പുതിയ നിയമ സഭയുടെ ഒന്നാമത്തെ അടയാളം – WFTW 28 ഏപ്രിൽ 2013

സാക് പുന്നന്‍

   

ഒരു പുതിയ നിയമ സഭയുടെ ഒന്നാമത്തെ അടയാളം എന്താണ്? പലരും കരുതുന്നത് അത് പ്രത്യേക രീതിയിലുള്ള സഭാ ഭരണമോ, അല്ലെങ്കിൽ പ്രത്യേക തരത്തിലുള്ള സഭാ യോഗങ്ങളോ, ആണെന്നാണ്‌.,. എന്നാൽ ഇത് രണ്ടുമല്ല സഭയെ സംബന്ധിച്ച പ്രധാന കാര്യം അതിനു വിശുദ്ധ ജീവിതം ഉണ്ടായിരിക്കണം എന്നതാണ്.

 ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുമ്പോൾ, ആദ്യ ആഴ്ചകളിൽ മനുഷ്യൻറെ ഒരു രൂപവും (മാതൃക)  ഉണ്ടായിരിക്കുകയില്ല.  അവിടെ ജീവൻ  മാത്രമേയുള്ളു.  രൂപമുണ്ടാകുന്നത് (മാതൃക) പിന്നീടാണ്. ഒരു പുതിയ സഭ എവിടെയെങ്കിലും സ്ഥാപിക്കപ്പടുമ്പോഴും അങ്ങനെ തന്നെയാണ്. ഒരു ശരിയായ മാതൃക ഉരുത്തിരിഞ്ഞു വരുവാൻ സമയമെടുക്കും. എന്നാൽ ആ സമയമത്രയും ജീവനുണ്ടായിരിക്കും.

ഒരു പുതിയ നിയമ സഭയുടെ ഒന്നാമത്തെ അടയാളം അതിൻറെ മദ്ധ്യേയുള്ള ദൈവ സാന്നിദ്ധ്യമാണ്. സഭ കൂടിവരുമ്പോൾ പരിശുദ്ധാത്മാവിൻറെ അഭിഷേകത്താൽ എല്ലാവരും പ്രവചിക്കുകയും, ആ യോഗത്തിലേക്ക് കടന്നുവരുന്ന ഒരാൾക്ക്‌ തൻറെ പാപത്തെക്കുറിച്ചു ബോധമുണ്ടായി ആ കൂട്ടത്തിൻറെ നടുവിൽ ദൈവമുണ്ടെന്നു സമ്മതിക്കുകയും ചെയ്യുന്നു (1 കോരി.14:24,25). അത് മാത്രമാണ് ഒരു യഥാർത്ഥ സഭയുടെ മാതൃക.

ദൈവ സാന്നിദ്ധ്യം ഇല്ലായെങ്കിൽ നാം ദൈവത്തിൻറെ പദ്ധതിയിൽ നിന്നും കുറവുള്ളവരായിരിക്കുന്നു എന്ന് ഏറ്റുപറഞ്ഞ് അനുതപിക്കണം. മരുഭൂമിയിൽ വച്ച് യിസ്രായേല്യർ  പണിത സമാഗമന കൂടാരത്തെ കുറിച്ച് ചിന്തിക്കുക. അതിൻറെ മാതൃക വളരെ വ്യക്തമായി പുറപ്പാട് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഫെലിസ്ത്യർക്കും അതേപോലെ ഒരു സമാഗമന കൂടാരം ഉണ്ടാക്കുവാൻ സാധിക്കുമായിരുന്നു. എന്നാൽ അവർക്ക് പുനർസൃഷ്ടിക്കുവാൻ സാധിക്കാത്ത ഒന്നുണ്ടായിരുന്നു. അത് അതിവിശുദ്ധസ്ഥലത്ത് ഉണ്ടായിരുന്ന കൂടാരത്തെ മുഴുവൻ പ്രകാശപൂരിതമാക്കുന്ന അഗ്നിജ്വാലയായി വെളിപ്പെട്ട ദൈവ സാന്നിദ്ധ്യമായിരുന്നു. അതായിരുന്നു സമാഗമന കൂടാരത്തിൻറെ പ്രധാന ഭാഗം. സഭയിലും അതുപോലെ തന്നെയാണ്.

 എവിടെയെങ്കിലും വളരെ ശക്തിയുള്ള ഒരു സഭ കാണുമ്പോൾ അതിൻറെ പുറകിലുള്ള രഹസ്യം ആ സഭയുടെ കൂടിവരവുകളുടെ പ്രത്യേക രീതിയോ, അവിടെ പ്രസംഗിക്കുന്ന പ്രത്യേക ഉപദേശങ്ങളോ ആണെന്നാണ്‌ ചിന്തിക്കുന്നത്. അതിനാൽ ആ സഭയുടെ രീതികൾ  അനുകരിക്കുകയും അവിടെ പ്രസംഗിക്കുന്ന  ഉപദേശങ്ങൾ തന്നെ പ്രസംഗിക്കുകയും ചെയ്താൽ നിങ്ങൾക്കും ഒരു പുതിയ നിയമ സഭയായി എന്ന് കരുതിയാൽ നിങ്ങൾ നിങ്ങളെ തന്നെ ചതിക്കുകയായിരിക്കും. ദൈവത്തിൻറെ തേജസ്സ്‌ ശക്തിയോടെ നിങ്ങളുടെ ഇടയിൽ വസിച്ചില്ലെങ്കിൽ അവിടെ ഒരിക്കലും ഒരു പുതിയ നിയമ സഭ ഉണ്ടായിരിക്കുകയില്ല.

സഭയെന്ന നിലയിൽ ദൈവത്തിൻറെ സാന്നിദ്ധ്യം ശക്തിയോടെ സഭയുടെ മദ്ധ്യേയുള്ളപ്പോൾ, അവിടെ വെളിച്ചം തുടർച്ചയായി, എന്താണ് ദൈവത്തെ പ്രസാദിപ്പിക്കുന്നതും അല്ലാത്തതും ആയ കാര്യങ്ങൾ എന്ന് നമ്മെ കാണിച്ചുതരും. ആ വെളിച്ചം നമ്മുടെ മുമ്പിലുള്ള അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നു. അത് ഇരുട്ടിനെ മാത്രമല്ല, ഇരുട്ടിൻറെ അധികാരിയായ പിശാചിനെയും നീക്കിക്കളയുന്നതാണ്. അത്തരമൊരു സഭയ്ക്കെതിരെ പാതാള ഗോപുരങ്ങൾ ജയിക്കുകയില്ല.

സഭയിലെ നമ്മുടെ ഉപദേശങ്ങൾ ശക്തിയായിരുന്നാൽ മാത്രം ഒരു കാര്യവുമില്ല. നമുക്കാവശ്യമുള്ള കാര്യം ദൈവത്തിൻറെ സാന്നിദ്ധ്യം തന്നെയാണ്.