പുതിയ സഭയുടെ ചില സവിശേഷതകൾ – WFTW 08 സെപ്റ്റംബർ 2024

സാക് പുന്നൻ

1975 ഓഗസ്റ്റിൽ എൻ്റെ ഭവനത്തിൽ വച്ച്, ഒരുമിച്ചു ചേർന്ന് ഒരു മീറ്റിംഗ് ആരംഭിച്ചപ്പോൾ, ഒരു പുതിയ സഭ ആരംഭിക്കുന്നതിനെ കുറിച്ച് ഒരു ഉദ്ദേശ്യവും തീർത്തും ഇല്ലായിരുന്നു. അപ്പൊസ്തലന്മാർ മാത്രമാണ് സഭ സ്ഥാപിച്ചത് – തീർച്ചയായും ഞാൻ അതിന് യോഗ്യനാണെന്ന് എനിക്കു തോന്നിയില്ല! എന്നാൽ സമയം കഴിയും തോറും, കൂടുതൽ കൂടുതൽ ആളുകൾ ഞങ്ങളുടെ കൂടെ ചേരുവാൻ വന്നു കൊണ്ടിരിക്കുന്നു എന്നു കണ്ടതുകൊണ്ട് ഞങ്ങൾ ഒരുമിച്ചു കൂടുന്നതു തുടരുക എന്നതല്ലാതെ വേറെ മാർഗ്ഗം ഒന്നുമില്ലായിരുന്നു. ഞങ്ങളുടെ കൂടെ ചേരുവാൻ ഞങ്ങൾ ആരെയും ക്ഷണിച്ചില്ല. താൻ ആയിരുന്ന സഭയെ കുറിച്ചു മടുപ്പു തോന്നി എന്ന കാരണത്താൽ മാത്രം ആരും ഞങ്ങളുടെ കൂടെ ചേരുവാൻ ഞങ്ങൾ ആഗ്രഹിച്ചില്ല -കാരണം അങ്ങനെയുള്ള ഒരാൾക്ക് അധികം താമസിയാതെ ഞങ്ങളെ കുറിച്ചും മടുപ്പു തോന്നും എന്ന് ഞങ്ങൾ അറിഞ്ഞിരുന്നു! “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും” മാത്രം തങ്കലേക്കു വരുവാനാണ് യേശുവിളിച്ചത് (മത്താ.11:28) – മറ്റു വാക്കുകളിൽ പറഞ്ഞാൽ, തങ്ങളുടെ തന്നെ പരാജിത ജീവിതങ്ങൾ കൊണ്ടു മടുത്തവരേയും ജയ ജീവിതത്തിനു വേണ്ടി പാരവശ്യത്തോടെ അന്വേഷിക്കുന്നവരെയും ആണ്. ഞങ്ങളുടെ കൂടെ ചേരുവാൻ ഞങ്ങൾ ആഗ്രഹിച്ചതും അങ്ങനെയുള്ളവരെ മാത്രമാണ്‌.

ഇന്ത്യയിൽ ഇപ്പോൾ തന്നെ നൂറുകണക്കിനു സഭാ വിഭാഗങ്ങൾ ഉണ്ട്. അതു കൊണ്ട് ഞങ്ങളിലൂടെ വേറെ ഒരു സഭാ വിഭാഗം ആരംഭിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്നു ഞങ്ങൾ തീർച്ചപ്പെടുത്തി. പ്രൊട്ടസ്റ്റൻ്റ് നവോത്ഥാനത്തിനു ശേഷം, കർത്താവിനാൽ ആരംഭിക്കപ്പെട്ട ഓരോ പുതിയ പ്രസ്ഥാനവും അവിടുന്നു തുടങ്ങിയത്, അതിനു ചുറ്റുപാടും നിലനിൽക്കുന്ന സഭകൾ ഊന്നൽ കൊടുക്കാത്ത പുതിയ ഉടമ്പടി ജീവിതത്തിൻ്റെ ചില പ്രത്യേക ലക്ഷണങ്ങൾക്ക് ഊന്നൽ കൊടുക്കാനാണ്. അല്ലാത്തപക്ഷം പുതിയ ചില കാര്യങ്ങൾ ആരംഭിക്കുവാൻ ദൈവത്തിന് ഒരാവശ്യവുമില്ലായിരുന്നു.

ഇപ്പോൾ കർത്താവ് ഞങ്ങളുടെ ഇടയിൽ ഒരു പുതിയ സഭ തുടങ്ങുകയായിരുന്നു. ഞങ്ങളിലൂടെ കർത്താവ് ഊന്നൽ കൊടുക്കാനാഗ്രഹിക്കുന്ന സവിശേഷതകളെന്തൊക്കെയായിരിക്കാം എന്നു ഞങ്ങൾ അത്ഭുതപ്പെട്ടു. ഞങ്ങൾ തീർച്ചയായും മറ്റുള്ളവരെക്കാൾ കൂടുതൽ ആത്മീയരല്ല. ഞങ്ങളെല്ലാവരും കൃപയാൽ രക്ഷിക്കപ്പെട്ട പാപികളായിരുന്നു. കൂടാതെ പല മേഖലകളിലുമുള്ള ഞങ്ങളുടെ അപൂർണ്ണതയെ കുറിച്ചു ഞങ്ങൾ ബോധവാന്മാരും ആയിരുന്നു. എന്നാൽ പുതിയ ഉടമ്പടി പഠിപ്പിക്കലിൽ നിന്നും ആചാരങ്ങളിൽ നിന്നും അവർ അകന്നുപോയിരിക്കുന്നു എന്നു ഞങ്ങൾക്കു തോന്നിയ അസംഖ്യം മേഖലകളിൽ പല സഭകളോടും പൊരുത്തപ്പെടാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. ഞങ്ങൾ കൂടി വരുന്നതു തുടർന്നപ്പോൾ, ഞങ്ങൾ അവരോടു വിയോജിച്ച ചില മേഖലകൾ ഞങ്ങളുടെ മനസ്സിൽ വ്യക്തവും നിശ്ചിതവും ആകാൻ തുടങ്ങി.

1. ജലസ്നാനം: വിശ്വാസികൾക്കു വേണ്ടി ത്രിത്വത്തിൻ്റെ നാമത്തിൽ മുഴുകൽ സ്നാനം ഞങ്ങൾ ആചരിച്ചു. അതുകൊണ്ട് മുഖ്യധാരാ സഭാവിഭാഗങ്ങൾ ആചരിച്ചു വന്ന ശിശുസ്നാനത്തിൽ നിന്ന് ഞങ്ങൾ വ്യത്യസ്തരായിരുന്നു.

2. പരിശുദ്ധാത്മാവിലുള്ള സ്നാനം: പരിശുദ്ധാത്മാവിലുള്ള സ്നാനത്തിലും പരിശുദ്ധാത്മാവിൻ്റെ എല്ലാ വരങ്ങളിലും ഞങ്ങൾ വിശ്വസിച്ചു. അതുകൊണ്ട് ഞങ്ങൾ ബ്രദറൻ, ബാപ്റ്റിസ്റ്റുകൾ തുടങ്ങിയവരിൽ നിന്നു വ്യത്യസ്തരായിരുന്നു!! എന്നാൽ അന്യഭാഷയിൽ സംസാരിക്കുന്നതാണ് പരിശുദ്ധാത്മാഭിഷേകത്തിൻ്റെ തെളിവ് എന്നത് ഞങ്ങൾ വിശ്വസിച്ചില്ല, എന്നാൽ അതിനേക്കാൾ ദൈവത്തിൻ്റെ ശക്തി പ്രാപിക്കുന്നതാണ് എന്നു വിശ്വസിച്ചു (അപ്പൊ.പ്ര.1:8,10:38). അതുകൊണ്ട് ഞങ്ങൾ പെന്തക്കോസ്തരിൽ നിന്നും കരിസ്മാറ്റിക്‌സിൽ നിന്നും വ്യത്യസ്തരായി!!

3. ശിഷ്യത്വം: ലൂക്കോ. 14:26,27,33ൽ അവിടുന്നു പറഞ്ഞിട്ടുള്ള ശിഷ്യത്വത്തിൻ്റെ വ്യവസ്ഥകൾ പൂർത്തീകരിക്കുന്നവരെ ശിഷ്യരാക്കിക്കൊള്ളുവാൻ നമ്മുടെ കർത്താവ് കല്പിച്ചിട്ടുണ്ടെന്നു ഞങ്ങൾ കണ്ടു. അതുകൊണ്ട് ശിഷ്യത്വമല്ലാതെ സുവിശേഷീകരണത്തിനു മാത്രം ഊന്നൽ കൊടുക്കുന്ന മറ്റു മിക്ക സഭകളോടും ഞങ്ങൾ വിയോജിച്ചു.

4. പാസ്റ്റർമാർ: “പാസ്റ്റർ” എന്നത് ഒരു വരമാണ്‌. അല്ലാതെ സഭയിലെ ഒരു അധികാരമല്ല എന്ന് ഞങ്ങൾ കണ്ടു (എഫെ. 4:11). പുതിയ നിയമസഭ വ്യക്തമായി പഠിപ്പിക്കുന്നത് സഭ “മൂപ്പന്മാരാൽ” നയിക്കപ്പെടണം എന്നാണ്‌. ഒരു പാസ്റ്ററിനാൽ അല്ല (തീത്തൊ. 1:5). കൂടാതെ ഓരോ സഭയിലും കുറഞ്ഞത് 2 മൂപ്പന്മാരെങ്കിലും ഉണ്ടായിരിക്കണം – അത് ഒറ്റയാൾ ഭരണത്തിൻ്റെ അപകടം ഒഴിവാക്കുന്നതിനും നേതൃത്വത്തിൽ ഒരു സംതുലനം കൊണ്ടുവരേണ്ടതിനുമാണ്. ഈ ബോധ്യം ഞങ്ങളെ മിക്കവാറും എല്ലാ സഭകളിൽ നിന്നും വേർതിരിച്ചു നിർത്തി.

5. പണം: ദൈവത്തിനു പകരമുള്ള മറ്റൊരു യജമാനനായി യേശു സൂചിപ്പിക്കത്തക്ക വിധം പണത്തിന് അത്ര വലിയ ശക്തിയുണ്ട് (ലൂക്കോ. 16:13)! ഈ മേഖലയിൽ തെളിമയുള്ള ഒരു സാക്ഷ്യം ഞങ്ങൾക്കാവശ്യമുണ്ട് എന്നു ഞങ്ങൾ കണ്ടു, കാരണം ദൈവികമല്ലാത്ത സാമ്പത്തിക ഇടപാടുകൾ മൂലം ക്രിസ്തീയ വേലയിൽ അധിക പങ്കും ഒരു ചീത്ത പേരുള്ളവയാണ്. പ്രാസംഗികരും പാസ്റ്റർമാരും അവരുടെ റിപ്പോർട്ടുകളിലൂടെയും പ്രാർത്ഥനാ ലേഖനങ്ങളിലൂടെയും പണത്തിനു വേണ്ടി യാചിക്കുന്നു. യേശുവും തൻ്റെ അപ്പൊസ്തലന്മാരും ഒരിക്കലും അവരുടെ പ്രവൃത്തിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ ആർക്കും നൽകിയില്ല (അവരുടെ സഹപ്രവർത്തകർക്കല്ലാതെ); അവർ തങ്ങൾക്കു വേണ്ടി തന്നെയോ അവരുടെ ശുശ്രൂഷയ്ക്കു വേണ്ടിയോ ആരോടും ഒരിക്കലും സാമ്പത്തിക സഹായം ആവശ്യപ്പെട്ടില്ല. അതിനു പകരം അവർ തങ്ങളുടെ വേലയ്ക്ക് ആവശ്യമായ പണം അവർക്കു നൽകേണ്ടതിന് ആളുകളുടെ ഹൃദയത്തിൽ ചലനം ഉണ്ടാക്കുവാൻ അവർ തങ്ങളുടെ സ്വർഗീയ പിതാവിൽ ആശ്രയിച്ചു. അതേ മാർഗ്ഗത്തിൽ തന്നെ നമുക്കും നമ്മുടെ പിതാവിൽ ആശ്രയിക്കാൻ കഴിയും. അതുകൊണ്ട് ഒരിക്കലും ആർക്കും ഞങ്ങളുടെ വേലയെ കുറിച്ചുള്ള ഒരു റിപ്പോർട്ട് അയക്കുകയില്ല എന്നു ഞങ്ങൾ തീരുമാനിച്ചു (ഞങ്ങളുടെ സ്വന്തം സഭാ കുടുംബം ഒഴികെ) കൂടാതെ ആരോടും പണം ചോദിക്കുകയില്ലെന്നും തീരുമാനിച്ചു. ഞങ്ങളുടെ ഏതെങ്കിലും സഭാ ശുശ്രൂഷകളിൽ ഒരിടത്തും സ്തോത്ര കാഴ്ച എടുക്കുകയില്ലെന്നും ഞങ്ങൾ തീരുമാനിച്ചു. എന്നാൽ സ്വമേധയാ ദാനത്തിനു വേണ്ടി ഒരു പെട്ടി വയ്ക്കുവാൻ മാത്രം തീരുമാനിച്ചു – കാരണം എല്ലാ വഴിപാടുകളും രഹസ്യമായി നൽകപ്പെടണം എന്നു കർത്താവ് പറഞ്ഞിട്ടുണ്ട് (മത്താ.6:1-4). അതുകൊണ്ട് ഞങ്ങളുടെ സാമ്പത്തിക നയം അടിസ്ഥാനപരമായി ഇന്ത്യയിലുള്ള മറ്റ് എല്ലാ സഭകളിൽ നിന്നും വ്യത്യസ്തമായി.

6. സ്വന്തം വരുമാനം കൊണ്ടു ജീവിക്കുന്നു: ഇന്ത്യയിലെ മിക്ക ക്രിസ്തീയ പ്രവർത്തകരും ക്രിസ്തീയ വേലയെ ദൈവത്തിൽ നിന്നുള്ള ഒരു വിളിയായിട്ടല്ല എന്നാൽ അത് ഒരു ജീവിതമാർഗ്ഗമായി കണ്ടു. മിക്കപേരും പടിഞ്ഞാറൻ ക്രിസ്തീയ സംഘടനകളിൽ ചേർന്നത് ഒരു ശമ്പളത്തിനു വേണ്ടി ആയിരുന്നു. ക്രിസ്തീയ വേല അവർക്കൊരു കച്ചവടമായിരുന്നു, അതിലൂടെ അവർ വലിയ ലാഭമുണ്ടാക്കി! തൻ്റെ കാലത്തുള്ള മറ്റു പ്രാസംഗികരിൽ നിന്നു തന്നേ വ്യത്യസ്തനാക്കേണ്ടതിന് അപ്പൊസ്തലനായ പൗലൊസ് തൻ്റെ സ്വന്ത കൈ കൊണ്ട് വേല ചെയ്ത് സ്വന്ത വരുമാനത്തിൽ ജീവിച്ചു (2 കൊരി.11:12). തീർച്ചയായും പൂർണ്ണ സമയ മൂപ്പന്മാർ തങ്ങളുടെ സഭയിലെ വിശ്വാസികളുടെ സഹായത്തോടെ ജീവിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ഇന്ത്യയിലെ സാഹചര്യം കാരണം, മൂപ്പന്മാർ സ്വന്തം വരുമാനം കൊണ്ടു ജീവിക്കുന്നവരായിരിക്കണം എന്നു ഞങ്ങൾക്കു തോന്നി- പൗലൊസ് തൻ്റെ കാലത്ത് ആയിരുന്നതു പോലെ, ഈ മറ്റു പ്രവർത്തകരിൽ നിന്നു വ്യത്യസ്തനായിരിക്കേണ്ടതിന്. ഈ മേഖലയിലും, ഇന്ത്യയിലെ മിക്കവാറും മറ്റെല്ലാ സഭകളിൽ നിന്നും ഞങ്ങളുടെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു.

7. പടിഞ്ഞാറൻ രാജ്യങ്ങളിലുള്ള ആശ്രയം: ഇന്ത്യയിലെ പല സഭകളും പടിഞ്ഞാറൻ ക്രിസ്ത്യാനികളിൽ വളരെയധികം ആശ്രിതരാണ്- ശുശ്രൂഷയ്ക്കും പണത്തിനും. ഇന്ത്യയിലുള്ള അക്രൈസ്തവർക്കുള്ള തങ്ങളുടെ സാക്ഷ്യത്തിന് ഇതൊരു തടസ്സമാണെന്നു ഞങ്ങൾ കണ്ടു. അനേകം ഇന്ത്യൻ പ്രാസംഗികർ അമേരിക്കൻ രീതികൾ അന്ധമായി അനുകരിക്കുന്നതും അമേരിക്കൻ ദൈവശാസ്ത്രം ചോദ്യം ചെയ്യാതെ സ്വീകരിക്കുന്നതും ഞങ്ങൾ കണ്ടു. അതുകൊണ്ട് പണത്തിനു വേണ്ടിയോ, ശുശ്രൂഷയ്ക്കു വേണ്ടിയോ, ഏതെങ്കിലും വിദേശ സംഘടനകളുമായി ബന്ധിപ്പിക്കപ്പെടുകയോ ഏതെങ്കിലും വിദേശ സ്രോതസ്സിൽ ആശ്രിതരാകുകയോ ഇല്ലെന്നു ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ ശുശ്രൂഷ യഥാർത്ഥമായി ഭാരതീയം ആയിരിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു, ഒരു ഇന്ത്യൻ നേതൃത്വത്തോടു കൂടി – എന്നാൽ അതേ സമയം തന്നെ എല്ലാ രാജ്യങ്ങളിലുമുള്ള വിശ്വാസികളെ സ്വീകരിക്കാൻ തക്കവണ്ണം തുറക്കപ്പെട്ട ഒന്ന്. ഈ മേഖലയിൽ ഞങ്ങൾ ഇന്ത്യയിലെ മിക്ക സഭകളിൽ നിന്നും വ്യത്യസ്തരാണ്.

ദൈവം ഇന്ത്യയിൽ ഒരു പുതിയ സഭ തുടങ്ങിയതിൻ്റെ കാരണങ്ങൾ ഇവയാണ്. നമ്മുടെ രാജ്യത്ത് ദൈവത്തിന് ഇത്തരം ഒരു സാക്ഷ്യം ആവശ്യമുണ്ടായിരുന്നു എന്ന് ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. അതുകൊണ്ട് ഞങ്ങൾ ദൈവത്തിനു വിധേയപ്പെട്ട് ഞങ്ങളോട് അവിടുന്നു ചെയ്യാനാഗ്രഹിക്കുന്നതു പോലെ ചെയ്യുവാൻ അവിടുത്തെ അനുവദിച്ചു.

ഓരോ സഭയും ആരംഭിക്കുമ്പോൾ അവർക്ക് അത്ഭുതകരമായ പ്രമാണങ്ങൾ ഉണ്ട്. എന്നാൽ കാലം ആ പ്രമാണങ്ങളെയെല്ലാം ശോധന ചെയ്യുന്നു. ഏതാനും ദശകങ്ങൾക്കു ശേഷം കാര്യങ്ങൾ എങ്ങനെ ആയിരിക്കുന്നു? 49 വർഷങ്ങൾക്കു ശേഷം ഞങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ, ഇപ്പോഴും മറ്റു പല മേഖലകളിലും ഞങ്ങളുടെ കുറവു കാണുന്നുണ്ടെങ്കിലും, മുകളിൽ പറഞ്ഞ ഏഴു മേഖലകളിലും യാതൊരു വിട്ടുവീഴ്ചയും കൂടാതെ അവിടുന്നു ഞങ്ങളെ സൂക്ഷിച്ചിരിക്കുന്നതിനായി ഞങ്ങൾ ദൈവത്തിനു നന്ദി പറയുന്നു.

എല്ലാ മഹത്വവും അവിടുത്തെ നാമത്തിനു മാത്രം!