടെ സുവിശേഷം സർവ്വ പ്രധാനമായി ഇതാണ്: നമുക്ക് ദിവ്യ സ്വഭാവത്തിനു പങ്കാളികളാകാൻ കഴിയും. ദൈവത്തിൻ്റെ സ്വഭാവം സ്നേഹമാണ്- സ്നേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് സ്വയത്തിനായി ഒന്നും അന്വേഷിക്കുന്നില്ല എന്നതാണ്. യേശു തൻ്റെ സ്വയത്തിന് അന്വേഷിക്കാതിരുന്നതുകൊണ്ടാണ് അവിടുന്നു നമ്മെ രക്ഷിക്കാൻ സ്വർഗ്ഗം വിട്ടിറങ്ങി ഭൂമിയിലേക്കു വന്നത്. ദൈവം തൻ്റെ സ്നേഹത്തെ താരതമ്യം ചെയ്യുന്നത്, ഒരമ്മയ്ക്ക് തൻ്റെ നവജാത ശിശുവിനോടുള്ള സ്നേഹത്തോടാണ് (യെശ.49:15). ഒരാൾക്ക് ഭൂമിയിൽ കാണാൻ കഴിയുന്ന സ്നേഹത്തിൻ്റെ ഏറ്റവും വലിയ വിശദീകരണമാണ് ഒരമ്മയ്ക്ക് തൻ്റെ നവജാത ശിശുവിനോടുള്ള സ്നേഹം- കാരണം ഒരു നല്ല അമ്മ തൻ്റെ കുഞ്ഞിനു വേണ്ടി എല്ലാ കാര്യങ്ങളും നിസ്വാർത്ഥതയോടെ ചെയ്യുന്നു, പകരം ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ. ഇങ്ങനെ തന്നെയാണ് ദൈവത്തിൻ്റെ സ്നേഹവും- നാം ഈ സ്വഭാവത്തിനാണ് പങ്കാളികളാകേണ്ടതും. അപ്പോൾ യേശു ചെയ്തതുപോലെ ദൈവജനത്തെ ശുശ്രൂഷിക്കാൻ കഴിയും.

ക്രിസ്തീയ ജീവിതത്തെ ഓടിക്കുന്ന ഇന്ധനം സ്നേഹമാണ്. ഒരു കാറിൻ്റെ ഇന്ധന ടാങ്ക് ശൂന്യമാകുമ്പോൾ അതിനെ തള്ളേണ്ടിവരുന്നു. അതുപോലെ തന്നെ, കർത്താവിനോടുള്ള തീക്ഷ്ണമായ സ്നേഹം വറ്റി പോകുമ്പോൾ, നമ്മുടെ അധ്വാനവും കാർ തള്ളുന്നതു പോലെ ഭാരമുള്ളതും ക്ലേശകരവും ആയിതീരുന്നു. അപ്പോൾ നമുക്കു ചുറ്റുമുള്ളവരുടെ ബലഹീനതകളും ഭോഷത്തങ്ങളും വഹിക്കുന്നതും നമുക്ക് ബുദ്ധിമുട്ടായി തീരുന്നു. അതുകൊണ്ട് വീണ്ടും വീണ്ടും നിറയ്ക്കേണ്ടതിന് നാം പെട്രോൾ ബങ്കിലേക്കു തിരിച്ചു പോകുന്നതു തുടരേണ്ടി വരുന്നു. “തുടർമാനം പരിശുദ്ധാത്മാവിനാൽ നിറഞ്ഞു കൊണ്ടിരിപ്പിൻ” ( എഫെ.5:18).

കോപത്തിന്മേലും കണ്ണുകൾ കൊണ്ടു മോഹിക്കുന്നതിന്മേലും വിജയം നേടുക എന്നത് അവയിൽ തന്നെ, ദിവ്യ സ്വഭാവത്തിന് പങ്കാളിയാവുക എന്ന ആത്യന്തിക ലക്ഷ്യത്തിനുള്ള ഒരു തയ്യാറെടുപ്പു മാത്രമാണ്. നമ്മുടെ ജഡം തീർത്തും സ്വാർത്ഥമാണ്, ഈ സ്വാർത്ഥതയെയാണ് നാം നാൾതോറും മരണത്തിനേൽപ്പിക്കേണ്ടത്. നാം നമ്മുടെ ലാഭമോ അല്ലെങ്കിൽ മാനമോ അല്ലെങ്കിൽ സുഖമോ അന്വേഷിക്കേണ്ടവരല്ല- കാരണം അത് നിത്യ മരണത്തിൻ്റെ മാർഗ്ഗങ്ങളാണ്. ജീവൻ്റെ വഴി, നമ്മെത്തന്നെ തീർത്തും നമ്മുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ ഇഷ്ടത്തിനു മാത്രം കൊടുക്കുന്നതാണ്, അതിന് നമുക്ക് എന്തു വില കൊടുക്കേണ്ടി വന്നാലും. നാം ഓരോ ദിവസവും പല പ്രാവശ്യം നമ്മെ തന്നെ വിധിക്കണം- നമ്മുടെ ഉള്ളിലേക്കു നോക്കി കൊണ്ടല്ല, എന്നാൽ മുകളിലേക്ക്, യേശുവിനെ നോക്കിക്കൊണ്ട്- അങ്ങനെ നാം ദൈവമഹത്വം അന്വേഷിക്കാതെ നമ്മുടെ സ്വയത്തിനു വേണ്ടി അന്വേഷിച്ച മേഖലകൾ കണ്ടെത്തുക. അങ്ങനെ നമുക്ക് ആ മേഖലയിൽ സ്വയത്തിനായി അന്വേഷിക്കുന്നതിൽ നിന്ന് നമ്മെ തന്നെ വെടിപ്പാക്കാൻ കഴിയും. ഇതാണ് പൂർണ്ണതയിലേക്കുള്ള പാത. ജഡത്തിലെയും ആത്മാവിലെയും സകല കന്മഷങ്ങളും നീക്കി തങ്ങളെ തന്നെ വെടിപ്പാക്കാൻ താൽപര്യമുള്ളവർ വളരെ കുറച്ചു പേർ മാത്രമാണ്- അതു കൊണ്ടാണ് ഒരു യഥാർത്ഥ ദൈവഭക്തിയുള്ള ജീവിതത്തിലേക്കു വളരെ ചുരുക്കം പേർ മാത്രം വളരുന്നത്.

“ബലാൽക്കാരികൾ” മാത്രമാണ് ദൈവരാജ്യം അവകാശമാക്കുന്നത് എന്ന് യേശു പറഞ്ഞു (മത്താ. 11:12) .ദൈവത്തിൻ്റെ കൽപ്പനകൾ അനുസരിക്കുന്നതിനു തടസ്സമായി നമ്മുടെ ഉള്ളിലുള്ള എല്ലാത്തിനോടും ബലം പ്രയോഗിക്കണം എന്നാണത് അർത്ഥമാക്കുന്നത്. വലിയ കൽപ്പനകളോടുള്ള നമ്മുടെ അനുസരണത്താലല്ല നമ്മുടെ അനുസരണം തെളിയിക്കുന്നത്. അല്ല. ഏറ്റവും ചെറിയ കൽപ്പനകൾ അനുസരിക്കുകയും മറ്റുള്ളവരെ അത് അനുസരിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നവർ സ്വർഗ്ഗരാജ്യത്തിത്തിൽ വലിയവർ എന്നു വിളിക്കപ്പെടും എന്ന് യേശു പറഞ്ഞു (മത്താ. 5:19). ഒരു ചെറിയ കുട്ടിയുടെ അനുസരണം പരിശോധിക്കപ്പെടുന്നത് അവൻ ആരെയെങ്കിലും കൊല്ലാതിരിക്കുന്നതിനാലോ സ്കൂളിൽ വ്യഭിചാരം ചെയ്യാതിരിക്കുന്നതിനാലോ അല്ല. അല്ല. അവൻ കളിക്കാൻ ആഗ്രഹിക്കുമ്പോൾ, അവൻ്റെ അമ്മ തന്നെ സഹായിക്കാൻ വിളിക്കുന്ന സമയത്ത് അമ്മയെ അനുസരിക്കുന്നതിനാലാണ്. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും അത് അങ്ങനെ തന്നെയാണ്. നമ്മുടെ ദൈനംദിന ജീവിതത്തിലെ കൊച്ചു കാര്യങ്ങളിലാണ് നാം വിശ്വസ്തരായിരിക്കേണ്ടത്. അല്ലാത്തപക്ഷം നാം അനുസരണം കെട്ടവരാണ്.

മത്താ 13:43ൽ യേശു പറഞ്ഞത് ”നീതിമാന്മാർ സൂര്യനെ പോലെ പ്രകാശിക്കും” എന്നാണ്. സൂര്യൻ സ്ഥിരമായി ലക്ഷക്കണക്കിന് ഡിഗ്രിയിലുള്ള അഗ്നിയിലാണ്. അതു കൊണ്ട് അണുക്കൾക്കോ ബാക്ടീരിയയ്ക്കോ അവിടെ അതിജീവിക്കാൻ കഴിയില്ല. നാമും അങ്ങനെ ആയിരിക്കണമെന്നാണ് കർത്താവ് ആഗ്രഹിക്കുന്നത്- എല്ലായ്പോഴും അവിടുത്തേക്കു വേണ്ടി തീയിൽ നിൽക്കാൻ, വിശുദ്ധിക്കുവേണ്ടി എപ്പോഴും എരിവും തീക്ഷ്ണതയും ഉണ്ടായിരിക്കാൻ, മറ്റുള്ളവരെ ശുശ്രൂഷിക്കാനും അവരെ അനുഗ്രഹിക്കാനും, നമ്മെ തന്നെ താഴ്ത്താൻ, മീറ്റിംഗുകളിൽ സാക്ഷ്യം പറയാനും സഭ പണിയേണ്ടതിന് എപ്പോഴും അഗ്നിയിലായിരിക്കാനും. നിങ്ങളെ പോലെയുള്ള ചെറുപ്പക്കാർ (യുവാക്കൾ) ഈ കാര്യത്തിൽ മുൻ നിരയിലായിരിക്കണം. അടുത്ത മൂന്നു വാക്യങ്ങളിൽ (മത്താ. 13:44 -46) നാം എപ്പോഴും അഗ്നിയിലായിരിക്കാൻ നമുക്കെങ്ങനെ കഴിയുമെന്ന് യേശു രണ്ട് ഉപമകളിലൂടെ വിശദീകരിക്കുന്നു (ഒന്ന് വയലിലുള്ള നിധിയെ കുറിച്ചും. മറ്റേത് വിലയേറിയ മുത്തിനെ കുറിച്ചും). ഇവ രണ്ടിലും, ഒരു പദപ്രയോഗം ആവർത്തിക്കുന്നതായി നാം കണ്ടെത്തുന്നു- “തനിക്കുണ്ടായിരുന്നതെല്ലാം അവൻ വിറ്റു”. അതാണു രഹസ്യം. നമ്മുടെ സ്വന്തഹിതം, നമ്മുടെ അവകാശങ്ങൾ, നമ്മുടെ മാനം, നമ്മുടെ പ്രത്യേക അവകാശങ്ങൾ, എല്ലാം നാം ഉപേക്ഷിക്കണം. അപ്പോൾ മാത്രമേ നമുക്ക് എപ്പോഴും തീയിൽ നിൽക്കുന്ന സൂര്യനെ പോലെ ആകാൻ കഴിയൂ.