സാക് പുന്നന്‍
യെഹെസ്കേല്‍ 36:25-37 വരെയുളള വാക്യങ്ങള്‍ പുതിയ ഉടമ്പടി പ്രകാരമുളള ജീവിതത്തെക്കുറിച്ചുളള മനോഹരമായ ഒരു പ്രവചനമാണ്. ക്രിസ്തീയ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചുളള ഒരു വിവരണമാണിത്. ആദ്യം നമ്മുടെ ഹൃദയത്തിലുളള എല്ലാ വിഗ്രഹങ്ങളെയും നീക്കി നമ്മെ പൂര്‍ണ്ണമായി നിര്‍മ്മലീകരിക്കും എന്ന് അവിടുന്ന് വാഗ്ദത്തം ചെയ്യുന്നു, അതിനുശേഷം നമ്മുടെ കഠിന ഹൃദയം മാറ്റി അതിന്‍റെ സ്ഥാനത്ത് മൃദുവായ ഒരു ഹൃദയം നല്‍കുകയും അതിനുശേഷം അവിടുത്തെ പരിശുദ്ധാത്മാവിനെ നമ്മുടെ ഉളളിലാക്കി നമ്മെ അവിടുത്തെ വഴികളില്‍ നടക്കുമാറാക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിപ്പിക്കുകയും അങ്ങനെ നമ്മുടെ സകല മലിനതകളില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്യും എന്നും വാഗ്ദത്തം ചെയ്യുന്നു (യെഹെസ്കേല്‍ 36:25-39), എന്നാല്‍ ഇതെല്ലാം സംഭവിക്കുന്നത്, നമുക്കുവേണ്ടി അപ്രകാരം ചെയ്യുവാന്‍ നാം ദൈവത്തോടു പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമാണ്. (യെഹെസ്കേല്‍ 36:37). ഈ ജീവിതത്തിനുവേണ്ടി നാം ചോദിക്കുന്നില്ലെങ്കില്‍, നമുക്കതു ലഭിക്കുകയില്ല. നാം ഈ മഹത്വകരമായ ജീവിതത്തിലേക്കുവരുമ്പോള്‍, നമ്മുടെ കഴിഞ്ഞ കാല ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ “നമ്മുടെ സ്വന്തം ദൃഷ്ടിയില്‍ നമുക്ക് നമ്മോടു തന്നെ വെറുപ്പു തോന്നും (യെഹെസ്കേല്‍ 36:31). ഇതാണ് ആത്മനിറവുളള ഒരുവന്‍റെ പ്രാഥമിക ലക്ഷണം, തന്‍റെ ജീവിതത്തില്‍ കാണുന്ന പാപത്തിന്‍റെ പേരില്‍ അവനെ തന്നെ വെറുക്കുകയും “അയ്യോ ഞാന്‍ അരിഷ്ട മനുഷ്യന്‍ ആണ്, പാപികളില്‍ ഞാന്‍ ഒന്നാമനാണ്” (റോമര്‍ 7:24,1 നിമൊ1:15) എന്നു പറഞ്ഞ് നിലവിളിക്കുകയും ചെയ്യുന്നു. ആത്മനിറ മുളള ഒരു മനുഷ്യന്‍ തന്‍റെ തന്നെ ജഡത്തില്‍ സമാനമായ പാപം കണ്ട് അതിന്‍റെ പേരില്‍ തന്നെ തന്നെ വെറുക്കുന്നതിനു മുമ്പ് അയാള്‍ മറ്റുളളവരില്‍ ഒരു പാപവും കാണുകയില്ല. നാം എത്രകണ്ട് ദൈവത്തോട് അടുത്തു ചെല്ലുന്നോ, അത്രകണ്ട് നാം നമ്മുടെ പാപത്തെക്കുറിച്ച് ബോധവാന്മാരായി തീരുന്നു.
യെഹെസ്കേല്‍ 37 പുനരുത്ഥാന ജീവന്‍റെ ഒരു ഉപമയാണ്. ദൈവം യെഹസ്കേലിനെ എടുത്ത് ഉണങ്ങിയ അസ്ഥികള്‍ നിറഞ്ഞ ഒരു താഴ്വരയിലേക്കു കൊണ്ടു പോയിട്ട് അവനോട് ആദ്യം അവയോട് പ്രവചിക്കുവാന്‍ പറഞ്ഞു. ദൈവവചനം പ്രസ്താവിക്കപ്പെട്ടപ്പോള്‍ അസ്ഥികള്‍ ഒരുമിച്ചുകൂടുകയും മാംസം അവയെ പൊതിയുകയും ചെയ്തു. എന്നാല്‍ അവയ്ക്ക് കേവലം ദൈവ വചനത്തേക്കാള്‍ മറ്റുചിലതുകൂടി ആവശ്യമായി വന്നു – അവയ്ക്ക് പരിശുദ്ധാത്മാവിന്‍റെ ശക്തിയും കൂടെ ആവശ്യമുണ്ടായിരുന്നു. ഈ മൃതശരീരങ്ങളുടെ മേല്‍ പരിശുദ്ധാത്മാവു വന്നപ്പോള്‍, അവ എഴുന്നേറ്റ് നില്‍ക്കുകയും ഉടനെ തന്നെ അവ കര്‍ത്താവിന്‍റെ പടയാളികളുടെ ശക്തിയുളള ഒരു സൈന്യമായി തീരുകയും ചെയ്തു. ഇന്നു സഭയില്‍ ദൈവം ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ചിത്രമാണിത്. മിക്ക ക്രിസ്ത്യാനികളും പ്രാരംഭത്തില്‍ കൃത്യമായി ആ ഉണങ്ങിയ അസ്ഥികളെ പോലെ തന്നെ കഠിനമായതും ജീവനില്ലാത്തതുമാണ്, അവരുടെ എല്ലാ ഉപദേശങ്ങളുടെയും കൃത്യത നിലനില്‍ക്കെ തന്നെ. ദൈവ വചനത്തോട് അവര്‍ പ്രതികരിക്കുന്നതിനനുസരിച്ച് അവര്‍ ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ഒരുമിച്ചു കൂടാന്‍ തുടങ്ങുകയും (അസ്ഥി അസ്ഥിയോടു വന്നു ചേരുന്നു) അവര്‍ മാന്യമായ ജീവിതം നയിക്കുവാന്‍ തുടങ്ങുകയും ചെയ്യുന്നു. (മാസം അസ്ഥികളെ പൊതിയുമ്പോള്‍ അവിടെ ഒരളവിലുളള സൗന്ദര്യമുണ്ട്). എന്നാല്‍ ഈ ക്രിസ്ത്യാനികള്‍ ദൈവത്തിനുവേണ്ടി ഒരു സൈന്യമായി തീരണമെങ്കില്‍ ഒരു കാര്യം കൂടി ആവശ്യമുണ്ട്. ദൈവത്തിന്‍റെപരിശുദ്ധാത്മാവിന്‍റെ അമാനുഷ ശക്തിയാല്‍ ധരിപ്പിക്കപ്പേടേണ്ടതുണ്ട്. അതാണ് 37-ാം അദ്ധ്യായത്തിന്‍റെ സന്ദേശം.
യെഹെസ്കേല്‍ 43 ല്‍ ദൈവാലയം വിട്ടുപോയ ദൈവത്തിന്‍റെ തേജസ്സ് പുതിയ ദൈവാലയത്തിലേക്കു മടങ്ങി വരുന്നതായി നാം വായിക്കുന്നു – പെന്തക്കൊസ്തു നാള്‍ മുതല്‍ സ്ഥാപിക്കപ്പെട്ട പുതിയ ഉടമ്പടി സഭ. യഹോവ സഭയെ വിളിക്കുന്നത് “എന്‍റെ സിംഹാസനത്തിന്‍റെ സ്ഥലം” എന്നാണ് (യെഹെ 43.7) ഈ പുതിയ ഉടമ്പടി സഭയുടെ പ്രമാണം ഇപ്രകാരമാണ് വിവരിച്ചിരിക്കുന്നത്. ” അതിന്‍റെ അതിര്‍ത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കേണം” (യെഹെസ്കേല്‍ 43:12). പഴയ ഉടമ്പടി ദൈവാലയത്തില്‍, അതിന്‍റെ കിഴക്കേ അറ്റത്തുളള ഒരു ചെറിയ മുറി മാത്രം “അതി വിശുദ്ധം”എന്നു വിളിക്കപ്പെട്ടു – അവിടെയാണ് ദൈവം വസിച്ചിരുന്നത്. എന്നാല്‍ പുതിയ ഉടമ്പടി സഭയില്‍, സഭ (ദൈവാലയം) മുഴുവന്‍ അതിവിശുദ്ധമാണ്. ഇന്ന് ദൈവത്തിന്‍റെ ആലയമായി സഭ പണിയണമെങ്കില്‍, നാം ഈ ഒരു അടിസ്ഥാനപ്രമാണം പാലിക്കണം – അതിലെ ഓരോ അംഗത്തിനും സമ്പൂര്‍ണ്ണമായ വിശുദ്ധി ഉണ്ടായിരിക്കണം. ആരിലും ഒരു രൂപത്തിലും ഉളള പാപത്തെ അനുവദിച്ചുകൂടാ.
അത്തരത്തിലുളള ഒരു വിശുദ്ധമന്ദിരത്തില്‍ നിന്ന് (ആത്മനിറവുളള സഭ അല്ലെങ്കില്‍ ആത്മനിറവുളള വ്യക്തി) ജലത്തുളളികള്‍ ഇറ്റിറ്റു വീഴുവാന്‍ തുടങ്ങുന്നു. അതു പിന്നീട് ഒരു നദിയായി തീരുന്നു ഒടുവില്‍ അത് അനേകം നദികളായി തീരുന്നു (യെഹെസ്കേല്‍ 47) ഇത് യോഹന്നാന്‍ 7:37 -39 ല്‍,പരിശുദ്ധാത്മാവില്‍ നിറയപ്പെട്ട ഒരു മനുഷ്യനില്‍ നിന്ന് ജീവജലത്തിന്‍റെ നദികള്‍ ഒഴുകുന്നതിനെക്കുറിച്ച് യേശു ഉദ്ധരിച്ച ഒരു വേദഭാഗമാണ്. ഇത് പെന്തക്കൊസ്തു നാളില്‍ ആരംഭിച്ചതും ദൈവപുരുഷന്മാരിലൂടെയും സ്ത്രീകളിലൂടെയും അന്നുമുതല്‍ ഒഴുകിക്കൊണ്ടിരിക്കുന്നതുമായ ഒന്നാണ്. ഒരു നദിയും അനേകം നദികളും ആയി തീരുന്നതിനു മുമ്പ് ഇറ്റിറ്റു വീഴുന്ന ചെറിയ തുളളികളായാണ് ഈ ജീവന്‍ ആരംഭിക്കുന്നത്.
യെഹെസ്കേല്‍ 47:3-6 ല്‍ ആത്മനിറമുളള ഒരു ജീവിതം ജീവിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണെന്നുളളതിന്‍റെ ഒരു ചെറിയരുചി യഹോവ യെഹെസ്കേലിനു നല്‍കുന്നു. അവിടുന്ന് യെഹെസ്കേലിനെ പടിപടിയായി ഈ നദിയിലേക്കു നയിക്കുന്നു. ഏതാണ്ട് 500 മീറ്റര്‍ നടന്നു കഴിഞ്ഞപ്പോള്‍ യെഹെസ്കേലിന്‍റെ കണങ്കാലുകള്‍ വരെ ജലം എത്തി. അടുത്ത 500 മീറ്റര്‍ കഴിഞ്ഞപ്പോള്‍, വെളളം അദ്ദേഹത്തിന്‍റെ അരയോളം ഉയര്‍ന്നു വീണ്ടും അടുത്ത 500 മീറ്റര്‍ കഴിഞ്ഞപ്പോള്‍ യെഹസ്കേലിന് തന്‍റെ പാദങ്ങള്‍ തറയില്‍ നിന്ന് ഉയര്‍ത്തേണ്ടി വന്നിട്ട് നദിയുടെ ഒഴുക്കിനാല്‍ എടുക്കപ്പെട്ടു. യെഹെസ്കേല്‍ ചെയ്തതുപോലെ ദൈവത്തോടു ചേര്‍ന്നുളള നമ്മുടെ നടപ്പില്‍ തുടര്‍ച്ചയായി മുന്നോട്ടു പോകുവാന്‍ നമുക്കും കഴിയും. അല്ലെങ്കില്‍ ചില സ്ഥാനങ്ങളില്‍ നമുക്ക് നിര്‍ത്തിക്കളയുവാന്‍ കഴിയും. നാം ആഗ്രഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ മുന്നോട്ടു പോകുവാന്‍ ദൈവം ഒരിക്കലും നമ്മെ നിര്‍ബന്ധിക്കുകയില്ല. എലീശാ,ഏലിയാവിനെ അനുഗമിച്ചപ്പോള്‍ (2 രാജാക്കന്മാര്‍ 2), എലീശായ്ക്ക് ഇപ്പോഴുളളതിനേക്കാള്‍ കൂടുതലായി ഒരു ആഗ്രഹമുണ്ടോ അതോ ഇപ്പോള്‍ അവനുളളതു കൊണ്ട് അവന്‍ തൃപ്തനാണോ എന്നു കാണുവാന്‍ അദ്ദേഹം തുടര്‍ച്ചയായി അവനെ ശോധന ചെയ്തു. ദൈവത്തിന്‍റെ ഏറ്റവും മെച്ചമായതു ലഭിക്കുന്നതുവരെ എലീശാ തൃപ്തനല്ലായിരുന്നതു കൊണ്ട്, അവന്‍റെ ജീവിതത്തിന്മേല്‍ ഒരു ഇരട്ടിപങ്ക് അഭിഷേകം ലഭിച്ചു. യെഹെസ്കേലും അതു പോലെ തന്നെയുളള ഒരു രീതിയില്‍ പരിശോധിക്കപ്പെടുന്നതായി നാം കാണുന്നു. നീന്താന്‍ തക്കവണ്ണം വെളളമുളള സ്ഥാനത്ത് കടക്കുന്നതുവരെ നദിയിലേക്ക് കൂടുതല്‍ കൂടുതല്‍ ഇറങ്ങിച്ചെല്ലുവാന്‍ അദ്ദേഹവും ആഗ്രഹിച്ചു. നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികള്‍ ഒരളവുവരെ അനുഭവിക്കുവാനും, അപ്പോഴും ദൈവത്തിന്‍റെ ഏറ്റവും മെച്ചമായതിനെക്കാള്‍ കുറവായ ഒരു സ്ഥാനത്ത് നിര്‍ത്തിക്കളയുവാനും കഴിയും.
ഇതു കൂടി ശ്രദ്ധിക്കുക: വെളളം യെഹെസ്കേലിന്‍റെ കണങ്കാല്‍ വരെയോ, മുട്ടോളമോ, അരയോളം പോലുമോ ആയപ്പോഴും അദ്ദേഹത്തിന്‍റെ പാദങ്ങള്‍ തറയില്‍ തന്നെ ആയിരുന്നു. എന്നാല്‍ നമ്മുടെ പാദങ്ങള്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോഴാണ് നാം യഥാര്‍ത്ഥമായി ആത്മാവിനാല്‍ നിറയപ്പെട്ടു എന്നു നാം അറിയുന്നത്. ആ സ്ഥാനത്ത്, നാം “ഭൂമിയില്‍ നിന്നും, ഭൗമിക താല്‍പര്യങ്ങളില്‍ നിന്നും, ഭൗതിക വസ്തുക്കളോടുളള നമ്മുടെ മമതയില്‍ നിന്നും നാം വേര്‍പെടുത്തപ്പെടുകയും” നാം ” നമ്മുടെ ഹിതപ്രകാരമല്ല ദൈവഹിതപ്രകാരം ആത്മാവിനാല്‍ നയിക്കപ്പെടുവാന്‍ തുടങ്ങുകയും ചെയ്യുന്നു”.
ഈ പുസ്തകത്തിന്‍റെ ഒടുവിലത്തെ വാക്യം (യെഹെസ്കേല്‍ 48:35) പറഞ്ഞിരിക്കുന്നത്, ഈ പുതിയ ഉടമ്പടി സഭയുടെ പേര് ” യഹോവ അവിടെ” – യഹോവ ശമ്മ എന്നാണ്. ഞാനും നിങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത് ഈ സഭ പണിയുവാനാണ് – അവിടുത്തെ സകല മഹത്വത്തോടും കൂടെ കര്‍ത്താവ് നമ്മുടെ മധ്യത്തില്‍ ഉണ്ട് എന്ന് ആളുകള്‍ക്കു തിരിച്ചറിയുവാന്‍ കഴിയുന്ന സഭ. എന്നാല്‍ അതു പണിയുവാന്‍ ദൈവത്തിന് യെഹെസ്കേലിനെപ്പോലെ അവിടുത്തെ പൂര്‍ണ്ണമായി അനുസരിക്കുന്ന ആളുകളെ ആവശ്യമുണ്ട്.