തിരുത്തലിനോടുള്ള ശരിയായ മനോഭാവം – WFTW 10 ഡിസംബർ 2023

സാക് പുന്നൻ

ദൈവം നമ്മുടെ ശക്തിയും നിഗളവും തകർക്കുന്ന മറ്റൊരു മാർഗ്ഗം, നമ്മുടെ നേതാക്കന്മാരിലൂടെ നമ്മെ തിരുത്തുന്നതാണ്. മിക്കവാറും എല്ലാ വിശ്വാസികളും തിരുത്തൽ സ്വീകരിക്കുന്നത് വളരെ പ്രയാസമുള്ളതായി കാണുന്നു. രണ്ടു വയസ്സു പ്രായമുള്ള ഒരു കുഞ്ഞിനു പോലും തിരുത്തൽ സ്വീകരിക്കുന്നത് എളുപ്പമല്ല – പ്രത്യേകിച്ച് അതു പരസ്യമായി നൽകപ്പെടുമ്പോൾ.

പരസ്യമായി നൽകപ്പെട്ട ഒരു തിരുത്തൽ നിങ്ങൾ സന്തോഷത്തോടെ സ്വീകരിച്ച ഏറ്റവും അവസാന സമയം എപ്പോഴായിരുന്നു? നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും അതു നിങ്ങൾ സ്വീകരിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, നിങ്ങൾക്ക് ആത്മീയ അധികാരം കുറവാണ് എന്നതിൽ അതിശയിക്കാനൊന്നുമില്ല.

പത്രൊസും ഇസ്കര്യോത്ത യൂദയും തമ്മിലുള്ള ഒരു വലിയ വ്യത്യാസം ഇതായിരുന്നു. മടയത്തരത്തിൽ പത്രൊസ് കർത്താവിനോട് ക്രൂശിലേക്കു പോകുന്നത് ഒഴിവാക്കാൻ പറഞ്ഞപ്പോൾ, കർത്താവ് കർശനമായി ശാസിച്ചു കൊണ്ട് അവനോട് ഇങ്ങനെ പറഞ്ഞു, “സാത്താനെ എന്നെ വിട്ടു പോ”. ഏതു മനുഷ്യനോടെങ്കിലും യേശു എപ്പോഴെങ്കിലും നൽകിയ ഏറ്റവും ശക്തമായ ഒരു ശാസന അതായിരുന്നു. കർത്താവ് പരീശന്മാരെ പോലും “പാമ്പുകളേ, സർപ്പസന്തതികളേ” എന്നു മാത്രമെ വിളിച്ചുള്ളു. എന്നാൽ പത്രൊസിനെ “സാത്താൻ” എന്നാണ് വിളിച്ചത്. യേശുവിൻ്റെ ഏറ്റവും ശക്തമായ ശകാരങ്ങൾ അവിടുത്തോട് ഏറ്റവും അടുത്തിരിക്കുന്നവർക്കു വേണ്ടി കരുതി വച്ചിട്ടുള്ളവയാണ്. അവിടുന്ന് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരെ ഏറ്റവും അധികം ശാസിക്കുന്നു (വെളി. 3:19).

അതുകഴിഞ്ഞ ഉടനെ അനേകം ശിഷ്യന്മാർ കർത്താവിൻ്റെ ഉപദേശത്തോട് ഇടർച്ചയുണ്ടായി അവിടുത്തെ വിട്ടു പോയപ്പോൾ, കർത്താവു തൻ്റെ ശിഷ്യന്മാരോട്, നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു. അപ്പോൾ പത്രൊസാണ് ഇപ്രകാരം മറുപടി പറഞ്ഞത്, “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവൻ്റെ വചനങ്ങൾ നിൻ്റെ പക്കൽ ഉണ്ട്” (യോഹ. 6:60, 66-68). പത്രൊസ് കേട്ട നിത്യജീവൻ്റെ മൊഴികൾ എന്തായിരുന്നു? “സാത്താനെ എന്നെ വിട്ടുപോ”!

തിരുത്തലിൻ്റെ വാക്കുകൾ നിത്യജീവനിലേക്കു നയിക്കുന്ന മൊഴികളായി നാം കാണാറുണ്ടോ?

പത്രൊസ് തിരുത്തലിനെ അങ്ങനെയാണു കണ്ടത്. അതാണ് അവനെ താൻ ആയിതീർന്ന മനുഷ്യനാക്കി തീർത്തത്.

കർത്താവിൽ നിന്നു പത്രൊസ് തിരുത്തൽ കൈക്കൊണ്ട മറ്റൊരവസരം കൂടെയുണ്ട്. അന്ത്യത്താഴത്തിൽ പത്രൊസ് കർത്താവിനോടു പറഞ്ഞത് മറ്റെല്ലാ ശിഷ്യന്മാരും കർത്താവിനെ തള്ളിപ്പറഞ്ഞാലും,അവൻ തള്ളി പറയുകയില്ല എന്നാണ്. ഉടനെ തന്നെ കർത്താവ് അവനോട്, അടുത്ത 12 മണിക്കൂറുകൾക്കുള്ളിൽ 3 പ്രാവശ്യം അവൻ അവിടുത്തെ തള്ളിപ്പറയും എന്നു പറഞ്ഞു. ആ മറുപടി കൊണ്ട് പത്രൊസ് ഇടറിപ്പോയില്ല. അങ്ങനെയുള്ള ഒരു മനുഷ്യനെയാണ് കർത്താവ് ഒടുവിൽ എടുത്ത് ഉയർത്തി തൻ്റെ പ്രധാന അപ്പൊസ്തലനും പെന്തക്കൊസ്തു നാളിൽ തൻ്റെ വക്താവുമാക്കി തീർത്തത്.

തിരുത്തലുകൾക്കു കീഴെ പത്രൊസ് തന്നെത്താൻ താഴ്ത്തിയതുകൊണ്ട്, ദൈവം അവനെ ഉയർത്തി. തൻ്റെ സ്വന്തം അനുഭവത്തിൽ നിന്നു പഠിച്ചിട്ട്, ഇപ്പോൾ പത്രൊസ്, 1 പത്രൊസ് 5:5,6 വാക്യങ്ങളിൽ എപ്പോഴും നമ്മെ തന്നെ താഴ്ത്തുവാൻ നമ്മെ എല്ലാവരെയും പ്രബോധിപ്പിക്കുന്നു. നമ്മെ തന്നെ താഴ്ത്തുന്നതുകൊണ്ട് നമുക്കൊരിക്കലും ഒന്നും നഷ്ടപ്പെടുകയില്ല. ഒരുനാൾ ദൈവം നമ്മെ ഉയർത്തും.

തിരുത്തലിനോടുള്ള പത്രൊസിൻ്റെ മനോഭാവത്തിനു വിരുദ്ധമായി യൂദാ ഇസ്കര്യോത്താവിൻ്റെ തിരുത്തലിനോടുള്ള മനോഭാവത്തെ നോക്കുക. ഒരു സ്ത്രീ ഒരു വിലയേറിയ പരിമളതൈലം യേശുവിൻ്റെ കാലിൽ പൂശിയപ്പോൾ, ദരിദ്രർക്കു കൊടുക്കാമായിരുന്ന ആ പണം ആ രീതിയിൽ ചെലവാക്കിയത് ഒരു പാഴ്ചെലവെന്നാണ് യൂദാ പറഞ്ഞത് (യോഹന്നാൻ 12:5, മത്താ. 26:10 – 13). യേശു യൂദായെ വളരെ ശാന്തമായി തിരുത്തിയിട്ട് അവനോടു പറഞ്ഞു ആ സ്ത്രീയെ തനിയെ വിടുക, കാരണം അവൾ ഒരു നല്ല പ്രവൃത്തിയാണ് ചെയ്തത് എന്നു പറഞ്ഞു. എന്നാൽ യൂദായ്ക്ക് ഇടർച്ചയുണ്ടായി.

തൊട്ടടുത്ത വാക്യത്തിൽ (മത്താ. 26:14ൽ) നാം വായിക്കുന്നത് യൂദാ ഉടനെ തന്നെ മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്ന് യേശുവിനെ കാണിച്ചു കൊടുക്കുന്നതിനു സമ്മതിച്ചു എന്നാണ്. ഇതിൻ്റെ സമയം ഒത്തുവന്നത് വളരെ പ്രാധാന്യമുളളതാണ്. യൂദാ മുറിവേറ്റു, കാരണം യേശു അവനെ പരസ്യമായി തിരുത്തി.

യേശു യൂദായോടു പറഞ്ഞത് ആ സ്ത്രീയുടെ പ്രവൃത്തിയെ കുറിച്ചുള്ള അവൻ്റെ കണക്കുകൂട്ടൽ ശരിയല്ല എന്നു മാത്രമാണ്. അവനെ അസ്വസ്ഥനാക്കുവാൻ അതു മതിയായിരുന്നു. നിങ്ങൾ നുറുക്കപ്പെട്ടവനല്ലെങ്കിൽ, നിങ്ങൾക്ക് ഇടർച്ചയുണ്ടാകാൻ ഒരു ചെറിയ കാര്യം മതി.

എന്നാൽ യൂദായുടെ പ്രതികരണത്തിൻ്റെ നിത്യമായ പ്രത്യാഘാതങ്ങൾ നോക്കുക. അതേ സമയം പത്രൊസിൻ്റെ പ്രതികരണത്തിൻ്റെ നിത്യമായ ഫലങ്ങളും നോക്കുക. അവർ രണ്ടു പേരും തിരുത്തലിനാൽ ശോധന ചെയ്യപ്പെട്ടു – ഒരാൾ തോറ്റു, അതേ സമയം മറ്റെയാൾ ജയിച്ചു.

ഇന്ന് നാമും അതേ രീതിയിൽ തന്നെ ശോധന ചെയ്യപ്പെടുന്നു.

പരസ്യമായ തിരുത്തൽ നമുക്ക് നീരസമുണ്ടാക്കുന്നെങ്കിൽ, അതു തെളിയിക്കുന്നത് നാം മനുഷ്യ മാനം അന്വേഷിക്കുന്നു എന്നാണ്. അത് അങ്ങനെയാണെങ്കിൽ, അത് ഇപ്പോൾ അറിയുന്നതാണ് നല്ലത്, അങ്ങനെ ആയാൽ മനുഷ്യമാനം അന്വേഷിക്കുന്നതിൽ നിന്നു നമ്മെ തന്നെ വെടിപ്പാക്കാൻ നമുക്കു കഴിയും. ദൈവം അങ്ങനെയൊരു സാഹചര്യം അനുവദിച്ചത് നാം മനുഷ്യരുടെ അഭിപ്രായങ്ങൾക്ക് എത്ര മാത്രം അടിമകളാണ് എന്നു നമ്മെ കാണിച്ചു തരാനാണ്. ഇപ്പോൾ നമുക്ക് നമ്മെ തന്നെ വെടിപ്പാക്കി അതിൽ നിന്നു സ്വതന്ത്രരാകാൻ കഴിയും.

അതുകൊണ്ട് നമുക്ക് എല്ലാ സമയവും തിരുത്തലുകളോട് പത്രൊസിൻ്റെ മനോഭാവം ഉണ്ടായിരിക്കാം- ദൈവം അവിടുത്തെ ആത്മാവിനാൽ നേരിട്ടു നമ്മെ തിരുത്തുന്നെങ്കിലോ അല്ലെങ്കിൽ മറ്റാരിലൂടെയെങ്കിലുമോ. നമുക്കെല്ലാവർക്കും നിത്യജീവനിലേക്കുള്ള വഴി ഇതാണ്. നാം നമ്മെ തന്നെ താഴ്ത്തിയാൽ, നാം ദൈവത്തിൽ നിന്നു കൃപ പ്രാപിക്കയും തക്ക സമയത്ത് അവിടുന്നു നമ്മെ ഉയർത്തുകയും ചെയ്യും.