ആത്മീയ പക്വത ശോധനകളിലൂടെ – WFTW 1 മാർച്ച് 2020

സാക് പുന്നന്‍

യാക്കോബ് 1:2ല്‍ അപ്പൊസ്തലനായ യാക്കോബ് പറയുന്നത്, “നിങ്ങള്‍ വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍ അത് അശേഷം സന്തോഷം എന്ന് എണ്ണുവിന്‍” എന്നാണ്. നിങ്ങളുടെ വിശ്വാസം യഥാര്‍ത്ഥമായതാണെങ്കില്‍, പരീക്ഷകള്‍ നേരിടുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും – കാരണം അത് ഒരു 2000 രൂപ നോട്ട്, അത് യഥാര്‍ത്ഥമായതാണോ അല്ലയോ എന്നു പരിശോധിക്കുവാന്‍, ഒരു സ്കാനറിന്‍റെ അടിയില്‍ വയ്ക്കുന്നതുപോലെയാണ്. അതിനെ എന്തിനാണു നിങ്ങള്‍ പേടിക്കുന്നത്? നിങ്ങളുടെ വിശ്വാസം വ്യാജമാണെങ്കില്‍ അത് ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ നില്‍ക്കുമ്പോള്‍ അറിയുന്നതിനെക്കാള്‍ നല്ലത് ഇപ്പോഴേ അറിയുന്നതല്ലേ? അതുകൊണ്ട് നിങ്ങളുടെ വിശ്വാസം യഥാര്‍ത്ഥമാണോ അല്ലയോ എന്ന് ഇപ്പോഴേ തീര്‍ച്ചയായി അറിയുന്നതിന് ദൈവം നിങ്ങളെ ചില ശോധനയിലേക്കു കൊണ്ടു വരുന്നത് നല്ലതാണ്. അതുകൊണ്ട് സന്തോഷിപ്പിന്‍! നിങ്ങള്‍ ഒരു വീട് പണിതുകൊണ്ടിരിക്കുമ്പോള്‍, ആ വീട് പണിതു തീര്‍ന്നതിനുശേഷം ഒരു ഭൂചലനം ഉണ്ടാകുന്നതിനെക്കാള്‍ നല്ലത് അതിന്‍റെ അടിസ്ഥാനം ഇട്ടുകൊണ്ടിരിക്കുമ്പോള്‍തന്നെ അതുണ്ടാകുന്നതല്ലേ? അടിസ്ഥാനം ഇളക്കമുളളതാണെങ്കില്‍ നിങ്ങള്‍ക്ക് അതുവേഗം പരിഹരിക്കാന്‍ കഴിയും. അതുപോലെ തന്നെ, നിങ്ങളുടെ ക്രിസ്തീയ ജീവിതത്തിന്‍റെ തുടക്കത്തില്‍ തന്നെ, ശോധനകളിലൂടെ കടന്നുപോകുന്നതു നല്ലതാണ്. “ഞാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു”എന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ നിങ്ങള്‍ ഒരു ചെറിയ സാമ്പത്തിക ബുദ്ധിമുട്ടില്‍ ആകുമ്പോള്‍, നിങ്ങള്‍ വിഷമിക്കുവാനും പരാതിപ്പെടാനും തുടങ്ങുന്നു.ചിലപ്പോള്‍ നിങ്ങള്‍ക്കു രോഗമുണ്ടാകുമ്പോഴായിരിക്കാം നിങ്ങള്‍ ദൈവത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങുന്നത്. അല്ലെങ്കില്‍ ചിലപ്പോള്‍ മനുഷ്യരില്‍ നിന്നു നിങ്ങള്‍ക്ക് ചില എതിര്‍പ്പുകള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ നിരുത്സാഹപ്പെടുകയും നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ വിശ്വാസം യഥാര്‍ത്ഥമായിരുന്നില്ല എന്ന് ഈ ശോധനകളെല്ലാം നിങ്ങള്‍ക്കു തെളിയിച്ചു തരും.

എന്നുതന്നെയല്ല, ശോധനകള്‍ തമ്മില്‍ സഹിഷ്ണുത എന്ന സദ്ഗുണവും കൂടെ ഉണ്ടാക്കുന്നു. നമുക്ക് എല്ലായ്പോഴും നമ്മുടെ വിശ്വാസത്തോടു ചേര്‍ന്ന് സഹിഷ്ണുതയും ആവശ്യമാണ്, അതു നമ്മെ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണ്ണരും ആക്കി തീര്‍ക്കുന്നു (യാക്കോബ് 1:4). ഈ ലക്ഷ്യത്തെക്കുറിച്ചു ചിന്തിക്കുക -” ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണ്ണരും’.’ അവിടെ എത്തിച്ചേരാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടോ അതിനുളള മാര്‍ഗ്ഗം ശോധനയിലൂടെയാണ്. അവിടെ എത്തിച്ചേരാന്‍ വേറെ വഴിയൊന്നുമില്ല. നാം ഇതുവരെ അവിടെ എത്തിച്ചേര്‍ന്നിട്ടില്ല, അതുകൊണ്ട് നാം ഇനിയും അധികം ശോനകളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഞാന്‍ എന്‍റെ ജീവിതത്തില്‍ എന്തെങ്കിലും ആത്മീയ നന്മ നേടിയിട്ടുണ്ടെങ്കില്‍, അതു കര്‍ത്താവ് എന്നെ കടത്തിക്കൊണ്ടുപോയ ശോധനകളിലൂടെയാണ്. എന്നാല്‍ “ഒന്നിലും കുറവില്ലാതെ പക്വതയും പൂര്‍ണ്ണതയും ഉളള” എന്ന ലക്ഷ്യത്തിലെത്തുവാന്‍ ഇനിയും അധികം ശോധനകളിലൂടെ എനിക്കു കടന്നുപോകേണ്ടതുണ്ട്. നമുക്കെല്ലാവര്‍ക്കുമുളള ലക്ഷ്യം അതാണ്. ചില ശോധനയിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങളുടെ വിശ്വാസം യഥാര്‍ത്ഥമായിരുന്നില്ല എന്നു കാണുന്നെങ്കില്‍ നിങ്ങള്‍ നിരുത്സാഹപ്പെടരുത്. അതു നിങ്ങളെ കാണിച്ചുതന്നതിനു ദൈവത്തിനു നന്ദി പറയുകയും,നിങ്ങള്‍ക്ക് യഥാര്‍ത്ഥ വിശ്വാസം തരേണ്ടതിന് അവിടുത്തോടു ചോദിക്കുകയും ചെയ്യുക. ദൈവം അതു നിങ്ങള്‍ക്കു തരും.

അപ്പൊസ്തലനായ പത്രൊസ് 1പത്രൊസ് 1:7 ല്‍ പറയുന്നത് നിങ്ങളുടെ എല്ലാ ശോധനകളുടെയും ഉദ്ദേശം നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശുദ്ധി തെളിയിക്കുവാനാണ് എന്നാണ് – “തീയില്‍ ശോധന ചെയ്ത പൊന്നു” പോലെ. സ്വര്‍ണ്ണം ഭൂമിയുടെ ആഴങ്ങളില്‍ നിന്നു കുഴിച്ചെടുക്കുമ്പോള്‍ അതു ശുദ്ധമല്ല. അതു ശുദ്ധിചെയ്യുവാനുളള ഏകമാര്‍ഗ്ഗം അതു തീയില്‍ ഇടുക എന്നതുമാത്രമാണ്. സോപ്പും വെളളവും ഉപയോഗിച്ച് അത് ഉരച്ചു കഴുകുന്നതിനാല്‍ നിങ്ങള്‍ക്കു സ്വര്‍ണ്ണം ശുദ്ധി ചെയ്യുവാന്‍ കഴിയുകയില്ല. അത് അഴുക്കുമാത്രമെ കളയുകയുളളൂ. എന്നാല്‍ സ്വര്‍ണ്ണത്തില്‍ കലര്‍ന്നിരിക്കുന്ന ലോഹങ്ങള്‍ നീക്കാന്‍, അതു തീയില്‍ ഇടേണ്ട ആവശ്യമുണ്ട്. അപ്പോള്‍ അതിലുളള എല്ലാ ലോഹസങ്കരങ്ങളും ഉരുകി മാറുകയും ശുദ്ധമായ സ്വര്‍ണ്ണം പുറത്തുവരികയും ചെയ്യുന്നു. നിങ്ങള്‍ കടന്നുപോകുന്ന ശോധനകള്‍ പൊളളുന്നതാകാം. അതു നിങ്ങളെ വേദനിപ്പിക്കുന്നതാണ്, നിങ്ങള്‍ തീയില്‍ ആയിരിക്കുന്നതു പോലെ നിങ്ങള്‍ക്ക് അനുഭവപ്പെടുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തില്‍ അശുദ്ധമായുളളതിനെയെല്ലാം കളയുക എന്നതു മാത്രമാണ് അതിന്‍റെ ഉദ്ദേശ്യം.

ദൈവം തന്‍റെ എല്ലാ മക്കളെയും ശോധന നേരിടുവാന്‍ അനുവദിക്കുന്നു. അത് എപ്പോഴാണ് അയക്കേണ്ടത് എന്ന് അവിടുത്തെ മഹാപരിജ്ഞാനത്തില്‍ കൃത്യമായി അവിടുന്ന് അറിയുന്നു. നമ്മുടെ ജീവിതങ്ങളില്‍ അവിടുന്ന് അനുവദിച്ച ശോധനകള്‍ ഒന്നില്‍ പോലും ദൈവത്തിന് ഒരു അബദ്ധവുംപറ്റിയിട്ടില്ല എന്ന്, കര്‍ത്താവിന്‍റെ തിരുമുമ്പില്‍ നില്‍ക്കുമ്പോള്‍ നാം കണ്ടെത്തും. നമ്മുടെ ജീവിതങ്ങളില്‍ അവിടുന്ന് അനുവദിച്ച ഓരോ ശോധനയും, നമ്മെ പൊന്നുപോലെ ശുദ്ധി ചെയ്യേണ്ടതിനായിരുന്നു എന്ന് ആ നാളില്‍ നാം കണ്ടെത്തും. അതു നിങ്ങള്‍ വിശ്വസിക്കുമെങ്കില്‍, നിങ്ങള്‍ എല്ലാ സമയവും കര്‍ത്താവിനെ സ്തുതിക്കും. നിങ്ങളുടെ ശോധനകളുടെ മദ്ധ്യത്തില്‍ പറഞ്ഞുതീരാനാകാത്ത സന്തോഷം നിങ്ങള്‍ക്കുണ്ടാകും – അതു നിങ്ങളുടെ ആത്മരക്ഷയായി പരിണമിക്കും. കഴിഞ്ഞ കാലങ്ങളിലുളള പ്രവാചകന്മാര്‍ ആരാഞ്ഞ് അന്വേഷിച്ച രക്ഷ ഇതാണ്, എന്നാല്‍ അവര്‍ക്കതു ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. ദൂതന്മാരും അതിലേക്കു കുനിഞ്ഞുനോക്കുവാന്‍ ആഗ്രഹിക്കുന്നു ( 1 പത്രൊസ് 1:12). എന്നാല്‍ ഇന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നയച്ച പരിശുദ്ധാത്മാവ്, ഈ സുവിശേഷം പ്രസംഗിക്കുന്നവരെ അഭിഷേകം ചെയ്തിരിക്കുന്നു. അതുകൊണ്ട് പത്രൊസ് പറയുന്നത്, ഇത്ര അത്ഭുതകരമായ ഒരു സുവിശേഷം നമുക്കുളളതു കൊണ്ടും, ഈ ശോധനയിലൂടെ നാം കടന്നുപോകേണ്ട കാലയളവ് വളരെ ചുരുങ്ങിയതു മാത്രം ആക കൊണ്ടും, നാം നമ്മുടെ മനസ്സ് ഉറപ്പിച്ചു നിര്‍മ്മദരായി നാം നേരിടുന്ന ശോധനകളാല്‍ കുലുങ്ങിപ്പോകാതെ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയ്ക്കായി പൂര്‍ണ്ണ പ്രത്യാശയോടെ കാത്തിരിക്കണം. (1 പത്രൊസ് 1:13).

What’s New?


Top Posts