കഷ്ടതയിലും പാടുവാൻ…

lifeboat on calm water in dusk

ബ്രിട്ടന്റെ വക ഒരു യാത്രാക്കപ്പൽ സ്റ്റെല്ല അർദ്ധരാത്രിയിൽ കടലിലെ ഒരു പാറക്കെട്ടിൽ ഇടിച്ചു തകർന്നു. കിട്ടിയ ലൈഫ് ബോട്ടുകളിൽ കയറി രക്ഷപ്പെടാൻ യാത്രക്കാർ തത്രപ്പെട്ടു.

ഇതിനിടെ ഒരു ലൈഫ് ബോട്ടിൽ കയറിപ്പറ്റിയതു 12 സ്ത്രീകൾ മാത്രമായിരുന്നു. രാത്രി. തിരമാലകളിൽ ചാഞ്ചാടി ലൈഫ്ബോട്ട് നടുക്കടലിൽ അങ്ങോട്ടുമിങ്ങോട്ടും ഒഴുകി നീങ്ങിയപ്പോൾ ഭയപ്പെട്ട സ്ത്രീകൾ നിലവിളിക്കാൻ തുടങ്ങി. രക്ഷപ്പെടാൻ എങ്ങനെ കഴിയും? എന്നാൽ ബോട്ടിൽ മാർഗരറ്റ് വില്യംസ് എന്നൊരു ദൈവഭക്തയുണ്ടായിരുന്നു. യുവതിയായ അവൾ അവരെ ധൈര്യപ്പെടുത്തി. “കരഞ്ഞതുകൊണ്ട് എന്താ പ്രയോജനം? എന്നാൽ പിന്നെ നമുക്കു പാട്ടുപാടി ദൈവത്തോട് അപേക്ഷിക്കാം. ദൈവം നമ്മെ വിടുവിക്കും” മിസ് വില്യംസ് തന്നെ പാട്ട് ആരംഭിച്ചു. 69-ാം സങ്കീർത്തനത്തിലെ പ്രാരംഭവാക്യങ്ങളെ ആസ്പദമാക്കിയുള്ള പാട്ട്. സ്ത്രീകൾ എല്ലാവരും ചേർന്ന് ഉച്ചത്തിൽ അത് ആവർത്തിച്ചു പാടിക്കൊണ്ടിരുന്നു.

ഇതിനകം മുങ്ങുന്ന സ്റ്റെല്ല കപ്പലിൽനിന്നു ലഭിച്ച എസ്. ഒ.എസ്. സന്ദേശം അനുസരിച്ച് രക്ഷാബോട്ട് ആളുകളെ രക്ഷിക്കാനായി കരയിൽ നിന്ന് കടലിലേക്ക് വന്നു. എന്നാൽ ഇരുട്ടും കനത്ത മൂടൽ മഞ്ഞും മൂലം രക്ഷാപ്രവർത്തകർക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. നിരാശരായി അവർ കടലിൽ നിന്നു മടങ്ങിപ്പോകാൻ തുടങ്ങി. അപ്പോഴാണ് ഉച്ചത്തിലുള്ള പാട്ടു കേട്ടത്. ആ ദിശയിലേക്ക് രക്ഷാബോട്ട് ഓടിച്ചുചെന്നപ്പോൾ ആ ലൈഫ്ബോട്ട് കണ്ടെത്തി. പന്ത്രണ്ടു സ്ത്രീകളെയും രക്ഷിച്ചു. “നിങ്ങളുടെ പാട്ടാണു നിങ്ങളെ രക്ഷിച്ചത്”; രക്ഷാ പ്രവർത്തകർ പറഞ്ഞു.

“അതെ, ഞങ്ങളുടെ പ്രത്യാശയുടെ പ്രാർത്ഥനാഗാനം ശ്രവിച്ച് ദൈവം ഞങ്ങളെ രക്ഷിച്ചു.” മാർഗരറ്റ് വില്യംസിന്റെ മറുപടി അങ്ങനെയായിരുന്നു.

കഷ്ടതയിലും പാടുവാൻ നമുക്കു കഴിയുമോ? “രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു” (സങ്കീർ. 77:6)

ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും…നാം ഭയപ്പെടുകയില്ല (സങ്കീ. 46:1-3)